2022 ഡിസംബർ 21, ബുധനാഴ്‌ച

യാഥാർഥ്യവും ആഖ്യാനവും തമ്മിൽ

 


കഴിഞ്ഞൊരുദിവസം  ക്രിക്കറ്റ് കളികാണാൻ പോയി, അഡലൈഡ് ഓവലിൽ. T20 ലോകകപ്പ് അർദ്ധകോണസമാപ്തി! സെമിഫൈനൽ തന്നെ. ഇന്ത്യ അരസികമായി തോറ്റു. അതുകൊണ്ടു മൈതാനത്തിരുന്നു കുറച്ചധികം തത്വങ്ങൾ ചിന്തിക്കാൻ സമയം കിട്ടി. കുറച്ചധികം പണവും മുടക്കി ഉന്തും തള്ളും ഏറ്റുവാങ്ങി, ദൂരെ ആരോ കുറച്ചുപേർ നിന്നും നടന്നും കിടന്നുമൊക്കെ  എന്തൊക്കയോ ചെയ്യുന്നത് കണ്ടു ചെവിപൊട്ടിക്കേണ്ടിയിരുന്നില്ല എന്ന് തോന്നി. വീട്ടിൽ സുഖമായിരുന്നു കളികണ്ടാൽ മതിയായിരുന്നു. കളികാര്യമാക്കിയവരുടെ തത്സമയസംവാദങ്ങളും കേട്ട്, മനസ്സറിഞ്ഞു  ‘മധു’രപാനീയങ്ങളും സേവിച്ചു, കൊറിക്കാനുള്ളതൊന്നും കുറക്കാതെ കൊറിച്ചു, കോലിയുടെ നവരസനടനവും കണ്ടങ്ങിരിക്കാമായിരുന്നു!

പറഞ്ഞിട്ടെന്താണ്! ഇന്ത്യാ-ഇന്ത്യാ എന്ന് വിളിച്ചലറിയ സദാർജിമാരുടെ നടുവിലായിപ്പോയി. ആ വിളികേട്ട് ഇന്ത്യപോലും എയർഇന്ത്യപിടിച്ചു അഡലൈഡ് വന്നെത്തുമോയെന്നു തോന്നിച്ചു. ഇതിനിടയിൽ ‘ഓണം ഫെസ്റിവലിനിടയിലെ’  പുട്ട്സ്  കച്ചവടംപോലെ, നമ്മുടെ ബൈജൂസിന്റെ, നാലും ആറും എന്ന്  വെടിപ്പായി അച്ചടിച്ച പേപ്പറുകൾ വിതരണം, സൂര്യകുമാരൻ വരുമ്പോൾ എടുത്തു വീശാൻ. ഇടക്ക് വന്ന ചാറ്റൽ മഴക്ക് നേരേ വീശിയതല്ലാതെ, ബാക്കി വീശിയതെല്ലാം അടുത്തിരുന്ന ബ്രിട്ടീഷ് ‘ഇമ്പീരിയലിസ്റ്റുകളായിരുന്നു’ എന്ന് മാത്രം!

പറഞ്ഞു വന്നത്  മൈതാനത്തെ കളികാണലും ടിവിയിലെ കളികാണലും പോലെ വ്യത്യസ്തമാണ്  യാഥാർഥ്യങ്ങളും (reality) അവയുടെ ആഖ്യാനങ്ങളും (narrative). ആനയും ആടുംപോലെ തന്നെ വ്യസ്ത്യസ്തർ. ആഖ്യാനം ആനയും യാഥാർഥ്യം ആടും. ആഖ്യാനം യാഥാർഥ്യത്തെ പൊലിപ്പിച്ചു ആനയാക്കും. ആട് വേണമെങ്കിൽ പട്ടിയുമാകും മനസ്സുവച്ചു വ്യാഖ്യാനിച്ചാൽ.  ഇതുതന്നെയാണ് സിനിമയുടെയും നോവലിന്റെയും കഥയുടെയും ഒക്കെ കാര്യം. യാഥാർഥ്യം അതുപോലെ കാണിച്ചാൽ, എഴുതിയാൽ ഒരു കുഞ്ഞും കാണില്ല, വായിക്കില്ല. പണ്ട് അരവിന്ദൻ സംവിധാനം ചെയ്ത പോക്കുവെയിൽ സിനിമയിൽ നമ്മുടെ പ്രിയകവി ബാലചന്ദ്രൻ ചുള്ളിക്കാട് അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നതിന്റെ ലോങ്ങ് ഷോട്ടുകൾ കവിയുടെ കടുത്ത ആരാധകർക്കുപോലും രസിച്ചിട്ടുണ്ടാകില്ല. പക്ഷെ കണ്ണടച്ചുകേട്ടാൽ ഹരിപ്രസാദ് ചൗരസ്യയുടെ പുല്ലാങ്കുഴൽ വാദനം ഹൃദയഹാരിയായിരുന്നു ആ പടത്തിൽ.  ചുരുക്കത്തിൽ യാഥാർഥ്യങ്ങളല്ല അവയുടെ ആഖ്യാനങ്ങൾ മാത്രമാണ് നമ്മൾ കേൾക്കുന്നത്, കാണുന്നത്, അനുഭവിക്കുന്നത്.

തത്വം കുറച്ചുകൂടിഉള്ളിലേക്കിറങ്ങി ചിന്തിച്ചാൽ യാഥാർഥ്യം എന്നുന്നുണ്ടോ?  നമ്മുടെ ചിന്തകളും അനുഭവങ്ങൾ കൂടി നമ്മുടെമനസ്സിന്റെ ആഖ്യാനങ്ങളല്ലേ? അഡലൈഡ്  ഓവലിൽ കളി കണ്ട ഓരോ മനുഷ്യർക്കും ഓരോ കഥപറയാനുണ്ടാകും. അപ്പോൾ ഞാൻ പറഞ്ഞത് എൻ്റെ മാത്രം ആഖ്യാനമാണ്,  വ്യാഖ്യാനമാണ്. ഇന്ത്യ തോറ്റത്‌ ഒരു വസ്തുതയാണെങ്കിലും, എന്തുകൊണ്ട് തോറ്റു എന്നതിനെ താത്വികമായും അല്ലാതെയും വ്യാഖ്യാനിച്ചു വശാകാം. എന്ത് കണ്ടുവെന്നും, കേട്ടുവെന്നും പലകഥകളുണ്ടാകാം. മറ്റൊരുരീതിയിൽ പറഞ്ഞാൽ, നാം ചിന്തിക്കുന്നത് മാത്രമാണ് നമുക്ക് യാഥാർഥ്യം.

ചിന്തിക്കുന്ന ഞാൻ മാത്രമാണ് സത്യമെന്നും ബാക്കിയെല്ലാം മിഥ്യയാണെന്നും പറഞ്ഞു വച്ചിട്ടുണ്ട് ആധുനിക തത്വശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന ഒരു ഫ്രഞ്ച്കാരൻ, റെനെ ഡെക്കാത്ത്  (René Descartes), അദ്ദേഹത്തിന്റെ വിഖ്യാതമായ “cogito, ergo sum” അല്ലെങ്കിൽ  “I think, therefore I am” എന്ന പ്രസ്താവന ധാരാളം അർഥതലങ്ങളുള്ള ചിന്തകളുടെ ഏറ്റവും ലളിതമായ വ്യാഖ്യാനമാണ്. ചിന്തിക്കുന്നത് സത്യമായതുകൊണ്ടാണ് ഞാൻ ഇപ്പോൾ എഴുതുന്നതും നിങ്ങൾ വായിക്കുന്നതും. എഴുത്തിൽ മുഴുകുന്ന ഞാനും വായനയിൽ മുഴുകുന്ന നിങ്ങളും ചിന്തകളിൽ മാത്രം ജീവിക്കുന്നു, ശരീരം പോലും മറന്ന്. പക്ഷെ ഒരു ചെറിയ പ്രശ്‌നമുണ്ട്  എൻ്റെ ചിന്ത, നിങ്ങളുടെയും, ഉണർവിലാണോ ഉറക്കത്തിലാണോ എന്നു ഉറപ്പിക്കാൻ കഴിയില്ല. നിങ്ങൾ എപ്പോൾ എന്നെ വായിക്കുകയാണോ അതോ വായിക്കുന്നതായി സ്വപ്നം കാണുകയാണോയെന്നു നിങ്ങൾക്ക് തറപ്പിച്ചു പറയാനാകുമോ? ഇല്ലതന്നെ. കയ്യിൽ നുള്ളിനോക്കാൻ വരട്ടെ, കഴിഞ്ഞ വട്ടം സ്വപ്നത്തിൽ നുള്ളിയപ്പോൾ എനിക്ക് വേദനിച്ചിരുന്നു! അപ്പോൾ ഇപ്പറയുന്ന, ചിന്തിക്കുന്ന ഞാൻ പോലും അയഥാർത്ഥമാകാൻ സാധ്യതയുണ്ട്.

പറയാൻ വന്നത്, എല്ലാം ആഖ്യാനങ്ങളും വ്യാഖാനങ്ങളുമാകുമ്പോൾ യാഥാർഥ്യങ്ങളെ ആലോചിച്ചു സമയം കളയുന്നതിൽകാര്യമില്ല എന്നുതന്നെയാണ്. പറയുന്നതും ചെയ്യുന്നതും കേൾക്കുന്നതും കാണുന്നതും വായിക്കുന്നതുമെല്ലാം ആ നിമിഷത്തിൽ അനുഭവിക്കുകയും ആസ്വദിക്കുകയുമേ തരമുള്ളൂ, സത്യമാണെങ്കിലും, മിഥ്യയാണെങ്കിലും, സ്വപ്നമാണെങ്കിലും. ഈ പറയുന്നതിന് എതിരായും പതിരായും ഒരായിരം വാഖ്യാനങ്ങൾ വേറെയുണ്ട് എന്നും പ്രത്യേകം പറയേണ്ടതില്ലല്ലോ.

അപ്പോൾ പിന്നെ നല്ലൊരു കളികാണാൻ പോയിട്ട് ഇന്ത്യ തോൽക്കുന്നതുകണ്ടു തത്വചിന്തകനായ എന്നെ എന്ത് ചെയ്യണം? എന്തുവേണമെങ്കിലും ചെയ്തോളൂ നിങ്ങളിപ്പോൾ സ്വപ്നം കാണുകയാണല്ലോ!


 

സുമേഷ് രാമചന്ദ്രൻ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ