2022 നവംബർ 28, തിങ്കളാഴ്‌ച
മുഖമൊഴി
അടുത്ത കാലങ്ങളിൽ കമിതാക്കളിൽ ഒരാൾ അവരുടെ ഇണയെ കൊല്ലുന്ന വാർത്തകൾ അധികമായി കേൾക്കുവാൻ തുടങ്ങിയിരിക്കുന്നു. ആസിഡ് ആക്രമണമായിരുന്നു കുറച്ചു കാലം മുൻപു വരെയെങ്കിൽ, ഇന്നത് കുത്തിക്കൊല, വെട്ടിക്കൊല, വിഷം കൊടുക്കൽ എന്നിങ്ങനെ മാറിയിരിക്കുന്നു. ഇപ്പോൾ സംഭവിക്കുന്ന രീതികൾ തന്നെയാണ് ലോകവ്യാപകമായി കൂടുതലും നടക്കുന്നത്. നമുക്ക് അത്രയ്ക്ക് പരിചയം ഉണ്ടായിരുന്നില്ല എന്ന് മാത്രം. എന്താണ് നമ്മുടെ സമൂഹത്തിന് സംഭവിച്ചുകൊണ്ടിരിക്കുന്നത്?
എല്ലാക്കാലങ്ങളിലും ഇതൊക്കെ നടന്നു കൊണ്ടിരുന്നു എന്നതാണ് വാസ്തവം. ഭാര്യയെ കൊല്ലുന്നതിനെ uxoricide എന്നും ഭർത്താവിനെ കൊല്ലുന്നതിനെ mariticide അല്ലെങ്കിൽ viricide എന്നൊക്കെ പേരുകളിട്ടു വിളിക്കുവാൻ തുടങ്ങിയിട്ട് പോലും കാലമേറെയായി. നാല് uxoricide നടക്കുമ്പോൾ ഒരു mariticide മാത്രമേ നടക്കുന്നുള്ളൂ എന്നായിരുന്നു ഇതുവരെയുള്ള പഠനങ്ങൾ. അത് ശരിയാണോ എന്ന് സംശയിക്കുന്ന വിധത്തിൽ ഇക്കാലത്തു വാർത്തകൾ പുറത്തു വന്നുകൊണ്ടിരിക്കുന്നു. ഇതിലുമൊരു തുല്യത വേണമോ എന്തോ?
പൊതുവായി ഇത്തരം കാര്യങ്ങൾക്കു പുറകിൽ പറഞ്ഞിരുന്നത്, അസൂയ, ലാഭം, സംശയം, രോഗകരമായ സ്നേഹം എന്നിവയായിരുന്നു. അതിലുപരി മറ്റു ചില കാര്യങ്ങൾ കൂടി ഇതിന്റെ പുറകിലുണ്ട്. ആക്രമണ സ്വഭാവമുള്ള, പെട്ടെന്ന് ദേഷ്യം ഉണ്ടാകുന്ന ചില വ്യക്തിത്വങ്ങൾ ഇതിനു പുറകിലുണ്ടാകാം. ഭൂരിഭാഗവും അവരുടെ കോപവും ആക്രമണ സ്വഭാവവും വീട്ടിലും നാട്ടിലും പ്രകടിപ്പിച്ചിട്ടുമുണ്ടാകാം. ഇത്തരത്തിലുള്ള സ്വഭാവത്തിലുണ്ടാകുന്ന വൈകല്യങ്ങൾ ഒന്ന് ശ്രദ്ധിക്കുകയും അതിനു വിദഗ്ധ സഹായം തേടുകയും ചെയ്തിരുന്നുവെങ്കിൽ പല കൊലപാതകങ്ങളും ഒഴിവാക്കുവാൻ കഴിയുന്നതായിരുന്നു എന്നും നാം ഓർക്കണം.
നഷ്ടപ്പെടുമോയെന്ന ഭയം, രോഗകരമായ സ്നേഹം ഉള്ളവരെ ഇത്തരത്തിലുള്ള കൊലപാതകങ്ങളിലേക്കു നയിക്കും. ഓർക്കുക അവരുടെ സ്നേഹം യഥാർത്ഥത്തിൽ സ്നേഹമല്ല മറിച്ച് വെറിപിടിച്ച സ്നേഹമാണ്. പൂർണ്ണ മാനസിക ആരോഗ്യമുള്ള ഒരാൾക്ക് കൊലപാതകം നടത്തുക അസാധ്യമാണ്.
ലൈംഗീക അസൂയ, സംശയ രോഗം എന്നിവയും ഇത്തരം കൊലപാതകങ്ങൾക്ക് കാരണമാകാറുണ്ട്. ഇത്തരക്കാർ മിക്കപ്പോഴും കൊലപാതകങ്ങൾക്ക് ശേഷം ആത്മഹത്യ ചെയ്യുകയും പതിവാണ്. മദ്യവും മയക്കു മരുന്നുകളും ഇതിനാക്കം കൂട്ടാറുണ്ട്.
സാമ്പത്തിക ലാഭത്തിനു വേണ്ടിയിട്ടൊ മറ്റൊരു ഇണയെ ലഭിക്കുന്നതിനോ ഇത്തരം കൊലപാതകങ്ങൾ നടക്കാറുണ്ട്. ഇൻഷുറൻസ് തുകയ്ക്ക് വേണ്ടി പോലും ഇത്തരം കൊലപാതകങ്ങൾ ധാരാളം നടന്നിട്ടുണ്ട്. നമ്മൾ അറിഞ്ഞതിനേക്കാൾ ഒരു പക്ഷേ കൂടുതലാകാം ഇത്തരത്തിലുള്ള കൊലപാതകങ്ങൾ.
നമ്മൾ ഒന്നോർക്കുക. നമ്മുടെ മാനസികാരോഗ്യം നാൾക്കു നാൾ കുറഞ്ഞു വരുന്നു. അതിനു പല കാരണങ്ങളുണ്ടാകാം. എന്നാൽ നമ്മൾ ഓർക്കേണ്ടതായ ഒരു കാര്യമുണ്ട്. സ്വഭാവത്തിലുള്ള വ്യത്യാസങ്ങൾ ഒരു പക്ഷേ ചില മാനസിക രോഗങ്ങളുടെ ലക്ഷണമാകാം. അതിനു കൃത്യമായും വിദഗ്ധസഹായം തേടണം. അതിൽ മോശം വിചാരിക്കേണ്ട കാര്യമില്ല. മാത്രമല്ല ഭാവിയിലുണ്ടാകാവുന്ന അപകടങ്ങളെയും,മരണങ്ങളെയും, ജയിൽ ശിക്ഷകളെയും ഇല്ലാതാക്കുവാനും സാധിക്കും.
എല്ലാവർക്കും നല്ല മാനസികാരോഗ്യം നേരുന്നു. ഇതാകട്ടെ ഈ മാസത്തെ ചിന്ത.
ഡോ സുനീത് മാത്യു
ഋഷിയും ശശിയും
ഇക്കുറി ഋഷിയുടെയും ശശിയുടെയും കഥപറയാം.
ഈയടുത്തു കേട്ട വാർത്തകളിൽ മികച്ചത് ഋഷിയുടെ ഉയർച്ചയും ശശിയുടെ തകർച്ചയുമാണ്. രണ്ടുപേർക്കും സമാനതക്കളേറെയാണ്. കഷ്ടപ്പെട്ട് ജോലിചെയ്തു നല്ലനിലയിൽ കഴിഞ്ഞ മധ്യവര്‍ഗ്ഗ കുടുബങ്ങളിൽ നിന്ന് വന്ന മിടുക്കരായ രണ്ടുപേർ.
രണ്ടുപേരും ഇംഗ്ലണ്ടിലാണ് ജനിച്ചത്. ഒരാൾ അവിടെ തുടർന്നു. മറ്റൊരാൾ ഇന്ത്യയിലേക്ക് തിരികെ വന്നു. ഇംഗ്ലണ്ടിൽ ജനിച്ചതിന്റെ ആനുകൂല്യത്തിൽ ഏതുനിമിഷം വേണമെങ്കിലും UK പൗരത്വം ലഭിക്കാവുന്ന ശശി, താൻ കണ്ണാടിയിൽ നോക്കിയാൽ കാണുന്നത് ഒര് ഇന്ത്യക്കാരനെയാണെന്ന ന്യായം പറഞ്ഞു ഇന്ത്യക്കാരനായിതന്നെ ജീവിച്ചു.
ഋഷി ഇംഗ്ലണ്ടിൽ നല്ല സ്കൂളുകളിലും യൂണിവേഴ്സിറ്റികളിലും പഠിച്ചു. അമേരിക്കയിലെ സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയിൽനിന്നും MBA ബിരുദമെടുത്തു. ബാങ്കിങ് രംഗത്ത് ജോലിനോക്കി. ശശി ഇന്ത്യയിലെ നല്ല സ്കൂളുകളിലും യൂണിവേഴ്സിറ്റികളിലും പഠിച്ചു. അമേരിക്കയിലെ ടഫ്‌റ്സ് സർവ്വകലാശാലയിൽനിന്നും (Tufts University) രണ്ട് MA യും (MA-MA!) ഒരു PhD യും എടുത്ത് മാമനും കേമനുമായി. UN നിൽ ഉന്നതനിലയിൽ ജോലിചെയ്തു പ്രശസ്‌തനായി.
ശശി കണ്ണാടിയിൽ നോക്കിയപ്പോൾ ഇൻഡ്യാക്കാരനെ മാത്രമല്ല കണ്ടത്. ഹിന്ദിസിനിമാ താരങ്ങളെ വെല്ലുന്ന മുഖലാവണ്യവും കണ്ടു. ആ മൂഞ്ചിയിൽ ഭ്രമിച്ചുപോയവരുടെ കഥ ഇവിടെ പറയാൻ ഉദ്ദേശിക്കുന്നില്ല. സുന്ദരനായ ബുദ്ധിമാൻ മാത്രമായിരുന്നില്ല ശശി. രാഷ്ട്രീയം, മതം, സാഹിത്യം, സൗന്ദര്യം, ബുദ്ധി, കഴിവ്, വാക്ചാതുരി, വിവേകം, വിവാദം എന്നിവയെല്ലാം ശശിയിൽ പുത്തരിക്കണ്ടം മൈതാനത്തെ രാഷ്ട്രീയപ്രസംഗം കേൾക്കാൻ വെറുതെ തടിച്ചുകൂടിയ ജനാവലിയെപ്പോലെ സമൃദ്ധമായ് പാഴായിനിന്നു. ‘എന്തിനോ തിളയ്ക്കുന്ന…’ എന്നമാതിരി.
ഋഷി കണ്ണാടിയിൽ നോക്കിയപ്പോൾ എന്താണ് കണ്ടതെന്ന് പറഞ്ഞിട്ടില്ല. തടിച്ചു ചുവന്നു ചുരുട്ടും വലിച്ചുനില്ക്കുന്ന വികൃതരൂപിയായ ഒരു വെള്ളക്കാരനെ കണ്ടിരിക്കാനാണ് വഴി. അതുകൊണ്ടു അയാൾ ഉള്ളമൂഞ്ചി വച്ച് ഒരൽപം ബാങ്ക് ബാലൻസ് കൂടുതലുള്ള ഒരു ഇൻഡ്യാക്കാരി പെങ്കൊച്ചിനെ കല്യാണം കഴിച്ചു. മംഗല്യം കഴിഞ്ഞാണ് മനസ്സിലായത് അവൾ ബ്രിട്ടീഷ് രാഞ്ജിയേക്കാൾ പണക്കാരിയാണെന്ന വർത്തമാനം. ഉണ്ണിക്കൊന്നുമറിയില്ലായിരുന്നു, പാവം!
ഇതിനിടയിൽ ശശി പലതു കെട്ടി, ചിലതു തട്ടി. UN നിൽ ഇരുന്നു ലോകം നന്നാക്കി ബാക്കി കിട്ടിയസമയം കൊണ്ട് മഹത്തരങ്ങളായ ഇന്ത്യൻ നോവലുകൾ എഴുതി. ഇന്ത്യയെക്കുറിച്ചെഴുതി കലിതീർത്തു. ബാക്കികിട്ടിയ കുറച്ചുസമയം കൊണ്ട് സീതാകല്യാണങ്ങൾ നടത്തി. സീതമാരെ കാട്ടിൽ ഉപേക്ഷിച്ചു. ലവനും കുശനും അച്ഛനെപ്പോലെതന്നെ മിടുക്കരായി.
ഇനിയാണ് കഥയിലെ വഴിത്തിരിവ്. Oliver Twist! തന്റേതല്ലാത്ത കാരണത്താൽ രണ്ടുപേരും രാഷ്ട്രീയത്തിലേക്കിറങ്ങി. ഒന്നു കൂടി തെളിച്ചുപറഞ്ഞാൽ. ശശി ഇറങ്ങി, ഋഷി കേറി.
2009 തിൽ ശശി വെള്ളക്കാരെ തുരത്തിയ പാരമ്പര്യത്തിൽ ഇപ്പോൾ വെള്ളക്കാരി തുരത്തുന്ന ദേശീയപാർട്ടിയിൽ ചേർന്നു. പലവട്ടം MP ആയതും ഇടക്ക് ഒരു ചെറിയ മന്ത്രിയായതും, പിന്നെ ആർക്കുംവേണ്ടാത്ത ഒരായിരം വോട്ടുപിടിച്ചതും മാറ്റിനിർത്തിയാൽ പണ്ട് ചാക്കോ മാഷ് കണക്കില്ലാത്ത ലോകത്തെക്കുറിച്ചു പറഞ്ഞതുപോലായി. വട്ടപ്പൂജ്യം! വല്ലാത്ത കണക്കായിപ്പോയി.
മറുവശത്തു ഋഷി 2015 ൽ രാഷ്ട്രീയത്തിലേക്കിറങ്ങി. ഇന്ത്യക്കു സ്വാതന്ത്രം നൽകരുതെന്ന് കടുംപിടിത്തം പിടിച്ച അതേ ചുരുട്ടുവലിക്കാരന്റെ പാർട്ടിയിൽ. പക്ഷെ അവരെല്ലാം മറന്നു എന്നതാണ് സത്യം. ഋഷി 2018 ൽ അണ്ടർ സെക്രട്ടറിയായി, 2019 ൽ ട്രഷറി സെക്രട്ടറിയും, 2020 ൽ ധനമന്ത്രി (Chancellor of the Exchequer), 2022 ൽ പാർട്ടി നേതാവായി തിരഞ്ഞെടുക്കപ്പെട്ടു. ലോകത്തെ ഒരുകാലത്തു അടക്കിഭരിച്ച ഇന്ത്യയെ കൊള്ളയടിച്ചു പിച്ചിച്ചീന്തിയ രാജ്യത്തിൻറെ അമരക്കാരനായി ഇന്ത്യൻ പാരമ്പര്യം അവകാശപ്പെടുന്ന ഒരു വേദനിക്കുന്ന കോടീശ്വരനെ 2022 ൽ അവർ പ്രധാനമന്ത്രിയാക്കി.
എഴുപത്തഞ്ചു വർഷമായി ബ്രട്ടീഷ്കാരോട് പ്രതികാരം ചെയ്യാൻ പറ്റാത്തതുകൊണ്ട് ഇന്ത്യക്കാരോട് മാത്രം പ്രതികാരം ചെയ്യുന്ന ഇന്ത്യൻ രാഷ്ട്രീപാർട്ടികളിലേക്കുവരുന്ന മികച്ചവർ ശശിയാകാതെ പിന്നെ ഋഷിയാകില്ലല്ലോ!
ശശിയായി എന്ന പ്രയോഗംകണ്ടുപിടിച്ച പുണ്യാത്മാവിനു ഒരായിരം പ്രണാമം. മൂന്നുലോകങ്ങളിലെയും സത്യങ്ങൾ മനസ്സിലാക്കുന്ന ക്രാന്തദർശിയായ അങ്ങാരാണ്, മഹാനുഭാവൻ? ഋഷിയായി എന്ന പ്രയോഗംകൂടി ഒന്നു പരിഗണിച്ചു വൈറൽ ആക്കിത്തരണം, മഹാത്‌മൻ!
ഒരുപേരിൽ എന്തിരിക്കുന്നു എന്നുചോദിച്ച ഷേക്സ്പിയറിനോട് ഒന്നേ പറയാനുള്ളൂ. അതൊക്കെ പണ്ടായിരുന്നു സാർ. ഇപ്പോൾ പേരിലാണ് എല്ലാം.
എനിക്ക് മാതാപിതാക്കളോടൊക്കെ ഒന്നേ പറയാനുള്ളൂ. നിങ്ങൾ നിങ്ങളുടെ മക്കൾക്ക് ഋഷിയെന്നോ, വിജയനെന്നോ, നരേന്ദ്രനെന്നോ, അല്ലെങ്കിൽ സോണിയമോൾ എന്നോ ഒക്കെ പേരിടണം.
അല്ലാതെ വല്ല ശശിയെന്നോ സുമേഷെന്നോ ഒക്കെയിട്ട് അവരുടെ ഭാവി തുലക്കരുത്!
സുമേഷ് രാമചന്ദ്രൻ
2022 നവംബർ 26, ശനിയാഴ്‌ച
വൃദ്ധനൊമ്പരം
വേണ്ടാത്തതൊക്കെയും തപ്പിയെടുത്തയാൾ
മുക്കിലൊരിടത്തു കൊണ്ടു കൂട്ടും
മുടിയുണ്ട് നഖമുണ്ട് നാറത്തുണിയുണ്ട്
കണ്ണടത്തോടുണ്ട് കൂടുമുണ്ട്
മാലിന്യമെന്നൊന്നു കണ്ടാലയാളുടെ
മൂക്കിനു തുമ്പു വിറവിറക്കും
വിലപിടിപ്പുള്ളതാണോരോ നിമിഷവും
പാഴല്ല വാഴ്വെന്നയാൾ പറയും
പ്രായമിന്നേറെയായ് കണ്ണും തിരിയാതായ്
വേണ്ടതും വേണ്ടാത്തതുമറിയാതായി
എങ്കിലുമിന്നുമതുമിതും തപ്പി
മുക്കിലൊരിടത്തു കൊണ്ടു വെയ്ക്കും
കൂടിക്കിടക്കുന്ന പാഴ് വസ്തുവോരോന്നും
പരതിയെടുത്തു മണത്തുനോക്കും
കണ്ടതും കണ്ടതും തന്റെയാണെന്നയാൾ
ഒന്നും കളയാതെ ചേര്‍ത്തുവെയ്ക്കും.
ഇ. എസ്. സതീശൻ
ദേവഭൂമിയിലെ ചിത്രശലഭങ്ങൾ
ഭുവനേശ്വര്‍ റെയില്‍വേ സ്റ്റേഷന്‍റെ അഞ്ചാം നമ്പര്‍ പ്ലാറ്റ്ഫോമിലേക്ക് മംഗള വിവേക് എക്സ്പ്രസ് എത്തിച്ചേര്‍ന്നപ്പോള്‍ സമയം ഏതാണ്ടു മദ്ധ്യാഹ്നമായിരുന്നു.
നിറഞ്ഞു കവിയുന്ന ജനസാഗരത്തിലെ ഒരു ബിന്ദുവായി, പ്രത്യാശയോടെ സമീപിക്കുന്ന ടാക്സിക്കാരേയും പോര്‍ട്ടര്‍മാരെയും മറികടന്ന് ഞാന്‍ പുറത്തേക്കു നടന്നു. സ്റ്റേഷനു തൊട്ടടുത്തായി നഗരത്തിന്‍റെ പ്രധാന കേന്ദ്രങ്ങളിലൊന്നായ കല്‍പനാസ്ക്വയര്‍. അവിടെ ഹോട്ടല്‍ കലിംഗ അശോകില്‍ എനിക്കായി റിസര്‍വു ചെയ്ത മുറിയുണ്ട്. വിസ്തരിച്ചുള്ള കുളിയും തരക്കേടില്ലാത്ത ഉച്ചഭക്ഷണവും അകമ്പടിയായി ചെറിയൊരു മയക്കവും കഴിഞ്ഞ് എഴുന്നേല്‍ക്കുമ്പോള്‍ സമയം രണ്ടു മണിയോടടുത്തിരുന്നു..
ഇനി ഏതു നിമിഷവും വന്നെത്താവുന്ന ഒരു ഫോണ്‍ വിളിയും പ്രതീക്ഷിച്ച് ഞാന്‍ മുറിയിലെ ജാലകക്കാഴ്ചകളിലേക്കു മിഴി നട്ടു. മറ്റു ഉത്തരേന്ത്യന്‍ നഗരങ്ങളിൽ നിന്ന് ഏറെ വ്യത്യസ്തമാണു ഭുവനേശ്വര്‍. പ്രശാന്ത സുന്ദരമായ ഒരു വലിയ ഗ്രാമം പോലെയാണത്. എങ്ങും പ്രസന്നമായ മുഖങ്ങള്‍. ആളുകളുടെ പെരുമാറ്റം ഏറെ ഹൃദ്യം. അപരിചിതരുടെ വാക്കുകളില്‍പ്പോലും നിറയുന്ന സൌമ്യതയും വിനയവും.
നന്ദിനിയും ഇതുപോലെയായിരുന്നു. അവളയച്ച മെസേജിലെ വാചകങ്ങള്‍ ഒരിക്കല്‍ക്കൂടി ഓര്‍മ്മയിലെത്തി.. “നീ എന്നെ മറന്നിട്ടുണ്ടാകില്ലെന്നറിയാം ഒരുപാടു പരിശ്രമിച്ചാണ് നിന്‍റെ ഐഡി കണ്ടെത്തിയത്…. എന്‍റെ മകളുടെ വിവാഹമാണ്..നീ വരാതിരിക്കരുത്………… . ഓര്‍ക്കുന്തോറും എല്ലാം വിചിത്രമായിത്തോന്നി.. നാട്ടില്‍ നിന്നും ആയിരക്കണക്കിനു കിലോമീറ്ററുകള്‍ അകലെ…..അറിയാത്ത നാട്ടില്‍, അറിയാത്ത ജനങ്ങള്‍ക്കിടയില്‍..എന്നെക്കാത്തിരിക്കുന്ന ചിലര്‍….. എതൊരു ജന്മാന്തര ബന്ധമാണ് എന്നെ ഇവിടെയിങ്ങനെ എത്തിച്ചിരിക്കുന്നത്..!
ഫോണ്‍ ശബ്ദിക്കുന്നു… അതു കമലേഷ് ആണ്.. “ഭായിസാബ് ആപ് കഹാം ഹെ” മേം ഇധർ ഹോട്ടല്‍ കലിംഗാ മെം ഹും” “അച്ചാ സാബ് ഹം അഭി ആയെഗാ വഹാം” നന്ദിനിയുടെ ബന്ധുവാണ് കമലേഷ്.. റെയില്‍വേ സ്റ്റേഷനില്‍ എത്താനായിരുന്നു അവന്റെ പ്ലാൻ. പക്ഷേ രണ്ടു രാത്രികളുടെ യാത്രയും കഴിഞ്ഞ് മുഷിഞ്ഞ വേഷവുമായി നേരെ നന്ദിനിയുടെ വിട്ടില്‍ കയറിച്ചെല്ലാന്‍ ഞാനിഷ്ടപ്പെട്ടില്ല. ആദ്യം കുളിച്ചൊന്ന് ഫ്രഷ് ആകണം. പിന്നെ ഒരു മയക്കവും അത്യാവശ്യം. രണ്ടു മണിക്കു ശേഷം വന്നാല്‍ മതിയെന്ന് അവനെ അറിയിക്കുകയായിരുന്നു..
“ഭുവനേശ്വര്‍ സിറ്റിയില്‍ നിന്നും പന്ത്രണ്ടു കിലോമീറ്റര്‍ അകലെയാണ് പിപിലി എന്ന കൊച്ചു പട്ടണം.. ഉത്തര വഴി കൊണാര്‍ക്ക് റോഡില്‍ അര മണിക്കൂര്‍ ദൂരം. ടൌണിനു നടുവിലെ ജങ്ഷനില്‍ നിന്നു പടിഞ്ഞാറ് ജത്നി റോഡിലേക്കു തിരിഞ്ഞ് രണ്ടു കിലോമീറ്റര്‍ ഓടിയാല്‍ ഭരത്പൂര്‍……” നന്ദിനി മെയിലില്‍ എല്ലാം വിശദമായി എഴുതിയിരുന്നു….
പിപിലിയിലെക്കുള്ള യാത്രയ്ക്കിടെ കമലേഷ് വാചാലനായി. അവന്‍റെ നാടാണത്.. ഒഡീഷയിലെ അമ്പരപ്പിക്കുന്ന കരകൌശല വസ്തുക്കളുടെ കേന്ദ്രം.. കണ്ണഞ്ചിക്കുന്ന വര്‍ണ്ണക്കൂട്ടുകള്‍, ഭാരതത്തിന്‍റെ പൈതൃകപ്പട്ടികയില്‍ ഇടം നേടിയ വസ്ത്ര വൈവിധ്യങ്ങള്‍.. വിദേശരാജ്യങ്ങളില്‍പ്പോലും ഏറെ പ്രശസ്തിയുള്ള aplic വർക്കുകൾ ..
നന്ദിനീ ദേവിയുമായുള്ള പരിചയത്തെപ്പറ്റി കമലേഷ് ചോദിച്ചപ്പോള്‍ ഒരു നിമിഷം മനസ്സ് നിശ്ചലമായി. ഒരുപാടു വര്‍ഷത്തെ പഴക്കമുണ്ട് ആ ഓര്‍മ്മകള്‍ക്ക്. ആദ്യമായി അവളെ കണ്ട രംഗം ഇന്നും ഓര്‍മ്മയിലുണ്ട്. ഏറെയും സ്വര്‍ണ്ണനിറമുള്ള മുടിയാണ് ആദ്യം ശ്രദ്ധയില്‍പ്പെട്ടത്. സാധാരണ ചുരിദാരില്‍, സാമാന്യത്തിലധികം ഭംഗിയുള്ള രൂപം. കോളജിലെ നീണ്ട ഇടനാഴിയ്ക്കപ്പുറത്തു നിന്നു നടന്നെത്തിയ അവള്‍ നേരെ വന്നു കയറിയത് മനസ്സിനകത്തേയ്ക്കായിരുന്നു.. ലോകോളേജിലെ സഹപാഠികള്‍ക്കു പ്രിയങ്കരിയായിരുന്ന, സീനിയര്‍ താരങ്ങളുടെ വരെ ശ്രദ്ധാകേന്ദ്രമായിരുന്ന രാജനന്ദിനീ ദേവി എന്ന ഒഡീഷക്കാരി പെണ്‍കുട്ടിയുടെ ഓര്‍മ്മകള്‍ക്ക് വര്‍ഷങ്ങള്‍ക്കിപ്പുറത്ത്, മനസ്സില്‍ ഇന്നും മങ്ങലേറ്റിട്ടില്ല. അവള്‍ എറ്റവും അടുപ്പം കാണിച്ചിരുന്നതിന്‍റെ പേരില്‍ കോളജ് ഒന്നാകെ എന്നെ അസൂയയോടെ നോക്കിയിരുന്ന ഒരു കാലമുണ്ടായിരുന്നു.
പിപിലിയിലെ പെട്രോള്‍പമ്പില്‍ കമലേഷ് കാര്‍ നിറുത്തിയപ്പോള്‍ ഞാന്‍ വെറുതേ പുറത്തിറങ്ങി ചുറ്റും കണ്ണോടിച്ചു.. കണ്ണഞ്ചിക്കുന്ന നിറങ്ങളുടെ വൈവിദ്ധ്യവുമായി വില്‍പനശാലകള്‍.. അസാമാന്യമായ കരകൌശലവൈദഗ്ധ്യം കരുപ്പിടിപ്പിച്ച കൌതുകവസ്തുക്കള്‍.. എങ്ങും നിറയുന്ന വര്‍ണ്ണപ്പൊലിമ,, മകളെ ഓര്‍ത്തു.. നിറക്കൂട്ടുകളേയും കൌതുക വസ്തുക്കളേയും ഏറെ ഇഷ്ടപ്പെടുന്ന കുട്ടിക്ക് ഈ കാഴ്ചകള്‍ ഒരു വിസ്മയമാകുമായിരുന്നു… മടക്ക യാത്രയില്‍ ഒരു ഷോപ്പിങ്ങ് നടത്തണമെന്ന് മനസ്സിലുറപ്പിച്ചു..
വീണ്ടും യാത്ര… ഭരത്പൂര്‍ അടുക്കുകയാണ്… ഹൃദയമിടിപ്പുകള്‍ക്കു വേഗം കൂടുന്നത് ഞാനറിയുന്നുണ്ടായിരുന്നു..നന്ദിനിയുമായുള്ള അവസാനത്തെ കൂടിക്കാഴ്ചയ്ക്കും ഇന്നത്തെ ദിവസത്തിനുമിടയ്ക്ക് രണ്ടു ദശാബ്ദത്തിലധികം ദൈര്‍ഘ്യമുണ്ടെന്ന കാര്യം അവിശ്വസനീയമായിത്തോന്നി.. കാലം എത്ര വേഗത്തിലാണ് ആയുസ്സിന്‍റെ പട്ടികയില്‍ നിന്ന് ദിനങ്ങളെ മായ്ച്ചു കളയുന്നത്.. വിശാലമായ മുറ്റത്തിനപ്പുറത്ത്,വെണ്ണക്കല്‍പ്പാളികള്‍ കൊണ്ട് ആവരണമിട്ട പടികള്‍ കയറുമ്പോള്‍ ആരൊക്കെയോ സ്വീകരിക്കാന്‍ തയ്യാറായി നില്‍ക്കുന്നതു കണ്ടു.
നന്ദിനിയുടെ അമ്മയെ മുമ്പു കോഴിക്കോട്ടു വച്ചു പരിചയപ്പെട്ടിട്ടുണ്ട്.. അന്നവര്‍ ഏറെ ഊർജ്ജ്വസ്വലയായ ഒരു സ്ത്രീ ആയിരുന്നു. ഇന്ന് പ്രായം അവരെ ഏറെ ക്ഷീണിപ്പിച്ചിരിക്കുന്നു. എങ്കിലും വളരെ ഉത്സാഹത്തോടെ ഓടിവന്നു കൈപിടിച്ച് അകത്തേക്കു കൂട്ടിക്കൊണ്ടു പോയി.. ദേശവും ഭാഷയും തീര്‍ക്കുന്ന മഞ്ഞു മതിലുകള്‍ സൌഹൃദത്തിന്‍റെ ഊഷ്മളതയില്‍ ഒരു നിമിഷം കൊണ്ട് അലിഞ്ഞില്ലാതാകുന്നു.. ഹാളില്‍ അവളേയും കാത്തിരിക്കുമ്പോള്‍ ഞാന്‍ ശാന്തനായിരുന്നു.
ആഫീസിലായിരിക്കുമ്പോഴുള്ള ഘനഗംഭീരത എന്‍റെ മുഖത്തുണ്ടെന്ന് ഞാനുറപ്പു വരുത്തി… സൌമ്യമായ മന്ദഹാസവുമായി, കാലത്തിന്‍റെ വിദൂരമായ എതോ കോണില്‍ നിന്നെന്നപോലെ അവള്‍ കടന്നു വന്നു.. മുടിയിലെ സ്വര്‍ണവര്‍ണ്ണം അല്‍പം മങ്ങിപ്പോയതൊഴിച്ചാല്‍ കാലം അവളില്‍ വലിയ മാറ്റമൊന്നും വരുത്തിയിട്ടില്ല…. .
ഇടനാഴിക്കപ്പുറത്ത് വീട്ടിനൊരു വശത്തായുള്ള ഗാര്‍ഡനിലേക്കിറങ്ങുന്ന കല്‍പ്പടവുകളില്‍ അടുത്തടുത്തിരിക്കുമ്പോള്‍ ഞങ്ങള്‍ വികാരാധീനനായിരുന്നു… ഭൂതകാലത്തിന്‍റെ കാണാക്കയങ്ങളില്‍ ആണ്ടു പോയ ഓര്‍മ്മകള്‍ ഉയിര്‍ത്തെഴുന്നേറ്റ് ചിത്രശലഭങ്ങളായി ചുറ്റും പാറിക്കളിക്കുന്നു… അന്നും ഇതേ പോലെ, കല്‍പ്പടവുകളില്‍, ഇതിനേക്കാള്‍ അടുത്തിരുന്നിട്ടുണ്ട്. ഭാഷയും ദൂരവും തീര്‍ത്ത അതിര്‍വരമ്പുകള്‍ അന്നും ഞങ്ങള്‍ക്കിടയില്‍ ഇല്ലായിരുന്നു.. ഈയൊരു നിമിഷം വരെ അതൊക്കെ മാഞ്ഞു പോയ ഓര്‍മ്മകള്‍ മാത്രമായിരുന്നു..
പക്ഷേ ഇപ്പോള്‍, ഇവിടെയിരിക്കുമ്പോള്‍ ഞങ്ങള്‍ പിരിഞ്ഞിട്ടേയുണ്ടായിരുന്നില്ല എന്നു തോന്നിപ്പോയി… ഇരുപത്തിയഞ്ചു വര്‍ഷങ്ങള്‍ക്കിടയിലെ ദിനങ്ങള്‍ ഏതോ വിസ്മൃതിയില്‍ വിലയം പ്രാപിക്കുന്നു,,, “വരുമെന്ന് എന്തോ എനിക്കു നല്ല പ്രതീക്ഷയുണ്ടായിരുന്നു…” നേര്‍ത്ത സ്വരത്തിലാണ് അവളതു പറഞ്ഞത്..
“മുന്‍പേ വരേണ്ടതായിരുന്നു. അന്ന് ആ അപകട വിവരം അറിഞ്ഞില്ല. നീ അറിയിച്ചതുമില്ല.” “അന്ന് ആകെ തകര്‍ന്ന അവസ്ഥയിലായിരുന്നു ഞാന്‍.. എന്തു കൊണ്ടോ ആരെയും കാണുവാന്‍ അന്നു ഞാനിഷ്ടപ്പെട്ടിരുന്നില്ല..” അവിചാരിതമായി വന്ന ദുരന്തം.. നൂറോളം ജീവനുകളെ ണാക്കയങ്ങളിലേക്കാവാഹിച്ച ചില്‍ക്കാ തടാകത്തിലെ ബോട്ടപകടത്തില്‍ അവള്‍ക്കു നഷ്ടമായത് അവളുടെ മംഗല്യ സൂത്രമായിരുന്നു..
” നിന്‍റെ മെസെജ് എന്നെ ശരിക്കും ഞെട്ടിച്ചു”.. ഞാന്‍ പറഞ്ഞു “ഇത്രയും വര്‍ഷങ്ങള്‍ക്കു ശേഷവും നീ എന്നെ ഓര്‍ത്തിരിക്കുന്നുവെന്നത് എന്നെ ഒരുപാട് അതിശയിപ്പിച്ചു..” പൊടുന്നനെ അവളുടെ കൈകള്‍ എന്‍റെ കൈത്തലത്തില്‍ പിടിമുറുക്കി.. അമ്പരപ്പിനൊപ്പം കണ്ണുകളില്‍ ഉറവുകളുണരുന്നത് ഞാനറിഞ്ഞു.. “നീയെന്നെ ഒരിക്കലും ഓര്‍ത്തിരുന്നില്ലേ ഇത്രയും കാലം…?” അവള്‍ ചോദിച്ചു..”തമ്മില്‍ ഒരിക്കലും കാണില്ലെന്ന് നീ കരുതിയിരുന്നോ?” അവളുടെ നോട്ടം നേരിടാനാകാതെ ഞാന്‍ തല താഴ്ത്തി.. എന്താണു പറയേണ്ടതെന്ന് എനിക്കറിയില്ലായിരുന്നു…
ആദ്യം ജ്യോതിയും പിന്നെ മകളും ജീവിതത്തിലേക്കു കടന്നു വന്നതില്‍പ്പിന്നെ വര്‍ഷങ്ങള്‍ക്ക് ആദിമദ്ധ്യാന്തമൊക്കെ ഇല്ലാതായിരുന്നു.. ജീവിതത്തിന് ഒരേ താളം ഒരേ ഭാവം.. ഭൂതകാലം വെറുമൊരു സ്വപ്നം പോലെയായിരുന്നു പലപ്പോഴും. പതിനാറു വര്‍ഷങ്ങള്‍ കടന്നു പോയത് ഒട്ടും അറിഞ്ഞിരുന്നില്ല.. എന്നു തൊട്ടാണ് ഓര്‍മ്മകളില്‍ നന്ദിനി ഒരു പ്രധാനകഥാപാത്രമല്ലാതായത്..? മനസ്സ് എത്ര സുന്ദരമായാണ് ഹൃദയത്തെ വഞ്ചിക്കുന്നത്.. സന്ദര്‍ഭോചിതമല്ലാത്ത ഏതൊരു കാര്യവും അത് സമര്‍ത്ഥമായി മറയ്ക്കുന്നു.. ഞാന്‍ നിശബ്ദനായിരുന്നു…
“എനിക്കു മനസ്സിലാകും.”. അവള്‍ പറഞ്ഞു.. “എനിക്കറിയാമല്ലോ നിന്നെ..” “മെസെജ് അയക്കുന്നതിനു മുന്‍പ് ഞാന്‍ ഒരു പാട് ആലോചിച്ചു……… സ്വരൂപയുടെ വിവാഹത്തിന് നീയുണ്ടായിരിക്കണമെന്ന്. അതെപ്പറ്റി ചിന്തിച്ചു തുടങ്ങിയ കാലം തൊട്ടേ ഞാനാഗ്രഹിച്ചിരുന്നു.. ചന്ദ്രനാഥ് ഉണ്ടായിരുന്നെങ്കില്‍ ഒരു പക്ഷേ ഞാനങ്ങിനെ ചിന്തിക്കുക പോലുമില്ലായിരുന്നു. അവള്‍ക്ക് മറ്റെല്ലാവരുമുണ്ട്. ബന്ധുക്കളായി എത്രയോ ആളുകള്‍. പക്ഷേ അച്ഛനില്ലാത്ത എന്‍റെ കുട്ടി..! അവള്‍ ഒരനാഥയെപ്പോലെ ഇറങ്ങിപ്പോകേണ്ടി വരുന്നതായി എനിക്കു തോന്നിപ്പോയി… അതെനിക്ക് സഹിക്കാന്‍ കഴിയുമായിരുന്നില്ല.. എന്തുകൊണ്ടാണ് അങ്ങിനെ ഒരു ചിന്ത മനസ്സില്‍ കടന്നു കൂടിയതെന്ന് എനിക്കറിയില്ല.. പക്ഷെ നീ അടുത്തുണ്ടാകണമെന്ന് എന്തുകൊണ്ടോ ഞാനാഗ്രഹിച്ചു ..” എന്‍റെ വിരലുകളിന്മേലുള്ള അവളുടെ പിടി വിട്ടിരുന്നില്ല… അവളുടെ കണ്ണുനീര്‍ത്തുള്ളികള്‍ ഇറ്റു വീണ് എന്‍റെ കൈത്തണ്ട നനഞ്ഞു….
ഈയൊരു സന്ദര്‍ഭം എനിക്ക് അപരിചിതമായിരുന്നില്ല. കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥനായ പിതാവിന് അവിചാരിതമായി കിട്ടിയ ട്രാന്‍സ്ഫറിനൊപ്പം ഇന്ദ്രപ്രസ്ഥത്തിലേക്കു പറിച്ചു നടപ്പെട്ട അവളുടെ കോളജ് ദിനങ്ങളുടെ, ഞങ്ങളൊന്നിച്ചുള്ള അവസാന നിമിഷങ്ങളില്‍ ,സ്റ്റേഡിയത്തിലെ സിമന്‍റു പടികളിലിരുന്ന് അവള്‍ കരഞ്ഞതും ഇതു പോലെയായിരുന്നു. അന്നും ഇതു പോലെ കൈത്തണ്ട കണ്ണീരു കൊണ്ടു നനയുമ്പോള്‍ ഞാന്‍ നിസ്സഹായതയോടെ ഇരുന്നു.. ഓടിയെത്താവുന്നതിലും അപ്പുറത്തായിരുന്നു അന്ന് ഞങ്ങള്‍ക്കിടയിലുള്ള ദൂരം.. പതിവായി വന്നുകൊണ്ടിരുന്ന കത്തുകള്‍ പിന്നെയെപ്പൊഴോ എങ്ങിനെയോ നിലച്ചു പോയത് എന്‍റെയോ അവളുടെയോ ജീവിതത്തിലെ ഏതെങ്കിലും വഴിത്തിരിവില്‍ വച്ചായിരിക്കണം..
ഞാന്‍ തലയുയര്‍ത്തി നോക്കി.. ആരെയും ആ പരിസരത്തെങ്ങും കാണാനുണ്ടായിരുന്നില്ല.. എല്ലാവരും മുന്‍വശത്തും റോഡിനപ്പുറത്തായി ഒരുക്കിയ കൂറ്റന്‍ പന്തലിലുമായി തിരക്കിലാണ്.. ചടങ്ങുകള്‍ തുടങ്ങുന്നത് വൈകുന്നേരമാണ്. രാത്രി മുഴുവന്‍ നീണ്ടു നില്‍ക്കുന്ന ആഘോഷങ്ങള്‍.. ഇതാദ്യമായാണ് ഇങ്ങിനെ ഒരു വിവാഹച്ചടങ്ങില്‍ പങ്കെടുക്കുന്നത്. നന്ദിനിയുടെ അമ്മാവന്‍ കാന്തിലാല്‍ ചടങ്ങുകളെപ്പറ്റി ഏകദേശ രൂപം നല്‍കി… സഹോദരിയുടെ മക്കള്‍ സുനീതിയും രമാകാന്തും കൂടി എന്നെ തലപ്പാവും മേലങ്കിയുമൊക്കെ അണിയിച്ചു. എല്ലാവരും ചിരപരിചിതരെപ്പോലെ ഇടപെട്ടത് എന്നെ അതിശയിപ്പിച്ചു..
കേരളത്തെപ്പറ്റി രാജനന്ദിനീദേവിയുടെ കുടുബത്തിന് എന്നും നല്ല ഓര്‍മ്മകളാണുണ്ടായിരുന്നത്. ആ ഒരു സ്നേഹം മുഴുവനായും എനിക്കവര്‍ പകര്‍ന്നു നല്‍കുകയാണ്… മാംഗല്യവേദിയിലേക്കു കയറും മുമ്പ് സ്വരൂപ എന്‍റെ മുന്നിലെത്തി.. അവളെ ശരിക്കും കണ്ടത് അപ്പോഴാണ്.. വെട്ടിത്തിളങ്ങുന്ന ആഭരണങ്ങള്‍ക്കും ഉടയാടകള്‍ക്കുമിടയില്‍ പാതി മറഞ്ഞ മുഖത്തിന് ശ്രുതിയുമായി നല്ല സാമ്യം.. കാല്‍ തൊട്ടു വന്ദിച്ച അവളെ ചേര്‍ത്തണച്ച് നിറുകയില്‍ കൈവച്ച് ദീര്‍ഘസുമംഗലിയായിരിക്കാന്‍ അനുഗ്രഹിച്ചത് ഞാന്‍ തന്നെയായിരുന്നോ എന്ന് ഞാന്‍ അതിശയിച്ചു. ആള്‍ക്കൂട്ടത്തിനിടയില്‍ നിന്ന് നിറകണ്ണുകളോടെ നന്ദിനി അതു നോക്കിനില്‍ക്കുന്നുണ്ടായിരിക്കും. അവിടുത്തെ ആചാരമനുസരിച്ച് വിവാഹച്ചടങ്ങുകളില്‍ വധൂവരന്മാരുടെ അമ്മമാര്‍ വേദിയില്‍ വരാറില്ല.. നന്ദിനി എന്‍റെ സാന്നിദ്ധ്യം ആഗ്രഹിച്ചത് എന്തുകൊണ്ടാണെന്ന് എനിക്കു മനസ്സിലാകുന്നുണ്ടായിരുന്നു..
കാലത്തിന്‍റെ ചില നിയോഗങ്ങള്‍ വിചിത്രങ്ങളാണ്. ദിശാസൂചികകളില്ലാതെ ജീവിതവീഥിയിലെ അറിയാത്ത വഴിത്തിരിവുകളില്‍ അവ നമ്മെയും കാത്തു നില്‍ക്കും.. സങ്കല്‍പ്പങ്ങള്‍ക്കുമപ്പുറത്തുള്ള ഏതൊക്കെയോ കര്‍മ്മപഥങ്ങളിലേക്ക് അവ നമ്മെ കൊണ്ടു പോകും… .
ചടങ്ങുകള്‍ അവസാനിച്ച് വരനും വധുവും യാത്ര പറഞ്ഞപ്പോള്‍ നേരം ഏറെ വൈകിയിരുന്നു.. വധുവിന്‍റെ വിടപറച്ചില്‍ എല്ലാവരേയും വികാരാധീനരാക്കി. ദേശവും ചടങ്ങും മാറിയാലും ഈയൊരു സന്ദര്‍ഭത്തിനു മാത്രം ലോകത്തൊരിടത്തും മാറ്റമില്ലെന്ന് എനിക്ക് മുന്‍പും തോന്നിയിട്ടുണ്ട്.. ചടുലവും മനോഹരവുമായ ചുവടു വയ്പ്പുകളുമായി നൃത്തസംഘം അപ്പോഴും പന്തലില്‍ സജീവമായിരുന്നു.. ഒരു വേള എനിക്കും അതില്‍ പങ്കെടുക്കേണ്ടി വന്നു..
തലേന്നു തന്നെ എനിക്കു വേണ്ടി വീട്ടില്‍ ഒരുക്കിയിട്ടിരുന്ന മുറിയില്‍ എത്തിയപ്പോള്‍ നേരം പുലരാന്‍ ഏറെയൊന്നുമില്ലായിരുന്നു.. കുളിയും കഴിഞ്ഞ് കിടന്നതു മാത്രം ഓര്‍മ്മയുണ്ട്,, . ഉണരുമ്പോള്‍ ഏറെ വൈകി.. ധൃതഗതിയില്‍ മടക്ക യാത്രയ്ക്കുള്ള ഒരുക്കങ്ങള്‍ നടത്തി. രണ്ടുമണി ക്കാണ് ഭൂവനേശ്വറിൽ നിന്ന് ബാംഗ്ലൂർക്കുള്ള ഫ്ലൈറ്റ്. റൂം വെക്കേറ്റു ചെയ്ത് ബാഗേജ് എടുക്കണം. പോകുന്ന വഴിക്ക് അല്‍പം ഷോപ്പിങ്ങും. .
ഞാന്‍ പ്രാതല്‍ കഴിക്കുന്നതും നോക്കി മേശയ്ക്കരികില്‍ നന്ദിനി ഇരുന്നു..അവള്‍ ഉറങ്ങിയിട്ടില്ലായിരുന്നെന്നു തോന്നി. കണ്ണുകളില്‍ നിറയുന്ന ക്ഷീണം.. ഒരു പക്ഷേ ഞാനുണരുന്നതും കാത്ത് അവളിരുന്നിട്ടുണ്ടാകും..
ശുദ്ധസസ്യഭുക്കായ നന്ദിനിയെ കാന്‍റീനില്‍ വച്ചു മത്സ്യം കഴിപ്പിക്കാന്‍ ശ്രമിച്ചത് പെട്ടെന്നോര്‍മ്മ വന്നു.. അന്നു മുഴുവന്‍ വിമ്മിഷ്ടവുമായി ലൈബ്രറിയുടെ മൂലയില്‍ അവള്‍ തല ചായ്ച്ചിരുന്നു.. വീട്ടിലേക്കു പോകുവാന്‍ അവള്‍ക്കു ധൈര്യമില്ലായിരുന്നു. കാവലിന് കുറ്റബോധത്തോടെ ഞങ്ങള്‍ കൂട്ടുകാരും.. അഫ്സലും, ടൈറ്റസും, ജീനയും പ്രീതിയുമൊക്കെ ഇപ്പോള്‍ എവിടെയായിരിക്കും.. അവര്‍ ഇപ്പോളും ഇതൊക്കെ ഓര്‍ക്കുന്നുണ്ടാകുമോ..?
ഡൈനിങ് റൂമില്‍ ഞങ്ങള്‍ തനിച്ചായിരുന്നു.. രാവെളുക്കുവോളം നീണ്ട ആഘോഷങ്ങള്‍ക്കവസാനം എല്ലാവരും തളര്‍ന്നുറങ്ങുകയാവും.. ആഴ്ചകളോളം നീണ്ട ഒരുക്കങ്ങളുടെ കൊട്ടിക്കലാശം.. ഇനി രണ്ടു നാള്‍ കഴിഞ്ഞ് വരനും കൂട്ടരും എത്തുന്നതോടെ വീണ്ടും വീടുണരും… പിന്നെ നാലുനാളുകള്‍ രാവുപകലാക്കുന്ന ആഘോഷങ്ങള്‍… ഔപചാരികതയുടെ മുഖം മൂടി അതോടെ അഴിയുന്നു…പിന്നെ വല്ലപ്പോഴുമുള്ള സന്ദര്‍ശനങ്ങള്‍…
” കബ് ആയെഗാ ഫിര്‍? എന്നാണിനി ഇങ്ങോട്ട്?” അവള്‍ പതിയെ ചോദിച്ചു.. അന്ന്, രണ്ടു വര്‍ഷം കൊണ്ട് പഠിച്ച മലയാളം കുറേയൊക്കെ നന്ദിനി മറന്നിരിക്കുന്നു.. ഇടയ്ക്കിടെ കടന്നു വരുന്ന ഒറിയ വാക്കുകള്‍..
“ഞാന്‍ വരും, ജഗന്നാഥ സന്നിധിയില്‍ വരണമെന്ന് ജ്യോതിക്ക് ആശയുണ്ട്.. കൊണാര്‍ക്ക് കാണുവാന്‍ മകളും കാത്തിരിക്കുകയാണ്.. പിപിലി അവള്‍ക്ക് ഏറെ ഇഷ്ടപ്പെടും”
“നിങ്ങള്‍ തീര്‍ച്ചയായും വരണം… എനിക്ക് ശ്രുതിയെ കാണണം.. ജ്യോതിയെയും.. നീ എന്തു പറഞ്ഞാണ് എന്നെ അവര്‍ക്കു പരിചയപ്പെടുത്തിരിക്കുന്നത്…?”
“നിന്നെ എങ്ങിനെയാണ് ആര്‍ക്കെങ്കിലും പരിചയപ്പെടുത്തേണ്ടതെന്ന് എനിക്കിപ്പൊഴും അറിയില്ല..” നന്ദിനി ഒരു നിമിഷം നിശ്ശബ്ദയായി.
“ഇങ്ങോട്ടു പുറപ്പെടുമ്പോള്‍ ജ്യോതിയോട് എന്താണു പറഞ്ഞത്..” “എന്‍റെ കോളജ് ജീവിതത്തില്‍ എനിക്ക് എറ്റവും അടുപ്പമുള്ള ചങ്ങാതിമാരിലൊരാളെന്ന്..’
അവള്‍ എന്നെ നോക്കി… ഞങ്ങള്‍ അതു മാത്രമായിരുന്നില്ല എന്ന് ഞങ്ങള്‍ക്കിരുവര്‍ക്കുമറിയാമായിരുന്നു.. പക്ഷേ ഒരിക്കലും ഞങ്ങള്‍ അതെപ്പറ്റി ചിന്തിച്ചിരുന്നില്ല.. അതിന്‍റെ ആവശ്യമുണ്ടെന്നു തോന്നിയിട്ടില്ല…മനുഷ്യന് ഇതുവരെ പേരിടാന്‍ കഴിയാത്തതായി എത്രയോ ബന്ധങ്ങളുണ്ട് ഈ പ്രപഞ്ചത്തില്‍……. .
യാത്ര പറയുമ്പോള്‍ നന്ദിനിയുടെ അമ്മ എന്നെ ചേര്‍ത്തു പിടിച്ചു തലോടി.. മകളുടെ മനസ്സു വായിക്കാന്‍ ആ അമ്മയ്ക്ക് എന്നേ കഴിഞ്ഞിട്ടുണ്ടാവണം.. കൊച്ചു മകളേയും ഭര്‍ത്താവിനേയും കൂട്ടി ഒരു നാള്‍ മലബാറിലേക്ക് വരാമെന്ന് അവര്‍ ഉറപ്പു തന്നു. ആരൊക്കെയോ യാത്രാ മൊഴികള്‍ നല്‍കി.. കുട്ടികള്‍ കാലുതൊട്ടു വണങ്ങി അനുഗ്രഹം വാങ്ങി. നന്ദിനി ഒരു വലിയ ബാഗ് എന്നെ എല്‍പ്പിച്ചു.. അതു നിറയെ പിപ്പിലിയിലെ വര്‍ണ്ണവിസ്മയങ്ങളാണ്.. എന്‍റെ മകള്‍ക്കുള്ള സമ്മാനങ്ങള്‍..
മുറ്റത്ത് കമലേഷ് കാത്തു നില്‍ക്കുന്നുണ്ടായിരുന്നു…കാര്‍ ഗേറ്റു കടക്കുമ്പോള്‍ ഞാന്‍ ഒരിക്കല്‍ക്കൂടി തിരിഞ്ഞു നോക്കി. വരാന്തയില്‍ നിശ്ചലം നില്‍ക്കുന്ന നന്ദിനി.. ആ വലിയ വീടിന്‍റെ പശ്ചാത്തലത്തില്‍, അതൊരു ചിത്രമായി മനസ്സില്‍ പതിഞ്ഞു കിടന്നു..അവളെ എന്നെങ്കിലും ഇനി കണ്ടുമുട്ടുമെന്ന് എനിക്കുറപ്പില്ലായിരുന്നു.. എന്നേ വേര്‍പിരിഞ്ഞു പോയ വഴികളുടെ ആകസ്മിക സംഗമം…വീണ്ടും പിരിയുകയാണ്.. എതിര്‍ദിശകളിലേക്ക്…അസ്തമയ തീരത്തേക്ക് ഇനിയെത്ര ദൂരം? ഞങ്ങള്‍ പിപിലി പിന്നിടുകയാണ്..
ഫോണ്‍ ശബ്ദിക്കുന്നു..”ജീ ബോലോ മേം ശ്യാം കൃഷ്ണന്‍ ഹെ ഇധര്‍” അറിയാതെ മുറിഹിന്ദി നാവില്‍ വന്ന ശേഷമാണ് അബദ്ധം മനസ്സിലായത്. അപ്പുറത്ത് ശ്രുതിയാണ്. അവള്‍ പൊട്ടിപ്പൊട്ടി ചിരിക്കുന്നു. രണ്ടു ദിവസം കൊണ്ട് പപ്പ ഹിന്ദിവാലയായി എന്ന് അവള്‍ ജ്യോതിയോടു പറയുന്നത് ഞാന്‍ വ്യക്തമായി കേട്ടു.. അവളും ചിരിക്കുകയാണ്.. അത് അലകളായി ഫോണിലൂടെ എന്നിലേക്ക് ഒഴുകി വന്നു.
ഒരു സ്വപ്നത്തില്‍ നിന്നുണര്‍ന്നെന്ന പോലെ ഞാനും ചിരിച്ചു.. .. അതിന്‍റെ മാറ്റൊലികള്‍ വര്‍ണ്ണശലഭങ്ങളായി പാറിപ്പറന്ന് പിപിലിയിലെ മായക്കാഴ്ചകളിലലിഞ്ഞു..
നസീർ റോസ് വാലി
ഒറ്റമുറി
ഒരു നേർത്ത ഗദ്ഗദം ചില നേരമുയരുമാ
മുറിയിൽ നിന്നങ്ങതാ കാതോർക്കവെ
മുറിവേറ്റ പക്ഷി പോലൊരു
മനമുണ്ടതങ്ങ തെന്നറിയാതെ ,
മറവിയായ് ഞാനുമിരിപ്പൂ
ഇടയിലങ്ങോരോന്നുരിയാടിയും
പിന്നെ ഇടമുറിയാതെ ചിരിച്ചും
ചിതറുമാചങ്ങല സ്വനമതിലങ്ങനെ
ചിലതങ്ങിതോർമ്മയിൽ വന്നണഞ്ഞു സത്യവും ,
മിഥ്യയുമേതുമറിയാതെ സഞ്ചരിച്ചീടുന്ന കാലം ,
സത്വരം വീണുപോയാരോ വിരിച്ചിട്ട
ചിത്രമാം ജാലമതൊന്നിൽ
വല്ലാതെയങ്ങു ഭ്രമിച്ചു പോയങ്ങനെ
തെല്ലുമേ സംശയം തോന്നിയില്ല ,
നഷ്ടമായിയങ്ങു തൻസ്വന്തമെല്ലാമേ ,
ശിഷ്ടമായ് കിട്ടിയീയൊറ്റമുറി.
ജയേഷ് പണിക്കർ
ആത്മം
വലതു കൈത്തണ്ടയിൽ കുത്തിയ കാനുലയിലേക്ക് വീണു കിടന്ന സാരിത്തലപ്പ് ശ്രദ്ധാപൂർവ്വം എടുത്തു മാറ്റുമ്പോൾ അദ്ദേഹത്തിന്റെ കൈകൾ വിറയ്ക്കുന്നുണ്ടായിരുന്നു.
ആശുപത്രിയുടെ മൂകതയും മണവും തങ്ങി നിൽക്കുന്ന കാഷ്വാലിറ്റി വാർഡിൽ മധ്യവയസ്സ് കഴിഞ്ഞ ആ അച്ഛനും അമ്മയും മാത്രമേ ഉണ്ടായിരുന്നുള്ളു. വാർഡാകെ വിരസമായ മഞ്ഞവെളിച്ചം പരന്നു കിടന്നു. അയാൾ ഇടയ്ക്കിടെ അത്യധികം പരിഭ്രമത്തോടും വെപ്രാളത്തോടും മയങ്ങിക്കിടക്കുന്ന ആ അമ്മയെ നോക്കിക്കൊണ്ടിരുന്നു. ഇടയ്ക്ക് ഡ്രിപ് അഡ്ജസ്റ്റ് ചെയ്യാൻ വന്ന നഴ്‌സിനോട് അദ്ദേഹം വെപ്രാളത്തിൽ എന്തോ ചോദിച്ചു.
“അച്ഛൻ വിഷമിക്കാതെ, അമ്മക്കൊന്നൂല്ല. ചെറിയൊരു പ്രെഷർ വേരിയേഷൻ. സമാധാനമായിരിക്കൂട്ടോ..”
അയാൾ തലയാട്ടി അത് ശരിവച്ചുകൊണ്ട് അവർക്കരികിലായി ബെഡിൽ ഇരുന്നു. കുറേനേരം കണ്ണിമയ്ക്കാതെ ആ മുഖത്തേക്ക് തന്നെ നോക്കിയിരുന്ന്, പെട്ടന്ന് എന്തോ ആലോചിച്ചമട്ടിൽ പോക്കറ്റിൽ നിന്ന് ഫോൺ എടുത്തു. പഴയ ഒരു നോക്കിയ ഫോൺ ആയിരുന്നു അത്. ആരുടെയോ നമ്പർ ഡയൽ ചെയ്ത് ചെവിയോട് ചേർത്തു.
“നീ എത്താറായോ?”
അപ്പുറത്തെ മറുപടി കിട്ടിയപ്പോൾ അടുത്ത ചോദ്യം.
“പൈസയല്ല ഇപ്പൊ അവക്കാവശ്യം. നീ എപ്പോ എത്തും അത് പറ?”
അപ്പുറത്തെ മറുപടി അദ്ദേഹത്തെ അത്ര തൃപ്തിപ്പെടുത്തിയതായി തോന്നിയില്ല.
“ആ ശരി, എത്രയും പെട്ടെന്ന് വാ ” എന്നും പറഞ്ഞു ഫോൺ കട്ടാക്കി പോക്കറ്റിൽ ഇട്ടു. വീണ്ടും ആ സ്ത്രീയുടെ മുഖത്ത് നോക്കി ഇരിപ്പായി. ഐശ്വര്യം നിറഞ്ഞ മുഖമുള്ള ഒരമ്മയായിരുന്നു അത്. ക്ഷീണിതമെങ്കിലും മുഖത്ത് ഒരു ചെറു ചിരി തങ്ങി നിൽക്കുന്ന പോലെ. ആരായാലും ഒന്ന് നോക്കിപ്പോകും. അരിക് പിഞ്ചി തുടങ്ങിയ നേർത്ത വെള്ളികസവുള്ള ഒരു ഇളംനീല ഷിഫോൺ സാരിയായിരുന്നു അവരുടുത്തിരുന്നത്. ആശുപത്രി വാർഡിന്റെ മടുപ്പിക്കുന്ന മഞ്ഞച്ച വെളിച്ചത്തിലും അവരൊരു മാലാഖയെപ്പോലെ തോന്നിച്ചു.
പെട്ടെന്ന് അദ്ദേഹം ഒരാന്തലോടെ ഞെട്ടി എഴുന്നേറ്റ് ‘സിസ്റ്റർ, സിസ്റ്റർ ‘ എന്ന് ഉറക്കെ വിളിക്കാൻ തുടങ്ങി.
ഡ്യൂട്ടി നഴ്സ് ഓടി വന്ന് എന്തുപറ്റിയെന്ന് ചോദിച്ചു.
“സൂചി കുത്തിയപ്പോൾ നിങ്ങൾ ശ്രദ്ധിച്ചില്ലേ? നോക്കൂ കൈ വീർത്തു വന്നിരിക്കുന്നു. ഡ്രിപ് കയറുന്നില്ലന്ന് തോന്നുന്നു.”
അദ്ദേഹം വെപ്രാളത്തോടെ ആ അമ്മയുടെ കൈപിടിച്ചു കാണിച്ചു. കാനുല ഇട്ടിരുന്ന ഭാഗം തടിച്ചു വീർത്തിരുന്നു.
“പേടിക്കണ്ട അച്ഛാ, അമ്മേടെ കൈ അനങ്ങിയിട്ടുണ്ടാവും. അതിപ്പോ ശരിയാക്കാം”
“എങ്ങനെ അനങ്ങാൻ. ഞാൻ നോക്കിയിരിക്കല്ലേ ഇവ്ടെ. വേഗം എന്തേലും ചെയ്യ് മോളെ..”
“അച്ഛൻ കുറച്ചുനേരം ഒന്നു പുറത്ത് നിൽക്കൂ. ഞാനിതൊന്ന് മാറ്റി കുത്തട്ടെ. പേടിക്കാതെ.”
ഒന്ന് മടിച്ചുനിന്ന ശേഷം അദ്ദേഹം പുറത്തേക്ക് പോയി. ഡ്രിപ് ശരിയാക്കിയ ശേഷം സിസ്റ്റർ അദ്ദേഹത്തോട് അകത്തേക്ക് വന്നുകൊള്ളാൻ പറഞ്ഞു.
“ഈ കൈ വീർത്തത് മാറുന്നില്ലല്ലോ.” അദ്ദേഹം ആധിയോടെ പറഞ്ഞു.
“ദാ ഈ ഓയിന്മെന്റ് പുരട്ടി കൊടുക്ക് കയ്യിൽ. കുറച്ച് നേരത്തിനുള്ളിൽ വീർപ്പു മാറിക്കൊള്ളും”
അദ്ദേഹത്തിന്റെ കയ്യിൽ ഓയിന്മെന്റ് വെച്ചു കൊടുത്തു സിസ്റ്റർ പോയി.
കുറച്ച് ഓയിന്മെന്റ് എടുത്ത് വളരെ ശ്രദ്ധാപൂർവ്വം ഒരു കുഞ്ഞിന്റെ കൈത്തണ്ടയിൽ എന്നപോലെ അദ്ദേഹം അവരുടെ കയ്യിൽ പുരട്ടി. അപ്പോഴും അദ്ദേഹത്തിന്റെ കൈകൾ ചെറുതായി വിറയ്ക്കുന്നുണ്ടായിരുന്നു. പിന്നെ ഡ്രിപ് ഓരോ തുള്ളിയായി വീഴുന്നതും നോക്കി ഇരുന്നു. ഇടയ്ക്ക് കൈത്തണ്ടയിൽ ചെറുതായി തലോടിക്കൊണ്ടിരുന്നു. അരമണിക്കൂർ കഴിഞ്ഞപ്പോഴേക്കും കൈ പഴയപടി ആയിരുന്നു.
ഡ്രിപ് ഏകദേശം തീരാറായപ്പോഴേക്കും അമ്മ മയക്കത്തിൽ നിന്ന് ഉണർന്നു.
“ബുദ്ധിമുട്ടായീ,ല്ലേ?” അവർ ക്ഷീണിച്ച സ്വരത്തിൽ അദ്ദേഹത്തോട് ചോദിച്ചു.
“എന്ത് ബുദ്ധിമുട്ട്? നീയെന്തിനാ ഈ വയ്യാണ്ട് പശൂനെ അഴിച്ചു കെട്ടാനും മറ്റും പോകുന്നത്. അതൊക്കെ ചെയ്യാൻ അവിടെ ആളുണ്ടല്ലോ. വീണുകിടന്നത് ആരും കണ്ടില്ലായിരുന്നെങ്കിലോ?”
അതിന് മറുപടിയായി അവരൊന്ന് ചിരിക്കുക മാത്രം ചെയ്തു.
“എനിക്കൊന്നൂല്ല.”
“നീയങ്ങനെയേ പറയൂ. ഇതിപ്പോ എനിക്കിന്ന് അങ്ങാടീലേക്ക് ആ വഴി പോകാൻ തോന്നിയതു നന്നായി. അതോണ്ട് കണ്ടു.”
“അതിപ്പോ നിങ്ങള് എല്ലാ ദിവസോം അതിലെ അല്ലേ പോകുന്നെ?” അവർ ചിരിയോടെ ചോദിച്ചു.
“ആ, എന്തിനും ഒരു ന്യായം. അല്ലേലും ന്യായം പറയാൻ പണ്ടേ നീ മിടുക്കിയാണല്ലോ..”
“ഇതെപ്പോ തീരും? എനിക്കിപ്പോ കുഴപ്പൊന്നൂല്ല. നമുക്ക് പോകാം.”
“ആ പോകാം. ഇത് തീർന്നാൽ പോകാം ന്നാ ഡോക്ടർ പറഞ്ഞത്. അപ്പോഴേക്കും ശ്രീയും ഇങ്ങെത്തും.”
“പോന്നിട്ടുണ്ടോ അവിടുന്ന്?”
“പോന്നൂന്നാ പറഞ്ഞത്. വിളിച്ചു പറഞ്ഞിട്ടിപ്പോ നേരം എത്രയായി! എത്തേണ്ട സമയം കഴിഞ്ഞു. നിനക്കവനോട് വീട്ടിൽ നിന്ന് പോയിവരാൻ പറഞ്ഞുകൂടെ?”
“പറയുന്നുണ്ട്. ശിവേട്ടനറിയാല്ലോ ബിസിനസ് ആണ് ആ തലേൽ മുഴുവൻ.”
“ഉം, ദാ അവൻ എത്തീന്ന് തോന്നുന്നു. വിളിക്കുന്നുണ്ട്.” അദ്ദേഹം ഫോൺ അറ്റൻഡ് ചെയ്തു.
“ങാ നീയിങ്ങ് കാഷ്വാലിറ്റിയിലേക്ക് പോര്. ഇവ്ടെ ശ്യാമയെ മാത്രേ അഡ്മിറ്റ് ചെയ്തിട്ടുള്ളു.”
അൽപ്പസമയത്തിനുള്ളിൽ വളരെ ഫോർമൽ ആയി വസ്ത്രം ധരിച്ച പ്രൗഢ ഭാവങ്ങളുള്ള ഒരു മധ്യവയസ്കൻ അങ്ങോട്ട് കടന്നുവന്നു.
ആ അമ്മയുടെ അടുത്ത് വന്നു കയ്യിൽ മെല്ലെ തൊട്ടുകൊണ്ട് ചോദിച്ചു.
“എങ്ങനെയുണ്ടിപ്പോ?”
“നല്ല ഭേദം ണ്ട് ശ്രീയേട്ടാ. ഡ്രിപ് തീരാറായി, നമുക്ക് വീട്ടിൽ പോകാം.”
“ആ പോകാം, നീ സമയത്തു കണ്ടത് ഉപകാരമായി ശിവാ. തെക്കേ പറമ്പിലേക്കൊന്നും അസമയത്ത് പോവല്ലേന്ന് പറഞ്ഞാ ഇവള് കേൾക്കില്ല. നോക്കിക്കോ ആ പശൂനെ വിൽക്കാൻ ഞാൻ ഏർപ്പാടാക്കുന്നുണ്ട്. നിന്റെ കൂട്ടുകാരിയല്ലേ ഒന്നുപദേശിക്ക്. വയസാവുമ്പോ അടങ്ങിയിരിക്കാൻ.”
“ഞാനത് പറഞ്ഞു ശ്രീ. വാശിക്കാരിയല്ലേ നിന്റെ പ്രിയതമ. നീ തന്നെ ഉപദേശിച്ചാൽ മതി”
പെട്ടന്ന് അദ്ദേഹത്തിന്റെ ഫോൺ റിംഗ് ചെയ്തു.
വീട്ടിന്നാണ് എന്ന് പറഞ്ഞു കൊണ്ട് ഫോൺ അറ്റൻഡ് ചെയ്തു.
“ആ ഞാനിതാ വരുന്നു. നീ പേടിക്കാതെ”
“എടാ ഞാനിറങ്ങുന്നു. അവിടെ വെപ്രാളം തുടങ്ങി കാണാഞ്ഞിട്ട്. ശ്യാമേ വരട്ടെ. മരുന്നൊക്കെ കൃത്യമായി കഴിക്ക്.”
ചെറിയൊരു ചിരിയോടെ അവർ തലയാട്ടി.
“എടാ കാശ് കുറച്ച് ചെലവായില്ലേ നിന്റേന്ന്, എത്രയായി? ഞാൻ അക്കൗണ്ടിൽ ഇട്ടേക്കാം”
“അതൊക്കെ പിന്നെ പറയാം. നീയിപ്പോ അവളെ നോക്ക്. കുറച്ച് ദിവസമൊക്കെ വീട്ടിൽ നിൽക്ക് ശ്രീ. മക്കളും അടുത്തില്ല. നീ ആർക്കുവേണ്ടിയാ ഇങ്ങനെ ഓടുന്നെ?”
അതിനയാൾ ഒന്ന് ചിരിക്കുക മാത്രം ചെയ്തു, “നീ പോയിട്ട് വാ.”
വാർഡിൽ നിന്ന് പുറത്തേക്കിറങ്ങിയ ശേഷം തിരിഞ്ഞു നിന്ന് അദ്ദേഹം അവരെ ഒന്നുകൂടെ ഒന്ന് നോക്കി.
അയാളപ്പോൾ ഒരു കസേര വലിച്ചിട്ട് അവരുടെ അടുത്തിരിക്കുകയായിരുന്നു, കയ്യിൽ മെല്ലെ തലോടിക്കൊണ്ട്.
ഒരു നെടുവീർപ്പോടെ തിരിഞ്ഞു നടക്കുമ്പോൾ ഡ്യൂട്ടി നഴ്സിനോട് ഡ്രിപ് തീരാറായി എന്നോർപ്പിക്കാൻ അദ്ദേഹം മറന്നില്ല.
ജിസ പ്രമോദ്
വസുധേ വിസ്മയമെന്നും നീ
സ്വപ്നസമാനംനീലാകാശം
മഴവില്ലഴകിൻവശ്യതയിൽ.
ഹരിതംസുന്ദരവയലേലകളോ,
കുളിർപകരുന്നൂപുലർകാലേ .
ഹരിതക്കുടയൊന്നഴകിൽനീർത്തി,
ഹിമകണമുതിരുംതരുവും ചാരേ .
കിളികൾകീർത്തനംപാടുന്നു
ണ്ടരയാലിലകൾ താളമിടുന്നു.
പാടത്താകെപ്പാറിനടപ്പു
ണ്ടോണത്തുമ്പികളിളവെയിലിൽ.
കൊലുസുകിലുക്കികള കളം
പാടികല്ലോലിനിയൊന്നൊഴുകുന്നു.
നയനമനോഹരമീദൃശ്യ
ങ്ങൾ, വസുധേ, വിസ് മയമെന്നുംനീ.
വരമായീശ്വരനേകിയൊരഴകേ,
വസുധേവിസ്മയമമെന്നും നീ.
വിജയം ആർ നായർ
ഹിതം അവിഹിതമാകുമ്പോൾ
തുട്ടുകാശ്
വന്നു കയറിയയാൾ
അറിയുമോ എന്നു കൈനീട്ടിയതും
ഉമ്മറത്തെ ഊന്നുവടി
മെല്ലെ തലപൊക്കി
വെളുക്കനെ മോണകാട്ടി.
കരിയിലയിൽ തിരഞ്ഞ
ഓർമ്മകളുടെ കിരുകിരുപ്പ്
ഇറയത്തു നീട്ടിത്തുപ്പി,,,
അറിഞ്ഞിട്ടെന്തിനെന്നോ
വെറുതെ ചോദിച്ചതാവുമെന്നോ
മനസിലായില്ലന്നോ
കാതു പതുക്കെയെന്നോ
വിറച്ചത് കേൾക്കാതെ
ആഗതൻ അകത്തേക്ക് പോയിരുന്നു.
മോണകാട്ടിയ ചിരി പതുക്കെ
മാഞ്ഞുപോയതാരും കണ്ടില്ല.
തപാലിൽ നഷ്ടമായെന്നു കരുതിയ
കത്തിലേക്കെന്നപോലെ
മടിശ്ശീല പരതിയ
മുത്തച്ഛന്റെ ചുണ്ടിൽ
സൂര്യൻ എഴുനേറ്റുനിന്നു.
മറക്കാനറിയാത്തതെന്തോ
തടഞ്ഞപോലെ
കരുതിവച്ചൊരു സ്നേഹം,,,
ഒതുക്കി മടക്കിവച്ചൊരു
കൊച്ചു കാശ്
കൊച്ചുമോൾക്ക്.
ഇടറിയ വാക്കു പിറകെ…
ഇനി വരുമ്പോൾ കൊച്ചുമോളേയും
കൂട്ടണേടാ …..
റാണി സുനിൽ
ഇന്തോന്വേഷ്യൻ ദിനങ്ങൾ
അധ്യായം 19: മനോഹര തീരങ്ങളുടെ ബാങ്ക
നമുക്ക് ലക്ഷദ്വീപ് എന്നത് പോലെയാണ് സുമാത്രക്കാർക്ക് ബാങ്ക – ബെലിറ്റുങ് ദ്വീപുകൾ. ഇവ രണ്ടും വലിയ ദ്വീപുകൾ ആണെന്നുമാത്രം. ലക്ഷദ്വീപ് 33 ചതുരശ്ര കിലോമീറ്റർ ആണെങ്കിൽ ബാങ്ക മാത്രം 12000 ചതുരശ്ര കിലോമീറ്ററുകൾ വരും. അത്രയ്ക്കും വലുപ്പ വ്യത്യാസമുണ്ട്. ചെറു ദ്വീപുകൾ ഇതിനിടയിലുമുണ്ട്. തെക്കൻ സുമാത്രയുടെ ഭരണത്തിൻ കീഴെയാണ് ഈ രണ്ടു ദ്വീപുകളും. ഈ രണ്ടു ദ്വീപുകളുടെയും ഭരണകേന്ദ്രം ബാങ്കയിലെ പാങ്കൽ പിനാങ് എന്ന നഗരമാണ്. ദ്വീപിലെ വിമാനത്താവളവും ഇവിടെത്തന്നെ. ഇതൊരു അന്തർദേശീയ വിമാനത്താവളമല്ല എന്നത് കൊണ്ട് തന്നെ നമുക്ക് നേരെ ഇവിടേയ്ക്ക് പറക്കുവാൻ കഴിയുകയില്ല. വിസ പതിപ്പിച്ചതിനു ശേഷം മാത്രമേ ഇവിടേയ്ക്ക് വരുവാൻ കഴിയുകയുള്ളൂ.
ദ്വീപുകൾ തമ്മിൽ യാത്ര ചെയ്യുന്നതിനോ, സുമാത്രയിൽ നിന്നും ഇവിടെയെത്തുന്നതിനോ രണ്ടു മാർഗ്ഗങ്ങൾ മാത്രമേയുള്ളൂ. കടൽ മാർഗ്ഗവും കരമാർഗ്ഗവും. പലെംബാങ്ങിൽ നിന്നും ജക്കാർത്തയിൽ നിന്നും ധാരാളം വിമാനസർവീസുകൾ ഇവിടേയ്ക്കുണ്ട്. കടൽ മാർഗ്ഗം ഇവിടെയെത്തുവാൻ ഒരു രാത്രി മുഴുവൻ ഇരിക്കേണ്ട സ്പീഡ് കുറഞ്ഞ കപ്പലുകളും നാല് മണിക്കൂർ കൊണ്ടെത്തുന്ന ഹൈഡ്രോഫോയിൽ ജെറ്റുകളും നമ്മുടെ ഇഷ്ടാനുസരണം തിരഞ്ഞെടുക്കാം. ജെറ്റിന്റെയും വിമാനത്തിന്റെയും ടിക്കറ്റ് നിരക്കുകളിൽ വലിയ മാറ്റമുണ്ടാകില്ല.
ദ്വീപുകൾ തമ്മിൽ ഇരുന്നൂറോളം കിലോമീറ്റർ ദൂരമുണ്ടാകും. ബാങ്ക ദ്വീപിലുള്ളവർ ബെലിറ്റുങ് ദ്വീപിൽ പോകുന്നത് അപൂർവ്വമത്രേ. ബലിറ്റുങ് ദ്വീപിലുള്ളവർക്ക് ചിലർക്കെങ്കിലും ബാങ്കയിൽ വന്നേ മതിയാകൂ. അവരുടെ ഭരണ തലസ്ഥാനം ഇവിടെയാണല്ലോ! ഈ രണ്ടു ദ്വീപുകളും ഒളിച്ചുവച്ചിരിക്കുന്ന കടൽത്തീര ഭംഗി ഒന്ന് കാണേണ്ടതു തന്നെ.
പഞ്ചസാര മണലുകളും, പാറക്കൂട്ടങ്ങളും, അഴുക്കു തീണ്ടിയിട്ടില്ലാത്ത ചുറ്റുപാടുകളും ഏതൊരു സഞ്ചാരിയേയും വിസ്മയഭരിതരാക്കും. നമ്മൾ ഇതുവരെകണ്ട കടൽത്തീര ഭംഗി ഇതല്ല എന്ന് തോന്നിപ്പോകും. ഒരു ക്യാമറ കയ്യിലുണ്ടെങ്കിൽ നമ്മൾ ഏറെ ബുദ്ധിമുട്ടും. എങ്ങോട്ടു തിരിച്ചാലും അതി ഗംഭീരമായ ഫോട്ടോ ഏതു ക്യാമറയിലും പതിഞ്ഞു പോകും. നിറുത്തുവാൻ തോന്നുകയേയില്ല. പവിഴപ്പുറ്റുകളുടെ വൻശേഖരമുള്ള കടലോരങ്ങളും ഇവിടെ ധാരാളം. ബെലിറ്റുങ്ങിനേക്കാളധികം സഞ്ചാരികൾ എത്തുന്നത് ബാങ്കയിലാണെന്നു തോന്നുന്നു.
ഞാൻ പലെംബാങിൽ നിന്നും ബാങ്കയിലെ പാങ്കൽ പിനാങ്ങിലേക്കായിരുന്നു പോയത്. അവിടെ എന്റെ ഒരു സുഹൃത്ത് കുടുംബസഹിതം കാത്തു നിൽക്കുന്നുണ്ടായിരുന്നു. ഞാൻ രണ്ടു വർഷങ്ങൾക്കു മുൻപ് ജക്കാർത്തയിൽ വച്ച് പരിചയപ്പെട്ട ഒരു കുടുംബമാണ്. അച്ഛനും അമ്മയും ഒരു മകനും ഒരു മകളും. മകൾ വിവാഹിതയും ബാങ്ക് ജീവനക്കാരിയുമാണ്. ഭർത്താവ് പട്ടാള ഉദ്യോഗസ്ഥനും. ഞാൻ അവരെ പരിചയപ്പെട്ടതിനു ശേഷമായിരുന്നു അവളുടെ വിവാഹം. ഇപ്പോൾ ആറു മാസം പ്രായമുള്ള ഒരു പെൺകുഞ്ഞുമുണ്ട്. മകളും മരുമകനും ജക്കാർത്തയിൽ ആണ് താമസം. എന്നെക്കാണുവാൻ വേണ്ടി മാത്രമാണവർ ഇപ്പോൾ നാട്ടിലെത്തിയിരിക്കുന്നത്.
ഇവിടെ ഒരു പ്രശ്നമുണ്ട്. ഇംഗ്ലീഷ് സംസാരിക്കുന്നവർ തീരെയില്ല എന്ന് തന്നെ പറയാം. സുമാത്ര പൊതുവേ അങ്ങനെ തന്നെ. ഇവിടെ സ്ഥിതി അതിലേറെ മോശം. എം.ബി.എ ബിരുദ ധാരികളാണ് മകളും ഭർത്താവും. ജക്കാർത്തയിലായതുകൊണ്ടാകണം ഒരു വിധം ചില വാക്കുകളെങ്കിലും പറയും. മകനാകട്ടെ പോളിടെക്നിക് കഴിഞ്ഞതാണ്. ഒരു വാക്കു പോലും ഇംഗ്ലീഷ് സംസാരിക്കുകയില്ല. ഇവിടെയെല്ലാം എനിക്ക് തുണയാകുന്നത് ഗൂഗിൾ ട്രാൻസ്ലേറ്ററാണ്. ഞാൻ ഇംഗ്ലീഷിൽ എഴുതി ട്രാൻസ്ലേറ്റ് ചെയ്തു കാണിക്കും. അവർ അവരുടെ ഭാഷയിൽ വായിച്ചു മനസ്സിലാക്കും. മറുപടിയുണ്ടെങ്കിൽ അവരുടെ ഭാഷയിൽ എഴുതി ട്രാൻസ്ലേറ്റ് ചെയ്ത് എന്നെയും കാണിക്കും. ബഹാഷ ഇന്തോന്വേഷ്യയ്ക്കു ലിപിയില്ല. ഇംഗ്ലീഷ് അക്ഷരങ്ങൾ തന്നെയാണ് എഴുതുവാൻ ഉപയോഗിക്കുന്നത്. ഇത് നമ്മളെപ്പോലുള്ള സഞ്ചാരികൾക്ക് ഒരനുഗ്രഹമാണ്. മലേഷ്യയിലും ഇങ്ങനെ തന്നെയാണ്. എഴുത്തുകൾ എല്ലാം ഇംഗ്ലീഷ് അക്ഷരങ്ങൾ ഉപയോഗിച്ച് മാത്രം.
അവിടെ നമുക്ക് കാഴ്ച്ചകൾ കാണിച്ചു തരുന്നതിനു ആളുകൾ ഉണ്ടെങ്കിൽ അതായിരിക്കും ബാങ്ക കാണുന്നതിന് ഏറ്റവും അനുയോജ്യം എന്നെനിക്കു തോന്നുന്നു. വിനോദ സഞ്ചാരം അത്ര വിപുലമല്ല ഇവിടെ. ഉള്ളതാകട്ടെ റിസോർട്ടുകളെ കേന്ദ്രീകരിച്ചു മാത്രം നടക്കുന്നു. ക്രൂയിസ് കപ്പലുകളാണ് സഞ്ചാരികളുമായി ഇവിടെയെത്തുന്ന മറ്റൊരു കൂട്ടർ. അവർക്കു അവരുടേതായ സംവിധാനങ്ങളുമുണ്ട്. വ്യക്തമായ ഒരു വിനോദ സഞ്ചാരപഥം ഇവിടെയില്ല. നല്ല റോഡുകളും വാഹന സൗകര്യങ്ങളും വാർത്താപ്രക്ഷേപങ്ങളും ഫോൺ സൗകര്യങ്ങളും എവിടെയുമുണ്ട്. ഇന്റർനെറ്റും നല്ല നിലവാരം പുലർത്തുന്നുണ്ട്.
പത്തു ലക്ഷത്തിൽ താഴെയാണ് ദ്വീപിലെ മൊത്തം ജനസംഖ്യ. കൂടുതൽ ആളുകളും കൃഷി, മത്സ്യബന്ധനം തുടങ്ങിയ ജോലികളിൽ വ്യാപൃതരാണ്. ഇന്തോന്വേഷ്യയാണ് ടിൻ ഖനനത്തിൽ ലോകത്തിൽ രണ്ടാമതുള്ളത്. ചൈനയാണ് ഒന്നാമത്തേത്. ബാങ്കയിലുമുണ്ട് ഒരു വലിയ ടിൻ ഖനന കേന്ദ്രം. വലുപ്പത്തിൽ ഇന്ത്യോന്വേഷ്യയുടെ ദ്വീപുകളിൽ 9 ആം സ്ഥാനമാണ് ബാങ്കയ്ക്ക്.
ബാങ്കയുടെ മാത്രം തലസ്ഥാനവും, ഇവിടത്തെ രണ്ടാമത്തെ വലിയ പട്ടണവുമാണ് സുങ്കൈ ലിയാത്. അതിനടുത്ത ഒരു ഗ്രാമത്തിലാണ് എന്റെ സുഹൃത്തുക്കളുടെ വീട്. ബാങ്കയിലെ ഈ മനോഹര ഗ്രാമത്തിലായിരുന്നു എന്റെ മൂന്നു ദിവസങ്ങൾ. റംബുട്ടാൻ, മങ്കുസ്റ്റീൻ, ചക്ക, ഡൂറിയൻ, ചാമ്പ, വാഴ തുടങ്ങി എല്ലാ പഴവർഗ്ഗങ്ങളും ഇവരുടെ തോട്ടത്തിലുണ്ട്. വീടിനു ചുറ്റും റംബൂട്ടാനും മങ്കുസ്റ്റീനും കുലകുലയായി പഴുത്തു നിൽക്കുന്ന കാഴ്ച്ച തന്നെ അതി മനോഹരം. ഞാൻ ഈ ദിവസങ്ങളിൽ നാലഞ്ചു കിലോയെങ്കിലും അകത്താക്കിയിട്ടുണ്ടാകും.
എന്റെ ഭക്ഷണം അവർക്ക് ചെറിയ പ്രശ്നങ്ങളുണ്ടാക്കിയിരുന്നു എന്നു വേണം കരുതുവാൻ. ഞാൻ അവിടെയെത്തുന്നതിനു മുൻപുതന്നെ അവർ അതിനെക്കുറിച്ച് പലപ്രാവശ്യം അന്വേഷിച്ചിരുന്നു. ഇന്ത്യൻ ഭക്ഷണം വേണമെന്ന നിർബന്ധം എനിക്കുണ്ടോ എന്നറിയുകയായിരുന്നു ലക്ഷ്യം. എനിക്ക് വേണ്ടത് അവരുടെ തനതായ ഭക്ഷണമാണെന്ന് അറിഞ്ഞതും അതിലായി അവരുടെ ശ്രദ്ധ. അവർ എനിക്കായി പലവിധ സുമാത്രൻ വിഭവങ്ങളും തയ്യാറാക്കിയിരുന്നു. എല്ലാം രുചിച്ചു നോക്കുക എന്നതല്ലാതെ കഴിച്ചു തീർക്കുക എന്നത് ഒരിക്കലും എനിക്ക് കഴിയുമായിരുന്നില്ല.
വാഹനങ്ങൾക്ക് എത്തിച്ചേരുവാൻ കഴിയാത്ത സ്ഥലങ്ങളിൽ പോലും അതി മനോഹരങ്ങളായ കടൽത്തീരങ്ങളുണ്ട്. ഞങ്ങൾ പല ഇരുചക്ര വാഹനങ്ങളിലായി അത്തരം ബീച്ചുകൾ സന്ദർശിക്കുകയുണ്ടായി. അത്തരമൊരു ബീച്ച് സന്ദർശനത്തിൽ എന്നെ അത്ഭുതപ്പെടുത്തിയ ഒരു സംഭവമുണ്ടായി. ഒരുപക്ഷേ ഒരു മലയാളിയായതോ, അല്ലെങ്കിൽ ഒരിന്ത്യാക്കാരനായതോ കൊണ്ടു മാത്രമായിരിക്കണം ഇതെന്നെ അത്ഭുതപ്പെടുത്തിയത്.
വളരെ കഷ്ടപ്പെട്ട് ഇടുങ്ങിയ വഴികളിലൂടെ ബൈക്കുകൾ ഓടിച്ചതാണ് ഞങ്ങൾ അതി മനോഹരമായ ഒരു കടൽത്തീരത്തെത്തിയത്. പന്തായി പുലാ റ്റിഗാ എന്നായിരുന്നു ആ ബീച്ചിന്റെ പേര്. പന്തായി എന്നാൽ ബീച്ച് എന്നും പുലാ എന്നാൽ ദ്വീപ് എന്നും റ്റിഗാ എന്നാൽ മൂന്ന് എന്നുമാണർത്ഥം. മൂന്നു ദ്വീപുകളുടെ കടൽത്തീരം എന്നാണീ തീരത്തിന്റെ പേര്. തീരത്തിനടുത്തായി മൂന്നു ചെറിയ തുരുത്തുകൾ ഉണ്ട്. ഞങ്ങൾ വന്ന വഴി തികച്ചും വിജനമായിരുന്നു. ഞങ്ങൾ ചെല്ലുമ്പോൾ അവിടെ ഒരു സ്കൂട്ടർ ഉണ്ട്. ഒപ്പം രണ്ടു സുന്ദരിപ്പെൺകുട്ടികളും. അവർ മടങ്ങുവാൻ തയ്യാറെടുക്കുകയായിരുന്നു. ഇതാണെന്നെ അത്ഭുതപ്പെടുത്തിയത്. നമ്മുടെ നാട്ടിൽ ഇത്ര വിജനതയിൽ ഇതുപോലൊരു സ്ഥലത്തു വരുവാൻ രണ്ടു സ്ത്രീകൾ തയ്യാറാകുമോ? അങ്ങനെ രണ്ടു പേർ വന്നാൽ അവരുടെ അവസ്ഥയെന്താകും?
ഇതാണ് ഞാൻ ഇന്തോന്വേഷ്യയിൽ കണ്ട സ്ത്രീ സ്വാതന്ത്ര്യം. ഇവിടെ അവർ പുരുഷന്മാരെപ്പോലെ പ്രവർത്തിക്കുന്നു. ആരും അവരെ ശല്യപ്പെടുത്തുന്നില്ല. ജക്കാർത്തയിൽ പലയിടങ്ങളിലും രാത്രിയിൽ കൂട്ടുകാരനേയോ കൂട്ടുകാരിയേയോ കാത്തിരിക്കുന്ന പെൺകുട്ടികളെ ഞാൻ കണ്ടിട്ടുണ്ട്. അവർ ഒരു സ്ഥലത്ത് ഇരുന്നു ഫോൺ നോക്കുന്നുണ്ടാകും. അടുത്തുതന്നെ പുരുഷന്മാരും ഫോൺ നോക്കിയിരിക്കുന്നുണ്ടാകും. ഒരു പുരുഷൻ പോലും അവരെ ഒളികണ്ണിട്ടു നോക്കുന്നത് ഞാൻ കണ്ടിട്ടില്ല. അടുത്തിരിക്കുന്നത് ഒരു സ്ത്രീയാണെന്ന ഭാവം പോലും ആർക്കുമില്ല. ഇതാണ് സ്ത്രീ സ്വാതന്ത്ര്യം. അല്ലാതെ നമ്മുടെ നാട്ടിലെ സ്ത്രീകളെപ്പോലെ ഫേസ് ബുക്കിലൂടെ കുറേ അശ്ലീലം പറഞ്ഞു നേടുന്നതല്ല സ്ത്രീ സ്വാതന്ത്ര്യമെന്നത്. ഇത്തരമൊരു സ്വാതന്ത്ര്യം ഏതെങ്കിലുമൊരു ഭാവിയിൽ നമുക്കുണ്ടാകണമെന്ന പ്രാർത്ഥനയായിരുന്നു എനിയ്ക്കാ സമയങ്ങളിൽ.
ഡോ സുനീത് മാത്യു
അറ്റുപോകാത്ത ഓർമ്മകൾ
എനിക്ക് ഏറെ ഇഷ്ടപ്പെട്ട സിനിമകളായിരുന്നു കിരീടവും തന്മാത്രയും തനിയാവർത്തനവുമെങ്കിലും ഒരിക്കൽപ്പോലും ആ സിനിമകൾ ഒരിക്കൽക്കൂടി കാണണം എന്ന് തോന്നിയിട്ടില്ല. നാളുകളോളം മനസിനെ അസ്വസ്ഥമാക്കുന്ന അനുഭവം കാണികളിൽ ഉളവാക്കുന്നു എന്നതുതന്നെയായിരുന്നു ആ സിനിമകളുടെ വിജയവും. ശ്രീ ടി.ജെ ജോസഫ് എഴുതിയ അറ്റുപോകാത്ത ഓർമ്മകൾ എന്ന ആത്മകഥ മേടിച്ച് കുറേനാൾ കയ്യിൽ വെച്ചിട്ടും അത് വായിക്കാൻ ഒരു മടി തോന്നിയതും ആ അനുഭവം ഓർത്തുതന്നെ ആയിരുന്നു. നമുക്കേവർക്കും ചിരപരിചിതനാണ് ശ്രീ ടി.ജെ ജോസഫ്. കേരളസമൂഹത്തിനാകെ അപമാനമായ കൈവെട്ട് കേസിലെ ഇരയാണ് അദ്ദേഹം. 2010 ഇൽ തൊടുപുഴ ന്യൂമാൻ കോളേജിലെ വിവാദമായ വിവാദമായ ചോദ്യപ്പേപ്പർ കേസിൽ ചോദ്യം തയ്യാറാക്കിയ വ്യക്തി എന്ന നിലയിലാണ് അദ്ദേഹത്തെക്കുറിച്ച് ആദ്യമായി കേൾക്കുന്നത്. ദുരിതങ്ങളിൽ അദ്ദേഹത്തിൻറെ തോളോട് ചേർന്ന് നിന്നിരുന്ന പ്രിയങ്കരിയായ ഭാര്യ 2014 ഇൽ ആത്മഹത്യ വാർത്തയാണ് ഈ പുസ്‌തകവുമായി ബന്ധപ്പെട്ടല്ലാതെ അദ്ദേഹത്തെക്കുറിച്ച് അവസാനമായി കേൾക്കുന്നത്.
2010 ഇൽ ചോദ്യപ്പേപ്പർ വിവാദവുമായി ബന്ധപ്പെട്ട ചോദ്യം വായിച്ചപ്പോൾ മനസ്സിൽ അദ്ദേഹത്തെ കുറ്റപ്പെടുത്തിയിട്ടുണ്ട്. അനാവശ്യമായി ഒരു മതവിഭാഗത്തെ ചൊറിയുന്നതിൽ എന്ത് മനഃസംതൃപ്തിയാണ് ഇവനൊക്കെ കിട്ടുന്നതെന്ന് മനസിലോർത്തുകൊണ്ടാണ് അന്ന് അടുത്ത വാർത്തയിലേക്ക് കണ്ണോടിച്ചത്. ആ ചോദ്യത്തിലെ വിവാദമായ സംഭാഷണം അദ്ദേഹം സ്വന്തമായി ഉണ്ടാക്കിയതല്ല, പി.ടി.കുഞ്ഞുമുഹമ്മദ് എഴുതിയ ഒരു പുസ്‌തകത്തിലെ വരികൾ കടമെടുത്തതാണെന്ന് എന്ന് വായിച്ചറിഞ്ഞതോടെ ഓഹ് ഇത്രേയുള്ളോ, അല്ലാതെ ചുമ്മാ ഇങ്ങനെ ഒരു ചോദ്യപ്പേപ്പറിൽ എഴുതിവെക്കേണ്ട കാര്യം ഇല്ലല്ലോ എന്നോർത്ത് ആ അധ്യായം ക്ലോസ് ചെയ്‌തു. അതിനാൽ അദ്ദേഹത്തെ അറസ്റ്റ് ചെയ്തകാര്യവും മറ്റും വാർത്തയിൽ വന്നപ്പോൾ അത്ര പ്രാധാന്യം കൊടുത്തില്ല. പിന്നീടാണ് അദ്ദേഹത്തിൻറെ കൈകൾ വെട്ടിയെറിഞ്ഞു എന്ന ഭീകരവാർത്ത കേൾക്കുന്നത്. അത്രയും ക്രൂരമായ ഒരു ശിക്ഷ ഒരു അധ്യാപകന് നൽകിയെന്ന വാർത്ത വളരെയധികം വിഷമിപ്പിച്ചിരുന്നു. പിന്നീട് ഭാര്യയുടെ ആത്മഹത്യയെക്കുറിച്ച് കേട്ടപ്പോൾ ദുരന്തങ്ങളുടെ സഹയാത്രികനായ ആ ആധ്യാപകനെക്കുറിച്ചോർത്ത് സഹതാപം തോന്നി. ഈ ദുരന്തങ്ങൾ അറിയാവുന്നത് കൊണ്ടാണ് അദ്ദേഹത്തിന്റെ ആത്മകഥ വായിക്കാൻ ഒരു വിമുഖത ആദ്യം തോന്നിയത്.
തൊടുപുഴ ന്യൂമാൻ കോളേജിലെ ജോസഫ് സാർ എന്ന മലയാളം വകുപ്പ് മേധാവിയുടെ സാധാരണ ഒരു ദിവസത്തിൽ നിന്നാണ് പുസ്തകം തുടങ്ങുന്നത്. അതിവേഗം അദ്ദേഹത്തിൻറെ ജീവിതം അസാധാരണമായ രീതിയിലേക്ക് മാറുന്നത് തുടർന്നുള്ള പേജുകളിൽ വായിക്കാം. സമൂഹത്തിലെ ബഹുമാന്യനായ വകുപ്പ് മേധാവിയിൽ നിന്നും പ്രത്യേകിച്ച് തെറ്റുകളൊന്നും ചെയ്യാതെ കുറ്റവാളിയായി ഒളിജീവിതത്തിലേക്കും പോലീസ് കസ്റ്റഡിയിലേക്കും ജയിലിലേക്കുമൊക്കെ മാറുന്നത് അവിശ്വസനീയമായ രീതിയിലാണ്. അദ്ദേഹത്തിന് സംഭവിച്ച ദുരന്തങ്ങൾ അറിയാമായിരുന്നതിനാൽ ഓരോ പേജ് വായിക്കുമ്പോഴും അടുത്ത പേജിലാണോ ആ ദുരന്തം ഉണ്ടാകുന്നതെന്ന് ഞാൻ ഇടയ്ക്കിടെ മറിച്ച് നോക്കിക്കൊണ്ടിരുന്നു. ഒരുതരം മരവിപ്പോട് കൂടിയല്ലാതെ അദ്ദേഹത്തിന് സംഭവിച്ച ദുരന്തങ്ങൾ വിവരിക്കുന്ന ആത്മകഥയിലെ ആദ്യഭാഗം വായിച്ച് തീർക്കാൻ സാധിക്കില്ല. പ്രബുദ്ധമായ ഒരു സമൂഹത്തിൽ ജീവിക്കുന്നു എന്ന് അഹങ്കരിക്കുമ്പോഴും മനപ്പൂർവ്വമല്ലാത്ത ഒരു അക്ഷരപ്പിശക് മതി എൻറെയും ആരുടേയും ജീവിതം ഇതുപോലൊക്കെ അസാധാരണമാകാൻ എന്ന സത്യം ഓരോ പേജ് വായിക്കുമ്പോഴും മുന്നിൽ തെളിഞ്ഞുവന്നുകൊണ്ടിരുന്നു.
കൈവെട്ടിയ മതഭ്രാന്തന്മാരോട് അദ്ദേഹം ക്ഷമിക്കുന്നുണ്ട്, പക്ഷെ അദ്ദേഹത്തെ അതിലേറെ ബാധിച്ചത് അദ്ദേഹത്തെ വേദനിപ്പിച്ചത് വർഷങ്ങളോളം സ്വന്തമെന്നപോലെ കൊണ്ടുനടന്ന സ്ഥാപനത്തിലെ മേധാവികളിൽ നിന്നും ഉണ്ടായ ദുരനുഭവങ്ങളാണ് എന്ന് ഓരോ വരിയിലും അദ്ദേഹം പറയാതെ പറയുന്നുണ്ട്. അർഹതപ്പെട്ട ആനുകൂല്യങ്ങളോടെ, അഭിമാനത്തോടെ വിരമിക്കാനുള്ള അവസരം തല്ലിക്കെടുത്തിയ മാനേജ്‌മെൻറ് തന്നെയാണ് തൻറെ ഭാര്യയുടെ മനസ്സിൽ അവശേഷിച്ചിരുന്ന അവസാന പ്രതീക്ഷയും തല്ലിക്കെടുത്തി വിഷാദരോഗത്തിലേക്കും ആത്മഹത്യയിലേക്കും നയിക്കുന്നത്.
ചോദ്യപ്പേപ്പർ വിവാദം ഉണ്ടാക്കിയ അധ്യാപകന്റെ കൈ ഭീകരമായി വെട്ടി വലിച്ചെറിയുന്ന അക്രമികൾ മുന്നോട്ട് വെക്കുന്ന സന്ദേശം വ്യക്തമാണ്. ഞങ്ങളുടെ മതത്തിൽ തൊട്ട് കളിക്കുന്നവരുടെ അവസ്ഥ ഇതാണ്. രാഷ്‌ട്രീയ കൊലപാതകങ്ങളും ആക്രമണങ്ങളും ഇതുപോലെ ഭീകരമാകുന്നതിന്റെ കാരണവും മറ്റൊന്നല്ല. അങ്ങനെ ശത്രുക്കളെ പേടിപ്പിച്ച് അതുവഴിയാണ് അനുയായികളെയും സാമ്പത്തിക സഹായങ്ങളും രാഷ്ട്രീയ/മത/തീവ്രവാദ സംഘടനകൾ ലഭ്യമാക്കുന്നത്. ഒരു മുൻപരിചയവുമില്ലാത്ത ഒരു ദുർബലൻറെ നേരെ കണ്ണിൽച്ചോരയില്ലാത്ത ആക്രമണം നടത്താൻ അവരെ പ്രേരിപ്പിക്കുന്നതും മറ്റൊന്നല്ല. ഏറെക്കുറെ അതുപോലെ ഒരു സ്വാർത്ഥലാഭത്തിനാണ് അദ്ദേഹത്തിൻറെ സ്വന്തം മാനേജ്‌മെന്റും അദ്ദേഹത്തിന് അർഹമായ ജോലിയെ വെട്ടി വികൃതമാക്കിയത്. ഒരു മതത്തിൻറെ വക്താക്കളായ തങ്ങൾ നടത്തുന്ന സ്ഥാപനത്തിൽ മറ്റൊരു മതവിഭാഗത്തിന് വേദനയുളവാക്കുന്ന ഒരു സംഭവം നടക്കുമ്പോൾ തുടർന്ന് ആ വിഭാഗത്തിലെ കുട്ടികൾ തങ്ങളുടെ സ്ഥാപനത്തിൽ പഠിക്കാൻ വന്നില്ലെങ്കിൽ സംഭവിക്കുന്ന സാമ്പത്തിക നഷ്ടം നികത്താൻ അവർ അവരുടെ പ്രിയങ്കരനായ വകുപ്പ് മേധാവിയെ ബലികൊടുക്കുന്നു.
അതോടൊപ്പം മറ്റൊരു കാര്യവും ജോസഫ് സാർ സൂചിപ്പിക്കുന്നുണ്ട്. തിടുക്കപ്പെട്ട് ജോലിയിൽ നിന്നും പിരിച്ചുവിട്ട ശേഷം മാനേജ്‌മെൻറ് പകരം ആളെ നിയമിക്കുന്നുണ്ട്. ലക്ഷങ്ങൾ വാങ്ങിച്ചിട്ടാകാം ആ നിയമനം. പിന്നീട് ജോസഫ് സാറിൻറെ പിരിച്ചുവിടൽ അസാധുവാക്കപ്പെട്ടാൽ അത്രയും കാലയളവിൽ സർക്കാരിൽ നിന്നും പകരം നിയമിച്ച അധ്യാപകന് മേടിച്ചുനൽകിയ ശമ്പളം മാനേജ്‌മെൻറ് തിരിച്ചടക്കണം.അതിനാൽ ഏത് വിധേനയും ആ ഗുരുനാഥന് ഒരവസരവും നൽകാതിരിക്കാൻ അവർ ശ്രമിക്കുന്നുണ്ട്. കുത്തഴിഞ്ഞ രീതിയിൽ നിയമനം നടത്തുന്നതിന് പ്രൈവറ്റ് സ്ഥാപനങ്ങൾക്ക് അധികാരം നൽകുന്ന സർക്കാർ കെടുകാര്യസ്ഥതയെ പരോക്ഷമായെങ്കിലും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. അവിടെയും പ്രധാന വില്ലൻ ന്യൂനപക്ഷ/മത പ്രീണനങ്ങൾ തന്നെ. പ്രൈവറ്റ് മാനേജ്‌മെൻറ് സ്ഥാപനങ്ങൾ 99 ശതമാനവും മത/ജാതീയ സംഘടനകളുടെ കയ്യിലായതിനാൽ അവരെ പിണക്കാൻ സർക്കാരുകൾ മടിക്കും.
മനസിനെ ആർദ്രമാക്കുന്ന, ഒട്ടേറെ ചോദ്യങ്ങൾ നമ്മുടെ മനസ്സിൽ ഉയർത്തുന്ന, മലയാളി എന്ന നിലയിൽ നമ്മളിൽ കുറ്റബോധം ജനിപ്പിക്കുന്ന ഒന്നാം ഭാഗം കൂടാതെ ടിപ്പിക്കൽ ആത്മകഥാംശമുള്ള രണ്ടാം ഭാഗവും ചേർന്നതാണ് അറ്റുപോകാത്ത ഓർമ്മകൾ എന്ന പുസ്‌തകം. ജോസഫ് സാറിൻറെ ജീവിതത്തിലെ പ്രധാനസംഭവങ്ങളെക്കുറിച്ചുള്ള ഓർമ്മകൾ മനോഹരമായി അദ്ദേഹം വിവരിച്ചിരിക്കുന്നു. മലയാളം വിഭാഗം മേധാവി ആയിരുന്നതിനാലാകണം പിഴവുകൾ കൂടാതുള്ള മനോഹരമായ ഒരു രചനയാണ് അറ്റുപോകാത്ത ഓർമ്മകളുടേത്.
അനുഭവങ്ങൾ ആണ് യഥാർത്ഥ ഗുരുനാഥർ. ആ അർത്ഥത്തിൽ ഗുരുനാഥരാൽ അനുഗ്രഹീതമായ ശ്രീ ജോസഫ് സാറിന് മനുഷ്യമനഃസാക്ഷിയെ നേർവഴി കാട്ടുവാൻ ഉതകുന്ന ഒട്ടേറെ രചനകൾ ആ അറ്റുപോകാത്ത കൈവിരലുകളാൽ എഴുതി നൽകുവാൻ സാധിക്കും. സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.
അനൂപ് സുനന്ദൻ
മൂക്കിലെ ദശവളർച്ച
മൂക്കിലെ ദശവളർച്ച എന്നു കേൾക്കുമ്പോൾ തന്നെ ഓപ്പറേഷൻ എന്നാണു എല്ലാവരുടേയും പൊതു ധാരണ.
എന്താണു മൂക്കിലെ ദശ?
മൂക്കിൽ വളരുന്ന വേദനയില്ലാത്ത മൃദുവായ വളർച്ചകളെയാണു പോളിപ്പുകൾ അഥവാ ദശകൾ എന്നു വിളിക്കുന്നത്.കഞ്ഞി വെള്ളം നിറഞ്ഞിരിക്കുന്ന ഒരു സഞ്ചിപോലെയാണിന്തിന്റെ ഘടന.
നേർത്ത ഒരു തണ്ടിൽ തൂക്കിയിട്ട മുന്തിരിങ്ങ പോലെയാണിതിന്റെ ആന്തരിക ഘടന. അലർജിയുള്ളവരിലും അതുമൂലമുള്ള ശ്വാസം മുട്ടൽ ഉള്ളവരിലും സൈനുസൈറ്റിസ്, സിസ്റ്റിക് ഫൈബ്രോസിസ്, ആസ്പരിൻ അലർജി. ചർഗ് സ്റ്റ്രൗസ് സിൻഡ്രം (Churg-Strauss syndrome) എന്നീ രോഗങ്ങളുടെ കൂട്ടായും മൂക്കിൽ പോളിപ്പുകൾ വരാം. പാരമ്പര്യമായും രോഗം വരാം.
പ്രധാന ലക്ഷണങ്ങൾ
മൂക്കൊലിപ്പ്,വായിൽ കഫം വന്നുകൊണ്ടിരിക്കുക, മണം അറിയാതിരിക്കുക, അതുകൊണ്ടുതന്നെ രുചിയും അറിയില്ല. മൂക്കിന്റെ കടഭാഗത്ത് വേദന. മൂക്കിൽ നിന്നു ദുർഗന്ധം, കൂർക്കം വലി , മൂക്കടപ്പ്, ഭാഗീക ശ്വസന തടസ്സം മുതൽ പൂർണ്ണമായും ആ നാസദ്വാരം അടയുന്നതു വരെയുള്ള അവസ്ഥകൾ വരാം.
എല്ലാ മൂക്കടപ്പും ദശ വളർച്ച കൊണ്ടല്ല. മൂക്കിന്റെ പാലത്തിന്റെ വളവും, മൂക്കിനുള്ളിലുള്ള ടർബിനേറ്റെസ് എന്നു പേരുള്ള ചില ഭാഗങ്ങളുടെ വളർച്ചയും മൂക്കിലെ ശ്രവങ്ങൾ കട്ടയാകുന്നതും മൂക്കിൽ എന്തെങ്കിലും ബാഹ്യ വസ്തുക്കൾ കടത്തിവയ്കുന്നതും മൂക്കടപ്പിനു കാരണമാകാം.
പോളിപ്പു കൊണ്ടുവരാവുന്ന പ്രശ്നങ്ങൾ പ്രധാനമായും ഉറക്കത്തിൽ ശ്വാസം നിന്നു പോകുന്നതുപോലെ തോന്നി ഉറക്കത്തിൽ നിന്നും പെട്ടന്ന് ഞെട്ടിയുണരുക, ആസ്ത്മയും സൈനസൈറ്റിസും ഇടയ്ക്കിടെ വരുക എന്നിവയാണ്.
ഇതു മൂത്ത് ക്യാൻസർ ആവുകയൊന്നുമില്ല. പക്ഷെ നമ്മെ വല്ലാതെ ശല്യപ്പെടുത്താനും സ്വരവ്യത്യാസം വരുത്താനും ഇതു മതി. പോളിപ്പുകൾ ശരീരത്തിന്റെ പല ഭാഗത്തും വരാം. ചെവിക്കുള്ളിലും ഗർഭപാത്രത്തിലുമൊക്കെ വരാറുണ്ട്.
മോഡേൺ മെഡിസിനിൽ പോളിപ്പിന്റെ വലിപ്പം കുറയ്ക്കുന്ന കോർട്ടിക്കോ സ്റ്റീറോയിഡ് സ്‌പ്രേകളും, ഒടുവിൽ സർജറിയുമാണു നിർദ്ദേശിക്കുന്നത്. ഓപ്പറേഷൻ ശാശ്വത പരിഹാരമല്ല. ചിലരിലെങ്കിലും പോളിപ്പ് തിരികെ വരാറുണ്ട്. അടിസ്ഥാന കാരണങ്ങളെ കൂടി മാറ്റിയാലെ രോഗം പൂർണ്ണമായി മാറുകയുള്ളു. രോഗികൾ അവർക്ക് അലർജിയുണ്ടാക്കുന്ന സാഹചര്യങ്ങൾ പരമാവധി ഒഴിവാക്കുക. പകവലിയും, രാസ ഗന്ധങ്ങളും ഒഴിവാക്കുക. നേരിയ ഉപ്പു വെള്ളതുള്ളികൾ മൂക്കിൽ ഒഴിക്കുന്നത് ആശ്വാസം നല്കും.
അകത്തും പുറത്തും വരാം. ഹോമിയോപ്പതിയിൽ ശരീര പ്രത്യേകതയ്ക്കാണ് പ്രാധാന്യം നൽകുന്നത്. ആ പ്രകൃതം മാറിയിട്ടില്ലെങ്കിൾ ഓപ്പറേഷൻ ചെയ്താലും അവ വീണ്ടും വരാം. മറ്റു സ്ഥലങ്ങളിലും വരാം. ഹോമിയോപ്പതിയിൽ പോളിപ്പുകളുടെ വലിപ്പം കുറയ്ക്കാനുതകുന്ന മരുന്നുകളും മൂക്കിലൊഴിക്കുന്ന തുള്ളിമരുന്നുകളും രോഗം വീണ്ടും വരാതിരിക്കാനുതകുന്ന മരുന്നുകളും ലഭ്യമാണ്.
ഡോ. ടി.ജി. മനോജ് കുമാർ
പ്രതികരണങ്ങൾ
ഗംഭീരമായ ഒരു വായന നൽകുന്നുണ്ട് ഇതിവൃത്തം മാസിക. കഥകൾ, കവിതകൾ, ലേഖനങ്ങൾ എല്ലാം ഒന്നിനൊന്ന് മെച്ചം. പ്രതിപാദ്യം ഗംഭീരം. മാസികയ്ക്കും അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ
രേവതി ബാലകൃഷ്ണൻ, തൃപ്പൂണിത്തുറ
ധാരാളം മാസികൾ ഓൺലൈനിൽ ലഭ്യമാണ്. പലതിന്റേയും പേരു പോലുമറിയില്ല. എന്നാൽ മറ്റു മാസികകളിൽ നിന്നും തികച്ചും വ്യത്യസ്ഥമാണ് ഇതിവൃത്തം. നല്ല നിലവാരം പുലർത്തുന്നു. ഒരു നോവൽ കൂടി തുടങ്ങാമായിരുന്നു എന്ന് ഒരഭിപ്രായമുണ്ട്. ഒത്തിരി സ്നേഹത്തോടെ.
രശ്മി മേനോൻ, പട്ടാമ്പി
കവിതകളിൽ ഏതാണ് നല്ലത് എന്ന് വിലയിരുത്താൻ കഴിയാത്തത്ര മനോഹരങ്ങളായ കവിതകൾ, കഥകൾ, യാത്ര, ആരോഗ്യം, പാചകം, പുസ്തകാസ്വാദനം, തുടങ്ങി എല്ലാം മനോഹരം. പ്രതിപാദ്യം എടുത്തു പറയേണ്ട ഒന്നു തന്നെ. ലളിതവും രസകരവുമായ ശൈലി. ഇങ്ങനെയും ചിന്തിക്കാമല്ലോ എന്ന് ഓർമ്മിപ്പിക്കുകയും ചെയ്യും. അഭിനന്ദനങ്ങൾ
കെ. എം. മുസ്തഫ, ഷാർജ
എഗ്ഗ് പിസ്സ
മുട്ടയുടെ ഗുണങ്ങൾ അറിയാത്തവരായി ആരുമുണ്ടാകില്ല. അത്രയും പോഷക സമ്പുഷ്ടമാണ് മുട്ട. പലകുട്ടികൾക്കും സ്ഥിരമായി കഴിക്കുന്ന മുട്ട പലപ്പോഴും ഇഷ്ടപ്പെടാറില്ല. എന്നാൽ അതൊരു പിസ്സ ആയി കഴിക്കുമ്പോൾ അവർക്ക് നന്നായി ഇഷ്ടപ്പെടുകയും ചെയ്യും. മാത്രമല്ല പൂർണ്ണമായും ആരോഗ്യദായക ചേരുവകകൾ മാത്രമാണ് ഇതിൽ ഉള്ളത്.
ചേരുവകൾ
പുഴുങ്ങിയ മുട്ട 3
പച്ചമുട്ട 2
നാന്നായി അരിഞ്ഞ സവാള ഒരു പകുതി.
നന്നായി അരിഞ്ഞ ക്യാപ്‌സിക്കം 3 സ്പൂൺ
മുളകുപൊടി 1 ടേബിൾ സ്പൂൺ
മൊസെറില്ല ചീസ് ചീകിയത് 4 ടേബിൾ സ്പൂൺ
എണ്ണ 2 ടേബിൾ സ്പൂൺ
ഗോതമ്പുപൊടി 3 ടേബിൾ സ്പൂൺ
പാൽ 1/2 കപ്പ്
മല്ലിയില അരിഞ്ഞത് 3 ടേബിൾ സ്പൂൺ
ഒറിഗാനോ 1 ടീ സ്പൂൺ
പാചക രീതി
ഒരു പാനിൽ എണ്ണയൊഴിച്ച് അതു ചൂടാകുമ്പോൾ അതിലേയ്ക്ക് അരിഞ്ഞുവച്ചിരിക്കുന്ന ക്യാപ്സിക്കവും സവാളയും ഇട്ടു വരട്ടുക. അതിലേയ്ക്ക് ഗോതമ്പുപൊടിയും, പച്ചമുട്ടയും,പാലും, ഉപ്പും, മുളകും ചേർത്തു കുഴച്ച മിശ്രിതം ഒഴിച്ച ശേഷം, രണ്ടായി മുറിച്ച മുട്ടകൾ ക്രമമായി കമിഴ്ത്തി വയ്ക്കുക. അതിനു മുകളിൽ ചീകി വച്ചിരിക്കുന്ന ചീസ് വിതറുക. ശേഷം പാൻ അടച്ച് 8 മുതൽ 10 മിനിട്ട് ചെറിയ തീയിൽ വേവിക്കുക. രുചികരവും ആരോഗ്യകരവുമായ എഗ്ഗ് പിസ്സ റെഡി.
ഗോതമ്പിനു പകരം മൈദ ചേർത്താൽ രുചികൂടും. ആരോഗ്യദായകമെന്ന നിലയിലാണ് ഇതിൽ ഗോതമ്പുപൊടി ചേർത്തിരിക്കുന്നത്.
ഡോ. ഷേർളി സുനീത്
-
കുട്ടികളെ ലൈംഗീകമായി ചൂഷണം ചെയ്യുന്ന വാർത്തകളാണ് നാം നിത്യേനയെന്നവണ്ണം കേൾക്കുന്നത്. പണ്ട് നമുക്കറിയാത്ത സ്ഥലങ്ങളിലായിരുന്നുവെങ്കിൽ, ഇന്നത...
-
സിനിമയായി തീർന്ന ബഷീറിന്റെ രണ്ടാമത്തെ നോവലാണ് 1944 ൽ പ്രസിദ്ധീകരിച്ച ബാല്യകാലസഖി. പ്രണയ പശ്ചാത്തലത്തിലെ ദുരന്ത കഥ പറയുന്ന ബഷീറിൻറെ ഈ നോവ...














