2021 മാർച്ച് 18, വ്യാഴാഴ്‌ച

മുട്ടക്കറി


 

പോഷകസമൃദ്ധമായ ഒരു ഭക്ഷണമാണ് മുട്ട. അതിൽ നമുക്കാവശ്യമായ എല്ലാ പോഷകങ്ങളും ചെറിയതോതിലെങ്കിലും അടങ്ങിയിട്ടുണ്ട്. ദിവസം ഒരു മുട്ടയെങ്കിലും ശീലമാക്കുക എന്നത് ആരോഗ്യകരമാണ്. മുട്ടയുടെ ഗുണം നോക്കുകയാണെങ്കിൽ അതിന്റെ ചെലവ് തികച്ചും തൃപ്തികരമാണ്. ഇത്രയും ചെറിയ വിലയ്ക്ക് ഇത്രയേറെ പോഷകമൂല്യമുള്ള മറ്റൊന്നു ലഭ്യമാകും എന്നും തോന്നുന്നില്ല. കൊളസ്ട്രോളിന്റെ പേരിൽ ഇത്രയധികം ദുഷ്പേര് വാങ്ങിയ മറ്റൊരു ഭക്ഷണവുമുണ്ടാകില്ല. എന്നാൽ മുട്ടയിൽ വളരെ ചെറിയ അളവിൽ അടങ്ങിയിരിക്കുന്നത് ശരീരത്തിനാവശ്യമായ നല്ല കൊളസ്‌ട്രോൾ തന്നെയാണ്. എന്റെ അഭിപ്രായത്തിൽ മുട്ട ഒഴിവാക്കുന്നതാണ് കൂടുതൽ അനാരോഗ്യം എന്നതാണ്.

മുട്ടക്കറി സാധാരണ എല്ലാ വീടുകളിലും ഉണ്ടാക്കുന്ന ഒരു സാധാരണ വിഭവമാണ്. മിക്കവർക്കും ഇതുണ്ടാക്കാനറിയാം. മിക്കപ്പോഴും പലരും പല വിധത്തിലാണ് മുട്ടക്കറി ഉണ്ടാക്കുക. അതുകൊണ്ടുതന്നെ ഇവയ്ക്കു പലതരം രുചിയാണ് ഉണ്ടാകുക. മുട്ടക്കറിയിലെ ചേരുവകളുടെ ഏറ്റക്കുറച്ചിലുകളായിരിക്കും ഈ രുചി വ്യത്യാസങ്ങളുടെ പുറകിൽ. എളുപ്പത്തിൽ ഉണ്ടാക്കാവുന്ന രുചികരമായ ഒരു മുട്ടക്കറി പരിചയപ്പെടുത്തുന്നു.

ചേരുവകൾ

മുട്ട പുഴുങ്ങി രണ്ടായി മുറിച്ചത് 2 എണ്ണം

സവാള വലുത് 1 എണ്ണം

തക്കാളി വലുത് 1 എണ്ണം

ഇഞ്ചി 1 കഷണം നന്നായി അരിഞ്ഞത്

വെളുത്തുള്ളി 7 ഇതൾ അരിഞ്ഞത്

പെരുംജീരകം 1/2 ടീ സ്പൂൺ

തേങ്ങ ചുരകിയത് 1/2 കപ്പ്

പച്ച മുളക് 3 എണ്ണം

മല്ലിപ്പൊടി 1/2 ടേബിൾ സ്പൂൺ

മുളകുപൊടി 1/2 ടേബിൾ സ്പൂൺ

മഞ്ഞൾപ്പൊടി 1/2 ടീ സ്പൂൺ

മല്ലിയില ആവശ്യത്തിന്

കറിവേപ്പില ആവശ്യത്തിന്

വെളിച്ചെണ്ണ 2 ടേബിൾ സ്പൂൺ

ഉപ്പ് ആവശ്യത്തിന്

പാചകം ചെയ്യുന്ന വിധം

ഒരു ഫ്രയിങ്ങ് പാനിൽ കുറച്ച് തേങ്ങാ ചുരകിയത്, ചെറുകഷണങ്ങളാക്കിയ ഇഞ്ചി, വെളുത്തുള്ളി, പെരുംജീരകം എന്നിവ കുറഞ്ഞ തീയിൽ നന്നായി ഫ്രൈ ചെയ്യുക. തുടർന്ന് മല്ലിപ്പൊടി, മുളകുപൊടി എന്നിവ ചേർത്തിളക്കുക. ഇത് തീയിൽ നിന്നും മാറ്റി ഒരു പാത്രത്തിൽ വയ്ക്കുക. തുടർന്ന് പാനിൽ വെളിച്ചെണ്ണ ഒഴിച്ച്അതിലേക്കു ചെറുതായി അരിഞ്ഞു വച്ചിരിക്കുന്ന സവാളയും തക്കാളിയും ഉപ്പും മഞ്ഞൾപ്പൊടിയും ചേർത്ത് നന്നായി വരട്ടുക. അതിലേക്കു ആദ്യം മാറ്റിവച്ചിരുന്ന പേസ്റ്റും ചേർത്തിളക്കുക. തുടർന്ന് വേണ്ടത്ര അളവിൽ വെള്ളം ചേർത്ത് തിളപ്പിക്കുക. ഇതിലേക്ക് രണ്ടായി മുറിച്ചു വച്ചിരിക്കുന്ന മുട്ടകളും, മല്ലി, കറിവേപ്പിലകളും ചേർത്താൽ രുചികരമായ മുട്ടക്കറിയാകും.


ഡോ. ഷേർളി സുനീത്

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ