2023 ഓഗസ്റ്റ് 31, വ്യാഴാഴ്‌ച

മുഖമൊഴി

 

കുട്ടികളുടെ നേർക്കുള്ള അക്രമങ്ങൾ വർദ്ധിച്ചു വരുന്നു എന്ന ആശങ്കയിലാണ് നമ്മൾ. ഇതിന്റെ ഇതുവരെ അറിഞ്ഞ അവസാനത്തെ സംഭവം നടന്നത് ഏതാനും ദിവസങ്ങൾക്കു മുൻപാണ്. പ്രതിയെ പിടിക്കുകയും ചെയ്തു.

ഇത്തരത്തിൽ സംഭവങ്ങൾ ഉണ്ടായിക്കഴിയുമ്പോൾ പ്രതികരണങ്ങളും ഞെട്ടലുകളും നടത്തുന്നവരാണ് നമ്മൾ. ചിലർ രാഷ്ട്രീയ മുതലെടുപ്പുകൾക്കു പോലും ഇതവസരമാക്കുന്നു. ഓരോ തവണയും ഇത് അവസാനമായിരിക്കും എന്നു കരുതുമ്പോഴും മറ്റൊരു സംഭവം നമ്മുടെ കാതിലെത്തുന്നുണ്ട് എന്നതാണ് സത്യം.

കുട്ടികളുടെ നേരെയുള്ള അതിക്രമങ്ങൾ കൂടുന്നുണ്ടോ എന്ന് ചോദിച്ചാൽ വ്യക്തമായ ഒരു ഉത്തരം ഇല്ല. എല്ലാക്കാലങ്ങളിലും ഇത്തരം അതിക്രമങ്ങൾ ഉണ്ടായിരുന്നു. അന്ന് ഇത്തരം വാർത്തകൾ അറിയുവാനുള്ള സാഹചര്യം കുറവായിരുന്നു എന്നതു കൊണ്ട് നമ്മൾ അറിയുന്നുണ്ടായിരുന്നില്ല എന്നതാണ് വാസ്തവം.

പീഡോഫീലിയ എന്ന് പറയപ്പെടുന്ന ഒരു മാനസിക രോഗമാണ് ഇത്. പ്രായപൂർത്തിയായ ആളുകൾക്ക് പ്രായപൂർത്തിയാകാത്ത കുട്ടികളോടുണ്ടാകുന്ന ലൈംഗീക ആസക്തിയാണ് ഈ രോഗത്തിന്റെ പ്രധാന പ്രശ്‍നം. പതിമൂന്നു വയസ്സിൽ താഴെയുള്ള കുട്ടികളോടുള്ള ആസക്തിയാണ് പ്രധാനമായും ഇതിന്റെ നിർവചനത്തിൽ വരിക.

ഇത്തരം രോഗികളെ തിരിച്ചറിയുക എന്നതാണ്, നമ്മുടെ കുട്ടികളെ ഇവരുടെ പിടിയിൽ നിന്നും രക്ഷിക്കുവാനുള്ള ഒരു പ്രധാന മാർഗ്ഗം. ഇവരെ തിരിച്ചറിയാനുള്ള ചില ലക്ഷണങ്ങൾ നോക്കാം.

കുട്ടികളുടെ കാര്യങ്ങളിൽ അമിതമായ താൽപ്പര്യം പ്രകടിപ്പിക്കുക, അവരെ നിരീക്ഷിച്ചുകൊണ്ടിരിക്കുക. കുട്ടികളെ അമിതമായി പുകഴ്ത്തിക്കൊണ്ടിരിക്കുക, ഇരയെ കണ്ടെത്തിയാൽ അവരോട് ഗാഡ്ഡബന്ധം സ്ഥാപിക്കുവാൻ ശ്രമിക്കുക, കുട്ടികളിൽ മാതാപിതാക്കളോട് ദേഷ്യം ഉണ്ടാക്കാനുള്ള ശ്രമങ്ങൾ നടത്തുക, മറ്റാരുമില്ലാത്തപ്പോൾ കുട്ടികളുമായി ചങ്ങാത്തം കൂടാൻ ശ്രമിക്കുക, കുട്ടികളുടെ അശ്ളീല ചിത്രങ്ങൾ കൈവശം വയ്ക്കുക എന്നിവയെല്ലാം ഇവരുടെ ലക്ഷണങ്ങൾ ആകാം. അത്തരക്കാരെക്കുറിച്ചു ബോധവാൻമാരാകുകയും, അവരെ നിരീക്ഷിക്കുകയും, സംശയം തോന്നിയാൽ അറിയിക്കണ്ടവരെ അറിയിക്കുകയും ചെയ്യുക. ഇത്തരം ആളുകളെക്കുറിച്ച് കുട്ടികളെയും ബോധവൽക്കരിക്കേണ്ടതുണ്ട്. നമ്മുടെ ഇടയിൽ അവരുണ്ടെന്നു മനസ്സിലായാൽ മറച്ചു വൈക്കാതിരിക്കുക.

കുട്ടികളുമായി തുറന്ന ചർച്ചയ്ക്കു തയ്യാറാവുക, ദിവസവും അവർക്കു വേണ്ടി കുറച്ചു സമയം ചിലവഴിക്കുക, കുട്ടികൾ ഇടപെടുന്നവരെക്കുറിച്ചു വ്യക്തമായ ധാരണയുണ്ടാക്കുക എന്നതെല്ലാം ഒരു പക്ഷെ കുട്ടികളെ ഇത്തരം അപകടങ്ങളിൽ നിന്നും രക്ഷിക്കുവാൻ സഹായിച്ചേക്കും.

കുറ്റകൃത്യം പിടിക്കപ്പെടുവാൻ ഏറ്റവും സാധ്യതയുള്ള ഒരു കാലത്താണ് നമ്മൾ ജീവിക്കുന്നത്. പിടിക്കപ്പെട്ടു എന്നത് കൊണ്ടു മാത്രം പ്രശനം തീരുന്നില്ല. ഇത്തരം കുറ്റവാളികളെ അതിവേഗക്കോടതികൾ വഴി ഏറ്റവും മാതൃകാപരമായി ശിക്ഷിക്കുക. കുറ്റവാളികളിൽ ഭയം ഉണ്ടാക്കുന്ന വിധത്തിൽ നിയമങ്ങൾ കർശനമാക്കുക എന്നിവയും ഇത്തരം കുറ്റകൃത്യങ്ങൾ കുറയ്ക്കുന്നതിന് സഹായകരമാകും.

ഡോ. സുനീത് മാത്യു

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ