2021 ഏപ്രിൽ 29, വ്യാഴാഴ്‌ച

ഇതിവൃത്തം മലയാള സാംസ്കാരിക മാസിക ലക്കം 7 ഏപ്രിൽ 2021

 


മുഖമൊഴി

 മുഖപുസ്തകത്തിലെഴുതുന്ന പലരുടെയും എഴുത്തുകൾ പരിശോധിച്ചാൽ മനസ്സിലാകുന്ന ഒരു കാര്യമുണ്ട്. മിക്കവരിലും ഒരു ആത്മവിശ്വാസക്കുറവ് പ്രകടമാകുന്നുണ്ട്. പലരും ഇപ്പോൾ അവരുടെ പ്രൊഫൈൽ പൂട്ടിവയ്ക്കുന്ന ഒരു പ്രവണത കാണിക്കുന്നുണ്ട്. ഇത് സ്ത്രീപുരുഷ വ്യത്യാസമില്ലാതെ പൂട്ടുന്നതിൽ നിന്നും മനസ്സിലാക്കേണ്ടത്, സാമൂഹിക മാധ്യമത്തിലെ ചതികൾ മാത്രമല്ല കാരണം എന്നാണ്.

പേര് മുഖപുസ്തകമെന്നാണെങ്കിലും മുഖമില്ലാത്തവരുടെ എണ്ണം കൂടിവരുന്നു. പലർക്കും ഇതൊരു ഒളിത്താവളം ആണെന്ന് തോന്നും ഇവിടത്തെ പ്രകടനങ്ങൾ കണ്ടാൽ. അത് പോലെ ദുഃഖകരമായ മറ്റൊന്നാണ് അസഭ്യമായ ഭാഷയിലുള്ള കമന്റുകൾ. പലപ്പോഴും ഇതെല്ലാം വായിക്കുവാൻ കഴിയാത്തത്ര രീതിയിൽ തരം താണതും. പണ്ടൊക്കെ പൊതു കക്കൂസുകളിലും, തീവണ്ടികളിലും മാത്രമായിരുന്ന ഇവ ഇന്ന് മുഖപുസ്തകത്തിലേക്കു മാറ്റിയിരിക്കുന്നു. ഇടം മാത്രമാണ് മാറിയിരിക്കുന്നത്. എഴുത്തുകാരന്റെ മനസ്സ് ഇന്നും അതുതന്നെ. നേരിട്ട് തന്റേടത്തോടെ പ്രകടിപ്പിക്കുവാൻ കഴിയാത്തവ മുഖം മറച്ച് എഴുതുന്നു എന്ന് മാത്രം.

ആരെന്നു പോലും അറിയാതെ ഏതു പോസ്റ്റുകളിലും ഇത്തരം കമന്റുകൾ എഴുതുന്നത് ചിലരെങ്കിലും ഒരു വിനോദമാക്കിയിട്ടുണ്ട്. അതിൽ നിന്നും നിർവൃതി അനുഭവിക്കുന്നവരും ഉണ്ടാകാം. ഒരു കാര്യം ഉറപ്പാണ് ശരിയായ മാനസികാരോഗ്യം ഉള്ളവരല്ല ഇക്കൂട്ടർ. ഇത്തരം ആളുകളെക്കുറിച്ച് ധാരാളം പഠനങ്ങൾ നടക്കുന്നുണ്ട്. മിക്ക പഠനങ്ങളും എത്തി നിൽക്കുന്നത് ഡാർക്ക് ട്രിയാഡ് എന്ന ഒരു പ്രത്യേക വ്യക്തിത്വ വൈകല്യത്തിലാണ്. ട്രിയാഡ് എന്നുപറഞ്ഞാൻ അതിൽ മൂന്നു കാര്യങ്ങൾ ഉണ്ടാകുമെന്ന് നമുക്കറിയാം. നർസിസിസം,മക്കീവെലിനിസം, സൈക്കോപ്പതി എന്നിവയാണ് ആ മൂന്ന് സ്വഭാവ വൈകല്യങ്ങൾ.

ആത്മാരാധനയാണ് നർസിസിസ്റ്റുകളുടെ പ്രധാന പ്രശ്‍നം. അവരെക്കാൾ വലിയവരില്ല എന്ന തോന്നൽ ഉണ്ടാക്കുന്ന ഒരു വൈകല്യം. കുടിലതയാണ് മക്കീവെലിനിസ്റ്റുകളുടെ മുഖമുദ്ര. മനഃസാക്ഷിക്കുത്ത്, സഹാനുഭൂതി, ധാർമ്മികത ഇതൊന്നും ഇവരിൽ കണ്ടെത്തുവാൻ കഴിയുകയില്ല. അതി വിചിത്രങ്ങളായ ചിന്തകളിലും പ്രവൃത്തികളിലും ഏർപ്പെടുന്ന ചിത്തരോഗമുള്ളവരെയാണല്ലോ നമ്മൾ സൈക്കോപ്പത്സ് എന്ന് പറയുന്നത്. ഒരു കൊലപാതകിയുടെ മനോഭാവം തന്നെയാണ് ഇക്കൂട്ടർക്കുമുള്ളത്. സ്വാർത്ഥത, സാമൂഹ്യ വിരുദ്ധത എന്നിവയും ഇവരിൽ കൂടുതലായിരിക്കും.

പറഞ്ഞുവന്നത് മുഖപുസ്തകത്തിലോ മുഖം മറയ്ക്കുവാൻ സാധ്യമാകുന്ന മറ്റു സാമൂഹിക മാധ്യമങ്ങളിലോ അനാശാസ്യകരമായ കമന്റുകൾ ഇടുന്നവരെല്ലാം ഈ രോഗാവസ്ഥയിൽ ഉള്ളവരാകണമെന്നില്ല. എന്നിരിക്കിലും ഈ രോഗത്തിലുള്ള ചില ഘടകങ്ങളെങ്കിലും അവരുടെ ചിന്തയിലോ പ്രവൃത്തിയിലോ കണ്ടേക്കാം. ഇത്തരം കമന്റുകൾ ആസ്വദിച്ചു വായിക്കുന്നവരും ധാരാളം. അതും നല്ല മാനസികാരോഗ്യത്തിന്റെ ലക്ഷണമായി കരുതുവാൻ കഴിയുകയില്ല.

പ്രൊഫൈലുകൾ ലോക്ക് ചെയ്യുന്നത് ഒരു ഗുരുതര മാനസിക രോഗത്തിന്റെ ലക്ഷണമല്ലായിരിക്കാം. ചില മാനസിക പ്രശ്നങ്ങൾ ഇക്കൂട്ടരിലുമില്ലേ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. ലോകത്തെവിടെയുമുള്ള ആളുകൾക്ക് പരസ്പരം സംവേദിക്കുവാൻ കഴിയുന്ന മാധ്യമമാണല്ലോ ഇതെല്ലാം. പ്രൊഫൈൽ ലോക്ക് ചെയ്തവരുടെ ധാരാളം സൗഹൃദ അഭ്യർത്ഥനകൾ എനിക്ക് ലഭിക്കുന്നുണ്ട്. ആളുകളെ മനസ്സിലാക്കുവാൻ കഴിയാത്തതുകൊണ്ട് അതൊന്നും സ്വീകരിക്കുവാനും കഴിയുന്നില്ല. ഇത്തരം പ്രശ്നങ്ങൾ എല്ലാവർക്കും ഉണ്ടാകും. ഗ്രൂപ്പിലെ അംഗത്വത്തിന് വരുന്ന ഇത്തരക്കാരുടെ അഭ്യർത്ഥനകളും സ്വീകരിക്കുവാൻ കഴിയുന്നില്ല. പതിരേതെന്നു തിരിച്ചറിയുക ബുദ്ധിമുട്ട് തന്നെയാണ്. പ്രൊഫൈൽ ലോക്ക് ചെയ്യാതെ തന്നെ പ്രൈവസി സെറ്റിംഗ്സ് ചെയ്യുക എന്നൊരു ഓപ്ഷനും മുഖപുസ്തകത്തിലുണ്ട്. അതെല്ലാം പ്രയോജനപ്പെടുത്താമല്ലോ?

മുഖപുസ്തകമടക്കം സാമൂഹിക മാധ്യമങ്ങളെ നന്നായി ഉപയോഗിക്കുവാൻ പഠിക്കുകയാണ് വേണ്ടത്. അത് നമുക്കും മനുഷ്യരാശിക്കും പ്രയോജനപ്പെടുന്ന വിധം എങ്ങനെ ഉപയോഗിക്കുവാൻ കഴിയും എന്ന ചിന്തയാണുണ്ടാകേണ്ടത്. എല്ലാവരും നമ്മളെപ്പോലെയുള്ള മനുഷ്യരാണെന്നും, അവർക്കും വികാരങ്ങളുണ്ട് എന്ന ചിന്തയും നമ്മിലുണ്ടാകണം. നമ്മുടെ വാക്കുകൾ വഴി മറ്റുള്ളവർക്ക് എങ്ങനെ സന്തോഷമുണ്ടാക്കാം എന്നതാകട്ടെ ഈ മാസത്തെ ചിന്ത. അത് എന്നും നമ്മിലുണ്ടാകട്ടെ.


ഡോ. സുനീത് മാത്യു

ചിലർ


 

ചിത്രകാരിയല്ലാഞ്ഞിട്ടും

അക്ഷരങ്ങളാൽ ചിത്രം വരച്ചു

മനോകാമനകൾക്ക്

പുതുവസന്തം നൽകി

മുള്ളുകൾ തറച്ചു മുറിഞ്ഞിട്ടും

ചുവന്ന മഷിക്കൂട്ടിനത്

ചായമാക്കി, ഉടലുണർവ്വുകൾക്ക്

ചൂടുള്ള നിറക്കൂട്ടായി.

വാൽമാക്രിയായൊളിച്ച

പൊട്ടക്കിണറിന്റെ

വാതിൽക്കൽ തവളയായി

അവതരിച്ചു.

നീലാകാശ വിരിപ്പിനുള്ളിൽ

പെയ്ത മഴയും , പൊഴിഞ്ഞ നിലാവും

എരിയുന്ന വേനലും

ഇരു കൈകളാൽ കോരി യെടുത്തോമാനിച്ചു.

അന്തി ചേക്കേറുമ്പോൾ

ചിറകുകളില്ലാത്തകിളിയായി

ഇരുൾ മാടങ്ങളിൽ

ഉടഞ്ഞുലയുന്ന

അഭിശപ്ത ജന്മക്കണക്കുമായി

ചിലർ


ഗീതാവിജയൻ

കേരളത്തിൽ വിനോദ സഞ്ചാര മേഖല സജീവമോ?



ഒരു വിനോദ യാത്ര എന്നാൽ പേരുപോലെ വിനോദം നിറഞ്ഞതാകണം. അത് നമ്മുടെ മനസ്സിനെ ഉല്ലസിപ്പിക്കുന്നതാകണം. സന്തോഷം പ്രദാനം ചെയ്യുന്നതാകണം. അതിനു വേണ്ടി പണം ചിലവഴിക്കുന്നവർ ധാരാളമുണ്ട്. മിക്ക രാജ്യങ്ങളുടെയും പ്രധാന വരുമാന മാർഗ്ഗം ഇത് തന്നെയാണ്. കോവിഡ് 19 എന്ന ഈ മഹാമാരി ഇല്ലാതാക്കിയത് നൂറോളം രാജ്യങ്ങളുടെ ഈ മേഖലയിലെ വരുമാന മാർഗ്ഗത്തെയാണ്. 2018 ലെ കണക്കനുസരിച്ച് 17 ലക്ഷം കോടി രൂപയുടെ വരുമായിരുന്നു ഇന്ത്യയ്ക്ക് ഈ മേഖലയിൽ നിന്നും ലഭിച്ചത്. ഇന്ത്യ ടൂറിസം രംഗത്തെ അതികായരൊന്നും അല്ല എന്നുകൂടി ഓർക്കണം. ഏതാണ്ട് അഞ്ചു കോടി ജനങ്ങൾ ഈ തൊഴിലിൽ വ്യാപൃതരുമായിരുന്നു. ഇന്ത്യൻ ജനതയുടെ ഏഴു ശതമാനം ആളുകൾ ഈ മേഖല കൊണ്ട് ജീവിച്ചിരുന്നു എന്നർത്ഥം.

ഒരിക്കൽ കേരളം വിദേശികളുടെ ഇടയിൽ പ്രശസ്തമായിരുന്നു. ദൈവത്തിന്റെ സ്വന്തം നാട് അവരെ വല്ലാതെ ആകർഷിച്ചിരുന്നു. എന്നാൽ കുറെയേറെ വർഷങ്ങളായി കേരളത്തിന്റെ ആ പ്രഭാവത്തിനു മങ്ങൽ ഏറ്റിരിക്കുകയായിരുന്നു. അതിനു കോവിഡുമായി വലിയ ബന്ധമൊന്നുമില്ല. അതിന്റെ കാരണങ്ങളിലേക്കുള്ള ഒരെത്തിനോട്ടമാണ് ഈ ലേഖനം.

ടൂറിസം പ്രധാനമായും രണ്ടായി തിരിക്കാം. സ്വദേശീയം, വിദേശീയം എന്നിങ്ങനെ. ഇന്നിതിന് ധാരാളം വേറെയും വകഭേദങ്ങളുണ്ട്. ബിസ്സിനെസ്സ്, മെഡിക്കൽ, അഡ്വെഞ്ചർ, മൗണ്ടൻ, ബീച്ച് തുടങ്ങി പലതും. ഒരു രാജ്യത്തേയ്ക്കു വിദേശ പൗരന്മാർ എത്തുമ്പോഴാണ് വിദേശ പണവും അവിടേയ്‌ക്കെത്തുന്നത്. സ്വദേശ സഞ്ചാരം തൊഴിലവസരങ്ങൾ ഉണ്ടാക്കുന്നതോടൊപ്പം പണത്തിന്റെ വിനിമയവും കൂട്ടുന്നുണ്ടാകാം. ഒരു രാജ്യത്തിന്റെ വരുമാനത്തിൽ കൂടുതൽ വർദ്ധനയുണ്ടാക്കുന്നത് വിദേശ സഞ്ചാരികൾ എത്തുമ്പോഴാണ് എന്നത് തർക്കമറ്റ ഒരു കാര്യമാണ്.

ഇന്ത്യ സന്ദർശിക്കുന്ന വിദേശികൾ കൂടുതലായും സന്ദർശിക്കുന്ന സംസ്ഥാനങ്ങൾ തമിഴ്‌നാട്, മഹാരാഷ്ട്ര, ഗോവ, ഉത്തർപ്രദേശ് എന്നീ സംസ്ഥാങ്ങൾ ആണ് എന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. സ്ഥലങ്ങളാകട്ടെ ഡൽഹി, മുംബൈ, ചെന്നൈ, ഗോവ, ആഗ്ര, ജയ്‌പൂർ എന്നിവിടങ്ങളും. 2010  ൽ കേരളം ടൂറിസം ഡെവെലപ്പ്‌മെന്റ് കോർപ്പ റേഷൻ  ഏതാണ്ട് 6,60,000 വിദേശികളെ കേരളത്തിൽ എത്തിച്ചിരുന്നു.

 എന്നാൽ ചുരുങ്ങിയ വർഷങ്ങൾക്കുള്ളിൽ കേരളത്തിലേക്ക് വരുന്ന വിദേശികളുടെ എണ്ണം ഗണ്യമായി കുറയുന്നതാണ് നമ്മൾ പിന്നീട് കണ്ടത്. കേരളത്തിന്റെ സമാനമായ കാഴ്ചകളും കാലാവസ്ഥയുമുള്ള ശ്രീലങ്കയിലേക്ക് വിദേശികൾ ചുവടുമാറ്റുകയായിരുന്നു. അതിനെ തടയുവാൻ നമുക്കായില്ല എന്നത് ഒരു വസ്തുത തന്നെയാണ്. അക്കാലത്തു നടപ്പിലാക്കിയ മദ്യ നിരോധന നയം ഇതിന്റെ ആക്കം കൂട്ടുകയും ചെയ്തു.

കേരളത്തിലെ വിനോദ സഞ്ചാര മേഖലയ്ക്ക് തടസ്സമാകുന്ന കാര്യങ്ങൾ നമുക്ക് പരിശോധിക്കാം. ഏതെങ്കിലും ഒരു കാരണം മാത്രമായി ചൂണ്ടിക്കാണിക്കുവാൻ നമുക്ക് കഴിയുകയില്ല. പല കാരണങ്ങൾ ഒത്തു ചേരുമ്പോൾ സംഭവിക്കുന്ന ഒന്നാണിത്. ചില കാര്യങ്ങൾ മാത്രം എടുത്തു പറയുവാൻ ആഗ്രഹിക്കുന്നു.

വിനോദ സഞ്ചാര മേഖലകൾ വൃത്തിയായി സംരക്ഷിക്കുന്നതിൽ നമ്മൾ അത്ര ജാഗരൂകരല്ല. വിദേശികൾ ഇക്കാര്യത്തിൽ വളരെയധികം ശ്രദ്ധ കൊടുക്കുന്നവരാണ്. വിദേശങ്ങൾ സന്ദർശിച്ചിട്ടുള്ളവർക്ക് ഈ വ്യത്യാസം മനസ്സിലാകും. വൃത്തിഹീനമായ സാഹചര്യത്തിൽ യാത്ര ചെയ്യുവാൻ അവർ മടിക്കും.

നമ്മുടെ സംസ്ഥാനം ബീച്ചുകൾ, ഭംഗിയുള്ള മലകൾ തുടങ്ങി വിനോദസഞ്ചാരത്തിനാവശ്യമായ ചേരുവകൾ കൊണ്ട് സമൃദ്ധമാണ്. അത് വേണ്ട വിധത്തിൽ അവതരിപ്പിക്കുവാനോ, പുതിയ പുതിയ ഇടങ്ങൾ രൂപപ്പെടുത്തുവാനോ ശ്രമിക്കുന്നില്ല എന്ന് പറയാതെ വയ്യ. നാം അത്ര പ്രാധാന്യം മാത്രമേ ഈ മേഖലയ്ക്ക് നൽകുന്നുള്ളൂ എന്നതാണ് ഇതിനു കാരണം. നമ്മുടെ സംസ്ഥാനം പോലെയോ, ഇതിനേക്കാൾ മനോഹരങ്ങളോ ആയ ധാരാളം പ്രദേശങ്ങൾ മറ്റു സംസ്ഥാനങ്ങളിലും മറ്റു രാജ്യങ്ങളിലും ഉണ്ട് എന്ന കാര്യം വിസ്മരിക്കരുത്. സഞ്ചാരികൾ അങ്ങോട്ട് ചേക്കേറിയാൽ അതിനു കുറ്റം പറയുവാൻ കഴിയുമോ?

അമിതമായ നിരക്കുകൾ ആണ് നമ്മുടെ വിനോദ സഞ്ചാരമേഖലയിലുള്ളത്. ഇവിടെ 2000 മുതൽ 3000 രൂപവരെയുള്ള മുറികൾ ഇതിനേക്കാൾ സൗകര്യപ്രദമായി 500 മുതൽ 1000 രൂപയ്ക്ക് തുല്യമായ തുകയ്ക്ക് പല രാജ്യങ്ങളിലും പ്രത്യേകിച്ച് ടൂറിസം പ്രോത്സാഹിപ്പിക്കുന്ന രാജ്യങ്ങളിൽ ലഭ്യമാണ്. വിനോദ സഞ്ചാരം പല വിദേശികളുടെയും ജീവിതത്തിന്റെ ഭാഗമാണ്. ചെലവ് ഏറ്റവും കുറവുള്ള ഇടങ്ങൾ തേടിയാകും അവരുടെ യാത്ര. സഞ്ചാരികളെ  കബളിപ്പിക്കുന്ന ചിലരെങ്കിലും ഈ മേഖലയുടെ ഭാഗമാകുന്നത്‌ മറ്റൊരു പ്രശ്‍നം.

പല ഏഷ്യൻ രാജ്യങ്ങളിലൂടെയും വിദേശ വനിതകൾ ഒറ്റയ്ക്കോ സംഘമായോ യാത്രകൾ ചെയ്യുന്നത് കാണുവാൻ കഴിയും. കേരളത്തിലൂടെ ഒറ്റയ്ക്ക് യാത്ര ചെയ്യുവാൻ നമ്മുടെ സ്ത്രീകൾ പോലും ഭയക്കുന്നു. ഒരു സ്ത്രീയ്ക്ക് രാത്രിയിൽ ഒറ്റയ്ക്ക് യാത്ര ചെയ്യുവാനുള്ള സ്വാതന്ത്ര്യം ഇനിയും നമ്മൾ അനുവദിച്ചിട്ടില്ല.

ഇതിലെല്ലാമുപരി വിനോദ സഞ്ചാര മേഖലയെ നമ്മൾ മനസ്സാൽ അംഗീകരിച്ചിട്ടില്ല. ഇത്തരമൊരു സംസ്കാരം നമ്മളിൽ ഉടലെടുത്തെങ്കിൽ മാത്രമേ ഈ മേഖലയിൽ പുരോഗമനമുണ്ടാകുകയുള്ളൂ. യാത്രികരോട് നമ്മുടെ മനോഭാവം ഇന്നും അത്ര അനുകൂലമല്ല. ഇതൊരു വലിയ വരുമാന മാർഗ്ഗമാണെന്ന് നാം തിരിച്ചറിയണം. കോവിഡാനന്തര കേരളത്തിൽ ഈ വ്യവസായം പലർക്കും പുതു ജീവിതം നൽകുന്നതിന് പ്രാപ്തമാകുമെന്ന തിരിച്ചറിവുണ്ടാകണം.


ടീം ഇതിവൃത്തം 

 

അമ്മ വിളക്ക്

 


ഇരവിൻ ശ്യാമവർണ്ണ തറ്റുടുത്ത്

ഇന്ദുശകലമേന്തിയ മൂവന്തി പെണ്ണ്

ഇമപൂട്ടിയ പകലിനെയേറ്റുവാങ്ങു മാനേരം

ഉമ്മറപ്പടിയിൽ തെളിയും അമ്മദീപം

ഉണ്മയാം കരുതൽത്തിരി നാളവുമായ്

അമ്മക്കൂടണയാൻ വൈകുമാ ഞാനിന്നും

അമ്മ മനസ്സിലെ  നറു പൈതലല്ലോ

അമ്മതൻ  മിഴിയാഴങ്ങളിലുയരും

ആശങ്കയാൽ പൂക്കുമഴലലകൾ

താരാട്ടിനീണം ചാലിച്ചധരങ്ങളിൽ

തന്നുണ്ണിക്കായ് ഉയരും  നാമകീർത്തനം

പവിഴനീര് അമൃതായ് ചുരന്നാ മാറിൽ

പവിത്രഹൃദയരസമൂറും വാതസല്യപ്പൊയ്ക

മാതൃത്വം വേരൂന്നിയ നാഭി ച്ചുഴിയിലിന്നും

മായാതെ ഞാനേകിയ ഞെരുക്കത്തിനുടലടയാളം

മോഹങ്ങൾ കുടഞ്ഞിട്ട തൻമാനസചില്ലയിൽ

മാല കോർത്തിട്ടു തന്നുണ്ണി തൻ മോഹങ്ങൾ

മുറ്റത്ത്   പതിയുമെൻ നിഴലാട്ടത്തിൽ

മേഘപഥത്തിലെ മേഘദീപമായ്

മിഴിയിലാശ്വാസപ്പൊൻകതിരൊളി

പരിഭവതുള്ളി കുതിർത്ത കനി വാൽ

പുണരും നീലഞരമ്പോടും മുക്ത ഹസ്തങ്ങൾ

അമ്മതരും കരുതെലെനിക്കിന്നും

ആയിരo കണ്ണിന്റെ കരുതലല്ലോ

അമ്മ നഭസ്സിലെന്നുമുദിച്ചുയരും

അരുമ നക്ഷത്രമായതാണെൻ ജന്മ സാഫല്യം

അമ്മയെന്ന ചൊൽവിളിയിലൊതുങ്ങുമോ

അമ്മയാം ജന്മപുണ്യത്തിൻ സാരാംശം


സജിത് എൻ കുമാർ

വൈറ്റ് ഓർക്കിഡ്സ്….

 



അടുത്തുള്ള പള്ളിയിലെ മണിമുഴക്കം കേട്ടു നയന വാച്ചിൽ സമയം നോക്കി..

പുലർച്ചെ നാലു കഴിഞ്ഞിരിക്കുന്നു. . രാത്രിയിൽ താൻ ഉറങ്ങിയതേയില്ലേ … ഒരു നെടുവീർപ്പോടെ അവൾ കമ്പിളി കൊണ്ട് തല മൂടി കണ്ണടച്ചു.. ഏഴു മണി ആകണം ബംഗ്ലാവിന്റെ കെയർടേക്കർ രാംദാസ് എത്താൻ. അതുവരെ കണ്ണ് ഇറുക്കി പൂട്ടി അവൾ ഉറങ്ങാൻ ശ്രമിച്ചു.. തൊട്ടടുത്ത് കൂർക്കം വലിച്ചുറങ്ങുന്ന അജയനെ അവൾ അസൂയയോടെ നോക്കിയിട്ട് തിരിഞ്ഞു കിടന്നു.. ഉറക്കം അവളുടെ അയല്പക്കത്തു പോലും വന്നു കടാക്ഷിച്ചില്ല . ..പക്ഷേ എപ്പോഴും കൂട്ടിനു വരുന്ന കുറേ ഓർമ്മകൾ.. പതിവുപോലെ അവർ അവളേ നിരാശപ്പെടുത്തിയില്ല..

നയനയുടെ മാതാപിതാക്കൾ തിരുവനന്തപുരം നഗരത്തിലെ അറിയപ്പെടുന്ന സർജന്മാരായിരുന്നു. ‘അമ്മ മൃദുല മെഡിക്കൽ മിഷനിലെ ചീഫ് ആയിരുന്ന കാലം.. ഡാഡി പ്രകാശ് കുരുവിള തന്റേതായ ചെയിൻ ഓഫ് ക്ലിനിക്‌സ് വികസിപ്പിക്കാൻ പഠിച്ച പണിയെല്ലാം പ്രവർത്തിയിൽ ആക്കാൻ പാട് പെട്ടിരുന്ന ആ കാലം.. ഒറ്റ മകളായ നയന മിക്കവാറും കവടിയാറിലെ ഇരുനില ബംഗ്ലാവിൽ കെയർടേക്കർ മറിയാമ്മയുടെ സംരക്ഷണയിലായിരുന്നു. കർണാടകയിലെ മെഡിക്കൽ കോളേജിൽ പഠിക്കുന്ന സമയത്തു പൊട്ടിവിരിഞ്ഞ പ്രണയം അന്നു രണ്ടുപേരുടെയും വീട്ടിൽ വിസ്ഫോടനം ഉണ്ടാക്കിയെങ്കിലും മൃദുല മേനോനും പ്രകാശ് കുരുവിളയും രജിസ്റ്റർ വിവാഹം ചെയ്ത് തിരുവനന്തപുരം നഗരത്തിൽ കൂടു കെട്ടി. അവർ വളരെയേറെ കാത്തിരുന്നതിനു ശേഷം പിറന്ന മാലാഖയാണ് നയന കുരുവിള. . വിശ്വസ്തയായ മറിയാമ്മ ചേടത്തിയെ ഏൽപ്പിച്ചാണ് മൃദുലയും പ്രകാശും അവരവരുടെ ജോലിക്ക് പോയിരുന്നത്. ഭർത്താവിന്റെ മരണത്തോടെ അയാളുടേ വീട്ടുകാർ ഉപേക്ഷിച്ചതിനു ശേഷം ഒറ്റക്കായിപ്പോയ മറിയാമ്മയെ പ്രകാശ് കുരുവിളയാണ് കണ്ടെത്തി സ്വന്തംവീട്ടിലേക്ക് കൂട്ടിക്കൊണ്ടു വന്നത്. അതിനു ശേഷം ആ വീട്ടിലെ ഒരു അംഗമായിത്തന്നെയാണ് മറിയാമ്മ കഴിഞ്ഞിരുന്നതും.

നയനക്കു പത്തു വയസ്സായപ്പോൾ തന്നെ നൃത്തത്തിൽ അതീവ താല്പര്യയായിരുന്നു. അതിനാൽ പൂജപ്പുരയിൽ പ്രസിദ്ധമായ നൃത്തവിദ്യാലയത്തിൽ അവളെ കൊണ്ട് പോകുന്ന ജോലി അവരുടെ ഡ്രൈവർ സോമന്റേതായിരുന്നു. സ്കൂൾ വിട്ടു വന്നാൽ അല്പസമയം വിശ്രമിച്ച ശേഷം നൃത്തവിദ്യാലയത്തിൽ പോകാൻ ഏറ്റവും ഉത്സാഹം നയനക്കായിരുന്നു. ആദ്യമൊക്കെ മറിയാമ്മയും കൂട്ട് പോകുമായിരുന്നെങ്കിലും പിന്നീട് സോമൻ വിശ്വസ്തനാണെന്നു ഡോക്ടർ ദമ്പതികൾക്ക് തോന്നിയത് കാരണം ആ ജോലി സോമന്റേതു മാത്രമായി മാറി. അങ്ങനെ സോമൻ കുഞ്ഞു നയനേയും കൊണ്ട് പോയിത്തുടങ്ങി .. വഴിയിൽ നിർത്തി നാരങ്ങാമുട്ടായിയും ബോഞ്ചിയും വാങ്ങികൊടുത്തവൻ കുഞ്ഞിനെ സന്തോഷിപ്പിച്ചു. മുട്ടായി നുണഞ്ഞു കാറിൽ പാട്ടു കേട്ടിരുന്ന കുഞ്ഞു നയന അപ്പോൾ സോമൻ എന്ന നാല്പത്തഞ്ചുകാരന്റെ മടിയിലാകും മിക്കവാറും. അവന്റെ തടിച്ച വിരലുകൾ അവളുടെ ലേസ് വച്ച കുഞ്ഞു പാന്റീസിനുള്ളിലും…


ബാല്യത്തിന്റെ നിഷ്കളങ്കതയിൽ നയന സോമന്റെ ആ പ്രവർത്തികൾ മനസ്സിലാക്കിയിരുന്നില്ല.. ഒന്നര വർഷം അങ്ങനെ കടന്നുപോയി. നാരങ്ങാ മുട്ടായിയും ബോഞ്ചിയും കാർ യാത്രയും കുഞ്ഞു നയനയുടെ പ്രിയപ്പെട്ട ദിവസംപോക്കും ആയിമാറി .

വേനൽ അവധിക്കാലത്തെ ഒരു ഉച്ച സമയം.. നൃത്യ വിദ്യാലയത്തിൽ എത്തിയപ്പോഴാണ് അന്ന് അവിടുത്തെ ടീച്ചർക്ക് ആകസ്മികമായി തൃശ്ശൂർക്ക് പോകേണ്ടി വന്നതായി അറിയാൻ കഴിഞ്ഞത്. ക്ലാസ് ഇല്ലാത്തതു കാരണം നയന സോമന്റെയൊപ്പം കാറിന്റെ മുൻസീറ്റിൽ കയറി. പതിവ് പോലെ നാരങ്ങാമുട്ടായിയും വാങ്ങി സോമൻ കാർ പതിവ് റൂട്ടിൽ നിന്നും മാറി ഒരു ഇടവഴിയിലേക്ക് ഇറക്കിനിർത്തി. അന്ന് നാരങ്ങാമുട്ടായിയോടൊപ്പം കോൺ ഐസ്ക്രീമും അവൻ കുഞ്ഞിന് വാങ്ങിക്കൊണ്ടുവന്നിരുന്നു.. ഐസ്ക്രീം കിട്ടിയ സന്തോഷത്തിൽ നുണഞ്ഞു കൊണ്ടിരുന്ന നയനയെ കോരിയെടുത്തു കൊണ്ട് സോമൻ ആളൊഴിഞ്ഞ പടിത്തിണ്ണയിലേക്ക് കയറി കുട്ടിയെ താഴെ കിടത്തി. അന്നാദ്യമായി നയനക്കു ഐസ്ക്രീം ഇഷ്ടമായില്ല. സോമൻ ചേട്ടൻ അവളുടെ ഫ്രോക്ക് ഊരിമാറ്റിയതും.. മറിയാമ്മച്ചേടത്തി കുളിപ്പിക്കാൻ നേരം മാത്രമേ അവളുടെ വസ്ത്രം ഊരാറുണ്ടായിരുന്നുള്ളു.. ഇപ്പോൾ പതിനൊന്നു വയസ്സായതിനു ശേഷം നയന തന്നെ കുളിച്ചോളാമെന്ന് പറഞ്ഞിട്ടുണ്ട്.

പക്ഷെ ഇന്നിപ്പോൾ സോമൻ ചേട്ടൻ എന്തിനാണവളുടെ ഫ്രോക്ക് ഊരിമാറ്റിയതെന്ന് നയനക്കു മനസ്സിലായില്ല. ഐസ്ക്രീം താഴെ തെറിച്ചു വീണതു കണ്ടവൾ പിടഞ്ഞെണീക്കാൻ നോക്കി.. സാമാന്യം പൊക്കവും വണ്ണവുമുള്ള സോമൻചേട്ടൻ തന്റെ മുകളിൽ കയറിക്കിടന്ന് എന്ത് ചെയ്യുന്നു എന്ന് അവൾ നോക്കാൻ ശ്രമിച്ചു. കരുത്തനായ സോമനെ തള്ളിമാറ്റാൻ അവളുടെ കുഞ്ഞു കൈകൾക്ക് പറ്റിയില്ല..പൊടുന്നനെ കടുത്ത വയറു വേദന വന്നതും അലറിവിളിച്ചതും മാത്രമേ നയനക്ക് ഓർമയുണ്ടായുള്ളു. . മുഖത്താരോ വെള്ളം ഒഴിച്ചപ്പോൾ അവൾ കണ്ണുതുറന്നു. ഭയത്തോടെ തന്റെ മുഖത്തു നോക്കി നിൽക്കുന്ന സോമനെയാണവൾ കണ്ടത്. അവളുടെ കൈ പിടിച്ചയാൾ എഴുന്നേൽക്കാൻ സഹായിച്ചു. വസ്ത്രം ധരിച്ചു കാറിൽ കയറാൻ നേരമാണവൾ കണ്ടത്. തന്റെ തുടയിൽകൂടെ ഒലിച്ചിറങ്ങി കൊണ്ടിരുന്ന ചോരപ്പാടുകൾ..

കാളിങ് ബെൽ നിർത്താതെ മുഴങ്ങിത്തുടങ്ങിയപ്പോൾ ഓർമകളുടെ കയത്തിൽ നിന്നും നയന മെല്ലെ പുറത്തിറങ്ങി..

“സലാം മേംസാബ് “..പതിവ് തെറ്റാതെ പാൽപാത്രവുമായി രാംദാസ് അടുക്കളയിലേക്ക് കയറി ചായ ഉണ്ടാക്കാൻ തുടങ്ങി. കുളിമുറിയിൽ കയറി ഫ്രഷായി വന്നപ്പോൾ ചൂടുചായയും ദിനപത്രവും നയനയെ കാത്തു സ്വീകരണമുറിയിലെ മേശയിൽ ഉണ്ടായിരുന്നു. ചായക്കപ്പും എടുത്തവൾ തന്റെ ഗാർഡനിലേക്കിറങ്ങി… ആടുന്ന കസേരയിൽ ഇരുന്നു ചായ ഊതി കുടിച്ചവൾ പതിനാറു വർഷം മുൻപ് ആ ദിവസം വൈകിട്ടു നടന്ന കാര്യങ്ങൾ പിന്നെയും ഓർത്തുതുടങ്ങി…

ചോര പുരണ്ട പാന്റീസ് കുഞ്ഞു നയന ബാത്റൂമിലെ ലൗണ്ടറി ബാസ്ക്കെറ്റിൽ ഒളിപ്പിച്ചു. അന്നവൾക്ക് എന്താണ് സംഭവിച്ചതെന്ന് മനസ്സിലായില്ല. അതുകാരണം മമ്മിയോട് പറയാനും പോയില്ല. വയറുവേദനയെന്നു പറഞ്ഞവൾ നേരത്തെ ഉറങ്ങാൻ കിടന്നപ്പോഴും ആരും സംശയിച്ചില്ല. പിറ്റേ ദിവസം പതിവ് സമയത്തു ഉണരാത്തപ്പോൾ മുറിയിൽ ചെന്ന മറിയാമ്മച്ചേടത്തി ഞെട്ടിപ്പോയി. ഇളംറോസ് നിറത്തിലെ ബെഡ്ഷീറ്റ് മുഴുവൻ വട്ടത്തിൽ ചോരപ്പൊട്ടുകൾ.. മാഡത്തിനെ വിളിക്കാനായി അവർ ഓടി..

“കുഞ്ഞിന് പുറത്തുമാറി മാഡം”

മറിയാമ്മച്ചേടത്തിയുടെ അന്നത്തെ ആ വാക്കുകൾ നയനയുടെ കാതുകളിൽ ഇന്നും മുഴങ്ങി..

അതിനു ശേഷം കുഞ്ഞു നയനക്കു ഒരുതരം നിസ്സംഗ ഭാവമായിരുന്നു പിന്നീടങ്ങോട്ടുള്ള വർഷങ്ങൾ കടന്നു പോകുംതോറും.. എത്രയോ പ്രാവശ്യം പിന്നീട് സോമൻ ചേട്ടൻ അവളെ ആ സ്ഥലത്തു കൊണ്ട് പോയി . അവൾക്കന്നൊന്നും പിന്നെ പേടിയില്ലാതായി. പലപ്പോഴും ഇറുക്കി കണ്ണടച്ച് കിടന്നോളാൻ പറയുന്നതനുസ്സരിച്ച കുഞ്ഞു നയനയെ സോമനു പതിയെ മടുത്തുതുടങ്ങിയതും അയാൾ അവരുടെ ജോലി ഉപേക്ഷിച്ചു മുങ്ങി..

എത്രയോ വർഷങ്ങൾ പിന്നിട്ടു.. പക്ഷെ നയനയ്ക്ക് ഒരിക്കലും സാധാരണ നിലയിൽ എത്താൻ കഴിഞ്ഞില്ല.. ഒരു വികാരങ്ങളും അനുഭവിക്കാൻ അവളുടെ മനസ്സനുവദിച്ചില്ല.. ഒരു തരം തണുത്ത പുഞ്ചിരിയായിരുന്നു അവളുടെ സ്ഥിരം വികാരം.. തങ്ങളുടെ പ്രൊഫഷണൽ കയറ്റത്തിൽ ശ്രദ്ധ മുഴുകിയിരുന്ന മൃദുലയും പ്രകാശും മകളുടെ ഈ ഭാവമാറ്റം അത്ര ശ്രദ്ധിച്ചതുമില്ല.. മാതാപിതാക്കളുടെ പാത പിന്തുടർന്ന് മെഡിക്കൽ ബിരുദം എടുത്തെങ്കിലും കോളേജ് ജീവിതം അവൾ ഒരുവിധം തള്ളിനീക്കിയെന്നു തന്നെ പറയാം. സുന്ദരിയായിരുന്ന നയനയുടെ പിന്നിൽ മിടുക്കന്മാരായ ആണ്കുട്ടികളുടെ ഒരുവലിയ നിര തന്നെ ഉണ്ടായിരുന്നു. പക്ഷെ നയനക്ക് ആരോടും പ്രത്ത്യേകിച്ചൊരിഷ്ടം തോന്നിയില്ലാത്തതു കാരണം പ്രകാശ് കുരുവിളയുടെ പരിചയക്കാരനായ ഡോക്ടർ രാജന്റെ മകൻ അജയനുമായി അവളുടെ വിവാഹം നടത്തി. വിവാഹം കഴിഞ്ഞ ആദ്യ രാത്രി. പ്രേമപുരസ്സരം നയനയുമായി ഒന്നായതിനു ശേഷം അവളുടെ നെറ്റിയിൽ മുത്താൻ മുഖം കുനിച്ച അജയൻ കണ്ടത് ഇറുക്കി കണ്ണടച്ച് കൈവെള്ളകൾ കൂട്ടിമുറുക്കി കിടക്കുന്ന നയനയെയാണ്.. .കാലും കയ്യും കോച്ചിപ്പിടിച്ചത് മാതിരിയുള്ള ആ കിടപ്പ് അജയൻ ആദ്യരാത്രി കണ്ടില്ലായെന്ന് നടിച്ചു. അതിനു ശേഷം എത്രയോ രാത്രികൾ..ഒരാഴ്ച കഴിഞ്ഞതോടെ അജയന് മനസ്സിലായി നയനക്ക് ഇന്റിമേറ്റ് ലൈഫിനോട് ഇഷ്ടക്കേടാണെന്ന്. . പക്ഷെ അവളുടെ ഡാഡിയുടെ ഹോസ്പിറ്റലും എസ്റ്റേറ്റുകളും പെട്ടെന്നൊരു തീരുമാനം എടുക്കുന്നതിൽ നിന്നും അജയനെ പിന്തിരിപ്പിച്ചു.. അജയൻ വീട്ടിൽ ഉണ്ടോ ഇല്ലയോ.. നയനയ്ക്ക് ബാധകം ആയിരുന്നില്ലയെന്നു തന്നെ പറയാം. പക്ഷെ സമൂഹത്തിനു മുന്നിൽ നയനയും അജയനും ഐഡിയൽ ദമ്പതിമാർ ആയിരുന്നു…

“ഹായ് നയന അജയ്.. ഹാപ്പി വെഡിങ് ഡേ ഡിയർ..”

പിന്നിൽ സഹപ്രവർത്തകയായ സോണിയയുടെ ശബ്ദം കേട്ടവൾ ഞെട്ടി എഴുന്നേറ്റു.. നയനയ്ക്കിഷ്ടമുള്ള വൈറ്റ് ഓർക്കിഡ്‌സ് ബുക്കെയുമായി പുഞ്ചിരിച്ചു കൊണ്ടു ഡോക്ടർ സോണിയ.. അജയന്റെ പ്രിയപ്പെട്ടവൾ.. സോൾ മേറ്റ്.. അജയന്റെ മനഃസാക്ഷി സൂക്ഷിപ്പുകാരി. അനായാസമായി പുഞ്ചിരിച്ചു കൊണ്ട് നയന അവളുടെ കൈയിൽ നിന്ന് ബുക്കെ വാങ്ങി സോണിയയെ ആശ്ലേഷിച്ചു..

” തേങ്ക്സ് സോണി… യൂ ആർ സൊ ലവിങ്”

അവളുടെ കൈ വിടുവിച്ചു അജയനെ വിഷ് ചെയ്യാൻ എന്ന മട്ടിൽ സോണിയ ബെഡ്റൂമിലേക്ക് കയറി വാതിലടച്ചിട്ടും നയനയുടെ ചുണ്ടിലെ പുഞ്ചിരി മാഞ്ഞില്ല.. കണ്ണാടിവാസിൽ തന്റെ പ്രിയപ്പെട്ട വൈറ്റ് ഓർക്കിഡ്‌സ് ശ്രദ്ധയോടെ അടുക്കി വെക്കുന്നതിൽ അവൾ മുഴുകി.. ഇന്നിനി രാത്രി സ്വസ്ഥതയുണ്ടാകുമല്ലോ.. അജയന് വയറും മനസ്സും നിറക്കാൻ സോണിയ എത്തിയല്ലോ.. ദിനപത്രവുമായി നയന തന്റെ ഗാർഡനിലേക്ക് തിരിച്ചു നടന്നു..


ഷീന പിള്ളൈ സിങ്ങ്

മാർച്ച് 8


 

കൂരയിൽ നാരിയില്ലെങ്കിൽ

പാരിലില്ല നരവംശം

ഏറെ കരുത്ത എന്നാലും

പേരിലിവളോ അബല

പേറെന്ന ഏറ്റം കഠിന

വേദന താണ്ടുന്നിവർ 

പേറുന്നു ജീവൻ്റെ നാളം

ഏറെ സഹിച്ചേറെ നാൾ 

മാതൃത്വമേകും കരുതൽ

കരുതീടുന്ന ദേവനേതുണ്ട്

ഏറെ ഉറപ്പുള്ള സ്നേഹം

വേറെ എവിടുണ്ടുകിട്ടാൻ

പാറപോലെ ഉറപ്പുള്ള

കൂറും ഇവർക്കാണു സ്വന്തം

നാരി അബല അല്ലെന്ന്

നാരിമാരെന്നറീം ആവോ?


ജോളികുത്തുകല്ലുങ്കൽ

സ്വപ്നത്തിനൊടുക്കം


 


എഴുന്നേൽക്കുന്ന സമയം കഴിഞ്ഞിട്ടും കിഷോറിനെ അടുക്കളേലോട്ട് കാണാത്തതുകൊണ്ടാണ് വൈഗ ബെഡ് റൂമിലേക്ക് ചെന്നത്. കണ്ണു രണ്ടും തുറന്ന് പിടിച്ച് ഗാഢമായ എന്തോ ആലോചനയിലാണ് പുള്ളിക്കാരൻ. ഇങ്ങനെയൊന്നും സംഭവിക്കാത്തതാണ്. ഇതെന്ത് പറ്റീതാണോ?

“കിച്ചുവേട്ടാ…” പതിയെയുള്ള അവളുടെ വിളിയിൽ അകലെ നിന്നെന്നോണമവൻ വിളി കേട്ടു.

ആഹ്..

”ഇതെന്താ പതിവില്ലാതെ ഒരു കിടത്തം. എന്തുപറ്റി…

വയ്യേ ?” ചോദ്യത്തോടൊപ്പം തന്നെ കിടക്കയുടെ ഓ രത്തായി അവൾ ഇരുന്നു. ചെറുനാരങ്ങ മണമുള്ള നനവാർന്ന കൈത്തലം അവന്റെ നെറ്റിയിൽ സ്പർശിച്ചു.

” എയ് ഒന്നുമില്ലെന്റെ പെണ്ണേ, ഞാനിങ്ങനെ വെറുതെ… ഞാനിന്നലെയും അതേ സ്വപ്നം തന്നെ കണ്ടു. ഉണർന്നിട്ടും അതിങ്ങനെ മനസിൽ കിടന്ന് വേവുകയാ.” പറച്ചിലിനൊടുക്കം അവന്റെ മനസും ആ സ്വപ്നത്തിന് പിറകെ പോയതുപോലെ തോന്നി.

“ദേ, നോക്ക് ആ സ്വപ്നത്തിന്റെ കാരണം എന്താന്ന് അറിയോ… കിച്ചു ഏട്ടന് ?”

“എന്താണ് ?”

ആകാംക്ഷയുടെ ഒരു വേലിയേറ്റം തന്നെയുണ്ടായിരുന്നു അവന്റെ ചോദ്യത്തിന്.

നമുക്ക് പിറക്കാൻ പോകുന്നത് ഒരു മോളൂട്ടിയാവും, അതാ അങ്ങനെയുള്ള സ്വപ്നം തന്നെ കാണുന്നത്. അവളുടെ സ്വരത്തിലും മുഖത്തും നാണത്തിന്റെ ശോണിമ പടരുന്നത് കിഷോർ കണ്ടു. ഏഴു മാസം ഗർഭിണിയാണ് വൈഗ. ആ സ്വപ്നത്തിന്റെ അർത്ഥം അങ്ങനെ തന്നെ ആയിരിക്കട്ടെയെന്ന് ആശ്വസിച്ചു കൊണ്ട് അവൾക്കരികിലേക്ക് കുറച്ചൂടെ നീങ്ങി കിടന്നു. പിന്നെ ശ്വാസോച്ഛാസം ചെയ്യുമ്പോൾ ഉയർന്നു താഴുന്ന അവളുടെ വയറിനു മേൽ മുഖം ചേർത്തു. “അച്ഛേടെ ചുന്ദരിയാണോ അമ്മേടെ വയറിനുള്ളിൽ ഒളിച്ചിരിക്കുന്നേ…” പതിയെയുള്ള അവന്റെ ശബ്ദത്തിൽ ഉള്ളിലെവിടെയോ ഇക്കിളിപ്പെടുത്തലിന്റെ ചലനം വൈഗ തിരിച്ചറിഞ്ഞു. ഒരു കുഞ്ഞു ചവിട്ടിന്റേതായ പ്രകമ്പനം കിഷോറും ഏറ്റുവാങ്ങി .

ജ്വല്ലറിയിലേക്ക് ബൈക്കോടിച്ച് പോകുമ്പോഴും അവന്റെ മനസിൽ അതു തന്നെയായിരുന്നു . തുടർച്ചയായി കാണുന്ന ആ സ്വപ്നം,

“കൊലുസണിഞ്ഞ രണ്ട് പാദങ്ങൾ ” ഉറക്കം കളയാൻ തുടങ്ങീട്ട് ഏറെ ദിവസമായി. ഉണ്ണുമ്പോഴും, ഉറങ്ങുമ്പോഴും അത് തന്നെയായിരുന്നു മനസു നിറയെ. എന്താണിങ്ങനെയെന്ന് പലപ്പോഴും ചിന്തിച്ചിട്ടുണ്ട്. സ്വപ്നത്തിന്റെ അർത്ഥം തേടി ഒരു പാട് അലഞ്ഞു. അറിവുള്ളവരോട് അതിനെ പറ്റി ചോദിച്ചപ്പോൾ അവർക്കറിയാവുന്ന അറിവുകൾ പങ്കുവെച്ചെങ്കിലും അതൊന്നും മനസിന് തൃപ്തി നൽകാൻ പോന്നവയായിരുന്നില്ല.

രാവിലെ വന്നതു മുതൽ ടോണിയും ശ്രദ്ധിച്ചു കിച്ചു വിന്റെ മുഖത്തെ പതിവില്ലാത്ത മ്ലാനത .കസ്റ്റമേഴ്സ് വന്നാൽ അവരെ വാചകമടിച്ച് വീഴ്ത്താനുള്ള കഴിവ് അവനെ കഴിഞ്ഞേ മറ്റാർക്കുമുള്ളു എന്ന് ടോണിക്കും അറിയാം. എന്നിട്ടും ഒന്നിലും ശ്രദ്ധയില്ലാതെ അലസനായിട്ടിരിക്കുന്നുവെങ്കിൽ ഗൗരവമായിട്ടുള്ള എന്തേലും പ്രശ്നം അവനെ അലട്ടുന്നുണ്ടാവാം. എന്താണെന്ന് അറിഞ്ഞിട്ട് തന്നെ കാര്യം. കിഷോറിന്റെ ചുമലിൽ ടോണിയുടെ കൈത്തലം പതിഞ്ഞു.

“എന്താടാ കിച്ചു, എന്താ നിനക്ക് പറ്റീത് . ആകെ ഡള്ളായിരിക്കുന്നല്ലോ…?” സുഖമില്ലേ…?

ഏയ്, ഒന്നുമില്ലെടാ. ഞാനന്നു പറഞ്ഞ “ആ സ്വപ്നം ” അതെന്നെ വല്ലാതെ വേട്ടയാടുന്നെടാ. ഉണർന്നെണീച്ചാലും അതിന്റെ മാറ്റൊലികൾ മനസിൽ തങ്ങിനിൽക്കുവാ. നിനക്കറിയോ എന്റെ പെണ്ണിനോട് പോലും നേരെ ചൊവ്വേ സംസാരിക്കാൻ പറ്റുന്നില്ല. ഏത് സമയവും അതിനെ പറ്റിയാണെന്റെ ചിന്ത. ടെൻഷനോടെയുള്ള അവന്റെ വാക്കുകൾക്ക് മറുവാക്ക് പകരാൻ വാ തുറന്നതായിരുന്നു ടോണി. അപ്പോഴാണ് ഷോപ്പിനു മുന്നിൽ വലിയൊരു കാർ വന്ന് നിന്നത്. കാറിൽ നിന്നും ഇറങ്ങിയ ആളിനെ കണ്ട് പറയാൻ വന്നത് വിഴുങ്ങി കൊണ്ടവൻ കിഷോറിന്റെ കൈകളിൽ മുറുകെ പിടിച്ചു. “ഡാ.., അത് ആരാന്നറിയോ…,?” അവന്റെ ചോദ്യം കേട്ട് ആകാംക്ഷയോടെ കിഷോറും പുറത്തേക്ക് നോക്കി. അവന്റെ കണ്ണുകളും വിടർന്നു.

നഗരത്തിലെ പേരുകേട്ട ‘ഐവറി ഫിനാൻഷ്യസി’ന്റെ എം ഡി സത്യജിത്ത് സാർ. മനസിൽ തികട്ടിയത് ചുണ്ടിലൂടെ പ്രവഹിച്ചു.

“ഇങ്ങേരെപ്പോലുള്ള വലിയ മനുഷ്യനൊക്കെ നമ്മുടെ ഷോപ്പില് വരികാന്ന് വെച്ചാ ചില്ലറക്കാര്യല്ല !” അവനു മാത്രം കേൾക്കാൻ പാകത്തിൽ ടോണി പറഞ്ഞു. അവന്റെ വാക്കുകൾക്ക് ചെവികൊടുക്കുന്നതിനിടയിൽ അദ്ദേഹത്തിന്റെ ഭാര്യ ,മൂന്ന് നാല് വയസു വരുന്ന ഒരു സുന്ദരികുട്ടിയേയും കൊണ്ട് പുറത്തേക്കിറങ്ങി.

ഡോറു തുറന്ന് ഉള്ളിലേക്ക് കയറി വന്ന അവരുടെ കയ്യിലുള്ള മോളുടെ മുഖത്തേക്കാണ് കിഷോറിന്റെ നോട്ടം പാറി വീണത്. ചെമ്പൻ നിറമുള്ള ആ കുഞ്ഞു മിഴികളിൽ നിറയെ കുസൃതി നിറഞ്ഞിരുന്നു.

”മോളൂട്ടി… ” എന്ന് വാൽസല്യത്തോടെ വിളിച്ചു കൊണ്ട് ആ കുഞ്ഞു കവിളിണയിൽ അവനൊരു പിച്ച് കൊടുത്തു.ഇക്കിളിപ്പെട്ട പോലെ അമ്മയുടെ കയ്യിലിരുന്നവൾ കൊഞ്ചി ചിരിച്ചു. പെങ്ങടെ കുട്ടികളെ കൊഞ്ചിച്ചു കൊണ്ടുള്ള എക്സ്പീരിയൻസ് ഉള്ളതുകൊണ്ട് ആ കുഞ്ഞിനോട് കൂട്ട് കൂടാൻ അവന് ബുദ്ധിമുട്ടുണ്ടായില്ല.


“മോളൂട്ടിയുടെ പേരെന്താ.. ?”

“നില ” കൊഞ്ചി കൊണ്ടവൾ പറഞ്ഞു.

നിലയോ ! അവന്റെയും, ടോണിയുടെ സ്വരം ഒന്നിച്ച് പുറത്ത് വന്നു.

നിലയല്ല .. നിള. മോൾക്ക് ‘ള ‘ പെട്ടെന്ന് വഴങ്ങില്ല,അതാ .സാറ് ചിരിച്ചു കൊണ്ട് മറുപടി പറഞ്ഞു. അവരും ആ ചിരിയിൽ പങ്കു ചേർന്നു.

“ഇരിക്കൂ .., എന്താണ് സർ വേണ്ടത്..?” അവർ പെട്ടെന്ന് തന്നെ കർത്തവ്യ നിരതരായ ജോലിക്കാരായി മാറി.

“കൊലുസ് ” മോൾക്കാണ്.

കുറച്ച് നേരത്തേക്കെങ്കിലും മറന്ന വിഷയം വീണ്ടും കിഷോറിന്റെ മനസിൽ തലപൊക്കി.

“സ്വർണ്ണ കൊലുസല്ലേ…, സർ ” ടോണി മറ്റൊന്നും ശ്രദ്ധിക്കാതെ അവന്റെ ജോലിയിൽ വ്യാപൃതനായ പോലെ തോന്നി.

അല്ല ; വെളളി മതി ഒരു പാട് മണികളൊക്കെ ഉള്ളത്, നടക്കുമ്പോൾ ശബ്ദത്തോടെ കിലുങ്ങുന്ന അങ്ങനെയുള്ളത് മതി.

” ങ്ഹും, വല്യ പണക്കാരനാണ്. എന്നിട്ടാണ് മോൾക്ക് വെള്ളിക്കൊലുസ് വാങ്ങിയിട്ടു കൊടുക്കുന്നത് ” . ഇത്തിരി കുശുമ്പോടെ ചെറുതായി പിറുപിറുത്തു കൊണ്ട് കിച്ചു വിന്റെ കൈക്കിട്ട് .” കിച്ചു ഒന്ന് നോക്കീട്ട് എട്ത്ത് കൊടുത്തേ.”

സ്വർണ്ണം വേണ്ട ,വെള്ളി മതിയെന്ന അവരുടെ വർത്തമാനത്തിൽ നിന്നും ടോണിക്ക് ആ വിഷയത്തിനോട് ഇത്തിരി താൽപ്പര്യം കുറഞ്ഞതുപോലെ തോന്നി. ഒരു ചിരിയോടെ ആ കുഞ്ഞു കാലിന്റെ അളവ് മനസിൽ കണക്കാക്കി നിറയെ മണികളുള്ള കൊലുസുകളെടുത്ത് കിച്ചു ആ ദമ്പതികളുടെ മുന്നിൽ നിരത്തി. ഏറെ നേരത്തെ തിരച്ചലിനൊടുക്കം അവർക്ക് ഇഷ്ടപ്പെട്ട ഒരെണ്ണമെടുത്ത് അവനു നേരെ നീട്ടി .

സാർ, മോളുടെ കാലൊന്ന് കാണിക്കാമോ..? അളവ് കറക്ട് ആണോന്ന് നോക്കാനാ.

“ഓഹ്, അതിനെന്താ ” സന്തോഷത്തോടെയദ്ദേഹം മോളെ ഭാര്യയുടെ കയ്യിൽ കൊടുത്ത് എഴുന്നേറ്റ് നിലത്ത് മുട്ടുകുത്തി നിന്നു.

ഇയാളിതെന്താ കാണിക്കാൻ പോകുന്നതെന്ന് മനസിൽ നിരീച്ച് ഇരിപ്പിടത്തിൽ നിന്നും പാതി എഴുന്നേറ്റ് കിച്ചു താഴേക്ക് നോക്കി.

പാദത്തോളം വരുന്ന നീലയുടുപ്പിട്ട പൂച്ച കണ്ണുകളുള്ള ആ മാലാഖ കുഞ്ഞിന്റെ ഫ്രോക്കിന്റെ കുറച്ച് ഭാഗം മേലോട്ടുയർത്തി, മുട്ടിന് താഴെയായി ഘടിപ്പിച്ച ‘സ്റ്റീല്‍ റാഡ് ‘ ഊരിയെടുക്കുന്ന കാഴ്ച ! അവനെ അന്ധനാക്കുന്ന തരത്തിലായിരുന്നു.

സ്തംഭിച്ചു നിൽക്കുന്ന അവന്റെ മുന്നിലേക്കത് വെയ്ക്കുമ്പോൾ സത്യജിത്തിന്റെ മുഖത്ത് നിഴലിച്ചു നിന്നിരുന്നത് ഒരു തരം നിർവികാരിക ഭാവമായിരുന്നു.

“സാർ, ഇത്..!” അവന്റേതല്ലാത്ത ചിലമ്പിയൊരു സ്വരം പുറത്തേക്ക് തെറിച്ചു.

“താങ്കളല്ലേ!കൊലുസ് പാകമാണോന്ന് നോക്കാൻ മോൾടെ കാല് വേണം ന്ന് പറഞ്ഞേ ദേ, അത് തന്നെയാ ഇത് “. മിഴിച്ചു നിൽക്കുന്ന അവന്റെ കാതുകളിലേക്ക് ഏത് തരം വികാരമാണെന്ന് തിരിച്ചറിയാൻ പറ്റാത്ത തരത്തിൽ അടുത്ത വാക്കുകൾ കൂടി ചിതറി വീണു. “എട്ടൊമ്പത് വർഷത്തിന് ശേഷം പിറന്നു വീണ മോളാ.., പക്ഷെ ജനിച്ചപ്പോ മുട്ടിന് താഴെ ശൂന്യമായിരുന്നു ” മുടിയും, പല്ലും, ഇല്ലാതെ ജനിക്കുന്നതു പോലെയല്ലല്ലോ..? ശരീരത്തിൽ അവയവങ്ങൾ ഇല്ലാതെ പിറന്നാൽ . മറുമരുന്ന് കൊടുത്ത് തിരികെ നേടാൻ പ്രതീക്ഷയ്ക്ക് വകയുള്ളതുമല്ലല്ലോ ഇത്. മോൾടെ പ്രായത്തിൽ മുട്ടിലിഴഞ്ഞ് പോകുന്ന കുഞ്ഞുങ്ങളെ കാണുമ്പോ, നെഞ്ച് പൊട്ടുമായിരുന്നു. നടക്കാനായ പ്രായമായപ്പോ കുടുംബ ഡോക്ടർ ആണ് ഈ നിർദ്ദേശം വച്ചത്.കൊച്ചിലേ ശരീരവുമായി സ്റ്റീൽറാഡ് ഇണങ്ങിയാ; വളരുമ്പോ ,അത് പ്രയാസമാവില്ലെന്ന്. ശരിയാണെന്ന് എനിക്കും തോന്നിയിട്ടുണ്ട്. ഇന്നവൾ അതുമായി പൊരുത്തപ്പെട്ടു.കാലിൽ ചെരുപ്പൊക്കെ ഇടുന്നതു പോലെ മുട്ടിന് താഴെ കാൽ ഫിറ്റാക്കണം ന്നല്ലേയുള്ളു .ഇന്നലെ മോളുടെ ബർത്ത് ഡേ ആയിരുന്നു. അതിൽ ചങ്ങാതിമാരും, ഭാര്യമാരും, കുട്ടികളുമൊക്കെ പങ്കെടുത്തിരുന്നു. അതിലൊരു കുഞ്ഞിന്റെ കാലിൽ ഇതുപോലുള്ള കൊലുസ് കണ്ടു. ശബ്ദമുണ്ടാക്കി കൊണ്ട് അകത്തളങ്ങളിലവൾ ഓടി നടന്നു . അതിന്റെ കിലുക്കം മോൾടെ മനസിലും ഓളങ്ങൾ സൃഷ്ടിച്ചു . അവർ പോയതിനു ശേഷം അതുപോലൊരെണ്ണം വാങ്ങി തരുമോ എന്നായിരുന്നു ചോദ്യം. കണ്ണീരുപ്പിന്റെ വാക്കുകൾ മനസിൽ സ്ഫോടന മഴ പെയ്യീക്കുന്നുണ്ടായിരുന്നു. കുറച്ച് മാറിയിരിക്കുകയായിരുന്ന ടോണി അദ്ദേഹത്തിന്റെ സംസാരം കേട്ട് അവന്റെയരികിലേക്ക് വന്നു.

ഒന്നും മിണ്ടാനാവാതെ കയ്യിലുള്ള പാദസരം തണുപ്പു നിറഞ്ഞ ആ റാഡിലേക്ക് ചേർക്കുമ്പോൾ കൈകൾ വിറകൊള്ളുന്നതും മിഴികൾ സജലങ്ങളാവുന്നതും അവനറിഞ്ഞു. നിറഞ്ഞു വരുന്ന കണ്ണീർ കണങ്ങളെ അദ്ദേഹം പുറം ലോകം കാട്ടാതെ കണ്ണട മറയ്ക്കുള്ളിൽ നിന്നും തൂവാല കൊണ്ട് തൂത്തുകളയുന്നത് പാട കെട്ടിയ കണ്ണിന്റെ ഒരു കോണിലൂടെ അവനും കാണുന്നുണ്ടായിരുന്നു. പാദസരങ്ങൾ സ്റ്റീൽ റാഡിൽ ഇട്ടു കൊടുത്ത് മോളുടെ മുട്ടിലേക്കത് ചേർത്ത് വെയ്ക്കുമ്പോൾ അദ്ദേഹത്തിന്റെയും, ഭാര്യയുടെയും കണ്ണുകൾ നിറഞ്ഞ് തൂവുകയായിരുന്നു. നിളക്കുട്ടി സന്തോഷത്തിലായിരുന്നു. കൊലുസണിഞ്ഞ പാദങ്ങളോടെ അവളാ ഏരിയ മുഴുവൻ ഓടി നടന്നു. ഇടയ്ക്ക് നന്ദി അറീക്കാനെന്ന മട്ടിൽ കിച്ചുവിനരികിലേക്ക് ഓടി വന്ന് അവന്റെ കൈകളിൽ തൂങ്ങി. വാരിയെടുത്ത് ആ കുഞ്ഞിക്കവിളുകളിൽ ചുണ്ടു ചേർക്കുമ്പോൾ മനസിൽ അകാരണമായൊരു വേദന ഊറി ക്കൂടുന്നതവനറിഞ്ഞു. ബില്ല് പേ ചെയ്ത് വീണ്ടും കാണാമെന്ന ഭംഗിവാക്കും പറഞ്ഞ്, കൊലുസിന്റെ നേരിയ കിലുക്കത്തോടെ അകന്നു നീങ്ങുന്ന അവരെ നോക്കി കിച്ചുവും, ടോണിയും നിറഞ്ഞ കണ്ണുകളോടെ നിന്നു. അതു വരെ തേടിയലഞ്ഞ ‘സ്വപ്നത്തിലെ കൊലുസിന്റെ ‘ഉത്തരം കിട്ടിയ ഞെട്ടലിൽ അപ്പൊഴും അവൻ മുക്തനായിരുന്നില്ലെന്ന് മാത്രം.


രമ്യരതീഷ്

കലികാലം


 

നിത്യമെത്തിടുംമദ്യംനുകർന്നച്ഛൻ

പിന്നെകൂട്ടിനായ്ജ്യേഷ്ഠനും

അവനൊരുകൂട്ടുകാരനും

ആണവരാക്രമിച്ചിടുന്നു

നിശ്ചലയായവളൊരുനിമിഷം

ആവതില്ലപലദിനങ്ങളും

പ്രണയംചൊല്ലിയപരനും

മദ്യംമകളെമറന്നതാതനും

മാറോടണച്ച്പുണരേണ്ടമകളെ

മാംസദാഹത്താൽപ്രാപിക്കുമച്ഛനും

മറ്റൊരുവനുകാഴ്ചവയ്ക്കുന്നസഹോദരനും

മാറുമോയിലോകമൊരുനിമിഷം

മാറണംമാനവനിചെയ്യിതിൽനിന്നും

മണ്ണിലലിയുന്നമർത്യനീപെണ്ണിനെ

മകളായുംപെങ്ങളായുംഅമ്മയായുംകണ്ടിടുക

മാറ്റണംമാറ്റിയെഴുതണംനാമൊരുപുതുനിയമം


ബി.സുരേഷ്

ബോൺസായ്

 



ജൂണിലെ ആദ്യ തിങ്കളാഴ്ച.അഖിലമോൾ(അക്കു) നേരത്തേയുണർന്നു. അവൾ ഇന്നാദ്യമായി സ്കൂളിൽ പോവുകയാണ്.അതിന്റെ ആഹ്ളാദത്തിലുമാവേശത്തിലുമായിരുന്നു അക്കു. താൻ പഠിച്ച സർക്കാർ സ്കൂളിൽത്തന്നെ അവളെച്ചേർത്തത്, തന്റെ മാത്രം നിർബ്ബന്ധം കൊണ്ടായിരുന്നു. ഒരു രക്ഷകർത്താവായി വീണ്ടുമാത്തിരുമുറ്റത്ത് നടക്കാമല്ലോയെന്ന സ്വാർത്ഥ മോഹമായിരുന്നിരിക്കാം ആ നിർബ്ബന്ധത്തിനു പിന്നിൽ.

ഡോക്ടർ ജയപാലൻ പെട്ടെന്നു തയ്യാറായി. മോളെ സ്കൂളിൽ വിട്ടിട്ടതുവഴി ഓഫീസിൽ പോകാമെന്നു കരുതി.

“ജയേട്ടൻ പൊയ്ക്കോളൂ. ഞങ്ങൾ കൊണ്ടാക്കിക്കോളാമവളെ” താൻ കുറെ നാളായി തിരക്കിലാണ്. അതുകൊണ്ടാവാം മാനസി അങ്ങനെ പറഞ്ഞത്.

അല്ലെങ്കിലും മാനസി അങ്ങനെയാണ്. തന്നെ ശരിക്കും മനസ്സിലാക്കി വേണ്ടതു ചെയ്യാനവൾക്കൊരു പ്രത്യേക കഴിവുണ്ട്. താൻ തിരിച്ചുമങ്ങനെതന്നെയായിരുന്നു കുറെ മുമ്പു വരെ. അക്കുവിന്റെ കവിളിൽ

ഉമ്മ നൽകി, അച്ഛനമ്മമാരോടും മാനസിയോടും കൈ വീശി ഓഫീസിലേക്കയാൾ യാത്രയായി.

ഓഫീസ് തിരക്കിലേക്കൂളിയിട്ടപ്പോൾ മാനസിയുടെ ഫോൺ, “ജയേട്ടാ, അക്കുവിനൊരു തലച്ചുറ്റലും ഛർദ്ദിയും. സ്കൂളിൽ നിന്നുമവളെക്കൂട്ടി ഞങ്ങൾ ഹോസ്പിറ്റലിലേക്ക് പൊയ്ക്കൊണ്ടിരിക്കുവാ. അവിടെച്ചെന്നിട്ട് ഞാൻ വിളിക്കാം. ജയേട്ടൻ വരണമെന്നില്ല.”

ഇന്നലെ അച്ചാറുണ്ടാക്കാൻ മുറിച്ച പച്ചമാങ്ങ അക്കു ആർത്തിയോടെ തിന്നുന്നത് താൻ തടഞ്ഞപ്പോൾ അമ്മ പറഞ്ഞു,” അവൾ തിന്നട്ടടാ. നിനക്കും ചെറുപ്പത്തിൽ പച്ചമാങ്ങാ ഒത്തിരിയിഷ്ടമായിരുന്നു. അച്ഛൻ മോളു തന്നെ.”

അതായിരിക്കാം ഛർദ്ദിച്ചത്. ഇരുന്നിട്ടിരിപ്പുറക്കുന്നില്ല.ജയപാലൻ ആശുപത്രിയിലേക്കു തിരിച്ചു.

ഐസീയൂവിന്റെ മുമ്പിൽ അവർ. അക്കു മാത്രമില്ല. ചുവപ്പിൽ തെളിഞ്ഞുകത്തിയ ആ മൂന്നക്ഷരങ്ങൾ കണ്ടപ്പോൾ അയാൾക്ക് തല ചുറ്റുമ്പോലെ തോന്നി.

മിനിട്ടുകൾക്ക് മണിക്കൂറുകളുടെ ദൈർഘ്യം. അവസാനം ഡോക്ടറുടെ മുറി തുറക്കപ്പെട്ടു.

“സീ മിസ്റ്റർ ജയപാലൻ, ഞാനിനി പറയാൻ പോകുന്നത് അവിശ്വസനീയവും അംഗീകരിക്കാൻ പ്രയാസമുള്ളതുമാണ്. പക്ഷേ അതുൾക്കൊള്ളാൻ നിങ്ങൾ മാനസീകമായി തയ്യാറായാലേ എനിക്കതു പറയാനാവൂ.”

ശീതീകരിച്ച ആ മുറിയിലും ആവർക്കത്യുഷ്ണം അനുഭവപ്പെട്ടു.

“എന്തായാലും പറയൂ ഡോക്ടർ. ഞങ്ങളുടെ മോൾക്കെന്താ പറ്റിയത്? ഈ ലോകത്തെവിടെയും ഞങ്ങളവളെ ചികിത്സിപ്പിച്ചോളാം”

“നിങ്ങളുടെ മകൾക്ക് യാതൊരസുഖവുമില്ല”

“പിന്നെ?”

“ഷീ ഈസ് കാരിയിങ്ങ്”

ആ വാക്കുകൾ ഒരഗ്നിഗോളമായി അവരുടെ മസ്തിഷ്കത്തിലേക്കിടിച്ചു കയറി, ശതകോടി സ്ഫുലിംഗങ്ങളായി ചിന്നിച്ചിതറി. എപ്പോഴോ അതിന്റെ പ്രഭാവമടങ്ങിയപ്പോൾ ജയപാലൻ ചോദിച്ചു,

“ഡോക്ടർ, താങ്കളെന്താണു പറഞ്ഞതെന്ന് വല്ല നിശ്ചയവുമുണ്ടോ?”

“നൂറു ശതമാനം വാസ്തവം. ഞാൻ നേരത്തേ പറഞ്ഞപോലെ അവിശ്വസനീയം. ലോകത്തിന്നുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടില്ലാത്ത, പുരുഷ സംസർഗ്ഗം പോലുമാവശ്യമില്ലാത്ത ബാലഗർഭം. ഒരു സേഫ് ആബോർഷന്റെ സാദ്ധ്യതുക്കുമപ്പുറം അതു വളരുകയും ചെയ്തിരിക്കുന്നു. ഈയവസ്ഥയിൽ അവളെ വീട്ടിലേക്കു കൊണ്ടുപോകുന്നതപകടകരമാണ്. ഇറ്റ്സ് ബെറ്റർ റ്റു ഗെറ്റ് ഹെർ അഡ്മിറ്റഡ്. ഇനി അതല്ല, മറ്റെവിടെയെങ്കിലും കാണിക്കണമെന്നുണ്ടെങ്കിൽ അങ്ങനെയുമാകാം.” ഡോക്ടർ പറഞ്ഞു നിർത്തി.

“നോ……..”. ജയപാലൻ വിയർത്തു കുളിച്ചിരുന്നു. അകവും പുറവും ഒരുപോലെ വേവുന്നു. അരികിൽ മാനസിയും അക്കുവും പുതച്ചുറങ്ങുന്നതു കണ്ടപ്പോൾ അയാൾക്കാശ്വാസമായി. പതുക്കെ ഏസിയുടെ തണുത്ത കാറ്റയാളെത്തഴുകി. അക്കുവിനെ ചേർത്തു പിടിച്ച് മുറിഞ്ഞയുറക്കത്തെ തുന്നിച്ചേർക്കാൻ വിഫലമായി ശ്രമിച്ചു.

* * * * * *

മാനസി ചായയുമായെത്തിയപ്പോൾ ഡോക്ടർ ജയപാലൻ അലമാരയിലടുക്കി വച്ച പുരസ്‌കാരങ്ങൾ നോക്കി നിൽക്കുകയായിരുന്നു.

“പുതിയ പ്രോജക്ടിന്റെ കാര്യത്തിനിന്നു നേരത്തേ പോകണമെന്നു പറഞ്ഞിട്ടിതുവരെ തയ്യാറായില്ലേ?” അവൾ ചോദിച്ചു.

“ഞാനതു വേണ്ടെന്നു വച്ചു മനൂ”

അവൾക്ക് വിശ്വസിക്കാനായില്ല.കഴിഞ്ഞ കുറെ ദിവസങ്ങളായി അയാളാ പ്രോജക്റ്റിന്റെ പിന്നാലെയായിരുന്നു. ആവശ്യത്തിനു വിശ്രമം പോലുമില്ലാതെ. ഇന്നായിരുന്നു അതിന്റെ പ്രസന്റേഷനും മറ്റും. ഈ അവസാനനിമിഷം എന്തായിരിക്കാമിങ്ങനെ. അവൾക്കൊന്നും മനസ്സിലായില്ല.

“ഞാൻ കുറച്ചു ദിവസം ലീവെടുത്തു. കുറെ സ്ഥലങ്ങളിലേക്ക് നമ്മൾക്ക് യാത്ര പോകണം. അച്ഛനോടുമമ്മയോടും പറഞ്ഞേക്കൂ തയ്യാറാവാൻ.” ഇനിയും നിന്നാൽ ഇതുപോലെയുള്ള അദ്ഭുതങ്ങൾ നേരിടേണ്ടി വന്നേക്കാമെന്നോർത്ത് മാനസി ഒരു മൂളിപ്പാട്ടും പാടി അകത്തേക്ക് പോയി.

കാർഷികഗവേഷണശാലയിലെ സീനിയർ സയന്റിസ്റ്റാണ് ഡോക്ടർ ജയപാലൻ. ഏറ്റെടുത്തതെല്ലാം വിജയകരമായി പൂർത്തിയാക്കി വളരെക്കുറഞ്ഞകാലം കൊണ്ട് ഉയർന്ന പദവിയിലെത്തി. ജയപാലനെത്തേടിയെത്തിയത് നിരവധി ദേശീയ, അന്തർദ്ദേശീയ പുരസ്കാരങ്ങൾ.കാർഷിക മേഖലയിൽ എവിടെയും ജയപാലൻ ചർച്ച ചെയ്യപ്പെട്ടു.

അത്യുൽപ്പാദനശേഷിയുള്ള ധാന്യ, പച്ചക്കറി വിത്തുകൾ, ആറാം മാസം മുതൽ വർഷം മുഴുവൻ കായ്ക്കുന്ന മാവ്, വേരിൽ പോലും ചക്ക മുളയ്ക്കുന്ന കുള്ളൻ പ്ളാവ്, രണ്ടാം വർഷം കായ്ക്കുന്ന തെങ്ങ്, സ്വീകരണമുറിയിൽ നട്ടു വളർത്താവുന്ന ആൽമരം…അങ്ങനെയെന്തെല്ലാം.. ഓരോ വിജയത്തിനു ശേഷവും അടുത്തലിലേക്ക് ഭ്രാന്തമായ ആവേശമായിരുന്നു.

എന്നാലിപ്പോൾ അലമാരയിലിരിക്കുന്ന പുരസ്‌കാരങ്ങളിലെഴുതി വച്ചിരിക്കുന്നത് ശാപവാക്കുകളാണെന്നയാൾക്കു തോന്നി. മേശവലിപ്പിൽ നിന്നും ഇന്നവതരിപ്പിക്കേണ്ട പ്രോജക്ടിന്റെ റിപ്പോർട്ട് വലിച്ചെടുത്തു. ഒരേ സമയം നാലു വാഴക്കുലകളുണ്ടാവുന്ന അദ്ഭുതവാഴ. ഔദ്യോഗിക ജീവിതത്തിൽ ഏറ്റവുംഉറക്കമിളച്ചത് ഈ സ്വപ്ന പദ്ധതിക്കുവേണ്ടിയായിരുന്നു.

ആ റിപ്പോർട്ടിലെ ഓരോ താളും അയാൾ ചെറുകഷണങ്ങളായി വലിച്ചുകീറി. അവസാനത്തെ കടലാസും കീറിക്കഴിഞ്ഞപ്പോൾ, മനസ്സിൽ തളംകെട്ടിക്കിടന്ന അസ്വസ്ഥതകൾ പതുക്കെ വറ്റി.


അനിൽകുമാർ എം ബി

2021 ഏപ്രിൽ 17, ശനിയാഴ്‌ച

പക്ഷികൾ

 


പാരിൽ പറക്കാൻ കഴിവേറെ ആർജ്ജിതം

ഭാരമേറെയില്ലാത്തോരവർ പറവകൾ

കാരണമേറെയില്ലെങ്കിലുമേറെയും

കരുതലായ് കൂടു ചമയ്ക്കുന്നു സ്വന്തമായ്

ദേശാടനത്തിന്നിറങ്ങുന്നവരുണ്ട്

ദേശാടനക്കിളികൾ ഏറെ സമർത്ഥരും

മക്കളെ കരുതലായ് കാത്തു കൊള്ളുന്നവർ

മാറ്റമില്ലവസരത്തിനവരെ സ്വതന്ത്രരാക്കുന്നു

കൊക്കിനാൽ കൊത്തിയെറിയുന്നു കൂടിൻ വെളിയിലായ്

കഴിയില്ലെന്നറിഞ്ഞാൽ കൂട്ടിലാക്കി പരിപാലിക്കുന്നവർ

പറന്നുയരും വരെ തുടരും പരിപാലനമെത്രയോ കാലം

പഠിക്കണം നാം മക്കളെ ഓർക്കണമവർക്ക് നേടുവൻ

വഴിയൊരുക്കി വളർത്തണമൂർജ്ജമൊരുക്കി

വാട്ടമില്ലാതാർജ്ജവമുൾക്കൊള്ളാനുതകണം

മറക്കണം മക്കളിൻ കരുതലാർക്കുമളവറ്റതായ്കാണാതെ

മനസ്സിരുത്തി ജീവിതമാർജ്ജവമാക്കണം കരുതലാൽ

മർത്ത്യന് ഗുണപാഠം പക്ഷിയാലാർജ്ജിതമായ്

മാനത്ത് വിമാനം പറന്നത് നാം മറക്കാതിരിക്കണം.


രഘുകല്ലറയ്ക്കൽ

എന്തൊരു ചൂടാണിഷ്ടാ……

 



വേനൽ ചൂട് തുടങ്ങി. ഇനി കഠിനമായ ചൂടായിരിക്കും എന്നാണു കലാവസഥ നിരീക്ഷണ കേന്ദ്രം പറയുന്നത്.

അന്തരീക്ഷ താപം ഒരു പരിധിയിൽ കൂടുതൽ ഉയർന്നാൽ ശരീരതാപം പുറത്തേക്ക് പോകാൻ തടസ്സം നേരിടുകയും ശരീരം അമിതമായി ചൂടാവുകയും തലച്ചോറിനുള്ളിലെ ഹൈപ്പോതലാമസ് ഭാഗത്തുള്ള  താപ നിയന്ത്രണ സംവിധാനത്തിനു തന്നെ തകരാറു സംഭവിക്കുകയും ചെയ്യുന്നു. ഹൈപ്പോതലാമസ് ഭാഗം വേണ്ട രീതിയിൽ പ്രവർത്തിക്കാത്ത ശിശുക്കളിലും വൃദ്ധജനങ്ങളിലും സൂര്യാഘാത സാധ്യതകൾ കൂടുതലായിരിക്കും.

സൂര്യതാപം മൂലമുള്ള പൊള്ളലിന്റെ ലക്ഷണങ്ങൾ  

സൂര്യ പ്രകാശം നേരിട്ടു പതിക്കുന്ന ഷോൾഡർ ഭാഗത്താണു മിക്കവാറും ആദ്യം നീറ്റൽ അനുഭവപ്പെടുക ആ ഭാഗം ചുവന്നു വരുകയും ചിലപ്പോൾ കുമിളകൾ വരുകയും ചെയ്യാം. വെള്ളം തട്ടുമ്പോൾ നീറുകയും ചെയ്യാം. കുമിളകളെ പൊട്ടിക്കരുത്. പ്ളാസ്റ്ററുകൾ ഒട്ടിക്കരുത് കാരണം അവ പറിച്ചെടുക്കുമ്പോൾ പുറം തോൽ ഇളകിപോരാറുണ്ട് 

ശരീരതാപം നിയന്ത്രാണാതീതമായി കൂടുക, പനിയേക്കാൾ കൂടുതൽ ചൂട് തോന്നും. ശരീരം ചുവന്നു വരണ്ടിരിക്കുക. തലവേദന, തലകറക്കം, മാനസികാവസ്ഥയിലും ചിന്തകളിലും കുഴച്ചിൽ ഉണ്ടാകുക. നാഡീമിടിപ്പ്‌ കുറയുക എന്നിവയും പിന്നെ ബോധക്കേടും ഉണ്ടാകാം.

 ഈ ഘട്ടവും കഴിഞ്ഞാൽ ശരീര പേശികൾ കോച്ചി വലിക്കുകയും ഓക്കാനം ഛർദ്ധി എന്നിവയുമുണ്ടാകാം. അമിതമായി വിയർക്കാം , മൂത്രത്തിന്റെ അളവു വളരെ കുറയാം തുടർന്ന് അബോധാവസ്ഥയിൽ എത്തിചേരാം.

ചിലരുടെ ത്വക്ക് സൂര്യതാപത്തോട് അമിതമായി പ്രതികരിക്കുന്നതാകാം പ്രശ്നത്തിനു കാരണം. അത്തരക്കാർക്കു വലിയ ചൂടില്ലങ്കിൽ പോലും ശരീരത്തിനു പ്രശ്നം വരാം. അങ്ങനെയെങ്കിൽ അവരെ അൽട്രാ വയലറ്റ് രശ്മികൾ ഉപയോഗിച്ചുള്ള സ്കിൻ സെൻസിറ്റിവിറ്റി ടെസ്റ്റുകൾക്ക് വിധേയമാക്കേണ്ടതുണ്ട്. അതാണു കാരണമെങ്കിൽ ആന്തരികമായ മരുന്നുകൾ ഉപയോഗിക്കേണ്ടിവരും. ശരീരത്തിന്റെ ആ പ്രകൃതം തന്നെ മാറ്റണം.

എന്തൊക്കെ ശ്രദ്ധിക്കാം?

വേനൽ ചൂടു കൂടുതലുള്ളപ്പോൾ പുറത്ത് അധികം ഇറങ്ങണ്ട. സൂര്യപ്രകാശത്തിലുള്ള അൾട്രവയലെറ്റ്, ഇൻഫ്ര റെഡ് രശ്മികൾ ത്വക്കിന്റെ മേൽ പാളിയെ പൊള്ളിക്കുവാൻ തക്ക ശക്തമാണ്. ത്വക്കിലെ സ്വാഭാവിക  എണ്ണ മയം  കാത്തു സൂക്ഷിക്കുന്നവർക്ക് വലിയ പ്രശ്നമുണ്ടാകില്ല. ധാരാളം വെള്ളം കുടിക്കുക.  വെള്ളം കൂടുതൽ ഉള്ള പഴങ്ങൾ കഴിക്കുക. കരിക്കിൻ വെള്ളം ഫ്രൂട്ട് സാലഡ് പോലുള്ളവ ധാരാളം കഴിക്കുക. ഉപ്പിട്ട കഞ്ഞിവെള്ളമാണു ഏറ്റവും നല്ലത്.

അയഞ്ഞ വെളുത്ത വസ്ത്രങ്ങൾ ധരിക്കുക. വെയിലുകൊള്ളാതെ കുടപിടിക്കുക. കറുത്ത കുടയാണു നല്ലത്. കറുത്ത കുട സൂര്യപ്രകാശത്തിലെ മാരക രശ്മികളെ വലിച്ചെടുത്ത് സ്വയം ചൂടാകുന്നു, കുട ചൂടുന്നവനു ആ ചൂട് ബാധിക്കുകയില്ല.

കൂടുതൽ നേരമുള്ള കുളി ശരീരത്തിലെ എണ്ണമയം നഷ്ടപ്പെടുത്തും അതിനാൽ സൂര്യാഘാതമേൽക്കാനുള്ള സാധ്യത കൂടുതലാണ്. വാട്ടർ തീം പാർക്കിലെയും സ്വിമ്മിങ് പൂളിലേയും ക്ലോറിൻ വെള്ളത്തിലെ കുളി ത്വക്ക് കൂടുതൽ വരണ്ടതാക്കും.

ഒഴിവാക്കാവുന്ന അപകടങ്ങൾ

വെയിലത്ത് കുട്ടികളെ കാറിലിരുത്തി ലോക്കു ചെയ്തു ഗ്ളാസ് താഴ്ത്താതെ പുറത്തു പോകുന്ന ചില രക്ഷിതാക്കളെങ്കിലുമുണ്ട്. വൻ അപകടങ്ങൾ വരുത്തവുന്ന അവസ്ഥയാണിത്.

മദ്യപിച്ച് റോഡിൽ കിടക്കുന്നവരെ കണ്ടാൽ ഒന്നു തണലത്തേക്കു മാറ്റിയെങ്കിലും കിടത്തിയേക്കുക. ജീവനെങ്കിലും രക്ഷപെട്ടോട്ടെ.

ചൂടു കാലത്ത് ജോലി സമയം ക്രമീകരിക്കുക. 12 മണിമുതൽ 3 മണിവരെ വെയിലത്തുള്ള ജോലികൾ  ഒഴിവാക്കുക. തണലത്ത് വിശ്രമിക്കുക. ഫാൻ, എ.സി, എന്നിവ ഉപയോഗിക്കുക.

വേനൽ കാലത്ത് കുളിക്കേണ്ടത് പച്ചവെള്ളത്തിലല്ല. ഇളം ചൂടുവെള്ളത്തിലാണ്. കേൾക്കുമ്പോൾ നെറ്റി ചുളിക്കേണ്ട. പച്ചവെള്ളത്തിൽ കുളിച്ചു കഴിഞ്ഞു തലതുവർത്തുമ്പോഴേക്കും നാം വീണ്ടും വിയർത്തിട്ടുണ്ടാകും. എന്നാൽ  ഇളം ചൂടുവള്ളത്തിൽ ഒന്നു കുളിച്ചു നോക്കുക. അന്നത്തെ ദിവസം ശരീരത്തിനു കൂടുതൽ സുഖം അനുഭവപ്പടും. കുട്ടികളിൽ ചൂടുകുരു ശമിക്കാൻ ഒരെളുപ്പവഴിയുണ്ട്. ഒരു ബക്കറ്റ് വെള്ളമെടുത്ത് അതിൽ ഒരു സ്പൂൺ കല്ലുപ്പിടുക എന്നിട്ട് 11 മണിമുതൽ 3 മണിവരെ വെയിലത്തു വെച്ച് സൂര്യ വെളിച്ചത്തിൽ  ചൂടാക്കുക ആ വെള്ളത്തിൽ കുഞ്ഞിനെ കുളിപ്പിക്കുക ചൂടുകുരുവിനു ശമനമുണ്ടാകും.

ചൂടിനെ അങ്ങനെ വെറുക്കുകയൊന്നും വേണ്ട. അടുത്ത ഒരു നല്ല മഴകാലത്തിനു ഈ വേനൽ നല്ലതാണ്. ധാരാളം വിത്തുകൾ ഒരിടിമുഴക്കം കേൾക്കാൻ കൊതിച്ച് മണ്ണിൽ വെയിലാണ്ട് കിടപ്പുണ്ട്. ഈ കൊടും ചൂടിലും ധാരാളം മരങ്ങൾ തളീർക്കുന്നതും പൂക്കുന്നതും കാണുന്നില്ലെ! ചൂടും തണുപ്പും മഴയുമെല്ലാം പ്രകൃതിയുടെ വരദാനങ്ങളാണ്. അവയെ നമുക്കനുകൂലമായി മാറ്റുവാനാണ് നാം പഠിക്കേണ്ടത്. കാലാവസ്ഥാ വ്യതിയാനങ്ങളുണ്ടാക്കുന്ന  പ്രവൃത്തികൾ കുറയ്ക്കുവാൻ  നാമോരോരുത്തരും ബാധ്യസ്ഥരരാണെന്നതും മറക്കാതിരിക്കുക. സൂര്യതാപം അങ്ങനെ വെറുക്കേണ്ട ഒന്നല്ല.


ഡോ. ടി. ജി. മനോജ് കുമാർ


ഇന്തോന്വേഷ്യൻ ദിനങ്ങൾ

 



ആമുഖം

(ഇന്തോന്വേഷ്യ എന്ന രാജ്യത്തുകൂടി ഞാൻ പല പ്രാവശ്യം യാത്ര ചെയ്തിട്ടുണ്ട്. ജാവ, സുമാത്ര, ബാലി തുടങ്ങിയ പ്രദേശങ്ങളിലൂടെയായിരുന്നു എന്റെ യാത്ര. ഞാൻ അനുഭവിച്ചറിഞ്ഞ ഇന്തോന്വേഷ്യയെ പല അധ്യായങ്ങളിലായി വായനക്കാരിൽ എത്തിക്കുവാനുള്ള ഒരു ചെറിയ ശ്രമം.)


അധ്യായം 1: അഗ്നിപർവ്വതങ്ങളുടെ നാട്ടിൽ

രണ്ടായിരത്തിപ്പതിനേഴിലെ ജൂലൈ മാസത്തിലാണ് ഞാൻ ജക്കാർത്തയിലെ സ്വീകർണോ ഹാട്ടാ അന്തർദേശീയ വിമാനത്താവളത്തിൽ ഇറങ്ങിയത് . രാത്രി തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ നിന്നും യാത്ര പുറപ്പെട്ട്, ക്വലാലംബൂരിൽ നിന്നും മറ്റൊരു വിമാനത്തിലാണ് , രാവിലെ പത്തരയോടെ ഞാനിവിടെ എത്തിയത്. സിയേട്ടാ എന്ന ചുരുക്കപ്പേരിലും ഈ വിമാനത്താവളം അറിയപ്പെടുന്നു. ഇന്തോന്വേഷ്യയിലെ ആദ്യത്തെ പ്രസിഡന്റായിരുന്ന സ്വീകർണോയുടെയും വൈസ് പ്രസിഡന്റായിരുന്ന മുഹമ്മദ് ഹാട്ടായുടെയും പേരുകൾ ചേർത്താണ് ഈ വിമാനത്താവളത്തിന് പേരിട്ടിരിക്കുന്നത്.

ജക്കാർത്ത നഗരത്തിൽ നിന്നും ഇരുപതു കിലോമിറ്റർ വടക്കുപടിഞ്ഞാറായാണ് ഈ വിമാനത്താവളം സ്ഥിതി ചെയ്യുന്നത്. തെക്കൻ ഏഷ്യയിലെ ഏറ്റവും തിരക്കുള്ള ഈ വിമാനത്താവളം, 2013 ലെ കണക്കനുസരിച്ച് ലോകത്തിലെ എട്ടാമത്തെ തിരക്കുള്ള വിമാനത്താവളവുമാണ്. പലർക്കുമറിയാത്ത ചില കണക്കുകൾ കൂടിയുണ്ട് ഈ വിമാനത്താവളത്തിന്. വിമാന സർവീസുകളുടെ എണ്ണത്തിൽ ലോകത്തിൽ ഏഴാം സ്ഥാനവും, ഏഷ്യാപസഫിക് പ്രദേശത്ത് ഒന്നാം സ്ഥാനവും ഇതിനുണ്ട്. ജപ്പാനിലെ ടോക്കിയോ ഹാനേദ വിമാനത്താവളത്തിനേയും ഓസ് ട്രേലിയയിലെ സിഡ്നി വിമാനത്താവളത്തിനേയും പിൻതള്ളിയാണീ സ്ഥാനം കൈവരിച്ചിരിക്കുന്നത് . ഇത് രണ്ടായിരത്തിപ്പതിനേഴിൽ ഞാൻ ആദ്യമായി പോകുമ്പോൾ ഉള്ള കണക്കാണ്.

ആയിരത്തി തൊള്ളായിരത്തി എൺപത്തഞ്ചിലാണ് ഈ വിമാനത്താവളം പ്രവർത്തനമാരംഭിക്കുന്നത് . അന്നുണ്ടായിരുന്ന ഖേമയോരൺ വിമാനത്താവളത്തിനെ മാറ്റം വരുത്തിക്കൊണ്ടാണ് ഇത് പ്രവർ ത്തനം തുടങ്ങിയത്. ഹാലിം പെർദനകുസുമ അന്തർദേശീയ വിമാനത്താവളവും ഇതിനോട് ചേർത്തിട്ടാണ് ഇന്ന് കാണുന്ന വിമാനത്താവളം ഉണ്ടായത്.

ഇന്ത്യക്കാർക്ക് ഇന്തോന്വേഷ്യയിൽ  സൗജന്യ വിസയാണ്. ഇമിഗ്രേഷൻ കൗണ്ടറിൽ പാസ്സ്പോർട്ട്‌ കാണിക്കുക മാത്രമേ ആവശ്യമുള്ളൂ. കാര്യമായ പരിശോധനകൾ ഒന്നുമുണ്ടായില്ല. വിസ പതിപ്പിക്കാൻ രണ്ടു മിനിട്ടു പോലും സമയമെടുത്തില്ല. വരിയിൽ ഒരു പത്തു മിനിറ്റ് നിൽക്കേണ്ടി വന്നതൊഴിച്ചാൽ. വിമാനത്താവളത്തിൽ നിന്ന് തന്നെ അവിടത്തെ നാണയമായ റുപ്യയും മാറ്റിയെടുത്ത് , ഒരു സിമ്മും വാങ്ങി ഒരു ബസ്സിൽ കയറി നഗരത്തിലെത്തി. ഒരു മഹാനഗരമാണ് ജക്കാർത്ത. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ നഗരം. മെഗാപോളിറ്റിൻ പദവിയുള്ള നഗരം. അവിടത്തെ ബസ് സ്റ്റേഷനിൽ നിന്നും ഒരു

കയറി ഞാൻ മുറി ബുക്ക് ചെയ്തിരുന്ന ഫേവ് ഹോട്ടലിലെത്തി. ഒരു വലിയ ഹോട്ടൽ ചങ്ങലയുടെ ഭാഗമായിട്ടാണ് ഫേവ് ഹോട്ടൽ പ്രവർത്തിക്കുന്നത് . ഒരു വലിയ ഷോപ്പിംഗ് കോംപ്ലെക്സിന്റെ ഒൻപത്, പത്ത്, പതിനൊന്ന് നിലകളിലാണ് ഹോട്ടൽ. ഒൻപതാം നിലയിലെ റിസപ്ഷൻ വരെയും ടാക്സിയിൽ പോകാനാകും.

എല്ലാ സൗകര്യങ്ങളുമുള്ള ഒരു മുറിയായിരുന്നു എനിക്ക് ലഭിച്ചത്. തുടർന്നുള്ള മൂന്നു ദിനങ്ങൾ ഈ മുറി  എനിക്ക് സ്വന്തം. ജക്കാർത്തയെക്കുറിച്ച് ആവശ്യത്തിന് ഗൃഹപാഠം നടത്തിയിട്ടുതന്നെയാണ് ഞാൻ യാത്ര പുറപ്പെട്ടിരുന്നതെങ്കിലും, ഞാൻ റിസപ്ഷനിൽ നിന്നും ജക്കാർത്തയെക്കുറിച്ചുള്ള ചില ലഖുലേഖകൾ കൈവശമാക്കിയിട്ടുണ്ടായിരുന്നു. ഫേവ് ഹോട്ടൽ അടയാളപ്പെടുത്തിയതായിരുന്നു അവിടെ നിന്നും ലഭിച്ച ജക്കാർത്തയുടെ മാപ്പ്. ഇത്തരം മാപ്പുകൾ ഞാൻ എല്ലായിടങ്ങളിലും ചോദിച്ചു വാങ്ങാറുണ്ട്, അല്ലെങ്കിൽ മാപ്പിൽ ഹോട്ടൽ അടയാളപ്പെടുത്തി വാങ്ങും. നഗരത്തിലെവിടെനിന്നും നമ്മുടെ ഹോട്ടൽ എവിടെയാണെന്ന് മനസ്സിലാക്കാൻ ഇത് സഹായിക്കും. അത് പോലെ നമുക്ക് സന്ദർശിക്കേണ്ട സ്ഥലങ്ങളുടെ ദൂരം, ദിശ തുടങ്ങിയവ മനസ്സിലാക്കുവാനും ഇത്തരം മാപ്പുകൾ പ്രയോജനപ്പെടും.

എന്നെ കുറച്ചുനാളുകളെങ്കിലും ഒരു കോടിശ്വരനാക്കിയ രാജ്യം കൂടിയാണ് ഇന്തോന്വേഷ്യ. ഇന്തോന്വേഷ്യൻ റുപ്യാ ആണ് അവരുടെ നാണയം. നമ്മുടെ ഒരു രൂപ കൊടുത്താൽ ഏകദേശം200 ഇന്തോന്വേഷ്യൻ റുപ്യാ കിട്ടും. ഒരാൾക്ക് അവിടെ കോടിശ്വരനാകണമെങ്കിൽ 720 ഡോളറിൽ  താഴെ മതിയാകും. ഞാൻ ഡോളർ മാറ്റിയെടുത്ത സ്ഥലത്തെ സ്ത്രീയോട് തമാശയായി ഇക്കാര്യം പറയുകയുമുണ്ടായി. എന്നെ കോടിശ്വരനാക്കിയ വ്യക്തിയെന്ന പദവി അവർക്കിഷ്ടപ്പെടുകയും ചെയ്തു. അതുപോലെ തന്നെ ഞാൻ അവിടെ ആദ്യം കഴിച്ച ഉച്ചഭക്ഷണത്തിന്റെ ബില്ലും അങ്ങനെ തന്നെയായി രുന്നു. നാപ്പതിനായിരത്തിന്റെ മുകളില് വന്ന ബില്ല് കണ്ട ഞാന് ആദ്യമൊന്നു പകച്ചു. പിന്നെ ഫോണിലെ കാൽക്കുലേറ്റർ എടുത്തു കണക്കു കൂട്ടിനോക്കി. ഏതാണ്ട് 200 രൂപാ മാത്രം. ഇവരുടെ നാണയ വിനിമയവുമായി പൊരുത്തപ്പെടുവാൻ ഒന്ന് രണ്ടു ദിവസങ്ങൾ തന്നെയെടുത്തു.


ഡോ. സുനീത് മാത്യു

തുടരും

കൊറോണിസം

 



പോക്കർക്കാക്കു  ഹാർട്ടിന് ഓപ്പറേഷൻ കഴിഞ്ഞു .. ഡിസ്ചാർജ് ചെയ്തു  വീട്ടിൽ  എത്തി. വിവരം അറിഞ്ഞു പോക്കർക്ക മെമ്പർ  ആയിട്ടുള്ള  “മോർണിംഗ് വാക് ” വാട്ട്സാപ്പ് ഗ്രൂപ്പിലെ മെംബേർസ് വീടിനു നേരെ വരുന്നത് കണ്ട പാത്തുമ്മാത്ത  ഗേറ്റിൽ തന്നെ ചെക്ക് ഇട്ടു… അല്ലാ എങ്ങട്ടാ…. പ്പ ങ്ങളൊക്കെ?

” ഇത്തിരി പുണ്യം മാങ്ങാൻ വന്നതാ”  ഓറഞ്ച് ന്റെ കീസ് ചെറുതായി ഒന്ന് എടുത്തു വീശികൊണ്ട്  വന്നോരിൽ ഒരാൾ മാസ്ക് താത്തി.

പുണ്യം മാങ്ങാനോ? 

രോഗീ സന്ദർശനം പുണ്യം തന്നെ  അല്ലെ, താത്തെ?

അതൊക്കെ ശരി ന്നെ.. പക്ഷെ ആരെയും അടുപ്പിക്കരുതെന്ന്  ഡോക്ടർ പറഞ്ഞീനി…

കൊറോണ ഒക്കെ കൈഞ്ഞീലെ ?  മ്മക്ക് ഒന്ന് കണ്ടാ മതി..

നഹീ ന്നു പറഞ്ഞാ നഹീ….

ഇവർ തിരികെ പോയി

സുബ്ഹി ജമാഅത്തു കഴിഞ്ഞാൽ   കുഞ്ഞുണ്ണിയേട്ടന്റെ ചായ കടയിൽ നിന്നും ഒരു കാലി പോക്കർക്കാക്കു നിർബന്ധമായിരുന്നു.  “കുഞ്ഞുണ്ണിയേട്ടൻ ഫാൻസ് ” ഗ്രൂപ്പ് അഡ്മി  ജാഫറിന്റെ നേതൃത്വത്തിൽ  സ്ഥലത്തെ പ്രധാന  നവോദ്ധാന വെള്ളയും വെള്ളയും  നേതാക്കൾ   ആണ് ഗേറ്റിൽ… ഇപ്പോൾ.

 വന്ന  വിഷയം താത്ത  അന്വേഷിച്ചപ്പോൾ വിൽസ് നിലത്തിട്ടു ജാഫർ കാര്യം അവതരിപ്പിച്ചു.

കൊറോണ ഒക്കെ ആയോണ്ട്  വിസിറ്റേഴ്സ് നെ കുറക്കാൻ ആണ്  ഡോക്ടർമാർ പറഞ്ഞത്… അത് കൊണ്ട് കാണൽ നടക്കൂല്ലാ ട്ടോ ന്നു പാത്തുമ്മാത്ത വട്ടം വെച്ചു..

വെള്ളക്കാർ പതുക്കെ  ഗേറ്റിൽ നിന്നും വലിഞ്ഞു….

അടുക്കളെടെ ഭാഗത്തു  നിന്നും  ആണ് കുടുംബശ്രീ സലീനാത്തയുടെ നേതൃത്വത്തിൽ  ഒരു പെൺ പട എറേ പൊറത്ത് നിന്നും

“എത്തേണ്ണീ കാക്കാക്കു പറ്റീതു..”  

പാത്തുമ്മാത്ത  ഒറ്റ വീർപ്പിൽ നെഞ്ച് വേദന വന്നത് മുതൽ ഇന്നലെ വരെ ഉള്ള   കഥകൾ പറഞ്ഞു തീർത്തു.ഒന്ന് വീതം നാലു നേരംആയി  ഈ കഥകൾ  പാത്തുമ്മാത്ത കുറച്ചീസം  ആയി സ്ഥിരമായി  പലരോടും  പറയുന്നത് കൊണ്ട്  അടുപ്പത്തെ ചോറ്നു വേവ് നോക്കുമ്പൾ പോലും ഈ കഥ വള്ളി പുള്ളി തെറ്റാതെ പറയാൻ പാത്തുമ്മാത്താക്കു പറ്റി… ..

കുഞ്ഞുണ്ണിയേട്ടന്റെ കടയിൽ  ചർച്ചാ വിഷയം  പോക്കർക്ക ആണ്.. ന്നാലും പോക്കർക്കാനെ പോലെ ഒരാൾക്ക് ഹാർട്ട് അറ്റാക്ക് വന്നതേ… രാവിലെ കൃത്യമായി വ്യായാമം ഉള്ള,  ഒരു ദുശ്ശ്ശീലവും ഇല്ലാത്ത മൂപ്പർക്ക് ഇതു വരുമെന്ന് വിചാരിച്ചീല…  മുന്ന ആശങ്കപ്പെടുകയാണ്..

 ക്രിക്കറ്റ്  കളിക്കാരൻ ഗാoഗുലിക്കു വന്നത് വ്യായാമകുറവൊണ്ട് ഒന്നും  അല്ലല്ലോ.. അല്ലേലും ഈ അസുഖവും ജീവിത ശൈലിയുമായി ഇപ്പോൾ ഈ പറയുന്നപോലത്തെ  ബന്ധമൊന്നും ഇല്ലാന്നാ എനിക്ക് തോന്നുന്നത്. 

തൻ്റെ കയ്യിൽ പുകയുന്നതിനെ റസാക്ക് ന്യായീകരിക്കുകയാണ്..

എക്സ് ആർമി നൂറുട്ടി ഇടപെട്ടു..

ആരു പറഞ്ഞു ബന്ധമില്ലാന്നു..  പണ്ട് ഞാൻ ബോർഡറില് ഉണ്ടായിരുന്നപ്പോൾ  ഒരുത്തന്   പരേഡ് നടക്കുമ്പോൾ ഇതു പോലെ നെഞ്ചു വേദന  വന്നു………

ബോബിച്ചൻ :  എന്തോ…. ആ…… ഇപ്പ വരാം..  കടയിലെ സ്റ്റാഫ് വിളിക്കുന്നു….

നൂറുട്ടി : ഇതൊന്നു മുഴുവൻ കേട്ടിട്ട് പോടാ ബോബി…

ബോബി : ഞാൻ ഈ കഥ രണ്ടു വട്ടം  കേട്ടതാ.. മുന്ന ഇരുന്നു തരും ഇന്ന് വെള്ളിയാഴ്ച അല്ലെ ഓന് ലീവ് ആണ്…

നമ്മുക്ക് ഉപ്പാനെ കുറച്ചു ദിവസം ദൂരെ   വല്ല   വാടകവീട്ടിലേക്കു എങ്ങോട്ടെങ്കിലും മാറ്റിയാലോ…

ബി എസ് സി നഴ്സിംഗ് നു പഠിക്കുന്ന  മകൻ  ആണ്  ഈ ഐഡിയ അന്ന്  രാത്രി ഇട്ടത്..

ഓപ്പറേഷനു പൈസ  കടം  തന്ന ഷീത്തായോട്   ഇനി ഇപ്പോൾ  എങ്ങനെയാ ഈ ചിലവിനും കൂടി പൈസ  ചോദിക്കുക.. പാത്തുമ്മാത്താന്റെ നെഞ്ചു നീറി…

പിറ്റേന്ന് സുബ്ഹിക്ക്   ആരും കാണാതെ പോക്കർക്കാനെ അവിടെ നിന്നും കടത്തി…. ദൂരെ ശാന്തമായ ഒരിടത്തെത്തി. അവിടെ എത്തിയപ്പോൾ ഹോസ്പിറ്റലിൽ തൊട്ടടുത്ത റൂമിൽ നിന്നും ഡിസ്ചാർജ് ചെയ്ത  ബിജു ചേട്ടനും ഫാമിലിയും…

നിങ്ങൾ ? ഇവിടെ?

ആ ഞങ്ങൾ വീട്ടിലേക്ക് ഒന്നും പോകാൻ നിന്നില്ല.. ഡിസ്ചാർജ് കഴിഞ്ഞു നേരെ ഇങ്ങോട്ട് പോന്നു…


ഡോ. അൻവർ  റഹ്‌മാൻ ടി. കെ.

കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ടു സ്ത്രീകളുടെ കത

 



കല്യാണിയുടെയും ദാക്ഷായണിയുടെയും കത അവരുടെ മാത്രം ‘കത’യല്ല. ഒരു ദേശത്തിന്റെ മുഴുവൻ കഥയാണ്. ചേയിക്കുട്ടിയുടെ, കോപ്പുകാരന്റെ, കോപ്പുകാരൻറനിയൻ ലക്ഷ്മണന്റെ, ബിജുവിന്റെ, , കൈശുമ്മയുടെ, മരിച്ചു പോയ ബല്ല്യേച്ചിയുടെ, മച്ചിനന്റെ അങ്ങനെ അനേകം പേരുടെ കഥയാണ്. കല്യാണിയുടെ ആലയിലെ പശുക്കളുടെയും വീടിന്റെയും കിണറിന്റെയും ചോന്നമ്മയുടെയും ചോന്നമ്മക്കോട്ടത്തിന്റെയും കഥയാണ്.

“ഞാൻ ” എന്ന കഥ പറയുന്നവൾ മന:ശ്ശാസ്ത്രജ്ഞന്റെ മുന്നിൽ ചിത്രം വരക്കുന്നതിന് പകരം വരച്ചിടുന്നതാണ് കഥ. അയാൾക്ക് ചിത്രം വിശകലനം ചെയ്യുന്നതിലും എളുപ്പത്തിൽ കാര്യങ്ങൾ മനസ്സിലാകുകയും ചെയ്യുന്നു. വരച്ചിടുന്ന കഥയിലെ കഥാപാത്രങ്ങളെ വരച്ചിടാൻ ശാരീരിക വിവരണങ്ങൾ ഒന്നും ഇല്ല. അതിർവരകളേക്കാൾ അകത്ത് നിറക്കുന്ന നിറങ്ങളിൽ ശ്രദ്ധിച്ച് വരച്ച ചിത്രം പോലെ.

ചുമന്ന പുകയായി അണ്ടിമാവിന്റെ മുകളിൽ നിന്നൂർന്നിറങ്ങി നിലം തൊടുമ്പോൾ ചിലമ്പിന്റെ ഒച്ചയാൽ അറിയാവുന്ന ചോന്നമ്മയെ പോലെ, പറയാനുള്ള കാര്യം പറയാതെ മറ്റെന്തൊക്കെയോ പറഞ്ഞ് പഴി കേൾക്കുന്ന അബൂബക്കറെ പോലെ കഥാപാത്രങ്ങൾ വായനക്കാരുടെ മനസ്സിൽ മിഴിവാർന്ന് തെളിഞ്ഞ് വരും.

അതിർവരകളില്ലാതെ വരച്ചിട്ട കഥാപാത്രങ്ങളായത് കൊണ്ടാണോ എല്ലാവരുംകൂടി വായനക്കാരന്റെ മനസ്സിൽ ഇങ്ങനെയങ്ങ് കേറിപ്പറ്റുന്നത്.?

അല്ലെങ്കിലും കല്യാണിയുടെയും ദാക്ഷായണിയുടെയും ദേശത്ത് അതിരുകളില്ലായിരുന്നല്ലോ ! അതാണല്ലോ ദാക്ഷായണിക്ക് എവിടെയും വളച്ചുകെട്ടി അതിരുകൾ ഇടുന്ന ആണിക്കാരന്റെ ദേശത്ത് വച്ച് ഭ്രാന്ത് പിടിച്ചത്. അവൾക്ക് കൊല്ലത്തിൽ പതിനൊന്നു മാസം മാത്രമായത്. ബിജു പറഞ്ഞ പോലെ

” നമ്മളേടെങ്കിലും പോയാലെ നമ്മള നാടിന്റെ വെലയറീലും കേട്ടാ. അതിങ്ങനമ്മള ബേക്ക്ന്ന് മാന്തിക്കോണ്ട്ക്കും, സൊയിരം തരൂല.”

കഥാപാത്രങ്ങളുടെ ആഴങ്ങൾ തന്നെയാണ് നോവലിനെ ഏറ്റവും ആകർഷകമാക്കുന്നത്.

ചേയിക്കുട്ടി അനേകം ചുഴികളും ഗർത്തങ്ങളും ഉള്ളിൽ പേറിക്കൊണ്ടും ‘മോന്റോളെ ‘ പെൺമക്കളിൽ നിന്ന് പൊതിഞ്ഞ് പിടിക്കുന്നു. മനോഹരമായ ഒരു ബന്ധത്തിന്റെ നൂലിഴകളാൽ അവളെ ചേർത്തു നിർത്തുന്നു. രാത്രിയുടെ ഏകാന്തതയിൽ’ കുറ്റിയേരത്തി’ രുന്ന് ബീഡി വലിച്ച് ഉള്ളിലെ ചുഴികളിൽ ചുറ്റിക്കറങ്ങുന്നു.

പെൺ കാമനകളെ സുന്ദരമായി വരച്ചിടുമ്പോഴും പുരുഷനെ ശത്രുവായിക്കാണുന്ന ഏകപക്ഷീയ സ്ത്രീ ചിന്തകളില്ല ഇവിടെ. എങ്കിലും സ്ത്രീക്കെതിരായ സാമൂഹിക പക്ഷഭേദങ്ങൾ സ്വാഭാവികമായി കടന്നു വരുന്നു. സാമൂഹിക സമ്മർദ്ദങ്ങളും ഒറ്റപ്പെടുത്തലുകളും അവഗണിച്ചും അതിജീവിച്ചും തന്നെയാണ് സ്കൂൾ വിദ്യാഭ്യാസം പോലും പൂർത്തിയാക്കാത്ത കല്യാണിയും ദാക്ഷായണിയും കാലപ്രവാഹത്തിൽ സ്വന്തം തോണികൾ തുഴയുന്നത്. കല്യാണിയോടും ദാക്ഷായണിയോടും തെല്ല് അസൂയ തോന്നാതെ വയ്യ! ആരാധന കലർന്ന അസൂയ. ഏതാണ്ട് അരനൂറ്റാണ്ട് മുമ്പ് കണ്ണൂരിലെ ഒരു കുഗ്രാമത്തിൽ സ്വന്തം ജീവിതങ്ങൾ കൊണ്ട്, സ്വന്തം ജീവിതത്തിന്റെ ഉത്തരവാദിത്തം പൂർണ്ണമായി ഏറ്റെടുത്ത് കൊണ്ട് അവർ നടത്തിയ സ്വാതന്ത്ര്യ പ്രഖ്യാപനങ്ങൾ കണ്ട്. കുറഞ്ഞ പക്ഷം അവരെ പോലെ തനിക്ക് പറ്റാത്തത് പറ്റില്ലാന്ന് തീരുമാനിക്കാനെങ്കിലും എല്ലാവർക്കും കഴിഞ്ഞിരുന്നെങ്കിൽ!

വടക്കൻ ഭാഷയിൽ, വടക്കൻ രുചികളിൽ വടക്കൻ ദേശത്തിന്റെ ‘കത’ പറഞ്ഞ തെക്കൻ മാതാപിതാക്കളുടെ വടക്കത്തി മകളായ പ്രിയ കഥാകാരീ ഇനിയുമിനിയും എഴുതി നിറക്കുക.


പ്രീതരാജ്

പ്രതികരണങ്ങൾ


 


ഇതിവൃത്തത്തിന്റെ പുതിയ ലക്കം വായിച്ചു. കഥകളിൽ അൽപ്പം കാര്യങ്ങൾ കൂടി ഉൾപ്പെടുത്തി ഒരേപോലെ രസകരവും വിജ്ഞാനപ്രദവുമായ ഒരു ലക്കം ആയിരുന്നു ഇത്. ചിന്തിപ്പിക്കുന്ന മുഖമൊഴിയിൽ തുടങ്ങി കവിതകളും,കഥകളും, നിരൂപണങ്ങളും, ലേഖനങ്ങളും എല്ലാം ഒന്നിനൊന്നു മെച്ചം. ഡോ. മനോജ് കുമാറിന്റെ നമ്മുടെ കണക്കുകൂട്ടലുകൾ തെറ്റുമ്പോൾ എന്ന ടോപിക് എനിക്ക് എന്റെ ക്ലിനിക്കൽ ലൈഫിലും ഉപകാരപ്രദമായിരിക്കും. അടുത്ത ലക്കത്തിനായി ക്ഷമയോടെ കാത്തിരിക്കുന്നതിനൊപ്പം ഈ ലക്കത്തിന്റെ പിന്നിൽ പ്രവർത്തിച്ചവർക്ക് എന്റെ അഭിനന്ദനങ്ങൾ.

ഡോ. വൈഷ്ണവി അരുൺ, നന്മണ്ട


മാർച്ച് മാസത്തിലെ ഇതിവൃത്തം വായിച്ചു. വളരെ നന്നായിട്ടുണ്ട്. ഡോ. സുനീത് മാത്യു എഴുതിയ മുഖമൊഴി എടുത്തു പറയേണ്ടതാണ്. ഇതിലെ കഥകളും, കവിതകളും, ലേഖനങ്ങളും ഒന്നിനൊന്നു മെച്ചം. ഓൾ ദി ബെസ്റ് ഫോർ ദി ടീം.

ഡോ. ഷമ്മി പോൾ, ഗോവ


ഇതിവൃത്തം മാസികയുടെ എഡിറ്റോറിയൽ ബോർഡിന് അഭിനന്ദനം അറിയിച്ചുകൊണ്ട് തുടങ്ങട്ടെ. സമൂഹത്തിലെ നല്ല എഴുത്തുകാരുടെ അനുഭവവും നൈപുണ്യവും ഒത്തുചേർത്ത് ഇങ്ങനെയൊരു ഇ – മാസിക തുടങ്ങിയതിൽ എനിയ്ക്ക് അതീവ സന്തോഷമുണ്ട്. ഇതിൽ ഓരോ വിഭാഗങ്ങളും ഒന്നിനൊന്ന് മെച്ചപ്പെട്ടതാണ് എന്നാണ് എന്റെ അഭിപ്രായം. എല്ലാം ഓൺലൈൻ ആയ ഇക്കാലത്ത് ഇത്തരം മാസികകൾ ലോകത്തെവിടെയും വായിക്കുവാൻ കഴിയും എന്നതും ഒരു നല്ല കാര്യമായി തോന്നുന്നു. ഈ ലക്കത്തിൽ എനിയ്ക്ക് ഏറ്റവും ഹൃദയസ്പർശിയായി തോന്നിയത് ഡോ. സുകേഷിന്റെ എന്നിൽ പ്രണയം അവശേഷിക്കുന്നില്ല എന്നൊരു കവിതയാണ്. പ്രണയത്തിന്റെ പ്രതിബിംബങ്ങളിലെല്ലാം ഒരു കൃത്രിമത്ത്വം നിഴലിക്കുന്നുണ്ട്, ലോകം ഒരു കൃത്രിമത്ത്വത്തിലേക്കാണ് പോകുന്നത് എന്നൊരു നല്ല സന്ദേശം അദ്ദേഹം നൽകുന്നുണ്ട്. ഇനിയും ഇതിവൃത്തം യാത്ര തുടരട്ടെ. എല്ലാ ഭാവുകങ്ങളും നേരുന്നു. 

വിദ്യ വിനോദ്, ഷാർജ  


ചിന്തിപ്പിക്കുന്ന മുഖമൊഴി, ലേഖനം. വിജ്ഞാനം പകരുന്ന ആരോഗ്യ, യാത്രാ ലേഖനങ്ങൾ. പക്വതയാർന്ന പാചകം, രസിപ്പിക്കുകയും, ചിന്തിപ്പിക്കുയും ചെയ്യുന്ന കഥകളും കവിതകളും. മനോഹരങ്ങളായ കവർ ചിത്രങ്ങൾ പുതിയൊരു ലക്കം കാണുമ്പോൾ തന്നെ മനസ്സിന് ഒരു കുളിർമ്മ പകരുന്നു. പുസ്തകാസ്വാദനം പഴയലക്കങ്ങളുടെ അത്ര പോര എന്ന് വ്യസനപൂർവം അറിയിക്കുന്നു. മാസികയ്ക്ക് എല്ലാ ഭാവുകങ്ങളും.

ശ്രീനിവാസൻ, കൊരട്ടി


മാസിക എനിയ്ക്കേറെ ഇഷ്ടമായി. പഴയലക്കങ്ങൾ വായിക്കുവാനുള്ള ഓപ്ഷൻ വെബ് മാഗസിനിൽ ഉള്ളതുകൊണ്ട് എല്ലാ ലക്കങ്ങളും വായിച്ചു. പുതിയതിനായി കാത്തിരിക്കുന്നു.

അലി അക്ബർ, മലപ്പുറം 


ധാരാളം അഭിപ്രായങ്ങൾ ലഭിക്കുന്നുണ്ട് എങ്കിലും പലതും മാസികയിൽ ചേർക്കുവാൻ കഴിയുന്നില്ല എന്ന് ഖേദപൂർവ്വം അറിയിക്കട്ടെ. മലയാളത്തിൽ ടൈപ്പ് ചെയ്‌തു നൽകുന്നതിനും പലർക്കും കഴിയുന്നില്ല. ചിലരെല്ലാം ശബ്‍ദ രേഖകളായും അറിയിക്കുന്നുണ്ട്. എല്ലാവർക്കും മാസികയുടെ അകമഴിഞ്ഞ നന്ദി.

എഡിറ്റർ

മത്തൻപൂ ബജ്ജി

 



മത്തങ്ങ കൊണ്ട് പലവിഭവങ്ങളും നമുക്ക് പരിചിതമാണ്. അടുത്തയിടയായി കേക്ക് പോലും ഉണ്ടാക്കുവാൻ തുടങ്ങി. മത്തൻ പൂവ് നമ്മൾ അത്രയധികമൊന്നും ഉപയോഗിക്കുവാൻ തുടങ്ങിയിട്ടില്ല. മനോഹരമായ ഈ പൂവുകൊണ്ടുണ്ടാക്കുന്ന ഒരു ബജ്ജി ഞാൻ ഇവിടെ പരിചയപ്പെടുത്തുന്നു.

ജീവകം എ യുടെ ഒരു നല്ല സ്രോതസ്സ് ആണ് ഈ പൂക്കൾ. കുട്ടികളുടെയും മുതിർന്നവരുടെയും കണ്ണുകളുടെ ആരോഗ്യത്തിന് ഉത്തമം. ഇതിൽ നല്ല തോതിൽ അടങ്ങിയിരിക്കുന്ന ഫോസ്ഫറസ് എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യം സംരക്ഷിക്കുന്നു. കുട്ടികളിൽ ഇവയുടെ വളർച്ചയ്ക്കും സഹായിക്കുന്നു. ഒരു പൂവിൽ ഏകദേശം 3.5 മില്ലീഗ്രാം പൊട്ടാസിയം അടങ്ങിയിട്ടുണ്ട്. ഇത് രക്താതിസമ്മർദ്ധം ഉള്ളവരിൽ വളരെ ഗുണകരമാണ്. ഇതിൽ അടങ്ങിയിട്ടുള്ള ഫോളിക് ആസിഡ് ബീജങ്ങളുടെ ഉൽപ്പാദനത്തിന് സഹായകരമാണ്. വന്ധ്യതയുള്ളവർക്കും ഗർഭിണികൾക്കും ആരോഗ്യകരമായ ഒരു ഭക്ഷണമാണിത്. മഗ്നീഷ്യം, ഇരുമ്പ്, ജീവകം ബി (തയാമിൻ, നിയാസിൻ) എന്നിവ ചെറിയ തോതിലാണെങ്കിലും അടങ്ങിയിരിക്കുന്നു. മാംസ്യവും നാരുകളും വളരെയധികം അടങ്ങിയിരിക്കുന്ന ഒരു ഭക്ഷണമാണ് കടലമാവ്.

ചേരുവകൾ

മത്തൻ പൂക്കൾ : 10 – 12 എണ്ണം

പാചക എണ്ണ : ½ കപ്പ്

കടലമാവ് : ഒരു കപ്പ്

കായപ്പൊടി : 1/2 സ്പൂൺ

മുളകുപൊടി : 1 സ്പൂൺ

ഉപ്പ് ആവശ്യത്തിന്

ഉണ്ടാക്കുന്ന വിധം

മത്തൻ പൂക്കളും എണ്ണയും ഒഴികെയുള്ള ചേരുവകൾ ആവശ്യത്തിന് വെള്ളത്തിൽ കലക്കി പൂക്കൾ മുക്കുവൻ പറ്റുന്ന വിധത്തിൽ കുഴമ്പു രൂപത്തിൽ തയ്യാറാക്കുക. ഒരു പാനിൽ വെളിച്ചെണ്ണയോ, മറ്റു പാചക എണ്ണയോ തിളപ്പിച്ചതിനു ശേഷം പൂക്കൾ തയ്യാറാക്കി വച്ചിരിക്കുന്ന കടലമാവ് കുഴമ്പിൽ മുക്കി വറുത്തെടുക്കുക. രുചികരമായ മത്തൻ പൂ ബജ്ജി തയ്യാർ.


ഡോ. ഷേർളി സുനീത്