2022 മേയ് 24, ചൊവ്വാഴ്ച

ഇതിവൃത്തം മലയാള സാംസ്കാരിക മാസിക, മെയ്2022, ലക്കം 20


 

മുഖമൊഴി


 ഇന്റർനെറ്റ് അഡിക്ഷൻ ഡിസോർഡർ എന്നൊരു രോഗമുണ്ടോ? ഒരു പക്ഷേ ഇതൊരു രോഗമായി ഇന്റർനാഷണൽ ക്ലാസ്സിഫിക്കേഷൻ ഓഫ് ഡിസീസസിന്റെ പതിനൊന്നാം എഡിഷനിലോ (ICD 11), ഡയഗണോസ്റ്റിക് ആൻഡ് സ്റ്റാറ്റിറ്റിക്കൽ മാനുവൽ ഓഫ് മെന്റൽ ഡിസോർഡർ അഞ്ചാം എഡിഷനിലോ (DSM 5) ഉൾപ്പെടുത്തിയിട്ടില്ല എന്നത് ഒരു സത്യം തന്നെയാണ്. ഇവ രണ്ടുമാണ് മാനസിക രോഗനിർണ്ണയത്തിനാധാരമായ അടിസ്ഥാന പുസ്തകങ്ങൾ. അതുകൊണ്ടു തന്നെ ഈ അവസ്ഥയെ ഒരു രോഗമായി നിർണ്ണയിക്കുവാൻ കഴിയില്ല. എന്നാൽ അധികം താമസിയാതെ  ഇങ്ങനെയൊരു രോഗം പുതിയ പതിപ്പുകളിൽ ഇടം പിടിക്കും എന്നത് തീർച്ചയാണ്.

ഇന്റർനെറ്റിന്റെയും സാമൂഹിക മാധ്യമങ്ങളുടെയും ഉപയോഗം അനുദിനം വർദ്ധിച്ചുവരികയാണ്. 12 മുതൽ 19 വരെയുള്ള കൗമാരക്കാരും, 20 മുതൽ 29 വരെയുള്ള നവയുവത്വവും ആയിരുന്നു ഇതിനു ഇരകൾ എന്നായിരുന്നു അടുത്ത കാലം വരെയുള്ള നിഗമനം. എന്നാൽ ഇന്നിത് പ്രായഭേദമെന്യേ, ലിംഗഭേദമെന്യേ ധാരാളം ആളുകളെ സ്വാധീനിക്കുന്നു എന്ന് പറയാതിരിക്കുവാൻ കഴിയില്ല. ദിനം തോറും നമ്മെ ആസക്തരാക്കുന്നുണ്ട് ഈ മീഡിയകൾ.

ഇത് നമ്മിൽ എന്തൊക്കെ മാറ്റങ്ങൾ ഉണ്ടാക്കുന്നു എന്ന് പരിശോധിക്കാം. നമ്മെ മറ്റുള്ളവരിൽ നിന്നും അകറ്റിനിറുത്തുന്നതിനൊപ്പം, തനിയെ ഇരുന്നു ഇന്റെർനെറ്റിലോ, സോഷ്യൽ മീഡിയയിലോ വ്യാപാരിക്കുന്നതിനായി ധാരാളം സമയം അനാവശ്യമായി ചിലവഴിക്കപ്പെടുന്നു. മറ്റുള്ളവരുടെ ജീവിത നിലവാരം നമ്മെക്കാൾ മെച്ചമാണെന്ന അബദ്ധധാരണ പലരുടേയും ആത്മാഭിമാനത്തിനു തന്നെ കോട്ടം വരുത്തുന്നു. വിഷാദത്തിനും, ആകാംഷ രോഗങ്ങൾക്കും, പ്രത്യേകിച്ച് സാമൂഹിക ആകാംഷാരോഗത്തിനും വഴിയൊരുക്കുന്നു. ഉറക്കം കുറയുകയും അനുബന്ധ രോഗങ്ങൾക്കും അപകടങ്ങൾക്കും, ജോലിയിൽ ശ്രദ്ധക്കുറവിനും കാരണമാകുന്നു. ശാരീരിക വ്യായാമം കുറയുന്നതിനോടനുബന്ധമായ രോഗങ്ങളും, അമിതവണ്ണവും ഉണ്ടാകുന്നു. യഥാർത്ഥ പ്രശ്നങ്ങളിൽ നിന്നും, അവസരങ്ങളിൽ നിന്നും ഓടിയൊളിക്കുന്നതിനാൽ കരുണയെന്ന വികാരം കുറയുകയും ജീവിതത്തിലും, ബന്ധങ്ങളിലും പ്രശ്നങ്ങൾ ഉണ്ടാകുന്നു. ഇവയെല്ലാം ഈ ആസക്തിയുണ്ടാക്കുന്ന പ്രശ്നങ്ങളുടെ ഒരു ചെറിയ ശതമാനം മാത്രമാണ്.

നമുക്ക് ആനന്ദം നൽകുന്ന ഒരു ഹോർമോണും ന്യൂറോകെമിക്കലുമായ ഡോപ്പാമിൻ ആണ് ഈ ആസക്തിക്കു കാരണം. നമുക്കിഷ്ടമുള്ള ഒരു സോഷ്യൽ മീഡിയ ആപ്പ് തുറക്കുമ്പോൾ തന്നെ തലച്ചോറിലെ ഡോപ്പാമിൻ തരംഗങ്ങൾ കൂടുവാൻ തുടങ്ങും. അത് നമ്മുടെ സന്തോഷത്തെ ഉണർത്തും. നമുക്ക് കൂടുതൽ സന്തോഷം കിട്ടുന്ന ഈ പ്രവൃത്തിയെ തലച്ചോർ ഓർത്തുവയ്ക്കുകയും, വീണ്ടും വീണ്ടും ഈ പ്രവൃത്തി ആവർത്തിക്കുവാൻ ഉപഭോക്താവിനെ പ്രേരിപ്പിക്കുകയും ചെയ്യും.

എങ്ങനെ നമുക്കിതിൽ നിന്നും തലയൂരാം എന്ന് നോക്കാം. നമ്മൾ ഏറ്റവുമധികം ഇതിനടിമയാകുന്നത് സ്മാർട്ട് ഫോൺ വഴിയാണ്. അതിൽ ഇൻസ്റ്റാൾ ചെയ്തിരിക്കുന്ന ആപ്പുകൾ ഒന്നൊന്നായി ഡിലീറ്റു ചെയ്യുക എന്നതാണ് ആദ്യമാർഗ്ഗം. അത്യാവശ്യം വേണ്ടത് ലാപ്ടോപ്പ് വഴിയോ മറ്റു കമ്പ്യൂട്ടറുകൾ വഴിയോ ആകാം. ജോലി സമയങ്ങളിൽ ഫോൺ ഓഫ് ചെയ്തു വയ്ക്കുക എന്നത് അടുത്ത വഴി. സോഷ്യൽ മീഡിയ നോട്ടിഫിക്കേഷനുകൾ നിശബ്ദമാക്കി വയ്ക്കുക. നോട്ടിഫിക്കേഷനുകൾ പ്രേരകങ്ങളായി പ്രവർത്തിക്കും. നമുക്ക് ഫോൺ തുറന്നു നോക്കുവാനുള്ള വാഞ്ചയും വർദ്ധിക്കും. ഇന്റർനെറ്റിനു വേണ്ടി കൃത്യമായ സമയമൊരുക്കി വയ്ക്കുക എന്നത് മറ്റൊരു മാർഗ്ഗം. അല്ലാത്ത സമയത്ത് വിളികൾക്കു മാത്രം ഫോൺ ഉപയോഗിക്കുക. ഫോൺ, ടാബ്ലറ്റ്, ലാപ്ടോപ്പ് എന്നിവയ്ക്ക് ശയനമുറിയിലേക്കുള്ള  പ്രവേശനം പൂർണ്ണമായും നിഷേധിക്കുക.

നമ്മൾ കരുതുന്നതിനേക്കാൾ ഗുരുതരമായ ഭവിഷ്യത്തുകൾ നമ്മെ തേടിയെത്തുന്നതിനു മുൻപ് ഒരു നിമിഷം ചിന്തിക്കുക. തലമുറകളെത്തന്ന ഈപകടത്തിലാകുന്ന ഈ ആസക്തി ഒഴിവാക്കി, ഏറ്റവും ഉപകാരപ്രദമാക്കി സ്മാർട്ഫോണുകളെ ഉപയോഗിക്കുവാൻ ശീലിക്കുക. ഇതാകട്ടെ ഈ മാസത്തെ ചിന്ത.


  ഡോ. സുനീത് മാത്യു  

പാരാവാരം-പാരായണം!


 


ഈയിടെയായി എല്ലാമാസ്സത്തിൻ്റെയും അവസാനമായെന്നറിയുന്നത് ഡോക്ടർ സുനീത് മാത്യുവിന്റെ സന്ദേശം കാണുമ്പോഴാണ്. ലേഖനത്തിന്റെ കാര്യം എന്തായി എന്ന ചോദ്യം.  ജോലിത്തിരക്കിൽ പലപ്പോഴും  മറന്നുപോകും എന്നതാണ് വാസ്തവം. ഈ സന്ദേശം കാണുമ്പോൾ ഞാൻ പലപ്പോഴും ചിന്തിക്കാറുണ്ട്, ഞാൻ എന്തിനാണ് എഴുതുന്നതെന്ന്. അല്ലെങ്കിൽ വായിക്കുന്നതെന്ന്. വെറുതെ സമയം കളയാനല്ല, ഉറപ്പ്. വായിക്കുന്നവരുടെയും സമയംകളയാനില്ല. പിന്നെന്തിനാണ്?

ഒരുത്തരം മാത്രമേയുള്ളൂ. എഴുതുമ്പോൾ, നമുക്ക് എന്തൊക്കയോകൂടി പറയാനുണ്ടെന്ന തോന്നൽ. വായിക്കുമ്പോൾ, നമുക്കെന്തൊക്കയോകൂടി അറിയാനുണ്ടെന്ന തോന്നൽ. ഈയൊരു തോന്നൽ ഇല്ലെങ്കിൽ, എഴുത്തുമില്ല, വായനയുമില്ല. ഇതുരണ്ടും ഇല്ലെങ്കിൽ ജീവിതവും അതിന്റെ കൂടെ ഇല്ലാതാകുന്നു.

പുതുതായി പലതും അറിയുവാനും പറയുവാനും അനുഭവിക്കാനും ബാക്കിയുള്ളതുകൊണ്ടാണല്ലോ ഇത്രയും കഷ്ടപ്പെട്ട് നാമൊക്കെ ജീവിക്കുന്നത്. ഒരുജീവിതംകൊണ്ട് ചെയ്യാവുന്നതിന് പരിധിയുണ്ട്താനും. അപ്പോൾപ്പിന്നെ മറ്റുള്ളവർ പറയുന്നതു കേൾക്കുകയും എഴുതുന്നതു വായിക്കുകയും, പറ്റുമെങ്കിൽ പുതിയജീവിതങ്ങളും അനുഭവങ്ങളും എഴുതിയുണ്ടാക്കുകയുമാണ് ചെയ്യാൻ കഴിയുന്നത്.

വായനയെക്കുറിച്ചു പലരും പലതും പറഞ്ഞുവച്ചിട്ടുണ്ടെങ്കിലും ഏറ്റവും ഹൃദ്യമായി തോന്നിയത് ഇതാണ്;

“A reader lives a thousand lives before he dies . . . The man who never reads lives only one.”

ഒരു വായനക്കാരൻ മരിക്കുന്നതിന് മുൻപ് ഒരായിരം ജീവിതങ്ങൾ ജീവിക്കുന്നു…വായിക്കാത്തവനോ വെറും ഒന്ന് മാത്രം.

എന്നെ വായിക്കുന്ന നിങ്ങൾ കുറച്ചു നേരത്തേക്കെങ്കിലും എൻ്റെ ചിന്തകളിലൂടെ ഞാനായി മാറുന്നു. നിങ്ങളെ വായിക്കുന്ന ഞാനും അതുതന്നെ ചെയ്യുന്നു. നിങ്ങളിലൂടെ സഞ്ചരിക്കുന്ന ഞാൻ കുറേ നേരത്തേക്കെങ്കിലും എന്നെ മറക്കുന്നു, എൻ്റെ ജീവിതവും. പുതിയ അനുഭവങ്ങളിലൂടെ, രീതികളിലൂടെ, ചിന്തകളിലൂടെ കുറച്ചുനേരം ഞാൻ നിങ്ങളായിപ്പോകുന്നു. കൂട്ടത്തിൽ പറയട്ടെ സർഗ്ഗാത്മകമായ എഴുത്തുകളുടെ വായനയാണ് ഇവിടെ കൂടുതലും വിവക്ഷിക്കുന്നത്. എന്നിരുന്നാലും വായിക്കുന്നത് ‘ഫിക്ഷൻ’  ആയാലും ‘നോൺ-ഫിക്ഷൻ’ ആയാലും ഈ യാത്രതന്നെയാണ്. പുതിയത് തേടിയുള്ള പ്രയാണം! ആ യാത്രയുടെ സന്തോഷം വീണ്ടും വീണ്ടും അവിടെയെത്തിക്കാൻ പ്രേരണ നൽകുന്നു.

എഴുതുമ്പോഴും ഇതുതന്നെയാണ് സ്ഥിതി. തൻ്റെ തന്നെ അനുഭനങ്ങളിലൂടെയോ അല്ലെങ്കിൽ ഭാവനയിലൂടെയോ, അറിവിലൂടെയോ ഉള്ള യാത്ര ആന്ദകരമാണ്. പുതിയതുണ്ടാക്കുമ്പോഴുള്ള പേറ്റുനോവ്. ഹോ…അതൊന്നനുഭവിക്കുകതന്നെ വേണം.  ഒരിക്കലെങ്കിലും.

ബഷീറിനെയും, തകഴിയേയും, മാധവിക്കുട്ടിയെയെയും, മുകുന്ദനെയും, എംടിയെയും, ചെക്കോവിനെയും, ടോൾസ്റോയിയെയും, ടോണി മോറിസനെയും, ടാഗോറിനെയുമൊക്കെ നാം സ്നേഹിച്ചുപോകുന്നത് അവർ പകർന്നുതന്ന അവാച്യമായ അനുഭൂതികൾ കൊണ്ടുതന്നെയാണ്. ഒരായിരം കഥാപാത്രങ്ങളുടെ ജീവിതസന്ധികളിലൂടെ കടന്നുപോയി, അവരുടെ ജീവിതം ജീവിച്ച്, ജീവിതം പഠിച്ചവരാണ് നമ്മൾ വായനക്കാർ. എഴുത്തുകാരോ, ഒരായിരം കഥാപാത്രങ്ങളെ സൃഷ്ടിച്ചു ജീവിതം പഠിച്ചവരും പഠിപ്പിച്ചവരുമാണ്. വായനകൊണ്ടും എഴുത്തുകൊണ്ടും ലഭ്യമാകുന്നത് വെറും വിനോദം മാത്രം അല്ലെന്നതാണ് സത്യം.

കൂടുതൽ വായിക്കുന്നവരെ ബുദ്ധിജീവികൾ എന്നു വിളിക്കാറുണ്ട് നമ്മുടെ നാട്ടിൽ. അതിൽ കുറച്ചൊക്കെ കാര്യം ഉണ്ട് എന്നാണ് ബ്രെയിൻ സയൻസ് ഗവേഷകർ പറയുന്നത്. വായിക്കുന്നവരുടെ തലച്ചോർ കൂടുതൽ ജോലിചെയ്യുന്നു, ഉഷാർ ആയിരിക്കുന്നു. വായിക്കുന്നവർ കൂടുതൽ  സന്തോഷം ഉള്ളവരത്രെ! കാണുന്നതിലും കേൾക്കുന്നതിലും കൂടുതൽ തലച്ചോറിലെ ന്യൂറോണുകൾ നാം വായിക്കുമ്പോൾ കത്തിക്കയറുന്നു, തലകുത്തിമറിയുന്നു എന്നാണ് തലച്ചോർ ശാസ്ത്രത്തിൽ വൈദഗ്ദ്ധ്യം നേടിയവർ പറയുന്നത്! എഴുതുമ്പോഴും അങ്ങനെതന്നെയാണെന്നാണ് എൻ്റെ അനുഭവം. വായിക്കുന്നവരും എഴുതുന്നവരും ഈ വകുപ്പിൽ ചുളുവിൽ ബുദ്ധിജീവികളാകുന്നു. ശരിക്കും അക്ഷരം കൂട്ടിവായിക്കാനറിയുന്ന ആർക്കും കഴിയുന്നകാര്യമാണിത്. വായനാശീലം ഉണ്ടാക്കിയെടുത്താൽ മാത്രം മതിയാകും. കൂടുതൽ വായിക്കുന്നവർക്ക് എഴുതാതിരിക്കാനാകില്ല എന്നതാണ് അനുഭവം.

ബിഎ ക്കും എംഎ ക്കും ഒക്കെ ‘വായിക്കുന്നു’ എന്ന് പഴമക്കാർ പറയുന്നത് വെറുതെയല്ല. നമ്മുടെ സർവ്വകലാശാലകളിൽ പണ്ടൊരു തസ്തികയുണ്ടായിരുന്നു. റീഡർ (വായനക്കാരി/വായനക്കാരൻ). ഇപ്പോഴത്തെ അസ്സോസിയേറ്റ് പ്രൊഫസറിനു തുല്യമായ പദവി. വിദ്യാഭാസവും അധ്യാപനവും എല്ലാം വായന തന്നെ. 

Natalie Phillips എന്ന ഇഗ്ലീഷ് ഗവേഷകയുടെ പഠനത്തിൽ മനസ്സിലായത് വെറുതെയങ്ങു വായിച്ചുപോകുന്നതിലും തലച്ചോറിനു നന്ന് മനസ്സിരുത്തി വായിക്കുന്നതാണ്. മനസ്സിരുത്തിയുള്ള പരന്നവായന നിങ്ങളെ നല്ലവളാക്കും (നല്ലവനും), കൂടുതൽ സഹനശക്തിയുള്ളവരാക്കും. എന്ത് അനിശ്ചിതത്വത്തെയും നേരിടാൻ പ്രാപ്തരാക്കും. മറ്റുള്ളവരെ കൂടുതൽ മനസ്സിലാക്കുന്നവരും, സഹാനുഭൂതിയും അനുകമ്പയും ഉള്ളവരും ആക്കിത്തീർക്കും. മനഃക്ലേശം കുറയ്ക്കും, ഓർമ്മശക്തി കൂട്ടും, മറവി രോഗങ്ങൾ മാറ്റി നിർത്തും, സര്‍ഗ്ഗവൈഭവം കൂട്ടും. ‘ആനന്ദലബ്ധിക്കിനിയെന്തുവേണം’ അല്ലേ? ഈ പറഞ്ഞതൊന്നും ഞാൻ പറയുന്നതല്ല, ഗവേഷണം നടത്തി കണ്ടെത്തിയതാണ്. അതുകൊണ്ട്തന്നെ വിശ്വാസയോഗ്യമാണ്‌. സംശയമുള്ളവർക്ക് പരീക്ഷിച്ചു നോക്കാവുന്നതാണ്. പശ്ചാത്തപിക്കേണ്ടിവരില്ല, തീർച്ച.

പുസ്തകം കണ്ടാൽ തന്നെ ഉറക്കം വരുന്നവരെയും കണ്ടിട്ടുണ്ട്. നന്നായി ഉറങ്ങാൻ ഉപകരിക്കുമെങ്കിൽ അതും വായനയുടെ ഗുണമായി ഗണിക്കാം.

അപ്പോൾ പറഞ്ഞു വന്നത് നിങ്ങൾ ഒരുവർഷം ഒരു പത്തു പുസ്തകങ്ങളെങ്കിലും വായിച്ചാൽ ബുദ്ധികൂർമ്മതയുണ്ടാകും എന്നതിലുപരി ആരോഗ്യമായി സന്തോഷത്തോടെ വളരെ വർഷങ്ങൾ ജീവിക്കും എന്നതുതന്നെയാണ്.

സമുദ്രംപോലെ വിശാലമായ വായനയുടെ കയങ്ങളിലേക്കിറങ്ങുന്നതിലും വലിയ ആനന്ദം എന്തിരിക്കുന്നു!

നിങ്ങൾ ഇപ്പോഴും ഇതുവായിച്ചിരിപ്പാണോ? ഒരുപുസ്തകം എടുക്കണം, വായിക്കണം (ഇതിവൃത്തത്തിന്റെ ഈ ലക്കം വായിച്ചു കഴിഞ്ഞു മതി കേട്ടോ :).


സുമേഷ് രാമചന്ദ്രൻ

നിറം കെട്ട്

 


പിന്നിലായെല്ലാറ്റിലും,

നടന്നാലെത്താതായി.

ഇരുട്ടിത്തുടങ്ങിയോ,

അന്തിക്കു നിറംകെട്ടോ !

കേള്‍വിയ്ക്കുപതം,

വാക്കിന്നു വിറ,യി-

ദ്ദേഹത്തിന്നിണങ്ങാതാ-

യൊരുവകക്കുപ്പായവും.

ഭൂമിതന്നററം പോല്‍

മുന്നിലഗാധമാം പെരുങ്കടല്‍,

പിന്നിലോര്‍മ്മകള്‍ മുരളു-

മശാന്തമാം കരിവാനം.

വിട്ടുപൊകുവാനരുതാ-

തക്ഷമയോടേ ചുറ്റും

കറങ്ങിത്തിരിയുന്നു,

പ്രാണന്‍പോലിളംകാറ്റ്.

ഇങ്ങു ഞാനിരിക്കുന്നു,

തെക്കോട്ടു കാലുംനീട്ടി,

കുലവെട്ടിയ വാഴ-

ത്തടപോലുണങ്ങാതെ.


ഇ എസ് സതീശൻ

മടക്ക യാത്ര


 “നീയ്യ് തെക്കേലെ കൗസല്യ ചേച്ചിയുടെ അടുത്ത് പറഞ്ഞത് ശരിയാണോ?”

ഉച്ചക്ക് ഊണു കഴിഞ്ഞ് ഞാനൊന്നു ചെറുതായി മയങ്ങി തുടങ്ങുമ്പോഴാണ് ഉമ്മ മുറിയിലേക്ക് വന്നത്.

“എന്ത്…?”

ഉറക്കം തൂങ്ങുന്ന കണ്ണുകൾ വലിച്ചു തുറന്നു കൊണ്ട് ഞാൻ ഉമ്മയെ നോക്കി.

“അല്ലാ.. നീയിനി തിരിച്ചു പോകുന്നില്ലാന്ന്…”

കുപ്പായത്തിന്റെ കീഴ് ഭാഗം നേരെയാക്കുകയാണ് എന്ന വ്യാജേന ഉമ്മ എനിക്ക് മുഖം തരാതെ പറഞ്ഞു വന്നത് പാതിയിൽ നിർത്തി.

ഞാൻ ഉമ്മയെ നോക്കി. ഉമ്മയുടെ കഴുത്തിൽ ഞാൻ ഇത്തവണ കൊണ്ടു വന്ന രണ്ടര പവന്റെ കാശി മാല വെട്ടി തിളങ്ങുന്നു.

ഞാൻ ഒന്നും മിണ്ടിയില്ല.

“പാത്തൂന് അടുത്ത മാസാണ് ഡേറ്റ് പറഞ്ഞിരിക്കുന്നത്.

ആദ്യ പേറ് പെൺവീട്ടുകാരുടെ ചുമലിലാണെന്ന് കഴിഞ്ഞ ദിവസം കൂടി ഓൾടെ പുതിയാപ്ല അവളോട്‌ പറഞ്ഞത്രേ.എന്തു മാത്രം കാശുണ്ടായാലാണെന്റെ റബ്ബേ ഇനി ഇതൊന്നു നടന്നു കിട്ടണമെങ്കിൽ…”

ഉമ്മ ആരോടെന്നില്ലാതെ കട്ടിൽ കാൽക്കലിരുന്ന് എണ്ണി പറഞ്ഞു കൊണ്ടേയിരുന്നു.

ഞാൻ ഒന്നുമൊന്നും മിണ്ടാതെ  ഉമ്മയെ നോക്കി.

ഉമ്മ ഒരുപാട് മാറിയിരിക്കുന്നു.പതിനഞ്ചു കൊല്ലം മുന്നേ ഞങ്ങൾ മൂന്നു പെൺ മക്കളെയും ചേർത്തു പിടിച്ച് ഈ പുരയിടത്തിന്റെ ഉമ്മറ വാതിൽക്കൽ ജപ്തിക്കാരുടെ മുന്നിൽ തല കുനിച്ചു നിന്ന ആ ദിവസത്തിൽ നിന്നും ഒരുപാട് മാറിയിരിക്കുന്നു. ഇന്ന് ഉമ്മയുടെ കുപ്പായ ശീലയിൽ ചുളിവുകളില്ല, കൈത്തണ്ടയിലേയും മുഖത്തേയും കരുവാളിപ്പ്  അന്നത്തേതിൽ നിന്നും നന്നേ കുറഞ്ഞിരിക്കുന്നു.അലക്കി വെളുപ്പിച്ച പുത്തൻ ഫോറിൻ തുണിയിൽ ഉമ്മക്ക് പ്രായം കുറഞ്ഞതായി എനിക്ക് തോന്നി.

ഞാൻ പതിയെ എഴുന്നേറ്റ് കണ്ണാടിയിൽ നോക്കി.

മുപ്പത്തിയെട്ട് വയസ്സ്… തലമുടിയുടെ മുക്കാൽ ഭാഗവും കൊഴിഞ്ഞു പോയിരിക്കുന്നു. ബാക്കിയുള്ളവയിൽ എന്റെ   സമ്മതത്തിനു കാത്തു നിൽക്കാതെ നര പടർന്നിരിക്കുന്നു. മുഖത്ത് കണ്ണിനു താഴെയും കവിളുകളിലും ഒറ്റ നോട്ടത്തിൽ തന്നെ ആർക്കും കരുവാളിപ്പ്  തെളിഞ്ഞു കാണാം.

ഞാൻ വീണ്ടും കിടക്കയിലേക്കമർന്ന് ഉറങ്ങാനായി മിഴികളടച്ചു കിടന്നു.

‘അല്ല ഞാൻ പറഞ്ഞു എന്നെ ഉള്ളൂട്ടോ… നിന്റെ ഇഷ്ടം പോലെ ചെയ്തോ!” ഉമ്മ മുറിയുടെ വാതിൽ ചാരി പുറത്തേക്കിറങ്ങി.

ആ പറഞ്ഞതിൽ ഒരു പ്രതിഷേധത്തിന്റെ ധ്വനിയില്ലേ?

പാത്തുവിന്റെ പേറ്…

അന്ന് പതിനഞ്ചു കൊല്ലം മുന്നേ ബ്രോക്കർ കാണാരേട്ടൻ  പറഞ്ഞതനുസരിച്ച്‌  ഒരു ജോലികര്യത്തിന് വേണ്ടി മൂസാൻ ഹാജിയെ  ചെന്നു കാണാനായി പോകുമ്പോൾ കുഞ്ഞു പാത്തുവിനെയും ഞാൻ കൂടെ കൂട്ടി. ചുമ്മാ ഒരു ധൈര്യത്തിനു വേണ്ടി.

അന്ന് അവൾ നന്നേ മെലിഞ്ഞ് കൊലുന്നനേയുള്ള ഒരു കുഞ്ഞി പെണ്ണായിരുന്നു. ആ അവളാണ് ഇന്നലെ ചേലുള്ള ഒരു കടിഞ്ഞൂൽ വയറ്റിൽ കണ്ണിയായി എന്റെ മുന്നിൽ നിന്നത്.

ഞാൻ ഗൾഫിൽ നിന്നും വന്നയുടനെ ഇന്നലെ തന്നെ അവൾ വന്നിരുന്നു.

ഏറെ നേരം എന്നെ കെട്ടിപിടിച്ചു നിന്നിട്ട് അവൾക്കാവശ്യമുള്ളതെല്ലാമെടുത്ത് വൈകിട്ടോടെ തിരിച്ച് പോയി. അവളുടെ മാരന് തീരെ സമയമില്ല പോലും.

അപ്പോൾ എന്തുകൊണ്ടോ ഞാനോർത്തത് കഴിഞ്ഞ കൊല്ലം അവളുടെ നിക്കാഹിന് പണ്ടമെടുക്കാനുള്ള പണം ഇങ്ങോട്ട് അയക്കുന്നതിനു വേണ്ടി അറബിയുടെ വീട്ടിൽ ഞാൻ ചെയ്ത തോട്ടി പണിയെ കുറിച്ചായിരുന്നു.

“നിന്നെ കാണാൻ ദേ ആ നാച്ചി തള്ള വന്നേക്കുന്നു, എന്തേലുമൊന്നു കൊടുത്ത് വിട്ടേക്ക് “

ഉമ്മ വാതിൽക്കൽ വന്നു പറഞ്ഞിട്ട് ധൃതിയിൽ തിരികെ നടന്നു.

ആരെയും കാണാൻ തോന്നുന്നില്ല. കണ്ടാൽ ഉടനെ ആദ്യ ചോദ്യം എന്നാണ് തിരിച്ച് പോകുന്നത് എന്നായിരിക്കും.

പിന്നെയും ആരൊക്കെയോ വന്നു പോയി.

വൈകുന്നേരം മുതൽ മഴ തുടങ്ങി.

തുലാ പെയ്ത്ത് കണ്ടു കൊണ്ട് ഇറയത്തിരുന്ന് ഞാൻ അവൽ വിളയിച്ചത് പഴം ചേർത്ത് പതിയെ കഴിച്ചു.

എന്ത് രസമാണ്…

നാട്ടിലെ എത്ര മഴയും വെയിലും മഞ്ഞുമാണ് എനിക്ക് നഷ്ടപ്പെട്ടത് എന്നോർത്തപ്പോൾ എന്റെ കണ്ണുകൾ നനഞ്ഞു. എങ്കിലും ഉള്ളിൽ ചോര പൊടിഞ്ഞത് ഉമ്മ ഇനി പോകുന്നില്ലേ എന്ന് ചോദിച്ച ആ നേരത്താണ്.

എത്ര ശ്രമിച്ചിട്ടും അന്നു രാത്രി ഉറങ്ങാൻ കഴിഞ്ഞില്ല.ഞാൻ വെളുപ്പാൻ കാലത്ത് വാതിൽ തുറന്ന് മുറ്റത്തേക്കിറങ്ങി.

എന്തു മഴയായിരുന്നു രാത്രി മുഴുവൻ!

മഴച്ചാർത്തിൽ ആകെ നനഞ്ഞ് മുറ്റത്തെ മൈലാഞ്ചി ചെടി പൂത്തു നിൽക്കുന്നു.

നനവാർന്ന മണ്ണിൽ വീണുലഞ്ഞ് പൂവരശി പൂക്കൾ.

എല്ലാറ്റിനും പുറമേ മണ്ണും മനസ്സും ഒരുപോലെ നിറച്ച്‌   മഴ തോർന്ന കാറ്റിൽ മുല്ലപ്പൂമണം അലിഞ്ഞു ചേർന്നിരിക്കുന്നു.

ഞാൻ മുറ്റത്തെ ഇളം തിണ്ണയിലേക്ക് ആലസ്യത്തോടെ ഇരുന്നു.

ദേശത്തിന്റെ കഥ പറഞ്ഞ് അതു വഴി വന്നൊരു  കുഞ്ഞു കാറ്റ് എന്റെ ഓർമ്മകൾ പിന്നോട്ട്  പറത്തിയകന്നു പോയി.

കുഞ്ഞുനാളിൽ മുതലേ തുടങ്ങിയ കഷ്ടപ്പാടാണ്. ഓർമ്മയുറച്ച നാൾ മുതൽ വാപ്പയും ഉമ്മയും പിണക്കത്തിലാണ്. ഒടുവിൽ എല്ലാം ഇട്ടെറിഞ്ഞ് വാപ്പ മറ്റൊരു കൂട്ട് തേടി പോകുമ്പോൾ എനിക്ക് പ്രായം പതിനെട്ട്.

എനിക്ക് താഴെ ഇളയ രണ്ട് അനിയത്തിമാർ. പത്തും  നാലും പ്രായമുള്ള കുഞ്ഞോളും പാത്തുവും.

പട്ടിണിയെന്നാൽ കൊടും പട്ടിണി.സ്വതവേ ശ്വാസം മുട്ടലുള്ള ഉമ്മയൊരാൾ അടുത്തുള്ള ഓട്ടു കമ്പനിയിൽ പോയി കിട്ടുന്ന തുച്ഛ വരുമാനം കൊണ്ട് നാലു വയറുകൾ നിറയാതെ വന്നപ്പോഴാണ് പഠിച്ചു കൊണ്ടിരുന്ന ടൈപ്പ് റൈറ്റിംഗ് പാതി വഴിയിൽ അവസാനിപ്പിച്ച് ഞാനും കൂലിപ്പണിക്കിറങ്ങിയത്.

നാലു വർഷങ്ങൾ അങ്ങനെ കഴിഞ്ഞു.

അപ്പോഴാണ് നാട്ടിലെ പ്രമാണിയായ മൂസാൻ ഹാജി അറേബ്യയിൽ അവരുടെ ജോലി സ്ഥലത്തേക്ക് ഒരു ലേഡിയെ ആവശ്യമുണ്ടെന്നു പറഞ്ഞു എന്നത് കണാരേട്ടൻ വഴി  അറിയുന്നത്.

നല്ല ശമ്പളം കിട്ടും.

ജീവിതം എങ്ങനെയെങ്കിലും കരക്കെത്തിക്കണം.

ആദ്യമൊന്നും ഉമ്മ സമ്മതിച്ചില്ല. ആ നാളുകളിൽ ഈ നാട്ടിൽ നിന്നും ഒരു പെണ്ണുപോലും ഭാഗ്യം തേടി കടൽ കടന്നിട്ടില്ല.

എങ്കിലും   പുകയാത്ത അടുപ്പും വിശക്കുന്ന വയറുകളും കണ്ണീരുണങ്ങിയ കുറേ കവിൾതടങ്ങളും പോരാത്തതിന് വാപ്പ വരുത്തിയ കുറേ കടങ്ങളും എന്നെ ആ ഉദ്യമത്തിൽ നിന്നും പിന്തിരിപ്പിച്ചില്ല.

അങ്ങനെ ആദ്യമായി ഭാഗ്യം തേടി അറബി പൊൻ നാട്ടിലേക്ക്…

പള പളാ മിന്നുന്ന കഥയിലെ രാജ്യം  മരുഭൂമിയിലെ മരീചിക പോലൊരു സ്വപ്നമാണെന്ന് പൊടുന്നനെ മനസ്സിലായെങ്കിലും ആരോടും പങ്കുവച്ചില്ല.

നിർഭാഗ്യവശാൽ മൂസാൻ ഹാജി പെട്ടെന്ന് മരണപ്പെടുകയും മക്കൾ അവരുടെ ബിസിനെസ്സ് തകരാറിലാക്കുകയും ചെയ്തു.സുമനസ്കരായ ചിലരുടെ സഹായത്തോടെ കോടീശ്വരനായ അറബിയുടെ വീട്ടിൽ ഒരു ജോലി തരപ്പെട്ടു.

പാചകം ചെയ്യണം, കുട്ടികളെ നോക്കണം മറ്റു വീട്ട് ജോലികൾ ചെയ്യണം. താമസവും ഭക്ഷണവും അവിടുന്ന് കിട്ടും.

കഠിനാധ്വാനത്തിന്റെ ദിവസങ്ങൾ….

എല്ലാം സഹിച്ചു. ജീവിതത്തിൽ കഷ്ടപ്പാടുകൾ നീങ്ങി നല്ല കാലം തെളിയുന്നത് മാത്രം സ്വപ്നം കണ്ടു.

വിയർത്തു കുതിർന്ന നാണയങ്ങൾ അത്തറു പൂശി നാട്ടിലേക്കയച്ചു. പതിയെ പട്ടിണി മാറി.ബുദ്ധിമുട്ടുകൾ നീങ്ങി പക്ഷേ ആവശ്യങ്ങൾ മാത്രം തീർന്നില്ല.

ആദ്യമാദ്യം ഉമ്മ എനിക്ക് കല്യാണം ആലോചിക്കുമായിരുന്നു.

ഇപ്പോൾ വേണ്ട… കുറച്ചു കൂടി കഴിയട്ടെ എന്ന് ഞാൻ തന്നെയാണ് പറഞ്ഞത്. എങ്ങനെയെങ്കിലും കുറച്ചു നാളു കൂടി അവിടെ പിടിച്ചു നിന്നിട്ട് തിരികെ നാട്ടിലേക്ക് വരണം  എന്നായിരുന്നു മോഹം.

ഞാൻ ഉമ്മയെക്കുറിച്ചോർത്തു…

ആദ്യ പ്രാവശ്യം പോകുമ്പോൾ ഉമ്മ ആഴ്ച്ചകൾക്കും മുന്നേ കരച്ചിൽ തുടങ്ങിയിരുന്നു.

എന്തേലും നിവൃത്തിയുണ്ടേൽ ന്റെ മോളെ ഉമ്മ വിടില്ലായിരുന്നു എന്ന് പലവട്ടം തേങ്ങലോടെ പറഞ്ഞു.

ഒരുവട്ടം… ഒരേ ഒരു വട്ടം മാത്രം പോയാൽ മതി എന്ന് പിന്നെയും പിന്നെയും പറഞ്ഞു കൊണ്ടേയിരുന്നു.

ഇതിപ്പോൾ പതിനഞ്ചു കൊല്ലത്തിനിടക്ക്  അഞ്ചാം തവണയാണ്  പോയി വരുന്നത്.

ഉമ്മ എത്ര മാറിയിരിക്കുന്നു.

ഉമ്മ മാത്രമല്ല അനിയത്തിമാരും നാടും നാട്ടുകാരും എല്ലാം മാറിയിരിക്കുന്നു. മാറ്റമില്ലാത്തത് എനിക്കാണ്… എനിക്കു മാത്രം.

നേരം പുലർന്നിരിക്കുന്നു…

വെയിലുദിച്ചു തുടങ്ങിയപ്പോഴേക്കും കുഞ്ഞോള് വന്നു. കൂടെ അവളുടെ മൂന്നു മക്കളും ഭർത്താവ് ഹമീദും.

മക്കൾ മൂന്നു പേരും എന്നെ വട്ടം കെട്ടിപ്പിടിച്ചു അവര് എന്നെ ഫോറിൻകാരി മൂത്തുമ്മ എന്നാണത്രെ വിളിക്കുന്നത്.അല്ലെങ്കിലും അതിപ്പോൾ ഈ നാട്ടിൽ പലരും രഹസ്യമായും പിന്നെ പലപ്പോഴും പരിഹാസത്തോടെയും എന്നെ അങ്ങനെയാണ് വിളിക്കുന്നത്.

ഹമീദ് എന്നോട് വളരെ കുറച്ചു മാത്രമേ സംസാരിക്കാറുള്ളൂ. പുറത്ത് പോയി ജോലി ചെയ്യുന്ന പെണ്ണുങ്ങളെ അവന് വെല്യ മതിപ്പില്ല പോലും.

“നീ ഇന്ന് തന്നെ പോകുവാണോ, ഇത്താത്താക്ക് വിഷമമാകും “

അടുക്കളയിൽ ഉമ്മ അവളോട് പറയുന്നത് കേട്ടു കൊണ്ടാണ് ഞാൻ അങ്ങോട്ട്‌ ചെന്നത്.

“ഉം… ഇത്താത്താക്ക് അങ്ങനെ പറയാം. കുടുംബോം കുട്ടികളും ആയി ജീവിക്കുന്നതിന്റെ എടങ്ങേറ് അവർക്ക് അറിയാമോ?”

അവളുടെ മറുപടി കേട്ട് തറഞ്ഞ കാലുകളോടെ അടുക്കള ഭിത്തിക്ക് പിന്നിൽ ഞാൻ അല്പ നേരം നിന്നു.

“ഞാൻ വല്ലവന്റേം പിള്ളേരുടെ ചന്തി കഴുകിയും അവരുടെ കുടുംബത്തിലെ നാലാളു ചെയ്യേണ്ട പണി ഒറ്റക്കു ചെയ്തതു കൊണ്ടുമാണ് നിനക്കൊക്കെ ഈ കുടുംബവും കുട്ടികളും ഉണ്ടായത്” എന്നു പറയാൻ എന്റെ നാവു തരിച്ചു.

പാടില്ല…

കണക്കുകൾ പറയാൻ പാടില്ല…

ഈ ജീവിതം ഇനിയിങ്ങനെ തന്നെ പോകട്ടെ…

ദിവസങ്ങൾ അതിവേഗം പോയ്‌ മറഞ്ഞു. മാസമൊന്നു തികഞ്ഞിരിക്കുന്നു.

ഞാൻ പെട്ടിയിലേക്ക് എന്റെ രണ്ടു മൂന്നു വസ്ത്രങ്ങൾ മടക്കി വച്ചു.

‘ഇറങ്ങാം… സമയമായി “

പാത്തൂന്റെ  കെട്ട്യോനാണ്.

മടക്കയാത്ര…

മുറ്റത്തെ നനഞ്ഞ മണ്ണിനേയും , പൂമണം നിറഞ്ഞ കാറ്റിനെയും നെഞ്ചോടു ചേർത്തു വച്ച് ഞാൻ പടിയിറങ്ങുമ്പോൾ  ഉമ്മ മുണ്ടിന്റെ കോന്തലയാൽ കണ്ണുകൾ തുടച്ചു.

ഞാൻ ഉമ്മയെ ഇറുകെ പുണർന്നു.പിന്നെ എന്റെ നിറയുന്ന കണ്ണുകൾ ആരും കാണാതിരിക്കുന്നതിനു   വേണ്ടി  മറ്റാരെയും നോക്കാതെ തലതാഴ്ത്തി വണ്ടിയിലേക്ക് കയറി.


സൗമ്യ മുഹമ്മദ്‌

കാലം തന്നെ സത്യം


എന്നെ ഉണരാൻ

പഠിപ്പിച്ച

മഹാ വ്യക്തിത്വത്തിന്റെ

ചില്ലുകൂട് ഞാനിന്നലെ

വൃത്തിയാക്കി.

മുട്ടിയാൽ

പൊട്ടുന്ന മനസ്സും സ്വഭാവവും

പേറി ഒറ്റപ്പെടലിന്റെ

വേദനയിൽ

ആ കടൽ

തിളച്ചുമറിയുന്നത്

ഇന്നലെ കഴിഞ്ഞ പോലെ.

പ്രതികൂട്ടിലടച്ച്

ക്രൂശിച്ചവരെല്ലാം

ഭിന്നിച്ച് പരസ്പരം

പോരാടുന്നതും

തളർന്നവശരായതും

കാലത്തിന്റെ കാവ്യ നീതി.

അന്ന് അനാവശ്യമായി

ഭ്രഷ്ട് കല്പിച്ചവർ

ഇന്ന് തുരുമ്പിച്ച

ഇരുമ്പ് ഗേയ്റ്റ്

തള്ളി തുറന്ന് നടന്ന്

കയറിയത്

ശൂന്യതയിലേക്ക് …..!

നാട് മറന്നവർ

നാട് ഓർക്കാത്തവർ

സമൂഹ മാധ്യമങ്ങളിൽ കയറി

പിച്ചും പേയും പറയുന്നു.

‘കാലം സത്യമാണ്

അലംഘനീയ …..സത്യം…’

കാലം പ്രവചിക്കുന്ന

പക്ഷിയുടെ

ആവർത്തിച്ച ചില

അന്വർത്ഥ ശബ്ദമായി

ആകാശമാകെ പടർന്നു.

ഇബ്രാഹിം, പഴയന്നൂർ 

തുടൽക്കാണം


 


“ഡാ കുട്ടാ …” 

പതിവുപോലെ കുടിച്ച്‌ പൂസായി കയറിവന്നപാടെ അപ്പൻ എന്നെ വിളിച്ചു. അപ്പൻറെ സ്വരം കേട്ടാൽ ഏത് പാതിരാത്രിയിലും ഉറക്കം ഞെട്ടും. 

“നീ നാളെ അതിരാവിലെ ആ ഊശാന്താടിക്കാരൻ സാറിൻറെ വീട്ടിലോളം ഒന്ന് പോണം”

“കുട്ടപ്പായി സാറിൻറെ വീട്ടിലോ. എന്നാത്തിനാ…” ഉറക്കച്ചടവോടെ കിടക്കപ്പായയിൽ കുത്തിയിരുന്നുകൊണ്ടുള്ള ചോദ്യം നാവിൽ നിന്നും പുറത്തു വന്നതേ ഓർമ്മയുള്ളു.

“ഭ! പട്ടിക്കഴുവേറിട മോനെ… കാര്യം അറിഞ്ഞാലേ നീ പോകാത്തൊള്ളോടാ. അപ്പൻ പോണംന്നു പറഞ്ഞാ മക്കള് പൊക്കോണം. അതല്ല മറുതലിച്ച് നിന്ന്  അപ്പൻറെ മെക്കിട്ടു കേറാൻ വാന്നാ മുട്ടുകാല് ഞാൻ തല്ലി ഓടിക്കും പറഞ്ഞേക്കാം”

ഭിത്തിയിൽ ഊര താങ്ങി കട്ടിളപ്പടിയിൽ ബലമായി പിടിച്ചു നിന്നുകൊണ്ടാണ് അപ്പൻ അലറുന്നത്. ഇനി പ്രതികരിക്കുന്നത് പന്തിയല്ല എന്ന് അമ്മ വിലക്കുന്നത് കണ്ടു. ഏൽപ്പിച്ചു തരാൻ പോകുന്ന ഉത്തരവാദിത്വം എന്താണെന്ന് അറിയണമെന്നുള്ള ആഗ്രഹം അതോടെ മരിച്ചു. കൂടുതൽ ചീത്ത കേൾക്കുന്നതിന് മുന്നേ അപ്പൻറെ കണ്മുന്നിൽ നിന്ന് രക്ഷപെടണമെന്ന ലക്ഷ്യത്തോടെ, മുള്ളാൻ മുട്ടിയതായി ഭാവിച്ച് സ്ഥലം കാലിയാക്കി. ഇളം തിണ്ണയിലൂടെ തപ്പിത്തടഞ്ഞു നടന്ന് പടിഞ്ഞാറേ കോണിലെ തൂണിൻറെ മറപറ്റിനിന്ന് മുറ്റത്തേക്ക് നീട്ടിമുള്ളി. പിന്നാലെ അപ്പൻ ഇറങ്ങിവരുന്നത് കണ്ടതിനാൽ തൂണും ചാരി ഇത്തിരി നേരം അവിടെത്തന്നെ കുത്തിയിരുന്നു. കുടിച്ചു ലക്ക് കെട്ടാൽ മിക്ക അപ്പന്മാരും ഇങ്ങനെയാണ്. മക്കളുടെ കേവലമായ ജിജ്ഞാസകൾ പോലും വലിയ ധിക്കാരമായിട്ടാണ് അവർക്കു തോന്നുക.

” ദേ ഇച്ചിരി കഞ്ഞി വെളമ്പട്ടേന്നെ”   

നടക്കല്ലിലേക്ക് കാല് നീട്ടി തിണ്ണയിൽ കുനിഞ്ഞു കുമ്പിട്ടിരുന്ന് പുലമ്പുന്ന അപ്പനെ കുറേനേരം നോക്കി നിന്ന ശേഷം അമ്മ അത്താഴത്തിന് വിളിച്ചു.

“ഒന്നും വേണ്ട”

“എന്നാപ്പിന്നെ പോയിക്കെടന്നൂടെ”

ഉമ്മറത്തൂണിൻറെ ബലത്തിലൂന്നി ഇത്തിരി ആയാസപ്പെട്ട് അപ്പൻ എഴുന്നേറ്റു. അമ്മയുടെ കൈത്താങ്ങിൻറെ സഹായവാഗ്ദാനം നിഷേധിച്ചുകൊണ്ട്  അകത്തേക്ക്‌ വേച്ചു നടക്കുമ്പോൾ അമ്മയുടെ നാവിൽ മകനോടുള്ള സഹതാപത്തിൻറെ കരുണ പിറവിയെടുത്തു.   

“വന്നു കേറിയപാടെ എന്നാത്തിനാ എൻറെ മോനെ വിളിച്ചെണീപ്പിച്ച്‌   വെറുതെ ചീത്തവിളിക്കുന്നേ? ”

അപ്പൻ കട്ടിളപ്പടിയിൽ  ബലം പിടിച്ചു നിന്നു. പിന്നെ  കുറച്ചുനേരം അമ്മയുടെ നേരെ രൂക്ഷമായി നോക്കി നിന്നു. വശപ്പെശക്‌ തിരിച്ചറിഞ്ഞ് അകത്തേക്ക് നടക്കാൻ തുനിഞ്ഞ അമ്മയെ തടഞ്ഞു നിർത്തിക്കൊണ്ട് അപ്പൻ തുടങ്ങി.

“നീയെന്നാ പറഞ്ഞേ? നിൻറെ മോനോ ?  അതെന്നാടി നീ തന്നത്താനെ  ഒണ്ടാക്കിയതാണോ അവനെ? അതോ….”

ഇനി തെറിയുടെ പൂരപ്പാട്ടായിരുക്കും. അതറിയാവുന്നതുകൊണ്ട് അമ്മയെ രക്ഷിക്കാനെന്നോണം ഞാൻ കയറി ഇടപെട്ടു.

“അമ്മക്കൊന്ന്‌ മിണ്ടാണ്ടിരിക്കാവോ. വെളിവില്ലാത്ത നേരത്തു അപ്പൻ വല്ലോം പറഞ്ഞെന്നു കരുതി… ” 

പറഞ്ഞു പൂർത്തിയാകാൻ വിട്ടില്ല.

“വെളിവില്ലാത്തത് നിൻറെ തന്തക്ക്. ….കള്ള നായിൻറെ മോനെ…”

ഞാൻ ആഗ്രഹിച്ചപോലെ അപ്പൻറെ ലക്ഷ്യം എൻറെ നേരെ തിരിഞ്ഞു.

“അമ്മ ഇങ്ങു പോരെ….നമ്മളായിട്ട് ഇനി ഒന്നും പറയണ്ട. കാലു കഴക്കുമ്പം പോയിയിക്കെടക്കട്ടെ”

ഇനിയങ്ങോട്ട് തെറിപ്പാട്ടുകളുടെ പതിവ് പാരായണമുണ്ടാകും. ആ കൺ വെട്ടത്ത്‌ ഇനിയും തുടരുന്നത് പന്തിയല്ലെന്ന മുന്നനുഭവമുള്ളതിനാൽ അമ്മയേയും കൂട്ടി പിന്നാമ്പുറത്തെ ചാർത്തിലേക്ക് നടന്നു.  

കണ്മുന്നിൽ നിന്ന് മറഞ്ഞ പ്രതിയോഗികളെ ലക്ഷ്യം വെച്ച് ചീത്ത വിളികൾ  തുടർന്നു. കട്ടിലിൽ ചെന്ന് വീണിട്ടും കുറെ നേരം കൂടി അത് കേൾക്കാമായിരുന്നു. ക്രമേണ നാവു കുഴയുന്നതും ഒച്ച താഴുന്നതും ഉറക്കത്തിൻറെ നിശബ്ദതയിലേക്ക് വീഴുന്നതും അറിഞ്ഞുകൊണ്ട് ഞങ്ങളും കിടക്കപ്പായയിലേക്ക് ചാഞ്ഞു.

“ഡി.. ഒരു കട്ടനിട്ടേടി” അപ്പൻ ഉറക്കമുണർന്നാൽ ഉടനെ അമ്മയെ വിളിക്കും. എവിടെക്കിടന്നാലും എപ്പോൾ കിടന്നാലും പുലർച്ചെ നാലുമണിക്ക് അപ്പൻ ഉണരും. പണ്ട് കാലത്തെങ്ങാണ്ടോ ആ ശരീരത്തിൽ പ്രോഗ്രാം ചെയ്തു വെച്ച ഒരു ജൈവ ഘടികാരം ഉണ്ട്. അത് ഇപ്പോഴും മുറ തെറ്റാതെ നാലു മണിക്ക് അലാറം അടിക്കുന്നുണ്ടാവും. അല്ലെങ്കിൽ ഇത്രമാത്രം കൃത്യത അക്കാര്യത്തിൽ ഉണ്ടാവുന്നതെങ്ങനെ?  തലേ ദിവസത്തെ ചാരായത്തിൻറെ കെട്ടിറങ്ങി കർമ്മ ബോധമുള്ള ഒരു കുടുംബനാഥനായി മാറുന്ന മുഹൂർത്തം. കുടുംബാംഗങ്ങളുടെ അന്നന്നത്തെ ഉത്തരവാദിത്വങ്ങൾ ഏൽപ്പിച്ചു കൊടുക്കുന്നതും ആ നേരത്താണ്. 

അങ്ങനെയാണ് അന്ന് രാവിലെ ആ ഉത്തരവാദിത്വം എനിക്ക് ഏൽപ്പിച്ചു കിട്ടിയത്. “ഡാ നീ ഒന്ന് വേഗം റെഡിയായിക്കോ. ആ ഉശാൻതാടിക്കാരൻ കുട്ടപ്പായി സാറിൻറെ വീട്ടിൽ വരെ ഒന്ന് പോണം. സാറിന് രാവിലെ ആറരേടെ ബസ്സിന്‌ പോകാനുള്ളതാ. അതിനു മുന്നേ അവിടെ എത്തണം. ഇപ്പോത്തന്നെ നേരം വൈകി”    

“എന്നാത്തിനാന്ന്‌ ഇതുവരെ പറഞ്ഞില്ലല്ലോ അപ്പച്ചാ” രാവിലെ നേരത്തായതുകൊണ്ട് ശങ്കയില്ലാതെ എന്തും ചോദിക്കാം. ചാരായത്തിൻറെ കെട്ടടങ്ങിയാൽ പിന്നെ അപ്പൻ എത്ര പാവമാണെന്നോ.

“ആ കുട്ടപ്പായി സാറിൻറെ വീട്ടിൽ ഒരു പട്ടിയൊണ്ട്. നല്ല ഒന്നാന്തരം അൾസേഷ്യൻ പട്ടി. അതിനെ എനിക്ക് തന്നേക്കാമെന്ന് സാറ് സമ്മതിച്ചിട്ടൊണ്ട്. നീ പോയി അതിനെ വാങ്ങിക്കോണ്ടു വരണം. റബ്ബറ് വെട്ടാനില്ലാരുന്നെങ്കിൽ ഞാൻ തന്നെ പോയേനെ. അതല്ലെങ്കിൽ പിന്നെ നീ ഇന്ന് റബ്ബറ് വെട്ടുവോ?” 

ആ ചോദ്യം തടഞ്ഞുകൊണ്ടെന്നോണം ഞാൻ പറഞ്ഞു.

“അയ്യോ വേണ്ടാ. ഞാൻ തന്നെ പൊക്കോളാം”

നേരം നന്നായി വെളുത്തിട്ടില്ല. വെളുത്ത പക്കത്തിലെ പുലർവേളയിലെ നറുനിലാവിൻറെ കുളിരറിഞ്ഞുകൊണ്ട് വെളിക്കിറങ്ങി പ്രഭാതകർമ്മങ്ങൾ പൂർത്തിയാക്കി. ഒരാണി വെല്ലം കടിച്ചുകൂട്ടി ഒരു കോപ്പ കട്ടനും കുടിച്ച്‌ കുട്ടപ്പായി സാറിൻറെ വീട് ലക്ഷ്യമാക്കി പാലക്കയം മലയിറങ്ങി. കിഴക്കൻ ചക്രവാളത്തിൽ സൂര്യ തേജസ്സിൻറെ അരുണിമ തെളിഞ്ഞു വരുന്നതേയുള്ളു. 

തിണ്ണയിലെ പ്ലാസ്റ്റിക് മെടഞ്ഞ ചക്രക്കസേരയിൽ ഇരിക്കുന്ന കുട്ടപ്പായി സാറിനെ ദൂരെ നിന്നേ കാണാം. വെള്ള മുണ്ടും ജുബ്ബയും ധരിച്ച സുവർണ്ണത്തിളക്കമുള്ള കണ്ണട വെച്ച ഒരു മൊട്ടത്തലയൻ. അൽപ്പം പിരിച്ചുവച്ച കട്ടിമീശ. കീഴ്ച്ചുണ്ടിനു താഴെമാത്രം വളർന്നുതൂങ്ങിയ നരച്ചുതുടങ്ങിയ താടി. കരണവൻമ്മാർ ‘ഊശാൻതാടി’ എന്ന് കളിയാക്കി അടയാളപ്പെടുത്തിയ ആ താടിയുടെ പേരുപറഞ്ഞുകൊണ്ടാണല്ലോ അപ്പൻ ഈ ഉത്തരവാദിത്വം എന്നെ ഏൽപ്പിച്ചത്. എൻറെ തലവെട്ടം കണ്ടപാടെ അദ്ദേഹം നടക്കല്ലിറങ്ങി വന്നു.  ‘ഒന്ന് വേഗം വാടാ മോനെ’ എന്ന് തിരക്കിട്ടുകൊണ്ട്‌ അദ്ദേഹം നേരെ തൊഴുത്തിലേക്കു നടന്നു. അരയാൾ പൊക്കം വരുന്ന മെലിഞ്ഞുണങ്ങിയ ഒരു നായ മാത്രമെ ആ തൊഴുത്തിൽ ഉണ്ടായിരുന്നുള്ളു. സാറിനെ കണ്ടപാടെ അവൻ മുൻകാലുകളിൽ കുത്തിനിവർന്നശേഷം സ്‌നേഹനിർഭരമായ അവ്യക്തമായ ശബ്ദങ്ങൾ ഉണ്ടാക്കിക്കൊണ്ട് ഊര വളച്ച് നിലത്തിരുന്നു. പിന്നെ അതിൻറെ തല നിലം ചേർത്തുവച്ചു. ഫാർഗോ ലോറിയുടെ വൈപ്പർ പോലെ വാൽ ചലിക്കുകയും അതിൻറെ വൃത്ത പരിധിയിലെ നിലം തുടച്ചുവൃത്തിയാക്കുകയും ചെയ്‌തു. അവൻ സാറിനെ സർവ്വാഗം  പ്രണമിക്കുന്നതായി തോന്നി. കുട്ടപ്പായി സാറാകട്ടെ അവൻറെ തലയിലും മുതുകിലും ഒക്കെ സ്നേഹപൂർവ്വം തലോടിക്കൊണ്ട് തുടലഴിച്ചു.

“വീട്ടിലൊള്ള ഒക്കേത്തിനും ഇവനെ പേടിയാരുന്നു. കുറച്ചുകാലമായി ഇവൻ നേരാം വണ്ണം എന്തെങ്കിലും കഴിച്ചിട്ട്. അതിൻറെ സങ്കടം കൊണ്ടായിരിക്കാം ചിലരെ ഇവൻ നന്നായി പേടിപ്പിക്കുകേം ചെയ്തു. പിന്നെ പറയണോ പൂരം. എങ്ങനെയെങ്കിലും ഇവനെ ഒന്ന് ഒഴിവാക്കിത്തരണമെന്ന് വീട്ടുകാർക്ക് ഒരേ നിർബന്ധം. നന്നായി നോക്കി വളർത്തിക്കോളാന്ന്‌ നിൻറെ അപ്പൻ എനിക്ക് വാക്ക് തന്നിട്ടൊണ്ട്. അതുകൊണ്ട് ഇന്നാ ഇവനെ ഇനി നിങ്ങൾ അങ്ങ് ….”  അത് പറഞ്ഞു പൂർത്തിയാക്കാതെ സാറിൻറെ സ്വരം മുറിഞ്ഞു. അവനെ കൈമാറാനെന്നോണം തുടൽ നെഞ്ചോട് ചേർത്തുപിടിച്ചുകൊണ്ട് നിമിഷനേരം കണ്ണടച്ച് നിന്നു.

“ഇതാ എൻറെ ഫെന്നാണ്ടി. ഇവനെ നന്നായി നോക്കി വളർത്തിക്കോണം. സ്നേഹമുള്ളവനാണ്”.

കന്നുകാലികളെ കൈമാറുമ്പോൾ കയറ്റുകാണം കൊടുക്കുന്ന ഒരു പതിവുണ്ടെന്നറിയാം. ഇവിടെ തുടലാണല്ലോ കൈമാറുന്നത്. ചാച്ചൻ തന്നു വിട്ട പത്തുരൂയുടെ നോട്ടെടുത്ത് ‘തുടൽക്കാണ’മായി സാറിൻറെ കയ്യിലേക്ക് നീട്ടി. സാറത് വാങ്ങിയിട്ട് എന്റെ ഉടുപ്പിൻറെ കീശയിലേക്ക്‌  തിരികിക്കൊണ്ടു പറഞ്ഞു.

“പോകും വഴി ഇവന് വേണ്ടി കുറച്ചു ഗ്ലാസ്‌കോ ബിസ്ക്കറ്റ് വാങ്ങിക്കോ. അതിവന് വെല്യ ഇഷ്ട്ടാ”

ഇഷ്ടവും പേടിയും കലർന്ന സമ്മിശ്ര വികാരങ്ങളോടെയാണ് കുട്ടപ്പായി സാറിൻറെ കയ്യിൽ നിന്നും ഫെന്നാണ്ടിയെ കൈപ്പറ്റിയത്.

“നീ നിൽക്ക്. അങ്ങാടി വരെ ഞാനും കൂടെ വരാം”

കുട്ടപ്പായി സാറ് വീട്ടിലേക്കുള്ള നട ഓടിക്കയറി. തൊടല് കൈമാറിക്കിട്ടിയപ്പോൾ തന്നെ ഫെന്നാണ്ടി എൻറെ കാൽപാദങ്ങൾ മണത്തു. പേടികൊണ്ട് ഞാൻ അറിയാതെ ഒരു ചുവട് മാറ്റിച്ചവുട്ടി. ഫെന്നാണ്ടി പക്ഷേ ദേഹത്ത് മുട്ടിയുരുമ്മി ഒട്ടിനിന്നു. ഞാൻ ഒന്നുരണ്ടു ചുവടുകൾ നടന്നു മാറിനോക്കി. അവനാകട്ടെ നിഴലുപോലെ കൂടെത്തന്നെ നടക്കുന്നു. ഒരു തുടലിൻറെ അകലമെങ്കിലും പാലിക്കണമെന്ന് മോഹമുണ്ട്. പക്ഷേ സ്വന്തം കൈയിൽ പിടിച്ചിരിക്കുന്ന തുടലിൻറെ മറുതലയിലുള്ള ഈ ജീവിയുമായി അകലം പാലിക്കുന്നതെങ്ങനെ. മെലിഞ്ഞുണങ്ങിയ ശരീരമാണെങ്കിലും ആ മുഖത്ത് വല്ലാത്തൊരു ഗൗരവം സ്ഫുരിക്കുന്നുണ്ട്. അവൻറെ നേരേ നോക്കുമ്പോഴെല്ലാം ഉള്ളിൽ വളരുന്നത് പേടിയാണ്.

“ഇങ്ങു താ അങ്ങാടിവരെ എൻറെ ഫെന്നാണ്ടിയെ ഞാൻ തന്നെ പിടിച്ചോളാം” എയർ ബാഗും തൂക്കി ഇറങ്ങി വന്ന കുട്ടപ്പായി സാറ് ഫെന്നാണ്ടിയുടെ തുടൽ വാങ്ങിപ്പിടിച്ചുകൊണ്ട് മുന്നേ നടന്നു. ഒരു ഭീകരാവസ്ഥ ഒഴിഞ്ഞു പോകുന്ന  സന്തോഷത്തോടെ ആ കാഴ്ച്ച നോക്കി നിൽക്കുന്ന വീട്ടുകാരെ കൈവീശിക്കാണിച്ചശേഷം സാറിൻറെ പിന്നാലെയെത്താൻ വേഗം നടന്നു.     

“ഫെന്നാണ്ടി. നല്ല പേര്. പക്ഷെ ഞാൻ ആദ്യായിട്ട് കേക്കുവാണേ ” ആത്മഗതം പോലെയാണ് പറഞ്ഞതെങ്കിലും ഇതെന്തേ ഇത്ര നേരമായിട്ടും ചോദിക്കാത്തത് എന്ന ഭാവത്തിൽ അദ്ദേഹം ഫെന്നാണ്ടിയുടെ പേരിൻറെ കഥ പറയാൻ തുടങ്ങി.

“മെരുവമ്പായിയിലെ ഗോപാലൻ വക്കീലിൻറെ പട്ടിയാരുന്നു ഇവൻ. സൗഹൃദസന്ദർശനത്തിനായി ഒരു ദിവസം വക്കീലിൻറെ വീട്ടിലെത്തിയപ്പോഴാണ് ഇവനെ കാണുന്നത്. ഒരു കൗതുകത്തിന് തുടലഴിച്ചു കൈമാറി വാങ്ങിയപ്പോൾ ഇവൻ കാണിച്ച വിധേയത്വവും സ്നേഹവും  മുറിച്ചു മാറ്റാൻ എന്തോ എനിക്ക് തോന്നിയില്ല. അൾസേഷ്യൻ ഇനത്തിൽപ്പെട്ട പട്ടിയാണ്. ജർമ്മൻ ഷെപ്പേഡ് എന്നും പറയും. ഇവൻറെ ഒരു കൊര കേട്ടാൽ മതി ഒരുമാതിരിക്കാരുടെയെല്ലാം ഉള്ളം നടുങ്ങും. വീട്ടുകാവലിന് ഇവൻ ബെസ്റ്റാ. യജമാന സ്നേഹത്തിൽ ഇവനെ തോൽപ്പിക്കാൻ ആരുമില്ല. എഴുന്നേറ്റു നിന്നാൽ ആൾ പൊക്കം വരും. വേണ്ടി വന്നാൽ തോളേൽ കേറി നിന്ന് കഴുത്തിന് കടിമുറുക്കും എന്നർത്ഥം” 

“വെറുതേ പേടിപ്പിക്കാതെ സാറെ”

“പേടിപ്പിക്കാനൊന്നുമല്ലടാ കൊച്ചേ. ഒള്ളതാ. പിന്നെ നിൻറെ അപ്പന്  എന്തായാലും ഒട്ടും പേടി കാണത്തില്ല. കയ്യിക്കിട്ടുന്ന ഏത് ചാവാലിപ്പട്ടിയേം ഇണക്കി മെരുക്കി വേട്ടപ്പട്ടിയാക്കുന്ന വിരുതനാണല്ലോ പുള്ളി. പിന്നെ നീയെന്നതിനാ പേടിക്കുന്നേ. ഇവനെ നിൻറെ അപ്പൻ തന്നെ ശരിപ്പെടുത്തിക്കോളും” 

“വീട്ടിൽ എത്തുന്നത് വരെ ഞാൻ തന്നെ വേണ്ടേ കൊണ്ടോകാൻ. അതാ എൻറെ ഇപ്പഴത്തെ പേടി”

“ഇഷ്ടപ്പെട്ടാൽ നക്കിത്തിന്നും അല്ലെങ്കിൽ ഞെക്കിക്കൊല്ലും എന്ന് കേട്ടിട്ടില്ലേ.  അതാ ഇവൻറെ പ്രകൃതം. ചുമ്മാ അങ്ങ്  സ്നേഹിച്ചാൽ മതി. എൻറെ ഫെന്നാണ്ടിക്ക് അതാ വേണ്ടതും. അല്ലേടാ ഫെന്നാണ്ടി?”

ഒട്ടിച്ചേർന്ന് നടക്കുന്ന ഫെന്നാണ്ടിയുടെ കഴുത്തിൽ സാറിൻറെ വലംകൈ ചുറ്റിവരിഞ്ഞു. സ്നേഹമർമ്മരം മുഴക്കി അവൻ മുൻകാലുകൾ ഉയർത്തി. പരസ്‌പരം മുത്തം കൊടുത്ത്‌ അവർ സ്നേഹം പങ്കിട്ടു.   

“സോറി ഇവൻറെ പേരിൻറെ പൊരുൾ പറഞ്ഞില്ലല്ലോ” എന്ന് സ്വയം തിരുത്തിക്കൊണ്ട് കുട്ടപ്പായി സാറ് തുടർന്നു.     

“ബോബൻ ഫെർണാണ്ടസ് എന്ന ഒരു സീനിയർ സുഹൃത്തുമായി നമ്മുടെ ഗോപാലൻ വക്കീൽ ഏതോ കേസിൻറെ നിയമവശം ചർച്ച ചെയ്യവേ തമ്മിലങ്ങുടക്കി. സുഹൃത്ത് നിർദ്ദേശിക്കുന്ന നിയമവഴിയിൽ വാദിച്ചാൽ തോറ്റു പോകത്തേയുള്ളു എന്ന് ഗോപാലൻ വക്കീൽ തർക്കിച്ചപ്പോൾ,  “അങ്ങനെ വന്നാൽ എൻറെ അപ്പൻറെ പേര് തൻറെ പട്ടിക്കിട്ടോ” എന്ന് വാശികേറി അയാൾ  വെല്ലുവിളിച്ചത്രേ. ആ കേസ് തോൽക്കുകയും  അതിൻറെ പേരിൽത്തന്നെ അവർ തെറ്റിപ്പിരിയുകയും ചെയ്തതിൻറെ  പിറ്റേന്നാണ് ഗോപാലൻ വക്കീൽ ഇവനെ വാങ്ങിക്കുന്നതും, കലി തീർക്കാൻ വേണ്ടി ‘ഫെർണാണ്ടി’ എന്ന് പേരിടുന്നതും. സുഹൃത്തിൻറെ പിതൃസ്‌മരണ അത്രക്കങ്ങു വ്യക്തമാക്കേണ്ടതില്ല എന്ന വീണ്ടുവിചാരത്തിൽ ‘ർ’ ചെത്തിമാറ്റിയപ്പോൾ ഇവൻ ‘ഫെന്നാണ്ടി’യായി.

മലയിറങ്ങുന്നതിൻറെ കിതപ്പിനിടയിലും ഒരു ചെറിയ ഇടവേള പോലുമില്ലാതെയാണ് അദ്ദേഹം ഫെന്നാണ്ടിയുടെ കഥ പറഞ്ഞത്. പുറപ്പെടാൻ തയ്യാറെടുക്കുന്ന ബസ്സിൻറെ നീട്ടിയുള്ള ഹോണടി കേട്ടുകൊണ്ടാണ് ഞങ്ങൾ കമ്പളപ്പാറ കവലയിലെത്തിയത്.

“നീ വേഗം പോയി ഒരു കൂട് ബിസ്ക്കറ്റ് വാങ്ങിക്കൊണ്ട് വാ” അത് കേട്ടപാടെ ഞാൻ ഉപ്പിക്കയുടെ ചായക്കടയിലേക്ക് ഓടി. കുഞ്ഞപ്പേട്ടൻറെ കുമ്മട്ടിക്കടയുടെ മുന്നിലെ പൊറോട്ടു ബെഞ്ചിലിരുന്ന് ഫെർണാണ്ടിയുടെ കഴുത്തിൽ ചുറ്റിപ്പിടിച്ച് സ്നേഹം പങ്കിടുന്ന കുട്ടപ്പായി സാറിനെയാണ് തിരിച്ചെത്തിയപ്പോൾ കാണുന്നത്. ബസ്സിൻറെ ഹോണടി വീണ്ടും കേട്ടപ്പോൾ ഫെന്നാണ്ടിയുടെ തുടൽ കൈമാറിതന്നിട്ട് സാറ് വേഗം നടന്നു. ആ കണ്ണുകൾ  ഈറനണിയുന്നത് കാണാതിരിക്കാൻ വേണ്ടി അദ്ദേഹം തിടുക്കം കൂട്ടിയതായിരുന്നുവോ? ബസ്സിലിരുന്നുകൊണ്ട് തിരിഞ്ഞുനോക്കുന്ന കുട്ടപ്പായി സാറിനെ മറന്നതുപോലെ ഫെന്നാണ്ടി എന്നോട് ഒട്ടിനിന്നു.         

ബിസ്ക്കറ്റ് കൂടു പൊട്ടിച്ച്‌ ഒന്ന് രണ്ടെണ്ണം ഫെന്നാണ്ടിക്ക് ഇട്ടു കൊടുത്തു. വായിലോളം എത്തിച്ചുകൊടുക്കാനുള്ള പേടികാരണം കൈവിട്ടുപോയ ബിസ്‌ക്കറ്റുകൾ അവൻ നിലം തൊടാതെ വായിലാക്കി. വീട്ടിലേക്കുള്ള നടപ്പിനിടയിൽ വഴിയോരത്തും വീടുകളുടെ തിണ്ണയിലും കണ്ട ചില നാടൻ പട്ടികൾ ഒന്നോ രണ്ടോ കുരച്ചു. ഫെന്നാണ്ടി ഒന്നു മുരണ്ടാൽ മതി. അവറ്റകൾ വാല് കാലിന്നിടയിൽ ഒളിപ്പിച്ചുകൊണ്ട് ചുരുങ്ങിക്കൂടും. ഇങ്ങനെയൊക്കെ  മതിയോ എന്ന ഭാവത്തിൽ ഫെന്നാണ്ടി എന്നെ ഒന്ന് നോക്കും. എന്തോ ഒരു പ്രത്യേക തരം മൃഗീയതയുടെ പരിവേഷമുള്ള ഒരു അപൂർവ ജന്മമാണ് കയ്യിലെ ചങ്ങലയിൽ ബന്ധിതനായി കൂടെ നടക്കുന്നത്‌ എന്ന ഒരു ഉൾക്കിടിലത്തോടെയാണ് ഞാൻ നടന്നത്. എന്നാൽ മുട്ടിയുരുമ്മി ഒട്ടിച്ചേർന്നുള്ള അവൻറെ സ്നേഹപ്രകടനങ്ങൾ കൊണ്ട് വീടെത്താറാവുമ്പോഴേക്കും എൻറെ ഭയാശങ്കകൾ മിക്കവാറും മാറിയിരുന്നു. 

പശ്ചിമഘട്ട മലനിരകൾക്കു മീതേ ഉദയ സൂര്യൻ തലനീട്ടും മുൻപേ ഫെന്നാണ്ടിയേം കൊണ്ട് ഞാൻ വീട്ടിലെത്തി. ചാച്ചൻ റബ്ബറ് വെട്ടാൻ പോയിക്കഴിഞ്ഞിരുന്നു. പെങ്ങളും അനിയന്മാരും പുതിയ അതിഥിയെ കാണാൻ ഓടി വന്നു.

“യ്യോ എന്നാ മുട്ടൻ പട്ടിയാ ചേട്ടായി” എന്ന് പെങ്ങളൂട്ടി അതിശയിച്ചു. 

“അയ്യേ.. മെലിഞ്ഞു തൊലിഞ്ഞ പട്ടി” എന്ന് അനുജൻ കളിയാക്കി.  

“എനിച്ച്  വേണ്ട ” എന്ന് ഇളയ കുഞ്ഞൻ പേടിച്ചു. 

തുടലിൻറെ വൃത്ത പരിധിയിൽ എനിക്ക് ചുറ്റും കറങ്ങി നടക്കുന്നതല്ലാതെ അവിടെയുള്ളവരെ ആരെയും അവൻ കണ്ടതായിപ്പോലും നടിച്ചില്ല.  

തിണ്ണയുടെ മൂലക്കുള്ള തൂണിൽ അവനെ കെട്ടിയിട്ട ശേഷം തിണ്ണക്കടിയിൽ ഇത്തിരിനേരം കുത്തിയിരുന്നു. രാജനും കൈസറുമൊക്കെ കെട്ടിയിടപ്പെട്ട അതേ മരത്തൂണിൻറെ പരിസരങ്ങളിൽ, തൻറെ മുൻഗാമികളായ നാടൻ പട്ടികളുടെ ചൂരും ചൂവയും മണത്തറിയാൻ അവൻ വെമ്പൽകൂട്ടി. പുതിയ അഥിതിക്കുവേണ്ടി ഒരു പിഞ്ഞാണത്തിൽ പഴങ്കഞ്ഞിയുമായി അമ്മ ഇറങ്ങി വന്നു. പിഞ്ഞാണം വെച്ച് നിവരുമ്പോഴേക്കും ഭീകരമായി കുരച്ചുകൊണ്ട് അവൻ ഒറ്റച്ചാട്ടം. പെട്ടെന്ന് പിന്നോക്കം ചുവടുവെച്ചില്ലായിരുന്നെങ്കിൽ അമ്മയ്ക്ക് കടി കിട്ടിയേനെ.

“ൻറമ്മോ.. ഈ കടിക്കുന്ന പട്ടിയെ ആണോ ആ സാറ് നിൻറെ അപ്പൻറെ  തലേൽ കെട്ടിയേല്പിച്ചതു്. എവിടെപ്പോയി കണ്ടുപിടിച്ചോണ്ടു വരുന്നോ ആവോ”

അമ്മ പേടിച്ചുമാറിനിന്നു. നിമിഷ നേരം കൊണ്ട് മട്ടും മാതിരിയും മാറിയ അവൻറെ അടുത്തേക്ക് ചെല്ലാൻ എനിക്കും പേടിയായി. എന്നാൽ എൻറെ കണ്ണുകൾ അവൻറെ കണ്ണുകൾക്ക് നേരെ ഇടഞ്ഞപ്പോൾ അവനിലുണ്ടാകുന്ന ശാന്തതയുടെ ഭാവപ്രകടനങ്ങൾ ആ മുഖത്ത് വായിച്ചെടുക്കാമായിരുന്നു. വാലാട്ടി നടു വളച്ച് ശരീരം ഇളക്കി അവൻ എനിക്ക് നേരെ തലകുമ്പിട്ടു. അപ്പോഴുണ്ടായ ധൈര്യത്തിൽ ഞാൻ മെല്ലെ അടുത്തുചെന്നു. എൻറെ കാൽപാദങ്ങളിൽ അവൻ ഉമ്മവെച്ചു. നനവാർന്ന ഒരു നക്കിത്തുടക്കൽ. നാവിൻറെ മൃദുത്വം കാൽപാദങ്ങളിൽ കുളിരായി പടർന്നപ്പോൾ ഹൃദയത്തിൽ സ്നേഹത്തിൻറെ ഉറവുകൾ പൊട്ടി. കൈകൾ കൊണ്ട് അവൻറെ ശിരസ്സിൽ ഒന്ന് തലോടി. പിന്നെ സാവധാനം അവൻറെ കഴുത്തിൽ ചുറ്റി പിടിച്ചു. കുനിഞ്ഞ് നെറുകയിൽ ചുംബിച്ചു. അല്പം മുമ്പ് അമ്മയെ കടിച്ചുകീറാൻ ചാടിയ പട്ടിയല്ല. അവൻറെ ഭാവമാറ്റം കണ്ട സഹോദരങ്ങൾ മെല്ലെ അടുത്തുവന്നു. തുടൽ കൈമാറി വാങ്ങാൻ പെങ്ങളൂട്ടി ധൈര്യം കാണിച്ചു. പിന്നെ ഫെന്നാണ്ടിയോടൊപ്പം മുറ്റത്ത് ചുറ്റാൻ അവർ മത്സരിച്ചു. അമ്മയ്ക്കും തുടലു മാറിക്കൊടുത്തു. അവൻ അനുസരണയുള്ള മകനായി അമ്മക്കൊപ്പവും നടന്നു. കോളേജിൽ പോകാനുള്ള സമയമായപ്പോൾ തൊടല് തിരികെ വാങ്ങി തൂണിൽ കെട്ടിയിട്ടു.

“ഞാൻ വേഗം ഒരുങ്ങട്ടെ. ഇനി ഇവൻറെ കാര്യങ്ങളൊക്കെ ചാച്ചൻ വരുമ്പോൾ നോക്കിക്കോളും” വൈകുന്നേരത്തെ എൻറെ ആഗമനം ആദ്യം തിരിച്ചറിഞ്ഞത് ഫെന്നാണ്ടിയാണ്. അവൻറെ വികാരവിക്ഷോഭങ്ങളുടെ സ്വരതരംഗങ്ങൾ ദൂരെനിന്നുതന്നെ കർണ്ണപുടങ്ങളിൽ ചലനമുണ്ടാക്കി. ചങ്ങലപൊട്ടിക്കാനുള്ള ആവേശത്തിൽ ദേഹമാകെ ഉലയ്ക്കുന്ന സ്നേഹപ്രകടനനങ്ങൾ കാണാം. ദീർഘകാലത്തെ വിരഹവേദന അലിഞ്ഞില്ലാതായ യുവമിഥുനങ്ങളെ പോലെ ഞങ്ങൾ കെട്ടിപ്പുണർന്നു. തുടൽ ബന്ധനത്തിലാണെങ്കിലും അവൻ പിൻകാലിൽ ഉയർന്ന് തോളിലേക്ക് കൈകളുയർത്തി. ഫെന്നാണ്ടിയുടെ മുഖം കൈകളിൽ കോരിയെടുത്ത്‌ ഇരു കവിളിലും മാറിമാറി ചേർത്തുവെച്ചു. അലൗകികമായ സ്നേഹത്തിൻറെ ആഴം അനുഭവിച്ചറിഞ്ഞുകൊണ്ട് ആലിംഗന ബദ്ധരായി നിൽക്കുമ്പോഴാണ് അപ്പൻറെ വഴക്കു കേട്ടത്.

 “ആ തൊടലഴിച്ച് ആരെയെങ്കിലും ഒന്ന് ഏൽപ്പിചേച്ചു പോകാൻ മേലായിരുന്നോടാ നാറി. അതെങ്ങനെയാ. എന്തെങ്കിലും ഒന്ന് കയ്യിൽ കിട്ടിയാപ്പിന്നെ ആർക്കും വിട്ടുകൊടുക്കില്ലാന്ന് വാശിയല്ലേ” 

“ഞാൻ എന്നാ ചെയ്തില്ലെന്നാ അപ്പൻ പറയുന്നേ..”

എന്ത് തെറ്റ് ചെയ്തിട്ടാണ് അപ്പന് ദേഷ്യം വന്നതെന്ന് അറിയാത്തതുകൊണ്ട്  ചോദിച്ചു പോയതാണ്. ആ ചോദ്യത്തിന് പക്ഷേ ഇത്തിരി ശബ്ദം കൂടിപ്പോയിരുന്നു.

“ഒച്ച കനപ്പിക്കാതെടാ കഴുവേറി.. അപ്പനോടാ പറയുന്നേന്ന്‌ ഓർമ്മവേണം”

“കാര്യമെന്നാന്ന് അപ്പൻ പറഞ്ഞില്ലല്ലോ” ഞാൻ സ്വരം താഴ്ത്തിയില്ല.  

“തൊടലു കൈമാറി ആരെയെങ്കിലും എല്പിച്ചേച്ചു പോകണമായിരുന്നു.  അക്കാര്യം കുട്ടപ്പായി സാറ് പ്രത്യേകം പറഞ്ഞില്ലായിരുന്നോ”?

“അയ്യോ എന്നോട് അങ്ങനെ ഒന്നും പറഞ്ഞില്ല. ഒരുപാട് കഥയൊക്കെ പറഞ്ഞു. പക്ഷെ സത്യമായിട്ടും ഇക്കാര്യം പറഞ്ഞില്ല. അതെന്നാ അങ്ങനെ?” വല്ലാത്തൊരു ആകാംക്ഷയോടെയാണ് ചോദിച്ചത്.  

“അവനൊരു പ്രത്യേക സ്വഭാവക്കാരനാന്ന് സാറ് പറഞ്ഞാരുന്നു. ഒരാളോട് മാത്രേ അവൻ ഇഷ്ടം കൂടത്തൊള്ളൂ പോലും. ആ ഇഷ്ടക്കാരൻ തൊടലഴിച്ചു കൈമാറിക്കൊടുത്താലേ വേറൊരാളോട് അവന് ഇഷ്ടം ഒണ്ടാകത്തൊള്ളുന്ന്.” 

“അയ്യോ അതൊന്നും എന്നോട് പറഞ്ഞില്ല. സത്യം.

“എന്നാ എന്നോട് എല്ലാം പറഞ്ഞാരുന്നു. ആ പ്രത്യേക സ്വഭാവം കേട്ടപ്പളാ എനിക്ക് ഇവനെ വേണമെന്ന് തോന്നിയെ. കാണുന്നോൻറെയെല്ലാം പൊറകേ മണപ്പിച്ചോണ്ട് പോകത്തില്ലല്ലോ. നീ അവൻറെ തൊടലൊന്നഴിച്ച് എൻറെ കയ്യിലോട്ട്  തന്നെ”

തൊടല് കൈമാറിക്കിട്ടിയ ഫെന്നാണ്ടിയുമായി മുറ്റത്തും പറമ്പിലും അപ്പൻ ഉലാത്തി. ആജന്മസുഹൃത്തുക്കളെപ്പോലെ ഒട്ടിച്ചേർന്ന് അവരൊന്നിച്ചു നടക്കുന്നത് കുറച്ചു നേരം നോക്കി നിന്നിട്ടാണ് വീട്ടിലേക്ക് കയറിയത്.

“നീ പോയേപ്പിന്നെ അവൻ ആരേം അടുപ്പിച്ചിട്ടില്ല. ആരെങ്കിലും അടുത്തൂടെ പോയാൽ മതി വല്ലാത്തൊരു മുറുമുറുപ്പ് കേക്കാം. തീറ്റ കൊടുക്കാൻ ചെന്നാൽ കൊരച്ചു പേടിപ്പിക്കും. അതുകൊണ്ട് ആരും അടുത്തേക്ക്‌ പോലും പോയിട്ടില്ല.  അപ്പൻ വന്നപ്പോ ഒന്ന് വിരട്ടി നോക്കിയതാ. കടി കിട്ടാതെ രക്ഷപ്പെട്ടത് ഭാഗ്യം”

പുതിയ പട്ടിയുടെ വിശേഷങ്ങൾ വല്ലാത്തൊരു കൗതുകത്തോടെയാണ് അമ്മ വിവരിച്ചത്. വേഷം മാറി കാപ്പി കുടിച്ചു. അപ്പനും ഫെന്നാണ്ടിയും തമ്മിൽ അഗാധമായ  പ്രേമത്തിലായിരിക്കുന്ന കാഴ്ച കണ്ടുകൊണ്ടാണ് മുറ്റത്തേക്ക് ചെല്ലുന്നത്. ഇരുകൈകളും കഴുത്തിൽ ചുറ്റി നിവർന്നു നിൽക്കുന്ന അവൻറെ തലയിൽ താടി ഉരുമ്മിക്കൊണ്ട് സ്നേഹം പകർന്നു നൽകിയ അപ്പൻ അവനെ കീഴടക്കിയിരിക്കുന്നു. രാവിലെ മുതൽ നിരാഹാരത്തിൽ ആയിരുന്ന ഫെന്നാണ്ടിക്കായി കരുതിയിരുന്നതെല്ലാം എടുത്ത്‌ വയറുനിറയെ ഊട്ടി. കൈകൾ ഉയർത്തി എറിഞ്ഞിടുന്ന ബിസ്‌ക്കറ്റിനായി അവൻ ചാടിയുയർന്നു കമ്മിയെടുത്തു.

“നീ എൻറെ പൊന്നാര മോനാടാ. നിൻറെയൊരു സ്വഭാവ ദോഷമൊണ്ടല്ലോ…  അതൊക്കെ മാറ്റിത്തരണുണ്ട് ഞാൻ.. നിന്നെ ഒരൊന്നാന്തരം പട്ടിയാക്കും. നല്ല അസ്സൽ വേട്ടപ്പട്ടി …നോക്കിക്കോ”

ആ കാഴ്ചകൾ നിർന്നിമേഷനായി കണ്ടുനിന്ന എന്നെ  അപ്പൻ എന്നെ അടുത്തേക്ക് വിളിച്ചു.

“ഇന്നത്തേക്ക് നീ തന്നെ ഇവനെ ഏറ്റെടുത്തോ. എനിക്കൊന്ന് അങ്ങാടി വരെ  പോണം. വരാൻ ഇത്തിരി വൈകിയേക്കും”

അവൻറെ നിറുകയിൽ ഒരു മുത്തം കൂടി നൽകിക്കൊണ്ട് തൊടല് കൈമാറി. ആ നേരത്ത്‌ അവൻറെ ഭാവപ്രകടനങ്ങൾ ശ്രദ്ധേയമാണ്. അവൻറെ മേലുള്ള അവകാശവും അധികാരവും കൈമാറപ്പെട്ടതിൻറെ വിധേയത്വം സൂചിപ്പിക്കുന്ന സ്നേഹപ്രകടനങ്ങളാണ്. ഉടമസ്ഥത ഏൽപ്പിച്ചു കൊടുത്തവനെ അവഗണിക്കുന്നതും തിരിച്ചറിയാം. അതൊന്ന് പരീക്ഷിക്കാനെന്ന മട്ടിൽ ഇഷ്ട്ടം കാണിക്കാൻ വേണ്ടി അടുത്തേക്ക് വന്ന അപ്പൻറെ നേരെ അവൻ മുറുമുറുത്തുകൊണ്ട് ചാടിക്കുതിച്ചു. തൊടലിൽ ബലമായി പിടിച്ചിരുന്നത് കൊണ്ട് കടികിട്ടിയില്ല. കൂടുതൽ പരീക്ഷണങ്ങൾക്ക് മുതിരാതെ അപ്പൻ പോവുകയും ചെയ്‌തു. ഏതാനും നിമിഷം മുൻപുവരെ ഇരുമെയ്യാണെങ്കിലും ഒറ്റ മനസ്സായിരുന്ന അപ്പനും ഫെന്നാണ്ടിയും ശത്രുക്കളാകുന്ന അതിശയം. ഒരു തുടലിൻറെ മായാജാലം. 

ഒരു നായ കേന്ദ്ര കഥാപാത്രമാകുന്ന ‘പരിണാമം’ എന്ന പരസ്യവുമായി എം പി നാരായണപ്പിള്ളയുടെ നോവൽ കലാകൗമുദി വാരികയിൽ അച്ചടിച്ച് വന്ന കാര്യം ഓർമ്മ വന്നു. ഫെന്നാണ്ടിയെ ഉമ്മറത്തൂണിൽ കെട്ടിയിട്ട്, മഞ്ഞളാകത്തെ പവിത്രൻറെ കടയിൽനിന്ന് വാങ്ങിവെച്ച വാരികയും എടുത്ത് വാറ്റുപുരയിലേക്ക് നടന്നു. തെരുവയോ രാമച്ചമോ വാറ്റുന്ന കാലമല്ലാത്തതിനാൽ വാറ്റുപുര ഒഴിഞ്ഞു കിടക്കുകയാണ്. അവിടെയാകുമ്പോൾ ശാന്തമായിരുന്നു വായിക്കാം.

“………സമുദായാചാരങ്ങളെ മാനിച്ച്‌ ഞാനവനെ ‘ടോമി’ എന്ന് വിളിച്ചു. അവൻ തിരിഞ്ഞു നോക്കി. കം ടോമി. ഞാൻ ഇംഗ്ളീഷിൽ തന്നെ പറഞ്ഞു. അതും പ്രധാനപ്പെട്ട ഒരു നിയമമാണ്. നല്ല പട്ടികളോട് ഇംഗ്ലീഷിൽ തന്നെ സംസാരിക്കണം. ബസ്സ്റ്റാൻഡിൽ കാണുന്ന തെണ്ടിപ്പട്ടികളോടാണെങ്കിൽ ‘പോടാ’ എന്ന് മലയാളത്തിൽ പറയാം. ചെങ്കോട്ടപ്പട്ടികളോടും നായ്ക്കന്മാരുടെ  കൂടെ എലിയെപ്പിടിക്കാനിറങ്ങുന്ന പട്ടികളോടും ആവശ്യം തമിഴും……. ” 

“ഞാനാടാ ഈ വീട്ടിലെ അപ്പൻ. നിനക്കതു അറിയാമ്മേലേങ്കി ഇന്ന് ഞാനതു  നെനക്ക് പഠിപ്പിച്ചു തരും..നിൻറെ മേലൊള്ള സകല അവകാശോം ആധികാരോം എനിക്കാ. അറിയാവോട പട്ടിക്കഴുവേറിട മോനെ…”

ഫെന്നാണ്ടിയുടെ കനത്തകുരയും ചാച്ചൻറെ തെറിപ്പൂരവും കേട്ട് വായന മുറിഞ്ഞു. തല ഉയർത്തി നോക്കുമ്പോൾ ഒരു കൊന്നപ്പത്തലുമായി നിന്ന് ഫെന്നാണ്ടിയോട് കയർക്കുന്ന അപ്പനെയാണ് കണ്ടത്. കുടിച്ചു പൂസായി രാത്രി വൈകി മാത്രം വരാറുണ്ടായിരുന്ന അപ്പൻ നേരത്തെ വന്നല്ലോ എന്ന അതിശയത്തോടെ ഓടിയെത്തുമ്പോൾ, പരസ്പരം കൊമ്പു കോർക്കുന്ന രണ്ടു പോരാളികളെയാണ് കണ്ടത്. പേടിച്ചരണ്ട് നോക്കി നിൽക്കുന്ന അമ്മയും സഹോദരങ്ങളും.    

“കുട്ടപ്പായി സാറിന് വാക്കുകൊടുത്ത്‌ നിന്നെ വാങ്ങിച്ചത് ഈ ഞാനാണെങ്കിൽ നിൻറെമേലുള്ള  മൊത്തം അധികാരോം എനിക്കാടാ പട്ടി.  എൻറെ മോനല്ല നിൻറെ മൊയലാളിന്ന്. മനസ്സിലായോടാ. ആ എൻറെ നേരെയാണോഡാ നിൻറെ പമ്മാട്ട്. നായിൻറെ മോൻറെ മോനെ…” പച്ച മലയാളത്തിൽ ചാച്ചൻ കത്തിക്കയറുകയാണ്.

“എന്നാ പണിയാ അപ്പൻ ഈ കാണിക്കുന്നേ. എന്നെ ഒന്ന് വിളിച്ചാൽ പോരാരുന്നോ” എന്ന് വിളിച്ചുപറഞ്ഞുകൊണ്ട് ഓടിച്ചെന്ന് തുടൽ അഴിച്ചു.

“ഇന്നാ പിടിച്ചോ. അവകാശോം അധികാരോം ഒക്കെ ഈ തൊടലേൽ ഒണ്ട്. ഈ പാവം ജന്തുവിനെ വെറുതേ പീഡിപ്പിക്കണ്ട. അതിൻറെ ഒരു സ്വഭാവം അങ്ങനെയായിപ്പോയില്ലേ ”  

“ഭൂ… സൊഭാവം പോലും. ഒരുത്തൻറേം ഓശാരോം മൊനാശേം കൂടാണ്ടേ ഇവനെ ഞാൻ അനുസരിപ്പിപ്പിച്ചോളാം” എന്ന പ്രസ്താവനയോടെ പത്തല് താഴെയിട്ട് അപ്പൻ ഫെന്നാണ്ടിയെ കൈപ്പറ്റി. തുടലു കൈമാറിക്കിട്ടിയപ്പോൾ അപ്പനും  ഫെന്നാണ്ടിയും വീണ്ടും കൂട്ടുകാരായി. ഈ സവിശേഷ സ്വഭാവം എങ്ങനെ ഉണ്ടായോ ആവോ. പാരമ്പര്യം പരിതസ്ഥിതിയിൽ ചെലുത്തുന്ന സ്വാധീനത്തിൻറെ ഉൽപ്പന്നമാണ് ഓരോ ജീവിയും എന്ന് വായിച്ചിട്ടുണ്ട്. ഫെന്നാണ്ടിയുടെ ഏതേത് സാഹചര്യങ്ങളാണാവോ അതിനെ ഇങ്ങനെയൊക്കെ രൂപപ്പെടുത്തിയത്‌.

ഫെന്നാണ്ടിയുടെ ഇഷ്ടഭോജ്യമായ ഗ്ലാസ്കോ ബിസ്‌ക്കറ്റുമായിട്ടായിരുന്നു അപ്പൻ വന്നത്. തുടലിൻറെ വ്യാസ പരിധിയിൽ എറിഞ്ഞിടുന്ന ബിസ്‌ക്കറ്റുകൾ അഭ്യാസിയെപ്പോലെ ചാടിക്കടിച്ചെടുക്കുന്ന അവൻറെ കസർത്തുകൾ രസമുള്ള കാഴ്ചയാണ്. കുറെ ഏറെ നേരം അവരുടെ സ്‌നേഹപ്രകടനങ്ങൾ കണ്ടുനിന്നു. ആ സൗഹൃദം അനുഭവിക്കാൻ വേണ്ടി മാത്രമാണ് അന്ന് അപ്പൻ നേരത്തെ വന്നത് എന്ന് പോലും തോന്നിപ്പോയി. കൈയിലുള്ള ബിസ്‌ക്കറ്റ്‌ മുഴുവൻ കൊടുത്ത്‌ തീർത്ത് ശേഷം അപ്പൻ എന്നെ വിളിച്ചു.

“ഇവനെ നോക്കാൻ നിന്നെത്തന്നെ ഏപ്പിക്കുവാ. ഞങ്ങളിന്ന് രാത്രില് കാട്ടിൽ പോകും. മടക്കത്തണ്ടിൻറെ അങ്ങേ ചെരിവില് കാട്ടുപോത്തിൻറെ കൂട്ടം വന്നിട്ടൊണ്ടെന്ന് കുറിച്യൻ കേളു പറയുന്ന കേട്ടു. കാര്യം ശരിയാകാൻ വഴിയൊണ്ട്. കൊടകൻ വനത്തില് കാട്ടുതീ കേറീട്ടൊണ്ട്. അവിടുന്നുള്ള പോത്തും മലാനുമൊക്കെ അമ്പലപ്പാറവഴി കൂട്ടമായി തെക്കോട്ട് നീങ്ങിക്കാണും”

ഫെന്നാണ്ടിയുടെ തുടൽ കൈമാറുന്നതിനിടയിലും വർത്തമാനം തുടർന്നു. നായാട്ട് വിശേഷങ്ങൾ പങ്കുവെക്കാൻ അപ്പന് നൂറ് നാവാണ്‌.

“ഒരു പോത്തിനെ തട്ടണം. എൻറെ ഒരു വെല്യ മോഹമാണ്. ഇത്തവണ  എന്തായാലും അത് നടക്കുമെന്ന് എൻറെ മനസ്സ് പറയുന്നു. ഫെന്നാണ്ടി കേറിവന്ന ദിവസമല്ലേ. നല്ല ലക്ഷണം. ഇന്ന് തന്നെ പോണം. നേരം വെളുക്കുന്നേനു മുന്നേ പുൽമേട്ടിലെ പാറക്കെട്ടിൽ ചെന്ന് ഒളികണ്ടെത്തണം. രാവിലെ തിന്നാനിറങ്ങുന്ന ഒത്ത ഒരു ഉരുപ്പടിയെ ഉന്നം വെക്കണം. ഉണക്കിപ്പൊടിച്ച ഇറുകിലിയെ ഇളക്കിച്ചേർത്ത വെടിമരുന്നു നിറച്ച നടൻ തോക്കിൽ ഒരൊറ്റ പന്നിക്കരു മതി. ചങ്കിൻറെ കൂമ്പ് നോക്കി നിറയൊഴിക്കണം. പൊട്ടിയ തറിയിൽ വീണ്‌ ഉരു പെടക്കണം. പിന്നെ വെട്ടിക്കീറി തുണ്ടൻ കഷണങ്ങളാക്കി, വിരല് നീളത്തിൽ നുറുക്കി, ഉപ്പും കുരുമുളക് പൊടിം തേച്ച്‌പിടിപ്പിച്ച് പാറപ്പൊറത്തിട്ട് ഒണക്കണം. ഒണക്കെറച്ചിയുമായി മലയിറങ്ങാൻ മൂന്നാലു ദെവസം പിടിച്ചേക്കും. അതുവരെ നീ തന്നെ വേണം ഇവനെ നോക്കാൻ. മടങ്ങി വന്നിട്ട് ഇവൻറെ കാര്യം ഞാൻ ഏറ്റെടുത്തോളാം” 

 വാട്ട്കപ്പയും ഉപ്പും മുളകും ചട്ടിയും കലവും വെടിക്കോപ്പുകളും ഒക്കെ പൊതികെട്ടി. ഹെഡ്‍ലൈറ്റും ടോർച്ചും ഒരു കന്നാസ് കശുമാങ്ങാച്ചാരായവുമായി നാടുറങ്ങുന്ന നേരം നോക്കി നാൽവർ സംഘം കാവാലിപ്പുഴ കടന്ന് കാട് കയറി.

രാവിലെ കോളേജിൽ പോകാൻ നേരം ഫെന്നാണ്ടിയെ അമ്മയുടെ കയ്യിലേക്ക്  തൊടല് മാറിക്കൊടുക്കാൻ മറന്നില്ല. നാട്ടിൻപുറത്തെ സർവ്വകലാശാലകളാണ് പാരലൽ കോളേജുകൾ. വേനൽ കാലകാലമായതിനാൽ കമ്പളപ്പാറ അങ്ങാടി വരെ രണ്ട് ബസ്സുകൾ സർവീസ് നടത്തുന്നുണ്ട്. അതിലൊരെണ്ണം രാവിലെ ഒൻപതരക്ക് പുറപ്പെടും. ആ ബസ്സിലാണ് യാത്ര. വൈകുന്നേരം അഞ്ചരക്ക് അതേ ബസ്സിൽ തന്നെ കമ്പളപ്പാറയിൽ തിരിച്ചെത്തും. പിന്നെ വീട്ടിലേക്ക് ഒറ്റ ഓട്ടമാണ്. ചാലിത്തറക്കാരുടെ കൊയ്ത്തു കഴിഞ്ഞ കരക്കണ്ടത്തിൽ വോളിബോൾ കളി നടക്കുന്നത് കണ്ടില്ലെന്ന് വെച്ച് വേഗം നടക്കുമ്പോൾ “രണ്ടു ലിഫ്റ്റിട്ടു തന്നേച്ച്‌ പോടാ കുട്ടാ” എന്ന് ക്ഷണിക്കുന്ന ചാലിൽ തങ്കനോട് “ചെന്നിട്ട് അത്യാവശ്യ കാര്യമുണ്ടെന്ന്” പറഞ്ഞ് നിരാശനാക്കേണ്ടി വന്നു.  പുറത്തേക്കു തെറിച്ചു പോകുന്ന പന്തിൻറെ പിന്നാലെ ഓടിയ ഔട്ട് പെറുക്കിയിൽ നിന്നും തുടങ്ങിയതാണ്. ഇപ്പോൾ കമ്പളപ്പാറ ടീമിൻറെ മുഖ്യ ഡിഫൻഡറാണ്. സന്ധ്യമയങ്ങി പന്ത് കാണാതാവുന്നതു വരെ കളിച്ചാലും കൊതിയടങ്ങാത്ത പ്രകൃതമാണ്. എന്നാൽ അതിലും പ്രധാനപ്പെട്ടത് എന്തോ ഒന്ന് ജീവിതത്തിൽ കണ്ടെത്തിയതുപോലെയാണ് വീട്ടിലേക്കുള്ള ഓട്ടം. ആരോ തനിക്കു വേണ്ടി മാത്രമായി കാത്തിരിക്കുന്നപോലെ ഒരു തോന്നൽ. അത് ഫെന്നാണ്ടിയല്ലാതെ മറ്റാരുമായിരുന്നില്ല. വീട്ടിലെത്തിയാലുടനെ അവൻറെ അവകാശവും സ്‌നേഹവും അമ്മയിൽ നിന്നും മടക്കി വാങ്ങും. പിന്നെ കളിയും കളിപ്പിക്കലുമായി നേരം വൈകാൻ ഒരു പ്രയാസവുമില്ല.

അന്ന് വൈകുന്നേരം വീട്ടിലേക്കെത്തുമ്പോൾ അനിയത്തി ഓടി വന്നു.

“ചേട്ടായി ഇന്ന് അമ്മക്ക് ഒരക്കിടി പറ്റി”

“പോടി അവിടുന്ന്. അക്കിടിപോലും”

പെങ്ങളെ കൈയോങ്ങി ശാസിച്ചുകൊണ്ട് അമ്മ ഇടപെട്ടു.

“മോനെ ചെറിയൊരു കൈയബദ്ധം. അത്രയേ ഒള്ളു. പക്ഷെ അതുകൊണ്ടൊരു ഗൊണമൊണ്ടായി.

“എന്ത് ഗൊണം”

ഫെന്നാണ്ടിയുടെ പുതിയൊരു  ഗുണവിശേഷം കണ്ടെത്തിയ കാര്യം ഒത്തിരി സന്തോഷത്തോടെയാണ് അമ്മ പങ്കുവെച്ചത്.

“ഇന്നുച്ചക്ക് ചോറു കൊടുത്തപ്പോൾ ഞാൻ അവൻറെ തലേലൊന്നു തലോടി. കഴുത്തിൽ ചുറ്റിപ്പിടിച്ചൊന്ന് ലാളിച്ചു. അവൻറെ കീഴ്ത്താടിയേൽ  തടവുമ്പോൾ എന്തോ ഒരു തടിപ്പ് തോന്നി. നോക്കുമ്പോളൊരു മുട്ടൻ വട്ടൻ കടിച്ചു തൂങ്ങിക്കിടക്കുന്നു. തൊടല് കുടുക്കിയ ബെൽറ്റിൻറെ അടിയിലായിരുന്നതിനാൽ അതിനെ പറിച്ചു കളയാൻ വേണ്ടി ബെൽറ്റ് ഒന്ന്  അഴിക്കണ്ടിവന്നു. വട്ടനെ പറിച്ചെടുത്ത് കല്ലിൽ വെച്ച് ഇടിച്ചു കൊല്ലാൻ തിരിയുമ്പോൾ അവൻ തലയൊന്നു കുടഞ്ഞു. ബെൽറ്റോടുകൂടി തൊടല്  താഴെ വീണതും അവൻ ഒറ്റ ഓട്ടം. ഞാൻ ഞെട്ടിത്തരിച്ചുപോയി. നീ കൊണ്ടുനടക്കുന്ന വഴിയിലൂടെയെല്ലാം ഒരു ഓട്ടപ്രദിക്ഷണം നടത്തി അവൻ തിരികെ വന്നപ്പളാണ് ശ്വാസം നേരെ വീണത്. എടാ അന്നേരം അവനു ആരോടും വഴക്കില്ലടാ. തൊടല് കഴുത്തേൽ ഇല്ലെങ്കിൽ അവന് എല്ലാരോടും കൂട്ടാ. അവനെല്ലാരേം അറിയാം. പരിചയപ്പെട്ടവരിൽ ആര് വിളിച്ചാലും ഓടിച്ചെല്ലും. ഇഷ്ട്ടം കൂടും.  ഞാനൊന്നു ഞൊടിച്ചു വിളിച്ചതും അവൻ വന്നു തല കുമ്പിട്ടു നിന്നുതന്നു. ബെൽറ്റെടുത്ത് കഴുത്തിൽ കുടുക്കിയപ്പോളാണ് എൻറെ ജീവൻ തിരിച്ചുകിട്ടിയത്”

അമ്മ അത് പറയുമ്പോൾ ഞാൻ വാ പൊളിച്ചിരുന്നു കേൾക്കുകയായിരുന്നു. കാപ്പികുടി കഴിഞ്ഞാലുടനെ അക്കാര്യം ഒന്നു പരീക്ഷിക്കണമെന്ന് തീർച്ചപ്പെടുതുകയും ചെയ്‌തു. തുടലഴിച്ചുവിട്ടപ്പോൾ സൗമ്യനായ വേറൊരു ഫെന്നാണ്ടിയായി അവൻ രൂപാന്തരപ്പെടുന്ന അതിശയക്കാഴ്ച്ചയിൽ അമ്മ പറഞ്ഞതത്രയും ശരിയാണെന്ന് ബോധ്യപ്പെടുകയും ചെയ്‌തു.                                  

ഒഴിവുദിനങ്ങൾ അനുഗ്രഹമാണെന്ന് തിരിച്ചറിവുണ്ടായ ദിവസങ്ങളാണ് കടന്നു വന്നത്. കഠിനമായ കായികാധ്വാനത്തിൻറെ വിരസവും വിശ്രമരഹിതവുമായ അവധി ദിവസങ്ങളിലെ കൊടും വെയിലിൻറെ തീപ്പൊള്ളൽ പക്ഷേ, ഇണ കൂടെയുള്ളപ്പോൾ നറുനിലാവായി മാറുന്നപോലൊരു അനുഭവവം. ഇഷ്ട്ടപ്പെട്ടവരോടൊത്തു സമയം ചിലവഴിക്കാൻ കിട്ടുന്ന നിമിഷങ്ങൾ അമൂല്യങ്ങളാണെന്ന തിരിച്ചറിവിൽ പാടത്തും പറമ്പിലും പലവട്ടം നടന്നു. സർവ്വേക്കല്ലുകളുടെ മൂട്ടിൽ മൂത്രാഭിഷേകം നടത്തി അവൻ അതിരടയാളം ഉറപ്പിച്ചു. കാവാലിപ്പുഴയിലെ തൊറക്കൽ കയത്തിൽ ഒരുമിച്ചുനീന്തി. തോട്ടിറമ്പിലെ പാറമടയിലൊളിച്ച അജ്ഞാതനായ അഥിതിയെത്തേടി മണം പിടിച്ചു. അയൽവാസികളുടെ അസൂയ നിറഞ്ഞ നോട്ടം അവഗണിച്ചുകൊണ്ടാണ് അരയൊപ്പം പൊക്കമുള്ള അപൂർവ്വയിനം പട്ടിയോടൊപ്പം നടന്നത്. അങ്ങാടിയിൽ പോയിവരുന്ന നേരങ്ങളിൽ എൻറെ ആഗമനം തിരിച്ചറിയുന്ന ഫെന്നാണ്ടിയുടെ ഹർഷോന്മാദം വീടിൻറെ ഇറയവും മുറ്റവും കടന്ന് കമ്പളപ്പാറയുടെ അന്തരീക്ഷത്തോളം അലയടിച്ചുയരുമായിരുന്നു. അടുത്തുവന്നാൽ പിന്നെ എത്രനേരമാണെന്നോ സ്നേഹപ്രകടനങ്ങൾ. വേർപിരിയാനാവാത്ത ആത്മബന്ധത്തിൻറെ കാണാച്ചരടിൽ ബന്ധിതരായപോലെ മൂന്നു നാളുകൾ പിന്നിട്ടു.

അടുത്ത ദിവസം ഫെന്നാണ്ടിയുടെ സാമീപ്യം കൊതിച്ച്‌ കോളേജിൽ നിന്നും മടങ്ങിയെത്തുമ്പോൾ, ചോര വാർന്നു വീഴുന്ന വാക്കത്തിയുമായി കലിതുള്ളി നിൽക്കുന്ന അപ്പനെയാണ് കാണുന്നത്. ഉമ്മറപ്പടിയിൽ പേടിച്ചരണ്ട് നിൽക്കുന്ന അമ്മയും സഹോദരങ്ങളും. അനിഷ്ടകരമായത് ഒന്നും നടന്നിട്ടുണ്ടാകരുതേ എന്ന പ്രാത്ഥനയോടെയാണ് തിണ്ണയുടെ വടക്കേ കോണിലെ തൂണിന്‌ നേരെ കണ്ണോടിച്ചത്. ഫെന്നാണ്ടിയുടെ തുടലു പോലും കാണാനില്ല. അകവാള് വെട്ടുക എന്ന് പറയുന്നത് എന്താണെന്ന് ശരിക്കും അനുഭവിച്ചറിഞ്ഞു. കൊച്ചു തിണ്ണയിൽ തളം കെട്ടിക്കിടക്കുന്ന ചോരക്കളം. അവിടെനിന്നൊരു ചോരച്ചാൽ മുറ്റത്തിൻറെ തെക്കേ കോണിലേക്ക് ഒലിച്ചിറങ്ങുന്നുണ്ട്.    

“ദേണ്ടെ കിടക്കുന്നു നിൻറെ ഫെന്നാണ്ടി. എന്നെ അനുസരിക്കാത്ത  നായിൻറെ മോൻ”

മുറ്റത്തിൻറെ മൂലയിലെ ചവറ്റുകൂനക്കരികെ തലപിളർന്നു ചോരയിൽ കുളിച്ചു കിടക്കുന്ന ഫെന്നാണ്ടി. അതുവരെയുണ്ടാകാത്ത ഭീതിദമായ ഒരു വിറയൽ. കാലിൻറെ പെരു വിരലിൽ നിന്നും നെറുകൻതലയിലേക്ക്‌ അരിച്ചു കയറുന്ന ഭയപ്പാടിൻറെ കിടുങ്ങൽ. തലയിലൊരു പെരുപെരുപ്പ്. സകല രോമകൂപങ്ങളിലും വിയർപ്പുകണങ്ങൾ. അവൻറെ വാലെങ്കിലും ഒന്നനങ്ങിക്കാണണമേ എന്ന പ്രത്യാശയോടെ നിർന്നിമേഷനായി നിന്നുപോയി.           

“കൊണ്ടേ  കുഴിവെട്ടി മൂടഡാ നിൻറെ ഫെന്നാണ്ടിക്കഴുവേറിയെ.. എന്നെ അനുസരിക്കാത്ത ഒരു മൈരനും ഇവിടെ ജീവിക്കണ്ട. കലിയടങ്ങാതെ അലറുന്ന അപ്പനെ ദൃശ്യകോണിൽ പോലും നേരിടാനാവാതെ നെഞ്ചകം പൊള്ളുന്ന വിങ്ങലോടെ പൊട്ടിക്കരഞ്ഞുകൊണ്ട് അകത്തേക്ക് ഓടി.

“എന്നാത്തിനാടാ കെടന്ന് മോങ്ങുന്നേ…നിൻറെ അപ്പനെങ്ങാനും ചത്തോ…? ” അപ്പൻറെ മുഴങ്ങുന്ന ശബ്ദം.

” അവൻ വല്ല വഴിക്കും ഓടിപ്പോയാലോന്ന് പേടിച്ചിട്ടാ മോനെ ഞാൻ  പൂട്ടിയിട്ടത്. നാലഞ്ച് ദിവസം കാട്ടിൽ കെടന്നിട്ട്  ഒന്നും കിട്ടാത്തേൻറെ ദേഷ്യത്തിന്, കേറിവന്നപാടേ അവനെ മര്യാദ പഠിപ്പിക്കാൻ നോക്കിയതാ.. ഏതു നേരത്താണാവോ അവനെ പൂട്ടിയിടാൻ തോന്നിയത്… ”

അമ്മയുടെ വാക്കുകളിൽ നെഞ്ചകം നീറുന്നതിൻറെ ചൂടറിയാം. വേഷം മാറി അരയിലൊരു കച്ചത്തോർത്തുമാത്രം ചുറ്റി പിന്നാമ്പുറത്തെ ചാർത്തിലേക്ക് ഓടി. പണിയായുധങ്ങളുടെ കൂട്ടത്തിൽ പരതി ഒരു നാടൻ തൂമ്പ കണ്ടെടുത്തു. മുറ്റത്തിന് താഴേക്ക് നടക്കല്ലിറങ്ങി. നടവഴിയിൽ നിന്നും നാലഞ്ചു ചുവട് മാറി ആഞ്ഞുകിളച്ചുതുടങ്ങി.

“ഇവിടെ വേണ്ടാരുന്നു” എന്നൊരു അഭിപ്രായം അപ്പൻ പറഞ്ഞെങ്കിലും ചെവികൊടുത്തില്ല. കമ്പിയും പിക്കാസുമൊക്കെയായി അപ്പൻ  സഹായിക്കാനെത്തിയപ്പോൾ സഹികെട്ടു.

“അടുത്തേക്ക്  വന്നേക്കരുത്”

വാവിട്ടലറിക്കൊണ്ട് തൂമ്പ തലക്ക് മുകളിലേക്ക് ഉയർത്തി  വട്ടംചുഴറ്റി. പകച്ചുപോയ അപ്പൻ പിൻവാങ്ങി. ഒരു നുള്ളു മണ്ണ് പോലും കോരാൻ അനുവദിച്ചില്ല. അവൻറെ അന്ത്യകർമ്മങ്ങൾ ഒറ്റയ്ക്ക് ചെയ്യണമെന്ന വാശിയായിരുന്നു. അത്രമേൽ സ്നേഹിച്ച ഫെന്നാണ്ടിയോടുള്ള കനിവ് കിനിയുന്ന കടപ്പാടിൻറെ വിങ്ങലായിരുന്നു. അപ്പനോടുള്ള കലിയടങ്ങാൻ വേണ്ടി ആഞ്ഞാഞ്ഞു കിളച്ചു. ഭ്രാന്തമായ ഒരു വിറയലോടെയാണ് കുഴിയിൽ നിന്നും മണ്ണ് കോരി പുറത്തേക്ക് എറിഞ്ഞുകൊണ്ടിരുന്നത്. കുഴി പൂർത്തിയായപ്പോൾ കിതപ്പടങ്ങാൻ കാത്തുനിൽക്കാതെ മുറ്റത്തേക്ക് നടന്നു. ഫെന്നാണ്ടിയുടെ കഴുത്തിൽ കിടന്ന ചങ്ങലയോട് കൂടിത്തന്നെ അവനെ കോരിയെടുത്തു. നടുവേ പിളർന്ന ശിരസ്സ് കഴുത്തൊടിഞ്ഞ കോഴിത്തലപോലെ കിഴുക്കാം തൂക്കായി മണ്ണിലേക്ക് നോട്ടമെറിഞ്ഞു. തലച്ചോറും ചോരയും കലർന്ന മിശ്രിതം വാർന്നൊഴുകി. ചെകിടിപ്പിക്കുന്ന മണം മൂക്കിലേക്ക് അടിച്ചുകയറി. കിതപ്പും കരച്ചിലും കലർന്ന ഒരുതരം മുക്രയികൊണ്ടാണ് അവനെ സംസ്ക്കരിച്ചത്. പട്ടിയോ കുറുക്കനോ വന്ന് മാന്തിപ്പുറത്തിടാതിരിക്കാൻ വേണ്ടി വലിയ കല്ലുകൾ ശവക്കൂനക്ക് മുകളിലേക്ക് ഉരുട്ടിക്കയറ്റി. എല്ലാത്തിനും മൂക സാക്ഷികളായി അമ്മയും സഹോദരങ്ങളും നോക്കി നിന്നു. അതുവരെ കാണാത്ത ഒരു മകനെ തിരിച്ചറിഞ്ഞ അവിശ്വസനീയതയുടെ അന്ധാളിപ്പുമായി അപ്പൻ നടക്കല്ലിൽ  കുനിഞ്ഞിരിക്കുന്നു.

കണ്ണിലേക്ക് ഒഴുകിപ്പരക്കുന്ന വിയർപ്പുകണങ്ങൾ വടിച്ചുമാറ്റിയപ്പോൾ അമ്മ കരുതി വെച്ചിരുന്ന വലിയ കോപ്പയിലെ വെള്ളം കണ്ടു. ഒറ്റ വലിക്ക് അത് മുഴുവനും കുടിച്ചിറക്കി. നെഞ്ചിൻകൂട്ടിൽ തിക്കുമുട്ടലുണ്ടായപ്പോൾ കൈകൾ ആകാശത്തേക്കുയർത്തി മൂരി നിവർത്തി. ഒന്നുരണ്ട് ഏമ്പക്കം പോയി. പിന്നെ ആ കുഴിയരുകിലേക്ക് തിരികെ നടന്നു. കൈരണ്ടും തലയിൽ പൊത്തിപ്പിടിച്ചുക്കൊണ്ട് ഇളക്കുമണ്ണിലേക്ക് മുട്ടുകുത്തി. വൈകാതെ പിന്നാക്കം മലർന്നു വീണുപോയി. വിയർപ്പും ക്ഷീണവും അടങ്ങുന്നതു വരെ ആ മൺകൂനക്കരികിലെ പച്ച മണ്ണിൽ നീണ്ടു നിവർന്നങ്ങനെ കിടന്നു. ഫെന്നാണ്ടിയുടെ ജഢതിങ്ങിയ കഴുത്തിൽ ഇരു കൈകളും ചുറ്റിപ്പിണഞ്ഞു ലാളിക്കുമ്പോൾ അവൻറെ നനവൂറുന്ന നാവുകൊണ്ട് കവിളിൽ നക്കുന്നതിൻറെ കുളിരറിഞ്ഞു. സ്നേഹത്തിൻറെ നറുംനനവ് തുടച്ചുകൊണ്ട് കവിളിൽ മെല്ലെ തലോടിയപ്പോൾ മറുകവിളിലും തലയിലും ദേഹമൊന്നാകെയും നനവിൻറെ കുളിരുമായി പെരുമഴ പെയ്‌തിറങ്ങുകയായിരുന്നു.


ഫ്രാൻസിസ് ദേവസ്യ

കൂടൊരുക്കൽ


 
ചില്ലമേലേറിയങ്ങൊന്നു നോക്കി

ചിന്നച്ചെറുകിളിപ്പെണ്ണങ്ങനെ

കൂടൊന്നുരുക്കുവാനായിതച്ഛൻ

കൊക്കിലങ്ങേന്തി പലതങ്ങനെ

കുഞ്ഞിളം ചില്ലയിന്മേലങ്ങനെ

കൺമണിക്കുള്ളൊരാ കൂടു വച്ചു.

പൊന്നിളം മേനിയോ നോവാതെ

യാ പഞ്ഞിക്കിടക്കയൊരുക്കി വച്ചു.

ഒന്നിച്ചിരുന്നു മെനയുന്നു സ്വപ്നങ്ങൾ

തന്നിണ തൻ കൊക്കുരുമ്മിയതാ

എങ്ങിനെയാരെപ്പോലായിരിക്കും

എന്നോമൽ പൈതലെന്നച്ഛൻ കിളി

കുഞ്ഞവനച്ഛനെപ്പോലെ തന്നെ

തന്നെയെന്നങ്ങു മൊഴിഞ്ഞമ്മയും


ജയേഷ് പണിക്കർ

അഗ്നിയിൽ വേവാത്ത പൂവ്


 സ്കൂൾ മുറ്റം ഉത്സവഛായയോടെ അലങ്കരിക്കപ്പെട്ടിരുന്നു. നിറഞ്ഞ സദസ്സിന്റെ കയ്യടികൾക്കിടയിലൂടെ ദേവാനന്ദൻ വേദിയിലേക്കാനയിക്കപ്പെട്ടു. സ്വതസിദ്ധമായ പുഞ്ചിരിയോടെ അദ്ദേഹം സദസ്സിലേക്കു കണ്ണോടിച്ചു. ദേശീയ പുരസ്‌കാരജേതാവിന്റെ യാതൊരു ഭാവവാഹാദികളുമില്ലാതെ.

തന്റെ പിതാവ് ജോലിസംബന്ധമായി ഈ നാട്ടിലുണ്ടായിരുന്ന രണ്ടു വർഷം പഠിച്ച വിദ്യാലയത്തിലാണ് ഇന്ന് ദേവാനന്ദൻ ക്ഷണിക്കപ്പെട്ടിരിക്കുന്നത്. തെളിച്ചം കുറഞ്ഞ ഓർമ്മകളിലെ സ്കൂൾ മുറ്റവുമായി യാതൊരു ബന്ധവും ഇപ്പോൾ കാണാനില്ലെന്ന് ഒരു മൃദുവ്യഥയോടെ അദ്ദേഹമോർത്തു.

“ബഹുമാന്യരെ” അദ്ധ്യക്ഷൻ പറഞ്ഞു തുടങ്ങി

“ഒരസുലഭമുഹൂർത്തത്തിനു സാക്ഷികളാകാൻ തെരഞ്ഞടുക്കപ്പെട്ടവരാണ് നാമോരോരുത്തരും. ദേശീയ പുരസ്‌കാര ജേതാവും ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥിയുമായ ശ്രീ ദേവാനന്ദനെ ആദരിക്കാൻ ഭാഗ്യം ചെയ്തവരാണു നമ്മൾ. എത്രയോ വർഷങ്ങളായി മലയാള സാഹിത്യത്തിന്റെ തിരുമുറ്റത്ത് സുഗന്ധം വിരിയിച്ച സൃഷ്ടികൾ നടത്തിയ ഇദ്ദേഹത്തെയാദരിക്കാൻ ഇത്രയും നാൾ കഴിയാതിരുന്നത് മാപ്പർഹിക്കാത്ത തെറ്റെന്നേറ്റുപറഞ്ഞുകൊണ്ട് നിറഞ്ഞ കയ്യടികളോടെ ഈ ചടങ്ങിലേക്ക് നമുക്ക് സ്വാഗതം ചെയ്യാം.”

പ്രാസംഗീകരുടെ വാക്കുകളിലൂടെ ദേവാനന്ദനെക്കുറിച്ച്, അദ്ദേഹത്തിന്റെ രചനകളെക്കുറിച്ച് സദസ്സ് കൂടുതൽ കൂടുതലറിഞ്ഞു.

അവസാനത്തെ ആശംസാ പ്രസംഗത്തിനായി സ്കൂളിന്റെ പ്രധമാദ്ധ്യാപിക ഗോപികാ ദാസ് എഴുന്നേറ്റു.

“വേദിയിലും സദസ്സിലുമിരിക്കുന്ന എല്ലാവർക്കും എന്റെ നമസ്കാരം. ഇവിടെ വരാമെന്നേറ്റിരുന്നയാളിന്റെ പെട്ടെന്നുണ്ടായ അസൗകര്യമാണ് ആശംസാ പ്രസംഗത്തിലേക്കെന്നെയെത്തിച്ചത്.”

“ഞാനൊരു കഥ പറഞ്ഞുകൊണ്ട് തുടങ്ങാം. പഠിച്ചു കൊണ്ടിരിക്കേ വിവാഹത്തിനു സമ്മതിക്കേണ്ടിവന്ന ഒരു നാട്ടിൻപുറത്തുകാരിയുടെ കഥ. സുമുഖനായ ചെറുപ്പക്കാരൻ, നല്ല വിദ്യാഭ്യാസം, ജോലി.  അവൾക്കൊരു നിബന്ധനയേയുള്ളായിരുന്നു. വിവാഹത്തിനു ശേഷവും പഠനം പൂർത്തിയാക്കണം, ഒരു ജോലി നേടണം.

എന്നാൽ ആദ്യരാത്രിയിൽത്തന്നെ അവളുടെ ആഗ്രഹങ്ങൾക്കുമേൽ ലിംഗമേധാവിത്വത്തിന്റെ ഉഗ്രശാസനം. തന്റെ ഭാരിച്ച സ്വത്തിനനന്തരാവകാശികളുണ്ടാവാനും അവരെ പോറ്റി വളർത്താനും തന്റെ കാര്യങ്ങൾ നോക്കാനുമാണ് കല്യാണം കഴിച്ചതെന്നു ഭർത്താവ് തുറന്നടിച്ചപ്പോൾ, വീണുടഞ്ഞ സ്വപ്നങ്ങളിൽ തട്ടി ചോരയൊലിപ്പിച്ചിരി ക്കാൻ അവൾ തയ്യാറല്ലായിരുന്നു. ഒരു ദിവസത്തെ പോലും ആയുസ്സ് തികയാത്ത ദാമ്പത്യത്തെ ഒരു ദു:സ്വപ്നം പോലെ കുടഞ്ഞെറിഞ്ഞ് അവൾ ഭർതൃഗൃഹത്തിന്റെ പടികളിറങ്ങി.”

“രണ്ടു കയ്യും നീട്ടി സ്വീകരിച്ച മാതാപിതാക്കളായിരുന്നു അവളുടെ ശക്തി.”

“അന്നവൾ തിരികെ വരാതിരുന്നെങ്കിൽ ഇന്ന് ഈ സ്കൂളിന്റെ പ്രധമാദ്ധ്യാപിക മറ്റൊരാളായിരുന്നേനെ”

സദസ്സിൽ നിന്നും നിർത്താത്ത കരഘോഷം. ദേവിക തുടർന്നു,

“മാറു മറയ്ക്കാൻ നികുതിയടക്കേണ്ടി വന്ന ഒരു സ്ത്രീ സമൂഹം, സമത്വത്തിന്റെ ഈ നവനാൽക്കവലയിൽ ചർച്ചയല്ലാതായിട്ട് കാലമേറെയായി. പൂർണ്ണമായ സ്ത്രീ സമത്വമെന്നതിപ്പോഴും ഒരു മരീചികയാണെന്ന തിരിച്ചറിവ്, അതിശ്തമായ ഭാഷയിൽ “അഗ്നിയിൽ വേവാത്ത പൂവ്” എന്ന തന്റെ നോവലിലൂടെ അനുവാചകരിലേക്കെ- ത്തിച്ചിരിക്കുകയാണ് ശ്രീ ദേവാനന്ദൻ. സ്ത്രീ സമത്വമെന്ന സുന്ദരമായ സങ്കൽപ്പം തന്റെ മിക്ക സൃഷ്ടികളിലും വിഷയമാവുകയും അതു  വായനക്കാർ സ്വീകരിക്കുകയും ചെയ്യുന്നത് സമൂഹം ഈ വിഷയത്തിനു നൽകുന്ന പ്രാധാന്യമാണ് കാണിക്കുന്നത്.”

“ശ്രീ ദേവാനന്ദന്റെ സ്ഥാനത്ത് ഒരു സ്ത്രീ യാണിങ്ങനെയെഴുതുന്നതെങ്കിൽ അവൾ ഒരു സ്ത്രീപക്ഷയെഴുത്തുകാരിയെന്നാവും അറിയപ്പെടുക. എന്നാൽ ഇദ്ദേഹത്തെയാരും സ്ത്രീപക്ഷയെഴുത്തുകാരനെന്നു വിശേഷിപ്പിക്കില്ല. നാമാർജ്ജിച്ചുവെന്നു നമ്മെ വിശ്വസിപ്പിച്ച, നാം വിശ്വസിച്ച സ്ത്രീ സമത്വത്തിന്റെ യഥാർത്ഥയവസ്ഥ, വരികൾക്കിടയിൽ വായിച്ചുബോദ്ധ്യപ്പെ ടേണ്ടിയിരിക്കുന്നു.”

ഒന്നു നിർത്തിയിട്ട് അവർ അവസാനിപ്പിച്ചു,

“ദേശീയ പുരസ്‌കാരജേതാവായ ശ്രീ ദേവാനന്ദനെ അഭിനന്ദിക്കുന്നതോടൊപ്പം, ഒരിക്കലുമുണങ്ങാത്ത ആ തൂലികത്തുമ്പിൽ നിന്നും പാർശ്വവൽക്കരിക്കപ്പെട്ട സ്ത്രീകൾക്കു വേണ്ടി സംസാരിക്കുന്ന അക്ഷരങ്ങൾ ഇനിയുമിനിയും പിറക്കട്ടെയെന്നുമാശം- സിച്ചു കൊണ്ട് നിർത്തുന്നു. നന്ദി.”

ചടങ്ങ് അതിന്റെ  പൂർണ്ണതയിലേ- ക്കെത്തുംമുമ്പ് ദേവാനന്ദന്റെ മറുപടി പ്രസംഗം.

“സമൂഹമെന്നത് വിളക്കെണ്ണയാണ്. അതിലൊരു തിരിയിട്ട് കത്തിക്കുകയാണ് എഴുത്തുകാരൻ ചെയ്യുന്നത്. തിരി നന്നെങ്കിൽ അതു നന്നായിക്കത്തും. ക്ളാവു പിടിക്കാത്ത നിലവിളക്കെങ്കിൽ അതു ചുറ്റും പ്രകാശം പരത്തും.”

“എന്നാൽ ഇടക്കിടക്ക് ആ തിരി നീട്ടിക്കൊടുത്തില്ലെങ്കിൽ കരിന്തിരി കത്തി, പ്രകാശമന്യമാവും. അപ്പോഴും വിളക്കെണ്ണ വറ്റുന്നില്ലയെന്നോർക്കണം. “

“ഇത്രയും കാലം ഞാൻ ശ്രദ്ധയോടെ നീട്ടിക്കൊണ്ടിരുന്ന എന്റെ തിരികൾ ഇന്നിവിടെ തീർന്നു പോയിരിക്കുന്നു. വൈകിയെത്തിയ തിരിച്ചറിവുകൾ പുതിയ തിരികൾക്കയിത്തം കല്പിച്ചിരിക്കുന്നു. തണുത്തുറഞ്ഞ കാൽപ്പനികതയെ നേരിന്റെ വെയിൽച്ചൂടു കൊണ്ടിനിയുരുക്കുവാനാവില്ല. കാലത്തിന്റെ കാവ്യനീതിയാവാം.”

“ഈ ആദരവിനു നന്ദി. എഴുത്തുകാരന്റെ ആടയാഭരണങ്ങളഴിച്ചുവച്ച് ഒരു സാധാരണ മനുഷ്യനായി ഞാൻ പടിയിറങ്ങുന്നു. എല്ലാവർക്കും നല്ലതു വരട്ടെ.”

സ്തബ്ധമായ വേദി വിട്ട്, നിശ്ശബ്ദമായ സദസ്സിലൂടെ ദേവാനന്ദൻ തിരികെ നടന്നു. ഇളവെയിലിൽ വാടിയ പൂവു പോലെ.


അനിൽ കുമാർ എം ബി

കട(ൽ)ലാസ്


 

അക്ഷരങ്ങൾ പഠിച്ച്

വാക്കുകളെ കടലാസിന്റെ വരയിട്ട

കൂട്ടിൽ കയറ്റുമ്പോൾ

പതിവുതെറ്റിച്ചൊരുവൻ പുറത്തേയ്ക്ക് ചാടുന്നു.

നിഘണ്ടുവിൽ നിന്ന്

പുറത്താക്കപ്പെട്ട വിപ്ലവകാരികളുമായി അവൻ കൂട്ടുകൂടുന്നു,

പൂർണവിരാമത്തിന്റെ ചങ്ങലയിൽപ്പെടാതെയവർ

കടലാസുകളെ അസ്വസ്ഥതയുടെ കടലാക്കുന്നു.

മണ്ണിൽ,

ഇലയിൽ,

ചുമരുകളിലവർ വിരിയിച്ചത്ര അർഥങ്ങൾ ഒരു പുസ്തകത്തിലും ആരും പകർത്തി വച്ചിട്ടേയില്ല.


നവ്യ എസ്

വൈകാരിക ബുദ്ധി


 വിവേക ബുദ്ധി അഥവാ ഐ ക്യൂ [ഇമോഷണൽ കോഷ്യന്റ്] വിനെ കുറിച്ച് എല്ലവരും കേട്ടിരിക്കും. അതുപോലയോ അതിലും പ്രധാനമോ ആണു ഇ ക്യൂ. എന്ന ഇമോഷണൽ ഇന്റെലിജെൻസ്അഥവാ ഇമോഷണൽ കോഷിയന്റ്.

സ്വന്തം വികാരങ്ങളെ കുറിച്ച് ധാരണയുണ്ടായിരിക്കുക. അവ വിവിധ സാഹചര്യങ്ങൾക്കനുസരിച്ച് യുക്താനുസരണം ഉപയോഗിച്ച് പ്രശ്നങ്ങളില്ലാതെ ജീവിക്കുക എന്നതാണു ഇ.ക്യൂ നോർമലായവന്റെ രീതി.

വ്യക്തി ജീവിതത്തിലും തൊഴിൽ മേഖലയിലും വിജയത്തിന് ഉയർന്ന ഇ.ക്യൂ. അത്യന്താപേക്ഷിതമാണ്.

അമേരിക്കൻ സൈക്കോളജിസ്റ്റായ ഡാനിയേൽ ഗോല്മാൻ ആണു ഇമോഷണൽ ഇന്റിലിജെൻസിനെ പ്രശസ്ഥമാക്കിയത്. ഇ.ക്യൂ വിനു പല തലങ്ങളുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നു.

സ്വന്തം വികാരത്തെ കുറിച്ചുള്ള ബോധമാണു ഒന്നാമത്തേത്. എനിക്ക് വേഗം ദേഷ്യം വരുന്ന പ്രകൃതമുണ്ട്, അല്ലങ്കിൽ സങ്കടം വരുന്ന പ്രകൃതമുണ്ടെന്ന തിർച്ചറിവ് പ്രധാനമാണ്. ആ യാഥാർഥ്യത്തെ അംഗീകരിക്കാൻ കഴിഞ്ഞാലേ നമുക്ക് അടുത്ത ഘട്ടത്തിലേക്ക് പോകാനാവൂ. ചിലർ ഈ അവസ്ഥയിൽ നിന്നു മാറാൻ താൽപ്പര്യപെടുന്നില്ല. ദേഷ്യം എനിക്ക് പരമ്പര്യമായി കിട്ടിയതാ എന്ന് അഭിമാനത്തോടെ പറയുന്ന ധാരാളം ആൾക്കാരെ കണ്ടിട്ടുണ്ട്. അവർക്ക് ഇ ക്യൂ കുറവാണെന്നതാണു യാഥാർത്ഥ്യം.

അവരുടെ പാരമ്പര്യം മറ്റുള്ളവർ സഹിക്കണം എന്നു പറയുന്നതിൽ എന്തു ന്യായമാണുള്ളത് ?.

വികാരങ്ങൾ നമ്മെ ഭരിക്കാതെ നാം അവരെ ഭരിക്കുന്ന രീതിയിലാകണം കാര്യങ്ങൾ. ചിലർ നമ്മുടെ ഈ സ്വഭാവത്തെ മുതലെടുക്കും. നമ്മെ പ്രകോപിപ്പിച്ച് പ്രശ്നങ്ങളിൽ ചാടിക്കും. എം.എൻ വിജയൻ മാഷ് പറഞ്ഞിട്ടുണ്ട് പ്രസംഗിക്കുമ്പോൾ ഇടയ്ക്കുള്ള കൈയടികളെ ഭയക്കണം, നമ്മുടെ വായിൽ നിന്നും ആവേശത്തിൽ പലതും ചാടാതെ സൂക്ഷിക്കണം. നമ്മുടെ ചില മന്ത്രിമാമാരും നേതാക്കൻ മാരും ഇങ്ങനെ വൻ കുടുക്കിൽ ചാടുന്നതും അവരെ ചില സൂത്രക്കാരായ മാധ്യമ പ്രവർത്തകർ പ്രകോപിപ്പിച്ച് വൻ കുഴിയിൽ ചാടിക്കുന്നതും അവർക്ക് സത്യത്തിൽ ഇ.ക്യൂ കുറവുള്ളതുകൊണ്ടല്ലേ?

ഇ ക്യൂ കുറവുള്ളവർക്ക് ‘നൊ’എന്ന് പറയാൻ പലകാര്യത്തിലും സാധിക്കില്ല. അങ്ങനെ പല പല പ്രശ്നങ്ങളിലും ചെന്നു ചാടുകയും ചെയ്യും. വികാരങ്ങൾക്ക് വേഗത്തിൽ തീരുമാനങ്ങളെടുക്കാൻ സാധിക്കും. പക്ഷെ അത് മിക്കപ്പോഴും യുക്തിസഹമായിരിക്കില്ല. അതു നടപ്പാകിയാൽ അതിന്റെ അനന്തര ദുഷ്ഫലങ്ങൾ നമ്മൽ അനുഭവിക്കേണ്ടിയും വരും.

മറ്റുള്ളവരുടെ വികാരങ്ങൾ മനസ്സിലാക്കാനുള്ള ശേഷിയുണ്ടായിരിക്കുക എന്നതാണു മറ്റൊരു പ്രധാന കാര്യം. തന്നെ പോലെ അവർക്കും വികാരങ്ങളുണ്ടെന്നും. അവയും നമ്മുടെ വികാരം പോലെ ക്ഷണികങ്ങളാണെന്നും അതുകഴിഞ്ഞാൽ അവർക്കും വിവേകം വരുമെന്നും മനസ്സിലാക്കാനുള്ള കഴിവാണു നേടേണ്ടത്.

ഇ.ക്യൂ കുറഞ്ഞവരിൽ ഒരു വികാരം ദീർഘകാലം നീണ്ടു നിൽക്കും. അത് സന്തോഷമായാലും, സങ്കടമായാലും, സ്നേഹമായാലും, പ്രേമമായാലും, മറ്റുവരോടുള്ള ദേഷ്യമായാലും, വെറുപ്പായാലും, കുശുമ്പായാലും ദീർഘമായി ഒരേ വികാരങ്ങൾ നമ്മളെ ഭരിച്ചാൽ ജീവിതം കട്ടപ്പൊകതന്നെ. വികാരങ്ങളുടെ തീരുമാനങ്ങൾ മിക്കവാറും ബുദ്ധിക്കു നിരക്കുന്നതായിരിക്കില്ല. ഇതു മൂലം നമുക്കു ഭാവിയിലുണ്ടാകുന്ന നാശനഷ്ടങ്ങൾ കൂടുതലായിരിക്കും.

രാഷ്ട്രീയത്തിനും, മതത്തിനും, പ്രണയത്തിനും, പ്രശസ്തിക്കും വേണ്ടിയൊക്കെ മരിക്കുന്നവർ ഒരുകണക്കിൽ പറഞ്ഞാൽ ഇ ക്യൂ കുറഞ്ഞവരാണ്. അവർക്കവരുടെ ശരിയുണ്ടാകും. എന്നാൽ ഒന്നു മാറിനിന്നു നോക്കിയാൽ മനസ്സിലാകും വികാരങ്ങളിലെ തെറ്റ്.

സൈക്കോളജിക്കൽ കൗൺസലിങ്ങ് എന്നാൽ വൈക്കാരിക ബുദ്ധിയുടെ ഇടപെടലിൽ കഷ്ടപ്പെടുന്ന ഒരാളെ വിവേകത്തിന്റെ [ഐ.ക്യൂ ] നിയന്ത്രണത്തിലേക്കു കൊണ്ടുവരുകയെന്നതാണ്. അതുപോലെ മറ്റുള്ളവന്റെ വികാരം മനസ്സിലാക്കുവാനും അവയിലെ പോരായ്മകൾ കണ്ടെത്താനും സാധിക്കുന്നവർ. അതായത് ഒരേസമയത്ത് വിവേകവും വികാരവും ഒത്തൊരുമിച്ച് പ്രവർത്തിപ്പിക്കുന്നവർക്കേ നല്ലൊരു സൈക്കോളജിക്കൽ കൗൺസിലർ ആകാൻ കഴിയൂ.

ചിലർ സ്വന്തം ഇ ക്യൂ കുറവിനെ മാർക്കറ്റ് ചെയ്ത് കൈയ്യടിനേടുകയും ചെയ്യും. മലയാളത്തിലെ മണ്മറഞ്ഞ ഒരു മഹാപ്രതിഭയായ നടൻ ഇത്തരത്തിൽ മിടുക്കനായിരുന്നു. എല്ലാവരിലും വികാരങ്ങളുണ്ടെന്നും അവയെ എങ്ങനെ ഇളക്കാമെന്നും അദ്ദേഹത്തിനു നന്നായറിയാമായിരുന്നു.അദ്ദേഹം മരിക്കേണ്ടിവന്നതും വിവേകരഹിതമായ ചില കാര്യങ്ങളിൽ ഏർപ്പെട്ടതുകൊണ്ടാണല്ലോ?

ബുദ്ധികൂടുതലുള്ളവനെ അഥവാ ഐ.ക്യൂ കൂടുതലുവനെ നാം ബഹുമാനിക്കുന്നപോലെ ഇ ക്യൂ കൂടുതലുവരെയും നാം ബഹുമാനിച്ച് പോകും. ഒരു നല്ല നേതാവാകണമെങ്കിൽ ഇ ക്യൂ കൂടുതലുണ്ടാവണം. അണികളിലെ വികാരങ്ങൾ ഉയർത്തണം എന്നാൽ അത് തന്റെ നിയന്ത്രണത്തിൽ ആയിരിക്കുകയും വേണം.

ഏതു തൊഴിൽ മേഖലയിൽ വിജയിക്കണമെങ്കിലും ഇക്യൂ ആവശ്യമാണ്. പല കമ്പനികളും ഇന്റർവ്യൂകളിൽ നിങ്ങളുടെ ഐ ക്യൂ അല്ല ഇ ക്യൂ ആണു പരീക്ഷിക്കാറുള്ളത്. അവർ മനപൂർവ്വം നിങ്ങളെ പ്രകോപിപ്പിക്കാൻ ശ്രമിക്കും. കസ്റ്റമർ പല സ്വഭാവക്കാരായിരിക്കും. അവരുടെ വികാരത്തെ മാനിക്കണം. എന്നാലേ കച്ചവടം എന്ന നിങ്ങളുടെ ലക്ഷ്യം വിജയിക്കു. ഇന്ന് കസ്റ്റമേർസിനു ധാരാളം ഓപ്ഷൻസ് ഉണ്ട്. നല്ല രീതിയിൽ പെരുമാറിയില്ലങ്കിൽ അവർ അടുത്ത സ്ഥലത്തെ ആശ്രയിക്കും . ഏതു മേഖലയിലും ഇത് യാദാർഥ്യമാണെന്നറിയുക.

എങ്ങനെ നമുക്ക് വൈകാരിക ബുദ്ധി കൂട്ടാം?

ഐ ക്യൂ പോലെയല്ല ഇ ക്യൂ. ഇത് നമുക്ക് പഠിക്കാനും, വർദ്ധിപ്പിക്കാനും സാധിക്കും.

സ്വയം വിശകലനം ചെയ്യാൻ നിങ്ങൾ തയ്യാറുണ്ടോ, മാറാൻ നിങ്ങൾ തയ്യാറാണോ എങ്കിൽ വഴിയുണ്ട്. തന്റെ വൈകാരിക സ്വഭാവത്തിലെ ശക്തിയെന്തെന്നും ബലഹീനതയെന്തെന്നും സ്വയം ചോദിക്കുക

എന്റെ വൈകാരികത എന്റെ തീരുമാനങ്ങളെ എങ്ങനെ ബാധിക്കുന്നു എന്നറിഞ്ഞിരിക്കുക.

നിങ്ങളുടെ സ്വഭാവ വൈഷമ്യങ്ങൾ ഒരു ബുക്കിൽ എഴുതിവയ്ക്കുകയാണു ഒന്നാമത് വേണ്ടത്.

കൂടുതൽ നന്നാകാൻ ആഗ്രഹിക്കുന്നവർ തന്റെ സ്വഭാവ വിശേഷത്തെ കുറിച്ച് അഭ്യുദയകാംഷികളോട് ചോദിക്കുകയും ചെയ്യാം. സമ്മർദ്ദ ഘട്ടങ്ങളിൽ നിങ്ങൾ എങ്ങനെ പെരുമാറുന്നു എന്നത് അവരോട് ചോദിച്ചറിയുക. അവർ ആരോപിക്കുന്ന തകരാറുകൾ ഇനി അവരെകൊണ്ട് പറയിപ്പിക്കില്ല എന്നങ്ങു തീരുമാനിക്കൂ.

ഇതാണു മറ്റുള്ളവർ കാണുന്ന ഞാൻ എന്ന യാദാർത്ഥ്യത്തെ അങ്ങ് അംഗീകരിക്കുക.

ജോലിസ്ഥലങ്ങളിലും മറ്റും നിങ്ങൾക്ക് പ്രശ്നം അനുഭവപ്പെടുന്നുണ്ടോ. പലരും നിങ്ങളെ കുറ്റപെടുത്തുന്നുണ്ടെങ്കിൽ മിക്കവാറും പ്രശ്നം നിങ്ങളുടേത് തന്നെയാണു എന്ന യാദാർത്ഥ്യം, എത്രപെട്ടന്ന് അംഗീകരിക്കുന്നുവോ അത്രയും പെട്ടെന്ന് നിങ്ങൾക്ക് നല്ലവനാകാം.

സ്വയം എല്ലാ അഭിനന്ദനങ്ങളും ഏറ്റ് വാങ്ങണം എന്ന് ചിന്തിക്കാതെ മറ്റുള്ളവർക്കു കൂടി അതിനുള്ള അവസരം ഉണ്ടാക്കി കൊടുക്കുക.

ചിലർ ഒരു ജോലിയിലും സ്ഥിരമായി തുടരില്ല. ചെല്ലുന്നിടത്തെല്ലാം പ്രശ്നങ്ങളുണ്ടാക്കി, അല്ലങ്കിൽ ഉണ്ടായി, അവിടുന്നെല്ലാം ജോലിയിൽ നിന്നു ഒഴിവാക്കപ്പെടുന്നു. ഇങ്ങനെ സംഭവിക്കുന്നവരെ വലിയ വലിയ സ്ഥാനങ്ങളിലും കാണാം. ഐ.ക്യൂ വളരെ കൂടിയവരായിരിക്കാം. വലിയ വിദ്ധ്യാഭ്യാസവും ഉണ്ടായിരിക്കാം. പക്ഷെ ഇ ക്യൂ കുറവാണെങ്കിൽ പിന്നെ ഒരു കാര്യവുമില്ല. തനിക്ക് ഭവിക്കുന്ന തകരാറുകൾക്ക് മറ്റുള്ളവരെ കുറ്റപെടുത്തുന്നതും വിധിയെ പഴിക്കുന്നതുപോലും ശരിയല്ലെന്നറിയുക.

അബദ്ധം പറ്റിയാൽ എത്രയും പെട്ട്ന്ന് കുറ്റം ഏറ്റെടുക്കുക എന്നത് ഇനിയെങ്കിലും ശീലിക്കുക. തനിക്ക് തെറ്റ് പറ്റിയെന്നു തോന്നിയാൽ. ‘സോറി’പറയാൻ മടിക്കേണ്ട. സോറി എന്നാൽ നിങ്ങൾക്കു തെറ്റ് പറ്റിയെന്നല്ല. അതു മാപ്പുമല്ല. ഞാൻ പിൻ വലിയുന്നു എന്നു മാത്രം കരുതിയാൽ മതി. താൽക്കാലിക തർക്കങ്ങളേക്കാൾ ബന്ധങ്ങൾക്ക് കൂടുതൽ പ്രാധാന്യം നിങ്ങൾ കൊടുക്കുന്നുവെന്നു മാത്രമേ അതിനർഥമുള്ളു.

ഉത്തരവാദിത്വങ്ങളിൽ നിന്നു ഒഴിഞ്ഞു മാറാതിരിക്കുക. നേതൃത്വങ്ങൾ ഏറ്റെടുക്കാൻ കിട്ടുന്ന അവസരങ്ങൾ നഷ്ടപ്പെടുത്താതിരുന്നാൽ ഏറെ താമസിയാതെ നിങ്ങൾ നേതാവായി മാറും.

‘മറക്കാൻ പറയാനെന്തെളുപ്പം മണ്ണിൽ ജനിക്കാതിരിക്കലാണതിലെളുപ്പം’ എന്ന് കവിപാടിയതുപോലായാൽ ജീവിതം കുഴഞ്ഞതു തന്നെ. മറക്കാനല്ല, പൊറുക്കാനാണു നാം പഠിക്കേണ്ടത്. എല്ലാം മറക്കുകയൊന്നും വേണ്ട. വീ ണ്ടും അബദ്ധങ്ങളിൽ ചെന്നു ചാടാതിരിക്കൻ ഓർമകൾ ഉണ്ടായിരിക്കുന്നതാണു നല്ലത്.

നിങ്ങളുടെ തീരുമാനങ്ങൾ മറ്റുള്ളവരെ ഏതൊക്കെ രീതിയിൽ ബാധിക്കുമെന്ന് അവരുടെ അവസ്ഥയിൽ നിന്നു നിങ്ങൾ ഒന്നാലോചിക്കുക. അവരുടെ സ്ഥാനത്ത് നിങ്ങളായിരുന്നുവെങ്കിൽ എങ്ങെനെ പ്രതി പ്രവർത്തിക്കുമെന്നും ചിന്തിച്ചുനോക്കുക.

അവരുടെ ചെരിപ്പൊന്ന് ഇട്ട് നോക്കുമ്പോൾ ആണു അവരുടെ അവസ്ഥ മനസ്സിലാക്കാൻ കുറച്ചെങ്കിലും പറ്റൂ.

കടുത്ത തീരുമാനങ്ങളെടുക്കും മുമ്പ് ഒന്നു നില്കൂ.ആ തീരുമാനം നാളെ എടുക്കാമെന്നു ചിന്തിക്കൂ. നാളെയും മറ്റന്നാളും അതു തന്നെ യാണു ശരിയെന്നു തോന്നുന്നെങ്കിൽ പിന്നെ അതാണു ശരി.

താനെടുക്കുന്ന തീരുമാനങ്ങൾ കൊണ്ടുണ്ടാകുന്ന എല്ലാ അനന്തര ഫലങ്ങൾക്കും താൻ തന്നെ ഉത്തരവാദിത്തം ഏറ്റെടുക്കുക. വികാരങ്ങൾ തീരുമാനമെടുക്കാതെ വിവേകം തീരുമാനമെടുക്കട്ടെ.

താനടിമപ്പെട്ട് പോകുമെന്നു തോന്നുന്ന സാഹചര്യങ്ങളിൽ നിന്നും ഒഴിഞ്ഞു നില്ക്കുക. സ്ഥിരം തെന്നി വീഴുന്ന വഴിയിൽ ഇത്തിരികൂടി ശ്രദ്ധിച്ചു നടക്കുക.

എന്നാൽ എല്ലാവരെയും തൃപ്തിപ്പെടുത്തി ജീവിക്കാൻ ആവില്ല എന്നകാര്യം ഓർക്കുക. അമ്മയെ തല്ലിയാലും രണ്ടു പക്ഷമുണ്ടാകും. നിങ്ങളുടെ മനസ്സിലെ ശരിയാണു നിങ്ങളുടെ ശരി. അത് കൂടുതൽ പേർ സ്വീകരിക്കുന്നതാണെങ്കിൽ മാത്രമേ നിങ്ങളുടെ ഇ ക്യൂ നല്ലതാണെന്നു പറയാൻ കഴിയൂ.

മറ്റൊരാളുമായി ഇടപെടുമ്പോൾ നിങ്ങളിൽ പൊതുവായി താൽപ്പര്യമുള്ള മേഖലകളിൽ മാത്രം സംസാരിച്ചാൽ മതി. എല്ലാ മേഘലകളിലും ചേരുന്ന ഒരു പങ്കാളിയെ കിട്ടുകയില്ലന്നറിയുക.

എങ്ങനെയൊക്കെ ഒരാളെ സഹായിക്കാൻ പറ്റുമെന്നു ചിന്തിച്ചുനോക്കുക . മറ്റൊരാളെ സഹായിക്കാൻ കിട്ടുന്ന ഒരവസരവും നഷ്ടപെടുത്താതിരിക്കുക. ഒന്നു ചെയ്തു നോക്കുക. നിങ്ങൾക്കുവരുന്ന മാറ്റം അത്ഭുതാവഹമായിരിക്കും.

ധ്യാനം പ്രത്യേകിച്ച് സെൻ ധ്യാനം ഇ ക്യൂ കൂട്ടും. ഹോമിയോപ്പതി നിങ്ങളെ സഹായിക്കും.

ചിലർക്ക് ഇതൊക്കെ വായിച്ചാലും സംഗതി പ്രബല്യത്തിൽ വരുത്താൻ കഴിവുണ്ടാവണമെന്നില്ല. അതിനുള്ള മനോബലം ഉണ്ടാകില്ല. അങ്ങനെയുള്ളവരെ സഹായിക്കാൻ ഹോമിയോപ്പതിക്കു കഴിയും. നിങ്ങളുടെ വികാരപ്രകടനത്തിന്റെ സൂഷ്മരൂപം അപഗ്രഥിച്ചാണു മരുന്നു കണ്ടെത്തുന്നത്. ഉദാഹരണത്തിനു ദേഷ്യം പിടിച്ചാൽ ചിലർ മിണ്ടാതെയിരിക്കും, ചിലർ ദേഷ്യം കൊണ്ട് വിറയ്ക്കും, ചിലർക്കു ശബ്ദം പുറത്തുവരില്ല തൊണ്ടയിൽ തടഞ്ഞിരിക്കും. മറ്റു ചിലർ നല്ല തെറിയായിരിക്കും പറയുക. ചിലർ കയ്യിൽ കിട്ടിയ സാധനം നിലത്ത് എറിഞ്ഞു പൊട്ടിക്കും. എതിരാളിയുടെ നേരെ ഏറിയുന്നവരുമുണ്ട്. പിണക്കം ദീർഘകാലത്തേക്ക് മനസ്സിൽ സൂക്ഷിക്കുന്നവരും തക്കം കിട്ടുമ്പോൾ തിരിച്ച് പണി കൊടുക്കുന്നവരുമില്ലേ? ഇവർക്കെല്ലാം ഹോമിയോപ്പതിയിൽ മരുന്നു വ്യത്യസ്ഥമാണ്. നല്ല ഒരു ഹോമിയോപ്പതി ഡോക്ടർക്ക് നിങ്ങളെ ഇക്കാര്യത്തിൽ സഹായിക്കാൻ കഴിയും.പക്ഷെ നിങ്ങൾ കൂടി മനസ്സു വയ്ക്കണം.


ഡോ മനോജ് കുമാർ ടി.ജി.

ഇന്തോന്വേഷ്യൻ ദിനങ്ങൾ


 അധ്യായം 14: ബാലിയിലെ അഗ്നിപർവ്വതങ്ങൾ

ബാലി ദ്വീപിലെ പ്രവർത്തന നിരതമായ രണ്ടഗ്നിപർവ്വതങ്ങളാണ് മൌണ്ട് ബാത്തൂരും മൌണ്ട് ആഗൂങ്ങും. രണ്ടും അടുത്തടുത്താണെന്നു വേണമെങ്കിൽ പറയാം. വാഹനത്തിൽ പോകണമെങ്കിൽ അമ്പതു കിലോമീറ്റർ ദൂരം വരും. കിന്താമണി എന്ന സ്ഥലത്തുനിന്നും നോക്കിയാൽ ഈ രണ്ടഗ്നിപർവ്വതങ്ങളും കാണുവാൻ കഴിയും. ബാത്തൂർ അഗ്നിപർവ്വതം കാണുവാൻ കിന്താമണി വഴിയാണ് പോകേണ്ടത്. മനോഹരമായ യാത്രയാണ് കിന്താമണിയിലേക്കുള്ളത്. ആഗൂങ് അഗ്നിപർവ്വതത്തിലേക്കുള്ള യാത്രയും അങ്ങനെ തന്നെ. പലവിധ പഴത്തോട്ടങ്ങൾക്കിടയിലൂടെയാണ് യാത്ര. കൂടുതലും ഓറഞ്ചു തോട്ടങ്ങൾ. തോട്ടങ്ങളിൽ വിളയുന്ന പഴവർഗ്ഗങ്ങൾ വിൽക്കുന്ന ചെറിയ കടകൾ എവിടെയും കാണാം. ഉയരം കൂടിയ പ്രദേശങ്ങളായതുകൊണ്ടു എപ്പോഴും തണുപ്പുമുണ്ടാകും.

കിന്താമണിയിൽ ബാത്തൂർ കൊടുമുടി പ്രധാന ആകർഷണമാക്കി ധാരാളം വിനോദ പരിപാടികൾ സഞ്ചാരികൾക്കായി ഒരുക്കിയിരിക്കുന്നു. ബാത്തൂർ കൊടുമുടിയിലേക്കുള്ള ട്രെക്കിങ്ങ് തന്നെയാണ് പ്രധാന ആകർഷണം. 1700 മീറ്റർ ആണ് കൊടുമുടിയുടെ ഉയരം. സൂര്യോദയ ദർശനമാണ് ട്രെക്കിങ്ങിന്റെ പ്രധാന ലക്ഷ്യം. നല്ല ആരോഗ്യമുള്ള ഒരാൾക്ക് രണ്ടു മണിക്കൂർ കൊണ്ട് മുകളിലെത്തുവാൻ കഴിയും. മനോഹരമായ ഒരു ദൃശ്യമാണ് ഇവിടെനിന്നും ലഭ്യമാകുന്നതത്രെ. ധാരാളം വിദേശസഞ്ചാരികളുണ്ടാകും ഈ കാഴ്ച്ചക്ക്. എനിക്ക് ഇത്തരം സൂര്യോദയങ്ങൾ പലയിടങ്ങളിലും അനുഭവിക്കുവാൻ കഴിഞ്ഞതുകൊണ്ടാകാം ഇവിടെ ഈ കാഴ്ച്ചക്ക് ഞാൻ പോകാതിരുന്നത്. കമ്പോഡിയയിലെ അങ്കോർ വാട്ടിൽ, നേപ്പാളിലെ പൊഖാറയിൽ, സിക്കിമിൽ, ഡാർജിലിംഗിൽ തുടങ്ങി പല പ്രശസ്ത സൂര്യോദയങ്ങളും കണ്ടിട്ടുണ്ടായിരുന്നു. എന്നെ സംബന്ധിച്ച് സൂര്യോദയങ്ങൾ എവിടെയും ഭംഗിയുള്ളവയാണ്. നമ്മുടെ നാട്ടിലും മനോഹരങ്ങളായ സൂര്യോദയങ്ങളും അസ്തമയങ്ങളും കാണുവാൻ കഴിയും. നമ്മൾ വേണ്ടവിധത്തിൽ ആസ്വദിക്കുന്നില്ല എന്ന് മാത്രം.

അഗ്നിപർവ്വത സ്ഫോടനങ്ങളുടെ ഫലമായുണ്ടായ ബാത്തൂർ തടാകമാണ് ഇവിടത്തെ മറ്റൊരാകർഷണം. ഇതിലൂടെ കയാക്കിങ് നടത്തുന്നത് സഞ്ചാരികളുടെ മറ്റൊരു വിനോദമാണ്. അഗ്നിപർവ്വതത്തിനു മുകളിലൂടെ ഹെലിക്കോപ്റ്റർ പര്യടനം നടത്തണമെങ്കിൽ അതിനുമുണ്ട് ഇവിടെ സൗകര്യം. ധാരാളം ഓർഗാനിക് തോട്ടങ്ങളുമുണ്ട് ഇവിടെ. അത് വിനോദ സഞ്ചാരത്തിന്റെ ഭാഗവുമാക്കിയിട്ടുണ്ട്. ഇത്തരം തോട്ടസന്ദർശനങ്ങളും സൈക്കിൾ ടൂറുകളും വിദേശ സഞ്ചാരികളെ വലിയ രീതിയിൽ ആകർഷിക്കുന്നുണ്ട് എന്ന് അവരുടെ ഇത്തരം പ്രദേശങ്ങളിലുള്ള സാന്നിധ്യത്തിൽ നിന്നും എനിക്ക് മനസ്സിലായി.

ബാത്തൂർ അഗ്നിപർവ്വതം അവസാനമായി തീ തുപ്പിയത് 2000 ത്തിൽ ആയിരുന്നു. 1999 നവംബർ മുതൽ ഭൂകമ്പങ്ങളുടെ അഴിഞ്ഞാട്ടമായിരുന്നു ഈ പ്രദേശത്താകെ. അതുപോലെ തന്നെയാണ് ആഗൂങ് അഗ്നിപർവ്വതവും. ഞാൻ 2017 ആദ്യ മാസങ്ങളിലാണ് ബാലിയും ഈ അഗ്നിപർവ്വതങ്ങളും സന്ദർശിക്കുന്നത്. 2017 സെപ്റ്റംബറിലാണ് ആഗൂങ് അവസാനമായി പൊട്ടിത്തെറിക്കുന്നത്. ഇതിനു മുൻപ് ഈ അഗ്നിപർവ്വത സ്ഫോടനമുണ്ടായത് 1963 ൽ ആയിരുന്നു. ബാലിയിലെ ഏറ്റവും വലുതും പ്രവർത്തനക്ഷമവുമാണ് ഈ അഗ്നിപർവ്വതം. ബാലിയിലെ ജൈവ വ്യവസ്ഥക്ക് ഒട്ടേറെ മാറ്റങ്ങളുണ്ടാക്കിയ സ്ഫോടനമായിരുന്നു 63 ലേത്. രണ്ടായിരം ആളുകളെങ്കിലും മരിച്ചിരിക്കും എന്നാണ് കണക്ക്. ഇതിൽ നിന്നുയർന്ന വാതകങ്ങളും പുകയും അനേകം കിലോമീറ്ററുകൾക്കപ്പുറമുള്ള ഗ്രാമങ്ങളിലെ ജീവിതവും താറുമാറാക്കിയിരുന്നു. കൃഷിയെല്ലാം നശിക്കപ്പെട്ടു.

ഈ അഗ്നി പർവ്വത സ്ഫോടനത്തിനു പിന്നിൽ ബാലിക്കാർ മാത്രം വിശ്വസിക്കുന്ന ഒരു കാര്യമുണ്ട്. ബാലിയിലെ ഏറ്റവും ഉയർന്നതും പവിത്രവുമായ ബസാക്കി ക്ഷേത്രം ഈ അഗ്നിപർവ്വതത്തിലാണുള്ളത്. അവിടെ 100 വർഷങ്ങൾക്കൊരിക്കൽ നടക്കുന്ന ഒരു പൂജയുണ്ട്. ഏകാദശരുദ്ര എന്നാണത്തറിയപ്പെടുന്നത്. 1963 ലെ ഫെബ്രുവരി മാസം അത് നടത്തുവാൻ തീരുമാനമെടുത്തപ്പോൾ, അവിടത്തെ പൂജാരികൾ അത് ശരിയായ സമയമല്ല എന്നറിയിച്ചിരുന്നുവത്രേ. എന്നാൽ അന്നത്തെ പ്രസിഡന്റായിരുന്ന സ്വീകർണോ, ചില വിദേശ പ്രമുഖരുടെ സന്ദർശനം കണക്കാക്കി അതേ ദിവസം തന്നെ നടത്തുവാൻ ആവശ്യപ്പെടുകയായിരുന്നു. ഇത്തരത്തിൽ കാലം മാറി ചെയ്ത പൂജയാണ് അന്നത്തെ പർവ്വത കോപത്തിന് കാരണം എന്നവർ ഇന്നും വിശ്വസിക്കുന്നു.

ആഗൂങ് പർവ്വതത്തെ ആരാധിക്കുന്നവരാണ് ബാലിക്കാർ. ഇത് പുരാതന കാലം മുതൽ നടന്നു വരുന്നതുമാണ്. ബാലിയിലെ ഏറ്റവും ഉയരം കൂടിയ അഗ്നിപർവ്വതവും ഇത് തന്നെ. 3000 മീറ്റർ ആണ് ഇതിന്റെ ഉയരം. അതുകൊണ്ടാണ് കിന്താമണിയിൽ നിന്നും ഈ കൊടുമുടി കാണുവാൻ കഴിയുന്നത്. അത് പോലെ ഈ അഗ്നി പർവ്വതത്തിനു മറ്റുള്ളവയിൽ നിന്നും വ്യത്യസ്തമാക്കുന്ന ഒരു പ്രത്യേകതയുമുണ്ട്. ഇതിന്റെ സ്ഫോടനം കൃത്യമായി പ്രവചിക്കുവാൻ കഴിയും എന്നതാണത്.

2017 ലെ സ്ഫോടനത്തിൽ കാര്യമായ മരണങ്ങളൊന്നും രേഖപ്പെടുത്തിയിട്ടില്ല. 122,500 ആളുകളെ അതിനു മുൻപ് മാറ്റിപ്പാർപ്പിക്കുവാൻ കഴിഞ്ഞു. ഇതിൽനിന്നുമുയർന്ന പുകയും പൊടിപടലങ്ങളും കാരണം ബാലി വിമാനത്താവളം കുറേ നാളുകൾ അടച്ചിടേണ്ടതായി വന്നു. ഇത്തരം അവസരങ്ങൾ ബാലിക്കാർക്കു വലിയ ബുദ്ധിമുട്ടായിരിക്കും. വിനോദസഞ്ചാരത്തെ മാത്രം ആശ്രയിച്ചു ജീവിക്കുന്നവരാണല്ലോ അവർ. ഞാൻ എന്റെ ആദ്യ സന്ദർശനത്തിന് പോയപ്പോൾ എന്റെ ഡ്രൈവർ ആയിരുന്ന വിയാൻ സ്ഫോടക സമയത്ത് അവിടെപ്പോയി അതിന്റെ ഫോട്ടോ എടുത്ത് എനിക്കയച്ചു തരികയുണ്ടായി. ബാലിയിലെ ആളുകൾക്ക് സഞ്ചാരികളോടുള്ള പ്രതിബദ്ധതയായി ഞാനിതിനെ സ്മരിക്കുന്നു.

അഗ്നിപർവ്വത സ്ഫോടനങ്ങളുടെ ഫലമായി ഇവിടെ ധാരാളം തടാകങ്ങൾ രൂപീകരിക്കപ്പെട്ടിട്ടുണ്ട്. അതി മനോഹരമായ ദൃശ്യവിരുന്നൊരുക്കിയാണ് ഇന്നവ നിലകൊള്ളുന്നത്. എല്ലാ തടാകങ്ങളിലും മനോഹരങ്ങളായ ക്ഷേത്രങ്ങൾ നിർമ്മിച്ചിരിക്കുന്നു. ബാത്തൂർ പർവ്വതത്തെ ചുറ്റി ബാത്തൂർ തടാകവും, ഇരട്ടത്തടാകങ്ങൾ എന്നറിയപ്പെടുന്ന താബ്ലിംഗൻ ബുയാൻ തടാകങ്ങളും, ബാലിയിലെ രണ്ടാമത്തെ വലിയ തടാകമായ ബ്രത്തനുമെല്ലാം ഇവിടെയെത്തുന്ന സഞ്ചാരികളുടെ മനം കവരുന്നു. ബാലിയിലെത്തുന്ന സഞ്ചാരികൾക്ക് ആഴ്ച്ചകളോ മാസങ്ങളോ ചിലവഴിക്കുവാൻ ഇവിടെ പ്രകൃതിയൊരുക്കിയിരിക്കുന്ന വിസ്മയങ്ങൾ ധാരാളം.


ഡോ. സുനീത് മാത്യു 

അന്തസ്സുള്ള നുണകൾ : തസ്ലീമനസ്റിൻ


 


”ഒരു വീട്ടിലെ സ്ത്രീകളാരും പുറത്തിറങ്ങുന്നില്ല എങ്കിൽ ആ കുടുംബത്തിന്റെ സൽപ്പേര് അത്രയ്ക്കും കൂടുതലായിരിക്കും”

മത തീവ്രവാദികളുടെ ശക്തമായ ഭീക്ഷണികൾ നേരിടുന്ന ലോകത്തിലെ അപൂർവ്വം ചില എഴുത്തുകാരിൽ പ്രമുഖയാണ് ബംഗ്ലാദേശുകാരിയായ തസ്ലീമ നസ്റിൻ.

ബാബറി മസ്ജിദ് തകർത്ത സംഭവവും അതിനെ തുടര്ന്നുണ്ടായ വർഗ്ഗീയ കലാപങ്ങളും പ്രമേയമാക്കി 1993 ൽ ലജ്ജ എന്ന നോവൽ പുറത്തു വന്നതോടു കൂടി ജീവനുതന്നെ ഭീക്ഷണി നേരിട്ട് ഇവർക്ക് രാജ്യം വിടേണ്ടിവന്നു …

1994 മുതൽ ഇന്ത്യയിലടക്കം പലരാജ്യങ്ങളിലായ് മാറി മാറി താമസിച്ചാണ് തന്റെ പിന്നീടുള്ള സാഹിത്യപ്രവര്ത്തനം അവർ മുന്നോട്ട് കൊണ്ടുപോയത്.

മതവർഗ്ഗീയ വാദികളെ ഒട്ടും തൃപ്തിപ്പെടുത്തുനതായിരുന്നില്ല അവരുടെ പിന്നീടുള്ള രചനകളൊന്നും.

ഒരു യഥാസ്ഥിതിക മുസ്ലീം കുടുംബത്തിൽ ഒരു സ്ത്രി സ്വീകരിക്കുന്ന സുധീരമായ നിലപാടുകളാണ് ”അന്തസ്സുള്ള നുണകൾ ” എന്ന നോവൽ.

ഒരു സ്ത്രി എന്തൊക്കെ പഠിച്ചാലും അവൾക്ക് എന്തൊക്കെ സിദ്ധികളുണ്ടായാലും ഇതൊന്നുമില്ലാത്തൊരു പുരുഷനേക്കാൾ എത്രയോ താഴെയാണ് അവളുടെ സ്ഥാനം. ബുർഖയിലും വീടിന്റെ നാലു ചുവരുകൾക്കുള്ളിലും തളച്ചിടപ്പെടേണ്ടതാണ് അവളുടെ വ്യക്തിത്വം. യഥാസ്ഥിതികത്വത്തിന്റെ ഇത്തരം കോട്ടകൊത്തളങ്ങളോട് ഒറ്റയാൾ കലാപം നടത്തുന്ന വിദ്യാസമ്പന്നയായ ഒരു സ്ത്രീയുടെ പ്രതികാരത്തിന്റെ കഥയാണ് തസ്ലീമ നസ്റിൻ പങ്കുവയ്ക്കുന്നത്.

ഝുമുർ വിദ്യാസമ്പന്നയാണ്. അച്ചനും അമ്മയും എല്ലാ സ്വാതന്ത്ര്യവും നൽകി വളർത്തിയ മകൾ. പാട്ടും നൃത്തവുമറിയുന്നവൾ. ഝുമുറിലൂടെയാണ് നോവൽ മുന്നോട്ട് പോകുന്നത്

ഹരുൺ എന്ന ബിസിനസ്സുമാനെ ഝുമുർ പ്രണയിച്ച് വിവാഹം കഴിക്കുന്നു..

ഝുമുറിന്റെ വീട്ടില് നിന്നും തികച്ചും വ്യത്യസ്തമാണ് ഭർതൃവീട്ടിലെ രീതികൾ.

ഒരു യാഥാസ്ഥിതിക മുസ്ലീം കുടുംബം. സ്ത്രീകൾ ഉച്ചത്തില് സംസാരിക്കാൻ പാടില്ല. തലമുടി മറയ്ക്കുന്ന സാരിത്തലപ്പ് വീട്ടിനുള്ളിൽ പോലും താഴ്ത്തിയിടരുത്.

പുരുഷന്മാരുടെ മുഖത്തുനോക്കി സംസാരിക്കരുത്.വീടിന് പുറത്തിറങ്ങരുത് അങ്ങനെ ചട്ടങ്ങളൊരുപാടുണ്ട്..

ഉച്ചത്തിൽ ചിരിക്കുകയും മൂളിപ്പാട്ട് പാടുകയും ചെയ്യുന്ന അവളിലെ ശീലം രുക്ഷമായ നോട്ടത്തിലൂടെ ഹരുണിന്റെ അമ്മ ആദ്യദിനങ്ങളിൽ തന്നെ അടിച്ചൊതുക്കി. താനകപ്പെട്ടത് ഒരു കാരാഗൃഹത്തിലാണെന്ന് ഝുമുർ വളരെ പെട്ടന്നുതന്നെ തിരിച്ചറിഞ്ഞു.

വരാന്തയിൽ പുറത്തേക്ക് നോക്കിനില്ക്കുന്ന ഝുമുറിനെ ഹരുൺ ഉപദേശിക്കുന്നു.

”നീയിങ്ങനെ വരാന്തയിൽ നിൽക്കുന്നത് മറ്റുള്ളവർ കണ്ടാൽ മോശമാണ് ഉള്ളിലേക്ക് വരു.

നീ ഞങ്ങളുടെ കുടുംബത്തിന് ചീത്തപ്പേര് ഉണ്ടാക്കരുത് വധുക്കൾ വീടിനുള്ളിൽ കഴിയേണ്ടവരാണ് ”

‘വധു’ എന്താണ് വധു ? അവള് പതിയെ തിരിച്ചറിയുന്നു വധു എന്ന വാക്കിന് ഇവർ കല്പ്പിക്കുന്ന അർത്ഥവും വ്യാപ്തിയും.

ഭർതൃഗൃഹത്തിലെ സകലർക്കും വച്ചുവിളമ്പേണ്ടവൾ. വസ്ത്രങ്ങൾ അലക്കുകയും, ഭർത്താവിന്റെ അച്ഛനേയും അമ്മയേയും സഹോദരിമാരേയും പരിപാലിക്കുകയും ചെയ്യേണ്ടവൾ. എല്ലാം കഴിഞ്ഞ് രാത്രിയിൽ കിടപ്പറയിൽ ഭർത്താവിന് ഭോഗിക്കാൻ തക്കവണ്ണം കിടന്നുകൊടുക്കുകയും, മക്കളെ പെറ്റുകൂട്ടുകയും ചെയ്യാൻ വിധിക്കപ്പെട്ടവൾ.

ഭർത്താവിന്റെ സങ്കടത്തിലും സന്തോഷത്തിലും പങ്കുചേരണം.സ്വന്തമായി സങ്കടമോ സന്തോഷമോ ഇഷ്ടാനിഷ്ടങ്ങളോ പാടില്ല. ഭർത്താവിന്റെ ഇഷ്ടമായിരിക്കണം വധുവിന്റേയും ഇഷ്ടം. ഭർതൃവീട്ടുകാരുടെ എല്ലാകാര്യങ്ങളും അറിഞ്ഞ് ചെയ്യണം. സ്വന്തം വീട്ടുകാരെകുറിച്ചുള്ള ചിന്തകൾ പാടില്ല. ഇതാണ് കുലീനയായ വധു.

താൻ കരസ്ഥമാക്കിയ ഡിഗ്രികൾ, സ്വപ്നം കണ്ട ജോലി, അഭ്യസിച്ച സംഗീതം എല്ലാം പാഴാവുകയാണ്. പ്രണയിച്ച ഹരുണല്ല ഇപ്പോൾ തന്റെ കൂടെയുള്ളത്. പാട്ടുകേൾക്കാൻ കൊതിയോടെ കാത്തിരുന്ന ഹരുണിന് ഇപ്പോൾ തന്റെ പാട്ട് കേൾക്കാൻ താൽപ്പര്യമില്ല, തന്നോട് മിണ്ടാനോ കളിചിരികൾ പറയാനോ നേരമില്ല. മാതാപിതാക്കളുടേയും സഹോദരിമാരുടേയും കാര്യത്തിൽ ഏറെ ശ്രദ്ധാലുവായ ഭർത്താവ് തന്റെ സുഖവിവരങ്ങൾ തിരക്കുന്നില്ല. ഇഷ്ടങ്ങൾ അറിയാൻ ശ്രമിക്കുന്നില്ല.

ഒരാളെ സ്വന്തമാക്കുക എന്നതിന് ഹൃദയംകൊണ്ട് അടുത്ത് എന്നർത്ഥമില്ലെന്ന് ഝുമുർ തിരിച്ചറിയുന്നു.

എങ്കിലും പ്രതീക്ഷ കെെവിടാതെ അവൾ കാത്തിരുന്നു.

ഭാര്യ ഗർഭിണിയാണെന്നറിയുമ്പോൾ ഏതൊരു ഭർത്താവും സന്തോഷിക്കുമെന്നവൾ കരുതി. പക്ഷേ ഹരുണിൽ ആ സന്തോഷമവൾ കണ്ടില്ല. പ്രതീക്ഷിച്ചപോലെ ചേർത്തുപിടിച്ച് വായുവിൽ വട്ടം കറക്കിയില്ല, ഉമ്മവെച്ചില്ല.

ആദ്യ രാത്രിയിൽ കിടക്കവിരിയിൽ സൂക്ഷിച്ച് നോക്കി രക്തം പൊടിയാത്തതെന്ത് എന്ന് സംശയദൃഷ്ടിയോടെ ചിന്തിച്ച മനസ്സിനുടമയാണ് ഹരുൺ. വിവാഹത്തിന് ശേഷമാണ് ഹരുണിലെ യാഥാസ്ഥിതികവാദി പൂർണ്ണരൂപം കെെക്കൊണ്ടത്.

ഒരു പെൺകുട്ടി ചെയ്യാൻ പാടില്ലാത്ത പലതും ഇവൾ ചെയ്തിട്ടുണ്ട്. കൂട്ടുകാരോടൊത്ത് സായാഹ്നസവാരിക്ക് പോവുക, അന്യ പുരുഷന്മാർക്ക് മുന്നിൽ പാട്ടുപാടുക, നൃത്തം ചെയ്യുക, അങ്ങനെ പലതും. ഹരുൺ അസ്വസ്ഥനാണ്.

ഝുമുർ, നമ്മൾ ഈ കുഞ്ഞിനെ കളയുന്നു. അപ്രതീക്ഷിതമായ് ഹരുണിൽ നിന്നും കേട്ട വാക്കുകൾ അവൾക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു.

എന്റേതെന്ന് എനിക്ക് പൂർണ്ണ ബോധ്യമുള്ള കുഞ്ഞ് മാത്രമേ എന്നെ അച്ഛാ എന്ന് വിളിക്കാൻ പാടുള്ളു. അതുകൊണ്ട് ഈ കുഞ്ഞിനെ നമ്മൾ കളയുന്നു. നാളെ ആശുപത്രിയിൽ പോകാൻ തയ്യാറാവുക. വീട്ടിൽ മറ്റാരും ഈ വിവരം അറിയരുത്.

ഭർത്താവ് തന്നെ സംശയിക്കുന്നു. വിവാഹത്തിന് മുമ്പ് കൂട്ടുകാരോടൊത്ത് കളിച്ച് ചിരിച്ചു നടന്ന ഞാനൊരു വഴിപിഴച്ചവളാണെന്ന് ഹരുൺ വിശ്വസിക്കുന്നു. പിന്നെന്തിന് പ്രണയിച്ചു കല്ല്യാണം കഴിച്ചു? ചോദ്യങ്ങൾ ഒരുപാടുണ്ട്.പക്ഷെ ശരീരം തളർന്ന് എഴുന്നേൽക്കാൻ ശക്തിയില്ലാതെ അവൾ നിലത്ത് വീണുപോയി. ഉറക്കെ കരയാനുള്ള സ്വാതന്ത്ര്യം പോലും ആ വീട്ടിനുള്ളിൽ അവൾക്കില്ലായിരുന്നു.

ഝുമുർ വിലപിച്ചു കാലുപിടിച്ച് കരഞ്ഞു. ഇത് നമ്മുടെ കുഞ്ഞാണ് ഇതിനെ നശിപ്പിക്കരുത്. ഞാൻ പിഴച്ചവളല്ല.

സ്ത്രീകളുടെ കണ്ണീരിനും കരച്ചിലിനും വിലകൽപ്പിക്കുന്ന കുടുംബത്തിലല്ല ഹരുൺ ജനിച്ചുവളർന്നത്.

അതുകൊണ്ടുതന്നെ അവളുടെ കരച്ചിലും സങ്കടവുമെല്ലാം വെറും നാടകം മാത്രമായാണ് ഹരുണിന് തോന്നിയത്.

ആ വീട്ടിൽ മറ്റുള്ളവർ ആരുമറിയാതെ ഒരു കൊലപാതകം നടന്നു. അവളുടെ ഉള്ളിൽ മാതാരമായി മരണത്തിന്റെ തേങ്ങൽ ഒതുങ്ങി.

പതിനഞ്ച് ദിവസം ശാരികബന്ധം പാടില്ലെന്ന ഡോക്ടറുടെ നിര്ദ്ദേശം പാലിക്കാൻ ഹരുൺ തയ്യാറായില്ല. നാലാം ദിവസം മുതൽ തന്റേതെന്നുറപ്പുള്ള കുഞ്ഞിന് വേണ്ടി ഹരുൺ പരിശ്രമം തുടങ്ങി.

വീട്ടുജോലികളിൽ നിന്ന് കുറച്ച് ദിവസത്തേക്ക് തന്നെ മാറ്റിനിർത്തണമെന്ന് അമ്മയോട് ഹരുൺ പറയുമെന്നവൾ വൃഥാ പ്രതീക്ഷിച്ചു.

കുടുംബത്തിൽ ആർക്കുവേണമെങ്കിലും അസുഖം വരാം. എന്നാൽ വധുവിനു അസുഖമുണ്ടാകുന്നത് ഉചിതമല്ല. വധുവിന് എപ്പോഴും സുഖമുണ്ടായിരിക്കണം. കാരണം കുടുംബത്തിൽ ആർക്കു സുഖക്കേടു വന്നാലും വധുവിന്റെ കൈകൊണ്ട് ശുശ്രൂഷിച്ച് അവരെ സുഖപ്പെടുത്തണം. അതുകൊണ്ട് വധുവിനു സുഖമില്ല, ദുഃഖമാണ് എന്നു പറഞ്ഞ് ഇരിക്കാനോ കിടക്കാനോ പാടില്ല.

ഭർത്താവിന്റെ ശാരീരിക സുഖത്തിന് വേണ്ടി വളർത്തുന്ന വിശേഷപ്പെട്ട ഇരുകാലി മൃഗം മാത്രമാണോ താൻ, തന്റെ ശരീരത്തിന്മേൽ എല്ലാ അധികാരവും ഭർത്താവിനാണ് തനിക്കുപോലും അത്രയ്ക്കും അധികാരമില്ല.

സങ്കടങ്ങൾ പങ്കുവെയ്ക്കാൻ ആരുമില്ല. പഴയ കൂട്ടുകാരെ കാണാൻ അവസരമുണ്ടാകും എന്ന കാരണത്താൽ സ്വന്തം വീട്ടിലേക്ക് പോകുവാനും അനുവദിക്കുന്നില്ല.

തന്റെ മാതാപിതാക്കളെ സംരക്ഷിക്കേണ്ടത് താനാണ്. അമ്മ ഒരിക്കല് അച്ഛനോട് പറഞ്ഞ വാക്കുകള് അവളോര്ത്തു ..

”എനിക്ക് ആണ്കുട്ടികൾ വേണ്ട ഝുമുർ എനിക്ക് ആൺകുട്ടിയാണ് .എന്റെ വാർദ്ധക്യത്തിൽ ഇവൾ എന്നെ നോക്കും “.

അവളറിയാതെ അവളിൽ പ്രതികാരചിന്ത കൂടുക്കൂട്ടി

പരസ്പര സ്നേഹവും വിശ്വാസവുമുള്ള, സുഖകരമായ ദാമ്പത്യമാണ് താൻ പ്രതീക്ഷിച്ചത്.അതിൽ വ്യക്തിസ്വാതന്ത്ര്യത്തിന് ക്ഷയം വരരുത്. നിഷ്ഠൂരതയും ഹീനതയും ഉണ്ടാകരുത്. ഒരാൾ മറ്റൊരാളെ പിറകോട്ട് വലിക്കരുത്. ഒരാൾ മറ്റൊരാളുടെ ഗതിവേഗത്തെ തടസപ്പൊടുത്തരുത്. കലഹവും വെറുപ്പമല്ല സഹധർമ്മിത്വവും സഹാനുഭൂതിയുമാണ് ഉണ്ടാവേണ്ടത്. പക്ഷെ വിവാഹശേഷം ഹരുൺ തന്റെ എല്ലാസ്വപ്നങ്ങളും തകർത്തുകളഞ്ഞു. തീർച്ചയായും ഞാനിതിന് പ്രതികാരം ചെയ്യും.

പക്ഷേ നാലുചുവരുകൾക്കുള്ളിൽ തളയ്ക്കപ്പെട്ട ഒരുവൾക്ക് എന്ത് ചെയ്യാൻ പറ്റും?

അവൾക്ക് സ്വയം സഹതാപം തോന്നി.

വയറ്റിൽ വളർന്നു വന്ന തന്റെ ആദ്യ കുഞ്ഞിനെ എത്ര ലാഘവത്തോടെയാണ് ഹരുൺ നശിപ്പിച്ചു കളഞ്ഞത്.

”തന്റേതെന്ന് തനിക്കുറപ്പുള്ള കുഞ്ഞേ തന്നെ അച്ഛാ എന്ന് വിളിക്കാവു ” ഹരുണിന്റ വാക്കുകൾ അവളിൽ രോക്ഷത്തിന്റെ അഗ്നി ജ്വലിപ്പിച്ചു.

ഝുമുർ വരാന്തയിലിറങ്ങി പുറത്തേക്ക് നോക്കി നിന്നു.

”അഫ്സൽ ” അതാണയളുടെ പേര്.

താഴത്തെ നിലയിൽ താമസിക്കുന്ന ഡോക്ടർ ഫാമിലിയിലെ ബന്ധുവാണ് .ചിത്രകാരൻ, സഞ്ചാരപ്രിയൻ.എവിടേയും സ്ഥിരമായ് താമസിക്കില്ല. കുറച്ച് ദിവസങ്ങളായി അവൾ അയാളെ കാണുന്നു. താഴെ പൂന്തോട്ടത്തിലൂടെ അലസനെപ്പോലെ നടക്കുന്ന സുന്ദരനായ ചെറുപ്പക്കാൻ. പകൽസമയങ്ങളിൽ താഴത്തെവീട്ടിൽ അയാൾ ഒറ്റയ്ക്കാണ്.

വിവാഹശേഷം അവൾ പുറത്തുളളവരെ അപൂർവ്വമായേ കാണാറുള്ളു.

അവരുടെ കണ്ണുകൾ പരസ്പരം കൂട്ടിമുട്ടി. ആ കണ്ണുകളിൽ തിരിച്ചറിയാനാവത്ത എന്തോ ഒരു മാസ്മരികത.. അതവളെ പെട്ടന്നുതന്നെ കീഴടക്കി.

ഇഷ്ടജനത്തിൽ നിന്നും തുടരെത്തുടരെ ആഘാതമേറ്റ മനുഷ്യന് അന്യമനുഷ്യനോട് ആകർഷണം കൂടും. ഒരാശ്രയത്തിനായ് അവർ കൊതിക്കും..

അഫ്സൽ തനിക്കൊരാശ്വാസമാണെന്ന് ഝുമുർ കരുതി. തന്നോട് ചിരിക്കുന്ന ഒരേയൊരു വ്യക്തി, താൽപ്പര്യത്തോടെ തന്നെ നോക്കുന്ന കണ്ണുകൾ. അവൾ എന്നും വരാന്തയിൽ വന്നുനില്ക്കും.

ഹരുണിന്റെ അനുജന് ആക്സിഡന്റ് പറ്റി ആശുപത്രിയിലാണ്. പകൽസമയങ്ങളിൽ എല്ലാവരും രോഗിയുടെ അടുത്താണ്. അവൾക്ക് ആശുപത്രിയിൽ പോകാൻ അനുവാദമില്ല. അശുപത്രിയിലേക്കുള്ള ഭക്ഷണമുണ്ടാക്കുക, മറ്റുള്ളവരുടെ വസ്ത്രങ്ങൾ അലക്കുക, ബാക്കി സമയങ്ങളിൽ വെറുതെ വീട്ടിലിരിക്കുക. ഇത്രയുമാണ് അവളുടെ ജോലി. ഒരു തടവുകാരിയെപോലെ.

അന്നാദ്യമായ് ഝുമുർ കോണിപ്പടിയിറങ്ങി. അഫ്സലുമായ് സംസാരിച്ചു. വളരെപ്പെട്ടന്നു തന്നെ അവർ തമ്മിൽ അടുത്തു.

ഇത്രയും ദിവസം ഞാന് ഹരുണിന്റെ തടവറിയിൽ ബന്ദിയായിരുന്നു. അച്ഛൻ, അമ്മ, സഹോദരി, കൂട്ടുകാർ എന്നുവേണ്ട എനിക്കുള്ളതെല്ലാം നിഷ്ഠൂരമായ് എന്നിൽ നിന്നും വളരെ ദൂരേക്ക് വലിച്ചെറിഞ്ഞു. ഹരുൺ വിചാരിക്കുന്നുണ്ടാവും ഇതിന്റെയൊന്നും കണക്ക് സൂക്ഷിക്കാനറിയാത്ത പൊട്ടിപ്പെണ്ണാണ് ഞാനെന്ന്. എന്നെ അപമാനിച്ചതിനും, എന്നെ എന്നിൽ നിന്നും പിഴുതുമാറ്റിയതിനും ഞാന് പ്രതികാരം ചെ യ്യും.

വിശ്വവിദ്യാലയത്തിൽ പഠിച്ച് ഉയർന്ന മാർക്ക് വാങ്ങിയത് തടവറജീവീതം കൊതിച്ചായിരുന്നില്ല. ഭർതൃഗൃഹത്തിലെ ആളുകളുടെ നാക്കിന് തൃപ്തിയുണ്ടാക്കാൻ ജന്മമെടുത്തതല്ല ഞാനെന്ന പെണ്ണ്.

ഝുമുർ ഒരു തീരുമാനത്തിലെത്തിയിരുന്നു. ഞാൻ അഫ്സലിന്റെ കുഞ്ഞിനെ പ്രസവിക്കും. ഹരുണിനെ ആ കുഞ്ഞ് അച്ഛാ എന്ന് വിളിക്കും. തനിക്ക് സാധ്യമാവുന്ന ഏക പ്രതികാരം.

ആ ഒരു മാസത്തിനുള്ളിൽ കൃത്യമായ കണക്ക് വച്ച് അവൾ കോണിപ്പടിയിറങ്ങി.. രാത്രിയിൽ ഹരുണിൽ നിന്നും വാശിയോടെ വിട്ടുനിന്നു.

ഝുമുർ ഗർഭിണിയാണ്. ഹരുൺ സന്തോഷവാനും. തനിക്കൊരു കുഞ്ഞ് പിറക്കാൻ പോകുന്നു. തന്റെ സ്വന്തം കുഞ്ഞ്.

”നഗ്നയായൊരു പെണ്ണിന് മുന്നിൽ അനന്തതയിലേക്ക് നീളുന്നൊരു കോണിപ്പടി ” അവസാന ചിത്രവും വരച്ചുവച്ച് അഫ്സൽ തന്റെ യാത്ര തുടര്ന്നു.

ഹരുൺ കുഞ്ഞിനെ ഓമനിക്കുന്നത് കാണുമ്പോൾ അവൾക്ക് പശ്ചാത്താപം തോന്നി. തെറ്റുകൾ ഏറ്റു പറയാൻ മനസ്സൊരുങ്ങി. വേണ്ട അതിന്റെ ആവശ്യമില്ല. ശിക്ഷ ഞാൻ ആദ്യമേ അനുഭവിച്ചു കഴിഞ്ഞു . ഒരു തെറ്റിന് രണ്ട് ശിക്ഷ വേണ്ട. ഞാൻ കൊളുത്തിവിട്ട തീജ്വാലകള് ഞാൻ തന്നെ എന്റെ സുഖത്തിന്റെ വെള്ളമൊഴിച്ച് കെടുത്തുകയാണ്.

സ്നേഹം എന്നു പറഞ്ഞാൽ തനിക്കൊന്നുമില്ലാതാക്കൽ എന്നർത്ഥമില്ലല്ലോ.

തസ്ലീമ നസ്റിൻ തന്റെ ശക്തമായ ഫെമിനിസ്റ്റ് നിലപാടുകൾ വ്യക്തമാക്കുകയാണ് അന്തസ്സുള്ള നുണകളിലൂടെ.

വ്യഭിചാരിണിയും മതവിരോധിയും ദേശദ്രോഹിയുമൊക്കെയായ് ഈ എഴുത്തുകാരി മുദ്രകുത്തപ്പെട്ടത് ഇതുപോലെ കുറിച്ചിട്ട അക്ഷരങ്ങളുടെ പേരിലാണ്.


ലിബേഷ് കാരിയിൽ

സമ്മർ സാലഡ്


 


അധികം വേവിക്കാത്ത പ്രകൃതിദത്ത വിഭവങ്ങളുടെ ഒരു ചേരുവയാണ് സാലഡ്. പഴങ്ങൾ മാത്രം ഉള്ള ഫ്രൂട്ട് സാലഡ്, പച്ചിലകൾ കൊണ്ടുണ്ടാക്കുന്ന ഗ്രീൻ സാലഡ്, പച്ചക്കറികളും പഴവർഗ്ഗങ്ങളും ചേർത്തുണ്ടാക്കുന്ന മിക്സ്ഡ് സാലഡ്, മീറ്റ് ചേർത്തുണ്ടാക്കുന്ന സാലഡ് എന്നിവയെല്ലാം നമുക്ക് പരിചിതമാണല്ലോ. പച്ചമാംസം (ബീഫ്) കൊണ്ടുണ്ടാക്കുന്ന തോ പച്ച മത്സ്യം ( ട്യൂണ ) കൊണ്ടുണ്ടാക്കുന്ന സാലഡുകളും ചിലയിടങ്ങളിലെല്ലാമുണ്ട്. 17-ാം നൂറ്റാണ്ടിനു മുൻപു തന്നെ മനുഷ്യർ സാലഡുകൾ ഉപയോഗിക്കുവാൻ തുടങ്ങിയതായി കണ്ടെത്തിയിട്ടുണ്ട്. അതിനുമേറെ വർഷങ്ങൾക്കു മുൻപു തന്നെ ഇതുണ്ടായിരുന്നിരിക്കണം. അക്കാലങ്ങളിൽ സാലഡുകളിൽ എണ്ണയും ചെറിയ അളവിൽ ചേർത്തിരുന്നത്രേ.

ധാരാളം നാരുകൾ അടങ്ങിയ ഒരു ഭക്ഷണമാണ് സാലഡ്. ഇത് ശരീരത്തിലെ ജലാംശം നിലനിർത്തുന്നതിനും വേനൽക്കാല ഉഷ്ണത്തിൽ നിന്നും ആശ്വാസം നൽകുന്നതിനും ഉത്തമമാണ്. മിക്ക ജീവകങ്ങളും അടങ്ങിയിട്ടുള്ള ഇതിൽ ഊർജ്ജം (കലോറി) കുറവാണെന്നത് ശരീര ഭാരം കുറയ്ക്കുന്നവർക്കും അനുയോജ്യമാണ്.

വേനൽക്കാലത്തിന് അനുയോജ്യമായ ഒരു സാലഡ് ഈ ലക്കത്തിൽ പരിചയപ്പെടുത്തുന്നു.

ചേരുവകൾ

സവാള – 1

ക്യാരറ്റ് – 1

പുളി കുറഞ്ഞ മാങ്ങ – 1

പിഞ്ചു വെള്ളരി – 1

മാതള നാരങ്ങ – 1

മല്ലിയില – 10 ഇതൾ

വിനീഗർ – 1 ടേബിൾസ്പൂൺ

ഒലിവ് ഓയിൽ – 1 ടേബിൾസ്പൂൺ

കുരുമുളക് പൊടി – 1/2 ടേബിൾസ്പൂൺ

ഉപ്പ് ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

മാതള നാരങ്ങ, മാങ്ങ  എന്നാവയൊഴിച്ചുള്ള ചേരുവകൾ എല്ലാം വളരെ ചെറുതായി അരിഞ്ഞെടുക്കുക. അതിലേയ്ക്ക് പുളി കുറഞ്ഞ മാങ്ങ ചിരണ്ടിച്ചേർക്കുക. തുടർന്ന് മാതള നാരങ്ങ അടർത്തിയെത്തത് ചേർക്കുക. ഇതിലേയ്ക്ക് വിനാഗിരിയും, ഉപ്പും, കുരുമുളക് പൊടിയും ചേർത്തിളക്കുക. ഇതിലേക്ക് ഒരു ടേബിൾസ്പൂൺ ഒലിവ് ഓയിൽ കൂടി ചേർക്കുകയാണെങ്കിൽ കൂടുതൽ നന്ന്. കാഴ്ചയിൽ മനോഹരവും രുചികരവുമായ സാലഡ് തയ്യാറായിക്കഴിഞ്ഞു.


ഡോ ഷേർളി സുനീത്

പ്രതികരണങ്ങൾ




മൊത്തത്തിൽ നല്ല നിലവാരം പുലർത്തുന്നുണ്ട് ഇതിവൃത്തം. തൊഴിലിടങ്ങളിലെ തൊഴി വളരെ നന്നായിരുന്നു. ഇത്തരം തൊഴികൾ ധാരാളം ഏറ്റുവാങ്ങിയിട്ടുള്ളതുകൊണ്ടുതന്നെ നർമ്മം കലർന്ന പ്രതിപാദ്യം വളരെ ഹൃദ്യമായി. മഞ്ഞപ്പിത്തത്തെക്കുറിച്ചുള്ള ലേഖനം ചില പുതിയ അറിവുകളും പകർന്നു തന്നു. വുമൺസ് ഡേയും, പിൻവിളിയും, ഓർമ്മകൾ യാത്രയാകുമ്പോഴുമെല്ലാം നല്ല കഥകൾ തന്നെയായിരുന്നു. സഞ്ചാരവും,  പാചകവും,നിരൂപണവുമെല്ലാം നല്ല നിലവാരം പുലർത്തുന്നുണ്ട്. എല്ലാ ആശംസകളും

പ്രവീണ നാഗേശ്വരൻ, കണ്ണൂർ

നല്ല ഒരു ഓൺലൈൻ മാസിക, ഒരു മാസികയ്ക്കുവേണ്ട വിഭവങ്ങൾ എല്ലാം ഉണ്ട്. ഞങ്ങൾ പ്രവാസികൾക്ക് ഇത്തരം മാസികകൾ തരുന്ന സന്തോഷം ചെറുതല്ല. ഏതാണ്ട് ഒരു വർഷമായി ഈ മാസിക വായിക്കുന്നുണ്ട്. എല്ലാ ലക്കങ്ങളും ഇഷ്ടമായി. കഴിഞ്ഞ ലക്കത്തിലെ പഴരസം ഉണ്ടാക്കി നോക്കി. പലർക്കും പറഞ്ഞുകൊടുത്തു കയ്യടിയും വാങ്ങി. വളരെ രുചികരമായിരുന്നു. ഇത്തരം ലളിതവും സ്വാദിഷ്ഠവുമായ വിഭവങ്ങൾ ഇനിയും പ്രതീക്ഷിക്കുന്നു.

നിസാർ അഹമ്മദ്, അബുദാബി

ആകാശത്തുകൂടി പറന്നു വന്ന്, ഞങ്ങളുടെ നൊസ്റ്റാൾജിയ അകറ്റുന്ന ഇതിവൃത്തത്തിന് എത്ര നന്ദി പറഞ്ഞാലും അധികമാവില്ല.ഞാൻ ഇവിടെ ഒരു ഹോസ്പിറ്റലിൽ നഴ്‌സ്‌ ആണ്. ഞങ്ങൾ കുറച്ചു മലയാളികൾ ഇവിടെയുണ്ട്. മിക്കവരും ഇതിവൃത്തത്തിന്റെ ആരാധകർ തന്നെ. നല്ല നല്ല സന്ദേശങ്ങൾ നൽകുന്ന മുഖമൊഴി തന്നെയാണ് ഏറെ പ്രിയം. പൊതുവേ വലിയ കാര്യങ്ങളോട് താൽപ്പര്യം ഇല്ലാതിരുന്ന ഒരാളായിരുന്നു ഞാൻ. അതുകൊണ്ടു ലേഖനങ്ങളോട് അലർജിയായിരുന്നു. ഒരു പക്ഷേ എന്റെ തലയിൽ ഇതൊന്നും കയറില്ല എന്ന തോന്നൽ ആയിരിക്കാം അതിനു കാരണം. ഇതിവൃത്തത്തിൽ പ്രതിപാദ്യം എന്ന തലക്കെട്ടിൽ വന്ന ഒരു ലേഖനം, തലക്കെട്ടിന്റെ രസം കൊണ്ട് വായിക്കാനിടയായി. അന്ന് മുതൽ ഞാൻ മുടങ്ങാതെ ഇതിലെ ലേഖനങ്ങൾ വായിക്കുവാൻ തുടങ്ങി. വ്യത്യസ്തമായ എഴുത്തു രീതിയാണ് എന്നെ ആകർഷിക്കുന്നത്. കഥകളും, കവിതകളും, യാത്രയുമെല്ലാം മനോഹരം. ഞങ്ങളുടെ എല്ലാ ഭാവുകങ്ങളും നേരുന്നു.

ഗായത്രി രതീഷ്, ക്യാനഡ

ചെറിയ സംഭവങ്ങളിൽ കൂടി വലിയ കാര്യങ്ങൾ പ്രതിപാദിക്കുന്ന ശ്രീ സുമേഷ് രാമചന്ദ്രന്റെ സ്വപ്നാടനവും പതിവു തെറ്റിച്ചില്ല. റഷ്യൻ ഉക്രൈൻ യുദ്ധപശ്ചാത്തലത്തിലൂടെ ഇവിടെ നടക്കുന്ന രാഷ്ട്രീയ അരാഷ്ട്രീയ കൊലപാതകങ്ങളെക്കുറിച്ചു നമ്മളെ ചിന്തിപ്പിക്കുവാൻ മുഖമൊഴിക്കും കഴിഞ്ഞിട്ടുണ്ട്. ശ്രീ ബിനു ആർ എഴുതിയ എലികൾ എന്ന കഥയിൽ കഥാകാരൻ എന്താണ് പറയുവാൻ ശ്രമിച്ചതെന്ന് മനസ്സിലായില്ലെങ്കിൽ കൂടിയും കഥ മോശമല്ലായിരുന്നു. ശ്രീമതി ശബാന ബീഗത്തിന്റെ അവസ്ഥാന്തരം എന്ന കഥ നന്നായി ആസ്വദിച്ചു. ശ്രീ ജോളി കുത്തുകല്ലുങ്കലിന്റെ നിള എന്ന കവിത വളരെയിഷ്ടപ്പെട്ടു. മറ്റു കവിതകളും നിലവാരം പുലർത്തി.പുസ്തക നിരൂപണം ഇത്തവണ രണ്ടെണ്ണമുണ്ടായിരുന്നു. ഒരു യാത്രാവിവരണ പുസ്തകത്തിന്റേയും നോബൽ സമ്മാനം നേടിയ ഒരു പുസ്തകത്തിന്റെ പരിഭാഷയുടേയും. രണ്ടും അത്യാവശ്യം നന്നായിത്തന്നെ അവതരിപ്പിച്ചു. ആരോഗ്യം, യാത്ര, പാചകം തുടങ്ങിയ സ്ഥിരം ലേഖനങ്ങളും മാസികയുടെ മനോഹാരിത കൂട്ടുന്നുണ്ട് എന്ന് നിസ്സംശയം പറയാം. ആകെ മൊത്തം ലക്ഷണമൊത്ത ഒരു മാസികയെന്നും.

പി. ആർ. കൃഷ്ണമോഹൻ, പന്തളം

ഡിജിറ്റൽ മാസിക നിറുത്തിയത് കഷ്ടമായിപ്പോയി. അത് തുടക്കം മുതൽ ഒടുക്കം വരെ ക്രമത്തിൽ വായിക്കുകയായിരുന്നു പതിവ്. ഇപ്പോൾ തിരഞ്ഞെടുത്തു വായിക്കണം എന്നൊരു പ്രശ്നമുണ്ട്. അതിൽത്തന്നെ ഏതാദ്യം വായിക്കണം എന്ന മറ്റൊരു പ്രശ്നവും. ഉള്ളടക്കം എല്ലാം നിലവാരമുള്ളവ തന്നെയാണ്. കഥകളും കവിതകളും എടുത്തു പറയേണ്ടവ തന്നെ.

ബിന്ദു വിജയൻ, അവിനാശി