2022 മാർച്ച് 30, ബുധനാഴ്‌ച

പറയാൻബാക്കിവച്ചത്


 പ്രണയസുഭഗാത്മഹർഷം –

പകർന്നെന്റെയീഹൃത്തിൽ
നീയെത്രസുന്ദരമാമൊരു –
കൂടൊരുക്കിയെൻപ്രിയേ!
അതിരുതീർക്കാതെത്രയോ –
മോഹങ്ങൾകൊണ്ടു
സ്വരുക്കൂട്ടിയസ്വപ്നലോകം –
നാമെത്രതീർത്തിരുന്നു…
ചികഞ്ഞെടുക്കുവാനാകാതെ –
യന്നെൻമനസ്സിൽനീ
പകർന്നയാനന്ദത്തിനൊപ്പമായ്
ഇന്നെത്രനൊമ്പരങ്ങൾ….
കൊതിച്ചസ്നേഹംനിന്നിലൂടെ –
നേടിയഞാനിന്നെത്ര
നൊന്തുപിടഞ്ഞറിയുന്നു –
നിന്റെയീയാത്മവിയോഗം…
അർഹതയില്ലാതിരിക്കിലും –
നിന്നെഞാനന്നെന്റെ,
സ്വന്തമാക്കുവാനെത്രയോ –
കൊതിക്കയായിരുന്നുപ്രിയതേ
അത്രമേലെന്റെജീവനിൽ
സ്നേഹദീപ്തിയാം
ഒരായിരംസ്വപ്നങ്ങളനുസ്യൂതം
നീനിറച്ചുവച്ചു….
നിനച്ചിരിക്കാതെവന്നോരു –
ദുരന്തമായ്നീയെന്നിൽനിന്നും
പറന്നകലേക്കുപോയെങ്കിലു –
മെൻപ്രേമവതീ…
പകരമാകില്ലെന്റെ ജീവനി –
ലൊരുനാളിലുംമറ്റൊരുവൾ!
പ്രണയമായീക്കൂട്ടിൽനിന്റെ –
യോർമകളെന്നുമടയിരിക്കും…
സ്നേഹംചൊരിഞ്ഞമിഴികളിൽ
വേദനനിറച്ചുവെച്ച്,
വിറയാർന്നധരത്തിലൂടൊരു –
വാക്കുംമൊഴിയാനാവാതെ,
നനുത്തനിൻകൈകളെന്റെ –
വിരലോടുകോർത്തുവച്ച്
ഒടുവിൽനീ പറയുവാൻബാക്കി
വെച്ചതെന്തായിരുന്നു….

രഷിത്ത് ലാൽ കീഴരിയൂർ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ