2022 ജനുവരി 26, ബുധനാഴ്‌ച
മുഖമൊഴി
പുതിയൊരു വർഷം വന്നു കഴിഞ്ഞു. വർഷങ്ങൾ ചീറിപ്പാഞ്ഞു പോകുന്നു. ഇതിവൃത്തം ആരംഭിച്ചതിനു ശേഷം ഇത് രണ്ടാമത്തെ പുതു വർഷമാണ്. ധാരാളം ദുരിതങ്ങളിലൂടെ കടന്നുപോയ രണ്ടു മൂന്ന് വർഷങ്ങൾ നമ്മുടെ മുൻപിലൂടെ അതിവേഗം കടന്നുപോയി.
പ്രളയമായും മഹാമാരിയായും നമ്മുടെ കൂടെയുണ്ടായിരുന്ന പലരേയും അപഹരിച്ച വർഷങ്ങളായിരുന്നു, ഈ വർഷങ്ങൾ. ഓരോ പുതുവർഷങ്ങളും ഈയിടെയായി നമുക്ക് പ്രത്യാശയുടെ കാലങ്ങളായിരുന്നു. ആ പ്രത്യാശ തന്നെയാകും നമ്മളെ ഇന്നും ജീവിച്ചിരിക്കുവാൻ സഹായിച്ചത്. ഇനിയും നമുക്കാ പ്രത്യാശ കാത്തുസൂക്ഷിക്കേണ്ടിയിരിക്കുന്നു.
നമ്മുടെ ജീവിതം തന്നെ നമുക്കൊരു പാഠമാകണം. തിരിച്ചറിവുകളുണ്ടാകണമെന്നർത്ഥം. എന്താണ് നമ്മൾ സമ്പാദിക്കേണ്ടത് എന്നൊരു തിരിച്ചറിവും ഉണ്ടാകേണ്ടിയിരിക്കുന്നു.
പണവും സമ്പത്തും മാത്രമല്ല, ജീവൻ പോലും നമ്മെ വിട്ടു പോകുന്നതിന് ദൃക്സാക്ഷികളാകുവാൻ മാത്രമേ നമുക്ക് കഴിഞ്ഞിട്ടുള്ളൂ എന്നുമോർക്കണം. പലരുടേയും ദയയും കരുണയും സഹാനുഭൂതിയുമെല്ലാം നാം കണ്ടും കേട്ടും മനസ്സിലാക്കിക്കഴിഞ്ഞിരിക്കുന്നു.
പലപ്പോഴും നാം പ്രതീക്ഷിച്ചിരുന്നവരിൽ നിന്നുമായിരിക്കില്ല നമുക്ക് സഹായങ്ങൾ ലഭിച്ചിട്ടുണ്ടാകുക. ഒരിക്കലും പ്രതീക്ഷിക്കാത്ത സഹായങ്ങൾ പലതും നമ്മളിൽ പലരും സ്വീകരിച്ചിട്ടുമുണ്ടാകും. ഇത് നമ്മളെ പലതും മാറ്റി ചിന്തിക്കുവാൻ പ്രാപ്തരാക്കിയിട്ടുണ്ടാകും എന്ന് തന്നെ ഞാൻ വിശ്വസിക്കുന്നു.
ഇത്തരം സൽപ്രവർത്തികൾ ചെയ്തവർ നമ്മുടെ ചിന്തയിലെ സമ്പന്നരായിരിക്കില്ല. എന്നാൽ യഥാർത്ഥത്തിൽ അവരല്ലേ യഥാർത്ഥ സമ്പന്നർ ? നന്മയും സഹാനുഭൂതിയുമെല്ലാമല്ലേ യഥാർത്ഥത്തിൽ സമ്പന്നതയുടെ അളവുകോലാകേണ്ടത്? ജീവിതം ക്ഷണഭംഗുരമാണ്. അത് എത്ര കാലവുമാകട്ടെ, മറ്റുള്ളവർക്കും ഉപകരിക്കുന്ന രീതിയിൽ നമുക്കും സമ്പന്നരായി മാറാം. ഇതാകട്ടെ ഇനി നമ്മുടെ ചിന്ത.
ക്കും സൗഭാഗ്യത്തിന്റേയും സന്തോഷത്തിന്റേയും ദിനങ്ങളാകട്ടെ ഇനിയെന്നും. പുതുവർഷാശംസകളോടെ
സ്നേഹപൂർവ്വം
ഡോ. സുനീത് മാത്യു
ഒരു ജർമൻ അപാരത…
ഒരു സായിപ്പിന്റെ കഥയാണ്. തത്വശാസ്ത്രത്തിൽ ഒരു കലക്കു കലക്കിക്കളഞ്ഞു! പതിനെട്ടാം നൂറ്റാണ്ടിലാണ് സംഭവം. വ്യത്യസ്തങ്ങളായ ചില സിദ്ധാന്തങ്ങൾ പറഞ്ഞു വച്ചുകളഞ്ഞു! കൂട്ടത്തിൽ രണ്ട് ‘ചെറിയ’ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തിയതാണ് പണിയായത്. ചോദ്യങ്ങൾ ഇതാണ്. എന്താണ് ശരി? എന്താണ് തെറ്റ്? അതുതന്നെ, നൈതികത. ഇംഗ്ലീഷിൽ മോറൽ സ്റ്റാൻഡേർഡ്‌സ് (Moral Standards) എന്നും എത്തിക്സ് (Ethics) എന്നും പറഞ്ഞു നടക്കുന്നു, ചിലർ.
കാര്യങ്ങൾ വളരെ നിസ്സാരം എന്ന് തോന്നാം. നിങ്ങൾ ചെയ്യുന്നതിൽ ഏതാണ് തെറ്റ് ഏതാണ് ശരി എന്നെങ്ങനെ അറിയും? എളുപ്പമല്ലേ? നമുക്ക് സൗകര്യമായി തോന്നുന്നതൊക്കെ ശരി. ബാക്കിയൊക്കെ തെറ്റ്. ഇതുപോലെ താരാതരംപോലെ നിർവചിച്ചുകളയും നമ്മുടെ നാട്ടിലെ ബുദ്ധിജീവികൾ. പക്ഷെ ഇതങ്ങനെയല്ല. ‘കൂലംകഷകുതൂഹലമായ’ (blissful) വിശകലനമാണ്. ശരിക്കും ബുദ്ധിയുള്ളയാൾ പറഞ്ഞത്. നമ്മുടെ നാട്ടിൽ ബുദ്ധിയുള്ളവർ ഇല്ലെന്നല്ല. അറിയാമല്ലോ, ബുദ്ധിയുണ്ടെങ്കിൽ ബിദ്ധിമുട്ടിലാകുന്ന നാടാണ്.
പറഞ്ഞുവന്നത് നമ്മുടെ കാറൽ മാർക്സിന്റെ (Karl Marx) നാട്ടുകാരനെക്കുറിച്ചാണ്. തനി ജർമൻ. പേര് ഇമ്മാനുവേൽ കാണ്ട് (Immanuel Kant). അതിബുദ്ധിമാൻ. ആധുനിക തത്വശാസ്ത്രത്തിന്റെ തലതൊട്ടപ്പൻ. മാർക്സിന്റെയും വഴികാട്ടി. ഇമ്മാനുവേൽ കാണ്ട് യൂണിവേഴ്സിറ്റി അദ്ധ്യാപകനുമായിരുന്നു. ജർമനിയിൽ ബുദ്ധിയുള്ളവരും യൂണിവേഴ്സിറ്റികളിൽ അദ്ധ്യാപകരും വൈസ്ചാൻസിലർമ്മാരുമൊക്കെ ആയിരുന്നു!
കാണ്ടിന്റെ ക്രിട്ടിക് ഓഫ് ദി പ്യൂവർ റീസൺ (Critique of the Pure Reason) പാശ്ചാത്യ തത്വശാസ്ത്രത്തിലെതന്നെ ഏറ്റവും മികച്ച സംഭാവനയായി കരുതപ്പെടുന്നു. എന്നാൽ Grounding for the Metaphysics of Morals എന്ന കൃതിയിലാണ് മുകളില്‍ പ്രസ്‌താവിച്ച ചോദ്യങ്ങൾ പ്രധാനമായും പരാമർശിക്കപ്പെടുന്നത്. Categorical Imperatives എന്നാണ് ഈ നിയമത്തെ അദ്ദേഹം വിളിച്ചത്. സ്പഷ്ടമായ അനിവാര്യതയെന്നോ അചഞ്ചലമായ നയമങ്ങൾ എന്നോ മറ്റോ പരിഭാഷപ്പെടുത്താം. കാണ്ടിനെ സംബന്ധിച്ചു നൈതികത മാറ്റമില്ലാത്ത നിയമങ്ങളായിരിക്കണം, ആർക്കും, ഏവിടെയും, എന്നും, എപ്പോഴും. നിബന്ധനകളോട് കൂടിയ നിയമമാണെങ്കിൽ (hypothetical imperative) അതിനെ നൈതികം എന്ന് പറയാനാകില്ലെന്നും പറഞ്ഞു കളഞ്ഞു, ആശാൻ. ഇത് മറ്റു പല നൈതികസിദ്ധാന്തികളുടെയും കഞ്ഞികുടി മുട്ടിച്ചുകളഞ്ഞു എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.
കണിശക്കാരനായിരുന്നു കാണ്ട്, അയാളുടെ തത്വചന്തകളിലും ആ കാർക്കശ്യം പ്രതിഫലിച്ചു എന്ന് പറഞ്ഞുവെക്കാം. Categorical Imperative വിൽ മൂന്നുകാര്യങ്ങളാണ് പ്രധാനമായും Immanuel Kant നിര്‍ദ്ദേശിച്ചത്.
ഒന്ന്, നൈതികതയുടെ സാര്‍വ്വജനീനത്വം (Universality). തെറ്റും ശരിയും ലോകത്തെവിടെയും ഒരുപോലെ ആയിരിക്കണം! ഓരോരുത്തരുടെയും സൗകര്യംപോലെ വ്യാഖ്യാനിക്കാൻ പാടില്ലെന്ന് ചുരുക്കം. മോഷണവും, തട്ടിപ്പും, വഞ്ചനയും,കൊലപാതകവുമൊക്കെ നിങ്ങളുടെ നാട്ടിൽ എന്നപോലെ എല്ലാനാട്ടിലും എല്ലാക്കാലത്തും തെറ്റുതന്നെയായിരിക്കും. അതുപോലെതന്നെ നന്മകളുടെ കാര്യവും. നമ്മൾ ചതിക്കപ്പെടുവാൻ പാടില്ലെങ്കിൽ മറ്റുള്ളവനും ചതിക്കപ്പെട്ടുകൂടാ എന്നാണ് നിയമം എന്നുവരും. മറ്റൊരുരീതിയിൽ പറഞ്ഞാൽ ചതി ഏതുനാട്ടിലും നാട്ടാർക്കും തെറ്റാണ്, സാര്‍വ്വജനീനമാണ്. എല്ലാ തെറ്റുകളും ശെരികളും സാര്‍വ്വജനീനത്വത്തിന്റെ ഉരകല്ലിൽ ഉരച്ചു മാറ്റുനോക്കണം എന്നാണ് കാണ്ടിന്റെ അഭിപ്രായം. ചുരുക്കത്തിൽ അടുത്തവീട്ടിലെ രാമൻകുട്ടിചേട്ടനു ബാധകമായ നിയമങ്ങളെല്ലാം എനിക്കും ബാധകമാണ്, ലോകത്തെല്ലാവർക്കും ബാധകമായതുപോലെ. ഇത്രയും ലളിതമായല്ല കാണ്ട് ഇതൊക്കെ പറഞ്ഞു വച്ചത് എന്ന് കൂടി പറയട്ടെ. വായിച്ചു മനസ്സിലാക്കാൻ ഏറ്റവും ബുദ്ധിമുട്ടായ ചില പുസ്തകങ്ങൾ എഴുതി എന്ന അപഖ്യാതിയും ഇദ്ദേഹത്തിന്റെ പേരിൽ ഉണ്ട്! ഒരു പുസ്തകം വായിച്ചുകൊണ്ടിരിക്കുന്നതിന്റെ ബുദ്ധിമുട്ട് ‘ഈ എഴുതി വിടുന്നവന്’ (Yours truly!) അറിയാം എന്നും കൂട്ടിക്കോളൂ.
(“Act only according to that maxim whereby you can at the same time will that it should become a universal law.” – Immanuel Kant)
രണ്ട്, മനുഷ്യത്വം. അതെ, അതുതന്നെ. മറ്റുള്ളവരെ നമ്മുടെ കാര്യങ്ങൾ നേടാൻ മാത്രം ഉപയോഗിക്കാൻ പാടില്ല. മറ്റുള്ളവരുടെ സേവനങ്ങൾ ഉപയോഗിക്കരുത് എന്നല്ല. മറ്റുള്ളവരെ നമ്മുടെ നേട്ടങ്ങൾക്ക് മാത്രമായി ഉപയോഗിക്കരുത് എന്നാണ്. നല്ല നേട്ടങ്ങൾക്ക് (ends) എല്ലാവർക്കും അവകാശമുണ്ട്. ഉപയോഗിക്കാപ്പെടാതിരിക്കാൻ എല്ലാവർക്കും അവകാശമുണ്ട് എന്നതുപോലെ. പിടിച്ചുപറിക്കാരുടെയും, മോഷ്ടാക്കളുടെയും, ബലാത്സംഗം ചെയ്യുന്നവന്റെയും ഒക്കെ കാര്യം ആലോചിച്ചാൽ മതി ഇതിലെ നൈതികത മനസ്സിലാക്കാൻ.
(“Act in such a way that you treat humanity, whether in your own person or in the person of any other, never merely as a means to an end, but always at the same time as an end.” – Immanuel Kant)
മൂന്ന്, സ്വതന്ത്രമായും യുക്തിപൂര്‍വ്വമായും തീരുമാനമെടുക്കാനുള്ള കഴിവ്. മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തെ ഹനിക്കാതെയുള്ള സ്വതന്ത്രമായ ഇച്ഛാശക്തിയെയാണ് ഉദ്ദേശിച്ചത്. മറ്റുള്ളവരുടെ നിയമങ്ങളാൽ ഭരിക്കപ്പെടാതെയുള്ള സ്വയം ഭരണാവകാശം (Autonomy) എന്നുവേണമെങ്കിലും പറയാം. എല്ലാപേർക്കും ഇതിനുള്ള അവകാശമുണ്ട്. തലയിൽ തോക്കുചൂണ്ടി ആരെയെങ്കിലുംകൊണ്ട് എന്തെങ്കിലും ചെയ്യിപ്പിച്ചാൽ അത് തെറ്റാണെന്ന് ചുരുക്കം. സ്വയം സ്വതന്ത്രമായി തീരുമാനമെടുക്കുന്നതുപോലെ മറ്റുള്ളവരെയും അതിന് അനുവദിക്കണം എന്നാണ് പറഞ്ഞു വന്നത്. തെറ്റുകളെയും ശരികളെയും പ്രതിയുള്ള തീരുമാനങ്ങൾ സ്വതന്ത്രമായിരിക്കണം എന്നും പറയാം.
(“Thus the third practical principle follows [from the first two] as the ultimate condition of their harmony with practical reason: the idea of the will of every rational being as a universally legislating will.”- Immanuel Kant)
മേല്പറഞ്ഞതൊക്കെ കാണ്ടിന്റെ സിദ്ധാന്തങ്ങളെ ഈ എഴുതുന്നയാൾ സ്വതന്ത്രമായി വിലയിരുത്തിയതാണ്. അത് തെറ്റാകാം, ശരിയാകാം. നിങ്ങൾ തീരുമാനിക്കുക. അതിനാണ് ജർമനിൽ എഴുതപ്പെട്ടതിന്റെ ഇംഗ്ലീഷ് പരിഭാഷ കൂടി ചേർത്തത്.
പിന്നെ മറ്റൊരുകാര്യം, ഇതൊക്കെയാണോ ഇത്ര വലിയ കാര്യമായിട്ട് പറഞ്ഞതെന്നായിരിക്കും നിങ്ങൾ ചിന്തിക്കുന്നത്. ഇതൊക്കെ എല്ലാവർക്കും അറിയുന്ന കാര്യങ്ങളല്ലേ? അതെ. അറിഞ്ഞതുകൊണ്ട് മാത്രം എന്ത് കാര്യം എന്ന മറുചോദ്യം കൂടിയുണ്ട്. ഒന്നുകൂടിപ്പറഞ്ഞു നിർത്താം. ഇമ്മാനുവൽ കാണ്ട് പുതുതായൊന്നും പറഞ്ഞിട്ടില്ല. അറിയുന്ന കാര്യങ്ങൾ ശക്തമായ സിദ്ധാന്തങ്ങളായി അവതരിപ്പിച്ചു എന്നുമാത്രം. അതിൽ കാര്യമുള്ളതുകൊണ്ടാണ് ഇന്നും ചർച്ച ചെയ്യപ്പെടുന്നത്.
സുമേഷ് രാമചന്ദ്രൻ
പുതുവർഷം-2022
മഹാഗർഭിണി എൽവിറ
“ഇവിടെ സ്ത്രീകളെ ഗർഭം ധരിപ്പിക്കുന്ന പുരുഷന്മാർ താമസിക്കുന്ന ഗ്രാമത്തിലേക്കുള്ള വഴിയേതാ?”. എൽവിറ വിറച്ചു കൊണ്ട് ചോദിച്ചു.
ആ പരവതാനി കച്ചവടക്കാരൻ തലയിലെ ഭാരിച്ച ചുവടുകളോടെ വളരെ പ്രയാസപ്പെട്ട് തിരിഞ്ഞു നോക്കി.
എൽവിറ ഇമ വെട്ടാതെ അയാളെ തന്നെ നോക്കി. അയാളുടെ കണ്ണുകൾ അവളുടെ വെള്ളാരം കണ്ണുകളിൽ അല്പ നേരം ഉടക്കി. മഞ്ഞിൻ മലകളെ തഴുകി വരുന്ന കാറ്റിൽ അവൾ അസഹനീയമായി കോറി പിടിച്ചു..
“”മൗല്യ വംശത്തെ കുറിച്ചാണോ പറയുന്നത്. ലോകത്തിലെ ഏറ്റവും ഉന്നത കുല വംശക്കാരെന്ന് ലോകം വിശ്വസിക്കുന്നവർ…അവരെ ആണോ?””.. പരവതാനി കച്ചവടക്കാരൻ ചോദിച്ചു.
“”അതെ.. അത് തന്നെ.. ദയവുണ്ടായി എനിക്ക് അങ്ങോട്ടുള്ള വഴിയൊന്ന് പറഞ്ഞു തരാമോ?. ഞാൻ രണ്ട് ദിവസമായി അലയുന്നു. ആരും പറഞ്ഞു തരുന്നില്ല. എല്ലാരും പരിഹസിക്കുന്നു. പുച്ഛത്തോടെ നോക്കുന്നു””..എൽവിറ വിറച്ചു കൊണ്ട് പറഞ്ഞു. തണുപ്പിൽ അവളുടെ പല്ലുകൾ കൂട്ടിയിടിച്ചു ശബ്ദമുണ്ടായി.
അയാൾ തലയിലെ ചുമട് താഴെ വെച്ചു. “”കുട്ടീ…മൗല്യ ഗ്രാമം ദാ.. അവിടെയാണ്. കണ്ടോ.. ആ മല മുകളിലേക്ക് ചുരം കയറി പോകണം. പൈതൃക ഹരിത ഗ്രാമമാണ്. അത് കൊണ്ട് മോട്ടോർ വാഹനങ്ങൾക്ക് നിരോധനമുണ്ട്. കുതിരകളെ പൂട്ടിയ വണ്ടി കിട്ടും. അവരുടെ വംശ മഹിമയിൽ അസ്സൂയ പൂണ്ടിട്ടോ അവർ മതിയാവോളം അനുഭവിക്കുന്ന രതി സുഖത്തിൽ നിരാശ പൂണ്ടിട്ടോ എന്നറിയില്ല. ഈ നാട്ടുകാർ ആരും അങ്ങോട്ട് പോവാറില്ല. അവരെ കാണുമ്പോൾ ഞങ്ങൾ അയിത്തം ഭാവിച്ചു മാറി നിൽക്കും””.. അയാൾ പറഞ്ഞു..
അവൾ ഒരു കുതിര വണ്ടി തേടി മുന്നോട്ടു നടന്നു. അയാൾ പരവതാനി കെട്ട് ചുമന്നു വീണ്ടും നടന്നു. “”ഹം…എന്തൊരു ചോദ്യമാ അവൾ ചോദിച്ചത്. ഗർഭം ധരിപ്പിക്കുന്ന പുരുഷന്മാരുടെ ഗ്രാമം ഏതാണെന്ന്.. പടിഞ്ഞാറൻ രാജ്യക്കാരി ആണെന്ന് തോന്നുന്നു. ലജ്ജയില്ലാ സംസ്കാരം കണ്ടില്ലേ””.. അയാൾ പിറു പിറുത്തു.
രണ്ട് വെളുത്ത മിനുസ്സമുള്ള കുതിരകളെ പൂട്ടിയ ഒരു വണ്ടിയിൽ അവൾ കയറി. “”മൗല്യ ഗ്രാമത്തിലേക്ക് പോവൂ””..അവൾ പറഞ്ഞു..
തേര് പോലെ തോന്നിക്കുന്നുണ്ട് ആ കുതിര വണ്ടി. ചുവപ്പും മഞ്ഞയും നിറത്തിലുള്ള കൊടി കൂറകൾ ആകാശത്തേക്ക് ഉയർന്നു നിന്നു.
ആ കുതിര വണ്ടിക്കാരൻ തിരിഞ്ഞു പോലും നോക്കാതെ എന്തോ ശബ്ദമുണ്ടാക്കി കുതിരകളെ തെളിച്ചു. “ടപ് ടപ് ടപ്”.. ശബ്ദത്തോടെ കുതിരകൾ പതുക്കെ നടന്നു. തേരിന്റെ മര ചക്രങ്ങളുടെ “കിർ കിർ” ശബ്ദവും അകമ്പടി സേവിച്ചു.
സമയം അസ്തമയത്തിന്റെ തൊട്ടു വക്കിൽ എത്തിയിരിക്കുന്നു. എങ്കിലും പോക്കു വെയിൽ മങ്ങിയിട്ടില്ല. ദവള വർണ്ണമാർന്ന മഞ്ഞ് മൂടി കിടക്കുന്ന ഹിമ ഗിരി തലപ്പുകളുടെ ഇടയിൽ സൂര്യൻ താഴാൻ തക്കം നോക്കി നിൽക്കുന്നു. വളരെ മെല്ലെ വീശുന്ന കാറ്റാണെങ്കിലും അസ്ഥികളെ തുളച്ചു കയറുന്ന തണുപ്പിനെ അത് ആവാഹിച്ചു വീശി കൊണ്ടേ ഇരിക്കുന്നു. അവൾ കൈകൾ രണ്ടും കൂട്ടി തിരുമ്മി കാലുകൾക്ക് ഇടയിൽ തിരുകി വെച്ചു പുറത്തേക്ക് നോക്കി.
ചുവന്ന മണ്ണിൽ ഇടക്കിടെ വെളുത്ത മഞ്ഞു കട്ടകൾ ചിതറി കിടക്കുന്നു. പൈൻ മരങ്ങളുടെ തലപ്പും മഞ്ഞിൽ മുങ്ങി വെളുത്തു കാണപ്പെട്ടു. ഓറഞ്ചും ആപ്പിളും ചെറി പഴങ്ങളും നിറഞ്ഞ കൂടകൾ തലയിലേറ്റി വെള്ളി മൂക്കുത്തിയിട്ട പെണ്ണുങ്ങൾ നടന്നു പോകുന്നുണ്ട്.കുതിരകൾ കുളമ്പടിയൊച്ചകൾ ഉച്ചത്തിലാക്കി കുതിച്ചെങ്കിലും തേരിന്റെ വേഗം കുറഞ്ഞു. ചുരം കയറുകയാണെന്ന് അവൾക്ക് മനസ്സിലായി.
“”നിങ്ങൾ ഗർഭം ധരിക്കാൻ പോവുകയാണോ?””.. ആ കുതിര വണ്ടിക്കാരൻ പെട്ടെന്ന് ചോദിച്ചു.
“”ആ… അതെ.. എങ്ങനെ മനസ്സിലായി?””.അവൾ ആകാംഷ പൂർവ്വം ചോദിച്ചു.
അയാൾ ചിരിച്ചു.””ഈ നാട്ടുക്കാർ ആരും അങ്ങോട്ട് ഈ ആവശ്യത്തിന് പോവാറില്ല. കണ്ടപ്പോൾ പുറം നാട്ടുക്കാരിയാണെന്ന് തോന്നി””..
അവൾ ചിരിച്ചു. കുറച്ചു നേരം അവർ ഒന്നും മിണ്ടിയില്ല.
“”ചിലപ്പോൾ നിങ്ങളുടെ ഈ യാത്ര വെറുതെയാവും. അവിടെയിപ്പോൾ ആ തൊഴിൽ എടുക്കുന്നവർ കുറവാണ്. ഉണ്ടെങ്കിൽ തന്നെ അതിൽ ഒരാളെ കണ്ടു പിടിക്കുക എന്നത് തന്നെ വളരെ പ്രയാസമാണ്””.. അയാൾ പറഞ്ഞു.
അവൾ ഒരു നിമിഷം സന്ദേഹിച്ചു. യാത്ര വെറുതേ ആവുമോ എന്ന് തെല്ലൊരു ഭയം മനസ്സിലേക്ക് ഓടി വന്നു.
“ഇല്ല… ഒരു മൗല്യന്റെ കുഞ്ഞിനെ ഉദരത്തിൽ പേറാതെ ഒരിക്കലും മടക്കമില്ല. മടങ്ങാനുമാവില്ല. പിന്നിട്ട വഴികൾ അത്രത്തോളം ഭയാനകമാണ്”.അവൾ ഓർത്തു.
“”മൗല്യ വംശം… ഒരിക്കൽ ലോകം മുഴുവൻ വെട്ടി പിടിച്ചു അടക്കി ഭരിച്ചിരുന്നവർ. ഏതോ ഒരു പടയോട്ടത്തിനിടെ അവർ ആ ഗ്രാമത്തിലുമെത്തി. ഗ്രാമ മനോഹാരിതയിൽ മനം മയങ്ങിയ ചിലർ അവിടെ ഇറങ്ങി. അവിടെയുള്ള തദ്ദേശീയരെ മൃഗീയമായി കൊന്നൊടുക്കി വംശ ഹത്യ ചെയ്തു. അവരവിടെ പൊറുതി തുടങ്ങി. അവരാണത്രേ ലോകത്തിലെ ഏറ്റവും ഉന്നത വംശജർ. ആ കുല മഹിമ പേറുന്നവർ.വെറും വിരോധാഭാസം.
ആ വംശ മഹിമയിൽ ഒരു കുഞ്ഞിന് ജന്മം നൽകാൻ കാതങ്ങൾക്കപ്പുറത്തു നിന്നും സ്ത്രീകൾ വരുന്നു. അതിലവർ അഭിമാനം കൊള്ളുന്നു. മാനമില്ലാത്തവർക്കോ അഭിമാനം.സ്വന്തത്തെ വിശ്വാസമില്ലാത്തവർ. സ്വന്തം കുലത്തിൽ വിശ്വാസമില്ലാത്തവർ. മനുഷ്യൻ മാത്രമാണെന്ന് പോലും വിശ്വാസമില്ലാത്തവർ. വെറും… വെറും തേവിടിശ്ശികൾ””.അയാൾ ഉറക്കെ പറഞ്ഞു.
അവൾ അത് കേട്ടെങ്കിലും അങ്ങനെ ഭാവിച്ചില്ല. അവളുടെ ചിന്തകൾ കൂർത്ത മുനകളുള്ള കൂരമ്പുകളായി സ്വന്തം ജന്മ ദേശത്തേക്ക് പാഞ്ഞു. “നിങ്ങൾക്ക് എന്തറിയാം എന്നെ കുറിച്ച്.എന്റെ ജന്മ ദേശത്തെ കുറിച്ച്. ഞാൻ അനുഭവിച്ച ദുരിതങ്ങളെ കുറിച്ച്”…അവൾ ഒന്നു കൂടി ചാഞ്ഞിരുന്നു തല ചായ്ച്ചു കണ്ണടച്ചു.
കുതിരകളുടെ കുളമ്പടിയൊച്ച നിലച്ചപ്പോൾ അവൾ ഉണർന്നു. എപ്പോഴോ ഉറങ്ങി പോയിരുന്ന അവൾ പകപ്പോടെ കണ്ണ് തുറന്നു.
“”മൗല്യ ഗ്രാമം എത്തി.. ഇവിടെ ഇറങ്ങിക്കോളൂ””. കുതിര വണ്ടിക്കാരൻ ഉറക്കെ പറഞ്ഞു.
എൽവിറ ഇറങ്ങി നാല് പാടും നോക്കി. ഇരുൾ വീണു തുടങ്ങിയിരിക്കുന്നു. മൗല്യ ഗ്രാമത്തിൽ സായന്തനത്തിൽ പതിവായി പരക്കാറുള്ള മൂടൽ മഞ്ഞലകൾ കാഴ്ചകളെ അവ്യക്തമാക്കുന്നു. വിളക്കിൻ കാലുകളിൽ മഞ്ഞ വെളിച്ചങ്ങൾ തെളിഞ്ഞു. “മൗല്യ ഗ്രാമത്തിലേക്ക് സ്വാഗതം”. എന്ന് ഇംഗ്ലീഷിൽ എഴുതി വെച്ച കവാടത്തിലൂടെ അവൾ അകത്തേക്ക് കയറി. മഞ്ഞിൽ പുതഞ്ഞ ചെമ്മൺ പാതയിലൂടെ മുന്നോട്ട് നടന്നു.
“തങ്ങാൻ ഒരിടം വേണം. ഈ തണുപ്പിൽ ഇങ്ങനെ നടക്കാനാവില്ല” നടക്കുന്നതിനിടെ അവൾ ഓർത്തു. ലോഡ്ജ് പോലെ തോന്നിച്ച ഒരു പഴയ കെട്ടിടത്തിലേക്ക് അവൾ നടന്നു.
“”ഇവിടെ മുറികളൊന്നും ഇനി ഒഴിവില്ല. ഡോർമറ്ററി മാത്രമേ ഉളളൂ. കുളിക്കാൻ ചൂട് വെള്ളം കിട്ടും. ഭക്ഷണവും ഏർപ്പാടാക്കി തരാം””..റിസപ്‌ഷനിസ്റ്റ് പറഞ്ഞു.
എൽവിറ സമ്മതം മൂളി
“”നിങ്ങൾ ഗർഭം ധരിക്കാൻ വന്നതാണോ?.അവൾ രെജിസ്റ്ററിൽ വിലാസം എഴുതുന്നത് നോക്കി നിൽക്കെ റിസപ്‌ഷനിസ്റ്റ് ചിരിച്ചു കൊണ്ട് ചോദിച്ചു.
“”അതെ.. ഗർഭിണിയാവാൻ വന്നതാണ്. നിങ്ങൾക്ക് പറ്റുമോ?. നിങ്ങൾ മൗല്യ വംശക്കാരാനാണോ?. എങ്കിൽ എനിക്ക് കൂടുതൽ അലയേണ്ടതില്ലല്ലോ””.. എൽവിറയുടെ മുഖത്ത് നേരിയ പ്രതീക്ഷ മുള പൊട്ടി. മുഖം അല്പം തുടുത്തു.
“”ഹേയ്.. അല്ല.. എന്നെ കണ്ടാൽ അറിയില്ലേ. ഞാൻ പുറം നാട്ടിൽ നിന്നും ഇവിടെ ജോലിക്ക് വന്നതാണ്. മൗല്യരെ കണ്ടിട്ടില്ലേ. അതി സുന്ദരന്മാരാണ്””. അയാൾ പറഞ്ഞു.
“”ഇല്ല. ഞാൻ ആരെയും കണ്ടിട്ടില്ല. കുറച്ചു മുമ്പാണ് മൗല്യ ഗ്രാമത്തിൽ വന്നു കയറിയത്. ഇരുട്ടും പരന്നു. ക്ഷീണം കൊണ്ട് തല പൊട്ടി പൊളിയുന്നു. നാളെ രാവിലെ അന്വേഷണം ആരംഭിക്കാം””.. അവൾ പറഞ്ഞു.
“”ശരി.. നിങ്ങൾ പൊയ്ക്കോളൂ. കുളിച്ചു ഭക്ഷണം കഴിച്ചു ഉറങ്ങിക്കോളൂ. ടോർമറ്ററിയിൽ നിങ്ങൾക്ക് കൂട്ടായി കുറേ സ്ത്രീകളുണ്ട്. പല നാടുകളിൽ നിന്ന് വന്നവർ. നിങ്ങളെ പോലെ തന്നെ മൗല്യന്റെ പുകൾ പെറ്റ ബീജം തേടി വന്നവർ. ഇത് ലോകത്ത് ഇവിടെ മാത്രം കാണാൻ പറ്റുന്ന കാഴ്ച്ചയാണ്. അടിച്ചമർത്തപെട്ട വംശത്തിലെ സ്ത്രീകളെല്ലാം ഒരിടത്ത് ഒരുമിച്ച്. ഒരേ ലക്ഷ്യം മാത്രം. ഉന്നത കുല ഗർഭം””.. അയാൾ പറഞ്ഞു ചുണ്ട് കോട്ടി ചിരിച്ചു. ആ ചിരിയിൽ ഒരു ചെറിയൊരു പരിഹാസം മുഴച്ചു നിന്നതായി അവൾക്ക് തോന്നി.
എൽവിറ ബാഗുമെടുത്തു ഡോർമെറ്ററിയിലേക്ക് നടന്നു. നിറയേ സ്ത്രീകൾ ഒന്നിച്ചിരിക്കുന്നു. ചിലർ നടക്കുന്നു. ചിലർ പരസ്പരം സംസാരിക്കുന്നു. ചിലർ കിടക്കുന്നു. അവളെ കണ്ടപ്പോൾ അവർ എഴുന്നേറ്റു.
“”ഏത് രാജ്യത്ത് നിന്നാ?. ഏത് വംശകാരിയാ?””… തടിച്ചു കറുത്ത് സ്ഥൂല മാറിടങ്ങൾ ഉള്ള ഒരു ചുരുളൻ മുടിക്കാരി വെളുത്ത പല്ലുകൾ കാൺകേ ചിരിച്ചു കൊണ്ട് ചോദിച്ചു. അവർ എൽവിറക്ക് നേരേ കൈ നീട്ടി. കരിക്കട്ട പോലെയുള്ള ആ കൈകളിൽ അവളുടെ വെളുത്ത വിരലുകൾ കോർത്തു.
“”മൗറീഷ്യയിലെ സെസാനിട് വംശം””. എൽവിറ ചിരിച്ചു.
“”ഞാൻ കറുത്ത വർഗ്ഗക്കാരിയാണ്. പണ്ട് മുതലേ ഞങ്ങൾക്ക് അയിത്തമാണ്. വെളുത്തു സുന്ദരിയായ നിങ്ങൾ എങ്ങനെ ഒറ്റപ്പെട്ടു?. വെളുത്തവർക്കും തൊട്ടു കൂടായ്മയോ?””..ആ കറുത്ത വർഗ്ഗക്കാരി ചോദിച്ചു.
“”അയിത്തത്തിനു നിറമില്ലല്ലോ.ഒരേ നിറമാണെങ്കിലും ചിലർ അധികാരം സ്ഥാപിക്കാൻ ചില വർഗ്ഗമോ വംശമോ ഗോത്രമോ കണ്ടെത്തും. ശാരീരിക പ്രത്യേകതകൾ കാരണമാക്കും. കണ്ടോ എന്റെ ഈ വെള്ളാരം കണ്ണുകളും മുഖത്തെ കറുത്ത പുള്ളികളും. അതാണ് ഞങ്ങളുടെ അയിത്തം””.എൽവിറ പറഞ്ഞു.
എൽവിറ കുളി കഴിഞ്ഞു ഭക്ഷണം കഴിച്ചു വന്നു. ഒരു കട്ടിൽ ഹാളിന്റെ ഒരു മൂലയിൽ കൊണ്ട് വന്നിട്ട് അവൾ കിടന്നു. കറുത്ത കരിമ്പടം കൊണ്ട് ശരീരം മൂടി പുതച്ചു. പിന്നെ പതുക്കെ ഉറക്കത്തിലേക്ക് വഴുതി വീണു.
മൗല്യ ഗ്രാമത്തിലെ സൂര്യൻ കിഴക്ക് ഹിമ പർവതങ്ങൾക്ക് നടുവിൽ ഉദിച്ചു പൊങ്ങി. ഇളം വെയിൽ പരന്നു തണുപ്പിൽ കുളിര് പരത്തി. എൽവിറ എഴുന്നേറ്റു ഭംഗിയായി ഒരുങ്ങി.
കണ്ണാടിയിൽ നോക്കി തന്റെ സൗന്ദര്യത്തിൽ എൽവിറ അല്പം അഹങ്കാരത്തിൽ ഒന്നു പുഞ്ചിരിച്ചു. മറ്റുള്ള സ്ത്രീകൾ അവളുടെ സൗന്ദര്യം കൗതുകത്തോടെ നോക്കി നിന്നു. ആ നോട്ടത്തിലെ കൗതുകം പിന്നീട് അവരിൽ അസൂയക്ക് വഴി മാറി. എൽവിറ മൗല്യ വംശത്തിലെ ഒരു പുരുഷനെ തേടി പുറപ്പെട്ടു.
അപ്പോഴേക്കും മനോഹരമായ മൗല്യ ഗ്രാമം ഉണർന്നു കൂടുതൽ വശ്യമായി. എൽവിറ ഒരു വഴിയിലൂടെ നടന്നു. വഴികൾക്കിരുവശവും ചുവന്നു തുടുത്ത ആപ്പിളുകൾ പാകമായി നിൽക്കുന്നു. ഓറഞ്ചു മരങ്ങൾ ഫലങ്ങൾക്കായി മൊട്ടിട്ട് തുടങ്ങുന്നേ ഉളളൂ. മഞ്ഞലകൾ കാറ്റിനാൽ പുൽകി നീങ്ങിയ താഴ്‌വാരങ്ങൾ പച്ചയണിഞ്ഞു നിന്നു. സ്പഫടികം കണക്കേ തെളിഞ്ഞ അരുവികളിൽ ചെറിയ മഞ്ഞു കട്ടകൾ ഒഴുകി നടക്കുന്നു. അടിയിൽ ചുവപ്പും കറുപ്പും വെള്ളയും വർണ്ണങ്ങളിൽ ഉരുണ്ട കല്ലുകൾ. നിര നിരയായി നിന്ന പൈൻ മരങ്ങളുടെ കൂർത്ത അറ്റത്ത് ഇപ്പോഴും ചെറുതായി മഞ്ഞ് അവശേഷിച്ചു. തെന്നലകൾ ഇടയ്ക്കിടെ യൂക്കാലി മരങ്ങളുടെ മാദക ഗന്ധം പേറി വീശിയടിച്ചു കൊണ്ടിരുന്നു.
“ഇത് തന്നെയാണ് ഭൂമിയിലെ സ്വർഗ്ഗം. എന്തൊരു ഭംഗി കാഴ്ച്ചകൾക്ക്”. എൽവിറ മനസ്സിൽ ഓർത്തു കൊണ്ട് മുന്നോട്ട് നടന്നു. കുറേ സ്ത്രീകൾ എതിരെ കൂട്ടമായി വരുന്നുണ്ട്. എല്ലാവരും യുവതികൾ. മനോഹരികൾ. അതി സുന്ദരികൾ..
“”ഇത് മൗല്യ വംശത്തിലെ പെണ്ണുങ്ങൾ തന്നെ. എന്തൊരു സൗന്ദര്യം. ഇവർക്കിടയിൽ ഞാനാര്. ഇവരിലെ പുരുഷന്മാർ അപ്പൊ എങ്ങനെ ആയിരിക്കും. ഇവരെ അനുഭവിക്കുന്ന അവർ എന്റെ ആവശ്യം നിറവേറ്റാൻ തയ്യാറാവുമോ””.പ്രതീക്ഷകൾക്ക് ചെറുതായി മങ്ങിയ പോലെ അവൾക്ക് തോന്നി.
അവൾ നടന്നു. ഒരു ചെറുപ്പക്കാരൻ നടന്നു വരുന്നു. അവളുടെ കണ്ണുകൾ അറിയാതെ വിടർന്നു. അയാളുടെ മുഖത്ത് ഉടക്കിയ കണ്ണുകൾ അവൾ താഴ്ത്താൻ മറന്നു. നീല കണ്ണുകൾ. വെട്ടിയൊതുക്കിയ മീശയും താടിയും. നീളൻ മുടി പുറകിലേക്ക് വാർന്നു വെച്ചിരിക്കുന്നു. നെഞ്ചിൽ ഉറച്ച മാംസ പേശികൾ കറുത്ത രോമങ്ങളാൽ നിറഞ്ഞിരിക്കുന്നു. പൗരുഷം വിളങ്ങുന്ന മുഖഭാവവും ശരീര ചലനങ്ങളും. “ഉറപ്പാണ്. ഇത് മൗല്യൻ തന്നെ”..
ആ യുവാവ് അടുത്തെത്തി.””നിങ്ങൾ മൗല്യൻ ആണോ?””.. എൽവിറ ചോദിച്ചു.
അയാൾ അവളെ തീക്ഷ്‌ണമായി നോക്കി. ആ നോട്ടം സഹിക്കാനാവാതെ അവൾ മിഴികൾ താഴ്ത്തി. “”അതെ.. പക്ഷേ.. കുല പേര് വിളിക്കുന്നത് ഞങ്ങൾക്കിഷ്ടമല്ല. എന്ത് വേണം?””.. അയാൾ അസ്വസ്ഥതയോടെ ചോദിച്ചു.
“”ഞാൻ മൗറീഷ്യയിൽ നിന്നും വന്നവളാണ്. നിങ്ങളിൽ നിന്നും ഗർഭം ധരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു””. എൽവിറ യാതൊരു ഭാവ വ്യത്യാസവുമില്ലാതെ പറഞ്ഞു.
അയാളുടെ മുഖം കോപത്താൽ തുടുത്തു. പല്ലുകൾ ഞെരിച്ചമർത്തി. “”ഞാൻ ആ തൊഴിൽ ചെയ്യാറില്ല. നിങ്ങൾ വേറെ ആരെയെങ്കിലും നോക്കൂ””..
“”ഞാൻ പണം തരാം””..
“”ഞാൻ ആൺ വേശ്യയല്ല. ഞങ്ങളുടെ ശപിക്കപ്പെട്ട കുല മഹിമ ബാധ്യതയായി തീർന്ന ഒരു പാവമാണ് ഞാൻ. എന്നെ വെറുതെ വിടൂ. നിങ്ങളെയും കൂടി ചേർത്ത് ഇതിപ്പൊ ഈ നേരം വരെ അഞ്ച് പെണ്ണുങ്ങളോട് മറുപടി പറഞ്ഞു. മടുത്തു. നിർബന്ധമെങ്കിൽ നിങ്ങൾ ആ ഇന്ദ്രഘോഷിനെ പോയി കാണൂ. ഈ വളവ് തിരിഞ്ഞാൽ അയാളുടെ കുങ്കുമ പൂക്കളുടെ കൃഷി സ്ഥലം കാണാം. അവിടെയുണ്ടാകും അയാൾ””.. അയാൾ ഇങ്ങനെ പറഞ്ഞു കൊണ്ട് വേഗത്തിൽ നടന്നു നീങ്ങി.
എൽവിറയിൽ പ്രതീക്ഷകൾ മുളച്ചു. അവൾ വേഗത്തിൽ മുന്നോട്ട് നടന്നു. ഒരു ക്ഷീണവും കിതപ്പും ചൂടും അവളെ എവിടെ നിന്നോ വന്നു പൊതിഞ്ഞു. “നടക്കാൻ പറ്റാതാവുന്നു. പനിക്കുന്നുണ്ടോ”?.. അവൾ നെഞ്ചിൽ കൈ വെച്ചു നോക്കി. നേരിയ ചൂടുണ്ട്. എങ്കിലും അവൾ മുന്നോട്ട് നടന്നു. ഒരു വളവ് തിരിഞ്ഞപ്പോൾ വിശാലമായ കുങ്കുമ പൂ പാടം കണ്ടു.. വയലറ്റ് നിറത്തിൽ പൂക്കൾ വിരിഞ്ഞു നിൽക്കുന്നു. അതീവ ചന്തമേറിയ ആ കാഴ്ച്ചയിൽ അവൾ അല്പ നേരം മനോരാജ്യം കണ്ടു നിന്നു. അങ്ങേ അറ്റത്ത് മൗല്യ യുവതികൾ നിരയായി കുനിഞ്ഞു നിന്ന് പൂക്കൾ ഒരു കൂടയിലേക്ക് ഇറുത്തിടുന്നത് അവ്യക്തമായി അവൾ കണ്ടു.എൽവിറ ആ കുങ്കുമ പാടത്തേക്കിറങ്ങി. അവരെ ലക്ഷ്യമാക്കി നടന്നു. ചെറിയ മൺ കട്ടകൾ നിറഞ്ഞ പൂ പാടത്തിലൂടെ നടക്കാൻ എൽവിറ നന്നേ പ്രയാസപ്പെട്ടു. അവൾക്ക് നാവ് വരളുന്നു. നല്ല ക്ഷീണം തോന്നുന്നുണ്ട്. പനി കൂടി. കാഴ്ച്ചകളൊക്കെ ചെറുതായി വലത്തോട്ട് കറങ്ങുന്നു. എങ്കിലും അവൾ അങ്ങേ അറ്റത്തെ ആൾ കൂട്ടത്തെ ലക്ഷ്യമാക്കി നടന്നു.
ഡോർമറ്ററിയിൽ ഒന്നിച്ചുണ്ടായിരുന്ന യുവതികൾ കുനിഞ്ഞ ശിരസ്സുമായി എതിരെ നടന്നു വരുന്നു. കനത്ത നിരാശ അവരുടെ മുഖത്ത് നിഴലിച്ചു കണ്ടു. “”ഇന്ദ്രഘോഷിനെ കാണാനാണെങ്കിൽ കാര്യമില്ല. അയാൾ വഴങ്ങുന്നില്ല. ഞങ്ങൾ കുറേ നിർബന്ധിച്ചു നോക്കി. ഞങ്ങൾ മടങ്ങുകയാണ് നാടുകളിലേക്ക്””..അവരിൽ ഒരാൾ വളരെ സങ്കടത്തോടെ പറഞ്ഞു.
എൽവിറ ഒന്ന് നിന്നു. ഒരു നിമിഷം എന്തോ ആലോചിച്ച അവൾ വീണ്ടും ആടിയുലഞ്ഞു മുന്നോട്ട് നടന്നു. ഇളം വെയിലിൽ കുതിർന്ന തണുപ്പിനെ പുൽകിയ കാറ്റ് കുറച്ചു ശക്തമായി തന്നെ വീശി. അത് കുങ്കുമ പാടത്തെ പൊടി മണ്ണിനെ ഇളക്കി വിട്ടു. എൽവിറക്ക് ക്ഷീണം കലശലായി അനുഭവപ്പെട്ടു. ദേഹത്തു ചൂട് കൂടി വന്നു. ശ്വാസം നെഞ്ചിൽ തിങ്ങി കിതച്ചു. അവൾ നടന്നു പാടത്തിന്റെ അങ്ങേ അറ്റത്തെ ആൾ കൂട്ടത്തിന്റെ അടുത്തെത്തി. വെളുത്ത കുട പിടിച്ചു ഒരാൾ തിരിഞ്ഞു നിന്നു ജോലിക്കാർക്ക് നിർദ്ദേശം നൽകുന്നു. ഘന ഗംഭീര്യമാർന്ന ശബ്ദം.
“”ഇന്ദഘോഷ്””.. എൽവിറ പതുക്കെ വിളിച്ചു. തല കറങ്ങിയിട്ട് അവൾക്ക് കാഴ്ച്ചകൾ കിട്ടുന്നില്ല. വയലറ്റ് പൂക്കൾ അവൾക്ക് ചുറ്റും കറങ്ങി.
അയാൾ തിരിഞ്ഞു നോക്കി. എൽവിറ നന്നായൊന്ന് പുഞ്ചിരിച്ചു.അയാൾ ഭാവ വ്യത്യാസങ്ങൾ ഒന്നുമില്ലാതെ അവളെ നോക്കി.
“”ഗർഭം ധരിക്കാനാണെങ്കിൽ പറ്റില്ല. ആ തൊഴിൽ നിർത്തിയെന്ന് ഒരു ദിവസം എത്ര പേരോട് പറയണം ഞാൻ. നിങ്ങൾ പൊയ്ക്കോളൂ””.. ഇന്ദ്രഘോഷ് പരുക്കൻ സ്വരത്തിൽ പറഞ്ഞു.
അവൾ അത് കേട്ടെങ്കിലും അവൾക്ക് മറുപടി പറയാൻ ആയില്ല. നാവ് കുഴയുന്നു. കാഴ്ച്ചകൾ മങ്ങി പതിയെ ഇരുട്ട് കയറി. കാലുകൾ കുഴഞ്ഞ അവൾ പുറകിലേക്ക് മറിഞ്ഞു വീണു. ഇന്ദ്രഘോഷ് ഞെട്ടി. ശബ്ദം കേട്ട് ജോലി ചെയ്തിരുന്ന സ്ത്രീകൾ ഓടി വന്നു. കുറച്ചു വെള്ളം എൽവിറയുടെ മുഖത്ത് തളിച്ചു. ഒന്ന് കണ്ണ് തുറന്ന അവൾ വീണ്ടും കണ്ണടച്ചു. ഇന്ദ്രഘോഷ് അവളെ തൊട്ടു നോക്കി.
“”നല്ല പനിയുണ്ട്. ഇവളെ വീട്ടിലേക്ക് കൊണ്ട് പോകൂ””.. അയാൾ പറഞ്ഞു.
സ്ത്രീകൾ അവളെ താങ്ങി പിടിച്ചു നടന്നു.
“ഹേയ്… കണ്ണ് തുറക്കൂ””…കവിളിൽ തട്ടിയുള്ള വിളി കേട്ട് എൽവിറ കണ്ണ് തുറന്നു.
ഇന്ദ്രഘോഷ് ചിരിച്ചു. “”നിങ്ങൾക്ക് നല്ല പനിയായിരുന്നു. ഡോക്ടറെ കൊണ്ട് വന്നു കാണിച്ചു. എഴുന്നേൽക്കൂ. ഈ ബാർളി കഞ്ഞി കുടിച്ചു മരുന്ന് കഴിക്കൂ””.
ഒരു സ്ത്രീ വന്ന് അവളെ താങ്ങി പിടിച്ചു എഴുന്നേൽപ്പിച്ചു. അപ്പോഴും എൽവിറയുടെ മുഖത്ത് പകപ്പ് മാറിയിട്ടില്ലായിരുന്നു. പതുക്കെ മുമ്പ് നടന്ന കാഴ്ച്ചകൾ മനസ്സിലേക്ക് ഇരച്ചെത്തി. “”ഇന്ദ്രഘോഷ്””.. അവൾ പിറുപിറുത്തു.
“”അതെ.. ഇത് എന്റെ വീടാണ്. നിങ്ങൾ കഞ്ഞി കുടിക്കൂ””.. ഇന്ദ്രഘോഷ് ചിരിച്ചു കൊണ്ട് പറഞ്ഞു.
എൽവിറ അയാളെ തന്നെ നോക്കി. ചിരിയിലെ മാന്ത്രികത അവളെ അമ്പരപ്പിച്ചു. നീല കണ്ണുകളിൽ വശ്യത ഒളിപ്പിച്ചു വെച്ച പോലെ അവൾക്ക് തോന്നി. പൗരുഷം പൂർണ്ണമായ രൂപത്തിൽ മുന്നിൽ വന്നു നിന്ന പോലെ. കാന്തികമായ ഒരു ആകർഷണം മുഖത്ത്. അനുഭൂതികളുണർത്തുള്ള നോട്ടവും ചലനവും. “മൗല്യൻ… ശരിക്കും ലോകത്തിലെ ഏറ്റവും ഉന്നത വംശക്കാർ തന്നെ.. ആ തേജ്ജസ്സ്”… അവൾ ഉള്ളിൽ പിറു പിറുത്തു കൊണ്ട് കഞ്ഞി കോരി കുടിക്കാൻ തുടങ്ങി.
“”പെട്ടെന്ന് മറിഞ്ഞു വീഴുകയായിരുന്നു.. നിന്റെ പേരെന്താ?.ഏതു നാട്ടുക്കാരിയാ””.. ഇന്ദ്രഘോഷ് ചോദിച്ചു.
എൽവിറയിൽ അല്പം ഊർജ്ജം തിരിച്ചെത്തി. “”എൽവിറ..മൗറീഷ്യക്കാരിയാണ്. അവിടുത്തെ സെസാനിട് ഗോത്രക്കാരി. ഈ വെള്ളാരം കണ്ണ് കണ്ടില്ലേ. ഞങ്ങളുടെ ഗോത്രത്തിന്റെ ശാപമാണ്. ഞങ്ങളെ തിരിച്ചറിയാനുള്ള അടയാളം””.. എൽവിറ പതുക്കെ പറഞ്ഞു.
“”നിന്റെ പേരും നാടും മാത്രമാണ് ഞാൻ ചോദിച്ചത്. കുലവും ഗോത്രവും എനിക്കറിയേണ്ട കാര്യമില്ല””.. അയാൾ അല്പം സ്വരം കനപ്പിച്ചു.
അവളുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി. അവൾ തേങ്ങാൻ തുടങ്ങി.
“”നിനക്ക് ഒട്ടും വയ്യ.കൂടുതൽ സംസാരിക്കേണ്ട. വേഗം മരുന്ന് കഴിക്കൂ. രണ്ട് ദിവസം വിശ്രമിച്ചിട്ട് നാട് പിടിച്ചോളൂ””.. ഇന്ദ്രഘോഷ് ഇറങ്ങി പോയി.
എൽവിറ ജനാല തുറന്നു വിശാലമായ കുങ്കുമ പാടത്തേക്ക് നോക്കി. ഇറുത്തു കൂടായിലാക്കിയ കുങ്കുമ പൂവിന്റെ നടുവിലുള്ള ചുവന്ന നിറത്തിലുള്ള മൂന്ന് നാരുകൾ മൗല്യ സുന്ദരികൾ വേർതിരിച്ചെടുക്കുന്നു. അവർ വളരെ ആഹ്ലാദത്തോടെ ചിരിക്കുന്നു. സംസാരിക്കുന്നു. അതിനൊപ്പം ഇന്ദ്രഘോഷും ചിരിക്കുന്നു. എൽവിറയിൽ എന്തോ ഒരു അലോസരം ആ കാഴ്ച്ച സൃഷ്ടിച്ചു. അവളുടെ ഉള്ളിൽ നേരിയ ഒരു അസ്സൂയ എവിടെയോ മൊട്ടിട്ടു.
രണ്ട് ദിവസം പിന്നിട്ടു. പിറ്റേന്ന് എൽവിറയുടെ മുറിയിൽ ഇന്ദ്രഘോഷ് വന്നു. അവളെ നോക്കി ചിരിച്ചു. എൽവിറ നിറഞ്ഞു ചിരിച്ചു.
“”എൽവിറാ… ആരോഗ്യമൊക്കെ ശരിയായില്ലേ””. ഇന്ദ്രഘോഷ് ചോദിച്ചു.
അവൾ “അതെ” എന്ന് മൂളി. ആകാംഷയോടെ അയാളുടെ കണ്ണുകളിലേക്ക് നോക്കിയിരുന്നു.
””എന്നാൽ വേഗം പുറപ്പെട്ടോളൂ. വിമാന കൂലിക്ക് പണം വേണോ?””.. അയാൾ പറഞ്ഞു.
അവളുടെ മുഖം വാടി. ശിരസ്സ് കുനിഞ്ഞു. അതീവ നിരാശയിലും ദുഃഖത്തിലും കണ്ണുകൾ നിറഞ്ഞു. ചുണ്ടുകൾ കൂട്ടി കടിച്ചു.
“”നിങ്ങൾ എന്നെ ഗർഭിണിയാക്കില്ലേ. വെറുതെയല്ല. പണം തരാം””.ഏൽവിറ വിതുമ്പി കൊണ്ട് ചോദിച്ചു.
ഇന്ദ്രഘോഷ് ഉറക്കെ ചിരിച്ചു. ആ ചിരിയിലും ഒരു മാദകത്വം അവൾക്ക് തോന്നി.
“”ഇതിനുള്ള മറുപടി ഞാൻ മുമ്പ് പറഞ്ഞു കഴിഞ്ഞു. അതിൽ ഇനി മാറ്റമില്ല. ഞങ്ങൾ ഈ ഉന്നത തൊഴിൽ നിർത്തി ജീവിക്കാൻ തുടങ്ങിയിട്ടേയുള്ളൂ. പണം നീ എത്ര തരും?. എനിക്ക് പണത്തിന് ഒരു ക്ഷാമവുമില്ല. നീ കണ്ടില്ലേ. ഒരു കിലോ കുങ്കുമ പൂവിന്റെ നാരിന് ലക്ഷങ്ങൾ കിട്ടും എനിക്ക്. അത്രത്തോളം വരുമോ””. അയാൾ പറഞ്ഞു.
അവളുടെ മുഖം വീണ്ടും താഴ്ന്നു. നിരാശ ദേഷ്യത്തിൽ കലർന്നു. “”എന്റെ ഈ മാദക സൗന്ദര്യവും ശരീരവും നിങ്ങൾക്ക് ആസ്വദിച്ചൂടെ. ഭോഗ സുഖം അനുഭവിക്കാൻ ഇഷ്ടമില്ലാത്ത ഒരു പുരുഷനാണോ നിങ്ങൾ””.. അവൾ ഉറക്കെ പറഞ്ഞു.
അയാൾ വീണ്ടും ഉറക്കെ ചിരിച്ചു. “”മാദക സൗന്ദര്യമോ… ആ മൗല്യ യുവതികളെ കണ്ടില്ലേ. അത്രത്തോളം വരുമോ…പോട്ടെ.. അതിന്റെ പകുതിയെങ്കിലും വരുമോ. ഞങ്ങൾക്കെന്ത് ഭോഗ സുഖം. ഒരു കുഞ്ഞുണ്ടാവാൻ വരുന്നവരുടെ താല്പര്യം സംരക്ഷിക്കുക മാത്രമല്ലേ ഞങ്ങൾ ചെയ്തത്. ഒരു രീതിയിൽ പറഞ്ഞാൽ കടമയിൽ ബന്ധിക്കപ്പെട്ട ഒരു ചടങ്ങ്. ലൈംഗീകത അനന്തമാണ്. ഒരു ലക്ഷ്യം വെച്ചുള്ള ഏതൊരു ബന്ധവും വേദനയാണ്. ലൈംഗീകതയെ ഇഷ്ട്ടത്തിനനുസരിച്ചു പറത്തി വിടാൻ ഞങ്ങളെ ഇത് വരെ ഒരു പെണ്ണും സമ്മതിച്ചിട്ടില്ല. ആ ദിവ്യാനുഭൂതിക്ക് പരിധികളും പരിമിതികളും നിശ്ചയിച്ചു ഞങ്ങളെ ഒരു തടവറയിലാക്കി. ലോകത്തിലെ ഉന്നത കുലക്കാർ എന്നൊരു നശിച്ച കരിങ്കൽ തടവറ. ബീജ വിസർജ്ജനത്തോടെ മാത്രം പൊളിഞ്ഞു വീഴുന്ന നൈമിഷിക തടവറ””.. ഇന്ദ്രഘോഷിന്റെ മുഖത്ത് പല പല ഭാവങ്ങൾ മിന്നി മറഞ്ഞു. അതിൽ സ്വയം പുച്ഛം മികച്ചു നിന്നു.
“”നീ പോകാൻ തയ്യാറാവൂ. നിനക്ക് സുഖമില്ലാത്തത് കൊണ്ടു മാത്രമാണ് ഇത്രയും ദയാ വായ്പ്പ് ഞാൻ കാണിച്ചത്””. അയാൾ പോകാൻ ആഞ്ഞു.
“”ഇന്ദ്രഘോഷ്… ദയവുണ്ടായി കുറച്ചു നേരം എന്നെയൊന്നു കേൾക്കുമോ?. എന്റെ കഥയൊന്ന് പറഞ്ഞോട്ടെ””. ഏൽവിറ പതറിയ ശബ്ദത്തിൽ പറഞ്ഞു. ദയനീയമായ മുഖഭാവത്തോടെ അയാളെ നോക്കി.
ഇന്ദ്രഘോഷ് ഒന്ന് ആറി തണുത്തു. പതുക്കെ മൂളി കൊണ്ട് വളരെ വൈമനസ്യത്തോടെ ഒരു കസേരയിൽ ഇരുന്നു. അവൾ കണ്ണുകൾ തുടച്ചു.
“”ലോകത്ത് കറുത്തവർ മാത്രമല്ല ഒറ്റപ്പെട്ടവർ. എന്റെ നാട്ടിൽ എല്ലാരും എന്നെ പോലെ വെളുത്തവരാണ്. പക്ഷേ ഞാൻ ഉൾപ്പെട്ട സെസാനിട് വംശത്തെ ഉന്നത വംശജർ നികൃഷ്ട ജീവികളെ പോലെ കാണുന്നു. ഞങ്ങൾ ശപിക്കപ്പെട്ടവരാണത്രേ.. കണ്ടില്ലേ എന്റെ വെള്ളാരം കണ്ണുകളും കവിളിലും താടിയിലും ഉള്ള കറുത്ത പുള്ളികളും. ഇതാണ് ഞങ്ങളുടെ ശാപം. ഞങ്ങളുടെ വംശത്തിന് മാത്രമേ ഈ പ്രത്യേകതയുള്ളൂ. തലമുറകളായി ഞങ്ങൾ പീഡിപ്പിക്കപ്പെടുന്നു. വീടുകൾ കത്തിക്കുന്നു. ജീവനോടെ തീ കൊളുത്തി കൊല്ലുന്നു. കൃഷി സ്ഥലങ്ങളും വ്യവസായ ശാലകളും നശിപ്പിച്ചു ജീവനോപാതി ഇല്ലാതാക്കുന്നു. ഞങ്ങളുടെ ഗ്രാമം പട്ടിണിയിലാണ്. അതിജീവിച്ചവരിൽ ചിലർ അയൽ രാജ്യങ്ങളിലേക്ക് കുടിയേറി. ബാക്കിയുള്ളവർ ഇന്നും ദുരിതം പേറി ജീവിക്കുന്നു. എനിക്കാരുമില്ല. എന്റെ മാതാപിതാക്കളെയും സഹോദരൻ മാരെയും അവർ കത്തിച്ചു കൊന്നു””. ഏൽവിറ വിങ്ങി പൊട്ടി. കണ്ണുനീർ തുളുമ്പി വീണു കൊണ്ടിരുന്നു.
ഇന്ദ്രഘോഷ് അവളെ തന്നെ നോക്കിയിരുന്നു. ഒന്ന് കണ്ണ് തുടച്ചു അവൾ തുടർന്നു. “”ബാക്കി വന്ന ഞങ്ങൾക്ക് ജീവിക്കണം. ഇവിടെ ഇങ്ങനൊരു ഉന്നത കുല വംശം ഉള്ളതായി കേട്ടു. ഉള്ളതെല്ലാം വിറ്റു പെറുക്കി ഇങ്ങോട്ട് വിമാനം കയറുമ്പോൾ വാശിയായിരുന്നു. ഒരു മൗല്യന്റെ കുഞ്ഞിനെ പ്രസവിക്കണം എന്ന വാശി. അവനിൽ കൂടി എന്റെ വംശം വീണ്ടും വളരണം. തലമുറകൾ മഹിമ കൈമാറണം. ഈ അക്രമവും പീഡനവും എന്നെന്നേക്കുമായി അവസാനിപ്പിക്കണം. വെറും മനുഷ്യന് വിലയില്ലാത്ത ഈ കാലത്ത് വെറും മനുഷ്യനായി ജീവിക്കാൻ അവരെക്കാൾ മികച്ചതാവുക എന്നത് മാത്രമാണ് വഴി. ജീവിക്കാൻ വേണ്ടി മാത്രമാണ് ഇന്ദ്രഘോഷ് ഞാനീ യാചിക്കുന്നത്. നിങ്ങളെ പ്രയാസപ്പെടുത്തണമെന്ന് എനിക്ക് യാതൊരു നിർബന്ധവുമില്ല. ഗതികേട് കൊണ്ടാണ്. നിങ്ങൾക്കറിയോ. എന്റെ നിറവയറും കാത്ത് ഒരുപാട് മനുഷ്യർ പ്രതീക്ഷയോടെ കാത്തിരുക്കുന്നുണ്ട്. ഒരു വട്ടം എന്നെയൊന്നു സഹായിച്ചൂടെ. ഇതിൽ കൂടുതൽ താഴാൻ എനിക്കാവില്ല””.. ഏൽവിറ പൊട്ടി കരഞ്ഞു. അവൾ തളർന്നു കട്ടിലിൽ കിടന്നു.
ഇന്ദ്രഘോഷിന്റെ കണ്ണുകൾ അറിയാതെ നിറഞ്ഞു. മനസ്സ് കലുഷിതമായി. അയാൾ കുറച്ചു നേരം മൗനം പൂണ്ടു.
“”ഏൽവിറ””..ഇന്ദ്രഘോഷ് വിളിച്ചു. അവൾ വിളി കേട്ടു കൊണ്ട് പ്രതീക്ഷയോടെ ചാടിയെഴുന്നേറ്റു അയാളെ നോക്കി.
“”ഒരിക്കൽ കൂടി ഞാനാ വേഷം കെട്ടാം.. പക്ഷേ… ജനിക്കുന്നത് പെൺകുഞ്ഞാണെങ്കിലോ?. ചിന്തിച്ചിട്ടുണ്ടോ അങ്ങനെയൊരു സാധ്യത. അതോ ഗർഭം എന്ന് ചിന്തിച്ചപ്പോൾ തന്നെ അത് ആൺകുഞ്ഞാണ് എന്ന നശിച്ച ചിന്ത മാത്രമാണോ മനസ്സിൽ. ഒരു അർത്ഥവും ഇല്ലെങ്കിലും ഒരു അഹന്ത പോലെ തുടരുന്ന വംശ പരമ്പര നിലനിൽക്കുന്നതും അറിയപ്പെടുന്നതും ആൺ വർഗ്ഗത്തിലൂടെയാണ്””. ഇന്ദ്രഘോഷ് പറഞ്ഞു.
ഏൽവിറ ചിരിച്ചു. “”പുറപ്പെടും മുമ്പ് പലവട്ടം ആലോചിച്ചതാണ്. എങ്കിലും പരീക്ഷണം നിറഞ്ഞ ജീവിതത്തിൽ ഒരു അവസാന പരീക്ഷണം കൂടി. ആൺ കുഞ്ഞാണെങ്കിൽ സെസാനിട് ഗ്രാമത്തിലേക്ക് മടങ്ങും. പെൺ കുഞ്ഞാണെങ്കിൽ ഞാനും അവളും വേറെ എവിടെയെങ്കിലും ജീവിക്കും. അവളെ ഞാൻ അവനേക്കാൾ മികച്ചവളാക്കും””..അവൾ പറഞ്ഞു.
“”ശരി.. എങ്കിൽ ഇവിടെ ഈ ചടങ്ങിന് ചില നിബന്ധനകളുണ്ട്. പാലിക്കുമെങ്കിൽ മാത്രം പറയാം””..അയാൾ പറഞ്ഞു.
അവളുടെ മനസ്സ് നിറഞ്ഞു തുളുമ്പി. ആഹ്ലാദത്താൽ മുഖത്ത് ഭാവങ്ങൾ മിന്നി മാഞ്ഞു. നാസികാ ദ്വാരങ്ങൾ വികസിച്ചു. മുഖത്ത് ചുവപ്പ് രാശി പടർന്നു. കവിളുകൾ തുടുത്തു. കൺ പുരികങ്ങൾ മുകളിലേക്കുയർന്നു. ഏൽവിറ ദയവോടെ അയാളെ നോക്കി.
“”പറയൂ ഇന്ദ്രഘോഷ്.. എന്ത് ത്യാഗത്തിനും ഞാൻ തയ്യാറാണ്. ഞാൻ ഇത് വരെ അനുഭവിച്ചതോളം ഒന്നും വരില്ല ഇനി ഒന്നും””.. അവൾ പറഞ്ഞു.
””ബന്ധം നടന്നു ആർത്തവം തെറ്റുന്നത് എന്നാണോ അന്ന് നീ ഇവിടെ നിന്ന് പുറപ്പെടണം. ബന്ധപ്പെടുന്ന സ്ത്രീക്ക് ഗർഭം ഉറപ്പാക്കുന്നത് മൗല്യരുടെ രീതിയാണ്. ഭാവിയിൽ ഒരിക്കലും നീയോ നിന്റെ കുഞ്ഞോ പിതൃത്വം അന്വേഷിച്ചു ഇവിടെ വരാൻ പാടില്ല. കാരണം മാതാവിന്റെ കുലം ആരും അന്വേഷിക്കാറില്ല. പൈതൃകം എന്ന നശിച്ച വാക്കേ ഭൂമിയിൽ ഉളളൂ. അതിന്റെ ഉറവിടം അന്വേഷിക്കുന്നത് സ്വഭാവികമാണ്. ഒരിക്കലും എന്നെ പ്രണയിക്കാൻ പാടില്ല. അങ്ങനെ ഒരു ബാധ്യതയും എന്നിൽ അടിച്ചേൽപ്പിക്കാൻ പാടില്ല. സമ്മതമെങ്കിൽ മാത്രം പോയി കുളിച്ചിട്ട് വന്നോളൂ””.. ഇന്ദ്രഘോഷ് ഉറച്ച സ്വരത്തിൽ പറഞ്ഞു.
“എല്ലാം സമ്മതമാണ്”..എന്ന് മാത്രം പറഞ്ഞു കൊണ്ട് ഏൽവിറ എഴുന്നേറ്റു. കുളി കഴിഞ്ഞു തിരികെ വന്നു കട്ടിലിൽ മലർന്നു കിടന്നു. ഇന്ദ്രഘോഷ് മുറിയുടെ വാതിൽ അടച്ചു. മെയ് മെയ്യോട് ചേരുന്ന മൗല്യരുടെ ചടങ്ങ് നടന്നു. ഇന്ദ്രഘോഷ് ഭാവമേതുമില്ലാതെ മുറി വിട്ടിറങ്ങി. ഏൽവിറ നിറഞ്ഞ മനസ്സോടെ ചുണ്ടിൽ ഒരു പുഞ്ചിരിയുമായി കിടന്നു.
ഏൽവിറ പിന്നീടെന്നും ഇന്ദ്രഘോഷിനെ ആരാധനയോടെ നോക്കി കണ്ടു. ഇന്ദ്രഘോഷ് അവളെ കണ്ടില്ലെന്ന് നടിച്ചു. എത്രയൊക്കെ മനസ്സിനെ പഠിപ്പിച്ചു നിർത്തിയിട്ടും എൽവിറയുടെ മനസ്സ് ഇന്ദ്രഘോഷിന്റെ പുറകേ പാഞ്ഞു. പതുക്കെ അനുരാഗത്തിലേക്ക് വഴുതി വീണു. ആർത്തവം തെറ്റുന്ന ദിവസം അടുക്കുന്തോറും അവൾക്ക് നിരാശയും ദുഃഖവും ഏറി. “ഞാൻ ഇന്ദ്രഘോഷിനെ വിട്ടു പോവേണ്ടി വരുമല്ലോ. എന്നെ അകറ്റി നിർത്തുന്നുവെങ്കിലും എന്റെ മനസിന് അകലാൻ ആവുന്നില്ല … പക്ഷേ..മടങ്ങി പോയല്ലേ പറ്റൂ. എന്റെ രാജ്യം. എന്റെ ഗോത്രം”.. അവൾ ഇടയ്ക്കിടെ ഓർത്തു.
എൽവിറക്ക് ഒരു നാൾ ആർത്തവം തെറ്റി. അവൾ വളരെ ഏറെ സന്തോഷിച്ചു. ഇന്ദ്രഘോഷ് ഒരു നിറമില്ലാത്ത ചിരിയിൽ സന്തോഷം ഒതുക്കി.
“”ഇനി പൊയ്ക്കോളൂ. ഇന്ന് തന്നെ മടങ്ങണം. കരാർ പാലിക്കാൻ നീ ബാധ്യസ്ഥയാണ്””.. ഇന്ദ്രഘോഷ് പറഞ്ഞു.
അവളുടെ സന്തോഷം എവിടെയോ പോയി മറഞ്ഞു. നെഞ്ചിൽ നിരാശയും ദുഃഖവും മോഹഭംഗവും സ്ഥാനം പിടിച്ചു. മുഖം മങ്ങി. കുനിഞ്ഞ ശിരസ്സുമായി അവൾ എഴുന്നേറ്റു പോകാൻ തയ്യാറാവാൻ തുടങ്ങി. ഉള്ളിലെ പ്രണയം ഓർത്തു അവളുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി. ഓർക്കുന്തോറും ഹൃദയത്തിൽ കറുത്ത പുക നിറയുന്നു. ആ പുകയിൽ ഇന്ദ്രഘോഷ് മാത്രം ചിരിച്ചു തിളങ്ങി.
“”ഞാൻ പോവാണ് ഇന്ദ്രഘോഷ്””.. ഏൽവിറ നിറഞ്ഞ മിഴികളോടെ പറഞ്ഞു.
ഇന്ദ്രഘോഷ് വെറുതേ പരുക്കനായി മൂളി. എന്തൊക്കെയോ പറയാൻ അവൾ വെമ്പി. പക്ഷേ മനസ്സിലിട്ട കൂച്ചു വിലങ്ങിന്റെ കൂർത്ത കൊളുത്തുകൾ നാവിനെയും തുളച്ചു വേദനിപ്പിച്ചു.
ഒരു സ്ത്രീ ഒരു ചെറിയ പെട്ടി കുങ്കുമ പൂവിൻ നാര് അവളുടെ ബാഗിൽ കൊണ്ട് വന്നു വെച്ചു. “”നന്നായി വിശ്രമിക്കണം. പിന്നെ ഈ പൂവ് പാലിൽ കലക്കി എന്നും രാവിലെ കുടിക്കണം””.. ആ സ്ത്രീ പറഞ്ഞു.
ഏൽവിറ കുങ്കുമ പൂക്കൾക്കിടയിലൂടെ നടന്നു. ബാഗ് പിടിച്ചു ആ സ്ത്രീ അവളെ അനുഗമിച്ചു. പാടത്തിന്റെ അങ്ങേ അറ്റത്തു നിന്ന് അവൾ ഒന്ന് കൂടി തിരിഞ്ഞു നോക്കി. ഇന്ദ്രഘോഷിനെ കണ്ടില്ല. അവൾ വിങ്ങി പൊട്ടി കരഞ്ഞു കൊണ്ട് നടന്നു നീങ്ങി
——- ———————
മൗറീഷ്യയിൽ വിമാനമിറങ്ങിയ അവളെ സെസാനിട് ഗോത്രക്കാർ വന്നു കൂട്ടി കൊണ്ട് പോയി വേറെ ഒരു ഗ്രാമത്തിലേക്ക് കൊണ്ടു പോയി. അല്ലെങ്കിൽ ഉന്നത വംശക്കാർ വന്ന് ഗർഭിണിയായ അവളെ കൊല്ലുമെന്ന് അവർ ഭയപ്പെട്ടു.
“”ആൺ കുഞ്ഞാണെങ്കിൽ മാത്രം ഞങ്ങൾ വന്ന് കൂട്ടി കൊണ്ടു പോകും. മറിച്ചു പെൺ കുഞ്ഞാണെങ്കിൽ നീയും കുഞ്ഞും ഇവിടെ തന്നെ താമസിച്ചോളൂ””.അവർ വളരെ സങ്കടത്തോടെ പറഞ്ഞു.
മാസങ്ങൾ കഴിഞ്ഞു. ഏൽവിറ പ്രസവിച്ചു. സുന്ദരനായ ആൺകുഞ്ഞ് ജനിച്ചു. അവൾ ആദ്യം നോക്കിയത് കുഞ്ഞിന്റെ കണ്ണിലേക്കാണ്. വെള്ളാരം കണ്ണല്ല. കവിളുകളിൽ കറുത്ത പുള്ളികളില്ല. ഏൽവിറ ചിരിച്ചു. ആശ്വാസത്തിന്റെ നെടു വീർപ്പിട്ടു.
“”നിനക്ക് നിന്റെ അച്ഛന്റെ ഛായ ആണല്ലോ. ശരിക്കും മൗല്യൻ തന്നെ. എങ്കിലും നീ സെസാനിട് ഘോത്രക്കാരാനാണ്. ഞങ്ങളുടെ രക്ഷകനാണ്””.. കുഞ്ഞിന്റെ കവിളിൽ മുത്തമിട്ടു കൊണ്ട് അവൾ പറഞ്ഞു.
എൽവിറയേയും കുഞ്ഞിനേയും സെസാനിട് ഗോത്രക്കാർ വന്നു ഗ്രാമത്തിലേക്ക് ആഘോഷപൂർവ്വം കൊണ്ടു പോയി. പാട്ടും കൊട്ടും പരമ്പരാഗൃത നൃത്തവുമായി ബാക്കിയുള്ളവർ അവളെ വരവേറ്റു. വിവരമറിഞ്ഞു ഉന്നത കുലക്കാർ തോക്കുകളുമായി പാഞ്ഞെത്തി.
“”നോക്കൂ. ഇവന്റെ മുഖത്തേക്ക് നോക്കൂ. നിങ്ങൾക്ക് ഇവനെ ഒന്നും ചെയ്യാനാവില്ല. വെള്ളാരം കണ്ണില്ല. കവിളിൽ കറുത്ത പുള്ളികളില്ല. ഇവൻ സെസാനിട് ഗോത്രക്കാരനല്ല. നിങ്ങളൊക്കെ വാനോളം പുകഴ്ത്തുന്ന ലോകത്തിലെ ഏറ്റവും ഉന്നത വംശക്കാരായ മൗല്യരിൽ പെട്ട ഒരാളുടെ കുഞ്ഞാണ്…ഉന്നതൻ… നിങ്ങളെക്കാൾ ഉന്നതൻ.. കൊല്ലാൻ കഴിയുമോ നിങ്ങൾക്കിവനെ.ഒരു ഉന്നതനെ നിങ്ങൾ കൊല്ലുമോ””…ഏൽവിറ ഉറക്കെ അട്ടഹസിച്ചു. പിന്നെ പൊട്ടി കരഞ്ഞു.
ഉന്നത വംശക്കാർ തോക്കുകൾ താഴെയിട്ടു.അവർ ആരാധനയോടെ ആ കുഞ്ഞിനെ ഒരു നോക്ക് കണ്ടു അഭിമാനത്തോടെ തിരികെ മടങ്ങി.
മുഹമ്മദ് ഫൈസൽ
പുസ്തകത്താൾ
നമ്മൾ മായാവികൾ..
അമ്മ ദിനം
രാവിലെ പതിവു പോലെ മുറ്റത്തുനിന്ന് ദിനപത്രം എടുത്തുകൊണ്ട് സാവിത്രിയമ്മ ഉമ്മറത്തേക്ക് കയറി.. കസേരയിൽ ഇരിക്കാൻ തുടങ്ങിയതേ ഉള്ളൂ… അകത്തുനിന്ന് മകൾ രാധയുടെ ശബ്ദം ..
“അമ്മേ .. ആ പത്രം ഇങ്ങു തന്നേ .. ചേട്ടന് ബാത്രൂമിൽ പോകണമെന്ന്..”
അകത്തേക്ക് കയറാൻ തുടങ്ങിയതും കൊച്ചുമകൾ ഉമ വന്നു പത്രം തട്ടിപ്പറിച്ചു കൊണ്ട് അകത്തേക്കോടി…
” അച്ഛാ.. ദാ പത്രം . .”
അടുക്കളയിൽ കയറി ചായ ഉണ്ടാക്കാമെന്ന് കരുതി സാവിത്രിയമ്മ ഫ്രിഡ്ജ് തുറന്നു പാൽക്കവർ എടുത്തതും പിന്നെയും രാധയുടെ ശബ്ദം..
” അമ്മേ കുറച്ചു സമയം കഴിഞ്ഞുമതി ചായയിടൽ.. ചേട്ടനും കൂടെ ഫ്രഷായി വരട്ടെ ..അല്ലെങ്കിൽ ചായ ആറിപ്പോകും..”
ഒന്നും മിണ്ടാതെ സാവിത്രിയമ്മ തന്റെ ചായിപ്പിലേക്കു കയറി… എന്നാൽ പിന്നെ അങ്ങു കിടന്നേക്കാം… കട്ടിലിൽ ഇരിക്കാനായി തുടങ്ങിയതും എന്തോ ഒരു ശബ്ദം . ഇരുണ്ട ചായിപ്പിൽ ടോർച്ചെടുത്തവർ കട്ടിലിനടിയിലേക്ക് തെളിച്ചു .
മൂന്നു ദിവസം മുൻപ് ഉമയ്ക്ക് കളിക്കാൻ അവളുടെ അച്ഛൻ വാങ്ങിക്കൊണ്ടു വന്ന പട്ടിക്കുട്ടി…എന്താ അതിന്റെ പേര്… സാവിത്രിയമ്മ ഓർക്കാൻ ശ്രമിച്ചു.
” ഹാ . ബെയ്ലി.. .. എന്താണാവോ അതിന്റെ അർഥം… ”
ബെയ്ലി മലമൂത്രവിസർജ്ജനം കഴിഞ്ഞു മൂളിയതാണപ്പോൾ കാര്യം .സാവിത്രിയമ്മ മെല്ലെ ജനാലപ്പടിയിൽ വെച്ചിരുന്ന പഴയ പത്രം എടുത്തു വന്നതു വൃത്തിയാക്കി… കട്ടിലിനടുത്തുള്ള മേശയിൽ നിന്നും ലോഷനെടുത്തു തറയിൽ തുടച്ചു കഴിഞ്ഞപ്പോഴേയ്ക്കും അവരുടെ പുറവും കൈയ്യും ഒക്കെ വേദനിച്ചു തുടങ്ങി..
ഒന്നു മേലു ചായ്ച്ചതും കതകു തള്ളിത്തുറന്നു കൊണ്ട് രാധ അകത്തേക്ക് കയറിയതും ഒരുമിച്ചായിരുന്നു .
“എന്താ ഒരു നാറ്റം.. എന്നും ഭവാനി വന്നു തൂത്തുതുടക്കുന്നതല്ലേ അമ്മേ …ഒന്നു വൃത്തിയായി മുറി സൂക്ഷിച്ചുകൂടെ?… ”
അമ്മയുടെ ഉത്തരം പ്രതീക്ഷിക്കാതെ ബെയ്ലിയെ ഒക്കത്തെടുത്തു കൊഞ്ചിച്ചു കൊണ്ട് രാധ പോയി.
സാവിത്രിയമ്മ കണ്ണിറുക്കി അടച്ചു … എൺപത്തിയാറു വയസ്സായി … ഇന്നും മകളുടെ വീട്ടിലെ ഒരുമാതിരി എല്ലാ കാര്യങ്ങളും ചെയ്തു കൊടുക്കാറുമുണ്ട്.. എന്നാലും മകൾ എപ്പോഴും കുറവ് കണ്ടുപിടിക്കാറേയുള്ളൂ..
രാധയുടെ അച്ഛൻ മരിച്ചശേഷം ‘അമ്മ ഒറ്റക്കായിപ്പോകും എന്ന് പറഞ്ഞു നിർബന്ധം പിടിച്ചു രാധ തന്നെയാണ് ഭർത്താവിനോടും കൊച്ചുമകളോടുമൊപ്പം അമ്മയുടെ വീട്ടിൽ താമസമാക്കിയതും..
സർക്കാർ സ്കൂളിലെ ടീച്ചർ ആയി റിട്ടയർ ചെയ്ത സാവിത്രിയമ്മക്ക് അത്യാവശ്യം കഴിഞ്ഞുകൂടാൻ തന്റെ പെൻഷനും സർക്കാർ അനുവദിച്ച വിധവാപെൻഷനും ധാരാളമായിരുന്നു.. പ്രൈവറ്റ് ബാങ്കിലെ ക്ലർക്കായ രാധയ്ക്ക് കിട്ടുന്ന ശമ്പളം അവളതുപോലെ ഭർത്താവിനെ ഏൽപ്പിക്കും.. ഉമയുടെ പഠിത്തത്തിനു വേണ്ടി സേവ് ചെയ്യണമത്രെ….
അടിച്ചുതളിക്കാരി ഭവാനിയുടെ ശമ്പളം സാവിത്രിയമ്മയാണ് കൊടുക്കേണ്ടത്.. അമ്മയുടെ വസ്ത്രം അവൾ കൈകൊണ്ടു നനക്കുന്നതല്ലേ.. മുറി തൂത്തുവാരുന്നു… വാഷിംഗ് മെഷീനിൽ അമ്മയുടെ വസ്ത്രം ഇടണ്ടായെന്ന് തീരുമാനിച്ചത് മരുമകനാണ്… ഉമയുടെ വസ്ത്രങ്ങളുടെയൊപ്പം അത് വേണ്ടായെന്ന് അയാൾ രാധയെ പറഞ്ഞു മനസ്സിലാക്കിപ്പിച്ചു…
ഗ്യാസ് , കറന്റ് ചാർജ്, പത്രം, കേബിൾ ഇതെല്ലാം പ്രത്യേകം ചെലവ് സാവിത്രിയമ്മയുടെ വക . വൈകുന്നേരം സീരിയൽ കാണാൻ അമ്മയ്ക്കല്ലേ അത്യാവശ്യം. .
മുപ്പതു സെന്റും വീടും രാധയുടെ പേരിൽ എഴുതിക്കും മുൻപ് എന്തോരു സ്നേഹമായിരുന്നു മകൾക്കും മരുമകനും . അമ്മയെ കൊണ്ടൊരു ജോലി പോലും ചെയ്യിപ്പിക്കാതെ എടുത്തുകൊണ്ടു നടന്ന ആ സമയം…
” അമ്മേ മഴ നനയണ്ട ജലദോഷം പിടിക്കും”.
” അമ്മക്കു ചായ കൊടുത്തോ രാധേ”
മരുമകന്റെ പഴയ വാക്കുകൾ ഓർത്തോർത്തു പുഞ്ചിരിച്ചു കൊണ്ട് ഒരു ദീർഘനിശ്വാസത്തോടെ സാവിത്രിയമ്മ തിരിഞ്ഞു കിടന്നു.
ചുവരിലെ ക്ലോക്ക് ഒൻപതുപ്രാവശ്യം അടിച്ചപ്പോൾ അവർ നാവ് കൊണ്ട് ചുണ്ടു നനച്ചു.. തലേദിവസം തിളപ്പിച്ചു വച്ച ജീരകവെള്ളമെടുത്തവർ തൽക്കാലം ദാഹം ശമിപ്പിച്ചു..
തല വേദന സഹിക്കാതെയായപ്പോൾ മെല്ലെ അവർ ഹാളിലേക്ക് നടന്നു .. സോഫയിൽ ബെയ്ലിയെ കളിപ്പിച്ചു കൊണ്ടിരിക്കുന്ന ഉമ.. അവളെ വാത്സല്യത്തോടെ നോക്കി ചായ ഊതിക്കുടിച്ചു അടുത്തിരിക്കുന്ന രാധ ..പത്രം വായിച്ചു കൊണ്ടിരിക്കുന്ന മരുമകൻ… ഡൈനിങ്ങ് ടേബിളിന്റെ കോണിൽ പിടിച്ചുനിന്ന അമ്മയെ കണ്ടു രാധ ഒന്നു മുരടനക്കി..
” അമ്മേ ദാ ചായ പാത്രത്തിൽ അടച്ചു വെച്ചിരിക്കിന്നു.. എടുത്തു കുടിച്ചേക്കൂ.. “
ഒന്നും മിണ്ടാതെ അടുക്കളയിലേക്ക് കയറാൻ തുടങ്ങിയപ്പോൾ പിന്നിൽ നിന്ന് മകളുടെ ശബ്ദം പിന്നെയും…
” ആഹ്.. അമ്മേ… ബെയ്ലി രാവിലെ അപ്പിയിട്ടത് ‘അമ്മ കോരിക്കളഞ്ഞല്ലോ അല്ലെ.. അത് പിന്നെ എന്നാലെ ഭവാനി മുറിയിലേക്ക് കയറു എന്നു പറയുന്നു.. ”
മെല്ലെ തലകുലുക്കികൊണ്ടു സാവിത്രിയമ്മ അടച്ചു വച്ചിരുന്ന തണുത്ത ചായ ഒറ്റ വലിക്ക് കുടിച്ചു കൊണ്ട് തന്റെ ചായ്പ്പിലേക്കു കയറി..
ഫോണിലെന്തോ കണ്ടു പിന്നിൽ മൂവരുടെയും പൊട്ടിച്ചിരി…
” അമ്മുമ്മേ .. ഇത് കണ്ടോ… അമ്മ പോസ്റ്റ് ചെയ്ത പടം ..ദാ നോക്കിക്കേ..”
” ഉമാ . അവിടെ നിന്നെ.. അമ്മുമ്മ ഹാസ് നോട് ടേക്കൺ ഹെർ ബാത്ത്.. ഞാൻ കാണിക്കാം… നീ ഇങ്ങു വന്നേ..”
തന്റെ പിന്നാലെ ഓടി വന്ന ഉമയുടെ കൈയിൽനിന്നും ഫോൺ തട്ടിപ്പറിച്ചു കൊണ്ട് രാധ ചായിപ്പിലേക്കു കയറി..
” ദാ അമ്മേ.. ഇന്ന് മദർസ് ഡേ ആണ് .. ഞാൻ നമ്മുടെ ഫാമിലി ഗ്രൂപ്പിൽ അമ്മയുടെ കോളേജ് ഗ്രാജുവേഷൻ പടം ഇട്ടപ്പോ കണ്ടോ എത്രപേരാ അന്വേഷണം പറഞ്ഞിരിക്കുന്നെ.. നോക്കിക്കേ .”
കണ്ണടയെടുത്തുവെച്ചു അവർ മകൾ കാട്ടിയ പടങ്ങൾ കണ്ടു…. കണ്ണട ഒന്ന് മങ്ങിയോ… .
ഓസ്ട്രേലിയയിൽ നിന്നും ആങ്ങളയുടെ മകൾ വീണയുടെ മെസ്സേജ് രാധ വായിച്ചു കേൾപ്പിച്ചപ്പോൾ അവർ ഒന്നു വിങ്ങി…
” അമ്മേ… ഒന്ന് കുളിച്ചുവേഗം വന്നേ .. ഓണത്തിന് ചേട്ടൻ വാങ്ങിച്ചുതന്ന സെറ്റ് സാരി ഉടുക്കണേ സെല്ഫിയിടാമെന്ന് ഞാൻ എല്ലാരോടും പറഞ്ഞതാ…” പറഞ്ഞു കൊണ്ട് രാധ പുറത്തേക്കിറങ്ങി…
“അപ്പോൾ ഇന്ന് മദർസ് ഡേ .. എല്ലാരും സുഖമായി ഇരിക്കട്ടെ…ഭഗവാനെ.. “
തന്നോട് തന്നെ പിറുപിറുത്തുകൊണ്ട് സാവിത്രിയമ്മ കട്ടിലിലേക്ക് ചാഞ്ഞു.
പഴകിയ തലയിണ കവർ വൃത്താകൃതിയിൽ നനഞ്ഞു കുതിർന്നു.
ഷീന പിള്ളൈ സിങ്ങ്
തിരിച്ചു തരാം
കാഴ്ച മങ്ങിയ നഗരത്തിൻ്റെ കൃഷ്ണ മണികൾ
സത്യത്തെ വ്യാഖ്യാനിച്ച് കൊണ്ടിരുന്നു
നിൻറെ വാക്കുകൾ നീതിമാനും
നിൻറെ സംഗീതം നീതിയുമാണ്
യുവത്വമേ
മനുഷ്യത്വത്തിൻറെ നിലപാടുകൾ വിളിച്ചു പറയുക
നിന്നെ കാത്തിരിക്കുന്നത് മാധ്യമങ്ങൾ മാത്രമാണ്
മല ദൈവങ്ങൾ കാവലിരുന്ന ഉൾവനത്തിലെ ശാന്തത
നഷ്ടപ്പെട്ടു കഴിഞ്ഞു
കൊടിമരത്തിനു മിന്നലേൽക്കുന്ന
പകലുകൾ ഉണർന്നു കഴിഞ്ഞു
നിനക്കന്യമല്ലാത്ത നിർഭയ സത്യങ്ങൾ
പൂരിപ്പിച്ച് കൊടുക്കുക
അതിൽ
പകലന്തിയോളം പണിയെടുക്കുന്നവർ കാണും
അവരുടെ സുരക്ഷിതത്വം ചർച്ചയാകും
പീഡനവും പിടിച്ചു പറിയും അഴിമതിയും അറും കൊലയും കാണും
അപകടങ്ങളും ഭീകരാക്രമണവും കടന്നു വരും
നിലപാടുകൾ ചോദ്യം ചെയ്യുന്ന വഴിപാടുകൾ
കാണും
ജനാധിപത്യത്തിന് മാരിയും മഹാമാരിയും
പരസ്യമായി വോട്ട് ചെയ്യും
എഴുത്തുകാർ മനസ്സിലാവാത്ത ഭാഷയിൽ
രചന നിർവഹിക്കും
ഒരു സ്ഥിര ജോലി പോലെ.
കാരണം സത്യത്തെ വ്യാഖ്യാനിക്കുന്നത്
കാഴ്ച മങ്ങിയ കൃഷ്ണ മണികളാണ്.
ഉള്ളത് പറഞ്ഞാൽ ഉറിയും ചിരിക്കും
ഇപ്പൊൾ വേണ്ടത്
കടിച്ചാൽ പൊട്ടാത്ത കവിതയും
മാധ്യമ വ്യവഹാരവുമല്ല
സംരക്ഷണവും സുരക്ഷിതത്വവും ജോലിയും
അറിവും ആഹാരവുമാണ്
അതിനാൽ
എൻ്റെ എടിഎം കാർഡും പാസ്‌വേഡും
കവിതാ ശകലങ്ങളും
ഇതാ തിരിച്ചു തരുന്നു
സോമനാഥൻ കെവി
ഇരുളും പൊരുളും
ഡി.എൻ.എ.
അറുപതുവർഷം മുൻപൊക്കെ അവിഹിത ഗർഭം ഒരു വാർത്തയായിരുന്നില്ല. അന്നൊക്കെ അത് സർവ്വസാധാരണമായ കാര്യം. ആരാണ് കൊച്ചിൻ്റെ അച്ഛൻ എന്നൊന്നും ആരും അന്വേഷിക്കാറുമില്ല. ഗർഭനിരോധന മാർഗ്ഗങ്ങൾ അന്ന് നിലവിൽ വന്നിട്ടില്ല. അതായിരുന്നു കാരണം.
ഞാൻ മൂന്നിലോ നാലിലോ പഠിക്കുന്ന സമയം. അന്ന് ഞങ്ങളുടെ ഗ്രാമത്തിൽ റോഡുകളൊന്നുമില്ല.നടവഴികൾ മാത്രം.മണൽ പ്രദേശമായിരുന്നെങ്കിലും യുഗാന്തരങ്ങളായി മനുഷ്യൻ നടന്നു നടന്ന് ഇടവഴികൾ പലതും നല്ലതുപോലെ ഉറച്ചു പോയിരുന്നു. അവിടെ കുഴികുത്തിയാണ് ഞങ്ങളുടെ ഗോലുകളി.പുന്നയ്ക്കായാണ് ഗോല്.ഞങ്ങൾ അതിനെ വട്ട് എന്നാണ് പറഞ്ഞിരുന്നത്. വട്ടുകളി. അവധി ദിവസങ്ങളിലെ പ്രധാന വിനോദം.
ഇടവഴി മൂന്നായി പിരിയുന്നതിൻ്റെ അടുത്താണ് അമ്മാവൻ്റ ചായക്കട .നാട്ടുകാർ അദ്ദേഹത്തെ കാരണവർ എന്നു വിളിച്ചു.
ചായക്കടയ്ക്കു സമീപത്തുകൂടിയുള്ള വീതി കൂടിയ ഇടവഴിയിലാണ് ഞങ്ങളുടെ കളി. അവിടെ നിന്നാൽ ഏതു ഭാഗത്തു നിന്ന് ആളുകൾ വന്നാലും അറിയാൻ പറ്റും.
ഒരു ശനിയാഴ്ച ദിവസം ഞങ്ങൾ കളിച്ചു കൊണ്ടിരിക്കുമ്പോൾ എൻ്റെ ക്ലാസ്സ് ടീച്ചർ (അദ്ധ്യാപകൻ) വരുന്നതു ഞാൻ കണ്ടു. നല്ല വെളുത്ത ഷർട്ടും മുണ്ടും വേഷം.ചെറുപ്പക്കാരനാണ്. സാറിനെ കണ്ടതും ഞാൻ പതുക്കെ വീട്ടിലേക്കു നടന്നു. സാറ് കടയിലേക്കു കയറി അമ്മാവനുമായി സംസാരിച്ചു.
ഞാൻ മറ്റ് ആരേക്കാളും പേടിക്കുന്നത് അമ്മാവനെയാണ്. ആഴ്ചയിൽ ഒരിക്കൽ വീട്ടിൽ എത്തുന്ന അച്ഛനെപ്പോലും ഞാൻ ഇത്രയ്ക്ക് പേടിച്ചിട്ടില്ല.
ഞാൻ വീട്ടിൽ വന്ന് പതുങ്ങി നിൽക്കുന്നതു കണ്ട് അമ്മ ചോദിച്ചു. “നീയെന്താ .. കളി മതിയാക്കിയേ?”
ഞാൻ പറഞ്ഞു. ” തോറ്റു .. അവർ വട്ടു കൊണ്ടു മുട്ടം അതാ…”
അമ്മ പിന്നെയൊന്നും പറഞ്ഞില്ല.
കുറച്ചു കഴിഞ്ഞപ്പോൾ അമ്മാവനും സാറും കൂടി വീട്ടിലേക്കു വരുന്നു.
ഞാൻ വീടിനകത്തു കയറി ഒളിച്ചു.
കഴിഞ്ഞ ദിവസം ക്ലാസ്സിൽ കുട്ടികളുമായി ബോട്ടിയുണ്ടായ കാര്യം വീട്ടിൽ പറഞ്ഞിട്ടില്ലായിരുന്നു .. അതാണ്.
അമ്മാവൻ “അവൻ എന്ത്യേ…… എന്ന് അമ്മയോടു ചോദിച്ചതും ഞാൻ നിക്കറുവഴി പെടുത്തുവെന്നാണ് എൻ്റെ തോന്നൽ.
എന്തിനാണന്ന് അമ്മ ചോദിക്കുന്നു കേട്ടു .
ഈ സാറിന് ഇവിടെയുള്ള വീടുകളൊന്നും അറിയില്ല, വഴിയും. എന്തോ കണക്കെടുക്കാനാണ്.. അവനെ കൂടി വിടണം.
എനിക്ക് ശ്വാസം നേരെ വീണു. ഞാൻ ഉടനെ തന്നെ ഉടുപ്പും നിക്കറുമിട്ട് സാറിൻ്റെ കൂടെ ഇറങ്ങി.
അന്ന് ആ പ്രദേശത്ത് വീടുകൾ കുറവാന്ന്.വീടുകൾ തമ്മിൽ വളരെ അകലവും ഉണ്ടായിരുന്നു. ഞാൻ സാറുമായി നടന്നു. ചില സ്ഥലത്ത് നീന്തണം. ചിലയിടത്ത് ഒറ്റത്തടി പാലം കയറണം. എല്ലാ വീട്ടിലേക്കും ആളുകൾ നടന്ന് നടന്ന് രൂപപ്പെട്ട ഒറ്റയടി പാതകൾ താണ്ടി ഞങ്ങൾ നടന്നു.
ആ പ്രദേശത്തെ എല്ലാ വീടുകളും ആളുകളെയും എനിക്ക് അറിയാമായിരുന്നത് സാറിന് അത് ഉപകാരപ്പെട്ടു.
ഒരു തുരുത്തിലുള്ള വീട്ടിൽ എത്തിയപ്പോൾ അവിടുത്തെ ഗൃഹനായിക ഞങ്ങളെക്കണ്ട് പുറത്തേക്കു വന്നു. ഞാനാണ് അവരുടെ പേരു പറഞ്ഞു കൊടുത്തത്.വീട്ടു പേരും.
സാറു ചോദിച്ചു ” കുട്ടികൾ “?
മൂന്നു പേര് … അവർ പറഞ്ഞു.
” പഠിക്കുന്നുണ്ടോ?”
അവളു മൂന്നില്.. അവൻ് രണ്ടിൽ.
ഇവനെ അടുത്ത വർഷം ചേർക്കണം.
” ഭർത്താവിൻ്റെ പേര് “സാറു ചോദിച്ചു.
അവർ ഒന്നു പതുങ്ങി.
ചില സ്ത്രീകൾ ഭർത്താവിൻ്റെ പേരു പറയില്ല. അതുകൊണ്ട് സാറു പറഞ്ഞു “ഇത് സർക്കാരിൻ്റെ ആവശ്യത്തിനാണ്.. നിങ്ങളുടെ ഗുണത്തിനും “
അപ്പോൾ അവർ ഒന്നു പരുങ്ങി.
സാറു പറഞ്ഞു. “നിങ്ങൾ ഒരു പേരു പറയണം.എനിക്കു പോകാൻ തിടുക്കമുണ്ട് “
സാറിന് ഇഷ്ടമുള്ളത് എഴുതിക്കോ… അവർ പറഞ്ഞു.
“അങ്ങനെ എഴുതാൻ പറ്റില്ല “സാറുകടുപ്പിച്ചു.
എങ്കിൽ നിങ്ങളുടെ പേരെഴുതിക്കോ.. ഇത്രയും പറഞ്ഞ് അവർ അകത്തേക്കു കയറിപ്പോയി. അത് സാറ് ശരിക്കും കേട്ടില്ല. സാറ് എന്നോടു ചോദിച്ചു അവർ എന്താ.. പറഞ്ഞേന്ന്.?
ഞാൻ പറഞ്ഞു “സാറിൻ്റെ പേര് എഴുതിക്കോളാനാണ് അവർ പറഞ്ഞത് ”
അങ്ങനെ…
ശുഭം. ശുഭകരം… ശാന്തം …
ആർ.എസ്.പണിക്കർ
ചെമ്പകത്താര : ഡോ. ടി. ജി മനോജ്കുമാർ
അക്ഷരങ്ങൾ കൂട്ടി വായിക്കുവാൻ തുടങ്ങുമ്പോൾ തന്നെ മുന്നിലേയ്ക്ക് നീട്ടിവെയ്ക്കപ്പെടുന്ന ഒരുപാട് കഥകളുടെ ശലഭങ്ങൾ ഉണ്ടായിരുന്നു. ബാലരമയോടും, ബാലമംഗളത്തോടുമെല്ലാം തോന്നിയ കൗതുകങ്ങളെ, മെല്ലെ മെല്ലെ ബാലസാഹിത്യകൃതികളിലേയ്ക്ക് പറിച്ചു നടപ്പെടുന്നു. വായനയുടെയും പുസ്തകങ്ങളുടെയും വലിയൊരു ലോകം കുഞ്ഞുങ്ങൾക്ക് മുന്നിൽ തുറന്നു വരുന്നു. വായിച്ച് തുടങ്ങിയ അത്തരം ഒരുപാട് ചെറിയ പുസ്തകങ്ങൾ വീണ്ടും ഓർമ്മിക്കപ്പെടുന്നത്, ഡോ. ടി. ജി. മനോജ്‌കുമാർ എഴുതിയ ” ചെമ്പകത്താരയിൽ ” പൂത്തുവിടർന്നപ്പോഴാണ്. ചെമ്പകസുഗന്ധം പരത്തുന്ന പത്തു കഥകളും, രണ്ട് അനുബന്ധവും വായിച്ച് മടക്കുമ്പോൾ ഞാൻ വീണ്ടുമൊരു ആറു വയസ്സുകാരി ആയത് പോലെ തോന്നി.
ഇന്നത്തെ തലമുറയെ കുറിച്ച് ചിന്തിക്കുമ്പോൾ, ഞാൻ എന്നുമെന്നും ആശങ്കപ്പെടുന്ന ഒന്നാണ്, നഷ്ടമായിക്കൊണ്ടിരിക്കുന്ന അവരുടെ വായനാശീലം. കുഞ്ഞുങ്ങൾക്ക്, കഥകൾ വായിക്കുവാൻ അറിയില്ല, അവർക്ക് കഥകൾ പറഞ്ഞു കൊടുക്കുവാൻ അച്ഛനും അമ്മയ്ക്കും സമയമില്ല. കുഞ്ഞുങ്ങൾക്ക് വേണ്ടി കഷ്ടപ്പെടുന്നു എന്നൊരു ലേബലിൽ നിലനിൽക്കുമ്പോഴും കുഞ്ഞുങ്ങൾക്കായി കുറച്ച് സമയം നൽകണമെന്ന് അവർ ചിന്തിക്കാറുമില്ല.
കുഞ്ഞുങ്ങളിലെ, ഭാവനാശേഷി വളരണമെങ്കിൽ, അവരുടെ ചിന്തകൾക്ക് ഉണർവ്വ് ഉണ്ടാകണമെങ്കിൽ അവർ കഥകൾ കേട്ടും, കവിതകൾ ചൊല്ലിയും മണ്ണിൽ കളിച്ചും വളരണം. കുഞ്ഞുങ്ങളിൽ, സ്നേഹം, ത്യാഗം, പങ്കുവെയ്ക്കപ്പെടൽ തുടങ്ങിയ മനോഭാവങ്ങൾ എല്ലാം ഉണ്ടാക്കുന്നതിൽ ബാലസാഹിത്യകൃതികൾ വലിയൊരു പങ്കു വഹിക്കുന്നുണ്ട്.
തീർച്ചയായും അത്തരത്തിൽ മിട്ടായി പോലെ കിനിഞ്ഞിറങ്ങുന്ന മധുരവെള്ളമാണ് ഡോക്ടറുടെ കഥകൾ. കഥ പറഞ്ഞു പോകുക എന്നതിൽ ഉപരി കുട്ടികൾ അറിയാതെ അവരിൽ അറിവ് പകർത്തുവാനും ” ചെമ്പകത്താര” യ്ക്ക് കഴിഞ്ഞിട്ടുണ്ട് എന്ന് നിസ്സംശയം പറയാം. താറാകുട്ടനിൽ തുടങ്ങി, ചെമ്പകത്താരയിൽ അവസാനിക്കുമ്പോൾ ഓരോ കഥകളും കുഞ്ഞുങ്ങളെ പഠിപ്പിക്കുന്നത് നിരവധി കാര്യങ്ങൾ ആണ്. അത് അവർ അറിയാതെ തന്നെ കുഞ്ഞുമനസ്സുകളിൽ പകർത്തപ്പെടുമെന്ന് അനുഭവേദ്യമായതുമാണ്.
ഈ കഥകൾ പറഞ്ഞു കൊടുക്കുമ്പോൾ, അല്ലെങ്കിൽ കുഞ്ഞുങ്ങൾ വായിക്കുമ്പോൾ അവരും ചോദ്യങ്ങൾ ചോദിച്ചു തുടങ്ങുന്നു. ബാലസാഹിത്യ കഥകൾ വായിച്ച് കൊടുക്കപ്പെടേണ്ടതിന്റെ താളവും ഭംഗിയും അറിയാതെ തന്നെ കടന്ന് വരുന്ന കുഞ്ഞുകുഞ്ഞു കഥകൾ ആണ് ഈ കൃതിയിൽ ഉള്ളത്. മാതാപിതാക്കൾ ശ്രദ്ധിക്കുക,
നമ്മുടെ മക്കൾക്ക് വേണ്ടി അല്പം സമയം ചിലവഴിക്കുമ്പോൾ, അവർക്ക് കഥകൾ പറഞ്ഞു കൊടുക്കുമ്പോൾ പാട്ടുകൾ പാടികൊടുക്കുമ്പോൾ, സ്നേഹമുള്ള തലമുറകളെ വാർത്തെടുക്കുകയാണ് ചെയ്യുന്നത്.
എഴുത്തുകാരനോട്.. ഇനിയും ഭംഗിയുള്ള നിരവധി കഥകൾ എഴുതേണ്ടതുണ്ട്. കുട്ടിക്കഥകളുടെ മാധുര്യം നിറച്ച അങ്ങയുടെ എഴുത്തുകൾ ഇനിയുമിനിയും ഉണ്ടാകട്ടെ..
ആശംസകളോടെ
ഹരിത. ആർ. മേനോൻ
സോറിയാസിസ്
മാറിവരുന്ന ജീവിത സാഹചര്യങ്ങളുടെ പ്രതിഫലനമെന്നവണ്ണം, ഇപ്പോൾ വളരെ സാധാരണമായിക്കൊണ്ടിരിക്കുന്ന ഒരു രോഗമാണ് സോറിയാസിസ്. മാറരോഗത്തിന്റെ വകുപ്പിലാണു ആധുനിക വൈദ്യ ശാസ്ത്രം ഈ രോഗത്തെ പെടുത്തിയിരിക്കുന്നത്. രോഗം വരാനുള്ള യഥാർത്ഥ കാരണം വ്യക്തമല്ല. ശരീരം സ്വയം ആക്രമിക്കുന്ന ഓട്ടോ ഇമ്മ്യൂൺ രോഗമായിതു കരുതപ്പെടുന്നു. ( റുമറ്റോയിഡ് ആർത്രൈറ്റിസ്,ലൂപ്പസ്, സീലിയാക് ഡിസീസ്, മൾട്ടിപ്പൾ സ്ക്ല്Iറോസിസ്.എന്നിങ്ങനെ ധാരാളം രോഗങ്ങൾ ഈ വിഭാഗത്തിലുണ്ട്.)
തണുപ്പു കാലാവസ്ഥയിലും മാനസിക സമ്മർദ്ധം കൊണ്ടും രോഗം അധികരിക്കാറുണ്ട്. സാധാരണക്കരിൽ നിന്നു വ്യത്യസ്ഥമായി ഇവരിലെ ത്വക്കിലെ കോശങ്ങൾ ധാരാളമായി പെരുകുന്നു. അവ ഒത്തു ചേർന്നു പാളികളായി, വെളുത്തു വെള്ളി നിറമുള്ള ചിതമ്പലുകൾ പോലെ ഇളകി പോകുന്നുതാണു ബാഹ്യ ലക്ഷണം. ത്വക്കിലെ രോഗബാധിത ഭാഗത്തിനു ചുറ്റും ചുവപ്പു നിറം കാണാം. ചൊറിച്ചിലും പുകച്ചിലും അനുഭവപ്പെടാറുണ്ട്.
എവിടെയൊക്കെ ബാധിക്കാം?
സോറിയാസിസ് പലഭാഗത്തും ബാധിക്കാം. പലരൂപത്തിലും ഭാവത്തിലും വരാം. സോറിയാസിസ് വൾഗാരിസ് എന്ന വ്യാപിക്കുന്ന രീതിയിലുള്ളവ, കുത്തുകൾ പോലെയുള്ളവ (GUTTATE PSORIASIS), ശരീരത്തിന്റെ മടക്കുകളിൽ കാണുന്ന ഇൻവേഴ്സ് സോറിയാസിസ് (INVERSE PSORIASIS), പഴുപ്പോടു കൂടിയ പസ്റ്റുലാർ സോറിയാസിസ്, കൂടാതെ നഖത്തെ മാത്രം ബാധിക്കുന്നവയും സന്ധികളെ ബാധിക്കുന്നവയും തലയിൽ മാത്രം കാണുന്നവയും കൈകാലടികളെ മാത്രം ബാധിക്കുന്നവയും ഉണ്ട്.
ത്വക്കിനുണ്ടാകുന്ന ക്ഷതങ്ങൾ,രോഗാണു ബാധകൾ, ചില മരുന്നുകളുടെ പാർശ്വ ഫലങ്ങൾ എന്നിവയും ചില അലർജ്ജികൾ കൊണ്ടും രോഗമുണ്ടാകാം, അധികരിക്കാം.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ബാഹ്യലേപനങ്ങൾ ത്വക്കിന്റെ വരൾച്ച കുറയാൻ സഹായിക്കുമെങ്കിലും രാസവസ്തുക്കൾ അധികം അടങ്ങിയതു ഉപയോഗിക്കാതെ, “തേങ്ങവെന്ത വെളിച്ചെണ്ണ” പോലെ നിരുപദ്രവകരമായ ലേപനങ്ങളാണ് ദീർഘകാല ഉപയോഗത്തിനു നല്ലത്. ശരീരത്തിൽ ജലാംശം കുറയാതെ നോക്കുക. സോപ്പിന്റെ ഉപയോഗം കുറയ്ക്കുക. പാലുൽപന്നങ്ങളും മാംസാഹാരങ്ങളൂം ചെമ്മീൻ പോലുള്ള ഷെൽഫിഷുകളും അസുഖങ്ങൾ കൂട്ടാം.
മദ്യവും പുകവലിയും ഒഴിവാക്കുക.നന്നായി ഉറങ്ങുക. അപകർഷത ബോധം വേണ്ട. ഇതു മറ്റുള്ളവരിലേക്കു പകരില്ല എങ്കിലും ഇതു രോഗികളിൽ ഉണ്ടാക്കുന്ന മാനസികാവസ്ഥ ഭികരമാണ്. രോഗത്തെ ഭയക്കുന്തോറും, വെറുക്കുന്തോറും ഇതു കൂടിക്കൊണ്ടിരിക്കുകയും ചെയ്യും. നിങ്ങളുടെ കുഴപ്പം കൊണ്ടു വന്നതല്ല രോഗം എന്ന യാഥാർത്യം മനസ്സിലാക്കുക. ഇതു പകരുകയില്ലന്നതും എല്ലാവരും അറിഞ്ഞിരിക്കുക.
ചികിൽസ
ആധുനിക വൈദ്യ ശാസ്ത്രത്തിന്റെ കാഴ്ച്ചപ്പാടനുസരിച്ച് ഈ രോഗം മാറ്റാൻ പറ്റില്ല. കുറയ്ക്കാനേ കഴിയൂ . അതിനായി സ്റ്റീറോയിഡുകൾ അടങ്ങിയ ലേപനങ്ങളും, അൾട്രാ വയലറ്റ് രശ്മികൾ ഉപയോഗിച്ചുള്ള ചികിൽസകളും ചെയ്യാറുണ്ട്. എന്നാൽ ഹോമിയോപ്പതിയുടെ ചിന്താഗതി വ്യത്യസ്തമാണ്. ജന്മനാലുള്ള രോഗമല്ലല്ലോ ഇത്. പിന്നീടു വന്നതല്ലെ? അതിനാൽ തന്നെ ഇതു വരാനുണ്ടായ സാഹചര്യം ഒഴിവാക്കിയാൽ രോഗം മാറാം, സാവധാനമാണെങ്കിൽ കൂടിയും.
ചിലരിൽ വലിയ ഒരു മാനസിക ആഘാതത്തിനു ശേഷം ഈ രോഗം വന്നു കണ്ടിട്ടുണ്ട്. അത്തരക്കാരിൽ ഹോമിയോപ്പതി മരുന്നുകൾ ഉപയോഗിച്ച് പൂർണ്ണമായും രോഗ ശമനം സാധ്യമായിട്ടുമുണ്ട്.
ഹോമിയോപ്പതിയുടെ കാഴ്ച്ചപ്പാടനുസരിച്ച് ഒരോരുത്ത്രിലും രോഗം തുടങ്ങുന്നതോ അധികരിക്കുന്നതോ ആയ കാരണം വ്യത്യസ്ഥമായിരിക്കും. അതും, രോഗിയുടെ മറ്റുള്ള ശാരീരിക പ്രത്യേകതകളും പരിഗണിച്ച് മരുന്നുകൾ കണ്ടെത്തിയാൽ രോഗം മാറ്റാനും, രോഗം വീണ്ടും വരുന്ന ഇടവേള കൂട്ടാനും.ഹോമിയോ മരുന്നുകൾ കൊണ്ടു സാധിക്കും.
ഡോ. ടി. ജി. മനോജ് കുമാർ
ഇന്തോന്വേഷ്യൻ ദിനങ്ങൾ
അധ്യായം 10: മൺമറയുവാൻ പോകുന്ന വൻ നഗരങ്ങൾ
‘വണ്ടർഫുൾ ഇന്തോന്വേഷ്യ’. ഇത് ഈ രാജ്യത്തിന്റെ വിനോദസഞ്ചാര വകുപ്പിന്റെ ശീർഷകമാണ്. നമ്മൾ ദൈവത്തിന്റെ സ്വന്തം നാട് എന്ന് പറയുന്നതുപോലെ. ഈ ശീർഷകം ഇന്തോന്വേഷ്യയ്ക്ക് അനുയോജ്യം തന്നെ. വിസ്‌മയജനകമായ കാഴ്ച്ചകൾ ഒരുക്കിത്തന്നെയാണല്ലോ പ്രകൃതി ഇന്തോന്വേഷ്യയെ ഒരുക്കിയിരിക്കുന്നത്.
എന്നാൽ ഒരു വസ്‌തുത എന്നെ ഏറെ ദുഖിപ്പിക്കുന്നുണ്ട്. എനിക്കേറ്റവും ഇഷ്‌ടപ്പെട്ട നഗരങ്ങളിലൊന്നാണ് ജക്കാർത്ത എന്ന് ഞാൻ സൂചിപ്പിച്ചിരുന്നുവല്ലോ. ഈ നഗരം പ്രതിവർഷം 17 സെന്റീമീറ്റർ (6 .71 ഇഞ്ച്), ചിലയിടങ്ങളിൽ 25 സെന്റീമീറ്റർ വരെയും സമുദ്രത്തിൽ മുങ്ങിക്കൊണ്ടിരിക്കുന്നു. അതായത് ഞാൻ പോയതിനേക്കാൾ 34 സെന്റീമീറ്റർ (ഒരടിയിലേറെ) സമുദ്രനിരപ്പ് ഉയർന്നിരിക്കുന്നു. 2050 ൽ ഈ നഗരം വെള്ളത്തിനടിയിലാകും എന്നതാണ് എന്നെ ദുഖിപ്പിക്കുന്നത്.
ലോകത്തിലെ മുങ്ങിക്കൊണ്ടിരിക്കുന്ന രാജ്യ തലസ്ഥാനങ്ങളിൽ ഏറ്റവും മുൻപന്തിയിലാണ് ജക്കാർത്ത. ജക്കാർത്ത മാത്രമല്ല, ജാവാദ്വീപിന്റെ പലഭാഗങ്ങൾക്കും ഇത് തന്നെയാണാവസ്ഥ. ബോർണിയോ എന്ന വൻദ്വീപിൽ ഇന്തോന്വേഷ്യയ്ക്ക് ഒരു പ്രവിശ്യയുണ്ട്. കലിമന്താൻ എന്ന പ്രവിശ്യയാണത്. ഇന്തോന്വേഷ്യയുടെ തലസ്ഥാനം 2024 ആകുമ്പോഴേക്കും അവിടേയ്ക്കു മാറ്റുവാൻ തീരുമാനിച്ചിട്ടുണ്ട്.
2100 ൽ അപ്രത്യക്ഷമാകുവാൻ സാധ്യതയുള്ള നഗരങ്ങൾ വേറെയുമുണ്ട്. നൈജീരിയയിലെ ലാഗോസ് ആണ് രണ്ടാമൻ. ഈ നൂറ്റാണ്ടിന്റെ അവസാനം ആ നഗരത്തിൽ ആറരയടി ഉയരത്തിൽ വെള്ളം കയറും എന്നാണ് കണക്കുകൾ പ്രവചിക്കുന്നത്. മൂന്നാം സ്ഥാനത്ത് നിൽക്കുന്നത് അമേരിക്കയിലെ ടെക്‌സാസിലെ ഹൂസ്റ്റൺ ആണ്. ഓരോ വർഷവും രണ്ടിഞ്ച് മുങ്ങുന്നു എന്ന് കണക്ക്. നമ്മുടെ അയൽ രാജ്യ തലസ്ഥാനമാണ് മറ്റൊന്ന്. ബംഗ്ളാദേശിന്റെ തലസ്ഥാനമായ ധാക്കയാണ് ഭീഷണി നേരിടുന്ന ഈ നഗരം. ഇറ്റലിയിലെ വെനീസ്, തായ്‌ലന്റിലെ ബാങ്കോക്, ഈജിപ്റ്റിലെ അലെക്‌സാൻഡ്രിയ, ഫ്ലോറിഡയിലെ മിയാമി തുടങ്ങി പല നഗരങ്ങളും മുങ്ങൽ ഭീഷണിയിൽത്തന്നെ. അത്ര സമീപ ഭാവിയിലല്ലെങ്കിലും നമ്മുടെ മുംബൈയും കൊച്ചിയുമെല്ലാം ഭീഷണി നിലനിൽക്കുന്ന നഗരങ്ങൾ തന്നെ.
രണ്ടു പ്രധാന കാരണങ്ങളാണ് ഈ പ്രതിഭാസത്തിനു പുറകിൽ കണ്ടെത്തിയിട്ടുള്ളത്. യാതൊരു നിയന്ത്രണവുമില്ലാതെ ഭൂഗർഭജലം ഊറ്റിയെടുത്തതാണ് ഒരു പ്രധാന കാരണമായി ഇപ്പോൾ ചൂണ്ടിക്കാട്ടുന്നത്. അമിതമായി വർദ്ധിച്ചുവന്ന ജനപ്പെരുപ്പം ഇതിന്റെ ആക്കം കൂട്ടുകയുമുണ്ടായി. രണ്ടാമത്തെ കാരണം ലോകത്തിനു മുഴുവൻ ബാധകമായ ഗ്ലോബൽ വാമിംഗും മറ്റു കാലാവസ്ഥാ മാറ്റങ്ങളും നിമിത്തം സമുദ്രനിരപ്പിൽ ഉണ്ടായ ഉയർച്ച തന്നെയാണ്.
നമ്മുടെ നഗരങ്ങൾക്ക് ഒന്നാമത്തെ കാരണം ഒരു പാഠമായിരിക്കട്ടെ. നഗരങ്ങൾ വെള്ളത്തിൽ മുങ്ങുന്നതിന്റെ ഒരു പ്രധാന കാരണമായി ഇത് അംഗീകരിച്ചുകഴിഞ്ഞു. അതിവേഗമുള്ള നഗരവൽകരണം ഇതിനെ ത്വരിതപ്പെടുത്തുന്നു. വിദഗ്‌ധമായ ആസൂത്രണങ്ങൾ വഴി നമ്മുടെ നഗരങ്ങളെ കുറേക്കാലം കൂടിയെങ്കിലും സംരക്ഷിച്ചുനിറുത്തുവാൻ നാം ഇനിയെങ്കിലും ശ്രമമാരംഭിക്കണം.
തലസ്ഥാനം കലിമന്താനിലേക്കു മാറ്റുന്നതിനുള്ള കാരണങ്ങളിലൊന്ന്, അവിടെ മാത്രമാണ് അഗ്നിപർവ്വത സ്‌ഫോടനങ്ങളും ഭൂകമ്പങ്ങളും താരതമ്യേന കുറവുള്ളത് എന്നതാണ്. സ്ഥലത്തിനനുസരിച്ചു ജനസംഖ്യയും കുറവാണ് എന്നതും മറ്റൊരു കാരണം. ലോകത്തിലെ തന്നെ ഏറ്റവും വലിയ മൂന്നാമത്തെ ദ്വീപാണ് ബോർണിയോ. ഗ്രീൻ ലാൻഡ് ആണ് ഏറ്റവും വലിയ ദ്വീപ്. മൂന്നു രാജ്യങ്ങളാണ് ബോർണിയോയിലുള്ളത്. സാബ, സരവാക്ക് എന്നീ മലേഷ്യൻ സംസ്ഥാനങ്ങളും, ധനിക രാഷ്‌ട്രമെന്നറിയപ്പെടുന്ന ബ്രൂണൈയും കലിമന്താൻ എന്ന ഇന്തോന്വേഷ്യൻ പ്രവിശ്യയുമാണ് അവ. ഇതിൽ 73 ശതമാനം ഭൂമിയും ഇന്തോന്വേഷ്യയുടേതാണ്. 26 ശതമാനം മലേഷ്യയുടെയും. വെറും ഒരു ശതമാനം മാത്രം ബ്രൂണൈയുടേത്. ബ്രൂണൈ ഒരു കാലത്ത് ലോകത്തിലെ ഏറ്റവും ധനിക രാഷ്‌ട്രമായിരുന്നു. ഇന്നത് നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരിക്കുന്നു. പെട്രോളിയവും പ്രകൃതി വാതകവുമാണ് ഈ രാജ്യത്തെ ഇത്രയും ധനികരാക്കിയത്.
കലിമന്താനിലും ഇപ്പോൾ പെട്രോളിയം പരിവേഷണം തകൃതിയായി നടക്കുന്നുണ്ട്. ഇവിടെ ഇപ്പോൾത്തന്നെ പെട്രോളിയവും പ്രകൃതി വാതകവുമെല്ലാം നല്ലതോതിൽ ലഭ്യമാണ്. ലോകത്തിലെ തന്നെ പഴക്കമേറിയ മഴക്കാടുകളാണിവിടെയുള്ളത്. 130 മില്യൺ വർഷങ്ങളാണത്രേ ഇതിന്റെ പഴക്കം. ആമസോൺ മഴക്കാടുകളുടെ പഴക്കം 60 മില്യൺ വർഷങ്ങൾ മാത്രമാണെന്നുമോർക്കണം.
പതിനേഴാം നൂറ്റാണ്ടു വരെ ദയക് എന്ന ആദിവാസി സമൂഹം മാത്രമായിരുന്നു കലിമന്താനിൽ ഉണ്ടായിരുന്നത്. മലയയിൽ നിന്നാണ് ഇവിടെ ആദ്യമായി പുറം ലോകത്തുനിന്നും ആളുകൾ എത്തിച്ചേർന്നത്. അവർ ഇവിടെ ബഞ്ചർ എന്ന ഇസ്‌ലാം രാജവംശം തന്നെയുണ്ടാക്കി. 1800 കളിൽ അവിടെയെത്തിയ ചൈനാക്കാർ ഇവരെ തോൽപ്പിച്ച് ലൻഫെങ് എന്നൊരു രാഷ്‌ട്രമുണ്ടാക്കി. 1800 കൾക്കൊടുവിലെത്തിയ ഡച്ചുകാർ പിന്നീട് ഇവിടം ഭരിക്കുവാൻ തുടങ്ങി. പിന്നീട് ജപ്പാൻകാരുടെ ഭരണമായി. ഒടുവിൽ ഇന്തോന്വേഷ്യക്കു സ്വാതന്ത്ര്യം ലഭിച്ചതിനു ശേഷമാണു ദയക് വംശജർക്ക് ഇവിടെ വീണ്ടും പ്രാതിനിധ്യവും കൂടുതൽ അവകാശങ്ങളും ലഭിക്കുവാൻ തുടങ്ങിയത്.
അന്നും ഇന്നും മാറ്റമില്ലാതെ തുടരുന്നത് കലിമന്താൻ വനങ്ങളുടെ അധിപരായ ഉറാങ്ങുട്ടാനുകൾ മാത്രമാണ്. ഇപ്പോൾ കാഴ്ച്ച ബംഗ്ളാവുകളിലല്ലാതെ ഇവരെ കാണുവാൻ കഴിയുന്നത് ഇന്തോന്വേഷ്യയിൽ മാത്രമാണ്. സുമാത്രയിലെയും കലിമന്താനിലെയും മഴക്കാടുകളിൽ ഇവർ ഇന്നും സ്വൈരവിഹാരം നടത്തുന്നു. മനുഷ്യൻ കഴിഞ്ഞാൽ ഏറ്റവും ബുദ്ധി കൂടുതലുള്ള മൃഗവും ഇവരാണത്രേ. മലയ് ഇന്തോന്വേഷ്യൻ ഭാഷകളിൽ നിന്നാണ് ഉറാങ്ങുട്ടാൻ എന്ന പേരുണ്ടായത്. കാട്ടു മനുഷ്യൻ എന്നാണ് ഈ വാക്കിന്റെ അർഥം.
ഇന്തോന്വേഷ്യയിൽ ഏറ്റവും കൂടുതൽ ദേശീയ റിസർവ് ഫോറസ്റ്റുകളും നാഷണൽ പാർക്കുകളും ഇവിടെയാണുള്ളത്. ലോകത്തിലെ പല ആദ്യകാല മൃഗങ്ങളും പക്ഷികളും മറ്റു ജീവജാലങ്ങളും കൊണ്ട് സമൃദ്ധമാണ് കലിമന്താനിലെ മഴക്കാടുകൾ. തലസ്ഥാന നഗരം ഇവിടേയ്ക്ക് മാറ്റിയാൽ അടുത്ത ഇരുപതോ ഇരുപത്തഞ്ചോ വർഷങ്ങൾക്കു ശേഷം നടക്കുന്ന മാറ്റങ്ങളും നമുക്ക് വെറുതേ ചിന്തിച്ചു നോക്കാം.
ഡോ സുനീത് മാത്യു
സ്പാനീഷ് ഓംലെറ്റ്
ഒരു സമ്പൂർണ്ണ ആഹാരമാണ് മുട്ട. പ്രകൃതി ദത്ത മാംസ്യത്തിന്റെ ഏറ്റവും നല്ല ഉറവിടം. കുട്ടികളുടെ ബുദ്ധിവികാസത്തിന് ഏറ്റവും അനുയോജ്യം. ജീവകം ബി യുടേയും എ യുടേയും കലവറ. ഒപ്പം കുറഞ്ഞ അളവിലാണെങ്കിലും ജീവകം ഡി, ഇ, കെ എന്നിവയും അടങ്ങിയിരിക്കുന്നു. നമ്മുടെ ആരോഗ്യത്തിനാവശ്യമായ മിക്ക ധാതുക്കളും മുട്ടയിൽ അടങ്ങിയിട്ടുണ്ട്. ശരീര കോശങ്ങളുടെ ആവരണം നിർമ്മിക്കുന്നതിനാവശ്യമായ കോളിൻ എന്ന പോഷകവും ഇതിൽ അടങ്ങിയിരിക്കുന്നു. ശരീരഭാരം കുറയ്ക്കുന്നവർക്ക് ഏറ്റവും അനുയോജ്യമായ ഭക്ഷണമാണിത്.
ധാതു ലവണങ്ങളുടെ മറ്റൊരു കലവറയാണ് ചീസ്. കാൽസിയം വലിയതോതിൽ തന്നെ അടങ്ങിയിരിക്കുന്നു. എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് ഏറ്റവും അത്യാവശ്യമായ ഇത് കുട്ടികളുടെ അസ്ഥി വളർച്ചയ്ക്ക് അത്യന്താപേക്ഷികമാണ്.
ചേരുവകൾ
മുട്ട : രണ്ട്
സവാള : ഒന്ന്
ഉരുളൻ കിഴങ്ങ് : ചെറുത് ഒന്ന്.
ക്യാബേജ്: ഒരു ചെറിയ കഷണം.
സെലറി: 2 തണ്ട്.
പാർസ്ലെ : 2 തണ്ട്
പച്ചമുളക് : രണ്ട്
ചീസ് : ഒരു സ്ലൈസ്
കരുമുളക് പൊടി : 1/2 ടീ സ്പൂൺ
ഉപ്പ്: ആവശ്യത്തിന്.
എണ്ണ : മൂന്ന് ടേബിൾ സ്പൂൺ.
തയ്യാറാക്കുന്ന വിധം
ഉരുളൻ കിഴങ്ങ് കഴിയുന്നത്ര ചെറുതായി അരിഞ്ഞ് എണ്ണയിൽ പൊരിച്ചെടുക്കുക. അതിലേയ്ക്ക് ചെറുതായി അരിഞ്ഞ ക്യാബേജ് ചേർത്ത് മൂടി വച്ച് വേവിയ്ക്കുക. രണ്ട് മുട്ട ഒരു പാത്രത്തിൽ പൊട്ടിച്ചൊഴിച്ച് പതപ്പിച്ചെടുക്കുക. അതിലേയ്ക്ക് ചെറുതായി അരിഞ്ഞ സെലറി, പാർസ്ലി എന്നീ ഇലകളും സവാളയും ഉപ്പും ചേർത്ത് നന്നായി മിക്സ് ചെയ്യുക. അതിലേയ്ക്ക് ഫ്രൈ ചെയ്തു വച്ചിരിക്കുന്ന ഉരുളൻ കിഴങ്ങും ക്യാബേജും ചേർത്തിളക്കുക. ഒപ്പം ചെറുതായി മുറിച്ച ചീസും ചേർത്തിളക്കുക. ശേഷം ദോശക്കല്ലിൽ ഒരു സ്പൂൺ എണ്ണ ഒഴിച്ച്, ചൂടാകുമ്പോൾ അതിലേയ്ക്ക് ഇത് ഒഴിച്ച് പൊരിച്ചെടുക്കാം. തിരിച്ചും മറിച്ചും ഇടാൻ മറക്കരുത്. സ്വാദിഷ്ടമായ സ്പാനീഷ് ഓംലറ്റ് തയ്യാറായി.
ഡോ. ഷേർളി സുനീത്
പ്രതികരണങ്ങൾ
വളരെ മനോഹരമായൊരു കൊച്ചു മാസിക. കഥകൾ, കവിതകൾ, ലേഖനങ്ങൾ എല്ലാം ഒന്നിനൊന്നു മെച്ചം. ഒരു മാസിക നേരിട്ട് കൈയ്യിലെത്തുന്ന ഒരു അനുഭൂതിയും നൽകുന്നുണ്ട് ഈ മാസിക. അഭിനന്ദനങ്ങൾ
നന്ദഗോപാൽ, ഇരുട്ടി
ഓൺലൈൻ മാസികകളുടെ പ്രസക്തി വളരെയധികം വർദ്ധിച്ചിരിക്കുന്ന ഇക്കാലത്തിന് അനുയോജ്യമായ മാസിക. അതും തികച്ചും സൗജന്യമായി വായിക്കുവാൻ ലഭിക്കുന്നു. വളരെ നല്ലൊരു ശ്രമം തന്നെയാണിത്. അണിയറ പ്രവർത്തകരെ അനുമോദിക്കുന്നതിന് ഈ അവസരം ഉപയോഗിക്കുന്നു
താജുദ്ധീൻ കെ പി, മലേഷ്യ
അഞ്ജനായ സോക്രട്ടീസ് നന്നായി ചിന്തിപ്പിച്ചു. ഇന്തോന്വേഷ്യയിലൂടെയുള്ള യാത്ര നല്ല അനുഭവം തന്നെ. മുഖമൊഴി അസലാ കുന്നുണ്ട്. കഥകൾ തൃപ്തികരം എന്നേ പറയുവാൻ കഴിയുകയുള്ളൂ. കവിതകൾ മികച്ച വ തന്നെ. ആരോഗ്യം, ആസ്വാദനം എന്നിവയും നല്ല നിലവാരം പുലർത്തുന്നുണ്ട്. മൊത്തത്തിൽ ഒരു ആനച്ചന്തമുണ്ട് ഇതിവൃത്തത്തിന്.
കവിത സുഗതൻ, മുംബൈ
വിജ്ഞാന പ്രദമായ ലേഖനങ്ങൾ, മനോഹരങ്ങളായ കഥകൾ, കവിതകൾ എന്നിവയാൽ സമ്പുഷ്ടമാണ് ഈ മാസിക. നല്ല വായനയ്ക്ക് ഇതിവൃത്തം ഉത്തമമാണ്. ഭാവുകങ്ങൾ.
കാവ്യസന്ധ്യ എൻ.എസ്., മൈസൂർ
കഴിഞ്ഞ കുറേ ലക്കങ്ങളായി ഇതിവൃത്തം മാസിക വായിക്കുന്നുണ്ട്. എനിയ്ക്ക് ഒത്തിരി ഒത്തിരി ഇഷ്ടം. എല്ലാം വായിക്കാറുണ്ട്. മറ്റു മാസികളിൽ ഞാൻ സീരിയസായ ലേഖനങ്ങൾ വായിക്കാറില്ല. എനിയ്ക്കീ ശീലം പകർന്നു തരുന്നത് ഈ മാസികയാണ്. എല്ലാ നന്മകളും നേരുന്നു.
അശ്വതി ചന്ദ്രൻ, പേരാമ്പ്ര
മാസികയുടെ വായനക്കാർക്കും, എഴുത്തുകാർക്കും, പ്രതികരിച്ചവർക്കും മാസികയുടെ ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ
എഡിറ്റർ.
-
കുട്ടികളെ ലൈംഗീകമായി ചൂഷണം ചെയ്യുന്ന വാർത്തകളാണ് നാം നിത്യേനയെന്നവണ്ണം കേൾക്കുന്നത്. പണ്ട് നമുക്കറിയാത്ത സ്ഥലങ്ങളിലായിരുന്നുവെങ്കിൽ, ഇന്നത...
-
സിനിമയായി തീർന്ന ബഷീറിന്റെ രണ്ടാമത്തെ നോവലാണ് 1944 ൽ പ്രസിദ്ധീകരിച്ച ബാല്യകാലസഖി. പ്രണയ പശ്ചാത്തലത്തിലെ ദുരന്ത കഥ പറയുന്ന ബഷീറിൻറെ ഈ നോവ...