2023 ഓഗസ്റ്റ് 31, വ്യാഴാഴ്‌ച
മുഖമൊഴി
കുട്ടികളുടെ നേർക്കുള്ള അക്രമങ്ങൾ വർദ്ധിച്ചു വരുന്നു എന്ന ആശങ്കയിലാണ് നമ്മൾ. ഇതിന്റെ ഇതുവരെ അറിഞ്ഞ അവസാനത്തെ സംഭവം നടന്നത് ഏതാനും ദിവസങ്ങൾക്കു മുൻപാണ്. പ്രതിയെ പിടിക്കുകയും ചെയ്തു.
ഇത്തരത്തിൽ സംഭവങ്ങൾ ഉണ്ടായിക്കഴിയുമ്പോൾ പ്രതികരണങ്ങളും ഞെട്ടലുകളും നടത്തുന്നവരാണ് നമ്മൾ. ചിലർ രാഷ്ട്രീയ മുതലെടുപ്പുകൾക്കു പോലും ഇതവസരമാക്കുന്നു. ഓരോ തവണയും ഇത് അവസാനമായിരിക്കും എന്നു കരുതുമ്പോഴും മറ്റൊരു സംഭവം നമ്മുടെ കാതിലെത്തുന്നുണ്ട് എന്നതാണ് സത്യം.
കുട്ടികളുടെ നേരെയുള്ള അതിക്രമങ്ങൾ കൂടുന്നുണ്ടോ എന്ന് ചോദിച്ചാൽ വ്യക്തമായ ഒരു ഉത്തരം ഇല്ല. എല്ലാക്കാലങ്ങളിലും ഇത്തരം അതിക്രമങ്ങൾ ഉണ്ടായിരുന്നു. അന്ന് ഇത്തരം വാർത്തകൾ അറിയുവാനുള്ള സാഹചര്യം കുറവായിരുന്നു എന്നതു കൊണ്ട് നമ്മൾ അറിയുന്നുണ്ടായിരുന്നില്ല എന്നതാണ് വാസ്തവം.
പീഡോഫീലിയ എന്ന് പറയപ്പെടുന്ന ഒരു മാനസിക രോഗമാണ് ഇത്. പ്രായപൂർത്തിയായ ആളുകൾക്ക് പ്രായപൂർത്തിയാകാത്ത കുട്ടികളോടുണ്ടാകുന്ന ലൈംഗീക ആസക്തിയാണ് ഈ രോഗത്തിന്റെ പ്രധാന പ്രശ്‍നം. പതിമൂന്നു വയസ്സിൽ താഴെയുള്ള കുട്ടികളോടുള്ള ആസക്തിയാണ് പ്രധാനമായും ഇതിന്റെ നിർവചനത്തിൽ വരിക.
ഇത്തരം രോഗികളെ തിരിച്ചറിയുക എന്നതാണ്, നമ്മുടെ കുട്ടികളെ ഇവരുടെ പിടിയിൽ നിന്നും രക്ഷിക്കുവാനുള്ള ഒരു പ്രധാന മാർഗ്ഗം. ഇവരെ തിരിച്ചറിയാനുള്ള ചില ലക്ഷണങ്ങൾ നോക്കാം.
കുട്ടികളുടെ കാര്യങ്ങളിൽ അമിതമായ താൽപ്പര്യം പ്രകടിപ്പിക്കുക, അവരെ നിരീക്ഷിച്ചുകൊണ്ടിരിക്കുക. കുട്ടികളെ അമിതമായി പുകഴ്ത്തിക്കൊണ്ടിരിക്കുക, ഇരയെ കണ്ടെത്തിയാൽ അവരോട് ഗാഡ്ഡബന്ധം സ്ഥാപിക്കുവാൻ ശ്രമിക്കുക, കുട്ടികളിൽ മാതാപിതാക്കളോട് ദേഷ്യം ഉണ്ടാക്കാനുള്ള ശ്രമങ്ങൾ നടത്തുക, മറ്റാരുമില്ലാത്തപ്പോൾ കുട്ടികളുമായി ചങ്ങാത്തം കൂടാൻ ശ്രമിക്കുക, കുട്ടികളുടെ അശ്ളീല ചിത്രങ്ങൾ കൈവശം വയ്ക്കുക എന്നിവയെല്ലാം ഇവരുടെ ലക്ഷണങ്ങൾ ആകാം. അത്തരക്കാരെക്കുറിച്ചു ബോധവാൻമാരാകുകയും, അവരെ നിരീക്ഷിക്കുകയും, സംശയം തോന്നിയാൽ അറിയിക്കണ്ടവരെ അറിയിക്കുകയും ചെയ്യുക. ഇത്തരം ആളുകളെക്കുറിച്ച് കുട്ടികളെയും ബോധവൽക്കരിക്കേണ്ടതുണ്ട്. നമ്മുടെ ഇടയിൽ അവരുണ്ടെന്നു മനസ്സിലായാൽ മറച്ചു വൈക്കാതിരിക്കുക.
കുട്ടികളുമായി തുറന്ന ചർച്ചയ്ക്കു തയ്യാറാവുക, ദിവസവും അവർക്കു വേണ്ടി കുറച്ചു സമയം ചിലവഴിക്കുക, കുട്ടികൾ ഇടപെടുന്നവരെക്കുറിച്ചു വ്യക്തമായ ധാരണയുണ്ടാക്കുക എന്നതെല്ലാം ഒരു പക്ഷെ കുട്ടികളെ ഇത്തരം അപകടങ്ങളിൽ നിന്നും രക്ഷിക്കുവാൻ സഹായിച്ചേക്കും.
കുറ്റകൃത്യം പിടിക്കപ്പെടുവാൻ ഏറ്റവും സാധ്യതയുള്ള ഒരു കാലത്താണ് നമ്മൾ ജീവിക്കുന്നത്. പിടിക്കപ്പെട്ടു എന്നത് കൊണ്ടു മാത്രം പ്രശനം തീരുന്നില്ല. ഇത്തരം കുറ്റവാളികളെ അതിവേഗക്കോടതികൾ വഴി ഏറ്റവും മാതൃകാപരമായി ശിക്ഷിക്കുക. കുറ്റവാളികളിൽ ഭയം ഉണ്ടാക്കുന്ന വിധത്തിൽ നിയമങ്ങൾ കർശനമാക്കുക എന്നിവയും ഇത്തരം കുറ്റകൃത്യങ്ങൾ കുറയ്ക്കുന്നതിന് സഹായകരമാകും.
ഡോ. സുനീത് മാത്യു
ആപേക്ഷികത!
ഷേക്സ്പിയറിനെന്തും പറയാമല്ലോ! ആരെങ്കിലും മഹാന്മാരായി ജനിക്കുന്നുണ്ടോയെന്നറിയില്ല, എന്നാൽ മഹത്വം വരിക്കുന്നവരെയും, ആരോപിക്കപ്പെടുന്നവരെയും നമുക്കറിയാം. കാലത്തിനു മുൻപേ സഞ്ചരിച്ച ചിലർ മഹത്വം വരും തലമുറകൾക്ക് മറന്നു വച്ചുപോകും. മറന്നുവച്ചതു ചിലപ്പോൾ മരണം തിരികെ വച്ചുപോകും.
“വ്യാപാരമേ ഹനനമാം വനവേടനുണ്ടോ വ്യാപന്നമായ് കഴുകനെന്നു, കപോതമെന്നും?” എന്ന് കവി ചോദിച്ചത് ചില സമയങ്ങളിലെങ്കിലും അസത്യമാകുന്നു. ചില വേടന്മാർ കപോതങ്ങളെയും വിശുദ്ധമാക്കിക്കളയും.
പക്ഷെ എനിക്കുതോന്നുന്നത് വിശുദ്ധീകരണത്തിനു കാരണം വെറും ആപേക്ഷികമാണ് എന്നതാണ്. ബ്രഹ്മാണ്ഡം മുഴുവൻ അപേക്ഷികത്തിന്റെ ഗുരുത്വാകർഷണത്തിൽ കറങ്ങുന്ന വെറും പമ്പരമാണെന്നു ആൽബർട്ട് ഐൻസ്റ്റൈനും, ഗലീലിയോയുമൊക്കെ പറഞ്ഞു തന്നതുതന്നെ കാര്യം.
ഇതേ തത്വങ്ങൾ തന്നെ ഭൂമിയിലും. മനുഷ്യർ എങ്ങനെ മണ്ണിൽ കാലൂന്നി നേർക്കുനേർ നിന്ന് പരസ്പരം കണ്ടും കൊണ്ടും കൊടുത്തും ചരിക്കുന്നത്; രാഷ്ട്രീയ തമോഗര്‍ത്തങ്ങളിൽ (Black holes) എത്തിപ്പെട്ടാൽ തിരിച്ചുവരാനാകാതെ ‘സംഭവ ചക്രവാളം’ (Event Horizon) കടന്ന് നശിക്കുന്നത്; കാലവും, കോലവും, ഭയവും, ഭാഗ്യവും, മതവും, മാത്സര്യവും മാറുന്നത്, മറയുന്നത്; അതൊക്കെ വെറും അപേക്ഷികമായതുകൊണ്ടാണ്.
ഐൻസ്റ്റൈൻ ഈയർത്ഥത്തിൽ ഒന്നും പറഞ്ഞിട്ടില്ലായിരിക്കാം. ഇവയൊക്കെ എൻ്റെ വ്യാഖ്യാനങ്ങൾ മാത്രം. ഈയിടെയായി എന്തെങ്കിലുമൊക്കെ വ്യഖിനിച്ചില്ലെങ്കിൽ എന്തോ ഒരിതാണ്!
വ്യാഖ്യനമില്ലാതെ വെറുതെ ചിന്തിച്ചാലും എല്ലാം ആപേക്ഷികമാണെന്ന് മനസ്സിലാകും. ചിന്തകളും, സമയവും, കാലവും, നന്മയും, തിന്മയും, സ്വന്തവും, ബന്ധവും, ഇണക്കവും, പിണക്കവും എന്നുതുടങ്ങി ഈ അണ്ഡകടാഹത്തിലെ എല്ലാം അങ്ങനെതന്നെ.
ഈ യുക്തി വച്ചുനോക്കിയാൽ, ഒരാൾ നല്ലവനെങ്കിൽ, ഒരുസാധാരണ മനുഷ്യൻ ചെയ്യുന്ന നന്മയെക്കാൾ കൂടുതൽ ചെയ്യുന്നവനെന്നേ അർത്ഥമുള്ളൂ. നിങ്ങളുടെ നാട്ടിൽ സാധാരണ ചെയ്യുന്ന നന്മകളുടെ അളവ് കുറവെങ്കിൽ ചെറിയ നന്മകൾ ചെയ്യുന്നവരും നല്ലവരായ് വാഴ്ത്തപ്പെട്ടേക്കാം. എന്തുമായി (ആരുമായി) താരതമ്യം ചെയ്യുന്നു എന്നതിലാണ് കാര്യം.
മലയാള സാഹിത്യത്തെക്കുറിച്ചു എം. കൃഷ്ണൻനായർക്ക് വലിയ അഭിപ്രായ മൊന്നും ഇല്ലാതിരുന്നത് അദ്ദേഹം നമ്മുടെ സാഹിത്യത്തെ ലോക സാഹിത്യവുമായി തുലനം ചെയ്തതുകൊണ്ടാണ്. അല്ലാതെ നമ്മുടെ ആൾക്കാർ മോശക്കാരായതുകൊണ്ടല്ല. മറ്റുപലതും (പലരും) ആയി താരതമ്യം ചെയ്യുമ്പോൾ നമ്മൾ മിടുക്കരാണ്. മികവിന്റെയും തികവിന്റെയും ‘ഗുട്ടൻസ്’ താരതമ്യങ്ങളിൽ മാത്രം!
ഇതുവരെ പറഞ്ഞത് ഒരാമുഖമായിരുന്നു. നമ്മുടെയിടയിൽ ജീവിച്ചുപോയ ഒരുനല്ലമനുഷ്യനെ ഒന്നോർക്കാൻവേണ്ടി മാത്രം. ഉമ്മൻചാണ്ടിയെക്കുറിച്ചു കൂടുതലൊന്നും എഴുതാനും, പറയാനും ഉണ്ടായിട്ടല്ല. അദ്ദേഹം വിശുദ്ധനാണെന്നോ അല്ലെന്നോ സ്ഥാപിക്കാനുമില്ല. എന്തുകൊണ്ടായിരിക്കും ഇങ്ങനെയൊരു യാത്രയയപ്പ് ജീവിച്ചിരുന്നപ്പോൾ അത്രക്കൊന്നും വാഴ്ത്തപ്പെടാതിരുന്ന (പക്ഷെ നീചമായി വീഴ്ത്തപ്പെട്ട) ഒരുനേതാവിന് കിട്ടിയത് എന്ന ചോദ്യത്തിന് ഒരുത്തരമായി എനിക്ക് തോന്നിയതാണ്.
ആപേക്ഷികമായിപ്പറഞ്ഞാൽ മറ്റുള്ളവർ ചെയ്തതിലും അധികം ഉപകാരം ജനങ്ങൾക്ക് ചെയ്തതുകൊണ്ടായിരിക്കാം ടിയാന് ജനങ്ങൾ മറക്കാനാകാത്ത യാത്രയയപ്പു നൽകിയത്, വാഴ്ത്തിയത്. ഇനി ഉമ്മൻചാണ്ടിയേക്കാളും കൂടുതൽ ജനനന്മ ചെയ്യുന്നൊരു രാഷ്ട്രീയക്കാരനോ രാഷ്ട്രീയക്കാരിയോ ഉണ്ടായ് വന്നാൽ അവർ ഇതുപോലെയോ ഇതിലുമപ്പുറമോ വാഴ്ത്തപ്പെട്ടേക്കാം. നിങ്ങളെ നിങ്ങളുടേ സമകാലികരുമായാണ് തുലനം ചെയ്യപ്പെടുന്നത്. ഉമ്മൻചാണ്ടിയെ ആരും മോഹൻദാസ് ഗാന്ധിയുമായി താരതമ്യം ചെയ്യുമെന്ന് തോന്നുന്നില്ല.
സാധാരണ നേതാക്കളുടെ ചിന്താരീതിയല്ല ഇദ്ദേഹത്തിനുണ്ടായിരുന്നതെന്നു തോന്നുന്നു. നൂറുകാര്യങ്ങൾ ചെയ്‌താൽ അതിൽ തൊണ്ണൂറും ജനങ്ങൾക്കുപകാരമാകും എന്ന ലൈനായിരുന്നു ടിയാന്. പത്തെണ്ണം കൂടെനിൽക്കുന്ന തുരപ്പന്മാരാൽ അഴിമതിയാക്കപ്പെടും. എന്നാലും തോണ്ണൂറെണ്ണം വല്ലവർക്കും ഉപകാരമായേക്കാം. ആ പത്തിനെ പേടിച്ചു, തൊണ്ണൂറു നല്ലകാര്യങ്ങൾ ചെയ്യാതിരിക്കരുതല്ലോ എന്ന്! അതൊരുതരം അപകടംപിടിച്ച ആത്മധൈര്യമായിരുന്നു, പ്രത്യേകിച്ചും കേരളരാഷ്ട്രീയത്തിൽ. ‘ആപത്തിൻ’ പുറത്തുകേറിയവർ കാര്യങ്ങൾ കുശാലാക്കി. ആപേക്ഷികമായിപ്പറഞ്ഞാൽ ടിയാനും വലിയ അഴിമതിക്കാരനായി ഭവിച്ചു. ലളിതമായി പറഞ്ഞെന്നേയുള്ളൂ.
പക്ഷെ ഇതൊന്നും അദ്ദേഹം മരിച്ചപ്പോൾ വിഷയമായില്ല.
അതൊരു വല്ലാത്ത യാത്രയയപ്പായിരുന്നു. ഇങ്ങനെ ഇതിനുമുൻപും സംഭവിച്ചിട്ടുണ്ട്. ഇനിയുമുണ്ടാകുമായിരിക്കും!
കേരളം ആരോ ഭരിച്ചോട്ടേ. നിങ്ങൾക്ക് തോന്നുന്ന മുദ്രാവാക്യങ്ങൾ വിളിക്കുക! നിങ്ങളുടെ നേതാവിന് വേണ്ടി ഊറ്റം കൊള്ളുക! എഴുതുക! നിങ്ങളുടെ പാർട്ടിക്കുവേണ്ടി ജീവിക്കുക! മറ്റുള്ളവരെ അവഹേളിക്കുക! പൂട്ടുക! പൂട്ടിക്കുക! ആവേശം കൊള്ളുക! കൊല്ലുക! മരിക്കുക!
പക്ഷെ, ഒരുദിവസം. ഒരുദിവസം മാത്രം നിങ്ങൾ രാഷ്ട്രീയം പറയാതിരുന്നിരിക്കണം. ഒരു നേതാവിന് വേണ്ടി തപിച്ചിരിക്കണം. ആ നേതാവിന് പലപേരുകളുണ്ടാകാം. അതിൽ അവസാനത്തെ പേര് ഉമ്മൻചാണ്ടി എന്നായിരിക്കും, ഉറപ്പ്. എൻ്റെ ഓർമ്മയിൽ ഇതുപോലെ കേരളത്തിൽ മനുഷ്യർ കരഞ്ഞത് നായനാർ മരിച്ചപ്പോഴായിരുന്നു. അത് മലയാളിയുടെ കണ്ണുനീരായിരുന്നു. അതിനു നിറങ്ങളില്ലായിരുന്നു. മതങ്ങളില്ലായിരുന്നു. തരങ്ങളില്ലാരുന്നു. നിറമില്ലാത്ത ആ ദ്രാവകത്തിന് സ്നേഹം എന്നുമാത്രമായിരുന്നു പേര്.
സ്വാർത്ഥത മാറ്റിവയ്ച്ചു ഒരാൾക്കെങ്കിലും നന്മ ചെയ്തിട്ടുണ്ടെങ്കിൽ നിങ്ങളും, ഞാനും വിശുദ്ധരാണ്. എല്ലാം ആപേക്ഷികമാണല്ലോ!
സുമേഷ് രാമചന്ദ്രൻ
ഓർമ്മകൾ
ആ ഇരുണ്ട മൂലയിലാണ്
ഓർമ്മകൾ ഉണക്കിയും
ഉപ്പിലിട്ടും വെച്ച സ്ഫടിക
ഭരണികൾ സൂക്ഷിച്ചിട്ടുള്ളത്.
ഉപ്പിലും മുളകിലും കിടന്ന
ഇന്നലെകൾക്ക് നല്ലരുചിയാണ്
കടിയ്ക്കുമ്പോൾ നാവിൽ
വെള്ളമിറ്റുന്ന എരിവ് കൊണ്ട്
കണ്ണ് നിറയ്ക്കുന്ന രുചി.
ഉണങ്ങിയ ഇന്നലെകൾ
കടുപ്പമുള്ളവയാണ്.
ദീർഘനേരം കണ്ണീരിൽ
കുതിർത്ത് വെയ്ക്കേണ്ടവ
കുതിർന്ന് കഴിഞ്ഞാൽ
അവയെത്ര മൃദുലമാണെന്നോ?
നാളേയ്ക്ക് വേണ്ടി ഇന്നുകളേയും
ഇന്നലെകളാക്കി ഉപ്പിലിട്ടും ,
ഉണങ്ങിയും ആരും കാണാതെ
ഇരുട്ടറകളിൽ സൂക്ഷിക്കണം.
ഒട്ടുമേ പൂപ്പല് കയറാതെ.
ലിജി സോന
കൊൽക്കത്ത സന്തോഷവും സൗന്ദര്യവും ആണ്
ഹൌറ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങുന്നത് കൊൽക്കത്തയുടെ ഹൃദയമിടിപ്പ് കേട്ട് കൊണ്ടായിരിക്കും. ഒരു അത്ഭുതലോകത്തേക്ക് എന്ന പോലെ ആണ് കൊൽക്കത്ത നമ്മെ വരവേൽക്കുന്നത്. അവിടെ അലഞ്ഞു തിരിയുന്ന ഓരോ ആത്മാവിനും കേൾക്കാൻ സാധിക്കും ഏകാന്തതയുടെ ശബ്ദത്തിന്റെ പിന്നണിയിൽ ഒഴുകുന്ന ബൌൾ സംഗീതം.
ഒരു കൊളോണിയൽ ഭൂതകാലത്തിന്റെ സകല അവശേഷിപ്പുകളും പേറുന്ന ഇന്ത്യയിലെ ഏറ്റവും മനോഹരമായ നഗരങ്ങളിൽ ഒന്ന് ആയിരിക്കും City of Joy എന്ന കൊൽക്കത്ത.
ടാഗോറും സത്യജിത് റേയും ഒക്കെ പല മാധ്യമങ്ങളിലൂടെ, എഴുത്തിലൂടെ സിനിമയിലൂടെ ഒക്കെ കാട്ടി തന്ന ഭംഗി. ഒരുപക്ഷെ സൗന്ദര്യബോധം ഇത്രയും മനോഹരമായി പേറി നടക്കുന്ന മറ്റൊരു നഗരം ഉണ്ടെന്ന് തോന്നുന്നില്ല. കെട്ടിടങ്ങളും വഴികളും മനുഷ്യരും വണ്ടികളും അങ്ങനെ എല്ലാം വല്ലാത്തൊരു സൗന്ദര്യം വഹിക്കുന്നുണ്ട്.
ഒരുസമയത്ത് തുടർച്ചയായി ഓടിക്കൊണ്ടിരുന്ന, ഇന്ന് വല്ലപ്പോഴും മാത്രം റോടുകളിൽ കൂടെ കടന്നു പോകുന്ന ട്രാം ട്രൈനുകൾ, അവ കൊൽക്കത്തയുടെ പാരമ്പര്യം ഏറ്റികൊണ്ടാണ് ഓടി നടക്കുന്നത്. മഞ്ഞ അംബാസിഡർ കാറുകൾ, ഹാ അതൊരു ഭംഗി ആണ്…
മൺപാത്രത്തിലെ ചായയും ലസ്സിയും പിന്നെ രുചികൂട്ടുകളും കൽക്കത്ത ബിരിയാണിയും… നാവിൽ ഇങ്ങനെ കപ്പൽ ഓടും എന്നൊക്കെ പറയാറില്ലേ, ഹാ അത് തന്നെ.
ബ്രിട്ടീഷ് സ്വാധീനത്തിന്റെ പ്രതിരൂപമായ വിക്‌റ്റോറിയ മെമ്മോറിയൽ, ഹ്യൂഗ്ലി നദിക്ക് കുറുകെ ഹൌറ പാലം, തെരുവുകൾ, വലിയ കെട്ടിടങ്ങൾ… ഇങ്ങനെ വാസ്തുസൗന്ദര്യം കൊൽക്കത്തയുടെ മുഖരൂപമാണ്.
ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന ഇന്ത്യൻ മ്യൂസിയം – അത് പങ്ക് വെക്കുന്ന അറിവും കൗതുകവും.
തെരുവുകളിൽ അടുക്കി വെച്ച പുസ്തകങ്ങൾ… അങ്ങനെ നീണ്ടു കിടക്കും ഈ നഗരം.
നഗരത്തിലെ വിപണികൾ ഒക്കെയും വല്ലാതെ ചടുലമായവയാണ്. ഒരു യാത്രികന് ന്യൂ മാർക്കറ്റും ഗറിയാഹത്ത് മാർക്കറ്റും ഒക്കെ താണ്ടുക എന്നതായിരിക്കും ഏറ്റവും ശ്രമകരം എന്ന് തോന്നി.
എല്ലാത്തിലും ഉപരി അവിടുത്തെ ജനങ്ങൾ, ജീവിതം, കല, സംസ്ക്കാരം ഇവയോടൊക്കെ ഉള്ള അവരുടെ അഭിനിവേശം അതിങ്ങനെ ആത്മാവിൽ നിന്ന് ആത്മാവിലേക്ക് ഒരു പകർച്ച വ്യാധി പോലെ പടരും.
വൈകുന്നേരങ്ങളിൽ പാട്ടും വരയും ചർച്ചയും ഒക്കെയായി കൂടുതൽ ഉണരുന്ന ആർട്ട് ഗാലറിയും പരിസരവും. ഓരോ കോപ്പ ചായയിലും അവിടെ ജനിക്കുന്നത് ക്രിയാത്മകതയുടെ വലിയ ആഘോഷങ്ങൾ ആണ്.
വൈകുന്നേരങ്ങളിൽ അവിടെ ഒത്ത് കൂടുന്ന മനുഷ്യർക്ക് ഒരു വല്ലാത്ത സൗന്ദര്യം ആണ്. കൊൽക്കത്തയുടെ സൗന്ദര്യബോധം എന്നെ കാണിച്ചു തന്ന ഇടം ആയിരുന്നു അത്. വസ്ത്രങ്ങളും ആഭരണങ്ങളും മനുഷ്യരും ഒക്കെ ആ സൗന്ദര്യത്തിന്റെ ഓരോ ഘടകങ്ങൾ ആണ്.
പ്രിയപ്പെട്ട നഗരമേ,
വായിച്ചും കേട്ടും അറിഞ്ഞതിൽ അപ്പുറമാണ് നീ. എന്റെ ദിവസങ്ങളിൽ നീ തന്ന ഓർമ്മകൾക്ക് നന്ദി. ഏറ്റവും മനോഹരമായി നീ തന്ന ആലിംഗനങ്ങൾക്ക് നന്ദി. നീ തന്ന രുചികൾക്ക് നന്ദി.
കൊതിയായിരുന്നു നീ, ഇന്ന് ഈ നഗരം കണ്ട് മടങ്ങുമ്പോൾ വീണ്ടും തിരിച്ചു വരാനുള്ള കൊതി പെരുകുന്നുമുണ്ട്.
“ചരിത്രവും ആധുനികതയും കൈകോർത്ത് നൃത്തം ചെയ്യുന്ന കാലാതീതമായ ഒരു ചാരുത ഉൾക്കൊള്ളുന്ന, സന്തോഷത്തിന്റെ നഗരമായ കൊൽക്കത്ത. അവിടെ അലഞ്ഞു തിരിയുന്ന ഓരോ മനുഷ്യനെയും അതിങ്ങനെ ആലിംഗനം ചെയ്യും”.
ശ്യാം സോർബ
ഐഡന്റിറ്റി : മിലൻ കുന്ദേര
“എഴുത്തുകാരനാകുകയെന്നാൽ സത്യത്തിന്റെ ഉദ്ഘോഷകനാവുക എന്നല്ല അർഥം. സത്യം കണ്ടെത്തുന്നവനാകുക എന്നാണ്.”
എഴുത്തിനെ ഈ വിധം നിർവചിച്ച ഒരു മഹാമേരു, ശരീരത്താൽ അസ്തമിച്ചിരിക്കുന്നു. തന്റെ പുസ്തകങ്ങളിലൂടെ വായനക്കാരന്റെ ഹൃദയത്തിലേയ്ക്ക് നിർബാധം സഞ്ചരിക്കുന്ന ആ എഴുത്തുകാരന് , മിലൻ കുന്ദേരയ്ക്ക് പ്രണാമം.
മിലൻ കുന്ദേരയുടെ മെറ്റാ തീമുകളിലൂടെ കടന്നുപോകുന്ന, മികച്ച ഒരു നോവലായ “ഐഡന്റിറ്റി” യുടെ ആസ്വാദനമാണ് ഇതിൽ കുറിക്കുന്നത്. സർറിയലിസത്തിന്റെയും, സ്വപ്നാടനത്തിലേയ്ക്കും, ആസ്വാദകന്റെ മനസ്സിനെ പായിച്ചു വിടുന്ന മനോഹരമായ കൃതിയാണ് ഐഡന്റിറ്റി എന്ന് ആദ്യമേ പറയട്ടെ.
കഥ, രണ്ടുപേരിൽ തുടങ്ങുന്നു. ഷാന്റലിനും ഷോൺ മാർക്കും! അവരിൽ തുടങ്ങി, ഇടയിൽ കടന്നു വരുന്ന മനുഷ്യരെ അതിന്റെ surface ൽ മാത്രം പറഞ്ഞു വെച്ചുകൊണ്ട്, അവരിൽ തന്നെ കഥ അവസാനിക്കുന്നു.
ഷാന്റലിൻ, വിവാഹമോചിതയായ, തന്റെ കുഞ്ഞ് മരണപ്പെട്ടത് ഓർത്ത്, നീറുന്ന, ഏറ്റവും സെൻസിറ്റീവ് ആയ എന്നാൽ, ഏറ്റവും ശക്തയായ സ്ത്രീയാണ്. വയസ്സിൽ തന്നെക്കാൾ ചെറുപ്പമായ ഷോൺ മാർക്കിന്റെ മനസ്സിനെ എത്ര ഗാംഭീരമായിട്ടാണ് അവൾ കൊരുത്തിട്ടിരിക്കുന്നത്. ഷോൺ മാർക്ക് അവളെ വല്ലാതെ പ്രണയിക്കുന്നുണ്ട്. ഒരുപക്ഷേ, ഇടയിൽ എപ്പോഴോ അവൾക്ക് അവനെ മടുത്തെന്നു തോന്നിപ്പിക്കും.
അതിനുദാഹരണമാണ്, വളരെ നാളുകൾക്ക് ശേഷം, കാമുകനെ കാണുന്ന അവൾ
” ആണുങ്ങൾ, ഇപ്പോൾ എന്നെ കണ്ടാൽ നോക്കാറില്ല ”
എന്ന് അവനോട് പറഞ്ഞു വെയ്ക്കുന്നത്. തന്റെ കാമുകൻ തന്നെ പൂർണ്ണമായും പ്രണയിക്കുന്നുവെന്ന് ഉറപ്പുള്ള സ്ത്രീയ്ക്ക്, മറ്റു പുരുഷന്മാരുടെ ദർശനം തീർച്ചയായും ആവശ്യമുണ്ടായിരിക്കില്ല. അവളുടെ ആ തോന്നലിനെയാണോ, അതോ, അവൾക്ക് തന്റെ പ്രണയം മടുപ്പുളവാക്കികൊണ്ടിരിക്കുന്നുവെന്നുള്ള തോന്നലിനെയാണോ ഇവിടെ ഉദ്ദേശിക്കുന്നതെന്നു, ഷോൺ മാർക്കിനെ പോലെ, വായനക്കാരനും ചിന്തിക്കുന്നു.
ശേഷം, ഷോൺ മാർക്ക്, ഒരു അജ്ഞാതനെന്ന പോലെ അവൾക്ക് കത്തുകൾ എഴുതുന്നു. തന്റെ ബ്രായുടെ കൂമ്പാരങ്ങൾക്കുള്ളിൽ അവളത് ഒളിപ്പിച്ചു വയ്ക്കുന്നു. പിന്നീട് ഷോൺ മാർക്ക് തന്നെയാണ് അതിന്റെ ഉടമസ്ഥൻ എന്ന് തിരിച്ചറിയുന്നത്, അവളെ അത്ഭുതപ്പെടുത്തുന്നു.
” ഇല്ലില്ല, ഒരു പ്രണയവും മൂകതയെ അതിജീവിക്കില്ല ”
ഈ വാചകത്തിന് നോവലിൽ ഉടനീളം പ്രസക്തിയുണ്ട്. ഇതിലെ മറ്റൊരു ഭംഗിയുള്ള കഥാപാത്രമാണ്, ഇടയ്ക്കിടെ, ആ തെരുവിൽ കാണുന്ന ഒരു പിച്ചക്കാരൻ. അയാളുടെ ലൈംഗികജീവിതം എങ്ങനെയായിരിക്കുമെന്ന് ഷാന്റലിൻ ചിന്തിക്കുന്നുണ്ട്. അത് ഷോൺ മാർക്കിനോട് പറയുന്നുമുണ്ട്. അതു കൂടാതെ അവളുടെ സ്വപ്നങ്ങൾ നെയ്തുപോകുന്നതിനെ എഴുത്തുകാരൻ, രൂപപ്പെടുത്തിയിരിക്കുന്നത് പോലും വായനക്കാരനെ ഒരു dream home ലേയ്ക്ക് കൊണ്ടുപോകുന്നതിനു തുല്യമായിട്ടാണ്.
രതിയുടെ ബിംബങ്ങളെയും പരമപ്രധാനമായി ഐഡന്റിറ്റി വിളിച്ചു പറയുന്നു. എങ്കിലും ചുണ്ടകൾക്കിടയിലെ നാവുകൾ തമ്മിൽ പരസ്പരം കെട്ടുപിണയുന്നതിനെ വെറുക്കുന്ന ഷാന്റലിൻ, തന്റെ രതിയിലുള്ള ഫാന്റസികൾ വേറെ ആണെന്ന് പറയാതെ തന്നെ അടയാളപ്പെടുത്തുന്നുണ്ട്.
എല്ലാ സ്വപ്നാടനങ്ങൾക്കും ഒടുവിൽ,
” രാത്രി മുഴുവൻ, ഞാൻ ഈ വിളക്ക് തെളിച്ചിടാൻ പോകുന്നു മതി ഇനിയെല്ലാ രാത്രികളിലും ”
എന്ന് അവൾ പറയുന്നിടത്ത്, ഐഡന്റിറ്റി അവസാനിക്കുമ്പോൾ, വായനക്കാരനും ചിന്തിക്കും, ഏത് മനുഷ്യനാണ്, മറ്റൊരു ഐഡന്റിറ്റിയിൽ സ്വപ്നത്തിൽ എങ്കിൽ പോലും ജീവിക്കുവാൻ കൊതിക്കാത്തത് എന്ന്.
മനുഷ്യന്റെ പ്രണയത്തേയും കാമനകളേയും, ആഴത്തിൽ തൊടുന്ന, പറഞ്ഞതിലേറെ ആഴമുള്ള ചെറുനോവൽ ആണ്, ഐഡന്റിറ്റി. ഡി. സി ബുക്സ് പബ്ലിഷ് ചെയ്തിരിക്കുന്ന പുസ്തകത്തിന്റെ മനോഹരമായ വിവർത്തനം നടത്തിയിട്ടുള്ളത് അനൂപ് ചന്ദ്രൻ ആണ്.
ഹരിത. ആർ
വളം കടി
മഴക്കാലത്ത് നനവും ചെളിയുമുള്ള സ്ഥലങ്ങളിൽ ജോലി ചെയ്യുന്നവരുടെ കാൽ വിരലുകൾക്കിടയിൽ ഉണ്ടാകുന്ന ഒരു ഫംഗസ് ബാധയാണ് “വളം കടി” എന്നു നാടൻ ഭാഷയിൽ അറിയപ്പെടുന്ന അതലറ്റ്സ് ഫുട്ട് (Athlete’s foot). ഈർപ്പമുള്ള ത്വക്ക്, ഫംഗസുകളുടെ വളർച്ചയ്ക്ക് അനുകുലമാകയാൽ ഷൂസും സോക്സും ധരിക്കുന്നതുമൂലം കാലുകൾ എപ്പോഴും വിയർത്ത് ഈർപ്പത്തോടെ ഇരിക്കുന്ന കായിക താരങ്ങളെയും കളിക്കാരെയും സാധാരണയായി ബാധിക്കുന്ന ഒരു രോഗമായതിനാലാണ് ഇതിനു അതലറ്റ്സ് ഫൂട്ട് എന്ന പേര് വന്നത്. റ്റീനിയ പീഡിസ് എന്നു വൈദ്യ ശാസ്ത്രത്തിൽ അറിയപ്പെടുന്ന ഈ രോഗം ഡെർമാറ്റോഫൈറ്റിനത്തിൽപ്പെടുന്ന ഒരു തരം ഫംഗസാണ് ഉണ്ടാക്കുന്നത്. ഇവ കാൽ വിരലുകൾക്കിടയിൽ ചൊറിച്ചിലുണ്ടാക്കുകയും കുമിളകളുണ്ടാകുകയും ചെയ്യുന്നു. വിടവില്ലാതെ വളരെ ചേർന്നിരിക്കുന്നതിനാൽ പാദത്തിലെ നാലാമത്തെയും അഞ്ചാമത്തെയും വിരലുകൾക്കിടയിലാണ് സാധാരണയായി രോഗം തുടങ്ങുന്നത്. . മഴക്കാലത്ത് കാൽവെള്ളയിലേക്കും നഖങ്ങളിലേക്കും അണുബാധ വ്യാപിക്കാറുണ്ട്. ശ്രദ്ധിച്ചില്ലങ്കിൽ ബാക്ടീരിയ അണുബാധയുണ്ടായി രോഗം സങ്കീർണവസ്ഥയിലാകുന്നു.
ഈ രോഗമുള്ള പ്രമേഹ രോഗികളിലും, പ്രതിരോധ ശേഷി കുറവുള്ളവരിലും വേനൽക്കാലത്തു ത്വക്ക് വരണ്ടുണങ്ങി ശൽക്കങ്ങളായി മാറാനും ഇടയുണ്ട്.
ചെളിയിലും വയലിലും മറ്റും പണിയെടുത്ത് ഈർപ്പം കാലുകളിൽ നിലനിൽക്കുന്നതു രോഗം പടരാനിടയാക്കുന്നു. രോഗം ബാധിച്ചവരുടെ കാൽ വിരലുകൾക്കിടയിലുള്ള സ്ഥലം അഴുകിയതുപോലെ കാണപ്പെടുകയും വെള്ള നിറത്തിൽ ദ്രവിച്ചഴുകുകയും, ദുർഗന്ധം വമിക്കുകയും ചെയ്യാം. എന്നാൽ മഴക്കാലത്ത് കാൽ പാദത്തിൽ കാണുന്ന എല്ലാ ചൊറിച്ചിലും വളം കടിയല്ല എന്നുള്ള കാര്യം കുടി ഓർക്കണം.
ചെളി വെള്ളത്തിൽ കുടുതൽ ദിവസം നിന്നു ജോലിചെയ്യുന്നവരുടെ പാദത്തിലൂടെ കൊക്കപ്പുഴുവിന്റെയോ, മറ്റ് പരാദങ്ങളുടെയോ ലാർവകൾ കയറാൻ സാധ്യതയുണ്ട്, അവ കയറി പോകുന്ന ഭാഗത്തു നല്ല ചൊറിച്ചിലും ചുവപ്പും ഉണ്ടാവും. അവിടെ വേറെ അണുബാധ ഉണ്ടായില്ല എങ്കിൽ ഏതാനും ദിവസം കൊണ്ട് ഇത് തനിയെ മാറും.
നമ്മുടെ രക്തം ഊറ്റി കുടിച്ച് വിളർച്ചവരെയുണ്ടാക്കുന്ന കൊക്കൊപ്പുഴു, മറ്റ് വിരകളെ പോലെ വായ വഴിയല്ല, അവയുടെ ലാർവകൾ കാൽ പാദം വഴി തുളച്ചു കയറിയാണ് ശരിരത്തിൽ എത്തുന്നതെന്ന് പലർക്കുമറിയില്ല. ഈ രണ്ടു രോഗവസ്ഥകളും ഒറ്റ നോട്ടത്തിൽ വേഗത്തിൽ തിരിച്ചറിയനാകില്ല.
ഫംഗസ് കൊണ്ടുള്ള തൊലിയിലെ പ്രശ്നങ്ങൾ ഒറ്റ ദിവസം കൊണ്ട് വരില്ല. അതിനു നനവുള്ള ചുറ്റുപാടിൽ കൂടുതൽ ദിവസങ്ങൾ ചിലവഴിക്കെണ്ടിവരും എന്നാൽ ഇത്തരം പരാദ ബാധകൾ ഒറ്റ ദിവസം കൊണ്ട് വരാം.
ഇനി വളംകടി എങ്ങനെ പ്രതിരോധിക്കാം എന്ന് നോക്കാം?
കാൽപാദങ്ങൾ എല്ലാ ദിവസവും വൈകിട്ട് സോപ്പും വെള്ളവും ഉപയോഗിച്ച് വൃത്തിയാക്കുക. ഉപ്പു വെള്ളത്തിൽ കഴുകിയാലും മതി. കാൽ വിരലുകൾക്കിടയിലുള്ള സ്ഥലം ജലാംശമില്ലാതെ തുടച്ച് സൂക്ഷിക്കണം.
തടി കുടുതലുള്ളവരും കാൽ വിരലുകൾ തമ്മിൽ അടുപ്പം കുടുതലുള്ളവരും, അവയ്ക്കിടയിൽ ഉണങ്ങിയ പഞ്ഞി വച്ച് കിടക്കുന്നത് നന്നായിരിക്കും. എല്ലാ ദിവസവും കഴുകിയുണക്കിയ സോക്സുകൾ മാത്രം ധരിക്കാൻ ശ്രദ്ധിക്കണം. ഈ രോഗമുള്ളവർ വേനൽക്കാലത്ത് വിയർപ്പ് വലിച്ചെടുക്കുന്ന കോട്ടൻ സോക്സുകൾ ഉപയോഗിക്കുക. നനഞ്ഞ സോക്സുകൾ വേണ്ടേ വേണ്ട. ഇറുകിയ ഷൂസുകൾ ധരിക്കരുത്. പൊതു ശുചിമുറികളിലും വൃത്തിഹീനമായ ഇടങ്ങളിലും ചെരുപ്പുകൾ ധരിച്ച് മാത്രം പ്രവേശിക്കുക. ഷൂസ്, സോക്സ്, ടവ്വലുകൾ എന്നിവ മറ്റുള്ളവരുമായി പങ്കിടരുത്.
ചെളിയിൽ ഇറങ്ങുന്നവർ മുട്ടുവരെ ഉയരമുള്ള ഗം ബുട്ടുകൾ ഉപയോഗിക്കുന്നത് നല്ലതാണ്. പക്ഷെ ഇത്തരം ഷൂസുകൾ ഇടയ്ക്കിടെ ചുട് വെള്ളത്തിൽ കഴുകുകയും, കമഴ്ത്തി വച്ച് ജലാംശം മുഴുവന് കളഞ്ഞു വെയിലത്ത് ഉണക്കുകയും വേണം. വൃത്തിയുള്ള സ്ഥലത്ത് കുറച്ചുസമയം ചെരുപ്പില്ലാതെ നഗ്നപാദരായി നടക്കുന്നത് നിങ്ങളുടെ കാൽപ്പാദങ്ങൾക്ക് വായുസമ്പർക്കം ലഭിക്കാൻ സഹായകമാവും.
ഡോ. മനോജ് കുമാർ ടി. ജി.
-
കുട്ടികളെ ലൈംഗീകമായി ചൂഷണം ചെയ്യുന്ന വാർത്തകളാണ് നാം നിത്യേനയെന്നവണ്ണം കേൾക്കുന്നത്. പണ്ട് നമുക്കറിയാത്ത സ്ഥലങ്ങളിലായിരുന്നുവെങ്കിൽ, ഇന്നത...
-
സിനിമയായി തീർന്ന ബഷീറിന്റെ രണ്ടാമത്തെ നോവലാണ് 1944 ൽ പ്രസിദ്ധീകരിച്ച ബാല്യകാലസഖി. പ്രണയ പശ്ചാത്തലത്തിലെ ദുരന്ത കഥ പറയുന്ന ബഷീറിൻറെ ഈ നോവ...

