2022 ജനുവരി 26, ബുധനാഴ്‌ച

സ്പാനീഷ് ഓംലെറ്റ്



ഒരു സമ്പൂർണ്ണ ആഹാരമാണ് മുട്ട. പ്രകൃതി ദത്ത മാംസ്യത്തിന്റെ ഏറ്റവും നല്ല ഉറവിടം. കുട്ടികളുടെ ബുദ്ധിവികാസത്തിന് ഏറ്റവും അനുയോജ്യം. ജീവകം ബി യുടേയും എ യുടേയും കലവറ. ഒപ്പം കുറഞ്ഞ അളവിലാണെങ്കിലും ജീവകം ഡി, ഇ, കെ എന്നിവയും അടങ്ങിയിരിക്കുന്നു. നമ്മുടെ ആരോഗ്യത്തിനാവശ്യമായ മിക്ക ധാതുക്കളും മുട്ടയിൽ അടങ്ങിയിട്ടുണ്ട്. ശരീര കോശങ്ങളുടെ ആവരണം നിർമ്മിക്കുന്നതിനാവശ്യമായ കോളിൻ എന്ന പോഷകവും ഇതിൽ അടങ്ങിയിരിക്കുന്നു. ശരീരഭാരം കുറയ്ക്കുന്നവർക്ക് ഏറ്റവും അനുയോജ്യമായ ഭക്ഷണമാണിത്.

ധാതു ലവണങ്ങളുടെ മറ്റൊരു കലവറയാണ് ചീസ്. കാൽസിയം വലിയതോതിൽ തന്നെ അടങ്ങിയിരിക്കുന്നു. എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് ഏറ്റവും അത്യാവശ്യമായ ഇത് കുട്ടികളുടെ അസ്ഥി വളർച്ചയ്ക്ക് അത്യന്താപേക്ഷികമാണ്.

ചേരുവകൾ 

മുട്ട : രണ്ട്

സവാള : ഒന്ന്

ഉരുളൻ കിഴങ്ങ് : ചെറുത് ഒന്ന്.

ക്യാബേജ്: ഒരു ചെറിയ കഷണം.

സെലറി: 2 തണ്ട്.

പാർസ്ലെ : 2 തണ്ട്

പച്ചമുളക് : രണ്ട്

ചീസ് : ഒരു സ്ലൈസ്

കരുമുളക് പൊടി : 1/2 ടീ സ്പൂൺ

ഉപ്പ്: ആവശ്യത്തിന്.

എണ്ണ : മൂന്ന് ടേബിൾ സ്പൂൺ.

തയ്യാറാക്കുന്ന വിധം

ഉരുളൻ കിഴങ്ങ് കഴിയുന്നത്ര  ചെറുതായി അരിഞ്ഞ് എണ്ണയിൽ പൊരിച്ചെടുക്കുക. അതിലേയ്ക്ക് ചെറുതായി അരിഞ്ഞ ക്യാബേജ് ചേർത്ത് മൂടി വച്ച് വേവിയ്ക്കുക. രണ്ട് മുട്ട ഒരു പാത്രത്തിൽ പൊട്ടിച്ചൊഴിച്ച് പതപ്പിച്ചെടുക്കുക. അതിലേയ്ക്ക് ചെറുതായി അരിഞ്ഞ സെലറി, പാർസ്ലി എന്നീ ഇലകളും സവാളയും ഉപ്പും ചേർത്ത് നന്നായി മിക്സ് ചെയ്യുക. അതിലേയ്ക്ക് ഫ്രൈ ചെയ്തു വച്ചിരിക്കുന്ന ഉരുളൻ കിഴങ്ങും ക്യാബേജും ചേർത്തിളക്കുക. ഒപ്പം ചെറുതായി മുറിച്ച ചീസും ചേർത്തിളക്കുക. ശേഷം ദോശക്കല്ലിൽ ഒരു സ്പൂൺ എണ്ണ ഒഴിച്ച്, ചൂടാകുമ്പോൾ അതിലേയ്ക്ക് ഇത് ഒഴിച്ച് പൊരിച്ചെടുക്കാം. തിരിച്ചും മറിച്ചും ഇടാൻ മറക്കരുത്. സ്വാദിഷ്ടമായ സ്പാനീഷ് ഓംലറ്റ് തയ്യാറായി.


ഡോ. ഷേർളി സുനീത്

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ