2023 ജൂൺ 30, വെള്ളിയാഴ്‌ച
മുഖമൊഴി
സ്ത്രീകൾ ഉൾപ്പെടുന്ന കുറ്റകൃത്യങ്ങൾ അടുത്തയിടയായി വർദ്ധിച്ചുവരുന്നു എന്നത് ആശങ്കപ്പെടുത്തുന്നതു തന്നെ. യാതൊരു ദയാദാക്ഷണ്യവുമില്ലാതെ, സാമ്പത്തിക നേട്ടങ്ങൾക്കായി സ്ത്രീകൾ നേരിട്ടും, അവർ ഉൾപ്പെട്ടിട്ടുള്ളതുമായ കൊലപാതകങ്ങളും, അക്രമങ്ങളും ഇന്ന് ആഘോഷമാക്കി മാറ്റുകയാണ് സാമൂഹ്യ മാധ്യമങ്ങളും ടി വി ചാനലുകളും പത്രങ്ങളുമെല്ലാം.
നമ്മുടെ വനിതാ ജയിലുകൾ ഒരിക്കലും കാലിയായിട്ടില്ല എന്നൊരു വസ്തുത പലപ്പോഴും നാം ഓർക്കാറില്ല. ലോകത്തെ നടുക്കിയ ധാരാളം വനിതക്കുറ്റവാളികളെക്കുറിച്ച് നാം വായിച്ചിട്ടുണ്ട്. ദി വൈറ്റ് വിഡോ എന്നറിയപ്പെട്ടിരുന്ന സമാന്ത ലെത്ത്വൈറ്റ്, ബോണി പാർക്കർ, സീമ പരിഹർ, മരിയ ലീക്കിയാർഡി, ഇന്ത്യക്കാരായ ബേല ആൻറ്റി, ശശികല രമേഷ്, രേണുക ഷിൻഡെ, ഫൂലൻ ദേവി എന്നിങ്ങനെ എണ്ണിയാലൊടുങ്ങാത്ത കുറ്റവാളികൾ നമുക്ക് പരിചയമുണ്ടാകും.
അവസരങ്ങളാണ് പലപ്പോഴും കുറ്റകൃത്യങ്ങൾ ഉണ്ടാക്കുന്നത്. സമൂഹത്തിൽ ഇടപെടുവാൻ കൂടുതൽ അവസരങ്ങൾ ഇന്ന് സ്ത്രീകൾക്ക് ലഭിക്കുന്നു. എല്ലായിടങ്ങളിലും പ്രതിനിധ്യവുമുണ്ട്. ഒപ്പം വർദ്ധിച്ച സ്വാതന്ത്രവും. ഇതുണ്ടായിരുന്ന വിദേശങ്ങളിൽ കുറച്ചു മുൻപു ആരംഭിച്ചു എന്ന് മാത്രം.
പണം ഉണ്ടാക്കേണ്ട ഒരു അവസ്ഥ സ്ത്രീകൾക്ക് കൂടി എന്നതും മറ്റൊരു കാരണം. പല കുടുംബങ്ങളിലും സംരക്ഷകയാകേണ്ടി വരുന്നത് സ്ത്രീകൾ ആണ്. ചില നിസ്സഹായ അവസ്ഥകളിൽ സ്ത്രീകൾ ചെറുതും വലുതുമായ കുറ്റകൃത്യങ്ങളിലേക്ക് തിരിയുന്നു എന്നൊരു പഠനമുണ്ട്.
നീതി പീഠം സ്ത്രീകൾക്ക് നൽകുന്ന ചില ആനുകൂല്യങ്ങൾ ചിലപ്പോഴെല്ലാം സ്ത്രീകുറ്റവാളികൾക്ക് പ്രോത്സാഹനമാകാറുണ്ട്. പലയിടങ്ങളിലും വേണ്ടത്ര പരിശോധന നടക്കില്ല എന്നൊരു ധൈര്യം അവരെ കുറ്റകൃത്യങ്ങളിലേക്കു നയിക്കാറുണ്ട്.
സാങ്കേതിക ഉയർച്ചയും, സാങ്കേതിക കാര്യങ്ങളിലുള്ള അറിവും പൊതുവായി കുറ്റകൃത്യങ്ങൾ കൂട്ടുന്നതിനൊപ്പം, വനിതാക്കുറ്റവാളികളുടേയും എണ്ണം കൂട്ടുന്നുണ്ട്.
ഇപ്പോൾ നടക്കുന്ന കുറ്റകൃത്യങ്ങൾ കൃത്യമായി പിടിക്കപ്പെടുന്നതും കുറ്റവാളികളുടെയും, ഒപ്പം വനിതാക്കുറ്റവാളികളുടെയും എണ്ണം കൂട്ടുന്നുണ്ട് എന്നതും ഒരു കാരണമാണ്. നമ്മുടെ സ്ത്രീ സങ്കൽപ്പമാണ് നമ്മെ കൂടുതൽ ഞെട്ടിക്കുന്നത് എന്നാണ് എനിക്ക് തോന്നുന്നത്.
ത്യങ്ങളില്ലാത്ത രാജ്യങ്ങൾ ധാരാളമുണ്ട്. അവിടെയെല്ലാം ജനസംഖ്യയും കുറവാണ് എന്നും ചേർത്തു വായിച്ചാൽ നമുക്കിതിനെല്ലാം ഉത്തരം കിട്ടും. നമ്മുടെയിടയിലും ഇതെല്ലം കുറയട്ടെ എന്ന് വെറുതെയെങ്കിലും ആശിക്കാം.
ഡോ. സുനീത് മാത്യു
ബുദ്ധി-ഇതി-നിർമിതി
മനുഷ്യബുദ്ധിയും അതിൻ്റെ നിർമിതികളും തമ്മിലാണ് ഇനിയുള്ള കാലങ്ങളിലെ മത്സരം.
ആരാകും വിജയി?
ഇല്ല! ഉത്തരങ്ങൾ പ്രസക്തങ്ങളല്ല. ഇത് ചോദ്യങ്ങളുടെ കാലമാണ്.
മനുഷ്യൻറെ അതിബുദ്ധിയുടെ നിർമിതിയായ നിർമിത ബുദ്ധി (Artificial Intelligence) നമ്മെയൊക്കെ ബുദ്ധിമുട്ടിലാക്കിത്തുടങ്ങിയിരിക്കുന്നു. പക്ഷെ കേൾക്കുന്ന പല വാർത്തകളും ആശാവഹമാണ്. ചിലതുമാത്രം ഭീതിദവും.
ചാറ്റ്‌ജിപിറ്റി (ChatGPT) ആണ് ഇപ്പോഴത്തെ താരം. ചോദിക്കുന്നതിനെല്ലാം കയ്യിൽ ഉത്തരമുണ്ട്. 2021അവസാനം വരെ അഭ്യസിപ്പിച്ച വിവരങ്ങൾ മാത്രമാണ് വച്ച്കീച്ചുന്നതെന്നുമാത്രം. ചിലതൊക്കെ പൊട്ടത്തരങ്ങളാണ്. ആശാൻ ‘ഹാലൂസിനേറ്റ്’ ചെയ്യുന്നത് കൊണ്ടാണത്രേ! അതാരും അത്ര കാര്യമാക്കുന്നില്ല. നന്നാകും എന്നാണ് പറഞ്ഞുകേൾക്കുന്നത്. നന്നാകാതെതന്നെ ലോകമായലോകത്തിലെ വിദ്യാ ഭ്യാസമേഖല ഓട്ടം തുടങ്ങിയിട്ടുണ്ട്. മറ്റുപല സേവനങ്ങളും ഓടിത്തളർന്നു പിൻവാങ്ങിയേക്കും. പറഞ്ഞുവന്നത് നിർമ്മിത ബുദ്ധിയുടെ പുതിയ താരകമായ ചാറ്റ്‌ജിപിറ്റിയുടെ ലീൽ-വിലാസങ്ങളെക്കുറിച്ചാണ്.
നിർമിത ബുദ്ധിയുടെ ലോകത്തിൻറെ വിസ്മയകരമായ സാദ്ധ്യതകൾ ചാറ്റ്‌ജിപിറ്റി എന്ന ‘വലിയ ഭാഷാ മാതൃക’ (Large Language Model) വന്നതോടുകൂടിയാണ് സാധാരണക്കാർക്കുകൂടി മനസ്സിലാകുന്നത്. ഉത്പാദിപ്പിക്കപ്പെടുന്ന നിർമിതബുദ്ധി (Generative AI) എന്നവിഭാഗത്തിലാണ് പൊതുവേ ഇത്തരം വലിയ ഭാഷാ മാതൃകകളെ ഉൾപ്പെടുത്തിയിരിക്കുന്നത്. ഓപ്പൺ എ ഐ (Open AI) എന്ന കമ്പനി പുറത്തിറക്കിയ ചാറ്റ്‌ജിപിറ്റി എന്ന മാതൃക മാത്രമല്ല. ഗൂഗിളിനും, മൈക്രോസോഫ്റ്റിനുമൊക്കെയുണ്ട് Generative AI മോഡലുകൾ. മൈക്രോസോഫ് ബിങ് (Bing) ഓപ്പൺ എ ഐയുടെ ജിപിറ്റി സാങ്കേതിക വിദ്യ തന്നെയാണ് ഉപയോഗിക്കുന്നത്. ഓപ്പൺ എ.ഐ. കമ്പനിയിൽ ബില്ല് അണ്ണന്റെ ‘ബില്ലിയൺസും’ ‘ബ്രില്ലിയൻസും’ കൂടി സമമായ് ചേർത്തിട്ടുണ്ടെന്നും കരക്കമ്പിയുണ്ട്. താനാണ് ഇതിന്റെയൊക്കെ കാരണഭൂതനെന്നു ഈലോൺ മസ്ക് എന്ന കഠിനകഠോര വേദനയനുഭവിക്കുന്ന കോടീശ്വരനും അവകാശം പറഞ്ഞുറപ്പിക്കുന്നുണ്ട്. എന്തായാലും ബിങ്ങും (Bing) ഗൂഗിളിന്റെ ബാർഡുമൊക്കെ (Google Bard) ചാറ്റ്‌ജിപിറ്റിയെക്കാളും മികച്ചവയാണ് എന്നാണ് ഇതെഴുതുന്നവന്റെ അനുഭവം.
നിർമിത ബുദ്ധി നമുക്ക് കുറച്ചൊക്കെ പരിചമായ സംഗതിയാണ്. ഗൂഗിളും ആപ്പിളും ആമസോണുമൊക്കെ ചെറിയതോതിൽ ‘ഭീകരനെ’ നമുക്കിടയിൽ ഇറക്കിവിട്ടിട്ടു കാലം കുറച്ചാകുന്നു. സിരിയെയും, ഗൂഗിൾ മാപ്പിനെയും, അലക്സയുമൊക്കെ വഴി നമ്മൾ കുറച്ചൊക്കെ അറിഞ്ഞു വച്ചിട്ടുമുണ്ട്. പക്ഷെ ചാറ്റ്ജിപിറ്റി അക്ഷരാർദ്ധത്തിൽ നമ്മെ ഞെട്ടിച്ചു. സിരിയെയും, അലക്സയുമൊക്കെ മൂക്കൊലിപ്പിച്ചു നടക്കുന്ന നേഴ്സറിപ്പിള്ളേർ ആക്കിക്കളഞ്ഞു ചാറ്റ്ജിപിറ്റി.
കഥകളും കവിതകയും ലേഖനങ്ങളും പരിഭാഷകളും വിഞ്ജാന ഖനികളും മറ്റുപലതുമായി ചാറ്റ്ജിപിറ്റി ‘ജി’ നമ്മെ അത്ഭുതപ്പെടുത്തുന്നു. ഓപ്പൺ എ ഐയുടെ മറ്റു സേവനങ്ങളായ ജിപിറ്റി-നാലാമനും (GPT-4) ഡാലി രണ്ടാമനും (DALL.E-2) എന്തൊക്കെ ചെയ്യും എന്ന് മനസ്സിലാക്കിയാൽ നിങ്ങളുടെ അന്തം രാജ്യം വിട്ടുപോയി അന്റാർട്ടിക്കയിൽ എത്തിനിന്നു വിറക്കും. ഞാനായി ഒന്നും പറഞ്ഞു ബോറാക്കുന്നില്ല. വേണെമെങ്കിൽ ഓപ്പൺ എ ഐയുടെ വെബ്‌സൈറ്റിൽ കടക്കൂ (https://openai.com/), വായിക്കൂ, മനസ്സിലാക്കൂ, അന്തം വിടൂ, വല്ല കുന്തവും തടഞ്ഞാൽ അതും സാപ്പിടൂ!
നിർമിത ബുദ്ധി ഇപ്പോഴും അതിൻ്റെ വളർച്ചയുടെ ബാല്യത്തിലാണെറിയുമ്പോഴാണ് നമുക്കും തളർച്ചവരുന്നത്. യവ്വനവും മധ്യവയസ്സും കടക്കുന്ന നിർമിതിബുദ്ധിക്ക് മനുഷ്യബുദ്ധിയേക്കാൾ കനവും കൂർമതയും ഉണ്ടാകും. അത് പല തെഴിൽമേഖലകളും തകർക്കും പുതിയവ വളർത്തും. മനുഷ്യരാശിയെത്തന്നെ…അല്ലെങ്കിൽ വേണ്ടാ. തുമ്മാരക്കുടിയേട്ടനെപ്പോലെ ഉഗ്രപ്രവചനങ്ങൾക്ക് ഞാനില്ല.’ഗുളി’കേട്ടന്റെ ‘നില’പാടുകൾ നമുക്കറിയില്ലല്ലോ.
മനുഷ്യബുദ്ധിയും നിർമിത ബുദ്ധിയും എന്ന യാഥാർത്യത്തിൽനിന്ന് നിർമിത ബുദ്ധിമാത്രം അവശേഷിച്ചാലായി. പ്രവചനമല്ല! എന്തുകൊണ്ടോ പെട്ടെന്ന് ബഷീറിനെ ഓർത്തുപോയതാണ്.
ചാറ്റ്‌ജിപിറ്റിക്കു നമ്മുടെ ഭാഷയും വഴങ്ങും. ‘പെർഫെക്റ്റ് ഓക്കേ’ അല്ലെന്നേയുള്ളൂ. ചാറ്റ്‌ജിപിറ്റിയെക്കുറിച്ചു രണ്ടുവരി മലയാളത്തിൽ എഴുതികാണിക്കാൻ പറഞ്ഞപ്പോൾ കിട്ടിയത് അപ്പടി താഴെച്ചേർക്കുന്നു.
“ചാറ്റ്‌ജിപിടി ഒരു ഭാഷാ മോഡൽ ആണ്, മലയാളം ഭാഷയിൽ അടിസ്ഥാനപ്പെടുത്തിയത്. ഇത് വലിയ പ്രാദേശിക വൈവിധ്യത്തിൽ ആശയപ്പെടുത്തുന്ന സാഹിത്യ, പ്രവൃത്തികൾ, ചരിത്രം, സാമൂഹികവും സാങ്കേതികവും വിഷയങ്ങളിൽ സഹായകമായി ഉപയോഗിക്കാവുന്നു.”
സംഭവം ചാറ്റ്‌ജിപിറ്റി ഇംഗ്ലീഷിൽ ചിന്തിച്ചു മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയതാണ്. ഇതുതന്നെയാണ് നാമെല്ലാം ഇംഗ്ലീഷ് ഭാഷ പ്രയോഗിക്കുമ്പോൾ ചെയ്യുന്നത്. മലയാളത്തിൽ ചിന്തിച്ചു ഇംഗ്ലീഷിൽ പരിഭാഷപ്പെടാൻ പെടാപ്പാടുപെടുന്ന തലച്ചോർ! ദോഷം പറയരുതല്ലോ നമ്മുടെ തലച്ചോറിന് അങ്ങനെ ചെയ്യാനേ നിർവ്വാഹമുള്ളൂ. എല്ലാമനുഷ്യരും രണ്ടാംഭാഷ കൈകാര്യം ചെയ്യുമ്പോൾ എങ്ങനെതന്നെയാണ് ചെയ്യുന്നത്. മാതൃഭാഷയിൽ ചിന്തിച്ചു മറ്റുഭാഷകളിലേക്കു മൊഴിമാറ്റുന്നു.
ചാറ്റ്‌ജിപിറ്റിയുടെ കണക്കുവഴിയും (Algorithm) മേല്പറഞ്ഞതുപോലെ തന്നെ ചിട്ടപ്പെടുത്തിയിരിക്കുന്നതാണ്. പക്ഷെ ഈ കണക്കുകൾ ദിനംപ്രതി മെച്ചപ്പെടുന്നവയാണ്. GPT 3.5 ഒൻപതുവയസുള്ള കുട്ടിയുടെ ബൗദ്ധികനിലവാരത്തിൽ, അതിനു കഴിയുന്നജോലികൾ, 92% ത്തോളം കൃത്യതയോടെ ചെയ്തുതീർക്കും എന്ന് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു. അതൊരു മുപ്പതുവയസ്സുകാരിയുടെ/കാരൻ്റെ ബൗദ്ധികനിലവാരത്തിൽ എത്താനും, നൂറ് മനുഷർക്ക് ചെയ്യാൻപറ്റുന്ന ബുദ്ധിപരമായ ജോലികൾ നിമിഷനേരംകൊണ്ട് ചെയ്യാനുമുള്ള കരുത്താർജ്ജിക്കാൻ അധികനാൾ വേണ്ടിവരണമെന്നില്ല. കാലത്തിനുമാത്രം ഉത്തരം നല്കാനാകുന്ന സമസ്യയാണത്. ഇപ്പോഴുള്ള ശക്തികുറഞ്ഞ നിർമ്മിത ബുദ്ധി (Weak AI), വീര്യം കൂടിയതും (Strong AI), അതിലും വീര്യം കൂടിയ ‘സാമാന്യ നിർമ്മിത ബുദ്ധി’ യും (Artificial General Intelligence) ഒക്കെയാകുമ്പോഴുള്ള സ്ഥിതി എന്താകുമെന്ന് പറയാൻ കഴിയില്ല. ഏന്തായാലും ആയവയൊക്കെ വിചാരിക്കുന്നതിലും വേഗത്തിൽ നിങ്ങളിലെത്താനാണ് സാദ്ധ്യത. എല്ലാം നല്ലതിനാകാനേ വഴിയുള്ളൂ.
“I never think of the future; it comes soon enough.” ~ Albert Einstein
സുമേഷ് രാമചന്ദ്രൻ
മുറിഞ്ഞ താളങ്ങൾ
ഭൂമിയുടെ മുകളിൽ മുപ്പത്തിഅയ്യായിരമടി ഉയരത്തിൽ ബിസിനസ് ക്ളാസിലെ ആർഭാടത്തിലമർന്ന് ചില്ലു ജനാലക്കപ്പുറത്തെ മേഘക്കീറുകൾ നോക്കിയിരിക്കേ ചെറിയൊരു കുലുക്കം. സ്ഥിരസഞ്ചാരിയായതിനാൽ പ്രത്യേകിച്ചൊന്നും തോന്നിയില്ല. മറ്റു യാത്രക്കാരും അങ്ങനെതന്നെയുള്ളവരായതിനാൽ അവരുടെ മുഖത്തും നിസ്സംഗത.
എയർഹോസ്റ്റസ് കൊണ്ടുവന്ന കാപ്പൂച്ചിനോയ്ക്ക് ചൂടല്പം കുറവായിരുന്നെങ്കിലും രുചികരമായിരുന്നു.
സോഫിയയും ഇപ്പോൾ മറ്റൊരു രാജ്യത്തിന്റെ മുകളിലായിരിക്കും. ആര്യ ഇപ്പോൾ ഉറങ്ങിക്കാണും. അഛ്ഛനെയുമമ്മയെയും അവൾ സ്വപ്നം കണ്ടേക്കാം. ആരോൺ സ്കൂളിലെത്തിയിരിക്കും. കഴിഞ്ഞ മാസം ഓൺലൈൻ പേരന്റ്സ് മീറ്റിൽ മിലിൻഡാ മിസ് പറഞ്ഞത് അയാളോർത്തു
“ഹീ ഈസ് ഡൂയിംഗ് എക്സ്റ്റ്റീമിലി വെൽ”
‘യെസ് ഹീ ഹാസ് ടു. കോസ് ഹീ ഈസ് മൈ സൺ.’ അയാൾ തന്നോടുതന്നെ പറഞ്ഞു.
പതിഞ്ഞ താളത്തിൽ തുടങ്ങി കൊട്ടിക്കയറി അവരോഹണത്തിന്റയന്ത്യത്തിൽ ഒരു പുൽനാമ്പു പോലെ തന്റെ മാറിലേക്ക് മാണ്ടു വീഴുന്ന സോഫിയ ഇപ്പോൾ ഇവിടെയുണ്ടായിരുന്നെങ്കിലെന്ന് അയാൾ വൃഥാ കൊതിച്ചു.
ഇനി രണ്ടര മണിക്കൂർ കൂടിയുണ്ട് മണ്ണിലിറങ്ങാൻ. പിന്നെ ഒരു മണിക്കൂർ. ഈ മീറ്റിൽ പ്രസന്റ് ചെയ്യേണ്ട കാര്യങ്ങൾക്ക് ഒരു ഫൈനൽ ടച്ചപ്പ് കൊടുത്തേക്കാം. അയാൾ തന്റെ ലാപ്പ് തുറന്നു. കോർപ്പറേറ്റ് പടവുകൾ അനായാസേന ചവിട്ടിക്കയറിയ അയാൾക്ക് പക്ഷെ ഇക്കുറി ചില്ലറ അങ്കലാപ്പില്ലാതെയില്ല. ലോകം മുഴുവൻ രണ്ട് മണിക്കൂർ ദൈർഘ്യമുള്ള ഒരു മീറ്റിങ്ങിനെ ഉറ്റുനോക്കുന്നുണ്ട്. ഈ പ്രോജക്ടിന്റെ ജയപരാജയങ്ങൾ തന്റെ പ്രസന്റേഷനെയാണാശ്രയിച്ചിരിക്കുന്നത്. കോടിക്കണക്കിനു ഡോളറുകളുടെ കളിയാണ്. ചില രാജ്യങ്ങളിലെ ഭരണാധികാരികളുടെ കാലാവധി പോലും തീർപ്പാകുന്ന കളി.
നതിങ്ങ് വിൽ ഹാപ്പൻ. കോസ് ഐ ആം ശ്രീപദൻ. ദ് വൺ ആൻഡ് ഒൺലി ശ്രീപദൻ. അയാൾ ആത്മഗതം ചെയ്ത് ലാപ്പടച്ചു.
പതുക്കെ തീരശ്ശീല താഴുമ്പോലെ കൺപോളകൾ അടഞ്ഞപ്പോൾ കണ്ണുകളുടെ പിന്നാമ്പുറത്തെ വെൺതിരശ്ശീലയിൽ സന്ധ്യയുടെ ശോണിമ. കത്തുന്ന നിലവിളക്കിനൊപ്പം ഭാരതിയമ്മയുടെ മുഖം മറ്റൊരു വിളക്കായ് തിളങ്ങി. കറുത്തിരുണ്ട മുടിക്കെട്ടിൽ ഒരു തുളസിക്കതിരിന്റെ വീർപ്പുമുട്ടൽ.
പതിനെട്ടു തികഞ്ഞെങ്കിലും അമ്മയോടൊപ്പമിരുന്ന് നാമം ജപിക്കുന്നത് അവാച്യമായൊരനുഭവമായിരുന്നു.
പൂമുഖത്ത് അച്ഛൻ അനുഭാവികളെ പ്രത്യയശാസ്ത്രത്തിലെ പുതിയ അധ്യായങ്ങൾ പഠിപ്പിക്കുകയായിരുന്നു. ചൂടുകാപ്പി ഊതിക്കുടിക്കുന്നതിന്റെ ഇടവേളകളിൽ അനുഭാവികൾ എല്ലാം മനസിലായ മട്ടിൽ തലയാട്ടി. നിരീശ്വരവാദിയായ അച്ഛന് ഈശ്വരവിശ്വാസിയായ മകനോടും ഭാര്യയോടും ഒരെതിർപ്പുമില്ലായിരുന്നു. തിരിച്ചും.
ഒരു മേൽക്കൂരക്കു കീഴിൽ രണ്ട് വിശ്വാസങ്ങൾ സമാന്തരരേഖകൾ വരച്ചു. നീലാകാശവും ചന്ദ്ര താരങ്ങളും വെറും ബാല്യകൗതുകത്തിനപ്പുറം മനസിലുറച്ചപ്പോൾ ബഹിരാകാശപഠനം ലഹരിയായി. സ്കോളർഷിപ്പോടെ അമേരിക്കയിൽ ഉപരിപഠനം. അച്ഛന്റെ മരണശേഷം ഒറ്റക്കായ അമ്മയുടെയടുത്തേക്ക്, ഉയർന്ന ജോലി വാഗ്ദാനങ്ങളെയവഗണിച്ച് പറന്നിറങ്ങി.
അമ്മയുടെ മടിത്തട്ടിൽ തല ചായ്ച്ച് മുടിയിഴകളിലൂടെ ആ വിരലുകളുടെ തലോടലേറ്റ് സുഖകരമായ മയക്കത്തിൽ പേരറിയാത്ത നക്ഷത്രങ്ങൾ വിരുന്നു വന്നു.
“ആര്യ ഇറ്റ്സ് റ്റൂ മച്ച്. ഇന്നെത്ര വയിലാണ് നീ തീർത്തതെന്ന് വല്ല ഓർമ്മയുമുണ്ടോ? ” ഫാബിയൻ അങ്കലാപ്പോടെ ചോദിച്ചു.
“ഐ നോ ഫാബീ. യൂ നോ വാട്‌സ് ദിസ് ഡേ? ഇന്നെന്റെ മുത്തശ്ശി മരിച്ച ദിവസമാണ്. മൈ ഡാർലിങ് ഗ്രാൻഡ്മാ. എന്റെ ജീവിതത്തിലെ ഏറ്റവും വിലപ്പെട്ടതും ഓർമ്മ യിലൊരിക്കലും മങ്ങാത്തതുമായ കുറെ വർഷങ്ങൾ എനിക്കു തന്ന എന്റെ മുത്തശ്ശി. ”
“അതിനിങ്ങനെ ഡ്രഗ്സ് കുത്തിക്കയറ്റണമെന്നുണ്ടോ?”
“അച്ഛനുമമ്മയും ഭൂഖണ്ഡങ്ങൾക്കു മീതെ പറന്ന് നടക്കുന്നു. തന്റെ ജീവിതത്തിലെ സ്വപ്ന ലക്ഷ്യത്തിലേക്കുള്ള പാച്ചിലിലാണച്ഛൻ. അമ്മ ബിസിനസ് ടൂറുകളിൽ. അനുജൻ ആയിരക്കണക്ക് കിലോമീറ്ററുകൾക്കപ്പുറത്തുള്ളൊരു രാജ്യത്ത് മറ്റൊരു രാജ്യത്തെ ആയയുടെ തണലിൽ! ഡൂ യൂ നോ ഫാബീ, എന്റെ പാരന്റ്സ് എന്നെയൊന്നു വിളിച്ചിട്ട് ഒരു മാസത്തോളമായി! അച്ഛന്റെ കാര്യം പോട്ടെ. ഹീ ഈസ് ബിഹൈൻഡ് ഏ ഡ്രീം. അമ്മക്കൊന്നു വിളിച്ചൂടെ ഫാബി?”
“നിനക്കങ്ങോട്ടും വിളിക്കാമല്ലോ ആര്യ?”
“യെസ് ഐ ക്യാൻ ആന്റ് ഐ ഡിഡ്. ബട്ട് ഷീ ഈസ് ആൾവേയ്സ് അൺറീച്ചബിൾ”
“എല്ലാം ശരിയാകും ആര്യ. നിന്റെ ഡാഡിയുടെ പ്രോജക്ടൊന്നു കഴിഞ്ഞോട്ടെ. നൗ ലെറ്റ് മീ ഗോ.”
സിറിഞ്ചുകളും ഒഴിഞ്ഞ വയിലുകളും ഡസ്റ്റ് ബിന്നിലേക്കിട്ട് ഫാബിയൻ തിരികെപ്പോയി. ആര്യ പതുക്കെ മയക്കത്തിലേക്കു വീണു. പഴയ കാര്യങ്ങൾ ആ മയക്കത്തിൽ മങ്ങിയും തെളിഞ്ഞും ദൃശ്യമായി.
മിനുട്ടുകൾക്ക് ലക്ഷങ്ങളുടെ വിലയുള്ള യൂഎസ്സിലെ ‘സ്പേസ് ട്രെക് ‘ കമ്പനിയുടെ ഉടമ അച്ഛനെക്കാണാൻ മാത്രം ഇന്ത്യയിലെത്തിയത് സ്വപ്നതുല്യമായ ഓഫറുമായിട്ടായിരുന്നു. അതിലും വലുതായിരുന്നു അച്ഛന് മുത്തശ്ശി. തന്നെയുമല്ല, ഫാമിലി ഒപ്പമുണ്ടാവണമെന്നത് കമ്പനിക്ക് നിർബ്ബന്ധമാണ്. ഒടുവിൽ മുത്തശ്ശിയുടെ നിരന്തരമായ നിർബ്ബന്ധത്തിന് അച്ഛൻ വഴങ്ങുകയായിരുന്നു. മുത്തശ്ശിയുടെ ഇഷ്ട പ്രകാരം എല്ലാ സൗകര്യങ്ങളുമുള്ള കെയർ ഹോമിലാക്കി യൂ എസ്സിലേക്കുള്ള പറിച്ചു നടീൽ. മുത്തശ്ശിയുടെ ആസാന്നിധ്യവുമായി പൊരുത്തപ്പെടാൻ കുറേ ആഴ്ചകളെടുത്തു. അമ്മ പക്ഷേ വളരെപ്പെട്ടെന്ന് പുതിയ ചുറ്റുപാടുകളുമായി ഇണങ്ങി. ആഡംബരമായ ജീവിതം.ഇഷ്ടം പോലെ പണം. എന്നാൽ സ്വന്തമായി ജോലി ചെയ്യണമെന്നായി അമ്മയ്ക്ക്.
മുത്തശ്ശിയുടെ അന്ത്യ കർമ്മങ്ങൾ കഴിഞ്ഞ് തിരിച്ചെത്തിയപ്പോൾ രണ്ട് കാര്യങ്ങളിൽ തീരുമാനമായിരുന്നു. തന്നെ യൂറോപ്പിലയക്കാനും അമ്മ ജോലിയിൽ കയറുവാനും. വർഷത്തിൽ രണ്ടോ മൂന്നോ ഒത്തു കൂടലുകളിലൂടെ കുടുംബബന്ധം പതുക്കെ വളർന്നു.
വിമാനം ഒരിരമ്പലോടെ റൺവേയിലൂടെ ഓടി തന്റെ എല്ലാ അഹങ്കാരവും വെടിഞ്ഞ് നിശ്ചലമായി. ശ്രീപദൻ വി ഐ പി ഗേറ്റിലൂടെ പുറത്ത് കാത്തുകിടന്ന സെഡാനിലേക്കു കയറി.
സോഫിയയുടെ നഗ്നത മറച്ച് ഇർവിൻ മാർഷലിന്റെ തടിച്ച ശരീരം കിതപ്പകറ്റി. മാനിക്യൂർ ചെയ്ത അവളുടെ നീണ്ട മനോഹരമായ വിരലുകൾ അയാളുടെ പുറം തലോടിക്കൊണ്ടിരുന്നു. സുഖകരമായ ആലസ്യത്തിൽ സിസ്റ്റർ എലിസബത്തിന്റെ കയ്യിൽ തൂങ്ങി സോഫിയ , ബാലികാഭവന്റെ മുറ്റത്ത് നടക്കുകയായിരുന്നു. പിന്നെ പഠനമികവിനു പകരമായി നഗരത്തിലെ പ്രശസ്തമായ കോളജിൽ ഉന്നതപഠനം. കോളജിന്റയിടനാഴികളിൽ ശ്രീപദന്റെ ചിരിക്കുന്ന മുഖം. കത്തിച്ച നിലവിളക്കിനു പിന്നിൽ സൂര്യശോഭയോടെ ഭാരതിമ്മ കൈപിടിച്ച് കയറ്റിയത് മറ്റൊരു ജീവിതത്തിലേക്ക്.
ശ്രീപദന് കമ്പനിയാവശ്യത്തിന് പല രാജ്യങ്ങളിലേക്കുള്ള യാത്ര. മുഷിപ്പു മാറ്റാനൊരു ജോലി. ആര്യയ്ക്കിഷ്ടമില്ലാഞ്ഞിട്ടും യൂറോപ്പിലേക്കുള്ള അവളുടെ കൂടുമാറ്റം.ബോർഡിങ് സ്കൂളിന്റെ അടഞ്ഞ ഗേറ്റിനു പിന്നിൽ ആരണിന്റെ കരയുന്ന മുഖം.പുതിയ പുതിയ മധുരം നുണഞ്ഞ് ബിസിനസ്സ് ടൂറുകൾ.
ശ്രീപദന്റെ കാൾ, അവൾ ഇടതു കൈ കൊണ്ടെടുത്തു. വലതു കൈ തലോടൽ തുടർന്നു.
“ഓ ശ്രീ, യൂ ലാൻഡഡ് സേഫ്?”
“യേസ് ഹണി. ഹൗ എബോട്ട് യൂ”
“ഐ ഹാഡ് ഏ പവർഫുൾ ഷവർ ബേബി. സോ റിഫ്രെഷിങ്ങ് യൂ നോ. വെനീസ് യൂർ മീറ്റിങ് ബേബ്?”
“ഇൻ ജസ്റ്റ് വൺ അവർ”
“ഓൾ ദി വെരി ബെസ്റ്റ് ശ്രീ. കാൾ മീ വെനിറ്റ്സ് ഓവർ.ബൈ ഫോർ നൗ”
“ബൈ.ടേക്ക് കെയർ”
പെട്ടെന്ന് ഇർവിന് ഭാരം കൂടി. ശ്വാസം കിട്ടാതെ സോഫിയ കൈകാലിട്ടടിക്കുന്തോറും അയാളുടെ ഭാരം കൂടിക്കൂടി വന്നു. ഒന്നുറക്കെക്കരയാൻ പോലുമാവാതെ സോഫിയയുടെ ശരീരം അവസാനമായി പിടഞ്ഞു. ഞെട്ടിയുണർന്ന ഇർവിന്റെ മുതുകിൽ സോഫിയയുടെ കൂർത്ത നഖങ്ങൾ തീർത്ത മുറിവുകളിൽ നിന്ന് ചോര കിനിഞ്ഞിറങ്ങി.
അനിൽകുമാർ എം ബി
പടയൊരുക്കം
കരിന്തിരി കത്തുമീ
വിളക്കിൻ വിലാപത്തിൽ
കരളുരുകി വേവുന്ന,
കഥനങ്ങളെത്രയോ !
കാലം മറിച്ചിട്ട
കോലങ്ങൾ ഭൂമിയിൽ
കോലാഹലത്തിന്റെ
പടയണിക്കൂട്ടമായ് !
നേരിന്റെ ചിതകളിൽ
പോരിന്റെ മുറവിളി
നെഞ്ചേറ്റമാകുന്നു
പിൻവിളികൾ !
മതങ്ങളുണ്ടിന്ന്
മദപ്പാട് തീണ്ടീട്ട്
അറുമാദമാകുന്നു
പൗരോഹിത്യം !
ചേലുള്ള കൗമാരം
ചേമ്പിലത്തണ്ടുപോൽ
വാടിക്കരിയുന്നു,
അകത്തളത്തിൽ !
വിശപ്പിന്റെ വിളികളിൽ
ഉടുമുണ്ടഴിയുന്നു
പകലിലും വേടന്റെ
മുറവിളികൾ!
കരുണാർദ്രമാകുന്ന
കണ്ണുകളിന്നുമേ
കരമൊഴിയാതങ്ങു ,
ചുവരുകൾക്കുള്ളിലും!
എവിടെന്റെ നാടിന്റെ
പോരാട്ടവീര്യവും
എവിടെന്റെ വേദ-
സ്മൃതിസാരങ്ങൾ ?
ഇന്നിനു വേണ്ടിട്ട്
എന്നേയ്ക്കുമായ്
ഇക്ഷണം തന്നെ
പുറപ്പാടുമാകുക !
ഇടംവലം നോക്കാതെ
മതചിന്തയില്ലാതെ
കക്ഷികൾ വേണ്ടിനി-
കവിതയാകാം !
കാലംവിളിക്കുന്നു ,
കാത്തുനിന്നീടുവാൻ
കാലമതില്ലാതെ
പോരാടുക !
നേരിന്റെയീണം ഉറപ്പിച്ചു –
വഴികളിൽ
തേരോട്ടമാക്കി
പടയൊരുക്കാം !
അജികുമാർ നാരായണൻ
അന്ധകാരനഴി : ഇ. സന്തോഷ് കുമാർ
“ജീവിതത്തിൻ്റെ വിജയത്തെ അളക്കേണ്ടത് നാം സ്വയം നിശ്ചയിക്കുന്ന ലക്ഷ്യത്തെ ആസ്പദമാക്കിയാണ്” സി.ആർ.പരമേശ്വരൻ.
ആ ലക്ഷ്യത്തിലേക്കുള്ള മാർഗത്തെ ലക്ഷ്യമാണ് ന്യായീകരിക്കേണ്ടത്. ലക്ഷ്യത്തിലെത്താതെ, പാതി വഴിയിൽ യാത്ര നിലച്ചാൽ അവരുടെ മാർഗത്തെ ന്യായീകരിക്കാൻ പരാജയപ്പെട്ടു പോയ ആ ലക്ഷ്യത്തിനു കഴിയുമോ? കഴിയില്ല.ലക്ഷ്യവും മാർഗവും പിഴച്ചു പോയി വഴിയിൽ കൊഴിഞ്ഞു പോയ എത്രയെത്ര ജന്മങ്ങൾ! അവരിൽ അധികവും ഭാവനയിൽ വസന്തം കണ്ട സാഹിത്യകാരന്മാരായിരുന്നു. തോൽപ്പിക്കപ്പെട്ട സൈന്യത്തെപ്പോലെ ശൂന്യതയിലേക്കു നീങ്ങിപ്പോയവർ…ജനാധിപത്യവത്കരണത്തിനുള്ള ഈ നൂറ്റാണ്ടിലെ രാഷ്ട്രീയത്യാ ഗ ങ്ങൾ വ്യർഥമായിപ്പോയി എന്നു പരിതപിക്കേണ്ടി വന്നവർ.. സമകാലീനമായ വിപ്ലവ ധർമ നീതിയുടെ ബലതന്ത്രം മനസിലാക്കാതെ കൈയും കാലും തളർന്ന് അകർമണ്യതയുടെ തേർത്തട്ടിൽ തളർന്നിരുന്നു പോയവർ… അന്ന് ഈ പരാജിതർ ഉണ്ടായിരുന്നില്ലെങ്കിൽ പൊതു ജീവിതത്തിലെ സംശുദ്ധി എന്തെന്നു നാം മറന്നു പോയേനെ. ആ മനുഷ്യരിൽ പലരും പുതിയ ജീവിതത്തോടു പൊരുത്തപ്പെടാനാകാതെ ,ഒരാവേശവും ബാക്കിയില്ലാതെ എന്നാൽ ഇന്നും അകളങ്കിതരായി, അജ്ഞാതരായി നമുക്കിടയിൽ ജീവിച്ചിരിക്കുന്നു.
പ്രത്യയശാസ്ത്രത്തിൻ്റെ പ്രയോഗ വൈകല്യങ്ങൾക്കു പോലും ന്യായീകരണങ്ങൾ തീർത്ത് അന്ധകാരത്തിൻ്റെ തുരുത്തിൽ അഭയം തേടിയ വിപ്ലവകാരിയാണ് ശിവൻ.ശിവൻതേടിച്ചെന്നത് പുല്ലാനിത്തുരുത്തിലെ കരടിയച്ചാച്ചനെയാണ്.കരടിയച്ചാച്ചൻ ഉണ്ടായിരുന്നു എന്ന കേട്ടറിവുകൾക്കപ്പുറത്തേക്ക് ശിവൻ്റെ അന്വേഷണം നീളുന്നില്ല. ആ സക്തിയുടെ തുരുത്തിൽ ആത്മനിന്ദയോടെ അയാൾ അകപ്പെട്ടു പോവുകയാണ്.
ശിവനെ തിരക്കി അയാളെ ആ തുരുത്തിലെത്തിച്ച അച്ചു എന്ന വിപ്ലവകാരി വരുന്നുണ്ട്. അയാൾ ചോദിക്കുന്നുണ്ട്: “സഖാവേ .നിങ്ങൾക്കിനിയും ഒരു പാടു കാര്യങ്ങൾ ചെയ്തു തീർക്കാനുണ്ട്.മടങ്ങി വരാൻ സാധിക്കുമോ” ?
” ഒരിക്കലും വരില്ല”.ശിവൻ്റെ മറുപടി.
“വർഗശത്രു വിനേക്കാൾ അധമനാണ് വർഗ വഞ്ചകൻ എന്നാണ് ഞാൻ മനസിലാക്കിയിട്ടുള്ളത് ”
” പുസ്തകത്തിൽ വായിച്ചതായിരിക്കും.ഏട്ടിലെ പശുക്കൾ “
“എന്നാൽ ചിലപ്പോൾ അതു പുറത്തു വരും.പുല്ലു മാത്രമല്ല, രക്തവും മാംസവും ഭക്ഷിക്കും. വർഗ വഞ്ചകർക്കെതിരെ കലാപം നടത്തേണ്ട സമയമായിരിക്കുന്നുവെന്ന് കാലം അവരോടു പറയും. നിലത്തു വീണ രക്തം തിരിച്ചു മുറിവുകളിലേക്കു പോവുകയില്ല..
വിപ്ലവ സ്വപ്നങ്ങളോട് അനുഭാവം പ്രകടിപ്പിക്കുക മാത്രമേ ചെയ്തുള്ളൂ ദുർബ്ബലമനസ്കൻ കവി ശ്രീനിവാസൻ. പോലീസിനോടൊപ്പം പോയ കവിയെ പിന്നീട് ഭാര്യ ശകുന്തള കാണുന്നത് മർദ്ദനമേറ്റ് ചതഞ്ഞ ഉടലോടെ, അല്പവസ്ത്രധാരിയായി പോലീസ് ക്യാമ്പിൻ്റെ പിന്നാമ്പുറത്ത് നിൽക്കുന്നതാണ്. അയാൾ ശ്രീനിവാസൻ തന്നെയായിരുന്നോ? ആണെന്നും അല്ലെന്നും ശകുന്തളയുടെ മനസു പറയുന്നു. അറസ്റ്റ് ചെയ്തിട്ടില്ലെന്നും പോലീസ് കസ്റ്റഡിയിൽ നിന്നു രക്ഷപ്പെട്ടു പോയെന്നും പോലീസ് പറയുന്നു. ജീവനോടെയുണ്ടോ .. അതറിഞ്ഞാൽ മതി. ശകുന്തളയുടെ അന്വേഷണം തുടരുകയാണ്.പത്രമാഫീസിൽ ,ഭരണാധികാരികളുടെ അടുത്ത്, ഭ്രാന്താശുപത്രിയിൽപ്പോലും അവൾ തിരക്കിപ്പോകുന്നു. മകൻ ശശി വളർന്നപ്പോൾ തീരുമാനമാകാത്ത ഒരു ജീവിതത്തിൻ്റെ മറുകരയിലാണ് അവൻ എത്തി നിൽക്കുന്നതെന്ന് ശകുന്തള മനസിലാക്കുന്നു.
കരടിയച്ചാച്ചനെ തേടി പുതിയ സംഘം വീണ്ടും പുറപ്പെടുകയാണ്. അവരെ അതിലേക്കു നയിക്കുന്നവർ പാതി വഴിയിൽ പിന്തിരിഞ്ഞു പോവുകയാണ്… നിഷ്ഫലമാകാവുന്ന രാഷ്ട്രീയ വേനലുകളെക്കുറിച്ച് ഓർമപ്പെടുത്താതെ …
വിലാസിനി രാജീവൻ
തൈറോയിഡ് രോഗങ്ങളും ഹോമിയോപ്പതിയും
1980 ന് മുൻപ് തൈറോയിഡ് പ്രശ്നങ്ങൾ അത്ര ഗൗരവമായി മെഡിക്കൽ സയൻസ് കണ്ടിരുന്നില്ല. 80 കൾക്ക് മുൻപ് മുഴ പ്രത്യക്ഷപ്പെട്ടാൽ മാത്രമെ surgery അല്ലെങ്കിൽ മറ്റ് treatment നെ കുറിച്ച് ആളുകൾ ബോധവാന്മായിരുന്നുള്ളു. എന്നാൽ 1983 ന് ശേഷം ആണ് തൈറോയിഡ് ഗ്രന്ഥി വീക്കം വെക്കാതെ തന്നെ ഹോർമോൺ അളവിൽ വ്യത്യാസം വരുമെന്നു അത് ചികിത്സിക്കേണ്ടതാണ് എന്നും കണ്ടെത്തുന്നത്.
ജനനം മുതല്‍ മരണം വരെ ഉള്ള എല്ലാ പ്രവര്‍ത്തനനങ്ങള്‍ക്കും ഏറ്റവും പ്രധാനപ്പെട്ട ഹോര്‍മോണ്‍ ആണ് തൈറോയ്‍ഡ് ഹോര്‍മോണ്‍. ശരീരത്തിലെ ഏറ്റവും വലിപ്പം കൂടിയ അന്തസാവീഗന്ഥിയാണ് തൈറോയ്ഡ് ഗന്ഥി. മനുഷ്യ ശരീരത്തിലെ ഏറ്റവും വലിപ്പം കൂടിയ അന്ത:സ്രാവീഗ്രന്ഥിയാണ് തൈറോയ്ഡ് ഗ്രന്ഥി നാളീ രഹിത ഗ്രന്ഥിയായ തൈറോയ്ഡ് ഗ്രന്ഥിയുടെ ധര്‍മ്മം ഉപാപചയ പ്രക്രിയകളെ നിയന്ത്രിക്കുക എന്നതാണ്. മനുഷ്യശരീരത്തിന് മുന്‍ഭാഗത്ത് ശബ്ദനാളത്തിനു തൊട്ടു താഴെയായിട്ടാണ് തൈറോയ്ഡ് ഗ്രന്ഥി സ്ഥിതി ചെയ്യുന്നത്.
പ്രായപൂര്‍ത്തിയായവരില്‍ തൈറോയ് ഡ് 20 മുതല്‍ 40 ഗ്രാം വരെ തൂക്കമുള്ളതായിരുക്കും T3 ,T4 ഹോര്‍മോണ്‍ മനുഷ്യശരീരത്തിന്‍റെ ഉപാപചയ പ്രവര്‍ത്തന നിരക്ക് നിലനിര്‍ത്തിക്കുന്നു. ഓക്സിജനേയും പോഷകങ്ങളെയും ശരീരത്തിന് ആവശ്യമായ ഊര്‍ജ്ജവും താപവും ആക്കി മാറ്റികൊണ്ടാണ് ഉപാപചയ പ്രവര്‍ത്തനങ്ങളുടെ നിരക്ക് വര്‍ദ്ധിപ്പിക്കുന്നത്. ഈ ഹോര്‍മോണുകളാണ് അഞ്ചുവയസുവരെ മനുഷ്യന്‍റെ മസ്തിഷ്ക വികാസത്തില്‍ പ്രധാന പങ്കുവഹിക്കുന്നത്. ശൈശവത്തിലും കൗമാരത്തിലും വളര്‍ച്ചയെ ത്വരിതപ്പെടുത്തുന്നതും ഈ ഹോര്‍മോണുകളാണ്. ആജീവനാന്തം കരള്‍, വൃക്ക, ഹൃദയം, അസ്ഥി പേശികള്‍ എന്നിവയെ T3, T4 ഹോര്‍മോണുകള്‍ സ്വാധീനിക്കുന്നു.
ടീനേജ് മുതല്‍ ആണ് കൂടുതലായും ഈ ഹോര്‍മോണ്‍ അളവിലെ വ്യത്യാസം കണ്ട് തുടങ്ങുന്നത് അതും സ്തീകളില്‍ പുരുഷന്മാരേക്കാള്‍ കൂടുതല്‍ തൈറോയ്ഡ് Problem കാണപ്പെടുന്നു. സാധാരണ രീതിയില്‍ ഉള്ള തൈറോയ്ഡ് അവസ്ഥ യൂതൈറോയ്ഡ് എന്നും പ്രവര്‍ത്തന ക്ഷമത കുറഞ്ഞ അവസ്ഥ ഹൈപ്പോതൈറോയ് ഡ് എന്നും അതി സജീവമായ അവസ്ഥ ഹൈപ്പര്‍ തൈറോയ്ഡ് എന്നും
അറിയപ്പെടുന്നു.തൈറോയ് ഡ് ഗ്രന്ഥി ശിശുക്കളുടെ വളര്‍ച്ചയിലും വികാസത്തിലും പ്രധാന പങ്കുവഹിക്കുന്നു. ജനിച്ച ഉടനെ തന്നെ പരിശോധനകള്‍ നടത്തി തൈറോയ്ഡ് അവസ്ഥ മനസിലാക്കാനാകും. കൃത്രിമമായി ഹോര്‍മോണ്‍ ചികിത്സ നടത്തി വളര്‍ച്ച മുരടിക്കല്‍, മാനസിക വൈകല്യങ്ങള്‍ തുടങ്ങിയ ജന്മജാത വൈകല്യങ്ങളെ തടയാന്‍ കഴിയും, ഹോര്‍മോണ്‍ ഉല്പാദനം കുറവായിരിക്കുന്പോള്‍ തൈറോയ് ഡ് ഗ്രന്ഥി വളര്‍ന്നു വലുതാകുന്നു, കഴുത്തിലെ മുഴപോലെ പുറമെ കാണുന്ന വലിപ്പം കൂടിയ തൈറോയ് ഡ് ഗോയിറ്റര്‍ രോഗം എന്ന് അറിയപ്പെടുന്നു. തൈറോയ് ഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തന ക്ഷമതയിലെ മാറ്റം പ്രതിരോധ ശേഷിയിലും മാറ്റം വരുന്നതിനു കാരണമാകുന്നു, തൈറോയ് ഡ് ഗ്രന്ഥിയെ അപൂര്‍വ്വമായി അര്‍ബുദ രോഗം ബാധിക്കാറുണ്ട്. ഇത് ചികിത്സിച്ച് ഭേദമാക്കാനാകുന്നതാണ്.
പ്രധാനമായും കണ്ട് വരുന്ന ഹൈപ്പോതൈറോയ്ഡിസത്തിന്‍റെ ലക്ഷണങ്ങള്‍ ഉറക്കം കൂടുതല്‍, തടി കൂടല്‍, കാലുകളില്‍ കണ്ട് വരുന്ന നീര്, ഹൃദയത്തി്ലും ശ്വാസകോശത്തിലും നീര്, മലബന്ധം, ആര്‍ത്തവ ക്രമകേടുകള്‍, വന്ധ്യത, ചിലപേശികള്‍ അസാധാരണമാം വിധം വലുതാകല്‍, രക്തസമര്‍ദ്ദം കൊളസ്ട്രോള്‍ തുടങ്ങിയവ വര്‍ദ്ധിക്കല്‍ എന്നിവയാണ്. എല്ലാ ലക്ഷണങ്ങളും എല്ലാ രോഗികളിലും ഉണ്ടാവണമെന്നില്ല. ചിലരില്‍ വളരെ നേരിയ തോതില്‍ ഉള്ള ലക്ഷണങ്ങള്‍ മാത്രമെ കാണു.
തൈറോയ്ഡ‍് ഹോര്‍മോണ്‍ അധികമായാലും വളരെ അധികം ശാരീരിക ബുദ്ധിമുട്ടുകള്‍ കാണപ്പെടുന്നു. പ്രധാനമായും ശരീരം മെലിയല്‍, പേശികള്‍ക്ക് ബലം കുറയല്‍, കൈവിറയല്‍, നെഞ്ചിടിപ്പ് കൂടല്‍, കണ്ണുകള്‍ പുറത്തേക്ക് തള്ളി വരിക, വിശപ്പ് കൂടല്‍, ഹൃദയ മിടിപ്പിലും പമ്പിങ്ങിലും ഉള്ള പ്രശ്നങ്ങള്‍, വിയര്‍പ്പ് കൂടുതല്‍, കാരണ അറിയാതെ നീണ്ട് നില്‍ക്കുന്ന പനി എന്നിവയാണ്.
ഗര്‍ഭകാല തൈറോയ് ഡ് പ്രശ്നങ്ങള്‍ പലരിലും ആശങ്കകള്‍ ഉണ്ടാക്കാറുണ്ട്. തൈറോയ് ഡ് ഹോര്‍മോണ്‍ കൂടിയാലും കുറഞ്ഞാലും അമ്മയ്ക്കും കുഞ്ഞിനും പ്രശ്നമാണ്. ഹൈപ്പര്‍ തൈറോയ്ഡിസം അമ്മയ്ക്ക് രക്ത സമ്മര്‍ദ്ദം കൂടല്‍, അബോര്‍ഷന്‍, പ്രായം തികയാതെ ഉള്ള പ്രസവം, കുഞ്ഞിന് വളര്‍ച്ച കുറവ് എന്നിവയിലേക്ക് നയിക്കാം, ഹൈപ്പോതൈറോയ്ഡിസം കുഞ്ഞിന്‍റെ ബുദ്ധി വികാസത്തിനു ഗുരുതരമായ തകരാറുകള്‍ വരുത്തി വെയ്ക്കാന്‍ സാധ്യതയുണ്ട്.
ഹോമിയോപ്പതിയില്‍ തൈറോയിഡിന് ഫലപ്രദമായ ചികിത്സയുണ്ട്. അലോപ്പതിയില്‍ പുറത്ത് നിന്നും ഹോര്‍മോണ്‍ സപ്ലെചെയ്തുകൊണ്ടുള്ള ചികിത്സയാണ് കണ്ടുവരുന്നത്. എന്നാല്‍ ഹോമിയോപ്പതിയില്‍ തൈറോയ് ഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനത്തിനെ നോര്‍മ്മല്‍ ആക്കുന്ന മരുന്നുകള്‍ ഉണ്ട്. അതുകൊണ്ട് തന്നെ ഏത് പ്രശ്നം കൊണ്ടാണോ നിങ്ങള്‍ക്ക് തൈറോയ് ഡ് കപ്ലൈന്‍റ് ഉണ്ടായത് അതിനെ നോര്‍മ്മല്‍ ആക്കി കഴിഞ്ഞാല്‍ തൈറോയ്ഡ് ഗ്രന്ഥി സുഖപ്രദമായി പ്രവര്‍ത്തിക്കുന്നു. അതിനായി നിങ്ങള്‍ക്ക് അടുത്തു തന്നെ ഉള്ള ഒരു വിദഗ്ദ്ധ ഹോമിയോപ്പതി ഡോക്ടറെ സമീപിക്കാവുന്നതാണ്.
ഡോ. വൈഷ്ണവി ടി.കെ.
-
കുട്ടികളെ ലൈംഗീകമായി ചൂഷണം ചെയ്യുന്ന വാർത്തകളാണ് നാം നിത്യേനയെന്നവണ്ണം കേൾക്കുന്നത്. പണ്ട് നമുക്കറിയാത്ത സ്ഥലങ്ങളിലായിരുന്നുവെങ്കിൽ, ഇന്നത...
-
സിനിമയായി തീർന്ന ബഷീറിന്റെ രണ്ടാമത്തെ നോവലാണ് 1944 ൽ പ്രസിദ്ധീകരിച്ച ബാല്യകാലസഖി. പ്രണയ പശ്ചാത്തലത്തിലെ ദുരന്ത കഥ പറയുന്ന ബഷീറിൻറെ ഈ നോവ...






