2022 മാർച്ച് 30, ബുധനാഴ്‌ച
മുഖമൊഴി
എന്താണ് യുദ്ധം? എന്തുകൊണ്ടാണ് യുദ്ധങ്ങൾ ഉണ്ടാകുന്നത്? മനുഷ്യരും യുദ്ധവുമായുള്ള ബന്ധമെന്ത്? യുദ്ധങ്ങൾക്ക് നീതീകരണമുണ്ടോ? ചോദ്യങ്ങൾ ഒരുപിടിയുണ്ട്. ഈയിടെയായി നമ്മൾ നമ്മോടു തന്നെ ചോദിക്കുന്ന ചോദ്യങ്ങൾ മാത്രമല്ല, യുഗയുഗാന്തിരങ്ങളായി നമ്മൾ ഉത്തരം തേടുവാൻ ശ്രമിക്കുന്ന ചോദ്യങ്ങൾ തന്നെയാണിവ. ചോദ്യങ്ങൾ ഇനിയുമുണ്ട്.
യുദ്ധങ്ങൾ യഥാർത്ഥത്തിൽ രണ്ടു രാജ്യങ്ങൾ തമ്മിൽ മാത്രമുണ്ടാകുന്നതല്ല. രണ്ടു ചിന്തകളുടെയും, ആശയങ്ങളുടെയും പ്രതിഫലനങ്ങൾ കൂടിയാണ്. പലപ്പോഴും നമ്മൾ ചിന്തിക്കുന്നത് അതിർത്തി രാഷ്ട്രീയത്തിന്റെ പരിണിതഫലം എന്ന് മാത്രമാണ്.
എല്ലാ യുദ്ധങ്ങളുടെയും പിറകിൽ ജീവശാസ്ത്രപരമായും, സാംസ്കാരികവും, സുരക്ഷാപരവുമായ കാരണങ്ങൾ ഉണ്ടാകും. മനുഷ്യരുണ്ടായിരുന്ന കാലം മുതൽ യുദ്ധവുമുണ്ടായിരുന്നു. നമ്മൾ കണ്ടിയിരിക്കുന്നതും, കേട്ടിരിക്കുന്നതും, അറിഞ്ഞിരിക്കുന്നതുമായ യുദ്ധങ്ങൾക്കു പുറകിൽ വ്യക്തമായ പല കാരണങ്ങളുമുണ്ടാകും.
സാമ്പത്തിക നേട്ടം അല്ലെങ്കിൽ അധികാര നേട്ടം തന്നെയായിരുന്നു മിക്ക യുദ്ധങ്ങളുടെയും പുറകിൽ. അതിർത്തി വർദ്ധിപ്പിക്കലുകൾ ആയിരുന്നു മറ്റൊരു കാരണം. അതും സാമ്പത്തിക നേട്ടം തന്നെയാണ്. മതങ്ങൾ ആയിരുന്നു മറ്റൊന്ന്. ഇപ്പോഴും ഉയത്തിക്കാട്ടുന്നതും, ആളുകളെ കൂട്ടുന്നതിനു സഹായിക്കുന്ന ഒരു കാരണം ദേശീയതയാണ്. രണ്ടാം ലോക മഹായുദ്ധം പ്രതികാരമനോഭാവത്തിൽ നിന്നും ഉടലെടുത്തതാണെന്ന് നമുക്കറിയാം. ഇനിയുള്ളത് ആഭ്യന്തര കാരണങ്ങൾ, വിപ്ലവം തുടങ്ങിയവയാണ്.
യുദ്ധങ്ങളുടെ ആവശ്യകത, അനാവശ്യകത നമുക്ക് കൃത്യമായി വേർതിരിക്കുവാനാകുകയില്ല. ഒരു കാലത്ത് യുദ്ധങ്ങൾ നിലനിൽപ്പിനു പോലും ആവശ്യമായിരുന്നിരിക്കാം. പരിഷ്കൃതരെന്നു നാം ചിന്തിക്കുന്ന ഇക്കാലത്ത് യുദ്ധങ്ങൾ അത്യാവശ്യമാണോ എന്ന് നാം ചിന്തിക്കേണ്ടിയിരിക്കുന്നു.
ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന റഷ്യ യുക്രൈൻ യുദ്ധ പശ്ചാത്തലമാണ് ഈ കുറിപ്പിനാധാരം. റഷ്യയ്ക്ക് ഈ യുദ്ധം ആവശ്യമായിരുന്നോ എന്നതല്ല നമ്മുടെ ചിന്താവിഷയം. യുദ്ധങ്ങൾ ഒഴിവാക്കുന്നതിനായി കഠിന ശ്രമങ്ങൾക്ക് ആരും മുതിരുന്നില്ല എന്നത് ചിന്തിക്കേണ്ട വിഷയം തന്നെ.
ജീവൻ ആരുടേതാണെങ്കിലും അത് ഇല്ലാതാകുന്നത് ദുഖകരം തന്നെയാണ്. യുദ്ധങ്ങളിൽ മരിക്കുന്നവരുടെ എണ്ണമായിരിക്കാം നമ്മുടെ വൈകാരികതയെ ഇത്രയധികം സ്വാധീനിക്കുന്നതെന്നു തോന്നുന്നു. ഇതൊരു വലിയ പ്രശ്നമാണ്, നമുക്കോ ഒരു രാജ്യത്തിനു തന്നെയോ പരിഹരിക്കുവാൻ കഴിയാത്ത കാര്യങ്ങൾ.
എന്നാൽ നമ്മുടെ നാട്ടിൽ നടക്കുന്ന കൊലപാതകങ്ങളുടെ പുറകിലും, വലിയ യുദ്ധങ്ങളുടെ പുറകിലുള്ള മനഃശാസ്ത്രം തന്നെയാണ് എന്ന് ഓർമ്മിപ്പിക്കുവാൻ വേണ്ടി കൂടിയാണ് ഈ കുറിപ്പ്. ഇവിടെയും നഷ്ടപ്പെടുന്നത് ജീവൻ തന്നെയാണ്.നമുക്കൊഴിവാക്കാമായിരുന്ന മരണങ്ങൾ.
ഇത്തരം കൊലപാതകങ്ങൾ ഒഴിവാക്കുവാൻ നമുക്കെന്തു ചെയ്യുവാൻ കഴിയും എന്ന് നാം ചിന്തിക്കേണ്ടിയിരിക്കുന്നു. നമ്മുടെ ചിന്തകൾ മാറേണ്ടിയിരിക്കുന്നു. കൊലപാതകങ്ങൾ നടത്തുന്നവരും നമ്മുടെയെല്ലാം കുടുംബങ്ങളിൽ തന്നെയുള്ളവരാണ്. അവരെ തിരുത്തുക എന്ന ഉത്തരവാദിത്വം നമുക്കുള്ളതാന്. ഇതാകട്ടെ ഈ മാസത്തെ ചിന്ത.
ഡോ. സുനീത് മാത്യു
സ്വപ്നാടനം
“അവരുടെ കയ്യിൽ സത്യം ഉണ്ടായിരുന്നു.” പ്രമാദമായ കേസിലെ പ്രതിയുടെ അഭിമുഖത്തിൽ കേട്ടതാണ്. അന്വേഷണ ഉദ്യോഗസ്ഥരുടെ കയ്യിൽ സത്യം ഉണ്ടായിരുന്നു എന്നാണ് പറഞ്ഞത്. എന്ത് കാര്യം? എന്ത് സത്യം! ആർക്കുവേണം ഈ ‘സത്യം’ അല്ലേ? പക്ഷെ ഈ സത്യങ്ങൾ കുഴപ്പക്കാരാണ്. ആരൊക്കെ മറച്ചാലും ചിലപ്പോൾ അവിചാരിതമായി കേറി വെളിപ്പെട്ടുകളയും. അപ്പോൾപ്പിന്നെ കോടതിയെയോ, വക്കീലിനെയോ, പോലീസിനെയോ, വിധിയെയോ ഒന്നും പഴിച്ചിട്ടു കാര്യമുണ്ടാകില്ല. സത്യത്തിൻ്റെ വഴിയേ പോകുകയേ തരമുള്ളൂ.
പക്ഷെ സത്യമായിട്ടും സത്യമല്ല എൻ്റെ വിഷയം. സ്വപ്നമാണ് ഇന്നത്തെ വിഷയം. അല്ലെങ്കിൽ തന്നെ സത്യത്തിൽ എന്തിരിക്കുന്നു? നമ്മളൊക്കെയും ഒരു സ്വപ്നാടനത്തിലാണ്. സത്യമേത് മിഥ്യയേത് കാലമേതെന്നറിയാതെയുള്ള സ്വപ്നാടനം! ചിലതൊക്കെ കാണുന്നു, കേൾക്കുന്നു, പലതും ചെയ്യുന്നു. എന്തിനെന്നറിയാതെ. വെറുതെ. വെറും മയക്കത്തിൽ.
സ്വപ്നാടനത്തിലാണ് എന്നുപറഞ്ഞതിന് പലകാരണങ്ങളുണ്ട്. നമ്മുടെമാത്രമായ വിചിത്രലോകത്തിൽ അഭിരമിക്കുന്നവനാകുന്നു നാം. ആ ലോകത്തിൽ യുക്തിക്ക് സ്ഥാനമില്ല. ഒരുതരം വെറിപിടിച്ച ലോകം. അവിടെ ചോദ്യങ്ങൾക്കും ഉത്തരങ്ങൾക്കും പോലും പ്രസക്തിയില്ല. സ്വപ്നജീവികൾ കൂടുതൽ സമയങ്ങളിലും ഭയചികിതനാണ് എന്നുമാത്രം, പ്രത്യേകിച്ച് കാര്യങ്ങളൊന്നുമില്ലാതെ തന്നെ. ഉയരങ്ങളിൽ നിന്ന് വീഴുന്നതും, വെള്ളത്തിൽ മുങ്ങിത്താഴുന്നതും, എവിടെയോ എത്താൻ വൈകുന്നതും മറ്റും കണ്ട് ഭയചികിതനാകുന്നവരാണവർ. ഒരിക്കലും സുരക്ഷിതരല്ലെന്ന് കരുതുന്ന മൂഡബുദ്ധികൾ. എന്തോ കാരണം കൊണ്ട് സുഖകരമായ അനുഭവങ്ങൾക്ക് വേണ്ടി മാത്രം ആഗ്രഹിക്കുന്നവൻ. പക്ഷെ അതിലേക്കെത്തിപ്പെടാൻ കഴിയാതെ ഭ്രാന്തമായലയുന്നവർ. ഒന്നിനെയും പൂർണ്ണമായും മനസ്സിലാക്കാതെ ഒന്നിൽനിന്നും മറ്റൊന്നിലേക്ക് ഒരു കാരണവുമില്ലാതെ ചാഞ്ചാടിപ്പോകുന്നവർ. സ്വപ്നാടകർ.
സ്വപ്നങ്ങളിൽ നല്ലതുമാത്രം ചെയ്യുന്ന ആൾക്കാരല്ല നാം. മനുഷ്യരാണ്. തെറ്റുകൾ സ്വാഭാവികം. സ്വപ്നയായാലും, സരിതയായാലും, ജോളിയായാലും മോൻസനായാലും സ്വപ്നങ്ങളിലും തെറ്റുകൾ തെറ്റുകളായി തന്നെ അവശേഷിക്കുന്നു. പക്ഷെ ഈ സ്വപ്നങ്ങളിൽ സ്ത്രീകൾ തെറ്റുചെയ്യുമ്പോൾ വലിയ വാർത്തയാണ്. അവളങ്ങനെ ചെയ്യാമോ എന്നൊരു ലൈൻ. ലവൻ ആണായതുകൊണ്ട് കുഴപ്പമില്ല. ആണത്തം കാണിച്ചതാണ്, കൂടാതെ കൊടിയ പണക്കാരനാണ്. സ്വപ്നങ്ങളിൽ പണമുണ്ടെങ്കിൽ ആരെയും എന്തിനെയും വിലയ്ക്കുവാങ്ങാം. ആരെയും കൊല്ലാം. അധികാരവും കൂടിയുണ്ടെങ്കിൽ പിന്നെ പറയുകയും വേണ്ട. നൂറ്റാണ്ടുകളായി സ്ത്രീകൾ ഭരിച്ചിരുന്ന നാട്ടിലാണ് ഞാൻ ജനിച്ചത്, സ്വപ്നത്തിൽ. ആറ്റിങ്ങൽ മാഹാറാണിമാരുടെ നാട്. തിരുവിതാംകൂർ മഹാരാജാക്കളെക്കാളും ശക്‌തരായ മഹാറാണിമാർ ഭരിച്ച നാട്. റാണിമാരിൽ പലരും മലബാറിലെ കോലത്തിരി രാജകുടുബങ്ങളിൽനിന്നും ദത്തെടുക്കപെട്ടവരായിരുന്നു. രാജഭരണം കഴിഞ്ഞു ഇന്ദിരാഗാന്ധിയെയും മമതാബാനെർജിയെയും ജയലളിതയെയും കണ്ടു, വിരലിൽ എണ്ണാവുന്ന മറ്റു ചിലരെയും കണ്ടു, സ്വപ്നത്തിൽ. കേരളം ഭരിക്കാൻ അമരത്ത് വനിതകളെയാരെയും കണ്ടില്ല. ചിലരെ കണ്ടേക്കുമായിരുന്നു. സ്വപ്നം കാണിച്ചുതന്നില്ല. സ്വപ്നങ്ങളിൽ സ്ത്രീകൾക്ക് കഷ്ടകാലമാണ്. ആക്രമിക്കപെടും, ചതിക്കപ്പെടും, മാനംകെടുത്തും, പുറകിലാക്കും, കൊന്നുകളയും. സ്വപ്നത്തിലല്ലേ, ആര് ചോദിക്കാനാണ്? ചോദിക്കേണ്ടവരും സ്വപ്നലോകത്തിലാണല്ലോ. സ്വപ്നലോകത്തെന്തിനാണ് പുരോഗതി?
സ്വപ്നത്തിൽ നിങ്ങൾ ഏതു പാർട്ടിയുമായി ബന്ധമുള്ള ആളായിക്കോട്ടെ. ആരുമായിക്കോട്ടെ. എല്ലാ രാഷ്ട്രീയ ബന്ധങ്ങളും മാറ്റിവച്ച്, സ്വപ്നത്തിൽ മാത്രം കാണുന്ന സ്വപ്നയുടെയും സരിതയുടെയുമൊക്കെ അഭിമുഖങ്ങൾ ഒന്നുകൂടി കണ്ടു നോക്കൂ. അവർ നിങ്ങളുടെ അമ്മയോ സഹോദരിയോ സുഹൃത്തോ ആണ് എന്ന് സങ്കൽപ്പിക്കുക. വെറുതെ, സ്വപ്നത്തിലല്ലേ, ആർക്കെന്തു ചേതം. നിങ്ങൾ എങ്ങനെ അവരെ വിലയിരുത്തും? നിങ്ങൾ ഒരു ആൺപിറന്നവനാണെങ്കിൽ അതും മറന്നേക്കുക. എന്ത് തോന്നുന്നു? നിങ്ങൾ ഇപ്പോഴും പുച്ഛിച്ചു ചിരിക്കുകയാണെങ്കിൽ ഒന്നുറപ്പിക്കാം. നിങ്ങൾ ഇപ്പോഴും സ്വപ്നത്തിൽ തന്നെയാണ്. ശുദ്ധസുന്ദരമായ സ്വപ്നാടനം! സ്വപ്നത്തിൽ മാത്രം കാണുന്ന ഇത്രയും കഴിവുള്ള സ്ത്രീകൾ എന്തുകൊണ്ടാണ് ഇങ്ങനെയൊക്കെ ആയിത്തീരുന്നത്? ഏതോ സ്വപ്നത്തിൽ കണ്ടതും കേട്ടതും സത്യമാണെങ്കിൽ സരിതയുടെ SSLC മാർക്കും സ്വപ്നയുടെ ഇംഗ്ലീഷ് പരിജ്ഞാനവും ഓർത്തു നോക്കുക. കൂട്ടത്തിൽ പറ്റുമെങ്കിൽ നിങ്ങളുടെ സ്കൂൾഫൈനൽ മാർക്കും (അല്ലെങ്കിൽ ഗ്രേഡും) ഭാഷാ പരിജ്ഞാനവും ഓർക്കുക. സ്വപ്നത്തിലല്ലേ, ചുമ്മാ ഒന്ന് ഓർത്തുനോക്കണം. അവരും കഴിവുള്ളവർ ആണ്, സംശയമില്ല. പക്ഷെ സ്വപ്നത്തിൽ എവിടെയാണ് അവർക്കു പിഴക്കുന്നത്? ചിലപ്പോൾ അവർ എന്നെക്കാളും നിങ്ങളെക്കാളും ഉയർച്ചയിൽ എത്തിയേക്കുമായിരുന്നു. പക്ഷെ എവിടെയും എത്തിയില്ല. പരാജയത്തിൻ്റെ പടുകുഴിയിൽത്തന്നെയാണ്, ഇപ്പോഴും. അത് കണ്ടാസ്വദിക്കാനാണ് നമ്മൾ അവരുടെ വീഡിയോകൾ കാണുവാൻ യൂട്യൂബിൽ സെർച്ച് ചെയ്യുന്നത്? അല്ലാതെ വിജ്ഞാനം വർദ്ധിപ്പിക്കാനല്ല. തീർച്ച. സ്വപ്നത്തിലല്ലേ സാർ, എന്തിനീ പരിഹാസം എന്നാകും.
എവിടെയാണ് നമുക്ക് പിഴക്കുന്നത്? ജീവിക്കാൻ അനുവദിക്കൂ എന്ന് കേഴുന്ന ഒരു സ്ത്രീയെ നമ്മൾ എന്തുകൊണ്ടായിരിക്കും വീണ്ടും അവഹേളിക്കുന്നത്, സ്വപ്നത്തിൽ. IAS ഉണ്ടായാൽ നിങ്ങൾക്ക് പത്താം ക്ലാസ് പാസ്സാകാത്ത സ്ത്രീകളെ ചതിക്കുഴിയിലാക്കാമോ? നിങ്ങൾക്ക് കുടിച്ചു കൂത്താടി ഒരാളെ കാറിടിച്ചു കൊന്നാൽ ജയിലിൽ പോകുന്നതിനു പകരം സർക്കാർ ഓഫീസിലെ ശീതീകരിച്ച മുറിയിൽ അടയിരിക്കാമോ? ജനം തിരഞ്ഞെടുത്താൽ എന്തും ചെയ്യാമോ? എന്തുവിചിത്രങ്ങളാകുന്നു ഈ സ്വപ്നങ്ങൾ. ‘സ്വർഗ്ഗകുമാരികളായല്ല’ നരകകുമാരികളായാണ് സ്വപ്നങ്ങൾ വരികയെന്ന് തോന്നുന്നു. ഈയിടെ സ്വപ്നത്തിൽ ഉയർന്ന തസ്തികയിൽ വിരമിച്ച ഒരു IPS ഉദ്യോഗസ്ഥയുടെ അഭിമുഖം നിങ്ങൾ കണ്ടുകാണും. സ്വപ്നത്തിലെ സ്വപ്നയും അവരും തമ്മിൽ എന്ത് വ്യത്യാസമാണ് മാഡം, സാർ?
ഈ പറഞ്ഞ കാര്യങ്ങൾ സ്വപ്നത്തിലല്ല എന്ന് തോന്നിയാൽ ഉറക്കത്തിനിടയിൽ ഞെട്ടിയുണർന്ന് ഇത് വെറും സ്വപ്നമായിരുന്നല്ലോ എന്ന് കരുതി വീണ്ടും ഉറങ്ങാൻപോകുകയാണെന്നു മാത്രം കരുതണം. വീണ്ടും സ്വപ്നം ആസ്വദിച്ചു ഗാഢമായി ഉറങ്ങൂ. ശുഭരാത്രി!
സുമേഷ് രാമചന്ദ്രൻ
പ്രതീക്ഷയുടെ പുലരികൾ
എലികൾ
രാത്രിയിൽ തകർത്തു പെയ്യുന്ന മഴയിൽ അയാൾ തലയിൽ തോർത്തുകൊണ്ട് ചെവിയുംഅടച്ച്മൂടിക്കെട്ടി ഒരു കുടയും ചൂടി പുറത്തേക്കിറങ്ങി. കൈയിലിരുന്ന ടോർച്ചിന് വെട്ടം പോരെന്നു തോന്നി. മുറ്റത്തേക്ക് വീഴുന്ന മഴത്തുള്ളികൾ അയാൾക്കായി വഴിമാറി പെയ്തു.
തൊടിയുടെ താഴെ, വയൽക്കരയിൽ അയാൾ കപ്പക്കൃഷി ചെയ്തിരുന്നു. തൊടിയിലേയ്ക്ക് നടന്ന അയാളുടെ കൈകൾ തണുപ്പുകൊണ്ടാവും വിറച്ചിരുന്നു. കപ്പകൃഷികൾക്കിടയിലൂടെ അയാൾ ചെടികൾ വകഞ്ഞുമാറ്റി നടന്നു. ടോർച്ചിന്റെ വെട്ടം ചെടികൾക്കിടയിലൂടെ അകലേക്ക് പൊയ്ക്കൊണ്ടിരുന്നു. മഴത്തുള്ളികൾ വെട്ടത്തിലേക്ക് പെയ്തുകൊണ്ടുമിരുന്നു.
പലഭാഗത്തും ഇന്നലെ വെട്ടിമൂടിയ കപ്പച്ചോടുകൾ മാന്തിയും വലിച്ചു പിഴുതതുപോലെയും ഇട്ടിരിക്കുന്നു. ഏറെ ചെടികളുടേയും ചുവട്ടിൽ എലികളുടെ കാൽപ്പാടുകൾ കണ്ടു. അയാൾ തിരിഞ്ഞ് വീട്ടിലേക്ക് നടന്നു.
പകലിൽ അയാൾ വീണ്ടും കപ്പചെടികൾ എടുത്തു നിവർത്തി മണ്ണിട്ടുമൂടി. പണ്ടെങ്ങോ മൂലയിൽ ഉപേക്ഷിച്ച വായ്ത്തലമടങ്ങിയ എലികത്രിക എടുത്ത് വായ്ത്തലകൾ തല്ലി നിവർത്തി വച്ചു.
ഈ കത്രിക വാങ്ങിച്ചതിൽ പിന്നെ ഒരു എലിയും ഇതിൽ വീണിട്ടില്ല. അയാൾ കത്രിച്ചു വച്ചിട്ട്, ഒരുഎലിപോലും വീണിട്ടേയില്ല. എലികളുടെ ശാപമാവാം അതെന്ന് അയാളുടെ ഭാര്യ പറഞ്ഞു. ചെറുപ്പത്തിൽ അയാൾ എലികളെ രാത്രിയിൽ വെടിവെച്ചു കൊല്ലുമായിരുന്നു. അനേകം എലികളെ.
പക്ഷേ, അയാളുടെ കത്രികയിൽ പൂച്ചകൾ വീണിട്ടുണ്ട്. കാലുപോയ പൂച്ച, കൈപോയ പൂച്ച, വാലുപോയ പൂച്ച, അങ്ങനെ വികലാംഗരായ അനേകം പൂച്ചകൾ ആ നാട്ടിലെമ്പാടും ഉണ്ട്. പക്ഷേ അയാൾ കത്രിച്ചു വച്ച എലികത്രികയിൽ ഒരു എലിക്കുഞ്ഞുപോലും വീണിട്ടില്ല.
അയാൾ അയൽവക്കത്തുവീട്ടിൽ എലിപ്പെട്ടിയുണ്ടോ എന്നന്വേഷിച്ചു. പണ്ടെങ്ങോ ഒരിക്കൽ എലികൾ എലിപ്പെട്ടി നശിപ്പിച്ചതിനുശേഷം, അയാൾ എലിപ്പെട്ടി വാങ്ങിയിരുന്നില്ല. പിന്നീടൊരിക്കലും അയൽ വീടുകളിലുള്ള എലിപ്പെട്ടികളിലൊന്നും ഒരു എലിപോലും വീണിട്ടുമില്ല.
എലികളില്ലാത്തതുകൊണ്ടായിരുന്നില്ല അത്, എലികൾ തസ്കരവീരന്മാരായിരുന്നത് കൊണ്ടാണ്. അവർ കെണിച്ചുവയ്ക്കുന്ന തീറ്റ എങ്ങനെയും തട്ടിയെടുക്കും. രാവിലെ ചെന്നുനോക്കുമ്പോൾ, തീറ്റയെടുത്തു പോയിട്ടുണ്ടാവും. ആരാണോ അവർക്കീ വരം കൊടുത്തത്.. !
അയാൾ അയൽവക്കത്തുനിന്നും കിട്ടിയ എലിപ്പെട്ടി ഒരു കപ്പച്ചെടിയുടെ ചുവട്ടിൽ കത്രിച്ചു വച്ചു.
പിറ്റേന്ന് കണ്ടത് അതിദാരുണമായ കാഴ്ചയായിരുന്നു. ആ എലിപ്പെട്ടി ആരോ തല്ലിത്തകർത്തതുപോലെ ചിന്നഭിന്നമായിരുന്നു. കൂടുതൽ കപ്പചെടികളും പിഴുതുകിടന്നു. അയാളിൽ ഉറഞ്ഞുകൂടിയ സങ്കടം അയാളിൽ പുതഞ്ഞുകിടന്നു.
വൈകുന്നേരം സ്വന്തം ആവശ്യത്തിനായി കപ്പ പറിച്ചപ്പോൾ എല്ലാ കപ്പകളിലും എലി കരണ്ടിരിക്കുന്നത് കണ്ടു. അയാൾ ദേഷ്യത്തോടെ അതെല്ലാം അവിടെ തന്നെ വലിച്ചെറിഞ്ഞു വീട്ടിലേക്കു നടന്നു.
രാത്രിയിൽ എല്ലാ വീടുകളിലും ലൈറ്റ് അണഞ്ഞതിനുശേഷം, അയാൾ തോക്കുമെടുത്തു പുറത്തേക്കിറങ്ങി. എന്നോ നഷ്ടപ്പെട്ട കിനാക്കളുടെ അംശം തോക്കിന്റെ തുമ്പത്തു തുരുമ്പായി തടിച്ചിരുന്നു.
അയാൾ തൊടിയിലേക്കു ചെന്നു. ടോർച്ചിന്റെ വെട്ടത്തിൽ അയാൾ ഒരു കാഴ്ച കണ്ടു.
അത് അമ്പരപ്പിക്കുന്നതിനും അപ്പുറമായിരുന്നു. ഒരു പട്ടിയോളം വലിപ്പമുള്ള ഒരെലി മനുഷ്യനെപ്പോലെ കപ്പചെടി വലിച്ചു പിഴുന്നു… !. അയാൾ ഒരു വന്യമൃഗത്തെ കണ്ടതുപോലെ വിരണ്ടു. തിരിച്ചു പൊന്നാലോ എന്നുതന്നെ തോന്നി. പിന്നെ ധൈര്യം സംഭരിച്ചു ലക്ഷ്യം നോക്കി കാഞ്ചി വലിച്ചു. എലി മറിഞ്ഞുവീണു.
പിടഞ്ഞു പിടഞ്ഞു എന്തോ ഒരു ആർത്തനാദം പുറപ്പെടുവിച്ചു. അയാളുടെ സന്തോഷം പുഞ്ചിരിയിൽ നിന്ന് അട്ടഹാസമായി മാറി.
ഒരുനിമിഷം.. !
അയാൾ ഞെട്ടിത്തരിച്ചു. അനേകം എലികൾ അവിടെനിന്നും പലയിടത്തുനിന്നും വെടികൊണ്ടുവീണ എലിയുടെ സമീപത്തേക്ക് ഓടിയടുക്കുന്നു. അതിൽ ഒരെലി നെഞ്ചത്തടിച്ചു നിലവിളിക്കുന്നതായി അയാൾക്ക് തോന്നി. മറ്റെലികൾ അവർക്കുചുറ്റും കൂടിനിന്നു. പിന്നീട് അവർ ഓരോരുത്തരായി തിരിഞ്ഞു നോക്കി.
ശത്രുവിനെ കണ്ടതുപോലെ ഓരോരുത്തരിലും വന്ന ഭാവമാറ്റങ്ങൾ അയാളെ ഭയചകിതനാക്കി. എപ്പോൾ വേണമെങ്കിലും അവ തന്നെ കടന്നാക്രമിക്കുമെന്ന് അയാൾ ഭയപ്പെട്ടു. അയാൾ എന്തുചെയ്യണമെന്നറിയാതെ നിന്നുപോയി. പിന്നെ അയാൾ തോക്കിൽ മറ്റൊരു കാട്രിഡ്ജ് നിറച്ചു. പിന്നീട് അയാൾ കണ്ടത്, തന്റെ നേർക്ക് പാഞ്ഞടുക്കുന്ന എലികളെയാണ്.
അയാളുടെ അലറിവിളിക്കുന്ന ശബ്ദം അയൽപക്കക്കാരും വീട്ടുകാരും കേട്ടു. പിറ്റേന്ന് അയാൾ തൊടിയിൽ മരിച്ചു കിടക്കുന്നത് അയൽപക്കക്കാരും വീട്ടുകാരും കണ്ടു.
അയാളുടെ അടുത്ത് കുറച്ചുമാറി വെടിയേറ്റ് ചത്ത ഒരെലിയും തകർന്നുതരിപ്പണമായ ഒരു തോക്കും കിടന്നിരുന്നു.
ബിനു. ആർ.
നിള
പറയാൻബാക്കിവച്ചത്
അവസ്ഥാന്തരം
സ്നേഹമുള്ള ജോസ്മോൻ അറിയേണ്ടതിലേക്ക്,
അന്നമ്മാമ്മ പറഞ്ഞതിൻ പ്രകാരമാണ് ഈ കത്ത് എഴുതുന്നത്.
നിനക്ക് സുഖമല്ലേ?..
നോയമ്പു വീടലിന് നമ്മൾ അതിരിക്കൽ ഭവനത്തിൽ പോയത് നിനക്കോർമ്മയുണ്ടോ .നീ മോളിക്കുട്ടിയുടെ ഹാഫ്സാരി ഉടുത്തതും നിനക്ക് വർഗീസ് പാപ്പന്റെ കയ്യിൽ നിന്നും അടി കിട്ടിയതും ഞാൻ മറന്നിട്ടില്ല.
അന്ന് വർഗീസ് പാപ്പനോടും, നിന്നോടും,നിന്നെ പടച്ച കർത്താവുടയതമ്പിരാനോടും ഉള്ള കലി മാറുവോളം അന്നമ്മാമ്മ പത്തല് വെട്ടി നിന്നെ അടിച്ചതും എനിക്കോർമ്മയുണ്ട്.
പക്ഷെ പിന്നീട് അടുക്കള പാതകത്തിന് ചുവടെ കുന്തക്കാലിൽ ഇരുന്നു രണ്ടു കൈകൊണ്ടും വാ പൊത്തി അന്നമ്മാമ്മ കരഞ്ഞത് ഞാൻ മാത്രമേ കണ്ടുള്ളൂ..
അതിരിക്കൽ ഭവനത്തിൽവെച്ചു സ്റ്റീഫന്റെയും, സ്റ്റാൻലീടേയും കൂടെ കിടക്കുകേലാന്ന് പറഞ്ഞതും ,എന്റെ കട്ടിൽചുവട്ടിൽ തഴപ്പാ വിരിച്ചു കിടന്നതും ഓർമ്മ വരുന്നു. എനിക്ക് മനസ്സിലാവുന്നു നിന്റെ മനസ്സ്.
സാരമില്ലെടാ ..നിനക്ക് എൽസമ്മയുണ്ട്.എനിക്ക് നിന്നെ അറിയാമ്പറ്റിയിലെങ്കി മറ്റാർക്ക് പറ്റും..?
അന്നമ്മാമ്മ നീ പോയേപ്പിന്നെ നേരാം വണ്ണം ഉറങ്ങിയിട്ടില്ല. ആഹാരം കഴിച്ചിട്ടില്ല.
നീ മടങ്ങി വരണം.
കർത്താവിന്റെ നാമത്തിൽ
സ്വന്തം എൽസമ്മ.’
‘ആളോള് എന്തു പറയും ഈശോയെ..’ ന്നാണ് അന്നമ്മാമ്മ വക്കുപൊട്ടിയ ഒച്ചയിൽ പതം പറയുന്നത്.
ആളോളെ സമ്മതം കിട്ടിയാൽ മാത്രമെ നമുക്കിഷ്ടപ്പെട്ട ജീവിതം ജീവിക്കാൻ പറ്റൂ??
ജോസ്മോൻ അന്തിപ്പാതിരക്ക് ബാഗും തോളിലിട്ട് തളത്തിലെ വാതിൽ പതിയെ തുറന്ന് ഒതുക്കുക്കുകൾ ഇറങ്ങിപ്പോയി.ചാരാൻ മറന്ന വാതിലിലൂടെ ഒരു ത്രികോണ നിലാവ് തളത്തിൽ ഉദിച്ചു നിന്നു.
ജോസ്മോന്റെ കൂട്ട്
ഒരു ജ്യാമിതീയ ജന്മം പോലെ.
അവന്റെ ഒരുപ്പോക്ക് കാണാത്ത പോലെ എൽസമ്മ കണ്ണടച്ചു കിടന്നു.
കിടന്ന തഴപ്പാ ചുരുട്ടി വെക്കാൻ പോലും അവൻ മറന്നിരിക്കുന്നു.
രാവിലെ ആ പായ ചുരുട്ടുമ്പോൾ ജോസ്മോൻ എന്നെന്നേക്കുമായി തന്നിൽ തങ്ങിയ അവസാന ആണത്തത്തിന്റെ മിടിപ്പും ഈ പായിൽ പാമ്പ് ഉറയൂരുമ്പോലെ ഊരിയിട്ടേച്ചാണ് പോയതെന്ന് തോന്നി എൽസമ്മയ്ക്ക്.
അവന്റെ മേശ വലിപ്പിൽ നിന്നും വെള്ളക്കല്ലു വെച്ച ഒരു ജോഡി ജിമിക്കിയും,കുപ്പിവളകളും,സ്റ്റിക്കർ പൊട്ടും കിട്ടി. ആരും കാണാതെ മെല്ലെ അതെടുത്തു മാറ്റി.
**** **** ***** ****
നിലാവ് മായുന്ന രാത്രികൾ.
മാനം കരിമേഘം കൊണ്ട് മുൾക്കിരീടം ചാർത്തി നിന്നു.
അന്നമ്മാമ്മ ക്രൂശിതന്റെ മുന്നിൽ വീണു കിടന്നു.
പുലർച്ചെ മുറ്റത്തു പൊഴിഞ്ഞു വീണ റബർ മരത്തിന്റെ ഇലകൾ അടിച്ചു വാരിക്കളയുമ്പോൾ എൽസമ്മ ഓർത്തു. ഈ കരിയിലകൾ തൂത്തു കളയുമ്പോലെ കളയാൻ പറ്റുമോ ആവോ മനുഷമ്മാരുടെ രൂപങ്ങൾ, വിചാരങ്ങൾ..?
പെണ്ണുടലിന്റെ വിഹ്വലതകൾ ഇനി മുതൽ ജോസ്മോൻ അറിയാൻ പോകുന്നു.
സ്ത്രീ ,പുരുഷവേലിക്കെട്ടുകളിൽ നിന്നും അവൻ തന്റെ സ്വത്വത്തിലേക്ക് മടങ്ങുന്നു.
അയിനിതോട്ടിൽ തുണികൾ ഊരിപ്പിഴിയുമ്പോൾ എൽസമ്മ ചിന്തിച്ചു
‘മനുഷമ്മാർക്ക് കൊണ്ടു നടക്കാൻ ഒക്കുകേലാത്ത ജീവിതസമ്പ്രദായങ്ങൾ ഇങ്ങനെ ഊരിപ്പിഴിഞ്ഞു കളയാൻ പറ്റിയാരുന്നേൽ എത്ര നന്നായേനെ എന്ന്.
ഇളവെയിലിലേക്ക് തുണികൾ വിരിച്ചിടുമ്പോൾ സാത്താന്റെ ചിന്തകൾ തലയിൽ നിന്നും കുടഞ്ഞു കളഞ്ഞ് കുരിശു വരച്ച് വീട്ടിനകത്തെ തണുപ്പിലോട്ട് കേറിപ്പോന്നു.
നിറുകന്തലയിൽ സൂര്യൻ. കത്തിയെരിയുന്ന ഒരു നട്ടുച്ചയ്ക്ക് ആണ് ജോസ്മോൻ കേറിവന്നത്.
കപ്പയ്ക്ക് തടമെടുത്തു കൊണ്ടിരിക്കുന്ന എൽസമ്മേടെ തോളിൽ ചാരി അവൻ വിങ്ങിപ്പൊട്ടി.
നിറയെ കസവുമിന്നണ കടും ചുവപ്പ് സാരിയും,വലിയ ഞാത്ത് കമ്മലുമിട്ട ,ചുണ്ടിൽ കടും റോസ് ചായമടിച്ച, വേലിമുള്ളു കൊള്ളാതെ സാരിയൊതുക്കി കുണുങ്ങി മുന്നിൽ നിന്നു ജോസ്മോൻ..!!
കരച്ചിലടങ്ങിയപ്പോൾ അവൻ മിണ്ടാതെ തിരിഞ്ഞു നടന്നു.
എൽസമ്മ പിന്നിൽ നിന്നും ചളുങ്ങിയ ഒച്ചയിൽ വിളിച്ചു :”ജോസ്മോനേ..”
മടമ്പു പൊങ്ങിയ ചെരിപ്പിട്ടു ആത്മവിശ്വാസം നിറഞ്ഞ ഒരു കുതിരയെപ്പോലെ അവൻ റോഡിലേക്കിറങ്ങി ഒരു തീ നാളം പോലെ അകന്നകന്നു പോയി.
അവൻ തിരിഞ്ഞു നോക്കിയില്ല. അവൻ ജോസ്മോനല്ലല്ലോ..
അന്നമ്മാമ്മ കണ്ടില്ലല്ലോ എന്ന ആശ്വാസത്തിൽ എൽസമ്മ നിത്യ സത്യമായ മണ്ണിലേക്ക് തിരിഞ്ഞു, തട മെടുക്കാൻ തുടങ്ങി.
ശബാന ബീഗം
തത്ത്വമസി
വാക്യമുദ്രകൾ
ദൈവം ഒളിവിൽ പോയ നാളുകൾ : വിധു വിൻസെന്റ്
മാധ്യമ പ്രവർത്തകയും എഴുത്തുകാരിയും പ്രശസ്ത ചലചിത്ര പ്രതിഭയുമായ വിധു വിൻസെന്റ് രചിച്ച യാത്രാവിവരണമാണ് ദൈവം ഒളിവിൽ പോയ നാളുകൾ. ഇതിലെ ഇല്ലസ്ട്രേഷനും അവർ തന്നെയാണ് ചെയ്തിരിക്കുന്നത്. പ്രസാധനം ചിന്ത പബ്ലിഷേഴ്സ്.
പ്രസാധനക്കുറിപ്പിൽ പറയുന്നു:- ഓരോ സഞ്ചാരിയും കാണുന്നതും വായിക്കുന്നതും അവരവരെ തന്നെയാണ്. ഹിറ്റ്ലറുടെ ജർമ്മനിയിലൂടെ സഞ്ചരിക്കുന്ന സമകാലീന മനുഷ്യൻ കാണുന്നതും വായിച്ചെടുക്കുന്നതുമാക്കെയും ഫാസിസം അവശേഷിപ്പിച്ച ബിംബങ്ങളെയും ഓർമ്മകളെയും സൂചിതമാക്കിക്കൊണ്ടാണ്. നഗര സഞ്ചാരത്തിൽ കാടു കയറിയ വർണ്ണനകളില്ല. വാക്കുകളേക്കാൾ വാചലമായ വരകളാണ് ഈ പുസ്തകത്തിന്റെ ജീവൻ. കേവല ചരിത്ര കാഴ്ചകളല്ല, ഭൂതകാലവും സമകാലവും തമ്മിലുള്ള നിരന്തര സംവാദത്തിന്റെ സാക്ഷ്യം തന്നെയായി ഈ രചന മാറുന്നു. ദൈവം ഒളിവിലായിരുന്ന ചില ഘട്ടങ്ങൾ ലോക ചരിത്രത്തിലുണ്ട്. അത്തരമൊരു സന്ദർഭത്തിന്റെ രേഖാ ചിത്രമാണീ പുസ്തകം.
വിധു വിൻസെന്റ് ഏതാനും മാസത്തെ താമസത്തിനായി ജർമ്മനിയിലേക്ക് പോയതും അവിടെ അവർ കണ്ടതും കേട്ടതും അറിഞ്ഞതുമായ ഫാസിസത്തിന്റെ ശേഷിപ്പുകളാണ് ചുരുങ്ങിയ വാക്കുകളിലൂടെയും വരകളിലൂടെയും ഒരുക്കിയിരിക്കുന്നത്.
2021ലെ കേരള സാഹിത്യ അക്കാദമിയുടെ യാത്രാ വിവരണത്തിനുള്ള അവാർഡ് ഈ കൃതിക്കാണ് ലഭിച്ചത്. ഒരു സ്ത്രീ എഴുതിയ യാത്രാവിവരണ കൃതി ആദ്യമായിട്ടായിരിക്കാം അക്കാദമി അവാർഡ് നേടുന്നത്. ആ വർഷം അനേകം സ്ത്രീ എഴുത്തുകാർ അവാർഡിനർഹരായിരുന്നു എന്നതും ഓർക്കുന്നു..
ആമുഖത്തിൽ ഇങ്ങനെ പറയുന്നു:-
ജർമ്മൻകാരും ജൂതരും ഇറ്റലിക്കാരും റുമേനിയക്കാരും ആഫ്രിക്കരും തുർക്കികളുമൊക്കെ അടങ്ങുന്ന ഒരു വലിയ ജന സമൂഹം. മഹായുദ്ധങ്ങൾ അരങ്ങ് തകർക്കുകയും തകർത്ത് തരിപ്പണമാക്കുകയും ചെയ്ത ഒരിടം. എണ്ണമറ്റ ചിന്താപദ്ധതികളും തത്ത്വചിന്താ പരികല്പനകളും രൂപമെടുത്ത ഒരു സ്ഥലം. ഇതിനൊക്കെ ഉപരി മനുഷ്യൻ മനുഷ്യനോട് കാട്ടിയ , ചരിത്രത്തിൽ സമാനതകളില്ലാത്ത ക്രൂരതകൾക്ക് വേദിയായ ഭൂമി.
ഇത് നമ്മെ ചരിത്രത്തിലേക്ക് പിൻ നടത്തുന്നുണ്ട്.
ആമുഖം കൂടാതെ
1 ) ഞങ്ങളെയൊന്നും ഓർമ്മിപ്പിക്കരുത് പ്ലീസ്
2 ) ഞങ്ങളെന്തു പിഴച്ചു ? എല്ലാം ഹിറ്റ്ലർ ചെയ്തതല്ലേ?
3) ഓർമ്മകൾ അവശേഷിപ്പിച്ചത്
ഇങ്ങനെ മൂന്ന് ഭാഗങ്ങളിലാണ് ഈ കുറിപ്പുകൾ എഴുതിയിട്ടുള്ളത്. ഓരോ തലക്കെട്ടുകളും ജർമ്മൻ ജനതയുടെ മനോഭാവത്തെ വെളിപ്പെടുത്തുന്നുണ്ട്.
ഞങ്ങളെയൊന്നും ഓർമ്മിപ്പിക്കരുത് പ്ലീസ് എന്ന ഒന്നാം ഭാഗത്തിൽ ജർമ്മനിയിലേക്കുള്ള യാത്ര, സഹോദരി ടുട്ടു, സുഹൃത്തുക്കളായ സോഫി: ബ്രിട്ടാനിയ , ഫ്ലോറന്റീന ഇത്തരം വ്യക്തിപരമായ കാര്യങ്ങളും സൗഹൃദ സന്ദർശനങ്ങളുമാണ്.
ഒരു സുഹൃത്തിന്റെ വീട്ടിൽ പോയപ്പോഴുണ്ടായ അനുഭവം വിവരിക്കുന്നുണ്ട്. ഔപചാരിക പരിചയപ്പെടലുകൾക്കു ശേഷം സുഹൃത്തിന്റെ മാതാപിതാക്കളുടെ കുട്ടിക്കാലത്തെക്കുറിച്ച് പറയാമോ എന്ന വിനീതമായ അന്വേഷണത്തിന് അവർ മറുപടി നൽകിയില്ല എന്നതിൽ വിധു വിൻസെന്റ് അസ്വസ്ഥയായതായി പറയുന്നുണ്ട്. അതിനെക്കുറിച്ച് സുഹൃത്ത് പിന്നീട് ക്ഷമാപണം നടത്തുന്നുമുണ്ട്. എന്തൊക്കെ അനുഭവങ്ങളിലൂടെ കടന്നുപോയ മനുഷ്യരായിരിക്കാം അവരൊക്കെ എന്ന് ലേഖിക അമ്പരക്കുകയാണ്. ഇരുപത് വർഷം കൂടി കഴിഞ്ഞാൽ ജർമ്മനി വൃദ്ധരുടെ രാജ്യമാകുമെന്ന് അവർ നിരീക്ഷിക്കുന്നു.
ആദ്യ ദിവസങ്ങളിലെ കാഴ്ചകളിലേക്കാണ് അവർ പിന്നെ നമ്മളെ കൂട്ടിക്കൊണ്ടുപോകുന്നത്.
ഹിറ്റ്ലറുടെ പ്രിയപ്പെട്ട റസ്റ്റോറന്റായ ഓസ്റ്റീരിയ ബവേറിയ , ഏറ്റവും പഴയ ബിയർ കെല്ലറുകളിൽ ഒന്നായ അഗസ്റ്റിന , ലോകപ്രശസ്തമായ ഒക്ടോബർ ഫെസ്റ്റ് എന്ന ബിയർ ഫെസ്റ്റിവൽ , സൈക്കിൾ സവാരി നടത്തുന്ന ജനങ്ങൾ, ഏപ്രിൽ / മെയ് മാസങ്ങളിലെ പ്രഭാതവും സന്ധ്യയും
ഇത്തരം അനേകം കാഴ്ചകളിലുടെ നാം അവരോടൊപ്പം സഞ്ചരിക്കുന്നുണ്ട്. ഓരോ കാഴ്ചയും അവരുടെ വരകളിലുടെ നമ്മെ അമ്പരപ്പിക്കുകയും ചെയ്യുന്നു.
ഞങ്ങളെന്തു പിഴച്ചു? എല്ലാം ഹിറ്റ്ലർ ചെയ്തതല്ലേ? എന്ന രണ്ടാം ഭാഗത്തിൽ പരിസ്ഥിതി ദിനത്തിൽ സന്ദർശിച്ച ദഹൗ തടങ്കൽ കേന്ദ്രത്തിലെ കാഴ്ചകളാണ്.
അവർ എഴുതുന്നു. –
മനുഷ്യനെ മൃഗമാക്കി ചുരുക്കുവാനുള്ള സംവിധാനങ്ങളായിരുന്നു തടങ്കൽ കേന്ദ്രങ്ങൾ. മൃഗങ്ങളായി ചുരുങ്ങാതെ നിലനിൽപിനായി പൊരുതിമരിച്ചവരുടെയും അതിജീവിച്ചവരുടെയും താവളമാണിത്. ഈ തടങ്കൽ പാളയങ്ങൾ പറയുന്നത് മനുഷ്യൻ മനുഷ്യനോടു കാട്ടിയ ക്രൂരതകളുടെ കഥകൾ മാത്രമല്ല, അതിജീവനത്തിന്റെ ചരിത്രം കൂടിയാണ്. ജീവിക്കാനുള്ള എല്ലാ ആഗ്രഹങ്ങളും നിഷേധിക്കപ്പെട്ട്, എല്ലും തോലുമായി മാറിയ , മരിച്ചിട്ടില്ലെന്ന് ഓർമ്മിക്കാൻ മാത്രമുള്ള പ്രാണൻ അവശേഷിച്ച മനുഷ്യന്റെ അതിജീവനം.
ദഹൗ തടങ്കൽ കേന്ദ്രത്തിൽ പഴയ കുളിമുറിയാണ് വിശാലമായ മ്യൂസിയം ഹാളാക്കി മാറ്റിയിരിക്കുന്നത്. അവിടെ പ്രദർശിപ്പിച്ച ചില വസ്തുക്കൾ അവരെ ആൻ ഫ്രാങ്കിന്റെ ഡയറിക്കുറിപ്പുകളിലും അന്നാ നൊവാക്കിന്റെ ദ ബ്യൂട്ടിഫുൾ ഡെയ്സ് ഓഫ് മൈ യൂത്ത് എന്നകൃതിയിലും പ്രിമോ ലെവിയുടെ ഇതോ മനുഷ്യൻ എന്ന കൃതിയിലുമുള്ള വാക്കുകൾ ഓർമ്മിപ്പിക്കുന്നതെങ്ങനെയെന്ന് പറയുന്നുണ്ട്.
എല്ലാത്തരം സ്വത്വങ്ങളുടെയും അഹന്തകളുടെയും വസ്ത്രം വലിച്ചുരിയപ്പെട്ട് അവർ നഗ്നരായി. വസ്ത്രമണിഞ്ഞവർ നമ്മെ വിവസ്ത്രരാക്കുമ്പോഴാകാം അധികാരം അതിന്റെ ഏറ്റവും കയ്പേറിയ രൂപത്തിൽ നാം അനുഭവിക്കുക – അന്നാ നൊവാക്ക് എഴുതുന്നു.
First they came for the communists – എന്ന വരികൾ എഴുതിയ മാർട്ടിൻ നിയോ മില്ലർ 1941 മുതൽ ഈ ബങ്കറുകളിലൊന്നിൽ തടവുകാരനായിരുന്നത്രേ.
തടവുകാരാക്കപ്പെട്ട എല്ലാ മനുഷ്യർക്കും ഒരേ മുഖങ്ങളാണോ എന്ന് ദഹൗ മ്യൂസിയത്തിലെ ചിത്രങ്ങൾ കാണുമ്പോൾ സംശയിച്ചു പോകും. എന്റെ ഈ യാത്ര അവസാനിപ്പിക്കുമ്പോൾ മനസ്സിൽ അവശേഷിപ്പിക്കുക മരണം പ്രതീക്ഷിച്ച് നിൽക്കുന്ന ഈ മുഖങ്ങളാകും. – വിധു വിൻസെന്റ എഴുതുന്നു.
മ്യൂസിയത്തിലൂടെ നടക്കുമ്പോൾ മെംകാഫിൽ ഹിറ്റ്ലർ എഴുതിയത് അവർ ഓർക്കുന്നുണ്ട്. ജനിച്ചു കഴിഞ്ഞതിൽ കരുത്തുള്ളവ മാത്രം അതിജീവിക്കും. അവശരും രോഗികളും ദുർബ്ബലരും അപരരുമായവരുടെ സംരക്ഷണം പ്രകൃതി വിരുദ്ധമാണെന്നാണ് ഹിറ്റ്ലർ കരുതിയത്.
ചില കാഴ്ചകൾ വരകളിലൂടെ നമുക്ക് കാണിച്ചു തരുന്നു —
അജ്ഞാതനായ തടവുകാരന്റെ ക്ലാരനെറ്റ്, പുതക്കാനുള്ള ബ്ലാങ്കറ്റ് ഉപയോഗിച്ച് തടവുകാരി തന്റെ മകൾക്കായി തുന്നിയ കുപ്പായം, ബ്രെഡ് ഉപയോഗിച്ച് ഒരു തടവുകാരൻ തീർത്ത ജപമാല – ഇങ്ങനെ ചില ചിത്രങ്ങൾ.
മരണത്തെ വ്യാവസായികാടിസ്ഥാനത്തിൽ ഉപയോഗിക്കുക എന്ന ആശയം, തടങ്കൽ പാളയങ്ങളിൽ ഇത്തരമൊരു സാധ്യതയെ ആദ്യമായി പരീക്ഷിച്ചു വിജയിച്ചത് നാസികളാണെന്നു പറയാം. മരിച്ച മനുഷ്യനെ മുടി, തൊലി ചാരം എന്നിങ്ങനെ വേർതിരിച്ച് ഉപയോഗിക്കുന്നതിനെക്കുറിച്ച് ലോകം ആദ്യമായി കേട്ടതും ഇവിടെ നിന്നാണ്. ഓഷ് വിറ്റ്സ് അടക്കമുള്ള തടങ്കൽ പാളയങ്ങൾ എല്ലായ്പോഴും ഒരു ഫാക്ടറിയെ ഓർമ്മിപ്പിക്കുന്നു. മരിക്കാൻ വിധിക്കപ്പെട്ട് യൂറോപ്പിന്റെ പല ഭാഗത്തു നിന്നെത്തിയ മനുഷ്യർ ആ ഫാക്ടറിയിലെ അസംസ്കൃത വസ്തുക്കൾ . ദഹൗവിൽ അജ്ഞാതനായ തടവുകാരന്റെ സ്മരണയ്ക്കായി സ്ഥാപിച്ച പ്രതിമയിൽ ഈ വാക്കുകൾ എഴുതി വെച്ചിരിക്കുന്നു.
“To honour the dead and to warn the living “
ഓർമ്മകൾ അവശേഷിപ്പിച്ചത് എന്ന മൂന്നാം ഭാഗത്തിൽ മ്യൂണിക്കിലും പരിസരങ്ങളിലുമുള്ള കാഴ്ചകളാണ്. എത്ര ഒളിപ്പിച്ചാലും ഒളിപ്പിക്കാനാവാത്ത നാസി ശേഷിപ്പുകൾ മ്യൂണിക്കിന്റെയും പരിസര പ്രദേശങ്ങളുടെയും ചരിത്രത്തിലുടെ യാത്ര ചെയ്യുന്ന ആർക്കും കണ്ടെടുക്കാൻ കഴിയും.
യൂറോപ്പിന്റെ മധ്യകാല പ്രൗഢി അതേ പോലെ സൂക്ഷിച്ചിരിക്കുന്ന പട്ടണമായ റോത്തൻബർഗ് – കലർപ്പില്ലാത്ത ജർമ്മൻ പാരമ്പര്യമുള്ള പട്ടണം.
നാസി വിശ്വാസ സംഹിതകളെ നെഞ്ചിലേറ്റിയ ഒരു പ്രാദേശിക സമൂഹം എങ്ങനെ തങ്ങളെ പുന:സംഘടിപ്പിക്കുന്നു എന്നതും പുന: സംവിധാനത്തിനായി എങ്ങനെ സ്വയം സമർപ്പിക്കുന്നു എന്നതും റോത്തൻബർഗ് ലോക ചരിത്രത്തിനു നൽകുന്ന അനുഭവപാഠമാണ് എന്ന് അവർ ഓർത്തെടുക്കുന്നു.
എക്സ്പ്രസ്സ് ഹൈവേ അഥവാ ഒട്ടോ ബാനിലൂടെ നടത്തിയ യാത്രാനുഭവം, നമ്മുടെ നാട്ടിലെ കോഫി ഹൗസുകൾ പോലെ തോന്നിക്കുന്ന ബിയർ ശാലകൾ ഇവയിലൂടെയൊക്കെ കടന്നു പോകുന്നുണ്ട്. നാസി പാർട്ടിയുടെ ആദ്യ ഔദ്യോഗിക യോഗം നടന്നത് ഹോഫ് ബ്രൗസ് എന്ന ബിയർ ശാലയിലായിരുന്നത്രേ.
അവർ അവിടെ കണ്ട മറ്റൊരു പ്രത്യേകത – ഹിറ്റ്ലർ, സ്വസ്തിക, നാസി തുടങ്ങിയ വാക്കുകൾ പൊതുസ്ഥലത്ത് ഉപയോഗിക്കുന്നില്ല എന്നതാണ്. ഓർമ്മകളെ നേരിടാനുള്ള ധൈര്യമില്ലായ്മയും തങ്ങൾ എന്താണ് ചെയ്തതെന്ന് തുറന്നുസമ്മതിക്കാനുള്ള മടിയും കുറ്റബോധവും ഒക്കെ കൂടി സങ്കീർണ്ണമാണ് ശരാശരി ജർമ്മൻകാരന്റെ മനസ്സ് എന്നാണ് അവർ അതിനെക്കുറിച്ച് പറഞ്ഞത്.
ജർമ്മൻ ദാർശനികൻ ഫ്രെഡറിക് നീത്ഷേയുടെ അർദ്ധകായ പ്രതിമ ഹിറ്റ്ലർ ഇടക്കിടെ സന്ദർശിക്കാറുണ്ടായിരുന്നു. അദ്ദേഹത്തിന്റെ സരതുസ്ത്രയുടെ വചനങ്ങൾ ഹിറ്റ്ലർ അനേക തവണ പാരായണം ചെയ്തിരുന്നുവത്രേ.
ന്യൂറംബർഗ് പട്ടണം – ന്യൂറംബർഗ് വിചാരണ നടന്ന സ്ഥലം. നാസി പാർട്ടി റാലികൾ അരങ്ങു തകർത്ത ഇടമായി ലോകമറിഞ്ഞ പട്ടണം. ഒരു പ്രത്യയ ശാസ്ത്രത്തിന്റെ ഭാഗമാകുന്ന വ്യക്തികൾ പിന്നീടതിന്റെ പ്രചാരകരായി സ്വയം മാറുന്നതിന്റെ ഉദാഹരണമായി ന്യൂറംബർഗ് വിചാരണ വേളയിൽ ചോദ്യം ചെയ്യപ്പെട്ട ഐക്മാന്റെ വിചാരണയെ ഹന്ന ആരന്റ് എന്ന എഴുത്തുകാരി ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
നാസി ജർമ്മനിയിലെ സ്ത്രീകളുടെ റോളിനെപ്പറ്റി പറയുന്നത് ശ്രദ്ധേയമാണ്. പുറത്ത് ജോലിക്ക് പോകാതെ പ്രസവിക്കുകയും കുട്ടികളെ വളർത്തുകയും ആയിരിക്കണം സ്ത്രീ ധർമ്മം. രാഷ്ടത്തിനായി സൂപ്പർമാനെ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തിനായി കന്യകകൾ ജർമ്മൻ വംശശുദ്ധിയുള്ള S S കളിൽ നിന്ന് ഗർഭം ധരിക്കാൻ സർക്കാർ തന്നെ സ്ഥലം ഒരുക്കിയിരുന്നത്രേ. ഗവണ്മെന്റ് സ്പോൺസേർഡ് വേശ്യാലയങ്ങൾ .
പുസ്തകങ്ങൾ തീയിട്ട് നശിപ്പിച്ച – ഗ്രന്ഥ ദഹനം നടന്ന സ്ഥലങ്ങളിലൊന്നായ ക്യോണിക് പ്ലാറ്റ്സ് സന്ദർശിക്കുന്നുണ്ട് വിധു. ചിന്തകളെയും ആശയങ്ങളെയും ഭയക്കുന്നവർ നമ്മുടെ തെരുവുകളെയും കയ്യടക്കി തുടങ്ങിയിരിക്കുന്നു എന്ന് അവർ ഓർക്കുന്നു. ഗെസ്റ്റപ്പോ ഹെഡ്ക്വാർട്ടേഴ്സിന്റെ അവശിഷ്ടങ്ങൾക്കടുത്തു കൂടെ നടക്കുമ്പോൾ അകാരണമായ ഭയം പിടികൂടിയതായും അവർ എഴുതുന്നു.
കാറിൽ യാത്ര ചെയ്യുമ്പോൾ പാടുന്ന റേഡിയോ പോലും ഹിറ്റ്ലറുടെ കാലം ഓർമ്മപ്പെടുത്തുന്നു. അക്കാലത്ത് ഹിറ്റ് ലറുടെ പ്രധാന ആശയ വിനിമയ ഉപാധികൾ പത്രങ്ങളും റേഡിയോയുമായിരുന്നു. ഒരു റേഡിയോ പ്രഭാഷണത്തിൽ ഹിറ്റ്ലർ പറയുന്നത് ഇങ്ങനെയാണ്. – ” ഞാൻ നിങ്ങളുടെ ഭാഗത്ത് ഉണ്ടാകില്ല എന്ന് ഒരു രാഷ്ട്രീയ എതിരാളി പറഞ്ഞാൽ ശാന്തന്നയി ഞാൻ പറയുന്ന മറുപടി ‘ നിങ്ങളുടെ കുട്ടി എപ്പോഴേ ഞങ്ങളുടേതായി ക്കഴിഞ്ഞു ‘ എന്നാകും. “
ഒരു തെരുവിലൊന്നാകെ പരന്നുകിടക്കുന്ന ലുഡ്‌വിക് മാക്സ്മിലൻ യൂനിവേർസിറ്റിയിലെ ഒരു അദ്ധ്യാപകന്റെ നേതൃത്വത്തിൽ നാസി അതിക്രമങ്ങളെ ചെറുത്ത വൈറ്റ് റോസ് എന്ന വിദ്യാർത്ഥി പ്രസ്ഥാനത്തെപ്പറ്റി പറയുന്നുണ്ട് ഈ പുസ്തകത്തിൽ.
വായിക്കുമ്പോൾ ഉള്ളു കലങ്ങുന്ന, നീറ്റലും നൊമ്പരവും ഉളവാക്കുന്ന അനേകം ചിത്രങ്ങൾ ഇനിയും ഏറെയുണ്ട് ഈ ചെറിയ പുസ്തകത്തിൽ .
മ്യൂണിക് നഗരത്തിന്റെ മുക്കും മൂലയും ചികഞ്ഞ് നടത്തിയ യാത്രകൾ കേട്ടതിൽ നിന്ന് വ്യത്യസ്തമായ അനുഭവങ്ങളാണ് സമ്മാനിച്ചത് എന്ന് അവർ പറയുന്നു. വളരെ സെലക്ടീവായ ഓർമ്മകൾ പേറുന്ന നഗരം. പാരമ്പര്യത്തിന്റെ മഹത്വം വിളിച്ചോതുന്ന കാഴ്ചകൾ മാത്രം. ഒരു ജനത അതിന്റെ ഭൂതകാലത്തെ എങ്ങനെ സംരക്ഷിക്കുന്നു എന്നത് പലതിലേക്കുമുള്ള ചൂണ്ടുപലകയാണ്. പഴയ കാര്യങ്ങൾ ഓർമ്മിച്ചെടുക്കാനോ പറയാനോ ഉള്ള വിമുഖത – ഒരു ജനത എന്ന നിലയിൽ തങ്ങൾക്ക് ഇതിലൊന്നും ഒരു പങ്കുമില്ല, മറ്റാരൊക്കെയോ ചേർന്നാണ് ഇതൊക്കെ വരുത്തി വെച്ചത് എന്ന നിലപാടിൽ തന്നെ ഒരു പ്രശ്നമില്ലേ എന്ന് എഴുത്തുകാരി ചോദിക്കുന്നു.
പുസ്തകത്തിന്റെ ഒടുവിലായി നിശ്ശബ്ദതയുടെ രാഷ്ട്രീയം എന്ന പേരിൽ ഉമേഷ് ഓമനക്കുട്ടൻ ഈ ജർമ്മൻ കാഴ്ചകളിലെ രാഷ്ട്രീയത്തെ അടയാളപ്പെടുത്തുന്നുണ്ട്. പുസ്തകത്തിലെ സചിത്രമായ വിവരണങ്ങൾ മനപൂർവ്വമായ മറവിക്കെതിരെയുള്ള ഒരു പോരാട്ടം തന്നെയാകുന്നത് എങ്ങനെയെന്ന് അദ്ദേഹം പറയുന്നു.
ഈ എഴുത്തുകളിലൂടെ കടന്നുപോയപ്പോൾ നാസി കാലഘട്ടത്തെക്കുറിച്ച് വായിച്ച പുസ്തകങ്ങളും ഷിൻഡ്ലേർസ് ലിസ്റ്റ് പോലുള്ള സിനിമകളും പല തവണ മനസ്സിൽ തെളിഞ്ഞു വന്നിട്ടുണ്ട്. വിധു വിൻസെന്റ് എന്ന ചലചിത്ര പ്രതിഭ സംവിധായികയുടെ കണ്ണിലൂടെ നൽകുന്ന ചിത്രങ്ങളും വരകളും പുസ്തകം വായിക്കാൻ മാത്രമല്ല, കാണാനുള്ളതും കൂടിയാണെന്ന് ഓർമ്മിപ്പിക്കുന്നു. വേദനയുടെ സൂചിമുന കൊള്ളുന്ന ചില ചിത്രങ്ങളുണ്ട് ഇതിൽ.
ഒരു സ്ത്രീ ചരിത്രത്തിലെ ഏറ്റവും ഇരുട്ടു നിറഞ്ഞ അദ്ധ്യായങ്ങളെക്കുറിച്ച് ഉൾക്കാഴ്ചയോടെ വിവരിക്കുമ്പോൾ വ്യക്തിപരമായവ രാഷ്ട്രീയമായിത്തീരുന്നു എന്നാണ് The politics of hate എന്ന പേരിൽ രശ്മി ബിനോയ് The Hindu പത്രത്തിൽ ഈ പുസ്തകത്തെക്കുറിച്ച് പറഞ്ഞത് എന്നു കൂടി പറയട്ടെ.
എന്നെ ഏറെ വിഷമിപ്പിച്ച ഒരു വായന ആയിരുന്നു വിധു വിൻസെന്റിന്റെ ദൈവം ഒളിവിൽ പോയ നാളുകൾ. ഇത് നിങ്ങളുടെയും പുസ്തകമാകണമെന്ന് ആഗ്രഹിക്കുന്നു.
ലതിക. കെ.കെ
വെറുമൊരു മോഷ്ടാവായൊരെന്നെ ……..
സോഷ്യൽ മീഡിയകളിൽ സി സി റ്റിവി യിൽ പിടിക്കപ്പെട്ട ചില കള്ളന്മാരുടേയും കള്ളികളുടേയും വീഡിയോകൾ വൈറലാകാറുണ്ട്. അവരെ കണ്ടാൽ മോഷ്ടിക്കാൻ വന്നവരാണെന്നു തോന്നുകയേയില്ല. അത്ര മാന്യന്മാരായിരിക്കും. അവരിൽ ചിലരെങ്കിലും മോഷണശീലം രോഗമായിട്ടുള്ളവരാണ്. അവർ മോഷ്ടിക്കുന്നത് അവരുടെ മാനസിക തൃപ്തിക്കു വേണ്ടി മാത്രമായിരിക്കും.
ഇവരെ നമ്മൾ മോഷണകുറ്റത്തിനു ശിക്ഷിച്ചാലും ഇവർ പിന്നെയും മോഷ്ടിച്ചുകൊണ്ടിരിക്കും. കാരണം അതൊരു രോഗമാണ്. “പഠിച്ച കള്ളന്മാർ” അല്ലാത്തതിനാൽ ഈ പാവം കള്ളൻ ഇടയ്ക്കിടക്ക് പിടിക്കപ്പെടുകയും അതു ആ വ്യക്തിക്കും അവന്റെ കുടുംബത്തിനും സമൂഹത്തിൽ വലിയ നാണക്കേടുണ്ടാക്കുന്നു. ഇതു കടുത്ത അപകർഷതാ ബോധത്തിലേക്കും പിന്നീട് വിഷാദ രോഗത്തിലേക്കും എത്തിച്ചേരാം. അങ്ങനെ നാട്ടിൽ ജീവിക്കാനാവാത്ത സാഹചര്യം വന്ന് ഒളിച്ചോടി പോകേണ്ടിവന്നവരും ഉണ്ട്.
“ക്ലെപ്റ്റോമാനിയ“ എന്നാണീ രോഗത്തിനു വൈദ്യ ശാസ്ത്രത്തിൽ പറയുന്ന പേര്. ഒരു ശതമാനത്തിൽ താഴെ മാത്രം ആളുകളിലേയിതു കാണാറുള്ളു. പിടിക്കപ്പെടുന്ന ഹതഭാഗ്യനെ സമൂഹം കള്ളനെന്നു മുദ്രകുത്തുന്നതോടെ നാട്ടിലെ മോഷണം മുഴുവൻ ഈ പാവത്തിന്റെ തലയിൽ ആരോപിക്കപ്പെടാം. നാട്ടിലെ പ്രധാന കള്ളന്മാരും സ്ഥലത്തെ പ്രധാന ദിവ്യന്മാരും സദാചാര പോലീസുമെല്ലാം ഇവനെ തന്ത്രപൂർവ്വം സ്ഥിരം കുടുക്കിൽ ചാടിക്കുകയും ചെയ്യാം.
എന്തുകൊണ്ട്?
ശരിയായ കാരണം കണ്ടെത്തിയിട്ടില്ല. എങ്കിലും തലച്ചോറിലെ ‘സെറിട്ടോണിൻ’ എന്ന നാഡീചാലക രാസവസ്ഥുവിന്റെ കുറവ് ഇത്തരം നിയന്ത്രണാതീതമായ പ്രവർത്തന ശീലങ്ങൾ ഉണ്ടാക്കാറുണ്ട്.
മോഷ്ടിക്കുമ്പോൾ ലഭിക്കുന്ന സുഖം കൊണ്ട് തലച്ചോറിലെ മറ്റൊരു നാഡീ ചാലകമായ ‘ഡോപ്പമിന്റെ’ അളവു കൂടുന്നതു ഇയാളെ ഈ ശീലത്തിന്റെ അടിമയാക്കുകയും ചെയ്യും.
തലച്ചോറിലെ സുഖകരാവസ്ഥകളെ നിയന്ത്രിക്കുന്ന ‘ഓപ്പിയോയിഡ്’ സിസ്റ്റത്തിന്റെ അപാകതാകളാണു ഇത്തരം സുഖമുള്ള കുറ്റക്രത്യങ്ങളുടെ പിന്നിലെന്നു പൊതുവെ കരുതപ്പെടുന്നു. ഈ രോഗമുള്ളവരിൽ മൂന്നിൽ രണ്ടും സ്ത്രീകളാണെന്നാണു കണക്കുകൾ പറയുന്നത്. ചിലരിൽ ഈ തകരാറു പാർമ്പര്യമായി കാണാം. മറ്റു മാനസിക തകരാറുള്ളവരിലും ഒ സി ഡി പോലുള്ള രോഗപാരമ്പര്യങ്ങളും ഇതിനു സാധ്യത കൂട്ടുന്നു.
ലക്ഷണങ്ങൾ
1. തനിക്ക് ആവശ്യമില്ലെങ്കിലും നിസ്സാരമായ ചില സാധനങ്ങൾ കാണുമ്പോൾ ഏതു വിധേനയും അതു മോഷ്ടിക്കണമെന്ന ഉൾക്കടമായ തോന്നൽ.
2. ഉൽക്കണ്ഠയോ മറ്റു മാനസിക സങ്കർഷണങ്ങളോ ഉള്ള സമയങ്ങളിൽ മോഷണ പ്രവണത കൂടുന്നു.
3. മോഷ്ടിക്കുമ്പോൾ വളരെ മാനസിക സുഖം അനുഭവിക്കുന്നു.
4. എന്നാൽ പിന്നീട് അതേക്കുറിച്ചോർത്ത് ഭയവും. കുറ്റബോധവും, പോലീസ് പിടിക്കുമോയെന്ന് പേടിയും ഒക്കെ വരും. ചിലർ മോഷണ മുതൽ തിരിച്ചേൽപ്പിക്കുകയും ചെയ്യാറുണ്ട്. ഇവർ മോഷണ വസ്തുവിനെ വിറ്റ് കാശുണ്ടാക്കുവാനോ, ഉപയോഗിക്കാൻ പോലുമോ ശ്രമികാറില്ല. മറ്റാർക്കെങ്കിലും വെറുതെ കൊടുക്കുകയും ചെയ്യാം.
5.എത്ര നിയന്ത്രിച്ചാലും ശിക്ഷ ലഭിച്ചാലും വീണ്ടും മോഷണശീലം ആവർത്തിക്കാനുള്ള പ്രവണത.
6. ഇവർക്ക് ആരുടേയും സഹായം ഉണ്ടാവില്ല.പ്രത്യേക പ്ലാനിങ്ങിഗ് ഒന്നുമുണ്ടാവില്ല.
7.പൊതു സ്ഥലങ്ങളിൽ നിന്നും, ഷോപ്പുകളിൽ നിന്നും, മറ്റുവീടുകളിൽ നിന്നുമെല്ലാം സാധനം എടുക്കാം. അവരുടെ കണ്മുന്നിൽ പെട്ട സാധനം മാത്രമേ മോഷ്ടിക്കുകയുള്ളു. മിക്കവാറും പട്ടാപകലാണു മോഷ്ടിക്കുക. അവർക്കത് വാങ്ങാനുള്ള സാമ്പത്തിക സ്ഥിതിയില്ലാത്തവരായിരിക്കില്ല.
8. ഇവരാരും ദേഷ്യം കൊണ്ടോ, പ്രതികാരം കൊണ്ടോ,മോഷ്ടിക്കുന്നവരല്ല. മോഷണത്തിനായി ആരെയും ഉപദ്രവിക്കുകയോ കൊല്ലുകയോ ഇല്ല.
എന്തു ചെയ്യും?
ഇങ്ങനെയൊരാളെ തിരിച്ചറിഞ്ഞാൽ എന്തുചെയ്യണം എന്നു പലർക്കു മറിയില്ല. അവരെ അതൊരു ചികിൽസിച്ചു മാറ്റാവുന്ന രോഗമാണെന്ന കാര്യം ബോധ്യപ്പെടുത്തുക. നാട്ടുകാരെ മുഴുവൻ അറിയിച്ച് നാണം കെടുത്താതിരിക്കുക. ശിക്ഷിച്ചതുകൊണ്ട് കാര്യമില്ലന്നറിയുക.
കുട്ടികളിൽ ഇതു സാധാരണം ആണ്. അതിനെ പ്രോൽസാഹിപ്പിക്കാതിരിക്കുക. കുട്ടിയുടെ ബാഗിൽ അവരുടേതല്ലാത്ത സാധനം കണ്ടാൽ അതിന്റെ നിജ സ്ഥിതി അറിയുക. മോഷ്ടിച്ച സാധനം ഉടമസ്ഥനെ തിരിച്ച് ഏലിപ്പിക്കുവാനുള്ള നടപ്ടികൾ സ്വീകരിക്കുക.
രോഗമായി കണ്ട് ചികിൽസിക്കാതിരുന്നാൽ പലവിധ മാനസിക സാമൂഹിക പ്രയാസങ്ങളിലും അതുവഴി കൂടിയ മനോരോഗങ്ങളിലേക്കും രോഗി എത്തിപ്പെടാം. ഇവരിൽ മിക്കവരിലും ഇതല്ലാതെ മറ്റ് മാനസിക പ്രശ്നങ്ങളോ യാതൊരു സ്വഭാവ വൈകല്യവും കാണാറുമില്ല. ഇവരാരും സാമൂഹിക വിരുദ്ധരോ ക്രിമിനലുകളോ ഒന്നു അല്ല താനും.
ഈ രോഗത്തെ ഒബ്സസ്സീവ് കൊമ്പൽസീവ് ഡിസോർഡർ( ഒ സി ഡി ) യുടെ ഗണത്തിൽ പെടുത്താവുന്നതാണെന്നു ചില മന:ശാസ്തൃജ്ഞന്മാർ അഭിപ്രായപ്പെടുന്നു.
ഹോമിയോപ്പതിയിൽ ഈ മാനസിക ശീലം മാറ്റാനും അതിൽ നിന്നുണ്ടായ അപകർഷതാ ബോധം മാറ്റാനും മരുന്നുകൾ ഉണ്ട്. ഹോമിയോപ്പതി മരുന്നുകളും സൈക്കോളജിക്കൽ കൗൺസലിങ്ങും ഒത്തു ചേർത്താണു ചികിൽസിക്കുന്നത്. വിദഗ്ദമായ ഹോമിയോപ്പതി ചികിൽസയും മനശാസ്ത്ര ഇടപെടലുകളും നടത്തിയാൽ ഇത്തരകാരെ നമുക്കു രക്ഷപ്പെടുത്തിയെടുക്കാം.
ഡോ. ടി. ജി. മനോജ് കുമാർ
അമ്മയും വെെദികനും : ഗ്രേസ്യാ ദലദ (ഇറ്റലി)
(നൊബേൽ സമ്മാനം നേടിയ കൃതി)
ദാരിദ്ര്യത്തിനും കഷ്ടപ്പാടുകൾക്കുമിടയിൽ ഒരു ആൺ കുഞ്ഞിന് ജന്മം നൽകിയ വിധവയുടെ ധർമ്മസങ്കടങ്ങൾക്കൊടുവിലെ ആത്മത്യാഗമാണ് ഈ നോവലിൻ്റെ ഇതിവൃത്തം.
വെെദികവൃത്തിയിൽ തന്റെ മകന്റെ ഔന്നത്യം ഉറ്റുനോക്കിയ മാതാവിന് തീവ്രാനുരാഗിയായ വെെദികൻ്റെ അന്തഃസംഘർഷങ്ങളാണ് നേരിടേണ്ടി വരുന്നത്. പ്രണയത്തിനും ആത്മീയതയ്ക്കും ഇടയിൽപ്പെട്ട് വഴിയറിയാതെ, ഇടറിവീഴാൻ പോകുന്ന മകനെയോർത്ത് ഉരുകിയമരുന്ന മാതൃഹൃദയത്തിൻ്റെ നൊമ്പരങ്ങളാണ് ഈ നോവലിലൂടെ ദലദ നമുക്ക് പകർന്നു തരുന്നത്.
ദരിദ്രവും ശപിക്കപ്പെട്ടതുമായ ഒരു ഇടവക. പൂർണ്ണമായും ദെെവത്തെ മറന്നപോലെയാണ് അവിടത്തെ ജനങ്ങൾ ജീവിച്ചു പോകുന്നത്. മുമ്പ് അവിടെ ഉണ്ടായിരുന്ന വെെദികൻ തന്നിഷ്ട്ടക്കാരനും മദ്യവും മന്ത്രവാദവും എല്ലാം ഉപയോഗിക്കുന്ന, ഇടവകയിലെ ജനങ്ങളാരും ഇഷ്ടപ്പെടാത്തതുമായ ഒരാളായിരുന്നു.
ഒടുവിൽ പരിചാരകരാരുമില്ലാതെ അസുഖം വന്ന് പള്ളിയിൽക്കിടന്ന് ആ വെെദികൻ മരണമടയുന്നു.
ക്രൂരനായ ആ പുരോഹിതൻ്റെ പ്രേതാത്മാവ് അവിടെ അലഞ്ഞ് തിരിയുന്നുണ്ടെന്ന് ഭയപ്പെട്ട് പുതിയ വെെദികരാരും അവിടേക്ക് വരാറില്ല…
ഈ സമയത്താണ് വെെദികനായ പോളും അദ്ദേഹത്തിൻ്റെ മാതാവായ മരിയ മഗ്ദലനയും ആ ഇടവകയിലേക്ക് കടന്നുവരുന്നത്. യുവാവായ പോളിനെ ഇടവകയിലെ ജനങ്ങളെല്ലാം ദെെവദൂതനെപ്പോലെ സ്വീകരിച്ചു. സ്വന്തം ചിലവിൽ പാലം പണിതും, പള്ളിയും പരിസരവും മോഡികൂട്ടിയും, ആ യുവ വെെദികൻ വളരെ പെട്ടന്നുതന്നെ ഇടവക്കാരുടെ ഇഷ്ടം പിടിച്ചു പറ്റി. അതുവരെ പള്ളിയിൽ വരാതിരുന്ന നാട്ടുകാർ പള്ളിയിലെ നിത്യസന്ദർശ്ശകരായി മാറി.
ഇതിൽ ഏറ്റവും കൂടുതൽ സന്തോഷിച്ചത് മറ്റാരുമായിരുന്നില്ല പോളിൻ്റെ അമ്മ മരിയയായിരുന്നു. മകൻ എല്ലാവരും അംഗീകരിക്കുന്ന ഒരു വെെദികനാവണമെന്നതായിരുന്നു വിധവയായ ആ അമ്മയുടെ ആഗ്രഹം. തൻ്റെ മകൻ തൻ്റെ പ്രതീക്ഷകൾക്കനുസരിച്ച് വളരുന്നതിൽ മരിയ അതീവ സന്തുഷ്ടയായിരുന്നു.
എന്നാൽ മരിച്ചുപോയ അച്ഛൻ്റെ പ്രേതം പുതിയ വെെദികനെ ദ്രോഹിക്കുമെന്ന നാട്ടുകാരുടെ ആശങ്ക ശരിവെക്കുന്ന രീതിയിലായിരുന്നു പോളിൻ്റെ പെട്ടന്നുള്ള സ്വഭാവമാറ്റം. യാതൊരു ദുശ്ശീലവും ഇല്ലാതിരുന്ന സൽസ്വഭാവിയായ തൻ്റെ മകൻ ഈയിടെയായ് രാത്രിയിൽ ആരുമറിയാതെ മുറിവിട്ട് പുറത്ത് പോകാറുണ്ടെന്ന സത്യം അമ്മ ഞെട്ടലോടെ മനസ്സിലാക്കുന്നു. മകനോട് അതിനെ കുറിച്ച് ചോദിക്കാനുള്ള ധെെര്യമില്ലാതെ അവർ ധർമ്മസങ്കടത്തിലാവുന്നു..ഒടുവിൽ എന്തും വരട്ടേ എന്ന ദൃഢനിശ്ചയത്തോടെ രാത്രിയിൽ മകനെ പിൻതുടരാൻ മരിയ തീരുമാനിക്കുന്നു.
ഈ കഥാസന്ദർഭത്തിൽ സ്വാഭാവികമായും വായനക്കാരൻ്റെ മനസിലേക്ക് മറ്റൊരു അമ്മ കടന്നു വരാം.
മാക്സിം ഗോർക്കിയുടെ അമ്മ എന്ന നോവലിലെ വിപ്ലവകാരിയായ പവേലിൻ്റെ അമ്മ നിലോവ്ന.
ഇവിടെ ആത്മീയതിയിൽ നിന്ന് വഴിവിട്ട് സഞ്ചരിക്കുന്ന പോളിനെ രാത്രിയിൽ ആരുമറിയാതെ പിൻതുടരുന്ന മരിയ എന്ന അമ്മയും, അവിടെ വിപ്ലവകാരിയായ മകൻ ജയിലിലായപ്പോൾ മകൻ ചെയ്യേണ്ട ജോലി സ്വയം ഏറ്റെടുത്ത് രാത്രിയിൽ ആരുമറിയാതെ ലഘുരേഖകൾ വിതരണം ചെയ്യാനിറങ്ങിപ്പുറപ്പെടുന്ന പവേലിൻ്റെ അമ്മയും. ആത്മീയതയുടെ പാതയിലേക്ക് മകനെ തിരിച്ച് കൊണ്ടുവരാൻ ശ്രമിക്കുന്ന മരിയയും മകനോടൊപ്പം വിപ്ലവത്തിൻ്റെ പാത പിൻതുടരുന്ന നിലോവ്നയും.
ആഗ്നസ് എന്ന സുന്ദരിയായ യുവതിയുടെ വീട്ടിലേക്കാണ് തൻ്റെ മകൻ രാത്രിയിൽ പോകുന്നത് എന്ന് ആ അമ്മ തിരിച്ചറിയുന്നു.അവൾ അവിടെ ഒറ്റയ്ക്ക് താമസിക്കുന്ന ഒരു അവിവാഹിതയാണ്. ഇല്ല. തൻ്റെ മകൻ്റെ ഈ പോക്ക് ശരിയല്ല. അവനെ നേർവഴിക്ക് കൊണ്ടുവരേണ്ടത് ഒരമ്മയുടെ ചുമതലയാണ്.പക്ഷേ എങ്ങനെ പോളിനോട് ഈ കാര്യം താൻ പറയും? പറയാതെ വയ്യതാനും , അവർ വേഗം വീട്ടിലേക്ക് തിരിച്ച് നടന്നു. അസ്വസ്ഥമായ മനസ്സുമായ് മകൻ വരുന്നതും കാത്ത് ഇരുന്നു.
പോളും മരിയയും തമ്മിലുള്ള സംഭാക്ഷണം ശ്രദ്ധിക്കുക.
മരിയ : ” പോൾ നീ എവിടെയായിരുന്നു എന്നെനിക്കറിയാം ഏതാനും രാത്രികളിലായ് നീ പുറത്ത് പോകുന്നത് ഞാൻ അറിയുന്നുണ്ട്.ഇന്ന് നിൻ്റെ ഒപ്പം വന്ന് നീ പോയ ഇടം ഞാൻ മനസ്സിലാക്കി.മകനേ നീ
ചെയ്യുന്നതെന്താണെന്ന് നീയൊന്ന് ആലോചിച്ചു നോക്കു.”
പോളിൽ നിന്നും കുറേ സമയത്തേക്ക് മറുപടിയൊന്നും ഉണ്ടായില്ല.
”അമ്മേ ഞാൻ ഒരു രോഗിയുടെ അടുത്തായിരുന്നു”
”പക്ഷേ ആ വീട്ടിൽ ആർക്കും അസുഖമില്ലല്ലോ” അമ്മ പറഞ്ഞു
”രോഗമുള്ളവരെല്ലാം ശയ്യാവലംബികളാവണമെന്നില്ലല്ലോ” പോളിൻ്റെ മറുപടി
”അങ്ങനെയെങ്കിൽ നീ കാണാൻ ചെന്ന ചെറുപ്പക്കാരിയേക്കാൾ അസുഖം നിനക്കാണ് . നീ ആദ്യം നിന്നെതന്നെ ചികിത്സിക്കു. അറിവില്ലാത്തവളാണെങ്കിലും ഞാൻ നിൻ്റെ അമ്മയാണ് എന്തിനേക്കാളും വലിയ രോഗമാണ് പാപമെന്ന് എനിക്കറിയാം”
”എന്നെ ശല്യപ്പെടുത്തരുത് നല്ലതും ചീത്തയും തിരിച്ചറിയാൻ എനിക്കു കഴിയും ”
എന്ന് പറഞ്ഞ് പോൾ തൽക്കാലത്തേക്ക് അമ്മയുടെ മുന്നിൽ നിന്നും രക്ഷപ്പെടുന്നു.
പോളിൻ്റെ മനസ്സും പ്രക്ഷുബ്ധമാണ് താൻ ചെയ്യുന്നത് വലിയ അപരാധമാണെന്ന് അറിയാഞ്ഞിട്ടല്ല .പക്ഷേ മനസ്സ് അതൊരു കടിഞ്ഞാണില്ലാത്ത കുതിരയെപ്പോലെ ഓടുകയാണ് എത്ര ശ്രമിച്ചിട്ടും അതിനെ നേർവഴിക്കാക്കാൻ പോളിന് സാധിക്കുന്നില്ല.
നോവലിൽ നല്ലൊരു ഭാഗവും സഞ്ചരിക്കുന്നത് പോളിന്റേയും അമ്മയുടേയും ചിന്തകളിലൂടെയാണ്. കാറ്റും കോളും നിറഞ്ഞ ആ രണ്ട് മനസ്സുകളിലെ വിചാരവികാരങ്ങളെ നോവലിസ്റ്റ് വളരെ തൻമയത്വത്തോട് കൂടി വായനക്കാരനു മുന്നിൽ തുറന്നു വെക്കുന്നു.
ആഗ്നസിനെ മറക്കാൻ പോൾ കഴിവതും ശ്രമിച്ചു നോക്കി. ഒടുവിലയാൾ ആ തീരുമാനത്തിലെത്തി മറക്കുക തന്നെ. അവളോടത് അയാൾ പറയുകയും ചെയ്തു. പക്ഷേ ആഗ്നസിൻ്റെ പ്രണയം തീക്ഷണമായിരുന്നു അവൾ ഒരിക്കലും അതിന് ഒരുക്കമായിരുന്നില്ല. പോൾ എന്നെ ഉപേക്ഷിക്കാനാണ് നിൻ്റെ തീരുമാനമെങ്കിൽ പള്ളിയങ്കണത്തിൽ വന്ന് നമ്മുടെ പ്രേമകഥ ഞാൻ വിളിച്ചു പറയും എന്നവൾ ഭീക്ഷണി മുഴക്കുന്നു.
പോൾ ഇത് അമ്മയുടെ മുന്നിൽ അവതരിപ്പിക്കുന്നു.ആ സ്ത്രി വളരെ ഭയപ്പെെട്ടു പോകുന്നു .തൻ്റെ മകൻ്റെ വെെദിക ജീവിതം ഇതാ അവസാനിക്കാൻ പോകുന്നു.
കഥയുടെ അവസാനം പള്ളിയങ്കണത്തിൽ പ്രാർത്ഥനയ്ക്കായ് കൂടിയ ജനങ്ങൾ ആഗ്നസും മരിയയും കൂട്ടത്തിലുണ്ട്. അവൾ പറഞ്ഞതുപോലെ ചെയ്യുമോ എന്നോർത്ത് പോൾ ആകെ തകർന്നിരിക്കുകയാണ്.
പെട്ടന്നാണ് അത് സംഭവിച്ചത് മരിയ അടുത്തിരിക്കുന്ന സ്ത്രീയുടെ ചുമലിലേക്ക് വീഴുകയായിരുന്നു.
ആൾക്കാർ ഓടികൂടി. ”ആ സ്ത്രി മരിച്ചിരിക്കുന്നു” ആരോ പറഞ്ഞു.
പോൾ ഓടിവന്ന് അമ്മയെ മടിയിൽ കിടത്തി. തന്നെ കീഴ്പ്പെടുത്തിയ അതേ ഭീതിയിൽ നിന്ന്, അതേ ദുഃഖത്തിൽ നിന്നുണ്ടായ ഞെട്ടലാണ് അമ്മയുടെ മരണകാരണമെന്ന് അവൻ തിരിച്ചറിയുന്നു.
തൻ്റെ ചുറ്റും കൂടിയിരിക്കുന്ന വിഭ്രാന്തി പൂണ്ട ജനങ്ങൾക്കിടയിൽ നിന്ന് ഈറനണിഞ്ഞ ആ വെെദികൻ്റെ കണ്ണുകൾ തന്നെ തന്നെ നോക്കികൊണ്ടിരിക്കുന്ന ആ രണ്ടു കണ്ണുകളുമായ് ഇടഞ്ഞു.
മാതൃപുത്ര ബന്ധത്തിൻ്റെ അസാധാരണവും അതിഗൂഡവുമായ വെെകാരിക തലങ്ങളാണ് ഈ കൃതിയിൽ അനാവരണം ചെയ്യപ്പെട്ടിട്ടുള്ളത്.
ലിബേഷ് കാരിയിൽ
ഇന്തോന്വേഷ്യൻ ദിനങ്ങൾ
അധ്യായം 12: വർഷത്തിൽ 210 ദിവസങ്ങൾമാത്രമുള്ളഒരുകലണ്ടർ
ഇന്തോന്വേഷ്യയിൽ പൊതുവേ പുരുഷൻമാരെ മിസ്റ്റർ എന്നും മുതിർന്ന സ്‌ത്രീകളെ മിസ്സിസ് എന്നുമാണ് സംബോധന ചെയ്യുക പതിവ്. ബഹുമാനസൂചകമായി വിളിക്കുമ്പോൾ എല്ലാം അവർ ഇത് പേരിനു കൂടെ ചേർക്കുകയോ, പേരില്ലാതെ തന്നെ ഇത് മാത്രം വിളിക്കുകയോ ചെയ്യാറുണ്ട്. എന്നാൽ ബാലിയിൽ ഇത് കുറച്ചു വ്യത്യസ്‌തമാണ്. പുരുഷൻമാരെ ‘ബ്ലി’ എന്നും മുതിർന്ന സ്‌ത്രീകളെ ‘എമ്പോക്കി’ എന്നുമാണ് സംബോധന ചെയ്യുക. ഇത് നമ്മുടെ നാട്ടിൽ വിളിച്ചാൽ എന്താകുമെന്ന് ഞാൻ അപ്പോൾ വെറുതെ ഒരു നിമിഷം ചിന്തിച്ചിരുന്നിരിക്കണം. ചെറിയ പെൺകുട്ടികളെ ‘ഗെക്ക്’ എന്നാണ് സംബോധന ചെയ്യുക. ചെറിയ പെൺകുട്ടികളെ എമ്പോക്കി എന്ന് സംബോധന ചെയ്യുന്നത് പരിഹാസ തുല്യമാണ് ഇവിടെ.
ബാലിക്കാർ സഞ്ചാരികളോട് പൊതുവേ നല്ല മനോഭാവം പുലർത്തുന്നവരാണ്. വിനോദ സഞ്ചാരമാണ് അവരുടെ മുഖ്യ വരുമാന മാർഗ്ഗമെന്നു തിരിച്ചറിഞ്ഞവർ. അവരുടെ വീടുകളിലേക്ക് നമ്മെ ക്ഷണിക്കുവാനും മടികാണിക്കാത്തവർ. ഞാൻ ബാലിയിലെ ഒരു പ്രധാന അഗ്നിപർവ്വതമായ മൌണ്ട് ആഗൂങ് സന്ദർശിക്കുവാൻ പോയ ടാക്‌സിയുടെ ഡ്രൈവർ വയാൻ എന്നോട് അദ്ദേഹത്തിന്റെ വീടുകൂടി സന്ദർശിക്കുവാൻ സാധിക്കുമോ എന്ന് യാത്രാമധ്യത്തിൽ ചോദിക്കുകയുണ്ടായി.ഒരു ബാലി വീട് സന്ദർശനം നഷ്‌ടപ്പെടുത്തണ്ടയെന്ന ചിന്തയിൽ ഞാൻ ആ ക്ഷണം സ്‌നേഹപൂർവ്വം സ്വീകരിക്കുകയും ചെയ്‌തു. ഗംഭീരമായ ഒരു സ്വീകരണമായിരുന്നു എനിക്കവിടെ നിന്നും ലഭിച്ചത്. വർഷങ്ങൾക്കു ശേഷം ഒരു ബന്ധുവീട് സന്ദർശിച്ച അനുഭവം. എന്നിൽ നിന്നും അവർക്കറിയേണ്ടത് ശ്രീരാമനെക്കുറിച്ചും മറ്റു ഹിന്ദു ദൈവങ്ങളെക്കുറിച്ചുമായിരുന്നു. ഇക്കാര്യങ്ങളിൽ അത്യാവശ്യം അറിവുണ്ടായിരുന്നതുകൊണ്ടു അവരുടെ ഭക്‌തി എന്റെ നേരെയും ചെറുതായി തിരിഞ്ഞതായി എനിക്ക് തോന്നി. അതാണ് ബാലിക്കാരുടെ മനസ്സ്. അവർക്കു ഇന്ത്യക്കാരോട് സ്‌നേഹവും ബഹുമാനവു മാണ്.
ഓരോവർഷവും അമ്പതു ലക്ഷം സഞ്ചാരികൾ ബാലിയിലെത്തുന്നുണ്ട് എന്നാണ് കണക്ക്. ഓസ്‌ട്രേലിയയിൽ നിന്നും ചൈനയിൽ നിന്നുമാണ് കൂടുതൽ സഞ്ചാരികളെത്തുന്നത്. ബാലിയിൽ മിക്കവരും ഇംഗ്ലീഷ് സംസാരിക്കും. ചുരുങ്ങിയ പക്ഷം നമ്മൾ പറയുന്നത് മനസ്സിലാക്കുകയെങ്കിലും ചെയ്യും. ഗ്രാമർ തീരെയില്ലാത്ത ഇംഗ്ലീഷ് ആണവർ സംസാരിക്കുന്നതെങ്കിലും, നമുക്കതു മനസ്സിലാക്കിയെടുക്കാൻ വലിയ ബുദ്ധിമുട്ടില്ല.
രസകരമായ ഒരു സംസ്ക്കാരത്തിന്റേയും വ്യത്യസ്‌തമായ ആചാരങ്ങളുടെയും കൂടി നാടാണ്, സൗന്ദര്യം ആവോളം കനിഞ്ഞു ലഭിച്ചിരിക്കുന്ന ബാലി. ബാലിക്ക് സ്വന്തമായി രണ്ടു കലണ്ടറുകളുണ്ട്. ‘സക’ കലണ്ടറും ‘പാവുക്കോൺ’ കലണ്ടറുമാണവ. ഇതിൽ രസകരം പാവുക്കോൺ കലണ്ടർ ആണ്. ഇതിൽ മാസങ്ങൾക്കു പ്രസക്‌തിയില്ല. പത്താഴ്ച്ചകൾ അടങ്ങിയ 210 ദിവസങ്ങൾ മാത്രമാണ് ഈ കലണ്ടറിലുള്ളത്. അതായത് അവരുടെ ഒരു വർഷം 210 ദിവസങ്ങൾ മാത്രം. ‘സക’ കലണ്ടറിൽ പന്ത്രണ്ടു മാസങ്ങളുണ്ട്. ചന്ദ്രമാസങ്ങളാണെന്നു മാത്രം. അതുകൊണ്ടു തന്നെ ഒരു വർഷം 354 ഓ 355 ഓ ദിവസങ്ങൾ മാത്രമാണുണ്ടാകുക. ഗ്രിഗോറിയൻ കലണ്ടറിനേക്കാൾ 78 വർഷങ്ങൾ പുറകിലാണ് ഈ കലണ്ടർ. ഇത് ഇന്ത്യയിൽ നിന്നാകണം ബാലിയിലെത്തിയിട്ടുണ്ടാകുക. ഇത് നമ്മുടെ ശാലിവാഹന സക കലണ്ടറുമായി ബന്ധപ്പെട്ടിരിക്കുന്നു. ചൈത്ര മാസത്തിൽ തുടങ്ങുന്ന നമ്മുടെ കലണ്ടറിൽ 365 ദിവസങ്ങൾ ഉണ്ടെന്നു മാത്രം.
സക കലണ്ടറിലെ ഒന്നാം തിയതി ബാലിക്കാർക്ക് ഒരു പ്രത്യേക ദിവസമാണ്. ബാലിയിൽ നിന്നും അന്നേ ദിവസം ഒരു ശബ്‌ദവുമുണ്ടാകുകയില്ല. ആരും സംസാരിക്കുകയില്ല. ഒരു പ്രവൃത്തിയിലുമേർപ്പെടുകയുമില്ല. എന്തിന്, അന്നേ ദിവസം ബാലിയിൽ ക്‌ട്രിസി ഇലക്‌ട്രിസിറ്റി പോലുമുണ്ടാകുകയില്ല. എല്ലാവരും മെഡിറ്റേഷനുമായി കഴിഞ്ഞുകൂടും. ന്യോപി ദിവസം എന്നാണ് ഇതിവിടെ അറിയപ്പെടുക. ഡേ ഓഫ് സൈലൻസ് എന്നാണിതിന്റെ അർഥം. മനുഷ്യൻ അവന്റെ അന്തസത്തയെക്കുറിച്ച് ബോധവാനാകുന്നതിനു വേണ്ടിയാണത്രെ അവർ ഈ ദിവസം ആചരിക്കുന്നത്. അന്നേ ദിവസം ബാലിയുടെ റോഡുകളിൽ ആരുമുണ്ടാകുകയില്ല. ഭക്ഷണം ഉപേക്ഷിച്ച് ഒരു വാക്കു പോലും സംസാരിക്കാതെ അവരവരുടെ വീടുകളിൽ മൗന പ്രാർത്ഥനകളിലായിരിക്കും അവർ. സാധാരണഗതിയിൽ സഞ്ചാരികളും ഉണ്ടാകാറില്ല.
എ.ഡി ഒന്നാം നൂറ്റാണ്ടിൽത്തന്നെ ബാലിയിൽ ഹിന്ദുമതം എത്തിയിട്ടുണ്ടാകുമെന്നാണ് കരുതുന്നത്. ഒന്നാം നൂറ്റാണ്ടിനും എട്ടാം നൂറ്റാണ്ടിനും ഇടയിലുള്ള ഹിന്ദു സംസ്‌കാരത്തിന്റെ പല അവശിഷ്‌ടങ്ങളും ബാലിയിൽ നിന്നും, സമീപ ദ്വീപായ ജാവയിൽനിന്നും കണ്ടെടുത്തിട്ടുണ്ട്. എ.ഡി നാനൂറുകളിൽ ചൈനീസ് സഞ്ചാരിയായ ഫാഹിയാൻ ഇവിടെ രണ്ടു തരം ഹിന്ദുക്കളുണ്ടെന്നും രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഇന്ന് നാല് പ്രധാന ഹിന്ദു വിഭാഗങ്ങളാണിവിടെയുള്ളത്. ശൂദ്ര, വൈശ്യ, ക്ഷത്രിയ, ബ്രാഹ്മണ വിഭാഗങ്ങളാണവ. അവർ തൊഴിലിൽ മാത്രമാണ് ഇന്ന് വ്യത്യസ്‌തത പുലർത്തുന്നത്. ഇവർ തമ്മിലുള്ള വിവാഹങ്ങളും ഇവിടെ അനുവദനീയമാണ്. ഈ വിഭാഗങ്ങൾ തമ്മിൽ തികഞ്ഞ സഹിഷ്‌ണുത പുലർത്തുന്നതിൽ ഇവർ അതീവ ജാഗ്രത പുലർത്തുന്നുണ്ട്.
ഇത്തരം ചിലകാര്യങ്ങൾ നമ്മൾ ഇന്തോനേഷ്യയിൽ നിന്നും പഠിക്കേണ്ടതുണ്ട്. ഇതെന്റെ മാത്രം അഭിപ്രായമല്ല. ഞാൻ കഴിഞ്ഞ പത്തു ദിവസങ്ങളായി ഇന്തോന്വേഷ്യയിലായിരുന്നു. ഇന്നലെ ഞാൻ യാത്ര ചെയ്‌തിരുന്ന വിമാനത്തിൽ എന്നോടൊപ്പം ഉണ്ടായിരുന്ന, ഇന്തോന്വേഷ്യയിൽ വർഷങ്ങളായി ബിസിനസ് ചെയ്യുന്ന കാസർകോടുകാരനായ സുബൈറിനും എന്നോട് പറയാനുണ്ടായിരുന്നത് ഇത് തന്നെയായിരുന്നു.
ഡോ. സുനീത് മാത്യു
ഫിഷ് കേക്ക്
അന്തർദേശീയ യാത്രികർ കണ്ടിട്ടുണ്ടാകുവാൻ സാധ്യതയുള്ള ഒരു പലഹാരമാണ്, ഫിഷ് കേക്ക്. ഏഷ്യൻ ഫിഷ് കേക്കും യൂറോപ്പിയൻ ഫിഷ് കേക്കും തമ്മിൽ ധാരാളം വ്യത്യാസങ്ങളുണ്ടെങ്കിലും അതിലെയും ചേരുവകകൾ മിക്കതും ഒന്നുതന്നെ. അന്നജം, മാംസ്യം, കാൽസിയം എന്നിവ നല്ലരീതിയിൽ അടങ്ങിയിരിക്കുന്നു. ജീവകം എയും കുറഞ്ഞ അളവിലെങ്കിലും ലഭ്യമാക്കുന്നു ഈ പലഹാരം. ഒപ്പം മുട്ടയുടെ എല്ലാ ഗുണങ്ങളുംലഭ്യമാകുകയും ചെയ്യും. പ്രഭാത ഭക്ഷണമായും സായാഹ്‌ന ഭക്ഷണമായും ഇതുപയോഗിക്കാം. ഏഷ്യൻ ഫിഷ് കേക്കിനെ നമുക്ക് വേണ്ടി അൽപ്പം മാറ്റപ്പെടുത്തി ഇവിടെ പരിചയപ്പെടുത്തുന്നു.
ചേരുവകൾ
കപ്പപ്പൊടി : 3 /4 കപ്പ്
മൈദ : 1/4 കപ്പ്
മീൻ : 1/4 കിലോ
മുട്ട : 2 എണ്ണം
പഞ്ചസാര : 1/ 2 ടീ സ്പൂൺ
മഞ്ഞൾപ്പൊടി : 1/2 ടീ സ്പൂൺ
വെളുത്തുള്ളി : 5 ഇതൾ
പച്ചമുളക് : 3 എണ്ണം
വിനാഗിരി : 3 ടേബിൾ സ്പൂൺ
ഉപ്പ് : ആവശ്യത്തിന്
വെള്ളം : ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
മീൻ നന്നായി വേവിച്ച് മുള്ളുകളഞ്ഞു ചെറിയ കഷ്ണങ്ങളാക്കി വയ്ക്കുക. തുടർന്ന് പഞ്ചസാര, ഉപ്പ്, മഞ്ഞൾപ്പൊടി, വിനാഗിരി,വെള്ളം എന്നിവ ഒരു പാത്രത്തിൽ ചൂടാക്കുക. ഇതിലേക്ക് വെളുത്തുള്ളി, പച്ചമുളക് എന്നിവ നന്നായി അരിഞ്ഞത് ചേർത്തിളക്കി ഏതാനും മിനിറ്റുകൾ ചൂടാക്കുക. അതിനു ശേഷം ഈ പാത്രത്തിലേക്ക് വേവിച്ച മീൻ കഷ്ണങ്ങൾ ചേർത്തിളക്കുക. അതിലേക്കു കപ്പപ്പൊടിയും, മൈദയും ചേർത്ത് നന്നായി കുഴയ്ക്കുക. ഇത് നല്ല ഒട്ടുന്ന പരുവത്തിൽ ചെറിയ രൂപങ്ങളിൽ തയ്യാറാക്കുക. കട്ലെറ്റ് പോലെയോ, ബോൾ പോലെയോ, നിങ്ങളുടെ ഇഷ്ടമുള്ള മറ്റാകൃതികളിലോ ഇതിനെ രൂപപ്പെടുത്താം. തുടർന്ന് ഇതിനെ രണ്ടു വിധത്തിൽ പലഹാരമാക്കാം. ഒരു പാത്രത്തിൽ വെള്ളം തിളപ്പിച്ചശേഷം ഇതിനെ അതിൽ ഇട്ടു നന്നായി വേവിച്ച ശേഷം വെള്ളം കളഞ്ഞുപയോഗിക്കാം. അതുപോലെതന്നെ ആവിയിൽ പുഴുങ്ങിയും ഉപയോഗിക്കാം. വേണമെങ്കിൽ ഇത് എണ്ണയിൽ പൊരിച്ചുമെടുക്കാം.
മുളക് ചമ്മന്തിയോ, സോസോ ഉപയോഗിച്ച് ഇത് നമുക്ക് ഉപയോഗിക്കാം. വെറുതെ കഴിക്കുന്നതും രുചികരം തന്നെ.
ഡോ. ഷേർളി സുനീത്
2022 മാർച്ച് 3, വ്യാഴാഴ്‌ച
മുഖമൊഴി
എപ്പോഴോ കേട്ടു മറക്കാതെ നിൽക്കുന്ന ഒരു കഥ പറയാം.
ആര് എപ്പോൾ പറഞ്ഞെന്നോ, ഇങ്ങനെതന്നെയാണോ പറഞ്ഞത് എന്നും വ്യക്തമായ ഓർമ്മയില്ല. ഒരു
പക്ഷേ ഓഷോയാകാം അല്ലെങ്കിൽ മറ്റാരെങ്കിലുമാകാം. എന്തായാലും ഓർമ്മയിലുള്ളതും എനിക്കുവേണ്ടതുമായ
ഭാഗങ്ങൾ മാത്രം പുനർസൃഷ്ടിക്കുന്നു. കഥയുടെ ചുരുക്കം ഇതാണ്.
ഒരാൾ ഒരു ട്രെയിനിൽ കയറി, അദ്ദേഹത്തിന്റെ സീറ്റിൽ ഇരിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ തലയിലുണ്ടായിരുന്ന ഭാണ്ഡം താഴെയിറക്കാതെ തലയിൽ തന്നെ വച്ചുകൊണ്ടായിരുന്നു യാത്ര. അടുത്തിരുന്നവർക്ക് ആശ്ചര്യം അടക്കാനായില്ല. അവർ അദ്ദേഹത്തോട് ചോദിച്ചു, താങ്കൾ എന്തിനാണ് ഭാരം തലയിൽ ചുവന്നുകൊണ്ടിരിക്കുന്നത്? അത് താഴെയിറക്കി വച്ചുകൂടേ? അതിനദ്ദേഹം പറഞ്ഞ മറുപടിയായിരുന്നു അതിലും രസകരം. ട്രെയിനിന്റെ ക്ലേശം കുറയ്ക്കുന്നതിനാണ് ഞാൻ ഇങ്ങനെ ചെയ്യുന്നത് എന്നായിരുന്നു മറുപടി. സഹയാത്രികർക്ക് ചിരിയടക്കാനായില്ല. തീർച്ചയായും ഇയാൾ ഒരു ഭ്രാന്തൻ തന്നെ എന്നവർ അനുമാനിച്ചു. താങ്കളുടേയും തലയിലെ ഭാരവും ചേർത്ത് തന്നെയല്ലേ ഇപ്പോഴും ഈ ട്രെയിൻ വഹിക്കുന്നത് എന്നൊരു മറുചോദ്യവും അവർ ചോദിക്കാതിരുന്നില്ല. എന്നാൽ ലോകത്തിലെ എല്ലാ ഭാരങ്ങളും തലയിലേറ്റി നടക്കുന്നവർ അല്ലേ നമ്മളിൽ മിക്കവരും എന്നായിരുന്നു അദ്ദേഹത്തിന്റെ പുഞ്ചിരിയോടെയുള്ള മറുപടി.
യഥാർത്ഥത്തിൽ നമ്മൾ എല്ലാവരും ഇങ്ങനെയൊക്കെത്തന്നെയല്ലേ? ആവശ്യമുള്ളതും അല്ലാത്തതുമായ എല്ലാ പ്രശ്നങ്ങളും തലയിലേന്തുന്നു, തർക്കിക്കുന്നു, തല്ലുപിടിക്കുന്നു. കാര്യങ്ങൾ വ്യക്തമായി മനസ്സിലാക്കാതെ അനുമാനങ്ങളിലെത്തുന്നു. മിക്കതും ആരെയും ബാധിക്കാത്ത കാര്യങ്ങൾ ആയിരിക്കും. അമേരിക്കയുടെ ആഭ്യന്തര പ്രശ്നങ്ങൾ പോലും അവർക്കു വിട്ടുകൊടുക്കാത്തവരാണ് നമ്മൾ. നമുക്കറിവുള്ളതും അല്ലാത്തതുമായ എല്ലാ വിഷയങ്ങളിലും തല കടത്തുന്നു. നമ്മളൊഴിച്ചു മറ്റാർക്കും ഇക്കാര്യങ്ങൾ പരിഹരിക്കുവാൻ കഴിയുന്നില്ല എന്ന വിധത്തിൽ ചിന്തിക്കുന്നു, പെരുമാറുന്നു. ഇന്നാണെങ്കിൽ ആർക്കും എന്തും പറയാവുന്ന സാമൂഹ്യ മാധ്യമങ്ങളിലൂടെ ഒളിഞ്ഞും പതിഞ്ഞും നാം വിഷം തുപ്പുന്നു. ഒപ്പം നമുക്കറിയുമായിരുന്ന, പരിഹരിക്കാമായിരുന്നു പ്രശ്നങ്ങൾ അവശേഷിപ്പിക്കുകയും ചെയ്യുന്നു.
അടുത്തവന്റെ തലയിലെ ഭാണ്ഡത്തെക്കുറിച്ചന്വേഷിക്കുന്നതിനു മുൻപ്, നമ്മുടെ തലയിലെ ഭാണ്ഡം തിരിച്ചറിയുകയല്ലേ വേണ്ടത്? അതല്ലേ ആദ്യം ഇറക്കി വയ്ക്കേണ്ടത്? ഇതാകട്ടെ ഈ മാസത്തെ ചിന്ത.
ഡോ. സുനീത് മാത്യു
അഴി-മതി!
ഇന്നത്തെ പത്രത്തിൽ കണ്ട വാർത്ത. "ജയിച്ച പരീക്ഷ
തോറ്റെന്നു വിശ്വസിപ്പിച്ച് 1.5 ലക്ഷം രൂപ കൈക്കൂലി; എംജിയു ജീവനക്കാരി പിടിയിൽ..."
വായിക്കുന്ന ആരിലും ഒരത്ഭുതവും ഉളവാക്കാത്ത, ഒരു സാധാരണ വാർത്ത. ഈ സാധാരണത്വത്തിൻറെ കാരണം, അഴിമതി ജീവവായു പോലെ നമ്മുടെയൊക്കെ ജീവിതത്തിന്റെ ഭാഗമാകുന്നു എന്നതുതന്നെ. പ്രബുദ്ധമായ കേരളത്തിന്റെ സ്ഥിതി ഇതാണെങ്കിൽ മറ്റു സംസ്ഥാനങ്ങളുടെ കാര്യം പറയാനെന്തിരിക്കുന്നു?
ട്രാൻസ്പരൻസി ഇന്റർനാഷണൽ (Transparency International) പ്രസിദ്ധീകരിക്കുന്ന കറപ്ഷൻ പെർസെപ്ഷൻസ് ഇൻഡക്സിൽ (Corruption Perceptions Index - CPI), ഇന്ത്യ (2021-ൽ) എൺപത്തിയഞ്ചാം സ്ഥാനമാണ് അലങ്കരിക്കുന്നത്. നൂറിൽ നാല്പതു പോയിന്റ്. നൂറിൽ എൺപത്തെട്ടു പോയിന്റുമായി ഡെന്മാർക്കും, ഫിൻലാൻഡും, ന്യൂസിലാൻഡും അഴിമതിരാഹിത്യത്തിൽ ഒന്നാം സ്ഥാനത്ത്. അഴിമതിയുടെ കാര്യത്തിൽ നാം ആർക്കും പിന്നിലല്ലെന്ന് നമുക്കെല്ലാം അറിയുന്ന കാര്യമാണല്ലോ. എന്നാലും എന്തായിരിക്കും നമ്മുടെ നാട്ടിൽ അഴിമതി ഇത്രയും കൂടാൻ കാരണം? വെറുതേ സമയം മെനക്കെടുത്താതെ പോകണം എന്നായിരിക്കും നിങ്ങളുടെ മനസ്സിൽ. പലകാരണങ്ങൾ ചൂണ്ടിക്കാട്ടാൻ ഉണ്ടാകും. എനിക്ക് തോന്നുന്ന കാര്യങ്ങൾ പറയാം.
ഫിൻലാൻഡും, ന്യൂസിലാൻഡും സന്ദർശിക്കാനും, മറ്റു മുൻ നിരയിലുള്ള രാജ്യങ്ങളായ സിംഗപ്പൂരിലും ഓസ്‌ട്രേലിയയിലും ജീവിക്കാനും, പിന്നെ അഴിമതിയിൽ ഇന്ത്യയോട് കിടപിടിക്കുന്ന മലേഷ്യയിൽ ജീവിച്ചതിന്റെയും വെളിച്ചത്തിലുള്ള ചില 'വെളിപ്പെടുത്തലുകളാണ്.' തെളിവുകളൊന്നുമില്ല!
സാമൂഹികവും, രാഷ്‌ടീയവും സാമ്പത്തികവുമായ പല കാരണങ്ങളും നിരത്താമെങ്കിലും, അഴിമതികളുടെ പ്രധാന ഉത്തരവാദിത്വം ഒരേയൊരു കൂട്ടർക്ക് മാത്രമാണ്. നാം തന്നെ. ഞാനും നിങ്ങളുമാണ് ഇതിന് 'കാരണഭൂതർ.' എങ്ങനെയെന്നല്ലേ? പറയാം. സാധാരണക്കാരായ നമുക്ക് കാര്യങ്ങൾ നടക്കണമല്ലോ. സർക്കാർ ജോലി വേണം, വീട് വയ്ക്കാൻ അനുമതി വേണം, സർക്കാർ സ്ഥാപനങ്ങളിൽ പോയാൽ കാര്യങ്ങൾ എളുപ്പം നടക്കണം, പോലീസ് സ്റ്റേഷനിലും കോടതിയിലും കാര്യങ്ങൾ നമുക്കനുകൂലമാകണം. അതിന് കൈമടക്കാനും, കാശ് മുടക്കാനും നമുക്ക് മടിയില്ല. ഔചിത്യമില്ലാത്ത ആവശ്യക്കാരായിപ്പോയി, ഞാനും, നിങ്ങളും. ഇത് നന്നായി അറിയുന്നവർ വേറെ എന്ത് ചെയ്യണം? ആവശ്യകത (demand) ഉള്ളതുകൊണ്ടാണല്ലോ വിതരണം (supply) യഥേഷ്ടം നടക്കുന്നത്. അപ്പോൾ നമ്മൾ കൈക്കൂലി കൊടുക്കില്ല എന്ന് പറയുവാനും, കുറച്ചു മെനക്കെടാനും, കുറച്ചൊക്കെ നഷ്ടംസഹിക്കാനും തയ്യാറായാൽ ചിലപ്പോൾ ചിലമാറ്റങ്ങൾ വന്നാലായി. പഴയയൊരു കാര്യം ഓർമ്മ വന്നു. പോസ്റ്റ്ഗ്രാജുവേഷനും യുജിസി നെറ്റുമൊക്കെയെടുത്തു ഇപ്പോ കോളേജ് അധ്യാപനയിക്കളയാം എന്ന് വിചാരിച്ച, ഈയുള്ളവൻ, ഇനിയും അഞ്ചുലക്ഷം രൂപ ഉണ്ടാക്കി കോളേജ് മാനേജ്മെന്റിന് മുന്നിൽ കാഴ്ചവക്കണമെന്നുകേട്ട് അന്തം വിട്ട കഥ. അല്പം പുരാതനമാണ് സംഭവം. ഇപ്പോഴാണെങ്കിൽ തുകയിൽ ഒന്നോ രണ്ടോ പൂജ്യങ്ങളും കൂടുതലുണ്ടാകുമായിരുന്നു. പക്ഷെ അത് കൈമടക്കല്ല, നാട്ടുനടപ്പ് മാത്രം. നാട്ടുനടപ്പിന് മനസ്സില്ലാത്തതുകൊണ്ട് നാടുതന്നെ വിട്ടു എന്നത് മറ്റൊരു കഥയാക്കാം. ഇത് മനസ്സിലാക്കിയ കോളേജ് മാനേജ്‌മന്റ് ഈ ദുരാചാരം എന്നെന്നേക്കുമായി നിർത്തലാക്കി വിളംബരമിറക്കി എന്നാണ് കേട്ടത്! തള്ളുന്നതിനു നികുതിയില്ലല്ലോ!
രണ്ടാമതായി വേണ്ടത് അഴിമതി തടയാനുള്ള ശരിയായ നിയമങ്ങളും അത് നടപ്പിൽ വരുത്താൻ കഴിവും ആത്മാർഥതയുമുള്ള ഭരണാധികാരികളും ഉദ്യോഗസ്‌ഥരും ആണ്. നിയമങ്ങൾ നമുക്കുമുണ്ട്, അത് നടപ്പിൽ വരുത്തുന്നവർ ശരിയല്ലെങ്കിൽ പിന്നെന്തു ചെയ്യും. സിംഗപ്പൂരിൽ കുറേനാൾ ജീവിച്ചു എന്ന് പറഞ്ഞുവല്ലോ. നിയങ്ങൾ നടപ്പിൽ വരുത്തുന്നതിൽ ഇത്രയൂം ശുഷ്കാന്തിയുള്ള വേറൊരു നാട് കണ്ടിട്ടില്ല. ചെറിയനാടായതുകൊണ്ടു കാര്യങ്ങൾ കുറച്ചൊക്കെ എളുപ്പമായിരിക്കും. പക്ഷെ, അഴിമതി പോയിട്ട് അഴി എന്ന് വിചാരിച്ചാൽ തന്നെ അഴിക്കുള്ളിലാകുന്ന നാടാണ്. കൂട്ടത്തിൽ ജീവിതത്തിൽ മറക്കാനാകാത്ത കണക്കിന് ചൂരൽ അടിയും കിട്ടും. Caning എന്ന് ആംഗലേയത്തിൽ പറയും. അതുകൊണ്ട് തന്നെ ആൾക്കാർ ജാഗരൂകരാണ്. നിയമലംഘനമുണ്ടായാൽ എവിടെനിന്നെറിയാത്ത രഹസ്യ പോലീസുകാർ ഓടിയെത്തും. അവരെകണ്ടാൽ പോലീസുകാരാണെന്ന് തോന്നില്ല എന്ന് മാത്രം. അതുപോലൊരു നാട്ടിൽ നാട്ടാർക്കും പേടിയുണ്ടാകും. കുറച്ചു പേടിയൊക്കെ നല്ലതിനല്ലേ. അതുകൊണ്ടുള്ള ഗുണം, ആരുടെയും കാലുപിടിക്കണ്ട എന്നതുമാത്രമല്ല. അല്ലലില്ലാതെ ജീവിക്കാം. ഏതു പാതിരാത്രിക്കും സ്ത്രീകൾക്കും കുട്ടികൾക്കും ഭയമില്ലാതെ എവിടെയും പോകാം. ഫിൻലാൻഡിലും ന്യൂസിലാൻഡിലും ഇതുപോലെ തന്നെയാണ്. കൊച്ചുകുട്ടികൾ ഒറ്റയ്ക്ക് യാത്രചെയ്യുന്നത് കൂടുതലും കണ്ടത് ഫിൻലാൻഡിലാണ്. ഓസ്‌ട്രേലിയയെക്കുറിച്ചു ഇത് പറയാനാകില്ല. അഴിമതി വളരെകുറവാണെങ്കിലും കുറ്റകൃത്യങ്ങൾ കുറവല്ലാത്ത രാജ്യമാണ്.
മൂന്നാമതായി, നാട്ടിന്റെ (നാട്ടാരുടേയും) സാമ്പത്തിക ശാസ്ത്രം നന്നാക്കണം. ലോകത്തിലേക്കും ഏറ്റവും കൂടുതൽ പ്രതിഫലം പറ്റുന്ന ലോകനേതാവ് ആരാണെന്നറിയുമോ? സിംഗപ്പൂർ പ്രധാനമന്ത്രി. ശമ്പളം US$1,610,000 (12 കോടി രൂപ). ഒരു മാസം ഒരു കോടിയോളം രൂപ! ഇത് അമേരിക്കൻ പ്രസിഡന്റിന് കിട്ടുന്ന ശമ്പളത്തിന്റെ നാലിരട്ടി കൂടുതലാണ്. ഇത്രയൊന്നുമില്ലെങ്കിലും ഇതുപോലെയൊക്കെ തന്നെയാണ് അവിടുത്തെ മന്ത്രിമാരുടെയും ശമ്പളം. സ്വകാര്യമേഖലയിലേതുപോലെയോ അതിൽ കൂടുതലോ ശമ്പളം വാങ്ങുന്നവരാണ് സർക്കാർ ജീവനക്കാർ. ആദായ നികുതിയാണെങ്കിൽ പേരിന് മാത്രം. പിന്നെയെന്തിന് അഴിമതി കാണിക്കണം. ഓസ്‌ട്രേലിയിലും ഇതുപോലെയൊക്കെ തന്നെയാണ്, നികുതി കൂടുതലാണെന്ന് മാത്രം. നാട്ടാർക്ക് അഴിമതിനടത്തി ജീവിക്കേണ്ട കാര്യമില്ലെന്നു ചുരുക്കം. ഇതിനിടയിലും ചില ആർത്തിപ്പണ്ടാരങ്ങൾ ഉണ്ടാകാം. പക്ഷെ സിംഗപ്പൂർ പോലുള്ള രാജ്യങ്ങളിൽ ആർത്തി കാണിച്ചാൽ പണി ഉറപ്പാണ്. നമ്മുടെ നാട്ടിലും ചില പണിയൊക്കെ ചിലപ്പോൾ വഴിമാറി വന്നേക്കാം. പക്ഷെ അഴിമതിപ്പണം കൊണ്ട് പുതുവഴികൾ തുറക്കാം എന്നിരിക്കെ എന്തിനു ഭയക്കണം, ആരെ ഭയക്കണം, അല്ലേ?
നാലാമതായി, വ്യക്തികൾക്കും സമൂഹത്തിനും അഴിമതികൾക്കെതിരായി പോരാടുവാനുള്ള ധൈര്യവും, സഹായവും, സർവോപരി അവബോധവും ഉണ്ടാകണം എന്നതാണ്. എന്നെപ്പോലെ നാടുവിട്ടുപോകാൻ എളുപ്പമാണ്. ഇവിടെത്തന്നെ നിന്ന് പോരാടാണ് ബുദ്ധിമുട്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും മാധ്യമങ്ങൾക്കും, സന്നദ്ധസംഘടനകൾക്കും വേണമെങ്കിൽ പലതും ചെയ്യാനാകും. പലരും നല്ല കാര്യങ്ങൾ ചെയ്യുന്നുമുണ്ട്. സ്വയം ഒന്നും ചെയ്തില്ലെങ്കിലും അഴിമതിക്കെതിരായി പോരാടുന്നവരെ സഹായിക്കാനെങ്കിലും കഴിഞ്ഞാൽ, അത് മതി.
ഇതൊക്കെയായിട്ടും, അഴിമതി കാണിച്ചു അഴി-മതി (കാരാഗൃഹത്തിലെ അഴിയാണ് ഉദ്ദേശിച്ചത്) എന്ന് മാത്രം ചിലർ വിചാരിച്ചാൽ, എന്ത് ചെയ്യാനാകും?
ഒരു കഥകൂടിപ്പറഞ്ഞു നിർത്താം. സ്ഥലം പ്രസിദ്ധനായ കുലാലുംപുർ അന്താരാഷ്ട്ര വിമാനത്താവളം (KLIA). ഇതെഴുതിവിടുന്നവൻ പുതിയ ജോലിയിൽ പ്രവേശിക്കാനായി മെൽബണിലേക്കുള്ള വിമാനം കയറാനുള്ള തിരക്കിലാണ്. കുലാലുംപൂരിലെ പൊറുതി നിർത്തി ഉള്ള ചപ്പും ചവറും പെട്ടിയിലായിക്കഴിഞ്ഞപ്പോഴേക്കും പെട്ടിയുടെ ഭാരം കുറച്ചു കൂടിപ്പോയി. കൂടുതലും ആഗ്രഹിച്ചു വാങ്ങിയ പുസ്തകങ്ങളാണ്. കളയാനും മനസ്സുവന്നില്ല. അധികഭാരതിന്റെ മനസ്താപത്തിൽ നിൽക്കുമ്പോൾ മൂവായിരം റിങ്കിറ്റ് (Malaysian Ringgit - ഏകദേശം 50000 ഇന്ത്യൻ രൂപ) ഫൈൻ അടച്ചു കടന്നുപോകാൻ വിധിച്ചു, മലേഷ്യൻ എയർലൈൻസ് ഉദ്യോഗസ്ഥൻ. കയ്യിലെ കാശുപോകുന്നതിന്റെ മനോവിഷമത്തിൽ നിൽക്കുമ്പോൾ ഒരു സുമുഖൻ അടുത്തുവന്നു. യൂണിഫോം കണ്ടപ്പോൾ മലേഷ്യൻ എയർലൈൻസ് ജീവനക്കാരാണെന്ന് മനസ്സിലാക്കി. മനോവിഷമത്തിന്റെ കാര്യം അറിഞ്ഞുള്ള വരവാണ്. ശെരിയാക്കാം എന്ന് ഉറപ്പുതന്നു. പകരം ഒരു ചെറിയ ഉപകാരം ചെയ്യണം. ഒരഞ്ഞൂറു റിങ്കിറ്റ് ആരുംകാണാതെ അയാൾ കൊണ്ടുവന്ന കവറിലേക്കു ഒളിച്ചുകടത്തി കവറുകൈമാറണം. പിന്നെ മനസ്സിലെ ഭാരം ഇറക്കിവച്ചു പെട്ടിയിലെ അധികഭാരവുമായി നാടുവിട്ടോളണം! രണ്ടായിരത്തിയഞ്ഞൂറ് റിങ്കിറ്റിന്റെ ലാഭക്കച്ചവടം. കവർ എന്റെ കയ്യിൽ തന്ന് അത് എങ്ങനെ കൈമാറണം എന്നറിയിച്ചു അയാൾ നടന്നകന്നു. വന്നത് മാലാഖയാണോ ചെകുത്താനാണോ എന്ന് മനസ്സിലാക്കതെ ഞാനും നിന്നു.
ഞാൻ എന്ത് ചെയ്തുകാണും എന്നാണ് നിങ്ങൾ വിചാരിക്കുന്നത്?
പ്രധാനപ്പെട്ട ഒരുകാര്യം പറയാൻ വിട്ടുപോയി. ചിലപ്പോഴെങ്കിലും സാഹചര്യങ്ങളാണ് നമ്മെ അഴിമതിക്കാരാക്കുന്നത്.
എന്ത് സൗകര്യപ്രദമായ തത്വശാസ്ത്രം!
സുമേഷ് രാമചന്ദ്രൻ
കാലരഥം
നീ കരം നീട്ടി,കയ്യെത്താതെ വാവിട്ടു
കേണു,തൊടാനിടയേകാതകന്നുഞാൻ.
നീയോടി,മർത്ത്യ!നിൻവീഴ്ചയിൽ തങ്ങാതെ
ഞാനോ, കടന്നു നിൻകാഴ്ചയിലെത്താതെ.
വീരവാദം നീ മുഴക്കി, കാലത്തിന്റെ
തേരൂ പിടിച്ചു നിറുത്താൻ തുനിഞ്ഞവൻ.
കാലരഥത്തെ കടന്നു മുന്നേറുവാൻ
തേടി നീ കൂടിയ വേഗങ്ങളെപ്പൊഴും.
ഓടുമീകാലചക്രങ്ങൾക്കു പിന്നിലായ്
വാടിക്കൊഴിഞ്ഞു നീ വീഴുന്നു മാനവ!
നീ വഴിയോരത്തെരിഞ്ഞു തീരുമ്പൊഴും
ആവില്ലെനിക്കു തിരിഞ്ഞു നോക്കീടുവാൻ.
മംഗളാനന്ദൻ
പ്രതിഷേധത്തിന്റെ കൈയ്യൊപ്പ്
വാതിലിൽ മുട്ടു കേട്ടു.
ആദ്യം പതുക്കെ, പിന്നെ കുറച്ചുറക്കെ താളത്തിൽ.
കാളിങ്ങ് ബെല്ല് വക്കാത്തത് എത്ര നന്നായി. അല്ലേലിപ്പോ ചിലച്ച് കാത് പൊട്ടിച്ചേനെ.
കഴുകികൊണ്ടിരുന്ന പാത്രം സിങ്കിൽ തന്നെ ഇട്ട് ടവ്വൽ എടുത്ത് കൈ തുടച്ച് സാരിതുമ്പ്
ഇടുപ്പിൽനിന്നു വലിച്ച് വിടർത്തിയിട്ട് അമ്മു പതുക്കെ നടന്ന് വാതിലിന്റെ കുറ്റി തുറന്നു.
ദാ നിൽക്കുന്നു പെൺപട, ഇളിച്ചുകാട്ടികൊണ്ട്. ലീന, രാധ, സുമി, പിന്നെ ലീനയുടെ സുഹൃത്തുക്കൾ , പേരറിയാത്ത രണ്ട് പേർ. എന്താണാവോ ഈ സന്ധ്യക്ക് എല്ലാരും കൂടി കുറ്റീം പറിച്ച് ഇങ്ങോട്ട്? അകത്തു കടന്ന ഉടനെ സുമി കൈയ്യിലെ പാർസൽ മേശപ്പുറത്ത് വച്ച് ഓടിപ്പോയി കതക് കുറ്റിയിട്ടു. ലീനയുടെ കൈയ്യിലുമുണ്ട് സാമാന്യം വലുപ്പത്തിൽതന്നെ ഒരു പാർസൽ. അതിന്റെ പുറത്തുള്ള കവറിൽ മെഴുക്കും മസാലയും ഊറിയിറങ്ങി ചുവപ്പുരാശി പടർത്തിയിരിക്കുന്നു.
ഇതെന്താ സുമീ ഇതൊക്കെ ? അത്ഭുതത്തോടെ ചോദിച്ചു. "അമ്മൂ രാവിലെ വിളിച്ചപ്പോ നീയല്ലെ പറഞ്ഞത്, ചേട്ടൻ എവിടെയോ പോയിരിക്കുന്നു, നാളെ ഉച്ചയൂണിനെ എത്തൂ, ഇന്ന് ഞാൻ തനിച്ചാണ്" എന്നൊക്കെ. അപ്പൊ ഇന്നുരാത്രി അടിച്ചുപൊളിക്കാം എന്നു കരുതി ഞങ്ങളിങ്ങു പോന്നു. എന്തേ...? നിനക്കിഷ്ടായില്ലേ? സുമി ഒന്നിരുത്തി ചോദിച്ചു.
"ഇതെങ്ങിനെ സാധിച്ചു...?" അമ്മുവിന് അന്ധാളിപ്പ് മാറിയില്ല. "ഓ.. അതോ , ഞങ്ങൾ ഹോസ്റ്റലിൽ ആയതോണ്ട് ആരും തിരക്കി വരില്ല. രാധയുടെ ചേട്ടൻ സ്ഥലത്തില്ലാത്തതോണ്ട് അവളേം കൂടെ കൂട്ടി. വരുന്ന വഴിക്ക് ഭക്ഷണം പാർസൽ വാങ്ങി". ലീന വിശദീകരിച്ചു.
വിശേഷം പറച്ചിലും, പരദൂഷണവും, കൊച്ചുവർത്തമാനവും ഒക്കെയായി നേരം പോയതറിഞ്ഞില്ല. ക്ലോക്കിൽ 9 മണി അടിച്ചപ്പോഴാണ് വിശപ്പിനെ കുറിച്ചോർത്തത്. എല്ലാവരും എഴുന്നേറ്റ് കൈകഴുകി റെഡിയായി. സുമി അപ്പോഴേക്കും ഭക്ഷണപ്പൊതി അഴിക്കാൻ തുടങ്ങിയിരുന്നു. അമ്മു മേശപ്പുറത്ത് പ്ലേറ്റുകളും ഗ്ലാസുകളും സ്പൂണുകളും നിരത്തി. പൊറോട്ട, ഹൈദരാബാദി ചിക്കൻ, അമ്മുവിന്റെ പനീർ മട്ടർ , (അമ്മു തികച്ചും ഒരു വെജിറ്റേറിയൻ ആണ്.) ഫ്രൂട്ട്സ് അങ്ങിനെ പലതും. കൂട്ടത്തിൽ വെള്ളത്തിനു പകരം സ്പ്രൈറ്റിന്റെ കുപ്പികൾ. അവസാനത്തെ പാക്കറ്റ് തുറന്നപ്പോഴാണ് അമ്മു ശരിക്കും ഞെട്ടിയത്.
പച്ചകളറിൽ കറുത്ത അടപ്പോടുകൂടി അല്പം നീണ്ടുരുണ്ട ഒരു കിടിലൻ കുപ്പി. നടുവിൽ മഞ്ഞ ലേബലൊട്ടി അതിൽ കറുത്ത കൂട്ടക്ഷരത്തിൽ എഴുതിയിരിക്കുന്നു " signature ".
ചാടി എഴുന്നേറ്റ് പറഞ്ഞു, "ദേ... ഇതൊന്നും ഇവിടെ നടക്കില്ലാട്ടോ. ഞാൻ നല്ല തറവാട്ടിൽ പിറന്നവളാ..". ലീന ചൊടിച്ചു , ഓ... പിന്നെ ഞങ്ങളൊക്കെ തെരുവ് സന്തതികളല്ലേ... ഒന്നു പോടീ... ഞങ്ങളും കുടുംബത്തിൽ പിറന്നവർ തന്നെയാ.. അവളുടെ ഒരു ജാഡ".
സുമി രംഗം ശാന്തമാക്കാൻ ശ്രമിച്ചു. അമ്മുവിന്റെ താടി പിടിച്ച് പൊക്കി , "ദേ അമ്മൂ... ഒന്നിങ്ങ് നോക്കിയേ, ഇതിലൊന്നും ഒരു തെറ്റൂല്യ, ഈ ആണുങ്ങൾ നല്ലതിനും ചീത്തക്കും ഒക്കെ കുപ്പി പൊട്ടിക്കണില്ലേ ആഘോഷിക്കാൻ, അപ്പൊ ഇന്നൊരു ദിവസം നമ്മളും ഈ മാജിക് ടച്ച് ഒന്ന് അനുഭവിച്ചൂന്ന് കരുതി ആകാശം ഇടിഞ്ഞുവീഴത്തൊന്നും ഇല്ല. ഒരു ദൈവോം നിന്നെ ക്രൂശിക്കുവേം ഇല്ല. നല്ല കൊച്ചല്ലേ... ഇന്ന്... ഇന്നൊരു ദിവസം മാത്രം... പ്ലീസ് അമ്മൂ, നീ ഇങ്ങനെ ചൂടാകല്ലേ..." സുമി അവളുടെ കുട്ടിക്കലം പോലെ ഊർത്തിയ കവിളത്ത് ഒരു ഉമ്മയും കൊടുത്തു. ഒടുവിൽ മനസ്സില്ലാ മനസ്സോടെ അവൾ ഇരുന്നു.
കൂട്ടൂകാരുടെ മുന്നിലിരിക്കുന്ന പ്ലേറ്റുകളും ഗ്ലാസുകളും നിറയുന്നതും ഒഴിയുന്നതും നോക്കി ഭക്ഷണം അൽപ്പാൽപ്പം രുചിച്ച് അവൾ ഇരുന്നു. വിസ്കി കുറേശ്ശെയായി തലക്ക് പിടിച്ച രാധ പഴകിയ ഗ്രാമഫോണിലൂടെ കറങ്ങി ഇഴഞ്ഞ് വലിഞ്ഞു വരുന്ന പാട്ടുപോലെ കറ കറ ശബ്ദത്തിൽ "നാഥാ നീ വരും കാലൊച്ച കേൾക്കുവാൻ കാതോർത്ത് ഞാനിരുന്നു". എന്ന ഗാനം വിരഹാർദ്രയായി ആരെയോ ഓർത്ത് പാടി. എന്തായാലും അവളുടെ ഭർത്താവിനെ ഓർത്തല്ല തീർച്ച. (നല്ല കാലം, ഇരയിമ്മൻ തമ്പിയുടെ "പ്രാണനാഥൻ" പാടി അദ്ദേഹത്തിനും, കാംബോജി രാഗത്തിനും, മാധുരിക്കുമൊന്നും പേരുദോഷം വരുത്താതിരുന്നത്).
ഇടക്കാരോ പാതി നിറച്ച ഗ്ലാസ് അമ്മുവിന്റെ മുന്നിലേക്ക് നീക്കിവച്ചു. ആദ്യമൊന്ന് മടിച്ചെങ്കിലും കാലാകാലങ്ങളായി അവൾക്ക് ചുറ്റും ആരോ പടുത്തുയർത്തിയ ആഭിജാത്യത്തിന്റെ മതിൽകെട്ട് തകർത്ത് പതുക്കെ പതുക്കെ അവളും അവരിലൊരാളായി മാറി. കൂട്ടുകാർക്ക് മുന്നിൽ മനസ്സിന്റെ വാതായനങ്ങൾ മലർക്കേ തുറന്നിട്ടു. സകലതും മറന്ന് ആനന്ദനൃത്തമാടി. അങ്ങിനെ ആട്ടവും പാട്ടും മിമിക്രിയും കോപ്രായങ്ങളും ഒക്കെയായി തകർക്കുകയാണ്. അൽപ നേരത്തെക്കേങ്കിലും അവർ സ്വാതന്ത്ര്യത്തിന്റെ ഉല്ലാസപ്പറവകളായി മാറി. പതിയെ എല്ലാവരും തളരാൻ തുടങ്ങി.ഭക്ഷണത്തിനു മുന്നേ കിടപ്പു മുറി ഒരുക്കിവച്ചത് നന്നായി. കൈയ്യും വായയും കഴുകി എന്ന് വരുത്തി തെന്നി തെറിച്ച് അവർ കിടക്കയിലേക്ക് മറിഞ്ഞു.
തീൻ മുറിയിൽ തനിച്ചായപ്പോഴാണ് അവൾക്ക് പരിസരബോധം വന്നത്. പ്ലേറ്റുകളെല്ലാം കഴുകാനുള്ള സിങ്കിൽ കൊണ്ടുപോയി ഇട്ടു. വെയ്സ്റ്റെല്ലാം പെറുക്കി എടുത്ത് ഒരു കവറിലാക്കി കെട്ടിവച്ചു . അമ്മുവിന്റെ മനസ്സിൽ വല്ലാത്തൊരു നഷ്ടബോധം വിങ്ങിപൊട്ടി.
ഇനിയും കാലിയാകാത്ത കുപ്പിയും നിറഞ്ഞ ഒരു ഗ്ലാസും അനാഥമായി മേശപ്പുറത്തുണ്ടായിരുന്നു. പെട്ടെന്ന് തോന്നിയ ഒരു ആവേശത്തിൽ കുപ്പിയിലുണ്ടായിരുന്നത് മുഴുവൻ അവൾ വായിലേക്ക് കമഴ്ത്തി. ഒറ്റവലിക്ക് ഗ്ലാസും കാലിയാക്കി. കുറച്ച് വെള്ളമെടുത്തു മടമടാന്ന് കുടിച്ചു.
കിടപ്പുമുറിയുടെ വാതിലടച്ച് കുറ്റിയിട്ട് ബെഡ്ഡിലേക്ക് വീഴുമ്പോൾ അവൾ ഏതോ ഒരു ഓളത്തിലൂടെ ഒഴുകുകയായിരുന്നു. ഉത്തരവാദിത്തങ്ങളിൽ നിന്ന്, നിയമങ്ങളിൽ നിന്ന്, അരുതായ്മകളിൽ നിന്ന്, വിലക്കുകളിൽനിന്ന് എല്ലാം അകന്ന്, തുറന്ന സ്വാതന്ത്ര്യത്തിലേക്ക് കാറ്റത്ത് വിട്ട പഞ്ഞിപോലെ അവൾ ഒഴുകുകയായിരുന്നു.
കുലമഹിമയും, ആചാര സംസ്ക്കാരങ്ങളും അരിഞ്ഞു വീഴ്ത്തിയ അവളുടെ ചിറകുകൾ തുന്നിചേർത്ത് കൊഴിഞ്ഞ പ്രണയത്തെ പെറുക്കി എടുത്ത് സ്വപ്നങ്ങളുടെ താഴ്വരകളിലൂടെ ഒരു പൂമ്പാറ്റയെപോലെ അവൾ പറന്നുല്ലസിച്ചു. ആരേയും ഭയക്കാതെ ഇഷ്ടപ്പെട്ട പൂക്കളിൽ നിന്നെല്ലാം തേൻ നുകർന്നു. അങ്ങിനെ, അങ്ങിനെ, അഗാധ നിദ്രയിലേക്ക് വഴുതി വീണു.
രാവിലെ അധികം വൈകാതെതന്നെ കൂട്ടുകാരെല്ലാം യാത്രപറഞ്ഞിറങ്ങി. വാതിലടച്ച് കുറ്റിയിട്ട് അവൾ വീണ്ടും അർദ്ധനിദ്രയിലേക്ക് മടങ്ങി.
പുറത്ത് ഒരു വാഹനത്തിന്റെ ശബ്ദം കേട്ടപ്പോഴാണ് ഞെട്ടി ഉണർന്നത്. ജനാലകർട്ടൻ നീക്കി പതിയേ പുറത്തോട്ടുനോക്കി. വളവു തിരിഞ്ഞ് അകന്ന് പോകുന്ന ഒരു വാഹനമാണ്. മിഴികൾ ക്ലോക്കിലേക്ക് തിരിഞ്ഞു. ഈശ്വരാ... സമയം 10 മണി ആവാറായിരിക്കുന്നു. പിടഞ്ഞെണീറ്റ് തീൻമുറിയിലേക്ക് നടന്നു. സമാധാനം, കൂട്ടുകാർ എല്ലാം ഒന്നുകൂടി വൃത്തിയാക്കിയാണ് പോയിരിക്കുന്നത്. കൂട്ടത്തിൽ രാത്രിയിലെ വെയ്സ്റ്റും എടുത്തിട്ടുണ്ട്. പോകുന്ന വഴിക്ക് വല്ല കുപ്പത്തൊട്ടിയിലും തട്ടുമായിരിക്കും. ചെമ്പകപ്പൂവിന്റെ മണമുള്ള റൂം സ്പ്രെ എടുത്ത് അവൾ അവിടമാകെ ഒന്നടിച്ചു വിട്ടു.
നേരെ കുളിമുറിയിലേക്ക് കയറി. ഒന്ന് ഫ്രഷ് ആകാൻ. മേലാകെ കുളിരുകോരി ഒഴുകുന്ന തണുത്ത വെള്ളത്തിൽ ഷവറിനു കീഴെ എത്രനേരം അങ്ങിനെ നിന്നു എന്നറിയില്ല. ഫോൺ നിർത്താതെ അടിക്കുന്നത് കേട്ടപ്പോഴാണ് സ്ഥലകാലബോധം ഉണ്ടായത്. നന്നായി തലതോർത്തി, ദേഹവും തുടച്ച് വസ്ത്രങ്ങൾ വാരിവലിച്ചുടുത്ത് റൂമിൽ വന്ന് ഫോണെടുത്ത് നോക്കി. ഭർത്താവാണ്. അവൾ തിരിച്ചു വിളിച്ചു. " അമ്മൂ , നീ ഭക്ഷണമെല്ലാം തയ്യാറാക്കി വച്ചോ. ധൃതികൂട്ടണ്ട, സാവധാനം മതി. ഞാനെത്താൻ ഉച്ചയാകും.". ഇത്രയും പറഞ്ഞ് മറുപടിക്ക് കാത്തുനിൽക്കാതെ തന്നെ മറുതലക്കൽ ഫോൺ കട്ടായി.
എല്ലാം ഭദ്രമാണെന്ന് ഉറപ്പുവരുത്താൻ ഒരിക്കൽ കൂടി അവൾ ഡെയിനിങ് റൂമിലേക്ക് എത്തി നോക്കി. അപ്പോഴാണ് അവർ കൊണ്ടുപോകാൻ മറന്നുപോയ Signature ന്റെ കുപ്പി അവളുടെ കണ്ണിൽ ഉടക്കിയത്. കുട്ടിക്കാലം മുതൽ അവളിൽ ഊട്ടിയുറപ്പിക്കപ്പെട്ട ആഭിജാത്യത്തിന്റെയും, പാരമ്പര്യത്തിന്റെയും, സംസ്ക്കാരത്തിന്റെയും അസ്ഥിത്വം, പെണ്ണത്തത്തിന്റെ അതിർവരമ്പുകൾ, ആണത്തത്തിന്റെ മേൽകോയ്മ അഴിഞ്ഞാട്ടം, ഇവക്കെല്ലാം എതിരായി അവൾ കുറിച്ചിട്ട അവളുടെ പ്രതിഷേധത്തിന്റെ കൈയ്യൊപ്പു പോലെ മേശപ്പുറത്തു കിടന്നിരുന്ന 'Signature' ന്റെ കാലിക്കുപ്പി അവൾ ഒരുന്മാദത്തോടെ വാരി വലിച്ചെടുത്ത് തുറന്നു കിടന്ന ജനലിലൂടെ തെരുവിലെ ഓടയിലേക്ക് ആഞ്ഞുവലിച്ച് ഒരേറുകൊടുത്തു.
കടുത്ത നിറത്തിലുള്ള ജാക്കറ്റും, അലക്കിതേച്ച കോട്ടൻ സാരിയും ഉടുത്ത്, കണ്ണെഴുതി പൊട്ടുതൊട്ട് ചെറിയ ഒരു ചന്ദനക്കുറിയും ചാർത്തി, മുടി ഉലർത്തിയിട്ട് പഴയ അമ്മുതന്നെയായി നിലകണ്ണാടിക്കു മുന്നിൽ നിന്നപ്പോൾ അവൾ സ്വയമൊന്ന് ചിരിച്ചു. കണ്ണാടിയിലെ പ്രതിരൂപം ഒരു കള്ളച്ചിരിയോടെ അവളെ നോക്കി പറഞ്ഞു,
"അമ്മൂ, നീ ഇന്നലെ
കുറച്ചു നേരമെങ്കിലും നിനക്കുവേണ്ടി ജീവിച്ചു അല്ലെ, നന്നായി. ദ്, ദ്ദാണമ്മൂ ജീവിതം. മറ്റുള്ളവർക്ക് വേണ്ടിയുള്ള
ഓട്ടപ്പാച്ചിലിനിടയിൽ ഒരു ദിവസമെങ്കിലും നീ നിനക്ക് വേണ്ടി ജീവിക്കണ്ടേ? അതാണ് നീ
ഇന്നലെ ചെയ്തത്. പക്ഷേ തിരഞ്ഞെടുത്ത വഴി തെറ്റായിപ്പോയി. ഇത് സ്വാതന്ത്ര്യമല്ല, ദുസ്വാതന്ത്ര്യമാണ്.
കള്ളുകുടിച്ച് ഞരമ്പുകളെ തളർത്തി അബോധത്തിലൂടെയല്ല, നല്ല സ്വബോധത്തിലൂടെയാണ് സ്വാതന്ത്ര്യത്തിന്റെ വഴി തിരഞ്ഞെടുക്കേണ്ടത്. അതിലൂടെ നടന്നാൽ ഒരു ദിവസമല്ല, എന്നും നിനക്ക് നീയായി ജീവിക്കാം."
അവളുടെ മനസ്സിൽ ചെറിയ
ഒരു നീറ്റൽ തോന്നിയെങ്കിലും ഒരു നിമിഷം കൂടി കണ്ണാടിയിൽ നോക്കി സ്വയമാസ്വദിച്ച് നിന്ന്
ഒരു മൂളിപാട്ടോടെ അവൾ അടുക്കളയിലേക്ക് നടന്നു.
അമ്പിളി പ്രേംനാഥ്
-
കുട്ടികളെ ലൈംഗീകമായി ചൂഷണം ചെയ്യുന്ന വാർത്തകളാണ് നാം നിത്യേനയെന്നവണ്ണം കേൾക്കുന്നത്. പണ്ട് നമുക്കറിയാത്ത സ്ഥലങ്ങളിലായിരുന്നുവെങ്കിൽ, ഇന്നത...
-
സിനിമയായി തീർന്ന ബഷീറിന്റെ രണ്ടാമത്തെ നോവലാണ് 1944 ൽ പ്രസിദ്ധീകരിച്ച ബാല്യകാലസഖി. പ്രണയ പശ്ചാത്തലത്തിലെ ദുരന്ത കഥ പറയുന്ന ബഷീറിൻറെ ഈ നോവ...














