മനുഷ്യബുദ്ധിയും അതിൻ്റെ നിർമിതികളും തമ്മിലാണ് ഇനിയുള്ള കാലങ്ങളിലെ മത്സരം.
ആരാകും വിജയി?
ഇല്ല! ഉത്തരങ്ങൾ പ്രസക്തങ്ങളല്ല. ഇത് ചോദ്യങ്ങളുടെ കാലമാണ്.
മനുഷ്യൻറെ അതിബുദ്ധിയുടെ നിർമിതിയായ നിർമിത ബുദ്ധി (Artificial Intelligence) നമ്മെയൊക്കെ ബുദ്ധിമുട്ടിലാക്കിത്തുടങ്ങിയിരിക്കുന്നു. പക്ഷെ കേൾക്കുന്ന പല വാർത്തകളും ആശാവഹമാണ്. ചിലതുമാത്രം ഭീതിദവും.
ചാറ്റ്‌ജിപിറ്റി (ChatGPT) ആണ് ഇപ്പോഴത്തെ താരം. ചോദിക്കുന്നതിനെല്ലാം കയ്യിൽ ഉത്തരമുണ്ട്. 2021അവസാനം വരെ അഭ്യസിപ്പിച്ച വിവരങ്ങൾ മാത്രമാണ് വച്ച്കീച്ചുന്നതെന്നുമാത്രം. ചിലതൊക്കെ പൊട്ടത്തരങ്ങളാണ്. ആശാൻ ‘ഹാലൂസിനേറ്റ്’ ചെയ്യുന്നത് കൊണ്ടാണത്രേ! അതാരും അത്ര കാര്യമാക്കുന്നില്ല. നന്നാകും എന്നാണ് പറഞ്ഞുകേൾക്കുന്നത്. നന്നാകാതെതന്നെ ലോകമായലോകത്തിലെ വിദ്യാ ഭ്യാസമേഖല ഓട്ടം തുടങ്ങിയിട്ടുണ്ട്. മറ്റുപല സേവനങ്ങളും ഓടിത്തളർന്നു പിൻവാങ്ങിയേക്കും. പറഞ്ഞുവന്നത് നിർമ്മിത ബുദ്ധിയുടെ പുതിയ താരകമായ ചാറ്റ്‌ജിപിറ്റിയുടെ ലീൽ-വിലാസങ്ങളെക്കുറിച്ചാണ്.
നിർമിത ബുദ്ധിയുടെ ലോകത്തിൻറെ വിസ്മയകരമായ സാദ്ധ്യതകൾ ചാറ്റ്‌ജിപിറ്റി എന്ന ‘വലിയ ഭാഷാ മാതൃക’ (Large Language Model) വന്നതോടുകൂടിയാണ് സാധാരണക്കാർക്കുകൂടി മനസ്സിലാകുന്നത്. ഉത്പാദിപ്പിക്കപ്പെടുന്ന നിർമിതബുദ്ധി (Generative AI) എന്നവിഭാഗത്തിലാണ് പൊതുവേ ഇത്തരം വലിയ ഭാഷാ മാതൃകകളെ ഉൾപ്പെടുത്തിയിരിക്കുന്നത്. ഓപ്പൺ എ ഐ (Open AI) എന്ന കമ്പനി പുറത്തിറക്കിയ ചാറ്റ്‌ജിപിറ്റി എന്ന മാതൃക മാത്രമല്ല. ഗൂഗിളിനും, മൈക്രോസോഫ്റ്റിനുമൊക്കെയുണ്ട് Generative AI മോഡലുകൾ. മൈക്രോസോഫ് ബിങ് (Bing) ഓപ്പൺ എ ഐയുടെ ജിപിറ്റി സാങ്കേതിക വിദ്യ തന്നെയാണ് ഉപയോഗിക്കുന്നത്. ഓപ്പൺ എ.ഐ. കമ്പനിയിൽ ബില്ല് അണ്ണന്റെ ‘ബില്ലിയൺസും’ ‘ബ്രില്ലിയൻസും’ കൂടി സമമായ് ചേർത്തിട്ടുണ്ടെന്നും കരക്കമ്പിയുണ്ട്. താനാണ് ഇതിന്റെയൊക്കെ കാരണഭൂതനെന്നു ഈലോൺ മസ്ക് എന്ന കഠിനകഠോര വേദനയനുഭവിക്കുന്ന കോടീശ്വരനും അവകാശം പറഞ്ഞുറപ്പിക്കുന്നുണ്ട്. എന്തായാലും ബിങ്ങും (Bing) ഗൂഗിളിന്റെ ബാർഡുമൊക്കെ (Google Bard) ചാറ്റ്‌ജിപിറ്റിയെക്കാളും മികച്ചവയാണ് എന്നാണ് ഇതെഴുതുന്നവന്റെ അനുഭവം.
നിർമിത ബുദ്ധി നമുക്ക് കുറച്ചൊക്കെ പരിചമായ സംഗതിയാണ്. ഗൂഗിളും ആപ്പിളും ആമസോണുമൊക്കെ ചെറിയതോതിൽ ‘ഭീകരനെ’ നമുക്കിടയിൽ ഇറക്കിവിട്ടിട്ടു കാലം കുറച്ചാകുന്നു. സിരിയെയും, ഗൂഗിൾ മാപ്പിനെയും, അലക്സയുമൊക്കെ വഴി നമ്മൾ കുറച്ചൊക്കെ അറിഞ്ഞു വച്ചിട്ടുമുണ്ട്. പക്ഷെ ചാറ്റ്ജിപിറ്റി അക്ഷരാർദ്ധത്തിൽ നമ്മെ ഞെട്ടിച്ചു. സിരിയെയും, അലക്സയുമൊക്കെ മൂക്കൊലിപ്പിച്ചു നടക്കുന്ന നേഴ്സറിപ്പിള്ളേർ ആക്കിക്കളഞ്ഞു ചാറ്റ്ജിപിറ്റി.
കഥകളും കവിതകയും ലേഖനങ്ങളും പരിഭാഷകളും വിഞ്ജാന ഖനികളും മറ്റുപലതുമായി ചാറ്റ്ജിപിറ്റി ‘ജി’ നമ്മെ അത്ഭുതപ്പെടുത്തുന്നു. ഓപ്പൺ എ ഐയുടെ മറ്റു സേവനങ്ങളായ ജിപിറ്റി-നാലാമനും (GPT-4) ഡാലി രണ്ടാമനും (DALL.E-2) എന്തൊക്കെ ചെയ്യും എന്ന് മനസ്സിലാക്കിയാൽ നിങ്ങളുടെ അന്തം രാജ്യം വിട്ടുപോയി അന്റാർട്ടിക്കയിൽ എത്തിനിന്നു വിറക്കും. ഞാനായി ഒന്നും പറഞ്ഞു ബോറാക്കുന്നില്ല. വേണെമെങ്കിൽ ഓപ്പൺ എ ഐയുടെ വെബ്‌സൈറ്റിൽ കടക്കൂ (https://openai.com/), വായിക്കൂ, മനസ്സിലാക്കൂ, അന്തം വിടൂ, വല്ല കുന്തവും തടഞ്ഞാൽ അതും സാപ്പിടൂ!
നിർമിത ബുദ്ധി ഇപ്പോഴും അതിൻ്റെ വളർച്ചയുടെ ബാല്യത്തിലാണെറിയുമ്പോഴാണ് നമുക്കും തളർച്ചവരുന്നത്. യവ്വനവും മധ്യവയസ്സും കടക്കുന്ന നിർമിതിബുദ്ധിക്ക് മനുഷ്യബുദ്ധിയേക്കാൾ കനവും കൂർമതയും ഉണ്ടാകും. അത് പല തെഴിൽമേഖലകളും തകർക്കും പുതിയവ വളർത്തും. മനുഷ്യരാശിയെത്തന്നെ…അല്ലെങ്കിൽ വേണ്ടാ. തുമ്മാരക്കുടിയേട്ടനെപ്പോലെ ഉഗ്രപ്രവചനങ്ങൾക്ക് ഞാനില്ല.’ഗുളി’കേട്ടന്റെ ‘നില’പാടുകൾ നമുക്കറിയില്ലല്ലോ.
മനുഷ്യബുദ്ധിയും നിർമിത ബുദ്ധിയും എന്ന യാഥാർത്യത്തിൽനിന്ന് നിർമിത ബുദ്ധിമാത്രം അവശേഷിച്ചാലായി. പ്രവചനമല്ല! എന്തുകൊണ്ടോ പെട്ടെന്ന് ബഷീറിനെ ഓർത്തുപോയതാണ്.
ചാറ്റ്‌ജിപിറ്റിക്കു നമ്മുടെ ഭാഷയും വഴങ്ങും. ‘പെർഫെക്റ്റ് ഓക്കേ’ അല്ലെന്നേയുള്ളൂ. ചാറ്റ്‌ജിപിറ്റിയെക്കുറിച്ചു രണ്ടുവരി മലയാളത്തിൽ എഴുതികാണിക്കാൻ പറഞ്ഞപ്പോൾ കിട്ടിയത് അപ്പടി താഴെച്ചേർക്കുന്നു.
“ചാറ്റ്‌ജിപിടി ഒരു ഭാഷാ മോഡൽ ആണ്, മലയാളം ഭാഷയിൽ അടിസ്ഥാനപ്പെടുത്തിയത്. ഇത് വലിയ പ്രാദേശിക വൈവിധ്യത്തിൽ ആശയപ്പെടുത്തുന്ന സാഹിത്യ, പ്രവൃത്തികൾ, ചരിത്രം, സാമൂഹികവും സാങ്കേതികവും വിഷയങ്ങളിൽ സഹായകമായി ഉപയോഗിക്കാവുന്നു.”
സംഭവം ചാറ്റ്‌ജിപിറ്റി ഇംഗ്ലീഷിൽ ചിന്തിച്ചു മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയതാണ്. ഇതുതന്നെയാണ് നാമെല്ലാം ഇംഗ്ലീഷ് ഭാഷ പ്രയോഗിക്കുമ്പോൾ ചെയ്യുന്നത്. മലയാളത്തിൽ ചിന്തിച്ചു ഇംഗ്ലീഷിൽ പരിഭാഷപ്പെടാൻ പെടാപ്പാടുപെടുന്ന തലച്ചോർ! ദോഷം പറയരുതല്ലോ നമ്മുടെ തലച്ചോറിന് അങ്ങനെ ചെയ്യാനേ നിർവ്വാഹമുള്ളൂ. എല്ലാമനുഷ്യരും രണ്ടാംഭാഷ കൈകാര്യം ചെയ്യുമ്പോൾ എങ്ങനെതന്നെയാണ് ചെയ്യുന്നത്. മാതൃഭാഷയിൽ ചിന്തിച്ചു മറ്റുഭാഷകളിലേക്കു മൊഴിമാറ്റുന്നു.
ചാറ്റ്‌ജിപിറ്റിയുടെ കണക്കുവഴിയും (Algorithm) മേല്പറഞ്ഞതുപോലെ തന്നെ ചിട്ടപ്പെടുത്തിയിരിക്കുന്നതാണ്. പക്ഷെ ഈ കണക്കുകൾ ദിനംപ്രതി മെച്ചപ്പെടുന്നവയാണ്. GPT 3.5 ഒൻപതുവയസുള്ള കുട്ടിയുടെ ബൗദ്ധികനിലവാരത്തിൽ, അതിനു കഴിയുന്നജോലികൾ, 92% ത്തോളം കൃത്യതയോടെ ചെയ്തുതീർക്കും എന്ന് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു. അതൊരു മുപ്പതുവയസ്സുകാരിയുടെ/കാരൻ്റെ ബൗദ്ധികനിലവാരത്തിൽ എത്താനും, നൂറ് മനുഷർക്ക് ചെയ്യാൻപറ്റുന്ന ബുദ്ധിപരമായ ജോലികൾ നിമിഷനേരംകൊണ്ട് ചെയ്യാനുമുള്ള കരുത്താർജ്ജിക്കാൻ അധികനാൾ വേണ്ടിവരണമെന്നില്ല. കാലത്തിനുമാത്രം ഉത്തരം നല്കാനാകുന്ന സമസ്യയാണത്. ഇപ്പോഴുള്ള ശക്തികുറഞ്ഞ നിർമ്മിത ബുദ്ധി (Weak AI), വീര്യം കൂടിയതും (Strong AI), അതിലും വീര്യം കൂടിയ ‘സാമാന്യ നിർമ്മിത ബുദ്ധി’ യും (Artificial General Intelligence) ഒക്കെയാകുമ്പോഴുള്ള സ്ഥിതി എന്താകുമെന്ന് പറയാൻ കഴിയില്ല. ഏന്തായാലും ആയവയൊക്കെ വിചാരിക്കുന്നതിലും വേഗത്തിൽ നിങ്ങളിലെത്താനാണ് സാദ്ധ്യത. എല്ലാം നല്ലതിനാകാനേ വഴിയുള്ളൂ.
“I never think of the future; it comes soon enough.” ~ Albert Einstein
സുമേഷ് രാമചന്ദ്രൻ

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ