2021 ഓഗസ്റ്റ് 25, ബുധനാഴ്‌ച
മുഖമൊഴി
ശാസ്ത്രീയതയുടെ ശാസ്ത്രീയത
കുറച്ചു മാസങ്ങളായി ശാസ്ത്രീയത വളരെയധികം കൂടിയിരിക്കുന്നു. പ്രത്യേകിച്ചും സാമൂഹിക മാധ്യമങ്ങളിൽ. കൊറോണയാകാം ഇതിന്റെ ആക്കം കൂട്ടിയിരിക്കുന്നത് എന്ന് തോന്നുന്നു. ശാസ്ത്രീയത മിക്കപ്പോഴും തുടങ്ങുന്നതോ എത്തിച്ചേരുന്നതോ വൈദ്യശാസ്ത്രങ്ങളിൽ ആണ് എന്നത് മറ്റൊരു കൗതുകം. ഇത്തരം ചർച്ചകളിലെ ശാസ്ത്രീയത വിലയിരുത്തുമ്പോൾ മനസ്സിലായത്, ഇത്തരം ചർച്ചകൾ നടത്തുന്നത് വൈദ്യശാസ്ത്ര പഠനം നടത്തിയവരല്ല എന്നതാണ്. എന്തിനധികം മറ്റേതെങ്കിലും ശാസ്ത്രം പഠിച്ചവർ പോലുമല്ല. ആരൊക്കെയോ സാമൂഹിക മാധ്യമത്തിലൂടെ പഠിപ്പിച്ച ചില കാര്യങ്ങൾ ഇത്തരം മാധ്യമങ്ങളിലൂടെ തന്നെ ശർദ്ധിക്കുന്നവർ മാത്രമാണെന്നതാണ് ഏറ്റവും ദുഃഖകരം.
സയന്റിയ എന്ന ലാറ്റിൻ വാക്കിൽ നിന്നും ഉണ്ടായ ഒരു പദമാണ് സയൻസ്. അറിവ് എന്നാണ് യഥാർത്ഥത്തിൽ ഈ വാക്കിന്റെ അർഥം. ശാസ്ത്രം എന്ന വാക്കാണ് ഇന്ന് നാം സയൻസ് എന്ന വാക്കിന്റെ മലയാളമായി ഉപയോഗിക്കുന്നത്. ശാസിക്കപ്പെട്ട എന്ന അർത്ഥമായിരുന്നു പഴയകാലത്ത് ശാസ്ത്രം എന്ന വാക്കിന്. അതുകൊണ്ടുതന്നെ ക്ഷേത്രവുമായി ബന്ധപ്പെട്ട പൂജാകർമ്മങ്ങൾ പോലും ശാസ്ത്രങ്ങളായി അറിയപ്പെട്ടിരുന്നു.
വ്യവസ്ഥാപിതമായ പരീക്ഷണ നിരീക്ഷണങ്ങളാൽ പരിശോധിക്കപ്പെടാവുന്ന അനുമാനങ്ങളാണ് ശാസ്ത്രം എന്നാണ് ഇന്ന് നാം ഇതിനെ നിർവചിക്കുന്നത്. മറ്റു ചില നിർവചനങ്ങളും ഉണ്ടാകാം. പൊതുവെ അംഗീകരിക്കപ്പെട്ട ഒരു നിർവചനം എടുത്തു പറഞ്ഞു എന്ന് മാത്രം. നിർവചനം എന്തുമാകട്ടെ, ആവർത്തിക്കാവുന്ന പരീക്ഷണനിരീക്ഷണങ്ങൾ ശാസ്ത്രത്തിന്റെ ഒരു അടിസ്ഥാന സ്വഭാവമാണ്.
ഭൗതികതയ്ക്കുള്ളി ൽ മാത്രം ഒതുക്കപ്പെട്ട അറിവാണ് ശാസ്ത്രം. എന്തുകൊണ്ടെന്നാൽ, പരീക്ഷണങ്ങളും നിരീക്ഷണങ്ങളും സാധ്യമാകുന്നത് ഭൗതികപ്രതിഭാസങ്ങളിൽ മാത്രമാണ്. അതിഭൗതികമായ കാര്യങ്ങളിൽ ഉള്ള അറിവ് ശാസ്ത്രം വഴി ലഭ്യമാകണമെന്നില്ല എന്നർത്ഥം. അതാത് കാലങ്ങളിൽ ലഭ്യമായ അളവുകോൽ മാത്രമാണ് ശാസ്ത്രത്തിന്റെയും അളവുകോൽ എന്നൊരു പോരായ്മയും ഇല്ലാതില്ല. അതുകൊണ്ടുതന്നെ ഭൗതീകതയ്ക്കപ്പുറം എന്തെങ്കിലുമുണ്ടോ എന്നകാര്യവും ശാസ്ത്രത്തിന് വിശദീകരിക്കുവാൻ കഴിയില്ല.
ശാസ്ത്രവും തത്വചിന്തയും എന്നും പരസ്പരം ബന്ധപ്പെട്ടിരുന്നു എന്നതിൽ തർക്കമുണ്ടണ്ടാകാനിടയില്ല. ഇന്നും ഉയർവിദ്യാഭ്യാസത്തിൽ ശാസ്ത്ര ബിരുദങ്ങൾ നൽകുന്നത് ശാസ്ത്രത്തിന്റെ തത്വചിന്തയിൽ തന്നെയാണ്. മാസ്റ്റർ ഓഫ് ഫിലോസഫി ഇൻ സയൻസ്, ഡോക്ടർ ഓഫ്
ഫിലോസഫി ഇൻ സയൻസ് എന്നിവ അതിന്റെ തെളിവുകളാണല്ലോ. പരീക്ഷണനിരീക്ഷണങ്ങളിലൂടെ സാധ്യമായ അറിവുകൾ നമ്മുടെ ആകെ അറിവിന്റെ ഒരു ചെറിയ ഭാഗം മാത്രമാണ്. എന്റെ അഭിപ്രായത്തിൽ പറയുകയാണെങ്കിൽ വിജ്ഞാനമേഖലയുടെ ഒരു ഭാഗം മാത്രമാണ് ശാസ്ത്രം. അതുകൊണ്ടാകാം ഉന്നത വിദ്യാഭാസത്തിൽ ശാസ്ത്രത്തെ തത്വചിന്തയുടെ കീഴിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. നമുക്ക് അറിവുകൾ നൽകുന്ന മറ്റു വിഭാഗങ്ങളും ഉണ്ടെന്നർത്ഥം. പരീക്ഷണങ്ങൾ മാത്രമല്ല, നിരീക്ഷണങ്ങളും, അനുഭവങ്ങളുമെല്ലാം നമുക്ക് അറിവുകൾ നൽകുന്നുണ്ട്.
ഇത്രയും കാര്യങ്ങൾ പറയേണ്ടിവന്നത് ഇന്ന് സാമൂഹ്യ മാധ്യമങ്ങളിൽ കാണുന്ന, ഒരു മതമെന്നപോലെ പെരുകുന്ന, ശാസ്ത്രവാദികളുടെ അസഹിഷ്ണുത കാണുന്നത് കൊണ്ടാണ്. ഇന്ത്യയിൽ അംഗീകരിക്കപ്പെട്ട വൈദ്യ ശാസ്ത്രങ്ങളുടെ ശാസ്ത്രീയതയാണ് ഈ വിഷയങ്ങളിൽ യാതൊരു അറിവു പോലുമില്ലാത്തവർ ഇന്ന് ചർച്ചയാക്കുന്നത് എന്നത് അതീവ ഗുരുതരമാണ്. ഒരു ചികിത്സ തേടേണ്ടത് രോഗിയുടെ അവകാശമാണ്. അത് ഏതു വൈദ്യശാസ്ത്രം വേണമെന്ന് തീരുമാനിക്കുവാനുള്ള നിയമപരമായ അവകാശവും രോഗിക്കു തന്നെയാണ്. ശാസ്ത്രം എന്താണെന്നുപോലും കൃത്യമായി അറിയാതെ, ഏതു നിഷേധവും ശാസ്ത്രീയമാണെന്നു കരുതുന്ന ആളുകൾ നടത്തുന്ന, അവർക്കുപോലും അറിയാത്ത സംവാദങ്ങളും പ്രചരണങ്ങളും എത്ര കണ്ടു ശരിയാണെന്ന് നാം ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
എല്ലാ വായനക്കാർക്കും മാസികയുടെ ഓണാശംസകൾ
ഡോ. സുനീത് മാത്യു
പൂജ്യം, സംപൂജ്യം
അൻപത്തിയൊന്ന് ബില്യൺ ടൺ (5100 കോടി ടൺ)! അത്രയും ഹരിതഗൃഹ വാതകങ്ങളാണ് (Greenhouse gases) ഓരോ വർഷവും നാം എല്ലാവരും കൂടി അന്തരീക്ഷത്തിലേക്ക് കടത്തിവിടുന്നത്. അതുകൊണ്ടെന്താ എന്നല്ലേ? പറയാം. ചുരുക്കി പറഞ്ഞാൽ അതുകൊണ്ട് ആഗോളതാപനം (Global warming) വളരേ കൂടും. മനസ്സിലായില്ലെങ്കിൽ നീട്ടിപ്പറയാം. ആഗോളതാപനം കൂടിയാൽ ഉഷ്‌ണതരംഗം, വരൾച്ച, കൃഷി നാശം, കാട്ടുതീ, കടലാക്രമണം, വെള്ളപ്പൊക്കം, കൊടുങ്കാറ്റ് എന്നുവേണ്ട പത്തു മഹാമാരികൾ ഒരുമിച്ചു വന്നാലുള്ളത്ര ദുരന്തം സംഭവിച്ചേക്കാം, ഒരു നൂറ് വർഷത്തിനകം. അതിന് തടയിടണമെങ്കിൽ ഒരു കാര്യം മാത്രം ചെയ്‌താൽ മതിയാകും. ഈ 5100 കോടി ടൺ പ്രതിവർഷ ഹരിതഗൃഹവാതക എമിഷൻ (Emission) എണ്ണുന്നുള്ളത് പൂജ്യത്തിൽ (Net-zero) എത്തിക്കണം!
നിങ്ങൾ ചിരിച്ചു, എനിക്കുറപ്പാണ്. ഇപ്പോ നടന്നത് തന്നെ എന്നും വിചാരിച്ചു കാണും. നൂറ് വർഷം കഴിഞ്ഞു സംഭവിക്കുന്ന കാര്യത്തിന് ഇപ്പോൾ പേടിക്കണോ എന്ന് കരുതണ്ട. നൂറ് വർഷം കൂടുമ്പോൾ വരുന്ന മഹാമാരി നിങ്ങൾ കണ്ടില്ലേ? ഇതും അതുപോലെ തന്നെ കാണാൻ കഴിഞ്ഞേക്കും. ഈയിടെ നിങ്ങൾ അനുഭവിച്ച ഉരുക്കുന്ന ചൂടും, മുക്കുന്ന പ്രളയവും, അലറിയാക്രമിക്കുന്ന കടലും മറ്റെന്തു കൊണ്ടാണെന്നു വിചാരിച്ചു?
പക്ഷെ കാലാവസ്ഥാ വ്യതിയാനവും അതുകൊണ്ടുണ്ടായേക്കാവുന്ന ദുരന്തങ്ങളും ഒഴിവാക്കാൻ കഴിയുന്നതാണ്. അതിന് ആര് വിചാരിക്കണം എന്നാണ്? ഗവൺമെന്റോ? അതോ രാഷ്ട്രീയ പാർട്ടികളോ? അവർക്കൊക്കെ വേറെ പണിയുണ്ട് നാട്ടാരെ! മരം വെട്ടുന്ന, ഖജനാവ് മുടിപ്പിക്കുന്ന മുട്ടൻ പണികൾ. കുറ്റം പറയരുതല്ലോ, കാലാവസ്ഥാ വ്യതിയാന സമ്മേളനങ്ങളിൽ പോയി അവർ ഘോരഘോരം പ്രസംഗിക്കും, ‘ഇപ്പൊ ശെരിയാക്കിത്തരാം’ എന്ന് പറയും. മുപ്പത് വർഷം കൊണ്ട് പൂജ്യം ആക്കിയില്ലെങ്കിൽ അവരുടെ പേര് നിങ്ങളുടെ പട്ടിക്കിടാൻ പറയും. വളർത്തുമൃഗങ്ങളോട് സ്നേഹമുള്ള നമ്മൾ അതൊരിക്കലും ചെയ്യില്ലെങ്കിലും, മുപ്പതു വർഷത്തിനകം ശെരിയാക്കിക്കളയും എന്നാണ് മിക്ക രാജ്യങ്ങളും പറയുന്നത്. അതൊക്കെ എന്തോ ആക്കട്ടെ. എനിക്കവരോടല്ല പറയാനുള്ളത്. നിങ്ങളോടാണ്.
നിങ്ങൾ വിചാരിക്കണം. നിങ്ങൾ മാത്രം വിചാരിച്ചാൽ സുന്ദരമായ മാറ്റങ്ങൾ ഉണ്ടാക്കാൻ കഴിയും സുഹൃത്തേ. പൂജ്യം എത്തിയില്ലെങ്കിലും അതിനടുത്തെത്തിക്കാം. അത് മതി, ധാരാളം. അതിന് നിങ്ങൾ ചെറിയ (വലിയ) ചില മാറ്റങ്ങൾ വരുത്തണം, ജീവിത രീതികളിൽ. വേറൊന്നുകൂടിയുണ്ട്. നാം പുറത്തു വിടുന്ന ഹരിതഗൃഹ വാതകങ്ങളുടെ ഇരുപതു ശതമാനത്തിന്റെ നേരിട്ടുള്ള കാരണക്കാർ എന്നെയും നിങ്ങളെയും പോലുള്ളവരും നമ്മുടെ കുടുംബങ്ങളും ആണ്. ബാക്കി എൺപതു ശതമാനത്തിന് പരോക്ഷമായും നമ്മൾ ഉത്തരവാദികളാണ്. നമുക്ക് വേണ്ടിയാണല്ലോ സാധനങ്ങളും സേവനങ്ങളും സൃഷ്ടിക്കപ്പെടുന്നത്. അതുകൊണ്ട് താഴെപ്പറയുന്ന കാര്യങ്ങൾ പരിഗണിച്ചാൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കാൻ കഴിഞ്ഞേക്കും.
1. എല്ലാ ആവശ്യങ്ങൾക്കും പുറത്തുപോകുമ്പോൾ ബൈക്കോ കാറോ എടുക്കണമെന്നില്ല. അടുത്തൊക്കെ നടന്നു പോകാം, അല്ലെങ്കിൽ ഒരു സൈക്കിൾ വാങ്ങൂ. ചുമ്മാ നടക്കണം, അല്ലെങ്കിൽ സൈക്കിൾ ചവിട്ടണം. ആരോഗ്യം ഇങ്ങു പോരട്ടെ. ഇനി അതൊന്നും പറ്റിയില്ലെങ്കിൽ കഴിവതും പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിക്കാം. മാസ്ക് വക്കാൻ മറക്കണ്ട.
2. രണ്ടോ മൂന്നോ ആൾക്കാർക്ക് താമസിക്കാൻ എന്തിനാണ് ഏഴും എട്ടും കിടപ്പുമുറികളുള്ള വീടുകൾ. നാലും അഞ്ചും വാഹനങ്ങളും വേണോ? കൂടുതലുള്ള സമ്പത്ത് ഇങ്ങനെ കാഴ്ചകളാക്കി മാറ്റിയിട്ടെന്തു പ്രയോജനം. വീടുകളുടെയും വാഹനങ്ങളുടെയും എണ്ണവും വലിപ്പവും കൂടുന്നതിനോടൊപ്പം അവ കൊണ്ടുണ്ടാകുന്ന ഹരിതഗൃഹ വാതക വ്യാപനവും കൂടും. ചെറുതും കുറവുമാണ് വലുതും കൂടുതലും എന്ന് മനസ്സിലാക്കാം (Less is more), കാലാവസ്ഥാവ്യതിയാന വിഷയത്തിലെങ്കിലും.
3. വീടുകളിൽ ജൈവഇന്ധനനങ്ങളുടെ (fossil fuels) സഹായത്താൽ ഉൽപ്പാദിപ്പിക്കുന്ന വൈദ്യുതിയുടെ ഉപയോഗം കുറക്കുക. പകരം സോളാർ ഊർജ്ജ സ്രോതസ്സുകൾ ഉപയോഗിക്കാം. സോളാർ സെല്ലും ബാറ്ററിയുമൊക്കെ നോക്കിയും കണ്ടും വാങ്ങണം എന്ന് മാത്രം.
4. ഇറച്ചിയുടെയും പാലിന്റെയും ഉപയോഗം കുറച്ചാൽ ഹരിതഗൃഹ വാതകങ്ങളുടെ വ്യാപനം കുറക്കാം. കന്നുകാലി വളര്‍ത്തല്‍ ഹരിതഗൃഹ വാതകങ്ങളുടെ ഉൽപ്പാദനത്തിൽ ഗണ്യമായ പങ്കുവഹിക്കുന്നു എന്നതാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. കഴിയുമ്പോഴൊക്കെ കട്ടൻ ചായയും പച്ചക്കറികളും പരീക്ഷിക്കാവുന്നതാണ്. ഖേദിക്കേണ്ടിവരില്ല.
5. വീട്ടുസാധനങ്ങൾ, പ്രത്യേകിച്ചും ഇലക്ട്രോണിക്/ഇലക്ട്രിക്കൽ ഉപകരണങ്ങളുടെ ഊർജ്ജക്ഷമത (Energy efficiency) ഉറപ്പുവരുത്തണം. മിക്കവാറും ഉപകരണങ്ങളിൽ ഊർജ്ജക്ഷമതയുടെ തോത് അടയാളപ്പെടുത്തിയിട്ടുണ്ടാകും. അവയൊക്കെ വാങ്ങുന്നതിനുമുൻപ് ഊർജ്ജക്ഷമത കൂടുതലുള്ള ഉപകരണങ്ങൾ തിരഞ്ഞെടുത്താൽ ഉപകാരമാകും, നിങ്ങൾക്കും, നാട്ടുകാർക്കും.
6. ആവശ്യമുള്ള സാധങ്ങൾ മാത്രം വാങ്ങുക. സാധനസാമഗ്രികളുടെ പുനരുപയോഗവും (Reuse) പുനചംക്രമണവും (Recycle) ശീലമാക്കുക. നിങ്ങൾ പുതുതായി വാങ്ങുന്ന ഓരോ സാധനങ്ങളും സേവങ്ങളും ഉണ്ടാക്കുവാൻ ഹരിതഗൃഹ വാതകങ്ങളുടെ മേഘാവലിയുണ്ടായ്‌വരും എന്ന് മറക്കാതിരിക്കുക.
ഹരിതഗൃഹവാതകങ്ങളെ പൂജ്യത്തിലെത്തിച്ചു സംപൂജ്യരായാൽ നമുക്ക് കൊള്ളാം. മഹാമാരികണ്ട കണ്ണുകൾക്കിനിയൊരു ദുരന്തം കാണുവാനുള്ള കരുത്തില്ല. മഹാമാരി കവർന്നു ബാക്കിവച്ച ഇത്തിരിക്കനവുകൾ കട്ടെടുക്കാൻ ഇനിയൊരു ദുരന്തവും എങ്ങോട്ടു വരേണ്ടതില്ല. വിളിച്ചില്ലെങ്കിൽ അവയൊന്നും ഇങ്ങോട്ടു വരുവാനും പോകുന്നില്ല!
വിളിച്ചു വരുത്തണോയെന്ന് നമുക്ക് തീരുമാനിക്കാം.
സുമേഷ് രാമചന്ദ്രൻ
ബന്ധനങ്ങൾ
സ്നേഹം… സൗകര്യപൂർവ്വം
തിരക്കില്ലെങ്കിൽ ഒന്നി വിടം വരെ വരൂ .. ഞാൻ അന്നപൂർണ ഹോട്ടലിനടുത്തുള്ള ബസ് സ്റ്റോപ്പിലുണ്ട്…
ശ്യാമിൻ്റെ മെസേജ് വായിച്ച ഉടനെ ഡ്രസ് മാറ്റി ചെറുതായൊന്നൊരുങ്ങി ഗിരി ബാല ഹോസ്റ്റലിനു പുറത്തിറങ്ങി.കഷ്ടിച്ച് ഒരു കിലോമീറ്റർ ദൂരമേയുള്ളു അന്നപൂർണ ഹോട്ടലിലേക്ക് .ശ്യാമിനോടൊപ്പം പല വട്ടം ഹോട്ടലിലേക്കും തിരിച്ചിങ്ങോട്ടും നടന്നിട്ടുള്ളതാണ്. കാത്തു നിൽക്കുകയാണല്ലോ എന്ന തോന്നലുണ്ടായതു കൊണ്ടാണ് ഓട്ടോയ്ക്കു കൈകാണിച്ചത്.
എന്തു പറ്റി എന്നൊരു ചോദ്യം മനസിലുണ്ടായിട്ടും ഗിരി ബാല നിശബ്ദയായി ശ്യാമിനെ പിന്തുടർന്നു .നഗരത്തിൽ നിന്ന് ഒഴിഞ്ഞു മാറി പഴയൊരു വീട് രൂപ മാറ്റം വരുത്തിയെടുത്തതായിരുന്നു ഹോട്ടൽ അന്നപൂർണ .മുറ്റത്തിനു ചുറ്റുമുള്ള കുറച്ചു സ്ഥലത്ത് ഇപ്പോഴും നാടൻ ചെടികളുടെ അവശേഷിപ്പുകൾ കാണാം. പ്രായമായ ചെമ്പരത്തിയും ചെത്തിയും മരണം കാത്തു നിൽക്കുന്ന നന്ത്യാർവട്ടവും.’. അങ്ങനെ ചിലത്. വൈകുന്നേരങ്ങളിൽ തിരക്കു കുറവായിരിക്കും. സ്വകാര്യത ആഗ്രഹിക്കുന്ന ചിലരൊക്കെ വന്നും പോയുമിരിക്കും.വിഭവ സമൃദ്ധമായ ഉച്ചഭക്ഷണത്തിൻ്റെ ആലസ്യത്തിലാണ്ടുകിടക്കുന്ന ഹോട്ടൽ വരുന്നവർക്ക് എന്തെങ്കിലും ലഘുഭക്ഷണം വിളമ്പിയാത്രയാക്കുകയാണ് പതിവ്.
സ്റ്റെയർകേസ് കയറിച്ചെന്ന് ജനലിനോടു ചേർന്നുള്ള മേശയ്ക്കിരുപുറവു മാ യി ഇരുന്നു ശ്യാമും ഗിരി ബാലയും.പുറം കാഴ്ചയായി നിരത്തിൽ വാഹനങ്ങളുടെ തിരക്കല്ലാതെ മറ്റൊന്നുമുണ്ടായിരുന്നില്ല. പതിവില്ലാത്ത വിധം മൗനത്തിലാണ് ശ്യാ മെ ന്നറിഞ്ഞ് ഗിരി ബാല ചോദിച്ചു.
“വാട്ട് ഹാപ്പ് ൻ ഡ് യു ലുക്ക് സാഡ്
” ഇന്നു രാവിലെ അമ്മമ്മ മരിച്ചു. “
“എയ്ജിഡ്?”
“പ്രായമുണ്ട്. എന്നാലും ഇത്ര പെട്ടെന്ന് മരിക്കുമെന്ന് കരുതിയില്ല.”
“അവസാനമൊന്നു കാണാനും പറ്റിയില്ലല്ലോ …”
“വേണമെന്നുണ്ടായിരുന്നെങ്കിൽ എങ്ങനെയെങ്കിലും എത്തിച്ചേരാമായിരുന്നു. എത്ര വയ്യെങ്കിലും ഓടി വന്ന് എന്നെ അടിമുടി നോക്കി സന്തോഷച്ചിരിയോടെ നിൽക്കുന്ന അമ്മമ്മ യെ അല്ലല്ലോ അവിടെ ചെന്നാൽ കാണുന്നത്. മരിച്ചു കിടക്കുന്നവരെ കാണാൻ എനിക്കു മടിയാണ്.കണ്ടില്ലെങ്കിൽ അവരെ വിടെയോ ജീവിച്ചിരിക്കുന്നു എന്ന തോന്നലുണ്ടാകും.
ശ്യാമിൻ്റെ വാക്കുകളിലെ യുക്തി രാഹിത്യം ചൂഴ്ന്ന് നോക്കുന്നതിനിടെ വെയിറ്റർ വന്നു.ഗിരി ബാല യാ ണ് കാപ്പിക്ക് ഓർഡർ കൊടുത്തത്.കൂടെ വെജിറ്റബിൾ കട് ലറ്റും. അന്നപൂർണ എന്ന പേരിനോടൊപ്പം ഓർമ വരുന്നതാണ് കടുപ്പമുള്ള കാപ്പിയുടെ ഗന്ധവും അവിടെ മാത്രം കിട്ടുന്ന സാമ്പാറിൻ്റെ രുചിയും.
സഹതാപത്തിൻ്റെ അധികവർഷം ശ്യാമിൽ ചൊരിയേണ്ടെന്നു കരുതി പ്രസന്നഭാവം വീണ്ടെടുക്കാനുള്ള ശ്രമത്തിലായിരുന്നു ഗിരി ബാല. ചൂടുള്ള കാപ്പി ഊതിക്കുടിച്ചു കൊണ്ട് അവൾ ശ്യാമിൻ്റെ വാക്കുകൾക്ക് കാതോർത്തു.
ശ്യാം പറഞ്ഞു: ഞാൻ കോളേജിലൊക്കെ പോകുന്ന കാലത്ത് വീട്ടിലെത്താൻ കുറച്ചു വൈകിയാൽ മതി അമ്മമ്മ ആകെ വിഷമിക്കും. അമ്മമ്മയുടെ ഹൃദയം താളം തെറ്റി മിടിച്ചു തുടങ്ങും.ശരീരമാകെ കുഴഞ്ഞ് അവശയായി കട്ടിലിൽ കിടക്കുന്നുണ്ടാകും. ഞാൻ അടുത്തു ചെന്ന് ആ കൈത്തണ്ടയിൽ തലോടി കുറച്ചു നേരം അടുത്തിരിക്കും. തണുത്തിട്ടുണ്ടാകും ആ കൈകൾ. ഞരമ്പുകൾ തെളിഞ്ഞ് അസ്ഥിമാത്രമായ കൈകൾ. ഞാൻ എഴുന്നേൽക്കാൻ ശ്രമിച്ചാൽ കുറച്ചു നേരം കൂടി എന്നെ ചേർത്തു പിടിക്കും.നഷ്ടപ്പെട്ടു പോകുമോ എന്ന് ഭയമുള്ളതുപോലെ. എന്നോടു മാത്രമായി എന്തിനാണിത്ര സ്നേഹമെന്ന് അന്നു ഞാൻ ചിന്തിച്ചിട്ടില്ല.ഇപ്പോൾ എനിക്കു തോന്നുന്നു അമ്മമ്മയും എന്നിൽ നിന്ന് അതു പോലൊരു സ്നേഹം ആഗ്രഹിച്ചിട്ടുണ്ടാകുമെന്ന് .
സൈറൺ മുഴക്കിപ്പോയൊരു ആംബുലൻസിൻ്റെ ശബ്ദം ശ്യാമിൻ്റെ വാക്കുകളെ മുറിച്ചുകളഞ്ഞു.ശബ്ദം അകന്നുപോയിട്ടും പറഞ്ഞതിൻ്റെ തുടർച്ചയിലേക്കു ശ്യാം മടങ്ങി വന്നില്ല. വീണ്ടുമൊരു കാപ്പിക്ക് ഓർഡർ കൊടുത്ത് ശ്യാം പറഞ്ഞു: ഉച്ചയ്ക്ക് ഭക്ഷണം കഴിച്ചില്ല.ഇപ്പോൾ വിശക്കുന്നു.
കുറച്ചു സമയത്തിനു ശേഷം ശ്യാം വീണ്ടും ഓർമകൾക്കു പിന്നാലെ നടന്നു തുടങ്ങി.
അമ്മ അധികകാലം അച്ഛനോടൊപ്പം താമസിച്ചിട്ടില്ല. എന്തോ കാര്യത്തിനു പിണങ്ങി സ്വന്തം വീട്ടിൽ വന്നു നിന്നതാണ്.പിന്നെ തിരിച്ചു പോയില്ല. അച്ഛൻ വിളിച്ചതുമില്ല. അച്ഛൻ കൂടെയില്ലാത്ത കുട്ടി എന്നതിൻ്റെ അധിക സ്നേഹം അമ്മമ്മ എന്നും നൽകിയിരുന്നു. ജോലി കിട്ടി ഇങ്ങോട്ടു വന്നപ്പോൾ അമ്മമ്മ ആദ്യം എതിർത്തിരുന്നു.. അത്ര ദൂരേക്കൊന്നും പോകണ്ട…
അമ്മ പരിഹസിക്കും.ഒരു ജോലി കിട്ടാനാണ് പാട് .അപ്പഴാ കിട്ടീത് വേണ്ടാന്നു വെക്കണത്. ഈ സ്നേഹോന്നും മക്കളോട് കാണിച്ചിട്ടില്ലല്ലോ. അമ്മമ്മയ്ക്ക് അതിനു മറുപടിയുണ്ടാവില്ല’ ആലോചനയിലാണ്ട് അങ്ങനെയിരിക്കും. ഞാൻ അരികിലെത്തുമ്പോഴൊക്കെ അമ്മ കേൾക്കാതെ ചോദിച്ചു കൊണ്ടിരിക്കും.. അവിടെ ഭക്ഷണമൊക്കെ ഇഷ്ടത്തിനുണ്ടാക്കിത്തരാൻ ആരാ ഉള്ളത്? :തുണിയൊക്കെ തനിയെ കഴുകണ്ടേ.. വയ്യാന്നു തോന്നിയാ ആരോടാ പറയ്യാ..?വേവലാതികൾക്ക് അവസാനമുണ്ടാകില്ല. എനിക്കിപ്പോൾ തോന്നുന്നു.. പ്രായമായവർക്ക് കൂടുതൽ സ്നേഹം വേണ്ടി വരുമെന്ന് .തന്നെ സ്നേഹിക്കാൻ ഒരാളെങ്കിലുമുണ്ടെന്ന തോന്നൽ അവർക്കാവശ്യമാണ്.കുറച്ചെങ്കിലും സ്നേഹം തിരിച്ചു ലഭിക്കാനായിരിക്കും അവർ അത്രയധികം സ്നേഹം എന്നിൽ ചൊരിഞ്ഞത്.എനിക്കും അമ്മമ്മ യെ ഇഷ്ടമായിരുന്നു .പക്ഷേ എങ്ങനെയാണത് പ്രകടിപ്പിക്കേണ്ടത് എന്ന് അറിയില്ലായിരുന്നു എന്നു മാത്രം.ഇനിയെൻ്റെ സ്നേഹം അതുപോലെ ആഗ്രഹിക്കുന്ന മറ്റൊരാളെ ഞാൻ കണ്ടെത്തില്ല ഗിരി ..
കണ്ണീരിൻ്റെ നനവുണ്ടായിരുന്നു ആ വാക്കുകൾക്ക്. രണ്ടു പേരുടേയും മനസ്സിൽ മ്ലാനത ഒരു ഇരുട്ടായി പടർന്നു.മഴത്തുള്ളികൾ ജനൽ പാളിയിൽ വന്നു പതിക്കുന്ന ശബ്ദം കേട്ട് ഗിരി ബാല മുഖമുയർത്തി.
” ശ്യാം .. സന്ധ്യയാകുന്നു. മഴയും.നമുക്ക് പോകാം.”
വാഷ്ബേസിനടുത്തു ചെന്ന് കൈകഴുകി തിരിച്ചു നടക്കുമ്പോൾ ശ്യാം ഗിരി ബാലയെ ഉറ്റുനോക്കി. ശ്യാമിന തു പറയാതിരിക്കാൻ കഴിഞ്ഞില്ല.
“നമ്മളെല്ലാം സൗകര്യപൂർവ്വം സ്നേഹിക്കുന്നവരാണ് അല്ലേ.. ഗിരി ‘അസൗകര്യമായി മാറുമ്പോൾ ആ സ്നേഹപ്പുതപ്പ് നമ്മൾ എടുത്തു മാറ്റും;സ്വാതന്ത്ര്യത്തിൻ്റെ തണുപ്പ് എത്ര അസഹനീയമാണെങ്കിൽ പോലും!
പുറത്തിറങ്ങി ആദ്യം കണ്ട കാലി ഓട്ടോയ്ക്ക കൈ നീട്ടി ഗിരി ബാലയെ അതിൽ കയറ്റി വിടുമ്പോൾ ശ്യാം ഓർത്തു ..
ഇപ്പോൾ ചിത അണഞ്ഞിട്ടുണ്ടാകും..
വിലാസിനി രാജീവൻ
വധു
സ്വവർഗാനുരാഗികളായ പുകച്ചുരുളുകൾ
അയാൾക്കിന്നും ഉറങ്ങാൻ സാധിച്ചില്ല. ഇന്നുമയാൾക്ക് അവളോടത്തു ശയിക്കാൻ കഴിഞ്ഞില്ല.ചേർന്നുകിടന്ന്തന്നെ ഉറ്റുനോക്കുന്ന കാതരമായകണ്ണുകളിൽ അയാൾ ആകൃഷ്ടനാവുന്നില്ല, അവളുടെ മത്തുപിടിപ്പിക്കുന്ന ഗന്ധം അയാളെ കാമ പരവശനാക്കുന്നില്ല.അവളുടെ തരളമായ മുഖവും നൈറ്റിയിൽ ഇഴകിചേർന്നിരുന്ന
വടിവൊത്ത ശരീരഭാഗങ്ങളും ഇന്നലകളിലെന്നത്പോലെതന്നെ അയാളിൽ ഉത്തേജനമുണ്ടാകുന്നില്ല.
ഭർതൃപുരുഷന്റെ അകാരണമായ നിസ്സംഗതയിൽ വ്യസനിച്ച് കണ്ണീരുപൊഴിച്ചുകൊണ്ട് ഇന്നുമവൾ നിദ്രയിലേക്കാഴ്ന്നു.
ഈ രാത്രിയിലും കിടപ്പ്മുറിയോട് ചേർന്നുള്ള ബാൽക്കണിയിൽനിന്നും അയാൾ എണ്ണമില്ലാതെ സിഗരറ്റുകൾ പുകച്ചു.
ബാൽക്കണിയിൽനിന്നും ഇരുട്ടിൽ മുങ്ങിക്കിടക്കുന്ന നഗരം ദൃശ്യമായിരുന്നു.നഗരവും ഉറങ്ങിക്കഴിഞ്ഞിരിക്കുന്നു.പകലുകളിലെ തിരക്കുകളൊഴിഞ്ഞ് മഞ്ഞുകാറ്റ്കൊണ്ട്,
നിലാവ് പുതച്ചു ശാന്തനായി നഗരവും ഉറങ്ങിയിരിക്കുന്നു.
ഈ വലിയ നഗരത്തിൽ സ്വയം ശപിച്ചുകൊണ്ടും വെറുത്തുകൊണ്ടും
നിദ്രാവിഹീനിതനായി താൻ മാത്രം.
നവ വധുവിന്റെ ആഗമനം പ്രമാണിച്ച് കൊളീഗ്സ് സമ്മാനിച്ച പുത്തൻ മെത്തയിൽ ശൂന്യമായ തന്റെ ഭാഗത്തേക്ക് ചരിഞ്ഞുകിടന്നുറങ്ങുന്ന അവളുടെ ദൃശ്യം അയാളിൽ അസ്വസ്ഥതയുളവാക്കി.
എന്തൊക്ക ആശകളും സ്വപ്നങ്ങളുംകൊണ്ടാകും അവളി നഗരത്തിലേക്ക് തന്നിലേക്ക് എത്തിയിട്ടുണ്ടാവുക.എന്നിട്ടും
അപരിചിതമായ മുഖാവരണമണിഞ്ഞുകൊണ്ട് അവളോട് പെരുമാറുന്നു.
കൃത്തിമമായി ചിരിക്കുന്നു.സംസാരിക്കുന്നു.
എത്ര വട്ടം ശ്രമിച്ചു എല്ലാമൊന്നു തുറന്നു പറയാൻ.തുറന്നു പറച്ചിലിനായി മനസ്സിനെ തരപ്പെടുത്തുമ്പോൾ – ആത്മഹൂതി മുഴക്കി ചുമരിൽ തലതല്ലികരഞ്ഞ അമ്മയുടെയും ഒരു നികൃഷ്ടജീവിയെകണ്ട അറപ്പോടെ നോക്കിയിരുന്ന സഹോദരിയുടെയും മുഖങ്ങൾ മനസ്സിനെ ഭയപെടുത്തും.
ഓർമ്മകൾ തന്നെയൊരു ഭീരുവാക്കിയിരിക്കുന്നു!
എന്താണ് താൻ ചെയ്ത കൊടിയ പാപം !
ഒരു പുരുഷനോടു ഇഷ്ടം തോന്നിയതൊ അവനോടൊത്തു ജീവിക്കാൻ ആഗ്രഹം പ്രകടിപ്പിച്ചതോ?
“നീയൊക്കെ ഒരു ആണാണോ “
പുറത്തറിഞ്ഞാൽ കുടുംബത്തോടെ വിഷം കഴിച്ചു ചാവുകയേ നിവർത്തിയുള്ളു “
“ഒരു കല്യാണം കഴിച്ചാൽ തീരാവുന്ന പ്രശ്നമേ നിനക്കുള്ളു “
വാക്കുകൾ മനസ്സിനെ ആഴത്തിൽ മുറിപ്പെടുത്തി തുടങ്ങിയപ്പോഴാണ് സ്വന്തം സ്വത്വത്തെപോലും വിദഗ്ദ്ധമായി വഞ്ചിച്ചുകൊണ്ട് വിവാഹത്തിന് സമ്മതമറിയിച്ചത്.
എന്നിട്ടിപ്പോൾ അവളുടെ സുഖങ്ങളും സ്വപ്നങ്ങളും പുകച്ചുകത്തിച്ചുകൊണ്ട്
നിർബാധമായി ഇരുട്ടിലേക്ക് പുകച്ചുരുളുകളൂതിവിടുന്നു
ദൂരെ നഗരാതിർത്തിയിലായി തിരത്തല്ലുന്ന
സമുദ്രത്തിന്റെ നേരിയ ഇരമ്പലുകൾ അയാളുടെ കാതുകളിലൂടെ ഒഴുകികൊണ്ടിരുന്നു.
കടലോരത്തെ, ഡാനി പാർക്കുന്ന കോട്ടേജിലെത്തിയിരുന്നുങ്കിലെന്ന് അയാൾ ആശിച്ചു.
അവൻ ഇപ്പോൾ കോട്ടേജിലേക്ക് തിരിച്ചെത്തിക്കാണും.
റസ്റ്റ്‌ഹൗസിലെത്തിയ പുതിയൊരുവന്റെ രതിക്രീഡകളാൽ കാലിടകളിൽ പറ്റിചേർന്ന കൊഴുപ്പ് നീരുകൾ നൂറാവർത്തി കഴുകികളഞ്ഞുകാണും, ഉപ്പുകാറ്റുകൊണ്ട് തുരുമ്പ് പടർന്നുകയറിയ അലമാരയിലെ ഇടുങ്ങിയ അറയിലായി തന്റെ വെപ്പ് മുലകളും, പൊയ്മുടിയും ചില്ലുവളകളും, വെള്ളിയാഭരണങ്ങളും ഒളിച്ചുവെച്ചുകാണും. ഞരുക്കങ്ങളിൽ ശീൽകാരങ്ങൾ പുറപ്പെടുവിക്കുന്ന മുടന്തൻകാലുള്ള കട്ടിലിൽകിടന്ന് കടൽകാറ്റുരുണ്ടുകയറുന്ന ജാലകപഴുതിലൂടെ ആർത്തിരമ്പുന്ന കടലിലേക്ക് കണ്ണ്നട്ട് ഉറക്കം മണത്തെടുത്തു കാണും..
ആസ്വാസ്ഥ്യനായ അയാളുടെ മനസ്സിന് ചിറകുകൾമുളച്ചു, അത് കൂടുവിട്ടു പറന്നു. ഇരുട്ടിൽനിന്നും വെളിച്ചത്തിലേക്ക് വീണ്ടും ഇരുട്ടിലേക്ക് കാറ്റാടി കൂട്ടത്തിലേക്ക്, കടലോരങ്ങളിലേക്ക്, ഒന്നിച്ചു തുഴഞ്ഞുനീങ്ങിയ സമുദ്രത്തിന്റ വന്യമായ കോണുകളിലേക്ക്, കെട്ടിപുണർന്നുറങ്ങിയ രാത്രികളിലേക്ക്, തിരിച്ചുകരയണയുന്ന പുലരികളിലേക്ക്, നീല കണ്ണുകാരനുമായുള്ള സമാഗമങ്ങളിലേക്ക്….
” നതിങ് ടു വറി, സാറിനെ പോലുള്ള എത്ര പേരുണ്ടന്നോ ഈ ഭൂമിയിൽ! ഈ സിറ്റിയിൽ തന്നെ അങ്ങനെയുള്ള എത്ര കേസുകൾ ഈ റുസൂൽ അറ്റൻഡ് ചെയ്തിരിക്കുന്നു. പറഞ്ഞ കാശ് കൊണ്ട് വന്നിട്ടുണ്ടല്ലോ അപ്പൊ കാര്യങ്ങൾ ഓക്കേ.
സാറിന് പറ്റിയ ആൾക്കാരും നമ്മുടെ കയ്യിലുണ്ടെന്നേ..”
നക്ഷത്രബാറിലെ റിസേർവ്ഡ് ക്യാബിനിലിരുന്ന് നീല കണ്ണുകാരനായ റുസൂൽ ഗ്ലാസിൽകിടന്നുലയുന്ന അവസാനത്തെ തുള്ളി മദ്യവും ആർത്തിയോടെ കുടിച്ചു.ബാറിലെ റേഡിയോയിൽ നിന്നുമൊഴികിയെത്തുന്ന പോപ്പ് സംഗീതത്തിനനുസരിച്ച് തിളങ്ങുകയും മങ്ങുകയും ചെയ്യുന്ന ചുവന്ന വെട്ടങ്ങളേറ്റ് സ്ഫുരിക്കുന്ന അവന്റെ കണ്ണുകൾകണ്ട് അയാൾ അത്ഭുതപ്പെട്ടു.
ഓഫീസിലെ കൊളീഗ്സ്മൊത്തുള്ള സായാഹ്നങ്ങളിലാണ് റുസൂലിനെ കുറിച്ചയാൾ ആദ്യമായി അറിയുന്നത്.ചിലസ്റ്റാഫുകൾക്ക് വാരാന്ത്യങ്ങളിലെ രാത്രികൾക്ക് കൊഴുപ്പേകാനുള്ള ഇരകളെ തരപ്പെടുത്തികൊടുത്തിരുന്നത് റുസൂലായിരുന്നു.
പ്രാരബ്ധങ്ങളിൽപെട്ട് ജീവതം തള്ളി നീക്കാൻ ബദ്ധപ്പെടുന്നതും കപടമായ പ്രണയവികാരങ്ങളിൽ ബന്ദികളായി വഞ്ചിക്കപ്പെട്ടതുമായ സ്ത്രീ ശരീരങ്ങൾ നഗരത്തിന്റെ ഏതു മൂലയിലായിരുന്നാൽ പോലും അവന്റെ നീലകണ്ണുകൾ തേടിപിടിക്കും.
അവരുടെ പൂർവ്വകാലങ്ങളെ കണ്ണുകളിലെ വറ്റാത്ത നീലിമയിലായി കെട്ടി താഴ്ത്തുകയും, തന്നെ തേടിയെത്തുന്ന പുരുഷകോമരങ്ങൾക്ക് മുന്നിൽ പുതിയ രൂപത്തിലും ഭാവത്തിലുമവരെ കാഴ്ച്ചവക്കുകയും ചെയ്യും.
“ദി ബ്ലൂ എയ്ഡ് പിമ്പ്”എന്ന് ക്ലൈന്റുകൾ ഓമനിച്ചു വിളിക്കുമ്പോൾ ഗൂഡമായ നിർവൃതിയിൽ അയാളുടെ കണ്ണുകൾ കരിനീലിക്കുമായിരുന്നു.
“വരു പോകാം”
വെയ്റ്റർ നൽകിയ ബിൽസ്ലിപ്പിൽ കാശ് തിരുകി വെച്ച് ക്യാബിനിൽനിന്നും റസൂൽ അയാളെ പുറത്തേക്ക് അനുഗമിച്ചു.
സന്ധ്യ മടക്കയാത്രയ്ക്കായി ദൃതിപൂണ്ടിരിക്കുന്നു.ആകാശത്തു ചാര നിറത്തിലുള്ള കാർമേഘങ്ങൾകൂട്ടങ്ങൾ നിമിഷനേരംകൊണ്ട് പെയ്തുതീരുമെന്ന് ഭീക്ഷണിപ്പെടുത്തും വിധംതടിച്ചു കൂടി. പാർക്കിങ്ങിൽ ഒതുക്കി വെച്ച കാറിനനരികിലേക്ക് നീങ്ങാൻ മുതിർന്നപ്പോൾ നടക്കാമെന്ന് റസൂൽ ആംഗ്യ ഭാഷയിൽ വെളിപ്പെടുത്തി. ട്രാഫിക് സിഗ്നലിൽ ചുവപ്പ് മാറി പച്ച വെട്ടം നിറയുന്നത് കാത്ത്കിടക്കുന്ന വാഹനപ്പെരുപ്പങ്ങൾക്കരികിലൂടെയവർ ബീച്ച് റോഡ് ലക്ഷ്യംവെച്ച് നടന്നു.
സ്വലിംഗക്കാരോട് മാത്രം ശാരീരികമായി ആകർഷണം തോന്നുന്നുവെന്ന തന്റെ സ്വത്വത്തിന്റെ നിഘൂഡരഹസ്യം നഗരത്തിലെ ഒരു മനോരോഗ വിദഗ്ധനുമുന്നിൽ ആദ്യമായി തുറന്നു പറഞ്ഞപ്പോൾപോലും അയാളിൽ ഇത്രയും ലജ്ജയുളവായിട്ടില്ല. ഇന്നിപ്പോൾ ഒരു പിമ്പിനു മുന്നിൽ തന്റെ രഹസ്യം തുറന്നുപറഞ്ഞതിലുള്ള ജാള്യത അയാളെ വഴിയിലുടനീളം പിന്തുടർന്നു.
ആയിരംവട്ടം ആലോചിച്ചു കണ്ടെത്തിയതാണ് റസൂലെന്ന ഉപാധിയെന്നത് അയാളിൽ നേരിയ ആശ്വാസമുളവാക്കി.
ടാർ പാകിയിരുന്ന റോഡ് മിനുസമായ മൺപാതയ്ക്ക് മുന്നിൽ വഴിതിരിഞ്ഞു. ഏകാകിയാ ഒരു മഹാസാഗരം നിങ്ങളെ സ്വാഗതം ചെയ്യുന്നുവെന്ന് ഇരമ്പിക്കൊണ്ട് കടൽ കാറ്റ് അലഞ്ഞു നടന്നു.
മാത്തൻസ് ബീച്ച് ഹൌസ് -തുരുമ്പ്കാർന്നുതുടങ്ങിയ ബോർഡ്ചൂണ്ടിയ ദിശയിലേക്ക് നടന്നുനീങ്ങിയ റസൂലിനെ അയാൾ പിന്തുടർന്നു.കാറ്റാടി കുട്ടങ്ങൾക്ക് നടുവിലായി കടലിനോട് മുഖംതിരിച്ചിരിക്കുന്ന ഇരുനിലകെട്ടിടം അയാളുടെ കണ്ണുകളിലുടക്കി. വിഷാദരൂപം പൂണ്ട വാർദ്ധക്യത്തെ ഓർമ്മിപ്പിക്കും വിധമായിരുന്നു കെട്ടിടം. ചുവരുകളിൽ പാകിയ ഛായം നിറമേതെന്ന് തിരിച്ചറിയാത്തവിധം മങ്ങിപോയിരിക്കുന്നു. മണൽനിരപ്പിലായി വീണുകിടന്ന കാറ്റാടികൂട്ടങ്ങളുടെ നിഴലുകൾ പരസ്പരം പരിരംഭണം ചെയ്യുന്നു.
അടുക്കുംതോറും നിലത്തു വീണഴുകിയ കാറ്റാടി ചൂളകളുടെയും വഴിയരികിൽ കൂട്ടിയിട്ട മത്സ്യവലകളുടെയും സമ്മിശ്രമായ ദുർഗന്ധം അയാളെ അലോസരപ്പെടുത്തി.
കോൺക്രീറ്റ് പാകിയ ആ വലിയ മുറ്റംകടന്നവർ റിസപ്ഷനിലേക്ക് നീങ്ങി.
റസൂലിനെ കണ്ടപടി റിസെപ്ഷനിലിരുന്ന കുറിയ മനുഷ്യൻ മുഖത്ത് നിറഞ്ഞിരുന്ന വട്ട കണ്ണടഎടുത്തുമാറ്റി കുശലാന്വേഷണം തുടങ്ങി.ഇടയ്ക്കിടെ തന്നിലേക്ക് പാളുന്ന റിസെപ്ഷനിസ്റ്റിന്റെ നോട്ടങ്ങൾക്ക്നേരെ അയാൾ ചിരിനടിച്ചു.
” മാത്തച്ച ഇതു നമുക്ക് വേണ്ടപ്പെട്ട കക്ഷിയാ, റാണിയെത്തിയില്ലേ? “
റസൂൽ ചോദിച്ചു
“ഒവ്വ നേരത്തെ എത്തിയാർന്നു. വന്നപാടെ കീയും വാങ്ങി കയറി പോയിട്ടുണ്ട്”
മാത്തൻ ഭിത്തിയിൽ തൂക്കിയിട്ട താക്കോൽ കൂട്ടങ്ങളിൽനിന്നും ഒരു താക്കോലെടുത്ത് റസൂലിന് നീട്ടി.
“സാറെ.. പടി കയറിയാൽ ഒന്നാം നിലയിൽ വലതു വശത്തെ രണ്ടാമത്തെ മുറി.ആഹ് പിന്നെ വാതിൽ അകത്തുനിന്നും പൂട്ടിയിട്ടുണ്ടാകും. ഇതാ കീ “
തന്റെ വാണിഭചങ്ങലയിൽ പുതിയൊരു കണ്ണികൂടി കോർത്തതിന്റെ ആത്മസംതൃപ്ത്തി റസൂലിന്റെ മുഖത്ത് വ്യക്തമായിരുന്നു.
റസൂൽ ചൂണ്ടിയ കോവണി പടികൾ നടന്നുകയറി ഒന്നാം നിലയിലെ വലതുവശത്തെ രണ്ടാമത്തെ മുറിയുടെ വാതിലിനുമുന്നിൽ അയാളൊരു നിമിഷം സ്തബ്ധനായിനിന്നു. വീണ്ടും ധൈര്യം സംഭരിച്ചുകൊണ്ട് വാതിലുതുറന്നയാൾ അകത്തു കയറി.
പൂർണ നഗ്നനനായ ചെമ്പൻമുടികളും ചുവന്നചുണ്ടുകളുമുള്ള ഓജസ്സിയായ ഒരു യുവാവ് പുത്തൻ വിരിപ്പ് വിരിച്ച മെത്തയിൽ തന്നെ കാത്തുകിടക്കുന്ന കാഴ്ചയിൽ അയാൾ നഖശിഖാന്തം നടുങ്ങി.
തനിക്കുമുന്നിലമ്പരന്നുനിൽക്കുന്ന യുവകോമളനെ അവൻ മെത്തയിലേക്ക് ആനയിച്ചു നെറുകയിൽ ചുംബിച്ചു. കിളിർത്തുവരുന്നയവന്റെ മീശരോമങ്ങൾ അയാളുടെ പരുക്കൻ പേശിയെ ഇക്കിളിപ്പെടുത്തി.
ചുംബനങ്ങൾ നെറുകയിൽനിന്നും കഴുത്തിലേക്കും ചുണ്ടുകളിലേക്കും നീങ്ങിയപ്പോൾ അയാൾ സ്വപ്നങ്ങളിലേക്കെന്നെപോലെആഴ്ന്നുപോയി.
കാർമേഘതുണ്ടകളുടേത് വെറും ഭീക്ഷണി മാത്രമായിരുന്നു. മഴയുതിർന്നില്ല. കടലോളങ്ങളിൽ രാത്രി നിഴലിച്ചു. തിരകളിൽ വെളിച്ചംതെളിക്കുന്ന ലൈറ്റ്ഹൗസിന്റെ കണ്ണുകൾ അവർ കെട്ടിപിണഞ്ഞുകിടക്കുന്ന മുറിയുടെ ജാലകപഴുതിലൂടെ ഒളിഞ്ഞുനോക്കി തിരിച്ച് കടലിലേക്ക് മടങ്ങി.
സ്വവർഗക്കാരനുമായുള്ള വേഴ്ചയിൽ അയാൾക്ക് ആദ്യമായി രതിമൂർച്ഛ സംഭവിച്ചു.
ട്യൂബ് ലൈറ്റ് കണ്ണ് തുറന്നതും വെളിച്ചം നിറഞ്ഞു. ഇരുട്ട് അപ്രത്യക്ഷമായി. മങ്ങിയ വെളിച്ചം പരന്നുനിന്ന മുറിയിലെ
അലമാരയിൽനിന്നും അവൻ തന്റെ വെപ്പ്മാറിടങ്ങൾ നഗ്‌നമായ നെഞ്ചിൽ ചേർത്തുവെച്ച് അടിവസ്ത്രങ്ങൾ അണിഞ്ഞു. തലയിൽ ഉറപ്പിച്ചുവെച്ച നീളൻമുടിയിഴകളടങ്ങുന്ന വിഗ്ഗ് ചുരുണ്ട ചെമ്പൻമുടികളുടെ ഭംഗിക്കെടുത്തി. ഇളം മഞ്ഞനിറമുള്ള സൽവാർധാരിയായ അവനിപ്പോൾ സ്ത്രീ സൗന്ദര്യത്തിന്റെ ഉത്തമപര്യയായമാണ്. കണ്മഷിയും ലിപ്സ്റ്റിക്കും മേശയ്ക്ക്മുകളിലെ തോൾ ബാഗിലൊതുക്കി പോകാൻ മുതിർന്ന അവനോട് ചിന്തയിൽനിന്നും ഉണർന്നപോലെ അയാൾ ആരാഞ്ഞു.
“ഞാൻ ഇനിയും വരട്ടെ”
അവൻ പുഞ്ചിരിച്ചു. ഇപ്പോൾ ആ ചിരിക്ക് ഒരു സ്ത്രീയുടെ മാധുര്യമാണ്.
“പേര്? “
“ഈ കോലത്തിൽ കണ്ടാൽ റാണി എന്ന് വിളിച്ചോളൂ, ഡാനി അതാണ്പേര് “
ബാഗ് തോളിലേക്ക്കയറ്റിവച്ച് ചിരിച്ചുകൊണ്ടവൻ മുറികടന്നിറങ്ങി.
വട്ട തൊപ്പിയിൽനിന്നും നിമിഷ നേരംകൊണ്ടു മുയലിനെയും പറവകളെയും പുറത്തെടുക്കുന്ന ഇന്ദ്രജാലക്കാരന്റെ മായകൾക്ക്മുന്നിൽ അതിശയിച്ചിരിക്കുന്ന കുട്ടിയെ പോലെ കോണിപടിയിറക്കത്തിൽ ചിലമ്പുന്ന അവന്റെ വെള്ളി പാദസരങ്ങളെ ശ്രവിച്ചുകൊണ്ടയാൾ കിടന്നു.
അയാളുടെ ചുണ്ടുകൾ ആരോടെന്നില്ലാതെ ചിരിയുതിർത്തു. ദേഹത്തു പൊടിഞ്ഞു തുടങ്ങിയ വിയർപ്പ്നീരുകളുണർത്തിയ അവന്റെ ഗന്ധം ശ്വസിച്ച് ആ മുഖം തുടുത്തു.
വിരസമായ രാത്രികളിൽ ഡാനിയുടെ ഓർമ്മകൾ അയാളെ ചൂഴ്ന്നുതുടങ്ങി. അടങ്ങാത്ത ആസക്തി വീണ്ടുമായാളെ കാറ്റാടികൂട്ടങ്ങൾകിടയിൽ പതിയിരിക്കുന്ന റസ്റ്റ്‌ഹൗസിലേക്ക് നയിച്ചു.
“റാണി”
കണ്ണടയുടെ ചില്ലുപാളിയിലൂടെ തന്റെ വരവ് സൂഷ്മമായി നിരീക്ഷിച്ചിരുന്ന
മാത്തനോട് അയാൾ ചോദിച്ചു. റുസൂൽ ഒപ്പമില്ലാത്തത്കൊണ്ടാകാം മാത്തനിൽ സന്ദേഹം നിറഞ്ഞിരുന്നു.
“ഇവിടെയില്ലല്ലോ സാറെ, രാവിലെ ഒരുത്തൻ വന്നായിരുന്നു. പിന്നെ എവിടേയ്ക്കാണെന്നറിയില്ല, ഇറങ്ങിപോയി”
മാത്തന്റെ മുഖം കനത്തിരുന്നു.
“എവിടെ കാണും?”
അയാൾ പേഴ്സിൽനിന്നും രണ്ട് അഞ്ഞൂറ് രൂപ നോട്ടുകൾ മാത്തനു മുന്നിലേക്ക് വച്ചു. നോട്ടുകൾ കണ്ടതും മാത്തന്റെ ചിരി മറനീക്കി പുറത്തുവന്നു.
“എന്നാ പറയാനാ സാറേ എങ്ങാണ്ട് നിന്നോ റുസൂൽകൊണ്ട് വന്നതാ ഈ പയ്യനെ! ഇതുപോലുള്ള കുറെയെണ്ണം ഉണ്ടന്നെ. ഓട്ടം വരുന്ന ചില ലോറിക്കാര് തമിഴന്മാരോ ചിലപ്പോൾ ഹിന്ദിക്കാരോ അതുമല്ലേ വല്ല ദരിദ്രവാസിയായ നമ്മുടെ നാട്ടുകാരും ചെക്കനെ തേടി വരാറുണ്ട്.അപ്പൊ ഞാൻ വിളിച്ചു പറയും അവൻ വരും. ഇപ്പോൾ പയ്യന് നമ്മളെ വേണ്ടന്നെ. കഴുവേറി! ഒറ്റയ്ക്കുണ്ടാക്കുവാ.
ഓപ്പറേഷൻ ചെയ്യണമത്രെ പെണ്ണാവാൻ! അതെങ്ങനെയാ പെണ്ണുങ്ങൾ ഇപ്പൊ അനുഭവിക്കുന്നത് ഇവൻമാരൊന്നും കാണുന്നില്ലയോ!എന്നിട്ടവൻ പെണ്ണാവാൻ നടക്കുന്നു “
നോട്ടുകൾ തിരിച്ചും മറിച്ചും നോക്കികൊണ്ട് മാത്തൻ ക്ഷോഭിച്ചു.
” അവനാ കോട്ടേജിൽ കാണും സാറെ “
“ഇവിടെനിന്ന് ഒത്തിരി ദൂരമുണ്ടോ കോട്ടേജിലേക്ക്? ”
അയാളിൽ ജിജ്ഞാസയേറിവന്നു.
“അടുത്താണ്, ബീച്ചിലൂടെ നടന്നാലൊരു സ്‌മാരകം കാണും അതിന് തൊട്ടടുത്ത് ഇവനെപോലുള്ളവര് താമസിക്കുന്ന ഒരു കോട്ടേജുണ്ട് “
മാത്തൻ പറഞ്ഞുമുഴുവിപ്പികുംമുൻപേ അയാൾ റിസെപ്ഷൻ കടന്നിറങ്ങി.
“സാർ അങ്ങോട്ട് പോകുവാണോ.. കുറച്ചൂടെ ഇരുട്ടട്ടെ സാറേ.. വല്ലോരും കണ്ടാൽ നാണക്കെടാ”
മാത്തന് ചെവികൊടുക്കാതെ കാറ്റാടികൂട്ടങ്ങൾകടന്ന് അയാൾ നടന്നു.
കരയിലേക്ക് നുരഞ്ഞുകയറുന്ന തിരകളുടെ നേരിയ വെളുത്ത രേഖകൾ ദൃശ്യമായി.
കോട്ടേജിലെത്തിയെന്നിരിക്കട്ടെ അവളോട് താൻ എന്ത് പറയും. നിന്റെ ഓർമ്മകൾ എന്റെ രാത്രികളെ കടിച്ചുകീറിയെന്നോ, അതോ ഒരിക്കൽകൂടി എനിക്കൊപ്പം കിടക്ക പങ്കിടണമെന്നോ?
കരയിലടിഞ്ഞ മാലിന്യങ്ങളെ കാർന്നുതിന്നുന്ന ശവംതീനിപുഴുക്കളെപോലെ ചിന്തകൾ അയാളെ കാർന്നുതുടങ്ങി.
ശാന്തമായ കടലും വിജനമായ കടപ്പുറവും അയാളെ അസൂയപ്പെടുത്തി. തന്റെയുള്ളിൽ അശാന്തിയുടെ തിരയടികളും വിലാപത്തിന്റെകൊടുംങ്കാറ്റും മാത്രം..
സിമന്റ് പൊടിഞ്ഞു തുടങ്ങിയ സ്മാരക സ്തൂപത്തിന്റെ എതിർ വശത്തായികോട്ടേജ്കണ്ടതും അയാൾ ചുവടുകളുടെ വേഗതകൂട്ടി. കടൽകരയും റോഡും തമ്മിൽ അതിർത്തിതിരിക്കുന്ന കമ്പിവേലി കടന്നയാൾ കോട്ടേജിനടുത്തേക്ക് നടന്നു.
ആദ്യത്തെ മുറിയിലെ അയയിലായി കടൽകാറ്റ്കൊണ്ട് ഈറനണിയുന്ന അവന്റെ ഇളംമഞ്ഞ നിറത്തിലുള്ള സൽവാറും, കറുത്തു ഷർട്ടും പുറത്തെ ജാലകപാളിയിലൂടെ അയാളുടെ ശ്രദ്ധയിൽപെട്ടു.
ചുമർ ഭിത്തിയിലൊളിച്ചിരുന്ന കോളിംഗ്ബെല്ല് കമ്പിയഴികളിലൂടെനുഴഞ്ഞുകയറിയ വിരലുകളാൽ ശബ്ദിച്ചു.
വാതിലുതുറന്നു വന്ന ഡാനിയെകണ്ടതും അയാളിൽ ഗൂഢമായൊരു ആഹ്ലാദം നുരഞ്ഞുപൊങ്ങി.
കണ്മഷിയെഴുത്ത് മാഞ്ഞുതുടങ്ങിയ കണ്ണുകൾ അയാളെ മുറിയിലേക്ക് ആനയിച്ചു.
നിലാവ് പരന്നുകയറുന്നതും നക്ഷത്രങ്ങൾ പൂക്കുന്നതും മുടന്തൻ കട്ടിലിന്റെ ശീല്കാരങ്ങളുടെ പിന്നണിയോടെയവർ കണ്ടുകിടന്നു.
രാത്രിയുടെ അന്ത്യയാമങ്ങളിൽ ഡാനിയുടെ കൈത്തോണിയിലവർ കടലിലേക്ക് തുഴഞ്ഞുനീങ്ങി.
നടുക്കടലിൽ പുലരിയുടെ നേർത്ത വെട്ടങ്ങളേറ്റവർ ചുംബിച്ചു. അലകളിൽ മലർന്നുകിടന്നവർ നീന്തിത്തുടിച്ചു. അവരെ കല്ലെറിയാനും കടിച്ചുകീറാനും ക്രൂശിക്കാനും മനുഷ്യകോലങ്ങളില്ല. പകരം ആഴങ്ങളിൽനിന്നും ഉയർന്നു തുടിക്കുന്ന വെള്ളാരം കണ്ണുകളുള്ള പരൽമീനുകൾ മാത്രം.
“നമുക്ക് ഒരുമിച്ചു ജീവിച്ചുകൂടെ “
കരിമ്പാറകെട്ടുകളിൽ മലർന്നു കിടക്കുന്ന ഡാനി അയാളുടെ വാക്കുകൾകേട്ട് പൊട്ടിചിരിച്ചു. നനവ് ഇരഞ്ഞുകയറിയ ആ കണ്ണുകൾ ഒരു നിമിഷം പാറക്കെട്ടുകളിൽ തട്ടിചിതറുന്ന വെൺമൊട്ടുകളിലേക്ക് പാളി.
തുടർന്ന് മറുപടിയെന്നോണം അയാളുടെ നനുത്ത കവിളുകളിൽ ചുംബനം നൽകി.
മേഘകീറുകൾ കൂടുതൽ തെളിഞ്ഞുതുടങ്ങി.
പാറക്കെട്ടിൽ നഗ്നരായികിടക്കുന്ന തങ്ങളുടെ നേർക്ക് ദൂരെനിന്ന് കൂർത്തനോട്ടങ്ങളെയ്യുന്ന വയോധികന്റെ ചിത്രം ശ്രദ്ധയിൽപെട്ടപ്പോൾ വസ്ത്രങ്ങൾ അണിഞ്ഞവർ കോട്ടേജിലേക്ക് മടങ്ങി.
ചിന്തകളുടെ തിരമാലകളിൽപ്പെട്ട് വിവശനായ അയാൾ എപ്പോഴോ മയക്കത്തിലേക്കാഴ്ന്നിരുന്നു.കിഴക്ക് സൂര്യരശ്മികൾ തെളിഞ്ഞുവന്നു.
ബാൽക്കണിയിലെ ടീപോയ്ക്ക് ചുവട്ടിലിരുന്ന ആഷ്ട്രേയിൽ അയാൾ കെടുത്തിവെച്ചിരുന്ന സിഗരെറ്റുക്കുറ്റികളിൽ നിന്നും സ്വവർഗാനുരാഗികളായ രണ്ട് പുകച്ചുരുളുകൾ വിഭാതത്തിലേക്ക് ഉയർന്നു പൊങ്ങി. മയങ്ങികിടക്കുന്ന അനേകായിരം സ്ത്രീ പുരുഷ ദമ്പതിമാരുടെ തലയ്ക്ക് മുകളിലായി പറന്നുചെന്ന അവർ പരസ്പരം കെട്ടിപുണരുകയും ചുംബിക്കുകയും ചെയ്തു.
അഷ്‌കർ അലി
ചക്രവാളത്തിനപ്പുറം
അയനം
“നിനക്ക് ഓർമീണ്ടോ സരസൂ..പണ്ട് മനയ്ക്കലെ എടോഴിൽ വെച്ച് നിന്നെ പാമ്പ് കടിച്ചത്..?
അന്ന് കേശു വൈദ്യരാ പറഞ്ഞത് ‘ആയിരംകൊടം ആടണം’..ന്ന്..
പുലിക്കടവിലെ കിണറ്റിൽ നിന്നും അഞ്ഞൂറ് കൊടം ഞാനും, അഞ്ഞൂറ് രേവിയും,കൂടി കോരി നിന്റെ തലയിൽ ധാരയൊഴിച്ചു..തണുത്തു നീ കിടുകിടാ വിറച്ചു..നിനക്ക് ഓർമ്മിണ്ടോ..? എബടെ..?അശ്രീകരം..!!
ഇത്രേം പെട്ടെന്ന് ഒറങ്യൊ?”
കല്യാണി ചോദിച്ചു..
അനിയത്തി സരസൂ ഉറങ്ങിയിട്ടുണ്ടായിരുന്നില്ല..ഒന്നും കേൾക്കാതെ മച്ചിലെ കൂരിരുട്ടിലേക്ക് കണ്ണും നട്ട് കിടക്കുകയായിരുന്നു..
അവർക്ക് ചെവി പതുക്കെയാണ് ..
കല്യാണി പിന്നെയും എന്തൊക്കെയോ പറഞ്ഞു..
ആ ഒച്ചകൾ ഇരുട്ടിൽ മുട്ടിത്തിരിഞ്ഞു കൊഴിഞ്ഞു..
ജരാനരകൾ ബാധിച്ച രണ്ടുപേർ ഇരുട്ടിലേക്ക് നോക്കി കിടന്നു..
കല്യാണി ഉറങ്ങുവോളം വർത്തമാനം പറയും..മറുപടി ഇല്ലെങ്കിൽ സരസുവിനെ പ്രാകും,പുലഭ്യം പറയും,..
ചിലപ്പോൾ മാപ്പു ചോദിക്കും..!
സരസൂ ഒന്നും കേൾക്കുകയില്ല..
സരസൂ ഓർത്തു..ഭർത്താവുപേക്ഷിച്ചപ്പോൾ എത്തിയതാണ് ഏടത്തിയുടെ അടുത്ത്..ഏടത്തിക്ക് മകൾ ഉണ്ട്..വന്നു നോക്കാൻ നേരമില്ല..താനുള്ളത് കൊണ്ട് അവൾക്ക് വരാതെ കഴിഞ്ഞു..
ഒന്നു ചീഞ്ഞാൽ മറ്റൊന്നിന് വളം എന്നല്ലെ..മകനും ഉണ്ടായിരുന്നു.. സതീശൻ..!
ഉറങ്ങാൻ കിടക്കുമ്പോൾ മാത്രം കല്യാണി കുട്ടിക്കാലത്തിന്റെ സ്നേഹർദ്രമായ നനുത്ത സ്വരം പുറത്തേടുക്കും..അതൊരിക്കലും സരസൂ കേൾക്കുകയുമില്ല..ചീത്ത വിളിക്കുമ്പോൾ സ്വരം ഉയരും..അതു മാത്രം കേൾക്കും..!
കഴിഞ്ഞ കൊല്ലം സതീശൻ വന്നപ്പോൾ ആണ് കല്യാണിക്ക് ഒരു കിടക്ക വാങ്ങിയത്..
അങ്ങനെ ധന്വന്തരം കുഴമ്പു മണക്കുന്ന ഏടത്തിയുടെ പഴയ മെത്ത സരസുവിന് കിട്ടി..പായയിൽ കിടന്നു മുതുക് വേദന തുടങ്ങിയിരുന്നു.. പ്രായവും കൂടുന്നു..
ഏടത്തിയുടെ മണമുള്ള മെത്തയിൽ കിടന്ന് കണ്ണടക്കുമ്പോൾ കുഞ്ഞിലെപോലെ ആ കരവലയത്തിലെ സുരക്ഷിതത്വത്തിൽ സരസൂ എല്ലാം മറന്ന് ഉറങ്ങുവാൻ തുടങ്ങി..ഏടത്തിയുടെ കൈ പിടിച്ചു വേല കാണാൻ പോയത് സ്വപ്നം കണ്ട് ഉറക്കത്തിൽ സരസൂ പുഞ്ചിരിച്ചു.. ശബ്ദങ്ങളില്ലാത്ത ചെണ്ടമേളം കണ്ട് തലയാട്ടി..ഓലപ്പീപ്പിയും,ബലൂണും, വിൽക്കുന്നവർക്കിടയിലൂടെ,കൈകോർത്തു പിടിച്ച് അത്ഭുതം കൂറുന്ന മിഴികളോടെ രണ്ടു പെണ്കിടാങ്ങൾ നടന്നു..!
കല്യാണിയുടെ ദിനചര്യകൾ ഒന്നും സരസൂ തെറ്റിച്ചില്ല.. വെയിൽ കാഞ്ഞിരിക്കുന്ന
കല്യാണിയുടെ കാലിൽ കുഴമ്പ് തേച്ചു.. മുറ്റമടിച്ചു, തുണിതിരുമ്പി,പേൻ നോക്കി..
“നിനക്ക് ഈ കഞ്ഞി ത്തിരി കൂടി വേവിച്ചാലെന്താ കുരി പ്പെ..?”
അടഞ്ഞു പോയ കർണപുടം തുളച്ചു കല്യാണിയുടെ ക്ഷോഭം സരസുവിന്റെ ചെവിയിൽ എത്തി..
കല്യാണിയെക്കാൾ ആറേഴു വയസ് ഇളയതാണെങ്കിലും,സരസുവും,എഴുപതോടടുക്കുന്നു..
വയ്യ..ഒന്ന് ആശുപത്രിയിൽ പോണം..പെൻഷൻ കിട്ടട്ടെ..സതീശൻ ഉണ്ടായിരുന്നെങ്കിൽ ആസ്പത്രിയിൽ കൊണ്ടൊവുമായിരുന്നു.അവൻ പോയില്ലേ..!!
മഴ ഇടിച്ചുകുത്തിപ്പെയ്ത ഒരു കർക്കടകത്തിൽ..
ആളിക്കത്തുന്ന അടുപ്പിലേക്ക് വെള്ളമൊഴിച്ചാലെന്നപോലെ അന്ന് സൂര്യൻ കെട്ടുപോയി..!!പിന്നീടുള്ള ജീവിതത്തിന് ചാരനിരമായിരുന്നു..
അവന്’കിഡ്നി’ തകരാറായായിരുന്നു ..
അവൻ ദുബായിൽ നിന്നും വന്നപ്പോൾ ഇട്ടുവന്ന കറുത്ത ഷൂസുകൾ രണ്ടും ഏടത്തി ദിവസവും തുടച്ചു മിനുക്കി, കോണിപ്പടിയിൽ വെറ്റില ചെല്ലവും, കിണ്ടിയും വെക്കുന്നതിന്റെ അടുത്തായി വെക്കും..ഇടക്കിടെ എടുത്തു തലോടും..
മുറ്റത്തു പണ്ട് ഓടിക്കളിച്ച സതീശന്റെ കുഞ്ഞിക്കാലടി കൾ ഓർത്തോ എന്തോ ഏടത്തി കണ്ണീർ വാർക്കും..
എന്നെങ്കിലും സതീശൻ യോഗ്യനായി വരുമെന്നും ആ ഷൂസുകൾ അണിഞ്ഞു മുറ്റത്തും,തിണ്ണയിലും കട,കട ശബ്ദമുണ്ടാക്കി നടക്കുമെന്നും ഏടത്തി കരുതുന്നുണ്ടോ..?
അവന്റെ ഫോട്ടോയിലേക്ക് നോക്കി ആന്ധ്യം പരന്നു തുടങ്ങിയ കണ്ണുകളുമായി പറയും..”പോയി സുഗിക്കേടാ നീ..രണ്ടു തള്ളാരെ പറ്റി നിനക്ക് വല്ല ചിന്തയും ണ്ടോ..?”
വൈകുന്നേരം ആയാൽ കാക്കകൾക്ക്,അണ്ണാറക്കണ്ണന്മാർക്ക് ,ഒക്കെ തീറ്റ കൊടുത്തു കൊണ്ടിരിക്കും ഏടത്തി..ഏടത്തിയുടെ തലവെട്ടം കണ്ടാൽ കാക്കകൾ കൂട്ടത്തോടെ പറന്നിറങ്ങും..അണ്ണാറക്കണ്ണന്മാർ ചിൽചിലുന്നനെ മാവിൽ നിന്നും പേരയിൽ നിന്നും ഒക്കെ വാലും കുലുക്കി ഇറങ്ങിവരും, .മൈനകളും,പറമ്പൻതെയ്യനും ഏടത്തിയുടെ കൈവെള്ളയിൽ നിന്നു വരെ അപ്പം കൊത്തിയെടുക്കും..
“സരസൂ..ഇനി അപ്പം വേണ്ട..ട്ടോ
അവരുടെ കൊക്കിലൊക്കെ ഒട്ടിപ്പിടിക്കും..വേറെ ന്തേലും ഉണ്ടാക്കിക്കോ..”
സന്ധ്യ മയങ്ങുന്നു..രണ്ടുപേരും അരത്തിണ്ണയിൽ പറവകൾ ചേക്കേറുന്നതു നോക്കിയിരുന്നു..ലോട്ടയിൽ പാർന്നുവെച്ച കാപ്പിയിൽ നിന്നും ആവി പറന്നുയർന്നു വാനിൽ ലയിച്ചു .
ചുവന്നരണ്ട മാനത്തെ ശോണ മേഘങ്ങൾ ഭൂമിയിലെ വൃദ്ധരുടെ സങ്കടങ്ങളാണെന്ന് സരസുവിന് തോന്നി..!
ഈ പകലും തങ്ങളെ പോലെ സായന്തനത്തിലെത്തി യിരിക്കുന്നു..
ശബ്ദഘോഷങ്ങളില്ലാത്ത,ആരവമില്ലാത്ത ഒരു നിശ്ശബ്ദ ചലച്ചിത്രരംഗം പോലെ സരസൂ
ഉമ്മറത്തൂണിൽ ചാരി നെടുവീർപ്പിട്ടു..
“വിളക്ക് വെക്കാൻ ഇനി ആരേലും പറയണോ..?”
കല്യാണി ഒച്ചയെടുത്തു..
സരസൂ എണീറ്റ് അകത്തു പോയി..
അന്തി വന്നു..മാനത്തു മഴക്കുള്ള വട്ടം കൂട്ടലായി.. ഇടി മുരണ്ടു..മഴ കോരി ചൊരിഞ്ഞു..
മാനത്തെ പൂരപ്പറമ്പിൽ പറചെണ്ടകൾ മുഴങ്ങി..
കഞ്ഞിയും പയർ മെഴുക്കു പുരട്ടിയും കഴിച്ചു ഏടത്തിയും അനിയത്തിയും ഉറങ്ങാൻ കിടന്നു.. കൊളുത്തു പോയ ജനാല കാറ്റിൽ തുറന്നടഞ്ഞു
മുഖത്തേക്ക് ഈറനടിച്ചു..
കിടക്കയിൽ കിടന്ന് കല്യാണി പഴങ്കഥകളുടെ ഉരുക്കഴിച്ചു..
രാവുകളിൽ കല്യാണി പറയുന്ന ബാല്യ സ്മൃതികളൊന്നും സരസൂ കേൾക്കുകയില്ല.. ചീത്ത വിളിക്കുന്നതും,കലി തുള്ളുന്നതും മാത്രം കേൾക്കും..
എന്നാലും ഒരിക്കൽപോലും കല്യാണിയെ വിട്ട് സരസൂ എങ്ങട്ടും പോയില്ല..അല്ലെങ്കിൽ തന്നെ എങ്ങട്ട് പോവാൻ..?
മഴ ഓട്ടിൻ പുറത്ത് ചരൽ വാരിയേറിഞ്ഞു.പൊട്ടിയ ഓടിന്റെ വിടവിലൂടെ സരസുവിന്റെ മെത്തയിലേക്ക് മഴവെള്ളം ഇറ്റു വീഴാൻ തുടങ്ങി..
“ഇങ്ങോട്ടേക്ക് കിടന്നോ..”
കല്യാണി ഉച്ചത്തിൽ പറഞ്ഞു..
സരസൂ പുതപ്പുമെടുത്തു കല്യാണിയുടെ അടുത്ത് കിടന്നു.. സംവത്സരങ്ങൾക്കപ്പുറം ഏടത്തിയുടെ അടുത്ത് കിടക്കുന്ന പഴയ പേടിക്കാരിയായ പെണ്കുട്ടിയായി..
ഏട്ടത്തി തലയിൽ തേയ്ക്കാറുള്ള കയ്യോന്നി എണ്ണയുടെ മണം അവർ ശ്വാസമെടുത്തു വലിച്ചു.
പതിവു പോലെ കല്യാണി കുട്ടിക്കാലത്തിന്റെ ഇടവഴിയിലും,മനക്കലെ തൊടിയിലും,പാമ്പിൻ കാവിലും ഒക്കെ സഞ്ചരിക്കാൻ തുടങ്ങി..
“സരസൂ..നിനക്കോർമിണ്ടോ..നമ്മൾ കോട്ടേക്കാട് പൂരത്തിന് പോയത്..??”
“ഓർമിണ്ട് ഏടത്തിയെ..”
കല്യാണിക്ക് ആദ്യമായി രാക്കഥയിലെ ചോദ്യത്തിന് മറുപടി കിട്ടി..!!
“തിരിച്ചു പൊരുമ്പോ നീ ഉറങ്ങിപ്പോയിരുന്നു..,നിന്നെ തോളിലിട്ടു നടന്ന് ഞാൻ ഏറ്റം പിന്നിലായി പോയി..ആളും മനുശേരും ഇല്ലാത്ത ഇടവഴിയിൽ..കൂടെ ള്ളോരോക്കെ ഒത്തിരി മുന്നിൽ..”
സരസൂ പതിറ്റാണ്ടുകൾക്കപ്പുറം കല്യാണിയുടെ രാക്കഥ കേട്ടു..
“എക്കെ ഓർമിണ്ട് ഏടത്യെ..”
ഇരുട്ടിൽ സരസുവിന്റെ കണ്കോണിൽ നീർ തിളങ്ങി..
പിന്നിൽ തിറതെയ്യം പോലൊരു സാധനം എന്റെ തോളിൽ കിടക്കുന്ന നീ എനിക്ക് കാണിച്ചു തന്നു..
വീണും,ഉരുണ്ടും,പിരണ്ടും, നമ്മൾ രണ്ടാളും..ഓടി..
അത് യക്ഷിയായിരുന്നുത്രേ..പിറ്റേന്ന് നമ്മക്ക് രണ്ടാൾക്കും വിറച്ചു പനിച്ചു..”..കല്യാണി ചിരിച്ചു..
“ഓർമീണ്ട്”
സരസൂ പിന്നേയും ഈ വാക്കുകൾ മാത്രം പെറുക്കിയിട്ടു..മറ്റൊന്നും പറയാൻ പരതിയിട്ട് കിട്ടിയില്ല..
“നെണക്ക് ഏടത്തിയോട് ഈറണ്ടോ കുട്ട്യേ..”
കല്യാണിക്ക് ഗദ്ഗദം തൊണ്ടയിൽ കുരുങ്ങി..
സരസൂ ഏടത്തിയെ മുറുക്കെ കെട്ടിപ്പിടിച്ചു..
ഏടത്തിക്ക് ഇപ്പോഴും പനിയ്ക്കുന്നുണ്ടെന്നു സരസുവിന് തോന്നി..
“നമ്മക്ക്..ആരും വേണ്ട..നെണക്ക് ഞാനും, എനിക്ക് നീയും മതി..”
അവർ തോരാതെ കണ്ണീർ വാർത്തു.. ചുളിഞ്ഞ കൈപ്പത്തികളാൽ പരസ്പരം കണ്ണീർ തുടച്ചു….
പുറത്തു തച്ചടിച്ചു പെയ്യുന്ന മഴയെ തോല്പിക്കാനെന്ന വണ്ണം അവർ കൂലംകുത്തി ഒഴുകി.. മഴ നിലച്ചു..
കണ്ണീർ നദിയിൽ സ്നേഹത്തിന്റെ പുളിനങ്ങൾ വിരിഞ്ഞ ആ വീടിനെ രാവ് ഇളം ചൂടിന്റെ ഒരു വൽകലം പുതപ്പിച്ചു..
ഷബാന ബീഗം
അയനം
വന്നു… സിക്ക വൈറസും
രണ്ട് വർഷം മുൻപ് രാജസ്ഥാനിൽ നൂറുകണക്കിനു ആൾക്കാരെ സിക്ക വൈറസ് ബാധിച്ചിരുന്നു . കേരളത്തിലും ഇവൻ മുൻ വർഷങ്ങളിലും എത്തിനോക്കിയിരുന്നു.ഈ വർഷവും കുറേ പേരെ രോഗം ബാധിച്ചു
നമുക്കു സ്വാതന്ത്ര്യം കിട്ടിയ കൊല്ലം 1947 ൽ ഉഗാണ്ടയിലെ സിക്ക വനാന്തരങ്ങളിലെ റീസസ് കുരങ്ങുകളിൽ കണ്ടെത്തിയതാണീ വൈറസിനെ. (ആ കുരങ്ങൻ മാർ സത്യത്തിൽ ഒരു വലിയ സംഭവം തന്നെയാണെ എത്ര മഹാവ്യാധികളാണെന്നോ ഇവർക്കുള്ളത്].
21 വർഷത്തിനു ശേഷം 1968ൽ നൈജീരിയയിൽ മനുഷ്യരിലും ഈ രോഗം കണ്ടെത്തി. ബ്രസീലിൽ 2015 മെയ് വരെ 13 ലക്ഷം പേരെ ഈ രോഗം ബാധിച്ചുവെന്നാണു കണക്ക്. തത്ഫലമായി 4000 കുട്ടികൾക്ക് തലച്ചോറു ചെറുതാകുന്ന അസുഖം (microcephaly) ബാധിച്ചു എന്നു പറയപ്പെടുന്നു.
ഫ്ലേവി വൈറസ് കുടുമ്പത്തിൽ പെട്ട ഈ ആർ എൻ എ വൈറസ് കൊതുകു വഴിയാണു പകരുന്നത് ഈഡിസ് കൊതുകാണു (ചിക്കുൻ ഗുനിയ ഫെയ്ം) ഇവിടെയും താരം. മലയാളനാട്ടിലും ഇനി മഴക്കാലത്ത് ഇവനെ സ്ഥിരം പ്രതീക്ഷിക്കാമെന്നു സാരം.
രോഗലക്ഷണങ്ങൾ:
ചെറിയ പനി, തലവേദന, ദേഹത്ത് തിണർപ്പുകൾ, കൺചുവപ്പ്, പേശീവേദന എന്നിവയാണു ലക്ഷണം. .ഡങ്കി, ചിക്കുൻ ഗുനിയ, അഞ്ചാം പനി എന്നിവ പോലെ തോന്നാം. സ്വയം ചികിൽസിച്ചു നാശമാക്കരുത് എന്ന് സാരം.
രക്ത പരിശോധനയിലൂടെ രോഗം കണ്ടെത്തുവാൻ കഴിയും. രോഗം നമ്മുടെ നാട്ടിൽ എത്തിയാൽ പരിശോധനാ കിറ്റുകളും നാട്ടിലെത്തികൊള്ളും.
സിക്ക ബാധിച്ചവരിൽ ചിലർക്ക് ശരീര തളർച്ച വരാമെന്നതും (Guillain-Barré Syndrome] ഗർഭിണികളിൽ ആദ്യ മൂന്നു മാസങ്ങളിൽ രോഗം പിടിച്ചാൽ ജനിക്കുന്ന കുഞ്ഞിനു തലച്ചോറു ചുരുങ്ങുന്ന അവസ്ഥ വരുമെന്ന ഈ രോഗത്തെ ഭീകരമാക്കുന്നു. അതാകണം ഈ രോഗത്തെ ഭീകരന്മാരുടെ പട്ടികയിൽ പെടുത്താൻ കാരണം.
എലിസ, ആർ.ടി.പി.സി.ആർ.പരിശോധനയിലൂടെ രോഗം കണ്ടെത്താം
എന്താണു പ്രതിവിധി..?
ലോകത്തിലെ മുഴുവൻ കൊതുകിനേയും കൊന്നു തീർത്തിട്ട് മനുഷ്യൻ ജീവിക്കണം എന്നു പറയുന്ന തിൽ എന്തു യുക്തിയാണുള്ളത്. നമ്മുടെ ശരീരത്തിന്റെ പതിനായിരത്തൊന്നു വലിപ്പമില്ലാത്ത കൊതുകു കടിച്ചിട്ട് പത്തു ലക്ഷത്തിന്റത്ര വലുപ്പമില്ലാത്ത വൈറസ് ബാധിച്ച് നമ്മൾ മരിക്കേണ്ടിവരുക എന്ന പരിഹാസ്യഅവസ്ഥയിലാണു മനുഷ്യന്റെ സ്ഥിതി.. അത്രയൊന്നു പേടിക്കേണ്ടതില്ല…ധൈര്യമായിരിക്കുക.
രോഗം പിടിപെ ങ്കിൽ ടണമെങ്കിൽ :
1) കൊതുകിനു രോഗമുണ്ടാകണം, കൊതുകു വളരാൻ അനുകൂലമായ അന്തരീക്ഷ സാഹ്ചര്യം അഥവാ കാലാവസ്ഥ അനുകൂലമാകണം. എത്ര കൊതുകു (രോഗം ബാധിച്ച കൊതുകു ) കടിച്ചാലാണു നമുക്കു രോഗം പിടിക്കുക എന്നു പോലും വൈദ്യ ശാസ്ത്രത്തിനു വ്യക്തതയില്ലന്നറിയുക
2) വൈറസിനു പെരുകാൻ അനുകൂലമായ അന്തരീക്ഷ താപനിലയും ആർദ്രതയും വേണം.
3) മനുഷ്യന്റെ പ്രതിരോധശേഷി കുറഞ്ഞിരിക്കണം.( വ്യക്തികളിൽ HIV രോഗം കൊണ്ടോ, സ്റ്റിറോയിഡു മരുന്നുകളുടെ ഉപയോഗം കൊണ്ടും മറ്റും പ്രതിരോധ ശേഷി കുറഞ്ഞേക്കാം. അതു പോലെ കാലാവസ്ഥ മാറ്റം–തുടർച്ചയായ മഴ,പോലുള്ളവ -ഒരു പ്രദേശത്തിലെ ആകെ ജനങ്ങളുടെ പ്രധിരോധ ശേഷിയെ കുറച്ചേക്കാം. അതാണു ഒരു പ്രത്യേക സ്ഥലത്ത് പകർച്ച വ്യാധി പടർന്നു പിടിക്കാൻ കാരണം. എന്നാൽ പോലും എല്ലാവർക്കും എന്തുകൊണ്ട് രോഗം പിടിക്കുന്നില്ല.
മേല്പറഞ്ഞവയിൽ നമുക്കു പരസഹായമില്ലാതെ നിയന്ത്രിക്കാൻ കഴിയുന്നത് നമ്മുടെ ആരോഗ്യത്തെ മാത്രമാണ്. നമ്മുടെ പ്രതിരോധ ശേഷി ശക്തമാണെങ്കിൽ ഒരു രോഗാണുവിനെയും, കൊതുകിനേയും പേടിക്കേണ്ട. അതല്ല കൊതുകിനെ കൊല്ലാനാണു നമ്മുക്കു താല്പ്പര്യമെങ്കിൽ പിന്നീട് നമ്മൾ ‘ഈച്ച’യെയായിരിക്കും കൊല്ലേണ്ടി വരിക.
ശാശ്വതമായ ആരോഗ്യത്തിനു വേണ്ടത് ശുദ്ധമായ ഭക്ഷണം, ജലം, വായു, മനസ്സമാധാനം, വിശ്രമം, വിനോദം, ഉറക്കം, വ്യായാമം, വിസർജ്ജനങ്ങൾ. ക്രമമായ മാസമുറ എന്നിവയെല്ലാമാണെന്നിരിക്കെ. അവയ്ക്കൊന്നും അർഹമായ പരിഗണന കൊടുക്കാതെ “റെഡി മെയ്ഡ്”ആരോഗ്യ ദാതാക്കളോടാണു നമുക്കു താല്പര്യം. മറ്റെല്ലാം താല്ക്കലിക മാർഗ്ഗങ്ങൾ എന്നോർത്തിരിക്കുക.
ഡോ. ടി. ജി. മനോജ് കുമാർ
ഇന്തോന്വേഷ്യൻ ദിനങ്ങൾ
അധ്യായം 5: ഒരു നാണയത്തിന്റെ രണ്ടു വശങ്ങൾ
ലോകത്തിലെ ഏറ്റവും വലിയ സ്വർണ്ണ ഖനി സന്ദർശിക്കണമെങ്കിൽ ഇന്തോന്വേഷ്യയിൽ വന്നാൽ മതിയാകും. ഇന്തോന്വേഷ്യയുടെ ഏറ്റവും കിഴക്കേ അറ്റത്തുള്ള പ്രവിശ്യയായ പപ്പുവായിൽ ആണ് ഈ ഭീമൻ ഖനി സ്ഥിതി ചെയ്യുന്നത്. പകുതിയിലധികം സർക്കാർ പങ്കാളിത്തമുള്ള ഈ ഖനി ചെമ്പു ഖനനത്തിലും ലോകത്തിൽ രണ്ടാം സ്ഥാനം നിലനിർത്തുന്നു. വെള്ളി ഖനനവും ഇവിടെ നടക്കുന്നുണ്ട്. ഉസ്ബക്കിസ്ഥാനിലെ മുരുണ്ടാവു ഖനിയെ പിന്തള്ളിക്കൊണ്ടാണ് ‘ഗ്രാസ്‌ബെർഗ്’ എന്ന് പേരുള്ള ഈ ഖനി ഒന്നാം സ്ഥാനത്തെത്തിയിരിക്കുന്നത്. അൻപത്തഞ്ചായിരം കിലോ സ്വർണ്ണമാണത്രേ പ്രതിവർഷം ഇവിടെനിന്നും ഖനനം ചെയ്യപ്പെടുന്നത്.
സുമാത്രയുടെ ശരിയായ പേര് ‘സ്വർണ്ണദീപ’ എന്നായിരുന്നു എന്നും പറയപ്പെടുന്നു. മാർക്കോപ്പോളോയ്ക്കു പറ്റിയ ഒരു കൈയ്യബദ്ധം ആയിരിക്കും സ്വർണ്ണദ്വീപിനെ സുമാത്രയാക്കി ലോകത്തിനു മുൻപിൽ അവതരിപ്പിച്ചിരിക്കുക. 1292 ൽ അദ്ദേഹത്തിന്റെ ഇന്തോന്വേഷ്യൻ യാത്രയിലാണ് സുമാത്രയെക്കുറിച്ചു പ്രതിപാദിക്കുന്നത്.
ഇന്തോന്വേഷ്യയിൽ ഇസ്‌ലാം മതക്കാരല്ലാതെ മറ്റു ചില മതക്കാർ കൂടിയുണ്ടെന്ന് പറഞ്ഞിരുന്നല്ലോ. എല്ലാ മതക്കാരോടും സഹിഹിഷ്‌ണുതയുള്ള ഒരു സർക്കാർ ആണിവിടെയുള്ളത്. എന്നാൽ മതമില്ലാതെ ജീവിക്കുവാൻ ഇവിടത്തെ നിയമം അനുവദിക്കുന്നില്ല. അതുപോലെതന്നെ വ്യത്യസ്‌ത മതക്കാർ തമ്മിലുള്ള വിവാഹവും ഇവിടെ അനുവദനീയമല്ല. ആരെങ്കിലുമൊരാൾ മറ്റൊരാളുടെ മതം സ്വീകരിച്ചതിനുശേഷം മാത്രമേ വിവാഹം അനുവദിക്കുകയുള്ളൂ.
ബുദ്ധമത വിശ്വാസികൾ ഇന്തോന്വേഷ്യയിൽ ചെറിയൊരു ശതമാനമേയുള്ളൂ എങ്കിലും, ലോകത്തിലെ ഏറ്റവും വലിയ ബുദ്ധക്ഷേത്രമുള്ളത് മധ്യ ജാവയിൽത്തന്നെ. ഇവിടത്തെ ബോറോബുദൂർ എന്ന പഴയകാല ബുദ്ധ ക്ഷേത്രമാണത്. 504 ബുദ്ധപ്രതിമകളാണ് ഇവിടെയുള്ളത്. പുരാതന കാലത്ത് ഇതൊരു ഹിന്ദു ക്ഷേത്രം ആയിരുന്നു എന്നും വിശ്വസിക്കുന്നവരുണ്ട്. ഇന്തോന്വേഷ്യയുടെ മുദ്രയിലെ ഗരുഡ വിഷ്‌ണു ഭഗവാന്റെ വാഹനമായിരുന്നല്ലോ. അവിടെ ആദ്യമുണ്ടായിരുന്ന മതം ഹിന്ദുമതം ആയിരിക്കുവാനുള്ള സാധ്യത വളരെക്കൂടുതലാണെന്ന് ചരിത്രപണ്ഡിതർ പറയുന്നു. ഹിന്ദു മതം ജാവയിലും ബാലിയിലും എത്തിച്ചേർന്നത് ഇന്ത്യയിൽ നിന്നായിരിക്കണമല്ലോ. ചോള രാജാക്കന്മാർ അവരുടെ സാമ്രാജ്യം തെക്കു കിഴക്കൻ ഏഷ്യയിലേക്കു വ്യാപിപ്പിച്ചിരുന്നല്ലോ.
വളരെ പുരാതന കാലം മുതൽതന്നെ ഇന്ത്യയും ഇന്തോന്വേഷ്യയും തമ്മിൽ ബന്ധമുണ്ടായിരുന്നു എന്ന് വേണം കരുതുവാൻ. രാമായണത്തിൽ പറയുന്ന ‘യവദ്വീപ്’ ജാവയായിരിക്കും എന്നാണ് വിദഗ്ദ്ധ മതം. സീതയെത്തേടി സുഗ്രീവൻ തന്റെ വാനരപ്പടയെ യവദ്വീപിലേക്കയച്ചത് രാമായണത്തിൽ പ്രതിപാദിക്കുന്നുണ്ടല്ലോ. ക്രിസ്‌തുവിനും മുൻപ് തന്നെ കുരുമുളക് ഇന്തോന്വേഷ്യയിലെത്തിയത് ഇന്ത്യയിൽ നിന്നാണത്രേ. അവിടെ നിന്നും ജാതി മരങ്ങൾ ഇന്ത്യയിലേക്കും എത്തിച്ചേർന്നു. രണ്ടു രാജ്യക്കാരും സുഗന്ധദ്രവ്യങ്ങൾ ധാരാളമായി ഉപയോഗിക്കുന്നവരും ഉത്‌പാദിപ്പിക്കുന്നവരുമാണല്ലോ!
ഇന്ത്യയിലെയും ഇന്തോന്വേഷ്യയിലെയും ചില വാക്കുകൾക്കു പോലുമുണ്ട് സാദൃശ്യം. അവിടെ പലയിടങ്ങളിലും WANITA എന്നെഴുതിവച്ചിരുന്നത് ഞാൻ കണ്ടിരുന്നു. പ്രത്യേകിച്ചും റെസ്റ്റ് റൂമുകൾക്കു മുൻപിൽ. വനിത എന്നാൽ ഇന്തോന്വേഷ്യയിൽ സ്‌ത്രീ എന്നാണർത്ഥം. സ്‌ട്രീ എന്നും പറയാറുണ്ടത്രേ. ഇതിൽ തോന്നിയ കൗതുകം എന്നെ മറ്റു ചില വാക്കുകളിലേക്കുമെത്തിച്ചു. നമ്മുടെ അച്ചാർ അവിടെയും ഹിന്ദിയിലും അച്ചാർ തന്നെ. ഗുരു അവിടെയും ഇവിടെയും അദ്ധ്യാപകൻ. അവിടത്തെ രാജാവും രാജ തന്നെ. ബൂമി (ഭൂമി), സ്വർഗ്ഗ, വിജയ (വിജയം), പുത്രൻ, പുത്രി, ബഹാഷ ( ഭാഷ), ശത്രിയ (പടയാളി) തുടങ്ങി പലതുമുണ്ട്. ഇതെല്ലാം ഒരുപക്ഷെ സംസ്‌കൃതത്തിൽ നിന്നും രൂപപ്പെട്ടതാകാം എന്ന് പറയപ്പെടുന്നുണ്ടെങ്കിലും എന്തോ എനിക്കതുമായി യോജിക്കുവാൻ കഴിയുന്നില്ല. എനിക്ക് ദ്രവീഡിയൻ ഭാഷയുമായാണ് കൂടുതൽ സാമ്യം തോന്നിയത്. ഒരു പക്ഷെ സംസ്‌കൃതത്തിലുള്ള എന്റെ അജ്ഞത മൂലമോ, കരികാല ചോളന്റെ ഈ നാടുകളുമായുള്ള ബന്ധം മനസ്സിലുള്ളതുകൊണ്ടോ ആകാം. മലയ ഭാഷയിലും ഈ സാദൃശ്യം ശ്രദ്ദേയമാണ്. ഇതുപോലെ ഞാൻ ശ്രീലങ്കയിലും ശ്രദ്ധിച്ചിരുന്നു. പല സിംഹള വാക്കുകൾക്കും മലയാളവുമായുള്ള സാദൃശ്യം.
ഇന്ത്യയും ഇന്തോന്വേഷ്യയും തമ്മിൽ ഇനിയും ധാരാളം സാദൃശ്യങ്ങൾ കാണുവാൻ കഴിയും. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്‍ട്രവും ഏറ്റവും വലിയ മൂന്നാമത്തെ ജനാധിപത്യ രാഷ്‍ട്രവും എന്നത് മാത്രമല്ല, പല ഭാഷകൾ സംസാരിക്കുന്ന, വിവിധ സംസ്‌കാരങ്ങൾ പുലർത്തുന്ന ജനത വസിക്കുന്ന രാഷ്‍ട്രങ്ങളാണിത് രണ്ടും. ജനപ്പെരുപ്പത്തിന്റെ കാര്യത്തിൽ, സാമ്പത്തിക സൗകര്യങ്ങളുടെ കാര്യത്തിൽ എല്ലാം നമുക്കിത് ദൃശ്യമാകും. നാണയങ്ങളുടെ പേരുപോലും ഇതിനുദാഹരണമായി എടുത്തു പറയുവാൻ കഴിയും. കഴിഞ്ഞ ഏപ്രിൽ പതിനൊന്നിന് (11/04/2019) ജക്കാർത്ത പോസ്‌റ്റിൽ വന്ന ഒരു ലേഖനം പോലും ശ്രദ്ധേയമാണ്. ‘ഇന്ത്യ, ഇന്തോന്വേഷ്യ: ഒരു നാണയത്തിന്റെ രണ്ടു വശങ്ങൾ?’
ഡോ. സുനീത് മാത്യു
അപ്പുണ്ണി
അപ്പുണ്ണിയെ ഡോക്ടർ ആക്കണമെന്ന് രവി മുതലാളിയുടെ ആഗ്രഹമാണ്.ലളിത പറയുമായിരുന്നു നമുക്കു് ഒരു പെൺകുഞ്ഞാണ് ജനിച്ചിരുന്നതെങ്കിൽ ഇത്രയും കഷ്ടപ്പാടും മന:പ്രയാസവും ഉണ്ടാകുമായിരുന്നില്ല. എന്തെങ്കിലും പഠിച്ചു കഴിയുമ്പോൾ പയ്യൻ്റെ വീട്ടുകാർ ചോദിക്കുന്ന പൊന്നും പണ്ടവും കാറും വീടും കൊടുത്താൽ ഒരു ഡോക്ടറെ വിലയ്ക്കു വാങ്ങാം. മരുമകളെ ഡോക്ടറായി കിട്ടിയിട്ടു കാര്യവുമില്ല.ഗമ പോരാ… അതാ…
പിന്നെ മകൻ അവളുടെ പിറകെ നടക്കേണ്ടി വരും… അതോർക്കുമ്പോൾ മുതലാളിയുടെ അഭിമാന പ്രശ്നം..അങ്ങനെയാണ് അപ്പുണ്ണിയെ ചെറിയ ക്ലാസ്സുമുതൽ പഠിപ്പിച്ചു തുടങ്ങിയത്. ഡോക്ടർ ആക്കാൻ.
അപ്പുണ്ണിക്ക് എല്ലാ വിഷയത്തിനും ടൂഷ്യനുണ്ട്.അതും അധ്യാപകർ വീട്ടിൽ വന്നു പഠിപ്പിക്കുകയാണ്. ഒൻപതാം ക്ലാസ്സിലായപ്പോൾ സയൻസിനെ വിഭജിച്ച് മൂന്നാക്കി.അതിൽ ബയോളജി പഠിപ്പിക്കാൻ വാദ്ധ്യരെ കിട്ടിയില്ല.
അതിനെന്താണു വഴിയെന്നന്വേഷിച്ചപ്പോഴാണ് സുലോചന ടീച്ചറിൻ്റെ കാര്യം ആരോ പറഞ്ഞത്.അവർ വീട്ടിൽ വന്നു പഠിപ്പിക്കുകയില്ല. വൈകുന്നേരം അവരുടെ വീട്ടിൽ ചെന്നാൽ പഠിപ്പിക്കാമെന്നേറ്റു.അപ്പുണ്ണിക്കും സന്തോഷമായി.അപ്പുണ്ണിക്ക് സൈക്കിൾ ഉണ്ടെങ്കിലും ഇതുവരെ ചവിട്ടാൻ പറ്റിയിട്ടില്ല. ഇവിടെയാകുമ്പോൾ അപ്പുണ്ണിക്ക് സൈക്കിൾ ചവിട്ടാം … അങ്ങനെയും ഒരു സന്തോഷം.
ആ വർഷം വരെ ബയോളജിൽ പൂവും കായും ഉണ്ടാകുന്നതു മാത്രമേ പഠിപ്പിച്ചിരുന്നുള്ളു.പിന്നെ അസ്ഥികൂടം ..മൂത്രസഞ്ചി … അങ്ങനെ..
വിദ്യാർത്ഥികളിൽ ലൈംഗീക വിദ്യാഭ്യാസം ഇല്ലാത്തതാണ് എല്ലാ ജീർണ്ണതയ്ക്കും കാരണമെന്നും അതിനാൽ കുട്ടികളിൽ പ്രത്യുൽപ്പാദനശാസ്ത്രം പഠിപ്പിക്കേണ്ടതാണെന്നുമുള്ള വിദഗ്ദ്ധ സമിതിയുടെ തീരുമാനപ്രകാരമാണ് പാഠപുസ്തകങ്ങളിൽ അത്തരം പാഠങ്ങൾ പ്രത്യക്ഷപ്പെട്ടത്.
പൂവുകളിൽ പരാഗണം നടത്തുന്ന കാര്യം പഠിപ്പിക്കുമ്പോൾ പോലും ഞങ്ങൾ ആൺകുട്ടികൾ വികാര തളിരിതരായി ടീച്ചറുടെ മുഖത്തേക്കു നോക്കി നെടുവീർപ്പിടുമായിരുന്നു. പെൺകുട്ടിയുടെ സ്ഥിതി അതിലും ദയനീയമായിരുന്നു.അവർ നാണത്താൽ ഒളികണ്ണിട്ട് ആൺകുട്ടികളെ ദർശിച്ച് സായൂജ്യമടഞ്ഞിരുന്നു.അങ്ങനെയൊക്കെ ഇരിക്കുമ്പോഴാണ് സ്ത്രീ പുരുഷ സംഭോഗത്തിൻ്റെ ശാസ്ത്രീയത അവയവ ചിത്രീകരണത്തോടെ സിലബസിൻ്റെ ഭാഗമായത്.
ഈ വിഷയം പഠിപ്പിക്കേണ്ടിരുന്നത് അധികവും പെൺമണികളായിരുന്നതിനാൽ അവർ ഒരു ബുദ്ധിയുപയോഗിച്ച് ഈ പാഠഭാഗത്തിനെ ഒഴിവാക്കി. ഈ പാഠഭാഗത്തു നിന്നും അഞ്ചു മാർക്കിൻ്റെ ചോദ്യമുണ്ടാകുമെന്നും സ്വന്തമായി വായിച്ചു പഠിച്ചും ,അതിനു കഴിയാത്തവർ വീട്ടിലുള്ളവരോടു ചോദിച്ചു സംശയം തീർത്തു വരണമെന്നും നിർദേശിച്ചു.
അപ്പുണ്ണിക്ക് ഒന്നും പിടികിട്ടാത്തതു കൊണ്ട് വീട്ടിൽ വന്ന് അമ്മയോടു ചോദിച്ചു.
അവർ പറഞ്ഞു: നിനക്ക് ട്യൂഷൻ തന്നിരിക്കുന്നത് ഇതൊക്കെ പഠിക്കാനാണ്. അവർ പഠിപ്പിച്ചു തരും. ഒരു മാർക്കു പോലും കളയാനാവില്ല. നിനക്ക് ഡോക്ടർ ആകാനുള്ളതാണ്.
അടുത്ത ദിവസം അപ്പുണ്ണി പാഠഭാഗം ട്യൂഷൻ ടീച്ചറേ കാണിച്ചു.അമ്മ പറഞ്ഞ കാര്യവും സൂചിപ്പിച്ചു.
ടീച്ചർ പ്രത്യുൽപ്പാദനത്തിന് ആവശ്യമായ ഉപകരണങ്ങളുടെയും അതിനു വേണ്ട സാമഗ്രികളും പാത്രവും ചിത്രത്തിലുള്ളത് ചൂണ്ടിക്കാണിച്ച് പാചകം മാത്രം പഠിപ്പിക്കാതെ ഒഴിഞ്ഞുമാറി. അത് അപ്പുണ്ണിയുടെ സംശയം വർധിപ്പിച്ചു. കാര്യം ഗ്രഹിക്കാതെ അപ്പുണ്ണി വലത്തു.
വീട്ടിൽ വന്നു പറഞ്ഞപ്പോൾ അവർ ടീച്ചറെ കണ്ട് അപ്പുണ്ണിയെ വിശദമായി പഠിപ്പിക്കണമെന്നും അതിനാണ് കാശു തരുന്നതെന്നും സൂചിപ്പിച്ചു.
അടുത്ത ദിവസം ടീച്ചർ അപ്പുണ്ണിക്ക് കുറച്ചു കൂടി വിശദീകരിച്ചു കൊടുത്തു. അവയവങ്ങളും അതിൻ്റെ ഉപയോഗവും തന്മയത്തമായി പഠിപ്പിച്ചു.പിന്നെ പിന്നെ അപ്പുണ്ണിക്ക് ഈ പാഠ ഭാഗം മാത്രം പഠിച്ചാൽ മതിയെന്നായി. അടുത്ത ദിവസം ചെന്നപ്പോൾ അപ്പുണ്ണി ടീച്ചർക്ക് എള്ളുണ്ടയും ക്രീം ബിസ്ക്കറ്റും കൊടുത്തു. രണ്ടു പേരും കുശാലായി തിന്നു.
അന്ന് അപ്പുണ്ണി താമസിച്ചാണ് ചെന്നത്. ടീച്ചർക്ക് ഒരു പൊട്ടിത്തള്ളയാണ് കൂട്ടുള്ളത്.അവർ ഉന്മറത്തിരുന്ന് നാമം ചൊല്ലുന്നു.അപ്പുണ്ണിശങ്കിച്ച് മുറ്റത്തു തന്നെ നിന്നു. കുളിമുറിയിലായിരുന്ന ടീച്ചർ അപ്പുണ്ണിയോടു അകത്തെ മുറിയിൽ ഇരുന്നു വായിക്കാൻ നിർദേശിച്ചു.അപ്പുണ്ണി മുറിയിലെ കട്ടിലിൽ ഇരുന്നു .ടീച്ചർ കുളി കഴിഞ്ഞ് ഈറൻ മാറാൻ വരുമ്പോൾ അവൻ കട്ടിലിലിരുന്ന് ചോക്കലേറ്റു തിന്നുകയായിരുന്നു.
ടീച്ചർ ചോദിച്ചു “എനിക്ക് ഇല്ലേ… അപ്പുണ്ണി..?”
അവൻ ടീച്ചറിനെ ആകമാനം ഒന്നു നോക്കിയിട്ടു പറഞ്ഞു.
ഒരെണ്ണമേ കൊണ്ടുവരാൻ പറ്റിയുള്ളു… ഇതു ഞാൻ കടിച്ചു പോയി.
അതു സാരമില്ലെന്നു പറഞ്ഞ് അവർ അതിനെ ആവേശത്തോടെ വാങ്ങി നക്കി … അപ്പുണ്ണി സന്തോഷത്തോടെ നോക്കി നിന്നു.
അടുത്ത ദിവസം അപ്പുണ്ണി ടീച്ചർക്ക് നിറയെ ചോക്കലേറ്റുമായിട്ടാണ് ചെന്നത്.
പിന്നെ പിന്നെ ടീച്ചറും അപ്പുവിനു വേണ്ടി ആപ്പിളും മുന്തിരിയും വാങ്ങിക്കൊണ്ടുവരും.
റൂമിൽ പഠിത്തമായതിൽ പിന്നെ അപ്പുണ്ണി ടീച്ചറെ പറ്റിചേർന്നിരുന്നാന്ന് വായന. അമ്മയുടെ അടുത്തു ചേർന്നിരിക്കുമ്പോൾ കിട്ടാത്ത ഒരു പ്രത്യേകതരം ചൂട് അപ്പുവിന് അനുഭവപ്പെട്ടു.. അതു കൊണ്ട് അവൻ കൂടുതൽ ചേർന്നിരുന്നു. സന്തോഷം കൊണ്ട് പൊറുതിമുട്ടുമ്പോൾ അവൻ അവരുടെ മടിയിൽ കിടക്കും. അവർക്കും അത് ഇഷ്ടമായിരുന്നു.
പ്രത്യുൽപ്പാദന ശാസ്ത്രം പ്രായോഗികതലത്തിൽ ഉപയോഗപ്പെടുത്തിയതോടെ അപ്പുണ്ണിക്കും സന്തോഷമായി. എന്തായാലും അപ്പുണ്ണി പത്താം ക്ലാസ്സു പാസ്സായപ്പോൾ ടീച്ചർക്ക് പത്തു മാസം പൂർത്തിയായി.
നാട്ടിൽ ചർച്ചയും ബഹളവുമായപ്പോൾ ഒരു ദിവസം അപ്പുണ്ണിയുടെ കൈയ്യും പിടിച്ച് അവൻ്റെ അമ്മ ടീച്ചറിൻ്റെ മുറ്റത്തു വന്നു നാട്ടിലെ സഭ്യമല്ലാത്ത ചില പ്രയോഗങ്ങൾ നടത്തി. ടീച്ചർ പുറത്തേക്കു പോലും ഇറങ്ങിയില്ല.
ഒടുവിൽ അവർ പറഞ്ഞു: “എടീ ഒരുമ്പിട്ടോളെ … എൻ്റെ ചെറുക്കനു പ്രായപൂർത്തിപോലുമായിട്ടില്ല … നീ അപരാധം പറഞ്ഞുണ്ടാക്കാൻ “?
ഇതു കേട്ടപ്പോൾ ടീച്ചർ വയറും താങ്ങിപ്പിടിച്ച് പതുക്കെ പുറത്തേക്കു വന്നു.. എന്നിട്ട് ഇത്രയും പറഞ്ഞു. “നിങ്ങളുടെ മകൻ പ്രായപൂർത്തിയായിട്ടില്ലെന്ന് നിങ്ങൾക്ക് എങ്ങനെ അറിയാം… അത് എനിക്കല്ലേ .. അറിയൂ”
പിന്നെ അപ്പുണ്ണിയും അമ്മയും അവിടെ നിന്നില്ല.
അപ്പുണ്ണിയെ തൂക്കിയെടുത്ത് അവർ വീട്ടിലോട്ടു പോയി.
ആർ .എസ് .പണിക്കർ
ഘാതകൻ : ആസ്വാദനം
” നിങ്ങൾ എപ്പോഴെങ്കിലും വധശ്രമത്തെ നേരിട്ടിട്ടുണ്ടോ? ഇല്ലെങ്കിൽ കഷ്ടം!!”
ഘാതകന്റെ ആരംഭവാചകത്തിൽ നിന്ന് തന്നെ തുടങ്ങട്ടെ. വധശ്രമം നേരിടാത്തതോ, നേരിട്ടതോ, നേരിടേണ്ടതോ ആയിട്ടുള്ള മനുഷ്യരിലേയ്ക്ക് എറിയുന്ന ചോദ്യത്തിന്റെ അർഥം മനസ്സിലാകുന്നുണ്ടോ? അതൊരു പദപ്രശ്നമാണ്. പൂരിപ്പിക്കാൻ ശ്രമിക്കവേ അതിന് കഴിയാത്ത പദപ്രശ്നം. ഇവിടെ, സത്യപ്രിയ തേടുന്നത് ഒരുപോലെ കഠിനവും അതുപോലെ പൊള്ളുന്നതുമായ അന്വേഷണമാണ്. തന്റെ ഘാതകന്റെ അന്വേഷണം!!
സത്യപ്രിയയുടെ വാക്കുകൾക്ക് എപ്പോഴും ഘനപ്പെട്ട അനേകായിരം പൊരുളുകൾ ഉണ്ട്.
” പ്രേമത്തിന്റെ മാനദണ്ഡം സൗന്ദര്യമല്ല.. വിധേയത്വമാണ്.”
സത്യപ്രിയയെ, സംബന്ധിച്ചിടത്തോളം ഒറ്റയ്ക്ക്, ഒരു സ്ത്രീ, തന്റെ ഘാതകനെ കണ്ടുപിടിക്കുകയെന്നത് ഏറ്റവും രസകരമായ ടാസ്ക് ആയിരുന്നു. അമ്മയുടെ മനഃശക്തിയും അച്ഛന്റെ ക്രൂരതയും കിട്ടിയ സത്യപ്രിയ ആ ടാസ്ക് പൂർത്തിയാക്കുന്നതെങ്ങനെയെന്നതും ആസ്വാദകന്റെ ഹൃദയത്തെ ഭേദിച്ചു താളുകൾ മറിച്ചുകൊണ്ടിരിക്കും. സത്യമറിയില്ല, എന്ന് നടിക്കുന്ന സത്യവിരോധത്തിൽ നിന്നും
” ഒരാൾ കൊല്ലാൻ തീരുമാനിച്ചാൽ, അയാളെ തടയാൻ ആർക്കും സാധിക്കുകയില്ല.“
എന്ന് മകളെ, ഉപദേശിക്കുന്ന അമ്മയുടെ മനഃശക്തി സത്യപ്രിയയിൽ അവളുടെ ജീവിതത്തിൽ ഉടനീളം ഉണ്ടായിരുന്നിരിക്കണം. മരിച്ചവരുടെ ജീവിതങ്ങളിൽ നിന്ന് തന്നെ സത്യപ്രിയ തന്റെ ഘാതകനിലേയ്ക്കുള്ള അന്വേഷണം ആരംഭിക്കുന്നു. അവളെ സംബന്ധിച്ചിടത്തോളം, രണ്ടു ഉറ്റ ബന്ധുക്കൾ ആണ് അവൾക്ക് നഷ്ടമായത്. ഒന്ന് അവളുടെ സഹോദരി, രണ്ടാമത്തേത് അച്ഛൻ. വൈകാരികതയിൽ പൂർണ്ണമായും കീഴടങ്ങി പോകാതെ അവരിൽ നിന്നും അന്വേഷണം ആരംഭിക്കുക എന്നത് തന്നെയായിരുന്നു അവളുടെ ആദ്യത്തെ ദുർഘടം പിടിച്ച കാൽവെയ്പ്പ്.
തന്റെ ഘാതകൻ, ആരായിരിക്കുമെന്നുള്ള അന്വേഷണത്തിൽ, സത്യപ്രിയയിൽ ഉടനീളം കടന്നുപോകുന്ന ചിന്തകൾ ഉണ്ട്. അവൾ അനുഭവിച്ച അതിതീഷ്ണമായ, മാംസം വെന്തുരുകുന്ന അനുഭവങ്ങളുടെ പൊള്ളലുകൾ ഉണ്ട്. അവയെ ആസ്വാദകരിൽ ഇങ്ങനെ അടയാളപ്പെടുത്താം.
* സ്വന്തം അച്ഛനെ, മറ്റൊരു സ്ത്രീയോടൊപ്പം നഗ്നനായി ഹോട്ടൽമുറിയിൽ കാണേണ്ടിവരിക.
* വര്ഷങ്ങളായി സൂക്ഷിച്ചു വെച്ചിരുന്ന ശിവപ്രസാദിന്റെ പെട്ടിയിൽ, ഫോർമാലിൻ ലായാനിയിൽ ചുങ്ങിച്ചുരുങ്ങിയിരുന്ന ഒരു ഭ്രൂണത്തെ കാണുക.
* ശരീരം, ആത്മാവിനെയോ, ആത്മാവ് ശരീരത്തിനെയോ വകവെയ്ക്കാതിരുന്ന പ്രായത്തിൽ ജന്തുശാസ്ത്രലാബിൽ തുടയിടുക്കുകളിൽ ആദ്യമായി പ്രണയിച്ചവന്റെ ശുക്ലം ഏറ്റുവാങ്ങുക. അവന്റെ ഭാര്യയുടെ തുപ്പൽ മുഖത്ത് ഏറ്റുവാങ്ങുക.
* മുതിർന്നതിനു ശേഷം, അപരിചിതർക്ക് മുന്നിൽ മലമൂത്രവിസർജനം ചെയ്തു പോയത്.
* അച്ഛന്റെ സുഹൃത്തുക്കൾക്കൊപ്പം കാറിൽ യാത്ര ചെയ്യുമ്പോൾ, അവരുടെ രക്തവും തൊലിയും കൈനഖങ്ങളിൽ നിന്ന് കഴുകി കളയേണ്ടി വന്നത്.
* ജനിച്ചു വളർന്ന സ്വന്തം കുടിയിടം വിട്ട്, അനാഥമാക്കപ്പെട്ട അഭയാർഥികളെപ്പോലെ, ചായ്‌പ്പിന്റെ ഒരു മൂലയിൽ ഒതുങ്ങേണ്ടി വന്നത്.
* പലിശ, മുടങ്ങിയപ്പോൾ കണ്ണുമടച്ചു സ്നേഹിച്ചിരുന്ന ഒരുവൻ, അച്ഛന്റെ പ്രായമുള്ള ഒരുവന് മകളെ കൂട്ടിക്കൊടുത്തത്.
* തളർന്നു കിടക്കുന്ന അച്ഛന് മുന്നിൽ വെച്ച് അമ്മയുടെ സാരി, വലിച്ചു പറിച്ച ഒരു പുരുഷനോടും അത് കണ്ടുനിന്നൊരു സ്ത്രീയോടും ക്ഷമിക്കേണ്ടി വന്നത്.
* തന്നെക്കാൾ അല്പം വയസ്സിനു മൂത്ത പെൺകുട്ടി, തന്റെ അച്ഛന്റെ കുഞ്ഞിനെ ഉദരത്തിൽ ചുമക്കുന്നുണ്ട് എന്ന് കേൾക്കുന്നത്. അത് അലസിപ്പിക്കാൻ കൂടെ പോകേണ്ടി വരുന്നത്.
തുടങ്ങി, സത്യപ്രിയ കടന്നുപോകുന്ന അന്വേഷങ്ങളിൽ.. ജീവിതങ്ങളിൽ മനസ്സിലാക്കേണ്ടതും.. തിരയുന്നതും ഒടുവിൽ കണ്ടെത്തെണ്ടുന്നതും ഒരേയൊരു വസ്തുതയാണ്. അത് സത്യത്തെയാണോ..? അതോ ഘാതകനെയാണോ? അതോ ഇത് രണ്ടും ഏകമാണോ എന്നതാണ് ആസ്വാദകരിൽ നിറഞ്ഞു നിൽക്കുന്നത്. സത്യപ്രിയ ഉൾപ്പെടെ ഈ നോവലിലൂടെ കടന്നുപോകുന്ന കരുത്തുറ്റ സ്ത്രീകൾ അത്ഭുതപ്പെടുത്തുന്നവരാണ്. പുരുഷൻ, സ്ത്രീയ്ക്ക് മുന്നിൽ ഒന്നുമല്ലാതാകുന്ന അവസ്ഥ. അതിൽ സ്ത്രീ എത്തിച്ചേരുന്ന ആഹ്ലാദവഴികൾ. ചുരുക്കത്തിൽ, മുൾപ്പടർപ്പിലൂടെ നഗ്നപാദരായി നടക്കുവാൻ സ്ത്രീയ്ക്ക് കഴിയും. എത്രദൂരം വേണമെങ്കിലും.
മറ്റൊരു തലത്തിൽ നോവലിനെ വിവക്ഷിക്കുമ്പോൾ, രാഷ്ട്രീയപരമായ അസമത്വങ്ങളിലൂടെ കടന്നുപോകുന്നത് കാണാം. നോട്ടുനിരോധനം എന്നൊരു വസ്തുതയിൽ തുടങ്ങിയാണ് കഥ ആരംഭിക്കുന്നതും, അവസാനിക്കുന്നതും. സത്യത്തെ തിരഞ്ഞു പോകുക എന്നൊരു ഹിഡൻ അജണ്ട ഉണ്ടായിരുന്നുവോ എന്നതും, വെളിപ്പെട്ട സത്യം ഗാന്ധി മാത്രം ആയിരുന്നുവെന്നതും പറയാതെ പറഞ്ഞു വെയ്ക്കുന്നുണ്ട്. എന്നാൽ അസാധുവാക്കപ്പെട്ട ജീവിതമൂല്യങ്ങളെ തിരിച്ചറിയുമ്പോൾ, അസാധുവാക്കപ്പെട്ട നോട്ടുകൾ എത്രയോ നിസ്സാരമാകുന്നു. ഒരാളുടെ, പോക്കറ്റിൽ നിന്നും മറ്റൊരാളുടെ പോക്കറ്റിലേയ്ക്ക് എറിയപ്പെടുക എന്നതല്ലാതെ, എന്ത് മൂല്യം.
തിരിച്ചറിയപ്പെടുന്ന ഘാതകനോ..? നേർക്കുനേർ വീണ്ടും നേരിടുന്ന സത്യപ്രിയയോ ആയിരുന്നില്ല അവസാനം ഞാൻ കണ്ടത്. നിരോധിക്കപ്പെട്ട പച്ചനോട്ടിൽ ഇരുന്നു ഉരുകുന്ന ഗാന്ധിജിയെ ആയിരുന്നു. ഏതോ സത്യത്തെ ആയിരുന്നു. ആ മുഖത്തിനു അപ്പോഴും, ആ ഭ്രൂണത്തിന്റെയോ, തല ചതഞ്ഞു പോയ സർപ്പത്തിന്റേയോ ഛായ ആയിരുന്നു.
” ജീവിതത്തിൽ ഒരു ഘാതകൻ വേണം. കാത്തിരിക്കുവാൻ ഒരുവൻ. അൺപ്രെഡിക്റ്റബിൾ ആയിട്ടുള്ള ഒരുവൻ.“
ഹരിത. ആർ. മേനോൻ
സോയാ ചങ്ക്സ് മോമോസ്
സോയാബീൻസ് സംസ്കരിച്ചു പൊടിച്ചുണ്ടാക്കുന്ന ഒരു സസ്യാഹാരമാണ് സോയച്ചങ്ക്സ്. ഇത് കടകളിൽ ലഭ്യമാണ്. 52 % വരെ മാംസ്യം അടങ്ങിയ സോയയെ വെജിറ്റബിൾ മീറ്റ് എന്നും വിശേഷിപ്പിക്കാറുണ്ട്. ഇൻസുലിൻ പ്രതിരോധത്തെ ചെറുക്കുമെന്നതിനാൽ പ്രമേഹരോഗികൾക്ക് സോയ ഗുണകരമാണ്. ഇത് രക്തത്തിൽ നല്ല കൊളസ്ട്രോൾ കൂട്ടുന്നു. അവയവങ്ങളിൽ അടിയുന്ന കൊഴുപ്പിനെ കുറയ്ക്കുന്നതിനും ശരീരഭാരം കുറയ്ക്കുന്നതിനും സോയ ഉത്തമമാണ്. കാൽസ്യത്തിന്റെയും ഇരുമ്പിന്റെയും കലവറതന്നെയാണ് ഇത്. നല്ലയളവിൽ നാരുകൾ അടങ്ങിയിട്ടുള്ള സോയ സസ്യാഹാരികൾക്ക് ഏറെ ഉത്തമവുമാണ്. ഇത്രയേറെ ഗുണങ്ങൾ ഉണ്ടെങ്കിലും ഇത് സ്‌തനാർബുദം ഉള്ളവർ സ്ഥിരമായി കഴിക്കുന്നത് നല്ലതല്ല എന്ന് പറയപ്പെടുന്നു. ഈസ്ട്രജൻ എന്ന ഹോർമോണിന്റെ അളവിനെ കൂട്ടുവാൻ ഇതിന് കഴിയും എന്ന് ചില പഠനങ്ങൾ പറയുന്നത് കൊണ്ടാണ് ഇത് ഇക്കൂട്ടർക്ക് നല്ലതല്ല എന്ന് പറയുന്നത്. മാംസാഹാരങ്ങളിലെന്ന പോലെ ഇതും രക്തത്തിലെ യൂറിക് ആസിഡ് അളവ് വർദ്ധിപ്പിക്കുന്നതായും പഠനങ്ങൾ ഉണ്ട്. 25 മുതൽ 30 ഗ്രാം വരെ ദിനം പ്രതി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് പലപ്പോഴും ദോഷങ്ങളേക്കാൾ ഗുണകരവുമാണ്. ഒന്നും അധികമായാൽ നന്നല്ല എന്നല്ലേ പ്രമാണം.
തെക്കു കിഴക്കൻ ഏഷ്യാക്കാരുടെ ഒരു വിഭവമാണ് മോമോസ്. ഇന്നിത് ഇന്ത്യയിൽ മിക്കയിടങ്ങളിലും ലഭ്യമായി തുടങ്ങിയിട്ടുണ്ട്. പച്ചക്കറികൾ, മാംസം, തുടങ്ങിയവയെല്ലാം ഉപയോഗിച്ചു ഉണ്ടാക്കുന്ന രുചികരമായ ഒരു വിഭവമാണിത്. ഇത് എണ്ണയിൽ വരുത്തും, ആവിയിൽ പുഴുങ്ങിയും തയ്യാറാക്കുന്നു. സോയാചങ്ക്‌സ് ഉപയോഗിച്ചുണ്ടാക്കുന്ന രുചികരമായ ഒരു മോമോസ് ഇവിടെ പരിചയപ്പെടുത്തുന്നു.
ചേരുവകൾ 1
സോയാചങ്ക്‌സ് 30 മിനിറ്റ് കുതിർത്തത് 100 ഗ്രാംസ്
സവാള(ചെറുതായി അരിഞ്ഞത്) ഒന്ന്
പച്ചമുളക് നന്നായി അരിഞ്ഞത് ഒന്ന്
ഇഞ്ചി നന്നായി ഒരു ചെറിയ കഷ്ണം
മല്ലിയില, കറിവേപ്പില നന്നായി അരിഞ്ഞത് ഒരു സ്പൂൺ
മഞ്ഞൾപ്പൊടി 1/ 2 ടീസ്പൂൺ
മുളകുപൊടി ഒരു ടീസ്പൂൺ
കുരുമുളക് പൊടി 1/ 2 ടീസ്പൂൺ
ഉപ്പ് ആവശ്യത്തിന്
എണ്ണ ആവശ്യത്തിന്
ചേരുവകൾ 2
മൈദ ഒരു കപ്പ്
ഗോതമ്പുപൊടി ഒരു കപ്പ്
എണ്ണ ഒരു സ്പൂൺ വെള്ളം ആവശ്യത്തിന്
ഉപ്പ് ആവശ്യത്തിന്
പാചക രീതി
സവാള, പച്ചമുളക് തുടങ്ങി ഒന്നാം ചേരുവകൾ എല്ലാം നന്നായി വരട്ടി മാറ്റി വയ്ക്കുക. രണ്ടാം ചേരുവകൾ എല്ലാം നന്നായി കുഴക്കുക. ഒട്ടുന്ന പരുവത്തിൽ അത് ഉരുളകളാക്കി ചെറിയ പൂരിയുടെ വലുപ്പത്തിൽ പരത്തുക. അതിലേക്കു വരട്ടി വച്ചിരിക്കുന്ന സോയ മിക്ച്ചർ വയ്ക്കുക. അതിനുശേഷം അത് ഒരു കിഴിപോലെയാക്കുക. ഈ കിഴികൾ എണ്ണയിൽ മുക്കിപ്പൊരിക്കുകയോ ആവിയിൽ പുഴുങ്ങിയെടുക്കുകയോ ചെയ്യാം.
ഡോ. ഷേർളി സുനീത്
പ്രതികരണങ്ങൾ
ജൂലായ് ലക്കം ഇതിവൃത്തം മാസിക വായിച്ചു. 3 കഥകൾ സാമാന്യം നന്നായിത്തന്നെ വായിച്ചുവെന്നു പറയാം.അതെഴുതിയിരിക്കുന്നത് കഥാലോകം ഗ്രൂപ്പിലെ അംഗങ്ങളായതുകൊണ്ടാണ് ശ്രദ്ധാപൂർവ്വം വായിക്കാനിടയായത്. ഒന്നാമത്തെ കഥ സുമേഷ് രാമചന്ദ്രന്റെ ലേഖനം എന്ന് ഉള്ളടക്കത്തിൽ പറഞ്ഞിട്ടുണ്ടെങ്കിലും ഒരു മുഴുനീള ചെറുകഥയായിട്ടാണ് എനിക്കു തോന്നിയത്. സ്വന്തം അനുഭവക്കുറിപ്പു പോലുള്ള, ഫലിതരസത്തിൻ്റെ മിക്സിംഗ് ഫലിതമായിത്തന്നെ വായനക്കാരനെ രസിപ്പിക്കുന്നു.ജോലികളഞ്ഞ ചെറുപ്പം അസ്തമിച്ചുകൊണ്ടിരിക്കുന്ന പുതിയ പ്രിൻസിപ്പാളെ നോക്കി ഞാനും ഇതങ്ങു പറയാനിരിക്കുകയായിരുന്നു എന്നു പറയുന്ന ലേഖകൻ പിന്നീടവരെക്കാണുന്നത് പി എച്ച് ഡിക്കു ഗൈഡായി നേരിട്ടു കാണുന്ന മുഹൂർത്തത്തിലാണെന്നത് മധുര പ്രതികാരമായി. നല്ല എഴുത്തിലൂടെ രാമചന്ദ്രൻ നമ്മളെ ആരാധകരായി മാറ്റുന്നുണ്ട്. രണ്ടാമത്തെ കഥ സജിത്ത് എൻ കുമാറിൻ്റെ അവന്തികയാണ്.പറയാൻ മറന്ന മടിച്ച ഭയപ്പെടുത്തപ്പെട്ട പ്രണയത്തെ പർഷങ്ങൾക്കു ശേഷം പൊടിതട്ടിയെടുമ്പോഴേക്കും കുടുംബബന്ധങ്ങളുടെ അനിവാര്യമായ തടവറയിൽ അവന്തികയും “കഥാകൃത്തും” (First Person) എത്തിപ്പെട്ടിരുന്നു.പിന്നെ സാധാരണതയുടെ ശൈലിയിൽ പുനർജന്മം സ്വപ്നം കാണാൻ നിശ്ചയിച്ചു പിരിയുകയല്ലാതെ അവർക്ക് മറ്റൊരു വഴിയുമുണ്ടായില്ല. സാധാരണ ഒരു പ്രണയ കഥ അസാധരണമാം വിധം മെയ് വഴക്കത്തോടേയും പാത്ര സൃഷ്ടിയിലൂടേയും തരണം ചെയ്ത് വായനക്കാരിൽ പ്രത്യേക മൂഡ് സൃഷ്ടിക്കുന്നുണ്ട്.മൂന്നാമത്തെ കഥ പെരുവണ്ണ് വാവനൂരിൻറേതാണ്. ആ കഥ കഥാലോകത്തിലെ അഡ്മിൻ പാനലിന്റെ വിശകലനത്തിനു വിധേയമായതിനാൽ തൽക്കാലം നിശ്ശബ്ദനാവാനാണ് ഇഷ്ടം. ഇതിവൃത്തത്തിന്റെ എഡിറ്ററും നമ്മുടെ അംഗവുമായ ഡോ.സുനീത് മാത്യുവിന്റെ നേതൃത്വത്തിൽ മാസികയുടെ പ്രശസ്തി അങ്ങ് ഹിമാലയത്തോളം ഉയരട്ടെ എന്നാശംസിക്കുന്നു.
വിദ്യാനന്ദൻ കുമാരൻ, അഡ്മിൻ, കഥാലോകം
ഇതിവൃത്തത്തിന്റെ ഇതിവൃത്തം വളരെ നന്നാവുന്നുണ്ട്. ഓരോ ലക്കവും വായിക്കുവാനുള്ള തോന്നൽ വർദ്ധിച്ചു വരുന്നു എന്നത് മാസികയുടെ മെച്ചമായിത്തന്നെ കാണേണ്ടതുണ്ട്. കഥകൾ, കവിതകൾ, ലേഖനങ്ങൾ എല്ലാം ഒന്നിനൊന്ന് മെച്ചം. എല്ലാ ഭാവുകങ്ങളും ആശംസിക്കുന്നു.
സമീറ ഇ കെ, മലപ്പുറം
ഇതിവൃത്തം ഓരോ മാസം കഴിയുമ്പോഴും മെച്ചപ്പെട്ടുവരുന്നു..കഥകളും, കവിതകളും വളരെ നന്നായിട്ടുണ്ട്. കൂട്ടത്തിൽ വീണകവി എടുത്തുപറയട്ടെ. മുഖമൊഴിയും, യാത്ര വിവരണങ്ങളും പതിവുപോലെ ഗംഭീരം.
മുരളീധരൻ കാരാട്ട്, പാലക്കാട്
ഇതിവൃത്തം മാസികയുടെ എല്ലാ അഭ്യുദയകാംഷികൾക്കും മാസികയുടെ സ്നേഹാദരങ്ങൾ
എഡിറ്റർ
-
കുട്ടികളെ ലൈംഗീകമായി ചൂഷണം ചെയ്യുന്ന വാർത്തകളാണ് നാം നിത്യേനയെന്നവണ്ണം കേൾക്കുന്നത്. പണ്ട് നമുക്കറിയാത്ത സ്ഥലങ്ങളിലായിരുന്നുവെങ്കിൽ, ഇന്നത...
-
സിനിമയായി തീർന്ന ബഷീറിന്റെ രണ്ടാമത്തെ നോവലാണ് 1944 ൽ പ്രസിദ്ധീകരിച്ച ബാല്യകാലസഖി. പ്രണയ പശ്ചാത്തലത്തിലെ ദുരന്ത കഥ പറയുന്ന ബഷീറിൻറെ ഈ നോവ...















