2023 ജൂൺ 30, വെള്ളിയാഴ്‌ച

മുറിഞ്ഞ താളങ്ങൾ

 

ഭൂമിയുടെ മുകളിൽ മുപ്പത്തിഅയ്യായിരമടി ഉയരത്തിൽ ബിസിനസ് ക്ളാസിലെ ആർഭാടത്തിലമർന്ന് ചില്ലു ജനാലക്കപ്പുറത്തെ മേഘക്കീറുകൾ നോക്കിയിരിക്കേ ചെറിയൊരു കുലുക്കം. സ്ഥിരസഞ്ചാരിയായതിനാൽ പ്രത്യേകിച്ചൊന്നും തോന്നിയില്ല. മറ്റു യാത്രക്കാരും അങ്ങനെതന്നെയുള്ളവരായതിനാൽ അവരുടെ മുഖത്തും നിസ്സംഗത.

എയർഹോസ്റ്റസ് കൊണ്ടുവന്ന കാപ്പൂച്ചിനോയ്ക്ക് ചൂടല്പം കുറവായിരുന്നെങ്കിലും രുചികരമായിരുന്നു.

സോഫിയയും ഇപ്പോൾ മറ്റൊരു രാജ്യത്തിന്റെ മുകളിലായിരിക്കും. ആര്യ ഇപ്പോൾ ഉറങ്ങിക്കാണും. അഛ്ഛനെയുമമ്മയെയും അവൾ സ്വപ്നം കണ്ടേക്കാം. ആരോൺ സ്കൂളിലെത്തിയിരിക്കും. കഴിഞ്ഞ മാസം ഓൺലൈൻ പേരന്റ്സ് മീറ്റിൽ മിലിൻഡാ മിസ് പറഞ്ഞത് അയാളോർത്തു

“ഹീ ഈസ് ഡൂയിംഗ് എക്സ്റ്റ്റീമിലി വെൽ”

‘യെസ് ഹീ ഹാസ് ടു. കോസ് ഹീ ഈസ് മൈ സൺ.’ അയാൾ തന്നോടുതന്നെ പറഞ്ഞു.

പതിഞ്ഞ താളത്തിൽ തുടങ്ങി കൊട്ടിക്കയറി അവരോഹണത്തിന്റയന്ത്യത്തിൽ ഒരു പുൽനാമ്പു പോലെ തന്റെ മാറിലേക്ക് മാണ്ടു വീഴുന്ന സോഫിയ ഇപ്പോൾ ഇവിടെയുണ്ടായിരുന്നെങ്കിലെന്ന് അയാൾ വൃഥാ കൊതിച്ചു.

ഇനി രണ്ടര മണിക്കൂർ കൂടിയുണ്ട് മണ്ണിലിറങ്ങാൻ. പിന്നെ ഒരു മണിക്കൂർ. ഈ മീറ്റിൽ പ്രസന്റ് ചെയ്യേണ്ട കാര്യങ്ങൾക്ക് ഒരു ഫൈനൽ ടച്ചപ്പ് കൊടുത്തേക്കാം. അയാൾ തന്റെ ലാപ്പ് തുറന്നു. കോർപ്പറേറ്റ് പടവുകൾ അനായാസേന ചവിട്ടിക്കയറിയ അയാൾക്ക് പക്ഷെ ഇക്കുറി ചില്ലറ അങ്കലാപ്പില്ലാതെയില്ല. ലോകം മുഴുവൻ രണ്ട് മണിക്കൂർ ദൈർഘ്യമുള്ള ഒരു മീറ്റിങ്ങിനെ ഉറ്റുനോക്കുന്നുണ്ട്. ഈ പ്രോജക്ടിന്റെ ജയപരാജയങ്ങൾ തന്റെ പ്രസന്റേഷനെയാണാശ്രയിച്ചിരിക്കുന്നത്. കോടിക്കണക്കിനു ഡോളറുകളുടെ കളിയാണ്. ചില രാജ്യങ്ങളിലെ ഭരണാധികാരികളുടെ കാലാവധി പോലും തീർപ്പാകുന്ന കളി.

നതിങ്ങ് വിൽ ഹാപ്പൻ. കോസ് ഐ ആം ശ്രീപദൻ. ദ് വൺ ആൻഡ് ഒൺലി ശ്രീപദൻ. അയാൾ ആത്മഗതം ചെയ്ത് ലാപ്പടച്ചു.

പതുക്കെ തീരശ്ശീല താഴുമ്പോലെ കൺപോളകൾ അടഞ്ഞപ്പോൾ കണ്ണുകളുടെ പിന്നാമ്പുറത്തെ വെൺതിരശ്ശീലയിൽ സന്ധ്യയുടെ ശോണിമ. കത്തുന്ന നിലവിളക്കിനൊപ്പം ഭാരതിയമ്മയുടെ മുഖം മറ്റൊരു വിളക്കായ് തിളങ്ങി. കറുത്തിരുണ്ട മുടിക്കെട്ടിൽ ഒരു തുളസിക്കതിരിന്റെ വീർപ്പുമുട്ടൽ.

പതിനെട്ടു തികഞ്ഞെങ്കിലും അമ്മയോടൊപ്പമിരുന്ന് നാമം ജപിക്കുന്നത് അവാച്യമായൊരനുഭവമായിരുന്നു.

പൂമുഖത്ത് അച്ഛൻ അനുഭാവികളെ പ്രത്യയശാസ്ത്രത്തിലെ പുതിയ അധ്യായങ്ങൾ പഠിപ്പിക്കുകയായിരുന്നു. ചൂടുകാപ്പി ഊതിക്കുടിക്കുന്നതിന്റെ ഇടവേളകളിൽ അനുഭാവികൾ എല്ലാം മനസിലായ മട്ടിൽ തലയാട്ടി. നിരീശ്വരവാദിയായ അച്ഛന് ഈശ്വരവിശ്വാസിയായ മകനോടും ഭാര്യയോടും ഒരെതിർപ്പുമില്ലായിരുന്നു. തിരിച്ചും.

ഒരു മേൽക്കൂരക്കു കീഴിൽ രണ്ട് വിശ്വാസങ്ങൾ സമാന്തരരേഖകൾ വരച്ചു. നീലാകാശവും ചന്ദ്ര താരങ്ങളും വെറും ബാല്യകൗതുകത്തിനപ്പുറം മനസിലുറച്ചപ്പോൾ ബഹിരാകാശപഠനം ലഹരിയായി. സ്കോളർഷിപ്പോടെ അമേരിക്കയിൽ ഉപരിപഠനം. അച്ഛന്റെ മരണശേഷം ഒറ്റക്കായ അമ്മയുടെയടുത്തേക്ക്, ഉയർന്ന ജോലി വാഗ്ദാനങ്ങളെയവഗണിച്ച് പറന്നിറങ്ങി.

അമ്മയുടെ മടിത്തട്ടിൽ തല ചായ്ച്ച് മുടിയിഴകളിലൂടെ ആ വിരലുകളുടെ തലോടലേറ്റ് സുഖകരമായ മയക്കത്തിൽ പേരറിയാത്ത നക്ഷത്രങ്ങൾ വിരുന്നു വന്നു.

“ആര്യ ഇറ്റ്സ് റ്റൂ മച്ച്. ഇന്നെത്ര വയിലാണ് നീ തീർത്തതെന്ന് വല്ല ഓർമ്മയുമുണ്ടോ? ” ഫാബിയൻ അങ്കലാപ്പോടെ ചോദിച്ചു.

“ഐ നോ ഫാബീ. യൂ നോ വാട്‌സ് ദിസ് ഡേ? ഇന്നെന്റെ മുത്തശ്ശി മരിച്ച ദിവസമാണ്. മൈ ഡാർലിങ് ഗ്രാൻഡ്മാ. എന്റെ ജീവിതത്തിലെ ഏറ്റവും വിലപ്പെട്ടതും ഓർമ്മ യിലൊരിക്കലും മങ്ങാത്തതുമായ കുറെ വർഷങ്ങൾ എനിക്കു തന്ന എന്റെ മുത്തശ്ശി. ”

“അതിനിങ്ങനെ ഡ്രഗ്സ് കുത്തിക്കയറ്റണമെന്നുണ്ടോ?”

“അച്ഛനുമമ്മയും ഭൂഖണ്ഡങ്ങൾക്കു മീതെ പറന്ന് നടക്കുന്നു. തന്റെ ജീവിതത്തിലെ സ്വപ്ന ലക്ഷ്യത്തിലേക്കുള്ള പാച്ചിലിലാണച്ഛൻ. അമ്മ ബിസിനസ് ടൂറുകളിൽ. അനുജൻ ആയിരക്കണക്ക് കിലോമീറ്ററുകൾക്കപ്പുറത്തുള്ളൊരു രാജ്യത്ത് മറ്റൊരു രാജ്യത്തെ ആയയുടെ തണലിൽ! ഡൂ യൂ നോ ഫാബീ, എന്റെ പാരന്റ്സ് എന്നെയൊന്നു വിളിച്ചിട്ട് ഒരു മാസത്തോളമായി!  അച്ഛന്റെ കാര്യം പോട്ടെ. ഹീ ഈസ് ബിഹൈൻഡ് ഏ ഡ്രീം. അമ്മക്കൊന്നു വിളിച്ചൂടെ ഫാബി?”

“നിനക്കങ്ങോട്ടും വിളിക്കാമല്ലോ ആര്യ?”

“യെസ് ഐ ക്യാൻ ആന്റ്‌ ഐ ഡിഡ്. ബട്ട് ഷീ ഈസ് ആൾവേയ്സ് അൺറീച്ചബിൾ”

“എല്ലാം ശരിയാകും ആര്യ. നിന്റെ ഡാഡിയുടെ പ്രോജക്ടൊന്നു കഴിഞ്ഞോട്ടെ. നൗ ലെറ്റ് മീ ഗോ.”

സിറിഞ്ചുകളും ഒഴിഞ്ഞ വയിലുകളും ഡസ്റ്റ് ബിന്നിലേക്കിട്ട് ഫാബിയൻ തിരികെപ്പോയി. ആര്യ പതുക്കെ മയക്കത്തിലേക്കു വീണു. പഴയ കാര്യങ്ങൾ ആ മയക്കത്തിൽ മങ്ങിയും തെളിഞ്ഞും ദൃശ്യമായി.

മിനുട്ടുകൾക്ക് ലക്ഷങ്ങളുടെ വിലയുള്ള യൂഎസ്സിലെ ‘സ്പേസ് ട്രെക് ‘ കമ്പനിയുടെ ഉടമ അച്ഛനെക്കാണാൻ മാത്രം ഇന്ത്യയിലെത്തിയത് സ്വപ്നതുല്യമായ ഓഫറുമായിട്ടായിരുന്നു. അതിലും വലുതായിരുന്നു അച്ഛന് മുത്തശ്ശി. തന്നെയുമല്ല, ഫാമിലി ഒപ്പമുണ്ടാവണമെന്നത് കമ്പനിക്ക് നിർബ്ബന്ധമാണ്. ഒടുവിൽ മുത്തശ്ശിയുടെ നിരന്തരമായ നിർബ്ബന്ധത്തിന് അച്ഛൻ വഴങ്ങുകയായിരുന്നു. മുത്തശ്ശിയുടെ ഇഷ്ട പ്രകാരം എല്ലാ സൗകര്യങ്ങളുമുള്ള കെയർ ഹോമിലാക്കി യൂ എസ്സിലേക്കുള്ള പറിച്ചു നടീൽ. മുത്തശ്ശിയുടെ ആസാന്നിധ്യവുമായി പൊരുത്തപ്പെടാൻ കുറേ ആഴ്ചകളെടുത്തു. അമ്മ പക്ഷേ വളരെപ്പെട്ടെന്ന് പുതിയ ചുറ്റുപാടുകളുമായി ഇണങ്ങി. ആഡംബരമായ ജീവിതം.ഇഷ്ടം പോലെ പണം. എന്നാൽ സ്വന്തമായി ജോലി ചെയ്യണമെന്നായി അമ്മയ്ക്ക്.

മുത്തശ്ശിയുടെ അന്ത്യ കർമ്മങ്ങൾ കഴിഞ്ഞ്‌ തിരിച്ചെത്തിയപ്പോൾ രണ്ട് കാര്യങ്ങളിൽ തീരുമാനമായിരുന്നു. തന്നെ യൂറോപ്പിലയക്കാനും അമ്മ ജോലിയിൽ കയറുവാനും. വർഷത്തിൽ രണ്ടോ മൂന്നോ ഒത്തു കൂടലുകളിലൂടെ കുടുംബബന്ധം പതുക്കെ വളർന്നു.

വിമാനം ഒരിരമ്പലോടെ റൺവേയിലൂടെ ഓടി തന്റെ എല്ലാ അഹങ്കാരവും വെടിഞ്ഞ് നിശ്ചലമായി. ശ്രീപദൻ വി ഐ പി ഗേറ്റിലൂടെ പുറത്ത് കാത്തുകിടന്ന സെഡാനിലേക്കു കയറി.

സോഫിയയുടെ നഗ്നത മറച്ച് ഇർവിൻ മാർഷലിന്റെ തടിച്ച ശരീരം കിതപ്പകറ്റി. മാനിക്യൂർ ചെയ്ത അവളുടെ നീണ്ട മനോഹരമായ വിരലുകൾ അയാളുടെ പുറം തലോടിക്കൊണ്ടിരുന്നു. സുഖകരമായ ആലസ്യത്തിൽ സിസ്റ്റർ എലിസബത്തിന്റെ കയ്യിൽ തൂങ്ങി സോഫിയ , ബാലികാഭവന്റെ മുറ്റത്ത് നടക്കുകയായിരുന്നു. പിന്നെ പഠനമികവിനു പകരമായി നഗരത്തിലെ പ്രശസ്തമായ കോളജിൽ ഉന്നതപഠനം. കോളജിന്റയിടനാഴികളിൽ ശ്രീപദന്റെ ചിരിക്കുന്ന മുഖം. കത്തിച്ച നിലവിളക്കിനു പിന്നിൽ സൂര്യശോഭയോടെ ഭാരതിമ്മ കൈപിടിച്ച് കയറ്റിയത് മറ്റൊരു ജീവിതത്തിലേക്ക്.

ശ്രീപദന് കമ്പനിയാവശ്യത്തിന് പല രാജ്യങ്ങളിലേക്കുള്ള യാത്ര. മുഷിപ്പു മാറ്റാനൊരു ജോലി. ആര്യയ്ക്കിഷ്ടമില്ലാഞ്ഞിട്ടും യൂറോപ്പിലേക്കുള്ള അവളുടെ കൂടുമാറ്റം.ബോർഡിങ് സ്കൂളിന്റെ അടഞ്ഞ ഗേറ്റിനു പിന്നിൽ ആരണിന്റെ കരയുന്ന മുഖം.പുതിയ പുതിയ മധുരം നുണഞ്ഞ് ബിസിനസ്സ് ടൂറുകൾ.

ശ്രീപദന്റെ കാൾ, അവൾ ഇടതു കൈ കൊണ്ടെടുത്തു. വലതു കൈ തലോടൽ തുടർന്നു.

“ഓ ശ്രീ, യൂ ലാൻഡഡ് സേഫ്?”

“യേസ് ഹണി. ഹൗ എബോട്ട് യൂ”

“ഐ ഹാഡ് ഏ പവർഫുൾ ഷവർ ബേബി. സോ റിഫ്രെഷിങ്ങ് യൂ നോ. വെനീസ് യൂർ മീറ്റിങ് ബേബ്?”

“ഇൻ ജസ്റ്റ് വൺ അവർ”

“ഓൾ ദി വെരി ബെസ്റ്റ് ശ്രീ. കാൾ മീ വെനിറ്റ്സ് ഓവർ.ബൈ ഫോർ നൗ”

“ബൈ.ടേക്ക് കെയർ”

പെട്ടെന്ന് ഇർവിന് ഭാരം കൂടി. ശ്വാസം കിട്ടാതെ സോഫിയ കൈകാലിട്ടടിക്കുന്തോറും അയാളുടെ ഭാരം കൂടിക്കൂടി വന്നു. ഒന്നുറക്കെക്കരയാൻ പോലുമാവാതെ സോഫിയയുടെ ശരീരം അവസാനമായി പിടഞ്ഞു. ഞെട്ടിയുണർന്ന ഇർവിന്റെ മുതുകിൽ സോഫിയയുടെ കൂർത്ത നഖങ്ങൾ തീർത്ത മുറിവുകളിൽ നിന്ന് ചോര കിനിഞ്ഞിറങ്ങി.

 


അനിൽകുമാർ എം ബി

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ