2022 സെപ്റ്റംബർ 28, ബുധനാഴ്‌ച

ഇതിവൃത്തം മലയാള സാംസ്കാരിക മാസിക, സെപ്റ്റംബർ 2022, ലക്കം 24


 

മുഖമൊഴി

 


ഞാൻ വന്നതിനു ശേഷമാണ് ഇതെല്ലാം ശരിയായതെന്നു പലരും പറയുന്നത് കേട്ടിട്ടുണ്ട്. ഒരു ചെറിയ കൂട്ടായ്‌മയാകട്ടെ, ഒരു വലിയ പ്രസ്ഥാനമാകട്ടെ ശരിയാക്കിയതിന്റെ കണക്കു പറയാൻ ഇത്തരത്തിൽ ചിലരുണ്ടാകും. ഇത്തരത്തിൽ എല്ലാം ശരിയാക്കുവാൻ അറിയുന്ന ആളുകൾ ഇല്ലായിരുന്നുവെങ്കിൽ എന്താകുമായിരുന്നു ഈ ലോകത്തിന്റെ അവസ്ഥ എന്നോർത്തു ചിരിക്കുന്നവരുമുണ്ടാകാം.

കൂട്ടായ പ്രവർത്തനം അഥവാ ടീം വർക്ക് ആണ് പലപ്പോഴും നമുക്ക് കൂടുതൽ ശരിയാക്കലുകൾ ഉണ്ടാക്കുന്നത് എന്ന് നമുക്കറിയാം. അതിൽ എല്ലാം ശരിയാക്കുന്നവർ ഇല്ലാതിരുന്നാൽ മാത്രമേ, കാര്യങ്ങൾ ശരിയാകുകയുള്ളൂ എന്ന് പറഞ്ഞാൽ തെറ്റാകുവാനിടയില്ല.

ഒരു പൊതു ലക്‌ഷ്യം കണക്കിലെടുത്തു, അതിന്റെ ഫലപ്രാപ്തിക്കുവേണ്ടി ഒന്നിലധികം ആളുകൾ പ്രവർത്തിക്കുന്നതിനെയാണ് നാം ടീം വർക്ക് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഒന്നിലധികം ആളുകൾ ഒരേ മനസ്സോടെ, ഒരേ ലക്ഷ്യത്തോടു കൂടി പ്രവർത്തിക്കുന്നത് ഒരാൾ ഒറ്റയ്ക്ക് പ്രവർത്തിക്കുന്നതിലധികം  എന്നതിൽ തർക്കമുണ്ടാകാനിടയില്ല. ഒരു പക്ഷേ തുടക്കത്തിൽ സൂചിപ്പിച്ച തൽപ്പരകക്ഷികൾ വിയോജിച്ചേക്കാം.

ടീം വർക്കിന്‌ ധാരാളം ഗുണങ്ങൾ ഉണ്ട്. എല്ലാം ചുരുങ്ങിയ ഇടത്ത് വിവരിക്കാനാകാത്തതുകൊണ്ട് ചുരുക്കം ചില ഗുണങ്ങൾ മാത്രം പറയുന്നു.

മെച്ചപ്പെട്ട ആശയങ്ങൾ ഉണ്ടാകുന്നു എന്നതാണ് അടിസ്ഥാനപരമായ ഒരു മേന്മ. സർഗ്ഗാത്മതയെ പ്രചോദിപ്പിക്കുന്നതിന് കൂട്ടായ ചർച്ചകൾ വളരെയധികം സഹായിക്കും. അത് പ്രവർത്തന മികവിനെയും, ഫലപ്രാപ്തിയെയും വർദ്ധിപ്പിക്കും. തളർച്ചകളെയും പരാജയങ്ങളെയും കുറയ്ക്കുന്നതിനും കൂട്ടായ്മകൾ പ്രചോദനമാകാറുണ്ട്. ഒപ്പം ജോലി സംബന്ധമായ മാനസിക, ശാരീരിക സമ്മർദങ്ങളെ കുറയ്ക്കുന്നതിനും ഇത് സഹായകരമാണ്.

പ്രശ്നപരിഹാരങ്ങളാണ് മറ്റൊരു കാര്യം. പ്രശ്നങ്ങൾ വിഭജിച്ചു ചിന്തിക്കുവാനും, പരിഹരിക്കുവാനും കഴിയും. ഒരു തലച്ചോറിനേക്കാൾ പ്രവർത്തനക്ഷമമാകണമല്ലോ ഒന്നിലധികം തലകളുടെ കൂട്ടായ പ്രവർത്തനം. കൂടുതൽ സന്തോഷപൂർവ്വം പ്രവർത്തിക്കുവാൻ ഒരു കൂട്ടായ്മയ്ക്ക് കഴിയും.

തെറ്റുകൾ കണ്ടെത്തുവാനും, കുറയ്ക്കുവാനും കഴിയും എന്നത് ഗുണനിലവാരം കൂട്ടുന്നത്തിനും, കൂടുതൽ മെച്ചപ്പെട്ട ഫലപ്രാപ്തിക്കും കാരണമാകും.

നമ്മൾ നമുക്ക് പ്രാധാന്യം കൊടുക്കണ്ട എന്നല്ല പറഞ്ഞതിനർത്ഥം. നമ്മോടൊപ്പം പങ്കെടുക്കുന്ന എല്ലാവർക്കും ആ പ്രാധാന്യം കൊടുക്കണം എന്നത് കൂടിയാണ്. ഒരു കുടുംബമായാൽ പോലും എല്ലാവരും ചേർന്നാലോചിച്ചു ഒരു തീരുമാനമെടുക്കുന്നതും, അതിനു വേണ്ടി പരിശ്രമിക്കുന്നതും ഏറ്റവും ഉചിതമായിരിക്കും. ഇതാകട്ടെ ഈ മാസത്തെ ചിന്ത.


ഡോ. സുനീത് മാത്യു    

പറച്ചിലിൻറെ കുറച്ചിൽ

 


എന്തുപറയുന്നു എന്നതിലല്ല. എങ്ങനെപറയുന്നു എന്നതിലാണ് കാര്യം എന്ന് തോന്നുന്നു. കഥയായാലും, കവിതയായാലും, ചിത്രമായാലും, ചരിത്രമായാലും, നിയമമായാലും, വാർത്തയായാലും, എന്തുപറഞ്ഞാലും  ഇതുതന്നെ കാര്യം. നറേറ്റീവ് (narrative) എന്ന് ആംഗലേയത്തിൽ പറയാം. ഇതുകൊണ്ടു ഗുണവും ദോഷവുമുണ്ട്.

ഒരു കാര്യം പലരീതിയിൽ പറയാം. കഥയിലും, കവിതയിലും, ചിത്രങ്ങളിലും, ലേഖനത്തിലും,  നാടകത്തിലും മറ്റു കാലാരൂപങ്ങളിലും ഇതൊരു നല്ലകാര്യമാണ്. സ്വതന്ത്രമായി എഴുതാം, വായിക്കാം, പറയാം, ചമയ്ക്കാം…അങ്ങനെ പലതും ചെയ്യാം. സാൽവദോർ ഡാലിയേയും രാജാരവിവർമയേയും നമ്മൾ താരതമ്യം ചെയ്യാറില്ല. വില്യം ഷെയ്ക്സ്പിയറിനെയും കാളിദാസനേയും താരതമ്യം ചെയ്യാത്തതുപോലെ. പറയുന്ന രീതി പ്രധാനമാണ്, കലയുടെ ആത്മാവുതന്നെ നരേറ്റീവിലാണ്. പറച്ചിലിൽ സ്വന്തമായൊരു രീതിശാസ്ത്രം ഉണ്ടാക്കിയെടുത്തവരാണ് അറിയപ്പെടുന്ന എല്ലാ കലാസാഹിത്യ നായകരും.

സർഗ്ഗസാഹിത്യത്തിൽ സത്യമില്ല, ഭാവനകൾ മാത്രം. ഭാവനകൾക്കതിരുകളുമില്ല. സത്യങ്ങളെ അധികരിച്ചെഴുതുമ്പോഴും ഭാവനാത്മകതക്കാണവിടെ മുൻ‌തൂക്കം. ആത്മകഥകളും ഈ ഗണത്തിൽ കൂട്ടിയാൽ മതി. ഒരാൾ സ്വന്തം ജീവിതത്തിലെ നല്ലകാര്യങ്ങൾ ഭാവനാത്മകമായി പറയുന്നത് മാത്രമാണ് ആത്മകഥനങ്ങൾ. സാഹിത്യകാരർ പറയുന്നതൊക്കെ അങ്ങനെ കണ്ടാൽ മതി. കവിതയ്ക്ക് പൊയ് അഴകെന്നു ഏതോ പഴയ തമിഴ് ഗാനത്തിൽ കേട്ടതോർക്കുന്നു.

പക്ഷെ ചരിത്രകാരൻമ്മാരും, ഭരണാധികാരികളും, നിയമവ്യവസ്ഥിതിയും, മാധ്യമങ്ങളുമൊക്കെ പറച്ചിലിൽ ഈ സ്വാതന്ത്യം എടുത്താലോ? പ്രശ്നമാണ് സാർ! പ്രശ്‌നം സങ്കീർണ്ണമാണ്. ‘പൊയ്’ അത്രക്കൊന്നും അഴകല്ല അവിടെയൊക്കെ എന്നതാണ് കാരണം. ഒരു സത്യത്തിനു പല വ്യാഖ്യാനങ്ങളുണ്ടാകുമ്പോൾ ജനം കുഴഞ്ഞുപോകും. കാരണം സാഹിത്യം പോലല്ല. ഈ പൊയ്‌കളൊക്കെ നമ്മുടെ സുഗമമായ ജീവിതത്തെ തന്നെ ബാധിക്കുന്നതാണ്. ജനത്തിനാവശ്യമായ നിയമങ്ങൾ നിർമ്മിക്കാതെ, നിർമ്മിച്ചാൽത്തന്നെ അത് നടപ്പിലാക്കാതെ, വെറും കഥപറഞ്ഞു സത്യത്തെ മറച്ചാൽ, കുഴയാതെ എന്തുചെയ്യും? മേൽപ്പറഞ്ഞ മേഖലകളിൽ എന്തുപറയുന്നു എന്നതുപോലെതന്നെ  സൂഷ്മമായിരിക്കണം എങ്ങനെ അവതരിപ്പിക്കുന്നു എന്നതും.

രാഷ്രീയക്കാരെ ഈ പട്ടികയിലേ ഉൾപ്പെടുത്തുന്നതിൽ കാര്യമില്ല. നിയമനിർമ്മാണികളും മർമ്മാണികളൊക്കെയാണെങ്കിലും, കളവിന്റെ മാത്രം നറേറ്റീവുമായി നടക്കുന്നവരെക്കുറിച്ചു എന്ത് പറയാനാണ്. നിങ്ങൾ ഒരു പാർട്ടി അനുഭാവിയാണെങ്കിൽ ക്ഷമിക്കണം. സത്യം അതുപോലെ പറയുന്ന ഒരു രാഷ്ട്രീയക്കാരനെയും കാണുവാനുള്ള ഭാഗ്യം ഉണ്ടായിട്ടില്ല. പിന്നെയല്ലേ ജന നന്മക്കുള്ള നിയമങ്ങൾ ഉണ്ടാക്കുന്നത്. ലോകായുക്തയെ നിലക്ക് നിർത്താനും ഗവർണറെ ഷണ്‌ഡവല്‍ക്കരിക്കാനും ഉള്ള നിയമം കൊണ്ടുവന്നിട്ടുവേണം നാട്ടുകാർക്ക് അരി വാങ്ങാൻ! ഒരു പാർട്ടിയെക്കുറിച്ചല്ല. എല്ലാവരും ഇതൊക്കെത്തന്നെയാണ് ചെയ്യുന്നത്. 

മാധ്യമങ്ങൾ, അല്ല ചില മാധ്യമ പ്രവർത്തകൻ വല്ലപ്പോഴും  സത്യങ്ങളൊക്കെ വിളിച്ചു പറയാറുണ്ട്. എന്തോ കാരണത്താൽ അൽപായുസ്സുകളായ, വംശനാശഭീഷണിയിലായ ഇവരെ ഇടക്ക് കേൾക്കുമ്പോൾ, കാണുമ്പോൾ, വായിക്കുമ്പോൾ ആശങ്കയാണ്. ഇങ്ങനെ അധികനാളൊന്നും കാണാനാകില്ലല്ലോ എന്ന ആശങ്ക.

ചരിത്രത്തിൽ പലതും കളവാണ്. തിരികെപ്പോയി സ്ഥിരീകരിക്കാൻ വഴികളില്ലാത്തതുകൊണ്ടു കേൾക്കുന്നതും വായിക്കുന്നതും വിശ്വസിക്കുകയേ നിവൃത്തിയുള്ളൂ. കഴിഞ്ഞ ഇരുപതു വർഷം നിങ്ങൾ നേരിൽ കണ്ടതും അനുഭവിച്ചതുമായ  എന്തെങ്കിലും ഒരു കാര്യം ഏതു രീതിയിലാണ് മനസ്സിലാക്കപ്പെട്ടിരിക്കുന്നതെന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നതെന്നും മാത്രം നോക്കിയാൽ മതി. പലരുടെയും മനസ്സിലൂടെയും പറച്ചിലിലൂടെയും പരുവപ്പെട്ടു ഇവയൊക്കെ ചരിത്രത്തിൽ മറ്റൊരുരീതിയിൽ എഴുതപ്പെടും, വായിക്കപ്പെടും, അറിയപ്പെടും, കൊണ്ടാടപ്പെടും. വളച്ചൊടിക്കപ്പെട്ട സത്യങ്ങളുടെ കൂമ്പാരത്തെ ചരിത്രമെന്നു വിളിക്കുന്നു നാം.

കേരളത്തിലെ സർവ്വകലാശാലകളെക്കുറിച്ചു പല വാർത്തകളും നിങ്ങൾ വായിച്ചിട്ടുണ്ടാകുമല്ലോ?   സീസർമാരുടെ ഭാര്യമാരോട് സഹതപിക്കുകയേ തൽക്കാലം നിവൃത്തിയുള്ളൂ (സീസർക്കില്ലാത്ത ഉളുപ്പ് ഭാര്യക്ക് വേണമെന്നു വാശിപിടിക്കരുത്). കാരണം, ഇതൊക്കെ തന്നെയാണ് കഴിഞ്ഞ കാൽ നൂറ്റാണ്ടിലും  സർവ്വകലാശാലകളിൽ നടക്കുന്നത് (നേരിട്ടറിയുന്നതാണ്, കൂടുതൽ വിശദമായി പിന്നൊരിക്കൽ പറയാം). ഇതൊക്കെ പുതിയകാര്യങ്ങൾ എന്നപോലെ അവതരിപ്പിക്കപ്പെടുമ്പോൾ ഒരു കൗതുകം. അത്രതന്നെ. ഇനിയും ഇതല്ലാതെയൊന്നും അവിടെ സംഭവിക്കില്ല.  ഇതൊക്കെ മാത്രമാണ് ഇപ്പോൾ കേരള മോഡൽ ഡെവലപ്മെൻറ് (മണ്മറഞ്ഞ മഹാന്മാരെയും അവരുടെ പരിശ്രമങ്ങളെയും മറന്നല്ല ഇത് പറയുന്നത്). പാർട്ടികളുടെയും, അണികളുടെയും ഉദ്യോഗവൃന്ദങ്ങളുടേയും, കാശുള്ളവന്റെയും ജീവിതവും ഭാവിയും മാത്രമേ വികസിക്കുന്നൂള്ളൂ. ബാക്കിയുള്ളവരെല്ലാം മറ്റുരാജ്യങ്ങളിലോ സംസ്ഥാനങ്ങളിലോ പോയി കഷ്ടപ്പെട്ട് പണിയെടുക്കുന്നുണ്ടാകും, ജീവിതം വികസിപ്പിക്കാൻ. പറഞ്ഞുവന്നത് പറച്ചിലിനെക്കുറിച്ചു തന്നെയാണ്. സർവ്വകലാശാല നിയമനങ്ങളുമായി ബന്ധപ്പെട്ട കക്ഷികളുടെ പറച്ചിൽ കേൾക്കുമ്പോൾ ചിരിക്കാതെന്തു ചെയ്യും. ഓരോരുത്തരും അവർക്കു തോന്നിയതൊക്കെ പറയുന്നു. ഒരുകാര്യം ഉറപ്പിച്ചു പറയാം. സത്യം ജയിക്കില്ല, കാരണം സത്യം എന്താണെന്നുപോലും ആർക്കുമറിയില്ല. എല്ലാം കുറേ കഥയില്ലാത്ത പറച്ചിലുകൾ മാത്രം. 

മേൽപറഞ്ഞ എല്ലാ ആഖ്യാനങ്ങളും വ്യാഖ്യാനങ്ങളും സഹിക്കാം. നിയമത്തെ, നിയമവ്യവസ്ഥയുടെ തലതൊട്ടപ്പൻമ്മാർ തന്നെ വളച്ചൊടിച്ചു പുതിയ വ്യാഖാനങ്ങളുണ്ടാക്കുമ്പോൾ ഭയപ്പെടണം, ആശങ്കപ്പെടണം. കാരണം അത് ഒരു രാജ്യത്തിന്റെ അടഞ്ഞ ഭാവിയുടെ അവസാനത്തെ ആണിക്കല്ലാണ്‌. മറ്റൊന്നും പ്രതീക്ഷിക്കാനില്ലാത്തവന്റെ അവസാന ആശ്രയമാണത്. കോടതികൾ കൂടി  തോന്നുന്നതുപോലെ പറഞ്ഞു തുടങ്ങിയാൽ…പിന്നെ നിങ്ങളെ ആര് രക്ഷിക്കും?

ദൈവം രക്ഷിക്കട്ടെ!

നിങ്ങൾക്ക് ഇതുവായിച്ചു ദേഷ്യമാണ് വരുന്നതെങ്കിൽ ഇത് എന്റെ മാത്രം പറച്ചിൽ അല്ലെങ്കിൽ കുറച്ചിൽ ആണെന്ന് കരുതി സദയം ക്ഷമിക്കണം!


സുമേഷ് രാമചന്ദ്രൻ

വിമ്മിട്ടം

 











എന്തു വിമ്മിട്ടം !

ഒന്നു പരിചയം നടിക്കുവാന്‍,

എന്തു മടി

ആ ചുണ്ടൊന്നു വിടരുവാന്‍,

വാക്കിലും പിശുക്കുന്നു,

കണ്ണു ഗൌരവം ചുമക്കുന്നു,

തല കനം വെയ്ക്കുന്നു,

ഇല്ല നീ ഇവിടത്തി –

ലെവിടത്തിലും.

അന്നുനാമടിവെച്ച പാതയി –

ലിന്നുനീയടിതെറ്റിടും,

അന്നുനാം പങ്കിട്ട വാക്കുകള്‍-

ക്കിന്നുനീ ചെവിപൊത്തിടും,

അന്നുനാം നീന്തിയ പുഴ –

യിന്നഴുക്കുചാലെങ്കിലും,

അന്നത്തെസൌഹൃദം

ശ്വസിക്കുന്നു ഞാ –

നിന്നുമീ പുഴക്കാറ്റിലും


ഇ.എസ്. സതീശൻ 

കണ്ണാടി

 


പരസ്യത്തിലെ വീട്ടമ്മ  ഒരൊറ്റ സ്ക്രാച്ചിൽ പള പള വെട്ടി തിളങ്ങുന്ന പിഞ്ഞാണം ഉയർത്തി കാട്ടുന്ന ആ മായാജാലത്തെ ഓർത്ത് ചിറി കോട്ടി തലേന്നത്തെ കോഴിക്കറിയുടെ എണ്ണയും മസാലയും പുരണ്ട പാത്രങ്ങൾ ഞാൻ മടുപ്പോടെ, തട്ടു പൊളിപ്പൻ ശബ്ദത്തോടെ യാതൊരു  ഉത്സാഹവുമില്ലാതെ കഴുകി  തീർത്തു കൊണ്ടിരുന്നു.

ഇനിയുമുണ്ട് ഒരു പറ്റം പണികൾ.

ചില ദിവസങ്ങളിൽ അങ്ങനെയാണ്. എത്രയെടുത്താലും തീരില്ല. ആകെ ഒരു മടുപ്പോടെയാണ് അന്നേ ദിവസങ്ങളിൽ ഉണർന്നെഴുന്നേൽക്കുന്നത് തന്നെ.

വാസ്തവത്തിൽ ഇവിടെ ഇത്രയധികം  പണിയുണ്ടോ?

ഇല്ല!

പക്ഷേ എങ്കിലും ഈയിടെയായി വല്ലാത്തൊരു മടുപ്പാണ്. പത്തു പതിനെട്ടു വർഷമായി ഒരേ പണികൾ, ഒരേ ദിനചര്യകൾ ചെയ്തു പോരുന്ന ഒരു പെണ്ണുടലിനുള്ളിലെ മനസ്സിന്റെ മരവിപ്പ് പടർന്ന മടുപ്പ്.

ചിലപ്പോൾ  കൗമാരത്തിലെ പോലെ നാൽപതുകളിലും  മനസ്സ് ചില നേരം വല്ലാതെ തളിർക്കുന്നത് പോലെയും, പിന്നെ ചില നേരം മടുപ്പിന്റെ വിഷവായു ചുറ്റും പടരുന്നത് പോലെയും, പിന്നെയും ചിലനേരം വിഷാദത്തിന്റെ കാർമേഘങ്ങൾ പൊതിഞ്ഞ ഉള്ളകം ചുട്ടുപൊള്ളി ആരും കാണാതെ, ഒന്നിനും വേണ്ടിയല്ലാതെ ഉറക്കെ കരയാനും തോന്നും.

ഇനി ഇതിനൊന്നും പറ്റിയില്ലെങ്കിൽ

“എന്റെ അതെങ്ങാനും കണ്ടോ?” എന്ന് ചോദിച്ചു വരുന്ന കെട്ട്യോനോടും,മക്കളോടും നേരം വെളുക്കുമ്പോൾ  മുതൽ ചെയ്യുന്ന കണക്കില്ലാത്ത ജോലിയെ കുറച്ച്‌  നേരോം കാലോം നോക്കാതെ പൊട്ടിത്തെറിക്കും.

ഒടുവിൽ “നിനക്കിവിടെ എന്തോന്ന് ആണിത്ര പണി, അടുക്കും ചിട്ടയോടും  കൂടി ചെയ്താൽ വെറും രണ്ടു മണിക്കൂർ നേരത്തെ പണിയല്ലേ ഇവിടുളളൂ..”എന്ന് അങ്ങേരെ കൊണ്ട് ചോദിപ്പിക്കും.

അവിടെ എന്റെ ആത്മാഭിമാനം  തല പൊക്കുകയും “ഹും!അല്ലെങ്കിലും ഞാനിവിടെ ശമ്പളം  ഇല്ലാത്ത വേലക്കാരി അല്ലേ” എന്നുള്ള പതിവ് ആക്രോശത്തിൽ തുടങ്ങി ഒടുവിൽ കണ്ണും ചുവപ്പിച്ച് മൂക്കും  പിഴിഞ്ഞ് ഒന്ന് രണ്ടു സെന്റി ഡയലോഗും കൂടി  അടിക്കുമ്പോഴേക്കും സീൻ കയ്യീന് പോയിട്ടുണ്ടാകും.

പിന്നെ ബ്രേക്ക്‌ ഫാസ്റ്റ് കഴിക്കാതെ ചാടി തുള്ളി പുറത്തേക്കു പോകുന്ന കെട്ടിയൊന്റെയും, ഈ അമ്മക്കിതിന്റെയൊക്കെ  വല്ല കാര്യവും ഉണ്ടായിരുന്നോ എന്നുള്ള മക്കളുടെയും ചോദ്യത്തിന് മുന്നിൽ ആയുധം വച്ച് കീഴടങ്ങി, പിന്നുള്ള പകൽ മുഴുവൻ മുഷിഞ്ഞ മനസ്സോടെ അങ്ങ് ചടഞ്ഞുകൂടും.

കഴുകി വെളുപ്പിച്ച പാത്രത്തിൽ ഒന്നിൽ നെറ്റിത്തടത്തിലെ മുടിയിഴകളിൽ  വെള്ള  വരകൾ വീണു തുടങ്ങിയത് കണ്ട് നെഞ്ചിലൊരു കനവും, ഉള്ളിലൊരു മടുപ്പും വീണ്ടും വന്നുറഞ്ഞുകൂടി.

മുറിയിലേക്ക് ചെന്ന് കണ്ണാടിയിൽ നോക്കുമ്പോൾ കണ്ടു വെള്ളി വരകൾക്ക് പുറമേ കൺതടത്തിൽ ചുളിവിന്റെയും  കരുവാളിപ്പിന്റെയും പുതിയ തുടക്കങ്ങൾ.

കണ്ണാടിയിൽനിന്നും കണ്ണുകൾ മാറ്റിയത് ഭിത്തിയിൽ ഫ്രെയിം ചെയ്തു വച്ചിരിക്കുന്ന  ഇരുപതുകാരി ചിരിക്കുന്ന നവവധുവിന്റെ കാന്തം പോലുള്ള കണ്ണുകളിലേക്കാണ്.

എത്ര ഊർജം നിറഞ്ഞതായിരുന്നു  അന്നത്തെ പകലുകൾ. കിട്ടിയ ജോലി വേണ്ടെന്ന് വച്ച് ആരും നിർബന്ധിക്കാതെ തന്നെ മുഴുവൻ സമയ വീട്ടമ്മയായി. പിന്നീടങ്ങോട്ട് ഏറ്റവും നല്ല വീട്ടമ്മ പട്ടത്തിനായുള്ള പെടാപാട് ആയിരുന്നു.

പിന്നെ  പിന്നെ സൗകര്യങ്ങൾ കൂടി വന്നു. ജീവിതം കൂടുതൽ എളുപ്പമായി.

അതോടൊപ്പം ഇതൊക്കെ എന്ത്‌ എന്നൊരു തോന്നലും.

ആവർത്തിച്ചുള്ള ദിനചര്യകളിൽ നിന്നും  ഒരു ഉയർത്തെഴുന്നേൽപ്പിനു വേണ്ടി ഓരോ പുതുവർഷത്തിലും കണ്ട സ്വപ്നങ്ങളുടെ ഫലമായി മുട്ടോളം കാട് പിടിച്ച ഒരു പച്ചക്കറി തോട്ടവും, പായൽ പിടിച്ച ചെടി ചട്ടികളും, മുകളിലെ മുറിയിൽ പൊടി പിടിച്ച ഒരു തയ്യൽ മെഷ്യനും അങ്ങനെ പലതും ഒരു സ്മാരകമായി ഈ വീടിനു ചുറ്റും നില കൊള്ളുന്നുണ്ട്.

കണ്ണാടിയിലേക്ക് നോക്കി മാറിയേ പറ്റൂ എന്നൊരു തീരുമാനം എടുക്കുമ്പോൾ “എങ്ങനെ?”എന്നൊരു  ചോദ്യം ഉള്ളിൽ കുടുങ്ങി.

ഫോൺ റിംഗ് ചെയ്യുന്നത് നോക്കിയപ്പോൾ  ഭർത്താവാണ്‌.

കൗസല്യമ്മായി ആശുപത്രിയിൽ ആണെന്നും, നീ ഇങ്ങോട്ട് വാ ഞാനിവിടെ വെയിറ്റ്  ചെയ്യാമെന്നും അദ്ദേഹം പറഞ്ഞപ്പോൾ ഞാൻ ചോദിച്ചത് ഇന്ന് വേണമോ എന്നാണ്.

ഒരുങ്ങി ഇറങ്ങാൻ വല്ലാത്തൊരു മടി!

അർബുദം പിടിച്ച് ദിനമെണ്ണി കഴിയുന്ന അമ്മായിയെ കാണാൻ പോലും നിനക്കിത്ര മടിയോ പെണ്ണേ എന്ന് ഉള്ളിലിരുന്ന് മറ്റൊരു ഞാൻ പല്ല് ഞെരിച്ചു.

ആശുപത്രിയിലെ കാഴ്ച ദയനീയമായിരുന്നു. ഞാൻ നശിപ്പിച്ചു  കളഞ്ഞ ഓരോ പകലിന്റെയും വില എനിക്ക് മനസ്സിലാക്കാൻ ദൈവം അവിടെ കുറച്ച് കാഴ്ചകൾ കരുതിയിരിക്കുന്നത് പോലെ എനിക്കു തോന്നി.

പുറത്ത് ലോകവും,യുവത്വവും ആഘോഷതിമിർപ്പിലാണ് . എന്നാൽ ഇവിടെ ഒരു പറ്റം ജീവിതങ്ങൾ കൈ വെള്ളയിലൂടെ ഒലിച്ചു പോകുന്ന ജീവനെ നോക്കി വെറുതേ  നെടുവീർപ്പിടുന്നു.

പെട്ടെന്ന് അവിടെ ഒരു സ്ത്രീ ഏങ്ങി  കരയുന്ന കേട്ട് അമ്മായിയിടെ കയ്യിലേക്ക് ജീവന്റെ തരിപ്പ് നിലനിർത്താനുള്ള ഔഷധം ശ്രദ്ധയോടെ ധൃതിയിൽ നിറക്കുന്ന സിസ്റ്ററോട് കാര്യം  തിരക്കി.

“അവർക്ക് ഉച്ച ഭക്ഷണം കിട്ടി കാണില്ല. ഇന്ന് ആരെങ്കിലും സപ്ലൈ ചെയ്ത  ഭക്ഷണം തീർന്നിട്ടുണ്ടാകും. ഇതിവിടുത്ത സ്ഥിരം കാഴ്ചയാണ്, ആരെങ്കിലുമൊക്കെ ഇങ്ങനെയുണ്ടാകും “

യാതൊരു കാരണവുമില്ലാതെ മടുപ്പോടെ മാറ്റി വച്ച രാവിലത്തെ ഭക്ഷണം എന്നെ നോക്കി പല്ലിളിക്കുന്നതായി എനിക്ക്  തോന്നി.

ദിക്കു മുട്ടിയ ഒരു തേങ്ങലോടെ ഞാൻ വാർഡിന് പുറത്തേക്കിറങ്ങി വരാന്തയിൽ വെറുതെയിരുന്നു. പുറത്ത് മീന മാസത്തിലെ പകൽ തിളച്ചു മറിയുകയാണ്.

“ചേച്ചീടെ മുടി എത്ര ഭംഗിയാ…”

തൊട്ടരികിൽ മരുന്ന് മണക്കുന്ന ശബ്ദം കേട്ട് ഞാൻ നോക്കി.

എന്റടുത്ത് ഒരു പെൺകുട്ടി…ഇരുപതോ ഇരുപത്തി അഞ്ചോ പ്രായം തോന്നുന്ന കരുവാളിച്ച മുഖത്ത് കുഴിഞ്ഞ കണ്ണുകളും ഒട്ടിയ കവിളുമുള്ള ഒരു പെൺകുട്ടി. തലയിൽ നിന്നും പാതിയിലേറെ മുടികളും പടിയിറങ്ങിയിരിക്കുന്നു. വിളർത്ത ചുണ്ടുകൾക്കിടയിൽ തെളിഞ്ഞ പുഞ്ചിരിയിൽ നിന്നും പോയ കാലത്തിൽ അവൾ എത്ര സുന്ദരിയായിരുന്നു എന്നെനിക്ക് ഊഹിക്കാൻ കഴിഞ്ഞു.

പഴ്സ് തുറന്ന് തൂവാലയെടുത്ത്  ഞാൻ എന്റെ മുഖത്തെ വിയർപ്പ് ഒപ്പിയെടുത്തു കൊണ്ട് ഉള്ളിലെ സഹതാപം മറച്ചു വച്ച് അവളോട് ചിരിച്ചു.

“ആ കണ്ണാടിയിലൊന്നു ഞാൻ നോക്കട്ടെ…”

ഞാൻ പേഴ്‌സ് തുറന്നപ്പോൾ അതിന്റെ മുകളിൽ ഒട്ടിച്ചിരുന്ന ഒരു കുഞ്ഞു കണ്ണാടി തുണ്ടിനെ അവൾ കണ്ടിരിക്കുന്നു.

“അച്ഛനോട് ഞാൻ എത്ര ദിവസായീന്നോ പറയുന്നു എനിക്കൊരു കണ്ണാടി വാങ്ങി തരാൻ. ഇവിടാണേൽ ഒരിടത്തും ഒരു ചില്ലു കഷ്ണം പോലുമില്ല.ഈ ആശുപത്രിയിലോട്ട് വരുന്നേനും മുന്നേ എത്ര നേരം കണ്ണാടി നോക്കിയിരുന്നതാണ് ഞാൻ…”

പലവട്ടം ചുമക്കിടയിൽ അവൾ പറഞ്ഞു തീർത്തത് കേട്ട് ഞാനൊന്നു പരിഭ്രമിച്ചു.പിന്നെ ഞാനെന്റെ കണ്ണാടി തുണ്ട് അവൾക്കു നേരെ കാണിച്ചു.

ഒരു കണ്ണാടിക്കപ്പുറമിപ്പുറം ഞങ്ങളിരുന്നു. ഈ കണ്ണാടി എന്നത് ഒരു ലോകമാണെന്നും അതിലെ ജീവിതങ്ങളുടെ രണ്ടു നേർ പകുതികളാണ് ഞങ്ങളെന്നും എനിക്കു തോന്നി.

നോവിന്റെയും വേദനയുടെയും കണ്ണീരിന്റെയും രോഗത്തിന്റെയും സമാനതകളില്ലാത്ത കഷ്ടപ്പാടിന്റെയും ഇരുണ്ട വശത്തിരുന്ന് ചിരിക്കുന്ന അവളെ സൗഭാഗ്യങ്ങൾക്ക് നടുവിൽ അലസതയുടെയും മടുപ്പിന്റെയും കുപ്പായമണിഞ്ഞ് ചിരിക്കാൻ മറന്ന ഞാൻ കണ്ണീരോടെ നോക്കി.

“വെറുതെയല്ല അച്ഛൻ കണ്ണാടി തരാത്തത്!എന്റെ രൂപം കണ്ട് ഞാൻ സങ്കടപ്പെടേണ്ട എന്നു കരുതീട്ടാണ്…”

ഞാനൊന്ന് ചിരിച്ചു

“ചേച്ചിക്കറിയുമോ… വേദനയാണ്. ഓരോ രോമകൂപങ്ങളിലൂടെയും. ഇത്രേം വേദനിക്കുമ്പോഴും കുടല് കത്തുന്ന പോലെ വിശന്നിട്ടും ഒരുരുള ചോറ് പോലും ഇറക്കാൻ കഴിയാതെയുമിരിക്കുമ്പോൾ  നമ്മുടെ ചന്തത്തിന് എന്ത് പ്രസക്തി. അപ്പോൾ നമുക്ക് നമ്മുടെ മുഖത്തെ കരുവാളിപ്പോ, കുഴിഞ്ഞ കണ്ണുകളൊ പിന്നോട്ടുന്തിയ നെറ്റിയോ ഒന്നും ഒരു പ്രശ്നമല്ല. വിശപ്പിനും വേദനക്കും മുന്നിൽ എന്തു പ്രണയവും സൗന്ദര്യവും… അല്ലേ”

അവൾ ചിരിച്ചു.

“പക്ഷേ ചേച്ചി… ഞാൻ അച്ഛനോട് പറഞ്ഞിട്ടില്ല എനിക്കു വേദനയുണ്ടെന്ന്. അമ്മയോട് പറഞ്ഞില്ല എനിക്ക് വിശക്കുന്നുണ്ടെന്ന്. അല്ലെങ്കിലേ അമ്മയിന്നു സങ്കടത്തിലാണ് ചോറ് കിട്ടിയില്ലെന്നും പറഞ്ഞ്.വെറുതെ എന്തിനാ ഇതും കൂടി പറഞ്ഞ് അവരെ…”

നില തെറ്റിയ ഒരു നിലവിളി എന്റെ ചങ്കിൽ കുടുങ്ങി എനിക്ക് നെഞ്ചു വേദനിക്കുകയും അതേ സമയം തന്നെ ശ്വാസം മുട്ടുകയും ചെയ്തു.

അമ്മായിയെ കണ്ട്  തിരിഞ്ഞു നടക്കുമ്പോൾ മരുന്നിന്റെ മണമുള്ള വാർഡിന് മുൻപിൽ

“ആശുപത്രിയിലേക്ക് ഭക്ഷണം വിതരണം ചെയ്യുവാൻ താല്പര്യമുള്ളവർ ഈ നമ്പറിൽ ബന്ധപ്പെടുക” എന്നൊരു അറിയിപ്പ് കണ്ടു.

അന്നു വൈകിട്ട് കയ്യിൽ കരുതിയ നമ്പറിലേക്ക് ഇരൂപത് പൊതി ഉച്ചഭക്ഷണം നാളെ മുതൽ തരാമെന്നു വിളിച്ചേൽക്കുമ്പോൾ എന്റെ മനസ്സിൽ ദാരിദ്ര്യത്തിന്റെ നിഴൽ രൂപം പോലെ ആ വലിയ കാൻസർ സെന്ററിന് ചുറ്റും താൻ കണ്ട കുറച്ച് ജീവിതങ്ങളായിരുന്നു.

ഒരു കണ്ണാടിക്കിപ്പുറം നിന്ന് ജീവിതത്തിന്റെ അകകാഴ്‌ചകൾ എനിക്കു മുന്നിൽ അനാവരണം ചെയ്ത ആ പെൺകുട്ടിക്കു വേണ്ടി പ്രാർത്ഥിച്ചു കൊണ്ട് ഞാൻ പിറ്റേന്ന് മടിയേതും കൂടാതെ ആശുപത്രിയിലേക്ക് നടന്നു… ഇനിയൊരു പകൽ പോലും എനിക്ക് വെറുതെ കളയാനില്ല എന്ന തിരിച്ചറിവോടെ…


സൗമ്യ മുഹമ്മദ്‌

കാട്ടുതീ









 നിറയെ പച്ചച്ച മലനിരകൾക്ക് കീഴെ

നിറയെ പച്ചച്ച പുൽമേടുകൾ.

കളകളമൊഴുകുന്നൊരു

കാട്ടരുവി നിറയെ പരൽമീനുകളുമായി.

വെള്ളിപരലിനെ നോട്ടമിട്ടങ്ങകാശത്തു

വെള്ളിപരുന്തങ്ങനെ ചുറ്റിപറക്കുന്നു.

പച്ചച്ച ഇളം പുല്ലു ചവച്ചുകൊണ്ടങ്ങനെ

പയ്യെ നടക്കുന്നു ഇളമാൻ കിടാങ്ങളും.

ഓടിക്കളിക്കുന്നുണ്ടവിടെ

ഓമനത്തം തുളുമ്പുന്ന മുയൽക്കുഞ്ഞുങ്ങളും.

വളർന്നു പടർന്നു കിടക്കുന്ന പൊക്കമാർന്ന

വമ്പിച്ച പച്ചപുൽക്കാടുകൾക്കപ്പുറം,

ഇളമാൻകിടാങ്ങളെ നോട്ടമിട്ടു

ഇമചിമ്മാതേ ശൗര്യവാനായൊരു മൃഗരാജനും.

പെട്ടെന്നതായൊരു ശബ്ദഘോഷം

പൊട്ടിത്തെറിച്ചപോൽ പൊട്ടിച്ചിരിച്ച്,

അർമാദിച്ചാഘോഷിച്ചു

ആർത്തുകൊണ്ടേ വരുന്നുണ്ടൊരു മനുഷ്യക്കൂട്ടം.

ഇളമാൻകിടാങ്ങൾ തുള്ളിപായുന്നു.

ഇത്തിരികുഞ്ഞൻ മുയലുകൾ മണ്ടി പായുന്നു.

നിത്യനാം ശത്രുവിനെ കണ്ടമാത്രേ

നിരാശയോടെ പിൻവലിയുന്നു മൃഗരാജനും.

വന്നെത്തിയോരതാ തിന്നുന്നു കുടിക്കുന്നു.

വർദ്ധിച്ചാമോദമോടെ.

കാട്ടരുവിയിലിറങ്ങുന്നു നീന്തിത്തുടിക്കുന്നു

കളകളമൊഴുകും അരുവിതൻ തീരെ

സെൽഫിയെടുത്തു രസിക്കുന്നു.

സന്ധ്യാ സൂര്യനും പടിഞ്ഞാറു താഴുന്നു.

തീക്കൂട്ടി നൃത്തം ചവിട്ടുന്നു

തീപാറും ചുവടുകൾ വയ്ക്കുന്നു.

മദ്യമൊഴുകുന്നു മദിരോത്സവം തുടങ്ങുന്നു

മതിമറന്നെപ്പോഴോ വീണുറങ്ങുന്നു

പുലർകാലേ മടങ്ങുന്നവർ

പുൽമേടാകെ മലിനമാക്കി.

കനലെരിയുന്നുണ്ടാവരുപേക്ഷിച്ച

കാട്ടുവിറകിനടുപ്പിൽ നിന്നും

ആഞ്ഞു വീശും മലങ്കാറ്റിൽ

ആളിപ്പടരുന്നു തീയാ കനലിൽ നിന്നും 

പിന്നെ പതുക്കെയതു കാട്ടുതീയായ്!

പുൽമേടും കടന്നങ്ങ് കാട്ടിലേക്കെത്തുന്നു.

വെന്തു വീഴുന്നു ഇളമാൻകിടാങ്ങളും

വെന്തു വീഴുന്നു മുയൽക്കുഞ്ഞുങ്ങളും

പ്രാണരക്ഷാർത്ഥം ഓടുന്നവയൊക്കെ

പ്രാണനും വാരിപിടിച്ചുകൊണ്ടേ.

പുൽപ്പടർപ്പുകൾക്കപ്പുറം

പതിയിരുന്ന മൃഗരാജനും

ഭീതിയോടലറി പായുന്നു

ഭീതി പറത്തി പറന്നുയുരുന്നു.

കാട്ടുപക്ഷികൾ മയിലും തത്തയും

കാക്കയും കുയിലും.

ചിറകു കരിഞ്ഞു വെന്തുവീഴുന്നതിൽ

ചില പിറാക്കൾ പാവങ്ങൾ.

ആളിപടർന്നൊരു തീയങ്ങനെ

ആഴ്ചകൾ നീണ്ടാളിപ്പടരുന്നു.

നീറി പിടയുന്നു നിരവധി ജീവനുകൾ

നിഷ്കളങ്കർ ചതിയെന്തെന്നറിയാത്തോർ.

അക്കാലേ ഈ ചതിക്കു കാരണഭൂതർ

അർമാദിച്ചാഘോഷിക്കുന്നു ജീവിതം, മറ്റൊരു കാനന ഭൂപ്രദേശേ.

മതിമറന്നവർ ആടുന്നു പാടുന്നു.

മലീമസമാക്കുന്നാ കാനനം.

മാനവരെന്നിവർക്ക്‌ പേർ

മനഃസാക്ഷിയില്ലാത്തോർ സ്വാർത്ഥർ.


ജിസ പ്രമോദ്

വീക് നെസ്സ്

 


ചെറുപ്പംതൊട്ടേ ചെടികളോടും, പൂക്കളോടും വല്ലാത്തൊരു മമതയായിരുന്നു അവൾക്ക്.

സ്കൂൾ വിട്ട് വരുമ്പോൾ, കാടെന്ന് പറഞ്ഞ് മറ്റുള്ളവർ വെട്ടിക്കളയുന്ന കുറ്റിക്കാടുകളെല്ലാം ശേഖരിച്ച് വരിക എന്നത് ഒരു ഹരമായിരുന്നു.

വളർന്ന് വലുതായി കല്ല്യാണം കഴിപ്പിച്ച് വിട്ടപ്പോഴും ആ ഭ്രമത്തിന് കുറവൊന്നുംവന്നില്ല. വീട്ടിലും, തൊടിയിലും ഒരു പാട് ചെടികളൊക്കെ വെച്ച് പിടിപ്പിച്ച് ഒരു വൃന്ദാവനം ഉണ്ടാക്കണമെന്നുള്ളത് അവളുടെ ചിരകാല സ്വപ്നമായിരുന്നു.

ഓരോ പുതിയ ചെടിയും വെച്ച് പിടിപ്പിച്ചതിനു ശേഷം അതിനടുത്ത് നിന്ന് മുപ്പത്തിരണ്ട് പല്ലും കാട്ടി ക്ലോസപ്പിലൊരു സെൽഫിയുമെടുത്ത്, ഫേസ് ബുക്കിലിട്ട് ലൈക്കും, കമൻറും വാരിക്കൂട്ടുകയും, വാട്സപ്പ് സ്റ്റാറ്റസ് ഇട്ട് വ്യൂയറുടെ എണ്ണം കൂട്ടുകയുമായിരുന്നു മറ്റൊരു വിനോദം.

നാട്ടിലുള്ള പരിചയക്കാരെയും, ബന്ധുജനങ്ങളെയും ചിരിച്ചു മയക്കി അവരുടെ വീട്ടിലുള്ള ചെടികളെല്ലാം ഏകദേശമവൾ വീട്ടിലെത്തിച്ചിട്ടുണ്ട്.

വണ്ടിയിൽ ടൗണിലേക്ക് പോകുമ്പോഴൊക്കെ റോഡരികിലുള്ള വീടുകളിൽ മുറ്റത്തും, ബാൽക്കണിയിലും നിരത്തിവെച്ചിരിക്കുന്ന ഉദ്യാന വല്ലരികളിലേക്ക്, ആർദ്രമായ അവളുടെ കടാക്ഷം പോയി വീഴാറുണ്ട്.

അങ്ങനെ വെറൈറ്റി, വെറൈറ്റി ചെടിയും, പുഷ്പവും പരതി നടക്കുന്ന സമയത്താണ് ഓൺലൈൻ പുഷ്പവസന്തങ്ങൾ അവളുടെ കണ്ണിൽ പെട്ടത്.

അതിൽ ചെടിയോടും പുഷ്പത്തോടും കൂടി നിൽക്കുന്നൊരെണ്ണം അവളുടെ നയനത്തെ ഭ്രമിപ്പിച്ചു. വിലയിത്തിരി കൂടുതലാണെങ്കിലും അത് വേണ്ടെന്ന് വെയ്ക്കുവാൻ അവളുടെ മനസനുവദിച്ചില്ല.

അങ്ങനെ സന്തോഷത്തിന്റെ പൂത്തിരികൾ മൂന്ന് നാലെണ്ണം മനസിൽ കത്തിച്ച് അതിനവൾ ഓർഡർ ചെയ്തു.

ഉദ്ദേശിച്ചതിനെക്കാളും വേഗത്തിൽ തന്നെ ഓർഡർ ചെയ്ത മുകുളം വന്നണഞ്ഞു. അതിന്റെ സുഗന്ധമവളെ മത്തുപിടിപ്പിച്ചു.

പുതിയ ചെടി നാലാളെ കാണിച്ചില്ലെങ്കിൽ ഒരു സമാധാനവും ഇല്ല. അതിനെ ചേർത്തണച്ച് മുത്തമിട്ട് അഞ്ചാറ് ക്ലോസപ്പ് സെൽഫിയെടുത്ത് അറഞ്ചം, പുറഞ്ചം ഫേയ്സ്ബുക്കിൽ വാരി വിതറി.

ക്ഷണനേരം  ലൈക്കും, കമന്റും ഷെയറും കൊണ്ട് ഫെയ്സ് ബുക്ക് ഗ്യാലറി നിറഞ്ഞു. അതു വരെ കിട്ടാത്തൊരു ആത്മ നിർവൃതിയോടെയവൾ അന്ന് സുഖമായുറങ്ങി.

പിറ്റേന്ന് നിർത്താതെയുള്ള കോളിംങ് ബെല്ലിന്റെ ഭ്രാന്തെടുത്ത ശബ്ദം കേട്ടാണ് ഉറക്കമുണർന്നത്. വാതിൽ തുറക്കുമ്പോൾ തന്നെ കണികാണുവാൻ വെച്ച പുതിയ ചെടിക്കു പകരം, അവളുടെ മിഴികളിൽ ഉടക്കിയത് അഞ്ചാറ് കാക്കിയണിഞ്ഞ പോലീസുകാരായിരുന്നു. സംഭവമെന്താണെന്നു പിടികിട്ടാതെ വാ പൊളിച്ചവൾ പുറത്തേക്ക് ചെന്നു.

“നിങ്ങളാണോ ചിക്കു കുര്യൻ “

അതേയെന്നവൾ തലയാട്ടി .

“ഫെയ്സ് ബുക്കിൽ ഇട്ടിരിക്കുന്ന ഈ ഫോട്ടോ നിങ്ങൾ എടുത്ത് ഇട്ടത് തന്നെയല്ലേ..?”

“അതേ സാറെ…ഓർഡർ ചെയ്ത് ഇന്നലെ എത്തിയതേ ഉള്ളു. നല്ല ഭംഗിയില്ലേ… സർ”

“ഉവ്വ്… ഉവ്വ് നല്ല ഭംഗി . ഇനി ഇതിന്റെ ഭംഗിയൊക്കെ സ്റ്റേഷനിൽ പോയി ആസ്വദിച്ചാൽ മതി.”

“അയ്യോ…! അതെന്താ സാറങ്ങനെ പറഞ്ഞേ..?”

“എന്റെ പെണ്ണുംമ്പിള്ളേ ഇത് കഞ്ചാവാണ്. കനാബിസ്  എന്ന ഗണത്തിൽ പെട്ട പുഷ്പ്പിക്കുന്ന കഞ്ചാവ് ചെടി. നല്ല ഒന്നാന്തരം ലഹരി ! അതാണ് നിങ്ങൾ വെറൈറ്റി ചെടി, വടിയെന്നൊക്കെ പറഞ്ഞ് ഓൺലൈൻ വഴി സ്വന്തമാക്കിയത്”.

എല്ലാം കേട്ട് വാ പൊളിച്ച് മിഴിച്ചു നിൽക്കുന്ന ചിക്കു കുര്യനോടായി പോലീസ്  പറഞ്ഞു.

” ന്റെ ,സാറേ സത്യായിട്ടും എനിക്കിത് കഞ്ചാവാണെന്ന് അറിയത്തില്ലായിരുന്നു. അതിൽ വേറെന്തോ പേരായിരുന്നു കണ്ടത്. സത്യായിട്ടും ഞാൻ നിരപരാധിയാ”ണെന്ന് പറഞ്ഞ്  കണ്ണീരൊലിപ്പിച്ച് മൂക്കു ചീറ്റി.

അക്കാര്യത്തിൽ അവർക്ക് യാതൊരു മനസറിവും ഇല്ലെന്ന് മനസിലായ പോലീസുകാരൻ ജീപ്പിലേക്ക് നോക്കി കൊണ്ട്

“ഡോ..സുഗുണാ ആ വണ്ടീലിരിപ്പുള്ള പെട്രോളും, തീപ്പെട്ടിയും എടുത്തോണ്ട് വാ”.

ആളി കത്തുന്ന തീജ്വാലയിൽ കഞ്ചാവ് ചെടിയിൽ നിന്നും ഉയരുന്ന പുക ചെറിയ ചെറിയ വലയങ്ങളായി വായുവിൽ വിലയം പ്രാപിക്കുന്നത് നോക്കി കൊണ്ടവൾ നെഞ്ച് തടവി വെറും മണ്ണിലേക്ക് കുഴഞ്ഞിരുന്നു .


രമ്യ രതീഷ്

മനസ്സ്

 

ലോകമാവുന്ന മഹാസാഗരം തൻ

കൈപിടിക്കുള്ളിൽ  ഒരുക്കിയവൻ ആര്?

മാനോ മയിലോ മത്സ്യമോ?

ലോകത്തിൻ ഇഴകൾ കീറിമുറിച്ചവൻ

തേടുന്നു നിൻ ഉൾക്കാമ്പെന്ത്?

എല്ലാം കൈപ്പിടിയിൽ ഒതുക്കി വരുന്ന നീ ആര്?

ദൈവത്തിൻ സൃഷ്ടി നീ  മനുഷ്യൻ.

നരൻ, നരകത്തെയും സ്വർഗത്തെയുംനിർണയിച്ചവൻ,

നന്മയെയും തിന്മയെയും കൊണ്ടുവന്നവൻ,

ദൈവത്തെയും പ്രേതത്തെയും സൃഷ്ടിച്ചവൻ

കറുപ്പിനെയും വെളുപ്പിനെയും വേർതിരിച്ചവൻ.

എല്ലാം നിർണയിച്ച നീ

മനുഷ്യ മനസ്സ്  എന്തെന്ന് പറയുക?

അതിൻ ഉൾക്കാമ്പെന്തെന്നു കാട്ടുക?

നീ അറിഞ്ഞ മനുഷ്യ മനസ്സിൻ കാതൽ കാട്ടുക

” കഴിയില്ല മനുഷ്യാ നിനക്ക്….. “

മുക്കോടി കാലങ്ങൾ താണ്ടിയാലും

മനുഷ്യമനസ്സിൻ ചഞ്ചലം അറിയാൻ

അതിൻ ഭാവങ്ങൾ അറിയാൻ

മനസ്സ് എന്തെന്നറിയാത്ത സാഗരം

എവിടെയെന്നറിയാത്ത മന്ത്രികം.


അശ്വതി. കെ

അതിഥി

 


“സോമേട്ടനെ കാണാനൊരാൾ  വന്നിട്ടുണ്ട്. “

ഊണു കഴിഞ്ഞ് കിടക്കുകയായിരുന്നു സോമേട്ടൻ.

തന്നെക്കാണാൻ ആരുവരാനാണ്?  ഇവിടെവന്നിട്ട് രണ്ടുമാസവും ഏഴുദിവസവുമായി. ഇതുവരെയാരും വന്നിട്ടില്ല. മക്കളാരും നാട്ടിലില്ല.  ഇനിയവർ അടുത്തവർഷത്തെ അവധിയ്ക്കോ, മറ്റോ വന്നാലായി!

‘തണലിൽ’ എത്തിയശേഷമാണ് സോമേട്ടന് ഇങ്ങനൊരുശീലം തുടങ്ങിയത്. എല്ലാവരും ഉറങ്ങുമ്പോൾ വെറുതെ കണ്ണടച്ചു കിടക്കും. അല്ലാതെന്തു ചെയ്യാൻ, നേരം പോകേണ്ടേ! പണ്ടൊക്കെ  ഊണുകഴിഞ്ഞ് വരാന്തയിലെ ചാരുകസേരയിൽ കിടന്ന്  റേഡിയോയിലെ പാട്ടുകൾ ആസ്വദിക്കുമായിരുന്നു. ആ സമയമൊക്കെ ജാനകിയും സമീപത്തുണ്ടാകും. രണ്ടാളുംകൂടി പാട്ടിനെക്കുറിച്ചും, പഴയ സിനിമകളെക്കുറിച്ചുമൊക്കെ സംസാരിക്കും. എത്രപറഞ്ഞാലും തീരാത്ത കാര്യങ്ങൾ!

സോമേട്ടനൊരിക്കലും പകലുറങ്ങാറില്ല. പുലർച്ചെ അഞ്ചര മണിയ്ക്ക്തന്നെ ഉണരും. ജാനകി പശുവിനെ കറന്നിട്ടുണ്ടാവും. പാൽ സൊസൈറ്റിയിൽ കൊടുത്ത് തിരിച്ചു വരുമ്പോഴേയ്ക്കും, അയാൾക്കുള്ള ഏലക്കച്ചായയുമായി ജാനകി വാതിൽക്കലുണ്ടാവും. ചായകുടിച്ച്   തോട്ടത്തിലേയ്ക്ക്.. റബ്ബർവെട്ടി പാലെടുത്ത് വന്നിട്ടാണ് കാപ്പി കുടിക്കുന്നത്. കപ്പപ്പുഴുക്കും, കുടംപുളിയിട്ടുവറ്റിച്ച മീൻകറിയുമാണ് കൂടുതലിഷ്ടം. ഇടയ്ക്കൊക്കെ കോഴിക്കറിയും, കള്ളപ്പവും, പോത്തിറച്ചിയുമൊക്കെ സോമേട്ടൻ്റെ ഇഷ്ടമനുസരിച്ച് ജാനകി ഉണ്ടാക്കിക്കൊടുക്കും.

ജാനകി എന്തുണ്ടാക്കിയാലും  അതിനൊരു പ്രത്യേക രുചിയാണ്. കാപ്പികുടി കഴിഞ്ഞാലുടൻ പാടത്തേയ്ക്ക്. ഉണ്ണാൻ വരുമ്പോഴേയ്ക്കും നന്ദിനിപ്പശുവിനുള്ള ഒരുകെട്ടു പുല്ലുമുണ്ടാവും തലയിൽ. ഊണും, വിശ്രമവും കഴിഞ്ഞ് ഒരു കട്ടൻകാപ്പിയും കുടിച്ച്  മൂന്നുമണിയോടെ വീണ്ടുംപറമ്പിലേയ്ക്ക്. ആറുമണിവരെ കൃഷിപരിപാലനം.  സോമേട്ടൻ്റെ  കരവിരുതിൽ പൊന്നുവിളയുന്നമണ്ണ്. നാട്ടുകാർ വിളിക്കുന്ന ഇരട്ടപ്പേരാണ്  ‘കർഷകശ്രീ സോമേട്ടൻ’ന്ന്.

 ആ വിളി കേൾക്കുമ്പോഴെല്ലാം സോമേട്ടൻ്റെ ചുണ്ടിൽ ഒരു ഗൂഡസ്മിതം പൊട്ടിവിരിയാറുണ്ട്.

ജാനകി പോയതോടെ എല്ലാം താളംതെറ്റി.

‘തണൽവീടിൻ്റെ ‘ പാർലറിൽ ഫാദറിനോട് സംസാരിച്ചുകൊണ്ട് ഇരിക്കുന്ന ജോമോനെ ദൂരെ കണ്ട സോമേട്ടൻ്റെ ഉളളം തുടിച്ചു. ജോമോൻ ആഹ്ളാദത്തോടെ എണീറ്റ് വന്ന് അയാളെ കെട്ടിപ്പിടിച്ചു.

സോമേട്ടനും സന്തോഷം കൊണ്ട് ഉൻമാദാവസ്ഥയിലായി.

“ഇതെന്താ സോമേട്ടാ.. സുഖമില്ലേ? ആളാകെ മാറിപ്പോയല്ലോ?”

അയാളുടെ  ജരാനരകൾ ബാധിച്ച മുഖത്തേയ്ക്കും, ശോഷിച്ച ശരീരത്തിലേയ്ക്കും നോക്കി ജോമോൻ ചോദിച്ചു.

നാലുമാസം മുൻപ് താൻകണ്ട ആരോഗ്യദൃഡഗാത്രനായിരുന്ന സോമേട്ടനിൽനിന്നും,  ഇപ്പോഴുള്ള സോമേട്ടനിലേയ്ക്ക് നാലു വർഷത്തിലധികം ദൈർഘ്യം തോന്നുന്നു.

“ഡാ.. ജോമോനേ.. നീയെന്നാടാ വന്നത്? നീയെങ്ങനറിഞ്ഞു ഞാനിവിടുണ്ടെന്ന്?”

“കഴിഞ്ഞദിവസം  വിളിച്ചപ്പോൾപോലും സോമേട്ടൻ ഇക്കാര്യമൊന്നും എന്നോട്പറഞ്ഞില്ലല്ലോ.

ഒന്നുംഞാനറിയില്ലന്ന് കരുതിയല്ലേ? പക്ഷേ.. എല്ലാം ഞാനറിയുന്നുണ്ടായിരുന്നു. ഞാൻവന്നിട്ട് രണ്ടാഴ്ചയായി.”

”എന്നിട്ട് നീഇന്നാണോടാ എന്നെക്കാണാൻ വരുന്നത്?” അയാൾ പരിഭവത്തോടെ ചോദിച്ചു.

“സോമേട്ടാ..  നാട്ടിലെത്തിയപ്പോഴേയ്ക്കും ഞാൻകുറച്ച് തിരക്കിലായിപ്പോയി. കുറേ ജോലികൾ ചെയ്യാനുണ്ടായിരുന്നു. ചെയ്യേണ്ട കാര്യങ്ങൾ കൃത്യസമയത്തുതന്നെ ചെയ്ത്തീർക്കണമെന്ന് എന്നെപ്പഠിപ്പിച്ച സോമേട്ടൻ അതൊക്കെ മറന്നോ?” ജോമോൻ ചോദിച്ചു.

“ഡാ..അതൊക്കെപ്പോട്ടെ. എന്തൊക്കെയുണ്ട്  നിൻ്റെ വിശേഷങ്ങൾ? കമ്പനീടെ മാനേജരായ ശേഷമുള്ള കാര്യങ്ങളെല്ലാം വിശദമായിപ്പറയെടാ  കേൾക്കട്ടെ.”

“പറയാം.. ഞാനെൻ്റെ കഥകളൊക്കെ സോമേട്ടനോടല്ലാതെ ആരോടു പറയാനാ? അതിനു മുൻപ്.. കർഷകശ്രീ സോമശേഖരൻ പിള്ളയെങ്ങനെ ഇവിടെത്തിയെന്ന് പറയ്?”

“അച്ഛനിവിടെ തനിയെ കഴിയേണ്ടന്ന് മക്കൾ പറഞ്ഞപ്പോൾ..  ഞാനാകുംപോലെ പറഞ്ഞതാടാ എൻ്റെ ജാനകിയുറങ്ങുന്ന മണ്ണുവിട്ട് എങ്ങോട്ടുമില്ലെന്ന്. പക്ഷേ..” പൂർത്തിയാക്കാനാവാതെ അദ്ദേഹം വിതുമ്പി.

സ്നേഹത്തോടെ സോമേട്ടൻ്റെ ഇരുകരങ്ങളും ഗ്രഹിച്ചു കൊണ്ട് ജോമോൻ പറഞ്ഞു. “സോമേട്ടന് മൂന്നല്ല.. നാലാണ് മക്കൾന്ന് ഇടയ്ക്കിടെ പറയാറില്ലേ. എന്നിട്ടെന്തേ.. എന്നോടിതൊന്നും പറയാതിരുന്നത്?”

“ജോമോനേ.. അത്.. ” ഇടറിയ വാക്കുകൾ അയാൾക്ക് പൂർത്തിയാക്കാനായില്ല.

അവരുടെ സംസാരമെല്ലാം  കേട്ടുകൊണ്ട്  ഫാദർപീറ്റർ അരികിലുണ്ടായിരുന്നു.  ‘തണൽവീട് ‘ എന്ന വൃദ്ധമന്ദിരത്തിൻ്റെ ഡയറക്ടർ.

“സോമേട്ടാ… നമുക്കൊരിടംവരെ പോകാനുണ്ട്. ദേ.. വണ്ടിയിലോട്ട് കയറിയിട്ടാവാം ബാക്കി സംസാരമൊക്കെ. ഫാദറുംകൂടി ഞങ്ങളോടൊപ്പം വരണം.”

ജോമോൻ്റെ വാക്കുകൾകേട്ട സോമേട്ടൻ  ആശ്ചര്യത്തോടെ ഫാദറിനെനോക്കി. ഫാദർ അയാളെനോക്കി ചെറുതായൊന്നു പുഞ്ചിരിച്ചു.

‘തണൽവീടിൻ്റെ ‘  മതിൽക്കെട്ടിനു പുറത്തേയ്ക്കിറങ്ങിയ കാറിൻ്റെ ഗ്ലാസിലൂടെ വിശാലമായ ആകാശനീലിമയും, ഒരു കർഷകനെ പുളകിതനാക്കുന്ന പ്രകൃതിയുടെ ഹരിതഭംഗിയും സോമേട്ടൻ ഏറെക്കാലത്തിനുശേഷം ആസ്വദിച്ചു.

അയൽക്കാരായ ജോസഫിൻ്റെയും ഭാര്യയുടെയും എട്ടുവർഷത്തെ കാത്തിരിപ്പിനു ശേഷമാണ്   ജോമോൻ ജനിച്ചത്. പിന്നീടവരുടെ ജീവിതം ജോമോനെന്ന ബിന്ദുവിനു ചുറ്റുമായി. ജോമോന് ഒൻപതു വയസുള്ളപ്പോഴാണ് ആ ഗ്രാമത്തെയൊന്നാകെ ദുഃഖത്തിലാഴ്ത്തിയ ദാരുണ സംഭവം. ഒരു ഉരുൾപൊട്ടലിൽ ജോമോൻ്റെ മാതാപിതാക്കളും, വീടും, കൃഷിസ്ഥലവുമെല്ലാം  നഷ്ടമായി. സ്ക്കൂളിലായിരുന്ന ജോമോൻ മാത്രം അവശേഷിച്ചു.  ജോമോനെ ഏറ്റെടുക്കുവാൻ ബന്ധുക്കളാരും എത്തിയില്ല. കർഷകരായ ജോസഫും, ലിസിയും ഇടുക്കിക്കാരാണ് എന്നല്ലാതെ നാട്ടുകാർക്ക്  അവരെക്കുറിച്ച് കൂടുതലൊന്നുമറിയില്ല.

അനാഥനായ ജോമോനെ ഹൃദയത്തോട് ചേർത്തുനിർത്തി തൻ്റെ മക്കൾക്കൊപ്പം സോമേട്ടൻ വളർത്തി, പഠിപ്പിച്ചു. പഠിക്കാൻ മിടുക്കനായ അവന് വേണ്ടിപണം മുടക്കുന്നത് സോമേട്ടൻ്റെ മക്കൾക്ക് ഇഷ്ടമായില്ലെങ്കിലും അവരുടെ എതിർപ്പ് വകവയ്ക്കാതെ  സോമേട്ടൻ അവൻ്റെലക്ഷ്യം സാധൂകരിച്ചു.ദുബായിലെ ഒരു കമ്പനിയിൽ ചെറിയ തസ്തികയിൽ ജോലിയ്ക്കു കയറിയ ജോമോൻ്റെ കഠിനപ്രയത്നം ഒന്നുകൊണ്ട് മാത്രമാണ്  ഇന്നവൻ കമ്പനിയുടെ മാനേജരാണ്.

”സോമേട്ടാ.. സ്ഥലമെത്തി, ഇറങ്ങിവാ..”

ജോമോൻ്റെ വാക്കുകളാണ് അയാളെ ചിന്തയിൽ നിന്നുണർത്തിയത്. മക്കളുടെ നിർബന്ധത്തിനു വഴങ്ങി അബൂബക്കറിന് വിറ്റ വീടിൻ്റെ മുറ്റത്താണ് താനിപ്പോൾ. വണ്ടിയിൽ നിന്നിറങ്ങിയ അയാൾ ചുറ്റുംനോക്കി. വീടും പരിസരവുമൊക്കെ വളരെ ഭംഗിയായിത്തന്നെ സൂക്ഷിച്ചിട്ടുണ്ട്. വല്ലാത്തൊരു നൊമ്പരം അയാളെ പൊതിഞ്ഞു. വീടിൻ്റെ വാതിൽത്തുറന്ന് ചെല്ലപ്പനിറങ്ങിവന്നു. ജാനകി പോയശേഷം തൻ്റെസഹായി ഇയാളായിരുന്നു. ചെല്ലപ്പനാവും എല്ലാക്കഥകളും ജോമോനെ അറിയിച്ചത്.

സോമേട്ടൻ്റെ കൈപിടിച്ച് വീടിൻ്റെ വരാന്തയിലേയ്ക്ക്  കയറ്റിയ ജോമോൻ ചാരുകസേര ചൂണ്ടിക്കാട്ടിയിട്ട് പറഞ്ഞു.

“സോമേട്ടാ അങ്ങോട്ടിരിയ്ക്ക്..”

കാറിൽനിന്നും ജോമോൻ ഒരുഫയൽ എടുത്തു  ഫാദറിൻ്റെ നേരെനീട്ടി.

“ഫാദർ അങ്ങുതന്നെയിത് സോമേട്ടനെ ഏൽപ്പിക്കണം.”

അത് വാങ്ങാതെ ഫാദർ പറഞ്ഞു. “ജോമോൻ നേരിട്ടു കൊടുക്കുന്നതാണ് നല്ലത്. ഇവിടെ ഞാനൊരു സാക്ഷിമാത്രം.”

അന്ധാളിച്ചുനിന്ന സോമേട്ടൻ്റെ കൈയ്യിൽ  ഫയൽ കൊടുത്തുകൊണ്ട് ജോമോൻ പറഞ്ഞു.

“സോമേട്ടാ.. ഈ വീടും, കൃഷിയിടവും ഇനി സോമേട്ടൻ്റെ സ്വന്തമാണ്. സഹായത്തിനെന്നും നമ്മുടെ ചെല്ലപ്പൻ ചേട്ടനുണ്ടാവും. ഇത് സ്വന്തമാക്കാനാണ് ഞാൻ രണ്ടാഴ്ചയായി പരിശ്രമിച്ചത്. കുറച്ച് കഷ്ടപ്പെട്ടാലും സോമേട്ടൻ്റെ  ഭൂമി  തിരിച്ചുവാങ്ങാൻ സാധിച്ചത് അങ്ങയുടെ നല്ലമനസിൻ്റെ നൻമയൊന്നുകൊണ്ടു മാത്രമാണ്. ‘കർഷകശ്രീ സോമേട്ടൻ’ ഇനിയുമീ മണ്ണിൽ പൊന്നു വിളയിക്കണം.

ഓരോ അവധിയ്ക്കുംഞാൻ ഓടി വരും. സോമേട്ടനെക്കാണാനല്ല… എൻ്റെ ചാച്ചനെ കാണാനായിട്ട്.  ഈ വീട്ടിലെന്നും, എൻ്റെ മാത്രം ചാച്ചനായ് എന്നുമിവിടെ സോമേട്ടനുണ്ടാവണം.”

വിതുമ്പുന്ന അധരങ്ങളോടെ, നിറഞ്ഞ കണ്ണുകളോടെ അവൻ ആധാരടങ്ങിയ ഫയൽ സോമേട്ടൻ്റെ കൈകളിൽ കൊടുത്ത ശേഷം ആ പാദം തൊട്ടുനമസ്ക്കരിച്ചു. ജോമോനെ മാറോടണച്ച്  ആ മൂർദ്ദാവിൽ ചുംബിക്കുമ്പോൾ സോമേട്ടൻ പൊട്ടിക്കരഞ്ഞുപോയി. എല്ലാത്തിനും സാക്ഷിയായിനിന്ന ഫാദർപീറ്റർ അപ്പോൾ മിഴികൾ  തുടയ്ക്കുകയായിരുന്നു.


മോളി ജോർജ് പാലക്കുഴി

സാഗരം


 ഒരു പാടു ദു:ഖങ്ങൾ

ഉള്ളിലൊളിപ്പിച്ചങ്ങരുമയായ്

നിന്നു ചിരിക്കുന്നു നീ ,

തിരമാലക്കൈകളായ് തീരത്തെ

പുൽകി നീയേകുന്നു

സാന്ത്വന സ്നേഹ മന്ത്രം

മുകളിലായ് ചിരി തൂകും

തിങ്കൾ വിളിക്കുമ്പോൾ ,

ഉയരുവാൻ കൈയ്യൊന്നു നീട്ടിടുന്നു ,

അതിലേറെ പ്രിയമോടെ

ധരയോ ക്ഷണിക്കുമ്പോൾ

തിരികെ വരുന്നു നീ തീരമാകെ

ഇടയിലായിങ്ങനെ ഇടനെഞ്ചു പൊട്ടി നിൻ

മിഴിനീരിലുപ്പു കലർന്നിടുന്നു

ചിലരിവിടെത്തി നിൻ കണ്ണുനീർ കണ്ടങ്ങു

ചിരിതൂകിയങ്ങു  രസിച്ചിടുന്നു ,

ഉരുകുന്ന ചില മനസ്സൊടുവിൽ നിൻ

മടിയിലേയ്ക്കഭയത്തിനായി വന്നെത്തിടുന്നു.


ജയേഷ് പണിക്കർ

അന്ധർ ബധിരർ മൂകർ


 

ശ്രീ ടി ഡി രാമകൃഷ്ണൻ എഴുതിയ അന്ധർ ബധിരർ മൂകർ എന്ന കൃതിയായിരുന്നു അദ്ദേഹത്തിന്റേതായി ഞാൻ ആദ്യമായി വായിക്കുന്ന പുസ്‌തകം എന്ന മുൻ‌കൂർ ജാമ്യത്തോടെ ആ പുസ്‌തകവുമായി ബന്ധപ്പെട്ട എൻറെ വായനാനുഭവം ഇവിടെ കുറിക്കുന്നു.

‘സാമൂഹ്യപ്രതിബദ്ധതയുള്ളവനാകണം ഒരു സാഹിത്യകാരൻ’. നാട്ടിൽ ഒച്ചപ്പാട് ഉണ്ടാക്കുന്ന ഏതൊരു വാർത്തയോട് ചേർന്നും ഇതുപോലുള്ള ഒരു ആവശ്യം ആരെങ്കിലും ഉന്നയിച്ച് കേൾക്കാറുണ്ട്. സാഹിത്യകാരൻ ആയിപ്പോയി എന്ന ഒറ്റക്കാരണത്താൽ എല്ലാ വിഷയത്തെക്കുറിച്ചും ആധികാരികമായി പ്രതികരിക്കുവാൻ സാധിക്കുന്ന ഒരാളായി ഒരാൾ മാറും എന്ന് ഞാൻ വിശ്വസിക്കുന്നില്ല. എന്നാൽ ഏത് വിഷയത്തെക്കുറിച്ചും ഏതൊരാൾക്കും എഴുതാനുള്ള സ്വാതന്ത്ര്യം നമ്മുടെ സമൂഹം അനുവദിച്ചുനൽകിയിട്ടുണ്ട്. ആ സ്വാതന്ത്ര്യത്തിൻറെ മകുടോദാഹരണമാണ് ശ്രീ.ടി.ഡി.രാമകൃഷ്ണൻ എഴുതിയിട്ടുള്ള ‘അന്ധർ ബധിരർ മൂകർ’.

ജനാധിപത്യരാജ്യമായ ഇന്ത്യയിൽ ഒരു നിയമം മൂലം ഒരു സമൂഹം അനുഭവിക്കേണ്ടി വരുന്ന അവസ്ഥയെയാണ് നോവലിൻറെ പേര് അർത്ഥമാക്കുന്നത്. ഭൂമിയിൽ ഒരു സ്വർഗം ഉണ്ടെങ്കിൽ അത് ഇതാണ് ഇതാണ് എന്ന് ജവഹർലാൽ നെഹ്‌റു വിശേഷിപ്പിച്ച കാശ്മീരിന് പ്രത്യേക അധികാരം നൽകിയ ഭരണഘടനാ ആർട്ടിക്കിൾ 370 എടുത്തുകളഞ്ഞതിനെ തുടർന്ന് കാശ്മീരി ജനത അനുഭവിക്കുന്ന പ്രതിസന്ധികളാണ് നോവലിൻറെ ഇതിവൃത്തം. ഇന്ത്യയിലെത്തന്നെ ഏറ്റവും മനോഹരമായ ആ ഭൂപ്രദേശം സ്വാതന്ത്ര്യത്തിന് ശേഷം ഏറ്റവും കൂടുതൽ സംഘർഷങ്ങളിലൂടെ കടന്നുപോയിട്ടുള്ള മേഖല കൂടിയാണ്. സംഘർഷങ്ങളും തീവ്രവാദികളും പട്ടാളക്കാരും നിരന്തരം ജീവിതത്തിൽ പ്രതിസന്ധികൾ തീർക്കുമ്പോൾ സ്വാഭാവികമായും അതിന് ഏറ്റവും കൂടുതൽ വിലകൊടുക്കേണ്ടി വരുന്നത് ലോകത്തിലെത്തന്നെ ഏറ്റവും സുന്ദരികൾ എന്ന് വിശേഷിപ്പിക്കപ്പെടുന്ന കാശ്മീരി പെണ്ണുങ്ങൾ തന്നെയാണ്.

ഫാത്തിമ നിലോഫർ ഭട്ട് എന്ന കാശ്മീരി പെൺകൊടി പറയുന്നതായാണ് നോവലിൻറെ അവതരണം. അതിമനോഹരമായിത്തന്നെ നോവലിസ്റ്റ് ഒരു പരകായപ്രവേശം നടത്തിയിരിക്കുന്നു. ഒരു ഘട്ടത്തിൽ ആശ്ചര്യത്തോടെ  മാത്രമേ  ഇത് ശരിക്കും നിലോഫർ ഭട്ട് അല്ല ടി.ഡി.രാമകൃഷ്ണൻ ആണ് എഴുതിയത് എന്ന് മനസിലോർക്കൂ. ഒരു കാശ്മീർ നിവാസി പറയുന്നത് പോലെ കൺമുന്നിൽ ദിവസവും കാണുന്ന സ്ഥലങ്ങൾ എന്നപോലെ കാശ്മീരിനെ മനോഹരമായി വിവരിച്ചിരിക്കുന്നു.

സ്വന്തമായി അസ്തിത്വം ഉള്ള ഒരു ഭൂപ്രദേശം രാഷ്ട്രീയമായ കാരണങ്ങളാൽ അവരുടെ സ്വാതന്ത്ര്യം നഷ്ടപ്പെട്ട് ദുരിതങ്ങളിൽ നിന്നും ദുരിതങ്ങളിലേക്ക് കൂപ്പുകുത്തുന്നത് വായനയുടെ ഓരോ ഘട്ടത്തിലും അനുഭവിച്ചറിയാൻ സാധിക്കുന്നു. ദൗർഭാഗ്യവശാൽ അവരുടെ സ്വാതന്ത്ര്യം തച്ചുതകർക്കുന്ന വില്ലൻ കഥാപാത്രമായി ഇന്ത്യയും നമ്മുടെ സൈനികരും കടന്നുവരുന്നതിൻറെ അസ്‌കിത മാറ്റിനിർത്തി വായിച്ചാൽ കൈറ്റ് റണ്ണർ പോലെ മനോഹരമായ ഒരു കൃതി തന്നെയാണ് ‘അന്ധർ ബധിരർ മൂകർ’. നായരും സിക്കുകാരനും കാശ്മീരിയും ഉൾപ്പെട്ട ഇന്ത്യൻ സൈനികരാൽ മാനഭംഗം ചെയ്യപ്പെട്ട് അതിൽ ആരുടെയോ ഒരാളുടെ മകളായി പിറക്കേണ്ടിവരുന്ന കാശ്മീരി പെൺകൊടിയാണ് നായികയായ ഫാത്തിമ നിലോഫർ ഭട്ട്. പ്രതിക്ഷേധക്കാരെ തുരത്താൻ ഇന്ത്യൻ സൈന്യം നടത്തുന്ന പെല്ലറ്റ് ആക്രമണത്തിൽ കണ്ണിനു തകരാർ സംഭവിച്ച പുത്രനെയും അവൻറെ സഹോദരനെയും പ്രായമായ അമ്മയെയും  കൂട്ടി നടത്തുന്ന പലായനം പലപ്പോഴും മനസിനെ ആർദ്രമാക്കും. ഇന്ത്യയുടെ കയ്യിൽ നിന്നും കശ്മീർ ജനതയെ റാഞ്ചിയെടുക്കാൻ തക്കംപാർത്തിരിക്കുന്ന താലിബാൻ പോലുള്ള ഭീകരസംഘടനകളെയും വിഘടനവാദികൾക്ക് വളംവെച്ചു കൊടുക്കുന്ന പാകിസ്ഥാനെയും ഇതിൽ കാണാം. ഇന്ത്യൻ സൈനികർ ഇല്ലെങ്കിൽ കശ്മീർ താഴ്വരയുടെ അവസ്ഥ എന്ത് എന്നതും കൃതിയിൽ വ്യക്തമാണ്. കശ്മീർ വിഷയം പൊക്കിപ്പിടിച്ചുള്ള ഒരു രാഷ്ട്രീയ നോവൽ ആയി മാറാതെ കൃതി ഒരുക്കിയതിന് ശ്രീ. രാമകൃഷ്ണൻ പ്രത്യേകം അഭിനന്ദനം അർഹിക്കുന്നു.

ഒറ്റയിരുപ്പിന് വായിച്ചുതീർക്കാവുന്ന ഒരു ചെറിയ നോവൽ ആണ് ‘അന്ധർ ബധിരർ മൂകർ’. അങ്ങനെ ഒരു വായനയെ സഹായിക്കുന്ന ഒഴുക്കുള്ള, ആകാംക്ഷ നിലനിർത്തിക്കൊണ്ടുള്ള രചന തന്നെയാണ് രചയിതാവ് സ്വീകരിച്ചിട്ടുള്ളതും. വായനയുടെ ലോകത്ത് വലിയ അനുഭവം ഇല്ലാത്തതിനാൽ നമ്മുടെ മലയാളത്തിൽ നിന്ന് ഇതുപോലെ ഭരണകൂടത്തെയും സൈനികരെയും വിമർശനാത്മകമായി പ്രതിനായകപക്ഷത്ത് പ്രതിഷ്ഠിച്ചിരിക്കുന്ന ഒരു മുഖ്യധാരാ നോവൽ എന്നെ ശരിക്കും അത്ഭുതപ്പെടുത്തി എന്നത് സമ്മതിച്ചുകൊണ്ട് അവസാനിപ്പിക്കുന്നു.


അനൂപ് സുനന്ദൻ

ഇന്തോന്വേഷ്യൻ ദിനങ്ങൾ

 



അധ്യായം 18: കിഴക്കിന്റെ വെനീസ്


ഇത്തവണത്തെ എന്റെ ഇന്തോന്വേഷ്യൻ യാത്രയുടെ തുടക്കം തെക്കൻ സുമാത്രയിലെ പലംബാങിൽ നിന്നുമായിരുന്നു. സിംഗപ്പൂർ വഴിയായിരുന്നു ഞാൻ പലംബാങിലെത്തിയത്. തെക്കൻ സുമാത്രയുടെ തലസ്ഥാനവും പലംബാങ് തന്നെ. വടക്കൻ സുമാത്രയുടെ തലസ്ഥാനം മെദാനും. ഈ രണ്ടു തലസ്ഥാനങ്ങൾ തമ്മിൽ 1400 കിലോമീറ്റർ ദൂരമുണ്ട്.

സുൽത്താൻ മുഹമ്മദ് ബദറുദീൻ രണ്ടാമൻ അന്തർദേശീയ വിമാനത്താവളമാണ് എന്നെ ഇവിടെ വരവേറ്റത്. ഹൃദ്യമായ പെരുമാറ്റമായിരുന്നു എല്ലാവരുടെയും. ഇന്ത്യക്കാർക്ക് ഇന്തോന്വേഷ്യയിൽ സൗജന്യ വിസ ആണെന്ന് ഞാൻ മുൻപ് പറഞ്ഞിരുന്നുവല്ലൊ!

കിഴക്കിന്റെ വെനീസ് എന്നാണ് പലംബാങ് അറിയപ്പെടുന്നത്. നമ്മൾ മലയാളികൾ ഇത് സമ്മതിച്ചെന്നുവരില്ല. നമ്മൾ പഠിച്ചത് ആലപ്പുഴയാണ് കിഴക്കിന്റെ വെനീസ് എന്നാണല്ലോ. എന്നാൽ നമ്മൾ അറിയേണ്ടതായ ഒരു കാര്യമുണ്ട്. പല രാജ്യങ്ങൾക്കും, ഒന്നോ ഒന്നിലേറെയോ, കിഴക്കിന്റെ വെനീസുകളുണ്ട്. ഇന്ത്യക്കു പോലുമുണ്ട് മൂന്നു വെനീസുകൾ. ആലപ്പുഴ, ശ്രീനഗർ, ഉദയ്പ്പൂർ എന്നിവയാണവ. ഇന്തോന്വേഷ്യയ്ക്കുമുണ്ട് മൂന്ന്. പലംബാങ്, സെമറാങ്, ബൻജാർമസിൻ എന്നീ സ്ഥലങ്ങളാണവ. എന്റെ അറിവിൽ നാൽപ്പത്തിയൊന്ന് വെനീസുകൾ ഏഷ്യയിലുണ്ട്.

മുസി നദിയുടെ ഇരു കരകളിലുമായാണ് പലംബാങ് എന്ന തുറമുഖ നഗരം സ്ഥിതി ചെയ്യുന്നത്. ഇത് ഡച്ചുകാർ വികസിപ്പിച്ചെടുത്ത നഗരമാണ്. തെക്കുകിഴക്കൻ ഏഷ്യയിലെതന്നെ ആദ്യകാല നഗരങ്ങളിലൊന്ന്. ഏഴാം നൂറ്റാണ്ടിൽ ശ്രീ വിജയ സാമ്രാജ്യത്തിന്റെ തലസ്ഥാനവും ഒരു പ്രധാന വാണിജ്യ സാമ്പത്തിക കേന്ദ്രവുമായിരുന്നു ഈ പട്ടണം.

2018 ലെ ഏഷ്യൻ ഗെയിംസ് നടന്നത് ഇവിടെയും ജക്കാർത്തയിലുമായായിരുന്നു. മുസി നദിയാണ് പലംബാങിന്റെ ഐശ്വര്യം. ഈ നദിയും ഇതിനോടനുബന്ധിച്ചുണ്ടായിരുന്ന നൂറ്റിയിരുപതു കനാലുകളുമായിരുന്നു ഈ നഗരത്തെ ഒരു വെനീസ് ആക്കി മാറ്റിയിരുന്നത്. ഇന്ന് മിക്ക കനാലുകളും റോഡായി മാറിക്കഴിഞ്ഞു. കനാൽ ഗതാഗതവും ഇല്ലാതായിക്കൊണ്ടിരിക്കുന്നു. മുസി നദിയിലൂടെയുള്ള ചരക്കു നീക്കം മാത്രമാണ് ഇന്ന് പ്രധാനമായും നടക്കുന്നത്.

മുസി നദിക്കു കുറുകെ ഒരു പാലമുണ്ട്.  പലംബാങിന്റെ നാഴികക്കല്ലാണ് ഈ പാലം. അമ്പേര പാലം എന്നാണിതിന്റെ പേര്. ഇരുന്നൂറ്റി ഇരുപതു മീറ്റർ ആണ് ഇതിന്റെ നീളം. അതാണ് മുസി നദിയുടെ ഇവിടത്തെ ഏകദേശ വീതിയും. നാൽപ്പത്തിനാലു മീറ്റർ ഉയർത്തുവാൻ കഴിയുന്ന ഒരു പാലമാണിത്. അതായത് അറുപതു മീറ്റർ വീതിയും നാൽപ്പത്തിനാല് മീറ്റർ ഉയരവുമുള്ള ഒരു കപ്പലിന് ഈ പാലത്തിനടിയിലൂടെ കടന്നുപോകുവാൻ കഴിയും. എന്നാൽ 1970 നു ശേഷം ഈ പാലം ഉയർത്തിയിട്ടില്ല എന്നാണറിവ്. പൂർണ്ണമായും നിയോൺ ദീപാലങ്കാരങ്ങൾ ചെയ്തിരിക്കുന്ന ഈ പാലം രാത്രികാലക്കാഴ്ച്ചകളിൽ മുന്നിലാണ്. ലണ്ടൻ പാലത്തിനെ അനുകരിച്ചാണ് ഈ പാലം നിർമ്മിച്ചതത്രെ. മുസി നദിയിലൂടെയുള്ള ബോട്ടുയാത്ര ഒരനുഭവം തന്നെയാണ്.

അംബേര പാലത്തിൽ നിന്നും ആറു കിലോമീറ്റർ താഴോട്ട് സഞ്ചരിച്ചാൽ, മുസി നദിയിൽ ഒരു മുക്കോൺ തുരുത്തുണ്ട്. കെമറോ ദ്വീപ് എന്നാണിതറിയപ്പെടുന്നത്. അവിടെ ഒൻപതു നിലകളുള്ള ഒരു ചൈനീസ് വിഹാരമുണ്ട്. ഇവിടെയുള്ള ചൈനീസ് വംശജരുടെ ആരാധനാ കേന്ദ്രമാണ് ഇത്.  ‘കെറ്റെക്ക്’ എന്നറിയപ്പെടുന്ന ഒരു ബോട്ടിൽ വേണം ഇവിടേയ്ക്ക് പോകുവാൻ. ചൈനീസ് ഉത്സവ നാളുകളിലിൽ ഇവിടം ജനസമുദ്രമായിരിക്കുമത്രേ. ഇത് ദ്വീപിന്റെ മധ്യഭാഗത്തായിട്ടാണ് നിർമ്മിച്ചിരിക്കുന്നത്. ഇതല്ലാതെ ഒരു ബുദ്ധക്ഷേത്രവും ഈ തുരുത്തിലുണ്ട്.

സുൽത്താൻ മുഹമ്മദ് ബദറുദീൻ രണ്ടാമൻ മ്യൂസിയമാണ് ഇവിടെ സന്ദർശിക്കേണ്ട മറ്റൊരു കേന്ദ്രം. കൊളോണിയൽ കാലഘട്ടത്തിലെ ഒരു കെട്ടിടത്തിനുള്ളിലാണ് ഇതിന്റെ പ്രവർത്തനം. ഈ മ്യൂസിയത്തിനോട് ചേർന്ന് മുസി നദിയുടെ കരയിൽ നിറയെ ഭോജനശാലകളാണ്. പലംബാങ്ങുകാരുടെ ആഘോഷവേദിയാണിതെന്നു തോന്നും, ഇവിടത്തെ തിരക്ക് കാണുമ്പോൾ.

ഗ്രേറ്റ് മോസ്ക് ഓഫ് പലംബാങാണ് മറ്റൊന്ന്. ഭക്തരെയും സഞ്ചാരികളെയും ഒരുപോലാകർഷിക്കുന്ന ഒരു മനോഹര നിർമ്മിതി. സുൽത്താൻ മുഹമ്മദ് ബദറുദീൻ ഒന്നാമന്റെ പേരിലാണ് ഈ മോസ്ക് അറിയപ്പെടുന്നത്. ഇന്തോന്വേഷിയൻ മോസ്ക് നിർമ്മാണ രീതിയിൽ നിന്നും വിഭിന്നമായി ഇവിടെ രണ്ടു മിനാരങ്ങൾ ഉണ്ട് എന്നൊരു പ്രത്യേകതയുമുണ്ട്.

പലംബാങ്ങു ഭരിച്ചിരുന്ന സുൽത്താൻമാരായിരുന്നു മുഹമ്മദ് ബദറുദീൻ ഒന്നാമനും രണ്ടാമനും. രണ്ടാമന് മരണാനന്തര ബഹുമതിയായി രാജ്യം ‘ദേശീയ നായക’ പദവി നൽകി ആദരിക്കുകയുമുണ്ടായി. ഇന്തോന്വേഷ്യയിലെ ഏറ്റവും വലിയ പദവിയാണ് നാഷണൽ ഹീറോ ഓഫ് ഇന്തോന്വേഷ്യ. പലംബാങ് നഗരത്തിൽ നിന്നും പുറത്തേക്കു പോയാൽ ധാരാളം കാഴ്ച്ചകൾ ഉണ്ടായിരുന്നു.

എന്നാൽ എന്റെ ലക്ഷ്യം ഈ യാത്രയിൽ പലംബാങ് ആയിരുന്നില്ല. ഇവിടെനിന്നും 400 കിലോമീറ്റർ ദൂരത്തിൽ കിടക്കുന്ന ബാങ്ക എന്ന അതി മനോഹരമായ ഒരു ദ്വീപ് ആയിരുന്നു. ഈ ദ്വീപിനു നമ്മോടു ബന്ധപ്പെട്ടിരിക്കുന്ന ഒരു ചരിത്രമുണ്ട്. 1812 ൽ ഈ ദ്വീപ് ബ്രിട്ടീഷുകാർ സ്വന്തമാക്കുകയും 1814 ൽ നമ്മുടെ കൊച്ചി ഡച്ചുകാർക്കു പകരമായി നൽകുകയുമായിരുന്നു.


ഡോ സുനീത് മാത്യു

സോറിയാസിസ്‌

 


മാറിവരുന്ന ജീവിത സാഹചര്യങ്ങളുടെ പ്രതിഫലനമെന്നവണ്ണം ഇപ്പോൾ വളരെ സാധാരണമായിക്കൊണ്ടിരിക്കുന്ന ഒരു രോഗമാണ് സോറിയാസിസ്‌. മാറരോഗത്തിന്റെ വകുപ്പിലാണ് ആധുനിക വൈദ്യ ശാസ്ത്രം ഈ രോഗത്തെ പെടുത്തിയിരിക്കുന്നത്‌. രോഗം വരാനുള്ള യഥാർത്ഥ കാരണം വ്യക്തമല്ല. ശരീരം സ്വയം ആക്രമിക്കുന്ന ഓട്ടോ ഇമ്മ്യൂൺ രോഗമായിതു കരുതപ്പെടുന്നു. (റുമറ്റോയിഡ്‌ ആർത്രൈറ്റിസ്‌, ലൂപ്പസ്‌, സീലിയാക്‌ ഡിസീസ്‌, മൾട്ടിപ്പൾ സ്ക്ല്Iറോസിസ്‌.എന്നിങ്ങനെ ധാരാളം രോഗങ്ങൾ ഈ വിഭാഗത്തിലുണ്ട്‌.)

തണുപ്പു കാലാവസ്ഥയിലും മാനസിക സമ്മർദ്ധം കൊണ്ടും രോഗം അധികരിക്കാറുണ്ട്‌. ത്വക്കിനു പറ്റുന്ന പരിക്കുകൾ ത്വക്കിൽ സോറിയാസിസിനു കാരണമാകാം, ഇതിനെ “കോബ്നർ ഫിനോമെനൻ” എന്ന് പറയുന്നു.

സാധാരണക്കരിൽ നിന്നു വ്യത്യസ്ഥമായി ഇവരിലെ ത്വക്കിലെ കോശങ്ങൾ ധാരാളമായി പെരുകുന്നു.അവ ഒത്തു ചേർന്നു പാളികളായി, വെളുത്തു വെള്ളി നിറമുള്ള ചിതമ്പലുകൾ പോലെ ഇളകി പോകുന്നുതാണു ബാഹ്യ ലക്ഷണം. ത്വക്കിലെ രോഗബാധിത ഭാഗത്തിനു ചുറ്റും ചുവപ്പു നിറം കാണാം. ചൊറിച്ചിലും പുകച്ചിലും അനുഭവപ്പെടാറുണ്ട്‌.

എവിടെയൊക്കെ ബാധിക്കാം?

സോറിയാസിസ്‌ പലഭാഗത്തും ബാധിക്കാം. പലരൂപത്തിലും ഭാവത്തിലും വരാം. സോറിയാസിസ്‌ വൾഗാരിസ്‌ എന്ന വ്യാപിക്കുന്ന രീതിയിലുള്ളവ, കുത്തുകൾ പോലെയുള്ളവ(GUTTATE PSORIASIS), ശരീരത്തിന്റെ മടക്കുകളിൽ കാണുന്ന ഇൻവേർസ് സോറിയാസിസ്‌ (INVERSE PSORIASIS), പഴുപ്പോടു കൂടിയ പസ്റ്റുലാർ സോറിയാസിസ്‌, കൂടാതെ നഖത്തെ മാത്രം ബാധിക്കുന്നവയും സന്ധികളെ ബാധിക്കുന്നവയും തലയിൽ മാത്രം കാണുന്നവയും  കൈകാലടികളെ മാത്രം ബാധിക്കുന്നവയും ഉണ്ട്‌.

ത്വക്കിനുണ്ടാകുന്ന ക്ഷതങ്ങൾ, രോഗാണു ബാധകൾ, ചില മരുന്നുകളുടെ പാർശ്വ ഫലങ്ങൾ എന്നിവയും ചില അലർജ്ജികൾ കൊണ്ടും രോഗമുണ്ടാകാം, അധികരിക്കാം.

രോഗലക്ഷണങ്ങൾ:

ത്വക്ക് പിങ്ക് കലർന്ന ചുവപ്പ് നിറത്തിൽ കാണപ്പെടും, വെള്ള പൊറ്റലുകളും  കാണപ്പെടും. വരണ്ടു വിള്ളലുകളും ഉണ്ടാകും, പൊറ്റകൾ പൊളിച്ചാൽ  രക്തം പൊടിയും.

ചിലരിൽ പുകയുന്ന പോലെയും മറ്റുചിലരിൽ ചൊറിച്ചിലും അനുഭവപ്പെടുകയും ചെയ്യാം

നഖങ്ങൾ കുഴികൾ ഉള്ളതും വരകളോടെയും, ചിലപ്പോൾ വേഗത്തിൽ പൊട്ടിപോകുന്നതും ആകുന്നു.

സന്ധികളെ ബാധിച്ചാൽ അവിടെ വേദനയും നീർവീക്കവു, വരാം. ചിലരിൽ ത്വക്ക് പഴുക്കാറുമുണ്ട്

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബാഹ്യലേപനങ്ങൾ ത്വക്കിന്റെ വരൾച്ച കുറയാൻ സഹായിക്കുമെങ്കിലും രാസവസ്തുക്കൾ അധികം അടങ്ങിയതു ഉപയോഗിക്കാതെ. “തേങ്ങവെന്ത വെളിച്ചെണ്ണ” പോലെ നിരുപദ്രവകരമായ ലേപനങ്ങളാണു ദീർഘകാല ഉപയോഗത്തിനു നല്ലത്‌. ശരീരത്തിൽ ജലാംശം കുറയാതെ നോക്കുക. സോപ്പിന്റെ ഉപയോഗം കുറയ്ക്കുക. പാലുൽപന്നങ്ങളും മാംസാഹാരങ്ങളൂം ചെമ്മീൻ പോലുള്ള ഷെൽഫിഷുകളും അസുഖങ്ങൾ കൂട്ടാം. മദ്യവും പുകവലിയും ഒഴിവാക്കുക. നന്നായി ഉറങ്ങുക.

അപകർഷത ബോധം വേണ്ട. ഇതു മറ്റുള്ളവരിലേക്കു പകരില്ല എങ്കിലും ഇതു രോഗികളിൽ ഉണ്ടാക്കുന്ന മാനസികാവസ്ഥ ഭികരമാണ്. രോഗത്തെ ഭയക്കുന്തോറും, വെറുക്കുന്തോറും ഇതു കൂടിക്കൊണ്ടിരിക്കുകയും ചെയ്യും. നിങ്ങളുടെ കുഴപ്പം കൊണ്ടു വന്നതല്ല രോഗം എന്ന യാഥാർത്യം മനസ്സിലാക്കുക. ഇതു പകരുകയില്ലന്നതും എല്ലാവരും അറിഞ്ഞിരിക്കുക.


ചികിൽസ

ആധുനിക വൈദ്യ ശാസ്ത്രത്തിന്റെ കാഴ്ച്ച്പ്പാടനുസരിച്ച്‌ ഈ രോഗം മാറ്റാൻ പറ്റില്ല. കുറയ്ക്കാനേ കഴിയൂ . അതിനായി സ്റ്റിറോയിഡുകൾ അടങ്ങിയ ഓയിന്മെന്റുകളും, അൾട്രാ വയലറ്റ്‌ രശ്മികൾ ഉപയോഗിച്ചുള്ള ചികിൽസകളും ചെയ്യാറുണ്ട്‌. എന്നാൽ ഹോമിയോപ്പതിയുടെ ചിന്താഗതി വ്യത്യസ്തമാണ്.

ജന്മനയുള്ള രോഗമല്ലല്ലോ. ഇതു പിന്നീടു വന്നതല്ലെ അതിനാൽ തന്നെ ഇതു വരാനുണ്ടായ സാഹചര്യം ഒഴിവാക്കിയാൽ രോഗം തിരിച്ചു പോകാം സാവധാനമെങ്കിലും. ചിലരിൽ വലിയ ഒരു മാനസിക ആഘാതത്തിനു ശേഷം ഈ രോഗം വന്നു കണ്ടിട്ടുണ്ട്‌. അത്തരക്കാരിൽ ഹോമിയോപ്പതി മരുന്നുകൾ ഉപയോഗിച്ച്‌ പൂർണ്ണമായും രോഗ ശമനം സാധ്യമായിട്ടുമുണ്ട്. ഹോമിയോപ്പതിയുടെ കാഴ്ച്ചപ്പാടനുസരിച്ച്‌ ഒരോരുത്ത്രിലും രോഗം തുടങ്ങുന്നതോ അധികരിക്കുന്നതോ ആയ കാരണം വ്യത്യസ്ഥമായിരിക്കും അതും രോഗിയുടെ മറ്റുള്ള ശാരീരിക പ്രത്യേകതകളും പരിഗണിച്ചു മരുന്നുകൾ കണ്ടെത്തിയാൽ രോഗം മാറ്റാനും, രോഗം വീണ്ടും വരുന്ന ഇടവേള കൂട്ടാനും.ഹോമിയോ മരുന്നുകൾ കൊണ്ടു സാധിക്കും.


ഡോ. മനോജ് കുമാർ റ്റി. ജി  

പ്രതികരണങ്ങൾ

 

മലയാള ഭാഷയ്ക്കു തന്നെ ഒരലങ്കാരമാണ് ഇതിവൃത്തം മലയാള മാസിക. നല്ല കഥകൾ, കവിതകൾ, ലേഖനങ്ങൾ എന്നിവയാൽ സമ്പുഷ്ടമായ ഒരു മാസിക. മലയാള സാഹിത്യം സ്ത്രീ എഴുത്തുകാരെ വേണ്ടത്ര പ്രോത്സാഹിപ്പിക്കുന്നില്ല എന്ന് പലയിടങ്ങളിലും കാണുന്നുണ്ട്. അതിനൊരപവാദം കൂടിയാണ് ഈ മാസിക. ധാരാളം നല്ല എഴുത്തുകാരെ വായനക്കാർക്ക് പരിചയപ്പെടുത്തുന്നുണ്ട് ഈ മാസിക. അതിൽ വലിയൊരു ശതമാനം എഴുത്തുകാരും സ്ത്രീകൾ ആണ് എന്നതിൽ ഒരു സ്ത്രീ എന്ന നിലയിൽ വലിയ അഭിമാനം തോന്നുന്നു.

നിർമ്മല എം കെ , ചാലക്കുടി

പേരുപോലെ മനോഹരങ്ങളായ ഇതിവൃത്തവും. ഞാൻ ആസ്വദിച്ചു വായിക്കുന്ന ഒരു മാസികയാണ് ഇതിവൃത്തം. ശ്രീ സുമേഷ് രാമചന്ദ്രന്റെ പ്രതിപാദ്യം ആണ് ആദ്യം വായിക്കുക. സരസമായ പ്രതിപാദ്യം. ആരോഗ്യ, സഞ്ചാര ലേഖനങ്ങളും കേമം. പുസ്തകാസ്വാദനം പലപ്പോഴും ആ പുസ്തകങ്ങൾ വാങ്ങലിൽ തന്നെയെത്തിക്കുന്നു. കഥകളും കവിതകളും നിലവാരം പുലർത്തുന്നവ തന്നെ. ഇതിവൃത്തത്തിന്റെ വിജയ യാത്രയ്ക്ക് എല്ലാവിധ ആശംസകളും.

ഉദയൻ രാമകൃഷ്ണൻ, സിഡ്നി, ഓസ്ട്രേലിയ.

ഫേസ്ബുക്കിലൂടെയുള്ള പരിചയമാണ് എനിക്ക് ഡോ. സുനീത് മാത്യുവിനോടുള്ളത്.താങ്കളുടെ കുറച്ചു കഥകൾ ഞാൻ വായിച്ചിട്ടുണ്ടായിരുന്നു. മനോഹരമായ കഥകൾ ആയിരുന്നു. അവയെല്ലാം. എന്നാൽ ഇതിവൃത്തം മാസികയിൽ താങ്കളുടെ കഥകൾ കാണുന്നില്ല എന്നത് ദുഃഖകരം തന്നെയാണ്. ഇടയ്ക്കിടയ്ക്ക് താങ്കളുടെ കഥകളും പ്രതീക്ഷിക്കുന്നു. ഇന്തോന്വേഷ്യൻ ദിനങ്ങൾ മനോഹരമാകുന്നുണ്ട്. മാസികയിലെ സൃഷ്ടികൾ എല്ലാം മികച്ചവ തന്നെ. അഭിനന്ദനങ്ങൾ.

ഷൈനി സോമസുന്ദരം, തിരുവനന്തപുരം.

സ്പിനാച്ച് സൂപ്പ്

ധാരാളം ഗുണങ്ങളുള്ള ഒരു ഇലയാണ് ചീരയാണ്. ഇലക്കറികളുടെ രാജ്ഞി എന്നു തന്നെ വിളിക്കാം. ഊർജ്ജം കുറഞ്ഞതും, പോഷകമൂല്യങ്ങൾ കൂടിയതുമായ ഈ ഇല നമ്മുടെ ആരോഗ്യത്തിനു അത്യുത്തമമാണ്. പ്രതിരോധ ശക്തി ഉയർത്തുന്നതിലിരുന്ന്, ശരീരത്തിലെ മിക്ക അവയവങ്ങളുടേയും പ്രവർത്തനത്തിന് സഹായകരമായി പ്രവർത്തിക്കുന്നു. ശരീരത്തിലെ ജലാംശം നഷ്ടപ്പെടാതെ സംരക്ഷിക്കുന്നു. വിശപ്പു കുറയ്ക്കുവാൻ സഹായിക്കുന്ന ഇത് പ്രമേഹരോഗികൾക്ക് ഉത്തമമാണ്. അസ്ഥികളുടെ ബലക്ഷയം കുറയ്ക്കുന്നു. ചുവന്ന രക്താണുക്കളുടെ നിർമ്മാണത്തിലൂടെ വിളർച്ച കുറയ്ക്കുവാനും സഹായിക്കുന്നു. കണ്ണുകളുടെ സംരക്ഷണത്തിനും ഇതിന് കാര്യമായ പങ്കുണ്ട്. വീക്കം കുറയ്ക്കുന്നതിനും സഹായിക്കുന്ന ഈ ചീര ഹൃദയാരോഗ്യത്തിനും അത്യുത്തമമാണ്. പറഞ്ഞാൽ തീരാത്ത ഗുണങ്ങളാണ് ഇതിനുള്ളതെന്നു സാരം. ഇതുപയോഗിച്ചുണ്ടാക്കുന്ന ഒരു സൂപ്പ് പരിചയപ്പെടുത്തുന്നു.


ചേരുവകൾ

വലിയ ഉള്ളി ഒന്ന് ചെറുതായി അരിഞ്ഞത്

ബട്ടർ 2 സ്പൂൺ

നന്നായി അരിഞ്ഞ സ്പിനാച്ച് ഒരു കപ്പ്

നന്നായി അരച്ചെടുത്ത പുഴുങ്ങിയ ഉരുളൻകിഴങ്ങ് 250 ഗ്രാംസ്

നന്നായി വേവിച്ചു കൊത്തിയരിഞ്ഞ ചിക്കെൻ 100 ഗ്രാം

വേവിച്ചു കൊത്തിയരിഞ്ഞ പച്ചക്കറികൾ 100 ഗ്രാം

ഉപ്പ്, കുരുമുളക്, വെള്ളം ആവശ്യത്തിന്

സോർ ക്രീം 2 സ്പൂൺ

തയ്യാറാക്കുന്ന വിധം

ഒരു സോസപ്പാനിൽ ബട്ടർ ചേർത്തു ചെറിയ ചൂടിൽ അരിഞ്ഞു വച്ച വലിയ ഉള്ളി നന്നായി വരട്ടുക. അതിലേക്ക് ചിക്കെൻ, ഉരുളൻ കിഴങ്ങ്, പച്ചക്കറികൾ, വെള്ളം എന്നിവ ചേർത്ത് നന്നായി തിളപ്പിച്ച് തീ കുറച്ച് 15 മിനിട്ട് വേവിക്കുക. ഇതിലേയ്ക്ക് സ്പിനാച്ച് ചേർത്ത് വീണ്ടും 5 മിനിറ്റ് വേവിക്കുക. ഇത് ആറിയ ശേഷം ഒരു മിക്സിയിൽ നന്നായി അടിച്ചെടുക്കുക. ഇത് വീണ്ടും ഒരു സോസപ്പാനിൽ ചെറു ചൂടിൽ വേവിച്ച് അതിലേയ്ക്ക് കുരുമുളക്, ഉപ്പ്, സോർ ക്രീം എന്നിവ ചേർക്കുക. രുചികരമായ സൂപ്പ് തയ്യാർ.

NB: സോർ ക്രീം കടകളിൽ ലഭ്യമാണ്. ഇല്ലാത്ത പക്ഷം 2 സ്പൂൺ ബട്ടർ ചേർത്താൽ മതിയാകും. രുചിയിൽ വ്യത്യാസമുണ്ടാകും എന്ന് മാത്രം.


 ഡോ. ഷേർളി സുനീത്