അധികാരമേറ്റ് മൂന്നാംനാൾതന്നെ മണിയപ്പനെ വിലാസിനി ആട്ടിപ്പുറത്താക്കിയത്, നാട്ടിടവഴികളിൽ ചൂടുള്ള ചർച്ചയായി മാറി.
“എന്നാലും വിലാസിനി കാട്ടിയത് ഇത്തിരി കടുപ്പമായിപ്പോയി , അവളെ ഇലക്ഷനിൽ നിർത്തിയതും, ജയിപ്പിച്ചെടുത്തതും, പ്രസിഡന്റാക്കിയതുമൊക്കെ മണിയപ്പന്റെ മിടുക്കല്ലേ, എന്നിട്ട് പഞ്ചായത്തിൽ എല്ലാവരുടെയും മുന്നിൽ വെച്ച് ഒരു മണിയനീച്ചയുടെ വിലപോലും മണിയപ്പന് അവൾ കൊടുക്കാഞ്ഞത് ശരിയായില്ല”
മണിയപ്പനോട് വിലാസിനി കാട്ടിയ നെറികേടിനെക്കുറിച്ച് കുരുടൻ ജാഫറിന്റെ ചായക്കടയിലെ മരബഞ്ചിലിരുന്ന് റാലിചന്ദ്രൻ വാചാലമാകുമ്പോൾ, മൗനത്തിന്റെ മൂടുപടമണിഞ്ഞരികിൽ തന്നെ മണിയപ്പനുമുണ്ടായിരുന്നു.
“മണിയപ്പനാണ് വിലാസിനിയെ വളർത്തി മെമ്പറും പ്രസിഡന്റുമാക്കിയതെന്ന് എല്ലാവർക്കുമറിയാം, എന്നുകരുതി വിലാസിനിയുടെ പ്രസിഡന്റ് കസേരയുടെ റിമോട്ട് മണിയപ്പന്റെ കൈവശം വേണമെന്ന് പറഞ്ഞാൽ നടക്കുന്ന കാര്യമാണോ???
സാക്ഷാൽ ലീഡറിനെവരെ അരുമശിഷ്യർ തിരുത്തൽവാദവും മറ്റും പറഞ്ഞു പലതവണ പിന്നിൽ നിന്ന് കുത്തിയ നാടാണിത്, പിന്നല്ലേ മണിയപ്പൻ”
കുരുടൻ ജാഫറിന്റെ ചായക്കടയിലെ ആസ്ഥാന രാഷ്ട്രീയനിരീക്ഷകനായ പണ്ഡിതൻപ്രകാശന്റെ നിരീക്ഷണം പുറത്തേക്കൊഴുകിയപ്പോൾ, ചായക്കടയിൽ സന്നിഹിതരായിരുന്ന പലരും അതിനോട് തലകുലുക്കി ഐക്യദാർഢ്യപ്പെട്ടു.
“മണിയപ്പനെ വിലാസിനി അധിക്ഷേപിച്ചത് ദാണ്ടേ ഫേസ്ബുക്കിലും വന്നേക്കുന്നു “
റാലിചന്ദ്രൻ തന്റെ മൊബൈലുയർത്തിക്കാട്ടി ഏവരുടെയും ശ്രദ്ധ ഫേസ്ബുക്കിലേക്ക് ക്ഷണിച്ചു.
പഞ്ചായത്ത് ഭരണകാര്യത്തിൽ ഇടപെടുവാൻ ശ്രമിച്ച നാട്ടുപ്രമാണി മണിയപ്പന് മൂക്കുകയറിട്ട പഞ്ചായത്ത് പ്രസിഡന്റ് വിലാസിനിയുടെ വീരഗാഥ ഫേസ്ബുക്കിന്റെ ഉമ്മറത്ത് വെട്ടിതിളങ്ങിയതോടെ അതുവരെ മൗനം പാലിച്ചിരുന്ന മണിയപ്പൻ ഇരുപ്പിടത്തിൽ നിന്നെഴുന്നേറ്റ് ചായകുടി സംഘത്തെ നോക്കി ഇപ്രകാരം പറഞ്ഞിട്ട് സ്ഥലം കാലിയാക്കി.
“രാഷ്ട്രീയം കളിക്കുവാനല്ല, കളിപ്പിക്കുവാനാണ് മണിയപ്പനിഷ്ട്ടം,
എന്റെ കാശ് കൊണ്ട് ജയിച്ചവൾ, പ്രസിഡന്റ് സ്ഥാനത്തെത്തിയപ്പോൾ എനിക്ക് നേരേ തുണിപൊക്കി കാട്ടിയെങ്കിൽ, അവൾ അധികനാൾ ആ കസേരയിലിരിക്കില്ല”
ചാനൽ വാർത്തകളിലും, ഫേസ്ബുക്ക് പോസ്റ്റുകളിലും ഒരേപോലെ തിളങ്ങിയ ദിവസത്തിനൊടുവിൽ, പഞ്ചായത്ത് ഭരണം കഴിഞ്ഞു വീട്ടിൽ മടങ്ങിയെത്തിയ വിലാസിനിയെ സ്വീകരിച്ച ഭർത്താവ് ചന്ദ്രകാന്തന്റെ മുഖത്ത് ആശങ്കയുടെ കാർമേഘങ്ങൾ മുളച്ചുപൊങ്ങിയിരുന്നു,
“നീ എന്താണ് കാണിച്ചത്?,
മണിയപ്പനെ പിണക്കുക എന്നത് അത്ര നിസ്സാരകാര്യമല്ല, ഒന്നുമല്ലേൽ വന്ന വഴിയെങ്കിലും നീ മറക്കരുതായിരുന്നു”
മണിയപ്പൻ തന്റെമേൽ ചൊരിഞ്ഞ തെറിയഭിഷേകം ഗ്രേഡ് കുറച്ച് പരിഭവത്തിന്റെ സ്വരത്തിൽ ചന്ദ്രകാന്തൻ വിലാസിനിക്ക് കൈമാറി.
“എന്ത് കുഴപ്പം?,
കാര്യം അങ്ങേരാണ് എന്നെ സ്ഥാനാർഥിയാക്കിയതും, ജയിപ്പിച്ചെടുത്തതുമൊക്കെ, എന്ന് കരുതി എന്റെ തോളിൽ കേറി പഞ്ചായത്ത് ഭരിക്കാമെന്ന് കരുതിയാൽ അത് അംഗീകരിച്ചു കൊടുക്കുവാൻ പറ്റുമോ?”
മണിയപ്പൻവിഷയത്തിൽ താനെടുത്ത നിലപാട് വിശദമാക്കിയ വിലാസിനി മുറിക്കകത്തേക്ക് കയറി,
പ്രസിഡന്റ് വിലാസിനിയിൽ നിന്ന് വീട്ടമ്മ വിലാസിനിയിലേക്ക് വേഷം മാറവേയാണ് മുറിക്ക് പുറത്ത് നിന്ന് ചന്ദ്രകാന്തന്റെ ജാഗ്രതയുടെ സ്വരം വിലാസിനിയുടെ കാതുകളിലെത്തിയത്.
“വെറുമൊരു മണിയപ്പനെയല്ല നീ നോവിച്ചു വിട്ടത്, അങ്ങ് ഇന്ദ്രപ്രസ്ഥത്തിൽ ഉത്തരേന്ത്യൻ രാഷ്ട്രീയത്തിന്റെ തായം കളികൾക്ക് രാവും പകലും കാവൽ നിന്ന് തഴമ്പുള്ള മേജർ മണിയപ്പനെയാണ് നീ നോവിച്ചത്, കണ്ടറിയണം വിലാസിനി നിനക്ക് എന്താണ് സംഭവിക്കുന്നതെന്ന് “
അത്താഴം കഴിഞ്ഞ് വീടിന്റെ തിണ്ണയിലിരുന്ന് സിഗരറ്റുമായി പ്രണയത്തിലേർപ്പെട്ട ചന്ദ്രകാന്തചാരെയെത്തിയ വിലാസിനി,
പി.എസ്.സി ചോദ്യപേപ്പറിനെ ഓർമ്മപ്പെടുത്തും വിധം ഒബജക്റ്റീവ് ടൈപ്പൊരു ചോദ്യം ചന്ദ്രകാന്തന് നേർക്ക് തൊടുത്തു.
താഴെപ്പറയുന്നതിൽ ചേർച്ചയുള്ള പേര് ഏതാണ്??
1, വിലാസിനി ചന്ദ്രകാന്തൻ
2, ടി. എം. വിലാസിനി
3, പ്രസിഡന്റ് വിലാസിനി
4, ടി. എം. വി. ലാസിനി.
വിലാസിനിയുടെ തിരുവായിൽ നിന്നുയർന്ന ഒന്നര ടൺ കനമുളള ചോദ്യത്തിന്റെ മൂലകാരണമറിയാതെ, തന്റെ വായിൽ നിന്നും മൂക്കിൽ നിന്നുമുയരുന്ന സിഗരറ്റ് പുകപോലെ ചന്ദ്രകാന്തമനസ്സും പുകാവൃതമായി.
“നീ എന്താണ് ഉദേശിച്ചത്??”
കയ്യിലിരുന്നെരിഞ്ഞ സിഗരറ്റിനെ അയ്യത്തേക്ക് സ്വതന്ത്രമാക്കി ചോദ്യത്തിനൊപ്പം തന്റെ നോട്ടവും ചന്ദ്രകാന്തൻ വിലാസിനിയിലേക്ക് തിരിച്ചു.
“ഞാൻ ഒരു ഫേസ്ബുക്ക് പേജ് തുടങ്ങാൻ പോകുവാ,
ഇപ്പോൾ നാലാൾ അറിയുന്ന എല്ലാവരും ഫേസ്ബുക്ക് പേജ് തുടങ്ങുന്നുവെന്നാണ് ഉണ്ണി പറഞ്ഞത്,
പ്രത്യേകിച്ച് വനിതാ ജനപ്രതിനിധികളുടെ ഫേസ്ബുക്ക് പേജിന് കീഴിൽ നല്ല തിരക്കാണെന്നു ഉണ്ണി പറയുന്നു,
പേജൊക്കെ അവൻ കൈകാര്യം ചെയ്തോളും, ഓരോ മണിക്കൂറും എന്റെ ഓരോ ആക്റ്റിവിറ്റികളും അവൻ പോസ്റ്റായി പേജിൽ ഇടും, അത് എത്രയെത്ര ആളുകളായിരിക്കും കാണുക!, അങ്ങനെ ഇപ്പോൾ ഉള്ളതിനേക്കാൾ ഇരട്ടി വേഗതയിൽ എന്റെ പേര് ഉയർന്നു പൊങ്ങും “
ശ്വാസം വിടുവാനായി വിലാസിനി ഇടവേളയെടുത്ത നേരം ചന്ദ്രകാന്തനിൽ നിന്ന് ദീർഘനിശ്വാസത്തോടൊപ്പം ഒരു ചിരിയുടെ അകമ്പടിയുള്ള ചുമയും പുറത്തേക്ക് വന്നു.
“ഇതുവരെ ആരും തിരിഞ്ഞു നോക്കാതിരുന്ന എന്റെ ഫേസ്ബുക്ക് ഐഡിയിലേക്ക് പ്രസിഡന്റായതോടെ ഫ്രണ്ട് റിക്വസ്റ്റ്കളുടെയും, മെസ്സേജുകളുടെയും സാമൂഹികവ്യാപനമാണ്,
പേജ് തുടങ്ങിയാൽ എല്ലാവരും പേജിൽ ശ്രദ്ധിച്ചോളും ,
പേജിനിടാനുള്ള പേര് തിരഞ്ഞെടുക്കുവാനാണ് ഞാൻ നിങ്ങളോട് പറഞ്ഞത്,
ഉണ്ണി പേജ് ഉണ്ടാക്കികൊണ്ടിരിക്കുവാ വേഗം പേര് പറഞ്ഞു കൊടുക്കണം “
“തേങ്ങയെത്ര അരച്ചാലും താളല്ലേ കറി ലാസിനി, അതോണ്ട് നീ എന്തേലും പേരിട്”
വിലാസിനിയുടെ പേജിന്റെ ഇരുപത്തിയെട്ട് കർമ്മത്തിന് നില്ക്കാതെ ചന്ദ്രകാന്തൻ മുറിക്കുള്ളിലേക്ക് കയറിപ്പോയി.
അല്പംകഴിഞ്ഞു മുറ്റത്ത് നിന്ന് മുറിയിലേക്ക് മടങ്ങിയെത്തിയ വിലാസിനിക്കൊപ്പം പേജിന്റെ പേരുമുണ്ടായിരുന്നു.
” നേരത്തെ പറഞ്ഞ നാലു പേരിനും ഒരു ഗുമ്മില്ല, അതോണ്ട് വേറൊരു കിടിലൻ പേര് കണ്ടെത്തി,
വിലാസിനികാന്തൻ
എങ്ങനെയുണ്ട് “
ചന്ദ്രകാന്തന്റെ തോളിൽചാരി വിലാസിനി ഔപചാരികമായി തന്റെ പേജിന്റെ നാമകരണം നിർവ്വഹിച്ചു.
തൊട്ടടുത്ത പകൽ,
അതിരാവിലെ തന്നെ വിലാസിനിയെ തേടി കാറും, ഡ്രൈവർ ഉണ്ണിയും വിലാസിനി ഭവനിലെത്തി.
“പത്തുമണിക്കല്ലേ പഞ്ചായത്ത് ഓഫീസ് പ്രവർത്തനം ആരംഭിക്കുന്നത്, നീയിത് കെട്ടിയൊരുങ്ങി രാവിലെ എങ്ങോട്ടാണ്?”
ഏറെനേരമായി കണ്ണാടിക്ക് മുന്നിൽ കബഡി കളിക്കുന്ന വിലാസിനിയോടായി ചന്ദ്രകാന്തന്റെ ചൂടുള്ളചോദ്യം,
“എട്ടാം വാർഡിലെ ജാനകി ഡോക്ടറുടെ വീട്ടിലെ വളർത്തുപൂച്ചയെ കാണാനില്ലന്ന്, അവിടെ വരെ പോകണം”
“പഞ്ചായത്ത് പ്രസിഡന്റിന് പൂച്ചപ്പിടുത്തമാണോ ജോലി?”
ചന്ദ്രകാന്തന്റെ ഇടയിൽ കയറിയുള്ള കൗണ്ടർ ചോദ്യം കേട്ടത്തോടെ വിലാസിനിയുടെ മുഖം വിവർണ്ണമായി,
” ഇത് കണ്ട അണ്ടനടകോടൻ നാട്ടുപൂച്ചയൊന്നുമല്ല,
ചെക്കോസ്ലോവാക്യയിൽ നിന്ന് ഇറക്കുമതി ചെയ്ത യൂറോപ്പ്യൻ പൂച്ചയാണ്,
രാവിലെ തന്നെ പഞ്ചായത്ത് പ്രസിഡന്റ് സംഭവം സ്ഥലം സന്ദർശിക്കുക എന്നത് വലിയ മൈലേജ് കിട്ടുന്ന കാര്യമാണ് “
ചന്ദ്രകാന്തന് മറുപടി നല്കിയ വിലാസിനി വീട്ടിൽ നിന്ന് പുറത്തേക്കിറങ്ങുന്നതും, കാറിന്റെ പിൻസീറ്റിലേക്ക് കയറുന്നതുമൊക്കെ ഡ്രൈവർ ഉണ്ണി ക്യാമറയിൽ പകർത്തി,
“അതിരാവിലെ തന്നെ പ്രസിഡന്റിന്റെ ഇന്നത്തെ ദിവസം ആരംഭിക്കുന്നു “എന്ന തലക്കെട്ടോടെ വിലാസിനി കാന്തനെന്ന ഫേസ്ബുക്ക് പേജിൽ അപ്പ്ലോഡ് ചെയ്തു,
വിലാസിനിയെയും വഹിച്ചുകൊണ്ടുള്ള ഔദ്യോഗിക കാർ വീടിന്റെ മുറ്റത്ത് നിന്ന് പ്രധാന റോഡിലെത്തുമ്പോഴേക്കും വിലാസിനികാന്തൻ പേജിലെ ഫോട്ടോയിലേക്ക് കമന്റുകളും, ലൈക്കുകളും ചാറ്റൽമഴ പോലെ പെയ്തുതുടങ്ങി,
ശുഭദിനം നേർന്നുകൊണ്ടുള്ള കമന്റ് മുതൽ രാവിലെ എന്ത് കഴിച്ചുവെന്ന അന്വേഷണവും, ഉടുത്തിരിക്കുന്ന സാരിയുടെ ഭംഗിയും, ഇട്ടിരിക്കുന്ന ബ്ലൗസിന്റെ കയ്യിലുള്ള ചിത്രപ്പണിവരെയും കമന്റിൽ പ്രതിപാദ്യ വിഷയമായി,
ഓരോ കമന്റുകളും വായിച്ചു വിലാസിനി ആത്മസംതൃപ്തിയുടെ ആകാശങ്ങൾ കീഴടക്കവേയാണ് ഏതോ ഒരു ഫേക്ക് ഐഡിയിൽ നിന്ന് പായസത്തിലെ കല്ല് പോലെ ആ കമന്റ് വന്നത്,
“സംഗതിയൊക്കെ കൊള്ളാം രാവിലെ അപ്പിയിട്ടോ?”
“ഇത് അവനായിരിക്കും, മണിയപ്പൻ”
കമന്റ് ഡിലീറ്റ് ചെയ്തുകൊണ്ട് വിലാസിനി നിഗമനത്തിലെത്തി.
“മാഡം ഇതൊന്നും കാര്യമാക്കണ്ട, പാഷാണത്തിൽ കൃമികൾ എല്ലായിടത്തും ഉണ്ടാകും, ആ ഐഡി അങ്ങ് ബ്ലോക്ക് ചെയ്തേക്കു”
കാറിന്റെ സ്‌റ്റിയറിങ്ങിനൊപ്പം, വിലാസിനിയുടെ പേജിന്റെ സ്റ്റിയറിങ്ങും ഡ്രൈവർ ഉണ്ണി ഏറ്റെടുത്തു,
“മാഡത്തിന്റെ പേജ് ഒരാഴ്ച്ചക്കുള്ളിൽ സൂപ്പർഹിറ്റാകും, നമുക്ക് മാഡത്തിനൊരു വിളിപ്പേര് കൂടി കണ്ടെത്തണം”
ജാനകി ഡോക്ട്ടറുടെ വീട് ലക്ഷ്യമാക്കി കാറോടിക്കുന്നതിനിടയിലും ഉണ്ണി വിലാസിനിയുടെ വിലാസം
കൂടുതൽ പേരിലെത്തിക്കുവാനുള്ള മാർഗ്ഗങ്ങൾ ആലോചിക്കുകയായിരുന്നു.
“ഇപ്പോൾ തന്നെ ചില വനിതാജനപ്രതിനിധികൾ അറിയപ്പെടുന്നത് വിളിപ്പേരുകളിലല്ലേ, പെങ്ങളൂട്ടി, മേയറൂട്ടി,
നമുക്ക് അങ്ങനെ എന്തേലും കണ്ടെത്തണം”
ഉണ്ണിയുടെ അഭിപ്രായത്തോട് വിലാസിനിക്കും യോജിപ്പായിരുന്നു.
“എങ്കിൽ നമുക്ക് പ്രസിഡന്റുട്ടി എന്നാക്കിയാലോ”
ജാനകിഡോക്ട്ടറുടെ വീട്ടിൽ വണ്ടിയെത്തിയ നേരത്താണ് വിലാസിനിയിൽ വിളിപ്പേര് കടന്നുവന്നത്,
“അതിനൊരു ഗുമ്മില്ല മാഡം, നമുക്ക് നല്ലൊരു പേര് പതുക്കെ കണ്ടെത്താം”
കാർ പാർക്ക് ചെയ്യുന്നതിനിടയിൽ ഉണ്ണി തന്റെ അഭിപ്രായം വിലാസിനി സമക്ഷമറിയിച്ചു.
ജാനകിഡോക്ട്ടറുടെ വീട്ടിലെത്തിയ വിലാസിനി കാണാതായ പൂച്ചകിടന്ന മുറിയും പരിസരങ്ങളുമൊക്കെ ഡോക്ട്ടർക്കൊപ്പം നടന്നു കണ്ടതിനൊപ്പം, പൂച്ചയുടെ സ്വഭാവരീതികളെ കുറിച്ചും, പൂച്ച അവസാനമായി കഴിച്ച ആഹാരത്തെക്കുറിച്ചുമൊക്കെ അന്വേഷിച്ചു.
വിലാസിനിയുടെ ഓരോ ചലനങ്ങളും ക്യാമറയിൽ ഒപ്പിയെടുത്ത ഉണ്ണി ആ നിമിഷം തന്നെ വിലാസിനികാന്തൻ പേജിൽ അപ്പ്ലോഡ് ചെയ്തു, തലക്കെട്ടായി ഇങ്ങനെയും ചേർത്തു.
“കാണാതായ പൂച്ചയെ തേടി കാലത്തുതന്നെ പ്രസിഡന്റ്”
ജാനകി ഡോക്ട്ടറുടെ വീട്ടിൽ നിന്നുള്ള മടക്കയാത്രയിലും വിലാസിനിയുടെ മനസ്സിൽ അലയടിച്ചത് വിളിപ്പേരായിരുന്നു, എന്ത് വേണം വിളിപ്പേര് എന്ന ചിന്തക്ക് വിരാമമിട്ടത് ഉണ്ണി വഴിയരികിൽ കാർ നിർത്തിയപ്പോഴാണ്,
“മാഡം ദാ അങ്ങോട്ട് നോക്കിക്കേ ഒരു
പട്ടികുഞ്ഞ് മഴ നനഞ്ഞു കിടക്കുന്നത് കണ്ടില്ലേ, മാഡം അതിനെയെടുത്തു ആ കടത്തിണ്ണയിലോട്ട് വെക്കു, ഞാൻ അതിന്റെ ഫോട്ടോയെടുത്ത് പേജിലിടാം നല്ല റീച്ച് കിട്ടും “
മഴയത്ത് സാരി നനഞ്ഞുള്ള റീച്ച് വേണോയെന്ന് ഒരുവേള വിലാസിനി ചിന്തിച്ചുവെങ്കിലും ഉണ്ണിയുടെ സ്നേഹപൂർവ്വമായ നിർബന്ധത്തിന് വഴങ്ങി വിലാസിനി പട്ടികുഞ്ഞിനരികിലേക്ക്.
മെഡിക്കൽ കോളേജിലെ നിരീക്ഷണ വിഭാഗത്തിൽ വലതുകൈയ്യിൽ കെട്ടുമായി കിടക്കുന്ന വിലാസിനി, അരികിൽ ചന്ദ്രകാന്തനും, ഉണ്ണിയുമുണ്ട്,
പട്ടിക്കുഞ്ഞിനെ എടുത്തുമാറ്റുവാൻ ചെന്ന വിലാസിനിയുടെ വലതു കൈയ്യിൽ തള്ളപ്പട്ടി നടത്തിയ ചിത്രരചനയുടെ ബാക്കി പത്രമായാണ് ഇപ്പോഴുത്തെ ആശുപത്രിസന്ദർശനം.
“എന്തായാലും പൂച്ചയെ കണ്ടുപിടിക്കാൻ പോയവൾ പട്ടിയുടെ കടിമേടിച്ചാണ് മടങ്ങിവന്നത്,
അല്ലേലും തെരുവ്പട്ടിക്കെന്ത് പഞ്ചായത്ത് പ്രസിഡന്റ്”
ചന്ദ്രകാന്തൻ ഫോണിൽ മക്കളോട് വിലാസിനിയുടെ വിവരങ്ങൾ വിശദീക്കരിക്കവേ, അടുത്തിരുന്ന ഉണ്ണി വിലാസിനികാന്തൻ പേജിൽ അടുത്ത ഫോട്ടോ അപ്പ്‌ലോഡ് ചെയ്യുന്ന തിരക്കിലായിരുന്നു.
കെ. ആർ. രാജേഷ്

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ