2022 ഡിസംബർ 21, ബുധനാഴ്‌ച
മുഖമൊഴി
നിന്നെപ്പോലെ നിന്റെ അയൽക്കാരനേയും സ്നേഹിക്കുക എന്നു നമുക്കോതിത്തന്ന മഹാനുഭാവന്റെ പിറന്നാൾ വരികയാണ്. ചില ചിന്തകൾക്ക് ഏറ്റവും അനുയോജ്യമായ സമയം ഒരു പക്ഷേ ഇതായിരിക്കാം എന്ന തോന്നലിൽ ചില കാര്യങ്ങൾ കുറിക്കട്ടെ.
ഇപ്പോൾ നടക്കുന്ന പല കാര്യങ്ങളും കണ്ടാൽ സ്നേഹം നമുക്ക് അന്യമായിക്കൊണ്ടിരിക്കുകയാണ് എന്ന് തോന്നും. എവിടെയും മായം കലർത്തുന്ന നമ്മൾ സ്നേഹത്തിലും മായം ചേർത്തുകൊണ്ടിരിക്കുന്നു. പ്രണയത്തിൽ പോലും മായം കലർന്നുകഴിഞ്ഞു. ഇന്ന് ലോകത്ത് ഒരച്ഛനോ, ഒരമ്മയോ മാത്രമുള്ള കുട്ടികളുടെ എണ്ണം വളരെ കൂടിയതായി കണക്കുകൾ സൂചിപ്പിക്കുന്നു. ആനുപാതികമായ വളർച്ച ഇക്കാര്യത്തിൽ നമ്മുടെ ഇടയിലുമുണ്ട്.
ഇന്ന് പലയിടങ്ങളിലും സ്നേഹം ദുഃഖമാണ്. ആസിഡ് ആക്രമണങ്ങളിലും വെട്ടിക്കൊലകളിലും എത്തിനിൽക്കുന്ന പ്രണയം. കൊലക്കത്തിയിൽ അവസാനിക്കുന്ന സുഹൃത്ത്ബന്ധങ്ങൾ. പിറന്നയുടനെ ഉപേക്ഷിക്കപ്പെടുകയോ, കൊല്ലപ്പെടുകയോ ചെയ്യുന്ന ശിശുക്കൾ, പീഡിപ്പിക്കപ്പെടുന്ന, ഉപേക്ഷിക്കപ്പെടുന്ന, കൊലചെയ്യപ്പെടുന്ന കുട്ടികൾ, വളർത്തി വലുതാക്കിയ മക്കളാൽ ഉപേക്ഷിക്കപ്പെടുകയോ, കൊല്ലപ്പെടുകയോ ചെയ്യുന്ന വാർദ്ധക്യം. ഇതെല്ലാം ഇന്ന് നമ്മുടെയിടയിലും സംഭവിക്കുന്നു. ഒരു വാർത്തയ്ക്കപ്പുറത്തു നമ്മുടെ ചിന്തകളെ കണ്ണീരണിയിക്കുന്നില്ല എന്നതും നമ്മുടെ മനഃസാക്ഷിയും മരിച്ചു എന്നതിനുദാഹരണം.
സ്നേഹം നമുക്ക് എവിടെനിന്നും കിട്ടുന്നതല്ല. അത് നമ്മുടെ ഉള്ളിൽത്തന്നെയുള്ളതാണ്. കുറെയൊക്കെ നാം അനുഭവങ്ങളിലൂടെ നേടിയെടുക്കുന്നുണ്ടാകാം എന്ന് മാത്രം. കുട്ടിയായിരിക്കുമ്പോൾ മുതൽ നാം കണ്ടറിയുകയും കൊടുത്തറിയുകയും ചെയ്യേണ്ട ഒന്നാണ് സ്നേഹം. അതിനെ പരിപോഷിപ്പിക്കേണ്ടത് നമ്മുടെ നിലനിൽപ്പിനുതന്നെ അത്യന്താപേക്ഷികമാണ്.
കുമാരനാശാന്റെ അർത്ഥവത്തായ നാലുവരികൾ ഒരിക്കൽക്കൂടി ഓർമ്മപ്പെടുത്തുന്നു.
‘സ്നേഹമാണഖില സാരമൂഴിയിൽ
സ്നേഹസാരമിഹ സത്യമേകമാം
സ്നേഹം താൻ ശക്തി ജഗത്തിൽ
സ്നേഹം താനാനന്ദമാർക്കും’
ഏവർക്കും സ്നേഹത്തിന്റെ ക്രിസ്തുമസ് ആശംസകൾ
ഡോ സുനീത് മാത്യു
യാഥാർഥ്യവും ആഖ്യാനവും തമ്മിൽ
കഴിഞ്ഞൊരുദിവസം ക്രിക്കറ്റ് കളികാണാൻ പോയി, അഡലൈഡ് ഓവലിൽ. T20 ലോകകപ്പ് അർദ്ധകോണസമാപ്തി! സെമിഫൈനൽ തന്നെ. ഇന്ത്യ അരസികമായി തോറ്റു. അതുകൊണ്ടു മൈതാനത്തിരുന്നു കുറച്ചധികം തത്വങ്ങൾ ചിന്തിക്കാൻ സമയം കിട്ടി. കുറച്ചധികം പണവും മുടക്കി ഉന്തും തള്ളും ഏറ്റുവാങ്ങി, ദൂരെ ആരോ കുറച്ചുപേർ നിന്നും നടന്നും കിടന്നുമൊക്കെ എന്തൊക്കയോ ചെയ്യുന്നത് കണ്ടു ചെവിപൊട്ടിക്കേണ്ടിയിരുന്നില്ല എന്ന് തോന്നി. വീട്ടിൽ സുഖമായിരുന്നു കളികണ്ടാൽ മതിയായിരുന്നു. കളികാര്യമാക്കിയവരുടെ തത്സമയസംവാദങ്ങളും കേട്ട്, മനസ്സറിഞ്ഞു ‘മധു’രപാനീയങ്ങളും സേവിച്ചു, കൊറിക്കാനുള്ളതൊന്നും കുറക്കാതെ കൊറിച്ചു, കോലിയുടെ നവരസനടനവും കണ്ടങ്ങിരിക്കാമായിരുന്നു!
പറഞ്ഞിട്ടെന്താണ്! ഇന്ത്യാ-ഇന്ത്യാ എന്ന് വിളിച്ചലറിയ സദാർജിമാരുടെ നടുവിലായിപ്പോയി. ആ വിളികേട്ട് ഇന്ത്യപോലും എയർഇന്ത്യപിടിച്ചു അഡലൈഡ് വന്നെത്തുമോയെന്നു തോന്നിച്ചു. ഇതിനിടയിൽ ‘ഓണം ഫെസ്റിവലിനിടയിലെ’ പുട്ട്സ് കച്ചവടംപോലെ, നമ്മുടെ ബൈജൂസിന്റെ, നാലും ആറും എന്ന് വെടിപ്പായി അച്ചടിച്ച പേപ്പറുകൾ വിതരണം, സൂര്യകുമാരൻ വരുമ്പോൾ എടുത്തു വീശാൻ. ഇടക്ക് വന്ന ചാറ്റൽ മഴക്ക് നേരേ വീശിയതല്ലാതെ, ബാക്കി വീശിയതെല്ലാം അടുത്തിരുന്ന ബ്രിട്ടീഷ് ‘ഇമ്പീരിയലിസ്റ്റുകളായിരുന്നു’ എന്ന് മാത്രം!
പറഞ്ഞു വന്നത് മൈതാനത്തെ കളികാണലും ടിവിയിലെ കളികാണലും പോലെ വ്യത്യസ്തമാണ് യാഥാർഥ്യങ്ങളും (reality) അവയുടെ ആഖ്യാനങ്ങളും (narrative). ആനയും ആടുംപോലെ തന്നെ വ്യസ്ത്യസ്തർ. ആഖ്യാനം ആനയും യാഥാർഥ്യം ആടും. ആഖ്യാനം യാഥാർഥ്യത്തെ പൊലിപ്പിച്ചു ആനയാക്കും. ആട് വേണമെങ്കിൽ പട്ടിയുമാകും മനസ്സുവച്ചു വ്യാഖ്യാനിച്ചാൽ. ഇതുതന്നെയാണ് സിനിമയുടെയും നോവലിന്റെയും കഥയുടെയും ഒക്കെ കാര്യം. യാഥാർഥ്യം അതുപോലെ കാണിച്ചാൽ, എഴുതിയാൽ ഒരു കുഞ്ഞും കാണില്ല, വായിക്കില്ല. പണ്ട് അരവിന്ദൻ സംവിധാനം ചെയ്ത പോക്കുവെയിൽ സിനിമയിൽ നമ്മുടെ പ്രിയകവി ബാലചന്ദ്രൻ ചുള്ളിക്കാട് അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നതിന്റെ ലോങ്ങ് ഷോട്ടുകൾ കവിയുടെ കടുത്ത ആരാധകർക്കുപോലും രസിച്ചിട്ടുണ്ടാകില്ല. പക്ഷെ കണ്ണടച്ചുകേട്ടാൽ ഹരിപ്രസാദ് ചൗരസ്യയുടെ പുല്ലാങ്കുഴൽ വാദനം ഹൃദയഹാരിയായിരുന്നു ആ പടത്തിൽ. ചുരുക്കത്തിൽ യാഥാർഥ്യങ്ങളല്ല അവയുടെ ആഖ്യാനങ്ങൾ മാത്രമാണ് നമ്മൾ കേൾക്കുന്നത്, കാണുന്നത്, അനുഭവിക്കുന്നത്.
തത്വം കുറച്ചുകൂടിഉള്ളിലേക്കിറങ്ങി ചിന്തിച്ചാൽ യാഥാർഥ്യം എന്നുന്നുണ്ടോ? നമ്മുടെ ചിന്തകളും അനുഭവങ്ങൾ കൂടി നമ്മുടെമനസ്സിന്റെ ആഖ്യാനങ്ങളല്ലേ? അഡലൈഡ് ഓവലിൽ കളി കണ്ട ഓരോ മനുഷ്യർക്കും ഓരോ കഥപറയാനുണ്ടാകും. അപ്പോൾ ഞാൻ പറഞ്ഞത് എൻ്റെ മാത്രം ആഖ്യാനമാണ്, വ്യാഖ്യാനമാണ്. ഇന്ത്യ തോറ്റത് ഒരു വസ്തുതയാണെങ്കിലും, എന്തുകൊണ്ട് തോറ്റു എന്നതിനെ താത്വികമായും അല്ലാതെയും വ്യാഖ്യാനിച്ചു വശാകാം. എന്ത് കണ്ടുവെന്നും, കേട്ടുവെന്നും പലകഥകളുണ്ടാകാം. മറ്റൊരുരീതിയിൽ പറഞ്ഞാൽ, നാം ചിന്തിക്കുന്നത് മാത്രമാണ് നമുക്ക് യാഥാർഥ്യം.
ചിന്തിക്കുന്ന ഞാൻ മാത്രമാണ് സത്യമെന്നും ബാക്കിയെല്ലാം മിഥ്യയാണെന്നും പറഞ്ഞു വച്ചിട്ടുണ്ട് ആധുനിക തത്വശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന ഒരു ഫ്രഞ്ച്കാരൻ, റെനെ ഡെക്കാത്ത് (René Descartes), അദ്ദേഹത്തിന്റെ വിഖ്യാതമായ “cogito, ergo sum” അല്ലെങ്കിൽ “I think, therefore I am” എന്ന പ്രസ്താവന ധാരാളം അർഥതലങ്ങളുള്ള ചിന്തകളുടെ ഏറ്റവും ലളിതമായ വ്യാഖ്യാനമാണ്. ചിന്തിക്കുന്നത് സത്യമായതുകൊണ്ടാണ് ഞാൻ ഇപ്പോൾ എഴുതുന്നതും നിങ്ങൾ വായിക്കുന്നതും. എഴുത്തിൽ മുഴുകുന്ന ഞാനും വായനയിൽ മുഴുകുന്ന നിങ്ങളും ചിന്തകളിൽ മാത്രം ജീവിക്കുന്നു, ശരീരം പോലും മറന്ന്. പക്ഷെ ഒരു ചെറിയ പ്രശ്‌നമുണ്ട് എൻ്റെ ചിന്ത, നിങ്ങളുടെയും, ഉണർവിലാണോ ഉറക്കത്തിലാണോ എന്നു ഉറപ്പിക്കാൻ കഴിയില്ല. നിങ്ങൾ എപ്പോൾ എന്നെ വായിക്കുകയാണോ അതോ വായിക്കുന്നതായി സ്വപ്നം കാണുകയാണോയെന്നു നിങ്ങൾക്ക് തറപ്പിച്ചു പറയാനാകുമോ? ഇല്ലതന്നെ. കയ്യിൽ നുള്ളിനോക്കാൻ വരട്ടെ, കഴിഞ്ഞ വട്ടം സ്വപ്നത്തിൽ നുള്ളിയപ്പോൾ എനിക്ക് വേദനിച്ചിരുന്നു! അപ്പോൾ ഇപ്പറയുന്ന, ചിന്തിക്കുന്ന ഞാൻ പോലും അയഥാർത്ഥമാകാൻ സാധ്യതയുണ്ട്.
പറയാൻ വന്നത്, എല്ലാം ആഖ്യാനങ്ങളും വ്യാഖാനങ്ങളുമാകുമ്പോൾ യാഥാർഥ്യങ്ങളെ ആലോചിച്ചു സമയം കളയുന്നതിൽകാര്യമില്ല എന്നുതന്നെയാണ്. പറയുന്നതും ചെയ്യുന്നതും കേൾക്കുന്നതും കാണുന്നതും വായിക്കുന്നതുമെല്ലാം ആ നിമിഷത്തിൽ അനുഭവിക്കുകയും ആസ്വദിക്കുകയുമേ തരമുള്ളൂ, സത്യമാണെങ്കിലും, മിഥ്യയാണെങ്കിലും, സ്വപ്നമാണെങ്കിലും. ഈ പറയുന്നതിന് എതിരായും പതിരായും ഒരായിരം വാഖ്യാനങ്ങൾ വേറെയുണ്ട് എന്നും പ്രത്യേകം പറയേണ്ടതില്ലല്ലോ.
അപ്പോൾ പിന്നെ നല്ലൊരു കളികാണാൻ പോയിട്ട് ഇന്ത്യ തോൽക്കുന്നതുകണ്ടു തത്വചിന്തകനായ എന്നെ എന്ത് ചെയ്യണം? എന്തുവേണമെങ്കിലും ചെയ്തോളൂ നിങ്ങളിപ്പോൾ സ്വപ്നം കാണുകയാണല്ലോ!
സുമേഷ് രാമചന്ദ്രൻ
‘അമ്പടാ ഞാനേ’
കടം കൊണ്ടു,
നഗരത്തിന്‍ ഹൃദയത്തി –
ലൊരുതുണ്ടു സ്ഥലംവാങ്ങി.
മതില്‍ കെട്ടി,
പടികെട്ടി,
പകിട്ടിലൊരു വീടും കെട്ടി.
വീടിന്നു ബഹുവര്‍ണ്ണ –
ച്ചായത്താലുടുപ്പിട്ടു,
തറവാട്ടു പേരിട്ടു,
പടിയില്‍ തന്‍പേരും കൊത്തിവെച്ചു.
അകത്തുന്നു പുറം കണ്ടു,
പുറത്തുന്നു അകം കണ്ടു,
എടുപ്പിന്മേലേറിനിന്നംബരം കണ്ടു,
പിന്നതിശയം കൊണ്ടു.
വീട്ടിരിപ്പിന്‍ നാളെത്തി.
വീട്ടാരും പാര്‍ക്കാനെത്തി,
കൂട്ടാരും കൂടാനെത്തി,
നാട്ടാരും കാണാനെത്തി.
വീടുമേലേ മട്ടുപ്പാവില്‍
ചാരുകസേരയിന്മേല്‍
കാല്‍നീട്ടിയിരിപ്പേനേ…
‘അമ്പടാ ഞാനേ!’
ഇ. എസ്. സതീശൻ
ഇലാവൻ
മലമുകളിൽ തുലാവർഷത്തിന്റെ ഇടിമുഴക്കത്തിനു മുമ്പേ തെളിഞ്ഞ മിന്നൽ തീർത്ത ഇത്തിരി നേരത്തെ വെളിച്ചത്തിൽ ഇലാവനെ ആർക്കും കാണാൻ കഴിയില്ല. കാരണം ഇലാവന് മിന്നലിനെ പേടിയാണ്.
ഒരു മിന്നലാണ്, ഇലാവന്റെ അപ്പൻ കണ്ടനെയും അമ്മ നീലിയെയും ഇലാവനെ ഈ ഭൂമിയിലുപേക്ഷിച്ച് തേവരിടത്തിലേക്ക് യാത്രയാക്കിയത്.
പാട്ടിത്തെരുവിൽ പച്ചമാങ്ങാ വിൽക്കാൻ പോയ ഇലാവൻ തിരികെയെത്തിയപ്പോൾ
കുടിലിന്റെ ഇത്തിരി മുറ്റത്തിനപ്പുറവും ആളുകൾ.
നടുവേദനക്ക് തിരുമ്മിക്കാനോ പേറെടുക്കാൻ നീലിയെ വിളിക്കാനോ വല്ലപ്പോഴും ആരെങ്കിലും വരാറുണ്ട്. ആളുകൾക്ക് നടുവേദന വരാൻ കണ്ടനും പെണ്ണുങ്ങളെന്നും ഗർഭിണിയാവാൻ നീലിയും കാഞ്ഞിരത്തപ്പന് നേർച്ചകൾ നേരാറുണ്ടായിരുന്നു. എന്തോ കാഞ്ഞിരത്തപ്പന് നീലിയോടായിരുന്നു കൂടുതലിഷ്ടം. കുടിയിലെ പെണ്ണുങ്ങൾ കാലവിളംബമില്ലാതെ ഗർഭിണികളാകുന്ന പ്രക്രിയ അനുസ്യൂതം തുടർന്നു. പക്ഷെ, ജീവനോടെ പുറത്തേക്ക് വരുന്ന കുഞ്ഞുങ്ങൾ വളരെക്കുറവായിരുന്നു. നീലിയുടെ അമ്മ പാക്കിയും വയറ്റാട്ടിയായിരുന്നു. അമ്മയുടെ ‘കൈപ്പുണ്യം’ അതേപോലെ മകൾക്കും കിട്ടിയതിനാൽ കുടിയിലെ ജനസംഖ്യ മാറ്റമില്ലാതെ തുടർന്നു.
ആരോ ഇലാവനെ പിടിച്ച് കണ്ടന്റെയും നീലിയുടെയും മൃതദേഹങ്ങൾക്കരികെ എത്തിച്ചു.
താനേകനായെന്ന് ഒരു നിമിഷാർദ്ധത്തിൽ തിരിച്ചറിഞ്ഞ ഇലാവൻ അലറിക്കരഞ്ഞു. അർദ്ധബോധത്തിൽ ആരോ കൈപിടിച്ച് ചെയ്യിച്ച ചടങ്ങുകൾ ആകാശത്തേക്കഗ്നിയുയർന്നതോടെ അവസാനിച്ചു.
വന്നവരൊക്കെ തിരികെപ്പോയി. കണ്ടന്റെയും നീലിയുടെയും മനോഹരമായ ചിത്രം വരച്ച് ഇലാവൻ തന്റെ മനസിലെ ചുവരിൽ ആണിയടിച്ചു തൂക്കി. വയറിന്റെ ആന്തൽ അവനെ ഉറിയുടെയടുത്തേക്കു നടത്തി. ഏറ്റവും മുകളിലെ ചട്ടി അവനെത്തില്ലായിരുന്നു. കണ്ടൻ ചൂരൽ കൊണ്ട് വരിഞ്ഞ കസാലയിൽ കയറി ആ ചട്ടിയെടുത്തപ്പോൾ, അതിലൊന്നുമില്ലായിരുന്നു. അതിനു താഴത്തെ ചട്ടിയിൽ കാട്ടുകിഴങ്ങ് പുഴുങ്ങിയത്. ആർത്തിയോടെ അതുമുഴുവൻ തിന്ന് ഇത്തിരി വെള്ളം കുടിച്ചപ്പോൾ അവന് വലിയയാശ്വാസമായി. അതുവരെയും അടുപ്പിൽ ചെറിയ പുകയുയരുന്നുണ്ടായിരുന്നതും അടങ്ങി.
കുടിയിലെ നിയമമനുസരിച്ച്, മാതാപിതാക്കൾ ഒരേ ദിവസം മരിച്ചാൽ, അവർക്ക് ഒരു കുട്ടി മാത്രമേയുള്ളെങ്കിൽ, ആ കുട്ടി ഒന്നുകിൽ ആത്മഹത്യ ചെയ്യണം. അല്ലെങ്കിൽ മല കയറണം. കുടിയിലിപ്പോൾ ജീവിച്ചിരിക്കുന്നവരിലാർക്കും ആരെങ്കിലും മല കയറിയതായോർമ്മയില്ല. എന്നാൽ ഒന്നുരണ്ടു പേർ മക്കിച്ചുഴിയിൽ ചാടി ആത്മഹത്യ ചെയ്തതവരോർക്കുന്നു.
മലയെന്നു പറഞ്ഞാൽ അതു വെറും മലയല്ല. നാലു തട്ടുകളിലൂടെ ആകാശം മുട്ടെയുയർന്നു നിൽക്കുന്ന മലയുടെ രണ്ടാം തട്ടുവരെയേ കുടിക്കാർ പോയിട്ടുള്ളു. അതുതന്നെ കൂട്ടമായ് മാത്രമേ പോകാറൊള്ളൂ. സ്ത്രീകൾ അതു വരെപ്പോലും പോകാറില്ല. പന്തീരെക്ഷികൾക്ക് സ്ത്രീകളെയാണ് കൂടുതലിഷ്ടം.
ചോര കുടിക്കുന്ന ഈച്ചകൾ, മണം പിടിച്ച് പാഞ്ഞടുത്ത് കരൾ തുരക്കുന്ന കാക്കവവ്വാലുകൾ, മാംസ ദാഹികളായ പന്തീരെക്ഷികൾ, ചുവന്ന കണ്ണുളിൽ നിന്നും തീ ചീറ്റുന്ന അഗ്നിരാക്ഷസർ . ഇവരെയൊക്കെ നേരിട്ടാലേ മലമുകളിലെത്തൂ. മുകളിലെത്തിയാൽ അച്ഛനും അമ്മയും അവിടെയെത്തി, തേവരിടത്തെ വിശിഷ്ട ഭോജ്യങ്ങൾ വിളമ്പുമത്രെ!
ആത്മഹത്യ ചെയ്യാൻ ഇലാവനിഷ്ടമില്ലായിരുന്നു. അച്ഛനെയും അമ്മയെയും കാണാനിഷ്ടവുമായിരുന്നു. കുടിയിലുള്ളവരെല്ലാം ഇലാവനെ യാത്രയാക്കാനെത്തി. അടിവാരം വരെ അവർ അവനെയനുഗമിച്ചു. പിന്നെ തിരികെപ്പോയി.
ഇലാവൻ തനിയെ മല കയറി. കുറെക്കയറിയപ്പോൾ ചുറ്റിനും വലിയയീച്ചകൾ. രക്തം കുടിക്കാൻ വന്നതായിരിക്കും. അവൻ കരുതി. എന്നാൽ അവ അവനെയൊന്നു തലോടി പറന്നകന്നു.
മരക്കൊമ്പുകളിൽ തൂങ്ങിയുറങ്ങുന്ന വവ്വാലുകൾ അവന്റെ വരവറിഞ്ഞതേയില്ല. ഇലാവന്റെ ദേഹത്ത് മാംസമായി കാര്യമായൊന്നുമില്ലാത്തതിനിലാവും, യക്ഷികൾ വെറുതെ ഉടുത്തൊരുങ്ങി മെനക്കെട്ടില്ല. വെയിൽ കനക്കവേ സൂര്യൻ മാത്രം തന്റെ തുറന്ന കണ്ണുകളിൽ നിന്നും അഗ്നി വർഷിച്ചുകൊണ്ടിരുന്നു.
മലമുകളിൽ പ്രകൃതിയൊരുക്കിയ പർണ്ണാശ്രമത്തിൽ അനിവാര്യമായ മയക്കത്തിലേക്ക് വീഴും മുമ്പേ, ഏറെ ശ്രദ്ധയോടെ അച്ഛനമ്മമാരുടെ ചിത്രം മനസിൽ നിന്നെടുത്ത് പർണ്ണാശ്രമത്തിന്റെ പുൽച്ചുവരിൽ തൂക്കി.
മൂന്നാം നാളിൽ ഇലാവന്റെ അസ്ഥി പെറുക്കാൻ കുടിയിലെ ആണുങ്ങളൊത്തുകൂടി മല കയറി.ഒന്നാമത്തെയും രണ്ടാമത്തെയും തട്ടുകൾക്കിടയിലാണ് പടർന്നു പന്തലിച്ച പാലമരം. മുകളിലേക്ക് നോക്കാൻ പാടില്ല. യക്ഷികൾ ഇറങ്ങി വരും. അസ്ഥിയൊന്നും കിട്ടാതായപ്പോൾ അവരുറപ്പിച്ചു. ‘ഇലാവൻ മല കയറിയിരിക്കുന്നു’
അവർ മലയിറങ്ങി കുടിയിലുള്ള എല്ലാവരെയും ഈ വാർത്തയറിയിച്ചു.
നിരത്തി വച്ച പാറകളിൽ ചോരയുണങ്ങിയ കറുപ്പ്. ചോരപ്പാടുകളില്ലാത്ത പുതിയൊരു പാറ കൂടി അവിടെ നിരത്തപ്പെട്ടു. അവിടെ പുതിയൊരു ദൈവം കൂടി കുടിയിരുത്തപ്പെട്ടു.
‘ഇലാവൻ’
നിലാവുള്ള രാത്രികളിൽ ഇലാവൻ പർണ്ണശാലക്കു പുറത്തിറങ്ങി കുടിയിലുള്ളവർക്ക് ദർശനം കൊടുക്കുമായിരുന്നു. മലയുടെ ഉച്ചിയിൽ ഒരു പൊട്ടുപോലെ ഇലാവൻ അവർക്ക് അനുഗ്രഹം വർഷിക്കും. അതു കണ്ട് ഭക്തിയുടെ പാരമ്യതയിൽ അവർ നൃത്തം വയ്ക്കും. പേറെടുക്കാൻ നീലിയില്ലെങ്കിലും അവർ രതി തുടർന്നു.
അനിൽകുമാർ എം ബി
വിടരുന്ന മൊട്ടുകൾ
വിടർന്നിടേണം മൊട്ടുകൾ
വിദ്യയാൽ വിളങ്ങണം
വിരിഞ്ഞു ലോകത്തിന്നായ്
സൗരഭ്യം പടർത്തണം !
വാണരുളും ഭൂമിയിൽ
ഊറ്റമായ് തുടിയ്ക്കണം
വക്രബുദ്ധിയില്ല ഹൃത്തിൽ
നന്മതന്നെയേറ്റണം!
വിത്തുപോലെ സത്യമായ്
മുളച്ചു വീണ്ടുമുയരണം
വിലാപമല്ല നമ്മളിൽ
പ്രതീക്ഷകൾ വളർത്തണം !
വിവേകമോടെ കർമ്മവും
വിശുദ്ധിയാൽ നിറയ്ക്കണം
വിജയമന്ത്രമാകണം
സ്വത്വമതായേറ്റണം!
വിജയപീഠമേറിടാൻ
വിദ്യതന്നെയുത്തമം
വീര്യമോടെ ചുവടുകൾ
ഉറച്ചിടട്ടെ യാത്രയിൽ !
വിടരുമോരോ മൊട്ടതും
കൊഴിയുകില്ല ദളങ്ങളായ്
വിണ്ണിലും മണ്ണിലും
ജ്വലച്ചിടട്ടെ താരങ്ങൾ !
അജികുമാർ നാരായണൻ
വിദൂരം
രാത്രിയുടെ മൂന്നാം യാമത്തിൽ ഇരുട്ടിന്റെ തീവ്രത കൂടികൊണ്ടേയിരുന്നു. തെരുവ് നായകളുടെ ഓരി ഇടൽ കാത് തുളയ്ക്കുന്ന അമ്പുകളായി കാതിൽ വന്നു തറച്ചുകൊണ്ടേ ഇരുന്നു…. മൂങ്ങകളുടെ കുറുകലും, പേരറിയാത്ത പക്ഷികളുടെ കരച്ചിലും, നിഗൂഢമായ ഇരുട്ടിന്റെ മൂർച്ച കൂട്ടി. പടിഞ്ഞാറു ഭാഗത്തുള്ള പാലമരത്തിൽ നിന്നും പാലപ്പുക്കളുടെ മണം എകാന്തയുടെ തീക്ഷണതയിൽ ഇരുട്ടിനെ കുട്ടുപിടിച്ചു കഴിയുന്ന മാനസിയുടെ മുടിയിലേക്ക് പരന്നു. ആരുടേയോ വരവിനായി അവൾ കാതോർത്തു കിടക്കുന്നുണ്ടായിരുന്നു.
“നീയെന്റെ വരവിനായാണോ കാത്തിരുന്നത്? .. ”
മാനസിയുടെ കാതുകളിൽ ആരോ ഇരുന്ന് മന്ത്രിക്കുന്നത് പോലെ അവൾക്ക് തോന്നി.. കണ്ണുകൾ തുറന്നപ്പോൾ ചുറ്റും കറുപ്പ് നിറം പരന്നിരുന്നു . മുറിയുടെ പുറത്തു നിന്ന് കരിമ്പൂച്ചകളുടെ ശബ്ദമല്ലാതെ മറ്റൊന്നും കേൾക്കാൻ അവൾക്കായില്ല.. മാനസി അടുത്തിരുന്ന ഊന്നുവടിയുടെ സഹായത്തോടെ എഴുന്നേറ്റ് ജനാലരുകിലേക്ക് നടന്നു…
” ഋഷി.. നീ വന്നോ.. എനിക്കറിയാം.. ഇന്നത്തെ രാത്രി നിനക്ക് വരാതിരിക്കാനാവില്ലെന്ന്. ”
കുപ്പിവളയിട്ട മാനസിയുടെ കൈകൾ ജനാല വാതിൽ അടയാതെ നിർത്താൻ ശ്രമിക്കുന്നുണ്ടെങ്കിലും, അനുസരണയില്ലാതെ ജനാലവാതിൽ അടഞ്ഞും തുറന്നും കൊണ്ടേ ഇരുന്നു..
ഋഷി വന്നാൽ ഞാനെങ്ങനെ അവനെ കാണും അവനെ അവസാനമായി കണ്ടത് എന്നാണ്… എനിക്കോർമ്മയില്ല
മാനസിയുടെ മനസ്സ് അഞ്ചു വർഷം പിന്നോട്ട് സഞ്ചരിച്ചു.
“ഏട്ടാ.. നമ്മളെ തേടി എന്റെ വല്യേട്ടന്മാർ വരുമോ..”
കുറ്റിക്കാടിന്റെ നടുവിലിരുന്നു കൊണ്ടവൾ ഋഷിയോട് ഇടറുന്ന ശബ്ദത്തോട് കൂടി ചോദിച്ചു. അവളറിയാതെ തന്നെ കണ്ണുകൾ നിറഞ്ഞിരുന്നു.
“ആര് വന്നാലും നിന്നെ വിട്ട് കൊടുക്കില്ല മോളെ… വിട്ട് കൊടുക്കാനാണോ ആറ് വർഷമായി നിന്നെ ഹൃദയത്തോട് ചേർത്ത് വെച്ചത്?.. ”
പുലരുവോളം അവർ ശബ്ദമുണ്ടാക്കാതെ ആ കുട്ടിക്കാട്ടിൽ ഇരുന്നു കാട്ടാനകളും കുറുനരികളും അവരുടെ കാവൽക്കാരായി ചുറ്റുമുണ്ടായിരുന്നു.. മാനസി ഋഷിയുടെ മടിയിൽ കിടന്ന് ഉറങ്ങിപോയിരുന്നു.
“ദേ ഏട്ടാ കുഞ്ഞോൾ..”
“ടാ ഒച്ചയുണ്ടാക്കാതെ കൂടെവാ.
“ശെരി സച്ചിയേട്ടാ…”
സച്ചിയും വിഷ്ണുവും കുറ്റിക്കാട്ടിലൂടെ ശബ്ദമുണ്ടാക്കാതെ അവരുടെ അടുത്തേക്ക് നടന്നു. പതിയെ നടന്നവർ ഋഷിയുടെ പിറകിൽ എത്തി. എന്നിട്ട് ഋഷിയുടെ കഴുത്തിൽ കയറിടാനുള്ള ശ്രമം നടത്താനൊരുങ്ങി.. പെട്ടെന്നായിരുന്നു പിറകിൽ നിന്നൊരു ശബ്ദം കേട്ടത്.
* * * *
ഫാനിൻ്റെ ശബ്ദം കേട്ടപ്പോൾ മാനസി പതിയെ കണ്ണു തുറന്നു. ചുറ്റും ശബ്ദം കേൾക്കുന്നതല്ലാതെ കണ്ണിൽ ഇരുട്ട് മാത്രമായിരുന്നു അവൾക്ക് മുന്നിലുണ്ടായിരുന്നത്.
ഋഷിയേട്ടാ …… മാനസി കട്ടിലിലുടെ വിരലോടിച്ചു പക്ഷെ അടുത്ത് ആരും തന്നെ ഉണ്ടായിരുന്നില്ല.
“താൻ എഴുതുന്നേറ്റോ?”
“ആരാ?” ശബ്ദം തിരിച്ചറിയാനാവാതെ മാനസി ചോദിച്ചു.
താൻ ഇപ്പോ ഹോസ്പിറ്റലിലാണ് തീവ്രവാദ ആക്രമണത്തിൽ അകപ്പെട്ട തന്നെ ഇവിടെ കൊണ്ട് വന്നിട്ട് മാസം രണ്ടു കഴിഞ്ഞു.
മാനസി ഒന്നും പറയാതെ കണ്ണടച്ചു കിടന്നു ഋഷിയുടെ മുഖം അവളുടെ മനസിൽ തെളിഞ്ഞു.
“അതേ ഇന്ന് എൻ്റെ പിറന്നാളാ എനിക്കു എന്ത് തരാനാ പോകുന്നേ?”
മാനസി ഋഷിയുടെ നേർക്കു പ്രണയാർദ്രമായി നിന്നുകൊണ്ടവൾ ചോദിച്ചു. ഹൃദയമിടിപ്പ് കൂടുന്നതായി അവൾക്ക് തോന്നി.. ചുണ്ടുകൾ വിറച്ചു.
“ഞാൻ നിനക്ക് …. ഉമ്മ തരട്ടെ?
കള്ളച്ചിരി യോടെ ഋഷി അവളെ ചേർത്ത് പിടിച്ചു ചുണ്ടിൽ മധുരമുള്ള ചുംബനം നൽകി. അവൾ കണ്ണടച്ചു നിന്നു.
വർഷങ്ങളും കൊഴിഞ്ഞു പോയി ഋഷിയുടെ ഓർമ കളാൽ വീട്ടിൻ്റേ ഒരു കോണിൽ അവൾ ഒതുങ്ങി
* * * *
“പൊന്നു…. എടി ഞാൻ വന്നു.” ജനാലയുടെ അരികിൽ നിന്നും മാനസിയോട് ആരോ പറഞ്ഞു.
“ആരാ?”…. അൽപം ഭയത്തോടെ മാനസി ചോദിച്ചു.
“ഞാനാ നിൻ്റെ ഋഷി…. വാതിൽ തുറക്ക്”…
ഋഷിയുടെ ശബ്ദം ഇങ്ങനെ അല്ലല്ലോ. പിന്നെ ഇതാരാ… മരിച്ച ഋഷി എങ്ങനെ എൻ്റെ അരികിൽ വരും?
മാനസിയുടെ മനസിൽ സംശയങ്ങൾ ഉയർന്നു വന്നു അവൾ വടിയുടെ സഹായത്താൽ അടുക്കളയിൽ എത്തി കൈ കൊണ്ട് കത്തി എടുത്തു അരിയിൽ തിരുകി. മനക്കണക്ക് കൊണ്ട് ഏണ്ണി ഒരോ ചുവടും എടുത്ത് വച്ചു വീട്ടിൻ്റേ മുൻവശം എത്തി. മാനസി പതിയെ വാതിൽ തുറന്നു
“ആരാ… പുറത്ത്” ..
മറു വശത്തുള്ള ശബ്ദത്തിനായി അവൾ കാതോർത്തു. ആരുടേയോ കാൽ പെരുമാറ്റം അവളുടെ കാതുകളിൽ മുഴങ്ങുന്നുണ്ടായിരുന്നു. അരയിൽ തിരുകിയ കത്തി അവൾ പതിയെ കൈയിൽ എടുത്തു.
“ആരാടാ നീ?” .. കത്തി വീശി കൊണ്ടവൾ ചോദിച്ചു.
“ഞാൻ നിൻറെ ഋഷി.”
അയാൾ ഉറച്ച ശബ്ദത്തിൽ പറഞ്ഞു.
“എൻെറ ഋഷിയുടെ ശബ്ദം ഇങ്ങനെ അല്ലല്ലോ മോനേ” ..
“അഹാ ചേച്ചി കണ്ടു പിടിച്ചു കളഞ്ഞല്ലോ ഏറെ നാളത്തേ ആഗ്രഹമാണ് ചേച്ചിയെ സ്വന്തമാക്കണം എന്ന്. ഇന്ന് അത് ഞാൻ നടത്തിയിട്ടേ പോവു അല്ലേൽ ജോമോൻ പിന്നെ എന്നാത്തിനാ?”..
ജോമോൻ മാനസിയുടെ നേർക്കു നടന്നു. മാനസി കത്തി വീശി കൊണ്ട് പിറകോട്ടു നടക്കുന്നുടെങ്കിലും അതിനേയെല്ലാം തടുത്തു കൊണ്ട് ജോമോൻ മാനസിയുടെ നേർക്കു അടുത്ത് കൊണ്ടിരുന്നു. മാനസി ചുമരിൽ ഇടിച്ചു നിന്നു. ജോമോൻ മാനസിയുടെ അരികിൽ ചേർന്നു നിന്നു.
“തോറ്റു പോയല്ലോ ചേച്ചി”.
വഷളൻ ചിരിയോടെ ജോമോൻ പറഞ്ഞു നിർത്തി അവൻ മാനസിയുടെ കഴുത്തിലുണ്ടായിരുന്ന ഷാൾ എടുത്ത് മാറ്റീ കഴുത്തിൽ ചുംബിക്കാനായി മുഖം കഴുത്തിലേക്ക് അടുപ്പിച്ചപ്പോൾ പിറകിൽ നിന്നൊരു വടി അന്തരീക്ഷത്തിൽ പൊങ്ങി ജോമോനെ തല്ലാൻ തുടങ്ങി.
“നീ ആരാടാ എൻ്റെ പെണ്ണിനെ തൊടാൻ.. മാനസി ഋഷിയുടെ പെണ്ണാടാ മരിക്കുവോളം ഞാൻ മരിച്ചെങ്കിലും അവൾക്ക് കാവലായി ഞാൻ ഇവിടെ ഉണ്ട് കേട്ടൊടാ”.
“ഋഷി”.. മാനസി മൃദുവായി വിളിച്ചു. അവൾക്ക് കാതുകളെ വിശ്വസിക്കാനായില്ല മാനസിയുടെ കണ്ണുകൾ നിറഞ്ഞു.
ജോമോൻ വേദന കൊണ്ട് ഉറക്കെ കരഞ്ഞു കൊണ്ട് പുറത്തേക്ക് ഓടി. മാനസിയുടെ മുടിയിൽ പാലപ്പുക്കൾ കൊണ്ട് തഴുകിയതിന് ശേഷം ഋഷി അവിടേ നിന്നും യാത്രയായി.
റഫ്‌സാന ഖാദർ
തുട്ടുകാശ്
വന്നു കയറിയയാൾ
അറിയുമോ എന്നു കൈനീട്ടിയതും
ഉമ്മറത്തെ ഊന്നുവടി
മെല്ലെ തലപൊക്കി
വെളുക്കനെ മോണകാട്ടി.
കരിയിലയിൽ തിരഞ്ഞ
ഓർമ്മകളുടെ കിരുകിരുപ്പ്
ഇറയത്തു നീട്ടിത്തുപ്പി,,,
അറിഞ്ഞിട്ടെന്തിനെന്നോ
വെറുതെ ചോദിച്ചതാവുമെന്നോ
മനസിലായില്ലന്നോ
കാതു പതുക്കെയെന്നോ
വിറച്ചത് കേൾക്കാതെ
ആഗതൻ അകത്തേക്ക് പോയിരുന്നു.
മോണകാട്ടിയ ചിരി പതുക്കെ
മാഞ്ഞുപോയതാരും കണ്ടില്ല.
തപാലിൽ നഷ്ടമായെന്നു കരുതിയ
കത്തിലേക്കെന്നപോലെ
മടിശ്ശീല പരതിയ
മുത്തച്ഛന്റെ ചുണ്ടിൽ
സൂര്യൻ എഴുനേറ്റുനിന്നു.
മറക്കാനറിയാത്തതെന്തോ
തടഞ്ഞപോലെ
കരുതിവച്ചൊരു സ്നേഹം,,,
ഒതുക്കി മടക്കിവച്ചൊരു
കൊച്ചു കാശ്
കൊച്ചുമോൾക്ക്.
ഇടറിയ വാക്കു പിറകെ…
ഇനി വരുമ്പോൾ കൊച്ചുമോളേയും
കൂട്ടണേടാ …..
റാണി സുനിൽ
പെൺമക്കളുടെ ഉപ്പ
എന്തു പൊല്ലാപ്പും കൊണ്ടാണാവോ ഇത്തവണത്തെ എഴുന്നള്ളിപ്പ്?
നാളെ സെമെസ്റ്റർ എക്സാം തുടങ്ങുകയാണ്. ഇനിയും ഒരാവർത്തി കൂടി പല പോർഷൻസും വായിച്ചു തീർക്കണം. അതിനിടയിലാണ് ഇങ്ങേരുടെ വരവ്… അവൾ വായിച്ചു കൊണ്ടിരുന്ന പുസ്തകം മടക്കി ഉമ്മറത്തേക്ക് ചെല്ലുമ്പോഴേക്കും ഉപ്പ അയാളെ അകത്തേക്ക് വിളിച്ച് ഇരുത്തി കഴിഞ്ഞിരുന്നു.
“ഇവിടുത്തെ മോൾക്ക് നല്ലൊന്നാന്തരം ഒരു ആലോചന വന്നിട്ടുണ്ട്. നല്ല ബെസ്റ്റ് കുടുംബക്കാര്, പോരാത്തേന് പണവും പ്രതാപവും വേണ്ടുവോളമുണ്ട്”
ഈ പേരും പറഞ്ഞ് ഇനി ഇതുവഴി വരരുതെന്ന് കഴിഞ്ഞ ആഴ്ചയും കൂടി കവലയിൽ വച്ച് ഇയാളെ കണ്ടപ്പോൾ താൻ പറഞ്ഞതാണ്. എന്നിട്ട് പിന്നേം..
നൗറിൻ വാതിലിനു പുറകിൽ നിന്നുകൊണ്ട് ഉപ്പയുടെ മറുപടിക്കായി കാതോർത്തു.
“അത് പിന്നെ…”
ഉപ്പ ചുമലിലെ തോർത്തു കൊണ്ട് നെഞ്ചും മുഖവും അമർത്തി തുടച്ചു.കൊടും വെയിലിൽ കരിവാളിപ്പ് പടർന്ന ഉപ്പയുടെ മുഖത്തേക്കും കൈകളിലേക്കും നോക്കുമ്പോൾ നൗറിന്റെ കണ്ണുകൾ നിറഞ്ഞു. എന്നാണ് ഉപ്പയുടെ അധ്വാനത്തിന് ഒരു അറുതിയുണ്ടാവുക.തനിക്കു താഴെ രണ്ടു പേരും കൂടി ഞാനാദ്യം ഞാനാദ്യം എന്ന കണക്കെ വളർന്നു വരുന്നു. മൂന്നു പെണ്മക്കളും സ്വതവേ ആസ്മരോഗിയുമായ ഉമ്മയും ചേർന്നുള്ള ഈ കുടുംബം മുന്നോട്ട് പോകണമെങ്കിൽ ദുർബലമായ ഹൃദയവും വിണ്ടു കീറിയ കാൽപാദങ്ങളും വക വക്കാതെ ഉപ്പ ഇനിയും നിരവധി പകലുകൾ നടന്നു തീർക്കേണ്ടിയിരിക്കുന്നു.
“ഒന്നും പറയേണ്ട, എനിക്കറിയില്ലേ ഇവിടുത്തെ അവസ്ഥ?”
ഉപ്പയെ പറഞ്ഞു വന്നത് മുഴുമിക്കാൻ സമ്മതിക്കാതെ അയാൾ ശബ്ദം കുറച്ച് വീണ്ടും തുടർന്നു.
“ഇട്ടു മൂടാനുള്ള സ്വത്തുണ്ട്. വേറെ പ്രാരാബ്ധങ്ങളൊന്നും ഇല്ല. പിന്നെ പറഞ്ഞാൽ ചെക്കന്റെ കയ്യിൽ അല്പസ്വല്പം തരികിടയൊക്കെ ഉണ്ടായിരുന്നു പണ്ട്…, എന്ന് കരുതി അങ്ങനെ വലിയ പൊല്ലാപ്പൊന്നും ഇല്ലാട്ടോ. ഇപ്പോ ആള് നല്ല ഡീസെന്റാണ്. പിന്നെ ഇനി അല്ലറ ചില്ലറ കുരുത്തക്കേട് വല്ലതും ഉണ്ടെങ്കിൽ തന്നെ അതൊക്ക ഒരു പെണ്ണ് കെട്ടുമ്പോൾ അങ്ങ് മാറി പോകുമെന്നെ… അങ്ങനെ എത്രയോ സ്ഥലത്ത് നടന്നേക്കുന്നു!”
സ്വതസിദ്ധമായ തന്റെ കച്ചവട ചിരിയോടെ അയാളത് പറയുമ്പോൾ ഉപ്പയുടെ മുഖം ചുമന്നു തുടങ്ങിയിരുന്നു.
“ഇവിടെ അതിന് പറ്റിയ പെണ്ണില്ല!”
ഉപ്പയുടെ സ്വരത്തിലെ കലിപ്പ് തിരിച്ചറിഞ്ഞ അയാൾ മുഖം ചുളിച്ച് അല്പം പരിഹാസത്തോടെ ചോദിച്ചു.
“മൂന്ന് പെൺ പിള്ളേരല്ലേ? പോരാത്തേന് കയ്യിൽ നീക്കിയിരിപ്പ് ഒന്നും ഇല്ല താനും… പിള്ളേര് കാണാൻ തരക്കേടില്ല, നന്നായി പഠിക്കും എന്നൊക്കെ പറഞ്ഞും കൊണ്ടിരുന്നിട്ട് കാര്യമുണ്ടോ? വളർന്ന് പുര നെറഞ്ഞു നിക്കുവല്ലേ മൂന്നും…”
അയാളുടെ സംസാരത്തിലെ ധ്വനി തിരിച്ചറിഞ്ഞ ഉപ്പ മുഴുവൻ ഈർഷ്യയും മുഖത്തു വരുത്തി അയാളെ നോക്കി.
“അതിന് എന്റെ മക്കൾക്ക് ഞാൻ അല്ലേ ചിലവിനു കൊടുക്കുന്നെ? പിന്നെ നിങ്ങളെന്തിനാ ബേജാർ ആകുന്നത്?”
“ആഹ് … ഞാൻ പറയാനുള്ളത് പറഞ്ഞു എന്നേയുള്ളൂ.എന്നാൽ ഞാൻ പോയിട്ട് പിന്നെ വരാം”
പരിഹാസ്യനായത് പുറത്തു കാണിക്കാതെ അയാൾ യാത്ര പറഞ്ഞിറങ്ങുമ്പോൾ ഉപ്പ അയാളോട് പിന്നിൽ നിന്നും വിളിച്ചു പറഞ്ഞു.
“ഇതുപോലുള്ള തരികിട കേസുമായിട്ടാണെങ്കിൽ ഇനി ഇതു വഴി വരണമെന്നില്ല. വഴി തെറ്റി പോയ ചെക്കന്മാരെ നല്ല വഴിക്ക് നടത്താൻ ഞാനെന്റെ മക്കളെ ഇവിടെ മന്ത്രവാദം ഒന്നും പഠിപ്പിക്കുന്നില്ല “
ഉപ്പയുടെ ഉച്ചത്തിലുള്ള പറച്ചിൽ കേട്ട് വന്നതിലും വേഗത്തിൽ ബ്രോക്കർ പടി കടന്നു പോകുന്നതു കണ്ട് നൗറിൻ ചിരിച്ചു, പിന്നെ അവൾ മടക്കി വച്ച പുസ്തകമെടുത്ത് വായിക്കാൻ തുടങ്ങി.
സൗമ്യ മുഹമ്മദ്
മരണമില്ലാത്ത വയലാർ
കാവ്യലോകത്തിൻ മാന്ത്രികനായങ്ങു
കാലാതീതനായ് ജീവിക്കുന്നിതെന്നുമേ
കാതോർക്കുന്നിതിന്നുമാ തൂലിക
കാഴ്ച വച്ചൊരാ കാവ്യ മാധുര്യത്തെ
അക്ഷരങ്ങളാം മുത്തുകൾ കോർത്തങ്ങു
ഇക്ഷിതിക്കേക്കി വർണ്ണമാല്യങ്ങളും
ആയിരം പാദസരങ്ങൾ തൻ കൊഞ്ചൽ
കേട്ടാത്മനിർവൃതി പൂകുന്നിതിപ്പൊഴും
പ്രണയത്തിൽ ശില്പ ഗോപുരമിപ്പോഴും
പ്രതിധ്വനിക്കുന്നിതുള്ളിലായ്
അകലെയാ നീലാകാശത്തിരുന്നി
നിയൊരു ജന്മം കൊതിക്കുന്നുവോ
മതങ്ങളെ സൃഷ്ടിച്ച മനുഷ്യരിന്നും
മദമാത്സര്യങ്ങളിൽ മുഴുകുന്നു
മായുകില്ലങ്ങൊരിക്കലും ഹൃത്തിലെ
മായാത്ത മണി വിളക്കായിരിക്കും.
ജയേഷ് പണിക്കർ
ഇന്തോന്വേഷ്യൻ ദിനങ്ങൾ
അധ്യായം 20: സ്നേഹദ്വീപ്
ഇവിടത്തെ ഭാഷയിൽ ബാങ്ക എന്നാൽ വയസ്സൻ എന്നാണർത്ഥം. വാങ്ക എന്നാൽ ടിൻ എന്നും. ഒരുപക്ഷേ ആദ്യത്തെ ദ്വീപ് എന്ന നിലയിലോ, ടിൻ ഉൽപ്പാദന കേന്ദ്രമെന്ന നിലയിലോ ആകും ബാങ്കയ്ക്ക് ഇങ്ങനെയൊരു പേരു വന്നിരിക്കുക. മലേഷ്യയിലെ മലാക്കയിൽ നിന്നും കുടിയേറിയവരാണ് ഇവിടത്തെ ജനതയിലധികവും. ബ്രിട്ടീഷ്, ജപ്പാൻ ആധിപത്യങ്ങളിൽ ഉണ്ടായിരുന്ന ഈ ദ്വീപ് 1949 ൽ ആണ് ഇന്തോന്വേഷ്യയുടെ ഭാഗമാകുന്നത്.
കടൽത്തീര സുഖവാസത്തിനോ, വിനോദങ്ങൾക്കോ അനുയോജ്യമാണ് ബാങ്കയുടെ കടൽത്തീരങ്ങളെല്ലാം തന്നെ. എന്നിരിക്കിലും ഈ ദ്വീപിനെക്കുറിച്ചുള്ള അറിവുകൾ സഞ്ചാരികൾക്ക് കുറവാണ്. അതുകൊണ്ടുതന്നെ വിനോദ സഞ്ചാരികളും ഇവിടെ വിരളം. ഞാൻ ഇതുവരെക്കണ്ടിരുന്ന കടൽത്തീരങ്ങളിൽ നിന്നും തികച്ചും വിഭിന്നം എന്ന് തന്നെ പറയാം. അതി മനോഹരമായ കാഴ്ച്ചകളാണ് എവിടെയും. ഇതിൽ തന്നെ എടുത്തു പറയേണ്ടതായ ചില കടൽത്തീരങ്ങളുമുണ്ട്.
താൻജൂങ് കേലിയാൻ ആണ് അതിലൊന്ന്. ബാങ്കയുടെ പടിഞ്ഞാറൻ തീരത്താണ് ഈ മനോഹര തീരമുള്ളത്. മുണ്ടോക് പട്ടണത്തിൽ നിന്നും ഒൻപതു കിലോമീറ്റർ മാറിയാണിത് സ്ഥിതി ചെയ്യുന്നത്. അറുപത്തഞ്ചു മീറ്റർ ഉയരമുള്ള ഒരു പഴയ ലൈറ്റ് ഹൗസും ഇവിടെയുണ്ട്. 1862 ൽ പണികഴിപ്പിച്ചതാണിത്. സുമാത്രയിലെ പെലംബാങ്ങിനെ ബന്ധിപ്പിച്ചുകൊണ്ടുള്ള കപ്പലുകൾ അടുക്കുന്ന തുറമുഖം താൻജൂങ് കേലിയാൻ ആയതുകൊണ്ട് സഞ്ചാരികൾ ഏറ്റവും കൂടുതലായി എത്തുന്ന കടൽത്തീരവും ഇത് തന്നെ.
മത്ത്രാസ് കടൽത്തീരമാണ് മറ്റൊന്ന്. സുങ്കൈ ലിയാത് പ്രദേശത്താണ് ഈ കടൽത്തീരമുള്ളത്. വിമാന മാർഗ്ഗം ഇവിടെയെത്തുന്നവർ സന്ദർശിക്കുന്ന ബീച്ചുകളിലൊന്നാണിത്. ബാങ്കയുടെ വടക്കുകിഴക്കൻ തീരമാണിത്. പാരഡൈസ് കോസ്റ്റ് എന്നും ഇതിന് പേരുണ്ട്. പഞ്ചസാര മണലും, ഈന്തപ്പനകളും തെളിഞ്ഞ കടലും ഇവിടം അതിമനോഹരമായ ഒരു അനുഭവമാക്കുന്നു.
മത്ത്രാസ് ബീച്ചിനടുത്തുള്ള മറ്റൊരു സ്ഥലമാണ് പാറായി ബീച്ച്. പാങ്കൽ പിനാങ് വിമാനത്താവളത്തിൽ നിന്നും നാൽപ്പതു കിലോമീറ്റർ മാത്രം ദൂരം. ഇവിടെ പ്രശസ്തമായ ഒരു റിസോർട് പ്രവർത്തിക്കുന്നുണ്ട്. കടൽത്തീരത്തോട് ചേർന്നുള്ള ഈ റിസോർട്ടിൽ നിരവധി വിനോദോപാധികളും ഒരുക്കിയിട്ടുണ്ട്.
ഡിൻഡിങ് ബാട്ടു കടൽത്തീരമാണ് ഇവിടത്തെ മറ്റൊരാകർഷണം. ബാങ്കയുടെ വടക്കുപടിഞ്ഞാറ് തീരമാണിത്. വലിയ ഗ്രാനൈറ്റ് പാറകൾ നിറഞ്ഞതാണ് ഈ തീരം. ഇതിന്റെ മുകളിലുള്ള മലയിൽ നിന്നും നോക്കിയാൽ കാണുന്ന ദൃശ്യം വിവരണാതീതം മാത്രം.
ടിക്കൂസ് ബീച്ച് ആണ് മറ്റൊരു എടുത്തു പറയേണ്ട കടൽത്തീരം. ടിക്കു എന്നാൽ എലി എന്നാണർത്ഥം. ഏതോ ഒരു നാടോടിക്കഥയിലെ ഭാഗമായാകണം ഈ തീരത്തിന് ഇങ്ങനെയൊരു പേര് വന്നത്. ഇവിടെ സ്വർണ്ണവർണ്ണമുള്ള ഒരു കൂറ്റൻ മൂഷികന്റെ ശിൽപ്പമുണ്ട്. ഇതിന്റെ മടിയിലിരുന്ന് ഫോട്ടോയെടുക്കുവാൻ കുട്ടികൾ മാത്രമല്ല, മുതിർന്നവരും മത്സരമാണ്. ഇവിടെയുമുണ്ട് മനോഹരമായ ഒരു റിസോർട്.
ആമ്പർ തടാകമാണ് ഇവിടത്തെ മറ്റൊരാകർഷണം. ടിൻ ഖനനത്തിന്റെ ഭാഗമായി ഉണ്ടായതാണീ തടാകം. ചുവന്ന പാറകൾക്കിടയിലാണ് ഈ തടാകം ഉണ്ടാക്കപ്പെട്ടിരിക്കുന്നത്. ഈ പാറകളുടെ നിറവും അതിന്റെയുള്ളിലെ ജലാശയത്തിന്റെ നിറവും ഏതൊരു സഞ്ചാരിയുടെയും മനം മയക്കുന്ന ഒരു കാഴ്ച്ച തന്നെ.
പുരി ട്രൈ ആഗുങ് പഗോഡയാണ് മറ്റൊന്ന്. അതി മനോഹരമായ ഒരു ബുദ്ധക്ഷേത്രത്തെ ഉൾക്കൊള്ളുന്നതാണീ പഗോഡ. ഇതൊരു കുന്നിനു മുകളിലാണ്. ഇവിടെ നിന്നും നോക്കിയാൽ ടിക്കു ബീച്ച് അതിന്റെ ഏറ്റവും മനോഹരമായ ആകാശ ദൃശ്യം നൽകും. ഇവിടെ നിന്നും കുറച്ചു മാറി ഒരു ചൈനീസ് ക്ഷേത്രവും ഉണ്ട്. ഇതെല്ലാം വിനോദ സഞ്ചാര മേഖലയ്ക്ക് മുതൽക്കൂട്ടാവേണ്ട നിർമ്മിതികൾ തന്നെ.
കണ്ടൽക്കാടുകളും ഇവിടെ സമൃദ്ധം. ഇവയൊന്നും തന്നെ ഇനിയും വിനോദ സഞ്ചാരത്തിന് സജ്ജമാക്കിയിട്ടില്ല. അതുകൊണ്ടു തന്നെ ഏല്ലാ ഇടങ്ങളും മനുഷ്യരാൽ മലിനപ്പെടാതെ നിൽക്കുന്നു. ഇതൊരു വിനോദ സഞ്ചാര മേഖലയാക്കിയാൽ സമീപ ഭാവിയിൽത്തന്നെ ലോകോത്തര നിലവാരത്തിലെത്തും എന്നതിനൊരു സംശയവുമില്ല.
ബാങ്കയിൽ ഞാൻ താമസിച്ചിരുന്നത് അവിടത്തെ എന്റെ സുഹൃത്തുക്കൾക്കൊപ്പമായിരുന്നുവെന്നു ഞാൻ കഴിഞ്ഞ അധ്യായത്തിൽ എഴുതിയിരുന്നുവല്ലോ. ഞാൻ അവരുടെ വീട്ടിൽ താമസിച്ചിരുന്ന നാളുകളിൽ എന്നെ സന്ദർശിക്കുവാൻ ധാരാളം ഗ്രാമവാസികളെത്തിയിരുന്നു. മിക്കവരും എന്നോടൊപ്പം ഫോട്ടോ എടുക്കുകയുമുണ്ടായി. എനിക്കിതൊരു പുതിയ അനുഭവമായിരുന്നു. അതുപോലെ ഞാൻ അവിടെനിന്നും തിരിച്ചു പോരുന്ന സമയത്ത് ഗ്രാമവാസികളുടെ അനുവാദം ചോദിക്കുക എന്നൊരു ചടങ്ങുമുണ്ടായിരുന്നു. ഞാനും റിസ്കയും (എന്റെ അവിടത്തെ സുഹൃത്തിന്റെ മകൾ) ചില വീടുകളിലെല്ലാം പോയി ഞാൻ പുറപ്പെടുന്ന വിവരം അറിയിക്കുന്നതിനായി സന്ദർശിക്കുകയുണ്ടായി. ഇതവരുടെ ഒരാചാരമത്രേ. ഗ്രാമത്തിലെ ഒരാളുടെ അതിഥിയെ അവരുടെ എല്ലാം അതിഥിയായി കാണുന്ന ഒരാചാരം.
വളരെ വേദനയോടു കൂടിയായിരുന്നു ഞാൻ ബാങ്ക എന്ന മനോഹര ദ്വീപു വിട്ടത്. എന്നെ വിമാനത്താവളത്തിലാക്കുവാൻ എന്റെ സുഹൃത്ത് മേമു വരികയുണ്ടായില്ല. റിസ്കയും ഭർത്താവും കുട്ടിയും ആയിരുന്നു എന്നെ യാത്രയയക്കുവാൻ വന്നത്. യാത്രയാക്കുവാൻ കഴിയില്ല, കരച്ചിൽ വരും എന്നാണ് മേമു കാരണം പറഞ്ഞത്. ഞാനും അവരെ അതിനു നിർബന്ധിച്ചില്ല. അടുത്ത കാലത്തൊന്നും ഞാൻ അറിയാതിരുന്ന നിഷ്കളങ്കമായ സ്നേഹമായിരുന്നു ആ കുടുംബവും ആ ഗ്രാമ നിവാസികളും എനിക്ക് സമ്മാനിച്ചത്. ഇനിയുമെന്നെങ്കിലും ഞാൻ അവിടെ തിരിച്ചെത്തും എന്ന് ഞാനവർക്ക് ഉറപ്പു നൽകിയത് വെറും ഭംഗി വാക്കായിരുന്നില്ല. ഇനിയുമെന്നെങ്കിലും കുടുംബവുമായി അവിടം സന്ദർശിക്കണമെന്ന എന്റെ തീരുമാനം തന്നെയായിരുന്നു.
ഡോ സുനീത് മാത്യു
നിന്നോളമൊരു നിഴലുമെന്നെ അലട്ടിയിട്ടില്ല, നിന്നോളമൊരു വസന്തവുമെന്നിൽ വേരിട്ടിട്ടുമില്ല -കൃഷ്ണ
കൺജൻറ്റീവൈറ്റിസ്
കണ്ണിന്റെ പുറത്തെ പാളിയായ കൺജങ്ക്റ്റൈവയെ ബാധിക്കുന്ന ഒരു സാംക്രമിക രോഗമാണ് ചെങ്കണ്ണ്. മദ്രാസ് ഐ, മഹാളി എന്നൊക്കെ അറിയപ്പെടുന്ന ഈ അസുഖത്തിന്റെ വൈദ്യശാസ്ത്ര നാമമാണ് കൺജൻറ്റീവൈറ്റിസ്.
വൈറസ്, ബാക്ടീരിയ എന്നിവയാണ് ഏറ്റവും സാധാരണമായ കാരണങ്ങൾ. മറ്റു വസ്തുക്കൾ കണ്ണിൽ വീണും, അലർജികളാലും, ശീതകാലത്തെ വരൾച്ചയാലും സമാന അവസ്ഥ ഉണ്ടാക്കാം.
ഇതിൽ ബാക്ടീരിയ, വൈറൽ അണുബാധകൾ പകർച്ചവ്യാധിയാണ്, അവ ഒരു വ്യക്തിയിൽ നിന്ന് മറ്റൊരാളിലേക്ക് പകരുന്നു. വൈറൽ കേസുകളിൽ 65% മുതൽ 90% വരെ അഡെനോവൈറസ് മൂലം ഉണ്ടാകുന്നവയാണ്.
ബാക്ടീരിയൽ കൺജൻറ്റീവൈറ്റിസിന്റെ ഏറ്റവും സാധാരണമായ കാരണക്കാർ സ്റ്റഫൈലോകോക്കസ് ഓറിയസ്, സ്ട്രെപ്റ്റോകോക്കസ് ന്യുമോണിയ, ഹീമോഫിലസ് ഇൻഫ്ലുവൻസ എന്നിവയാണ്.
പൂമ്പൊടി, സുഗന്ധദ്രവ്യങ്ങൾ, സൗന്ദര്യവർദ്ധകവസ്തുക്കൾ, പൊടി, പുക, പൊടിപടലങ്ങൾ, കണ്ണിലൊഴിക്കുന്ന തുള്ളിമരുന്നുകൾ തുടങ്ങിയ ധാരാളം കാരണങ്ങൾ അലർജിക് കൺജൻറ്റീവൈറ്റിസിനു കാരണമാകാം.
രോഗ ലക്ഷണങ്ങൾ
കണ്ണിൽ ചുവപ്പു നിറം, കണ്ണീരൊലിപ്പ്, ചൊറിച്ചിലും അസ്വസ്ഥതയും, കൺപോളകളിൽ വീക്കം എന്നിവയാണ് സാധാരണയായി കണ്ടുവരുന്ന രോഗ ലക്ഷണങ്ങൾ. കണ്ണിന് ചുവപ്പുനിറം ഉണ്ടാകുന്നതിനു പുറമെ കൺപോളകൾക്കു വീക്കവും തടിപ്പും, തുറക്കാൻ പറ്റാത്ത വിധം കണ്ണിൽ പീള കെട്ടുക, പ്രകാശം അടിക്കുമ്പോൾ കണ്ണിൽ അസ്വസ്ഥത, കണ്ണിൽ കരടു പോയത് പോലെ തോന്നുക എന്നീ ലക്ഷണങ്ങളും സാധാരണമാണ്.
രോഗ നിർണ്ണയം:
രോഗനിർണയം പലപ്പോഴും അടയാളങ്ങളെയും ലക്ഷണങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. വിരളമായി ചിലപ്പോൾ കാര്യക്ഷമമായ രോഗ നിർണ്ണയത്തിന് കണ്ണിൽ നിന്നുള്ള സ്രവത്തിന്റെ ഒരു സാമ്പിൾ കൾച്ചർ ചെയ്യാറുണ്ട്.
പ്രതിരോധം
ഇപ്പോൾ കേരളത്തിൽ വ്യാപിച്ചു കൊണ്ടിരിക്കുന്ന ചെങ്കണ്ണു രോഗത്തിനു വലിയ കോമ്പ്ലിക്കേഷനുകൾ കാണാറില്ല. വ്യക്തി ശുചിത്വത്തിലൂടെയും, രോഗി ഉപയോഗിച്ച വസ്തുക്കൾ ഉപയോഗിക്കാതിരിക്കുക, കൈ വൃത്തിയായി കഴുകുക എന്നിവയിലൂടെയും ഈ രോഗത്തെ ഭാഗികമായി പ്രതിരോധിക്കാൻ കഴിയും. സാനിറ്റൈസർ വീണ്ടും ഉപയോഗിക്കാൻ തുടങ്ങുക.
മിക്ക കൺജൻറ്റീവൈറ്റിസിനും സാധാരണയായി ചികിത്സയില്ലാതെ സ്വയം പരിഹരിക്കപ്പെടും. 3 ദിവസത്തിനുശേഷവും ഒരു പുരോഗതിയും കണ്ടില്ലെങ്കിൽ മാത്രമേ ചികിത്സ സത്യത്തിൽ ആവശ്യമുള്ളു.
ഡോ. ടി.ജി. മനോജ് കുമാർ
ഇതിവൃത്തത്തിന്റെ സാരഥികൾക്ക് ആശംസകൾ അറിയിക്കുന്നു.
എല്ലാ താളുകളിലും നിറയെ അറിവുകൾ, കഥകൾ കവിതകൾ.
സ്നേഹത്തോടെ
റാണി സുനിൽ, ലണ്ടൻ
അടുത്തകാലത്താണ് ഇതിവൃത്തം വായിക്കുവാൻ തുടങ്ങിയത്. നല്ല അടുക്കും അടുക്കും ചിട്ടയുമോടെ മാസികയിൽ ഓരോന്നിനും സ്ഥാനം നിശ്ചയിച്ചിട്ടുള്ളതിനാൽ ഇച്ഛയ്ക്കനുസരിച്ച് വായിക്കുവാൻ എളുപ്പമുണ്ട്. ഡോക്ടർ സുമേഷ് രാമചന്ദ്രന്റെ ശശി ഋഷിമാർ മാസികയ്ക്ക് നല്ലൊരു മുഖപ്രൗഢി നൽകി. രണ്ടു പ്രതിഭകളുടെ നീണ്ട യാഥാർഥ്യങ്ങൾ ഇത്രയും ക്രോഡീകരിച്ച് എഴുതാൻ സാധാരണ എഴുത്തുകാർക്ക് അസാധ്യമാണ്. എപ്പോഴും താങ്കളുടെ തൂലിക ചലിച്ചുകൊണ്ടിരിക്കട്ടെ. തുടർന്നുള്ള പ്രതീക്ഷകളോടെ ഒരു വായനക്കാരൻ.
ചന്ദ്രശേഖരൻ, കോയമ്പത്തൂർ
ഗംഭീരമായ ഒരു വായന നൽകുന്നുണ്ട് ഇതിവൃത്തം മാസിക. കഥകൾ, കവിതകൾ, ലേഖനങ്ങൾ എല്ലാം ഒന്നിനൊന്ന് മെച്ചം. പ്രതിപാദ്യം ഗംഭീരം. മാസികയ്ക്കും അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ
രേവതി ബാലകൃഷ്ണൻ, തൃപ്പൂണിത്തുറ
ധാരാളം മാസികൾ ഓൺലൈനിൽ ലഭ്യമാണ്. പലതിന്റേയും പേരു പോലുമറിയില്ല. എന്നാൽ മറ്റു മാസികകളിൽ നിന്നും തികച്ചും വ്യത്യസ്ഥമാണ് ഇതിവൃത്തം. നല്ല നിലവാരം പുലർത്തുന്നു. ഒരു നോവൽ കൂടി തുടങ്ങാമായിരുന്നു എന്ന് ഒരഭിപ്രായമുണ്ട്. ഒത്തിരി സ്നേഹത്തോടെ.
രശ്മി മേനോൻ, പട്ടാമ്പി
കവിതകളിൽ ഏതാണ് നല്ലത് എന്ന് വിലയിരുത്താൻ കഴിയാത്തത്ര മനോഹരങ്ങളായ കവിതകൾ, കഥകൾ, യാത്ര, ആരോഗ്യം, പാചകം, പുസ്തകാസ്വാദനം, തുടങ്ങി എല്ലാം മനോഹരം. പ്രതിപാദ്യം എടുത്തു പറയേണ്ട ഒന്നു തന്നെ. ലളിതവും രസകരവുമായ ശൈലി. ഇങ്ങനെയും ചിന്തിക്കാമല്ലോ എന്ന് ഓർമ്മിപ്പിക്കുകയും ചെയ്യും. അഭിനന്ദനങ്ങൾ
കെ. എം. മുസ്തഫ, ഷാർജ
മലയാള ഭാഷയ്ക്കു തന്നെ ഒരലങ്കാരമാണ് ഇതിവൃത്തം മലയാള മാസിക. നല്ല കഥകൾ, കവിതകൾ, ലേഖനങ്ങൾ എന്നിവയാൽ സമ്പുഷ്ടമായ ഒരു മാസിക. മലയാള സാഹിത്യം സ്ത്രീ എഴുത്തുകാരെ വേണ്ടത്ര പ്രോത്സാഹിപ്പിക്കുന്നില്ല എന്ന് പലയിടങ്ങളിലും കാണുന്നുണ്ട്. അതിനൊരപവാദം കൂടിയാണ് ഈ മാസിക. ധാരാളം നല്ല എഴുത്തുകാരെ വായനക്കാർക്ക് പരിചയപ്പെടുത്തുന്നുണ്ട് ഈ മാസിക. അതിൽ വലിയൊരു ശതമാനം എഴുത്തുകാരും സ്ത്രീകൾ ആണ് എന്നതിൽ ഒരു സ്ത്രീ എന്ന നിലയിൽ വലിയ അഭിമാനം തോന്നുന്നു.
നിർമ്മല എം കെ , ചാലക്കുടി
പേരുപോലെ മനോഹരങ്ങളായ ഇതിവൃത്തവും. ഞാൻ ആസ്വദിച്ചു വായിക്കുന്ന ഒരു മാസികയാണ് ഇതിവൃത്തം. ശ്രീ സുമേഷ് രാമചന്ദ്രന്റെ പ്രതിപാദ്യം ആണ് ആദ്യം വായിക്കുക. സരസമായ പ്രതിപാദ്യം. ആരോഗ്യ, സഞ്ചാര ലേഖനങ്ങളും കേമം. പുസ്തകാസ്വാദനം പലപ്പോഴും ആ പുസ്തകങ്ങൾ വാങ്ങലിൽ തന്നെയെത്തിക്കുന്നു. കഥകളും കവിതകളും നിലവാരം പുലർത്തുന്നവ തന്നെ. ഇതിവൃത്തത്തിന്റെ വിജയ യാത്രയ്ക്ക് എല്ലാവിധ ആശംസകളും.
ഉദയൻ രാമകൃഷ്ണൻ, സിഡ്നി, ഓസ്ട്രേലിയ.
ഫേസ്ബുക്കിലൂടെയുള്ള പരിചയമാണ് എനിക്ക് ഡോ. സുനീത് മാത്യുവിനോടുള്ളത്.താങ്കളുടെ കുറച്ചു കഥകൾ ഞാൻ വായിച്ചിട്ടുണ്ടായിരുന്നു. മനോഹരമായ കഥകൾ ആയിരുന്നു. അവയെല്ലാം. എന്നാൽ ഇതിവൃത്തം മാസികയിൽ താങ്കളുടെ കഥകൾ കാണുന്നില്ല എന്നത് ദുഃഖകരം തന്നെയാണ്. ഇടയ്ക്കിടയ്ക്ക് താങ്കളുടെ കഥകളും പ്രതീക്ഷിക്കുന്നു. ഇന്തോന്വേഷ്യൻ ദിനങ്ങൾ മനോഹരമാകുന്നുണ്ട്. മാസികയിലെ സൃഷ്ടികൾ എല്ലാം മികച്ചവ തന്നെ. അഭിനന്ദനങ്ങൾ.
ഷൈനി സോമസുന്ദരം, തിരുവനന്തപുരം.
-
കുട്ടികളെ ലൈംഗീകമായി ചൂഷണം ചെയ്യുന്ന വാർത്തകളാണ് നാം നിത്യേനയെന്നവണ്ണം കേൾക്കുന്നത്. പണ്ട് നമുക്കറിയാത്ത സ്ഥലങ്ങളിലായിരുന്നുവെങ്കിൽ, ഇന്നത...
-
സിനിമയായി തീർന്ന ബഷീറിന്റെ രണ്ടാമത്തെ നോവലാണ് 1944 ൽ പ്രസിദ്ധീകരിച്ച ബാല്യകാലസഖി. പ്രണയ പശ്ചാത്തലത്തിലെ ദുരന്ത കഥ പറയുന്ന ബഷീറിൻറെ ഈ നോവ...













