2022 ജൂൺ 25, ശനിയാഴ്‌ച
മുഖമൊഴി
നിക്ഷേപങ്ങൾക്ക് പുറകേ ഓടുന്ന ഒരു ജനക്കൂട്ടത്തിൽ ജീവിക്കുവാൻ വിധിക്കപ്പെട്ടവരാണ് നമ്മൾ. പല പല തട്ടിപ്പ് നിക്ഷേപങ്ങൾക്കും വിധേയരായിട്ടുള്ളവർ. ആട്, എമു മുതൽ മാഞ്ചിയം വരെ വളർത്തിയവരാണ് നമ്മൾ. അതുകൊണ്ട് തന്നെ കുട്ടികളെ വളർത്തുന്നതിലും ഒരു നിക്ഷേപ സാധ്യത ചിന്തിക്കുന്നതിൽ തെറ്റില്ല.
ഏറ്റവും മുന്തിയ സ്ക്കൂളുകളിൽ പഠിപ്പിച്ച്, അതിലേറെ പണം മുടക്കി ട്യൂഷനുമയച്ച് ഇരുപത്തഞ്ചോളം വർഷങ്ങൾ മുടക്കിയ പണം തിരിച്ചു പിടിയ്ക്കണമെന്ന നമ്മുടെ കച്ചവട മനസ്ഥിതി ചിന്തിച്ചാൽ ഞാൻ കുറ്റം പറയുകയില്ല.
ഒരു കാലത്ത് ആൺകുട്ടികളെ കൂടുതൽ പഠിപ്പിയ്ക്കുകയും പെൺകുട്ടികളെ പഠിപ്പിക്കുന്നതിലുണ്ടാകുന്ന നഷ്ടത്തേക്കുറിച്ച് ചിന്തിക്കുകയും ചെയ്തിരുന്ന ഒരു സമൂഹം ഇവിടെ ഉണ്ടായിരുന്നു.
പെൺകുട്ടികളും സമ്പാദിച്ചു കൊടുക്കുവാൻ തുടങ്ങിയതിനു ശേഷമാകണം, ആ ചിന്താഗതിയിലും മാറ്റങ്ങളുണ്ടായിത്തുടങ്ങി.
പണസമ്പാദനം എക്കാലത്തേയും ഒരു ജീവിതരീതിയാക്കി മാറ്റിയത് നമ്മൾ മാത്രമാണെന്ന് പറയുന്നതിൽ അതിശയോക്തിയുണ്ടാകില്ല. പാശ്ചാത്യ സമൂഹങ്ങളിൽ ഇത്തരം സമ്പാദ്യശീലം വളരെ കുറവാണ്. അവർ ജോലി ചെയ്യുന്നു. ആ പണം ആഘോഷങ്ങൾക്കായും, അവരുടെ സന്തോഷങ്ങൾക്കായും ചിലവഴിക്കുന്നു. നമ്മളാകട്ടെ സന്തോഷങ്ങളും ആഘോഷങ്ങളും ഒഴിവാക്കി ആ പണം ചേർത്ത് വച്ച് വളർത്തുന്നു. സമ്പാദിക്കും തോറും സമ്പാദിക്കുവാനുള്ള ആസക്തി ഉണ്ടാക്കുന്നു.
അടുത്തയിട പലയിടങ്ങളിലും വർദ്ധിച്ചു വരുന്ന വൃദ്ധ സദനങ്ങൾ, ഒരു പക്ഷേ മക്കളിൽ നിക്ഷേപിക്കുന്ന പണം ഒരു പരാജയമാണെന്ന തോന്നൽ, ഇത്തരത്തിലുള്ള വ്യാപാരികളിൽ ഉടലെടുക്കാൻ കാരണമായിട്ടുണ്ടാകാം. അല്ലെങ്കിൽ ആസന്നഭാവിയിൽ ഉണ്ടായേക്കാം.
ഏതൊരു ബിസിനസുകാരനും ആഗ്രഹിക്കുന്നത് ലാഭം ആണല്ലോ. ഇവിടെയും ലാഭം കൊയ്യാൻ കഴിയും. കുട്ടികളെ അവരുടെ അഭിരുചിക്കനുസരണം പഠിപ്പിക്കുക എന്നതാണ് ഉത്തമ മാർഗ്ഗം. സ്നേഹമെന്ന മന്ത്രം കുട്ടികളെ പഠിപ്പിക്കാൻ നമ്മൾ പലപ്പോഴും മറന്നു പോകുന്നു. വിദ്യാഭ്യാസത്തിനോടൊപ്പം അതും പകർന്നു നൽകുക. കൂടെയുണ്ട് എന്ന വിശ്വാസം പകർന്നു നൽകുക. കച്ചവടത്തിൽ നഷ്ടം വരില്ല എന്ന് ഉറപ്പ്. സ്വാർഥത പഠനമാർഗ്ഗമാക്കുന്നവർ സ്വാർത്ഥരായി ത്തന്നെ ജീവിച്ചു തീർക്കുന്നതിൽ എന്താണദ്ഭുതം? നല്ലൊരു മനുഷ്യനാകാനുള്ള അറിവുകൾ കൂടി നൽകുമ്പോഴാണ് വിദ്യാഭ്യാസം പൂർണ്ണമാകുന്നത്.
എല്ലാ കച്ചവടങ്ങളും ലാഭ നഷ്ടസാധ്യതകൾ ഉള്ളതാണ് എന്ന് എല്ലാവർക്കും അറിവുള്ളതാണല്ലോ. ഇപ്പോൾ പലതിലും നിയമപ്രകാരമുള്ള മുന്നറിയിപ്പായി ഇത് രേഖപ്പെടുത്തുന്നുമുണ്ട്. ഒരു കുട്ടി ജനിയ്ക്കുമ്പോൾ എടുത്തു കൊണ്ട് വന്നു കാണിക്കുന്ന ഭൂമിയിലെ മാലാഖമാർ ഇത്തൊരമൊരു മുന്നറിയിപ്പു കൂടി തരാൻ ഇടവരാതിരിക്കട്ടെ. നമ്മുടെ കുട്ടികളെയെങ്കിലും വാണിജ്യച്ചരക്കായി കാണാതിരിക്കാനുള്ള മനസ്ഥിതി നമുക്കുണ്ടാകട്ടെ.
വീണ്ടുമൊരു സ്‌കൂൾകാലം തുടങ്ങുകയായി. നമ്മൾ മാറ്റി ചിന്തിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ഇതാകട്ടെ ഈ മാസത്തെ ചിന്ത.
ഡോ. സുനീത് മാത്യു
വന്നു. കണ്ടു. പോയി.
വരുമെന്നറിയാമായിരുന്നു. രണ്ടുവർഷമായ കാത്തിരിപ്പായിരുന്നല്ലോ. വന്നപ്പോൾ മനസ്സിലായില്ല. വല്ലാതെ മാറിയിരിക്കുന്നു. പഴയ തേജസ്സും പ്രസരിപ്പുമൊന്നുമില്ല. ഒരു പാവത്താൻ.
ഒരുകാര്യം മനസ്സിലാക്കി. കൊറോണ ആശാന് മാസ്കിടുന്നവരെ ഇഷ്ടമല്ല. ഉപദേശിക്കുന്നവരെ ഇഷ്ടമല്ലാത്ത കൗമാരക്കാരനെപ്പോലെ.
ജോലിസ്ഥലത്തുനിന്നാണ് കിട്ടിയത്. ഉന്നതതലസമ്മേളനം. ഞാൻ മാത്രം മാസ്‌കൻ. മറ്റുള്ളവരെല്ലാം അമാസ്‌കർ. ഒറ്റപെടണ്ടല്ലോ എന്ന് കരുതി ഞാനും മാസ്‌ക്കൂരി. ഉടനെ പിടിച്ചു. സമ്മേളനം കഴിഞ്ഞു മാസ്ക് തിരികെകേറ്റിയതാണ്. പറഞ്ഞിട്ടെന്തിനാണ്, അപ്പോഴേക്കും കിട്ടാനുള്ളത് കിട്ടിബോധിച്ചിരുന്നു.
പിന്നെയങ്ങോട്ടു ഏഴുദിവസം ജയിൽ വാസം, അഥവാ വീട്ടുതടങ്കൽ. താഴേക്കീഴിൽ (Down Under aka Australia) രാജ്യമാണ്. കോവിഡ് ഭീകരനെ ഈയടുത്തനാൾ വരെ വരിഞ്ഞു കെട്ടിയിട്ടിരുന്നു. ഊരിവിട്ടിട്ടു കുറച്ചു നാളുകൾ ആകുന്നേയുള്ളൂ. സ്വതന്ത്രമായി ലവൻ അഴിഞ്ഞാടുന്ന സമയം.
പൂജ്യദിവസം (ഡേയ്..സീറോ)
രാവിലെ ചെറിയ ഒരു വല്ലായ്കയുണ്ടോയെന്നു വെറുതെ, ചുമ്മാ ഒരു തോന്നൽ. തൊട്ടടുത്ത് എലിപരീക്ഷണത്തിനുള്ള (Rapid Antigen Test – RAT TEST) സാമഗ്രികൾ പൊടിപിടിച്ചിരിക്കുന്നു. എടുത്തു, പൊളിച്ചു. കോലെടുത്തു (Swab) മൂക്കിൽ കേറ്റി പത്തുവീതം തവണ കറക്കിയുഴിഞ്ഞു. കോല് ട്യൂബിലെ ലായനിയിൽ തണുപ്പിക്കാൻ വച്ചു. പിന്നെ എണ്ണം പറഞ്ഞ മൂന്നുതുള്ളികൾ ട്യൂബ് ഞെരിച്ചു തെന്നിത്തെറിപ്പിച്ചു. ടെസ്റ്റ് ചീളിന്റെ (Strip) അറ്റത്തുള്ള ദ്വാരത്തിൽ മൂന്നും വീണെന്ന് ഉറപ്പു വരുത്തി. മൂന്ന് നിമിഷങ്ങൾ കഴിഞ്ഞു, റീഡിങ് വെളിച്ചംകണ്ടു. അത്ഭുതം, ഒറ്റവര മാത്രം. സംഭവം ഇല്ലെന്നുറപ്പിച്ചു. അരമണിക്കൂർ കഴുഞ്ഞു വീണ്ടും മൂത്രമൊഴിക്കാൻ ബാത്‌റൂമിൽ കേറിയപ്പോൾ വെറുതെ അവിടിരുന്ന ടെസ്റ്റ് ചീളിനെ വീണ്ടും ഒന്ന് നോക്കിയതാണ്. വര രണ്ടായിരിക്കുന്നു! ‘ഒന്നായ നിന്നെ ഇഹ രണ്ടെന്നു കണ്ടളവില്‍ ഉണ്ടായൊരിണ്ടള്‍ ബദമിണ്ടാവതല്ല മമ’ എന്ന കൺഫ്യൂഷനിലായിലായതുകൊണ്ട് മിണ്ടാതെ ഒന്നുകൂടി ആവർത്തിച്ചു, എലിപരീക്ഷണം. വര രണ്ട്! ഉണ്ടെന്നുറപ്പിച്ചു.
സംസ്ഥാന ആരോഗ്യപരിപാലനവകുപ്പിനെ ഉടൻ വിവരം അറിയിച്ചു. ഏഴുദിവസം പുറത്തെങ്ങാനും കണ്ടാൽ വിവരംഅറിയും എന്ന് അവരും.
രോഗലക്ഷണം: ദിവസം രണ്ടു ചുമ. ചുമക്കുമ്പോൾ മാത്രമുണ്ടാകുന്ന പ്രത്യേകതരം തലവേദന. മനോവേദന.
ഒന്നാം ദിവസം (പ്രഥമൻ)
ഒന്നാം ദിവസം ലവൻ കളിതുടങ്ങി. അപ്പക്കണ്ടവനെ ഡാഡീ…എന്ന ലൈൻ. ശാരീരിക ഉപദ്രവങ്ങളൊന്നുമില്ല. ഒരുതരം സൈക്കോളജിക്കൽ മൂവ്. ആത്മവിശ്വാസം വെറുതെ കേറ്റുന്നു. എനിക്ക് എല്ലാറ്റിനേം പുല്ലുവില. മാസ്കുമാറ്റി ഷോപ്പിംഗിനു പോയാലൊന്നുവരെ ആലോചിച്ചു. ലീവെടുക്കാതെ കൂടുതൽ ജോലി ചെയ്യുന്നു. ഓൺലൈൻ മീറ്റിംഗുകളിൽ താരമാകുന്നു. എന്ന് വേണ്ട, ഇപ്പോപറഞ്ഞാൽ അമേരിക്കൻ പ്രസിഡന്റ് ആകാനും തയ്യാർ എന്ന മട്ട്.
രോഗലക്ഷണം:മൂന്നു ചുമ. തലവേദനയുടെ പൊടിപോലുമില്ല കണ്ടുപിടിക്കാൻ. മുടിഞ്ഞ ആത്മവിശ്വാസം.
രണ്ടാം ദിവസം (ദൂസരി)
അധ്യാപനം ജോലിയായതുകൊണ്ടു ക്ലാസുകൾ എടുക്കണം. ഒന്നും ക്യാൻസൽ ചെയ്തില്ല. ഓൺലൈൻ ക്ലാസ്സുകളാണ്. മാസ്ക്കിട്ടു ക്ലാസ്സെടുത്തു (വെറും ഷോ!). ക്ലാസിനു വന്ന സായിപ്പൻമ്മാരും മദാമ്മകളും ഞെട്ടിത്തരിച്ചു. കുറ്റമറ്റ അഭ്യസനകര്‍മ്മം കണ്ട് കോരിത്തരിച്ചു. അങ്ങ് ദൂരെ ആംഗലേയനാട്ടിൽ ഹോളി ട്രിനിറ്റി ചർച്ചിലെ കല്ലറയിൽകിടന്നു ഷേക്‌സ്പിയർ പുഞ്ചിരിച്ചു. ഇംഗ്ലീഷ് ഭാഷ രക്ഷപ്പെട്ടിരിക്കുന്നു! കമോൺട്ര…സുമേഷ് എന്ന് പറഞ്ഞു പതിനഞ്ചാം നൂറ്റാണ്ടിലെ ഒരു തെറികൂടി വിളിച്ചു അണ്ണൻ, സ്നേഹംകൊണ്ട്.
പറ്റിയാൽ നാല് ഗീതകങ്ങൾ (Sonnets) എഴുതിവിടാം എന്ന ആത്മവിശ്വാസത്തിൽ, ഞാൻ.
രോഗലക്ഷണം:കൂടുതൽ സംസാരിച്ചാൽ നാല് ചുമ. ഇല്ലെങ്കിൽ ഇല്ല. തലവേദനയുടെ കാര്യം മറന്നു. കൊടികുത്തിയ ആത്മവിശ്വാസം.
മൂന്നാം ദിവസം (ത്രിദീയം)
നൂറ്റിയഞ്ചു ഡിഗ്രി പനിയെന്നപോലെ നൂറ്റിയഞ്ചു ശതമാനം ആത്മവിശ്വാസം. ജോലി ഓവർടൈം ചെയ്തു മുന്നേറുന്നു. ഗവേഷക വിദ്യാർത്ഥികളെ പതിവിൽക്കവിഞ്ഞു വിരട്ടുന്നു. സഹഗവേഷക വഴികാട്ടികളെ (റിസർച്ച് ഗൈഡ്)പുച്ഛിക്കുന്നു. എന്നുവേണ്ടാ മലയാളികളായ മലയാളികളുടെയെല്ലാം സഹജമായ പുച്ഛഭാവം എന്നിൽമാത്രം ഉറഞ്ഞുകൂടിയ പുച്ഛകോടി. എന്നുപറഞ്ഞാൽ ലോകത്തിലെ ആകമൊത്തം പുച്ഛത്തിന്റെ തൊണ്ണൂറ്റൊമ്പത് ശതമാനവും എന്നിൽ!
രോഗലക്ഷണം: ചുമ ചുമക്കാതായി. അതി കഠിനമായ പുച്ഛം.
നാലാം ദിവസം (ചതുർഥി)
വീട്ടുതടങ്കലിൽ നാലാം ദിവസത്തിലേക്ക് കടന്നപ്പോൾ പുച്ഛവും ആത്മവിശ്വാസവും വിഷാദനത്തിന്റെ നീലിമച്ഛായയിലേക്കു പതിയെ കടന്നു. ഏഴാംദിവസം എങ്ങനെയെത്തിക്കാം എന്ന് കൂലംകക്ഷമായ ചിന്തതുടങ്ങി. ഒരേ കടൽ, ഒരേ ചിന്ത. ഒരേ വിഷാദം.
രോഗലക്ഷണം: വിഷാദം.
അഞ്ചാം ദിവസം (പഞ്ചാഗ്നി)
അഞ്ചായപ്പോൾ പഞ്ചുഡയലോഗ് പോലെ സംഭവം കളറായി. ഊണിന്നാശ തുടങ്ങി, നിദ്ര പകൽപോലും വന്നു തൂങ്ങാറായ്. ആർത്തിമൂത്തു പ്രാന്തായി.വയറ്റിൽ പഞ്ചാഗ്നി. വയറ്റിൽ എന്തിട്ടാലും നൊടിയിടയിൽ കത്തി ചാമ്പലാകുന്ന സവിശേഷാവസ്ഥ വന്നുഭവിച്ചു. തീറ്റ മൂന്നുനേരം എന്നുള്ളത് മുപ്പതായാലും മുഷിയില്ല ‘ന്നായി. വിഷാദം തിന്നാത്തതിനായി. ആത്മവിശ്വാസം തിന്നുന്നതിനായി.
രോഗലക്ഷണം: തീറ്റപ്പണ്ടാരം.
ആറാം ദിവസം (ചക്ക)
തീറ്റകൊണ്ട് രോഗാവസ്ഥയിലും തടികൂടി. ഒരുദിവസം കൊണ്ട്! ആമാതിരി തീറ്റയായിരുന്നല്ലോ. അടുക്കളയടിമ. ശൗചാലയവാസി. ആറാം ദിവസം ആർത്തി കുറഞ്ഞു. ബുദ്ധി തെളിഞ്ഞു. നാളെ ഏഴാംനാൾ ആണെന്ന മനപ്പായസം വേണ്ടുവോളം കുടിച്ചു. ഋണമുക്തനായവനെപോലെ സമ്പൂർണനായി അഹങ്കരിച്ചു.
രോഗലക്ഷണം: സന്തോഷം.
ഏഴാം ദിവസം (സപ്തമശ്രീ)
ഏഴാം ദിവസം ആരോഗ്യപരിപാലനവകുപ്പിൽ നിന്നും അറിയിപ്പെത്തി. നിങ്ങൾ ഇന്നുരാത്രി പന്ത്രണ്ട് മണി കഴിയുന്ന ശുഭമുഹൂർത്തം മുതൽ വീണ്ടും ഒരു സ്വതന്ത്രമനുഷ്യൻ ആയിരിക്കും. അനുമോദങ്ങൾ. രോഗലക്ഷണങ്ങൾ ഒന്നുപോലുമില്ലെങ്കിൽ പുറത്തിറങ്ങിൻ, ആഹ്ലാദിപ്പിൻ, ഉന്മാദിപ്പിൻ.
എലിപരീക്ഷണത്തിൻറെ (RAT TEST)കാര്യം ചിന്തിച്ചു പോകരുത് എന്ന ഭീഷണിയും. പുതുനിയമം. ഏഴാം നാൾ നെഗറ്റീവ് ആകണ്ട. ബീ പോസിറ്റീവ്.
രോഗലക്ഷണം:ഉന്മാദം.
വാൽക്കഷണം:
ലവൻ പുലിയാണ് കേട്ടാ. ഒരു സാധാരണ വൈറസിനെ കാണുന്നതുപോലെ നിങ്ങൾ അവനെ കണ്ടുപോകരുത്. ആശാൻ ബഹുമുഖപ്രതിഭയാണ്. കളിക്കളംപോലെ കളിമാറ്റും. ഓന്തിനെപ്പോലെ നിറം മാറ്റും. കമലഹാസനെപ്പോലെ മുഖം മാറ്റും. കുറുപ്പിനെപ്പോലെ കളം മാറ്റും.
നിങ്ങൾക്ക് കോവിടിനെക്കുറിച്ചു ഒരു ചുക്കും അറിയില്ല സാർ.
സുമേഷ് രാമചന്ദ്രൻ
പൂ(ത്ത)പ്പാത്രം
ധാവണി പ്രായംതൊട്ടേ
കണ്ണു നീട്ടിയെഴുതി
ചുണ്ടിൽ കടും ചുവപ്പെഴുതി
അലുക്കിട്ട കുപ്പായമിട്ട്
കറുത്ത വാവിന്
ചുവന്നു കാത്തിരിക്കുന്ന
പൂപ്പാത്രമുണ്ടവൾക്ക്.
അടിമുടി പൂത്തുനിന്ന്
സൂര്യകാന്തി പൂക്കളെമാത്രം
ഗർഭം ധരിക്കാൻ കൊതിച്ചത്.
കൂടൊരുക്കി
പട്ടുമെത്ത വിരിച്ച്
തെല്ലും മുഷിയാതെ
കാത്തിരിക്കുന്ന,
എല്ലാ വെളുത്ത വാവിനും സൂര്യകാന്തിയെ മാത്രം
ഉറ്റുനോക്കുന്ന
പൂപ്പാത്രം.
ഇരുപത്തെട്ടിന്റെ കാത്തിരിപ്പിൽ
നിലാവിന്റെ തോളുചാരി
വേലിയിറക്കത്തിൽ
നിരാശയുടെ ചുവന്ന കണ്ണീർ
ഇടക്ക് ഒഴുക്കിക്കളയുമത്.
സ്വയം കഴുകിപ്പിഴിഞ്ഞ്
വേദനിച്ചാലും,
കാത്തിരിപ്പിലേക്ക് ഉറ്റുനോക്കി
മുറതെറ്റുന്നത് വരെ
സ്നേഹത്തിന്റെ ചാലുകീറി
പഞ്ഞിക്കെട്ട് കെട്ടും.
മാസക്കുളിയിൽ
കരഞ്ഞു തീർക്കും.
പിന്നെ പുഴയൊഴുകാതായനാൾ
സൂര്യകാന്തി വിത്തു മുളച്ചുവെന്നറിഞ്ഞ്
മധുരം പകുക്കും.
ചുറ്റിനും വേൾപൂൾ തീർത്തു
പുഴയപ്പോൾ ചുറ്റിലും
പതുപതുത്ത കോട്ടകെട്ടും.
നട്ടു നനച്ചു തൊട്ടു തലോടി
നീന്തൽ പഠിപ്പിച്ചി-
തളുകളിൽ ഉമ്മവെച്ച്
വട്ടം കെട്ടിപ്പിടിച്ച്
സുരക്ഷിതമാക്കും.
അവളുടെ ഒത്ത നടുവിൽ
ജീവനിൽ ചരടുകോർത്ത
ഒരു പിടിവള്ളി പൊക്കിൾക്കൊടിയിൽ
നിന്നും ഊഞ്ഞാലു കെട്ടും.
ഏറെ വളവും നനവും കരുതും.
നിറയെ തേൻ ശേഖരിച്ചു വെയ്ക്കും.
പൂപ്പാത്രമിരിക്കുന്ന മുറിയും
നെറ്റിപ്പട്ടംകെട്ടി അതിസുന്ദരിയാവും.
വ്യാക്കൂണുകളിൽ പുളിമാങ്ങയും
മസാലദോശയും ഇടം പിടിക്കും.
അങ്ങനെ ഒരിക്കൽ
പൂപ്പാത്രം പൂത്തുതുടങ്ങും.
അകത്തളങ്ങളിൽ ക്ലാവ് പിടിക്കും.
ചിലപ്പോൾ ഇത്തിൾകണ്ണികളും
കൂണുകളും പൊന്തി വരും.
ആരുമറിയാതെ
കുഞ്ഞൻ ഞണ്ടുകൾ ഒളിച്ചിരിക്കും,
പെറ്റുപെരുകും.
അവറ്റകളെ കണ്ടുപിടിച്ചു
പടിയടയ്ക്കുന്നത്
ബാലികേറാമലയാണ്,
മഹാ ഭാഗ്യമാണ്.
ഇടക്ക് നിലവിളിക്കുന്ന
ചുവന്ന പുഴയിലെ ചുഴിയിൽ
ജീവരക്തം വാർന്നോഴുകുമ്പോൾ
സുര്യകാന്തിപൂക്കൾ
ഇടംവലം കെട്ടിപ്പിടിക്കും.
അവസാനം,
സൂചിമുനപോലെ
വേദന തിന്നുന്ന
പൂപ്പാത്രത്തെ ഇനി
വേണ്ടെന്നു വയ്ക്കും.
സൂര്യകാന്തി പൂത്ത പാടമാണ്.
കണ്ണടച്ചു പൂത്ത(പൂ )പാത്രം
തച്ചുടച്ചു കളയും.
“സ്വസ്ഥം!
ഇനി ഇരുപത്തിയെട്ടിന്റെ കാത്തിരുപ്പ്
വേണ്ടല്ലോ “എന്ന്
കൺകോണിൽ ഒരു തുള്ളി
നുണ ചിരിച്ചുചിരിച്ച്
കവിളുകളെ നനയ്ക്കും.
റാണി സുനിൽ
വയലറ്റ് മറുക്
അയാൾ എനിക്കൊരു മുറിയായിരുന്നു. എന്റെ സങ്കടങ്ങളേയും എന്റെ നിരാശകളെയും, എന്റെ മുൻകോപങ്ങളെയും നാല് ചുവരുകൾക്കുള്ളിൽ അടക്കിവെച്ചുകൊണ്ട്, എന്നെ പൊതിഞ്ഞു വെച്ചിരുന്ന ഭംഗിയുള്ള മുറി.
എന്നന്നേയ്ക്കുമായി ആ മുറിയുടെ താക്കോലാണ് കളഞ്ഞുപോയിരിക്കുന്നത്. ആ മുറിയാണ് അടഞ്ഞു പോയിരിക്കുന്നത്. അയാൾ ഇതിനു മുൻപും ഇത്രയും ശാന്തമായി ഉറങ്ങുന്നത് ഞാൻ കണ്ടിട്ടുണ്ട്.
അതിന് തൊട്ടുമുൻപ് ഞങ്ങൾ ഒരുപാട് സംസാരിച്ചിരുന്നു. അതൊരു വെയിൽ മങ്ങിയ ഞായറാഴ്ച പകൽ ആയിരുന്നു. ഞാൻ, അയാളുടെ ഉറച്ച ശരീരത്തിലൂടെ മെല്ലെ വിരലുകൾ ഓടിച്ചു. അയാളുടെ കഴുത്തിൽ, രോമാവൃതമായ നെഞ്ചിനു തൊട്ടു മുകളിലായി, ഒരു വയലറ്റ് മറുക് ഉണ്ടായിരുന്നു.!
” നിനക്ക്, എന്നിൽ ഏറ്റവും ഇഷ്ടം എന്താണ്? “
” ഈ വയലറ്റ് മറുക്!”
” ഒഹ്, വയലറ്റ്! നിനക്ക് ആരോ ആ നിറത്തിൽ കൈവിഷം തന്നതാണ് പെണ്ണേ. അതല്ലാതെ മറുകുകൾ എല്ലാം കറുപ്പാണ്. “
ഞാൻ സമ്മതിച്ചു കൊടുക്കാറില്ല.
” നിങ്ങൾക്ക് അതിനെ വയലറ്റായി കാണുവാൻ കഴിയാത്തത് കൊണ്ടാണ്. “
ആ വിഷയത്തിൽ ഏതുസമയവും ആരുമായും ഞാൻ തർക്കിക്കുമായിരുന്നു.
അയാൾ എന്റെ അണിവയറിൽ വീണ്ടും അധരങ്ങളാൽ തഴുകികൊണ്ടിരുന്നു. ഞാൻ മൗനമായി മുറിയിലെ കറങ്ങുന്ന പങ്കയിൽ മാത്രം ദൃഷ്ടി ഉറപ്പിച്ചു.
” നിങ്ങള്ക്ക്, എന്നോട് പ്രണയം തോന്നുന്നുണ്ടോ..? ”
എന്റെ കണ്ണുകളിലേയ്ക്ക് അയാൾ നോക്കി. അവ അപ്പോഴും മുകളിലേയ്ക്ക് മാത്രം ശ്രദ്ധിച്ചു കൊണ്ടിരുന്നു.
” എന്ന് തിരക്കിയാൽ..? നിന്നോട് പ്രണയം തോന്നാത്ത പുരുഷന്മാർ ഉണ്ടോ? ശരീരം കൊണ്ട് നീ എന്തു സുന്ദരിയാണ്. നിനക്ക് വല്ലാത്ത വശ്യതയാണ്. എന്തുകൊണ്ട് നീ നിന്നിൽ അമരുന്ന പുരുഷന്മാരെ കൈവിടുന്നു.? നിന്റെ പ്രണയത്തിന്റെ ഭംഗി നൽകാതെ കൈവിടുന്നു? ”
അയാൾ നഗ്നമായ മാറിടങ്ങളിൽ ചുംബിച്ചു കൊണ്ട് വീണ്ടും ചോദിച്ചു.
” അതിന് നിങ്ങൾക്ക് എന്നെ പ്രണയിക്കുവാൻ കഴിയുമോ? “
“എന്തോ അറിയില്ല. “
” നിങ്ങളുടെ ആദ്യകാമുകിയെയും, ഭാര്യയെയും പ്രണയിച്ചത് പോലെയാണോ? അങ്ങനെ എനിക്കൊരു പ്രണയം ആവശ്യമില്ല, വിവേക്. “
” ഒഹ്, പ്ലീസ് നിധി. ഒരു പുരുഷന് അവന്റെ ജീവിതത്തിൽ അങ്ങനെ ഒരുപാട് സ്ത്രീകൾ ഉണ്ടായേക്കാം. ഒരുപാട് പേരെ പ്രണയിച്ചുവെന്നാൽ ഓരോ സ്നേഹങ്ങൾ ഓരോ തരം പ്രണയിക്കപ്പെടലുകൾ അവനിൽ ഉണ്ടെന്നല്ലേ അർഥം. എനിക്കാരുടേയും ഗുഡ് സർട്ടിഫിക്കറ്റ് ചാകുമ്പോൾ ആവശ്യമില്ല. “
” അതേയ്, ഒന്ന് മാറുവോ കുട്ടി “
ഞാൻ ഒന്ന് ഞെട്ടിയത് പോലെ ചുറ്റും നോക്കി. കത്തിതീർന്ന ചന്ദനത്തിരികൾക്ക് പകരം പുതിയൊരു കൂട് ചന്ദനത്തിരിയുമായി വന്ന പൊക്കമുള്ള ഒരാൾ ആണ്. അത്, വിവേകിന്റെ ആരാണ്? അച്ഛനോ? അമ്മാവനോ? എനിക്ക് മനസ്സിലായില്ല.
ആ ചന്ദനത്തിരിയുടെ ഫേഗ്രൻസ് ഏതായിരിക്കുമെന്ന് മാത്രം ഞാൻ തലപുകഞ്ഞു ആലോചിച്ചുകൊണ്ടിരുന്നു. ചില ഗന്ധങ്ങൾ, അയാൾക്ക് ഇഷ്ടമായിരുന്നില്ലല്ലോ.
അയാളുടെ ഭാര്യ, വിളക്കിനു മുന്നിൽ ഇരിക്കുന്നുണ്ട്. അവരുടെ കണ്ണുകൾ നനഞ്ഞിട്ടുണ്ടോ? അവർ മൂക്കുപിഴിയുന്നുണ്ടോ? അവർക്ക് കഷ്ടിച്ച്, 35 വയസ്സ് പ്രായം കാണും. ഇപ്പോൾ അവർ ചിന്തിക്കുന്നത് എന്തായിരിക്കും?
എനിക്ക് അവിടെ ശ്വാസം മുട്ടുന്നത് പോലെ തോന്നി. ഞാൻ പതിയെ വീടിന്റെ അകത്തു കടന്നു. ആ വീട്ടിൽ ഇപ്പോൾ ആരും തന്നെ അപരിചിതർ അല്ല. ആർക്കും എവിടെയും കയറാം. ഞാൻ, വിവേകിന്റെ മുറി എളുപ്പം കണ്ടുപിടിച്ചു.
അവന്റെ അലമാരകളിൽ, എന്റെ വിയർപ്പുമണം ഒളിച്ചിരിക്കുന്ന സാരി ഉണ്ടായിരുന്നിരിക്കണം. ഒരിക്കൽ ബാംഗ്ലൂരിൽ വെച്ച് ഒരു വീഡിയോ കോളിൽ അവൻ എന്റെ വയലറ്റ് സാരി പുതച്ച് ഇരിക്കുന്നത് എന്നെ കാണിച്ചു തന്നിട്ടുണ്ട്.
അവന്റെ മാൽബോറോ സിഗരറ്റ് ഗന്ധം പൊടുന്നനെ എന്നെ പൊതിയുന്നത് പോലെയോ, എനിക്ക് വീണ്ടും ശ്വാസം മുട്ടുന്നത് പോലെയോ തോന്നി. ഞാൻ തിരികെ അവനെ കാണുന്ന ദൂരത്തിൽ മാറി നിന്നു.
എനിക്കും അവൻ എന്റെ ആയിരുന്നു, എനിക്കും അവനെ നഷ്ടമായിരിക്കുന്നു. എനിക്കും അവനെ കെട്ടിപ്പിടിക്കണമായിരുന്നു. എനിക്കും അവന്റെ നെഞ്ചിൽ കിടന്നു പൊട്ടിക്കരയണമായിരുന്നു.
അവന്റെ ഭാര്യ അകത്തു പോയി വിശ്രമിക്കട്ടെ. ഞാൻ ഇരുന്നോളാം അവന്റെ അടുത്തെന്നു ഉറക്കെ പറയണമായിരുന്നു. പക്ഷേ ഞാൻ ആരാണ്?! എനിക്കെന്ത് അവകാശം?! പണ്ടെപ്പോഴോ കൂടെ കിടന്നതോ?
അങ്ങനെയെങ്കിൽ ബാംഗ്ലൂർ നഗരത്തിലെ മുന്തിയതരം എല്ലാ പെൺകുട്ടികൾക്കും അതിനുള്ള അവകാശം ഉണ്ടായിരിക്കും. ഒന്നും ആരെയും വിശുദ്ധനാക്കുന്നില്ലല്ലോ.
” ഇനി ആരാ ഉള്ളത്? “
കാൽക്കൽ എള്ളും പൂവും സമർപ്പിക്കുവാനാണ്. ഞാൻ പതിയെ നീങ്ങി നിന്നു, അവനെ നോക്കി. അവൻ എന്നെ നോക്കുന്നുണ്ട്.
” ഇനി, എന്തിനാണ് നീ വന്നത്? “
എന്നാണോ ആ നോട്ടത്തിന്റെ അർഥം.? ഞാൻ അവനെ തന്നെ നോക്കിയിരുന്നു. അവന്റെ കഴുത്തിൽ ആ വയലറ്റ് മറുക് തെളിഞ്ഞുവന്നു. ഉടുപ്പിച്ചിരുന്ന വെള്ളയുടെ മുകളിലൂടെ വയലറ്റ് നിറം പടർന്നൊഴുകി.
” ദേ, വയലറ്റ് മറുക് “
ഞാൻ ഉറക്കെ പറഞ്ഞു. എല്ലാവരും എന്നെ സൂക്ഷിച്ചു നോക്കി. ഞാൻ പതിയെ ഒന്നും മിണ്ടാതേ ഇറങ്ങി നടന്നു. പുറകിൽ ആരോ പിറുപിറുക്കുന്നുണ്ടായിരുന്നു.
” ഹേയ് അതൊരു ഈച്ചയാണ്. മറുകാണെന്ന് ആ കുട്ടിയ്ക്ക് തോന്നീതാവും. ശാലിനി, ആ തോർത്ത് കൊണ്ട് ഒന്ന് വീശിയേക്കൂ. “
ഞാൻ, തർക്കിക്കുവാൻ നിന്നില്ല. എനിക്ക് അല്ലെ നഷ്ടമായത്, എനിക്ക് അല്ലെ ദുഃഖമുള്ളത്. എന്നെയല്ലേ അവൻ എന്നും വേദനിപ്പിക്കുന്നത്? ആവില്ല, അത് ഈച്ച തന്നെയാകും. വയലറ്റ് മറുക് ആവില്ല.ആവുകയേ ഇല്ല.
ഹരിത. ആർ. മേനോൻ
ഇരണ്ടാം പെൺ
തെരുവീഥികൾ പ്രകമ്പനം കൊണ്ടു
വിറച്ചിടുമാനേരം ,
കണ്ണിൽ നിന്നുതിരുന്ന നീർത്തുള്ളികൾ
ചുടുചോര പോലാമണ്ണിൽ പതിച്ചീടവേ !
അതാ വരുന്നുണ്ടേയൊറ്റച്ചിലമ്പും
കൈയ്യിലുയർത്തി –
ക്കലിപൂണ്ടലറിക്കൊണ്ടവൾ കണ്ണകി .
പാണ്ഡ്യനാട്ടരചനിൻ മുമ്പാകെതന്നുയിർ –
കണവന്റെ ജീവൻ തിരിച്ചു വാങ്ങാൻ .
ലഭ്യമല്ലാവാഴ്‌വ് എന്നു തിരിച്ചറിഞ്ഞുടനെ
ശപിച്ചവളാ തമിഴകത്തെ !
സംഘത്തമിഴ്ദേശം മധുരൈമാവട്ടത്തെ
തീയിലെരിച്ചവളാർത്തലച്ചു.
വെന്തെരിയുന്നു മനുഷ്യദേഹങ്ങൾ .
വെന്തെരിയുന്നു വണികർവ്യാപാരങ്ങൾ.
രത്നവും മുത്തും പവിഴവുമല്ലെന്നുവേണ്ട –
പൊരുൾക്കൾ മൊത്തമഴിയുന്നു.
നെടുംചെഴിയരാജാവിൻ കൊട്ടാര സമുച്ചയം
വൻ തീഗോളമായ് നിന്നു കത്തിടുന്നു.
താൻ വാഴ്ന്ത കാലത്തിൽ കറുത്ത താളുകൾ
ചാരമായ് കാറ്റിൽ പറന്നുയരേ,
കരിഞ്ഞ ചോരയും മാംസവും
കാലിൽ പതിപ്പിച്ച്
നടന്നിടുന്നേയവൾ മധുരയിൻ നായകി.
നടന്നു മറയവേ നാശങ്ങളേറ്റവും
ദുരിതവും വന്നു വീണ മണ്ണിൽ
അത്രയും ദൂരെയല്ലെങ്കിലും കേൾക്കാം
ഒരു പെണ്ണിൻ അടക്കിയ തേങ്ങലുകൾ.
ചന്ദ്രജ്യോതിയെന്നു പുകഴ്പെറ്റ പെണ്ണവൾ
തെന്മധുരൈവണികർ
കുടുംബത്തിൽ ചേർന്നവൾ ,
വൈഗയാർക്കരയിൽ തളർന്നിരുന്ന്
തൻമകൻ പോയെന്നുറക്കെ പുലമ്പുന്നു.
“അമുതനേ നീയെങ്ങും പോയിടാതെ
അമ്മയ്ക്കു നീയെന്നും അമൃതു തന്നെ.”
വീശുമീ കാറ്റിലവന്റെ ശ്വാസം
പാറിപ്പറന്നിടും ചെറുകിളി പോൽ,
ഉയരുന്ന പുകയിലവന്റെ ഗന്ധം
ചക്രവാളത്തിൽ ചേർന്നിടുന്നു.
” അറിയുന്നു ഞാനെൻ മകനേ…… –
അമുതനേ …..
നിൻ മനം എന്തു തവരു ചെയ്തു?
എരിയുന്ന തീയിൻ വായിലകപ്പെടാൻ
നെടുംചെഴിയരാജനാർ നിനക്ക് ?
തപ്പും തവരുമായ് ശിക്ഷ നൽകിയ
നൃപനോ പ്രാണൻ വെടിഞ്ഞു പോയി.
പാവമാം കോവലനെന്നേയുലകം വിട്ടു –
പോയെന്നാലുമെന്റെ കുഞ്ഞേ ….
നിന്റെയിളം പ്രാണനെന്തിനു വിട്ടുപോയി?”
ഇങ്ങനെ പലവിധം പുലമ്പുന്നു മാതാവ്,
തൻ വയറ്റിലടിച്ചലറിക്കരയവേ !
കളകളം പാടിയൊഴുകുന്ന വൈഗയും
അന്നു പാടി ഒടുങ്ങാത്ത ദുഃഖത്തിൻ ഗാനം.
വീണ്ടും പുലമ്പുന്നു ചന്ദ്രജ്യോതിയവൾ
“ഇനി ഞാനെന്തിനീ ധരണിയിൽ ?
ഹൃദയത്തിൽ ചൂടുവാൻ പൂക്കളില്ല ,
സ്നേഹിക്കുവാനിന്നു നീയുമില്ല.
വീടില്ല നാടില്ല നഗരമില്ല,
എന്നിൽ കുരുത്ത പ്രാണനില്ല.
ഇനിയെന്തിനു ഞാനീക്കത്തുന്ന –
മധുരയ്ക്ക് കാവലാകാനോ ?
പെൺകോപമാടിത്തിമർത്തു തകർന്ന –
നാട്ടിലൊരുണങ്ങിയ പുൽക്കൊടി പോൽക്കഴിയാൻ ,
കുഞ്ഞേ … ,നീയില്ലാതെന്നാലൊരിക്കലും
ആവില്ലയിനിയും ജീവിച്ചിടാൻ .”
എന്നും പറഞ്ഞുകൊണ്ടവൾ തന്റെ
തളർന്ന കാലുകൾ നിലത്തുരച്ച്
ഏന്തിവലിഞ്ഞങ്ങു പോകുന്നു മുന്നോട്ടു
നിതാനമൊഴുകും വൈഗയിലലിഞ്ഞിടാൻ.
അപ്പോഴേയ്ക്കണഞ്ഞു തുടങ്ങുന്നു മധുരയിൽ
കത്തിയുയരുന്ന തീജ്വാലകൾ.
അറിയില്ല, ആരുമേ പാടിയില്ല.
സംഘത്തമിഴിലും കേട്ടതില്ല.
ഔവ്വയാറിന്റെ ഭാണ്ഡത്തിൻ കെട്ടിലും
ഇളങ്കോമഹാൻ തന്റെ തൂലികത്തുമ്പിലും
കണ്ടില്ല, കേട്ടില്ല ഞാനീയമ്മ തൻ
മരിച്ച മനസിന്റെ വിങ്ങലുകൾ.
പൗർണ്ണമി പുഷ്കരൻ
പാവ
പെൻഷൻ കിട്ടിയ തുകയും കയ്യിൽ ഒരു പഴയ സഞ്ചിയിൽ ഒരു ബനിയനും മുണ്ടുമെടുത്ത് ഇറങ്ങാനൊരുങ്ങിയപ്പോഴാണ് ചാക്കിൽ പഴുക്കാൻ വേണ്ടി കെട്ടി വച്ച പാളയംകോടൻ പഴത്തിൻറെ കാര്യം ഓർമ്മവന്നത്.
തിരിച്ചു പതിയെ ചായ്പ്പിലേക്ക് നടന്ന് വന്ന് ചാക്ക് തുറന്നു നോക്കിയപ്പോൾ നേരിയ മഞ്ഞപ്പ് വീണിട്ടുണ്ട്. അതിൽ നിന്ന് രണ്ട് പടല ഉരിഞ്ഞു കടലാസ്സിൽ പൊതിഞ്ഞു ആ സഞ്ചിയുടെ അടിയിൽ വച്ചു.
രണ്ടോസം കഴിഞ്ഞു തിരിച്ചു വരുമ്പോഴേക്കും മുഴോൻ പഴുത്ത് പോവും ലോ.. അയാൾ ആത്മഗദം പറഞ്ഞു.
ലക്ഷ്മി ഉണ്ടായിരുന്നപ്പോൾ ഒരുപാട് മാങ്ങയും ചക്കയും പഴവുമെല്ലം ചാക്കിൽ കെട്ടി തലയിലും കയ്യിലുമായി കൊണ്ടുപോകുമായിരുന്നു. അവൾ പോയിട്ട് വർഷം ഒന്ന് കഴിഞ്ഞു. ഇന്നിപ്പോൾ അതെല്ലാം അണ്ണാനും കിളികൾക്കും മാത്രമായി. ഈ രണ്ട് പടല പഴം തന്നെ തൂക്കി പിടിക്കാൻ പ്രായം അനുവദിക്കുന്നില്ല. ഇന്നലെ മോനെയും മീനു കുട്ടിയേയും കാണാൻ ഇറങ്ങേണ്ടതായിരുന്നു. ബാങ്കിൽ നിന്ന് പെൻഷൻ തുകയുമെടുത്ത് വന്നപ്പോഴേക്കും നേരം ഉച്ചയായി. വല്ലാത്ത ക്ഷീണവും തളർച്ചയും കൊണ്ട് ഉറങ്ങിപ്പോയി.
വഴിവക്കിലൂടെ ബസ് സ്റ്റോപ്പ് ലക്ഷ്യമാക്കി പതുക്കെ നടന്നപ്പോൾ കുസൃതിയോടെ കുലുങ്ങി കുലുങ്ങി ഒരു ഓട്ടോ വരുന്നകണ്ട് കൈകാണിച്ചു.
വലിയ ശബ്ദത്തിൽ പാട്ട്മായി വന്ന ആ ഓട്ടോ മുൻപിൽ വന്നു നിന്നു.
“എവിടേയ്ക്കാ അപ്പാപ്പാ..”
“റെയിൽവേ സ്‌റ്റേഷൻ..”
“അരമണിക്കൂർ കഴിഞ്ഞാൽ ബസ് വരും. അവിടം വരെ 60 രൂപയാവും ട്ടോ..”
“സാരമില്ല, അധികം നേരം നിൽക്കാനും വയ്യ..”
അയാൾ അതുംപറഞ്ഞു ഓട്ടോയിൽ കേറി.
കുറച്ചു സമയത്തിനുള്ളിൽ തന്നെ തകർപ്പൻ പാട്ടും മേളവുമായി ഓട്ടോ റെയിൽവേ സ്റ്റേഷനിൽ വന്ന് നിന്നു.
ഓട്ടോക്കാരന് പൈസ കൊടുത്ത് സ്റ്റേഷനിലേക്ക് തിരിഞ്ഞപ്പോൾ പല വർണ്ണങ്ങളിൽ മനോഹരമായ പാവകളും കളിപ്പാട്ടങ്ങളുമായി ഒരു പെട്ടിക്കടക്കാൻ നിൽക്കുന്നുണ്ട്.
മീനൂട്ടിയ്ക്ക് ഒരു പാവ വാങ്ങിയാൽ നല്ല സന്തോഷം ആവും..
കയ്യിൽ ചുരുട്ടി പിടിച്ച കാശു നോക്കി അയാൾ ഓർത്തു.
“ ഈ പാവയ്ക്ക് എത്രയാ വില..?”
“വലുത് ഒന്നിന് 230, ചെറുത് 120. പിന്നെ ഈ ലൈറ്റ് കത്തുന്നതിന് 280 വരും. പാട്ടും കൂടിയുള്ള ആടുന്ന പാവയ്ക്ക 470 രൂപ..ഏതാ വേണ്ടത്..?”
“ചെറുത് മതി.. 120 ൻറെ. ചൊമപ്പ കളറ് എടുത്തോ..”
വലുത് വാങ്ങാൻ ആയിരുന്നു ആഗ്രഹം. പക്ഷേ യാത്രയ്ക്കും മറ്റും കാശ് തികയാതെ വരും.
പൊതിഞ്ഞ ആ പാവയും കക്ഷത്തിൽ വച്ചു ടിക്കെറ്റ് എടുക്കാൻ കൗണ്ടറിൽ ചെന്നു.
“പാസഞ്ചർ ട്രെയിൻ എപ്പോഴാ..?
ഒരു എറണാകുളം ടിക്കറ്റ് തരൂ…”
ട്രെയിൻ വരാൻ അര മണിക്കൂർ താമസം ഉണ്ട്.
കൗണ്ടറിൽ നിന്ന് ടിക്കറ്റ് വാങ്ങി അയാൾ പ്ലാറ്റ് ഫോമിലേക്ക് നടന്നു.
തെല്ലിടെ കഴിഞ്ഞപ്പോൾ പിന്നിൽ നിന്ന് ആരോ തോണ്ടി..
തിരിഞ്ഞു നോക്കിയപ്പോൾ കുറച്ചു ചില്ലറ പൈസകൾ കയ്യിലിട്ട് കിലുക്കി കൊണ്ട് ഒരു പെൺകുട്ടി. ആ..മീനുട്ടിയുടെ പ്രായം കാണും.
“മോൾടെ പേരെന്താ..?”
മറുപടി പറയാതെ അവൾ മുഖത്ത് നോക്കി പൈസ കിലുക്കി കൊണ്ടിരുന്നു.
“എവിട വീട് ..?”
ചിരിച്ചുകൊണ്ട് അയാൾ വീണ്ടും ചോദിച്ചു .
അവൾ ഒരു കയ്യിലെ ചില്ലറ കിലുക്കികൊണ്ട് വയറ്റത്തടിച്ചു വീണ്ടും കൈ നീട്ടി.
പിന്നൊന്നും ചോദിക്കാതെ അയാൾ പോക്കറ്റിൽ കൈയ്യിട്ട് ഒരു നാണയം തപ്പിയെടുത്ത് അവൾക്ക് കൊടുത്ത്.
ട്രെയിൻ വന്നപ്പോൾ അവളാണ് ആദ്യം ഓടി കേറിയത്.
കേറിയപാടെ ഓരോരുത്തരോടും കയ്യിലെ ചില്ലറ പൈസ കിലുക്കികൊണ്ട് യാചിച്ചു നടന്നു.
ആ കമ്പാർട്ട്മെൻറ് മുഴുവൻ നടന്നശേഷം കുറച്ചു കഴിഞ്ഞപ്പോൾ അവൾ അടുത്തുള്ള ഒഴിഞ്ഞ സീറ്റിൽ വന്നിരുന്നു. ഇടയ്ക്ക് അയാളുടെ സഞ്ചിയിലേക്കും കക്ഷത്തിൽ ഇരിക്കുന്ന പൊതിയിലേക്കും മാറിമാറി നോക്കി.
അയാൾ ഒന്ന് ചിരിച്ചു.
അവൾക്ക് ഇത് പാവയാണെന്ന് അറിയാമാവോ..?
പെൺകുട്ടിയല്ലേ മനസിലായി കാണും. അവൾക്കീ പാവ വേണവോ..? എന്തിനാണ് ഇടയ്ക്കിടെ എന്നെ തന്നെ നോക്കുന്നത്..?
ചിലപ്പോൾ വിശക്കുന്നുണ്ടാവും,
ഒരു പഴം എടുത്ത് കൊടുത്താലോ..?
വേണ്ട, നല്ലോണം പഴുത്തിട്ടില്ല.
ചായ വരട്ടെ, ഒരു ചായ വാങ്ങി കൊടുക്കാം.
അങ്ങനെ പലവിധ ചിന്തകളോടെ ആയാളും അവളെ തന്നെ നോക്കിയിരുന്നു.
അപ്പോഴേക്കും ട്രെയിൻ അടുത്ത സ്റ്റേഷനിൽ എത്തി, അവൾ ആ കംപാർട്മെൻറ് വിട്ട് അടുത്തതിലേക്ക് കയറി.
കുറച്ചിടെ കഴിഞ്ഞപ്പോൾ അയാളൊന്ന് മയങ്ങി. വൈകാതെ നല്ല ഉറക്കത്തിലേക്കും.
ഇടയ്ക്കിടെ ചൂളം വിളിച്ചുകൊണ്ട് അവരെയും കൊണ്ട് ആ ട്രെയിൻ പാഞ്ഞു നീങ്ങി.
കുറച്ചു സമയത്തെ ഉറക്കത്തിന് ശേഷം അയാൾ ചാടി എണീറ്റു അടുത്തിരുന്ന ചെറുപ്പകാരനോട് ചോദിച്ചു.
“എർണാളം ആയോ..?”
“അപ്പൂപ്പന് എവിടേക്കാ പോകേണ്ടത്..? അടുത്ത സ്റ്റേഷൻ എറണാകുളം സൗത്ത്.”
“ആ..ഉറങ്ങിപ്പോയി.. ഞാൻ ഉറങ്ങിപ്പോയി.” അയാൾ പറഞ്ഞു.
ട്രെയിൻ ആഞ്ഞു വലിഞ്ഞുരഞ്ഞു എറണാകുളം സൗത്ത് സ്റ്റേഷനിൽ നിർത്തി.
വലിയൊരു കോട്ടുവായിട്ട് സഞ്ചിയും തൂക്കി പതുക്കെ അയാൾ ഇറങ്ങി നടന്നു നീങ്ങി.
അയ്യോ..പാവ എടുത്തില്ല. അയാൾ തിരിച്ചു ട്രെയിനിനടുത്തേക്ക് വേഗത്തിൽ നടക്കാൻ ശ്രമിച്ചു.
ട്രെയിൻ ഇപ്പൊ വിടും ലോ..
“മോനെ.. അവിടൊരു പൊതി കിടക്കുന്നുണ്ടോന്ന് നോക്കിക്കേ..?”
അയാൾ ജനലിലൂടെ എത്തിനോക്കി അവിടെ ഇരുന്ന ആ ചെറുപ്പകാരനോട് പറഞ്ഞു.
“ഇവിടില്ലില്ലലോ അപ്പാപ്പാ..”
ചെറുപ്പക്കാരൻ മറുപടി പറഞ്ഞു.
“ഉണ്ട് മോനെ..
ഒന്ന് താഴെ നോക്കിക്കേ..ഞാൻ ഉറങ്ങിയപ്പോൾ താഴെ വീണ് കാണും.”
“ഇല്ലാ അപ്പാപ്പാ. ഇവിടില്ല.”
“ഒരു കടലാസ്സ് പൊതിയല്ലേ.. ഇപ്പൊ തന്നെ ആ പിച്ചക്കാരി പെണ്ണ് എടുത്ത് പോകുന്ന കണ്ടു.”
അടുത്തിരുന്ന മറ്റൊരു സ്ത്രീ വിളിച്ചു പറഞ്ഞു.
“കള്ള കൂട്ടങ്ങളാ.. കണ്ണ് തെറ്റിയാൽ അവറ്റ കക്കും.”
അവർ കൂട്ടിച്ചേർത്തു.
“അയ്യോ.. അത് നഷ്ടപ്പെട്ടല്ലോ..”
അയാൾക്ക് വലിയ വിഷമം തോന്നി.
അവളുടെ നോട്ടം കണ്ടപ്പോൾ എന്തോ പന്തീകേട് തോന്നിയതാണ്. എന്നാലും എടുക്കുമെന്ന് വിചാരിച്ചില്ല. അസത്ത്.
അയാൾ എന്തൊക്കെയോ പിന്നെയും പിന്നെയും പിറുപിറുത്തുകൊണ്ടിരുന്നു.
ഇടയ്ക്ക് സഞ്ചിയുടെ അടിയിൽ തപ്പി നോക്കി.. ഇല്ല, പഴം എടുത്ത് കൊണ്ടുപോയിട്ടില്ല.
ട്രെയിൻ പതുക്കെ പതുക്കെ നിരങ്ങിനീങ്ങിയതും പിന്നീട് കടന്നുപോയതും അയാൾ ശ്രദ്ധിച്ചില്ല.
പെട്ടെന്ന് പിന്നിൽ നിന്ന് ഒരു തോണ്ടൽ.
അവളാണ്.. ഒരു രണ്ട് വയസുകാരനെ ഒക്കത്തിരുത്തികൊണ്ട് അവൾ ആ പൊതി അയാൾക്ക് നേരെ നീട്ടി.
ഒരു യാന്ത്രിക പാവകണക്കെ അയാളും, ആ പാവ അവളുടെ കയ്യിൽനിന്നു വാങ്ങി.
അവർക്കിടയിൽ കുറച്ചു നിമിഷം വലിയൊരു മൗനമായിരുന്നു.
പ്രത്യേകിച്ച് ഒന്നും സംഭവിക്കാത്ത വിധം കുഞ്ഞിനേയും എടുത്ത് അവൾ ഒന്നും മിണ്ടാതെ നടന്നു നീങ്ങി.
നഷ്ടപ്പെട്ട പാവ തിരിച്ചു കിട്ടി. കട്ടെടുത്തതായിരിക്കില്ല.
അല്ലെങ്കിൽ തിരിച്ചു തരേണ്ട കാര്യമില്ലല്ലോ. ഇറങ്ങിയപ്പോൾ മറന്നു വച്ച പൊതി അവൾ എടുത്ത്കൊണ്ട് തന്നതുതന്നെയായിരിക്കും.
നടന്നു നീങ്ങുന്ന ആ ബാലികയെ അയാൾ ഒന്നുകൂടി.
അതേ..തൻറെ മീനുട്ടിയുടെ പ്രായം തന്നെയാണ് അവൾക്കും.
അയാൾ പിറുപിറുത്തു.
ഒരിക്കൽ പോലും അവൾ തിരിഞ്ഞു നോക്കിയില്ലെങ്കിലും ആ കുഞ്ഞു ഒക്കത്തിരുന്നുകൊണ്ട് അയാളെ നോക്കി പുഞ്ചരിക്കുകയായിരുന്നു.
ഷൈജ എം.എസ്സ്
വർണ്ണങ്ങൾ
ഭാവങ്ങളേകുന്നീ വർണ്ണങ്ങളും
ഭാഗ്യമിവയെന്നു ചിലരങ്ങനെ
ഏഴു വർണ്ണങ്ങൾ തൻ ചാരുതയാൽ
ഏകുന്നൊരാ മാരിവില്ലതെന്നും
മോഹത്തിൻ തരുവിനെ
മോടിയോടെന്നും വളർത്തിടുന്നു
ഹൃദ്യമായീടുന്നതീ പ്രപഞ്ചം
എന്നുമീ വർണ്ണത്തിൻ വൈഭവത്താൽ
ആകാശനീലിമയിൽ ആഴിയിലെന്നും
ആരും കൊതിക്കുമീ നീലവർണ്ണം
ഹൃദ്യമാം കാഴ്ചകളേകുന്നിതാ
നിത്യഹരിതമീ ഭൂമിയെന്നും
വെൺമേഘജാലം ചിറകതോടെ
വിണ്ണിലങ്ങാകെ പറന്നിടുന്നു
പീതവർണ്ണത്തിലാ പൂക്കളെന്നും
പ്രീതിയതെങ്ങും നിറച്ചിടുന്നു
ശോകാർദ്രമായതാം ഭാവമോടെ
ശോണ നിറമോടെ സന്ധ്യയെത്തി
എത്ര മനോഹരമീ വർണ്ണങ്ങൾ
ചിത്രമൊരുക്കുന്നു ചുറ്റുമെന്നും
ജയേഷ് പണിക്കർ
അതിജീവിത
“സ്ത്രീ ശാക്തീകരണം അതിജീവിതകളിലൂടെ” സെമിനാർ, വനിതാ കൂട്ടായ്മ, റോയൽ റസിഡന്റസ് അസോസിയേഷൻ, ഫോർട്ട് കൊച്ചി എന്ന് സുവർണ ലിപികളിലെഴുതിയ പ്രൗഢഗംഭീരമായ ആ സദസിന്റെ വെള്ളിവെളിച്ചത്തിലേക്ക് കടന്നു ചെല്ലുമ്പോൾ എന്തുകൊണ്ടോ ഞാനാകെ ചൂളിയിരുന്നു. അർഹതയില്ലാത്തിടത്ത് കയറി ചെന്ന ഒരുവളെപ്പോലെ ഞാൻ വിളറി വെളുത്തു. സ്വതവേ അന്തർമുഖിയായ എനിക്ക് ഇത്തരമൊരു വേദിയും ഹൈക്ലാസ് അന്തരീക്ഷവും ആദ്യാനുഭവം ആയിരുന്നു.
ഫോർട്ട് കൊച്ചിയിലെ ആ റസിഡന്റഷ്യൽ ഏരിയയിലേക്ക് ഞങ്ങൾ താമസം മാറിയിട്ട് ഏകദേശം രണ്ടു മാസമേ ആകുന്നുള്ളൂ. ഞങ്ങൾ എന്ന് പറഞ്ഞാൽ ഞാനും എന്റെ മകനും ഭാര്യയും കുഞ്ഞും. ഗ്രാമാന്തരീക്ഷത്തിൽ നിന്ന് പൊടുന്നനെ ഒരു വൻ നഗരത്തിലേക്കുള്ള പറിച്ചു നടൽ എന്നെയാകെ വിഷമിപ്പിച്ചുവെങ്കിലും, മോന്റെ അച്ഛന്റെ വിയോഗത്തിന് ശേഷം നാട്ടിൽ അമ്മ ഒറ്റയ്ക്ക് കഴിയേണ്ട എന്ന മകന്റെ തീരുമാനത്തിനു ഞാൻ എതിര് പറഞ്ഞില്ല. വെറുതെ അവർക്ക് കൂടി എന്തിനൊരു വിഷമം ഉണ്ടാക്കണം. വാശി പിടിച്ചു ഒറ്റയ്ക്കൊരു വീട്ടിൽ കഴിയുന്നതിലും നല്ലത് നമുക്ക് വേണ്ടപ്പെട്ടവരുടെ കൂടെ കഴിയുന്നത് തന്നെയാണ്. നഗരത്തിലെ തിരക്കുള്ള ജോലി കഴിഞ്ഞ് ദിവസവും നാട്ടിലേക്ക് വന്നു പോകാൻ മകനോട് പറയുന്നത് സ്വാർത്ഥത തന്നെയാണ്.
ഇങ്ങോട്ട് താമസം മാറ്റി ഒരാഴ്ചയ്ക്കുള്ളിൽ തന്നെ ഇവിടുത്തെ വനിതാ സംഘം പ്രസിഡന്റ് ശ്രീമതി രമ ബേബി എന്നെ കാണാനെത്തി. ശ്രീമതി രമ ഒരു റിട്ടയെർഡ് പ്രൊഫസർ ആണ്. എന്റെ ചില എഴുത്തുകുത്തുകളൊക്കെ അവർ വായിച്ചിട്ടുണ്ടത്രേ. ഒരു എഴുത്തുകാരി ഞങ്ങളുടെ റസിഡൻസ് ഏരിയയിൽ വന്നിട്ട് പരിചയപ്പെടാതെങ്ങനെ എന്ന ആമുഖവുമയാണ് അവർ സംസാരിച്ചു തുടങ്ങിയത്. ഞാൻ വലിയ എഴുത്തുകാരിയൊന്നുമല്ല. ചില എഴുത്തുകൾ ആനുകാലികങ്ങളിലൊക്കെ വന്നിട്ടുണ്ട് എന്നല്ലാതെ കാര്യമായൊന്നുമില്ലന്ന് ഞാനവരോട് വിനീതയായി.
“അങ്ങനയല്ല മിസ്സിസ് രേഖ രാമചന്ദ്രൻ, നിങ്ങളുടെ എഴുത്തുകൾ മറ്റുള്ളവയിൽ നിന്ന് വ്യത്യസ്ഥത പുലർത്തുന്നവയാണ്. കുറച്ചേ എഴുതിയിട്ടുള്ളുവെങ്കിലും വായനശീലമുള്ളവർ നിങ്ങളെ അറിയുന്നു. ശ്രദ്ധിക്കുന്നു.”
“സന്തോഷം” ഞാനവരുടെ നേർക്ക് കൈകൂപ്പി.
“മിസ്സിസ് രേഖ രാമചന്ദ്രൻ ഞാനിപ്പോൾ വന്നത് മറ്റൊരു കാര്യം സംസാരിക്കാനാണ്. ഈ വരുന്ന വനിതാ ദിനത്തോടനബദ്ധിച്ച് ഒരു സെമിനാർ സംഘടിപ്പിക്കുന്നുണ്ട്. അതിൽ സമൂഹത്തിൽ വ്യക്തിമുദ്ര പതിപ്പിച്ച സ്ത്രീകൾക്ക് ആദരവ് നൽകുന്നുണ്ട്. അതിലൊരാൾ നിങ്ങൾ ആണ്. അതിന് ക്ഷണിക്കാൻ കൂടിയാണ് ഞാൻ വന്നത്.”
“ആദരവോ, അയ്യോ എനിക്കിത്തരം പരിപാടികളിൽ ഒന്നും പങ്കെടുത്ത് ശീലമില്ല. നാട്ടിൽ ഒരു യു പി സ്ക്കൂൾ അദ്ധ്യാപികയായിരുന്ന ഞാൻ, സ്ക്കൂൾ വേദിയിൽ അല്ലാതെ മറ്റൊരു പൊതു പരിപാടികൾക്കും പങ്കെടുത്തിട്ടില്ല. ശ്രീമതി രമ ബേബി എന്നോട് ക്ഷമിക്കണം. പരിപാടിക്ക് ഞാൻ വരാം. ആദരവൊന്നും വേണ്ട.”
“താങ്കൾ ഭയപ്പെടാതെ മിസ്സിസ് രേഖ, ഈ ആദരവ് ഞങ്ങൾക്കൊരു അഭിമാനം കൂടിയാണ്. ഞങ്ങളുടെ റസിഡൻസ് ഏരിയയിൽ നല്ലൊരു എഴുത്തുകാരി കൂടിയുണ്ടെന്ന് നാലാൾ അറിയുന്നത് ഞങ്ങൾക്കും അഭിമാനമാണ്. അതുകൊണ്ട് എതിർത്തൊന്നും പറയണ്ട, മാർച്ച് 8 നു വൈകീട്ട് 7 മണിക്ക് നമ്മുടെ തന്നെ ഓഡിറ്റോറിയത്തിൽ വച്ചാണ് പരിപാടി. ഫാമിലിയായിട്ടു പോന്നോളൂ”
കൂടുതൽ ഒന്നും പറയാനാവാതെ അവരുടെ സ്നേഹപൂർണമായ നിർബന്ധത്തിനു വഴങ്ങിയതാണ് ഇന്നിപ്പോ ഇവിടെ വന്നിങ്ങനെ വിറങ്ങലിച്ചു നിൽക്കുന്നത്.
“അമ്മേ, നമ്മുക്കിവിടെ ഇരിക്കാം.”
മകൻ എന്നെ മുൻ നിരയിലെ ഒരു സീറ്റിൽ കൊണ്ടിരുത്തി. അടുത്ത സീറ്റുകളിൽ അവനും ഭാര്യയും കുഞ്ഞും.
വേദിയിൽ പരിപാടികൾ തുടങ്ങി കഴിഞ്ഞു. മുഖ്യ പ്രഭാഷക സമൂഹത്തിലെ അതിജീവിതകളായ സ്ത്രീകളെക്കുറിച്ചാണ് പ്രസംഗിക്കുന്നത്. ഇന്ന് ഏറെ താരതിളക്കത്തോടെ വെള്ളിത്തിരയിലും മറ്റു മേഖലകളിലും മിന്നുന്ന പ്രകടനം കാഴ്ചവയ്ക്കുന്ന പ്രശസ്‌തയായ ഒരു വനിതയുടെ അതിജീവനത്തിന്റെ കഥ അവർ ഉദാഹരിച്ചു. അവരുടെ ഊർജസ്വലതയും ആത്മവിശ്വാസവും സ്ത്രീകൾ മാതൃകയാക്കേണ്ടതാണെന്ന് അവർ അടിവരയിട്ടു പ്രസ്താവിച്ചു. അടിച്ചമർത്തപ്പെട്ടു പോയിട്ടും ഒരു നാൾ ഫീനിക്സ് പക്ഷിയെപോലെ ഉയർത്തെഴുന്നേറ്റ അവരുടെ ചിത്രങ്ങൾ ഹാളിൽ വച്ചിരുന്നു സ്‌ക്രീനിൽ തെളിഞ്ഞു. പൊട്ടിച്ചിരിക്കുന്ന, മോഡേൺ വേഷങ്ങൾ ധരിച്ച, പ്രായത്തെ വെല്ലുന്ന ചുറുചുറുക്കോടെയുള്ള ആ ചിത്രങ്ങൾ ഏതൊരു സ്ത്രീയിലും ആത്മവിശ്വാസം നിറയ്ക്കുന്നവയായിരുന്നു.
അങ്ങനെ സമൂഹത്തിന്റെ പല മേഖലകളിൽ ഉന്നത സ്ഥാനം വഹിക്കുന്ന പല വനിതകളെക്കുറിച്ചും അവർ പ്രതിപാദിച്ചു. ചില പേരുകൾ സമൂഹത്തിനു മുമ്പിൽ തുറന്നു പറയാൻ പാടില്ലാത്തതാവയെങ്കിലും അതിജീവിത എന്ന പദത്തിലൂടെ അവരെയും പ്രഭാഷക ഉയർത്തിക്കാട്ടി.
ഓരോ അതിജീവിതകളെക്കുറിച്ച് കേൾക്കുമ്പോഴും എന്റെ മനസ്സിൽ തെളിഞ്ഞത് അവളുടെ മുഖം മാത്രമായിരുന്നു. ഞാനോർത്തു. അവളെ ഒരിക്കലും ഈ സമൂഹം തിരിച്ചറിയില്ല. ഒരിക്കലും ഒരാദരവും അവൾക്ക് ലഭിക്കില്ല.
വേദിയിൽ പ്രഭാഷണം നീണ്ടു പോകുന്നു. എന്റെ ചിന്തകൾ അവളിലേക്കും.
ഞാനവളെ ആദ്യമായി കാണുന്നത് എന്റെ വിവാഹദിവസമാണ്. ആദ്യമായി വീട്ടിൽ നിന്ന് മാറി പുതിയൊരു വീട്ടിൽ പുതിയൊരന്തരീക്ഷത്തിൽ എത്തിയതിന്റെ വീർപ്പുമുട്ടലിൽ, ചുറ്റും കൂടിയവരുടെ ചോദ്യങ്ങൾക്ക് മറുപടി കൊടുത്ത് ഇരിക്കുമ്പോഴാണ്, കൂടി നിന്നവർക്കിടയിലൂടെ തിക്കി തിരക്കി ഒരു പെൺകുട്ടി എന്റെ കൈയിൽ വന്നു തൊട്ടത്.
“ചേച്ചി, എന്നെ അറിയോ?”, അൽപ്പം കൊഞ്ഞയുള്ള സംസാരം. ഞാൻ സാകൂതം അവളെ നോക്കി. എട്ടൊ പത്തോ വയസ്സുള്ള ഒരു പെൺകുട്ടി. അവളുടെ ശരീരത്തിനു പാകമാവാത്ത വിധത്തിലുള്ള അയഞ്ഞ പട്ടുപാവാടയും
ബ്ലൗസും, ആകെ അലങ്കോലമായ മുടിയിൽ വാടി തുടങ്ങിയ മുല്ലമാല. എങ്കോണിച്ച കണ്ണുകൾകൊണ്ട് അവൾ എന്നെയാണോ നോക്കുന്നതെന്നറിയാതെ ഞാൻ അവളെ നോക്കി ചിരിച്ചു.
“ഇതിപ്പോ എവിടുന്നാ വലിഞ്ഞു കേറി വന്നേ ഈ വെകിളി പെണ്ണ്, പോ അപ്രത്തെങ്ങാനും” കൂട്ടത്തിൽ ആരോ അവളെ പുറകോട്ട് പിടിച്ച് നീക്കി.
ചിരിച്ചു കൊണ്ടുതന്നെ ഓടി പോകുന്നതിനിടയിൽ അവൾ വിളിച്ചു പറഞ്ഞു.
“ചേച്ചി നമ്മക്ക് നാളെ കാണാട്ടോ, ഞാൻ അപ്രത്തെ വീട്ടിലെയാ”
“അതൊരു തലേംവാലുമില്ലാത്ത പെണ്ണാ. അപ്രത്തെ സുകുമാരന്റെ മോളാ. തള്ള കുഞ്ഞിലേ അതിനെ ഉപേക്ഷിച്ചു പോയി. പിന്നെ കാശൊള്ള വീട്ടിലെയാ കേട്ടോ.” കൂട്ടത്തിലാരോ അവളെപ്പറ്റി പറഞ്ഞു.
അത് കഴിഞ്ഞ് പിന്നീടുള്ള ദിവസങ്ങളിൽ ഞങ്ങൾ നല്ല കൂട്ടായി. ശരിക്കും ഒരു പൊട്ടിപെണ്ണായിരുന്നു അവൾ. എല്ലായിടത്തും ഓടി പാഞ്ഞു നടക്കും. ആരെന്തു വഴക്കു പറഞ്ഞാലും ചിരിക്കുക മാത്രം ചെയ്യും. എല്ലാരും അവളെ പൊട്ടിക്കാളിയെന്നും, വെകിളിയെന്നും വിളിച്ചപ്പോ ഞാനവളുടെ പേര് വിളിച്ചു കാർത്തികയെന്നത് ചുരുക്കി കാർത്തൂ എന്ന്.
അവൾക്കത് ആഹ്ലാദമായിരുന്നു. അച്ഛൻ മാത്രേ അവളെ അങ്ങനെ വിളിക്കാറുള്ളുത്രേ.
സ്കൂളിൽ ജോലിക്കിട്ടിയെപ്പിന്നെ അവളെ കാണുന്നത് അവധി ദിവസങ്ങളിൽ മാത്രമായിരുന്നു. എന്നാലും ഒരവസരം കിട്ടിയാൽ അവളോടി എന്റയടുക്കൽ വരും. ഒരിക്കൽ മോന്റെ ഒന്നാം പിറന്നാളിന്റെയന്ന് കുറച്ച് പായസം അവൾക്ക് കൊടുക്കാനാണ് ഞാനവളുടെ വീട്ടിലേക്ക് ചെന്നത്.
“കാർത്തൂ” ന്ന് നീട്ടി വിളിച്ച് മുറ്റത്തേയ്ക്ക് കയറുമ്പോ കണ്ടു, വെപ്രാളപ്പെട്ടെന്നപ്പോലെ വീട്ടിനകത്തുന്ന് ഇറങ്ങി വരുന്ന രതീഷ്. അവനാകെ വിയർത്തുകുളിച്ചിരുന്നു. എന്റെ മുഖത്തു നോക്കാതെ മുറ്റത്തിരുന്ന സൈക്കിൾ എടുത്തു അവൻ വേഗത്തിൽ പോയി. എന്തോ പന്തികേട് തോന്നിയ ഞാൻ അകത്തേക്ക് നോക്കി. ചിരിച്ചു കൊണ്ട് ഇറങ്ങി വരികയാണ് കാർത്തൂ.
“ചേച്ചി, ഞാനും ചേട്ടായിം കൂടെ കളിക്കേരുന്നു “
“എന്ത് കളി”
“അതോ, വലുതാവുമ്പോ ചേട്ടായി ന്നെ കല്യാണം കഴിക്കാന്ന പറഞ്ഞേക്കുന്നെ, ചേട്ടായി എനിക്ക് കുറേ ഉമ്മ തരും, പിന്നെ….. “
എന്റെ ഹൃദയമിടിപ്പ് കൂടി.. വിറയ്ക്കുന്ന ശബ്ദത്തിൽ ഞാൻ ചോദിച്ചു.
“പിന്നെ?”
“പിന്നെ കൈകൊണ്ടു എന്തൊക്കെയോ ചെയ്യും, ചിലപ്പോ ഒക്കെ എനിക്ക് വേദനിക്കും. ന്നാലും ചേട്ടായി അല്ലെ, എനിക്ക് കുറേ മിട്ടായി ഒക്കെ കൊണ്ടു തരും”
നെഞ്ചിടിപ്പോടെയാണ് ഞാനെല്ലാം കേട്ടത്. എട്ടുപൊട്ടും തിരിയാത്ത ഈ കുഞ്ഞിനോട് ഞാനെന്താണ് പറയേണ്ടത് എന്നറിയാതെ ഉഷറി. എന്നാലും ഞാൻ പറഞ്ഞ് കൊടുത്തു
“ഇനി ഇങ്ങനെയുള്ള കളിയൊന്നും പാടില്ല കാർത്തൂ. കാർത്തൂ വല്യ കുട്ടിയായില്ലേ. ” അവൾ തലയാട്ടി സമ്മതിച്ചു.
എന്നിട്ടും തൃപ്തിയാവാതെ ഞാനവളെകൊണ്ട് സത്യം ചെയ്യിച്ചു. ചെയ്തത് ശരിയല്ല എന്ന് തോന്നിയിട്ടാണോ എന്തോ അവളെന്നോട് സത്യം ചെയ്ത് പറഞ്ഞു.
“ഇല്ല ചേച്ചി സത്യായിട്ടും കാർത്തൂ നി ങ്ങനെത്തെ കളി കളിക്കൂല്ല”
കാലം കടന്നു പോയി. കാർത്തൂ എന്റെ മുന്നിലൂടെ ആണ് വളർന്നത്. എന്തോ ഒരു നിമിത്തം പോലെ അവൾ വയസറിയിച്ചപ്പോ എന്റടുത്തായിരുന്നു. ഞാനണവൾക്ക് വേണ്ട കാര്യങ്ങൾ പറഞ്ഞ് കൊടുത്തത്. പഠിത്തത്തിൽ തീരെ മോശമായിരുന്നു കാർത്തൂ. ഏഴാം തരത്തിൽ പഠിക്കുമ്പോഴാണ് അവൾ വയസ്സറിയിച്ചത്. പിന്നീട് അവൾ സ്കൂളിൽ പോയിട്ടില്ല. അവളുടെ അച്ഛനും അവളെ പഠിപ്പിക്കുന്നതിൽ വല്യ താല്പര്യം ഒന്നുമുണ്ടായില്ല.
“അല്ലെങ്കിൽ തന്നെ പഠിച്ചിട്ടിപ്പോ ന്തിനാ, പതിനെട്ടു വയസ്സ് തെകഞ്ഞ ആരുടേലും കൂടെ ഇറക്കി വിടണം, ദത്രേ ള്ളൂ “
ഇതായിരുന്നു അയാളുടെ വർത്തമാനം. തലമുറകൾ കൈമാറികിട്ടിയ കുടുംബസ്വത്ത് നോക്കി നടത്തുക എന്ന ഉത്തരവാദിത്തം മാത്രമേ അയാൾക്കുണ്ടായിരുന്നുള്ളൂ.
അയൽവീടുകളിൽ എന്താവശ്യം വന്നാലും കാർത്തൂ മുന്നിലുണ്ടാവും. കലപില വർത്തമാനം പറഞ്ഞ് കൊണ്ട് എല്ലായിടത്തും ഓടിനടക്കും. എന്ത് ജോലിയും ചെയ്യും. ആൾക്കാർ ശരിക്കും അത് മുതലെടുത്തു. ഉള്ള പണിയൊക്കെ ഏൽപ്പിച്ചു കൊടുക്കും അവൾക്ക്, എന്തേലും തട്ടുകേടു വന്നാലോ, വെകിളി, കോങ്കണ്ണി എന്നൊക്കെയുള്ള വിളിയും. പക്ഷെ അതൊന്നും അവളെ ബാധിക്കുന്ന ഒരു പ്രശ്നമേ ആയിരുന്നില്ല. ചിരിച്ചു കൊണ്ട് അവൾ അടുത്ത പണിയിൽ വ്യാപ്രതയാകും.
പ്രായത്തിൽ കവിഞ്ഞ വളർച്ചയായിരുന്നു അവൾക്ക്. കണ്ണുകളുടെ എങ്കോണിപ്പും കൊഞ്ഞയുള്ള വർത്താനവും ഒഴിച്ചാൽ ഒരു ഒത്തപെണ്ണ്. പതിനേഴു വയസായപ്പോ മുതൽ അവളുടെ അച്ഛൻ കല്യാണാലോചന തുടങ്ങി. പക്ഷെ കാണാൻ വന്നവരൊക്കെ അവളുടെ കണ്ണും സംസാരവും കണ്ട് ഒഴിവായിപ്പോയി. അവസാനം കനത്ത സ്ത്രീധനം കൊടുത്തു ജോലിയും കൂലിയുമില്ലാത്ത ഒരുവന് അവളെ കെട്ടിച്ചു നൽകി. അവന്റെ നാട്ടിൽ തന്നെ ഒരു വീടും വച്ചുകൊടുത്തു. വീടിന്റെ മുമ്പിൽ തന്നെ ഒരു പലചരക്കു കടയും അവളുടെ അച്ഛൻ ഇട്ടുകൊടുത്തു.
തലനിറയെ മുല്ലപ്പൂ ചൂടി, പട്ടുടുത്ത്, സർവ്വാഭരണ വിഭൂഷിതയായി ചെക്കന്റെ വീട്ടിലേക്ക് പോയ കാർത്തുവിന്റെ സന്തോഷം നിറഞ്ഞ മുഖം ഇപ്പോഴും എന്റെ കണ്മുന്നിലുണ്ട്.
പിന്നെ ഞാനവളെ കാണുന്നത് രണ്ടു വർഷങ്ങൾക്കു ശേഷം ഒരു ആശുപത്രി വരാന്തയിലാണ്. മുഷിഞ്ഞ ഒരു സാരി വാരിചുറ്റി ഒക്കത്ത് കൈക്കുഞ്ഞുമായി. ചിരി മാത്രം പഴയതുപോലെ തന്നെ.
എന്നെ കണ്ടതും ചേച്ചി എന്ന വിളിയുമായി അവളോടി വന്നു.
“എന്താ കോലം കാർത്തൂ ഇത്, എന്താ നീ വീട്ടിലേക്കൊന്നും വരാത്തത്”
“വീട്ടിലേക്കൊന്നും വിടൂല്ല ചേച്ചി. അവിടെ ചേട്ടൻ അമ്മ പറയുന്നത് മാത്രേ കേൾക്കൂ. പ്രസവത്തിനൊന്നും അതാ വരാഞ്ഞേ”
“ഉം, നിനക്ക് സുഖമാണോ, നീയെന്താ ഒറ്റയ്ക്ക് കുഞ്ഞിനേം കൊണ്ട്, അവനെന്ത്യേ?” ചിരിച്ചു കൊണ്ടായിരുന്നു മറുപടി.
“ചേട്ടൻ ഭയങ്കര കുടിയാ ചേച്ചി, ഇപ്പൊ ദാ കുടിച്ച് വെളിവിലാണ്ട് കെടക്കുവാണ്. മോന് ഒന്നേകാൽ വയസ്സിലെ കുത്തിവെയ്പ്പെടുക്കാൻ വന്നതാ ഞാൻ, ചെല്ലുമ്പോഴേക്കും ഒരു മെന ആക്കിട്ടുണ്ടാകും മുറിയൊക്കെ. ശർദ്ധിച്ചും മൂത്രോഴിച്ചും ചിലപ്പോ തൂറിമിടും. ഒക്കെ ഞാൻ തന്നെ മെനയാക്കണം. തള്ള തിരിഞ്ഞു കൂടി നോക്കൂല്ല. തിന്നാറാവുമ്പോ അടുക്കളേൽ കേറി വരും.”
“നിനക്ക് വീട്ടിലേക്ക് പോന്നൂടെ, എന്തിനാ ഇങ്ങനെ”
അവൾ പൊട്ടിപെണ്ണിനെ പോലെ ചിരിച്ചു. ന്നിട്ട് പറഞ്ഞു.
“എന്തിനാ ചേച്ചി, അച്ഛനെ നാണം കെടുത്തുന്നെ? അച്ഛൻ എല്ലാ ആഴ്ചെ വരും. അരിം സാധനങ്ങളും കാശും ഒക്കെ കൊണ്ട് തരും.”
പിന്നെ ഒരു സ്വകാര്യം പോലെ സ്വരം താഴ്ത്തി പറഞ്ഞു.
“കാശ് തരുന്ന കാര്യം അങ്ങേർക്കറിയില്ല. അതൊക്കെ ഞാൻ ബാങ്കിൽ കൊണ്ട് ഇടും. എന്റെ കൊച്ചിന് എന്തേലും വേണ്ടേ?, പിന്നെ ഞാൻ ചെന്നിട്ടു വേണം കട തുറക്കാൻ. കിട്ടണതിൽ പാതി കുടിക്കാൻ എടുത്തോണ്ട് പോവും, ന്നാലും ബാക്കി ഒള്ളത് ഞാൻ ബാങ്കിലിടും”
“പിന്നെ ചേച്ചി, സ്വർണം ഒക്കെ ഞാൻ ബാങ്കിൽ കൊണ്ടോയി വച്ചു. രണ്ടുമൂന്നു വളകളൊക്കെ എന്നെ പറ്റിച്ചു മേടിച്ചോണ്ട് പോയി അങ്ങേര്. പിന്നെ എനിക്ക് തോന്നി ശരിയാവത്തില്ലന്ന്.”
“നിന്നെ ഉപദ്രവിക്കോ അവൻ?”
“ഉവ്വ, അങ്ങേര് വെവരം അറിയും. ഒരു തവണ തല്ലാൻ വന്നിട്ടുണ്ട്. ഞാൻ തിരിച്ചും അങ്ങട്ട് കൊടുത്തു. നടുംപുറത്തിട്ട്. പിന്നെ അങ്ങേര പണിക്ക് വന്നിട്ടില്ല.”
ഞാൻ അത്ഭുതത്തോടെ അവളെ നോക്കി.
പൊട്ടിപെണ്ണ്!
കുഞ്ഞിനെ ഒന്നു തലോടി അവളെ യാത്രയാകുമ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞിരുന്നു. അവളപ്പോഴും ചിരിക്കുകയായിരുന്നു.
പൊട്ടച്ചിരി!
പിന്നീട് അവളെ കാണുന്നത് സുകുമാരൻ ചേട്ടൻ മരിച്ച അന്നാണ്. വർഷങ്ങൾ കഴിഞ്ഞ്. ചടങ്ങുകൾ ചെയ്തത് അവളുടെ മകനായിരുന്നു. ചുറുചുറുക്കുള്ള ഒരു മിടുക്കൻ കുട്ടി!
തിരക്കൊഴിഞ്ഞപ്പോൾ അവളെ കാണാൻ ചെന്നു. വിശേഷങ്ങൾ പറഞ്ഞു. മകൻ പ്ലസ് ടു കഴിഞ്ഞത്രേ. പഠിക്കാൻ മിടുക്കൻ. എല്ലാത്തിലും A+. ഉപരിപഠനത്തിന് ചേരാൻ പോകുന്നു.
“അമ്മ പറഞ്ഞിട്ടുണ്ട്, ആന്റിയെപ്പറ്റി” അവൻ ചിരിച്ചുകൊണ്ട് പരിചിതനായ ഒരാളെപ്പോലെ സംസാരിച്ചു.
എനിക്കപ്പോൾ അവളെക്കുറിച്ച് എന്തിനോ അഭിമാനം തോന്നി.
“അടുത്തത് സമൂഹത്തിൽ വ്യക്തിമുദ്ര പതിപ്പിച്ച വനിതകൾക്കുള്ള ആദരവാണ്. ആദ്യമായി പ്രശസ്ത എഴുത്തുകാരിയും നമ്മുടെ റസിഡൻസിലെ പുതിയ അംഗവുമായ ശ്രീമതി രേഖ രാമചന്ദ്രനെ ക്ഷണിക്കുന്നു.”
“അമ്മേ, വേദിയിലേക്ക് ചെല്ല്” മകൻ തോളത്തു തട്ടി കൊണ്ട് പറഞ്ഞു.
മെല്ലെ എഴുന്നേറ്റ് വേദിയിലേക്ക് നടന്നു. പൊന്നാട അണിയിക്കലും മൊമെന്റോ തരലുമൊക്കെ കഴിഞ്ഞു.
“ഇനി ശ്രീമതി രേഖ രാമചന്ദ്രൻ നമ്മോട് രണ്ടു വാക്ക് സംസാരിക്കുന്നതാണ്.” അവതാരക എന്റെ നേരെ തിരിഞ്ഞു പറഞ്ഞു.
“മാഡം, അതിജീവിതകളായ വനിതകൾക്ക് വേണ്ടി രണ്ടു വാക്ക് ” അവർ മൈക്ക് എന്റെ നേർക്ക് നീട്ടി
വിറയലോടെ മൈക്ക് കയ്യിലെടുത്തു.
“എല്ലാവർക്കും നമസ്കാരം. ഇങ്ങനെയൊരു വേദിയിൽ നില്ക്കാനും ആദരവ് സ്വീകരിക്കാനുമായതിൽ ഞാൻ അഭിമാനിക്കുന്നു. ഇതിന്റെ സംഘടകർക്ക് എല്ലാം എന്റെ അകമഴിഞ്ഞ നന്ദി, സ്നേഹം”
ഒന്നു നിർത്തി വീണ്ടും തുടർന്നു.
“ഇവിടെ പ്രതിപാദിക്കപ്പെട്ട എല്ലാ അതിജീവിതകളായ വനിതാ രത്നങ്ങൾക്കും ഭാവുകങ്ങൾ. അവരെയോർത്ത് അഭിമാനിക്കുന്നു. അവർ നമുക്കൊരോരുത്തർക്കും പ്രചോദനമാകുന്നു. എന്നാൽ നമ്മൾ അറിയാത്ത, കാണാത്ത, കണ്ടാലും തിരിച്ചറിയാനാവാത്ത അനേകമനേകം സ്ത്രീകൾ ഗ്രാമങ്ങളിൽ, നഗരങ്ങളിൽ, തെരുവുകളിൽ ഒക്കെ ജീവിക്കുന്നുണ്ട്. ജീവിതത്തോട് പടവെട്ടി. ചിലപ്പോൾ തോറ്റ്, ചിലപ്പോൾ ജയിച്ച്. അവരെക്കൂടി നമുക്കീ വനിതാ ദിനത്തിൽ ഓർമ്മിക്കാം”
“നന്ദി നമസ്കാരം”
കൈകൾ കൂപ്പി വേദിയിൽ നിന്നിറങ്ങുമ്പോൾ മനസ്സിന്റെ സ്‌ക്രീനിൽ കാർത്തുവിന്റെ ചിരിക്കുന്ന മുഖം നിറഞ്ഞു.
ജിസ പ്രമോദ്
ദുരിതപർവ്വം
ദുരിതവഴികൾ താണ്ടി
ഇനിയും എത്താത്തവർ
മാറാലപ്പടർപ്പുകളുടെ
ഇരുണ്ട മേൽക്കൂരയിൽ
തളർന്നിരിപ്പായിരിക്കും.
വാതിലുകൾ
കൊട്ടിയടക്കുന്നതിന്റെ
രൂക്ഷഗന്ധം
കരിന്തിരികത്തുന്ന
നിലവിളക്കിനെ
ചുറ്റിവരിയുന്നു
ഉമ്മറപ്പടിയിൽ
ചടഞ്ഞിരിക്കുന്ന
നോട്ടം തെറ്റിയ
കൃഷ്ണമണികൾ
കണ്ണീരുപ്പിന്റെ
ചവർപ്പിൽ
നിലാമഴയോട്
കിന്നാരം പറയുന്നുണ്ട്.
അടിവേരിളകിയ
പത്തായപ്പുരകൾ
അനാഥമോഹങ്ങളുടെ
അസ്ഥിപഞ്ജരമായി
നെടുവീർപ്പിടുന്നു..
ഇനിയും മടങ്ങി വരാത്തവർ
മലിനമാക്കപ്പെട്ട
തെരുവോരങ്ങളുടെ
ദുരന്തഗീതം പാടാൻ
തിക്കും തിരക്കും
ക്കൂട്ടുകയാണ്…
ശിവൻ തലപ്പുലത്ത്
മഴക്കാല രോഗങ്ങൾ ശ്രദ്ധിക്കുക
അങ്ങനെ കോവിഡിനു കൂട്ടായി മഴക്കാലം കൂടി വന്നിരിക്കുന്നു. രോഗാണുക്കൾക്കെല്ലാം കുശാലുകാലം. അവർക്കു അനുകൂല കാലാവസ്ഥ, നമുക്കാണെങ്കിൽ പ്രതികൂല കാലവും.
ഇന്തോന്വേഷ്യൻ ദിനങ്ങൾ
അധ്യായം 15: ബാലിയിലെ ക്ഷേത്രങ്ങൾ
ജാരൻ : ബുദ്ധദേവ് ഗുഹ - ലിബേഷ് കാരിയിൽ
കാട്ടുതാറാവിൻ്റെ കരച്ചിൽ കേൾക്കുന്ന പാടത്തെപറ്റി നീ കേട്ടിട്ടുണ്ടോ ? ആ പാടം വേറെയെവിടേയുമല്ല നിൻ്റെ നെഞ്ചിൽ തന്നെയാണ് .
അവിടെ കേൾക്കുന്ന താറാവിൻ്റെ കരച്ചിലിനെ നീ ഭയപ്പെടുന്നു. കേൾക്കാനിഷ്ട്ടപ്പെടുന്നില്ല . ഓരോ വിവാഹിതയുടെ നെഞ്ചിലും അങ്ങനെയൊരു പാടവും കാട്ടുതാറാവിൻ്റെ കരച്ചിലുമുണ്ട്.
പുരുഷ കേന്ദ്രീകൃതമായ സാമൂഹ്യ വ്യവസ്ഥയിൽ സ്ത്രി ജന്മംതൊട്ടേ സംസ്ക്കാരബോധമുള്ളവളായിരിക്കണമെന്നും അതവളെ ഭാര്യയായും അമ്മയായും രൂപപ്പെടുത്തണമെന്നും അതിനുപ്പുറം ഒരു ലോകമവൾക്കില്ലെന്നും ശഠിക്കുന്ന അപരിഷ്കൃതമായ വ്യവസ്ഥയെയാണ് ഈ നോവൽ കടന്നാക്രമിക്കുന്നത്…
കാലങ്ങൾക്കു മുമ്പ് ആരേയും ആർക്കുവേണമെങ്കിലും പ്രാപിക്കാം എന്നതായിരുന്നത്രേ അവസ്ഥ. ആ കാലത്ത് തൻ്റെ അമ്മയെ ഒരു ബ്രാഹ്മണൻ കൂട്ടികൊണ്ടുപോകുന്നത് പിതാവായ ഉദ്ദാലകനോടൊപ്പം നിസ്സഹായതോടെ നോക്കി നിൽക്കേണ്ടി വന്ന മകനാണ് ശ്വേതകേതു.പില്ക്കാലത്ത് ശ്വേതകേതു വിവാഹിതർക്കായ് കടുത്ത നിയമം സൃഷ്ടിച്ചു.ആ നിയമമാണ് ഇന്നും വിഹിതരായവർ തുടർന്നു പോകുന്നത്.
ഈ ഐതീഹ്യ കഥയിൽ നിന്നും വർത്തമാനകാലത്തിലെ ഒരു കുടുംബത്തിലേക്ക് നേരിട്ടുള്ളൊരു കടന്നുവരവാണ് ജാരൻ…
ഭർത്താവിലെ കാട്ടുമൃഗത്തിന് മൃതുശരീരം പോലെ വഴങ്ങാൻ നിർബന്ധിതയാകുന്നൊരു ഭാര്യ
മനസ്സിലെ സ്നേഹത്തെ നെെമിഷികാനന്ദത്തിനായ് ബലികഴിക്കാൻ തയ്യാറല്ലാത്ത അവിവാഹിതനായ നായകൻ …
ആധുനിക ബംഗാളി സാഹിത്യത്തിലെ തലയെടുപ്പുള്ള എഴുത്തുകാരനായ ബുദ്ധദേവ് ഗുഹ ജാരനിലൂടെ പറയുന്നത് പ്രധാനമായും സ്ത്രീപുരുഷ ബന്ധങ്ങളിലെ സങ്കീർണ്ണതകളാണ്….
കിഷ അതീവ സുന്ദരിയാണ് പാട്ടുപാടാൻ അറിയുന്നവൾ സാഹിത്യവാസനയുള്ളവൾ നല്ല സൗന്ദര്യബോധമുള്ളവൾ എല്ലാമാണ് .പക്ഷേ ഭർത്താവായ പിക്കു നേരെ തിരിച്ചാണ് ഇതിലൊന്നും ഒരുതാൽപ്പര്യവുമില്ലാതെ കേവലമൊരു ശരീരം മാത്രമായ് ഭാര്യയെ കാണുന്നയാൾ.
അവൾ നന്നായ് വീട് അലങ്കരിക്കും ജനൽ കർട്ടനുകളും മേശവിരിപ്പകളും എന്നും പുത്തൻ പോലെയുണ്ടാവും നന്നായ് പൊട്ടുതൊടും നന്നായ് ഒരുങ്ങും പക്ഷേ കണ്ണുള്ളവർക്ക് എപ്പോഴും എല്ലാം കാണാൻ കഴിഞ്ഞോളണമെന്നില്ലല്ലോ,
മനസ്സുള്ളതുകൊണ്ട് മാത്രം മനസ്സിലാക്കാൻ എല്ലാവർക്കും കഴിയുന്നില്ലല്ലോ.ഇതാണ് പിക്കുവിനെ കുറിച്ചുള്ള കിഷയുടെ പരാധി … ഇവരുടെ മകനാണ് ടുബുൽ
അരിപ്രസാദ് പിക്കുവിൻറെ കൂട്ടുകാരൻ വയസ്സ് നാൽപ്പത് കഴിഞ്ഞെങ്കിലും വിവാഹം കഴിച്ചിട്ടില്ല …
അരി നല്ല വായനക്കാരനാണ് പുസ്തകങ്ങളാണ് അരിയുടെ പ്രധാന കൂട്ടുകാർ .
കിഷയും അരിയും തമ്മിൽ പല വിഷയങ്ങളും സംസാരിക്കാറുണ്ട്.
നല്ല പുസ്തകങ്ങൾ നല്ല കൂട്ടുകാരാണ്. പുസ്തകം ശരിയായ അനുഭൂതി നൽകുന്നു. ആരേയും ഉപദ്രവിക്കുന്നില്ല.സ്വയം നികൃഷ്ടനാണെന്ന് കാണിക്കുകയുമില്ല അസൂയയോ വിദ്വേഷമോ ഇല്ല.ജീവിത്തിൽ അപമാനിതരായവർക്കും ദുഃഖം സഹിക്കേണ്ടി വന്നവർക്കു പുസ്തകങ്ങളുടെ ലോകമാണ് സ്വർഗ്ഗം . ഇത്തരം വിഷയങ്ങളൊക്കെയാണ് ഇവർ ചർച്ചചെയ്യാറുള്ളത്.പല കാര്യത്തിലും അവരുടെഅഭിപ്രായങ്ങൾ ഒന്നാണെന്ന കാരണത്താൽ അവർ അടുക്കാൻ തുടങ്ങി….
അവർ ഒരു യാത്രപോവുകയാണ് അരിയുടെ കാറിൽ പിക്കുവും കിഷയും ടുബുലും. യാത്രയിലുടനീളം അവർ പലതും സംസാരിക്കുന്നു…
കിഷയുടെ ഒരഭിരുചിയും പിക്കുവുമായ് ചേർന്നു പോകുന്നതല്ലെന്നും ഒരിക്കലും കിഷയ്ക്ക് പറ്റിയ ഭർത്താവല്ല പിക്കുവെന്നും അരി പതിയെ മനസ്സിലാക്കുന്നു
എന്നാലും അവൾ സന്തോഷം അഭിനയിക്കുന്നു… എന്തിന് ?
ഓരോ വിവാഹിതയ്ക്കും ഒരു തുറന്ന വരാന്തയുടെ ആവിശ്യമുണ്ട് നിത്യജീവിതത്തിൻ്റെയും ഭർത്താവിൻ്റേയും പിടിയിൽ നിന്ന് പുറത്ത് വന്ന് കുറച്ചൊന്നാശ്വസിക്കാൻ പറ്റിയ വാരാന്ത അവർക്കുവേണം. അവിടെ നിന്നുകൊണ്ട് പുറത്തുനിന്നുവരുന്ന കാറ്റ് കുറച്ച് നേരം ഏറ്റാൽ അവർക്ക് അവരെ പുനരുജ്ജീവിപ്പിക്കാൻ കഴിയും. വീർപ്പുമുട്ടിക്കുന്ന മുറിയിലേക്ക് തിരിച്ചു പോകാനുള്ള കഴിവ് അവർക്ക് കിട്ടുന്നു.
അവളുടെ മുറി എത്രത്തോളം സത്യമാണോ അത്രതന്നെ വാസ്തവമാണ് അവളുടെ വരാന്തയും.ഒരുവൾ അവളുടെ മുറിയിൽ തൃപ്തയാണെന്ന് പറയുമ്പോൾ ഒന്നുകിൽ അവൾ സത്യമല്ല പറയുന്നത് അല്ലെങ്കിൽ ആത്മാവിനെ വഞ്ചിക്കുന്നതിൽ അവൾ വിശ്വസിക്കുന്നുണ്ടാവണം…
കിഷയുടെ മനസ്സും പ്രക്ഷുപ്തമാണ്..ആരാണ് തന്നെ ഇത്രയതികം വഞ്ചിക്കുന്നത് മറ്റാരുമല്ല അത് ഞാൻ തന്നെയാണ് .
ദാമ്പത്യം ഒരു ജയിലാവുകയാണ് ഇതിലെ തടവുകാർക്ക് നമ്പറോ പ്രത്യേക വേഷമോ ഇല്ല. മുഖത്ത് ചിരി തുന്നിപിടിപ്പിക്കണം.വേണ്ടത്ര ആഘോഷങ്ങളോടെയാണ് താനി ജയിലിലേക്ക് ആനയിക്കപ്പെട്ടത് .അഗ്നിയെ സാക്ഷിനിർത്തി അർത്ഥമറിയാത്ത സംസ്കൃതപദങ്ങളിൽക്കൂടി നടത്തിയ പ്രതിഞ്ജകളെവിടെ ? എല്ലാം വെറുതെ .ഈ വിവാഹമെന്ന ബന്ധനത്തിൽ നിന്നും തനിക്കിനി മോചനമില്ലെന്നോ.
അരിച്ചേട്ടൻ എത്ര നന്നായ് എന്നെ മനസ്സിലാക്കിയിരിക്കുന്നു. അരിച്ചേട്ടൻ എന്നും തൻറെ സ്വപ്നത്തിൽ ജീവിക്കണം തൻ്റെ മനസ്സിൽ വിരാചിക്കണം.
ശാരീരികാനന്ദം നിമിഷങ്ങളോളം മാത്രം നീണ്ടു നിൽക്കുന്നു.സ്വപ്നസുഖം ഓർക്കുന്തോറും ജീവിക്കുന്നു.എന്നും ഒഴുകുന്ന ആനന്ദ സാഗരത്തിൽ അവർക്കിരുവർക്കും ഒന്നിച്ചൊഴുകണം.ഒരിക്കലും ആ ഒഴുക്ക് നിലയ്ക്കരുത്.എന്നൊക്കെയുള്ള ചിന്തകൾ അവളുടെ മനസ്സിനെ ഉലയ്ക്കുന്നു.
യാത്രയ്ക്കിടയിൽ അവർ ഒരു ബംഗ്ലാവിൽ താമസിക്കുന്നു.പിക്കുവിന് പുറം കാഴ്ച്ചകളോടൊന്നും താൽപ്പര്യമില്ല .മദ്യം അതുമാത്രം മതി.അരിയേയും നിർബന്ധിക്കും അരി മദ്യം വളരെ കുറച്ച് മാത്രമേ കഴിക്കുകയുള്ളു.. കിഷയ്ക്ക് പുറം കാഴ്ച്ചകൾ കാണണം കാടിൻ്റെ ഭംഗി ആസ്വദിക്കണം രാത്രിയിൽ നിലാവ് പൂത്ത്നിൽക്കുന്ന വേളയിൽ നക്ഷത്രങ്ങളുടെ ഭംഗി കണ്ടറിയണം.പക്ഷെ പിക്കുവിന് ഒന്നിലും താൽപ്പര്യമില്ല എന്നത് അവളെ വിഷമിപ്പിക്കുന്നു…പ്രകൃതി സൗന്ദര്യം ഒരാൾക്കു തനിയെ ആസ്വദിക്കാൻ പറ്റും പക്ഷെ തുല്ല്യം അനുഭവിച്ചറിയാൻ ഒരാൾ കൂടെയുണ്ടെങ്കിൽ പങ്കിട്ടാസ്വദിക്കുന്നതിൽ ഇരട്ടി മധുരമുണ്ട് അരിയോടൊപ്പം കെെകൾ ചേർത്ത് പിടിച്ചങ്ങനെ നടക്കാൻഅവളുടെ മനസ്സ് കൊതിക്കുന്നു…
മേഘമെല്ലാം നീങ്ങി ചന്ദ്രനുദിച്ചുയർന്നു നിൽക്കുന്നൊരു രാത്രി .മഴയുടെ തണുപ്പും നനവും വിടാതെ വനത്തിൻ്റേയും പർവ്വതനിരകളുടേയും പശ്ചാത്തലത്തിൽ ആരോ തളിച്ചുമെഴുകിയ ആകാശത്തിൽ തേച്ചുമിനുക്കി കമഴ്ത്തിവച്ച ഓട്ടുപാത്രംപോലെ ചന്ദ്രൻ പ്രകാശിക്കുന്നു,സുഗന്ധവുമേറ്റി അനിർവ്വചനീയമായ അനുഭൂതിയും പകർന്നുകൊണ്ട് കുളിർക്കാറ്റ് തഴുകി തലോടി കടന്നു പോകുന്നു. ആ രാത്രിയിൽ…അവൾ മദ്യപിച്ച് അബോധാവസ്ഥയിൽ കിടക്കുന്ന പിക്കുവിനടുത്തു നിന്നും അരിച്ചേട്ടൻ്റെ അടുത്തെത്താൻ കൊതിച്ചു…വാതിൽ തുറന്ന് അരിയുടെ അടുത്തെത്തിയ അവളെ അരി നിരാശപ്പെടുത്തി.നെെമിഷികാനന്ദത്തിനായ് തൻ്റെ പ്രണയത്തെ ബലികഴിക്കാൻ തയ്യാറെല്ലെന്ന അരിയുടെ വാദം അവളെ സങ്കടപ്പെടുത്തി.
ശ്വേതകേതുവിൻ്റെ നീചമായ നിയമവ്യവസ്ഥയിൽ നിന്നും പുറത്ത് കടക്കാൻ അരിയവളെ നിർബന്ധിക്കുന്നു.
ഞാൻ കൂട്ടിലകപ്പെട്ട കിളിയാണ് കൂടിന് വെളിയിലേക്ക് ഏറിയാൽ കൊക്കുകൾ കൊണ്ടുവരാൻ പറ്റും.മറ്റുപക്ഷികൾ കൊണ്ടുവരുന്ന വന്യഫലങ്ങൾ അനുഭവിക്കാനായാലായി. അല്ലാതെ അതിന് മറ്റൊരു കൂട്ടിലേക്ക് പോകാൻ കഴിയുന്നതെങ്ങനെ അവൾ വിലപിക്കുന്നു.
നിനക്കതിനു കഴിയില്ല കീഷേ… അവഹേളനവും അശ്രദ്ധയും കൊണ്ട് നീ ഓരോ നിമിഷവും നിന്നെത്തന്നെ വഞ്ചിക്കുകയാണ്. വെെവാഹിക ജീവിതം എന്നുവച്ചാൽ അണ്ടർവെയറും ധരിച്ച് അബോധാവസ്ഥയിൽ കിടക്കുന്ന പിക്കുവിൻ്റെയടുത്ത് കിടക്കലല്ല .ഭർത്താവിൻ്റെഓഫീസ് സമയവും മകൻ്റെ സ്ക്കൂളും മാത്രമല്ല ജീവിതം. നീ നിന്നെ എനിക്കു താ എൻ്റെ സർവ്വസ്വവും നൽകി ഞാൻ നിന്നെ വിളിക്കുന്നു നീ വരുമോ.
അവൾക്കതിന് കഴിയില്ല ഉദ്ദാലകനെപ്പേലെ നിസ്സഹായതയോടെ നോക്കിനിൽക്കേണ്ടിവരുന്ന പിക്കുവല്ല സങ്കടപ്പെട്ട് നിൽക്കേണ്ടിവരുന്ന ശ്വേതകേതുവാണ് അവൾക്കുമുന്നില്ലെ പ്രതിസന്ധി .അതെ ടുബുൽ തന്നെ..!!
ജനാലയിലൂട നിലാവിൽ കുളിച്ച് നിൽക്കുന്ന പ്രകൃതിയിലേക്ക് കണ്ണുകൾ പായിച്ച് അവൾ പാടുകയാണ് പുറത്തെ പ്രകൃതി സൗന്ദര്യവും വേദനയുടെ കാർമേഘവുമാണ് അവളെ പാടാൻ പ്രേരിപ്പിക്കുന്നത് .അതുകൊണ്ട് തന്നെ ആ ഗാനം മനോഹരമാണ്……..
അരി വരാന്തയിലിരുന്ന് അതേ നിലാവിലേക്ക് നോക്കി ആ ഗാനം ആസ്വദിക്കുകയാണ്……
ലിബേഷ് കാരിയിൽ












