2021 മേയ് 26, ബുധനാഴ്‌ച

ഇതിവൃത്തം മലയാള സാംസ്കാരിക മാസിക, ലക്കം 8, മെയ് 2021


 

മുഖമൊഴി

 

ലൈംഗീകതയേ കുറിച്ച് സംസാരിക്കൂ..

ലൈംഗീകതയെക്കുറിച്ചു സംസാരിക്കുന്നതിൽ നമ്മൾ മലയാളികൾ പൊതുവെ വിമുഖരായാണ്. ശരിയായ ലൈംഗീക വിദ്യാഭ്യാസത്തിന്റെ അഭാവം തന്നെയാണിതിനു കാരണം. ലൈംഗീകത അശ്ലീലമെന്നോ, അസഭ്യമെന്നോ ഉള്ള വിചാരമാണ് മിക്കവർക്കും. അതി നിഗൂഢമായ ഒരു പ്രവൃത്തി പോലെയായി ഇപ്പോൾ ഇത്. അതുകൊണ്ടു തന്നെ ഇത് പലരെയും മാനസിക സമ്മർദ്ദത്തിലാക്കുന്ന ഒരു കാര്യവുമായി മാറുന്നു.

അടുത്ത കാലങ്ങളിലായി ചില സ്ത്രീകൾ ലൈംഗീകതയെക്കുറിച്ച് സഭ്യമല്ലാത്ത ഭാഷകൾ ഉപയോഗിച്ച് എഴുതുന്നത് എന്റെ ശ്രദ്ധയിൽ പെട്ടിരുന്നു. ആർത്തവമാണ് അവർ  ഒരു മഹാ കാര്യമായി ഉയർത്തിപ്പിടിക്കുന്നത്. അത് പോലെ തന്നെ അവയവങ്ങളുടെ പേരുകൾ അശ്ലീലമായി അവതരിപ്പിച്ചു നിർവൃതിയടയുന്നവരുമുണ്ട്. അങ്ങനെയുള്ള എഴുത്തുകൾ കൊണ്ട് അവർക്കോ മറ്റുള്ളവർക്കോ പ്രയോജനമുണ്ടെന്നു തോന്നുന്നില്ല. മാത്രമല്ല അതവരുടെ വികലമായ ലൈംഗീക ജീവിതത്തിന്റെ പ്രതിധ്വനിയായും എനിക്ക് തോന്നിയിട്ടുണ്ട്.

ഇത്തരം എഴുതുകളിലൂടെ ലൈംഗീക സ്വാതന്ത്ര്യം പ്രഖ്യാപിക്കുകയാണ് അവരുടെ ഉദ്ദേശ്യം എങ്കിൽ അതത്ര വിജയം ആയിരിക്കും എന്നെനിക്കു തോന്നുന്നില്ല. അവരെല്ലാം ഉദ്ദേശിക്കുന്നത് പോലെ അത്ര അശ്ലീലമാണോ ലൈംഗീകത? മുഖപടമില്ലാതെ തുറന്ന വേദികളിൽ ഇത്തരം കാര്യങ്ങൾ പറയുവാൻ ഇവർ തയാറാകുമോ?   ഈ എഴുത്തുകാരുടെ മുൻപിൽ ഇത്തരം ചിന്താഗതികൾ ഉണ്ടെന്നു ഞാൻ വിശ്വസിക്കുന്നില്ല. അവരെ സംബന്ധിച്ചിടത്തോളം ഇത്തരം എഴുത്തുകൾ ഒരു വികല മാനസകിക തൃപ്തിക്കു മാത്രം ഉതകുന്നതും വായനകാരിൽ ലൈംഗീക വൈകൃത ചിന്തകൾ ഉണർത്തുവാൻ മാത്രം ഉപകരിക്കുന്നതുമാണ്.

ലൈംഗീകതയെക്കുറിച്ചു പറയുവാൻ സ്ത്രീകൾക്ക് അവകാശമുണ്ട്. അതവർ ഉപയോഗിച്ചിരിക്കണം എന്ന് തന്നെയാണ് എന്റെ ആഗ്രഹവും. എന്നാൽ പലപ്പോഴുമവർക്ക് അതിനു കഴിയാറില്ല. ഇത് ശരീരത്തിന്റെയും മനസ്സിന്റെയും ഒരു ആവശ്യമായി കാണുന്നതിൽ നമ്മൾ വളരെ പുറകിലാണ്. 

ലൈംഗീക താൽപ്പര്യങ്ങളും ഉത്തേജനങ്ങളും ഓരോരുത്തരിലും വ്യത്യസ്ഥമായിരിക്കും. അവരുടെ ഇഷ്ടാനിഷ്ടങ്ങൾ ഇണയോട് പങ്കു വയ്ക്കുന്നത് എന്തുകൊണ്ടും ഉത്തമമായിരിക്കും. അവിടെ പറയേണ്ടകാര്യങ്ങൾ അവിടെത്തന്നെ പറയണം. ഗ്രേറ്റ് ഇന്ത്യൻ കിച്ചണിൽ ഫോർ പ്ലേ ഉണ്ടായാൽ നന്നായിരിക്കുമെന്ന് പറയുന്ന ഭാര്യയോട് ” എല്ലാം പഠിച്ചു വച്ചിരിക്കുകയാണ് അല്ലേ” എന്ന് ചോദിക്കുന്ന ഭർത്താവിനോട് അതെയെന്ന് ഭാര്യ പറയുന്നില്ല. അതെയെന്ന് പറയുവാൻ സ്ത്രീകൾ പഠിക്കേണ്ടിയിരിക്കുന്നു. ലൈംഗീക വിദ്യാഭ്യാസം തെറ്റായ കാര്യമല്ലെന്ന് മാത്രമല്ല, സ്ത്രീകളും പുരുഷന്മാരും കൃത്യമായി പഠിച്ചിരിക്കേണ്ട ആവശ്യവിദ്യാഭ്യാസത്തിൽ ഉൾപ്പെടുന്നത് തന്നെയാണ്.

ലൈംഗീക വിദ്യാഭ്യാസം സ്കൂളുകളിൽ തന്നെ ആരംഭിക്കണം. ശാരീക, മാനസിക,  രോഗ വിജ്ഞാനം ശാസ്ത്രീയമായി ലഭിക്കുമെന്നാണ് ഇതിന്റെ മെച്ചം. ലൈംഗീക വിദ്യാഭ്യാസം അശാസ്ത്രീയരുടെ കൈകളിൽ നിന്നും ലഭിക്കുന്നത് തെറ്റായ അവബോധം, പ്രവൃത്തി എന്നിവ വളർത്തും എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ഹോമോസെക്ഷുവാലിറ്റിയേക്കുറിച്ചും ട്രാൻസ്ജെൻഡേഴ്‌സിനെക്കുറിച്ചും സ്കൂളുകളിൽ പഠിപ്പിക്കുന്നത് അഭികാമ്യമായിരിക്കും. അവരുടെ കാഴ്ച്ചപ്പാടുകൾ തന്നെ മാറ്റിമറിച്ചേക്കാം. ഈ വിദ്യാഭ്യാസം കുട്ടികളിൽ അവരുടെ ശരീരത്തേക്കുറിച്ചുള്ള അഭിമാനം ഉയർത്തുന്നതിന് ഉപകരിക്കും. എതിർ സെക്സിൽ പെട്ടവരോട് ബഹുമാനം ഉണ്ടാക്കും. എതിർ സെക്സിൽ പെട്ടവരോട് സൗഹൃദം ഉണ്ടാക്കുവാൻ സഹായിക്കും. മാതാപിതാക്കളുമായുള്ള ആശയ വിനിമയം കൂട്ടും. ലൈംഗീക ദുര്യുപയോഗം കുറയ്ക്കും. ദുര്യുപയോഗങ്ങളെക്കുറിച്ച് തുറന്നു പറയുവാനുള്ള പ്രവണത കൂടും. അനാവശ്യ ഗർഭങ്ങൾ ഒഴിവാക്കാം. എന്നിങ്ങനെ ഇതിന്റെ പ്രയോജനങ്ങൾ ധാരാളമാണ്. 

ഇനിയുള്ള തലമുറയെങ്കിലും ശരിയായ ലൈംഗീക വിദ്യാഭ്യാസം നേടട്ടെ. അവർക്കിത് പരസ്യമായി തുറന്നു പറയുവാൻ കഴിയട്ടെ. മുഖം മറച്ചോ, വ്യാജവ്യക്തിത്വങ്ങളിൽ നിന്നോ എഴുതി സായൂജ്യമടയേണ്ട അവസ്ഥ ഉണ്ടാകാതിരിക്കട്ടെ.  ഇതിലൂടെ സ്ത്രീ പുരുഷ സമത്വം എന്ന മഹത്തായ ലക്‌ഷ്യം നിറവേറട്ടെ.   


ഡോ. സുനീത് മാത്യു

എഴുത്തിന്റെ രസതന്ത്രം

 


ഞാൻ പലപ്രാവിശ്യം ആലോചിച്ചുനോക്കി. എന്തിനാണ് നാം കഥകൾ എഴുതുന്നത്? കവിതകൾ എഴുതുന്നത്? ആരും പറയാത്ത കാര്യങ്ങൾ ഇനിയും ബാക്കിയുണ്ടോ?

ഉണ്ടെന്നാണ് തോന്നുന്നത്! ഇനിയും കോടിക്കണക്കിന് കഥകൾ, കാക്കത്തൊള്ളായിരം കവിതകൾ  ബാക്കി കിടക്കുന്നു, എഴുതപ്പെടാനും ആസ്വദിക്കപ്പെടാനും. ഈ ചെറിയ ദുനിയാവിൽ എത്ര മനുഷ്യർ ജീവിച്ചിരുന്നിരിക്കണം? ഉത്തരം: പതിനായിരത്തിയെണ്ണൂറ് കോടി! അതായത് ചുരുങ്ങിയത്  പതിനായിരത്തിയെണ്ണൂറ് കോടി കഥകളുണ്ടായിരുന്നു പറയാൻ, അതിൽ കൂടുതൽ കവിതകൾ ഉണ്ടായിട്ടിരുന്നു പാടാൻ. പക്ഷെ എത്ര കഥകൾ പറഞ്ഞു, എത്ര കവിതകൾ പാടി? നൂറ് കോടി? അതിൽ കൂടുതൽ ഉണ്ടാകാനിടയില്ല. ഓരോ ജീവിതത്തിനും കുറഞ്ഞത് നൂറ് കഥകളെങ്കിലും പറയാൻ കാണുമായിരുന്നു.

ഞാൻ വീണ്ടും ആലോചിച്ചു നോക്കി! അങ്ങനെയാണെങ്കിൽ എന്തുകൊണ്ടാണ് എനിക്ക് ആൻറ്റോൺ  ചെക്കോവിനെപ്പോലെ കഥയെഴുതാൻ കഴിയാത്തതെന്ന്? ഡോസ്റ്റോവിസ്‌കിയെപ്പോലെയോ ടോൾസ്റ്റോയിയെപ്പോലെയോ നോവൽ എഴുതാൻ പറ്റാത്തത്? വളരെ ചുരുക്കി ഉത്തരം പറഞ്ഞാൽ എനിക്ക് വലിയ ജീവിതാനുഭവങ്ങൾ ഒന്നും ഇല്ല, ഇല്ലാത്തത് പറഞ്ഞു ഫലിപ്പിക്കാനുള്ള പ്രതിഭയുമില്ല. ഉള്ളത് പറഞ്ഞു ഫലിപ്പിക്കാനും കഴിയുന്നില്ല. അപ്പൊൾ  ഞാൻ ഒരു വലിയ പരാജയമല്ലേ? ആണ്. പക്ഷെ അതിന് കാരണം പ്രതിഭാദ്രാരിദ്രവും ജീവിതാനുഭവങ്ങളും മാത്രമല്ല. എനിക്ക് പ്രധാനമായും രണ്ട് കാര്യങ്ങളുടെ കുറവുണ്ട്. പരിശ്രമവും, പരിശീലനവും.

പക്ഷെ ഒന്നുണ്ട്. സർഗ്ഗപ്രക്രീയയിൽ വിജയവും പരാജയവുമെല്ലാം ആപേക്ഷികമാണ്. പ്രപഞ്ചത്തിലെ എല്ലാ  നിയമങ്ങളും പോലെതന്നെ. മനുഷ്യന്റെ ഇത്തിരിപ്പോന്ന തലച്ചോറിൽ നിന്നും വരുന്ന ചിന്താധാരകൾ പലതിനെയും ആശ്രയിച്ചിരിക്കുന്നു. തലച്ചോറിന്റെ രസതന്ത്രം മാറുമ്പോൾ മാറിമറിയുന്ന ചിന്താധാരകളുടെ  ‘രസം’ തീരുമാനിക്കുന്നത് അതിന്റെ ഉടമയുടെ ജീവിതാനുഭവങ്ങളുടെയും അറിവിന്റെയും ബുദ്ധിശക്തിയുടെയും പരിശ്രമങ്ങളുടെയും ആകെത്തുകയായിരിക്കും. എഴുതുന്നവർക്കും വായിക്കുന്നവർക്കും ഇത് ഒരുപോലെ ബാധകമാണ്. മേല്പറഞ്ഞവകകളിലെ ഏറ്റക്കുറച്ചിലുകളനുസരിച്ച്‌ കഥയിലും കവിതയിലും രസം കൂടിയും കുറഞ്ഞും ഇരിക്കാം. പക്ഷെ ഈ രസക്കൂട്ടുകൾ ആസ്വാദകന്റെയും എഴുത്തുകാരന്റെയും സഹസൃഷ്ടികൾ മാത്രമാകുന്നു എന്നതാണ് സത്യം. എല്ലാത്തരം എഴുത്തുകൾക്കും ആസ്വാദകരുണ്ടാകുന്നത് അതുകൊണ്ടാണ്. പക്ഷെ എഴുത്തിനെ അതിന്റെ ഭ്രമകരമായ  സൗന്ദര്യത്തിൽ (അതെന്താണെന്നു മാത്രം ചോദിക്കരുത്) എത്തിക്കണമെങ്കിൽ ചില്ലറ പരിശ്രമം ഒന്നുമല്ല വേണ്ടുന്നത്.

ജീവിതാനുഭവങ്ങളെയും അറിവിനെയും ബുദ്ധിശക്തിയെയും പരിശ്രമങ്ങളേയും കുറിച്ച്തന്നെ വീണ്ടും പറയാം. ഈപറഞ്ഞവയിൽ എല്ലാം ഉണ്ടാക്കിയെടുക്കപ്പെടുന്നതാണ്. ജനിതകഘടനക്ക് കുറച്ചൊക്കെ പങ്കുണ്ടാകാം. പക്ഷെ ബാക്കിയെല്ലാം ഓരോ മനുഷ്യന്റെയും സൃഷ്ടിയാണ്. ഞാൻ ഒര് എഴുത്തുകാരൻ ആകണമെന്ന് ആത്മാർഥമായി ആഹ്രഹിച്ചാൽ, പരിശ്രമിച്ചാൽ അതാകാതെ തരമില്ല (ഏതോ സിനിമയിലെ ഡയലോഗ് ഓർമ്മ വന്നാൽ എന്നെ പഴിക്കരുതേ). പക്ഷെ മനഃപൂര്‍വ്വം പരിശ്രമിക്കണം. എത്രമാത്രം പരിശ്രമിക്കേണ്ടിവരും? ചില ശാസ്ത്രീയ ഗവേഷകർ പറയുന്നത് ശെരിയാണെങ്കിൽ, ചുരുങ്ങിയത് പതിനായിരം മണിക്കൂറുകൾ! എറിക്സണും കൂട്ടരും (K. Anders Ericsson, Ralf Th. Krampe, and Clemens Tesch-Romer) എഴുതിയ ഒരു അക്കാഡമിക് ലേഖനത്തിൽ ആണ് (The Role of Deliberate Practice in the Acquisition of Expert Performance) ഈ നിയമത്തെക്കുറിച്ചു ആദ്യം പ്രതിപാദിക്കുന്നതെങ്കിലും  മാൽകം ഗ്ലാഡ്‌വെല്ലിന്റെ (Malcolm Gladwell) ഔട്‍ലയേഴ്സ് (Outliers) എന്ന പുസ്‌തകത്തിൽ പരാമർശം വന്നതിന് ശേഷമാണ് ഈ നിയമത്തിന് ഇത്രയും പ്രസിദ്ധി കിട്ടുന്നത്. ഈ നിയമം തെറ്റോ ശെരിയോ ആകാം, പക്ഷെ അതിലൊരു യുക്തിയുണ്ട് എന്നാണ് എനിക്ക് തോന്നുന്നത്. വിശ്വാസമില്ലാത്തവർക്ക് ഒന്ന് പരീക്ഷിച്ചുനോക്കാവുന്നതാണ്! പശ്ചാത്തപിക്കേണ്ടിവരില്ല, ഉറപ്പ്.

ഞാൻ വിചാരിക്കുന്നത് പതിനായിരം മണിക്കൂറുകൾ എന്നുള്ളത് ഏറ്റവും കുറഞ്ഞ കണക്കാണ് എന്നതാണ്. എനിക്ക്  ഏറ്റവുംപ്രീയപ്പെട്ട കർണാടിക് വയലിൻ വായനക്കാരനായ എം എസ് ഗോപാലകൃഷ്ണൻ അവർകളൊക്കെ ഒരുദിവസം പത്തുമണിക്കൂർവരെ സാധകം ചെയ്യാറുണ്ടായിരുന്നുവെന്ന് കേട്ടിട്ടുണ്ട്. ചുരുങ്ങിയത് മുപ്പതിനായിരം മണിക്കൂറുകളുടെ പരിശീലനത്തിന് ശേഷമായിരിക്കണം അദ്ദേഹത്തെ ലോകം ശ്രവിക്കുന്നത്. ഒരു ജീവിതകാലത്തിനിടയിൽ ചുരുങ്ങിയത് രണ്ട് ലക്ഷം മണിക്കൂറുകളെങ്കിലും അദ്ദേഹം വയലിൻ വായിച്ചിട്ടുണ്ടാകാം. ലോകത്തിൽ വച്ചും ഏറ്റവും കേമൻ  വയലിൻ വാദകൻ എന്നറിയപ്പെട്ടിരുന്ന യെഹൂദി മെനുഹിൻ, എം എസ് ഗോപാലകൃഷ്ണൻ തൻറെ പത്തൊമ്പതാമത്തെ വയസ്സിൽ വയലിൻ വായിക്കുന്നത് കേട്ട് അത്ഭുതപരതന്ത്രനായിട്ടുണ്ട്  എന്ന് എവിടെയോ വായിച്ചതായോർക്കുന്നു. ആരും ഇത്ര നന്നായി വയലിൻ വായിക്കുന്നത് താൻ  കേട്ടിട്ടില്ല എന്നും മെനുഹിൻ പറഞ്ഞുവത്രേ!

മുഹമ്മദ് ബഷീർ എന്ന സാധാരണ മനുഷ്യനെ വൈക്കം മുഹമ്മദ് ബഷീർ ആക്കിയത് ഈ പരിശ്രമവും, അതിന്റെ ഫലമായുണ്ടായ നിപുണതയും, ജീവിതാനുഭവങ്ങളും അല്ലെങ്കിൽ പിന്നെന്താണ്? ഭാഗ്യം? ഒരിക്കലുമല്ല. പൂർണ്ണമായും സജ്ജരായവരെ മാത്രം തുണയ്ക്കുന്ന ഒന്നാന്ന് ഭാഗ്യം. നിങ്ങൾ തയ്യാറല്ലെങ്കിൽ  മുയലിന്റെ തലയിൽ വീണ ചക്ക പോലെയാകില്ലേ ഭാഗ്യം? സജ്ജരായവർക്ക് (സജ്ജരായവർക്കു മാത്രം) ചിലപ്പോൾ വിപണന തന്ത്രങ്ങൾ ഉപകാരപ്പെട്ടേക്കാം. അല്ലാത്തവർ ഉപയോഗിക്കുന്ന തന്ത്രങ്ങൾ പരാജയപ്പെടുമ്പോൾ തന്ത്രങ്ങളെ പഴിചാരിയിട്ടെന്തു കാര്യം?

പറഞ്ഞു വരുന്നത് കഠിന പരിശീലനവും വാസനയും ഉണ്ടെങ്കിൽ ആർക്കും ഏത് നൈപുണ്യവും നേടിയെടുക്കാം എന്നാണ്. വേണമെങ്കിൽ ആൻറ്റോൺ ചെക്കോവ് ആറ്റിങ്ങലിലും പിറക്കും എന്ന് ചുരുക്കം. ഒന്നാലോചിച്ചാൽ  ആൻറ്റോൺ ചെക്കോവും  ഡോസ്റ്റോവിസ്‌കിയും ടോൾസ്റ്റോയിയുമൊക്കെ എത്രമാത്രം സമയം എഴുത്തിനുവേണ്ടി മാത്രം ചെലവിട്ടിട്ടുണ്ടാകും? ഇതൊന്നുമില്ലാതെ ഞാൻ എഴുതിയ രണ്ടാമത്തെ കഥ ലോക പ്രസിദ്ധമായില്ല എന്ന് പറഞ്ഞു പരിതപിച്ചിട്ടെന്തു കാര്യം? പരിശ്രമവും പരിശീലനവും വാസനയും ജീവിതാനുഭങ്ങളും പിന്നെ കുറച്ച്‌ ബുദ്ധിയും കൂടിയുണ്ടായിരുന്നെങ്കിൽ ഞാനൊക്കെ കലക്കിയേനെ! ഞാനേ!


സുമേഷ് രാമചന്ദ്രൻ

2021 മേയ് 25, ചൊവ്വാഴ്ച

അണുനാശം

 



അണു നാശം വിതയ്ക്കുന്നു,

വീണു കിടന്നലറിക്കരയുന്നു മാനവർ

എങ്ങും ശ്വസിക്കുന്ന വായുവിൽ

പാഷാണഗന്ധമുറയുന്നു.

പായുവതെങ്ങെന്നറിവതില്ല,

മുഖമില്ലാമരണം

തളംകെട്ടി നിൽക്കുന്നു ചുറ്റിലും.

ഇടമില്ല, ആതുരശാലകൾ

നിലനിൽപ്പിൻ പാസ്സുകൾ

നൽകുന്നിടമായി മാറി,

തിങ്ങിവിങ്ങിയാഘോഷമില്ലാ-

വേദികൾ, നവദേവാലയങ്ങൾ.

മരണം വിതച്ച പുതപ്പിന്നടിയിൽ

ശരണമപേക്ഷിക്കുന്ന കാഴ്ചയിൽ,

തളരാതെവിശ്വാസവായുപരത്തുന്ന

ആതുരരക്ഷാദൈവങ്ങൾ

അനുഗ്രഹം ചൊരികിലും,

തോറ്റുപോകാറുണ്ടാ ദൈവങ്ങളും.

പൊരുതുവാൻ പോലുമിടം

കൊടുക്കാതെ,

പിണങ്ങളിൽ ജയം മുദ്രണം ചെയ്യു-

മണുക്കൾ നിയമങ്ങൾ, പാഠങ്ങൾ

ശാസിപ്പൂ.

ജീവവായു വിലയ്ക്കുമില്ലാ,

ജീവൻ തുടിപ്പല്ല ശ്വാസമെന്നറിവു നീ.

ശ്വാസം പിഴയ്ക്കാതെ,

പിടയ്ക്കാതെ നോക്ക നീ.


ഡോ. സുകേഷ് ആർ.എസ്.


വിഷുപ്പുലരി


 

മേട സംക്രമപ്പുലരിയുണർന്നു,

മോഹനമായൊരു സ്വപ്നം പോലെ.

പുലരെ, പുലരെ വിഷുവാണല്ലോ

വിഷുക്കണിയിന്നേ ഒരുക്കണ്ടേ.

ക്ലാവു പിടിച്ചൊരീ ഓട്ടുരുളി

തേച്ചുമിനുക്കി ഞാൻ നിന്നനേരം,

കണ്ണന്റെ കളിചിരി കാതോളമെത്തി,

കാളിന്ദീ തീരത്തു ഞാനുമെത്തി.

കൊന്നപ്പൂ നിറമുള്ള കുന്നത്തെ പെണ്ണിന്റെ

അന്നത്തെ മോഹങ്ങൾക്കെന്തു ഭംഗി.

ആലിലക്കണ്ണന്റെ മുരളിക മൂളിയൊ –

രാഭേരിയോർക്കെ മനം തുടിച്ചു.

അന്നൊരു മേടപ്പുലരിയിലാ,കാളിന്ദീ തീരത്ത്,

കണ്ണനെ കാത്തൊരു രാധയിരുന്നു.

വനമാലിയവനുടെ തിരുമാറിലണിഞ്ഞൊരു

വനമാലയായവൾ മാറിയന്ന്.

കൃഷ്ണ തുളസിക്കതിർമാലയാലവൾ

കണ്ണന് കാണിക്കയർപ്പിച്ച നേരം

കള്ളക്കാർമുകിൽ വർണ്ണനവൻ,

കൈനീട്ടമന്നൊന്നു കവിളത്തുനൽകി.

ഓട്ടുവിളക്കിന്റെ പൊൻപ്രഭയിൽ,

കണികണ്ടു കൈകൂപ്പി നിന്നനേരം,

കണ്ണന്റെ കളിചിരി പിന്നിലെത്തി,

കായാമ്പൂവർണ്ണനെൻ മിഴികൾ പൊത്തി.

അറിയാതെയിവളൊരു രാധയായി,

കാളിന്ദീ തീരത്തിലെത്തിയല്ലോ

മനമാനന്ദനിർവൃതി പുൽകിയല്ലോ.


വിജയം ആർ നായർ

ക്ഷണിക്കപ്പെടാത്ത അതിഥി

 


തട്ടുകട നടത്തുന്ന മൊയ്തീൻ വലതു കയ്യിലെ ഗ്ലാസിൽ നിന്ന് ചായ ഇടതു കയ്യിലെ ഗ്ലാസിലേക്ക് വീശി പകരുന്നതിനിടയിലാണ് മേസ്തിരി പപ്പന്റെ വാക്കുകൾ ചെവിയിൽ വന്നലച്ചത്.

“മ്മടെ പട്ട തമ്പാൻ വീണ്ടും പൊയേല് വീണിരിക്ക്ണ്.!”

“എന്നിട്ടോ..?” ചൂടു പാൽ ചായ ഊതി കുടിക്കുന്നതിനിടയിൽ കണാരൻ ഉദ്വേഗത്തോടെ ചോദിച്ചു.

“എന്നിട്ട് എന്തോ ആവാൻ ;അവൻ പഴേ പോലെയന്നേ ഉയിർത്തെഴുന്നേറ്റ് വന്നു. ചാവാൻ ചാടിയതാന്ന് ആരാണ്ടൊക്കെയോ പറേണ കേട്ടു.നേര് എന്താന്ന് ആർക്കറിയാം”.

“ചാവാൻ ചാടിയതൊന്നും ആയിരിക്കില്ല പ്പാ. എപ്പോം വെള്ളത്തി തന്നെയല്ലേ…? കുടിച്ച് ബോധം ല്ലാതെ പൊയേന്റെ വക്കത്തൂടെ പോയിട്ടുണ്ടാവും മറിഞ്ഞ് വീണു കാണും” .

അത് ശരിയെന്നേ അങ്ങനെ ആയ്രിക്കും കണാരനൊപ്പം മൊയ്തീനും വാക്കുകൾ ഏറ്റുപിടിച്ചു.

“പട്ടതമ്പാനോ ! എന്തൊരു പേരായിത് അങ്ങേരെന്താ വല്ല ജന്മിയോ മറ്റോ ആണോ..? ” തട്ടുകടയ്ക്കടുത്ത് പുതുതായി തുടങ്ങിയ അക്ഷയ സെന്ററിലെ മിഥുൻ കയ്യിലുള്ള പഴമ്പൊരി കടിച്ചു കൊണ്ട് ചോയിച്ചു.

“അയ്യോ ജന്മിയൊന്നും അല്ലപ്പാ അതൊരു പാവം കൂലിപ്പണിക്കാരനാ”. ഒരിറുക്കു ചായ കൂടി ഊതി കുടിച്ചു കൊണ്ട് കണാരൻ പറഞ്ഞു.പിന്നെ തമ്പാന്റെ ജീവിത കഥയുടെ കെട്ടഴിക്കുവാനായി ബാക്കിയുള്ള ചായ കൂടി വേഗത്തിൽ ഊതി കുടിച്ച് ഒരു ദിനേശു ബീഡിക്ക് തീകൊളുത്തി പുക ഉള്ളിലേക്ക് ആഞ്ഞു വലിച്ചു.

കേട്ടു പഴകിയ കഥയാണെങ്കിലും നേരം കൂടുവാൻ എല്ലാവരും അയാൾക്കു ചുറ്റിലും കൂടി. അന്നാട്ടിലെ പുതിയ ആളായതുകൊണ്ട് മിഥുൻ മാത്രം ആകാംക്ഷയുടെ ഓരത്തായിരുന്നു.

“തമ്പാന്റെ അച്ഛന് കള്ള് ചെത്തലായിരുന്നു പണി. നാട്ടിലുള്ള എല്ലാ തെങ്ങിന്റെ മണ്ടേലും പാക്കരന്റെ പാദസ്പർശമേറ്റിട്ടുണ്ട്. ആയിടയ്ക്കാണ് അവന്റെ ഭാര്യ തമ്പാനെ പ്രസവിച്ചതോടെ മരണപ്പെട്ടത്.പ്രായമായ അമ്മ മാത്രം കൂട്ടിനുള്ള പാക്കരന്റെ കാര്യം ഭാര്യയുടെ വിയോഗത്തോടെ കഷ്ടത്തിലായി. രാത്രി കാലങ്ങളിൽ അമ്മിഞ്ഞപ്പാലിനു വേണ്ടി മുറവിളി കൂട്ടുന്ന കുഞ്ഞി തമ്പാന്റെ ചുണ്ടിൻമേൽ അന്തി കള്ളിന്റെ ലഹരിയിൽ പാക്കരൻ കള്ള് ഇറ്റിച്ചു കൊടുക്കും അതിന്റെ ലഹരിയിൽ തമ്പാൻ കുഞ്ഞ് ഒച്ചപ്പാടില്ലാതെ ഉറങ്ങാൻ തുടങ്ങും.

കുഞ്ഞുന്നാളിലേ കള്ളിന്റെ രുചിയറിഞ്ഞ അവൻ പിന്നെ വലുതായപ്പോഴും, ആ രുചി തേടിയിറങ്ങി തുടങ്ങി. നാട്ടിൽ ഏതൊരു പരിപാടി ഉണ്ടായാലും ആരും ക്ഷണിക്കുകയൊന്നും വേണ്ട ക്ഷണിക്കപ്പെടാത്ത അതിഥിയായി അയാൾ മുന്നിലുണ്ടാവും. എവിടേലും ചെണ്ട മുട്ടിന്റെ അലയൊലികൾ കേക്കുമ്പോ സ്വയം ദൈവത്തിന്റെ ആളായി കോമരം തുള്ളുകയും ചെയ്യും. ചുരുക്കി പറഞ്ഞാ ആളൊരു വെളിഞ്ഞീറ് ആണെങ്കിലും എടങ്ങേറായ് ര്ന്നില്ല.”

“അപ്പോ അങ്ങേർക്ക് കുടുംബോം കുട്ടിയോളും ഒന്നും ഇല്ലേ…?” സംശയത്തോടെ മിഥുന്റെ ചോദ്യത്തിന് മുറി ബീഡി കുത്തികെടുത്തി കണാരൻ ചിരിച്ചു.

“പിന്നെ ഒരു മൊഞ്ചത്തി കെട്ടിയോളും രണ്ട് ഉശിരൻ ആമ്പിള്ളേരും ഇണ്ട്. മോനൊരു കൂട്ടായിക്കോട്ടെന്ന് വെച്ച് പാക്കരൻ വകേല് ഒരു അനന്തിരവളുടെ തലേൽ മോനെ കെട്ടിവെച്ചിട്ടാ ചത്തത്.ആ പെണ്ണിന്റെ ഒരു ദുർവിധി! കള്ളും കുടിച്ച് പാതിരക്ക് കേറി വരുന്ന തമ്പാന്റൊപ്പം കൊറേ ശിങ്കിടികളും ഇണ്ടാവും അയിറ്റൾടെ അട്ത്ത്ന്ന് മാനം രക്ഷിക്കാൻ വേണ്ടി പെണ്ണ് പുള്ളാരേം കൂട്ടി സ്വന്തം പൊരേലേക്കും പോയി. കള്ളുകുടിയൻ ആയിരുന്നാലും വകതിരിവുള്ളോനായ് ര്ന്നേ തമ്പാൻ. കെട്ടിയ പെണ്ണിനോടായാലും, നാട്ടിലുള്ള പെണ്ണിനോടായാലും ഭയങ്കര ബഹുമാനായര്ന്ന്.”

ആത്മഗതം പോലെ കണാരൻ അത്രയും പറഞ്ഞ് നിർത്തി.

ആ സംഭവത്തിനു ശേഷം പലപ്പോഴായി മിഥുൻ തമ്പാനെ കണ്ടു. എന്തുകൊണ്ടോ ആ മനുഷ്യനെ കാണുമ്പോഴൊക്കെ മനസിലൊരു അലിവ് ഉറവ പൊട്ടുന്നതവനറിഞ്ഞു. അയാളെ ഇങ്ങനെയൊരു മുഴുക്കുടിയനാക്കി തീർത്ത പാക്കരനോട് എന്തെന്നില്ലാത്ത അമർഷവും തോന്നി. അക്ഷയ സെന്ററിലെ തിരക്കിൽ മുങ്ങുമ്പോൾ ദൂരെ നിന്നേ നാവു കുഴഞ്ഞു കൊണ്ട് പാടി ആടിയാടി വരുന്ന തമ്പാന്റെ ഭക്തിഗാനം കേൾക്കാം!

“എന്റെ നെഞ്ച് കൊട്ടി പാടണ തോറ്റംപാട്ട്

നിന്റെയുള്ള മലിയണേയത് കേട്ട്.

എന്റെ പൊന്നു മുത്തപ്പാ നീ ഭഗവാൻ വെള്ളാട്ട്

നിന്റെ കോവിൽ മുമ്പിൽ എന്നും മീനുട്ട്.

എന്റെ പൊന്നു മുത്തപ്പാ…..”

കുടിച്ചിട്ടാണേലും എത്ര സ്പഷ്ടമായിട്ടാണ് അയാൾ പാടുന്നതെന്ന് മിഥുൻ അത്ഭുതത്തോടെ ചിന്തിച്ചിട്ടുണ്ട്. നേരെ ചൊവ്വേ തനിക്ക് പോലും പാടാൻ പറ്റാറില്ല. ആളൊരു മുത്തപ്പ ഭക്തനാണെന്ന് പലപ്പോഴുമവന് തോന്നാറുണ്ട് .

ഒരു ദിവസം രാവിലെ സ്കോളർഷിപ്പ് എന്റർ ചെയ്യുന്നതിനിടയിൽ നെറ്റ് കണക്ഷൻ പോയതിനെ ശപിച്ചു കൊണ്ടിരിക്കുന്ന നേരത്താണ് വാതിൽക്കൽ ഒരു തല വെട്ടം കണ്ടത്. നോക്കിയപ്പോൾ വെറ്റില കറ പുരണ്ട പല്ലുകൾ പുറത്ത് കാട്ടി നീണ്ടു വളർന്ന താടിയിലും, മുടിയിലും ഉഴിഞ്ഞു കൊണ്ട് തമ്പാൻ .അവൻ വേഗം എഴുന്നേറ്റ് പുറത്തേക്ക് ചെന്നു.

“എന്താ ഏട്ടാ “

” കൊച്ചേ എനക്കൊരു മുപ്പുറുപ്യ കടം തെര്വേ?ഒരു ചായ കുടിക്കാനാ!”

പേഴ്സിൽ നിന്നും എണ്ണി പെറുക്കി മുപ്പതു രൂപ അയാൾക്കു നേരെ നീട്ടി. വെളുക്കനെ ചിരിച്ച് കിട്ടുമ്പോ തരാമെന്ന് പറഞ്ഞ് പോവുന്നതിനിടയിൽ ഒന്ന് രണ്ടു പേരോടു കൂടി മുപ്പതു രൂപ കടം വാങ്ങി ഏതോ ബൈക്കിന്റെ പിറകിൽ പോകുന്ന അയാളുടെ പ്രവൃത്തി കണ്ട് അന്തിച്ചു നിൽക്കുന്ന മിഥുനോട് ഫോട്ടോസ്റ്റാറ്റ് എടുക്കാൻ വന്ന പയ്യൻ പറഞ്ഞു.

“ചേട്ടന്റെ മുപ്പത് പോയല്ലേ…?അത് അയാൾടെ അടവാ. കടം ചോയ്ക്കുന്നത് ചെറിയ പൈസയാവ്മ്പം എല്ലാരും കൊട്ക്കും .പിന്നെ അതും കൊണ്ട് നേരെ കള്ള് ഷാപ്പിലേക്കായ്രിക്കും പോവ്ന്നത്”.

അത് ശരിയായിരുന്നു അന്ന് വൈകുന്നേരം സെന്ററും പൂട്ടി പുറത്തിറങ്ങുമ്പോഴാണ് അഞ്ചു മണിയുടെ ശോഭ ബസ് കുതിച്ചെത്തിയത്. ബസ് നിർത്തിയതും പിറകിലെ ഡോർ തുറന്ന് ഒരു മനുഷ്യനെ റോഡിലേക്ക് തള്ളിയിട്ടു കൊണ്ട്, കണ്ടക്ടറുടെ വായിൽ നിന്ന് തെറി വാക്കുകൾ പുറത്തേക്ക് പ്രവഹിച്ചതും ഒന്നിച്ചായിരുന്നു. പിന്നെ മനസിലായി കള്ളിന്റെ പുറത്ത് ബസിൽ വെച്ച് യാത്രക്കാർക്ക് അസൗകര്യമാകുന്ന വിധത്തിൽ മുത്തപ്പന്റെ ഭക്തിഗാനം പാടിയിട്ടാണെന്ന്. വീഴ്ചയിൽ നെറ്റിമുറിഞ്ഞ് ചോര നിർത്താതെ ഒഴുകാൻ തുടങ്ങി അതൊന്നും വകവയ്ക്കാതെ അരയിൽ തിരുകിയ മദ്യകുപ്പിയുടെ അടപ്പു തുറന്ന് മുറിവിലേക്ക് ഒഴിച്ചു. രക്തത്തിന്റൊപ്പം കവിളത്തു കൂടെ ഒഴുകി വരുന്ന സോമരസം നാവു നീട്ടി നുണയുന്നതു കണ്ടപ്പോൾ മിഥുന് ഓക്കാനം വന്നു. കയ്യിലുള്ള മുഷിഞ്ഞ തോർത്തെടുത്ത് മുറിവ് കെട്ടാനുള്ള തമ്പാന്റെ ശ്രമം വിഫലമാകുന്നതു കണ്ട് അവനത് വാങ്ങി ഭംഗിയിൽ കെട്ടി കൊടുക്കുന്നത് കണ്ടു കൊണ്ടാണ് മീൻകാരൻ വറീത് കൂക്കി കൊണ്ട് സൈക്കിളും ചവിട്ടി അതിലേ വന്നത്. ആ കാഴ്ച കണ്ട് അയാൾ അവർക്കരികിലേക്ക് വന്ന് സൈക്കിൾ നിർത്തി ചോയിച്ചു.

“അല്ല തമ്പാനെ നിനക്ക് കള്ളും കുടിച്ച് വീട്ടി തന്നെ കുത്തിയിര്ന്നാ പോരെ എന്തിനാ വെറ് തെ നാട്ടാര് ടെ കൈയോണ്ട് ചാവാൻ നിക്ക്ന്ന്”

തമ്പാന്റെ ചുവന്ന കണ്ണുകൾ തിളങ്ങി, പുകക്കറ പുരണ്ട പല്ലുകൾ കാട്ടി വറീതിനെ കൈകൂപ്പി തൊഴുതു കൊണ്ട് “ന്റെ ബറീതേ ആനങ്ങനെ നാട്ടാര് ടെ കയ്യോണ്ട് ഒന്നും ചാബൂല അന്നെ അന്റെ മുത്തപ്പൻ ബന്ന് കൂട്ടീറ്റ് പോവ്വും. നീ കേട്ടീനാ ബറീതേ… അന്നെ മുത്തപ്പൻ കൊണ്ട് പോവ്വും! അന്റെ പൊന്ന് മുത്തപ്പൻ!”

അത്രയും പറഞ്ഞ് എല്ലുന്തിയ നെഞ്ചിനകത്ത് കൈ ചുരുട്ടി രണ്ട് ഇടി ഇടിക്കുകയും ചെയ്തു. അപ്പോഴേക്കും

ഉടുമുണ്ട് പാതിയും അഴിഞ്ഞ് നിലത്തോട് ചേർന്നു. അത് വാരി എല്ലിച്ചവയറിനു മേൽ ചുറ്റികെട്ടുന്നതിനിടയിൽ മുത്തപ്പ സ്തുതി ചുണ്ടത്ത് വിരിഞ്ഞു തുടങ്ങിയിരുന്നു.പിന്നെ ആടിയാടി ദൂരേക്ക് നടന്നു പോയി.

“ശ്ശെടാ ഇതെന്തൊരു മൻഷ്യനാന്നപ്പാ” ന്ന് പിറുപിറുത്തു കൊണ്ട് വറീത് സൈക്കിളിലേക്ക് കേറി. രണ്ടു പേരും പോയ വഴി നോക്കി മിഥുൻ തെല്ലിട അവിടെ നിന്നു.

ദിവസങ്ങൾ അങ്ങനെ കടന്നു പോയ്ക്കൊണ്ടിരുന്നു. ഇടയ്ക്കൊന്നും തമ്പാനെ കാണാറില്ലായിരുന്നു. അയാളെ കാണാത്തപ്പൊഴൊക്കെ മിഥുന് വല്ലാത്ത അസ്വസ്ഥതയാണ്.

ഒരുച്ച നേരം ഊണൊക്കെ കഴിഞ്ഞ് ഫോണും നോക്കിയിരിക്കുന്ന സമയത്താണ് റോഡിൽ കൂടി തിരക്കിട്ട് ആൾക്കാർ ഓടി പോകുന്നത് അവൻ കണ്ടത് .സംഭവമെന്താണെന്നറിയാൻ തല വെളിയിലേക്കിട്ട് പരിചയമുള്ളൊരാളോട് കാര്യമന്വേഷിച്ചു. അവർ പറഞ്ഞത് കേട്ട് തലയിലവൻ കൈ വെച്ചു പോയി.

“പട്ട തമ്പാൻ ;അയാൾടെ വീടിനടുത്തുള്ള മുത്തപ്പ കോട്ടത്തിനടുത്ത് മരിച്ചു കിടക്കുന്നു”.

“അയ്യോ ആത്മാഹത്യയോ ,മറ്റോ ആണോ!”

“അല്ലപ്പാ…അറ്റാക്കാണെന്നാ തോന്നുന്നത്‌. കോട്ടത്ത് പെയിന്റടിക്കുന്ന പിള്ളേരുണ്ടായിരുന്നു അവരോട് നെഞ്ച് വേദനിക്കൂന്ന് പറഞ്ഞൂത്രേ! പിന്നെ കൊഴഞ്ഞൊരു വീഴ്ചയായ് ര്ന്ന് പോലും. അപ്പോ തന്നെ തീർന്ന്. അവൻ പറഞ്ഞ പോലെയന്നേ മുത്തപ്പൻ കൊണ്ട് പോയി അത്രയന്നെ. ആര്ക്കും ഒരു കഷ്ടപ്പാടാക്കീല്ലല്ലാ സുകൃത ജന്മം!” പറഞ്ഞ ആളിനൊപ്പം അവന്റെ കാലുകളും മുന്നോട്ട് നീങ്ങി.

പൊളിഞ്ഞു വീഴാറായ വീടിന്റെ കോലായിൽ വെള്ളപുതച്ച് മരണത്തിന്റെ ക്ഷണിക്കപ്പെട്ട അതിഥിയായി കടന്നു പോയ തമ്പാനെ ഒരു നിമിഷമവൻ നോക്കി നിന്നു. എവിടെയോ അടക്കിപ്പിടിച്ച തേങ്ങലിന്റെ മാറ്റൊലി കാതിൽ തുളച്ച് കേറിയപ്പോൾ ആരോ പറയുന്നതു കേട്ടു .

“തമ്പാന്റെ കെട്ടിയോളാ! അവനെ കൊണ്ട് ഉപകാരൊന്നും ഇല്ലേലും സുമംഗലി ആയിര്ന്നല്ലോ! ഇനീപ്പോ വിധവയുടെ പട്ടവും ചാർത്തി കിട്ടി”.

” ഓ അല്ലേലും ഭർത്താവ് ണ്ടായിറ്റും ജീവിച്ചത് വിധവേ നെ പോലെ തന്നെയല്ലേ…!” അത് പറഞ്ഞതാരാണെന്ന് നോക്കാൻ അവന്റെ മനസനുവദിച്ചില്ല. പലയിടങ്ങളിലും ക്ഷണിക്കപ്പെടാതെ എത്തുന്ന തമ്പാന്റെ അന്ത്യകർമ്മങ്ങളിലും ഒരു പാട് പേർ ക്ഷണിക്കപ്പെടാതെ എത്തുന്നുണ്ടായിരുന്നു. .


രമ്യരതീഷ്

അവളെന്നാൽ


 

ഒരിക്കൽ
ഓർമകൾ അത്രമേൽ
വീർപ്പുമുട്ടിച്ചപ്പോൾ
ഒരാൾ
അവളെയൊരു കവിതയായി
കുറിച്ചിടാമെന്ന് നിശ്ചയിച്ചു..

അയാൾ ഓർത്തുനോക്കി ;
അവളെന്നാൽ…?

അവളെന്നാൽ
താമസിച്ചുണരുന്ന രാവിലെകളിൽ
മഞ്ഞുപോലെ തണുത്ത
കൈകളാൽ
നീട്ടുന്ന കട്ടൻകാപ്പിയായിരുന്നു..

അവളെന്നാൽ
അടുക്കളചായ്‌പ്പിലെ
പാത്രങ്ങളുടെ കലമ്പലും
ഇസ്തിരിയിട്ടടുക്കിയ വസ്ത്രങ്ങളിൽ
നിന്നുയരുന്ന
നെടുവീർപ്പുകളുമായിരുന്നു..

അവളെന്നാൽ
അവിയലിനു മേലൊഴിച്ച
പച്ചവെളിച്ചെണ്ണയുടെ മണവും
പാൽപ്പായസത്തിൽ
മേമ്പൊടിയായ് ചേർത്ത തേങ്ങാ-
ക്കൊത്തിന്റെ
രുചിയുമായിരുന്നു..

അവളെന്നാൽ
വരാന്തയിലൊരു ചെളിപ്പാടോ
ഭിത്തിയിലൊരു കൈപ്പാടോ കണ്ടാൽ
പതിവായുള്ള
കണ്ണുരുട്ടലായിരുന്നു..

അവളെന്നാൽ
പാതിതീർന്ന പഞ്ചസാരപ്പാത്രത്തി-
ന്റെയും
അടയ്ക്കാൻ മറന്ന
കറന്റു ബില്ലിന്റെയും ഓർമ്മപ്പെടുത്ത-
ലായിരുന്നു..

അവളെന്നാൽ ദിവസവുമെത്തുന്ന
പത്രക്കാരൻ പയ്യനോടുള്ള
കുശലം പറച്ചിലും
ആഴ്ചയിലെത്തുന്ന പാത്രക്കാര-
നോടുള്ള

വിലപേശലുമായിരുന്നു..
അവളെന്നാൽ പൂക്കാൻ
മടിച്ചു നിൽക്കുന്ന
റോസാച്ചെടിക്കുള്ള ശകാരവും
തൊഴുത്തിലെ പൂവാലിപ്പയ്യിനോടുള്ള
കിന്നാരങ്ങളുമായിരുന്നു..

അവളെന്നാൽ
അവസാനനിമിഷം
ആ ആശുപത്രിക്കിടക്കയിൽ
കണ്ട വാടിയ
പുഞ്ചിരിയും കൈവീശലുമായിരുന്നു..

ഇത്രയും എഴുതിയതിനുശേഷം
തന്റെ പേനയടച്ചുവച്ച്
അയാൾ ഉറങ്ങാൻ കിടന്നു..
അന്നുരാത്രി സ്വപ്നത്തിൽ
അയാൾ അവളെ
വീണ്ടും കണ്ടു..

അവളാകെ
മാറിപ്പോയിരുന്നു..
വാടിയ ആ പുഞ്ചിരിയും
മഞ്ഞുപോലെ
തണുത്ത കൈകളുമായിരുന്നു
അവളെ തിരിച്ചറിയാൻ
ആകെ ഉണ്ടായിരുന്ന അടയാളങ്ങൾ..

അയാൾ
വേഗം എഴുന്നേറ്റ്
എഴുതിവച്ച കവിതയുടെ
വരികൾ
ചുവപ്പുമഷിയാൽ വെട്ടിക്കളഞ്ഞു..
ശേഷം ഇത്രമാത്രം
കുറിച്ചു ;

അവളൊരു കവിതയായിരുന്നു..
ആർക്കും
എഴുതാനാവാത്ത
വായിക്കാനറിയാത്ത
അറ്റമില്ലാത്തൊരു കവിത.. !!


അമ്മു സൗമ്യ

ഒരേ തൂവൽ പക്ഷികൾ


 

മൊബൈൽ നിർത്താതെ ശബ്ദിച്ചപ്പോൾ കണ്ണ് തുറക്കാതെ ജെനി തലയിണക്കീഴിൽ പരതിനോക്കി.. കട്ടിലിനടിയിൽ നിന്നും അത് കണ്ടെത്തിയപ്പോഴേക്കും ബെല്ലടി നിലച്ചിരുന്നു.പാടുപെട്ട് കണ്ണ് തുറക്കാൻ ശ്രമിച്ചു കൊണ്ടവൾ സ്ക്രീൻ അൺലോക്ക് ചെയ്തു.. സമയം പതിനൊന്നേകാൽ ആയോ … രാഘവിന്റെ നാല് മിസ് കാളുകൾ, പ്രിയയുടെയും ദീപയുടെയും പിന്നെ സോണിയ മാമിന്റെയും കാളുകൾ.. എന്താവും എല്ലാവരും ഇത്ര രാവിലെ തന്നെ അന്വേഷിക്കാൻ കാരണം …

“മമ്മി ….”

അവൾ ഉറച്ചു വിളിച്ചു.. ശബ്ദം പുറത്തേക്കു വന്നില്ല…. തൊണ്ട പൊട്ടുന്ന ഒച്ചയിൽ അവൾ പിന്നെയും വിളിച്ചു….

” മമ്മീ…..സാറാമ്മ ആന്റീ “

ആരും അവളുടെ വിളി കേട്ടില്ല .കിടക്ക വിട്ടെണീക്കുകയല്ലാതെ ജെനിക്ക് വേറെ വഴിയില്ലായിരുന്നു.. കണ്ണ് തുടച്ചു കൊണ്ടവൾ ലിവിങ് റൂമിലേക്ക് നടന്നു.. വീട്ടിൽ ആരും ഉള്ള ലക്ഷണം കാണുന്നില്ലല്ലോ.. ഓരോ മുറിയിലും കയറി ഇറങ്ങിയപ്പോൾ ജെനിക്ക് മനസ്സിലായി ആ വലിയ വീട്ടിൽ താൻ ഒറ്റക്കാണെന്ന്…

മമ്മി നേരത്തെ ബുട്ടീക്കിൽ പോയിരിക്കുന്നു.. ഡൈനിങ്ങ് ടേബിളിൽ അടച്ചു വെച്ചിരിക്കുന്ന കാസറോൾ അവൾ തുറന്നു നോക്കിയതും മടുപ്പോടെ അടച്ചു വെച്ചതും ഒരു നിമിഷം കൊണ്ടായിരുന്നു.. ആർക്ക് വേണം അപ്പം.. മമ്മിക്ക് ഇപ്പോഴും ഈ പഴഞ്ചൻ രീതിയാണ്.. അവൾക്ക് മമ്മിയോട് അരിശം തോന്നി.. ഒരു ഗ്ലാസ് വെള്ളം എടുത്തു കുടിച്ചു കൊണ്ടവൾ തന്റെ സ്കൂൾ ബാഗിന്റെ ഉള്ളിലെ അറയിൽ ഒളിപ്പിച്ച സിഗരറ്റ് എടുത്തു സോഫയിൽ ഇരുന്നു . ഡാഡിയുടെ ആഷ് ട്രേ എടുത്തു മുന്നിൽ വച്ചുകൊണ്ടവൾ സിഗരറ്റ് കത്തിച്ചു.. ചുരുക്കം ചില സന്ദർഭങ്ങളിലെ ജെനിക്ക് ഇത്ര സ്വാതന്ത്ര്യം ലഭിക്കാറുള്ളു..ജോലിക്കാരി സാറാമ്മ മിക്കവാറും വീട്ടിൽ കാണുന്നത് കാരണം ബാത്‌റൂമിൽ പോയാണ് അവൾ സാധാരണ പുക വലിക്കാറുള്ളത്. മുന്നിൽ ഉള്ള ടേബിളിൽ കാൽ കയറ്റി വെച്ചു കൊണ്ട് ജെനി പുകവളയങ്ങൾ കൈ കൊണ്ട് പിടിക്കാൻ വെറുതെ ശ്രമിച്ചു..

ഫ്രിഡ്ജ് തുറന്ന് ഒരു പ്രോട്ടീൻ ബാറെടുത്തു കഴിച്ചു കൊണ്ടവൾ രാഘവിന്റെ നമ്പർ ഡയൽ ചെയ്തു.. ബിസി ആണെന്ന ടോൺ കിട്ടിയപ്പോൾ അവൾ പ്രിയയുടെ നമ്പറിലേക്ക് വിളിച്ചു നോക്കി.. മറുവശത്തു പ്രിയയുടെ കരയുന്നത് പോലെയുള്ള ശബ്ദം കേട്ട് ജെനി ഒരു നിമിഷം ആലോചിച്ചു നിന്നു ..

” ഹലോ… പ്രിയാ.. എന്തു പറ്റി.. എവരിതിങ് ഓക്കെ അല്ലേ… ”

ജെനിയുടെ ശബ്ദം കേട്ടതും പ്രിയ ഉച്ചത്തിൽ പൊട്ടിക്കരഞ്ഞു..

” എടാ എന്ത് പറ്റിയെന്ന് ഒന്ന് പറഞ്ഞു തുലയ്ക്ക് പ്ളീസ്… ”

ജെനിക്കാകെ അസ്വസ്ഥത തോന്നി..

മുക്കിയും മൂളിയും പ്രിയ പറഞ്ഞത് കേട്ട ജെനി സോഫയിൽ വീണു പോയി…. എയർ കണ്ടീഷനേർ പ്രവർത്തിക്കുന്നുണ്ടായിരുന്നു എങ്കിലും അവൾ വിയർത്തൊലിച്ചു..

” എടാ നമ്മുടെ റോഷിനി പോയെടാ… അവൾ ടെറസിൽ നിന്നും ചാടിയതാ രാത്രി.. ”

പ്രിയയുടെ വാക്കുകൾ ജെനിയുടെ ചെവിയിൽ ആവർത്തിച്ചു കൊണ്ടിരുന്നു..

ബാത്‌റൂമിൽ ഷവറിന്റെ ചുവട്ടിൽ നിന്നവൾ ഉച്ചത്തിൽ കരഞ്ഞു.. പ്രിയയും ജെനിയും രോഷ്നിയും നഗരത്തിലെ പേരുകേട്ട കോ- എഡ് സ്കൂളിലെ പതിനൊന്നാം ക്ലാസ് വിദ്യാർത്ഥിനികൾ ആണ്.. രോഷ്‌നിയുടെ പേരെന്റ്സ് ബിസിനസ് ചെയ്യുന്നു.. മൂന്നു നില ബംഗ്ലാവിൽ നാല് ജോലിക്കാരും അവളുമേ മിക്കപ്പോഴും കാണാറുള്ളു.. പ്രിയയുടെ പേരന്റ്സ് സൗദിയിൽ ആയതു കാരണം അമ്മുമ്മയുടെ വീട്ടിൽ നിന്നാണവൾ പഠിക്കുന്നത്.. ജെനിയുടെ മമ്മി നഗരത്തിലെ അറിയപ്പെടുന്ന ബുട്ടീക് നടത്തി വരുന്നു.. അവളുടെ ഡാഡി മിക്കവാറും ടൂറിലാണ്….

ഉച്ചക്ക് സ്കൂൾ കഴിഞ്ഞാൽ മൂവരും റോഷിനിയുടെ വീട്ടിലാണ് ഒത്തുകൂടുക..

റോഷിനിയുടെ വീട്ടിൽ ഒന്നിനും വിലക്കില്ലായിരുന്നു .ജോലിക്കാർ താഴത്തെ നിലയിലാവും ഇപ്പോഴും . റോഷിനിക്ക് എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ കാളിങ് ബെൽ അടിച്ചാൽ മതി..അവളുടെ റൂമിൽ അതെത്തും..

അഞ്ചു മാസം മുൻപാണ് അത് സംഭവിച്ചത്. അന്നവർ റോഷിനിയുടെ ഡാഡിയുടെ റൂമിലെ ബാർ തുറന്നു . പല തരം വിദേശ മദ്യക്കുപ്പികൾ നിരന്നിരിക്കുന്നത് കണ്ടു അമ്പരന്ന് നിന്ന പ്രിയയുടെയും ജെനിയുടെയും മുന്നിൽ റോഷിനിയാണ്

ഒരു ഭംഗിയുള്ള കുപ്പി തുറന്നത്. നീണ്ട ഗ്ലാസിൽ നുരയുന്ന പാനീയം മൂവരും ചേർന്ന് കുടിച്ചത് അന്നൊരു രസമായിരുന്നു.. പിന്നെ എല്ലാ ദിവസവും അതാവർത്തിച്ചു.റോഷിനി ഒരു ബെല്ലമർത്തിയാൽ മതി വറുത്ത അണ്ടിപരിപ്പും ബജിയും ബീഫും അവളുടെ മുറിയിലെത്തും.. അന്നൊരു ദിവസം തങ്ങളുടെ പരിപാടി റോഷിനി റെക്കോർഡ് ചെയ്തത് ജെനിയ്ക്കും പ്രിയക്കും ഒരു തമാശയായേ തോന്നിയുള്ളൂ.. വൈകുന്നേരം അത് ഇൻസ്റ്റാഗ്രാമിൽ കണ്ടപ്പോൾ ആദ്യം അവർ ഒന്ന് ഭയന്നെങ്കിലും പിന്നെ തങ്ങളുടെ ഫോള്ളോവെഴ്സിന്റെ എണ്ണം കൂടുന്നത് കണ്ടവർക്ക് രസം കൂടി.. പിന്നീടുള്ള സമ്മേളനം ലൈവ് ആയിത്തുടങ്ങിയത് പെട്ടെന്നായിരുന്നു.. കുടിച്ചു ലഹരിയുടെ ബലത്തിൽ അവർ തങ്ങളുടെ ഫോള്ളോവെഴ്സിന്റെ മുൻപിൽ ആടി.. പാടി . അവരുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകി …ജീവിതം അവർക്ക് മനോഹരമായത് പെട്ടെന്നായിരുന്നു..

കംബൈൻഡ് സ്റ്റഡിയുടെ പേരിൽ നടന്നിരുന്ന ഈ കൂടൽ വീട്ടുകാർ അറിഞ്ഞതേയില്ല.വൈകുന്നേരങ്ങളിൽ ബ്രേത് മിന്റ് ചവച്ചു കൊണ്ട് പഠിച്ചിരുന്ന മക്കൾക്ക് ഉമ്മ കൊടുത്തു കൊണ്ട് ഡാഡി – മമ്മിമാർ അവരവരുടെ ലോകങ്ങളിൽ വ്യാപൃതരാവുന്നത് ഒരു പതിവായി മാറി..

റോഷിനിയോട് ജെനിക്ക് എന്നും അസൂയയെ ഉണ്ടായിരുന്നുള്ളു.. അവളുടെ വീട്ടിലെ സമൃദ്ധിയും സമ്പത്തും റോഷിനിയുടെ സംസാരത്തിലും പ്രവർത്തിയിലും തെളിഞ്ഞു കാണാമായിരുന്നു.. സ്കൂളിൽ ഏറ്റവും പോപ്പുലർ ആയ റോഷിനിയുടെ കൂടെ നടക്കുന്നത് കാരണം ജെനിയും പ്രിയയും പോപ്പുലർ ആയിത്തുടങ്ങി.. ഇൻസ്റ്റാഗ്രാമിൽ തങ്ങളുടെ പ്രശസ്‌തി വളരുന്നത് അവർക്ക് പുതിയ ഉത്തേജനം നൽകി തുടങ്ങി..

അങ്ങനെ ഒരു വൈകുന്നേരം മൂവരും പതിവ് പോലെ റോഷിനിയുടെ വീട്ടിലെത്തി.. അന്ന് ടെറസിൽ കൂടാമെന്ന് രോഷിനി തന്നെയാണ് നിർദേശിച്ചതും.. അന്നവളുടെ ബാഗിൽ ഒളിപ്പിച്ചു വെച്ച പൊതി വളരെ സന്തോഷത്തോടെ എടുത്തു തുറന്നപ്പോൾ പ്രിയയും ജെനിയും വായ തുറന്നിരുന്നു പോയി… ചിരിച്ചു കൊണ്ട് റോഷിനി തന്നെയാണവർക്ക് കടലാസിൽ പൊടി കൊടുത്തതും എങ്ങനെ ഉപയോഗിക്കണമെന്നു കാട്ടിക്കൊടുത്തതും.

അതിനു ശേഷം അവർ ഇൻസ്റ്റാഗ്രാമിൽ ലൈവ് പോയില്ല.. ഈ പുതിയ ലഹരി മാത്രം മതിയായിരുന്നു അവർക്ക് ആവശ്യമുള്ള ഉത്തേജനം നൽകാൻ… മെല്ലെ മൂവരും സ്കൂളിൽ പോകുന്നത് വല്ലപ്പോഴുമായി മാറി.. യൂണിഫോം ധരിച്ചു രാവിലെ ഇറങ്ങുന്ന മക്കളെ ഫ്ലയിങ് കിസ് കൊടുത്തു തിരിച്ചു തങ്ങളുടെ തിരക്കേറിയ ലോകങ്ങളിൽ വ്യാപൃതരുയിരുന്ന മാതാപിതാക്കൾ ഇതൊന്നും ശ്രദ്ധിച്ചുമില്ല..

ഇന്നലെ വൈകുന്നേരം എന്താവും സംഭവിച്ചത്.. ജെനി തലപുകഞ് ആലോചിച്ചു.. ടെറസിൽ കുറെ നേരം കിടന്നത് മാത്രം ഓർമ വരുന്നുണ്ട്.. ആറു മണിയോളമായി തിരികെ റോഷിനിയുടെ ഡ്രൈവർ ആദ്യം പ്രിയയെയും പിന്നെ ജെനിയെയും വീട്ടിൽ കൊണ്ട് വിട്ടപ്പോൾ.. അത് കഴിഞ്ഞവൾ മമ്മിയോട് തനിക്ക് തല വേദനയാണെന്ന് പറഞ്ഞിട്ട് കയറി കിടക്കുകയും ചെയ്തു..

പിന്നെയും ഫോൺ ശബ്ദിച്ചപ്പോൾ ജെനി ചിന്തയിൽ നിന്നുണർന്നു.. മറുവശത്തു സോണിയ മാം .

” ഹലോ..ജെനി. ഞങ്ങൾ എല്ലാവരും റോഷിനിയുടെ വീട്ടിലോട്ട് പോകുകയാണ്. തനിക്ക് വരണമെങ്കിൽ അര മണിക്കൂറിനുള്ളിൽ തയാറായിക്കൊള്ളൂ. ഞങ്ങൾ പിക്ക് ചെയ്തോള്ളാം …’

മറുപടി പറയുന്നതിന് മുന്നേ മാം ഫോൺ വെച്ചു കഴിഞ്ഞിരിക്കുന്നു.. അവൾ റെഡി ആയി പുറത്തു കാത്തിരുന്നു . സ്കൂൾ ബസ് വീടിനു മുന്നിൽ വന്നു നിന്നപ്പോൾ ജെനി വീട് പൂട്ടി വേഗം ഇറങ്ങി. ബസിനുള്ളിൽ അവരുടെ ക്ലാസ്സിലെ മിക്ക സഹപാഠികളും കരഞ്ഞു കലങ്ങിയ കണ്ണുകളുമായി ഇരിക്കുന്നുണ്ടായിരുന്നു.ആർക്കും കണ്ണ് കൊടുക്കാതെ ആദ്യം കണ്ട ഒഴിഞ്ഞ സീറ്റിൽ ജെനി ഇരുന്നു.. റോഷിനിയുടെ വീട്ടിലോട്ട് തിരിയുന്ന വളവിൽ എത്തിയതും അവളുടെ വയറ്റിനുള്ളിൽ ഒരു വെപ്രാളം അനുഭവപ്പെട്ടു.. താൻ ഒരു തൂവൽ പോലെ ബലമില്ലാതെ താഴോട്ട് പതിക്കുന്നതായി അവൾക്ക് തോന്നി.

റോഷിനിയുടെ വീട്ടിനു മുന്നിലെ ആൾക്കൂട്ടത്തെ ശ്രദ്ധിക്കാതെ അവർ അകത്തോട്ട് കടന്നു..

” ബോഡി വരാൻ കുറച്ചു സമയം കൂടെ എടുക്കും..”

സോണിയ മാമിനോട് അവിടെ നിന്ന ആരോ പറഞ്ഞു..

” എന്താ സംഭവിച്ചത്…”. മാം അവരോട് ചോദിച്ചു..

” മട്ടുപ്പാവിന്ന് എടുത്തു ചാടിയതാ.. . അപ്പഴേ തീർന്നു..

തല കറങ്ങി വീണ പ്രിയയെ കൂടെ നിന്നവർ താങ്ങിപ്പിടിച്ചു .. ആംബുലൻസ് വന്നു നിന്നപ്പോൾ റോഷിനിയുടെ ഡ്രൈവർ വന്നു ഗേറ്റ് തുറന്നു.. കലങ്ങിയ കണ്ണുകളോടെ അകത്തേക്ക് നോക്കിയ അയാളുമായി ജെനിയുടെ കണ്ണുകൾ കൂട്ടിമുട്ടി.. ഉടൻ അവൾ തന്റെ കണ്ണ് മാറ്റി കുനിഞ്ഞിരുന്നു ..

ഉമ്മറത്ത് വെളുത്ത തുണി കൊണ്ട് മൂടിയ ശരീരം കണ്ട റോഷിനിയുടെ മമ്മിയും ഡാഡിയും വാവിട്ട് നിലവിളിച്ചു.. അവളുടെ അവസാന യാത്രയ്ക്ക് സമയമായി എന്ന്

പള്ളിയിലെ ഫാദർ അറിയിച്ചപ്പോൾ അവിടെ കൂടി നിന്നിരുന്ന ജനക്കൂട്ടം മെല്ലെ പിന്തിരിഞ്ഞു.. തിരിച്ചു വീട്ടിലേക്ക് മടങ്ങുമ്പോൾ ജെനിയുടെ മനസ്സിൽ അവരുടെ അവസാന സംഭാഷണ തെളിഞ്ഞു വന്നു . അവളുടെ തന്നെ ഐഡിയ ആയിരുന്നല്ലോ അത് .

” ഇന്ന് രാത്രി നമ്മുക്ക് മൂന്നു പേർക്കും ഒരേ സമയം ടെറസിൽ നിന്ന് ചാടി നോക്കണം.. ഞാൻ ബെറ്റു വെക്കുന്നു നമ്മൾക്ക് ഒന്നും പറ്റൂല്ല.. ഒമ്പത് മണിക്ക് നമ്മൾക്കു ഫേസ് ടൈം ചെയ്യാം..ഓക്കേ. “

ജെനിക്ക് കാര്യം മനസ്സിലായി . താൻ വീട്ടിലെത്തി ഉറങ്ങിപ്പോയി ..

” റോഷ്‌നി അപ്പോൾ ഒമ്പത് മണിക്ക്….??? “

ആലോചിച്ചപ്പോൾ ജെനിയിൽ നിന്നും

തികട്ടി വന്ന കരച്ചിൽ തൊണ്ടയിൽ തങ്ങി നിന്നു . ഓടിക്കൊണ്ടിരുന്ന സ്കൂൾബസിന്റെ ജനൽപ്പാളികളിൽ തല ചാരി അവൾ കണ്ണടച്ചിരുന്നു..


ഷീന പിള്ളൈ സിങ്ങ്


വീട്


 

പടിക്കലൊരു പാദപതന ശബ്ദം കേട്ട്

വീട്ടുകാരുപേക്ഷിച്ച വീട്

വഴിയോരത്തേക്ക്

മാറാലക്കെട്ടിയ കണ്ണുകൾ വിടർത്തി

പ്രതീക്ഷയോടെ നോക്കി.

ജനാലപ്പടിമേലിരുന്ന തുരുമ്പിച്ച

താക്കോൽക്കൂട്ടം

ഞാനിവിടെയുണ്ടെന്ന് കലമ്പി.

കൊട്ടിയടയ്ക്കപ്പെട്ട ജനാലകൾ

കൊളുത്തുകൾ വിടർത്തി

പുറത്തേയ്ക്ക് തുറക്കാൻ ത്രസിച്ചു.

മാറാലപിടിച്ച മോന്തായത്തിലിരുന്നൊരു പല്ലി ചിലച്ചു.

പൊടി പിടിച്ച തറയിലൂടെ

കൂറകൾ തലങ്ങും വിലങ്ങും പാഞ്ഞു.

മുറ്റത്തെ കരിയിലകൾക്കിടയിലൂടൊരു

മഞ്ഞച്ചേര മിന്നലുപോലെ പാഞ്ഞുപോയി.

താഴിട്ടു പൂട്ടിയ പടിക്കൽ

നിന്നൊരു വീടില്ലാത്തവൻ

നെടുവീർപ്പോടെ നടന്നകന്നു.

അകന്നുപോകുന്ന പാദപതന ശബ്ദം കേട്ട്

വീട്ടുകാരുപേക്ഷിച്ച വീടിന്റെ

നരച്ച കണ്ണിൽ നിന്നൊരു

കണ്ണുനീർത്തുള്ളിയടർന്ന്

വരണ്ട മണ്ണിലേക്കലിഞ്ഞു ചേർന്നു.


ജിസ പ്രമോദ്


പ്രണയം വിരഹാർദ്രമാകുമ്പോൾ


 

പ്രണയമേ… നിന്നെ ഞാൻ

ജീവനായ് ചൊല്ലുകിൽ..

വിരഹമായ് നീ.. എന്റെ

ജീവിതം കവർന്നുവോ…

അറിഞ്ഞോ അറിയാതെയോ

പൊഴിഞ്ഞു പോയ്‌ മധുരമാം

പ്രണയത്തിൻ ഓർമ്മകൾ

ഇന്നെന്നിൽ നിശ്ചലം

ഓർമ്മകൾ പുല്കവേ..

തോരാതെ കണ്ണുനീർ

വാർക്കയോ നീ ഇന്നും

എന്നിലെ പ്രണയമേ..

നിന്നിൽ മറഞ്ഞൊരാ

പ്രണയ വസന്തത്തിൽ

വിരഹത്തിൻ വിത്തുകൾ

ഇങ്ങനെ മുളപൊട്ടി..

ഇന്നെന്നിൽ ഓർമ്മകൾ

പെയ്തിറങ്ങിടുമ്പോൾ..

വിരഹാർദ്രമാകുന്നു

ജീവിതവീഥികൾ..


നന്ദു പാരിസ്

പുരുഷരജോനിവൃത്തി


 

അത്രയധികം പരിചയമുണ്ടാകുന്ന ഒരു വാക്കായിരിക്കുകയില്ല ഈ തലക്കെട്ട്. ആർത്തവവിരാമം എന്ന വാക്ക് നമുക്ക് സുപരിചിതവുമാണ്. ആർത്തവവിരാമം സ്‌ത്രീകൾക്കാണെങ്കിൽ പുരുഷരജോനിവൃത്തി പുരുഷന്മാർക്കാണെന്നു മാത്രം. ഇത് വായിക്കുമ്പോൾ പുരുഷന്മാർക്ക് ആർത്തവമോ എന്നോർത്ത് നെറ്റിചുളിയുന്നുണ്ടാവുമല്ലെ?

സ്ത്രീകളിലെ ഈസ്റ്റ്രജൻ പോലെ പുരുഷന്മാരിലുണ്ടാകുന്ന ഹോർമോണുകളിൽ പ്രധാനിയായ ആൻഡ്രൊജന്റെ അളവ് പ്രായമാകുന്തോറും കുറഞ്ഞുവരും.സാധാരണക്കാരിൽ ഇത് 11 nmol/ലിറ്റർ ആണ്. സ്ത്രീകളിൽ ആർത്തവവിരാമ കാലത്ത് അനുഭവിക്കുന്ന പോലുള്ള പ്രയാസങ്ങൾ പുരുഷന്മാരും അനുഭവിക്കുന്നു. “മെനോപോസ്“ എന്ന സ്ത്രീലിംഗ പദത്തിനു സമാനമായ “അൻഡ്രോപോസ്“ എന്ന പദമാണ് പുരുഷരജോനിവൃത്തിയ്ക്ക് സമാനമായി ഇംഗ്ലീഷിൽ ഉപയോഗിക്കുന്നത്. രണ്ടു ഗ്രീക്ക് പദങ്ങൾ ചേർന്നാണ് ഈ വാക്കുണ്ടായിരിക്കുന്നത്. ആൻഡ്രാസ് എന്നാൽ പുരുഷൻ എന്നും, പോസ് എന്നാൽ താൽക്കാലിക വിരാമം, വിരാമം എന്നൊക്കെയാണ് അർഥം.   

പുരുഷരജോനിവൃത്തിയുടെ ലക്ഷണങ്ങൾ

•വികാര വിചാരങ്ങൾക്ക് വ്യതിയാനങ്ങൾ വരാം. മാനസിക അസ്വസ്ഥതകൾ, ഓർമ്മകുറവ്, വിഷാദം എന്നിവയുണ്ടാകാം

•ശരീര പേശികളുടെ വണ്ണവും ബലവും കുറയുന്നു. കായിക ക്ഷമത കുറയുന്നു.ശരീരത്തിലെ രോമവളർച്ച കുറയാം. എല്ലുകളുടെ ബലം കുറയാം.

•ലൈംഗിക ശേഷിക്കുറവും താല്പര്യക്കുറവും തോന്നുന്നു.

•ശരീരത്തിൽ കൊഴുപ്പടിയുന്ന രീതിവ്യത്യാസം വരുന്നു. വയറു ചാടുകയും, സ്ത്രീകളുടേതു പോലെ നെഞ്ച്, മുലകൾ പോലെ തൂങ്ങുകയും ചെയ്യാം.

•ആത്മവിശ്വാസക്കുറവും,ഭയവും ഉന്മേഷക്കുറവും അനുഭവപ്പെടാം.

•ശരീരത്തിനു ക്ഷീണമുണ്ടെങ്കിലും ഉറക്ക കുറവും അനുഭവപ്പെടുന്നു.

•സ്ത്രീകളിലെ പോലെ പുരുഷന്മാരിലും ഉഷ്ണകൂടുതൽ അനുഭവപ്പെടുന്നു.

•ഏകാഗ്രതയും ഓർമ്മകുറവും അനുഭവപ്പെടുന്നു.

•മനസ്സിന്റെ കട്ടിയൊക്കെ കുറഞ്ഞ് സ്ത്രീകളെ പോലെ സങ്കടവും കരച്ചിലും ഒക്കെയായി മാറുന്ന പഴയ സിംഹങ്ങളെ നമുക്കു പലവീടുകളിലും കാണാൻ സാധിക്കും. (പകരം സിംഹികൾ പതുക്കെ ഭരണമേറ്റെടുക്കുന്നതും കാണാം.)

യൗവനാരംഭം വരെ ആൺകുട്ടികളുടെ ടെസ്റ്റിസ്റ്റെറോൺ അളവ് വളരെ കുറവായിരിക്കും. ആൺകുട്ടികളുടെ പ്യുബെർട്ടിയിൽ ഈ ഹോർമോൺ ഒരു വലിയ പങ്ക് വഹിക്കുന്നു. പേശികൾ ദൃഢമാക്കുക, ശരീരത്തിലും ഗുഹ്യഭാഗങ്ങളിലും രോമവളർച്ചയുണ്ടാക്കുക, ശബ്ദത്തിൽ വ്യത്യാസമുണ്ടാക്കുക, ലൈംഗീക ചിന്തകളും വികാരങ്ങളും ഉണ്ടാക്കുക എന്നിവയാണ് ഇതിൽ പ്രധാനം. അതുപോലെ തന്നെ ഒരു പുരുഷൻ മുപ്പതു വയസ്സു കഴിയുന്നതോടെ അവനിലെ  ടെസ്റ്റിസ്റ്റെറോൺ ഹോർമോണിന്റെ അളവ് പതുക്കെ കുറയാൻ തുടങ്ങുന്നു. ഓരോ വർഷവും ഒരു ശതമാനം വീതം കുറഞ്ഞുകൊണ്ടിരിക്കും. എഴുപതു വയസ്സാകുമ്പോഴേക്കും ഈ ഹോർമോണിന്റെ ഉൽപ്പാദനം പകുതിയിൽ താഴെയായി കുറയും. ഇത് ചിലരിൽ ശാരീരികവും, മാനസികവും, ബൗദ്ധീകവുമായ മാറ്റങ്ങൾക്കു കാരണമാകുന്നു. ടെസ്റ്റിസ്റ്റെറോൺ ഒരിക്കൽ കുറയുവാൻ തുടങ്ങിയാൽ അത് ഉയർത്തുക അത്ര എളുപ്പമായ കാര്യവുമല്ല. മരുന്നുകൾ മൂലം അത്ര സാധ്യമല്ലെന്നർത്ഥം.

എല്ലാ സ്ത്രീകളും ആർത്തവ വിരാമമനുഭവിക്കുന്നപോലെ എല്ലാ പുരുഷന്മാരും പുരുഷാർത്തവ വിരാമം അനുഭവിക്കാറില്ല എന്ന കാര്യവും ഓർക്കുക. എന്നാൽ ഇത് നാൽപ്പതു വയസ്സുമുതൽ എഴുപതു വയസ്സുവരെയുള്ളവർക്ക് ഉണ്ടാകുവാൻ സാധ്യതയുള്ള ഒരവസ്ഥയാണ്. ഇതിന്റെ ലക്ഷണങ്ങൾ ആളുകൾക്കനുസരണം വ്യത്യസ്ഥവുമാകാം. 

മേൽപ്പറഞ്ഞ പ്രശ്നങ്ങൾ നിങ്ങളെ വല്ലാതെ ബുദ്ധിമുട്ടിക്കുന്നുണ്ടെങ്കിൽ മാത്രം ടെസ്റ്റിസ്റ്റെറോൺ തെറാപ്പി ചെയ്യാവുന്നതാണ്. സിന്തെറ്റിക് ടെസ്റ്റിസ്റ്റെറോണിന് ചില പാർശ്വഫലങ്ങളുമുണ്ട്. ഒരുദാഹരണത്തിന് പ്രോസ്റ്റേറ്റ് ക്യാൻസർ ഉള്ളവർക്ക് ഈ തെറാപ്പി ക്യാൻസർ സെല്ലുകളുടെ വളർച്ചയ്ക്കും കാരണമാകും.

ചില ജീവിത ശൈലീ വ്യതിയാനങ്ങൾ കുറച്ചയൊക്കെ ഇതുമായി പൊരുത്തപ്പെടുവാൻ സഹായിക്കിച്ചേക്കാം. ഇതിനെക്കുറിച്ചോ, മറ്റു പ്രശ്നങ്ങളെക്കുറിച്ചോ ഉള്ള മാനസിക സമ്മർദ്ധം കുറയ്ക്കുക, നല്ല ഭക്ഷണം, പ്രത്യേകിച്ചും നാരുകൾ, ജീവകങ്ങൾ, മറ്റു പോഷകങ്ങൾ ഉള്ളവ മാത്രം കഴിക്കുക, നന്നായി ഉറങ്ങുക, അത്യാവശ്യം വ്യായാമം ചെയ്യുക എന്നിവയാണ് അവ. മാനസിക സമ്മർദ്ദം കുറയ്ക്കുന്നതിനും ഉറക്കത്തിനും വിദഗ്ധസഹായം തേടാവുന്നതുമാണ്. സാധാരണ ഗതിയിൽ മറ്റുള്ളവർ ഇതിനെ പ്രായത്തിന്റെ ലക്ഷണമായി എഴുതി തള്ളുകയാണു ചെയ്യാറുള്ളത്.

ഇങ്ങനെ ഒരു അവസ്ഥ ഉണ്ട് എന്നറിഞ്ഞിരുന്നാൽ മതി. പൊരുത്തപ്പെടുക തന്നെ..    


ഡോ. ടി. ജി. മനോജ് കുമാർ


ഇന്തോന്വേഷ്യൻ ദിനങ്ങൾ


 

അധ്യായം 2 : അത്ഭുതങ്ങളുടെ ദ്വീപസമൂഹം


ഇന്തോന്വേഷ്യൻ, ജാവനീസ്, മലയ് തുടങ്ങി എഴുന്നൂറോളം ഭാഷകൾ സംസാരിക്കുന്ന ഒരു രാജ്യം, പതിനേഴായിരത്തിലധികം ദ്വീപുകളുള്ള രാജ്യം, അഗ്നിപർവ്വതങ്ങളുടെ രാജ്യം തുടങ്ങി പദവികളേറെയുണ്ട് ഇന്തോന്വേഷ്യയ്ക്ക്. ഏതാണ്ട് നാൽപ്പത്തി അയ്യായിരം വർഷങ്ങൾക്കു മുൻപ് തന്നെ ജനവാസമുണ്ടായിരുന്നു എന്ന് കരുതപ്പെടുന്നു. ഇന്നിതൊരു മുസ്ലിം രാജ്യമാണെങ്കിലും, രണ്ടാം നൂറ്റാണ്ടുമുതൽ ഏഴാം നൂറ്റാണ്ടു വരെ ഹിന്ദുക്കളും ബുദ്ധമതക്കാരുമായിരുന്നു ഇവിടെ എന്ന് ചരിത്രം. ഇന്തോന്വേഷ്യയിലെ ബാലി എന്ന ദ്വീപ് ഹിന്ദുമതക്കാർ മാത്രം ജീവിക്കുന്ന ഒരു പ്രദേശമാണെന്നു കൂടി കൂട്ടിവായിക്കേണ്ടതുണ്ട്. പതിമൂന്നാം നൂറ്റാണ്ടിലാണ് ഇവിടെ മുസ്ലീം ആധിപത്യമുണ്ടായിരിക്കുക എന്നും ചരിത്രം പറയുന്നു.

ഇരുപത്തിയാറു കോടിയിലധികം ജനങ്ങളുമായി ഈ രാജ്യം ജനസംഖ്യയിൽ ലോകത്ത് നാലാം സ്ഥാനത്താണ്. ഭൂപ്രദേശം കൊണ്ട് പതിനാലാം സ്ഥാനമാണെങ്കിലും സമുദ്രമടക്കമുള്ള കണക്കെടുത്താൽ ഏഴാം സ്ഥാനത്തെത്തും ദ്വീപസമൂഹങ്ങളുടെ ഈ രാജ്യം. മൊത്തം ജനസംഖ്യയിൽ 87% ആളുകളും ഇസ്ലാം മത വിശ്വാസികളാണ്. പത്തുശതമാനം ആളുകൾ ക്രിസ്തുമതക്കാരും രണ്ടിൽ താഴെ ഹിന്ദു മതക്കാരുമാണ്. ഹിന്ദു മതക്കാർ ഇവിടെ കൂട്ടമായി കഴിയുന്നത് ബാലിയിൽ മാത്രമാണ്. ബാലി പൂർണ്ണമായും ഹിന്ദു മത വിശ്വാസികളുടേതാണ്. ഒരുപക്ഷേ ലോകത്തിൽത്തന്നെ ഏറ്റവും കൂടുതൽ ക്ഷേത്രങ്ങൾ കാണാനാകുന്നതും ഇവിടെത്തന്നെയായിരിക്കും. മിക്ക വീടുകൾക്കുമുണ്ട് സ്വന്തമായി ഒരു ക്ഷേത്രം. പേരിനെന്നവണ്ണം ബുദ്ധമതവും അപൂർവ്വമായി കൺഫ്യുഷനിസവും ഇവിടെയുണ്ട്.

ഡച്ച് ഈസ്റ്റ് ഇന്ത്യക്കമ്പനിയുടെയും, ജപ്പാന്റെയും, നെതർലാന്റിന്റെയും ആധിപത്യത്തിൽ കഴിഞ്ഞിരുന്ന ഈ രാജ്യം, സ്വതന്ത്രമാകുന്നത് ആയിരത്തിത്തൊള്ളായിരത്തി നാൽപ്പത്തഞ്ചിൽ മാത്രമാണ്. ഇന്ത്യയുടേതുപോലെ തന്നെ ഒരു ഓഗസ്റ് മാസമാണിതും. കൃത്യമായി പറഞ്ഞാൽ ഓഗസ്റ് പതിനേഴ്. ഇന്തോന്വേഷ്യ ഒരു റിപ്പബ്ലിക് ആയി മാറുന്നതും ആയിരത്തിത്തൊള്ളായിരത്തി അമ്പതിൽ ആണ്. പേരുപോലെ തന്നെ ഇക്കാര്യങ്ങളിലും ഈ രാജ്യം ഇന്ത്യയുമായി ബന്ധപ്പെട്ടിരിക്കുന്നു.

പ്രത്യേക ഭരണ പദവിയുള്ള അഞ്ചു പ്രവശ്യകളടക്കം മുപ്പത്തിനാല് പ്രവിശ്യകളായാണ് ഇന്തോന്വേഷ്യയെ തിരിച്ചിരിക്കുന്നത്. പ്രസിഡന്റാണ് ഭരണത്തലവൻ. ജക്കാർത്തയാണ് ഭരണസിരാകേന്ദ്രം. ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെടുന്ന ഗവർണ്ണർമാരും പ്രതിനിധികളും ചേർന്നാണ് പ്രവശ്യകൾ ഭരിക്കുന്നത്.

നൂറുകണക്കിന് വംശങ്ങളും ഭാഷകൾ സംസാരിക്കുന്നവരും ഇവിടെയുണ്ടെങ്കിലും ഏറ്റവും കൂടുതലായി ഉള്ളത് ജാവാക്കാർ തന്നെ. ഔദ്യോഗിക ഭാഷ ഇന്തോന്വേഷ്യൻ തന്നെ. ജൈവവൈവിധ്യങ്ങളുടെ കാര്യത്തിൽ ലോകത്തു നാലാം സ്ഥാനമാണുള്ളത്.

ഇത്രയൊക്കെയുണ്ടെങ്കിലും ഭൂമിശാസ്ത്രപരമായി ഈ രാജ്യത്തിന്റെ മിക്ക ഭാഗങ്ങളും സുരക്ഷിതമല്ല. ഒരു തീ വലയത്തിനുള്ളിലാണ് ഈ രാജ്യം സ്ഥിതി ചെയ്യുന്നത്. പസഫിക് റിങ് ഓഫ് ഫയർ എന്ന തീ വളയം. ഇതിലാണ് ഏറ്റവും കൂടുതൽ ഭൂകമ്പങ്ങളും അഗ്നിപർവ്വത സ്ഫോടനങ്ങളും നടക്കുന്നത്. ഭൂമിശാസ്ത്ര പരമായ മറ്റു ചില പ്രത്യേകതകളുമുണ്ട്. ഇന്തോ ഓസ്ട്രേലിയൻ പ്ലേറ്റും പസഫിക് പ്ലേറ്റും യൂറേഷ്യൻ പ്ലേറ്റിനടിയിലേക്ക് തള്ളപ്പെട്ടിരിക്കുന്ന ഒരു സ്ഥിതിവിശേഷമാണിവിടെ. ഭൂമിക്കടിയിൽ ഏതാണ്ട് നൂറു കിലോമീറ്ററുകളുടെ അഗാധതയിൽ ഇവ ഉരുകിത്തിളച്ചുകൊണ്ടിരിക്കുകയാണ്. അഗ്നിപർവ്വത സ്ഫോടന പരമ്പരകളുടെ കാരണവും ഇത് തന്നെയാണ്. ഏതാണ്ട് നാനൂറിലധികം അഗ്നിപർവ്വത മുഖങ്ങളുള്ള ഈ രാജ്യത്ത് ഇപ്പോൾ നിലവിൽ നൂറ്റിമുപ്പതോളം അഗ്നിപർവ്വതങ്ങൾ പ്രവർത്തനനിരതമാണെന്നോർത്താൽത്തന്നെ ഇതിന്റെ ഭീകരത ഊഹിക്കുവാൻ കഴിയും. അഗ്നിപർവ്വത സ്ഫോടന ഫലമായുണ്ടായ ലാവ പലപ്പോഴും ഇന്തോന്വേഷ്യയെ വളക്കൂറുള്ള കൃഷിയിടമായി മാറ്റിയിട്ടുണ്ട് എന്നതും മറ്റൊരു വസ്തുത. ഈ യാത്രയിൽ ഞാൻ സന്ദർശിച്ചിരുന്ന മൌണ്ട് ആംഗൂങ് എന്ന അഗ്നിപർവതം കഴിഞ്ഞ വർഷം തീ തുപ്പിയിരുന്നു. ടൂറിസവുമായി ബന്ധപ്പെട്ടു കിടക്കുന്ന ബാലിയിൽ ഇത് വൻതോതിൽ നാശനഷ്ടവും സാമ്പത്തിക പ്രശ്നങ്ങളും ഉണ്ടാക്കിയതായി അറിയുവാൻ കഴിഞ്ഞു.

ഇന്തോന്വേഷ്യയിലെ പ്രധാന വിനോദ കേന്ദ്രം ബാലി തന്നെയാണ്. ടൂറിസം ഇന്തോന്വേഷ്യയിൽ ഒരു പ്രധാന വരുമാന മാർഗം ആണെങ്കിലും, അന്തർദേശീയ സഞ്ചാരികൾ എത്തുന്നത് ബാലിയിൽ മാത്രമാണ്. ഗാർഹീക വിനോദ സഞ്ചാരികൾ ആണ് മിക്കയിടങ്ങളിലും കൂടുതലായുള്ളത്. ജൈവ വൈവിധ്യങ്ങളുടെ കാര്യത്തിൽ ബ്രസീലിനോടോ കൊളംബിയായോടോ കിടപിടിക്കുന്ന ഈ രാജ്യത്തിൻറെ പലഭാഗങ്ങളിലും അന്തർദേശീയ വിനോദ സഞ്ചാരികൾ എത്തുന്നില്ല എന്നത് ദുഖകരം തന്നെ.

ജക്കാർത്തയിൽ വിമാനമിറങ്ങിയ എന്നോട് ഇമിഗ്രേഷൻ കൗണ്ടറിൽ ഇരുന്ന സ്ത്രീ സന്ദർശനോദ്ദേശ്യം തിരക്കിയപ്പോൾ ഞാൻ വിനോദസഞ്ചാരം എന്ന് മറുപടികൊടുത്തു. ഒരു നിമിഷം എന്നെ നോക്കി അവർ വീണ്ടും ചോദിച്ചു, ‘വിനോദ സഞ്ചാരം?’. ഞാൻ അതേയെന്നു മറുപടി കൊടുത്തപ്പോൾ അവരുടെ മുഖത്ത് ഒരു ആശ്ചര്യം കണ്ടു. കാരണം ബിസ്സിനെസ്സ് ആവശ്യങ്ങൾക്കാണല്ലോ വിദേശികൾ കൂടുതലായി ജക്കാർത്തയിൽ എത്തുന്നത്. എന്നാൽ ഞാൻ കണ്ട ജക്കാർത്ത അതി മനോഹരമായ ഒരു വിനോദ സഞ്ചാര കേന്ദ്രം കൂടിയാണ്. നമ്മളിൽ പലരും അനുഭവിച്ചറിയാത്തത്ര വിനോദങ്ങൾ ഒളിഞ്ഞിരിക്കുന്ന ഒരു കേന്ദ്രം.


ഡോ. സുനീത് മാത്യു  

തുടരും

ഗുരുദക്ഷിണ


 

മൊയ്തീനേ….ആ ചെറിയേ സ്പാനറിങ്ങെടുത്തേ…..

ആഹഹ കേൾക്കുമ്പോൾ തന്നെ എന്താ സുഖം.ആശ്ശാന്മാരായാൽ സഹ പണിക്കാരോട് ഇങ്ങനെ വേണം പെരുമാറാൻ.

ഞാൻ പണി പഠിക്കാൻ പോകുന്ന കാലത്ത് എനിക്കും ഉണ്ടായിരുന്നു ഒരു ആശാൻ. ആശ്ശാനാണെത്രേ ആശാൻ….

നീ ആരുടെ എവിടെ നോക്കിയാടാ നിക്കുന്നത്. അതിങ്ങട് ചോദിക്കും മുന്നേ തരാനറിയില്ലേന്ന് ചോദിച്ച ആശാനേ ലാഡറേന്ന് തള്ളി താഴെയിടാൻ പലവട്ടം തോന്നിയിട്ടുണ്ടെനിക്ക്.

വിശ്രമ വേളകളിൽ ആശ്ശാൻ്റെ തള്ള് കേൾക്കുമ്പോൾ പണ്ട് പപ്പൂന് കിട്ടിയ അവാർഡ് മുതുകത്തിട്ട് അപ്പ തന്നെ കൊടുക്കാനും തോന്നിയിട്ടുണ്ട്.

ഒരിക്കൽ ഞാനും ആശാനും കൂടി ഒരു വീടിൻ്റെ വയറിംഗ് പണിക്കിടെ ആശാൻ്റെ സ്ഥായീഭാവമായ പുച്ഛ മുഖത്തോടേ ചോദിച്ചു.

വന്നിട്ട് കുറേ ആയല്ലോ…. പണി വല്ലതും പഠിച്ചോടേ നീയ്യ്…? അല്ലെങ്കിലും നാലാള് കൂടുന്നിടത്ത് ഇങ്ങേരെന്നെ നാറ്റിക്കും എനിക്കറിയാം.

ഒന്നും മിണ്ടാതെ ന്യൂട്ടറടിച്ച് നിന്ന എന്നോട് ഫേസും ന്യൂട്ടറും തിരിച്ചറിയാറായോന്ന്…..?

ഫേസേ തൊട്ടാൽ കരണ്ടടിക്കും,ന്യൂട്ടറില് അടിക്കില്ല. ചാടിക്കയറി ഞാൻ ഉത്തരം പറഞ്ഞു.

അടിച്ച് നിൻ്റെ ഫെയ്സിൻ്റെ ഷേപ്പ് ഞാൻ മാറ്റിക്കളയും. തൊട്ട് നക്കാൻ ഇതച്ചാറല്ല, അതിനാണ് ടെസ്റ്ററ് തന്നിട്ടുള്ളത്….ബുദ്ധിയില്ലാത്ത കഴുത.

ശരീരത്ത് വയറ് ഉള്ളത് കൊണ്ട് വയർമാൻ ആകൂല്ല… അത് പറഞ്ഞിട്ട് ആശാൻ ഏറ് കണ്ണിട്ട് അകത്തേക്ക് നോക്കിയപ്പോഴാണെനിക്ക് സംഗതി പിടി കിട്ടിയത്.

അവിടെ അകത്ത് ഇതെല്ലാം കേട്ടോണ്ട് ഒരു തരുണീമണി നിന്ന് ചിരിച്ചോണ്ട് നില്പുണ്ടായിരുന്നു.

ലവളെ ഇംപ്രസ്സ് ചെയ്യിക്കാനായിരുന്നു ഇങ്ങേര് എൻ്റെ മുതുകത്ത്‌ കയറി നിന്ന് കബഡി കളിച്ചോണ്ടിരുന്നത്.

ആശാന് കല്ല്യാണപ്രായം കഴിഞ്ഞെങ്കിലും ഒരു പെണ്ണും ഇത് വരെ സെറ്റായിട്ടില്ല. അതിനങ്ങേർക്ക് നല്ല വിഷമവും ഉണ്ട്.അതിൻ്റെയാണ് പെമ്പിള്ളേരെ കാണുമ്പോൾ ഇങ്ങേർക്കിത്ര ഇളക്കം വരാൻ കാരണം.

ഇവളും തത്പര കക്ഷിയാണെന്ന് തോന്നുന്നു.പത്ത് മണിക്ക് ചായ കൊണ്ട് വന്നപ്പോഴേ എനിക്ക് സംശയം ഉണ്ടായിരുന്നു. ആശാന് പാലിട്ടതും എനിക്ക് വെറും കട്ടനും.

ചായ ഗ്ലാസ്സ് കൈമാറുമ്പോൾ രണ്ടിൻ്റേം മുഖത്തുള്ള ഭാവമാറ്റം കണ്ടാൽ പെണ്ണ് കാണാൻ ചെന്ന പോലേയാണ്. ഇതെല്ലാം കൂടി ആയപ്പോൾ എൻ്റെ ഉള്ളിലെ നാരദ മുനി ഉണർന്ന് വർക്ക് ഔട്ട് ചെയ്യാൻ തുടങ്ങിയിരുന്നു.

അവളെ വളച്ചൊടിക്കാൻ ആശാനിന്ന് എൻ്റെ നടു ഒടിക്കും ഉറപ്പാ. എന്തൊക്കെ ചോദിച്ചാലും ഒന്നും കേൾക്കാത്തത് പോലെ മിണ്ടാതെ നില്ക്കാം ഞാൻ മനസ്സില് ഉറപ്പിച്ചു.

ടാ…നീയിതെവിടാ…. അങ്ങേര് കിടന്നലറിയിട്ടും ഞാൻ മൈൻഡാൻ പോയില്ല.

ഇവനിതെവിടെ പോയി…ഇനി വല്ല കട്ടിലിനടിയിലും കേറി ഒളിച്ചിരിക്കുവാണോ…. അങ്ങേര് പിറുപിറുത്തോണ്ടിരുന്നു.

അതിൻ്റിടയ്ക്ക് ലവളുടെ ചിരിയും കൂടി കേട്ടപ്പോൾ എൻ്റെ കൺട്രോള് പോയി.കയ്യിൽ ഉളിയും ചുറ്റികയുമായ് ഞാൻ നേരേ ആശാൻ്റെ അടുത്തേക്ക് ചെന്നു.

എൻ്റെ വരവ് കണ്ട ആശാന് സംഗതി പന്തിയല്ലെന്ന് തോന്നിയെങ്കിലും അത് പുറമേ കാണിക്കാതെ ഗൗരവത്തോടേ കുറച്ച് മാറി നിന്നിട്ട് പറഞ്ഞു നീ ആ പണിയൊക്കെ വേം തീർക്ക് ഞാൻ പോയി കുറച്ച് മെറ്റീരിയൽസൊക്കെ വാങ്ങീട്ട് വരാമെന്ന് പറഞ്ഞ് മൂപ്പര് പുറത്തേക്ക് പോയി.

ഇത് തന്നെ തക്കം ആശാനിട്ടൊരു പണി കൊടുത്തേക്കാം.ചേച്ചീ കുറച്ച് വെള്ളം തരാമോ…. അകത്തേക്ക് നോക്കി ഞാൻ ഭവ്യതയോടേ ചോദിച്ചു.

വെള്ളവുമായി അവൾ കുണുങ്ങി കുണുങ്ങി വന്നു.

ഞങ്ങടെ ആശാൻ ഭയങ്കര തമാശക്കാരനാ ചേച്ചി… ആശാൻ്റെ കാര്യം കേട്ടാൽ ചിരിച്ച് ചിരിച്ച് ചാകും.കഴിഞ്ഞ ദിവസം ഒരു സംഭവം ഉണ്ടായി.ഒരു കവിൾ കുടിച്ചിട്ട് ഞാൻ ഏറ് കണ്ണിട്ട് ചേച്ചിയെ നോക്കി.

കഥ കേൾക്കാനുള്ള ആകാംക്ഷ ആ മുഖത്ത് ആവോളമുണ്ടായിരുന്നു.

മൂപ്പരുടെ രണ്ട് വീട് അപ്പുറത്ത് നിന്ന് രാത്രി നാട്ടുകാര് ഇങ്ങേരേ ഓടിച്ചിട്ട് പിടിച്ചിരുന്നു രണ്ട് ദിവസം മുന്നേ….

അതെന്തിനാ അവൾക്കതിശയമായി.

അന്നേരം ആശാൻ പറഞ്ഞത് കറിവേപ്പില ഒടിക്കാൻ വന്നതാണെന്നാ.

വോ… നേരായിരിക്കും കറിയിലിടാനാകും അവളുടെ വക സപ്പോർട്ട്.

പിന്നെ പാതി രാത്രിയല്ലേ കറി വേപ്പില പറിക്കാൻ പോകുന്നത് അതും കണ്ടവൻ്റെ ബാത്ത് റൂമിനുള്ളിൽ.

അയ്യേ… അങ്ങേര് അത്തരക്കാരനായിരുന്നോ…?

ആള് പാവമാ ചേച്ചീ മദ്യപിക്കുമ്പോ മാത്രമേ പുള്ളി കറിവേപ്പില നുള്ളാൻ പോകൂ…. അത് പറഞ്ഞ് ഞാൻ ചിരിച്ചു.

ആഹാ… കള്ളും കുടിക്കോ അങ്ങേര്…?

സ്ഥിരം കുടിയൊന്നുമില്ല, ചീട്ട് കളിച്ച് കാശ് പോകുമ്പോ ടെൻഷനടിച്ച് കുടിക്കുന്നതാ. അത് പറഞ്ഞിട്ട് ഞാൻ നൈസായിട്ട് അകത്തേക്ക് വലിഞ്ഞു.

ഇതൊന്നുമറിയാതെ മൂളിപ്പാട്ടും പാടി മെറ്റീരിയൽസ് എന്ന വ്യാജേന വായിനോട്ടോം കഴിഞ്ഞ് വരുന്ന ആശാൻ കേൾക്കുന്നത് ഹൃദയഭേദകമായ വാക്കുകളായിരുന്നു.

അച്ഛനോട് ഞാൻ പറഞ്ഞതല്ലേ നല്ല ആൾക്കാരെ മാത്രം പണി ഏല്പിച്ചാ മതിയെന്ന്.ഇമ്മാതിരി അലവലാതികളെ വീടിനകത്ത് കേറ്റിക്കൂടാ…. പറഞ്ഞ് തീർന്നതും അവൾ നോക്കിയത് ആശാൻ്റെ മുഖത്തായിരുന്നു.

കിറി കൊണ്ട് കോക്കിരി കാട്ടി അവൾ അകത്തേക്കും, ഒന്നും മനസ്സിലാകാതെ ഇടിവെട്ട് കൊണ്ട ചില്ലി തെങ്ങ് പോലേ ആശാൻ നിന്ന നില്പിലും.

ആശാൻ്റെ പുറത്തേക്ക് വന്ന കണ്ണുകൾ സ്ക്രൂ ഡ്രൈവറ് കൊണ്ട് കുത്തി അകത്തേക്ക് ഇട്ടാലോന്ന് ആലോചിച്ച് വാതിലിൻ്റെ വിടവിൽ കൂടി നോക്കി നില്ക്കാനേ അപ്പോഴും ഈ പാവം ശിഷ്യന് കഴിഞ്ഞുള്ളൂ….!

വൈകുന്നേരം ലവള് ചായ കൊണ്ട് വന്നപ്പോഴാണ് ഞാൻ ശരിക്കും ഞെട്ടിയത്. ഇത്രയൊക്കെ പറഞ്ഞിട്ടും അവള് പാലിട്ട ചായകൊണ്ട് വന്നിരിക്കുന്നു അതും ഒറ്റ ഗ്ലാസ്സില്….!

ഏഷണി പറഞ്ഞില്ലായിരുന്നെങ്കിൽ കട്ടനെങ്കിലും കിട്ടിയേനേന്ന് ഞാനോർത്തപ്പോഴേക്കും അവളെൻ്റ മുന്നിലേക്ക് ഗ്ലാസ്സ് നീട്ടിയിരുന്നു.

അപ്പോ ആശാന്….?

വേപ്പില നുള്ളൂ ന്നോർക്കും,അലവലാതികളുമൊക്കെ വല്ല കടയിലും പോയി കുടിക്കെട്ടേ… ഹുംന്ന് പറഞ്ഞവൾ തുള്ളി ചാടി പോകുന്നതും നോക്കി വായ പൊളിച്ചിരിക്കുന്ന ആശാനേ കണ്ടപ്പോൾ സത്യത്തിൽ എനിക്ക് സങ്കടം വന്നു പോയി.


ഷെർബിൻ ആന്റണി

പ്രണയത്തിന്റെ രാജകുമാരി

 


ഞാൻ ഇന്ത്യാക്കാരിയാണ്.. തവിട്ടു നിറമാണ്.. മലബാറിൽ ജനനം മൂന്നുഭാഷകളിൽ സംസാരിക്കും. രണ്ടുഭാഷകളിലെഴുതും. എന്നാൽ സ്വപ്നം ഒന്നിൽ മാത്രം. ” മാധവികുട്ടിയായും, കമലാദാസ് ആയും, കമല സുരയ്യയായും സാഹിത്യത്തിന്റെ അരങ്ങിൽ വെളിച്ചം തീർത്തുകൊണ്ട് യവനികയ്ക്ക് പിന്നിൽ മറഞ്ഞുപോയ എഴുത്തുകാരിയ്ക്ക് പ്രണാമം.

കാനഡയിലെ മേപ്പിൾമരക്കൂട്ടങ്ങൾക്കിടയിലെ മർമ്മരമായി കമലാദാസിന്റെ സൗഹൃദകൂടാരത്തിൽ എത്തിച്ചേർന്ന, വഴിപിരിയാ കൂട്ടായി തീർന്ന ” മെറിലി വൈസ്‌ബോർഡ് ” രചിച്ച

THE LOVE QUEEN OF MALABAR എന്ന പുസ്തകത്തിന്റെ ശ്രീ എം.ജി.സുരേഷ് മലയാളത്തിലേക്ക്  പരിഭാഷപ്പെടുത്തിയ പ്രണയത്തിന്റെ രാജകുമാരി ആണ് എന്റെ ഈ ആസ്വാദനകുറിപ്പിന് കാരണം.

മാധവിക്കുട്ടിയുടെ എഴുത്തുകൾ എപ്പോഴാണ് ഭ്രാന്തമായി എന്നിൽ ആവേശിക്കപ്പെട്ടത് എന്നത് അറിയില്ല. ആമി എന്നൊരു ഭ്രാന്ത് കഥകളിൽ നിന്നും കഥകളിലേക്ക് പടരുമ്പോഴും ഞാൻ രഹസ്യമായി അവരെ കുറിച്ച് അന്വേഷിക്കുകയായിരുന്നു. മെനഞ്ഞെടുത്ത കഥകളേക്കാൾ എനിക്ക് അവരെ ആഴത്തിൽ അറിയുവാനുള്ള വിശപ്പാണ് ഉണ്ടായിരുന്നത്. പ്രണയമെന്ന കുളത്തിൽ കരയറിയാതെ നീന്തുവാൻ അവരാണ് എന്നെ പഠിപ്പിച്ചത്. “എന്റെ കഥ” അവരെക്കുറിച്ചറിയുവാനുള്ള എന്റെ വിശപ്പ് ശമിപ്പിച്ചിരുന്നില്ല. വീണ്ടും ഞാൻ എവിടെയൊക്കെയോ തിരഞ്ഞു.  എനിക്കുള്ള ആഹാരമായിരുന്നു മെറിലി വെയ്‌സ്ബോഡിന്റെ ” പ്രണയത്തിന്റെ രാജകുമാരി “. സ്ത്രൈണത, രതി, പ്രണയം എന്നീ ഭാവങ്ങളെയാണ് ഈ പുസ്തകം സൂഷ്മമായി വ്യാഖാനിക്കുന്നത്. പ്രണയത്തിന്റെ അത്യുന്നതിയിലുള്ള ഉന്മാദിനിയായ കമലാദാസിനെയും, ഈ കൃതി കാണിച്ചു തരുന്നുണ്ട്.

ഭംഗിയായ ആഖ്യാനരീതിയിലൂടെ ഒഴുകി നീങ്ങുന്ന അനുഭവങ്ങളുടെ നദിയാണ് ” പ്രണയത്തിന്റെ രാജകുമാരി ” എന്ന് ഞാൻ വിശേഷിപ്പിക്കും. കമല സുരയ്യയുടെ ” എന്റെ കഥയേക്കാൾ ” എന്തുകൊണ്ടും ആത്മകഥാംശം കൂടുതൽ ആണ് ഇതിൽ എന്ന് എനിക്ക് തോന്നുന്നു. ഒരുപക്ഷെ മറ്റൊരാളിന്റെ വീക്ഷണങ്ങളും ഭാവനയും സങ്കല്പങ്ങളും തമ്മിൽ ഒന്നിച്ചു ചേർന്നതിനാൽ ആകാം.

കണക്ക് പരീക്ഷയിൽ പരാജയം ഏറ്റുവാങ്ങിയ മകളെ മുപ്പത്തിയഞ്ചുകാരന് വിവാഹം ചെയ്തുകൊടുത്ത അച്ഛന്റെ ഓർമ്മകളിൽ നിന്നു തുടങ്ങട്ടെ. ഞാൻ ആ അച്ഛനെക്കുറിച്ച് സങ്കൽപ്പിച്ചു നോക്കി. ഒരുതരത്തിലും ആ പ്രവർത്തിയോട് യോജിക്കുവാൻ കഴിഞ്ഞതേയില്ല. ചിലപ്പോൾ പെൺകുട്ടികൾ അത്രമാത്രം പഠിച്ചാൽ മതിയാകും എന്നുള്ള ആ കാലഘട്ടത്തിന്റെ അച്ഛൻ അങ്ങനെ ആയിരിക്കാം ചിന്തിച്ചിട്ടുണ്ടാകുക.

പക്ഷേ എനിക്ക് ആ പതിനഞ്ചുകാരി വിവാഹശേഷം തന്റെ ആർത്തവത്തിന്റെ നാലാം ദിവസം അനുഭവിച്ച അമിതമായ വേദന മാത്രമേ മനസ്സിൽ ഉണ്ടായിരുന്നുള്ളു. അസാമാന്യ ലിംഗവലുപ്പമുള്ള ഒരാൾ ക്രൂരമായി ഒരു പെൺകുട്ടിയുടെ അടിവയർ തുളച്ചു കയറുന്ന ചിത്രം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഗർഭപാത്രത്തെ യോനിയോട് ബന്ധിപ്പിക്കുന്ന ഭാഗം തകർന്നു ശസ്ത്രക്രിയയ്ക്ക് വിധേയയാകേണ്ടി വന്ന ആ പെൺകുട്ടിയാണ് ദാസേട്ടന്റെ പ്രിയപ്പെട്ട പത്നി. അയാളുടെ കുഞ്ഞുങ്ങളുടെ അമ്മ എന്നത് എന്നെ തെല്ലൊന്നുമല്ല അത്ഭുതപ്പെടുത്തിയത്.

നീർമാതളം പൂത്തകാലം വായിക്കുമ്പോൾ പത്തൊൻപതാം വയസ്സിൽ ഭർത്താവായ രാജാവിനെ ഉപേക്ഷിച്ച് നാലപ്പാട്ട് ധൈര്യപൂർവ്വം എത്തുന്ന കമലയുടെ അമ്മൂമ്മയുടെ അമ്മയെ വളരെ ചാരിതാർഥ്യത്തോടെ ഞാൻ അറിഞ്ഞത്. അഭിമാനിയും, ആഭിജാതയുമായ ഒരു സ്ത്രീയുടെ തിരിച്ചു വരവായിരുന്നു അത്. അത്തരത്തിൽ ഒരു പാരമ്പര്യം നിലനിൽക്കുമ്പോഴും, ഭർത്താവിൽ നിന്നും തിരികെ എത്തിയ കമലയെ ” തിരിച്ചു പോയി ദാസ് പറഞ്ഞത് അനുസരിച്ചു ജീവിക്കുവാൻ ” ആണ് അമ്മമ്മ നിർദ്ദേശിക്കുന്നത്‌.

നീറുന്ന അനുഭവങ്ങൾ കൂടിയാകണം ഈ എഴുത്തുകാരിയുടെ എഴുത്തുകളുടെ ഊർജ്ജമായത്. സ്വവർഗ രതിയിൽ തല്പരനായ, സ്വന്തം ഭാര്യയെ മേലുദ്യോഗസ്ഥന്റെ കിടക്കാറയിൽ തള്ളിവിടുന്ന ഒരു ഭർത്താവിനോട്, തനിക്ക് ഇനി ബ്രഹ്മചര്യം അനുഷ്ഠിക്കുവാനുള്ള അവസരം നൽകണമെന്നും നിങ്ങൾക്ക് പരിപൂർണ്ണ സ്വാതന്ത്ര്യം നൽകുന്നു എന്നും പറഞ്ഞത്, എത്രത്തോളം തന്റെ വിവാഹജീവിതത്തോടുള്ള വിരക്തി ആയിരിക്കണം എന്നും ഞാൻ ചിന്തിച്ചു.

എന്നാൽ വീണ്ടും എന്നെ അവരിൽ അത്ഭുതപ്പെടുത്തിയത്, വിധവ ആയതിനു ശേഷം അവരുടെ ശരീരത്തിന്റെയും മനസ്സിന്റെയും, എന്തിന് ജീവിതത്തിന്റെയും ഗതി മാറ്റിയ പ്രണയം ആയിരുന്നു. കമല ദാസിന്റെ ആരാധകൻ, മതപണ്ഡിതൻ, ഉറുദു കവിതകളുടെ മധുരമായ സ്വരമാധുരിയുടെ ഉടമ. അങ്ങനെ ഒരാൾ അവരെ സ്പർശിച്ചത് വെറും തൊലിപ്പുറത്ത് മാത്രമായിരുന്നില്ല. അവരുടെ ഹൃദയത്തിന്റെയും പ്രണയത്തിന്റെയും അടിവേരുകളിൽ ആയിരുന്നു.

പുതുമഴ ലഭിച്ച മണ്ണിപ്പോലെ അവർ തയ്യാറെടുത്തു. പ്രണയത്തിന് വേണ്ടി എന്തും ത്യജിക്കുവാൻ. ഒടുവിൽ അവരെ ആ പ്രണയം ” ഒരു പ്രഭാതനക്ഷത്രമാക്കി !” കമലാസുരയ്യ ആക്കി. “അയാൾ മടങ്ങി വന്നിരുന്നു എങ്കിൽ കമല അയാൾക്കൊപ്പം പോകുമായിരുന്നോ?” മെറിലിയുടെ ചോദ്യത്തിന്, “പോകുമായിരുന്നു. എനിക്ക് മറ്റൊന്നും ബാധകമാകില്ലായിരുന്നു.” എന്ന് പറയുന്ന കമലയുടെ വാക്കുകളിൽ ആ പ്രണയത്തിന്റെ തീവ്രത അറിയാം. ഇസ്ലാംമതം സ്നേഹത്തിന്റെ മതമെന്നും അവർ എന്നുമെന്നും വിശ്വസിച്ചു പോന്നു കഴിഞ്ഞു.

ഇവിടെ എനിക്ക് എന്തുകൊണ്ടോ സധൈര്യം എഴുതുന്ന കമല മുറിവായി. അവർ എന്തുകൊണ്ട് അയാളോട് പറഞ്ഞില്ല?

“നീ, എന്റെ ശരീരത്തെയും മനസ്സിനെയും പ്രണയജലത്താൽ വീണ്ടും ഉന്മത്തയാക്കി. എനിക്കൊരു മതത്തിന്റെയും മൂടുപടം വേണ്ട.. നീ എന്നെ പ്രണയിക്കുക മാത്രം ചെയ്യൂ” എന്നത് എന്തുകൊണ്ടോ അവർക്ക് പറയുവാൻ സാധിച്ചില്ല. അയാൾ അവരെ ഉപേക്ഷിച്ചു കടന്നു പോകുമ്പോഴും അയാളെ കുറിച്ചു ഓർത്തുകൊണ്ട് എന്നും കണ്ണുനീർ പൊടിഞ്ഞു. കമലയുടെ ശരീരം വീണ്ടും അയാളെ ആവശ്യപ്പെട്ടു. പ്രണയം എന്നാൽ വലിയൊരു തിരസ്കരണം കൂടിയാണല്ലോ.

ഡോക്ടർ ഹുസൈൻ ആയിരിക്കണം ആ വേദനയിൽ നിന്നവർക്ക് ചെറിയൊരു മുക്തിയെങ്കിലും നൽകിയത്. “വണ്ടിക്കാളകൾ ” എന്നുള്ള കഥ എഴുതിയ സാഹചര്യവും ഇതിൽ വിവരിക്കുന്നുണ്ട്. തന്റെ കാമുകനെ കഥകളിൽ അവർ വീണ്ടും വരച്ചു വെയ്ക്കുന്നു. മതം അവരെ വല്ലാതെ ചൂഷണം ചെയ്തിരുന്നു എന്നൊരു തോന്നൽ എന്തുകൊണ്ടൊക്കെയോ കമലയിൽ നിറഞ്ഞു നിന്നു.

കറുത്ത ബുർഖ ഊരിയെറിഞ്ഞു നഗ്നയായി നടക്കുവാൻ അവർ ആഗ്രഹിച്ചിരുന്നിരിക്കണം. അവരുടെ കൃഷ്ണനെയും കൊണ്ടാണ് അവർ ഇസ്ലാം ആയതെന്നും പറഞ്ഞു വെയ്ക്കുന്നു. അതൊരുപക്ഷേ തനിക്ക് എന്നും വൈകാരികമായ അനാഥത്വം ഉണ്ടാകരുതെന്ന് കരുതിയുമാകണം. മരണമെന്ന യാത്രയിലേയ്ക്ക് കയറും മുൻപ്, അവർ ഒരിക്കൽ കൂടി നീ ർമാതളഭൂമിയിൽ എത്തുന്നു.. അവിടെ എന്നന്നേയ്ക്കുമായി തന്റെ കൃഷ്ണനെ ഉപേക്ഷിച്ചു പോരുന്നു.

എന്ത് വേഷം ധരിച്ചാലും, എന്ത് പേരിട്ടു വിളിച്ചാലും അവൾ നാലപ്പാട്ടെ ആമി മാത്രം ആകുന്നു. പ്രണയത്തിന്റെ, രതിയുടെ, വശ്യമായ കവിതകളുടെ, ശേഷിക്കുന്ന രാജകുമാരി മാത്രം ആകുന്നു ” യാഹ്, അല്ലാഹ് ! ഇനിയെങ്കിലും എന്നെ ശിക്ഷിക്കൂ. നിന്നിലുമധികം ഞാൻ അവനെ സ്നേഹിച്ചുപോയി. “


ഹരിത ആർ മേനോൻ


സ്പെഷ്യൽ ചിക്കെൻ കട്ലെറ്റ്


 

സായാഹ്നങ്ങൾ പൊതുവേ കുട്ടികൾക്ക് വിശപ്പ് കൂടുതലുള്ള ഒരു സമയമാണ്. ആ സമയത്ത് രുചികരമായ ഭക്ഷണം അവരുടെ ഒരു ആഗ്രഹവുമാണ്. എന്നും ഒരേ ഭക്ഷണം കൊടുക്കാതെ മാറ്റങ്ങൾ വരുത്തുന്നത് അവർക്ക് സന്തോഷപ്രദവുമായിരിക്കും. മുതിർന്നവരുടെ കാര്യവും വിഭിന്നമാണെന്ന് തോന്നുന്നില്ല. നാം കഴിക്കുന്ന ആഹാരം പോഷക സമൃദ്ധമായിരിക്കണം. രുചിയിൽ വിട്ടുവീഴ്ചയില്ലാത്ത പോഷക സമ്പുഷ്ടമായ ധാരാളം വിഭവങ്ങൾ നമുക്ക് ഉണ്ടാക്കുവാൻ കഴിയും. അത്തരത്തിലൊരു ചിക്കൻ  കട്ലെറ്റ് പരിചയപ്പെടുത്തുന്നു.

ചിക്കെൻ, സ്പിനാച്ച് എന്നറിയപ്പെടുന്ന ചീര, മല്ലിയില,  കടുകിന്റെ ഇല എന്നിവയാണ് ഇതിലെ പ്രധാന ചേരുവകകൾ. മാംസ്യത്തിന്റെ ഒരു നല്ല ഉറവിടമാണ് ചിക്കെൻ. അന്നജം പൂർണ്ണമായും ഇല്ലാത്ത ഒരു ഭക്ഷണവും കൂടിയാണ് ഇത്. പ്രമേഹരോഗികൾ അന്നജം കുറയ്ക്കുക എന്ന നിലയിൽ ചെറിയ തോതിൽ ചിക്കെൻ ആഹാരത്തിൽ ഉൾപ്പെടുത്തുന്നത് ആരോഗ്യകരം തന്നെ. ഫോസ്ഫറസ്, സെലീനിയം തുടങ്ങിയ മൂലകങ്ങളും, ജീവകം ബി 6, നിയാസിൻ എന്നീ ബി ഗ്രൂപ്പ് ജീവകങ്ങളും ധാരാളം. അന്നജത്തിന്റെ അഭാവം ഈ കട്ലെറ്റിൽ അടങ്ങിയിട്ടുള്ള ഉരുളൻ കിഴങ്ങ് പരിഹരിക്കും എന്നത് കൊണ്ട് ഇത് ഒരു സമ്പൂർണ്ണ ഭക്ഷണമായി കണക്കാക്കുവാനും കഴിയും.

സ്പിനാച്ച് ആണെങ്കിൽ ജീവകം എയുടെ ഒരു പ്രധാന സ്രോതസ് ആണ്. ജീവകം സിയും നല്ല തോതിൽ അടങ്ങിയിരിക്കുന്നു. ഇരുമ്പ്, പൊട്ടാസിയം, കാൽസ്യം എന്നിവയും അത്ര ചെറുതല്ലാത്ത അളവിൽ അടങ്ങിയിരിക്കുന്നു. ശരീരത്തിന്റെ ദഹന പ്രക്രിയയ്ക്ക് സഹായകരമാകുന്ന നാരുകളാലും സമൃദ്ധം.

മല്ലിയിലയിലും ഇവയെല്ലാം സമൃദ്ധമായി അടങ്ങിയിട്ടുണ്ട്. ജീവകം കെ അടങ്ങിയിട്ടുള്ള ഒരു ഇലയാണ് മല്ലി. അതുപോലെ ജീവകങ്ങളാൽ സമ്പുഷ്ടമായ ഒന്നാണ് കടുകിലയും. ഇതും ജീവകം എയുടേയും ജീവകം സിയുടേയും ഒരു പ്രധാന സ്രോതസ് തന്നെ. ഉരുളൻ കിഴങ്ങാകട്ടെ അന്നജം, കാൽസിയം, മഗ്നീഷ്യം എന്നിവയുടെ കലവറയും. മൊത്തത്തിൽ ഈ കട്ലെറ്റ് കുട്ടികളുടെ എല്ലുകളുടെയും, കണ്ണുകളുടെയും ആരോഗ്യസംരക്ഷണത്തോടൊപ്പം രോഗപ്രതിരോധശക്തിയുണ്ടാക്കുന്നതിനും ഫലപ്രദമാണ്. 

ചേരുവകൾ

ചിക്കെൻ 250 ഗ്രാംസ് 

സ്പിനാച്ച് ഒരുപിടി

കടുകില ഒരു ചെറിയ പിടി

മല്ലിയില ഒരു ചെറിയ പിടി

ക്യാരറ്റ് ഒരെണ്ണം

ഉരുളൻ കിഴങ്ങ് രണ്ടെണ്ണം

സവാള ഒരെണ്ണം

ഇഞ്ചി ഒരു ചെറിയ കഷ്ണം

ബ്രഡ് ക്രംബ്സ് ഒരു കപ്പ്

ഉപ്പ് ആവശ്യത്തിന്

മുളകുപൊടി ഒരു ടേബിൾ സ്പൂൺ

മഞ്ഞൾപ്പൊടി

കുരുമുളകുപൊടി

ഗരം മസാല

എണ്ണ ആറു ടേബിൾസ്പൂൺ.

ഉണ്ടാക്കുന്ന വിധം

ക്യാരറ്റ്  ഗ്രേറ്റ് ചെയ്തു വയ്ക്കുക. ഒപ്പം ഇലകൾ, ഇഞ്ചി, സവാള,ഇഞ്ചി എന്നിവ  ചെറുതായി അരിഞ്ഞു മാറ്റിവയ്ക്കുക. ഒരു പാൻ ചൂടാക്കി അതിൽ അൽപ്പം എണ്ണയൊഴിച്ച്‌, അതിലേക്കു അരിഞ്ഞു വച്ചിരിക്കുന്ന സവാള, ഇഞ്ചി എന്നിവയിട്ട് നന്നായി വഴറ്റുക. അതിലേക്ക് മഞ്ഞൾപ്പൊടി, മുളകുപൊടി, കുരുമുളകുപൊടി,ഗരം മസാല എന്നിവ ചേർത്തു നന്നായി ഇളക്കുക. പാകമാകുമ്പോൾ അതിലേക്ക് ഗ്രേറ്റ് ചെയ്തു വച്ചിരിക്കുന്ന ക്യാരറ്റ്, ഇലകൾ എന്നിവ ചേർത്തു വഴറ്റുക. അതിലേക്കു ചെറു കഷണങ്ങളാക്കിയ (ഒരു മിക്സിയിൽ ഒന്ന് പൊടിക്കുകയും ആകാം.) ചിക്കൻ ചേർക്കുക. തുടർന്ന് വേവിച്ച് പൊടിച്ചു വച്ചിരിക്കുന്ന ഉരുളൻ കിഴങ്ങുകൂടി ചേർക്കുക. ഇത് നന്നായി ഇളക്കുക. ഇതിനെ നമുക്ക് കട്ലെറ്റ് രൂപത്തിൽ പരത്തിയെടുക്കാം. തുടർന്ന് ഇവയെ ബ്രഡ് ക്രംബ്സിൽ പൊതിഞ്ഞെടുക്കുക. ഒരു തവയിൽ കുറച്ചു എണ്ണയെടുത്ത് ചൂടാക്കിയശേഷം ഈ കട്ലെറ്റുകൾ തവയിൽ വച്ച് മുരിച്ചെടുക്കാം. രുചികരവും ആരോഗ്യകരവുമായ കട്ലെറ്റ് തയ്യാറായിക്കഴിഞ്ഞു.    

ഡോ. ഷേർളി സുനീത്

പ്രതികരണങ്ങൾ


 

ഏപ്രിൽ ലക്കം കഴമ്പുള്ള ഉള്ളടക്കങ്ങളാൽ ഗംഭീരമായി. ടൂറിസത്തെക്കുറിച്ചുള്ള ലേഖനം അൽപം ചിന്തിപ്പിച്ചു. ഇനി അത്തരത്തിലൊരു വിനോദ സഞ്ചാരം ഇനിയെന്ന് നടക്കും എന്നോർക്കുമ്പോൾ ദുഖവും തോന്നി. ആ മേഖലയിൽ പ്രവർത്തിക്കുന്നവരുടെ നഷ്ടമോർത്തും. ഇന്തോന്വേഷ്യയെക്കുറിച്ചുള്ള പുതിയ അറിവുകൾക്കായി കാത്തിരിക്കുന്നു. മൊത്തത്തിൽ മാസിക മനോഹരം തന്നെ.

കൃഷ്ണൻ റ്റി. റ്റി., ആലുവ


കഥകളും കവിതകളും നന്നായിരുന്നു. ആദ്യമായാണ് ഇതിവൃത്തം വായിക്കുന്നത്. വളരെ ഇഷ്ടപ്പെട്ടു. പഴയലക്കങ്ങൾ വായിക്കുവാൻ അവസരമുള്ളത് എന്നെപ്പോലുള്ള വായനക്കാർക്ക് പ്രയോജനപ്പെടും. ഒരു കുറവും എനിക്ക് പറയുവാൻ കഴിയുന്നില്ല. അഭിനന്ദനങ്ങൾ

സീമ ചന്ദ്രൻ, ഈറോഡ്


ജാവ സിംപിളാണ് പവർഫുള്ളും എന്ന് പറഞ്ഞതുപോലെയാണ് ഇതിലെ പാചകം. ഉണ്ടാക്കുവാൻ സിംപിളാണ്. രുചിയിലും ഗുണത്തിലും പവർഫുള്ളും. ഇതുവരെയുള്ള എല്ലാം പരീക്ഷിച്ചു നോക്കി വീട്ടിൽ ഒരു പാചകറാണി പട്ടം കിട്ടി നിൽക്കുകയാണ്. സാധാരണയിൽ നിന്നും വ്യത്യസ്തമായി ചേരുവകളുടെയും വിഭവത്തിന്റെയും ആരോഗ്യ ഗുണങ്ങൾ പറയുന്നതും ഞങ്ങൾക്ക് വലിയ പ്രയോജനമാണ് നൽകുന്നത്. ഷേർളി മാമിന് എല്ലാവിധ ആശംസകളും.

സീന സുകുമാരൻ, വൈക്കം


ഡോ മനോജ് കുമാറിന്റെ ലേഖനം ചൂടുകാലത്ത് ഒരു കുളിർ മഴയായി. എന്തായാലും വായിച്ചു കഴിഞ്ഞപ്പോൾ നാട്ടിലും മഴയായി. മുഖമൊഴി വളരെ നന്നാവുന്നുണ്ട്. കുറച്ചുകൂടി കാര്യങ്ങൾ പറയാം എന്ന് തോന്നി. ഫേസ്ബുക്ക് കമന്റുകൾ കാണുമ്പോൾ എനിക്കും അസ്വസ്ഥതകൾ തോന്നിയിരുന്നു. എന്നാൽ ഇതിന്റെ പുറകിൽ ഇത്രയധികം കാര്യങ്ങൾ ഉണ്ട് എന്നറിഞ്ഞിരുന്നില്ല. കഥകൾ, കവിതകൾ എല്ലാം നന്നാവുന്നുണ്ട്. എല്ലാ ഭാവുകങ്ങളും

എം. കെ. ശ്രീധരൻ, കോതമംഗലം  


 ധാരാളം അഭിപ്രായങ്ങൾ മെസ്സേജുകളായും, ഫോണുകളായും ഇമെയിലുകളായും ലഭിച്ചിരുന്നു. എല്ലാവർക്കും മാസികയുടെ ഹൃദയം നിറഞ്ഞ സ്നേഹം അറിയിക്കുന്നു. എല്ലാം മാസികയിൽ ചേർക്കുവാൻ കഴിയാത്തതുകൊണ്ട് ചിലതുമാത്രമേ ചേർക്കുവാൻ കഴിഞ്ഞിട്ടുള്ളൂ എന്ന് ഖേദപൂർവ്വം അറിയിക്കുന്നു.

എഡിറ്റർ