2024 ഫെബ്രുവരി 29, വ്യാഴാഴ്‌ച

ഒരുവട്ടംകൂടി…

 



ട്വൽത് ഫെയിൽ (12 Fail) എന്ന ഹിന്ദിസിനിമ നല്ലൊരനുഭവമായിരുന്നു. ജീവിതത്തിൽ എവിടെയെങ്കിലുമൊക്കെ അതുപോലൊന്നു തോറ്റിരുന്നെങ്കിൽ എന്ന്തോന്നിപ്പോയി. പക്ഷെ തോറ്റാൽമാത്രംപോരാ. അതിൽ നിന്നും പ്രചോദനമുൾക്കൊണ്ടു കഠിനമായിപ്രയത്നിക്കാനും, വിജയിക്കാനും കഴിയണം. അങ്ങനെ തോറ്റുതുടങ്ങിയവർ, ശ്രമിച്ചുമുന്നേറിയവർമാത്രമേ എന്തെങ്കിലുമൊക്കെ ആയിട്ടുള്ളൂ. ആകുകയുമുള്ളൂ. 

ചെറിയചെറിയ വിജയങ്ങളാണ് പലപ്പോഴും വില്ലൻമാർ. അതിലും വലിയവില്ലനാണ് ഒരുവട്ടം കൂടിശ്രമിക്കാനുള്ള മടി. 

എൻ്റെ ജീവിതത്തിൽനിന്നും ഒന്ന് പറയാം. ബിരുദാനന്തരബിരുദം കഴിഞ്ഞു പോത്തുപോലെ നടക്കുന്നസമയം. അല്ലറചില്ലറ അധ്യാപനഇടപാടുകളൊക്കെ ഇതിനിടയിൽ നടക്കുന്നുണ്ട്. യൂജിസി നെറ്റ്‌ (NET) പരീക്ഷണവും കടന്നു. കോളേജുകളിൽ നിയമനംകിട്ടാൻ ലക്ഷങ്ങൾക്കുള്ള വകകൾ കയ്യിൽവേണം. ബാങ്കിലായാലും മതി. 

ആയിടക്ക് മറ്റൊരു ചിന്തകൂടിപിടികൂടി. ഒരു PhD കൂടി എടുത്തുപൊക്കിയാൽ, പിന്നൊന്നും വേണ്ടിവരില്ലെന്ന മൂഢചിന്ത. കേരളത്തിന്റെ സ്വന്തം സർവകലാശാല  നഗരത്തിൽ പരന്നുകയറികിടക്കുന്നു. കേറിജോയിൻചെയ്തു. അങ്ങനെയിരിക്കുമ്പോൾ ഒരുദിനം പത്രത്തിൽ പരസ്യം. കേന്ദ്രസർക്കാർ കോമൺവെൽത്ത് സ്കോളർഷിപ്പുകൾക്കു അപേക്ഷക്ഷണിക്കുന്നു. കിട്ടിയാൽ യൂകെയിലോ, കാനഡയിലോ, ഓസ്‌ട്രേലിയയിലോ കോമൺവെൽത്തിൻ്റെ ചിലവിൽ PhD  ചെയ്യാം. കേന്ദ്രസർക്കാരിൻ്റെ ജോലി വേണ്ടവനെ (വേണ്ടവളെ) കണ്ടെത്തി ശുപാർശ ചെയ്യുക എന്നതുമാത്രം. ശുപാർശ കോമൺവെൽത്ത്‌കൂടി അംഗീകരിക്കണമെന്നുമാത്രം. അതിനുള്ള വിളിയാണ്. കേട്ടു. അപേക്ഷയും റിസർച്ച് പ്രൊപ്പോസലും ഒരെണ്ണം തട്ടിക്കൂട്ടി ചൂടോടെവിട്ടു. 

ഒന്നിനും വേണ്ടിയല്ലാതെയും വിളിച്ചാൽ വിളികേൾക്കുന്നവർ  ഡൽഹി കേന്ദ്രമാക്കിയുണ്ടായിരുന്ന പുരാതനകാലമാണെന്നോർക്കണം . അഭിമുഖത്തിന് ദില്ലിയിലെത്താൻ അറിയിച്ചുകൊണ്ട് കടലാസ്സുവന്നു. കവടിനിരത്തിയപ്പോൾ പോകാമെയി. പോക്കിനായി പാശ്ചാത്യകോണകം (tie) കഴുത്തിലേക്കൊരെണ്ണം വാങ്ങി. ആദ്യമായി. അതില്ലാത്തതിൻ്റെപേരിൽ ഒന്നും കിട്ടാതെവേണ്ട എന്നമട്ടിൽ. കഴുത്തിലെ  ലങ്കോട്ടിക്കെട്ടു കയറുകെട്ടുംപോലെയോ ഷൂലേസ്കെട്ടുമ്പോലെയൊ മുറുക്കികെട്ടിയാൽ  മതിയാകും എന്ന് നിരീച്ചു. മുൻപരിചയമില്ലല്ലോ!

ദില്ലിയിലെത്തി. പതിവുപോലെ കനത്തിൽ പുകനിറഞ്ഞ മഞ്ഞുമൂടിയ ഉഗ്രൻ ശൈത്യകാലം.  ബംഗാളികളുടെ ഏതോമന്ദിരത്തിൽ താമസംതരമായി. അഭിമുഖം വിദേശകാര്യമന്ത്രാലയമായിരുന്നോ, ഉന്നതവിദ്യാഭ്യാസ മന്ത്രാലയമായിരുന്നോയെന്നോർക്കുന്നില്ല. പുരാതനകാലമായിരുന്നല്ലോ. ഓർമ്മപിടിക്കുന്നില്ല.

രാവിലെ അഭിമുഖത്തിനൊരുങ്ങുമ്പോൾ ഭീകരപ്രതിസന്ധി. ടൈ കെട്ടീട്ടുംകെട്ടീട്ടും മുറുകുന്നില്ല. കൺകെട്ടൊഴികെ അറിയാവുന്ന എല്ലാകെട്ടും പരീക്ഷിക്കപ്പെട്ടു. ലവൻ കടേന്നുവാങ്ങിയ മുന്തിയവനായിട്ടും, വേലിയിൽ നിന്നെടുക്കപ്പെട്ട ലോക്കൽ പാമ്പിൻ്റെ സ്വഭാവം കാണിക്കുന്നു. തണുപ്പുകാലം രക്ഷിച്ചുവെന്നു പറഞ്ഞാൽമതിയല്ലോ. ഷർട്ടിനു മുകളിൽ സ്വെറ്ററുമിട്ടു (ഇപ്പോ ജീവിക്കുന്ന നാട്ടിൽ സ്വറ്ററിൻ്റെപേരു ‘ജമ്പർ’ എന്നാണ്). ടൈ സ്വറ്ററിനിടയിൽ കുടുക്കി നിർത്തി. സൂക്ഷിച്ചു നോക്കിയാൽ മാത്രം എന്തോ പിശകെന്നു മനസ്സിലാകും. മഹാനഗരത്തിൽ ആര് സൂക്ഷിച്ചുനോക്കാൻ, പോരാത്തതിന് കണ്ണുമൂടുന്ന പുകമഞ്ഞും. 

സർക്കാർ ആസ്ഥാനത്തെത്തി. വലിയ കെട്ടിടങ്ങൾ. രാഷ്ട്രപതിഭവനോക്കെയടുത്ത്. ആപ്പീസ്സ്  ശിപായി മുറികാണിച്ചുതന്നു. മാനേജുമെൻറ് സ്റ്റഡീസിൽ അയിരുന്നല്ലോ ഗവേഷണയാചന. വലിയമുറിയിൽ മൂന്ന് ഭാവി മാനേജ്മെൻറ്ഗവേഷകർ ഇരിക്കുന്നു, അഭിമുഖവും കാത്ത്.  ആൺപിറന്നവർമാത്രം. അവരുടെ ഇരിപ്പിൽ എന്തോ പന്തികേടുതോന്നി. മുടിഞ്ഞ ആത്മവിശ്വാസത്തിൻ്റെ ശരീരഭാഷയ്ക്ക് ഷേക്‌സ്‌പീരിയൻ സൗന്ദര്യം. എല്ലാവരും കോട്ടിനും സൂട്ടിനുമുള്ളിൽ. ‘ജമ്പറിട്ടു’ ഞാൻ മാത്രം! ലവൻമ്മാക്ക് അഭിമുഖം നടത്തുന്നവരാണോ എന്ന് തോന്നിക്കുമാറുള്ള മുഖഭാവം. എൻ്റെ ചിരി അവരുടെ മുഖത്തിന്റെ കനമുള്ളയെവിടെയോതട്ടി ചെറുതായെന്തോ ഇളകി വീണപോലെ കോടിയൊരു ‘ചി’ മാത്രം തിരികെക്കിട്ടി, നരേന്ദ്രപ്രസാദ്‌ ശൈലിയിൽ. 

ആദേഹങ്ങൾ പുലികളായിരുന്നുവെന്ന് മനസ്സിലാക്കാൻ അഞ്ചുനിമിഷം വീണ്ടും കഴിഞ്ഞു. ഭീകരൻമ്മാരെല്ലാം IAS ആപ്പീസറൻമ്മാരാണ്. പലസംസ്ഥാനങ്ങളിൽ നിന്നുമുള്ളവർ. രണ്ടുപേരെ ഇപ്പോഴും ഓർക്കുന്നു. ഒരാൾ ചെന്നൈ കോർപറേഷൻറെ ഡെപ്യൂട്ടികമ്മീഷണർ, രാമചന്ദ്രൻ IAS. മറ്റേയാൾ ബിഹാറിലെ ഏതോ പൊതുമേഖലാ സ്ഥാപനത്തിൻ്റെ MD. മൂന്നാമൻ ഇതുപോലെ മറ്റെന്തോ. ഇവൻമ്മാരുടെ ചുരുക്കുചരിത്രം കേൾക്കേണ്ടതാമസം എൻ്റെകാറ്റ് തിരികെ കേരളത്തിലെത്തി എവിടെയോ ഒളിവിൽപോയി. 

മൂവർക്കും ഒരേജാഡ, ഞാൻ കാഴ്ചബംഗ്ലാവിൽ ആദ്യമായി ഹിമക്കരടിയെക്കാണുന്ന ഭാവത്തിൽ എന്ത്, എങ്ങനെ പറയണം എന്നറിയാതെ ‘യെസ്’ എന്നോ ‘നോ’ യെന്നോ എന്തൊക്കയോ പറഞ്ഞു തലകുലുക്കുന്നുണ്ട്. സർവ്വആയുധങ്ങളും വച്ച് കീഴടങ്ങിയ എൻ്റെ ദയനീയ ഭാവം കണ്ടിട്ടാണെന്നു തോന്നുന്നു, മൂന്നുപേരും ഫ്രീയായിട്ടു കുറച്ചു IAS കോച്ചിങ്ങും, മോട്ടിവേഷൻ സ്‌പീച്ചും തരമാക്കിതന്നു. 

ഇവർക്ക്  കുടുംബസമേതം മൂന്നുനാലു വർഷം ലണ്ടനിലോ മറ്റോ പോയുള്ള സുഖവാസത്തിനുള്ള വകുപ്പിനാണ് എത്തിയിരിക്കുന്നത്. നമ്മളാണെങ്കിൽ നന്നാവാൻവേണ്ടിനാടുവിടാനും. അത് ജന്മത്ത് നടക്കാൻ പോകുന്നില്ലെന്ന് കാലൻമ്മാരെ കണ്ടപ്പോഴേ തെളിഞ്ഞു. കൂടാതെ അവർ  ടൈയുടെഅവസ്ഥ കാണാതിരിക്കാൻ ഞാൻ സ്വയം കഴുത്തിനുപിടിച്ചാണ് നിൽപ്പ്, എല്ലാം നശിച്ചവനെപ്പോലെ. 

അഭിമുഖം ഏതാണ്ട് 12 ഫെയിൽ സിനിമയിലെപ്പോലെ  തന്നെയായിരുന്നു. ചെയർപേഴ്സൺ ഒരു സ്ത്രീ. ഏതോ യൂണിവേഴ്സിറ്റി വൈസ്ചാൻസലർ ആണെന്നറിഞ്ഞു. ബാക്കിയുള്ളർ സർക്കാർ  സെക്രട്ടറിമാരായിരിക്കണം. എല്ലാവരും ആഢ്യർ. തൊട്ടാൽ തെഴെവീഴുന്ന മട്ടിൽ കുടുക്കിവച്ചിരിക്കുന്ന കണ്ഠകോണകം കണ്ടിട്ടുണ്ടാകും, ദയതോന്നിയിട്ടുണ്ടാകും. പ്രൊപ്പോസലിനെക്കുറിച്ചു മിതമായി എന്തോ ചോദിച്ചു. ഞാനെന്തോ അമിതമായി പറഞ്ഞു. IAS കാരെകണ്ടു പേടിമാറിയവന്‌ എന്ത് നോക്കാനാണ്? നല്ലവരായവർ കൊല്ലാതെ തിരികെവിട്ടു. ഞാൻ ജീവനുംകൊണ്ട് കേരളത്തിലേക്കോടി രക്ഷപ്പെട്ടു! 

സർവ്വം ശുഭം. ഡൽഹി കണ്ടത് മിച്ചം എന്ന് വിചാരിച്ചിടത്താണ് ഇന്ത്യൻസർക്കാരിൻ്റെവക വമ്പൻ ട്വിസ്റ്റ്. കിടുക്കാച്ചിഞെട്ടിക്കൽ. എന്നെ മറ്റുമൂന്നുപേരോടും കൂടി കോമൺവെൽത്ത്  സ്കോളർഷിപ്പിനായി ഇന്ത്യയിൽ നിന്നും നിർദ്ദേശ്ശിച്ചിരിക്കുന്നു (മാനേജ്മെന്റ് സ്റ്റഡീസിൽ മാത്രം നാലുപേർ, ബാക്കി വേറെ കുറേപ്പേർ). ബാക്കിയെല്ലാം കോമൺവെൽത്ത് കമ്മിഷൻ തീരുമാനിക്കും. ഞാൻ ഞെട്ടിവിറച്ചു, 105 ഡിഗ്രി പനിച്ചു. IAS പരീക്ഷ എഴുതാത്തതിൽ ആദ്യമായി പരിതപിച്ചു.  ലവൻമ്മാർക്ക് പറ്റുമെങ്കിൽ നമുക്കുമായിക്കൂടെയെന്ന ലൈൻ. ഇന്ത്യ സർക്കാരിൻ്റെ നിർദ്ദേശം കോമൺവെൽത്ത് വെട്ടില്ലെന്ന് പറഞ്ഞു അറിയുന്നവർ പിരികേറ്റി. ഇനിയൊന്നും നേടാനില്ലെന്നമട്ടിൽ ഞാൻ അറിയിപ്പിനായി കാത്തിരുന്നു. വിമാനത്തിൽ വിൻഡോ സീറ്റിൽത്തന്നെയിരിക്കണെമെന്നു ശപഥമെടുത്തു. ലണ്ടനിലെ തണുപ്പ്സഹിക്കാൻ മനസ്സിനെ പാകപ്പെടുത്തി. 

അറിയിപ്പ് വന്നു, ഖേദം അറിയിച്ചുകൊണ്ട്! കോമൺവെൽത്ത്  ചതിച്ചാശാനേയെന്നു  പരിതപിക്കാനേ കഴിഞ്ഞുള്ളു. വേറൊന്നും സംഭവിച്ചില്ല. കോമൺവെൽത്തിനോട് പകരം വീട്ടാൻ ഞാൻ നാട്ടിലെ PhD കൂടുതലായിചെയ്തു, കൂടുതൽസമയമെടുത്ത് പൂർത്തിയാക്കി. 

കോമൺവെൽത്ത് സ്കോളർഷിപ്പിനായുള്ള അറിയിപ്പുകൾ തുടർന്നുള്ള എല്ലാവർഷവുംവന്നു. ധാരാളം ഇന്ത്യക്കാർ കഠിനാധ്വാനംചെയ്തു പലപ്രാവശ്യം ശ്രമിച്ചു നേടിയെടുത്തുകാണും. യുകെയിലും മറ്റുംപോയി ഓക്സ്ഫോഡിൽ നിന്നും കേംബ്രിഡ്ജിൽനിന്നും  PhD നേടി നന്നായിട്ടുണ്ടായിരിക്കും. ഞാൻ കോമൺവെൽത്തിനോടു പകരംവീട്ടി കേരളായൂണിവേഴ്സിറ്റിയിൽ നിന്നും PhD നേടി. മോശമായെന്നല്ല. ഇതിലും നന്നാകാൻ അവസരമുണ്ടായിരുന്നു, കഠിനമായിശ്രമിച്ചിരുന്നെങ്കിൽ! ഒരുവട്ടംകൂടി ശ്രമിച്ചിരുന്നെങ്കിൽ! 

സിനിമയിലെ നായകന് സാധാരണ പോലീസ് ഇൻസ്‌പെക്ടർ ആയി SPയോ മറ്റോആയി വിരമിക്കാമായിരുന്നു. പക്ഷെ അയാൾ UPSC യോട് പകരംവീട്ടാൻ നിൽക്കാതെ കഠിനപ്രയത്നം ചെയ്തു, IPS നേടി. ഡിജിപിയോ മറ്റോആയി വിരമിക്കുമായിരിക്കും.  

ഞങ്ങൾതമ്മിൽ ഒരുവെത്യാസമേയുണ്ടായിരുന്നുള്ളൂ. ഓരോപരാജയങ്ങൾ കഴിഞ്ഞപ്പോഴും അയാൾ ഒരുവട്ടംകൂടി ശ്രമിച്ചു…കഠിനമായി!

“The most certain way to succeed is always to try just one more time.” —Thomas Edison.


സുമേഷ് രാമചന്ദ്രൻ




അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ