മലരണിക്കാടുകൾതേടിയലഞ്ഞെന്റെ
മനസാകുമശ്വം കുതിച്ചുപാഞ്ഞു..
ഹരിത മനോഹരം കാനനഛായകൾ
കാണുവാനായെന്റെ കൺ തുടിച്ചു..
പച്ചപ്പനം തത്ത പാറിപ്പറന്നൊരാ
പച്ചിലക്കാടുകൾ മാടി വിളിക്കുന്നു…
കുന്നും മലകളും പുഴകളുമരുവിയും
കുന്നോളം മോഹങ്ങൾ കൂട്ടിനെത്തി..
മലയപ്പുലയന്റെ മാടത്തപ്പെണ്ണിന്റെ
നൊമ്പര ശീലുകൾ കേൾക്കുന്നുവോ …
അഴകിപ്പുലക്കുള്ളിയരുമയായ് പോറ്റിയൊ-
രരുമക്കിടാങ്ങൾതൻ തേങ്ങലുകൾ ..
കരുമാടിക്കുട്ടന്മാരൊരുപാടുമോഹിച്ച
വാഴക്കുലതേടിയലഞ്ഞെന്റെചിന്തകൾ.
തേടിയലഞ്ഞെന്റെ ഹൃത്തടം, ആ രാജ-
വീഥിയിൽപൂമാലവിറ്റൊരാപെൺകിടാവെ.
കാനന ഛായയിലാടിനെ മേച്ചൊരാ –
യിടയനെതേടിയലഞ്ഞെന്റെ മാനസം ..
ഇടയന്റെമുരളിയിൽനിന്നൊഴുകിവരുന്നൊരാ –
പ്രണയഗീതത്തിനായ് കാതോർത്തു തെല്ലിട ..
അകലെയാകാട്ടരുവീതീരത്തുനിൽക്കുന്നൊ-
രൊറ്റ മരത്തിന്റെ കൊമ്പിലിരുന്നാ പൈങ്കിളി –
പാടുന്നരാഗത്തിലിന്നുംപ്രണയംതകർന്നൊരാ –
മുരളികമൂളിയവിരഹഗാനത്തിന്നീണങ്ങളല്ലേ …
ഒടുവിലാപ്പൂമരശീതളഛായയിലൽപ്പ
മിരുന്നെന്റെ വിഹ്വല മാനസം.
മലയാളകാവ്യമാംനർത്തകിയവളുടെ
ചിലമ്പൊലിയ്ക്കായിഞാൻകാതോർത്തുതെല്ലിട .
വിജയം ആർ നായർ
******** ********* ********
കാവ്യലോകത്തെ അവിസ്മരണീയമാക്കിയ രമണനും വാഴ ക്കുലയും കാവ്യനർത്തകിയും കോർത്തിണക്കി നല്ലൊരു കവിത. – സദാശിവൻ നടുക്കുരിശ് ഇതിവൃത്തം ഗ്രൂപ്പിൽ എഴുതിയ കമെന്റിനോട് മാസികയും യോജിക്കുന്നു. — എഡിറ്റർ

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ