2022 ഏപ്രിൽ 27, ബുധനാഴ്‌ച
മുഖമൊഴി
ആരാണ് നല്ല മനുഷ്യൻ? ഇതെന്തൊരു ചോദ്യമെന്നാകും മിക്കവരും കരുതുന്നുണ്ടാകുക. എല്ലാ മനുഷ്യരും നല്ലതല്ലേ എന്നൊരു മറുചോദ്യവുമുണ്ടാകാം. എല്ലാവരിലും നല്ലതും ചീത്തയുമുണ്ടാകാം എന്നും പറയാം. ഇതൊന്നുമല്ല ഈ ചോദ്യത്തിനുത്തരം.
നാം ഇന്ന് പത്രമാധ്യമങ്ങളിലൂടെ ധാരാളം മനുഷ്യരെക്കുറിച്ചു വായിക്കുകയും, കാണുകയും, കേൾക്കുകയും ഒക്കെ ചെയ്യുന്നുണ്ട്. കൂടുതലും കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരേക്കുറിച്ചു തന്നെ. ഇത്തരം വാർത്തകൾ കാണുകയും കേൾക്കുകയും ചെയ്യുന്ന ഞാൻ ചിന്തിക്കുന്നത് ഇവിടെ നല്ല മനുഷ്യർ കുറവാണെന്നാണെങ്കിൽ അതിൽ എന്താണ് തെറ്റ്?
കവർച്ച, കൊലപാതകം, അഴിമതി, ബലാത്സംഗം എന്നിങ്ങനെ ഏതെങ്കിലും വാർത്തയില്ലാത്ത ഒരു മാധ്യമവും നമുക്കിന്നു കാണുവാൻ കഴിയുന്നില്ല. ഇതാണ് ഈ ചോദ്യത്തിന്റെ ഉറവിടം. കാരണം നല്ല മനുഷ്യരെക്കുറിച്ചുള്ള വാർത്തകൾ ഇന്ന് വളരെകുറവാണ് എന്നത് തന്നെ. അപ്പോൾ ഉണ്ടായ ഒരു സംശയമാണിത്. നമ്മുടെയിടയിൽ നല്ല മനുഷ്യർ കുറയുകയാണോ എന്ന്.
എന്തുകൊണ്ടാണ് ചീത്ത വാർത്തകൾ നമ്മുടെ മാധ്യമങ്ങളുടെ തലക്കെട്ടാകുന്നത്? ഒരു പഠനത്തിൽ പറയുന്നത് നെഗറ്റീവ് വാക്കുകൾക്ക് ആളുകളുടെ ശ്രദ്ധയാകർഷിക്കുവാനുള്ള കഴിവ് കൂടുതൽ ആണെന്ന് തന്നെയാണ്. ഒരുദാഹരണത്തിന് കൊലപാതകം, ബോംബ്, യുദ്ധം എന്നിവ നമ്മെ ആകർഷിക്കുന്ന അളവിൽ ചിരി, കുട്ടി, രസകരം,പൂക്കൾ തുടങ്ങിയവയ്ക്ക് എത്തുവാൻ കഴിയില്ല. നല്ല വാർത്തകളാണ് നമുക്കിഷ്ടം എന്ന് പലപ്പോഴും നമ്മൾ പറയാറുണ്ട്. എന്നാൽ അതല്ല വാസ്തവം എന്ന് മാധ്യമങ്ങൾക്ക് നല്ല ഉറപ്പുണ്ട്.
നമ്മൾ ഇത്തരം ക്രൂരമായ വാർത്തകളെ ഇഷ്ടപ്പെടുന്നതിന്റെ പല കാരണങ്ങളിൽ ഒന്ന്, നമ്മൾ അതിൽ ഇരയായിട്ടില്ല എന്നത് കൂടിയാണെന്ന് വിദഗ്ധർ പറയുന്നു. ഒപ്പം ഇത്തരം വാർത്തകൾ നമ്മുടെ അഡ്രിനാലിൻ സ്രവത്തെ കൂട്ടുകയും ചെയ്യുന്നു എന്നും പഠനങ്ങൾ ഉണ്ട്. സഹാനുഭൂതിയുള്ളവരാണ് മനുഷ്യർ എന്ന് പറയുമ്പോൾത്തന്നെ ഇത്തരം വാർത്തകൾ രഹസ്യമായി ആസ്വദിക്കുകയും ചെയ്യുന്നവരാണ് എന്നും പറയാതെ വയ്യ.
എന്റെ ചോദ്യത്തിനുത്തരം പറയുക അത്ര എളുപ്പമല്ല എന്നറിയാം. എങ്കിലും ഒരു കാര്യം പറയാതിരിക്കുവാൻ കഴിയില്ല. ആരാവണം നല്ല മനുഷ്യൻ എന്നതിന്റെ പല വിശദീകരണങ്ങളിൽ ഒരു ഭാഗം മാത്രമാണിത്. മറ്റുള്ളവരെക്കുറിച്ച് ദയാപൂർവം ചിന്തിക്കുകയും, അവരെ മനസ്സിലാക്കി പെരുമാറുകയും ചെയ്യുന്നവനും നല്ല മനുഷ്യൻ തന്നെയാണ്.
മറ്റുള്ളവർക്കുണ്ടാകുന്ന ദുരിതങ്ങൾ നമുക്കായിരുന്നുവെങ്കിൽ എങ്ങനെയുണ്ടാകുമായിരുന്നു എന്ന് ചിന്തിച്ചാൽ തീരാവുന്ന കാര്യങ്ങൾ മാത്രമേയുള്ളൂ. നമ്മൾ സാമൂഹ്യമാധ്യമങ്ങളിലൂടെ കൈമാറിക്കൊണ്ടിരിക്കുന്ന ദുഷിച്ച വാർത്തകൾ ഒഴിവാക്കിയാൽ തന്നെ എത്രയോ മനസ്സുകളെ ദുഷിച്ച ചിന്തകളിൽ നിന്നും ഒഴിവാക്കാനാകും. ഇതാകട്ടെ ഈ മാസത്തെ ചിന്ത.
ഡോ. സുനീത് മാത്യു
തൊഴി(ൽ)
ഈയടുത്ത് ഓസ്കാർ വേദിയിലെ അടി നിങ്ങൾ കണ്ടിട്ടുണ്ടാകും. എല്ലാ തൊഴിലിടങ്ങളിലും സൂക്ഷിച്ചില്ലെങ്കിൽ ഇതുതന്നെയാണ് സ്ഥിതി. വാക്കിലും നോക്കിലും പോക്കിലുമൊക്കെ ഒന്ന് മനസ്സിരുത്തുന്നത് നല്ലതാണ്. അല്ലെങ്കിൽ അടിയൊ തൊഴിയോ ഉറപ്പാണ്. കൊടുക്കുന്നവനും വാങ്ങുന്നവനും പോലും അറിഞ്ഞെന്നുവരില്ല, എന്തിനാണെന്ന്. കിട്ടിയാൽ വെറുതേ ഇളിച്ചുകൊണ്ടുനിൽക്കാം എന്നുമാത്രം. തിരിച്ചടിച്ചാൽ സിനിമയിലാണെങ്കിൽ കയ്യടികിട്ടും. ജീവിതത്തിലാണെങ്കിൽ കേസ്, വഴക്ക്, പണനഷ്ടം, മാനഹാനി. അടികൊണ്ടവൻ ജയിലിൽ ആയാലും മതി. അടിയുടെ മനഃശാസ്ത്രമോ തത്വശാസ്ത്രമോ നീതിശാസ്ത്രമോ അല്ല ഇന്ന് പറയാൻ ഉദ്ദേശിക്കുന്നത്. എൻ്റെ തൊഴിലിൽ അടി കിട്ടിയേക്കാമായിരുന്ന ചില സാഹചര്യങ്ങളെക്കുറിച്ചാണ്.
അധ്യാപനം ഒരു പാവനമായ തൊഴിലാണെന്നാണ്, ഇപ്പോഴും, എല്ലായിപ്പോഴുമുള്ള ഒരു ചിന്ത. അത് കുറെയൊക്കെ ശരിയാണുതാനും. ഞാൻ വളരെ നാളുകളായി യൂണിവേഴ്സിറ്റി/കോളേജ് അധ്യാപകനാണ്. കുറച്ചുനാൾ ഇന്ത്യയിലും ഇപ്പോൾ കൂടുതൽനാളുകളായി ഇന്ത്യക്ക് പുറത്തും ജോലി നോക്കുന്നു. ബിരുദ-ബിരുദാനന്തരതലത്തിലുള്ള ബിസിനസ് കോഴ്സുകളാണ് പഠിപ്പിക്കുന്നത്. പല രാജ്യങ്ങളിലും ജോലിനോക്കി. പത്തുനൂറു രാജ്യങ്ങളിൽനിന്നുള്ള വിദ്യാർത്ഥികളെ പഠിപ്പിച്ചിട്ടുണ്ടാകും. പല രാജ്യങ്ങളിലും പല അനുഭവങ്ങളാണ്. പക്ഷെ എല്ലാ രാജ്യങ്ങളിലും അധ്യാപനത്തിന്റെ രീതികളൊക്കെ ഏകദേശം ഒരുപോലെ തന്നെ. പറയാനുള്ളത് പറയുന്നു, കേൾക്കേണ്ടവർ കേൾക്കുന്നു, അറിയേണ്ടവർ ചോദിക്കുന്നു, വേണ്ടാത്തവർ പോകുന്നു, അങ്ങനെ, അങ്ങനെ.
അതിൽനിന്നെല്ലാം വ്യത്യസ്‌തമായ ഒരനുഭവമായിരുന്നു നമ്മുടെ നാട്ടിലെ കോയമ്പത്തൂർ നഗരത്തിനടുത്തുള്ള ഒരു കോളേജിൽ അധ്യാപകനായിരുന്നപ്പോഴുണ്ടായത്. നല്ല പേരുകേട്ട കോളേജാണ്. എല്ലാ പ്രധാന കോഴ്സുകളും നടത്തുന്ന സ്ഥാപനം. എനിക്ക് എംബിഎ, ബിബിഎ കോഴ്സുകൾക്കാണ് പഠിപ്പിക്കേണ്ടത്. നല്ലകുട്ടികൾ. എല്ലാം നന്നായിരുന്നു. ഒരു ക്ലാസ് ഒഴികെ. ബിബിഎ അവസാന വർഷം പഠിക്കുന്നവരുടെ ഒരു ചെറിയ ക്ലാസ്. പക്ഷെ അതിനുള്ളിലുള്ളതൊക്കെ വലിയ പുള്ളികൾ. അടി, പിടി, തല്ല്, കുടി, കുത്ത് ഇത്യാദി കലാസാംസ്കാരിക സമ്പ്രദായങ്ങൾ കുടിൽവ്യവസായം പോലെ കൊണ്ടുനടക്കുന്ന ചില ‘കുട്ടികൾ’ ചിലപ്പോഴൊക്കെ ഇരിക്കാറുള്ള (പഠിക്കാറുള്ള എന്ന് പറഞ്ഞാൽ അധികപ്രസംഗമാകും) ക്ലാസ്സാണ്.
കുറച്ചുനാൾ മുൻപ് ലവന്മാർ മറ്റേതോ ക്ലാസ്സിൽ ‘ഇരിക്കുന്ന’ ചിലരുമായുള്ള ചെറിയൊരു ‘കൂടിക്കാഴ്ചക്കു’ മധ്യസ്ഥം വഹിക്കാൻ പോയ നാഗർകോവിലുകാരനായ പ്രിൻസിപ്പാളിന്റെ പരിപ്പിളകുന്നത് കണ്ടതിനുശേഷമാണ് ഒരുൾക്കിടിലം. നെറ്റിയിൽ നിന്ന് ചോരയൊലിച്ചു കണ്ടംവഴി ഓടിയ ടിയാന്റെ ചിത്രം ഇടക്കൊക്കെ മനസ്സിലേക്ക് വെറുതേ കേറിവരും. പ്രിൻസിപ്പാളിന്റെ സ്ഥിതി ഇതാണെങ്കിൽ ഒരു പീറ ലെക്ചററെ എന്ത് ചെയ്യുമായിരിക്കും? എന്തും ചെയ്യാം! തൊഴികിട്ടാതെ തൊഴിൽ ചെയ്യണമെങ്കിലും യോഗം വേണം എന്ന നിലയിലായിരുന്നു കാര്യങ്ങൾ.
ഭാഗ്യത്തിന് എനിക്ക് ഈക്ലാസ്സിൽ ‘ശിക്ഷ-ണത്തിന്’ പോകേണ്ടിയിരുന്നില്ല. ‘ഭീകരവാദികളെ’ മെരുക്കാൻ പരിശീനം ലഭിച്ച ചില അധ്യാപകർ മാത്രമേ ആ പരിസരത്തു പോകാറുള്ളൂ. പക്ഷെ ഒരുദിവസം ഈ ജനുസിൽപ്പെട്ട അധ്യാപക ശിരോമണികൾ അവധിയിലോ അല്ലെങ്കിൽ മറ്റു ക്ലാസ്സുകളിലോ ആയിപ്പോയി. ഈ ക്ലാസ്സിൽ പോകാൻ ആളില്ല. ഞാനാണെങ്കിൽ എന്തിനും തയ്യാറായപോലെ ഇരിക്കുന്നതുകണ്ട HOD (വകുപ്പ് തലൈവി) എന്നെ വെറുതെ പ്രോത്സാഹിപ്പിച്ചു യുദ്ധഭൂമിയിലേക്കയച്ചു. വിജയശ്രീലാളിതനായി ‘തിരികെ’ വരാൻ ആശംസിച്ചു. മിണ്ടാട്ടം വേണ്ട, വെറുതെ നിന്ന് ഒരു മണിക്കൂർ തികച്ചാൽമതി എന്നൊരുപദേശവും. ഒരു മണിക്കൂർ ‘ചലഞ്ച്.’
ഇങ്ങനെയൊരു ക്ലാസ്സ്മുറി അതിനു മുൻപും പിൻപും കാണുമാറായിട്ടില്ല. ഞാനൊരുത്തൻ മുന്നിലുണ്ടെന്നു കൂസാതെ ലവന്മാരും ലവളുമാരും ഒരേ കലാപം. ഒരുവിധം ഹാജർ രേഖപ്പെടുത്തി. ഇടക്ക് കേട്ട അട്ടഹാസത്തിനെയും പരിഹാസത്തിനെയും ഞാൻ അതിൻ്റെ വഴിക്കുതന്നെ വിട്ടു. വെറുതേ കേറിപിടിച്ചിട്ടെന്തിനാ! മിണ്ടാട്ടം വേണ്ട എന്നതിലെ ഗുട്ടൻസ് അപ്പോഴാണ് പിടികിട്ടിയത്. മിണ്ടിയാൽ എനിക്കുപോലും കേൾക്കാവാത്തത്രയും ശബ്ദകോലാഹലമുഖരിതമാണ് പ്രദേശം. തമിഴും മലയാളവും ഇംഗ്ലീഷും വാക്ശരങ്ങൾ ഇടവപ്പാതിയിലെ കൊടിയ മഴപോലെ പെയ്തിറങ്ങുന്നു. ഇടക്ക് ഇടിയും മിന്നലും. മിന്നൽ വെളിച്ചത്തിൽ മിണ്ടാട്ടമില്ലാതെ ബോധിവൃക്ഷചുവട്ടിലെ ബുദ്ധനെപ്പോലെ നിർവികാരനായി ഞാൻ നിൽക്കുന്നത് കാണാം. ഇരുന്നില്ല. ഇടക്ക് ഇറങ്ങി ഓടേണ്ടി വരുകയാണെങ്കിൽ നിൽക്കുന്നതാണ് ഉത്തമമെന്ന് തോന്നി. ഒരുദിവസത്തോളം നീളമുണ്ടായിരുന്ന ആ ഒരുമണിക്കൂർ എങ്ങനെയോ അവിടെ അവസാനിച്ചു. അന്ന് തൊഴികിട്ടാതെ രക്ഷപെട്ടു. പിന്നെ ആഭാഗത്തേക്കു പോകാനുള്ള ദുർവിധിയുണ്ടായില്ല.
പക്ഷെ ഇതിലും വലുത് വരാൻ ഇരിക്കുന്നതേയുണ്ടായിരുന്നുള്ളൂ.
വിനാശകാലേ വിപരീതബുദ്ധി എന്ന് അറിവുള്ളവർ പറഞ്ഞത് വകവയ്ക്കാതെ ശമ്പളത്തിൽ കുറച്ചു മിച്ചംപിടിക്കാം എന്ന തെറ്റിദ്ധാരണയിൽ ഞാൻ കോളേജുവക ആൺകുട്ടികളുടെ ഹോസ്റ്റലിലേക്ക് താമസം മാറിയസമയം. കുട്ടികൾക്ക് സ്നേഹാദരബഹുമാനമായിരിക്കുമെന്ന് കരുതിയ നിർമലമായ ആദ്യദിനങ്ങൾ. പിന്നെ മലവും മൂത്രവുമൊക്കെ കണികാണേണ്ടിവന്നത് ഉപകഥകൾ. ‘ചെറിയ’ ബിബിഎ ക്ലാസ്സിലെ ലവന്മാരുടെ കൊള്ളസങ്കേതമായിരുന്നു ഹോസ്റ്റലെന്നു വൈകിയാണ് മനസ്സിലാകുന്നത്.
ആയിടക്കാണ് കോളേജ് ഡേ തിമർത്താടുന്നദിനം വന്നെത്തിയത്. ഇതവൻമ്മാരുടെ ദിവസ്സമാണ്. രാത്രിയിലാണാഘോഷം. കോളേജ് ഡേയുടെ അവസാനം രാത്രി ഇവർക്ക് ക്യാമ്പസ്സിൽ തന്നെ ആമോദിക്കാൻ അനുവാദമുണ്ട്. ആഘോഷമെന്നാൽ അറിയാമല്ലോ. ക്യാമ്പസ്സിനകത്തുതന്നെയാണ് ഹോസ്റ്റൽ. അതിനാൽ ഇതൊന്നും കാണാതിരിക്കാൻ നിവൃത്തിയില്ല.
കോളേജുഡേ കഴിഞ്ഞു, വെടിക്കെട്ടുതുടങ്ങി. ചുറ്റിലും പൂക്കുറ്റികൾമാത്രം. ചെറിയക്ലാസ്സിലെ ലവൻമ്മാർ ക്ലാസ്സിനകത്താണെങ്കിൽ ബുദ്ധിമാത്രമേ ഇല്ലാതുള്ളായിരുന്നു. ബോധം ഉണ്ടായിരുന്നു. ഇതിപ്പോൾ രണ്ടുമില്ലാത്ത അവസ്ഥയിലാണ്. ഇവൻമ്മാരെ മൈൻഡ്‌ചെയ്യാനുള്ള രണ്ടുമൂന്ന് അധ്യാപകരുടെ കൂട്ടത്തിൽ ഞാനും. സാറ് ഹോസ്റ്റലിലാണല്ലോ എന്ന ന്യായം. ന്യൂക്ലീർ ഫിഷൻ പോലെ വേഗത്തിൽ പടരുന്ന ആവേശം. ചെയിൻ പ്രതികരണങ്ങൾ. ഇതിനിടയിൽ കൂടെയിണ്ടായിരുന്ന അധ്യാപകർ രാജ്യം വിട്ടു. ലവന്മ്മാരും ഞാനും മാത്രമായി. മിണ്ടാതെ, ഉരിയാടാതെ, പത്മവ്യൂഹത്തിനകത്തു പകച്ചുനിൽക്കുന്ന അഭിമന്യുവിനെപ്പോലെ എന്ത് ചെയ്യണമെന്നറിയാതെ ഞാൻ. നിയമവാഴ്ചയില്ലാത്ത രാജ്യത്തെ വിവരമില്ലാത്തവന്റെ കയ്യിൽ AK-47 കിട്ടിയതുപോലെ ലവൻമ്മാർ. ആ സമയത്തു തൊഴിമാത്രമേ കിട്ടുള്ളൂ എന്നുപറഞ്ഞിരുന്നുവെങ്കിൽ ഞാൻ നോബൽ സമ്മാനംപോലെ സ്വീകരിച്ചേനെ. കുടിച്ചുകൂത്താടുന്ന കുടികാരപ്പയലുകൾക്കു എന്നെ മൈൻഡ്‌ചെയ്യാൻ സമയമില്ലായിരുന്നതുകൊണ്ടു വർഷങ്ങൾക്കുശേഷം ഇതെഴുതാൻ പറ്റി. ഇടക്ക് ഡപ്പാങ്കുത്ത് ഡാൻസ് കളിക്കാൻ എന്നെയും വിളിച്ചു. ഞാൻ ഇളിച്ചുമാത്രംകാണിച്ചു. കളിച്ചുകാണിച്ചിരുന്നെങ്കിൽ ഡപ്പാങ്കുത്ത് എൻ്റെ നെഞ്ചത്താകുമായിരുന്നു. രാത്രി ഏറെ വൈകി പൂരം കഴിഞ്ഞു. കൊടിയിറങ്ങി. എങ്ങനെയോ കിട്ടിയ ജീവനും കൊണ്ട് ഞാൻ ഹോസ്റ്റൽ മുറിയിലെത്തി കതകടച്ചു കുറ്റിയിട്ടു. യുദ്ധം കഴിഞ്ഞ ശവപ്പറപ്പുപോലെ ഹോസ്റ്റൽ മന്ദിരം രാത്രിയിലുടനീളം ശബ്‍ദമുഖരിതമായിരുന്നു. എൻ്റെ മുറിക്കുമുന്നിലും ചില അപശബ്ദങ്ങൾ കേട്ടുവെങ്കിലും ഞാൻ പിന്നെ ഒന്നും മൈൻഡ് ചെയ്യാൻ പോയില്ല, ഉറക്കത്തിനെപ്പോലും.
രാവിലെ തുറന്നമുറിയുടെ മുന്നിൽ എന്നെയും തേടിയിരുന്ന സമ്മാനപ്പൊതിയും പുണ്യാഹവും കണ്ടറച്ച് അന്നുതന്നെ ഹോസ്റ്റൽ വിട്ട് ഇറങ്ങിയതാണ്. പിന്നെയൊരിക്കലും ഹോസ്റ്റൽ വാസം വേണ്ടിവന്നില്ല. ‘സമ്മാനങ്ങളും’ സ്വീകരിക്കേണ്ടിവന്നില്ല. പിന്നെ പല രാജ്യങ്ങളിൽ ജോലിയെടുത്തെങ്കിലും ഇതുപോലൊരനുഭവമുണ്ടായില്ല. തൊഴികിട്ടാതെ ഇതുവരെയും തൊഴിൽ ചെയ്യാനായി! ക്ലാസ്സുകളിൽ അധികം കോമഡികൾ പറയാതിരുന്നത് നന്നായി. അല്ലെങ്കിൽ ഓസ്കാർ വേദിയിൽ അടികൊണ്ട് ഇളിച്ചുനിന്ന ക്രിസ് റോക്കിനെപ്പോലെയായേനെ.
സുമേഷ് രാമചന്ദ്രൻ
പോറൽ
പുഴയ്ക്കപ്പുറം കാടുണ്ടെന്ന്
മോഹിപ്പിച്ചാണ്
കുട്ടിയെ
കൂടെ കൂട്ടിയത്…
വെള്ളമൊന്ന്
കാലിൽ തട്ടിയതും
ഭൂതകാലത്തിൻ്റെ
വരൾച്ച കയറിയതും
ഒന്നിച്ചായിരുന്നു…
പിന്നീടങ്ങോട്ട്
നീണ്ട തിരിച്ചു പോക്കിൽ
ഉണർന്നെണീറ്റ,
കറുത്ത കാലത്തിൻ്റെ
ഉച്ചിയിൽ
പുഴ വെന്തുണങ്ങുന്നുണ്ടായിരുന്നു…
എടുത്തണിഞ്ഞത്
മടുപ്പിൻ്റെ കുപ്പായമാണെന്ന
ബോധമുണർന്നത്
നട്ടുച്ച നീങ്ങുന്ന നേരത്താവണം
ഞെട്ടിപിടഞ്ഞെണീട്ടിറ്റും
ഉച്ചവെയിലേറ്റ്
ആറി തളർന്ന തന്നിലെ
ഉൺമയെ, വീണ്ടുമൊരു
ഉറക്കച്ചടവിനൊപ്പം
താഴ്ത്തുവാനെ
സാധിക്കുന്നുമുള്ളു…
പിന്നീടങ്ങോട്ട് നേർത്തിറങ്ങുന്ന
വിഷാദത്തിൻ്റെ
ഉന്നതിയിൽ എന്തിനാവണം
ആത്മഹത്യമാത്രം
പരിഹാരമാക്കുന്നത്…….
ഒറ്റ മറുകിനെ ചുറ്റി
കാണുന്ന സ്വപ്നശകലങ്ങളെ
പെട്ടെന്ന് മൂടിവയ്ക്കുന്നത്…….
ചുംബനത്തിൻ്റെ
അടിയൊഴുക്കുകൾക്ക്
പ്രസക്തി ഇല്ലാണ്ടാക്കുന്നത്………
ഒഴുക്കി കളയാൻ മാത്രം
എത്രയോ സ്നേഹ ശകലങ്ങളെ മൂടിവെയ്ക്കുന്നത് …..
പകലെന്നോ, രാത്രിയെന്നോ
വ്യത്യാസമില്ലാതെ നിനക്കൊപ്പം
ഉയരുന്ന ചിരികളെ
കെടുത്തി കൊണ്ടിരിക്കുന്നത്…..
പിന്നീടൊരിക്കലും
തിരിച്ചെടുക്കാനാവാത്ത വിധം
ഊർന്നു പോകാൻ
ആഗ്രഹിക്കുന്നത്,,,,,,,,,,
ഏത് യാത്രയുടെ അവസാനത്തിലും
വേരറ്റ് പോകുന്ന ആത്മാവിനെ
ചോദ്യം ചെയ്യാൻ മുതിരുന്നത്….
മുറിക്കുള്ളിലെ നീണ്ട മൗനമോ
കടുകു പൊട്ടിതെറിക്കുന്ന ശബ്ദമോ
മാത്രം മതിയാവും വീണ്ടും
ഓർമ്മകളെയൊക്കെയും പുനർജീവിപ്പിക്കാൻ………..
അതിശൈത്യത്തിൻ്റെ
തണുപ്പ് പോലും
ബാധിക്കാതെ ചിറകു കുടയുന്നതും
പിന്നെയും ഒരുമ്പെടുന്നതും
പറക്കാനാവണം………
പിന്നെയും അന്വേഷിച്ച്
തിരിച്ചു വന്ന് പുണരുന്ന
നീറ്റലുകളെ…
എങ്ങനെ അവസാനിപ്പിക്കാനാണ്
ആര് അവസാനിപ്പിക്കാനാണ്
ഉളളിൽ ഉറഞ്ഞ് കൂടിപ്പെറ്റുപെരുകുന്ന
സ്നേഹ ശകലങ്ങളെ …..
എന്നിട്ടുമെപ്പോഴൊ
ഇനിയുമൊരു കണ്ടുമുട്ടലിനുള്ള
എല്ലാ സാധ്യതകളും അവശേഷിപ്പിച്ച്,
നിൻ്റെ ആത്മഹത്യയെ
എനിക്കൊപ്പം മാറ്റിവെയ്ക്കുന്നത്…
ശരിയാണ്അത്രമേൽ
പോറി വരച്ചിരുന്നു
മടുപ്പിൻ്റെ വിഷമുള്ള് ചുറ്റിലും.
പ്രീതി ദിലീപ്
“വുമൺസ് ഡേ”
ജനൽപാളികൾ അടയുന്ന ശബ്ദം കേട്ടാണ് വൈശാഖൻ കണ്ണു തുറന്നത്… പുറത്തു തകർത്തു പെയ്യുന്ന മഴ. അകത്തോട്ടു തുളച്ചു കയറിയ മിന്നൽ വെളിച്ചത്തിൽ അയാൾ ചുവരിലെ ക്ലോക്കിൽ ശ്രദ്ധിച്ചു. പുലർച്ചെ അഞ്ചു മണിയാകുന്നതേയുള്ളു. നേരം വെളുക്കാൻ ഇനിയും സമയം ഉണ്ടല്ലോ.. എഴുന്നേറ്റു ജനൽ അടയ്ക്കാൻ മടി തോന്നി.. ഇത്രയും കോലാഹലത്തിനിടയിലും വായ അല്പം തുറന്നു കിടന്നുറങ്ങുന്ന ഭാര്യ വീണയെ നോക്കി അയാൾ ഒരു നിമിഷം ആലോചിച്ചു..
” വീണേ എണീറ്റാ ജനലൊന്നടച്ചേ… എന്തോരുറക്കമാ…”
വീണയിൽ നിന്നൊരു പ്രതികരണവും കാണാത്തപ്പോൾ അയാൾ ഒന്നുറച്ചു മുരടനക്കി…
” അയ്യോ ചേട്ടാ…എന്തേ.. സുഖമില്ലേ..”
വീണ ചാടിയെണീറ്റു ലൈറ്റ് ഇടാൻ തുടങ്ങിയതും.. അയാൾ കണ്ണ് പൂട്ടി മിണ്ടാതെ കിടന്നു…
” ദാ ചേട്ടാ ഈ ചൂട് വെള്ളം കുടിക്ക്.. തൊണ്ട ശരിയാകും…”
അടുത്തിരുന്ന ഫ്ലാസ്കിൽ നിന്നും ചൂട് ജീരകവെള്ളം എടുത്തയാൾക്ക് കൊടുത്തു കൊണ്ടവൾ പറഞ്ഞു.. ഉണ്ടാക്കിയെടുത്ത ഒരു ചുമയോടെ വൈശാഖൻ എണീറ്റിരുന്നു.. ഗ്ലാസ് വാങ്ങി കുടിക്കാൻ തുടങ്ങിയതും പുറത്തു മഴയുടെ ശക്തി കൂടി.
” ജനലിന്റെ ഗ്ലാസ് പൊട്ടിയെന്നാ തോന്നുന്നേ…”
ആരോടെന്നില്ലാതെ അയാൾ മുരണ്ടു..
കേൾക്കാത്ത താമസം വീണ എണീറ്റ് ജനൽ അടച്ചു കുറ്റിയിട്ടു.. വെള്ളം മുഴുവൻ കുടിച്ചയാൾ പിന്നെയും കിടന്നു. വീണ പതിവ് പോലെ അടുക്കളയിലേക്കു പോയി എന്നു കണ്ടപ്പോൾ വൈശാഖൻ തന്റെ മൊബൈൽ എടുത്തു .
ഫേസ്ബുക്കിൽ കയറിയപ്പോൾ ആദ്യമേ കണ്ടത് കൂടെ ജോലി ചെയ്തിരുന്ന അഞ്ജുവിന്റെ പുതിയ ഫോട്ടോയാണ്.. ഉടൻ ഒരു ലൈക് കൊടുത്തുകൊണ്ടയാൾ കമന്റിൽ ” ” ഇടാനും മറന്നില്ല.
വൈശാഖൻ ഈ വർഷം ജൂണിൽ സർവിസിൽ നിന്നു വിരമിക്കും. നീണ്ട മുപ്പത്തിയഞ്ചു വർഷങ്ങളായി അയാൾ സ്റ്റേറ്റ് ബാങ്കിന്റെ പല ബ്രാഞ്ചുകളിലായി ജോലി ചെയ്തു വരികയായിരുന്നു .. ഇപ്പോൾ ഈ അവസാന വർഷങ്ങൾ തിരുവനന്തപുരം നഗരത്തിൽ തന്നെ കിട്ടിയ സന്തോഷത്തിൽ ആയിരുന്നു വീണയും വൈശാഖനും..
കൊല്ലത്തെ ബ്രാഞ്ചിൽ ഉണ്ടായിരുന്ന മീനയ്ക്ക് പതിവ് പോലെ ഒരു ഗുഡ് മോർണിംഗ് അയച്ചു നോക്കുമ്പോഴാണ് കോളേജിലെ ഗ്രൂപ്പിൽ വുമൺസ് ഡേ പരിപാടികളെ കുറിച്ചുള്ള പോസ്റ്റ് അയാൾ കണ്ടത്.. ഓ.. ഇന്നാണോ അപ്പോൾ വുമൺസ് ഡേ?. അന്നാൽ പിന്നെ ഇനി അത് കഴിഞ്ഞു മതി ബാക്കി.. പെട്ടെന്നുണ്ടായ ഒരു ഉന്മേഷത്തോടെ അയാൾ ഗൂഗിളിന്റെ സഹായത്തോടെ മനോഹരമായ ഒരു വുമൺസ് ഡേ സന്ദേശം തയാറാക്കിയെടുത്തു. അതിനിടയ്ക്ക് വീണ കൊണ്ട് വെച്ചിട്ടു പോയ ചൂട് ചായയും ബദാമും എടുത്തു കൊറിച്ചു കൊണ്ടയാൾ ഒരു കൊള്ലാജ് ഉണ്ടാക്കി . ആരെയെങ്കിലും വിട്ടുപോയോ.. തല ചൊറിഞ്ഞു കൊണ്ടയാൾ ആലോചിച്ചു..
മീന..അഞ്ചു.. സതി.. ട്രീസ,ബിനു.. സാവിത്രി… ജയന്തി.. ആയിഷ ..ബെറ്റി.. ഇനി ആരാണാ അദ്‌ഭുത വനിത… ആലപ്പുഴ ബ്രാഞ്ചിലെ ആ പൂച്ചക്കണ്ണിയുടെ പേരോർമ്മ വരുന്നില്ലല്ലോ.. അയാൾ കുറെ നേരം തല പുകച്ചിരുന്നു.. ആരെയാണ് താൻ മറക്കുന്നത്… “ശെടാ.. ഈ മറവി.. ഹാ. തല്ക്കാലം ഇത് മതി..”
ഉടൻ തന്നെ അയാൾ ബാങ്കുകാരുടെ ഗ്രൂപ്പിൽ അത് പോസ്റ്റ് ചെയ്തു.. “എന്റെ മുന്നിൽ നിങ്ങൾആണ് മാതൃക സ്ത്രീകൾ.. സ്ത്രീയാണ് ഉലകം …ഹാപ്പി വുമൺസ് ഡേ… സ്നേഹത്തോടെ വൈശാഖൻ❤️ “
മെസ്സേജ് അയച്ചു കഴിഞ്ഞതും അയാൾ കിടക്ക വിട്ടെഴുന്നേറ്റു.. ഒരു പുതിയ ഉന്മേഷം.. മൂളിപ്പാട്ടോടെ അയാൾ ഫ്രഷ് ആകാൻ തുടങ്ങി. കുളി കഴിഞ്ഞു വന്നപ്പോഴും ചായ കപ്പ് അവിടെ തന്നെ..
.ഈ വീണ എന്തു ചെയ്യുന്നു … ഇതെടുത്തു കൊണ്ടുപോകാൻ അവൾക്ക് സമയം കിട്ടിയില്ലേ.
“ഡേയ് ..എവിടെ പോയി .. ഈ കപ്പ് എടുത്തോണ്ട് പോയെ .. എത്ര പ്രാവശ്യം തന്നോട് പറഞ്ഞിട്ടുണ്ട്.. എനിക്കിത് ഇഷ്ടമല്ലായെന്ന്..”
അവൾക്കെന്താ അല്ലെങ്കിൽ പണി.. പകൽ മുഴുവൻ ടീവിയും കണ്ടു സമയം കൊല്ലും. ഒന്നും അറിയണ്ടായല്ലോ ..അയാൾക്ക് വീണയോട് അരിശം തോന്നി..
കട്ടിലിൽ പതിവ് പോലെ ഇന്നിടേണ്ട വസ്ത്രം എടുത്തു വച്ചിട്ടില്ലല്ലോ.. അവളിതെവിടെ പോയി..
വുമൺ’സ് ഡേ അല്ലെ.. ഇന്ന് റോസ് നിറത്തിലെ ഷർട്ട് ആകാം..മുണ്ടും ഉടുക്കാം.. ആലോചിച്ചു കൊണ്ടയാൾ അലമാര തുറന്ന് പിങ്ക് ഷർട്ടും മുണ്ടും എടുത്തു ധരിച്ചു..
ഡൈനിങ്ങ് ടേബിളിൽ അടച്ചു വച്ചിരുന്ന ഇഡലിയും ചട്ണിയും എടുത്തു കഴിച്ചിട്ടയാൾ ഉമ്മറത്തെ കസേരയിൽ അല്പസമയം ഇരുന്നു.. എന്നും ഉള്ള പതിവാണത്.. പ്രാതൽ കഴിഞ്ഞു വൈശാഖന് ഒരു ചായ വേണം.. പത്രം വായിച്ചു കൊണ്ട് ചായ കുടിച്ചിട്ടാണ് അയാൾ എന്നും ബാങ്കിലേക്ക് പോകുക.. അപ്പോഴേക്കും കാറിൽ അയാൾക്കുള്ള ഉച്ചഭക്ഷണം വീണ എടുത്തു വെച്ചിരിക്കും.. വൈശാഖന് ഉച്ചക്ക് മീൻ നിർബന്ധമാണ്. ലഞ്ച് ബോക്സിൽ മീൻ കഷ്ണം ഇല്ലെങ്കിൽ അതുപോലെ തിരികെ വരും.. അത് കാരണം വീണ തലേ ദിവസമേ മീൻ വാങ്ങി വച്ചിരിക്കും. പത്രം വായിച്ചുകൊണ്ടയാൾ മൊബൈലിലെ മെസ്സേജസ് നോക്കാൻ തുടങ്ങി.. തുടങ്ങി…ആഹാ.. പതിനേഴു പുതിയ മെസ്സേജുകളോ.. പുഞ്ചിരിച്ചു കൊണ്ടയാൾ ഓരോന്നായി തുറന്നു വായിച്ചു തുടങ്ങി..
തിരുവനന്തപുരം ശാഖയിലെ സുഗന്ധിയുടെ മെസ്സേജ് ആണയാൾ ആദ്യം വായിച്ചത്.. അതിനു കാരണവും ഉണ്ട്.. സുഗന്ധി വൈശാഖന്റെ കവിതകളുടെ ഒരു ആരാധകയാണ്..പലപ്പോഴായി എഴുതി പ്രസിദ്ധീകരിച്ച അയാളുടെ കവിതകൾ എല്ലാം സുഗന്ധി വായിച്ചിട്ടുണ്ട്.. അയാളുടെ വുമൺ എംബവർമെന്റ് പരിപാടിയുടെ ഭാഗമായ വെള്ളിയാഴ്ച്ചകളിലെ കലാപ്രദർശനം ബ്രാഞ്ചിലെ വനിതകളുടെ ഇടയിൽ ഒരു വൻവിജയമാണ്. അവരുടെ കണ്ണിൽ തന്നോടുള്ള ആരാധന കണ്ടയാൾ അവരുമായുള്ള നിമിഷങ്ങൾ ഭാവനയിൽ ഓർത്തു എത്ര പ്രാവശ്യം കുളിർ കോരിയിട്ടുണ്ട്..
മിക്ക മെസ്സേജുകൾക്കും മറുപടിയായി ❤️ ഉം ചുരുക്കം ചിലതിന് 🙏 ഉം ഇട്ട ശേഷം വാച്ചിൽ സമയം കണ്ട വൈശാഖൻ ഞെട്ടിയെണീറ്റു.. മണി ഒൻപതര..
“ശേ.. സമയം കുറേയായല്ലോ..”
ഇന്ന് പെണ്ണുങ്ങൾ വരുന്നതിന് മുൻപേ പ്യൂൺ രവിയുടെ സഹായത്തോടെ അവരുടെ ടേബിളിൽ പൂക്കൾ വെച്ച് അവരെ അതിശയപ്പെടുത്തണം എന്നയാൾ രാവിലെ കുളിച്ചു കൊണ്ടിരുന്നപ്പോൾ തീരുമാനിച്ചതാണ്… ഇനി ഇപ്പോ അതിനു സമയം കിട്ടില്ലല്ലോ.. എല്ലാം ഈ വീണ കാരണമാണ്.. അവളിതെവിടെ പോയി കിടക്കുന്നു.. . സമയത്തിനൊരു ചായ തരാൻ പോലും അവളെ കൊണ്ട് കൊള്ളില്ല..
പത്രം മടക്കി വെച്ചുകൊണ്ടയാൾ എണീറ്റ് കാർ സ്റ്റാർട്ട് ചെയ്തു.. ഗേറ്റ് അടയ്ക്കാൻ നിക്കാതെ ആ കറുത്ത ഹോണ്ട സിറ്റി സിറ്റിയിലെ ട്രാഫിക്കിലേക്ക് പാഞ്ഞു … ബാങ്കിലോട്ട് തിരിയുമ്പോൾ ജംഗ്ഷനിൽ ഒരു പൂക്കട ഉണ്ടായിരുന്നല്ലോ.. അത് തുറന്നു കാണുമോ എന്തോ.. ആലോചനയിൽ മുഴുകി കാർ ഓടിച്ചു മുന്നിലുള്ള സൈക്കിൾകാരൻ താഴെ വീണത് അയാളറിഞ്ഞില്ല.. പൊടുന്നനെ എവിടെ നിന്നോ പൊട്ടിമുളച്ചത് പോലെ ഒരു ആൾക്കൂട്ടം ഹോണ്ട സിറ്റിയെ പൊതിഞ്ഞു.
ഭാഗ്യം.. സൈക്കിൾകാരന് ഒന്നും സംഭവിച്ചില്ല.. ആൾക്കാര് വിടുന്ന ലക്ഷണം കാണാത്തത് കൊണ്ടയാൾ ആ പയ്യനെ മെല്ലെ വിളിച്ചു ആയിരം രൂപ കൊടുത്തു . അതോടെ പയ്യൻ ശാന്തനായി.. ഒരു വിധം കാറും എടുത്തയാൾ പൂക്കടയിലെത്തി.. ചുമന്ന റോസാപുഷ്പങ്ങൾ പന്ത്രണ്ടെണ്ണം എണ്ണി വാങ്ങി മൂളിപ്പാട്ടോടുകൂടി അയാൾ കാർ പറപ്പിച്ചു..
ഫോൺ ശബ്ദിച്ചപ്പോൾ എടുത്തു നോക്കിയ വൈശാഖന് ദേഷ്യം വന്നു.. വീണയാണ്.. അയാൾ ഫോൺ അറ്റൻഡ് ചെയ്യണ്ട എന്ന് തീരുമാനിച്ചു.. സമയത്തിന് ഒരു വിലയുമില്ലാത്തവൾ..
ബാങ്കിന്റെ മുന്നിൽ കാർ പാർക്ക് ചെയ്തിട്ട് റോസാപുഷ്പങ്ങൾ കവറിൽ ഒളിപ്പിച്ചുകൊണ്ട് വൈശാഖൻ ഉള്ളിലേക്ക് കയറി.. ആദ്യം നോക്കിയത് സുഗന്ധിയുടെ സീറ്റിലേക്കാണ്…ഭാഗ്യം അവളെത്തിയിട്ടില്ല ഇതുവരെ.. ആകെ വന്നിട്ടുള്ളത് സീമയും ട്രീസയുമാണ്…
ആശ്വാസത്തോട അയാൾ തന്റെ ക്യാബിനിലേക്ക് കയറി.. മേശവലിപ്പ് തുറന്ന് മഞ്ഞ സ്റ്റിക്ക്പാഡ് എടുത്തുകൊണ്ട് ഓരോരുത്തർക്കും പ്രത്യേകം വുമൺസ് ഡേ ആശംസകൾ എഴുതി.. രവിയെ വിളിപ്പിച്ചു എല്ലാ വനിതകളുടെയും സീറ്റിൽ വെപ്പിച്ചു കഴിഞ്ഞയാൾ ഒരു പുഞ്ചിരിയോടെ സീറ്റിൽ ചാരിയിരുന്നു. സർപ്രൈസ് കാണുമ്പോൾ എല്ലാവരുടെയും മുഖത്തുണ്ടാകാൻ പോകുന്ന ഭാവങ്ങൾ ഓർത്തയാൾ പുഞ്ചിരിച്ചു..
പിന്നെയും ഫോണിൽ വീണയുടെ മുഖം.. ഇവൾക്കിതെന്തിന്റെ കുഴപ്പമാ… ജോലിത്തിരക്കിൽ ശല്യപ്പെടുത്തരുതെന്ന് എത്രവട്ടം പറഞ്ഞിട്ടുണ്ട്… തന്നോട് തന്നെ പിറുപിറുത്തു കൊണ്ടയാൾ ഫോൺ എടുത്തു.. മറുവശത്തുള്ളയാൾക്ക് പറയാൻ അവസരം കിട്ടുന്നതിന് മുൻപേ വൈശാഖൻ തന്റെ ദേഷ്യം തീർത്തു..
” എത്ര പ്രാവശ്യം പറയണം.. നിന്നെ പോലെ പണിയില്ലാതെ ഇരിക്കുവല്ല ഞാൻ. എന്തെങ്കിലും വേണെങ്കിൽ മെസ്സേജ് അയച്ചാൽ മതിയെന്ന് ഞാൻ പറഞ്ഞിട്ടില്ലേ വീണേ.. നീ എന്നാണ് മനസ്സിലാക്കുക
എന്താന്നു വച്ചാ പറയു വേഗം.. എനിക്ക് വേറെ പണിയുണ്ട്.. ”
മറുവശത്തു നിന്നൊരു പുരുഷശബ്ദം കേട്ടയാൾ ഒരു നിമിഷം ആലോചിച്ചു..
” വൈശാഖൻ അല്ലെ… ഞാൻ ജനറൽ ആസ്പത്രിയിലെ റിസപ്ഷനിൽ
നിന്നാണ്.. താങ്കളുടെ വൈഫ് വീണയെ ഇവിടെ അഡ്മിറ്റ് ചെയ്തിരിക്കുന്നു..വേഗം വരണം.. ”
തിടുക്കത്തിൽ കാറെടുക്കാനായി ഇറങ്ങിയ വൈശാഖനെ സന്ധ്യയും ട്രീസയും സുഗന്ധിയും വിടർന്ന ചിരിയോടെ പൊതിഞ്ഞു..
” സാർ.. തേങ്ക്സ് .. യു ആർ സൊ സെൻസിറ്റീവ് . സ്ത്രീകളോടിത്രയും സംവേദനക്ഷമതയുള്ള ഒരു ഓഫീസർ ഞങ്ങൾക്കിതാദ്യമായാണ്.. സാറിന്റെ വൈഫ് എത്ര ലക്കി ആണ്.. ”
ഉത്തരം പറയാതെ പരിഭ്രമം ഒരു ചിരിയിൽ ഒതുക്കി കൊണ്ടയാൾ കാറിൽ കയറി വാതിലടച്ചു.. സിറ്റിയിലെ ട്രാഫികിലൂടെ കാർ പറത്തി ഒരു വിധം ജനറൽ ഹോസ്പിറ്റൽ റിസപ്ഷനിൽ അയാളെത്തി.. അവിടെ ഉണ്ടായിരുന്ന പയ്യനോട് എന്താണ് പറ്റിയതെന്ന് ചോദിക്കും മുൻപേ ആണയാൾ അടുത്ത വീട്ടിലെ മാലിനിയെ കണ്ടത്.. വൈശാഖനെ കണ്ടവൾ അയാളുടെ അടുത്തേക്ക് ചെന്നു..
” ഞാൻ വീട്ടിൽ ചെടിക്ക് വെള്ളം ഒഴിച്ചോണ്ടു നിക്കുമ്പോളാ വീണ മുറ്റത്തേക്ക് വരുന്നത്.. പെട്ടെന്ന് അയ്യോന്ന് വിളിച്ചോണ്ട് വീഴുവേം ചെയ്തു.. ഞാൻ നോക്കുമ്പോൾ ദാ താഴെ വീണു കിടക്കുന്നു വിളിച്ചിട്ടെണീക്കുന്നുമില്ല..
അതു കൊണ്ടാ ആശുപത്രിയിൽ കൊണ്ട് വന്നത്.. ”
ഒറ്റശ്വാസത്തിൽ മാലിനി പറഞ്ഞു നിർത്തി.. അപ്പോഴേക്കും റിസെപ്ഷനിലെ പയ്യൻ ഡോക്ടർ വിളിക്കുന്നു എന്ന് പറഞ്ഞത്.. പച്ച കർട്ടൻ വകുത്തുമാറ്റി എമർജൻസി വാർഡിലേക്ക് കയറുമ്പോൾ വൈശാഖന്റെ കാലും കയ്യും വിറയ്ക്കുന്നുണ്ടായിരുന്നു..
” ബോധം വരാൻ അല്പം സമയം എടുക്കും.. എന്റെ ക്യാബിനിലേക്ക് വരൂ”
പറഞ്ഞു കൊണ്ട് ഡോക്ടർ മുന്നിൽ നടന്നപ്പോൾ ഭയത്തോടെ വൈശാഖൻ പിന്തുടർന്നു .
” സ്‌ട്രെസ് കാരണം പാനിക് അറ്റാക്ക് വന്നതാണ്.. എപ്പോഴും സ്ട്രെസ്സിലാണോ വൈഫ്?”.
ഡോക്ടറുടെ ചോദ്യത്തിന് എന്ത് മറുപടി കൊടുക്കും എന്നാലോചിക്കവേ അയാളുടെ മൊബൈൽ ശബ്ദിച്ചു.. മുകളിൽ നോട്ടിഫിക്കേഷൻ കണ്ടയാൾ ഫോൺ ഓഫ് ചെയ്തു..
” ഹാപ്പി വുമൺസ് ഡേ…. സ്ത്രീയാണ് ഉലകം.. സ്ത്രീയാലേ ഉലകം”.
ഷീന പിള്ളൈ സിങ്ങ്
ഭൂത കാലം
ശൂന്യമായ ആത്മാവിലേക്ക്
നിങ്ങൾ ഭൂതകാലത്തെ
കൊണ്ടുവന്നിട്ടുണ്ടോ …..?
ദേഹമാസകലം പൊള്ളുന്ന
ഒരു ഇന്ദ്രിയാനുഭവം
നിങ്ങളിൽ സൃഷ്ടിക്കപ്പെടും
ഇരിക്കാൻ ഇടമില്ലാത്ത ഓർമ്മകൾ
മഞ്ഞിലും മഴയിലും നടക്കാനിറങ്ങും
ജീവനിൽ തന്നെ വസിക്കുന്ന വേദനയിലേക്ക്
മധുരം പകർന്ന് വെക്കും
വിശുദ്ധമായ പുഴയിൽ ഒഴുകി നടക്കുന്ന
സൂര്യപ്രകാശങ്ങളിലേക്ക് ഇറങ്ങി ചെല്ലും !
മരണവുമായുള്ള ഉടമ്പടിയോട്
കലഹിച്ച് നില്ക്കും ….
നിങ്ങൾ , ഭൂതകാലത്തിന്റെ കാട്ടുതീയിൽ
തന്റെ കുട്ടിക്കാലം ആവശ്യപ്പെടും ….
പക്ഷെ, ഇനി കുറച്ചു സമയമേ ഉള്ളൂ
എന്ന സത്യം ഓർമ്മയിൽ നിന്ന് തന്നെ
നിങ്ങൾക്ക് നഷ്ടപ്പെട്ടിരിക്കുന്നു !
സലാം പനച്ചമൂട്
പിൻവിളി
ശരീരം കോച്ചുന്ന തണുപ്പ് വൃശ്ചികമാസമാണ്. നേരം പുലരാൻ നാഴികകൾ ഇനിയും ബാക്കി. ചുമരിലെ ഘടികാരത്തിൽ നിന്ന് രണ്ടുവട്ടം മണി മുഴങ്ങി. അവൾ അരികെ കിടക്കുന്ന കുഞ്ഞിനെ നോക്കി.
ജീവിതം ദുസ്സഹമായി തോന്നിയപ്പോൾ ഈ പത്തു വയസ്സുകാരിയുടെ ചിരിയും, കൊഞ്ചലുമാണ് ജീവിതത്തെ കരുത്തോടെ അഭിമുഖീകരിക്കുവാൻ പ്രാപ്തി നേടി തന്നത്.
ഉറക്കത്തിൽ എന്തോ സ്വപ്നം കണ്ട് പിറുപിറുക്കുന്ന ഋതു മോളെ നെഞ്ചോട് ചേർത്ത് സാവിത്രി ഇരുട്ടിലേക്ക് കണ്ണുനട്ടു. തണുത്ത പുലരിയുടെ സുഖത്തിൽ മിഴികളെ ഉറക്കംതഴുകി കൺമുന്നിൽ പല ചിത്രങ്ങളും തെളിഞ്ഞു.
അച്ഛനും, അമ്മയും, ഏട്ടൻമാരും അതിനിടയിൽ താനും. കുഞ്ഞിപ്പെങ്ങളുടെ എന്ത് ആവശ്യത്തിനും ചാടി പുറപ്പെടുന്ന ആങ്ങളമാർ എന്നിട്ടും ആ പെങ്ങൾ കാരണം തല കുനിഞ്ഞു പോയ ഏട്ടൻമാർ. പ്രായത്തിന്റെ ചപലതയിൽ അന്യപുരുഷനാണ് ജീവിതത്തിലെല്ലാം എന്ന് തോന്നിയ പത്തൊമ്പത് വയസുകാരിക്ക് പക്വത കൈവന്നപ്പോഴേക്കും ജീവിതമാകെ കൈവിട്ട് പോയിരുന്നു.
ശിവേട്ടന്റെ കൂടെ ഇറങ്ങി തിരിച്ച ആ ദിവസം തനിക്കു നേരെ ആ വീടിന്റെ വാതിലടഞ്ഞു. അപ്പോഴൊക്കെ ആശ്വാസമയത് ശിവേട്ടന്റെ സ്നേഹമായിരുന്നു. പിരിയുന്നതുവരെയും ആ സ്നേഹം നിലനിന്നിരുന്നുവല്ലോ.?
പിന്നെ എപ്പോഴാണത് ഇല്ലാതായത്. ഋതുമോളുടെ ഒന്നാം പിറന്നാളിന്റെയന്ന് വന്ന ഫോൺ കോളാണ് എല്ലാം തകിടം മറിച്ചത്. വിളിച്ചതോ ഭാര്യയെന്ന് പറഞ്ഞുകൊണ്ട്..! വിശ്വസിക്കാനേ തോന്നിയില്ല. പക്ഷേ ശിവേട്ടന്റെ ആ മുഖം, ആ ഭാവം എല്ലാം വിളിച്ചോതുന്നുണ്ടായിരുന്നു. ഒന്ന് നിഷേധിച്ചിരുന്നെങ്കിൽ,താനെല്ലാം മറന്നേനേ.!
സഹിക്കാവുന്നതിലുമപ്പുറമായിരുന്നു ആ നിൽപ്പ് അതാണ് തന്റെ മനസിന്റെ താളം തെറ്റിച്ചത്. താനൊരു സാധാരണ പെണ്ണായി. ആ ത്രിസന്ധ്യയിൽ ശിവേട്ടനിറങ്ങി പോകുമെന്ന് കരുതിയതേയില്ല .
ഒരു പിൻവിളി പ്രതീക്ഷിച്ചു കാണും.പക്ഷെ തന്റെ ഭാഗത്തുനിന്ന്. അതുണ്ടായില്ല. പല പിണക്കങ്ങൾക്കുമൊടുവിൽ ഒരായിരം സോറിയുമായി ശിവേട്ടൻ കടന്നുവരാറാണ് പതിവ് പക്ഷെ ഇപ്രാവശ്യം മാത്രം അങ്ങനെ സംഭവിച്ചില്ല.
വർഷം ഒമ്പത് കഴിഞ്ഞു.ആള് ജീവിച്ചിരിപ്പുണ്ടോന്ന് പോലും അറിവില്ല, പിന്നെ കരുതി ഞാൻ മാത്രല്ലല്ലോ അങ്ങേർക്ക് ഭാര്യ..! ഞാനറിയാത്ത മറ്റവളു കൂടിയുണ്ടല്ലോ..? അവിടെയായിരിക്കും.
വീടിന്റെ പടിയിറങ്ങുമ്പോൾ കയ്യിൽ കരുതിയ എസ് എസ് എൽ സി ബുക്കും, ടി ടി സി യുടെ സർട്ടിഫിക്കറ്റുകളും ആയിരുന്നു ജീവിക്കാൻ ആകെയുള്ള ബലം. സ്കൂളുകളിൽ ദിവസവേതനത്തിന് ജോലി ചെയ്തോണ്ടിരുന്നതുകൊണ്ട് പട്ടിണിയായില്ല.
ഇതിനിടയ്ക്ക് സ്കൂൾ മീറ്റിംങ്ങിൽ വച്ചായിരുന്നു മൂത്തേട്ടന്റെ ഭാര്യയെ കണ്ടത്. !
പരിചയപ്പെടലിനൊടുവിലാണ് ബന്ധത്തിന്റെ ആഴം മനസിലായത്. അവരുടെ വർത്തമാനത്തിൽ നിന്നുമാണ് . അച്ഛൻ അടുത്തുള്ള സ്കൂളിൽ പൈസയൊക്കെ അടച്ച് ജോലി ശരിയാക്കിയതും, തരാനായി മാറ്റി വെച്ച ആഭരണത്തെ കുറിച്ചുമൊക്കെ അറിഞ്ഞത്.
ഏടത്തിയിലൂടെ വീട്ടിലെ വിശേഷങ്ങൾ എല്ലാം കേട്ടത് കണ്ണീരിന്റെ നനവോടെയായിരുന്നു.
ഞങ്ങളുടെ വിശേഷങ്ങൾ ഏടത്തിയിലൂടെ വീട്ടുകാരും അറിഞ്ഞുവെന്ന് വ്യക്തം .
അതാണല്ലോ വർഷങ്ങൾക്കു മുന്നേ തന്റെ പിറകിലടഞ്ഞ ആ വാതിൽ ഇന്നിതാ തനിക്കു മുന്നിൽ തുറന്നിരിക്കുകയാണ്. നിറഞ്ഞ മനസ്സോടെ ഞങ്ങളെ സ്വീകരിക്കാൻ കാത്തിരിക്കുകയാണവർ. ഈ പുനസമാഗമം ഒരിക്കലും പ്രതീക്ഷിച്ചതല്ലല്ലോ…?
ഒന്ന് വേഗം നേരം വെളുത്തെങ്കിൽ, പാറി അവരുടെ ചാരത്തണയാമായിരുന്നു. ആ ധന്യമായ മുഹുർത്തത്തെ ഓർത്ത് സാവിത്രിക്ക് നേരം പുലരുന്നതേയില്ലെന്ന് തോന്നി.
എന്നും ഉണരുന്ന സമയത്തിനു മുന്നേ തന്നെ ഉറക്കമെഴുന്നേറ്റു. ചെയ്യാൻ ഒരുപാട് ജോലികളൊന്നുമില്ല, ഉറക്കത്തിലായിരുന്ന കുഞ്ഞിനെ തട്ടിയുണർത്താൻ വൃഥാ ഒരു ശ്രമം നടത്തി ,ചിണുങ്ങി കൊണ്ടവൾ ചെരിഞ്ഞു കിടന്നതല്ലാതെ ഉണരാനവൾ കൂട്ടാക്കിയില്ല.
എത്രയൊക്കെ നേരത്തെ തന്നെ ഇറങ്ങണമെന്ന് കരുതിയിട്ടും പുറപ്പെടാൻ എന്നിട്ടും വൈകി. പോകുവാനായി അവളൊരു ടാക്സി ഏർപ്പാടാക്കിയിരുന്നു. കാരണം കൊണ്ടുപോകാൻ അത്രമാത്രം ലഗേജും, സാധന സാമഗ്രികളും ഉണ്ടായിരുന്നു.
വീട്ടിലേക്കുള്ള യാത്രയിൽ അവളുടെ മനസ് ഓർമ്മകളെ കൂട്ടുപിടിച്ച് പിറകോട്ട് യാത്രയായി. അതിന്റെ സുഖാലസ്യത്തിൽ തെല്ലിട മിഴിയൊന്ന് അടഞ്ഞപ്പോഴാണ് ഭയങ്കരമായ ഒരു ശബ്ദം കേട്ടത്.
കണ്ണുതുറന്നപ്പോൾ വണ്ടി വായുവിലായിരുന്നു.ഡ്രൈവറും, അവളും, മോളും എല്ലാം തലകീഴായിരിക്കുന്നു. ഡോറു തുറന്ന് പുറത്തേക്ക് തെറിച്ചു പോകുന്ന മോളെ; മാഞ്ഞു പോകുന്ന ബോധത്തിലും ചേർത്തണയ്ക്കാനവൾ വൃഥാ ശ്രമിച്ചുകൊണ്ടിരുന്നു. ഒരു സ്പോടനത്തോടെ വണ്ടി നിലം തൊടുമ്പോഴേക്കും ഋതു മോളുടെ കരച്ചിലിനെ സാക്ഷിയാക്കി ശേഷിച്ച അവളിലെ ജീവനും പറന്നകന്നിരുന്നു.
രമ്യ രതീഷ്
എന്റെ നീലക്കടൽ
ഏറെ പരിഭ്രമത്തോടെയാണ്
എന്റെ പുതിയ
ജന്മത്തിന്റെ തുടക്കം,
ഈ ജന്മത്തെങ്കിലും
ആരോടും അമിതമായ
സ്നേഹമോ, വാത്സല്യമോ
പ്രത്യേകിച്ച് നെഞ്ച് നിറഞ്ഞ പ്രണയമോ
ഉണ്ടാകില്ലെന്ന് ഉറപ്പിച്ചു,
ഒരോ ദിവസവും ഭയന്ന് ഭയന്ന്
പേപ്പറിൽ നീട്ടിയതും,
ചുവരിലെഴുതിയതുമായ സകല
ലൊട്ടു ലൊടുക്ക് പ്രണയങ്ങളെയും
ചുരുട്ടിയെറിഞ്ഞും, മായ്ച്ചും കളഞ്ഞു…
അങ്ങനെ മായ്ച്ചു കളഞ്ഞു
കളഞ്ഞെന്റെ നഖത്തിലൊരു കുഞ്ഞു
പക്ഷി ഉടക്കി,
അതിന്റെ ചുണ്ടിലൊരു
കുഞ്ഞു കടലുണ്ടായിരുന്നു,
ഞാൻ ചോദിക്കാതെ
ആ കടലിലേക്ക് പതിയെ വിരൽത്തൊട്ടു,
ചിറക് നനഞ്ഞതും
പക്ഷി കടലെന്നെ ഏൽപ്പിച്ചു
പറന്നു പോയി,
കടലിൽ ഒരോ ദിവസം ഓരോ
വിരൽ വീതം തൊട്ട് തൊട്ട്
അവസാനം ദേഹം മുഴുവൻ
മുങ്ങേണ്ട ദിവസമെത്തി,
കണ്ണടച്ചു അതിനകത്തേക്ക്
മുങ്ങാംകുഴിയിട്ടതും
എന്റെ മറുകിൽ
ശംഖു മുതൽ
സകലതും വന്നുമ്മവയ്ക്കാൻ തുടങ്ങി,
ദൈവമേ…
ഞാൻ എന്ത് ചെയ്യില്ലെന്ന് കരുതി
ജനിച്ചോ..
അതിനേക്കാളാഴത്തിലാഴത്തിൽ
പ്രണയത്തിലേക്കാണ് ഈ ജന്മവും
ഊളിയിട്ടറങ്ങിയിരിക്കുന്നത്,
എന്റെ ദേഹം നോവാതെ
എന്നെ കരയ്ക്കടുപ്പിച്ചത് കൊണ്ടാകണം
വീണ്ടും വീണ്ടും കടലിലേക്ക്
ചാടികൊണ്ടിരിക്കുന്നു….
ഒരുനാളീ കടലിലെന്റെ കാണാ
മറുകവശേഷിപ്പിച്ചു
മുങ്ങി മരിക്കുമായിരിക്കും,
പുനർജന്മമില്ലാത്തവിധം.
ദിവ്യഅനു അന്തിക്കാട്
ഓർമ്മകൾ യാത്രയാകുമ്പോൾ
യാത്രയാകാൻ തയ്യാറെടുക്കുന്ന രാത്രിയുടെ നിശ്ശബ്ദതയെ ഭേദിച്ച് തീവണ്ടി കേരളത്തിലേക്ക് കടന്നു. ജന്നലിലൂടെ അരിച്ചിറങ്ങിയ തണുത്ത കാറ്റ് കറുപ്പും വെളുപ്പുമിടകലർന്ന മുടിയിഴകളെ തലോടി കടന്നു പോയപ്പോൾ, മുപ്പതു വർഷം മുമ്പ് മറവിയുടെ മാറാലയിൽ മൂടിയ ജന്മനാടിന്റെ ഗന്ധം തികട്ടി വന്നു. ഒപ്പം പഴയൊരു തീവണ്ടി യാത്രയും.
ജനറൽ കമ്പാർട്ട്‌മെന്റിലെ തറയിൽ വിരിച്ച പത്രക്കടലാസിലിരുന്നും കിടന്നും ഹരിനാരായണനൊപ്പം രണ്ടു രാപ്പകലുകൾ. തമിഴ്നാടും ആന്ധ്രയും മദ്ധ്യപ്രദേശും കടന്ന് ആഗ്രയിലെത്തിയപ്പോഴേക്കും തികച്ചും അവശരായിരുന്നു അവർ.
മതങ്ങൾ മതിൽ കെട്ടിത്തിരിച്ച മനസ്സുകൾ അറിയാതെയടുത്തപ്പോൾ അതൊരുഗ്രസ്ഫോടത്തിനു തിരി കൊളുത്തുമെന്നവരറിഞ്ഞില്ലായിരുന്നു. രണ്ടു വ്യക്തികളുടെയിഷ്ടം രണ്ടു വീട്ടുകാരുടെയിഷ്ടക്കേടാവുകയും, അത് രണ്ടു സമുദായങ്ങളേറ്റെടുക്കുകയും ചെയ്തത് വളരെപ്പെട്ടെന്നായിരുന്നു.
“അവരെ ജീവിക്കാനനുവദിക്കരുത്. പച്ചക്കു കത്തിക്കണം രണ്ടിനേയും”
കൊലവിളിച്ചു കൊണ്ടു പാഞ്ഞടുക്കുന്ന ആൾക്കൂട്ടത്തിനു മുമ്പിൽ ജീവനും കയ്യിൽ പിടിച്ചോടിയ അവരുടെയടുത്തു വന്നുനിർത്തിയ കാറിൽ നിന്നും ജോസഫേട്ടൻ പറഞ്ഞു,
“പെട്ടെന്ന് കയറൂ, രണ്ടു പേരും”
അതിവേഗം പാഞ്ഞ കാറിനു പിന്നിൽ ആൾക്കൂട്ടം ദൂരെ മറഞ്ഞത് ആശ്വാസത്തോടെയവർ കണ്ടു.
“ആരുമറിഞ്ഞിട്ടില്ല ഞാൻ വന്നത്. ഇതാ ഇതു വച്ചോളൂ. കുറച്ചു പണവും ഒരെഴുത്തുമുണ്ട്. ഞാൻ പണ്ട് ജോലിചെയ്തിടത്തെ മുതലാളിയുടെ വിലാസമതിലുണ്ട്. വല്ലപ്പോഴും എനിക്ക് കത്തയക്കണം. മറ്റാരുടെയെങ്കിലും പേരിലെഴുതിയാ മതി”
ജനറൽ കമ്പാർട്ടുമെന്റിന്റെ ജനാലക്കൽ നിന്ന് ജോസഫേട്ടനതു പറഞ്ഞപ്പോൾ അവരുടെ കണ്ണുകൾ നിറഞ്ഞൊഴുകി.
“ജീവിക്കാനനുവദിക്കാത്തവരുടെയിടയിൽ നിന്നും നിങ്ങൾ രക്ഷപെട്ടോളൂ. ഈ നാടിനെ ഒരു ദു:സ്വപ്നം പോലെ മറന്നേക്കൂ. ഒരുപാടു വർഷങ്ങൾക്കു മുമ്പിതുപോലൊരു പലായനത്തിനൊടുവിലാണ് ഞാനും ജലജയുമിവിടെത്തിയത്. എനിക്കുമുണ്ടായിരുന്നു ഇതു പോലൊരു സഹായി. കാലം കടം തീർത്തതാണെന്നു കരുതിയാൽ മതി”
പതുക്കെ നീങ്ങിയ വണ്ടി പ്ളാറ്റ്ഫോം വിടും വരെയും ജോസഫേട്ടൻ കൈ വീശി. കേവലമൊരു ടാക്‌സി ഡ്രൈവറായ ജോസഫ് അവരുടെയുള്ളിൽ വളരുകയായിരുന്നു.
കത്തിൽ പറഞ്ഞയാളെച്ചെന്നു കണ്ട് കത്തേൽപ്പിച്ചപ്പോൾ പരുക്കനെന്നവർ കരുതിയ ആനന്ദ് ത്രിപാഠി കത്തു വായിക്കവേ വികാരനിർഭരനായി.
“എന്നോടൊപ്പം എന്റെ നിഴലായി നടന്നവനാണ് ജോസഫ്. പിറന്ന നാടിനോടുള്ളയിഷ്ടം കൊണ്ടാണവൻ ഏറെ വേദനയോടെ എന്നെ വിട്ടു പോകാൻ തീരുമാനിച്ചത്. അവനു വേണ്ടപ്പെട്ടവർ എനിക്കും വേണ്ടപ്പെട്ടവരാണ്. ഇവിടെ നിങ്ങളെത്തേടിയാരും വരില്ല. നാളെ മുതൽ എന്റെയോഫീസിൽത്തന്നെ ജോലിക്കു കയറിക്കോളൂ. താമസവും മറ്റെല്ലാക്കാര്യങ്ങളും ഇന്നു തന്നെ ശരിയാക്കാം”
ആനന്ദ് ത്രിപാഠിയോടു യാത്ര പറഞ്ഞിറങ്ങവേ ജോസഫ് ഒരു പ്രഹേളികയായ്ത്തോന്നി അവർക്ക്.
പ്രണയനിലാവൊഴുകി നീങ്ങുന്ന യമുനാതീരത്തെ സ്നേഹസ്തംഭം. താജ്മഹൽ. പെയ്യാതെ കനംവച്ച അവരുടെ പ്രണയമേഘങ്ങൾ എത്രയോ തവണ ആ തിരുമുറ്റത്ത് പെയ്തൊഴിഞ്ഞു!!
ജോസഫേട്ടന്റെ കത്തുകളിലൂടെ ഉറ്റവരെന്നു കരുതിയവരുടെ ക്രൂര മനസുകൾ ഇപ്പോഴും വിഷം ചീറ്റുന്നതവരറിഞ്ഞു. ഇപ്പോഴുമവർ കാത്തിരിക്കയാണവരെ- കൊല്ലാൻ! പിന്നെയവരൊന്നിച്ചു തീരുമാനിച്ചു. മറന്നേക്കുക എല്ലാവരെയും. ജോസഫേട്ടൻ പറഞ്ഞതുപോലെ, ഒരു ദു:സ്വപ്നം പോലെ!
കാലമെത്ര വേഗമാണോടി മറയുന്നത്! ദേശാടനപ്പക്ഷികളെപ്പോലെ പറന്നിറങ്ങിയത്, സ്വന്തമായൊരു കൂടുകൂട്ടിയത്, ആ കൂട്ടിൽ രണ്ട് മുട്ടകൾ വിരിഞ്ഞത്, അവർ പറക്കാൻ പഠിച്ചത്. ഒക്കെയിന്നലെക്കഴിഞ്ഞപോലെ…
ഗൂഗിൾ മാപ്പിൽ ഇറങ്ങേണ്ട സ്റ്റേഷൻ അടുത്തടുത്തു വന്നു. ഒട്ടും കരുതിയതല്ല ഇങ്ങനെയൊരു യാത്രയുണ്ടാവുമെന്ന്. മക്കൾ കൂടെ വരാമെന്നു പറഞ്ഞെങ്കിലും അവരെ വിലക്കി.
“ഈ യാത്ര അമ്മക്ക് തനിയെ പോകേണ്ടതാണ്. എപ്പോഴെങ്കിലും ഒരു വിനോദയാത്രയായി നിങ്ങൾ പോയാൽ മതി.”
അകലെ ശാന്തമായൊഴുകുന്ന ഭാരതപ്പുഴ. ബാഗിൽ ഭദ്രമായി വച്ചിരുന്ന പൊതി അവിടെത്തന്നെയുണ്ടെന്നൊരിക്കൽ കൂടിയുറപ്പു വരുത്തി, ഷാഹിദ ഇറങ്ങാൻ തയ്യാറായി.
അമൂല്യമായ ആ പൊതി നനയുവാനിനി അധിക നേരമില്ലല്ലോയെന്ന് ഒരു ഞെട്ടലോടെയവർ ഓർത്തു. പ്ളാറ്റ്ഫോമിൽ നിന്നും ആളൊഴുക്കിനൊപ്പം പുറത്തേക്കു കടന്ന ഷാഹിദയുടെ കവിളിലെ കണ്ണീർ നനവിൽ പ്രഭാതരശ്മികൾ പ്രതിഫലിച്ചു.
അനിൽ കുമാർ എം ബി
കണ്ണൊലിപ്പ്
ഇന്തോന്വേഷ്യൻ ദിനങ്ങൾ
അധ്യായം 13: അയ്യായിരം രൂപ വിലയുള്ള ഒരു കപ്പ് കാപ്പി
മൂവ്വായിരവും അയ്യായിരവും രൂപ വിലയുള്ള ഒരു കപ്പ് കാപ്പി കഴിക്കുന്നവർ ഉണ്ടാകുമോ? ഉണ്ട് എന്നുതന്നെയാണുത്തരം. ‘ലുവാക് കോഫി’ ആണ് ലോകത്തിൽ ഏറ്റവും വിലകൂടിയ കാപ്പി. ഒരു കിലോ കാപ്പിയ്ക്ക് ഒരു ലക്ഷം രൂപ വരെയുണ്ടാകും ഇതിന്റെ വില. ഇത്തരം ഒരു കാപ്പി നിർമ്മാണശാല ഞാൻ ബാലിയിൽ സന്ദർശിക്കുകയുണ്ടായി. രസകരമാണ് ഈ കാപ്പിനിർമ്മാണം.
വെരുക്, മരപ്പട്ടി എന്നൊക്കെ നമ്മൾ വിളിക്കുന്ന ജീവിയുടെ വർഗ്ഗത്തിൽപ്പെട്ട ഒരിനം സിവേറ്റുകളാണ് ഈ കാപ്പി നിർമ്മാണത്തിന് പുറകിൽ. ഇവയെ പൊതുവേ ‘ലുവാക്ക്’ എന്ന് വിളിക്കുന്നതുകൊണ്ടാണ് ഈ കാപ്പിക്ക് ഇങ്ങനെ ഒരു പേരുവന്നത്. കൂട്ടിലടച്ച ലുവാക്കിനെക്കൊണ്ട് തിരഞ്ഞെടുത്ത കാപ്പിക്കുരുക്കൾ കഴിപ്പിക്കുന്നു. പിന്നീട് പൂർണ്ണമായും ദഹിക്കാത്ത കാപ്പിക്കുരുക്കൾ ഇതിന്റെ വിസർജ്ജ്യത്തിൽ നിന്നും ശേഖരിക്കുന്നു. നന്നായി വൃത്തിയാക്കിയെടുത്ത ഈ കാപ്പിക്കുരുക്കൾ വറുത്തു പൊടിച്ചുണ്ടാക്കുന്നതാണ് ഈ കാപ്പി. ഇതിന്റെ രുചിഭേദവും വിലയും തിരഞ്ഞെടുക്കുന്ന കാപ്പിക്കുരുവിനനനുസരിച്ചു വ്യത്യസ്‌തമായേക്കാം.
ലുവാക് കാപ്പി ഇന്ന് വൻനഗരങ്ങളിൽ, പ്രത്യേകിച്ചും അമേരിക്ക, യൂറോപ്പ്, എന്നിവിടങ്ങളിലെ കോഫി ഷോപ്പുകളിൽ സർവ്വസാധാരണമായി ലഭ്യമാകുന്നു. മലയാളികൾക്ക് ഇത് കുടിക്കണമെങ്കിൽ കൊച്ചി വരെ പോയാൽ മതിയാകും. കഫെ കോപ്പി ലുവാക് എന്നൊരു കോഫി ഷോപ്പുണ്ട് പനമ്പിള്ളി നഗറിൽ. 1600 രൂപയാണ് അവിടെ ഒരു കപ്പ് കാപ്പിക്ക്. ഇത് താരതമ്യേന കുറഞ്ഞ വിലയാണ് എന്നാണ് എന്റെ പക്ഷം. പലയിടങ്ങളിലും മുപ്പത്തഞ്ചു ഡോളർ മുതൽ നൂറു ഡോളർ വരെ വിലയീടാക്കുന്നുണ്ട് ഒരു കപ്പിന്. അതായത് നമ്മുടെ 2500 മുതൽ 7000 രൂപ വരെ.
ഇത്തരം ധാരാളം ഫാക്റ്ററികൾ സുമാത്രയിലും ജാവയിലുമുണ്ട്. ഫിലിപ്പൈൻസിലും ഈ കാപ്പി നിർമ്മിക്കുന്നുണ്ടത്രേ. ഇന്തോന്വേഷ്യൻ കാപ്പിക്കാണ് കൂടുതൽ ആവശ്യക്കാർ. ഈ ഫാക്റ്ററികളുടെ എണ്ണം തന്നെ ഇത്തരം കാപ്പികൾ കുടിക്കുന്നവരുടെ എണ്ണം സമൂഹത്തിൽ ചെറുതല്ല എന്ന് ഓർമ്മിപ്പിക്കുന്നു. ഇതാണ് നമ്മുടെ സമൂഹത്തിന്റെ സാമ്പത്തിക വിരോധാഭാസം. ഒരു നേരത്തെ ഭക്ഷണത്തിനു വകയില്ലാത്തവരും ലുവാക് കാപ്പി കുടിക്കുന്നവരും തമ്മിലുള്ള അന്തരം.
ഇന്തോന്വേഷ്യൻ കാപ്പി വളരെ പ്രശസ്‌തവുമാണ്. ഒരുപക്ഷേ വിയറ്റ്‌നാം കഴിഞ്ഞാൽ ഏറ്റവും രുചികരമായ കാപ്പി കിട്ടുക ഇവിടെയായിരിക്കും. ഡച്ചുകാരാണ് കാപ്പി ഇവിടെയെത്തിച്ചിട്ടുണ്ടാകുക. അഗ്നിപർവ്വത സ്‌ഫോടനഫലമായി ഉണ്ടാകുന്ന ലാവ കലർന്ന മണ്ണ് കാപ്പിക്കൃഷിക്ക് ഏറെ അനുയോജ്യവുമാണ്. അതുകൊണ്ടു തന്നെയാകണം ബാലിയിലെ കിന്താമണി ഭാഗത്തുള്ള കാപ്പി ലോകപ്രശസ്‌തമാകുന്നത്. രണ്ടഗ്നിപർവ്വതങ്ങളുടെ സാന്നിധ്യമാണ് ഈ മേഖലയിലുള്ളത്. ഇന്ത്യയിൽ ഏറ്റവും നല്ല കാപ്പിത്തോട്ടങ്ങൾ ഉള്ളത് കർണ്ണാടകയിലെ ചിക്‌മംഗളൂരാണ്. ഇന്ത്യയിൽ ആദ്യമായി കാപ്പിയെത്തിയതും ഇവിടെത്തന്നെ. എത്യോപ്പിയയിലെ കഫാ പ്രദേശത്തു നിന്നുമാണ് കാപ്പി എന്ന ചെടിയെക്കുറിച്ച് ഒരു പക്ഷേ ലോകമറിഞ്ഞിരിക്കുക. എന്നാൽ ഇതിനെക്കുറിച്ചുള്ള വിവരങ്ങൾ ആദ്യമായി പുറത്തറിയുന്നത് അറേബിയയിൽ നിന്നാണ്. അതുകൊണ്ടു തന്നെ കാപ്പിയുടെ ഒരു പ്രധാന വിഭാഗം കോഫിയ അറബിക്ക എന്നാണറിയപ്പെടുന്നത്. പല കാപ്പികളുണ്ടെങ്കിലും ഇന്നും ഏറ്റവും പ്രചാരമുള്ളതു അറബിക്കയും റോബസ്റ്റയും തന്നെയാണ്. കേരളത്തിലെ വയനാട്ടിൽ കൃഷി ചെയ്യുന്നവയും ഇവ തന്നെ.
ബാലിയിൽ ഇത്തരം ഫാക്റ്ററികൾ ടൂറിസത്തിനു വേണ്ടിയും ഉപയോഗിക്കുന്നുണ്ട്. പ്രവേശനം സൗജന്യമാണ്. കാപ്പി നിർമ്മാണത്തിന്റെ ഓരോ ഘട്ടവും നമുക്ക് വിവരിച്ചു തരും. ഒരു ചെറിയ കപ്പ് കാപ്പി നമുക്ക് സൗജന്യമായും തരും. കാപ്പിപ്പൊടി വിൽക്കുക എന്നതാണ് ഇതിലൂടെ അവർ ലക്ഷ്യമിടുന്നത്. ബാലിയിലെത്തുന്ന വിദേശ സഞ്ചാരികളിലാണ് പ്രധാനമായും നോട്ടം. എനിക്കും കിട്ടി ഒരു ചെറിയ കപ്പ് കാപ്പി. രുചിയറിയുവാനുള്ള ആവേശത്തിൽ ഉണ്ടാക്കുന്ന രീതിയെല്ലാം ഒരു നിമിഷം മറന്നിരിക്കണം. എന്നാൽ എനിക്കതു ഒരു പ്രത്യേക അനുഭവമായൊന്നും തോന്നിയില്ല. എന്നാൽ അന്നത്തെ ദിവസം ഞാൻ അത്ര സന്തോഷവാനായിരുന്നില്ല. ഒരു ചെറിയ കൂട്ടിൽ മറ്റൊന്നും കഴിക്കുവാൻ നൽകാതെ, കാപ്പിക്കുരു മാത്രം ഭക്ഷിച്ചു മരിക്കേണ്ടി വരുന്ന ലുവാക് എന്ന കൊച്ചു ജീവികളുടെ കണ്ണുകളിൽ തുടിക്കുന്ന ദയനീയതയായിരുന്നു എന്റെ മനസ്സിൽ.
ബാലിയുടെ വിനോദ സഞ്ചാര മേഖലയിൽ പ്രാധാന്യമുള്ള മറ്റൊന്നാണ് നെൽക്കൃഷി. അത് അതി മനോഹരമാണ്. കുന്നിൻ ചരിവുകളിൽ തട്ടുതട്ടായിട്ടാണ് നെൽക്കൃഷി നടത്തുക. ‘ടെറസ്സ്ഡ്ടെ പാഡി ഫീൽഡ്‌സ്’ എന്നാണിതറിയപ്പെടുന്നത്. ഹരിതാഭമായ ഈ നെൽപ്പാടങ്ങൾ അതി മനോഹരമായ ഒരു ദൃശ്യാനുഭവമാണ് സഞ്ചാരികൾക്ക് നൽകുന്നത്. ഈ പാടത്തിലൂടെ നടക്കുന്നതിനും ഫോട്ടോ എടുക്കുന്നതിനുമൊക്കെ സഞ്ചാരികൾ ഇവിടെ ധാരാളം സമയം ചിലവഴിക്കുന്നു. മിക്കയിടങ്ങളിലും ഇതിനനുബന്ധമായി ഭോജന ശാലകളുമുണ്ടാകും. കൗതുക വസ്‌തുക്കൾ വിൽക്കുന്ന കടകളുമുണ്ടാകും.
ഞാൻ കഴിഞ്ഞ ദിവസം ജക്കാർത്തയിൽ നിന്നും ബാണ്ടൂങ് എന്ന സ്ഥലത്തേക്ക് ഒരു ട്രെയിൻ യാത്ര നടത്തുകയുണ്ടായി. അതി മനോഹരമായ നെൽപ്പാടങ്ങളിൽ കൂടിയായിരുന്നു എന്റെ യാത്ര. നാല് മണിക്കൂർ സമയം പോയതറിഞ്ഞില്ല. ഈ കാഴ്ച്ചകൾക്ക് വേണ്ടി മാത്രം ട്രെയിൻ യാത്ര ചെയ്യുന്നവർ ഇവിടെ ധാരാളം. നമ്മുടെ പാലക്കാടൻ ഗ്രാമങ്ങളിൽ കൂടിയുള്ള യാത്രകളും ഇതുപോലെ മനോഹരമാണ്. ഇതിനെയുൾപ്പെടുത്തി വിനോദസഞ്ചാരം വിപുലമാക്കുന്നതൊന്നും നമ്മൾ ചെയ്യുന്നില്ല എന്ന് മാത്രം. ഇത്തരം കാഴ്ച്ചകൾ കാണുവാനും സഞ്ചാരികളെത്തും എന്നതിന് ബാലി ഒരുദാഹരണമാണ്.
പ്രകൃതിയോടിണങ്ങിയുള്ള വിനോദ സഞ്ചാരമാണ് വളരേണ്ടത്. എന്നാൽ ഇത്തരം സഞ്ചാരങ്ങൾക്ക് ചില ദോഷവശങ്ങളുമുണ്ടാകാം. പ്രകൃതിയെ നശിപ്പിക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടുവാനുള്ള സാഹചര്യങ്ങൾ തീർത്തും ഇല്ലാതായെങ്കിൽ മാത്രമേ ഇത്തരം വിനോദ കേന്ദ്രങ്ങൾ പ്രാവർത്തികമാക്കുവാൻ കഴിയുകയുള്ളൂ. പൊതുസ്ഥലങ്ങളും വിനോദ സഞ്ചാര കേന്ദ്രങ്ങളുമെല്ലാം വൃത്തിയായി സൂക്ഷിക്കുക എന്നത് നമ്മുടെയൊരുത്തരുടേയും ഉള്ളിൽ നിന്നുമുണ്ടാകേണ്ട ഒരു സംസ്‌കാരമാണ്. അത് കൊണ്ട് മാത്രമാണ് പല വിദേശ രാജ്യങ്ങളിലും വിനോദ സഞ്ചാര മേഖല ദ്രുതഗതിയിൽ വളരുന്നതും.
ഡോ. സുനീത് മാത്യു
ലോകപ്രണയകവിതകൾ : ബാബു രാമചന്ദ്രൻ (വിവർത്തനം)
പ്രണയം!! എഴുതിയെഴുതി വസന്തവും ശിശിരവും ഹേമന്തവും കടന്ന്, കാറ്റുകളും പുഴകളും കടലുകളും കടന്ന്, മനുഷ്യൻ അവന്റെ ജന്മങ്ങളിൽ ഭ്രമണം ചെയ്തുകൊണ്ടിരിക്കുന്ന അത്യപൂർവ്വമല്ലാത്ത, എന്നാൽ അത്യപൂർവ്വമായ ഒരേയൊരു വാക്ക്.
ലോകം മുഴുവൻ സഞ്ചരിച്ചുകൊണ്ട് ഒരു പ്രണയക്കടലിൽ കുളിച്ചു കയറിയിട്ടുണ്ടോ? ഇല്ലെങ്കിൽ അങ്ങനെ ചെയ്യുന്ന, സ്നാനമാണ്, “ലോകപ്രണയകവിതകൾ “.
ചാൾസ് ബുക്കോവ്സ്‌കി മുതൽ മന്ദാക്രാന്താസെൻ വരെ പടരുന്ന ലോകഭാഷകളിലെ അതിസമ്പന്നമായ, പ്രണയകവിതകളുടെ മലയാളവായനയാണ് ഈ പുസ്തകം.
” ഈ, പൂക്കൾ അടർത്തിക്കളയാൻ എനിക്കിനിയാകുമെന്ന് തോന്നുന്നില്ല. കൈകൾ ശോഷിച്ച്, ഒടുവിൽ ഈ മാല, ഊർന്നുപോവുംവരെ ഞാനെന്റെ കൈകളിങ്ങനെ, ബന്ധിച്ചു തന്നെ നിർത്തും… ” – ശ്രീനിവാസ് റായപ്രോൽ
ഈ വരികളിൽ സൂചിപ്പിക്കുന്ന പൂക്കൾ പോലെയാണ്, ഈ പുസ്തകം. അനേകമായിരം വായന കഴിഞ്ഞുപോയാലും ഇതിലേ വരികൾ ഓരോന്നും അടർത്തിക്കളയുവാൻ വയ്യാതെ ഓരോ ആസ്വാദകന്റെയും, മനസ്സിൽ വിടർന്നു നിൽക്കും. പ്രണയം അങ്ങനെയാണല്ലോ, അതേത് ലോകത്തിന്റെയാണെങ്കിലും, അതേത് ഭാഷയുടെയായാലും ഒരിക്കൽ പൂവിട്ടുകഴിഞ്ഞാൽ, അത് അടരുകയോ, കൊഴിയുകയോ, വീണ്ടും വിടരാതിരിക്കുകയോ ചെയ്യുകയില്ല.
നിങ്ങളുടെ , ജീവിതത്തിന്റെ പ്രയാസങ്ങളെ, നിരാശകളെ, അനാവശ്യചിന്തകളെ, ഒരു നിമിഷം മാറ്റിവെച്ചുകൊണ്ട്, ഈ കവിതകൾ ഒന്നു വായിച്ചുനോക്കൂ. നിങ്ങളിൽ സ്നേഹപ്രവാഹത്തിന്റെ പുതിയ താഴ് വരയുണ്ടാകുകയും, നിങ്ങൾ സ്നേഹത്താൽ ബന്ധിതരാകുകയും ചെയ്യും.
” പ്രണയത്തിലാകയാൽ, ഇപ്പോൾ ഞാൻ.. ” എന്ന് തുടങ്ങുന്ന “ഫെർണാണ്ടോ പെസോഅ, “യുടെ ഒരു പോർച്ചുഗീസ് കവിതയുണ്ട്, വായിക്കുന്നവനും, സുഗന്ധം, മാത്രമറിയും. മധുരം മാത്രം അറിയും, സൗരഭ്യം മാത്രമറിയും, പ്രണയത്തിന്റെ തന്നെയല്ല. ജീവിതത്തിന്റെയും.
എത്ര ഭംഗിയായിട്ടാണ്, കവിതകളുടെ നൂലുകൾ കൊണ്ട് ഒരു ലോകത്തിന്റെ സ്നേഹത്തെ മുഴുവൻ കൊരുത്തിരിക്കുന്നതെന്നു ഓർക്കാതെ, ആരും ഈ പുസ്തകത്തിലൂടെ കടന്ന് പോകുമെന്ന് തോന്നുന്നില്ല. എല്ലാം ഗദ്യകവിതകൾ ആണെന്നിരിക്കെ, ഒന്നിനും, ഈണം ആവശ്യമില്ലെന്നിരിക്കെ, ഓരോ കവിതകളും ജീവിതത്തിന്റെ താളങ്ങൾ മാത്രമാകുന്നു. ഏറ്റവും വിശിഷ്ടമായ , സുന്ദരമായ മനസ്സിന്റെ അവസ്ഥയെ അനുഭവിപ്പിക്കുന്നു.
എടുത്ത് പറയേണ്ടുന്ന, മറ്റൊരു വസ്തുതയാണ്, ഇതിന്റെ വിവർത്തനഭംഗി. കവിതകളെന്നല്ല എന്തും, യഥാർത്ഥരുചിയിൽ അനുഭവിക്കാൻ നമ്മുടെ മാതൃഭാഷ മാത്രമേ നമ്മെ സഹായിക്കൂ എന്നിരിക്കേ, അത് ഏറ്റവും ഭംഗിയായി വിവർത്തനം ചെയ്യേണ്ടത്, തീർച്ചയായും ഒരു വിവർത്തകന്റെ കടമയാണ്. ബാബു രാമചന്ദ്രൻ സാർ അതിൽ ഏറ്റവും മഹത്തരമായി വിജയിച്ചിരിക്കുന്നുവെന്ന് പറയേണ്ടിരിക്കുന്നു. ചോരയുടെയും, കണ്ണുനീരിന്റെയും, വിഷാദത്തിന്റെയും, അത്യപൂർവ്വമായ പ്രണയത്തിന്റെയും ജ്വലനം ഇനിയുമൊരുപാട് ആസ്വാദകരിൽ നിറഞ്ഞു ഒഴുകിനീങ്ങട്ടെ..
” ഞാൻ.. ആദ്യം പ്രേമിച്ചവളുടെ ഉടൽ പട്ടുപോലെ മൃദുലവും പൊന്ന് പോലെ തിളങ്ങുന്നതുമായിരുന്നു. ” – തിയഡോർ സ്‌പെൻസർ അമേരിക്കൻ കവിത.
ആദ്യമായി പ്രണയിക്കപ്പെട്ടവളെ/വനെ പ്പോലെ, നിങ്ങളുടെ സിരകളിൽ ഇനിയുമിനിയും ഈ ലോകപ്രണയകവിതകൾ ഒഴുകിപരക്കട്ടെ.. അതിന്റെ വിരഹാർദ്രമായ വിരലുകൾ നിങ്ങളുടെ ഹൃദയത്തെയും സ്പർശിക്കട്ടെ..
ഹരിത. ആർ. മേനോൻ
വേനൽകാല മഞ്ഞപ്പിത്തം ശ്രദ്ധിക്കണം!
കുടിവെള്ള ലഭ്യത കുറഞ്ഞുവരുന്ന വേനൽ കാലത്ത്, വെള്ളം മലിനമാകുന്നതു മൂലമുണ്ടാകുന്ന രോഗങ്ങളിൽ പ്രധാനിയാണു മഞ്ഞപ്പിത്തം.
പല രോഗാവസ്ഥകൾ കൊണ്ടും മഞ്ഞപ്പിത്തം ബാധിക്കാം. എലിപ്പനി പോലുള്ളവയിൽ ബാക്റ്റീരിയയാണു രോഗ ഹേതു. എന്നാൽ വൈറസ് മൂലമുണ്ടാകുന്ന ഹെപ്പാറ്റൈറ്റിസ് എ വിഭാഗത്തിലുള്ളതാണു വേനൽ കാലത്ത് ജലത്തിലൂടെ വ്യാപിച്ചു കൊണ്ടിരിക്കുന്ന മഞ്ഞപ്പിത്തം, ഇതേപോലെ വൈറസ് മൂലമുണ്ടാകുന്ന ഹെപ്പാറ്റൈറ്റിസ് ബി,സി എന്നിവ ശരീര സ്രവങ്ങളിലൂടെയാണു പകരുന്നത്. കൂടാതെ പിത്താശയ കല്ലുകൾ, കരൾ രോഗങ്ങൾ, ക്യാൻസറുകൾ, രക്തകോശ തകരാറുകൾ, പരാദങ്ങൾ എന്നിവകൊണ്ടും മഞ്ഞപ്പിത്തം വരാം എന്നതിനാൽ കാരണമറിഞ്ഞുള്ള ചികിൽസയ്ക്ക് പ്രാധാന്യമുണ്ട്.
രോഗമില്ലാത്ത രോഗികൾ:
ക്രിഗ്ളർ നജ്ജാർ സിൻഡ്രോം , ഗിൽബർട്സ് സിൻഡ്രോം എന്നീ രോഗമുള്ളവരിൽ രക്തത്തിലെ ബിലിറൂബുന്റെ അളവ് ജന്മനാതന്നെ കൂടിയിരിക്കും. ഇതിനു ചികിൽസിക്കേണ്ട ആവശ്യമില്ല.
നവജാത ശിശുക്കളിലെ മഞ്ഞപ്പിത്തം ഇതുപോലൊന്നാണ്. ഇതും പകരുന്ന രോഗമല്ല. ഇത് ജനിച്ച് രണ്ടുനാൾ മുതൽ രണ്ടാഴ്ച്ചവരെ നീണ്ടു നില്ക്കാം. ഇതു സാധാരണമായുള്ള ഒരു സംഭവമാണ്. വളരെ വിരളമായി കോമ്പ്ലിക്കേഷൻ വരാമെന്നതിനാൽ, അപ്പേരും പറഞ്ഞ് ധാരാളം കുഞ്ഞുങ്ങളെ അമ്മമാരിൽ നിന്നകറ്റി എൻ ഐ സി യു കളിൽ പൂട്ടിയിടാറുണ്ട്, ചില കച്ചവട ആതുരാലയങ്ങൾ.
കുഞ്ഞിന്റെ കരൾ ശരിയായി പ്രവർത്തിച്ചു തുടങ്ങിയെന്നും അതു തന്റെ ശരീരത്തിലുള്ള അമ്മയുടെ ചുവന്ന രക്താണുക്കളെ വിഘടിപ്പിക്കുന്നതിന്റെ അഥവാ സ്വയം നിലനിൽക്കുവാൻ ശ്രമിക്കുന്നതിന്റെ തെളിവാണു ഈ മഞ്ഞനിറം. ബിലിലൈറ്റ് എന്ന ആശുപത്രി പ്രകാശ ചികിൽസ കൊണ്ടും, പച്ച വാഴയില കൊണ്ടു മറച്ചുപിടിച്ച് വെയിൽ കൊള്ളിക്കുന്ന നാടൻ തന്ത്രം കൊണ്ടും, ഇതു മാറിക്കൊള്ളും.
എല്ലാ മഞ്ഞപ്പിത്തത്തിനും ഒറ്റമൂലിയും നാട്ടു ചിൽകിത്സയും പോരെന്നർത്ഥം. പൊതുജനങ്ങൾ ഇന്റർനെറ്റ് നോക്കി സ്വയം രോഗനിർണ്ണയം നടത്തുന്ന അവസ്ഥയിലാണു സാക്ഷരകേരളത്തിലെ ആരോഗ്യ ബോധം. അതു സഹിക്കാം, എന്നാൽ ചികിൽസയും കൂടി ഇന്റെർനെറ്റ് നോക്കി നടത്തുമ്പോഴാണു ചിലപ്പോൾ പ്രശ്നമാകുന്നത്.
എന്താണു മഞ്ഞപ്പിത്തം?
രോഗോൽപ്പത്തിയനുസരിച്ച് മഞ്ഞപ്പിത്തത്തെ പ്രി ഹെപ്പാറ്റിക്, ഹെപ്പാറ്റിക്, പോസ്റ്റ് ഹെപ്പാറ്റിക് എന്നിങ്ങനെ മൂന്നായി തിരിച്ചിരിക്കുന്നു. കരൾ ഉൽപ്പാദിപ്പിക്കുന്ന പിത്തരസത്തിന്റെ അളവ് വിവിധ കാരണങ്ങളാൽ കൂടുകയോ, അവയുടെ സഞ്ചാരപാതയിൽ തടസ്സമുണ്ടാകുകയോ,ചെയ്യുമ്പോൾ പിത്തരസത്തിലെ ബിലിറൂബിൻ എന്ന മഞ്ഞ വർണ്ണവസ്തു രക്തത്തിൽ കൂടുകയും കണ്ണിന്റെ വെള്ളഭാഗത്തിനും, മൂത്രത്തിനുമൊക്കെ മഞ്ഞനിറം കാണുകായും ചെയ്യുന്നു.
മേൽ പറഞ്ഞ ലക്ഷണങ്ങൾ കൂടാതെ പനി, ഓക്കാനം, ചൊറിച്ചിൽ എന്നിവയും വരാം. പിത്തരസവാഹിനിക്കു തടസ്സം വന്നിട്ടുണ്ടാകുന്ന മഞ്ഞപിത്ത രോഗിയുടെ മലത്തിനു മഞ്ഞനിറം കുറഞ്ഞു വിളറിയ വെള്ള നിറമായിരിക്കും.
എങ്ങനെ മഞ്ഞപ്പിത്തം തിരിച്ചറിയാം.?
പുറമേ കാണുന്ന ലക്ഷണങ്ങളോടൊപ്പം രക്ത പരിശോധനയും കൂടി ചെയ്തുറപ്പാക്കണം. രക്തത്തിലെ ബിലിറൂബിന്റെ അളവ് സാധാരണ ഗതിയിൽ 1 മില്ലിഗ്രാം ആയിരിക്കും, അത് 1.2 ഇൽ കൂടിയാൽ മഞ്ഞപ്പിത്തമായി. അത് 2 ഇൽ കൂടിയാൽ മാത്രമേ കണ്ണിനു മഞ്ഞനിറം വരുകയുള്ളു. അതിനാൽ പകർച്ച വ്യാഥി സ്ഥലങ്ങളിൽ കണ്ണിൽ മഞ്ഞനിറം വരാൻ വേണ്ടി കാത്തിരിക്കണ്ട.ചെറിയ ലക്ഷണം തോന്നിക്കുമ്പോൾ തന്നെ ചികിത്സിക്കുക.
മൂത്രത്തിൽ മഞ്ഞനിറം തോന്നിയാൽ ബൈൽ സാൾട്, ബൈൽ പിഗ്മെന്റ് എന്നിവ ടെസ്റ്റ് ചെയ്യുക .
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
മഞ്ഞപ്പിത്തം കരൾ രോഗലക്ഷണമായതിനാൽ കരളിനു വിശ്രമം കൊടുക്കണം. മദ്യപാനം, ഉറക്കമൊഴിയുക, കൂൺ പോലുള്ള ചില ഭക്ഷണങ്ങൾ, അമിത എണ്ണ, കൊഴുപ്പുകൾ, ചില മരുന്നുകൾ എന്നിവ പ്രശ്നങ്ങൾ വഷളാക്കാം.
ഹെപ്പാറ്റൈറ്റിസ് എ വലിയ ചികിൽസയൊന്നുമില്ലാതെ ശമിക്കാമെങ്കിലും വീണ്ടും വരാനുള്ള സാധ്യതയുണ്ട്. അതിനാൽ രോഗകാരണമായ സാഹചര്യങ്ങളേയും മലിനജല ഉറവിടത്തെയും കണ്ടെത്തുവാൻ ശ്രമിക്കേണ്ടതുണ്ട്. രോഗിയുടെ വിസർജ്ജ്യം കുടിവെള്ളവുമായി സമ്പർക്കം വരുന്നതാണു പലയിടങ്ങളിലും, പ്രശ്നമായി കാണാറുള്ളത്.
ഹോമിയോപ്പതി ചികിൽസ മഞ്ഞപ്പിത്തത്തിന്:
വിവിധ കാരണങ്ങൾ കൊണ്ടുണ്ടാകുന്ന മഞ്ഞപ്പിത്തത്തിനു ഹോമിയോപ്പതിയിൽ ഫലപ്രധമായ ചികിൽസ ലഭ്യമാണ്. ഹെപ്പാറ്റൈറ്റിസ് ബി പോലെ പ്രശ്നക്കാരായ മഞ്ഞപ്പിത്തതെ വരെ ഹോമിയോപ്പതി ചികിൽസ കൊണ്ട് ശമിപ്പിക്കുവാനും രക്തത്തിലെ രോഗാണു സാന്നിദ്ധ്യം മാറ്റാനും സാധിക്കാറുണ്ടു.
ഡോ. ടി. ജി. മനോജ് കുമാർ
പഴരസം
തമിഴ്‌നാട്ടിലെ തൂത്തുക്കുടിക്കാരുടെ ഒരു സവിശേഷ പാനീയമാണ് പഴരസം. സാധനം പഴങ്ങളുടെ ചാറുതന്നെ. അതുണ്ടാക്കുന്നതിലെ വ്യത്യസ്തതയാണ് പഴരസത്തെ രസകരമാക്കുന്നത്. ഇത് വളരെയധികം പോഷകമൂല്യമുള്ള ഒന്നാണെന്ന് പ്രത്യേകിച്ചു പറയേണ്ടതില്ലല്ലോ.
ചേരുവകൾ
വാഴപ്പഴം 5 എണ്ണം
പപ്പായ 1
മാമ്പഴം 1
ആപ്പിൾ 2
മുന്തിരി 1/4 കിലോ
പൈനാപ്പിൾ ചെറുത് 1
സർബത്ത് 400 മില്ലി
ശർക്കര 200ഗ്രാം
തയ്യാറാക്കുന്ന വിധം
വാഴപ്പഴം, പപ്പായ, ആപ്പിൾ, മാമ്പഴം എന്നിവ മിക്സിയിൽ നന്നായി അടിച്ചെടുത്ത്, കുഴമ്പു പരിവമാക്കുക. അതിലേക്കു ശർക്കര, സർബത്ത് എന്നിവ ചേർത്തു നന്നായി ഇളക്കുക. ഇതിലേക്ക് മുന്തിരി, പൈനാപ്പിൾ തുടങ്ങി മറ്റു പഴവർഗ്ഗങ്ങൾ ഉണ്ടെങ്കിൽ അതെല്ലാം നന്നായി ഉടച്ചു ചേർക്കുക. ഇത് തണുപ്പിച്ചു കുടിക്കുക എന്നത് ഒരു അനുഭവം തന്നെയായിരിക്കും.
ഡോ ഷേർളി സുനീത്
പ്രതികരണങ്ങൾ
ചെറിയ സംഭവങ്ങളിൽ കൂടി വലിയ കാര്യങ്ങൾ പ്രതിപാദിക്കുന്ന ശ്രീ സുമേഷ് രാമചന്ദ്രന്റെ സ്വപ്നാടനവും പതിവു തെറ്റിച്ചില്ല. റഷ്യൻ ഉക്രൈൻ യുദ്ധപശ്ചാത്തലത്തിലൂടെ ഇവിടെ നടക്കുന്ന രാഷ്ട്രീയ അരാഷ്ട്രീയ കൊലപാതകങ്ങളെക്കുറിച്ചു നമ്മളെ ചിന്തിപ്പിക്കുവാൻ മുഖമൊഴിക്കും കഴിഞ്ഞിട്ടുണ്ട്. ശ്രീ ബിനു ആർ എഴുതിയ എലികൾ എന്ന കഥയിൽ കഥാകാരൻ എന്താണ് പറയുവാൻ ശ്രമിച്ചതെന്ന് മനസ്സിലായില്ലെങ്കിൽ കൂടിയും കഥ മോശമല്ലായിരുന്നു. ശ്രീമതി ശബാന ബീഗത്തിന്റെ അവസ്ഥാന്തരം എന്ന കഥ നന്നായി ആസ്വദിച്ചു. ശ്രീ ജോളി കുത്തുകല്ലുങ്കലിന്റെ നിള എന്ന കവിത വളരെയിഷ്ടപ്പെട്ടു. മറ്റു കവിതകളും നിലവാരം പുലർത്തി.പുസ്തക നിരൂപണം ഇത്തവണ രണ്ടെണ്ണമുണ്ടായിരുന്നു. ഒരു യാത്രാവിവരണ പുസ്തകത്തിന്റേയും നോബൽ സമ്മാനം നേടിയ ഒരു പുസ്തകത്തിന്റെ പരിഭാഷയുടേയും. രണ്ടും അത്യാവശ്യം നന്നായിത്തന്നെ അവതരിപ്പിച്ചു. ആരോഗ്യം, യാത്ര, പാചകം തുടങ്ങിയ സ്ഥിരം ലേഖനങ്ങളും മാസികയുടെ മനോഹാരിത കൂട്ടുന്നുണ്ട് എന്ന് നിസ്സംശയം പറയാം. ആകെ മൊത്തം ലക്ഷണമൊത്ത ഒരു മാസികയെന്നും.
പി. ആർ. കൃഷ്ണമോഹൻ, പന്തളം
ഡിജിറ്റൽ മാസിക നിറുത്തിയത് കഷ്ടമായിപ്പോയി. അത് തുടക്കം മുതൽ ഒടുക്കം വരെ ക്രമത്തിൽ വായിക്കുകയായിരുന്നു പതിവ്. ഇപ്പോൾ തിരഞ്ഞെടുത്തു വായിക്കണം എന്നൊരു പ്രശ്നമുണ്ട്. അതിൽത്തന്നെ ഏതാദ്യം വായിക്കണം എന്ന മറ്റൊരു പ്രശ്നവും. ഉള്ളടക്കം എല്ലാം നിലവാരമുള്ളവ തന്നെയാണ്. കഥകളും കവിതകളും എടുത്തു പറയേണ്ടവ തന്നെ.
ബിന്ദു വിജയൻ, അവിനാശി
പാലരുവി പോലോഴുകുന്നു കഥകൾ,
ഹൃദയത്തിൽ തടം കെട്ടും കവിതകൾ,
പ്രദിപാദ്യമായെത്തും ചിന്തകൾ,
കാഴ്ചകൾ കാട്ടും യാത്രകൾ,
ആരോഗ്യദായകം അറിവുകൾ,
ചിന്തയെ ത്രസിപ്പിക്കും നിരൂപകർ,
നാവിൽ കൊതിയൂട്ടും പാചകം
മേമ്പൊടി ചേർക്കുവാൻ നർമ്മവും.
ഇതിവൃത്തം അതി മനോഹരം.
സുധ ബാലകുമാർ, ഈരാറ്റുപേട്ട
ലക്ഷണമൊത്ത ഒരു മാസിക തന്നെയാണ് ഇതിവൃത്തം. വിഭവങ്ങൾ കൃത്യമായി വിളമ്പി രുചികരമായ സദ്യയൊരുക്കുന്നുണ്ട് ഈ മാസിക. കഴിഞ്ഞ രണ്ടു വർഷത്തോളം മുടങ്ങാതെ വായിക്കുന്നുണ്ട്. ഇതിന്റെ അണിയറപ്രവർത്തകർക്കും എഴുത്തുകാർക്കും അഭിനന്ദനങ്ങൾ.
സുഭാഷ് രാധാകൃഷ്ണൻ, സിഡ്‌നി, ഓസ്‌ട്രേലിയ
മാസികയിലേക്ക് പ്രതികരണങ്ങൾ അറിയിക്കുന്ന എല്ലാവര്ക്കും ഞങ്ങളുടെ സ്നേഹാദരങ്ങൾ. ചോദിച്ചപ്പോൾത്തന്നെ വിശദമായ ഒരു കുറിപ്പ് തന്ന കൃഷ്ണമോഹൻ സാറിനും, ഇതിവൃത്തത്തെക്കുറിച്ചുള്ള അഭിപ്രായം ഒരു കവിതയാക്കിത്തന്ന സുധ ബാലകുമാറിനും നന്ദി.
എഡിറ്റർ
-
കുട്ടികളെ ലൈംഗീകമായി ചൂഷണം ചെയ്യുന്ന വാർത്തകളാണ് നാം നിത്യേനയെന്നവണ്ണം കേൾക്കുന്നത്. പണ്ട് നമുക്കറിയാത്ത സ്ഥലങ്ങളിലായിരുന്നുവെങ്കിൽ, ഇന്നത...
-
സിനിമയായി തീർന്ന ബഷീറിന്റെ രണ്ടാമത്തെ നോവലാണ് 1944 ൽ പ്രസിദ്ധീകരിച്ച ബാല്യകാലസഖി. പ്രണയ പശ്ചാത്തലത്തിലെ ദുരന്ത കഥ പറയുന്ന ബഷീറിൻറെ ഈ നോവ...














