ഒരു വിനോദ യാത്ര എന്നാൽ പേരുപോലെ വിനോദം നിറഞ്ഞതാകണം. അത് നമ്മുടെ മനസ്സിനെ ഉല്ലസിപ്പിക്കുന്നതാകണം. സന്തോഷം പ്രദാനം ചെയ്യുന്നതാകണം. അതിനു വേണ്ടി പണം ചിലവഴിക്കുന്നവർ ധാരാളമുണ്ട്. മിക്ക രാജ്യങ്ങളുടെയും പ്രധാന വരുമാന മാർഗ്ഗം ഇത് തന്നെയാണ്. കോവിഡ് 19 എന്ന ഈ മഹാമാരി ഇല്ലാതാക്കിയത് നൂറോളം രാജ്യങ്ങളുടെ ഈ മേഖലയിലെ വരുമാന മാർഗ്ഗത്തെയാണ്. 2018 ലെ കണക്കനുസരിച്ച് 17 ലക്ഷം കോടി രൂപയുടെ വരുമായിരുന്നു ഇന്ത്യയ്ക്ക് ഈ മേഖലയിൽ നിന്നും ലഭിച്ചത്. ഇന്ത്യ ടൂറിസം രംഗത്തെ അതികായരൊന്നും അല്ല എന്നുകൂടി ഓർക്കണം. ഏതാണ്ട് അഞ്ചു കോടി ജനങ്ങൾ ഈ തൊഴിലിൽ വ്യാപൃതരുമായിരുന്നു. ഇന്ത്യൻ ജനതയുടെ ഏഴു ശതമാനം ആളുകൾ ഈ മേഖല കൊണ്ട് ജീവിച്ചിരുന്നു എന്നർത്ഥം.
ഒരിക്കൽ കേരളം വിദേശികളുടെ ഇടയിൽ പ്രശസ്തമായിരുന്നു. ദൈവത്തിന്റെ സ്വന്തം നാട് അവരെ വല്ലാതെ ആകർഷിച്ചിരുന്നു. എന്നാൽ കുറെയേറെ വർഷങ്ങളായി കേരളത്തിന്റെ ആ പ്രഭാവത്തിനു മങ്ങൽ ഏറ്റിരിക്കുകയായിരുന്നു. അതിനു കോവിഡുമായി വലിയ ബന്ധമൊന്നുമില്ല. അതിന്റെ കാരണങ്ങളിലേക്കുള്ള ഒരെത്തിനോട്ടമാണ് ഈ ലേഖനം.
ടൂറിസം പ്രധാനമായും രണ്ടായി തിരിക്കാം. സ്വദേശീയം, വിദേശീയം എന്നിങ്ങനെ. ഇന്നിതിന് ധാരാളം വേറെയും വകഭേദങ്ങളുണ്ട്. ബിസ്സിനെസ്സ്, മെഡിക്കൽ, അഡ്വെഞ്ചർ, മൗണ്ടൻ, ബീച്ച് തുടങ്ങി പലതും. ഒരു രാജ്യത്തേയ്ക്കു വിദേശ പൗരന്മാർ എത്തുമ്പോഴാണ് വിദേശ പണവും അവിടേയ്‌ക്കെത്തുന്നത്. സ്വദേശ സഞ്ചാരം തൊഴിലവസരങ്ങൾ ഉണ്ടാക്കുന്നതോടൊപ്പം പണത്തിന്റെ വിനിമയവും കൂട്ടുന്നുണ്ടാകാം. ഒരു രാജ്യത്തിന്റെ വരുമാനത്തിൽ കൂടുതൽ വർദ്ധനയുണ്ടാക്കുന്നത് വിദേശ സഞ്ചാരികൾ എത്തുമ്പോഴാണ് എന്നത് തർക്കമറ്റ ഒരു കാര്യമാണ്.
ഇന്ത്യ സന്ദർശിക്കുന്ന വിദേശികൾ കൂടുതലായും സന്ദർശിക്കുന്ന സംസ്ഥാനങ്ങൾ തമിഴ്‌നാട്, മഹാരാഷ്ട്ര, ഗോവ, ഉത്തർപ്രദേശ് എന്നീ സംസ്ഥാങ്ങൾ ആണ് എന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. സ്ഥലങ്ങളാകട്ടെ ഡൽഹി, മുംബൈ, ചെന്നൈ, ഗോവ, ആഗ്ര, ജയ്‌പൂർ എന്നിവിടങ്ങളും. 2010 ൽ കേരളം ടൂറിസം ഡെവെലപ്പ്‌മെന്റ് കോർപ്പ റേഷൻ ഏതാണ്ട് 6,60,000 വിദേശികളെ കേരളത്തിൽ എത്തിച്ചിരുന്നു.
എന്നാൽ ചുരുങ്ങിയ വർഷങ്ങൾക്കുള്ളിൽ കേരളത്തിലേക്ക് വരുന്ന വിദേശികളുടെ എണ്ണം ഗണ്യമായി കുറയുന്നതാണ് നമ്മൾ പിന്നീട് കണ്ടത്. കേരളത്തിന്റെ സമാനമായ കാഴ്ചകളും കാലാവസ്ഥയുമുള്ള ശ്രീലങ്കയിലേക്ക് വിദേശികൾ ചുവടുമാറ്റുകയായിരുന്നു. അതിനെ തടയുവാൻ നമുക്കായില്ല എന്നത് ഒരു വസ്തുത തന്നെയാണ്. അക്കാലത്തു നടപ്പിലാക്കിയ മദ്യ നിരോധന നയം ഇതിന്റെ ആക്കം കൂട്ടുകയും ചെയ്തു.
കേരളത്തിലെ വിനോദ സഞ്ചാര മേഖലയ്ക്ക് തടസ്സമാകുന്ന കാര്യങ്ങൾ നമുക്ക് പരിശോധിക്കാം. ഏതെങ്കിലും ഒരു കാരണം മാത്രമായി ചൂണ്ടിക്കാണിക്കുവാൻ നമുക്ക് കഴിയുകയില്ല. പല കാരണങ്ങൾ ഒത്തു ചേരുമ്പോൾ സംഭവിക്കുന്ന ഒന്നാണിത്. ചില കാര്യങ്ങൾ മാത്രം എടുത്തു പറയുവാൻ ആഗ്രഹിക്കുന്നു.
വിനോദ സഞ്ചാര മേഖലകൾ വൃത്തിയായി സംരക്ഷിക്കുന്നതിൽ നമ്മൾ അത്ര ജാഗരൂകരല്ല. വിദേശികൾ ഇക്കാര്യത്തിൽ വളരെയധികം ശ്രദ്ധ കൊടുക്കുന്നവരാണ്. വിദേശങ്ങൾ സന്ദർശിച്ചിട്ടുള്ളവർക്ക് ഈ വ്യത്യാസം മനസ്സിലാകും. വൃത്തിഹീനമായ സാഹചര്യത്തിൽ യാത്ര ചെയ്യുവാൻ അവർ മടിക്കും.
നമ്മുടെ സംസ്ഥാനം ബീച്ചുകൾ, ഭംഗിയുള്ള മലകൾ തുടങ്ങി വിനോദസഞ്ചാരത്തിനാവശ്യമായ ചേരുവകൾ കൊണ്ട് സമൃദ്ധമാണ്. അത് വേണ്ട വിധത്തിൽ അവതരിപ്പിക്കുവാനോ, പുതിയ പുതിയ ഇടങ്ങൾ രൂപപ്പെടുത്തുവാനോ ശ്രമിക്കുന്നില്ല എന്ന് പറയാതെ വയ്യ. നാം അത്ര പ്രാധാന്യം മാത്രമേ ഈ മേഖലയ്ക്ക് നൽകുന്നുള്ളൂ എന്നതാണ് ഇതിനു കാരണം. നമ്മുടെ സംസ്ഥാനം പോലെയോ, ഇതിനേക്കാൾ മനോഹരങ്ങളോ ആയ ധാരാളം പ്രദേശങ്ങൾ മറ്റു സംസ്ഥാനങ്ങളിലും മറ്റു രാജ്യങ്ങളിലും ഉണ്ട് എന്ന കാര്യം വിസ്മരിക്കരുത്. സഞ്ചാരികൾ അങ്ങോട്ട് ചേക്കേറിയാൽ അതിനു കുറ്റം പറയുവാൻ കഴിയുമോ?
അമിതമായ നിരക്കുകൾ ആണ് നമ്മുടെ വിനോദ സഞ്ചാരമേഖലയിലുള്ളത്. ഇവിടെ 2000 മുതൽ 3000 രൂപവരെയുള്ള മുറികൾ ഇതിനേക്കാൾ സൗകര്യപ്രദമായി 500 മുതൽ 1000 രൂപയ്ക്ക് തുല്യമായ തുകയ്ക്ക് പല രാജ്യങ്ങളിലും പ്രത്യേകിച്ച് ടൂറിസം പ്രോത്സാഹിപ്പിക്കുന്ന രാജ്യങ്ങളിൽ ലഭ്യമാണ്. വിനോദ സഞ്ചാരം പല വിദേശികളുടെയും ജീവിതത്തിന്റെ ഭാഗമാണ്. ചെലവ് ഏറ്റവും കുറവുള്ള ഇടങ്ങൾ തേടിയാകും അവരുടെ യാത്ര. സഞ്ചാരികളെ കബളിപ്പിക്കുന്ന ചിലരെങ്കിലും ഈ മേഖലയുടെ ഭാഗമാകുന്നത് മറ്റൊരു പ്രശ്‍നം.
പല ഏഷ്യൻ രാജ്യങ്ങളിലൂടെയും വിദേശ വനിതകൾ ഒറ്റയ്ക്കോ സംഘമായോ യാത്രകൾ ചെയ്യുന്നത് കാണുവാൻ കഴിയും. കേരളത്തിലൂടെ ഒറ്റയ്ക്ക് യാത്ര ചെയ്യുവാൻ നമ്മുടെ സ്ത്രീകൾ പോലും ഭയക്കുന്നു. ഒരു സ്ത്രീയ്ക്ക് രാത്രിയിൽ ഒറ്റയ്ക്ക് യാത്ര ചെയ്യുവാനുള്ള സ്വാതന്ത്ര്യം ഇനിയും നമ്മൾ അനുവദിച്ചിട്ടില്ല.
ഇതിലെല്ലാമുപരി വിനോദ സഞ്ചാര മേഖലയെ നമ്മൾ മനസ്സാൽ അംഗീകരിച്ചിട്ടില്ല. ഇത്തരമൊരു സംസ്കാരം നമ്മളിൽ ഉടലെടുത്തെങ്കിൽ മാത്രമേ ഈ മേഖലയിൽ പുരോഗമനമുണ്ടാകുകയുള്ളൂ. യാത്രികരോട് നമ്മുടെ മനോഭാവം ഇന്നും അത്ര അനുകൂലമല്ല. ഇതൊരു വലിയ വരുമാന മാർഗ്ഗമാണെന്ന് നാം തിരിച്ചറിയണം. കോവിഡാനന്തര കേരളത്തിൽ ഈ വ്യവസായം പലർക്കും പുതു ജീവിതം നൽകുന്നതിന് പ്രാപ്തമാകുമെന്ന തിരിച്ചറിവുണ്ടാകണം.
ടീം ഇതിവൃത്തം

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ