2021 ഒക്‌ടോബർ 30, ശനിയാഴ്‌ച

അപരാജിത

 


സങ്കീർണ്ണമായ ജൈവപ്രക്രിയകളിലൊന്നിൽ കൂടെപ്പിറന്നവരെ പിന്നിലാക്കി ലക്ഷ്യത്തിലെത്തിയ ജീവകണം,

അതെത്തിച്ചേർന്ന സ്നിഗ്ദ്ധതയിൽ വിലയിച്ചപ്പോൾ എന്റെ പിറവിയായി.

ഒരു ബിന്ദുവായ്, വൃത്തമായ്, ദീർഘവൃത്തമായ് ഞാൻ വളർച്ചയുടെ പടവുകൾ കയറി.

പിന്നെയാ ദീർഘവൃത്തത്തിൽ ചുനപ്പുകൾ കിളിർത്ത് കൈകാലുകളായി.

കാലുകൾ തുടങ്ങുന്നിടത്തെ ചെറിയ വിള്ളൽ എന്റെ ലിംഗം കുറിച്ചു.

ഇടക്കിടക്കു തഴുകിക്കടന്നുപോയ സ്കാനിങ് രശ്മികളെ എനിക്കു പേടിയായിരുന്നു.

തിരിച്ചറിയപ്പെട്ട എന്നെ തോണ്ടിയെറിയാനുള്ള വിരലുകളോ കൊടിലുകളോ ഞാൻ പ്രതീക്ഷിച്ചു.

ഇല്ല, ഒന്നുമുണ്ടായില്ല.

ഒരുപക്ഷേ എന്നെ തിരിച്ചറിഞ്ഞിട്ടുണ്ടാവില്ല.

അല്ലെങ്കിൽ അറിഞ്ഞിട്ടും വെറുതെ വിട്ടതാവാം.

വയറിനു മുകളിൽ അമ്മയുടെ വിരലുകളെന്നെത്തിരയുന്നതു ഞാനറിഞ്ഞപ്പോൾ, ചെറുതായി ഞാനെന്റെ കൈകാലുകൾ ചലിപ്പിച്ചു. അച്ഛൻ അമ്മയുടെ അടിവയറ്റിൽ കവിൾ ചേർത്തു വച്ചു.

എനിക്ക് മുമ്പേ ഈ കൂടൊഴിഞ്ഞു പോയവൻ പറയുന്നത് കേട്ടു.




“അമ്മേ, കുഞ്ഞുവാവ എപ്പഴാ വര്വാ?”

ഞാൻ പിന്നെ പലതും കേട്ടു, പലതുമറിഞ്ഞു.

അങ്ങനെ ചിലതൊക്കെ തീരുമാനിച്ചുറച്ചു.

ഫണം വിടർത്തിയാടുന്ന കാമങ്ങൾക്കു വിഷം ചീറ്റുവാനും, വെറുപ്പിന്റെ ജ്വാലയിൽ വെന്തുരുകിത്തീരുവാനുമുള്ളതല്ല എന്റെ ശരീരം-

പണക്കൊതിയുടെ കുരുതിത്തറയിൽ വാർന്നൊലിക്കാനുള്ളതല്ല എന്റെ ചോര-

ചതച്ചരക്കപ്പെടാനോ കീഴടക്കപ്പെടാനോ ഉള്ളതല്ലെന്റെ മനസ്സ്-

സ്നേഹചഷകത്തിൽ നിറച്ചുവച്ച വിഷത്തുള്ളികൾക്കില്ലാതാക്കാനുള്ളതല്ല

എന്റെ ജീവൻ.

ഇനിയുള്ള പിറവികളൊക്കെ ആൺജന്മങ്ങളാവട്ടെ..

നിർഗ്ഗമന മാർഗ്ഗങ്ങളടഞ്ഞ്, അണകെട്ടി നിർത്തപ്പെടട്ടെ അവന്റെ കാമനകൾ..

പിറവികൾ നിലച്ച മണ്ണിൽ മദം പൊട്ടിയലഞ്ഞുതീരട്ടെ അവന്റെ ശിഷ്ടകാലം..

നാളെ പ്രസവക്കിടക്കയിൽ ചത്തു പിറന്ന എന്നെയാരും സഹതാപത്തോടെ നോക്കരുത്!

ആ നോട്ടം പോലുമെന്റെ തോൽവിയായ് കരുതും ഞാൻ.

തോൽക്കാനെനിക്കു മനസ്സില്ല.

അപരാജിതയായി തിരിച്ചു പോകാനെന്നെ അനുവദിക്കൂ…


അനിൽ കുമാർ എം ബി

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ