2021 ഒക്‌ടോബർ 30, ശനിയാഴ്‌ച

ഇതിവൃത്തം മലയാള സാംസ്‌കാരിക മാസിക, ഒക്ടോബർ 2021


 

മുഖമൊഴി

 


ഒരിക്കൽ ഒരു വലിയ ചെരുപ്പു വ്യവസായി തന്റെ വ്യവസായ സാമ്രാജ്യം വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി ആഫ്രിക്കയിലെ ഏതോ ഒരു ഒരു അപരിഷ്കൃത രാജ്യത്തേയ്ക്കു അദ്ദേഹത്തിന്റെ രണ്ടു പ്രതിനിധികളെ അയച്ചു. അവിടത്തെ തന്റെ ചെരുപ്പുകളുടെ വിപണന സാധ്യതകൾ മനസ്സിലാക്കുക എന്നതായിരുന്നു ലക്‌ഷ്യം. രണ്ടു പേരും ആ രാജ്യം സന്ദർശിച്ചു മടങ്ങിയെത്തി അവരുടെ പഠന റിപ്പോർട്ടുകൾ വ്യവസായിക്ക് സമർപ്പിച്ചു. അവിടെ നമുക്ക് യാതൊരു വിപണന സാധ്യതയുമില്ല, കാരണം അവിടെ ആരും ചെരിപ്പുപയോഗിക്കുന്നില്ല എന്നതായിരുന്നു ഒന്നാമന്റെ പഠന റിപ്പോർട്ട്. അവിടെ നമുക്ക് വലിയ സാധ്യതയാണുള്ളത്, കാരണം അവിടെയാരും ഇതു വരെ ചെരിപ്പുപയോഗിച്ചിട്ടില്ല എന്നായിരുന്നു രണ്ടാമന്റെ റിപ്പോർട്ട്.

ഞാൻ ഇതിപ്പോൾ ഇവിടെയെഴുതുന്നതിന് ഒരു കാരണമുണ്ട്. ഇന്ന് നമ്മൾ നേരിടുന്ന ഒരു വലിയ പ്രശനം തന്നെയാണിത്. നമ്മുടെ കാഴ്ച്ചപ്പാടുകൾ വ്യത്യസ്തമാണ്. ഈ വ്യത്യസ്തതയാണ് നമുക്ക് വിജയം നൽകേണ്ടത്. പ്രഥമ ദൃഷ്ടിയിൽ സാധ്യതയില്ല എന്ന് തോന്നുന്നിടത്ത് സാധ്യത കണ്ടെത്തുവാൻ കഴിയും എന്നതിന്റെ ഒരുദാഹരണമാണ് ഞാൻ സൂചിപ്പിച്ചത് എന്നർത്ഥം. ഇത്തരം ധാരാളം ഉദാഹരണങ്ങൾ ചൂണ്ടിക്കാട്ടുവാൻ കഴിയും.

പലപ്പോഴും സാഹചര്യം കൃത്യമായി മനസ്സിലാക്കാതെ, നമുക്കിവിടെ ഒരവസരം ഉണ്ടാകില്ല എന്ന ചിന്തയാണ് മിക്കവർക്കും ഉണ്ടാകുക. അതിൽ അവസരം കണ്ടെത്തുന്നവരും, അവസരങ്ങളോട് പൊരുതി നോക്കുന്നവർക്കും വിജയം സുനിശ്ചിതമാണ്. അവസരങ്ങൾ കണ്ടെത്താത്തവർക്കും, മാറി നിൽക്കുന്നവർക്കും ജീവിത വിജയം നേടുക അത്ര എളുപ്പമല്ല.

കോവിടിന്റെ അനന്തര ഫലങ്ങൾ നമ്മൾ നേരിടുവാൻ പോകുന്നതേയുള്ളൂ. നമ്മൾ പഠിച്ചതും, ശീലിച്ചതുമെല്ലാം അതേപോലെ തുടരണമെന്നില്ല. പലർക്കും പഴയ ജോലികൾ നഷ്ടപ്പെടുവാനും, പുതിയവ തേടേണ്ടതുമായ സാഹചര്യങ്ങൾ ഉണ്ടായേക്കാം. ഇത്തരം സാഹചര്യങ്ങൾക്കു മുൻപിൽ പകച്ചു നിൽക്കുകയല്ല, ഏറ്റെടുക്കുകയാണ് വേണ്ടത്. ഒരു ചെറിയ ആശയം പോലും അത്ഭുതങ്ങൾ സൃഷ്ടിച്ചേക്കാം.

ഇതാകട്ടെ ഈ മാസത്തെ ചിന്ത. അവരവരുടെ അവസരങ്ങൾ കണ്ടെത്തുക, ശുഭാപ്‌തി വിശ്വാസം വളർത്തിയെടുക്കുക, കഠിനമായി പരിശ്രമിക്കുക. വിജയം കൊയ്തെടുക്കുക. ഓർക്കുക അവസരങ്ങൾ എല്ലാവർക്കും ഒരുപോലെയാണുള്ളത്, അത് എവിടെയും ഉണ്ടാകും. 


ഡോ. സുനീത് മാത്യു 

വെട്ട്, കുത്ത്, വെടി, പുക!

 


പ്രവാസികളുടെ ജീവിതം എളുപ്പമുള്ളതല്ല. അപരിചിതങ്ങളായ സംസ്കാരങ്ങളിൽ ജീവിതം പടുത്തുയർത്തുമ്പോൾ അപകടങ്ങൾ പലതാണ്. സൂക്ഷിച്ചില്ലെങ്കിൽ  വെട്ട്, കുത്ത്,  വെടി, പുക! അത്രതന്നെ. ഇവയിൽനിന്നും വഴുതിമാറണമെങ്കിൽ ചെറുതല്ലാത്ത മെയ്‌വഴക്കം വേണ്ടിവരും. അല്ലെങ്കിൽ ഭാഗ്യം വേണം. ഭാഗ്യം കൊണ്ടുമാത്രം രക്ഷപെട്ട കഥപറയാം.

സ്ഥലം ഓസ്‌ട്രേലിയയിലെ മെൽബോൺ നഗരം. ക്രിസ്തുവർഷം 2009.  ഗ്രീഷ്മകാലം. ലോകത്തിലെ ജീവിക്കാൻ തരക്കേടില്ലാത്ത ഏറ്റവും നല്ലയിടം എന്ന ഖ്യാതിയിൽ തെല്ലൊരഹങ്കാരത്തിലാണ് നഗരത്തിന്റെ സ്ഥിതി. ഓസ്‌ട്രേലിയയിലേക്കും മെൽബോണിലേക്കും എത്താൻ മുട്ടിനിൽക്കുന്നവരുടെ വരി ആർറ്റിക്കിലും അന്റാർറ്റിക്കിലും വരെ നീണ്ടുകിടക്കുന്ന സമയം. വരികളിലാണെങ്കിൽ പകുതിയും ഇന്ത്യക്കാരും ചൈനക്കാരും.

ആയിടക്കാണ് ഞാനും കുടുംബവും മെൽബോർണിൽ എത്തുന്നത്. മൊണാഷ് യൂണിവേഴ്സിറ്റിയുടെ ക്ലെയ്ടൺ  (മെൽബോൺ നഗരത്തിനടുത്ത്) ക്യാപസ്സിൽ ബിസിനസ് അദ്ധ്യാപകനായാണ് രണ്ട് വർഷത്തേക്കുള്ള നിയമനം. ഞാൻ എത്തിയതറിഞ്ഞിട്ടോ അതോ മറ്റിന്ത്യക്കാരെ കൊണ്ട് പൊറുതിമുട്ടിയിട്ടോ എന്നറിയില്ല, ഈ സമയത്താണ് മെൽബോണിലും  പ്രാന്തപ്രദേശങ്ങളിലും ഇന്ത്യക്കാരെ കയ്യിൽകിട്ടിയാൽ കീച്ചിക്കളയും എന്നമട്ടിൽ ചില സംഭവങ്ങൾ വികസിക്കുന്നത്. ചിലർക്കൊക്കെ ഇടിയും കുത്തുമൊക്കെ കിട്ടി. ഒന്നോ രണ്ടോ ആൾക്കാർ കൊല്ലപ്പെട്ടു.

ആകപ്പാടെ ചെറിയതോതിൽ ഭീതിതമായ കാലം; ഇന്ത്യക്കാർക്ക് മാത്രം. രാത്രി ജോലികഴിഞ്ഞു ഒറ്റയ്ക്ക് പോകുന്നവരാണ് കൂടുതലും ആക്രമിക്കപ്പെടുന്നത്. അധികവും പാർട്ട്ടൈം ജോലിനോക്കുന്ന ഇന്ത്യൻ വിദ്ധ്യാർത്ഥികൾ. വർണ്ണവെറി എന്നൊക്കെയായിരുന്നു ആലങ്കാരിക പത്രഭാഷയെങ്കിലും അതങ്ങനെയല്ല എന്ന് അവിടെ താമസിച്ചിരുന്ന ഇന്ത്യക്കാർ മനസ്സിലാക്കിയിരുന്നു. ജോലി കഴിഞ്ഞു പോക്കറ്റിൽ കാശുമായി സ്വർണ്ണമാലയിട്ടു (ചിലപ്പോൾ മോതിരവും) മൊബൈലും നോക്കിപ്പോകുന്നവരെ വിരട്ടിയാൽ ഗുണമുണ്ടെന്ന് ആദ്യം കണ്ടുപിടിച്ചതാരാണെന്നറിയില്ല. കുടിക്കാനും വലിക്കാനും കുത്തിവെക്കാനും പണം നോക്കി നടക്കുന്ന രാത്രീഞ്ചരർക്ക് പണം കിട്ടാൻ എളുപ്പമാർഗ്ഗം ആയിരുന്നിരിക്കണം ഇത്തരം ആക്രമണങ്ങൾ.

ഓസ്‌ട്രേലിയയിൽ സര്‍വ്വകലാശാലാ വളപ്പുകളൊന്നും മതിലുകൾ കെട്ടി മറച്ചിട്ടുണ്ടാകില്ല. ആർക്കും എപ്പോഴും കയറാനും ഇറങ്ങാനും പാകത്തിൽ തുറന്ന വിശാലമായ ഇടങ്ങളിലാണ് മിക്കവാറും ക്യാമ്പസ്സുകൾ.  കെട്ടിടങ്ങൾക്കുള്ളിൽ കയറാൻ മാത്രം എൻട്രി കാർഡുകൾ വേണ്ടിവരും. വിശാലമായ പുൽത്തകിടികളും ചെറുകാടുകളും തടാകങ്ങളും മനോഹരങ്ങളായ കെട്ടിടങ്ങളും കൊണ്ട് നിറഞ്ഞ ഒരു റിസോർട്ടിന് സമാനമാണ് മൊണാഷ് യൂണിവേഴ്സിറ്റിയുടെ ക്ലെയ്ടൺ ക്യാമ്പസ്. ക്യാമ്പസ്സിലെ ഏറ്റവും പുരാതനവും എന്നാൽ പൊക്കം കൂടിയതുമായ ‘മെൻസീസ്’ കെട്ടിടത്തിന്റെ അഞ്ചാംനിലയിലാണ് എന്റെ ഓഫീസ് മുറി . മുറിയിൽ ഇരുന്നാൽ പുറത്തു പുൽത്തകിടികളുടെ നടുവിലെ  വൈസ് ചാൻസിലറുടെ  ഓഫീസ് കാണാം.

വേനല്‍ക്കാലത്തു എട്ടൊമ്പത് മണി സമയംവരെ വെളിച്ചമുണ്ടാകും ഈ ദേശത്ത്. വൈകിട്ട് ജോലികഴിഞ്ഞാൽ ക്യാപസ്സിലെ മനോഹരമായ നടപ്പാതയിലൂടെ ഒന്ന് വലം വച്ച് നടന്നിട്ടാണ് വീട്ടിലേക്ക് പോകാറുള്ളത്. രണ്ടുമൂന്നു മൈൽ നടക്കാനുണ്ടാകും. ദിനവും നടക്കാറുള്ള 10000 ചുവടുകളുടെ പകുതിയും ആ വകുപ്പിൽ തീർന്നുകിട്ടും എന്നൊരു ഗുണവുമുണ്ട്. 

‘മെൻസീസ്’ കെട്ടിടത്തിൽ നിന്നും അരമയിൽ  നടന്നാൽ യൂക്കാലി മരങ്ങൾ നിറഞ്ഞ ചെറുകാടിന്‌ നടുവിലുള്ള പലനിലകളിലുള്ള കാർപാർക്കിനു പുറകിലെത്തും. പിന്നെ നടപ്പാത തുലോം വിജനമായിടത്തുകൂടിയാണ്. കാർ പാർക്കിൽനിന്നും ക്യാമ്പസ്സിന് പുറത്തേക്കുപോകുന്ന ചെറു റോഡ് നടപ്പാതക്കരികിലൂടെ വളഞ്ഞും തിരിഞ്ഞും ഒരു നദിപോലെ ഒഴുകിപ്പോകുന്നതു കാണാം.

ഈ കാഴ്ചകളൊക്കെ കണ്ട് അന്നൊരുദിവസം വൈകിട്ട് ഞാൻ നടക്കാനിറങ്ങി. മനോഹരമായ തെളിഞ്ഞ സായാഹ്നം. നടപ്പാത കാർ പാർക്കിനരികിലായി വളയുന്നിടത്തു ഒരു കൂറ്റൻ മരത്തിന് താഴെയായി അസ്വാഭാവികമായി ഒരാൾ തിരിഞ്ഞു നിൽക്കുന്നത് പെട്ടെന്നാണ് എൻറെ കാഴ്ചയിൽപ്പെടുന്നത്. കുറച്ചടുത്തെത്തിയപ്പോഴാണ് അയാൾ അവിടെ മൂത്രശങ്ക തീർക്കുകായാണെന്നു മനസ്സിലായത്. കണ്ടാൽ വെള്ളക്കാരനെപ്പോലുണ്ട്. നമ്മുടെ നാട്ടിലൊക്കെ സർവ്വസാധാരണമായ കാഴ്ചയാണെങ്കിലും ഓസ്ട്രേലിയപോലൊരു രാജ്യത്ത് അത് അസ്വാഭാവികം മാത്രമല്ല അപകടസൂചന കൂടിയാണ്. കാരണം സ്വബോധമുള്ള ആരും അതൊന്നും പൊതുസ്ഥലങ്ങളിൽ ചെയ്യാറില്ല, അതും പ്രശസ്തമായ ഒരു യൂണിവേഴ്സിറ്റിയുടെ ക്യാമ്പസ്സിൽ. അക്കാരണം കൊണ്ടുതന്നെ കണ്ണുമടച്ച്‌ ഞാനൊരു നട വച്ചുകൊടുത്തു. അതുതന്നെ, നമ്മൾ ഈ നാട്ടുകാരനല്ല എന്ന മട്ടിൽ. മാത്രവുമല്ല എന്റെ ജോലിസ്ഥലത്തു ഞാൻ ആരെ പേടിക്കാൻ എന്ന് ഭയത്തോടുകൂടി ഞാൻ ധൈര്യപ്പെട്ടു. 

രണ്ടടി ദൂരം നടന്ന് കണ്ണ് തുറക്കുമ്പോൾ മുന്നിൽ വൃത്തികെട്ട ചിരിയുമായി മൂത്രക്കാരൻ സായിപ്പ്! ഇരുപതുവയസ്സോളം പ്രായം തോന്നിക്കും. സരസമായി, എന്റെ കയ്യിലുള്ള മണിപേഴ്‌സ് അദ്ദേഹത്തിന് വേണ്ടിവരും എന്ന് മാന്യമായി അറിയിച്ചു. എന്തുചെയ്യണം, എന്തൊക്കെ ചെയ്യാം എന്നാലോച്ചു ഞാൻ കുറച്ചു നിമിഷങ്ങൾ നിന്നുപോയി. പെട്ടന്ന് അദ്ദേഹം അന്യനെപ്പോലെ (അതെ,  അന്യൻ സിനിമയിലെ തന്നെ!) വന്യനായി. മന്ദഹാസം അലർച്ചയിലേക്കു വഴിമാറി. വലതുകൈയിൽ സ്കൂഡ്രൈവർ പോലൊരു മരകായുധം പൊങ്ങിവന്നു. അവൻറെ മുഖം കൂടുതൽ വികൃതമാക്കി എന്നിലേക്ക്‌ വീണ്ടുമടുത്തു. പേഴ്‌സ് കൊടുത്തില്ലെങ്കിൽ ചെറുതായി കൊന്നുകളയും എന്ന വമ്പൻ ഭീഷണി. ഞാൻ മരിക്കാൻ തയ്യാറായി. പേഴ്‌സ് കൊടുത്താലും ചിലപ്പോൾ കുത്തിയെന്നിരിക്കും! അങ്ങനെയാണ് കേട്ടുകേൾവി.

എങ്ങനെയെങ്കിലും പേഴ്‌സ്  കൊടുത്തു കുത്തുകൊള്ളാതെ ഓടാം എന്നുവിചാരിച്ചു, അതെടുക്കാൻ  വലതുകൈ പോക്കറ്റിലേക്ക് പോകുന്ന നേരം പെട്ടെന്ന് അടുത്ത് നിർത്തിയിട്ടിരുന്ന ഒരു കാറിൽ നിന്നും ഹോണടി ശബ്‍ദം ഉയർന്ന് കേൾക്കുന്നു. ഹോൺ ശബ്‍ദം കേട്ട ‘വന്യൻ’ നിമിഷനേരംകൊണ്ട് മാന്യനാകുന്നു. എനിക്കൊന്നും മനസ്സിലായില്ല. ‘മാന്യൻ’ ചീരിച്ചുകൊണ്ട് ചോദിച്ചു. ‘പേടിച്ചു പോയോ?’, (പേടിച്ചുതൂറിയോ എന്ന് സംശയിച്ചു നിലക്കുന്ന എന്നോടാണ്!). ‘ഞാൻ വെറുതെ തമാശ്ശ കാണിച്ചതല്ലേ?’ എന്നായി ‘മാന്യൻ.’  ഞാൻ എന്തെങ്കിലും പറയുന്നതിന്ന്മുൻപ് ആ സീൻ കഴിയുന്നു. അടുത്ത ഷോട്ടിൽ അന്യൻ ഓടുന്നു, നിർത്തിയിട്ടിരിക്കുന്ന കാറിൽ ചാടിക്കയറുന്നു. കാറ് ചീറിപ്പാഞ്ഞുപോകുന്നു. ഞൊടിയിടയിൽ എല്ലാം കഴിഞ്ഞു.

എന്താണ് സംഭവിച്ചതെന്ന് മനസ്സിലാകാത്ത ഞാൻ ഒരല്പനേരം അവിടെ നിന്നു.

ജീവശ്ചവം പോലെ നിന്ന എന്നെ നോക്കി  എതിരെ വന്ന ഏതോ ഒരു മദാമ്മസ്ത്രീ  പുഞ്ചിരിച്ചു കൊണ്ട് ആ സമയം അതുവഴി കടന്നു പോയി. ആ കടന്നുപോയ പുഞ്ചിരിക്ക്  എൻറെ ജീവൻറെ വിലയായിരുന്നുവെന്ന് പിന്നീടാണ് മനസ്സിലായത്. 

ബോധം തിരികെവന്നപ്പോൾ മനസ്സിലായത് പലതാണ്.

മദ്യത്തിനോ മയക്കുമരുന്നിനോ അടിമപ്പെട്ട ഒരു കൂട്ടം ചെറുപ്പക്കാർ കാറോടിച്ചു  വഴിതെറ്റിയാവണം യൂണിവേഴ്‌സിറ്റിക്കകത്തു കടന്നത്. കൂട്ടത്തിൽ ഒരുവന് ചെറിയ വനപ്രദേശം കണ്ടപ്പോൾ മൂത്രശങ്ക മാറ്റാൻ തോന്നി (ബോധം ഇല്ലല്ലോ!). മൂത്രശങ്ക തീർത്തു തിരിയുമ്പോൾ കണ്ണുമടച്ചുകൊണ്ട് ഒരു തനി ഇന്ത്യാക്കാരൻ മുന്നിൽ. ഇന്ത്യൻ തെണ്ടികളുടെ കയ്യിൽ കാശും പൊന്നും വിലകൂടിയ മൊബൈൽ ഫോണും (പട്ടിണിയാണെങ്കിലും അതിലൊന്നും കുറവില്ലല്ലോ!) ഉണ്ടാകും എന്ന് അനുഭവത്തിൽ നിന്ന് മനസ്സിലാക്കിയിട്ടുണ്ടാകും. അടുത്ത പുകക്ക് ആരെ കൊള്ളയടിക്കാം എന്ന് വിചാരിച്ചിരുന്ന സമയത്തായിരിക്കും ഈ ഇന്ത്യൻ കണി. വിരട്ടിയാൽ വിരളും എന്നും അനുഭവം. വിരട്ടി. വിരണ്ടു. അപ്പൊഴേക്കാണ്  എവിടെനിന്നറിയാത്തൊരു വെളുത്ത സ്ത്രീ കഥാപാത്രം (ജോലികഴിഞ്ഞു എന്നെപ്പോലെ നടക്കാൻ ഇറങ്ങിയ ഏതോ നല്ലവൾ!) ഫീൽഡിലേക്ക് കയറിവരുന്നത് കാറിലിരുന്ന ‘അന്യൻറെ’ സുഹൃത്തുക്കൾ കാണുന്നത്. ഹോൺ മുഴക്കി ‘അന്യനെ’ വിവരം അറിയിക്കുന്നു. അന്യൻ മാന്യനാകുന്നു. വെള്ളക്കാരി സാക്ഷി പറഞ്ഞാൽ അടുത്ത അൻപതുവർഷവും ഇരുട്ടറയിൽ കഴിയണം എന്ന്  മനസ്സിലാക്കാൻ പാകത്തിന് ഒരൽപ്പം ബോധം ‘അന്യനും’ കൂട്ടർക്കും ബാക്കിയുണ്ടായത് എൻറെ ഭാഗ്യം. ബാക്കിയെല്ലാം നേരത്തെ പറഞ്ഞത് തന്നെ.

തലക്കെട്ടിൽ കണ്ട വെട്ടും കുത്തും വെടിയും പുകയും എവിടെ എന്ന് മാത്രം ചോദിക്കരുത്. ഒരു  സ്പെഷ്യൽ ഇഫക്റ്റിനായി വെറുതെ കുത്തികേറ്റിയതാണെന്നു കരുതി മാപ്പാക്കണം!

ശുഭം.


സുമേഷ് രാമചന്ദ്രൻ

പുത്രി ….

 


നീലാകാശത്തിലെ വെൺമേഘമാകുന്നു നീ…

അച്ഛന്റെ പറയാതെ പോകുന്ന കദനങ്ങളിൽ, നെഞ്ചിലൊരു തണുവാകുന്നു നീ……

കുഞ്ഞിക്കാലുകളുടെ ഇളം ചൂട് നെഞ്ചിൽ ചവിട്ടി, സ്വപ്നങ്ങൾക്ക് വളമിട്ടവൾ നീ…..

എന്നും വളർച്ചയുടെ സീമകൾ കണ്ണുകൾ തേടിപ്പിടിച്ചവൾ നീ….

കണ്ണാരം പൊത്തിക്കളിച്ചപ്പോൾ ഇടയ്ക്കു തുറന്ന കണ്ണുകളിൽ നക്ഷത്ര വിസ്മയം തീർത്തവൾ നീ……

കടലോളം സ്നേഹം അച്ഛനുവേണ്ടി കണ്ണുകളിൽ കാത്തു വച്ചവൾ നീ….

കണ്ണൊന്നു നനഞ്ഞാൽ കുഞ്ഞു വിരലുകൾ ചേർത്തു തുടച്ചവൾ നീ….

കാലം കടന്നിട്ടും എനിക്കുള്ള ആർദ്രത എങ്ങും പങ്കുവയ്ക്കാത്ത നീ….

ഇത്തിരി നേരത്തിന്റെ എന്‍റെ ശൂന്യതയിൽ പോലും വല്ലാതെ പതറി പോകുന്ന നീ….

വിറയ്ക്കുന്ന ഇന്നിന്റെ എന്‍റെ വിരലുകൾപോലും ചേർത്തുപിടിക്കുന്ന നീ….

മോതിരവിരലിലിന്റെ ശൂന്യതയിൽ ആണൊരുത്തൻ മെല്ലെ അണിയിച്ച പൊൻമോതിരത്തിൽ നോക്കി എന്തിനെന്നറിയാതെ വിങ്ങി നിന്നവൾ നീ…..

ഒടുവിലായി മന്ത്രകോടി തുമ്പിൽ ഇത്തിരി കണ്ണീരിന്റെ നനവും ചേർത്തു, എന്‍റെ പൊള്ളുന്ന നെഞ്ചു വിടാതെ വിട്ടു, വല്ലാതെ കരഞ്ഞുലഞ്ഞു വീണ്ടുമൊന്നു തിരിഞ്ഞു നിക്കാനാവാതെ വിറച്ചു പടിപ്പുര കടന്നു പോയവൾ നീ….

ആളൊഴിഞ്ഞ അങ്കണത്തിന്റെ ശൂന്യതയിൽ ഞാൻ വിമ്മിക്കരഞ്ഞു വീണ്ടും തിരഞ്ഞതും നീ…..

പഴയ ചിത്രങ്ങളുടെ കൂട്ടത്തിൽ ആർത്തിയോടെ തിരഞ്ഞു കണ്ടെടുത്തു, ഞാൻ നിശ്വസിച്ചതും കുട്ടിയുടുപ്പും, കുഞ്ഞു പാദസരവുമണിഞ്ഞ നീ…..

ഉലച്ചു പോയ കാറ്റിന്റെ ശക്തിയിൽ പകൽ സ്വപ്നത്തിൽ നിന്നും ഉണർന്നു പോയ ഞാൻ, വെറുതെയെങ്കിലും ഒരു ചിരിയോടെ, ചുറ്റും തിരഞ്ഞതും നീ…..

ജനിക്കാതെ പോയ ജാനകിയുടെ അച്ഛനായി, ജനകനായി അഹങ്കരിച്ചു ഒന്നുകൂടി ഊറിച്ചിരിച്ചു കണ്ട പകൽ സ്വപ്നം വീണ്ടുമൊന്നയവിറക്കുമ്പോൾ, നരവീണ മീശത്തുമ്പിലും, പിന്നെ നെഞ്ചിലെ ചൂടിലും കുഞ്ഞിളം കവിളുരസിപ്പോയത് ആര് ?

അതും നീ തന്നെയോ ???????


ഹരീഷ് മൂർത്തി

വൈറസ്

 



പന്തിന് ചുറ്റും ആണിയടിച്ചപോലുള്ള അതിന്റെ രൂപം ഒട്ടും ഭംഗിയുള്ളതായിരുന്നില്ല. എന്നിട്ടും ആരെയും വശീകരിക്കുന്ന ഒരു പ്രശാന്തത അതിനു ചുറ്റും ഒരു വലയമായി തിളങ്ങി.

“സാധാരണ ആർക്കും എന്നെ കാണാൻ കഴിയാത്തതാണ്. നല്ല ശക്തിയുള്ള ലെൻസൊക്കെ വേണം. പിന്നെ നിന്റെ മുന്നിൽ എന്റെ വിശ്വരൂപം ഒന്നു കാണിക്കാമെന്നു വച്ചു. നീ എഴുത്തുകാരനല്ലേ? കുറെയായി മനസ്സ് മുരടിച്ചിരിപ്പല്ലേ?”

ആ രൂപം അയാളെ നോക്കി വശ്യമായി ചിരിച്ചു.

അയാൾ ഭയത്തോടെ മൂന്നടുക്കുള്ള തന്റെ മാസ്ക്ക് ഒന്നൂടെ മേലേക്ക് കേറ്റി വച്ചു. മൂക്കും വായയും ആവരണത്തിനുള്ളിൽ പതുങ്ങിയിരുന്നു. അല്ലെങ്കിലേ ക്വാറന്റൈനിലാണ്. നാശം പിടിച്ച ഈ ജന്തു ഇപ്പോൾ എന്തിനാണ് തന്റെ മുന്നിൽ അവതരിച്ചിരിക്കുന്നത്? മനുഷ്യരെ യാതൊരു ദയയുമില്ലാതെ ശ്വാസം മുട്ടിച്ചു കൊന്നുകൊണ്ടിരിക്കുന്ന ഈ ജീവി എന്തിനാണിപ്പോൾ ചാടിക്കേറി വന്നിരിക്കുന്നത്? ഭീതി അയാളുടെ ഉള്ളിൽ അട്ടയായി അള്ളിപിടിച്ചു.

“ഹേയ്, ഭയപ്പെടാതിരിക്കൂ, ലോകമൊട്ടാകെ മരണം ലക്ഷങ്ങൾ കടന്നു അല്ലേ? എന്നിട്ടും ഞാൻ പറയാൻ ആഗ്രഹിച്ചതൊന്നും ആർക്കും മനസ്സിലായിട്ടില്ല. നീ എഴുത്തുകാരനല്ലേ? നീ വേണം എന്റെ നാക്കാവൻ.”

“എന്താ നിനക്ക് പറയാനുള്ളത്?”

വിറയ്ക്കുന്ന വാക്കുകൾ മാസ്കിനുള്ളിൽ നിന്നു തെറിച്ചു.

“പറയാം, നിങ്ങളുടെ ആരാധനാലായങ്ങളൊക്കെ അടച്ചു പൂട്ടി അല്ലേ? എന്തായിരുന്നു വഴക്കുകൾ, ചോരപ്പെയ്ത്തുകൾ..എന്തേ നിങ്ങളുടെ ദൈവങ്ങളൊന്നും ഇപ്പൊ നിങ്ങളെ രക്ഷിക്കുന്നില്ലേ? പൊങ്ങച്ചവും അപരദ്വേഷവുമല്ലാതെ മറ്റെന്താണ് നിങ്ങളുടെ ക്ഷേത്രങ്ങളിലും പള്ളികളിലും വാഴുന്നത്? ദൈവം നിങ്ങളുടെ ഉള്ളിൽ തന്നെയാണെന്ന ലളിതസത്യം മറന്നില്ലായിരുന്നെങ്കിൽ എത്രയെത്ര കലാപങ്ങൾ ഒഴിവാക്കപ്പെടുമായിരുന്നു”

തന്റെ മുള്ളുകളെ ഒന്നു വിറപ്പിച്ചുകൊണ്ട് വൈറസ് തുടർന്നു- ” എത്രയായിരുന്നു നിങ്ങളുടെ ആർഭാടം.ഓരോ കല്യാണമാമാങ്കത്തിനും എത്രയെത്ര വിഭവങ്ങളാണ് കുഴിച്ചു മൂടിയിരുന്നത്. അതും എത്രയോ ആളുകൾ വിശന്നു മരിക്കുമ്പോൾ. ലോക് ഡൗണ് കാരണം റേഷൻ ആശ്രയിച്ചായില്ലേ ഇപ്പോൾ ജീവിതം? വീട്ടിൽ സ്വന്തം കുഞ്ഞിനോട് പോലും മിണ്ടാൻ സമയമില്ലാതെ കാറ്റുപോലെ പാഞ്ഞിരുന്നവൻ ഇപ്പോൾ എങ്ങും പോകാനില്ലാതെ , വീട്ടിലിരുന്ന് മടുത്ത് മടുത്ത്..”

“ഇങ്ങനെ ക്രൂരമായി സംസാരിക്കാതിരിക്കൂ.” അയാൾ വെറുപ്പോടെ മുരണ്ടു. “ജോലി നഷ്ടപ്പെട്ട് വിദേശത്തു നിന്ന് കഷ്ടപ്പെട്ട് നാട്ടിൽ തിരിച്ചെത്തിയതാണ് ഞാൻ. എനിക്കൊരല്പം സ്വസ്ഥത വേണം.”

“നോക്ക്, നിങ്ങൾ കുറച്ചു കാലം വീട്ടിൽ ഒതുങ്ങിയപ്പോഴേക്ക് ഈ ഭൂമിക്ക് വന്ന മാറ്റം.കിളികളുടെ കലപില കൂടുതൽ ഉച്ചത്തിൽ കേൾക്കുന്നില്ലേ? പല വർണ്ണങ്ങളിൽ ശലഭങ്ങൾ പാറുന്നത് കണ്ടോ? പുകമേഘങ്ങളിൽ നിന്ന് രക്ഷപ്പെട്ട് ആകാശം തെളിഞ്ഞു ചിരിക്കുന്നു. എന്തായിരുന്നു മനുഷ്യരുടെ അഹങ്കാരം

ആയുധങ്ങൾ തരാതരം നിർമിച്ച് ചുട്ടു ചാമ്പലാക്കുകയായിരുന്നില്ലേ നാനാദിക്കും? ഇപ്പോൾ വീടിന്റെ അറകളിൽ ഒരുങ്ങിയപ്പോൾ നിങ്ങൾക്ക് നഷ്ടമായ കാഴ്ച്ച തിരിച്ചു കിട്ടിയോ?”

“നിർത്ത്”- ക്രോധത്തോടെ അയാൾ അലറി. “മതി നിന്റെ പ്രസംഗം. എവിടെയാണ് നിന്നിൽ നീതി? വാഴുന്നോരുടെ എല്ലാ അക്രമങ്ങൾക്കും ഇരകൾ ഞങ്ങൾ സാധാരണക്കാരാണ്. നീയോ? നീയും അത് തന്നെയല്ലേ ചെയ്യുന്നത്? ഞങ്ങളുടെ സ്വപ്നങ്ങളെയല്ലേ നീ ശ്വാസം മുട്ടിച്ചു കൊന്നുകൊണ്ടിരിക്കുന്നത്? തൊടാനായോ അക്രമിയായ ഒരു രാജാവിനെയെങ്കിലും? “

ദേഷ്യത്താൽ അയാളുടെ കണ്ണുകൽ ചുവന്നു. ആ മുള്ളുള്ള ജീവിയെ കുത്തിച്ചതച്ചാലോ എന്നയാൾ ചിന്തിച്ചു.

“ശരിയാണ്, വൈറസ് മന്ത്രിച്ചു.”ആഗ്രഹമില്ലാഞ്ഞിട്ടാണോ? അരമനകളിലേക്ക് കയറാൻ ഒരു പഴുതും ഇല്ല.”

“എങ്കിൽ ഇനി മിണ്ടിപ്പോകരുത്.എനിക്ക് നിന്നോട് ഒന്നും സംസാരിക്കാനില്ല.പോ എന്റെ മുന്നിൽ നിന്ന്..”

ഒരു അലമുറയോടെ ഞെട്ടിയുണർന്ന അയാൾ അമ്പരപ്പോടെ ചുറ്റും നോക്കി. ഹോ, അതൊരു സ്വപ്നമായിരുന്നോ? കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അയാളുടെ ചലനങ്ങളെ ഉറ്റു നോക്കുന്ന മഞ്ഞച്ചുമരുകൾ പതിയെ ചിരിച്ചു.മൂലയിലിരുന്ന പല്ലി ഉറക്കെ ചിലച്ചു.ഏകാന്തവാസം ഏതാനും നാൾ പിന്നിട്ടപ്പോഴേക്കും തന്റെ മനസ്സിനെന്താണ് സംഭവിക്കുന്നത്? ജയിലുകളിൽ ഏകാന്തതടവിൽ കഴിയുന്നവരുടെ അവസ്ഥ എത്ര ഭീകരമായിരിക്കും.

കതകിനപ്പുറത്തു നിന്നും “മോനെ” എന്ന ക്ഷീണിച്ച സ്വരമുയർന്നു.

“ഞാനെടുത്തോളാം ഉമ്മാ, അവിടെ നിൽക്കേണ്ട”.

വാതിൽ തുറന്നപ്പോൾ ഉമ്മ ദൂരെ മാറി നിന്ന് സങ്കടത്തോടെ നോക്കുകയാണ്.അയാൾ പണിപ്പെട്ടു ചിരിച്ചുകൊണ്ട് പറഞ്ഞു- “ബേജാറാകല്ലേ ഉമ്മാ ഇനി കുറച്ചു ദിവസം കൂടിയല്ലേ ഉള്ളൂ.”

ഫോണ് വൈബ്രെറ്റ് ചെയ്തുകൊണ്ട് ഉണർന്നു. ഭാര്യയാണ്. “ഹലോ”- അയാൾ മടുപ്പോടെ അക്ഷരങ്ങളെ ചവച്ചു.

“ഇക്കാ, ഭക്ഷണം കഴിച്ചോ? “

അകലെ നിന്ന് കൊഞ്ചലോടെ അവൾ ചോദിച്ചു.

“ഇല്ല, മോളെവിടെ?”

“ദാ, ഇവിടെണ്ട്. വാപ്പച്ചിയെ കാണണമെന്ന് ഒരേ വാശിയാ. ഒരു മാസം കഴിയട്ടെ എന്ന് പറഞ്ഞാൽ കേൾക്കേണ്ട? അവൾക്ക് കൊണ്ടുവന്ന കളിപ്പാട്ടങ്ങൾ വാപ്പച്ചി ആർക്കേലും കൊടുക്കും എന്നും പറഞ്ഞാ കരച്ചിൽ”.

“ഉം, നീ ഫോണ് വച്ചോ.എന്തോ നല്ല ക്ഷീണം”.

അടുക്കളയിലേക്ക്, വേദനിക്കുന്ന കാലുകളെ വലിച്ചു വലിച്ചു നടക്കുന്ന ഉമ്മയെ അയാൾ വേദനയോടെ നോക്കി. താൻ വരുന്നു എന്ന് കേട്ടപ്പോൾ തന്നെ ഭാര്യ അവളുടെ വീട്ടിലേക്ക് ഓടിയൊളിച്ചു. അല്ലെങ്കിൽ തന്റെ വരവിനായി കാത്തിരിപ്പാണെന്ന് സദാ പറഞ്ഞിരുന്നവളാണ്.

ഗൾഫ്പെട്ടി പൊളിക്കുമ്പോൾ ഭൂരിഭാഗം സാധനങ്ങളും അവളാണ് കൈവശപ്പെടുത്തിയിരുന്നത്. എല്ലാം തീർന്നു തുടങ്ങുമ്പോഴാണ്

ഉമ്മാന്റെ ചടച്ച മുഖം ഓർമയിലെത്തുക, ഒരു ഷാളോ മറ്റോ മാറ്റി വയ്ക്കുക.

ഒരു വിപത്ത് വന്നപ്പോൾ തനിക്ക് വേണ്ടി കാത്തിരിക്കാൻ ആ പ്രാഞ്ചിനടത്തം മാത്രമാണ് ബാക്കി. ഒട്ടിയ മുഖത്ത് വേവലാതിയാൽ കുഴിഞ്ഞ കണ്ണുകൾ സങ്കടത്തോടെ തന്നെ നോക്കുന്നു. “റബ്ബേ, റബ്ബേ” എന്ന് നിലവിളിച്ച് ഉണക്കച്ചുള്ളി പോലുള്ള കൈകൾ മേലോട്ടുയരുന്നു.

“ബന്ധങ്ങൾക്കും വൈറസ് ബാധിക്കും.അണുബാധയാൽ അവയും ജീർണിക്കും.”

അയാൾ ഡയറിയിൽ എഴുതാൻ തുടങ്ങി.

“എല്ലാ തടവറകളുടെയും ഏകാന്തതയാണോ എന്നെയിങ്ങനെ പൊരിച്ചുകൊണ്ടിരിക്കുന്നത് ? എന്റെ പണം മാത്രം ആവശ്യമായിരുന്ന സൗഹൃദങ്ങൾ, ബന്ധുക്കൾ..അവരോടൊത്തുള്ള ടൂറുകൾ, പാർട്ടികൾ..ഈ വരവിന് ഒരാൾ പോലും എയർപോർട്ടിൽ വരാനുണ്ടായിരുന്നില്ല. ആരുമില്ലാത്തവനെപ്പോലെ ടാക്സിയിൽ വന്നിറങ്ങുമ്പോൾ ഉമ്മ മാത്രമുണ്ട് വരാന്തയിൽ, ആധിയാൽ കരുവാളിച്ച്..പടച്ചവനേ, കൂട്ടിൽ പെട്ട ഓരോ കിളിയുടെയും വേദന, വീൽചെയറിൽ കുടുങ്ങിപ്പോയ ഓരോ ഹതഭാഗ്യന്റെയും സങ്കടം, തടവറകളിൽ ശ്വാസം മുട്ടുന്ന ഓരോ ആത്മാവിനെയും നൊമ്പരം, എല്ലാം ഞാനിന്നറിയുന്നു..”

ഡയറി അടച്ച് അയാൾ ബെഡിലേക്ക് ചാഞ്ഞു. അപ്പോൾ ഒരു കുത്തുന്ന ചുമ അനേകം മുള്ളുകളാൽ അയാളുടെ തൊണ്ടയെ കുത്തിക്കീറാൻ തുടങ്ങി.

“ഉമ്മാ, ഉമ്മാ..” ശബ്ദം പുറത്തു വരാതെ അയാൾ കണ്ണു തുറിച്ചു. നെഞ്ചിൽ ഒരു പെരുംകല്ല് അമർന്ന പോലെ. ഖബറിലെന്നോണം നാലു ഭാഗത്തു നിന്നും ചുമരുകൾ ഞെരിക്കാൻ വരുമ്പോലെ.. തന്നെ ആരെങ്കിലും ഒന്നു ചേർത്തു പിടിച്ചെങ്കിലെന്ന് അയാൾ അതിയായി ആഗ്രഹിച്ചു.അനാദിയായ ദാഹത്തോടെ അയാളുടെ ചുണ്ടുകൾ “വെള്ളം” എന്ന രണ്ടക്ഷരത്തെ പുറത്തെറിയാൻ കഠിനമായി യത്നിച്ചു.

എന്തോ തട്ടി മറിയുന്ന ശബ്ദം കേട്ടതിനാൽ ഉമ്മ ക്ലേശിച്ചു ക്ലേശിച്ച് കോണി കയറാൻ തുടങ്ങി. “ഈ വീടിന് എന്തിനാണിത്ര വലിപ്പം പടച്ചോനേ” എന്ന അവരുടെ പതിവുപരാതി വീണ്ടും ഒരു പിറുപിറുപ്പായി പുറത്തു ചാടി.

അപ്പോൾ റോഡിൽ നിന്ന് ഒരറിയിപ്പ് മൈക്കിലൂടെ നിലവിളിച്ചു- “മാന്യമഹാജനങ്ങളേ, കോവിഡ് മഹാമാരി ക്രമാതീതമായി വർധിക്കുന്ന സാഹചര്യത്തിൽ ഈ പഞ്ചായത്തും തൊട്ടടുത്ത കല്ലുവേട് പഞ്ചായത്തും കണ്ടെയിൻമെന്റ് സോണുകളായി പ്രഖ്യാപിച്ചിരിക്കയാണ്. ലോക് ഡൗണ് ശക്തമാക്കിയതിനാൽ ആളുകൾ അനാവശ്യമായി പുറത്തിറങ്ങുകയോ കൂട്ടം കൂടുകയോ ചെയ്യരുത്..മാസ്ക്ക് ധരിക്കാതെ സഞ്ചരിക്കുന്നവർക്ക് കടുത്ത ശിക്ഷ ഉണ്ടാവുന്നതാണ്…”


ഷെരീഫ മണിശ്ശേരി

മറക്കരുതൊരിക്കലും

 




കഴിഞ്ഞു പോയ കാലം മറന്ന് പോകല്ലെ

കൊഴിഞ്ഞ് പോയ കാലം പാഠമാകണ്ടെ

വന്ന വഴിയിലെ മുൾപടർപ്പുകൾ മാറ്റി നീക്കീലെ

കൊണ്ട മുറിവിൻ പാടതൊക്കെ മാഞ്ഞു പോയീലെ

പാടു മാറ്റാൻ തേച്ച മരുന്നത് മറന്ന് പോകല്ലേ

തേപ്പ് കിട്ടും തലമുറക്കത് പാഠമാകൂലെ

കോപമെന്നത് നാശമേറെ വരുത്തി വെച്ചില്ലെ

സ്നേഹ വഴിയിലെ തീയതാണത് നീയറിഞ്ഞില്ലെ

കൂട്ടിനെതിരെ കേട്ടപാടെ നീ കയറെടുത്തില്ലെ

വേദനിക്കും ഖൽബതാലെ കൂട്ടകന്നില്ലെ

നേരറിഞ്ഞ നേരം നീ വിരൽ കടിച്ചില്ലെ

നോവു പേറി നീറി നീറി നീ കഴിഞ്ഞില്ലേ

ഏകനായിരുന്ന നേരം വഴി പിഴച്ചില്ലേ

ഏകനവൻ കാണുമെന്ന് നീ മറന്നില്ലേ

കാതമേറെ താണ്ടിയപ്പോൾ നീയറിഞ്ഞില്ലേ

നേർ വഴിയത് പുൽകിടാനായ് നീ കൊതിച്ചില്ലെ

രക്ഷ നേടാൻ സ്നേഹ വഴിയെ നീ പുണർന്നില്ലേ

ക്ഷമ പഠിച്ചു ശാന്തനായ് യോഗിയായില്ലേ

കോലമെത്ര നിനച്ചിടാതെ മാറി മറിഞ്ഞില്ലേ

കാലചക്ര മതെത്ര പാഠം ചൊല്ലി തന്നില്ലേ


ടിഎം നവാസ് വളാഞ്ചേരി

അപരാജിത

 


സങ്കീർണ്ണമായ ജൈവപ്രക്രിയകളിലൊന്നിൽ കൂടെപ്പിറന്നവരെ പിന്നിലാക്കി ലക്ഷ്യത്തിലെത്തിയ ജീവകണം,

അതെത്തിച്ചേർന്ന സ്നിഗ്ദ്ധതയിൽ വിലയിച്ചപ്പോൾ എന്റെ പിറവിയായി.

ഒരു ബിന്ദുവായ്, വൃത്തമായ്, ദീർഘവൃത്തമായ് ഞാൻ വളർച്ചയുടെ പടവുകൾ കയറി.

പിന്നെയാ ദീർഘവൃത്തത്തിൽ ചുനപ്പുകൾ കിളിർത്ത് കൈകാലുകളായി.

കാലുകൾ തുടങ്ങുന്നിടത്തെ ചെറിയ വിള്ളൽ എന്റെ ലിംഗം കുറിച്ചു.

ഇടക്കിടക്കു തഴുകിക്കടന്നുപോയ സ്കാനിങ് രശ്മികളെ എനിക്കു പേടിയായിരുന്നു.

തിരിച്ചറിയപ്പെട്ട എന്നെ തോണ്ടിയെറിയാനുള്ള വിരലുകളോ കൊടിലുകളോ ഞാൻ പ്രതീക്ഷിച്ചു.

ഇല്ല, ഒന്നുമുണ്ടായില്ല.

ഒരുപക്ഷേ എന്നെ തിരിച്ചറിഞ്ഞിട്ടുണ്ടാവില്ല.

അല്ലെങ്കിൽ അറിഞ്ഞിട്ടും വെറുതെ വിട്ടതാവാം.

വയറിനു മുകളിൽ അമ്മയുടെ വിരലുകളെന്നെത്തിരയുന്നതു ഞാനറിഞ്ഞപ്പോൾ, ചെറുതായി ഞാനെന്റെ കൈകാലുകൾ ചലിപ്പിച്ചു. അച്ഛൻ അമ്മയുടെ അടിവയറ്റിൽ കവിൾ ചേർത്തു വച്ചു.

എനിക്ക് മുമ്പേ ഈ കൂടൊഴിഞ്ഞു പോയവൻ പറയുന്നത് കേട്ടു.




“അമ്മേ, കുഞ്ഞുവാവ എപ്പഴാ വര്വാ?”

ഞാൻ പിന്നെ പലതും കേട്ടു, പലതുമറിഞ്ഞു.

അങ്ങനെ ചിലതൊക്കെ തീരുമാനിച്ചുറച്ചു.

ഫണം വിടർത്തിയാടുന്ന കാമങ്ങൾക്കു വിഷം ചീറ്റുവാനും, വെറുപ്പിന്റെ ജ്വാലയിൽ വെന്തുരുകിത്തീരുവാനുമുള്ളതല്ല എന്റെ ശരീരം-

പണക്കൊതിയുടെ കുരുതിത്തറയിൽ വാർന്നൊലിക്കാനുള്ളതല്ല എന്റെ ചോര-

ചതച്ചരക്കപ്പെടാനോ കീഴടക്കപ്പെടാനോ ഉള്ളതല്ലെന്റെ മനസ്സ്-

സ്നേഹചഷകത്തിൽ നിറച്ചുവച്ച വിഷത്തുള്ളികൾക്കില്ലാതാക്കാനുള്ളതല്ല

എന്റെ ജീവൻ.

ഇനിയുള്ള പിറവികളൊക്കെ ആൺജന്മങ്ങളാവട്ടെ..

നിർഗ്ഗമന മാർഗ്ഗങ്ങളടഞ്ഞ്, അണകെട്ടി നിർത്തപ്പെടട്ടെ അവന്റെ കാമനകൾ..

പിറവികൾ നിലച്ച മണ്ണിൽ മദം പൊട്ടിയലഞ്ഞുതീരട്ടെ അവന്റെ ശിഷ്ടകാലം..

നാളെ പ്രസവക്കിടക്കയിൽ ചത്തു പിറന്ന എന്നെയാരും സഹതാപത്തോടെ നോക്കരുത്!

ആ നോട്ടം പോലുമെന്റെ തോൽവിയായ് കരുതും ഞാൻ.

തോൽക്കാനെനിക്കു മനസ്സില്ല.

അപരാജിതയായി തിരിച്ചു പോകാനെന്നെ അനുവദിക്കൂ…


അനിൽ കുമാർ എം ബി

കൊഴിഞ്ഞവസന്തം


 

സുഭഗലാളിത്യ ചിത്രങ്ങൾ –

മിഴികളിൽ പകർന്ന്,

അനവദ്യസൗരഭ്യമെന്നി –

ലനുസ്യൂതം ചൊരിഞ്ഞ്

ആത്മഹർഷമായെന്നിൽ –

നിറവുനൽകീ വസന്തം

പരിമളംമാഞ്ഞുകൊഴിയവേ –

വിഷാദഗന്ധം നിറച്ചു…

ദുഃഖസാന്ദ്രം ഞാനോർക്കുന്നു –

കൊഴിഞ്ഞുപോയൊരു,

വസന്തകാലത്തിൻ നിർവൃതി –

യേകിയനാളുകൾ!

വ്യഥകൾ മായ്ച്ചോരു –

നല്ല കാലത്തിൻ

സുകൃതമാസ്മര സുദിന –

സൗഭാഗ്യങ്ങൾ…

വസന്തംകൊഴിയുംമുൻപായ് –

ഞാനോർത്തതേയില്ല…

അന്യമാകവേപകരും –

ശൂന്യതയാമിരുളുകൾ.

ദൃശ്യ,സൗരഭ്യ പൂർണത –

മനസ്സിൽനിറയവേ

അറിഞ്ഞില്ല നഷ്ടസ്വപ്നം

പടർത്തുംവിലാപങ്ങൾ…

വരുമോഇനിയുമൊരു സുന്ദര –

വസന്തമായിവിടം

മകരന്ദംനുകരുംപൂമ്പാറ്റയും –

കിളിമൊഴികളുമുണ്ടാമോ?

പുതുനാമ്പിൽനിന്നുയരും –

മുകുളവുംവിടരുമോ…

മിഴിനീരണിഞ്ഞവദനത്തിൽ

സുസ്മിതംനിറയുമോ!

സുരഭിയായ് നീ വരുമെന്ന –

സ്വപ്നം പൂവണിയുമോ…

പൂക്കാലംവന്നെന്റെഹൃദയം –

നിറകതിർചൂടുമോ!

നിനക്കായെന്റെകാത്തിരിപ്പ്

വ്യർത്ഥമായ്തീരുമോ…

ഒടുവിൽനീവരവാകവേ

ഞാനിവിടുണ്ടായീടുമോ!!


രഷിത്ത് ലാൽ കീഴരിയൂർ

ഓർത്തപ്പോൾ ഒളിമങ്ങാതെ കിട്ടിയത്

 


വയലുകൾ നികത്തി മണി സൗധം പണിതാലും

വിയർപ്പിൻ്റെ ഗന്ധം വിട്ടു മാറില്ല

കിണറുകൾ മണ്ണിട്ടു മൂടി

കുടിവെള്ള മിറക്കിയാലും

ആഴങ്ങളിലെ മുത്തുകളുടെ നിറം മങ്ങില്ല

കാനന പാതകൾ വീതി കൂട്ടി

രാജ പാതകൾ തീർത്താലും

വീണുതകർന്ന വേരുകളുടെ രോദനം തീരില്ല

മഴയെയും മഞ്ഞിനെയും മാറ്റിനിർത്തി

ശീതീകരണ യന്ത്രം സ്ഥാപിച്ചാലും

കുളിരിൻ്റെ ലഹരി മാഞ്ഞു പോവില്ല

മണ്ണും വിണ്ണും ശബ്ദം കൊണ്ടു ഉഴുതു മറിച്ചാലും

ആതിര പക്ഷികളുടെ കളകളാരവം അണയില്ല

പുഴകളെയും പൂക്കളെയും ഉന്നം വയ്ച്ചു

എയ്ത് വീഴ്ത്തിയാലും

അവ തീർത്ത സ്മിത പൊയ്‌കകൾ വറ്റി

വരണ്ടു പോവില്ല

മുരിങ്ങയും കരിക്കിൻ വെള്ളവും കുറുംതോട്ടിയും ഉപേക്ഷിച്ചാലും

അവ തീർത്ത പ്രതിരോധ കണികകൾ

ഓർമ്മയായരികിൽ എത്തും

രാത്രി പകലുകൾ വിശ്രമ വിനോദ മില്ലാതെ

ധനവർധന തേടിയാലും

കാലം കാത്തു വയ്ച്ചു പകുത്ത് നൽകിയ

സമ്പത്തെ ശാശ്വത മാവുകയുള്ളു

കൊടുങ്കാറ്റിനും പ്രളയത്തിനും മഹാമാരി യ്ക്കും

ഭൂമിയെ ദയയില്ലതെ വിട്ടു കൊടുത്താലും

നിലാവും മാരിവില്ലും മാരുതനും

നിങ്ങളെ കാത്തിരിക്കും

സത്യ സന്ദേശങ്ങളെ മരക്കുരിശിലേറ്റി

ആണിയടിച്ചില്ലായ്മ ചെയ്താലും

നിത്യ നിർമ്മലമായ് അവ നിങ്ങളെ പിന്തുടർന്നു കൊണ്ടിരിക്കും

ഇതെല്ലാം ആരുടെയോ ആത്മ നൊമ്പരങ്ങൾ

ആണെന്ന് വിധിയെഴുതിയാലും

ചരിത്രത്തിൻറെ പാഠപുസ്തകത്തിൽ

അവ ഒളിമങ്ങാതെയിരിക്കും


സോമനാഥൻ കെവി

മഴമേഘം

 


വിൻഡോ ഗ്ലാസിൽ വീണു ചിതറുന്ന മഴത്തുള്ളികൾ നോക്കിയിരിക്കെ മൃദുലയ്ക്ക് കരച്ചിൽ വന്നു തൊണ്ടയിൽ കെട്ടി. മിഴികളിൽ ഉരുണ്ടുകൂടിയ മഴമേഘങ്ങളെ പെയ്യാൻ അനുവദിക്കാതെ അവൾ കണ്ണുകൾ ഇറുക്കി അടച്ചു തുറന്നു. മടിയിലിരുന്നുറങ്ങുന്ന അമ്മുവിനെ ഒന്നുകൂടി നെഞ്ചോടടുക്കി പിടിച്ചു.

അവൾ കിരണിനെ നോക്കി. ഡ്രൈവിങ്ങിൽ മാത്രം ശ്രദ്ധിച്ചിരിക്കുകയാണ് അവൻ. അരമണിക്കൂറിലേറെയായി ഈ യാത്ര തുടങ്ങിയിട്ട്. ഈ സമയത്തിനിടയ്ക്ക് ഒരു വാക്ക് മിണ്ടിയിട്ടില്ല രണ്ടാളും. അമ്മു ഉണർന്നിരുന്നെങ്കിൽ അവളോടെങ്കിലും എന്തെങ്കിലും മിണ്ടിയും പറഞ്ഞും ഇരിക്കാമായിരുന്നു. വാക്കുകൾ അവളുടെ തൊണ്ടക്കുഴിയിൽ വന്ന് തിങ്ങി നിന്നു.

“പാട്ട് വയ്ക്കട്ടെ കിരൺ?”, രണ്ടും കല്പ്പിച്ചു ചോദിച്ചു.

അവന്റെ മുഖത്ത് പൊടുന്നനെ കോപം ഇരച്ചു കയറി.

“പാട്ട്!, ഇനിയിപ്പോ പാട്ടും കൂടി വയ്ക്കാഞ്ഞിട്ടാണ്, അല്ലെങ്കിലേ നശിച്ച ഒരു മഴ, വഴിയിലാകെ ബ്ലോക്കും, ഇതിന്റിടേൽ വണ്ടിയൊടിക്കുന്നവന്റെ പാട് നിനക്കറിയോ?, ഒരുങ്ങിക്കെട്ടി കയറി ഇരുന്നാൽ മതിയല്ലോ?”

ഇരച്ചു വന്ന സങ്കടത്തിരമാല പിന്നെയും മിഴികൾ നിറച്ചപ്പോൾ അവൾ നിരത്തിൽ വീണൊഴുകുന്ന മഴയിലേക്ക് മിഴി തിരിച്ചു.

“നിന്നെയും അരികിലിരിത്തി പെരുമഴയത്ത്, ഓ മൃദുലേ… എന്ന പാട്ടും വച്ച് നമുക്കൊരു ലോങ്ങ്‌ ഡ്രൈവ് പോകണം “

ഭൂതകാലത്തിലെവിടെയോ നിന്ന് കിരണിന്റെ മധുര ശബ്ദം. അവൾ മിഴികൾ ഇറുക്കിയടച്ചു സീറ്റിലേക്ക് ചാഞ്ഞു കിടന്നു.

കുറച്ചു കഴിഞ്ഞപ്പോൾ ചിണുങ്ങിക്കൊണ്ട് അമ്മു എഴുന്നേറ്റു.

“അമ്മാ, മൂത്രോഴിച്ചണം”

“അമ്മുക്കുട്ടി, ഇപ്പൊ തന്നെ ഷോപ്പിലെത്തും അവിടെ ടോയ്‌ലെറ്റിൽ പോവാട്ടോ”

“നിച്ചു ഇപ്പൊ പോണം” അവൾ കരയാൻ തുടങ്ങിയപ്പോൾ മൃദുല കിരണിനെ വീണ്ടും ഒന്ന് നോക്കി. അവനിതൊന്നും ശ്രദ്ധിച്ച മട്ടില്ല.

“കിരൺ, അമ്മൂന് മൂത്രമൊഴിക്കണം, ഒന്നു വണ്ടി ഒതുക്കൂ”

“പെരുവഴിയിലാണോ ഇതൊക്കെ, ഒരു പബ്ലിക് ടോയ്‌ലെറ്റ് പോലും ഇല്ലാത്ത നാടാണ്. വീട്ടീന്നിറങ്ങുമ്പോ കൊച്ചിനെ ടോയ്‌ലെറ്റിൽ വിട്ടിട്ട് കൊണ്ടുവരണമായിരുന്നു. അതെങ്ങനെ ഉടുത്തൊരുങ്ങാൻ അല്ലെ നേരമുള്ളൂ. ഇപ്പൊ കടയിലെത്തും, അവിടെ ടോയ്‌ലെറ്റിൽ പോകാം”

“കുഞ്ഞിന് പറ്റുന്നില്ല കിരൺ ഒന്നു വണ്ടിയൊതുക്കൂ”, അവൾ കേണൂ.

“നാശം പിടിക്കാൻ”, പുലമ്പിക്കൊണ്ട് അവൻ വണ്ടിയൊതുക്കി.

മോളെ ഒരു പോസ്റ്റിനു പുറകിൽ കൊണ്ടു പോയിരുത്തി മൂത്രമൊഴിപ്പിച്ചു തിരിച്ചു വണ്ടിയിൽ കയറി.

പത്തുമിനിറ്റിനുള്ളിൽ നഗരത്തിലെ വലിയ ടെക്സ്റ്റയിൽ ഷോപ്പിലെത്തി. പാർക്കിഗ് ഏരിയയിൽ വണ്ടി ഇട്ട് ഷോപ്പിനകത്തേക്ക് നടക്കുമ്പോൾ കിരൺ പറഞ്ഞു.

” ആവശ്യമുള്ളത് എന്താ എന്ന് വച്ച എടുത്തോളണം, ഇതു നല്ലതാണോ, അതു നല്ലതാണോ എന്നൊന്നും കൊഞ്ചാൻ നിൽക്കണ്ട, കേട്ടല്ലോ?”

ശബ്ദം ഉയർത്തിയാണ് അവൻ പറയുന്നത്. ആരെങ്കിലും കേട്ടുവോ എന്നറിയാൻ അവൾ ചുറ്റും നോക്കി. അവളെ സഹതാപത്തോടെ നോക്കി ഒരു ഫാമിലി അവരെ കടന്നു പോയി. അപമാനഭാരം കൊണ്ട് അവളുടെ തലകുനിഞ്ഞു.

ഓണത്തിനുള്ള പർച്ചേസിങ് ആണ്. രണ്ടു കൂട്ടരുടെയും അച്ഛനും അമ്മയ്ക്കും അടക്കം എല്ലാവർക്കും ഡ്രസ്സ് എടുക്കണം.

“പോയി എടുത്തിട്ട് വാ, ഞാനിവിടെ ഉണ്ടാവും”, കിരൺ കസ്റ്റമഴ്‌സിനുള്ള സെറ്റിയിൽ ഇരുന്നു കൊണ്ട് പറഞ്ഞു.

പല നിലകളിൽ ആയിട്ടാണ് ഓരോ സെക്ഷനും. മൃദുല ദയനീയമായി അവനെ നോക്കി. ഒന്നു കൂടെ വന്നെങ്കിൽ!

“എന്നാൽ മോളും കൂടി ഇവിടെ ഇരിക്കട്ടെ, ഞാൻ പോയി എടുത്തിട്ട് വരാം”

” നിനക്കെന്താ കൊച്ചിനെ കൂടി കൊണ്ടുപോയാൽ, എനിക്ക് കുറേ കാൾസ് അറ്റൻഡ് ചെയ്യാനുണ്ട്.”

അവന്റെ ശബ്ദം വല്ലാതെ ഉയർന്നു. മൃദുല ആരെയും നോക്കിയില്ല. അവൾ അറിയുന്നുണ്ടായിരുന്നു ചുറ്റിലും നിന്ന് അവർക്ക് നേരെ നീളുന്ന പരിഹാസമോ, സഹതാപമോ നിറഞ്ഞ നോട്ടങ്ങൾ. മോളെയും കൈക്കുപിടിച്ച് അവൾ ഓരോ ഇടങ്ങളും കയറിയിറങ്ങി. പെണ്ണുങ്ങൾ ഏറ്റവും ആസ്വദിച്ചു ചെയ്യുന്ന കാര്യമാണ് പുതുവസ്ത്രങ്ങൾ എടുക്കൽ. പക്ഷെ മൃദുലയ്ക്ക് യാതൊരു ഉന്മേഷവും തോന്നിയില്ല. എന്തെക്കൊയോ എടുത്ത് എന്ന് ഒപ്പിച്ച് അവൾ ബില്ലിംഗ് സെക്ഷനിൽ എത്തി.

ബില്ല് കിട്ടികഴിഞ്ഞു അവൾ കിരണിനെ തിരഞ്ഞു. ആർക്കോ ഫോൺ ചെയ്യുകയാണ് അവൻ. ബില്ല് കൈയിൽ കൊടുത്തിട്ട് അവൾ അമ്മുനെയും കൊണ്ട് സെറ്റിയിൽ ഇരുന്നു.

“എല്ലാവർക്കും എടുത്തോ?”

ഉവ്വെന്നവൾ തലയാട്ടി. ബില്ലടച്ചു കഴിഞ്ഞപ്പോൾ ജീവനക്കാർ തന്നെ ഒക്കെ എടുത്ത്‌ കാറിൽ എത്തിച്ചു കൊടുത്തു.

“അമ്മാ വിശക്കുന്നു.” അമ്മു ചിണുങ്ങാൻ തുടങ്ങി. അച്ഛനോട് പറ എന്ന് മൃദുല മോളെ കണ്ണു കാട്ടി.

“അച്ഛ, വിശക്കുന്നു”

“ബിസ്‌ക്കറ്റ് ഒന്നും എടുത്തില്ലേ?” അവൻ മൃദുലയോടായി ചോദിച്ചു.

“ഇല്ല”

“എത്ര പറഞ്ഞാലും പഠിക്കില്ല, പുറത്തിറങ്ങുമ്പോ കുറച്ച് വെള്ളോം ബിസ്ക്കറ്റും എടുക്കാൻ”

“വെള്ളം എടുത്തിട്ടുണ്ട്”, അവൾ ശബ്ദം താഴ്ത്തി പറഞ്ഞു.

“ഓ, അതെങ്കിലും എടുത്തല്ലോ”, അവൻ പുച്ഛം നിറഞ്ഞ സ്വരത്തിൽ പറഞ്ഞു കൊണ്ട് വണ്ടി സ്റ്റാർട്ട് ചെയ്തു.

നഗരത്തിലെ മുന്തിയ ഹോട്ടലിനു മുമ്പിൽ വണ്ടി പാർക്ക് ചെയ്ത് കിരൺ പുറത്തിറങ്ങി. അമ്മുവിനെയും കയ്യ്ക്ക് പിടിച്ചു അവൾ അവന്റെ പുറകെ നടന്നു. ഒരു ഫാമിലി റൂമിൽ കയറി ഇരുന്ന് കിരൺ മോളോട് ചോദിച്ചു.

“അമ്മൂസിന് എന്താ വേണ്ടെ കഴിക്കാൻ?”

“എനിച്ച് മോമോസ് വേണം അച്ഛാ”

“ഉം, വാങ്ങി തരാട്ടോ, നിനക്കെന്താ വേണ്ടേ?”

“എനിക്കൊരു കോഫി മാത്രം മതി”

“അധികം ജാടയൊന്നും കാണിക്കേണ്ട, ന്താ വേണ്ടെന്ന് വച്ച പറയ്‌, രാത്രി കുറെ ആവും വീടെത്താൻ “

“കിരൺ വാങ്ങുന്നത് തന്നെ എനിക്കും മതി “

“എനിക്കൊന്നും വേണ്ടെങ്കിലോ, എന്താന്ന് വച്ച പറഞ്ഞു തുലയ്ക്ക്, കഴിച്ചിട്ട് വേഗം പോകാനുള്ളതാ. കൊഞ്ചി ഇരിക്കാൻ നേരമില്ല “

അവന്റെ ശബ്ദം ഉയരുന്നത് കേട്ട് അവൾ വേഗം പറഞ്ഞു.

“എനിക്ക് മസാലദോശ മതി”

കൊണ്ടു വന്നു വച്ച ഭക്ഷണം അവർ നിശബ്ദമായിരുന്നു കഴിച്ചു തുടങ്ങി. പലപ്പോഴും മൃദുലയ്ക്ക് കഴിക്കുന്നത് നെഞ്ചിൽ കെട്ടി. കണ്ണുകൾ നിറഞ്ഞു തൂവാൻ തുളുമ്പി നിന്നു.

രുചിയറിയാതെ വിഴുങ്ങി എഴുന്നേറ്റ് വാഷ്റൂമിൽ എത്തി കൈകഴുകുമ്പോൾ അവൾ മുന്നിലെ കണ്ണാടിയിൽ നോക്കി. വീങ്ങി നിൽക്കുന്ന കണ്ണുകൾ. വിതുമ്പാൻ വിറകൊള്ളുന്ന ചുണ്ടുകൾ. കൈകഴുകി മോളെയും കൊണ്ട് കാറിൽ പോയിരുന്നു.

” നിനക്ക് ഇത്ര ഇഷ്ട്ടാണോ മസാല ദോശ? ഒന്നു ആർത്തിപ്പിടിക്കാതെ തിന്നടി പെണ്ണേ, എത്ര വേണേലും ഇനിയും വാങ്ങി തരാം”

കിരൺ അവളോട് ചേർന്നിരുന്നു, അവളെ ഊട്ടുകയാണ്.

മൃദുല പുറത്തേക്ക് നോക്കി. മഴപെയ്തൊഴിഞ്ഞ് ഈറനായ രാത്രി. തെരുവ് വിളക്കുകളുടെ പ്രകാശം പ്രതിഫലിച്ചു തിളങ്ങുന്ന റോഡ്. നൈറ്റ്‌ ഡ്രൈവുകൾ ആസ്വാദിച്ചിരുന്ന ഒരു കാലം അവളുടെ മനസ്സിൽ തെളിഞ്ഞു.

ഓർമ്മകൾ പെയ്യാൻ തുടങ്ങിയപ്പോഴേക്കും കിരൺ എത്തി വണ്ടി സ്റ്റാർട്ട്‌ ചെയ്തു.

“രാത്രി ഡ്രൈവ് മെനക്കേടാണ്”, അവൻ ആരോടെന്നില്ലാതെ പറഞ്ഞു.

വീട്ടിലെത്തി,വാങ്ങിയ സാധനങ്ങൾ ഒക്കെ എടുത്ത് വച്ച് ഫ്രഷ് ആയി വന്നപ്പോഴേക്കും പതിനൊന്നു മണിയായി. അമ്മു കാറിൽ വച്ചേ ഉറക്കമായിരുന്നു.

ഒരു നൈറ്റ്‌ ഗൗൺ ധരിച്ച് ഈറൻ മുടി അഴിച്ചിട്ട് മൃദുല റൂമിൽ എത്തിയപ്പോൾ, കിരൺ അവളെ ആകെയൊന്ന് നോക്കി. പിന്നെ അവളുടെ കൈക്ക് പിടിച്ചു വലിച്ച് നെഞ്ചോടടുപ്പിച്ചു. കിടക്കയിലേക്ക് കിടത്തി. റൂമിലെ അരണ്ട വെളിച്ചത്തിൽ നിറഞ്ഞു തൂവുന്ന രണ്ടു മിഴികൾ മാത്രം.

അവളുടെ മിഴികൾ ചുണ്ടുകളാൽ ഒപ്പി കൊണ്ട് അവൻ പറഞ്ഞു.

“നീ എന്നോട് ക്ഷമിക്ക്, ഓഫീസിലെ സ്‌ട്രെസ്, മറ്റുകാര്യങ്ങൾ എല്ലാം കൂടി വരുമ്പോ ഞാനാകെ ഭ്രാന്തനെപ്പോലെയാകും. അതാ നിന്നോടിങ്ങനെ? നീയല്ലാതെ മറ്റാരാ എന്നെ മനസിലാക്കാൻ?”

മൃദുല കൈ ഉയർത്തി അവന്റെ വായ്പൊത്തി. അവനോട് ഒന്നുകൂടെ പറ്റിച്ചേർന്നു കിടന്നു.

തളർന്നുറങ്ങുന്ന കിരണിനെ ഒന്നു നോക്കി വസ്ത്രങ്ങൾ നേരെയാക്കി മൃദുല എഴുന്നേറ്റു. വാക്കുകൾക്ക് ആഴമേറിയ മുറിവുകൾ ഹൃദയത്തിൽ സൃഷ്ടിക്കാൻ കഴിയുമെന്ന് കിരൺ അറിയുന്നില്ലേ? പുറത്ത് മഴയുടെ ഇരമ്പം. വീണ്ടും പെയ്യുകയാണ്. അവൾ സാവധാനം വാതിൽ തുറന്നു പുറത്തിറങ്ങി.

“അച്ഛ, നിക്ക് ഒറ്റയ്ക്ക് കിടക്കാൻ പേടിയാവുന്നു, ഞാനിന്ന് അച്ഛന്റേം അമ്മേടേം കൂടെ കിടന്നോട്ടെ?”

“ന്റെ കുട്ടി വന്നു കിടന്നോ, ഇങ്ങനെ ഒരു പേടിപെണ്ണ് “

ഇരുട്ടിപ്പോൾ അവളെ പേടിപ്പിച്ചില്ല. പെരുമഴയത്തേക്ക് അവളിറങ്ങി നിന്നു. അവളെ അടിമുടി നനച്ച് മഴ അവളിലേക്കാഴ്ന്നിറങ്ങി. അച്ഛന്റെ ചൂട് മഴയ്ക്ക്, അമ്മേടെ തണുപ്പ് കാറ്റിന്. അവൾ നനഞ്ഞുകൊണ്ടേയിരുന്നു.


ജിസ പ്രമോദ്

ഓർമ്മകളിൽ മരിച്ചവൻ..


നമുക്കിനിയും

ഉറങ്ങാതെ ഇരിക്കാം..

ഈ രാവ്‌ പുലരുമ്പോൾ

നിനക്കെന്നെ

അമർത്തി ചുംബിക്കാം..

എന്നോട് യാത്ര പറയാം.,

ഇനി ഒരിക്കലും

എന്നിലേക്ക് ചേക്കേറില്ല

എന്ന മുൻ വിധിയോടെ

നിനക്ക് ആ..

പടവുകൾ ഇറങ്ങാം..

തിരിഞ്ഞു നോക്കാതെ

നിന്റെ ലക്ഷ്യ-

ങ്ങളിലേക്ക് നടന്നടുക്കാം..

സ്വതന്ത്രയെങ്കിൽ..

പൂർണ്ണ സ്വതന്ത്രയെങ്കിൽ

മാത്രം! ഇനി നിനക്ക്

നിന്റെ ഇഷ്ട്ടങ്ങളെ കൂട്ടുപിടിക്കാം..

എന്നിലേക്ക് തിരിച്ചു

വരാം.. വരാതെയിരിക്കാം..

ഇവിടെ നിനക്കായ്‌

ഒരു സ്‌മൃതിയിടം ഒരുങ്ങിയിരിക്കും

നിനക്ക് പ്രിയപ്പെട്ട

ഇലഞ്ഞിത്തറയും

ആ പഴയ നാലുകെട്ടും

ഇവിടെയുണ്ട്..

കൽപ്പടവുകൾ

കാടുകയറിയിരിക്കുന്നു..

കാവൽക്കാരനെ കാണാനുമില്ല..

അറിഞ്ഞുവോ..?

അവന്റേത് ദുർമരണത്രെ..

ഓർമ്മകൾ അവനെ

ശ്വാസം മുട്ടിച്ചു കൊന്നുവത്രെ..

ഓർമ്മകൾക്കിന്നും നിന്റെ ഗന്ധമത്രെ..

നന്ദു പാരിസ് 

അറബിക്കടലും അറ്റ്ലാൻറിക്കും: ആസ്വാദനം

 



ഒരു കുഞ്ഞിൻറെ ജനനം എന്ന് പറയുന്നത് അനന്തമായ സാധ്യതകളാണ്. ആ കുഞ്ഞിൽ എന്തൊക്കെയാണ് പ്രകൃതി ഒളിപ്പിച്ച് വെച്ചിട്ടുള്ളതെന്ന് ആർക്കാണ് പ്രവചിക്കാൻ കഴിയുക? അത്തരത്തിൽ തന്നെയാണ് പുതിയ എഴുത്തുകളെയും എഴുത്തുകാരെയും ഈയുള്ളവൻ വായിക്കുന്നത് .സ്ഫോടനാത്മകമായ പ്രതിഭാ ശേഷിയുള്ളവർ ഉണ്ടാവാതിരിക്കില്ലല്ലോ … എവിടെയാണ് കാലം ഒരു മൈൽ കുറ്റി നാട്ടിയിട്ടുള്ളത് എന്ന് ആർക്കാണ് പ്രവചിക്കാനാവുക ?

ഏറ്റവും ഒടുവിൽ ഞാൻ വായിച്ചത് പുതിയ എഴുത്തുകാരനായ, ശ്രീ: അഷ്റഫ് കാനാമ്പുള്ളിയുടെ ” അറബിക്കടലും അറ്റ്ലാൻറിക്കും ” എന്ന നോവലാണ്. പിൻ കവറിലെ, എം ടി യുടെ വാക്കുകൾ മനപ്പൂർവ്വം വായിച്ചില്ല .നോവലിൻറെ തുടക്കത്തിലുള്ള ,എൻ. പി .ഹാഫിസ് മുഹമ്മദിൻറെ കുറിപ്പും വായിച്ചില്ല .രണ്ടും എൻറെ വായനയെ സ്വാധീനിക്കരുതെന്ന നിർബന്ധമുണ്ടായിരുന്നു. ഈ നോവലിൻറെയെന്നല്ല ഏത് സാഹിത്യത്തിൻറെയും അവതാരികയോ പഠനമോ ആദ്യം വായിക്കുന്ന പതിവില്ല.

എന്താവും ഈ എഴുത്തുകാരന് നമ്മോട് പറയാനുണ്ടാവുക എന്ന കൗതുകത്തിലാണ് വായന തുടങ്ങിയത്. നോവൽ തുടങ്ങി 14 പേജ് കഴിഞ്ഞപ്പോഴേക്കും ബോധ്യമായി ഈ എഴുത്തുകാരന് വായനക്കാരോട് പലതും പറയാനുണ്ടെന്ന്. ആ പറച്ചിലിന് ലളിതമായൊരു ഭാഷാ ശൈലിയുമുണ്ട്. വായനക്കാരെ ഭാഷ കൊണ്ടുള്ള സർക്കസ് കാണിച്ച് മയക്കിയ എത്രയോ രചനകൾ നമ്മൾ ശ്വാസംമുട്ടി വായിച്ചു തീർത്തിരിക്കുന്നു.

ശ്രീ: അഷ്റഫ് കാനാമ്പുള്ളി ഭാഷയെ അതിൻറെ നേരിൽ, ലളിതമായി എന്നാൽ പ്രമേയം ആവശ്യപ്പെടുന്ന ശക്തി സൗന്ദര്യങ്ങളോടെ ഉപയോഗിച്ചിരിക്കുന്നു എന്നത് ഒരു ചെറിയ കാര്യമല്ല .ഭാഷയാണ് എഴുത്തുകാരുടെ ആയുധി. ഭാഷ തന്നെയാണ് വായനക്കാരുമായി സംവദിക്കുന്നത്. ഭാഷയുടെ കാര്യത്തിൽ ഈ എഴുത്തുകാരൻ വിജയിച്ചിരിക്കുന്നു .

ഇനി നോവലിൻറെ കഥയിലേക്ക് വന്നാൽ പുതു പുത്തൻ പ്രമേയം ഒന്നുമല്ല അറബിക്കടലും അറ്റ്ലാൻറിക്കും നമ്മോട് പറയുന്നത് .പക്ഷേ തൻറെ പ്രമേയത്തെ അവതരിപ്പിക്കാൻ നോവലിസ്റ്റ് തെരഞ്ഞെടുത്ത പശ്ചാത്തലവും കാലനിർണ്ണയങ്ങളും തികച്ചും പുതുമയുള്ളതാണ്.

അറ്റ്ലാൻറിക്കിൽ നിന്ന് അറബിക്കടലോളം നീളുന്ന ചരിത്രത്തിൻറെയും ചതിയുടെയും കച്ചവടത്തിൻറെയും പ്രണയത്തിൻറെയും അതിജീവനത്തിൻറെയും കഥപറയുന്ന ഈ നോവലിൽ നമ്മൾ മറ്റൊരു കോഴിക്കോടിനെ കാണുന്നു .എസ് .കെ. യും, എം.ടി യും, എൻ.പി.മുഹമ്മദും, പി.എ. മുഹമ്മദ് കോയയും പറയാത്ത കോഴിക്കോടിൻറെ മറ്റൊരു കഥ .

വെറുമൊരു കഥ പറച്ചിൽ മാത്രമല്ല ഇത്. എഴുപതുകളിലെ കോഴിക്കോടിൻറെ സാമൂഹ്യജീവിതവും കച്ചവട ജീവിതവുമെല്ലാം നോവലിസ്റ്റ് പൊതിഞ്ഞു വെച്ചിട്ടുള്ളത് ഹാരിസ് എന്ന കഥാനായകൻറെയും സാറയുടെയും പ്രണയത്തിൻറെ സുഗന്ധത്തിലാണ്.

ഹാരിസിൻറെ സ്കൂൾ കാലവും ചാവക്കാട്ട് നിന്ന് കോഴിക്കോട്ടേക്കുള്ള വരവും ചുരുങ്ങിയ വാക്കുകളിലാണ് നോവലിസ്റ്റ് അവതരിപ്പിച്ചിട്ടുള്ളതെങ്കിലും അതിനൊരു ചാരുതയുണ്ട് .ഹാരിസിൻറെ ക്യാമ്പസ് കാലം പ്രണയ കാലം കൂടിയാണ്. എഴുപതുകളിലെയും എൺപതുകളിലെയും നമ്മുടെ ക്യാമ്പസുകൾ എങ്ങനെയായിരുന്നുവെന്ന് ,നമ്മുടെ പ്രണയകാലങ്ങൾ എങ്ങനെയൊക്കെ ആയിരുന്നു എന്ന് നമ്മൾ ഈ നോവലിൽ അനുഭവിച്ചറിയുന്നു.

തിരതല്ലുന്ന പ്രണയക്കടലുകളെ ഉള്ളിലൊളിപ്പിച്ച്, ഒരു വാക്കിനും മറുവാക്കിനും ഇടയിൽ ദിവസങ്ങളുടെ കാത്തിരിപ്പും ,ഒരു നോട്ടത്തിനും മറു നോട്ടത്തിനുമിടയിൽ മാസങ്ങളുടെ തപസ്യയും, ഒരു ചിരിക്കും മറു ചിരിക്കുമിടയിൽ വർഷങ്ങളുടെ ധ്യാനവും പൂക്കാലമാക്കി മാറ്റിയ ആ പ്രണയ കാലങ്ങൾ ഇന്ന് നമുക്ക് സങ്കൽപ്പിക്കാൻ കൂടി കഴിയില്ല .ആ കാലം അനുഭവിക്കാത്തവർ പോലും ഈ പ്രണയ കാലത്തിൻറെ മാസ്മരികതയിൽ ലയിച്ച് പോകും വിധം അഷ്റഫ് കാനാമ്പുള്ളി തൻ്റെ വാക്കുകളെ ഭംഗിയായി അടുക്കി വെച്ചിരിക്കുന്നു.

ഈ നോവലിൻ്റെ എട്ടാം അധ്യായമായ ,ജൂബിലി, ഒറ്റ ശ്വാസത്തിലാണ് വായിച്ച് തീർത്തത് .ഒരു കാലത്തിൻ്റെ ക്യാമ്പസും അവിടെ പൂത്ത പ്രണയമന്ദാരങ്ങളും എനിക്കുചുറ്റും കുളിർ മഴയായി പെയ്തു. ആ അധ്യായം അവസാനിക്കുന്നത് ഹാരിസ് സാറയുടെ കത്ത് വായിച്ച് അവസാനിപ്പിക്കുന്നിടത്താണ്.

നോവലിസ്റ്റ് എഴുതുന്നു.

” ഈ ഭൂമി മുഴുവനും പനിനീർപ്പൂക്കളെക്കൊണ്ടു ഞാൻ പുതപ്പിക്കാം. സമുദ്രങ്ങളെ മുഴുവനും ഞാൻ എൻ്റെ കണ്ണുനീർ കൊണ്ട് നിറച്ചേക്കാം. വാനോളം വാഴ്ത്തിക്കൊണ്ട് സകല സ്വർഗ്ഗങ്ങളേയും ഞാനിളക്കിമറിക്കാം. ഇതൊന്നുമവിടുത്തെ മനസിനെ കീഴ്പ്പെടുത്താനാവില്ലെന്നെനിക്കറിയാം. കീഴ്പ്പെടുത്താനായിട്ടൊരു വഴി മാത്രമേയുള്ളൂ, എല്ലാമായ എൻ്റെ മനസ്സ് അവിടുത്തെ മനസാവുക ”

റൂമി ” ഇതാ ഞാനത് തന്നിരിക്കുന്നു.”

സാറഎന്ന കഥാപാത്രത്തെ വളരെ ചുരുങ്ങിയ വിവരണങ്ങൾ കൊണ്ടാണ് നാമറിയുന്നത് .പക്ഷേ ഈ നോവലിലെ ഏറ്റവും മികച്ച കഥാപാത്രം സാറയാണ് .അവളുടയുള്ളിൽ പ്രണയമുണ്ട്. പ്രണയത്തിനു മാത്രം സാധ്യമാവുന്ന വിശുദ്ധിയുണ്ട് .നീണ്ട കാത്തിരിപ്പുകളുടെ വേദനയുണ്ട് .

പഠനം തീരും മുമ്പ് തന്നെ കച്ചവടത്തിൻ്റെ ലോകത്ത് എത്തിപ്പെടുന്ന ഹാരിസിനെ കാത്തിരുന്ന ആ ലോകവും, അവിടുത്തെ മനുഷ്യരും അവരുടെ ജീവിതങ്ങളും ബന്ധങ്ങളും ചതിയും പ്രതികാരങ്ങളും അറബിക്കടൽ പോലെ വായനക്കാരുടെ ഉൾത്തീരങ്ങളിൽ വന്ന് തിരതല്ലി നുര പത ചിതറിക്കുന്നു.

മതം ഇന്നത്തെ പോലെ മദമായി മാറാത്ത , അടയാളങ്ങളായി ചുരുങ്ങാത്ത, ആയുധമെടുത്ത് അലറി വിളിക്കാത്ത ആ നല്ല കാലവും , ( നമ്മൾ വീണ്ടെടുക്കേണ്ട കാലം) മതത്തിൻ്റെ സത്തയായ ആത്മീയതയുടെ നനുത്ത സ്പർശവും ഈ കോഴിക്കോടൻ ജീവിതങ്ങളുടെ സംഗീതമായി നോവലിലുടനീളം ഉണ്ട്. എന്താണ് മതം എന്നതിലുപരി എന്തല്ല മതം എന്ന് മനസ്സിലാക്കിയ ഒരു സർഗ്ഗാത്മക മനസ്സിനേ ഈ അന്തരീക്ഷം സൃഷ്ടിക്കാൻ ആവു…

തുടക്കകാരൻ്റെ വിറയലോ ഇടർച്ചയോ ഇല്ലാതെ ശ്രീ :അഷ്റഫ് കാനാമ്പുള്ളി തൻ്റെ പ്രമേയത്തെ ,തനിക്ക് വായനക്കാരോട് പറയാനുള്ള കാര്യങ്ങളെ പറയേണ്ട വിധത്തിൽ പറഞ്ഞിട്ടുണ്ട് .ആദ്യ നോവലാവുമ്പോൾ വൈകാരികതയെ അതിവൈകാരികത ആക്കിമാറ്റി വായനക്കാരെ വട്ടം ചുറ്റിക്കുന്ന ഏർപ്പാടൊന്നും ഈ നോവലിൽ എഴുത്തുകാരൻ ചെയ്തിട്ടില്ല എന്നത് അത്ഭുതം തന്നെയാണ്. തീർച്ചയായും നീണ്ട കാലത്തിൻ്റെ സർഗ്ഗാത്മക ഊർജ്ജം ഈ കയ്യടക്കത്തിൻ്റെ പിന്നിലുണ്ട് .

തനിക്ക് ഒരുപാട് പ്രതീക്ഷകൾ ഉണ്ടായിരുന്ന കച്ചവടത്തിൽ നേരിടേണ്ടിവന്ന ചതിക്കു മുമ്പിൽ ഹാരിസ് അമ്പരന്ന് നിൽക്കുന്ന ഒരു ഘട്ടമുണ്ട് ഈ നോവലിൽ . പകയിലേക്കും പ്രതികാരത്തിലേക്കും ഏതൊരു മനുഷ്യനെയും നടത്തിക്കുന്ന, അല്ലെങ്കിൽ മറവി നൽകുന്ന ലഹരി വഴികളിലേക്ക് നയിച്ചേക്കാവുന്ന ആ ജീവിത ഘട്ടത്തിൽ അവനെ കൂട്ടുകാരൻ അസ്സു കൂട്ടിക്കൊണ്ടുപോകുന്നത് പഴയൊരു മാളികപ്പുറത്തേക്കാണ്. കോഴിക്കോട് അബ്ദുൽ ഖാദറിൻ്റെ മാസ്മരിക സംഗീതത്തിലേക്ക്. സാരംഗിയുടെ നേർത്ത വിതുമ്പലിലേക്ക് . എല്ലാം മറക്കുന്ന, ലഹരികളുടെയെല്ലാം ലഹരിയായ സംഗീതത്തിൻ്റെ ആ മെഹ്‌ഫിലിൽ വിൻസൻ്റ് മാസ്റ്ററുണ്ട്. ഹാർമോണിയത്തിൽ വിൻസൻ്റ് മാഷ് തീർക്കുന്ന ഇന്ദ്രജാല മുണ്ട് .അവരോഹണം എന്ന ആ 18 ആം അധ്യായം വായിച്ചു തന്നെ അനുഭവിക്കേണ്ട അനുഭൂതിയാണ്.

നോവലിൻ്റ കഥ മുഴുവൻ ചുരുക്കി പറയുക എന്നത് അനുചിതമായതിനാൽ അത് ചെയ്യുന്നില്ല. ഇതിലെ ഹാരിസ് എന്ന കഥാനായകൻ നമ്മളിൽ ആരൊക്കെയോ ആണ്. നമ്മുടേതായ പലതും ഹാരിസിലുണ്ട്. അവൻ്റെ പ്രണയവും ഭൗതിക നേട്ടങ്ങളും പ്രണയ നഷ്ടവും അവനെ ചൂഴ്ന്നു നിൽക്കുന്ന ചരിത്രവുമൊക്കെ നമ്മുടെത് കൂടിയാക്കി മാറ്റി, അത് അനുഭവിപ്പിക്കുന്നതിൽ നോവലിസ്റ്റ് വിജയിച്ചിരിക്കുന്നു .

ഈ നോവലിൻ്റെ അന്തരീക്ഷവും, വേലു മൂപ്പനും ,പരുന്ത് ആലിയും ,സുധിയും,സാക്ഷാൽ എം.ടി .യുമൊന്നും നമ്മളെ വിട്ട് പെട്ടെന്ന് പോവില്ല .

എം.ടി. ഇതിലൊരു കഥാപാത്രമാണോ എന്ന് ചോദിച്ചാൽ അത് നിങ്ങൾ വായിച്ചു തന്നെ അറിയുക. ഒരു കണ്ണീർ തുള്ളിയുടെ വിതുമ്പലായി സാറ ഇപ്പോൾ എൻ്റെ ഉള്ളിലുണ്ട് .അവളിലേക്ക് ഹാരിസ് ഓടി തീർത്ത ദൂരങ്ങളുമുണ്ട്. അവൻ ഇടറി വീണ വഴികളുണ്ട് .

ഒടുക്കം അവനെ തേടിയെത്തുന്ന സാറയുടെ പിതാവായ പുലിക്കാട്ടിൽ അഹമ്മദ് എന്ന കഥാപാത്രം ഈ നോവലിലെ തികച്ചും വ്യത്യസ്തമായ ഒരു കഥാപാത്രമാണ്. ഇത്തരം ഒരുപാട് കഥാപാത്രങ്ങൾ ഇന്നും നമുക്ക് ചുറ്റുമുണ്ട് എന്നത് ,ഈ എഴുത്തുകാരൻ്റെ നിരീക്ഷണപാടവത്തിന് തെളിവാണ്.

തുടക്കംമുതലേ ഹാരിസിൽ നോവലിസ്റ്റിനെ കണ്ടെത്താനാണ് എൻ്റെ വായന എന്നോട് പറഞ്ഞത്.ഹാരിസ് എം.ടി .യെ കാണുന്ന രംഗം എത്തിയപ്പോൾ, എം .ടി .യോട് ചോദിക്കുന്ന ,പറയുന്ന കാര്യങ്ങൾ വായിച്ചപ്പോൾ അഷ്റഫ് കാനാമ്പുള്ളി എന്ന എഴുത്തുകാരൻ തൻ്റെ തന്നെ ചോരയും നീരും കൊണ്ടാണ് ഹാരിസിനെ സൃഷ്ടിച്ചിട്ടുള്ളത് എന്നതിനു മറ്റു തെളിവുകൾ വേണ്ട എന്നായി . ( ഇതൊരു അതി വായനയായെങ്കിൽ എഴുത്തുകാരൻ മാപ്പ് തരട്ടെ )

നോവൽ വായിച്ചു കഴിഞ്ഞു പിന്നെയും രണ്ട് ദിവസം കഴിഞ്ഞാണ് എം.ടി.ഈ നോവലിന് ചാർത്തിക്കൊടുത്ത കയ്യൊപ്പ് ഞാൻ വായിച്ചത് .എം.ടി.യുടെ ഈ ചെറുകുറിപ്പ് അഷ്റഫ് കാനാമ്പുള്ളി എന്ന എഴുത്തുകാരൻ്റെ നിറുകയിൽ തൊട്ട അനുഗ്രഹത്തിൻ്റെ വിരലടയാളമാണ്.

തീർച്ചയായും ധാരാളം വായിക്കപ്പെടുകയും ചർച്ച ചെയ്യപ്പെടുകയും ചെയ്യേണ്ട, (അങ്ങനെ സംഭവിക്കുക തന്നെ ചെയ്യും ) ഈ നോവലിൻ്റെ ആദ്യ പതിപ്പ് തന്നെ വായിക്കാൻ കഴിഞ്ഞതിൽ ഒത്തിരി സന്തോഷമുണ്ട് .

ഈ അടുത്ത കാലത്ത് ഉള്ളിൽ ചേർത്തുവച്ച പ്രദീപൻ പാമ്പിരിക്കുന്നിൻ്റെ എരിയും ,ലിസിയുടെ വിലാപുറങ്ങളും, വി.എം. ദേവദാസിൻ്റെ ഏറിനുമൊപ്പം ഞാനീ അറബിക്കടലിനെയും അറ്റ്ലാൻ്റിക്കിനെയും ചേർത്ത് വെക്കുന്നു. ഇനിയുള്ള വായനകൾക്കായി .


മുഹമ്മദ് അബ്ബാസ്

സോറിയാസിസ്

 



മാറിവരുന്ന ജീവിത സാഹചര്യങ്ങളുടെ പ്രതിഫലനമെന്നവണ്ണം ഇപ്പോൾ വളരെ സാധാരണമായിക്കൊണ്ടിരിക്കുന്ന ഒരു രോഗമാണു സോറിയാസിസ്‌. മാറരോഗത്തിന്റെ വകുപ്പിലാണു ആധുനിക വൈദ്യ ശാസ്ത്രം ഈ രോഗത്തെ പെടുത്തിയിരിക്കുന്നത്‌. രോഗം വരാനുള്ള യാഥാർത്ഥ കാരണം വ്യക്തമല്ല. ശരീരം സ്വയം ആക്രമിക്കുന്ന ഓട്ടോ ഇമ്മ്യൂൺ രോഗമായിതു കരുതപ്പെടുന്നു.(റുമറ്റോയിഡ്‌ ആർത്രൈറ്റിസ്‌,ലൂപ്പസ്‌, സീലിയാക്‌ ഡിസീസ്‌, മൾട്ടിപ്പൾ സ്ക്ല്Iറോസിസ്‌.എന്നിങ്ങനെ ധാരാളം രോഗങ്ങൾ ഈ വിഭാഗത്തിലുണ്ട്‌.)

 തണുപ്പു കാലാവസ്ഥയിലും മാനസിക സമ്മർദ്ധം കൊണ്ടും രോഗം അധികരിക്കാറുണ്ട്‌

സാധാരണക്കരിൽ നിന്നു വ്യത്യസ്ഥമായി ഇവരിലെ ത്വക്കിലെ കോശങ്ങൾ ധാരാളമായി പെരുകുന്നു.അവ ഒത്തു ചേർന്നു പാളികളായി, വെളുത്തു വെള്ളി നിറമുള്ള  ചിതമ്പലുകൾ പോലെ ഇളകി പോകുന്നുതാണു ബാഹ്യ ലക്ഷണം.ത്വക്കിലെ രോഗബാധിത ഭാഗത്തിനു ചുറ്റും ചുവപ്പു നിറം കാണാം. ചൊറിച്ചിലും പുകച്ചിലും അനുഭവപ്പെടാറുണ്ട്‌.

എവിടെയൊക്കെ ബാധിക്കാം

സോറിയാസിസ്‌ പലഭാഗത്തും ബാധിക്കാം. പലരൂപത്തിലും ഭാവത്തിലും വരാം. സോറിയാസിസ്‌ വൾഗാരിസ്‌ എന്ന വ്യാപിക്കുന്ന രീതിയിലുള്ളവ. കുത്തുകൾ പോലെയുള്ളവ.(GUTTATE PSORIASIS). ശരീരത്തിന്റെ മടക്കുകളിൽ കാണുന്ന ഇന്വേഴ്സ്‌ സോറിയാസിസ്‌ (INVERSE PSORIASIS) . പഴുപ്പോടു കൂടിയ പസ്റ്റുലാർ സോറിയാസിസ്‌. കൂടാതെ നഖത്തെ മാത്രം ബാധിക്കുന്നവയും സന്ധികളെ ബാധിക്കുന്നവയും തലയിൽ മാത്രം കാണുന്നവയും  കൈകാലടികളെ മാത്രം ബാധിക്കുന്നവയും ഉണ്ട്‌.

ത്വക്കിനുണ്ടാകുന്ന ക്ഷതങ്ങൾ,രോഗാണു ബാധകൾ, ചില മരുന്നുകളുടെ പാർശ്വ ഫലങ്ങൾ എന്നിവയും ചില അലർജ്ജികൾ കൊണ്ടു രോഗമുണ്ടാ കാം  അധികരിക്കാം.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബാഹ്യലേപനങ്ങൾ ത്വക്കിന്റെ വരൾച്ച കുറയാൻ സഹായിക്കുമെങ്കിലും രാസവസ്തുക്കൾ അധികം അടങ്ങിയതു ഉപയോഗിക്കാതെ. “തേങ്ങവെന്ത വെളിച്ചെണ്ണ”പോലെ നിരുപദ്രവകരമായ്‌ ലേപനങ്ങളാണു ദീർഘകാല ഉപയോഗത്തിനു നല്ലത്‌. ശരീരത്തിൽ ജലാംശം കുറയാതെ നോക്കുക. സോപ്പിന്റെ ഉപയോഗം കുറയ്ക്കുക

പാലുൽപന്നങ്ങളും മാംസാഹാരങ്ങളൂം ചെമ്മീൻ പോലുള്ള ഷെൽഫിഷുകളും അസുഖങ്ങൾ കൂട്ടാം

.മദ്യവും പുകവലിയും ഒഴിവാക്കുക.നന്നായി ഉറങ്ങുക. അപകർഷത ബോധം വേണ്ട. ഇതു മറ്റുള്ളവരിലേക്കു പകരില്ല എങ്കിലും ഇതു രോഗികളിൽ ഉണ്ടാക്കുന്ന മാനസികാവസ്ഥ ഭികരമാണു.രോഗത്തെ ഭയക്കുന്തോറും വെറുക്കുന്തോറും ഇതു കൂടിക്കൊണ്ടിരിക്കുകയും ചെയ്യും.. നിങ്ങളുടെ കുഴപ്പം കൊണ്ടു വന്നതല്ല രോഗം എന്ന യാഥാർത്യം മനസ്സിലാക്കുക. ഇതു പകരുകയില്ലന്നതും എല്ലാവരും അറിഞ്ഞിരിക്കുക.


ഡോ. ടി.ജി. മനോജ് കുമാർ

ദേവൂട്ടി


 ഇങ്ങനെ കണ്ണിൽ തന്നെ നോക്കിക്കൊണ്ടിരുന്നാൽ കാര്യം നടക്കുമോ?

” കണ്ണിൽക്കണ്ണിൽ നോക്കിയിരുമ്പോഴത്തെപ്പോലുള്ള ഒരു സുഖം വേറൊന്നിനുമില്ല” ഞാൻ പറഞ്ഞു.

എനിക്കു പോണം. എന്തെങ്കിലും മറുപടി പറയണം. അച്ഛൻ ഒരാലോചന ഉറപ്പിക്കുന്ന മട്ടാ…

“അലോചിച്ചു പറയാം.. നിൻ്റെ അച്ഛന് ഇത്രപെട്ടെന്ന് ഇങ്ങനെ?”

ആരെയും കൊണ്ട് ഒരു പേരു കേൾപ്പിക്കാതെ മകളെ ആരുടെയെങ്കിലും കൈയിൽ പിടിച്ച് ഏൽപിക്കണമെന്ന് അമ്മ പറയുന്നതു കേട്ടു …അതായിരിക്കും.

“നോക്കാം… വീട്ടിലെ കാര്യം പരുങ്ങലിലാ… എന്നാലും..”

എന്നാൽ ഞാൻ പോട്ടെ…

അവൾ പോയി.

ദേവൂട്ടി ഞങ്ങളുടെ നാട്ടിലെ ഏറ്റവും സുന്ദരിയായ പെൺകുട്ടിയാണ്. അവളെ കണ്ണു വയ്ക്കാത്ത ചെറുപ്പക്കാരില്ല. ഇപ്പോൾ കല്യാണം കഴിക്കുന്ന കാര്യം വീട്ടിൽ പറയാൻ പറ്റില്ല. കല്യാണപ്രായമായെങ്കിലും ആ കാര്യം വീട്ടിൽ പറഞ്ഞാൽ തമാശയായെ എടുക്കുകയുള്ളു. അഥവാ പറഞ്ഞാൽ നീ പോയിരിന്നു പഠി.. എന്നായിരിക്കും മറുപടി.ഇത്രയും സുന്ദരിയായ പെണ്ണിനെ ഇനി കിട്ടാനും പാടായിരിക്കും എന്തു ചെയ്യും.

പിന്നെ ഞാൻ രവിയെ പോയി കണ്ടു. ഏതു പ്രശ്നത്തിനും പരിഹാരം കൽപിക്കാനുള്ള കെൽപ്പ് അവനുണ്ട്.

അവനും എന്തോ നിരാശ ബാധിച്ചതു പോലെയിരിക്കുന്നു.

ഞാൻ പറഞ്ഞു. ” ദേവൂട്ടിക്ക് കല്യാണ ആലോചന വരുന്നുണ്ട്. അവർ ചിലപ്പോൾ ഏതെങ്കിലും കാർകോടകനു പിടിച്ചു കൊടുക്കും”

അതാ.. ഞാനും ആലോചിക്കുന്നേ… ഒരു പരിഹാരമാർഗ്ഗം മുന്നിൽ തെളിഞ്ഞു വരുന്നില്ല. ഇത്രയും വെളുത്തു സുന്ദരിയായ ഒരു പെൺകിട്ടി നമ്മുടെ നാട്ടിൽ ഇല്ല. ഇതിനെ കാക്കയ്ക്കു കൊടുക്കുകയെന്നു വച്ചാൽ?

“നമുക്കു സുരനെ ഒന്നു പോയി കണ്ടാലോ .. ഒരു വർഷത്തേക്ക് കാര്യങ്ങൾ ഒന്നു നീട്ടിവച്ചാൽ മതിയായിരുന്നു.” ഞാൻ പറഞ്ഞു.

ആറു മാസത്തേയ്ക്കെങ്കിലും നീട്ടിവച്ചാൽ മതിയായിരുന്നു. ഒരു സാവകാശത്തിന് … സുരൻ വിചാരിച്ചാൽ നടക്കും. രവി അഭിപ്രായപ്പെട്ടു.

അങ്ങനെയാണ് ഞങ്ങൾ സുരനെ പോയി കണ്ടത്. അവനോടു കാര്യം പറഞ്ഞു. അവൻ പറഞ്ഞു നിങ്ങൾ വന്നതു നന്നായി.ഞാൻ ആത്മഹത്യയെക്കുറിച്ചു ചിന്തിച്ചോണ്ടിരിക്കുകയായിരുന്നു. ഇനിയിപ്പോൾ അവളുടെ വീട്ടിൽ ചെന്ന് ഒന്നുകൂടി ചോദിച്ചു നോക്കാം.. ഒരു മൂന്നു മാസം സാവകാശം തരുമോയെന്ന്. ഇത്രയും സുന്ദരിയായ വെളുത്ത തുടുതുടാന്നിരിക്കുന്ന മറ്റൊരു പെൺകുട്ടി ഈ നാട്ടിലില്ല … അവൾ നഷ്ടപ്പെടുകയെന്നു വച്ചാൽ .?.. അവൻ വിങ്ങിപ്പൊട്ടുകയായിരുന്നു … ആശ്വസിപ്പിക്കാനാവാതെ ഞങ്ങളും


ആർ.എസ്.പണിക്കർ

ഇന്തോന്വേഷ്യൻ ദിനങ്ങൾ



അധ്യായം 7: സ്വാതന്ത്ര്യത്തിന്റെ ആരാധനാലയം

ഒരു രാഷ്‌ട്രത്തിന്റെ സ്വാതന്ത്ര്യ സൂചകമായി ഒരു ആരാധനാലയം എവിടെയെങ്കിലുമുണ്ടാകുമോ എന്നെനിക്കറിയില്ലായിരുന്നു. എന്നാൽ അങ്ങനെയൊരു മുസ്ലിം ആരാധനാലയം ജക്കാർത്തയിലുണ്ട്. മസ്‌ജിദ്‌ ഇസ്‌തിക് ലാൽ ആണിത്. ഇസ്‌തിക് ലാൽ എന്ന അറബി വാക്കിന്റെ അർഥം സ്വാതന്ത്ര്യം എന്നാണ്. സ്വാതന്ത്ര്യത്തിന്റെ ചതുരമായ മെർഡെക്ക ചതുരത്തിനടുത്തു തന്നെയാണ് ഈ മോസ്ക്കും പണികഴിപ്പിച്ചിരിക്കുന്നത്. തെക്കുകിഴക്കൻ ഏഷ്യയിലെ ഏറ്റവും വലിയ മോസ്‌ക്ക് ആണിത്. രണ്ടുലക്ഷം ആളുകൾക്ക് പ്രാർത്ഥിക്കുവാൻ സൗകര്യമുള്ള മോസ്‌ക്ക് പണികഴിപ്പിച്ചിരിക്കുന്നത് 1978 ൽ ആണ്. ഇരുപത്തിനാലു മണിക്കൂറും തുറന്നിരിക്കുന്ന ഈ മോസ്‌ക്കിൽ പ്രാർത്ഥനയ്ക്കല്ലാതെയെത്തുന്ന സന്ദർശകർക്കും പ്രവേശനമുണ്ട്. പാശ്ചാത്യ വേഷധാരികൾ അവിടെനിന്നും സൗജന്യമായി ധരിക്കുവാൻ തരുന്ന ഒരു വസ്‌ത്രം ധരിച്ചു മാത്രം ഉള്ളിൽ പ്രവേശിക്കണം. പ്രവേശനവും സൗജന്യമാണ്.

രൂപകൽപ്പനയിലും നിർമ്മിതിയിലും ആശ്ചര്യം പകരുന്ന ഈ ആരാധനാലയം, ജക്കാർത്തൻ യാത്രയിലെ ഒഴിച്ചുകൂടാനാകാത്ത ഒരനുഭവമാണ്. നാലു നിലകളിലായി നിർമ്മിച്ചിരിക്കുന്ന ഈ ആരാധനാലയത്തിന്റെ മുകൾഭാഗത്ത് ഗോളാകാരമായ ഒരു താഴികക്കുടമുണ്ട്. 45 മീറ്റർ ആണ് ഇതിന്റെ വ്യാസം. 1945 ൽ ആണല്ലോ ഇന്തോന്വേഷ്യക്കു സ്വാതന്ത്ര്യം കിട്ടിയത്. അതിന്റെ ഓർമ്മയ്ക്കായാണ് 45 മീറ്റർ എന്ന ഈ കണക്ക്. മുഖ്യ ഹാളിലേക്ക് പോകുന്നതിനായുള്ള ഇടനാഴിക്കുമുണ്ട് ഇത്തരത്തിലൊരു കണക്ക്. എട്ടുമീറ്റർ ആണ് ഇടനാഴിയുടെ വീതി. ഇത് സ്വാതന്ത്ര്യം കിട്ടിയ ഓഗസ്റ്റ് മാസത്തെ സൂചിപ്പിക്കുന്നതിനാണത്രേ. ഈ മസ്‌ജിദിന്‌ ഒരു മിനാരവുമുണ്ട്. 66.66 മീറ്റർ ഉയരമാണ് ഈ മിനാരത്തിനുള്ളത്. വിശുദ്ധ ഖുറാനിലെ 6666 നെ സൂചിപ്പിക്കുവാനാണ് ഈ കണക്കും. എട്ടു പ്രവേശന കവാടങ്ങളാണിതിനുള്ളത്. അവിടെയെല്ലാം അള്ളായുടെ 99 പേരുകൾ എഴുതി വച്ചിട്ടുമുണ്ട്.

ഈ മസ്‌ജിദിന്റെ എതിർവശത്താണ് റോമൻ കത്തോലിക്കാ സഭയുടെ ആർച്ചു ബിഷപ്പിന്റെ ആസ്ഥാനവും വിശുദ്ധ മറിയത്തിന്റെ പേരിലുള്ള കത്തീഡ്രലും സ്ഥിതിചെയ്യുന്നത്. 1901 ൽ ഫ്രഞ്ച് നിയോ ഗോത്തിക് രീതിയിൽ ഈ കത്തീഡ്രൽ പുതുക്കിപ്പണിയുകയുണ്ടായി. ഗംഭീരവും ശാന്തവുമായ ഉൾവശം ഏതൊരു സഞ്ചാരിയെയും വിസ്‌മയത്തിലാഴ്ത്തും. ഒരു ചെറിയ മ്യുസിയവും ഇതിനോടനുബന്ധിച്ചുണ്ട്.

റാങ്കുനാൻ മൃഗശാലയാണ് ജക്കാർത്തയിലെ മറ്റൊരു പ്രധാന വിനോദ കേന്ദ്രം. നൂറ്റമ്പതു വർഷങ്ങൾക്കു മുൻപ് ആരംഭിച്ചതാണിത്. മുന്നൂറ്റമ്പത് ഏക്കർ സ്ഥലത്ത് 3600 തരം ജീവജാലങ്ങളുമായി പരന്നു കിടക്കുന്നു ഈ മൃഗശാല. ഇതിലെ ജീവനക്കാർ തന്നെ 500 നടുത്തു വരും എന്നറിയുമ്പോൾ ഇതിന്റെ വലുപ്പവും പ്രാധാന്യവും ഊഹിക്കാവുന്നതേയുള്ളൂ. സുമാത്രയിൽ കണ്ടുവരുന്ന മൃഗങ്ങൾക്കൊപ്പം ലോകത്തിലെ മറ്റുഭാഗങ്ങളിൽ നിന്നുള്ളവയും പ്രദർശനത്തിനുണ്ട്. ഇൻഡോന്വേഷ്യയിൽ മാത്രം കണ്ടുവരുന്ന ചില പക്ഷികൾ എനിയ്ക്ക് ഒരു പ്രത്യേക അനുഭവമായിരുന്നു. ഇൻഡോന്വേഷ്യയുടെ സ്വന്തമായ കൊമഡൊ ഡ്രാഗണെയും  ഉറാങ് ഉട്ടാനെയുമെല്ലാം ഇവിടെ കണ്ടുമുട്ടാം. തിങ്കളാഴ്‌ച അവധി ദിവസമായ ഈ മൃഗശാല, മറ്റു ദിവസങ്ങളിൽ രാവിലെ ആറു മണി മുതൽ വൈകുന്നേരം നാലു മണി വരെ പ്രവർത്തിക്കുന്നു. 4000 റുപ്യാ ആണ് പ്രവേശന നിരക്ക്. അതായത് നമ്മുടെ 20 രൂപ. കുട്ടികൾക്ക് 3000 റുപ്യാ. ഇത്ര കുറഞ്ഞ നിരക്കിൽ ഇത്രയും വലുതും ഉയർന്ന നിലവാരം പുലർത്തുന്നതുമായ മൃഗശാല ലോകത്തിൽ മറ്റൊരിടത്തും ഉണ്ടാകുമെന്നു തോന്നുന്നില്ല.

പലയിടങ്ങളിലും വിനോദത്തിനു വേണ്ടിയുള്ള തീം പാർക്കുകൾ കാണാറുണ്ട്. വിനോദത്തിനപ്പുറം അറിവിന്റെ ലോകത്തേക്ക് കൂട്ടിക്കൊണ്ടു പോകുന്നവ നന്നേ വിരളം. ഇവിടെ അത്തരത്തിലുള്ള ഒരു പാർക്ക് ഉണ്ട്. എഡ്യുറ്റൈൻമെന്റ് പാർക്ക് എന്നാണിതിന് വിശേഷണം. കിഡ്‌സാനിയ പസിഫിക് പ്ലേസ് എന്നാണ് ഇതിന്റെ പേര്. കുട്ടികളെയും കൗമാരക്കാരെയും ആകർഷിക്കുന്ന വിധമാണ് ഇതൊരുക്കിയിരിക്കുന്നത്. ഒരു നഗരം തന്നെ അതിനുള്ളിൽ സൃഷ്‌ടിച്ചിരിക്കുന്നു. റോഡുകളും, ട്രാഫിക് സിസ്റ്റവും, ഹോസ്‌പിറ്റലുകളും ഫാക്റ്ററികളും, സലൂണുകളും, ഡിപ്പാർട്‌മെന്റൽ സ്റ്റോറുകളും പോലീസ് സ്റ്റേഷൻ, തുടങ്ങി കോടതി എല്ലാമുള്ള നഗരം. എല്ലായിടങ്ങളിലും സന്ദർശകർക്കും പങ്കാളികളാകാം. ബ്രെഡ്  ഫാക്റ്ററിയിൽ നമുക്കും ബ്രെഡ് ഉണ്ടാക്കാം. കാർ വിൽക്കുന്ന സെയിൽസ് എക്‌സിക്യൂട്ടീവ് ആകണമോ? അതിനും ഇവിടത്തെ കാർ ഡീലർ ഷോപ്പിൽ അവസരമുണ്ട്. കുക്ക് ആകാനും സപ്ലയർ ആകാനും അവസരമൊരുക്കുന്നു ഹോട്ടലുകൾ. പല്ലു പറിക്കണമെങ്കിൽ, ഡെന്റിസ്റ്റാകണമെങ്കിൽ ഡെന്റൽ ക്ലിനിക്കുകളുണ്ട്. മുതിർന്നവർക്ക് ചെയ്യാൻ പറ്റുന്നതെല്ലാം ചെയ്യുന്നതിനായി കുട്ടികൾക്ക് അവസരമുണ്ടാക്കുകയാണ് ഇവർ. ടിക്കറ്റ് നിരക്ക് മുതിർന്നവർക്ക് രണ്ടു ലക്ഷം റുപ്യാക്കടുത്തു വരും. ഇതുകേട്ട് ഞെട്ടേണ്ടതില്ല, നമ്മുടെ 1000 രൂപയിൽ താഴേ മാത്രം.

ചൈനാ ടൌൺ കണ്ടില്ലെങ്കിൽ ജക്കാർത്ത കണ്ടില്ല എന്ന് തന്നെയാണാർത്ഥം. ഗ്ലോഡോക് എന്നാണിവിടത്തെ ചൈനാ ടൗൺ അറിയപ്പെടുന്നത്. മിക്ക രാജ്യങ്ങൾക്കും ഉണ്ടാകും ഒരു ചൈനാ ടൌൺ. ഷോപ്പിംഗിനും ഭക്ഷണത്തിനും പേരു കേട്ടതാണല്ലോ ചൈനാ ടൗണുകൾ. ഗ്ലോഡോക്കും അങ്ങനെതന്നെ. ഇലക്‌ട്രോണിക് സാധനങ്ങൾക്ക് പേരുകേട്ട സ്ഥലം കൂടിയാണ് ഗ്ലോഡോക്. ഞാൻ താമസിച്ചിരുന്ന ഫേവ് ഹോട്ടൽ ഗ്ലോഡോക് ഏരിയായിൽ ആയിരുന്നു.


ഡോ. സുനീത് മാത്യു  

റവ സേമിയ ദോശ




ഗോതമ്പിൽ നിന്നും തയ്യാറാക്കുന്ന ആരോഗ്യദായകമായ ഒരു ഭക്ഷ്യ വസ്തുവാണ് റവ. നല്ലയളവിൽ പൊട്ടാസ്യം, ഫോസ്ഫറസ്, മഗ്നീഷ്യം, കാൽസ്യം എന്നിവയും ചെറുതല്ലാത്ത അളവിൽ ഇരുമ്പ്, മാംഗനീസ്, കോപ്പർ എന്നിവയും വൈറ്റമിൻ ഇ യും ഫോളിക്കാസിഡും ഇതിൽ അടങ്ങിയിരിക്കുന്നു. നമുക്കാവശ്യമുള്ള നാരുകളും ഇതിൽ ധാരാളമുണ്ട്. കൊഴുപ്പ് കുറഞ്ഞ, അന്നജം നിറഞ്ഞ ഈ ആഹാരം ശരീരത്തിനാവശ്യമായ ഊർജ്ജം നൽകുന്ന ഭക്ഷണങ്ങളിൽ മികച്ചത് തന്നെയാണ്. ഇതിലടങ്ങിയിരിക്കുന്ന ഉയർന്ന തോതിലുള്ള പൊട്ടാസ്യം, വൃക്ക, ഹൃദയം, പേശികൾ എന്നിവയുടെ പ്രവർത്തനത്തിന് അത്യന്താപേക്ഷികമാണ്. ചെറിയതോതിലെങ്കിലും ഇതിൽ അടങ്ങിയിരിക്കുന്ന സിങ്ക്, വിറ്റാമിൻ ഇ, ഫോളിക് ആസിഡ് എന്നിവ രോഗപ്രതിരോധ ശക്തിയ്ക്കും അനിവാര്യമായവ തന്നെ. കാൽസ്യത്തിന്റെ ഒരു ഉറവിടമാണ് തൈര്. ദഹനം, കുടലിലെ നല്ല ബാക്റ്റീരിയകളുടെ പ്രവർത്തനങ്ങൾ എന്നിവയെ സഹായിക്കുന്ന ഒരു ആഹാരം കൂടിയാണിത്. പതിവായി ആഹാരത്തോടൊപ്പം തൈര് കഴിക്കുന്നത് പല രോഗങ്ങളെയും തടയുന്നതിന് സഹായിക്കും എന്നും ചില പഠനങ്ങളുണ്ട്.  

ചേരുവകൾ

റവ ഒരു കപ്പ്

സേമിയ 3/4 കപ്പ്

തൈര് ഒരു കപ്പ്

ഇഞ്ചി ചെറുതായി അരിഞ്ഞത് 1/2 സ്പൂൺ

പച്ചമുളക് ചെറുതായി അരിഞ്ഞത്  2 എണ്ണം

മല്ലിയില ചെറുതായി അരിഞ്ഞത് 6 ടേബിൾസ്പൂൺ.

എണ്ണ/ നെയ്യ് ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം.

വറുത്ത സേമിയ ചൂടു വെള്ളത്തിൽ മുക്കി മൃദുവാക്കുക. മറ്റൊരു പാത്രത്തിൽ റവ, തൈര്, ഇഞ്ചി, പച്ചമുളക് എന്നിവ ചേർത്തിളക്കുക, ഇതിലേയ്ക്ക് കുതിർത്തു വച്ചിരിക്കുന്ന സേമിയ, അരിഞ്ഞു വച്ചിരിക്കുന്ന മല്ലിയില, ഉപ്പ് എന്നിവ ചേർത്ത് നന്നായി ഇളക്കുക. ഇതാണ് നമ്മുടെ ദോശ മാവ്. ചൂടാക്കിയ തവയിലേയ്ക്ക് എണ്ണയോ നെയ്യോ ഒഴിച്ച് ചൂടാക്കിയ ശേഷം രണ്ട് ടേബിൾസ്പൂൺ മാവ് ഒഴിച്ച് പരത്തുക. ഇത് ഒരു അടപ്പ് ഉപയോഗിച്ച് അടച്ച് മീഡിയം തീയ്യിൽ വേവിക്കുക. വശങ്ങൾ ബ്രൗൺ കളറാകുമ്പോൾ തിരിച്ചിടാം. രുചികരമായ റവ സേമിയ ദോശ തയ്യാറായിക്കഴിഞ്ഞു. ഇത് ചട്ണി, സാമ്പാർ എന്നിവ ചേർത്ത് കഴിക്കാം.


ഡോ. ഷേർളി സുനീത്

2021 ഒക്‌ടോബർ 28, വ്യാഴാഴ്‌ച

പ്രതികരണങ്ങൾ

 

മാസിക നന്നാകുന്നു. വായിച്ച ലക്കങ്ങൾ എല്ലാം തന്നെ മിഴിവുറ്റത്. മുഖമൊഴി നൽകുന്ന സന്ദേശങ്ങൾ കരുത്തുറ്റവ തന്നെയാണ്. കഥകൾ, കവിതകൾ, ലേഖനങ്ങൾ എല്ലാം ഒന്നിനൊന്ന് മെച്ചം. അഭിനന്ദനങ്ങൾ

കെ. ആർ. പ്രദീപ്, കടലുണ്ടി


ഒരു ഓൺലൈൻ മാസികയിൽ നിന്നും വളരെ വിഭിന്നമായി തോന്നി. മറിച്ചു വായിക്കുവാൻ കഴിയുന്ന അനുഭവം ഒരു അച്ചടി മാസിക വായിക്കുന്ന അനുഭവം നൽകുന്നു. ഉള്ളടക്കവും ഒരു മികച്ച മാസികയുടേതു തന്നെ. മുഖമൊഴി, ശ്രീ സുമേഷ് രാമചന്ദ്രന്റെ ലേഖനങ്ങൾ എന്നിവ മാസികയുടെ മാറ്റു കൂട്ടുന്നു. പുസ്തക നിരൂപണം ആ പുസ്തകങ്ങൾ വായിക്കണമെന്ന ആഗ്രഹം ജനിപ്പിക്കുന്നു. സഞ്ചാരം നല്ല വായനയും ഒപ്പം ധാരാളം അറിവുകളും പകരുന്നു. കഥകളും കവിതകളും നന്നാവുന്നുണ്ട്.

ശ്രീ പാർവതി, ഓസ്ട്രേലിയ


എനിക്കേറ്റവും ഇഷ്ടമുള്ള മലയാള മാസിക എന്ന് പറഞ്ഞാൽ ഒട്ടും അതിശയോക്തിയില്ല. സ്ത്രീ കഥാകൃത്തുക്കളെ വളരെയധികം പ്രോത്സാഹിപ്പിക്കുന്നുണ്ട് ഈ മാസിക എന്ന് നിസംശയം പറയാം. കഴിഞ്ഞ ലക്കത്തിൽ ഷീന പിള്ളൈ സിങ്ങ് എഴുതിയ പ്ലാനിങ്ങ് എന്ന കഥ വളരെ നന്നായിരുന്നു. വീണയെപ്പോലെ ധാരാളം പേർ നമുക്കിടയിലുണ്ടാകാം. ഞാൻ തന്നെയാണോ വീണ എന്ന് പോലും തോന്നിപ്പോയി. കഥാകൃത്തിന് അഭിനന്ദനങ്ങൾ.

ജിഷ ഗോപിനാഥ്, കൊൽക്കത്ത 


ഇതിവൃത്തം എന്ന പേരാണ് എന്നെ കൂടുതൽ ആകർഷിച്ചത്. പേരുപോലെ തന്നെ മനോഹരമായ ഇതിവൃത്തവും. സുമേഷ് രാമചന്ദ്രൻ എഴുതുന്ന കുറിപ്പുകൾ (അങ്ങനെ വിളിക്കാനാണെനിക്കിഷ്ടം) നല്ല നിലവാരം പുലർത്തുന്നു. ഹാസ്യരൂപേണ കാര്യം അവതരിപ്പിക്കുന്നതിൽ അദ്ദേഹം വിജയിക്കുന്നുണ്ട്. ഇന്തോന്വേഷ്യൻ ദിനങ്ങൾ എന്ന ഡോ. സുനീത് മാത്യുവിന്റെ യാത്രാ വിവരണവും നന്നാവുന്നുണ്ട്.

നിസ്സാർ അഹമ്മദ്, ചെന്നൈ   


വായനക്കാരുടെ സ്നേഹം നിറഞ്ഞ കുറിപ്പുകൾക്കു നന്ദി. ഈ പ്രോത്സാഹനമാണ് ഞങ്ങളുടെ കരുത്ത്. 

എഡിറ്റർ