2024 ഫെബ്രുവരി 29, വ്യാഴാഴ്‌ച
മുഖമൊഴി
അധിവർഷ ദിനവുമായാണ് ഈ വർഷം ഫെബ്രുവരി എത്തിയിരിക്കുന്നത്. കഴിഞ്ഞ വർഷവുമായി നോക്കുമ്പോൾ ഒരു ദിവസം അധികമായി ലഭിക്കും. ചിലർക്കത് ഉപകാരവും ചിലർക്ക് പാരയുമാകാം. പറഞ്ഞു വരുന്നത് അധിവർഷത്തെക്കുറിച്ചല്ല.
ഫെബ്രുവരിയ്ക്കു ഈ പേര് കിട്ടിയത് ഫെബ്രും എന്ന ലാറ്റിൻ പദത്തിൽ നിന്നാണ്. പ്യൂരിഫിക്കേഷൻ അഥവാ ശുദ്ധീകരിക്കൽ എന്നാണ് ഈ വാക്കിന്റെ അർഥം. ഇക്കാലത്ത് സാമൂഹിക മാധ്യമങ്ങളിൽ വരുന്ന ചില പോസ്റ്റുകളും കമന്റുകളും കാണുമ്പോൾ നാം വളരെയധികം ശുദ്ധീകരിക്കപ്പെടേണ്ടതുണ്ട് എന്ന തോന്നൽ ഉണ്ടായി. അതുകൊണ്ടുതന്നെ ഇക്കാര്യം എഴുതാൻ ഏറ്റവും നല്ല മാസം ഫെബ്രുവരി തന്നെ.
മത, രാഷ്ട്രീയ വെറി ഇത്രയധികം രൂക്ഷമായത് വളരെ അടുത്ത കാലങ്ങളിൽ ആണ് എന്നു തോന്നുന്നു. ഒരു പക്ഷെ സാമൂഹിക മാധ്യമങ്ങൾ നമ്മുടെ മേൽ ആധിപത്യം സ്ഥാപിച്ചതിനു ശേഷമാകണം. അതു കൊണ്ട് തന്നെ ഇത്തരം മാധ്യമങ്ങളുടെ ചില അപാകതകളെങ്കിലും നാം മനസ്സിലാക്കിയിരിക്കണം. അതിൽനിന്നെങ്കിലും ശുദ്ധീകരിക്കപ്പെടുവാൻ ഈ മാസം നമുക്കവസരമുണ്ടാകട്ടെ.
സൈബർ ബുള്ളിയിങ്ങ് എന്ന ഭീഷണികൾ ആണ് ഏറ്റവും പ്രധാനം. ആളുകളെ കരിവാരിത്തേക്കുവാനും, ഭീഷണിപ്പെടുത്തുവാനുമുള്ള ഒരു ഇടം കൂടിയായി ഇത് മാറിക്കഴിഞ്ഞിരിക്കുന്നു. ഒരു വ്യാജ മേൽവിലാസത്തിൽ ഒളിച്ചിരുന്നു എന്തു ഹീനപ്രവർത്തിയും ചെയ്യാം എന്നു ചിലരെങ്കിലും കരുതുന്നു.
തെറ്റായ വിവരങ്ങൾ ശരിയെന്നു തോന്നുന്ന വിധം പ്രചരിപ്പിക്കുന്നതാണ് അടുത്ത പ്രശനം. ഇത്തരം തെറ്റായ വാർത്തകൾ ആധികാരികത അന്വേഷിക്കാതെയോ, അറിയാതെയോ വളരെയധികം മീഡിയകളിൽ പ്രചരിക്കപ്പെടുന്നു. പല മാധ്യമങ്ങളിൽ കാണുന്നതോടെ അത് അധികാരികമായി മിക്കവർക്കും തോന്നുകയും ചെയ്യുന്നു. ജാതി മത, രാഷ്ട്രീയ വെറി പടർത്തുന്നതിനും, വ്യക്തിഹത്യയ്‌ക്കും മറ്റും കരുതിക്കൂട്ടി ചെയ്യുന്ന ഒരു പ്രവൃത്തിയാണിത്. ഇത്തരം വാർത്തകൾ പടർത്തുന്നതിനു തന്നെ ആളുകൾ ഉണ്ട് എന്ന് നാം അറിഞ്ഞിരിക്കണം.
സാമൂഹിക മാധ്യമങ്ങൾ നമ്മുടെ സാമൂഹിക ബന്ധങ്ങൾ വളർത്തുന്നുണ്ടെങ്കിലും, ഇത്തരം മീഡിയകളോടുള്ള ആസക്തി നമ്മുടെ ശരിയായ ബന്ധങ്ങളിൽ വിള്ളലുകൾ ഉണ്ടാക്കുന്നുണ്ട് എന്നതും സത്യമാണ്. പലപ്പോഴും ഇത്തരം ആസക്തികൾ യഥാർത്ഥത്തിൽ ചെയ്യുന്നത് സാമൂഹിക ഒറ്റപ്പെടുത്തലുകൾ തന്നെയാണ്.
ഇനിയും ധാരാളം ദോഷവശങ്ങൾ എഴുതാനുണ്ട്. ഇങ്ങനെ എഴുതുന്നതിന്റെ അർഥം സാമൂഹിക മാധ്യമങ്ങൾ മോശമാണ് എന്നല്ല. അതിനു ധാരാളം നല്ല വശങ്ങളുമുണ്ട്. ഇതിന്റെ ശരിയും തെറ്റും മനസ്സിലാക്കി പ്രവർത്തിക്കേണ്ടത് നമ്മൾ ആണ്. ആ ശുദ്ധികലശം നമുക്കാരംഭിക്കാം.
ഡോ. സുനീത് മാത്യു
ഒരുവട്ടംകൂടി…
ട്വൽത് ഫെയിൽ (12 Fail) എന്ന ഹിന്ദിസിനിമ നല്ലൊരനുഭവമായിരുന്നു. ജീവിതത്തിൽ എവിടെയെങ്കിലുമൊക്കെ അതുപോലൊന്നു തോറ്റിരുന്നെങ്കിൽ എന്ന്തോന്നിപ്പോയി. പക്ഷെ തോറ്റാൽമാത്രംപോരാ. അതിൽ നിന്നും പ്രചോദനമുൾക്കൊണ്ടു കഠിനമായിപ്രയത്നിക്കാനും, വിജയിക്കാനും കഴിയണം. അങ്ങനെ തോറ്റുതുടങ്ങിയവർ, ശ്രമിച്ചുമുന്നേറിയവർമാത്രമേ എന്തെങ്കിലുമൊക്കെ ആയിട്ടുള്ളൂ. ആകുകയുമുള്ളൂ.
ചെറിയചെറിയ വിജയങ്ങളാണ് പലപ്പോഴും വില്ലൻമാർ. അതിലും വലിയവില്ലനാണ് ഒരുവട്ടം കൂടിശ്രമിക്കാനുള്ള മടി.
എൻ്റെ ജീവിതത്തിൽനിന്നും ഒന്ന് പറയാം. ബിരുദാനന്തരബിരുദം കഴിഞ്ഞു പോത്തുപോലെ നടക്കുന്നസമയം. അല്ലറചില്ലറ അധ്യാപനഇടപാടുകളൊക്കെ ഇതിനിടയിൽ നടക്കുന്നുണ്ട്. യൂജിസി നെറ്റ് (NET) പരീക്ഷണവും കടന്നു. കോളേജുകളിൽ നിയമനംകിട്ടാൻ ലക്ഷങ്ങൾക്കുള്ള വകകൾ കയ്യിൽവേണം. ബാങ്കിലായാലും മതി.
ആയിടക്ക് മറ്റൊരു ചിന്തകൂടിപിടികൂടി. ഒരു PhD കൂടി എടുത്തുപൊക്കിയാൽ, പിന്നൊന്നും വേണ്ടിവരില്ലെന്ന മൂഢചിന്ത. കേരളത്തിന്റെ സ്വന്തം സർവകലാശാല നഗരത്തിൽ പരന്നുകയറികിടക്കുന്നു. കേറിജോയിൻചെയ്തു. അങ്ങനെയിരിക്കുമ്പോൾ ഒരുദിനം പത്രത്തിൽ പരസ്യം. കേന്ദ്രസർക്കാർ കോമൺവെൽത്ത് സ്കോളർഷിപ്പുകൾക്കു അപേക്ഷക്ഷണിക്കുന്നു. കിട്ടിയാൽ യൂകെയിലോ, കാനഡയിലോ, ഓസ്‌ട്രേലിയയിലോ കോമൺവെൽത്തിൻ്റെ ചിലവിൽ PhD ചെയ്യാം. കേന്ദ്രസർക്കാരിൻ്റെ ജോലി വേണ്ടവനെ (വേണ്ടവളെ) കണ്ടെത്തി ശുപാർശ ചെയ്യുക എന്നതുമാത്രം. ശുപാർശ കോമൺവെൽത്ത്‌കൂടി അംഗീകരിക്കണമെന്നുമാത്രം. അതിനുള്ള വിളിയാണ്. കേട്ടു. അപേക്ഷയും റിസർച്ച് പ്രൊപ്പോസലും ഒരെണ്ണം തട്ടിക്കൂട്ടി ചൂടോടെവിട്ടു.
ഒന്നിനും വേണ്ടിയല്ലാതെയും വിളിച്ചാൽ വിളികേൾക്കുന്നവർ ഡൽഹി കേന്ദ്രമാക്കിയുണ്ടായിരുന്ന പുരാതനകാലമാണെന്നോർക്കണം . അഭിമുഖത്തിന് ദില്ലിയിലെത്താൻ അറിയിച്ചുകൊണ്ട് കടലാസ്സുവന്നു. കവടിനിരത്തിയപ്പോൾ പോകാമെയി. പോക്കിനായി പാശ്ചാത്യകോണകം (tie) കഴുത്തിലേക്കൊരെണ്ണം വാങ്ങി. ആദ്യമായി. അതില്ലാത്തതിൻ്റെപേരിൽ ഒന്നും കിട്ടാതെവേണ്ട എന്നമട്ടിൽ. കഴുത്തിലെ ലങ്കോട്ടിക്കെട്ടു കയറുകെട്ടുംപോലെയോ ഷൂലേസ്കെട്ടുമ്പോലെയൊ മുറുക്കികെട്ടിയാൽ മതിയാകും എന്ന് നിരീച്ചു. മുൻപരിചയമില്ലല്ലോ!
ദില്ലിയിലെത്തി. പതിവുപോലെ കനത്തിൽ പുകനിറഞ്ഞ മഞ്ഞുമൂടിയ ഉഗ്രൻ ശൈത്യകാലം. ബംഗാളികളുടെ ഏതോമന്ദിരത്തിൽ താമസംതരമായി. അഭിമുഖം വിദേശകാര്യമന്ത്രാലയമായിരുന്നോ, ഉന്നതവിദ്യാഭ്യാസ മന്ത്രാലയമായിരുന്നോയെന്നോർക്കുന്നില്ല. പുരാതനകാലമായിരുന്നല്ലോ. ഓർമ്മപിടിക്കുന്നില്ല.
രാവിലെ അഭിമുഖത്തിനൊരുങ്ങുമ്പോൾ ഭീകരപ്രതിസന്ധി. ടൈ കെട്ടീട്ടുംകെട്ടീട്ടും മുറുകുന്നില്ല. കൺകെട്ടൊഴികെ അറിയാവുന്ന എല്ലാകെട്ടും പരീക്ഷിക്കപ്പെട്ടു. ലവൻ കടേന്നുവാങ്ങിയ മുന്തിയവനായിട്ടും, വേലിയിൽ നിന്നെടുക്കപ്പെട്ട ലോക്കൽ പാമ്പിൻ്റെ സ്വഭാവം കാണിക്കുന്നു. തണുപ്പുകാലം രക്ഷിച്ചുവെന്നു പറഞ്ഞാൽമതിയല്ലോ. ഷർട്ടിനു മുകളിൽ സ്വെറ്ററുമിട്ടു (ഇപ്പോ ജീവിക്കുന്ന നാട്ടിൽ സ്വറ്ററിൻ്റെപേരു ‘ജമ്പർ’ എന്നാണ്). ടൈ സ്വറ്ററിനിടയിൽ കുടുക്കി നിർത്തി. സൂക്ഷിച്ചു നോക്കിയാൽ മാത്രം എന്തോ പിശകെന്നു മനസ്സിലാകും. മഹാനഗരത്തിൽ ആര് സൂക്ഷിച്ചുനോക്കാൻ, പോരാത്തതിന് കണ്ണുമൂടുന്ന പുകമഞ്ഞും.
സർക്കാർ ആസ്ഥാനത്തെത്തി. വലിയ കെട്ടിടങ്ങൾ. രാഷ്ട്രപതിഭവനോക്കെയടുത്ത്. ആപ്പീസ്സ് ശിപായി മുറികാണിച്ചുതന്നു. മാനേജുമെൻറ് സ്റ്റഡീസിൽ അയിരുന്നല്ലോ ഗവേഷണയാചന. വലിയമുറിയിൽ മൂന്ന് ഭാവി മാനേജ്മെൻറ്ഗവേഷകർ ഇരിക്കുന്നു, അഭിമുഖവും കാത്ത്. ആൺപിറന്നവർമാത്രം. അവരുടെ ഇരിപ്പിൽ എന്തോ പന്തികേടുതോന്നി. മുടിഞ്ഞ ആത്മവിശ്വാസത്തിൻ്റെ ശരീരഭാഷയ്ക്ക് ഷേക്‌സ്‌പീരിയൻ സൗന്ദര്യം. എല്ലാവരും കോട്ടിനും സൂട്ടിനുമുള്ളിൽ. ‘ജമ്പറിട്ടു’ ഞാൻ മാത്രം! ലവൻമ്മാക്ക് അഭിമുഖം നടത്തുന്നവരാണോ എന്ന് തോന്നിക്കുമാറുള്ള മുഖഭാവം. എൻ്റെ ചിരി അവരുടെ മുഖത്തിന്റെ കനമുള്ളയെവിടെയോതട്ടി ചെറുതായെന്തോ ഇളകി വീണപോലെ കോടിയൊരു ‘ചി’ മാത്രം തിരികെക്കിട്ടി, നരേന്ദ്രപ്രസാദ് ശൈലിയിൽ.
ആദേഹങ്ങൾ പുലികളായിരുന്നുവെന്ന് മനസ്സിലാക്കാൻ അഞ്ചുനിമിഷം വീണ്ടും കഴിഞ്ഞു. ഭീകരൻമ്മാരെല്ലാം IAS ആപ്പീസറൻമ്മാരാണ്. പലസംസ്ഥാനങ്ങളിൽ നിന്നുമുള്ളവർ. രണ്ടുപേരെ ഇപ്പോഴും ഓർക്കുന്നു. ഒരാൾ ചെന്നൈ കോർപറേഷൻറെ ഡെപ്യൂട്ടികമ്മീഷണർ, രാമചന്ദ്രൻ IAS. മറ്റേയാൾ ബിഹാറിലെ ഏതോ പൊതുമേഖലാ സ്ഥാപനത്തിൻ്റെ MD. മൂന്നാമൻ ഇതുപോലെ മറ്റെന്തോ. ഇവൻമ്മാരുടെ ചുരുക്കുചരിത്രം കേൾക്കേണ്ടതാമസം എൻ്റെകാറ്റ് തിരികെ കേരളത്തിലെത്തി എവിടെയോ ഒളിവിൽപോയി.
മൂവർക്കും ഒരേജാഡ, ഞാൻ കാഴ്ചബംഗ്ലാവിൽ ആദ്യമായി ഹിമക്കരടിയെക്കാണുന്ന ഭാവത്തിൽ എന്ത്, എങ്ങനെ പറയണം എന്നറിയാതെ ‘യെസ്’ എന്നോ ‘നോ’ യെന്നോ എന്തൊക്കയോ പറഞ്ഞു തലകുലുക്കുന്നുണ്ട്. സർവ്വആയുധങ്ങളും വച്ച് കീഴടങ്ങിയ എൻ്റെ ദയനീയ ഭാവം കണ്ടിട്ടാണെന്നു തോന്നുന്നു, മൂന്നുപേരും ഫ്രീയായിട്ടു കുറച്ചു IAS കോച്ചിങ്ങും, മോട്ടിവേഷൻ സ്‌പീച്ചും തരമാക്കിതന്നു.
ഇവർക്ക് കുടുംബസമേതം മൂന്നുനാലു വർഷം ലണ്ടനിലോ മറ്റോ പോയുള്ള സുഖവാസത്തിനുള്ള വകുപ്പിനാണ് എത്തിയിരിക്കുന്നത്. നമ്മളാണെങ്കിൽ നന്നാവാൻവേണ്ടിനാടുവിടാനും. അത് ജന്മത്ത് നടക്കാൻ പോകുന്നില്ലെന്ന് കാലൻമ്മാരെ കണ്ടപ്പോഴേ തെളിഞ്ഞു. കൂടാതെ അവർ ടൈയുടെഅവസ്ഥ കാണാതിരിക്കാൻ ഞാൻ സ്വയം കഴുത്തിനുപിടിച്ചാണ് നിൽപ്പ്, എല്ലാം നശിച്ചവനെപ്പോലെ.
അഭിമുഖം ഏതാണ്ട് 12 ഫെയിൽ സിനിമയിലെപ്പോലെ തന്നെയായിരുന്നു. ചെയർപേഴ്സൺ ഒരു സ്ത്രീ. ഏതോ യൂണിവേഴ്സിറ്റി വൈസ്ചാൻസലർ ആണെന്നറിഞ്ഞു. ബാക്കിയുള്ളർ സർക്കാർ സെക്രട്ടറിമാരായിരിക്കണം. എല്ലാവരും ആഢ്യർ. തൊട്ടാൽ തെഴെവീഴുന്ന മട്ടിൽ കുടുക്കിവച്ചിരിക്കുന്ന കണ്ഠകോണകം കണ്ടിട്ടുണ്ടാകും, ദയതോന്നിയിട്ടുണ്ടാകും. പ്രൊപ്പോസലിനെക്കുറിച്ചു മിതമായി എന്തോ ചോദിച്ചു. ഞാനെന്തോ അമിതമായി പറഞ്ഞു. IAS കാരെകണ്ടു പേടിമാറിയവന് എന്ത് നോക്കാനാണ്? നല്ലവരായവർ കൊല്ലാതെ തിരികെവിട്ടു. ഞാൻ ജീവനുംകൊണ്ട് കേരളത്തിലേക്കോടി രക്ഷപ്പെട്ടു!
സർവ്വം ശുഭം. ഡൽഹി കണ്ടത് മിച്ചം എന്ന് വിചാരിച്ചിടത്താണ് ഇന്ത്യൻസർക്കാരിൻ്റെവക വമ്പൻ ട്വിസ്റ്റ്. കിടുക്കാച്ചിഞെട്ടിക്കൽ. എന്നെ മറ്റുമൂന്നുപേരോടും കൂടി കോമൺവെൽത്ത് സ്കോളർഷിപ്പിനായി ഇന്ത്യയിൽ നിന്നും നിർദ്ദേശ്ശിച്ചിരിക്കുന്നു (മാനേജ്മെന്റ് സ്റ്റഡീസിൽ മാത്രം നാലുപേർ, ബാക്കി വേറെ കുറേപ്പേർ). ബാക്കിയെല്ലാം കോമൺവെൽത്ത് കമ്മിഷൻ തീരുമാനിക്കും. ഞാൻ ഞെട്ടിവിറച്ചു, 105 ഡിഗ്രി പനിച്ചു. IAS പരീക്ഷ എഴുതാത്തതിൽ ആദ്യമായി പരിതപിച്ചു. ലവൻമ്മാർക്ക് പറ്റുമെങ്കിൽ നമുക്കുമായിക്കൂടെയെന്ന ലൈൻ. ഇന്ത്യ സർക്കാരിൻ്റെ നിർദ്ദേശം കോമൺവെൽത്ത് വെട്ടില്ലെന്ന് പറഞ്ഞു അറിയുന്നവർ പിരികേറ്റി. ഇനിയൊന്നും നേടാനില്ലെന്നമട്ടിൽ ഞാൻ അറിയിപ്പിനായി കാത്തിരുന്നു. വിമാനത്തിൽ വിൻഡോ സീറ്റിൽത്തന്നെയിരിക്കണെമെന്നു ശപഥമെടുത്തു. ലണ്ടനിലെ തണുപ്പ്സഹിക്കാൻ മനസ്സിനെ പാകപ്പെടുത്തി.
അറിയിപ്പ് വന്നു, ഖേദം അറിയിച്ചുകൊണ്ട്! കോമൺവെൽത്ത് ചതിച്ചാശാനേയെന്നു പരിതപിക്കാനേ കഴിഞ്ഞുള്ളു. വേറൊന്നും സംഭവിച്ചില്ല. കോമൺവെൽത്തിനോട് പകരം വീട്ടാൻ ഞാൻ നാട്ടിലെ PhD കൂടുതലായിചെയ്തു, കൂടുതൽസമയമെടുത്ത് പൂർത്തിയാക്കി.
കോമൺവെൽത്ത് സ്കോളർഷിപ്പിനായുള്ള അറിയിപ്പുകൾ തുടർന്നുള്ള എല്ലാവർഷവുംവന്നു. ധാരാളം ഇന്ത്യക്കാർ കഠിനാധ്വാനംചെയ്തു പലപ്രാവശ്യം ശ്രമിച്ചു നേടിയെടുത്തുകാണും. യുകെയിലും മറ്റുംപോയി ഓക്സ്ഫോഡിൽ നിന്നും കേംബ്രിഡ്ജിൽനിന്നും PhD നേടി നന്നായിട്ടുണ്ടായിരിക്കും. ഞാൻ കോമൺവെൽത്തിനോടു പകരംവീട്ടി കേരളായൂണിവേഴ്സിറ്റിയിൽ നിന്നും PhD നേടി. മോശമായെന്നല്ല. ഇതിലും നന്നാകാൻ അവസരമുണ്ടായിരുന്നു, കഠിനമായിശ്രമിച്ചിരുന്നെങ്കിൽ! ഒരുവട്ടംകൂടി ശ്രമിച്ചിരുന്നെങ്കിൽ!
സിനിമയിലെ നായകന് സാധാരണ പോലീസ് ഇൻസ്‌പെക്ടർ ആയി SPയോ മറ്റോആയി വിരമിക്കാമായിരുന്നു. പക്ഷെ അയാൾ UPSC യോട് പകരംവീട്ടാൻ നിൽക്കാതെ കഠിനപ്രയത്നം ചെയ്തു, IPS നേടി. ഡിജിപിയോ മറ്റോആയി വിരമിക്കുമായിരിക്കും.
ഞങ്ങൾതമ്മിൽ ഒരുവെത്യാസമേയുണ്ടായിരുന്നുള്ളൂ. ഓരോപരാജയങ്ങൾ കഴിഞ്ഞപ്പോഴും അയാൾ ഒരുവട്ടംകൂടി ശ്രമിച്ചു…കഠിനമായി!
“The most certain way to succeed is always to try just one more time.” —Thomas Edison.
സുമേഷ് രാമചന്ദ്രൻ
ചിലന്തി
പുലരിമഞ്ഞിൽ, താൻ നെയ്ത വലയിൽ ആദ്യ പ്രകാശമേൽക്കുമ്പോഴുള്ള ചാരുതയിൽ ഒരു നിമിഷം സ്വയം മറന്നിരിക്കുകയായിരുന്നു പെൺചിലന്തി. ഇര പിടിക്കാൻ താനൊരുക്കിയ കെണിയാണിതെന്ന് ഓർക്കാതിരിക്കാൻ അവൾ ശ്രമിച്ചു. ഇതിനെ പിന്നിലെ അധ്വാനവും തൻ്റെ കലാവിരുതും മാത്രമിപ്പോൾ ഓർക്കുക. അല്ലെങ്കിലും ഈ ക്ഷണിക ജീവിതത്തിൽ ചില തിരഞ്ഞെടുപ്പുകൾ വേണ്ടിവരും, അനുഭവങ്ങളുടെ കാര്യത്തിലായാലും ഓർമ്മകളുടെ കാര്യത്തിലായാലും. ഓർക്കാൻ ഇഷ്ടമല്ലാത്തവയെ അതിൻ്റെ പാട്ടിനു വിട്ടേക്കുക എന്നല്ലാതെ എന്തു ചെയ്യാൻ!
അപ്പോഴാണ് ഒരു ആൺ ചിലന്തി നൂലിഴ പൊട്ടി അവളുടെ അടുത്തേക്ക് ആടിയുലഞ്ഞ് എത്തിയത്. ഇര എന്നു തെറ്റിദ്ധരിച്ച് അവൾ ഓടി അടുക്കുക പോലും ചെയ്തു. ആദ്യം മനസ്സിൽ പിറന്നത് കുറച്ച് ശകാരവാക്കുകളാണ്. പിന്നീട് സ്വയം നിയന്ത്രിച്ചു. വാക്കുകൾ കൊണ്ട് മറ്റൊരാളെ വേദനിപ്പിക്കുന്നതിലുള്ള ആനന്ദം ഇനി വേണ്ട എന്നവൾ മുമ്പേ തീരുമാനിച്ചതാണ്. അതു കൊണ്ട് അവൾ കാരുണ്യ പൂർവ്വം ചോദിച്ചു: വലകെട്ടാൻ ഇതുവരെ പഠിച്ചില്ല അല്ലേ?
” ചാട്ടം പിഴച്ചു. എങ്കിലും ആ പിഴച്ച ചാട്ടത്തിൽ ഞാനിപ്പോൾ ദു:ഖിക്കുന്നില്ല. നിൻ്റെ അടുത്തെത്താൻ ഒരു വഴിപിഴക്കൽ ആവശ്യമായി വന്നു.”
പെൺചിലന്തി ഒരു നിമിഷം മൗനത്തിൽ ആണ്ടു പോയി. അപ്പോൾ അവളുടെ മുഖം ധ്യാനനിരതയായ ബുദ്ധ സന്യാസിനിയെ ഓർമ്മിപ്പിച്ചു.കാമനകളെ തടഞ്ഞ് ക്ഷണിക സുഖങ്ങളുടെ വലയിൽ പെടാതെ മോക്ഷമാർഗ്ഗത്തിലൂടെ അടി വെച്ചു നീങ്ങുന്ന ഒരു ബുദ്ധ സന്യാസിനി.
” എൻ്റെ അരികിൽ വരരുത്. ഞാൻ നിന്നെ വേദനിപ്പിക്കും.”
“വേദനയ്ക്കൊരു സുഖമുണ്ട്. അത് നിന്നിൽ നിന്നാകുമ്പോൾ പ്രത്യേകിച്ചും.”
” നീ ദുരന്തം ചോദിച്ചു വാങ്ങുകയാണ്.”
” ആൺ ചിലന്തി എന്ന നിലയിൽ ഞാനെൻ്റെ ജന്മനിയോഗം സ്വീകരിക്കുന്നു.”
“എന്നിൽക്കൂടി ?”
“മറ്റാരേക്കാളും നീയാകുന്നതാണിഷ്ടം.”
പെൺചിലന്തി ആലോചനയിലാണ്ടു. എത്ര തന്നെ മാറി നിന്നാലും കാമനകൾ തന്നെ ബന്ധിക്കും എന്നാണോ കരുതേണ്ടത് ..
“രതിയോടൊപ്പം മരണത്തെ ചേർത്തുവെച്ച മറ്റൊരാളെ നിനക്ക് ഓർക്കാൻ കഴിയുന്നുണ്ടോ?” പെൺചിലന്തി വലയിളക്കിക്കൊണ്ടു ചോദിച്ചു. ചോദ്യത്തിനും ഉത്തരത്തിനുമിടയിൽ ഒരു ചെറുപ്രാണി അവളെ കബളിപ്പിച്ചു പോവുകയും ചെയ്തു.
” ഞാൻ ഓർമ്മകളെ ചുമക്കാറില്ല. ഭൂതകാലത്തേയും.നമ്മൾ ചിലന്തികൾ ഈ നിമിഷം ജീവിക്കുന്നവരാണ് ”
പെൺചിലന്തി പറഞ്ഞു: “എട്ടാം ക്ളാസിലെ ചരിത്ര പാഠത്തിൽ ആരേയും മോഹിപ്പിക്കുന്ന ഒരു സുന്ദരിയെക്കുറിച്ച് പഠിച്ചിരുന്നു. ഈ ജിപ്ത് ഭരിച്ചിരുന്ന ടോളമി ഏഴാമൻ്റെ പുത്രി പന്ത്രണ്ടാമത്തെ ക്ലിയോപാട്ര. ഭോഗ സാമ്രാജ്ഞി എന്നു വിശേഷിപ്പിക്കപ്പെട്ടവൾ. വ്യഭിചരിച്ചാൽ പോലും പുരോഹിതർ ആശിർവദിച്ചു പോകുന്ന ചാരുത. ഷേക്സ്പിയറാണ് അങ്ങനെ വിശേഷിപ്പിച്ചത്. അവൾ വെളുത്ത പൂക്കളിൽ വിഷം പുരട്ടി തലയിലണിഞ്ഞാണ് കാമുകന്മാരെ സ്വീകരിച്ചിരുന്നത്. രതിയുടെ ആലസ്യത്തിൽ മയങ്ങുന്നവരെ തൻ്റെ നീല കേശത്താൽ ചുറ്റി വീർപ്പുമുട്ടിച്ചു കൊല്ലുമായിരുന്നു അവൾ. രതി അവളിൽ ജ്വലിച്ചതു പോലെ ക്രൂരതയും ജ്വലിച്ചു നിന്നു. വിഷ വീര്യം അളക്കാൻ അടിമകളായ ആഫ്രിക്കൻ യുവതികൾക്ക് അവൾ വിഷം കൊടുത്തിരുന്നു. അവരുടെ പിടച്ചിലിൽ അവൾ രതിമൂർഛ അനുഭവിച്ചു. രതി തന്നെ വിഷമാണല്ലേ?”
“സ്നേഹമില്ലാത്ത രതിയേ വിഷമാകുന്നുള്ളു. ഇന്നു രാത്രി പ്രണയത്തിൻ്റേതാണ്. പുലർച്ചെ ആദ്യ രശ്മി നിൻ്റെ വലയിൽ പതിക്കുന്നതിനു മുമ്പേ രതി പൂർത്തിയാക്കുക. എൻ്റെ ജീവചൈതന്യമത്രയും നിന്നിലേക്കൊഴുക്കുവാൻ എന്നെ അനുവദിക്കുക. എൻ്റെ നൂറു പുത്രന്മാർക്കു ജന്മം നൽകി എൻ്റേയും നിൻ്റെയും ജന്മനിയോഗങ്ങൾ പൂർത്തിയാക്കുക. നാളെ നീയും നിൻ്റെ വലയും ഞാനും എൻ്റെ സ്വപ്നങ്ങളും ഇവിടെയുണ്ടാകണമെന്നില്ല.”
എട്ടുകാലുകൾ എട്ടു കൈകളായി മാറിയ രാത്രി ..
രതി യുടെ ആനന്ദോത്സവം നിറഞ്ഞാടിയ രാത്രി ..
വെയിൽ വീണു തുടങ്ങിയപ്പോൾ പൊള്ളയായ ഒരു ഉടൽ കാറ്റിൽ ഇളകിയാടിക്കൊണ്ടിരുന്നു.
വിലാസിനി രാജീവൻ
നിങ്ങളുടെ സാഹിത്യം ബുദ്ധനോ സിദ്ധാർത്ഥനോ?
“ഒരു മഹാകാഥികന്റെയോ മഹാകവിയുടെയോ പുസ്തകമിറങ്ങുന്ന ദിവസം ബുക്ക്സ്റ്റാളിന്റെ മുന്നിൽ ബോക്സോഫീസ് തകർക്കാനൊരുങ്ങി നില്ക്കുന്ന ഒരു ജനക്കൂട്ടം, അവരെ നിയന്ത്രിക്കാനും വേണ്ടിവന്നാൽ പിരിച്ചു വിടാനും ചൂരൽവടികളുമായി പോലീസുകാർ – ഇതൊന്നും ഉണ്ടായിട്ടില്ല.; ഉണ്ടാവില്ല.” – എം.ടി (കാഥികന്റെ പണിപ്പുര)
ഈ വാചകത്തിൽ നിന്നും ആരംഭിക്കാം. അതായത്, ഒരു പുതിയ പുസ്തകം (ഏത് എഴുത്തുകാരന്റെ ആയാലും) സമൂഹത്തിനിടയിലേക്ക് വരുന്നു എന്ന് പറയുന്നത് പ്രത്യക്ഷമായ ചലനം സൃഷ്ടിക്കുന്നില്ല എന്ന് തന്നെ അർത്ഥം. എന്റെ ചോദ്യം ആരംഭിക്കുന്നത്, എന്തുകൊണ്ട് സൃഷ്ടിക്കുന്നില്ല?? എന്നുള്ളതിൽ നിന്നുമാണ്. ശരിയായിരിക്കാം. എഴുത്തുകാരന്റെ മനോവ്യാപാരങ്ങളിൽ കുടുങ്ങുന്ന കളിമണ്ണ് പോലെ മാത്രമുള്ള അസംസ്കൃത വസ്തുക്കളെ ചേർത്ത്, ഒരു കഥ അയാൾ സൃഷ്ടിക്കുന്നതിന്റെ ആദ്യത്തെ ഉദ്ദേശമെന്നത്, ആത്മരതി തന്നെയാവാം.
എന്നാൽ അത് സഞ്ചരിക്കേണ്ട വഴി വായനക്കാരനിലൂടെ തന്നെയല്ലേ? അവന്റെ മനസ്സിലെ കെട്ടുപോയ വിളക്കിൽ ഒരു പ്രകാശമെന്നോണം തന്നെയല്ലേ സാഹിത്യം തെളിയേണ്ടത്? ഞാൻ എഴുതുന്ന ഭൂമികയിലെ മനുഷ്യർ, അത് എഴുതപ്പെട്ടത് അവർക്ക് വേണ്ടിയാണെന്ന് അറിയണമെന്ന് നിർബന്ധമില്ലാത്ത യന്ത്രമായി എഴുത്തുകാർ മാറുന്നുണ്ടോ…???
സാഹിത്യം ബുദ്ധനോ..? സിദ്ധാർത്ഥനോ?
സാഹിത്യത്തിനും കാലപരിണാമങ്ങൾ കൈവന്നിരിക്കുന്നുവെന്ന് വിശ്വസിക്കുമ്പോൾ, ഇന്നത്തെ സാഹിത്യം ബുദ്ധനിൽ നിന്നും സിദ്ധാർത്ഥനിലേക്ക് തിരിച്ചു നടന്നുവെന്ന് കൂടി വിശ്വസിക്കേണ്ടി വരും.
എഴുത്തുകാരനായ, ശ്രീ. അബ്ബാസ് മുഹമ്മദ് ഫേസ്ബുക്കിൽ അടുത്തിടെ പങ്കുവെച്ച ഒരു കുറിപ്പ് ശ്രദ്ധിച്ചു. വര്ഷങ്ങളായി കോഴിക്കോട് നഗരത്തിൽ ഓട്ടോ ഓടിക്കുന്ന ഒരു മനുഷ്യന് അവിടെത്തന്നെ വർഷാവർഷങ്ങളിൽ അരങ്ങേറുന്ന KLF എന്താണെന്ന് അറിയുന്നില്ല. അന്നം തേടി ഓടുന്നവന് എന്ത് സാഹിത്യം? എന്ത് KLF? അതൊക്കെ ചുമ്മാ ഇരിക്കുന്നവർക്ക് കൊള്ളാം സാറേ എന്നായിരുന്നിരിക്കുമോ അയാളുടെ ആത്മഗതമെന്ന് ഞാൻ വെറുതേ ആലോചിച്ചു നോക്കി. അതോ ഒരുപക്ഷേ, സാഹിത്യം ചുറ്റും ഭീമാകാരമായ മതിലുകളുള്ള, കാവൽക്കാരുള്ള ഒരു വലിയ മാളികയിൽ, സിദ്ധാർത്ഥനായി ( രാജാവായി )വസിക്കുകയാണോ? ഞാൻ സംശയിച്ചു.
ആർക്ക് വേണ്ടിയാണ് സാഹിത്യങ്ങൾ എഴുത്തുകാരന്റെ തൂലികയുടെ പുറംതോടുകൾ ഭേദിച്ചു പുറത്തേക്ക് വരേണ്ടത്? അമ്മയുടെ ഗർഭത്തിൽ നിന്നും പുറത്തു വരുന്നത് വരെ മാത്രമേ കുഞ്ഞ് അമ്മയുടെ സ്വകാര്യഅവകാശം ആകുന്നുള്ളൂ. അതിന് ശേഷം ഒരു സമൂഹത്തിന്റെ പ്രതിനിധിയാണ്. അവന്റെ നിലനിൽപ്പ് ആ സമൂഹത്തിലാണ്. അവൻ പരുവപ്പെടേണ്ടത് ആ സമൂഹത്തിലേക്ക് കൂടിയാണ്. ഇത് തന്നെയാണ് സാഹിത്യത്തിന്റെ പിറവിയിലും ഉണ്ടാവേണ്ടത്.
ഓരോ എഴുത്തുകാരനിൽ നിന്നും ഉതിർന്നു വീഴുന്ന പുസ്തകത്തെ,
” അതാ, നമുക്ക് വേണ്ടി കൂടി ” യെന്ന് സമൂഹം ചേർത്തു പിടിക്കുമ്പോഴേ അതൊരു യഥാർത്ഥ സാഹിത്യമായി മാറുന്നുള്ളൂ. സാഹിത്യത്തിനെ ഏതോ ഒരു പ്രത്യേകവിഭാഗത്തിന്റെ സംസ്കാരം എന്നുള്ളതിന് പകരം ഒരു സമൂഹത്തിന്റെ, രാജ്യത്തിന്റെ ലോകത്തിന്റെ തന്റെ നിലനില്പ് എന്ന് പരിഭാഷപ്പെടുത്തുകയാണ് ഓരോ സാഹിത്യകാരന്മാരും, സാഹിത്യോത്സവങ്ങളും സാധാരണക്കാരന് വേണ്ടി ചെയ്യേണ്ടത്.
സാഹിത്യം സിദ്ധാർത്ഥനിലേക്ക് തിരിച്ചു പോയതാണോ? അതോ ഇതുവരേയും ബുദ്ധനിലേക്ക് എത്താത്തതാണോയെന്നും ഞാൻ ചിന്തിച്ചു. അതേ നിമിഷം ആ ചിന്തയുടെ അടുത്ത് ആദ്യം വന്ന പേര്, കടപ്പുറത്തെ മനുഷ്യരെ എഴുതിയ ശ്രീമാൻ തകഴിയുടെ ” ചെമ്മീൻ ” എന്നുള്ള കൃതിയാണ്.
” ആ കൃതി, കടലോര നിവാസികളായ ഞങ്ങളെ കുറിച്ചാണെന്നും അത് എഴുതിയത് തകഴി ശിവശങ്കരപ്പിള്ള ആണെന്നും അവർ അറിഞ്ഞിരിക്കുമോ? ”
ഈ സംശയത്തിന്റെ നിവാരണത്തിനായി ഞാൻ സമീപിച്ചത്, എഴുത്തുകാരനും പ്രഭാഷകനുമൊക്കെയായ, ശ്രീ. പി. ജെ. ജെ ആന്റണി സാറിന്റെ അടുത്താണ്.
” മീൻപിടുത്തക്കാരുടെ ഇടയിലാണ് എന്റെ വീട് . പഴയ തലമുറയിലെ എല്ലാവർക്കും ചെമ്മീനും തകഴിയും സുപരിചിതം. പുതുതലമുറ അത്രയും അറിയുന്നില്ല. പാപബോധം മതബോധം കുറഞ്ഞ്വരുന്നു. പ്രണയത്തെ പുനർ നിർവചിച്ചിരിക്കുന്നു സമകാലം. വള്ളത്തിൽ പോയി ഇന്ന് മീൻ പിടിക്കുന്നില്ല. ബോട്ടും ചെറുകപ്പലുകളും ഇന്ന് പ്രിയം. ”
എനിക്കുള്ളിൽ ഇതേ ഉത്തരങ്ങൾ തന്നെയായിരുന്നു ഉണ്ടായിരുന്നത്. സാഹിത്യത്തിനും കാലത്തിനും ഇടയിൽ ഒരുപക്ഷേ നികത്തുവാൻ കഴിഞ്ഞേക്കാവുന്ന ഒരു വിടവ് സംഭവിച്ചിരിക്കുന്നുവെന്ന് തോന്നുന്നു. ആ വിടവ് സാഹിത്യകാരന്മാരുടേയും ഉത്തരവാദിത്വം കൂടിയാണ്. നിങ്ങൾ, നിങ്ങളെ ക്കുറിച്ച് എഴുതുന്നത്, നിങ്ങൾ അറിയാതെ പോകരുതല്ലോയെന്ന് തന്നെയാണ് പറയുന്നത്.
സാഹിത്യകാരനെ അറിഞ്ഞില്ലയെങ്കിലും സാഹിത്യത്തെ അറിയേണ്ടതുണ്ട്. നിങ്ങൾക്ക് വേണ്ടി കൂടിയാണ് എന്റെ പേന ശബ്ദിക്കുന്നതെന്ന് പറയുവാൻ, സാഹിത്യം, സിദ്ധാർത്ഥകുമാരനിൽ നിന്നുമിറങ്ങി, ബുദ്ധന്റെ ബോധോദയത്തിലേക്ക് എത്തേണ്ടത് കൂടിയുണ്ട്.
” അഷിത ” യെന്ന പേര് കണ്ടമാത്രയിൽ
” അവർ ഇസ്ലാമാണോ? ഇസ്ലാമുകൾ, ശിവേന സഹനർത്തനമെന്ന് എഴുതുമോ? അവർക്ക് അതൊക്കെ പുച്ഛമല്ലേ? ” യെന്ന് എന്നോട് ചോദിച്ച ഒരു വ്യക്തിയെ ഈ നിമിഷം ഓർക്കുന്നു.
” ശിവേന സഹനർത്തനത്തിന്, ” ഹിന്ദുവുമായിട്ടല്ല മനുഷ്യനുമായിട്ടാണ് ബന്ധമെന്ന് അയാളെ പറഞ്ഞു ബോധ്യപ്പെടുത്താൻ നിൽക്കാതെ അയാളെ ഞാൻ ഒഴിവാക്കിയതിൽ, ലളിതമായ ഒരു യുക്തിയുണ്ട്.
” മുറിഞ്ഞാൽ ചുവന്നചോര ഒരേപോലെ വരുന്നവർ സഹജീവികൾ ആണെന്നുള്ള അവരുടെ വേദന ഒരുപോലെ തന്നെ ആയിരിക്കുമെന്നുള്ള സാമാന്യബോധം ഇല്ലാത്തവരെ ഭരിക്കുന്നത്, വെറുപ്പും വിദ്വേഷവും, മതവും ( മദം ) തീവ്രവാദമനോഭാവങ്ങളും മാത്രമായിരിക്കും. അങ്ങനെയുള്ളവരെ തിരുത്തുവാൻ കഴിയില്ല. തർക്കിക്കുവാൻ തീരെയും കഴിയില്ല. ഉപേക്ഷിക്കുവാൻ മാത്രമേ കഴിയൂ”.
മനസ്സിൽ വീണ്ടും ആർക്ക് വേണ്ടിയാണ് സാഹിത്യം ഉണ്ടാവേണ്ടത് എന്നുള്ള ചോദ്യം.
അടുക്കളയിൽ പച്ചക്കറി നുറുക്കുന്ന ഒരാൾ, പുഴയിൽ നിന്നും മത്സ്യം പിടിക്കുന്നൊരാൾ, സവാരികൾക്ക് വേണ്ടി വരുന്നവരുടെ, ജാതി, മതം, രാഷ്ട്രീയം ( പേര് പോലും ) തിരക്കാത്ത ഒരാൾ. ഇവരൊക്കെ തന്റെ ജോലികൾക്കിടയിലും കവിതകൾ മൂളുന്ന, കഥകൾ സ്വരുക്കൂട്ടുന്ന കാലം ഉണ്ടാകുമെന്നും സാഹിത്യസിദ്ധാർത്ഥൻ മാളിക വിട്ട്, ബുദ്ധനായി പരിണമിക്കുമെന്നും സാഹിത്യം അതിന്റെ പൂർവ്വകാല വേരുകളിൽ പൊട്ടിക്കിളിർക്കുമെന്നും പ്രത്യാശിക്കാം.
ഹരിത. ആർ.
നന്ദി : ഈ ലേഖനത്തെ കുറിച്ചുള്ള ചിന്ത പകർന്നു നൽകുവാൻ സഹായിച്ച, ശ്രീ. മുഹമ്മദ് അബ്ബാസ് സാറിനും. സംശയനിവാരണം നൽകിയ ശ്രീ. P.J. ആന്റണി സാറിനും.
പഠന വൈകല്യം
കുട്ടികൾ നന്നായി പഠിക്കണമെന്ന് ചിന്തിക്കുന്നവരാണ് ഭൂരിപക്ഷം മാതാപിതാക്കളും. തന്റെ കുട്ടിക്ക് കഴിയുന്നത്ര വിദ്യാഭ്യാസം കൊടുക്കണമെന്നാഗ്രഹിക്കുന്നവർ. എന്നാൽ ചില കുട്ടികൾ നന്നായി പഠിക്കുന്നു. ചിലരാകട്ടെ പഠനത്തിൽ വിമുഖത കാണിക്കുന്നു. മറ്റുചിലരാകട്ടെ എഴുതാനോ വായിക്കാനോ പ്രാപ്‌തിയില്ലാത്തവരും. ഇവരിൽ മിക്കവരും പഠനമൊഴികെയുള്ള മറ്റെന്തിനും മിടുക്കു കാണിക്കുന്നവരുമായിരിക്കും. അതുകൊണ്ടുതന്നെ ഇതിനെ അവരുടെ അഹങ്കാരമായി വ്യാഖ്യാനിക്കപ്പെടുന്നു. കഠിനമായ ശിക്ഷണവും സ്വകാര്യ വിദ്യാഭ്യാസവുമാണ് മിക്ക മാതാപിതാക്കളും ഇതിനു കാണുന്ന പരിഹാരം. എന്നാൽ ഇതൊരുപക്ഷേ പഠന വൈകല്യമാകാം. മറ്റു വൈകല്യങ്ങളെന്നപോലെ തലച്ചോറിലെ ഒരു വൈകല്യം എന്നർത്ഥം.
ഭാഷ, അക്ഷരങ്ങൾ, അക്കങ്ങൾ തുടങ്ങിയവ മനസ്സിലാക്കുവാനും ഉപയോഗിക്കുവാനും പ്രകടിപ്പിക്കുവാനുമുള്ള കഴിവില്ലായ്‌മയാണ് പഠന വൈകല്യം കൊണ്ടുദ്ദേശിക്കുന്നത്. ഇതിന് ബുദ്ധിയുമായി പ്രത്യേകിച്ച് ബന്ധമൊന്നുമില്ല. പഠന വൈകല്യം ബാധിക്കുന്ന കുട്ടികൾ ചിലരെങ്കിലും മറ്റുള്ളവരെ അപേക്ഷിച്ചു ബുദ്ധി കൂടുതലുള്ളവരുമാകാം. വായിക്കാനോ എഴുതാനോ കൂടുതൽ ബുദ്ധിമുട്ടുണ്ടാകുക, പ്രതേകിച്ചും അവരുടെ വയസ്സിനും വിദ്യാഭ്യാസത്തിനും അനുസരിച്ചു്. വായിക്കാനോ എഴുതാനോ തന്നെ കഴിയാത്തവരും വിരളമല്ല. വായിക്കുമ്പോൾ വാക്കുകളുടെ അർഥം മനസ്സിലാക്കാൻ കഴിയാതെ വരിക, അക്ഷരതെറ്റുകൾ ധാരാളമായി വരുത്തുക, കണക്കുകൂട്ടാൻ ബുദ്ധിമുട്ടുണ്ടാകുക, അക്കങ്ങളുടെ ബന്ധം നിശ്ചയമില്ലാതെ വരിക തുടങ്ങിയവയും ഇതിന്റെ ലക്ഷണങ്ങൾ തന്നെ. ശ്രദ്ധ പതറുക, ആവശ്യമില്ലാത്ത കാര്യങ്ങളിൽ ശ്രദ്ധ പതിപ്പിക്കുക, ദിശാബോധം ഇല്ലാതെ വരിക, അച്ചടക്കമില്ലായ്‌മ തുടങ്ങിയവയും ഇവരുടെ പ്രശ്‌നങ്ങൾ ആകുന്നു.
പ്രായത്തിനനുസരണമായി ലക്ഷണങ്ങളിലും വ്യത്യാസങ്ങളുണ്ടാകും. പ്രായാടിസ്ഥാനത്തിൽ ലക്ഷണങ്ങൾ ഇപ്രകാരമായിരിക്കും:
അഞ്ചു വയസ്സിനു മുൻപ് :
വാക്കുകൾ ഉച്ചരിക്കുവാൻ പ്രയാസം.
സംസാരിക്കുമ്പോൾ ശരിയായ വാക്കുകൾ കണ്ടുപിടിക്കാൻ വിഷമിക്കുക.
താളാത്‌മകമായി പാട്ടുകൾ പാടാൻ കഴിയാതിരിക്കുക.
അക്ഷരങ്ങൾ, അക്കങ്ങൾ, ആകൃതികൾ, നിറങ്ങൾ തുടങ്ങിയവ തെറ്റിപ്പോകുക.
പെൻസിൽ, ക്രയോൺസ് തുടങ്ങിയവ നിയന്ത്രിക്കാൻ കഴിയാതിരിക്കുക.
അഞ്ചു മുതൽ പത്തു വയസു വരെ:
അക്ഷരങ്ങളും അവയുടെ ഉച്ചാരണങ്ങളുമായുള്ള ബന്ധം കിട്ടാതിരിക്കുക.
അക്ഷരങ്ങൾ കൃത്യമായി ഉച്ചരിച്ചു വാക്കുകൾ വായിക്കാനാകാതിരിക്കുക.
നിസ്സാര വാക്കുകൾ പോലും വായിക്കുമ്പോൾ തെറ്റിപ്പോകുക.
എഴുതുമ്പോൾ അക്ഷരങ്ങൾ മാറിപ്പോകുക, തിരിഞ്ഞു പോകുക.
ചെറിയ കണക്കുകൾ പോലും കൈകാര്യം ചെയ്യുന്നതിൽ ബുദ്ധിമുട്ടനുഭവപ്പെടുക.
പത്തു മുതൽ പതിമൂന്നു വയസുവരെ:
വായിക്കാൻ കാര്യമായ ബുദ്ധിമുട്ടനുഭവിക്കുക.
കണക്കുകൾ കൈകാര്യം ചെയ്യാൻ ബുദ്ധിമുട്ടനുഭവപ്പെടുക.
വായനയോടും എഴുത്തിനോടും വെറുപ്പുണ്ടാകുക, കഴിയുന്നതും ഇതിൽനിന്നൊഴിയാൻ ശ്രമിക്കുക.
വൃത്തിഹീനമായ കൈയ്യക്ഷരം.
ക്ലാസ്സിൽ ശ്രദ്ധിക്കാൻ കഴിയാതാകുക.
ബോർഡിൽ നിന്നും എഴുതിയെടുക്കാനാകാതാകുക.
വാക്കുകൾ മാറ്റി തെറ്റായി ഉച്ചരിക്കുക.
പഠന വൈകല്യത്തിന്റെ കാരണങ്ങൾ ഇന്നും വ്യക്‌തമല്ല. തലച്ചോറിന്റെ ഘടനാപരമായ വൈകല്യം തന്നെയാണിതിന്റെ പുറകിലെന്നു പറയുമ്പോഴും അതിനുള്ള കാരണങ്ങൾ ഇന്നും തേടിക്കൊണ്ടിരിക്കുന്നു. പാരമ്പര്യം, ജന്മ സമയത്തുണ്ടാകുന്ന തലച്ചോറിന്റെ പരിക്കുകൾ, തൂക്കക്കുറവ്, ഗർഭകാലത്ത് ഉപയോഗിച്ചിരുന്ന ചില മരുന്നുകൾ, മദ്യം തുടങ്ങിയവയും, ഗർഭകാലത്തെ പോഷകാഹാരക്കുറവ്, ആഹാരക്കുറവ്, മാതാവിന്റെ ശരീരത്തിലെത്തിയ ചില ലോഹാംശങ്ങൾ തുടങ്ങിയവയും ഇതിലുൾപ്പെട്ടേക്കാം.
വിവര ശേഖരണത്തിലും ഉപയോഗത്തിലുമാണ് ഇത്തരക്കാരിൽ പ്രശ്‌നങ്ങൾ ഉണ്ടാകുന്നത്. വിവരങ്ങൾ അല്ലെങ്കിൽ അറിവുകൾ തലച്ചോറിൽ വിനിയോഗിക്കപ്പെടുന്നത് നാലുതരം പ്രവർത്തനങ്ങളിലൂടെയാണ്.
നിക്ഷേപണമാണ് ആദ്യ ഘട്ടം. നമ്മുടെ ഇന്ദ്രിയങ്ങളിലൂടെ പ്രത്യേകിച്ചും കാഴ്‌ച, കേൾവി വഴി ലഭിക്കുന്ന വിവരങ്ങളെ തലച്ചോറിൽ നിക്ഷേപിക്കുന്ന പ്രക്രിയയാണിത്. ഏകീകരണമാണ് രണ്ടാമത്തേത്. പഞ്ചേന്ദ്രിയങ്ങൾ വഴി ലഭ്യമാകുന്ന സമാനമായ വിവരങ്ങൾ ഏകീകരിക്കുക എന്നതാണ് ഈ പ്രക്രിയ. സംഭരണമാണ് അടുത്തത്. ഓരോ ഇന്ദ്രിയങ്ങളും വിവരങ്ങൾ കൈമാറുന്നത് തലച്ചോറിലെ വ്യത്യസ്ഥ കേന്ദ്രങ്ങളിലാണ്. കിട്ടുന്ന വിവരങ്ങൾ ഏകോപനത്തിനുശേഷം ആവശ്യത്തിന് പുറത്തെടുക്കാൻ വേണ്ടി അനുയോജ്യമായ കേന്ദ്രങ്ങളിൽ സംഭരിക്കുകയെന്ന പ്രക്രിയയാണിത്. വീണ്ടെടുക്കൽ ആണ് നാലാമത്തേത്. ആവശ്യാനുസരണം വിവരങ്ങൾ തലച്ചോറിൽ നിന്നും പുറത്തെടുക്കുന്ന പ്രക്രിയയാണിത്. പഠന വൈകല്യം ഉള്ളവരിൽ ഈ പ്രവർത്തനങ്ങൾ സുഗമമായിരിക്കില്ല എന്നതാണ് അവർ നേരിടുന്ന വെല്ലുവിളിയും.
പഠന വൈകല്യം എന്ന് പറയുമ്പോഴും ഇത് ഒരു തരത്തിൽ മാത്രമല്ല ഉള്ളത്. പലതരത്തിലുള്ള വൈകല്യങ്ങളുണ്ട്. ഇവയിൽ ഏതെങ്കിലുമൊന്നോ ഒന്നിലേറെയോ ആയിട്ടായിരിക്കും പ്രത്യക്ഷപ്പെടുന്നത്. പഠന വൈകല്യ വിദ്യാഭ്യാസത്തിൽ പരിശീലനം കിട്ടിയിട്ടുള്ളവർക്കു മാത്രമേ ഇത് നിർണ്ണയിക്കാൻ കഴിയുകയുള്ളൂ. അതിനുവേണ്ട ടെസ്റ്റുകൾ നടത്തിയതിനു ശേഷം മാത്രമേ ഇത് സാധ്യമാകുകയുള്ളൂ. പ്രധാന പഠന വൈകല്യങ്ങൾ താഴെ പറയുന്നവയാണ്.
ഡിസ്‌ലെക്‌സിയ: എന്നത് പഠന വൈകല്യത്തിന് പൊതുവായി പറയുന്ന ഒരു പേരാണ്. 70% കുട്ടികളുടെയും പ്രശ്‌നവും ഇതുതന്നെയായിരിക്കും. റീഡിങ് ഡിസോർഡർ എന്നും ഡിസോർഡർ ഓഫ് റിട്ടൺ എക്‌സ്‌പ്രെഷൻ എന്നുമുള്ള രണ്ടു പ്രശ്‌നങ്ങൾ ചേർന്നതാണ് ഇത്. പൊതുവായി പറഞ്ഞാൽ എഴുതാനും വായിക്കാനും ഉച്ചരിക്കുവാനുമുള്ള പ്രശ്‌നങ്ങൾ തന്നെ. എന്നിരിക്കിലും വായിക്കാനുള്ള പ്രശ്‌നങ്ങളാണ് ചില സമയങ്ങളിലെങ്കിലും ഡിസ്‌ലെക്‌സിയ കൊണ്ടുദ്ദേശിക്കുന്നത്.
ഡിസ് ഗ്രാഫിയ: എഴുതുന്നതിലുള്ള പ്രശ്‌നങ്ങളാണ് ഡിസ് ഗ്രാഫിയ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.
ഡിസ്‌കാൽകുലിയ: കണക്കുകൾ കൈകാര്യം ചെയ്യുന്നതിനുള്ള വൈകല്യമാണ് ഇത്.
പൂർണ്ണമായും ഗുണപ്പെടുത്താൻ കഴിയുന്ന ഒന്നല്ല പഠനവൈകല്യം. എന്നാൽ പഠന വൈകല്യ ചികിത്‌സയിൽ കുറെ വർഷങ്ങളുടെ അനുഭവത്തിന്റെ അടിസ്ഥാനത്തിൽ എനിക്ക് തോന്നുന്നത് മറ്റൊന്നാണ്. ഞാൻ ചികിത്‌സക്കായി ഉപയോഗിക്കുന്നത് ഹോമിയോപ്പതി മരുന്നുകളാണ്. കൂടെ ഞങ്ങൾ വികസിപ്പിച്ചെടുത്ത ചില പഠന പരിശീലനങ്ങളും. ഇത് രണ്ടും കൃത്യമായി പാലിക്കുന്നവരിൽ എൺപതു ശതമാനത്തിലധികം മാറ്റങ്ങൾ ഉണ്ടാക്കാൻ കഴിഞ്ഞിട്ടുണ്ട് എന്നത് അഭിമാനകരമായി കരുതുന്നു.
കുട്ടികൾക്ക് മുകളിൽ പറഞ്ഞ ലക്ഷണങ്ങൾ ഉണ്ട് എന്ന് തോന്നിയാൽ അത് തനിയെ ശരിയാകും എന്ന് ചിന്തിച്ചു സമയം കളയുന്നതിനു പകരം എത്രയും വേഗം വിദഗ്ദ്ധ സഹായം തേടുക എന്നത് തന്നെയാണ് ഏറ്റവും ശരി. ഇത്തരം കുട്ടികളെ പഠിപ്പിക്കുന്ന സ്‌പെഷ്യൽ സ്‌കൂളുകളും ഇന്ന് ലഭ്യമാണ്. ഇത്തരം പ്രശ്‌നങ്ങൾ നേരിടുന്ന കുട്ടികളെ ശാസിച്ചും ശിക്ഷിച്ചും പഠിപ്പിക്കാൻ ശ്രമിക്കുന്നത് അവരുടെ മാനസിക സമ്മർദ്ദം ഉയർത്താനും, തന്മൂലം പഠനം കൂടുതൽ തകരാറിലാക്കാനും മാത്രമേ ഉപകരിക്കൂ.
ഡോ സുനീത് മാത്യു
-
കുട്ടികളെ ലൈംഗീകമായി ചൂഷണം ചെയ്യുന്ന വാർത്തകളാണ് നാം നിത്യേനയെന്നവണ്ണം കേൾക്കുന്നത്. പണ്ട് നമുക്കറിയാത്ത സ്ഥലങ്ങളിലായിരുന്നുവെങ്കിൽ, ഇന്നത...
-
സിനിമയായി തീർന്ന ബഷീറിന്റെ രണ്ടാമത്തെ നോവലാണ് 1944 ൽ പ്രസിദ്ധീകരിച്ച ബാല്യകാലസഖി. പ്രണയ പശ്ചാത്തലത്തിലെ ദുരന്ത കഥ പറയുന്ന ബഷീറിൻറെ ഈ നോവ...



