2022 ജൂൺ 25, ശനിയാഴ്‌ച

വന്നു. കണ്ടു. പോയി.


 വരുമെന്നറിയാമായിരുന്നു. രണ്ടുവർഷമായ കാത്തിരിപ്പായിരുന്നല്ലോ. വന്നപ്പോൾ മനസ്സിലായില്ല. വല്ലാതെ മാറിയിരിക്കുന്നു.  പഴയ തേജസ്സും പ്രസരിപ്പുമൊന്നുമില്ല. ഒരു പാവത്താൻ.

ഒരുകാര്യം മനസ്സിലാക്കി. കൊറോണ ആശാന് മാസ്കിടുന്നവരെ ഇഷ്ടമല്ല. ഉപദേശിക്കുന്നവരെ ഇഷ്ടമല്ലാത്ത കൗമാരക്കാരനെപ്പോലെ.

ജോലിസ്ഥലത്തുനിന്നാണ് കിട്ടിയത്. ഉന്നതതലസമ്മേളനം. ഞാൻ മാത്രം മാസ്‌കൻ. മറ്റുള്ളവരെല്ലാം അമാസ്‌കർ. ഒറ്റപെടണ്ടല്ലോ എന്ന് കരുതി ഞാനും മാസ്‌ക്കൂരി. ഉടനെ പിടിച്ചു. സമ്മേളനം കഴിഞ്ഞു മാസ്ക് തിരികെകേറ്റിയതാണ്. പറഞ്ഞിട്ടെന്തിനാണ്, അപ്പോഴേക്കും കിട്ടാനുള്ളത് കിട്ടിബോധിച്ചിരുന്നു.

പിന്നെയങ്ങോട്ടു ഏഴുദിവസം ജയിൽ വാസം, അഥവാ വീട്ടുതടങ്കൽ.  താഴേക്കീഴിൽ (Down Under aka Australia) രാജ്യമാണ്. കോവിഡ് ഭീകരനെ ഈയടുത്തനാൾ വരെ വരിഞ്ഞു കെട്ടിയിട്ടിരുന്നു. ഊരിവിട്ടിട്ടു കുറച്ചു നാളുകൾ ആകുന്നേയുള്ളൂ. സ്വതന്ത്രമായി ലവൻ അഴിഞ്ഞാടുന്ന സമയം.

പൂജ്യദിവസം (ഡേയ്..സീറോ)

രാവിലെ ചെറിയ ഒരു വല്ലായ്കയുണ്ടോയെന്നു വെറുതെ, ചുമ്മാ ഒരു തോന്നൽ. തൊട്ടടുത്ത് എലിപരീക്ഷണത്തിനുള്ള (Rapid Antigen Test – RAT TEST) സാമഗ്രികൾ പൊടിപിടിച്ചിരിക്കുന്നു. എടുത്തു, പൊളിച്ചു. കോലെടുത്തു (Swab)  മൂക്കിൽ  കേറ്റി പത്തുവീതം തവണ  കറക്കിയുഴിഞ്ഞു. കോല് ട്യൂബിലെ ലായനിയിൽ തണുപ്പിക്കാൻ വച്ചു. പിന്നെ എണ്ണം പറഞ്ഞ മൂന്നുതുള്ളികൾ ട്യൂബ് ഞെരിച്ചു തെന്നിത്തെറിപ്പിച്ചു.  ടെസ്റ്റ് ചീളിന്റെ (Strip) അറ്റത്തുള്ള ദ്വാരത്തിൽ മൂന്നും വീണെന്ന് ഉറപ്പു വരുത്തി. മൂന്ന് നിമിഷങ്ങൾ കഴിഞ്ഞു, റീഡിങ് വെളിച്ചംകണ്ടു.  അത്ഭുതം, ഒറ്റവര മാത്രം. സംഭവം ഇല്ലെന്നുറപ്പിച്ചു. അരമണിക്കൂർ കഴുഞ്ഞു വീണ്ടും മൂത്രമൊഴിക്കാൻ ബാത്‌റൂമിൽ കേറിയപ്പോൾ വെറുതെ അവിടിരുന്ന ടെസ്റ്റ് ചീളിനെ വീണ്ടും ഒന്ന് നോക്കിയതാണ്. വര രണ്ടായിരിക്കുന്നു! ‘ഒന്നായ നിന്ന‍െ ഇഹ രണ്ടെന്നു കണ്ടളവില്‍ ഉണ്ടായൊരിണ്ടള്‍ ബദമിണ്ടാവതല്ല മമ’ എന്ന കൺഫ്യൂഷനിലായിലായതുകൊണ്ട് മിണ്ടാതെ ഒന്നുകൂടി ആവർത്തിച്ചു, എലിപരീക്ഷണം. വര രണ്ട്!  ഉണ്ടെന്നുറപ്പിച്ചു.

സംസ്ഥാന ആരോഗ്യപരിപാലനവകുപ്പിനെ ഉടൻ വിവരം അറിയിച്ചു. ഏഴുദിവസം പുറത്തെങ്ങാനും കണ്ടാൽ വിവരംഅറിയും എന്ന് അവരും.

രോഗലക്ഷണം:  ദിവസം രണ്ടു ചുമ. ചുമക്കുമ്പോൾ മാത്രമുണ്ടാകുന്ന പ്രത്യേകതരം തലവേദന. മനോവേദന.

ഒന്നാം ദിവസം (പ്രഥമൻ)

ഒന്നാം ദിവസം ലവൻ കളിതുടങ്ങി. അപ്പക്കണ്ടവനെ ഡാഡീ…എന്ന ലൈൻ. ശാരീരിക ഉപദ്രവങ്ങളൊന്നുമില്ല. ഒരുതരം സൈക്കോളജിക്കൽ മൂവ്. ആത്മവിശ്വാസം വെറുതെ കേറ്റുന്നു. എനിക്ക് എല്ലാറ്റിനേം പുല്ലുവില. മാസ്കുമാറ്റി ഷോപ്പിംഗിനു പോയാലൊന്നുവരെ ആലോചിച്ചു. ലീവെടുക്കാതെ കൂടുതൽ ജോലി ചെയ്യുന്നു. ഓൺലൈൻ മീറ്റിംഗുകളിൽ താരമാകുന്നു. എന്ന് വേണ്ട, ഇപ്പോപറഞ്ഞാൽ അമേരിക്കൻ പ്രസിഡന്റ് ആകാനും തയ്യാർ എന്ന മട്ട്.

രോഗലക്ഷണം:മൂന്നു ചുമ. തലവേദനയുടെ പൊടിപോലുമില്ല കണ്ടുപിടിക്കാൻ. മുടിഞ്ഞ ആത്മവിശ്വാസം.  

രണ്ടാം ദിവസം (ദൂസരി)

അധ്യാപനം ജോലിയായതുകൊണ്ടു ക്ലാസുകൾ എടുക്കണം. ഒന്നും ക്യാൻസൽ ചെയ്തില്ല. ഓൺലൈൻ ക്ലാസ്സുകളാണ്. മാസ്ക്കിട്ടു ക്ലാസ്സെടുത്തു (വെറും ഷോ!). ക്ലാസിനു വന്ന സായിപ്പൻമ്മാരും മദാമ്മകളും ഞെട്ടിത്തരിച്ചു. കുറ്റമറ്റ അഭ്യസനകര്‍മ്മം കണ്ട് കോരിത്തരിച്ചു. അങ്ങ് ദൂരെ ആംഗലേയനാട്ടിൽ ഹോളി ട്രിനിറ്റി ചർച്ചിലെ കല്ലറയിൽകിടന്നു ഷേക്‌സ്പിയർ പുഞ്ചിരിച്ചു. ഇംഗ്ലീഷ്  ഭാഷ രക്ഷപ്പെട്ടിരിക്കുന്നു! കമോൺട്ര…സുമേഷ് എന്ന് പറഞ്ഞു പതിനഞ്ചാം നൂറ്റാണ്ടിലെ ഒരു തെറികൂടി വിളിച്ചു അണ്ണൻ, സ്നേഹംകൊണ്ട്.

പറ്റിയാൽ നാല് ഗീതകങ്ങൾ (Sonnets) എഴുതിവിടാം എന്ന ആത്മവിശ്വാസത്തിൽ, ഞാൻ.

രോഗലക്ഷണം:കൂടുതൽ സംസാരിച്ചാൽ നാല് ചുമ. ഇല്ലെങ്കിൽ ഇല്ല. തലവേദനയുടെ കാര്യം മറന്നു. കൊടികുത്തിയ ആത്മവിശ്വാസം.  

മൂന്നാം ദിവസം (ത്രിദീയം)

നൂറ്റിയഞ്ചു ഡിഗ്രി പനിയെന്നപോലെ നൂറ്റിയഞ്ചു ശതമാനം ആത്മവിശ്വാസം. ജോലി ഓവർടൈം ചെയ്തു മുന്നേറുന്നു. ഗവേഷക വിദ്യാർത്ഥികളെ പതിവിൽക്കവിഞ്ഞു വിരട്ടുന്നു. സഹഗവേഷക വഴികാട്ടികളെ (റിസർച്ച് ഗൈഡ്)പുച്ഛിക്കുന്നു. എന്നുവേണ്ടാ മലയാളികളായ മലയാളികളുടെയെല്ലാം സഹജമായ പുച്ഛഭാവം എന്നിൽമാത്രം ഉറഞ്ഞുകൂടിയ പുച്ഛകോടി. എന്നുപറഞ്ഞാൽ ലോകത്തിലെ ആകമൊത്തം പുച്ഛത്തിന്റെ തൊണ്ണൂറ്റൊമ്പത് ശതമാനവും എന്നിൽ! 

രോഗലക്ഷണം: ചുമ ചുമക്കാതായി. അതി കഠിനമായ പുച്ഛം.

നാലാം ദിവസം (ചതുർഥി)

വീട്ടുതടങ്കലിൽ നാലാം ദിവസത്തിലേക്ക് കടന്നപ്പോൾ പുച്ഛവും ആത്മവിശ്വാസവും വിഷാദനത്തിന്റെ നീലിമച്ഛായയിലേക്കു പതിയെ കടന്നു. ഏഴാംദിവസം എങ്ങനെയെത്തിക്കാം എന്ന് കൂലംകക്ഷമായ ചിന്തതുടങ്ങി. ഒരേ കടൽ, ഒരേ ചിന്ത. ഒരേ വിഷാദം.

രോഗലക്ഷണം: വിഷാദം.

അഞ്ചാം ദിവസം (പഞ്ചാഗ്നി)

അഞ്ചായപ്പോൾ പഞ്ചുഡയലോഗ്‌ പോലെ സംഭവം കളറായി. ഊണിന്നാശ തുടങ്ങി, നിദ്ര പകൽപോലും വന്നു തൂങ്ങാറായ്. ആർത്തിമൂത്തു പ്രാന്തായി.വയറ്റിൽ പഞ്ചാഗ്നി. വയറ്റിൽ എന്തിട്ടാലും നൊടിയിടയിൽ കത്തി ചാമ്പലാകുന്ന സവിശേഷാവസ്ഥ വന്നുഭവിച്ചു. തീറ്റ മൂന്നുനേരം എന്നുള്ളത് മുപ്പതായാലും മുഷിയില്ല ‘ന്നായി.  വിഷാദം തിന്നാത്തതിനായി. ആത്മവിശ്വാസം തിന്നുന്നതിനായി.

രോഗലക്ഷണം: തീറ്റപ്പണ്ടാരം.

ആറാം ദിവസം (ചക്ക)

തീറ്റകൊണ്ട് രോഗാവസ്ഥയിലും തടികൂടി. ഒരുദിവസം കൊണ്ട്! ആമാതിരി തീറ്റയായിരുന്നല്ലോ. അടുക്കളയടിമ. ശൗചാലയവാസി. ആറാം ദിവസം ആർത്തി കുറഞ്ഞു. ബുദ്ധി തെളിഞ്ഞു. നാളെ ഏഴാംനാൾ ആണെന്ന മനപ്പായസം വേണ്ടുവോളം കുടിച്ചു.   ഋണമുക്തനായവനെപോലെ സമ്പൂർണനായി അഹങ്കരിച്ചു.

രോഗലക്ഷണം: സന്തോഷം.

ഏഴാം ദിവസം (സപ്തമശ്രീ)

ഏഴാം ദിവസം ആരോഗ്യപരിപാലനവകുപ്പിൽ നിന്നും അറിയിപ്പെത്തി. നിങ്ങൾ ഇന്നുരാത്രി പന്ത്രണ്ട് മണി കഴിയുന്ന ശുഭമുഹൂർത്തം മുതൽ വീണ്ടും ഒരു സ്വതന്ത്രമനുഷ്യൻ ആയിരിക്കും. അനുമോദങ്ങൾ. രോഗലക്ഷണങ്ങൾ ഒന്നുപോലുമില്ലെങ്കിൽ പുറത്തിറങ്ങിൻ, ആഹ്ലാദിപ്പിൻ, ഉന്മാദിപ്പിൻ.

എലിപരീക്ഷണത്തിൻറെ (RAT TEST)കാര്യം ചിന്തിച്ചു പോകരുത് എന്ന ഭീഷണിയും. പുതുനിയമം. ഏഴാം നാൾ നെഗറ്റീവ് ആകണ്ട. ബീ പോസിറ്റീവ്. 

രോഗലക്ഷണം:ഉന്മാദം.

വാൽക്കഷണം:

ലവൻ പുലിയാണ് കേട്ടാ. ഒരു സാധാരണ വൈറസിനെ കാണുന്നതുപോലെ നിങ്ങൾ അവനെ കണ്ടുപോകരുത്. ആശാൻ ബഹുമുഖപ്രതിഭയാണ്. കളിക്കളംപോലെ കളിമാറ്റും. ഓന്തിനെപ്പോലെ നിറം മാറ്റും. കമലഹാസനെപ്പോലെ മുഖം മാറ്റും. കുറുപ്പിനെപ്പോലെ കളം മാറ്റും.

നിങ്ങൾക്ക് കോവിടിനെക്കുറിച്ചു ഒരു ചുക്കും അറിയില്ല സാർ.



സുമേഷ് രാമചന്ദ്രൻ 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ