2023 ഏപ്രിൽ 29, ശനിയാഴ്‌ച
ലോക ആരോഗ്യ ദിനം, ലോക കരൾ ദിനം, ലോക മലേറിയ ദിനം, ലോക മൃഗചികിത്സാ ദിനം, ലോക ഹോമിയോപ്പതി ദിനം, ലോക പൈതൃക ദിനം, ലോക ഭൂമി ദിനം, ലോക വിഡ്ഢി ദിനം തുടങ്ങി ഓരോ ദിവസവും ഒരു ആഘോഷ ദിനമുള്ള ഒരു മാസമാണ് ഏപ്രിൽ. കൂടുതൽ ആരോഗ്യ സംബന്ധ ദിനങ്ങൾ ആചരിക്കുന്ന ഒരു മാസം. അതുകൊണ്ടു തന്നെ ഇത് സംബന്ധമായ എന്റെ ചില സംശയങ്ങൾ ഉന്നയിക്കുന്നു എന്ന് മാത്രം. ചിന്തിക്കേണ്ടതും ശരിയായ ഉത്തരം കണ്ടെത്തേണ്ടതും വായനക്കാർ മാത്രമാണ്.
നമുക്കിവിടെ അംഗീകരിക്കപ്പെട്ട കുറച്ചു വൈദ്യശാഖകളുണ്ട്. അലോപ്പതി (ഇപ്പോൾ മോഡേൺ മെഡിസിൻ എന്ന് അവർ വിളിക്കുന്നതും, സർക്കാർ രേഖകളിൽ അലോപ്പതി എന്ന് പറയപ്പെടുന്നതുമായ ചികിത്സാരീതി.), ആയുർവ്വേദം, സിദ്ധ, യൂനാനി, ഹോമിയോപ്പതി,നാച്ചുറോപ്പതി, യോഗ എന്നിവയാണ് അവ. ഇവയെല്ലാം മുഖ്യധാരാ ചികിത്സാ രീതികൾ ആണെന്ന് തന്നെയാണ് സർക്കാർ ഭാഷ്യം. ഇതിനെല്ലാം സർക്കാർ തലത്തിൽ പഠന സ്ഥാപനങ്ങളും, ആശുപത്രികളും, നിയന്ത്രണ സംവിധാനങ്ങളും നിലവിലുണ്ട്. മെഡിക്കൽ ബിരുദം ഏതു ചികിത്സാരീതികളായാലും അഞ്ചര വർഷം പഠിക്കേണ്ടതുണ്ട്.
ആരാണ് വലുത് അല്ലെങ്കിൽ ആരാണ് ശരി എന്നൊരു തർക്കം നമുക്കിടയിൽ നിലനിൽക്കുന്നുണ്ട്. അത് സ്ഥാപിക്കുന്നതിനായി മറ്റൊന്നിനെ കുറ്റം പറയുന്ന ഒരു പ്രവണത അടുത്തയിടത്തായി കൂടിവരുന്നുണ്ട്. ഒരു ചികിത്സകനെ സമീപിക്കുമ്പോൾ, ഇതൊഴിച്ച് മറ്റെല്ലാം തെറ്റാണെന്നു പറയുന്ന ചിലരെങ്കിലും ഇന്നുണ്ട്. അത് ഒന്നുകിൽ ബോധപൂർവമായ ഒരു പ്രവൃത്തിയാകാം. അല്ലെങ്കിൽ അജ്ഞതയാകാം. രണ്ടും ശരിയായ രീതിയാണെന്നു തോന്നുന്നില്ല. ഫിസിക്സ് പഠിച്ചയാൾ ചരിത്രം ശരിയല്ല എന്ന് പറയുന്നതു പോലെയേ ഉള്ളൂ ഇതും. തനിക്കറിയാത്തതൊന്നും ശരിയല്ല എന്ന് ശഠിക്കുന്നത്, ദുബായിൽ പോകാത്തയാൾ ദുബായ് ഇല്ല എന്ന് പറയുന്നത് പോലെ മാത്രമാണ്.
പല സാമൂഹിക മാധ്യമങ്ങളിലും പത്താം ക്ലാസ്സ് പാസ്സാകാത്തവർ പോലും ഇക്കാര്യങ്ങളിൽ ആധികാരിക ചർച്ചകൾ നടത്തുകയും, തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കുകയും ചെയ്യുന്നുണ്ട്. അത് കണ്ണുമടച്ചു പാടി നടക്കുന്നവരും ധാരാളം. ഇത് ആരോഗ്യ മേഖലയ്ക്ക് ഒട്ടും ഗുണകരമല്ല. ഇന്ന് പല ഭിഷഗ്വരന്മാർക്കും അവരുടെ കാര്യങ്ങളിൽ അല്ല താൽപ്പര്യം എന്ന തോന്നലുണ്ടാക്കുന്ന പ്രവൃത്തികൾ ആണ് കൂടുതലും എന്ന് തോന്നുന്നു. അല്ലെങ്കിലും അയൽവക്കത്തെ പ്രശ്നങ്ങൾ തോണ്ടി വിടുന്നതിലാകും ചിലർക്കെല്ലാം കമ്പം.
ചികിത്സ ഒരാളുടെ അവകാശമാണ്. ഏതു ചികിത്സാരീതിയാണ് വേണ്ടതെന്ന് തീരുമാനിക്കേണ്ടത് രോഗിയാണ്. ഡോക്ടർമാരല്ല. ഇത്തരം തെറ്റായ കാര്യങ്ങൾ ഏതെങ്കിലും ഡോക്ടർ നിങ്ങൾക്കു പറഞ്ഞു തരുന്നുണ്ടെങ്കിൽ പ്രതികരിക്കണം. നിങ്ങളുടെ അവകാശങ്ങളിൽ കൈകടത്തുവാൻ ആരെയും അനുവദിക്കരുത്. അല്ലെങ്കിൽ ഈ മാസം ഒന്നാം തിയ്യതിയിലെ ആഘോഷമായിരിക്കും ജീവിതത്തിൽ എന്നും. നിങ്ങളുടെ പ്രശ്നങ്ങൾ ഓരോ ചികിത്സാരീതികളിലും പ്രാവീണ്യം നേടിയിട്ടുള്ള, അംഗീകാരമുള്ള ചികിത്സകരോട് മാത്രം ചർച്ച ചെയ്യുക. ഓർക്കുക ചികിത്സാ രീതിയല്ല, ശരിയായ ചികിത്സയാണ് മുഖ്യം.
എല്ലാവർക്കും ആയുരാരോഗ്യസൗഖ്യം നേരുന്നു.
ഡോ. സുനീത് മാത്യു
മായാത്ത ചിരി…
നർമ്മം എല്ലാവർക്കും വഴങ്ങില്ല. കർമ്മത്തിലുടനീളമുള്ള നർമ്മം അധികമാർക്കും വഴങ്ങിയിട്ടില്ല. നർമ്മംതന്നെ കർമ്മമാക്കിയത് വിരലെണ്ണാവുന്നവർ. അതിലൊരാൾ ഈ കഴിഞ്ഞദിവസം നമ്മെ വിട്ടുപോയി.
ശ്രീമാൻ ഇന്നസെന്റിന്റെ ഹാസ്യകഥാപാത്രങ്ങളല്ല, കാര്യനിര്‍വാഹകന്റെ കാര്യക്ഷമതയല്ല, രാഷ്ട്രീയ നിലപാടുകളുമല്ല അദ്ദേഹത്തെ വ്യത്യസ്‌തനാക്കിയത്. മറിച്ച്, പച്ചയായ ജീവിതവീക്ഷണങ്ങളും, വിചാരങ്ങളും, സ്വയം ഇകഴ്ത്തി തികച്ചും നിരുപദ്രവമെന്ന തോന്നലുണ്ടാക്കിയുള്ള നർമ്മത്തിന്റെ മർമ്മവുമാണ് അങ്ങനെയാക്കിയത്.
ഇന്നസെന്റിന്റെ ജീവിതത്തിൻ്റെ ആദ്യത്തെ അറുപത്തഞ്ചുവർഷം, സിനിമാക്കാരനായും, രാഷ്ട്രീയക്കാരനായും, ഹാസ്യകാരനായും, നിര്‍വ്വഹണാധികാരിയും മറ്റുമായി, ഒരു സാധാരണ ജീവിതമായിരുന്നുവെന്നു പറയാം. അവസാന പത്തുവർഷം പക്ഷെ അനന്യസാധാരണവും, അനുകരണീയവും, മഹത്തരവും, എന്നുവേണ്ട നന്മയുടെ ഔന്നത്യത്തിലെത്തിയ മറ്റുപലതുമായിരുന്നു. അവസാന പത്തുവർഷംകൊണ്ടു ആയിരംവർഷത്തിന്റെ പുണ്യം ചെയ്തു ആ മനുഷ്യൻ. പതിനായിരങ്ങളുടെ പ്രതീക്ഷയായി, രോഗികളായി മരിക്കാനാഞ്ഞവരെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും ജീവിതത്തിലേക്ക് നടത്തിച്ചു. മരണത്തെ ഒരു വലിയ താമാശ്ശയാക്കി, മഹാരോഗത്തെ രണ്ടുദിവസംകൊണ്ടുണങ്ങുന്ന ഒരു വെറും പോറലാക്കി. രോഗത്തിൻറെ അക്ഷയപാത്രത്തെ ചിരിയും സ്നേഹവുംകൊണ്ടുമാത്രം നിറച്ചുകൊണ്ടേയിരുന്നു.
ഇന്നസെൻറ് എന്ന നടനില്ലായിരുന്നെങ്കിലും മലയാള സിനിമ നടന്നുപോകുമായിരുന്നു. ഇന്നസെൻറ് എന്ന നിർമ്മാതാവില്ലായിരുന്നെങ്കിലും വിടപറയും മുൻപേയും, ഓർമ്മക്കായും, ലേഖയുടെ മരണം ഒരു ഫ്ലാഷ്ബാക്കുമൊക്കെ മറ്റാരെങ്കിലും നിർമ്മിക്കുമായിരുന്നു. ഇന്നസെൻറ് എന്ന പ്രസിഡന്റ് ഇല്ലായിരുന്നെങ്കിലും അമ്മയെന്ന സംഘടന വളർന്നുവരുമായിരുന്നു. ഇന്നസെൻറ് എന്ന എംപി ഇല്ലായിരുന്നെങ്കിലും കേരളത്തിന് ഒന്നും സംഭവിക്കുമായിരുന്നില്ല.
പക്ഷെ ഇന്നസെൻറ് എന്ന പച്ചമനുഷ്യൻ ഇല്ലായിരുന്നെങ്കിൽ അപ്രതീക്ഷിതമായി കാൻസർ രോഗംവന്നു പകച്ചുനിന്നിരുന്ന സാധാരണ മനുഷ്യരുടെ ജീവിതം ഇരുൾമൂടിയേനെ, രോഗത്തിനുമുന്നിൽ പകച്ചവർക്ക് ആശയറ്റേനേ. രോഗത്തെ എങ്ങനെ നേരിടാമെന്നറിയാതെ മനുഷ്യൻ ആകുലചിത്തരായി മരണത്തിലേക്ക് നടന്നുകയറിയേനെ. ഒരൊറ്റപുസ്തകവും എണ്ണിയാലൊടുങ്ങാത്ത അഭിമുഖങ്ങളും കൊണ്ട് മരണത്തിനെയും രോഗത്തിനെയുംകൂടി നാണിപ്പിച്ചുകളഞ്ഞു ആ മഹാൻ. ചെറിയ പത്തുവർഷങ്ങൾ കൊണ്ട്! പത്തുവർഷം കൂടിയുണ്ടായിരുന്നെങ്കിലെന്നാശ്ശിച്ചുപോകുന്നു!
കാൻസർ വാർഡിലെ ചിരി, ചിരിച്ചുതള്ളിയത് മരണത്തെയാണ്. രോഗികൾ പലരും അതുവായിച്ചു കരയാൻ മറന്നുപോയി, ചിരിച്ചു ജീവിതത്തിലേക്ക് കയറി. ഡോക്ടർ ഗംഗാധരനെപ്പോലുള്ള പ്രതിഭാധനരായ ഭിഷഗ്വരൻമ്മാർക്ക് ഒരായുസ്സ്കൊണ്ട് ചെയ്യാവുന്നതിലും വലിയ ബോധവൽക്കരണം ഈ ചെറിയ കാലയളവുകൊണ്ടു നേടികൊടുത്തു ആ മനുഷ്യസ്നേഹി. രോഗം അദ്ദേഹത്തിൻറെ ഭാര്യയെക്കൂടി പിടികൂടിയപ്പോൾ തളരാതെ കൂടുതൽ പ്രചോദിതനായ സേവകനെപ്പോലെ അയാൾ, കൂടുതൽ നന്നായി പണിയെടുത്തു ബോധവൽക്കരണം നടത്തി. രോഗത്തെ ചിരികൊണ്ടും ധൈര്യം കൊണ്ടും എങ്ങനെ നേരിടാമെന്നു മലയാളിയെ പഠിപ്പിച്ചു. നർമ്മംകൊണ്ടും കർമ്മംകൊണ്ടും രോഗപീഡിതരെ മുക്തരാക്കി. സ്വയം രോഗവിമുക്തനായി, ഭാര്യയേയും സുരക്ഷിതയാക്കി. രോഗത്തിന്റെ ബീഭത്സ-രൗദ്ര -ഭയാനകരസങ്ങളെ അയക്തലളിതമായി കരുണവും, ഹാസ്യവും, ശാന്തവുമൊക്കെയാക്കിക്കളഞ്ഞു. ഒറ്റയ്ക്ക്, ഒന്നിനും വേണ്ടിയല്ലാതെ.
ആ മഹനീയമായ സേവനത്തിന്റെ പേരിലാകണം അദ്ദേഹം ആദരിക്കപ്പെടേണ്ടത്, ഓർമ്മിക്കപ്പെടേണ്ടത്. അദ്ദേഹം കൊളുത്തിയ ആ നാളം കെടാതെ കാക്കേണ്ടത് നമ്മുടെയെല്ലാം ചുമതലയാണ്. അതെങ്ങനെയാകണെമെന്ന് കൂട്ടായി തീരുമാനിക്കണം. ജാതി-മത-വർഗ്ഗ-രാഷ്രീയ ഭേദമില്ലാതെ ആനാളം കെടാതെ സൂക്ഷിക്കാൻ വഴി കണ്ടെത്തണം. ആ ഓർമ്മകളിലൂടെ രോഗത്തെ കീഴടക്കാൻ കഴിവുണ്ടാക്കണം മനുഷ്യരിൽ. കാൻസർവാർഡിലെ ചിരി എല്ലാ യാതനകളുടെയും, വേദനകളുടെയും, പീഡനങ്ങളുടെയും വാർഡുകളിലെ ചിരിയാക്കിമാറ്റിയ ഇന്നസെന്റിനെപ്പോലുള്ളവർക്കാണ് രാജ്യം ഭാരതരത്നം നൽകി ആദരിക്കേണ്ടത്.
എത്രനല്ല സേവകനും ഒരുദിവസം വിരമിക്കണമല്ലോ? സ്‌തുത്യർഹമായ സേവനത്തിനുള്ള അവാർഡും കയ്യിലേന്തി സുവർണ്ണ സിംഹാസനത്തിലിരുന്നു പുഞ്ചിരിക്കുന്ന ആ വെൺതാരകത്തെ നിങ്ങളും കാണുന്നില്ലേ?
“Laugh as we always laughed at the little jokes that we enjoyed together.
Play, smile, think of me, pray for me.
Let my name be ever the household word that it always was.”
Henry Scott-Holland
സുമേഷ് രാമചന്ദ്രൻ
അവിഹിതം..
കണ്ണുകളിൽ പൂത്തിരിയും നെഞ്ചിനകത്ത് ചെണ്ടമേളവും മനസ്സിനകത്ത് ഉത്സവവും നടക്കുമ്പോഴാണ് പ്രണയപൂ വിരിയുന്നത്.
ഈ അവസ്ഥ മനസ്സിലൂടെ കടന്നുപോവുമ്പോൾ അന്ന് നിറപുഞ്ചിരിയിൽ തിളങ്ങുന്ന ഒരു മുഖം മനസ്സിൽ തെളിയും ആ മുഖത്തോടാവും പ്രണയം തോന്നുക ആ വികാരത്തെ അതേപടി ഉൾക്കൊള്ളാൻ ശേഷിയുള്ള ഒരു മനസ്സ് മുഖത്തിന്റെ ഉടമയ്ക്കുമുണ്ടായാൽ അവിടെ പ്രണയം പൂക്കുന്നു.
അവിടെ സമൂഹിക കെട്ടുപാടുകളോ തടസങ്ങളോ കാര്യമാക്കില്ല പ്രണയത്തെ സ്വന്തമാക്കാനും നെഞ്ചോട് ചേർത്തു പിടിച്ച് കൈകുമ്പിളിൽ വാരിയെടുക്കാനും വെമ്പൽ കൊള്ളുന്ന ഒരു മനസ്സ് മാത്രം.
അങ്ങനെയൊരു പ്രണയമാണ് എന്റേത്
സാമൂഹിക പ്രതിബദ്ധതകളും കുടുംബത്തിന്റെ എതിർപ്പും മറികടന്ന് ഭർത്താവ് രാജേഷേട്ടൻ അറിയാതെയുള്ള പ്രണയം.ഞാൻ ഒരു ഭാര്യയാണ് രണ്ടു മക്കളുടെ അമ്മയും ഇപ്പോൾ മനസ്സിലായി കാണുമല്ലോ എന്റെ പ്രണയത്തിന്റെ പ്രത്യേകത.
വിശാലമായ ഈ ലോകത്ത് സ്വാതന്ത്ര്യത്തോടെയുള്ള എന്റെ അവകാശം. രാജേഷേട്ടനെ പ്രണയിക്കുന്നുണ്ടോ എന്നറിയില്ല പക്ഷെ എന്റെ കൂടെ ജോലി നോക്കുന്ന സുധിയേട്ടനെ ഞാൻ ആത്മാർത്ഥമായി പ്രേമിക്കുന്നു. സുധിയേട്ടൻ ആളൊരു പാവമാണ് ആരോടും ദേഷ്യപ്പെടാതെ എല്ലാവരോടും ചിരിച്ചുകൊണ്ട് ബഹുമാനത്തോടെ പെരുമാറുന്ന ഒരു വിശാലമനസ്സിന്റെയുടമ.
വിവാഹിതനാണെന്നും അതിൽ കുട്ടികളുണ്ടെന്നും അവർ പിരിഞ്ഞിരിക്കയാണെന്നുമാണ് അറിയാൻ കഴിഞ്ഞത് കൂടുതൽ ചോദിച്ചിട്ടില്ല സുധിയേട്ടൻ പറഞ്ഞിട്ടുമില്ല. പക്ഷെ എന്റേടുത്ത് സൗമ്യനായും എന്തു പറഞ്ഞാലും അത് സാധിച്ചു തരുന്ന ആളായും കാണപ്പെട്ടു.
ഈ സാഹചര്യത്തിൽ നിങ്ങൾ ചിന്തിക്കുക ഞാൻ എന്റെ ഭർത്താവ് രാജേഷേട്ടനെ വഞ്ചിക്കുകയാണെന്നായിരിക്കും
പക്ഷെ അത് ശരിയാണോ…?
ഈ കപട ലോകത്ത് ഒന്ന് കണ്ണോടിച്ചിട്ട് ചിന്തിച്ചാൽ എന്താണ് എന്റെ മേൽ ആരോപിക്കാൻ പോവുന്ന കുറ്റം.. ?
പ്രണയിക്കുന്നത് തെറ്റാണോ…?
എന്റെ പ്രണയം കവികൾ വാഴ്ത്തിപാടിയ “ വൈകി വന്ന വസന്തം മാത്രം ” മറ്റെല്ലാ പ്രണയത്തേയും മൗനമായി അംഗീകരിക്കുന്ന സമൂഹത്തിന് ഇത് അംഗീകരിക്കാൻ കഴിയില്ലേ ..?
പ്രാരാബ്ധങ്ങളുടെ വേലിക്കെട്ടുകളെയും സാമൂഹികനിയമവ്യവസ്ഥയും മാനദണ്ഡമാക്കി ആത്മാർത്ഥപ്രണയത്തെ അംഗീകരിക്കാതിരിക്കുമോ?
ആത്മാർത്ഥമായ ഒരു പ്രണയം ഇന്നത്തെ സാമൂഹം കണ്ടിട്ടുണ്ടോ..?
അതിന് സാക്ഷ്യം വഹിച്ച ഒരു സമൂഹത്തെ നമ്മൾ മറന്നിരിക്കുന്നു. “ കള്ളൻമാരുടെ ഇടയിൽ നിന്ന് കുട്ടികള്ളൻ രക്ഷപ്പെടുന്ന ഒരു രീതി ..” ഒരു രൂപ കട്ടവനും കള്ളൻ എന്ന ചൊല്ല് മാറിയിരിക്കുന്നു.
“ കാപട്യമീ ലോകം ” എന്ന് അനുശാസിച്ച കാവ്യ മുകുളങ്ങളെ നിങ്ങൾക്ക് സ്തുതി നിങ്ങളിന്ന് ഭൂമിയിലില്ല എന്നാൽ വചനങ്ങൾ ജനമനസ്സുകളിലിന്നും നിലകൊള്ളുന്നുണ്ടെങ്കിലും നിങ്ങൾ അറിയുന്നുണ്ടോ ആ മനസുകളിൽ ഇന്നുള്ള മാറ്റങ്ങൾ.
അവർക്കായി നിങ്ങളുയർത്തിയ ആശയങ്ങൾ വില പോകാത്തതെന്താണ്..?
സാമൂഹ്യനന്മയ്ക്കായ് അഹോരാത്രം പോരാടിയ നിങ്ങളുടെ പടവാളുകൾ തുരുമ്പിച്ചിരിക്കുന്നു.
പ്രേമിക്കുന്നതിന് എനിക്ക് എന്റേതായ കാരണങ്ങളുണ്ട് പുരുഷ്യസാമീപ്യം ആഗ്രഹിച്ചരീതിയിൽ കിട്ടാതാവുകയും കുടുംബത്തിൽ ഒറ്റപെടുകയും ചെയ്യുന്നു അങ്ങനെയുണ്ടാവുന്ന ഒറ്റപ്പെടലിന്റെ വേദന വലുതാണ് ആ വേദനയും പേറിയുള്ള ജീവിതം മരണതുല്യവും
ഇതേ സാഹചര്യവുമായി ജീവിക്കാൻ ബുദ്ധിമുട്ടുന്ന മുഖങ്ങൾ നമ്മൾക്ക് ചുറ്റിലും ധാരാളം കാണും ഒരേ വേദന അനുഭവിക്കന്നവർക്ക് ആ വിഷമങ്ങൾ അതിന്റെ ആഴത്തിൽ ഉൾക്കൊള്ളാൻ കഴിയുമെന്ന വിശ്വാസം
അങ്ങനെയാണ് സുധിയേട്ടനെ പരിജയപ്പടുന്നത് തമ്മിൽ വലിയ പ്രായവ്യത്യാസമില്ലെങ്കിലും ഒരേ തരത്തിലുള്ള ജീവിതാനുഭവമാണുള്ളത് ജീവിതത്തെ കുറിച്ച് തുറന്ന കാഴ്ചപാടും നല്ല ചിന്താഗതിയുമുള്ള മനുഷ്യനെ എന്തുകൊണ്ടാണ് സ്വന്തം ഭാര്യ മനസ്സിലാക്കിയില്ല.
ചില്ലറ സഹായങ്ങൾ ചെയ്തുകൊണ്ടാണ് അടുത്തത് പിന്നെ എന്റെ ചെറിയ ദൗർബല്യങ്ങൾക്ക് തുണയായി താങ്ങായി കൂടെ നിന്നപ്പോൾ എന്റെ മനസ്സിൽ ഒരു ഇഷ്ടം നാമ്പിട്ടു . ആദ്യം നല്ല സുഹൃത്തായിരുന്ന സുധിയേട്ടനോട് പിന്നെയെന്നോ വല്ലാത്ത അടുപ്പം തോന്നി. സ്വന്തം ഭർത്താവിൽ നിന്നും ലഭിക്കാത്ത പരിഗണയും സ്‌നേഹവും ആദരവും എനിക്ക് നേരെ വച്ചു നീട്ടിയപ്പോൾ നിരസിക്കാനും കഴിഞ്ഞില്ല.
ഒളിച്ചും പതുങ്ങിയുമുള്ള സ്നേഹപ്രകടങ്ങൾ സന്തോഷപൂർവ്വം ആസ്വദിച്ചു. സമൂഹത്തിനു മുന്നിൽ ഞാൻ ഒരു തെറ്റ് ചെയ്യുകയാണെന്ന തോന്നൽ പതുക്കെ എന്നിൽ നിന്നും മാഞ്ഞുപോയി.
നമ്മുക്ക് ചുറ്റിലും കണ്ടുവരുന്ന സാമൂഹികസ്ഥിതി വിവരങ്ങൾ എന്റെ മനസ്സിൽ എന്നും ഒരു ബലമായി നിലക്കൊണ്ടു തെറ്റുകൾ ചെയ്യാത്തവർ ആരും തന്നെ ഉണ്ടാവില്ലന്ന വിശ്വാസം എന്നിൽ ഉറച്ചുനിന്നു.
തെറ്റുകൾ ചെയ്യാതിരുന്നാൽ കഴിവുകേടായി കാണുന്ന നമ്മുടെ സമൂഹത്തിൽ “ ഒരു തേപ്പ് പോലും കിട്ടാത്തവർ എന്തോ രോഗമുള്ളവരായി പരിഗണിക്കുന്ന പുതുതലമുറയുടെ മുന്നിൽ ഞാനും ഒരു രോഗമില്ലാത്ത മനുഷ്യസ്ത്രീയാവുന്നു ഭാവിയിൽ എന്റെ കുഞ്ഞുങ്ങളും അത് അംഗീകരിക്കും.
അങ്ങനെ സുധിയേട്ടനോടുള്ള പ്രേമ സാഫല്യത്തിനായ് ധാരാളം തത്വചിന്തകളും താരതമ്യവും മനസ്സിൽ പറഞ്ഞ് എന്നും മനസ്സിനെ ശുദ്ധീകരിക്കും.
തൊട്ടുരുമ്മി നിൽക്കാനും ഒന്നിച്ചിരുന്നു സംസാരിക്കാനും മനസ്സ് കൊതിക്കും സുധിയേട്ടൻ ഭയങ്കര കെയറിങ്ങാണ് എന്റെ ഭർത്താവിന് കഴിയാത്ത ഒരു കാര്യവുമതാണ്.
ജോലി കഴിഞ്ഞ് ക്ഷീണിച്ച് വീട്ടിലെത്തി ചെയ്യുന്ന എന്തിനും വഴക്ക് പറയാനും താഴ്ത്തി കെട്ടാനും ശ്രമിക്കുന്ന ഭർത്താവിനെ എങ്ങിനെ സ്നേഹിക്കാനാണ്.
ഇത്രയൊക്കെയാണെങ്കിലും ഞാൻ എന്റെ ഭർത്താവിനെ വെറുക്കുന്നില്ല കാരണം എവിടെയോ തെറ്റിപോയ താളത്തിനു തുള്ളുന്നു അത്രതന്നെ ചിലപ്പോൾ പാവം തോന്നുമെങ്കിലും എന്തു ചെയ്യാൻ സമൂഹത്തിൽ കുടുംബമായി ജീവിക്കേണ്ടേ ..?.
സുധിയേട്ടനെ ഇഷ്ടമാണ് പക്ഷെ കുടുംബത്തെ വിട്ടിട്ടുള്ള കാര്യം എനിക്ക് ചിന്തിക്കാൻ കഴിയില്ല. പാർക്കും, ബീച്ചും, കോഫി ഷോപ്പും മടുത്തു ദൂരെ എവിടെയെങ്കിലും പോയി സ്വസ്ഥമായി ആരെയും പേടിക്കാതെ കുറച്ചു നിമിഷങ്ങൾ ചിലവഴിക്കണമെന്ന് സുധിയേട്ടൻ പറഞ്ഞപ്പോൾ ഞാൻ സന്തോഷക്കൊണ്ട് വീർപ്പമുട്ടി.
അങ്ങനെ കുറച്ചു സ്വകാര്യനിമിഷങ്ങൾ വീണുകിട്ടാൻ വേണ്ടി കാത്തിരിപ്പ് തുടങ്ങിയിട്ട് കുറച്ചു കാലമായി പ്രണയപൂമരം വളരണമെങ്കിൽ കാമത്തിൽ ചാലിച്ച വളമിടണമെന്ന് പറഞ്ഞപോലെ തട്ടിയും തടവിയും നീങ്ങുന്ന ഞങ്ങളുടെ പ്രണയം തഴച്ചു വളരാൻ കാമത്തിന്റെ വളമാവാനുള്ള ആഗ്രഹം മനസ്സിൽ തുളുമ്പിനിന്നു.
എന്നിലെ കാമത്തിന്റെ നീരുറവ വറ്റി തീരും മുന്നേ സുധിയേട്ടനുമായി ഒരിക്കലെങ്കിലും പ്രണയത്തിൽ ചാലിച്ച ശാരീരികബന്ധം സാധ്യമായാൽ ആ ഉള്ളിലെ പൗരഷം മനസ്സിലാക്കാൻ കഴിഞ്ഞാൽ ഞാൻ കൃതാർത്ഥതയാവും.
ഭർത്താവുമായുള്ള കാമകേളിയിൽ എന്റെ ഇഷ്ടങ്ങൾക്ക് മുകളിൽ രാജേഷേട്ടന്റെ ആവിശ്യങ്ങൾ തുളുമ്പി നിൽക്കും ഞാൻ ആഗ്രഹിച്ചപോലൊരു പ്രണയർദ്രമായ ശരീരികബന്ധം രാജേഷേട്ടനിൽ നിന്നും ഇതുവരെ സാധ്യമായിട്ടില്ല.
സകല കെട്ടുപ്പാടുകളും മാറ്റിവച്ചക്കൊണ്ട് ഒരു സംഗമം പ്രണയസാഫാല്യങ്ങൾ നിറഞ്ഞ തഴുകൽ തലോടൽ ആരും കൊതിക്കുന്നയൊന്ന് മനസ്സിൽ തളം കെട്ടികിടക്കുന്ന മോഹങ്ങൾക്കൊരു ശമനം ആ നിമിഷത്തിനായ് ഞാൻ കൊതിച്ചു.
രാജേഷേട്ടനുമായി നടക്കുന്ന സുഖകരമായ ശാരീരികബന്ധങ്ങളിൽ തടസം നിന്നിരുന്നത് ജീവിതലക്ഷ്യങ്ങളും കുടുംബഭാരവും കഷ്ടപ്പാടിന്റെയും കണക്കുകളുമാണ് എത്ര പരിശ്രമിച്ചാലും പ്രണയത്തിലധിഷ്ഠിതമായ ശാരീരികബന്ധം സാധ്യവുമല്ല.
അതുകൊണ്ടാണ് ശാരീരികബന്ധങ്ങൾ എന്നും ഒരു കാട്ടിക്കൂട്ടൽ മാത്രമായി പരിയവസാനിക്കുകയും ചെയ്യും എല്ലാത്തിനുശേഷവും ആശകളും ആഗ്രഹങ്ങളും ബാക്കിയാവും എന്നാൽ ഇത് ബന്ധനങ്ങളെയും മറികടന്ന ഒന്നാവണം മനസ്സിന്റെ കോണിൽ ഒരു നിധിപോലെ സൂക്ഷിക്കാൻ പോന്നത് പിരിമുറുക്കങ്ങളും പേടിയുമില്ലാതെ അലിഞ്ഞുചേരണം.
വളരെ കാലത്തെ പ്ലാനിങ്ങ്ന്റെ ഫലമായി ഒരു ദിവസം ഒത്തു കിട്ടുകയും ചെയ്യ്തു. പക്ഷെ കുട്ടികൾ..? സ്വാർത്ഥതയോടെയോ സ്വന്തം വ്യക്തിക്ത്വത്തോട് നീതി പുലർത്താൻ വേണ്ടിയോ ഭർത്താവിനെ ഏല്പ്പിച്ചു പോവാം പക്ഷെ അതിന്റെയും ആവിശ്യം ഉണ്ടായില്ല. കുട്ടികളെ ഒരു സുരക്ഷിത കൈകളിൽ ഏല്പ്പിച്ചു.
മലയോരങ്ങളും താഴ്‌വരകളും ആസ്വദിച്ചുകൊണ്ട് പ്രതീക്ഷയോടെയുള്ള യാത്ര പൂക്കളും പുൽമൈതാനവും അരുവികളും അതിമനോഹരമായി തോന്നി സുധിയേട്ടന്റെ സാമിപ്യം കൂടിയായപ്പോൾ സ്വർഗ്ഗം സ്വന്തമായപോലെ, മനസ്സിൽ സന്തോഷത്തിന്റെ കുംഭം പൊട്ടിയോഴുകുകയായിരുന്നു.
കല്ല്യാണം കഴിഞ്ഞ അവസരത്തിൽ രാജേഷേട്ടന്റെ കൂടെ യാത്രപോയിരുന്നു പക്ഷെ അന്നത്തെ യാത്രയുടെ ഒരു നേരിയ ഓർമ്മമാത്രമയുള്ളൂ. അന്ന് പരിഭ്രമവും ആശങ്കയും അതിലുപരി കുടുംബജീവിതലോകത്തേക്ക് കടക്കാൻ പോകുന്നതിന്റെ ഭയവും ഓരോ നിമിഷവും വേട്ടയാടികൊണ്ടിരുന്നു ആസ്വാദനത്തെക്കാൾ ജിജ്ഞസയായിരുന്നു.
യാത്രയുടെ അവസാനം ഒരു മുറിയെടുത്തു വിശാലമായ ഒരു വീടിനു സമാനമായ ഹോട്ടൽ മനോഹരമായ ബെഡ് റൂം ഗ്ലാസ് ഡോർ തുറന്നാൽ ബാൽക്കണി അതിവിശാലമായ ലോൺ പുറത്ത് നല്ല മഞ്ഞുമൂടിയ തണുത്ത അന്തരീക്ഷം.
തണുപ്പും പൂർണ്ണനിലാവുള്ള നിശബ്ദതയുടെ ഒരു രാത്രി, അവിടെ തടസങ്ങളോ മതിൽക്കെട്ടുകളോയില്ല മനസ്സിൽ പ്രണയം മാത്രം രാജകുമാരിയെ പോലെ തോന്നുന്നുയെന്ന് സുധിയേട്ടൻ പറഞ്ഞപ്പോൾ മനസ്സിൽ സന്തോഷത്തിന്റെ തിരയിളക്കമുണ്ടായി.
സുധിയേട്ടന് പേടിയുണ്ടായിരുന്നു എന്നാലും രാത്രിയുടെ യാമങ്ങൾ രസകരമായി മുന്നോട്ട് നീങ്ങി തൊട്ടും തലോടിയുമുള്ള സംസാരം എനിക്ക് ഇഷ്ടപ്പെട്ടു.
സുധിയേട്ടന്റെ ചൂടും വിയർപ്പിന്റെ ഗന്ധവും ആസ്വദിക്കാൻ ഒരു ആവേശമെന്നിൽ നിറഞ്ഞു നിന്നു, വെറും മനുഷ്യസഹജമായ ആവിശ്യം എന്നിലെ കാമാർത്തി വർധിപ്പിച്ചുകൊണ്ടിരുന്നു അപ്പോഴും സുധിയേട്ടൻ സംസാരിച്ചുക്കൊണ്ടിരുന്നു.
തണുപ്പ് തഴുകുമ്പോഴും സുധിയേട്ടന്റെ നെഞ്ചിൽ തല ചായിച്ചിരുന്നപ്പോഴും ഭർത്താവിനെയോ കുട്ടികളെയോ കുറിച്ച് ഓർത്തതുപോലുമില്ല പ്രണയം അല്ലെങ്കിൽ കാമം മുട്ടി നിൽക്കുമ്പോൾ വേറെ ഒന്നിനും സ്ഥാനവുമില്ല കാമസുഖത്തിനു വേണ്ടി മനുഷ്യൻ എന്തിനെയും വേണ്ടെന്നുവെക്കുമെന്ന വസ്തുത ഞാൻ മനസ്സിലാക്കുന്നു.
തന്മൂലം നടക്കുന്ന ആക്രമണത്തിൽ ആരെ കുറ്റം പറയാൻ കഴിയും “ നമ്മുടെ ആവിശ്യം അപരന് അനാവിശ്യമായി തോന്നും തികച്ചും സ്വാഭാവികം.” സ്വന്തം കാര്യത്തിനുവേണ്ടി കണ്ണ് കെട്ടിയ കുതിരയെപ്പോലെ മുന്നോട്ട് നീങ്ങുന്ന മനുഷ്യരാണ് നമ്മുക്ക് ചുറ്റിലും അവരാണോ സമൂഹത്തിലെ അക്രമങ്ങളെ കുറിച്ച് പരാതി പറയുന്നത് അവരുടെ ആവശ്യമല്ലാതെ വേറെയൊന്നും അവർക്കറിയില്ല.
ഭർത്താവിനോട് വിരോധമോ വിദ്വേഷമോയില്ലാത്ത ഞാൻ ഇങ്ങനെ ചിന്തിക്കുമ്പോൾ ക്രൂരപീഡനങ്ങൾക്ക് ഇരയാവുന്നവരും ആരാലും വിലകൽപ്പിക്കാതെ ശവം കണക്കെ ജീവിക്കേണ്ടിവരുന്നവരും എങ്ങിനെ പ്രതികരിക്കും എന്ന് ചിന്തിക്കാൻ കഴിയില്ല.
രാത്രിയുടെ കനം കൂടിയത്തോടെ തണുപ്പിന്റെ ശക്തിയും കൂടിവന്നു ശരീരം ചൂട് കൊതിച്ചു തുടങ്ങിയിട്ട് കുറച്ച് നേരമായി സുധിയേട്ടൻ അതിനുള്ള തെയ്യാറെടുപ്പുകളൊന്നും തുടങ്ങിയിട്ടുമില്ല കെട്ടിപിടിച്ചും തലോടിയും ഒന്ന് രണ്ടു ചൂട് ചുംബനങ്ങൾ എന്നല്ലാതെയൊന്നുമായില്ല ആ തണുത്ത നിലാവുള്ള രാത്രിയിൽ ഞങ്ങൾ സംസാരിച്ചുക്കൊണ്ടിരുന്നു.
ഓഫീസിലെ പ്രശ്നങ്ങളും അതിനുള്ള പ്രതിവിധികളുമായിരുന്നു വിഷയമെങ്കിലും പ്രണയർദ്രമായ തലോടലുകൾ എന്നെ കോരിതരിപ്പിച്ചുകൊണ്ടിരുന്നു സുധിയേട്ടന്റെ വിരലുകൾ എന്നിലെ കാണാപുറങ്ങൾ തേടി ഇഴഞ്ഞു നടന്നു.
പുറത്ത് ഇഴഞ്ഞു നീങ്ങുന്ന യാമങ്ങളെ ശപിച്ചുകൊണ്ട് ആ കൈകളിൽ കിടന്ന് പുളഞ്ഞുകൊണ്ടിരുന്നു. സുധിയേട്ടനിൽ നിന്ന് പ്രതികരണങ്ങൾ പതുക്കെ കുറഞ്ഞു വന്നു കാര്യമായി ഒന്നും നടന്നുമില്ല. രാജേഷേട്ടനാണെങ്കിൽ കാര്യം കഴിഞ്ഞ് എന്തെങ്കിലും കുറ്റവും പറഞ്ഞ് അങ്ങോട്ട് മാറി കിടക്കുമായിരുന്നു.
അപ്പോഴാണ് ഞാൻ ശ്രദ്ധിച്ചത് സുധിയേട്ടൻ കെട്ടിപിടിച്ചപ്പോഴും ചുംബിച്ചപ്പോഴും കാമാഗ്നിയുടെ ഒരു അഭിനിവേശമോ ചൂടോ അനുഭവിച്ചില്ല മാത്രമല്ല കാമത്തിന്റെ തീക്ഷണത ആ കണ്ണുകളിലും കണ്ടില്ല.
ഞാൻ വിചാരിച്ചു പ്രണയത്തിൽ മുഴുകിയിരിക്കുകയാണെന്നാണ് ശാരീരിക ചേഷ്ടകൾ പ്രകടിപ്പിച്ചു നോക്കിയെങ്കിലും അനക്കമില്ല പതുക്കെ ഉറക്കചടവുകളുമായി.
രാത്രിയുടെ യാമനങ്ങൾ തണുപ്പിനെ ഭേദിച്ചു നീങ്ങിക്കൊണ്ടിരുന്നു ആ തണുപ്പിലും ചന്ദ്രൻ തീക്ഷതയോടെ ജ്വലിച്ചു സുധിയേട്ടന് എന്നിലെ കാമത്തേക്കാളും പരിലാളന മതിയായിരുന്നു അതോടെ എന്റെ ആവേശവും ഇല്ലാതായി. താങ്ങും തണലുമായി ഒരാളെയാണ് സുധിയേട്ടന് ആവിശ്യം ഒരു തുണ ചേർന്നിരുന്ന് ഒന്ന് തലോടാൻ മാത്രം അങ്ങനെ കാത്തിപ്പിനുശേഷം കിട്ടിയ സാഹചര്യമില്ലാതായി .
അടുത്ത ദിവസം മുതൽ സുധിയേട്ടനിൽ മാറ്റങ്ങൾ കണ്ടു എന്നോടുള്ള സമീപനം ഗൗരവം നിറഞ്ഞതായി പിന്നെ തന്റെയാണെന്ന അധികാരവും. താൻ അറിയാതെയൊന്നും ചെയ്യാൻ പാടില്ലായെന്നായി എന്റെ സ്വകാര്യത പോലും ചോദ്യചിഹ്നങ്ങളായപ്പോൾ എനിക്ക് വിഷമം തോന്നി.സുധിയേട്ടനിൽ നിന്ന് ഇങ്ങനെയൊരു പ്രതികരണം പ്രതീക്ഷിച്ചിരുന്നില്ല.
രാജേഷേട്ടന് അവഗണയാണെങ്കിലും എന്റെ സ്വകാര്യതയിൽ ഇടപെടില്ലായിരുന്നു പതുക്കെ പതുക്കെ ഞാൻ മനസ്സിലാക്കി കുടുംബത്തിൽ എനിക്കുള്ള സ്വാതന്ത്ര്യം. ഞാൻ പോരായ്മയെ മാത്രം നോക്കികണ്ടിരിന്നുള്ളൂ സത്യത്തിൽ പോരായ്മയെക്കാളും നേട്ടങ്ങൾ ഉണ്ടായിരുന്നുയെന്ന് തിരിച്ചറിവുണ്ടായി രാജേഷ്ട്ടന്റെ അവഗണനപോലും സ്നേഹസാമീപ്യക്കൊണ്ട് ശരിയാക്കാമെന്ന് മനസ്സിലായി.
സ്വപനങ്ങൾ തണുപ്പിന്റെ നേർത്ത ഓർമ്മകൾ മാത്രമായി. പിന്നീടുള്ള ദിവസങ്ങൾ സുധിയേട്ടന് എന്നിലുള്ള അധികാരംവർധിച്ചു.
അധികാരത്തിന്റെ തീവ്രത കൂടിയപ്പോൾ അഭിപ്രായ വ്യത്യാസങ്ങളുണ്ടായി എന്റെ സ്വസ്ഥത നശിച്ചുതുടങ്ങിയതോടെ ഞാൻ പതുക്കെ പിൻവലിഞ്ഞു. രാജേഷേട്ടനാണ് ഭേദമെന്ന് തിരിച്ചറിഞ്ഞു പിന്നീടാണ് അറിഞ്ഞത് സുധിയേട്ടന്റെ കുടുംബവും ഇതുപോലൊരു കാരണം കൊണ്ടാണ് പിരിഞ്ഞതെന്ന്.
“അക്കരെ നിൽക്കുമ്പോൾ ഇക്കര പച്ച പോലെ തോന്നും പക്ഷെ ഇക്കര വന്നാലറിയാം അക്കരയാണ് മെച്ചമെന്ന് “ അങ്ങിനെ ജീവിതം നശിപ്പിച്ച് ആത്മഹത്യ ചെയ്യന്നവരുണ്ട് അല്ലങ്കിൽ എല്ലാം സഹിച്ചുകൊണ്ട് നരകജീവിതം നയിക്കുന്നവരുമുണ്ട് .അതുകൊണ്ട് പ്രിയപ്പെട്ടവരെ ജീവിതത്തിൽ പോരായ്മകൾ ഉണ്ടാവും അതിൽ കൂടുതലും നമ്മുടെ ആവിശ്യങ്ങളുമായിരിക്കും
പക്ഷെ ആ പോരായ്മകളെ ജീവിതത്തിലൂടെ സാധിച്ചെടുത്ത് ഓരോ നിമിഷവും ആസ്വദിക്കാൻ ശ്രമിക്കുക നഷ്ടങ്ങളെ കുറിച്ച് ദുഖിക്കാതെ നേട്ടങ്ങളിൽ സമാധാനം കണ്ടെത്തുക.
സ്നേഹത്തോടെയുള്ള സമീപനങ്ങൾ പോരായ്മകൾ നികത്തപ്പെടും
ഞാൻ എന്തായാലും രാജേഷേട്ടനെ സ്നേഹിക്കാൻ തീരുമാനിച്ചു അതിലൂടെ എന്റെ പോരായ്മകൾ നികത്താനും “ ആരും മുൻകൂട്ടി പഠിച്ചിട്ടല്ലല്ലോ ജീവിതം തുടങ്ങുന്നത് ” “അതുപോലെ കുറച്ചു കഴിഞ്ഞ് എല്ലാം പഠിച്ചു എന്ന അഹങ്കാരവും അരുത്.”
ഹരി കുട്ടപ്പൻ
ചില ഭ്രാന്തജൽപ്പനങ്ങൾ
എന്നെ മറക്കുക ഞാനൊരു ഭ്രാന്തൻ
ഭ്രാന്തിന്റെ ബാഹ്യമാം ലക്ഷണമേറുണ്ട്
ഒരിക്കലും മായാത്ത നിറചിരി കൂട്ടുണ്ട്
നോവുന്ന മനസ്സും നീരുപൊഴിയുന്നയക്ഷിയും
ഞാനെന്ന ഭ്രാന്തൻ നിങ്ങൾക്കെന്നെന്നുമന്യൻ
അവനിയിലാകവേ നിറയും സ്വപക്ഷമെനിക്കില്ല
ആർക്കായും കരയുവാൻ മടിയുമില്ലെനിക്ക്
കാണുന്ന നോവുകൾ നെഞ്ചിൽ നിറഞ്ഞിട്ട്
കാഴ്ചകൾ അല്ലാതെ ചെയ്ത്തായി മാറുന്നു
സത്യത്തിൽ ഞാനൊരു ഭ്രാന്തൻ എന്നെ മറക്കുക
രസക്കേടായി പലതും പണ്ടും പറഞ്ഞു ഞാൻ
ഭ്രാന്തന്റെ ജല്പനമായി കണ്ടു നിങ്ങൾ ചിരിച്ചു
മടിയേതുമില്ലാതെ മറക്കാതെ ചെയ്യും ഞാനിനിയും
അനീതിയെ മതിക്കുന്ന ലോകമെനിക്കന്യം
കാരണം ഞാനൊരു ഭ്രാന്തൻ എന്നെ മറക്കുക
പട്ടിണിപ്പാവത്തിൻ ഇത്തിരിയത്താഴത്തിൽ
പല്ലു ഞെരിച്ചു മണ്ണെറിഞ്ഞവൻ എനിക്കെന്റെ ശത്രു
ഞാനുമറിഞ്ഞതാൽ ഈ പട്ടിണി താൻ ശാപം
ഞാനവരുടെ പൊയ്മുഖം ചീന്തി പറിച്ചെറിയും
ഇനി ഞാൻ ചിലപ്പോൾ നിങ്ങൾക്കും ശത്രു
നിങ്ങളുമെൻ ചിന്തക്ക് എതിരെങ്കിൽ
ചിന്തയിൽ ഞാനൊരു ഭ്രാന്തൻ എന്നെ മറക്കുക
നാലഞ്ചു ചുവരുകൾക്കുള്ളിൽ നിറയുന്ന
ഇടനിലക്കാരാനു മുന്നിൽ തെളിയുന്ന
ദക്ഷിണക്കാശു വാങ്ങിയാൽ ചിരിക്കുന്ന
പകരത്തിനു പകരം നൽകുന്ന ദൈവങ്ങളെല്ലാം
എനിക്കെപ്പോഴും അന്യർ, പുച്ഛമല്ലാതെ ഇല്ലൊന്നും
അവരും അവരുടെ അത്ഭുത വീരഗാഥകളും
ഭാഗ്യവാനായ ഭ്രാന്തൻ ഞാൻ ആ ഒരു കാര്യത്താൽ
എനിക്കില്ല സ്വന്തമായൊരു ജാതിക്കോട്ടകളും
എന്നെ തളച്ചിട്ടിലൊരു ആചാരഭിത്തികളും
ജാതിയിൽ ഞാനൊരു ഭ്രാന്തൻ എന്നെ മറക്കുക
വിശക്കുന്ന വയറിനു അന്നം നിറപ്പവർ
വേദനകൊണ്ടു പുളയുന്ന നേരത്തു
കണ്ണീർ തുടക്കാൻ മടിക്കാതെ വന്നവർ
താങ്ങും തണലുമായി കൂടെ നടന്നവർ
ആലംബഹീനർക്കൊരു അത്താണിയാവർ
അവരൊക്കെയാണെന്റെ ദൈവങ്ങളെന്നും
ഇനിയുണ്ട് ദൈവങ്ങൾ രണ്ടെന്റെ കൂടെ
ഒന്നെന്നെ പെറ്റൊരെൻ അമ്മയാം ദൈവവും
മറ്റൊന്ന് പോറ്റി വളർത്തിയോരാച്ഛനും
മറ്റൊരു ദൈവം ഇതുപോലെ ചെയ്യുകിൽ
അവരെയും വന്ദിക്കും മരണം വരേയ്ക്കും
വന്ദിക്കാൻ എന്റെയീ ഈ ഭ്രാന്തിലും
വലുതായതൊന്നുമില്ല
എന്നെ മറക്കുക എന്റെ വാക്കുകൾ മറക്കുക
കാരണമായ് പറഞ്ഞീടുക അവനൊരു ഭ്രാന്തൻ
ഒന്നൊന്നു കാണുന്ന നേരത്തുമെന്നും
ഭ്രാന്തന്റെ ജല്പനം ഇനിയും നിറഞ്ഞീടും
എങ്കിലും എന്നെ മറക്കുക ഞാനൊരു ഭ്രാന്തൻ
ഇതൊക്കെ വെറും ഭ്രാന്തജൽപ്പനങ്ങൾ
മണ്ണ് പകുത്തവർ മനസ്സ് പകുത്തവർ
കോട്ടകൾ കെട്ടി നിറച്ചു ഈ ഭൂമിയിൽ
ചിലതിന്നു ജാതിമതങ്ങളും തണലായ്
ചിലതിന്നു വർണ്ണ വിവേചനം കൂട്ടായ്
ഇവിടെയും എന്നെ മറക്കുക നിങ്ങൾ കാരണം ഞാനൊരു ഭ്രാന്തൻ
കൊടികൾ പലതുണ്ട് നിങ്ങൾക്കു ചുറ്റുമായ്
രാഷ്ട്രീയക്കോമരം കെട്ടുന്ന കൊടികൾ
ചെന്ന് നിരന്നീടു ആ വരിക്കൊടുവിലായ്
നിങ്ങൾക്കായി നൽകീടും വിരുദ്ധചിന്തകൾ
കൂടെ നടപ്പവനെ കൊല്ലാൻ ന്യായം പഠിച്ചിടാം
നിങ്ങൾക്കും നൽകീടും രക്തസാക്ഷിത്വം
തകർന്നീടും നീ ചേർത്ത കുടുംബവും പിന്നീട്
ഇപ്പോഴും എന്നെ മറക്കുക ഞാനൊരു ഭ്രാന്തൻ
ഇതൊക്കെയെന്റെ ജൽപ്പനങ്ങൾ മാത്രം
കാലമിത് കൊള്ളാം മനോഹരം
നന്ദിയില്ലാക്കോലമാകും ചില മക്കൾ
കാലമൊരുപാട് പണിപ്പെട്ടുപോറ്റ സന്താനങ്ങൾ
നൽകുമൊരു സമ്മാനം നന്ദികേടായ്
ആദ്യം തെരുവിലേക്കും പിന്നേതേലുമൊരു
വൃദ്ധസദനത്തിലെ അന്തേവാസിയായും
എന്റെ കണ്മുന്നിൽ കാണുന്ന ഈ മക്കളെ
ചെരുപ്പിനാൽ തല്ലിയോട്ടും ഞാൻ
പറയാം നിങ്ങൾക്ക് മടിക്കാതെ ചിരിച്ചോണ്ട്
ഞാൻ ഭ്രാന്തനെന്ന്, മടിയില്ലെനിക്കത് കേൾപ്പാൻ
എന്നിട്ട് മറക്കുക എന്നെ ഈ ഭ്രാന്തന്റെ ജൽപ്പനങ്ങളെ
എന്റെ കണ്ണിനാൽ കാണുന്ന ചിലതിനെ
അറ്റം വരേയ്ക്കും എതിർക്കും ഞാനെപ്പോഴും
എനിക്ക് ശരിയായത് ഞാൻ ചെയ്യും ഇപ്പോഴും
ഒന്ന് മാത്രമെനിക്ക് നോക്കണം
എന്റെ ചെയ്തികളന്യന്നു നോവാതെ നോക്കണം
എങ്കിലും എന്നെ മറക്കുക ഞാനൊരു ഭ്രാന്തൻ
ഉച്ചക്കിറുക്ക് വിളമ്പുന്ന ഭ്രാന്തൻ
എന്നൊരു ചിന്തയുണ്ടെങ്കിൽ
ഇവിടെ നിറുത്തുക, കേൾവി നിറുത്തുക
എന്റെയീ ജൽപ്പനങ്ങളെ ചവിട്ടിയരക്കുക
കാരണം ഞാനൊരു ഭ്രാന്തൻ എന്നെ മറക്കുക
എങ്കിലും ഞാനിനിയും പാടും ഇങ്ങനെ
എന്നെപ്പോലൊരു ഭ്രാന്തൻ
ഇനിയെനിക്ക് തുണയായി വരും വരെ
എന്നെ മറക്കുക എന്നെ വെറുക്കുക
ഞാനൊരു ഭ്രാന്തൻ എന്തൊക്കെയോ
അലറിക്കരയുന്ന ഭ്രാന്തൻ …….
പറയുവാനിനിയുമുണ്ടേറേ എനിക്കെങ്കിലും
നേരമിതല്ലാ അതിനൊക്കെ
അക്കാണും റോഡിലായ് ചോരവാർന്നപോൽ
കിടക്കുന്നൊരു പാവം മനുഷ്യൻ
ചുറ്റുമുണ്ട് പുരുഷാരം സെൽഫിയെടുക്കാൻ
വീഡിയോ ചിത്രമെടുക്കാനും ധൃതികൂട്ടും
നവയുഗ ചേതന നിറയുന്ന മാനുഷർ
ആട്ടിയോടിക്കണം അവറ്റയെ എന്നിട്ട്
ഒരു തുള്ളി വെള്ളം കൊടുക്കണം
മരണത്തിലേക്കയാൾ വീണു പോകും മുന്നേ
എനിക്കതു ചെയ്യാം കാരണം ഞാനൊരു ഭ്രാന്തൻ
എനിക്കേതും ചെയ്യാൻ മടിയേതുമില്ല
കാരണം ഞാനൊരു ഭ്രാന്തൻ
എന്നെ മറക്കുക ഞാനൊരു ഭ്രാന്തൻ
എന്തിനോ വേണ്ടി ചിലക്കുന്ന ഭ്രാന്തൻ
മനുഷ്യത്വമല്ലാതെ മറ്റൊന്നും നൽകുവാനില്ലാത്ത ഭ്രാന്തൻ
അനിഴൻ കേളീനിലാവ്
സുഗന്ധി
ഞാൻ ഒൻപതാം ക്ലാസ്സുവരെ പഠിച്ചത് അമ്മിണിക്കുട്ടിയുടെ പുസ്തകം വാങ്ങിച്ചിട്ടാണ്. അവൾ നന്നായി പഠിക്കുന്ന കുട്ടിയാണ്. അവളുടെ പഴയ പുസ്തകങ്ങൾ വാങ്ങാൻ എല്ലാവർക്കും ആഗ്രഹമുണ്ടാകും. എന്നാലും അമ്മ ഒരു വർഷം മുന്നേ അവളുടെ അമ്മയോടു പറഞ്ഞ് എനിക്കു വേണ്ടി പുസ്തകങ്ങൾ ബുക്കു ചെയ്യും. പുസ്തകത്തിന് പകുതി വില കൊടുക്കണം. അവൾ പുസ്തകം വർണ്ണ പേപ്പർ കൊണ്ട് ഭംഗിയായി പൊതിഞ്ഞു സൂക്ഷിക്കും. എനിക്ക് അമ്മിണിയെന്നതുവെട്ടി ആനന്ദൻ എന്ന് ചേർക്കുന്ന ജോലിയെയുള്ളു. ഞങ്ങൾ എന്നും സി.ഡിവിഷനിൽ ആയിരിക്കും. പഴയ പുസ്തകം വാങ്ങി പഠിച്ചു കഴിഞ്ഞ് അത് വീണ്ടും വിൽക്കുന്നവരുമുണ്ട്. എനിക്ക് അതിനു കഴിയാറില്ല.. ഞാൻ പഠിച്ചു കഴിയുമ്പോഴേക്കും പുസ്തകത്തിൻ്റെ ആദ്യത്തേതും അവസാനത്തേതുമായ പേജകൾ പുസ്തകത്തിൽ നിന്നും വിട്ടു പോയിട്ടുണ്ടാകും. ഈ പേജുകൾ ഞാൻ കളയാറില്ല. പുസ്തകത്തിൻ്റെ അകത്തുതന്നെ മടക്കിവയ്ക്കും ആവശ്യം വരുമ്പോൾ എടുക്കാൻ .
പത്താം ക്ലാസ്സ് ആയപ്പോഴേക്കും എനിക്ക് പുതിയ പുസ്തകം വാങ്ങണമെന്ന ഒരാഗ്രഹം എവിടെ നിന്നോ ഉദിച്ചു. ഞാൻ അത് അച്ഛനോടു പറഞ്ഞപ്പോൾ “എന്നാൽ നീയിനി പഠിക്കാൻ പോകണ്ടാ.. “എന്നായിരുന്നു മറുപടി.
അമ്മിണിയുടെ പുസ്തകം തിരക്കി ചെന്നപ്പോൾ ഞങ്ങൾ അത് ആവശ്യപ്പെടാതിരുന്നതുകൊണ്ട് അവർ ആർക്കോ അതു കൊടുത്തു.
ഞാൻ എന്തു ചെയ്യും. എനിക്ക് പഠിക്കണം.
അമ്മിണിയോടു ഞാൻ എൻ്റെ സങ്കടം പറഞ്ഞു.
നാളെ ഇങ്ങോട്ടു വരാനാണ് അവൾ പറഞ്ഞത്.
അവളുടെ അച്ഛൻ അധ്യാപകനാണ് അദ്ദേഹം വിചാരിച്ചാൽ പഴയ പുസ്തകങ്ങൾ വാങ്ങിത്തരാൻ സാധിക്കും. ആ ഒരുറപ്പിൽ ഞാൻ വീട്ടിലേക്കു പോന്നു.
അടുത്ത ദിവസം ചെന്നപ്പോൾ അവൾ പത്താം ക്ലാസ്സിലെ പുതിയ പുസ്തകങ്ങൾ എനിക്ക് എടുത്തു തന്നു.
എനിക്ക് അത് വാങ്ങാൻ മടിയായിരുന്നു.
അതിൻ്റെ വില അറിഞ്ഞാൽ അച്ഛൻ എന്നെ വീട്ടിൽ കയറ്റുകയില്ല.
ഞാൻ നിന്നു പരുങ്ങി.
അവൾ പറഞ്ഞു “ഇത് അച്ഛൻ നിനക്കു വേണ്ടി വാങ്ങിയതാണ് ‘, ഞാൻ പറഞ്ഞിട്ട് …നീ വിലയൊന്നും തരണ്ടാ… നന്നായി പഠിച്ചാൽ മതി.”
ഞാൻ പുസ്തകം വാങ്ങി വീട്ടിലേക്ക് ഓടി. ഓട്ടത്തിന് സ്വർണ്ണ മെഡൽ കിട്ടിയതുപോലൊരു സന്തോഷം.
ഞാൻ പുസ്തകം മുൻവശത്തെ തട്ടിൽ പുറത്ത് എടുത്തു വച്ച് .. ഒരോന്നായി തുറന്ന് പുസ്തകത്തിൻ്റെ മണം പിടിച്ചു. ഞാൻ ആദ്യമായിട്ടായിരുന്നു പുതു പുസ്തകത്തിൻ്റെ പുതുമണം അനുഭവിക്കുന്നത് .. അന്ന് ഞാൻ കിടന്നുറങ്ങിയത് ഈ പുസ്തകങ്ങളെ കെട്ടിപ്പിടിച്ചായിരുന്നു.
അന്നു മുതൽ അമ്മിണിയോട് എനിക്ക് ആരാധന തോന്നി.. അവൾ കോളേജിൽ പോകുന്നത് എൻ്റെ മുറ്റത്തുകൂടിയാണ്. അവൾ നടന്നു പോകുമ്പോഴും ഒരു സുഗന്ധം പ്രസരിക്കുമായിരുന്നു.കുട്ടിക്കുറപൗഡറിൻ്റെ സുഗന്ധം.
അവൾ മുഖമാകെ പൗഡർ പൂശി ചന്ദനം തൊട്ട് .. മുടി രണ്ടു വശത്തേക്കും പിന്നി.. ശാന്ത വദനയായി, സുന്ദരിക്കുട്ടിയായി നടന്നു പോകുമ്പോൾ നോക്കി നിൽക്കുന്നത് എൻ്റെ സ്വഭാവമായി മാറിയിരുന്നു.
ഒരു ദിവസം അമ്മ പറഞ്ഞു നീ അവളെ പേരു വിളിക്കരുത്.. നിന്നെക്കാൾ ഒരു വയസ്സിനു മൂത്തതാണ് -. ചേച്ചിയെന്നു വേണം വിളിക്കാൻ .
അത് എന്നെ വളരെ വിഷമിപ്പിച്ചു.
ഞാൻ കൂട്ടുകാരോടു ചോദിച്ചു.
അവർ പറഞ്ഞു ” വിവാഹം കഴിക്കുമ്പോൾ അല്പം പ്രായ വ്യത്യാസം വേണം, അത് ആർക്കായാലും മതി.. “
അടുത്ത ദിവസം അവൾ നടന്നു പോയമ്പോൾ നല്ലൊരു സുഗന്ധമാണ് വീശിയത് — അത് എന്താണെന്ന് എനിക്ക് ഒരു പിടിയും കിട്ടിയില്ല… അത്ര നല്ല സുഗന്ധം….
ഞാൻ ചോദിച്ചു..?
അവൾ പറഞ്ഞു ” എൻ്റെ മുറച്ചെറുക്കൻ ഗൽഫിൽ നിന്നും വന്നിട്ടുണ്ട് … അദ്ദേഹം കൊണ്ടു വന്നത്.. നീ നാളെ വീട്ടിൽ വന്നാൽ ഇച്ചിരി അടിച്ചു തരാം”
ഞാൻ പറഞ്ഞു “എനിക്ക് ഇതിൻ്റെ നാറ്റം പിടിക്കിയേലാ … അതാ..
ഇനി അവളെ കാത്തു നിൽക്കുന്നത് പന്തിയല്ലെന്ന് എനിക്കു തോന്നി.
എന്നെ കാണാത്തതു കൊണ്ട് അവൾ അമ്മയോടു പറഞ്ഞു “ചെറുക്കൻ ഇത്തിരി ഉഴപ്പാ.. നന്നായി പഠിക്കാൻ പറയണം, പത്താം ക്ലാസ്സാ..
ഞാൻ അതു കേട്ടതായി ഭാവിക്കാതെ പുസ്തകത്തിലേക്കു കണ്ണും നട്ടിരുന്നു.
ആർ.എസ്.പണിക്കർ
ഞാൻ, നീ …. രണ്ട് പര്യായപദങ്ങൾ
കദനഭാരം താങ്ങുവാനാകാതെ
ചിറകു തളർന്നെന്റെ ഹർഷം!
മൃദുലഹൃദയത്തിൻ ചില്ലയിൽ –
മൗനമായിന്നു മിഴിനീരണിഞ്ഞു.
മാനസ്സതന്ത്രിയിൽ ശ്രുതി മീട്ടി –
ഹൃദയ സ്പന്ദതാളംമുറുകവേ,
അണയുമോയെന്നിലെ തീവ്ര-
വിഷാദസാന്ദ്ര നെരിപ്പോടുകൾ.
തമ്മിലുരുമ്മും കൊക്കടഞ്ഞു,
ഇമ്പമായൊഴുകും നാദംനിലച്ചു.
വർണാഭമാം തൂവൽ നരച്ചു…
മിഴികൾ കൂമ്പിയടഞ്ഞുപോയ്!
മരണ തുല്യമാകുന്നു മൗനം!
മനസ്സാകെയും മരവിച്ചിടുന്നു.
ഇരുളുകൾ പരക്കുന്നു ചുറ്റിലും
ഭീതിയാലുടലാകെ വിറയുന്നു.
നിശ്ശബ്ദതയല്ലെന്നിലെ മൗനം!
അന്തരാളത്തിൽ ഘനീഭവിക്കും
വ്യഥയാർന്ന വാക്കുകൾതൻ,
കത്തിപ്പടരും അഗ്നിനാളങ്ങൾ!
ലക്ഷ്യത്തിലേക്കു പറന്നുയരാൻ
ചിറകുതേടുകയാണെൻ മൗനം
വാചാലതക്കപ്പുറമർത്ഥഗർഭം!
മൗനമാം ചിറകുവിടർത്തിടട്ടെ.
രഷിത്ത് ലാൽ, കീഴരിയൂർ
ജ്ഞാനോദയവും മരണവും ആലിംഗനം ചെയ്യുന്നൊരു നഗരം..
ലോകത്തിലെ ഏറ്റവും പഴക്കമുള്ള നഗരങ്ങളിൽ ഒന്ന്…. വാരാണസി..
ചരിത്രവും, തത്വവും, ആത്മീയതയും, ഗ്രാമീണതയും, നാഗരികതയും ഒക്കെ അവിടെ ഇങ്ങനെ ഇഴച്ചേർന്ന് കിടക്കുന്നുണ്ട്… യാത്രയോടുള്ള പ്രണയം മനസ്സിൽ കോറിയിട്ട് തന്ന സഞ്ചാരി സന്തോഷ് ജോർജ് കുളങ്ങരയോട് ഒരു ഇന്റർവ്യൂവിൽ ചോദിക്കുന്നുണ്ട്, താങ്കൾക്ക് ഇന്ത്യയിലെ ഏറ്റവും പ്രിയപ്പെട്ട നഗരം ഏതാണ് എന്ന്… ഒട്ടും സംശയിക്കാതെ അദ്ദേഹം പറയും അത് വാരാണസി ആണെന്ന്. അതിന് അദ്ദേഹം കൊടുക്കുന്ന മറുപടി ഇങ്ങനെ ആണ് : അവിടെ ശവങ്ങൾ മാത്രമാണ്.. എത്ര മഹാനായാലും അവിടെ വെറും ശവങ്ങൾ മാത്രം.
ശരിയാണ്… ഗംഗനദിയിലേക്ക് ചുവട് വെച്ചിറങ്ങുന്ന നിരവധി ഘട്ടുകൾ. അതിൽ ഏറ്റവും ഒടുവിൽ മണിക്കർണ്ണിക ഘട്ട്. ഒരേ സമയം എത്ര ദേഹങ്ങൾ ആണ് കത്തിയെരിയുന്നത്.. കരച്ചിലുകളോ നിലവിളികളോ ഇല്ലാതെ, പാതി കത്തിയ ശരീരങ്ങൾ തോണ്ടി പുറത്തേക്ക് ഇട്ട് അടുത്ത ശരീരത്തിനായി ഇടം ഒരുക്കുന്നവർ, ശവങ്ങൾക്ക് അലങ്കാരം ഒരുക്കിയ പൂമാലകളെ ഭക്ഷണം ആക്കാൻ ഊഴം കാത്തിരിക്കുന്ന ആടുകളും പശുക്കളും… അങ്ങനെ എരിഞ്ഞു തീരുന്ന ശവങ്ങളുടെ പുകയിൽ ഒരു ദിവസം മുഴുവൻ ജീവിക്കുന്ന മണിക്കർണ്ണിക ഘട്ട്….
സായാഹ്നങ്ങളിൽ പതിനായിരത്തിലധികം ആളുകളുടെ സാക്ഷിയാക്കി ഗംഗയെ ദീപാലൻകൃതമാക്കുന്ന ദശാസ്വമേദ് ഘട്ടിലെ ആരതി… പടവുകളിൽ ആത്മീയവും, സൗഹൃദപരവും, ചരിതപരവും ഒക്കെയായ സംഭാഷണങ്ങളിൽ മുഴുകി ഇരിക്കുന്ന മനുഷ്യർ… ഒരു ചായയിലും ബീഡിയിലും കൊഴിഞ്ഞു പോകുന്ന സമയങ്ങൾ… ദേഹമാശകലം ഭസ്മം പൂശി ഘട്ടുകളിൽ ആളുകളെ കാത്തിരിക്കുന്ന അഘോരികൾ, പത്ത് രൂപയ്ക്ക് നെറ്റിയിൽ നീളത്തിൽ ഭംഗിയിൽ കുറി തൊട്ട് കൊടുക്കുന്ന മനുഷ്യർ… അങ്ങനെ അവിടെ ഓരോ മനുഷ്യനും വ്യത്യസ്തരാണ്… അസ്സി ഘട്ടിൽ തുടങ്ങി മണികർണ്ണിക ഘട്ടിൽ എത്തും വരെ…. പിന്നെയവിടം ഉയിരില്ലാത്ത ദേഹങ്ങൾ മാത്രം… വികാരവും വിചാരവും ഇല്ലാത്ത കൊറേ ദേഹങ്ങൾ….
നിങ്ങളെ ആസ്വാധനത്തിന്റെ കൊടുമുടി കയറ്റാൻ തക്കവണ്ണം അവിടെ ഒന്നുമില്ല. പക്ഷെ എല്ലാത്തിലുമുരി ഏറ്റവും സമാധാനമുള്ള ഒരു അന്തരീക്ഷം അവിടെ കാണാൻ സാധിച്ചു എന്നതാണ് സത്യം.
പടവുകളിലേക്ക് ചേർത്ത് നിരനിരയായി കെട്ടിയിട്ടിരിക്കുന്ന വള്ളങ്ങൾ ഉണ്ട്. 50 ഉം 100 ഉം രൂപയ്ക്ക് ഗംഗയുടെ മടിത്തട്ടിലൂടെ ഒരു യാത്ര, അത് മനോഹരമായ ഒരു അനുഭൂതിയാണ്.
അഘോരികളുടെ ഒരു വലിയ സംഗമസ്ഥാനം ആണ് ഓരോ ഘട്ടുകളും. പ്രാചീനമായ വസ്ത്രം ധരിച്ചും, വസ്ത്രങ്ങൾ ഒന്നും ധരിക്കാതെയും, ഒരൽപ്പം മോഡേൺ ആയും ഒക്കെ ഉള്ള അഘോരികളെ അവിടെ കാണാൻ പറ്റും. അവരുടെ ഫോട്ടോ എടുക്കാൻ പറ്റില്ല, അതിന് അവർക്ക് പണം കൊടുക്കണം. ഉപജീവനത്തിനു ഇങ്ങനെയും പണം കണ്ടെത്താം എന്ന് സാരം. നെറ്റിയിൽ വ്യത്യസ്ത ഡിസൈൻ കുറികൾ വരച്ചു പണം കണ്ടെത്തുന്നവർ, ഭിക്ഷാടനം, ചെവിയിലെ മെഴുക് വൃത്തിയാക്കി കൊടുക്കുന്നവർ, നടന്ന് ചായ വിൽക്കുന്നവർ, ശരീരം മസ്സാജ് ചെയ്തു കൊടുക്കുന്നവർ, തോണി തുഴയുന്നവർ, നിർദ്ദേശങ്ങൾ നൽകുന്നവർ, അങ്ങനെ ഉപജീവനം നടത്താൻ പണം കണ്ടെത്താൻ അവിടെ നൂറ് നൂറ് വഴികൾ ഉണ്ട്. ആരും ആരെയും തുറിച്ചു നോക്കുന്നില്ല, ആരും ആരുടേയും കാര്യങ്ങളിൽ ഇടപെടുന്നില്ല, ഏതേലും ഒരു ഘട്ടിൽ നിങ്ങൾക്ക് മണിക്കൂറുകൾ വിശ്രമിക്കാം, അവിടെ കിടന്നുറങ്ങാം…
വൈകുന്നേരം സൂര്യൻ അസ്തമിച്ചു തുടങ്ങുമ്പോഴേക്കും അന്തരീക്ഷം ആകെ മാറിമറിയും. അതുവരെ കണ്ട സമാധാനം നിറഞ്ഞ അന്തരീക്ഷം പതിയെ ഇല്ലാണ്ടാകും. പതിനായിരക്കണക്കിന് ജനങ്ങൾ അവിടേക്ക് ഒഴുകും. പോലീസും പട്ടാളവും നിയന്ത്രണ രേഖകൾ തീർക്കും, വള്ളങ്ങളിലും പടവുകളിലും കസേരകളിലുമായി ആളുകൾ ഇരിപ്പിടം ഉറപ്പിക്കും. സൂര്യൻ അസ്തമിച്ചു എന്ന് മനസിലായ നിമിഷം ആരതി ആരംഭിക്കും. അതെ, ചരിത്ര പ്രസിദ്ധമായ ഗംഗാ ആരതി. നിരനിരയായി തങ്ങളുടെ പീഡങ്ങളിൽ അണിനിരക്കുന്നതോട് കൂടെ അവിടം നിശബ്ദത. പിന്നെ ബജൻസ് മാത്രം. അതിനൊപ്പം മനോഹരമായി ചിട്ടപ്പെടുത്തിയ ഒരു കൊറിയോഗ്രാഫി പോലെ ഈ പൂജാരിമാർ ദീപങ്ങൾ കൊണ്ടുള്ള മനോഹര കാഴ്ച്ചകൾക്ക് തുടക്കം കുറിക്കും. ദീപങ്ങളും, ദൂപവും, തീർത്ഥവും ഒക്കെ മാറി മാറി അവരുടെ കൈകളിൽ മനോഹരമായി ചലനത്തിന് വിദേയമാകും. പതിയെ പതിയെ തീയും പുകയും മന്ത്രങ്ങളും ഒക്കെ ചേർന്ന് അന്തരീക്ഷം പൂർണ്ണമായും ആത്മീയതയുടെ മൂർദ്ധന്യത്തിൽ എത്തും. ഏകദേശം ഒരു മണിക്കൂറിനു അടുത്ത് ഈ ആരതി തുടരും.
വാരാണസി അനുഭവിച്ചറിയേണ്ട ഇടമാണ്. ഓരോ നിമിഷവും, ഓരോ ഇടങ്ങളും ഓരോ അന്തരീക്ഷം ആയി രൂപാന്തരപ്പെടും. അത് ആത്മീയതയുടെയും, ഭക്തിയുടെയും, സമാധാനത്തിന്റെയും, മോക്ഷത്തിന്റെയും, മരണത്തിന്റെയും ഒക്കെ രൂപം പ്രാപിക്കും.
വാരാണസി – ജ്ഞാനോദയവും മരണവുമാണ് അവിടം…
ശ്യാം സോർബ
അശരണരുടെ സുവിശേഷം : ഫ്രാൻസിസ് നെറോണ
അക്ഷരങ്ങളാൽ രേഖപ്പെടുത്താതെ പോയ അശരണരുടെ കഥയാണിത്. അതോടൊപ്പം തന്നെ ക്രിസ്തുവിലേക്കു നടക്കുന്ന ഒരു സത്യാന്വേഷിയുടെ കഥയും.ഫാ.റൈനോൾഡ് സും തുറയിലെ അനാഥ പിള്ളേർക്കു വേണ്ടി അദ്ദേഹം നടത്തുന്ന അനാഥാലയവും ഈ നോവലിൽ വരച്ചിടുന്നു.മാളികപ്പുറത്തിരിക്കുന്നവനല്ല.. അഴുക്കുചാലിൽ നടക്കുന്നവനാണ് ക്രിസ്തുവിനോട് അടുക്കുന്നതെന്ന് ഈ നോവൽ നമ്മെ ഓർമപ്പെടുത്തുന്നു.ഞാൻ .. എൻ്റെ.. എന്ന ചെറിയ ലോകത്തിനപ്പുറം ആരുമില്ലാത്തവരുടെ വലിയ ലോക മുണ്ട്. ജന സേവനം ഒരു തപസ്യയാക്കി മാറ്റിയ മതാചാര്യന്മാരും രാഷ്ട്രീയ നേതാക്കളും ഉണ്ടായിരുന്ന ഒരു കാലമുണ്ടായിരുന്നു. ആ കാലത്തിലേക്കുള്ള ഒരു എത്തിനോട്ടം. എൻ്റെ മനസിൽ പതിഞ്ഞ ചില വരികളിലൂടെ സഞ്ചരിക്കുക മാത്രം ചെയ്യുന്നു..
റൈനോൾഡ് സിൻ്റെ കുട്ടിക്കാലം..
” ഉച്ചയ്ക്കു കഴിക്കാതെ സൂക്ഷിച്ച പൊതിച്ചോറ് ദാസനു മുന്നിൽ റൈനോൾഡ് സ് തുറന്നു വെച്ചു.വാട്ടിയ വാഴയിലയിൽ നിന്നു കുത്തരിച്ചോറിൻ്റേയും മത്തിക്കറിയുടേയും ഗന്ധങ്ങൾ.ദാസൻ ഏങ്ങലടിച്ചുകരയാൻ തുടങ്ങി.
” എന്താ.. എന്തു പറ്റി?”
“നീയെനിക്ക് ഒരു പിടി വാരിത്താ റൈനോൾഡ് സേ. ൻ്റെ കൈയ്യും കാലും തളരണ്”
ഒരു പിടിച്ചോറ് മത്തിച്ചാറുമായി കുഴച്ച് ഉരുളയാക്കി നൽകിയത് ദാസൻ ആർത്തിയോടെ വിഴുങ്ങി. തൊണ്ടക്കുഴിക്കും ആ മാശയത്തിനു മിടയിൽ അതങ്ങനെ വിലങ്ങനെ നിൽക്കെ അവൻ്റെ കണ്ണു തുറിച്ചു.
“നാലഞ്ചു ദിവസം തിന്നാതിരുന്നിട്ട് വാരിത്തിന്നാ നെഞ്ചുമ്മേ കെട്ടും. ചങ്കുപറിയണവേദനയാ.. “
റൈനോൾഡ് സ് ചിന്തിച്ചു: എന്തുകൊണ്ടാണ് മീൻപിടിക്കുന്നവർ വെറുക്കപ്പെട്ടവരും .. കള്ളന്മാരും പിടിച്ചു പറിക്കാരു മായ ആട്ടിടയന്മാർ വാഴ്ത്തപ്പെട്ടവരുമായത്? ബൈബിൾ മുഴുവൻ ഉപ്പു നിറഞ്ഞ കടലാണ്. യേശു നടന്നതും കടലിനു മീതെ .തോമാശ്ലീഹ പോലും മീൻപിടിക്കുന്നവനായിരുന്നു. എന്നിട്ടും മീൻപിടിക്കുന്നവരോട് അകലം ..
കഴിഞ്ഞു പോയ നാളുകളുടെ കാലദൈർഘ്യത്തെ ഊഹിച്ചെടുക്കാൻ പോലും കഴിയാത്ത വിധം അത്രമേൽ ദുർബ്ബലമാണ് നമ്മുടെ കാല ബോധം.പോയ നാളുകളെക്കാൾ വേഗതയിൽ ഇനിയുള്ള കാലം കൂടി കൊഴിഞ്ഞു വീഴും. അവസാന വീഴ്ചയ്ക്കു മുൻപ് ഒന്നു തിരിഞ്ഞു നോക്കാൻ ദൈവം മനുഷ്യന് ഒരവസരം കൊടുക്കും.പോയ കാല അനുഭവങ്ങളിലൂടെ മനസുകൊണ്ട് ഒരാവർത്തി കടന്നു പോകുന്ന നിമിഷം … പക്ഷേ അപ്പോഴേക്കും ഒന്നു തിരുത്തുവാനോ ഗതി മാറുവാനോ കഴിയാത്ത വിധം ജീവിത നദി അഴിമുഖത്ത് എത്തിച്ചേർന്നിട്ടുണ്ടാകും.
നാം സഹോദരന്മാർ ആകുമ്പോഴാണ് ദൈവം നമുക്ക് പിതാവാകുന്നത് .. ഫാ.റൈനോൾഡ് സ് അ നാ ഥാലയത്തിലെ കുട്ടികളെ ഓർമപ്പെടുത്തുന്നുണ്ട്. പക്ഷേ ആ അനാഥാലയത്തിൽ നിന്നു വളർന്നു പഠിച്ചു മിടുക്കന്മാരായ പലരും അവരുടെ സഹോദരങ്ങളെ മറന്നൂ. അപമാനകരമായ ഒരു ഭൂതകാലം പോലെ അവരതിനെ മറന്നു. അവരുടെ മറവിക്കു മുമ്പിൽ ഫാ.റൈനോൾഡ്സും നിശബ്ദനായി.
അനാഥാലയത്തിൻ്റെ ചുമതല ഏറ്റെടുത്ത ശേഷം ഫാ.ൈ നോൾഡ് സ് തിരിച്ചറിയുന്നു: അവർക്കാവശ്യം ഒരപ്പനെയാണ്. അന്നന്നുള്ള ആഹാരം നൽകുമെന്ന് ഉറപ്പുള്ള ഒരപ്പൻ.പനി വന്നാൽ നെറ്റിയിൽ തുണി നനച്ചിട്ട് സാന്ത്വനം പകരുന്ന.. സങ്കടപ്പെടുമ്പോൾ ചേർത്തണച്ചു പിടിച്ച് ഒരാശ്വാസ വാക്ക് പറയുന്ന ഒരപ്പൻ ..
വ്യത്യസ്തതകളില്ലാത്ത, ആവർത്തനങ്ങളുടെ സമാഹാരമാണ് അനാഥ ജീവിതം.കമ്പത്തിൻ്റെ ഉപ്പം മാവും ഓലപ്പന്തും മൂട്ടകടിയും ചൊറിയും ചിരങ്ങും പിഞ്ഞിയ കുപ്പായങ്ങളും അശാന്തിയുടെ ഭാരങ്ങളുമായി അവരുടെ ജന്മം ഈ ലോകത്തെ സ്പർശിക്കാതെ അദൃശ്യമായ ഒരു നേർ വരയിലൂടെ കടന്നു പോകുന്നു ..
ഞാൻ ഇടുന്നത് ഈശോയുടെ ഉടുപ്പാ. ഈശോ ആരോടും പിണങ്ങിയിട്ടില്ല.കുരിശിൽ തറച്ച വനോടു പോലും. അവൻ്റെ വസ്ത്രം ധരിക്കുന്നയാളും അതേ ക്രിസ്തു മാർഗം പിന്തുടരണം. അതിനു കഴിയാതെ പോയാൽ പട്ടക്കാരനാവില്ല;അവൻ്റെ അങ്കി ചിട്ടിയിട്ടു പങ്കിട്ടെടുത്ത പട്ടാളക്കാരനെപ്പോലാക്കും..
എപ്പോഴാണ് വെളുത്ത ളോ വ യുടെ ഉള്ളിൽ താനൊരു അപ്പൻ്റെ സ്നേഹം ഒളിപ്പിച്ചുവെച്ചത്? എപ്പോഴാണ് മക്കളെ പിരിയാനാവാത്ത വിധം ഒരപ്പനായി തൻ്റെ പൗരോഹിത്യം രൂപാന്തരപ്പെട്ടു പോയത്? അനാഥരുടെ അപ്പനായ തിലൂടെ മക്കളുടെ സ്നേഹവും സാമീപ്യവും കൊതിക്കുന്ന ഒരു പിതാവിൻ്റെ ഹൃദയം എന്നിൽ രൂഢമൂലമായോ?
നോവൽ വായിച്ചു കഴിഞ്ഞാലും ഏറെക്കാലം ഫാ.റൈനോൾഡ് സ് നമ്മുടെ മനസിൽ ജീവിക്കും. നോവലിൻറെ വിജയവും അതാണ്.
വിലാസിനി രാജീവൻ
പഠനവൈകല്യവും ഹോമിയോപതിയും
ഒരു കാലത്ത് നമ്മുടെ ഇടയിൽ അത്ര അധികം ബോധവൽക്കരണം നടന്നില്ലാതിരുന്ന ഒരു പ്രശ്നമാണ് പഠനവൈകല്യം മിക്കപ്പോഴും കുട്ടികളുടെ അഹങ്കാരമായൊ, കഴിവില്ലായ്മയായൊ തെറ്റിദ്ധരിക്കപ്പെട്ടിരുന്ന ഒന്നുമാത്രം മായിരുന്നു ഇത്.
എന്നാൽ ഇന്ന് നമുക്കറിയാം, മറ്റു വൈകല്യങ്ങൾ പോലെ ഇതും ഒരു വൈകല്യമാണ്. എഴുതുവാൻ കഴിയാതെ പോകുക വായിക്കുവാൻ കഴിയാതിരിക്കുക, സാമാന്യ കണക്കുകൾ പോലും കൂട്ടുവാനോ കുറയ്ക്കുവാനൊ, മറ്റു തരത്തിൽ കൈകാര്യം ചെയ്യുവാനൊ കഴിയാതെ വരിക. ഇതെല്ലാം പഠനം വൈകല്യ ത്തിന്റ ലക്ഷണങ്ങളാകാം. ഇത് ഏതെങ്കിലും ഒന്ന് മാത്രമോ അല്ലെങ്കിൽ എല്ലാം ചേർന്നൊ ഇത് ണ്ടാകാം.
പലപ്പോഴും പാരമ്പര്യമായി ഉണ്ടാകുന്ന ഒരു വൈകല്യമായാണ് ഇതിനെ കാണുന്നത് എങ്കിലും മറ്റു ചിലകാരണങ്ങൾ കൂടി ഇതിന്റെ പിറകിൽ ഉണ്ട്.
ജനനം സമയത്തുണ്ടാകുന്ന ചില പ്രശ്നങ്ങൾ കൂടി ഇതിന് കാരണമാകാറുണ്ട്. ഗർഭകാലത്ത് മസ്തിഷ്ക വളർച്ച യിൽ ഉണ്ടാകുന്ന ചില പ്രശ്നങ്ങൾ, മാതാവിന്റെ മദ്യപാനശീലം, മയക്കുമരുന്നുകളുടെ ഉപയോഗം എന്നിവയും പഠനവൈകല്യത്തിന് കാരണമായേക്കാം. പൂർണ്ണ വളർച്ചയെത്താത്ത പ്രസവം, സമയം കഴിഞ്ഞും പ്രസവിക്കാത്ത അവസ്ഥ, ജനിച്ച ശേഷം ശരീരത്തിൽ ഓക്സിജൻ ലഭിക്കുവാൻ വൈകുന്ന അവസ്ഥ പ്രസവ സമയത്ത് ശിശു വിന്റെ ഭാരം ഒന്നരക്കിലോ യിലും താഴെയാവുക ,ജന്മ സമയത്ത് മസ്തിഷ്ക ത്തിനുണ്ടാകുന്ന കേട്, ചില ലോഹങ്ങളുടെ കടന്നു കയറ്റം, ഗർഭകാലത്ത് മാതാവിനുണ്ടാകുന്ന പോഷകാഹാരക്കുറവ് എന്നിവയും പഠനവൈകല്യത്തിന് കാരണമാകാം
ഇനി എന്തൊക്കെ യാണ് ഇതിന്റെ ലക്ഷണങ്ങൾ എന്ന് നോക്കാം.
. വാക്കുകൾ ഉച്ചരിക്കുന്നതിനുളള പ്രയാസം
. താളത്തിൽ പാട്ടുപാടാൻ കഴിയാതെ വരിക
. അക്ഷരങ്ങൾ, നമ്പറുകൾ, നിറങ്ങൾ, ആകൃതികൾ, ആഴ്ചയിലെ ദിവസങ്ങൾ തുടങ്ങിയവ ഹൃദ്യസ്ഥമാക്കുന്നതിന് പ്രശ്നമുണ്ടാകുക.
. പേനയോ പെൻസിലോ ശരിയായ രീതിയിൽ പിടിക്കുവാൻ കഴിയാതെ വരിക.
. കൃത്യമായ വരകൾക്കുള്ളിൽ കളർ ചെയ്യാൻ കഴിയാതിരിക്കുക
. കുറച്ചു കൂടി മുതിരുമ്പോൾ അക്ഷരങ്ങളുടെ ശബ്ദൾ കൃത്യമായി അനുകരിക്കുവാൻ കഴിയാതെ വരിക
. നല്ല നിശ്ചയമുളള വാക്കുകൾ പോലും കൃത്യമായി വായിക്കുവാനോ എഴുതാനോ കഴിയാതെ വരിക
. അക്ഷരങ്ങൾ തെറ്റിക്കുക തെറ്റായി പറയുക
. ചെറിയ കണക്കുകൾ പോലും കൈകാര്യം ചെയ്യാൻ കഴിയാതെ വരുക.
. വായിക്കുവാനൊ, എഴുതാനൊ താൽപര്യം ഇല്ലാതെയാകുക.
. ഒരേ വാക്കുകൾ തന്നെ ആവർത്തിയ്ക്കുക.
ഇതെല്ലാം പ്രായത്തിനനുസരിച്ച് മാറ്റങ്ങൾ ഉണ്ടാകാം.
ഇവയെല്ലാം ഒരു പക്ഷെ പഠന വൈകല്യത്തിന് ലക്ഷണങ്ങൾ ആകാം.അത് തിരിച്ചറിഞ്ഞ് കൃത്യമായ സഹായവും പരിഹാരവും തേടുക എന്നതാണ് ഏറ്റവും ശരിയായ മാർഗ്ഗം.
പഠനവൈകല്യം പൂർണ്ണമായും മാറ്റിയെടുക്കുവാൻ കഴിയാത്ത ഒരു വൈകല്യമായിതന്നെയാണ് ആധുനിക വൈദ്യശാസ്ത്രം കാണുന്നത് എങ്കിലും ഹോമിയോ പ്പതിയിൽ ഇതിന് ഭാഗികമായോ പൂർണമായോ തന്നെ പരിഹാരം കണ്ടെത്താൻ കഴിയുന്നുണ്ട്.
പഠന വൈകല്യത്തിനുവേണ്ട ടെസ്റ്റുകൾ നടത്തി, അത് പഠനം വൈകല്യം തന്നെ യാണ് എന്ന് ഉറപ്പിക്കുക യാണ് ആദ്യ നടപടി. പിന്നീട് ഹോമിയോപ്പതിയുടെ ചികിത്സാരീതിക്കനുയോജ്യമായ ലക്ഷണങ്ങൾ കുട്ടിയിൽ കണ്ടെത്തുകയും അതിന് അനുയോജ്യമായ മരുന്നുകൾ കൊടുക്കുകയുമാണ് പതിവ്. ഇത്തരം ചികിത്സാരീതിയെ കോൺസ്റ്റിറ്റ്യൂഷണൽ ചികിത്സ എന്നാണ് ഹോമിയോപ്പതിയിൽ പറയുന്നത്. ഒപ്പം മാനസിക വളർച്ചയ്ക്കുതകുന്ന പ്രത്യേകിച്ചും ശ്രദ്ധ, ഓർമ്മ എന്നിവയെ വർദ്ധിപ്പിക്കുന്ന മരുന്നുകളും കൊടുക്കാറുണ്ട്. ഈ ചികിത്സ യിൽ പ്രാവീണ്യ മുള്ള ഒരു ഹോമിയോപ്പതി ഡോക്ടറെ ഇതിനായി സമീപിക്കുന്നതാണ് ഏറ്റവും ഉചിതം. ഹോമിയോ പ്പതിയിൽ ഇതിന്റെ ചികിത്സ യ്ക്കായി ധാരാളം മരുന്നുകൾ ഉണ്ട്. ഓരോരുത്തർക്കും അനുയോജ്യമായ മരുന്ന് കണ്ടുപിടിയ്ക്കുക എന്നതാണ് ഹോമിയോ പ്പതിയുടെ ചികിത്സാ തത്വം.
ഇതിനൊപ്പം പഠന വൈകല്ല്യത്തെ അതി ജീവിക്കുന്ന തിന്നായുള്ള ചില അഭ്യാസങ്ങൾ കൂടി പരിശീലിക്കുന്നത് ചികിത്സ യെ സഹായിക്കും. പഠനത്തെ സഹായിക്കുന്ന ചില പ്രവർത്തികൾ ആവർത്തിക്കുക വഴി അക്ഷരങ്ങളെ തലച്ചോറിൽ ഉറപ്പിക്കുവാൻ കഴിയും.
പഠന വൈകല്യം തിരിച്ചറിയുക, ചികിത്സ തേടുക. ഇത്തരക്കാരിലുള്ള മറ്റു കഴിവുകളെയും കണ്ടെത്തുക, പരിപോഷിപ്പിക്കുക.
ഡോ. വൈഷ്ണവി ടി.കെ
-
കുട്ടികളെ ലൈംഗീകമായി ചൂഷണം ചെയ്യുന്ന വാർത്തകളാണ് നാം നിത്യേനയെന്നവണ്ണം കേൾക്കുന്നത്. പണ്ട് നമുക്കറിയാത്ത സ്ഥലങ്ങളിലായിരുന്നുവെങ്കിൽ, ഇന്നത...
-
സിനിമയായി തീർന്ന ബഷീറിന്റെ രണ്ടാമത്തെ നോവലാണ് 1944 ൽ പ്രസിദ്ധീകരിച്ച ബാല്യകാലസഖി. പ്രണയ പശ്ചാത്തലത്തിലെ ദുരന്ത കഥ പറയുന്ന ബഷീറിൻറെ ഈ നോവ...









