ഞാൻ ഇന്ത്യാക്കാരിയാണ്.. തവിട്ടു നിറമാണ്.. മലബാറിൽ ജനനം മൂന്നുഭാഷകളിൽ സംസാരിക്കും. രണ്ടുഭാഷകളിലെഴുതും. എന്നാൽ സ്വപ്നം ഒന്നിൽ മാത്രം. ” മാധവികുട്ടിയായും, കമലാദാസ് ആയും, കമല സുരയ്യയായും സാഹിത്യത്തിന്റെ അരങ്ങിൽ വെളിച്ചം തീർത്തുകൊണ്ട് യവനികയ്ക്ക് പിന്നിൽ മറഞ്ഞുപോയ എഴുത്തുകാരിയ്ക്ക് പ്രണാമം.
കാനഡയിലെ മേപ്പിൾമരക്കൂട്ടങ്ങൾക്കിടയിലെ മർമ്മരമായി കമലാദാസിന്റെ സൗഹൃദകൂടാരത്തിൽ എത്തിച്ചേർന്ന, വഴിപിരിയാ കൂട്ടായി തീർന്ന ” മെറിലി വൈസ്‌ബോർഡ് ” രചിച്ച
THE LOVE QUEEN OF MALABAR എന്ന പുസ്തകത്തിന്റെ ശ്രീ എം.ജി.സുരേഷ് മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയ പ്രണയത്തിന്റെ രാജകുമാരി ആണ് എന്റെ ഈ ആസ്വാദനകുറിപ്പിന് കാരണം.
മാധവിക്കുട്ടിയുടെ എഴുത്തുകൾ എപ്പോഴാണ് ഭ്രാന്തമായി എന്നിൽ ആവേശിക്കപ്പെട്ടത് എന്നത് അറിയില്ല. ആമി എന്നൊരു ഭ്രാന്ത് കഥകളിൽ നിന്നും കഥകളിലേക്ക് പടരുമ്പോഴും ഞാൻ രഹസ്യമായി അവരെ കുറിച്ച് അന്വേഷിക്കുകയായിരുന്നു. മെനഞ്ഞെടുത്ത കഥകളേക്കാൾ എനിക്ക് അവരെ ആഴത്തിൽ അറിയുവാനുള്ള വിശപ്പാണ് ഉണ്ടായിരുന്നത്. പ്രണയമെന്ന കുളത്തിൽ കരയറിയാതെ നീന്തുവാൻ അവരാണ് എന്നെ പഠിപ്പിച്ചത്. “എന്റെ കഥ” അവരെക്കുറിച്ചറിയുവാനുള്ള എന്റെ വിശപ്പ് ശമിപ്പിച്ചിരുന്നില്ല. വീണ്ടും ഞാൻ എവിടെയൊക്കെയോ തിരഞ്ഞു. എനിക്കുള്ള ആഹാരമായിരുന്നു മെറിലി വെയ്‌സ്ബോഡിന്റെ ” പ്രണയത്തിന്റെ രാജകുമാരി “. സ്ത്രൈണത, രതി, പ്രണയം എന്നീ ഭാവങ്ങളെയാണ് ഈ പുസ്തകം സൂഷ്മമായി വ്യാഖാനിക്കുന്നത്. പ്രണയത്തിന്റെ അത്യുന്നതിയിലുള്ള ഉന്മാദിനിയായ കമലാദാസിനെയും, ഈ കൃതി കാണിച്ചു തരുന്നുണ്ട്.
ഭംഗിയായ ആഖ്യാനരീതിയിലൂടെ ഒഴുകി നീങ്ങുന്ന അനുഭവങ്ങളുടെ നദിയാണ് ” പ്രണയത്തിന്റെ രാജകുമാരി ” എന്ന് ഞാൻ വിശേഷിപ്പിക്കും. കമല സുരയ്യയുടെ ” എന്റെ കഥയേക്കാൾ ” എന്തുകൊണ്ടും ആത്മകഥാംശം കൂടുതൽ ആണ് ഇതിൽ എന്ന് എനിക്ക് തോന്നുന്നു. ഒരുപക്ഷെ മറ്റൊരാളിന്റെ വീക്ഷണങ്ങളും ഭാവനയും സങ്കല്പങ്ങളും തമ്മിൽ ഒന്നിച്ചു ചേർന്നതിനാൽ ആകാം.
കണക്ക് പരീക്ഷയിൽ പരാജയം ഏറ്റുവാങ്ങിയ മകളെ മുപ്പത്തിയഞ്ചുകാരന് വിവാഹം ചെയ്തുകൊടുത്ത അച്ഛന്റെ ഓർമ്മകളിൽ നിന്നു തുടങ്ങട്ടെ. ഞാൻ ആ അച്ഛനെക്കുറിച്ച് സങ്കൽപ്പിച്ചു നോക്കി. ഒരുതരത്തിലും ആ പ്രവർത്തിയോട് യോജിക്കുവാൻ കഴിഞ്ഞതേയില്ല. ചിലപ്പോൾ പെൺകുട്ടികൾ അത്രമാത്രം പഠിച്ചാൽ മതിയാകും എന്നുള്ള ആ കാലഘട്ടത്തിന്റെ അച്ഛൻ അങ്ങനെ ആയിരിക്കാം ചിന്തിച്ചിട്ടുണ്ടാകുക.
പക്ഷേ എനിക്ക് ആ പതിനഞ്ചുകാരി വിവാഹശേഷം തന്റെ ആർത്തവത്തിന്റെ നാലാം ദിവസം അനുഭവിച്ച അമിതമായ വേദന മാത്രമേ മനസ്സിൽ ഉണ്ടായിരുന്നുള്ളു. അസാമാന്യ ലിംഗവലുപ്പമുള്ള ഒരാൾ ക്രൂരമായി ഒരു പെൺകുട്ടിയുടെ അടിവയർ തുളച്ചു കയറുന്ന ചിത്രം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഗർഭപാത്രത്തെ യോനിയോട് ബന്ധിപ്പിക്കുന്ന ഭാഗം തകർന്നു ശസ്ത്രക്രിയയ്ക്ക് വിധേയയാകേണ്ടി വന്ന ആ പെൺകുട്ടിയാണ് ദാസേട്ടന്റെ പ്രിയപ്പെട്ട പത്നി. അയാളുടെ കുഞ്ഞുങ്ങളുടെ അമ്മ എന്നത് എന്നെ തെല്ലൊന്നുമല്ല അത്ഭുതപ്പെടുത്തിയത്.
നീർമാതളം പൂത്തകാലം വായിക്കുമ്പോൾ പത്തൊൻപതാം വയസ്സിൽ ഭർത്താവായ രാജാവിനെ ഉപേക്ഷിച്ച് നാലപ്പാട്ട് ധൈര്യപൂർവ്വം എത്തുന്ന കമലയുടെ അമ്മൂമ്മയുടെ അമ്മയെ വളരെ ചാരിതാർഥ്യത്തോടെ ഞാൻ അറിഞ്ഞത്. അഭിമാനിയും, ആഭിജാതയുമായ ഒരു സ്ത്രീയുടെ തിരിച്ചു വരവായിരുന്നു അത്. അത്തരത്തിൽ ഒരു പാരമ്പര്യം നിലനിൽക്കുമ്പോഴും, ഭർത്താവിൽ നിന്നും തിരികെ എത്തിയ കമലയെ ” തിരിച്ചു പോയി ദാസ് പറഞ്ഞത് അനുസരിച്ചു ജീവിക്കുവാൻ ” ആണ് അമ്മമ്മ നിർദ്ദേശിക്കുന്നത്.
നീറുന്ന അനുഭവങ്ങൾ കൂടിയാകണം ഈ എഴുത്തുകാരിയുടെ എഴുത്തുകളുടെ ഊർജ്ജമായത്. സ്വവർഗ രതിയിൽ തല്പരനായ, സ്വന്തം ഭാര്യയെ മേലുദ്യോഗസ്ഥന്റെ കിടക്കാറയിൽ തള്ളിവിടുന്ന ഒരു ഭർത്താവിനോട്, തനിക്ക് ഇനി ബ്രഹ്മചര്യം അനുഷ്ഠിക്കുവാനുള്ള അവസരം നൽകണമെന്നും നിങ്ങൾക്ക് പരിപൂർണ്ണ സ്വാതന്ത്ര്യം നൽകുന്നു എന്നും പറഞ്ഞത്, എത്രത്തോളം തന്റെ വിവാഹജീവിതത്തോടുള്ള വിരക്തി ആയിരിക്കണം എന്നും ഞാൻ ചിന്തിച്ചു.
എന്നാൽ വീണ്ടും എന്നെ അവരിൽ അത്ഭുതപ്പെടുത്തിയത്, വിധവ ആയതിനു ശേഷം അവരുടെ ശരീരത്തിന്റെയും മനസ്സിന്റെയും, എന്തിന് ജീവിതത്തിന്റെയും ഗതി മാറ്റിയ പ്രണയം ആയിരുന്നു. കമല ദാസിന്റെ ആരാധകൻ, മതപണ്ഡിതൻ, ഉറുദു കവിതകളുടെ മധുരമായ സ്വരമാധുരിയുടെ ഉടമ. അങ്ങനെ ഒരാൾ അവരെ സ്പർശിച്ചത് വെറും തൊലിപ്പുറത്ത് മാത്രമായിരുന്നില്ല. അവരുടെ ഹൃദയത്തിന്റെയും പ്രണയത്തിന്റെയും അടിവേരുകളിൽ ആയിരുന്നു.
പുതുമഴ ലഭിച്ച മണ്ണിപ്പോലെ അവർ തയ്യാറെടുത്തു. പ്രണയത്തിന് വേണ്ടി എന്തും ത്യജിക്കുവാൻ. ഒടുവിൽ അവരെ ആ പ്രണയം ” ഒരു പ്രഭാതനക്ഷത്രമാക്കി !” കമലാസുരയ്യ ആക്കി. “അയാൾ മടങ്ങി വന്നിരുന്നു എങ്കിൽ കമല അയാൾക്കൊപ്പം പോകുമായിരുന്നോ?” മെറിലിയുടെ ചോദ്യത്തിന്, “പോകുമായിരുന്നു. എനിക്ക് മറ്റൊന്നും ബാധകമാകില്ലായിരുന്നു.” എന്ന് പറയുന്ന കമലയുടെ വാക്കുകളിൽ ആ പ്രണയത്തിന്റെ തീവ്രത അറിയാം. ഇസ്ലാംമതം സ്നേഹത്തിന്റെ മതമെന്നും അവർ എന്നുമെന്നും വിശ്വസിച്ചു പോന്നു കഴിഞ്ഞു.
ഇവിടെ എനിക്ക് എന്തുകൊണ്ടോ സധൈര്യം എഴുതുന്ന കമല മുറിവായി. അവർ എന്തുകൊണ്ട് അയാളോട് പറഞ്ഞില്ല?
“നീ, എന്റെ ശരീരത്തെയും മനസ്സിനെയും പ്രണയജലത്താൽ വീണ്ടും ഉന്മത്തയാക്കി. എനിക്കൊരു മതത്തിന്റെയും മൂടുപടം വേണ്ട.. നീ എന്നെ പ്രണയിക്കുക മാത്രം ചെയ്യൂ” എന്നത് എന്തുകൊണ്ടോ അവർക്ക് പറയുവാൻ സാധിച്ചില്ല. അയാൾ അവരെ ഉപേക്ഷിച്ചു കടന്നു പോകുമ്പോഴും അയാളെ കുറിച്ചു ഓർത്തുകൊണ്ട് എന്നും കണ്ണുനീർ പൊടിഞ്ഞു. കമലയുടെ ശരീരം വീണ്ടും അയാളെ ആവശ്യപ്പെട്ടു. പ്രണയം എന്നാൽ വലിയൊരു തിരസ്കരണം കൂടിയാണല്ലോ.
ഡോക്ടർ ഹുസൈൻ ആയിരിക്കണം ആ വേദനയിൽ നിന്നവർക്ക് ചെറിയൊരു മുക്തിയെങ്കിലും നൽകിയത്. “വണ്ടിക്കാളകൾ ” എന്നുള്ള കഥ എഴുതിയ സാഹചര്യവും ഇതിൽ വിവരിക്കുന്നുണ്ട്. തന്റെ കാമുകനെ കഥകളിൽ അവർ വീണ്ടും വരച്ചു വെയ്ക്കുന്നു. മതം അവരെ വല്ലാതെ ചൂഷണം ചെയ്തിരുന്നു എന്നൊരു തോന്നൽ എന്തുകൊണ്ടൊക്കെയോ കമലയിൽ നിറഞ്ഞു നിന്നു.
കറുത്ത ബുർഖ ഊരിയെറിഞ്ഞു നഗ്നയായി നടക്കുവാൻ അവർ ആഗ്രഹിച്ചിരുന്നിരിക്കണം. അവരുടെ കൃഷ്ണനെയും കൊണ്ടാണ് അവർ ഇസ്ലാം ആയതെന്നും പറഞ്ഞു വെയ്ക്കുന്നു. അതൊരുപക്ഷേ തനിക്ക് എന്നും വൈകാരികമായ അനാഥത്വം ഉണ്ടാകരുതെന്ന് കരുതിയുമാകണം. മരണമെന്ന യാത്രയിലേയ്ക്ക് കയറും മുൻപ്, അവർ ഒരിക്കൽ കൂടി നീ ർമാതളഭൂമിയിൽ എത്തുന്നു.. അവിടെ എന്നന്നേയ്ക്കുമായി തന്റെ കൃഷ്ണനെ ഉപേക്ഷിച്ചു പോരുന്നു.
എന്ത് വേഷം ധരിച്ചാലും, എന്ത് പേരിട്ടു വിളിച്ചാലും അവൾ നാലപ്പാട്ടെ ആമി മാത്രം ആകുന്നു. പ്രണയത്തിന്റെ, രതിയുടെ, വശ്യമായ കവിതകളുടെ, ശേഷിക്കുന്ന രാജകുമാരി മാത്രം ആകുന്നു ” യാഹ്, അല്ലാഹ് ! ഇനിയെങ്കിലും എന്നെ ശിക്ഷിക്കൂ. നിന്നിലുമധികം ഞാൻ അവനെ സ്നേഹിച്ചുപോയി. “
ഹരിത ആർ മേനോൻ

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ