ഓഷോ ഒരിക്കൽ ഒരു കഥ പറഞ്ഞു. യൂറി ഗഗാറിൻ തന്റെ ബഹിരാകാശ യാത്രയ്ക്കു ശേഷം തിരിച്ചെത്തിയ കാലം. ആദ്യമായി ബഹിരാകാശത്ത് യാത്ര ചെയ്തയാളല്ലേ. അദ്ദേഹവുമായി ഒന്ന് സംസാരിച്ചുകളയാം എന്ന് പോപ്പ് തീരുമാനിക്കുന്നു. ഒന്നുമല്ലെങ്കിലും ദൈവവും സ്വർഗ്ഗവുമെല്ലാം ഉള്ള സ്ഥലം സന്ദർശിച്ച ആളല്ലേ? പോപ്പിനെ സന്ദർശിച്ച ഗഗാറിനോട് താങ്കൾ ദൈവത്തെ കണ്ടുവോ എന്ന് പോപ്പ് ആകാംഷാഭരിതനായി ചോദിക്കുകയുണ്ടായി. കണ്ടില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. എന്നാൽ ആ ഉത്തരം പോപ്പിനെ അമ്പരപ്പിച്ചില്ല എന്ന് മാത്രമല്ല, പോപ്പ് കൊടുത്ത മറുപടി ഇതായിരുന്നു. ” കാണാൻ വഴിയില്ല എന്നെനിക്കും അറിയാമായിരുന്നു. നമ്മളൊക്കെ ക്രിസ്ത്യാനികളല്ലേ? ഇനിയിതാരോടും പറയണ്ട.” അന്നത്തെ സോവിയറ്റ് യൂണിയൻ പ്രെസിഡന്റായിരുന്ന ക്രൂഷ്ചേവും ഇതേ ചോദ്യം തന്നെ ഗഗാറിനോട് ചോദിച്ചു. ഒരു രസത്തിന് ദൈവത്തെ കണ്ടു എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഈ ഉത്തരത്തിൽ ക്രൂഷ്‌ചേവും അമ്പരന്നില്ല. അദ്ദേഹത്തിന്റെ മറുപടി ഇതായിരുന്നു. “നമ്മളൊക്കെ കമ്മ്യൂണിസ്റ്റുകാരല്ലേ, ഇനിയിതാരോടും പറയണ്ട.”
ഓഷോ ഒരു സന്ദർഭത്തിനനുസരിച്ചുണ്ടാക്കിയ ഒരു കഥ മാത്രമാണിത്. ഇപ്പോൾ ചില സന്ദർഭങ്ങൾ ഈ കഥ എന്നെ ഓർമ്മിപ്പിച്ചു എന്നുമാത്രം. നമ്മുടെ വിശ്വാസങ്ങൾ പലപ്പോഴും ഇങ്ങനെയൊക്കെത്തന്നെയാണ്. നമ്മൾ പഠിച്ചതും, ശീലിച്ചതും നമ്മെ ഇങ്ങനെയൊക്കെ ചിന്തിക്കുവാൻ അനുവദിക്കുന്നില്ല എന്ന് മാത്രം. ദൈവമില്ല എന്ന് വിശ്വസിക്കുന്നതും ഒരു വിശ്വാസമാണ്. അതിനെയും വേണമെങ്കിൽ ഒരു മതമെന്ന് വിളിക്കാം. എന്റെ ചെറുപ്പകാലത്ത് മത ചിന്ത ഇത്ര തീവ്രമായിരുന്നില്ല. അല്ലെങ്കിൽ അറിഞ്ഞിരുന്നില്ല. എന്തിന് ഒരു പത്തു വർഷങ്ങൾക്കു മുൻപു പോലും ഇത്ര മത വെറി ഉണ്ടായിരുന്നില്ല. ഇന്ന് മുഖ പുസ്തകത്തിൽ ഏതു പോസ്റ്റിനു താഴെയും കാണുന്ന കമന്റുകൾ ജാതി, മത ചിന്തകളുടെ അറപ്പുളവാക്കുന്ന വെല്ലുവിളികൾ മാത്രമായി അധഃപതിച്ചു കഴിഞ്ഞിരിക്കുന്നു.
ഇന്ത്യ ഒരു മതേതരത്വ ജനാധിപത്യപ്രക്രിയ നടപ്പിലാക്കുന്ന ഒരു രാജ്യമാണ്. നമ്മുടെ ഭരണഘടന അതുറപ്പും വരുത്തുന്നുണ്ട്. ഇവിടെ ആർക്കും ഏതു മതത്തിൽ വേണമെങ്കിലും വിശ്വസിക്കാം, വിശ്വസിക്കാതിരിക്കാം. മതങ്ങളുടെ നിലനിൽപ്പിനു വേണ്ടി അവർ പഠിപ്പിക്കുന്ന പാഠങ്ങൾ അപ്പാടെ വിഴുങ്ങുന്നവരാണ് മിക്കവരും. സ്വതത്ര ചിന്തയുള്ളവർ വിരളം. ഇവിടെയാണ് ഓഷോയുടെ ഈ കഥയുടെ പ്രസക്തി. അറിയാവുന്ന സത്യങ്ങൾ പോലും മറച്ചു പിടിക്കുവാൻ പ്രേരിപ്പിക്കുന്ന നേതാക്കളുള്ള സന്ദർഭത്തിൽ വിശ്വാസികൾ എന്തറിയുന്നു? അവർ പറയുന്നത് മാത്രമാണ് ശരിയെന്ന ചിന്തയാണ് ഇന്ന് അണികൾ പുലർത്തുന്നത് എന്ന് വേണം ഇത്തരം കമന്റുകൾ കണ്ടാൽ തോന്നുന്നത്. നമ്മൾ സ്വന്തമായി ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ശരിയും തെറ്റും തിരിച്ചറിയേണ്ട വിവേചനബുദ്ധി സ്വന്തമായുള്ളവർ തന്നെയാണ് മനുഷ്യർ. നാം അത് വേണ്ട വിധത്തിൽ ഉപയോഗിക്കുന്നില്ല എന്ന് മാത്രം.
മതത്തിന്റെ കാഴ്ചപ്പാടിലൂടെ മാത്രമല്ലാതെ അയൽവക്കക്കാരനെ നോക്കിക്കാണുന്ന സഹാനുഭൂതിയുള്ള ഒരു തലമുറ വളർന്നു വരേണ്ടത് വളരെ അത്യാവശ്യമാണ്. അതിലേക്കു വെളിച്ചം വീശുന്ന ചിന്തയാകട്ടെ ഈ മാസം.
ഡോ. സുനീത് മാത്യു
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ