2021 ജൂലൈ 24, ശനിയാഴ്‌ച
മുഖമൊഴി
കോവിഡ് കാലത്തോ ഇതിനു ശേഷമോ ചില മാനസിക പ്രശ്നങ്ങൾ പലർക്കുമുണ്ടായേക്കാം. ചിലർക്ക് അത്ര പ്രശ്നമുണ്ടാക്കിയില്ലെകിൽ കൂടിയും ചിലരെയെല്ലാം ഇവ ഗുരുതരമായിത്തന്നെ ബാധിച്ചേക്കാം.
കോവിഡ് കാലവും ക്വാറന്റൈൻ കാലഘട്ടത്തിലെ അനുഭവങ്ങ ളും തന്നെയാണ് മുൻപന്തിയിൽ. ഏറ്റവും പ്രിയപ്പെട്ടവരുടെ സാമീപ്യത്തിൽ നിന്നും മാറിനിൽക്കുക, അടുത്ത ദിവസങ്ങളിൽ ചെയ്യേണ്ടിയിരുന്ന പ്രധാന കാര്യങ്ങൾ ചെയ്യുവാൻ കഴിയാത്തതിലുണ്ടാകുന്ന വിഷമം, ഒറ്റപ്പെടലിന്റെ വേദന, രോഗം മൂർച്ഛിക്കുമോ എന്ന ഭയം. വീട്ടിലെ മറ്റു അംഗങ്ങൾക്ക് വന്നേക്കുമെന്ന ഭയം തുടങ്ങി പലതാകും ക്വാറന്റൈൻ കാല പ്രശ്നങ്ങൾ.
ക്വാറന്റൈനും ലോക്ക്ഡൗണും ഉണ്ടാക്കുന്ന സാമൂഹിക പ്രശ്നങ്ങളുമാണ് അടുത്തത്. അടുത്ത ബന്ധുക്കളെ കാണുവാൻ കഴിയാതെ വരിക. സമൂഹത്തിൽ നിന്നും ഒറ്റപ്പെട്ടതായി തോന്നുക. രോഗ ബാധിതരായ അടുത്ത ബന്ധുക്കളെപ്പോലും സന്ദർശിക്കുവാൻ കഴിയാതിരിക്കുന്നത് പലരിലും വലിയ മാനസിക പ്രശ്നങ്ങൾക്കു തന്നെ വഴി തെളിച്ചേക്കാം. ചില ബന്ധങ്ങളിൽ പോലും പ്രശ്നങ്ങൾ ഉണ്ടാകാം.
തൊഴിലില്ലായ്മയാണ് മറ്റൊരു വലിയ പ്രശ്‍നം. വരുമാനമില്ലാതാകുക, കുട്ടികൾക്കിഷ്ടമുള്ള ആഹാരം തയ്യാറാക്കുവാൻ കഴിയുന്നില്ല. കുട്ടികൾക്കും പുറത്തുപോകുവാൻ കഴിയാതെ വരുന്ന സാഹചര്യത്തിൽ ഇത് അത്ര നിസ്സാരമായ ഒരു കാര്യമല്ല. ലോണുകളും മറ്റും അടക്കുവാനുള്ള മാർഗ്ഗങ്ങൾ കണ്ടെത്തുവാൻ കഴിയുന്നില്ല, ഭാവിയെക്കുറിച്ചുള്ള ഉൽകണ്ഠ, അടച്ചുപൂട്ടലുകളുടെ ദൈർഖ്യം വർദ്ധിക്കുമോ എന്ന ആകുലത എന്നിവയെല്ലാം വലിയ പ്രശ്നങ്ങൾ തന്നെ.
വീട്ടിൽ നിന്നും ജോലി എന്ന ആശയം നടപ്പിലാക്കിയിട്ടുണ്ടെങ്കിലും, കുട്ടികളുമൊത്ത് ആ ജോലി പലർക്കും അത്ര എളുപ്പമായിരിക്കുകയില്ല. പ്രത്യേകിച്ചും അമ്മമാർക്ക്. പല കമ്പനികളും ഇത്തരക്കാർക്ക് കൂടുതൽ ജോലിഭാരവും നൽകിവരുന്ന സാഹചര്യങ്ങളിൽ.
രോഗത്തിന്റെ ഗുരുതരാവസ്ഥയാണ് ഒരു പ്രധാന പ്രശനം. മരണത്തെ പ്രതീക്ഷിക്കേണ്ടി വരുന്ന അവസ്ഥയുണ്ടാക്കുന്നത് വളരെ ഗുരുതരമായ മാനസിക പ്രശ്നങ്ങൾക്ക് വഴി തെളിച്ചേക്കാം. ആശുപത്രി വാസം പലർക്കും അത്തരം അവസ്ഥയ്ക്ക് ആക്കം കൂട്ടുന്നുമുണ്ട്. കോവിഡ് മരണങ്ങൾക്ക് ദൃക്‌ക്ഷിയാകേണ്ടി വരുന്ന രോഗികളുടെ അവസ്ഥ ഇനിയും കൂടുതൽ ഗൗരവകരം തന്നെയായേക്കാം. ആഘാതത്തിന്റെ തീവ്രതയനുസരിച്ച് ഇത് ജീവിതത്തിന്റെ ഇനിയുള്ള ഭാഗങ്ങളിൽ പരിഭ്രാന്തിയുണ്ടാക്കുന്ന ഒരു അവസ്ഥയിലേക്കും മാറിയേക്കാം (പോസ്റ്റ് ട്രോമാറ്റിക് സ്‌ട്രെസ് ഡിസോർഡർ).
മേൽപ്പറഞ്ഞ കാര്യങ്ങൾ നമ്മുടെ നിയന്ത്രണത്തിലല്ല എന്നറിയുക. ഈ കാലവും കടന്നു പോകും എന്ന് ഉറച്ചു വിശ്വസിക്കുക. കടന്നു പോകുന്ന ദിവസങ്ങളിൽ നമുക്ക് ഒന്നും ചെയ്യാനില്ല എന്ന ചിന്ത വെടിയുക. ക്വാറന്റൈൻ സമയത്ത് ധാരാളം പുസ്തകങ്ങൾ വായിക്കുക, ഫോണിൽ പ്രിയപ്പെട്ടവരുമായി സംസാരിക്കുക. സന്തോഷകരമായി സമയം ചിലവഴിക്കുവാൻ കഴിയുന്ന പ്രവൃത്തികളിൽ ഏർപ്പെടുക. തെറ്റിദ്ധരിപ്പിക്കുന്ന വാർത്തകൾക്ക് അമിത പ്രാധാന്യം കൊടുക്കാതിരിക്കുക. ലോക്ക് ഡൗണിൽ ഉള്ളവർ മുറ്റത്തോ ടെറസിലോ പറമ്പിലോ എല്ലാം നടക്കുന്നത് ആരോഗ്യകരമാണ്. ചെറിയ കൃഷി ജോലികളോ, പൂന്തോട്ട നിർമ്മാണമോ മാനസിക ഉല്ലാസം നൽകും എന്നത് സംശയമില്ലാതെ തെളിയിക്കപ്പെട്ടതാണ്. ദിവസവും കുളിക്കുക, വസ്ത്രം മാറുക എന്നതും നിരാശയിലേക്കുള്ള മാറ്റത്തെ തടയും. രാത്രികളിൽ കൃത്യമായി ഉറങ്ങുക, പകൽ കൃത്യമായ സമയങ്ങളിൽ ഭക്ഷണം കഴിക്കുക, അത്യാവശ്യം വെയിൽ കൊള്ളുക, വ്യായാമം ചെയ്യുക എന്നീ കാര്യങ്ങളും കൃത്യമായി പാലിക്കുന്നത് ശാരീരിക മാനസിക ആരോഗ്യത്തിനും രോഗ പ്രതിരോധത്തിനും ഉത്തമമാണ്.
കോവിഡിനെക്കുറിച്ചുള്ള കൃത്യമായ അറിവുകൾ നമുക്ക് ലഭ്യമാകുന്നതേയുള്ളൂ. ഓരോ ദിവസവവും പുതിയ അറിവുകളാണ് നമ്മെ തേടിയെത്തുന്നത്. സാമൂഹ്യ മാധ്യമങ്ങളിലൂടെയാണെങ്കിൽ ഭീതി പരത്തുന്ന ധാരാളം വാർത്തകളും നമ്മെ തേടിയെത്തുന്നു. പലതിലും ഗുണകരമായ വാർത്തകൾ കാര്യമായി ഉണ്ടാകുന്നുമില്ല. ഇതാണ് ഈ രോഗം നമ്മെ ഇത്രയധികം പരിഭ്രാന്തരാക്കുന്നതിന്റെ കാരണം. വളരെ ചുരുക്കം ആളുകളെ മാത്രമേ രോഗം ഗുരുതരമായി ബാധിക്കുന്നുളളൂ എന്നതാണ് ഇതിൽ എടുത്തു പറയേണ്ട ഒരു കാര്യം. മിക്കവരിലും ഗുരുതരമല്ലാത്ത രോഗലക്ഷണങ്ങളോടു കൂടിയോ അല്ലെങ്കിൽ ഒരു ലക്ഷണവുമില്ലാതെയോ വന്നു പോകുന്ന ഒരു രോഗമാണിത്.
വായുവിലൂടെ ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് വായിലെയും മൂക്കിലേയും സ്രവങ്ങൾ വഴി പകരുന്ന ഒരു രോഗമെന്ന നിലയിൽ കൂടുതൽ ആളുകളിലേക്ക് എളുപ്പം പകരുവാൻ ഈ രോഗത്തിനാകുന്നതാണ് ഈ രോഗത്തെ ലോകം പേടിക്കുന്നതിന് കാരണം. അതു കൊണ്ടുതന്നെ ഈ രോഗം വരാതെ നോക്കുക എന്നതാണ് ഏറ്റവും നല്ല പ്രതിവിധി. മാസ്കുകളുടെ ഉപയോഗം, ശാരീരിക അകലം, കൈകളുടെ ശുചീകരണം, അണുനാശിനികളുടെ ഉപയോഗം എന്നിവ വഴി നമുക്കിത് സാധ്യമാക്കാവുന്നതു തന്നെയാണ്.
ഭയമല്ല കരുതലാണ് പ്രധാനം എന്നോർമ്മിപ്പിക്കുന്നതിനൊപ്പം കോവിഡിന് ശേഷവും നമ്മൾ ഈ പ്രധിരോധ മാർഗ്ഗങ്ങൾ തുടരുകയാണെങ്കിൽ ഇതുപോലുള്ള പല പകർച്ചവ്യാധികളെയും നമുക്ക് തടയുവാൻ കഴിയും. സാമൂഹിക അച്ചടക്കം തുടരുന്നതിന്റെ പ്രാധാന്യമാകട്ടെ ഈ മാസത്തെ ചിന്ത.
ഡോ. സുനീത് മാത്യു
കാലത്തിന്റെ കുസൃതികൾ
“കാലം കുറഞ്ഞ ദിനമെങ്കിലുമർത്ഥദീർഘം,
മാലേറെയെങ്കിലുമതീവ മനോഭിരാമം…” എന്ന കവിഭാവനയിൽ തുടങ്ങാം.
ജീവിതകാലം മനോഭിരാമമാക്കുന്ന ചിലവയുണ്ട്. ഓർക്കുവാനും ചേർക്കുവാനും ചിരിക്കുവാനും, ഇനിവേണെമെങ്കിൽ കുറച്ചു ചിന്തിക്കുവാനും പറ്റുന്ന രസകരങ്ങളായ ചില ഓർമ്മകൾ. അതിൽ ഒരെണ്ണം ഓർത്തെടുക്കാൻ ശ്രമിക്കാം.
ഇന്ത്യക്കുപുറത്തു ആദ്യമായി ജോലിചെയ്യുവാൻ അവസരം ലഭിച്ചത് മലേഷ്യയിലാണ്. ഒരു പ്രൈവറ്റ് കോളേജിൽ അധ്യാപകൻ. രണ്ടുവർഷം ജോലിനോക്കി. വളരെ രസകരമായ അനുഭവമായിരുന്നു അത്. ഈരണ്ടുവർഷത്തെ കഥ മറ്റൊരിക്കൽ പറയാം. ഇപ്പോൾ പറയാൻ ഉദ്ദേശിക്കുന്നത് ഈ രണ്ടുവർഷം കഴിഞ്ഞു മലേഷ്യയിലെ തന്നെ മറ്റൊരു പ്രൈവറ്റ് കോളേജിൽ ചേർന്നപ്പോഴുണ്ടായ കാര്യങ്ങളാണ്. കൂടുതൽ മെച്ചപ്പെട്ട വേതനം, വ്യവസ്ഥകൾ. മാത്രവുമല്ല ആദ്യ കോളേജിൽ കൂടെയുണ്ടായിരുന്ന ഒരധ്യാപകനാണ് ഇവിടെ പ്രിൻസിപ്പൽ. ഒരു വലിയ ഫ്ലാറ്റിൽ ഒരു യൂ. കെ. ക്കാരൻ ‘സായിവിനും’ എനിക്കും കോളേജ് താമസം ഒരുക്കിത്തന്നു. ജീവിതം പച്ചപിടിച്ചുകളയും എന്ന നേരിയ ഭീഷണി മുഴക്കി നിൽക്കുന്ന സമയം.
കോളേജിന്റെ ഫ്ലാറ്റിൽ ഒറ്റയ്ക്ക് താമസിക്കുന്നതുപോലെ തന്നെയാണ്. ‘സായിവ്’ എപ്പോഴെങ്കിലുമൊക്കെ വന്നാലായി. വാരാന്ത്യങ്ങളിൽ ‘സായിവ്’ ജോഹർബാറു എന്ന സ്ഥലത്തുള്ള ഭാര്യയ്ക്കും മക്കൾക്കുമടുത്തേയ്ക്കുപോകും.
ഒരുദിവസം ദാ വരുന്നു ഒരു വാർത്ത. പ്രിൻസിപ്പലിനെ കോളേജിന്റെ മറ്റൊരു ക്യാമ്പസ്സിലേക്കുമാറ്റി. അങ്ങനെ പ്രിൻസിപ്പൽ സുഹൃത്ത് പിൻവാങ്ങി, വൈകാതെ പുതിയ പ്രിൻസിപ്പൽ ചാർജ്ജെടുത്തു. പുതിയ പ്രിൻസിപ്പൽ എന്ന് പറയുന്നതിനേക്കാൾ ‘പ്രിൻസസ്’ എന്ന് പറയുന്നതാണ് കൂടുതൽ ചേരുക.
“ഉഡുരാജമുഖീ മൃഗരാജകടീ ഗജരാജ വിരാജിത മന്ദഗതീ.” എന്നുകേട്ടിട്ടില്ലേ? അതിവരെക്കുറിച്ചെഴുതിയതാണോ എന്ന് ഏത് പൊട്ടക്കണ്ണനും വിചാരിച്ചുപോകുന്ന ഭാവം, ആകാരം. വയസ്സ്, മുപ്പതുകളുടെ പരിധിക്കടുത്തെവിടെയോ. അതുകൊണ്ടുതന്നെ ഭരണപരമായ പ്രവർത്തിപരിചയം ഉണ്ടാകുമോയെന്ന ഭയം എല്ലാവരിലും ഉണ്ടാക്കിയ ഇടപെടൽ. പ്രവർത്തിപരിചയമില്ലാത്തവർ ഉന്നതസ്ഥാനങ്ങളിലെത്തിയാൽ കുറച്ചു ഭയമൊക്കെ നല്ലതാണെന്ന ലോകസത്യം അയവിറക്കി ഞാനും കാത്തിരുന്നു ‘ഉടുരാജമുഖിയുടെ’ ഗതി എങ്ങോട്ടാണെന്നറിയാൻ.
പുതുതായി, അർഹതയില്ലാത്ത സ്ഥാനങ്ങളിലെത്തപ്പെട്ടവർ അവരെ നിയമിച്ചവരെ സന്തോഷത്തിൽ ആറാടിക്കാൻ ചില കനത്ത ഭരണപരിഷ്കാരങ്ങളൊക്കെ കൊണ്ടുവരിക പതിവാണല്ലോ. അങ്ങയൊരണ്ണം പ്രതീക്ഷിച്ചവർക്ക് മാറ്റങ്ങളുടെ ഒരു പൂക്കാലം തന്നെയായായിരുന്നു അവർ നൽകിയത്.
കോളേജ് എടുത്തു മറിച്ചുവയ്ക്കാൻ പ്രയാസ്സമായതുകൊണ്ട് ബാക്കിയെല്ലാം ചെയ്തു. പുതിയ മാർക്കറ്റിങ് തന്ത്രങ്ങൾ, പേരുകേട്ട സർവകലാശാലകളുമായി പങ്കാളിത്തം, ചിലവ് ചുരുക്കലുകൾ എന്നുവേണ്ട, മന്ദഗതി പ്രതീക്ഷിച്ചവർക്ക് ശീഘ്രഗതി സമ്മതിച്ചുകൊണ്ടുള്ള മുന്നേറ്റം.
അങ്ങനെയിരിക്കെ ഒരു ദിവസം പ്രിൻസിപ്പൽ എന്നെ മുറിയിലേക്ക് വിളിപ്പിച്ചു. അധ്യാപനത്തിന്റെ പുതിയ തന്ത്രങ്ങളെന്തെങ്കിലും സംസാരിക്കാനാകും എന്ന് പ്രതീക്ഷിച്ച എന്നെ വരവേറ്റത് അഭിനന്ദനങ്ങളുടെയും പുകഴ്ത്തലുകളുടെയും ഉന്മത്തലോകമാണ്. അല്ലെങ്കിലും ഞാൻ മനസ്സിലാക്കേണ്ടിയിരുന്നു അനാവശ്യമായ ഈ പുകഴ്ത്തലിന്റെ ഗുട്ടൻസ്. ഞാൻ മതിമറന്നു, ഞാനില്ലെങ്കിൽ ഈ കോളേജ് അടച്ചുപൂട്ടേണ്ടിവരുമോ എന്നുപോലും എനിക്ക് തോന്നിയ ഒരു ദുർബല നിമിഷത്തിലാണ് അനവസരത്തിൽ “പക്ഷെ” എന്ന് പറഞ്ഞവർ ഒരദ്ധവിരാമമിട്ടത്.
‘പക്ഷെയുടെ’ ഗുരുത്വാകർഷണത്തിൽ ഞാനും നിലം പതിച്ചു, അടുത്ത വരികൾക്കായി കാത്തു നിന്നു. ഉടുരാജമുഖം ഗ്രഹണ സമയത്തെന്നോണം കറുത്തു.
“കോളേജ് ചില സാമ്പത്തിക പ്രശ്ങ്ങൾ നേരിടുന്നു എന്നറിയാമല്ലോ?”
അറിയില്ലെങ്കിലും “അറിയാം” എന്ന് ഞാൻ.
“നിങ്ങൾക്ക് തരുന്ന ശമ്പളം കൊണ്ട് പുതിയ രണ്ടുപേരെ നിയമിക്കാൻ പറ്റും”
വേറെ തെറിയൊന്നും മനസ്സിൽ വരാത്തതുകൊണ്ട് “മൃഗരാജകടീ” എന്ന് ഞാൻ മനസ്സിൽ നീട്ടി വിളിച്ചു.
കാര്യങ്ങൾക്ക് ശുഭാന്ത്യമായി എന്നുമനസ്സിലാക്കി ഞാനും പരാജയപ്പെട്ടവൻറെ അവസാന ആയുധം പുറത്തെടുത്തു.
ഇല്ലാതാക്കാം….. പക്ഷെ തോല്പിക്കാൻ വേറെ ആളെ നോക്കണം എന്ന മട്ടിൽ താഴെക്കാണുന്ന വാചകങ്ങൾ ഉദ്ധരിച്ചു.
“വളരെ നന്ദി മാഡം. ഇന്ത്യമഹാരാജ്യത്തുള്ള കേരളസർവ്വകലാശാലയിൽ ഞാൻ ഡോക്ടറേറ്റ് ബിരുദം എടുക്കാൻ പണിതുടങ്ങിയിരുന്ന കാര്യം താങ്കൾക്കറിവുള്ളതാണല്ലോ. ഈയിടെയായി ഈയുള്ളവൻറെ PhD ഗൈഡ് ഒരേ വിളി. തിരിച്ചുപോയി എത്രയും പെട്ടെന്ന് ഡോക്ടർ ആകണമത്രേ. എന്താ അല്ലേ?”
അല്ലെന്നും ആണെന്നും അവർ പറയാത്തത് കൊണ്ട് ഞാൻ വീണ്ടും തുടർന്നു.
“അതുകൊണ്ട് തിരിച്ചുപോകുന്നതിനെക്കുറിച്ചു ഞാനും ആലോചിച്ചു വരികയായിരുന്നു. സാരമില്ല. പുതിയ രണ്ടുപേരെ എത്രയും വേഗം കണ്ടെത്തിക്കൊള്ളൂ. ഞാൻ നാളെത്തന്നെ രാജികത്തു കൈമാറാം.”
മാഡം മന്ദഗതിയിൽ വീണ്ടും മന്ദഹസിച്ചു. വേറൊന്നും പറഞ്ഞില്ല.
കുറ്റം പറയരുതല്ലോ ആ വിചിത്രമന്ദഹാസമാണ് എന്നെ ധൃതഗതിയിൽ ഡോക്ടർ ആക്കിയത്. ഇന്ത്യയിൽ തിരിച്ചെത്തി രണ്ട് വർഷംകൊണ്ട് PhD പൂർത്തിയാക്കി. അതുകഴിഞ്ഞു ഡോക്ടറേറ്റ് എന്ന ഭാരവും തലയിൽ കയറ്റി തിരികെ മലേഷ്യയിലേക്ക് തന്നെവന്നു. ഇത്തവണ ഓസ്‌ട്രേലിയയിലെ പ്രശസ്‌തമായ സർവ്വകാലാശാലയുടെ മലേഷ്യൻ ക്യാമ്പസ്സിൽ അധ്യാപകനായി. അക്കാഡമിക് കരിയറിന്റെ ശെരിക്കുമുള്ള തുടക്കം അവിടെനിന്നുമായിരുന്നു. മലേഷ്യയിൽ പിന്നെയും പല കാലങ്ങളിൽ മഴയും വെയിലും മാറിവന്നു.
ഒരുദിവസം വകുപ്പ് മേധാവി പ്രൊഫസർ പെർവൈസ് എന്നെ മുറിയിലേക്ക് വിളിപ്പിച്ചു. ഒരു പുതിയ PhD സ്റ്റുഡന്റ് ജോയിൻ ചെയ്‌തിട്ടുണ്ടത്രെ. പെർവൈസാണ് പ്രധാന ഗൈഡ്. സഹമാർഗ്ഗദർശിയാകാൻ (Co-Guide) താൽപ്പര്യമുണ്ടോ എന്ന് ചോദിച്ചു. റിസർച്ച് പ്രൊപ്പോസലിന്റെ കോപ്പി കൈമാറി. എന്തോ വലിയ മലമറിച്ചുകളയും എന്ന മട്ടിലുള്ള വലിയ ആശങ്ങളാണ് എഴുതിയിരിക്കുന്നത്. സ്റ്റുഡന്റ് അടുത്ത ദിവസം എന്നെ കാണാൻ വരും.
പിറ്റേദിവസം വന്ന സ്‌റ്റുഡന്റിന്റെ കണ്ട് ഞാൻ അത്ഭുതപ്പെട്ടു. പിന്നെ മന്ദഹസിച്ചുകൊണ്ടു ആത്മഗതം ചെയ്തു.
“ഗജരാജ വിരാജിത മന്ദഗതീ.”
കോളേജിലെ പ്രിൻസിപ്പൽ ജോലി നഷ്ടപ്പെട്ടു. അതേ ജോലി മറ്റിടങ്ങളിൽ കിട്ടാൻ പ്രയാസം. അതുകൊണ്ടു PhD നേടി പൂർണ്ണസമയം ഗവേഷണത്തിലേക്കും അധ്യാപനത്തിലേക്കും തിരിയാം എന്ന് വിചാരിക്കുന്നുവത്രേ. അതിന് ഞാനും കൂടി സഹായിക്കണം! കാലത്തിന്റെ കുസൃതികൾ എന്നല്ലാതെ മറ്റെന്തുപറയാൻ.
കവിഭാവനയിൽ തന്നെ അവസാനിപ്പിക്കാം.
“ശ്രീ ഭൂവിലസ്ഥിര-അസംശയ-മിന്നു നിന്റെ-
യാഭൂതിയെങ്ങു പുനരെങ്ങു കിടപ്പിതോർത്താൽ?”
സുമേഷ് രാമചന്ദ്രൻ
ഉറുമ്പുകൾ
രണ്ടുറുമ്പുകൾ ഇരതേടി നടന്നു
രണ്ടുപേർക്കുംകൂടി ഒരു
പപ്പടം കിട്ടി
ആകാരത്തിൽ അവരെക്കാൾ വലുത്
അടുത്തുള്ളവരെക്കൂട്ടി അവർ
ലക്ഷ്യത്തിലേക്കു നീങ്ങി
അവർക്ക് യാതൊരു
അങ്കലാപ്പും ഉണ്ടായില്ല
പക്ഷെ, കണ്ടുനിന്നവർക്ക് സഹിച്ചില്ല
അവരുടെ ഒരുമയുടെ രാഷ്ട്രീയം
അവർ അവിടെ
അസ്സഹിഷ്ണതയുടെ
വിത്തുകൾ പാകി
പപ്പടത്തെ ഉറുമ്പുകൾ പല
കഷ്ണങ്ങളാക്കി
കിട്ടിയവരും,കിട്ടാത്തവരും
തമ്മിൽ സംഘർഷം
അവർ രണ്ടു ചേരിയിലായി മാറി
അവരുടെചിന്തകൾ കാടുകയറി
സമാധാനം നഷ്ടപ്പെട്ട അവർ
പാലായനം ചെയ്തു തുടങ്ങി
അവരെ സമാധാന
കൂട്ടായ്മക്കായി വിളിച്ചു
അവരിൽ പൗരത്വമുള്ളവർ
ആരെന്നു ചോദിച്ചു
അവർ പരസ്പരം നോക്കി
ഒന്നും മനസ്സിലാവാതെ
അല്ലെങ്കിലും അവർക്ക്
വിശപ്പിന്റെ രാഷ്ട്രീയമല്ലേ അറിയൂ
മുരളികാരാട്ട്
ഞാവൽ മരം പൂത്തപ്പോൾ
“മോഹൻ! അൽപനേരം കുട്ടിയുടെ അടുത്തിരിക്കൂ, ഞാൻ ഈ മുഷിഞ്ഞ തുണികൾ ഒന്ന് തിരുമ്പി വരട്ടെ “.
സുഷമ അക്ഷമയായി പറഞ്ഞു.
മോഹൻ അപ്പോഴും ഫയലുകളിൽ നിന്നും തലയുയർത്തുകയോ അവൾ പറഞ്ഞത് കേട്ടതായി ഭാവിക്കുകയോ ചെയ്തില്ല. സുഷമ അല്പസമയം കൂടി അയാളിൽ നിന്നും ഒരു മറുപടി ഉയരുന്നതും കാത്തുനിന്നു.
ചീകാതെ അലക്ഷ്യമായി പറന്നിരുന്ന അയാളുടെ മുടിയും ക്ഷൗരം ചെയ്യാത്ത താടിയും വിരലുകൾക്കിടയിലിരുന്നു എന്തിനോ വേണ്ടി പുകയുന്ന സിഗരറ്റുകുറ്റിയും അവൾ നോക്കിക്കണ്ടു. മുകളിലെ തിരിഞ്ഞു കൊണ്ടിരിക്കുന്ന പങ്കയിൽ നിന്നുയരുന്ന കട കട ശബ്ദവും, താഴെ മേശപ്പുറത്തു അയാൾക്ക് മുൻപിൽ അടുക്കിവെച്ചിരിക്കുന്ന കടലാസുകൾ കാറ്റിൽ ഇളകിക്കളിക്കുമ്പോൾ പുറപ്പെടുവിക്കുന്ന ശബ്ദവും ഒഴിച്ചാൽ അവിടം തികച്ചും നിശബ്ദമായിരുന്നു.
കാലമല്പം കഴിഞ്ഞപ്പോഴേക്കും എത്ര മാറിപ്പോയിരിക്കുന്നു ഇദ്ദേഹം! ഒരു കാലത്തു പൊന്നേ കരളേ എന്ന് വിളിച്ചു എന്താവശ്യങ്ങളും നിറവേറ്റാൻ സന്നദ്ധനായി തന്റെ പുറകേ നടന്നിരുന്ന മനുഷ്യൻ! ഇന്നിപ്പോൾ…!
സുഷമ നെടുവീർപ്പിട്ടുകൊണ്ട് കുട്ടി കിടന്ന മുറിയിലേക്ക് പോന്നു. അടുത്ത് കട്ടിലിൽ നിന്നും കുട്ടി ഞരങ്ങുന്നു. അവളുടെ ശ്രദ്ധ കുട്ടിയിലേക്ക് തിരിഞ്ഞു. പനി ഇപ്പോഴുമുണ്ട്. നല്ലവണ്ണം പൊള്ളുന്നു. കുട്ടിയുടെ നെറ്റിത്തടത്തിൽ വെച്ച കൈ സുഷമ പതിയെ തിരിച്ചെടുത്തു. വീണ്ടും തന്റെ ഭർത്താവിന്റെ അടുത്തേയ്ക്ക് ചെന്ന് ആ മുഖത്തേയ്ക്ക് മിഴികൾ പായിച്ചിട്ട് വിഹ്വലതയോടെ പറഞ്ഞു.
“നോക്കൂ കുട്ടിക്ക് തീരെ വയ്യാണ്ടായിരിക്കണു. ഇപ്പളും തീപോലെ പൊള്ളുണു.”
ഇത്തവണ അയാൾ തല തിരിച്ചു നോക്കി. എന്നിട്ട് അലക്ഷ്യമായി മൂളി.
തന്റെ മുന്നിലിരിക്കുന്ന ഈ മനുഷ്യനെ തനിക്ക് തീരെ മനസ്സിലാകുന്നില്ലല്ലോ എന്നവളോർത്തു. ആഗ്രഹിക്കുന്നതെല്ലാം അത് മനസ്സിൽ കരുതുമ്പോഴേക്കും സാധിച്ചു തരുമായിരുന്നു ഒരുകാലത്ത്. ഇന്നിപ്പോൾ ഓരോന്നും പലവട്ടം പറയണം. ഇതിനും മാത്രം എന്ത് പണിയാണ് മോഹന്? കുറച്ചൊക്കെ സ്വന്തം വീട്ടുകാര്യങ്ങളിലും ശ്രദ്ധിച്ചുകൂടേ? അപ്പോൾ വേണമെന്ന് വിചാരിക്കാഞ്ഞിട്ടാണ്.
സുഷമയുടെ ചിന്തകൾ കാടുകയറവെ അവളെ അതിശയിപ്പിച്ചു കൊണ്ട് വായിച്ചുകൊണ്ടിരുന്ന ഫയൽ അടച്ചു വെച്ചിട്ട് മോഹൻ എഴുന്നേറ്റു. എന്നിട്ട് അവൾക്കു നേരെ ഒന്ന് തിരിഞ്ഞ് പോലും നോക്കാതെ പറഞ്ഞു.
“ഡോക്ടറെ വിളിക്കാം. മരുന്ന് കൊടുത്താൽ മാറും.”
സുഷമ തലയാട്ടി. അത് കാണാൻ നിൽക്കാതെ അയാൾ തന്റെ വിസ്തൃതങ്ങളായ ചുമൽ തിരിച്ചു നടന്നു പോകുന്നതും നോക്കി അവൾ ചുമരിലേക്ക് ചാരി നിന്നു.
എത്രപെട്ടന്നാണ് മനുഷ്യരുടെ ജീവിതം മാറിമറിയുന്നത്. ഇഷ്ടങ്ങളും! വിവാഹം കഴിഞ്ഞ ഇടയ്ക്ക് മോഹൻ ഇങ്ങനെയായിരുന്നില്ല. അവളോർത്തു. എപ്പോഴും അവളുടെ മടിയിൽ തലവെച്ചു കിടക്കാൻ അയാൾക്ക് ഇഷ്ടമായിരുന്നു.
“നിന്റെ മടിത്തട്ടിൽ തലവെച്ചു കിടക്കുമ്പോൾ ലോകത്തിലേക്കും വെച്ച് ഏറ്റവും സുരക്ഷിതവും സുഖപ്രദവുമായ ഇടമാണ് ഇതെന്ന് എനിക്ക് തോന്നുന്നു.”
അയാൾ മന്ത്രിക്കും.ആ സമയത്ത് അവളുടെ വെളുത്തു മെലിഞ്ഞു നീണ്ട വിരലുകൾ അയാളുടെ നിബിഢമേറിയ മുടിച്ചുരുളുകളുടെ നിഗൂഢതയിൽ അലയുകയാവും. കുറച്ചുകഴിഞ്ഞ് അയാൾ തന്റെ കൈത്തണ്ടകൾ അവളുടെ കഴുത്തിനു പിന്നാമ്പുറത്തുകൂടി ചുറ്റി അവളുടെ മുഖം അയാളിലേക്ക് അടുപ്പിക്കും. അവളുടെ കാച്ചെണ്ണയുടെയോ മുഖലേപനത്തിന്റെയോ ഒക്കെ ഗന്ധം അപ്പോൾ അയാളുടെ നാസാരന്ധ്രങ്ങളിലേക്ക് പടരും. ആ മാസ്മരികതയിൽ ലയിച്ചുലയിച്ച് അയാൾ അങ്ങനെ കിടക്കും.
അവൾ സൂര്യനും അയാൾ ഭൂമിയുമായിരുന്നു. സൂര്യന് ചുറ്റും ഭ്രമണം ചെയ്തു കൊണ്ടിരിക്കുന്ന ഭൂമിയെപ്പോലെ അയാൾ അവൾക്കു ചുറ്റും ഭ്രമണം ചെയ്തുകൊണ്ടിരുന്നു. അവളുടെ മുഖമൊന്നു വാടിയാൽ അയാൾ തളർന്നു പോകുമായിരുന്നു. ജോലികഴിഞ്ഞെത്താൻ വൈകിയാൽ അവൾ വിശപ്പടക്കിവെച്ച് തനിക്കായി കാത്തിരിക്കുമെന്ന് അയാൾക്ക് അറിയാമായിരുന്നു. അതുകൊണ്ട് കഴിവതും നേരത്തെ തന്നെ വീട്ടിൽ എത്താൻ അയാൾ ശ്രദ്ധിച്ചിരുന്നു.
വള്ളിച്ചെടികൾ പടർത്തി മനോഹരമാക്കിയ കാർപോർച്ചിൽ അവൾ തന്റെ സാരിത്തലപ്പിന്റെ കോന്തലയിൽ വിരൽ ചുറ്റിക്കൊണ്ട് അകലേയ്ക്ക് മിഴികളയച്ച് തന്റെ പ്രിയനെയും കാത്തു നിൽക്കും. അയാൾ ഗെയ്റ്റിനടുത്തെത്തുമ്പോഴേക്കും അവൾ ഓടിച്ചെന്നു ഗെയ്റ്റ് തുറന്നു കൊടുക്കും. കറുപ്പും വെളുപ്പും ഇടകലർത്തി ചായം പൂശിയ ഗെയ്റ്റ് ഒരു ഞരക്കത്തോടെ ഒരു തിമിംഗലത്തെപ്പോലെ അതിന്റെ വായ തുറന്നുകൊടുക്കും. അവളെ തന്റെ തോളിൽ ചേർത്തുപിടിച്ചു കൊണ്ടാണ് അയാൾ എന്നും അകത്തേയ്ക്ക് പ്രവേശിക്കുന്നത്. എല്ലാവരും പറഞ്ഞു
“എന്താ ചേർച്ച! “
എന്നാൽ ഇതൊന്നും അധികനാൾ നീണ്ടുനിന്നില്ല. ജീവിതത്തിൽ ജോലിത്തിരക്കുകൾ ഏറിയപ്പോൾ അവളോടൊത്തു ചെലവഴിച്ചിരുന്ന സമയവും പയ്യെ പയ്യെ കുറഞ്ഞു. ഒപ്പം പ്രേമസല്ലാപങ്ങളും.
വീടിന്റെ തൊടി അവസാനിക്കുന്നിടത്ത് ശാന്തമായി ഒഴുകുന്ന പുഴയാണ്. പുഴയിലേക്ക് ചാഞ്ഞുനിൽക്കുന്ന ഒരു ഞാവൽ മരവുമുണ്ട്. കായ് പഴുക്കുന്ന സമയത്ത് മരത്തിൽ കയറി ഇഷ്ടം പോലെ പഴങ്ങൾ ഇറുത്തുതരുമായിരുന്നു അദ്ദേഹം. പുഴയിലേക്ക് അധികം പഴങ്ങൾ വീഴാറുണ്ടായിരുന്നില്ല. അല്ലെങ്കിൽ വീഴാനായി പഴുത്ത പഴങ്ങൾ മരത്തിൽ നിൽക്കാൻ അദ്ദേഹം അനുവദിക്കുമായിരുന്നില്ല. എന്നാൽ ഇന്ന് എത്രയോ നാളുകളായി ഞാവൽ മരച്ചോട്ടിൽ പോയിട്ട്. അതു പൂക്കുന്നതും കായ്ക്കുന്നതും കുറേ കാലങ്ങളായി അറിയാറേയില്ല. കിടപ്പുമുറിയിലെ ജാലകത്തിലൂടെ നോക്കിയാൽ അങ്ങ് വിദൂരതയിൽ ഒരു നേർത്ത നിഴൽപോലെ ഞാവൽ മരം കാണാം. വെള്ളിയരഞ്ഞാണം കെട്ടിയപോലെ പുഴയുടെ നേർത്ത കഷണവും കാണാം. അത്രതന്നെ! വീട്ടിലെ ജോലിത്തിരക്കുകൾ അങ്ങോട്ടൊന്നും പോകാനേ അനുവദിക്കാറില്ല.
കുഞ്ഞായതിനു ശേഷമാണ് മോഹനിലും ഈ മാറ്റങ്ങൾ പ്രകടമായത്. ഒരു പക്ഷേ, അതു തന്റെ തോന്നലായിരിക്കുമോ? ഉടനെയൊന്നും ഒരു കുഞ്ഞ് വേണ്ട എന്ന് ആദ്യമേ തീരുമാനിച്ചിരുന്നു. കുറച്ചു പണം സ്വരൂപിക്കണം എന്നിട്ട് ജീവിതം അല്പം പച്ചപിടിപ്പിച്ച ശേഷം ഒരു കുഞ്ഞ്. അത് അവനോ അവളോ ആരുമായിക്കൊള്ളട്ടെ, അല്ലലറിയാതെ അതു വളരണം. എന്നാൽ സംഭവിച്ചത് മറിച്ചായിരുന്നു. കല്യാണം കഴിഞ്ഞിട്ട് മാസം ആറു കഴിഞ്ഞില്ല, വീട്ടുകാരുടെയും നാട്ടുകാരുടെയും വക ചോദ്യം പറച്ചിലുകൾ തുടങ്ങി.
“മിസ്സിസ് മോഹൻ! നിങ്ങൾക്ക് ഇതുവരെ ഗുഡ്ന്യൂസ് ഒന്നുമായില്ലേ? “
ചുണ്ടിൽ ചായം തേച്ചു നടക്കുന്ന ചില സൊസൈറ്റി പെണ്ണുങ്ങളുടെ വക അർത്ഥം വെച്ചുള്ള ചില ചോദ്യങ്ങളും പുറകെ കുറേ ഉപദേശങ്ങളും. സ്വന്തം കിടപ്പുമുറിയിലെ ചീഞ്ഞു പുഴുത്തു നാറുന്ന നഗ്നസത്യങ്ങളെ പൊതിഞ്ഞു വെച്ചിട്ടാണ് അന്യന്റെ കിടപ്പുമുറിയിലേക്ക് എത്തിനോക്കുന്നത് എന്നതാണ് പരമാർത്ഥം.
“അയ്യോ പാവം മിസ്സിസ് മോഹൻ! കുട്ടിയുടെ കാര്യം വിട്, എന്തിനേറെ പറയുന്നു? സമയാസമയത്തു വെച്ചുവിളമ്പാനോ, വീട് വൃത്തിയാക്കാനോ മുഷിഞ്ഞ തുണികൾ വൃത്തിയാക്കാനോ പൂന്തോട്ടം നനയ്ക്കാനോ മാർക്കറ്റിൽ പോകുവാനോ തുടങ്ങി എന്തിനെങ്കിലും ആ വീട്ടിൽ സഹായത്തിനു ഒരാളുണ്ടോ? മിസ്റ്റർ മോഹന് കിട്ടുന്ന നക്കാപ്പിച്ച കാശിൽ ഇതൊക്കെ നടത്താൻ പറ്റുമോ? പിന്നെങ്ങനെ ഒരു കുഞ്ഞിന്റെ കാര്യങ്ങൾ നടത്തും?”
മിസ്സിസ് മേനോൻ മൂക്കിൽ വിരൽ ചേർത്തു. എന്നിട്ട് പാർലറിൽ പോയി ഭംഗിയായി ചീകി ഉറപ്പിച്ചു വെച്ച മുടിയുടെ സ്ഥാനം തെറ്റിയോ എന്ന് പതിയെ തൊട്ടുനോക്കി. ഏതോ വലിയ രഹസ്യം പുറത്താക്കിയ മട്ടിൽ എല്ലാവരെയും ഒന്ന് ധൃതിയിൽ നോക്കി. അവർ പറഞ്ഞത് ശരിയാണെന്നു എല്ലാവരും തലകുലുക്കി സമ്മതിക്കുകയും ചെയ്തു. അന്ന് തന്റെ തോലു പൊളിഞ്ഞു പോകുന്നത് പോലെ തോന്നി. വൈകിട്ട് മോഹൻ ജോലി കഴിഞ്ഞ് ഏറെ സന്തോഷത്തിലാണ് തിരികെ എത്തിയത്. തനിക്കു പ്രൊമോഷൻ കിട്ടിയിരിക്കുന്നു. സന്തോഷാധിക്യത്താൽ ഓടിവന്ന് തന്റെ പ്രിയതമയെ എടുത്ത് അയാൾ വട്ടം ചുറ്റി. എന്നാൽ തന്റെ പ്രിയതമയുടെ മുഖത്ത് പരന്നിരിക്കുന്ന മ്ലാനത അയാളെ അമ്പരപ്പിച്ചു.
“എന്തു പറ്റി സുഷൂ നിനക്ക്? സുഖല്യേ ? “
അയാൾ അവളെ വേഗം താഴെ നിറുത്തി. എന്നിട്ട് ആകാംക്ഷയോടെ അവളുടെ മുഖത്തേയ്ക്ക് നോക്കി. “മോഹൻ ഇരിക്കൂ. എനിക്ക് ഒരൂട്ടം പറയാൻണ്ട്. ” അവൾ മെല്ലെ പറഞ്ഞു. മോഹൻ അവൾ പറഞ്ഞതുകേട്ട് അനുസരണയുള്ള കുട്ടിയെപ്പോലെ അടുത്തുകിടന്ന കസാലയിൽ ഇരുന്നു. നടന്ന കാര്യങ്ങൾ അവൾ സാവധാനം പറഞ്ഞു കേൾപ്പിച്ചു.
“അതുകൊണ്ട് എത്രയും വേഗം നമുക്ക് ഒരു കുട്ടിയുണ്ടായേ തീരൂ. “
അവൾ പ്രതീക്ഷയോടെ അയാളുടെ കണ്ണുകളിലേക്കു നോക്കി.
അയാൾ കുറച്ച് നേരം ഒന്നും സംസാരിക്കാതെ ചിന്താമഗ്നനായിരുന്നു. എങ്കിലും തന്റെ പ്രിയതമ മുന്നോട്ടു വെച്ച ആവശ്യത്തിനെ എതിർത്തതുമില്ല.
അധികം താമസിയാതെ സുഷമ ഗർഭിണിയായി. സ്വാഭാവികമായി അപ്പോഴുണ്ടാകുന്ന ശാരീരിക മാറ്റങ്ങളും അസ്വസ്ഥതകളും അതോടൊപ്പം അയാളുടെ ഉദ്യോഗത്തിരക്കുകളും അവർക്കിടയിൽ ചെറിയ അകലം സൃഷ്ടിച്ചു. അതു ക്രമേണ വലുതായിവലുതായി വന്നു, സുഷമയുടെ വീർത്തു വീർത്തു വരുന്ന ഉദരം പോലെ!
ശരിക്കും പറഞ്ഞാൽ അവൾ മനസ്സ് വെച്ചിരുന്നെങ്കിൽ ഈ അകൽച്ച ഉണ്ടാവില്ലായിരുന്നു. അയാൾ താമസിച്ചുവരാൻ തുടങ്ങിയപ്പോൾ അവൾ അയാളെ അതേപ്പറ്റി ഓർമ്മപ്പെടുത്തിയിരുന്നെങ്കിൽ ഇങ്ങനെയൊക്കെ ആകുമായിരുന്നില്ല. അത് വരെ അത്താഴം കഴിക്കാതെ കാത്തിരുന്നിരുന്നതുപോലെ അവൾക്ക് വിശപ്പടക്കി ഇരിക്കാൻ പറ്റുമായിരുന്നില്ല. ഉദരത്തിൽ കുഞ്ഞ് വളരുന്നു. സമയാ സമയത്ത് ഭക്ഷണം ഉള്ളിൽ ചെല്ലണം.
അവൾ ഓർമ്മകളിൽ നിന്നുണർന്ന് കുട്ടിയെ നോക്കി. കുട്ടിയുടെ നെറ്റിയിൽ ചെറുതായി വിയർപ്പു തുള്ളികൾ പൊടിഞ്ഞു നിന്നിരുന്നു. പനി വിട്ടുതുടങ്ങിയിരിക്കുന്നു.
“ഈശ്വരാ! കാത്തോളണേ ഇന്റെ കുന്നുംപുറത്തപ്പാ! കുട്ടിക്ക് ഭേദായാൽ എത്രയും വേഗം ഒരു കടും പായസോം അപ്പോം കഴിപ്പിച്ചോളാം. ഇനി പനിക്കരുതേ.”
സുഷമ ഉള്ളുരുകി പ്രാർത്ഥിച്ചു. അവളുടെ പ്രാർത്ഥന കണ്ണുകളിലൂടെ ഉരുണ്ടുരുണ്ടിറങ്ങി. ദുഃഖവും അതിലേറെ പശ്ചാത്താപവും ചേർന്നടർന്ന കണ്ണീർ മുത്തുകൾ.
വർഷങ്ങളായി, ശരിക്കും പറഞ്ഞാൽ മോഹനുമായുള്ള അകൽച്ച തുടങ്ങിയതിൽ പിന്നീടിതുവരെ കുന്നുംപുറത്തപ്പനെ തൊഴാൻ പോയിട്ടില്ല. വീട്ടിലിരുന്നു വിളക്കു തൊഴുന്നതല്ലാതെ ഒരമ്പല നടയിലും പോയിട്ടുമില്ല. അതിനുള്ള സമയവും കിട്ടുന്നുണ്ടായിരുന്നില്ല.
മോഹൻ എന്നും വൈകി വീട്ടിലെത്താൻ തുടങ്ങി. ഞായറാഴ്ചകളിൽ പോലും മറ്റുള്ളവരുടെ മുഖത്തേക്ക് നോക്കാൻ സമയമില്ല. പിന്നെ എപ്പോഴാ അമ്പലത്തിൽ പോവുക? വീണ്ടും പഴയതുപോലെ ആ ബൈക്കിന്റെ പുറകിൽ അരയിലൂടെ കൈ ചുറ്റിപ്പിടിച്ചിരുന്ന് പോകണം. എപ്പോഴാവും ഇനി അതൊക്കെ സാധിക്കുക? സുഷമയ്ക്ക് വീണ്ടും കുറേ വർഷങ്ങൾ പുറകിലേക്ക് സഞ്ചരിക്കാൻ തോന്നി.
ഓർമ്മകളിൽ അവൾ വീണ്ടും ഒരു നവവധുവായി. കുന്നുംപുറത്തപ്പനെ തൊഴാൻ പോകലും, തൊഴുതു മടങ്ങവേ കുന്നിൻ ചെരുവിലെ പടർപ്പനാലിന്റെ ചോട്ടിലിരുന്നുള്ള സല്ലാപങ്ങളും കളിചിരികളും ഇടയ്ക്കിടെയുള്ള മുഖം വീർപ്പിക്കലുകളും എല്ലാമെല്ലാം ഓർമയിൽ തെളിഞ്ഞു നിന്നു. മധുരസ്മരണകളിൽ അവളറിയാതെ മുഖത്തു വിടർന്ന പുഞ്ചിരിയിൽ അവൾക്കു തന്നെ ലജ്ജ തോന്നി. പെട്ടെന്ന് മോഹൻ മുൻപിൽ നിൽക്കുന്നത് കണ്ടു. അയാൾ അവളുടെ മുഖത്തെ ഭാവം ശ്രദ്ധിച്ചോ എന്നറിയില്ല.
“ഡോക്ടറെ വിളിച്ചു. ഇപ്പോൾ വരും.”
കട്ടിലിൽ കിടക്കുന്ന കുട്ടിയുടെ മുഖത്തേയ്ക്ക് അയാൾ ഒന്ന് പാളി നോക്കി. ഇടയ്ക്കെങ്കിലും ആ മുഖത്തേയ്ക്ക് നോക്കിയില്ലെങ്കിൽ സ്വന്തം കുട്ടിയെ പുറത്തു വെച്ചു കണ്ടാൽ പോലും അയാൾ തിരിച്ചറിയുകയില്ല എന്നവളോർത്തു. അത്രത്തോളം എത്തിയിരിക്കുന്നു കാര്യങ്ങൾ. കുറേ കാലമായി മോഹൻ വീട്ടുകാര്യങ്ങളിൽ പോലും ശ്രദ്ധിക്കാറില്ല. എല്ലായ്പ്പോഴും ഓഫീസ് കാര്യങ്ങളിൽ മാത്രം തലപുകച്ചു കൊണ്ടിരിക്കും.
ഡോക്ടർ വന്നു കുട്ടിയെ പരിശോധിച്ചു. തോളെല്ലുകൾ മത്സരിച്ചെഴുന്നേറ്റുനിൽക്കുന്ന ആ കുഞ്ഞു ശരീരത്തെ അദ്ദേഹം അലിവോടെ നോക്കി. കുട്ടിയുടെ വാത്സല്യം തോന്നിപ്പിക്കുന്ന നെറ്റിത്തടവും മുഖവും ആകെ വിളറിപ്പോയിരുന്നു. ചുണ്ടുകൾ നീരുവെച്ചു തൂങ്ങിയിരുന്നു. അയാൾ കുട്ടിക്ക് പനി മാറാനുള്ള കുത്തിവെയ്പ്പ് നൽകി.
” നാളത്തേയ്ക്ക് ശരിയാകും. ഇല്ലെങ്കിൽ നമുക്ക് കൂടുതൽ പരിശോധകൾ വേണ്ടിവരും. മ്… നമുക്ക് നോക്കാം. സമാധാനമായിരിക്കൂ.”
ഡോക്ടർ അവരെ ആശ്വസിപ്പിച്ചു.
സുഷമ ഒന്നും പറയാതെ കുട്ടിയുടെ കാൽക്കലിരുന്നു. മോഹൻ അൽപനേരം കുട്ടിയുടെ വാടിക്കരിഞ്ഞ മുഖത്തേയ്ക്ക് നോക്കി നിന്നു. അയാളുടെ മുഖത്ത് എന്തോ ഒരു കുറ്റബോധം അലയടിക്കുന്നുണ്ടായിരുന്നു.
അന്നു രാത്രി സുഷമ കട്ടിലിൽ ചാരിയിരുന്ന് ഒരു കീറിയ ഉടുപ്പിന്റെ തുന്നലുകൾ ശരിപ്പെടുത്തുകയായിരുന്നു. അപ്പോൾ മോഹൻ അവൾക്കരികിൽ വന്നിരുന്ന് അവളുടെ മടിയിൽ പതിയെ തലവെച്ചു കിടന്നു. അയാൾ ഒന്നും ഉരിയാടാതെ അവളുടെ മിഴികളിലേക്ക് കണ്ണ് നട്ടു. ആ കണ്ണുകളിൽ തെളിഞ്ഞുനിന്നിരുന്ന ക്ഷമാപണം കണ്ട് സുഷമയിൽ നിന്നും ഒരു ദീർഘനിശ്വാസമുതിർന്നു. തൊടിയിലെ ഞാവൽ മരത്തിൽ അപ്പോൾ ഇളം മഞ്ഞ പൂക്കൾ വിടർന്നിരുന്നു. നിലാവെളിച്ചത്തിൽ അവ പതിന്മടങ്ങ് സൗന്ദര്യത്തോടെ തിളങ്ങി. എവിടെ നിന്നോ ഒഴുകിയെത്തിയ ഇളം കാറ്റിൽ മരത്തിന്റെ ഇളം ചില്ലകൾ മന്ദം മന്ദം തലയാട്ടിക്കൊണ്ടിരുന്നു.
രാകേന്ദു അജിത്
കർഷകൻ
അവന്തിക
രാവിലെ മിഴി മിന്നി തുറന്ന് കൂകി ഒച്ചയുണ്ടാക്കിയ മൊബൈൽ ഫോണിനെ, കണ്ണു തുറക്കാതെ കൈയ്യേന്തി പിടിച്ചു നിശബ്ദമാക്കി , വീണ്ടും കിടക്കയിൽ ചുരുണ്ടു കിടന്നു.
പിന്നീട്, ശബ്ദമില്ലാതെ വിറച്ചു അലോസരപ്പെടുത്തിയ മൊബൈൽ ഫോണിനെ കൈയ്യിലെടുത്തു.
തല നീട്ടി ചിരിക്കുന്ന മെസേജുകൾ സ്ക്രോൾ ചെയ്യുമ്പോഴാണ്, പേരോ, ഡി. പി യോ ഇല്ലാത്ത ഒരു നമ്പറിൽ നിന്ന് രാത്രി 12 മണിക്ക് വന്ന ഒരു “ഹലോ” മെസേജിൽ കണ്ണുടക്കിയത്.
അലസതയോടെ മൊബൈൽ കിടക്കയിലേക്ക് വലിച്ചെറിഞ്ഞ്
വീണ്ടും കിടന്നെങ്കിലും, മനസ്സിനെ അധികനേരം പിടിച്ചു നിർത്താനായില്ല.
ഒരു ‘ഹലോ’ മെസേജ് എന്റെ മൊബൈലിൽ നിന്നും പറന്നു പോയി.
മറുവശത്ത് നിന്ന് ഉടനെ മറുപടി വന്നു.
“എന്നെ ഓർക്കുന്നുവോ ?”
ബുദ്ധിപൂർവ്വം കൈകാര്യം ചെയ്യേണ്ട ചോദ്യം. വിരൽ തുമ്പിൽ നിന്ന് ഉതിരുന്ന വാക്കുകളിൽ സ്നേഹവും വിശ്വാസവും വിലയിരുത്തപ്പെടുന്ന കാലമാണിത്.
ഞാൻ കിടക്കയിൽ എഴുന്നേറ്റിരുന്നു ആലോചനയിൽ മുഴുകുമ്പോഴേക്കും മറുവശത്ത് നിന്ന് അടുത്ത മെസേജ് വന്നു.
” മറന്നുപോയി കാണും എന്നറിയാം. എന്നാലും വെറുതെ ചോദിച്ചതാ.”
മൂക്കിൽ വിരൽ വെച്ചുള്ള ഒരു ആശ്ചര്യഭാവം സ്മൈലിയായി എന്റെ മൊബൈലിൽ നിന്നും വീണ്ടും പോയി .
“ഞാൻ അവന്തിക, നമ്മളൊരുമിച്ച് പാരലൽ കോളേജിൽ ജോലി ചെയ്തിരുന്നു. ” മെസേജ് വായിച്ചതും ഒരായിരം ഓർമ്മ ചിന്തുകൾ ഒരു നിമിഷാർദ്ധത്തിനുള്ളിൽ മനസ്സിലൂടെ വരി വരിയായി കടന്നു പോയതും ,
കണ്ണുകളോടി മേശപ്പുറത്ത്, ഞാനിന്നും സൂക്ഷ്മതയോടെ അടുക്കി വെച്ചിരിക്കുന്ന ‘സഞ്ചാരം ‘, യാത്ര വിവരണ സി.ഡികളിൽ തട്ടി നിന്നു.
അവന്തിക ആരും കാണാതെ കോളേജിലെ ഗോവണിക്കൂട്ടിനരികെ നിന്ന് , യാത്രകൾ ഇഷ്ടമാണെന്ന് എപ്പഴോ സംസാരത്തിനിടയിൽ ഞാൻ പറഞ്ഞത് , ഓർത്തെടുത്ത് സമ്മാനിച്ചതാണ് ആ സിഡികൾ .
സന്തോഷ് കുളങ്ങര സഞ്ചാരം സി.ഡി.യിലൂടെ കൂട്ടി കൊണ്ടുപോയ സിംഗപ്പൂരിലും തായ്ലാന്റിലും പാരീസിലും അവന്തികയോടൊപ്പം ചുറ്റികറങ്ങിയ എത്രയോ സ്വപ്ന സഞ്ചാരങ്ങൾ …
മനസ്സിന്റെ പിന്നോട്ടത്തിന് കടിഞ്ഞാണിട്ട് വീണ്ടും വന്നു വീണു ഒരു മെസേജ്.
നീല പുറം കവറുള്ള വിദ്യാഭ്യാസ മന:ശാസ്ത്ര പുസ്തകത്തിന്റെ ഒരു ഫോട്ടോ . താഴെ ഒരു ചോദ്യവും
ഈ പുസ്തകം ഓർമ്മയുണ്ടോ ?
അന്നൊരു മിഥുന മാസത്തിൽ, കനത്ത മഴ ചോർന്ന ഇടവേളയിൽ, ചെമ്മൺ പാതയോരത്ത്, ബൈക്കിലിരിക്കുന്ന എന്റെ അരികിലേക്ക് നടന്നു വരുന്ന നീലാകാശ നിറമുള്ള ചുരിദാറിൽ കാറ്റിൽ പിന്നോട്ട് പറക്കുന്ന വെള്ള ഷാളിട്ട് , തല കുനിച്ചു വരുന്ന അവന്തിക . ദാഹിച്ചു വരണ്ടുപോയ തൊണ്ടയ്ക്കകത്ത് ഒരു തുള്ളി കുളിർവെള്ളം ഉറ്റിയ അനുഭവമായിരുന്നു അന്ന് ആ കാഴ്ച .
തല താഴ്ത്തി കണ്ണിലെ ഭാവങ്ങളറിയിക്കാതെ എന്റെ കൈയ്യിൽ നിന്നും പുസ്തകം വാങ്ങി അകന്നു പോകുന്ന അവന്തിക . പാതയുടെ വളവ് തിരിഞ്ഞ് കാഴ്ചയിൽ നിന്ന മായുന്ന നിമിഷത്തിൽ ഒരു തിരുഞ്ഞു നോട്ടം പ്രതീക്ഷിച്ച് അവിടെ ഞാൻ നിന്നെങ്കിലും, നിരാശ നിഴൽ വിരിച്ച നിമിഷത്തിലും മിഴിക്കോണിൽ അവന്തികയെ കോർത്തു കൊണ്ട് പതിഞ്ഞ താളത്തിൽ ബൈക്ക് ഓടിച്ചു പോയത് തെളിമയോടെ മനസ്സിൽ കണ്ടു.
“ഇന്നും ഈ പുസ്തകം സൂക്ഷിച്ചു വെക്കുന്നുണ്ടോ ?”
“ഉം “എന്ന തിരിച്ചൊരു മെസേജ് കിട്ടി.
പിന്നെ അല്പ നിമഷത്തെ മൂകത.
മനസ്സിൽ കുതിച്ചു വന്ന ആയിരം ചോദ്യങ്ങളിൽ ഇനി ഏത് ചോദിക്കണം എന്ന് കുഴങ്ങി നിൽക്കുമ്പോൾ ,
“ഞാൻ പിന്നെ വിളിക്കാം. മോൻ കരയുന്നു ” എന്ന മെസേജ് കിട്ടി.
മൊബൈൽ ഒരു വശത്ത് വെച്ച് , വീണ്ടും സഞ്ചാരം സിഡിയിൽ നോക്കി.ഓർമ്മകളുടെ നിറ വെളിച്ചത്തിൽ മനസ്സ് അന്ന് സഞ്ചരിച്ച വഴിയിലൂടെ പിന്നോട്ടുള്ള യാത്ര തുടങ്ങി…
അവന്തികയെ ഞാനാദ്യം കാണുന്നത് കോളേജ് സ്റ്റാഫ് റൂമിൽ വെച്ചായിരുന്നു . ശ്രീജേഷ് മാഷാണ് പുതിയ കണക്കദ്ധ്യാപികയെ പരിചയപ്പെടുത്തിതന്നത്. എന്റെ ഇരിപ്പിടത്തിന്റെ മുമ്പിലായി ഇടതു വശം ചേർന്ന് കിഴക്ക് നോക്കിയായിരുന്നു അവളിരുന്നത് .
ദിവസങ്ങൾ നീങ്ങവേ, ഞങ്ങളുടെ മുമ്പിലുള്ള മേശകൾ കൂട്ടിചേർത്തൊ രുക്കിയ ഇംഗ്ലീഷ് അക്ഷരമാലയിലെ ‘ ‘എൽ’ എന്ന അക്ഷരത്തിൽ തുടങ്ങുന്ന ഹൃദയ വാക്കിന്റെ അർത്ഥതലങ്ങൾ ഞാനും അന്വേഷിക്കാൻ തുടങ്ങിയിരുന്നു
അവന്തികയുമായി ആദ്യ കാഴ്ചയിൽ തന്നെ ഒരു വേവ് ലെങ്തിന്റെ സമന്വയമുണ്ടായിരുന്നു, അതിലൂടെ വളർന്നു പന്തലിച്ച ഞങ്ങളുടെ സൗഹൃദത്തണലിൽ ഞാനറിയാതെ പ്രണയത്തിന്റെ ചെറുനാമ്പുകൾ മുളപൊട്ടിയിരുന്നു. തിരിമുറിയാ മിഥുന മഴയുടെ മുന്നോടിയായി , ആരവങ്ങളില്ലാതെ അവിചാരിതമായി പെയ്യുന്ന വേനല്‍ മഴയുടെ കുളിർമ പോലെ .
എന്നാൽ അവളുടെ ഇഷ്ടം അറിയാത്തതിനാലും സൗഹൃദത്തിന്റെ നൂലിഴകളിൽ വിള്ളൽ വീഴ്ത്താൻ ആഗ്രഹമില്ലാത്തതിനാലും മനസ്സിന്റെ ഇഷ്ടം ഞാൻ പൂഴ്ത്തി വെച്ചു.
അവന്തികയെ കാണാനും സംസാരിച്ചിരിക്കാനും മാത്രമായി പല കാരണങ്ങളുണ്ടാക്കി ഞാനെന്നും നേരത്തെ കോളേജിൽ എത്തിയിരുന്നു. അവളുടെ മിഴിയാകാശത്തെ തെളിനീരിൽ എന്റെ പ്രതിബിംബത്തെ അന്വേഷിച്ചു കൊണ്ടേയിരുന്നു.
അവളുടെ കൈ കോർത്തുപിടിക്കണ മെന്നും തോളിലേക്ക് വലിച്ചിട്ടിരിക്കുന്ന മുടിയിഴകള്‍ തലോടി മുടിക്കുള്ളിൽ മുഖം ഒളിപ്പിച്ച് കഴുത്തിലെ സുവർണ്ണ രേഖയിലൂടെ അധരമോടിക്കാൻ കൊതിച്ച് … ഞാൻ മണിക്കൂറുകളെ എന്നും നിമിഷങ്ങളാക്കിയിരുന്നു.
രാവിനെ കീറി വരുന്ന നീലാത്തുണ്ട് പോലെ ഇടയ്ക്ക് വരുന്ന അവളുടെ സൗഹൃദ ഫോൺകോളുകളിലെ മൊഴി മൊട്ടുകളിൽ പ്രണയത്തിന്റെ പൊൻ വെളിച്ചം പ്രതീക്ഷയോടെ ഞാൻ തേടി കൊണ്ടിരുന്നു.
ആയിടയ്ക്കായാണ് അവന്തികയ്ക്ക് ബി. എഡ്. കോഴ്സിന് അഡ്മിഷൻ ലഭിച്ചതും കോളേജ് വിട്ട് പോയതും.
അവിളില്ലാത്ത കോളേജിൽ പോകാൻ എന്തോ ഒരു ഉൻമേഷക്കുറവായിരുന്നു. എന്റെ പകലുകൾക്ക് അവളില്ലായ്മയിൽ ഊർജ്ജ ശോഷണം സംഭവിച്ചിരുന്നു. അപ്പോഴാണ് അവളിൽ ഞാനാൽ തുന്നിചേർക്കപ്പെട്ട എന്റെ ഹൃദയം വേർപെടുത്തിയെടുക്കാനാവാത്ത വിധം ഇഴ ചേർന്നു പോയിരുന്നു എന്ന സത്യം മനസ്സിലായത് .
മനസ്സ് തുറക്കലിനപ്പുറമുള്ള പറയാത്ത , അറിയാത്ത ആ പ്രണയം .
നിശബ്ദമായ ഏകാന്ത യാമങ്ങളിൽ പ്രണയാകാശത്ത് ചിറകടിച്ച് പറന്നിരുന്നു. വൈതരണികൾ നിറഞ്ഞ ആകാശത്തിലൂടെ ഒന്നിച്ചു കൊക്കുരുമ്മി ഇണക്കുരുവികളായി പറക്കാൻ ആവുമോ എന്ന ഭീതിയും എന്നിലുണ്ടായിരുന്നു. എങ്കിലും ശ്മശാനത്തിലെ പൂന്തോപ്പിൽ വിടരുന്ന പനിനീർ പൂക്കളെപ്പോലെ എന്റെ മനസ്സിലും എന്നും പ്രണയ പൂക്കൾ വിടർന്നിരുന്നു.
നിശബ്ദമായി എന്നിൽ പ്രണയം പൂത്തൊരു രാത്രിയിൽ, ഒരു നിമിഷം എല്ലാം മറന്ന്, അവന്തികയുടെ കോളേജ് ഹോസ്റ്റലിലേക്ക് ഫോൺ ചെയ്തു.
ഹലോ’ അവന്തികയുമായി ഒന്നു സംസാരിക്കാമോ ” . എന്നു ചോദിച്ചു നിശബ്ദമായ സമയത്തിന് ദൈർഘ്യമേറിയതുപോലെ തോന്നി.
ഹലോ അവന്തികയുടെ ശബ്ദം കേട്ട പാടെ ഫോൺ ചെവിയിൽ അമർത്തി പിടിച്ചു. പക്ഷേ …
“അസമയത്താണോ പെൺകുട്ടികളെ ഫോൺ ചെയ്യുക. ” വാക്കുകൾ മുറിഞ്ഞു വീണു. കാതുകൾ ക്കെന്നും അരുമയായ അവന്തികയുടെ സംസാരത്തിലെ ദൃഢതയും അസംതൃപ്തിയും മനസ്സിൽ ഇടി മുഴക്കി. ജീവിതത്തിൽ അന്നുവരെ അനുഭവിക്കാത്ത വേദനയുടെയും വിങ്ങലിന്റെയും ശേഷിപ്പുകളിന്നും മനസ്സിൽ ഉണ്ട്.
എങ്കിലും മറ്റേയാൾ അറിയാതെയുള്ള പ്രണയത്തിന് ആത്മാർത്ഥത കൂടു മെന്നുള്ള പ്രപഞ്ച സത്യം ഞാനറിഞ്ഞു. കാരണം അവന്തികയെ മറക്കാൻ എനിക്കാവുമായിരുന്നില്ല.
ഉടമ്പടിയും ഉപാധിയുമില്ലാതെ അവളെ അവളറിയാതെ പ്രണയിച്ചിരുന്നു.
അതിനു ശേഷവും നിലാവുള്ള രാത്രികളിൽ നീലാകാശച്ചോട്ടിൽ നക്ഷത്രങ്ങളൊരുക്കുന്ന നിലാ തേനുണ്ട് വരുന്ന മഞ്ഞ പ്രണയശലഭങ്ങളുടെ ചിറകടി ശബ്ദം കാതോർത്ത് ഞാനിരിക്കുമായിരുന്നു. മാംഗല്യപ്പുടവ കൊടുക്കാൻ നല്ല മനസ്സുകളെ തേടുന്ന നേരം മനസ്സിൽ ആദ്യം വന്നത് അവന്തികയുടെ മുഖം ആയിരുന്നുവെങ്കിലും മനസ്സിന്റെ ജാള്യതയിലും അവളുടെ ഇഷ്ടമില്ലായ്മയിലും ആ മോഹം താഴെ വീണുടഞ്ഞു.
“ഇന്ന് നേരത്തെ എഴുന്നേറ്റോ ഞായറാഴ്ചയാണെന്ന കാര്യം മറന്നു പോയതാണോ “
ശാലിനിയുടെ ശബ്ദം എന്നെ ഓർമ്മകളിൽ നിന്നും പിന്നോട്ടു കൊണ്ടുവന്നു.
“മോനെ എഴുന്നേൽപ്പിക്കുന്നില്ലേ ” .
അരികിൽ ഉറങ്ങുന്ന മോനെ ചൂണ്ടി കൊണ്ട് ശാലിനി ബെഡ് കോഫി മേശയുടെ മുകളിൽ വെച്ച് അരികിലിരുന്നു നെഞ്ചിൽ തല പൂഴ്ത്തി വെച്ചു.
“ഇന്നെന്താ ഒരിടിപ്പ് കൂടുതലിവിടെ “
ഇടതു വാരിയെല്ലിൽ തീർക്കപ്പെട്ട നല്ല പാതിക്ക് ഹൃദയമിടിപ്പിന്റെ താളം മന:പാഠമാണ്.
അവളെ വാരിപുണർന്ന് നെറുകയിൽ ഒരുമ്മ കൊടുത്തു.
“നീ വേഗം പോയി ചായ എടുത്തു വെക്ക് . നമുക്കിന്ന് ഒരു ഔട്ടിംഗിനു പോകാം “
“നല്ല മൂഡിലാണല്ലോ” അവൾ ചിരിച്ചു കൊണ്ടെഴുന്നേറ്റു പോയി.
ശാലിനിയോടൊപ്പം കടൽത്തീരത്തിരിക്കുമ്പോഴും പാർക്കിൽ മോന്റെ മലക്കം മറിച്ചിലുകൾ കണ്ട് ആസ്വദിക്കുമ്പോഴും അറിയാതെ മൊബൈൽ ഇടയ്ക്കിടെ തുറന്നടക്കുന്നുണ്ടായിരുന്നു. എന്തോ പ്രതീക്ഷിച്ചു കൊണ്ട് …
രാത്രി വീട്ടിലെത്തി ബാൽക്കണിയിലി രുന്നു കൊണ്ട് മനസ്സിനുള്ളിൽ പാതി അഴിച്ചു വെച്ച ഓർമ്മ കെട്ടുകളഴിക്കാൻ തുനിയു മ്പോഴായിരുന്നു ഒരു മെസേജ് .
“ജയശ്രീ മിശ്രയുടെ ജന്മാന്തര വാഗ്ദാനങ്ങളിലെ ജാനകിയാവണം എനിക്ക് . ഇനി അത് പറ്റുമോ ?”
നക്ഷത്രങ്ങൾ എന്നെ നോക്കി കണ്ണിറുക്കി കളിയാക്കി ചിരിക്കുന്നതു പോലെ തോന്നി.
രാജേഷിന്റെ കയ്യില്‍ നിന്നും വാങ്ങിച്ചു വെച്ച നോവൽ ഒന്നു മറിച്ച് നോക്കുകപോലും ചെയ്യാതെ അലമാരക്കുള്ളിൽ ഭദ്രമായി ഇരിക്കാൻ തുടങ്ങിയിട്ട് ഒരു വര്‍ഷത്തോളമായി. വേഗം അതെടുത്ത് വായിക്കാൻ തുടങ്ങി.വായിച്ചു തീർന്നതും ഞരമ്പിലൂടെ ജാനകിയും അവന്തികയും മിന്നൽ പിണർ പായിച്ചു.
കേരളത്തിലെ ഒരു നായര്‍ കുടുംബത്തില്‍ ജനിച്ച് ഡല്‍ഹിയില്‍ പഠിച്ചു വളര്‍ന്ന ജാനകി എന്ന കഥാനായിക തന്റെ പ്രണയത്തെ പാടെ അവഗണിച്ച് മാതാപിതാക്കൾ തിരഞ്ഞെടുത്തുതന്ന ആളെ വിവാഹം കഴിക്കുന്നു. എന്നാൽ കയ്പേറിയ വിവാഹ ജീവിതത്തിൽ നിന്നും ,തന്നെ മനസ്സിലാക്കാത്ത ഭർത്താവിൽ നിന്നും വിവാഹ മോചനം നേടി സന്തോഷവും സങ്കടവും വിചാരങ്ങളും പങ്കിടാൻ തന്റെ വിവാഹ പൂർവ്വ പ്രണയിതാവായ അർജുനനെ ജാനകി തന്റെ ശിഷ്ടം ജീവിതം പങ്കിടാൻ തെരഞ്ഞെടുക്കുന്നു…
സ്നേഹ നിധിയായ മകളായോ , അനുസരണയുള്ള ഭാര്യയായോ , നിസ്സഹായയായ അമ്മയായേ അല്ല , മറിച്ച് പ്രണയത്തെ ദിവ്യമായി പൂജിച്ച ജന്മാന്തര വാഗ്ദാനം അടയാളപ്പെടുത്തിയ മഹാത്യാഗിയായിട്ടായിരുന്നു ജാനകി പുസ്തകത്തിൽ നിന്നിറങ്ങി എന്നോടൊപ്പം കൂടിയത്.
നോവൽ വായന കനം വെപ്പിച്ച ഹൃദയത്തിൽ ചോദ്യങ്ങളുടെ വേലിയേറ്റമുണ്ടായി.
നോവലിലെ ജാനകിയായി മാറാൻ കൊതിക്കുന്ന അവന്തികയുടെ മനസ്സിലെ അർജുനൻ ഞാനാണോ ? അല്ല വേറെ ആരെങ്കിലും ആണോ ? ചോദ്യം മനസ്സിൽ വൃത്തങ്ങളായി കറങ്ങി അവന്തിക അന്ന് അവളുടെ കല്യാണത്തിന് ക്ഷണിക്കുമ്പോൾ
ഫോണിൽ പറഞ്ഞ കാര്യങ്ങളിൽ ചെന്നു നിന്നു.
“എനിക്കൊരു പ്രണയമുണ്ടായിരുന്നു. ഞാനത് കല്യാണം കഴിക്കുന്ന ആളോട് പറയാമോ ?”
മനസ്സിൽ കുമിഞ്ഞുകൂടിയ സംശയ കൂമ്പാരത്തിന്റെ അടിയിൽ നിന്നും ഞാനറിയാതെ ആ ചോദ്യം ഉയർന്നു.
” അരായിരുന്നു ആ ഭാഗ്യവാൻ ? ”
“എന്റെ കൂടെ ബി. എഡിനു പഠിച്ച കുട്ടിയുടെ ബ്രദറാണ്.”
“പിന്നെന്ത് പറ്റി ? വീട്ടിലെ എതിർപ്പാണോ “
“അയ്യോ ! അതൊന്നുമല്ല എന്റെ ഇഷ്ടം അയാൾക്കറിയില്ലായിരുന്നു. പക്ഷേ ഞാനയാളെ പ്രണയിച്ചിരുന്നു. ഇപ്പോഴും പ്രണയിക്കുന്നു. “
മുറിയിലേക്ക് കടന്നുവരുന്ന ശാലിനിയുടെ കാൽചിലങ്കയുടെ ശബ്ദത്തിൽ, അന്നത്തെ ആ സംസാരത്തത്ത തുടർന്നുകൊണ്ടു പോകാതെ ഞാൻ മുറിച്ചു കളഞ്ഞിരുന്നു.
അതായിരുന്നു അവന്തികയുമായുള്ള അവസാന സംഭാഷണം . പിന്നീട് കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ല
അവന്തികയും നോവലിലെ ജാനകിയും അർജുനനുമൊക്കെ അവരുവരുടെ വേഷങ്ങളാടി തിമർത്ത് മനസ്സിനെ വല്ലാതെ കലക്കി മറച്ചിരുന്നു
അന്ന് രാത്രി എന്റെ മാറിൽ തല ചായ്ച്ചുറങ്ങുന്ന അവന്തികയുടെ മുടിയിഴകളിലൂടെ വിരളുകളോടിച്ച് ചെരിഞ്ഞു കിടന്നതും അരികിൽ നെഞ്ചോരം ചേർന്നുറങ്ങുന്ന ശാലിനിയെ കണ്ടു ഞാൻ ഞെട്ടിയുണർന്നു. സമചിത്തത വീണ്ടുകിട്ടാൻ അല്പം സമയമെടുത്തു
ഞാൻ എഴുന്നേറ്റിരുന്നു. സമയം മൂന്നു മണി . മനസ്സ് അറിയാതെ കൈവിടുന്നതു പോലെ തോന്നി.
ഏറെയൊന്നും ചിന്തിക്കാതെ ഒരു തീരുമാനം എടുത്തു. അവന്തികയെ കാണണം , സംസാരിക്കണം അല്ലെങ്കിൽ മനസ്സ് ചിലപ്പോൾ കൈവിട്ടു പോകുമെന്ന് തോന്നി. ഹൃദയത്തിനുള്ളിൽ വല്ലാത്തൊരു വിങ്ങൽ.
അപ്പോൾ തന്നെ മൊബൈൽ എടുത്തു.
” നേരിട്ട് കാണാൻ പറ്റുമോ ” എന്ന മെസേജ് അവന്തികയുടെ നമ്പറിലേക്കയച്ചു.
രാവിലെ പലവട്ടം മൊബൈൽ എടുത്തു നോക്കിയെങ്കിലും മനസ്സിനെ തുണുപ്പിക്കുന്ന വാട്സപ്പിലെ രണ്ട് നീല വരകൾ കണ്ടില്ല.
കുറച്ച് സമയത്തിനു ശേഷം മറുപടി വന്നു.
” എപ്പോൾ , എവിടെ എന്ന് അറിയിക്കുക. ഞാൻ വരാം “
പിറ്റേ ദിവസം വൈകുന്നേരം നഗര മദ്ധ്യത്തിലെ ഷോപ്പിങ്ങ്മാളിലെ റെസ്റ്റോറന്റിൽ അവിചാരിതമായി കണ്ടുമുട്ടിയന്നെ ഭാവം മുഖത്തൊട്ടിക്കാൻ ശ്രമിച്ച് അവന്തിക എന്റെ മുമ്പിലുള്ള കസേരയിൽ വന്നിരുന്നു.
നീണ്ട പതിനാല് വർഷത്തിനു ശേഷം അവന്തികയെ കാണുകയാണ്. കാലം അവളിൽ പ്രകടമായ ഒരു മാറ്റവും വരുത്തിയിട്ടില്ല . അതേ ഭാവം , രൂപം, ചിരി . ഭംഗി കൂടിയതു പോലെ തോന്നി…
കുറച്ചു നേരം എന്റെ മുഖത്തേക്കു നോക്കിയതിനു ശേഷം , അവൾ പറഞ്ഞു ” ഇങ്ങിനെ ഒരു കൂടിച്ചേരൽ ഉണ്ടാവും എന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല… “
അഗാധതയിൽ എവിടുന്നോ വരുന്ന ഒരു ശബ്ദം പോലെ തോന്നി.
“ഞാനും . ജീവിതം എങ്ങിനെ “
“രവി കിഷന് എന്നോട് വല്യ ഇഷ്ടമാണ് എന്തിനും ഏതിനും ഞാൻ വേണം. രണ്ട് കുട്ടികൾ മൂത്തയാൾ മൂന്നിൽ പഠിക്കുന്നു. ഇളയതിന് മൂന്ന് വയസ്സ് . “
മുഖമുയർത്തി ഞാനവളുടെ കണ്ണിൽ നോക്കി. എനിക്ക് ചോദിക്കാനുള്ളത് മുഴവനും അവളെന്റെ കണ്ണുകളിൽ നിന്ന് തന്നെ വായിച്ചെടുത്ത് കൊണ്ട് തുടർന്നു.
” ഇനിയും എനിക്കെന്നെ വഞ്ചിക്കാനാവില്ല. തുറന്ന് പറഞ്ഞില്ലെങ്കിൽ ഒരു പക്ഷേ ഹൃദയം പൊട്ടി ഞാൻ മരിച്ചു പോകും. പ്രണയമായിരുന്നു അന്നും ഇന്നും എന്നും നിങ്ങളോട് … “
ജ്യൂസ് ഗ്ലാസിന്റെ മുകളിലേക്ക് മുഖം താഴ്ത്തിയ അവളിൽ നിന്നടർന്നുവീണു ചിതറിയ മിഴിനീർ തുള്ളിയിൽ ഞാനെന്റെ പ്രതിബിംബം കണ്ടപ്പോൾ ,
എന്നിലെവിടെയോ തങ്ങി നിന്ന പ്രണയത്തിന്റെ ശേഷിപ്പുകൾ ഒരു പ്രവാഹമായി വീണ്ടും ഒഴുകി.
കൈയ്യിലിരുന്ന ജ്യൂസ് ഗ്ലാസ് ഒന്നമർത്തി പിടിച്ചു കൊണ്ട് ശബ്ദം താഴ്ത്തി ഞാൻ ചോദിച്ചു.
” അന്നിത് തുറന്നു പറഞ്ഞിരുന്നെങ്കിൽ ? ഒത്തിരി വൈകിപ്പോയി അല്ലേ ?”
മിഴികൾ എന്റെ കണ്ണിൽ കൊരുത്തിട്ട് അവൾ പറഞ്ഞു.
“പലവട്ടം ഈ കാര്യം വെളിപ്പെടുത്താൻ മുതിർന്നപ്പോഴൊക്കെ ഞാനും നിങ്ങളും സ്വന്തം പോലെ സ്നേഹിച്ച കൂട്ടുകാരായിരുന്നു തടഞ്ഞത്. അന്നവർ കുത്തിവെച്ച ജാതീയ ചിന്തകളും വരണ്ട ഉപദേശങ്ങളാലും ചില ഭീഷണിപ്പെടുത്തലിനാലും ഞാൻ നിശബ്ദമാക്കപ്പെട്ടു ” .
ഞാൻ മുഖമുയർത്തി ചോദിക്കാൻ ഒരുങ്ങുന്നതിനു മുമ്പേ അവൾ തടഞ്ഞു.
” അവരുടെ പേര് ചോദിക്കരുതേ. ഇവരുടെ തന്നെ നിർബന്ധത്താലായിരുന്നു അന്നൊരു ദിവസം നിങ്ങൾ രാത്രി ഫോൺ ചെയ്തപ്പോൾ മോശമായി ഞാൻ പ്രതികരിച്ചത്. അന്നു ഞാൻ കുറേ കരഞ്ഞിരുന്നു. എല്ലാറ്റിനുമുപരി നിങ്ങളുടെ പ്രതികരണത്തെ ഞാൻ പേടിച്ചു. ഇഷ്ടമല്ല എന്നാണെങ്കിൽ ഞാൻ തകർന്നു പോകും. ഇത് നിങ്ങളറിയാതെയാണല്ലോ ഞാൻ നിങ്ങളെ പ്രണയിച്ചത് അത് കൊണ്ട് എനിക്കാവോളം പ്രണയിക്കാമല്ലോ”.
അവളുടെ വാക്കുകളിലെ പ്രണയത്തിന്റെ ആത്മാർത്ഥതയറിഞ്ഞ് ഞാൻ തരിച്ചിരുന്നു പോയി.
നഷ്ടബോധത്തിന്റെയും തിരിച്ചുകിട്ടലിന്റെയും ഇടയിലുള്ള നൂൽപ്പാലത്തിലൂടെ മനസ്സ് വഴുതി നീങ്ങി.
“മനസ്സിനുള്ളിൽ പ്രണയത്തെ പൂഴ്ത്തി വെച്ചവരാണ് നമ്മൾ … ഇനി എന്താ ചെയ്യുക?”
“നമുക്ക് ദൂരെ എവിടെയെങ്കിലും പോയി ഒരുമിച്ചു ജീവിക്കാം?”
അവന്തികയിൽ നിന്നു കേട്ട അപ്രതീക്ഷിത മറുപടിയിൽ നീണ്ടു പോയ മൗനത്തിന് റെസ്റ്റോറന്റിലെ ശബ്ദ കോലഹലങ്ങൾ അപ ശ്രുതിയുടെ പശ്ചാത്തല സംഗീതമൊരുക്കി.
അവന്തികയുടെ മനസ്സ് എനിക്ക് കാണാമായിരുന്നു.
“അവന്തികാ, അഗ്നിസാക്ഷിയായി നമ്മളോട് ചേർത്തവരെ പാതിവഴിയിൽ ഉപേക്ഷിക്കാൻ ആവുമോ ? “
” ഒരിക്കലും ആവില്ല . അവരെന്റെ ജീവനാണ് നിങ്ങളോടുള്ള പ്രണയവും .
അതുകൊണ്ടു തന്നെയാണ് ആദ്യ രാത്രിയിൽ രവിയോട് എല്ലാം തുറന്നു പറഞ്ഞത്. ”
“ദൈവമേ ” ഞാൻ നീണ്ടൊരു ശ്വാസം വിട്ടു.
“ഒരുമിച്ചുള്ള ഒരു ജീവിതം? ഇല്ല … അത് ഇനി സാധിക്കില്ല … ഞാൻ ഇന്നൊരു ഭർത്താവാണ് നീ യൊരു ഭാര്യയും … കുട്ടികളും കുടുംബത്തിന്റെ കുറേ ബലഹീനതകളുമുണ്ട് “
“എനിക്കറിയാം .
എങ്കിലും ഒരിക്കൽ കൂടി ഒന്നു കാണാൻ ഒന്നു മിണ്ടാൻ മനസ്സ് പങ്കു വെക്കാൻ ആയല്ലോ. മനസ്സു തുറന്നപ്പോൾ തന്നെ പകുതി സമാധാനമായി പക്ഷേ പ്രണയം ഒരിക്കൽ മാത്രമല്ലേ ഉണ്ടാവൂ അത് നിങ്ങളോട് മാത്രമായിരിക്കും. ”
” അവന്തികാ നമുക്ക് ഇനിയും തോറ്റ് കൊടുക്കാം. നമ്മളെ ഇതുവരെ തോല്പിച്ച വിധിയോടും നമ്മളോട് തന്നെയും ”
പ്രണയമൊഴികളിൽ എപ്പോഴും കേൾക്കുന്ന ഒരു ചൊല്ലില്ലേ ” സ്വാർത്ഥതയോ സ്വന്തമാക്കലോ അല്ല പ്രണയം, വിട്ടു കൊടുക്കലാണ് പ്രണയം . മറ്റുള്ളവരെ വേദനപ്പിച്ച് നമുക്ക് ജീവിക്കേണ്ട .
പ്രണയം നിത്യ സത്യമാണ്. വാക്കുകൾക്കും കാഴ്ചകൾക്കും അതീതമാണ്. “
ഞാൻ അവന്തികയുടെ മുമ്പിൽ അറുബോറൻ തത്വ ചിന്തകൾ വാരി വിതറിയെങ്കിലും മനസ്സ് മുഴുവൻ അവളായിരുന്നു.
മേശപ്പുറത്തെ ഒഴിഞ്ഞ ഗ്ലാസും ബില്ലും റസ്റ്റോറന്റിൽ നിന്നിറങ്ങാൻ സമയമായി എന്ന് ഓർമ്മിച്ചു.
ഷോപ്പിങ്ങ് മാളിനു പുറത്ത് എത്തിയപ്പോൾ ഞാനവളോട് ചോദിച്ചു
“ബസ്സ് സ്റ്റാന്റിൽ കാറിൽ ഇറക്കി തരട്ടെ . പേടിയുണ്ടോ ?”
“ഇല്ല എന്തിന് “
അവന്തിക കാറിന്റെ മുൻ സീറ്റിൽ തന്നെയിരുന്നു.
“എന്തിനാ പേടിക്കുന്നത് നമ്മൾ തെറ്റൊ ന്നും ചെയ്തിട്ടില്ലല്ലോ.
പ്രണയം ഒരിക്കലും തെറ്റോ കുറ്റമോ അല്ല ” .
എന്നിൽ നിന്നുമുള്ള തത്വചിന്തകൾ അവളിലേക്ക് പകർന്നോ . ഞാൻ അവളെ നോക്കി ശാന്തമായിരുന്നു ആ മുഖം . മഴ ചോർന്നു തീർന്ന മാനം പോലെ .
“അടുത്ത ജന്മത്തിൽ നമുക്ക് പ്രണയിക്കാം നമുക്ക് ഒന്നിക്കാം എന്നൊക്കെയുള്ള വാഗ്ദാനങ്ങളിലൊന്നും എനിക്ക് വിശ്വാസമില്ല . നമുക്ക് പ്രണയിക്കാം അവന്തികാ .അകന്ന് നിന്ന് കൊണ്ട് രണ്ട് ശരീരങ്ങളും ഒരു ആത്മാവായും “
ഞാൻ അവളെ നോക്കി ചിരിച്ചു.
” അടുക്കാനാവാതെ അകന്നു നിന്ന് പ്രണയ സായൂജ്യം തേടുന്ന അനേകായിരം പേരിൽ നമ്മളും അല്ലേ. “
” മം … ഇത്രയും കാലം ആരും അറിയാതെ , അറിയിക്കാതെ നമ്മളിൽ മാത്രം നിശബ്ദനായി നിലകൊണ്ട പ്രണയം ഇനിയും നിലനില്ക്കും. അവന്തികാ
നമ്മുടെ പാതിയായവർക്കായി വെളിച്ചം തെളിയിച്ച് സമാന്തര പാതകളിലൂടെ നമുക്ക് നടന്ന് നീങ്ങാം “
അവന്തിക എന്റെ കൈകളിൽ മൃദുവായി സ്പർശിച്ച് മനസ്സിന്റെ ചേർച്ച എന്നിലറിയിച്ച് കാറിൽ നിന്നിറങ്ങി നടന്നകന്നു.
എന്റെ പ്രണയത്തിന്റെ ദീർഘയാത്ര നിന്നിലവസാനിച്ചു അവന്തികാ. ഇനി അതിന് തുടരാൻ ഒരു ജൈത്രയാത്രയില്ല , മണ്ണിലലിയാൻ മാത്രമേ ഉള്ളൂ.
കാലത്തോടൊപ്പം ഏറെദൂരം ഒഴുകിയ ജീവിതത്തിന്റെ സായന്തനത്തിൽ നാട്യങ്ങളോ മുഖം മൂടികളോ അണിയാതെ പ്രണയത്തെ ദിവ്യമായ് കണ്ട് ജീവിക്കാം … മനസ്സിലുണ്ടായിരുന്ന പ്രണയത്തെ മുഖം മൂടിയണിഞ്ഞ് മറച്ചതിന്റെ ശിക്ഷയായി ….
സജിത്ത്കുമാർ .എൻ
ദരിദ്ര ബാല്യം
ഭിക്ഷയാചിക്കുന്നവൻ ചെറുപയ്യനവനെങ്കിലും
ഭക്ഷിക്കാനായ് വിശപ്പകറ്റാനാവതും കേഴുവോൻ
ഭക്ഷണത്തിനായ് അലഞ്ഞവൻ നാട്ടിലെല്ലാടവും
ഭിക്ഷയായ് ഒന്നും ലഭിച്ചതില്ലിതുവരെ
പ്രാകൃതമവന്റെ ശരീരത്തിലാകെ അഴുക്കാർന്നു
പിഞ്ഞപ്പറിഞ്ഞേറെ തുച്ഛമായ് തൂങ്ങിയ നിക്കറും
പ്രായം ചെറുതാണെങ്കിലുമേറെപ്പഴകി ദ്രവിച്ച
പാതിയും കീറയ നിക്കറുമാത്ര,മുടുപ്പില്ലവന്റെമേൽ
പാതയോരത്തടുത്തായി തുറന്നേറെ
പ്രശസ്തമാം ജൗളിക്കടയുടെ മുന്നിലായ്
കാണാം മനോഹര വേഷത്താൽ നിൽക്കുന്നു
കാൽ ചട്ടയും,നല്ലുടുപ്പാലെ, തന്നെപ്പോലൊരു പയ്യൻ
കണ്ടാലറിയില്ല പാവയാണെന്നാർക്കും
കഷ്ടമീ,ജീവനമെങ്കിലും കൗതുകമേറുന്നവനിലും
കീറിയ നിക്കറും മേലുടുപ്പില്ലാതവനാകും തനിക്ക്
കനിഞ്ഞതു കിട്ടുകിൽ സന്തോഷം, വിശപ്പും മറന്നവൻ
പാവക്ക് കോലമതെന്തിന് ഓർത്തുപോയന്നേരം
പാവങ്ങൾ നാണം മറയ്ക്കാനുതകുമീ വസ്ത്രങ്ങൾ
നോക്കി നിന്നെത്രയോ നേരമറിയാതെ
നാക്കിൽ കൊതിയൂറി ആർത്തിയോടത്രമേൽ..*
രഘുകല്ലറയ്ക്കൽ
*കീറി പിഞ്ഞിപ്പറിഞ്ഞ് നാമമാത്രമായ വസ്ത്രം മാത്രമുള്ള ദരിദ്രനായ തെരുവു ഭിക്ഷാടകൻ പയ്യൻ ആർഭാടമായ തുണിക്കടയുടെ മുന്നിൽ മനോഹര വസ്ത്രം ധിരിച്ചു നിൽക്കുന്ന തന്റെ പ്രായം തോന്നുന്ന പ്രതിമയെ കണ്ട് സങ്കടപ്പെട്ട് ആർത്തിയോടെ കൊതിയൂറുന്നു.
പിരാന്തൻ ഔറു
അവസാനം റിസൽട്ട് വന്നപ്പോൾ കോവിഡ് പോസിറ്റീവ്. ഹെൽത്ത് ഡിപ്പാർട്ട്മെന്റിൽ നിന്നും മോബൈലിൽ വിളിച്ചാണ് വിവരം പറഞ്ഞത്. അതുവരെ സാധാരണ നിലയിലായിരുന്ന എനിയ്ക്ക് പോസിറ്റീവ് എന്ന് കേട്ട പാടെ ശരീരം തളരുന്നത് പോലെയും, ശ്വാസം എടുക്കാൻ ബുദ്ധിമുട്ടുന്നത് പോലെയുമൊക്കെയുള്ള ഒരു പ്രയാസം. നിന്നിടത്ത് നിന്ന് തന്നെ തല കറങ്ങുന്നത് പോലെ തോന്നിയത് കൊണ്ട് താഴെ വീഴാതിരിക്കാൻ വേണ്ടി, മെല്ലെ ഒരു കൈ ചുമരിൽ കുത്തി, അടുത്ത് കിടന്നിരുന്ന ഒരു കസേരയിൽ ഇരുന്നു. കോവിഡ് – 19- പോസിറ്റീവായാൽ ചെയ്യേണ്ടതും, ചെയ്യരുതാത്തതുമായ ഒരു പാട് കാര്യങ്ങളും, ഭക്ഷണ രീതികളും, വീട്ടിലുള്ള മറ്റ് അംഗങ്ങളെ കോവിഡ് ടെസ്റ്റ് ചെയ്യേണ്ട ആവശ്യകതയുമെല്ലാം മോബൈലിന്റെ മറുതലയ്ക്കൽ നിന്നും റെക്കോഡ് ചെയ്ത് വെച്ച് കേൾപ്പിക്കുന്നത് പോലെ ഒരു സ്ത്രീ ശബ്ദം തുരുതുരാ വിളിച്ച് പറയുന്നുണ്ടായിരുന്നു. അതൊന്നും ശ്രദ്ധിച്ച് കേൾക്കാനുള്ള ഒരു മന:സ്സാന്നിദ്ധ്യമൊന്നും ഇല്ലാതിരുന്നത് കൊണ്ട്, മോബൈൽ ഓഫാക്കാതെ തന്നെ അടുത്ത് കിടന്നിരുന്ന ഒരു കസേരയിൽ അലക്ഷ്യമായി വെച്ചു. കുറച്ചു കഴിഞ്ഞാൽ വിളിവന്ന നമ്പറിൽ തന്നെ തിരിച്ച് വിളിച്ച് വിവരങ്ങൾ തിരക്കാമല്ലോ എന്ന ആശ്വാസത്തോടെ.
ചെറിയ ഒരു പനിയായിട്ടായിരുന്നു പ്രശ്നങ്ങളുടെ തുടക്കം, ഒപ്പം ജലദോഷവും. തലേദിവസം യാദൃശ്ചികമായി പെയ്ത മഴയിൽ നനഞ്ഞത് കൊണ്ടാവാം എന്ന് കരുതി, രാവിലെ തന്നെ ഫാർമസിയിൽ പോയി പനിയ്ക്കും, ജലദോഷത്തിനുമുള്ള ഗുളികകൾ വാങ്ങിക്കഴിച്ചപ്പോൾ തന്നെ സംഗതി കുറഞ്ഞു. എങ്കിലും, പനി പൂർണ്ണമായും വിട്ട് മാറിയില്ല. എല്ലായിടത്തും കൊറോണ കത്തിപ്പടർന്ന് കൊണ്ടിരിയ്ക്കുന്ന ഈ സമയത്ത്, സംശയദൂരീകരണത്തിനായി , ഒരു ഡോക്ടറെ പോയി കാണാം എന്ന് തീരുമാനിക്കുകയായിരുന്നു. അങ്ങിനെയാണ് ഞങ്ങളുടെ ഗ്രാമത്തിലെ തന്നെ നാല് ഡോക്ടർമാരിൽ പ്രധാനിയും, കുറേ വർഷങ്ങളായി ഞങ്ങളുടെ കുടുംബ ഡോക്ടറുമായ ഡോക്ടർ ചരൺ ദാസിനെ കാണാൻ വേണ്ടി ഞങ്ങളുടെ ഗ്രാമത്തിൽ തന്നെയുള്ള അദ്ദേഹത്തിന്റെ വീട്ടിലയ്ക്ക് പുറപ്പെട്ടു പോയത്.
വീടിന്റെ ഗേയിറ്റ് ഉള്ളിൽ നിന്നും പൂട്ടിയിട്ടിരിക്കുന്നു. ഗേയിറ്റിന്റെ പില്ലറിൽ ഘടിപ്പിച്ചിട്ടുള്ള കോളിങ് ബെല്ലിൽ വിരലമർത്തി ഡോക്ടറേയും പ്രതീക്ഷിച്ച് ഗേയിറ്റിന്റെ മുൻഭാഗത്ത് നിൽക്കുമ്പോൾ, ഒരു മാസ്കും ധരിച്ചു കൊണ്ട് ഡോക്ടർ വീടിന്റെ വരാന്തയിൽ പ്രത്യക്ഷപ്പെട്ടു. വർഷങ്ങളായി പരിചയമുള്ള ഡോക്ടർ, ഞാൻ മാസ്ക്ക് ധരിച്ചിരുന്നത് കൊണ്ട് എന്നെ മനസ്സിലാവാതെയോ എന്തോ ഞങ്ങളുടെ നേരെ നോക്കി ഉറക്കെ ചോദിച്ചു.
“എന്താ അസുഖം?”
പനിയും , ജലദോഷവുമാണെന്ന് പറഞ്ഞപ്പോൾ , എന്തോ കേട്ട് പേടിച്ചത് പോലെ, മാസ്ക് ധരിച്ചിട്ടും ഡോക്ടറുടെ കണ്ണുകളിൽ നിഴലിച്ച ആ ഒരു ഭയം എന്നേയും വിഷമത്തിലാക്കി. ഡോക്ടർ ധൃതി പിടിച്ച് എനിയ്ക്ക് ഒരു വിശദീകരണവും തന്നു.
” എടോ ….. ഈ പനി, ജലദോഷം, ചുമ , ശ്വാസം മുട്ട് ഇവയൊക്കെ കൊറോണയുടെ ലക്ഷണങ്ങളാ. അതൊന്നും ഞങ്ങൾ പരിശോധിക്കരുതെന്നാ ആരോഗ്യ വകുപ്പിന്റെ ഉത്തരവ്. താൻ ഹെൽത്ത് സെന്ററിൽ പൊയ്ക്കോ, അവര് പരിശോധിച്ചിട്ട് മരുന്ന് തരും. അല്ലാതെ ഞങ്ങൾക്ക് അതിനുള്ള അനുവാദമില്ല.”
ഇത്രയും പറഞ്ഞു കൊണ്ട് ഡോക്ടർ പെട്ടെന്നു തന്നെ വീട്ടിലേയ്ക്ക് ഉൾവലിഞ്ഞു. ഡോക്ടർ വീടിന്റെ വാതിൽ കൊട്ടിയടക്കുന്ന ആ ശബ്ദം ഹൃദയത്തിനേറ്റ വലിയ ഒരു മുറിവായി ഇപ്പോഴും അവശേഷിക്കുന്നു.
ചിലപ്പോൾ സംഗതി ശരിയായിരിക്കാം. കാരണം, കുറച്ചു മാസങ്ങളായി ഗ്രാമത്തിൽ പ്രവൃത്തിച്ചു വന്നിരുന്ന ഡോക്ടറുടെ ക്ലിനിക് അടഞ്ഞു കിടക്കുകയാണ്. ഡോക്ടർക്ക് ഏകദേശം ഒരു എഴുപത് വയസ്സെങ്കിലും കാണും. അറുപത്തഞ്ച് വയസ്സിന് മുകളിൽ പ്രായമുള്ളവർ റിവേഴ്സ് ക്വാറന്റയിനിൽ പോകണമെന്ന നിയമം പാലിച്ചു കൊണ്ട് ഡോക്ടർ ക്ലിനിക്കിൽ വരാറില്ല. എങ്കിലും വീട്ടിൽ വരുന്ന രോഗികളെ പരിശോധിക്കാറുണ്ട് എന്നറിഞ്ഞത് കൊണ്ടാണ് വീട്ടിലേയ്ക്ക് പോയത്. കൂടാതെ വർഷങ്ങളായുള്ള പരിചയവും. പക്ഷേ, കൊറോണയെന്ന ആ മഹാമാരിയെക്കുറിച്ചുള്ള ഭീതി, പരിചയത്തെക്കാളുമെല്ലാം എത്രയോ ആഴത്തിൽ ഇവരുടെയൊക്കെ മനസ്സിൽ വേരോടിയിരിക്കുന്നു എന്ന ആ ഒരു അറിവ്, ജാഗ്രതാ നിർദ്ദേശങ്ങൾ അണുവിട തെറ്റാതെ അനുസരിച്ചു പോന്നിരുന്ന എനിയ്ക്കും, ജാഗ്രതയുടെ സ്ഥാനത്ത് ഒരു തരം ഭയമായി അനുഭവപ്പെടാൻ തുടങ്ങി.
വീട്ടിൽ തിരിച്ചെത്തിയ ഞാൻ, ചരൺ ദാസ് ഡോക്ടർ തന്നെ റഫർ ചെയ്യാറുള്ള ഒരു ഹോസ്പിറ്റലിന്റെ നമ്പറിൽ വിളിച്ചന്വേഷിച്ചപ്പോഴും ഇത് തന്നെയായിരുന്നു അവരുടേയും മറുപടി. അങ്ങിനെയാണ് ഹെൽത്ത് സെന്ററിൽ പോയി തൊണ്ടയിൽ നിന്നും സ്രവമെടുത്ത് പരിശോധനക്കയച്ചത്.
തറവാട്ടിലെ അസൗകര്യം കണക്കിലെടുത്ത് , മുംബൈയിൽ നിന്നും കൊറോണ പിടിച്ച് നാട്ടിൽ വന്ന അനുജൻ എന്റെ വീട്ടിലായിരുന്നു അസുഖം ഭേദമാവുന്നത് വരെ താമസിച്ചത്. പരിചരിക്കാൻ എന്റെ ഭാര്യയും. പക്ഷ, അവന്റെ പക്കൽ നിന്നും വീണ് കിട്ടിയതൊന്നുമല്ല തന്റെ അസുഖം. കാരണം, അവന് നെഗറ്റീവായിട്ട് രണ്ട് മാസത്തിലധികമായി.
സെയിൽസ്മാനെന്ന തന്റെ ഈ ജോലിയിൽ പത്തിരുപത്തിയഞ്ച് കടകളിലെങ്കിലും ദിവസവും കയറിയിറങ്ങണമായിരുന്നു. ഓരോ കടകളിലും കയറിയിറങ്ങുമ്പോഴും സോപ്പുപയോഗിച്ച് നല്ലത് പോലെ കൈകൾ കഴുകുകയും, അതിനും പറ്റിയില്ലെങ്കിൽ സാനിറ്റൈസർ ഉപയോഗിച്ച് കൈകൾ വൃത്തിയാക്കുകയുമൊക്കെ ചെയ്യാറുള്ളതാണ്. സേഫ്റ്റി ഡിസ്റ്റൻസും, മാസ്ക്കുമെല്ലാം ശരിക്കും കർശനമായിത്തന്നെ പാലിച്ചു പോന്നു. എങ്കിലും സംശയം ദൂരീകരിക്കാൻ വേണ്ടിത്തന്നെയാണ് ഹെൽത്ത് സെന്ററിൽ പോയി കോവിഡ് ടെസ്റ്റിന് വിധേയനായത്. റിസൽട്ട് വരുന്നത് വരെ ഒരിക്കലും തനിക്ക് ഈ അസുഖം വരില്ല എന്ന ഒരു ഉറച്ച വിശ്വാസം തന്നെയായിരുന്നു മനസ്സ് നിറയെ. ഒരു തരത്തിലുള ഓവർ കോൺഫിഡൻസ് .പക്ഷേ, കൊറോണ പോസിറ്റീവാണെന്നറിഞ്ഞിട്ടും, ധൈര്യം വിടാതെ സാന്ത്വനപ്പെടുത്താൻ അവളും കൂടെ ഉണ്ടായിരുന്നത് കൊണ്ട് അസുഖ ബാധിതനായിട്ട് പോലും അതിന്റെ ഒരു ലാജ്ഞനയൊന്നും മനസ്സിന് അനുഭവപ്പെട്ടില്ല. കൊറോണ ബാധിച്ച അനുജനെ പരിചരിച്ച ആ അനുഭവം ഉള്ളത് കൊണ്ടാവാം. അവൻ അസുഖ ബാധിതനായിക്കിടന്നിരുന്ന ആ ഒരു മുറി തന്നെ എനിയ്ക്കും സജ്ജമാക്കിത്തന്നു. അങ്ങിനെ ആ ഒരു മുറിയിൽ ഞാൻ തികച്ചും ഒറ്റപ്പെട്ടു. പതുക്കെ പതുക്കെ കോവിഡ് എന്ന മഹാമാരിയുമായി മനസ്സ് സമരസപ്പെടുകയായിരുന്നു.
ബാത്ത്റൂം അറ്റാച്ച്ഡ് ആയിട്ടുള്ള ഒറ്റപ്പെട്ട ഒരു മുറി വീട്ടിലുണ്ടെങ്കിൽ വീട്ടിൽ തന്നെ തുടരാനും, താനൊഴിച്ച് മറ്റ് കുടുംബാംഗങ്ങളെക്കൂടി എത്രയും പെട്ടെന്ന് ടെസ്റ്റിന് വിധേയമാക്കണമെന്നുമൊക്കെയുളള നിബന്ധനകളാണ് ഹെൽത്ത് ഡിപ്പാർട്ട്മെന്റിൽ നിന്നും ലഭിച്ചത്.
ഇനിയാണ് പ്രശ്നങ്ങളുടെ തുടക്കം. വീട്ടിൽ നിത്യോപയോഗ സാധനങ്ങളെല്ലാം ഏറെക്കുറെ തീർന്ന് കഴിഞ്ഞു. ഏതൊരാവശ്യത്തിനും എന്നോടൊപ്പമല്ലാതെ പുറത്തേയ്ക്ക് പോയി പരിചയമില്ലാത്ത ഭാര്യയും, പറക്കമുറ്റാത്ത രണ്ട് മക്കളും. വല്ല പനിയോ, കഫക്കെട്ടോ മറ്റോ വന്നാൽ അതിന് കഴിക്കേണ്ട മരുന്നുകൾ പോലും കരുതി വെച്ചിട്ടില്ല.കാരണം. നിനച്ചിരിക്കാത്ത നേരത്താണല്ലോ കൊറോണ എന്ന മഹാമാരിയുടെ ആഗമനം. എന്തായാലും അനുജനെ വിളിച്ച് വിവരങ്ങളെല്ലാം പറഞ്ഞ് വീട്ടിലേയ്ക്കാവശ്യമുള്ള നിത്യോപയോഗ സാധനങ്ങളും, മരുന്നും, കൂടാതെ എ.ടി.എം ൽ നിന്നും കുറച്ചു പൈസയുമെല്ലാം എടുക്കാം എന്ന് കരുതി അവനെ മോബൈലിൽ വിളിച്ചു. കുറേ തവണ വിളിച്ചതിന് ശേഷമാണ് അവൻ മോബൈൽ എടുത്തത് തന്നെ. മോബൈൽ എടുത്തതും ആദ്യമേ തന്നെ അവൻ ചോദിച്ചത് ചേട്ടന് പോസിറ്റീവായി അല്ലേ എന്നാണ്. അവന്റെ ശബ്ദത്തിൽ വന്ന മാറ്റവും, പരിഭ്രമവുമൊക്കെ അസുഖഭാധിതനായ എന്നെപ്പോലും അസ്വസ്ഥനാക്കി. കാര്യങ്ങളെല്ലാം അവനോട് വിസ്തരിച്ച് പറഞ്ഞപ്പോൾ, അവന്റെ ശബ്ദത്തിൽ വന്ന പതർച്ചയും, തൊട്ടും തൊടാതെയുമുള്ള അവന്റെ സംസാര രീതിയുമൊക്കെ ഒരു തവണ ഈ അസുഖം വന്നു പോയ അവൻ പോലും വല്ലാതെ ഭയന്നിരിക്കുന്നു എന്ന് എനിയ്ക്ക് വ്യക്തമായി. അവസാനം അവൻ ഏതോ ഒരു കാര്യത്തിന് വേണ്ടി തിരുവനന്തപുരം വരെ പോവുകയാണെന്നും, തിരിച്ചു വരാൻ ദിവസങ്ങളെടുക്കുമെന്നും ഒക്കെ പറഞ്ഞ് തടിയൂരി. അവനോട് എനിയ്ക്ക് ദ്വേഷ്യമൊന്നും തോന്നിയില്ല. കാരണം ഞങ്ങളുടെ ഗ്രാമത്തിൽ തന്നെ കൊറോണ ബാധിച്ച് അടുത്തടുത്ത് നടന്ന കുറേ മരന്നങ്ങളും, ചാനലുകളിലും, പത്രമാദ്ധ്യമങ്ങളിലുമൊക്കെ കൊട്ടിഘോഷിക്കപ്പെടുന്ന , സംഹാരതാണ്ഡവമാടുന്ന കൊറോണയുടേയും, അതിന്റെ വകഭേദങ്ങളുടേയുമൊക്കെ വാർത്തകളും ഒക്കെ കണ്ടും, കേട്ടും സാധാരണക്കാരായവരിൽ ആരാണ് ഭയപ്പെടാതിക്കുക.
ഇനിയാര് എന്ന് ചിന്തിച്ചപ്പോൾ, തന്റെ വീട്ടിലെ ചെറുതും, വലുതുമായ എല്ലാ ആവശ്യങ്ങൾക്കും ഓട്ടത്തിനായി വിളിക്കാറുള്ള ഓട്ടോറിക്ഷാ ഡ്രൈവറാണ് ഓർമ്മയിൽ ഓടിയെത്തിയത്. അവനെ വിളിച്ചപ്പോൾ അവനും മോബൈലെടുത്ത് ആദ്യം ചോദിച്ചത് തന്നെ ഞാൻ പോസിറ്റീവായതിനെ കുറിച്ചായിരുന്നു. ഉടൻ തന്നെ താൻ ഓട്ടത്തിലാണെന്നും പിന്നീട് വിളിക്കാമെന്നും പറഞ്ഞ് അവൻ മോബൈൽ ഓഫ് ചെയ്തു. രണ്ടാമത്തെ തടിയൂരൽ.
തന്നോടൊപ്പം വണ്ടിയിൽ സെയിൽസിന് വന്നിരുന്ന പയ്യനും, ഓഫീസ് സ്റ്റാഫുമെല്ലാം താൻ പോസിറ്റീവായതോടെ അവരും ക്വാറന്റെയിനിൽ പോകണമെന്ന നിബന്ധന കൂടി നിലവിൽ ഉള്ളത് കൊണ്ട് ഇനിയാരെയാണ് ഒന്ന് സഹായത്തിന് വിളിക്കുക എന്ന ചിന്ത മനസ്സിനെ വല്ലാതെ വിഷമിപ്പിച്ചു കൊണ്ടിരുന്നു. ദിവസങ്ങൾ രണ്ട് , മൂന്ന് കഴിഞ്ഞു. വീട്ടിലെ നിത്യോപയോഗ സാധനങ്ങൾ തികച്ചും അവസാനിച്ചിരിക്കുന്നു. അതിനിടയ്ക്ക് ഞങ്ങളുടെ ചുറ്റുവട്ടത്തുള്ള രണ്ട് വീടുകളിൽ കൂടി കൊറോണ സ്ഥിരീകരിച്ചതോടെ ഞങ്ങളുടെ വീടുകളിലേയ്ക്ക് വരുന്ന വഴി പോലും അടച്ചുകെട്ടി. അങ്ങിനെ എല്ലാം കൊണ്ടും നിരാശനായി ഇരിയ്ക്കുന്ന സമയത്താണ് മുറിയുടെ തെക്കോട്ടുള്ള ജനലിന്മേൽ ആരോ വന്ന് ശക്തിയായി മുട്ടുന്ന ഒച്ച കേട്ടത്. ആരും പേടിച്ചിട്ട് വഴി നടക്കുക പോലും ചെയ്യാത്ത ഇത്തരുണത്തിൽ ആരാണ് ഇത്ര ധൈര്യത്തോടു കൂടി ജനലിൽ മുട്ടുന്നതെന്നറിയാൻ വേണ്ടി മെല്ലെ ജനൽപ്പാളി തുറന്നു. നോക്കിയപ്പോൾ ജനലിൽ നിന്നും കുറച്ച് ദൂരത്തേക്ക് മാറി, രണ്ട് കയ്യിലും കയ്യുറകളും, മുഖത്ത് മാസ്കും ധരിച്ച്, പി.പി.ഇ കിറ്റ് ധരിക്കാത്ത ഒരു ആരോഗ്യ പ്രവർത്തകനെപ്പോലെ നിൽക്കുന്നു ബാലേട്ടന്റെ ചായക്കടയിലെ പണിക്കാരൻ പിരാന്തൻ ഔറു.
കർക്കിടക മാസത്തിലെ ഒരമാവാസിനാളിൽ തുള്ളിക്കൊരുകുടം കണക്കേ പെയ്തൊഴിഞ്ഞ മഴയുടെ തൊട്ടടുത്ത പ്രഭാതത്തിൽ, ഇന്നലെ പെയ്ത മഴയ്ക്ക് ഇന്ന് കുരുത്ത തകര കണക്കേ , ഞങ്ങളുടെ ഗ്രാമത്തിന്റെ കിഴക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്ന പെരുമലക്കുന്നിന്റെ താഴ് വാരത്ത് നിന്നും, പതുക്കെ, പതുക്കെ ഉദിച്ചുയർന്ന സൂര്യനോടൊപ്പം ഒരു ദിവസം ഞങ്ങളുടെ ഗ്രാമത്തിൽ പ്രത്യക്ഷപ്പെട്ടതാണ് പിരാന്തൻ ഔറു. അങ്ങാടിയിലുള്ള ബാലേട്ടന്റെ ചായപ്പീടികയിൽ മുഷിഞ്ഞ ഒരു തുണിസഞ്ചിയും കൈയിൽ തൂക്കിപ്പിടിച്ച്, പുറത്ത്, നിന്ന് കൊണ്ട് , ഒരു ചായ വാങ്ങിക്കുടിക്കുമ്പോൾ , മുഷിഞ്ഞ വേഷവും, ചപ്രത്തലമുടിയുമുളള ഔറുവിനെ കാഷിലിരിയ്ക്കുന്ന ബാലേട്ടൻ പ്രത്യേകം ശ്രദ്ധിച്ചു. ദിവസവും പഞ്ചായത്ത് കിണറ്റിൽ നിന്നും വെള്ളം കോരിക്കൊണ്ടുവരാറുളള സുബ്രൻ രണ്ട് ദിവസങ്ങളായി വരാത്തത് കൊണ്ട് വിഷമിച്ചിരിക്കുകയായിരൂന്നു ബാലേട്ടൻ. ” ഇവ്ടെ പണിക്ക് നിക്കണാ?” എന്ന ബാലേട്ടന്റെ ചോദ്യത്തിന് ഉത്തരമായി തലയാട്ടി സമ്മതമറിയിച്ച ഔറുവിനെ അന്നുമുതൽ പേരും , നാളും , വയസ്സും , മേൽവിലാസവുമൊന്നുമില്ലാതെ തന്നെ ബാലേട്ടൻ ജോലിക്കെടുക്കുകയായിരുന്നു. എല്ലാ ജോലികളും അടുക്കും, ചിട്ടയോടും കൂടി വേഗത്തിൽ ചെയ്തു തീർക്കുന്ന ഔറുവിനെ ആദ്യത്തെ ഒന്ന്, രണ്ട് ദിവസം കൊണ്ട് തന്നെ ബാലേട്ടന് ശ്ശി പിടിച്ചു.
ജോലിയെല്ലാം കഴിഞ്ഞാൽ ഔറു ദിവസവും കേച്ചേരിപ്പുഴയിൽ പോയി കുളിക്കും. ആരോടും ചങ്ങാത്തമില്ലാത്ത ഔറു നടക്കുമ്പോഴും, വെറുതെയിരിയ്ക്കുമ്പോഴുമെല്ലാം ആരോടെന്നില്ലാതെ സ്വയം എന്തെങ്കിലുമൊക്കെ പിറുപിറുത്ത് കൊണ്ടേയിരിയ്ക്കും. ഈ ഒരു സ്വഭാവം കണ്ടിട്ടാവണം, ദിവസവും ബാലേട്ടന്റെ ചായപ്പീടികയിലേയ്ക്ക് ചായ കുടിക്കാൻ വരാറുള അസ്സേനാര്ഹാജി, ചായ പ്പീടികയിൽ നിറയെ ആളുകൾ ചായ കുടിച്ചു കൊണ്ടിരിക്കുന്ന ഒരു ദിവസം എന്തോ വാക്ക് തർക്കത്തിന്റെ അവസാനം ഔറുവിന്റെ മുഖത്ത് നോക്കി പിരാന്തൻ ഔറു എന്ന് വിളിച്ചത്. മുഖത്ത് ഒരു ഭാവ വ്യത്യാസവും വരുത്താതെ, അത് കേട്ടിട്ടും കേൾക്കാത്തത് പോലെ ഔറു ഉള്ളിലേയ്ക്ക് വലിഞ്ഞു. അന്നു തൊട്ടാണ് എല്ലാവർക്കും വെറും ഔറുവായിരുന്ന ഔറു പിരാന്തൻ ഔറു വായി മാറിയത്.
ഒരു ദിവസം ഔറു പുഴയിലേയ്ക്ക് കുളിക്കാൻ വേണ്ടി പോകുമ്പോഴാണ് വറീതേട്ടന്റെ വീട്ടുപടിക്കൽ കുറേയാളുകൾ കൂട്ടം കൂടി നിൽക്കുന്നത് ഔറുവിന്റെ ശ്രദ്ധയിൽ പെട്ടത്.
അത് കണ്ടപ്പോൾ ഔറു അവിടെച്ചെന്ന് അവരോട് കാര്യം തിരക്കി. ഗ്യാസ് സ്റ്റൗവിന്റെ മേലെ വെച്ചിരുന്ന എണ്ണച്ചട്ടിക്ക് തീപിടിച്ചതാണ് പ്രശ്നം. തീ ആളിക്കത്താൻ ആരംഭിച്ചതോടെ വീട്ടിലുളള മുതിർന്നവരും, പെണ്ണുങ്ങളും , കുട്ടികളുമെല്ലാം പുറത്തേയ്ക്കോടി . വിവരമറിഞ്ഞ് അയൽപക്കത്തുളളവരും, വഴിയാത്രക്കാരുമൊക്കെ അവരോടൊപ്പം തടിച്ചുകൂടി ഗ്യാസിന്റെ കുറ്റി പൊട്ടിത്തെറിക്കുന്നതും പ്രതീക്ഷിച്ച് നിൽക്കുമ്പോഴാണ് ഔറുവിന്റെ അത് വഴിയുള്ള വരവ്. കാര്യം കേട്ടറിഞ്ഞ ഔറു ഉടൻതന്നെ അടുക്കളയിലേക്കോടി. എല്ലാവരേയും സ്നേഹിക്കാൻ മാത്രം അറിയാവുന്ന, എന്നാൽ ആരുടേയും ആരുമല്ലാതിരുന്ന പിരാന്തൻ ഔറുവിനെ തടയാൻ മാത്രം ആരും മുതിർന്നില്ല. ഗ്യാസിന്റെ കുറ്റി പൊട്ടിത്തെറിക്കുന്നതും പ്രതീക്ഷിച്ച് പുറത്ത് കൂട്ടംകൂടി നിന്നവരെയെല്ലാം നിരാശപ്പെടുത്തിക്കൊണ്ട്, ഗ്യാസിന്റെ കുറ്റി തോളിലും വെച്ച് പുറത്തേയ്ക്ക് നടന്നു വരുന്ന ഔറുവിനെയാണ് അത്ഭുതത്തോടെ അവിടെ കൂടിനിന്നവരെല്ലാവരും കണ്ടത്. തോളിൽ നിന്നും ഗ്യാസിന്റെ കുറ്റി ഉമ്മറത്ത് ഇറക്കി വെച്ച് , തോളിൽ കിടന്നിരുന്ന തോർത്ത് മുണ്ടെടുത്ത് ഒന്ന് കുടഞ്ഞ് വീണ്ടും തോളിൽത്തന്നെയിട്ട് ഒന്നും സംഭവിക്കാത്തത് പോലെ, ആരെയും ശ്രദ്ധിക്കുക പോലും ചെയ്യാതെ പുഴ ലക്ഷ്യo വെച്ച് ഔറു നടന്നുനീങ്ങി. അന്നു തൊട്ട് ഔറുവിന് ഒരു നായക പരിവേഷമൊക്കെ ചാർത്തിക്കൊടുത്ത ഞങ്ങളുടെ ഗ്രാമം, പക്ഷേ ഗ്രാമത്തിലെ അമ്മമാർ കുഞ്ഞുങ്ങളുടെ കരച്ചിൽ മാറ്റാനും, അവരെ കിടത്തി ഉറക്കാനുമൊക്കെ പിരാന്തൻ ഔറുവിന്റെ പേരാണ് ഉപയോഗിച്ചു വന്നത്. എന്തു പറഞ്ഞാലും മറുത്തൊന്നും പറയാതെ , പ്രതിഫലം ഒരിക്കലും ചോദിച്ചു വാങ്ങാതെ എല്ലാം അനുസരിക്കുമായിരുന്ന പിരാന്തൻ ഔറു പതുക്കെ ഞങ്ങൾ ഗ്രാമവാസികൾക്കെല്ലാം പ്രിയങ്കരനായി മാറുകയായിരുന്നു. എങ്കിലും ആരോടും പരിചയം പോലും ഭാവിക്കാത്ത, വെറുതെ പിറുപിറുത്ത് കൊണ്ട് നടക്കുന്ന പിരാന്തൻ ഔറുവിനെ ഞങ്ങളുടെ ഗ്രാമത്തിൽ ചിലർക്കെങ്കിലും ഭയമായിരുന്നു.
കേച്ചേരിപ്പുഴയും, ചുറ്റുപാടുമുളള ജലാശയങ്ങളുമൊക്കെ വറ്റിവരണ്ട വേനൽക്കാലത്ത് പക്ഷികൾക്ക് കുടിക്കാനെന്നും പറഞ്ഞ് ബാലേട്ടന്റെ ചായക്കടയ്ക്ക് മുകളിലുള്ള ടെറസ്സിൽ ദിവസവും വെള്ളം മാറ്റി, മാറ്റിവെയ്ക്കുന്നത് ശ്രദ്ധയിൽ പെട്ട ബാലേട്ടൻ ഒരു ദിവസം ഔറുവിനെ വഴക്ക് പറഞ്ഞു.
“കിള്യോൾക്ക് കുടിക്കാന്ളള വെള്ളം ഇയ്യെന്തിനാ ദെവസോം മാറ്റ് ണ്? പഴേ വെള്ളം കുടിച്ചാ ന്താ
അവറ്റങ്ങള് ചാവോ ?”
ബാലേട്ടന്റെ ചോദ്യം കേട്ടപ്പോൾ , നിശ്ചലമായി കിടക്കുന്ന വെള്ളത്തിൽ കൊതുക് വന്ന് മുട്ടയിടാനുള്ള സാധ്യത വിവരിച്ച് കൊടുത്ത് കൊണ്ട് ബാലേട്ടനേയും ഞെട്ടിച്ചു കളഞ്ഞു ഔറു. മാസങ്ങൾ മെല്ലെ ഇഴഞ്ഞുനീങ്ങിയപ്പോൾ ഔറുവിന് റമളാൻ മാസവും, നോമ്പും, അതിനോടനുബന്ധിച്ചുളള പെരുന്നാളുമൊക്കെ സമാഗതമായി. വൃതാനുഷ്ഠാന കാലത്ത് ഒറ്റ നോമ്പും വിടാതെ നോക്കുമായിരുന്ന ഔറു നമസ്കരിക്കാൻ പള്ളിയിൽ പോകുന്നത് ബാലേട്ടൻ ഒരിക്കൽ പോലും കണ്ടിട്ടില്ല. പെരുന്നാളിന്ന് ബാലേട്ടന്റെ വക പുതിയ ഒരു കൈലി മുണ്ടും , ഒരു വരയൻ ഷർട്ടുമായിരുന്നു ഔറുവിനുളള പാരിതോഷികം. പെരുന്നാളിന്റെ അന്നും മുടക്കം കൂടാതെ കട തുറക്കാറുളള ബാലേട്ടൻ ഔറുവിന് മാത്രമായി അവുധിയും കൊടുത്തു.
“എനിയ്ക്ക് ലീവൊന്നും വേണ്ടാ മുതലാളി. കാലത്ത് പള്ളിയിൽ പോകാൻ കുറച്ച് നേരം. അത്രയേ വേണ്ടൂ. “
അവിടെയും പിരാന്തൻ ഔറു ബാലേട്ടന്റെ മുന്നിൽ ഒരു ഉത്തരം കിട്ടാത്ത ചോദ്യചിഹ്നമായി മാറുകയായിരുന്നു.
പെരുന്നാളിന്റെ അന്ന് നേരം പുലരുന്നതിന് മുമ്പേ എഴുന്നേറ്റ് , കേച്ചേരിപ്പുഴയിൽ പോയി കുളിച്ചു വന്ന ഔറു, ബാലേട്ടൻ വാങ്ങിക്കൊടുത്ത പുതിയ കൈലി മുണ്ടും , വരയൻ ഷർട്ടുമെല്ലാം ഇട്ട് പള്ളിയിലേയ്ക്ക് പെരുന്നാൾ നമസ്കാരത്തിൽ പങ്കെടുക്കാൻ വേണ്ടി ഇറങ്ങി പുറപ്പെട്ടു. അല്പ സമയത്തിനകം തന്നെ കടയിലേയ്ക്ക് തിരിച്ചു വന്ന ഔറു, ധ്യതിയിൽ കടയുടെ ഉള്ളിലേയ്ക്ക് കയറിപ്പോയി. ഒരു കൈയിൽ ഒരു നാഴിഗ്ലാസ്സ് നിറയെ ചായയും , മറുകൈയിൽ ചട്ട്ണിയും, സാമ്പാറുമൊക്കെ ഒഴിച്ച ദോശയുടെ പാത്രവുമൊക്കെയായി വന്നത് പോലെ തന്നെ ധൃതി പിടിച്ച് പുറത്തേയ്ക്ക് ഇറങ്ങിപ്പോകുന്നത് കണ്ട ബാലേട്ടൻ മെല്ലെ ഔറുവിനെ പിൻതുടർന്നു. രണ്ട് ദിവസമായി കേച്ചേരി അങ്ങാടിയിൽ ആരാലും ശ്രദ്ധിക്കപ്പെടാതെ അലഞ്ഞുതിരിഞ്ഞു നടന്നിരുന്ന ഒരു വ്യദ്ധന്റെ തല സ്വന്തം മടിയിലേക്കെടുത്തു വെച്ച് ദോശ പൊട്ടിച്ച് വൃദ്ധന്റെ വായിലേയ്ക്ക് വെച്ചു കൊടുക്കുന്ന ഔറുവിനെയാണ് ബാലേട്ടൻ കണ്ടത്. “ന്താ ഔറോ യ്യ് പള്ളീല് പോണ്‌ല്ലേ?” എന്ന ബാലേട്ടന്റെ ചോദ്യത്തിന്, “പടച്ചോൻ ഇവ്ടെ ത്തന്നെയുളളപ്പോ പിന്നെ ഞാനെന്തിനാ പള്ളീ പോണ്?” എന്ന മറുചോദ്യമായിരുന്നു ഔറുവിന്റേത്.
എന്നും ബാലേട്ടന്റെ ചായക്കടയിലെ നിത്യ സന്ദർശകരായ ഞങ്ങൾ കുറച്ചു പേരോട്, ഔറുവിന്റെ ഇത്തരത്തിലുള്ള വീര സാഹസിക കഥകൾ പറയാനേ ബാലേട്ടന് നേരമുണ്ടായിരുന്നുളളൂ. അത്രയ്ക്കും ഇഷ്ടമായിരുന്നു ബാലേട്ടന് ഔറുവിനെ. ഔറുവിന്റെ കാര്യങ്ങൾ പറയുമ്പോൾ ബാലേട്ടന് നൂറ് നാവായിരുന്നു.
മുന്നൂറിലധികം കുടുംബങ്ങളുള്ള ഞങ്ങളുടെ ഗ്രാമത്തിലെ നാലഞ്ച് വീടുകളിലെങ്കിലും കൊറോണ പോസിറ്റീവായി എന്നറിഞ്ഞപ്പോൾ അവരെ സഹായിക്കാൻ വേണ്ടി മുന്നിട്ടിറങ്ങിയതും ഔറു തന്നെയായിരുന്നു. ചായക്കടയിൽ വരുന്നവരുടെയൊക്കെ കൊറോണയെക്കുറിച്ചുളള ഭയപ്പെടുത്തുന്ന അഭിപ്രായങ്ങളും , തമ്മിൽ തമ്മിലുള്ള വാക്ക് തർക്കങ്ങളുമൊക്കെ ദിനംപ്രതി കേൾക്കേണ്ടി വരുന്ന ബാലേട്ടന് കൊറോണയെക്കുറിച്ച് ഉള്ളിൽ ഭയമായിരുന്നു. അതിനെക്കുറിച്ചെങ്ങാനും ഔറുവിനോട് പറഞ്ഞാൽ ചിരിച്ചു കൊണ്ട് ഔറു മറുപടി പറയും.
” മുതലാളീ ഭയമല്ല വേണ്ടത് , ജാഗ്രതയാണ്. “
ആള് പിരാന്തനാണെങ്കിലും ജാഗ്രതയുടെ കാര്യത്തിൽ ഔറുവിനെ ബാലേട്ടന് നൂറ് ശതമാനവും വിശ്വാസമായിരുന്നു. എങ്കിലും തരം കിട്ടുമ്പോഴൊക്കെ ഒറ്റയ്ക്ക് ഇരുന്നും, നടന്നുമൊക്കെ പിറു പിറ്ത്ത് കൊണ്ടിരിയ്ക്കുന്ന ഔറു ബാലേട്ടന്റെ മനസ്സിലും ഒരു പകുതി പിരാന്തൻ ഔറു തന്നെയായിരുന്നു.
ലാസറിന്റെ ജനവാതിൽക്കൽ മുട്ടി വിളിച്ച് ജനൽപാളി തുറപ്പിച്ച പിരാന്തൻഔറു ലാസറിനോട് കാര്യങ്ങൾ വിശദീകരിച്ചു.
” ഈ വഴിയിലുള്ള എല്ലാ വീട്ടിലും കൊറോണയാണെന്നും, നിങ്ങളൊക്കെ സീരിയസ്സായി കിടക്കുകയാണെന്നുമൊക്കെയാണ് ചായപ്പീടികയിൽ ചായ കുടിക്കാൻ വരുന്നവരുടെയൊക്കെ രണ്ട് മൂന്ന് ദിവസമായിട്ടുളള ചർച്ചാ വിഷയം. അതുമല്ലാതെ ഇങ്ങോട്ടുളള വഴിയൊക്കെ അടച്ചുകെട്ടി പോലീസ് കാവൽ നിൽക്കുകയാന്നെന്നും. അതിന്റെയൊക്കെ നിജസ്ഥിതി അറിയാമെന്നു കരുതി വന്നതാ. കൂടാതെ, വീട്ടിലേയ്ക്ക് വല്ല സാധനങ്ങളും വേണമെങ്കി അതും ഞാൻ പോയി വാങ്ങിച്ചു കൊണ്ടുവരാം.”
തേടിയവള്ളി കാലിൽ ചുറ്റി എന്ന് പറയുന്നത് പോലെ, ഇതു വരേയും അന്വേഷിച്ച് കണ്ടെത്താൻ കഴിയാത്ത ഒരാൾ ദൈവദൂതനെപ്പോലെ പിരാന്തൻ ഔറുവിന്റെ വേഷത്തിൽ തന്റെ മുന്നിൽ വന്ന് നിൽക്കുന്നത് കണ്ടപ്പോൾ അറിയാതെ തന്നെ ലാസറിന്റെ കണ്ണുകൾ ഈറനണിഞ്ഞു. അത് പിരാന്തൻ ഔറുവല്ല , മറിച്ച് സ്വന്തം കൂടപ്പിറപ്പാണെന്ന് തോന്നി ലാസറിന്. ഔറുവിനോട് നിൽ ക്കാൻ പറഞ്ഞ്, വീട്ടിലേയ്ക്ക് ആവശ്യമുള്ള സാധനങ്ങളുടെ ഒരു വലിയ ലിസ്റ്റും , മരുന്നിന്റെ പേരുകളെഴുതിയ കുറിപ്പടിയും, എ.ടി.എം കാർഡുമൊക്കെ ഒരു കവറിലിട്ട് , വിവരങ്ങളും പറഞ്ഞ് കവർ ഔറുവിനെ ഏൽപ്പിച്ചപ്പോൾ, ഔറു അരയിൽ തിരുകിയ ഒരു സാനിറ്ററൈസറിന്റെ ബോട്ടിൽ പുറത്തേയ്ക്ക് വലിച്ചെടുത്ത് ഞാൻ ഏൽപ്പിച്ച കവറിന്റെ പുറത്തും , കൈയിൽ ധരിച്ചിട്ടുള്ള ഗ്ലൗസ്സിലുമെല്ലാം സ്പ്രേ ചെയ്യുന്നത് കണ്ടപ്പോൾ ബാലേട്ടനോട് എപ്പോഴും ഔറു പറയാറുള്ള കാര്യമാണ് ഓർമ്മയിൽ വന്നത്. ഭയമല്ല, ജാഗ്രതയാണ് വേണ്ടത്. സ്വന്തം അനുജൻ പോലും അടുത്ത് വരാൻ ഭയപ്പെടുന്ന ഈ ഒരു ദുരന്തത്തെ എത്ര ലാഘവത്തോടെയാണ് ഔറു നോക്കിക്കാണുന്നത് എന്നോർത്തപ്പോൾ ആരോരുമില്ലാത്ത പിരാന്തൻ ഔറു തന്റെ ജീവിതത്തിൽ തനിക്കെല്ലാമായി മാറുകയായിരുന്നു. സ്വന്തം കുടുംബാംഗങ്ങളേക്കാളുമെല്ലാം ഉപരിയായി.
പെരുമണ്ണ് – വാവനൂർ
വീണകവി
ആസന്നമൃത്യുവായ്, ഓർമ്മകളിൽ തട്ടി
വീണുകിടക്കുന്നു യാത്രികനാം കവി.
ആരിവനെന്നു തിരക്കവേ കേൾക്കുന്നു
ആരുമല്ലാതായ പോരാളിയാണിവൻ.
മൃത്യു വന്നെത്തി കരങ്ങളെ താങ്ങുവാൻ,
ഒത്തിരി നേർത്തൊരു ശ്വാസം നിലക്കവേ.
വിസ്മയം പോലെ പരേതന്റെ മേനിയിൽ
വിസ്മൃതി പുത്തൻ ശവക്കച്ചയായിപോൽ.
ചീന്തിയെടുത്തിവൻ ജീവിതത്തിൽ നിന്നു
ചോരപൊടിക്കും കവിതതന്നേടുകൾ.
നേരിന്റെ ഗീതികൾ പാടിനടന്നൊരു
പേരറിയാത്ത കവിയായിരുന്നയാൾ.
കണ്ടു പരിചയമുണ്ടായിരുന്നവർ
മിണ്ടാതെ കാണാത്തപോലെ കടന്നുപോയ്.
ഓടയിൽ വീണു മരിച്ചൊരുയാത്രികൻ
ഏതോ കുടിയനാണെന്നും കഥയായി.
മോർച്ചറിക്കുള്ളിൽ ശരീരവിചാരണ.
മാദ്ധ്യമചർച്ചയിൽ വാർത്താവിചാരണ.
അതിനുമേൽ അദ്ധ്യാത്മവിദ്യാലയത്തിൽ
ചിതയിലൊടുങ്ങുന്ന വെൺചാരമാകും.
പ്രേതവിചാരണക്കായി ജഢമൊരു
ശീതീകരിച്ച മുറിയിൽ കിടക്കവേ,
ചുറ്റികയാൽ തലയോട്ടി പൊളിച്ചവൻ
നെറ്റി ചുളിച്ചു പറഞ്ഞതാണിങ്ങനെ:-
“അറിയാമെനിയ്ക്കീ മുഖം നല്ലപോലെ.
തെരുവിന്റെ സ്വന്തം കവിയായിരുന്നു.
മരണമാണിഷ്ടവിഷയം കവിതയിൽ
കരുണവും വീരവും കരകവിഞ്ഞു.
പാരായണത്തിൻ ലഹരിയിലൊന്നിച്ചു
കാലിടറിപ്പോയതോർമ്മിച്ചിടുന്നു ഞാൻ.”
വഴിയിൽ കിടന്നു മരിച്ച കവിയുടെ
കഥതേടി മാദ്ധ്യമപ്രതിനിധികൾ.
സ്മരണാഞ്ജലികളെഴുതിപത്രങ്ങൾ,
ഒരുകാര്യമെന്നാൽ പറയാതെ വിട്ടു.
അവരവജ്ഞയാൽവലിച്ചെറിഞ്ഞതാം
കവിഹൃദയത്തിൻ തുടു തുടുപ്പുകൾ
കിടക്കയാണിന്നും അവഗണന തൻ
കഴിഞ്ഞകാലത്തെ ചവറ്റു കുട്ടയിൽ.
കവി മരിക്കുമ്പോൾ പുനർജ്ജനിച്ചേക്കാം
പഴങ്കവിതകൾ ചവറ്റുകുട്ടയിൽ.
മംഗളാനന്ദൻ
അഡിനോയിഡ് ഓപ്പറേഷൻ വേണോ?
അഡിനോയിഡ് ഗ്രന്ധി വളർച്ച കുട്ടികളിൽ സാധാരണ കാണുന്ന ഒരു പ്രശനമാണ്. തൊണ്ടയുടെയും മൂക്കിന്റെയും പിൻഭാഗത്തായി സ്ഥിതിചെയ്യുന്ന ഒരു കൂട്ടം ലിംഫോയിഡ് ടിഷ്യൂ ആണു അഡിനോയിഡ്.ഇവ നമ്മുടെ രോഗ പ്രതിരോധ ശേഷിക്കു വളരെ പ്രധാനമാണ്. മൂക്കിലൂടെ കയറുന്ന വായുവിലെ രോഗാണുക്കളെ ആദ്യമേ പിടിച്ചു കൊല്ലുകയാണു അഡിനോയിഡ്കളുടെ ജോലി. . അതിനാലാണു അതിനെ ഓപ്പറേഷൻ ചെയ്യുന്നതിനു മുൻപ് രണ്ടു വട്ടം ചിന്തിക്കണമെന്നു പറയുന്നത്. മാത്രമല്ല അതു കൗമാരത്തിൽ ചുരുങ്ങാൻ തുടങ്ങി യൗവനത്തിൽ അപ്രത്ക്ഷമാവുകയും ചെയ്യും.
ആധുനിക വൈദ്യ ശാസ്ത്രത്തിൽ സർജറിയും, ആന്റിബയോട്ടിക് ചികിൽസയുമാണു പ്രധാനം. മിക്കവാറും ഓപ്പറേഷനാണു ആധുനിക വൈദ്യ ശാസ്ത്രത്തിൽ ശുപാർശ ചെയ്യാറുള്ളത്. എന്നാൽ അതിന്റെ ആവശ്യം പലപ്പോഴും ഇല്ല എന്ന യാദാർഥ്യം അറിഞ്ഞിരിക്കുക.
അഡിനോയിഡ് വളർന്നാൽ പ്രധാനമായും ശ്വാസതടസ്സമാണു വരുക, ഇടയ്ക്കിടയ്ക്ക് ചെവിയിൽ രോഗാണു ബാധയും വരാം , കുട്ടികൾ മിക്കപ്പോഴും വായ തുറന്നിരിക്കും. അതിനാൽ പല്ലുകൾ പൊങ്ങിവരാം. വായ്തുറന്നിരിക്കുന്നതിനാൽ വായ വരണ്ടു പോകാം.വായയ്ക്കു ദുർഗന്ധം ഉണ്ടാവാം, കൂർക്കം വലിയുണ്ടാകാം. മൂക്കിലൂടെ സംസാരിക്കുന്ന പോലെ ശബ്ദവ്യത്യാസം വരാം.
തലച്ചോറിലേക്ക് രക്തചംക്രമണം കുറയുന്നതിനാൽ പഠന പിന്നോക്കാവസ്ഥ വരാം. ദീർഘകാലം ഈ അവസ്ഥകൾ തുടർന്നാൽ മുഖത്തിനു തന്നെ രൂപമാറ്റം വരാം (adenoid faces).
അഡിനോയിഡ് അമിത വളർച്ച കൂടാതെ ഇവയ്ക്ക് ബാക്റ്റീരിയ, വൈറസ്,എന്നിവ കൊണ്ട് പഴുപ്പ് ബാധിക്കാം,
രോഗാവസ്ഥയുടെ നിജസ്ഥിതി എൻഡോസ്കോപ്പി, എക്സ് റേ, സി ടി, എം ആർ ഐ എന്നിവയിലൂടെ കണ്ടെത്താം.
ഹോമിയോപ്പതിയിൽ അഡിനോയിഡിന്റെ അമിത വളർച്ച നിയന്ത്രിക്കാനും അവയെ സ്വാഭാവിക വലിപ്പത്തിലാക്കാനും അവയ്ക്കുണ്ടാകുന്ന രോഗങ്ങൾ മാറ്റാനുമുള്ള മരുന്നുകൾ ലഭ്യമാണ്.
രോഗം വളരെ ഗുരുതരമാകുന്നതിനു മുൻപ് നല്ല ഒരു ഹോമിയോപ്പതി ചികിൽസകനെ കാണുകയാണെങ്കിൽ അഡിനോയിഡ് ഓപ്പറേഷൻ കൂടതെ പൂർണ്ണമായും സുഖപ്പെടുത്താനാകും.
ഡോ. ടി. ജി. മനോജ് കുമാർ
ഇന്തോന്വേഷ്യൻ ദിനങ്ങൾ
അധ്യായം 4 : രാക്ഷസ ഗൗളികൾ
ഇക്ക്വേറ്ററിനോട് ചേർന്ന് കിടക്കുന്നതു കൊണ്ട് ഇവിടെ കാലാവസ്ഥാ വ്യതിയാനങ്ങൾ കാര്യമായി അനുഭവപ്പെടുന്നില്ല. ഒരു മഴക്കാലവും ഒരു വേനൽക്കാലവും മാത്രം. അതി ശൈത്യമോ കടുത്ത വേനലോ ഇവിടെയില്ല. ഏപ്രിൽ മുതൽ ഒക്‌ടോബർ വരെ വേനൽക്കാലവും നവംബർ മുതൽ മാർച്ചുവരെ മഴക്കാലവുമാണ്. താഴ്ന്ന പ്രദേശങ്ങളെ അപേക്ഷിച്ച് ഉയർന്ന പ്രദേശങ്ങളിൽ തുടർച്ചയായ നല്ല മഴ ലഭിക്കും.
രാജ്യത്തിൻറെ പകുതി ഭാഗത്തോളം വനം നിലനിർത്തിയിരിക്കുന്നു. ഞാൻ കഴിഞ്ഞ ഒരു അധ്യായത്തിൽ എഴുതിയിരുന്നു ഇവിടെ ധാരാളം അത്‌ഭുതങ്ങൾ ഒളിച്ചു വച്ചിരിക്കുന്നു എന്ന്. അത്തരം നമുക്ക് അത്ര പരിചയമില്ലാത്ത രണ്ടു പുഷ്‌പങ്ങൾ ഇവിടെ കാണുവാൻ സാധിക്കും. രണ്ടും സുമാത്രയിലെ മഴക്കാടുകളിലാണുള്ളത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ പുഷ്‌പം എന്നറിയപ്പെടുന്ന ‘റഫ്‌ളേഷിയ’ ഇവിടെ ധാരാളം. ഏഴു കിലോഗ്രാം വരെ തൂക്കമുണ്ടാകും ഈ പൂക്കൾക്ക്. മലേഷ്യയിലും, തായ്‌ലന്റിലും, ഫിലിപ്പൈൻസിലും ഈ പൂക്കൾ കാണാറുണ്ട്. ഇത് ആദ്യമായി കണ്ടെത്തിയതും സുമാത്രയിലാണ്.
രണ്ടാമത്തെ പുഷ്‌പം ‘ബുങ്ങാ ബാങ്കെ’ എന്ന് അവിടെ വിളിക്കുന്ന ടൈറ്റാൻ ഓറം ആണ്. അളിഞ്ഞ മാംസത്തെക്കാൾ ദുർഗന്ധം വമിപ്പിക്കുന്ന ഒരു പുഷ്‌പം. ഒരു കിലോമീറ്റർ ചുറ്റളവിൽ ഇതിനു അസഹ്യമായ ദുർഗന്ധം പരത്തുവാൻ കഴിയും.
ഭീമൻ ഗൗളികളാണ് ഇവിടത്തെ മറ്റൊരു പ്രത്യേക ജീവി. ‘കൊമഡോ ഡ്രാഗൺ’ എന്നറിയപ്പെടുന്ന ഈ കൂറ്റൻ ലിസാർഡുകൾ മൂന്നു മീറ്റർ വരെ നീളവും, എഴുപതു കിലോ വരെ തൂക്കവും ഉള്ളവയാണ്. ഇന്തോന്വേഷ്യയിലെ കൊമഡോ, റിങ്ക, ഫ്‌ളോറസ് ദ്വീപുകളിലാണ് ഇവയെ കാണപ്പെടുന്നത്. കൊമഡോ ഡ്രാഗൺ എന്ന പേര് വന്നതും അങ്ങനെ തന്നെ. ഇതിന്റെ കീഴ്ത്താടിയിലെ രണ്ടു ഗ്രന്ഥികൾ വിഷം ഉത്‌പാദിപ്പിക്കുന്നുണ്ടത്രേ. അതുകൊണ്ടു തന്നെ ഇതിനെ ആളുകൾ നേരിയ ഭയത്തോടെ തന്നെയാണ് കാണുന്നത്. ഇതിന്റെ വിഷം ഇന്നും സംശയ രഹിതമായി തെളിയിക്കപ്പെട്ടിട്ടില്ല, എങ്കിലും കടിയേറ്റയാളിൽ രക്‌തവാർച്ചക്കു കാരണമായ ചില പ്രോട്ടീനുകൾ ഇതിലുണ്ട് എന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. ചെറിയ ജീവികളെയും പക്ഷികളെയുമൊക്കെ തിന്നു ജീവിക്കുന്ന ഇവ മനുഷ്യരെ ആക്രമിക്കുന്നത് അത്ര സാധാരണമല്ല. 1910 ൽ മാത്രം ശ്രദ്ധയിൽപ്പെട്ട ഇവയെ സംരക്ഷിക്കുന്നതിനായി കൊമഡോ ദ്വീപിൽ ഒരു ദേശീയ ഉദ്യാനം തന്നെയുണ്ട്.
കാനഡ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ തീരപ്രദേശമുള്ള രാജ്യം ഇന്തോന്വേഷ്യയാണ്. 54000 കിലോമീറ്ററിൽ അധികമാണ് ഇവിടത്തെ കടൽത്തീരങ്ങളുടെ ആകെ നീളം. കേരളത്തിന്റെ കടൽത്തീര നീളം 600 കിലോമീറ്ററിൽ താഴെ മാത്രമാണെന്നുമോർക്കണം. ഭൂകമ്പങ്ങളും കടലാക്രമണങ്ങളും ഇവിടെ സാധാരണമാണ്. ഇവിടെ ഏതെങ്കിലും ഒരു സ്ഥലത്ത് ഗുരുതരമല്ലാത്ത ഒന്നിലേറെ ഭൂകമ്പങ്ങൾ ദിവസവും ഉണ്ടാകുമത്രെ. വർഷത്തിൽ ഒരു അഗ്നിപർവ്വത സ്‌ഫോടനവും.
അഗ്നിപർവ്വത സ്‌ഫോടന ഫലമായി രൂപപ്പെട്ടിട്ടുള്ള ലോകത്തിലെ ഏറ്റവും വലിയ തടാകവും സുമാത്രയിലാണുള്ളത്. ‘ഡാനു ടോബാ’ എന്ന് അവിടെ വിളിക്കുന്ന ടോബോ തടാകമാണത്. എഴുപതിനായിരം വർഷങ്ങൾക്കു മുൻപ് രൂപപ്പെട്ടതാണീ തടാകം. നൂറു കിലോമീറ്റർ നീളവും മുപ്പതു കിലോമീറ്റർ വീതിയും അഞ്ഞൂറ് മീറ്ററിലധികം ആഴവുമുള്ള ഒരു ഭീമൻ തടാകം. വിസ്‌തീർണ്ണം നോക്കുകയായാണെങ്കിൽ നമ്മുടെ എറണാകുളം ജില്ലയുടെ അത്രയും വരും. ലോക ചരിത്രത്തിൽ തന്നെ ഏറ്റവും ജനനാശം വിതച്ച ഒരു അഗ്നിപർവ്വത സ്‌ഫോടനഫലം.
കഴിഞ്ഞ വർഷം ജൂണിൽ (2018) ഈ തടാകത്തിൽ ഒരു വലിയ കടത്തു ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ 190 പേർ മരണപ്പെടുകയും വളരെയധികം പേർക്ക് പരുക്ക് പറ്റുകയുമുണ്ടായി. ബോട്ടിന്റെ പരിധിയിലധികം ഭാരം കയറ്റിയതാണ് അപകട കാരണമെന്ന് പിന്നീട് വിലയിരുത്തപ്പെട്ടു. അമ്പതു കാറുകളും, നൂറ് ഇരുചക്ര വാഹനങ്ങളും മുങ്ങിപ്പോയതിൽ ഉൾപ്പെടുന്നു. ഇതൊക്കെയാണെങ്കിലും സുമാത്രയിലെത്തുന്ന സഞ്ചാരികൾക്ക് ഈ തടാകം നൽകുന്ന ദൃശ്യവിരുന്ന് വർണ്ണനാതീതമാണ്.
ഏറ്റവും കൂടുതൽ പാം ഓയിൽ ഉൽപ്പാദനം നടക്കുന്നത് ഇന്തോന്വേഷ്യയിലാണ്. മലേഷ്യയാണ് തൊട്ടടുത്ത്. ഇന്ത്യ ഇതുവരെ പാം ഓയിൽ കൂടുതലായും ഇറക്കുമതി ചെയ്‌തിരുന്നത് മലേഷ്യയിൽ നിന്നായിരുന്നു. മലേഷ്യൻ പ്രധാനമന്ത്രിയുടെ, കാഷ്‌മീർ വിഷയത്തിലെ യുണൈറ്റഡ് നേഷനിലെ പരാമർശനത്തിനു ശേഷം, മലേഷ്യയിൽ നിന്നുമുള്ള പാം ഓയിൽ ഇറക്കുമതിയിൽ പുനർചിന്തനം ഉണ്ടാകുമെന്ന് ഇന്ത്യ പ്രഖ്യാപിക്കുകയുണ്ടായി. ഇത് ഇന്തോന്വേഷ്യയ്ക്ക് അനുകൂലമായ ഒരു നടപടിയായിരിക്കും. ഒരു സൗഹൃദ രാഷ്‌ട്രമെന്ന നിലയിൽ അവർക്കു താത്‌പര്യവുമായിരിക്കും. അവരുടെ സാമ്പത്തിക വളർച്ചയിലും ഈ തീരുമാനം സഹായകരവുമായേക്കാം.
ഒരു മുസ്ലീം രാജ്യമെന്ന നിലയിലായിരിക്കാം ഒരു പക്ഷേ മലേഷ്യ അങ്ങനെയൊരഭിപ്രായം പറഞ്ഞിരിക്കുക. എന്നാൽ ലോകത്തിലെ ഏറ്റവും വലിയ മുസ്ലീം രാഷ്‌ട്രമായ ഇന്തോന്വേഷ്യയുടെ അഭിപ്രായം ഇങ്ങനെയല്ല താനും. അവർ ഇന്ത്യയെ ഒരു സുഹൃത്ത് രാഷ്‌ട്രമായാണ് കാണുന്നത്. ഇന്ത്യക്കാരോട് അവിടെയുള്ളവർക്ക് സ്‌നേഹവും ബഹുമാനവുമാണ്. ഹിന്ദിപ്പാട്ടുകൾ പാടുന്നവരും, ഹിന്ദി സിനിമ, ടെലിവിഷൻ പരമ്പരകൾ കാണുന്നവരും അവിടെയുണ്ട്. ഇന്ത്യയിലെ അമ്മായി അമ്മമാർ എല്ലാവരും ദുഷ്‌ടരാണോ എന്ന് എന്നോട് ഒരു ബാലിക്കാരി യുവതി ചോദിക്കുകയുണ്ടായി. ചോദിക്കാനുള്ള കാരണമായിരുന്നു രസകരം. അവർക്ക് ബാലിയിൽ ഒരു തുണിക്കടയുണ്ട്. അവിടെയുള്ള ടീവിയിൽ ഹിന്ദി പരമ്പരകൾ കാണുകയാണ് കക്ഷിയുടെ മുഖ്യ വിനോദം. ഇത്തരം പരമ്പരകളുടെ സ്വാധീനം കടലുകടന്നു, ഭാഷകൾ കടന്നു വ്യാപിക്കുന്നുണ്ടെന്ന് നമ്മൾ മനസ്സിലാക്കണം. പരമ്പരകളുടെ നിർമ്മാതാക്കളും സംവിധായകരും മനസ്സിലാക്കണം. ഇതിന്റെ മറുപടി കൊടുക്കേണ്ടത് എന്നെപ്പോലുള്ള പാവം സഞ്ചാരികളും.
ഡോ. സുനീത് മാത്യു
പോലീസ് നായ
അടുപ്പക്കാരൻ്റെ വീട്ടിൽ കള്ളൻ കയറിയത് പകൽ പന്ത്രണ്ടു മണിക്കായിരുന്നു. ഓടുപൊളിച്ച് അകത്തു കയറിയ കള്ളൻ പൂട്ടുപൊളിച്ച് പുറത്തിറങ്ങി. ഇതു മോഷണത്തിൻ്റെ പുതിയ രീതിയെന്ന് പോലീസ്.
പോലീസു നായെ കൊണ്ടുവരണമെന്നു ശാഠ്യം പിടിച്ചത് പരാതിക്കാരൻ തന്നെയാണ്. അയാൾ അഭ്യന്തര വകുപ്പിലെ അറിയപ്പെടുന്ന ഉപദേശികൂടിയാണ്.
പോലീസു നായ് എന്നു കേട്ടപ്പോൾ ഞാൻ വിചാരിച്ചത് തലയിൽ തൊപ്പി വച്ച യൂണിഫോമിട്ട ഒരു ജമണ്ഡൻ നായെയാണ്. പക്ഷേ വന്നത് ചങ്ങലയ്ക്കിട്ട ഒരു പട്ടിയായിരുന്നു.
വന്നപാടെ പരാതിക്കാരൻ്റെ പെട്ടി പരിശോധിച്ച പട്ടി, പുറത്തിറങ്ങിയ യുടനെ അതിൻ്റെ രക്ഷകർത്താവ് എന്ന മനുഷ്യൻ അതിനെ തുടലിൽ നിന്നും വിടുതൽ ചെയ്തു ..
പട്ടി ഒരോ വീട്ടിലും പരിശോധന തുടങ്ങി..
ഞാൻ വിളിച്ചു പറഞ്ഞു “ഏയ്.. പോലീസുകാരാ.. നിങ്ങളുടെ പട്ടി ഞങ്ങ ളുടെ വീടുകളിൽ കയറിയിറങ്ങുകയാണ്. നിങ്ങൾ അതിനെ പൂട്ടിയിട്ടണം.
പോലീസുകാരൻ പറഞ്ഞു.. ” അത് അതിൻ്റെ ഡൂട്ടി നിർവഹിക്കുകയാണ്.. കൃത്യനിർവഹണത്തിന് തടസ്സം നിന്നാൽ വകുപ്പു വേറെയാണ്..
ജാമ്യം കിട്ടാൻ ഇത്തിരി പാടുപെടും.
വകുപ്പുകൾ എണ്ണിപ്പറഞ്ഞ് അയാൾ അവേശഭരിതനായി ..
അധികാരം കാണിക്കാനുള്ള ഉപകരണമാണ് പോലീസ് എന്ന് പാർട്ടി ക്ലാസ്സിൽ പഠിപ്പിച്ചത് തത്ക്കാലം ഞാൻ മറന്നു.’
പ്രത്യയശാസ്ത്രം അപകടം പിടിച്ച ഒന്നാണെന്ന് സഖാവ് പണ്ടേ പറയുമായിരുന്നത് ഇപ്പോൾ ഞാൻ ഓർത്തു.
എൻ്റെ സുരക്ഷ ഞാൻ തന്നെ കാത്തുസൂക്ഷിക്കുന്നതാണ് സ്വാതന്ത്യമെന്നു് ആപ്തവാക്യം.
പട്ടി എന്നെ തള്ളി മാറ്റി വീടിനകത്തേക്കു കയറിപ്പോയി…
കൂടെ.. പോലീസ്സുകാരും…
അടുക്കളയിൽ കയറി ചട്ടി നക്കി മണം പിടിച്ചതിനു ശേഷം പട്ടി എൻ്റെ നേരെ തിരിഞ്ഞു.
“ഞാൻ കള്ളനല്ല….. ഞാൻ കള്ളനല്ല.”.. എന്നു ഞാൻ നിലവിളിച്ചു.
പോലീസു പറഞ്ഞു .. “നീ കള്ളനാണോയെന്നു തീരുമാനിക്കുന്നത് .. ഞങ്ങളല്ല..ഈ പട്ടിയാണ്.”.
പട്ടി തീരുമാനിച്ച സ്ഥിതിക്ക് ഇനി F IR ഇടണം അതാണ് ഞങ്ങളുടെ ഡൂട്ടി.
"ഞാൻ കള്ളനല്ല.. സാർ … ഇവരോടൊക്കെ ഒന്നു ചോദിച്ചു നോക്കണം സർ.. “
ഇവൻ മാന്യതയുടെ മുഖം മൂടിയണിഞ്ഞ പെരും കള്ളനാണെന്നാണ് ഞങ്ങളുടെ വിശ്വാസം. നിർത്താതെയുള്ള പട്ടിയുടെ കുരയിൽ നിന്നും അതു വ്യക്തവുമാണ്.. ഇവനെ കുനിച്ചു നിർത്തി അവൻ്റെ ……. തെറിപ്പിച്ചാൽ സത്യം അറിയാൻ പറ്റും .. ജനക്കൂട്ടം ആർത്തുവിളിച്ചു..
“സാർ ഞാൻ പറയുന്നത് ഒന്നു കേൾക്കണം ….. പരാതിക്കാരൻ്റെ പെട്ടിയിൽ ഉണക്കമീനാണ് ഇരുന്നതെങ്കിൽ തീർച്ചയായും നിങ്ങളുടെ പട്ടി എൻ്റെ അടുക്കളയിൽ കയറും.. … അതൊന്നു നോക്കണം സർ… ഞാൻ നിരപരാധിയാണു സർ … എന്നെ രക്ഷിക്കണം… സർ…
നിന്നെ രക്ഷിക്കാനുള്ള അവസരം നീ തന്നെയാണ് നശിപ്പിക്കുന്നത് .. ഒന്നാമതായി .. നീ … ഞങ്ങളുടെ ബഹുമാനപ്പെട്ട ശ്വാവിനെ പട്ടിയെന്നു വിളിച്ചു.. അതു തന്നെ അക്ഷന്തവ്യമായ കുറ്റകൃത്യമാണ്.നായെ നീ പട്ടിയെന്നു വിളിക്കുമ്പോൾ അപമാനിക്കപ്പെടുന്നത് ഞങ്ങളുടെ ആത്മാഭിമാനമാണ് അതു മറക്കരുത്.
“ഇല്ല .. സർ… അങ്ങനെ പറയില്ല.. സർ… ബഹുമാനപ്പെട്ട …ആദരണീയനായ .. നിങ്ങളുടെ നായ എന്ന യജമാനനോട് .. ഞാൻ മാപ്പു പറയാം സർ.. എന്നെ രക്ഷിക്കണം’
നിന്നെ കസ്റ്റഡിയിൽ എടുത്ത സ്ഥിതിക്ക് നിനക്കും കൂടി പ്രയോജനമുള്ള ഒരു കാര്യമാണ് ഞങ്ങൾ ചർച്ച ചെയ്തു കൊണ്ടിരിക്കുന്നത് ..വെറും ചൂക്കയായ നിനക്ക് അന്താരാഷ്ട പ്രസിദ്ധി കിട്ടുന്ന കാര്യം.
അടുത്ത കാലത്തു നടന്ന ഒരു സ്ഫോടന കേസ്സിലെ പ്രതിയെ ഇതുവരെ പിടികൂടാൻ കഴിഞ്ഞിട്ടില്ല … അതു നീ ഏൽക്കണം ..
ഞങ്ങൾക്കും ഞങ്ങളുടെ യജമാനന്മാർക്കും പ്രമോഷനും ഗുഡ് സർവ്വീസ് എൻട്രിയും കിട്ടുന്ന കാര്യമാണ്.
” ഒരു ഓലപ്പടക്കം കൂടി പൊട്ടിക്കാനറിയാത്ത ആളാണ് സർ … “
അതൊക്കെ ഞങ്ങൾ പറഞ്ഞു തരാം .. വെടിമരുന്നിൻ്റെ പേര്… ഉണ്ടാക്കുന്ന വിധം… എല്ലാം .. …. ലഘുലേഖ വല്ലതും.. കൈയിലുണ്ടോ?
“ഇല്ല സർ ”
അതൊക്കെ സംഘടിപ്പിച്ചു തരാം .. നീ … എല്ലാം ഏൽക്കണം … ഇല്ലെങ്കിൽ ..? മുലപ്പാൽ കുടിച്ചിട്ടുണ്ടെങ്കിൽ അതൊക്കെ വെളിയിൽ വരും.
“എന്നെ … ഉപദവിക്കരുതു.. സർ… ഞാൻ … പാവമാണ്.. സർ.. പാവം.. “
നിൻ്റെ പേരെന്താണ്?
” സുഗുണൻ .. “
എടാ… നായീൻ്റെ… മോനേ… നിനക്ക് ആരാടാ .. ഈ പേരിട്ടത്.. ..
നിൻ്റെ പേര്.. വേറൊന്നായിരുന്നെങ്കിൽ ഞങ്ങൾക്കൊരു വിലയുണ്ടായിരുന്നു .. എല്ലാം നശിപ്പിച്ചു… .. റാസ്ക്കിൾ ……
നിനക്കെതിരെ ഒരു പെറ്റിക്കേസ്സെങ്കിലും ചാർജു ചെയ്യാൻ വകുപ്പുണ്ടോയെന്നു നോക്കട്ടെ.. മെനക്കെടുത്തിയതിന് ..
സാറെ… നമ്മുടെ കള്ളൻ കീഴടങ്ങി… വീടിൻ്റെ പിന്നാം പുറത്ത്….
കിടപ്പുണ്ടായിരുന്നു……
ഇപ്പോഴും.. അവിടെ തന്നെ … ബോധംകെട്ട്.. “. പറഞ്ഞത് പരാതിക്കാരനായിരുന്നു ..
തൊണ്ടിമുതൽ കിട്ടിയോ?
രണ്ടെണ്ണം അവൻ അകത്താക്കി.. നാലെ ണ്ണം ബാക്കിയുണ്ട്… ടച്ചിംഗ്‌സ് ഒന്നുമില്ല.”എല്ലാം … അവൻ തീർത്തു….. കള്ളൻ.
ഇപ്പോൾ .. അങ്ങോട്ടെക്കു തന്നെ .. പുറപ്പെടാം … ചിക്കനും പൊറോട്ടയും കൂടി കരുതിക്കോളണം…
“ഓർഡർ ആണോ സർ.. ഓർഡർ ” പരാതിക്കാരൻ ചോദിച്ചു.
അതേ… ഓർഡർ തന്നെ …റഡിയായിക്കോ…
സ്റ്റാൻ്റപ്പ്… അൻ്റൻറ്റീസ്
ആർ .എസ് .പണിക്കർ
ആസിഡ് – സംഗീത ശ്രീനിവാസൻ : ആസ്വാദനം
പ്രണയം..!!
വ്യത്യസ്ത രൂപങ്ങളിലും, ഭാവങ്ങളിലും പ്രകൃതിയിൽ ആദി മുതൽ നിലനിൽക്കുന്നതെന്തും പ്രണയമാണ്. ആസിഡും പ്രണയലഹരി ആണ്. വെറും പ്രണയലഹരിയല്ല. ലെസ്ബിയൻ പ്രണയത്തിന്റെ അമ്ലലഹരിയാണ്. സ്ത്രീകളുടെ പ്രണയം, രതി അവയെ കുറിച്ച് വായിക്കുക അസ്വസ്ഥമായ ഒന്നാണ് എന്നൊരു കാഴ്ചപ്പാടിനെ പാടെ അകറ്റിയ പുസ്തകമാണ്, സംഗീത ശ്രീനിവാസൻ എഴുതിയ “ആസിഡ്”.
കമല, ഷാലി, കമലയുടെ രണ്ട് ആൺമക്കളായ, ആദി, ശിവ എന്നിവരുടെ വൈകാരികമായ, സ്ഫോടനതലങ്ങളിലൂടെ കടന്നുപോകുന്ന ലഹരിയാണ് ആസിഡ് എന്നൊരു നോവൽ പറഞ്ഞു വെയ്ക്കുന്നത്.
ഭർത്താവിനാൽ ഉപേക്ഷിക്കപ്പെട്ട്, തന്റെ ഇരട്ടകുട്ടികളെയും കൊണ്ട് ( അതിലൊരാൾ വീൽചെയറിൽ ആണ്.), തന്റെ സ്നേഹിതയെന്നോ, പ്രണയിനി എന്നോ, ലൈംഗികപങ്കാളി എന്നോ വിശേഷിപ്പിക്കാവുന്നവളുടെ കൂടെ, അമ്മ മാത്രം ഉണ്ടായിരുന്ന, ഓർമ്മകളുടെ, ചിതലുകളുടെ, പാറ്റഗുളികകളുടെ, പഴയ മണം ഉണ്ടായിരുന്ന തറവാട്ടിലേയ്ക്ക് തിരിക്കുന്ന കമല. അമ്മ കൂടി നഷ്ടപ്പെട്ടവൾ വൈകാരികമായി തീർത്തും അനാഥയാകുന്നു. ലെസ്ബിയനല്ലെന്ന് സ്വയം പ്രഖ്യാപിക്കുന്ന, എന്നാൽ കമലയെ ഉപേക്ഷിക്കുവാൻ വയ്യാത്ത ഷാലി! അവൾ സ്നേഹത്തിന്റെ, അടിമത്വം അനുഭവിക്കണ്ട എന്ന് ഉറക്കെ പറയുമ്പോഴും അടിമയായി പോകുന്നത് ആസ്വദിക്കുന്ന, എന്തിന്റെയൊക്കെയോ പ്രതീകമാണ്.
കമലയുടെ വൈകാരികമായ ഡിപ്രെഷനുകളിൽ അവൾക്കു ചുറ്റും, കിടന്നു വലം വെയ്ക്കുന്ന ആദി, ശിവ, ഷാലി എന്നിവരുടെ പ്രശ്നങ്ങളിലൂടെ ഉരുത്തിരിയുന്നതാണ് ഈ നോവൽ പശ്ചാത്തലം. ചുറ്റും ഒരുപാട് പേരുണ്ടെങ്കിലും, തന്റെ പ്രണയിനിയായ ഷാലി ഉണ്ടെങ്കിലും, തന്റെ മക്കൾ ഉണ്ടെങ്കിലും, അമ്മ മരിക്കുന്നതോടെ വല്ലാത്തൊരു തനിച്ചാക്കപ്പെടലിലേയ്ക്ക് കമല വന്നു വീഴുന്നു.
അവളുടെ പിന്നീടുള്ള ജീവിതം കടന്നുപോകുന്നത്, കർക്കിടകത്തിലെ ആകാശമെന്ന രൂപേണയാണ്. ചിലപ്പോൾ വല്ലാതെ ഇരുണ്ടു കറുക്കുന്നു. ചിലപ്പോൾ ചിരിച്ചുകൊണ്ട്, എറണാകുളത്തെ ഫ്ലാറ്റിന്റെ ചിന്തകളിൽ കുടിയേറുന്നു
തന്റെ തറവാട്ടിലെ, വഴുക്കലുകൾ നിറഞ്ഞ കുളത്തിൽ ഇറങ്ങുന്ന ഷാലി അവിടെ വെച്ചു മരണപ്പെട്ടിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുമ്പോഴും, അവൾ ഇല്ലാതായാൽ താൻ അനുഭവിക്കേണ്ടി വരുന്ന നടുക്കുന്ന ഭീകരതയെ കുറിച്ച് ചിന്തിക്കുകയും ചെയ്യുന്നു. തിരിച്ചു ഷാലിയും. മനസ്സിന്റെ തികച്ചും മുഖംമൂടിയിട്ട രണ്ടുതലങ്ങൾ ആണ് അവ. പിരിയണമെന്ന് കരുതുകയും, ഒരിക്കലുമതിന് കഴിയാതെ വരികയും ചെയ്യുന്ന അവസ്ഥ.
ഇവർക്കിടയിൽ അടഞ്ഞും തുറന്നും ജീവിക്കേണ്ടി വരുന്ന രണ്ടു പുസ്തകങ്ങൾ ആണ് ആദിയും, ശിവയും. ശിവയുടെ ലോകം പൂർണ്ണമായും നാല് ചുവരുകൾക്കുള്ളിലോ, വീൽച്ചെയറിലോ ആകുമ്പോൾ അവൻ അനുഭവിക്കുന്ന അസ്വസ്ഥതകൾ പറഞ്ഞു തീർക്കാൻ കഴിയാത്തതാണ്. അമ്മയുടെ ഭ്രാന്തുകളുടെ ഉച്ചസ്ഥായിയിൽ നിന്ന് തിരിച്ചു വരൂ അമ്മേ, എന്നെ ഒന്ന് കുളിപ്പിക്കൂ, എന്റെ മുടിയും താടിയും വെട്ടിത്തരൂ എന്ന് ഉറക്കെ പറയുവാൻ കഴിയാതെ വിങ്ങുന്ന ഒരു ആൺകുട്ടിയുടെ അസ്വസ്ഥതകൾക്ക് ഭാഷകൾ അപര്യാപ്തമാണ്. ആദി, അമ്മയുടെയും, ഇരട്ടസഹോദരന്റെയും തണലിൽ നിന്ന് മനപ്പൂർവം രക്ഷപെട്ടു പോകുവാൻ ശ്രമിക്കുന്നതാണ് അവൻ തനിച്ചു ബാംഗ്ലൂർക്ക് നടത്തുന്ന യാത്രകൾ. അവനെയും അവരുടെ ചിന്തകൾ പൊതിയുന്നതും., ആർത്തിയോടെ അവരിലേക്ക് തിരികെയെത്തുവാൻ വെമ്പുന്നതും കാണാം. അവർ വല നെയ്ത് കാത്തിരിക്കുന്ന ചിലന്തി ആണെന്നും, ഇഷ്ടമുണ്ടായാലും ഇല്ലെങ്കിലും അവരുടെ വലയിൽ കുരുങ്ങുന്ന ഇരയാണെന്നും അവൻ തിരിച്ചറിയുന്നു.
ആസിഡ്, ഒരു അമ്ലലഹരിയാണ്, പ്രണയത്തിന്റെ, അടിമത്വത്തിന്റെ, ശരീരത്തിന്റെ, കെട്ടുപാടുകളുടെ, ബന്ധങ്ങളിലെ ബന്ധനങ്ങളുടെ, ഒടുവിൽ ആരും ആരുടേയും ആരുമല്ലെന്ന തിരിച്ചറിവുകളുടെ.. അമ്ലലഹരി.
സമൂഹം എന്ത് കൽപ്പിക്കുന്നുവോ, എന്ത് വിധിക്കുന്നുവോ അതിനെതിരെ ജീവിക്കേണ്ടവർ നേരിടേണ്ടത് വല്ലാത്ത ഒറ്റപ്പെട്ട ഭീകരതകളെയാകും. നേരിടാൻ കഴിയാത്ത എന്തും വിഷമയം ആകുന്നു. ലഹരി ഉണ്ടാക്കുന്നതാകുന്നു. ഒടുവിൽ കമലയുടെ തണുത്തുറഞ്ഞ കൈകളിലെ കട്ടപിടിച്ച രണത്തെ പോലെ ഒഴുകാനാകാതെ തളർന്നു വീഴുന്നു.
“മൂന്ന് തുള്ളി അസിഡിനെക്കാൾ കുരുക്കാണ്.. മനുഷ്യർ പരസ്പരം മുറുക്കുന്ന പിടിവള്ളികൾ.., പ്രണയവള്ളികൾ. ആസിഡ് പോലെ തൊട്ടാൽ പൊള്ളുന്നത്.. തീ പോലെ വിഴുങ്ങുന്നത്.
” coz she touched your perfect body with her mind”
ഹരിത. ആർ. മേനോൻ
മത്തങ്ങാ രസം
ഈ കൊറോണക്കാലത്ത് ആരോഗ്യദായകമായൊരു രസം. ആർക്കും വീട്ടിലുണ്ടാക്കുവാൻ കഴിയുന്ന ഒന്ന് ഇവിടെ പരിചയപ്പെടുത്തുന്നു. ഇതൊരു സൂപ്പായും ഉപയോഗിക്കാവുന്നതാണ്. മത്തങ്ങയാണ് പ്രധാന ചേരുവ.
ക്യാരറ്റിലെന്നവണ്ണം മത്തങ്ങയിലും ബീറ്റാ കരോട്ടിന്റെ അളവ് വളരെ കൂടുതലാണ്. നമ്മുടെ ശരീരം ഈ ആന്റി ഓക്സൈഡിനെ ജീവകം എ ആക്കി മാറ്റും. കണ്ണുകളുടെ ആരോഗ്യത്തിന് ഏറ്റവും അത്യന്താപേക്ഷികമായ ഒരു ജീവകമാണിത്. ഒരു കപ്പ് മത്തങ്ങയിൽ നിന്നും നമുക്ക് ഒരു ദിവസം ആവശ്യമായ ജീവകം എ കിട്ടും എന്നാണ് കണക്ക്. മത്തങ്ങയിലുള്ള ജീവകം എയ്ക്ക് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. ഇതിന് ശ്വാസകോശ അർബുദം, പ്രോസ്റ്റേറ്റ് അർബുദം എന്നിവ തടയുവാനുള്ള കഴിവുണ്ടത്രേ. ജീവകം എ മാത്രമായി കഴിച്ചാൽ ഈ പ്രയോജനം കിട്ടുകയുമില്ല. മത്തങ്ങയിൽ ജീവകം എ മാത്രമല്ല, ജീവകം ഇ, ഫോളേറ്റ് എന്നിവയും നല്ല രീതിയിൽ അടങ്ങിയിരിക്കുന്നു. ചർമ്മ സംരക്ഷണത്തിനും പ്രതിരോധ ശക്തി വർദ്ധിപ്പിക്കുന്നതിനുമെല്ലാം മത്തങ്ങ ഉത്തമമാണ്. ഇരുമ്പിന്റെ അംശം നല്ല അളവിൽ അടങ്ങിയിരിക്കുന്ന ഈ കായ പിത്തം അകറ്റുന്നതിനും വിശിഷ്ടമാണ്. നല്ല കൊളസ്ട്രോളിനെ കൂട്ടുന്നതിനും ചീത്ത കൊളസ്ട്രോളിനെ കുറക്കുന്നതിനും മത്തങ്ങയ്ക്ക് കഴിവുണ്ട്. ഇതിൽ ജീരകം, ഗ്രാമ്പു, കുരുമുളക്, മഞ്ഞൾ തുടങ്ങിയുള്ള ചേരുവകൾ പലതരത്തിലുള്ള ഗുണങ്ങൾ ഉള്ളവയാണ്. ഒരു കാര്യം ഉറപ്പാണ്. ഈ രസം ഇടയ്ക്കിടെ ഉപയോഗിക്കുന്നത് ഈ കാലത്ത് ഗുണകരം തന്നെയാണ്.
ചേരുവകൾ
വേവിച്ച് ഉടച്ചെടുത്ത മത്തങ്ങ ഒരു കഷ്ണം
ചതച്ച വെളുത്തുള്ളി രണ്ട്
ചതച്ച ഗ്രാമ്പു രണ്ട്
ജീരകം പൊടിച്ചത് ഒരു ടീ സ്പൂൺ
മഞ്ഞൾപൊടി ഒരു ടീ സ്പൂൺ
കായപ്പൊടി ഒരു ടീ സ്പൂൺ
കുരുമുളകുപൊടി ഒരു ടീ സ്പൂൺ
പച്ചമാങ്ങ ഉണക്കിപ്പൊടിച്ചത് ഒരു ടീ സ്പൂൺ
മുളകുപൊടി അര ടീ സ്പൂൺ
വെണ്ണ രണ്ട് ടീ സ്പൂൺ
ഉപ്പ് ആവശ്യത്തിന്
(*മാങ്ങാപ്പൊടി വാങ്ങുവാൻ കിട്ടും)
തയ്യാറാക്കുന്ന വിധം
ഒരു പാത്രത്തിൽ വെണ്ണ അലിയിപ്പിച്ച ശേഷം ചതച്ചു വച്ചിരിക്കുന്ന വെളുത്തുള്ളിയും ഗ്രാമ്പുവും ഇട്ടു വരട്ടുക. വെളുത്തുള്ളിയുടെ പച്ചമണം പോയ ശേഷം ഉടച്ചു വച്ചിരിക്കുന്ന മത്തങ്ങയും മറ്റു പൊടികളും ചേർത്ത് ഇളക്കുക. ഇതിലേക്ക് ആവശ്യത്തിനുള്ള വെള്ളം ചേർത്ത് തീ കുറച്ച് തിളപ്പിക്കുക. ഇതിലേക്ക് കുറച്ച് മല്ലിയില അരിഞ്ഞു ചേർക്കുകയും ചെയ്യാം.
ഡോ. ഷേർളി സുനീത്
പ്രതികരണങ്ങൾ
മനോഹരമായ സൃഷ്ടികൾ കൊണ്ട് വായനക്കാരുടെ മനം കവർന്ന ഒരു മാസിക. ഇതാണ് ഇതിവൃത്തം മാസികയെക്കുറിച്ച് എന്റെ അഭിപ്രായം. എല്ലാ ലക്കങ്ങളും ഒന്നിനൊന്നു മെച്ചം. ശ്രീ സുമേഷ് രാമചന്ദ്രൻ എഴുതിയ നുണകൾ നേരുകൾ എന്ന ലേഖനം നന്നായിരുന്നു. അദ്ദേഹം നുണയെ നേരാക്കി. നേരാക്കുവാൻ കഴിയാത്ര എത്ര നുണകൾ ഉണ്ടാകും എന്ന് വെറുതെ ആലോചിച്ചു പോയി. പുസ്തകാസ്വാദനം നന്നാവുന്നുണ്ട്. ഇത്തരം ആസ്വാദനങ്ങൾ നമുക്ക് പലപ്പോഴും ലഭ്യമല്ല. പാചകവും വ്യത്യസ്തത പുലർത്തുന്നു. കഥകളും കവിതകളും ഉയർന്ന നിലവാരം പുലർത്തുന്നവ തന്നെ. മാസികയ്ക്ക് സ്നേഹാദരങ്ങൾ.
സിമി വിശ്വൻ, ഏരൂർ
വളരെ താല്പര്യപൂർവ്വം വായിക്കുന്ന ഒരു മാസികയാണിത്. ഇതിന്റെ ഉള്ളടക്കം മുഴുവൻ ഇഷ്ടമാണ്. ആദ്യം മുതൽ അവസാനം വരെ ഒരു ഓർഡറിൽ ആണ് വായന. ചുരുക്കം ചില മാസികകൾ മാത്രമേ ഞാൻ ഇത്തരത്തിൽ വായിക്കുക പതിവുള്ളൂ. ഇതിവൃത്തത്തിന്റെ ഇതിവൃത്തം അതി ഗംഭീരം
വിവേക് ബാലസുബ്രമണ്യൻ, കളമശ്ശേരി
നല്ല ഒരു മാസിക, ഒരു സുഹൃത്താണ് ഈ മാസിക വായിക്കുവാൻ നിർദേശിച്ചത്. ഒരു ഓൺലൈൻ മാസിക ഇത്രയൊക്കെയേ ഉണ്ടാകൂ എന്ന മുൻ വിധിയോടെയാണ് വായന തുടങ്ങിയത്. അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു എന്ന് പറയാതിരിക്കുവാൻ കഴിയുന്നില്ല. വളരെ ഇഷ്ടപ്പെട്ടു. പലരോടും വായിക്കുവാൻ ആവശ്യപ്പെട്ടിട്ടുമുണ്ട്. ഒരു മുൻ നിര മാധ്യമമായി ഇതിവൃത്തം വളരട്ടെ എന്ന് ആശംസിക്കുന്നു.
പി കെ അഷറഫ്, ദോഹ
വളരെ ചുരുക്കം പ്രതികരണങ്ങൾ മാത്രമേ ഉൾപ്പെടുത്തുവാൻ കഴിഞ്ഞിട്ടുള്ളൂ. മാസികയെ സ്നേഹിക്കുന്ന എല്ലാവർക്കും നന്ദി
എഡിറ്റർ
-
കുട്ടികളെ ലൈംഗീകമായി ചൂഷണം ചെയ്യുന്ന വാർത്തകളാണ് നാം നിത്യേനയെന്നവണ്ണം കേൾക്കുന്നത്. പണ്ട് നമുക്കറിയാത്ത സ്ഥലങ്ങളിലായിരുന്നുവെങ്കിൽ, ഇന്നത...
-
സിനിമയായി തീർന്ന ബഷീറിന്റെ രണ്ടാമത്തെ നോവലാണ് 1944 ൽ പ്രസിദ്ധീകരിച്ച ബാല്യകാലസഖി. പ്രണയ പശ്ചാത്തലത്തിലെ ദുരന്ത കഥ പറയുന്ന ബഷീറിൻറെ ഈ നോവ...















