2021 ജൂൺ 23, ബുധനാഴ്‌ച

ഇതിവൃത്തം മലയാള സാംസ്കാരിക മാസിക ലക്കം 9 ജൂൺ 2021


 

മുഖമൊഴി

 ഓഷോ ഒരിക്കൽ ഒരു കഥ പറഞ്ഞു. യൂറി ഗഗാറിൻ തന്റെ ബഹിരാകാശ യാത്രയ്ക്കു ശേഷം തിരിച്ചെത്തിയ കാലം. ആദ്യമായി ബഹിരാകാശത്ത് യാത്ര ചെയ്തയാളല്ലേ. അദ്ദേഹവുമായി ഒന്ന് സംസാരിച്ചുകളയാം എന്ന് പോപ്പ് തീരുമാനിക്കുന്നു. ഒന്നുമല്ലെങ്കിലും ദൈവവും സ്വർഗ്ഗവുമെല്ലാം ഉള്ള സ്ഥലം സന്ദർശിച്ച ആളല്ലേ? പോപ്പിനെ സന്ദർശിച്ച ഗഗാറിനോട് താങ്കൾ ദൈവത്തെ കണ്ടുവോ എന്ന് പോപ്പ് ആകാംഷാഭരിതനായി ചോദിക്കുകയുണ്ടായി. കണ്ടില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. എന്നാൽ ആ ഉത്തരം പോപ്പിനെ അമ്പരപ്പിച്ചില്ല എന്ന് മാത്രമല്ല, പോപ്പ് കൊടുത്ത മറുപടി ഇതായിരുന്നു. ” കാണാൻ വഴിയില്ല എന്നെനിക്കും അറിയാമായിരുന്നു. നമ്മളൊക്കെ ക്രിസ്ത്യാനികളല്ലേ? ഇനിയിതാരോടും പറയണ്ട.” അന്നത്തെ സോവിയറ്റ് യൂണിയൻ പ്രെസിഡന്റായിരുന്ന ക്രൂഷ്ചേവും ഇതേ ചോദ്യം തന്നെ ഗഗാറിനോട് ചോദിച്ചു. ഒരു രസത്തിന് ദൈവത്തെ കണ്ടു എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഈ ഉത്തരത്തിൽ ക്രൂഷ്‌ചേവും അമ്പരന്നില്ല. അദ്ദേഹത്തിന്റെ മറുപടി ഇതായിരുന്നു. “നമ്മളൊക്കെ കമ്മ്യൂണിസ്റ്റുകാരല്ലേ, ഇനിയിതാരോടും പറയണ്ട.”

ഓഷോ ഒരു സന്ദർഭത്തിനനുസരിച്ചുണ്ടാക്കിയ ഒരു കഥ മാത്രമാണിത്. ഇപ്പോൾ ചില സന്ദർഭങ്ങൾ ഈ കഥ എന്നെ ഓർമ്മിപ്പിച്ചു എന്നുമാത്രം. നമ്മുടെ വിശ്വാസങ്ങൾ പലപ്പോഴും ഇങ്ങനെയൊക്കെത്തന്നെയാണ്. നമ്മൾ പഠിച്ചതും, ശീലിച്ചതും നമ്മെ ഇങ്ങനെയൊക്കെ ചിന്തിക്കുവാൻ അനുവദിക്കുന്നില്ല എന്ന് മാത്രം. ദൈവമില്ല എന്ന് വിശ്വസിക്കുന്നതും ഒരു വിശ്വാസമാണ്. അതിനെയും വേണമെങ്കിൽ ഒരു മതമെന്ന് വിളിക്കാം. എന്റെ ചെറുപ്പകാലത്ത് മത ചിന്ത ഇത്ര തീവ്രമായിരുന്നില്ല. അല്ലെങ്കിൽ അറിഞ്ഞിരുന്നില്ല. എന്തിന് ഒരു പത്തു വർഷങ്ങൾക്കു മുൻപു പോലും ഇത്ര മത വെറി ഉണ്ടായിരുന്നില്ല. ഇന്ന് മുഖ പുസ്തകത്തിൽ ഏതു പോസ്റ്റിനു താഴെയും കാണുന്ന കമന്റുകൾ ജാതി, മത ചിന്തകളുടെ  അറപ്പുളവാക്കുന്ന വെല്ലുവിളികൾ മാത്രമായി അധഃപതിച്ചു കഴിഞ്ഞിരിക്കുന്നു.

ഇന്ത്യ ഒരു മതേതരത്വ ജനാധിപത്യപ്രക്രിയ നടപ്പിലാക്കുന്ന ഒരു രാജ്യമാണ്. നമ്മുടെ ഭരണഘടന അതുറപ്പും വരുത്തുന്നുണ്ട്. ഇവിടെ ആർക്കും ഏതു മതത്തിൽ വേണമെങ്കിലും വിശ്വസിക്കാം, വിശ്വസിക്കാതിരിക്കാം. മതങ്ങളുടെ നിലനിൽപ്പിനു വേണ്ടി അവർ പഠിപ്പിക്കുന്ന പാഠങ്ങൾ അപ്പാടെ വിഴുങ്ങുന്നവരാണ് മിക്കവരും. സ്വതത്ര ചിന്തയുള്ളവർ വിരളം. ഇവിടെയാണ് ഓഷോയുടെ ഈ കഥയുടെ പ്രസക്തി. അറിയാവുന്ന സത്യങ്ങൾ പോലും മറച്ചു പിടിക്കുവാൻ പ്രേരിപ്പിക്കുന്ന നേതാക്കളുള്ള സന്ദർഭത്തിൽ വിശ്വാസികൾ എന്തറിയുന്നു? അവർ പറയുന്നത് മാത്രമാണ് ശരിയെന്ന ചിന്തയാണ് ഇന്ന് അണികൾ പുലർത്തുന്നത് എന്ന് വേണം ഇത്തരം കമന്റുകൾ കണ്ടാൽ തോന്നുന്നത്. നമ്മൾ സ്വന്തമായി ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ശരിയും തെറ്റും തിരിച്ചറിയേണ്ട വിവേചനബുദ്ധി സ്വന്തമായുള്ളവർ തന്നെയാണ് മനുഷ്യർ. നാം അത് വേണ്ട വിധത്തിൽ ഉപയോഗിക്കുന്നില്ല എന്ന് മാത്രം.

മതത്തിന്റെ കാഴ്ചപ്പാടിലൂടെ മാത്രമല്ലാതെ അയൽവക്കക്കാരനെ നോക്കിക്കാണുന്ന സഹാനുഭൂതിയുള്ള ഒരു തലമുറ വളർന്നു വരേണ്ടത് വളരെ അത്യാവശ്യമാണ്. അതിലേക്കു വെളിച്ചം വീശുന്ന ചിന്തയാകട്ടെ ഈ മാസം.


ഡോ. സുനീത് മാത്യു  

നുണകൾ, നേരുകൾ


 

ജീവിതത്തിൽ നുണകൾ പറയാത്തതായി ആരാണുണ്ടാകുക? പക്ഷെ സൂക്ഷിക്കണം. ചില നുണകൾ നേരാക്കിയെടുക്കാൻ കുറച്ചു ബുദ്ധിമുട്ടാണ്. ചില നേരുകൾ നുണയാക്കിയെടുക്കുന്നതുപോലെ തന്നെ.

വേണ്ടായിരുന്നു എന്ന് തോന്നിയ നുണപറച്ചിലുകൾ  എല്ലാപേരുടെ ജീവിതത്തിലും ഉണ്ടാകും. പ്രത്യേകിച്ചും ഒരു കാരണവും ഗുണവുമില്ലാതെ വെറുതെ പറയുന്നവ. അങ്ങനെ പറഞ്ഞ ഒരു കളവിനെക്കുറിച്ചു പറയാം. പറയേണ്ടി വന്നത് മഹാകവി എം പി അപ്പൻ എന്ന ആദരണീയനായ മഹത് വ്യക്‌തിയോടാണ് എന്നതാണ് ദുഃഖകരം.’ഉദ്യാനസൂനം’ എഴുതിയ മഹാത്‌മാവ്‌. ഒരുപക്ഷെ മലയാളത്തിന്റെ അവസാനത്തെ മഹാകവി.

“അത്യന്ത തമസ്സിൽ പെട്ടുഴലും ലോകത്തിന് സത്യത്തിൻ പ്രഭാപൂരം കാട്ടിയെന്നതിനാലെ മുൾക്കിരീടവും ചാർത്തി അങ്ങു വിശ്രമം കൊൾവൂ മൂർഖമാം നിയമത്തിൻ നാരാജ മുനകളിൽ.” ‘കുരിശിൽ’ എന്ന കവിതയിൽ അദ്ദേഹം പറഞ്ഞതുപോലെ ‘സത്യത്തിൽ പ്രഭാപൂരം’ പോലെ ഉദാത്തകവിതകളെഴുതി മലയാള ഭാഷയെ ധന്യയാക്കിയ മഹാനാണ്  അപ്പൻ സാർ. ഞാൻ കാണുമ്പോൾ അദ്ദേഹത്തിന് എൺപതിനടുപ്പിച്ചു പ്രായമുണ്ടെന്നു തോന്നുന്നു.

എനിക്കന്ന് പ്രായം പതിനേഴോ പതിനെട്ടോ ഉണ്ടാകും. ബികോം രണ്ടാം വർഷം പഠിക്കുന്നു, തിരുവനന്തപുരം മഹാത്മാഗാന്ധി കോളേജിൽ. വീടിനടുത്തുള്ള സാഹിത്യകുതുകിയായ ചേട്ടൻ (കവിയാണെന്നു  അദ്ദേഹം അവകാശപെട്ടിരുന്നു. ആനുകാലികങ്ങളിൽ കവിതകളും മറ്റും അടിച്ചുവരാറുണ്ടായിരുന്നു) ഒര് കവിയരങ്ങു സംഘടിപ്പിക്കാൻ തീരുമാനിക്കുന്നു. എന്നെയും സഹായത്തിന് വിളിച്ചു. സംഘാടകരായി ഞങ്ങൾ രണ്ടുപേർ മാത്രം. അദ്ദേഹത്തിന് എല്ലാ കവികളെയും പരിചയം. കവിതപോലെ എന്തെക്കെയോ എഴുതുവാൻ ശ്രെമിച്ചിരുന്ന എനിക്ക് മഹാകവികളെ നേരിട്ട് കാണുവാനുള്ള സുവർണ്ണാവസരമായിരുന്നു. ആനന്ദലബ്ദിക്കിനിയെന്തുവേണം! എം ജി റോഡിലും പുസ്തകക്കടകളിലും മറ്റും എം. കൃഷ്‌ണൻനായർ സാറിനെ കണ്ടിട്ടുള്ളതാണ് അതിനുമുമ്പുള്ള വലിയ കാഴ്ച.

ചാലബസാറിലെ കടകൾ കയറിയിറങ്ങി സംഭാവന പിരിക്കുന്നതാണ് ആദ്യ ജോലി. തൊലി പച്ചയായി ഉരിഞ്ഞുപോകുന്ന കലാപരിപാടിയാണ്. ‘കിട്ടിയാൽ ഊട്ടി…’ എന്നപോലെയാണ്. മഹത്തായ സാഹിത്യ സംരംഭത്തെ ചിലർ പത്തും ഇരുപതും തന്ന് അകമഴിഞ്ഞ് സഹായിച്ചു. പലരും അപമാനിച്ചു, പരിഹസിച്ചു. മലയാള സാഹിത്യത്തിനുവേണ്ടി ഞാൻ എല്ലാം സഹിച്ചു! മഴക്കാലത്ത് കുടയും ചൂടി ചാലയിലെ കടകളിൽ രസീത് കുറ്റിയുമായി കയറിയിറങ്ങിയതിന്റെ ഓർമ്മ മാത്രം ഇപ്പോഴും നനവോടെ മനസ്സിലുണ്ട്. അപമാനം മറന്നു, മലയാളസാഹിത്യം നന്നായല്ലോ, അത് മതി! ധാരാളം.

അങ്ങനെ ആ സുദിനം വന്നെത്തി. പത്മനാഭസ്വാമിക്ഷേത്രത്തിനടുത്തുള്ള തീർത്ഥപാദമണ്ഡപത്തിലാണ് കവിയരങ്ങു നടക്കുന്നത്. മഹാകവി എംപി അപ്പൻ, അയ്യപ്പപ്പണിക്കർ, ഒഎൻവി, ബിച്ചു തിരുമല തുടങ്ങിയവരൊക്കെയുണ്ട് എന്നാണ് പറഞ്ഞിരിക്കുന്നത്. കവികൾ ചിലർ നേരിട്ടെത്താം എന്നറിയിച്ചിട്ടുണ്ടെന്നറിഞ്ഞു. മറ്റുചിലരെ  കൂട്ടിക്കൊണ്ടുവരണം. ചിലരെ  വിളിക്കാൻ ചേട്ടൻ പോയി. മഹാകവിയെ എത്തിക്കുവാനുള്ള ചുമതല എനിക്കാണ്. ഒരു ഓട്ടോറിക്ഷയിൽ പോയി കൂട്ടിക്കൊണ്ടുവരണം. കിട്ടിയ സംഭാവകളുടെ കനം വയ്ച്ചുനോക്കിയാൽ ഓട്ടോറിക്ഷ തന്നെ വലിയ കാര്യമാണ്. അഡ്രസ് തന്ന് ചേട്ടൻ  ഒരു കാര്യം പ്രത്യേകിച്ചു പറഞ്ഞേല്പ്പിച്ചു. ഞാൻ ബികോമിന് പഠിക്കുകയാണെന്ന് പറയരുത്. എംകോമിന് പഠിക്കുന്നു എന്ന് പറയണം. വെറും ഒരു ബികോം വിദ്യാര്‍ത്ഥിയെ  മഹാകവിയെ വിളിക്കാൻ വിട്ടു എന്ന് തോന്നാതിരിക്കാനാകണം. അദ്ദേഹം ഒന്നും ചോദിക്കില്ലായിരിക്കും എന്ന് ഞാനും കണക്കുകൂട്ടി. മഹാകവിക്ക്‌ ഒരു പീറപയ്യനോട് വിശേഷം ചോദിച്ചിട്ടെന്തിനാണ്!

മഹാകവിയുടെ വീട്ടിൽ എത്തുമ്പോൾ അദ്ദേഹം തയ്യാറായി നില്പുണ്ടായിരുന്നു. വെളുത്തു മെലിഞ്ഞ ഒരു സാത്വികന്‍. മുഖത്തു വലിയ കറുത്ത ഫ്രെയിമുള്ള കണ്ണട. ശുഭ്രവസ്ത്രധാരി, ചുണ്ടുകളിൽ ശിശുസമാനമായ മന്ദഹാസം. മലയാളത്തിന്റെ മഹാകവിയെ കവിയരങ്ങിലേക്കു കൂട്ടികൊണ്ടുവരുവാൻ ഒരു പഴകിയ ഓട്ടോറിക്ഷയുമായി ഞാൻ, ഡിജിറ്റൽ ലീഡേഴ്‌സ് സമ്മിറ്റിനു ബിൽഗേറ്റ്സിനെ വിളിക്കാൻ ബജാജ്ചേതക് സ്കൂട്ടറിൽ എത്തിയവനെപ്പോലെ നിന്നു. “പോകാം” എന്നുപറഞ്ഞു അദ്ദേഹം ഓട്ടോയിൽ കയറി. ഭക്ത്യാദരപൂർവ്വം, ഓട്ടോക്കകത്തു ഇരിക്കണമോ നില്കണമോ എന്നറിയാതെ ഞാനും കൂടെക്കയറി.

“പേരെന്താ’ നേർത്ത സ്ഫുടമായ ശബ്ദത്തിൽ അദ്ദേഹം. ഞാൻ പേര് പറഞ്ഞു.

“എന്ത് ചെയ്യുന്നു?”

“പഠിക്കുന്നു.” മിടിക്കാൻ മറന്ന ഹൃദയത്തോടെ ഞാൻ.

“എന്തിന് പഠിക്കുന്നു?”

“എംകോം.” ‘എം’ പതുക്കെയും ‘കോം’ ഉച്ചത്തിലും പറഞ്ഞൊപ്പിച്ചു.

“എവിടെ”

“എം ജി കോളേജിൽ”

“കവിത എഴുതാറില്ലേ?” കവിയരങ്ങു സംഘടിപ്പിക്കുന്നവൻ കവിയായിരിക്കുമല്ലോ എന്ന മട്ടിൽ മഹാകവി.

“ചെറുതായിട്ട്” എന്തോ വലിയ അപരാധം ചെയ്യുന്നപോലെ ഞാൻ.

പിന്നെയും എന്തെക്കെയോ അദ്ദേഹം ചോദിച്ചു. ഞാനും എന്തൊക്കയോ ഉത്തരം പറഞ്ഞു.

ചില ഉപദേശങ്ങൾ തന്നു. ഭാഗ്യത്തിന് വിദ്യാഭ്യാസ സംബന്ധിയായ ചോദ്യങ്ങൾ പിന്നെയുണ്ടായില്ല. അതുകൊണ്ടുതന്നെ കൂടുതൽ നുണകളും പറയേണ്ടിവന്നില്ല.

തീർത്ഥപാദമഡപത്തിൽ എത്തുമ്പോൾ, മറ്റെല്ലാ കവികളും എത്തിയിട്ടുണ്ട്. അയ്യപ്പപ്പണിക്കർ സാറിനും, ഒഎൻവി സാറിനുമൊക്കെ ചേട്ടൻ എന്നെയും പരിചയപ്പെടുത്തി. ‘എംകോമിന് പഠിക്കുന്ന കവിത എഴുതുന്ന പയ്യൻ’ അവരെയെല്ലാം വണങ്ങി അനുഗ്രഹം വാങ്ങി. നാളയുടെ വാഗ്ദാനങ്ങളാണ് നിങ്ങളെപ്പോലുള്ള യുവാക്കൾ എന്ന് ഒഎൻവി സാർ എന്നെയും ചേട്ടനെയും നോക്കി പറഞ്ഞു! ‘നിൻ ആസന്നമൃതിയിൽ നിനക്കാത്മശാന്തി’ എന്നമട്ടിൽ നിന്നിരുന്ന ഞാൻ പിന്നൊന്നും കേട്ടില്ല.

“അത്യന്ത തമസ്സിൽ പെട്ടുഴലും ലോകത്തിന് സത്യത്തിൻ പ്രഭാപൂരം കാട്ടിയെന്നതിനാലെ മുൾക്കിരീടവും ചാർത്തി അങ്ങു വിശ്രമം കൊൾവൂ മൂർഖമാം നിയമത്തിൻ നാരാജ മുനകളിൽ” എന്ന മഹാകവിയുടെ വരികളിലെ ‘മുൾക്കിരീടം’ മാത്രം ചാർത്തി ഞാനവിടെ നിന്നു.

കവിതയെഴുതുന്ന നാളെയുടെ വാഗ്ദാനം  മാത്രം പക്ഷെ ഒരിക്കലും സംഭവിച്ചില്ല.

കവിതകൾ വന്നില്ലെങ്കിലും പറഞ്ഞ നുണകളെ സാക്ഷാത്‌ക്കരിക്കാനെന്നോണം എംകോമും ഡോക്ടറേറ്റും കൂടി പിൽക്കാലത്തു ചെയ്യേണ്ടിവന്നത് മാത്രം മഹാകവിയോട് പറഞ്ഞ നുണയുടെ പ്രായശ്ചിത്തമായി ബാക്കിയുണ്ടായി.


സുമേഷ് രാമചന്ദ്രൻ

തെയ്യം

 


ദേവനെ കാണുവാൻ യോഗ്യതയില്ലാത്ത

കാലത്തു ദേവനായ്ക്കെട്ടിയങ്ങാടിയ

കോലങ്ങളൊക്കെയും കാലം കഴിഞ്ഞനാൾ

ദേവൻ്റെ മൂർത്തിമത് ഭാവങ്ങളായിതാ

കുറ്റം പറയുവാൻ പറ്റില്ലൊരിക്കലും

മാറ്റമില്ലാത്തതാം തോറ്റങ്ങൾ കേൾക്കുകിൽ

ചെറ്റെങ്കിലും മനശ്ശാന്തി ലഭിക്കുവാൻ

പറ്റുന്നു എങ്കിലോ പറ്റട്ടെ ആർക്കുമേ

കല്ലിന്നു പാലു കൊടുക്കുന്ന പോലല്ലീ

മല്ലനു കള്ളു കൊടുത്താലുടനടി

ചൊല്ലും ഫലങ്ങളതെത്ര കെടുതിയും

നല്ലതായ്ത്തന്നെ വരുമെന്നു നിശ്ചയം

പൂജാരി നാക്കിലത്തുമ്പിലെറിയുന്ന

ഭിക്ഷ പോലല്ലവനേകും അനുഗ്രഹം

നേരിട്ടു ദേവനെക്കാണുന്ന പോലൊരു

തോന്നലുണ്ടാകുന്നു ശാന്തിമനസ്സിനും


ജോളി കുത്തുകല്ലുങ്കൽ 


ഖമർ ബാൻ


 

നാട്കുലുങ്ങണം..ഖമർബാ ന്റെ കല്യാണം..!! ഹാജിയാർ കണക്കു കൂട്ടി..അവൾക്ക് പതിമൂന്ന് വയസായില്ലേ…

സ്കൂൾ വിട്ടു വന്ന ഖമർ പുസ്തക സഞ്ചി എറിഞ്ഞ് കളിക്കാനോടി.പൂമുഖത്ത് ഇരുന്ന് മണവാളൻ അവളെ ഒരു മിന്നായം പോലെ കണ്ടു.

ആ ചുരുൾമുടിക്കാരിയെ ഇഷ്‌ടമായി .

വലിയ പന്തലൊരുങ്ങി..ഈന്തോലകൾ എത്തി.അകത്തും പുറത്തും ഡസൻ കണക്കിന് പണിക്കാർ ഓടി നടന്നു.

ദാഹത്തിന് ഇളനീരുകൾ വെട്ടിയിട്ടു.അവൽ കുഴച്ചു.

ഖമറിനോളം ഉയരമുള്ള സ്പീക്കറിലൂടെ കുർബാനി ,സുഹാനി രാത് ഒക്കെ ഒഴുകി .നാട് മുഴുവൻ ഉന്മേഷത്തിലായി .

നാളെയാണ് നിക്കാഹ്..!

കമാനം ചമച്ച ഈന്തോലപ്പന്തലിൽ ഖമർ കൂട്ടുകാർക്കൊപ്പംഒളിച്ചു കളിച്ചു..!!

പുതുക്കം പോവാൻ

പത്ത് അംബാസിഡർ കാർ.. അതും വെള്ളതന്നെ വേണം..

ഹാജിയർക് അതു നിർബന്ധം.

ഖമർ ബാൻറെ കുഞ്ഞു മേനിയിൽ ‘തേടിയെത്തിയവർ’ ആറ് മീറ്റർ സാരി വാരിപ്പൊത്തി.. അവൾ വേച്ചു വേച്ചു നടന്നു.

യാത്രചൊല്ലി കരയാൻ പോലും മറന്ന് ഖമർ വെള്ളക്കാറിൽ സീറ്റ് പിടിച്ചു..

പുതിയാപ്പളയെ ഖമറിന് ഇഷ്ടമായി..ഉപ്പാന്റെ കൂടെ ‘ജഹനറ’ യിൽ പോയിക്കണ്ട ‘കുട്ടിക്കുപ്പായ’ത്തിലെ പ്രേം നസീറിനെ പോലെ..’മുഗൾഇഅസമിലെ സലിം രാജകുമാരനേപ്പോലെ..

തക്കാരങ്ങൾ പൊടിപൊടിച്ചു.

ഉമ്മാന്റെ പണിക്കാരികളും അടക്കം പറഞ്ഞു..”സുന്ദരൻ തന്നെ”!!

ഖമർ പിന്നെ സ്കൂളിൽ പോയില്ല .

പുതുപെണ്ണിനു രാവിലെ എണീറ്റാൽ മുറ്റമടിക്കണം എന്ന ചിന്തയില്ല. വെച്ചുണ്ടാക്കാൻ അറിയില്ല എന്നൊക്കെ പരാതി ഉയർന്നു.

ഇതൊന്നും തന്നെപ്പറ്റിയാണെന്ന് ഖമറിന് മനസിലായതും ഇല്ല..

ഏഴ് പുരുഷൻമാർ ഉള്ള വീട്ടിൽ തുണിയലക്കിയും, പാത്രം മോറിയും,അവൾ കുഴങ്ങി..

“ഹാജ്യാരുടെ മോൾ എന്ന ഗമ വീട്ടിൽ വെച്ചാൽമതി “..

അടുക്കളയിൽ അശരീരി ഉയർന്നു..

തൻ്റെ പച്ചമുന്തിരിയുടെ നിറമുള്ള കാറിൽ മകളുടെ വിവരമന്വേഷിക്കാൻ വന്ന ഹാജിയാർ പുഴയിൽ നിന്നും വലിയൊരു മാറാപ്പും പേറി വരുന്ന ഖമറിനെ കണ്ടു..

ഓടിവന്നു ഉപ്പാന്റെ നെഞ്ചിൽ വീണു വിതുമ്പിയ ഖമറിനെ അടുക്കളയിൽ നിന്നു കേട്ട അപശബ്ദങ്ങൾ ഭയചകിതയാക്കി.

വീട്ടിലെക്ക് മടങ്ങുമ്പോൾ കുറ്റബോധം കൊണ്ടു ഹാജിയാർ നീറി..

അപ്പോഴേക്കും ഖമറിന് ഛർദ്ദിയും തലകറക്കവും തുടങ്ങി..

മാസം 6 കഴിഞ്ഞു..

തെങ്ങിൻ ചുവട്ടിലെ തേങ്ങകളെല്ലാം പെറുക്കി വട്ടിയിലാക്കി ഖമർ മുറ്റത്തു കൊണ്ടിട്ടു.വീട്ടിൽ പണിക്കാർ ചെയ്യുന്നതാണ് ഇതെല്ലാം.

വയ്യ.. !

അടിവയറ്റിൽ സ്ഫോടനം..!കണ്ണുകളിൽ കൂരിരുൾ..!! തിണ്ണയിൽ ഇരുന്നു,പിന്നെ കിടന്നു..

ആരെയും വിളിച്ചില്ല ,വിളിച്ചാലും ആരു വരാൻ..!

ഇളം പച്ചയാർന്ന കുളത്തിന്റെ പ്രതലത്തിൽ എന്നപോലെ പ്രശാന്തത അനുഭവിച്ചു ഖമർ..

കുളം..,പച്ച…,അലക്കു സോപ്പിന്റെ മണം..!ഓളപ്പരപ്പിൽ എന്ന പോലെ കണ്ണടച്ച് കിടന്നു..!

വീട്ടിൽ ഇട്ടേച്ചുപോയ പാവകളെ ഖമർ ഓർത്തു..മദ്രസയിലേ കൂട്ടുകാരികളെ ,

അസർമുല്ലകൾ പൂത്തു നിൽക്കുന്ന തന്റെ വിശാലമായ വീടിനെ..അങ്ങനെയങ്ങനെ..

.”.ഒരു കുടം വെള്ളം കൊണ്ട് വരാൻ പറഞ്ഞിട്ട് നേരം എത്രയായി..”

അടുക്കളയിൽ നിന്നും ശകാര വർഷംകേട്ടു.

അവൾ തിണ്ണയിൽ മാനം നോക്കി മലർന്നു കിടന്നു.

ഏതാനും കൊക്കുകൾ പടിഞ്ഞാറോട്ട് പറക്കുന്നു..

അവരുടെ കാലിൽ തൂങ്ങിയാൽ

ഉമ്മാന്റെ അടുത്തെത്താം ,ഉപ്പാന്റെ മടിയിൽ ഇരിക്കാം ,

മതിയാവോളം ഉറങ്ങാം ,വൈകി എണീക്കാം.., കളിക്കാനോടാം ,കുളത്തിൽ നീന്താം…

കണ്ണിനുമുകളിൽ മഞ്ഞു പെയ്തു!

പുല്ല്.., പൂക്കൾ ,പ്രശാന്തമായ വയലേലകൾ..തുടർച്ചയായി ഇടിമിന്നൽ പോലെ വേദനകൾ…പിന്നെ ഒന്നും ഓർമയില്ല..

കണ്ണു തുറന്നപ്പോൾ ആശുപത്രിയിൽ..

ഉമ്മ

കണ്ണീരൊപ്പുന്നു..

അടുത്തു തൊട്ടിലിൽ രണ്ടു പാവകളെ കണ്ടു..ഇരട്ടകൾ..!

ചുരുട്ടിപ്പിടിച്ച കൈകൾ .നെറ്റിയിൽ വീണ കറുത്ത മുടിയിഴകൾ..ഇളം ചുവപ്പു നിറം..

അവരെ കുളിപ്പിക്കുന്നതും കണ്ണെഴുതിക്കുന്നതും ഇരട്ടകൾക്ക് ഒരേ ഉടുപ്പണിയിക്കുന്നതും ഓർത്തു ഖമർ പുഞ്ചിരിച്ചു..

“അവൾ കൊച്ചു കുട്ടിയല്ലേ. റെസ്റ്റ് വേണം എന്ന് പറഞ്ഞിരുന്നില്ലേ..”6 മാസം അല്ലെ ആയുള്ളൂ..

ഡോക്ടർ കോപിച്ചു..

വീട്ടിലെ ക്ക് പോവാൻ വാഹനം എത്തി..

ഉമ്മ

എന്തിനാണ് മൂക്കുചീറ്റി കണ്ണു തുടക്കുന്നതും..??

“നല്ലസുന്ദരി കുട്ടികൾ ല്ലേ

ഉമ്മാ?”

രണ്ടു കളിക്കൂട്ടുകരെ കിട്ടിയ പൊലിവ്‌ ആയിരുന്നു ഖമറിന്.

വീട്ടിലെത്തി..അയൽക്കാർ ആരൊക്കെയോ ഉണ്ട്..

.”തൊട്ടിൽ വേണ്ടേ

ഉമ്മാ?”

“വേണ്ട മോളെ..അവർ പോയി..!

അവർക്ക് തൊട്ടിലൊക്കെ സുബർക്കത്തിൽ ഉണ്ടാവും..”..

ഉമ്മ

വിതുമ്പി…

എങ്ങോട്ട്..??

അവൾ അന്ധാളിച്ചു..

എനിക്കൊന്നു കാണണം…

എവിടെ..??

“മയ്യത്തെടുത്തു മോളെ.”.

ഉമ്മ

പറഞ്ഞു..

“എനിക്കൊന്നു കാണിച്ചു തരാതെ യോ”..ഖമർ നിസ്സഹായയായി..!

“കാണാൻ എന്തിരിക്കുന്നു..”

എന്ന് അടുക്കള!!

ഖമർ ഉമ്മയുടെ പിന്നിൽ പതുങ്ങി..

ഇക്ക..??

“അവന്”ഇതും നോക്കി നിന്നാൽ മതിയോ..ജോലിക്കൊന്നും പോവണ്ടേ..?

അടുക്കളയിൽ നിന്നും അശരീരി..!!

ഖമറിനെ കടുത്ത വിഷാദം ഗ്രസിച്ചു.ഹാജിയാർ അവളെ വീട്ടിലേക്ക് കൂട്ടി..

രാത്രിയിൽ നിലാവിൽ മുറ്റത്തെ ചാരുകസേരയിൽ ഹാജിയാർ സിഗരറ്റ് പുകയൂതി ..

തിണ്ണയിൽ നിലാവിൽ നോക്കി ഖമർ കിടന്നു…ഉപ്പാന്റെ സിഗരറ്റ് പുക ഭീകരരൂപം പൂണ്ടു ..നിലാവിൽ മൂവാണ്ടൻ മാവിന്റെ ചില്ലകൾ കാറ്റിലാടി …പല രൂപത്തിൽ വേതാള നൃത്തമാടി ,അവളുടെ മുന്നിൽ !!..ചീവീട് കരയുന്ന മഴരാത്രിയിൽ അവൾ കണ്ണിമ ചിമ്മാതെ കിടന്നു….

മുറ്റത്തെ നിലാവിൽ ഇരുന്നു ഹാജിയർ ഇടറുന്ന ഒച്ചയിൽ “മേരാ ജീവൻ..ഗോറ കാഗസ്…”പാടിയപ്പോൾ അവൾ ഒച്ചയില്ലാതെ കരഞ്ഞു..

അവളെ നോക്കാൻ ഒരു പണിക്കാരിയെ ഹാജിയാർ വരുത്തി..

കൊല്ലം ഒന്ന് കഴിഞ്ഞു..

അവൾവീണ്ടും അടുക്കളയിൽ എത്തി..

വിറകു കീറി ..തുണിയലക്കി .മുറ്റമടിച്ചു..

അവൾ വീണ്ടും ഛർദ്ദിച്ചു..!!

വീട്ടു ജോലികൾ കൂടിയതല്ലാതെ കുറഞ്ഞില്ല..

8 മാസം ആയപ്പോൾ ..

വീണ്ടും..കുളം..പച്ച..പുല്ല് ..പൂക്കൾ..അടിവയറ്റിൽ കൊടും വേദനയുടെ അമിട്ടുകൾ പൊട്ടി !ചോരപ്പൂത്തിരി വിരിഞ്ഞു.. വയറ്റാട്ടിയെ വിളിക്കാം..അടുക്കള ആജ്‌ഞപിച്ചു..!

“വേണ്ട..

ആസ്പത്രിയിൽ കൊണ്ടൊവാം..”

ഭർത്താവിന്റെ അവകാശത്തിൽ

ധൈര്യം സംഭരിച്ച്

അവൻ ഖമറിനെ വാരിയെടുത്ത് തോളിലേക്കിട്ടു.. അവന്റെ വെള്ളക്കുപ്പായത്തിൽ ചെഞ്ചായം പടർന്നു..!

രക്ത ഛവി വറ്റിയ വദനവുമായി അവൾ മയങ്ങിക്കിടന്നു..

കണ്ണു തുറന്നപ്പോൾ

ഉമ്മ

മൂക്ക് ചീറ്റുന്നു..

” ഉമ്മാ.!

പെങ്കുട്ടിയാ..”

ഉമ്മ

അവളെ തലോടി..

ഹാജിയാർ അവളുടെ നിറുകയിൽ മുകർന്നു..

അവൾ കണ്ണടച്ചു കിടന്നു..

തിരക്കും ,ബഹളവും ഒന്നും അവളെ അലോസരപ്പെടുത്തിയില്ല..

അവളുടെ മനസിൽ ഏതോ വരികൾ മറന്ന ഈണം മാത്രമായിരുന്നു അപ്പോൾ..

വീട്ടിലേക്ക് പോവാൻ ധൃതി കൂട്ടുന്നു എല്ലാരും.

വീട്ടിലെത്തിയപ്പോൾ കട്ടിലോരത്തു കുഞ്ഞിന് അവൾ സ്ഥലം നീക്കിവെച്ചു.

അതിന്റെ നിറുകയിൽ ഒരു

ഉമ്മ

വെക്കാനും കുഞ്ഞിക്കൈവെള്ളകളിൽ കവിൾ ചേർക്കാനും കൊതി തോന്നി..

താൻ ഉമ്മയായിരിക്കുന്നു.ഖമറിന് അഭിമാനം തോന്നി..!

വെളുത്ത മിനുത്ത ഒരു ചുരുൾമുടിക്കാരി ..

അവളെ തന്റെ അടുത്ത് കിടത്തരുതോ..?

കുഞ്ഞിനെ മറ്റൊരു കട്ടിലിൽ കിടത്തിയിരിക്കുന്നു.. ഒരു വെള്ളത്തുണി കൊണ്ട് കുഞ്ഞിനെ ആകമാനം മൂടിയിരിക്കുന്നു..

അതെന്തിനാ..??

ഖമറിന്റെ നെഞ്ചിൽ തീയാളി…!

ഉമ്മാ. .??

ഉമ്മ

അവളെ മാറോടു ചേർത്തു..

കണ്ണു തുടച്ചു..

സാംബ്രണികൾ പുകഞ്ഞു..

ഖുർആൻ പാരായണം ഒഴുകി..

ഖമറിന്റെ തലച്ചോറിൽ ഒരു വേട്ടാളൻ മൂളിക്കൊണ്ടിരുന്നു..

ഹാജിയാർ തെരുതെരെ സിഗററ്റ് പുകച്ചു തള്ളി..

പച്ച മുന്തിരി നിറമുള്ള തന്റെ കാറിൽ

ഖമർബാനെയും കൂട്ടി വീട്ടിലേക്ക് മടങ്ങുമ്പോൾ ഹാജ്യാരുടെ തോളിൽ ചാരിക്കിടന്നു ഖമർ ബാൻ പുഞ്ചിരിച്ചു..

തലച്ചോറിൽ വേട്ടാള ന്മാർ കൂകിയാർത്തു..

ഖമർബാൻ പിറകിലേക്ക് ഓടിയോടിപ്പോവുന്ന കശുമാവിൻ തോട്ടങ്ങളെ നോക്കി ചിരിച്ചു…

പിന്നെ പൊട്ടിപ്പൊട്ടിച്ചിരിച്ചു..!

ഹാജിയാരുടെ കണ്ണുകൾ കണ്ണീർപാട വന്നു മൂടി.

അദ്ദേഹം ഖമർബാനെ ചേർത്തുപിടിച്ചു..!!.


ഷബാന ബീഗം

നിറംപിടിപ്പിച്ച നുണകൾ


 
നിറം പിടിപ്പിച്ച നുണകളെ, തിരി-

ച്ചറിവില്ലാഞ്ഞനാൾ ചരിത്രമായെണ്ണി-

പ്പഠിച്ചുപോയ് നമ്മൾ, മനസ്സിൽ തെറ്റായി-

പതിഞ്ഞ പാഠങ്ങൾ പറിച്ചെറിയണം.

സമയമായിനി തിരിച്ചറിവിന്റെ

പുതിയ പാഠങ്ങൾ പഠിച്ചറിയണം.

ബലിപീഠങ്ങളിലുണങ്ങിയ ചോര-

ക്കറകളിപ്പൊഴും തെളിഞ്ഞുകാണുന്നു.

വറുതി വേനലായെരിഞ്ഞൊരു നാളി-

ലിവിടെ നമ്മുടെ പഴംതലമുറ

വെടിയേറ്റു വീണ വെളിനിലങ്ങളും

പിടഞ്ഞുതൂങ്ങിയ കഴുമരങ്ങളും

വിചാരണയേതും നടക്കാതെ വെറും

തടവറയ്ക്കുള്ളിലൊടുങ്ങിപ്പോയോരും,

ചുടുകാട്ടിനുള്ളിലെരിഞ്ഞൊടുങ്ങിയ

തിരിച്ചറിയാത്ത പലമുഖങ്ങളും,

കരിന്തണ്ടൻ ചുരം കയറിപ്പോയതും

ചതിതൻ ചങ്ങലമരം വളർന്നതും,

പെരുമ തമ്പ്രാക്കളപഹരിച്ചതും

കുരുതിയായ് ജീവൻ കവർന്നെടുത്തതും,

ഒരായിരം ജീവൻ ചിതറിവീണ, ജാ-

ലിയൻവാലാബാഗിലുറഞ്ഞ മൗനവും,

അടച്ചുപൂട്ടിയ ചരക്കു വാഗണിൽ

മരിച്ചുവീണ, പേരറിഞ്ഞിടാത്തർ,

പിരമിഡുകളെ പണിതുയർത്തുവാൻ

പെരിയ പാറകൾ ചുമന്നുകേറ്റിയോർ,

ഫറവോമാരുടെ മൃതശരീരങ്ങൾ-

ക്കകമ്പടിയായി മരിച്ച പാവങ്ങൾ,

അറിയുന്നു നമ്മളിവയെല്ലാം വെറും

മറവികൾക്കുള്ളിൽ മറഞ്ഞിരിക്കുന്നു.

സമയമായിനി കുഴിച്ചെടുക്കുവാൻ

ചതുപ്പിനുള്ളിലെ കറുത്ത സത്യങ്ങൾ.

വരമൊഴിയായി ചരിത്രകാരന്മാർ

എഴുതിയ കള്ളക്കഥകൾ മായ്ക്കുവാൻ.

പൊരുതി ജീവിതം പൊലിച്ചവരുടെ

കരളുറപ്പിന്റെ കഥകൾചേർക്കുവാൻ.

സമയമായിനി തിരിച്ചറിവിന്റെ

പുതിയ പാഠങ്ങൾ പഠിച്ചെടുക്കുവാൻ.


മംഗളാനന്ദൻ

കരയുംകടലും


 
വെൺനുരചിതറവേനീ ഹർഷ-

മാനസയെന്നു നിനച്ചിരു-

ന്നെങ്കിലും കത്തുംനൊമ്പര –

മൊളിപ്പിച്ചതറിഞ്ഞതില്ല…

അലയടിച്ചുകുതിക്കവേ ശോക

മൗനം നിന്നകതാരിൽ

കാത്തുവച്ചാരോടുമുരിയാതെ –

വിതുമ്പിയറിഞ്ഞതില്ല..

ആത്മസംഘർഷങ്ങളെന്നുമാ –

ഹൃദയാന്തരത്തിൽ

അലമാലയായ് പിടഞ്ഞൊരു –

നാളിലുംപുറന്തള്ളാ –

നാവാതെ തെല്ലൊരാശ്വാസം –

കൊതിച്ചുതീരത്തെ

പുണർന്നുനിൻ വ്യഥയിറക്കി –

വീണ്ടുംവിടയാകുന്നു…

നീറിപ്പടരുമല്ലലഗ്നികൾ നിന്നിൽ

മാത്രമല്ലൊരിക്കലും!

നിലാവായ്പൊഴിയുമോരോ –

മൃദുമന്ദസ്മേരത്തിനും

പുറകിലാത്മവേദന നിറഞ്ഞ –

മിഴിനീർ കണങ്ങൾ

അറിയാതെ തുളുമ്പിനിൽപതു-

ണ്ടായിരിക്കുമെന്നും..

നിന്നാത്മനൊമ്പരം കരയോടു-

ചൊരിഞ്ഞീടവേ

ഓർത്തുവോ നീ ചുട്ടുപൊള്ളി –

അടരുംഹൃദയത്തിൽ

കുത്തിമുറിവേൽപ്പിച്ചമാനസ –

ത്തിൻപിടച്ചിലിൽ

കരയെത്ര നിശബ്ദമായെന്നും-

തേങ്ങുന്നസത്യം…

ഇനിവരുമൊരുയാത്രയിൽ –

കരയുടെസ്പന്ദനം

കാതോർക്കവേയറിയുമതിൻ –

കടുത്തവിഹ്വലതകൾ!

ഇവിടമോരോമാനസങ്ങളിലു-

മാളിപ്പടരുമാകുലതകൾ…

അധരത്തിൽവിരിയുമൊരു –

സ്മിതമാലെമറയ്ക്കുന്നു…



രഷിത്ത് ലാൽ കീഴരിയൂർ

ലവൽ ക്രോസ്സ്


 

അവസാനത്തെ വണ്ടിയുടെ വരവറിയിച്ച് സന്ദേശം കിട്ടി. സമയം പന്ത്രണ്ടോടടുക്കുന്നു. പ്രകാശൻ ലവൽ ക്രോസ്സിന്റെ ഗേറ്റ് പതുക്കെ താഴ്ത്തി പൂട്ടിട്ടു. രാത്രി ഒൻപതു കഴിഞ്ഞാൽ അപൂർവ്വമായേ ആളുകളോ വാഹനങ്ങളോ ഇതുവഴി കടന്നു പോകാറൊള്ളു. കുറച്ചു മാറിയാണ് വീടുകളും ആൾത്താമസവുമുള്ളത്. ഭീതിദമായ ഏകാന്തതയെ അകറ്റാൻ, ഗേറ്റു തുറക്കാനുമടക്കാനുമുപയോഗിക്കുന്ന ലിവറിന്റയടുത്തുള്ള വൈദ്യുത വിളക്കിനു ചുറ്റും പറക്കുന്ന ഈയാംപാറ്റകളും പൊടിയീച്ചകളും മാത്രം.

ദൂരെ നിന്നും നിശ്ശബ്ദതയെ ഭേദിച്ച് വണ്ടിയുടെ ശബ്ദം . പിന്നെ ഇരുട്ടിനെ മുറിച്ച് അതിന്റെ നെറ്റിയിലെ വെളിച്ചം അടുത്തടുത്തു വന്നു. സിഗ്നൽ വിളക്ക് കത്തിച്ച് പ്രകാശൻ തയ്യാറായി. നനഞ്ഞപാളങ്ങൾക്ക് വെളളിത്തിളക്കം സമ്മാനിച്ച് വണ്ടി പ്രകാശനെയും അയാളുടെ വലം കയ്യിലുയർത്തിപ്പിടിച്ചിരുന്ന പച്ചവെളിച്ചത്തെയും പിന്നിലാക്കിക്കടന്നു പോയി. ഒരു ചുവന്ന പ്രകാശബിന്ദുവായ് വളവു തിരിഞ്ഞപ്രത്യക്ഷമായി.

ഗേറ്റു തുറക്കാനുള്ള സന്ദേശം കിട്ടിയിട്ടും സാവകാശമാണ് തുറന്നത്. കാരണം കടന്നു പോകാനാരുമില്ലായിരുന്നു. പകലെങ്ങാനുമിങ്ങനെ ചെയ്താലത്തെയവസ്ഥ പ്രകാശൻ വെറുതെയൊന്നോർത്തു. തന്റെ മൂന്നു തലമുറ മുമ്പുള്ളവരെ വരെ ജനങ്ങൾ തെറി വിളിക്കും. വണ്ടി കടന്നു പോകുന്ന നിമിഷം മുതൽ താനായിരിക്കും വാഹനങ്ങളിലുളളവരുടെ ശ്രദ്ധാകേന്ദ്രം. ഗേറ്റു പാതിതുറക്കുമ്പോഴേക്കും ലോകം പിടിച്ചടക്കിയ ആവേശത്തോടെ മൂന്നാലു ബൈക്കുകാർ അങ്ങോട്ടുമിങ്ങോട്ടും കടന്നിരിക്കും! ചിലപ്പോൾ വണ്ടി കടന്നു പോയാലും ഉടനെ തന്നെ മറ്റൊരു വണ്ടിക്ക് പോകാനുണ്ടെങ്കിൽ ഗേറ്റു തുറക്കില്ല. അപ്പോൾ തുടങ്ങും ഹോണടി. പിന്നെ ആംഗ്യഭാഷയിൽ ഇനിയും വണ്ടി വരാനുണ്ടെന്നു പറഞ്ഞാലേ ഹോണടിയടങ്ങൂ. പിന്നെ വാഹനങ്ങളൊക്കെ ഓഫ് ചെയ്ത് സമാധാനത്തോടിരിക്കും.

മുകളിലേക്കുയർന്ന ഗേറ്റിൽ ഒരുവലിയ വവ്വാൽ പോലെ ‘സ്റ്റോപ്പ്’ എന്നെഴുതിയ തകരപ്പാളി തൂങ്ങിക്കിടന്നു. ഇനി മൂന്നു മണിക്കൂറോളം വണ്ടിയൊന്നും വരാനില്ല. പകൽ ചരക്കു വണ്ടികളുടെയൊരു ഘോഷയാത്രയായിരുന്നു. ഗേറ്റുയർത്തിയും താഴ്ത്തിയും ഒരു പരുവത്തിലായി. സിഗ്നൽ വിളക്കണച്ച് പ്രകാശൻ നിവർന്നു കിടന്നു. കണ്ണുകളടച്ച്. ഉറങ്ങുകയല്ലായിരുന്നു. കണ്ണുകളൊഴിച്ച് മറ്റെല്ലാ ഇന്ദ്രിയങ്ങളും ജാഗ്രതയിൽത്തന്നെയാണ്.

ഈ രാത്രി പുലരുമ്പോൾ ആഴ്ചച്ചന്തയാണല്ലോ. അയാളോർത്തു. അപ്പുറത്തുനിന്നും തലച്ചുമടായും വാഹനങ്ങളിലൂടെയും കാർഷികോല്പ്പന്നങ്ങൾ ഇപ്പുറത്ത് ഒരുകിലോമീറ്ററോളമകലെയുള്ള ചന്തയിലേക്ക് വിൽക്കാനായി കൊണ്ടുവരും. പണ്ട് ആടുമാടുകളുടെ കച്ചവടവുമുണ്ടായിരുന്നു. അന്ന് ഗേറ്റടച്ചു വണ്ടി പോയി ഗേറ്റു തുറക്കുമ്പോഴേക്കും ഒരു ചെറിയ കൃഷിക്കുള്ള ചാണകവും ആട്ടിൻ കാട്ടവും കിട്ടുമായിരുന്നെന്ന് കേട്ടിട്ടുണ്ട്. വെറാറില മുത്തച്ഛനെയും മുത്തശ്ശിയെയും കാണാമല്ലോയെന്നോർത്തപ്പോൾ അയാൾക്കതിയായ സന്തോഷം തോന്നി.

കഴിഞ്ഞ രണ്ടാഴ്ച ചന്തദിവസങ്ങളിലല്ലായിരുന്നു ഡ്യൂട്ടി. ഏകദേശം മൂന്നാഴ്ചയോളമാകുന്നു അവരെക്കണ്ടിട്ട്. ഒരുപാടുകാര്യങ്ങൾ പറയാനുണ്ടിയിരിക്കും മുത്തശ്ശിക്ക്. നേരമൊന്നു പെട്ടെന്നു വെളുത്തെങ്കിലെന്നയാളാശിച്ചു.

രണ്ട് വർഷത്തോളമായി തങ്ങൾ പരിചയപ്പെട്ടിട്ട്. ഒരു ചന്തദിവസം മഴ നനയാതെ തന്റെ വിശ്രമമുറിയിൽ അവരെ പിടിച്ചിരുത്തി. അതൊരു ബന്ധത്തിന്റെ തുടക്കമായിരുന്നു.

മുത്തച്ഛന്റെ തലയിൽ ഒരു കുട്ട നിറയെ വെറ്റിലയും ചിലപ്പോൾ അടയ്ക്കയും. മുത്തശ്ശിയുടെ തോളിൽ കുറെ ചൂലുകൾ.

വെറ്റില അപൂർവ്വമായേ വിറ്റഴിയാതെയിരിക്കൂ. ഏന്നാൽ വല്ലപ്പോഴുമേ ചൂലുകൾ എല്ലാം ചിലവാകൂ. അന്ന് മുത്തശ്ശി വലിയ സന്തോഷത്തിലാവും.

പ്രകാശനു വേണ്ടി ഒരു പൊതി നിലക്കടലയന്നുണ്ടാവും.

ചൂലു വിറ്റാലുമില്ലെങ്കിലും അരമണിക്കൂറെങ്കിലും തന്റെ കൂടെ ചിലവഴിച്ചിട്ടേ രണ്ടു പേരും പോകൂ. മുത്തശ്ശിയാണ് കൂടുതൽ സംസാരിക്കുക. രണ്ടു പേരും വീട്ടിൽ തനിച്ചാണ്. ഒരു മകനുണ്ടായിരുന്നത് ചെറുപ്പത്തിലേ നാടുവിട്ടു. ഒരറിവുമില്ല. രണ്ട് പെൺമക്കൾ. ഒരാൾ ഭർത്താവിന്റെയൊപ്പം ഉത്തരേന്ത്യയിലെവിടെയോ ആണ്. മറ്റേ മകളുടെ പേരിൽ വീടെഴുതിക്കൊടുക്കേണ്ടിവന്നു. ഒരു മാസം തികയും മുമ്പേ അവിടെ നിന്നിറങ്ങേണ്ടിയുംവന്നു. പിന്നെ മുത്തശ്ശിയുടെ പേരിലുണ്ടായിരുന്ന എട്ടു സെന്റിൽ ഒരു കുടിൽ കെട്ടി.

ഒരിക്കൽ മുത്തശ്ശി ചൂലുകളുടെ കാര്യം പറഞ്ഞതയാളോർത്തു.

“മോനേ നിനക്കറിയാമോ ചൂലുകളുടെ കഥ? പുതിയ ചുലുകൾ വീടിനുള്ളിൽ മാത്രമേ ഉപയോഗിക്കൂ . ഉപയോഗം കഴിഞ്ഞ് ചിലന്തിവലയൊക്കെ മാറ്റി വൃത്തിയാക്കി വയ്ക്കും. കുറച്ചു പരുക്കനായിക്കഴിഞ്ഞാൽ പിന്നീടതിന് വീടിനു പുറത്തേക്കു സ്ഥാനഭൃംശമാണ്. മുറ്റം തൂക്കാനേയുപയോഗിക്കൂ. ഭാഗ്യമുണ്ടെങ്കിൽ കുട്ടികളാരെങ്കിലും അകത്തേക്ക് കയറ്റും. പക്ഷേ മുതിർന്നവർ കണ്ടാലുടൻ പുറത്തേക്ക് വീണ്ടുമെറിയപ്പെടും.

പിന്നെ ഈർക്കിലൊക്കെ തേഞ്ഞൊടിഞ്ഞ് നീളം കുറയുമ്പോൾ അത് കുറ്റിച്ചൂലാവും. പറമ്പിലാണ് പിന്നെ സ്ഥാനം. ഇടക്കെങ്ങാനുമാരെങ്കിലും ഒന്നു തൊട്ടാലായി!! മഴയും വെയിലുമേറ്റ്..ചിതലെടുത്ത്…”

പറഞ്ഞു നിർത്തിയപ്പോൾ മുത്തശ്ശിയുടെ കണ്ണുകർ ചെറുതായി നനഞ്ഞിരുന്നോ..!!

ചിലപ്പോൾ സംസാരത്തിൽ രസം മൂത്തിരിക്കുമ്പോഴായിരിക്കും ഗേറ്റടക്കാനുള്ള സന്ദേശമെത്തുന്നത്.

“നീ പോയിട്ട് വാ മോനേ. അതു പറഞ്ഞു തീർത്തിട്ടേ അമ്മമ്മ പോകൂ”

എത്ര തവണ സംസാരം മുറിഞ്ഞാലും മുത്തശ്ശിക്ക് യാതൊരു മടുപ്പുമില്ല.

ദൂരെ നിന്നും ടോർച്ചു വെളിച്ചം കണ്ടു തുടങ്ങി. ചന്തയിലേക്കുള്ള തലച്ചുമടുകളാണ്. വാഹനങ്ങൽ കുറച്ചുകൂടിക്കഴിഞ്ഞേ വരാൻ തുടങ്ങൂ.

ആദ്യ വണ്ടിയുടെ സന്ദേശമെത്തി. ഗേറ്റ് താഴ്ത്തി പൂട്ടിട്ടു. സിഗ്നൽ ലാമ്പ് കത്തിച്ച് തയ്യാറായി. ഉറക്കച്ചടവോടെയായതിനിലാവും വണ്ടി വളരെപ്പതുക്കെയാണ് പോയത്.

ഗേറ്റു തുറന്നപ്പോഴേക്കും കുറെയാളുകളായിരുന്നു. പക്ഷേ അവരിൽ മുത്തച്ഛനും മുത്തശ്ശിയുമില്ലായിരുന്നു.

ഇരുളകന്ന് വെളിച്ചമായി. വീണ്ടും രണ്ട് വണ്ടികൾ കടന്നു.പോയി.

ഇല്ല. അവരിതുവരെയെത്തിയിട്ടില്ല. അയാൾക്കാകെയാധിയായി. പരിചയക്കാരായി അധികമാരുമില്ല, ആരോടെങ്കിലുമൊന്നു ചോദിക്കാൻ.

“നീ ഞങ്ങളെയാണോ ഓർക്കുന്നത് മോനേ?”

ങ്ഹേ ! മുത്തശ്ശിയുടെ ശബ്ദം.

“നിങ്ങളെപ്പോൾ ഇപ്പുറത്തെത്തി?”

പ്രകാശൻ ചോദ്യം മുഴുമിക്കും മുമ്പേ അടഞ്ഞ ഗേറ്റിലെ വിടവിലൂടെ പാളം കടന്ന് അവർ അപ്പുറത്തെത്തിയിരുന്നു.

“ഞങ്ങളിപ്പോൾ മോന്റെ കൂടെയാ. പിന്നെക്കാണാം.”

കൈ വീശി അവർ പെട്ടെന്നപ്രത്യക്ഷരായി.

പ്രകാശനൊന്നും മനസ്സിലായില്ല.

വണ്ടി വരാറായി.പച്ചക്കൊടിയുമായി അയാൾ തയ്യാറായി നിന്നു.


അനിൽകുമാർഎംബി

ശവക്കോട്ട


ഹേ…. വെളുത്ത പൂക്കളേ …
നിങ്ങൾ മനുഷ്യർക്ക് ശവംനാറികൾ .
അഴുകിയ മാംസത്തിൽ വളർന്നു നിങ്ങൾ
മണ്ണിൽ നിന്ന് മാനം കാണുന്നു.
വെളിച്ചത്തിൽ ജ്വലിച്ചു പൂക്കുന്നു.
ഹാ… കഷ്ടമേ …ഞാനോർത്തുപോയി..
ഞാനും നിങ്ങളെപ്പോലൊരു പുഷ്പം.
എങ്കിലും, വ്യത്യാസമാരോപിക്കുന്നുഞാനേ!
നിങ്ങൾ ശവക്കോട്ടയിൽ സുഖിച്ചു വാണിടുന്നു.
ഞാൻ അതിന്നു കാവൽ നിൽക്കുന്നു.
എന്റെ മോഹശവങ്ങൾക്കു കാവലായ് നിൽക്കുന്നു.
ആത്മാക്കൾ അലയുന്നുണ്ടെൻമനക്കോട്ടയിൽ ….
മോഹസാക്ഷാത്കാരമേ നിനക്കിനി നൽകാനാമോ ?
ദാഹിക്കുമീ പ്രേതത്തിനിത്തിരി മോഹനീർത്തുള്ളികൾ .
ചങ്കിനെച്ചൂഴ്ന്നുഞാനടക്കിയീക്കോട്ടയിൽ
വാരിയെല്ലിനാൽനാട്ടിഞാനതിമേലൊരു കുരിശുകൂടി .
പൂക്കളേ നിങ്ങൾ കല്ലറച്ചോട്ടിലുയർന്നു വന്നീടുന്നു
എന്നെമറ്റാരോ കുഴിവെട്ടി മൂടുന്നു.
പറന്നു പൊങ്ങില്ലയിനിയീചിറകുകൾ
ചലിക്കില്ലയിക്കാലുകളണുവിടപോലും ,
ഇനിയെനിക്കായൊരു കല്ലറ നിശ്ചയം
അഴുകട്ടെയീജഡം നിങ്ങൾക്കു വളരാനായ്.
അന്നെന്റെ ഞരമ്പിൽ നിങ്ങൾവേരിറക്കും.
അന്നെന്റെ ചിരി നിങ്ങൾ കടമെടുക്കും.
അപ്പോൾ , തീണ്ടാതിരിക്കട്ടെ നിങ്ങളെയെന്റെ –
മോഹഭംഗത്തിൻ വിഷവിത്തുകൾ.

പൗർണ്ണമിപുഷ്കരൻ 

ആരാണിവൾ


 

മാനം മുട്ടേ പടർന്നു പന്തലിച്ച

മഞ്ഞ പൂക്കൾ കൊണ്ട്

പരവതാനി വിരിച്ച

ആ കാട്ടുമരത്തിൻ കൊമ്പിൽ

ഒരുവൾ ഊയലാടുന്നു.

മുട്ടോളം മൂടി അഴിച്ചിട്ട

അവൾ ഭദ്രകാളിയെപ്പോലെ

തുറിച്ചു നോക്കുന്നു..

നാവ് പുറത്തേക്ക് ഉന്തിയിട്ടുണ്ട്..

തണുത്ത് മരവിച്ച ശരീരം

കാറ്റിന്റെ താളത്തിൽ തത്തി

കളിക്കുന്നു.. അതേ

അവൾ മരിച്ചിരുന്നു..

ആളുകൾ കൂടി..

കാക്കി അണിഞ്ഞ

കാവലാളുകൾ പാഞ്ഞടുത്തു.

ചോദ്യമുയർന്നു.. ആരാണിവൾ.. !

ആർക്കുമറിയില്ല..


നന്ദു പാരിസ് 

രാജാക്കൻ മാരുടെ രോഗം



രക്തത്തിൽ യൂറിക്ക്‌ ആസിഡ്‌ അടിഞ്ഞുകൂടിയാൽ പിടിപെടാവുന്ന പ്രധാന രോഗമാണു ഗൗട്ട്‌ എന്ന പേരിലറിയപ്പെടുന്ന സന്ധിവാതം. 7 ml/dl ആണു നോർമൽ യൂറിക്ക് ആസിഡ് നില. എങ്കിലു 6 ൽ കൂടിയാൽ തന്നെ പലരിലും രോഗ ലക്ഷണങ്ങൾ കാണിക്കാറുണ്ട്. കാൽ തള്ളവിരലിന്റെ സന്ധിയിലാണു ഭൂരിഭാഗം പേരിലും രോഗാക്രമണം തുടങ്ങുക. രോഗം ബാധിച്ച സന്ധി അതി വേദനയോടെ ചുവന്നു വീർത്തിരിക്കും. വേദന പെട്ടന്ന് തുടങ്ങും ഒറ്റ ദിവസം കൊണ്ട് മൂർദ്ധന്യത്തിലെത്തുന്നു. ദിവസങ്ങൾ നീണ്ടുനില്ക്കുന്ന വേദന ചിലപ്പോൾ മറ്റു സന്ധി കളിലേക്കും വ്യാപിക്കാം.

പണ്ടുകാലത്ത് “രാജാക്കൻ മാരുടെ രോഗം” എന്നാണിതിനെ വിളിച്ചിരുന്നത്. അക്കാലത്ത് ധാരാളം മാംസവും മദ്യവുമുപയോഗിക്കാൻ അവസരമുണ്ടായിരിക്കുക രാജാക്കന്മാർക്കായിരിക്കുമല്ലോ?.പ്രമേഹവും അമിത വണ്ണവും രോഗസാധ്യത കൂട്ടുന്നു. ഭക്ഷണത്തിലെ ക്രമക്കേടു കൊണ്ടോ വൃക്ക വഴിയുള്ള മാലിന്യ വിസർജ്ജന തടസ്സങ്ങൾ കൊണ്ടോ ഈ രോഗം വരാം.

90% രോഗികളിലും യൂറേറ്റ് എന്ന യൂറിക്ക് ആസിഡടങ്ങിയ ലവണങ്ങൾ മൂത്രത്തിലൂടെ പുറത്തു പോകാത്തതാണു പ്രശ്നം. യൂറിക്കാസിഡ് 100 എം.എൽ വെള്ളത്തിൽ 6 മില്ലിഗ്രാം എന്ന കണക്കിനു അലിയുന്നതാകയാൽ ധാരാള വെള്ളം കുടിക്കുക എന്നതാണു രോഗം കുറയാനും രോഗം വരാതിരിക്കാനുമുള്ള  നല്ല വഴി. മൂത്രത്തിൽ കല്ലുള്ളവരോടും ഇങ്ങനെ തന്നെ ഉപദേശിക്കാറുണ്ട്. ഇവരെല്ലാം ധാരാളം വെള്ളം കുടിക്കുകയും ചെയ്യും. പക്ഷെ ധാരാളമായി മൂത്രമൊഴിക്കണമെന്ന കാര്യം വിട്ടു പോകും. കിട്ടുന്ന അവസരങ്ങളിലെല്ലാം മൂത്രമൊഴിച്ചാലേ മൂത്രത്തിലൂടെ പുറത്തു കളയേണ്ട മാലിന്യം കളയാനാകൂ. നാം കുടിക്കുന്ന വെള്ളത്തിന്റെ 60% മൂത്രത്തിലൂടെ തന്നെ പുറത്തുകളയണം. അല്ലങ്കിൽ കുടിച്ച വെള്ളം വിയർപ്പിലൂടെയോ, മലത്തിലൂടെയോ, ശ്വസനത്തിലൂടെയോ, ശരീരം പുറത്തുകളയും. അങ്ങനെ  വൃക്കയിൽ അമോണിയം ആസിഡ് യൂറേറ്റ് ക്രിസ്റ്റലുകൾ അടിയാം. വെള്ളം ഒരു പത്തു ഗ്ളാസ്സെങ്കിലും കുടിയ്ക്കുക, അതുപോലെ ധാരാളം മൂത്രമൊഴിക്കുക. അതു മറക്കരുത്.

10% ആൾക്കാരിൽ ഭക്ഷണത്തിലെ തകരാറുകളാണു യൂറിക്കാസിഡ് അടിയുവാൻ കാരണമാക്കുന്നത്. മദ്യമാണ് ഒന്നാമത്തെ പ്രശ്നക്കാരൻ. അതിൽ തന്നെ ബിയർ ആണു ഭീകരൻ. കോളകൾ ഒഴിവാകുക, മാംസ ഭക്ഷണം ഒഴിവാക്കുക. അതിൽ തന്നെ കരൾ, ഹൃദയം, വൃക്ക എന്നിവ നിർബന്ധമായും ഒഴിവാക്കുക. കടൽ ഭക്ഷണത്തിൽ  ഞണ്ടും കൊഞ്ചും ചെമ്മീനും പ്രശ്നക്കാരാണ്. ഉണക്കിയ കൂണുകളിലും പ്യൂറിൻ എന്ന  യൂറിക്കാസിഡുണ്ടാക്കുന്ന ഘടകം കൂടുതലായുണ്ട്. ഇക്കാര്യത്തിൽ “നത്തോലി  അത്ര ചെറിയ മീനല്ല”. ഉണക്ക മത്തിയിലും നത്തോലിയിലും പ്യൂറിൻ കൂടുതലുണ്ട്. തിരണ്ടിയിൽ മിതമായ നിലയെലെ പ്യൂറിൻ അടങ്ങിയിട്ടുള്ളു എന്നു ചില പഠനങ്ങൾ പറയുന്നു. ചിക്കനും പ്രശ്നക്കാരുടെ പട്ടികയിലാണ്. ചില പച്ചകറികളിലും പ്യൂറിൻ അടങ്ങിയിട്ടുണ്ട് എന്നാലവ അത്ര പ്രശനക്കാരല്ല എന്നും ചില സംസാരമുണ്ട്. പയർ, ചീര, ബീൻസ്, പരിപ്പ് എന്നിവയിൽ പ്യൂറിൻ ഉണ്ട്. മൂന്നുനേരവും ഇത്തരം പച്ചക്കറികൾ ധാരാളമായി കഴിച്ചാൽ ഗൗട്ട് വന്നുകൂടായ്കയില്ല. കാപ്പി, പാൽ, പാലുൽപ്പന്നങ്ങൾ കഴിക്കാം, വിറ്റമിൻ സി, വെള്ളരിക്ക, റാഡിഷ്, ഉള്ളികൾ, ആപ്പിൾ എന്നിവ കഴിക്കാം. ആപ്പിളിൽ നിന്നുമുണ്ടാക്കുന്ന ‘ആപ്പിൾ സിഡർ വിനാഗിരി’ യിലടങ്ങിയിരിക്കുന്ന മാലിക്ക് ആസിഡ് രക്തത്തിലെ യൂറിക്കാസിഡിനെ അലിയിച്ചു കളയുമെന്നതിനാൽ ആപ്പിൾ സുരക്ഷിതമായി ഉപയോഗിക്കാം. ക്യാരറ്റ്, ബീറ്റ്റൂട്ട്, വെള്ളരിക്ക ഒക്കെ ജ്യൂസായി കഴിക്കുക. നെല്ലിക്ക നാരങ്ങ എന്നിങ്ങനെ വിറ്റമിൻ സി അടങ്ങിയവ പാനീയമായി ഉപയോഗിക്കാം.ഏത്തപ്പഴവും , ഗ്രീൻറ്റീയും ഉപയോഗിക്കാം..

എന്തായാലും സന്ധിവേദനകൾ ഉള്ളവർ സിറം യൂറിക്കാസിഡ് കൂടി ഒന്നു നോക്കി വയ്ക്കുക അഥവാ കൂടുന്നുവെന്ന് തോന്നിയാൽ നിയന്ത്രിക്കാമല്ലോ? മാത്രമല്ല ഇത് ഭാവിയിൽ വൃക്കകളിൽ അടിഞ്ഞുകൂടി കല്ലുകളായി രൂപാന്തരപ്പെടുകയും ചെയ്തേക്കാം. ഒന്ന് ശ്രദ്ധിക്കുന്നത് എന്തുകൊണ്ടും നല്ലതു തന്നെ. 


ഡോ. ടി. ജി. മനോജ് കുമാർ 

ഇന്തോന്വേഷ്യൻ ദിനങ്ങൾ

 



അധ്യായം 3 : ആഡംബരങ്ങളുടെനഗരം


വിനോദസഞ്ചാരികൾക്കായി ജക്കാർത്ത ഭരണകൂടം പലതരത്തിലുള്ള പ്രവർത്തനങ്ങളും നടത്തുന്നുണ്ട്. വിദേശസഞ്ചാരികളേക്കാൾ സ്വദേശസഞ്ചാരികൾ ആണ് ഇവിടെയെത്തുന്നത് എന്ന് പറഞ്ഞുവല്ലോ. വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി അഞ്ച്, രണ്ടുനില ബസ്സുകൾ നഗരത്തിൽ ഓടുന്നുണ്ട്. പൂർണ്ണമായും ശീതീകരിച്ച ഈ ആഡംബര ബസ്സുകൾ തികച്ചും സൗജന്യമായാണ് ഓടുന്നത്. ഈ ബസുകൾ വിനോദ കേന്ദ്രങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് രാവിലെ ആറുമണി മുതൽ വൈകുന്നേരം ആറുമണി വരെയാണ് സർവീസുകൾ നടത്തുന്നത്. ഡ്രൈവറെ കൂടാതെ ഒരു ഗൈഡും ഇത്തരം ബസ്സുകളിലുണ്ടാകും. അവർ അടുത്ത് വരുന്ന കേന്ദ്രങ്ങളെക്കുറിച്ച് സാമാന്യം നല്ല ഒരു പ്രഭാഷണം നടത്തുന്നതും പതിവാണ്.

മിക്ക സ്ഥലങ്ങളിലും പ്രവേശന ഫീസ് കുറവായിരിക്കും, അല്ലെങ്കിൽ സൗജന്യമായിരിക്കും. ഒരിടത്തും ഞാൻ വിദേശികൾക്ക് പ്രത്യേകമായ പ്രവേശന ഫീസ് കണ്ടില്ല. മിക്ക രാജ്യങ്ങളിലും വിദേശികൾക്കും സ്വദേശികൾക്കും പ്രവേശന ഫീസുകൾ വ്യത്യസ്തമായിരിക്കും. വലിയൊരു തുകയായിരിക്കും വിദേശികളിൽ നിന്നും ഈടാക്കുക. ഇന്ത്യയും അക്കാര്യത്തിൽ ഒട്ടും മോശമല്ല. താജ്മഹൽ തന്നെ ഇതിനൊരു നല്ല ഉദാഹരണമാണ്. ഇന്ത്യക്കാർക്ക് 40 രൂപയാണെങ്കിൽ വിദേശീയർക്ക് 1000 രൂപയാണ് പ്രവേശന നിരക്ക്. മിക്ക രാജ്യങ്ങളും ഇത്തരത്തിൽ തന്നെയാണ് നിരക്കുകൾ നിശ്ചയിക്കുന്നത്.

ബാലിയിലേക്കുള്ള കുത്തൊഴുക്ക് ഒട്ടുംതന്നെ ജക്കാർത്തയെ ബാധിച്ചിട്ടില്ല എന്നത് ടൂറിസം മേഖലയ്ക്കു അത്ര നല്ലതല്ലെങ്കിലും, ജക്കാർത്തയുടെ തനതായ സൗന്ദര്യവും സംസ്കാരവും സംരക്ഷിക്കുന്നതിൽ ഇത് കാര്യമായ പങ്കുവഹിക്കുന്നുണ്ടെന്ന് നിസ്സംശയം പറയാം. ടൂറിസത്തിന്റെ വികസനത്തിനനുയോജ്യമായ എല്ലാം ഇവിടെയുണ്ട്. ജക്കാർത്ത ഒരു വൻ നഗരമാണെങ്കിലും ട്രാൻസ് ജക്കാർത്ത ബസ് സർവീസുകൾ ഇവിടത്തെ യാത്രകൾ സുഗമമാക്കുന്നു. എല്ലാ റോഡുകളുടേയും ഇടതു വശം ഈ ബസ്സുകൾക്കായി ഒരുക്കിയിരിക്കുന്നു. മറ്റു വാഹനങ്ങൾക്ക് ഇതിൽ പ്രവേശനമില്ല. ആളുകൾ കയറുന്നതും ഇറങ്ങുന്നതും പ്രത്യേകം നിർമ്മിച്ച പ്ലാറ്റ്ഫോമുകളിൽ നിന്ന് മാത്രം. ടിക്കെറ്റുകളും പ്ലാറ്റ്ഫോമുകളിൽ മാത്രം ലഭ്യം. നമ്മുടെ മെട്രോയുടെ മാതൃകയിലാണ് ഇവിടെ ട്രാൻസ് ജക്കാർത്ത ബസുകൾ ഓടുന്നത്. ബസിൽ യാത്ര ചെയ്താൽ നമുക്ക് ജക്കാർത്തയിലെവിടെ വേണമെങ്കിലും തിരക്കിൽ കുരുങ്ങാതെ സമയത്തിനെത്താൻ കഴിയും എന്നൊരു മെച്ചവുമുണ്ട്. സിറ്റി ബസുകൾ ഇതേ രീതിയിൽ ഓടിക്കുകയാണെങ്കിൽ നമ്മുടെ നഗരങ്ങളിലും വലിയ ചിലവില്ലാതെ നല്ല ബസ് യാത്ര ലഭ്യമാക്കാനാകും.

റോഡുകളുടെ കാര്യത്തിലും ജക്കാർത്ത മുന്നിൽ തന്നെയാണ്. ജക്കാർത്ത റോഡുകളിൽ വാഹനത്തിരക്കുണ്ടാകുന്നത് കാണേണ്ട ഒരു കാഴ്ച തന്നെയാണ്. പെട്ടെന്നാണ് കടുത്ത ഗതാഗത കുരുക്കുകൾ ഉണ്ടാകുന്നത്. ഇത് റോഡുകളുടെ അപര്യാപ്തത കൊണ്ടല്ല മറിച്ച് വാഹനാധിക്യം കൊണ്ടാണ്. അതുകൊണ്ടു തന്നെ ജക്കാർത്തയിൽ ടാക്സിയിൽ യാത്ര ചെയ്യുന്നതിനേക്കാൾ സൗകര്യം ട്രാൻസ് ജക്കാർത്ത ബസുകൾ ആയിരിക്കും.

എവിടെ നോക്കിയാലും വൻ കെട്ടിടങ്ങൾ. വളെരെയധികം വ്യാപാര സമുച്ചയങ്ങൾ. മിക്കതും നമ്മുടെ ലുലു മാളിനെക്കാൾ സൗകര്യങ്ങൾ പ്രദാനം ചെയ്യുന്നവ. ധാരാളം ഹോട്ടലുകൾ. എല്ലാതരത്തിലുമുള്ളവ. സാധാരണ താമസ സൗകര്യങ്ങൾ മുതൽ പഞ്ച നക്ഷത്ര ഹോട്ടലുകൾ വരെ ഇതിൽപ്പെടും. ഹോട്ടലുകളുടെ വാടക നിരക്കും ആർക്കും താങ്ങാവുന്നത് മാത്രം. ഇന്ത്യൻ ഹോട്ടലുകളെ താരതമ്യപ്പെടുത്തുമ്പോൾ ജക്കാർത്തൻ ഹോട്ടലുകൾ തികച്ചും ലാഭകരവുമാണ്.

ശിൽപ്പ ചാതുര്യം പ്രകടമാക്കുന്ന കെട്ടിടങ്ങളാണ് എവിടെയും കാണുക. അത് ചെറുതാകട്ടെ, വലിയ കെട്ടിടങ്ങളാകട്ടെ, കെട്ടിടകലയുടെ പ്രാഗൽഭ്യം അതിൽ പ്രകടമായിരിക്കും. വലിയ മാളുകളായ പ്ലാസ ഇന്തോന്വേഷ്യ, ഇന്തോന്വേഷ്യ ഷോപ്പിംഗ് ടൗൺ, പ്ലാസ സെനയാൻ, സെനയാൻ സിറ്റി, പസഫിക് പ്ലേസ് എന്നിവ നമ്മുടെ സങ്കൽപ്പത്തിനും അതീതമായ സമുച്ചയങ്ങളാണ്. ഇവയെല്ലാം ഇവിടത്തെ ശിൽപ്പ ചാതുര്യത്തിന്റെ നിർവ്വചിക്കാനാകാത്ത അനുഭവ സാക്ഷ്യങ്ങൾ തന്നെ.

പല രാജ്യങ്ങളുടേയും എംബസ്സികളുള്ള ജക്കാർത്ത തന്നെയാണ് ASEAN ന്റെ സെക്രട്ടറിയേറ്റും. വിദ്യാഭ്യാസത്തിന്റെ കാര്യത്തിലും ജക്കാർത്ത പുറകിലല്ല. ഒട്ടേറെ യൂണിവേഴ്സിറ്റികൾ ഇവിടെയുണ്ട്. അതിൽ ഏറ്റവും വലുതും പഴക്കമേറിയതും യൂണിവേഴ്സിറ്റി ഓഫ് ഇന്തോന്വേഷ്യ തന്നെ. എഴുത്തും വായനയും അറിയാവുന്നവരാണ് ജക്കാർത്തൻ ജനതയിൽ ഭൂരിഭാഗവും. പൊതുവെ ശാന്തസ്വഭാവമുള്ള ഇവർ വിദേശികളായ സഞ്ചാരികളോട് നല്ല ആതിഥ്യ മര്യാദ പുലർത്തുന്നവരുമാണ്. പെട്ടെന്ന് സൗഹൃദം സ്ഥാപിക്കുവാനുള്ള ഇവരുടെ കഴിവ് എടുത്തു പറയേണ്ടത് തന്നെയാണ്.


ഡോ. സുനീത് മാത്യു   


തുടരും

നിഷ്കാസനം


 വളരെ നാളുകൾക്കു ശേഷമായിരുന്നു എൻ്റെ ഒരു ബന്ധു എന്നെത്തേടിയെത്തിയത്. അതും അയാളുടെ മകളുടെ വിവാഹം ക്ഷണിക്കാൻ. വർഷങ്ങളായി നാട്ടിൽ നിന്നും ആരും തന്നെ എന്നെത്തേടി ഈ നഗരത്തിലേക്ക് വരാറില്ലായിരുന്നു. അവരുടെ ആവശ്യങ്ങൾക്ക് എൻ്റെ പരിമിതികൾ തടസ്സമായിത്തീർന്നു എന്നതായിരുന്നു അതിനു കാരണം. ഇപ്പോൾ ഈ ബന്ധുവിൻ്റെ വരവിൽ എനിക്ക് അതിയായ സന്തോഷം തോന്നി.

ബന്ധു പറഞ്ഞു “നിനക്ക് നാടും നാട്ടാരും ബന്ധുക്കളും വേണ്ട… ഞങ്ങൾക്ക് അതു പോരല്ലോ? വിവാഹത്തിൽ പങ്കെടുക്കുന്നവർ നിന്നെ തിരക്കാതിരിക്കില്ല. നിന്നെ വിളിച്ചില്ലെന്നു പറയുമ്പോൾ ….” അയാൾ മുഴുപ്പിച്ചില്ല.

ഇടയ്ക്കു കയറി പറയണമെന്ന് വിചാരിച്ച് ഞാൻ ഭാര്യയുടെ മുഖത്തേക്ക് നോക്കി. അവളിൽ നിന്നും അനുകൂലമായ പ്രതികരണമൊന്നും ഉണ്ടാകാതിരുന്നതുകൊണ്ട് ഞാൻ തീർത്തും നിശബ്ദനായി.

ബന്ധു യാത്ര പറഞ്ഞിറങ്ങിയപ്പോൾ ഞാൻ ഇത്രയും പറഞ്ഞു “എത്ര ബുദ്ധിമുട്ടിയിട്ടാണേലും ഞാൻ വരാതിരിക്കില്ല.. ചേട്ടൻ്റെ മകളുടെ വിവാഹത്തിന് ..”

“നീ മാത്രം വന്നാൽ പോരാ… കുടുംബസമേതം വരണം…. അതിനു വേണ്ടിയാ ഞാൻ തന്നെ വന്നു വിളിച്ചത്.” അയാൾ പറഞ്ഞു.

വിവാഹ ദിവസം അടുത്തു വന്നപ്പോൾ ഞാൻ ഭാര്യയോടു പറഞ്ഞു “സുമേ.. അവർ വളരെ ബദ്ധപ്പെട്ടു ഇവിടെ വന്നു വിളിച്ചാണ്, നമ്മൾ പോകാതിരിക്കുന്നത് ശരിയല്ല “

ഭാര്യ പറഞ്ഞു “കല്യാണമാകുമ്പോൾ അല്പം ബദ്ധപ്പെടേണ്ടി വരും’ വന്നു വിളിച്ചത് അവരുടെ മര്യാദ.പോകണോ വേണ്ടയോയെന്നത് നമ്മുടെ കാര്യം “

“എന്നാലും “?

എന്തൊരെന്നാലും? നിങ്ങളുടെ ആളുകളുടെ കാര്യമാകുമ്പോൾ നിങ്ങൾക്ക് ചൂടു കേറും. എനിക്ക് അവരെക്കൊണ്ടൊന്നും ഒരു ഉപകാരവും ഉണ്ടായിട്ടില്ല. ഇനിയൊട്ട് ഉണ്ടാകാനും പോണില്ല.” പിന്നെ ഒരു കാര്യം കൂടി ഓർമ്മ വേണം, പിള്ളേരുടെ ഫീസു കൊടുത്തിട്ടില്ല. ബന്ധുക്കളെ കാണുമ്പോൾ എല്ലാം മറന്നു പോകരുത്‌.

“നീ കൂടിവരണം സുമേ.. അവർ പ്രത്യേകം വന്നു വിളിച്ചതല്ലേ…” ?

ഞാൻ വരില്ലന്ന് അപ്പഴേ പറഞ്ഞതല്ലേ.. എനിക്ക് ആരുടെയും മുഞ്ഞീം മുഖോം കാണണ്ട അവശ്യമില്ല. നമ്മൾ കഷ്ടപ്പെട്ടിട്ടാ… കഴിയുന്നത് “

” എന്നാ മോനേ കൂടി കൊണ്ടു പോയാലോ…?”

ഏയ് അതിൻ്റെയൊന്നും ആവശ്യമില്ല… അവന് ട്യൂഷ്യനുള്ളതാ…. അതു മുടക്കാൻ പറ്റില്ല. നിങ്ങളു തന്നെ അങ്ങോട്ടു പോയാൽ മതി.

അങ്ങനെയാണ് ഞാൻ തന്നെ പോയാൽ മതിയെന്ന് തീരുമാനിക്കപ്പെട്ടത്.

നാട്ടിലേക്കുള്ള യാത്രയിൽ ഞാൻ തീവണ്ടിയിലിരുന്ന് പലതും ചിന്തിച്ചു.

അമ്മായിയും കുട്ടികളും വരാത്തതെന്താണ്? ചേട്ടത്തിവന്നില്ലേ…? തുടങ്ങിയ ചോദ്യങ്ങൾക്ക് എന്ത് ഉത്തരം പറയണമെന്നറിയാതെ ഞാൻ കുണ്ഠിതപ്പെട്ടു.

ജനിച്ച നാട്ടിൽ ഒരു സെൻ്റു ഭൂമിയില്ലാത്തവൻ്റെ നാട് റെയിവേ സ്റ്റേഷനും,ബസ് സ്റ്റാൻ്റുമാണെന്നോർത്ത് ഞാൻ സങ്കടപ്പെട്ടു.

ഒരു പ്രദേശം മുഴുവൻ കുടുംബക്കാരും ബന്ധുക്കളും എന്നു പറയുമ്പോഴും ഒരു വീടും സ്വന്തമെന്നു പറഞ്ഞ് കയറി ചെല്ലാനാവാത്ത അവസ്ഥ. നാടോടിയെപ്പോലെ തോളിൽ ബാഗും തൂക്കി അലയാൻ മാത്രം വിധിക്കപ്പെട്ടവൻ. എന്തു സമ്പാദിച്ചുവെന്നു ചോദിച്ചാൽ ഒന്നുമില്ല. നിന്നെക്കൊണ്ട് ഞങ്ങൾക്കെന്തു പ്രയോജനമെന്നു ചോദിച്ചാലും അതിനും ഉത്തരം ഒന്നുമില്ലന്നായിരുന്നു.

ട്രെയിൻ സ്‌റ്റേഷനിൽ എത്തിയപ്പോഴേക്കും സന്ധ്യ കഴിഞ്ഞിരുന്നു. ഇനി ഇവിടെ നിന്നും നാലു കിലോമീറ്റർ സഞ്ചരിക്കണം.

ഞാൻ ഓട്ടോയ്ക്ക് കൈ കാണിച്ചു. അയാൾ അടുത്തുവന്ന് എങ്ങോട്ടേയ്ക്കാണെന്നു ചോദിച്ചു. ഞാൻ സ്ഥലപ്പേരു പറഞ്ഞതും അയാൾ വേറൊരു യാത്രക്കാരനെയും എടുത്തു പാഞ്ഞു പോയി.

എത്രയോ കാലം ഞാൻ നടന്നു പോയ സുപരിചിതമായ വഴികളാണ്.തട്ടുകടയിൽ നിന്നും കാലിച്ചായ വാങ്ങിക്കുടിച്ച് ഞാൻ നടക്കാനാരംഭിച്ചു. കുറച്ചു ദൂരം ചെന്നപ്പോൾ ഒരു ഓട്ടോ എൻ്റെ അടുത്തുവന്ന് എങ്ങോട്ടേയ്ക്കാണെന്നു് ചോദിച്ചു.

ഞാൻ പറഞ്ഞു ” കോലനാട്ടേയ്ക്ക് ”

അയാൾ കയറാൻ പറഞ്ഞു. ഞാൻ കയറി.

“കല്യാണത്തിനു വന്നതായിരിക്കും “

അതേ .. ഞാൻ മറുപടി പറഞ്ഞു.

പിന്നെ അയാൾ ഒന്നും ചോദിച്ചില്ല ;ഞാൻ പറഞ്ഞതുമില്ല.

കുണ്ടും കുഴിയും നിറഞ്ഞ റോഡിനിരുവശവും മനോഹരമായ വലിയ വീടുകൾ കണ്ട് ഞാൻ ഡ്രൈവറോടു ചോദിച്ചു ” വഴിതെറ്റിയോ?”?

വല്ലപ്പോഴും നാട്ടിലോട്ടൊക്കെ വരണം. അയാൾ പറഞ്ഞു.

” എന്നെ അറിയുമോ?” ഞാൻ ചോദിച്ചു.

എന്താ.. അറിയാത്തേ… കുറച്ചു കാലമായില്ലേ… കണ്ടിട്ട് ..

“എന്നെ അറിയുമോ?” അയാൾ ചോദിച്ചു.

ഇല്ല. ഞാൻ പറഞ്ഞു.

കരിയിലെ ദാമുവിൻ്റെ മകനാ.. എനിക്ക് ചേട്ടനെ നല്ലോണം അറിയാം.. പണ്ടു നാട്ടിൽ എന്തു പ്രശ്നമുണ്ടായാലും ചേട്ടനുണ്ടാകും. വഴക്കിനും വക്കാണത്തിനും … ഇപ്പോ .. എങ്ങനാ..?

ഞാൻ ചിരിച്ചു .. തികഞ്ഞ വിഡ്ഢിലെപ്പോലെ…

കുറച്ചു ദൂരം കൂടി ചെന്നപ്പോൾ അയാൾ ഓട്ടോ നിർത്തി.. ഇനി പോകില്ല … നിറയെ കുഴികളാ….: “കുറച്ചകലെ വെട്ടവും വെളിച്ചവുമുള്ള ഒരു വീട് അയാൾ ചൂണ്ടിക്കാണിച്ചു. ഇനി നടന്നു പോകണം.

ഞാൻ ഓട്ടോകൂലിയും കൊടുത്ത് നടക്കുമ്പോൾ മനസ്സിനകത്ത് ജാള്യതയുള്ള ഒരു ചിരി പടർന്നു.

താൻ ഓടിക്കളിച്ചു നടന്ന വീടും പരിസരവും മറ്റൊരാൾ ചൂണ്ടിക്കാണിക്കേണ്ടി വന്നല്ലോ എന്നോർത്ത് …

“ദേ … സോമൻ വന്നു ” എന്നു ചില പ്രായമായ സ്ത്രീകൾ പറഞ്ഞതല്ലാതെ മറ്റാരും എന്നെ ശ്രദ്ധിക്കുക കൂടി ചെയ്തില്ല.

കല്യാണം നടക്കുന്നത് മണ്ഡപത്തിൽ വച്ചാണെങ്കിലും ആർഭാടം തലേ ദിവസം വീട്ടിൽ വച്ചാണ് നടക്കുന്നതെന്ന് എനിക്ക് തോന്നി. പരിചിതമായ ആളുകൾ കുറവായതുകൊണ്ടു എനിക്ക് അധികമൊന്നും ആരോടും സംസാരിക്കേണ്ടി വന്നില്ല. ചെന്നപാടെ ബന്ധുവിനെ കണ്ടു പിടിച്ചു ഒരു പൊതി അയാളെ ഏൽപ്പിച്ച് ഞാൻ സ്വസ്ഥനായി.

പൊതി നിവർത്തി നോക്കിയതുകൊണ്ടാവണം പെൺകുട്ടിയുടെ അച്ഛൻ പിന്നീട് എന്നോട് വേണ്ടത്ര ആഭിമുഖ്യം കാണിച്ചില്ല. എങ്കിലും ആരും ക്ഷണിക്കാതെ തന്നെ ഭക്ഷണം കഴിച്ചു. എനിക്ക് നല്ല വിശപ്പുണ്ടായിരുന്നു.

അപൂർവ്വം ചില സുഹൃത്തുക്കൾ “താൻ എപ്പോൾ വന്നു ” എന്നതിൽക്കവിഞ്ഞ് മറ്റു ചോദ്യങ്ങളൊന്നും ചോദിക്കാതെ വരുകയും പോകുകയും ചെയ്തു കൊണ്ടിരുന്നു. ഭക്ഷണം കഴിഞ്ഞ് സ്വീകരണ പന്തലിൻ്റെ ഓരം ചേർത്ത് അധികം ആരുടെയും ശ്രദ്ധയിൽ പെടാതെ ഒരു ഒഴിഞ്ഞ കോണിലേക്ക് കസേര നീക്കിയിട്ട് ഞാൻ ഇരുന്നു.

ഭാര്യയും മക്കളും വരാതിരുന്നത് നല്ലതായിയെന്ന് എനിക്ക് ഇപ്പോൾ തോന്നി. ഈ രാത്രി ഇവിടെയിങ്ങനെയിരുന്നു വെളുപ്പിക്കേണ്ടി വരുമല്ലോയെന്നോർത്ത് സങ്കടപ്പെട്ടു. എന്തായാലും വിവാഹത്തിനു മുമ്പേ തിരിച്ചുപോകുന്നത് മര്യാദകേടാണെന്നു മനസ്സു മന്ത്രിച്ചു.

പാതിമയക്കത്തിലും പാതി ഉറക്കത്തിലുമെന്ന മട്ടിൽ ശരീരത്തെ കസേരയിലുറപ്പിച്ച് നിസ്സംഗതനായാട്ടിരിക്കുമ്പോഴാണ് വീടിനു മുൻവശത്തുള്ള റോഡരികിൽ ഒരു വലിയ കാർ വന്നു നിന്നത്. കാർ വരുന്നതുകണ്ട എൻ്റെ ബന്ധുവും നാട്ടുകാരും സി.കെ.വന്നു എന്നു പറഞ്ഞ് അയാളെ സ്വീകരിക്കാനായി റോഡിലേക്കിറങ്ങി. ഞാനും നാട്ടിലെ ഏതാനും പ്രമാണിമാരും വൃദ്ധന്മാരുമാണ് അപ്പോൾ പന്തലിൽ ഉണ്ടായിരുന്നത്.

എൻ്റെ ബന്ധുവും നാട്ടുകാരും ചേർന്ന് അയാളെ സ്വീകരിച്ച് പന്തലിലേക്കു കൊണ്ടുവന്നു. അയാൾ വരുന്നതു കണ്ട് വൃദ്ധന്മാരും പ്രമാണിമാരും എഴുന്നേറ്റു നിന്ന് ആഭിവാദ്യമർപ്പിച്ച് ഉദാസീനരായി കസേരകളിൽ ഇരുന്നു.എന്തുകൊണ്ടോ എനിക്ക് എഴുന്നേൽക്കാൻ തോന്നിയില്ല. അത് സി.കെ.ശ്രദ്ധിച്ചുവെന്ന് എനിക്ക് അപ്പഴേ തോന്നി.

അയാൾ നാട്ടുകാരോടൊപ്പം വീട്ടിനകത്തു കയറിച്ചെന്ന് പെൺകുട്ടിയെ കണ്ടു.കുട്ടിക്ക് എന്തോ കനത്ത സഹായം നൽകിയെന്ന് അടുത്തു നിന്നവരുടെ മുഖഭാവത്തിൽ നിന്നും ഞാൻ ഊഹിച്ചെടുത്തു.

തിരിച്ചിറങ്ങിയ സി.കെ. എൻ്റെ അടുത്തെത്തി “സുഖം തന്നെയല്ലേ സുഹൃത്തേ ” എന്നു ചോദിച്ചപ്പോൾ മാത്രമാണ് ഞാൻ കസേരയിൽ നിന്നും എഴുന്നേറ്റ് അയാൾക്ക് കൈ കൊടുത്തത്.അധികം താമസിയാതെ തന്നെ ഒരു ചായ മാത്രം കുടിച്ച് സി കെ.അനുചരന്മാരോടു കൂടി തിരിച്ചു പോകുകയും ചെയ്തു.

പെട്ടെന്നായിരുന്നു എൻ്റെ ബന്ധു എന്നോടു കയർത്തത്.” മാന്യന്മാർ വന്നാൽ ആദരിക്കണം, അതിനു കഴിയുന്നില്ലെങ്കിൽ ….”

മുഴുപ്പിക്കുന്നതിനു മുൻപേ മറ്റുള്ളവർക്കും തട്ടിക്കയറാനുള്ള അവസരമായിരുന്നു അത്.

” സി.കെ. ഈ നാട്ടിലെ പ്രമാണിയും മാന്യനുമാണ്. അയാളുടെ സഹായം കൊണ്ടാണ് ഈ നാട്ടിൽ പലരും കഴിഞ്ഞുകൂടുന്നത് .. അങ്ങനെയുള്ള ഒരാൾ വരുമ്പോൾ എഴുന്നേൽക്കാൻ കഴിയാത്തത് അഹങ്കാരം കൊണ്ടാണ്. വെറുതെയല്ല നീയൊന്നും നന്നാവാത്തത്.

വൃദ്ധന്മാരും ചെറുപ്പക്കാരും ബന്ധുക്കൾക്കൊപ്പമായിരുന്നു. ഗതിമുട്ടിയപ്പോൾ ഞാൻ ഇത്രയും പറഞ്ഞു. ” സി.കെ.വന്നപ്പോൾ എഴുന്നേറ്റു ബഹുമാനിക്കേണ്ട കാര്യമൊന്നും എനിക്കില്ല. അയാൾ ചാരായം വിറ്റു നടന്നപ്പോഴും ഷാപ്പു തുടങ്ങിയപ്പോഴും എതിർക്കാൻ ഞാൻ മാത്രയേയുണ്ടായിരുന്നുള്ളു. അന്ന് ഈ പ്രദേശത്ത് ഒരു ഷാപ്പുണ്ടായിരുന്നോ? ഇന്നെന്താ സ്ഥിതി?

” അതു കൊണ്ട് നിനക്കെന്തെങ്കിലും നഷ്ടം വന്നോ?” ചോദിച്ചത് പുതുതലമുറക്കാരായിരുന്നു.

ഉത്തരം കിട്ടാതെ വന്നപ്പോൾ ഞാൻ എൻ്റേതു മാത്രമായ ദൈന്യതയുടെ ഭാണ്ഡവും പേറി പതുക്കെ വെളിയിലേക്കിറങ്ങി …

ആരെങ്കിലും എന്നെ തിരിച്ചുവിളിക്കും എന്ന പ്രതീക്ഷയോടെ…

പക്ഷേ.. അതുണ്ടായില്ല..


ആർ. എസ്. പണിക്കർ   

കരിനീല – കെ. ആർ. മീര: ആസ്വാദനം


 “ആത്മബലമുള്ളവർ മാത്രം വായിക്കുക”!!

എന്നൊരു മുന്നറിയിപ്പോടെയാണ്, എഴുത്തുകാരി “കരിനീല” വായനക്കാർക്ക് മുന്നിലേയ്ക്ക് വെച്ചു നീട്ടുന്നത്. അതിൽ തീരെ അതിശയോക്തി ഇല്ലെന്ന് തന്നെ.കാരണം, കരിനീല  ഉദ്ഘോഷിക്കുന്നത് പ്രണയത്തെയാണ്. ആത്മാവിന്റെ വേരുകളിൽ മുളച്ചുകൊണ്ട് ശരീരത്തിന്റെ സർവ്വനാഡിയിലും പടർന്നു കയറുന്ന കരിനീല നിറമുള്ള പ്രേമത്തിനെ ആണ്.

സദാചാരത്തിനും, കുലസ്ത്രീ പരിവേഷത്തിനും വലിയൊരു സാമൂഹ്യപ്രാധാന്യം കല്പ്പിക്കുന്ന സമൂഹത്തിന്റെ മാർവിടത്തിലേയ്ക്കാണ് ദിശമാറി ഇഴഞ്ഞു നീങ്ങുന്ന വലിയൊരു സർപ്പമാകുന്ന പ്രേമത്തെ ” കരിനീല ” പറഞ്ഞു വെയ്ക്കുന്നത്.

പ്രേമത്തിനു വിശുദ്ധത കൽപ്പിക്കുന്നവരാണ് നിങ്ങൾ എങ്കിൽ,   ഇതിൽ പ്രസ്ഥാവിക്കുന്ന പ്രണയത്തെ മനസ്സിലാക്കാൻ കഴിയുന്നില്ല എങ്കിൽ, നിങ്ങളുടെ പ്രേമത്തെ സദാചാരമുത്തശ്ശിയുടെ കറുത്ത കരിമ്പടത്തിൽ പൊതിഞ്ഞു കൊണ്ട്, വലിയ ഇരുമ്പുകൂട്ടിൽ തളച്ചിട്ടിരിക്കുന്നത് കൊണ്ടാണ്.

കരിനീല വായിക്കുവാൻ തുടങ്ങുന്ന, നിങ്ങൾ എന്നുള്ള വായനക്കാർ ഇരുമ്പഴിക്കുള്ളിൽ തളച്ചിട്ടിരിക്കുന്ന പ്രേമമെന്ന സർപ്പത്തെ അതിൽ നിന്നും മോചിപ്പിക്കേണ്ടതുണ്ട് എന്ന് തന്നെ അര്ഥം. അതിന് കഴിയാത്ത പക്ഷം നിങ്ങൾ  ഈ പുസ്തകം മടക്കി ഷെൽഫിനു അലങ്കാരം മാത്രമാക്കുക. അതല്ലെങ്കിൽ, യഥാർത്ഥ പ്രണയത്തിന്റെ വിഷം നുകരുവാൻ കൊതിക്കുന്നുവെങ്കിൽ, കരിനീലയിലൂടെ ഇഴയുക. ആ വിഷം ഏൽക്കുക.

വിവാഹിതയായ ഒരു സ്ത്രീ, രണ്ടു കുഞ്ഞുങ്ങളുടെ അമ്മയായവൾ, അവൾ ഒരു അന്വേഷണത്തിലായിരുന്നു. ഒരു നാലുകെട്ട് വാങ്ങുവാനുള്ള അന്വേഷണത്തിൽ.  ഒടുവിൽ അവൾ അത് കണ്ടെത്തുന്നു. ആ കണ്ടെത്തലിൽ അവൾ ഉന്മത്തയാകുന്നു. എന്തുകൊണ്ടെന്നാൽ അവൾ തിരഞ്ഞത് വെറുമൊരു നാലുകെട്ടിനെ ആയിരുന്നില്ലെന്നും, ഓരോ ജന്മങ്ങളിലും തന്റെ പ്രേമത്തിന്റെ കരിനീലദംശനമേറ്റ്‌ പിടഞ്ഞ തന്റെ പുരുഷനെയായിരുന്നു എന്നുള്ള തിരിച്ചറിവിൽ തന്നെ. ആ നിമിഷങ്ങളിൽ തന്നെ, അവൾ നീലിച്ചു, പിടഞ്ഞു, ഉള്ളിൽ പിടഞ്ഞ സർപ്പം ഫണം ഉയർത്തി ചീറ്റി. കാരണം പറയേണ്ടല്ലോ. പ്രേമം അത് അങ്ങനെ ആണ്.

എന്താ? എന്തൊരു വിരോധാഭാസം എന്ന് തോന്നുന്നുവോ? എങ്കിൽ നിങ്ങൾ പ്രണയവിഷം തീണ്ടാത്തവർ ആണെന്ന് ഞാൻ പറയും.

 ഈ കഥയിലെ ഗീത, ഓരോ ജന്മങ്ങളിലും കരിനീലിച്ച വിഷപ്പല്ല് അധരങ്ങളിൽ ഏൽപ്പിച്ച്‌ , അടുത്ത് ജന്മത്തിലേയ്ക്ക് പടം പൊഴിച്ച് നീങ്ങുന്ന ഏതൊരു സ്ത്രീയുടെയും പ്രതിരൂപമാണ്.  പ്രേമം പൂർണ്ണമായും സ്ത്രീപക്ഷമെന്നിരിക്കവേ, കരിനീലയും സ്ത്രീപക്ഷമാണെന്ന് എനിക്ക് തോന്നുന്നു. പ്രേമം പൂർണ്ണമായും സ്ത്രീപക്ഷമായി പരിണമിച്ചതിൽ പുരുഷനോട് എനിക്ക് സഹതാപവും ഉണ്ട്. മനപ്പൂർവ്വമല്ലെങ്കിൽ കൂടി  സഹതാപം ഉണ്ട്.

 പ്രണയിക്കുന്ന സ്ത്രീ, അവൾ ഏറ്റവും തന്റേടമുള്ളവൾ ആകും. തന്റെ പുരുഷനെ കാണുന്ന മാത്രയിൽ ശരീരം പൊള്ളിപ്പിടയും. ആ അഗ്നി പകർന്നു കൊടുക്കുവാൻ കഴിയുന്നതും സ്ത്രീയ്ക്ക് മാത്രമാകും എന്ന് തോന്നുന്നു.

 “കരിനീല” പൊളിച്ചെഴുതുന്നത്, സമൂഹം സൃഷ്ടിച്ച  മിഥ്യയായ സ്ത്രീയുടെ പ്രതിബിംബത്തെയാണ്. അവൾ നിങ്ങൾ കരുതുന്നത് പോലെ സർവ്വംസഹയായ ഭൂമിയോ, ദേവിയോ, മാതാവോ അല്ല. പ്രണയത്തിന്റെ മാരകദംശനം ഏൽപ്പിക്കുന്നവൾ തന്നെയാണ്. അതിൽ മനസ്സിലാക്കിയപ്പോൾ ആകാം, പുരുഷന്റെ ആധിപത്യപരമായ ചാട്ടവാർ പെണ്ണിന് മേൽ പ്രഹരിക്കപ്പെട്ടത്.

സ്ത്രീയെ പൂവായി മാത്രം ബിംബവൽക്കരിക്കുന്നവർ ഒരിക്കലും അവൾ മുള്ള് കൂടിയാണെന്നുള്ള സത്യത്തെ സ്വീകരിക്കാതെ വരുന്നു. അല്ലെങ്കിൽ മനഃപൂർവ്വം  നിരസിക്കുന്നു. വേദനയുടെ ആഴം ആസ്വദിക്കുവാൻ കഴിയുന്നവന് മാത്രമേ കരിനീലയിലെ ഗീതയെ പോലെ യഥാർത്ഥ പെണ്ണിനെ പ്രണയിക്കുവാൻ കഴിയുകയുള്ളൂ.

അവൾ, തന്റെ കരുത്തനായ സന്യാസിയെ കണ്ടമാത്രയിൽ അവളിൽ ഉടലെടുക്കുന്നത് പച്ചമാംസത്തിൽ തീപ്പൊരി നീറിപ്പിടിപ്പിക്കുന്നത് പോലെയൊരു അനുഭവമാണ്. അത് തന്നെയാണ് പ്രേമം. അതിന് അതിതീവ്രമായ വേദനയിൽ ഉരുകുന്ന ആഗ്രഹമുണ്ടായിരിക്കണം. അവൾ സ്വയം പറയുന്നുണ്ട്, താൻ മഹാ ചീത്തയാണെന്ന്, കുലടയാണെന്ന്, അയാളുടെ ബീജത്തെ ആഗ്രഹിക്കുന്നവൾ ആണെന്ന്. അത് യഥാർത്ഥബോധവും ഉള്ളിൽ സമൂഹം വളർത്തിവിട്ട സദാചാരപക്ഷിയും തമ്മിലുള്ള സംഘർഷമാകാം.

 ഗീത വിവാഹിതയും അമ്മയുമാണ്. അവൾക്ക് വേണമെങ്കിൽ പതിവ്രതാപരിരക്ഷയുടെ ഇരുമ്പുകൂട്ടിൽ ഒതുങ്ങാമായിരുന്നു. പക്ഷേ കാര്യം ഇല്ലല്ലോ? അവൾ സ്ത്രീ ആയില്ലേ? പ്രണയിച്ചില്ലേ? അതുകൊണ്ട് അവൾ എന്തും ചെയ്യും. ആത്മാവ് കൊണ്ട് എല്ലു നുറുങ്ങും പോലെ അയാളെ ചുറ്റി വരിയും. അതുമൊരു ഉന്മാദമാണ്. ആത്മീയമാണ്. സന്യാസമാണ്. ആ ധൈര്യം തന്നെയാണ്, അവളെ സ്വാർത്ഥമതിയും, അസൂയാലുവും, ഉഗ്രവിഷമുള്ള സർപ്പവുമായി പരിവർത്തനം ചെയ്യിക്കുന്നത്.

ഇതിൽ ഗീത പറയുന്നത്, അവൾ ജന്മങ്ങളായി തിരഞ്ഞു കൊണ്ടിരുന്ന, ഓരോ ജന്മത്തിലും കരിനീല നിറമുതിർന്ന തന്റെ പുരുഷനെ കുറിച്ചാണ്. ചിലപ്പോൾ പ്രേമം അങ്ങനെ ആണ്. ഒരു ശരീരത്തിനും അതിൽ കുടിയേറിയ ആത്മാവിനും അവരുടേതായ ഒരു ഇണ ഉണ്ടായിരിക്കും. അവയെ കണ്ടെത്തും വരെ ആ ആത്മാവ് അലയും. ശരീരം അസംതൃപ്തിയിൽ അലറി വിളിക്കും. ഇവിടെയും സംഭവിക്കുന്നത്, അതാണ്. ഗീത, തന്റെ ആത്മാവിന്റെയും, ശരീരത്തിന്റെയും ഇണയെ കണ്ടെത്തുന്ന നിമിഷം മുതൽ അത് അയാൾക്ക് വേണ്ടി മാത്രം പിടയുന്നു  അതിനവൾ എല്ലാ രേഖകളെയും ഭേദിച്ച് മറികടക്കുന്നു.

എഴുത്തുകാരിയുടെ ഒരു പതിവ്ശൈലി, അതായത്, അക്ഷരങ്ങൾ കത്തിമുനയാക്കി, വായനക്കാരിൽ കുത്തിയിറക്കുന്ന ശൈലി അത് കരിനീലയിലും ആവർത്തിക്കപ്പെടുന്നു.

” നിരാശപ്പെടുത്താത്ത ഏത് പുരുഷനാണ് ഭൂമിയിലുള്ളത്? “

” അർഹിക്കുംവിധം സ്നേഹിക്കപ്പെട്ട ഏത് സ്ത്രീയുണ്ട് ഭൂമിയിൽ? “

  ഈ വാചകങ്ങൾ വായിക്കപ്പെടേണ്ടുന്ന അർഥതലങ്ങൾ ഉദാഹരണങ്ങൾ ആണ്.

 ത്രിപുരസുന്ദരിയ്ക്ക് അടിമയായ, അജയ്യനായ, യോഗിയായ, ഒരു പുരുഷനെ അവൾ ശാരീരികബന്ധത്തിലേക്ക് നയിക്കുവാൻ ശ്രമപ്പെടുന്നു. ശ്രമപ്പെടേണ്ടി വരുമെന്ന് അറിഞ്ഞും ശ്രമിക്കുന്നു. അവസാനനിമിഷം അയാൾ, കഴിയുകയില്ലെന്നു അവളെ വിട്ടു എഴുന്നേൽക്കുന്നു. ആ നിമിഷം അവൾ അനുഭവിച്ചത് എന്താകും. ഇണ ചേർന്നുകൊണ്ടിരിക്കവേ, തല ചതഞ്ഞു നീറേണ്ടി വരുന്ന സർപ്പത്തിന്റെ അതേ പകയോ, അമർഷമോ, ആകാം. അതാകാം അവളിൽ ഇണ ചേരാതെ അയാൾ അസ്വസ്ഥനായി അവളെ തിരികെ വിളിക്കുന്നത്.

ഇതിന്റെ പര്യവസാനം എന്താകണം? അവളോ? അയാളോ? ആരാണ് പ്രേമവിഷമേറ്റു കരിനീലിക്കേണ്ടത്? എന്തുമാകാം. ഒന്നുമാത്രം മനസിലാക്കുക. പൊള്ളിപ്പിടഞ്ഞു നീറുവാൻ തന്നെയാണ് ഓരോ സ്ത്രീയും തന്റെ പ്രണയത്തെ തിരഞ്ഞെടുക്കുന്നത്. അല്ലെങ്കിൽ തേടി കണ്ടെത്തുന്നത്. മധുരിക്കുവാൻ മാത്രമായിരുന്നുവെങ്കിൽ അവൾ എന്നും എപ്പോഴും ഒരു മാമ്പഴം മാത്രമേ തിരയുമായിരുന്നുള്ളൂ. മുറിവുകളും, നോവുകളും ഏറ്റുവാങ്ങാൻ തയ്യാറുള്ളവർ പ്രേമം തിരഞ്ഞെടുക്കുക. സ്ത്രീയെ പ്രണയിക്കുക. മലയാളസാഹിത്യത്തിന്റെ തീവ്രദംശനമാകട്ടെ “കരിനീല..”


ഹരിത ആർ മേനോൻ 

പ്രതികരണങ്ങൾ


 

മെയ് ലക്കം ഇതിവൃത്തം ആണ് ആദ്യമായി വായിക്കുന്നത്. പഴയ ലക്കങ്ങൾ വായിക്കുവാൻ കഴിയുന്നത് കൊണ്ട് ഒരു ലക്കം പോലും വിടാതെ വായിച്ചു. ഈ ലോക്ക്ഡൗണിൽ ഇതിവൃത്തം ഞങ്ങൾക്ക് നൽകിയ സേവനം ചെറുതല്ല. ഒരു കൂട്ടം കലാകാരന്മാരുടെ കൂട്ടായ പ്രയത്നമാണിത് എന്നത് സന്തോഷം നൽകുന്നു. ഓരോ വ്യത്യസ്തമായ ചിന്താനുഭവങ്ങൾ നൽകുന്ന മുഖമൊഴി അതി ഗംഭീരം. ചുരുങ്ങിയ വാക്കുകൾ കുറിക്കുകൊള്ളുന്നവ തന്നെ. എഴുത്തിന്റെ രസതന്ത്രം എഴുതാൻ ആഗ്രഹിക്കുന്ന എല്ലാവരും വായിച്ചിരിക്കേണ്ട ഒന്നുതന്നെ. കഠിന പരിശ്രമം മാത്രമാണ് നല്ല എഴുത്തുകാരെ ഉണ്ടാക്കുന്നത്. സംശയമില്ല. എല്ലായിടത്തും കാണുന്നത് ഒന്നോ രണ്ടോ കവിതകളോ, കഥകളോ എഴുതി അംഗീകാരം കിട്ടാതെ പുലമ്പുന്നവരെ മാത്രമാണ്. അവർക്കൊരു പ്രചോദനമാകും ഈ ലേഖനം. ശ്രീ സുമേഷ് സാറിന് അഭിനന്ദനങ്ങൾ. ഒരേ തൂവൽ പക്ഷികൾ ഇന്ന് സംഭവിക്കുവാൻ സാധ്യതയുള്ള കാര്യങ്ങൾ തന്നെ. നല്ല കഥ, നല്ല അവതരണം. ക്ഷണിക്കപ്പെടാത്ത അതിഥിയും നല്ലതുതന്നെ. എടുത്തു പറയേണ്ടവ ഡോ മനോജ് കുമാറിന്റെ ആരോഗ്യം, ഡോ സുനീത് മാത്യുവിന്റെ യാത്ര, ഡോ ഷേർളി സുനീതിന്റെ പാചകം എന്നിവ തന്നെ. കവിതകൾ എല്ലാം  മനോഹരങ്ങൾ  തന്നെ. അതിനെക്കുറിച്ച് ആധികാരികമായി അഭിപ്രായം പറയുവാൻ ജ്ഞാനം ഇല്ലാത്തതുകൊണ്ട് അതിലേക്ക് കടക്കുന്നില്ല. ഇതിവൃത്തം ഒരു സാധാരണ മാസികയായി മാത്രം കാണുവാനാകുന്നില്ല. ഇന്ന് മലയാളത്തിൽ ധാരാളം മാസികകൾ ഉണ്ടല്ലോ. അതിൽ നിന്നെല്ലാം വ്യത്യസ്തത പുലർത്തുന്നു. പേരുപോലെ തന്നെ ഒരു പൂർണ്ണ സാമൂഹിക മാസിക തന്നെ. ധാരാളം കത്തുകൾ സ്ഥലപരിമിതി മൂലം പ്രതികരണങ്ങളിൽ ചേർക്കുന്നില്ല എന്ന് പത്രാധിപർ എഴുതിക്കണ്ടു. ഇത് ചേർക്കണം. ഒരപേക്ഷയാണ്. അങ്ങനെയെങ്കിലും ഇതിവൃത്തത്തിന്റെ ഭാഗമാകണമെന്നുണ്ട്. സ്നേഹാദരങ്ങളോടെ.

വിനയചന്ദ്രൻ & ഫാമിലി , തൃപ്പൂണിത്തുറ


വിഭവസമൃദ്ധമായ ഒരു സദ്യ തന്നെയാണ് ഇതിവൃത്തം മാസിക. രുചികരമായ വിഭവങ്ങൾ കൃത്യമായ അനുപാതത്തിൽ വിളമ്പിയിരിക്കുന്നു. വ്യത്യസ്തമായ പാചകക്കുറിപ്പുകൾ.  അഭിനന്ദനങ്ങൾ.

രമ്യശ്രീ എം കെ., പന്തളം


ആകർഷകങ്ങളായ വിഭവങ്ങൾ. ഒരു മെഡിറ്റേഷൻ സോങ്ങ് കേട്ടുകൊണ്ട് വായിക്കുവാൻ കഴിയുന്ന മലയാളത്തിലെ ആദ്യ ഓൺലൈൻ മാസികയായിരിക്കും ഇത്. മാസികയുടെ പ്രവർത്തകർക്കും എഴുത്തുകാർക്കും സ്നേഹം.

മുജീബ് റഹ്‌മാൻ, വടകര


മാസികയിൽ കായികം, കാർഷികം എന്ന് രണ്ടു പംക്തികളുടെ കുറവ് കാണുന്നു. എങ്കിൽ മാത്രമേ സാംസ്കാരിക മാസിക എന്ന പേര് പൂർണ്ണമാകുകയുള്ളൂ. മറ്റെല്ലാ പക്തികളും നന്നാവുന്നുണ്ട്.

രാമചന്ദ്രൻ കിഴക്കേടത്ത്, ആലുവ


ശ്രീ വിനയചന്ദ്രന്റെയും ഫാമിലിയുടെയും വിശദമായ കുറിപ്പിന് നന്ദി. ഒപ്പം ശ്രീമതി രമ്യശ്രീ, ശ്രീ മുജീബ് റഹ്‌മാൻ, ശ്രീ രാമചന്ദ്രൻ എന്നിവർക്കും പ്രസിദ്ധീകരിക്കാത്ത കുറിപ്പുകളുടെ ഉടമകൾക്കും മാസികയുടെ സ്നേഹം നിറഞ്ഞ നന്ദി. ശ്രീ രാമചന്ദ്രൻ സൂചിപ്പിച്ചതുപോലെ ഒരു സമ്പൂർണ്ണ സാംസ്കാരിക മാസിക തന്നെയാണ് ലക്‌ഷ്യം.

എഡിറ്റർ 

ബ്രഡ് പക്കോഡ

 



കുട്ടികൾക്ക് വളരെയേറെ ഇഷ്ടപ്പെടുന്ന, വളരെ എളുപ്പത്തിൽ ഉണ്ടാക്കുവാൻ കഴിയുന്ന ഒരു സായാഹ്ന വിഭവം പരിചയപ്പെടുത്തുന്നു. ലോകത്ത് ഏറ്റവും അധികം ഉപയോഗിക്കുന്ന ഒരു ഭക്ഷ്യവസ്തു ആണെങ്കിലും, ബ്രെഡിനെക്കുറിച്ച് അധികം ആളുകൾക്കും വ്യക്തമായ ധാരണ  ഇല്ല. ബ്രെഡ് ആരോഗ്യദായകമായ ഒരു ഭക്ഷണമാണോ എന്ന കാര്യത്തിൽ പോലും പലർക്കും പലവിധ അഭിപ്രായങ്ങൾ ഉണ്ടായേക്കാം. കൊഴുപ്പ്, നാരുകൾ,  ജീവകങ്ങൾ, മൂലകങ്ങൾ എന്നിവ മറ്റു ചില ഭക്ഷണങ്ങളെ അപേക്ഷിച്ച് കുറവായിരിക്കാം. എന്നാൽ ഇതെല്ലാം ചെറിയ അളവിലാണെങ്കിലും ഇതിൽ അടങ്ങിയിട്ടുണ്ട്.  മറിച്ച് അന്നജത്തിന്റെയും കാൽസ്യത്തിന്റെയും ഒരു കലവറയാണുതാനും. വളരുന്ന കുട്ടികൾക്ക് ഇത് നല്ലൊരു ഭക്ഷണം തന്നെയാണ്. മുഴുവൻ ഗോതമ്പ് കൊണ്ടുണ്ടാക്കിയ ബ്രഡ് ആണ് കൂടുതൽ ഗുണകരം. പുരുഷന്മാരാണ് സ്ത്രീകളെക്കാൾ അധികം ബ്രഡ് കഴിക്കുന്നതെന്നാണ് കൗതുകകരമായ ഒരു കണക്ക്. ബ്രിട്ടീഷുകാരുടെ ഒരു പ്രധാന ഭക്ഷണമാണ് ബ്രഡ്. നമ്മൾ ഉണ്ടാക്കുന്ന ഈ ബ്രഡ് പക്കോഡയിലേക്കു വേറെയും ഗുണകരമായ ചേരുവകൾ ചേർക്കുന്നതുകൊണ്ടുതന്നെ ഇത് കുട്ടികൾക്ക് അനുയോജ്യമായ ഒരു വിഭവമാകുന്നു.

ചേരുവകൾ

ബ്രഡ് 6 കഷ്ണം

ഉരുളൻ കിഴങ്ങ് പുഴുങ്ങിയത് 2 വലുത്

സവാള ചെറുതായി അറിഞ്ഞത് 1

കോൺ ഫ്ലോർ 2 ടേബിൾ സ്പൂൺ ( വേണമെങ്കിൽ മാത്രം )

കുരുമുളക് പൊടി 1 ടീസ്പൂൺ

മുളകുപൊടി 1 ടീസ്പൂൺ

മഞ്ഞൾപ്പൊടി 1 ടീസ്പൂൺ

ഗരം മസാല 1/ 2 ടീസ്പൂൺ

നന്നായി അരിഞ്ഞ മല്ലിയില 4 ടേബിൾസ്പൂൺ.

ഉപ്പ് ആവശ്യത്തിന്

എണ്ണ  1/ 2 കപ്പ്

പാചക രീതി

വക്കുകൾ കളഞ്ഞ ബ്രഡ് ചെറുതായി നനയ്ക്കുക. അതിലേയ്ക്ക് പുഴുങ്ങി ഉടച്ച ഉരുളൻ കിഴങ്ങ്,മറ്റു ചേരുവകൾ ചേർത്ത് നന്നായി കുഴയ്ക്കുക. ഉരുട്ടാൻ പരുവമാകുമ്പോൾ ഇത് എട്ടോ പത്തോ ചെറിയ ഉരുളകളാക്കുക. ഒരു തവയിൽ എണ്ണ ചൂടാക്കിയ ശേഷം, അതിലേക്ക് ഈ ഉരുളകൾ ഇട്ടുകൊടുക്കുക. തിരിച്ചും മറിച്ചും ഇട്ടു നന്നായി മുരിച്ചെടുക്കുക. വേണമെങ്കിൽ എണ്ണയിൽ മുക്കിപ്പൊരിക്കുകയുമാകാം.


ഡോ. ഷേർളി സുനീത്