2021 ഫെബ്രുവരി 16, ചൊവ്വാഴ്ച
മുഖമൊഴി
കണ്ണുപൊത്തിക്കളിയാണു ജീവിതം ഒരു
കണ്ണുപൊത്തിക്കളിയാണു ജീവിതം
കാണാത്ത കനകത്തിൻ കനിതേടി പോകുന്നു
കാണുന്ന കല്ലെല്ലാം കൈയ്യെത്തിപ്പിടിക്കുന്നു
കണ്ണുപൊത്തിക്കളിയാണു ജീവിതം ഒരു
കണ്ണുപൊത്തിക്കളിയാണു ജീവിതം
ഹൃദയം ഒരു ക്ഷേത്രം എന്ന സിനിമയ്ക്കുവേണ്ടി ശ്രീകുമാരൻ തമ്പി എഴുതി ദേവരാജൻ മാസ്റ്ററുടെ സംഗീതത്തിൽ യേശുദാസ് പാടിയ ഒരു ഗാനത്തിലെ ആദ്യ- അവസാന വരികളാണിത്. മിക്കവർക്കും അറിയാവുന്ന ഒരു ഗാന ശകലം.
നാമെപ്പോഴും നമുക്കുവേണ്ടി മാത്രം ജീവിക്കുവാനാണിന്ന് ആഗ്രഹിക്കുന്നത്. മറ്റുള്ളവരുടെ ദു:ഖങ്ങൾക്കു നേരേ മനഃപൂർവം കണ്ണടയ്ക്കുന്നു. പ്രളയവും കൊറോണയുമെല്ലാം നമ്മെ എന്തൊക്കെയോ പഠിപ്പിച്ചു എന്ന് നമ്മൾ ആരെയൊക്കെയോ പഠിപ്പിക്കുവാൻ ശ്രമിക്കുന്നു. ചില പാഠങ്ങൾ നമ്മൾ പഠിച്ചിരിക്കാം. മറവി ഒരനുഗ്രഹമാക്കിയ നമ്മൾ അതെല്ലാം ക്ഷിപ്രക്ഷണം മറന്നുകളയും. വീണ്ടും നമ്മൾ ഇതെല്ലാം ഓർക്കണമെങ്കിൽ ഇനിയും ഇത്തരത്തിലുള്ള ദുരന്തങ്ങൾ നമ്മെ തേടിയെത്തണമെന്നു മാത്രം.
ഒരിക്കലും നമുക്ക് സ്വന്തമാകാത്ത സമ്പത്തിനോടുള്ള അമിത മോഹം. നേടുന്നതെല്ലാം ഒരിക്കൽ ഉപേക്ഷിക്കേണ്ടി വരുമെന്ന ചിന്തയും നാം മറന്നുകാണും.
നമ്മുടെ അളവുകോൽ സമ്പത്തിന്റേതായി എന്നതാണ് ഒരു പ്രധാന പ്രശ്നം. ഒരാളെ നമ്മൾ അളക്കുന്നത് പോലും മറ്റു മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലല്ല എന്നതാണ് ഏറ്റവും ഖേദകരം.
യാദൃശ്ചികമായി ഈ ഗാനം കേട്ടപ്പോൾ ഉണ്ടായ ഒരു ചിന്ത മാത്രം. എത്ര അർത്ഥവത്താണീ വരികൾ എന്നോർത്തു പോയി. കവികൾ എങ്ങനെയായിരിക്കണം. വരികൾ മനസ്സിലേക്കിറങ്ങി ചെല്ലണം. മനത്തെ ചുട്ടു പഴുപ്പിക്കണം. നന്മയുടെ ചിന്ത നൽകണം.
ഈ ഗാനത്തിലെ തന്നെ മറ്റു രണ്ടു വരികൾ നോക്കൂ. എത്ര അർത്ഥവത്തായി ഒരു വലിയ സന്ദേശം ചെറിയ രണ്ടു വരികളിൽ ഒളിപ്പിച്ചിരിക്കുന്നു.
ഒരു വേനൽ വന്നാൽ പൂകൊഴിയും
ഓരോ നിറവും മണ്ണടിയും
ഇതൊരു ചിന്തയാകട്ടെ. നാം നമുക്ക് വേണ്ടി ജീവിക്കുന്നതിനൊപ്പം ആർക്കെങ്കിലും കൂടിയുമാകട്ടെ. അതിൽ നിന്നും ലഭിക്കുന്ന സന്തോഷമാകട്ടെ നമ്മുടെ സമ്പത്ത്.
ഡോ. സുനീത് മാത്യു
അപൂർവ്വം ചിലർ
ചില ആൾക്കാരുണ്ട്, കല്യാണത്തിനും മരണത്തിനും മാത്രം കാണുവാൻപറ്റുന്നവർ. ഇവർ ആരാണെന്നോ എന്താണെന്നോ ചിലപ്പോൾ നമുക്കറിയില്ല. പക്ഷെ താലികെട്ടും ശവദാഹവും/ശവമടക്കും എല്ലാം അവർ പറയുന്നതുപോലെയാണ്. നമ്മൾ അനുസ്സരിക്കും. കാരണം ഇവർ വകയിലെ ഏതോ ബന്ധുവാണെന്നാണ് വയ്പ്പ്. തിരക്കിനിടയിൽ ഇവർ ആരാണെന്നു ചോദിക്കുവാൻ പോലും നമ്മൾ മറന്നുപോകും, അല്ലെങ്കിൽ അതിനൊന്നും സാവകാശം കിട്ടാറില്ല. പക്ഷെ കല്യാണം നടക്കുമ്പോൾ ആവശ്യമില്ലാത്ത കാര്യങ്ങളിൽ ഇടപെടുന്ന പ്രശ്‌നക്കാരായും (താലി എങ്ങനെ കെട്ടണമെന്നും എങ്ങോട്ടു തിരിഞ്ഞു നിൽക്കണമെന്നും ഒക്കെ ഇവർ പറയും) മരണസമയത്ത് ബന്ധുക്കൾക്ക് താങ്ങായും ഇവരുണ്ടാകും. അതുകഴിഞ്ഞു പക്ഷെ ഇവരെ പൊടിക്ക്പോലും കണ്ടുകിട്ടില്ല. മേൽപ്പറഞ്ഞവരെപോലെതന്നെ നമ്മുടെ ജീവിതത്തിലേക്ക് കടന്നുവന്ന് പെട്ടെന്ന് പോയ്‌ക്കളയുന്ന ചില സുഹൃത്തുക്കളുണ്ട്. അവർ എവിടെനിന്നും വന്നുവെന്നോ, എവിടേക്ക് പോയെന്നോ നമുക്ക് വ്യക്തമായ ധാരണകളുണ്ടാകണം എന്നില്ല. വർഷങ്ങൾക്കുശേഷം പഴയ സുഹൃത്തുക്കളായ ഗോപകുമാറിനെയും സുധീറിനെയും സുരേഷിനെയും ശ്രീവിദ്യയേയും ശ്രീരേഖയേയും നാൻസിയെയുമൊക്കെ നമ്മൾ നവമാധ്യമങ്ങളിലൂടെ വീണ്ടും കണ്ടുമുട്ടുമെങ്കിലും, എത്ര തിരഞ്ഞാലും ഇവരെമാത്രം കാണാനാകില്ല. അവർ വാൽനക്ഷത്രങ്ങളെപ്പോലെ എവിടെനിന്നോ വരുന്നു എവിടേക്കോ പോയ്മറയുന്നു! പക്ഷെ ചെറിയ കാലംകൊണ്ട് ഇവർ നമ്മുടെ ജീവിതത്തിലുണ്ടാക്കുന്ന മാറ്റം വളരെ വലുതായിരിക്കാം. ഇവർ ചിലപ്പോൾ നമ്മെ ഓർക്കുന്നുപോലും ഉണ്ടാകില്ല. പക്ഷെ നമ്മൾ മാത്രം അവരെ ഓർത്തുകൊണ്ടിരിക്കും. എന്നെങ്കിലും വീണ്ടും കാണും എന്ന പ്രതീക്ഷയിൽ.
എനിക്കുമതുപോലൊരു സുഹൃത്തുണ്ടായിരുന്നു. ജവഹർ. പത്താംക്‌ളാസ്സിൽ പഠിക്കുമ്പോൾ ഒരുവർഷം മാത്രം കണ്ട് പരിചയമുള്ള ഒരു സുഹൃത്ത്. മലയാള സാഹിത്യത്തെ പാഠപുസ്തകങ്ങളിലൂടെയും പിന്നെ കവിതാപാരായണ മത്സരങ്ങൾക്കുവേണ്ടിയുള്ള കാണാപ്പാഠത്തിലൂടെയും മാത്രം വായിച്ചറിവുള്ള സമയത്താണ് തലസ്ഥാന നഗരിയിലെ ആ സർക്കാർ സ്ഥാപനത്തിൽ പത്താംതരത്തിൽ പഠിക്കുവാൻ ചേരുന്നത്. ഗ്രാമത്തിൽ നിന്നുള്ള പറിച്ചുനടൽ എന്നൊക്കെ ആലങ്കാരികമായി പറയാമെങ്കിലും എൺപതുകളുടെ അവസാനത്തിൽ പോലും കേരളത്തിലെവിടെ ഗ്രാമങ്ങൾ ഇരിക്കുന്നു? ഭൂരിഭാഗം ജനങ്ങളും നാഗരികരായ നാട് വേറേയുണ്ടോ ഇന്ത്യാമാഹാരാജ്യത്തിൽ? എന്തായാലും പുതിയ നഗരത്തിൽ കാത്തിരുന്നത് പുത്തൻ ശീലങ്ങളും, സുഹൃത്തുക്കളും, കലാലയയ ജീവിതവുമായിരുന്നു. ജവഹർ എന്ന മലയാള സാഹിത്യകുതുകിയുമായുള്ള സൗഹൃദം തുടങ്ങുന്നതവിടെയാണ്, അവസാനിക്കുന്നതും. വായനയുടെ വിശാലമായ ലോകത്തിലേക്കുള്ള വാതായനം കൂടിയായിരുന്നു ആ സൗഹൃദം. വായന കഥകളിലേക്കും, നോവലുകളിലേക്കും കലാകൗമുദിയിലേക്കും മാതൃഭുമിയിലേക്കും വളർന്നു (അന്നൊക്കെ കലാകൗമുദി കഴിഞ്ഞിട്ടേ മാതൃഭൂമി ആഴ്ചപ്പതിപ്പ് പോലുംമുണ്ടായിരുന്നുള്ളു – ശ്രീമാൻ കൃഷ്ണൻനായർ മാത്രമല്ല കുറ്റവാളി. ഒരുകാലത്ത് മാതൃഭൂമിക്കും മുകളിലായിരുന്നു കലാകൗമുദിയുടെ എഡിറ്റോറിയൽ ക്വാളിറ്റി). മാത്രവുമല്ല വായനയുടെ ആക്കം അന്ന് സ്കൂൾ ലൈബ്രറിയിൽ നിന്നും പബ്ലിക് ലൈബ്രറിയിലേക്കുള്ള ദൂരവും കുറച്ചു, ഗ്രന്ഥപ്പുരകളുടെ പൊടിമണക്കുന്ന ഇടുങ്ങിയഇടനാഴികളിൽ ഒളിച്ചിരുന്ന രത്നശേഖരങ്ങളെ കയ്യോടെ പൊക്കി സായൂജ്യമടഞ്ഞു. വായനയുടെ പശി പക്ഷേ തുടങ്ങിയിട്ടേയുണ്ടായിരുന്നുള്ളൂ.
ജവഹർ ഒരു കവിയായിരുന്നു, കഥാകാരനായിരുന്നു എല്ലാത്തിനും മുകളിൽ ഒരു വായനക്കാരനായിരുന്നു. പതിനാല് വയസ്സാണ്, പക്ഷെ ഇരുപത്തിനാലിന്റെ വായന. ആ പ്രേരണയിൽ ഞാനും വായിച്ചു തുടങ്ങിയാണ്. കഥകളും കവിതകളും നോവലുകളും പലത് വായിച്ചെങ്കിലും അന്ന് വായിച്ചതിൽ ഇപ്പോഴും ഓർമ്മയിൽ നിൽക്കുന്നത് പൊറ്റക്കാടിന്റെ ഒരു ദേശത്തിന്റെ കഥ മാത്രം. എന്തുകൊണ്ടോ അതിരാണിപ്പാടവും ശ്രീധരനും മനസ്സിൽ എന്നും ഒട്ടിനിന്നു. വായന തുടങ്ങിയപ്പോൾ എന്തെങ്കിലും കുറച്ചുമാത്രം അറിഞ്ഞുകഴിയുമ്പോൾ സർവ്വജ്ഞപീഠം കയറിയപോലെ തോന്നുന്ന മനുഷ്യസഹജമായ ഒരഹങ്കാരം അക്കാലത്ത് എന്നെയും പിടികൂടിയെന്ന് പറഞ്ഞാൽ മതിയല്ലോ. നാല് പുസ്തകങ്ങൾ വായിച്ചു കഴിഞ്ഞപ്പോൾ എഴുതിത്തകർക്കാം എന്ന് വിചാരിച്ചുകളഞ്ഞു. എളുപ്പത്തിൽ എഴുതിത്തീർക്കാം എന്ന കാരണത്താൽ കവിതപോലെ എന്തൊക്കയോ എഴുതിനോക്കി. പാഠപുസ്തകത്തിലെ കവികളിലല്ലാതെ അന്ന് ഓയെൻവിയിലും ചുള്ളിക്കാടിലും മാത്രം കവിതകണ്ടകാലം. ‘ഭൂമിക്കൊരുചരമഗീതം’ കാണാതെപഠിച്ച ധാരണ മാത്രമേ അക്കാലത്തുണ്ടായിരുന്നുള്ളൂ നല്ല കവിതകളെക്കുറിച്ച്. അതും ഒൻപതാം ക്ലാസ്സിൽ നാട്ടിലെ ഹൈസ്കൂളിൽ വച്ച്. പദ്യപാരായണ മത്സരത്തിന് വേണ്ടിയായിരുന്നു സാഹസം. സ്കൂൾ തലത്തിൽ ഒന്നാം സമ്മാനം കിട്ടി സബ് ജില്ലാ തലത്തിൽ മത്സരിക്കാൻ ചെന്ന് മത്സരപ്പട്ടികയിൽ പേരുകാണാതെ ഇളിഭ്യനായി തിരികെവന്നത് മറ്റൊരു കഥ.
ജവാഹറിലേക്കു തിരികെ വരുമ്പോൾ പെട്ടെന്ന് ഓർക്കുന്നത് അവന്റെ ചിരിയും, കൗമാരത്തിന്റെ വിയർപ്പ്മണവുമാണ്. നിഷ്കളങ്കമായ ചിരി, രൂക്ഷമായ വിയർപ്പ് മണം. എന്നെയും അതുപോലെ തന്നെ മണത്തിരിക്കും അയാൾക്ക്. വെളുത്തുകോലുന്നനെയുള്ള ശരീരത്തിലെ വട്ടമുഖത്തിലെ പാൽപ്പുഞ്ചിരി വെളുത്ത യൂണിഫോമിലെ ‘ഉജാലയുടെ’ നീലിമയിൽ തട്ടി പ്രതിഫലിക്കുമ്പോൾ ജവാഹർ പുതുതായി വായിച്ച ഒരു കഥയെക്കുറിച്ചോ കവിതയെക്കുറിച്ചോ പറയുകയായിരിക്കും. ചിലപ്പോഴൊക്കെ ചില കുറിപ്പുകൾ കാണിക്കും. സ്വന്തം കവിതകളോ അതോ കഥകളോ? ശെരിക്കും ഓർക്കാൻ കഴിയുന്നില്ല. നേരത്തെ സൂചിപ്പിച്ചതുപോലെ അതേ സമയത്ത്, പതിനാല് വയസിലാണ് ഞാനും ആദ്യമായി എഴുതുന്നത്. കുറേ വായിച്ചുകഴിയുമ്പോൾ എല്ലാപേർക്കും തോന്നുന്ന ഒര് ഭ്രാന്ത്, അഹങ്കാരം; അങ്ങനെയാണല്ലോ എഴുത്തിന്റെ തുടക്കം. എന്റെ എഴുത്ത് ആദ്യമായി വായിക്കുന്നത് ജവാഹർ ആയിരിക്കും (ഇത് പറയുമ്പോൾ ഞാൻ ഇപ്പോൾ ഒരു എഴുത്തുകാരൻ ആണെന്ന് തെറ്റിദ്ധരിക്കരുത്. പതിനേഴ് വയസ്സിനു ശേഷം ഗൗരവതരമായി മലയാളത്തിൽ എഴുതിത്തുടങ്ങിയിട്ട് കഷ്ടി രണ്ട് വർഷം ആകുന്നു. അതുവരെ എഴുത്ത് ഇംഗ്ലീഷിൽ ആയിരുന്നു കൂടുതലും ജോലിയുടെ ഭാഗമായി. അക്കാഡമിക് എഴുത്ത്. അറിയാമല്ലോ ആരും വായിക്കാത്ത അക്കാഡമിക് പേപ്പറുകൾ!). എന്റെ ‘മഹാകാവ്യം’ വായിച്ച് ജവഹർ ചിരിച്ചതേയുള്ളു. പക്ഷെ ആ ചിരിയിൽ അന്ന് മനസ്സിലാകാത്ത, പക്ഷെ ഇന്ന് മനസ്സിലാകുന്ന പലതുമുണ്ടായിരുന്നു. ഞാൻ പിന്നെയും കവിതകൾ എഴുതി, കഥപോലെയും എന്തോ എഴുതിനോക്കി. മൂന്നുവർഷം കഴിഞ്ഞാണ് ഇത് നമുക്ക് പറ്റുന്ന പണിയല്ലെന്നും, വായനയാണ് പരമമായകാര്യമെന്നും മനസ്സിലാക്കിയത്. ചിലപ്പോൾ കൈവിട്ടുപോകുന്ന അഹന്തകൊണ്ട് ഇതുപോലെ ചിലതൊക്കെ എഴുതിപ്പോകുമെങ്കിലും അവിടെത്തുടങ്ങിയ വായന ഇന്നും കഴിഞ്ഞിട്ടില്ല. വളർന്നപ്പോൾ വായനയും കൂടെ വളർന്നു. മണങ്ങളുടെയും മത്സരങ്ങളുടെയും മദത്തിന്റെയും കൗമാരതുടക്കത്തിൽ മലയാളസാഹിത്യത്തിലേക്ക് ജവാഹർ കൂട്ടുവന്നില്ലായിരുന്നെങ്കിൽ രവിയേയും, ശ്രീധരനെയും, സേതുവിനെയും, ദാസനെയും അപ്പുണ്ണിയെയും, ആമിയെയും ഭീമനെയും ഒന്നും ചിലപ്പോൾ ഒരിക്കലും കണ്ടുമുട്ടിയേക്കില്ലായിരുന്നു. എംടിയുടെയും സേതുവിന്റെയും ഒ.വി. വിജയന്റെയും പേരിൽ മനസ്സിൽ ക്ഷേത്രങ്ങള്‍ കെട്ടിപ്പൊക്കില്ലായിരുന്നു.
സ്കൂൾകാലം കഴിഞ്ഞ് ‘അത്ര ചെറിയ ഡിഗ്രി അല്ലാത്ത’ പ്രീഡിഗ്രി കാലം തുടങ്ങുമ്പോഴും ജവഹർ നഗരത്തിൽ ഉണ്ടായിരുന്നു. പിന്നെയും ജവഹറിനെ കണ്ടുമുട്ടിയിരിക്കാം. പക്ഷെ അപ്പോഴേക്കും അയാളുടെ ദൗത്യം കഴിഞ്ഞിരുന്നല്ലോ? പിന്നെ സൗഹൃദമുണ്ടായിരുന്നില്ല, ബാക്കിയായത് വായന മാത്രം.
ജവഹർ എന്ന വാക്കിന് ‘അമൂല്യരത്‌നം’ എന്നാണർത്ഥം. വായനയുടെ സ്വർണ്ണഖനിയിലേക്ക് കൈപിടിച്ചാനയിച്ച അമൂല്യരത്നത്തെ സ്നേഹത്തോടെ ഓർക്കട്ടെ. ചിലരങ്ങനെയാണ്, നമ്മെ നേരായവഴിയിലൂടെ നയിക്കുവാൻ മാത്രം നമ്മുടെ ജീവിതത്തിലേക്ക് വന്നുകയറും, പിന്നെയൊരു പോക്കാണ്. അതെ, അപൂർവ്വം ചിലർ.
സുമേഷ് രാമചന്ദ്രൻ
ജീവിച്ചിരിക്കുന്നവർ
വാസുവേട്ടൻ മരിച്ചതിന്റെ പുലകുളിയടിയന്തിരം കഴിഞ്ഞതിന്റെ പിറ്റേന്ന് വല്യ വട്ടപ്പൊട്ടും തൊട്ട്, ചോന്ന സാരീം ഉടുത്തു റേഷൻ വാങ്ങാൻ ചെന്ന സുമതിയെ നോക്കി നാട്ടുകാർ മൂക്കത്തു വിരൽ വച്ചു. റേഷൻ വാങ്ങാൻ വന്ന മറ്റു പെണ്ണുങ്ങൾ അവളുടെ അഹങ്കാരത്തെപ്പറ്റി മാറി നിന്ന് അടക്കം പറഞ്ഞു. കുമാരേട്ടന്റെ പെട്ടിപ്പീടികയിൽ നിന്ന് സോഡാ നാരങ്ങാവെള്ളം വാങ്ങി കുടിച്ചു കൊണ്ടിരുന്ന സുമേഷ് അടുത്തു നിന്ന കൊച്ചുണ്ണിയോട് പറഞ്ഞു.
“കാര്യം വാസു മുഴുകുടിയനാരുന്നേലും, ഇവളെ എടുത്തിട്ട് തല്ലുമായിരുന്നെങ്കിലും, ഓൻ ചത്തിട്ടിന്ന് പതിനാറു കഴിഞ്ഞല്ലേ ഉള്ളു ഒരുങ്ങി കെട്ടിയിറങ്ങിയേക്കുന്നവള് “
കൊച്ചുണ്ണി അത് തലകുലുക്കി ശരി വച്ചു.
ചുറ്റും നടക്കുന്ന കുറ്റപ്പെടുത്തുന്ന നോട്ടങ്ങളും കുശുകുശുക്കലുകളും മനസിലാകുന്നുണ്ടായിരുന്നെങ്കിലും സുമതി അതൊന്നും ഗൗനിക്കാതെ റേഷനും വാങ്ങി വീട്ടിലേക്ക് തിരിച്ചു.
റോഡിനു ഇരുവശവും പച്ചവിരിച്ച പാടശേഖരങ്ങൾ. നെൽച്ചെടികൾ തഴുകിയെത്തുന്ന കുളിർമയുള്ള കാറ്റ്. അവൾ പതിയെ നടന്നു. പാടശേഖരങ്ങൾ അവസാനിക്കുന്നിടത്ത് ഒരു കല്ലുവെട്ടാംകുഴിയുണ്ട്. നിറയെ താമരകൾ വിടർന്നു നിൽക്കുന്ന തെളിഞ്ഞ ജലാശയം. എത്രയോ വട്ടം അതിലൊന്നിറങ്ങണമെന്നാശിച്ചിട്ടുണ്ട്. അവൾ ആ കല്ലുവെട്ടാംകുഴിക്കരികിലെത്തിയപ്പോൾ അല്പ നേരം നിന്നു. റേഷൻ സാധനങ്ങൾ നിറച്ച സഞ്ചി ഒരരികിലായി വച്ചിട്ട്, അവൾ സാവധാനം ആ ജലാശയത്തിലേക്കിറങ്ങി. തണുത്ത ജലം പാദങ്ങളെ സ്പർശിച്ചപ്പോൾ അവൾക്ക് കുളിർന്നു. കുറച്ചു നേരം അങ്ങനെ നിന്ന ശേഷം അവൾ സഞ്ചിയെടുത്ത് വീട്ടിലേക്ക് നടന്നു.
“ന്റെ മോൻ ചത്തു ചെതേടെ ചൂടറിയിട്ടില്ല അതിനു മുമ്പേ ഒരുങ്ങിക്കെട്ടിയിറങ്ങിയേക്കാണവള്, ആണുങ്ങളെ പിടിക്കാൻ “
പടികടന്നു ആ കൊച്ചുവീടിന്റെ മുറ്റത്തേയ്ക്ക് കടന്നപ്പോൾ തന്നെ കേട്ടു തള്ളേടെ പ്രാക്ക്. പതിനെട്ടു വർഷങ്ങളായി കേട്ട് കേട്ട് ചെവിതഴമ്പിച്ച പ്രാക്ക്.
അവൾ സാധനങ്ങൾ അടുക്കളയിൽ കൊണ്ടു വച്ചു,അത്താഴത്തിനുള്ളത് ഒരുക്കാൻ തുടങ്ങി.
പുലകുളിയടിയന്തിരം കഴിഞ്ഞ് ബന്ധുക്കളൊക്കെ മടങ്ങിയിട്ടും പോകാൻ കൂട്ടാക്കാതെ ചുറ്റിപറ്റികൂടിയിരിക്കുന്ന അകന്ന ബന്ധത്തിലുള്ള നാണിത്തള്ള അടുക്കളയിലേക്കെത്തി നോക്കി ചോദിച്ചു.
“ഇന്നും പച്ചക്കറിയാണ, ഇച്ചിരി മീനോ എറച്ചിയോ വാങ്ങായിരുന്നു “
അതിനവൾ മറുപടി പറയും മുമ്പേ അശരീരി പോലെ വാസൂന്റെ തള്ളേടെ തൊള്ള കേട്ടു.
“അതിനെന്റെ മോൻ പോയില്ലേ, ഇനി ഇറച്ചിയും മീനും തിന്നാൻ കൊതിക്കണം, അവനൊണ്ടായിരുന്നപ്പ ഇവട മീനും ഇറച്ചിയും ഒഴിഞ്ഞ നേരമില്ലാർന്നു “
അതുകേട്ടവൾ തികട്ടി വന്ന ദേഷ്യം കടിച്ചമർത്തി.
അടുക്കളയിലേക്ക് വന്ന മക്കൾ രണ്ടുപേരും അവളുടെ അപ്പുറവും ഇപ്പുറവുമായിരുന്നു.
“അവിയലാണോ അമ്മാ? “
മൂത്തവൾ ചോദിച്ചു.
അതേന്നവള് മൂളി.
“സാമ്പാറും കൂടി വെക്കമ്മാ “
“വയ്ക്കാം, മക്കള് പോയിരുന്നു പഠിച്ചോ “
ചിരിച്ചു കളിച്ചു പോകുന്ന മക്കളെ നോക്കി അവൾ നെടുവീർപ്പിട്ടു.മൂത്തയാൾ പത്തിലും ഇളയവൾ ഏഴിലും പഠിക്കുന്നു. രണ്ടുപേരും പഠിക്കാൻ മിടുക്കികൾ. അതാണവളുടെ ഏക ആശ്വാസം.
അത്താഴം നിറച്ചുണ്ട് സംതൃപ്തിയോടെ ഉറങ്ങുന്ന മക്കളെ കണ്ട് അവളും ഉറങ്ങാൻ കിടന്നു.
അവളുടെ കൂട്ടുകാരി അമ്മിണി പ്ലാസ്റ്റിക് കമ്പിനിയിൽ ഒരു ജോലി ശരിയാക്കിട്ടിട്ടുണ്ട്. നാട്ടിലുള്ള മിക്ക പെണ്ണുങ്ങളും അവിടെയാണ് ജോലിക്ക് പോകുന്നത്. ഇത്രേം നാളും വാസു അവളെ പുറത്തു വിടാതെ ഈ വീടിന്റെ നാലുചുവരുകൾക്കുള്ളിൽ തളച്ചിട്ടു. ഇനി അതു പറ്റില്ല. നാളെ മുതൽ ജോലിക്ക് പോയി തുടങ്ങണം. മക്കളെ നല്ലരീതിയിൽ വളർത്തണം. ഓർമ്മകളിലുഴറി അവൾ എപ്പോഴോ ഉറക്കത്തിലേക്ക് വഴുതി വീണു.
പിറ്റേന്ന് ഒരുങ്ങിയിറങ്ങുന്ന അവളെ കണ്ട് തള്ള പിന്നെയും പ്രാക്ക് തുടങ്ങി.
അവളതു ഗൗനിക്കാതെ പടിക്കൽ കാത്തുനിന്ന അമ്മിണിയോടൊപ്പം കമ്പനിയിലേക്ക് നടന്നു.
കമ്പിനിയിലേക്ക് ജോലിക്ക് ചെന്ന അവളെക്കണ്ട നാട്ടുകാരിപെണ്ണുങ്ങൾ അടക്കം പറഞ്ഞു.
വൈകിട്ട് കൂലിയും വാങ്ങി പോകാനിറങ്ങുമ്പോൾ അമ്മിണി അവളോട് പറഞ്ഞു.
“സുമേ നീ കൊറച്ചീസം കൂടി വീട്ടിലിരിക്ക് “
അതെന്താ എന്ന ചോദ്യഭാവത്തിൽ സുമതി അവളെ നോക്കി.
“അല്ല, വാസുവേട്ടൻ മരിച്ചിട്ട് ഇത്രല്ലേ ആയുള്ളൂ, പെണ്ണുങ്ങൾ അതുമിതും പറയുന്നു “
സുമതി ഒരു നിമിഷം നിന്നു. എന്നിട്ട് പറഞ്ഞു തുടങ്ങി.
“അമ്മിണി നിനക്കറിയോ, വാസുവേട്ടൻ എന്നെ കെട്ടിക്കൊണ്ട് വന്നിട്ട് വർഷം പതിനെട്ടായി, കല്യാണം കഴിഞ്ഞ അന്ന് മുതൽ അങ്ങേര് ചാവുന്ന വരെ ഞാൻ മനഃസമാധാനത്തോടുറങ്ങിട്ടില്ല.”
ഒന്നു നിർത്തിട്ടവൾ തുടർന്നു.
“അപ്പോ നീ ചോദിക്കും രണ്ട് മക്കളെങ്ങിനെ ഉണ്ടായെന്ന്, എനിക്കറിയില്ല അമ്മിണി, പട്ടീം പൂച്ചേ പെറണ പോലെ ഞാനും പെറ്റു “
അവൾ നെടുവീർപ്പോടെ നിർത്തി. അമ്മിണി അവളെ സഹതാപത്തോടെ നോക്കി.
സുമതി വീണ്ടും പറഞ്ഞു.
“നിനക്കറിയോ അമ്മിണി, ജീവിതത്തിലാദ്യമായി ഇന്നലെ എന്റെ മക്കൾ വയർ നിറച്ചുണ്ട് സമാധാനത്തോടെ ഉറങ്ങുന്നത് ഞാൻ കണ്ടു “
“എനിക്ക് എന്റെ മക്കളെ നന്നായി വളർത്തണം, ഞാൻ നാളെയും ജോലിക്ക് വരും, അതിനിപ്പോ ആരെന്തു പറഞ്ഞാലും എനിക്കൊരു ചുക്കുമില്ല “
“നിന്റെ കെട്ട്യോൻ നെന്നെ ഉപേക്ഷിച്ചു പോയിട്ടും മക്കളെ വളർത്താനല്ലേ നീയീ കഷ്ടപെടുന്നേ? “
ഇതും പറഞ്ഞവൾ മുന്നോട്ട് നടന്നു. ഒന്നു സംശയിച്ചു നിന്ന് ശേഷം അമ്മിണിയും അവൾക്കൊപ്പം നടന്നു. പാടശേഖരങ്ങൾ കടന്ന് കല്ലുവെട്ടാംകുഴിക്കരികിലെത്തിയപ്പോൾ സുമതി ഒന്നു നിന്നു.അമ്മിണിയോടായി പറഞ്ഞു.
“ഡി പെണ്ണെ, നമ്മുക്കൊന്നിറങ്ങിയാലോ, ഒരു പൂ പറിച്ചാലോ “
അമ്മിണി അവളെ ചിരിയോടെ ഒന്നു നോക്കി. എന്നിട്ട് അവളുടെ കൈപിടിച്ച് കൊണ്ടു പതുക്കെ ആ താമരകുളത്തിലേക്കിറങ്ങി. തണുത്ത ജലത്തിൽ ആ നാലു പാദങ്ങൾ സ്പർശിച്ചതും പരൽമീനുകൾ വന്നവയെ ഉമ്മവച്ചു. ഇക്കിളിയിട്ടതുപോലവർ ചിരിച്ചു കൈകൾ കോരുത്തുപിടിച്ചുകൊണ്ടവർ ആ കുളത്തിന്റെ കല്പടവിലിരുന്ന് ഭാവിയെപ്പറ്റി സ്വപ്നങ്ങൾ നെയ്തു.
ജിസ പ്രമോദ്
മലരണിക്കാടും തേടി
എൻ എൻ പിള്ള
ക്ലാസിൽ ഇരുന്നിട്ട് കുട്ടന് ഇരിപ്പുറക്കുന്നില്ല. ദുർ ഗ്ഗ എന്ന് ഇരട്ടപ്പേരുള്ള ഹിന്ദി സാറിന്റെ ക്ലാസാണ്. അറുബോറൻ ക്ലാസ്. ഇന്ന് വൈകുന്നേരം കുട്ടനെ നാടകം കാണിക്കാൻ കൊണ്ടുപോകാമെന്ന് ലോനച്ചൻ അങ്കിൾ പറഞ്ഞിട്ടുണ്ട്. ദർബാർ ഹാൾ മൈതാനത്ത്. വൈകുന്നേരത്തെ ബെല്ല് ഒന്നടിച്ചാൽ മതിയെന്ന് അവൻ അക്ഷമ പൂണ്ടു.
കുട്ടൻ ഒരു നാടകമേ കണ്ടിട്ടുള്ളു. സ്‌കൂൾ വാർഷികത്തിന് കുട്ടനെ പഠിപ്പിക്കുന്ന സാറന്മാർ അഭിനയിച്ച നാടകം. അതാണെങ്കിൽ പാതിയും
മനസിലായതുമില്ല. കണക്ക് പഠിപ്പിക്കുന്ന ആന്റണി സാറും ചൂരൽ പോലെ നീണ്ട ശരീരമുള്ള കുഞ്ഞച്ചൻ സാറും കൂടി സ്‌കൂൾ മൈതാനത്തെ സ്റ്റേജിൽ കയറി നിന്ന് എന്തൊക്കെയോ പറഞ്ഞു. കുഞ്ഞച്ചൻ സാറിന്റെയും ആന്റണി സാറിന്റെയും ദേഹത്ത് മഞ്ഞയും ചുവപ്പും നീലയും വട്ടവെളിച്ചം വീഴുന്നു. ആന്റണി സാറിന്റെ കഷണ്ടിത്തല മഞ്ഞ വെട്ടത്തിൽ സ്വർണ്ണത്തളികപോലെ തിളങ്ങുന്നു. ഇരുവരും ചേർന്ന് ഒട്ടകപ്പാൽ കറക്കാൻ പോകുന്നത് നല്ല രസമായിരുന്നു. കുട്ടന്റെ അടുത്തിരുന്ന കരടി ഷിബു ചെവിയിൽ സംശയം പറഞ്ഞു. ‘ഒട്ടകം പാല് തരുവോട?’
‘നിക്കറിയില്ല’ കുട്ടൻ തോൾ കുലുക്കി. ക്രിസ്മസ് പരീക്ഷക്ക് പാൽ തരുന്ന മൃഗങ്ങൾ ഏതൊക്കെയെന്ന ചോദ്യത്തിന് കടുവയെന്ന് പറഞ്ഞതിന് സേവ്യർ സാറിന്റെ വക ചെവിയിൽ ചോക്കും കൂട്ടിപ്പിടിച്ച് തിരുമ്മു കിട്ടിയതിന്റെ വേദന അവനിപ്പോളും മാറിയിട്ടില്ല.
തോളിൽ ചോക്കുകഷണം വന്നു വീണപ്പോളാണ് ഞെട്ടിയുണർന്നത്. ദുർഗ്ഗ കുട്ടനെ ലക്ഷ്യമാക്കി എറിഞ്ഞതാണ്. ഹിന്ദിസാറിന്റെ ചുവന്ന കണ്ണുകൾ നേരിടാനാവാതെ അവൻ മുഖം കുനിച്ചു. ദുർഗ അലറി. “എന്തോർത്ത് ഇരിക്കുവാടാ….”
ഉച്ചക്ക് ചോറുണ്ടതിനു ശേഷം പാത്രം കഴുകി ഷർട്ടും ട്രൗസറും വൃത്തികേടാക്കി മടങ്ങുമ്പോൾ നാടകം കാണാൻ പോകുന്ന കാര്യം ജോസഫ് എൻ എയോട് പറഞ്ഞു.
“നാടകത്തിന്റെ പേരെന്താ?”
“പേരെണ്ടാക്വോ നാടകത്തിന് ?”
“മനുഷ്യർക്കൊള്ളത് പോലെ നാടകത്തിനും പേരെണ്ട്. ആരാ അഭിനയിക്കണത് ?”
“നിക്കറീല്ല”
“ഒന്നുമറിയാതെ ആണാട പൊട്ടാ നാടകം കാണാൻ പോണത്?” കുട്ടൻ ജോസഫ് എൻ എയെ അത്ഭുതത്തോടെ നോക്കി. ഇവന് എല്ലാം അറിയാം.
സ്‌കൂൾ വിട്ടുവെന്ന് കുമാരൻ ചേട്ടൻ ബെല്ലടിച്ച് അറിയിച്ചു. ഇത്രയും മധുരമുള്ള സംഗീതം അവൻ അടുത്തെങ്ങും കേട്ടിട്ടില്ല. കൂട് തുറന്നുവിട്ട കിളിയെപ്പോലെ പുറത്തേക്ക് പറന്നു. മട്ടമ്മൽ അമ്പലത്തിന്റെ മുൻപിൽ എത്തിയപ്പോളാണ് ഓർത്തത്.
സ്ഥിരമായി സ്‌കൂളിലേക്ക് ഒരുമിച്ചു വരുകയും പോകുകയും ചെയ്യുന്ന ലാജനോടും റിംഗ്‌സനോടും പറഞ്ഞില്ല. സ്‌കൂൾ വിട്ട് അവർ കാത്തുനിൽക്കും.
ചുമലിലെ ബാഗിന് പതിവില്ലാത്ത ഭാരം. എന്നാലും ബാഗും ചുമന്നുകൊണ്ട് ഓടി. നൊവേന കൂടാൻ യൗസേപ്പിതാവിന്റെ പള്ളിയിലേക്ക് വരുകയായിരുന്ന കർമലിത്താത്തി പരിഭ്രമത്തോടെ ചോദിച്ചു. “എന്താ കുട്ടാ ഓടണത് ?”
ഉത്തരം പറയാൻ നിന്നില്ല. വിശദീകരിക്കാൻ നിന്നാൽ പിന്നേം താമസിക്കും. തേവരപ്പാലത്തിൽ നിന്ന് വലത്തേക്ക് താഴേക്കുള്ള കരിങ്കല്ലുകൾ അടർന്നുതുടങ്ങിയ പടികൾ ഓടിയിറങ്ങി പുഴയോരത്തു കൂടി വീട്ടിലേക്കോടി.
വീട്ടിൽ അമ്മാച്ചി പിടിയും ചായയും എടുത്തുവച്ചിട്ടുണ്ടായിരുന്നു.
കുട്ടന്റെ ചുരുണ്ട മുടിയിൽ വാത്സല്യത്തോടെ തലോടി അമ്മാച്ചി പറഞ്ഞു. “കുളിച്ചിട്ടു വാ..”
തോർത്തും സോപ്പുമെടുത്ത് കുളിമുറിയിലേക്ക് നടന്നു. പുഴയോട് ചേർത്തുപണിത മോന്തായമില്ലാത്ത കുളിമുറിക്കു മുകളിലൂടെ കാക്കകൾ കോന്തുരുത്തിക്കും തിരിച്ചു തേവരക്കും പറന്നു. കുട്ടൻ തുറന്ന ആകാശം നോക്കി കുളിച്ചു. പുഴയ്ക്കക്കരെ ഉണങ്ങിയ പാടത്ത് മുതിർന്ന ചേട്ടന്മാർ കാൽപ്പന്ത് കളിക്കുന്ന ശബ്ദം. തെങ്ങുകൾ ഗോൾ പോസ്റ്റുകളാക്കി സൂര്യൻ വേമ്പനാട്ടുകായലിൽ മുങ്ങാംകുഴി ഇടുന്നതുവരെ കോന്തുരുത്തിയിലെ ചേട്ടന്മാർ കളി തുടരും.
കുളി കഴിഞ്ഞ് പുറത്തേക്കിറങ്ങി വീട്ടുമുറ്റത്തെ പുഴയിലേക്കുള്ള ചെറിയ പടവിൽ നിന്ന് ദൂരേക്ക് നോക്കി. തേവരപ്പാലത്തിനപ്പുറത്ത് സൂര്യസ്നാനം. തേവരയുടെ മുഖം അപ്പോൾ നാണം കൊണ്ട് ചുവന്ന നവവധുവിനെ പോലെ.
കുളി കഴിഞ്ഞു കട്ടിലിൽ വന്നിരുന്ന് പിടിയും ചായയും കഴിച്ചു. അമ്മാച്ചിയുടെ വിരലുകളുടെ മുദ്രകളുള്ള രണ്ടു പിടികൾ. ഷിപ്പ്‌യാർഡിൽ നിന്ന് അഞ്ചു മണിയുടെ സൈറൺ ഉയർന്നപ്പോൾ പിടഞ്ഞെണീറ്റു.
“അങ്കിൾ ഇപ്പൊ വരും.” കട്ടിലിനരിൽ നിലത്ത് കാലും നീട്ടിയിരുന്ന് അരി പേറ്റുന്ന മുറം കാലുകളിൽ വച്ച് അച്ചിങ്ങ അരിയുകയായിരുന്ന അമ്മാച്ചി ഉറക്കെ ചിരിച്ചു. അമ്മാച്ചിയുടെ അണപ്പല്ലില്ലാത്ത മോണ പുറത്തു കണ്ടു.
“നീയത് കഴിച്ചുതീർക്ക്. നാടകോക്ക തൊടങ്ങുമ്പ രാത്രിയാകും..”
ഇടവഴിയരികിലെ ജനാലക്കൽ കർമലി താത്തിയുടെ ഇടറിയ ശബ്ദം കേട്ടു. “കുഞ്ഞാമീ….”
“എന്താ കര്മലീ താത്തി?” ജനാലയുടെ അഴി ഉറഞ്ഞുപോയ വിടവിലൂടെ കർമിലിതാത്തി മുഖം കടത്തി. കർമിലിതാത്തിക്ക് മുന്നിൽ നടുവിലെ പല്ലില്ല. അഴിയില്ലാത്ത ജനാല പോലെ തന്നെ.
“കൊച്ചെന്താ ഓടിവന്ന കണ്ട്…”
“അതാ, അവന ലോനച്ചൻ നാടകത്തിന് കൊണ്ടോകാന്ന് പറഞ്ഞ്…”
“അത്രേള്ളാ. പേടിച്ചു പോയല്ലാ..” കൊന്തയുടെ അറ്റത്തുള്ള യൂദാശ്ലീഹായുടെ ചിത്രത്തിൽ തെരുപ്പിടിച്ച് വിശേഷങ്ങൾ പറഞ്ഞ് കർമിലിതാത്തി പോയി.
അങ്കിൾ വന്നപ്പോൾ മുതൽ കുട്ടൻ പോകാൻ തിരക്കുകൂട്ടി. പിടി കഴിച്ച് ചായ കുടിച്ച് മുറ്റത്തേക്കിറങ്ങി തെങ്ങിൻ ചുവട്ടിൽ വച്ചിരുന്ന കുടമുയർത്തി മുഖം കഴുകി വായ കുലുക്കുഴിഞ്ഞു ദൂരേക്കു നീട്ടിത്തുപ്പി അങ്കിൾ പറഞ്ഞു. “സന്ധ്യയാവട്ടെ മോനെ”
കോന്തുരുത്തിക്ക് മുകളിലുള്ള ആകാശം കറുക്കുന്നതും കാത്ത് കുട്ടൻ വരാന്തയിൽ അക്ഷമനായി നിന്നു. മെല്ലെ, പുഴവെള്ളത്തിൽ ഇരുട്ടു പെയ്യുന്നു.
ഇരുട്ടിയപ്പോൾ കുട്ടൻ അങ്കിളിന്റെ സൈക്കിളിന്റെ പിന്നിലിരുന്ന് ദർബാർ ഹാൾ മൈതാനത്തേക്ക് പുറപ്പെട്ടു. ജോസഫ് എൻ എയിൽ നിന്ന് സമാഹരിച്ച ചോദ്യങ്ങൾ അവന്റെ ഉള്ളിൽ തുളുമ്പി.
“നാടകത്തിന്റെ പേരെന്താ അങ്കിളേ?” “നമ്മൾ കാണാൻ പോണ നാടകത്തിന്റ പേര് കണക്കു ചെമ്പകരാമൻ. എൻ എൻ പിള്ളേടെ നാടകാ..”
അങ്കിൾ നാടകത്തെക്കുറിച്ച് വാചാലനായി. കുട്ടന് ഒന്നും പിടികിട്ടിയില്ല. അവന് ആകെ അറിയാവുന്നത് സുനിച്ചേട്ടന്റെ വീട്ടിൽ താമസിക്കുന്ന പിള്ള അങ്കിളിനെ മാത്രമാണ്. കണക്ക് എന്ന് കേട്ടപ്പോൾ അല്പം പരിഭ്രമിച്ചു. കണക്ക് അവന് തീരെ ഇഷ്ടമല്ല.
ദർബാർ ഹാൾ മൈതാനം ദീപപ്രഭയിൽ തിളങ്ങി നിന്നു. ഇടതുവശത്ത് പരീക്ഷിത്ത് തമ്പുരാൻ താമസിച്ചിരുന്ന ഇരുനില കൊട്ടാരം. തലയുടെ കൃത്യം നടുവിൽ നിന്ന് ഇരുവശത്തേക്കും മുടികൾ ചീവിയൊതുക്കിയ വൃദ്ധനെപ്പോലെ നരച്ച ഓടുകൾ ചരിച്ചുപാകിയ കൊട്ടാരം. ഒരിക്കൽ അങ്കിൾ കുട്ടനെ അവിടെ കൊണ്ടുപോയിട്ടുണ്ട്.
വലതുവശത്ത് താൽക്കാലികമായി കെട്ടിയുയർത്തിയ സ്റ്റേജ്. സ്റ്റേജിൽ കെടുകയും തെളിയുകയും ചെയ്യുന്ന പ്രകാശം കുട്ടനെ അത്ഭുതപ്പെടുത്തി. മൈതാനത്തിന് എതിർവശത്തുള്ള മതിലിൽ സൈക്കിൾ ചാരിവച്ച് പൂട്ടി കുട്ടന്റെ കൈ പിടിച്ച് അങ്കിൾ റോഡ് മുറിച്ചു കടന്ന് മൈതാനത്തിന്റെ മതിലിനരികിലേക്ക് ചെന്നു. മണ്ണെറിഞ്ഞാൽ താഴെ വീഴാത്തത്ര പുരുഷാരം മൈതാനം നിറഞ്ഞു നിൽക്കുന്നു.
‘നാടകം തുടങ്ങിയെന്ന് തോന്നുന്നു.” അങ്കിൾ വൈകിയെത്തിയവന്റെ ലജ്ജയോടെ പറഞ്ഞു. കുട്ടൻ സ്റ്റേജിലെ വെളിച്ചത്തിലേക്ക് ആകാംക്ഷയോടെ നോക്കി. ഏതോ രാജാവിന്റെ പ്രതിമക്ക് മുന്നിൽ നിന്ന് പ്രായം തോന്നിക്കുന്ന ഒരാൾ എന്തൊക്കെയോ സംസാരിക്കുന്നു. അത് കേട്ട് കടൽത്തിര ഇളകുന്നത് പോലെ ആളുകൾ ചിരിച്ചു മറിയുന്നു.
“ദതാണ് എൻ എൻ പിള്ള” അങ്കിളിന്റെ ശബ്ദത്തിൽ കടുത്ത ആരാധന. പുരുഷാരത്തെ മുഴുവൻ കുടുകുടെ ചിരിപ്പിക്കുന്ന മെലിഞ്ഞ മനുഷ്യനെ കൂടുതൽ നന്നായി കാണാൻ കുട്ടൻ രണ്ടുചുവട് മുന്നോട്ടുവച്ചു. ചന്ദ്രക്കല നിലത്തു കുത്തിവച്ചത് പോലെ പണിത മതിലിന്റെ മുകളിൽ കയറിനിന്നാൽ കൂടുതൽ നന്നായി കാണാനാവും.
പക്ഷെ, കണ്ണടച്ചു തുറക്കുന്ന വേഗതയിൽ ദർബാർ ഹാൾ മൈതാനത്തിന്റെ മതിലിനെ ചുറ്റികിടന്നിരുന്ന, ഇരുട്ടുകൊണ്ട് മാത്രം മേൽഭാഗം മറച്ച വലിയൊരു ഓവുചാൽ അവനെ അതിന്റെ അഗാധതയിലേക്ക് കൂട്ടിക്കൊണ്ടുപോയി. കുട്ടൻ കാനയിലേക്ക് ആഴ്ന്നുവീണു.
“കുട്ടാ…” പരിഭ്രമിക്കുന്ന ശബ്ദത്തിൽ വിളിച്ചു കൊണ്ട് ഇരുകാലുകളും കിടങ്ങിനു മേൽ കവച്ചുനിന്ന് അങ്കിൾ അവനെ ഓവുചാലിൽ നിന്ന് പൊക്കിയെടുത്ത് റോഡിൽ നിറുത്തി. നാളുകളായി ജലസ്പര്ശമില്ലാതെ കിടന്നിരുന്ന ഓവുചാലിലെ മണ്ണും അഴുക്കും കുട്ടനെ പൊതിഞ്ഞുപിടിച്ചിരുന്നു.
“എവിടെ പോയാലും നീയെന്താ ശ്രദ്ധയില്ലാതെ…” പതിഞ്ഞ ശബ്ദത്തിൽ ശകാരിച്ചു കൊണ്ട് അങ്കിൾ കുട്ടന്റെ വസ്ത്രങ്ങളിൽ പറ്റിയ അഴുക്കുകൾ തട്ടിക്കളഞ്ഞു.
“മനുഷ്യനെ നാണം കെടുത്തും”. എതിർവശത്തെ മെഡിക്കൽ സ്റ്റോറിലേക്ക് കൂട്ടിക്കൊണ്ടുപോയി ചോര പൊട്ടിയൊലിക്കുന്ന കൈകാലുകളിൽ ബാൻഡ് എയ്ഡ് ഒട്ടിച്ചു. അങ്കിൾ വല്ലാതെ ഭയന്നെന്ന് തോന്നി.
“വീട്ടിപ്പോകാം. നാടകോം കാണണ്ട, ഒന്നും കാണണ്ട.”
“എനിക്ക് നാടകം കാണണം.” കുട്ടൻ സ്റ്റേജിലേക്ക് നോക്കി പറഞ്ഞു. സ്റ്റേജിൽ നിന്നുകൊണ്ട് വെള്ള ഷർട്ടിട്ട മനുഷ്യൻ ഇപ്പോളും അംഗവിക്ഷേപങ്ങളോടെ സംസാരിക്കുന്നു. സൂക്ഷ്മമായ ചെവിയോടെ പ്രേക്ഷകർ അയാളെ ശ്രദ്ധിക്കുന്നു.
“വരാൻ പറഞ്ഞാ വന്നോളണം. കൂടുതൽ ഒന്നും പറയണ്ട”.
അങ്കിളിന്റെ ദേഷ്യം നിമിഷം തോറും വർദ്ധിച്ചുവന്നു. കുട്ടനെ റോഡിലൂടെ സൈക്കിളിന്റെ സമീപത്തേക്ക് വലിച്ചിഴച്ചു. അവൻ റോഡിനു നടുവിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
“നിക്ക് നാടകം കാണണം” ഗത്യന്തരമില്ലാതെ അങ്കിൾ വഴങ്ങി. അവന്റെ മണിബന്ധത്തിൽ അമർന്നിരുന്ന പരുക്കൻ കൈകൾ മനസില്ലാമനസോടെ അയഞ്ഞു. കുട്ടൻ ചങ്ങലയിൽ നിന്ന് രക്ഷപ്പെട്ടോടുന്ന പോലെ മതിലിനരികിലേക്ക് ഓടി.
“സൂക്ഷിച്ച്” പിന്നിൽ അങ്കിളിന്റെ ശബ്ദം. പിന്നാലെ വന്ന് കുട്ടനെ പൊക്കി കിടങ്ങിനപ്പുറത്ത് മതിലിനു മുകളിൽ നിറുത്തി.
ഇപ്പോൾ അവന് നാടകം കുറേക്കൂടി നന്നായി കാണാം. എൻ എൻ പിള്ളയെ കാണാം. മുട്ടുകൈ പൊട്ടിയ വേദന കടിച്ചമർത്തി കുട്ടൻ എൻ എൻ പിള്ളയെ കണ്ണെടുക്കാതെ നോക്കി നിന്നു. ആളുകൾ തലയറഞ്ഞ് ചിരിച്ച ഒരു നിമിഷത്തിൽ അവൻ പിന്നിലേക്ക് തലതിരിച്ച് അങ്കിളിനെ നോക്കി. പിന്നിൽ കൈകൾകെട്ടി നിൽക്കുകയായിരുന്ന അങ്കിൾ എൻ എൻ പിള്ളക്ക് കൊടുത്ത ചിരിയുടെ പാതി അവനും സമ്മാനിച്ചു.
ജോമോൻ ജോസ്
കാത്തിരിപ്പ്
എങ്ങനെ?
അരഞ്ഞരഞ്ഞ്
രോഗമായി കിടന്നപ്പോഴാണ് സ്വന്തമായ സമയം വിഷാദച്ചിരിയുമായി അവരുടെ മുന്നിൽ ഒതുങ്ങിയിരുന്നത്. കഴിഞ്ഞു പോയ ഓട്ടമത്സരങ്ങളിലെല്ലാം ആശിച്ചിരുന്നു, സ്വന്തമായ ഇത്തിരി സമയത്തിന്. എന്തെങ്കിലുമൊക്കെ കുത്തിക്കുറിക്കണമെന്ന്. ഇന്നിപ്പോ എഴുതാൻ വിറയ്ക്കും കൈകൾ വഴങ്ങില്ല, തിരശ്ശീലകൾ വീണ കണ്ണുകൾ അനുവദിക്കില്ല. ചവച്ചു ചതച്ച് ചവറു പരുവമായപ്പോഴാണ് സ്വന്തമായ സമയം നീണ്ടു പരന്നു കിടക്കുന്നത്.
എന്തിനായിരുന്നു ആ ഓട്ടപ്രദക്ഷിണങ്ങളെല്ലാം? നീണ്ടിരുണ്ട നാട പോലെ നീങ്ങിപ്പോയ വർഷ ങ്ങൾ. അതിനിടയിൽ മൂന്നാലു കുഞ്ഞുങ്ങൾ. ഭർത്തൃ ശുശ്രൂഷ. തളർന്നു പോയ മകളുടെ പരിചരണം. അങ്ങനെയങ്ങനെ കൂലിയില്ലാജോലികളുടെ ചതുപ്പില് മുങ്ങിക്കിടപ്പായിരുന്നു ആത്മാവും ശരീരവും. രാത്രി, പതിനൊന്നു മണിയെ ശ്വാസം മുട്ടി വലിഞ്ഞു തൊടുമ്പോൾത്തന്നെ ഒരു ശത്രുവെന്നോണം ബന്ധനത്തിലാക്കുന്ന അടുക്കളയുടെ ചങ്ങലകളറുത്ത് അഗ്നിയുടെ പൊള്ളും സ്പർശങ്ങളിൽ നിന്നും വിടുതൽ നേടി മറ്റൊരു കനൽ പ്രഭാതത്തിലേക്ക് കണ്ണടയ്ക്കും. പുകയുന്ന അടുപ്പുകൾ, ആളിക്കത്തുന്ന തീ, ഉണങ്ങിയ വിറകുകൾ, പഴങ്ങൾ, പച്ചക്കറികൾ അങ്ങനെ ഒട്ടനവധി വിഷയങ്ങൾ മനസ്സിലൂടെ ഇടറി നീങ്ങും. വെന്തു തീരുന്ന സ്വന്തം ജീവിതം. ആരും വരില്ല കൂട്ടിരിക്കാൻ. കാത്തു കാത്തിരിക്കുന്ന മരണസത്രം. മറ്റാരും വരില്ല കൂടെ, അതിൽ പ്രവേശിക്കാൻ. ഒറ്റയ്ക്ക്, ഒരുപാട് ഒറ്റയ്ക്ക് പൂർത്തിയാക്കണം യാത്രയത്രയും. ഓരോന്ന് ചിന്തിച്ച് ഉറക്കത്തിലേക്ക് വഴുതി വീഴുമ്പോഴാവും ഭർത്താവിന്റെ ഈർഷ്യ.
‘ഇങ്ങനത്തെ മണ്ണു പോലുള്ള പെണ്ണുങ്ങളായാ ആണുങ്ങൾ വഴി തെറ്റാതിരിക്കോ? നിനക്കാകെ ഉറങ്ങണം. പെണ്ണായാ ആണിനെ കെട്ടിയിടാന് കഴിയണം സ്വന്തം ശരീരം കൊണ്ട്..’
‘ശരിയാണ്, ‘ക്ഷീണിച്ച കൺപോളകൾ പണിപ്പെട്ട് തുറന്ന് അവൾ മനസ്സിലുരുവിടും.
ഇനീപ്പോ തുള വീണ ഈ സത്രവും തന്നെ കൈ വിട്ടാൽ പേമാരിയിൽ എന്തു ചെയ്യുമാവോ? കൊടിയ വേനലിൽ മേലാകെ പൊള്ളിത്തിണർക്കുമാവോ? യാതൊരു താൽപ്പ ര്യവുമില്ലാതെ അയാൾക്ക് വേണ്ടിയൊരു ഭക്ഷണപാത്രമാകുമ്പോൾ അവൾ പിന്നെയും ചിന്തിക്കും ഒരിക്കലും ഉത്തരം കിട്ടാത്ത ജീവിതമെന്ന പദപ്രശ്നത്തെപ്പറ്റി.
ഭാഗ്യം! മകൾ മരണപ്പെട്ടു. അവൾ സങ്കടക്കണ്ണുകൾ വലിച്ചടച്ചു..ദിനം തോറും അന്യരായിക്കൊണ്ടിരിക്കുന്ന ഈ മനുഷ്യർക്ക് വേണ്ടിയാണല്ലോ സ്വന്തം ആരോഗ്യം, സ്വപ്നങ്ങൾ എല്ലാം ഒരു ഉപ്പേരിക്കെന്നോണം കഷ്‌ണിച്ചത്. വ്യസനത്തിന്റെ തീമരത്തിനു ചുവട്ടിലിരിക്കാനാണ് ഈ കണ്ട വഴിയെല്ലാം അലഞ്ഞത്.
സ്വന്തമായ കുറച്ചു സമയം ഉണ്ടായിരുന്നെങ്കിൽ എന്തിനെക്കുറിച്ചായിരുന്നു താനന്ന് എഴുതുക? വ്യർത്ഥമായ ഒരു യാത്രയെക്കുറിച്ചോ? നഷ്ടമായ ബാല്യത്തെക്കുറിച്ചോ? സ്വപ്നപ്പൂക്കൾ വിരിഞ്ഞിരുന്ന യൌവനത്തെക്കുറിച്ചോ? കിടപ്പിൽ നിന്നെണീക്കാതെ ഇരുപതു വയസ്സു വരെ തന്റെ തോളിലൊരു പെരുങ്കല്ലായി തൂങ്ങിക്കിടന്ന മകളെക്കുറിച്ചോ? പരിഗണനയോടെ രണ്ടു വാക്കുച്ചരിക്കാൻ സമയവും സൌകര്യവുമില്ലാത്ത ആണ്മക്കളെക്കുറിച്ചോ? ‘നിങ്ങടെ അമ്മേ നോക്കാൻ ആരെയെങ്കിലും ഏർപ്പാടാക്കിക്കോ’ എന്ന് ആക്രോശിക്കുന്ന മരുമക്കളെക്കുറിച്ചോ? ആവർത്തന വിരസതയുടെ ചവർപ്പ് പതഞ്ഞൊഴുകുന്ന വിഷയങ്ങൾ. കണ്ടെത്തണം. പുതുമ നിറഞ്ഞ മറ്റൊരു വിഷയം.
‘ഏറ്റം കഠിനമായതും ഇതിനു ഈസി. ജീവിതം ആഘോഷമാക്കൂ.’ മുമ്പൊരിക്കൽ കണ്ട മിക്സിപ്പരസ്യം പൊടുന്നനെ അവരുടെ മനസ്സിലേക്ക് ഊർന്നു വീണു. ഒരു സുന്ദരി കടുകടുത്ത എന്തൊക്കെയോ ജാറിലിടുന്നതും ഓൺ ചെയ്യുമ്പോൾ ഒരു സംഗീതധ്വനിയോടെ മിക്സി വളരെ വേഗം അതെല്ലാം അരച്ച് തീർക്കുന്നതും..തന്റെ ലൊക്കട മിക്സി കൊടുത്ത് അതൊന്നു സ്വന്തമാക്കണം. ഒരു ഫാക്ടറിയുടെ ബഹളമാണ് തന്റെ മിക്സിക്ക്. ആരവത്തോടെയല്ലാതെ അതൊന്നും അരച്ചു എളുപ്പമാക്കില്ല. മഹാമല തലയിൽ വീണാലും ചിരിക്കാനാവുക, കഠിനയാത്രകളിലെല്ലാം മൂളിപ്പാട്ട് പാടാനാവുക, മിക്സിയിൽ നിന്ന് അങ്ങനെ പലതും പഠിക്കാനുണ്ട്. എക്സ്ചേൻജ് ഓഫറുണ്ടായിട്ടും പഴയത് മാറ്റാനോ പുതിയ സംഗീതം സ്വന്തമാക്കാനോ ഭര്ത്താവിന്റെ സമ്മതമുണ്ടായില്ല.
‘എന്റെ അമ്മ അമ്മീലാ അരച്ചിരുന്നത്. എന്തായിരുന്നു ആ കറികളുടെ ഒരു സ്വാദ്. നീ ഉദ്യോഗത്തിനൊന്നും പോണില്ലാലോ. എന്താപ്പോ ഇവിടെ ഇത്ര വല്യ പണി?’
‘ഹേയ്, ഒരു പണിയുമില്ല.’ വെറുപ്പോടെ വാക്കുകളെ അയാളിലേക്ക് ചുരുട്ടിയെറിഞ്ഞ് മകളുടെ അടുത്തെത്തി. ഓ! ദുർഗന്ധം കൊണ്ട് ആരും അടുക്കില്ല. അപ്പിയിലും മൂത്രത്തിലും അവൾ വാടിയ താമരപ്പൂ പോലെ കിടക്കുന്നു. ഒരു നേരമെങ്കിലും ഇവളെ പരിചരിച്ചിരുന്നെങ്കിൽ അയാളാ വിഷം ചീറ്റും വാക്കുകളാൽ ഇങ്ങനെ കൊത്തുമായിരുന്നോ? ജോലിക്കുള്ള യോഗ്യതയുണ്ടായിട്ടും ഈയൊരു മകൾക്ക് വേണ്ടിയാണ് എല്ലാം ഉപേക്ഷിച്ചത്. തന്റെ ത്യാഗങ്ങൾ വെണ്ണീരും കരിക്കട്ടയുമായി കുപ്പയിലെറിയാനുള്ളതോ? ഗൾഫിൽ നിന്ന് ആങ്ങളയെത്തിയപ്പോൾ ആദ്യം ആവശ്യപ്പെട്ടത് ആ മിക്സി വാങ്ങിത്തരാനാണ്. തന്റെ ദുര്യോഗങ്ങളിലേക്ക് സഹതാപത്തിന്റെ ഒരു നൂൽതുണ്ട് നീട്ടി അവൻ ചിരിച്ചു. ‘അന്ന് നിന്റെയീ കല്യാണം നടത്തേണ്ടിയിരുന്നില്ല..എന്താ ചെയ്യാ? വിധിയെ ആർക്കാ തടുക്കാമ്പറ്റാ?’
ഏഴായിരം രൂപ കൊടുത്ത് ആ അമൂല്യനിധി സ്വന്തമാക്കിയപ്പോൾ എന്തെന്നില്ലാത്ത ആഹ്ലാദമുണ്ടായി. കുരുമുളകും മഞ്ഞളുമൊക്കെ പൊടിച്ചെടുക്കുമ്പോൾ തന്റെ ഉള്ളില് എരിഞ്ഞു പുകയുന്ന അനേകം അസ്വസ്ഥതകളെയും ജാറിലേക്ക് കുടഞ്ഞിട്ടു. ടാൽക്കം പൌഡർ പോലെ മിനുസപ്പെട്ട് അവ കുസൃതിയോടെ ചിരിച്ചു.
അങ്ങനെ പത്തു കൊല്ലത്തോളം സന്തതസഹചാരിയായിരുന്ന മിക്സിയാണ് മകളുടെ മരണത്തെത്തുടർന്ന് തകർന്നു തരിപ്പണമായത്. താനെത്ര സൂക്ഷ്മതയോടെ കൊണ്ടു നടന്നതായിരുന്നു. പൊട്ടിക്കിടക്കുന്ന,മഞ്ഞള് പുരണ്ടു വൃത്തികേടായ അതിന്റെ അവയവങ്ങൾ. തന്റെ ജീവിതവും ഒരു ചില്ലുപാത്രമായിരുന്നു, ചില്ലുതരികളായി അതാരോ കുത്തിയുടച്ചിരിക്കുന്നു.
പിന്നീടധിക ദിവസം അമ്മിയിൽ അരക്കേണ്ടി വന്നില്ല. ജോലിക്കു പോകുന്ന മരുമക്കൾ എന്നേ വേറെ ചേക്കേറിയിരുന്നു. ഒരു ചമ്മന്തിക്ക് അൽപ്പം തേങ്ങ അരച്ചെടുക്കുമ്പോഴാണ് തല ചുറ്റാൻ തുടങ്ങിയത്. അതു വരെ നേരെ കണ്ട കാഴ്ചകളെല്ലാം കറങ്ങിക്കറങ്ങി കൈ കൊട്ടിച്ചിരിച്ചു. പിന്നെ ആരോ തന്നെ നിലത്തേക്ക് മറിച്ചിട്ടു.
പുറത്തെങ്ങോ പോയി മടങ്ങിയ ഭർത്താവ് ഒരു ചായക്ക് ആവശ്യം വന്നപ്പോഴാണ് ഭാര്യയെ തിരഞ്ഞത്. വർക്ക് ഏരിയയിൽ ചത്ത പോലെ കിടക്കുന്ന ആ പേക്കോലത്തെ അയാൾ എങ്ങനെയൊക്കെയോ കട്ടിലിലെത്തിച്ചു.
രോഗപ്പുതപ്പ് അങ്ങനെ ആസകലം പൊതിഞ്ഞു. വസന്തം ഒരോർമ്മത്തെറ്റു പോലെ പുളച്ചു നീന്തി. ഏതാണ് സത്യം? വിത്തിന്റെ മുള പൊട്ടലോ മരത്തിന്റെ പൂക്കാലമോ? പൂ കൊഴിയലോ? നരച്ച മുടിച്ചുരുൾ
ചെറുകാറ്റിൽ കണ്ണിനെയും മൂക്കിനെയും ചൊറിഞ്ഞു. അരിച്ചു നടക്കുന്ന പേനുകൾ തലയിലെ ചോര കുടിച്ച് ചുണ്ടു തുടച്ചു. ശരീരം മറ്റേതൊക്കെയോ ജീവികളുടെ ആഹാരമാകാൻ തുടങ്ങുന്നു.
ഈ കഠിനകാലത്തെ ഏതു മിക്സിക്കാണ് അരച്ചു സംഗീതമാക്കാനാവുക? ചരിഞ്ഞു കിടക്കാൻ ആഗ്രഹം തോന്നി. ദേഹത്തിന്റെ ഭാഗമേയല്ലാത്തത് പോലെ ഇടതു വശം ഒരു മരക്കഷ്ണമായി. ഇനിയെന്തു ചെയ്യും? കണ്ണീർ ബാക്കിയില്ലാത്ത കണ്ണുകൾ ചുട്ടു പൊള്ളി. കുമിയുന്ന ഇരുൾ മേഘങ്ങൾ ഒരു വൻപേമാരിയെ ഗർഭം ധരിച്ച് വേദനയോടെ ഇഴഞ്ഞു നീങ്ങി………………….
ഷെരീഫാ മണ്ണിശ്ശേരി
ജീവൻറെ വില
തൂക്കു പാലത്തിൽനിന്ന്
തൊടുത്തു വിട്ട
അമ്പുകൾ തിരിച്ചു വരും
ആവ നാഴികൾ കരയും
അസ്ഥി മാടങ്ങൾ ചിരിയ്ക്കും
തൂക്കു പാലങ്ങളിൽ
വില്ലുകൾ കരുത്ത് നേടും
കീർത്തനങ്ങൾ നിലച്ച
ശ്രീകോവിലിൽ
ജന്മം കർമയോഗത്തിന്
തിരി കൊളുത്തും
അനശ്വരത
കുളി കഴിഞ്ഞു എത്തിയ
തടാകങ്ങളിലെ കറ
കഴുകിത്തീരാതെ
പ്രകാശം പരത്തും
ചാട്ട വാറുകളുടെ
യാത്രയയപ്പിൽ
അടിമപ്പർവ്വതങ്ങൾ
കീഴടക്കും
മഞ്ഞും മഴയും
കൃഷി സ്ഥലങ്ങളും
ആർക്കും ഭാര മാവുകയില്ല
ഇടവപ്പാതിയ്‌ക്ക്
അറച്ചു നിൽക്കാനാവില്ല
ഒരു നിലവിളിയിൽ
അസ്തമിക്കാത്ത സമൂഹം
വർത്തമാനം
അക്ഷര തെറ്റ് ഇല്ലാതെ വായിക്കും
അമ്പുകൾ പൂവുകൾ ആയും
ആയുധങ്ങൾ വാക്കുകളായും മാറി
നീതിമാനെ തേടും
ഇവിടെയും
നമുക്ക് വിശ്രമിക്കാൻ
കഴിയില്ല
പിന്നിട്ട കരകൾ എല്ലാം
തേടിയെത്തുന്നത്
വെട്ടി മാറ്റാനുള്ള
നിരത്തുകളെ ആണെല്ലോ
സോമനാഥൻ കെ. വി.
വിലാസിനി ഫ്രം കുട്ടൻക്കടവ്- 1
കുട്ടൻക്കടവ് പഞ്ചായത്തിലെ തിരഞ്ഞെടുപ്പ് ഫലം വന്നതോടെ എല്ലാ ശ്രദ്ധയും വാടകവിലാസിനിയിലേക്ക് തിരിയുകയായിരുന്നു. പതിനൊന്ന് സീറ്റുള്ള കുട്ടൻക്കടവ് പഞ്ചായത്തിൽ അഞ്ച് സീറ്റ് വീതം ഇരുമുന്നണികളും നേടിയപ്പോൾ, പഞ്ചായത്ത് കെട്ടിടം സ്ഥിതിചെയ്യുന്ന ടൌൺ വാർഡിൽ നിന്നും സ്വതന്ത്രയായി വിജയിച്ച വിലാസിനി ആർക്കൊപ്പം നിൽക്കുന്നുവോ അവർ പഞ്ചായത്ത് ഭരിക്കുമെന്ന അവസ്ഥ വന്നതോടെ ഇരു മുന്നണിനേതാക്കളും ഇറച്ചിക്കടക്ക് മുന്നിൽ വട്ടമിട്ടുപറക്കുന്ന മണിയനീച്ചകളെ പോലെ വിലാസിനിഭവന്റെ മുറ്റത്ത് കാത്തുകിടന്നു.
വിലാസിനിയാകട്ടെ ആദ്യ ദിവസങ്ങളിൽ ആർക്കും പിടികൊടുക്കാതെ വഴുതിമാറികൊണ്ടേയിരുന്നു, ഖദർദാരികളും, വിപ്ലവകാരികളും വിലാസിനിഭവന് മുന്നിൽ കാത്തുകിടക്കുമ്പോൾ, അകത്തെ അടച്ചിട്ട മുറിയിൽ നീണ്ട ചർച്ചകൾ പുരോഗമിക്കുകയായിരുന്നു.
വിലാസിനിയുടെ അധ്യക്ഷതയിൽ നടക്കുന്ന അടിയന്തിരയോഗത്തിൽ പങ്കെടുക്കുന്ന മറ്റുവ്യക്തികൾ വിലാസിനിയുടെ കെട്ടിയോൻ ചന്ദ്രകാന്തനും, പട്ടാളത്തിൽ നിന്ന് അടുത്തൂൺപറ്റി ഈയടുത്തകാലത്ത് നാട്ടിലെത്തിയ മേജർ മണിയപ്പനുമായിരുന്നു. മണിയപ്പനായിരുന്നു തിരഞ്ഞെടുപ്പ്കാലത്ത് വിലാസിനിയുടെ പ്രധാന ഫണ്ട് റെയിസർ ഒപ്പം പ്രചരണത്തിന്റെ പങ്കായവും മണിയപ്പനായിരുന്നു.
കുട്ടൻക്കടവ് ടൗണിലെ പഞ്ചായത്ത് ഓഫീസ് സ്ഥിതിചെയ്യുന്നത് ഉൾപ്പടെ ഒട്ടുമിക്ക കെട്ടിടങ്ങളും മണിയപ്പന്റെ പേരിലുള്ളതാണ്, അവയുടെയൊക്കെ വാടകപിരിക്കുന്ന ജോലി കുറേക്കാലമായി ഏറ്റെടുത്തിരിക്കുന്നത് വിലാസിനിയാണ്, അങ്ങനെയാണ് വാടകവിലാസിനിയെന്ന പേരും വീണത്. വാടകപിരിക്കുന്ന ജോലി വിലാസിനിയേറ്റെടുക്കുന്നതിന് മുമ്പ് വാടക കുടിശികയിനത്തിൽ ഒരുപാട് തുകയായിരുന്നു മണിയപ്പന് തന്റെ കെട്ടിടവരുമാനത്തിലേക്ക് കിട്ടുവാനുണ്ടായിരുന്നത്,
എന്നാൽ വിലാസിനി ആ ഉത്തരവാദിത്തമേറ്റെടുത്തതോടെ ചിത്രമാകെ മാറി , ലാലുപ്രസാദ് യാദവ് റെയിൽവേ മന്ത്രിയായതോടെ നിരന്തരം നഷ്ട്ടത്തിലോടിയിരുന്ന ഇന്ത്യൻറെയിൽവേ ലാഭത്തിന്റെ പാളത്തിലേക്ക് മാറിയത് പോലെ, കിട്ടാനുള്ള കുടിശിക മേടിച്ചെടുത്തും,മാസവാടക സമയാസമയം പിരിച്ചും നഷ്ടത്തിലോടിയിരുന്ന മണിയപ്പന്റെ ബിസിനസ്സിനെ ലാഭത്തിലേക്ക് കൈപിടിച്ചുകയറ്റുവാൻ വിലാസിനിക്ക് കഴിഞ്ഞു.
ആദ്യം നയത്തിൽ പറഞ്ഞു നോക്കിയും,പിന്നീട് ഇത്തിരി തെറിവാക്കുകളുടെ അകമ്പടിയോടെ പിണങ്ങിയും,അതുമൊത്തില്ലേൽ കൈക്കരുത്ത് കാട്ടിയും വാടക പിരിച്ചെടുക്കുന്ന വിലാസിനിയുടെ വൈഭവം മണിയപ്പനെ ഹാടാത് ആകർഷിച്ചു. “കുട്ടൻക്കടവിലെ മഹിളാലാലുപ്രസാദ്” എന്ന വിശേഷണമാണ് , ബിസിനസ്സ് മാനേജ്മെന്റിലെ വിലാസിനിയുടെ നൈപുണ്യം കണ്ട് മനംനിറഞ്ഞ മണിയപ്പൻ ചാർത്തി നല്കിയത്.
ഏകദേശം നാലുമാസങ്ങൾക്ക് മുമ്പ് വിലാസിനി പത്രത്താളുകളിലും, സോഷ്യൽമീഡിയയിലുമൊക്കെ ഏതാനും ദിവസങ്ങൾ നിറഞ്ഞു നിന്നിരുന്നു. പഞ്ചായത്ത് സെക്രട്ടറി അരവിന്ദാക്ഷനെ ഓഫിസിൽ കയറി കുത്തിനുപിടിക്കുന്ന വിലാസിനി അന്നേ വാർത്തയായിരുന്നു. പഞ്ചായത്ത് കെട്ടിടത്തിന്റെ വാടക ഏതാനും മാസങ്ങളായി തരാതെ കബളിപ്പിക്കുന്ന അരവിന്ദാക്ഷന്റെ നടപടിയോടുള്ള വിലാസിനിയുടെ പ്രതിക്രിയയായിരുന്നു അന്ന് സെക്രട്ടറിയുടെ ഓഫീസിൽ കണ്ടത്.
അരവിന്ദാക്ഷന്റെ അലക്കിതേച്ച വെള്ളഷർട്ടിന്റെ ഹൃദയഭാഗത്ത് തന്നെ പിടിമുറുക്കിയ വിലാസിനി ഏതാനും അസംസ്‌കൃതപദങ്ങളുടെ അകമ്പടിയോടെ കെട്ടിടവാടക കൃത്യസമയത്ത് നൽകേണ്ടതിന്റെ ആവശ്യകത പഠിപ്പിച്ച ശേഷം, പോക്കറ്റിൽ നിന്ന് വാടകകാശ് ബലമായി കൈക്കലാക്കി, വാടക രസീതും നല്കിയാണ് അന്ന് പഞ്ചായത്തിൽ നിന്ന് പിൻവാങ്ങിയത്.
വിലാസിനിയുടെ അന്നത്തെ നടപടിയിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് പിന്നീട് ചിലസെലിബ്രിറ്റി മഹിളാമണികൾ, അങ്ങ് തെക്ക് പത്മനാഭന്റെ മണ്ണിൽ ഒരു യുട്യൂബ് നായരെ സമാന രീതിയിൽ കയ്യേറ്റം ചെയ്തതെന്ന് കുട്ടൻക്കടവിലെ ചില ലോക്കൽ പാണൻമാർ ഇപ്പോഴും പാടിനടക്കുന്നുണ്ട്.
അടിയന്തിര ചർച്ചക്കായി അടഞ്ഞുകിടന്ന വിലാസിനിഭവന്റെ പ്രധാന വാതിൽ തുറക്കപ്പെട്ടത്തോടെ, ശ്രീകോവിൽ നട തുറക്കുമ്പോൾ ദർശനസായൂജ്യം നേടാൻ തിക്കുംതിരക്കുമുണ്ടാക്കുന്ന ഭക്തരെ അനുസ്മരിപ്പിച്ചു വിലാസിനിഭവന് മുന്നിൽ കാത്തുകിടന്ന പ്രാദേശിക മുന്നണി നേതാക്കന്മാരുടെ പെരുമാറ്റം.
ചർച്ചയുടെ തീരുമാനമറിയിക്കുവാനായി വിലാസിനിയുടെ ഔദ്യോഗിക വക്താവ് എന്നനിലയിൽ കെട്ടിയോൻ ചന്ദ്രകാന്തൻ നേതാക്കൾക്കരികിലേക്കെത്തി.
“പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം വിലാസിനിക്ക് നല്കുന്ന മുന്നണിയെ പിന്തുണക്കും, ഒപ്പം കൂടുതൽ ചർച്ചകളും വേണം, ഇനിയുള്ള ചർച്ചകൾ നിങ്ങൾ ലോക്കൽ നേതാക്കളുമായില്ല, കുറഞ്ഞത് ജില്ലാതലനേതാക്കളുമായി മാത്രമേ അടുത്ത ഘട്ട ചർച്ചയുള്ളൂ”.
വിലാസിനി പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ആവശ്യപ്പെട്ട വിവരം നിമിഷനേരം കൊണ്ട് തന്നെ നാട്ടിലാകെ പരന്നു.
“അവളാണ് മിടുക്കി”
“അവളെ മുന്നിൽ നിർത്തി ആ മണിയപ്പനായിരിക്കും ഭരണം”
“സെക്രട്ടറി അരവിന്ദനും, വിലാസിനിയുമായി ഒത്തുപോകുമോ?”
മീഞ്ചന്തയിലും, ചായക്കടയിലും, തൊഴിലുറപ്പ് പണിയിടങ്ങളിലുമടക്കം നാലാൾ ഒന്നിച്ചു കൂടുന്ന സ്ഥലങ്ങളിലെല്ലാം വിലാസിനിയായി ചർച്ചാവിഷയം.
പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം നല്കണമെന്ന ആവശ്യം അംഗീകരിച്ചു കൊണ്ട് ഇരുമുന്നണികളുടെയും ജില്ലാനേതാക്കൾ വിലാസിനിഭവനിലേക്ക് കടന്നുവന്നതോടെ രണ്ടാം ഘട്ട ആവശ്യം വിലാസിനി മുന്നോട്ടു വെച്ചു.
മാസങ്ങൾക്ക് മുമ്പ് പഞ്ചായത്ത് ഓഫീസിൽ കയറി സെക്രട്ടറി അരവിന്ദനെ കയ്യേറ്റം ചെയ്തതിന്റെ പേരിൽ അരവിന്ദൻ നല്കിയ കേസ് പിൻവലിപ്പിക്കണം.
ഐ.പി.എൽ ക്രിക്കറ്റിന്റെ താരലേലത്തിൽ മികച്ച കളിക്കാർക്ക് വേണ്ടി ടീമുകൾ വാശിയോടെ ലേലം വിളിക്കുന്നതിനെ അനുസ്മരിപ്പിച്ചുകൊണ്ട്,
വിലാസിനിയുടെ രണ്ടാമത്തെ ആവശ്യവും ഇരുമുന്നണികളും അംഗീകരിച്ചതോടെ വിലാസിനി തന്റെ മൂന്നാമത്തെ ആവശ്യം മുന്നോട്ടുവെച്ചു.
“കുട്ടൻക്കടവ് പഞ്ചായത്തിൽ പ്രസിഡന്റിന് സർക്കാർ വക ഔദ്യോഗിക വാഹനമില്ല, ആയതിനാൽ തനിക്ക് വരുന്ന അഞ്ചു വർഷക്കാലം സഞ്ചരിക്കുവാനായി കാറും, ഡ്രൈവറും പാർട്ടി ചിലവിൽ വേണം”
മൂന്നാമത്തെ ആവശ്യത്തിന് മുന്നിൽ ഒരുകൂട്ടർ കമ്മറ്റി കൂടി തീരുമാനിക്കണമെന്നറിയിച്ചു പിന്മാറിയതോടെ ആവശ്യങ്ങൾ അംഗീകരിച്ചുകൊണ്ട് മറുകൂട്ടർ വിലാസിനിയെ സ്വന്തമാക്കി.
വിലാസിനി പ്രസിഡന്റായി ചുമതലയെല്ക്കുന്ന ദിവസം, വിലാസിനിയുടെ പേരിലുള്ള കേസുകൾ എല്ലാം പിൻവലിച്ച സെക്രട്ടറി അരവിന്ദൻ തന്നെ വിലാസിനിക്ക് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള സത്യവാചകം ചൊല്ലികൊടുത്തു.
വിലാസിനിയുടെ സ്ഥാനാരോഹണവും, സെക്രട്ടറി അരവിന്ദന്റെ കേസ് പിൻവലിക്കലുമൊക്കെ മാധ്യമങ്ങൾ വലിയ പ്രാധാന്യത്തോടെ വാർത്തയാക്കി.
വിലാസിനി സ്ഥാനമെറ്റെടുത്തതിന്റെ മൂന്നാം നാൾ പഞ്ചായത്ത് പ്രസിഡന്റിന്റെ ഓഫീസിൽ ഒരു പ്രമുഖ ചാനലുകാർ വിലാസിനിയുടെ വിശേഷങ്ങൾ പകർത്തുകയാണ്,
“വിലാസിനിക്ക് ഏറ്റവും ഇഷ്ട്ടമുള്ള ഭക്ഷണമെന്താണ്?”
“കപ്പയും ചാളയും”
റിപ്പോർട്ടർ പെൺകുട്ടിയുടെ ചോദ്യത്തിന് നാട്ട്യങ്ങളില്ലാതെ ഒരു ചെറുപുഞ്ചിരിയോടെ വിലാസിനി മറുപടി നല്കിയ നേരത്ത് തന്നെയാണ് മേജർമണിയപ്പൻ പ്രസിഡന്റിന്റെ ഓഫീസിലേക്ക് കടന്നുവന്നത്.
“റോഡ് നിർമ്മാണത്തിന്റെ ഫയൽ ഒപ്പിട്ട് വേഗം വിടണം”
മണിയപ്പൻ അഗമനോദ്ധേശം അറിയിച്ചതോടെ വിലാസിനി ചാനലുകാരോട് രണ്ടു മിനിറ്റ് ബ്രേക്ക് പറഞ്ഞു മണിയപ്പനിലേക്ക് കടന്നു.
“കാര്യം എന്നെ നിർത്തി ജയിപ്പിച്ചെടുത്തത് മണിയപ്പന്റെ മിടുക്കാണ് സമ്മതിച്ചു, എന്ന് കരുതി ഇവിടെ ഇരുന്നു പഞ്ചായത്ത് ഭരിച്ചു കളയാമെന്ന് കരുതരുത്,
റാബ്രിദേവിയെപ്പോലെ ഭരിക്കുവാൻ എനിക്ക് താല്പര്യമില്ല, ജയലളിതയെപ്പോലെ ഭരിക്കുവാനാണ് എനിക്കിഷ്ട്ടം. ഫയലിന്റെ കാര്യം ഞാൻ പഠിച്ചു വേണ്ടത് ചെയ്തോളാം, അത് കൊണ്ട് തത്ക്കാലം മണിയപ്പൻ പോകുക”.
മണിയപ്പന് മറുപടി നല്കി വിലാസിനി വീണ്ടും ചാനലുകാരിലേക്ക്,
പുതിയ പ്രസിഡന്റിന് കപ്പയും ചാളയും പ്രിയമെന്ന തലക്കെട്ട് തയ്യാറാക്കിയ റിപ്പോർട്ടർ അടുത്ത ചോദ്യവുമായി വിലാസിനിയിലേക്ക് കടക്കുന്ന നേരത്ത് മണിയപ്പൻ പഞ്ചായത്ത് ഓഫീസിന്റെ പടവുകളിറങ്ങുകയായിരുന്നു.
“അവളുടെ കപ്പയും, ചാളയും, ജയലളിതയും കാണിച്ചുകൊടുക്കാം”
പഞ്ചായത്ത് അങ്കണത്തിൽ കിടന്ന പ്രസിഡന്റിന്റെ വാഹനത്തെ നോക്കി പുലമ്പി മണിയപ്പൻ നടന്നു നീങ്ങി.
തുടരും
കെ. ആർ. രാജേഷ്
കുട്ടികളിലെ വിഷാദം
മുതിർന്നവരെ പോലെ കുട്ടികളിലും വിവിധ മാനസിക പ്രശ്നങ്ങൾ ഉണ്ടാകാം. അവരുടെ അത്തരം പ്രശ്നങ്ങൾ അതിന്റെ തീവ്രതയിൽ മനസ്സിലാക്കുവാൻ മുതിർന്നവർക്കു പലപ്പോഴും കഴിഞ്ഞെന്നുവരില്ല.
വിഷാദ രോഗം അതിൽ പ്രാധാന്യമർഹിക്കുന്ന ഒന്നാണ്. കുട്ടികളിലെ വിഷാദരോഗത്തിനു ഒരു പ്രത്യേക കാരണം പറയുക ശ്രമകരമാണ്. കുടുംബ പ്രശ്നങ്ങൾ, പാരമ്പര്യം, കാലാവസ്ഥ മാറ്റം, ജൈവ രാസവ്യതിയാനം എന്നിവ വിഷാദത്തിനു കാരണമാകാം.
വിഷാദത്തിനു ആൺകുട്ടികളിലും പെൺകുട്ടികളിലും കാരണങ്ങൾ ചിലപ്പോൾ സമാനമാകാം .എന്നാൽ കൗമാരക്കാരിൽ കാരണങ്ങൾ വ്യത്യസ്തമയിരിക്കാം. മൂന്നു മുതൽ എട്ടു ശതമാനം കുട്ടികളെ ഇതു ബാധിക്കാം. 50% കുട്ടികളിൽ ഇതു വീണ്ടും വരാനുള്ള സാധ്യത കാണാറുണ്ട്. പതിനഞ്ചു വയസ്സുകഴിഞ്ഞാൽ പെൺകുട്ടികളിൽ രോഗ സാധ്യത ഇരട്ടിയാകുന്നു.
പാരമ്പര്യമായി വിഷാദരോഗമുള്ളവരുടെ മക്കളെ കൂടുതൽ ശ്രദ്ധിക്കണം. രണ്ടാമത്തെ കുട്ടി ജനിക്കുന്നതോടെ പ്രത്യേകിച്ച്, രണ്ടുപേരും തമ്മിൽ പ്രായവ്യത്യാസക്കൂടുതലുണ്ടെങ്കിൽ മൂത്ത കുട്ടിയിൽ ചില മാനസിക ബുദ്ധിമുട്ടുകൾ ഉടലെടുത്തേക്കാം. കയ്ച്ചിട്ട് ഇറക്കാനും വയ്യ മധുരിച്ചിട്ട് തുപ്പാനും വയ്യ എന്ന അവസ്ഥയിലാകും കുട്ടി. “എന്റെ വീട് അപ്പൂന്റേം” എന്ന മലയാള സിനിമയുടെ കഥാ തന്തു ഇതായിരുന്നു. തന്നോടുള്ള വീട്ടുകാരുടേയും നാട്ടുകാരുടേയും സ്നേഹം കുറഞ്ഞു എന്നൊരു തോന്നൽ വരാം. ഈ പ്രശ്നത്തെ തിരിച്ചറിയാതെ എരുതീയിൽ എണ്ണ ഒഴിക്കുന്നതു പോലെയുള്ള മുതിർന്നവരുടെ കമന്റുകൾ അവരിൽ വീണ്ടും പ്രശ്നങ്ങൾ കൂട്ടുന്നു. മൂത്ത കുട്ടികൾ പെട്ടന്ന് വൈകാരിക പക്വത നേടുകയോ വൈകാരികമായി വളരുകയോ തളരുകയോ ചെയ്യുന്നത് ഇമ്മാതിരി പലവിധ ചെറു ഷോക്കുകളിലൂടെയാണ്. കുട്ടികൾക്ക് ഈ ഘട്ടത്തെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അറിവുണ്ടാകുകയില്ല. പറഞ്ഞു കൊടുക്കാൻ മുതിർന്നവർ മിക്കവരും സമയം കണ്ടെത്തിയെന്നും വരില്ല. രക്ഷിതാക്കൾക്കും ഈ ഘട്ടത്തെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അറിവുണ്ടാകുകയില്ല. ഇതു ബാല വിഷാദത്തിന്റെ തറക്കല്ലിടാം.
മൂത്തത് പെൺകുട്ടിയും ഇളയത് ആൺകുട്ടിയുംകൂടിയാണെങ്കിൽ കഥ ഭീകരമാവാം.ഇളയ ആൺകുട്ടി പിറക്കുന്നതോടെ ഒരു പുതിയ താരോദയമുണ്ടായതു പോലെയുള്ള വീട്ടുകാരുടെ പ്രതികരണങ്ങൾ അവളിൽ മാനസിക സംഘർഷാവസ്ഥയുണ്ടാക്കുന്നു. കുട്ടികാലത്ത് ഉടലെടുക്കുന്ന മിക്ക മാനസിക പെരുമാറ്റ തകരാറുകൾക്കും കാരണം കുട്ടികൾക്കിടയിലെ ആത്മസഘർഷങ്ങളാണ്. പെൺകുട്ടികൾ വീട്ടിൽ ഒറ്റപ്പെടുവാൻ തുടങ്ങുന്നു. സത്യത്തിൽ വീട്ടിലല്ല സ്വന്തം മനസ്സിലെ തോന്നലാണത്. വീട്ടിലെ ആൺ മേൽക്കോയ്മയുടെ സ്വാധീനം അവരിലെ മാനസിക വളർച്ചയെ സ്വാധീനിക്കാം. ആൺകുട്ടിക്കൊപ്പം പരിഗണന ലഭിക്കുന്നില്ലെന്ന തോന്നലും, അമിത സംരക്ഷണവേലികളും ഇവരിൽ നിരാശാബോധം വളർത്തുന്നു. തന്റെ ജന്മം തന്നെ ഒരു നഷ്ടമാണല്ലോ എന്ന് ചിന്ത ഫ്രോയിഡിന്റെ “പെനിസ് എൻവി ” സിദ്ധാന്തത്തോടൊപ്പം ചിന്തിക്കേണ്ടതു തന്നെ. ഇതുകൂടാതെ ലൈംഗികമായ മോശാനുഭവങ്ങൾ, അതിനെ ചൊല്ലിയുള്ള അമിത ഭീതി എന്നിവയും ഉറക്കം കെടുത്താം. ഒപ്പം കൗമാര ഹോർമോണുകളുടെ വ്യതിയാനവും, ചിന്തകളെ തകരാറിലാക്കുന്നു. മാസമുറയ്ക്കനുസരിച്ചുള്ള സ്വഭാവ വ്യതിയാനങ്ങളും(PMT) പ്രത്യേകിച്ച് ദേഷ്യവും, പൊട്ടിത്തെറിക്കലുമെല്ലാം രക്ഷിതാക്കൾ വേണ്ടരീതിയിൽ മനസ്സിലാക്കാതെ കുറ്റപ്പെടുത്താം. വീട്ടുകാരിൽ നിന്നു സ്നേഹവും കരുതലും കിട്ടുന്നില്ല എന്ന തോന്നൽ പെൺകുട്ടികളിൽ വളരാം. ‘വീട്ടിൽ എന്തുകിട്ടുന്നില്ലയോ അതു നാട്ടിൽ സുലഭമായി കിട്ടുന്ന’ കാലമായതിനാൽ പല വിധ ചൂണ്ടയിലും വലകളിലും ഇവർ ബോധ പൂർവ്വമോ അബോധപൂർവ്വമോ കുടുങ്ങിയെന്നും വരാം.
ആൺകുട്ടികളിൽ ഇതു കൂടാതെയുള്ള കാരണങ്ങൾ നോക്കാം. കൗമാരകാലത്ത് സ്വഭാവികമായും ഉടലെടുക്കുന്ന ലൈംഗിക ചിന്തകൾ അവരുടെ നിയന്ത്രണത്തിലല്ലല്ലോ. നിശാസ്വപ്നങ്ങളിലും ദിവാസ്വപ്നങ്ങളിലും ലൈംഗികത കടന്നു കൂടുന്നതും സ്വയംഭോഗത്തിലേർപ്പെടുന്നതും ചിലരിൽ ഇതിനോട് ആസക്തിയുണ്ടാക്കുകയും, മറ്റുചിലരിൽ പാപ ചിന്തയും, നിരാശയും കുറ്റബോധവും, ഒടുവിൽ അപകർഷതാ ബോധവും വിഷാദവുമായും മാറാറുണ്ട്. തെറ്റായ മതബോധനങ്ങൾ ഇതിനു ആക്കം കൂട്ടുന്നു. ലൈംഗിക വിദ്യാഭ്യാസം പാഠ്യവിഷയത്തിൽ വേണ്ട രീതിയിൽ ഇനിയും ഉൾപ്പെടുത്തിയിട്ടില്ലല്ലോ!
ചില കുട്ടികൾ പെട്ടന്ന് ഭക്ഷണം തീരെ കഴിക്കാതിരിക്കുകയും, മെലിയുകയും ചെയ്യാം, മറ്റു ചിലകുട്ടികൾ അമിതമായി ഭക്ഷണം കഴിച്ച് തടി കൂടുകയും ചെയ്യാം. ചില കുട്ടികൾക്ക് ഉറക്കം കൂടാം. മറ്റു ചിലർ ഉറങ്ങുകയേയില്ല. ചില കുട്ടികൾ എപ്പോഴും സങ്കടപ്പെട്ടിരിക്കും.പഠിക്കുവാനും മറ്റുള്ള കാര്യങ്ങൾക്കും ശ്രദ്ധകുറയുന്നു. ശരീരത്തിനു ക്ഷീണവും അവശതയും അനുഭവപ്പെടാം. ചില കുട്ടികളിൽ അകാരണമായ കുറ്റബോധം തോന്നാം, ദേഷ്യം, ദുശ്ശാഠ്യം എന്നിവയും പ്രകടിപ്പിക്കാം. അതുവരെ വളരെ പ്രിയമായിരുന്ന അച്ഛനോടും അമ്മയോടുമൊക്കെ ശത്രുക്കളോടെന്നപോലെ പെരുമാറിയെന്നും വരാം. ആത്മഹത്യാചിന്തകളും ആത്മഹത്യാശ്രമങ്ങളും ചില കുട്ടികൾ പ്രകടിപ്പിച്ചേക്കാം. പലപ്പോഴും വളരെ നിസ്സാരമായ കാര്യങ്ങൾക്കായിരിക്കും ഇവരുടെ അമിതമായ രോഷപ്രകടനങ്ങൾ, ചില കുട്ടികൾ ഈ സമയത്ത് ലഹരികളിൽ അഭയം തേടാറുമുണ്ട്.
ചിലരിൽ മനോജന്യ ശാരീരിക രോഗങ്ങളൂടെ രൂപത്തിലായിരിക്കും വിഷാദരോഗങ്ങൾ പ്രകടമാവുക. മാറാത്ത തലവേദന, വയറുവേദന, ചെവിവേദന, നടുവേദന, എന്നിങ്ങനെയൊക്കെ ലക്ഷണങ്ങൾ പ്രകടമാവാം. ഒ.സി.ഡി, സാഹചര്യങ്ങളോട് പൊരുത്തപ്പെടുവാൻ കഴിയാതെ വരിക എന്നിങനെയുള്ള ലക്ഷണങ്ങളും പ്രകടിപ്പിക്കാം. ഇതെല്ലാം ഇവരുടെ പഠന പഠനേതര പ്രവർത്തങ്ങളിൽ പ്രതിഫലിക്കാം.
അസുഖം തുടക്കത്തിൽ തിരിച്ചറിഞ്ഞാൽ ചികിത്സ എളുപ്പമാണ്. കൗൺസിലിങ് മാത്രം മതിയാകും. ആത്മഹത്യാ പ്രവണതയുള്ള കുട്ടികളെ പ്രത്യേകം ശ്രദ്ധിക്കണം. എന്നാൽ രോഗം കൂട്ടുന്ന സാഹചര്യങ്ങളും മതിയായ ചികിത്സ വേണ്ട സമയത്തു ലഭിക്കാത്തതും രോഗം മൂർഛിക്കുവാനും, ഔഷധ ചികിത്സ ലഭ്യമാക്കേണ്ട അവസ്ഥയിലെത്തിക്കുവാനും ഇടയാക്കിയേക്കാം.
രക്ഷിതാക്കളെ ബോധവൽക്കരിക്കുക എന്നതാണ് പ്രധാനം. കുട്ടികളെ കൂടുതൽ കുറ്റപ്പെടുത്താതെയിരിക്കാൻ ശ്രദ്ധിക്കുക. അവരുടെ കൂടെ നിങ്ങൾ ഉണ്ടെന്ന് ഉറപ്പു കൊടുക്കുക. അവരുടെ തെറ്റുകൾ രക്ഷിതാക്കൾ ക്ഷമിക്കുക സമാധാനത്തിൽ തിരുത്തുക. അവർ സ്വയം കുറ്റപ്പെടുത്തുന്നതിനെയും തടയുക. തെറ്റുകൾ പറ്റുക മനുഷ്യസഹജമാണെന്നു പറഞ്ഞു സമാധാനിപ്പിക്കുക. എന്നു വിചാരിച്ച് വീണ്ടും തെറ്റ് ചെയ്തോളാനല്ല മറിച്ച് തൽക്കാലത്തേക്ക് അവരെ ഈ അവസ്ഥയിൽ നിന്നു രക്ഷിക്കാനാണ് നാം ഇത്തരത്തിൽ അഭിനയിക്കേണ്ടത്.
സാവകാശം അവരെ ഉത്തരവാദിത്തമുള്ള ജോലികളിലേക്ക് എത്തിക്കുക. യാഥാർത്ഥ്യ ലോകത്തിലേക്ക് കൊണ്ടുവരുക. ശാരീരികമായ കളികളെ പ്രോത്സാഹിപ്പിക്കുക, അങ്ങനെ അവരുടെ ശരീരത്തിൽ അടിഞ്ഞുകൂടിയിരിക്കുന്ന അനാവശ്യ ഹോർമോണുകളുടെ ആധിക്യം കുറയ്ക്കാൻ പ്രേരിപ്പിക്കുക.
ഡോ. ടി. ജി. മനോജ് കുമാർ
നീർതെങ്ങുകൾ തേടി ഒരു യാത്ര
മെക്കോങ് നദീ തടങ്ങളിൽ കണ്ടു വരുന്ന ഒരു കണ്ടൽ ചെടിയാണ് വാട്ടർ കോക്കനട്ട് എന്നറിയപ്പെടുന്ന നീർതെങ്ങുകൾ. തികച്ചും യാദൃശ്ചികമായിട്ടായിരുന്നു ഞാൻ ഇതിനെക്കുറിച്ച് ഒരു യാത്രാവിവരണത്തിൽ വായിച്ചത്. ഇവ തെങ്ങു തന്നെയാണെന്ന് പറയുമ്പോഴും ഇതിനെക്കുറിച്ച് കൂടുതൽ വിവരങ്ങളൊന്നും ഇന്റർനെറ്റിൽ തപ്പിയെടുക്കാനായില്ല. തെങ്ങുകൾ എന്നും ദൗർബല്യമായ ഒരു മലയാളി മനസ്സ് തന്നെയായിരിക്കണം ഇത് നേരിൽ കാണണമെന്ന ആഗ്രഹം എന്നിൽ ശക്തമാക്കിയത്. വിയറ്റ്നാമിലെ മെക്കോങ് നദീ തടങ്ങളിലാണ് ഇവയുള്ളത്.
മെക്കോങ് ഒരു വലിയ നദിയാണ്. ചൈനയിൽ നിന്നുത്ഭവിച്ചു് മ്യാൻമാർ, തായ്‌ലൻഡ്, ലാവോസ്, കംബോഡിയ, വിറ്റ്‌നാം എന്നീ രാജ്യങ്ങളിലൂടെ ഒഴുകി, തെക്കൻ ചൈനാക്കടലിൽ പതിക്കുന്ന ഈ നദിക്ക് ഏകദേശം നാലായിരത്തി മുന്നൂറ്റി അൻപതു കിലോമീറ്റെർ നീളമുണ്ട്. ഈ രാജ്യങ്ങളുടെയെല്ലാം കാർഷിക, വ്യവസായിക, വിനോദസഞ്ചാര മേഖലകൾക്ക് ഈ നദി നൽകുന്ന പങ്ക് വളരെ വലുതാണ്. ഞാൻ ഈ നദിയെ പലരാജ്യങ്ങളിലും കണ്ടിട്ടുണ്ട്, യാത്രകൾ ചെയ്തിട്ടുണ്ട്. മ്യാന്മാർ, തായ്‌ലൻഡ്, ലാവോസ് എന്നീ രാജ്യങ്ങളുടെ അതിർത്തി വേർതിരിക്കുന്നതും മെക്കോങ് നദി തന്നെ. തായ്‌ലൻഡിലെ ചിയാങ് റായി പ്രവിശ്യയിലെ ഗോൾഡൻ ട്രയാങ്കിൾ എന്നറിയപ്പെടുന്ന സ്ഥലത്തു ഞാൻ ഈ അതിർത്തി വിഭജനം നേരിൽ കണ്ടിട്ടുമുണ്ട്.
നമ്മുടെ പാരിസ്ഥിതിക പരിപാലനത്തിന് കണ്ടൽ കാടുകളുടെ പ്രാധാന്യം ഇന്ന് നമുക്കറിവുള്ളതാണ്. കണ്ടൽ ചെടികളെന്നാൽ ഒരു പ്രത്യേകതരം ചെടികളല്ല, മറിച്ച് അത് ഈ ചെടികളുടെ ഒരു പൊതു സ്വഭാവം മാത്രമാണ്. ഉപ്പുവെള്ളതിൽ വളരുവാൻ കഴിവുള്ള ഇത്തരം സസ്യജാലങ്ങളെയാണ് പൊതുവായി കണ്ടൽ ചെടികൾ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.ഞാൻ പല കണ്ടൽ വനങ്ങളും സന്ദർശിച്ചിട്ടുണ്ട്. ലോകത്തിലെ തന്നെ ഏറ്റവും വിസ്തൃതമായ കണ്ടൽ വനങ്ങളിലൊന്നാണ് സുന്ദർബൻ. ഇത് ബംഗാളിലും ബംഗ്ലാദേശിലുമായി വ്യാപിച്ചു കിടക്കുന്നു. പതിനായിരം ചതുരശ്ര കിലോമീറ്റർ ആണ് ഈ കണ്ടൽ വനത്തിന്റെ വിസ്തൃതി. അതിന്റെ മുപ്പത്തിയഞ്ചു ശതമാനവും ബംഗാളിലാണ്. സുന്ദരി എന്ന കണ്ടൽ ചെടികളാണ് ഇവിടെ കൂടുതലും. അതുകൊണ്ടാണ് ഇതിന് സുന്ദർബൻ എന്ന പേര് വന്നത്. ബംഗാളിയിൽ ബൻ എന്നാൽ വനം എന്നാണർത്ഥം. ഈ സുന്ദരവനത്തിൽ രണ്ടു ദിവസം താമസിക്കുന്നതിനുള്ള ഭാഗ്യവും എനിക്കുണ്ടായിട്ടുണ്ട്.
കണ്ടൽ കാടുകളുടെ കാര്യത്തിൽ നമ്മുടെ കേരളവും ഒട്ടും പുറകിലല്ല. ആലപ്പുഴ, എറണാകുളം, വടക്കൻ മലബാർ തുടങ്ങിയിടങ്ങളിലെല്ലാം കണ്ടൽ കാടുകൾ ഉണ്ട്. കായക്കണ്ടൽ, വള്ളിക്കണ്ടൽ, പനച്ചിക്കണ്ടൽ, പ്രാന്തൻ കണ്ടൽ എന്നെല്ലാം വിളിപ്പേരുകളുള്ള റൈഫോറ കുടുംബത്തിൽപ്പെട്ട കണ്ടലുകളാണിവിടെ കൂടുതലായി കണ്ടുവരുന്നത്.
പലയിടങ്ങളിലും കണ്ടൽ ചെടികൾ കണ്ടിട്ടുള്ള എനിക്ക് കണ്ടൽ തെങ്ങുകൾ കൗതുകമായതയിൽ ആശ്ചര്യമൊന്നും തോന്നിയില്ല. അത് കൊണ്ടുതന്നെയാണ് എന്റെ ഇത്തവണത്തെ വിയറ്റ്‌നാം യാത്രയിൽ ഈ നീർ തെങ്ങുകളെയും സന്ദർശിക്കണം എന്ന് തീരുമാനിച്ചത്. തനിയെ പോയി കൊണ്ടുവരിക അത്ര എളുപ്പമല്ലാത്തതുകൊണ്ടാണ് വിറ്റ്‌നാം ടൂർ ഗ്രൂപ്പ് എന്ന സ്ഥാപനം നടത്തുന്ന ഗ്രൂപ്പ് ടൂറിൽ പങ്കാളിയായത്. വിറ്റ്നാമിലെ ഏറ്റവും വലിയ നഗരമായ ഹോ ചി മിൻ സിറ്റിയിൽ നിന്നുമായിരുന്നു യാത്ര പ്ലാൻ ചെയ്തത്. അമ്പതു കിലോമീറ്ററുകളോളം ബസിൽ ആയിരുന്നു യാത്ര. അതിനു ശേഷം വലിയൊരു ബോട്ടിൽ അരമണിക്കൂർ യാത്ര. അവിടെ നിന്നും ചെറിയൊരു മോട്ടോർ ബോട്ടിലേക്ക്, തുടർന്ന് തുഴയുന്ന ചെറുവള്ളങ്ങളിലേക്ക്.
ഓസ്‌ട്രേലിയ, കാനഡ, ജപ്പാൻ, യൂറോപ്പ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവരായിരുന്നു സഹയാത്രികർ. എല്ലാവർക്കും കൗതുകം തന്നെയായിരുന്നു കനാലുകളുടെ ഇരുവശങ്ങളിലും തേങ്ങയും പേറി നിന്നിരുന്ന ഈ തെങ്ങുകൾ. ചെറിയ തേങ്ങകൾ ഒരു കുലയിൽ ഒട്ടിയിരിക്കുന്നതു പോലെയായിരുന്നു കാണപ്പെട്ടത്. നമ്മുടെ നാളികേരത്തിന്റെ അതേ ഘടന തന്നെയാണ് ഈ കായ്കൾക്കും. വലിപ്പത്തിൽ കുറച്ചു ചെറുതാണ് എന്ന് മാത്രം. തെങ്ങും അങ്ങനെതന്നെ മൂന്നോ നാലോ വർഷം പ്രായമുള്ള തെങ്ങുകൾ പോലെ. ഇവ നമ്മുടെ നദികളിലും തോടുകളിലും ഒരു കാലത്തു സമൃദ്ധമായിരുന്ന കൈതച്ചെടികളെ എന്നെ ഓർമ്മപ്പെടുത്തി.
നീർതെങ്ങിന്റെ തേങ്ങ രുചിച്ചു നോക്കുന്നതിനുള്ള അവസരവും അവിടെയുണ്ടായിരുന്നു. നമ്മുടെ നാട്ടിലെ തേങ്ങയുടെ അതേ രുചി തന്നെയായിരുന്നു അതിനും. തോടും ചകിരിയും ചിരട്ടയും എല്ലാം അതേ പോലെ തന്നെ. ഇത് തെങ്ങിന്റെ ഒരു വകഭേദം തന്നെയാണ് എന്ന അറിവ് എനിക്കീ യാത്രയിലെ ഒരു പുതിയ പാഠമായിരുന്നു.
മെക്കോങ് നദീതടത്തിലൂടെയുള്ള ഈ യാത്രകൾ എന്നെ സംബന്ധിച്ചിടത്തോളം ഒരു ലഹരി തന്നെയായിരുന്നു. ഇത്തരം തെങ്ങുകളെക്കുറിച്ചു ഇപ്പോഴും കാര്യമായ അറിവുകൾ ഇല്ല എന്നത് എന്നെ അത്ഭുതത്തിലാക്കുന്നു. ദിനം പ്രതി ആയിരക്കണക്കിന് സഞ്ചാരികൾ ഇവിടം സന്ദർശിച്ചിട്ടുപോലും ഇതിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്നില്ല എന്നത് തികച്ചും നിർഭാഗ്യകരം തന്നെ.
ഡോ. സുനീത് മാത്യു
ബാല്യകാലസഖി
സിനിമയായി തീർന്ന ബഷീറിന്റെ രണ്ടാമത്തെ നോവലാണ് 1944 ൽ പ്രസിദ്ധീകരിച്ച ബാല്യകാലസഖി.
പ്രണയ പശ്ചാത്തലത്തിലെ ദുരന്ത കഥ പറയുന്ന ബഷീറിൻറെ ഈ നോവൽ അദ്ദേഹത്തിൻറെ ഏറ്റവും മികച്ച കൃതികളിലൊന്നായി കരുതപ്പെടുന്നു..
ഈ നോവലിന്റെ ഇതിവൃത്തം കഥാകാരന്റെ തന്നെ ജീവിതത്തിന്റെ ഒരു ഭാഗമാണെന്ന് എം.പി. പോൾ എഴുതിയ അവതാരികയിൽ നിന്നും വ്യക്തമാണ്.. അതിപ്രകാരമാണ് “ബാല്യകാല സഖി ജീവിതത്തിൽ നിന്നു വലിച്ച് ചീന്തിയ ഒരു ഏടാണ്, വക്കിൽ രക്തം പൊടിഞ്ഞിരിയ്ക്കുന്നു.” ഈ ഗ്രന്ഥത്തിനെ കുറിച്ച് അവതാരകനുള്ള അഭിപ്രായം ഇതൊരു പ്രണയകഥയാണെന്നും എന്നാൽ സാധാരണയായി പറഞ്ഞുവരുന്ന കേട്ടുപഴകിയ ആഖ്യാനരീതിയിൽനിന്നും മാറി അതിദാരുണങ്ങളായ ജീവിതയാഥാർത്ഥ്യങ്ങളെക്കൂടി ഉൾക്കൊള്ളിച്ചാണ് ഇത് രചിച്ചിരിയ്ക്കുന്നതെന്നുമാണ്.
അയൽവാസികളായ മജീദും സുഹറയും തമ്മിലുള്ള പ്രണയവും, വിധിവിളയാട്ടത്തിൽ അവരുടെ ജീവിതത്തിൽ സംഭവിച്ച ദുരന്തങ്ങളും അവതരിപ്പിക്കുകയാണ് ബഷീർ ഈ നോവലിൽ.ഈ കഥയിലെ നായകനായ മജീദ് ബഷീർ തന്നെയും നായിക സുഹറ അദ്ദേഹത്തിന്റെ ബാല്യകാലസഖിയുമാണ്..
ബാല്യം തൊട്ട് ഒന്നിച്ചുകളിച്ചു വളർന്നവരാണ് സുഹറയും മജീദും. സുഹ്റയുടെ ജീവിതത്തിലേക്ക് വില്ലനായി കടന്നു വരുന്നത് ദാരിദ്ര്യവും, ബാപ്പയുടെ മരണവും, തുടർന്നുള്ള പഠിപ്പ് മുടക്കവുമാണ്.
മജീദിന്റെ സമ്പന്നനായ ബാപ്പ അവളെക്കൂടി പഠിപ്പിക്കാൻ വിസമ്മതിക്കുന്നു.മജീദ് ബാപ്പയുമായി വഴക്കിട്ടു നാട് വിടുന്നു.. പലയിടത്തും അലഞ്ഞുതിരിഞ്ഞു തിരികെയെത്തുമ്പോൾ വീട്ടിലെ അവസ്ഥ അതീവദാരുണമായിരുന്നു.
വിവാഹിതയായ സുഹറയാകട്ടെ ഭർത്താവിന്റെ പീഡനങ്ങളിൽപ്പെട്ടു ക്ഷീണിതയായിരുന്നു…. കുടുംബത്തിൻറെ പ്രാരാബ്ധം തീർക്കാൻ വീണ്ടും ഒരു ജോലിക്കായി പോകുന്ന മജീദ് സുഹറയെ വീടിൻറെ ഉത്തരവാദിത്വമേൽപ്പിക്കുന്നു. ജോലിസ്ഥലത്തുണ്ടായ ഒരപകടത്തിൽപ്പെട്ടു മജീദിന്റെ കാല് നഷ്ടമാവുന്നു.
സുഹ്റയുടെ മരണം… മരണവിവരം അറിയിച്ചുകൊണ്ട് എത്തുന്ന ഉമ്മയുടെ കത്ത്.. അടിക്കടിയുണ്ടാവുന്ന ഇത്തരം പലവിധ ദുരന്തങ്ങളിലൂടെയാണ് കഥയുടെ സഞ്ചാരം…. ഒരു ക്യാൻവാസിലെന്ന പോലെ ദൃശ്യങ്ങൾ വായനക്കാരുടെ മനസ്സിൽ മിന്നിമറയും ഈ കഥ വായിക്കുമ്പോൾ… എവിടെയാണ് ബഷീറിന്റെ എഴുത്തിന്റെ മാന്ത്രികത നമുക്ക് അനുഭവിക്കാനാകുന്നത്..
ബഷീർ ഈ കഥയിലൂടെ മുസ്ലീം സമുദായത്തിൽ നിലനിന്നിരുന്ന പലതരം അനാചാരങ്ങളെ (സുന്നത്ത് കല്യാണം, കാതുകുത്ത്) വെല്ലുവിളിക്കുകയും അവയുടെ ആവശ്യകതയെ ചോദ്യം ചെയ്യുകയും കൂടി ചെയ്യുന്നുണ്ട്..
ബഷീർ തന്റെ പച്ചയായ ജീവിതയാഥാർഥ്യങ്ങൾ പങ്കുവെയ്ക്കുന്ന ദാരുണമായ ഈ പ്രണയകഥയിലെ കേന്ദ്ര കഥാപാത്രമായ മജീദിന് വെള്ളിത്തിരയിൽ ജീവൻ പകർന്നത് മതിലുകൾ ലെ നായകൻ മമ്മൂട്ടിയാണ്.. പ്രമോദ് പയ്യന്നൂർ ആണ് ഈ ചലച്ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്..
തികച്ചും ഗ്രാമീണാന്തരീക്ഷത്തിൽ പറഞ്ഞ ഈ ദുരന്ത പ്രണയകഥ മികച്ചൊരു വായനാനുഭവം നമുക്കു സമ്മാനിക്കുന്നത് അതുല്യനായ ആ കലാകാരന്റെ മിടുക്കുകൊണ്ടു തന്നെയാണ്..
എം ബി ശ്രീക്കുട്ടി
ഇന്ത്യൻ നസി ലെമാക്ക്
പ്രതികരണങ്ങൾ
ജനുവരി ലക്കം ഇതിവൃത്തം മാസികയുടെ മുഖചിത്രം പകർന്ന കുളിർമ്മ അവസാന പുറം വരെ അനുഭവഭേദ്യമായി. ഒരു അച്ചടി മാസിക വായിക്കുന്ന അതേ അനുഭവം തന്നെയാണ് ഫോണിൽ ഈ മാസിക മറിച്ചു വായിക്കുമ്പോഴും ഉണ്ടാകുന്നത്. ഞാൻ എന്റെ യാത്രകളിലാണ് ഇതിവൃത്തം മാസിക വായിക്കുക. സമയം പോകുന്നത് തീരെ അറിയാറില്ല. എല്ലാ വിഭവങ്ങളും ഒന്നിനൊന്നു മെച്ചം. അടുത്ത ലക്കത്തിനായി കാത്തിരിക്കുന്നു.
ജിഷ ഗോപൻ
മാസികയുടെ മുഖചിത്രങ്ങളാണ് ഏറ്റവും ആകർഷണം. മുഖചിത്രത്തെക്കുറിച്ച് മാസികയിൽ ഒരു ചെറിയ സൂചന നൽകുന്നത് എന്നെപ്പോലെ ഫോട്ടോഗ്രാഫിയിൽ താൽപ്പര്യമുള്ളവർക്ക് സന്തോഷകരമായിരിക്കും. യാത്രാ വിവരങ്ങൾ വളരെ നന്നാവുന്നുണ്ട്. യാത്രയുടെ ചില ചിത്രങ്ങളും ഉൾപ്പെടുത്തിയിരുന്നെങ്കിൽ ഇനിയും നന്നാകുമായിരുന്നു.
പ്രിയനന്ദൻ ആറ്റുങ്ങൾ
മാസിക ഓരോ ലക്കവും മികച്ചതാകുന്നുണ്ട്. അഭിനന്ദനങ്ങൾ. ഇത്ര മനോഹരമായി എഴുതുവാൻ കഴിയുന്നവർ സമൂഹത്തിൽ ഒളിച്ചിരിക്കുന്നുണ്ട് എന്ന അറിവ് ഇതിവൃത്തത്തിലൂടെ കിട്ടുന്നു. മലയാള സാഹിത്യം നശിക്കുന്നില്ല എന്ന അറിവ് തന്നെ വായനയ്ക്ക് ഉത്തേജനം നൽകുന്നു. ഒരു പുസ്തകം വായിക്കാതെ തന്നെ ആ പുസ്തകത്തെ ഇത്ര അടുത്തറിയുവാൻ കഴിയുന്ന പുസ്തകാസ്വാദന പംക്തി അഭിനന്ദനമർഹിക്കുന്നു. ലേഖികയ്ക്ക് സ്നേഹാദരങ്ങൾ.
പ്രിയ മോഹൻ
ഡോക്ടറെ പരിചയമുള്ള ഒരു കൃഷിക്കാരനെന്ന നിലയിൽ ചോദിക്കുകയാണ്, ഒരു കാർഷിക ലേഖനം കൂടി ഉൾപ്പെടുത്തിക്കൂടെ? കഥകളും കവിതകളും നല്ല നിലവാരം പുലർത്തുന്നുണ്ട്. മാസിക ഏറ്റവും പെട്ടെന്ന് മുൻ നിരയിലെത്തട്ടെ എന്ന് ആശംസിക്കുന്നു.
വിശ്വനാഥൻ കെ എൻ
മാസികയെക്കുറിച്ച് ലഭിക്കുന്ന എല്ലാ കുറിപ്പുകളും പ്രസിദ്ധീകരിക്കുന്നതിന്
മാസികയിൽ ഇടമില്ല എന്നതു കൊണ്ട് മാത്രം പല കുറിപ്പുകളും ഉൾപ്പെടുത്തുവാൻ കഴിയുന്നില്ല. ഓരോ കുറിപ്പുകളും നിർദ്ദേശങ്ങളും ഞങ്ങൾക്ക് പകരുന്ന ഊർജ്ജം പറഞ്ഞറിയിക്കുവാൻ കഴിയുകയില്ല. എല്ലാവർക്കും മാസികയുടെ അകമഴിഞ്ഞ നന്ദി രേഖപ്പെടുത്തുന്നു.
എഡിറ്റർ
-
കുട്ടികളെ ലൈംഗീകമായി ചൂഷണം ചെയ്യുന്ന വാർത്തകളാണ് നാം നിത്യേനയെന്നവണ്ണം കേൾക്കുന്നത്. പണ്ട് നമുക്കറിയാത്ത സ്ഥലങ്ങളിലായിരുന്നുവെങ്കിൽ, ഇന്നത...
-
സിനിമയായി തീർന്ന ബഷീറിന്റെ രണ്ടാമത്തെ നോവലാണ് 1944 ൽ പ്രസിദ്ധീകരിച്ച ബാല്യകാലസഖി. പ്രണയ പശ്ചാത്തലത്തിലെ ദുരന്ത കഥ പറയുന്ന ബഷീറിൻറെ ഈ നോവ...
















