2024 മേയ് 27, തിങ്കളാഴ്‌ച

ഓർമ്മകളുണ്ടായിരിക്കണം!

 


തൊഴിൽ മേഖലകളിൽ മുൻപരിചയവും പരിശീലനവും അത്യാവശ്യം. എന്ത്കാര്യം ചെയ്യാനും ഇവകൾ വേണം. ഗൗരവമേറിയതും, പൊതുനന്മക്ക് വേണ്ടിയുള്ളതും, ധാരാളം മുതൽമുടക്കുള്ളതുമായ ജോലികൾക്കു പ്രത്യേകിച്ചും. സാമ്പത്തികശാസ്ത്രം പറയുന്നതുപോലെ, ലഭ്യമായ, പരിമിതമായ വിഭവങ്ങൾ കൊണ്ട് കൂടുതൽ ഫലമുണ്ടാക്കുന്നത്തിനുവേണ്ടുന്ന വൈദഗ്ധ്യം, അറിവിലൂടെയും, മുൻപരിചയത്തിലൂടെയും, ചിട്ടയായ പരിശീലനത്തിലൂടെയുംമാത്രമേ നേടാൻകഴിയൂ.

അറിവും അഭിരുചിയുമുള്ളവരെ തിരഞ്ഞെടുത്തുപരിശീലനം നൽകി പരിചയംഉണ്ടാക്കിയെടുത്തു ജോലികൾ ഏൽപ്പിക്കുന്നതിനായി നിജപ്പെടുത്തിയിട്ടുള്ളതാണ് എല്ലാ റിക്രൂട്ട്മെൻ് നടപടിക്രമങ്ങളും. സ്വകാര്യമേഖലയിലായാലും പൊതുമേഖലയിലായാലും, മറ്റേതു മേഖലയിലായാലും ഇങ്ങനെത്തന്നെയാണ് വേണ്ടത്. മിക്കസ്വകാര്യമേഖലാ സ്ഥാപനങ്ങളും ഇങ്ങനെയാണെന്ന് കാര്യങ്ങൾനടത്തുന്നതെന്ന് നമുക്കറിയാം. ഇന്ത്യയിലെ UPSC സിവിൽ സർവീസ് റിക്രൂട്ട്മെന്റ് നടപടിക്രമങ്ങളും ഇതുപോലെതന്നെ ക്രമപ്പെടുത്തിയതാണ്. അഴിമതികൾ കൂടുതൽ സംസ്ഥാന ഗവൺമെൻറ് സംവിധാനങ്ങളുമായി ബന്ധപ്പെട്ടാണ്. പലപ്രാവിശ്യവും എഴുതിയതുകൊണ്ടു അങ്ങോട്ടേക്ക് വീണ്ടുംപോകുന്നില്ല.

പറഞ്ഞു വന്നത് സേവനതൊഴിൽ മേഖലകളിൽ നന്നായി പണിയെടുക്കുവാൻ വേണ്ടുന്ന അറിവിനെയും, വൈദഗ്ധ്യത്തെയും, സർവോപരി മുൻപരിചയത്തെക്കുറിച്ചുമാണ്. പ്രാധാന്യമേറിയ ജോലികളെയെടുത്താൽ അറിവും വൈദഗ്ധ്യവും ഒരുപോലെ വേണ്ടിവരും എന്നാണ് എനിക്ക് തോന്നുന്നത്. ഉദാഹരണത്തിന് പുകൾപെറ്റ ഒരു ഐ. എ. എസ്. ഉദ്യോഗസ്ഥനെക്കുറിച്ചു പറഞ്ഞു കേട്ടതാണ്. ഒരുനല്ല ചായ എങ്ങനെയുണ്ടാക്കാം എന്ന് മികച്ച ഗവേഷണപ്രബന്ധം എഴുതിപ്രസിദ്ധീകരിക്കാൻ അറിയും, പക്ഷെ ചായയിടാൻ അറിയില്ല. വൈദഗ്ധ്യത്തിന്റെ ഏറ്റവും വലിയ അളവുകോലാണ് പ്രായോഗികാനുഭവം. ഇവയൊന്നും ഇല്ലാതെ ആരെന്തുചെയ്താലും നന്നാവില്ല.

മസ്തിഷ്കഗവേഷകൻ ഡോണൾഡ് ഹെബ്ബിന്റെ (Donald Hebb) വിഖ്യാതമായൊരു പ്രയോഗമുണ്ട്. തലച്ചോറിലെ നാഡീകോശങ്ങളെ ക്കുറിച്ചും (Neurons), തലച്ചോറിൻ്റെ എങ്ങനെയും രൂപപ്പെടുത്താനാകുന്ന ഘടനാരീതിയെക്കുറിച്ചുമാണ് (Brain Plasticity).

“Neurons that fire together, wire together.”

ഇതിനൊരു നേരായപരിഭാഷ അസാധ്യമാണെന്ന് തോന്നുന്നു. എന്നാലും, നമ്മൾ എന്ത് കൂടുതൽ ചിന്തിക്കുന്നുവോ, ചെയ്യുന്നുവോ അതനുസരിച്ചു തലച്ചോറിൻറെ ഘടനയും രീതിയും മാറ്റിയെടുക്കാം, എന്ന് സാമാന്യമായി പറയാം. അറിവും, പരിചയവും, പ്രായോഗിക പരിചയവുമൊക്കെ ഇങ്ങനെ നേടിയെടുക്കുന്നതാണ്. കൂടുതലായി അറിയുകയും, ചെയ്യുകയും, വീണ്ടും നന്നാക്കുകയും ചെയ്യുന്നതിലൂടെ. ഈ രീതിയിലൂടെയാണ് എല്ലാ കഴിവുകളും, ശീലങ്ങളും ഉണ്ടാക്കിയെടുക്കുന്നതു. നല്ലതായാലും, ചീത്തയായാലും. ഇനി ഇവയെമാറ്റി പുതിയ കഴിവുകൾ ഉണ്ടാക്കണമെങ്കിലും ഇതുതന്നെ വഴി. എന്തിനെക്കുറിച്ചും കൂടുതൽ അറിയുക, ചെയ്യുക, നന്നാക്കുക. ഇതാർക്കും, ഏതു പ്രായത്തിലും, എന്ത് കഴിവുനേടാനും ഉതകുന്നതാണ്. പ്രായം കൂടുമ്പോൾ ഇതിനു കൂടുതൽ സമയം എടുത്തേക്കാം എന്ന് മാത്രം. പക്ഷെ ഒന്നും അസാധ്യമല്ല തലച്ചോറിന്.

മേൽപ്പറഞ്ഞവയല്ലാതെ രണ്ടുകാര്യങ്ങൾകൂടി കൂടിയുണ്ടെങ്കിൽ ഒരാൾ ഒരു മികച്ച ഭരണാധികാരിയാകും, നിർവ്വാഹകനും നായകനാകും. ഒന്ന്, ചെയ്യുന്ന എന്തിനോടുമുള്ള തീവ്രമായസമർപ്പണം. രണ്ട്, ന്യായമായും നൈതികമായും കാര്യങ്ങൾ ചെയ്തുതീർക്കാനുള്ള കഴിവ്. ഇതിന് പുറമേ ഇത്തരക്കാർക്ക് നന്നായി, നിർഭയരായി ജോലിചെയ്യാനുള്ള സാഹചര്യങ്ങൾകൂടി ഒരുക്കിനൽകണം എന്ന്മാത്രം. അതില്ലെങ്കിൽ നിർഭയരായി ജോലിചെയ്യാനുള്ള തന്റേടം ഉണ്ടാകണം. ‘ടി. എൻ. ശേഷൻ’ എന്ന ഒറ്റപ്പേരു മാത്രം ഇവിടെ എഴുതിവെക്കുന്നു. കൂടുതലൊന്നും പറയണ്ടല്ലോ.

ഈയടുത്തകാലത്തായി ലോകോത്തര കമ്പനികളുടെ തലപ്പത്തിൽ വരുന്ന ഇന്ത്യക്കാരെക്കുറിച്ചു നിങ്ങൾ കേൾക്കാറില്ല? എൻ്റെ നോട്ടത്തിൽ അവസാനം പറഞ്ഞ രണ്ടുകാര്യങ്ങളാണ് അവരെ ഇതിനൊക്കെ പ്രാപ്യരാക്കുന്നതെന്നാണ് തോന്നുന്നത്. അറിവും കഴിവുമൊക്കെ വിചാരിച്ചാൽ ആർക്കും ഉണ്ടാക്കിയെടുക്കാം. സമർപ്പണവും നൈതികതയും ഒന്നും അത്രഎളുപ്പത്തിൽ വന്നുചേരില്ല. അതിനൊക്കെ ഒരുസാംസ്കാരികമായ പശ്ചാത്തലംകൂടി വേണം എന്ന് പറഞ്ഞാൽ അധികമാകില്ല. സമൂഹത്തിന്റെ സംസ്കാരം മാത്രമല്ല പറഞ്ഞുവന്നത്, സ്ഥാപനങ്ങൾക്കും, കമ്പനികൾക്കും, രാജ്യങ്ങൾക്കും, പ്രസ്ഥാനങ്ങൾക്കും അവരുടേതായ സംസ്കാരങ്ങളുണ്ട്.

ഇങ്ങനെയുള്ളവരെ കണ്ടെത്തി വളർത്തിയെടുത്തു ചുമതലകൾ നല്കുന്നതുകൊണ്ടാണ് നാമറിയുന്ന സ്വകാര്യഭീമന്മാരായ വ്യവസായ സ്ഥാപനങ്ങൾ തലമുറകളായി നിലനിൽക്കുന്നത്. ഇന്ത്യയിൽ പൊതുമേഖലയിൽ ഇത്തരമൊരു സംവിധാനം കണ്ടിട്ടുള്ളത് ഇസ്രോ പോലുള്ള സ്ഥാപനങ്ങളിലാണ്.

രാജ്യങ്ങളുടെ രാഷ്ട്രീയസംവിധാനങ്ങളിൽ ഇത്തരമൊരു സമീപനം കണ്ടിട്ടുള്ളത് സിംഗപ്പൂരിൽ മാത്രമാണ്. കഴിവുള്ളവർ മന്ത്രിമാരും മറ്റുമായിവന്ന് കോർപ്പറേറ്റ് കമ്പനികളെപ്പോലെ രാജ്യത്തെ നയിക്കുന്നത് കണ്ടാൽ കൊതിയാകും. കഴിവുകളും, അറിവും, നൈതികതയും മാത്രമാണ് ഇവരുടെ തിരഞ്ഞെടുപ്പിൻ്റെ അളവുകോലുകൾ. ഇവർക്ക് അഴിമതി കാണിക്കേണ്ട ആവശ്യം വരാത്തരീതിയിലുള്ള ശമ്പളം ലഭ്യമാക്കും. ഇതൊക്കെ കഴിഞ്ഞിട്ടും പണിയെടുക്കാതെ, ധാർഷ്ട്യവും അഴിമതിയും കാട്ടിനടന്നാൽ, പിന്നൊരിക്കലും പകൽവെളിച്ചം കാണാൻ പറ്റാത്തരീതിയിൽ കാരാഗ്രഹങ്ങളിൽ ശിഷ്ടജീവിതം കഴിക്കണം. ആരായാലും! ഇതുകേട്ട് കൊതിച്ചുപോയാൽ ഒരു സാധാരണക്കാരനെ കുറ്റംപറയാനാകുമോ?

ഈയൊരു നയത്തിൽ നിന്നും മാറിനടക്കുന്ന സംവിധാനങ്ങളെയെല്ലാം തകർച്ചയാണ് കാത്തിരിക്കുന്നത്. ഇതിൻ്റെ അഭാവത്തിലാണ് കമ്പനികൾ തകർന്നുപോകുന്നത്. രാജ്യങ്ങൾ കുത്തുപാളയെടുക്കുന്നത്, സംസ്ഥാനങ്ങൾ കടക്കെണിയിലാകുന്നത്, നഗരങ്ങൾ മാലിന്യക്കൂമ്പാരങ്ങളാകുന്നത്, സർവ്വകലാശാലകൾ നോക്കുകുത്തികളാകുന്നത്.

ഇതിൽ പറഞ്ഞതും പറായാത്തതുമായ കാര്യങ്ങൾ ഏതെങ്കിലും നിങ്ങൾക്കറിയുന്ന വ്യക്തികളെയോ സ്ഥാപനങ്ങളെയോ, സംസ്ഥാനങ്ങളെയോ, രാജ്യങ്ങളെയോ ഓർമ്മപ്പെടുത്തുന്നുവെങ്കിൽ അത് മനഃപൂർവ്വമാണ്.

ഓർമ്മകളുണ്ടായിരിക്കണം!

 

സുമേഷ് രാമചന്ദ്രൻ


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ