സായാഹ്നങ്ങൾ പൊതുവേ കുട്ടികൾക്ക് വിശപ്പ് കൂടുതലുള്ള ഒരു സമയമാണ്. ആ സമയത്ത് രുചികരമായ ഭക്ഷണം അവരുടെ ഒരു ആഗ്രഹവുമാണ്. എന്നും ഒരേ ഭക്ഷണം കൊടുക്കാതെ മാറ്റങ്ങൾ വരുത്തുന്നത് അവർക്ക് സന്തോഷപ്രദവുമായിരിക്കും. മുതിർന്നവരുടെ കാര്യവും വിഭിന്നമാണെന്ന് തോന്നുന്നില്ല. നാം കഴിക്കുന്ന ആഹാരം പോഷക സമൃദ്ധമായിരിക്കണം. രുചിയിൽ വിട്ടുവീഴ്ചയില്ലാത്ത പോഷക സമ്പുഷ്ടമായ ധാരാളം വിഭവങ്ങൾ നമുക്ക് ഉണ്ടാക്കുവാൻ കഴിയും. അത്തരത്തിലൊരു ചിക്കൻ കട്ലെറ്റ് പരിചയപ്പെടുത്തുന്നു.
ചിക്കെൻ, സ്പിനാച്ച് എന്നറിയപ്പെടുന്ന ചീര, മല്ലിയില, കടുകിന്റെ ഇല എന്നിവയാണ് ഇതിലെ പ്രധാന ചേരുവകകൾ. മാംസ്യത്തിന്റെ ഒരു നല്ല ഉറവിടമാണ് ചിക്കെൻ. അന്നജം പൂർണ്ണമായും ഇല്ലാത്ത ഒരു ഭക്ഷണവും കൂടിയാണ് ഇത്. പ്രമേഹരോഗികൾ അന്നജം കുറയ്ക്കുക എന്ന നിലയിൽ ചെറിയ തോതിൽ ചിക്കെൻ ആഹാരത്തിൽ ഉൾപ്പെടുത്തുന്നത് ആരോഗ്യകരം തന്നെ. ഫോസ്ഫറസ്, സെലീനിയം തുടങ്ങിയ മൂലകങ്ങളും, ജീവകം ബി 6, നിയാസിൻ എന്നീ ബി ഗ്രൂപ്പ് ജീവകങ്ങളും ധാരാളം. അന്നജത്തിന്റെ അഭാവം ഈ കട്ലെറ്റിൽ അടങ്ങിയിട്ടുള്ള ഉരുളൻ കിഴങ്ങ് പരിഹരിക്കും എന്നത് കൊണ്ട് ഇത് ഒരു സമ്പൂർണ്ണ ഭക്ഷണമായി കണക്കാക്കുവാനും കഴിയും.
സ്പിനാച്ച് ആണെങ്കിൽ ജീവകം എയുടെ ഒരു പ്രധാന സ്രോതസ് ആണ്. ജീവകം സിയും നല്ല തോതിൽ അടങ്ങിയിരിക്കുന്നു. ഇരുമ്പ്, പൊട്ടാസിയം, കാൽസ്യം എന്നിവയും അത്ര ചെറുതല്ലാത്ത അളവിൽ അടങ്ങിയിരിക്കുന്നു. ശരീരത്തിന്റെ ദഹന പ്രക്രിയയ്ക്ക് സഹായകരമാകുന്ന നാരുകളാലും സമൃദ്ധം.
മല്ലിയിലയിലും ഇവയെല്ലാം സമൃദ്ധമായി അടങ്ങിയിട്ടുണ്ട്. ജീവകം കെ അടങ്ങിയിട്ടുള്ള ഒരു ഇലയാണ് മല്ലി. അതുപോലെ ജീവകങ്ങളാൽ സമ്പുഷ്ടമായ ഒന്നാണ് കടുകിലയും. ഇതും ജീവകം എയുടേയും ജീവകം സിയുടേയും ഒരു പ്രധാന സ്രോതസ് തന്നെ. ഉരുളൻ കിഴങ്ങാകട്ടെ അന്നജം, കാൽസിയം, മഗ്നീഷ്യം എന്നിവയുടെ കലവറയും. മൊത്തത്തിൽ ഈ കട്ലെറ്റ് കുട്ടികളുടെ എല്ലുകളുടെയും, കണ്ണുകളുടെയും ആരോഗ്യസംരക്ഷണത്തോടൊപ്പം രോഗപ്രതിരോധശക്തിയുണ്ടാക്കുന്നതിനും ഫലപ്രദമാണ്.
ചേരുവകൾ
ചിക്കെൻ 250 ഗ്രാംസ്
സ്പിനാച്ച് ഒരുപിടി
കടുകില ഒരു ചെറിയ പിടി
മല്ലിയില ഒരു ചെറിയ പിടി
ക്യാരറ്റ് ഒരെണ്ണം
ഉരുളൻ കിഴങ്ങ് രണ്ടെണ്ണം
സവാള ഒരെണ്ണം
ഇഞ്ചി ഒരു ചെറിയ കഷ്ണം
ബ്രഡ് ക്രംബ്സ് ഒരു കപ്പ്
ഉപ്പ് ആവശ്യത്തിന്
മുളകുപൊടി ഒരു ടേബിൾ സ്പൂൺ
മഞ്ഞൾപ്പൊടി
കുരുമുളകുപൊടി
ഗരം മസാല
എണ്ണ ആറു ടേബിൾസ്പൂൺ.
ഉണ്ടാക്കുന്ന വിധം
ക്യാരറ്റ് ഗ്രേറ്റ് ചെയ്തു വയ്ക്കുക. ഒപ്പം ഇലകൾ, ഇഞ്ചി, സവാള,ഇഞ്ചി എന്നിവ ചെറുതായി അരിഞ്ഞു മാറ്റിവയ്ക്കുക. ഒരു പാൻ ചൂടാക്കി അതിൽ അൽപ്പം എണ്ണയൊഴിച്ച്, അതിലേക്കു അരിഞ്ഞു വച്ചിരിക്കുന്ന സവാള, ഇഞ്ചി എന്നിവയിട്ട് നന്നായി വഴറ്റുക. അതിലേക്ക് മഞ്ഞൾപ്പൊടി, മുളകുപൊടി, കുരുമുളകുപൊടി,ഗരം മസാല എന്നിവ ചേർത്തു നന്നായി ഇളക്കുക. പാകമാകുമ്പോൾ അതിലേക്ക് ഗ്രേറ്റ് ചെയ്തു വച്ചിരിക്കുന്ന ക്യാരറ്റ്, ഇലകൾ എന്നിവ ചേർത്തു വഴറ്റുക. അതിലേക്കു ചെറു കഷണങ്ങളാക്കിയ (ഒരു മിക്സിയിൽ ഒന്ന് പൊടിക്കുകയും ആകാം.) ചിക്കൻ ചേർക്കുക. തുടർന്ന് വേവിച്ച് പൊടിച്ചു വച്ചിരിക്കുന്ന ഉരുളൻ കിഴങ്ങുകൂടി ചേർക്കുക. ഇത് നന്നായി ഇളക്കുക. ഇതിനെ നമുക്ക് കട്ലെറ്റ് രൂപത്തിൽ പരത്തിയെടുക്കാം. തുടർന്ന് ഇവയെ ബ്രഡ് ക്രംബ്സിൽ പൊതിഞ്ഞെടുക്കുക. ഒരു തവയിൽ കുറച്ചു എണ്ണയെടുത്ത് ചൂടാക്കിയശേഷം ഈ കട്ലെറ്റുകൾ തവയിൽ വച്ച് മുരിച്ചെടുക്കാം. രുചികരവും ആരോഗ്യകരവുമായ കട്ലെറ്റ് തയ്യാറായിക്കഴിഞ്ഞു.
ഡോ. ഷേർളി സുനീത്

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ