2021 ജനുവരി 31, ഞായറാഴ്‌ച

ഇതിവൃത്തം മലയാള സാംസ്‌കാരിക മാസിക ലക്കം 4 ജനുവരി 2021


 

മുഖമൊഴി


 

വളരെ പ്രതീക്ഷകളോടെ ലോകം വരവേറ്റ ഒരു വർഷമായിരുന്നു 2020. എന്നാൽ ഇത് ഈ നൂറ്റാണ്ടിനെത്തന്നെ മാറ്റിമറിച്ചൊരു വർഷമായി. പലരേയും പലതും പഠിപ്പിച്ച വർഷം. വളരെ വേഗത്തിൽ ഓടി മറഞ്ഞു എന്നതു മാത്രം ആശ്വാസം. നോവൽ കൊറോണയെന്നും പിന്നീട് കോവിഡ് 19 എന്നും പേരിട്ട കൊറോണയെന്ന ആളെക്കൊല്ലി കുഞ്ഞൻ വൈറസ് കവർന്നെടുത്തത് പതിനേഴു ലക്ഷത്തോളം ജീവനുകൾ.


എല്ലാ ജീവനുകളും വിലയേറിയതും ദു:ഖകരവുമെങ്കിലും ലോകത്തെയാകെ ദു:ഖത്തിലാക്കിയ ധാരാളം മരണങ്ങളും നടന്ന ഒരു വർഷമായിരുന്നു ഇത്. കാൽപന്തുകളിയുടെ ദൈവം ഡിയഗോ മരഡോണ, അമേരിക്കൻ ബാസ്ക്കറ്റ് ബോൾ താരം കോബെ പ്രയന്ത്, സസ്പെൻസ് നോവലുകളുടെ രാജ്ഞി മേരി ഹിഗ്ഗിൻസ് ക്ലാർക്ക്, ഹോളിവുഡ് നടൻ ചാഡ്വിഗ് ബോസ് മാൻ , ലൈംഗീക സമത്വവാദിയും അമേരിക്കൻ പരമോന്നത കോടതി ജഡ്ജിയുമായിരുന്ന റൂത്ത് ബേഡർ ഗിൻസ് ബെർഗ്ഗ് എന്നിവരായിരുന്നു, ലോക ശ്രദ്ധ തിരിച്ച മഹത് വ്യക്തികളിൽ ചിലർ.


ഇന്ത്യയിലേക്ക് നോക്കിയാൽ മുൻ രാഷ്ട്രപതിയും രാഷ്ട്രതന്ത്രജ്ഞനും സാമ്പത്തിക വിദദ്ധനുമായിരുന്ന ശ്രീ പ്രണബ് മുഖർജി, കേന്ദ്ര മന്ത്രിയായിരുന്ന രാം വിലാസ് പാസ്വാൻ, ഇന്ത്യൻ നാഷണൽ കോൺഗ്രസിലെ പ്രമുഖനായിരുന്ന അഹമ്മദ് പട്ടേൽ, അസാം മുഖ്യമന്ത്രിയായിരുന്ന തരുൺ ഗോഗോയി, സിനിമാ താരങ്ങളായ സുഷാന്ത് സിംഗ് രാജ്പുട്ട്, റിഷി കപൂർ, ഇർഫാൻ ഖാൻ എന്നിങ്ങനെ പട്ടിക നീളുന്നു.


കേരളത്തിന്റെ നഷ്ടമായി എടുത്തു പറയേണ്ട രണ്ടു വ്യക്തിത്വങ്ങളായിരുന്നു ശ്രീ അക്കിത്തം നാരായണൻ നമ്പൂതിരിയും ശ്രീ യു. എ. ഖാദറും. ഇപ്പോഴിതാ സുഗതകുമാരിയും നമ്മെ വിട്ടു പിരിഞ്ഞിരിക്കുന്നു. അതുപോലെ മറ്റൊരു ദു:ഖമായിരുന്നു, സംഗീത സാമ്രാട്ടായിരുന്ന എസ്.പി. ബാലസുബ്രമണിയത്തിന്റെ വിയോഗം. ഇതുപോലെയുള്ള നഷ്ടങ്ങൾ നമ്മൾ അറിയാത്തത് എത്രയുണ്ടാകും? ഈ വർഷത്തിൽ നമ്മെ വിട്ടു പിരിഞ്ഞ എല്ലാവർക്കും പ്രണാമം.


ഇത്തരത്തിലുള്ള ധാരാളം ദു:ഖങ്ങൾ ലോക ജനതയ്ക്ക് പകർന്നു നൽകിയിട്ടാണ് 2020 കടന്നു പോയത്. ഈ പുതു വർഷം അതിൽ നിന്നെല്ലാം വ്യത്യസ്തമാകും എന്ന പ്രത്യാശയാണ് ഇന്ന് നമുക്കുള്ളത്. ഒരു പേർഷ്യൻ സുഭാഷിതം ഓർമ്മ വരുന്നു. “This too shall pass” ഇതും കടന്നുപോകും എന്ന് മലയാളം.


അത് അങ്ങനെ തന്നെയാകട്ടെ എന്ന പ്രാർത്ഥനയോടെ എല്ലാവർക്കും മാസികയുടേയും ഗ്രൂപ്പിന്റേയും പുതുവൽസര ആശംസകൾ നേരുന്നു.


ഡോ. സുനീത് മാത്യു

ചിലസമയങ്ങൾ

 



ചിലസമയങ്ങൾ അങ്ങനെയാണ്. കടന്നു പോയേക്കും, കൂട്ടത്തിൽ പക്ഷെ പലതും കടത്തിക്കൊണ്ടും  പൊയ്ക്കളയും. കോവിഡ് പത്തൊൻപത് എന്ന മഹാമാരിയുടെ സംഹാരതാണ്ഡവം കഴിയുമ്പോൾ മാത്രമേ എന്തൊക്കെ പോയെന്നും വന്നെന്നുമുള്ള കണക്കെടുപ്പിന് സാധ്യതയുള്ളൂ. എങ്കിലും, കൊന്നും തിന്നും കൊതിതീരാതെ 'കോവിടൻ' എന്ന രോഗാണു നിന്ന് ചിരിക്കുമ്പോൾ ഒരു ചെറിയ കണക്കെടുപ്പ് നടത്താം എന്ന് തോന്നുന്നു. എങ്ങനെനോക്കിയാലും ചിരിക്കുവാനും കരയുവാനും അത് കഴിഞ്ഞു കുറേനേരം ഇരുന്ന് ചിന്തിക്കുവാനുമുള്ള വകയുണ്ട് എന്നതാണ് സത്യം. ചിരിച്ചാലും, കരഞ്ഞാലും, ചിന്തിച്ചാലും, ഒരുകാര്യം ഉറപ്പാണ്. കോവിഡിന് ശേഷമുള്ള കാലം പഴയതുപോലെയാകില്ല. 

 "കാലമിനിയുമുരുളും വിഷു വരും വര്ഷം വരും തിരുവോണം വരും; പിന്നെയോരോ തളിരിനും പൂ വരും കായ് വരും; അപ്പോളാരെന്നും എന്തെന്നും ആര്ക്കറിയാം" എന്ന് കവി പാടിയതുപോലെയാണ് കാര്യങ്ങളുടെ കിടപ്പുവശം. ആർക്കും വരാം ആരും മരിക്കാം എന്നാണ് കാര്യങ്ങൾ. എന്നിരുന്നാലും 'വരൂ, തരൂ' എന്നുപറഞ്ഞ് ധൈര്യമായി തെരുവിലിറങ്ങുന്നവരാണ് നാട്ടിൽ കൂടുതലും. നമ്മുടെ നാട്ടിൽ മാത്രമല്ല അങ്ങനെയൊക്കെ എന്നൊരാശ്വാസമുണ്ട്. അങ്ങ് പടിഞ്ഞാറ് പുകൾപെറ്റ വികസിത ഇടങ്ങളിൽവരെ ഇതുതന്നെയാണ് സ്ഥിതി.

  സ്ഥിതിയും സംഹാരവും അവിടെ നിൽക്കട്ടെ. ഞാൻ ചിരിക്കാനും കരയുവാനും വേണ്ടി ഒന്നും പറയാൻ ഉദ്ദേശിക്കുന്നില്ല. ഡൊണാൾഡ് ട്രമ്പിനെപ്പോലുള്ള മഹാൻമാർ അതിനുള്ള അവസരം ഈകാലത്ത് വേണ്ടുവോളം, അനവസരങ്ങളിലാണെങ്കിലും, ഉണ്ടാക്കി തന്നിട്ടുണ്ടല്ലോ? ചിന്തിക്കുവാനുള്ള ചില കാര്യങ്ങൾ പറയാനാണ് ഞാൻ ഉദ്ദേശിക്കുന്നത്. അതെ, പക്ഷെ അത് വായിച്ച് ആരും ചിരിച്ചു പോകരുത്, കരഞ്ഞും.

 കെടുതിയുടെ ആയിരം കണക്കുകൾ പറയുവാനുണ്ട്. പക്ഷെ  കോവിഡ് പത്തൊമ്പതുകൊണ്ട് ചില ഗുണങ്ങളും ഉണ്ടായിട്ടില്ലേ? ഗുണങ്ങൾ മാത്രം ഒന്ന് ചുരുക്കി പറയാം.

 ഒന്ന്; മലിനീകരണ നിയന്ത്രണം. പതിറ്റാണ്ടുകൾക്ക് ശേഷം മനുഷ്യർ ശുദ്ധവായു ശ്വസിക്കുന്നതിപ്പോഴാണ്. വ്യാവസായികവൽക്കരണത്തിന്റെ ദുഷിച്ചപുക കുറച്ചൊക്കെയെങ്കിലും കുറഞ്ഞിട്ടുണ്ട്. ശ്വാസകോശരോഗങ്ങൾക്കും കുറവുണ്ടായേക്കാംലോക്ക്ഡൌൺ കാലത്തെ ശുദ്ധവായു മാത്രം ഭക്ഷിച്ചു വയറുനിറക്കാൻ കഴിയില്ല എന്ന മറുചിന്തയുമുണ്ട്. പക്ഷെ അനാവശ്യമായ യാത്രകളും, വ്യവഹാരങ്ങളും, നിർമ്മാണങ്ങളും, ഉല്പാദനങ്ങളും കുറച്ചാലും വയറും മനവും ശ്വാസവും സന്തോഷകരമായി നിറക്കാം എന്നാണ് പലരുടെയും അനുഭവം. വീട്ടിലിരുന്നും  പല കാര്യങ്ങളും സുഗമമായി നടത്താം. പുതിയ വരുമാനമാർഗ്ഗങ്ങൾ കണ്ടെത്താം, ശ്രെമിച്ചാൽ. ഒരു നല്ല ഫോണും കമ്പ്യൂട്ടറും ഇന്റർനെറ്റ് കണക്ഷനും ഉണ്ടായാൽ മതി. എല്ലാ പ്രശ്നങ്ങളും പുത്തൻ സാധ്യതകളുടെ വലിയ അവസരങ്ങൾ തുറന്നുവയ്ക്കുന്നു എന്നാണല്ലോ. വീണ്ടും മലിനീകരണത്തിലേക്ക് വന്നാൽ, സാധാരണഗതിയിൽ പത്തുവർഷം കൊണ്ട് പോലും നടക്കാത്ത മലിനീകരണനിയന്ത്രണം കഴിഞ്ഞുപോയ  ഒരുവർഷം കൊണ്ട് സാധിച്ചു എന്ന് പറയേണ്ടിവരും. അത്രയും ആശ്വാസം. കാലാവസ്ഥാവ്യതിയാനത്തെക്കുറിച്ച്അറിയുന്നവർക്ക്മനസ്സിലാകും മേല്പറഞ്ഞതിന്റെ പ്രാധാന്യം.

 രണ്ട്; സമാധാനം. യുദ്ധങ്ങളോ ഭീകരാക്രമണങ്ങളോ ഇല്ലാത്ത ശുദ്ധസുന്ദരമായ ലോകമായി മാറുന്നു നമ്മുടേത്വെടിയുമില്ല പുകയുമില്ല ബോംബുമില്ല. ആർക്കും ഒന്നും പിടിച്ചടക്കേണ്ട, ഒന്നിനോടും വിരോധമില്ലപട്ടാളക്കാർക്കും ജോലി ഭാരവും കുറവുണ്ട്. ഭീകരപ്രവർത്തകർ പെൻഷന് അപേക്ഷിച്ചു കാത്തിരിക്കുന്നു, ഒരുനേരം കഞ്ഞികുടിക്കാൻ ബുദ്ധിമുട്ടുന്നു. ഇതിനിടയിലെ രാഷ്രീയയുദ്ധങ്ങളെക്കുറിച്ച്‌  പറയുന്നില്ല. ചിരിക്കാനുള്ള കാര്യങ്ങളല്ല പറയുന്നതെന്ന് നേരത്തെ സൂചിപ്പിച്ചിരുന്നു. സമാധാനം, പക്ഷെ പണ്ട് അണുബോംബിനാൽ കൊണ്ടുവന്നതുപോലെ 'വല്ലാത്തൊരു' സമാധാനം ആയിപ്പോയെന്നു മാത്രം.

 മൂന്ന്; നന്ദി, സ്നേഹം, സാഹോദര്യം. പണ്ടൊക്കെ പുല്ലുപോലെ കരുതിയിരുന്ന പലതിനോടും ഇപ്പോൾ മമതായാണ്, കരുതലാണ്. കാശൊക്കെ പിടിച്ചുചെലവാക്കുന്നു. കുറച്ചൊക്കെ മറ്റുള്ളവർക്കും കൊടുക്കാൻ ശ്രമിക്കുന്നു. പരസ്പരം കുറെയൊക്കെ സ്നേഹിക്കാൻ തുടങ്ങിയിരിക്കുന്നു. മറ്റുള്ളവരെ കൂടി  സഹായിക്കണം എന്നൊക്കൊയുള്ള തോന്നൽ വരുന്നുണ്ട്. ജീവിച്ചിരിക്കുന്നതിൽ കൃതാർത്ഥരാണ് പലരും. മൂന്നുനേരം ആഹാരം കഴിക്കുന്നവർ ആരോടെക്കെയോ നന്ദി പറയുന്നു. നേരിൽ കാണാനും കൈ കൊടുക്കാനും കെട്ടിപ്പിടിക്കാനുമൊക്കെ ചെറിയ പേടിയാണെങ്കിലും അന്യരുടെ കാര്യത്തിൽ നമ്മൾ കുറച്ചുകൂടി കരുണ കാണിക്കുന്നു ഇക്കാലത്ത് എന്ന് തോന്നുന്നു. അതൊരു തോന്നൽ മാത്രം ആകാതിരിക്കട്ടെ.

 നാല്; സ്ഥലകാലഭ്രമം. ജേലിചെയുന്ന, പഠിക്കുന്ന, കളിക്കുന്ന, അഭിരമിക്കുന്ന സ്ഥലങ്ങളും കാലങ്ങളും ഗണനങ്ങളും മാറിമറിയുന്നു. എവിടെയിരുന്നും എപ്പോഴും ജോലിനോക്കാം, പഠിക്കാം, പഠിപ്പിക്കാം, രമിക്കാം എന്നൊക്കയായിട്ടുണ്ട്. സമയവും കാലവും അല്ലെങ്കിലും ആപേക്ഷികമാണല്ലോ. 'വെർച്വൽ' ജീവിതം സ്ഥലകാലഭ്രമം ഉണ്ടാകുന്നു, ചിലർക്കെങ്കിലും. ആപേക്ഷിക സിദ്ധാന്തത്തിനു വേറെ തെളിവുകൾ വേണമോയാഥാർഥ്യത്തിന്റെയും അയഥാർഥ്യത്തിന്റെയും ഇടയിലെവിടെയോ ആണ് ഇപ്പോൾ ജീവിതം പലർക്കും. ഇതിനെയായിരിക്കുമോ 'മായ' എന്നൊക്കെ പണ്ടുള്ളവർ പറഞ്ഞിരുന്നത്? ആർക്കറിയാം!

 അഞ്ച്‌; ഏകാന്തതയുടെ അപാരതീരംരോഗവും പകര്ച്ചവ്യാധി തടയാനുള്ള  ഏകാന്തവാസവും പലരെയും ഏകാകികളും, ചിന്തകരും, വായനക്കാരും, എഴുത്തുകാരുമാക്കിയിരിക്കുന്നു. ഏകാന്തതയുടെ അപാരതീരത്തെ കുറേയൊക്കെ സ്നേഹിച്ച്തുടങ്ങിയിരിക്കുന്നു പലരും. എഴുത്തും വായനയും വളരുന്നുസോഷ്യൽ മീഡിയയിൽ എല്ലാപേരും എഴുത്തുകാരാണിപ്പോൾ. പകർച്ചവ്യാധി കാരണം എഴുത്തുകാരായ ആരെങ്കിലും സാഹിത്യ നോബൽ സമ്മാനം നാട്ടിലെത്തിച്ചാലും അത്ഭുതപ്പെടേണ്ടതില്ല. എല്ലാപേരും എഴുത്തുകാരായ നാട്ടിൽ ഒരാൾക്കെങ്കിലും കിട്ടാതിരിക്കുമോ, നോബൽ? കാത്തിരിക്കാം.

 കൂടുതൽ നീട്ടുന്നില്ല. മഹാമാരി കാരണം കോട്ടങ്ങൾമാത്രമല്ല, ചില നേട്ടങ്ങളുമുണ്ട്  എന്ന ഒരു ചിന്ത പങ്കുവച്ചു എന്നേയുള്ളു. മഹാമാരിക്ക് ശേഷം മനുഷ്യന്റെ മസ്തിഷ്കം മറ്റൊരു രീതിയിൽ പുനര്രൂപീകരിക്കപ്പെട്ടേക്കാം എന്നാണ് പറയപ്പെടുന്നത്. ജീവിതരീതികളും മാറിയേക്കാം. മാറ്റങ്ങൾക്കിടയിൽ പ്രകൃതിയും മൃഗങ്ങളും മനുഷ്യനുമായുള്ള 'സഹവര്ത്തിത്വത്തെപ്രതി' ഇനിയും പലവിധത്തിലുള്ള മഹാമാരികളും വന്നുഭവിച്ചു എന്നുംവരാം. എല്ലാപേർക്കും നന്മകൾ ഭവിക്കട്ടെ. പ്രേമസംഗീതത്തിലെ രണ്ടു വരികൾ സ്മരിച്ചുകൊണ്ട് നിർത്തുന്നു.

 "പ്രപഞ്ചഭൂമിയിൽ വിതച്ച വിത്തിൻ ഫലത്തെ നാം കൊയ്വൂ

പ്രപഞ്ചമരുൾവൂ പട്ടും വെട്ടും പകരത്തിനു പകരം"

 

സുമേഷ് രാമചന്ദ്രൻ


പെൺപൂവുകൾ




 ഞെട്ടറ്റു വീഴുന്ന,
വിടരാതെ കൊഴിയുന്ന.

സുഗന്ധം പരത്താതെ
ഇതളുകൾ കരിയുന്ന,
പൂവു പോലാണിന്നു
ചില പെൺമൊട്ടുകൾ .
വീട്ടിന്നകങ്ങളിൽ,
കണ്ണയൽപക്കങ്ങളിൽ
ഇമ തെറ്റിയടരുന്നു ഇതൾ നാമ്പുകൾ.
ഇടറുന്ന കാലടിപ്പാടുകൾ പിന്നി-
ട്ടിട നെഞ്ചുരുകുന്നൊരഗ്നിയാലേ –
ഇമയൊന്നടയ്ക്കാ നിടന്നേരമില്ലാ-
ത്തൊരിതിവൃത്തമാകുന്ന ജീവിതങ്ങൾ.
ആർഷ സംസ്ക്കാരത്തിന്നി-
തിഹാസമാണവൾ.
അണയാവെളിച്ചത്തിനായെരിയും
തിരിയാണവൾ.
അമ്മയാണവൾ,അളവറ്റൊരലിവിന്നു –
ദരമാണവൾ.
പന്തിരുകുലത്തിന്നു പാതിയായവൾ,
പല കോടി ജന്മത്തിലുറവയായവൾ.
സർവ്വംസഹയാണവൾ
പാതിവ്രത്യത്തിൻ സതിഹൂതിയിൽ
വെന്തുപോവയവൾ.
ഭൂമി തന്മാത്മാവിൽ ജീവൻ കൊടുത്തു
പതിവ്രതയാണെന്നുരചെയ്തവൾ.
ഇരയാണവളിന്ന് ;
ഇടംവലം തിരിഞ്ഞൊഴുകുമൊരു
കണ്ണുനീരാണവൾ.
അന്ധകാമാന്ധതയുടെ കരിനിഴൽ
വീണൊരു കാട്ടുപൂവാണവൾ.
ചൂഴ്നെടുക്കുന്നു കണ്ണുകൾ പിന്നെയും
കൊത്തിപ്പറിക്കുന്നു കരളുകൾ
അന്ധവിശ്വാസ ജഡിലധാരികൾ
ചുറ്റിലും കോമരം തുള്ളുന്നു.
പ്രോജ്ജ്വലമാം നീതിപീഠത്തിൻ
ദേവതയാണവളെങ്കിലും
കണ്ണടച്ചൊരീ നീതി ലോകത്തിൻ
ഇരയാണവൾ.
ഞെട്ടറ്റു വീഴുന്ന, വിടരാതെ കൊഴിയുന്ന
സുഗന്ധം പരത്താതെ
ഇതളുകൾ കരിയുന്ന
പൂവു പോലാണിന്നു ചില പെൺമൊട്ടുകൾ.


രാമകൃഷ്ണൻ കിഴൂർ

പെയ്തൊഴിയുമ്പോൾ

 


പുലരി വെളിച്ചമൂതിവിട്ട ശീതകാറ്റ് തഴുകിയകന്നപ്പോഴാണ് ഞാൻ ഉറക്കമുണർന്നത്. മഹിയുടെ കൈകൾ എന്റെനെഞ്ചിനുപറ്റിതന്നെയിരിപ്പുണ്ട്.പോയ രാത്രിയുടെ മാധുര്യത്തിലെന്നോ ചേർന്നുപറ്റി, വഴുതി വീഴാതെ, നിശ്വാസത്തിനൊത്തു ഉയർന്നും താഴ്ന്നുമങ്ങനെ..

ചേർന്നുകിടക്കുന്ന അവളുടെ

മുടിയിഴകളിലേക്ക് ഞാൻ

വിരലുകളോടിച്ചുകൊണ്ടിരിന്നു.എന്നത്തേയും പോലെ ഉണർന്നിട്ടും അതറിയിക്കാത്ത മട്ടിലവളും..

“പോവുവാണല്ലേ.. ” നഗ്നമായ എന്റെ നെഞ്ചിലേക്ക് തലചേർത്തുകൊണ്ട് , ഉറക്കം വെടിഞ്ഞ, ഇടറിയ ശബ്ദത്തിലവൾ ചോദിച്ചു.

മഹിമ എന്നുമെന്നെ അത്ഭുതപെടുത്തിയിട്ടേയുള്ളു. ഇന്നിപ്പോൾ എന്റെയി കുടുസുമുറിയിൽ, ഒരു പുതപ്പിനുള്ളിൽ, പാതി നഗ്നരായി….

കൊഴിഞ്ഞുപോയ വേനൽദിനങ്ങളിലെന്നോആണ് എന്നെ തേടി ഉദ്യോഗ കത്തെത്തിയത്.

പെയ്തുതുടങ്ങിയ “നമ്മളിത് പുറത്തിറക്കിയാൽ ഇറ്റ് വിൽ ബി എ സെൻസേഷണൽ. എനിക്കുറപ്പുണ്ട്. ഭാരത ഭൂമിയിൽ മാർത്തയെ കുറിച്ചുവന്ന ലേഖനം തന്നെ എന്ത്കോളിളക്കമാണ് ഉണ്ടാക്കിയതു! പിന്നെ ഇന്നത്തെ വായനക്കാർക്ക് വേണ്ടതും അവരെ പോലുള്ളവരുടെകഥയാണ്..

തനിക്കുവേണ്ട എല്ലാ സൗകര്യങ്ങളും ഞങ്ങളവിടെ ഒരുക്കിയിട്ടുണ്ട്. നിങ്ങളവരെ കേട്ടെഴുതിയാൽ മാത്രം മതി “

ചീഫ് പബ്ലിഷിംഗ് ഓഫീസറുടെ കസേരയിലമർന്നിരുന്ന വൃദ്ധന്റെ വാക്കുകളിൽ എനിക്കെന്തന്നില്ലാത്ത പ്രതീക്ഷയായിരുന്നു.

ജേർണലിസത്തിലുള്ള ബിരുദക്കടലാസുമേന്തി തലകുനിച്ചിറങ്ങിപ്പോന്ന ഓഫീസ് വരാന്തകളുടെ എണ്ണം കുറവല്ലാതിരുന്നതും , പ്രാരാബ്ദങ്ങൾക്കിടയിൽ ജോലി അത്യാവശ്യമായിരുന്നതും പ്രതീക്ഷയുടെ ആക്കം കൂട്ടാനുള്ള കാരണങ്ങളായി.

മുഖ്യധാര പ്രസാധകരുമായുള്ള ചർച്ച കൈ കൊടുക്കലുകളിൽ പിരിഞ്ഞു.വൈകാതെ തന്നെ നഗരത്തിന്റെ മായകാഴ്ച്ചകളുടെ തിളക്കത്തിൽ മറഞ്ഞുപോയ ” ബിയാര ” എന്ന ചുവന്ന തെരുവിലേക്കുള്ള ടിക്കറ്റും കയ്യിലെത്തി. “റാണി മാർത്ത”യെന്ന ബിയാരയിലെ പല്ല് കൊഴിഞ്ഞ പെൺ സിംഹത്തിന്റെ ജീവിതമെഴുതണം അതായിരുന്നു പ്രസാധകരുമായുള്ള ഉടമ്പടി. ചുവന്ന തെരുവിൽ മാർത്തയുടെ വാതിലുകൾ കടന്നെത്തിയ പുരുഷ കോമരങ്ങളുടെ കണക്കെടുപ്പ്..

മഴക്കാലത്തിന്റെയാരംഭത്തിൽ തെരുവിലെ പഴഞ്ചൻലോഡ്ജിലെ കുടുസുമുറിക്കുള്ളിൽ ഞാൻ എന്റെ കെട്ടുമാറാപ്പുകൾ നിരത്തിവെച്ചു.

തെരുവ് നഗരത്തിൽനിന്നും തീർത്തും വിഭിന്നമായിരുന്നു.ഇടുങ്ങിയ വഴികളിലായി അലഞ്ഞു നടക്കുന്ന

വേശ്യാവൃ ത്തിയുടെ മുഖങ്ങൾ..

പെൺ ഉടലുകളുടെ വിലപേശലുകളും രതിക്രിയകളിലൂർന്ന പൊട്ടിച്ചിരികളും തെരുവിലെ പൊളിഞ്ഞ ചുമരുകളിലായി തട്ടി തടയുന്നു.പലപ്പോഴായി, ഉയർന്നുകേൾക്കുന്ന തെരുവ്കുട്ടികളുടെ കരച്ചിലിനെ തല്ലിയൊതുക്കുന്ന തള്ളപുലമ്പലുകൾ, ഭീതി പരത്തിയൊഴിയുന്നു.

തെരുവ്നായ്ക്കളുടെയും കന്നാലികളുടെയും കാഷ്ടത്തിന്റ രൂക്ഷ ഗന്ധം ആദ്യദിനങ്ങളിൽതന്നെ മുറിയുടെ വാതിലുകൾകൊട്ടിയടപ്പിക്കാൻ എന്നെ പ്രേരിപ്പിച്ചു ..

ലോഡ്ജിൽനിന്നും പത്തുമിനുട്ടു നടത്തം മാത്രമേ മാർത്തയുടെ മാളികയിലെത്താൻ ആവശ്യമുള്ളു. രണ്ടുനിലകളിലായി ഉറഞ്ഞുനിൽക്കുന്ന മാളിക. ഓരോ നിലകളിലുമായി വിശാലമായ മുറികളും അതിലോരോന്നിലുമായി അവശ്യക്കാരനെ കാത്തു മുഖം മിനുക്കുന്ന കുറെ മദാലസകളും ..

ഒന്നാം നിലയിൽ ഒരു നീളൻ കോവണിയുണ്ടായിരുന്നു . മാർത്തയുടെ മുറിയിലേക്കുള്ളതായിരുന്നു അത്.

രതിയിലുരുകിയലിഞ്ഞ കോവണി പടികൾ ചവിട്ടി കയറി ഞാൻ മാർത്തയെ കേട്ടു തുടങ്ങി. ഞാൻ ഉദ്ദേശിച്ചതിലും വൃദ്ധയായിരുന്നു മാർത്ത. അറുപതിലും അവരുടെ കണ്ണുകൾ തിളങ്ങിയിരുന്നു.

ചുളിഞ്ഞു തൂങ്ങിയ കവിളുകളും, ഒട്ടിയ മാറിടങ്ങളും, ഉന്തിനിൽക്കുന്ന കുട വയറും അവർക്ക് വാർദ്ധക്യത്തിന്റെ മുഖാവരണംമൊരുക്കിയിരുന്നു.

മയ്യഴിയുടെ പുഴയോരത്തു ചാരായ വാറ്റ് നടത്തിയിരുന്ന പീലിപ്പോസിന്റെ മൂത്തമകളായ “മാർത്തമേരി “, തന്തയുടെ മരണശേഷം തള്ളയുടെ കൈപിടിച്ചു ദേശത്തിന്റെ രാത്രികളെ വിലക്കുവാങ്ങിയതു മുതൽ അതിർത്തികൾ കടന്ന് ബിയാരയുടെ വിലപിടിപ്പുള്ള രതിബിംബമായ കഥകൾ ഞാൻ കേട്ട് തുടങ്ങി.

ആദ്യ ക്ലയന്റിന്റെ കഥ പറയുമ്പോൾ വൃദ്ധയുടെ ചുണ്ടുകളിൽ വിരിഞ്ഞ ചിരി ഞാൻ ഇന്നുമോർക്കുന്നു. കാലത്തിന്റെയോട്ടപ്പാച്ചലിലെന്നോ മറഞ്ഞ മയ്യഴിയിലെ കൗമാരക്കാരിയുടെ ചിരി !

മാർത്തയുടെ കീഴിൽതന്നെ പത്തോളം പെൺകുട്ടികളുണ്ടായിരുന്നു. പ്രസാധകരുടെ കർശ്ശന നിർദേശമുള്ളതിനാൽ മാർത്ത എന്റെ വികാരങ്ങൾക്കുചുറ്റും കമ്പിവേലി തീർത്തിരുന്നു. ഒന്നാംക്ലാസ് പ്രാരാബ്ധക്കാരനായിരുന്ന ഞാൻ വിലകൊടുത്തുള്ള സുഖലഭ്ധിക്ക് തല്പരനായിരുന്നില്ല എന്നത് മറ്റൊരു കാരണം.

അന്ന് മഴ തന്റെ ഉഗ്രരൂപം പ്രാപിച്ചിരുന്നു. പെയ്ത്തിൽനിന്ന് രക്ഷതേടാൻ തെരുവ് നെട്ടോട്ടമോടുകയായിരുന്നു. എഴുത്തു കഴിഞ്ഞ് മടങ്ങിപോകുന്ന വഴിയിലായിരുന്നു ഞാൻ.ആടിയുലയുന്ന മഴക്കാറ്റ് എന്നെ ലോഡ്ജിന്റെ

മുന്നിലേക്ക് ഓടിച്ചു. ലോഡ്ജിന് മുന്നിലായി സ്ഥിരം ചെന്നായകൾ സ്ഥലംപിടിച്ചിരുന്നു. മറുവശത്തുള്ള കടയ്ക്കരികിൽ മഴതോരുന്നതും കാത്തു ഒരു പെൺപട തന്നെയുണ്ട്. നനയുന്ന പെൺഇടുപ്പ് നോക്കി ചെന്നായകൾ നാവ് പുറത്തിട്ടിരിക്കുന്നത് കാണാം.ചുവന്ന നാവുകളിൽനിന്ന് ഒലിച്ചിറങ്ങുന്ന വെളുത്ത ആർത്തിനീരുകൾ.. !

ഓരിയിടുന്ന ചെന്നായ്ക്കളെ നോക്കി പെൺ പട പുലമ്പുന്നുണ്ട്.. ആർത്തുപെയ്യുന്ന മഴയെ ശമിപ്പിക്കുന്ന പുലമ്പലുകൾ..

മഴ തോർന്നപ്പോൾ പടയിലൊരുത്തി ചെന്നായകൾക്ക് നേരെ ചെരുപ്പെറിഞ്ഞു ഒപ്പം കഴിഞ്ഞ രാത്രിയിൽ കുടിച്ച ചോരയുടെ, ബാക്കി വെച്ച കണക്കു തീർക്കാനുള്ള താക്കീതും. അന്നാണ് മഹിമയുടെ മുഖം എന്റെ കണ്ണുകളിൽ പെടുന്നത് .

മഴയൊഴിഞ്ഞ തെരുവിലൂടെ, ചെന്നായകൾക്കു നേരെ തെറി പാടി , കൊലുസ് കിലുക്കി നടന്നകലുന്ന പെൺപടയിലൊരുത്തി..

പിന്നീട് പലയിടങ്ങളിലായി മഹിമ മിന്നി മറഞ്ഞു.

രാത്രികളായിരുന്നു തെരുവിന്റെ ജീവ വായു. വെളിച്ചമണയാത്ത വേശ്യാലയങ്ങളും,

വറ്റാത്ത മദ്യലഹരിയും, ആടിതീരാത്ത ബെല്ലി നൃത്തങ്ങളും തെരുവിന്റെ നിദ്രകളെ മായ്ച്ചു കളയും.

തെരുവ് വർഷാവർഷങ്ങളായി നടന്നു വരുന്ന ഉത്സവ ദിനങ്ങളിലൂടെ കടന്നു പോവുകയായിരുന്നു. ലോഡ്ജ് ജീവനക്കാരനോടൊപ്പം ചേർന്ന് ഞാൻ ആവശ്യത്തിലധികം മദ്യപിച്ചിരുന്നു.ആയതിനാൽ ഉറക്കമെന്നെ കാർന്നു തിന്നിരുന്നു. മുറിയിലെ വാതിലിന് കിട്ടിയ കൊട്ടിന്റെ മുഴക്കത്തിൽ ഞാൻ ഉണർന്നു. കൊട്ടിയവനെ ശപിച്ചു കതക് തുറന്നതും മുഖം മറച്ച ഒരുസ്ത്രീ രൂപം എന്നെ തള്ളിമാറ്റി മുറിക്കുകത്ത് കയറി. പൊടുന്നനെയവൾ കയ്യിലുണ്ടായ കത്തി എനിക്ക് നേരെ ചൂണ്ടി വാതിലടയ്ക്കാൻ ഉത്തരവിട്ടു.

മുഖ മറ നീങ്ങിയപ്പോൾ മഹിമയുടെ മുഖം ഞാൻ വ്യകതമായി കണ്ടിരുന്നു. പെട്ടെന്നുണ്ടായ മാറ്റങ്ങൾ എന്നിലാകെ ഭീതി പരത്തി. റോഡിലൂടെ കുതിച്ചു പായുന്ന വാനിലേക്ക് ജനാല പിളർപ്പിലൂടെ കണ്ണോടിച്ചുകൊണ്ട് , എന്നെ അവൾ തുറിച്ചു നോക്കി.അപ്പോഴേക്കും കുടിച്ചു തീർത്ത മദ്യത്തിന്റെ കെട്ടിറങ്ങിയിരുന്നു. പേടിച്ചരണ്ട എനിക്ക് ഒന്നുരിയാടാൻ പോലുമായില്ല എന്നതാണ് വാസ്തവം.

പുലരും വരെ കൂർത്ത മുനയുള്ള കത്തി എന്നെ തുറിച്ചുനോക്കികൊണ്ടിരിന്നു. വെളിച്ചമുദിച്ചപ്പോൾ കതകിന്റെയഴി നീക്കി അവൾഓടിയകന്നു.

നടന്ന കാര്യങ്ങളെപറ്റി ലോഡ്ജ് ജീവനക്കാരനോട് ആരാഞ്ഞപ്പോഴാണ്, നഗരത്തിലെ ഹോട്ടൽമുറികളിൽ കാത്തുകിടക്കുന്ന മുന്തിയയിനം കാമ ഭ്രാന്തുകളെ ശമിപ്പിക്കാനുള്ള ചരക്ക് വണ്ടിയാണ് ആ കറുത്ത വാനെന്നറിഞ്ഞത്.അതിൽനിന്നും ഒഴിഞ്ഞുമാറാനായിരിക്കാം അവളെന്റെ മുറിയിലോളിച്ചിരുന്നത്.

മഴയിൽ കുതിർന്ന മറ്റൊരു രാത്രി അവളെന്റെ കതകിനുമുന്നിൽ വീണ്ടുമെത്തി. അന്നവൾ നന്നായി പരിഭ്രമിച്ചിട്ടുണ്ടായിരുന്നു. കൺപോളകൾ തളർന്നു വീഴുന്നുണ്ട്. ഭ്രാന്തനായ അവളുടെ ഹൃദയം തിങ്ങിയമാറിടങ്ങളെ ആഞ്ഞടിക്കുന്നത് കേൾക്കാം. കടിച്ചുകീറാൻ പാഞ്ഞു വരുന്ന വരയൻ പുലിയിൽനിന്നും രക്ഷതേടാൻ ഓടിയൊളിക്കുന്ന ഒരു മാൻപേടയുടെ തളർച്ച ഞാനവളിൽകണ്ടു. എവിടിനിന്നോ പൊട്ടി മുളച്ച ധൈര്യത്തിന്റെ ചിറകുകളാൽ ഞാൻ അവളെ മറച്ചുവെച്ചു.

വൈകാതെതന്നെ രണ്ട് തടിയൻമാർ മുറിക്കുമുന്നിലെത്തി. നഗരത്തിലെ കോർഡിനേറ്റർമാരായിരുന്നു അവർ.

തെരുവിലെ “റാണി”യുടെ കഥയെഴുതുന്നവനെ അവർക്ക് തെല്ലുപോലും സംശയം തോന്നിയില്ല . അത് തന്നെയാവാം മഹിമ എന്റെ മുറി ഒളിസങ്കേതമാക്കാനുള്ള കാരണവും. തടിയൻമാർ ലോഡ്ജിലെ മുറികളിലെല്ലാം അവളെ തേടി നടന്നു.

അന്ന് ആദ്യമായി ഞാൻ അവളുടെ പുഞ്ചിരി കണ്ടു. മുറിയുടെ അലമാരക്കോണിലൊളിച്ചിരുന്ന ഒരു പുഞ്ചിരി…

ചിരിക്ക് മറു ചിരി പൂത്തു. രാത്രി മുഴുവൻ മഹിയെ തേടിയലയുന്ന തടിയൻമാരെകുറിച്ചോർത്തു ഞങ്ങൾ മുഖം പൊത്തിചിരിച്ചു.

പിന്നീട് നിലാവുള്ള രാത്രികൾക്ക്കൂട്ടായി ഞങ്ങൾ കഥകൾ പറഞ്ഞുതുടങ്ങി. പുലരുംവരെ നീളുന്ന വർത്തമാനങ്ങളായി.ചുണ്ടിൽ പൂ പൂക്കുന്ന ചുംബനങ്ങൾ വിരിഞ്ഞു.പിരിയാൻതോന്നാത്ത പുൽകലുകളിൽ ഞങ്ങൾ ആനന്ദംകൊണ്ടു. മേനിയുരസുന്ന എത്രയോ നാഴികകൾ.. എത്രയോ രാത്രികൾ..

” നിങ്ങളെ ഞാൻ വിലക്കെടുത്തോട്ടെ.. ഞങ്ങളെ വിലക്കെടുക്കുന്നത് പോലെ..

എന്നെ കേൾക്കാനായിട്ടുള്ള ഒരാളായി.. എന്റെ രാത്രികൾക്ക് കൂട്ടായി.. ” കറങ്ങി ചാവാറായ ഫാനിൽ നോട്ടമിട്ടുകൊണ്ടവൾ പറഞ്ഞു.

” എന്നാൽ പിന്നെ വില പേശലാകാം. താൻ എനിക്ക് എത്ര വിലയിടും..? ” അതുകേട്ടവൾ പൊട്ടിച്ചിരിച്ചു

പാതിരാകാറ്റിന്റെ ഇരമ്പലിൽ ഞങ്ങളുടെ പൊട്ടിചിരി ലയിച്ചിറങ്ങി..

എനിക്ക് അവളുടെ കഥ ചികയാൻ താല്പര്യമില്ലായിരുന്നു. തെരുവിലെ തലമൂത്ത വേശ്യയുടെ ജീവിതമെഴുതുന്നവന് അങ്ങനെയുള്ള ഓരോ ജന്മങ്ങളുടെ ഉദയവും ഊഹിക്കാവുന്നതേയുള്ളു..

പക്ഷെ, കാമുകന്റെ ചതിയിലകപെട്ട് പെൺവാണിഭ സംഘത്തിന്റെ പിടിയിൽനിന്ന് ഓടി രക്ഷപ്പെട്ട ദളിത പെണ്ണിനെ മാധ്യമങ്ങൾ കൊട്ടിയാഘോഷിച്ചതും, പിന്നീട് സ്വന്തം നാടവൾക്ക് ഭ്രഷ്ട് കൽപിച്ചതും, വിശപ്പ് സഹിക്കാതെ തെരുവിലെത്തിയതും, കറുത്ത വാനിനുള്ളിൽനിറച്ച ചരക്കായി മാറിയതും, നഗരത്തിലെ ഹോട്ടൽമുറിക്കുള്ളിൽ നിന്നും ആർത്തു കരഞ്ഞതുമായുള്ള കഥകൾ ഒരിറ്റ് കണ്ണുനീർപോലും പൊടിയാതെയവൾ പറഞ്ഞു തീർത്തു..

ഇരുണ്ട ഓർമ്മകളിൽ അവളുടെ കണ്ണുനീരു കട്ടപിടിച്ചിട്ടുണ്ടാകാം…

എന്റെ എഴുത്തുകളിൽ മാർത്ത അറുപതു തികഞ്ഞു. പ്രസിദ്ധീകരിച്ച അദ്ധ്യായങ്ങളുണ്ടാക്കിയ പൊല്ലാപ്പുകൾ പത്രങ്ങളിലൂടെ ഞാൻ വായിച്ചറിഞ്ഞു. മഹിയുടെ ഒളിച്ചുകളി തടിയൻമാർ കണ്ടുപിടിച്ചതും ആയിടെയായിരുന്നു. തെരുവിലെ വേശ്യക്ക് ഒളിത്താവളമൊരുക്കിയതിന് മാർത്ത എനിക്ക് താക്കീത് തന്നു.

മഹിയുടെ ചിരികളില്ലാതെ രാത്രികൾകടന്നുപോയി..

രാത്രികളിൽ കറുത്ത വാൻ ഇരുട്ടിനെ മുറിച്ചുനീങ്ങുന്നത് ഞാൻ നോക്കിനിന്നു.ഹോട്ടൽ മുറികളിൽ മുഴു ഭ്രാന്തൻമാരുടെ കൈകളിൽ കളിപ്പാവയാകുന്ന മഹിയുടെ മുഖം എന്റെ ഉറക്കംകെടുത്തി തുടങ്ങി.

“അവരെന്റെ മുഖത്തു മാറി മാറി അടിക്കുമായിരുന്നു. എന്റെ കണ്ണുനിറയുന്നത് അവരെ വന്യമായ ആനന്ദത്തിന്റെ കൊടുമുടിയിലെത്തിക്കും.. വീണ്ടും അവരുടെ ചേഷ്ടകൾ എന്റെ ശരീരത്തെ നഗരത്തിലെ രാത്രികൾ മഹിമയ്ക്ക് നൽകിയ വേദനകളുടെ തീവ്രത ഒരു പേടി സ്വപ്നംപോലെ എന്നെയലട്ടിതുടങ്ങി.

തെരുവിലെ അവസാന രാത്രി, മഹിയെകാണാൻ എന്റെ മനസ് വെമ്പൽകൊണ്ടു . പകലുകളിലൊന്നിലും എനിക്കവളെ കാണാൻ സാധിച്ചിരുന്നില്ല. ഭ്രാന്തൻമാരുടെ ചേഷ്ടകളിൽ തളർന്നു, ഉറങ്ങുന്നുണ്ടാവാം..

രാത്രി മധ്യത്തിലെത്തിയിരുന്നു. എന്റെ കണ്ണുകൾ കതകിനുമുന്നിൽ തുറന്നിരുന്നു..

കതകിനു കൊട്ടുകൊണ്ടു.. മഹി !

അവളുടെ കവിളുകൾ വീർത്തിരുന്നു.. കഴുത്തിനുകീഴ്പോട്ടായി ചുവന്നപാടുകൾ നിഴലിച്ചിരുന്നു. മുഴുവട്ടുകളുടെ കരവിരുതാകാം.

ഞാനവളെ വാരിപുണർന്നു..ഒരു പിഞ്ചുകുഞ്ഞിനെയെന്നെപോലെ തുരു തുരാ ഉമ്മവച്ചു. ഞങ്ങൾ രാത്രിയുടെ മാധുര്യത്തിലേക്കാഴ്ന്നു..

എന്റെ ജോലി കഴിഞ്ഞത് മാർത്തയുടെ പെൺകുട്ടികൾ വഴി അവളറിഞ്ഞുകാണും

“പോവണം” അവളുടെ നെറ്റിയിൽ ചുംബിച്ചുകൊണ്ട് ഞാൻ തുടർന്നു. “എനിക്ക് നിന്നെ ഓർക്കാൻ ഇഷ്ടമല്ല”

“എന്നാൽ മറക്കണം..”

അവളെന്റെ കൈകൾ കവിൾ തടങ്ങളിലായി ചേർത്തുവച്ചു.

“മറക്കാനോ? മറക്കാൻ പറ്റുവോ.. അറിയില്ല..”

“പിന്നെ..” ഞാൻ വാക്കുകൾകിട്ടാതെ ബുദ്ധിമുട്ടി. പതിയെ ഞങ്ങൾ മൗനത്തിലാണ്ടുപോയി…

തെരുവിൽ വെളിച്ചംവീണപ്പോൾ അവൾ മുറി കടന്നിറങ്ങി…

നാളെയുടെ രാത്രികളുടെ ഒളിയിടങ്ങൾ തേടി.. ദൂരേക്ക്..

എനിക്കവളോട് പറയണമായിരുന്നു,

അവൾ പെയ്തതൊഴിഞ്ഞ മഴപോലെ സുന്ദരമായിരുന്നു എന്ന് ….



അഷ്‌കർ അലി

ഇന്ന്


 കണ്ണിൽ ഇന്നിന്റെ കാഴ്ചയുടെ

കാവു പൂക്കുന്നു..
പൊളിഞ്ഞ ശ്രീലകത്തിൽ
തലപോയ
ബിംബത്തിനരികെ
മനുഷ്യദൈവങ്ങൾ
അനുഗ്രഹം വാരിവിതറുന്നു..

തൃപ്പടിയിലെ
വാടിയ പൂജാമലരുകൾ
പോലെ
നിറംകെട്ട ബാല്യങ്ങൾ
വീണടിഞ്ഞു കിടക്കുന്നു..

വിളറിയ തൂക്കുവിളക്കിൻ
നാളം പോലെ
മിഴികളിൽ
കാമത്തിന്റെ
കാരീയമുരുകുമ്പോൾ
പെണ്ണുടലുകൾ
ഉടഞ്ഞുചിതറുന്നു..
പൊട്ടിയ കൽത്തൂണുമിടിഞ്ഞ
ചുവരും പോലെ
കാലത്തിന്റെ കലിയിൽപ്പെട്ടു
കർഷകസ്വപ്നങ്ങൾ
പൊട്ടിത്തകരുന്നു..
കൂത്തുകൂടിയാട്ട
കൂത്തമ്പലത്തിൽ
ജാതിക്കോമരങ്ങൾ
ഉറഞ്ഞുതുള്ളിയരങ്ങുതകർക്കുന്നു..
ഗോപുരമുകളിൽ തലകീഴായ്-
ത്തൂങ്ങും
വാവലുകളുടെ ചിറകടിശബ്ദം
പോലെ
പലിശക്കാരൻ വാരാവാരം
മുറ്റത്തേക്ക്
ശകടമുരുട്ടുന്നു..
കണ്ണിലിന്നിന്റെ കാഴ്ചയുടെ
കാവു പൂക്കുന്നു..
കണ്ട കാഴ്ചകളപ്പാടെ
പകർത്താനാവാതെ
എന്റെ തൂലികയുടെ
മുനത്തുമ്പുമൊടിയുന്നു


അമ്മു സൗമ്യ

മകൾ


 

“ദേവു ഒന്നിങ്ങട് വരിക, നിന്നെ കാണാൻ ദേ ഭാനു അമ്മായി വന്നിരിക്കണ്.”

അമ്മാളുവിനോട്‌ ചേർന്നു പറ്റി കിടന്നിരുന്ന ദേവനന്ദ അമ്മയുടെ വിളി കേട്ട് എഴുന്നേറ്റ് കട്ടിലിലിരുന്നു. ഒരു നിമിഷം ആലോചിച്ചിട്ട് അവൾ അലസതയോടെ മുൻവശത്തേക്ക് നടന്നു.

“നീ ആകെ കോലം കെട്ടല്ലോ ദേവൂ, നിനക്കവിടെ അത്ര വയ്യായിരുന്നോ? “

സഹതാപത്തിന്റെ മേമ്പൊടി വിതറി അവർ തന്റെ പച്ച ഇറച്ചിയിലേക്ക് തുളച്ചു കയറാൻ ശക്തിയുള്ള ചോദ്യങ്ങൾ ചോദിക്കാൻ തുടങ്ങുകയാണെന്ന് ഓർത്തതും അവൾ ചിരിച്ചു.

ഈശ്വരാ !!

താൻ ചിരിക്കുന്നു. ദേവനന്ദ ചിരിക്കുന്നു…

തനിക്ക് ഇപ്പോഴും ചിരിക്കാൻ കഴിയുന്നു.

പക്ഷേ ഇത് പണ്ടത്തെ ദേവൂട്ടിയുടെ മുത്തുകിലുക്കം പോലുള്ള ചിരിയല്ല, ഇഷ്ടപ്പെട്ട പലഹാരം കാണുമ്പോഴോ, ഭംഗിയുള്ള വസ്ത്രം കാണുമ്പോഴോ അല്ലെങ്കിൽ എഴുതിയ പരീക്ഷകളിൽ പലതിലും ഒന്നാമത് എത്തിയപ്പോൾ ചിരിച്ച ചിരിയോ അല്ല.

പകരം ഇത് നെഞ്ചിൽ ഒരു നെരിപ്പോടെരിച്ചും കൊണ്ട് നിൽക്കുന്നവളുടെ ഇട നെഞ്ചിലേക്ക് കുറച്ച് അവ്യക്ത മന്ത്രങ്ങൾ ഉരുവിട്ട് വീണ്ടും നെയ്യൊഴിക്കുമ്പോൾ ആളിപടരുന്ന തീ ഗോളങ്ങൾ പോലെ പൊള്ളുന്ന ചിരിയാണ്.

അതെ കനലിൽ ചവിട്ടി നിൽക്കുമ്പോൾ തന്നെ ആൾക്കൂട്ടത്തിൽ വച്ച് പരിഹസിക്കപ്പെടുക കൂടി ചെയ്യുമ്പോൾ ചിരിക്കുന്ന ചിരിയുണ്ടല്ലോ … അതുപോലാണ് താനിപ്പോൾ ചിരിച്ചത് എന്ന് അവൾക്കു തോന്നി.

“കുഞ്ഞ് ഉണർന്നെന്നു തോന്നുന്നു “

എന്ന് പറഞ്ഞ് തിരിഞ്ഞു നടക്കുമ്പോൾ അമ്മായി അമ്മയോട്

ചോദിക്കുന്നണ്ടായിരുന്നു

“പിരിയാൻ തന്നെ തീരുമാനിച്ചോ.”

“ഉം!അവൾ അതിൽ തന്നെ ഉറച്ചു നിൽക്കുവാണ്. എന്ത് ചെയ്യാനാ ഓരോ തലേലെഴുത്ത്, ഈ കുടുംബത്തിന്റെ മാനം പോയി.”

ഖേദത്തോടെ അമ്മയത് പറഞ്ഞവസാനിപ്പിക്കുമ്പോൾ അവളുടെ കൈകൾ സിഗരറ്റ് കുറ്റികൾ പൊള്ളിയടർത്തിയ തന്റെ അടിവയറ്റിലെ വടുക്കളിൽ അറിയാതെ തൊട്ടു.

“എങ്ങനെയാണ് നിങ്ങൾ വളർത്തിയ മകൾ നിങ്ങളുടെ അടുത്തേക്ക് ജീവനും കൊണ്ട് ഓടി വരുമ്പോൾ നിങ്ങളുടെ അഭിമാനം ചോർന്നു പോകുന്നത്.”

“നിങ്ങൾ തന്നെ ആലോചിച്ച്, അന്വേഷിച്ച് അവൾക്കായി കണ്ടെത്തിയ വരൻ ഏറെ മാനസിക വൈകൃതങ്ങൾ ഉള്ള ഒരാളാണെന്ന് വൈകിയാണെങ്കിലും അറിയുമ്പോൾ, ഇരുപത്തി രണ്ടു കൊല്ലം നിങ്ങൾ വളർത്തിയ മകളെ

ആ പേക്കൂത്തുകളിൽ നിന്നും രക്ഷിക്കുമ്പോൾ നിങ്ങൾ എന്തിനാണ് നാട്ടുകാരുടെ മുന്നിൽ തല കുനിച്ചു നിൽക്കേണ്ടി വരുമെന്ന് ഭയക്കുന്നത്.”

ഒരു കൊടുങ്കാറ്റു പോലെ ഉമ്മറത്തേക്ക് ഓടി ചെന്ന് ഇതെല്ലാം ഉച്ചത്തിൽ ചോദിക്കണം എന്ന് അവൾ ആശിച്ചു.

പക്ഷേ കഴിയില്ല തനിക്ക് ഇപ്പോൾ ശബ്ദം നഷ്ടപ്പെട്ടിരിക്കുന്നു.

തന്റേതല്ലാത്ത കാരണങ്ങളാൽ ആണെങ്കിലും താനിപ്പോൾ ഭർത്താവ് ഉപേക്ഷിച്ചവളാണ്.

“ദേവൂ നിനക്കറിയാമോ “…അവൾ അവളോട് തന്നെ ചോദിച്ചു

” ഒരു സ്ത്രീ ഭർത്താവിനാൽ തൃപ്ത ആയിരിക്കുമ്പോൾ അവൾ എല്ലാവരാലും തൃപ്തയായിരിക്കും. അല്ലാത്ത പക്ഷം അവൾ ആരാലും തന്നെ അംഗീകരിക്കപ്പെടാൻ പോകുന്നില്ല, പ്രത്യേകിച്ചും വിവാഹശേഷം പെണ്മക്കളെ വെറും വിരുന്നുകാരി ആയി മാത്രം പരിഗണിക്കുന്ന വീട്ടുകാരാൽ പോലും “

അമ്മാളുവിനെ അമ്മയെ ഏല്പിച്ച് കോടതിയിലേക്ക് ഇറങ്ങുമ്പോൾ അമ്മ ചോദിച്ചു.

“ഒന്നു കൂടി ആലോചിച്ചിട്ട് പോരെ”

അത് കേട്ടപ്പോൾ കഴിഞ്ഞ രണ്ട് വർഷങ്ങളിലെ രാത്രികളിലെ ഓർമ്മകളിൽ അവൾക്ക് ഭയന്ന് കരയാൻ തോന്നുകയും, അതേ സമയം തന്നെ ഡേവിസ് തോമസ് എന്ന തന്റെ അധ്യാപകന്റെ പ്രൊപോസൽ വീട്ടുകാർക്ക് വേണ്ടി തള്ളി കളഞ്ഞ ആ നിമിഷത്തെ ഓർത്ത് തന്നോട് തന്നെ പരിഹാസത്തോടെ ചിരിക്കാനും തോന്നി.

ഒന്നും മിണ്ടാതെ പോകാൻ തുടങ്ങുന്ന അവളെ നോക്കി അന്തം വിട്ട് അമ്മ വീണ്ടും ചോദിച്ചു

“നീ ഒറ്റക്കോ?? അച്ചനെക്കൂടി കൂട്ടി പോയാൽ പോരെ?.”

“വേണ്ടമ്മേ

ഇനിയുമൊരുപാട് പോകേണ്ടി വരും.

അച്ചന് മടുപ്പാകും ഞാൻ ഒറ്റയ്ക്ക് പോയ്ക്കൊള്ളാം.”

കത്തുന്ന വെയിലിലേക്ക് ഇറങ്ങുമ്പോൾ തിരിച്ചറിഞ്ഞു ജീവിതം തുടങ്ങുന്നേയുള്ളു.

ഒറ്റവരി പാത പോലുള്ള നെടുനീളൻ ജീവിതത്തിന്റെ നേർകാഴ്ച്ചയിൽ ആദ്യമൊന്നു പതറിയെങ്കിലും ദേവനന്ദ മുന്നോട്ട് തന്നെ നടന്നു.

കുടുംബ കോടതിയിൽ കേസ് ഫയൽ ചെയ്ത് തിരിച്ചു വന്ന് ആദ്യം ചെയ്തത് മടക്കി ഒതുക്കി വച്ചിരിക്കുന്ന പുസ്തകങ്ങൾ എടുത്ത് വീണ്ടും പഠിക്കാൻ തുടങ്ങുക എന്നുള്ളതായിരുന്നു.

ബിരിദാനന്തര ബിരുദവും, പഠനത്തിലെ പ്രാഗൽഭ്യവും, രാവ് പകലാക്കിയുള്ള പരിശ്രമവും കൊണ്ട് ബാങ്ക് ടെസ്റ്റിന്റെ മത്സര പരീക്ഷകളിൽ ആദ്യ റാങ്കിൽ എത്തുകയും ജോലി ഒന്ന് കൈപ്പിടിയിൽ ഒതുക്കുകയും ചെയ്തു.

വർഷം മൂന്ന് കഴിഞ്ഞു. അമ്മാളുവിന് നാലു വയസ്സായി.

അമ്മാളുവിന്റെ ചിരിയിലും കൊഞ്ചലിലും വിഷാദം മൂടിയിരുന്ന അമ്മയുടെയും, അച്ഛന്റെയും, ഏട്ടന്റെയും മനസ്സും, അപമാനഭാരത്താൽ തല കുനിഞ്ഞു നിൽക്കുന്ന ഈ വീടിന്റെ ഉള്ളകങ്ങളും തളിർക്കുന്നത് അവൾ അറിയുന്നുണ്ടായിരുന്നു.

എന്നാലും അപ്പോഴും എവിടെയൊക്കെയോ തനിച്ചാക്കപ്പെടുന്നതിന്റെ ഒരു നോവിൽ അവൾ നീറി പിടയുന്നുമുണ്ടായിരുന്നു.

“നാണു ബ്രോക്കർ വിളിച്ചിട്ടുണ്ടായിരുന്നു.

നന്ദന്റെ ആ കല്യാണം അവർക്ക് വേണ്ടെന്ന് പറഞ്ഞു. ” ഒരിക്കൽ അച്ഛൻ അമ്മയോട് തെല്ലുറക്കെ പറയുന്നത് അവൾ കേട്ടു.

തെല്ലിട മൗനത്തിനു ശേഷം

“ആഹ് !കെട്ടിച്ചു വിട്ട പെങ്ങളൊരുത്തി വീട്ടിലുണ്ടെന്നറിയുമ്പോൾ ആരായാലും ഒന്നുകൂടി ആലോചിക്കും”

എന്ന് അച്ഛൻ കൂട്ടി ചേർക്കുമ്പോൾ അമ്മയത് ശരി വക്കുന്നുണ്ടായിരുന്നു.

ഒരു മതിലിനപ്പുറം താൻ ഉണ്ടെന്നറിഞ്ഞിട്ടും അവർ അത് ഉറക്കെ പറയുന്നത് താൻ കേൾക്കാൻ വേണ്ടി തന്നെ അല്ലേ. നോവിന്റെ ഒരു കടൽ അവളുടെ നെഞ്ചിൽ ആർത്തിരമ്പി.

ഒരാഴ്ചക്കുശേഷം തന്റെയും അമ്മാളുവിന്റെയും ഡ്രെസ്സ് എടുത്തു വക്കുന്നത് കണ്ട് അമ്മ ചോദിച്ചു.

“നീ ഇതെങ്ങോട്ടാണ്.?”

“ഞാൻ ബാങ്കിനടുത്ത് ഒരു ഫ്ലാറ്റിലേക്ക് മാറാമെന്നു കരുതി. അമ്മാളുവിനെ ഇനി സ്കൂളിലും ചേർക്കാമല്ലോ. അവിടെ ഒരു സെർവന്റിനെ കൂടി നിർത്തണം.”

“നീ ഇത് എന്ത് ഭാവിച്ചാണ്. നാട്ടുകാർ എന്ത് പറയും.”അമ്മ ശബ്ദമുയർത്തി ചോദിച്ചു.

ഇതുവരെ ഇല്ലാത്ത അത്രയും ഉച്ചത്തിൽ, ഇത്രയും നാളത്തെ അവഗണനയുടെ രോഷവും അമർഷവും എല്ലാം കൂടി അമ്മക്ക് മറുപടി ആയി പറഞ്ഞു തീർക്കുമ്പോൾ അമ്മ ഉത്തരമില്ലാതെ കണ്ണു തുടച്ചു, അച്ഛൻ മുഖം താഴ്ത്തി, അമ്മാളു ഭയന്നു വിറച്ച് തന്നെ നോക്കിയിരുന്നു.

പിറ്റേന്ന് താമസസ്ഥലത്തിന്റെ അഡ്രസ് എഴുതിയ കടലാസ് അച്ഛനെ ഏല്പ്പിച്ച് അമ്മാളുവിനേം കൂട്ടി പടിയിറങ്ങുമ്പോൾ അവൾ

ഒരാശ്വാസത്തിനെന്നവണ്ണം മനസ്സിൽ ഉറക്കെ പറഞ്ഞു. “ഈ ലോകം സ്ത്രീകൾക്കും കൂടി വേണ്ടിയുള്ളതാണ്, ഭർത്താവും, വീട്ടുകാരും ഉപേക്ഷിച്ചവർക്കും

സമൂഹം അവഗണിക്കുന്നവർക്കും അന്തസ്സോടെയും, അഭിമാനത്തോടെയും കൂടി ജീവിക്കാൻ കൂടി വേണ്ടിയുള്ളതാണ്.”


അവൾ അമ്മാളുവിനെ ചേർത്ത് പിടിച്ച് യാത്ര തുടർന്നു.


സൗമ്യ മുഹമ്മദ്‌

അക്ഷരത്തെറ്റ്



 കാത് പൊത്തി വിഭ്രാന്തി പൂണ്ടു ഞാൻ..

മുഴങ്ങുന്നു അട്ടഹാസവും ആർത്തനാദവും…
കനിഞ്ഞില്ല നിദ്രാദേവി പോലും
നൃത്തമാടുന്നു ഭീകരസത്വങ്ങൾ
എൻ കണ്ണിമയിൽ…
തള്ളിയിട്ടു ഞാൻ
എൻ ആത്മശിഖരത്തിൽ
നിന്നും
ദുർഘടമാം ഭ്രാന്തിൻ
കയത്തിലേക്ക് അജ്ഞാനമെന്ന
തൂലികയാൽ രചിച്ചൂ
അക്ഷരത്തെറ്റുകൾ..
നീരാടി ഞാൻ
ചിത്തസമുന്നതിയിൽ
ആദികാരണം വിരിഞ്ഞൂ ഉന്മാദപൂക്കൾ 
എൻ സഖിയുടെ ഹൃത്തടത്തിൽ…
ചുട്ടുപൊള്ളി എൻ മനം 
ഒരു തീക്കനലായ്…

പുളഞ്ഞൂ ഞാൻ
കുറ്റബോധത്തിൻ
തീചൂളയിൽ…
ഒരില പോലും ചലിച്ചില്ല 
എനിക്ക് കുളിർ പകരാൻ.
തിരുത്തേണമെനിക്ക്
ജ്ഞാനമെന്ന
തൂലികയാൽ
എൻ അക്ഷരത്തെറ്റുകളെ.
ആവേഗത്തിൽ
ചുഴറ്റിയെറിഞ്ഞൂ
കണങ്കാലിൽ ചുറ്റി വരിഞ്ഞ 
ചങ്ങലയാം സർപ്പത്തെ…
പുരട്ടി ലേപനം മൃദുവായ്
ദംശന മുറിപ്പാടിൽ
വെട്ടിയൊതുക്കി
ജട പിടിച്ച കാർകൂന്തൽ,
കഴുകി ഞാൻ ആ മൃദുമേനിയെ
എൻ നയനജലത്താൽ..
അണിയിച്ചൂ പുതുഉടയാടകൾ
ഒരുക്കീ ഒരു ദേവിയായ്…
വിരഹത്തിൻ നോവിൽ
വിഭ്രാന്തി പൂണ്ടവൾ
നെടുവീർപ്പിട്ട മാത്രയിൽ…
നീറിപുകഞ്ഞു ഞാൻ
പാപഭാരം പേറി.
കുടിയിരുത്തി ദേവിയെ 
എൻ ഹൃത്തിലെ കൽമണ്ഡപത്തിൽ…
കുങ്കുമാർച്ചന ചെയ്തു
ആരതിയുഴിഞ്ഞൂ ഏവം മൊഴിഞ്ഞു ഞാൻ
നീ എൻ ശരണവും പുണ്യവും…
പ്രതിജ്ഞാനം ചെയ്തു
കെടാവിളക്കിൻ സാക്ഷിയായ്…
ചലിക്കില്ലയെൻ തൂലിക
ഇനിയൊരു അക്ഷരത്തെറ്റിനായ്.

ബിന്ദു ഇ എം

അവൾ


 

അവൾ ഓടുകയായിരുന്നു. നിർത്താതെ.

അവൾക്ക് പിന്നിൽ അവളെ പിന്തുടർന്ന് ഒരുപാടു പേർ.

അവർ ചെറുതും വലുതുമായ കല്ലുകൾ അവളെ ലക്ഷ്യമാക്കിയെറിഞ്ഞു.

വഴിയിൽ വെറുതെ നിന്നവരും ആൾക്കൂട്ടത്തോടൊപ്പം ചേർന്ന് എന്തിനെന്നറിയാതെ അവളെയെറിഞ്ഞു.

മരണ വെപ്രാളത്തോടെ അവൾ പാഞ്ഞപ്പോൾ, ചില കല്ലുകൾക്കേ ലക്ഷ്യത്തിലെത്താനായൊള്ളു.

കേട്ടു വളർന്ന കഥയിൽ ‘നിങ്ങളിൽ പാപം ചെയ്യാത്തവർ ഇവളെ കല്ലെറിയട്ടെ’യെന്നു പറഞ്ഞ് അദ്ദേഹമിപ്പോൾ എത്തേണ്ടതായിരുന്നു.ഇപ്പോൾ വരുമായിരിക്കും .ഓട്ടത്തിനിടയിലും അവൾ പ്രതീക്ഷിച്ചു.

“നീ പാപിയാണ്. മരണമാണതിന്റെ ശിക്ഷ” ആൾക്കൂട്ടം ആക്രോശിച്ചു.

പതുക്കെ അവളുടെ കാലുകൾക്ക് വേഗം നഷ്ടമായി.

ദേഹത്തെ മുറിവുകളിൽ നിന്നും ചോരയൊലിച്ചിറങ്ങി.

അവൾ തളർന്നു വീണു.

പിന്നെ കല്ലുകളുടെ പേമാരി.

ഇതുവരെ ലക്ഷ്യത്തിലെത്താത്ത ഏറുകാരനും വിജയത്തിന്റെ മധുരം. കാഴ്ച നഷ്ടമാവും മുമ്പ് കണ്ണുകൾ വലിച്ചു തുറന്ന് മുന്നിൽ നിന്നവരെ ഒന്നുകൂടി നോക്കി.

എത്രയോ രാത്രികളിൽ തന്നോടൊപ്പം പാപം ചെയ്തവർ…

അവളുടെ മുറിഞ്ഞ ചുണ്ടുകളിൽ ഒരു പുഞ്ചിരി വിടർന്നു.

ജീവന്റെ അവസാന തുടിപ്പുമകലാൻ തുടങ്ങവേ അദ്ദേഹമെത്തി.

“അങ്ങിതുവരെ എവിടെയായിരുന്നു?” വളരെ പ്രയാസപ്പെട്ട് അവൾ ചോദിച്ചു.

“അതിനു ഞാനെങ്ങും പോയില്ലല്ലോ.ഇവിടെത്തന്നെയുണ്ട്.” ആ രാത്രിയുടെ വാടകക്കാരൻ ആലസ്യത്തോടെ പറഞ്ഞു.

പാതിയുറക്കത്തിൽ നിന്നുണർന്ന അവൾ, അരികിൽ വീണ്ടുമുറക്കത്തിലേക്കു വീണ പാപിയെ നോക്കി നെടുവീർപ്പിട്ടു.

ഉറക്കത്തിലും, കൊടുത്ത വാടക മുതലാക്കണമെന്നപോലെ അയാളുടെ കാലും കയ്യും അവളെ വരിഞ്ഞിരുന്നു.

അയാളുടെ ഉച്ഛ്വാസത്തിൽ ഒരുപാടു കല്ലുകൾ അവൾക്കു നേരേ പാഞ്ഞു ചെന്നു.

“നീ പാപിയാണ്. മരണമാണതിന്റെ ശിക്ഷ”. പാപി ഉറക്കത്തിൽ പറഞ്ഞു കൊണ്ടേയിരുന്നു.


അനിൽകുമാർ എം.ബി.

ചിലർക്ക് ശരിയാകും : ചിലർക്ക് ശരിയാകൂല


 പട്ടം പറത്തൽ കണ്ടിട്ടുണ്ടോ.

ബഹുവർണ്ണപ്പട്ടങ്ങൾ തുള്ളി-
ച്ചാടി ഒത്തു പറക്കുന്നത്..
പറത്തൽ ഒരു മത്സരമാകുമ്പോൾ,
ചിലത് ഉയരംകൂടി പറക്കും,
ചിലതു ഇടയിൽ കുടുങ്ങും,
ചിലതു പൊട്ടിവീഴും.

കുതിരകൾ അനങ്ങാതെ നിൽക്കാറില്ല.
കുതിച്ചുചാടി ഒഴുക്കിലോടും.
കുതിരപ്പന്തയം കുരുക്കിടീച്ച
ഓടിക്കലാണ്.
കിണഞ്ഞുശ്രമിച്ചു ചിലതു ശരിയാകും.
കിതച്ചുകിതച്ചു ചിലത് നിലംപൊത്തും.

വാവലുകൾ പകലുറങ്ങാറില്ല.
വെളിച്ചം കാഴ്ചമറയ്ക്കുന്നവിധിയിൽ
വിപ്രതിപത്തി തലകീഴായി കാട്ടുന്നു.
വിരളം ചിലതു വാതുവയ്ക്കാറുണ്ട്.
വെളിച്ചം പ്രശ്നമാക്കാതെ പറക്കാൻ.
ചിലത് തിരിച്ചെത്താറുണ്ട്,
ചിലത് വൈദ്യുതിക്കമ്പിയെ
വെല്ലുവിളിക്കാറുമുണ്ട്…
മദമുള്ളതല്ലോ മദ്യം.
മദിക്കുവാനായ് മനുഷ്യനിർമ്മിതം.
മനസ്സ് മയക്കും ജ്വലിക്കുന്ന ദ്രാവകം.
മദ്യം ആസക്തി ഉളവാക്കാറുണ്ട്,
മനുഷ്യനെ ഭരിക്കാറുണ്ട് :
ചിലർ രക്ഷപ്പെടും,
ചിലർ അടിമകളും .

ജീവിതം ജീവിച്ചുതീർക്കാനുള്ളതാണ്.
ജയേച്ഛ ഒരു വിജയമന്ത്രവും.
ജയപരാജയതുലനത്തിനു ശ്രമിക്കുമ്പോൾ,
സ്പർദ്ധയാൽ മന്ത്രങ്ങൾ തന്ത്രങ്ങളാകും.
ചിലർക്ക് ശരിയാകും :
ചിലർക്ക് ശരിയാകൂല!

ഡോ..സുകേഷ് ആർ എസ്

പ്രണയം


 മാനത്തെ മഴമുകിലേ മുകിലേ,

മാരിക്കുളിരായണയാമോ.

മഴനൂലായി പൊഴിയാമോ..

ഇണ മയിലായ് ഞാനാടാം..

മാനത്തെ മഴമേഘം

പെരുമഴയായണയുമ്പോൾ,

ഇണ മയിലേ ,നിന്നെ കാത്തീ-

താഴ്വരയിൽ ഞാനും കാണും..

വരുമരികെ നീയെന്നാലൊരു

വർണ്ണക്കുട നീർത്താം,

ഇണപിരിയാതൊരു സ്നേഹ

കുളിർ മഴയിൽ നനയാം.

തൂമഞ്ഞിൻ ചേല പുതച്ചൊരു,

മയിലാടുംകുന്നിൽ പോകാം

കിളിപാടും കൊമ്പിലിരുന്നൊരു 

മധുരത്തിൻ തേൻ കനി കൊത്താം.

മലനാടിൻ മലനിരകൾ,

മഞ്ഞ തുകിൽ ചാർത്തുമ്പോൾ,

നിറമുള്ളൊരു സന്ധ്യയിലാ-

പ്രണയ പൂംപൊയ്കയിൽ നിന്നും,

സ്നേഹത്തിൻ മധു നുകരാം, 

നീ വരുമെങ്കിലിണമയിലേ…


വിജയം.ആർ.നായർ

കുട്ടികളിലെ അലർജി : കരുതലും സംരക്ഷണവും

 



ശരീരത്തിൽ കടക്കുന്ന വിവിധ പ്രോട്ടീനുകളോട് ശരീരം തന്നെ അമിതമായി പ്രതികരിക്കുന്നതിനെ “അലർജി” എന്ന് പറയുന്നു. ഇത്തരം അലർജനുകൾ ത്വക്കിലൂടെയും ശ്വസനത്തിലൂടെയും വിവിധ മരുന്നുകളിലൂടെയും ഭക്ഷണത്തിലൂടെയും ശരീരത്തിൽ പ്രവേശിക്കാം. ഇങ്ങനെ ചുറ്റുപാടുകളിൽ നിന്നുള്ള പദാർത്ഥങ്ങളോടോ അവസ്ഥകളോടോ ശരീരം പ്രതികരിക്കുവാൻ തുടങ്ങുന്നതോടെ ലക്ഷണങ്ങൾ കാണിച്ച് തുടങ്ങും. ഇത് ജലദോഷം , ഹേ ഫീവർ, ഭക്ഷണഅലർജികൾ, കുട്ടികളിലെ കരപ്പൻ, അറ്റോപ്പിക് ഡെർമറ്റെറ്റിസ്, ശരീരത്തിലെ ചൊറിഞ്ഞ് തടിപ്പ്(urticaria) എന്നിവയൊക്കെ ആകാം. ഒന്നോ, കൂടുതലോ ലക്ഷണങ്ങൾ ഒരാളിൽ തന്നെ പ്രത്യക്ഷപ്പെടാം. ചിലരിൽ ഒന്ന് മാറി മറ്റൊന്ന് വരാം.ഉദാഹരണത്തിന് തുമ്മൽ, ജലദോഷം മാറുമ്പോൾ ശരീരം ചൊറിഞ്ഞ് തടിപ്പ് വരാം. വളർത്തുമൃഗങ്ങളുമായുള്ള സമ്പർക്കം, കടന്നൽ, തേനീച്ച, തേൾ, എട്ടുകാലി, വിവിധ പുഴുക്കൾ, പോളിസ്റ്റർ പോലുള്ള വസ്ത്രങ്ങൾ, ചില ആഭരണങ്ങൾ എന്നിവയൊക്കെ ശരീരത്തിലെ അലർജിക്ക് കാരണമാകാം.

ഇത് സ്കിൻ അലർജിക്ക് കാരണമാവുകയും ചെയ്യുന്നു. വീട്ടിലെ പൊടി, പൂമ്പൊടി, മൃഗരോഗങ്ങൾ, അടച്ചിട മുറികളിലെ ഫംഗസുകൾ, പൂപ്പലുകൾ, തണുത്തകാറ്റ് എന്നിവയൊക്കെ നാസിക അലർജിയുടെ ചില കാരണങ്ങളാണ്. പെൻസിലിൻ , സൾഫ പോലുള്ള മരുന്നുകൾ, കർപ്പൂരം അടങ്ങിയ ലേപനങ്ങൾ, ചില ഓയിലുകൾ, ചില മരുന്നുകളുടെ അമിത ഉപയോഗം എന്നിവയൊക്കെ അലർജിക്ക് കാരണമാകാം. പാൽ, മുട്ട, ബീഫ്, മട്ടൻ, പോർക്ക്, തോട് അടങ്ങിയ മീനുകൾ, ടിൻ ഫുഡുകൾ, ചോക്ലേറ്റുകൾ, കളർ അടങ്ങിയ ഭഷണപദാർത്ഥങൾ, ഐസ്ക്രീമുകൾ എന്നിവയൊക്കെ ശരീരത്തിലെ ചൊറിഞ്ഞ് തടിപ്പിനോ വയറു പ്രശ്നങ്ങൾക്കോ കാരണമാവാം. ഓർക്കുക ഈ കാരണങ്ങൾ ഒന്നും തന്നെ എല്ലാവർക്കും ഉണ്ടാവണമെന്നില്ല. ജനിതവും പാരിസ്ഥിതികവുമായ ഘടകങ്ങളിലെ മാറ്റങ്ങൾ ഇത്തരം രോഗങ്ങൾ വരാനോ വരാതിരിക്കാനോ കാരണമാവുന്നു. ശരീരത്തിലെ രോഗപ്രതിരോധവ്യവസ്ഥയുടെ പ്രധാന ഭാഗമായ ‘ഇമ്യൂണോഗ്ലോബുലിൻ ഇ’ ഇതിൽ ഒരു പ്രധാന പങ്കു വഹിക്കുന്നു. ഒരു വ്യക്തി ഒരു അലർജനുമായി ഒരു പ്രാവശ്യം ബന്ധപ്പെട്ടത് കൊണ്ട് അയാൾക്ക് അലർജി വരണം എന്നില്ല. തുടർച്ചയായ സമ്പർക്കം മൂലം ശരീരത്തിൽ പ്രതിപ്രവർത്തനങ്ങൾ ഉണ്ടാവുന്നു. ശരീരത്തിലെ പ്രതിരോധശക്തിയ്ക്ക്(immunity) അനുസരിച്ച് ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നു. ഒരിക്കൽ ഇത്തരം ലഷണങ്ങൾ കണ്ടാൽ അത്തരം കാരണങ്ങൾ ഉണ്ടാവുന്ന ഘടകങ്ങൾ ഒഴിവാക്കുവാൻ പരമാവധി ശ്രമിക്കുന്നത് നല്ലതാണ്.

അലർജനുകൾ ശരീരത്തിൽ പ്രവേശിച്ചാൽ ചൊറിച്ചിൽ, കണ്ണ് ചുമപ്പ്, തുമ്മൽ, മുക്ക് ഒലിപ്പ്, നീർ വെപ്പ് ശ്വാസതടസ്സം എന്നിവയൊക്കെ അനുഭവപ്പെടാം. നാസിക അലർജിയുടെ തുടക്കത്തിൽ തുടരെയുള്ള ജലദോഷം, തുമ്മൽ, തൊണ്ടയടപ്പ്, തൊണ്ടവേദന, മൂക്കടപ്പ്, ശ്വാസംമുട്ടൽ എന്നിവയൊക്കെ കാണാറുണ്ട്. ഇത് കുട്ടികളിൽ അഡിനോയ്ഡ് ഗ്രന്ഥി വീക്കത്തിനും, ടോൺസിലൈറ്റിസിനും തൊണ്ടയെ ബാധിക്കുന്ന ഫാരിഞ്ചൽ അലർജിക്കും കാരണമാവുന്നു. മുതിർന്ന വരിലും ഇത്തരം ലക്ഷണങ്ങൾ കാണപ്പെടാറുണ്ട്. തുടക്കത്തിലെ കൃത്യമായ മരുന്നുകൾ കഴിക്കുകയും അലർജി ഉണ്ടാക്കുന്ന ഘടകങ്ങൾ ഒഴിവാക്കുകയും ചെയ്താൽ രോഗമുക്തരാവാം. ഗർഭധാരണ സമയത്ത് അല്ലെങ്കിൽ മുലയൂട്ടുന്ന സമയത്ത് അമ്മയുടെ ഭക്ഷണക്രമീകരണം ഒരു പരിധി വരെ കുട്ടിയ്ക്ക് പ്രതിരോധശക്തി കൂട്ടുന്നതായി കണ്ടിട്ടുണ്ട്.


ഡോ സജിൻ മായഞ്ചേരി

ഒരു പ്രണയ നഗരത്തിലൂടെ

 


കാൽപ്പനിക ഭാവം നിറഞ്ഞ ഒരു നഗരം, ഒരു പക്ഷേ ലോകത്തിലെ തന്നെ ആദ്യ താലസ്ഥാന നഗരങ്ങളിലൊന്ന്. അതാണ് വിറ്റ്നാമിന്റെ തലസ്ഥാനമായ ഹാനോയ്. ആയിരത്തിലേറെ വർഷങ്ങളായി തലസ്ഥാന നഗരി പദം അലങ്കരിക്കുന്ന ചുരുക്കം നഗരങ്ങളിൽ ഒന്ന്. പല പല യുദ്ധങ്ങൾ, അധിനിവേശങ്ങൾ, ഭരണങ്ങൾ, സംസ്കാരങ്ങൾ കണ്ടിരിക്കുന്നു ഈ നഗരം. ഹോവൻ കീം തടാകക്കരയിൽ വളർന്നു വികസിച്ച ഈ നഗരത്തിൽ കാണുവാനും അറിയുവാനും ഏറെയുണ്ട്.


നഗരത്തിൽ നിന്നും മുപ്പത്തഞ്ചു കിലോമീറ്റർ ദൂരത്തുള്ള നോയ് ബായ് അന്തർദേശീയ വിമാനത്താവളത്തിൽ വിമാനമിറങ്ങിയപ്പോൾത്തന്നെ ഹാനോയിയുടെ നുനുത്ത കുളിർക്കാറ്റ് എന്നെത്തലോടിയെത്തി. ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങൾ ഇവിടെ കുളിർകാലമാണ്. ഞാനെത്തിയതാകട്ടെ മാർച്ചുമാസത്തിനൊടുവിലും. എന്നിട്ടും വല്ലാത്തൊരു വികാരമായിരുന്നു ആ കാറ്റിനുണ്ടായിരുന്നത്.

ഹാനോയ് നഗരത്തിലെ പ്രധാന കാഴ്ചകളെല്ലാം ഓൾഡ് ക്വാർട്ടർ എന്നറിയപ്പെടുന്ന നഗര ഹൃദയത്തിൽ തന്നെയാണുള്ളത്. അത് കൊണ്ട് തന്നെ ഞാൻ എന്റെ മുറി ബുക്ക് ചെയ്തിരുന്നതും ഇവിടെത്തന്നെയായിരുന്നു. ഹോവൻ കീം തടാകത്തിലേക്ക് നടക്കുവാനുള്ള ദൂരം മാത്രം. അവിടേക്കുള്ള നടത്തത്തിനു പോലുമുണ്ട് ഒരു പ്രത്യേക സുഖം. രാത്രിയിൽ ആണെങ്കിൽ ഇവിടത്തെ പ്രധാന രാത്രി ചന്തയിലൂടെ ആകും ഈ നടത്തം. വാഹനങ്ങൾ ഒന്നുമില്ലാത്ത, താൽക്കാലിക കടകൾ മാത്രമുള്ള ഈ നിരത്തുകൾ ഈ നഗരത്തിന്റെ മറ്റൊരാകർഷണം.

ഹോവൻ കീം തടാകത്തിലേക്കുന്തിനിൽക്കുന്ന ഒരു ബുദ്ധ ക്ഷേത്രമുണ്ട്. മുപ്പതിനായിരം ഡോങ് ആണ് പ്രവേശന ഫീസ്. നമ്മുടെ നൂറു രൂപയിൽ താഴെ വരും. ടിക്കെറ്റെടുത്താൽ തടാകത്തിനു കുറുകെ പണിതിരിക്കുന്ന ഒരു മനോഹര പാലത്തിലൂടെ ക്ഷേത്രത്തിലെത്താം. തദ്ദേശീയരുടെയും വിദേശികളുടെയും തിരക്ക് തന്നെ എവിടെയും. ഫോട്ടോ എടുക്കുന്നതിനുള്ള അവസരങ്ങൾ ഇവിടെ ധാരാളം. എവിടെ നോക്കിയാലും ഫോട്ടോ എടുക്കുന്നവർ. വെള്ളത്തിലേക്ക് ചാഞ്ഞു നിൽക്കുന്ന മരങ്ങളിൽ അതി സാഹസികമായി കയറി പല വിധ ഭാവങ്ങളിലും ഫോട്ടോ എടുക്കുന്ന തരുണീമണികൾ.


ക്ഷേത്രത്തിനോടനുബന്ധിച്ചുള്ള ഒരു മുറിയിൽ രണ്ടു കൂറ്റൻ ആമകളുണ്ട്. ഈ തടാകത്തിൽ നിന്നും പിടിച്ചവയാണത്രെ. ആന്തരാവയവങ്ങളെല്ലാം നീക്കം ചെയ്ത് ജീവനുള്ളതുപോലെ നിലനിറുത്തിയിരിക്കുന്നു. അതിൽ ഒരാമയുടെ മുഖം വിചിത്രമായിരുന്നു. പൂച്ചയുടെയോ പുലിയുടെയോ മുഖവുമായി എനിക്കതിനു നല്ല സാമ്യം തോന്നി. സന്ദർശകരിൽ ചിലരെല്ലാം ഈ ആമകളെ ഭക്തി പൂർവ്വം നമസ്കരിക്കുന്നുണ്ടായിരുന്നു.


ക്ഷേത്ര സന്ദർശനം നടത്തി തടാകത്തിലെ പാലത്തിൽ നിൽക്കുന്നത് ഒരു അനുഭവം തന്നെയായിരുന്നു. അവിടെ നിന്നും നോക്കിയാൽ ഹാനോയിയുടെ പ്രധാനാകർഷണമായ ടർട്ടിൽ ഗോപുരം കാണുവാൻ കഴിയും. ഈ തടാകം തന്നെ ആമകളുടെ കഥകൾക്ക് പ്രശസ്തമാണല്ലോ. പണ്ടേതോ രാജാവിന്റെ മുൻപിൽ ഒരു ആമ പ്രത്യക്ഷപ്പെട്ടതും അനുഗ്രഹം കൊടുത്തതുമായ കഥകൾ ഇവിടെ പ്രസ്തമാണ്. അതിനു ശേഷം രാജാവിന്റെ ഉടവാളിൽ ആമയുടെ ചിത്രം ഉണ്ടായിരുന്നത്രെ. ആമക്ക് അങ്ങനെ ഇവിടെ ഒരു ദൈവീക പരിവേഷവുമുണ്ട്.

ഹാനോയിയിലെ കുളിരും, ത്വക്കിനെ ഇക്കിളിയിടുന്ന കുളിർകാറ്റും, ആരിലും പ്രണയ വികാരങ്ങൾ ഉണർത്തുന്ന ഒരന്തരീക്ഷം തന്നെ. ഇതിനുമുൻപൊരിക്കലും എനിക്കീ വികാരം മറ്റൊരു സ്ഥലത്തുനിന്നും ഇത്രയും തീവ്രമായി ഉണ്ടായിട്ടില്ല എന്ന് തന്നെ പറയേണ്ടി വരും. മധുവിധുവിനു തിരഞ്ഞെടുക്കുവാൻ ഏറ്റവും ഉത്തമമായ ഒരു സ്ഥലം എന്ന് ഞാൻ ശുപാർശ ചെയ്യും.


മ്യുസിയങ്ങൾ ഇഷ്ടപ്പെടുന്നവർക്ക് ഇവിടെ ധാരാളം അവസരങ്ങളുണ്ട്. വിയറ്റ്നാമിന്റെ ചരിത്രം പറയുന്ന ചരിത്ര മ്യുസിയം തുടങ്ങി അനേകം മ്യൂസിയങ്ങൾ ഇവിടെയുണ്ട്. ഹോ ചി മിൻ മ്യുസിയും, ആർമി, എയർഫോഴ്സ് മ്യൂസിയങ്ങളും എടുത്തു പറയേണ്ടവ തന്നെ. ക്ഷേത്ര ദർശനങ്ങൾ നടത്തണമെങ്കിൽ അതിനുമുണ്ട് ഇവിടെ ഏറെ അവസരങ്ങൾ. സാഹിത്യത്തിന് പോലും ഇവിടെ ക്ഷേത്രമുണ്ട്. ടെമ്പിൾ ഓഫ് ലിറ്ററേച്ചർ ഹാനോയിയിലെ ആദ്യകാല സർവകലാശാല കൂടിയാണ്. തടാകത്തിലേക്ക് കയറിക്കിടക്കുന്ന ഞോങ് സെൻ ക്ഷേത്രം, ബാച്ച് മാ ക്ഷേത്രം, ഹാനി ക്ഷേത്രം തുടങ്ങി ധാരാളമുണ്ട് ഈ പട്ടികയിൽ.


ധാരാളം പൂന്തോട്ടങ്ങളും ഇവിടെയുണ്ട്. ഹോവൻ കീം തടാകത്തിനു ചുറ്റും മനോഹരമായ ഉദ്യാനങ്ങൾ തന്നെ. ഇവിടെയെത്തുന്ന ഇണകൾ ഈ തടാകക്കരയിൽ ഇട്ടിരിക്കുന്ന ഇരിപ്പിടങ്ങളിൽ ഇരുന്ന് പ്രണയം പങ്കുവയ്ക്കുന്നത് കൗതുകകരമായ ഒരു കാഴ്ചയാണ്.


ഇവിടത്തെ പ്രശസ്തമായ വാട്ടർ പപ്പറ്റ് തിയേറ്റർ കുട്ടികളുടെയും മുതിർന്നവരുടെയും ഒരു പ്രധാന വിനോദാകർഷണമാണ്. അതുപോലെ തന്നെയാണ് ഹാനോയ് ഓപ്പറ ഹവുസും ഗോൾഡൻ ബെൽ ഷോയും. ഇവിടെല്ലാം വിയറ്റ്നാമിന്റെ സാംസ്കാരിക പ്രകടനങ്ങൾ നേരിൽ കാണുവാൻ കഴിയും.


ലോകത്തിലെ തന്നെ മികച്ചതും സ്വാദിഷ്ടവുമായ ഭക്ഷണമാണ് വിറ്റ്നാമിലേത്. ഭക്ഷണ യാത്രകൾ സംഘടിപ്പിക്കുന്ന ടൂർ കമ്പനികൾ പോലും ഇവിടുണ്ട്. സസ്യമാംസ ഭക്ഷണങ്ങൾ കോർത്തിണക്കുന്നതിൽ അസാമാന്യ വൈദഗ്ധ്യമുള്ളവരാണ് ഇവിടത്തെ ജനത. പന്നി, പോത്ത്, കോഴി, കടൽ വിഭവങ്ങൾ എന്തുമാകട്ടെ, രുചികരമായ ഭക്ഷണം തയാറാക്കുന്നതിൽ ഇവർക്കുള്ള കഴിവ് എടുത്തു പറയേണ്ടത് തന്നെ. ഫോ ഗാ എന്നറിയപ്പെടുന്ന ചിക്കെൻ നൂഡിൽ സൂപ്പ്, ഫോ ബോ എന്നറിയപ്പെടുന്ന ബീഫ് നൂഡിൽ സൂപ്പ് എന്നിവ എടുത്തു പറയേണ്ട വിഭവങ്ങളാണ്. പാമ്പുകളുടെ വിഭവങ്ങളിൽ പ്രാഗൽഭ്യം അവകാശപ്പെടുന്ന ചില ഹോട്ടലുകളും ഇവിടെയുണ്ട്.


ഹാനോയിലെവിടെയും കിട്ടുന്ന മുട്ടക്കാപ്പി ഒരു പ്രത്യേക അനുഭവം തന്നെയാണ്. മുട്ട അടിച്ചു ചേർത്തുണ്ടാക്കുന്ന ഒരിനം കാപ്പിയാണിത്. ഇത് ഹാനോയിയുടെ മാത്രം പ്രത്യേകതയുമാണ്. ഇപ്പോൾ വിയറ്റ്നാമിലെ പല നഗരങ്ങളിലും ലഭ്യമായി തുടങ്ങിയിട്ടുണ്ട്. ഹാനോയിലെ പഴച്ചാറുകൾക്കുപോലുമുണ്ട് ഒരു പ്രത്യേക രുചി. മിക്ക പഴങ്ങൾക്കൊപ്പവും ഫാഷൻ ഫ്രൂട്ടും ചേർത്താണ് ഇവർ പഴച്ചാറുകൾ ഉണ്ടാക്കുക.

മദ്യവും ബിയറും എവിടെയും സുലഭമായി കിട്ടുന്ന ഈ നഗരത്തിൽ മദ്യപിച്ചു ബഹളമുണ്ടാക്കുന്നവരെയോ മദ്യപിച്ചു എന്ന തോന്നലുണ്ടാക്കുന്നവരെയോ കണ്ടു കിട്ടുക അത്ര എളുപ്പമല്ല. എവിടെ നോക്കിയാലും ചിരപരിചിതരെപ്പോലെ പെരുമാറുന്നവർ മാത്രം. നല്ലൊരു വിനോദ സഞ്ചാര മനസ്സ് ഇവർക്കുണ്ടെന്നു തോന്നും. ടൂറിസം അവരുടെ വരുമാനമാർഗ്ഗമാണെന്ന് തിരിച്ചറിഞ്ഞവർ.


ഹാനോയിൽ നിന്നും നൂറ്റിയെഴുപത് കിലോമീറ്റർ ദൂരത്ത് അതി മനോഹരമായ ഒരു വിനോദ സഞ്ചാര കേന്ദ്രമുണ്ട്. ഹാ ലോങ്ങ് ബേ എന്നറിയപ്പെടുന്ന ഈ പ്രദേശത്ത് ഒരു ദിവസമോ രണ്ടു ദിവസങ്ങളോ പോക്കറ്റിനനുസരിച്ച് തങ്ങുവാൻ പറ്റുന്ന ടൂർ പ്രോഗ്രാമുകളുണ്ട്. ഗൾഫ് ഓഫ് താൻകിയയിലുള്ള ഈ കടലിടുക്കും, അതിലെ അതി മനോഹരങ്ങളായ ചുണ്ണാമ്പു മലകളും, അതിനുള്ളിലെ ഗുഹകളും, ദ്വീപുകളുമെല്ലാം ഫുക്കറ്റിലെ ആന്തമാൻ കടലിലൂടെയുള്ള യാത്രകൾ ഓർമിപ്പിക്കുന്നവയാണ്.

ഹാനോയിലേക്കുള്ള ഒരു യാത്ര നമ്മുടെ പഞ്ചേന്ദ്രിയങ്ങളെയും ഉത്തേജിപ്പിക്കുന്ന ഒരു അത്ഭുതാനുഭവം തന്നെയായിരിക്കും. ആതാമാവിനെ തൊട്ടുണർത്തുന്ന ഒരു യാത്രാനുഭവം നൽകുന്നതിൽ ഹാനോയ് എന്നും മുൻപന്തിയിൽ തന്നെയായിരിക്കും. എന്റെ യാത്രകളിൽ മികച്ച ഒരനുഭവം എനിക്ക് സമ്മാനിക്കുവാൻ ഹാനോയിക്ക് കഴിഞ്ഞു. ഇനിയും ഒരിക്കൽ കൂടി ഇവിടെയെത്തണമെന്ന പ്രാർത്ഥനയോടെയാണ് ഞാൻ വിയറ്റ്നാമിലെ തന്നെ മറ്റൊരു നഗരത്തിലേക്ക് പറന്നത്.


ഡോ. സുനീത് മാത്യു


പാതിരാത്രിയിലെ ഭീകരാക്രമണം


 



പാതിരാത്രിയിലെ ഭീകരാക്രമണം…ആരും പേടിക്കണ്ട! ഞാൻ കാര്യം സധൈര്യം കൈകാര്യം ചെയ്തു….! തൊട്ടടുത്തു കിടന്നുറങ്ങിയയാൾ പോലും അറിയാതെ തന്നെ!! ഭാര്യ അറിഞ്ഞിരുന്നെങ്കിൽ ആകെ പുലിവാൽ ആയേനെ എന്നത് സത്യം. ഇന്ന് ഈ നിമിഷം വരെ അവൾ അത് അറിഞ്ഞിട്ടില്ല. അവളെന്നല്ല, ആരും…!!!

വീട്ടിലെ ഇളയ സന്താനമല്ലേ അവൾ? അതുകൊണ്ടുതന്നെ ചില കാര്യങ്ങൾ ആൾക്കു താങ്ങാൻ കഴിയില്ല. അതുകൊണ്ടീ കാര്യവും രഹസ്യമായി ഇരിക്കുന്നതാണ് നല്ലത് (എന്റെ ആരോഗ്യത്തിന്…)

എന്റെ പ്രിയതമ ബീന നല്ല ഒരു ഭക്ഷണപ്രിയയാണ്. പ്രത്യേകിച്ചും സീ ഫുഡ്. എനിക്കാണെങ്കിൽ കണവ, കൊഞ്ച്, ഞണ്ട് തുടങ്ങിയ നികൃഷ്ട ജീവികളെ ഇഷ്ടമേയല്ല. അതുകൊണ്ടു തന്നെ എന്നെ നോക്കിയിരുത്തിക്കൊണ്ട് ഇതൊക്കെ കടിച്ചു പറിക്കുന്നത് അവളുടെ ഒരു ക്രൂരവിനോദവുമാണ്. ഇക്കാര്യത്തിൽ അവളുടെ എല്ലാ ഗുണവും കിട്ടിയിട്ടുണ്ട്, ഞങ്ങളുടെ കനിഷ്ടപുത്രൻ ശ്രീക്കുട്ടന്. ഈ ഭീകരാക്രമണത്തിനു ഞാൻ ഇരയായത് ഞങ്ങൾ പുതുതായി താമസം മാറിയ വീട്ടിൽ വെച്ചാണ്. വിവാഹം കഴിഞ്ഞ് ഏകദേശം പത്തു വർഷത്തോളം ഞങ്ങൾ പല പല വാടക വീടുകളിൽ ആയിരുന്നു വാസം. പത്തനംതിട്ട ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ. ആദ്യപുത്രൻ ജനിച്ചയുടൻ ബീനയുടെ ജോലി സ്ഥലമായ പുല്ലാട് എന്ന ഗ്രാമത്തിന്റെ ഉള്ളറയിലെ ഒരു ഇരുനിലഭവനത്തിന്റെ മുകൾ നിലയിലെ പരിമിതമായ സൗകര്യത്തിൽ ഒരു വർഷത്തോളം. ബാങ്കിനടുത്ത് നല്ല സൗകര്യമുള്ള മറ്റൊരു വീട് കിട്ടിയപ്പോൾ അങ്ങോട്ട് മാറാൻ ഒട്ടും ചിന്തിക്കേണ്ടി വന്നില്ല. അവിടെ സസുഖം കഴിയവേ ഒരു രാത്രി വീട്ടുടമസ്ഥയായ ഉഷച്ചേച്ചി ഞങ്ങളെ അക്ഷരർത്ഥത്തിൽ ഞെട്ടിച്ചു, കരയിച്ചു! ഒരു മാസത്തിനുള്ളിൽ വീട് ഒഴിഞ്ഞു കൊടുക്കണമത്രേ!!! അവരുടെ ചേച്ചിയുടെ മകന് താമസിക്കാൻ.

ഇതിനിടയിൽ ശ്രീക്കുട്ടനും ജനിച്ചിരുന്നു. രണ്ടു പിറുങ്ങിണി പിള്ളേരും അവരുടെ തന്തതള്ളമാരും….! പാവങ്ങൾ എങ്ങോട്ടു പോകും? അപ്പോൾ ഞങ്ങളുടെ രക്ഷക്കായി അവതരിച്ചു…നാട്ടിൽ അമേരിക്കൻ അമ്മച്ചി എന്നറിയപ്പെടുന്ന, ബീനയുടെ ബാങ്കിലെ ഒരു പ്രധാന കസ്റ്റമർ ആയിരുന്ന ഒരമ്മച്ചി. അക്കാലത്തു പുല്ലാട്, കുമ്പനാട് ഏരിയ ഒക്കെ അറിയപ്പെടുന്നത് അവിടങ്ങളിലെ വിദേശ മലയാളികളുടെ ബാഹുല്യത്താൽ ആണ്. മിക്ക വീടുകളിലും ഒരാൾ എങ്കിലും ഉണ്ടാവും ഏതെങ്കിലുമൊക്കെ അന്യരാജ്യങ്ങളിൽ. ഗൾഫ് നേക്കാൾ അന്നാട്ടുകാരെ മാടി വിളിക്കുന്നത് അമേരിക്കയും യൂറോപ്പും ആസ്ട്രേലിയയും ഒക്കെയാണ്. അങ്ങനെ.

മക്കളൊക്കെ വിദേശത്തുള്ള അമേരിക്കൻ അമ്മച്ചി അറുപിശുക്കി ആയിരുന്നെങ്കിലും ആയമ്മയ്ക്ക് ബീനയെ എന്തുകൊണ്ടോ ഇഷ്ടമായിരുന്നു.

അവൾ അങ്ങനെ അമ്മച്ചിയോട് വിശേഷം പറഞ്ഞവഴിക്കു വീടിന്റെ കാര്യവും വെറുതെ ഒന്ന് സൂചിപ്പിച്ചു. അമ്മച്ചിയുടെ സഹോദരന്റെ മകൻ പണിത് വെറുതെ ഇട്ടിരിക്കുന്ന വീട് എന്തായാലും പുള്ളിക്കാരി ഞങ്ങൾക്കായി സംഘടിപ്പിച്ചു തന്നു. ഒരു പുതിയ ഒറ്റനില വീട്. നേരത്തെ താമസിച്ചിരുന്ന വീടിന്റെ അടുത്ത് തന്നെ.

അങ്ങനെ ഒരു മാർച്ച് മാസത്തിൽ ഞങ്ങൾ പുതിയ വീട്ടിലേക്കു മാറി. ഈ പുതുപുത്തൻവീട്ടിൽ വച്ചാണ് മേൽ പറഞ്ഞ ഭീകര സംഭവം നടക്കുന്നത്.

ഒരു ദിവസം ഞാൻ ജോലി കഴിഞ്ഞു വന്നപ്പോൾ ഒരു ഫോൺ കാൾ. ബീനയുടെ അമ്മ വരുന്നുണ്ട്. ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ ചെന്ന് വിളിച്ചു കൊണ്ട് വരണം. അമ്മായി അമ്മ ഇടയ്ക്കിടെ ഇങ്ങനെ വരാറുള്ളതാണ്. മോൾക്കുള്ള എന്തെങ്കിലും സ്പെഷ്യൽ ഐറ്റംസ് ഒക്കെ ഉണ്ടാവും കയ്യിൽ.

അങ്ങനെ രാത്രി അത്താഴമൊക്കെ കഴിഞ്ഞു, ഉറങ്ങാൻ കിടന്നു. അമ്മയുള്ളതുകൊണ്ടു ഞാൻ ബെഡ് റൂമിനു പുറത്തു നിലത്തു പായ വിരിച്ചാണ് കിടന്നത്. കൂടെ ഹരിക്കുട്ടനും. അമ്മയും മകളും കുഞ്ഞു വാവയും കൂടി കട്ടിലിൽ. ഹാളിൽ കിടന്നാൽ രാത്രി ടീവി കാണാം എന്ന ദുരുദ്ദേശവും ഉണ്ട്. (FTV ഒക്കെ ഉണ്ടല്ലോ…..) അങ്ങനെ രാത്രി കിടന്നു കൊണ്ട് ചാനലുകൾ മാറി മാറി നോക്കി. ഏതോ ഒരു സിനിമാ ചാനലിൽ ബ്രോംസ്റ്റോക്കറുടെ ”ഡ്രാക്കുള!!” പണ്ട് രണ്ടു മൂന്നു തവണ പകുതി കണ്ടു നിർത്തി പേടിച്ചു വിറച്ചു പനി പിടിച്ചതും പിന്നെ കാണാൻ ധൈര്യപെട്ടിട്ടില്ലാത്ത്തുമായ പടം…. അങ്ങനെ വിട്ടാൽ പറ്റില്ല… ഞാനിപ്പോൾ പഴയ പേടിത്തൊണ്ടൻ അല്ല.. പിന്നെ കൂടെ ഹരിക്കുട്ടൻ ഉണ്ടല്ലോ എന്നും ഒക്കെ ഓർത്തു ചാനൽ പിന്നെ മാറ്റിയില്ല. കുറച്ചു കഴിഞ്ഞ് നോക്കുമ്പോൾ ഹരിക്കുട്ടനുണ്ട് കൂർക്കം വലിച്ചുറക്കം. മൂന്നു വയസായ അവനുണ്ടോ ഡ്രാക്കുളയും ലിസയും? ഉള്ളിൽ പേടി തോന്നുന്നുണ്ടോ? ഏയ്..! കൈ കാൽ ഒക്കെ കുറേശെ വിറക്കുന്നോ……? ഇല്ലില്ല. ഞാൻ കല്ലുപോലെ നിൽക്കും!!

ഡ്രാക്കുള ലിസയുടെ ചോര കുടിക്കുന്ന സീൻ…. എന്റെ തൊണ്ട വരണ്ടു….. കുറച്ച് ചോര… അയ്യോ! അല്ല വെള്ളം…അങ്ങനെ പേടിച്ചാലോ….? ഞാൻ എഴുനേറ്റു അടുക്കളയിലേക്ക് നടന്നു… ലൈറ്റ് ഇട്ടു. അവിടെ കമിഴ്ത്തിവച്ച ഒരു വലിയ ചരുവത്തിന്റെ മേൽ വെള്ളം നിറച്ച ജഗ്. ആഹാ! സൗകര്യമായി. ഗ്ലാസ് നോക്കിയിട്ട് കണ്ടില്ല. ജെഗിൽ ഇരുന്ന ചോര… അല്ല വെള്ളം മുഴുവൻ തൊണ്ടക്ക് കമിഴ്ത്തി…! ഓ! എന്തൊരു സമാധാനം. ചോർന്നു പോയ ധൈര്യം തിരികെ വന്ന പോലെ….!! ലൈറ്റ് ഓഫ് ആക്കി ഞാൻ തിരിച്ചു വന്നു കിടന്നു.

ടീവി യിൽ ലിസി രക്ത ദാഹിയായി അലറുന്ന സീൻ…ഈ ഓലപാമ്പു കണ്ടൊന്നും ഞാൻ പേടിക്കൂല… എന്നു മനസിൽ പറഞ്ഞതും കറൻ്റ് പോയതും ഒന്നിച്ചായിരുന്നു.

പേടിയൊന്നുമില്ലെങ്കിലും വെറുതെ ഒരു തമാശയ്ക്ക് തല വഴി പുതപ്പിട്ടു കണ്ണുമടച്ചു ഞാൻ കിടന്നു….. ആഹാ എന്നോടാ കളി!!!! ലിസ ഇപ്പം ഇങ്ങോട്ടു വന്നാൽ എന്നെ കാണാൻ പറ്റത്തില്ലല്ലോ!

മോൻ പേടിക്കാതിരിക്കാൻ അവനെ കെട്ടിപ്പിടിച്ചു… കണ്ണിറുക്കിയടച്ചു ഞാൻ ഉറക്കം കാത്തു കിടന്നു…..

കറൻ്റു വന്നു. ഇനി ടീവീ തുറക്കുന്നില്ല. വെറുതെ മനുഷ്യനെ പേടിപ്പിക്കാൻ ഓരോന്ന് പടച്ചിറക്കുന്ന ഈ സിനിമാക്കാരെ നിർത്തി നിർത്തി വെടിവച്ചു കൊല്ലണം! അല്ല പിന്നെ!!

ഒന്നു മയങ്ങിക്കാണും…..എന്തോ താഴെ വീഴുന്ന മുഴങ്ങുന്ന ശബ്ദം കേട്ടു ഞാൻ ഞെട്ടി ഉണർന്നു. കണ്ണ് തുറന്നു നോക്കി. ചുറ്റും ഇരുട്ട് മാത്രം. ആ ശബ്ദം ഞാൻ വ്യക്തമായി കേട്ടതാണല്ലോ. അടുക്കളയിൽ നിന്നാണോ? ഞാൻ കാതോർത്തു. അതേ… അടുക്കളയിൽ പ്രേതബാധയോ… അതൊന്നറിയണമല്ലോ…. പെട്ടെന്ന് എവിടുന്നോ എനിക്ക് വല്ലാത്ത ധൈര്യം…

മോനെ ഉണർത്താതെ ഞാൻ പതിയെ എഴുന്നേറ്റു. മാർജാരപദവിന്യാസത്തോടെ അടുക്കളയിൽ എത്തി. കള്ളനെ.. പ്രേതത്തെ കയ്യോടെ പിടിക്കണം!! ഒന്നുകിൽ ലിസ.. അല്ലെങ്കിൽ ഞാൻ…. രണ്ടിലൊന്നറിഞ്ഞിട്ട് തന്നെ…..തപ്പി തപ്പി അടുക്കളയിലെ ലൈറ്റ് കത്തിച്ചു. എന്റെ ഊഹം എത്ര കൃത്യം!!!!

സ്റ്റീൽ ചരുവം അതാ തറയിൽ വീണു കിടക്കുന്നു. പക്ഷേ എങ്ങനെ? പേടിയോടെ ധൈര്യം സംഭരിച്ച് ഞാൻ ചുറ്റും കണ്ണോടിച്ചു. ചരുവം മറിച്ചിട്ടയാൾ അനിക്സ്പ്രേ പോലെ???? പൊടിപോലുമില്ല കണ്ടു പിടിക്കാൻ!!!

ചരുവം എടുത്തു മുകളിൽ വയ്ക്കാൻ മുന്നോട്ടാഞ്ഞ ഞാൻ….. ഒന്നു ഞെട്ടി…. സ്വപ്നമോ അതോ യാഥാർഥ്യമോ? അതാ ചരുവം എന്റെ നേർക്കു നിരങ്ങിനീങ്ങുന്നു….. അതേ… എന്റടുത്തേക്ക് എന്നേ എടുത്തോ എന്നു പറയുന്ന പോലെ…. പതുക്കെ നീങ്ങുന്നു….. ഞാൻ അലറി വിളിച്ചു… ശബ്ദം പുറത്തു വന്നില്ലെന്നു വേണം കരുതാൻ….ധൈര്യമായി തിരിഞ്ഞോടി….പായിൽ വന്നു വീണു…

ഒന്നുമറിയാതെ മോൻ കിടന്നുറങ്ങുന്നു.

അവനെ ചേർത്ത് പിടിച്ചു ഞാൻ വീണ്ടും കിടന്നു. ഇപ്പോൾ ചുറ്റും പേടിപ്പിക്കുന്ന നിശ്ശബ്ദത…..!!! പക്ഷെ…..ഞങ്ങൾ അഞ്ചുപേർ അല്ലാതെ വേറെ ആരൊക്കെയോ വീട്ടിനുള്ളിൽ ഉണ്ടെന്ന ഒരു തോന്നൽ. ആരുടെയൊക്കെയോ കാൽ പെരുമാറ്റം കേട്ട പോലെ. എന്റെ പാവം ഹൃദയം പട പട ഇടിച്ചു…

പെട്ടെന്നാണ് അത് സംഭവിച്ചത്!!!!! പുതപ്പിനു വെളിയിലേക്കു നീണ്ടു നിന്ന എന്റെ പാദത്തിൽ….. അതേ എന്റെ പാദത്തിൽ പതിയെ ആഴ്ന്നിറങ്ങുന്ന ലിസയുടെ പല്ലുകൾ……!!!! അല്ല, തോന്നിയതല്ല…. ശരിക്കും എന്റെ രക്തം വലിച്ചു കുടിക്കുകയാണ് !!!! ലിസ കഴുത്തിലല്ലേ കടിക്കേണ്ടത്? ഇതൊന്നും ആലോചിക്കാൻ സമയമില്ല!

ദൈവമേ…. എന്നെ പരീക്ഷിക്കുവാണോ? ”അർജുനൻ ഫൽഗുനൻ പാർത്ഥൻ വിജയനും……” അമ്മ പഠിപ്പിച്ചതിൽ ചിലതൊക്കെ മറന്നു എന്നു തോന്നുന്നു. ഏയ് ഇല്ല!! ഓർത്തിട്ടു വേണ്ടേ മറക്കാൻ?? കണ്ണ് തുറക്കാൻ ധൈര്യമില്ലാതെ ഞാൻ മോനെ ഒന്നുകൂടി കെട്ടിപ്പിടിച്ചു. അവനു പേടി ആയാലോ??? എന്റെ പാദത്തിൽ വീണ്ടും ആഴ്ന്നിറങ്ങുന്ന അവളുടെ പല്ലുകൾ….. ഇനി രക്ഷയില്ല… പെട്ടെന്ന് എന്റെ നാലു ചുറ്റും ആരൊക്കെയോ നടക്കുന്നതായി തോന്നി… ശക്തമായ തോന്നൽ. ഒരാളല്ല!!! ചുറ്റും ആരൊക്കെയോ നടക്കുന്നതായി വ്യക്തമായി എനിക്ക് അറിയാൻ കഴിഞ്ഞു. എന്ത് ചെയ്യും??? ഇതിലും ശക്തമായി എനിക്ക് കണ്ണുകൾ പൂട്ടാൻ കഴിയില്ല. ഹൃദയമിടിപ്പ് എന്റെ ചെവിയിൽ മുഴങ്ങുന്നു. ഫാനിന്റെ ചുവട്ടിലും ഞാൻ വിയർത്തു കുളിച്ചു.

ഇനി വയ്യ..! താങ്ങാവുന്നതിനും അപ്പുറമായാണ് ഈ വിഹ്വലത!!! ഞാൻ കണ്ണ് തുറന്നു. എന്തും വരട്ടെ……!! വീട്ടിലെ സ്ത്രീകളും കുട്ടികളും ഒക്കേ എന്റെ സംരക്ഷണയിലാണ്. അങ്ങനെയുള്ള വീരകേസരിയായ ഞാൻ പേടിക്കാനോ!! അങ്ങനെ എഴുന്നേറ്റു ഞാൻ ലൈറ്റ് ഓൺ ചെയ്തു. അപ്പോൾ കണ്ട രംഗം…..

ഇളയ മകൾക്കുവേണ്ടി ‘അമ്മ പൊതിഞ്ഞു കെട്ടിക്കൊണ്ടുവന്ന ജീവനുള്ള ഞണ്ടുകൾ, തങ്ങളെ തടങ്കലിൽ പാർപ്പിച്ച സ്റ്റീൽ ചരുവത്തിൽ നിന്നും പുറത്തു ചാടി…. വെള്ളം നിറച്ച ജഗ് എടുത്തു മാറ്റി അവരെ തടവു ചാടാൻ സഹായിച്ച എൻ്റെ കാലു പിടിച്ച്

ഉമ്മ വെച്ചു നന്ദി പ്രകടനം നടത്തിയതായിരുന്നു എന്ന് ഡ്രാക്കുള കണ്ടു ലിസയെ സ്വപ്നം കണ്ടു കിടന്ന ഞാനുണ്ടോ അറിയുന്നു????.


സുനിൽകുമാർ  വിശ്വനാഥൻ

തകർന്നകൂടിൻ്റെ കഥപറയുന്ന ചാരുലത !

 


സ്നേഹശൂന്യമായ ജീവിതത്തിന്റെ നിരർത്ഥകതയും അതുണ്ടാക്കുന്ന പ്രത്യാഘാതങ്ങളും അതിമനോഹരമായി അവതരിപ്പിക്കുന്ന രബീന്ദ്രനാഥടാഗോറിൻ്റെ ആത്മകഥാംശമുള്ള നോവലാണ് ‘ചാരുലത.

നിഷിദ്ധമായ സ്നേഹത്തെ വളരെ ഒതുക്കത്തോടെയും ഒട്ടും പാപപങ്കിലമാകാതെയും ടാഗോർ ആവിഷ്കരിച്ചിരിക്കുന്നു. നോവലിലെ കഥാപാത്രമായ ചാരുലതയ്ക്ക് തന്റെ ഭർത്താവിൽ നിന്ന് ലഭിക്കാതെ പോയ സ്നേഹമാണ് അമലിൽ അവളെ ആകൃഷ്ടയാക്കുന്നത്. പക്ഷെ, അമലിന്റെ സ്നേഹവും പൂർണമായി അവൾക്ക് ലഭിക്കുന്നില്ല, അവനേയും അവൾക്ക് നഷ്ടമാകുന്നു, എങ്കിലും ചാരുവിന്റെ ജീവിതത്തിൽ ഇതൊരു പാപക്കറയായി അനുവാചകർക്ക് ഒരിക്കലും അനുഭവപ്പെടുന്നില്ല…

‘ തകർന്ന കുട് ‘ എന്നർത്ഥം വരുന്ന ‘ നസ്തേനീർ ‘ എന്ന പേരിൽ ബംഗാളിയിൽ പ്രസിദ്ധീകരിക്കപ്പെട്ട നോവൽ ചാരുലത എന്ന പേരിൽ സത്യജിത് റേ ചലച്ചിത്രമാക്കിയിട്ടുണ്ട്.

‘ചാരുലത ‘ ഈ പേരുതന്നെയാണ് മലയാളപരിഭാഷയ്ക്കും നൽകിയിട്ടുള്ളത്.

ആധുനികകാലത്ത് സങ്കീർണമാവുന്ന സ്ത്രീപുരുഷബന്ധങ്ങളുടെ സമസ്യകളിലേക്ക് കൂടി ഒരു നൂറ്റാണ്ടിനു മുമ്പ് രചിച്ച ഈ നോവൽ വിരൽ ചൂണ്ടുന്നുണ്ട്.. അവിടെയാണ് നോവലിന്റെ പ്രസക്തിയേറുന്നത്..

നിഷിദ്ധമായ സ്നേഹത്തെ വളരെ ഒതുക്കത്തോടും പക്വതയോടെയുമാണ് ടാഗോർ ഈ നോവലിൽ ആവിഷ്കരിച്ചിരിക്കുന്നത്..

ജീവിതത്തിൽ എത്രമാത്രം സുഖസൗകര്യങ്ങളുണ്ടെങ്കിലും അതിനൊന്നിനും സ്നേഹത്തിന് പകരമാകാനാകില്ലെന്ന സന്ദേശം കൂടി ഈ നോവൽ മുന്നോട്ട് വെയ്ക്കുന്നുണ്ട്. സ്നേഹത്തിന് വേണ്ടി ദാഹിക്കുന്ന മനസ്സുള്ള ഒരു യുവതിയെ നമുക്ക് ഈ കഥയിലുടനീളം കാണാനാകും …

ഒരു വിശ്വാസവഞ്ചനയും, അതു ജീവിതത്തിൽ ഉണ്ടാക്കുന്ന പരിണതഫലങ്ങളും കൂടി ടാഗോർ ഈ നോവലിൽ ആവിഷ്കരിക്കുന്നുണ്ട്..

ചാരുലത എന്ന നായിക സമ്പന്നകുടുംബത്തിലെ അംഗമാണ്. അവളുടെ ഭർത്താവ് ഭൂപതി സ്വന്തമായി ഒരു പത്രം നടത്തുന്നു…

പത്രത്തിന്റെ ആവരണത്തിന്നുള്ളിൽ അകപ്പെട്ടിരിക്കുന്ന ഭൂപതിയെന്ന ഭർത്താവിനെ ചാരുലതയ്ക്ക് സ്നേഹിക്കാനോ സംസാരിക്കാനോ ഒരിക്കൽ പോലും കിട്ടിയിരുന്നില്ല.. ഭൂപതി ഒരു തരത്തിലും ചാരുലതയെ എതിർക്കാറില്ല, അവളിൽ നിന്നും ഒന്നും ആഗ്രഹിക്കാറുമില്ല.. ആ വലിയ വീട്ടിൽ അവൾക്ക് സംസാരിക്കാനോ സ്നേഹിക്കാനോ ആരുമില്ല, തികച്ചും വിരസമായ ജീവിതമാണ് അവൾ നയിച്ചിരുന്നത്..

യുവതിയായ അവൾക്ക് ദാമ്പത്യത്തിന്റെതേയായ ഒരു സുഖങ്ങളും ലഭിച്ചിരുന്നില്ല.. സ്ത്രീകളാരും കൂട്ടിനില്ലാത്തതാണ് അവളുടെ ദുഃഖമെന്ന് കരുതിയ ഭർത്താവ് ഭൂപതി അവളുടെ സഹോദരന്റെ ഭാര്യ മന്ദാകിനിയെ അവൾക്ക് കൂട്ടിനായി അവരുടെ വീട്ടിലേക്ക് കൊണ്ടുവരുന്നു..

ഭർത്താവ് എന്ന നിലയിലുള്ള തന്റെ ഉത്തരവാദിത്വങ്ങളെല്ലാം കഴിഞ്ഞുവെന്നാണ് അയാൾ കരുതുന്നത്.

വായനയിൽ താല്പര്യമുണ്ടായിരുന്ന ചാരുലത പലവിധത്തിലും വായിക്കാനുള്ള ശ്രമങ്ങൾ നടത്തി .അവളുടെ വിരസത ഒഴിവാക്കാൻ അവൾ കണ്ടെത്തിയ മാർഗമായിരുന്നു വായന.

ഭൂപതിയുടെ പിതൃസഹോദരിയുടെ മകൻ അമലിനെ സമീപിച്ചു കൂടുതൽ കാര്യങ്ങൾ അവൾ പഠിച്ചു . തന്റെ കാര്യങ്ങൾ സാധിക്കാൻ അമലിന്റെ പലവിധ ഇഷ്ടങ്ങൾക്കും വാശികൾക്കും അവൾക്ക് കീഴ്പ്പെടേണ്ടതായി വരുന്നു.. ധനികഗൃഹത്തിലെ അംഗമായ ചാരുലതയ്ക്ക് വീട്ടിൽ ആരുടെയും ആവശ്യങ്ങൾ നിറവേറ്റി കൊടുക്കേണ്ടതില്ല. എന്നാൽ അമൽ ചാരുവിനെ കൊണ്ട് തനിക്കു വേണ്ടതെല്ലാം സാധിച്ചെടുക്കുകയായിരുന്നു . ഈ മോഹങ്ങൾ നിറവേറ്റി കൊടുക്കുന്നതിലൂടെ ചാരുവിന്റെ ഹൃദയവും സന്തോഷം അനുഭവിച്ചിരുന്നു.. അവർ തമ്മിലുള്ള അടുപ്പം നാൾക്കുനാൾ വർദ്ധിച്ചുവന്നു..

ഭൂപതിയുടെ മുറിക്ക് മുന്നിളുള്ള തോട്ടം പുനരുദ്ധരിക്കാൻ ചാരുവും അമലും ചേർന്നു തീരുമാനിക്കുന്നു.. അവർ അതിനുവേണ്ട കാര്യങ്ങളെപ്പറ്റി ചർച്ച ചെയ്യുന്നു. രണ്ടുപേർക്കും ഒരുപാട് ആശയങ്ങളും സ്വപ്നങ്ങളും അതെപ്പറ്റിയുണ്ടായിരുന്നു…

അതിന് എത്ര ചെലവ് വരുമെന്ന എസ്റ്റിമേറ്റ് അവർ തയ്യാറാക്കി.. ചാരു തന്റെ ഭർത്താവിനെ അറിയിക്കാതെ പണി പൂർത്തിയാക്കണമെന്നും ഉദ്യാനം തയ്യാറായ ശേഷം അദ്ദേഹത്തെ കൊണ്ടുപോയി കാണിക്കണമെന്നും ആഗ്രഹിച്ചു…

ചാരുവും അമലും ആഗ്രഹിച്ച രീതിയിലുള്ള തോട്ടം പണിയാൻ ചാരുവിന്റെ കൈയിലെ പണം തികയില്ല … ആഗ്രഹിച്ചതു പോലെയല്ലാത്ത ഒരു തോട്ടം പണിയുന്നതിൽ ചാരുവിന് താല്പര്യവുമുണ്ടായിരുന്നില്ല. അവസാനം അതെചൊല്ലി അവർ തമ്മിൽ തർക്കമാകുന്നു. അങ്ങനെ ആ ശ്രമം ഇരുവരും ഉപേക്ഷിക്കുന്നു..

അവരുടെ സകല സങ്കല്പങ്ങളും അവർ മാത്രമറിയണം. അവർ തമ്മിൽ മാത്രമുള്ളതായിരിക്കണം എന്നതിന് അവർ അതീവ പ്രാധാന്യം നൽകിയിരുന്നു.

തോട്ടത്തെപ്പറ്റി അമൽ ഒരു കഥ എഴുതുന്നു. അതു ആദ്യമായി ചാരുവിനെ വായിച്ചു കേൾപ്പിക്കുന്നു.. അമലിന് അത് ചാരുവിനെ കാണിക്കാൻ വല്ലാത്ത ഒരു വ്യഗ്രതയായിരുന്നു. വീണ്ടും എഴുതാൻ ചാരു അമലിനെ പ്രേരിപ്പിക്കുന്നു.

ക്രമേണ അമലിന്റെ എഴുത്തുകളുടെയെല്ലാം ആദ്യ വായനക്കാരിയായി ചാരു മാറുന്നു.. അമലിന്റെ ലേഖനങ്ങൾ പല വാരികകളിലും പ്രസിദ്ധീകരിക്കുന്നു. അവൻ പ്രശസ്തനാകുന്നു.. അമലിന്റെ ലേഖനങ്ങൾ താൻ ആദ്യം വായിക്കണമെന്നൊരു നിർബന്ധം ചാരുവിനുണ്ടായിരുന്നു. അമൽ തന്നോട് സംസാരിക്കണം തന്നെ സ്നേഹിക്കണം എന്നൊരു ചിന്തയും അവൾക്കുണ്ടായിരുന്നു. മന്ദയോട് അമൽ കഥകളെപ്പറ്റിയോ എഴുതിനെപ്പറ്റിയോ സംസാരിക്കുന്നത് അവൾക്ക് ഇഷ്ടമല്ല. അമൽ തനിക്ക് മാത്രം സ്വന്തം എന്ന സ്വാർത്ഥതാല്പര്യം അവൾക്കുണ്ടായിരുന്നു.

അമൽ കൂടുതൽ പ്രശസ്തിയുടെ പടവുകൾ കയറുമ്പോൾ ചാരുവുമായി ഒരു അകൽച്ച ഉണ്ടാകുന്നു.

ചാരു എഴുതിയ ഒരു ലേഖനം അവൾ അറിയാതെ അമൽ പ്രസിദ്ധീകരിക്കുന്നു. ഭൂപതിയിൽ നിന്ന് ഇക്കാര്യമറിഞ്ഞ ചാരു അമലിന്റെ വിശ്വാസവഞ്ചനയിൽ ദേഷ്യം തോന്നുന്നു… അവളുടെ ലേഖനത്തിന് കിട്ടിയ പ്രശംസ അവളെ സന്തോഷിപ്പിക്കുന്നില്ല.. അമൽ ഇതെപ്പറ്റി സംസാരിക്കാൻ വരുമെന്ന് അവൾ കരുതുന്നുണ്ടെങ്കിലും അവൻ അവളിൽ നിന്ന് കൂടുതൽ അകലുകയാണ് ചെയ്യുന്നു. ചാരു അമലിന്റെ അകൽച്ചയിൽ അതീവദുഃഖിതയായിരുന്നു.

ചാരുവിന്റെ സഹോദരനും ഭൂപതിയുടെ പത്രത്തിന്റെ മാനേജരുമായ ഉമാപദ് പലവിധത്തിലുള്ള വിശ്വാസവഞ്ചനകൾ ഭൂപതിയോട് കാണിക്കുന്നു , അയാളുടെ വിശ്വാസവഞ്ചന പിടിക്കപ്പെട്ടപ്പോൾ അയാൾ തന്റെ നാട്ടിലേക്ക് മടങ്ങി പോകാൻ തീരുമാനിക്കുന്നു. ഏറെ വിശ്വസിച്ച തന്റെ ബന്ധുവിന്റെ ഈ പ്രവൃത്തിയിൽ ഭൂപതി അതീവദുഃഖിതനാകുന്നു… മന്ദ വീട്ടിൽ നിന്നും പോകാൻ തീരുമാനിച്ചത് ചാരു തന്നെയും മന്ദയെയും കുറിച്ചു ഭൂപതിയോട് കുറ്റം പറഞ്ഞതു കൊണ്ടാണെന്നു അമൽ കരുതുന്നു.അതു അമലിന് ചാരുവിനോടുള്ള ദേഷ്യം വർദ്ധിപ്പിക്കുന്നു.

ഇതിനിടയിൽ അമലിന്റെ വിവാഹം വർദ്ധമാനിലുള്ള വക്കീലിന്റെ മകളുമായി നിശ്ചയിക്കുന്നു. അമലിനെ അവർ ഇംഗ്ലണ്ടിലേക്ക് കൊണ്ടുപോകാൻ തീരുമാനിക്കുന്നു.

ഭൂപത്തിയുടെ പത്രം ഓഫീസ് പൂട്ടുന്നു .ഭൂപതി ഗൃഹകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കുന്നു.. അമലിന്റെ വിയോഗം ചാരുവിനെ ഏറെ ദുഖിപ്പിക്കുന്നത് കഥയുടെ അന്ത്യത്തിൽ നമുക്ക് കാണാനാകും. ഭൂപതിയെ സ്നേഹിക്കാനോ പരിചരിക്കാനോ പോലും ചാരുവിന് പലപ്പോളും താല്പര്യമില്ല.

അമലിനെപ്പറ്റിയുള്ള ചിന്തകളിൽ ചാരു ജീവിക്കുന്നു.. അവരുടെ ദാമ്പത്യത്തിൽ പലവിധത്തിലുള്ള ഉലച്ചിലുകൾ അതിനിടയിൽ ഉണ്ടാകുന്നുണ്ട്.. മൈസൂരിൽ ഒരു പത്രറിപ്പോർട്ടറായി ജോലി കിട്ടുന്ന ഭൂപതി അവിടേക്ക് യാത്ര തിരിക്കുന്നു.. ആദ്യം തന്നെയും കൂടെ കൊണ്ടുപോകാൻ ചാരു ആവശ്യപ്പെടുന്നുണ്ട്. അമലിന്റെ ഓർമ്മകളിൽ നിന്ന് അവൾ ഓടി രക്ഷപ്പെടാൻ ശ്രമിക്കുകയാണ് .തന്റെ കാര്യങ്ങൾ നോക്കാതെ സദാസമയം അന്യപുരുഷനെപ്പറ്റി ചിന്തിച്ചുകഴിയുന്ന ഭാര്യയുടെ കൂടെയുള്ള ജീവിതം ദുസഹമെന്ന് കരുതുന്ന അയാൾ ആദ്യം അവളെ കൂടെകൊണ്ടുപോകാൻ തയ്യാറാകുന്നില്ല.. അവളുടെ വരണ്ട മുഖവും ഭാവങ്ങളും കണ്ട് അയാൾ പിന്നീട് അതിനു സമ്മതിക്കുന്നുണ്ടെങ്കിലും ചാരു അതിന് സമ്മതിക്കുന്നില്ല.

സ്നേഹശൂന്യമായ ജീവിതത്തിന്റെ നിരർത്ഥകതയ്ക്കും അതുമൂലമുണ്ടാകുന്ന പ്രത്യാഘാതങ്ങൾക്കും അടിവരയിട്ട് അവതരിപ്പിക്കുന്ന നോവലാണ് ചാരുലത. നിഷിദ്ധമായ സ്നേഹത്തെ വളരെ ഒതുക്കത്തോടെയും ഒട്ടും പാപപങ്കിലമാകാതെയും ടാഗോർ ആവിഷ്കരിച്ചിരിക്കുന്നു. ചാരുലതയ്ക്ക് തന്റെ ഭർത്താവിൽ നിന്ന് ലഭിക്കാതെ പോയ സ്നേഹമാണ് അമലിൽ അവളെ ആകൃഷ്ടയാക്കുന്നത്. അമലിന്റെ സ്നേഹവും പൂർണമായവൾക്ക് ലഭിക്കുന്നില്ല, അവനേയും അവൾക്ക് നഷ്ടമാകുന്നു,

എന്നാൽ ചാരുവിന്റെ ജീവിതത്തിൽ ഇതൊരു പാപക്കറയായി അനുവാചകർക്ക് ഒരിക്കലും അനുഭവപ്പെടുന്നില്ല…

വിശ്വാസവഞ്ചനയുടെ മറ്റൊരു തലംകൂടി ടാഗോർ ഈ നോവലിലൂടെ പറയുന്നുണ്ട്… പച്ചയായ ജീവിതങ്ങളുടെ ഹൃദ്യമായ ആവിഷ്കാരത്തിലൂടെയും ജീവിതത്തിൽ സ്നേഹത്തിനുള്ള പ്രാധാന്യം അവതരിപ്പിക്കുന്നതിലൂടെയും ഈ നോവൽ വേറിട്ട ഒരു വായനാനുഭവം നൽകുന്നു.


എം ബി ശ്രീക്കുട്ടി 

കുട്ടികൾക്കായി ഒരു നേന്ത്രപ്പഴ വിഭവം

 


പ്രഭാതഭക്ഷണം ആണല്ലോ ഒരു ദിവസത്തേക്ക് വേണ്ട ഊർജത്തിന്റെ പ്രധാന സ്രോതസ്. അത് സമ്പൂർണ്ണമായിരിക്കണം. പ്രത്യേകിച്ചും കുട്ടികൾക്ക്. മിക്ക കുട്ടികൾക്കും ഒരേ ഭക്ഷണം തന്നെ കഴിക്കുവാൻ മടിയായിരിക്കുമല്ലോ. അവർക്കു വേണ്ടി നമുക്കൊരു പ്രഭാത ഭക്ഷണം തയ്യാറാക്കാം. അതിൽ അവർക്കാവശ്യമായ അവശ്യ ഘടകങ്ങൾ എല്ലാം അടങ്ങിയിരിക്കണം. അന്നജം, മാംസ്യം, കൊഴുപ്പ് എന്നിവ കൃത്യമായ അനുപാതത്തിലായിരിക്കണം. ജീവകങ്ങൾ, ആവശ്യധാതുക്കൾ എന്നിവയാൽ സമ്പുഷ്ടമായിരിക്കണം.

ചേരുവകൾ

നേന്ത്രപ്പഴം 2

മുട്ട 2

നാളികേരം ചിരകിയത് 1/ 2 കപ്പ്ശർക്കര പൊടിച്ചത്/ ബ്രൗൺ നിറത്തിലുള്ള പഞ്ചസാര 4 ടേബിൾ സ്പൂൺ

അണ്ടിപ്പരിപ്പ്, ബദാം, ഉണക്ക മുന്തിരി 1 / 4 കപ്പ്

നെയ്യ് 4 ടേബിൾ സ്പൂൺ

തയ്യാറാക്കുന്ന വിധം

ഒരു പാനിൽ നെയ്യൊഴിച്ച് ചെറുതായി അരിഞ്ഞ നേന്ത്രപ്പഴം, ബ്രൗൺ നിറമുള്ള പഞ്ചസാര എന്നിവ ചേർത്ത് നല്ലൊരു മണം വരുന്നത് വരെ ഇളക്കുക. അതിലേക്കു രണ്ടു മുട്ട ചേർത്തു വീണ്ടും നന്നായി ഇളക്കുക. വീണ്ടും ഇതിലേക്ക് ചിരകി വച്ചിരിക്കുന്ന തേങ്ങ ചേർത്ത് ഇളക്കുക. ഇതിലേക്ക് ബദാം, അണ്ടിപ്പരിപ്പ്, ഉണക്കമുന്തിരി എന്നിവ ചേർത്ത് വീണ്ടും നന്നായി ഒരു പത്തു മിനിറ്റോളം ഇളക്കുക. വളെരെ രുചികരവും ഗുണകരവുമായ പ്രഭാതഭക്ഷണം തയ്യാറായിക്കഴിഞ്ഞു. പൊതുവെ ഭക്ഷണത്തോട് വിമുഖത കാട്ടുന്ന കുട്ടികൾക്കും ഈ വിഭവം ഹൃദ്യമായിരിക്കും. ഇതോടൊപ്പം ഒരു ഗ്ലാസ് പഴച്ചാറോ മിൽക്ക് ഷെയ്ക്കോ നൽകിയാൽ കുട്ടികൾക്കും വ്യത്യസ്തമായ ഒരനുഭവമായിരിക്കും.



ഡോ. ഷേർളി സുനീത്  

പ്രതികരണങ്ങൾ


 ഇതിവൃത്തം വളരെ നല്ല നിലവാരം പുലർത്തുന്ന ഒരു ആനുകാലിക പ്രസിദ്ധീകരണമായി തോന്നി.

‘ഊർമ്മിള” ഒരു പുസ്തകമായി പ്രസിദ്ധീകരിക്കാൻ മാത്രം ദൈർഘ്യമുണ്ടല്ലോ. കാലോചിതമായി.

“മറഡോണ ” കവിത കൂടി ഉൾപ്പെടുത്തിയത് വളരെ നന്നായി. എന്തൊക്കെയായാലും ഈ ചികിത്സാ തിരക്കുകൾക്കിടയിൽ ഇത്തരത്തിലൊരു സാംസ്കാരിക പ്രവർത്തനം തികച്ചും ശ്രമകരമാണ്. ആ മേഖലയിൽ കൂടി നല്ല രീതിയിൽ പ്രവർത്തനം തുടരുന്ന ഡോ. സുനീതിനെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല. തുടർന്നും മികച്ച പ്രവർത്തനങ്ങൾ നടത്താൻ കഴിയട്ടെഎന്ന് ആശംസിക്കുന്നു. മാസികയ്ക്ക് എല്ലാ വിധ ഭാവുകങ്ങളും നേരുന്നു

ഡോ. മിനി ഷിബു, പൂത്തോട്ട


ഡിസംബർ ലക്കം മാസിക മനോഹരമായിട്ടുണ്ട്. മുഖചിത്രം മുതൽ അവസാന ഇതൾ വരെ മനോഹരമാക്കുവാൻ കഴിഞ്ഞു. ഏതെങ്കിലും ഒരു കൃതി എടുത്തു പറയുവാൻ കഴിയാത്തത്ര മനോഹരങ്ങളാണ് ഓരോ സൃഷ്ടികളും. മറ്റുമാസികകളിൽ നിന്നും വിഭിന്നമായൊരു വായന നൽകുവാൻ ഇതിവൃത്തത്തിനു കഴിയുന്നുണ്ട്. ഊർമ്മിള ഒരു പരീക്ഷണമായി എഡിറ്റോറിയലിൽ എഴുതിയിരിക്കുന്നത് കണ്ടു. ഇത്തരം പരീക്ഷണങ്ങൾ ഒരു മാസികയെ സംബന്ധിച്ച് നല്ലതാണ് എന്നതിന് തെളിവാണ് ഈ ലക്കം. എഡിറ്റോറിയലിൽ തുടങ്ങുന്ന ഊർമ്മിള കഥകളായും, കവിതയായും ഈ ലക്കത്തിലൂടെ സ്ത്രീത്ത്വത്തെ തൊട്ടുണർത്തി. മാസികയ്ക്കും അണിയറ പ്രവർത്തകർക്കും ആശംസകൾ. ഇതിവൃത്തം മാസിക ജനഹൃദയങ്ങളിലേക്ക് ഊർന്നിറങ്ങട്ടെ.

വിശ്വനാഥൻ തമ്പി, ആലുവ


കെട്ടിലും മട്ടിലും കേമം. മൂന്നു ലക്കങ്ങളും വായിച്ചു. ഒന്നിനൊന്നു മെച്ചം. ആരോഗ്യം, യാത്ര, പാചകം, പുസ്തകാസ്വാദനം തുടങ്ങി എല്ലാം ഒത്തുചേരുന്ന ഒരു മാസിക. കായികം, സിനിമ എന്നിവയ്ക്കുകൂടി ഇടം ഒരുക്കിയിരുന്നെങ്കിൽ, ആഹാ ഇതിവൃത്തത്തിനെ വെല്ലാൻ മറ്റൊന്നുണ്ടാകുമായിരുന്നില്ല. മികച്ച രചനകൾ. സമ്പൂർണ്ണം, സമ്പുഷ്ടം. അടുത്ത ലക്കത്തിനായി കാത്തിരിക്കുന്നു.

മേനക ശരൺ


കഥകളും കവിതകളും നന്നാകുന്നു. പ്രത്യേകിച്ചും കഴിഞ്ഞ ലക്കത്തിലെ ഒരേ തീമിലുള്ള കഥകൾ. ഒരു ഓൺലൈൻ മാസിക ഇത്ര ആകർഷകമാകും എന്നറിയുന്നത് ഇപ്പോഴാണ്. ഇതിവൃത്തം മാസികയ്ക്കും എഴുത്തുകാർക്ക്കും അഭിനന്ദനങ്ങൾ.

പ്രവീൺ ജോർജ്


ഇതിവൃത്തത്തിന് ആശംസകൾ നേരുന്ന എല്ലാ അഭ്യുദയകാംഷികൾക്കും ഞങ്ങളുടെ സ്നേഹം അറിയിക്കുന്നു. ഓരോ ലക്കവും കൂടുതൽ മെച്ചപ്പെടുത്തുവാൻ ഞങ്ങൾ ജാഗ്രത പുലർത്തും എന്ന ഉറപ്പും ഇതോടൊപ്പം നൽകുന്നു. നമുക്കൊറ്റക്കെട്ടായി ഇതിവൃത്തം മാസികയെ ജനഹൃദയങ്ങളിലേക്കെത്തിക്കാം.

എഡിറ്റർ