2022 ഒക്‌ടോബർ 29, ശനിയാഴ്‌ച

ഇതിവൃത്തം മലയാള സാംസ്കാരിക മാസിക, ഒക്ടോബർ 2022, ലക്കം 25


 

മുഖമൊഴി


 ഓഷോ ഒരിക്കൽ ഒരു കഥ പറഞ്ഞു. യൂറി ഗഗാറിൻ തന്റെ ബഹിരാകാശ യാത്രയ്ക്കു ശേഷം തിരിച്ചെത്തിയ കാലം. ആദ്യമായി ബഹിരാകാശത്ത് യാത്ര ചെയ്തയാളല്ലേ. അദ്ദേഹവുമായി ഒന്ന് സംസാരിച്ചുകളയാം എന്ന് പോപ്പ് തീരുമാനിക്കുന്നു. ഒന്നുമല്ലെങ്കിലും ദൈവവും സ്വർഗ്ഗവുമെല്ലാം ഉള്ള സ്ഥലം സന്ദർശിച്ച ആളല്ലേ? പോപ്പിനെ സന്ദർശിച്ച ഗഗാറിനോട് താങ്കൾ ദൈവത്തെ കണ്ടുവോ എന്ന് പോപ്പ് ആകാംഷാഭരിതനായി ചോദിക്കുകയുണ്ടായി. കണ്ടില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. എന്നാൽ ആ ഉത്തരം പോപ്പിനെ അമ്പരപ്പിച്ചില്ല എന്ന് മാത്രമല്ല, പോപ്പ് കൊടുത്ത മറുപടി ഇതായിരുന്നു. ” കാണാൻ വഴിയില്ല എന്നെനിക്കും അറിയാമായിരുന്നു. നമ്മളൊക്കെ ക്രിസ്ത്യാനികളല്ലേ? ഇനിയിതാരോടും പറയണ്ട.” അന്നത്തെ സോവിയറ്റ് യൂണിയൻ പ്രെസിഡന്റായിരുന്ന ക്രൂഷ്ചേവും ഇതേ ചോദ്യം തന്നെ ഗഗാറിനോട് ചോദിച്ചു. ഒരു രസത്തിന് ദൈവത്തെ കണ്ടു എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഈ ഉത്തരത്തിൽ ക്രൂഷ്‌ചേവും അമ്പരന്നില്ല. അദ്ദേഹത്തിന്റെ മറുപടി ഇതായിരുന്നു. “നമ്മളൊക്കെ കമ്മ്യൂണിസ്റ്റുകാരല്ലേ, ഇനിയിതാരോടും പറയണ്ട.”

ഓഷോ ഒരു സന്ദർഭത്തിനനുസരിച്ചുണ്ടാക്കിയ ഒരു കഥ മാത്രമാണിത്. ഇപ്പോൾ ചില സന്ദർഭങ്ങൾ ഈ കഥ എന്നെ ഓർമ്മിപ്പിച്ചു എന്നുമാത്രം. നമ്മുടെ വിശ്വാസങ്ങൾ പലപ്പോഴും ഇങ്ങനെയൊക്കെത്തന്നെയാണ്. നമ്മൾ പഠിച്ചതും, ശീലിച്ചതും നമ്മെ ഇങ്ങനെയൊക്കെ ചിന്തിക്കുവാൻ അനുവദിക്കുന്നില്ല എന്ന് മാത്രം. ദൈവമില്ല എന്ന് വിശ്വസിക്കുന്നതും ഒരു വിശ്വാസമാണ്. അതിനെയും വേണമെങ്കിൽ ഒരു മതമെന്ന് വിളിക്കാം. എന്റെ ചെറുപ്പകാലത്ത് മത ചിന്ത ഇത്ര തീവ്രമായിരുന്നില്ല. അല്ലെങ്കിൽ അറിഞ്ഞിരുന്നില്ല. എന്തിന് ഒരു പത്തു വർഷങ്ങൾക്കു മുൻപു പോലും ഇത്ര മത വെറി ഉണ്ടായിരുന്നില്ല. ഇന്ന് മുഖ പുസ്തകത്തിൽ ഏതു പോസ്റ്റിനു താഴെയും കാണുന്ന കമന്റുകൾ ജാതി, മത ചിന്തകളുടെ അറപ്പുളവാക്കുന്ന വെല്ലുവിളികൾ മാത്രമായി അധഃപതിച്ചു കഴിഞ്ഞിരിക്കുന്നു.

ഇന്ത്യ ഒരു മതേതരത്വ ജനാധിപത്യപ്രക്രിയ നടപ്പിലാക്കുന്ന ഒരു രാജ്യമാണ്. നമ്മുടെ ഭരണഘടന അതുറപ്പും വരുത്തുന്നുണ്ട്. ഇവിടെ ആർക്കും ഏതു മതത്തിൽ വേണമെങ്കിലും വിശ്വസിക്കാം, വിശ്വസിക്കാതിരിക്കാം. മതങ്ങളുടെ നിലനിൽപ്പിനു വേണ്ടി അവർ പഠിപ്പിക്കുന്ന പാഠങ്ങൾ അപ്പാടെ വിഴുങ്ങുന്നവരാണ് മിക്കവരും. സ്വതത്ര ചിന്തയുള്ളവർ വിരളം. ഇവിടെയാണ് ഓഷോയുടെ ഈ കഥയുടെ പ്രസക്തി. അറിയാവുന്ന സത്യങ്ങൾ പോലും മറച്ചു പിടിക്കുവാൻ പ്രേരിപ്പിക്കുന്ന നേതാക്കളുള്ള സന്ദർഭത്തിൽ വിശ്വാസികൾ എന്തറിയുന്നു? അവർ പറയുന്നത് മാത്രമാണ് ശരിയെന്ന ചിന്തയാണ് ഇന്ന് അണികൾ പുലർത്തുന്നത് എന്ന് വേണം ഇത്തരം കമന്റുകൾ കണ്ടാൽ തോന്നുന്നത്. നമ്മൾ സ്വന്തമായി ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ശരിയും തെറ്റും തിരിച്ചറിയേണ്ട വിവേചനബുദ്ധി സ്വന്തമായുള്ളവർ തന്നെയാണ് മനുഷ്യർ. നാം അത് വേണ്ട വിധത്തിൽ ഉപയോഗിക്കുന്നില്ല എന്ന് മാത്രം.

മതത്തിന്റെ കാഴ്ചപ്പാടിലൂടെ മാത്രമല്ലാതെ അയൽവക്കക്കാരനെ നോക്കിക്കാണുന്ന സഹാനുഭൂതിയുള്ള ഒരു തലമുറ വളർന്നു വരേണ്ടത് വളരെ അത്യാവശ്യമാണ്. അതിലേക്കു വെളിച്ചം വീശുന്ന ചിന്തയാകട്ടെ ഈ മാസം.


ഡോ സുനീത് മാത്യു

മറക്കുവാൻ പറയാൻ എന്തെളുപ്പം...

 


ഈ അടുത്തയിടക്ക് പത്രങ്ങളിൽ വന്ന വാർത്ത. 2021 ൽ 1.6 ലക്ഷം ഇന്ത്യാക്കാർ ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചു! ഈ നിരക്ക് ഓരോവർഷവും കൂടിക്കൊണ്ടിരിക്കുന്നു എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നതത്രേ. നിങ്ങൾ ഇന്ത്യയിൽ ആണ് വസിക്കുന്നതെങ്കിൽ ഒരുപക്ഷെ  ഇത് വായിക്കുമ്പോൾ പുച്ഛമായിരിക്കും തോന്നുക. രാജ്യസ്നേഹം ഇല്ലാത്തവർ എന്ന് പറയുമായിരിക്കും. നമ്മുടെ നാട്ടിലുണ്ടാകുന്ന വികസനങ്ങളെ  അറിയുന്നില്ലെന്നു ഭള്ളുപറയും. തിരുവനന്തപുരത്തുകൂടി ലുലുമാൾ വന്നകാര്യം ഇവരൊന്നും അറിഞ്ഞില്ലേയെന്നു കരുതി മൂക്കത്തു വിരൽവയ്ക്കും. എന്തുകണ്ടിട്ടാണ്‌ നാടുവിടുന്നതെന്നാലോചിച്ചു കലിവരും. ബുദ്ധിയില്ലാത്തവരെക്കുറിച്ചോർത്തു പരിതപിക്കും. പുച്ഛിക്കാൻ വരട്ടെ. ചില കാര്യങ്ങൾ കൂടി അറിയുക.

ആഗോളവൽക്കരണവും,  ഇന്റർനെറ്റുമൊക്കെ നമ്മെ ചെറിയൊരു ചിലന്തിവലവട്ടത്തിലാക്കിയിട്ടു കാലം കുറേയാകുന്നു. ലോകം തന്നെ ചെറുതായി നമ്മുടെ കൈവെള്ളയിലായിട്ടും ഒരുവ്യാഴവട്ടമെങ്കിലും കഴിഞ്ഞിട്ടുണ്ടാകും. തിരിഞ്ഞു നോക്കിയാൽ മലയാളനാട്ടിൽനിന്നുള്ള ദേശാന്തരഗമനം തുടങ്ങിയിട്ടുതന്നെ നൂറ്റാണ്ടുകൾ കഴിയുന്നു. എന്നിട്ടും, മിനുറ്റുകൾവച്ചു മാറുന്നലോകത്തു ചിലകാര്യങ്ങളിൽ നാം മാറാത്തതാണ് കാതലായ പ്രശ്നം.

മാറ്റം മാറ്റത്തിന്റെ വഴിക്കുപോകുമ്പോഴും നാട്ടാർക്കെല്ലാം കൊടുക്കാനുള്ള ജോലിയില്ല നാട്ടിൽ. നല്ല ജോലികിട്ടാനുള്ള വൈദഗ്ധ്യം ഉണ്ടാക്കിക്കൊടുക്കാൻ ഉതകുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളും കുറവ്. ഉള്ളതിലെല്ലാം രാഷ്ട്രീയകളികൾക്കും, സ്വജനപക്ഷപാതത്തിനും, അഴിമതിക്കും പോലും സമയം തികയുന്നില്ല. മെരിറ് അടിസ്‌ഥാനത്തിലുള്ള സീറ്റുകളും കുറവ്. പുറം സംസ്ഥാനങ്ങളിൽ പോയി പഠിക്കാൻ ചിലവാക്കുന്നതിൽ കുറച്ചുകൂടി മുടക്കിയാൽ വിദേശ സർവ്വകലാശാലകളിൽ പോയി പഠിക്കാം, അവിടെത്തന്നെ ജോലിനേടാം, ജീവിക്കാം, ചിലപ്പോൾ പൗരത്വവും ലഭിക്കാം എന്നതാണ് സ്ഥിതി. അങ്ങനെ കുടുംബവും കുട്ടികളുമായി വർഷങ്ങളായി വിദേശത്തു ജീവിക്കുന്നവർ അവസരം കിട്ടിയാൽ അവിടെത്തങ്ങുമോ അതോ നാട്ടിലേക്കു തിരികെ വരുമോ? പലരുടെയും കുട്ടികൾ ജനിച്ചുവളർന്നത് തന്നെ വിദേശത്താണ്. അവർക്കതാണ് ദേശം, ഇന്ത്യ വിദേശവും. സാഹചര്യങ്ങളാണ് മറ്റു രാജ്യങ്ങളിലേക്ക് കുടിയേറാനും പൗരത്വം സ്വീകരിക്കാനും കാരണമാകുന്നത്.  രാജ്യസ്നേഹമില്ലാഞ്ഞിട്ടല്ല ഇന്ത്യൻ പൗരത്വം വെടിയുന്നത്.  ഇന്ത്യയാണെങ്കിൽ ഇരട്ടപൗരത്വം അംഗീകരിക്കുന്നുമില്ല. അയൽരാജ്യങ്ങളായ ബംഗ്ളാദേശും പാകിസ്ഥാനും പോലും ഇരട്ടപൗരത്വം അംഗീകരിക്കുന്ന നാടുകളാണ്. അപ്പോൾ പിന്നെ യാഥാർഥ്യങ്ങൾ മനസ്സിലാക്കാതെ കണക്കുകൾ മാത്രം നോക്കി വിലപിക്കുന്നതിൽ കഥയെന്തിരിക്കുന്നു? 'വസുദേവകുടുംബകം' എന്നുപറഞ്ഞു ആശ്വസിക്കുകയേ തരമുള്ളൂ.

കുടിയേറ്റത്തിന്റെ വഴികളിലേക്കൊന്നു നടന്നുനോക്കാം. ഇപ്പോഴത്തെ കണക്കുകൾ പ്രാകാരം ഏകദേശം 40000 ത്തോളം ഇന്ത്യൻ വിദ്യാർത്ഥികൾ ഓസ്‌ട്രേലിയയിൽ മാത്രം പഠിക്കുന്നു. മറ്റുരാജ്യങ്ങളിലെ കണക്കൂകൂടിയെടുത്താൽ ഇതിൻറെ നൂറ് ഇരട്ടിയെങ്കിലും ഉണ്ടാകാം. നിങ്ങൾക്കറിയുന്ന പലരും വിദേശത്തു പഠിക്കാൻ കിടപ്പാടം പണയം വച്ച് കടമെടുത്തു പോയവരോ അതിനു ശ്രമിക്കുന്നവരോ ആയിരിക്കും. നിങ്ങളുടെ ഉറ്റവരോ ഉടയവരോ നിങ്ങൾതന്നെയോ വിദേശത്തു പഠിക്കുകയോ ജോലിചെയ്യുകയോ ആയിരിക്കും. അതിന് നമുക്ക് ഓരോരോ കാരണങ്ങളും ഉണ്ടാകും. പക്ഷെ മൊത്തത്തിൽ നോക്കിയാൽ മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങൾ നോക്കി മാത്രമല്ല ആൾക്കാർ പുറം നാടുകളിലേക്ക് ചേക്കേറുന്നത്. വിദ്യാഭാസവും ജോലിയുമായൊക്കെ എത്തപ്പെടുന്നു. പിന്നെ അവിടെത്തന്നെ തുടരേണ്ടിവരുന്നു.

നാട്ടിൽനിന്നാൽ ഗതിയില്ലാതെയാണ് പലരുടെയും പോക്ക്.  വീണടം വിഷ്ണുലോകമാക്കി പിന്നെയൊരു ജീവിതമാണ്. ഒത്താൽ ഒത്തു. രണ്ടായിരത്തി ഇരുപത്തൊന്നിലെ കണക്കുപ്രകാരം ഓസ്‌ട്രേലിയൻ പൗരൻമ്മാരിൽ ഏഴ് ലക്ഷത്തോളം ഇന്ത്യൻ വംശജരാണ് (രണ്ടരക്കോടിയിലാണ് ഏഴ് ലക്ഷം). അമേരിക്കൻ പൗരൻമ്മാരിൽ 1.4% ഇന്ത്യൻ വംശജരാണ്. കണക്കുകൾ മനോഹരങ്ങളാണെങ്കിലും ജീവിതം അങ്ങനെയാകണമെന്നില്ല. വല്ലനാട്ടിലും പോയി ഒരു വരുത്തനെപ്പോലെ എല്ലാ അപമാനങ്ങളും സഹിച്ചു എല്ലുമുറിയെ പണിയെടുക്കുന്നതിന്റെ വേദന ചിലപ്പോൾ നാട്ടിലുള്ളവർ അറിയണമെന്നില്ല. ജോലിചെയ്യുന്നവരുടെ കോളറിന്റെ നിറം വെളുപ്പായാലും നീലയായാലും ഇതുതന്നെയാണ് സ്ഥിതി. ജോലിചെയ്യുന്നനാട്ടിൽ അങ്ങനെയൊക്കെയാണെങ്കിൽ, വല്ലപ്പോഴും  ഇല്ലാത്ത കാശുമുടക്കി നാട്ടിലെത്തിയാൽ പ്രവാസിയുടെ പരിവേഷവും, അധികച്ചിലവും, അധിക്ഷേപവുമായിരിക്കും പലപ്പോഴും ബാക്കിയുണ്ടാകുന്നത്. എന്നാലും തിരികെപ്പോയി നാടിൻറെ മധുരമൂറുന്ന ഓർമ്മയിൽ മുഴുകാൻ ആവേശമാണ് മലയാളികൾക്ക് (ഓർമ്മയിൽ മാത്രം ജീവിക്കുന്ന ആ മാധുര്യം! ഹോ!) . 

സത്യത്തിൽ ഇന്ത്യ ജീവിക്കുന്നത് പുറം നാടുകളിലാണ്. പുറം നാട്ടിൽ പഠിക്കുന്ന, ജോലിനോക്കുന്ന, ജീവിക്കുന്നവരുടെ മനസ്സിൽ. ഇന്ത്യയിൽ ജീവിക്കുന്നവർക്ക് രാജ്യത്തെ ശ്രദ്ധിക്കാൻ ചിലപ്പോൾ സമയം കിട്ടിയേക്കില്ല. പുറത്തുള്ളവർ അങ്ങനെയല്ല. നാട്ടിൽ ഇലയനങ്ങിയാൽ അറിയും. നാട്ടിന്റെ നന്മകൾ പലതും ഇവരുടെയൊക്കെ മനസ്സിലൂടെയാണ് ജീവിക്കുന്നത്. പറഞ്ഞുവന്നാൽ ഇവരുടെ സ്നേഹമാണ് നാട്ടിന്റെ സ്വത്ത്, ഇവരുടെയൊക്കെ അധ്വാനമാണ് സംസ്ഥാനത്തിന്റെ സാമ്പത്തിക അടിത്തറ. വ്യവസായ-നിര്‍മ്മാണമേഖല പേരിനുമാത്രം പ്രവർത്തിക്കുന്ന, കൃഷിചെയ്യാൻ ഭൂമിയും ആളും കിട്ടാത്ത, സേവനമേഖല മെച്ചപ്പെടാത്ത, കടമെടുത്തു പാഴ്ച്ചിലവുണ്ടാക്കുന്ന സംസ്ഥാനത്തു മാമലകളും സമുദ്രങ്ങളും താണ്ടി വരുന്ന സ്നേഹപ്പൊൻപണം കൂടിയില്ലായിരുന്നെങ്കിൽ! അതുകൊണ്ടു പ്രവാസികൾ ആ മധുരിക്കും ഓർമ്മകളിൽ ജീവിക്കട്ടെ. കൂടുതൽ പണിയെടുക്കട്ടെ. കൂടുതൽ പണമയക്കട്ടെ.

പുറത്തുപോകുന്നവർ പോകട്ടെ. പൗരത്വം ഉപേക്ഷിച്ചാലും പരാതിയില്ല. ആ മധുരമുള്ള ഓർമ്മകളെ മറക്കാൻ പറയരുത്. മലയാളിത്തം ഉപേക്ഷിക്കാൻ പറയരുത്. പറ്റില്ല! കേരളത്തിൽനിന്നും (ഇന്ത്യയിൽ നിന്നും) മാത്രമേ അവർ പുറത്തുപോകുന്നുള്ളൂ. കേരളം അവരിൽനിന്നും പുറത്തുപോകുന്നേയില്ല.

അതുകൊണ്ട് ഒന്നും മറക്കുവാൻ മാത്രം പറയരുത്. മറക്കുവാൻ പറയാൻ എന്തെളുപ്പം...



സുമേഷ് രാമചന്ദ്രൻ


പ്രണയം

 










മനക്കണ്ണിൻ തിമിരമാകുന്ന പ്രണയം;

മഴവില്ലിൻ ഏഴു വർണ്ണമുള്ളൊരു പ്രണയം

നിസ്വാർത്ഥ സ്നേഹത്തിൻ നീരുറവയാമത്

വരണ്ടു കിടക്കും മരുഭൂവിൽ 

നേർത്ത് സൗരഭ്യമേറിയ പാതിരാ,

പൂപ്പോലെയും;

ഇരവുകളിലണയും തെന്നലിലും

 പ്രണയത്തിൻ ബീജങ്ങൾ മുളച്ചിടുന്നു.

പാതി കാണും സ്വപ്നത്തിലും -

മധുരമായി മാറുന്ന പ്രണയ നിമിഷം.

പാടിതീരാത്ത ഗാനത്തിൽ, ശ്രുതി-

യായി മീട്ടുന്ന പ്രണയതന്ത്രി..

പാതി വിടരും പൂവിലും ,

പരാഗണ രേണുതൻ പ്രണയ പൂമ്പൊടി.,

തിമിർത്തിടും സ്നേഹത്തിൻ കാണാ

കനവുകളിൽ അറിയാതെ 

പൂക്കുന്ന പ്രണയവല്ലരികൾ.

എല്ലാ മിന്നൊരു ജല്പനം മാത്രം...

ദേഹം ദേഹത്തോടൊട്ടുന്നൊരു 

കേളി മാത്രം....

പ്രണയമെന്നൊരു വാക്കിനർത്ഥവും മാറി.,,

കേവലമിന്നതിനലങ്കാരം മാംസമെന്നുമായല്ലോ...?

 

രമ്യ രതീഷ്


മൗനം നെയ്യുമ്പോൾ.....

 










നിങ്ങൾ

 മൗനം നെയ്യുകയാണോ

അങ്ങനെയെങ്കിൽ 

ഇഴകളടുത്തടുത്ത്  വരണം.

 

നേർത്ത പട്ടുനൂലുകൾ

സമയമേറെയെടുത്ത്

തിരഞ്ഞ് കണ്ടു പിടിച്ച്

മറ്റൊരു സമയത്തേക്ക്

എടുക്കാം എന്ന് പ്രത്യാശിച്ചു കൊണ്ട്

മാറ്റിവയ്ക്കണം.

 

നേരം അവയെ ഒന്ന്

മൃദുവായി തലോടണം.

 അപ്പോഴാ നൂലിഴകൾ

ഉള്ളംകൈയിൽ ചേർന്നു കിടക്കും

അവയുടെ കാണാമിഴികളിൽ നിന്ന്

നീർത്തുള്ളികൾ ഇറ്റുവീഴും.

 

മൗനം നെയ്യാൻ തുടങ്ങുമ്പോൾ

നിങ്ങളീ നൂലിഴകളെ ഒഴിവാക്കണം.

അവയ്ക്ക് നല്ല മുറുക്കമുള്ള

ഇഴകൾ തീർക്കാനാവില്ല.

കട്ടിയുള്ള നൂലുകൾ

കൊണ്ടു വേണം മൗനം നെയ്യാൻ.

അതിനായി മനസ്സിൻ്റെ

വാതായനങ്ങൾ കൊട്ടിയടയ്ക്കുക.

 

അടഞ്ഞ വാതിലുകൾക്കുള്ളിലെ

ഇരുണ്ടയിടങ്ങളിൽ നിന്ന്

വെറുപ്പിൻ്റെ കടുകട്ടിയുള്ള

ഇളം കറുപ്പു നൂലുകൾ

ഉയിരെടുത്തു വരുന്നതു കാണാം.

അതിൽ നിന്നെടുക്കൂ

നിങ്ങൾക്കുള്ള നൂലിഴകൾ.

 

ഇനി മൗനത്തിൻ തിരശ്ശീലനെയ്യൂ.

കാലത്തിൻ്റെ യാത്രയിൽ

വിണ്ടുകീറി നശിക്കില്ല അത്.

മെല്ലെ മെല്ലെ ഇളം കറുപ്പിൽ നിന്ന്

കടുംകറുപ്പിലേക്ക് നിറം മാറും.

 

അപ്പോഴും മാറ്റിവച്ച

നേർത്ത ആർദ്രമാം 

പട്ടുനൂലുകൾ മൗനത്തിൻ

തിരശ്ശീല നെയ്യാനാവാതെ

മനസ്സിൻ കാണായിടങ്ങളിൽ

വർണ്ണക്കാഴ്ചകൾക്കായ്

കൊതിച്ച് ശബ്ദകാലത്തിനായി 

ചെവിയോർത്തായിരുളിമയിൽ

കാത്തിരിക്കുന്നുണ്ടാവും.

 

ഒരുപക്ഷേ അപ്പോഴേക്കും

 അവ നിറങ്ങളന്യമായ

നിയതിയുടെ വിളിയിൽ

വിലയം ചെയ്തിട്ടുണ്ടാവാം.....

 

അജിത.വി.അമ്പലപ്പുഴ


വയൽക്കാറ്റ്

 

ചാരുകസേരയിൽ പുസ്തകം വായിച്ചു കൊണ്ടിരിക്കേ അറിയാതെ മയങ്ങിപ്പോയി. അടഞ്ഞ കണ്ണുകൾ പുറത്തെ കാഴ്ചകൾ മറച്ചപ്പോൾ ഓർമ്മകളുടെ ചെപ്പു തുറന്ന് ചില കാഴ്ചകൾ പുറത്തു ചാടി.

നാലിന്റെ മണിയടിക്കായ് അക്ഷമയോടെ കാത്തിരുന്ന കാലം. സമയം നോക്കാൻ വാച്ചില്ലെങ്കിലും, അവസാന പീരിയഡിലെ അദ്ധ്യാപകരുടെ ചേഷ്ടകളിൽ നിന്നും സമയം മനസ്സിലാകുമായിരുന്നു. മണിയടിച്ചതും അണക്കെട്ട് തുറന്ന പോലെ റോഡിലേക്കൊരു പാച്ചിലാണ്. വല്ലപ്പോഴും കടന്നുപോകുന്ന വാഹനങ്ങൾക്ക് വേഗത കുറവായിരുന്നു. ഓടിക്കുന്നവർക്ക് വിവേകവുമുണ്ടായിരുന്നു.

ടാർ റോഡിൽ നിന്നും മൺപാതയിലേക്കു തിരിയുന്നിടത്ത് കൂട്ടുകാരെല്ലാം കൈ വീശി യാത്രയാവും. ഇനിയങ്ങോട്ട് തനിച്ചാണ്. ഇത്തിരി ദൂരമേയുള്ളെങ്കിലും ഒറ്റപ്പെടൽ അസഹനീയം. നഗ്നമായ പാദങ്ങളിൽ പൂഴിയുടെ തണുത്ത തലോടൽ. പാതക്കിരുവശവുമായി പത്തോളം വീടുകൾ. അതു കഴിഞ്ഞാൽ പാടം. നടുക്കു കൂടിയുള്ള വീതികുറഞ്ഞ വരമ്പ് ചെന്നു നിൽക്കുന്നത് തന്റെ പറമ്പിലാണ്.

"ആനന്ദ്, നിൽക്കൂ" പിന്നിൽ നിന്നും പരിചിതമല്ലാത്ത ശബ്ദം. തിരിഞ്ഞു നോക്കിയപ്പോൾ ഇതുവരെ കണ്ടിട്ടില്ലാത്ത

ഒരു സ്ത്രീയും പെൺകുട്ടിയും.

"ആനന്ദിനു ഞങ്ങളെ മനസ്സിലായോ?"

"ഇല്ല"

"ഞാൻ വയൽക്കര വീട്ടിലെ ദേവകി. ഇതെന്റെ മകൾ ദേവി. ഞങ്ങൾ ഉത്തരേന്ത്യയിലായിരുന്നു. ഇവളുടെ അച്ഛനവിടാ ജോലി. ഇനിമുതൽ ഇവിടെയാ സ്ഥിരതാമസം. ഇവളെ ആനന്ദിന്റ സ്കൂളിൽ ചേർത്തു. നാളെ മുതൽ ഇവളെയും കൂട്ടണം. ബുദ്ധിമുട്ടില്ലല്ലോ?"

"ഏയ്, ഇല്ല" ലഡു പൊട്ടിയ ശബ്ദം ദേവകിയമ്മ കേട്ടില്ല.

അവർ അപ്പോഴേക്കും  ദേവകിയമ്മയുടെ വീടിനടുത്തെത്തി്

"കയറിയിട്ടു പോകാം. വരൂ ആനന്ദ്"

ഉത്തരേന്ത്യയിൽ നിന്നും കൊണ്ടുവന്ന പേരറിയാത്ത മധുരപലഹാരങ്ങൾ. ഇറങ്ങിയപ്പോൾ വീട്ടീലേക്ക് ഒരു പൊതി നിറയെ വീണ്ടും.

വരമ്പിലൂടെ നടക്കുമ്പോൾ കുറുകെച്ചാടുന്ന കുഞ്ഞൻ തവളകളുടെ തണുപ്പ് പാദങ്ങളെ ഉമ്മ വക്കും. വരമ്പിലൂടെ എത്ര നടന്നാലും മടുക്കില്ല.മഴക്കാലത്ത് മാത്രം മുട്ടിനു താഴെ വെള്ളം കാണും. മഴയുടെ തുടക്കത്തിൽ രണ്ട് വശത്തും വെള്ളം നിറയുമ്പോൾ വരമ്പിലൂടെ ചെറിയ ഒഴുക്കു തുടങ്ങും. ഒപ്പം ചെറു മീനുകളും. കൈകൊണ്ട് പെറുക്കിയെടുക്കാം.

കൃഷിയുടെ വിവിധ ഘട്ടങ്ങളിൽ പാടത്തിന് പല ഗന്ധമാണ്. നെല്ലു പൂക്കുമ്പോൾ അതിനു വശ്യതയേറും.

സ്കൂൾ യാത്രയിലും  പാടവരമ്പിലുമായി ഒരു കുഞ്ഞു പ്രണയം പതുക്കെ പിച്ചവച്ചു.

 പ്ളസ്ടു പരീക്ഷ കഴിഞ്ഞ അവധിക്കാലത്ത് ആർമി റിക്രൂട്ട്മെന്റ് റാലിയിൽ വെറുതെ പങ്കെടുത്തതാണ്. തെരഞ്ഞെടുക്കപ്പെട്ടു.

യാത്രയുടെ തലേന്നാൾ വരമ്പിൽ വച്ച് തന്റെ മുഖം കൈകളിലെടുത്ത് നെറ്റിയിൽ ദേവിയുടെ ആദ്യ ചുംബനം! ജീവൻ കയ്യിൽ പിടിച്ചു ചാടിയ തവളയും, പിന്നാലെ പാഞ്ഞ നീർക്കോലിയും ഒരു നിമിഷം എല്ലാം മറന്നാക്കാഴ്ച കണ്ടു നിന്നു.

 പാടവരമ്പും, രണ്ടു നിറകണ്ണുകളും, മൺപാതയും വിട്ട് അറിയാത്ത ദേശത്തേക്കുള്ള യാത്ര.

ഒരു വിധത്തിൽ ഡിഗ്രി കഴിഞ്ഞതും ദേവി തീരുമാനിച്ചു ഇനി പഠിക്കാനില്ലെന്ന്. വീട്ടുകാർക്കും വലിയ താത്പര്യമില്ലായിരുന്നു.

മഴക്കാലത്തായിരുന്നു കല്യാണം. വെള്ളം നിറഞ്ഞ വരമ്പിലൂടെത്തന്നെ ഭർതൃഗൃഹത്തിലെത്തണമെന്ന് ദേവിക്കായിരുന്നു നിർബ്ബന്ധം. മുണ്ടു മടക്കിക്കുത്തി, വധുവിനെ കൈകളിലെടുത്ത് വരമ്പു താണ്ടിയത് നാട്ടുകാർക്ക് പുതുമയായി.

"ആഹാ ഉറങ്ങുവാണോ? നിങ്ങളു പോയി പിള്ളാരെ വിളിച്ചോണ്ടു വാ. ഇതവർക്കു കൊടുക്കണ്ടേ?"

കൃഷി അന്യമായ പാടത്ത് ഫുട്ബോളും ക്രിക്കറ്റുമൊക്കെയാണ് പുതിയ കൃഷി. കളിക്കുന്ന  കുട്ടികളെ വീട്ടിൽ വരുത്തി ദേവി അവർക്ക് പലഹാരങ്ങളും ചായയുമൊക്കെക്കൊടുക്കും. അവരുടെ ചിരിയും സംസാരവും കുറച്ച് നേരത്തേക്കെങ്കിലും വലിയ വീട്ടിലെ ഏകാന്തത അകറ്റും. സ്വന്തം മക്കൾ വല്ലപ്പോഴുമെത്തുന്ന വിരുന്നുകാരായപ്പോൾ ദേവി  ആശ്വാസം കണ്ടെത്തുന്നതിങ്ങനൊക്കെയാണ്.

ആനന്ദ് മയക്കത്തിൽ നിന്ന് ഞെട്ടിയുണർന്ന് ചുറ്റും നോക്കി. ദേവിയുടെ ശബ്ദമായിരുന്നല്ലോ!

"ദേവീ, ദേവീ"

ഉച്ചമയക്കത്തിന്റെ ആലസ്യം വിട്ടുപോകാൻ ഇത്തിരി സമയമെടുത്തു. പിന്നെ  ഭിത്തിയിലെ ചിത്രത്തിലേക്ക് അയാളുടെ കാഴ്ചയെ അയാൾക്ക് മാത്രം മനസ്സിലാകുന്ന ഭാഷയിൽ ആരോ ക്ഷണിച്ചു. ചിത്രത്തിലെ വിടർന്ന കണ്ണുകളിൽ പൂത്തുലഞ്ഞ നെൽപ്പാടം അയാൾ കണ്ടു. പതുക്കെ വീശിയ കാറ്റ് അവിടെ ഓളങ്ങൾ സൃഷ്ടിച്ചു.

"അങ്കിൾ, കുറച്ച് തണുത്ത വെള്ളം" പാടത്തു കളിക്കുന്ന കുട്ടികളായിരുന്നു.

   ആകാശത്ത് വഴി തെറ്റിയെത്തിയ കരിമേഘത്തിന്റെ കീറ്.  അയാളുടെ കൺകോണിൽ ഒരു നീർത്തുള്ളി കൊഴിയാൻ തയ്യാറെടുത്തു.


അനിൽ കുമാർ എം.ബി.


പാഴ് വസ്തു

 


വേണ്ടാത്തതൊക്കെയും തപ്പിയെടുത്തയാൾ

മുക്കിലൊരിടത്തു കൊണ്ടു കൂട്ടും

 

മുടിയുണ്ട് നഖമുണ്ട് നാറത്തുണിയുണ്ട്

കണ്ണടത്തോടുണ്ട് കൂടുമുണ്ട്

 

മാലിന്യമെന്നൊന്നു കണ്ടാലയാളുടെ

മൂക്കിനു തുമ്പു വിറവിറക്കും

 

വിലപിടിപ്പുള്ളതാണോരോ നിമിഷവും

പാഴല്ല വാഴ്വെന്നയാൾ പറയും

 

 

പ്രായമിന്നേറെയായ് കണ്ണും തിരിയാതായ്

വേണ്ടതും വേണ്ടാത്തതുമറിയാതായി

 

എങ്കിലുമിന്നുമതുമിതും തപ്പി

മുക്കിലൊരിടത്തു കൊണ്ടു വെയ്ക്കും

 

കൂടിക്കിടക്കുന്ന പാഴ് വസ്തുവോരോന്നും

പരതിയെടുത്തു മണത്തുനോക്കും

 

കണ്ടതും കണ്ടതും തന്റെയാണെന്നയാൾ

ഒന്നും കളയാതെ ചേര്ത്തുവെയ്ക്കും.

 

സതീശൻ എസ്


പാതയോരം:

 



പാതയോരങ്ങളിലെ മങ്ങിയ

ജീവിതങ്ങളെ നോക്കി മാത്രം

അനുകമ്പ തൻ ആഴങ്ങളിൽ

മുങ്ങി നിവരുന്നവർക്കായൊരു

പരസ്യമായ രഹസ്യമോതാം...

 

അസഹനീയമാം ദൈന്യതയുടെയും

ക്രൂരതയുടെ ബാക്കി പത്രത്തിന്റെയും

കണ്ണുനീർ ചോലകൾ ഒഴുകുന്ന

എത്രയോ ജന്മ നാളങ്ങൾ

ഇഷ്ടിക കൂടുകളിൽ നെടുവീർപ്പ്

ഉള്ളിൽ അടക്കുന്നു!

 

മൂർച്ഛിച്ച പ്രതികാരത്തിന്റെ

വഴിയെന്നോണം ഒരു നേരം

അന്നം പോലും ഒരേ വീടിനുള്ളിൽ

സഹജീവികൾക്ക് നിഷേധിക്കുന്ന

ക്രൂരരായ വിദ്യാസമ്പന്നർ

ഭൂവിൽ വസിക്കുന്നതറിഞ്ഞും

ഇല്ലെന്ന് നിങ്ങൾ ഭാവിക്കരുതേ...

 

വിധിയെന്ന ചട്ടുകത്തിന്റെ

പാതയിലൂടെ നടക്കുന്നവരുടെ

കണ്ണുനീരിൽ കുതിർന്ന

നിസ്സഹായതയുടെ

കാഴ്ചകൾക്ക് പ്രണാമം!

 

അനിത അമ്മാനത്ത്


സസ്യഹോർമോൺ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കൂ. ആരോഗ്യത്തോടെ ജീവിക്കൂ.


 

നമുക്ക് ചില സസ്യ ഹോർമോണുകൾ ഉപകാരികളാകാറുണ്ട്. സസ്യ ഹോർമോണുകളെ ഫൈറ്റോ ഹോർമോൺസ് എന്നാണു പറയാറുള്ളത്. അവയിൽ ഏറ്റവും ഉപകാരികളാണു ഫൈറ്റോ ഈസ്റ്റ്രൊജെൻ എന്ന വിഭാഗത്തിൽ പെടുന്ന ഹോർമോണുകൾ. ഇവ സ്ത്രീകളക്ക് വളരെ സഹായകമാണു,

സ്ത്രീ ശരീരത്തിന്റെ സ്വാഭാവിക വളർച്ച്യ്ക്കും ഗർഭപാത്രത്തിന്റെ ശരിയായ പ്രവർത്തങ്ങൾക്കും വളരെ ആവശ്യമാണു ഈസ്റ്റ്രജൻ..

ഈസ്റ്റ്രജൻ ഹോർമോണിന്റെ കുറവുകൊണ്ട് ധാരാളം തകരാറുകൾ സ്ത്രീകൾക്കു ഭവിക്കാറുണ്ട്, അതിൻ ഫലമായി വന്ധ്യതയും വരാറുണ്ട്.

ഇത്തരം രോഗമുള്ളവർക്ക് ഹോർമോൺ ചികിൽസയാണു സാധാരണ ആധുനിക വൈദ്യ ശാസ്ത്രത്തിൽ ലഭിക്കാറുള്ളത്. ചികിൽസയ്ക്ക് പാർശ്വഫലങ്ങളും കൂടെയുണ്ടാകും ശരീരത്തിൽ നീരുകെട്ടുക, മാറിടത്തിനു തടിപ്പും വേദനയും, ഓക്കാനം,കാൽ പേശികളിൽ പിടുത്തം, തലവേദന , ദഹനക്കേട്, മാസമുറ കൂടാതെയുള്ള രക്തസ്രാവം എന്നിവയാണു സാധാരണ പ്രശ്നങ്ങൾ.,

ഇത്തരക്കാരെ സഹായിക്കാൻ ഫൈറ്റോ ഈസ്റ്റ്രൊജൻ  അടങ്ങിയ സസ്യങ്ങളെ ആഹാരത്തിൽ ഉൾപ്പെടുത്തിയാൽ മതി.

ഉണങ്ങിയ പഴങ്ങൾ ഈസ്റ്റ്രജൻ അളവ് കുറയാതെ സഹായിക്കും, ഫ്ളാക്സ് സീഡ് (ചണത്തിന്റെ വിത്ത്), എള്ള്, പയറുകൾ, സൊയാബീൻ ,ആല്ഫാല്ഫ എന്നിവയിൽ സസ്യ ഈസ്റ്റ്രജെൻ ധാരാളമുണ്ട്.

ഫ്ളാക്സ് സീഡിൽ കൂടുതലായടങ്ങിയിരിക്കുന്ന ലിഗ്നാൻസ്,

സൊയബീനിൽ  കൂടുതലായടങ്ങിയിരിക്കുന്ന  ഐസോഫ്ലവൺസ്,

നിലകടലയിലും ചുവന്ന വൈനിലുമൊക്കെ അടങ്ങിയിരിക്കുന്ന റെസ്വറട്രോൾ, (ചുവന്ന വൈനിന്റെ മഹനീയ ഗുണങ്ങൾക്ക് കാരണം റെസ്വറട്രോൾന്റെ സാന്നിദ്ധ്യമാണെന്നു കരുതപ്പെടുന്നു.)

അതുപോലെ സാധാരണഗ്മായ മറ്റൊരു സസ്യ ഹോർമോണാണു ക്വർസെറ്റിൻ, ഇതു വളരെ ഒട്ടുമിക്ക  പഴങ്ങളിലും ധാന്യങ്ങളിലും പച്ചക്കറികളിലുമൊക്കെ കാണുന്നു.

കേരളത്തിൽ ലഭ്യമായ ഭക്ഷണങ്ങളിൽ ഏറ്റവും കൂടുതൽ ഫൈറ്റോ ഈസ്റ്റ്രജൻ അടങ്ങിയിട്ടുള്ളത് സൊയാബീനിലാണു. സൊയ ബീനിലെ എണ്ണ  നീക്കുമ്പോൾ കിട്ടുന്ന ചണ്ടിയാണു കടകളിൽ കിട്ടുന്ന സൊയ ചങ്ക്സ് . അതിലും കൂറച്ചൊക്കെ സസ്യ ഹോർമോൺ ഉണ്ടാകും.

 മറ്റൊന്ന് എള്ളെണ്ണയാണു.ഏള്ളെണ്ണ പഴയകാലത്ത് കേരളത്തിൽ ഭക്ഷണാവിശ്യത്തിനുപയോഗിച്ചിരുന്നു. സ്ത്രികൾ മുടിയഴകിനായി തലയിൽ തേക്കാനും ഉപയോഗിച്ചിരുന്നു. ഒരു കാലത്ത് ഏള്ളെണ്ണ തേച്ച മുടി കേരള സ്ത്രീ സൗന്ദ്യര്യത്തിന്റെ പ്രതീകമായിരുന്നു. “നല്ലെണ്ണഎന്നായിരുന്നല്ലോ വിളിപ്പേരു തന്നെ. ഇടക്കാലത്ത് നമ്മൾ എള്ളിൽ നിന്നും എള്ളെണ്ണയിൽ നിന്നും അകന്നു പോയി അതും നമ്മുടെ സ്ത്രീകളുടെ ആരോഗ്യത്തെ ബാധിച്ചിരിക്കാം. ഈസ്റ്റ്രജൻ കുറവുള്ള സ്ത്രീകളോട് ദിവസവും മൂന്ന് എള്ളുണ്ടയെങ്കിലും കഴിക്കാനാണിപ്പോൾ നിർദ്ദേശിക്കുന്നത്. കാത്ഷ്യത്തിന്റെ നല്ല ഒരു ഉറവിടം കൂടിയ്ണു എള്ള്.എള്ളെണ്ണയിൽ പക്ഷെ കാൽസിഉം ഇല്ല കെട്ടോ.

ഫൈറ്റോ ഈസ്ടജനനു വേറെയുമുണ്ട് ഗുണങ്ങൾ.

റെസ്വെറട്രോളും ക്യൂസെറ്റിനും രക്തസമ്മർദ്ദം നിയന്ത്രിക്കും.

സൊയയിലും ഫ്ളാക്സ്സീഡിലുമടങ്ങിയിരിക്കുന്ന സസ്യ ഹോർമോണുകൾ പ്രമേഹരോഗികൾക്കു നല്ലതാണു. ഇവ  അപകടകരമായ കൊളെസ്റ്ററോൾ കുറയ്ക്കുനതായും , CRP (C-reactive protein) ലെവൽ കുറയ്ക്കുന്നതായും അതിനാൽ പഴുപ്പും നീർക്കെട്ടും ശമിപ്പിക്കാൻ ശേഷിയുള്ളതായും കരുതപ്പെടുന്നു.

സ്വഭാവികമായി സസ്യ ഭക്ഷണം വഴി ഇവ അകത്താക്കുന്നതിനാൽ പാർശ്വഫല്ങ്ങളൊന്നും ഇതുവരെ തെളിയിക്കപെട്ടിട്ടില്ല.

സ്ത്രീ ഹോർമോൺ ആകയാൽ പുരുഷന്മാർക്ക് എന്തെങ്കിലും തകരാർ പറ്റുമോയെന്ന് സ്വാഭാവികമായും നമ്മൾ ചിന്തിച്ചേക്കാം. സൊയാ ബീനിലടങ്ങയിരിക്കുന്ന ഐസോ ഫ്ലേവനോയിഡുകളെ മുൻ നിർത്തി നടത്തിയ പതിനഞ്ചോളം പഠനങ്ങൾ , ഇവ പുരുഷ ഹോർമോണായ ടെസ്റ്റിസ്റ്റെറോൺ ലെവലിൽ ഒരുമാറ്റവും വരുത്തുന്നില്ലയെന്നാണു തെളിയിച്ചത്.

 എന്നാൽ ചീറ്റപ്പുലികളിൽ നടത്തിയ ഒരു പഠനം , സസ്യ ഹോർമോണുകൾ അവയുടെ പ്രത്യുല്പ്പാതന ശേഷിയെ കുറയ്ക്കുന്നുവെന്നാണു. അതുകേട് പേടിക്കണ്ട. ചീറ്റപ്പുലി മാംസബുക്കാണു അവയിലെ പ്രവർത്തനമല്ല മിശ്രബുക്കായ മനുഷ്യനിൽ നടക്കുന്നത്.

ഇത്തരം സസ്യഭക്ഷണങ്ങളിലെല്ലാം കൂടിയ അളവിൽ ആന്റീ ഓക്സിഡന്റുകൾ അടങ്ങിയിരിക്കുന്നതിനാൽ പ്രായാധിക്യം മൂലം ശരീരത്തിനുണ്ടാകുന്ന നാശങ്ങളുടെ വേഗത കുറയ്ക്കാനും ഇത്തരം സസ്യ ഉപയോഗം സഹായിക്കും.

സൊയ എണ്ണയും, ഫ്ലാക്സ് സീഡ് ഓയിലും,എള്ളെണ്ണയുമെല്ലാം സൂപ്പർ മാർകറ്റുറ്റുകളിൽ ല്ഭ്യമാണു. വിശ്വസ്ഥമായ ബ്രാന്റുകൾ , ഓർഗനിക് ബ്രാന്റുകൾ ഉപയോഗിക്കുക. നമുക്കു നട്ട് വളർത്താവുന്ന സസ്യാഹാരങ്ങൾ നമ്മൾ തന്നെ വളർത്തി ഉപയോഗിക്കുക.

ആഹാരം തന്നെയാണു ഔഷധം എന്ന് ആയുർവേദാചാര്യനായ ചരകനും പ്രക്രുതി ചികിൽസാ വിശാരഥരും പറയുന്നു.

 

ഡോ. മനോജ് കുമാർ ടി.ജി.