2021 മാർച്ച് 26, വെള്ളിയാഴ്‌ച
മുഖമൊഴി
“When I was young, I used to admire intelligent people; as I grow older, I admire kind people.”– Abraham Joshua Heschel
കഴിഞ്ഞ നൂറ്റാണ്ടിലെ അറിയപ്പെട്ടിരുന്ന ജൂത മതാചാര്യനും തത്ത്വചിന്തകനുമായിരുന്ന അബ്രഹാം ജോഷ്വ ഹെഷെലിന്റെ ഒരു വചനമാണിത്. ഞാൻ എന്റെ ചെറുപ്പത്തിൽ ആരാധിച്ചിരുന്നത് ബുദ്ധിമാന്മാരെയായിരുന്നു. വളർന്നപ്പോൾ ആ ആരാധന ദയാലുക്കളോടായി മാറി എന്ന് സാരം. നമ്മുടെ സമൂഹത്തിൽ ബുദ്ധിയുള്ളവരുടെ എണ്ണം കൂടിവരുന്നുണ്ടാകും. എന്നാൽ ദയാലുക്കളുടെ എണ്ണം സാരമായി കുറയുന്നു എന്നതാണ് നാം നേരിടുന്ന ഒരു പ്രധാന പ്രശ്‍നം. എല്ലാവരും അവരവരുടെ സുഖസൗകര്യങ്ങളിലേക്ക് മാത്രം ശ്രദ്ധ തിരിക്കുന്നു.
മറ്റുള്ളവരെക്കുറിച്ചുള്ള ചിന്ത, കരുതൽ, അവരെ സഹായിക്കുവാനുള്ള മനഃസ്ഥിതി ഇവയെല്ലാം ഉള്ളവനായിരിക്കണം ഒരു മനുഷ്യൻ. അത് പേരിനും പ്രശസ്തിക്കും സമ്പാദ്യത്തിനും ആയിരിക്കരുത്. വളരെ ചെറുപ്പം മുതൽ മനുഷ്യരിൽ ഉടലെടുക്കുന്ന ഒരു മനോഭാവമാണ് ദയ. ഇത് മനസ്സിൽ ദൃഢമാകുന്നത് കുട്ടിക്കാല അനുഭവങ്ങളിൽ കൂടിയാണ്. കൂടുതലും അനുഭവിച്ചറിയുന്നതോ കണ്ടുപഠിക്കുന്നതോ ആയിരിക്കും. മനുഷ്യ സഹമായി എല്ലാ കുട്ടികളിലും ഉള്ള ഒരു സവിശേഷ സ്വഭാവം തന്നെയാണിത്. അതിൽ പിന്നീട് മാറ്റങ്ങൾ ഉണ്ടാകുകയാണ് സാധാരണയായി സംഭവിക്കുന്നത്.
ഇപ്പോൾ ഇതെഴുതേണ്ടി വന്നതിന് ഒരു കാരണമുണ്ട്. കഴിഞ്ഞ മാസം ലോക അർബുദ ദിനം ആചരിക്കുകയുണ്ടായല്ലോ. ആ ദിവസങ്ങളിൽ ഫേസ് ബുക്ക് അർബുദ രോഗികൾക്ക് മുടി ദാനം ചെയ്യുന്ന ഫോട്ടോകൾ കൊണ്ട് നിറഞ്ഞിരുന്നു. ഈ മുടിയാണ് അർബുദ രോഗികൾക്ക് ഏറ്റവും പ്രധാനം എന്ന് തോന്നും ഈ കോപ്രായങ്ങൾ കണ്ടാൽ. കുറച്ചു നാൾ കൊണ്ട് മുടി വളരും എന്നൊരു ബോധ്യമില്ലെങ്കിൽ എത്ര പേർ ഇതിനു പോലും മുതിരുമെന്ന കാര്യവും ചിന്തിക്കേണ്ടത് തന്നെ. അർബുദ ചികിത്സ ചെയ്യുന്നവർക്ക് ഈ മുടിയുടെ ആവശ്യമുണ്ടോ?, അതവർക്ക് ലഭിക്കുന്നുണ്ടോ?, അവർ അത് ഉപയോഗിക്കുന്നുണ്ടോ? എന്നെല്ലാം ഒരു ഗവേഷണത്തിനു തന്നെ വിഷയമാക്കേണ്ടതാണ്. ഒരു ഡോക്ടർ എന്ന നിലയിൽ അർബുദം ബാധിച്ച ധാരാളം പേരെ എനിക്കറിയാം. അവരൊന്നും തന്നെ ഈ മുടികൾ ഉപയോഗിച്ചതായി അറിയില്ല.
യഥാർത്ഥത്തിൽ അവർക്ക് വേണ്ടത് മരുന്നും ശുശ്രൂഷയുമല്ലേ? അതിനുള്ള ഒരു കരുതൽ അല്ലേ നമുക്ക് നൽകുവാൻ കഴിയുന്ന സേവനം. അർബുദ രോഗികളിൽ മിക്കവരും ദരിദ്രർ തന്നെയാണ്. മരുന്നിനെന്നല്ല ആഹാരത്തിനു പോലും കഷ്ടപ്പെടുന്നവർ. അവർക്ക് മുടങ്ങാതെ ആഹാരം ലഭ്യമാക്കുന്നത് പോലും എത്ര നല്ല കാര്യമാണ്.
ഒരു മനുഷ്യൻ ദയാലുവാകേണ്ടതിന്റെ ആവശ്യകത പല മതങ്ങളും പഠിപ്പിക്കുന്നുണ്ട്. അത് പോലും യഥാർത്ഥ ദയാലുവാകുന്നതിനെക്കുറിച്ചതായിരിക്കും എന്ന് തോന്നുന്നില്ല. ദയാലുവാകുവാൻ മതവും ആവശ്യമുള്ള ഒന്നാണെന്ന അഭിപ്രായവും എനിയ്ക്കില്ല. കൃത്യമായ സഹായം ലഭിക്കേണ്ടവർക്കു ലഭിക്കുന്നുണ്ട് എന്നുറപ്പുവരുത്തേണ്ട ഒരു ബാധ്യതയും നൽകുന്നവർക്കുണ്ടെന്നു ഞാൻ വിശ്വസിക്കുന്നു. കാരണം ഒരു സഹായവും പാഴായിപ്പോകരുത്. പലരും ദാനമാണ് ദയ എന്ന് ചിന്തിക്കുന്നവരും, എന്തോ കാട്ടിക്കൂട്ടി മതപരമായ ഒരു നന്മ ചെയ്തു എന്നാശ്വസിക്കുന്നവരുമാണ്. പല ദാന കർമ്മങ്ങളുടേയും സ്വീകർത്താക്കൾ യഥാർത്ഥത്തിൽ അർഹരായവർ മാത്രമായിരിക്കില്ല എന്നർത്ഥം.
മറ്റുള്ളവരുടെ ദുഃഖത്തിൽ പങ്കു ചേരുമ്പോൾ, അവർക്കൊരു കൈത്താങ്ങാകുമ്പോൾ നമ്മൾ അറിയാതെ നമുക്ക് ലഭിക്കുന്ന ഒരു സന്തോഷം, അത് നമ്മുടെ ആരോഗ്യത്തിനു വളരെ സഹായകരമാണ് എന്നത് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതാണ്. ആ സന്തോഷം ഉണ്ടാക്കുന്ന ഹോർമോണുകൾക്കു രോഗശാന്തി നൽകുവാൻ പോലും കഴിവുണ്ട്. നമ്മുടെ ഒരു സഹായം അതെത്ര ചെറുതാകട്ടെ, അത് നൽകുന്നവർക്കും ലഭിക്കുന്നവർക്കും ഒരു പോലെ പ്രയോജനപ്രദം തന്നെ.
നമ്മുടെ ചുറ്റും, അല്ലെങ്കിൽ നമ്മൾ അറിയുന്ന ധാരാളം പേരുണ്ടാകും നമ്മുടെ സഹായത്തിനർഹരായി. അവരെ സഹായിക്കുക. എല്ലാവരും ഇത്തരത്തിൽ സഹായങ്ങൾ കൈമാറുകയാണെങ്കിൽ സഹായത്തിന്റെ ഇടനിലക്കാരുടെ ആവശ്യവും ഇല്ലാതാക്കാം. നമ്മുടെ ഈ മാസത്തെ ചിന്ത ഇതാകട്ടെ. സഹായമനസ്സ് ജീവിതകാലം മുഴുവനുമുണ്ടാകട്ടെ.
ഡോ. സുനീത് മാത്യു
കലയും മൂല്യവും
രണ്ട് ചോദ്യങ്ങൾ, അത്രമാത്രം. എന്താണ് കല? എന്താണ് കലാമൂല്യം? രണ്ട് ചോദ്യങ്ങൾക്കും നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. പക്ഷെ കൃത്യമായ ഉത്തരങ്ങളില്ലതാനും. പിന്നെ എന്തിനാണ് ഇപ്പോൾ ഈ സാഹസമെന്നു ചോദിച്ചാൽ, രണ്ടായിരത്തിഇരുപത്തൊന്നിന്റെ തുടക്കത്തിൽ ഈചോദ്യങ്ങൾക്കു പ്രസക്തിയുണ്ടോയെന്ന ചെറിയചിന്തയാണ്. പ്രത്യേകിച്ചും കലയും കലാകാരും എക്കാലത്തേക്കാളും കൂടുതലായി നിറഞ്ഞാടുന്ന ഈകാലഘട്ടത്തിൽ.
കലയുടെ തലതൊട്ടപ്പൻമ്മാരായിരുന്ന അരിസ്റ്റോഫനീസും ടോൾസ്റ്റോയും മുതൽ തത്വചിന്തകരായ അരിസ്റ്റോട്ടിലും മാർട്ടിൻ ഹൈഡഗറും വരെയുള്ളവർ പറഞ്ഞുവച്ച കലയെക്കുറിച്ചുള്ള ഒരായിരം നിർവചനങ്ങൾ നമുക്ക് മുന്നിലുണ്ട്. അതിൽ പ്രധാനമെന്ന് എനിക്ക് തോന്നിയ ചിലകാര്യങ്ങൾ ഇവിടെ പറയാം. നേരത്തെ പറഞ്ഞതുപോലെ ഇവയുടെ കാലികപ്രാധാന്യമാണ് എന്റെ വിഷയം.
കല അനുകരണമാണ്
ഭാഷയും, സംസ്കാരവും, ജീവിതശൈലിയുമെല്ലാം ഒരുതരം അനുകരണമാകുമ്പോൾ കലയും അങ്ങനെയാകാതെ വഴിയില്ലല്ലോ. പലതിൽനിന്നും പ്രചോദനം ഉൾക്കൊണ്ടുമാത്രമേ കല ജനിക്കുന്നുള്ളു. ചിത്രരചനയായാലും, സാഹിത്യമായാലും, സിനിമയായാലും സംഗീതമായാലും അതുതന്നെയാണ് സ്ഥിതി. മൗലികത എന്നുപറയുന്നത് വെറും തോന്നൽ മാത്രമാണ്. മാർക്ക് ട്വയിനിന്റെ പ്രശസ്തമായ വാക്യം ഈയവസരത്തിൽ ഓർക്കുന്നു, “മിക്കവാറും എല്ലാ ആശയങ്ങളും മുമ്പുപയോഗിച്ചവയാണ്…” (“For substantially all ideas are second-hand, consciously and unconsciously drawn from a million outside sources,…”). എല്ലാ കലാഖ്യാനങ്ങളും എന്തിന്റെയെങ്കിലുമൊക്കെ അനുകരണം തന്നെയാണ്, ക്രീയാത്മകമായ അനുകരണമാകുന്നു എന്ന്മാത്രം. ചിലത് നന്നാകും, മറ്റുചിലത് അത്രയും നന്നാകണമെന്നില്ല. പക്ഷെ നന്നായാലും അല്ലെങ്കിലും അനുകരണങ്ങൾ കലയല്ലാതാകുന്നില്ല. മാതൃഭൂമിക്കഥകളാണെങ്കിലും ദൃശ്യം സിനിമകളായാലും അതുതന്നെയാണ് സ്ഥിതി. മോഷണത്തിന്റെ കാര്യമല്ല പറഞ്ഞു വരുന്നത്, അനുകരണവും, മോഷണവും (Plagiarism) രണ്ടായതുകൊണ്ട് കൂടുതൽ പറയുന്നില്ല. എല്ലാം, ഈ എഴുതുന്നതുൾപ്പെടെ, അനുകരണമാകുമ്പോൾ കലാനുകരണങ്ങളെ എങ്ങനെ വിലകുറച്ചുകാണാൻ കഴിയും? നല്ലതെന്നും മോശമെന്നും പറയുന്നതൊക്കെ ആസ്വാദനനിലവാരത്തിനും, അഭിരുചികൾക്കും അനുസരിച്ചാണ്. കലയുടെ കാര്യത്തിൽ വസ്തുനിഷ്ഠമായ വിലയിരുത്തൽ അതികഠിനം തന്നെ.
ആശയവിനിമയമാണ് കലയുടെ കാതൽ
എല്ലാത്തരം കലയും ജനിക്കുന്നത് ആസ്വാദകരുമായുള്ള വിനിമയത്തിലൂടെയാണ്. ആസ്വദിക്കപ്പെടാത്തവയൊന്നും കലയല്ലെന്നു ചുരുക്കം. അതുകൊണ്ടുതന്നെ വെളിച്ചം കാണാത്ത സൃഷ്ടികളെ കലയെന്നു വിളിക്കാനാകില്ല. കല ജീവിക്കുന്നത് ആസ്വാദകരിലൂടെ മാത്രമാണ്. അപ്പോൾ ആസ്വാദകരെക്കുറിച്ചു ചിന്തിക്കാതെ ആത്മപ്രകാശനത്തിനായി മാത്രമുള്ള സൃഷ്ടികൾ കലാസൃഷ്ടികളാണെന്നു പറയുകവയ്യ. ഈയൊരുചിന്തയുടെ ഏറ്റവും വലിയ ഉപജ്ഞാതാവായിരുന്നു ടോൾസ്റ്റോയ്. ആദ്ദേഹം പറഞ്ഞു; “ഒരാളുടെയുള്ളിലുണ്ടായ വികാരം ആവാഹിക്കുക…പിന്നെ അതിനെ ചലനങ്ങളിലൂടെയും, വരകളിലൂടെയും, നിറങ്ങളിലൂടെയും, ശബ്ദങ്ങളിലൂടെയും, വാക്കുകളിലൂടെയും മറ്റുള്ളവരിലേക്കെത്തിക്കുക – അതാണ് കലയുടെ കർമ്മം (‘To evoke in oneself a feeling one has experienced, and…then, by means of movements, lines, colors, sounds or forms expressed in words, so to transmit that feeling—this is the activity of art’.). അങ്ങനെയാണെങ്കിൽ കൂടുതൽ സംവേദിക്കപ്പെടുന്ന, ആസ്വദിക്കപ്പെടുന്ന കലാസൃഷിയാണ് ഏറ്റവും ഉല്‍കൃഷ്‌ഠം എന്നുപറയേണ്ടിവരും. വേറൊരു രീതിയിൽ പറഞ്ഞാൽ കലയുടെ മൂല്യം അസ്സ്വദകരുടെ മനസ്സിലാണ്. കലാമൂല്യം നിർണ്ണയിക്കപ്പെടാൻ പ്രത്യേകിച്ച് അളവുകോലുകൾ ആരും നിർണ്ണയിച്ചിട്ടില്ലാത്ത സ്ഥിതിക്ക് ആസ്വാദകർ നല്ലതെന്നുപറയുന്ന കലാസൃസ്ടികൾ മൂല്യമുള്ളവയെന്നു പറയേണ്ടിവരും. ‘പാടാത്തപൈങ്കിളിയും’ ‘ദൃശ്യവുമൊക്കെ’, പഥേർപാഞ്ചാലി പോലെയും ഖസാക്കിന്റെ ഇതിഹാസം പോലെയും മികച്ച കലാസൃഷ്ടികളാണെന്നും പറയണം. അതല്ല സൗന്ദര്യവാദവുമായി വരുകയാണെങ്കിൽ എന്താണതെന്നു വിശദീകരിക്കേണ്ടിവരും. വസ്‌തുനിഷ്‌ഠമായി നിർവ്വചിക്കാവുന്ന സൗന്ദര്യം എന്ത് എന്നും പറയേണ്ടിവരും. കാണുന്നവന്റെ കണ്ണിലാണ് സൗന്ദര്യമെന്നാണല്ലോ പൊതുവെ പറയാറ്. കലാമൂല്യവും അങ്ങനെയാകാതെ തരമില്ലല്ലോ. കലാമൂല്യം അളക്കാൻ അക്കാഡമിക് മാനദണ്ഡങ്ങൾ ഉണ്ടാകാം. പക്ഷെ സംവേദനക്ഷമത മാത്രമാണ് ആത്യന്തികമായി കലാമൂല്യത്തിന്റെ അളവുകോലെന്നാണ് തോന്നുന്നത്. രവിയുടെ ചിന്തകളും വികാരങ്ങളും വായനക്കാരുടേതുകൂടിയാകുന്നതുകൊണ്ടാണ് ഖസാക്കിന്റെ ഇതിഹാസം ഉല്‍കൃഷ്‌ഠകലാസൃഷ്ടിയായി മാറുന്നത്. മീശയിലെ വാവച്ചന്റെ ചിന്തകൾ വായനക്കാരുടേതുകൂടിയായാലും ഫലം മറ്റൊന്നാകില്ല. തീരുമാനിക്കേണ്ടത് വായനക്കാരാണെന്നു മാത്രം.
കലയുടെ സാര്‍വ്വലൗകികത
കല സാർവ്വലൗകികമാകുന്നു. കാരണം മനുഷ്യവികാരങ്ങൾ സാർവ്വലൗകിമാകുന്നു എന്നതുതന്നെയാണ്. ജീവിത സാഹചര്യങ്ങൾക്കും സംസ്കാരങ്ങൾക്കും മാത്രമേ വെത്യാസങ്ങളുള്ളൂ. മനുഷ്യവികാരങ്ങളായാണ് കലയിലൂടെ പ്രകാശിതമാകുന്നതുകൊണ്ടാണ് കലക്ക് സാർവ്വലൗകികമായ സ്വീകാര്യത ഉണ്ടാകുന്നത്. മറ്റൊരു സംസ്കാരത്തിൽ നിർമ്മിക്കപ്പെട്ടതുകൊണ്ട് മാത്രം കല കൂടുതൽ ശ്രേഷ്ഠമാകണമെന്നില്ല. എന്നാൽ അപരിചിത സാഹചര്യങ്ങളിൽ നിർമ്മിക്കപ്പെട്ടതിനെ പുകഴ്ത്തുവാനും പരിചിത സാഹചര്യങ്ങളിൽ സൃഷ്ടിക്കപെടുന്നവയെ ഇകഴ്ത്തുവാനും നമ്മൾ മലയാളികൾ ‘മിടുക്ക്’ കാണിക്കാറുണ്ട്. ഏകാന്തതയുടെ നൂറുവർഷങ്ങൾ നമ്മുടെ മനസ്സിൽ ക്ലാസിക് ആകുന്നതും ഒരു ദേശത്തിന്റെകഥ അങ്ങനെയല്ലാതാകുന്നതും അതുകൊണ്ടാണ്. രണ്ടിലും പ്രകാശിതമാകുന്ന മനുഷ്യവികാരങ്ങൾ ഒന്നുതന്നെയല്ലേ? ഹോസെ അർകാർഡിയോവിന്റെ വികാരങ്ങളും ശ്രീധരന്റെ വികാരങ്ങളും വ്യത്യസ്തങ്ങളല്ല. ഡസ്റ്റമോണയുടെ ആകുലതകൾ ശകുന്തളയുടെതിൽനിന്നും വ്യത്യസ്‌തമല്ല. മോണോലിസയുടെയും രവിവർമ്മയുടെ അഹല്യയുടെയും ചിരികളിലെ നിഗൂഢതകൾക്കു സാമ്യമില്ലേ? ഈരീതിയിൽ നോക്കിയാൽ, വാഴ്ത്തപ്പെടുന്നില്ലെങ്കിലും നമ്മുടെ സ്വന്തം കലാകാരും ആർക്കും പിന്നിലല്ല. ഓരോ കലാകാരികളും കലാകാരൻമ്മാരും അവർക്കറിയുന്ന രീതിയിൽ പരിചിതമായ മാധ്യമങ്ങളിലൂടെ ആശയപ്രകാശനം നടത്തുന്നു എന്ന് മാത്രം. ഫേസ്ബുക്ക്ചുമരിൽ കണ്ട കുഞ്ഞുകഥയും ന്യൂയോർക്കർ മാഗസിനിൽ വന്ന സൽമാൻ റുഷ്ദിയുടെ നീണ്ടകഥയും ഈ അർത്ഥത്തിൽ മികച്ച കലാസൃഷ്ടികൾ തന്നെ.
ഒരുരീതിയിൽ നമ്മളെല്ലാം കലാകാരാണ്, നമ്മുടെ ക്രീയാത്മകമായ ആശയപ്രകാശനം വഴി മറ്റുള്ളവരുടെ വിരസനിമിഷങ്ങളെ സരസമാക്കാൻ പറ്റിയാൽ. കലാമൂല്യമൊക്കെ ആസ്വാദകർ തീരുമാനിച്ചാൽ മതി. കുട്ടിക്കൃഷ്ണമാരാരെ അനുസ്മരിച്ചുകൊണ്ട് നിർത്തുന്നു, ‘കല ജീവിതംതന്നെ’, അന്നും, ഇന്നും, എന്നും.
സുമേഷ് രാമചന്ദ്രൻ
എന്നിൽ പ്രണയം അവശേഷിക്കുന്നില്ല
പുഴയോളങ്ങൾ തല്ലിത്തല്ലിത്തീർക്കും
പുളകങ്ങളെല്ലാം പരാതികൾ പോലെ
പുരികം ചുളിക്കുമ്പോൾ,
പുലരാൻ തുടങ്ങുന്നു ചിന്തകൾ,
എന്നിൽ പ്രണയം അവശേഷിക്കുന്നില്ല.
ചമഞ്ഞു നിൽക്കും കൃത്രിമവാടിയിൽ
ചായം തേച്ചു സുഗന്ധം പൂശിയ
ചന്തം കൂട്ടും പൂക്കൾ കണ്ട്
ചിത്രശലഭങ്ങൾ ചത്തു വീഴുമ്പോൾ,
എന്നിൽ പ്രണയം അവശേഷിക്കുന്നില്ല.
കാറ്റ് കിന്നാരം ചൊല്ലാൻ മടിച്ചുനിന്ന്
കാതോരം കനത്തടർന്നുവീണ്,
കാറ്റിനി വീശുമെന്ന
കാത്തിരുപ്പ് കനവായ് മാറുമ്പോൾ,
എന്നിൽ പ്രണയം അവശേഷിക്കുന്നില്ല.
ആഴങ്ങൾക്കപ്പുറം ആകാശംമുട്ടും
ആശതൻ കുന്നുകളുണ്ടെന്നത്
ആകാംക്ഷകളാകാത്തപ്പോൾ,
ആരവങ്ങളിൽ മൂകതതേടുമ്പോൾ,
എന്നിൽ പ്രണയം അവശേഷിക്കുന്നില്ല.
വിണ്ടുകീറിയ നിലങ്ങളിൽ നിന്നും
വിത്തുമുളപ്പിച്ചെടുക്കുമ്പോഴും,
വിഷാദനീരാവി ചൂടും
വിദൂരമേഘങ്ങൾ ഒറ്റപ്പെടുമ്പോൾ,
എന്നിൽ പ്രണയം അവശേഷിക്കുന്നില്ല.
പ്രപഞ്ചവഴികളിൽ പ്രണയത്തെ
പ്രകീർത്തനങ്ങളായ് മുദ്രകുത്തി,
പ്രഹസനങ്ങളാക്കുമ്പോൾ,
പ്രണയമീ പ്രകൃതിയല്ലാതാകുമ്പോൾ,
എന്നിൽ പ്രണയം അവശേഷിക്കുന്നില്ല !
ഡോ. ആർ. എസ്. സുകേഷ്
അമ്മ ഉണരാത്ത വീടുകൾ
രാവിലെ മുതൽ തുടങ്ങിയ തലവേദനയാണ്. തലയുടെ നടുഭാഗത്തു കൂടി ഒരു മിന്നൽപ്പിണർ കടന്നു പോകുന്ന പോലെ തുടങ്ങി നെറ്റിത്തടമാകെ വിങ്ങി വിങ്ങി ഇപ്പോൾ കൺ പോളകൾക്ക് മുകളിൽ കൂടി ഒരു പുകച്ചിൽ ആയി പടർന്ന് അതിങ്ങനെ മനസ്സിനെയും ശരീരത്തെയും ഒന്നുപോലെ തളർത്തി കൊണ്ടിരിക്കുകയാണ്.
ഇന്നലെ രാത്രി തന്റെ ക്ലാസ്സിലെ ഹിയ ഫാത്തിമ എന്ന കുട്ടിയുടെ ഉമ്മ ആത്മഹത്യ ചെയ്തെന്ന് മുംതാസ് ടീച്ചർ വിളിച്ചു പറഞ്ഞപ്പോഴേ അറിയാമായിരുന്നു ഇന്ന് ഉണരുമ്പോൾ ഈ വേദനയും തന്നോടൊപ്പം ഉണ്ടാകുമെന്ന്.
കാരണം ആ വാർത്ത തനിക്ക് വെറുമൊരു മരണ വാർത്ത മാത്രമല്ല. വെറുമൊരു അനുശോചന കുറിപ്പിൽ തീർക്കാവുന്നതുമല്ല ആ നൊമ്പരം.
“ഓ! താൻ എഴുന്നേറ്റോ. ദാ ഈ കാപ്പി കുടിയ്ക്ക്.”
ഇരു നെറ്റിയിലും കൈ വിരൽ ഊന്നി തല കുനിച്ചിരുന്ന ആരതിക്ക് തന്റെ കാപ്പി കൊടുത്തുകൊണ്ട് ശരത് പറഞ്ഞു.
“വേണ്ട ശരത്! ഞാൻ എടുത്തോളാം.”
“താൻ കുടിക്കെടോ തന്റെ മുഖം കണ്ടാൽ അറിയാം രാത്രി ഒരു പോള കണ്ണുറങ്ങിയിട്ടില്ലെന്ന്.”
“മോളുണർന്നോ?”
“ഇല്ല. താൻ ഒന്നു റെസ്റ് ചെയ്യൂ . ഇന്നിനി ആ കുട്ടീടെ വീട്ടിലൊന്നും പോകേണ്ട”
അത്രയും പറഞ്ഞ് ശരത് മൊബൈലുമായി അവിടുന്ന് പോയപ്പോൾ ആരതി മുറിയിലേക്ക് ചെന്ന് ഉറങ്ങി കിടക്കുന്ന തനു മോളെ നോക്കി നിന്നു.
പിന്നെ അവളെ കെട്ടി പിടിച്ചു കൊണ്ട് പതിയെ കണ്ണടച്ചു. കണ്ണിമകൾക്ക് പിന്നിലതാ ഒരു ആറാം ക്ലാസുകാരി മുട്ടുകാലിന് മേൽ തലയൂന്നി മരവിച്ചിരിക്കുന്നു. പുറത്ത് കർക്കിടകത്തിലെ തോരാ മഴ ആരോടൊക്കെയോ പക തീർക്കാനെന്ന പോൽ ഭ്രാന്തമായി പെയ്യുകയാണ്.
അകത്ത് ആരോ കത്തിച്ച നിലവിളക്കിന് മുന്നിൽ അവളുടെ അമ്മ വെള്ള പുതച്ചങ്ങനെ കിടക്കുകയാണ്. സന്ധ്യയോടടുത്ത നേരത്ത്, വെറും നിലത്ത് അമ്മയങ്ങനെ കിടക്കുകയാണ്. ആരതിക്കുട്ടീടെ അമ്മ. ആവണിക്കുട്ടീടെം അമ്മ.
ഇടക്കാരോ വന്ന് ഇതാണ് അനിതയുടെ മക്കൾ എന്ന് പറയുമ്പോഴാണ് താൻ ആവണിയെ നോക്കുന്നത്.രാവിലെ മുതൽ കരഞ്ഞു തളർന്ന് അവൾ വെറും നിലത്ത് കിടന്ന് മയങ്ങി പോയിരിക്കുന്നു.
അമ്മയുണ്ടായിരുന്നേൽ!!!
അമ്മയുണ്ടായിരുന്നേൽ ഈ അസമയത്ത് ഇങ്ങനെ ഉറങ്ങാൻ വിടുമായിരുന്നോ. അതും തുള്ളിക്കൊരു കുടം പെയ്യുന്ന ഈ തണുത്ത സന്ധ്യക്ക് വെറും നിലത്ത്.
അമ്മയുണ്ടായിരുന്നേൽ!!
അന്ന് മുതൽ ഇന്നോളം എത്ര തവണ ഇങ്ങനെ താൻ ഓർത്തിട്ടുണ്ട് എന്ന് തൊണ്ടയിൽ ഉറഞ്ഞു കൂടിയ നോവിനെ കടിച്ചമർത്തി അവൾ ഒരു വട്ടം കൂടി സങ്കടപ്പെട്ടു.
ആവണിയെ ഒന്നു കണ്ടെങ്കിൽ!!
അവൾ ആ സങ്കടത്തിനിടയിലും മോഹിച്ചു.
ആരതി കണ്ണുകൾ തുറന്നു.എങ്കിലും ആ രാത്രിയിലേക്ക് തന്നെ ഓർമ്മകൾ മുഴുവൻ ഒതുങ്ങുന്നു.
രാത്രിക്ക് ഘനം കൂടുകയാണ്. ഇരുട്ടും തണുപ്പും ഒപ്പം മത്സരിക്കുന്നുണ്ട്.
“ഓ!കഷ്ടമായി പോയി. രണ്ടു പറക്കമുറ്റത്ത കുഞ്ഞുങ്ങളല്ലേ അത്.”
ആരോ തണുത്ത ശബ്ദത്തിൽ പറഞ്ഞത് കേട്ടപ്പോൾ ആ ആറാം ക്ലാസ്സുകാരിക്ക് ദേഷ്യമാണ് തോന്നിയത്. അയാളോട് മാത്രമല്ല, ലോകത്തോട് മുഴുവൻ.
ആർക്കു വേണം സഹതാപം. അകപ്പെട്ടു പോയ,പകരം വക്കാനാവാത്ത ഈ നോവിൽ നിന്നും ചേർത്തു പിടിച്ചൊരു ആശ്വാസമാണ് വേണ്ടത് എന്ന ചിന്തക്കൊടുവിൽ അവൾ ആ തണുപ്പിൽ വീണ്ടും വിങ്ങി പൊട്ടി.
ഉമ്മറത്ത് തൂണിൽ ചാരി എത്ര നേരമായി അച്ഛൻ ഇതേ ഇരിപ്പിരിക്കുന്നു.
“ആശൂത്രീന്ന് കൊണ്ടരാൻ താമസിച്ചത് കൊണ്ടാണ്, അല്ലേൽ വൈകുന്നേരം തന്നെ അടക്കാമായിരുന്നു.”
കണ്ണുകളിൽ ഉറക്കം വല്ലാതെ ശല്യപ്പെടുത്തിയപ്പോൾ വകയിലൊരു അമ്മായി അകത്തെ മുറിയിലേക്ക് പതിയെ പിന്മാറി.
ഇന്നുമോർക്കുന്നു, രാവ് പുലരുമ്പോഴേക്കും രണ്ടോ മൂന്നോ പേരാണ് അമ്മക്ക് ചുറ്റും ഉണ്ടായിരുന്നത്.
വെളിച്ചം തെളിഞ്ഞപ്പോൾ മഴയൊന്നു തോർന്നിരുന്നു.
ആവണി എഴുന്നേറ്റ് തന്നോട് പറ്റി ചേർന്നിരിക്കുന്നു. അച്ഛൻ ഉമ്മറത്ത് അതേപടി ഇപ്പോഴും ഇരിക്കുന്നുണ്ട്.
പിന്നെയെല്ലാം പെട്ടെന്നായിരുന്നു. ശവമടക്ക് കഴിഞ്ഞ് എല്ലാരും തന്നെ വൈകുന്നേരത്തോടെ പോയി.
അപ്പുറത്തെ വീട്ടിൽ നിന്നും അന്നേക്കുള്ള ഭക്ഷണം എത്തിച്ചു തന്നു. ആക്കാലത്ത് അത്രയൊക്കെയേ കഴിയൂ അതും ആ പന്ന കർക്കിടകത്തിൽ.
മൂന്നാം നാൾ അച്ഛനെ മുറിയിൽ കാണാതെ അന്വേഷിച്ചു ചെന്നെത്തിയത് അടുക്കളയിൽ. അരി അടുപ്പത്തിടാൻ നോക്കുകയാണ്.
ഈശ്വരാ!!അച്ഛൻ ഇത്ര വൃദ്ധനായി പോയൊ!!
അമ്മയുള്ളപ്പോൾ ആ കൊച്ചു വീട്ടിൽ ഞങ്ങളാരും അടുക്കളയിൽ കയറില്ലായിരുന്നു.
അച്ഛന്റെ കയ്യിൽ നിന്നും കഞ്ഞിക്കലം വാങ്ങി കിണറ്റിൻ കരയിലേക്ക് നടക്കുമ്പോൾ തന്റെ നിറഞ്ഞ കണ്ണുകളെങ്ങാനും അച്ഛൻ കണ്ടാൽ ആ മനുഷ്യൻ ഉറക്കെ കരഞ്ഞു പോയേക്കുമെന്ന് താൻ വല്ലാതെ ഭയന്നു.
സാവധാനം തങ്ങൾ മൂന്നു പേരും മാത്രം കുന്നിൻ ചെരുവിലെ വീട്ടിൽ വെയിലും മഴയും പങ്കിട്ടു.
എല്ലാം പഴയതു പോലായെന്നു മറ്റുള്ളവർ കരുതിയിരിക്കാം…
പക്ഷേ നിങ്ങൾക്കറിയാമോ???
ആരതി ഉറങ്ങികിടക്കുന്ന തനുമോളെ ചേർത്ത് പിടിച്ച് ആരോടെന്നില്ലാതെ മനസ്സിൽ ഉറക്കെ ചോദിച്ചു.
അമ്മയുണരാത്ത വീടുകളെ ക്കുറിച്ച് നിങ്ങൾക്കറിയാമോ???
അവിടെ… നേരമെത്ര പുലർന്നാലും രാവിന്റെ നിശ്ശബ്ദത അവശേഷിക്കും.
അവിടെ… ഗ്രീഷ്മത്തിലെ ഏത് നട്ടുച്ചക്കും ഇരുട്ട് പതിയിരിപ്പുണ്ടാകും.
അവിടെ… ചക്രവാളത്തിൽ ചുമപ്പ് പടരുന്ന സന്ധ്യാനേരങ്ങളിൽ അടുക്കി വച്ച തേങ്ങലുകൾ ഉയരും.
അമ്മയില്ലാത്ത വീടുകൾ!! അവിടെ…
രാവുകളിൽ പേടിപ്പിക്കുന്ന മൂകത വിഷവായു പോലെ തങ്ങി നിൽക്കും.
അതെ ശരിക്കും കനൽ വഴികൾ തന്നെയാണ് പിന്നീടുള്ള ജീവിതം.
ഓർമ്മകളുടെ നോവിൽ പെട്ട് കിടക്കയിൽ എഴുന്നേറ്റിരിക്കുമ്പോൾ അവൾ വല്ലാതെ കിതക്കുന്നുണ്ടായിരുന്നു.
ദൈവമേ ആ കുട്ടി!”
തന്റെ കുട്ടി,ആ ആറാം ക്ലാസുകാരി ഇനിയെത്ര ദൂരം ഈ നേരിപ്പോടുമേന്തി ജീവിക്കണം. അതും സ്വയം ജീവൻ ഉപേക്ഷിച്ച അമ്മയുടെ ഓർമ്മകളിലൂടെ കണ്ണീർ വാർത്തു കൊണ്ട്.
കാളിങ് ബെൽ അടിക്കുന്നത് കേട്ട് വാതിൽ തുറന്നു.
മുന്നിൽ അതാ ആവണി.
അമ്മ തന്നെ ആ മഴയത്ത് ഏൽപ്പിച്ചു പോയ മൂന്നു വയസ്സിളപ്പമുള്ള തന്റെ മൂത്ത മകൾ.
“എന്താ കുഞ്ഞേച്ചി, നീ ഇന്നലെ ഉറങ്ങിയില്ലേ??ശരത്തേട്ടൻ എവിടെ??”
“ഞാനിവിടുണ്ട്.നീയെന്താ രാവിലെ തന്നെ.”
“എന്തോ ചേച്ചിയെ കാണാതെനിക്കെന്തോ പോലെ. നീ ഇന്നലെ സങ്കടപ്പെട്ടോ?”
ആവണിയുടെ ആ ചോദ്യം കേട്ട് ശരത് ചിരിയോടെ പറഞ്ഞു.
“അത് ശരി… ഇവിടെ പനിച്ചാൽ അവിടെ വിറക്കും അല്ലേ. ഇന്നലെ ഇവളുടെ ക്ലാസ്സിലെ കുട്ടീടമ്മ മരിച്ചു. അപ്പോൾ തുടങ്ങിയതാണ് ഈ സങ്കടം.”
ഇപ്പോഴും അമ്മത്തണലിൽ ജീവിക്കുന്ന ശരത് ലാഘവത്തോടെ പറഞ്ഞു.
“എനിക്ക് തോന്നി ഈ മനസ്സ് നോവുന്നുണ്ടെന്ന്.”
ആരതി ആവണിയെ ചേർത്തു പിടിച്ചുകൊണ്ട് വീണ്ടും പറഞ്ഞു .
“നമുക്ക് വൈകുന്നേരം ആ കുട്ടീടെ വീട്ടിൽ പോകാം. ഒരു ലോഡ് സഹതാപവുമായല്ല, ആശ്വാസവും, ആത്മവിശ്വാസവും, സാന്ത്വനവുമായി. അവിടുത്തെ ശരിയായ അവസ്ഥ മനസ്സിലാക്കുകയും ചെയ്യാം. നമുക്കല്ലാതെ ആർക്കാണ് അവൾ നടന്നു തീർക്കേണ്ട കനൽ വഴികളെ കുറിച്ച് മനസ്സിലാകുക.”
ആവണിയുടെ വാക്കുകൾ കേട്ട് ആശ്വാസത്തോടെ ആരതി അവളിലേക്ക് ഒന്നുകൂടി പറ്റിച്ചേർന്നു നിന്നു.
സൗമ്യ മുഹമ്മദ്
അവനിയുടെദുഃഖം
കഥ പറയുന്ന കബറുകൾ
ഉരലിൽ അരിയിടിക്കുമ്പോൾ കുഞ്ഞീവിയുടെ കൈകൾ എന്തിനോ പാളി..
ഉലക്കചുറ്റുകൾ കൂട്ടിമുട്ടി തീപാറി.. ഇരുമ്പിന്റെ മണം പരന്നു.. മനം പുരട്ടുന്നോ..?ഓക്കാനം..!
വീണ്ടും..??
അവളുടെ ഉള്ളിൽ ഒരാന്തൽ.. അല്ലാഹ്..!!ഇതെങ്കിലും തരണേ..!
ഉരലിൽ നിന്നും പൊടി വാരി ചെല്ലടയിലിട്ടു അവൾ തരിച്ചു..
കഴിഞ്ഞ തവണയും ഇത്താത്തയും ഞാനും ഒപ്പം ആയിരുന്നു..
ഇത്താത്ത അറയിലെ വിട്ടത്തിൽ തുണിത്തൊട്ടിൽ കെട്ടി..ഞാനോ..?
മതിലിനുമപ്പുറത് ഒരു കുഞ്ഞിക്കബർ…!!
ഇത്തത്താന്റെ ആമിന മോളുടെ ഓമന മുഖം മുത്തം കൊണ്ട് മൂടിയപ്പോൾ..ഇരുട്ടിൽ മാനത്തു ഒരു കുഞ്ഞു നക്ഷത്രം എന്തിനോ കണ്ണുചിമ്മി..!
വലിയ വയറും താങ്ങി കുഞ്ഞീവി നടന്നു..വൈകുന്നേരങ്ങളിൽ കൊട്ടനിറയെ നെയ്യപ്പം ചുട്ടുകൂട്ടി…
മഞ്ഞുമൂടിയ പുലരികളിൽ വട്ടമൊത്ത ദോശകൾ മുറത്തിൽ ചുട്ടു നിരത്തി..
പുരയിൽ ഒരു പെരുന്നാളിന്റെ ആളുണ്ട്..
ഒരു മഗ്‌രിബ് നു അവൾക്ക് നോവ് തുടങ്ങി..
വയറ്റാട്ടി വന്നു..”അങ്ങോട്ടൂല്ല, ഇങ്ങോട്ടൂള്ള. ആസ്പത്രീക്ക് എത്തിച്ചോളീ”
വയറ്റാട്ടി കയ്യൊഴിഞ്ഞു..
കാർ വിളിച്ചു..കസേരയിൽ ഇരുത്തികാറെത്താത്ത വഴിയിലൂടെ കുഞ്ഞീവിയെ വാല്യക്കാർ ചുമന്നു…കരിയിലകളും,കല്ലുകളും, വാല്യക്കാരുടെ വെള്ളക്കുപ്പായങ്ങളും ചുവന്നു…!
××××××××××××××
മാസങ്ങൾ കഴിഞ്ഞു,
വിളർത്ത കാലടികൾ മണ്ണിലേക്ക് വെച്ച് കുഞ്ഞീവി പായൽ നിറഞ്ഞ മതിലിനപ്പുറത്തേക്ക് എത്തിച്ചു നോക്കി..
പള്ളിതൊടിയിൽ ഒരു കുഞ്ഞിക്കബർ കൂടി..!
തലയിൽ മൂടിയ മേഘങ്ങളിൽ പള്ളിയും,പള്ളിതൊടിയും,മീസാൻ കല്ലുകളും മാഞ്ഞു മാഞ്ഞു പോയി..
ഒടുവിലെ ഒരു കീറാകാശവും മാഞ്ഞു..
അവൾ മണ്ണിലേക്ക് കുഴഞ്ഞു..
×××××××××××
പലപ്പോഴും ഇത്താത്തയും അവളുടെ കൂടെ വയറും താങ്ങി നടന്നു..
ഇത്താത്ത പക്ഷേ..അറയിൽ പിന്നെയും തുണിത്തൊട്ടിലുകൾ കെട്ടി.
ഇവിടെ പള്ളിതൊടിയിൽ കുഞ്ഞിക്കബറുകൾ പെരുകി..
കബറോളം എത്താത്തവ കൊടും വേദനയോടെ കാലിലൂടെ.. വെറും മണ്ണിലേക്ക്..കല്ലും,മണ്ണും,ഇലകളും മൈലാഞ്ചി യണിഞ്ഞു..
ഇത്താത്താന്റെ മക്കളെ,കുളിപ്പിച്ചു, ചോറൂട്ടി,ഉറക്കി..ചിലപ്പോൾ ആരും കാണാതെ മുലയൂട്ടി!
മണ്ണാത്തി ചിന്നമ്മു വന്നു..അവളെ കുളിപ്പിച്ചു..പിന്നീട് പറയാൻ തുടങ്ങി..”മണിക്യക്കല്ലേ..അന്നോട് പറയാ..(നിന്നോട് ആയത് കൊണ്ട് പറയുകയാണ് ,മാറ്റരെങ്കിലും ആണെങ്കിൽ ഞാൻ പറയുകയില്ല..നിന്നോടെനിക്ക് എത്രയും പ്രിയം..എന്ന് വ്യംഗ്യം)
ചിന്നമ്മു വിന്റെ വർത്തനത്തിൽ.. മുത്തേ..,പൊന്നാര കുഞ്ഞീവി,പൊന്നു കൂടപ്പിറപ്പേ. തുടങ്ങിയ തേനൂറുന്ന സംബോധനകൾ വേണ്ടുവോളം കാണും..
അങ്ങനെ ചിന്നമ്മു പറഞ്ഞത് ,ഇന്നാട്ടിൽ ഈയിടെ പെറ്റുണ്ടായ പൂമ്പൈതലുകളെപ്പറ്റി,അവരുടെ മേനിമിനുപ്പ്,മുന്തിരിക്കണ്ണുകൾ,പനിനീർപ്പൂവിന്റെ നിറം..!
കുഞ്ഞീവിക്ക് ശ്വാസം വിലങ്ങി..
ചോര നിറമുള്ള പൈതലുകൾ എത്രയെണ്ണം..മണ്ണിൽ കവിൾ ചേർത്ത്.. ചുരുട്ടിപ്പിടിച്ച മൃദു മൃദുവായ കൈകൾ നനഞ്ഞ മണ്ണിനടിയിൽ.. !ഇലാഹീ..!!
ചൂടുവെള്ള ചരുവം തട്ടിമറിച്ചു കുഞ്ഞീവി കുളിപ്പുരയിൽ നിന്നും കരഞ്ഞു കൊണ്ട് പുറത്തേക്കോടി..
എല്ലാമറിഞ്ഞു മുറ്റത്തൊരു പുളിമരം നിന്നിരുന്നു…..!കുഞ്ഞിക്കബറുകൾ പെരുകുമ്പോൾ പുളിചോട്ടിലിരുന്നു കണ്ണീർവാർക്കുന്ന കുഞ്ഞീവിയെ പുളിമരം മിനുമിനാ ഇലകൾ വീഴ്ത്തി ആശ്വസിപ്പിച്ചു കൊണ്ടിരുന്നു..
കുട്ടികളുടുപ്പാക്ക് വെള്ളം ചൂടാക്കാൻ വേണ്ടി അവൾ പുളി ചോട്ടിൽ നിന്നും എണീറ്റു..
ഇടക്കെപ്പോളോ ഒന്നിനെ ജീവനോടെ കിട്ടി.!!
.ഇത്താത്തയും അന്ന് കൂട്ടുണ്ട്.. അത്രയും പിരിശത്തിൽ അവളും കെട്ടി തൊട്ടിൽ..!!
ഉച്ച മയക്കത്തിൽ നിശ്ശബ്ദമായിപ്പോയ വെട്ടു വഴിയിലേക്കും പുളിചോട്ടിലേക്കും നോക്കിയിരുന്നു അവൾ താരാട്ടുകൾ പാടി..കുഞ്ഞോൾ ഉറങ്ങിയാലും നിർത്താതെ അവൾപാടി..”ഹസ്‌ബീ,റബ്ബീ..ജെല്ലല്ല..”
അറയിൽ നിന്നും ഒഴുകി പരന്ന്ഉച്ചവെയിൽ മയങ്ങിക്കിടക്കുന്ന തൊടിയിലും..മൂച്ചിക്കൊമ്പത്തും, നീല മേഘങ്ങളിലും അവളുടെ ഇടറുന്ന ഒച്ച ചുറ്റി തിരിഞ്ഞു..
ഇത്തത്തന്റെ കുട്ടി കമിഴ്ന്നു, കുഞ്ഞോൾ കമിഴ്ന്നില്ല..ഇത്തത്തന്റെ കുട്ടി മുട്ടുകുത്തി, പിച്ചവെച്ചു, മുറ്റത്തു കുഞ്ഞിക്കാൽ വെച്ച് ഓടിക്കളിച്ചു..ഓത്തുപള്ളിയിൽപോയി..കുഞ്ഞോൾ ഒരു കസേരയിൽ ഒടിഞ്ഞുകുത്തിക്കിടന്നു..!
ഒരടി വെച്ചില്ല..
എട്ടാം വയസ്സിൽ അപസ്മാരമിളകി കുഞ്ഞോൾ പറന്നുപോയി..
ഒരു ചിറകടിയൊച്ച പോലും ശേഷിപ്പിക്കാതെ..
കുട്ടികളുടുപ്പാക്ക് ചോറും കറിയും വെക്കാൻ പുളിചോട്ടിൽ നിന്നും അവൾ കണ്ണും മുഖവും തുടച്ചെണീറ്റു..
.ഏകാന്തമായ വീട്ടിൽ കുഞ്ഞീവിയും,കുട്ടികളുടുപ്പയും ശേഷിച്ചു..!!
കൊല്ലങ്ങൾ ഒരു തീവണ്ടിയെപ്പോലെ കൂകിപ്പാഞ്ഞു..
കുഞ്ഞീവിയുടെ തലമുടി വെള്ളികെട്ടി.. കണ്തടങ്ങൾ കരുവാളിച്ചു..
പള്ളിതൊടിയിൽ ഇപ്പോൾ കബറുകൾ ആറോ, ഏഴോ..?
കുഞ്ഞീവിക്ക് നിശ്ചയമില്ല..
ചിലതെല്ലാം കുഞ്ഞീവി മറന്നു പോവുന്നു..എന്താണ് ഇങ്ങനെ..?
പുളി ചോട്ടിൽനിന്നും എണീറ്റ് കുട്ടികളുടുപ്പാന്റെ മുഷിഞ്ഞ തുണികൾ വാരിക്കൂട്ടി അവൾ കിണറ്റിൻ കരയിലേക്ക് നടന്നു..
ആറേഴു തുമ്പികൾ അലക്കുകല്ലിലിരിക്കുന്ന കുഞ്ഞീവിയെ വട്ടം ചുറ്റി..ആ തുമ്പികൾക്ക് മനുഷ്യക്കുഞ്ഞുങ്ങളുടെ മുഖം!
കുട്ടികളുടുപ്പനോട് പറയാൻ തുനിഞ്ഞപ്പോൾ തുമ്പിയുടെ പേര് അവൾ മറന്നു പോയിരുന്നു..
ചൂടായ ദോശക്കല്ലിലേക്ക് മാവൊഴിച്ചു പരത്താൻ മറന്ന് അവൾ അന്തം വിട്ടു നിന്നു..
ആകൃതി നഷ്ടപ്പെട്ട ദോശകൾ കുട്ടികളുടുപ്പ മിണ്ടാതെ കഴിച്ചു..
“കുഞ്ഞീവി..ഇതാരെ ന്നറിയുവോ..?”
സുഖാന്വേഷണത്തിന് വന്ന ബന്ധുക്കൾ ചോദിച്ചു..
കുഞ്ഞീവി ഞെട്ടി..
ഓർമയുടെ അടരുകളിൽ പരതി.. വാക്കുകൾക്കായി തപ്പിത്തടഞ്ഞു..
കണ്ണിൽ നീർ പൊടിഞ്ഞു..!
ഏകാന്തമായ വീട്ടിൽ മുറ്റമടിച്ചു, മുറ്റമടിച്ചു..മുറ്റമടിച്ചു.. പിന്നെയും.. നിർത്താതെ, നിർത്തിയാൽ പിന്നെ എന്ത് ചെയ്യണം എന്ന് അറിയാതെ അവൾ ചൂലും പിടിച്ചു പുളി ചോട്ടിൽ പതറിനിന്നു..
പായൽ പിടിച്ചു കറുത്ത വെട്ടുകല്ലുകൾക്കുമപ്പുറത്തു സുഖനിദ്രയിൽ ആണ്ടുപോയ മാലാഖക്കുഞ്ഞുങ്ങളെ അവൾ മറന്നു പോയിരുന്നു..
അവൾക്കു മുറ്റമടിക്കാൻ വേണ്ടി മാത്രം പുളി മരം കിലുകിലാരാവത്തോടെ ഇലകൾ പൊഴിച്ചു കൊണ്ടിരുന്നു..
വിദൂരതയിലേക്ക് നോക്കിയിരിക്കുന്ന കുഞ്ഞീവിക്ക് മുന്നിലൂടെ ആറേഴു കുഞ്ഞു മേഘക്കട്ടകൾ പാറിപറന്നു..
അവക്ക് മനുഷ്യ കുഞ്ഞുങ്ങളുടെ കണ്ണും ചുണ്ടും ഉണ്ടായിരുന്നു..
കുട്ടികളുടുപ്പനോട് പറയാൻ വാക്കുകളും,വാചകങ്ങളും മാത്രമല്ല അക്ഷരങ്ങൾ തന്നെ അവൾ മറന്നു പോയിരുന്നു..!!
ചിലപ്പോൾ, മുറ്റമടിക്കുന്ന ചൂൽ തിരഞ്ഞു അവൾ ഉച്ചയാവോളം നടന്നു..
പുളി മരത്തിന്റെ മിനുങ്ങുന്ന പൊന്നിലകൾ വീഴുന്ന നേരിയസ്വരം അവൾ ചെവിടോർത്തു..
ഒറ്റചെരിപ്പുമിട്ടു മറ്റേ ചെരിപ്പിടാൻ മറന്നു നടന്നു..
അവൾ കഞ്ഞി വെക്കുന്ന കലം അന്വേഷിച്ചു മൂവന്തിയാക്കി..
നേരം കെട്ട നേരത്തു അവൾ വുളു എടുക്കാതെ സുജൂദിൽ വീണു..ശൂന്യമായ ഉരലിൽ കുഞ്ഞീവി ഉലക്കയെടുത്തു വെറുതെ ഇടിച്ചു..
“ഇഷ്ഫൂ …ഇഷ്ഫൂ..”
ഒരു നാൾ കുഞ്ഞീവിയുടെ കണ്ണിനു മുന്നിലൂടെ പുതിയൊരുത്തി വന്നു..അവൾ ചോറും, കറിയും വെച്ചു..കുട്ടികളുടുപ്പാന്റെ മുണ്ടും കുപ്പായോം അലക്കി വിരിച്ചു..രാത്രി കുട്ടികളുടുപ്പാന്റെ ഒപ്പം മുറിയിൽ കയറി വാതിൽ ചാരി..കുഞ്ഞീവി ഒന്നും കണ്ടില്ല..അറിഞ്ഞില്ല..
കരഞ്ഞില്ല..(അതോ കരഞ്ഞോ.. ?)
അവൾ തുറന്നുപിടിച്ച കണ്ണുകളിൽ ആരും കാണാത്ത ജാലക വിരികൾ തൂക്കി..
ഓർമകൾ മയങ്ങുന്ന ഖല്ബിനെ അവൾ താഴിട്ടു പൂട്ടിക്കഴിഞ്ഞിരുന്നു അപ്പൊഴേക്കും..!
ഇരുട്ടിൽ ഒറ്റക്കട്ടിലിൽ കണ്ണുകൾ തുറന്ന് കിടന്ന് അവൾ അക്ഷരങ്ങൾ പെറുക്കിയെടുത്തു..
അവൾ ചിലപ്പോൾ കുപ്പായമിടാൻ മറന്നു..
ഒന്നു മൂത്രമൊഴിക്കണമെങ്കിൽ എന്തു ചെയ്യണം എന്ന് അറിയാതെ അവൾ നട്ടം തിരിഞ്ഞു..
‘പുതിയൊരാൾ’ക്ക് ഇതെല്ലാം ബുദ്ധിമുട്ടായി…
മുറ്റത്തെ പുളിമരം ഇലപൊഴിക്കാൻ മറന്നു നിശ്ചലം നിന്നു..!
“കുഞ്ഞീവി ..ഇതാരാണെന്ന് അറിയുവോ”
സുഖാന്വേഷികൾ..വീണ്ടും..!
ഇത്തവണ കുഞ്ഞീവി ഞെട്ടിയില്ല…
അവൾ ഒരു ജ്ഞാനിയെപ്പോലെ ചക്രവാളത്തിലേക്ക് നോക്കിയിരുന്നു..
കാരണം…
കുഞ്ഞീവി ആരെന്ന് അവൾ മറന്നുപോയിരുന്നു… !!
അങ്ങനെ ഒരു നട്ടുച്ച വെയിലത്തു കുഞ്ഞീവിയുടെ ആങ്ങള എത്തി..തോളിലെ തോർത്ത് എടുത്ത് അയാൾ തലയിലെ വിയർപ്പ് തുടച്ചു..കൂടെ കണ്ണീരും…!
പിന്നെ…
ആങ്ങളയുടെ കയ്യും പിടിച്ചു നാല്പത്തഞ്ചു കൊല്ലം സുഖദുഃഖങ്ങൾ പങ്കിട്ട കുട്ടികളുടുപ്പാനെ വിട്ട്, വീടുവിട്ട്, ,തൊടിയുടെ അപ്പുറത്ത് മണ്ണിൽ മയങ്ങുന്ന കുഞ്ഞു പൂക്കളെ വിട്ട് കുഞ്ഞീവി കത്തിയെരിയുന്ന നിരത്തിലൂടെ ഒരു കുഞ്ഞിനെപ്പോലെ പിച്ചവെച്ചു ഇടറിയിടറി നടന്നു. തിരസ്കൃതയായത് അറിയാതെ…!
ഷബാനബീഗം
പ്രണയം…
നന്ദിയും, കടമയും ,പിന്നെ ടൈഗർ എന്ന നായയും
നേരം പുലരാൻ പോലും കാത്തു നിൽക്കാതെ, പ്രഭാത കൃത്യങ്ങളെല്ലാം ഒരു വിധം അവസാനിപ്പിച്ചെന്ന് വരുത്തി അയാൾ കട തുറക്കാൻ വേണ്ടി കടയിലേക്കോടി . അങ്ങ് ദൂരേ നിന്നും പുലർച്ചെ അഞ്ചരക്ക് തന്നെ, തന്റെ കടയിലേയ്ക്ക് പച്ചക്കറി എടുക്കാൻ വേണ്ടി വരാറുള്ള അലിയാരേയും പ്രതീക്ഷിച്ച്. ധൃതി പിടിച്ച് നടക്കുന്നതിനിടയിൽ പിന്നിൽ നിന്നും സഹധർമ്മിണി വിളിച്ചു പറയുന്നത് അയാൾ കേട്ടു.
“രാത്രി വരുമ്പോ കാജലിന്റെ ഒരു കൺമഷി കൂടി വാങ്ങീട്ട് വരണട്ടാ.”
രാത്രി പത്ത് മണിയോടുകൂടി കടയെല്ലാം അടച്ച്, ജോലിക്കൂടുതൽ കൊണ്ട് തളർന്ന് അവശനായി, ഇന്നലെ അവൾ എഴുതി നൽകിയിരുന്ന കുറിപ്പടിയിലുള്ള സാധനങ്ങളെല്ലാം വാങ്ങിയ ഒരു സഞ്ചിയും തൂക്കിപ്പിടിച്ച് വീട്ടിലേയ്ക്ക് കയറിച്ചെന്ന അയാളോട് സഹധർമ്മിണിയുടെ ആദ്യത്തെ ചോദ്യം തന്നെ കാജൽ എന്ന തന്റെ സ്വന്തം കൺമഷിയെക്കുറിച്ചായിരുന്നു. അപ്പോഴാണ് അയാൾക്ക് കൺമഷിയെക്കുറിച്ച് ശരിക്കും ഓർമ്മ വന്നത്. ഒരു ജാള്യതയോടു കൂടി അയാൾ അവളോട് പറഞ്ഞു.
“ഓ…. പണിത്തിരക്കിനിടയ്ക്ക് ഞാനതങ്ങ് മറന്നു. പോരാത്തതിന് സാധനങ്ങൾ വാങ്ങാനുള്ള കുറിപ്പടിയിലും നീയത് എഴുതിയിരുന്നില്ലല്ലോ? നാളെ എന്തായാലും മറക്കാതെ വാങ്ങിയിട്ട് വരാം. ഇന്നത്തേക്ക് നീയൊന്ന് ക്ഷമിക്ക് .”
” ഊം …… ഞാനെന്തിന് ക്ഷമിക്കണം ? പിന്നെ, നിങ്ങളെന്തിനാ എന്നെ കല്യാണം കഴിച്ചേ?”
അവിടെ അയാൾ നിശ്ശബ്ദനാവുകയായിരുന്നു. ശരിയാണ്. ഒരു ഭാര്യയുടെ എല്ലാ ആവശ്യങ്ങളും സാധിച്ചു കൊടുക്കേണ്ടത് ഒരു ഭർത്താവെന്ന നിലയ്ക്ക് തന്റെ കടമ തന്നെയാണ്. അതിന് അവരിൽ നിന്നും ഒരു നന്ദിയുള്ള വാക്ക് പോലും പ്രതീക്ഷിക്കരുതെന്ന് ഏത് കിത്താബിലാണ് രേഖപ്പെടുത്തപ്പെട്ടിട്ടുള്ളതെന്ന് മാത്രം അയാൾക്ക് അറിയില്ലായിരുന്നു.
പുലർച്ചെ നാല് മണിക്ക് എഴുന്നേറ്റതാണ് അവൾ. ഭർത്താവിനെ ഓഫീസിലേയ്ക്കും, മക്കളെ സ്കൂളിലേയ്ക്കും അണിയിച്ചൊരുക്കി പറഞ്ഞു വിടാൻ വേണ്ടി. ഭക്ഷണം പാചകം ചെയ്ത് ടിഫൺ കാരിയറുകളിലാക്കി, വസ്ത്രങ്ങൾ ചുളിവില്ലാതെ തേച്ച് മിനുക്കി, സോക്സിന് മേലേ പോളിഷ് ചെയ്ത ഷൂ കൂടെ ധരിപ്പിച്ച് അവരെ പറഞ്ഞു വിട്ടാലേ അവൾക്ക് ശ്വാസം നേരേ വിടാനാവൂ. എട്ടരയോടു കൂടി അവരെ യാത്രയാക്കിയാൽ പിന്നെ അവൾക്ക് മാരത്തൺ ജോലിയാണ് ദിവസവും.
മുറ്റം തൂത്ത് വാരി വൃത്തിയാക്കണം, വസ്ത്രങ്ങൾ കഴുകി ഉണക്കാനിടണം, ഉമ്മറംതൊട്ട് അടുക്കള വരെ അടിച്ച് തുടക്കണം, പാത്രങ്ങൾ കഴുകി വെയ്ക്കണം തുടങ്ങി ഒരായിരം ജോലികൾ.ഇതെല്ലാം പടിപടിയായി ചെയ്ത് തീർക്കുന്നതിനിടയ്ക്ക് എപ്പോഴെങ്കിലും കുറച്ച് ഭക്ഷണം കഴിച്ചെന്ന് വരുത്തി, ഉച്ചതിരിഞ്ഞ് വരുന്ന ഭർത്താവിനും, മക്കൾക്കും വേണ്ടി ലഘു ഭക്ഷണം തയ്യാറാക്കുന്നതിൽ വ്യാപൃതയാവും അവൾ. അത് കഴിഞ്ഞാൽ അടുത്തത്, രാത്രിയിലേയ്ക്കുള്ള ചപ്പാത്തിയും, കറികളും. ഇതെല്ലാം അവസാനിച്ച് വരുമ്പോഴേക്കും ശരിക്കും അവൾ വാടി തളർന്നിരിയ്ക്കും.
രാത്രിയിൽ എല്ലാവരും ഒന്നിച്ചിരുന്ന് ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുന്ന വേളയിലാവും പതിവു പോലെയുള്ള ഭർത്താവിന്റെ കുറ്റപ്പെടുത്തലുകൾ. ഇസ്തിരി ഇട്ടപ്പോഴുള്ള ഷർട്ടിന്റെ ചുളിവുകളോ, കറിയിൽ ഉപ്പിന്റെ ഏറ്റക്കുറച്ചിലുകളോ അതൊക്കെയാവും പ്രധാന വിഷയങ്ങൾ. ഇത്തരം പരാതികൾ ദിവസവും കേട്ട് കേട്ട് മടുത്ത അവൾ ഒരു ദിവസം സൗമ്യമായി തന്നെ അയാളോട് ചോദിച്ചു.
” നോക്കൂ …..ഞാൻ പുലരാൻ കാലം തൊട്ട് ഈ ഒരു നിമിഷം വരെ നമ്മുടെ വീടിന് വേണ്ടി കഷ്ടപ്പെട്ട് തളർന്നിരിയ്ക്കയാണ്. ഇത്രയൊക്കെ ഞാൻ സഹിച്ചിട്ടും എന്റെ കുറവുകൾ മാത്രം നിരത്തി എന്നെ വേദനിപ്പിക്കുന്നതിന് പകരം, ഒരു നന്ദിയുള്ള വാക്ക് പറഞ്ഞു് എന്നെ ഒന്ന് സമാധാനിപ്പിച്ചു കൂടേ നിങ്ങൾക്ക്?”
” ഊം ……. എന്തിന് നന്ദി പറയണം? നീ ഒരു ഭാര്യയല്ലേ? മക്കളുടെ അമ്മയും ? ഇതെല്ലാം ചെയ്യേണ്ടത് നിന്റെ കടമയല്ലേ? പിന്നെന്തിന് നന്ദിയും, സമാധാനിപ്പിക്കലുമെല്ലാം? “
അവിടെ അവൾ നിശ്ശബ്ദയാവുകയായിരുന്നു. ശരിയാണ്. താനൊരു ഭാര്യയും, അമ്മയും ഒക്കെത്തന്നെയാണ്. ഒരു ഭർത്താവിന്റെയും, മക്കളുടേയും ആവശ്യങ്ങളൊക്കെ ചെയ്തു കൊടുക്കേണ്ടതും തന്റെ കടമ തന്നെയാണ്. പക്ഷേ, അതിന് പകരമായി നന്ദിയുള്ള ഒരു വാക്ക് പോലും പറയരുതെന്ന് ഏത് ഗ്രന്ഥത്തിലാണ് എഴുതി വെച്ചിരിക്കുന്നതെന്ന് എത്ര ചിന്തിച്ചിട്ടും അവൾക്ക് ഒരെത്തും പിടിയും കിട്ടിയില്ല.
അഛനമ്മമാരേക്കാൾ കൂടുതൽ കരുതലോടെ സ്നേഹിച്ചും, ലാളിച്ചും, പരിപാലിച്ച് വളർത്തിക്കൊണ്ട്
വരുന്ന ഇളയ സഹോദരങ്ങൾ, തന്റെ മുതിർന്ന സഹോദരങ്ങളോടും, പരുന്തിന് പോലും റാഞ്ചാൻ കൊടുക്കാതെ പൊന്നു പോലെ വളർത്തിക്കൊണ്ടുവരുന്ന തങ്ങളുടെ സ്വന്തം മക്കൾ അവരുടെ അഛനമ്മമാരോടും സാധാരണ ചോദിക്കാറുള്ള, അവരുടെയെല്ലാം നെഞ്ച് പിളർത്തുന്ന ആ സാധാരണമെന്ന് തോന്നിപ്പിക്കുന്ന ഒരു അസാധാരണ ചോദ്യം.
” അത് നിങ്ങടെ കടമയല്ലേ?”
ഇതെല്ലാം കണ്ടും, കേട്ടും, പഠിച്ചും വളർന്നു വന്ന അടുത്ത വീട്ടിലെ ടൈഗർ എന്ന നായയും കാര്യങ്ങൾ ഈ വഴിക്ക് ചിന്തിക്കാൻ തുടങ്ങി. താൻ തന്റെ വീട്ടിലെ ഒരു വളർത്തു നായ മാത്രമാണ്. തനിയ്ക്ക് വേണ്ടി എല്ലാ കാര്യങ്ങളും ചെയ്തു തരേണ്ടത് തന്റെ യജമാനന്റെ കടമയും. അതിന് പകരമായി രാത്രി മുഴുവനും ഉറക്കം ഒഴിച്ച് താൻ വീടിന് കാവൽ നിൽക്കുകയും, അസാധാരണമായി എന്തെങ്കിലും സംഭവിച്ചാൽ ഉറക്കെ കുരച്ച് ശബ്ദമുണ്ടാക്കി വീട്ടുകാരെ വിളിച്ചുണർത്തുകയും ചെയ്യുന്നു. അതിൽ കവിഞ്ഞൊരു നന്ദി പ്രകടനത്തിന്റെയും ആവശ്യമില്ല. എന്തിനാണ് അവർ തന്റെ സമീപത്തേയ്ക്ക് വന്ന് തിരിച്ച് പോകുന്നത് വരെ വാലാട്ടി നന്ദി പ്രകടിപ്പിച്ചു കൊണ്ടിരിക്കുന്നത്? ആയത് കൊണ്ട് നാളെ മുതൽ വാലാട്ടി നന്ദി പ്രകാശിപ്പിക്കുക എന്നത് ഒരിക്കലും ചെയ്തു കൂടാ. ഇനിയങ്ങോട്ട് സ്നേഹത്തോടു കൂടി വിരൽ ഞൊടിച്ച് വിളിക്കുമ്പോഴോ, ഭക്ഷണം കൊണ്ടുവന്ന് തരുമ്പോഴോ, അരുമയോടെ പുറം തലോടുമ്പോഴോ ഒന്നും വാലാട്ടി നന്ദി പ്രകടിപ്പിക്കേണ്ട ഒരു പ്രശ്നമേ ഉദിക്കുന്നില്ല. അങ്ങിനെ മനസ്സിൽ ഒരു ദൃഢപ്രതിജ്ഞ എടുത്തു കൊണ്ടാണ് എന്നും കിടക്കാറുള്ള നേരം പുലരാൻ നേരത്ത് അന്നും അവൻ ഉറങ്ങാൻ കിടന്നത്. സാധാരണത്തെപ്പോലെ അന്നും സ്നേഹത്തോടു കൂടിയുള്ള യജമാനന്റെ ടൈഗർ എന്ന വിളിയും കേട്ടുകൊണ്ടാണ് അവൻ കണ്ണുകൾ തുറന്നത്. കയ്യിൽ തനിയ്ക്കുള്ള ഭക്ഷണവുമായി നടന്നടുക്കുന്ന യജമാനനെ കണ്ടപ്പോൾ അവൻ മെല്ലെ എഴുന്നേറ്റ് നിന്നു. ഇന്നലെ അവൻ എടുത്ത പ്രതിജ്ഞ അപ്പോഴും അവന്റെ മനസ്സിൽ നിറഞ്ഞു നിന്നിരുന്നു. എന്ത് തന്നെ സംഭവിച്ചാലും വാല് ഒരിക്കലും ആട്ടുകയില്ല എന്ന ആ ഉറച്ച തീരുമാനം. ഭക്ഷണം അവന്റെ മുന്നിൽ കൊണ്ടുവന്നു വെച്ച്, അവന്റെ പേരും വിളിച്ച് അവന്റെ യജമാനൻ അവന്റെ മുതുകത്ത് സ്നേഹത്തോടെ തലോടാൻ തുടങ്ങിയപ്പോൾ , അവന്റെ മനസ്സിലെ കണക്കുകൂട്ടലുകളെല്ലാം അസ്ഥാനത്താക്കി കൊണ്ട്, യജമാനനോടുള്ള നന്ദിസൂചകമായി അവനറിയാതെ തന്നെ അവന്റെ വാല് സ്വയം ആടിക്കൊണ്ടിരിക്കുന്നത് ഒരു രോമാഞ്ചത്തോടെ അവൻ തിരിച്ചറിഞ്ഞു. അങ്ങിനെ നന്ദികേട് കാണിക്കണമെങ്കിൽ ഒരു മനുഷ്യനായി തന്നെ ജന്മമെടുക്കേണ്ടിവരും എന്ന തിരിച്ചറിവോടെ, ഒരു നായയായി ജനിച്ച തന്റെ ഈ ജന്മത്തിൽ അവന് അഭിമാനം തോന്നി. ആ സന്താഷം ഒരു ചെറിയ മോങ്ങലായി അവൻ അവന്റെ യജമാനനുമായി പങ്കു വെച്ചു. അപ്പോഴും അവന്റെ പുറത്ത് സ്നേത്തോട് കൂടി തലോടിക്കൊണ്ടിരുന്നു അവന്റെ യജമാനൻ.
പെരുമണ്ണ് വാവനൂർ
ഓർമ്മയിൽ ഒരു ചിത്രം
എഴുതുവാൻ വൈകിയ ചിത്രത്തിലത്രയും
ഏഴഴകോടെ നീ നിറഞ്ഞു നിന്നു.
തൂലിക തുമ്പിൽ പിറന്നൊരാ ചിത്രങ്ങൾ
തൂമിഴിയാളെ പകർത്തിവച്ചു.
നീല നിലാവിന്റെ നൈർമ്മല്യമെല്ലാം
നീൾമിഴിക്കോണിൽ തിളക്കമായി.
നീലക്കടലിന്നഗാധതയാകെ
നിൻ നയനങ്ങളിലലയടിച്ചു.
അരുണന്റെ അരുണിമ തെല്ലും കുറയാതെ
അഴകാർന്ന കവിളിണ കവർന്നെടുത്തു.
മൂവന്തി ച്ചോപ്പിന്റെ ശോണിമയെല്ലാം
മുത്തണി ചെംചുണ്ടിൽ ചേർന്നലിഞ്ഞു.
പൂനിലാപ്പാലൊളി പൊൻപ്രഭയാകെ
പുഞ്ചിരി പാലിലലിഞ്ഞു പോയി.
നീലക്കസവിന്റെ പട്ടുടയാട
നീലമേഘങ്ങളെ, നിങ്ങളും നൽകിയോ.
മിന്നിതിളങ്ങുന്ന കല്ലിന്റെ മൂക്കുത്തി
ചന്ദ്രകാന്തക്കല്ലു തോറ്റു പോകും നിന്റെ
മിന്നാമിനുങ്ങിന്റെ സമ്മാനമല്ലേ.
ചന്തത്തിലാടുന്ന ലോലാക്കിൻ മുന്നിൽ.
നീല നിലാവിന്റെ ചാരുതയെല്ലാം
നിൻ മുഖകാന്തി പകർന്നതല്ലേ.
ചമയങ്ങളില്ലാതെ, തൂലികയില്ലാതെ
ചാരുമുഖീ നീയെന്നുള്ളിലുണ്ട്.
വിജയം.ആർ.നായർ
എഴുത്തിനെ പ്രണയിച്ചവൻ
പ്രണയാക്ഷരങ്ങൾ
ഉരുവിടുവാൻ മാത്രമായ്
എനിക്ക് ജനിക്കണം
ഒരിക്കൽ കൂടി..
എഴുതി തീർത്ത
വരികൾക്കിപ്പുറം
ജീവിതം എന്ന
യാഥാർഥ്യം
കൂടെ കൂടണം നിന്റെ
തിരിച്ചറിഞ്ഞ
വരികൾക്ക്
മറുവരിയെന്നോണം..
നെയ്തു കൂട്ടിയ
സ്വപ്നങ്ങൾക്കിപ്പുറം
ജീവിതത്തിന്റ മരുപ്പച്ച
തേടി യാത്ര തിരിക്കണം
നിന്റെ കൂടെ..
നിന്റെ തണലിൽ
പുതിയ സ്വപ്നങ്ങൾ
നെയ്ത് തുടങ്ങണം
ഇനിയുള്ള കാലം..
മരവിച്ചുപോയ
മനസിനെ വീണ്ടെടുത്ത്
മരിക്കാത്ത വരികളായ്
പിറവി കൊള്ളണം
നിന്റെ തൂലികയിൽ…
നന്ദു പാരിസ്
2021 മാർച്ച് 18, വ്യാഴാഴ്‌ച
നമ്മുടെ കണക്കു കൂട്ടലുകൾ തെറ്റുമ്പോൾ
നന്നായി മറ്റു വിഷയങ്ങൾ പഠിക്കുന്ന ചില കുട്ടികൾ ഒരുവിഷയത്തിൽ മാത്രം പിന്നോക്കം പോകുന്ന അവസ്ഥ പല രക്ഷിതാക്കളെയും ചിന്താകുഴപ്പത്തിലാക്കാറുണ്ട്. പഴയ തലമുറ പഠനവൈകല്യമെന്നത് ഒരു തകരാറാണെന്നും അതു പരിഹരിക്കാനാവുന്നതാണെന്നും ചിന്തിച്ചിരുന്നില്ല.
പല തരം പഠനവൈകല്യങ്ങളുണ്ട്. പൊതുവെ വായിക്കാനും എഴുതാനും മനസ്സിലാക്കാനും വിഷമമുള്ള അവസ്ഥയെ “ഡിസ്ലെക്സിയ” എന്നു പറയും. അതിൽ തന്നെ കണക്കിനോട് മാത്രം വൈരാഗ്യമുള്ളവരെകുറിച്ചാണു നാം ഇന്നിവിടെ സംവദിക്കുന്നത്. സാധാരണമായ ഒരു പഠനവൈകല്യമാണിത്. 3% മുതൽ 6% വരെ കുട്ടികളിൽ ശരിയായ ഗണിത പഠന വൈകല്യം കാണാറുണ്ട്. ഇവർക്ക് അക്കങ്ങൾ മാത്രമല്ല കണക്കിലെ ചിഹ്നങ്ങൾ പോലും മനസ്സിലാക്കാൻ വിഷമമായിരിക്കും. എണ്ണുവാനും, സമയം പറയാനും എണ്ണൽ സംഖ്യയുമായി ബന്ധപ്പെട്ടതെന്തും വിഷമമായിവരാം. അതു കൊണ്ട് വർഷങ്ങൾ ഓർമ്മിക്കേണ്ടി വരുന്ന ചരിത്ര പഠനവും ഫിസിക്സുമൊക്കെ വിഷമമാവാം.
ശരിയായ ഡിസകാല്ക്കുലിയക്കാർക്ക് കണക്കു മാത്രമായിരിക്കും കീറാമുട്ടി . ടർനേഴ്സ് സിൻഡ്രൊം, ഫ്രജൈൽ എക്സ് സിൻഡ്രൊം, വെലൊകാഡയോ ഫേഷിയൽ സിൻഡ്രൊം, വില്ലിയംസ് സിൻഡ്രൊം എന്നിങ്ങനെ ചില ഭീകര പേരിള്ള ജനിതകപ്പ്രശ്നങ്ങൾ കൊണ്ടും കണക്ക് പ്രശ്നമാക്കാം. മദ്യപരായ അമ്മമാരുടെ മക്കൾക്കും, ജന്മനാ ഭാരം കുറഞ്ഞ കുട്ടികൾക്കും പിന്നീട് കണക്ക് വിഷമമായി വരാം. കണക്കിൽ മോശമായ കുട്ടികളിലെ തലച്ചോറിലെ “ഗ്രെ മാറ്ററി“ ന്റെ അളവ് കുറവായിരിക്കും അതു പോലെ തലച്ചോറിലെ കണക്കു കൂട്ടൽ ഏരിയയായ “ഇൻട്രാ പെരൈറ്റൽ സൾക്കസ്” എന്ന ഭാഗത്തെ പ്രവർത്തനങ്ങൾക്കും കുറവുള്ളതായി കണ്ടെത്തിയിട്ടുണ്ട്. തലച്ചോറിലെ പെരൈറ്റൽ ഭാഗത്തുണ്ടാകുന്ന ക്ഷതങ്ങൾക്കുശേഷം പലരിലും കണക്കുകൾ പിഴ്യ്ക്കുന്നതായി കണ്ടെത്തിയിട്ടുള്ളത് ഈ വാദത്തെ ശരിവയ്ക്കുന്നു.
കണക്കു വിഷമമാക്കുന്നതിൽ ജനിതക കാരണങ്ങൾക്കും അവരു കണക്കു പഠിച്ച രീതിയ്ക്കും പങ്കുണ്ടു. . തലച്ചോറിന്റെ തകാരാർ ഒരു കാരണമാണെങ്കിലും കണക്ക് ലളിതമായി മനസ്സിലാക്കാനുള്ള വഴികൾ സ്വീകരിച്ചും ചില കുറുക്കു വഴികൾ സ്വീകരിച്ചും കണക്ക് മനസ്സിലാക്കാം.പള്ളിയറ ശ്രീധരൻ സാർ കണക്കു പഠിക്കുന്നതെന്തിനെന്നു പുസ്തകങ്ങളിലൂടെ ജനകീയമാക്കിയപ്പോഴാണു കേരളത്തിലെ പല കണക്കു മാഷുമ്മാർ വരെ താനീ പഠിപ്പിക്കുന്നതെന്തെനിന്നു കുട്ടികളോട് പറഞ്ഞുകൊടുക്കാനറിവായത്. അന്നും ഇന്നും സംഘ്യാ ഗണിതമല്ലാതെയുള്ള കണക്ക് എങ്ങനെ പ്രായോഗിക ജീവിതത്തിൽ ഉപയോഗിക്കാമെന്ന് കുട്ടികൾക്കറിയണമെന്നുണ്ടായിരുന്നു.ആരും പറഞ്ഞു കൊടുത്തില്ല. സൈൻ തീറ്റയും കോസ് തീറ്റയും പഠിച്ചാൽ തീറ്റ തേടുവാൻ കഴിയുന്നതെങനെയെന്നത് കുട്ടികളുടെ ഉള്ളിലെ ഒരുചോദ്യമായിരുന്നു എക്കാലത്തും, പേടിച്ചിട്ട് ചോദ്യങ്ങൾ ചോദിക്കതിരുന്നതാണു. ചോദിച്ചിരുന്നെങ്കിൽ ടീച്ചർമാർ കുടുങ്ങിയേനെ. അതിനാൽ കണക്ക് വിരസമാക്കിയതിൽ ഒരു പ്രധാന പങ്ക് അദ്ധ്യാപകരുടേതു കൂടിയാണു എന്നു ചിന്തിക്കേണ്ടിയിരിക്കുന്നു.
ഗണിത പഠനവൈകല്യങ്ങ്ളോടൊപ്പം മറ്റ് പഠനവൈകല്യങ്ങളായ ഡിസ്ലെക്സിയ, ഡിസ് പ്രക്സിയ, എ.ഡി.എച്ച്.ഡി , സ്പെസിഫിക് ലാംഗുവേജ് ഇമ്പേർമെന്റ് എന്നിവയും കൂടിയുന്റെങ്കിൽ പ്രശ്നം സങ്കീർണമാണെന്നറിയണം..
തലച്ചോറിന്റെ വശങ്ങളിലുള്ള ഇൻട്രാ പെരൈറ്റൽ ചാലുകളിലെ നാഡീ തകരാറുകളാണു ഈ പ്രശ്ന്മുണ്ടാകുന്നതിനു കാരണമെന്നു പറഞ്ഞല്ലോ. അപ്പോൾ നമ്മുടെ മനസ്സിന്റെ ഏകാഗ്രത കുറയുന്നു. കണക്കിന്റെ അടിസ്ഥാന പാഠങ്ങൾ മറന്നു പോകുന്നു. ശ്രദ്ധ ഒന്നിൽ തന്നെ കേന്ദ്രീകരിക്കാൻ കഴിയുന്നില്ല. ഒരിക്കൽ നാം ചെയ്ത കണക്കിന്റെ രീതി പിന്നെ പാടെ മറന്നു പോകുന്നു. ചെയ്തകാര്യം ഓർമ്മിക്കുന്ന “വർക്കിങ്ങ് മെമ്മറി ” നഷ്ടമാകുന്നു.ലോങ്ങ് ടേം മെമ്മറിയിൽ സൂക്ഷിക്കേണ്ട ഗുണനപട്ടികകളും മറ്റും അവിടുന്നു ചാടിപോകുന്നു.
തലച്ചോറിനെ വീണ്ടും ഇതൊക്കെ പഠിപ്പിക്കാനാവുമോയെന്ന് പലർക്കും സംശയം തോന്നാം.എന്നാൽ ഈ അവസ്ഥ മാറ്റാൻ പറ്റുമെന്നത് നമുക്ക് അനുഭവമുള്ള കാര്യമാണു. കണക്കിന്റെ എ.ബി.സി.ഡി മനസ്സിലാക്കാൻ പറ്റാത്തതിനാൽ പഠിത്തം നിർത്തിയ ചില പഴയ ആൾക്കാർ, പിന്നീട് കൂലി കണക്കുപറഞ്ഞ് മേടിച്ചത് കണക്കു പഠിച്ച് തന്നെയല്ലെ.?! വിശപ്പാണു ഏറ്റവും നല്ല കറിയെന്ന പറയുന്നതുപോലെ, ആവശ്യമാണു ഏറ്റവും നല്ല ഗുരു. മലയാളമല്ലാതെ മറ്റു ഭാഷ പഠിക്കാൻ വിഷമിച്ചിരുന്ന പലരും കുറച്ചുകാലം മറ്റ് സംസ്ഥാനങ്ങളിൽ ജോലിചെയ്ത് തിരിച്ച് നാട്ടിൽ വന്നിട്ട് കൂളായി ഒരു ചമ്മലുമില്ലാതെ അഭിമാനത്തോടെ പല ഭാഷകൾ സംസാരിക്കുന്നതു കാണുമ്പോൾ, വെറുതെ സ്കൂളിൽ പോയി സമയം കളഞ്ഞു എന്നു നിങ്ങളിൽ ചിലർക്കെങ്കിലും തോന്നിയിട്ടില്ലെ. നമ്മുടെ തലച്ചോറിനു അങ്ങനെ ഒരു കഴിവുണ്ട് ‘പ്ലാസ്റ്റിസിറ്റി’ എന്നാണതിനു പറയുക. തലച്ചോർ പ്രായകാലത്തിനനുസരിച്ചു നാം നേടുന്ന അറിവുകൾക്കനുസരിച്ച് വികസിച്ചുകൊണ്ടിരിക്കും. അതു കൊണ്ടു പേടിക്കുകയൊന്നും വേണ്ട..വേണമെങ്കിൽ ചക്ക വേരിലും കായ്ക്കുമെന്നതു പോലെ വേണമെങ്കിൽ ഇനിയും കണക്കു പടിക്കാം
ലക്ഷണങ്ങൾ
ഇവർക്ക് സംഖ്യകളുടെ സ്ഥാന വില മനസ്സിലാവില്ല . ഇവർക്ക് കൂട്ടലും കുറയ്ക്കലും ഗുണിക്കലും ഹരിക്കലും ഒക്കെ വിഷമമായിരിക്കും. അതിന്റെ ചിഹ്നങ്ങൾ പോലും മനസ്സിലാവില്ല. ഇത്തരക്കാർക്ക് മനക്കണക്കെന്നുപറയുന്ന ആശയം പോലും മനസ്സിലാകില്ല. വഴിക്കണക്കുകൾ മനസ്സിലാവില്ല പെരുവഴിയിലായതുതന്നെ. കണക്കിന്റെ സ്റ്റെപ്പുകൾ തെറ്റിപോകുന്നു.
ചില കുട്ടികളിൽ ദിവസളുടെ എണ്ണം, മാസങ്ങളുടെ എണ്ണം എന്നിവയും മനസ്സിലാക്കാൻ വിഷമമായിരിക്കും. ഒരു സംഖ്യ പറഞ്ഞാൽ അതിന്റെ മൂല്യം മനസ്സിലാവില്ല. ഉദാഹരണത്തിനു 8 എന്ന് മനസ്സിലായാലും എട്ട് മാങ്ങ എന്നു പറഞ്ഞാൽ ഉൾകൊള്ളാൻ കഴിയില്ല.
അക്കങ്ങൾ തലതിരിഞ്ഞു പോകാം. 6 നെ 9 ആയി തോന്നാം,
ഒരു തമാശകഥ നിങളും കേട്ടിട്ടുണ്ടാവും, റ്റിന്റുമോനോട് ഒരിക്കൽ ടീച്ചർ ചോദിച്ചു. എട്ടിന്റെ പകുതിയെത്ര? ടിന്റു പറഞ്ഞത് നെടുകെ മുറിച്ചാൽ 3 , കുറുകെ മുറിച്ചാൽ 0 …ഇമ്മാതിരി ഉത്തരമായിരിക്കും കിട്ടുക.
ഒന്നിടവിട്ടും മറ്റും എണ്ണാൻ കഴിയുകയേയില്ല.
വലുതാണു[<] ചെറുതാണു[>], സ്ക്വയർ, സ്ക്വയർ റൂട്ട് എന്നൊന്നും പറഞ്ഞാൽ മനസ്സിലാവില്ല. ഉസാഘ,. ല സാ ഗു എന്നൊന്നും പറഞ്ഞു വിരട്ടാനൊന്നും നോക്കണ്ട.
അഞ്ച് തരം ഗണിത പഠനവൈകല്യം ഉണ്ടെന്ന് കണക്കാക്കപ്പെടുന്നു.
1] സംസാര വൈഷമ്യം: ഇവർക്ക് സംഖ്യകൾ പറഞ്ഞു ഫലിപ്പിക്കാൻ അറിയില്ല.
2] ഉപയോഗ്യ വൈഷമ്യം [practognostic dyscalculia].ഇവർക്ക് കണക്കറിഞ്ഞാലും അതു ഉപയോഗിക്കാൻ അറിയില്ല.
3] ലെക്സിക്കൽ ഡിസ്കാല്കുലിയ: കണക്കിലെ ചിഹ്നങ്ങളും അക്കങ്ങളും മനസ്സിലാകുമെങ്കിലും എഴുതി ഫലിപ്പിക്കാൻ കഴിയില്ല്.
4] ഗ്രാഫിക്കൽ ഡിസ്കാല്കുലിയ: ഇവർക്ക് ചിഹ്നങ്ങളെ തിരിച്ചറിയാനാവുന്നില്ല.
5] മനക്കണക്ക് വിഷമക്കാർ: ഇവർക്ക് എഴുതികൂട്ടിയാൽ ശരിയാകും .മനക്കണക്കാണു കീറാമുട്ടി.
6] ഗണിത പ്രവർത്തന വൈകല്യം: ഇവർക്ക് സംഭവമൊക്കെ അറിയാം പക്ഷെ കണക്ക് ചെയ്തു വരുമ്പോൾ എങ്ങനെയെങ്കിലും എവിടെയെങ്കിലും തെറ്റും .ഒരിക്കൽ തെറ്റ് പറ്റിയ സ്ഥലത്തായിരിക്കില്ല രണ്ടാമത്തെ പ്രാവശ്യം തെറ്റുക.
അന്തായാലും ശരി സംഗതി മാറ്റണ്ടെ? വഴികൾ പറയാം
തോറ്റുകൊടുക്കില്ല എന്നങ്ങു തീരുമാനിക്കുക.
1] പഴയ പോലെ വിരലുപയോഗിച്ചും എഴുതി കൂട്ടിയും കണക്കു പഠനം തുടരുക.
2] ക്ളാസ്സിലെ കൂട്ടുകാരുടെ സഹായം തേടുക. ചിലപ്പോൾ നിങൾക്കു കൂടുതൽ നന്നായി മനസ്സിലാകുന്ന രീതിയിൽ അവർക്കു കനക്ക് പറഞ്ഞു തരാൻ കഴിഞ്ഞേക്കും.
ഗുണന പട്ടികകളും സൂത്രവാക്യങ്ങളും മറ്റും താളത്തിൽ പാടി പഠിക്കുക. അങ്ങനെ പഠിക്കുമ്പോൾ അതു രേഖപ്പെടുത്തുന്നത് തലച്ചോറിന്റെ വലത്തു ഭാഗത്താകയാൽ ഓർമ്മിക്കാനുള്ള സാധ്യത കൂടുന്നു.ഇന്നത്തെ ഇംഗ്ലീഷ് മീഡിയം പിള്ളേരുടെ റ്റേബിൾ പഠനം കാണുമ്പോൾ സങ്കടം തോന്നാറുണ്ട്.താള ബോധമില്ലാത്ത കണക്കു പഠനം വിഷമങ്ങൾ കൂട്ടും
3 ] കമ്പൂട്ടർകളെയും ഇന്റെർനെറ്റുകളേയും ആശ്രയിച്ച് പാരമ്പര്യ രീതികളിൽ നിന്നും മാറി ന്യൂ ജൻ രീതിയിൽ പഠിക്കാൻ ശൃമിച്ചു നോക്കുക.
4] വേദിക് മത്തമാറ്റിക്സ്, അബാക്കസ് രീതികൾ പഠിച്ച് ആ വഴിയിൽ ശ്രമിച്ചു നോക്കുക.
5] സംഖ്യകളെ മാതൃഭാഷയിലേക്കു മാറ്റുക എന്നതാണു മറ്റൊരു വഴി.
ഓരോ സംഖ്യക്കും അനുയോജ്യമായ ഒരു അക്ഷരം കണ്ടെത്തുക. ആ അക്ഷരം ചേർത്തുള്ള വാക്കുകൾ സംഖ്യകൾക്കു പകരമായി ഉപയോഗിക്കുക. ഉദാഹരണത്തിനു 1 എന്നതിനു നിങ്ങൾ ‘ന്ന’എന്ന അക്ഷരമാണു നിങ്ങൾ ഓർക്കാൻ പഠിക്കുന്നതെങ്കിൽ കുന്ന്, പന്നി എന്നതിലൊക്കെ ഒന്ന് കാണാൻ കഴിയും. 6 എന്നതിനു ‘റ’/ ര എന്ന അക്ഷരവും 4 എന്നതിനു ‘ല’ എന്ന്നും ആണെങ്കിൽ “ കുന്നും പുറത്തൊരെലി” എന്നോർത്താൽ 164 എന്ന സംഖ്യയായി . ഇനി അതുമായി ബന്ധപ്പെട്ട കാര്യം ഓർക്കാമല്ലോ.അങ്ങനെ നീണ്ട സഖ്യകളെ വരെ ഓറ്മ്മയിൽ നിറ്ത്താം.
6] ഒന്നുമുതൽ പത്തിന്റെ വരെ ഗുണനപട്ടികയാണു സംഖ്യാഗണിതത്തിൽ ഏറ്റവും പ്രധാനമായി നാം പഠിച്ചിരിക്കേണ്ടത്. അതിൽ തന്നെ ഒന്നിന്റെ പട്ടികയും പത്തിന്റെ പട്ടികയു പഠിക്കതെ തന്നെ മനസ്സ്സിലാവും, രണ്ടിന്റെതും അഞ്ചിന്റേതാണെങ്കിൽ വളരെ ലളിതവും. പിന്നെ ആകെ ആറു സംഖ്യകളുടെ, പത്തുവരെയുള്ള ഗുണന പട്ടിക പഠിച്ചാൽ ജീവിതകാലം മുഴുവനുള്ള സംഖ്യാ ഗണിതത്തിന്റെ അടിത്തറയായി. ഒരുദിവസം ഒരു സംഖ്യയുടെ പട്ടിക വച്ചു പഠിച്ചിരുന്നെങ്കിൽ ആറു ദിവസം കൊണ്ടു തീരുമായിരുന്ന സാധനമാണു നമ്മിൽ പലരും ജീവിതാവസാനം വരെ പഠിക്കൻ മെനക്കെടാതിരിക്കുന്നത്.
ഭൂഗോളത്തിന്റെ ഓരോ സ്പന്ദനവും കണക്കിലാണെന്ന് ആടുതോമയോട് ചാക്കൊ മാഷ് ‘സ്ഫടിക“ത്തിൽ പറയുന്നതു പോലെ ഭീകരനൊന്നുമല്ല കണക്ക്.
നമ്മുടെ ജുറാസ്സിക് പാർക്കും ഇ.റ്റി.യും. ജോസ് [JAWS] ഉം എല്ലാ നിർമ്മിച്ച് വിശ്വ പ്രശസ്തനായ സ്റ്റീഫൻ സ്പിൽ ബർഗ് ഈ പഠനവൈകല്യമുള്ള ആളായിരുന്നു. വൈദ്യുതിയുമായി ബന്ധപ്പെട്ട പല കണ്ടു പിടുത്തങ്ങളും നടത്തിയ,–ലൈറ്റ്നിങ്ങ് റോഡും, ഫ്രാങ്ക്ളിൻ സ്റ്റൗവും മറ്റും കണ്ടുപിടിച്ച ബഞ്ചമിൻ ഫ്രങ്ക്ളിൻ, കമ്പ്യൂട്ടർ ചക്രവർത്തി ബിൽ ഗേറ്റ്സ്, ഇലക്ട്രിക് ബൾബ് കണ്ടെത്താൻ വേണ്ടി 9999 തവണ തോല്ക്കാൻ തയ്യാറായ തോമസ് ആൽ വാ എഡിസൺ എന്നിങ്ങനെ ധാരാളം പേരുണ്ടു നമ്മുക്ക് മുന്നിൽ കണക്കിനു മുന്നിൽ കീഴടങ്ങാതെ ജീവിത വിജയത്തിന്റെ കൊടുമുടി കീഴടക്കിയവർ. ഒന്നും പേടിക്കണ്ട നിങ്ങൾ മാറാൻ തയ്യാറാണോ മാറ്റാൻ വഴികളുണ്ട്.
ഡോ. ടി. ജി. മനോജ് കുമാർ
വിലാസിനി ഫ്രം കുട്ടൻക്കടവ്- 2
അധികാരമേറ്റ് മൂന്നാംനാൾതന്നെ മണിയപ്പനെ വിലാസിനി ആട്ടിപ്പുറത്താക്കിയത്, നാട്ടിടവഴികളിൽ ചൂടുള്ള ചർച്ചയായി മാറി.
“എന്നാലും വിലാസിനി കാട്ടിയത് ഇത്തിരി കടുപ്പമായിപ്പോയി , അവളെ ഇലക്ഷനിൽ നിർത്തിയതും, ജയിപ്പിച്ചെടുത്തതും, പ്രസിഡന്റാക്കിയതുമൊക്കെ മണിയപ്പന്റെ മിടുക്കല്ലേ, എന്നിട്ട് പഞ്ചായത്തിൽ എല്ലാവരുടെയും മുന്നിൽ വെച്ച് ഒരു മണിയനീച്ചയുടെ വിലപോലും മണിയപ്പന് അവൾ കൊടുക്കാഞ്ഞത് ശരിയായില്ല”
മണിയപ്പനോട് വിലാസിനി കാട്ടിയ നെറികേടിനെക്കുറിച്ച് കുരുടൻ ജാഫറിന്റെ ചായക്കടയിലെ മരബഞ്ചിലിരുന്ന് റാലിചന്ദ്രൻ വാചാലമാകുമ്പോൾ, മൗനത്തിന്റെ മൂടുപടമണിഞ്ഞരികിൽ തന്നെ മണിയപ്പനുമുണ്ടായിരുന്നു.
“മണിയപ്പനാണ് വിലാസിനിയെ വളർത്തി മെമ്പറും പ്രസിഡന്റുമാക്കിയതെന്ന് എല്ലാവർക്കുമറിയാം, എന്നുകരുതി വിലാസിനിയുടെ പ്രസിഡന്റ് കസേരയുടെ റിമോട്ട് മണിയപ്പന്റെ കൈവശം വേണമെന്ന് പറഞ്ഞാൽ നടക്കുന്ന കാര്യമാണോ???
സാക്ഷാൽ ലീഡറിനെവരെ അരുമശിഷ്യർ തിരുത്തൽവാദവും മറ്റും പറഞ്ഞു പലതവണ പിന്നിൽ നിന്ന് കുത്തിയ നാടാണിത്, പിന്നല്ലേ മണിയപ്പൻ”
കുരുടൻ ജാഫറിന്റെ ചായക്കടയിലെ ആസ്ഥാന രാഷ്ട്രീയനിരീക്ഷകനായ പണ്ഡിതൻപ്രകാശന്റെ നിരീക്ഷണം പുറത്തേക്കൊഴുകിയപ്പോൾ, ചായക്കടയിൽ സന്നിഹിതരായിരുന്ന പലരും അതിനോട് തലകുലുക്കി ഐക്യദാർഢ്യപ്പെട്ടു.
“മണിയപ്പനെ വിലാസിനി അധിക്ഷേപിച്ചത് ദാണ്ടേ ഫേസ്ബുക്കിലും വന്നേക്കുന്നു “
റാലിചന്ദ്രൻ തന്റെ മൊബൈലുയർത്തിക്കാട്ടി ഏവരുടെയും ശ്രദ്ധ ഫേസ്ബുക്കിലേക്ക് ക്ഷണിച്ചു.
പഞ്ചായത്ത് ഭരണകാര്യത്തിൽ ഇടപെടുവാൻ ശ്രമിച്ച നാട്ടുപ്രമാണി മണിയപ്പന് മൂക്കുകയറിട്ട പഞ്ചായത്ത് പ്രസിഡന്റ് വിലാസിനിയുടെ വീരഗാഥ ഫേസ്ബുക്കിന്റെ ഉമ്മറത്ത് വെട്ടിതിളങ്ങിയതോടെ അതുവരെ മൗനം പാലിച്ചിരുന്ന മണിയപ്പൻ ഇരുപ്പിടത്തിൽ നിന്നെഴുന്നേറ്റ് ചായകുടി സംഘത്തെ നോക്കി ഇപ്രകാരം പറഞ്ഞിട്ട് സ്ഥലം കാലിയാക്കി.
“രാഷ്ട്രീയം കളിക്കുവാനല്ല, കളിപ്പിക്കുവാനാണ് മണിയപ്പനിഷ്ട്ടം,
എന്റെ കാശ് കൊണ്ട് ജയിച്ചവൾ, പ്രസിഡന്റ് സ്ഥാനത്തെത്തിയപ്പോൾ എനിക്ക് നേരേ തുണിപൊക്കി കാട്ടിയെങ്കിൽ, അവൾ അധികനാൾ ആ കസേരയിലിരിക്കില്ല”
ചാനൽ വാർത്തകളിലും, ഫേസ്ബുക്ക് പോസ്റ്റുകളിലും ഒരേപോലെ തിളങ്ങിയ ദിവസത്തിനൊടുവിൽ, പഞ്ചായത്ത് ഭരണം കഴിഞ്ഞു വീട്ടിൽ മടങ്ങിയെത്തിയ വിലാസിനിയെ സ്വീകരിച്ച ഭർത്താവ് ചന്ദ്രകാന്തന്റെ മുഖത്ത് ആശങ്കയുടെ കാർമേഘങ്ങൾ മുളച്ചുപൊങ്ങിയിരുന്നു,
“നീ എന്താണ് കാണിച്ചത്?,
മണിയപ്പനെ പിണക്കുക എന്നത് അത്ര നിസ്സാരകാര്യമല്ല, ഒന്നുമല്ലേൽ വന്ന വഴിയെങ്കിലും നീ മറക്കരുതായിരുന്നു”
മണിയപ്പൻ തന്റെമേൽ ചൊരിഞ്ഞ തെറിയഭിഷേകം ഗ്രേഡ് കുറച്ച് പരിഭവത്തിന്റെ സ്വരത്തിൽ ചന്ദ്രകാന്തൻ വിലാസിനിക്ക് കൈമാറി.
“എന്ത് കുഴപ്പം?,
കാര്യം അങ്ങേരാണ് എന്നെ സ്ഥാനാർഥിയാക്കിയതും, ജയിപ്പിച്ചെടുത്തതുമൊക്കെ, എന്ന് കരുതി എന്റെ തോളിൽ കേറി പഞ്ചായത്ത് ഭരിക്കാമെന്ന് കരുതിയാൽ അത് അംഗീകരിച്ചു കൊടുക്കുവാൻ പറ്റുമോ?”
മണിയപ്പൻവിഷയത്തിൽ താനെടുത്ത നിലപാട് വിശദമാക്കിയ വിലാസിനി മുറിക്കകത്തേക്ക് കയറി,
പ്രസിഡന്റ് വിലാസിനിയിൽ നിന്ന് വീട്ടമ്മ വിലാസിനിയിലേക്ക് വേഷം മാറവേയാണ് മുറിക്ക് പുറത്ത് നിന്ന് ചന്ദ്രകാന്തന്റെ ജാഗ്രതയുടെ സ്വരം വിലാസിനിയുടെ കാതുകളിലെത്തിയത്.
“വെറുമൊരു മണിയപ്പനെയല്ല നീ നോവിച്ചു വിട്ടത്, അങ്ങ് ഇന്ദ്രപ്രസ്ഥത്തിൽ ഉത്തരേന്ത്യൻ രാഷ്ട്രീയത്തിന്റെ തായം കളികൾക്ക് രാവും പകലും കാവൽ നിന്ന് തഴമ്പുള്ള മേജർ മണിയപ്പനെയാണ് നീ നോവിച്ചത്, കണ്ടറിയണം വിലാസിനി നിനക്ക് എന്താണ് സംഭവിക്കുന്നതെന്ന് “
അത്താഴം കഴിഞ്ഞ് വീടിന്റെ തിണ്ണയിലിരുന്ന് സിഗരറ്റുമായി പ്രണയത്തിലേർപ്പെട്ട ചന്ദ്രകാന്തചാരെയെത്തിയ വിലാസിനി,
പി.എസ്.സി ചോദ്യപേപ്പറിനെ ഓർമ്മപ്പെടുത്തും വിധം ഒബജക്റ്റീവ് ടൈപ്പൊരു ചോദ്യം ചന്ദ്രകാന്തന് നേർക്ക് തൊടുത്തു.
താഴെപ്പറയുന്നതിൽ ചേർച്ചയുള്ള പേര് ഏതാണ്??
1, വിലാസിനി ചന്ദ്രകാന്തൻ
2, ടി. എം. വിലാസിനി
3, പ്രസിഡന്റ് വിലാസിനി
4, ടി. എം. വി. ലാസിനി.
വിലാസിനിയുടെ തിരുവായിൽ നിന്നുയർന്ന ഒന്നര ടൺ കനമുളള ചോദ്യത്തിന്റെ മൂലകാരണമറിയാതെ, തന്റെ വായിൽ നിന്നും മൂക്കിൽ നിന്നുമുയരുന്ന സിഗരറ്റ് പുകപോലെ ചന്ദ്രകാന്തമനസ്സും പുകാവൃതമായി.
“നീ എന്താണ് ഉദേശിച്ചത്??”
കയ്യിലിരുന്നെരിഞ്ഞ സിഗരറ്റിനെ അയ്യത്തേക്ക് സ്വതന്ത്രമാക്കി ചോദ്യത്തിനൊപ്പം തന്റെ നോട്ടവും ചന്ദ്രകാന്തൻ വിലാസിനിയിലേക്ക് തിരിച്ചു.
“ഞാൻ ഒരു ഫേസ്ബുക്ക് പേജ് തുടങ്ങാൻ പോകുവാ,
ഇപ്പോൾ നാലാൾ അറിയുന്ന എല്ലാവരും ഫേസ്ബുക്ക് പേജ് തുടങ്ങുന്നുവെന്നാണ് ഉണ്ണി പറഞ്ഞത്,
പ്രത്യേകിച്ച് വനിതാ ജനപ്രതിനിധികളുടെ ഫേസ്ബുക്ക് പേജിന് കീഴിൽ നല്ല തിരക്കാണെന്നു ഉണ്ണി പറയുന്നു,
പേജൊക്കെ അവൻ കൈകാര്യം ചെയ്തോളും, ഓരോ മണിക്കൂറും എന്റെ ഓരോ ആക്റ്റിവിറ്റികളും അവൻ പോസ്റ്റായി പേജിൽ ഇടും, അത് എത്രയെത്ര ആളുകളായിരിക്കും കാണുക!, അങ്ങനെ ഇപ്പോൾ ഉള്ളതിനേക്കാൾ ഇരട്ടി വേഗതയിൽ എന്റെ പേര് ഉയർന്നു പൊങ്ങും “
ശ്വാസം വിടുവാനായി വിലാസിനി ഇടവേളയെടുത്ത നേരം ചന്ദ്രകാന്തനിൽ നിന്ന് ദീർഘനിശ്വാസത്തോടൊപ്പം ഒരു ചിരിയുടെ അകമ്പടിയുള്ള ചുമയും പുറത്തേക്ക് വന്നു.
“ഇതുവരെ ആരും തിരിഞ്ഞു നോക്കാതിരുന്ന എന്റെ ഫേസ്ബുക്ക് ഐഡിയിലേക്ക് പ്രസിഡന്റായതോടെ ഫ്രണ്ട് റിക്വസ്റ്റ്കളുടെയും, മെസ്സേജുകളുടെയും സാമൂഹികവ്യാപനമാണ്,
പേജ് തുടങ്ങിയാൽ എല്ലാവരും പേജിൽ ശ്രദ്ധിച്ചോളും ,
പേജിനിടാനുള്ള പേര് തിരഞ്ഞെടുക്കുവാനാണ് ഞാൻ നിങ്ങളോട് പറഞ്ഞത്,
ഉണ്ണി പേജ് ഉണ്ടാക്കികൊണ്ടിരിക്കുവാ വേഗം പേര് പറഞ്ഞു കൊടുക്കണം “
“തേങ്ങയെത്ര അരച്ചാലും താളല്ലേ കറി ലാസിനി, അതോണ്ട് നീ എന്തേലും പേരിട്”
വിലാസിനിയുടെ പേജിന്റെ ഇരുപത്തിയെട്ട് കർമ്മത്തിന് നില്ക്കാതെ ചന്ദ്രകാന്തൻ മുറിക്കുള്ളിലേക്ക് കയറിപ്പോയി.
അല്പംകഴിഞ്ഞു മുറ്റത്ത് നിന്ന് മുറിയിലേക്ക് മടങ്ങിയെത്തിയ വിലാസിനിക്കൊപ്പം പേജിന്റെ പേരുമുണ്ടായിരുന്നു.
” നേരത്തെ പറഞ്ഞ നാലു പേരിനും ഒരു ഗുമ്മില്ല, അതോണ്ട് വേറൊരു കിടിലൻ പേര് കണ്ടെത്തി,
വിലാസിനികാന്തൻ
എങ്ങനെയുണ്ട് “
ചന്ദ്രകാന്തന്റെ തോളിൽചാരി വിലാസിനി ഔപചാരികമായി തന്റെ പേജിന്റെ നാമകരണം നിർവ്വഹിച്ചു.
തൊട്ടടുത്ത പകൽ,
അതിരാവിലെ തന്നെ വിലാസിനിയെ തേടി കാറും, ഡ്രൈവർ ഉണ്ണിയും വിലാസിനി ഭവനിലെത്തി.
“പത്തുമണിക്കല്ലേ പഞ്ചായത്ത് ഓഫീസ് പ്രവർത്തനം ആരംഭിക്കുന്നത്, നീയിത് കെട്ടിയൊരുങ്ങി രാവിലെ എങ്ങോട്ടാണ്?”
ഏറെനേരമായി കണ്ണാടിക്ക് മുന്നിൽ കബഡി കളിക്കുന്ന വിലാസിനിയോടായി ചന്ദ്രകാന്തന്റെ ചൂടുള്ളചോദ്യം,
“എട്ടാം വാർഡിലെ ജാനകി ഡോക്ടറുടെ വീട്ടിലെ വളർത്തുപൂച്ചയെ കാണാനില്ലന്ന്, അവിടെ വരെ പോകണം”
“പഞ്ചായത്ത് പ്രസിഡന്റിന് പൂച്ചപ്പിടുത്തമാണോ ജോലി?”
ചന്ദ്രകാന്തന്റെ ഇടയിൽ കയറിയുള്ള കൗണ്ടർ ചോദ്യം കേട്ടത്തോടെ വിലാസിനിയുടെ മുഖം വിവർണ്ണമായി,
” ഇത് കണ്ട അണ്ടനടകോടൻ നാട്ടുപൂച്ചയൊന്നുമല്ല,
ചെക്കോസ്ലോവാക്യയിൽ നിന്ന് ഇറക്കുമതി ചെയ്ത യൂറോപ്പ്യൻ പൂച്ചയാണ്,
രാവിലെ തന്നെ പഞ്ചായത്ത് പ്രസിഡന്റ് സംഭവം സ്ഥലം സന്ദർശിക്കുക എന്നത് വലിയ മൈലേജ് കിട്ടുന്ന കാര്യമാണ് “
ചന്ദ്രകാന്തന് മറുപടി നല്കിയ വിലാസിനി വീട്ടിൽ നിന്ന് പുറത്തേക്കിറങ്ങുന്നതും, കാറിന്റെ പിൻസീറ്റിലേക്ക് കയറുന്നതുമൊക്കെ ഡ്രൈവർ ഉണ്ണി ക്യാമറയിൽ പകർത്തി,
“അതിരാവിലെ തന്നെ പ്രസിഡന്റിന്റെ ഇന്നത്തെ ദിവസം ആരംഭിക്കുന്നു “എന്ന തലക്കെട്ടോടെ വിലാസിനി കാന്തനെന്ന ഫേസ്ബുക്ക് പേജിൽ അപ്പ്ലോഡ് ചെയ്തു,
വിലാസിനിയെയും വഹിച്ചുകൊണ്ടുള്ള ഔദ്യോഗിക കാർ വീടിന്റെ മുറ്റത്ത് നിന്ന് പ്രധാന റോഡിലെത്തുമ്പോഴേക്കും വിലാസിനികാന്തൻ പേജിലെ ഫോട്ടോയിലേക്ക് കമന്റുകളും, ലൈക്കുകളും ചാറ്റൽമഴ പോലെ പെയ്തുതുടങ്ങി,
ശുഭദിനം നേർന്നുകൊണ്ടുള്ള കമന്റ് മുതൽ രാവിലെ എന്ത് കഴിച്ചുവെന്ന അന്വേഷണവും, ഉടുത്തിരിക്കുന്ന സാരിയുടെ ഭംഗിയും, ഇട്ടിരിക്കുന്ന ബ്ലൗസിന്റെ കയ്യിലുള്ള ചിത്രപ്പണിവരെയും കമന്റിൽ പ്രതിപാദ്യ വിഷയമായി,
ഓരോ കമന്റുകളും വായിച്ചു വിലാസിനി ആത്മസംതൃപ്തിയുടെ ആകാശങ്ങൾ കീഴടക്കവേയാണ് ഏതോ ഒരു ഫേക്ക് ഐഡിയിൽ നിന്ന് പായസത്തിലെ കല്ല് പോലെ ആ കമന്റ് വന്നത്,
“സംഗതിയൊക്കെ കൊള്ളാം രാവിലെ അപ്പിയിട്ടോ?”
“ഇത് അവനായിരിക്കും, മണിയപ്പൻ”
കമന്റ് ഡിലീറ്റ് ചെയ്തുകൊണ്ട് വിലാസിനി നിഗമനത്തിലെത്തി.
“മാഡം ഇതൊന്നും കാര്യമാക്കണ്ട, പാഷാണത്തിൽ കൃമികൾ എല്ലായിടത്തും ഉണ്ടാകും, ആ ഐഡി അങ്ങ് ബ്ലോക്ക് ചെയ്തേക്കു”
കാറിന്റെ സ്‌റ്റിയറിങ്ങിനൊപ്പം, വിലാസിനിയുടെ പേജിന്റെ സ്റ്റിയറിങ്ങും ഡ്രൈവർ ഉണ്ണി ഏറ്റെടുത്തു,
“മാഡത്തിന്റെ പേജ് ഒരാഴ്ച്ചക്കുള്ളിൽ സൂപ്പർഹിറ്റാകും, നമുക്ക് മാഡത്തിനൊരു വിളിപ്പേര് കൂടി കണ്ടെത്തണം”
ജാനകി ഡോക്ട്ടറുടെ വീട് ലക്ഷ്യമാക്കി കാറോടിക്കുന്നതിനിടയിലും ഉണ്ണി വിലാസിനിയുടെ വിലാസം
കൂടുതൽ പേരിലെത്തിക്കുവാനുള്ള മാർഗ്ഗങ്ങൾ ആലോചിക്കുകയായിരുന്നു.
“ഇപ്പോൾ തന്നെ ചില വനിതാജനപ്രതിനിധികൾ അറിയപ്പെടുന്നത് വിളിപ്പേരുകളിലല്ലേ, പെങ്ങളൂട്ടി, മേയറൂട്ടി,
നമുക്ക് അങ്ങനെ എന്തേലും കണ്ടെത്തണം”
ഉണ്ണിയുടെ അഭിപ്രായത്തോട് വിലാസിനിക്കും യോജിപ്പായിരുന്നു.
“എങ്കിൽ നമുക്ക് പ്രസിഡന്റുട്ടി എന്നാക്കിയാലോ”
ജാനകിഡോക്ട്ടറുടെ വീട്ടിൽ വണ്ടിയെത്തിയ നേരത്താണ് വിലാസിനിയിൽ വിളിപ്പേര് കടന്നുവന്നത്,
“അതിനൊരു ഗുമ്മില്ല മാഡം, നമുക്ക് നല്ലൊരു പേര് പതുക്കെ കണ്ടെത്താം”
കാർ പാർക്ക് ചെയ്യുന്നതിനിടയിൽ ഉണ്ണി തന്റെ അഭിപ്രായം വിലാസിനി സമക്ഷമറിയിച്ചു.
ജാനകിഡോക്ട്ടറുടെ വീട്ടിലെത്തിയ വിലാസിനി കാണാതായ പൂച്ചകിടന്ന മുറിയും പരിസരങ്ങളുമൊക്കെ ഡോക്ട്ടർക്കൊപ്പം നടന്നു കണ്ടതിനൊപ്പം, പൂച്ചയുടെ സ്വഭാവരീതികളെ കുറിച്ചും, പൂച്ച അവസാനമായി കഴിച്ച ആഹാരത്തെക്കുറിച്ചുമൊക്കെ അന്വേഷിച്ചു.
വിലാസിനിയുടെ ഓരോ ചലനങ്ങളും ക്യാമറയിൽ ഒപ്പിയെടുത്ത ഉണ്ണി ആ നിമിഷം തന്നെ വിലാസിനികാന്തൻ പേജിൽ അപ്പ്ലോഡ് ചെയ്തു, തലക്കെട്ടായി ഇങ്ങനെയും ചേർത്തു.
“കാണാതായ പൂച്ചയെ തേടി കാലത്തുതന്നെ പ്രസിഡന്റ്”
ജാനകി ഡോക്ട്ടറുടെ വീട്ടിൽ നിന്നുള്ള മടക്കയാത്രയിലും വിലാസിനിയുടെ മനസ്സിൽ അലയടിച്ചത് വിളിപ്പേരായിരുന്നു, എന്ത് വേണം വിളിപ്പേര് എന്ന ചിന്തക്ക് വിരാമമിട്ടത് ഉണ്ണി വഴിയരികിൽ കാർ നിർത്തിയപ്പോഴാണ്,
“മാഡം ദാ അങ്ങോട്ട് നോക്കിക്കേ ഒരു
പട്ടികുഞ്ഞ് മഴ നനഞ്ഞു കിടക്കുന്നത് കണ്ടില്ലേ, മാഡം അതിനെയെടുത്തു ആ കടത്തിണ്ണയിലോട്ട് വെക്കു, ഞാൻ അതിന്റെ ഫോട്ടോയെടുത്ത് പേജിലിടാം നല്ല റീച്ച് കിട്ടും “
മഴയത്ത് സാരി നനഞ്ഞുള്ള റീച്ച് വേണോയെന്ന് ഒരുവേള വിലാസിനി ചിന്തിച്ചുവെങ്കിലും ഉണ്ണിയുടെ സ്നേഹപൂർവ്വമായ നിർബന്ധത്തിന് വഴങ്ങി വിലാസിനി പട്ടികുഞ്ഞിനരികിലേക്ക്.
മെഡിക്കൽ കോളേജിലെ നിരീക്ഷണ വിഭാഗത്തിൽ വലതുകൈയ്യിൽ കെട്ടുമായി കിടക്കുന്ന വിലാസിനി, അരികിൽ ചന്ദ്രകാന്തനും, ഉണ്ണിയുമുണ്ട്,
പട്ടിക്കുഞ്ഞിനെ എടുത്തുമാറ്റുവാൻ ചെന്ന വിലാസിനിയുടെ വലതു കൈയ്യിൽ തള്ളപ്പട്ടി നടത്തിയ ചിത്രരചനയുടെ ബാക്കി പത്രമായാണ് ഇപ്പോഴുത്തെ ആശുപത്രിസന്ദർശനം.
“എന്തായാലും പൂച്ചയെ കണ്ടുപിടിക്കാൻ പോയവൾ പട്ടിയുടെ കടിമേടിച്ചാണ് മടങ്ങിവന്നത്,
അല്ലേലും തെരുവ്പട്ടിക്കെന്ത് പഞ്ചായത്ത് പ്രസിഡന്റ്”
ചന്ദ്രകാന്തൻ ഫോണിൽ മക്കളോട് വിലാസിനിയുടെ വിവരങ്ങൾ വിശദീക്കരിക്കവേ, അടുത്തിരുന്ന ഉണ്ണി വിലാസിനികാന്തൻ പേജിൽ അടുത്ത ഫോട്ടോ അപ്പ്‌ലോഡ് ചെയ്യുന്ന തിരക്കിലായിരുന്നു.
കെ. ആർ. രാജേഷ്
ഓം മനി പത്മേ ഹും
ടാബോ ഗ്രാമത്തിലെ ചായക്കടയിൽ ഒരു ചായയും കുടിച്ചങ്ങനെ ഇരിക്കുകയാണ്.അപ്പോഴാണ് അവളെ ഞാൻ ശ്രദ്ധിച്ചത്.. അഞ്ചോ ആറോ വയസ്സ് പ്രായം കാണും, ചുവന്ന മുഖവും ഇറുകിയ കണ്ണുകളുമുള്ള ഒരു കൊച്ചു പെൺകുട്ടി.. . ദൂരെ എങ്ങുനിന്നോ പെട്ടെന്ന് കടയിലേക്ക് ഓടി വന്നു എന്റെ മടിയിൽ കയറി ഇരിപ്പായി. ഇരുന്നയുടൻ കയ്യിൽ നിന്നും ഫോൺ വാങ്ങി ഗാലറി തുറന്ന് ചിത്രങ്ങൾ നോക്കാൻ തുടങ്ങി..
ആഹാ.. എന്തൊരു അധികാരം!.ഒരു കൂസലുമില്ലാതെ ഇരിക്കുന്ന ഇരിപ്പ് കണ്ടില്ലേ ?ആരുടെ മടിയിലാണ് കയറി ഇരിക്കുന്നത് എന്ന വല്ല ബോധവും ഉണ്ടോ ??!
ചെറിയ കുട്ടികളെ സ്നേഹിക്കാൻ അറിയില്ലെന്ന് ഉമ്മ എപ്പോഴും പരാതി പറയും. കഴിയുന്നത്ര നിഷ്കളങ്കത മുഖത്ത് വരുത്തി കുട്ടികളെ കൊഞ്ചിക്കാൻ നിന്നാലും അവർ പകച്ചു പിന്മാറും,പിന്നെ കരയാൻ തുടങ്ങും. മീത്തലെ സുഹൈലിനെ കുട്ട്യോൾക്കൊക്കെ പേടിയാ ന്ന് കുടുംബശ്രീ പെണ്ണുങ്ങൾ പറയുന്നത് തെല്ലൊരഭിമാനത്തോടെ തന്നെ കേട്ട് നിൽക്കും .
“നോക്ക്.. സുഹൈൽക്ക അതാ…വരുന്നു, വേം തിന്നോ, ഇല്ലേൽ ഞാനിപ്പോ ഇങ്ങോട്ട് വിളിക്കും ‘ എന്നും പറഞ്ഞു മൂത്തുമ്മ കൊച്ചു മക്കളെ പേടിപ്പിക്കുന്നത് ഞാൻ എത്ര തവണ കണ്ടിട്ടുണ്ടന്നോ… !
അങ്ങനെയുള്ള ഒരു കൊടും ഭീകരന്റെ മടിയിലാണ് താൻ കയറിയിരിക്കുന്നത് എന്ന വല്ല ചിന്തയും ഈ കുട്ടിക്കുണ്ടോ ??
എവിടുന്ന് കിട്ടി മകളേ നിനക്കിത്ര ധൈര്യം !?
ഗാലറി തുറന്ന് ഓരോ ചിത്രം കാണുമ്പോഴും അവൾ എന്റെ മുഖത്ത് നോക്കി നിഷ്കളങ്കമായി ചോദിക്കും
“യെ കോൻ ഹേ ?”
“യേ. മേരാ ദോസ്ത് ഹേ “
“യേ, മേരാ ഭായ് ഹേ “
“യേ മേരാ ഫ്രണ്ട് ഹേ “
“യെ മേരാ…മേരാ ….. ആ, ബഹൻ ഹേ “
എന്റെ പൊന്നനുജത്തീ… ഇനിയും ഇതാരാണെന്ന് ചോദിച്ചു ഈ സഹോദരനെ ബുദ്ധിമുട്ടിക്കരുത്…എന്റെ കൈവശം ഉണ്ടായിരുന്ന ഹിന്ദി പദസമ്പത്തു ഒക്കെ തീർന്നു. ഇനി ചോദിച്ചാൽ ഉത്തരം പറയാൻ എന്റെ കയ്യിൽ ഒരൊറ്റ ഹിന്ദി വാക്കു പോലും ഇല്ല..സത്യം,
പക്ഷെ കുട്ടി ചോദ്യങ്ങൾ ചോദിച്ചു കൊണ്ടേയിരുന്നു…. ട്രെയിനിൽ വെച്ചു പരിചയപ്പെട്ട മലയാളി പട്ടാളക്കാരൻ എന്റെ ബഡാ ഭായിയും ചിത്കുൽ ഹോം സ്റ്റേയിലെ കൊച്ചു മകൻ എന്റെ ചോട്ടാ ഭായിയും ആയി..
ചോദ്യങ്ങൾ അവസാനിക്കുന്ന മട്ടില്ല, പടച്ചോനെ ഇതെന്തു പരീക്ഷണം…
ആളുകളുടെ പടങ്ങൾ മാറി. പകരം ട്രെയിനും ബസും ആപ്പിൾ മരങ്ങളും കുട്ടിയുടെ കണ്ണിൽ ഇടം പിടിച്ചു.ഫോണിൽ കണ്ട ഒരു വലിയ കെട്ടിടത്തിൽ തന്നെ നോക്കി മുഖമുയർത്താതെ അവൾ ചോദിച്ചു
“യേ ക്യാ ഹേ ?”
തൊട്ട് മുന്പിൽ അതാ ചെങ്കോട്ട തലയുയർത്തി നിൽക്കുന്നു.
“റെഡ് ഫോർട്ട്… യേ ഹേ റെഡ് ഫോർട്ട് ഹേ “
“ക്യാ ?”
“ഫോർട്ട്…റെഡ് ഫോർട്ട് “
“ക്യാ…?”,രക്ഷയില്ല
“ചെ….ങ്കോ… ട്ട, ചെങ്കോട്ട ” നാടൻ ഭാഷയിൽ തന്നെ ഒരു ശ്രമം നടത്തി. ചുവപ്പ് നിറത്തിന്റെ ഹിന്ദി അറിയാത്തതിൽ ആദ്യമായി എനിക്ക് കുറ്റബോധം തോന്നി. കരുണൻ മാഷ് ഹിന്ദി പഠിക്കുമ്പോൾ രതീഷിന്റെയൊപ്പം കടലാസ് മടക്കി ചൊട്ടി കളിച്ചതിന്റെ ഫലം….
ഡാ.. രതീഷേ, നീയിതു വല്ലോം അറിയുന്നുണ്ടോ, ഞാൻ ഇവിടെ പെട്ടു കിടക്കുവാടാ..
കുട്ടി വിടുന്ന മട്ടില്ല. ഇത്തവണ കയ്യിൽ പിടിച്ചു കുലുക്കി കുറച്ചുറക്കെയായി ചോദ്യം.
ഗത്യന്തരമില്ലാതെ ആ മഹാപാപം എനിക്ക് ചെയ്യേണ്ടി വന്നു.ഷാജഹാൻ ചക്രവർത്തി എന്നോട് ക്ഷമിക്കണം. ഉച്ചമയക്കത്തിന്റെ ആലസ്യതയിലും ഹിസ്റ്ററി മാഷിന്റെ അടി പേടിച്ചു കണ്ണും മിഴിച്ചിരുന്നു മുഗൾ ചരിത്രം കേൾക്കേണ്ടി വന്ന ചരിത്ര വിദ്യാർത്ഥികളെ, നിങ്ങളും എന്നോട് ക്ഷമിക്കണം
“യേ.. മേരാ ഘർ ഹേ “.
ഭാഗ്യം,കൂടുതൽ ചോദ്യങ്ങൾ ഇല്ല!.കുട്ടി അടുത്ത ചിത്രത്തിലേക്ക് നീങ്ങി.പെട്ടെന്ന് ഒരു സ്ത്രീ കടയിലേക്ക് കയറി കുട്ടിയേയുമെടുത്തു കടക്കു പുറത്തു നിർത്തിയിട്ട ട്രാക്ടറിൽ കയറി എങ്ങോട്ടാ അപ്രത്യക്ഷരായി.
എവിടെ നിന്നോ വന്നു എങ്ങോട്ടോ പോയ ഒരു കുഞ്ഞു മാലാഖ… എത്ര പെട്ടെന്നാണ് ഒരാത്മബന്ധം ഞങ്ങൾക്കിടയിൽ രൂപപ്പെട്ടത്..
ചായയും കുടിച്ചു ടാബോ ഗ്രാമത്തിലേക്കിറങ്ങി. ടാബോ മൊണാസ്ട്രിയിലേക്ക് പോകണം.അവിടെ താമസിച്ചു ബുദ്ധ ആചാരങ്ങൾ നേരിട്ടു കാണണം
.അതിനു മുൻപ് ടാബോയിലെത്തിയ കഥ നിങ്ങളോട് പറയണം… ആ ബസ് യാത്രയെ കുറിച്ച് പറയണം..ആ പെൺകുട്ടിയെ പറ്റിയും പറയണം…
“ആരെങ്കിലും ഒരു പാട്ട് പാടു..ഹിന്ദി, ഇംഗ്ലീഷ് ഏത് ഭാഷ ആയാലും കുഴപ്പമില്ല, എന്തൊരു ബോറൻ യാത്രയാണിത് !”
എവിടുന്നാണീ വൃത്തികെട്ട ശബ്ദം.
പകുതി വാ കൊണ്ടും പകുതി മൂക്ക് കൊണ്ടും പറയുന്നത് പോലെ. പാതിമയക്കത്തിലായിട്ടും ഞാൻ ഞെട്ടിയുണർന്നു ശബ്ദം കേട്ട ഭാഗത്തേക്ക് നോക്കി,ഞാൻ മാത്രമല്ല ബസിലെ ഒരു വിധം എല്ലാ യാത്രക്കാരും അങ്ങോട്ട് തന്നെ നോക്കിയിരുപ്പാണ്.
എന്റെ സീറ്റിന് തൊട്ട് മുൻപിൽ ഇടത് വശത്തായി ഇരിക്കുന്ന പെൺകുട്ടിയാണ്. ജീൻസും ടോപ്പുമാണ് വേഷം.മുഖത്തും ചുണ്ടിലും ചായം പൂശിയിരിക്കുന്നു.തലമുടി ഭംഗിയായി മടക്കി ഒരു മരക്കോലിന്റെ സഹായത്തോടെ പിന്നിലേക്ക് കെട്ടി വെച്ചിരിക്കുന്നു.ആളുകൾ അത്തരത്തിലുള്ള മരക്കോലുകൾ ഉപയോഗിച്ച് ന്യുഡിൽസ് പോലുള്ള ഭക്ഷണം കഴിക്കുന്നത് ഞാൻ ഇതിനു മുൻപ് കണ്ടിട്ടുണ്ട്.
പിയോയിൽ നിന്ന് പുലർച്ചെ അഞ്ചു മണിക്ക് തുടങ്ങിയ യാത്രയാണ്. ചെറിയ മയക്കത്തിൽ നിന്ന് ഞെട്ടിയുണർന്നു പുറത്തേക്ക് നോക്കിയപ്പോഴാണ് ശരിക്കും ബസ് പോകുന്ന വഴിയുടെ ഭീകരത മനസ്സിലായത്.റോഡ് എന്ന് വിളിക്കാൻ പറ്റുന്ന യാതൊന്നും കാണുന്നില്ല. അലക്ഷ്യമായി കൂട്ടിയിട്ട പാറക്കല്ലുകൾക്കിടയിലെ ചെറിയ മൺപാതയിലൂടെ ബസ് അതിവേഗം കുതിക്കുകയാണ്.ഇടത് വശത്തെ മലനിരകളിൽ നിന്ന് എപ്പോൾ വേണമെങ്കിലും ഉരുണ്ടു വീഴാം എന്ന കണക്കെ തങ്ങി നിൽക്കുന്ന വലിയ ഉരുളൻ കല്ലുകൾ.വലതു വശത്തു അഗാധമായ കൊക്കയും. ഒരു ബസിനു കഷ്ട്ടിച്ചു പോകാൻ പറ്റുന്ന ഈ പാതയിലൂടെ അതിവേഗം ബസോടിക്കുന്ന ഡ്രൈവറെ സമ്മതിക്കണം.ഒന്ന് പാളിയാൽ ഒരു പറ്റം സ്വപ്ന സഞ്ചാരികളെയും കൊണ്ട് അഗാധ ഗർത്തത്തിലേക്ക്……
ഭീതിജനകമായ ഈ യാത്രയുടെ ഇടക്കാണ് മുൻപിൽ നിന്നും ഒരു പെൺകുട്ടി പാട്ട് പാടാൻ വിളിച്ചു കൂവുന്നത്.ആരും പാടുന്നില്ലെന്ന് കണ്ടപ്പോൾ അവൾ തന്നെ പാടി തുടങ്ങുകയും ചെയ്തു.
എന്നെ കൂടാതെ വേറെയും അഞ്ചു മലയാളികൾ ബസിൽ ഉണ്ടായിരുന്നു.കോട്ടയത്ത് നിന്നുള്ള സുഹൃത്തുക്കളായ ടോണിയും മനേഷും,പിന്നെ ഫാറൂഖ്കാരൻ സഹദും സുഹൃത്തുക്കളും.
പെൺകുട്ടി ഒപ്പം പാടാൻ വേണ്ടി എല്ലാവരെയും നോക്കുന്ന സമയത്തു ഞാൻ മുൻപിലിരിക്കുന്ന ടോണിയോട് ഉറക്കെ വിളിച്ചു പറഞ്ഞു
.”എടാ ടോണി… മലയാളികളുടെ മാനം കാക്കെടാ, ഒരു നാടൻ പാട്ട് കീച്ച്… “
അന്യ നാട്ടിലെ യാത്രക്ക് ഇങ്ങനെ ചില ഗുണങ്ങൾ ഒക്കെയുണ്ട്. മലയാളത്തിൽ എന്തും വിളിച്ചു പറയാം..
ഞങ്ങൾ ഒരു പാട്ട് പാടാനുള്ള ശ്രമം നടത്തുകയാണ് എന്ന് വിചാരിച്ചിട്ടാകണം ആ പെൺകുട്ടിയും യാത്രക്കാരും ഞങ്ങളെ മാറി മാറി നോക്കി.
എന്ത് ചെയ്യാം… ഞാനടക്കം ഒറ്റയൊരുത്തനും വാ തുറന്നില്ല.കൽക്ക ഷിംല ടോയ് ട്രെയിൻ ഒരു തുരങ്കത്തിൽ പ്രവേശിച്ചപ്പോൾ കൂക്കിയിടുകയും ശരണം വിളിക്കുകയും ചെയ്ത അതേ മലയാളികളാണ് ഇപ്പോൾ കുന്തം വിഴുങ്ങിയ പോലെ ഇരിക്കുന്നത്. ഇരുട്ടിൽ ചെയ്യുന്ന കാര്യം വെളിച്ചത്തു ചെയ്യാൻ പറ്റാത്തവർ !,
ബ്ലഡി മല്ലു ഗ്രാമവാസീസ്!!
അങ്ങനെ ഞങ്ങളിലുള്ള പ്രതീക്ഷയും നഷ്ട്ടപ്പെട്ട ആ പെൺകുട്ടി വീണ്ടും തനിച്ചു പാടാൻ തുടങ്ങി. ഞാനാകട്ടെ ആ പാട്ടും കേട്ട് കണ്ണുകളടച്ചു അല്ലറ ചില്ലറ സ്വപ്‌നങ്ങൾ ഒക്കെ കാണാനും തുടങ്ങി…
ബസ് യാത്രക്കാരെ അത്ഭുതപ്പെടുത്തി കൊണ്ട് ഞാൻ ചില മലയാള പാട്ടുകൾ പാടുന്നു,മലയാളത്തിൽ നിന്ന് പതിയെ ഹിന്ദിയിലേക്ക്… ഇരിപ്പിടത്തിൽ നിന്നും എഴുനേറ്റു മെല്ലെ ആ പെൺകുട്ടിയുടെ അടുത്തേക്ക് നീങ്ങുന്നു, ഒരു സിനിമാ ഗാന രംഗം പോലെ ഞങ്ങൾ രണ്ടു പേരും കൂടി ഒരു ഡുയറ്റ് ആലപിക്കുന്നു.അത് കണ്ട് മുന്നിൽ ഇരിക്കുന്ന മൂക്കുത്തിയണിഞ്ഞ ടിബറ്റൻ സുന്ദരിമാർ അസൂയയോടെ എന്നെ നോക്കി പരസ്പരം പിറുപിറുക്കുന്നു….
ഹമ്മ… ഹേ ഹമ്മ… ഹമ്മഹമ്മ ഹമ്മാ…..
എത്ര മനോഹരമായ സ്വപ്നം..
ആ സ്വപ്‍നയാത്ര എത്ര ദൂരം നീണ്ടു പോയിരിക്കണം.. ഉച്ചക്ക് മുന്നേ നാകോ യിലും കൃത്യം നട്ടുച്ചക്ക് ടാബോയിലും എത്തിയ ബസ് എന്നെയിറക്കി കാസ ലക്ഷ്യമാക്കി നീങ്ങി.. സ്വപ്നയാത്രികരെ നിങ്ങൾക്ക് വിട.
ടാബോയിൽ ബസിറങ്ങി ചുറ്റും കണ്ണോടിച്ച ഞാൻ ശരിക്കും അത്ഭുതപ്പെട്ടു .. ഒരൊറ്റ മനുഷ്യരില്ല!
ഇത് തന്നെയാണോ ടാബോ ?,
ടാബോ മൊണാസ്ട്രി ലക്ഷ്യമാക്കി നീങ്ങുന്ന മൊട്ടത്തലയുള്ള കാഷായ വസ്ത്രധാരികൾ എവിടെ?!,
ഗ്രാമത്തിലെത്തിയ പുതിയ സഞ്ചാരിയെ ചാക്കിലാക്കാനായി ഓടി വരുന്ന ടാക്സി ഡ്രൈവർമാരും റൂം ഏജന്റുമാരും എവിടെ !?,
പ്രിയ ടാബോ നിവാസികളെ.. ഇതാ നിങ്ങളുടെ നാട്ടിൽ ദൂരങ്ങൾ താണ്ടി ഒരു സഞ്ചാരി എത്തിയിരിക്കുന്നു..
.പ്രിയ ടാക്സി ഡ്രൈവർമാരെ, റൂം ഏജന്റ്മാരെ… നിങ്ങൾ വന്നു എന്നെ വട്ടമിട്ടു ആകർഷകമായ ഓഫറുകൾ തരു.. എനിക്ക് നിങ്ങളോട് ‘നഹീ.. നഹീന്ന് പറഞ്ഞാ നഹീ ‘എന്നൊക്കെ പറഞ്ഞു വലിയ ഗൗരവത്തിൽ ഒഴിഞ്ഞു മാറി നടക്കാനുള്ളതാണ്.
ഒരൊറ്റയാളും വന്നില്ല, എന്തിനു വഴി ചോദിക്കാൻ പോലും ഒരൊറ്റ മനുഷ്യ ജീവനെ കാണുന്നില്ല. ഇത് ടാബോ അല്ല, എന്റെ സ്വപ്നത്തിലെ ടാബോ ഇങ്ങനെയൊന്നുമല്ല..
ഒടുവിൽ കുറച്ചു നേരത്തെ ചുറ്റി കറങ്ങലിനു ശേഷം ഈ ചായക്കടയിൽ എത്തി. ഒരു ചായ കുടിക്കുക എന്നതിലുപരി ഗ്രാമത്തെ പറ്റി കൂടുതൽ വിവരങ്ങൾ ചായക്കടക്കാരനിൽ നിന്ന് കരസ്ഥമാക്കുക എന്നതാണ് ലക്‌ഷ്യം.അങ്ങനെ ചായയും കുടിച്ചു ഇരിക്കുമ്പോഴാണ് ആ മാലാഖ എവിടെ നിന്നോ എന്റെ മടിയിലേക്ക് ഓടി കയറി വന്നത്.
ചായകടക്കാരൻ പറഞ്ഞതനുസരിച് മൊണാസ്ട്രിയിൽ തന്നെ താമസിക്കാൻ തീരുമാനിച്ചു.രണ്ട് കട്ടിലുകളുള്ള സാമാന്യം വലിയൊരു മുറി.
ചിതല്പുറ്റുകൾ പോലെ തോന്നിപ്പിക്കുന്ന മണ്ണ് കൊണ്ടുണ്ടാക്കിയ മൊണാസ്ട്രിയാണ് പിയോയിലെ പ്രധാന ആകർഷണം.
AD 996 ൽ ആണ് ഈ മൊണാസ്ട്രി നിർമ്മിച്ചിരിക്കുന്നത്.മൊണാസ്ട്രി നടന്നു കണ്ടു ഗ്രാമ കാഴ്ചകളിലേക്ക് ഇറങ്ങി. ബസിറങ്ങിയപ്പോൾ കണ്ട ടാബോ അല്ല ഇപ്പോൾ കാണുന്നത്. സ്കൂൾ, ബാങ്ക്, ഹോം സ്റ്റേ, ദാബ, എന്തിന് ഹെലിപാഡ് വരെ ഉള്ള മറ്റൊരു ടാബോ. പക്ഷെ ഗ്രാമവാസികളുടെ എണ്ണം വളരെ കുറവാണ് താനും…
ഗ്രാമത്തിൽ ബുദ്ധ മന്ത്രം എഴുതിയ കൊടികൾ അങ്ങിങ്ങായി തൂക്കിയിട്ടിരിക്കുന്നു.ഓം മനി പത്മേ ഹും എന്ന മന്ത്രമാണ് എഴുതിയിരിക്കുന്നത്.മൊണാസ്ട്രിക്ക് പുറകിലെ വലിയ മലമുകളിലും ഈ മന്ത്രം വെള്ള ചായം കൊണ്ട് എഴുതിയിരിക്കുന്നത് കാണാം
.മൊണാസ്ട്രിയിൽ താമസിക്കുന്ന കുട്ടികൾ ഒരു ഭാഗത്തു നിന്ന് പന്ത് കളിക്കുന്നു. അവരോട് വഴി ചോദിച്ചു മൊണാസ്ട്രിയുടെ പുറകിലെ മല നടന്നു കയറി. ബുദ്ധ സന്യാസിമാർ തപസ്സിരുന്ന ഗുഹകളാണ് പ്രധാനമായും കാണാനുള്ളത്. ഉള്ളിൽ കയറി ധൈര്യമായി ഇരിക്കാൻ പറ്റിയ വലിയ ഗുഹകൾ. മലമുകളിലെ അവസാന സഞ്ചാരിയും തിരിച്ചിറങ്ങിയ ശേഷം ഞാൻ സാമാന്യം വലിപ്പമുള്ള ഒരു ഗുഹക്കുള്ളിൽ കയറി ഇരിപ്പുറപ്പിച്ചു.
ഗുഹയിൽ നിന്ന് ടാബോ ഗ്രാമം കാണാൻ എന്ത് ഭംഗിയാണ്. ഈ ഗുഹക്കുള്ളിൽ ഇരുന്നാണ് ഒരുപാട് ബുദ്ധ സന്യാസിമാർ ആത്മീയ സംതൃപ്തി കൈവരിച്ചത്. ഒരു ജനതക്ക് ജീവിത ദർശനം നൽകിയത്.അവർ ജനങ്ങളോട് ജീവിതത്തെ പറ്റി സംസാരിച്ചു.എല്ലാം ദുഃഖമയമാണെന്നും ദുഃഖത്തിനു കാരണം തൃഷ്ണയാണെന്നും തൃഷ്ണയെ അകറ്റുക വഴി ജീവിതം ദുഃഖവിമുക്തമാക്കാമെന്നും അവർ പഠിപ്പിച്ചു. നല്ല വീക്ഷണം, ചിന്ത,സംസാരം, കർമം, ജീവനം,ശ്രമം, ശ്രദ്ധ, ധ്യാനം എന്നീ അഷ്ട തത്വങ്ങളാണ് ബുദ്ധ മതത്തിന്റെ കാതലെന്നും പഠിപ്പിച്ചു
കുറച്ചു സമയം ഗുഹക്കുള്ളിൽ ഇരുന്നപ്പോൾ പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു അനുഭൂതി എന്നിലേക്ക് വന്നത് പോലെ. ഒപ്പം ഗുഹക്കകത്തേക്ക് അടിച്ചു കയറുന്ന കൊടും തണുപ്പും. ഗുഹക്ക് പുറത്തു കുറച്ചു മുൻപ് വന്നു പോയ ഒരു സഞ്ചാരി തീയിട്ട ഭാഗത്തു കുറച്ചു ചുള്ളിക്കമ്പുകൾ കൂടി വെച്ചു ചെറിയൊരു തീകുണ്ഡം ഉണ്ടാക്കി.
ആ ചെറു തീയിൻ ചൂടുമേറ്റ് ഗുഹക്കുള്ളിൽ കുറച്ചധികം സമയം കൂടി ഞാൻ ഇരുന്നു… എന്ത് മാത്രം ചിന്തകളാണ് മനസ്സിലൂടെ കടന്നു പോയി കൊണ്ടിരിക്കുന്നത്. ആഗ്രഹങ്ങൾ തന്നെയാണ് എല്ലാ ദുഖത്തിന്റെയും കാതൽ, പക്ഷെ ആഗ്രഹങ്ങൾ ഇല്ലാതെ, സ്വപ്‌നങ്ങൾ ഇല്ലാതെ ഒരു ജീവിതം എങ്ങനെ സങ്കൽപ്പിക്കാൻ പറ്റും. അത് എത്ര മാത്രം നിരർത്ഥകമായിരിക്കും … .
രാത്രി സുഖമായി തന്നെ കിടന്നുറങ്ങി .
ആ സുഖത്തിന്റെ പിന്നിലുള്ള അപകടം മനസ്സിലായത് പിറ്റേന്ന് വളരെ വൈകി എഴുന്നേറ്റപ്പോളാണ്. ഗ്രാമത്തിൽ നിന്ന് പുറത്തു കടക്കാനുള്ള അവസാന ബസും പോയിരിക്കുന്നു. ഒരു ദിവസം കൂടി ടാബോ യിൽ കഴിയണം.
പക്ഷെ പെട്ടെന്ന് തോന്നിയ ഒരാവേശത്തിൽ റൂം ഒഴിഞ്ഞു ബാഗുമെടുത്തു റോഡിൽ ഇറങ്ങി നിന്നു…അത് സ്പിറ്റി യാത്ര തന്നെ മാറ്റി മറിച്ച ഒരു തീരുമാനം ആയിരുന്നെന്ന് അപ്പോൾ എനിക്ക് മനസ്സിലായതേയില്ല
സുഹൈൽ സുഗു
രാജീവ് ഗാന്ധിവധം മറയ്ക്കപ്പെട്ട എന്‍റെ സത്യങ്ങള്‍
‘എന്താടീ.. നിന്നെ പൂർണ നഗ്നയാക്കി നിർത്തി ചോദ്യം ചെയ്താലേ നീ മര്യാദ പഠിക്കുകയുള്ളോ?’ എന്ന ഈ ഒരു ചോദ്യം മാത്രമാണ് ആ വിചാരണ ഉദ്യോഗസ്ഥന്റെ വായയിൽനിന്നു വീണ അൽപമെങ്കിലും മാന്യതയുള്ള വക്കുകൾ! ഇതിനേക്കാൾ എത്രയോ നികൃഷ്ടമായ ഭാഷയാണ് അയാൾ തുടർന്ന് ഉപയോഗിച്ചത്. അൽപമെങ്കിലും മനക്കട്ടിയില്ലാത്തവരായിരുന്നെങ്കിൽ അപ്പോൾത്തന്നെ അവരുടെ ജീവൻ ഉടൽവിട്ടു പിരിഞ്ഞുപോകുമായിരുന്നു. ആ അസഭ്യവർഷങ്ങൾ ഏതൊരു മനുഷ്യന്റെയും ആത്മാഭിമാനത്തെയും ഉണർവുകളെയും പിഴുതെറിഞ്ഞു കളയും.തുടർന്ന് അവരുടെ താളത്തിനൊത്തു തുള്ളുന്ന ഒരു പാവയായി, ജീവച്ഛവമായി ഏതൊരാളും മാറിപ്പോകും.അൽപ്പനേരം കഴിഞ്ഞ് ഒരു പൊലീസുകാരൻ വന്ന് എന്നെ കൂട്ടിക്കൊണ്ടുപോയി. ‘ഇതോടെ നിന്റെ കഥ കഴിയും. എന്തു നടക്കുമോ എന്തോ? മര്യാദയ്ക്കു പറയുന്നതു കേട്ടുനടന്നോ.. എങ്ങനെയെങ്കിലും ജീവൻ രക്ഷിക്കാൻ നോക്ക്..’ ഇങ്ങനെ ദ്വയാർഥത്തിൽ, എന്നാൽ ഭയപ്പെടുത്താനും വേണ്ടി പലതും പോകുന്നവഴിയിൽ അയാൾ പറഞ്ഞുകൊണ്ടിരുന്നു.
അയാളുടെ ഭീഷണി എന്നെ വല്ലാതെ ഉലച്ചുകളഞ്ഞു. എന്താണു നടക്കാൻ പോകുന്നതെന്നറിയാതെ എന്റെ അടിവയറു വരെ നീറാൻ തുടങ്ങി. കൈകാലുകൾ വിയർക്കാനും വിറയ്ക്കാനും തുടങ്ങി. മേൽനിലയിലുള്ള സൂപ്രണ്ടിന്റെ മുറിക്കുള്ളിലേക്ക് എന്നെ പിടിച്ചുതള്ളി. തിരിഞ്ഞു നോക്കുന്നതിനിടിയിൽ പുറത്തുനിന്നും ഉഗ്രശബ്ദത്തോടെ വാതിൽ ആഞ്ഞടച്ചു. എതിരെ കസേരയിൽ പൊലീസ് സൂപ്രണ്ട് ഇരിക്കുന്നു. അയാൾ എന്നെ തുറിച്ചുനോക്കിക്കൊണ്ടിരുന്നു.’ജീവൻ കയ്യിലെടുത്തു പിടിച്ചിരിക്കും പോലെ എന്നൊരു ചൊല്ലുണ്ടല്ലോ. അതായിരുന്നു എന്റെ അവസ്ഥ.
എടീ തേവിടിശ്ശീ.. നടന്നതെല്ലാം ഒന്നു വിട്ടുപോകാതെ പറയെടീ.. ഒന്നും മറച്ചുവയ്ക്കാൻ പാടില്ല. മനസ്സിലായോ? ആ മുരുകനുമായി എങ്ങനെ പരിചയപ്പെട്ടു? എങ്ങനെയായിരുന്നു നിങ്ങൾ തമ്മിലുള്ള ബന്ധം? അവനോടൊപ്പം എവിടെയെല്ലാം ചുറ്റിനടന്നു? നിങ്ങൾഎന്തെല്ലാം ചെയ്തു? നിങ്ങൾ നടത്തിയ ഗൂഢാലോചനകളെപ്പറ്റിയെല്ലാം പറയണം. നിർത്താതെ പറഞ്ഞുകൊണ്ടിരിക്കണം. ഞാൻ ചോദിച്ചുകൊണ്ടേയിരിക്കും.’അയാൾ പരുക്കൻ ശബ്ദത്തിൽ ആജ്ഞാപിച്ചു. വേട്ടയാടാനായി ചുറ്റും കൂടിനിൽക്കുന്ന പുലികൾക്കു നടുവിൽപ്പെട്ട പേടമാനെപ്പോലെ ഭയന്നു വിറച്ചു ഞാൻ നിന്നു.യഥാർഥത്തിൽ നടന്നതും എനിക്കറിയാവുന്നതുമായ എല്ലാകാര്യങ്ങളും ഒന്നും ഒളിക്കാതെ ഞാൻ പറഞ്ഞുകൊണ്ടിരുന്നു. അൽപനേരത്തിനുള്ളിൽ ആ ഓഫിസർ ഉറങ്ങാൻ തുടങ്ങി. ഇതുകണ്ട ഞാൻ ഇനി പറഞ്ഞിട്ടു കാര്യമില്ലല്ലോ എന്നു കരുതി പറച്ചിൽ നിർത്തി.
പെട്ടന്നു കണ്ണുതുറന്ന അയാൾ ‘എന്താടീ നിർത്തിക്കളഞ്ഞത്? നീ എത്രപേരെ കണ്ടിട്ടുണ്ട്? ആരുടെയെല്ലാം കൂടെ പോയിട്ടുണ്ട്? അവരെയൊക്കെ കബളിപ്പിച്ചതുപോലെ എന്നെ പറ്റിക്കാൻ നോക്കേണ്ട. നീ ഒരുപാടുപേരെ കണ്ടിട്ടുണ്ടല്ലോ. പിന്നെ ഇവനോടു മാത്രമെന്തേ നിനക്കിത്ര കമ്പം തോന്നാൻകാരണം? അതോ അവനു നിന്നോടാണോ ഇഷ്ടം തോന്നിയത്. പറയെടീ.. മോളേ…’ ഇങ്ങനെ ഭീഷണിപ്പെടുത്തിക്കൊണ്ടിരുന്നു. എന്നോട് എന്തെങ്കിലും ചോദിച്ചറിയുക എന്നുള്ളതല്ല അയാളുടെ അയാളുടെ ലക്ഷ്യം. എന്നെ മാനസ്സികമായി തളർത്തണം.’നിർത്താതെ പറഞ്ഞുകൊണ്ടിരിക്കണം.. നിർത്തിയാൽ നിന്റെമുതുകിലെ തോലുരിച്ചെടുക്കും’ എന്നു പറഞ്ഞുകൊണ്ട് കയ്യിലുണ്ടായിരുന്ന ചൂരൽവടി കൊണ്ട് മുതുകത്ത് ഒരു കുത്തുകുത്തി. കഴുത്തറത്ത കോഴിയെപ്പോലെ ഞാൻ നിലത്തുവീണു.
രാജീവ് ഗാന്ധി വധം മറയ്ക്കപ്പെട്ട എന്‍റെ സത്യങ്ങള്‍
-നളിനി മുരുകന്‍
വിശാഖപട്ടണത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനുശേഷം 1991 മേയ് 21-ന് ശ്രീപെരുംപുത്തൂരിലായിരുന്നു അടുത്ത ജാഥ. മദ്രാസിൽ എത്തിയ രാജീവ് ശ്രീപെരുംപുത്തൂരിലേക്ക് വാഹനമാർഗം പുറപ്പെട്ടു. പോകുന്നിടത് പലയിടത്തും വാഹനം നിർത്തി പ്രസംഗിക്കുകയും, ജനങ്ങളെ അഭിസംബോധന ചെയ്യുകയും ചെയ്ത ശേഷമാണ് അദ്ദേഹം ശ്രീപെരുംപുത്തൂരിലെ വേദിയിൽ എത്തുന്നത്. അവിടെ അദ്ദേഹം കാറിൽ നിന്നിറങ്ങുകയും, വേദിക്കരികിലേക്കു നടന്നു പോവുകയും ചെയ്തു. അവിടെ തടിച്ചുകൂടിയ ജനങ്ങൾ നൽകിയ പൂച്ചെണ്ടുകളും, പൂമാലകളും സ്വീകരിച്ച് അദ്ദേഹം അദ്ദേഹം വേദിക്കരികിലേക്കു നടന്നു. രാത്രി പത്തരയോടടുപ്പിച്ച് തനു എന്ന എൽടിടിഇ ചാവേർ രാജീവ് ഗാന്ധിയെ സമീപിച്ച് അനുഗ്രഹം തേടാനെന്ന വ്യാജേന കാലിൽ തൊടാൻ വേണ്ടി കുനിയുകയും, അതിനിടെ തന്റെ അരയിൽ സ്ഥാപിച്ചിരുന്ന ബെൽറ്റ് ബോംബ് പൊട്ടിക്കുകയും ചേയ്തു. അന്നവിടെ നടന്ന സ്‌ഫോടനത്തിൽ രാജീവ് ഗാന്ധിയെക്കൂടാതെ പതിനാലു പേർ കൂടി കൊല്ലപ്പെട്ടു.
എല്ലാം തുടങ്ങുന്നത് രാജീവ് ഗാന്ധി എടുത്ത ഒരു തീരുമാനത്തിലാണ്. 1987 ജൂലൈ 29 – അന്നായിരുന്നു ഇന്ത്യൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയും, ശ്രീലങ്കൻ പ്രധാനമന്ത്രി ജെ ആർ ജയവർധനെ ഇന്തോ-ശ്രീലങ്ക സമാധാന ഉടമ്പടി ഒപ്പുവെക്കുന്നത്. അത് ശ്രീലങ്കയിലെ തമിഴ് വംശജരും സിംഹളരും തമ്മിലുള്ള സംഘർഷം എന്നെന്നേക്കുമായി പരിഹരിക്കുക എന്നതായിരുന്നു. 1983 മുതൽക്കിങ്ങോട്ട് ശ്രീലങ്കയിൽ തമിഴ് വംശജരുടെ സംഘടനയായ എൽടിടിഇയും സിംഹളർക്ക് സ്വാധീനമുള്ള ശ്രീലങ്കൻ ഗവൺമെന്റും തമ്മിൽ വലിയ തോതിൽ സംഘർഷങ്ങൾ നിലനിൽക്കുന്നുണ്ടായിരുന്നു. ഉടമ്പടി പ്രകാരം ഇന്ത്യ ശ്രീലങ്കയിലേക്ക് ഒരു സമാധാനസേനയെ അയച്ചിരുന്നു. ഇന്ത്യൻ പീസ് കീപ്പിംഗ് കോഴ്സ് അഥവാ IPKF. തുടക്കത്തിലെ എതിർപ്പുകൾക്കു ശേഷം മനസ്സില്ലാമനസ്സോടെ IPKF -നു മുന്നിൽ ആയുധം വെച്ച് കീഴടങ്ങിയ LTTE താമസിയാതെ വീണ്ടും കലാപത്തിനിറങ്ങി. അപ്പോൾ IPKF അവരെ ഉരുക്കുമുഷ്ടിയോടെ നേരിട്ടു. അവരെ അടിച്ചമർത്താനുള്ള ശ്രമത്തിനിടെ ഏറെ ചോരചിന്തിഅന്ന് ലങ്കയുടെ മണ്ണിൽ.
അങ്ങനെ ഐപികെഎഫിന്റെ ഇടപെടലിൽ ശ്രീലങ്ക രക്തരൂഷിതമാകാൻ തുടങ്ങിയപ്പോൾ ഇന്ത്യയിലെ തമിഴ് ജനതയിൽ നിന്ന് കേന്ദ്രത്തിലേക്ക് സമ്മർദ്ദമുണ്ടായി. എന്നാൽ അതിനെ മാനിക്കാനോ സേനയെ തിരിച്ചുവിളിക്കാനോ അന്ന് രാജീവ് ഗാന്ധി വിസമ്മതിച്ചു. 1989 -ൽ നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ഗവൺമെന്റ് മൂക്കും കുത്തി താഴെവീണു. തുടർന്ന് പ്രധാനമന്ത്രിയായ വിപി സിംഗ് അധികാരത്തിലേറിയ അടുത്ത നിമിഷം തന്നെ സമാധാനസേനയെ പിൻവലിക്കാനുള്ള ഉത്തരവിറക്കി. 1990 -ൽ പിൻവാങ്ങൽ പൂർണ്ണമായി. അതോടെ എൽടിടിഇയുടെ മുന്നിൽ രാജീവ് ഗാന്ധിക്ക് ഒരു വില്ലൻ പരിവേഷമായി. നയതന്ത്രപരമായ ഒരു ദുരന്തമായിരുന്നു ഇന്ത്യക്ക് ആ സമാധാന ദൗത്യം. 1200 ഇന്ത്യൻ പട്ടാളക്കാർക്ക് ജീവൻ നഷ്ടമായപ്പോൾ, മറുപക്ഷത്ത് അത് 5000 -ൽ അധികമായിരുന്നു. ഗവൺമെന്റിന് ഏകദേശം ആയിരം കോടിയോളം ചെലവുവന്നു അങ്ങനെയൊരു ദൗത്യം അവസാനിപ്പിച്ച് ഇന്ത്യൻ സൈന്യം തിരികെയെത്തിയപ്പോഴേക്കും. മണ്ണിലേക്കയച്ച് ഈലത്തിലെ തമിഴരുടെ മരണത്തിനു കാരണക്കാരനായ രാജീവ് ഗാന്ധിയോട് എൽടിടിഇ തലവൻ വേലുപ്പിള്ള പ്രഭാകരന് അടങ്ങാത്ത പ്രതികാരമുണ്ടായിരുന്നു.1991 -ലെ തെരഞ്ഞെടുപ്പിൽ രാജീവ് ഗാന്ധി അധികാരത്തിലേറിയാൽ രണ്ടാമതൊരു വട്ടം കൂടി IPKF’നെ ലങ്കയിലേക്കയക്കുമോ എന്ന ഭയം പ്രഭാകരനുണ്ടായിരുന്നു. അതാണ് രാജീവ് ഗാന്ധിക്കെതിരെ ഒരു ചാവേർ ആക്രമണം നടത്താൻ എൽടിടിഇയെ പ്രേരിപ്പിച്ചത്. പ്രധാനമന്ത്രി ആയിക്കഴിഞ്ഞാൽ സെക്യൂരിറ്റി ഇരട്ടിക്കും, പിന്നെ കൊല്ലുക വളരെ പ്രയാസമായിരിക്കും എന്ന് അവർക്ക് അറിയാമായിരുന്നു. അതാണ് തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനിടെ തന്നെ വധിക്കാൻ അവർ പ്ലാനിട്ടത്.
രാജീവ് ഗാന്ധി കൊലക്കേസിലെ പ്രതികൾ 1998 ജനുവരിയിൽ സ്‌പെഷ്യൽ ടാഡ കോടതിയിൽ നടന്ന വിചാരണയ്ക്കുശേഷം വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടു. 1999 മെയ് 11 -ന് മേൽക്കോടതി വധശിക്ഷ ശരിവെച്ചു. കൊലപാതകം നടന്ന് 24 കൊല്ലത്തിനു ശേഷം 2014 -ൽ സുപ്രീം കോടതി നളിനിയടക്കം മൂന്നുപേരുടെ വധശിക്ഷ ജീവപര്യന്തമാക്കി വെട്ടിച്ചുരുക്കി. അവർ സമർപ്പിച്ച ദയാഹർജി കേന്ദ്രം 11 കൊല്ലം വൈകിച്ചു എന്നതായിരുന്നു എന്നതായിരുന്നു അന്ന് കോടതി ചൂണ്ടിക്കാണിച്ച കാരണം. കഴിഞ്ഞ മൂന്നു ദശാബ്ദങ്ങളായി തമിഴ്‌നാട്ടിലെ വെല്ലൂർ സെൻട്രൽ ജയിലാണ് നളിനിക്ക് വീട്. ആരാണ് നളിനി എന്ന നളിനി ശ്രീഹരൻ? എന്തിനാണ് അവർ കഴിഞ്ഞ മൂന്നുപതിറ്റാണ്ടുകളായി കാരാഗൃഹത്തിൽ കഴിയുന്നത്? രാജീവ് ഗാന്ധി വാദത്തിന്റെ ഗൂഢാലോചനയിൽ അവർക്കുള്ള പങ്ക് .എന്താണ്? അതാണീ പുസ്തകം പറയുന്നത് ലോകത്ത് ഏറ്റവും കൂടുതൽ കാലം തടവുശിക്ഷ അനുഭവിച്ച് ക്രൂരമർദനങ്ങൾക്ക് ഇരയായ നളിനി കരഞ്ഞുതീർത്ത ദുഃഖപ്രവാഹങ്ങളുടെ കടലുകളാണ് ഈ പുസ്തകം. പ്രണയത്തിന്റെ ബലിപീഠത്തിൽ അർപ്പിക്കപ്പെട്ട ഒരു ദുരന്തകഥ കൂടിയാണിത്. നളിനി ചോദിക്കുന്നു യഥാർത്ഥ കുറ്റവാളിയെ രക്ഷപ്പെടുത്തിയവരോട് രാജീവ് ഗാന്ധിയുടെ ആത്മാവ് പൊറുക്കുമോ? ഒരു ജനാതിപത്യ രാഷ്ട്രത്തിനു ചേർന്ന കുറ്റാന്വേഷണമാണോ നടന്നത്?
രാജീവ് ഗാന്ധിവധം മറയ്ക്കപ്പെട്ട എന്‍റെ സത്യങ്ങള്‍
എഴുത്ത് – നളിനി മുരുകന്‍.
പരിഭാഷ – ഇടമണ്‍ രാജന്‍
ആസ്വാദനം : ജോയിഷ് ജോസ്
മുട്ടക്കറി
പോഷകസമൃദ്ധമായ ഒരു ഭക്ഷണമാണ് മുട്ട. അതിൽ നമുക്കാവശ്യമായ എല്ലാ പോഷകങ്ങളും ചെറിയതോതിലെങ്കിലും അടങ്ങിയിട്ടുണ്ട്. ദിവസം ഒരു മുട്ടയെങ്കിലും ശീലമാക്കുക എന്നത് ആരോഗ്യകരമാണ്. മുട്ടയുടെ ഗുണം നോക്കുകയാണെങ്കിൽ അതിന്റെ ചെലവ് തികച്ചും തൃപ്തികരമാണ്. ഇത്രയും ചെറിയ വിലയ്ക്ക് ഇത്രയേറെ പോഷകമൂല്യമുള്ള മറ്റൊന്നു ലഭ്യമാകും എന്നും തോന്നുന്നില്ല. കൊളസ്ട്രോളിന്റെ പേരിൽ ഇത്രയധികം ദുഷ്പേര് വാങ്ങിയ മറ്റൊരു ഭക്ഷണവുമുണ്ടാകില്ല. എന്നാൽ മുട്ടയിൽ വളരെ ചെറിയ അളവിൽ അടങ്ങിയിരിക്കുന്നത് ശരീരത്തിനാവശ്യമായ നല്ല കൊളസ്‌ട്രോൾ തന്നെയാണ്. എന്റെ അഭിപ്രായത്തിൽ മുട്ട ഒഴിവാക്കുന്നതാണ് കൂടുതൽ അനാരോഗ്യം എന്നതാണ്.
മുട്ടക്കറി സാധാരണ എല്ലാ വീടുകളിലും ഉണ്ടാക്കുന്ന ഒരു സാധാരണ വിഭവമാണ്. മിക്കവർക്കും ഇതുണ്ടാക്കാനറിയാം. മിക്കപ്പോഴും പലരും പല വിധത്തിലാണ് മുട്ടക്കറി ഉണ്ടാക്കുക. അതുകൊണ്ടുതന്നെ ഇവയ്ക്കു പലതരം രുചിയാണ് ഉണ്ടാകുക. മുട്ടക്കറിയിലെ ചേരുവകളുടെ ഏറ്റക്കുറച്ചിലുകളായിരിക്കും ഈ രുചി വ്യത്യാസങ്ങളുടെ പുറകിൽ. എളുപ്പത്തിൽ ഉണ്ടാക്കാവുന്ന രുചികരമായ ഒരു മുട്ടക്കറി പരിചയപ്പെടുത്തുന്നു.
ചേരുവകൾ
മുട്ട പുഴുങ്ങി രണ്ടായി മുറിച്ചത് 2 എണ്ണം
സവാള വലുത് 1 എണ്ണം
തക്കാളി വലുത് 1 എണ്ണം
ഇഞ്ചി 1 കഷണം നന്നായി അരിഞ്ഞത്
വെളുത്തുള്ളി 7 ഇതൾ അരിഞ്ഞത്
പെരുംജീരകം 1/2 ടീ സ്പൂൺ
തേങ്ങ ചുരകിയത് 1/2 കപ്പ്
പച്ച മുളക് 3 എണ്ണം
മല്ലിപ്പൊടി 1/2 ടേബിൾ സ്പൂൺ
മുളകുപൊടി 1/2 ടേബിൾ സ്പൂൺ
മഞ്ഞൾപ്പൊടി 1/2 ടീ സ്പൂൺ
മല്ലിയില ആവശ്യത്തിന്
കറിവേപ്പില ആവശ്യത്തിന്
വെളിച്ചെണ്ണ 2 ടേബിൾ സ്പൂൺ
ഉപ്പ് ആവശ്യത്തിന്
പാചകം ചെയ്യുന്ന വിധം
ഒരു ഫ്രയിങ്ങ് പാനിൽ കുറച്ച് തേങ്ങാ ചുരകിയത്, ചെറുകഷണങ്ങളാക്കിയ ഇഞ്ചി, വെളുത്തുള്ളി, പെരുംജീരകം എന്നിവ കുറഞ്ഞ തീയിൽ നന്നായി ഫ്രൈ ചെയ്യുക. തുടർന്ന് മല്ലിപ്പൊടി, മുളകുപൊടി എന്നിവ ചേർത്തിളക്കുക. ഇത് തീയിൽ നിന്നും മാറ്റി ഒരു പാത്രത്തിൽ വയ്ക്കുക. തുടർന്ന് പാനിൽ വെളിച്ചെണ്ണ ഒഴിച്ച്അതിലേക്കു ചെറുതായി അരിഞ്ഞു വച്ചിരിക്കുന്ന സവാളയും തക്കാളിയും ഉപ്പും മഞ്ഞൾപ്പൊടിയും ചേർത്ത് നന്നായി വരട്ടുക. അതിലേക്കു ആദ്യം മാറ്റിവച്ചിരുന്ന പേസ്റ്റും ചേർത്തിളക്കുക. തുടർന്ന് വേണ്ടത്ര അളവിൽ വെള്ളം ചേർത്ത് തിളപ്പിക്കുക. ഇതിലേക്ക് രണ്ടായി മുറിച്ചു വച്ചിരിക്കുന്ന മുട്ടകളും, മല്ലി, കറിവേപ്പിലകളും ചേർത്താൽ രുചികരമായ മുട്ടക്കറിയാകും.
ഡോ. ഷേർളി സുനീത്
പ്രതികരണങ്ങൾ
ഫെബ്രുവരി ലക്കം വായിച്ചു. മനോഹരമായിരിക്കുന്നു. കഥകൾ, കവിതകൾ, ലേഖനങ്ങൾ, നിരൂപണങ്ങൾ, പാചകം എന്നിവ കൊണ്ട് സമ്പുഷ്ടം. എല്ലാം ഒന്നിനൊന്നു മെച്ചം. സന്തോഷം അറിയിക്കുന്നു.
ലാൽ കൊടുങ്ങല്ലൂർ
ഇതിവൃത്തം മാസികയുടെ തുടക്കം മുതലുള്ള ഒരു വായനക്കാരിയാണ് ഞാൻ. ഓരോ ലക്കത്തിനും കാത്തിരിക്കുന്ന ഒരുവൾ എന്ന് വേണമെങ്കിൽ പറയാം. ആദ്യമായാണ് ഞാൻ ഇത്തരത്തിൽ ഒരു അഭിപ്രായം പറയുന്നത്. അതിനൊരു കാരണമുണ്ട്.
ഈ മാസം മാസികയിൽ വന്ന ജിസ പ്രമോദിന്റെ ജീവിച്ചിരിക്കുന്നവർ എന്ന കഥയാണ്. അതിലെ സുമതി എന്ന കഥാപാത്രം മനസ്സിൽ നിന്നും മായുന്നില്ല.
കഥാകൃത്തിന് അഭിനന്ദനങ്ങൾ. ഒപ്പം മാസികയ്ക്കും. സ്നേഹാദരങ്ങളോടെ
സൗമ്യ യതീന്ദ്രൻ, കോട്ടയം
ആദ്യമായിട്ടാണ് ഒരു മാസിക ഒരു ഓർഡറിൽ വായിക്കുന്നത്. മുഖമൊഴിയിൽ തുടങ്ങുന്ന വായന പാചകത്തിൽ ആണ് അവസാനിക്കുന്നത്. ഒരു പുസ്തകം വായിക്കുന്ന അനുഭവമാണ് ഈ മാസിക പകരുന്നത്. നല്ല സന്ദേശം പകരുന്ന മുഖമൊഴി. വെറും പാചകം എന്ന നിലയിലല്ലാതെ ചില അറിവുകൾ കൂടി നൽകുന്ന പാചകം. ചിന്തിപ്പിക്കുന്ന ലേഖനങ്ങൾ, പുതു അറിവുകൾ നൽകുന്ന ആരോഗ്യപംക്തി. മനസ്സിൽ തറയ്ക്കുന്ന കഥകൾ, മനോഹരങ്ങളായ കവിതകൾ, കൂടെ കൂട്ടുന്ന യാത്രാവിവരണങ്ങൾ. മൊത്തം ഇതിവൃത്തം നൽകുന്ന വായന ഗംഭീരം.
മുരളി എൻ എസ്, വൈക്കം
ഇതിവൃത്തത്തിലെ ഓരോ രചനയും അതിമനോഹരമായിരിക്കുന്നു. ഓൺലൈൻ മാസിക ആണെങ്കിൽ പോലും യാതൊരു മുഷിപ്പുംകൂടാതെ ആദ്യതാൾ മുതൽ അവസാനം വരെ വായനക്കാരെ പിടിച്ചിരുത്താൻ സാധിക്കുന്നത് ഒരു കൂട്ടം നല്ല എഴുത്തുകാരുടെ കഴിവ് ഒന്നുകൊണ്ട് മാത്രം അണ്. യാത്രാ വിവരണങ്ങളെ മികച്ചതാക്കുന്നത് വേറിട്ടുനിൽക്കുന്ന അവതരണ ശൈലിയാണ്. അപൂർവം ചിലർ എന്ന ലേഖനം തികച്ചും നമ്മുടെ ജീവിതത്തോട് ചേർന്ന് നിൽക്കുന്നതായി തോന്നി. ഇത് വായിക്കുന്ന ഏതൊരാൾക്കും അപ്രതീക്ഷിതമായി ജീവിതത്തിലേക്ക് കടന്നു വന്ന് പടിയിറങ്ങിപ്പോയ ഒരു സുഹൃത്തിന്റെ മുഖം മനസ്സിൽ തെളിഞ്ഞു വരും. വർണപകിട്ടാർന്ന്, ഇനിയും ഒത്തിരി മുന്നോട്ട് പോകാൻ കഴിയട്ടെ. അടുത്ത ലക്ക ത്തിനായി കാത്തിരിക്കുന്നു.
സ്വാതി സുരേഷ്, പേരാമ്പ്ര
എല്ലാ പ്രതികരണങ്ങളും ഉൾപ്പെടുത്തുവാൻ കഴിയുന്നില്ലെങ്കിലും നിങ്ങൾ അയക്കുന്ന ഓരോ പ്രതികരണങ്ങളോടും ഞങ്ങൾ നന്ദി പ്രകാശിപ്പിക്കുന്നു.
എഡിറ്റർ
-
കുട്ടികളെ ലൈംഗീകമായി ചൂഷണം ചെയ്യുന്ന വാർത്തകളാണ് നാം നിത്യേനയെന്നവണ്ണം കേൾക്കുന്നത്. പണ്ട് നമുക്കറിയാത്ത സ്ഥലങ്ങളിലായിരുന്നുവെങ്കിൽ, ഇന്നത...
-
സിനിമയായി തീർന്ന ബഷീറിന്റെ രണ്ടാമത്തെ നോവലാണ് 1944 ൽ പ്രസിദ്ധീകരിച്ച ബാല്യകാലസഖി. പ്രണയ പശ്ചാത്തലത്തിലെ ദുരന്ത കഥ പറയുന്ന ബഷീറിൻറെ ഈ നോവ...















