2023 ജൂലൈ 31, തിങ്കളാഴ്‌ച

ഇതിവൃത്തം മലയാള സാംസ്കാരിക മാസിക, ജൂലൈ 2023, ലക്കം 34

 


മുഖമൊഴി

 

ഏകീകൃത സിവിൽ കോഡ് ഇന്ന് ഒരു പ്രധാന ചർച്ചയായി മാറിയിരിക്കുന്നു. അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും ധാരാളം. എന്നാൽ ഭൂരിപക്ഷം ആളുകൾക്കും ഇത് എന്താണെന്നു പോലും വ്യക്തമായ ധാരണയില്ല. അവരും അഭിപ്രായങ്ങൾ പറയുകയും അനുകൂലിക്കുകയും പ്രതികൂലിക്കുകയും ചെയ്യുന്നു എന്നതാണ് ഇന്ന് സാമൂഹിക മാധ്യമങ്ങൾ നൽകുന്ന അനുഭവം.

സ്ത്രീകൾക്ക് തുല്യ പ്രാധാന്യം ഉറപ്പു നൽകുന്ന ഒരു ഭരണഘടനയാണ് നമ്മുടേത്. അത്തരമൊരു ഉറപ്പു നൽകുകയാണ് ഏകീകൃത സിവിൽ കോഡ്. ഇതിന്റെ ഏറ്റവും വലിയ പ്രയോജനം ലഭിക്കുന്നതും സ്ത്രീകൾക്കു തന്നെ. പലപ്പോഴും സ്ത്രീകളോട് ചില കാര്യങ്ങളിൽ നീതി പുലർത്തുവാൻ കോടതികൾക്കു പോലും കഴിയാറില്ല. നമ്മുടെ ചില നിയമങ്ങൾ ഇപ്പോഴും ജാതി മത ചട്ടക്കൂടുകളിൽ ഒതുക്കപ്പെട്ടു നിൽക്കുന്നു എന്നത് തന്നെ ഇതിന്റെ പ്രധാന തടസ്സം.

വിവാഹം, വിവാഹ മോചനം, പരമ്പരാഗത സ്വത്ത്, ജീവനാംശം, ദത്ത് എന്നീ വിഷയങ്ങളിൽ ഇന്ത്യയ്ക്ക് ഒരു പൊതു നിയമമില്ല എന്നതാണ് നമ്മുടെ കോടതികൾ നേരിടുന്ന വെല്ലുവിളി. ഇത്തരം നിയമങ്ങൾ ഓരോ മത വിഭാഗക്കാർക്കും വ്യത്യസ്തമാണ്. മതങ്ങൾ ഉണ്ടാക്കിയിട്ടുള്ള പല നിയമങ്ങളും സ്ത്രീകൾക്ക് അത്ര പ്രാതിനിധ്യം ഉള്ളതല്ല എന്നുള്ളത് ഒരു വലിയ പോരായ്മ തന്നെയാണ്.

ഇപ്പോൾ കൊണ്ടുവരാനാഗ്രഹിക്കുന്ന ഏകീകൃത സിവിൽ കോഡ്, ഈ കാര്യങ്ങളിൽ എല്ലാ മതക്കാർക്കും ഒരേ അവകാശം ഉറപ്പുവരുത്തുക എന്ന ലക്ഷ്യം മുൻ നിറുത്തിയാണ്. ഭാരതീയരെന്ന നിലയിൽ നമുക്ക് ഒരേ നിയമം തന്നെയല്ലേ ഉറപ്പാക്കേണ്ടതും.

പലപ്പോഴും ഇത്തരം പുരോഗമന ആശയങ്ങൾ നടപ്പിലാകാതെ പോകുന്നതിന്റെ ഒരു കാരണം മത പുരുഷ മേൽക്കോയ്മകളും അവരെ പ്രീണിപ്പിക്കുന്ന രാഷ്ട്രീയ നിലപാടുകളുമാണ്. മഹാത്മാ ഗാന്ധി മുന്നോട്ടു വച്ചിരുന്ന നിർദേശങ്ങൾ തന്നെയാണ് ഇതെന്നും നമ്മൾ മറക്കരുത്. വെറും രാഷ്ട്രീയ ലാഭത്തിനു വേണ്ടി സ്ത്രീകളുടെ അവകാശങ്ങളെ ബലികൊടുക്കാതിരിക്കുക. സ്ത്രീ സമത്വം പറയുന്ന രാഷ്ട്രീയം വെറും വാക്കുകളിൽ ഒതുങ്ങേണ്ട ഒന്നല്ല. അവരുടെ അവകാശങ്ങൾ പുരുഷന്മാരുടേതിന് തുല്യമാക്കുക എന്നത് ആർജ്ജവമുള്ള ഒരു സർക്കാരിന്റെ ബാധ്യത കൂടിയാണ്.


ഡോ. സുനീത് മാത്യു

ഭ്രാന്ത്

 










സ്നേഹമാം ഭ്രാന്തിൻറെ മൂർദ്ധന്യമൊന്നതിൽ

ശ്വാസത്തിനായ്ക്കിതയ്ക്കുന്നു പെൺകൊടി

അതിരുകളില്ലാതെയകലങ്ങൾ

താണ്ടിയങ്ങുയരുന്നു കൈവിട്ട പട്ടംപോൽ

അവ്യക്തമായെന്തൊ ഉരുവിടുംനേരം

ചിരിയും കരച്ചിലും മാറി മാറി

താമരയിലാലോലമാടുന്ന

നീർമണിമുത്തുപോൽ മെല്ലെ

ശ്വാസമായങ്ങനെ കൊണ്ടു നടന്നവൾ

ശാശ്വതമെന്നങ്ങുറച്ചു മനസ്സിലും

വിധിയുടെ വിപരീത വിളയാട്ടമതിന്നാലെ

വ്യഥയിലിന്നീവിധമുരുകുന്നുവോ

വ്രണിതമോഹത്തിൻ രക്തസാ

വികലമാനസം നിനക്കു സ്വന്തം.

 


ജയേഷ് പണിക്കർ

ഭയോം!

 


“Nothing in life is to be feared, it is only to be understood. Now is the time to understand more, so that we may fear less.” Marie Curie.

“But to run away from fear is only to increase it. One of the major causes of fear is that we do not want to face ourselves as we are.” Jiddu Krishnamurti.

മേരി ക്യൂറിയെയും ജിദ്ദു കൃഷ്ണമൂർത്തിയേയും താരതമ്യം ചെയ്യാനാകില്ല. ഒരാൾ ശാസ്ത്രത്തെയും മറ്റൊരാൾ തത്വശാസ്ത്രത്തെയും അറിഞ്ഞവരാണ്. പക്ഷെ രണ്ടുപേരും ഭയത്തിനെക്കുറിച്ചു പറഞ്ഞ കാര്യങ്ങൾ വ്യത്യസ്തമല്ല.

ഭയം ഒരു വല്ലാത്ത ഭയങ്കരനാണ്. പരിണാമസിദ്ധാന്തപരമായി സാധൂകരിക്കാവുന്ന ഭയം എല്ലാ ജീവജാലങ്ങളുടെയും ജനിതക ഘടനയിൽ ഉൾച്ചേർത്തിട്ടുണ്ട്. അതിജീവനത്തിനുവേണ്ടി കുറച്ചൊക്കെ ഭയക്കുന്നത് നന്നാകും. വനയാത്രക്കിടയിൽ മുന്നിൽ എത്തിപ്പെടുന്ന പുലിയുടെ സൗന്ദര്യം കണ്ടു കണ്ണുനീർ പൊഴിക്കുന്നതും കെട്ടിപ്പിടിച്ചു ഉമ്മകൊടുക്കുന്നതും  കാല്പനികരുടെ കവിതക്ക് പ്രതിപാദ്യം. ജീവിതത്തിൽ, പണ്ട് ജീവനുംകൊണ്ടോടിയ കാനനവാസികളുടെ പിൻതലമുറക്കാരാണ് ഇതെഴുതുന്ന ഞാനും വായിക്കുന്ന നിങ്ങളും.

ചെറിയ ഭയപ്പെടുത്തലുകൾ നല്ലതാണുതാനും. ചെറുപ്പകാലത്തു നിങ്ങൾക്ക് (എനിക്കും) കിട്ടിയ ചൂരൽ കഷായം തന്നെ ഉദാഹരണം. രാജ്യത്തിൻറെ നിയമങ്ങളോടും ഭരണഘടനയോടും രാജ്യതാല്പര്യങ്ങളോടും ഭയഭക്തിബഹുമാനമാകാം. ദൈവഭയമാകാം. എല്ലാം കണക്കിനും പാകത്തിനുമാണെങ്കിൽ മാത്രം.

എന്നാൽ മനുഷ്യരുടെ (മൃഗങ്ങളുടെയും) ഭയത്തിന്റെ  ഗുപ്‌തവിജ്ഞാന-ജീനെഴുത്തുകളെ (DNA encryption) പ്രതി ജീവിതം കഴിക്കുന്ന ചിലരുണ്ട്. തെളിച്ചു പറഞ്ഞാൽ മറ്റുള്ളവരെ ഭയപ്പെടുത്തി തഞ്ചത്തിൽ സ്വന്തം കാര്യം നടത്തുന്നവർ. ഭയം വില്പനച്ചരക്കാക്കിയവർ. യുക്തിരഹിതമായ ഭയം മനുഷ്യരിൽ അടിച്ചേൽപ്പിക്കുന്നവർ (fearmongering). ഇക്കൂട്ടത്തിൽ ‘മഹത്തായ’ വ്യവസായശൃഖലകൾ ഉണ്ടാകാം, ഭരണകൂടങ്ങളുണ്ടാകാം, പത്രസ്ഥാപനങ്ങൾ ഉണ്ടാകാം, നിങ്ങളുടെ നാട്ടിലെ ഗുണ്ടയും അയൽക്കാരുമുണ്ടാകാം. വേറെയാരെയും കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിൽ അത് നിങ്ങളോ ഞാനോ തന്നെയുമായേക്കാം. ഇൻഷുറൻസ് കമ്പനികളും, പഞ്ചനക്ഷത്ര ആശുപത്രികളും, മരുന്ന് വ്യവസായികളുമൊക്കെ തഴച്ചുവളരുന്നത് നമ്മുടെ ഭയത്തിൻറെ വളക്കൂറിലാണ്.  മഷ്യനെയും മൃഗങ്ങളെയും മെരുക്കുവാനായി കാലാകാലമായി ഉപയോഗിക്കുന്ന ഒറ്റമൂലി തന്നെയാണ് ഭയം.

കൂടുതലും ഇത്തരക്കാർ ഉന്നം വയ്ക്കുന്നത് സ്വന്തമായി ചിന്തിക്കാൻ മടിച്ചു, ആരെങ്കിലും നമുക്കുവേണ്ടിയൊന്നു ചിന്തിച്ചു കാര്യങ്ങൾ പറഞ്ഞുതന്നാൽ അതപ്പടി വിഴുങ്ങി വികാരം കൊള്ളാൻ കാത്തിരിക്കുന്നവരെയാണ്. ഇത്തരക്കാരുടെ മനഃശാസ്ത്രമറിയുന്നവർ മുതലെടുത്താൽ കുറ്റം പറയുക വയ്യ. എവിടെയാണ് രാഷ്ട്രീയപാർട്ടികളുടെയും, ബഹുരാഷ്ട്ര കമ്പനികളുടെയും, കുത്തക പത്രങ്ങളുടെയും, ഒരു പരിധിവരെ മതങ്ങളുടെയും ചൂഷണങ്ങൾ ഉണ്ടാകുന്നത്. ആപ്പിളും (Buy the latest iPhone and you’ll not appear to be poor), നൈക്കിയും (Get this pair of Nike shoes and you’ll be cool), വോൾവോയും (Drive Safely with Volvo) ഒക്കെ നിങ്ങളുടെ ഭയത്തെ മുതലെടുത്തു വളർന്നവരാണ്. രാഷ്ട്രീയ നേതാക്കളുടെ പ്രസംഗങ്ങളും പ്രകടന പത്രികകളും നിഷ്പക്ഷമായി നിരീക്ഷിച്ചാൽ ഇതുമനസ്സിലാകും. ഭയത്തെ മുതലെടുക്കാത്ത ഒരുപത്രവും ഞാൻ വായിച്ചിട്ടില്ല, വാർത്താമാധ്യമങ്ങൾ കാണുകയോ കേൾക്കുകയോ ചെയ്തിട്ടില്ല. കോവിടിന്റെ തുടക്കകാലത്തിറങ്ങിയ  പത്രവാർത്തകൾ ഒന്ന് തിരികെപ്പോയി വായിച്ചാൽ മനസ്സിലാകും. നിഷ്പക്ഷമായി നിരീക്ഷിക്കണം എന്നുമാത്രം. നിങ്ങൾ പക്ഷം പിടിക്കുന്നതുതന്നെ ഭയത്തിൽ അധിഷ്‌ഠിതമാണെന്നു ഞാൻ പറയും. അല്ലെങ്കിൽ നമ്മൾ ഒറ്റപ്പെട്ടുപോയാലോ അല്ലേ? ഭയം വളരെ ആഴത്തിലുള്ള മാനസികതലമാണ് എന്നതാണ് സത്യം.

നല്ലഭരണത്തിനായി (Good governance) ഭയത്തിനെ ഏറ്റവും ഫലപ്രദമായി ഉപയോഗിക്കുന്ന ചിലരാജ്യങ്ങളുണ്ട്. ഉദാഹരണം സിംഗപ്പൂർ. അവിടെ നിങ്ങൾ നല്ലവരാണെങ്കിൽ സ്വതന്ത്രരായി സന്തോഷവാന്മാരായി ജീവിക്കാം .  കയ്യിലിരിപ്പ് മോശമെങ്കിൽ ഭയന്ന് പണ്ടാരമടങ്ങിപ്പോകും. ഒരുകുപ്പ അറിയാതെ കയ്യിൽനിന്നും വീണുപോയവർ അറിയും വേറൊരു സിംഗപ്പൂരിനെ. ഭീകരമായ ഫൈൻ. കുറ്റം ആവർത്തിച്ചാൽ ചിലപ്പോൾ ജയിലിൽ തന്നെപോകേണ്ടിവരും. ചെറിയ കുറ്റങ്ങൾക്കുപോലും വലിയ ശിക്ഷ. തെറ്റുകൾ ഭരണകൂടം പൊറുത്തെന്നു വരില്ല, അതാരുടെ തെറ്റുകളാണെങ്കിലും. അവിടെ വേർതിരിവുകളില്ല. അതുകൊണ്ട് ആരെയും ഭയക്കാതെ ഏതുപാതിരാത്രിയും എവിടെയും പോകാം. ലോകത്തിലേക്കും ഏറ്റവും സുരക്ഷിതമായ രാജ്യമായി സിംഗപ്പൂരിനെ മാറ്റുന്നത് മറ്റൊന്നല്ല.  ഭയത്തിനെ അമിതമായി ജനങ്ങളെ അടിച്ചമർത്താൻ വേണ്ടി ഉപയോഗിക്കുന്ന രാജ്യങ്ങളുമുണ്ട്. ഉ.ദാ. ഉത്തര കൊറിയ. കൂടുതൽ പറയാൻ അറിയില്ല. പറയുന്നതിൽ കാര്യവുമില്ല. ആ രാജ്യത്തെ ജനതയ്ക്ക് ഒരു പഴുതുകിട്ടിയാൽ എന്ത് സംഭവിക്കും എന്ന് മനസ്സിലാക്കാൻ അധികം പഴക്കമില്ലാത്ത ചരിത്ര പുസ്തകങ്ങൾ നോക്കിയാൽ മതിയാകും.

അന്യായമായി ഭയത്തിനെ ചൂഷണത്തിനും, സ്വാർത്ഥതാൽപ്പര്യങ്ങൾക്കും, തട്ടിപ്പിനും വെട്ടിപ്പിനും മാത്രം ഉപയോഗിക്കുമ്പോഴാണ് പ്രശ്നങ്ങൾ ഉണ്ടാകുന്നത്. ഭയപ്പെടുത്തുന്നവനാണ് ഭയപ്പെടുന്നവരെക്കാളും ഭയഗ്രസ്തർ എന്നാണ് തോന്നുന്നത്. മറ്റുള്ളവരെ ഭയപ്പെടുത്തി സ്വന്തം ഭയം ഇല്ലാതാക്കാൻ നോക്കുന്നവർ. അവസാനം സ്വന്തം ഭയത്തിൻ്റെ തീച്ചൂളയിൽ എരിഞ്ഞുതീരാൻ വിധിക്കപ്പെട്ടവർ. മാക്ബെത്തിനെയാണ് പെട്ടെന്ന് ഓർത്തുപോകുന്നത്. ചരിത്രത്തിലേക്കുവന്നാൽ, ഹിറ്റ്ലറിനെ ഓർക്കാം. കുറച്ചുകൂടി അടുത്തുവന്നാൽ, ഡോണൾഡ് ട്രംപിനെയും വേണമെങ്കിൽ ഓർക്കാം. നിർബന്ധമില്ല.

ഭയത്തിനൊരുകുഴപ്പമുണ്ട്. കൂടുതൽ മനസ്സിലായാൽ വല്ലാതെ കുറഞ്ഞുപോകുന്ന സാധനമാണത്. എന്താണ് ഭയമെന്നും എന്തിനാണ് ഭയക്കുന്നതെന്നും കൂടുതൽ യുക്തിയുക്തമായി അപഗ്രഥിച്ചാൽ ഉള്ള ഭയംകൂടി പോയിക്കിട്ടും. നിങ്ങളുടെ ഭയം (അത് എന്ത് തരമായാലും) ഓടിപ്പോകാതെ തിരിഞ്ഞു നിന്നുനേരിട്ടാൽ, മണ്ടിമടുക്കുന്നതു ഭയം തന്നെയായിരിക്കും. കേൾക്കുമ്പോൾ  ‘ചാരുകസേര-തത്വശാസ്ത്രം’ (armchair philosophy) ആണെന്ന് തോന്നാം. എന്നാൽ അങ്ങനെയല്ല. ഇതുതന്നെയാണ് മേരി ക്യൂറിയും കൃഷ്ണമൂർത്തിയും പറഞ്ഞത്.

അതുകൊണ്ട് മറ്റൊരാളെ ഭയപ്പെടുത്തുമ്പോൾ സൂക്ഷിക്കണം. അധികമായിപ്പോയാൽ വിപരീത ഫലം കണ്ടുകളയും. ഭയമില്ലാത്തവരെയാണ് ഏറ്റവും ഭയപ്പെടേണ്ടത്!

ഇതൊക്കെ പറഞ്ഞാലും സ്വന്തം ജീവൻ ഭീഷണിയിലായാൽ ഓടിക്കോളണം. അത് ഭീരുത്വമല്ല, വിവേകമാണ്. അല്ലെങ്കിൽ പത്തുനൂറ് വർഷം കഴിഞ്ഞു ഇതുപോലെ എന്തെങ്കിലുമൊക്കെ എഴുതാനും വായിക്കാനും ആളുകാണില്ല. പക്ഷെ അതല്ലാത്ത ഒന്നിനെയും ഭയന്നിട്ടു കാര്യമില്ല. ചുമ്മാ ഒന്ന് തിരിഞ്ഞുനിൽക്കണം, ഹേ! വാലും ചുരുട്ടിയോടുന്ന ഭയത്തെക്കാണാൻ നല്ല ചേലായിരിക്കും.

“Be just, and fear not.” William Shakespeare

 


സുമേഷ് രാമചന്ദ്രൻ

വീടു പുതുക്കിയപ്പോൾ

 










വീടു പുതുക്കിയപ്പോൾ

അമ്മിയെടുത്ത് പുറത്തിട്ടു.

‘ഗ്രൈന്ററും മിക്സിയുമൊക്കെയുള്ളപ്പോൾ

ഇനിയൊരമ്മിയെന്തിന്,

നിന്നുതിരിയാൻ വീട്ടിലിടവുമില്ല.

ചളിയും മാറാലയും പിടിച്ച അമ്മിയും കുട്ടിയും

മണ്ണില് പുതഞ്ഞുകിടന്നു.

അതു നോക്കിയിരിയ്ക്കേ,

അമ്മയിരുന്ന് മുളകരച്ചതും

മല്ലിയരച്ചതും മീനിനരച്ചതും

കണ്ണില് തെളിഞ്ഞു വന്നു.

അരച്ചരച്ച് അമ്മി കുഴിഞ്ഞിട്ടുണ്ട്,

അമ്മിക്കുട്ടി മെലിഞ്ഞിട്ടുമുണ്ട്.

‘വല്ലാതെ മെലിഞ്ഞല്ലോ’ എന്ന്

കാണുമ്പോഴൊക്കെ അമ്മ സങ്കടപ്പെടാറുണ്ട്.

അമ്മിമേല് അമ്മിക്കുട്ടി അനങ്ങാതെ കിടന്നു,

ആരോ മുറുകേ പിടിക്കും പോലെ.

അമ്മ പോയിട്ട് വര്ഷങ്ങളായി.


അമ്മിയൊന്ന് പൊക്കിയെടുക്കാൻ

പലരേയും വിളിച്ചു.

ആരും തിരിഞ്ഞുനോക്കിയില്ല,

ഒന്നു വിളികേട്ടുപോലുമില്ല.

വലിച്ചു നിരക്കി ഒരുവിധം

ഇറയത്തു കേറ്റിവെച്ചു.

അമ്മിക്കുട്ടിയെടുത്ത്

അമ്മിയുടെ മാറിലും വെച്ചു.

അതവിടെ ചേര്ന്നു കിടന്നു,

ചത്താലും പിരിയില്ലെന്ന പോലെ.


ഇ എസ് സതീശൻ

ബാല്യത്തിന്റെ തിരുശേഷിപ്പുകൾ

 



ഉമ്മാന്റെ മയ്യിത്തു കട്ടിലും ചുമന്നുകൊണ്ട് തക്ബീറും ചൊല്ലി അവർ പള്ളിക്കാട്ടിലേക്കു നടക്കുമ്പോൾ നേരം ത്രിസന്ധ്യയോടടുത്തിരുന്നു. ഇരുളിൽ മയങ്ങാൻ തയ്യാറായി നിൽക്കുന്ന മൈലാഞ്ചിച്ചെടിക്കടുത്തു നിന്ന് ഞാനെന്റെ തണുത്ത കൈവെള്ളകൾ കൊണ്ട് പാവാടക്കിരുവശവും തെരുപ്പിടിച്ചു. മരവിച്ച നിശ്ശബ്ദത കെട്ടി നിൽക്കുന്ന സന്ധ്യാനേരം എന്റെ സങ്കടത്തിന് ആക്കം കൂട്ടി. കരയാൻ പോലും വയ്യാത്ത പോലെയൊരു നോവ് എന്നുള്ളിൽ ഉറഞ്ഞു കൂടി എനിക്ക് ശ്വാസം മുട്ടി. ഞാനാ വെറും നിലത്തേക്ക്, തണുത്ത മണ്ണിലേക്ക് തലയും കുമ്പിട്ട് തളർന്നിരുന്നു.

“അക്കച്ചീ… ”

വ്യക്തമാകാത്ത ഭാഷയിൽ എന്നെ വിളിച്ചു കൊണ്ട് മൂന്നു വയസ്സുള്ള കുഞ്ഞനിയൻ നിരങ്ങിവന്നെന്റെ കാലിൽ തൊട്ടു. അടക്കാനാകാത്ത സങ്കടത്തോടെ ഞാനവനെ എന്നിലേക്ക്‌ ചേർത്തു. പിന്നെ ഞങ്ങളുടെ ഉമ്മ ചെയ്യുന്നത് പോലെ അവന്റെ നിവർന്നു നിൽക്കാൻ ശേഷിയില്ലാത്ത രണ്ടു കാലുകളിലും അതി ഭയങ്കരമായ ദെണ്ണത്തോടെ തഴുകി. അന്ന് ആ നിമിഷം എന്നിലെ ബാല്യത്തിന്റെ കളിചിരികൾ എന്റെയുള്ളിൽ നിന്നും തേങ്ങലോടെ ഇറങ്ങിപ്പോകുന്നത് ഞാനറിഞ്ഞു. ഏഴാം വയസ്സിൽ ആരും പറയാതെ തന്നെ ഉമ്മ മരിച്ചുപോയ ആ സന്ധ്യാനേരത്ത് ഞാനൊരു മുതിർന്ന കുട്ടിയായി  എന്റെ അനിയനെ എന്നിലേക്ക്‌ ചേർത്തു പിടിച്ചു. അകലെ നീലിക്കുന്നിൽ  ഇരുൾ പരന്നു തുടങ്ങിയപ്പോൾ ആരോ വന്ന് ഞങ്ങളെ വീടിന് അകത്തേക്ക് കൂട്ടി.

ഉമ്മയില്ലാത്ത വീട്…

ഉമ്മയില്ലാത്ത വീടുകളെ കുറിച്ച് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? ചിന്തിച്ചാൽ ഒരു പക്ഷേ നിങ്ങളുടെ കണ്ണു നിറയുമായിരിക്കും… അത്ര മാത്രം!

പക്ഷേ അനുഭവിച്ചാൽ നിങ്ങളുടെ കണ്ണു നിറയില്ല. പകരം നെഞ്ചിലൊരു നെരിപ്പോടിങ്ങനെ കെടാതെ കത്തും. ഈ ഭൂമിയിൽ യാതൊന്നും നിങ്ങളെ സന്തോഷിപ്പിക്കില്ല. മറ്റൊന്നും നിങ്ങളെ കരയിപ്പിക്കുകയുമില്ല. കരയാനും ചിരിക്കാനും നിങ്ങൾ മറന്നു പോകും.

ഉമ്മയില്ലാത്ത വീടും തൊടിയും… അവിടെ പ്രഭാതങ്ങൾക്കും പ്രദോഷങ്ങൾക്കും യാതൊരു വ്യത്യാസവുമില്ല. അവിടെ ഗ്രീഷ്മത്തിനും വസന്തത്തിനും യാതൊരു തെളിച്ചവുമില്ല, സുഗന്ധവുമില്ല.

ആ വീട്ടിൽ നേരമെത്ര പുലർന്നാലും, വെയിൽ എത്ര തെളിഞ്ഞാലും രാവിന്റെ നിശ്ശബ്ദത അവശേഷിക്കും. അവിടുത്തെ മുറികളിൽ ഗ്രീഷ്മത്തിലെ ഏത് നട്ടുച്ചക്കും ഇരുട്ട് പതിയിരിപ്പുണ്ടാകും. അവിടെ

ചക്രവാളത്തിൽ ചുമപ്പ് പടരുന്ന സന്ധ്യാനേരങ്ങളിൽ ഉമ്മറത്തു നിന്നും അടുക്കി വച്ച  തേങ്ങലുകൾ ഉയരും. ഉമ്മയില്ലാത്ത വീട്ടിലെ തുടർന്നുള്ള എല്ലാ രാവുകളിലും പേടിപ്പിക്കുന്ന മൂകത വിഷവായു പോലെ അവിടമാകെ തങ്ങി നിൽക്കും.

ഞാൻ അവനെ എന്റെ കുഞ്ഞുടലിലേക്ക് വാരി കൂട്ടി എടുത്തുകൊണ്ട്  മുറിയിലെ കട്ടിലിലേക്കിരുന്നു. മുറിയിലെ അഴയിൽ ഉമ്മ ഇന്നലെ അഴിച്ചിട്ട അടിപ്പാവാട. അതിനടുത്തായി ഇന്നെനിക്കു സ്കൂളിൽ കൊണ്ടു പോകാനായി ഉമ്മ കഴുകിയിട്ടിരിക്കുന്ന എന്റെ യൂണിഫോം. അതിനപ്പുറം ഇന്ന് കുഞ്ഞുവിനെയും കൊണ്ട് ആശുപത്രിയിൽ പോകുമ്പോൾ ഉടുക്കാനായി ഉമ്മ മാറ്റിവച്ച വെള്ളയിൽ നീല പൂക്കളുള്ള മങ്ങിയ കോട്ടൺ സാരി. ഞാൻ ആ സാരി വലിച്ചെടുത്ത് എന്റെ മുഖത്തേക്ക് അമർത്തി. ഉമ്മയുടെ ഗന്ധം… കുഞ്ഞുവിന്റെ മരുന്നിന്റെ മണം. കുഞ്ഞു പിറന്നതിനു ശേഷം ഉമ്മയുടെ വസ്ത്രങ്ങൾക്കെന്നും കുഞ്ഞുവിന്റെ മരുന്നിന്റെ മണമാണ്. എനിക്ക് സങ്കടം വന്നു… ഞാനാ സാരിയിലേക്ക് മുഖം പൂഴ്ത്തി നെഞ്ചുപൊട്ടി തേങ്ങിക്കരഞ്ഞു. ചങ്കു പൊട്ടിയാണ് ഉമ്മ മരിച്ചതെന്ന് ഇന്നലെ കുഞ്ഞാമിനത്ത ആരോടോ പറഞ്ഞത്  ഞാനോർത്തു.

പിറ്റേന്ന് ഉച്ചയോടു കൂടി വീട്ടിൽ അവശേഷിച്ച സ്വന്തക്കാരും  പടിയിറങ്ങി. പോകുമ്പോൾ ചിലർ നോക്കിയ തണുത്ത നോട്ടത്തിൽ നിന്നും ഞങ്ങളുടെ നിസ്സഹായാവസ്ഥയുടെ ആഴം ഞാൻ മനസ്സിലാക്കി. ഉപ്പ എന്നെ തീർത്തും നിശ്ശബ്ദനായി നോക്കി.

ഞാൻ അകത്തേക്ക് നടന്നു.

കുഞ്ഞുവിന്റെ മൂത്രത്തുണികൾ കഴുകാനുണ്ട്. ഉപ്പ അടുപ്പിലേക്ക് തീ കൂട്ടുമ്പോൾ ഞാൻ ഉമ്മ കഴുകാറുള്ള പോലെ അവന്റെ മൂത്രം നാറുന്ന തുണികൾ ചെമ്പിൽ നിറച്ച വെള്ളത്തിൽ തലങ്ങും വിലങ്ങും അലമ്പിയെടുത്തു. അകത്ത് കുഞ്ഞുവിന്റെ കരച്ചിൽ… ഞാൻ തുണികൾ അവിടെയിട്ട് അകത്തേക്കോടി… ആ നിമിഷം എന്നിലെ ഏഴു വയസ്സുള്ള ബാലിക ഒരു മൂന്നു വയസ്സുകാരന്റെ  ഉമ്മയാകുന്നത് ഞാൻ അറിഞ്ഞു. ഉമ്മയില്ലാത്ത മക്കൾ അങ്ങനെ എന്തെല്ലാം എന്തെല്ലാം തിരിച്ചറിയും?

“പോയോരു പോയി… ഓനെങ്ങനെ ജീവിക്കും? ഇത്തിരിപ്പോന്ന രണ്ട് പിള്ളേരും. പോരാത്തേന് ആ ചെക്കൻ കൊച്ചാണെങ്കിൽ നടുക്കുകേമില്ല, മിണ്ടോമില്ല. മൂന്നു വയസ്സായിട്ടും ഒരു വയസ്സിന്റെ പോലും ബുദ്ധീമില്ല ”

ഉമ്മ മരിച്ച് ആഴ്ച്ച രണ്ടു തികയുന്നേനും മുന്നേ ഒരു വൈകുന്നേരം വെല്യ മൂത്തുമ്മ  ഉമ്മറത്തിരുന്ന്‌ പറയുമ്പോൾ ഞാൻ കുഞ്ഞുവിന്റെ വായിലേക്ക് മരുന്ന് ഒഴിച്ചു കൊടുക്കുകയായിരുന്നു. ഉമ്മയുള്ളപ്പോൾ മൂത്തുമ്മ എന്നും വൈകിട്ട് ഇവിടെ വന്ന് അല്പനേരം സൊറ പറഞ്ഞിരിക്കും. ഞാൻ അന്നേരം അപ്പുറത്തെ ഷാനയുടേയും സുമയുടേയും കൂടെ അക്കു കളിക്കുകയോ  കൊത്തങ്കല്ലു കളിക്കുകയോ ആയിരിക്കും. ഞാൻ ജനലിൽ കൂടി പുറത്തേക്കു നോക്കി. അവിടെ അവരിപ്പോഴും കളിക്കുന്നുണ്ട്. ഉമ്മ മരിച്ചതിൽ പിന്നെ ഞാൻ കളിക്കാനേ പോയിട്ടില്ല. ഉമ്മയില്ലാത്ത മക്കൾക്ക്‌ ബാല്യമേയില്ല എന്നു ഞാൻ ഉരുകുന്ന നോവോടെ മനസ്സിലാക്കി. എനിക്കൊന്നു ഉറക്കെ കരയണമെന്ന് തോന്നി. ഞാൻ കരയുന്നേനും മുന്നേ കുഞ്ഞു കരച്ചിൽ തുടങ്ങി. ഞാനെന്റെ കരച്ചിലിനെ പാടെ അവഗണിച്ച് കുഞ്ഞുവിന്റെ കരച്ചിലിലേക്ക് അലിഞ്ഞു ചേർന്നു.

പിന്നെയും രണ്ടാഴ്ച കഴിഞ്ഞ് ഒരു നട്ടുച്ചക്ക് ഞങ്ങളുടെ  അടുക്കളയിൽ ആരൊക്കെയോ ചേർന്ന് അല്പം നെയ്ച്ചോറും കോഴിക്കറിയും ഉണ്ടാക്കി. ഇന്ന് ഉപ്പാന്റെ നികാഹാണ്. അങ്ങ് ദൂരെ നാട്ടീന്ന് കെട്ടുപ്രായം കഴിഞ്ഞിട്ടും കെട്ടിക്കാത്ത ഒരു പെണ്ണിനെ തന്നെ ആരോ ഉപ്പാക്ക് വേണ്ടി കണ്ടുപിടിച്ചു. ഉപ്പാന്റെ കൂടെ മുൻവശത്തിരിക്കുന്ന മണവാട്ടിയെ കണ്ട് എനിക്ക് ചങ്കെരിഞ്ഞു. ചൂടുള്ള അടുക്കളയിൽ നിന്നും മുറിയിലാകെ പരക്കുന്ന നെയ്‌ച്ചോറിന്റേം കോഴിക്കറീടേം മണമടിച്ച് എനിക്ക് തല കറങ്ങുന്നതു പോലെ തോന്നി.

“നീയെന്താ ഇങ്ങനെ അന്തം വിട്ട് നിൽക്കുന്നത്. ആ കൊച്ചിന് ഇത്തിരി ചോറെടുത്ത് വാരി കൊടുക്ക് ”

നിക്കാഹിനു വന്ന ഉപ്പാന്റെ ഇളയ പെങ്ങൾ എന്നെ നോക്കി നെറ്റി ചുളിച്ചു. മൂന്നാം ക്ലാസ്സിൽ പഠിക്കുന്ന ഒരു കൊച്ചു കുട്ടിയാണ് ഞാനെന്നും ബാല്യം ഇനിയും എന്നിൽ നിന്നും വിട്ടകന്നിട്ടില്ല എന്നും ആരും തിരിച്ചറിയുന്നില്ലല്ലോ എന്ന സങ്കടത്തോടെ ഞാൻ കുഞ്ഞുവിന്റെ വായിലേക്ക് ഞങ്ങളുടെ ഉപ്പാന്റെ കല്യാണച്ചോറിന്റെ  ആദ്യത്തെ ഉരുള വെച്ചു കൊടുത്തു. അവനത് ആർത്തിയോടെ ചവച്ചരച്ചു. എനിക്ക് തൊണ്ട പൊട്ടും വരെ ഛർദ്ദിക്കണമെന്ന് തോന്നി.

രാത്രിയായി… ഞങ്ങൾക്ക് വീട്ടിലേക്കൊരു ആളെ തന്നതിന്റെ ആശ്വാസത്തിലും വല്ലപ്പോഴുമെങ്കിലും ഇനിയും ഞങ്ങളുടെ കാര്യങ്ങൾ തിരക്കി ഇങ്ങോട്ട് വരേണ്ടതില്ലല്ലോ എന്ന സന്തോഷത്താലും എല്ലാരും യാത്ര പറഞ്ഞിറങ്ങി. അവർ യാത്ര പറഞ്ഞിറങ്ങിപ്പോയ ഇരുട്ടും മൗനവും കട്ട പിടിച്ചു നിൽക്കുന്ന മുറ്റത്തേക്കു നോക്കി അല്പസമയം ഞാൻ നിന്നു. പിന്നെ കുഞ്ഞുവിനെ താങ്ങി മുറിയിലേക്ക് നടക്കുമ്പോഴേക്കും ഞങ്ങൾക്ക് മുന്നിൽ ഉപ്പയുടെ മുറിയുടെ വാതിൽ അടഞ്ഞിരുന്നു. അടച്ചിട്ട മുറിക്കു പുറത്ത് തികച്ചും നിശ്ശൂന്യയായി  കുഞ്ഞുവിനെയും ചേർത്തു പിടിച്ച് ഒരു നിമിഷം ഞാൻ നിന്നു. നോവിന്റെ ഒരു ഹിമാലയം എന്റെ കുഞ്ഞു മനസ്സിൽ ഉറഞ്ഞുകൂടുന്നത് ഞാൻ അറിഞ്ഞെങ്കിലും എനിക്കപ്പോൾ കരയാൻ തോന്നിയില്ല. പകരം ദേഷ്യമാണ് വന്നത്… ഞങ്ങളുടെ ഉമ്മയോട്,ഈ ലോകത്തോട്, ഇതെല്ലാം പടച്ചവനോട് പിന്നെ എന്നോട് തന്നെ. അതികഠിനമായ ദേഷ്യം കൊണ്ട് എന്റെ കുഞ്ഞു ശരീരം വിറക്കുന്നത് ഞാനറിഞ്ഞു. അതേ നിമിഷം തന്നെ  ശേഷിക്കുന്ന എന്റെ ബാല്യവും പെരുവിരലൂന്നി എന്നിൽ നിന്നും നടന്നുപോകുന്നതും ഞാനറിഞ്ഞു.

പുത്തൻ പെണ്ണ് രാവിലേ തന്നെ അടുക്കളയിൽ കയറി. അവർ എന്റെ നേരെ നോക്കി. ഞാൻ  തിരിച്ചും. അന്നും പിറ്റേന്നും ഞങ്ങൾ പരസ്പരം ഒന്നും മിണ്ടിയില്ല.

“ഓള്… സ്കൂളീ പോയാൽ ഈ ചെക്കന്റെ കാര്യം ആരു നോക്കും. എനിക്ക് പറ്റില്ല മൂത്രോം തീട്ടോമൊക്കെ കഴുകിക്കാനും എല്ലാറ്റിനും കൂടെ വെച്ചുണ്ടാക്കാനും”

മൂന്നിന്റെയന്ന്‌ സ്കൂളിൽ പോകാനിറങ്ങിയ എന്നെ കണ്ട് അവർ ഉപ്പാനോട് ശബ്ദമുയർത്തി. ഞാൻ വാതിലിനു പുറത്ത് ഉപ്പയുടെ മറുപടിക്ക് കാതോർത്തു. പുതിയ ഭാര്യയുടെ നിത്യ രോഗിയായ വാപ്പ നൽകിയ സ്ത്രീധനകാശ് എണ്ണി നോക്കിക്കൊണ്ടിരുന്ന ഉപ്പ അന്നേരം മൗനം പാലിച്ചു. അതൊരു തുടക്കമായിരുന്നു… ഞങ്ങളോടുള്ള ഉപ്പയുടെ നീണ്ട മൗനത്തിന്റെ തുടക്കം!

പകലുകൾ എനിക്ക് കൂടുതൽ തിരക്കുള്ളതായി. അനേകം ജോലികൾ… ചെയ്താലും തീരാത്ത അത്രയും. രാത്രികൾ എനിക്ക് നിദ്രയറ്റതായി. കുഞ്ഞുവിന്റെ കരച്ചിലിനും അപ്പുറത്തെ മുറിയിലെ അവ്യക്തമായ സീൽക്കാരങ്ങൾക്കിടയിലും ഞാൻ ഉറങ്ങാതെ ഇരുട്ടിലേക്ക് കണ്ണുമിഴിച്ചിരുന്നു.

വർഷമൊന്നുതികഞ്ഞില്ല ഉപ്പാന്റെ പുതിയ ഭാര്യ പെറ്റു. ആൺകുഞ്ഞ്. ചായ്പിൽ പെറ്റു കിടക്കുന്ന ഉമ്മയുടേയും കുഞ്ഞിന്റേയും കൂടി ജോലികൾ എന്റേതായി. അല്ലെങ്കിലും എന്റെ ഉമ്മ മരിച്ച അന്നു വൈകുന്നേരത്തോടെ ബാല്യം എന്നുള്ളിൽ നിന്നും ഒരു തേങ്ങലോടെ ഇറങ്ങി ഓടിപ്പോകുകയും ഞാനൊരു മുതിർന്നയാളാകുകയും ചെയ്തിരുന്നല്ലോ?

വർഷങ്ങൾ അഞ്ചു കഴിഞ്ഞിരിക്കുന്നു. കൊടിയ അവഗണനകളുടെയും വിശപ്പിന്റെയും വേദനയുടെയും സർവ്വോപരി ഉമ്മയില്ലായ്മയുടെയും അഞ്ചു വർഷങ്ങൾ. ഓഹ്… എത്ര വേഗം കാലം കഴിഞ്ഞുപോയെന്ന് ചിലർ പോയ വർഷങ്ങളെ നോക്കി ആശ്ചര്യപ്പെടുന്നത് കണ്ടിട്ടുണ്ട്. എന്നാൽ എനിക്കീ കഴിഞ്ഞു പോയ ഓരോ നിമിഷങ്ങളും മണിക്കൂറുകളും ദിവസങ്ങളും വർഷങ്ങളും എല്ലാമെല്ലാം നൂറ്റാണ്ടുകൾ പോലെയായിരുന്നു.

ഇക്കാലം കൊണ്ട് എന്റെ പന്ത്രണ്ടാം വയസ്സിൽ സമാനതകൾ ഇല്ലാത്ത പീഡനങ്ങളിൽ കൂടി സഞ്ചരിച്ച് അകവും പുറവും പാകപ്പെട്ട് ഞാനൊരു ഒന്നാന്തരം അടുക്കളക്കാരിയും അടിച്ചുതെളിക്കാരിയും ആയിത്തീർന്നിരുന്നു. ഉപ്പാന്റെ പുതിയ ഭാര്യയിൽ രണ്ട് ആൺകുട്ടികൾ കൂടി പിറന്നു. ഞാൻ അവരെ അപ്പി കഴുകിക്കുകയും അവരുടെ മൂക്കിള തുടക്കുകയും അവരെ കുളിപ്പിക്കുകയുമൊക്കെ ചെയ്യും. പക്ഷേ ഞാൻ അവരുടെ നേരെ നോക്കാറില്ല… ചിരിക്കാറുമില്ല. അവരുടെയെന്നല്ല കുഞ്ഞുവിന്റെ മുന്നിൽ അല്ലാതെ മറ്റാരോടും ഞാൻ ചിരിക്കാറില്ല. ഉപ്പ തീർത്തും അവരുടേത് മാത്രമായി ഞങ്ങൾക്കിടയിൽക്കൂടി സമാന്തരമായി ജീവിച്ചു പോന്നു.

കുഞ്ഞുവിന് ഏഴു വയസ്സ്. അവനെപ്പോഴും വിശപ്പാണ്. പലപ്പോഴും വലിയ ശബ്ദത്തിൽ കാരണമില്ലാതെ അവൻ കരയും. അതു കേൾക്കുന്നതേ അവർക്ക് കലിയാണ്. ഞാൻ പനിച്ചുകിടന്ന ഒരു പകൽ നേരം. കുഞ്ഞുവിന്റെ അലറിയുള്ള കരച്ചിൽ കേട്ട് ഞാൻ പാതി മയക്കത്തിൽ നിന്നും ഞെട്ടിയുണർന്നു. നിമിഷനേരം കൊണ്ട് ചാടി എഴുന്നേറ്റ് ഞാൻ ചെല്ലുമ്പോഴേക്കും പഴുത്ത ചട്ടുകം അവർ കുഞ്ഞുവിന്റെ തുടയിലേക്ക് അമർത്തിപ്പിടിച്ചിരുന്നു.

ഞാൻ ചുറ്റും നോക്കി… കയ്യിൽ കിട്ടിയത് അടുപ്പിൻ തറയിൽ ചാരിവെച്ചിരുന്ന ഇറച്ചി വെട്ടാനെടുക്കുന്ന മരകഷണമാണ്. ആദ്യത്തെ അടി അവരുടെ തലയുടെ പിൻഭാഗത്ത് പതിച്ച ആ നേരം തന്നെ അവർ കമിഴ്ന്ന് കുഞ്ഞുവിന്റെ കാൽ ചുവട്ടിൽ വീണു. ഇന്നോളം എന്നുള്ളിൽ ഞാൻ അടക്കിപ്പിടിച്ച എല്ലാ ദേഷ്യവും നോവും വേദനകളും  ഓർമ്മയിലേക്ക് ഇരച്ചു കയറിയതും  ഞാൻ ഭ്രാന്തിയായി. വന്യമായ ക്രൗര്യത്തോടെ ഞാൻ അവരെ മലർത്തിക്കിടത്തി നെറ്റിയിലേക്ക് വീണ്ടും ശക്തിയിൽ പ്രഹരിച്ചു. എന്റെ മുഖത്ത് തെറിച്ച ചോരപ്പാടുകൾ ഞാൻ ആർത്തിയോടെ തുടച്ചു. എന്നിട്ട് അവർക്ക് മേൽ കവച്ചു നിന്നുകൊണ്ട് ഞാൻ കുഞ്ഞുവിനെ വാരിയെടുത്തു. അവന്റെ ഗുഹ്യഭാഗത്തു നിന്നും പൊള്ളി വെന്ത ഒരു മാംസകഷണം എന്റെ കയ്യിലൂടെ നിലത്തേക്ക് വീണു. ഞാൻ ഉറക്കെയുറക്കെ അലറി.

ചുറ്റും ആരൊക്കെയോ ഓടിക്കൂടി. അതിൽ എന്റുപ്പയും ഉണ്ടായിരുന്നു. ഞാൻ അങ്ങേരുടെ തല തല്ലി പൊട്ടിക്കുന്നതിന് വേണ്ടിയാ മരകഷണം തിരഞ്ഞു. ആരൊക്കെയോ എന്നെ ബലമായി പിടിച്ചുവെച്ചു. കുഞ്ഞുവിനെ കൊണ്ട് ചിലർ ആശുപത്രിയിലേക്ക് ഓടി. മണിക്കൂറൊന്ന് തികയുന്നേനും മുന്നേ പോലീസെത്തി. ഞാൻ കൂസലില്ലാതെ അവരോടൊപ്പം വണ്ടിയിൽ കയറുകയും ക്ഷണ നേരം കൊണ്ട് വാഹനം നഗരത്തിരക്കിലേക്ക്  കുതിക്കുകയും ചെയ്തു. പൊരിവെയിലിൽ സിഗ്നലും കാത്ത് വാഹനമൊന്നു കിതപ്പാറ്റിയ നേരത്ത് ഞാൻ പുറത്തേക്കു നോക്കി. കാൽനടക്കാർക്കായി തിരിച്ച ഭാഗത്ത് ഒരു കൂട്ടം ഭിക്ഷക്കാരുടെ ഇടയിൽ മുഷിഞ്ഞ വേഷവും പാറിപ്പറന്ന തലമുടിയുമായി ഒരമ്മ. അരികിൽ അവരുടെ മടിയിൽ തലവെച്ച് വാടിയുറങ്ങുന്ന അവരുടെ മകൾ. അവൾക്കെത്ര വയസ്സ് കാണും… ആറ് അല്ലെങ്കിൽ ഏഴ്. എന്റെ നെഞ്ച് പിടച്ചു. പനിച്ചൂടിൽ ഞാനൊന്ന് വിയർത്തു. ഞാനെന്റെ ഉമ്മയെ ഓർത്തു… ഉമ്മയുടെ ഗന്ധം ഓർത്തു… ഉമ്മ എന്നെ തഴുകിയ അനേകം ഇടനേരങ്ങൾ ഓർത്തു… വർഷങ്ങൾക്കും മുന്നേ എന്നിൽ നിന്നും പടിയിറങ്ങിപ്പോയെന്ന് ഞാൻ വിശ്വസിച്ചിരുന്ന എന്റെ ബാല്യത്തിന്റെ തിരുമുറിവുകളിൽ നിന്നും രക്തം പൊടിയുന്നതും അതെന്റെ നെഞ്ചിലാകവേ പരക്കുന്നതും ഞാൻ അറിയുന്നുണ്ടായിരുന്നു. വർഷങ്ങൾക്കു ശേഷം ഞാനൊരു കൊച്ചുകുട്ടിയെപ്പോലെ കരഞ്ഞു… ഏങ്ങലടിച്ച്‌ ഉറക്കെയുറക്കെ കരഞ്ഞു…


സൗമ്യ മുഹമ്മദ്‌


അങ്കോർ എന്ന ചരിത്ര വിസ്മയം

 



ഖമർ രാജ്യത്തിൻറെ 9 ആം നൂറ്റാണ്ടുമുതൽ 15 ആം നൂറ്റാണ്ടു വരെയുള്ള ചരിത്രവും കഥകളുമാണ് അങ്കോർ പുരാക്ഷേത്രോദ്യാനത്തിനു പറയുവാനുള്ളത്. നാനൂറു ചതുരശ്ര കിലോമീറ്റർ ആണിതിന്റെ വിസ്തീർണ്ണം. നിരവധി ക്ഷേത്രങ്ങളും വനങ്ങളുമെല്ലാമുള്ള പ്രദേശം, ഇന്ന് യുനെസ്കോയുടെ ലോകപൈതൃക പ്രദേശമായി സംരക്ഷിച്ചു നിറുത്തിയിരിക്കുന്നു. ഇന്നിത് കംബോഡിയായുടെ ഏറ്റവും തിരക്കുള്ള വിനോദ സഞ്ചാര കേന്ദ്രവുമാണ്.


സേം റെപ് (Siem Reap) എന്നറിയപ്പെടുന്ന ഒരു നഗരമാണ് ഇതിന്റെ കവാടം. അവിടേക്കു വിമാനമടക്കം എല്ലാ വിധ യാത്രാ സൗകര്യങ്ങളുമുണ്ട്. താമസത്തിനാകട്ടെ, എണ്ണിയാലൊടുങ്ങാത്ത ഹോട്ടലുകളും ഹോസ്റ്റലുകളും. ഒരു സഞ്ചാരിയെ ഉൾക്കൊള്ളുന്നതിനുള്ള എല്ലാ ഒരുക്കങ്ങളും സേം റെപ്പിലുണ്ട് എന്ന് പറയാതെ വയ്യ. രാത്രിജീവിതം ഉള്ള ഒരു അതി മനോഹരമായ നഗരമാണ് ഇത്. എവിടെയും പബ്ബുകളും ബാറുകളും, റെസ്റ്റോറെന്റുകളും, മസ്സാജ് പാർലറുകളും. ഉത്സവങ്ങളുടെ രാത്രികളാണിവിടെ.


നവംബർ മുതൽ ഫെബ്രുവരി വരെയുള്ള ശൈത്യകാലമൊഴികെ, അല്പം ചൂടുള്ള കാലാവസ്ഥയാണ് ഇവിടെ. ഈ ചൂടിലൂടെയാണ് ആയിരക്കണക്കിന് സഞ്ചാരികൾ ഇത് കാണാനെത്തുന്നത്, എന്നത് തന്നെ ഇതിനെ ലോകാശ്ചര്യങ്ങളിലൊന്നാക്കി മാറ്റുന്നു. ഇത് പൂർണ്ണമായും കണ്ടെടുക്കുവാൻ ദിവസങ്ങളോ, ആഴ്ചകളോ വേണ്ടി വരും. കൂടുതൽ പേരും ഒരു ദിവസം കൊണ്ട് പത്തിൽ താഴെ മാത്രം ക്ഷേത്രങ്ങൾ കണ്ടു മടങ്ങുന്നവരാണ്. അവയാണ് ഇവിടത്തെ പ്രധാന ആകർഷണങ്ങളും. ചരിത്രത്തിലും, ക്ഷേത്ര പഠനങ്ങളിലും, വാസ്തുശില്പ കലയിലുമെല്ലാം താത്പര്യമുള്ളവർ ദിവസങ്ങളോളം ഇവിടെ തങ്ങാറുണ്ട്. ഒരു ദിവസത്തെ പാസിന് 37 ഡോളറും ( Rs: 2500/- ) മൂന്നു ദിവസത്തെ പാസിന് 60 ഡോളറുമാണ് അങ്കോർ പുരാക്ഷേത്രോദ്യാനത്തിന്റെ പ്രവേശന ഫീസ്. അതിരാവിലെ 5 മണിക്കുതന്നെ ഇവിടെ പ്രവേശനം അനുവദിച്ചു തുടങ്ങും. അങ്കോർ വാറ്റിന്റെ പുറകിലായി ഉദിച്ചുയരുന്ന സൂര്യബിംബം ഒരു അനുഭവം തന്നെയാണ്. ഇത് കാണുവാനായി ആയിരിക്കണക്കിനു  സഞ്ചാരികൾ ഇവിടെ കാത്തിരിക്കുന്നുണ്ടാകും.


അങ്കോർ വാറ്റ് ആണ് ഇതിൽ ഏറ്റവും പ്രധാനാകർഷണം. 12 ആം നൂറ്റാണ്ടിന്റെ ആദ്യപകുതിയിൽ സൂര്യവർമ്മൻ രണ്ടാമൻ രാജാവാണ് ഇത് പണികഴിപ്പിച്ചത്. വാറ്റ് എന്നാൽ കമ്പോഡിയൻ, തായ് ഭാഷകളിൽ ക്ഷേത്രം എന്നാണർത്ഥം. ഈ ക്ഷേത്രം ഭഗവാൻ വിഷ്ണുവിന് സമർപ്പിക്കപ്പെട്ടതായിരുന്നു എന്നാണ് ചില പഠനങ്ങൾ അവകാശപ്പെടുന്നത്. അക്കാലങ്ങളിൽ അവിടെയെല്ലാം ഹിന്ദു മതം നിലനിന്നിരുന്നു. ഇൻഡോന്വേഷ്യയിലെ ബാലി ഇന്നും ഇതിനൊരു ഉദാഹരണമാണല്ലോ. എന്നാൽ രാജാവിന്റെ മരണശേഷം ഇതദ്ദേഹത്തിന്റെ ശവകുടീരമായി (Mausoleum) മാറിയെന്നും പറയപ്പെടുന്നു.  എന്നാൽ 12 ആം നൂറ്റാണ്ടിന്റെ ഒടുവിൽ ഇതൊരു ബുദ്ധക്ഷേത്രമായി മാറിക്കഴിഞ്ഞു. ലോകത്തിലെതന്നെ ഏറ്റവും വലിയ ക്ഷേത്രവും ഇതുതന്നെ.


ദേവേന്ദ്രന്റെ ആവശ്യപ്രകാരമാണ് ഈ ക്ഷേത്രം സൂര്യവർമ്മൻ നിർമ്മിച്ചതെന്നും, അദ്ദേഹം തികഞ്ഞ ഹിന്ദു മത വിശ്വാസിയായിരുന്നുവെന്നും, മാത്രമല്ല ഒറ്റ രാത്രികൊണ്ട് പണികഴിപ്പിച്ചതാണീ ക്ഷേത്രം എന്നുപോലുമുള്ള കെട്ടുകഥകളും ഇതിനെ ചുറ്റിപ്പറ്റിയുണ്ട്. എന്നാൽ മുപ്പതോ നാൽപ്പതോ വർഷങ്ങളെടുത്തിരിക്കും ഈ കൂറ്റൻ ക്ഷേത്രം നിർമ്മിക്കുന്നതിനെന്നാണ് വിദഗ്ധ മതം.


സൂര്യവർമ്മന്റെ കാലശേഷം ഈ ക്ഷേത്രത്തിന് പറയത്തക്ക പ്രാധാന്യമൊന്നും ഉണ്ടായിരുന്നില്ല. കാലക്രമത്തിൽ ക്ഷേത്ര പൂജകൾ പോലും ഇല്ലാതായ ഈ ക്ഷേത്രം പിന്നീട് കണ്ടെടുക്കപ്പെടുന്നത് 1840 ൽ മാത്രമാണ്. ഹെൻറി മോത്ത് (Henri Mouhot) എന്ന ഫ്രഞ്ച് പരിവേഷകനാണ് ഇങ്ങനെ ഒരു ക്ഷേത്രത്തെക്കുറിച്ച്‌ ആധുനിക ലോകത്തിന് പരിചയപ്പെടുത്തുന്നത്.


ദേവലോകത്തിന് സാദൃശ്യമുള്ള സുമേരു പർവ്വതത്തിന്റെ (Mount Meru) രൂപത്തിലാണ് ഈ ക്ഷേത്രം നിർമ്മിച്ചിട്ടുള്ളത്. മേരു പർവ്വതത്തിന്റെ അഞ്ചു കൊടുമുടികളാണ്, ഇവിടത്തെ അഞ്ചു ഗോപുരങ്ങൾ എന്നാണ് സങ്കൽപ്പം. മേരു പർവ്വത രൂപത്തിൽ പ്രപഞ്ചത്തെ തന്നെയാണ് ഇവിടെ ശില്പി രൂപകൽപ്പന ചെയ്തിരിക്കുന്നത്. നടുവിലെ ഗോപുരം മേരുവിലെ പ്രധാന കൊടുമുടിയായ പ്രപഞ്ച കേന്ദ്രത്തെയും, മറ്റു അഞ്ചു ഗോപുരങ്ങൾ മെരുവിലെ മറ്റു അഞ്ചു കൊടുമുടികളെയും, പതിനഞ്ചടി ഉയരമുള്ള ചുറ്റുമതിൽ ഭൂമിയുടെ അവസാന ഭാഗങ്ങളെയും, ചുറ്റുമുള്ള ജലാശയങ്ങൾ സമുദ്രങ്ങളെയും സൂചിപ്പിക്കുന്നു.


ചുറ്റുമതിലിനുള്ളിൽ 200 ഏക്കറുകളിലായി സ്ഥിതിചെയ്യുന്ന ഈ ക്ഷേത്രം അക്കാലത്തെ ഖമർ ക്ഷേത്രശില്പകലയുടെ ഔന്നിത്യത്തെ തന്നെയാണ് സൂചിപ്പിക്കുന്നത്. ഭിത്തിയിലുടനീളം ഹിന്ദു ചരിത്രകഥകൾ കൊത്തിവയ്ക്കപ്പെട്ടിട്ടുമുണ്ട്. യുദ്ധങ്ങൾ മുതൽ, ഭൂമികുലുക്കങ്ങൾ വരെ അതിജീവിച്ച ഈ ക്ഷേത്രത്തിന് ചില കേടുപാടുകളും സംഭവിച്ചിട്ടുണ്ട്. മൂന്നു നിലകളിലായി നിമ്മിച്ചിട്ടുള്ള ഈ ക്ഷേത്രത്തിന്റെ മൂന്നാം നിലയിൽ നിന്നും നോക്കിയാൽ ആ പ്രദേശം ഒന്നായി ദൃശ്യമാകും.


അങ്കോർ തോം ആണ് രണ്ടാമത്തെ പ്രധാനാകർഷണം. ഇത് 12 ആം നൂറ്റാണ്ടിന്റെ അവസാന കാലങ്ങളിൽ ജയവർമ്മൻ ഏഴാം രാജാവ് നിർമ്മിച്ചതാണ്. ഖമർ രാജ്യവംശത്തിന്റെ ആസ്ഥാനമായിട്ടാണ് അങ്കോർ തോം പണികഴിപ്പിച്ചത്. ഒൻപതു ചതുരശ്ര കിലോമീറ്റർ  വിസ്തൃതിയുണ്ടിതിന്. ഖമർ രാജ്യത്തിന്റെ ആസ്ഥാനം ഇതിനു മുൻപ് ഇതായിരിക്കുവാനിടയില്ല. യശോദാപുരയായിരിക്കണം ഇതിനു മുൻപുള്ള രാജ്യ തലസ്ഥാനം. പിന്നീട് തലസ്ഥാനം അങ്കോർ തോമിൽ നിന്നും നമ്പൻ (Phnom Penh) എന്ന ഇപ്പോഴത്തെ കംബോഡിയ തലസ്ഥാനത്തേക്ക് മാറ്റുകയുമുണ്ടായി. കുറച്ചു കാലങ്ങൾ മാത്രമായിരിക്കണം അങ്കോർ തോം അതിന്റെ പ്രൗഢി നിലനിറുത്തിയിരിക്കുക.


സേം റെപ്പ് നദിയുടെ കരയിലാണ് അങ്കോർ തോം പണികഴിപ്പിച്ചത്. അങ്കോർ വാറ്റിൽ നിന്നും രണ്ടു കിലോമീറ്ററിൽ താഴെ മാത്രം ദൂരത്തിൽ. അങ്കോർ തോമിലേക്കു പ്രവേശിക്കുന്ന കവാടം തന്നെ അതി മനോഹരമായ ഒരു നിർമ്മിതിയാണ്. ഒരു കൂറ്റൻ മനുഷ്യ മുഖം കൊത്തിയ ഇരുപത്തിമൂന്നു മീറ്റർ ഉയരമുള്ള ഒരു ഗോപുരത്തിന്റെ ഉള്ളിലൂടെ വേണം നഗരപ്രവേശനം.


ഇതിനുള്ളിൽ ചില ക്ഷേത്രങ്ങൾ 11 ആം നൂറ്റാണ്ടിൽ തന്നെ ഉണ്ടായിരുന്നുവെങ്കിലും, ജയവർമ്മൻ തന്റെ രാജ്യ ക്ഷേത്രമായി നഗര മധ്യത്തിൽ പണിതുയർത്തിയതാണ് ഇവിടത്തെ മറ്റൊരു പ്രധാനാകർഷണമായ ബെയാൺ (Bayon) ക്ഷേത്രം. ആ നൂറ്റാണ്ടിൽ തന്നെ വികസനം കൈവരിച്ചിരുന്ന ഒരു നഗരമായിരുന്നു അങ്കോർ തോം. വെള്ളം കൊണ്ടുവരുന്നതിനുള്ള കനാലുകളും, റോഡുകളും, എന്തിനേറേ നാല് ആശുപത്രികൾ പോലും അന്നിവിടെ ഉണ്ടായിരുന്നത്രേ. ബെയാൺ ക്ഷേത്രത്തിന്റെ ഗോപുരങ്ങളിലും ഭിത്തികളിലുമെല്ലാം മുഖങ്ങൾ കൊത്തി വച്ച ശില്പങ്ങളാണ്. ഓരോന്നും കൂറ്റൻ മുഖങ്ങളാണ്. മീറ്ററുകൾ ഉയരമുള്ളത്.


ബോധി സത്വ എന്ന ലോകേശ്വരന്റേതാണ് ഈ മുഖങ്ങൾ എന്നാണ് ഇപ്പോൾ പറയപ്പെടുന്നത്. എന്നാൽ ഹിന്ദു വിശ്വാസപ്രകാരമുള്ള ബ്രഹ്‌മാവിന്റേതാണ് ഈ മുഖങ്ങൾ എന്ന് വാദിക്കുന്നവരും ഇല്ലാതില്ല. ഇവിടുത്തെ ക്ഷേത്രങ്ങളിൽ നാഗരാജാവായ വാസുകിയുടേതടക്കം പല ഹിന്ദു ദേവന്മാരുടെയും, പ്രതിമകളും രൂപങ്ങളും കാണുവാൻ കഴിയും. രാജ കൊട്ടാരവും, ബെയാൺ ക്ഷേത്രവും, മറ്റുചില ക്ഷേത്രങ്ങളും, അനേകം മറ്റു കെട്ടിടങ്ങളും നിറഞ്ഞതാണ് അങ്കോർ തോം.


ഇത് പോലെ നൂറോളം ചെറുതും വലുതുമായ ക്ഷേത്രക്കാഴ്ചകളുണ്ടിവിടെ. എല്ലാം കണ്ടെടുക്കുക എന്നെപ്പോലൊരാൾക്കു അസാധ്യം തന്നെയാണ്. രാവിലെ നാലരക്ക് തുടങ്ങിയ കാഴ്ചകൾ ഞാൻ വൈകുന്നേരം നാലുമണിയോടെ അവസാനിപ്പിച്ചു. പൊള്ളുന്ന വെയിൽ തന്നെയായിരുന്നു പ്രധാന പ്രശ്നം. ഏതാണ്ട് പത്തോളം പ്രധാന കേന്ദ്രങ്ങൾ കാണുവാൻ സാധിച്ചു. അതിൽ ഏറ്റവും പ്രാധാന്യമുള്ള ചരിത്ര സ്മാരകങ്ങളാണ് ഞാൻ ഇവിടെ വിവരിച്ചത്. ഇത്രയും ശക്തമായ ഹിന്ദുമത സംസ്കാരം ഞാൻ ഇതിനു മുൻപ് ബാലിയിൽ മാത്രമേ കണ്ടിരുന്നുള്ളൂ. നമ്മുടെ പൈതൃകം ഇത്രയേറെ മഹത്തരമാണെന്ന് അറിവോടെയായിരുന്നു ഞാൻ അങ്കോറിൽ നിന്നും മടങ്ങിയത്. നമ്മുടെ സ്വന്തം രാജ്യത്തുപോലും പൈതൃക സ്മാരകങ്ങൾ ഇത്ര നല്ല രീതിയിൽ സംരക്ഷിക്കപ്പെടുന്നില്ല എന്നത് ദുഃഖമായി എന്നിൽ അവശേഷിക്കുന്നു. അത്തരം ഒരു സ്ഥലമാണ് ഐഹോളെ എന്നറിയപ്പെടുന്ന കർണാടകയിലെ ഒരു ക്ഷേത്ര സമുച്ചയം. അതും സംരക്ഷിക്കപ്പെട്ടാൽ ഒരു പക്ഷേ മറ്റൊരു അങ്കോർ ആയേക്കും.


 

ഡോ. സുനീത് മാത്യു

വിഷാദരോഗവും ഹോമിയൊപ്പതിയും





ഇന്നത്തെ സമൂഹം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണ് മാനസിക രോഗങ്ങൾ. അതിൽത്തന്നെ ഏറ്റവും പ്രധാനമായ, ഒരു രോഗാവസ്ഥയാണ് വിഷാദം അഥവാ ഡിപ്രഷന്‍. ഭക്ഷണരീതി, ഉറക്കം, വ്യക്തിത്വം, ലൈംഗിക ജീവിതം എന്നിവയെ വലിയ തോതില്‍ ബാധിക്കുമ്പോഴാണ് വിഷാദം ഒരു രോഗമായി അനുഭവപ്പെടുന്നത്. കിട്ടികൊണ്ടിരിക്കുന്ന സ്നേഹം നഷ്ടപ്പെടുക, രോഗം പിടിപെടുക, ജോലി നഷ്ടപെടുക, സാബത്തിക പ്രശ്നങ്ങള്‍, പ്രിയപ്പെട്ടവരുടെ മരണം, പ്രകൃതി ദുരന്തങ്ങള്‍ ഉണ്ടാകുക, ബാല്യകാലത്തില്‍ മുതിര്‍ന്നവരില്‍ നിന്ന് ലൈംഗിക ചൂഷണത്തിന് ഇരയാകുക, ബലാത്സംഗത്തിന് ഇരയാകുക, സ്ത്രീകളില്‍ പ്രസാവാനന്തരം, ആര്‍ത്തവ വിരാമം അഥവാ മെനോപോസ് തുടങ്ങിയ പല സാഹചര്യങ്ങളും ആളുകളെ വിഷാദ രോഗികളായി തീര്‍ക്കാറുണ്ട്.

ഇന്ത്യയിലെ പ്രശസ്തരായ പല വ്യക്തികളും വിഷാദരോഗത്തിന് അടിമകളായിരിന്നു എന്നതും കാലക്രമേണ അവരതില്‍ നിന്നും മുക്തി നേടിയതുമെല്ലാം പല മാധ്യമങ്ങളിലൂടെയും അറിഞ്ഞുവരുന്നതാണ്.

ആണ്‍ – പെണ്‍ ഭേദമില്ലാതെ എല്ലാവരിലും വിഷാദ രോഗം ബാധിക്കുന്നുണ്ട്. ജീവിതത്തില്‍ തിരക്കുകൂടിവരുന്ന ഈ കാലഘട്ടത്തില്‍ വിഷാദ രോഗികളുടെ എണ്ണവും കൂടിവരികയാണ്. ഇതില്‍ തന്നെ തനിക്ക് വിഷാദ രോഗം ആണ് പിടിപെട്ടിരിക്കുന്നത് എന്ന് മനസിലാക്കാന്‍ പലര്‍ക്കും സാധിക്കാറില്ല എന്നതും എടുത്തുപറയെണ്ട ഒന്നാണ്. മറ്റ് പല രോഗാവസ്ഥയും ആയി ഡോക്ടറെ സമീപിക്കുന്നവരില്‍ 10% ആള്‍ക്കാരുടേയും പ്രധാന പ്രശ്നം വിഷാദരോഗമാണ് എന്ന് പിന്നീട് തിരിച്ചറിയപ്പെടുന്നു. പ്രായഭേദമന്യേ ആളുകളില്‍ വിഷാദരോഗം കണ്ടുവരുന്നു. ക‍ൃത്യസമയത്ത് രോഗം തിരിച്ചറിഞ്ഞ് ചികിത്സിച്ചില്ലെങ്കില്‍ മരണം വരെ സംഭവിക്കാവുന്ന രോഗാവസ്ഥയാണിത്. 2030 ആകുന്പോഴേക്കും ലോകത്തിലെ ഏറ്റവും വ്യാപകമായ അസുഖമായി വിഷാദരോഗം മാറിയേക്കാം എന്നതാണ് ആരോഗ്യ വിദഗ് ധരുടെ കണ്ടെത്തല്‍.

പെട്ടെന്നുള്ള ദേഷ്യം, അല്ലെങ്കില്‍ ആക്രമണ മനോഭാവം, ആത്മാഭിമാനവും, ആത്മ വിശ്വാസവും നഷ്ടപ്പെടുക, മിക്കവാറും സമയങ്ങളില്‍ ഉത്സാഹകുറവും സങ്കടവും അനുഭവപ്പെടുക, കുറ്റബോധം അനുഭവപ്പെടുകയും പഴയകാല പരാജയങ്ങളുടെ പേരില്‍ സ്വയം കുറ്റപ്പെടുത്തുക, ദൈനംദിന കാര്യങ്ങളില്‍ താല്പര്യകുറവും അവ ചെയ്ത് തീര്‍ക്കാന്‍ ബുദ്ധിമുട്ട് ഉണ്ടാവുകയും ചെയ്യുക, ഭാവിയെ കുറിച്ച് പ്രത്യാശയില്ലാതായിരിക്കുക, സ്വയം വേദനിപ്പിക്കുകയോ, ആത്മഹത്യയെകുറിച്ചോ മരണത്തെ കുറിച്ചോ ചിന്തിച്ചുകൊണ്ടിരിക്കുക, കാരണമില്ലാതെ കരയുക അതോടൊപ്പം കൂടുതല്‍ സമയവും നിരാശയോടെ കാണപ്പെടുക എന്നിവയെല്ലാമാണ് സാധാരണയായി കണ്ടുവരുന്ന വിഷാദരോഗലക്ഷണങ്ങള്‍.

വ്യായാമത്തിലൂടെയും, ക്രമീകൃത ഡയറ്റ്, കൂടാതെ ലഹരി പദാര്‍ത്ഥങ്ങള്‍ ഉപേക്ഷിക്കുന്നതിലൂടെയും, ചിട്ടയായ ഉറക്കത്തിലൂടെയും എല്ലാം നമുക്ക് ഒരു പരിധിവരെ രോഗസങ്കീര്‍ണത കുറച്ച് കൊണ്ട് വരാം.

ലഘു മാനസിക പ്രശ്നങ്ങളില്‍ പെട്ടവരെ കൗണ്‍സിലിംങ്ങ് കൊണ്ടും അനുയോജ്യമായ ഹോമിയോപതി ചികിത്സാരീതി കൊണ്ടും രോഗമുക്തരാക്കാന്‍ സാധിക്കും. ഇതു മാത്രമല്ല മാനസിക പ്രശ്നങ്ങളില്‍ ഹോമിയോപ്പതിയുടെ പങ്ക് വളരെ വലുതാണ്.

സ്വഭാവ വ്യതിയാനം മാറ്റാന്‍ ദീര്‍ഘകാലമൊന്നും മരുന്ന കഴിക്കേണ്ടതില്ല. രണ്ട് ആഴ്ചകൊണ്ട് തന്നെ വ്യത്യാസം കാണപ്പെടും കൂടിയാല്‍ മൂന്നുമാസത്തെ ചികിത്സ മതി.

വ്യക്തിഗത സവിശേഷതകള്‍ക്കും വ്യക്തി എങ്ങനെ സമ്മര്‍ദ്ദത്തോട് പ്രതികരിക്കുകയും, സമര്‍ദ്ദ സാഹചര്യം അനുഭവിക്കുകയും ചെയ്യുന്നു, എന്നതിന് അനുസരിച്ചാണ് ഹോമിയോ മരുന്നുകള്‍ തിരഞ്ഞെടുക്കുന്നത്. നിര്‍ദ്ദിഷ്ട രോഗങ്ങള്‍ക്ക് പ്രത്യേക പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നതിന് പകരം ഹോമിയോപ്പതി ഡോക്ടര്‍മാര്‍ ഓരോ വ്യക്തിയുടേയും സവിശേഷ ലക്ഷണങ്ങളെ അടിസ്ഥാനമാക്കി പരിഹാരങ്ങള്‍ തിരഞ്ഞെടുക്കുന്നു. ഒരു രോഗിയുടെ രോഗലക്ഷണങ്ങള്‍ മുന്‍കാല ചരിത്രം, കുടുംബ ചരിത്രം, മെഡിക്കള്‍ ചരിത്രം, വൈകാരിക ചരിത്രം എന്നിവ പൂര്‍ണ്ണമായി മനസ്സിലാക്കുന്നതിനും, പൂര്‍ണ്ണമായ വിലയിരുത്തല്‍ നടത്തുന്നതിലും ഒരു ഹോമിയോപ്പതി ഡോക്ടര്‍ സാധാരണയായി ഒരു രോഗിയുമായി സമഗ്രമായ അഭിമുഖം നടത്തുന്നു. അതിലൂടെ നിങ്ങളുടെ മനസ്സിനെയും ശരീരത്തെയും ശക്തിപ്പെടുത്തുന്നതിനും സമ്മര്‍ദ്ദം മൂലമുണ്ടാകുന്ന പ്രശ്നങ്ങള്‍ സുഖപ്പെടുത്തുന്നതിനും സഹായിക്കുന്ന മരുന്നുകള്‍ ശ്രദ്ധാപൂര്‍വ്വം തിരഞ്ഞെടുക്കുന്നു. ഇതിനായി നന്നായി പരിശീലനം നേടിയ ഒരു വിദഗ്ധ ഹോമിയോപതി ഡോക്ടറെ ബന്ധപ്പെടുക.

സമ്മര്‍ദ്ദ സാഹചര്യങ്ങളെ കൂടുതല്‍ ശാന്തമായി കൈകാര്യം ചെയ്യുന്നതിന് ഹോമിയോപ്പതി ചികിത്സക്ക് സാധ്യമാവുന്നതിനോടൊപ്പം ശാരീരികവും മാനസികവും ആയ ആരോഗ്യം തിരികെ കൊണ്ടുവരാന്‍ നിങ്ങള്‍ക്ക് കഴിയുകയും ചെയ്യും.

 

ഡോ. വൈഷ്ണവി ടി. കെ.