2022 നവംബർ 28, തിങ്കളാഴ്‌ച

മുഖമൊഴി


അടുത്ത കാലങ്ങളിൽ കമിതാക്കളിൽ ഒരാൾ അവരുടെ ഇണയെ കൊല്ലുന്ന വാർത്തകൾ അധികമായി കേൾക്കുവാൻ തുടങ്ങിയിരിക്കുന്നു. ആസിഡ് ആക്രമണമായിരുന്നു കുറച്ചു കാലം മുൻപു വരെയെങ്കിൽ, ഇന്നത് കുത്തിക്കൊല, വെട്ടിക്കൊല, വിഷം കൊടുക്കൽ എന്നിങ്ങനെ മാറിയിരിക്കുന്നു. ഇപ്പോൾ സംഭവിക്കുന്ന രീതികൾ തന്നെയാണ് ലോകവ്യാപകമായി കൂടുതലും നടക്കുന്നത്. നമുക്ക് അത്രയ്ക്ക് പരിചയം ഉണ്ടായിരുന്നില്ല എന്ന് മാത്രം. എന്താണ് നമ്മുടെ സമൂഹത്തിന് സംഭവിച്ചുകൊണ്ടിരിക്കുന്നത്?

എല്ലാക്കാലങ്ങളിലും ഇതൊക്കെ നടന്നു കൊണ്ടിരുന്നു എന്നതാണ് വാസ്തവം. ഭാര്യയെ കൊല്ലുന്നതിനെ uxoricide എന്നും ഭർത്താവിനെ കൊല്ലുന്നതിനെ mariticide അല്ലെങ്കിൽ viricide എന്നൊക്കെ പേരുകളിട്ടു വിളിക്കുവാൻ തുടങ്ങിയിട്ട് പോലും കാലമേറെയായി. നാല് uxoricide നടക്കുമ്പോൾ ഒരു mariticide മാത്രമേ നടക്കുന്നുള്ളൂ എന്നായിരുന്നു ഇതുവരെയുള്ള പഠനങ്ങൾ. അത് ശരിയാണോ എന്ന് സംശയിക്കുന്ന വിധത്തിൽ ഇക്കാലത്തു വാർത്തകൾ പുറത്തു വന്നുകൊണ്ടിരിക്കുന്നു. ഇതിലുമൊരു തുല്യത വേണമോ എന്തോ?

പൊതുവായി ഇത്തരം കാര്യങ്ങൾക്കു പുറകിൽ പറഞ്ഞിരുന്നത്, അസൂയ, ലാഭം, സംശയം, രോഗകരമായ സ്നേഹം എന്നിവയായിരുന്നു. അതിലുപരി മറ്റു ചില കാര്യങ്ങൾ കൂടി ഇതിന്റെ പുറകിലുണ്ട്. ആക്രമണ സ്വഭാവമുള്ള, പെട്ടെന്ന് ദേഷ്യം ഉണ്ടാകുന്ന ചില വ്യക്തിത്വങ്ങൾ ഇതിനു പുറകിലുണ്ടാകാം. ഭൂരിഭാഗവും അവരുടെ കോപവും ആക്രമണ സ്വഭാവവും വീട്ടിലും നാട്ടിലും പ്രകടിപ്പിച്ചിട്ടുമുണ്ടാകാം. ഇത്തരത്തിലുള്ള സ്വഭാവത്തിലുണ്ടാകുന്ന വൈകല്യങ്ങൾ ഒന്ന് ശ്രദ്ധിക്കുകയും അതിനു വിദഗ്ധ സഹായം തേടുകയും ചെയ്തിരുന്നുവെങ്കിൽ പല കൊലപാതകങ്ങളും ഒഴിവാക്കുവാൻ കഴിയുന്നതായിരുന്നു എന്നും നാം ഓർക്കണം.

നഷ്ടപ്പെടുമോയെന്ന ഭയം, രോഗകരമായ സ്നേഹം ഉള്ളവരെ ഇത്തരത്തിലുള്ള കൊലപാതകങ്ങളിലേക്കു നയിക്കും. ഓർക്കുക അവരുടെ സ്നേഹം യഥാർത്ഥത്തിൽ സ്നേഹമല്ല മറിച്ച് വെറിപിടിച്ച സ്നേഹമാണ്. പൂർണ്ണ മാനസിക ആരോഗ്യമുള്ള ഒരാൾക്ക് കൊലപാതകം നടത്തുക അസാധ്യമാണ്.

ലൈംഗീക അസൂയ, സംശയ രോഗം എന്നിവയും ഇത്തരം കൊലപാതകങ്ങൾക്ക് കാരണമാകാറുണ്ട്. ഇത്തരക്കാർ മിക്കപ്പോഴും കൊലപാതകങ്ങൾക്ക് ശേഷം ആത്മഹത്യ ചെയ്യുകയും പതിവാണ്. മദ്യവും മയക്കു മരുന്നുകളും ഇതിനാക്കം കൂട്ടാറുണ്ട്.

സാമ്പത്തിക ലാഭത്തിനു വേണ്ടിയിട്ടൊ മറ്റൊരു ഇണയെ ലഭിക്കുന്നതിനോ ഇത്തരം കൊലപാതകങ്ങൾ നടക്കാറുണ്ട്. ഇൻഷുറൻസ് തുകയ്ക്ക് വേണ്ടി പോലും ഇത്തരം കൊലപാതകങ്ങൾ ധാരാളം നടന്നിട്ടുണ്ട്. നമ്മൾ അറിഞ്ഞതിനേക്കാൾ ഒരു പക്ഷേ കൂടുതലാകാം ഇത്തരത്തിലുള്ള കൊലപാതകങ്ങൾ.

നമ്മൾ ഒന്നോർക്കുക. നമ്മുടെ മാനസികാരോഗ്യം നാൾക്കു നാൾ കുറഞ്ഞു വരുന്നു. അതിനു പല കാരണങ്ങളുണ്ടാകാം. എന്നാൽ നമ്മൾ ഓർക്കേണ്ടതായ ഒരു കാര്യമുണ്ട്. സ്വഭാവത്തിലുള്ള വ്യത്യാസങ്ങൾ ഒരു പക്ഷേ ചില മാനസിക രോഗങ്ങളുടെ ലക്ഷണമാകാം. അതിനു കൃത്യമായും വിദഗ്ധസഹായം തേടണം. അതിൽ മോശം വിചാരിക്കേണ്ട കാര്യമില്ല. മാത്രമല്ല ഭാവിയിലുണ്ടാകാവുന്ന അപകടങ്ങളെയും,മരണങ്ങളെയും, ജയിൽ ശിക്ഷകളെയും ഇല്ലാതാക്കുവാനും സാധിക്കും.

എല്ലാവർക്കും നല്ല മാനസികാരോഗ്യം നേരുന്നു. ഇതാകട്ടെ ഈ മാസത്തെ ചിന്ത.


ഡോ സുനീത് മാത്യു

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ