2023 മേയ് 29, തിങ്കളാഴ്‌ച

ഇതിവൃത്തം മലയാള സാംസ്കാരിക മാസിക, മെയ് 2023, ലക്കം 32

 


മുഖമൊഴി


 കുറച്ചു നാളുകളായി നമ്മുടെ ശ്രദ്ധയിൽ നിൽക്കുന്ന വാർത്തയാണ് മനുഷ്യരും മൃഗങ്ങളും തമ്മിൽ നിലനിൽക്കുന്ന സംഘർഷം. ആനകളാണ് ഇതിൽ ഒരു പ്രധാനി. ആനകൾ ജനവാസ മേഖലയിലെത്തുന്നു, അവരുടെ ജീവനും സ്വത്തിനും നാശനഷ്ടമുണ്ടാക്കുന്നു. ചിലർ ഇതിനെ ഭീതിയോടെ കാണുന്നു. ചിലർ സഹാനുഭൂതിയോടെ നോക്കുന്നു. ചിലർ ആഘോഷിക്കുന്നു.

എന്തിനും രണ്ടു വശമുള്ളതുപോലെ ഇക്കാര്യത്തിലും രണ്ടു അഭിപ്രായക്കാർ ഉണ്ട്. ആളുകൾക്കൊപ്പം നിൽക്കുന്നവരും ആനകൾക്കൊപ്പം നിൽക്കുന്നവരും. കുടിയേറ്റ മേഖലയിലുള്ളവരെല്ലാം ഒരേ അഭിപ്രായക്കാർ ആണ്. ആനയുടെ ജീവനേക്കാൾ തങ്ങളുടെ ജീവന് വിലയുണ്ടെന്ന് അവർ പറയുന്നത് തർക്കമില്ലാത്ത വിധത്തിൽ ശരി തന്നെയാണ്. ഓരോ ദിവസവും ജീവനും സ്വത്തും ഭയന്ന് കഴിയുക എന്നത് ചിന്തിക്കുന്നതിലും എത്രയോ ഭയാനകം തന്നെ.

സുരക്ഷിതമായ സ്ഥലങ്ങളിൽ ഇരുന്നു ആനകൾക്കും മറ്റു വന്യജീവികൾക്കും വേണ്ടി വിലപിക്കുന്ന ഒരു വിഭാഗവും ഉണ്ട്. ഒറ്റ നോട്ടത്തിൽ ഈ ചിന്തയിൽ അപാകത തോന്നുമെങ്കിലും അതിലും ചില ശരികൾ ഇല്ലാതില്ല. ആനകൾക്കും കൂടിയുള്ളതാണ് ഈ ഭൂമി. ആനകൾക്കു മാത്രമല്ല സർവ്വചരാചരങ്ങൾക്കും അവകാശപ്പെട്ടതു തന്നെ.

മനുഷ്യന്റെ അടുത്തു തന്നെ ശരാശരി ആയുസ്സുള്ള ഒരു മൃഗമാണ് ആന. ഏതാണ്ട് അമ്പതു മുതൽ അറുപതു വയസ്സുവരെ ജീവിക്കും. മനുഷ്യന്റെ ശരാശരി ആയുസ് എഴുപതാണ്. മനുഷ്യൻ ഭൂമി സ്വന്തമാക്കുന്നു. വേലികെട്ടിത്തിരിക്കുന്നു. അതിനുള്ളിൽ അനുവാദമില്ലാതെ മറ്റുള്ളവരെ കടത്തി വിടുക പോലുമില്ല. ആനകളോ മറ്റു വന്യമൃഗങ്ങളോ ഭൂമിയെ നിയമപരമായി സ്വന്തമാക്കുന്നില്ല. എന്നാൽ അവർക്കും അതിർത്തികളും പരിധികളും ഉണ്ട്.

ഒരു ആനയുടെ നടപ്പാത രൂപീകരിക്കപെടുമ്പോൾ അതിനു വ്യക്തമായ ചില കാരണങ്ങൾ ഉണ്ട്. ശത്രു മൃഗങ്ങളുടെ സാന്നിധ്യക്കുറവ്, ആഹാരം, വെള്ളം എന്നിവയുടെ ലഭ്യത, ഭൂമിയുടെ ചെരുവ് തുടങ്ങിയവയാണ് ഇതിൽ പ്രധാനം. ഒരു ആന ഇത്തരത്തിൽ ഇരുപത്തഞ്ചു കിലോമീറ്ററുകൾ നടക്കുന്നുണ്ടാകും എന്നാണ് കണക്ക്. ഇരുന്നൂറു കിലോമീറ്റർ ദൂരം വരെ ഒരു ദിവസം നടക്കുവാൻ കഴിയുന്ന ഒരു ജീവിയാണ് ആന.

വർഷങ്ങളായി ഇവർ നടക്കുന്ന വഴി അടച്ചു കോളനികൾ ഉണ്ടാക്കുമ്പോൾ ഉണ്ടാകുന്ന സ്വാഭാവിക പ്രശ്നങ്ങൾ മാത്രമാണ് ഇപ്പോൾ സംഭവിക്കുന്നതും. അശാസ്ത്രീയമായ കോളനി വൽക്കരണങ്ങളുടെ തിക്തഫലമാണ് നമ്മൾ ഇന്നനുഭവിക്കുന്നത്‌. ആദിവാസി സമൂഹം വീടുകൾ നിർമ്മിക്കുമ്പോൾ ആനത്താരകൾ ഒഴിവാക്കിയിരുന്നു. എന്നാൽ ഇന്ന് അതെല്ലാം മാറിക്കഴിഞ്ഞിരിക്കുന്നു.

ഇനിയും ഇത്തരം സംഭവങ്ങൾ ആർക്കും സംഭവിക്കാതിരിക്കുവാൻ ആർജ്ജവമുള്ള ഒരു സർക്കാർ സംവിധാനം രൂപപ്പെടേണ്ടതാണ്. അപകടങ്ങൾ ഉണ്ടായ ശേഷം പ്രതികരിക്കുന്നതിനേക്കാൾ, ഉണ്ടാകാതെ നോക്കുന്നവരാണ് ശരിയായ ഭരണാധികാരികൾ.


ഡോ. സുനീത് മാത്യു

ഭയങ്കരം!

 


വാരാന്ത്യത്തിൽ നടക്കാനിറങ്ങിയതാണ്. അഡെലൈഡ് നഗരം. നഗരത്തിൻ്റെ ഏറ്റവും മനോഹരമായ പകുതി. പാർലമെൻ്റ് കെട്ടിടം, കൺവെൻഷൻ സെന്റർ, അഡെലൈഡ് ഫെസ്റ്റിവൽ സെന്റർ, ഇന്റർകോണ്ടിനെന്റൽ ഹോട്ടൽ, റോയൽ അഡെലൈഡ് ആശുപത്രി തുടങ്ങി അതിമനോഹരങ്ങളായ കെട്ടിടങ്ങൾ ഒരുവശത്ത്. മറുവശത്തു അഡെലൈഡ് ഓവൽ, ഗോൾഫ് കോഴ്സ് ആതിയായവയുടെ വെളുപ്പും പച്ചപ്പും. നടുവിൽ ഒരു സർപ്പകന്യകയെപ്പോലെ ലാസ്യമായൊഴുകിയോടുന്ന മനോഹരിയായ ടോറൻസ് നദി.

നടക്കാനും ഓടാനും സൈക്കിൾ ഓടിക്കാനും എത്തിയ കുറച്ചാൾക്കാർ മാത്രം. നല്ല തണുപ്പുള്ള സായാഹ്നമായതുകൊണ്ടാകണം ആൾത്തിരക്കില്ലാത്തത്. കാക്കത്തൊള്ളായിരം പക്ഷികൾ പറന്നും നീന്തിയും കളിക്കുന്നു, ചെറുബോട്ടുകൾ തുഴഞ്ഞുപോകുന്ന ചിലർ. ടോറൻസ് നദീതീരത്തുകൂടി അഡെലൈഡ് ഓവലിനും കൺവെൻഷൻ സെന്ററിനും ഇടയിലൂടുള്ള നദിയുടെ വീതികൂടിയ ഭാഗം എത്തിയപ്പോൾ എതിരെ ട്രാക്ക്സ്യൂട്ടിട്ട് ഓടുന്ന പൊക്കമുള്ള മെലിഞ്ഞ മനുഷ്യനെ എവിടെയോ കണ്ടുമറന്നതുപോലെ . പെട്ടെന്ന് ഓർമ്മവന്നു. ഇത്രയടുത്തു കാണുന്നത് ആദ്യം. സൗത്ത് ഓസ്‌ട്രേലിയൻ സംസ്ഥാനത്തിൻറെ മുഖ്യമന്ത്രി. പീറ്റർ മലിനസ്സ്കാസ്. കേരളത്തിന്റെ ഇരുപത്തഞ്ചിരട്ടി വലിപ്പമുള്ള സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി. ഒറ്റയ്ക്ക്, നഗരമധ്യത്തിൽ സാധാരണക്കാരുടെ ഇടയിലൂടെ ഒരു വെറും സാധാരണക്കാരനായി ഓടാനിറങ്ങിയതാണ്. എല്ലാവർക്കും ആളെ മനസ്സിലാകുന്നുണ്ട്, എന്നാൽ ഇദ്ദേഹത്തിന്റെ സ്വകാര്യതയെ മാനിച്ച് ആരും ശല്യം ചെയ്യാൻ പോകുന്നില്ല. അദ്ദേഹവും അങ്ങനെ ആരെയും നോക്കാതെ ഓട്ടത്തിലാണ് ശ്രദ്ധ. താൻ മുഖ്യമന്ത്രിയായി ഭരിക്കുന്ന നാട്ടിൽ ആരെ ഭയക്കാനാണ്.

ഭരിക്കുന്ന നാട്ടിലെ ജനങ്ങളെ പേടിയില്ലാതെ നടക്കാനും വേണം ഒരു യോഗം. പീറ്ററിന്‌ നാൽപ്പത്തിരണ്ടു വയസ്സ് പ്രായമേയുള്ളൂ. ലേബർ പാർട്ടിയുടെ നേതാവാണ്. ഒരുവേള ഭാവിയിൽ ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി പോലും ആയേക്കാവുന്നത്ര കഴിവുള്ളയാൾ. മനുഷ്യർക്ക് ഭയമില്ലാതെ സ്വസ്ഥമായിട്ടു ജീവിക്കാനുള്ള സംവിധാനം ഉണ്ടാക്കികൊടുത്തിട്ടു സാധരണക്കാരനായി ജീവിക്കുന്ന രാഷ്ട്രീയ നേതാക്കന്മാരെ കണ്ടാണ് ഈ നാട്ടുകാർക്ക് പരിചയം. അങ്ങനെയാണല്ലോ വേണ്ടത്.

ഇവിടെ ആൾക്കാർ പൊതുവേ രാഷ്ട്രീയ വിശ്വാസം ഉള്ളവരാണ്. പലതരത്തിലുള്ള ആശയസംഹിതകളിൽ വിശ്വസിക്കുന്നവർ. മറ്റുള്ളവരുടെ വിശ്വാസങ്ങളെ ബഹുമാനിക്കുന്നവർ. രാഷ്ട്രീയ വിശ്വാസങ്ങളുടെപേരിൽ ആരും ആരെയും കൊന്നതായി കേട്ടിട്ടില്ല. തിരഞ്ഞെടുക്കുന്ന ജനങ്ങളെയും രാഷ്ട്രീയ എതിരാളികളെയും പേടിക്കുന്നവരല്ല ഇവിടുത്തെ രാഷ്ട്രീയപ്രവർത്തകർ. ജീവിതകാലം മുഴുവൻ രാഷ്രീയപ്രവർത്തനം നടത്തുന്നവരുല്ല അവർ. ഒരു ഘട്ടം കഴിഞ്ഞാൽ രാഷ്ട്രീയത്തിൽനിന്നും വിരമിച്ചു മറ്റുജോലികൾ ചെയ്യുന്നവരാണ് ഇവിടെ മിക്ക പൊതുപ്രവർത്തകരും.

ഇതുവായിക്കുമ്പോൾ ഏതോ വികസിതരാജ്യത്തു നടക്കുന്ന എന്തൊക്കയോ പറഞ്ഞു തള്ളുന്ന മറ്റൊരു പ്രവാസി ബടുക്കൂസ് എന്ന് നിങ്ങൾ വിചാരിക്കും. അത് സത്യമാണ്. പക്ഷെ എനിക്ക് ചിലകാര്യങ്ങൾ കൂടിപറയാനുണ്ട്. ഇത്തരം രാഷ്ട്രീയസിംഹവാലന്മാർ (വംശനാശം വന്നേക്കാവുന്നത് എന്നതുകൊണ്ട്) നമ്മുടെ നാട്ടിലും ഉണ്ടായിരുന്നു. ലളിത ജീവിതം നയിച്ച്, ഭയലേശമന്യേ ജനങ്ങളുടെ ഇടയിലൂടെ നടന്ന് പണിയെടുത്ത ജനസേവകർ (ഈയടുത്ത കാലത്തുകണ്ട ചില ‘നല്ല’ നടത്തങ്ങളല്ല കവി ഉദ്ദേശിച്ചത്! ബ്രണ്ണൻ നടത്തവുമല്ല). നടന്നും, സൈക്കിൾ ചവിട്ടിയും, ബസ്സുപിടിച്ചും യാത്ര ചെയ്തവർ. സ്വന്തം കയ്യിലെ കാശുമുടക്കി പട്ടിണിക്കാരൻ്റെ അരവയർ നിറച്ചവർ. സ്വന്തം സ്വത്തുക്കൾ രാജ്യത്തിനും പാർട്ടിക്കും കൊടുത്തു, ‘സംപൂജ്യ’രായവർ. അത്രക്കൊന്നുമില്ലെങ്കിലും, ഇത്തരം രാഷ്ട്രീയ ‘വിഢിത്തരങ്ങൾ’ വച്ചുനടത്തുന്ന ചില കോണുകൾ ഈ ലോകത്തു ഇപ്പോഴുമുണ്ട് എന്ന് പറയാനാണ് ശ്രമിച്ചത്.

“പണ്ടു പണ്ടു് ഓന്തുകൾക്കും ദിനോസറുകൾക്കും മുൻപ്‌ ഒരു സായാഹ്നത്തിൽ രണ്ടു ജീവബിന്ദുക്കൾ നടക്കാനിറങ്ങി.” അക്കാലത്തു, നന്മകൾ കൂടെനടന്ന നാടാണ് നമ്മുടേത്. ഇപ്പോളെല്ലാം മാറി, തിരിച്ചറിയാനാകാത്തവിധത്തിൽ. പിരിഞ്ഞുപോയ അനുജത്തിമാരായ ജീവബിന്ദുക്കളൊക്കെ കീടാണുക്കളായിമാറിപ്പോയെതറിഞ്ഞു തപിക്കുകയേ നിവൃത്തിയുള്ളൂ (ശ്രീമാൻ ഒവി വിജയനോട് കടപ്പാട്). ഇപ്പോഴും ചിലരൊക്കെ അവിടെയും ഇവിടെയുമായി ആത്മാർഥമായി ജനങ്ങളെ സേവിക്കുന്നുണ്ടാകാം. പക്ഷെ അവരുടെ പേരുവിവരങ്ങൾ നൂറാളിൽ കൂടുതൽ അറിയാൻ വഴിയില്ല. അവരെയൊന്നും ആരും വളർത്തില്ല. എങ്ങാനും നാലുപേർക്കുകൂടി നന്മചെയ്തുപോയാലോ. അവരൊക്കെ വെറും ജനസേവകർ. കക്ഷിരാഷ്ട്രീയക്കാരനാകണമെങ്കിൽ ലൈൻ വേറെയാണ്. അവരെയൊക്കെ തലയിലേറ്റുമ്പോൾ, തലയും കീശയും ശൂന്യമാക്കണം. ആക്കണ്ട, ആയിക്കോളും.

ഇസങ്ങൾക്കും മതങ്ങൾക്കും വേട്ടുബാങ്കിനും ബാങ്കുനോട്ടിനും മുകളിൽ പച്ചമനുഷ്യൻറെ യാതന മനസ്സിലാക്കാൻ കഴിവുണ്ടായിരുന്ന ചില നേതാക്കളെങ്കിലും നമുക്കിടയിലുണ്ടായിരുന്നു. ഇത് വായിക്കുന്ന ഏതൊരാൾക്കും അങ്ങെനെ ഒരുപേരെങ്കിലും പറയാനുണ്ടാകും. പക്ഷെ അവരൊക്കെ മണ്മറഞ്ഞവരായിരിക്കാനാണ്‌ സാദ്ധ്യത. അങ്ങനെയുള്ളവർ വീണ്ടും നാടുഭരിക്കാനെത്തുന്നതുവരെ ഉണ്ടാകും, ഭയം! ഭരിക്കുന്നവർക്കും. ഭരിക്കപ്പെടുന്നവർക്കും. അതിനൊരായിരം കൊല്ലം കാത്തിരിക്കേണ്ടിവന്നേക്കാം. അതുവരെ ഭയക്കാതെ തരമില്ല, നിഴലിനെപ്പോലും! വെളിച്ചത്തെപ്പോലും!

“We can easily forgive a child who is afraid of the dark; the real tragedy of life is when men are afraid of the light.” ― Plato


 

സുമേഷ് രാമചന്ദ്രൻ

കടങ്കവിത

 









എല്ലാവർക്കും വേണം

വേണ്ടവരിലിതേറെയുണ്ടു താനും

വേണ്ടവർക്കതു കരതൊട്ട മീനിന്റെ

പിടച്ചിൽ

ഉള്ളവർക്ക് തിരിയിട്ട ബോംബിന്റെ

വിങ്ങൽ


കൊടുക്കാനേരെയുള്ളവർ

വേണ്ടവരെ കണ്ടെത്താറില്ല

കണ്ടെത്തിയാൽ നൽകാനാവില്ല

നൽകിയാലും സ്വാകരിക്കാനാവില്ല

വേണ്ടാന്ന് ചിരിച്ചു വികർഷിക്കും

വേണമെന്ന് കരഞ്ഞു കവിതയാകും


കട്ടെടുക്കാനാവില്ല

ചോദിച്ചു വാങ്ങിയാലത്

പാകമാവാത്ത ഉടുപ്പുപോലെ


ഒളിപ്പിക്കാനോ

നൽകാനോ

കൂട്ടിവെക്കാനോ ആവാതെ

ഗതികെട്ട ആത്മാവാകും


കിട്ടുക എന്നതും

നൽകുക എന്നതും

ഒന്നിച്ചുവരുന്ന

അപൂർവ ഗ്രഹണമാണ് ;

അതുമാത്രമാണ്

ശരി.


കൊടുക്കൽ

വാങ്ങലുകൾ ഒന്നാകുന്ന

അപൂർവ്വ നക്ഷത്രം

പോലെ ഒന്നോ രണ്ടോ..


നിറഞ്ഞുകവിഞ്ഞിട്ടും

നൽകാനാവാത്തതും

എത്ര നൽകിയിട്ടും

സ്വികരിക്കാത്തതും

എത്ര ആഗ്രഹിച്ചിട്ടും

കണ്ടെത്താനാവാത്തതിന്റെയും

ഭാരമുള്ള പ്രേതങ്ങൾ

ഭൂമി മുക്കിക്കളയുന്നതിനു മുൻപ്

അതങ്ങു കൊടുത്തൂടെ?

തരുന്നത് വാങ്ങിക്കൂടെ?


 റാണി സുനിൽ

പ്രണയ തീച്ചൂട്

 


മുലപ്പാൽ നുണയേണ്ട നഗ്നമായ അവളുടെ മാറിടത്തിൽ നിന്നും രക്തം നുണഞ്ഞപ്പോൾ കഠിനമായ വേദനയോടെ മുലകണ്ണുകൾ അമർത്തി പിടിച്ചുകൊണ്ട് അവളെന്നെ തള്ളി മാറ്റി.

മേൽക്കുര പോലുമില്ലാത്ത ഇരുളടഞ്ഞ കൊച്ചു മുറിയുടെ മൂലക്ക് മാറി നിന്നുക്കൊണ്ടവൾ തേങ്ങികരഞ്ഞു.

വേദനയുടെ ആഘാതത്തിൽ അവളെറിയാതെ കണ്ഠം ഭേദിച്ച് ഒരു തേങ്ങൽ പുറത്തുവന്നു.

തികച്ചും വികാരാതീതമായ ഭയം, ഒരു വിറയൽ എനിക്ക് അനുഭവപ്പെട്ടു. ആ ഭയത്തിന് കാലങ്ങൾക്ക് മുൻപ് കളിയാക്കിയ “മോനെ നീ ആയിട്ടില്ലടാ” എന്ന പരിഹാസ ചുവയില്ലായിരുന്നു. വേദനയുടെയും നഷ്ടസ്വപ്നത്തിന്റെയും ആശങ്ക മാത്രം.

ഒരു വെട്ടത്തിന് വേണ്ടി തിരഞ്ഞ എനിക്ക് കിട്ടിയത് തീപ്പെട്ടിയായിരുന്നു കത്തിച്ചു നോക്കിയതും നെഞ്ചിനകത്ത് വെള്ളിടിവെട്ടി. അറിയാതെ ദൈവത്തെ വിളിച്ചു. ആ വെളിച്ചത്തിൽ കണ്ടത് അവളുടെ തുടയിലൂടെ ഒഴുകുന്ന രക്തമാണ്.

ഇരുട്ടിന്റെ മറവിൽ എന്തു ചെയ്യണമെന്നറിയാതെ അന്ധാളിച്ചു നിന്നു. മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ലഹരിയിൽ തോന്നിയ ആവേശം. കൂട്ടുകാരുടെ മുന്നിൽ അളാവാനും വേണ്ടി.

ഇപ്പോൾ ആവേശമില്ല മാത്രമല്ല ലഹരി എങ്ങോ ചോർന്നുപോയിരിക്കുന്നു. വീമ്പ് പറഞ്ഞ് കൂടെനിന്ന ആരും ഇപ്പോൾ കൂട്ടിനുമില്ല. ഞാൻ ശരിക്കും തനിച്ചായി. പ്രശ്നങ്ങളുടെ പടിവക്കിൽ ആരും തന്നെ കൂടെയുണ്ടാവാറില്ല.

“ ഇനിയെന്തു ചെയ്യും ?

കാലങ്ങക്ക് മുൻപ് അവളുടെയടുത്ത് പോയിട്ടുണ്ടെങ്കിലും, അന്നൊന്നും ലഹരിയെ കൂട്ടുപിടിച്ചിട്ടില്ലായിരുന്നു. അന്നൊക്കെ സാമീപ്യത്തിനായി രണ്ടാളും കാത്തിരിക്കുമായിരുന്നു.

ഇന്ന് അങ്ങനെയല്ല “ വേണ്ട ” എന്ന് അവൾ പലവട്ടം വിലക്കിയപ്പോഴും എന്റെ ആവേശം അതൊന്നും ചെവിക്കൊണ്ടില്ല. മറ്റൊരുത്തന്റെ ഭാര്യയാണെന്നെങ്കിലും ഓർക്കണമായിരുന്നു. ലഹരി വല്ലാതെ പിടിമുറക്കിയിരിക്കുന്നു.

അവൾ മറിയ രാത്രിയുടെ ഇരിട്ടിടങ്ങളിൽ കാമത്താൽ വിരുന്നൊരുക്കുന്നവൾ. അഭയം തേടിയലയുന്നവർക്ക് എന്നുമൊരു ആശ്വാസമായിരുന്നു.

വശ്യമനോഹരിയായിരുന്നു. ആരും കൊതിക്കുന്ന മനോഹാരിത അംഗലാവണ്യത്തിന്റെ ധാരാളിത്തം അവളെയൊരു സൗന്ദര്യധാമമാക്കി. എല്ലാവരും കൊതിയോടെ മാത്രം നോക്കികണ്ടു.

എങ്ങിനെയോ അവൾ എന്റെ പ്രേമഭാജനമായി മാറി. ശരീരം വിറ്റ് ജീവിക്കുന്നവൾക്ക് ഒരു കൗതുകമായിരുന്നു. ചെറുപ്രായത്തിൽ തന്നെ കാമാസക്തിയിലകപ്പെട്ട ചെറുപ്പക്കാരനോട് തോന്നിയ ഒരു ഇഷ്ടം.

പക്ഷെ എന്നിലെ ആവേശം കാമമല്ലന്നും അത് ആരാധനയോട് കൂടിയ പ്രേമമാണെന്നും തിരിച്ചറിഞ്ഞപ്പോൾ അവളും പ്രണയിച്ചുതുടങ്ങി.

കാമാർത്തിയോടെ തന്റെയടുത്തു വരുന്ന കഴുകൻമാർക്കിടയിൽ നിന്നും വേറിട്ട് ഒരു പക്ഷിക്കുഞ്ഞു മാത്രമായി ഞാൻ. എന്നോടുള്ള അവളുടെ പെരുമാറ്റത്തിൽ പ്രേമത്തിന്റെ തീക്ഷണത നിറഞ്ഞുനിന്നു.

എനിക്ക് അവളോട് ആരാധനമൂത്ത് ഭ്രാന്തമായൊരു ഇഷ്ടമായിരുന്നു. സ്നേഹത്തിന്റെയും സാന്ത്വനത്തിന്റെയും നിറകുടമായിരുന്നു മറിയ. സ്നേഹം പ്രകടിപ്പിക്കാൻ അവൾക്ക് ഒരു മടിയുമുണ്ടായിരുന്നില്ല.

രാത്രി കാലങ്ങളിൽ ഞാൻ അവളെ തേടി പോയികൊണ്ടിരുന്നു. ആരും കാണാതെ. പുഴയോരങ്ങളിലും തെങ്ങിൻ തോപ്പുകളിലും ചന്ദ്രനെ സാക്ഷിയാക്കി പ്രണയിച്ചുനടന്നു. മഞ്ഞിന്റെ കുളിരും,വേനലിന്റെ ചൂടും പുഴയുടെ ഓങ്ങളും മതിവരുവോളം ഞങ്ങൾ ആസ്വദിച്ചു.

തന്റെ നഷ്ടപ്പെട്ടപോയ കൗമാരജീവിതം എന്നിലൂടെ സാക്ഷാത്ക്കരിക്കുകയായിരുന്നു. വീണുകിട്ടുന്ന ഓരോ നിമിഷവും ഞങ്ങൾ ആസ്വദിച്ചു. ശാരീരിക അടുപ്പത്തിനുമപ്പുറം മാനസികമായി എന്തോ ഒന്ന് ഞങ്ങൾക്കിടയിൽ ഉടലെടുത്തു. ശരീരവിൽപ്പന തൊഴിലാക്കിയ അവൾ ആ മനസ്സ് ആർക്കും വിട്ടുകൊടുത്തിരുന്നില്ല.

കാമത്തിലുപരി മാനസികമായ അടുപ്പം ഞങ്ങൾ കാത്തു സൂക്ഷിച്ചു. “ ചിപ്പിക്കുള്ളിലെ മുത്ത് പോലെ പിഴച്ച പെണ്ണിലും ഒരു മനസ്സുണ്ടെന്ന് തിരിച്ചറിഞ്ഞു ”

ഞാൻ അവൾക്കെന്നും നല്ല കൂട്ടുകാൻ, കാമുകൻ, ഭർത്താവ് അങ്ങനെ ആരെല്ലാമോ ആയിരുന്നു. സ്വന്തം കുടുംബത്തിനുവേണ്ടി വേശ്യവൃത്തിയിൽ ഇറങ്ങിയതായ അവളുടെ സുഖദുഃഖത്തിൽ അവളോടൊപ്പം ഞാനുണ്ടായിരുന്നു.

വിവാഹമെന്ന സ്വപ്നം വീട്ടിൽ അവതരിപ്പിച്ചു. പക്ഷെ ആർക്കും ഉൾക്കൊള്ളാൻ കഴിഞ്ഞില്ലെന്നു മാത്രമല്ല, കുടുബത്തോടെ പിന്തിരിപ്പിക്കാൻ ശ്രമിക്കുകയും ചെയ്യ്തു. ഉയർന്ന കുടുംബത്തിലാണ് ജനനം. ആരും ആവിശ്യം അംഗീകരിച്ചില്ല. കുടുംബമഹിമ, പിഴച്ച പെണ്ണ്, വേശ്യാവൃത്തി. അവർക്കിടയിൽ എതിർപ്പുകൾ ഉയർന്നു.

മറിയ പോലും കല്ല്യാണത്തിന് എതിർപ്പ് പ്രകടിപ്പിച്ചു “എന്റെ ജീവിതം ഏതായാലും തുലഞ്ഞു ഇനി നീ കൂടി അതിൽ വീഴേണ്ട” എന്നായിരുന്നു അവളുടെ പക്ഷം.

ലോകം മനുഷ്യരുടെയാണ്, മതത്തിന്റെയും കുടുംബമഹിമയുടെയുമല്ലന്നും വേശ്യാവൃത്തി ജീവിക്കാൻ വേണ്ടിയാണെന്നും അവളുടെ മനസ്സ് പരിശുദ്ധമാണെന്നും ഘോരം ഘോരം വാദിച്ചു. പക്ഷെ ആരും ചെവിക്കൊണ്ടില്ല.

വേശ്യയുടെയും നീചന്റെയും പുണ്യാത്മാവിന്റെയുമെല്ലാം രക്തത്തിന്റെ നിറം ചുവപ്പാണെന്നും പറഞ്ഞു നോക്കി ഒരു കാര്യവും ഉണ്ടായില്ല.

കുടുംബത്തെ ധിക്കരിച്ചു എനിക്കും, എന്നെ ഒരു കുഴിയിൽ വീഴ്ത്താൻ അവൾക്കും കഴിഞ്ഞില്ല. പതുക്കെ ജീവിതം ദുർഘടമായത്തോടെ എല്ലാത്തിനും പരിഹാരമായി ഞാൻ ബോബെയിലേക്ക് വണ്ടികേറി.

കുറച്ചു വർഷങ്ങളെടുത്തു ഒന്ന് കരപറ്റാൻ. മറിയയുമായുള്ള ജീവിതം സ്വപ്നം കണ്ടുകൊണ്ട് ജീവിച്ചു. കുറച്ചു കാശ് ഉണ്ടാക്കണം എന്നതായിരുന്നു ലക്ഷ്യം.

പതുക്കെ, അയക്കുന്ന കത്തുകൾക്കൊന്നും മറുപടി വരാതായതോടെയാണ് ഞാൻ നാട്ടിലേക്ക് തിരിച്ചത് അപ്പോഴേക്കും മറിയയുടെ കല്ല്യാണം കഴിഞ്ഞിരുന്നു.

അവളുടെ കുടുംബം നശിക്കാതിരിക്കാൻ വേണ്ടി എന്നെ തന്നെ നിയന്ത്രിച്ചു ഇത്രയും നാൾ. എന്നാൽ ഇപ്പോൾ മദ്യത്തിന്റെ ലഹരിയിൽ എല്ലാം തകർത്തിരിക്കുന്നു. കുടുംബത്തെ നശിപ്പിച്ചിരിക്കുന്നു.

എല്ലാം അറിഞ്ഞു മറിയയെ കല്ല്യാണം കഴിച്ച ചെറുപ്പക്കാരന്റെ സ്വപ്നങ്ങളെയാണ് ഞാൻ പിച്ചി ചീന്തിയത്

“ ഇനി എന്തു ചെയ്യും…?

രാത്രിയിൽ ഇവളെയുക്കൊണ്ട് ആശുപത്രിയിൽ പോയാൽ എല്ലാവരും സംശയിക്കും. പക്ഷെ ഇങ്ങനെ ഇട്ടിട്ട് പോവാനും മനസ്സ് വരുന്നില്ല. കല്ല്യാണം കഴിയുന്നതിനു മുൻപ് തന്നെ വേശ്യാവൃത്തി നിർത്തിയതാണ് മറിയ ഞാൻ ആയതു കൊണ്ട് മാത്രമാണിങ്ങനെ..

ഞാൻ വിറയലോടെ കൈയ്യിൽ ഇരുന്ന തീപ്പെട്ടി ഒന്നുകൂടെ കത്തിച്ചു മുറിയുടെ മൂലക്ക് ചാരിയിരുന്നു മയക്കത്തിലായിരുന്നു അവൾ താമരപോലെയുള്ള ആ മുഖം വാടിയിരിക്കുന്നപോലെ തോന്നി. തട്ടി വിളിച്ചിട്ടും അവൾ മിണ്ടുന്നില്ല.

അവൾ ഇരുന്ന സ്ഥലം ശ്രദ്ധിച്ചത് രക്തത്താൽ ചുവന്നിരിക്കുന്നു.

“ അവിവേകത്തിന് മരണത്തിന്റെ മണമാണെന്ന് തോന്നി. അഹന്തക്ക് ചുവപ്പ് നിറവും. ” സ്നേഹസമ്പന്നമായ ഒരു മനസ്സ് പുറത്തെടുക്കാൻ വളരെ കഷ്ടപ്പെട്ടു.

“ലഹരി. ” എന്നെ വല്ലാതെ അടിമയാക്കിയിരുന്നു മനസ്സിലെ വികാരം മനുഷ്യത്വം നിറഞ്ഞതല്ല. ഓർമ്മകളുടെ ഇടതാവളങ്ങളിൽ മാത്രം മനുഷ്യത്വം ഒളിഞ്ഞിരുന്നു.

ലഹരിയുടെയും മനുഷ്യത്വത്തിന്റെയും ഇടയിലെ നൂൽപാലം മറികടക്കാൻ ഞാൻ വളരെ കഷ്ടപ്പെട്ടു.

വീണ്ടു വിചാരങ്ങൾക്ക് വ്യാളി മുഖവുമായിരുന്നു. അതെന്നെ കാർന്നു തിന്നുക്കൊണ്ടിരുന്നു. എല്ലാം ഉപേക്ഷിച്ചു രക്ഷപ്പെടൽ വളരെ എളുപ്പമാർഗ്ഗമാണ്. മനസ്സിന്റെ കൊട്ടാരത്തിൽ രാജകുമാരിയെ പോലെ പരിപാലിച്ച എന്റെ സ്നേഹസൗധത്തെ തനിച്ചാക്കി എങ്ങിനെ ഞാൻ മാത്രം രക്ഷപ്പെടും.

പുതുതലമുറയുടെ പുത്തൻ ചിന്തകൾ എന്റെ തലച്ചോറിലൂടെയും ഓടിനടക്കുന്നുണ്ട്. തനിക്ക് കിട്ടാത്തത് മറ്റാർക്കും വേണ്ട എന്ന സ്വാർത്ഥചിന്തയും തികട്ടി വരുന്നുണ്ട്.

പക്ഷെ നല്ല ചിന്തകൾ കൊണ്ടു മാത്രം ജീവിതം ആരംഭിച്ച ആ ചെറുപ്പക്കാരൻ എന്ത് തെറ്റ് ചെയ്യ്തു. ആരോടാണ് എന്തിനോടാണ് എന്റെ ഈ പക..?

അവളെയും വാരിയെടുത്ത് ആശുപത്രിയിലേക്കോടി. ആദ്യം കണ്ട വണ്ടിക്ക് കൈ കാണിച്ച് ആശുപതിയിൽ എത്തിച്ചു. മണിക്കൂറുകളോളം ആ നശിച്ച രാത്രിയെ ശപിച്ച് ആശുപത്രി വരാന്തയിലിരുന്നു. ജീവിതത്തിൽ ഒരു കൊല ചെയ്യ്ത പോലെ കുറ്റബോധം. മനസ്സിന്റെ സ്വസ്ഥത നശിപ്പിച്ചുകൊണ്ടിരുന്നു.

കുറച്ചു കഴിഞ്ഞപ്പോൾ അവളുടെ ഭർത്താവും നാട്ടുകാരിൽ ചിലരും അവിടെ വന്നുചേർന്നു. എനിക്ക് പിന്നിൽ തടിച്ചു കൂടിയവരിൽ ആരോ പറഞ്ഞു

“ പടിക്കെട്ടിൽ തടഞ്ഞു വീഴുകയായിരുന്നു ” കണ്ണൻ കണ്ടതുകൊണ്ടു ഒരു ജീവനെങ്കിലും കിട്ടി… അല്ലെങ്കിൽ ” അർത്ഥഗർഭത്തിൽ നിർത്തി.

അൽപ്പസമയത്തിനുശേഷം ഒരു തണുത്ത കൈതലം എന്റെ തോളിൽ പതിഞ്ഞു. ഞാൻ പതുക്കെ തിരിഞ്ഞു നോക്കിയപ്പോൾ വിളറിയ മുഖത്ത് കലങ്ങിയ കണ്ണുകൾ. ആ കണ്ണുകളിൽ നിന്ന് കണ്ണുനീർ ധാരയായി ഒഴുകുന്നു. അവളുടെ ഭർത്താവ്.

ആ കണ്ണുനീർ നന്ദിയുടെയാണോ അതോ ശാപത്തിന്റെയാണോ? മനസ്സിലാക്കാൻ കഴിഞ്ഞില്ല. തെറ്റ് ചെയ്ത മനസ്സിൽ വേർതിരിവിന്റെ ആവശ്യമില്ലല്ലോ. കാരണം ഞാൻ ഒരു കൊല ചെയ്തിരിക്കുന്നു മനസ്സിൽ. കുറ്റബോധവുമായി ഞാൻ ആശുപത്രിയിൽ നിന്ന് ഇറങ്ങി നടന്നു. ഒരിക്കലും തിരിച്ചു വരാത്ത ഒരു യാത്ര.


 

ഹരി കുട്ടപ്പൻ

നാലു കവിതകൾ

 







എന്നിലെ നീ


പോകെപ്പോകെ

നിന്നിൽ ഞാൻ

വേരറ്റു പോയേക്കാം…

എങ്കിലും

ഒരു വേനലിനും വഴങ്ങാതെ

നീയെന്നിൽ

വീണ്ടും വീണ്ടും

കിളിർത്തുകൊണ്ടേ യിരിക്കും


അന്യർ


നമ്മളന്യോന്യമന്യരായ് തീർന്ന

നമ്മളിടങ്ങളിൽ

ബാക്കിയുണ്ടിപ്പോഴും

ഞാനെന്നും നീയെന്നുമായ്

നാം മുറിഞ്ഞതിൻ

മുറിപ്പാടുകൾ….


സുഹൃത്തിന്

സുഹൃത്തേ

നിന്നെയോർക്കാനാണെനിക്കിഷ്ടം

എനിക്കെന്നെ തന്ന നിന്നെ


വേരുകൾ വരണ്ട്

കരിഞ്ഞുണങ്ങിയപ്പോൾ

നീ പകർന്നേകിയ നീരിൽ

പച്ച വീണ്ടെടുത്ത എന്നെ

ഓർക്കാനാണെനിക്കിഷ്ടം


എന്നിലൂടെ നീയും

നിന്നിലൂടെ ഞാനും

നമ്മളായ് തീർന്നത്

ഓർത്തെടുക്കാനാണെനിക്കിഷ്ടം…


അവൾ


അവളിൽ തുടങ്ങി

അവളാൽ വളർന്ന്

അവളിലൊടുങ്ങുന്ന

ജീവബിന്ദുക്കൾ നാം….



ശ്രീലക്ഷ്മി എൻ.ആർ.

അപരൻ

 


മറന്നു തുടങ്ങിയ ഒരു സുഹൃത്തിൻ്റെ സന്ദേശം അന്നു ഫോണിൽ തെളിഞ്ഞു. “മനു, തിരക്കില്ലെങ്കിൽ ഒന്നി വിടം വരെ വരൂ .ഞാനിപ്പോൾ എസ്റ്റേറ്റ് ബംഗ്ലാവിലുണ്ട്. ഏകാന്തതയും ഒറ്റപ്പെടലും എന്താണെന്നറിയണമെങ്കിൽ ഇവിടെ കഴിയണം. പിന്നെ ചില നല്ല വശങ്ങളുമുണ്ട്. ചുമപ്പുകലർന്ന സ്വർണ വർണത്തിൽ സൂര്യൻ മലമുകളിലേക്ക് ഉദിച്ചുയരുന്നതു കാണാം. മഞ്ഞിൻ പാളികളെ വകഞ്ഞു മാറ്റി പക്ഷികൾ മരച്ചില്ലകളിൽ നിന്നു പറന്നുയരുന്നതു കാണാം. അനുഗ്രഹവർഷം പോലെ വൃക്ഷങ്ങൾ പുഷ്പങ്ങൾ കുടഞ്ഞിടുന്നതു കാണാം..


ഒരുമിച്ച് പഠിച്ചവരാണ്. ബാംഗ്ലൂരിൽ വെബ് ഡിസൈനിങ്ങ് പഠിക്കാനായി അവൻ വന്നപ്പോൾ രണ്ടു പേരും ഒരു റൂമിലാണ് താമസിച്ചത്. ബാംഗ്ലൂരു തന്നെ ജോലിയും കിട്ടേണ്ടതായിരുന്നു. ആരൊക്കയോ ടോമിൻ്റെ അപ്പനേയും അമ്മയേയും പറഞ്ഞു തിരിച്ചു, “ചെറുക്കനു പ്രായം കുറവാ അവിടെയൊക്കെ വിട്ടാൽ പിന്നെ തിരിച്ചുകിട്ടി ലാന്നു വരും.”


പിന്നെ അവൻ ജേർണലിസമാണ് പഠിച്ചത്. ട്രെയിനി ആയി കുറച്ചു കാലം ജോലി ചെയ്യുകയും ചെയ്തു. അക്കാലത്ത് ടോം എഴുതി… മൂല്യാധിഷ്ഠിത പത്രപ്രവർത്തനം എന്നൊന്നില്ല .രാഷ്ട്രീയക്കാരെ അനുഗമിക്കുകയും അവർ പറയുന്നതെല്ലാം റിപ്പോർട്ടാക്കി എഡിറ്റർക്കു നൽകുകയുമാണ് എൻ്റെ ജോലി. വി വ രം കെട്ടവരുടെ കൂടെ നടന്ന് ഉള്ള വിവരവും നഷ്ടമായി.


അവൻ ആ ജോലിയും നഷ്ടപ്പെടുത്തി.പിന്നീട് അവനെക്കുറിച്ച് വിവരമൊന്നുമില്ലായിരുന്നു.

ഒരാഴ്ചത്തെ അവധിയെടുത്ത് പോകാനുള്ള ഒരുക്കങ്ങളൊക്കെ പൂർത്തിയാക്കിയപ്പോഴും മനസുകുതറി നിന്നു. പോയില്ലെങ്കിലെന്താ? ഒരു വിശ്രമം ആവശ്യമാണെങ്കിൽ അതു സ്വന്തം വീട്ടിലുമാകാമല്ലോ .എന്നിട്ടും മനു ജൂലൈ മാസം നാലാം തീയ്യതി രാത്രി പത്തുമണിക്ക് സ്വന്തം കാറിൽ ടോമിൻ്റെ എസ്റ്റേറ്റ് ബംഗ്ലാവിലേക്കു യാത്ര പുറപ്പെട്ടു. രാത്രി റോഡിൽ വാഹനങ്ങളുടെ തിരക്കുണ്ടാവില്ല.സാവകാശം വിശ്രമിച്ച് മെല്ലെ കാറോടിച്ചു പോയാലും പുലർച്ചെ നാട്ടിലെത്താം. ഏതെങ്കിലും ഹോട്ടലിൽ മുറിയെടുത്ത് കുളിച്ച് ഭക്ഷണം കഴിച്ച് ഉച്ചയോടെ ടോമിൻ്റെ എസ്റ്റേറ്റുബംഗ്ലാവിൽ.


റോഡ് വിജനമാവുകയാണ്. അങ്ങിങ്ങ് പ്രകാശത്തിൻ്റെ ചെറിയ തുരുത്തുകൾ ഓടി മറയുന്നതും ഇപ്പോൾ കാണാതെയായി. അപ്പോഴാണ് കർണാടക പോലീസെന്ന് സംശയം തോന്നിപ്പിക്കുന്ന മൂന്നു പേർ റോഡിലേക്കിറങ്ങി നിന്ന് കാർ നിർത്താൻ ആവശ്യപ്പെട്ടത്. അവർ ഒന്നേ ആവശ്യപ്പെട്ടുള്ളു. വിലപിടിപ്പതുള്ളതെല്ലാം അവർക്കു കൊടുക്കുക.. പകരം ജീവൻ സുരക്ഷിതമാക്കുക.


അത്യാവശ്യം വസ്ത്രങ്ങളും കുറച്ചു പണവുമുള്ള ബാഗ് അവർ കൈക്കലാക്കി. കൂടെ ഫോണും. മലയാളിയാണെന്നു മനസിലാക്കിയാവാം അവർ മലയാളത്തിൽ പറഞ്ഞു: പരാതിപ്പെട്ടിട്ടു കാര്യമൊന്നുമില്ല.രാത്രിയിൽ തനിച്ചുള്ള യാത്ര ഇനി ഒഴിവാക്കുക..


ഫോൺ നഷ്ടപ്പെട്ടതോടെ പുറം ലോകവുമായുള്ള തൻ്റെ എല്ലാ ബന്ധവും അവസാനിച്ചുവെന്ന് മനുവിനു മനസിലായി. ഓർമയിൽ ആരുടെ നമ്പറും തെളിയുന്നില്ല. സ്വന്തം വീട്ടിലേതു പോലും..


യാന്ത്രികമായി കാർ ഓടിച്ചു കൊണ്ടിരുന്നു. എത്ര സ്വാഭാവികമായും അവിചാരിതവുമായാണ് അപകടങ്ങൾ നമ്മെ എതിരേൽക്കുന്നതെന്നാണ് അപ്പോഴെല്ലാം ഓർത്തുകൊണ്ടിരുന്നത്.


ആൾ പാർപ്പുള്ള ഇടമെത്തിയപ്പോൾ കാർ വഴിയിൽ ഒതുക്കിയിട്ട് കുറച്ചു നേരം ഉറങ്ങി. വീണ്ടും യാത്ര. ടോം പറഞ്ഞ എസ്റ്റേറ്റിലെത്തിയപ്പോൾ സന്ധ്യ കഴിഞ്ഞിരുന്നു.


മുള്ളുകമ്പി കൊണ്ട് വേലി കെട്ടിയ എസ്റ്റേറ്റ് ആ പേരിനിപ്പോൾ അർഹമല്ലെന്നു തോന്നി. പലയിടത്തും വേലി ദ്രവിച്ചു വീണിരിക്കുന്നു. കാട്ടു പൊന്തകൾ റബ്ബർ മരത്തോളം ഉയർന്നിട്ടുണ്ട്. കഷ്ടിച്ച് ഒരു കാറിനു പോകാൻ മാത്രം വീതിയുള്ള ആ മൺപാതയിലൂടെയുള്ള യാത്ര ക്ളേശകരമായിരുന്നു. രണ്ടു കിലോമീറ്ററോളം യാത്ര ചെയ്ത് ടോമിൻ്റെ ബംഗ്ലാവിലെത്തി. ചായം മങ്ങി മുറ്റത്തു പോലും കാടുവളർന്ന് ഓടും മരവും കൊണ്ട് നിർമ്മിതി കഴിച്ച ഒരു പഴയ കെട്ടിടം. സന്ദർശകരുടെ വരവറിയിക്കാൻ ഒരു ഓട്ടുമണി തൂക്കിയിട്ടുണ്ട്.


കതക് അടച്ചിട്ടിരിക്കുന്നു. ടോം ഇവിടെ ഇല്ലെന്നു വരുമോ? തന്നെ കാത്തിരുന്ന് മടുത്തിട്ട്.. കാലുകളുടെ ശക്തി നശിച്ച് അയാൾ പടിയിൽ തളർന്നിരുന്നു. കുറച്ചു സമയത്തിനു ശേഷം ചിന്തിച്ചു. ടോം അകത്തുണ്ടെങ്കിലോ? ഉറങ്ങുകയാണെങ്കിലോ? മണികെട്ടിയ ചരടിൽ വലിച്ച് ആകാംക്ഷയോടെ അകത്തേക്കു നോക്കി.


കതക് ശബ്ദമില്ലാതെ തുറന്ന് പുറത്തേക്കിറങ്ങി വന്നത് ഒരു യുവതിയാണ്. വെളുത്ത ഗൗൺ ധരിച്ച് അതിനേക്കാൾ വെളുത്ത മുഖവുമായി അവൾ പാതിയിരുട്ടിൽ മറഞ്ഞു നിന്നു.

“ടോമില്ലേ ഇവിടെ?”

“ഉണ്ടായിരുന്നു.”

“ആരാണെന്നു മനസിലായില്ല. ടോം തനിച്ചാണെന്നാണ് ഞാൻ കരുതിയത്.”

“ഞാനും ടോമും കുറച്ചു കാലം ഇവിടെ ഒരു മിച്ചു താമസിച്ചിരുന്നു.ഇവിടത്തെ ട്രഡീഷണൽ ആർട്ടുവർക്കുകളെക്കുറിച്ച് ഒരു ഡോക്കുമെൻ്ററി തയ്യാറാക്കാൻ വന്നതാണ് ഞാൻ.സഹായിക്കാമെന്ന് ടോംസമ്മതിച്ചിരുന്നു. വർക്കു കഴിഞ്ഞ് എനിക്കു വിദേശത്തേക്കു പോകേണ്ട സമയമായപ്പോൾ ടോംസമ്മതിച്ചില്ല. ഞങ്ങൾ തമ്മിൽ വഴക്കായി.”


മുഴുവൻ പറഞ്ഞു തീർന്നില്ല. തീക്കണ്ണുമായി ഒരു ബൈക്ക് ഇരമ്പി വന്നു. ബൈക്കിൽനിന്ന് കൈയിൽ ഒരു പൊതിയുമായി ടോം ഇറങ്ങി. മുടിയും താടിയും വളർത്തിയിരിക്കൂന്നു. മുഷിഞ്ഞ ജീൻസും ടീഷർട്ടും.

“നീ വന്നോ? ഞാൻ വിചാരിച്ചു വരില്ലെന്ന് .”

“നീ തനിച്ചാണെന്നല്ലേ എന്നോടു പറഞ്ഞത്?”

“തനിച്ചാണല്ലോ. ഓ.. മെർലിനോ? അവളെ നീ കണ്ടോ? അതു കുഴപ്പമില്ല.”

“എനിക്ക് ആദ്യമൊന്നു കുളിക്കണം.അതു കഴിഞ്ഞ് ഭക്ഷണം. നേരം വെളുത്തിട്ട് ഒന്നും കഴിച്ചിട്ടില്ല.”

“ആദ്യം ഭക്ഷണം. അതു കഴിഞ്ഞ് കുളി. നീ ഇത് നോക്ക്.”


ടോം പൊതിയഴിച്ച് ഓരോന്നായി നിരത്തിത്തുടങ്ങി.

“ഇത് നെല്ലിക്ക വാറ്റിയെടുത്ത നല്ല ഉഗ്രൻ സാധനം.” ഒരു കുപ്പി ഉയർത്തിക്കാട്ടി ടോം പറഞ്ഞു.

” പട്ട ഗ്രാമ്പു ഏലം എല്ലാം ചേർത്ത് ആരോഗ്യദായകം.ഇത് തേങ്ങ നെയ്യിൽ വറുത്തെടുത്ത് തയ്യാറാക്കിയ പന്നിയിറച്ചി വരട്ടിയത്.നാട്ടിൽ വളർന്നതല്ല, കാട്ടിലെ പന്നി. ഇത് കള്ളപ്പം ..ഉണക്കലരി പൊടിച്ച് കള്ളു ചേർത്ത് പുളിപ്പിച്ചുണ്ടാക്കിയത്. എന്താ ടേസ്റ്റ് എന്നറിയുമോ “?


ഭക്ഷണം കഴിച്ചു കൊണ്ടിരിക്കേ ടോം പറഞ്ഞു

“യേശു അവസാനത്തെ അത്താഴത്തിനു വിളമ്പിയത് പുളിപ്പിക്കാത്ത അപ്പം. ഞാൻ വിളമ്പുന്നത് പുളിപ്പിച്ച അപ്പം. യേശുവിന് ഒരു രുചിയെ അറിയാമായിരുന്നുള്ളു… സ്നേഹത്തിൻ്റെ രുചി. എൻ്റെ ജീവിതം മുഴുവൻ രുചി ഭേദങ്ങളായിരുന്നു. തിരസ്ക്കരിക്കപ്പെട്ട സ്നേഹത്തേക്കാൾ വേദനിപ്പിക്കും അവഹേളിക്കപ്പെട്ട സ്നേഹം. ഞാനത് അറിഞ്ഞതാണ്. പരാജയം.. നിന്ദ.. പരിഹാസം എല്ലാം അനുഭവിച്ചിട്ടുണ്ട്. മെർലിനും എന്നെ ഉപേക്ഷിച്ചു പോകാൻ ഒരു ശ്രമം നടത്തി.ഞാൻ സമ്മതിച്ചില്ല. ആ കുരിശുകണ്ടോ?”ചുമരിലെ വെള്ളിക്കുരിശു ചൂണ്ടി ടോം ചോദിച്ചു.

” ഞാനവളെ അതിൽ ആ വാഹിച്ചിരുത്തി. എസ്റ്റേറ്റിൻ്റെ നടുക്ക് കുഴിയെടുത്ത് ഞാൻ തന്നെയാണ് അവളെ മറവു ചെയ്തത്.”

മനു മദ്യലഹരിയിൽ നിന്ന് ഞെട്ടിയുണർന്നു.കാലുകൾ നിയന്ത്രണത്തിലല്ല എന്നറിഞ്ഞുതന്നെ എഴുന്നേൽക്കാൻ ശ്രമിച്ചു.

ടോം ചിരിച്ചു.

“ഇനി നീ എങ്ങോട്ടും പോകില്ല’.ഇവിടെ ഞാനും നീയും മെർലിനും “

ടോമിൻ്റെ ഉന്മാദച്ചിരിയിൽ വിളക്കണഞ്ഞു.പുറത്ത് ഇരുട്ടും നിശബ്ദതയും ഒരു കടലായി പരന്നു.


വിലാസിനി രാജീവൻ

പെട്ടെന്നൊരു ദിവസം അവൾ ഇല്ലാതാവുമ്പോൾ….

 


വീടും മനസ്സിൽ ചുമന്ന് പോകുന്ന

ഒരുവൾ പെട്ടെന്നങ്ങില്ലാതാവുമ്പോൾ

വീട് ഒരുവേള നിശ്ചലമാകും.


കയിലുകൾ തൊട്ട് കൈക്കലത്തുണി വരെ

അവളെ പരതും.


അടുക്കളപ്പുറത്ത് സ്ഥിരമായി വരുന്ന

പൂച്ചപ്പെണ്ണ് അവളുടെ പയ്യാരം പറച്ചിൽ

കേൾക്കാതെ അമ്പരന്ന് നിൽക്കും.

ആ കുറിഞ്ഞിപ്പൂച്ചയ്ക്കവളെക്കുറിച്ച്

അറിയാത്തതൊന്നുമുണ്ടാവില്ല.

അവൾ പറയുമ്പോൾ കൃത്യമായി


മൂളിക്കേൾക്കുന്ന ഒരേയൊരാൾ

കുറിഞ്ഞി ആയിരുന്നല്ലോ.

അന്നും രാവിലെ സങ്കടങ്ങളും

പരിഭവങ്ങളും കേൾക്കാനിരുന്നതല്ലേ!

ചെടിച്ചട്ടിയിലെ

കറിവേപ്പും കാന്താരിയും

കാറ്റുപോലെ വന്ന്

തങ്ങളെ നുള്ളിയെടുത്തു കൊണ്ടുപോവുമ്പോൾ

ഒന്ന് തൊട്ടു തലോടാൻ

മറക്കാത്ത തിരക്കിട്ടോടിപ്പായുന്ന

ഒരുവളെ കാത്തിരിപ്പുണ്ടാവും.


സമയത്തിൻ്റെ ഓട്ടപ്പാച്ചിലിൽ

അലക്കിയ തുണി വൈകുന്നേരം

തോരാനിടാമെന്ന് കരുതിയാവും

രാവിലെ വീട്ടിൽ നിന്നിറങ്ങിയത്.

ബക്കറ്റിലിരുന്ന് അവയ്ക്ക്

ശ്വാസം മുട്ടുന്നുണ്ടാവും.


അലമാരയ്ക്കുള്ളിൽ അവൾക്കേറ്റം

പ്രിയപ്പെട്ട സാരികൾ അവളുടെ

ഗന്ധവും കാത്തിരിപ്പുണ്ടാവും.


ആഭരണപ്പെട്ടിയിലെ മൂക്കൂത്തികൾ

ഊഴം കാത്തിരുന്ന് തളർന്നിട്ടുണ്ടാവും.


പുത്തൻ കലണ്ടറിൽ അവിടവിടെ പതിച്ചിരുന്ന

ഇത്തിരി വലിയ മെറൂൺ വട്ടപ്പൊട്ട്

അവളെ സുന്ദരിയാക്കാൻ കൊതിച്ച് കാത്തിരുന്നു.


ചിട്ടിയുടേയും ലോണിൻ്റേയും

കണക്കുകൾ മനസ്സിലിട്ട്

വീണ്ടും വീണ്ടും കൂട്ടുകേം കുറയ്ക്കുകേം

ചെയ്യുന്നതു കൊണ്ടാവാം

അവയെല്ലാം അവളിൽ തന്നെ

ഒതുങ്ങിപ്പോയത്.


തലേന്ന് വായിച്ചു വച്ച പുസ്തകം

രാവേറുംവരെ മിണ്ടിപ്പറഞ്ഞിരിക്കാൻ

അവളെയും കാത്ത് അക്ഷമയോടിരിക്കുന്നുണ്ടാവാം.


അവളുടെ മേശപ്പുറത്ത് കറുത്ത പുറംചട്ടയിൽ

പറന്നു പോകുന്ന പക്ഷിയുടെ ചിത്രമുള്ള

ഡയറിയുണ്ടാവും.

അതൊന്നു തുറന്നു നോക്കിയാൽ

കുനുകുനാന്നെഴുതി വച്ചിരിക്കുന്നതു കാണാം.

സ്വപ്നങ്ങളും മോഹങ്ങളും ഒന്നുമല്ല

അതിലുണ്ടാവുക,


പകരം……


ഓടിപ്പോയ ജീവിതത്തിൻ്റെ

കണക്കുകൾ കറുപ്പു മഷിയിലങ്ങനെ

നിരന്നിരിക്കുന്നതു കാണാം.

കാലത്തിൻ്റെ നാൾവഴിയിൽ

ഇനിയൊന്നും എഴുതി ചേർക്കാനില്ലാതെ

കാർമേഘനിറമുളള ആ പേന അരികിലുണ്ടാവും.

ഇന്നലെ തിടുക്കത്തിൽ അടച്ചു വയ്ക്കുമ്പോൾ

ഇന്നൊന്നും എഴുതാനുണ്ടാവില്ല

എന്നറിയില്ലായിരുന്നല്ലോ.


അജിത.വി.അമ്പലപ്പുഴ

റീ യൂണിയൻ

 


ഒറീസ്സയിലെ പ്രശസ്തമായ അലൂമിനിയം പ്ലാന്റ് . തിങ്കളാഴ്ച രാവിലെ പതിവ് പോലെ സേഫ്റ്റിയെ പറ്റിയുള്ള ഡ്രിൽ നടക്കുമ്പോളാണ് രാധയുടെ മൊബൈൽ പലപ്രാവശ്യം ശബ്ദിച്ചത്.

സഹപ്രവർത്തകർക്ക് അരോചകം ആകുന്നതിനു മുന്നേ അവൾ പെട്ടെന്ന് ഫോൺ സൈലന്റ് മോഡിൽ ആക്കി. ഡ്രിൽ കഴിഞ്ഞു തന്റെ ക്യാബിനിലേക്ക് നടക്കുമ്പോൾ മൊബൈൽ പിന്നെയും ഞരങ്ങി. എടുത്തു നോക്കിയപ്പോൾ സഹപാഠിയും കൂട്ടുകാരിയുമായ മീനയുടെ മുഖം സ്ക്രീനിൽ തെളിഞ്ഞു.

“എത്ര തവണയായി ഞാൻ തന്നെ വിളിക്കുന്നു രാധ? നീ എതു പട്ടികാട്ടിലാണ് ?”

മീനയുടെ അല്പം മുഷിച്ചിലോടെയുള്ള ചോദ്യം കേട്ട് രാധ ഒരു നിമിഷം ആലോചിച്ചു നിന്നു..

മറുവശത്തു നിന്നും വീണ്ടും മീനയുടെ ശബ്ദം..

” എടാ .. വരുന്ന ഡിസംബറിൽ നമ്മൾ കോളേജിൽ നിന്നും പാസ്സായിട്ട് ഇരുപത്തഞ്ചു വർഷങ്ങൾ കംപ്ലീറ്റ് ആകും.. നമ്മടെ കുറെ ഫ്രണ്ട്സ് ഒരുപാട് കഷ്ടപ്പെട്ട് എന്തൊക്കെയോ പ്ലാൻ ചെയ്യുന്നുണ്ട്.. നമ്മൾക്കു ഒന്ന് അടിച്ചു പൊളിക്കണ്ടേ . താൻ എന്താ മിണ്ടാതെ നിൽക്കുന്നെ … എന്തേലും പറയു.. എന്താ തന്റെ ആ കമ്പനി ഓണർ … എന്താ അയാളുടെ പേര്.. ആ കോശി … അയാൾ എന്തേലും മുരടത്തരം പറഞ്ഞോ.. “

ഒറ്റ ശ്വാസത്തിൽ മീന പറഞ്ഞത് കേട്ട് നിൽക്കാനല്ലാതെ രാധക്ക് മറുപടി പറയാൻ തോന്നിയില്ല.. അഞ്ചാം ക്ലാസ്സു മുതൽ ഒരുമിച്ചു പഠിച്ച, ഡിഗ്രി ക്ലാസ്സിലും ഒരുമിച്ചായിരുന്നു ഏറ്റവും പ്രിയപ്പെട്ട കൂട്ടുകാരിയോട് മറുത്തൊന്നും പറയാൻ അപ്പോൾ രാധക്ക് കഴിഞ്ഞില്ല.. കുടുംബത്തോടൊപ്പം വിയന്നയിൽ കഴിയുന്ന മീന ഡിഗ്രി കംപ്ലീറ്റ് ചെയ്തതല്ലാതെ ജോലിക്കൊന്നും ശ്രമിച്ചില്ല.. വീട്ടുകാർ കണ്ടെത്തിയ വിമലിനെ വിവാഹം വിവാഹം

മൂന്നു കുട്ടികളുമായി അവൾ കഴിയുന്നു .. ആഴ്ചയിൽ മൂന്നു ദിവസം എങ്കിലും മീന രാധയെ ഫോണിൽ വിളിക്കും. മിക്കപ്പോഴും രാധ ജോലി തിരക്കിലായിരിക്കും.. അത് കാരണം മീന പറയുന്നതൊന്നും അവളുടെ ചെവിയിൽ പതിയാറില്ല. പ്ലാന്റിന്റെ ഹെൽത്ത് ആൻഡ് സേഫ്റ്റി ഡിപ്പാർട്മെന്റ് ഹെഡ് ആയി ജോലി നോക്കിയിരുന്ന രാധക്ക് ദിവസം തീരുന്നത് എങ്ങനെ ആണെന്ന് അറിയില്ലാരുന്നു .. ഉച്ചഭക്ഷണം കഴിക്കാൻ സമയം കിട്ടാത്ത ദിവസങ്ങളും ഉണ്ടായിട്ടുണ്ട്.. അതിനിടയിലും അവൾ ആകെ ഉള്ള കൂട്ടുകാരിയുടെ ഫോൺ അറ്റൻഡ് ചെയ്യാറുണ്ട്. ചെറിയ കാര്യത്തിന് പോലും മനസ്സ് വിഷമിപ്പിക്കുന്ന മീനയെ അവൾക്ക് അത്രമാത്രം ഇഷ്ടമായിരുന്നു. കോളേജുമായും പഴയ സഹപാഠികളുമായും രാധക്കുണ്ടായിരുന്ന ആകെ ബന്ധം മീന വഴി മാത്രമായിരുന്നു…സോഷ്യൽ മീഡിയയിലും എല്ലാ ചാറ്റ് ഗ്രൂപ്പുകളിലും മീന സജീവമായിരുന്നു. ലോകത്തിലെ പല ദിക്കുകളിലുമായി വസിക്കുന്ന പഴയ സഹപാഠികളുടെ വിവരങ്ങൾ മീന വഴി രാധ അറിയുന്നുണ്ടായിരുന്നു .. പക്ഷെ ഇന്ന് അതൊന്നും കേട്ട് നിൽക്കാനുള്ള സമയം അവൾക്കില്ലായിരുന്നു..

” സോറി ഡാ .. നമുക്ക് രാത്രി സംസാരിക്കാം പ്ലീസ്.. എനിക്ക് കുറച്ചു തിരക്കുണ്ട് ഇന്നത്തെ ദിവസം. “

രാധയുടെ ജോലിത്തിരക്ക് മീനയ്ക്ക് പരിചിതമായിരുന്നത് കൊണ്ട് കൂടുതൽ ശല്യപ്പെടുത്താതെ അവൾ ഫോൺ വെച്ചു.

പ്ലാന്റ് ക്യാമ്പസ്സിനുള്ളിലെ ക്വാർട്ടേഴ്സിൽ എത്തി വാതിൽ തുറന്നതും ചുവരിലെ ക്ലോക്ക് എട്ടര മണി ആയെന്നു ശബ്ദിച്ചതും ഒരുമിച്ചായിരുന്നു. ഇനി ഡിന്നർ ലഘുവായി എന്തെങ്കിലും മതിയെന്ന് തീരുമാനിച്ചവൾ ഫ്രിഡ്ജ് തുറന്നു.. ഫ്രിഡ്ജിനുള്ളിൽ ദോശമാവും ആട്ടയും ബ്രെഡും ഒക്കെ കണ്ടു

മടുപ്പോടെ അവൾ കിച്ചണിലേക്ക് നടന്നു. കപ്ബോർഡ് തുറന്നു മാഗിയുടെ പാക്കറ്റ് എടുത്തു ചൂടുവെള്ളത്തിലേക്ക് ഇട്ടതും മൊബൈൽ ശബ്ദിച്ചു..

അവൾ പ്രതീക്ഷിച്ചത് പോലെ മറുവശത്തു മീനയുടെ മുഖം..

” ഡാ.. നീ വിളിക്കാമെന്ന് പറഞ്ഞിട്ട്.. ഞാൻ ഇത്ര നേരം കാത്തിരിക്കുവായിരുന്നു.. “

പാകം ചെയ്ത മാഗ്ഗി പ്ലേറ്റിലേക്ക് പകർന്നു കൊണ്ട് രാധ ഫോണുമായി ലിവിങ് റൂമിലേക്ക് നടന്നു .

” ഇതെന്താ മാഗ്ഗിയോ .. നിന്റെ ഡിന്നർ ഇതാണോ..”

മീനയുടെ മുഖത്തു അതിശയം കണ്ടു രാധ ഒന്ന് പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു ..

” എന്റെ പൊന്നു മീന, എനിക്കിവിടെ നേരെ ശ്വാസം വിടാൻ തന്നെ സമയം കിട്ടുന്നില്ല .. അപ്പോഴാ ഇനി ഞാൻ പാചകം ചെയ്യാൻ പോണേ.. എന്തേലും കഴിച്ചു ജീവൻ നിലനിർത്തുന്നു.. “

” എന്തിനാടാ ഇത്ര കഷ്ടപ്പെട്ട് ജീവിക്കുന്നത് .. തനിക്ക് വേറെ വല്ല ജോലിയും നോക്കരുതോ “

മീനയുടെ വാക്കുകളിൽ പരാതിയാണോ അരിശമാണോ എന്ന് രാധക്ക് മനസ്സിലായില്ല.. മീനയ്ക്ക് അതിനു മറുപടിയായി രാധയുടെ ഒരു പുഞ്ചിരി മാത്രമേ കിട്ടിയുള്ളൂ. ഒട്ടും ക്ഷമ കളയാതെ അവൾ മീനയോട് കുശലം ചോദിച്ചു. കാത്തിരുന്നത് പോലെ മീന തന്റെ അറിവിലുണ്ടായിരുന്ന സകല വിശേഷങ്ങളും പങ്കിട്ടു.

പിന്നെ അവൾ പ്രധാനമായി പറയാനുദ്ദേശിച്ച കാര്യം അവതരിപ്പിച്ചു..

” ഡാ.. നമുക്ക് ഡിസംബറിൽ എന്തായാലും പോകണം കേട്ടോ .. നമ്മുടെ ഇരുപത്തിയഞ്ചാം വാർഷികം അല്ലെ .. എന്തായാലും പോയിരിക്കണം. താൻ ഇപ്പോൾ തന്നെ അവധിയൊക്കെ പറഞ്ഞു വെക്കണം…”

പിന്നീട് മീന പറയുന്നതൊന്നും തന്നെ രാധ കേട്ടില്ല.. അവളുടെ മനസ്സ് അപ്പോൾ അഞ്ചു വര്ഷം മുൻപ് നടന്ന ഇരുപതാം റീയൂണിയനിലേക്ക് പോയി .

ഡിഗ്രി കംപ്ലീറ്റ് ചെയ്ത ശേഷം ആദ്യമായി ആണ് രാധ ഒരു റീയൂണിയനു പോയത്.. അതും മീനയുടെ സമ്മർദ്ദവും പരാതിയും കൊണ്ട് മാത്രം അന്ന് അവളതിന് മുതിർന്നു.

ഇരുപത് വർഷങ്ങൾ കഴിഞ്ഞാണ് സഹപാഠികളെ കണ്ടതെങ്കിലും രാധക്ക് അങ്ങനെ തോന്നിയില്ല. മീനയുടെ വിവരണം കാരണം എല്ലാവരെയും അവൾക്ക് നല്ല പരിചയം തന്നെ ആയിരുന്നു. മീന പഴയ സുഹൃത്തുക്കളുടെ ഇടയിൽ താരമായി പറന്നു നടക്കുമ്പോൾ രാധ ആ തിരക്കിൽ അലിഞ്ഞു തീരാൻ മനസ്സുകൊണ്ട് ആഗ്രഹിച്ചിരുന്നു. പകുതി ദിവസം എങ്ങനെയൊക്കെയോ മീനയുടെ കൂടെ നടന്നു കൂട്ടുകാരുമായി പരിചയം പുതുക്കി അവൾ തള്ളി നീക്കി. ഉച്ചയൂണ് കഴിഞ്ഞപ്പോളാണ് ഓർഗനൈസിംഗ് കമ്മിറ്റ മെമ്പർ ആയ സൂരജ് വന്നു പറഞ്ഞത്.. ഈവെനിംഗ് ഡിന്നർ ആൻഡ് ഡാൻസ് ഉണ്ടെന്നു..

അപ്പോഴേക്കും രാധക്ക് മടുത്തു തുടങ്ങിയിരുന്നു.. അവൾക്ക് എങ്ങനെ എങ്കിലും റൂമിൽ പോയി വിശ്രമിക്കണമെന്ന ഒറ്റ വിചാരമേ ഉണ്ടായിരുന്നുള്ളു.

മീനയോട് അതെങ്ങനെ പറയും എന്ന് മടിച്ചവൾ അൽപ സമയം എല്ലാവരും പറയുന്നത് കേട്ടുകൊണ്ട് ഇരുന്നു. ചെറിയ ഗ്രൂപ്പുകളായി ഇരിക്കുന്ന സുഹൃത്തുക്കളുടെ സംസാരത്തിൽ പങ്കു ചേരാൻ രാധ കിണഞ്ഞു ശ്രമിച്ചു.. പെണ്ണുങ്ങൾ ഇരിക്കുന്നിടത്തു അല്പസമയം ഇരുന്നതോടെ അവൾക്ക് സംസാരിക്കാൻ വിഷയം ഇല്ലാതെയായി. സുഖസൗകര്യങ്ങൾ കൂടി പോയത് കാരണം ലോകത്തിലെ ചെറുതിലും ചെറുതായ സംഭവങ്ങളെ കുറിച്ചു വേവലാതിപ്പെടുന്നവർ.. രാധക്ക് ചിരി വന്നെങ്കിലും അവളതു പുറത്തു കാട്ടിയില്ല.. പുറംലോകത്തെ കഷ്ടപ്പാടും വിഷമങ്ങളും അറിയാതെ , ഇല്ലാത്ത വിഷമങ്ങൾ പറഞ്ഞു സമയം കൊല്ലുന്ന കൂട്ടുകാരെ കണ്ടപ്പോൾ രാധ അവിടെന്ന് എണീറ്റുപോയത് വേറൊരു സുഹൃത്വലയത്തിലേക്കാണ്.

അവിടെ നടന്ന സംഭാഷണങ്ങൾ ബിസിനസ് പ്രോഫിറ്റ് മാർജിൻ , ഷെയർ മാർക്കറ്റ് , പിന്നെ കുട്ടികളുടെ സ്കൂൾ ഫീസ് തുടങ്ങിയവ ആയിരുന്നു.. രാധക്ക് തലവേദന സഹിക്കാതെ വന്നപ്പോൾ അവൾ മെല്ലെ എണീറ്റ് പുറത്തേക്ക് നടന്നു.. നിറഞ്ഞ ഹാളിൽ നിന്നും അവൾ പോയത് കൂട്ടുകാർ ആരും ശ്രദ്ധിച്ചില്ല .

റീയൂണിയനിൽ പങ്കെടുക്കാൻ വന്ന കൂട്ടുകാരുടെ പെരുമാറ്റത്തിൽ സൗഹൃദം മാത്രം കണ്ടെത്താൻ രാധക്ക് കഴിഞ്ഞില്ല.. എല്ലാവർക്കും ജീവിതത്തിൽ എന്തൊക്കെയോ നേടിയെടുത്തതിനെ കുറിച്ച് സംസാരിക്കാനായിരുന്നു താല്പര്യം .. എല്ലാം ഒരു മത്സരം പോലെ.. നിന്നെക്കാൾ മുന്നിൽ ഞാൻ.. എല്ലാവരും ” ഞാൻ ” എന്ന പദത്തിന് കുറച്ചു കൂടുതൽ ബലം പ്രയോഗിക്കുന്നത്

പോലെ രാധക്ക് തോന്നി..

ഹാളിൽ നിന്നുമിറങ്ങിയ രാധയെ റിസോർട് മാനേജർ ഡിന്നർ കഴിക്കാൻ ക്ഷണിച്ചു..

വിശാലമായ ഡൈനിങ്ങ് ഹാളിൽ ബുഫേ നിരത്തി വെച്ചിരിക്കുന്നു.. ഒരു പ്ലേറ്റ് എടുത്തവൾ ആദ്യം കണ്ട പാത്രത്തിന്റെ അടപ്പു തുറന്നു.. എന്തൊക്കെയോ കഴിച്ചെന്നു വരുത്തി അവൾ മുറിയിലേക്ക് ചെന്നതും മെത്തയിലേക്കു വീണതും ഒന്നിച്ചായിരുന്നു . സമയം എട്ടര കഴിഞ്ഞതേയുണ്ടായിരുന്നു..

എപ്പോഴാണ് മീന മുറിയിൽ വന്നു കയറിയതെന്ന് അവൾ അറിഞ്ഞില്ല.. പിറ്റേ ദിവസം രാവിലെ ഉണർന്നപ്പോൾ മീനയുടെ മുഖം കടന്നൽ കുത്തിയത് പോലെ വീർത്തിരുന്നു. ബ്രേക്ഫാസ്റ്റ് കഴിക്കുമ്പോളും മീന അവളോടധികം സംസാരിച്ചില്ല. അവസാനം സഹികെട്ടു രാധ തന്നെ മീനയെ വിളിച്ചുകൊണ്ടു പോയി പറഞ്ഞു..

” മീന.. എനിക്ക് എന്ജോയ് ചെയ്യാൻ കഴിയുന്നില്ലെടാ . എനിക്ക് പോകണം.. എല്ലാവരും ഒരു പോലെ ആകില്ലല്ലോ.. സൊ നീ എന്നോട് ക്ഷമിക്കു.. എനിക്ക് ആകെ ബോർ ആയിതോന്നുന്നെടോ ..”

എങ്ങനെയോ മീനയെ പറഞ്ഞു മനസ്സിലാക്കി അന്ന് തന്നെ തിരിച്ചപ്പോൾ രാധ മനസ്സിൽ തീരുമാനം എടുത്തിരുന്നു.. ഇനി ഒരു റീയൂണിയനു പങ്കെടുക്കില്ലായെന്നു.. ആരുടേയും കുഴപ്പം കൊണ്ടല്ല.. അവളുടെ മാത്രം കുഴപ്പം കൊണ്ട്.. അവൾ തന്റെ ജീവിതം എങ്ങനെ ചെലവഴിക്കണം എന്ന് തീരുമാനിച്ചു കഴിഞ്ഞിരുന്നു.

ആരോടും നീരസമില്ല.. പക്ഷെ തന്റെ സമയം.. അത് എങ്ങനെ ചെലവഴിക്കണം എന്നുള്ളത് തന്റെ മാത്രം തീരുമാനം ആകണം എന്ന് രാധക്ക് നിർബന്ധമുണ്ടായിരുന്നു..

ഒട്ടും മായാത്ത പുഞ്ചിരിയോടെ അവൾ മീനയോടു പറഞ്ഞു..

” സോറി ഡാ.. എനിക്ക് വരാൻ പറ്റുമെന്ന് തോന്നുന്നില്ല.. ആ സമയത്താണ് പ്ലാന്റിൽ കമ്മീഷനിങ് പ്ലാൻ ചെയ്തിരിക്കുന്നത്.. “

മീന ദേഷ്യത്തോടെ ഫോൺ വെച്ചുപോയി. .മനസ്സിൽ നിന്ന് ഒരു ഭാരം ഇറക്കി വെച്ച ലാഘവത്തോടെ രാധ ടീവി റിമോട്ട് എടുത്തു നെറ്റ്ഫ്ലിക്സിൽ തന്റെ പ്രിയപ്പെട്ട സീരീസ് കാണാനായി സോഫയിലേക്ക് ചാഞ്ഞു ..



ഷീന പിള്ളൈ സിങ്ങ്

യാത്രാമൊഴി

 

മംഗളവാദ്യമുയർന്നു മന്ദം

മന്ത്രകോടിയണിഞ്ഞെത്തി

ചന്ദ്രബിംബം പോൽ തിളങ്ങു

മൊരാനനം കണ്ടു കുളിർ കോരി

അമ്മ മനം കൈകളിൽ

മൈലാഞ്ചിച്ചോപ്പണിഞ്ഞെത്തിയാ

കൺമണിയെത്തന്നെ നോക്കി നിന്നു

മന്ത്രങ്ങൾ മെല്ലെയുരുവിടുന്നു

മന്ത്രകോടിയും കൈമാറിടുന്നു

ആർപ്പുവിളിയും കുരവയുമായ്

ആഘോഷമങ്ങു കഴിഞ്ഞിടുന്നു

വച്ചു വലതുകാൽ വരൻ ഗൃഹത്തിൽ

ലക്ഷ്മിയെപ്പോൽ വരവേറ്റിടുന്നു

യാത്രയാവുന്നു തൻ്റെ ബന്ധുക്കളും

സഹയാത്രികളായങ്ങു കൂടിയവരും

യാത്രാമൊഴിയുമായെത്തിടുന്ന

തൻ്റെ താതൻ ജനനിയുമായങ്ങനെ

ഇത്രയേ കുഞ്ഞേ കഴിഞ്ഞതുള്ളൂ

എന്ന് പൊട്ടിക്കരഞ്ഞമ്മയോതിടുമ്പോൾ

പെട്ടന്നു വീണു തന്നമ്മ തൻ നെഞ്ചിലേക്കാ

കുട്ടിയായ് നിന്നങ്ങു തേങ്ങിടുന്നു.


ജയേഷ് പണിക്കർ

ദെെവത്തിന്റെ മൗനം : ഇൻഗ്മർ ബർഗ്‌മാൻ

 

സിനിമ കൊണ്ട് ലോകോത്തരമായ കാവ്യങ്ങൾ സൃഷ്ടിച്ച സംവിധായകന്റെ വിഖ്യാതമായ രണ്ട് തിരക്കഥകളുടെ വിവർത്തനങ്ങളാണ് ദെെവത്തിന്റെ മൗനം .

മൗനം (The silence), കാട്ടുഞാവല്പ്പഴങ്ങൾ ( wild strawberries), ലോകസിനിമയിലെ രണ്ട് ഇതിഹാസങ്ങൾ നമുക്കിവിടെ വായിച്ചെടുക്കാം.

മതങ്ങൾ കാണിച്ചു തരുന്ന ദെെവത്തെ അംഗീകരിക്കാൻ തയ്യാറല്ലാത്തൊരു തൂലികയാണ് ബർഗ്‌മാന്റേത്. ദൈവമുണ്ടോ എന്ന ചോദ്യം ഉന്നയിക്കുന്ന കഥാപാത്രങ്ങളെ ഈ രണ്ടു തിരക്കഥകളിലും കാണാം. ദൈവമില്ലെന്നും, അഥവാ ഉണ്ടെങ്കിൽ തന്നെ ദൈവത്തിന് മനുഷ്യ ജീവിതത്തിൽ പ്രത്യേകിച്ച് നിയന്ത്രണമൊന്നുമില്ലെന്നും, ദൈവം മൗനിയാണെന്നും, ജീവിതമെന്നത് ഒരു ദുരന്തനാടകമാണെന്നും സിനിമ പറഞ്ഞുവെക്കുന്നു. സമകാലീനമായ സാമൂഹ്യരാഷ്ട്രീയ സംഭവവികാസങ്ങളോട് വലിയ താൽപ്പര്യമൊന്നും പ്രകടിപ്പിക്കാത്തവരാണ് ബർഗ്‌മാൻന്റെ മിക്ക കഥാപാത്രങ്ങളും….

മൗനം

ഏകാന്തതയുടേയും ഒറ്റപ്പെടലിന്റേയും സ്നേഹിക്കാനുള്ള കഴിവുകേടിന്റേയും പ്രതീകമായ് ലെെംഗീകത മാറുന്ന പ്രത്യേകതരം അവസ്ഥയാണ് മൗനം മുന്നോട്ടുവയ്ക്കുന്നത്.

സിനിമ തുടങ്ങുമ്പോൾ എസ്തർ, എന്നീ സഹോദരിമാർ അജ്ഞാതമായ ഏതോ രാജ്യത്തിലൂടെ തീവണ്ടിയിൽ തങ്ങളുടെ അവധിക്കാലം ആഘോഷിക്കാനുള്ള യാത്രയിലാണ്. അന്നയുടെ മകൻ ജോഹനും കൂടെയുണ്ട് .

എസ്തർ വിവർത്തകയാണ് ഒപ്പം രോഗിണിയും. സഹോദരിയായ അന്നയോട് സ്വവർഗ്ഗ രതിയിലധിഷ്ഠിതമായ സ്നേഹം ഉള്ളിൽ കൊണ്ടുനടക്കുന്നവളാണ് എസ്തർ ..

സിനിമാതീയറ്ററിൽ വച്ച് ഒരു സ്ത്രീയും പുരുഷനും തമ്മിലുള്ള പ്രേമസല്ലാപം കാണാനിടയായ അന്ന അടക്കാനാവാത്ത അഭിനിവേശത്തിന്റെ പിടിയിലമരുന്നു. മദ്യഷോപ്പിലെ വെയിറ്ററുമായ് ലെെംഗീകബന്ധത്തിലേർപ്പെടുന്നിടത്തേക്കാണ് ഈ അഭിനിവേശം അന്നയെ കൊണ്ടെത്തിക്കുന്നത്…

ശേഷം അന്ന പറയുന്നുണ്ട് ”നിങ്ങള് എത്ര നല്ല മനുഷ്യനാണ്! നമുക്ക് തമ്മിൽ പരസ്പരം അറിഞ്ഞുകൂട എന്നതുതന്നെ വളരെ മനോഹരമായിരിക്കുന്നു ”

സ്ത്രീകൾ ലെെംഗീകതയ്ക്ക് ഇണയെ തിരഞ്ഞെടുക്കുമ്പോൾ പൊതുവെ പറഞ്ഞ് പോകാറുളള വ്യവസ്ഥാപിതമായ ചില വാർപ്പ് മാതൃകകൾ തിരസ്ക്കരിക്കപ്പെടുകയാണിവിടെ… ബർഗ്‌മാന്റെ മറ്റ് കഥാപാത്രങ്ങളും ഇത്തരം മാതൃകകൾക്ക് ഉള്ളിൽ മെരുങ്ങാൻ കൂട്ടാക്കാത്തവരാണ് …

ബാല്യകാലത്ത് സ്വന്തം പിതാവുമായുണ്ടായ അസാന്മാര്ഗ്ഗിക ബന്ധത്തിന്റെ പുറത്ത് സ്വവർഗ്ഗാനുരാഗിയും സ്വയംഭോഗത്തിനടിമയുമായി മാറിയ എസ്തറിനെ സ്ത്രെെണഭാവം ഒട്ടുമില്ലാത്തൊരു കഥാപാത്രമായാണ് ബർഗ്‌മാൻ അവതരിപ്പിക്കുന്നത്.

അമ്മയോടും ,ആന്റിയോടുമുള്ള ജോഹന്റെ പെരുമാറ്റം നിർവ്വികാരപരമാണ്. ചുറ്റും നടക്കുന്ന കാര്യങ്ങളെല്ലാം അവനറിയുന്നുണ്ടെങ്കിലും മുതിർന്ന തലമുറയെ മനസിലാക്കാനുള്ള അവന്റെ കഴിവ് പരിമിതമാണ്…ഹോട്ടലിലെ പരിചാരകർക്ക് മുഖം കൊടുക്കാതെ ഒഴിഞ്ഞ് മാറി നടക്കുകയും, ചുവരിലെ നഗ്നചിത്രത്തിലേക്ക് കുറേ നേരം നോക്കി നില്ക്കുകയും ചെയ്യുന്ന തരത്തിലേക്ക് അവനിലും സ്വഭാവരൂപീകരണം സംഭവിച്ചുകൊണ്ടിരുന്നു….

സംഭാഷണം വളരെ കുറച്ച് മാത്രമേയുള്ളു എന്നതാണ് ഈ ചിത്രത്തിന്റെ സവിശേഷത. എസ്തർ, അന്ന, ജോഹൻ ഇവർ മൂന്നുപേരുമനുഭവിക്കുന്ന ഒറ്റപ്പെടലിന്റേയും, സ്നേഹശൂന്യതയുടേയും വെെകാരിക തലങ്ങളാണ് സിനിമയിൽ കൂടുതലായും പ്രതിപാദിക്കുന്നത്. പൗരുഷഭാവം നിറഞ്ഞുനിൽക്കുന്ന എസ്തർ തനിക്ക് സഹോദരിയോടുളള ലെെംഗീകാഭിനിവേശം നിഷ്ക്കരുണം തള്ളപ്പെട്ടതിന്റെ വേദനയിൽ നീറുകയാണ്.

മറുവശത്ത് തന്റേതായ ലോകത്തിന്റെ ആസ്വാദനതലം തേടിപ്പോവുന്ന അന്നയും,

ഇവർ രണ്ടുപേര്ക്കുമിടയിൽ സ്നേഹിക്കാനോ, സ്നേഹിക്കപ്പെടാനോ ആകാതെ ജോഹനും.


കാട്ടുഞാവൽപ്പഴങ്ങൾ


കടുത്ത വേദനകൾക്കിടയിലും സ്നേഹം മാത്രമാണ് ശാന്തി എന്ന സന്ദേശമാണ് കാട്ടുഞാവൽപ്പഴങ്ങൾ ഉയർത്തിപ്പിടിക്കുന്നത്.

വിശ്രമ ജീവിതം നയിക്കുന്ന 76 കാരനായ ഇഷാക് ബോർഗ് എന്ന ഡോക്ടറാണ് കേന്ദ്രകഥാപാത്രം…

തനിക്ക് ലഭിച്ച ഓണററി ബിരുദം സ്വീകരിക്കുന്നതിനായി മുൻ സർവകലാശാലയിലേക്ക് മകന്റെ ഭാര്യയോടൊപ്പം അദ്ദേഹം നടത്തുന്ന യാത്രയാണ് കഥയിലെ ഇതിവൃത്തം.. യാത്രിയിൽ തന്റെ ഭൂതകാല ഓർമ്മകളിലേക്ക് അദ്ദേഹം ഇറങ്ങിച്ചെല്ലുന്നു. കുടുംബം, കാമുകി ,ഭാര്യ,എല്ലാം ഓർമ്മയിൽ തെളിയുകയാണ്.

മുറപ്പെണ്ണായ സാറയെ സ്വന്തമാക്കാൻ സാധിക്കാതിരുന്നത്, ഭാര്യയുടെ അവിശ്വസ്തത, നിരാശനിറഞ്ഞ ഓർമ്മകൾ മാത്രമേ അദ്ദേഹത്തിന് കണ്ടെടുക്കാൻ സാധിച്ചുള്ളു…

വർഷങ്ങൾക്കു ശേഷം അദ്ദേഹം തന്റെ അമ്മയെ സന്ദർശ്ശിക്കുന്ന രംഗം വെെകാരികമാണ്..

”എനിക്കൊരു വലിയ തെറ്റ് കൂടിയുണ്ട്, ഞാനിതുവരെ മരിച്ചില്ല, പുതിയ തലമുറയുടെ പിന്തുടർച്ചാവകാശങ്ങളൊന്നും അവരുടെ പരിപാടിയനുസരിച്ച് yaadhy യാഥാർഥ്യമാകുന്നില്ല”. ഒറ്റപ്പെടലിന്റേയും, സ്നേഹശ്യൂനതയുടേയും മുഴുവൻ വേദനയും അമ്മയുടെ വാക്കുകളിൽ നിറഞ്ഞുനില്ക്കുന്നുതായി കാണാം …

കെെവിട്ടുപോയ ജീവിതസൗഭാഗ്യങ്ങളെ കുറിച്ചുള്ള വിഷാദകരമായ ഓർമ്മകളിൽ നിന്നും ആരും മുക്തരല്ലെന്ന ലോകസത്യം ബോർഗ്ഗിലൂടെ പ്രതിഫലിക്കുന്നു. കഴിഞ്ഞുപോയ കാലത്തെ തന്റെ തീരുമാനങ്ങളെല്ലാം തനിക്ക് സമ്മാനിച്ചത് നിരാശയും നഷ്ടങ്ങളും നിറഞ്ഞ തണുത്തുറഞ്ഞ ജീവിതമായിരുന്നെന്ന സത്യം ബോർഗ്ഗ് ഉൾക്കൊള്ളുന്നു. അതോടൊപ്പം കുറ്റബോധങ്ങൾ എത്രത്തോളമുണ്ടെങ്കിലും ജീവിതം മുന്നോട്ട് തന്നെ എന്ന വലിയ ആശയത്തിന്റെ സന്ദേശവാഹകനായും ബോർഗ്ഗ് മാറുന്നു.

സംവിധായകരുടെ സംവിധായകൻ എന്നറിയപ്പെടുന്ന ഇന്ഗ്മര് ബര്ഗ്മാന് നിരവധി ഓസ്ക്കർ പുരസ്ക്കാരങ്ങൾക്ക് അർഹനായിട്ടുണ്ട്. അദ്ദേഹം ഈ ഭൂമിയിൽ ഉപേക്ഷിച്ചു പോയ വസന്തങ്ങളാണ് അദ്ദേഹത്തിന്റെ ഓരോ ചിത്രങ്ങളും..


ലിബേഷ് കാരിയിൽ

കീലോയിഡ് (Keloid)


 

മുറിവ് ഉണങ്ങിയാൽ അവിടുള്ള മുറിപ്പാട് കല്ലിച്ച് വളരുന്നതിനെയാണ് കീലോയിഡ് എന്നു പറയുന്നത് (Keloid).

ഏകദേശം 10% ആളുകള്ക്ക് കീലോയിഡ് വരാറുണ്ട്.

ഇവ മുറിപ്പാടുകള് പോലെയല്ല, ക്രമരഹിതമായ ആകൃതിയിലുള്ളവയാണ്, ക്രമേണ വികസിക്കുന്ന പ്രവണതയും ഇവക്കുണ്ട്.

മുറിവുണങ്ങുമ്പോൾ ആ ഭാഗങ്ങളിൽ അധികമായി കൊളാജൻ (collagen) എന്ന പ്രോട്ടീൻ അടിയുന്നതുകൊണ്ട് വരുന്ന തകരാറാണിത്.

മുറിവുണങ്ങുമ്പോൾ കൊളാജൻ 3 എന്ന വസ്തുകൊണ്ട് ശരീരം ആ ഭാഗം തത്കാലത്തേക്ക് അടയ്ക്കുന്നു. അവ പിന്നീട് കൊളാജൻ1 എന്ന വസ്തുവായി മാറ്റപ്പെടുന്നതാണ് മുറിവിങ്ങനെ കല്ലിച്ച് വികൃത രൂപത്തിലാകാൻ കാരണം.

പൊള്ളലുകൾ, ചിക്കൻ പോക്സ് പാടുകൾ, കാത് കുത്തൽ, മുറിപ്പാടുകൾ, ഇഞ്ചക്ഷൻ എടുക്കുന്നത് ഇവ എല്ലാം ഇത്തരം രോഗികൾ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

ഓപ്പറേഷൻ ചെയ്ത പാടുകളിലും, മുഖക്കുരുപാടുകളിൽ പോലും ചിലപ്പോൾ കീലോയിഡ് പിടിപെടാം.

ഇത് അപകടകാരികളല്ലങ്കിലും പലപ്പോഴും വലിയ ഒരു സൌന്ദര്യ പ്രശ്നമായി പലർക്കും അനുഭവപ്പെടാറുണ്ട്. പ്രത്യേകിച്ച് ആൾക്കാർ കാണുന്ന ശരീര ഭാഗങ്ങളിൽ വരുമ്പോൾ.

അവ സാധാരണയായി നെഞ്ച്, തോളുകൾ, ചെവികൾ, കവിൾ എന്നിയിടങ്ങളിൽ കാണപ്പെടുന്നു..

നെഞ്ചസ്ഥിയുടെ മുൻഭാഗത്താണ് ഇത് ഏറ്റവും സാധാരണയായി കാണാറുള്ളത്. ഇക്കാരണത്താൽ സ്ത്രികളിൽ ഇതു വളരെ മാനസിക വിഷമത്തിനു കാരണമാക്കാറുമുണ്ട്. ഈ ഭാഗം റബ്ബർ പോലെ ഉറച്ച്, മിനുസമായി ഉയർന്ന് നിൽക്കും. രോഗിയുടെ ത്വക്കിന്റെ നിറമനുസരിച്ച് പിങ്കു നിറമോ, ഇരുണ്ട നിറത്തിലോ ഇതു കാണാം. ചിലർക്ക് വേദനയോ ചൊറിച്ചിലോ ഉണ്ടാവാം, അവിടങ്ങളിൽ അഴുക്ക് അടിഞ്ഞു കൂടിയാൽ ചൊറിച്ചിലുണ്ടാകാം. ഗുരുതരമായ രോഗികളിൽ ആ ഭാഗത്തിന്റെ ചലനശേഷിയെ വരെ കാര്യമായി ബാധിച്ചേക്കാം.

ആഫ്രിക്കൻ വംശജരിൽ ഇതു കൂടുതലായി കാണാറുണ്ട്. കുടുംബ പാരമ്പര്യമുള്ളവരിലും ഇതു കൂടുതലായി കാണാം.

സമാനമായ മറ്റൊരവസ്ഥയാണ് hypertrophic scars, അഥവാ തടിച്ച മുറിപ്പാടുകൾ. ഇവയുടെ പ്രത്യേകത അവ മുറിപ്പാടുകൾക്ക് പുറത്തേക്കു വളരുകയില്ല എന്നുള്ളതാണ്.

ഒരിക്കൽ കീലോയ്ഡ് വന്നുകഴിഞ്ഞാൽ വീണ്ടുമത് മറ്റു ശരീര ഭാഗങ്ങളിൽ വരാനുള്ള സാധ്യത വളരെ കൂടുതലാണ്. ഈ ശരീര പ്രവണതയുള്ളവർ ഇഞ്ചക്ഷനെടുക്കുമ്പോഴും ശസ്ത്രക്രിയ ചെയ്യുമ്പോഴും ഡോക്ടർമാരോട് ഇക്കാര്യം അറിയിച്ചിരിക്കണം. ചിലരിൽ കൊതുകു കടിച്ച ഭാഗങ്ങളിൽ പോലും കീലോയിഡ് വരാറുണ്ട്. ഒപ്പറേഷനും ലേസർ ചികിത്സ പോലും വളരെ നല്ല ഫലം നൽകില്ല ചിലപ്പോൾ പാടുകളും ചുവപ്പും വർദ്ധിക്കുന്നതിന് കാരണമാകുന്നുണ്ട്.

ഇത് മറ്റുരീതിയിൽ അപകടകാരിയല്ലാത്തതിനാൽ ചികിത്സിക്കണോ വേണ്ടയോ എന്നത് രോഗികളുടെ തീരുമാനത്തിനു വിടുന്നു.

ചികിത്സ ഹോമിയോപ്പതിയിൽ.

ഹോമിയോപ്പതി ശരീരത്തിന്റെ ഈ പ്രവണത ഇല്ലാതെയാക്കാൻ സഹായിക്കും. ഉള്ള കീലോയിഡിനെ സാവകാശമാണെങ്കിലും മാറ്റാനും സഹായിക്കും.


ഡോ. ടി. ജി. മനോജ് കുമാർ