2022 ഓഗസ്റ്റ് 27, ശനിയാഴ്‌ച

ഇതിവൃത്തം മലയാള സാംസ്‌കാരിക മാസിക, ഓഗസ്റ്റ് 2022, ലക്കം 23


 

മുഖമൊഴി

ഒരിക്കൽ ഒരു കൂട്ടം കോഴിമുട്ടകൾക്കിടയിൽ ഒരു പരുന്തിന്റെ മുട്ടയും അബദ്ധത്തിൽ പെട്ടുപോയി. അമ്മക്കോഴി അടയിരുന്നു മുട്ടകൾ എല്ലാം വിരിഞ്ഞു. പരുന്തിൻ കുഞ്ഞും കോഴികുഞ്ഞുക്കൾക്കിടയിൽ വളർന്നു. അവരെപ്പോലെ ആഹാരം കഴിച്ചു, ഉയരങ്ങളിൽ പറക്കുവാൻ ഭയന്ന് ചെറിയ പൊക്കത്തിൽ മാത്രം പറക്കുന്ന കോഴികളെപ്പോലെ മാത്രം ജീവിച്ചു. ഒരിക്കൽ ഉയരത്തിൽ പറക്കുന്ന ഒരു പരുന്ത് ഇതിന്റെ ശ്രദ്ധയിൽപ്പെട്ടെങ്കിലും അതിനെ അനുകരിക്കുവാൻ ശ്രമിച്ചതുപോലുമില്ല. തനിക്ക് ഉയരത്തിൽ പറക്കുവാൻ കഴിയില്ല എന്ന തോന്നൽ ആയിരിക്കണം അതിനു കാരണം. പരുന്ത് കോഴിയായിത്തന്നെ ജീവിച്ചു മരിച്ചു.

നമ്മൾ പലരും ഇങ്ങനെത്തന്നെയാണ്. വെറുതെ അങ്ങ് ജീവിച്ചു മരിക്കും. തങ്ങളുടെ കഴിവുകൾ ഒരിക്കലും പുറത്തെടുക്കുകയില്ല. പലർക്കും അവരവരുടെ കഴിവുകളിൽ വലിയ വിശ്വാസം ഇല്ല എന്നതു തന്നെയാണ് സത്യം. ഒരു ഡോക്ടറുടെ മക്കൾ ഡോക്ടർ ആയും, വക്കീലിന്റെ മക്കൾ വക്കീലായും ജീവിച്ചു മരിക്കുന്ന ഒരു സമ്പ്രദായമാണ് ഇവിടെ നിലനിൽക്കുന്നത് എന്ന് പറയാതെ വയ്യ.

ഇത്തരത്തിൽ പ്രൊഫഷനലുകളായുള്ളവരുടെ മക്കൾ സംഗീതക്ജ്ഞൻ ആകണമെന്നോ ചിത്രകാരൻ ആകണമെന്നോ പറയുമ്പോൾ നെറ്റി ചുളിക്കുന്നതിൽ മാതാപിതാക്കളും അധ്യാപകരും മാത്രമായിരിക്കില്ല ഉണ്ടാകുക. കാണുന്നവർക്കും കേൾക്കുന്നവർക്കും പോലും ഇതേ അഭിപ്രായമായിരിക്കും ഉണ്ടാകുക.

നമ്മുടെ മക്കൾക്കുണ്ടായേക്കാവുന്ന അനന്ത സാധ്യതകളെ അറിയാതിരിക്കുക എന്ന് മാത്രമല്ല, അവരിലെ ആ കഴിവുകളെ നിഷ്കരുണം തള്ളിക്കളയുക കൂടിയാണ്, മിക്ക മാതാപിതാക്കളും ചെയ്യുന്നത്. കോഴിക്കൂട്ടത്തിൽ പിറന്ന പരുന്തിൻ കുട്ടിയായി മാറുന്നു ഇവരെല്ലാം.

പറഞ്ഞു വന്നത് ഇതാണ്, പരീക്ഷകളുടെ ഫലം വന്നു കഴിഞ്ഞു. ഒരുവിധം പഠിക്കുന്ന കുട്ടികളെല്ലാം ഡോക്ടർമാരോ, മറ്റു പ്രൊഫഷനുകളോ ആകാനുള്ള തയ്യാറെടുപ്പിലാകും ഇപ്പോൾ. അതിൽ എത്ര പേർ ഇത് താൽപ്പര്യത്തോടെ പഠിക്കുന്നു എന്നത് വലിയ ചോദ്യമാണ്. ഒരു ചെറിയ ശതമാനമെങ്കിലും ബാഹ്യ പ്രേരണയിൽ കുടുങ്ങി നിവൃത്തിയില്ലാതെ പഠിക്കുന്നവർ ആയിരിക്കും എന്നതിൽ തർക്കമില്ല.

കുട്ടികൾ അവരവരുടെ അഭിരുചികൾ കണ്ടെത്തട്ടെ. അതിനനുസരിച്ചുള്ള വിദ്യാഭ്യാസം നേടട്ടെ. അതിൽ അവർ അവരുടെ കഴിവുകൾ വിനിയോഗിച്ച് പുതിയ പുതിയ മാനങ്ങൾ കണ്ടെത്തട്ടെ. പരുന്തായി വിഹായസ്സിലേക്കു പറന്നുയരട്ടെ. ഇതാകട്ടെ ഈ മാസത്തെ ചിന്ത.


ഡോ. സുനീത് മാത്യു

ഒരുനാൾ വരും…

 


തൊഴിൽലഭിക്കാതിരിക്കുക അല്ലെങ്കിൽ ലഭിച്ചത് നഷപ്പെടുക എന്നത് ഏറ്റവും ദുഃഖകരമായ കാര്യമാണ്. തൊഴിൽ കിട്ടുന്നത് അതുപോലെതന്നെ സന്തോഷകരവും. ചെറുപ്പക്കാരുടെ ഇടയിലെ തൊഴിലില്ലായ്മ രൂക്ഷമായ സാമ്പത്തികവും സാമൂഹികവുമായ ആഘാതമാണ് ഏത് രാജ്യത്തിനും ഉണ്ടാക്കുന്നത്.

കോവിഡ് കൊടുമ്പിരിക്കൊണ്ടിരുന്ന കാലത്തേതുപോലില്ലെങ്കിലും തൊഴിലില്ലായ്മ ഇപ്പോഴും ലോകജനതയെ അലട്ടിക്കൊണ്ടിരുന്നു. ഇന്ത്യയിലെ സ്ഥിതിയും വ്യത്യസ്തമല്ല. കേരളത്തിലും തൊഴിലില്ലായ്മ നിരക്ക് വളരെ കൂടുതലാണ് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇതാകട്ടെ ദേശീയ ശരാശരിയേക്കാൾ കൂടുതലും.

കേരളത്തിൽ തൊഴിലില്ലായ്മപ്രശ്നം കുറേ പഴകിയതാണെന്നു മാത്രം. പ്രധാനമായും ഇക്കാരണംകൊണ്ടാണല്ലോ മലയാളികൾ ലോകത്തിൻ്റെ മുക്കിലും മൂലയിലും എത്തപ്പെട്ടത്. സിലോണിലേക്കും, മലയായിലേക്കും ഗൾഫിലേക്കുമൊക്കെ മലയാളികൾ കൂട്ടത്തോടെ പോയത് സ്ഥലംകാണാൻ ആയിരുന്നില്ലല്ലോ!

കോവിഡ് താണ്ഡവകാലത്തെ തൊഴിൽനഷ്ടങ്ങൾ ഇപ്പോഴും നീറുന്ന ഓർമ്മകളായ് മനസ്സിലുള്ളതുകൊണ്ട് തൊഴിലില്ലായ്മ പ്രശ്നങ്ങൾ കൂടുതൽ ചർച്ചചെയ്തു നിങ്ങളെ വിഷമിപ്പിക്കാൻ മുതിരുന്നില്ല. മാത്രവുമല്ല തെഴിലിനോടുള്ള മലയാളികളുടെ സമീപനത്തിൽ വലിയ മാറ്റങ്ങൾ അടുത്ത കാലത്തായി വന്നിട്ടുണ്ടാകാം എന്നാണ് തോന്നുന്നത്. ഈ മാറ്റങ്ങളെക്കുറിച്ചു  പറയാൻ ഞാൻ ആളല്ല, പുതിയ കാര്യങ്ങൾ അറിയാത്തതു കൊണ്ടാണ്.

ഒന്നറിയാം. തൊഴിൽതേടി നാടുവിട്ടുപോയാൽ തിരികെ വരാൻ പ്രയാസ്സമാണ്. മറ്റൊന്നും കൊണ്ടല്ല, നാട്ടിലെ മാറ്റങ്ങൾ ദ്രുതഗതിയിലാണ് നടക്കുന്നത്. നല്ലതായാലും മോശമായാലും അതുതന്നെയാണ് സ്ഥിതി. വിലകയറ്റസൂചിക മാത്രം നോക്കിയാൽ മതി, എല്ലാ മാറ്റങ്ങളും അതേവേഗതയിലാണ്. ഔദ്യോഗികമായ കണക്കുകളല്ല. ഒരുസാധാരണക്കാരന്റെ അനുഭവം ആണ് പറഞ്ഞുവരുന്നത്. വീടുകളുടെയും ഫ്ളാറ്റുകളുടെയും വിലയിലും വാടകയിലും ഓരോ വർഷവും വരുന്ന വ്യത്യാസം മാത്രം നോക്കിയാൽ മതി ഇതു മനസ്സിലാക്കാൻ.  ഓരോവട്ടവും നാട്ടിലേക്കു വരുന്ന ഓരോമലയാളിക്കും മനസ്സിലാകും ഈ വലിയ മാറ്റങ്ങൾ.

കിട്ടിയജോലിനോക്കി നാട്ടിൽതന്നെ നിന്നാൽ നിന്നു. നാടുവിട്ടാൽ ഈ മാറ്റങ്ങൾ കണ്ട് അന്തം വിടാം എന്നല്ലാതെ തിരികെവരാൻ പ്രയാസം.

പണ്ടൊരു ജോലി എന്നെത്തേടിവന്നതും, പിന്നെ പുറത്തു ജോലികിട്ടി നാടുവിട്ടുപോയി തിരികെവരാൻ പ്രയാസ്സപ്പെട്ടതുമായ ഒന്നുരണ്ടു കാര്യങ്ങൾ പറഞ്ഞു നിർത്താം. 

വളരെ ബുദ്ധിമുട്ടി ഒരു ഡോക്ടറേറ്റ് എടുത്തു നിൽക്കുന്ന കാലം. നാട്ടുനടപ്പുപോലെ പത്രത്തിൽ പടവും പരസ്യവും വന്നു. എന്നെപ്പോലുള്ളവർക്ക് പത്രത്തിൽ പടം വരണമെങ്കിൽ ഒന്നുകിൽ ഇതുപോലെന്തെങ്കിലും കനത്തത് എടുക്കേണ്ടിവരും. അല്ലെങ്കിൽ, അറിയാമല്ലോ.

സംഭവം കയ്യിൽ കിട്ടിയെങ്കിലും അധ്യാപനജോലിക്ക് അപേക്ഷ അയച്ച സ്ഥലങ്ങളിൽനിന്നൊന്നും അറിയിപ്പ് കിട്ടിയില്ല.  അവസാനം അറിയിപ്പ് കിട്ടിയത് ബാംഗൂരിലെ ഒരു വലിയ കോളേജിൽ നിന്നാണ്. അച്ഛൻമ്മാർ നടത്തുന്ന സ്ഥാപനം. പേര്കേട്ടത്. ഇന്റർവ്യൂവിന്‌ പതിവുപോലെ എന്തൊക്കയോ ചോദിച്ചു. പതിവ് തെറ്റിക്കാതെ എന്തൊക്കയോ പറഞ്ഞു. മലയാളികളും നല്ലവരുമായ അച്ഛൻമ്മാർക്ക് പറച്ചിൽ ഇഷ്ടപെട്ടുവെന്നു അന്നുതന്നെ മനസ്സിലായി. മലയാളം മീഡിയത്തിൽ പഠിച്ചിട്ടും നന്നായി ഇംഗ്ലീഷ് പറഞ്ഞതായി സൂചിപ്പിച്ചിരുന്നു. ഈ ഇംഗ്ളീഷൊക്കെ പഠിച്ചെടുക്കാൻപെട്ട പാട് അച്ഛൻമാരുണ്ടോ അറിയുന്നു!

ബാംഗൂരിൽ നിന്നും തിരികെ വീട്ടിൽ എത്തിയപ്പോൾ കേട്ടത് മറ്റൊരു സദ്‌വാർത്ത. കോച്ചിയിലെ പ്രശസ്തമായ ബിസിനസ് സ്കൂളിൽ നിന്നും വിളി. വിളിച്ചതോ ആ സ്ഥാപനത്തിന്റെ ചെയർമാൻ. പ്രതിഷ്‌ഠാപകന്‍ – ഫൗണ്ടർ! അവിടേക്ക് ഞാൻ ജോലിക്കപേക്ഷിച്ചിട്ടുപോലുമില്ല. വീട്ടിലെ ഫോൺനമ്പർ എങ്ങനെ കണ്ടുപിടിച്ചു എന്ന് കേട്ടപ്പോൾ ശരീരത്തിലെ അൻപതുലക്ഷം രോമങ്ങളും എഴുന്നേറ്റുനിന്ന് രോമാജ്ജകഞ്ചുകമുണ്ടാക്കി. അദ്ദേഹം (ചെയർമാൻ, ഫൗണ്ടർ) എനിക്ക് ഡോക്ടറേറ്റ് കിട്ടിയ വാർത്ത പരസ്യംചെയ്ത പത്രങ്ങളിലേക്ക്  വിളിച്ചു സംഘടിപ്പിച്ചു. ഇതിൽ കൂടുതൽ സന്തോഷിച്ചാൽ ഹൃദായാഘാതം വരുമെന്ന സന്ധിക്കു തൊട്ടുമുമ്പു അമിതമായ സന്തോഷം നിർത്തേണ്ടിവന്നു. അതിന് കാരണം അച്ഛൻ പറഞ്ഞു. മുറപോലെ കാരണവരുടെ പേരും എൻ്റെ Ph.D. പരസ്യത്തിൽ അച്ചടിച്ചു വന്നിരുന്നല്ലോ. അതിൻ്റെ വാലിൽ കേറിയാണ് ചെയർമാൻ്റെ പിടിത്തം. ഇതേവാലുള്ള നമ്മൊളൊക്കെ സഹകരിക്കണമത്രേ.ഈ ലോകത്തു മറ്റാരും ഡോക്ടറേറ്റ് എടുത്തിട്ടില്ലാത്തപോലെ. എന്റെയറിവിൽ  അക്കാലത്തുപോലും കേരളത്തിൽ നൂറുകണക്കിനാൾക്കാരാണ് വർഷാവർഷം Ph.D.യുമായിറങ്ങിയിരുന്നത്.

ആവാലിൽ അത്രക്ക് പിടുത്തം വന്നിട്ടില്ലാത്ത ഞാൻ ബാംഗൂരിലെ വിളിക്കു കാത്തു. ബാംഗ്ലൂർ വിളിച്ചു, പക്ഷെ തരാം എന്ന് പറഞ്ഞ കാശിനു ബാംഗ്ലൂരിൽ വീട് വാടകക്കെടുത്താൽ അഷ്ടിക്ക് സിറ്റിജംഗ്ഷൻ റെയിൽവേസ്റ്റേഷനിൽ തെണ്ടേണ്ട അവസ്ഥ സംജാതമാകും. നാറിയാലും നാട്ടിലല്ലേ എന്ന ചിന്തയിൽ കൊച്ചിക്കുവിട്ടു. ബിസിനസ് സ്കൂളിൽ പതുവു ഇന്റർവ്യൂ, ചെയർമാനും മറ്റുള്ളവരും ചോദ്യംചെയ്തു.  വീട്ടിലേക്കുവിളിച്ച കരയോഗത്തിൻറെകാര്യം അഭിമുഖത്തിനിടയിൽ ആരും മിണ്ടിയില്ല. വേതനവ്യവസ്ഥകളിലേക്ക് വന്നപ്പോൾ മാത്രം എല്ലാപേരും പെട്ടെന്ന്  മതനിരപേക്ഷരായി. കാശിന്റെ കാര്യം വന്നപ്പോൾ  മാത്രം വിമതരായവർക്ക് പക്ഷെ ഒരൊറ്റ നിബന്ധനമാത്രം. ആശാന്റെ ചണ്ടാലഭിക്ഷുകിയിലെ  ബുദ്ധഭിക്ഷുവിനെപോലെ കോളേജുസെക്രട്ടറി പറഞ്ഞു, ‘…ചോദിക്കുന്നു നിൻ ബുൾഗാൻ താടി വടിക്കഹോ.’ ജോലിവേണമെങ്കിൽ ബുൾഗാൻ താടി വടിക്കണം എന്ന്. കഷ്ടപ്പെട്ട് ഉണ്ടാക്കിയെടുത്തു പരിപാലിച്ചുകൊണ്ടിരുന്ന സാധനമാണ് നിസ്സാരമായി വടിക്കാൻ പറഞ്ഞുകളഞ്ഞത്.

ജോലി തന്നു. ജാതി ചോദിച്ചില്ല. താടിമാത്രം ചോദിച്ചു. കൊടുത്തു. താടിയും പഠിപ്പീരും തമ്മിലുള്ള അഭേദ്യമായ ബന്ധം അറിയാതിരുന്ന ഞാൻ ആ നിമിഷംവരെ ബുൾഗാൻ താടിവച്ചായിരുന്നു ഈ അഭ്യാസങ്ങളൊക്കെ. ‘ആഭാസി’ എന്ന് ഞാൻ സ്വയം ശാസിച്ചു. മീശകൂടി വടിക്കാൻ പറയുന്നതിനുമുൻപ് ഉടനെ ജോലിയിൽ പ്രവേശിച്ചു. ശമ്പളം ബാംഗ്ലൂരിൽ തരാം എന്നേറ്റതിലും കുറയും, പക്ഷെ കൊച്ചിയിൽ പഞ്ചനക്ഷത്രഹോട്ടലിൽ രണ്ടുദിവസം കഴിയാൻ തികയും. വീട് വാടകക്കെടുത്തു കഴിഞ്ഞാലും മുപ്പത് ദിവസം അരിവാങ്ങാനുംതികയും. പച്ചക്കറി, മൽസ്യം ആദിയായവ കൃഷിചെയ്യേണ്ടി വരും. എന്നാലും തെണ്ടേണ്ടിവരില്ല.

കിട്ടിയത് അർഹതയില്ലാത്ത ജോലിയാണെന്നതോന്നലോടെ ഈ സമയത്തും മറ്റുജോലികൾക്ക് ശ്രമിച്ചുകൊണ്ടേയിരുന്നു. പുതിയ ജോലികിട്ടിയത് വിദേശത്താണ്.

വീണ്ടും ചെയർമാന്റെ മുന്നിലെത്തി. രാജിവയ്ക്കുന്നതിലുള്ള ശോകം അഭിനയിച്ചുകഴിഞ്ഞപ്പോഴാണ് അക്കിടി മനസ്സിലായത്. ശിവാജി ഗണേശനെപ്പോലെ അഭിനയം കസറിയതുകൊണ്ടാണോയെന്നറിയില്ല. രാജിവെക്കേണ്ട എന്ന ആജ്ഞവന്നു. ലീവ്എടുത്താൽ മതി. ആയിക്കോട്ടെയെന്നു ഞാനും. വല്ലനാട്ടിലും പോകുന്നതല്ലേ, സ്വന്തം നാട്ടിൽ ഉറപ്പുള്ളൊരു ജോലികിടക്കുന്നതു നല്ലതാണെന്നു ഉൾവിളിയുണ്ടായി. എന്തുറപ്പ്! കണക്കിൽ കാണിക്കാൻ ഒര് പേരുകിടക്കട്ടെയെന്ന് മാത്രമേ ചെയർമാനും വിചാരിച്ചിട്ടുള്ളൂ എന്ന് പിൽക്കാലത്തു മനസ്സിലായി. 

അന്ന് നാടുവിട്ടതാണ്. പിന്നെ നാട്ടിൽ ജോലിചെയ്തിട്ടില്ല. പതിനഞ്ചു വർഷമാകുന്നു. നാട്ടിൽ വീണ്ടും ജോലിയിൽ പ്രവേശിക്കാതിരിക്കാനുള്ള കാരണങ്ങൾ പലതാണെങ്ങിലും ഒരുകാരണം ടിയാൻ ചെയർമാൻ തന്നെയാണ്.  വിദേശത്തെത്തി മൂന്നുനാലുവർഷം കഴിഞ്ഞു നാട്ടിൽ തിരിച്ചുവന്നാലോ എന്ന ചിന്തയിൽ ഇദ്ദേഹത്തെ വീണ്ടും ബന്ധപ്പെട്ടു. ലീവിൽ ആണെന്നാണല്ലോ വയ്പ്പ്. പ്രൈവറ്റ് കോളേജിൽ എന്ത് ലീവ്. ഒഴിവില്ലായെന്ന് ടിയാൻ. ഇനി ഒഴുവുണ്ടായാലും തരാമെന്നേറ്റ ശമ്പളത്തിന് പഞ്ചനക്ഷത്രം പോയിട്ട് സാദാഹോട്ടലിൽ പോലും രണ്ടുദിവസം തങ്ങാൻ കഷ്ടിയായിമാറിയിരുന്നു ഈസമയം നാട്ടിലെ വിലവിവരപട്ടിക നിലവാരം.  എന്നാൽ നാട്ടിലേക്കുള്ള തിരിച്ചുവരവ് പിന്നെയാകട്ടെയെന്ന് ഞാനും വിചാരിച്ചു.

അതുപിന്നെ വന്നില്ല. വരുമായിരിക്കും.


സുമേഷ് രാമചന്ദ്രൻ

വേദനയുടെ നിറം














ഹൃദയത്തിലാണ് വേദന ഉരുകൊണ്ടത്.

നാലറകളിലും അത് ഇരിപ്പിടം തേടി

ഒടുവിലൊരിടത്ത് മാത്രമായിടം തേടാതെ

ധമനികളിലൂടെ……

ജീവരക്തത്തിലൂടെ…….

അതിവേഗം പരന്നൊഴുകിയെല്ലായിടവും

വാസത്തിനായൊരുക്കിയെടുത്ത്

വിജയിയെപ്പോൽ ആർത്തട്ടഹസിച്ചു.

ചായികകളോരാന്നായി തുറന്ന്

നിറങ്ങളോരോന്നായെടുത്തത്

സമർത്ഥനായ ചിത്രകാരനെപ്പോൽ

അത് പുത്തൻ നിറക്കൂട്ടുകളൊരുക്കി.

ഓരോ വേദനയ്ക്കുമോരോ നിറമാണത്രേ …….

അറിയുമോ നിങ്ങൾക്ക്?

ചില വേദനകൾക്ക് നനുത്ത ചിരി കൊണ്ട്

തിരശ്ശീലയൊരുക്കുമ്പോൾ

മഞ്ഞു പോലെ തണുത്തയാ നോവിന്

തൂമഞ്ഞിൻ്റെ വെൺമയോലും

നിറമാണ് ചേരുന്നതത്രേ!

ഇനിയുമുണ്ട് ചില വേദനകൾ….

വെയിലിനെ കടത്തിവിടാത്ത

കരിമേഘത്തിൻ്റെ കറുകറാ

കറുപ്പു നിറമാണവയ്ക്ക്!!!

കണ്ണീരുപ്പിൽ നിന്ന് വേർപിരിയുന്ന

നീർത്തുള്ളികൾ അവിടെയെത്തുമ്പോൾ

കാർമേഘങ്ങളാർത്തു പെയ്യും.

ഓരോരോയിടങ്ങളിലാ നൊമ്പരപ്പെയ്ത്ത്

ഒരായിരം നിറങ്ങളിൽ

ഒരായിരം മിഴികളിലൂടെ

ഒഴുകിയിറങ്ങുമ്പോൾ

വേദനയ്ക്ക് നിറങ്ങളേറെയാവും!


അജിത.വി. അമ്പലപ്പുഴ


 

കെണി


 









കെണിയിലാപ്പെട്ടയെലി, അന്തിച്ചു നിന്നു

വിശന്നിരതെണ്ടുമിന്നേര, മാരാണു മുന്നിൽ

രുചിയേറുമീ വിഭവങ്ങൾ കൊണ്ടുവെച്ചുപോയ് !

കെണിയെന്നറിഞ്ഞല്ല, ഭയന്നുമല്ല..

എന്നല്ലയെത്ര സുരക്ഷിതം, ശല്യങ്ങളെല്ലാ-

മൊഴിഞ്ഞിരുന്നു തിന്നാനൊരു കൊച്ചു കൂടും.

തിന്നുകയാണതു പാവ, മീലോക,മെല്ലാം-

മറന്നുറങ്ങുകയാകാമതിന്നുള്ളിൽ.

അകലെയിതു നോക്കിയിരിപ്പുണ്ടു ഞാൻ,

മൃതിവെച്ച കെണിയിലെന്നേ കുരുങ്ങിയോൻ!


ഇ എസ് സതീശൻ

അവസാനമില്ലാത്ത പ്രയാണം



ട്രെയിനിന്റെ ജനലിലൂടെ നേരിയ മഴയോട് കൂടിയുള്ള ആ കാറ്റ് മുഖത്തടിക്കുമ്പോൾ മനസ്സിനും ശരീരത്തിനും ഒരുപോലെ അവൾക്ക് കുളിർമ തോന്നി. അതുകൊണ്ട്  ഷട്ടർ അടയ്ക്കാതെ തന്നെ രേഷ്മ ദീർഘനേരം പുറത്തേക്ക് നോക്കിയിരുന്നു.

എന്നും വിങ്ങുന്ന മനസ്സും നനഞ്ഞ കണ്ണുകളോടെയുള്ള തന്റെ പഴയ യാത്രകൾ അവസാനിച്ചിരിക്കുന്നു.

രണ്ട് മൂന്ന് തവണയായി രമേഷേട്ടൻ ഇല്ലാതെ ഈ ഒറ്റയ്ക്കുള്ള യാത്ര…

ഒരു കുഞ്ഞികാല് കാണാനായി കയറി ഇറങ്ങാത്ത അമ്പലങ്ങൾ ഇല്ല.

പിന്നീട് രമേഷേട്ടന്റെ അമ്മ തന്നെയാണ് മണ്ണാറശ്ശാലയിലുള്ള ഈ കോവിലിനെ കുറിച്ചു പറഞ്ഞത്. ആറാറ് മാസം കൂടുമ്പോൾ അവിടെ പോയി ഉരുളി കമഴ്‍ത്തണം. ആദ്യമൊക്കെ ഇതൊരു സന്തോഷദിനങ്ങൾ കൂടിയായിരുന്നു.

രണ്ട് ദിവസം വീട്‌വിട്ട്  പുറത്തേക്ക് പോകാം. ആ ദിവസമൊക്കെ  രമേഷേട്ടനെ ഒറ്റയ്ക്ക് തന്നോടൊപ്പം കിട്ടും. കാഴ്ചകൾ കണ്ട് ഒത്തിരി ദൂരം യാത്ര ചെയ്യാം. അവിടെ ചെന്നാലോ മനസ്സിന് ശാന്തിയും സമാധാനവും കിട്ടുന്ന അമ്പലത്തിലെ ആ അന്തരീക്ഷം.. ഹോ..തനിക്ക് ഓരോ യാത്രയും എത്രയെത്ര അനുഭൂതികൾ പങ്ക്‌വച്ചു കടന്നുപോയി.

രമേഷേട്ടന് ആണെങ്കിൽ മടുപ്പും തോന്നി തുടങ്ങി..

വർഷങ്ങൾ കടന്നുപോയതല്ലാതെ പ്രത്യേകിച്ച് യാതൊരു ഗുണവുമുണ്ടായില്ല. അമ്മയുടെ പിറുപിറുക്കലിന് ആക്കം കൂടി ഉച്ചപാടിലേക്ക് എത്തി. വയസായ ആളുകളല്ലെ. ക്ഷമിക്കാമെന്നു വയ്ക്കാം. പക്ഷേ.. രമേഷേട്ടന്റെ മാറ്റം തന്നെ വല്ലാതെ അത്ഭുതപ്പെടുത്തി. പോയി പോയി എല്ലാ കുറ്റങ്ങളും തനിക്കായി. അങ്ങനെ ചെറിയ ചെറിയ വഴക്കുകൾ പോലും നിത്യവും ദേഹോപദ്രവത്തിലേക്കുമെത്തി.

ആശുപത്രിയിൽ പോകാമെന്ന് പറഞ്ഞാൽ കേൾക്കില്ല. കുഴപ്പം മുഴുവൻ തനിക്കാണെന്നു അമ്മയും മോനും വിലയിരുത്തി.

ഇത്രയും ദൂരം എനിക്ക് ഒറ്റയ്ക്ക് പോകാൻ പറ്റില്ല രമേഷേട്ടാ..

ഒറ്റയ്ക്കങ്ങു പോയാ മതി..

കൊല്ലം കൊറേയായില്ലേ. എന്നെക്കൊണ്ട് പറ്റില്ല ഇനി തുള്ളിച്ചു കൊണ്ട് നടക്കാൻ.

അയാൾ ഒച്ച വച്ചു.

ഇനി പോകാൻ ആനയും അമ്പാരിയും വേണാവോ തബ്രാട്ടിയ്ക്ക്..

നീ എത്ര പോയിട്ടും കാര്യല്യടി..

മനസ് നന്നാവണം. എല്ലാം മുകളിലിരുന്നു ഭഗവാൻ കാണുന്നുണ്ട്.

അമ്മയുടെ വകയാണ് ബാക്കി ശകാരവും പ്രാകും..

അന്നേ ഞാൻ അവനോടു പറഞ്ഞതാ ആ മീനാക്ഷിയെ കെട്ടിയാൽ മതീന്ന്. അപ്പൊ അവന് പഠിച്ച പെണ്ണിനെ വേണം ത്രേ. ഇപ്പൊ എങ്ങനെയായി.. കുടുംബം വേരറ്റു മുടിഞ്ഞില്ലേ. തള്ള ചൊല്ലാ വാവൽ തല കീഴ്ക്കനം പാട്‌.

അമ്മ വീണ്ടും എന്തൊക്കെയോ പറഞ്ഞുകൊണ്ടിരുന്നു.

അമ്മ ചീത്ത പറഞ്ഞുതുടങ്ങിയാൽ നിൽക്കില്ല. അമ്മാവന്റെ മോളാണ് മീനാക്ഷി. അമ്മയ്ക്ക് ഇപ്പോഴും അവളെ രമേഷേട്ടന്റെ ഭാര്യയായി കൊണ്ട് വരണമെന്നുണ്ട്. പോയിപോയി രമേഷേട്ടനും അത് കുഴപ്പമില്ല എന്നൊരു തോന്നൽ ആയി.

തന്നെക്കൊണ്ട് ഇനി പ്രത്യേകിച്ചൊരു കാര്യമില്ലല്ലോ. എങ്ങനെയെങ്കിലും എന്നെ ഇവിടുന്ന്  ഓടിക്കാൻ നോക്കുകയാണ് ഏട്ടനും. രമേഷേട്ടന്റെ അച്ഛൻ ഉള്ളപ്പോൾ വീട്ടിൽ ആരുടെയും നാവ് പൊന്തില്ല. തനിക്കും നല്ല സപ്പോർട്ട് ആയിരുന്നു അച്ഛൻ. അച്ഛന്റെ മരണശേഷമാണ് അമ്മയും മോനും തനിക്ക് നേരെ തിരിഞ്ഞത്. തന്റെ അച്ഛനും അമ്മയും മരിച്ചതിൽ പിന്നെ തനിക്കും പോകാൻ ഒരിടമില്ലാതെയായി. പിന്നെ ആകെ കൂടി ആശ്വാസം ഈ അമ്പലത്തിൽ പോക്ക് തന്നെയാണ്.

തന്റെ കൂടെ എങ്ങോട്ടും വന്നില്ലെങ്കിലും തയ്യൽ കഴിഞ്ഞു എന്നും മീനാക്ഷിയെ കൊണ്ട് വരുന്നതു രമേഷേട്ടനാണ്. ഇടയ്ക്കിടെയുള്ള വീട്ടിൽ വന്നുള്ള അവളുടെ താമസവും അവരുടെ പെരുമാറ്റവും അമ്മയ്ക്ക് അവളോടുള്ള അമിത സ്നേഹവും തന്നെ അസ്വസ്ഥയാക്കുന്നുണ്ട്.

മഴ ശക്തിയായി പെയ്തു. ജനൽ ഷട്ടർ അടച്ചു ഉറങ്ങാൻ ശ്രമിച്ചു. എപ്പോഴോ കണ്ണിൽ നിന്ന് അടർന്ന് വീണ കണ്ണുനീർ ആരും കാണാതെ തുടച്ചു. ഉരുളി കമഴ്‍ത്തി കുഞ്ഞുണ്ടാവുമെന്നുള്ള പ്രതീക്ഷ അസ്തമിച്ചിട്ടു മാസങ്ങളായി. തന്നോട് സംസാരിക്കാനോ മുഖത്ത് നോക്കാനോ ശ്രമിക്കാത്ത രമേഷേട്ടനിൽ നിന്ന് എങ്ങനെ ഇനി ഉണ്ടാകാണാണ്. ഒരു പ്രാന്തി പെണ്ണിനെ പോലെ ശാപമോക്ഷം കാത്ത് വീണ്ടും അമ്പലം കയറിയിറങ്ങി. രമേഷേട്ടന് മീനാക്ഷിയിലെങ്കിലും ഒരു കുഞ്ഞുണ്ടാവട്ടെ. അതിൽ പരം താനെന്ത് ആഗ്രഹിക്കാനാണ്.

ഏക ആശ്വാസം കഴിഞ്ഞ തവണ വന്നപ്പോൾ കൂടെ പഠിച്ച ബിന്ദുവിനെ കണ്ടതാണ്. അന്ന് അവളുടെ കൂടെയാണ് താമസിച്ചത്. ബിന്ദുവിന്റെ ഭർത്താവ് ശിവൻ വിദേശത്താണ്. അവളും അമ്മയും സഹോദരനും അവിടെ അടുത്താണ് താമസിക്കുന്നത്. തന്റെ ദുഃഖങ്ങൾ കേൾക്കാനും ഇറക്കി വയ്ക്കാനും അങ്ങനെയൊരു അത്താണിയായി. ചിരിയും കളിയും കരച്ചിലുമായി അങ്ങനെ ഒരു ദിവസം കടന്നുപോയി.. ഈ യാത്രയിലും രേഷ്മ യുടെ ലക്ഷ്യം ബിന്ദുവിന്റെ വീട് തന്നെയായിരുന്നു.

പരസ്പരം സംസാരിക്കാൻ പോലും തയ്യാറാവാത്ത രമേഷേട്ടനിൽ നിന്ന് കുഞ്ഞു പ്രതീക്ഷിച്ചു ഉരുളി കമഴ്ത്താൻ വന്ന രേഷ്മയെ ഇത്തവണ കളിയാക്കാൻ ബിജുവേട്ടനും മറന്നില്ല. റെയിൽവേ സ്റ്റേഷനിൽ നിന്ന് കൂട്ടികൊണ്ടുപോരാൻ ഇത്തവണ ബിന്ദുവിന്റെ സഹോദരൻ ബിജുവേട്ടനും ഉണ്ടായിരുന്നു. ഒത്തിരി പ്രാവശ്യം തന്നെ കണ്ടിട്ടുണ്ടെങ്കിലും ഒരിക്കൽ പോലും സംസാരിക്കാൻ കൂട്ടാക്കാത്ത മനുഷ്യൻ പൊട്ടി പൊട്ടി ചിരിക്കുന്നകണ്ട് അവൾക്കും അത്ഭുതം തോന്നി. പ്രായം 35 കഴിഞ്ഞെങ്കിലും പെണ്ണ് കെട്ടിയിട്ടില്ല. ആദർശവും രാഷ്ട്രീയവും കൂട്ടികുഴച്ചു നാട് നന്നാക്കാനിറങ്ങി സ്വന്തം കാര്യം മറന്നുപോയെന്നാണ് അമ്മ പറഞ്ഞത്.

ഓരോ തവണ വരുമ്പോഴും ആ വീട് രേഷ്മ യ്ക്ക് ഒരു അത്ഭുതമായി തോന്നി. എത്ര സന്തോഷവും സമാധാനവുമാണ് താൻ ഇവിടെ വരുമ്പോൾ അനുഭവിക്കുന്നത്. തന്റെ സങ്കടങ്ങൾ പറയാനൊരിടമായി മാറി ഈ കൊച്ചുവീട്. ഇവിടുത്തെ ആളുകൾ തനിക്ക് വേണ്ടപ്പെട്ടവരായി. തന്റെ വിഷമങ്ങൾ കണ്ട് ആ അമ്മയും മനസിൽ ഒരു മകളുടെ സ്ഥാനം കൊടുത്തു. രമേഷേട്ടൻ തനിക്കായി കരുതി വച്ച ഡിവോഴ്സ് പേപ്പറിന്റെ കാര്യം പറഞ്ഞപ്പോൾ രേഷ്മ പൊട്ടി കരഞ്ഞു പോയി.  അന്ന് രാത്രി ഒത്തിരി കാര്യങ്ങൾ ചർച്ച ചെയ്ത് ഒരുപാട് വൈകിയാണ് അവർ ഉറങ്ങിയത്. അന്ന് ആ അമ്മ അവളോടൊപ്പമാണ് കിടന്നത്.. വർഷങ്ങൾക്ക് മുമ്പ് തനിക്ക് നഷ്ടപ്പെട്ട അമ്മയുടെ സ്നേഹം….

പിറ്റേന്ന് അവൾ തിരിച്ചു പോകുമ്പോൾ ബിജുവേട്ടൻ റെയിൽവേ സ്റ്റേഷൻ വരെയല്ലായിരുന്നു അവളോടൊപ്പം ഉണ്ടായത്. ആ ദീർഘനേര യാത്രയിൽ അവർക്ക് പങ്ക് വയ്ക്കാൻ ഒത്തിരി കാര്യങ്ങളുണ്ടായിരുന്നു. ഡിവോഴ്സ് പേപ്പർ ഒപ്പിട്ടു തനിക്ക് വേണ്ടപ്പെട്ടവരുടെ കൂടെ അവൾ തിരിച്ചു പോരുമ്പോൾ വലിയൊരു ഭാരം ഇറക്കി വച്ചതായി തോന്നി. അന്ന് മുറുകെ പിടിച്ച ബിജുവേട്ടന്റെ കൈകൾ ഒരിക്കലും അയഞ്ഞുപോകാതെ എന്നും അവൾക്ക്  തുണയായി തീർന്നു. വൈകാതെ തന്നെ ഉരുളി കമഴ്ത്താതെ ഒരു കുഞ്ഞുമോനെയും അവൾക്ക് ലഭിച്ചു.


ഷൈജ എം. എസ്സ്

നൂറിൽ നൂറ്


 












അവസാനിച്ചിടത്തുനിന്നായിരുന്നു തുടക്കം.

അവൾ  പുതുവഴി തിരഞ്ഞെടുത്തപ്പോൾ

അവനകലം  ലക്ഷ്യമിട്ടു

പോകുന്നിടമെല്ലാം

സഞ്ചാരത്തിലാണെന്നും

കാണുന്ന കണ്ണുകളിലെല്ലാം

കഥ ഉറങ്ങുന്നുവെന്നും അവനുതോന്നി.

കഥകളെ  കണ്ണാടിയാക്കി പഠിച്ചുതുടങ്ങി.

വലിച്ചുനീട്ടിക്കെട്ടിയ ജീവിതം  പെട്ടികളിലാക്കി

ദൂരമളന്നളന്നു

അകന്നുപോകുന്ന കാലുകൾ.

ഭാഷയോ  വിശപ്പോ 

ഉറക്കമോ അലട്ടാതെ,

ഒന്നിനും തിടുക്കപ്പെടാതെ,

വഴിയോരത്തെ ബഞ്ചിലിരുന്നു.

വയറും മുലയുമൊട്ടി വാലാട്ടിയടുത്തുവന്ന

ഒരു കൊടിച്ചിപ്പട്ടിയെ അന്നാദ്യമായവൻ

സ്നേഹത്തോടെ തലോടി.

ബിസ്‌ക്കറ്റുകൊടുത്തു.

ഉറങ്ങിപ്പോയതറിഞ്ഞതേയില്ല.

പിറ്റേന്ന്,കൂട്ടുകാരിയുടെ

കൊച്ചു ഗ്രാമത്തിലെത്തി.

അവളെ  തല്ക്കാലം എൽസിയെന്ന് വിളിക്കാം.

കാറ്റ് കൊണ്ടുവന്ന എള്ളെണ്ണമണവും

ഇടവഴികളിലെ  ഓലക്കുടിലും

ശ്വാസത്തെ ലളിതമാക്കിക്കൊണ്ടിരുന്നു.

കാട്ടുതേൻ തേച്ച് ചുട്ടെടുത്ത കിഴങ്ങും, തെളിനീരും

താമരയിലയിൽ സന്ധ്യയെ നുണഞ്ഞിറക്കി.

ഇറമ്പിലെ മരത്തിലെ

പഴുക്കാൻ മടിച്ചൊരു ഞാറയ്ക്ക പൊട്ടിച്ച്

വിജനമായ  പൊന്തക്കാട്ടിൽ

വെളിയ്ക്കിരുന്നു.

കാലിയായ ബിയർകുപ്പികൾ ചിരിപ്പിച്ചു

പുലർന്നപ്പോൾ കെട്ടിപ്പിടിച്ചു

സ്നേഹം പറഞ്ഞു രണ്ടാളും പിരിഞ്ഞു.

ദേശങ്ങളിലേയ്ക്കും രുചികളിലേയ്ക്കും

പ്രിയപ്പെട്ടവരിലേക്കും സംഭവിച്ച യാത്രക്ക്

അന്നുമിന്നുമവൻ നൂറ് മാർക്കിട്ടു.


റാണി സുനിൽ

ദൈവങ്ങളുടെ ചിരി


നാളെയാണ് അജ്മലിന്റെ ഇളയ പെങ്ങളുടെ കല്യാണം. അജ്മലിന്റെ പെങ്ങളെന്നാൽ ജോവന്റെയും അരവിന്ദിന്റെയും കൂടി പെങ്ങളാണ്! കാരണം അവർ മൂന്നു പേരും സഹോദരങ്ങളെപ്പോലെയാണ്. പന്തലിടാനും തോരണങ്ങൾ തൂക്കാനും എന്തിനുമേതിനും ജോവനും അരവിന്ദും മുന്നിലുണ്ടായിരുന്നു. കഴിഞ്ഞ രണ്ട് ദിവസങ്ങളായി അവർ അജ്മലിനോടൊപ്പം വിശ്റമമില്ലാതെ നെട്ടോട്ടമോടുകയാണ്.

നാട്ടുകാർ അവരെ ത്രിമൂർത്തികളെന്നാണ് വിളിച്ചിരുന്നത്. ഒന്നാം ക്ളാസ് മുതൽ ഒരിക്കലും പിരിയാത്ത സൗഹൃദം സൂക്ഷിക്കുന്നവർ. ജാതിയും മതവും നോക്കാതെ ആരെയും സഹായിക്കുവാൻ എപ്പോഴും മുമ്പിലുണ്ടാവും അവർ. അജ്മലിന്റെ വാപ്പയുടെ നിർദ്ദേശാനുസരണം അവർ യന്ത്രങ്ങളെപ്പോലെ ചലിച്ചു കൊണ്ടിരുന്നു.

ശ്വാസമെടുക്കാൻ ബുദ്ധിമുട്ടിക്കൊണ്ടാണ് അജ്മലിന്റെ വാപ്പ അവരുടെ അടുത്തേക്കോടിക്കിതച്ചെത്തിയത്.

“ചതിച്ചു മക്കളേ…ആ തമിഴൻ നമ്മളെ ചതിച്ചു. സ്ഥലത്തിന്റെ ആധാരത്തിനു പകരം പണം തരാമെന്നയാൾ സമ്മതിച്ചതാണ്. ഇപ്പോൾ പറയുന്നു, അത്രയും പണം ഈ സ്ഥലത്തിനു തരാൻ പറ്റില്ലെന്ന്. ഈ അവസാനനിമിഷം ഞാനെന്തു ചെയ്യുമെന്റെ പടച്ചോനേ” ഇത്രയും പറഞ്ഞ് അയാൾ നെഞ്ചിൽ കൈകൾ പിണച്ച് തളർന്നിരുന്നു.

“വാപ്പ ഒന്നു കൊണ്ടും പേടിക്കേണ്ട. ഞങ്ങൾ ജീവിച്ചിരിക്കുമ്പോൾ സലീമയുടെ കല്യാണം നടക്കും. “

രണ്ട് തോളുകളിലും പിടിച്ചു കൊണ്ട് ജോവനും അരവിന്ദും പറഞ്ഞു. എന്നിട്ട് അജ്മലിനോട്,

“വാടാ അജ്മലേ”

ഒരു കുറവും വരാതെ സലീമയുടെ കല്യാണം കഴിഞ്ഞു. വാപ്പ മൂന്നു പേരെയും ചേർത്തു നിർത്തി

“എവിടെ നിന്നൊപ്പിച്ചു പഹയൻമാരേ പണം?”

“എല്ലാം പടച്ചോൻ നടത്തിത്തന്നതാ വാപ്പേ”

അജ്മൽ മറുപടി പറഞ്ഞു.

അടുത്ത മാസം ആ നാട്ടിലെ പള്ളിയിലും അമ്പലത്തിലും മസ്ജിദിലും നിരീക്ഷണ കാമറകൾ സ്ഥാപിപ്പിക്കപ്പെട്ടു. നേർച്ചപ്പെട്ടികൾക്ക് പുതിയ ചങ്ങലകളും താഴുകളും സംരക്ഷണമേകി. ദൈവങ്ങൾ അതു കണ്ട് പൊട്ടിച്ചിരിച്ചു. നിൽക്കാൻ മണ്ണും മുകളിലാകാശവും മാത്രം വേണ്ട തങ്ങൾക്കായി, പുതിയ ആഡംബരങ്ങൾക്കു വേണ്ടി ആ നേർച്ചപ്പെട്ടികളിൽ കിടന്നു ശ്വാസം മുട്ടുന്ന നാണയളെയോർത്ത് അവർ വീണ്ടും വീണ്ടും പൊട്ടിച്ചിരിച്ചു.


അനിൽ കുമാർ എം ബി

വേനൽപക്ഷി









 ഇന്നു പെയ്തമഴയിൽ ,

നിൻറെ മർമരം ആർത്തലഞ്ഞു.

അവ എൻറെ കാതുകളിൽ,

ഉടക്കി വലിക്കുമ്പോൾ,

സമുദ്രത്തിൻറെ അനന്തതകളിൽ ,

നീ നിറഞ്ഞു പൂക്കുന്നു.

ഒരു നനുത്ത പുലരിയിൽ ,

നിൻറെ തളർന്ന കണ്ണുകൾ,

എൻറെ നേർത്ത ദലങ്ങളെ ,

പാതിയിൽ അറുത്തിട്ടു യാത്രയായി .

സ്വപ്നത്തിൻറെ കനലുകളിൽ ,

നഷ്ടങ്ങൾ സ്‌ഫുരിച്ചു .

ഇന്ന് ചീറിയടക്കുന്ന രാക്കാറ്റിൽ

നിൻറെ സമരണകൾ എന്നിലേ ക്കു വീശിടുന്നു .

നിൻറെ കുളിരിൽ എൻറെ ആത്മാവ് വിറക്കുന്നു .

പൊഴിയാനൊരുങ്ങി നിൽക്കുന്ന ആമ്പൽപ്പൂക്കൾ ,

എൻറെ പുതപ്പിൽ ഇടം തേടുന്നു ,

കെട്ടുപോയ തിരിയിൽ അഗ്നി ആളിയണയുന്നു .

മീനമാസത്തിലെ മാമ്പൂക്കളും ,

മേടമാസത്തിലെ കൊന്നപ്പൂക്കളും ,

എന്നെ മറന്നിരിക്കുന്നു.

അപരിചിതമായ ഭൂമിക്കുമീതെ ,

വേനൽപക്ഷിയായി പറന്നിടുമ്പോൾ,

അരുത്..!

നീ എൻറെ സ്‌മൃതികളിൽ

ജനിക്കാതിരിക്കുക.


വൃന്ദ എസ് കുമാർ 

മണമുള്ള മുല്ലകൾ


 

തിങ്കളാഴ്ച…

മുനിസിപ്പൽ പാർക്കിലെ വാക്കിങ് ട്രാക്ക് മിക്കവാറും ഒഴിഞ്ഞു കിടന്നു. അവിടെയും ഇവിടെയും ആയി വളരെ ചുരുക്കം ആൾക്കാർ നടക്കുന്നു. എന്നും ചിലക്കുന്ന പക്ഷികൾ പോലും ഇന്ന് മൗനം. എന്താണ് കാരണം എന്നന്വേഷിച്ചു നോക്കാം .

എന്നും ഇണക്കുരുവികളെ പോലെ കളർ കോർഡിനേറ്റഡ് ആയ ട്രാക്‌സ്യൂട്ടിട്ടു കൈ പിടിച്ചു നടക്കാറുള്ള ആ ദമ്പതികൾ. സന്ധ്യയും ബിജുവും. അവരെ ഇന്ന് കാണുന്നില്ല. പ്രഭാതസവാരിക്ക് വരുന്ന എല്ലാവർക്കും അറിയാം ആ ദമ്പതികളെ. അമ്പതു വയസ്സ് കഴിഞ്ഞിട്ടും കളിച്ചും ചിരിച്ചും പരസ്പരം നുള്ളിയും ചെവിക്കു പിടിച്ചും ഉള്ള ആ നടത്തം. പിന്നെ അടുത്ത മിൽക്ക് പാർലറിൽ നിന്നും ലസിയും കുടിച്ചിരുന്നു തമാശ പറയുന്ന ആ ഇണകൾ എല്ലാവരെയും ഒന്ന് തിരിഞ്ഞു നോക്കാൻ പ്രേരിപ്പിക്കാറുണ്ട്.

ഇന്നാ സ്റ്റാർ കപ്പിൾസ് ആണ് വരാത്തത്. പാർക്ക് ആകെ മൂകമായ പോലെ. എല്ലാവരും അവരുടെ വക നടത്തം കഴിഞ്ഞു പോയി തുടങ്ങി. ബിജു ഓഫീസിൽ എത്തിയാൽ ഉടൻ സന്ധ്യയെ വിളിക്കും. എത്തി എന്ന് പറയാൻ. പതിനൊന്നു മണിയാകുമ്പോൾ സന്ധ്യ വിളിക്കും വീട്ടിൽ നിന്ന് കൊടുത്തു വിട്ട അലോവെര ജ്യൂസ് കുടിച്ചൊന്നറിയാൻ. ഉച്ചക്ക് ഒന്നരക്ക് ബിജു പിന്നെയും വിളിക്കും  നല്ല ലഞ്ച്. തന്നയച്ചതിനു നന്ദി പറയാൻ. പിന്നെ വൈകിട്ട് ഓഫീസിൽ വിട്ടിറങ്ങുന്നതു വരെ അവർ വളരെ കമ്മ്യൂണിക്കേറ്റീവ് ആയിരുന്നു. മാതൃക ദമ്പതികൾ.

പിന്നെ എന്തിനാണ് ബിജു സെക്രട്ടറി മീരയ്ക്ക് മെസ്സേജ് അയക്കുന്നത്. എന്തിനു അവൾക്കു കോമ്പ്ലിമെൻറ് കൊടുക്കുന്നു. അവൾ ലേറ്റ് ആയി വന്നാലും അവളുടെ ലേറ്റ് പഞ്ച് മാത്രം മാർക്ക് ആവാത്തതിന് കാരണം എന്താണ്. എന്തിനു മീര അയാൾക്ക് ഇഷ്ടപ്പെട്ട കറികൾ ഉണ്ടാക്കി കൊണ്ട് വരുന്നു. ഇത്ര മാതൃക ഭാര്യ വീട്ടിൽ ഉള്ളപ്പോൾ. എന്താണീ മിസ്കോമ്മ്യൂണിക്കേഷൻ.

ഫോണിൽ മീരയുടെയും അസിസ്റ്റന്റ് പൂജയുടെയും നമ്പർ മനോജ് എന്നും പ്രകാശ് എന്നും എന്തിനാണ് സേവ് ചെയ്തിരിക്കുന്നത്. ബിജുവിന്റെ സ്ക്രീൻ സേവ്യർ സന്ധ്യയുടെ ചിരിക്കുന്ന മുഖം. അയാളുടെ പഴ്സിൽ അവളുടെ പഴയ ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോ. ഓഫീസിൽ സഹപ്രവർത്തകർ കളിയാക്കി പറയാറുണ്ട് .. സന്ധ്യയുടെ കാൾ വന്നാൽ ബിജു എഴുന്നേൽക്കും എന്ന്.

ഓവർ റ്റു സന്ധ്യ

ഭർത്താവിനെ പറഞ്ഞു വിട്ടിട്ടു ഫോൺ എടുത്താൽ പിന്നെ കുറഞ്ഞത് 6-7 വീടുകളിൽ ഫോൺ ചെയ്താലേ സന്ധ്യക്ക്‌ സമാധാനമാകു. അവളുടെ ഒരു ദിവസ്സം ഫോണിലാണ് കൂടുതലും. വൈകിട്ട് ബിജു വന്നാൽ കുടിക്കാൻ  ചായയും സ്‌നാക്‌സും ഉണ്ടാക്കി അവൾ കാത്തിരിക്കും.

അങ്ങനെ ഒരു ദിവസമാണ് വൈകുന്നേരം ബിജു വരാതെ ഇരുന്നപ്പോൾ അവൾ വേവലാതിപ്പെട്ട് അയാളുടെ  സുഹൃത് സഞ്ജയനെയ് വിളിച്ചത്. സന്ധ്യയോടെന്താണ് പറയേണ്ടതെന്ന് അറിയാതെ സഞ്ജയ് വിഷമിച്ചിരിക്കുമ്പോഴാണ് അവളുടെ വീടിന്റെ മുൻപിൽ ഒരു പോലീസ് ജീപ്പ് വന്നു നിന്നത്.

ഫോൺ വച്ച് സന്ധ്യ ഓടി ഇറങ്ങി ചെന്നപ്പോൾ കണ്ടത് കൈവിലങ്ങുകളോടെ ജീപ്പിൽ ഇരിക്കുന്ന ബിജുവിനെയാണ്. അലറി കരഞ്ഞ അവളെ അടുത്ത വീട്ടിലെ ‘ആന്റി പിടിച്ചിരുത്തി. അപ്പോഴേക്കും അയൽവക്കത്തെ ആൾക്കാർ ഗേറ്റ് വളഞ്ഞു.

പതിയെയുള്ള സംസാരം അങ്ങനെ സന്ധ്യയുടെ കാതിലും എത്തി. ബിജുവിനെതിരെ സെക്ഷ്വൽ ഹരാസ്സ്മെന്റ് കേസ് കൊടുത്തിരിക്കുന്നു പോലും. ഓഫീസിലെ ആറേഴു പെണ്ണുങ്ങൾ ചേർന്നാണ് കംപ്ലൈന്റ്റ് കൊടുത്ത്. മാനേജ്‌മന്റ് ബോർഡ് ഒരു തീരുമാനം എടുക്കാത്തത് കൊണ്ടാണവർ പോലീസിൽ പരാതി കൊടുത്ത്. പരാതിയിൽ ബിജു അവർക്കയക്കാറുള്ള അശ്ലീലം കലർന്ന മെസ്സേജുകളും ഫോട്ടോസും ചേർത്തിരുന്നതു കാരണം, പോലീസിന് കൂടുതൽ തെളിവിന്റെ ആവശ്യം വന്നില്ല. വീട്ടിലുള്ള ബിജുവിന്റെ കമ്പ്യൂട്ടർ പരിശോധിക്കാനാനവർ വീട്ടിൽ എത്തിയത്.

ബോധം കേട്ട് വീണ സന്ധ്യയെ അടുത്ത വീട്ടിലെ സ്ത്രീകൾ ചേർന്നെഴുനേൽപ്പിച്ചിരുത്തി.

കരഞ്ഞു തീർന്നപ്പോൾ സന്ധ്യ തന്നോട് തന്നെ ചോദിച്ചു.. എന്താന്നെനിക്കൊരു കുറവ്.. ഇത്രയും പെർഫെക്ഷൻ.. ഇത്രയും ഹൈജീൻ എത്രപേർക്കുണ്ട്. എന്നിട്ടും ബിജുവിനിങ്ങനെ ചെയ്യാനുള്ള മനസ്സുണ്ടായല്ലോ.


ഷീന പിള്ളൈ സിങ്ങ് 

തീവെട്ടി കാളി


 







കൂമൻ പാടത്ത്

പെണ്ണ് തിരണ്ടാൽ

തീവെട്ടി കാളിക്ക്

അവലും മലരും നേദിക്കും


അപ്പൻ ചത്തേന്റെ

പുലവീടും മുന്നേ

മടയിൽ തമരടിക്കാൻ ചെന്ന

ചങ്കിൽ തീയുള്ള കറുകറുത്ത

ചെറുമത്തി പെണ്ണൊരുത്തി.


നിന്റേൽ  ഉള്ളത്ര

വെടിമരുന്നെവിടാടി

ഉള്ളേന്നു

വഷള് ചിരിച്ചവന്റെ

നെഞ്ചത്ത് തമര് പൊട്ടിച്ച്

പൊള്ളി ചത്ത

ചെറുമത്തി കുറുമ്പ


ചേറിലോ, മരത്തിലോ

തീ വെട്ടം കണ്ടാൽ

പ്രേതമല്ല,

ദേവിയെന്നു

ഏതു പാതിരായ്ക്കും

പെണ്ണുങ്ങൾക്ക്‌

പിന്നെ ഉശിരാണ്…


ആരോ ഉണ്ടെന്നു,

കരുതൽ ഉണ്ടെന്ന് തോന്നലാണ്!

അത് കാണുമ്പോ

ചെകിടത്തു പൊള്ളുന്ന അടി വീണ പോലെ,

നെഞ്ചത്ത് തമര് വീണ പോലെ

ആണുങ്ങൾക്ക് കതിപ്പാണ്!


ഏതേലും പെണ്ണുങ

ചത്തു ചിതയെടുക്കുമ്പോ

കിഴക്കൂന്നു

കാറ്റൂതിയൂതിയൊരു വെട്ടം വന്നാൽ


ദണ്ടേ, വന്നേ,

വന്ന് കൊണ്ട് പോയെ

എന്നാർത്തു കൈകൊട്ടി

ചെതക്കു ചുറ്റും

കുരവയാണ് ആർപ്പാണ്…


അങ്ങനെ അങ്ങനെ

ഒരുനാട്

പെണ്ണൊരുത്തി കൊളുത്തിയ

തീയിൽ

ജ്വലിക്കുമ്പോ,


കാവലു നിക്കുമ്പോ

പെണ്ണായ പെണ്ണെല്ലാം

കൂനാതെ, വളയാതെ, കുമ്പിടാതെ

നിവർന്നു നടക്കുമ്പോൾ


ഇനി നിങ്ങള് പറ

നേരായാലും നുണയായാലും

ചില സങ്കല്പങ്ങൾ നല്ലതല്ലേ …


ലിഷ ജയൻ

മങ്കി പോക്സ് അഥവാ വാനര മസൂരി


 കേരളത്തിൽ മങ്കി പോക്സ്  സ്ഥിരീകരിച്ച സാഹചര്യത്തിൽ ആശങ്കകൾ പടരുകയാണല്ലോ? അത് കൊണ്ടു തന്നെ  ഈ രോഗത്തെകുറിച്ച് കുറച്ചു കാര്യങ്ങൾ അറിഞ്ഞിരിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.

ഓർത്തോ പോക്സ് വൈറസ് കുടുംബത്തിൽപ്പെടുന്ന “മങ്കി പോക്സ്  വൈറസ്” മൂലമുണ്ടാകുന്ന ഒരു തരം പനിയാണ് കുരങ്ങു പനി. വസൂരി വൈറസിന്റെ കുടുമ്പത്തിൽപ്പെട്ട ഒരു ഡി എന് എ  വൈറസ് ആണിത്.

1958ൽ ഡെൻമാർക്കിലെ കോപ്പെൻ ഹേഗൻ പരിക്ഷണ ശാലയിലെ കുരങ്ങുകളിൽ ഈ രോഗം പടർന്നു പിടിച്ചിരുന്നു. മനുഷ്യരിൽ ഈ രോഗം ആദ്യമായി റിപ്പോർട്ട്‌ ചെയ്യപ്പെട്ടത് 1970 ൽ കോംഗോയിലെ (Democratic Republic of the Congo) ഒരു കുട്ടിയിലാണ്.

മൃഗങ്ങളിൽ നിന്നും മനുഷ്യരിലേയ്ക്ക്, അവയുടെ കടി, മാന്തലെന്നിവയിലുടെയോ മാംസത്തിലുടെയോ പകരാം. മനുഷ്യരിൽ  പരസ്പ്പര സ്പർശനത്തിലുടെയോ, ശരീര ശ്രവങ്ങളിലൂടെയോ പകരാം.

ലക്ഷണങ്ങൾ

ആദ്യലക്ഷണമായി തലവേദന, ശരിര വേദന, പനി, ക്ഷീണം എന്നിങ്ങനെ സാധാരണ ഇൻഫ്ലുവെൻസയുടെ ലക്ഷണങ്ങളാവും കാണുക. കടുത്ത തലവേദനയുള്ള വിറയൽ പനിയാണ് സാധാരണയായി ആദ്യം കാണുന്നത്.

പനി വന്ന് മൂന്നാം ദിവസത്തിന് മുൻപായി കൈകളിൽ, മുഖത്ത്, ജനനേന്ദ്രിയ ഭാഗത്ത് ചുവന്ന പാടുകൾ  ഉണ്ടാകും പിന്നിടാണ്  കുരുക്കൾ ഉണ്ടാകുക, അതിൽ വെള്ളം നിറഞ്ഞ അവസ്ഥ. ഇതാണ് കുരങ്ങ് വസൂരിയുടെയുടെ ലക്ഷണം. കുരങ്ങ് പനിയുടെ പ്രധാന ലക്ഷണങ്ങൾ പനി, പേശി വേദന, ചെവിക്കു പിന്നിൽ , താടിയിൽ, കക്ഷത്തിലും, ഇടുപ്പിലും, കഴലകൾ  വീർക്കുന്നു.

എന്നാൽ ഈ  ലക്ഷണങ്ങൾ മറ്റ് പനികളിലുമുണ്ടാകും. മാത്രമല്ല കേരളത്തിൽ മിക്കരോഗികളും പാരസറ്റമോൾ  ഒന്നിലധികം ഡോസ് കഴിച്ചിട്ടാകും വരുന്നത്.  അതുകൊണ്ട് തന്നെ ഒരുലക്ഷണവും കാണിച്ചില്ലന്നും വരാം .  മറ്റു ചില പനികളുമായി ഇത് മാറി പോകാനും ഇടയുണ്ട്.

ചിക്കൻ പോക്സിന്റെ കുരുക്കൾ ആദ്യം വയറിലോ നെഞ്ചിലോ ആണ്  വരിക. പതിയെയാണ് ചിക്കൻ പോക്സിന്റെ കുരുക്കൾ വരുന്നതെങ്കിൽ ഇവിടെ മൂന്നാം ദിവസം മുതൽ തന്നെ കുരുങ്ങ് പനി ബാധിച്ച വ്യക്തിക്ക് അൻപതോളം കുരുക്കൾ ഉണ്ടാകും. കഴുത്തിലോ, കക്ഷത്തിലോ മറ്റോ കഴലകള് വീർത്തുവരുന്നതും  കുരങ്ങ് പനിയുടെ പ്രധാന  ലക്ഷണമാണ്.

ഇപ്പോൾ തക്കാളി പനിയും വ്യാപകമാണ്, തക്കാളി  പനിയിൽ കൈകൾക്കുള്ളിലും, കാലിന്നടിയിലും, കാൽ മുട്ട്, ചന്തി, എന്നിവിടങ്ങളിലും വായുടെ അകത്തും കുരുക്കൾ ഉണ്ടാകും. പനി അത്ര കാര്യമായി ഉണ്ടാകുകയുമില്ല.

21 ദിവസമാണ് ഈ പനിയുടെ ഇൻകുബേഷൻ പിരിയഡ്,  ഇത് ഒരു വൈറൽ പനിയായതിനാൽ, മിക്ക ആളുകളിലും വലിയ സങ്കീർണ്ണതകളൊന്നുമില്ലാതെ ആഴ്ചകൾ നിലനിൽക്കുന്നു. സുഖം പ്രാപിക്കുന്ന കാലയളവ് നീളുകയും രോഗബാധിതനായ വ്യക്തിക്ക് ക്ഷീണം, കഠിനമായ പേശിവേദന തുടങ്ങിയവ അനുഭവപ്പെടുകയും ചെയ്യുന്നു.

രോഗത്തിന്റെ കോമ്പ്ലിക്കേഷന് ആയി ന്യുമോണിയ, തലച്ചോറിനു പഴുപ്പ്, രോഗാണു ബാധകൾ എന്നിവ വരാം. ഗർഭിണികളിൽ  ഗർഭം അലസുന്നതിനും ജനിക്കുന്ന കുഞ്ഞിനു വൈകല്യമുണ്ടാകുന്നതിനും സാധ്യതയുണ്ട്.

രോഗ നിർണ്ണയം :

പ്രാരംഭ ഘട്ടത്തിൽ  പി.സി.ആർ ടെസ്റ്റ് വഴിയും, അഞ്ചോ ഏഴോ ദിവസത്തിന് ശേഷമാണെങ്കിൽ എലിസാ ടെസ്റ്റ് വഴിയും രോഗം സ്ഥിരീകരിക്കാം. ഇപ്പോൾ കേരളത്തില് രോഗനിർണ്ണയ സൗകര്യം ലഭ്യമാണ്.

ചികിത്സ:

ഇത് 2-4 ആഴ്ചയ്ക്കുള്ളിൽ സ്വയം ശമിക്കുന്ന ഒരുരോഗമാണ്. വളരെ വിരളമായി മാത്രമേ മാരകമാകാറുള്ളു.

കുരങ്ങു പനിയ്ക്ക് പ്രത്യേക ചികിത്സയൊന്നുമില്ല. രോഗലക്ഷണമനുസരിച്ച് സാന്ത്വന ചികിത്സ നല്കുന്നു. നഷ്ടപ്പെട്ട ജലാംശം നൽകണം. പനി ബാധിച്ച രോഗിക്ക് പൂർണ്ണ വിശ്രമം, മതിയായ ജലാംശം, പ്രോട്ടീൻ അടങ്ങിയ ഭക്ഷണം എന്നിവയും പ്രധാനം.

കുരങ്ങ് പനിയെ എങ്ങനെ തടയാം?

പോസിറ്റീവായ വ്യക്തിയുമായുള്ള അടുത്ത സമ്പർക്കം ഒഴിവാക്കണം. ഉമിനീർ, മൂത്രം, ചലം പോലുള്ള ശ്രവങ്ങൾ തൊടാതെ ശ്രദ്ധിക്കണം. കുരങ്ങുകളുടെ അസാധാരണമായ മരണം പതിവായി നിരീക്ഷിക്കേണ്ടതും പ്രധാനമാണ്. ചത്ത മൃഗങ്ങളിൽ നിന്ന് അകലം പാലിക്കുകയും മാംസാഹാരം നന്നായി പാകം ചെയ്ത് കഴിക്കുകയും ചെയ്യണം. കാനന യാത്രകൾ തല്ക്കാലം ഒഴിവാകുക. രോഗികളുമായി സമ്പർക്കമുണ്ടായാൽ കൈകൾ സാനിറ്റൈസ് ചെയ്യുക.


ഡോ. ടി.ജി.മനോജ് കുമാർ 

ഇന്തോന്വേഷ്യൻ ദിനങ്ങൾ

 


അധ്യായം 17: കൂടുതൽ ബാണ്ടൂങ് വിശേഷങ്ങൾ


ബാലിപോലെ തന്നെയാണ് ബാണ്ടൂങ്ങും. അഗ്‌നിപർവ്വതങ്ങൾ ടൂറിസത്തിനുവേണ്ടി ഉപയോഗിക്കുന്ന ഇന്തോന്വേഷ്യയിലെ മറ്റൊരു പ്രദേശം. ഒരു പ്രദേശത്തിന് മൊത്തം ദുരിതം വിതയ്ക്കുന്ന ഒരു പ്രകൃതിസൃഷ്‌ടിയെ എങ്ങനെ അവരുടെ വരുമാന മാർഗ്ഗവുമാക്കാമെന്നതിന് ഉദാഹരണങ്ങളാണിവ.

തങ്കുബാൻ പെരാഹു ആണ് ഇവിടത്തെ പ്രധാന അഗ്‌നിപർവ്വതം. ബാണ്ടൂങ്ങിൽ നിന്നും മുപ്പതു കിലോമീറ്റർ ദൂരമുണ്ട് ഇവിടേയ്ക്ക്. കഴിഞ്ഞവർഷം ജൂലൈ മാസത്തിലാണ് (2019) ഇത് അവസാനമായി തീ തുപ്പിയത്. അഗ്‌നിപർവ്വത മുഖത്തുള്ള വിള്ളലിന് മുകളിലൂടെ നടക്കാം എന്നൊരു പ്രത്യേകതയും ഇവിടെയുണ്ട്. എന്നാൽ സുരക്ഷയെക്കരുത്തി ഈ നടത്തം നിരോധിക്കുവാൻ തീരുമാനമുണ്ടന്നറിയുവാൻ കഴിഞ്ഞു. തിളച്ചു മറിയുന്ന ജലധാരയും ചൂടിൽ ഉരുകുന്ന മണ്ണും നമുക്കിവിടെ കാണുവാൻ കഴിയും. ഒരു മുട്ട വാങ്ങി ഈ മണ്ണിൽ വച്ചു പുഴുങ്ങിയെടുക്കാം. അതിനും ധാരാളം പേർ ഇവിടെയുണ്ടാകും. ഇതിനോടനുബന്ധിച്ച് മുട്ട വ്യാപാരവും തകൃതിയായി നടക്കുന്നു. ലാവാ മണ്ണിൽ മസ്സാജ് ചെയ്യുന്നതിനും ഇവിടെ സൗകര്യമുണ്ട്. ഈ ജലമണ്ണ്  മില്ലി കണക്കിൽ വിൽക്കുന്നവരുമുണ്ട്. അത് മറ്റൊരു വ്യാപാരം. ചൂടുജലധാരയിൽ കുളിക്കുന്നതിനും ഇവിടെ അവസരമുണ്ട്.

കവാ പുട്ടി തടാകമാണ് മറ്റൊരു പ്രധാന ആകർഷണം. വെളുത്ത അഗ്‌നിപർവ്വതമുഖം എന്നാണീ പേരിന്റെ അർഥം. ബാണ്ടൂങ്ങിൽ നിന്നും അമ്പതു കിലോമീറ്റർ ദൂരമുണ്ട് ഇവിടേയ്ക്ക്. മല കയറിത്തന്നെ അവിടെയെത്തണം. സമുദ്ര നിരപ്പിൽ നിന്നും 2400 മീറ്റർ ഉയരത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. അതുകൊണ്ടുതന്നെ നല്ല തണുപ്പുള്ള പ്രദേശവുമാണിത്. രണ്ടഗ്‌നിപർവ്വതങ്ങളുടെ ഇടയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ഇരട്ട അഗ്‌നിപർവ്വതങ്ങൾ എന്നാണു  തദ്ദേശീയർ ഇവയെ വിളിക്കുന്നത്. AD 1600 നു ശേഷം ഇവ സ്‌ഫോടനം നടത്തിയിട്ടില്ല. ഈ തടാകത്തിലെ ജലത്തിന് വെളുത്ത നിറമാണ്. ഇതിലെ വലിയ അളവിലുള്ള സൾഫർ ആണ് ഈ നിറത്തിനു കാരണം. കഠിനമായ അമ്ലസ്വഭാവമുള്ളതാണ് ഇതിലെ വെള്ളം. വെള്ളത്തിൽ വിരൽ മുക്കുന്നതു പോലും ഇവിടെ നിരോധിച്ചിട്ടുണ്ട്. ജീവജാലങ്ങൾ ഒന്നുമില്ലാത്ത തടാകമാണിത്. ഇവിടെ ഗന്ധകത്തിന്റെ അതിരൂക്ഷമായ ഗന്ധമുണ്ടാകും. ഇതിനായി മാസ്‌ക് വിൽക്കുന്നവരും ഇവിടെ ധാരാളം. ഇത് മറ്റൊരു കച്ചവടം.


പട്ടെൻഗാങ് തടാകമാണ് ഇവിടത്തെ മറ്റൊരു പ്രധാന കേന്ദ്രം. സമുദ്ര നിരപ്പിൽ നിന്നും 1600 മീറ്റർ ഉയരത്തിലാണ് ഈ തടാകവും. ഇതും രണ്ടഗ്‌നിപർവ്വതങ്ങൾക്കിടയിൽത്തന്നെ. സാൻഡ്‌വിച്ച് തടാകം എന്നും ഇതിന് പേരുണ്ട്. അതി മനോഹരമായ ദൃശ്യ വിരുന്നൊരുക്കിയാണ് ഈ തടാകം സഞ്ചാരികളെ കാത്തിരിക്കുന്നത്. പുതുതായി വിവാഹിതരാകുന്നവരുടെ ഇഷ്‌ട പ്രദേശം കൂടിയാണിവിടം. മധുവിധുവിനും വിവാഹാനന്തര ഫോട്ടോഗ്രഫിക്കും ധാരാളം പേർ ഇവിടെയെത്തുന്നു. സുഖകരമായ കാലാവസ്ഥയും റിസോർട്ടുകളുടെ ആധിക്യവും ഇവിടം മധുവിധു ആഘോഷകരുടെ പറുദീസയാക്കുന്നു.

ദുസൂൺ ബാംബൂ പാർക്കാണ് സഞ്ചാരികളുടെ മറ്റൊരു ഇഷ്‌ട വിനോദ കേന്ദ്രം. പതിനഞ്ചു ഹെക്റ്റർ സ്ഥലത്താണ് ഈ പാർക്കൊരുക്കിയിരിക്കുന്നത്. കുട്ടികളേയും മുതിർന്നവരേയും ഒരുപോലെ ആകർഷിക്കുന്ന ഒരു വിനോദ കേന്ദ്രമാണിത്. വിനോദത്തിനായി ധാരാളം ആക്റ്റിവിറ്റീസ് ഇവിടെയൊരുക്കിയിട്ടുണ്ട്. ഭീമാകാരങ്ങളായ ബാംബൂ രൂപങ്ങൾ സഞ്ചാരികളെ കവാടത്തിൽ വരവേൽക്കുന്നു. ഇവിടെ വലിയ പാലങ്ങളടക്കം മിക്കതും ബാംബൂ ഉപയോഗിച്ച് നിർമ്മിച്ചിരിക്കുന്നവയായാണ്. മറ്റൊരു ലോകത്തു പ്രവേശിച്ചിരിക്കുന്ന അനുഭവമാണ് ഇവിടെയെങ്ങും. ഇതിനുള്ളിൽ രണ്ടു റിസോർട്ടുകളും പ്രവർത്തിക്കുന്നുണ്ട്. ഒരു ദിവസമോ രണ്ടു ദിവസങ്ങളോ ചെലവഴിക്കുന്നതിനുള്ളത്ര ആക്റ്റിവിറ്റീസ് ഇതിനുള്ളിലുണ്ട്.

ഭക്ഷണപ്രിയരുടെ പറുദീസയാണ് ബാണ്ടൂങ്. രുചികരമായ വിവിധ തരം വിഭവങ്ങളാണ് ബാണ്ടൂങ്ങിൽ നിന്നും സഞ്ചാരികൾക്ക് അനുഭവഭേദ്യമാകുന്നത്. ഭക്ഷണത്തിനു മാത്രമായി ഇവിടം സന്ദർശിക്കുന്നവരുമുണ്ട്. ബുരാറാങ് തെരുവ് ഇത്തരത്തിലുള്ള ഭക്ഷണവൈവിധ്യങ്ങൾക്ക് പേര് കേട്ടതാണ്.

പൊരിച്ചതും പുഴുങ്ങിയതുമായ മൽസ്യ അപ്പങ്ങളാണ് (fish cakes) ഇന്തോന്വേഷ്യയിലെ ഒരു പ്രധാന വിഭവം. ദ്വീപുകൾക്കനുസരിച്ച് രുചി വ്യത്യാസമുണ്ടാകുമെന്നു മാത്രം. ഞാൻ ഇത് മുൻപ് സുമാത്രയിൽ നിന്നും കഴിച്ചിരുന്നു. വേവിച്ച മീനും, ധാന്യപ്പൊടിയും, മുട്ടയും, ഉപ്പും, വെള്ളവുമാണ് ഇതിന്റെ പ്രധാന ചേരുവകൾ. ഇവയെല്ലാം കുഴച്ചു വേവിച്ചെടുക്കും. ചിലപ്പോഴെല്ലാം ഇത് പൊരിച്ചും തയ്യാറാക്കും. ഇത് രുചികരമായ സോസും വിനാഗിരിയും ചേർത്ത ഒരു ലായനിയിൽ മുക്കിയാണ് കഴിക്കേണ്ടത്. പെംപെക്ക്  എന്നാണിത് ഇവിടങ്ങളിൽ അറിയപ്പെടുന്നത്. ഇത് ഇന്തോന്വേഷ്യയുടെ ഒരു പാരമ്പര്യ വിഭവമാണ്.

ബബൂർ ആയം ഗിബ്ബാസ് ആണ് മറ്റൊരു വിഭവം. ബബൂർ എന്നാൽ പോറിഡ്‌ജ്‌ എന്നും ആയം എന്നാൽ ചിക്കൻ എന്നുമാണർത്ഥം. ആവി കയറ്റിയുണ്ടാക്കുന്ന ചിക്കൻ ചെറു കഷണങ്ങളാക്കിയുണ്ടാക്കുന്ന ഒരു പോറിഡ്‌ജ്‌ ആണിത്. മറ്റു മാംസങ്ങൾ, കടൽ വിഭവങ്ങൾ, കൂണുകൾ, ഇലവർഗ്ഗങ്ങൾ തുടങ്ങിയവയും ചേർത്തുണ്ടാക്കുന്ന പോറിഡ്‌ജുകളും ഇവിടെ ലഭ്യമാണ്.

സെറാബിയെന്നു പേരുള്ള പാൻ കേക്കുകളാണ് മറ്റൊരു പ്രധാന വിഭവം. ഇത് ഒരു സ്‌ട്രീറ്റ് ഫുഡ് ആണ്. പ്രാതലിനാണ് കൂടുതലായും ഇതുപയോഗിക്കുന്നത്. ഇതിനു സുറാബിയെന്നും ഇന്തോന്വേഷ്യയുടെ മറ്റു ചില ഭാഗങ്ങളിൽ പറയുന്നതും കേട്ടിട്ടുണ്ട്. ബാറ്റഗോർ, ലോട്ടക്, പിസാങ് മൊളാൺ, സോട്ടോ ബാണ്ടൂങ്, സിലോക്ക് ബാണ്ടൂങ്, മീ കൊക്കോങ്, കരേഡോക്ക്, ഗെപ്പുക്ക് തുടങ്ങിയവയാണ് ബാണ്ടൂങ്ങിലെ മറ്റു ചില ഭക്ഷണാകർഷണങ്ങൾ. ഇവിടത്തെ തെരുവോര ഭക്ഷണത്തിന്റെ പ്രശസ്‌തി ഇന്തോന്വേഷ്യയുടെ കടലും കടന്നു പോയിരിക്കുന്നു എന്നതിന്റെ തെളിവാണ് ഇവിടെയെത്തുന്ന വിദേശ സഞ്ചാരികളുടെ എണ്ണം.


ഡോ. സുനീത് മാത്യു

അത് ഞാനായിരുന്നു – അഷിത (അഭിമുഖസംഭാഷണം – ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്)


 ” ജീവിതം ചെന്നിനായകം നല്കിലും

നീയതും മധുരിപ്പിച്ചോരദ്ഭുതം “

മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച  ” അഷിതോർമ്മ ” എന്നുള്ള പുസ്തകത്തിൽ കവയത്രി  വിജയലക്ഷ്മി ടീച്ചർ എഴുതിയിട്ടുള്ള ആദ്യത്തെ വരികൾ ആണിത്. വെള്ളിനൂലുകൾ കെട്ടിയ തലപ്പാവുമായി മലയാളസാഹിത്യത്തെ കടന്നു പോയ പ്രിയപ്പെട്ട എഴുത്തുകാരിയുടെ ജീവിതത്തെ കുറിച്ച് പറയുവാൻ ഇത്രയും ഭംഗിയുള്ള വാക്കുകൾ ഇല്ലതന്നെ. അനന്യസാധാരണമായ സൂഷ്മദർശനത്തിന്റെയും, ഉള്ളുലയ്ക്കുന്ന രചനാവൈഭവങ്ങളുടേയും കഥാകാരിയായിരുന്നു അഷിത. നിശബ്ദയായി എഴുതിയിരുന്ന എഴുത്തുകാരിയുടെ അവസാനകാലത്തെ തുറന്നു പറച്ചിലുകളാണ്, ” അത് ഞാനായിരുന്നു അഷിത ” തുറന്നു വെയ്ക്കുന്നത്.

 സാഹിത്യകാരന്മാരുടെ ആത്മകഥകൾ!! എന്നും ഒരുപക്ഷെ വായനക്കാർ ഇഷ്ടപ്പെടുന്ന ഒരു ഴോണർ ആകാം . അതൊരു എഴുത്തുകാരിയുടേത് ആകുമ്പോൾ സ്വാഭാവികമായും കൂടുതൽ താല്പര്യം ഉണ്ടായേക്കാം. മലയാളസാഹിത്യത്തിൽ ഒരുകാലത്ത് കോളിളക്കം സൃഷ്ടിച്ച

” എന്റെ കഥ – മാധവിക്കുട്ടി ” തന്നെ ഉദാഹരണം. കാലങ്ങൾ കടന്നു പോയിട്ടും ഇന്നും അതിന്റെ പതിപ്പുകൾ യഥേഷ്ടം വായിക്കപ്പെടുന്നത് തന്നെ ഉദാഹരണം.

മാധവികുട്ടിയുടെ ” എന്റെ കഥ ” പോലെ സ്വമേധയാൽ എഴുതിയ കഥയല്ല,  ആഷിതയുടേത്. അതിനവർ മറ്റൊരാളെ നിയോഗിക്കുകയായിരുന്നു. ചോദ്യങ്ങൾ ചോദിക്കുക, ഉത്തരങ്ങൾ നൽകുക. അതായിരുന്നു അഷിത കണ്ടുപിടിച്ച രീതി. ഒരുപക്ഷെ ആത്മകഥ എഴുതുന്നതിൽ ഉപരി, ഈ സംഭാഷണം ഞാൻ ഉൾപ്പെടുന്ന വായനക്കാരെ ഞെട്ടിച്ചിരുന്നിരിക്കണം. തീർച്ചയാണ്.

 ” നീ എന്തിനാണ് എഴുതുന്നത്? മാധവികുട്ടിയാകുവാനാണോ? ” യാഥാസ്ഥിതിക പലകയുടെ മുകളിൽ ഇരുന്ന് ഈ ചോദ്യം നേരിട്ടുകൊണ്ടാണ് അഷിത എഴുതാൻ തുടങ്ങിയത്. എഴുത്തിൽ ആത്മാവ് മാത്രമേ ഉണ്ടായിരുന്നുള്ളൂ, ശരീരം ഉണ്ടായിരുന്നില്ല. എന്നിട്ടും അവർ പഴി കേട്ടത്, മാധവിക്കുട്ടിയുടെ പേരിലാണ്. വീടിനുള്ളിൽ നാല് ചുവരുകൾക്കുള്ളിൽ ദശാബ്ദങ്ങളോളം ക്രൂശിക്കപ്പെടുമ്പോഴും ഒന്നും മിണ്ടാതെ സഹിക്കുവാൻ അവർക്ക് കരുത്ത് നൽകിയതെന്താകും? ഒരുപക്ഷെ എഴുതുക എന്നുള്ള അവരുടെ അതിതീവ്രമായ ആഗ്രഹം ആയിരുന്നിരിക്കാം.

അച്ഛന്റേയും അമ്മയുടെയും വാത്സല്യം അനുഭവിച്ച് വളരേണ്ടിയിരുന്ന പ്രായത്തിലേ, തന്നെ  അഷിതയെ എവിടെയെങ്കിലും ഉപേക്ഷിക്കുവാൻ ശ്രമം നടത്തിയിരുന്ന, മാതാപിതാക്കളുടെ മുഖമാണ് അഷിത കണ്ടത്.

” അമ്മയ്ക്ക് കുട്ടിയോട് സ്നേഹം ഉണ്ടാവില്ലേ? “

എന്നുള്ള ചോദ്യത്തിന്,

” എന്റെ അമ്മയ്ക്ക് എന്നെ ഇഷ്ടമല്ലായിരുന്നു “

എന്ന് ലളിതമായി മറുപടി പറയുമ്പോൾ, ആ ലാളിത്യം അവരിൽ ഉണ്ടാക്കിയിരുന്ന മുറിവ് എത്ര ഭീകരമായിരുന്നുവെന്ന് വായനക്കാരന്റെ മനസ്സിൽ തെളിയുന്നു. അവരുടെ biological father ഏതോ പ്രസിദ്ധനായിരുന്ന സാഹിത്യകാരനായിരുന്നു എന്നുള്ള ചിന്തയാണ് അവരുടെ അച്ഛനിൽ അവരോട് വെറുപ്പ് ഉളവാകുവാനുള്ള കാരണം. അദ്ദേഹത്തിന്റെ മരണം വരേയും അദ്ദേഹം അത് വിശ്വസിച്ചു പോന്നിരുന്നുവെന്ന് അഷിത പറയുന്നു.

മെഡിസിന് പഠിക്കുവാൻ തീരുമാനിച്ചിരുന്ന പെൺകുട്ടിയുടെ മനസ്സിലേയ്ക്ക്, ഒരു സായാഹ്നപോക്കുവെയിൽ കടന്നുപോയത്,  തന്റെ നിയോഗം ഒരിക്കലും അതല്ല, എന്നുള്ള ചിന്തയോട് കൂടിയാണ്. അവർ , തിരികേ തറവാട്ടിലേയ്ക്ക് എത്തുന്നത്, ” എനിക്ക് ഡോക്ടർ ആവണ്ട ” എന്നുള്ള തീരുമാനവും ആയിട്ടാണ്. ഒന്നും എഴുതാൻ പാടില്ല ന്ന് പറഞ്ഞു കൊണ്ട്, അവരെ മുറിയിൽ ആറുമാസത്തോളം പൂട്ടിയിട്ടു. മരുന്നുകൾ നൽകി, ഷോക്ക് ട്രീറ്റ്മെന്റുകൾ നൽകി.

” എഴുതിയാൽ ഭ്രാന്ത് വരുമെന്ന് പറഞ്ഞു എന്നെ പൂട്ടിയിട്ടു. ഞാൻ ചുവരിൽ നഖം കൊണ്ട് കവിതകൾ കോറിയിട്ടു. “ എന്നവർ പറഞ്ഞു വെയ്ക്കുന്നു.

ആദ്യത്തെ നോവൽ എഴുതിയ ശേഷം, അവരുടെ അച്ഛൻ അവരെ അടിച്ചതിന്റെ ഓർമ്മകൾ പങ്കുവെയ്ക്കുമ്പോൾ, ആ അടിയേൽക്കുന്നത് വായനക്കാരന്റെ മനസ്സിന്റെ ആഴത്തിലും കൂടിയാണ്. മുറിവേൽക്കുന്നത് അവന്റെ മനസ്സിലും കൂടിയാണ്. പിന്നീട് റേഷൻ പോലെ അവർക്ക് പേപ്പറുകൾ എഴുതാൻ അനുവദിച്ചു. അതുകൊണ്ടാണ് തന്റെ കഥകൾ എല്ലാം ചെറുതായി പോയതെന്ന് ഒരു കുഞ്ഞിന്റെ നിഷ്കളങ്കതയോടെ അവർ പറയുന്നു.

” വ്യക്തി, കുറേ ഏകാന്തതയിലും, അതിന്റെ മുറിവിലും ഒറ്റപ്പെടുന്ന ഒരു അവസ്ഥയാണ് കഥകളിൽ ഉടനീളം കാണുന്നത് “

എന്നുള്ള ചോദ്യത്തിനും,

” ഒരു പെൺകുട്ടി അങ്ങനെ ആയിരുന്നു അന്ന്. ഇന്നത്തെ കുട്ടികൾക്ക്, അത് പറഞ്ഞാൽ മനസ്സിലാവില്യ. “

എന്നവർ പറഞ്ഞു വെയ്ക്കുമ്പോൾ അതിലുണ്ട് ഒരുപക്ഷെ അവരുടെ മറയ്ക്കപ്പെട്ട ഒരുപാട് ദുഃഖസത്യങ്ങളെന്ന് വായനക്കാരന് തിരിച്ചറിയാൻ കഴിയുന്നു.

പ്രണയം എഴുതുക എന്നുള്ള ഭാവം കഷ്ടിയാണെന്ന് പറഞ്ഞു വെയ്ക്കുന്നതിനൊപ്പം, സ്നേഹം ന്ന് എഴുതുമ്പോഴും അതിലെ സത്യമാണ് ഞാൻ തിരയുന്നതെന്ന് അവർ കൂട്ടിച്ചേർക്കുന്നു. ഒരുപക്ഷെ ആ സത്യം തന്നെയാവണം, ഗുരു നിത്യചൈതന്യയതിയിലേയ്ക്ക് അവരെ അടുപ്പിച്ചത്. അങ്ങനെയൊരു ഗുരുവിനെ സിദ്ധിച്ചതായിരിക്കണം അവരുടെ ജീവിതത്തിലെ ഏറ്റവും ധന്യമായ മുഹൂർത്തവും.

” ഗുരു വന്നശേഷം, ജീവിതത്തിൽ വന്ന മാറ്റങ്ങൾ? “ എന്ന് ചോദിക്കുമ്പോൾ,

” ഗുരു വന്നു കഴിഞ്ഞപ്പോൾ ലോകം എന്നെപ്പറ്റി എന്ത് പറഞ്ഞാലും എനിക്ക് പ്രശ്നമല്ലാതായി. എന്തും അവിടെ ചോദിക്കാം. ഉത്തരം കിട്ടും. ചിലപ്പോൾ മൗനമായിരിക്കും മറുപടി. അങ്ങനെയാണ് ഞാൻ ഗുരുവിന്റെ മൗനത്തെ വായിക്കാൻ പഠിച്ചത്. ഞാൻ ജനാലകൾ തുറന്നിട്ട ഒരു വീട് പോലെയായി. കഥയുടെ ഇതിവൃത്തങ്ങൾ മാറിപ്പോയി. “

എന്ന് അവർ പറഞ്ഞു വെയ്ക്കുന്നു.  അതിൽ നിന്ന് വന്നിരുന്ന സ്നേഹം തന്നെയാകണം, ഒരുപാട് ദ്രോഹിച്ചിട്ടും അച്ഛന്റെ അവസാനകാലത്ത് അച്ഛനോട് സ്നേഹം മാത്രം പ്രകടിപ്പിക്കുവാൻ കഴിഞ്ഞതിലേക്ക് അവരെ നയിച്ചിട്ടുണ്ടാകുക.

ആത്മീയതയിൽ സ്നേഹമെന്ന ഭാവം കണ്ടെത്തിയ എഴുത്തുകാരിയെ ക്യാൻസർ അതിഭീകരമായി പിടികൂടുമ്പോഴും

” മതി. ഇത്രയും മതി ” യെന്ന് അവർ പൂർണ്ണമായും മനസ്സുകൊണ്ട് തയ്യാറെടുത്തു കഴിഞ്ഞിട്ടുണ്ടാകണം. അടുത്ത ജന്മത്തിൽ ആരാകണം എന്നുള്ള ചോദ്യത്തിന്, എഴുത്തുകാരിയാവരുത്. അലക്കുകാരിയായാലും വിരോധമില്ലെന്ന് പറയുമ്പോൾ, എഴുത്തുകാരി ആയി പോയതാകുമോ തന്റെ ബാല്യകാലമധുരങ്ങൾ ചവർപ്പ് ആയതെന്ന തോന്നൽ അവരെ അപ്പോഴും അലട്ടുന്നുവെന്ന് തിരിച്ചറിയാം. ആത്മസംഘർഷങ്ങളിൽ കനൽ പോലെ നീറിയെരിഞ്ഞും വേദനിച്ചും ഒരു എഴുത്തുകാരി സർഗ്ഗത്മകത കൊണ്ട് ജീവിതം തിരിച്ചുപിടിച്ചതെങ്ങനെയെന്നു വെളിപ്പെടുത്തുന്ന ഈ ആത്മകഥസംഭാഷണം തീർച്ചയായും വായനക്കാർ വായിച്ചിരിക്കേണ്ടതാണ്..!!

ജീവിതത്തിന്റെ റെക്കോർഡർ ഓഫ് ചെയ്തു വെച്ചുകൊണ്ട് അവർ ശാന്തമായി വായനക്കാരുടെ മനസ്സിൽ ഉറങ്ങുന്നു. ഏറ്റവും സ്വസ്ഥമായി.. മയിൽപീലി സ്പർശം പോലെ.. ഒന്ന് ഉറപ്പാണ്. ഒരു നുള്ളു കണ്ണുനീർ പൊഴിയാതെ, നിങ്ങൾക്ക് ഈ പുസ്തകം വായിച്ച് അടച്ചു വെയ്ക്കാൻ കഴിയുകയില്ല.


ഹരിത. ആർ. മേനോൻ

പ്രതികരണങ്ങൾ


കഴിഞ്ഞ കുറച്ചു മാസങ്ങളായി ഇതിവൃത്തം മാസികയെ പരിചയപ്പെട്ടിട്ട്. ആദ്യ വായന തന്നെ നല്ലൊരു അനുഭവമായിരുന്നു. ഒരു പെർഫെക്റ്റ് മാസിക എന്ന് നിസ്സംശയം പറയാം. പഴയ ലക്കങ്ങൾ ബ്ലോഗ്ഗിൽ ബാക്ക് അപ്പ് ചെയ്തിരിക്കുന്നത് വളരെ നന്നായി. ഞാൻ ഏറ്റവും ഇഷ്ടപ്പെടുന്ന ഇഷ്ടപ്പെടുന്ന മെഡിറ്റേഷൻ ഗാനം കേട്ടുകൊണ്ട് മാസിക വായിക്കാം എന്നത് എനിക്ക് നൽകുന്നത് പറഞ്ഞറിയിക്കുവാൻ കഴിയുന്നതിൽ അധികം ആനന്ദമാണ്. കഥകളും കവിതകളും ലേഖനങ്ങളും ഒന്നിനൊന്നു മെച്ചം. അഭിനന്ദനങ്ങൾ

ആൻ മേരി വർഗീസ്, ടൊറന്റോ, കാനഡ

നല്ല വായനാനുഭവം നൽകുന്ന ഒരു മാസിക. ഓൺലൈൻ മാസികയായതുകൊണ്ടു തന്നെ ഞങ്ങൾക്കെല്ലാം വായിക്കുവാൻ കഴിയുന്നു. ഒന്നും സൗജന്യമായി നൽകാത്ത ഇക്കാലത്ത് രണ്ടു വർഷത്തോളമായി ഒരു മാസിക സൗജന്യ വായന നൽകുന്നു എന്നത് അഭിനന്ദനാർഹം തന്നെയാണ്. മാസികയ്ക്കും അണിയറ പ്രവർത്തകർക്കും എല്ലാ ഭാവുകങ്ങളും.

സ്നേഹ പ്രതീപ്, മസ്കറ്റ്

സരസമായി കൈകാര്യം ചെയ്യുന്ന പ്രതിപാദ്യമാണ് ആദ്യം വായിക്കുക. പിന്നീട് ഒന്ന് രണ്ടു ദിവസം അത് തന്നെയാകും ചിന്ത. പലതും നേരിൽ കാണുന്നപോലെയാണ് പ്രതിപാദിക്കുന്നത്. കഥകളും കവിതകളും മനോഹരം. ചിന്തനീയം. ആരോഗ്യ ലേഖനങ്ങൾ വളരെ നന്നാവുന്നുണ്ട്. പലതും പുതിയ അറിവുകൾ നൽകുന്നവയും.

പ്രതിഭ മേനോൻ, അഹമ്മദാബാദ്

മൂന്നു കഥകൾ ആയിരുന്നു ജൂൺ ലക്കത്തിൽ ഉണ്ടായിരുന്നത്. മൂന്നും കഥാകാരികളുടെ ആയിരുന്നു എന്നത് കൗതുകകരമായി. കഥകൾ മൂന്നും നന്നായിരുന്നു. എനിക്കേറ്റവും ഇഷ്ടപ്പെട്ടത് വയലറ്റ് മറുക് എന്ന കഥയായിരുന്നു. “അയാൾ എനിക്കൊരു മുറിയായിരുന്നു. എന്റെ സങ്കടങ്ങളേയും എന്റെ നിരാശകളെയും, എന്റെ മുൻകോപങ്ങളെയും നാല് ചുവരുകൾക്കുള്ളിൽ അടക്കിവെച്ചുകൊണ്ട്, എന്നെ പൊതിഞ്ഞു വെച്ചിരുന്ന ഭംഗിയുള്ള മുറി”. ഒരു കവിതപോലെ മനോഹരമായ തുടക്കം. നിയമപരമല്ലാത്ത സ്നേഹം നൽകുന്ന വ്യഥകളും, ആധിയുമെല്ലാം എത്ര മനോഹരമായിട്ടാണ് പറഞ്ഞു പോകുന്നത്. കുറേ നാളുകളെങ്കിലും മനസ്സിൽ തങ്ങിനിൽക്കുന്ന നൊമ്പരമായി നിധി. അഭിനന്ദനങ്ങൾ ഹരിത. ജിസ പ്രമോദിന്റെ അതിജീവിത എന്ന കഥയും ഈ കാലഘട്ടത്തിന് അനുയോജ്യമെന്ന് നിസ്സംശയം പറയാം. പേരും പ്രശസ്തിയുമില്ലാത്ത, ഒരിക്കൽപ്പോലും സംസാരവിഷയമാക്കാത്ത എത്രയെത്ര കാർത്തുമാർ നമ്മുടെ ഇടയിൽ ഉണ്ടാകും. ആരുടേയും സഹായമില്ലാതെ അവരിൽ മിക്കവരും അതിജീവിക്കുകയും ചെയ്യുന്നു. ലോകം ഇങ്ങനെയൊക്കെയാണ്. അതിജീവിച്ചേ മതിയാകൂ. അത് കോലാഹലങ്ങളില്ലാതെയും ആകാം. കുറച്ചുകൂടി വൈകാരികവും മനോഹരവും ആക്കാമായിരുന്നു ഒരു കഥയാണ് ഷൈജയുടെ പാവ എന്ന് തോന്നി. എഴുത്തു ശൈലി നന്നായിരുന്നു. കവിതകളിൽ റാണി സുനിൽ എഴുതിയ പൂ(ത്ത)പ്പാത്രം മനോഹരമായിത്തോന്നി. മറ്റു കവിതകളും മോശമായിരുന്നില്ല. മാസികയ്ക്കും അണിയറപ്രവർത്തകർക്കും എഴുത്തുകാർക്കും അഭിനന്ദനങ്ങൾ.

ജി. ഇന്ദുലേഖ, കോട്ടയം.

നല്ല കഥകളും കവിതകളും, ലേഖനങ്ങളും കോർത്തിണക്കി മനോഹരമായിരുന്നു ജൂൺ ലക്കം. ആരോഗ്യവും, സഞ്ചാരവും, പ്രദിപാദ്യവുമെല്ലാം ആസ്വാദ്യകരം. വയലറ്റ് മറുക് എന്ന കഥ വല്ലാതെ സ്പർശിച്ചു. ഗർഭ പാത്രത്തെക്കുറിച്ചുള്ള കവിതയും നല്ല നിലവാരം പുലർത്തി. പ്രതിപാദ്യം പതിവു ശൈലിയിൽ നിന്നും വ്യതിചലിക്കപ്പെട്ടോ എന്ന് മാത്രം ഒരു സംശയം. ബാലി യാത്ര ഏതാണ്ടുറപ്പിച്ചു. അത്ര ഗംഭീരമാണ് ഇന്തോന്വേഷ്യൻ ദിനങ്ങൾ.

രേണുക ശിവദാസൻ, കുഴൽമന്ദം

ഒരു വർഷത്തിലേറെയായി ഇതിവൃത്തം വായിക്കുന്നു. ഓരോ ലക്കങ്ങളും ഒന്നിനൊന്നു മെച്ചം. വായിക്കാനേ അറിയൂ, എഴുതാനറിയില്ല. എന്നെപ്പറ്റി ഇങ്ങനെ പറയുന്നതാകും കൂടുതൽ ശരി. അക്കാരണം കൊണ്ടുതന്നെ ഇതിവൃത്തം ഇഷ്ടപ്പെടുന്നു. അഭിനന്ദനങ്ങൾ

മേരിക്കുട്ടി ജോസഫ്, തിരുവല്ല.

ഇതിവൃത്തം മാസികയുടെ മുഖച്ചിത്രങ്ങളാണ് എനിക്കേറ്റവും ഇഷ്ടം. ഉള്ളിലെ വിഭവങ്ങളിലേക്ക് എത്തിനോക്കാൻ പ്രേരിപ്പിക്കുന്നതാണ് ഓരോ ലക്കങ്ങളിലെയും മുഖ ചിത്രങ്ങൾ. ഉള്ളടക്കങ്ങളും അങ്ങനെ തന്നെ.

സി പി ചന്ദ്രൻ, കോയമ്പത്തൂർ

മാസികയിലേയ്ക്ക് അഭിപ്രായമറിയിക്കുന്നവർക്കും വായനക്കാർക്കും ഞങ്ങളുടെ സ്നേഹാദരങ്ങൾ.

എഡിറ്റർ