2023 സെപ്റ്റംബർ 29, വെള്ളിയാഴ്‌ച

ഇതിവൃത്തം മലയാള സാംസ്‌കാരിക മാസിക, സെപ്റ്റംബർ 2023, ലക്കം 36

 




മുഖമൊഴി

 

ഭാരതത്തിന്റെ ഏറ്റവും അഭിമാനകരമായ ഒരു ദൗത്യമായിരുന്നു ചന്ദ്രയാൻ 3. അത് വളരെ കൃത്യമായി വിജയമാക്കിയ ISRO ശാസ്ത്രജ്ഞർക്ക് അഭിനന്ദനങ്ങൾ. ഈ വൻ വിജയത്തിലും കല്ലുകടിയായി മാറിയത് ശ്രീ സോമനാഥ്‌ നടത്തിയ ക്ഷേത്ര ദർശനമായിരുന്നു. വിക്ഷേപണത്തിന് മുൻപ് ഒരു ശാസ്ത്രജ്ഞൻ ചെയ്യുന്ന പ്രവൃത്തിയാണോ എന്ന ചോദ്യമാണ് എന്നെ അലോസരപ്പെടുത്തിയത്. 

വിശ്വാസവും അന്ധവിശ്വാസവും തമ്മിലുള്ള വ്യത്യാസം പോലും അറിയാതെ എന്തിനോ വേണ്ടി തിളയ്ക്കുന്ന കുറച്ചുപേർ ഉണ്ടാക്കിയ ഒരു ചർച്ചയായിരുന്നു അത്. അദ്ദേഹത്തിനെ കളിയാക്കിയതു പോലും നിയമപരമായി ശരിയാണെന്ന് തോന്നുന്നില്ല. ഒരു മതത്തിലോ ദൈവത്തിലോ വിശ്വസിക്കാൻ നിയമം നമുക്ക് അനുവാദം തരുന്നതും അത് ചോദ്യം ചെയ്യപ്പെടാൻ പാടില്ലാത്തതുമാണ്.

ശരിയായ വിശ്വാസം ശരീരത്തിലും മനസ്സിലും വ്യത്യാസങ്ങൾ ഉണ്ടാക്കും എന്ന് ശാസ്ത്രീയമായി തെളിയിച്ചിട്ടുള്ളതാണ്. വിശ്വാസം ഹോർമ്മോണുകളിലും മറ്റു രാസപ്രവർത്തനങ്ങളിലും മാറ്റങ്ങളുണ്ടാക്കും. ഈ വിഷയത്തിൽ ധാരാളം പഠനങ്ങൾ നടന്നിട്ടുണ്ട്. ഓം ചാന്റിങ്ങ് നടത്തുമ്പോൾ ഡോപാമിനിക്ക് ആക്റ്റീവിറ്റി കൂടുന്നു എന്ന് ഒരു കണ്ടെത്തൽ നിംഹാൻസ് നടത്തിയിട്ടുണ്ട്. ഡോപാമിൻ പ്രവർത്തനം കൂടുന്നത് താൽക്കാലികമായാണെങ്കിലും  സന്തോഷം കൂട്ടും എന്നതിൽ തർക്കമുണ്ടാകാനിടയില്ല. ശരിയായ വിശ്വാസം ആത്മവിശ്വാസം കൂട്ടുമെന്ന് പഠനങ്ങൾ ഉണ്ട്. അതും ന്യൂറോ കെമിക്കലുകളിൽ ഉണ്ടാകുന്ന വ്യത്യാസം കൊണ്ടാണ്.

എന്തും കൂടിപ്പോയാൽ അപകടമാണ്. അത് വിശ്വാസമായാലും ഭക്ഷണമായാലും . അത് കൊണ്ടാണ് ശരിയായ വിശ്വാസം എന്ന് എഴുതേണ്ടി വന്നത്. ഹൈപ്പർ റിലീജിയോസിറ്റി ഒരു  മാനസിക പ്രശ്നമാണ്. ഇത് നമ്മുടെ എപ്പിലെപ്പ്സി പോലെയുള്ള ഒരു രോഗമാണ്. അതിന് ചികിത്സയുണ്ട്. ചികിൽസ വേണ്ട രോഗമാണ്.

എന്തിനും ഏതിനും ശാസ്ത്രത്തെ കൂട്ടുപിടിക്കുന്ന ഒരു പ്രവണത സാമൂഹ്യ മാധ്യമങ്ങളിൽ കൂടിവരുന്നുണ്ട്. അതും കൂടി ഹൈപ്പർ സയന്റിഫിസിറ്റി ഒരു രോഗമാകുന്ന നാൾ അത്ര വിദൂരമല്ല എന്ന് തോന്നുന്നു. വിശ്വാസത്തിനും ഒരു ശാസ്ത്രമുണ്ട്. അതറിയണമെങ്കിൽ മസ്തിഷ്കത്തിന്റെ പ്രവർത്തനങ്ങളെക്കുറിച്ചു നല്ല അറിവ് വേണം. നമുക്കറിയുന്നതു മാത്രം ശാസ്ത്രം. അല്ലാത്തതെല്ലാം മിഥ്യ എന്ന മനോഭാവമാണ് പ്രശനം. അത് അറിവില്ലായ്മയാണ്. അതിന്റെ പുറകിലും ശാസ്ത്രം ഉണ്ടാകും.

വെറുതെ വിശ്വാസവും ശാസ്ത്രവും കൂട്ടിക്കുഴച്ചു പാഴാക്കുന്ന സമയം പുരോഗതിയുണ്ടാകുന്ന കാര്യങ്ങളും ചർച്ചകളിലും നിക്ഷേപിച്ചാൽ അതാകും സമൂഹത്തിനു കൊടുക്കുവാൻ കഴിയുന്ന ഏറ്റവും നല്ല കാര്യം.


ഡോ. സുനീത് മാത്യു 

ആനന്ദം, പ്രാഗ്‌നാനന്ദം

 





ഇന്ത്യൻ കായിക വിനോദ മേഖലയിൽ ലോകോത്തരം എന്ന് പറയാവുന്ന പ്രകടനങ്ങൾ കുറവായിരുന്നു. ഹോക്കിയിലും, ടെന്നീസിലും, ക്രിക്കറ്റിലും, ബാറ്റ്മിന്റണിലും, അത്ലറ്റിക്സിലുമൊക്കെ ചില നല്ലകാലങ്ങളുണ്ടായിരുന്നു. ഒരുകായികയിനം ഇന്ത്യ അടക്കിവാണിരുന്നു എന്ന് പറയാൻ കഴിയുന്നത് പക്ഷെ ഹോക്കിയിൽ മാത്രം. ചെസ്സും, ജാവാലിൽത്രോയും ഇന്നിൻ്റെ പ്രതീക്ഷകളാണ്. എന്നാൽ ചെസ്സ് ലോകം വിശ്വനാഥൻ ആനന്ദ് കീഴടക്കിയതുപോലൊരു വ്യക്തിഗതമികവിൻ്റെ കഥ വേറേപറയാനില്ല. ലോകത്തിൻ്റെ ബൗദ്ധിക നെറുകയിൽ വളരെനാൾ, ഒരുത്തൻ. ഇപ്പോഴും നിറം കെടാത്ത പ്രതിഭ! പുതിയൊരു ഇളമുറ രാജാവിനെ കണ്ടെത്തിയതുകൊണ്ടു ഇനി വേണമെങ്കിൽ വിരമിക്കലാം. പ്രാഗ്നാനന്ദ! പേരിൽത്തന്നെ ബുദ്ധിയും ആനന്ദവും ഉള്ളവൻ. അവൻ്റെ അമ്മയുടെ നിഷ്കളങ്കമായ ചിരിയിലുണ്ട് പ്രാഗ്നാനന്ദയുടെ ലോകം മുഴുവൻ.

പ്രാഗ്നാനന്ദ ഒരു പ്രതീകം മാത്രമാണ്. ഇന്ത്യൻ പുതുരക്തത്തിൻ്റെ, കഴിവിൻ്റെ, മികവിൻ്റെ, ഭയമില്ലായ്മയുടെ, മാത്സര്യത്തിൻ്റെ, വരാനിരിക്കുന്ന കോടി വിജയങ്ങളുടെ, പ്രതീകം.

ഇതു പുതു ഇന്ത്യയാണ്. ഇനിയുള്ള ലോകം കാണാൻ പോകുന്നത് ഇന്ത്യയുടെ കുതിപ്പാണ്. ചന്ദ്രനും, സൂര്യനും, സൗരയൂഥവും, ആകാശഗംഗയും കടന്നുള്ള പോക്ക്. പ്രാഗ്നാനന്ദമാർ ധാരാളം ഈ രാജ്യത്തു വന്നു പിറക്കുന്നുണ്ട്. അവർക്കു വേണ്ടുന്ന അവസരങ്ങൾ കൊടുത്താൽ മാത്രം മതിയാകും. അല്ലാതെ സ്വത്തെന്നും മിത്തെന്നും  സയന്റിഫിക് റ്റെമ്പർ എന്നും മറ്റുമൊക്കെ പറഞ്ഞു സമയം കളയുന്നവർ, കിട്ടിയതും കൊണ്ട് സ്ഥലം കാലിയാക്കി രാജ്യം കഴിവുള്ള പുതുതലമുറക്ക് നൽകണം. നൽകിയില്ലെങ്കിൽ പിടിച്ചു വാങ്ങണം. അതിന് നിങ്ങളുടെ ഒരു വോട്ടിൽ കൂടുതൽ വേണ്ടിവരില്ല.

രാഷ്‌ടീയം ഏഴയലത്തു കടത്താതെ, മെരിറ്റുമാത്രം നോക്കി ജോലിക്ക് ആളെയെടുത്തു കഠിനപ്രയത്‌നം ചെയ്തു കുറഞ്ഞചിലവിൽ വലിയകാര്യങ്ങൾ ചെയ്യാമെന്ന് പഠിപ്പിച്ച ഇസ്രോ (ISRO) എന്ന സ്ഥാപനവും ഇന്ത്യയിലാണ്. ഇസ്രോ ചന്ദ്രനിലും സൂര്യനിലും ഒക്കെ എത്തുന്നത് ഒരു സംശയവും അതിശയവും ഇല്ലാതെ നോക്കിക്കാണാൻ പറ്റുന്നവർ തിരുവനന്തപുരത്തുകാരാണ്. വിക്രം സാരാഭായ് ബഹിരാകാശ കേന്ദ്രവും (VSSC) Liquid Propulsion Systems Centre (LPSC) റുമൊക്കെ ജീവിതത്തിൻ്റെ ഭാഗമാക്കിയവർ. നിരനിരയായി പോകുന്ന VSSC യുടെയും LPSC യുടെയും ബസ്സുകൾക്കുള്ളിൽ ശാന്തരായിരുന്നു ആകാശ സ്വപ്‌നങ്ങൾ കാണുന്നവരെ മറക്കാനാകില്ല തിരുവനന്തപുരം നിവാസികൾക്ക്‌. അവർക്കിടയിൽ സുഹൃത്തുക്കളും, അഭ്യുദയകാംഷികളും, കലാകാരൻമാരും (ഉദാ: ശ്രീമാൻ സൂര്യ കൃഷ്ണമൂർത്തി), എഴുത്തുകാരും (ഉദാ: ശ്രീമാൻ വിജെ ജെയിംസ്) ഉണ്ടായിരുന്നു.

ലോകോത്തര സാങ്കേതിക വിദ്യയുടെ തികവിൽ ചിട്ടയായി മുന്നേറിയ ഇസ്രോയെ അടുത്ത് നിന്ന് കാണുവാൻ ഭാഗ്യം ലഭിച്ചത് വലിയകാര്യം. അതുനയിച്ച ചിലരോടൊപ്പം ജോലിചെയ്യാനും ഭാഗ്യം ലഭിച്ചു (എംഎസ്ആർ ദേവ്), പലരുമായിരുമായി അടുത്തിടപഴകി. ഇന്ത്യയിലെ പൊതുമേഖലാ സ്ഥാപനങ്ങൾ എല്ലാം ഇസ്രോയെപ്പോലെ നടന്നിരുന്നെങ്കിൽ ഇന്ത്യ ഇരുപതു വർഷം മുൻപെങ്കിലും ഒരു വികസിത രാജ്യമാകുമായിരുന്നു, കട്ടായം.

തിരുവന്തപുരത്തു താമസിക്കുന്നവർക്ക് ചിത്രത്തിൻ്റെ മറുപുറം കൂടി കാണാതെ തരമില്ലല്ലോ! മറുവശത്തു ചട്ടപൊക്കി ചിട്ടയായി പുരോഗതിയെയും മാനത്തെയും സഹോദര്യത്തെയും സന്തോഷത്തെയും എങ്ങനെ നശിപ്പിക്കാം എന്ന ഗവേഷണത്തിന് നമ്മൾ തന്നെ തിരഞ്ഞെടുത്തു നികുതിപ്പണം നൽകി വളർത്തിയവർ, വല്ലപ്പോഴും വന്നു സർക്കസ് കളിക്കുന്ന സ്റ്റേറ്റ് സെക്രട്ടേറിയറ്റ്.

ഇസ്രോ ചിട്ടയോടും കരുതലോടും ഒരുമയോടും പണിയെടുത്തു ചന്ദ്രനിൽ എത്തിയപ്പോൾ മറ്റവർ അതുപൊലെതന്നെ ചിട്ടയോടും കരുതലോടും ഒരുമയോടും പണിയെടുത്തു സ്വന്തം കീശയും സ്വന്തക്കാരുടെ കീശയും വലുതാക്കി. വോട്ടു ചെയ്തു ജയിപ്പിച്ചവരെ പാതാളത്തിൽ എത്തിച്ചു. ഒന്നുയർച്ചയും മറ്റേതു താഴ്ച്ചയും. മിത്തിൻ്റെ പേരിൽ സ്വത്തുണ്ടാക്കാനും, സ്വത്തിൻ്റെ പേരിൽ മിത്തുണ്ടാക്കാനും മിടുക്കുള്ളവരെ എന്ത് പറയാനാണ്. സത്യത്തിൽ ജനങ്ങളുടെ ജീവിതമാണ് മിത്തായിക്കൊണ്ടിരിക്കുന്നതു. എന്താണ് സത്യമെന്നും മിഥ്യയെന്നും അറിയാതെ അലയുന്നു. സാധാരണ ജനങ്ങളെക്കുറിച്ചതാണ് പറഞ്ഞു വന്നത്. പ്രബുദ്ധർക്കും ബുദ്ധിജീവികൾക്കും എല്ലാം അറിയുന്നതാണല്ലോ! തടയുന്ന ചില്വാനത്തെയും ഭയത്തിനെയും പ്രതി മിണ്ടാട്ടമില്ലാത്തതു കുറ്റമല്ല. ഇല്ലാത്തതു പറയുന്നത് തെറ്റുമല്ല. എല്ലാം മിത്തിനും സയന്റിഫിക് ‌ റ്റെമ്പറിനും ഇടയിലുള്ള എന്തൊക്കയോ ഇസങ്ങളല്ലേ!

ഇനിയുള്ള പ്രതീക്ഷ പ്രാഗ്നനാന്ദമാരിലാണ്. ഇവരുടെ ബുദ്ധിയിലും യുക്തിയിലും വേണം 76 വർഷമായി ഇന്ത്യയെ കാർന്നുതിന്നുന്നവരെ, അവരുടെ പൊളിറ്റിക്കൽ മിത്തോളജിക്കളെ അടിച്ചുതകർക്കാൻ. അവർ വേണം പുതിയ ഇന്ത്യയെ നിർമ്മിക്കാൻ, ഇസ്രോയെ ഇറാൻഡലിൽ (Earendel- a star 12.9 billion light years away) എത്തിക്കാൻ.

ആനന്ദത്തിൽ നിന്നും പ്രാഗ്നാനന്ദം വരെയെത്തി, ഇനി പരമാനന്ദത്തിലേക്കെത്താൻ അധികം വൈകില്ല!


സുമേഷ് രാമചന്ദ്രൻ

നഷ്ടങ്ങളുടെ കാട്…..

 











അന്ന് കാട് നിറയെ

മഞ്ഞുപെയ്തിരുന്നു.

നെല്ലി പൂവിടുന്ന

മൃദു സുഗന്ധവുമായി

ഇത്തിരിക്കുഞ്ഞൻ

കാറ്റ് തിരക്കിട്ടോടി

അവൾക്കരികിലെത്തിയണച്ചു നിന്നു….


പുഴയ്ക്കരികിലെ

കരിവീട്ടിയുടെയോരം

ചേർന്ന് നിൽക്കുന്നൊരാ

നെല്ലിപ്പെണ്ണൊരായിരം

പൂക്കുഞ്ഞുങ്ങളെ പെറ്റ

കഥ പറഞ്ഞവളുടെ ചുരുൾമുടിയിൽ

തഴുകി അങ്ങേക്കാട്ടിലേക്ക് പോയി…..


പളുങ്കുമണികൾ പോലെ

ചിരിക്കുന്ന നെല്ലിക്കായ്കളിൽ മഴത്തുള്ളികൾ

ഉമ്മവച്ചോടി മറയുന്നതു നോക്കിനിൽക്കെ

എന്തിനെന്നറിയാതെയവളുടെ

മിഴിക്കോണിൽ

നീർമണികൾ തുളുമ്പി…..


രാവറുതിയിൽ പുഴമാറിലെ

ഇരുൾക്കയങ്ങളിൽ

നിന്നുയർന്നകമ്പനങ്ങളൊക്കെയും പുഴപ്പാട്ടെന്ന് പറഞ്ഞ്

കാറ്റ് പൊട്ടിച്ചിരിച്ചു.

മഴ ചൂടിയ

ഇലക്കൈകളിളക്കി

മരച്ചില്ലകളതു കേട്ടാർത്തു ചിരിച്ചു…..


ഒരു തുള്ളി നിലാവിറ്റു വീണൊരു

പാർവണ നിശീഥിനിയിൽ

നിരാസങ്ങളിൽ

വെന്തുരുകിയ ചോലക്കാടുകൾ

പെണ്ണവളിലേക്ക്

സഹതാപത്തോടാഴ്ന്നിറങ്ങി…..


മൺമറയ്ക്കുള്ളിലലിഞ്ഞു

ചേരുമ്പോഴും

പെൺമിഴികളിലൊരു നെല്ലിമരം

പൂത്തു നിന്നിരുന്നു…..


നഷ്ടങ്ങൾ ഇരുളിമ പകർന്ന

കാട്ടിലെ മരത്തലപ്പുകൾ

ചീറിയടിച്ച കാലവർഷക്കാറ്റിലും

ഇളകാനാവാതെ വിതുമ്പി നിന്നു.


അജിത.വി.അമ്പലപ്പുഴ

ശൗചം

 

ചെറ്റപ്പുരയിൽ നിന്നും തീ കടം വാങ്ങിയ ഒരു ബാല്യകാലം തനിക്കുണ്ടായിരുന്നുവെന്ന് അവൾ പറഞ്ഞു.

സർക്കാർ ആശുപത്രിയിൽ നിന്നും കിട്ടിയ കർപ്പൂരാദി തൈലം അഗതിമന്ദിരത്തിൻ്റെ പുറം തിണ്ണയിലിരുന്ന് കാൽവണ്ണയിൽ തടവിക്കൊണ്ടായിരുന്നു അവർ അത് പറഞ്ഞത്.

എൻ്റെ അവസ്ഥയും മറിച്ചായിരുന്നില്ല.

കുളത്തിലെ വെള്ളം കുടിച്ചും തോട്ടിൽ കുളിച്ചും ഒരു ബാല്യം, അയാൾ പറഞ്ഞു.

നമ്മൾക്ക് രണ്ടു കൂട്ടർക്കും പൊതുവായി ഉണ്ടായിരുന്ന ഒരു കാര്യം പറയട്ടെ? ..

പറയണം.

പറയട്ടെ?….

നാണം തോന്നുന്നുണ്ടോ?

എന്തിന്?

ഞാൻ പറയും.

പറഞ്ഞോ….

നമ്മൾ രണ്ടു കൂട്ടരും തൂറിയിരുന്നത് പറമ്പിലായിരുന്നു ..

അതുകൊണ്ടെന്താ..? അയാൾ ചോദിച്ചു.

ഒന്നുമില്ല: നമുക്കിപ്പോ … പൊതു കക്കൂസ് ഉണ്ടായി, ഒരാൾ ഇറങ്ങിയിട്ടു വേണം മറ്റൊരാൾക്കു കയറാൻ.

സർക്കാരിൻ്റെ സൗജന്യമല്ലേ… മിണ്ടാതിരുന്നു തൂറണം.

മകൾക്ക് അമേരിക്കൻ ക്ലോസറ്റാ.. വെള്ളമൊഴിക്കണ്ടാ… തന്നത്താൻ വരും., അവർ പറഞ്ഞു.

എൻ്റെ മകൻ്റെ വീട്ടിൽ ശൗരിച്ചു കൊടുക്കുന്നത് മിഷ്യനാണ്. അയാൾ പറഞ്ഞു.

ഇതൊക്കെ വന്നതിൽ പിന്നെയാണ് നമ്മളൊക്കെ തീട്ടമായത്. അവർ ദീർഘനിശ്വാസത്തോടെ അയാളുടെ മുഖത്തേക്കു നോക്കി.

ദൈന്യതയോടെ അയാൾ പറഞ്ഞു, “എനിക്ക് എന്തെങ്കിലും നിവൃത്തിയുണ്ടായിരുന്നെങ്കിൽ നാലുമടല് ഓല മറച്ച് …? ”

അവർ പറഞ്ഞു “ഇല്ല ഞാൻ വരില്ല…. അവസാന കാലത്ത് മക്കൾക്ക് കൊടുക്കാൻ ഒരു ശവം ബാക്കിയുണ്ടാവണം.. ആർക്കും ഒരു ബാധ്യതയും വരുത്താതെ .. ”

അപ്പോൾ അയാളുടെ കണ്ണു നിറഞ്ഞു. അയാൾ പറഞ്ഞു “ഞാൻ വെറുതെ പറഞ്ഞതാ എൻ്റെ ശരീരം പിള്ളേർക്കു പഠിക്കാൻ കൊടുക്കണം.. ഒരു പക്ഷേ.. പഠിക്കാൻ എൻ്റെ കൊച്ചുമക്കളും ഉണ്ടായിയെന്നിരിക്കും… അവർക്കു വേണ്ടി.. എന്തെങ്കിലും ചെയ്യണം.”

മണിയടിച്ചു…..

കഞ്ഞിക്കുള്ള സമയമായി.. അയാൾ അവരുടെ കൈ പിടിച്ച് എഴുന്നേൽപ്പിച്ച് … രണ്ടു … പാത്രവുമായി … വരാന്തയിൽ … നിരതെറ്റിക്കാതെ… നിസ്സംഗതരായി.. നിറഞ്ഞ കണ്ണോടെ ..ആരെയും പ്രതീക്ഷിക്കാതെ …..


ആർ.എസ്. പണിക്കർ

ചരിത്രവും സൗന്ദര്യവും ഇഴചേർന്ന് വരയ്ക്കപ്പെട്ട ഒരു ക്യാൻവാസ് – കൊണാർക്

 



സൂര്യൻ അതിന്റെ സ്വർണ്ണ വർണ്ണങ്ങൾ വിതറി ഉദിച്ചു വരുമ്പോൾ അതിന്റെ വെളിച്ചതിനൊപ്പം ഉദിച്ചു വരാതെ കാലക്രമേണ അസ്തമിച്ചു പോയ ഒരു സാമ്രാജ്യത്തിന്റെ പ്രവേശന കവാടത്തിൽ കൈകൾ ചുമരുകളിൽ ചേർത്ത് നിർത്തി നോക്കി നിൽക്കുന്നു. പുരാതന അത്ഭുതങ്ങളുടെയും വാസ്തുവിദ്യാ മാതൃകയുടെയും ഈറ്റില്ലം ആയ കൊണാർക്. ഭൂതകാലത്തിന്റെ വശീകരിക്കുന്ന കഥകൾ പേറുന്ന കല്ലുകൾ, കവാടങ്ങൾ, ശില്പ ചാരുതകൾ.

കൊണാർക്കിലെ സൂര്യ ക്ഷേത്രം, ഇന്ത്യയിൽ ഒഡിഷയിൽ സ്ഥിതി ചെയ്യുന്ന കൊണാർക് സൂര്യ ക്ഷേത്രം, മധ്യകാല വാസ്തുവിദ്യയുടെ അതിശയിപ്പിക്കുന്ന ഒരു മാസ്റ്റർപീസ് ആണ്. UNESCO യുടെ ലോക പൈതൃക പട്ടികയിൽ ഇടം നേടിയ നിർമ്മിതി കൂടിയാണ് ഈ സൂര്യ ക്ഷേത്രം. കിഴക്കൻ ഗംഗ രാജവംശത്തിലെ രാജാവായ നരസിംഹദേവൻ ഒന്നാമന്റെ കാലത്ത്, പതിമൂന്നാം നൂറ്റാണ്ടിലാണ് ഈ ചരിത്രം ആരംഭിക്കുന്നത്. മാർബിളുകളിൽ കൃത്യമായി ആലേഖനം ചെയ്യപ്പെട്ട ചരിത്രം യാത്രികർക്ക് വായിച്ചു മനസിലാക്കാൻ അവസരം നൽകുന്നു. അല്ലാത്തവർക്ക് വേണമെങ്കിൽ ഗൈഡ്മാരുടെ സഹായവും തേടാവന്നതാണ്. എന്തായാലും ഗൈഡ്മാരെ തത്കാലം അടുപ്പിച്ചില്ല, ചരിത്രം സ്വയം അന്വേഷിച്ചു അറിയാം എന്ന് കരുതി.

ഏകദേശം 1250 CE യിൽ നിർമ്മാണം ആരംഭിച്ച ഈ ക്ഷേത്രം പൂർത്തിയാകാൻ നീണ്ട 12 വർഷങ്ങൾ എടുത്തു എന്നാണ് ചരിത്രങ്ങൾ പറയുന്നത്. കല്ലുകളിൽ കൊത്തിയെടുത്ത 24 ചക്രങ്ങൾ ഉള്ള ഒരു രഥം 7 കുതിരകൾ വലിക്കുന്ന മാതൃകയിൽ ആണ് സൂര്യ ക്ഷേത്രം രൂപകല്പന ചെയ്തിരിക്കുന്നത്. സൂര്യ ദേവന് സമർപ്പിച്ച ഈ ക്ഷേത്രം, സൂര്യ ദേവൻ തന്റെ രഥത്തിലൂടെ ആകാശത്തിൽ സഞ്ചരിക്കുന്ന ഒരു ചിത്രം ആണ് ഇത് നൽകുന്നത്. സൂര്യക്ഷേത്രത്തിന്റെ ചുവരുകളും തൂണുകളും മനോഹരമായ കൊത്തുപണികൾ കൊണ്ട് അലങ്കരിച്ചിരിക്കുന്നു. ഹൈന്ദവ ആചാര കഥകൾ, മൃഗങ്ങൾ, ആകാശ ജീവികൾ, നർത്തകിമാർ അങ്ങനെ നൂറ് കണക്കിന് കൊത്തുപണികൾ ഓരോ തൂണും മനോഹരമാക്കുന്നു. മിഥുനങ്ങൾ എന്നറിയപ്പെടുന്ന ശൃംഗാര ശിൽപ്പങ്ങളാണ് ഇവയിൽ പ്രധാന ആകർഷണം. ആ കാലത്തെ സാമൂഹിക സാംസ്‌കാരിക മണ്ഡലങ്ങളിലേക്ക് ഇവ നമ്മെ നയിക്കുന്നു.

സൂര്യക്ഷേത്രത്തിന്റെ മനോഹരമായ കൽപാതകളിൽ കൂടിയും പുൽ തകിടികളിൽ കൂടിയും നടക്കുമ്പോൾ അതിന്റെ വിസ്മയിപ്പിക്കുന്ന സൗന്ദര്യം നമ്മെ വല്ലാതെ ആലിംഗനം ചെയ്യും. ജീവനുള്ള കല്ലുകൾ ആയി കാണാം ഓരോ നിർമ്മിതിയും. ഓരോ അടി വെച്ച് ക്ഷേത്രം വലം വയ്ക്കുമ്പോൾ കരകൗശലത്തിന്റെയും അതേ സമയം ആത്മീയതയുടെയും ഒരു നിഴൽ നമ്മെ നയിക്കുന്നതായി തോന്നാം.

പത്ത് രൂപാ നോട്ടിൽ നമ്മൾ കണ്ട വലിയ കൽ ചക്രം നേരിൽ കണ്ട് ഫോട്ടോ പകർത്താൻ ഉള്ള യാത്രികരുടെ ശ്രമങ്ങൾ കാണാൻ പറ്റും. നൂറ് കണക്കിന് ആളുകൾ ഒരേ സമയം ഇതിനെ വലം വെച്ചുകൊണ്ടിരിക്കുന്നു എങ്കിലും വല്ലാത്തൊരു ശാന്തതയും സമാധാനവും അവിടെങ്ങും നിഴലിക്കുന്നുണ്ട്.

ഒപ്പം വല്ലാതെ വിഷമം തോന്നിയ ചില കാര്യങ്ങൾ പറയാതെ വയ്യ, സദാചാരത്തിന്റെ അന്ധത ബാധിച്ച മനുഷ്യർ തകർത്തു കളഞ്ഞ ചില ശിൽപ്പങ്ങൾ ഈ കൂട്ടത്തിൽ കാണാം. മനോഹരമായ സ്ത്രീ രൂപങ്ങൾ തകർത്തു വികൃതം ആക്കിയ അവസ്ഥയിൽ. നൂറ്റാണ്ടുകൾ പഴക്കമുള്ള മനോഹരമായ ഈ ശിൽപ്പങ്ങൾ നിസ്സാരമായി നശിപ്പിച്ചു കളയാൻ എങ്ങനെ സാധിക്കുന്നു എന്ന തോന്നൽ ആണ് ഏറ്റവും സങ്കടം ഉണ്ടാക്കിയത്.

കൊണാർക്കിലെ ഈ സൂര്യ ക്ഷേത്രം ഒരത്ഭുതം ആണ്. വാസ്തു, ആത്മീയത, ശില്പചാരുത അങ്ങനെ ഓരോ ഭാഗവും ഏറ്റവും മനോഹരമായി പൂർത്തിയാക്കപ്പെട്ട ഒരു വലിയ രഥം.

ഏഴ് കുതിരകളാൽ വലിക്കപ്പെടുന്ന മഹാ രഥം.

സൂര്യക്ഷേത്രത്തിൽ നിന്ന് പുറത്തേക്ക് ഇറങ്ങുമ്പോൾ ആ ലോകം ആകെ മാറുന്നതായി കാണാം. ഒരു കവാടത്തിന് ഇപ്പുറത്ത് കാണുന്ന മാറ്റങ്ങൾ വലുതാണ്. ശാന്തതയും സമാധാനവും നിറഞ്ഞ ഒരു അന്തരീക്ഷം പെട്ടന്ന് കച്ചവട തിരക്കുകളിലേക്കും വാഹനങ്ങളുടെ ശബ്ദങ്ങളിലേക്കും വഴി മാറും.

തിരികെ ഭുവനേശ്വർ ലക്ഷ്യമാക്കി ബസ്സ് കയറുമ്പോൾ മനസ്സിൽ ഇങ്ങനെ തോന്നുന്നു, ഒരു ദിവസത്തെ ചുരുക്കം മണിക്കൂറുകൾ മാത്രം നീണ്ടു നിൽക്കുന്ന ഒരു വലം വയ്ക്കൽ ഈ ക്ഷേത്രത്തെ മനസിലാക്കി എടുക്കാൻ പോരാതെ വരുന്നു. ഓരോ തൂണുകൾക്കും, ചുവരുകൾക്കും അവയിലെ ഓരോ ശിൽപ്പങ്ങൾക്കും ചിത്രങ്ങൾക്കും പറയാൻ കഥകൾ ഏറെയാണ്.

കൊണാർക്കിലൂടെ ഉള്ള എന്റെ യാത്ര അവസാനിക്കുമ്പോൾ കലയുടെയും വാസ്തുവിദ്യയുടെയും പ്രകൃതിയുടെയും തടസ്സമില്ലാത്ത ബന്ധങ്ങളോടുള്ള അഗാധമായ ഒരു പ്രണയം തോന്നും. യാത്രകളിൽ കണ്ട് പോരേണ്ട വെറും ഒരു ലക്ഷ്യസ്ഥാനം മാത്രമല്ല കൊണാർക്, ചരിത്രവും സൗന്ദര്യവും ഇഴചേർന്ന് വരയ്ക്കപ്പെട്ട മനോഹരമായ ഒരു ക്യാൻവാസ് ആണ്, അല്ലെങ്കിൽ മനോഹരമായ് ഇരുവതും കൈകോർത്ത് ആടുന്ന ഒരു നൃത്തമാണ്. കൊണാർക് ഒരു ടൈം ക്യാപ്സുൾ ആണ്. സൂര്യനെ ചുംബിക്കുന്ന ക്ഷേത്രവും അതിലെ ഓരോ ഫലകങ്ങളും പറഞ്ഞു തരുന്ന കഥകൾ നൂറാണ്. കൊണാർക്ക് സൗന്ദര്യാത്മകതയുടെ ആത്മാവിനുള്ള ഒരു നിധിശേഖരമായി തുടരുന്നു, ഇന്ത്യയുടെ സമ്പന്നമായ സാംസ്കാരിക രേഖയുടെ ഹൃദയത്തിലേക്കുള്ള ഒരു യാത്ര.

ശേഷിക്കുന്ന കഥകൾ തേടി ഇനിയും പലയാവർത്തി കൊണാർക് തേടി വരേണ്ടതുണ്ട്.


ശ്യാം സോർബ

നീലപ്പരുന്ത്‌ : ഹരിത ആർ.

 

ഈ പുസ്തകത്തിലേക്കു ഞാൻ എത്തി ചേരുവാൻ ആയി എടുത്തിട്ടുള്ളത് ഒന്നര വർഷത്തോളം സമയം ആയിരുന്നു.. കെട്ടറിഞ്ഞതു എല്ലാം തന്നെ വായനയിലേക്കു കൊണ്ടുവരുവാൻ ആയി വീണ്ടും കുറെ നാളുകൾ..

ഒടുവിൽ ഇന്ന് വായിച്ചറിഞ്ഞപ്പോൾ, ഈ നോവലിനെ കുറിച്ചു കേട്ടറിഞ്ഞ പോസറ്റിവും നെഗറ്റിവും ആയ വസ്തുതകളിൽ ചിലതെല്ലാം ശരിയും ചിലതെല്ലാം തെറ്റും ആയിരുന്നെന്ന് കൂടെ അറിഞ്ഞു..

പൂർണ്ണമായും ഇതൊരു സ്ത്രീ പക്ഷ നോവലോ പുരുഷ വിദ്വേഷ നോവലോ ആയിരുന്നില്ല, പകരം പ്രണയത്താൽ മുറിവേറ്റ ഒരു പെണ്ണിന്റെ തീരാ പകയുടെ ബാക്കി ചിത്രം ആയിരുന്നു.. അതിലേക്കു അവളെ നയിച്ച ഘടകങ്ങളും അവസ്ഥകളും സർവോപരി അവളിലെ സ്ത്രീത്വവും… ഒപ്പം ഒരു പറ്റം ദുരൂഹമായ കെട്ടുകഥകളും…

ഏറ്റവും അടുത്ത ഒരു സുഹൃത്ത് ഈ പുസ്തകം എനിക്ക് മുൻപേ വായിച്ചറിഞ്ഞതിനു ശേഷം പറഞ്ഞതു, ഒരു ഫെമിനിസ്റ്റ് ചിന്താഗതികാരിയുടെ എഴുത്തു രൂപം എന്നായിരുന്നു. പക്ഷെ എത്ര കണ്ടു അതു ശരിയാണെന്ന് ഞാൻ ഇപ്പൊ പറയുന്നില്ല..

പുസ്തകത്തിൽ പുരുഷ വിദ്വേഷ പരാമർശം ഉണ്ടെങ്കിൽ കൂടെ, അതു നോവലിന്റെ സുഖമമായ സഞ്ചാര പാതക്ക് വേണ്ടി ക്രിയേറ്റ് ചെയ്ത പോലെ ആണ് എനിക്ക് അനുഭവപ്പെട്ടിട്ടുള്ളത്.. ഓരോരുത്തർക്കും ഓരോ രീതിയിൽ അല്ലെ ആസ്വാദനം ഉണ്ടാവുക..

അതേ സമയം അന്ധമായ പ്രണയത്തിനാൽ മുറിവേറ്റ ഒരുവളെയും ഞാൻ കണ്ടിരുന്നു..

നോവലിന്റെ സ്വഭാവം എടുത്തു വെച്ചാൽ, തീക്ഷ്ണമായ അതിനേക്കാൾ ദുരൂഹമായ ഒരു ലക്ഷ്യത്തിനു വേണ്ടി ഉള്ള ചിലരുടെ യാത്രകൾ, അതിൽ പാതി വഴിയിൽ വീണു പോയവരും, ആ വീഴ്ചയിൽ നിന്നു ഉയർത്തെഴുനേറ്റവരും ഉണ്ടായിരുന്നു.. ചിലരെല്ലാം ധൂമം പോലെ മായ്ഞ്ഞു പോയിട്ടും ഉണ്ടായിരുന്നു.. അവരിലേക്കുള്ള അന്വേഷണം എന്നു കൂടെ വേണമെങ്കിൽ പറയാം..

ഇതിക ദൂദ് എന്നു പേരുള്ള ഒരു അഭിസാരികയുടെ ജീവിതത്തെ കുറിച്ചു പഠിച്ചു പ്രബന്ധം തയ്യാറാക്കുവാൻ എത്തുന്ന കുറച്ചു കോളേജ് കുട്ടികളിൽ കൂടെ ആയിരുന്നു നോവൽ ആരംഭിക്കുന്നത്..

അവരുടെ ജീവിതത്തിൽ നിന്ന് തങ്ങൾക്കു ആവശ്യമുള്ള കണ്ടെന്റ് കിട്ടില്ല എന്നു ഉറപ്പാവുന്ന കുറച്ചു കുട്ടികൾ പാതി വഴിക്ക് വെച്ചു പിന്മാറുന്നു, എന്നാൽ നൈനിക എന്ന വിദ്യാർത്ഥി മാത്രം ആ പഠനത്തിൽ തുടർന്നും നില കൊള്ളുന്നു..

ഒരു സ്ത്രീയെ ഒരിക്കലും ഒരു പുരുഷന് പൂർണ്ണമായും മനസിലാവില്ല എന്ന തത്വത്തിൽ നിന്നും ആണ് തുടർന്നുള്ള നോവലിന്റെ യാത്ര..

അതു ചെന്നെത്തി നിൽക്കുന്നത് ലിപിക നേത്ര എന്ന ലേഖികയിലേക്കും..

അവളുടെ പ്രണയം ആയിരുന്ന അനിരുദ്ധനിലേക്കും..

അവിടെ തീവ്രമായ ഒരു പ്രണയത്തിന്റെ ചിത്രം നിർമ്മിതമാവുന്നത് കാണുകയും, ഒരേ സമയം പരിഗണിക്ക പെടാത്ത ഭാര്യ എന്ന പദവിയും, മറ്റൊരുവനാൽ പ്രണയിക്കപ്പെടുന്ന സ്ത്രീ ആയും ലിപിക ജീവിക്കുന്നു..

അവിടെ നിന്നും നൈനിക എന്ന വിദ്യാർഥിനിയിലേക്കു ചെന്നെത്തി നിന്നാൽ, അവളുടെ ഗവേഷണം എന്നതിന് പിറകിൽ കൃത്യമായ ഒരു ലക്ഷ്യം ഉണ്ടായിരുന്നു..

ഒരു പക്ഷെ ആകാശത്തെ ചുറ്റി വട്ടമിട്ടു പറക്കുന്ന നീലപരുന്തിനെ കെണി വെച്ചു പിടിക്കുക എന്ന പോലെ..

മുറിവേറ്റ മനസിൽ നിന്നു പുറപ്പെടുന്ന തീരുമാനങ്ങളിൽ ദൈവത്തിനു പോലും കൈ കടത്താൻ അവകാശമില്ലന്നു ഓർമിപ്പിക്കുക കൂടെ ആയിരുന്നു തുടർന്നങ്ങോട്ടുള്ള നോവലിന്റെ സഞ്ചാര പാതയിൽ കൂടെ എഴുത്തുകാരി…

ഇടക്ക് മാധവി കുട്ടിയുടെ എഴുത്തുകളിലൂടെയും ചാരുലതയിൽ കൂടെയും നോവൽ സഞ്ചരിച്ചപ്പോഴും, അളവിൽ അധികമായി കടന്നു വന്ന ലൈംഗികതയും ഒട്ടും മുഷിപ്പിക്കുന്നില്ലയിരുന്നു…

പകരം അവയെല്ലാം അവളുടെ മനസിന്റെ പ്രതികാര ഭാവത്തെ ആയിരുന്നു മുൻ തൂക്കം നൽകി പ്രദർശിപ്പിച്ചത്…

ഒടുവിൽ ക്ളൈമാക്സിൽ വന്ന ട്വിസ്റ്റും, അമ്പരപ്പിക്കുന്ന വെളിപ്പെടുത്തലും മികവുറ്റ അനുഭവവും തന്നെ നൽകി എന്നു പറഞ്ഞു നിർത്തട്ടെ…

ഒരു പക്ഷെ ഈ നോവൽ എനിക്ക് മുൻപ് തന്നെ നിങ്ങൾ എല്ലാരും വായിച്ചറിഞ്ഞിട്ടുണ്ടാകും, എന്നാലും ഒരാളെങ്കിലും വായിക്കാതെ ഉണ്ടെങ്കിൽ അയാൾക്ക്‌ ഈ പുസ്തകം വായിക്കുവാൻ ഈ കുറിപ്പു ഉപകാരപ്പെടുമെങ്കിൽ ….


ജാമി

ശരീരഭാഷ

 

ശരിയായ ആശയവിനിമയത്തിന് നമുക്ക് ഭാഷകൾ അനിവാര്യമാണ്. എന്നിരിക്കിലും അവയുടെ സഹായ ശതമാനം ഇക്കാര്യത്തിൽ വളരെക്കുറച്ചു മാത്രമേയുള്ളൂ എന്ന് പറയാതിരിക്കുവാൻ കഴിയുകയില്ല. സംസാരിക്കുവാൻ കഴിവില്ലാത്തവർ ആശയവിനിമയം നടത്തുന്നത് ഇതിനൊരുദാഹരണമാണല്ലോ? എന്നാൽ നമ്മുടെ ശരീരത്തിന് സ്വന്തമായി ഒരു ഭാഷയുണ്ടെന്ന് അധികമാർക്കും അറിയില്ല. അത് ലോകത്തിലെല്ലായിടത്തും ഒരുപോലെ തന്നെയാണ്. നമ്മൾ നമ്മളറിയാതെ മറ്റുള്ളവരുമായി ആശയവിനിമയം നടത്തുന്നുണ്ട്.

വിവരകൈമാറ്റത്തിനുപയോഗിക്കുന്ന ശാരീരിക സ്വഭാവങ്ങളാണ് ശരീര ഭാഷ എന്നതുകൊണ്ടുദ്ദേശിക്കുന്നത്. ഒരാൾ കൈകാട്ടി വിളിക്കുമ്പോൾ നമ്മൾ അതിനോട് പ്രതികരിക്കുന്നത് ശരീര ഭാഷ മാത്രമുപയോഗിച്ചാണ്. ഇത്തരം ചില ഭാഷകൾ നമുക്ക് പരിചിതമാണ്. അതെ, അല്ലെങ്കിൽ അല്ല, എനിക്ക് മനസ്സിലാകുന്നു എന്നെല്ലാം മുഖഭാഷയിലൂടെ നമ്മൾ ദിവസവും ആവർത്തിക്കുന്നുണ്ട്. അതല്ലാതെ നമുക്ക് മനസ്സിലാകാത്ത ചില ഭാഷകളും ശരീരം വിളിച്ചറിയിക്കുന്നുണ്ട്. അത് ശരീരഭാഷാപാണ്ഡിത്യം ഉള്ളവർക്ക് മാത്രം തിരിച്ചറിയുവാൻ കഴിയുന്നതാണ്. അത് ശരീരത്തിന്റെ അംഗ വിന്യാസമാകാം, ചേഷ്ടയാകാം, കണ്ണുകളുടെ ചലനമാകാം, സ്പര്ശനമാകാം, മുഖഭാവനകളാകാം.

മുഖഭാവങ്ങൾ എന്നാൽ മുഖത്തെ അവയവങ്ങളുടെ ആകെ പ്രവർത്തനമാണ്. കണ്ണുകൾ, പുരികങ്ങൾ, ചുണ്ടുകൾ, മൂക്ക്, കവിളുകൾ എല്ലാം ചുറ്റുപാടുകളോട് സംവേദിച്ചുകൊണ്ടിരിക്കുന്നു. ഒരാൾ ദേഷ്യത്തിലാണോ, സങ്കടത്തിലാണോ എന്ന് ഇവയുടെ ചലനങ്ങളിൽ നിന്നും കുട്ടികൾ പോലും മനസ്സിലാക്കിയെടുക്കാറുണ്ട്. ഒരാളുടെ ഭയവും ഇങ്ങനെ ഇങ്ങനെത്തന്നെയാണ്. നിരന്തരമായ നിരീക്ഷണങ്ങളിലൂടെ ചിലകാര്യങ്ങളെല്ലാം കണ്ടുപിടിക്കുവാൻ മിക്കവർക്കും സാധിക്കും.

ഒരാളുടെ ഇരുപ്പോ നിൽപ്പോ എന്തുമാകട്ടെ, അത് അയാളുടെ ചില സ്വഭാവങ്ങൾ വിളിച്ചറിയിച്ചുകൊണ്ടിരിക്കുന്നു. അയാളുടെ കൈകാലുകൾ, വിരലുകൾ തുടങ്ങിയവയുടെ സ്ഥാനം, ചലനം തുടങ്ങിയവ മൂലമായിരിക്കും ഇത് സാധ്യമാകുക. ഇവയുടെ ചലനങ്ങൾ ഇച്ഛാപൂർവ്വമോ അനിച്ഛാപൂർവ്വമോ ആയിരിക്കുമല്ലോ? ഇതെല്ലാം അയാളുടെ ചില രഹസ്യങ്ങൾ മറ്റുള്ളവരോട് വിളിച്ചോതുക തന്നെയാണ്.

ഒരു സംഭാഷണത്തിൽ ഒരാൾ മടക്കിയ കൈകളോടെ നടക്കുകയോ, നിൽക്കുകയോ, ഇരിക്കുകയോ ആകട്ടെ, അയാൾക്ക് ഈ സംഭാഷണത്തിൽ താൽപര്യമില്ല അല്ലെങ്കിൽ അതിനെക്കുറിച്ചുള്ള കാര്യങ്ങൾ അയാൾ മനസ്സിൽ അവസാനിപ്പിച്ചു കഴിഞ്ഞു എന്നാണർത്ഥം. അതുപോലെ ഒരാൾ കൈകൾ ഒന്നിന് കുറുകെ ഒന്നായി ക്രോസ് ചെയ്ത് ആണ് നിൽക്കുന്നതെങ്കിൽ അയാൾക്ക് ആത്മവിശ്വാസക്കുറവുണ്ട് എന്നോ സുരക്ഷാ കുറവുണ്ട് എന്നോ ആണ് അർത്ഥമാക്കേണ്ടത്. അതിന്റെ വ്യത്യാസം തിരിച്ചറിയുവാൻ സഹായിക്കുന്ന മറ്റു ശരീര ഭാഷകളുമുണ്ടാകും.

ഒരാളുടെ ഹസ്തദാനത്തിനു പോലും പറയുവാനുണ്ട് പല കഥകളും. ഹസ്തദാനത്തിന്റെ ശക്തി, എടുക്കുന്ന സമയം, സ്പർശിക്കുന്ന ഭാഗങ്ങൾ തുടങ്ങിയവയെല്ലാം ദാതാവിന്റെ മനസ്സ് സ്വീകർത്താവിനെ അറിയിക്കുന്നുണ്ട് എന്ന് നമ്മൾ അറിയണം. നമ്മുടെ ശാസോച്ഛാസം പോലും നമ്മുടെ ചില വിവരങ്ങൾ മറ്റുള്ളവരുമായി കൈമാറിക്കൊണ്ടിരിക്കുകയാണെന്നും ഓർക്കണം. ഒരു ഭാര്യയും ഭർത്താവും നടന്നുപോകുന്ന രീതികളിൽ നിന്നുപോലും ഒരു നിരീക്ഷകന് അവരുടെ മാനസിക അടുപ്പമോ അകൽച്ചയോ കണ്ടെത്താനാകും. അതുപോലെ തന്നെയാണ് ഒരാൾ നിക്കുന്ന അകലം, ശബ്ദത്തിന്റെ വ്യത്യാസങ്ങൾ തുടങ്ങിയവയും.

ഇത്രയും കാര്യങ്ങൾ ഞാനിവിടെ സൂചിപ്പിച്ചത്, നാം ഓരോരുത്തരും അറിയാതെ അപരിചിതരോട് സംവദിച്ചുകൊണ്ടിരിക്കുകയാണെന്ന് ഓർമ്മിപ്പിക്കുന്നതിനു വേണ്ടിയാണ്. നമ്മുടെ ഭയം, പരിചയക്കുറവ് തുടങ്ങിയവ മറ്റുള്ളവർക്ക് എളുപ്പത്തിൽ മനസ്സിലാക്കുവാനും മുതലെടുക്കുവാനും കഴിയും. ഒരഭിമുഖ പരീക്ഷക്ക് പോകുമ്പോഴും നാം അറിയാതെ മനസ്സ് തുറക്കുന്നുണ്ട് എന്നും അറിയണം.

ഇക്കാരണങ്ങൾ കൊണ്ടുതന്നെ നാമെല്ലാവരും ശരീരഭാഷയെക്കുറിച്ചു ബോധവാന്മാരാകേണ്ടിയിരിക്കുന്നു. സാഹചര്യങ്ങൾക്കനുസരിച്ചു ശരീരഭാഷ മാറ്റുവാൻ സാധിക്കുമെങ്കിൽ ചിലർക്കെങ്കിലും അതിന്റെ പ്രയോജനം ലഭിക്കാതിരിക്കുകയില്ല. ഞാൻ ഇവിടെ വിവരിച്ചത് മാത്രമാണ് ശരീരഭാഷ എന്നര്ത്ഥമാക്കേണ്ടതില്ല. നൂറു കണക്കിന് ശരീര ഭാഷകൾ കണ്ടെത്തിയിട്ടുണ്ട്. കണ്ടെത്തിക്കൊണ്ടുമിരിക്കുന്നു.


ഡോ സുനീത് മാത്യു