അലമേലെ വലവീശി മലമേലെ ഇടയരായ്
വലയുന്ന മനിതർക്ക് നവലോകം പണിയാൻ
നടകൊണ്ട മനുജാ നിൻ നലവാക്കുകളിവരിന്ന്
വലയാക്കി വീശുന്നീ പതിതർക്കുമേലെ.
മരുഭൂവിൽ ഏലീസുതൻ ഉഴുതിട്ട മണ്ണിൽ
അതിവേഗം വേരോടി വചനത്തേൻ വിത്ത്
നവജീവൻ തുടികൊട്ടി ജനതതിയിൽ മോദം
പുതു ലോകം സ്വപ്നത്തിൽ അവരങ്ങനെ കണ്ടു.
തവ അരുളിൻ പൊരുളറിയാതിവരിന്നും ഇരുളിൽ
പരതുന്നു വരമായി ലഭിക്കും പുതു ലോകം
പൊരുതാതെ തരമാകില്ലിവയെന്ന ഉപമ
വെളിവാക്കിയതില്ലന്നാ ശിഷ്യൻമാർ പുറമേ.
‘ജoരാഗ്നി ദാരിദ്ര്യം ആത്മാവിൽ കൊണ്ടാൽ
അടരാടാനതു തന്നെ അവനൂർജ്ജം നല്കും
ജഡമാകുമനാചാരം മതബോധമനീതി
അവിടങ്ങളിലതിവേഗം സംതൃപ്തി ലഭിക്കും,
ഹൃദയത്തിൽ ശുദ്ധിയും കരളിന്മേൽ കരുണേം
കരുതുന്നവനുടെ മുൻപിൽ എത്തുന്നതു ദൈവം,
എവിടൊക്കെ എവനൊക്കെ ചൊരിയുന്നു ശാന്തി
അവരൊക്കെ ദൈവത്തിൻ സുതരാണെന്നറിക,
അപരർക്കായ് സഹനത്തിൽ ബലിയായവരുണ്ടോ
അവരാണീ സ്വർഗത്തിൻ അവകാശികളറിക.’
ഫലമുള്ളിൽ കരുതുന്ന മാധുര്യം നമ്മൾ –
ക്കറിവേകും ഗുണമുള്ള മരമേത് ലതയും
ചിലതുണ്ട് വിഭവങ്ങൾ കവരും ഫലമില്ലാ-
തവയൊക്കെ അടിയോടെ പതിയട്ടെ തീയിൽ.
ഉടുതുണിയില്ലാതുള്ളവരുള്ളപ്പോൾ രണ്ട്
കരുതുന്നവരവരല്ലെ ഫലമില്ലാ വൃക്ഷം
‘അവരഗ്രസ്ഥാനവും തെരുവിൽ വന്ദനവും
തിരയുന്ന അധികാരക്കൊതിമൂത്ത വർഗ്ഗം,
സിനഗോഗിൽ തെരുവുകളിൽ അലറുന്ന ഗീതം
പണി ചെയ്യാതവരുണ്ണാൻ മെനയുന്ന സൂത്രം
ധര മുഴുവൻ കരുതി നീ കയ്യിൽ വച്ചാലും
അരുണോദയം അതു നാളെ ഉറപ്പുണ്ടോ കാണും.
വിളകൊയ്യും കുരുവിക്കില്ലല്ലൊ പത്തായം
അരികിട്ടാതവയൊന്നും മരണം പുല്കില്ല
പശി വന്ന ദാവീദും കയറിച്ചെന്നില്ലെ
അതിഗൂഡം കരുതിയതാം ‘തിരുഅപ്പം ‘ തിന്നാൻ,
അറിയൂ നീ അകമേക്കു പോകുന്നതൊന്നും
മലിനമാക്കില്ല ദുഷ്ചിന്തകളല്ലാതെ’.
ഉപമയും ഉപമാനോം അവനോളം നന്നായ്
അരുളിയ ഗുരുവാരുണ്ടവനിയിലിന്നും
ചതി മുന്നിൽക്കണ്ടന്നവനുര ചെയ്ത വാക്കിൻ
പൊരുളിന്നും അറിയാത്തവരുണ്ടെന്നോ പാരിൽ
”മമ നിണവും മാംസവും നുണയുന്നു നിങ്ങൾ
നവലോകം വരുവോളം ഇതു ലോകം പാടും”….
ജോളി കുത്തുകല്ലുങ്കൽ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ