2024 ഫെബ്രുവരി 29, വ്യാഴാഴ്‌ച

മുഖമൊഴി

 

അധിവർഷ ദിനവുമായാണ് ഈ വർഷം ഫെബ്രുവരി എത്തിയിരിക്കുന്നത്. കഴിഞ്ഞ വർഷവുമായി നോക്കുമ്പോൾ ഒരു ദിവസം അധികമായി ലഭിക്കും. ചിലർക്കത് ഉപകാരവും ചിലർക്ക് പാരയുമാകാം. പറഞ്ഞു വരുന്നത് അധിവർഷത്തെക്കുറിച്ചല്ല.

ഫെബ്രുവരിയ്ക്കു ഈ പേര് കിട്ടിയത് ഫെബ്രും എന്ന ലാറ്റിൻ പദത്തിൽ നിന്നാണ്. പ്യൂരിഫിക്കേഷൻ അഥവാ ശുദ്ധീകരിക്കൽ എന്നാണ് ഈ വാക്കിന്റെ അർഥം. ഇക്കാലത്ത് സാമൂഹിക മാധ്യമങ്ങളിൽ വരുന്ന ചില പോസ്റ്റുകളും കമന്റുകളും കാണുമ്പോൾ നാം വളരെയധികം ശുദ്ധീകരിക്കപ്പെടേണ്ടതുണ്ട് എന്ന തോന്നൽ ഉണ്ടായി. അതുകൊണ്ടുതന്നെ ഇക്കാര്യം എഴുതാൻ ഏറ്റവും നല്ല മാസം ഫെബ്രുവരി തന്നെ.

മത, രാഷ്ട്രീയ വെറി ഇത്രയധികം രൂക്ഷമായത് വളരെ അടുത്ത കാലങ്ങളിൽ ആണ് എന്നു തോന്നുന്നു. ഒരു പക്ഷെ സാമൂഹിക മാധ്യമങ്ങൾ നമ്മുടെ മേൽ ആധിപത്യം സ്ഥാപിച്ചതിനു ശേഷമാകണം. അതു കൊണ്ട് തന്നെ ഇത്തരം മാധ്യമങ്ങളുടെ ചില അപാകതകളെങ്കിലും നാം മനസ്സിലാക്കിയിരിക്കണം. അതിൽനിന്നെങ്കിലും ശുദ്ധീകരിക്കപ്പെടുവാൻ ഈ മാസം നമുക്കവസരമുണ്ടാകട്ടെ.

സൈബർ ബുള്ളിയിങ്ങ് എന്ന ഭീഷണികൾ ആണ് ഏറ്റവും പ്രധാനം. ആളുകളെ കരിവാരിത്തേക്കുവാനും, ഭീഷണിപ്പെടുത്തുവാനുമുള്ള ഒരു ഇടം കൂടിയായി ഇത് മാറിക്കഴിഞ്ഞിരിക്കുന്നു. ഒരു വ്യാജ മേൽവിലാസത്തിൽ ഒളിച്ചിരുന്നു എന്തു ഹീനപ്രവർത്തിയും ചെയ്യാം എന്നു ചിലരെങ്കിലും കരുതുന്നു.

തെറ്റായ വിവരങ്ങൾ ശരിയെന്നു തോന്നുന്ന വിധം പ്രചരിപ്പിക്കുന്നതാണ് അടുത്ത പ്രശനം. ഇത്തരം തെറ്റായ വാർത്തകൾ ആധികാരികത അന്വേഷിക്കാതെയോ, അറിയാതെയോ വളരെയധികം മീഡിയകളിൽ പ്രചരിക്കപ്പെടുന്നു. പല മാധ്യമങ്ങളിൽ കാണുന്നതോടെ അത് അധികാരികമായി മിക്കവർക്കും തോന്നുകയും ചെയ്യുന്നു. ജാതി മത, രാഷ്ട്രീയ വെറി പടർത്തുന്നതിനും, വ്യക്തിഹത്യയ്‌ക്കും മറ്റും കരുതിക്കൂട്ടി ചെയ്യുന്ന ഒരു പ്രവൃത്തിയാണിത്. ഇത്തരം വാർത്തകൾ പടർത്തുന്നതിനു തന്നെ ആളുകൾ ഉണ്ട് എന്ന് നാം അറിഞ്ഞിരിക്കണം.

സാമൂഹിക മാധ്യമങ്ങൾ നമ്മുടെ സാമൂഹിക ബന്ധങ്ങൾ വളർത്തുന്നുണ്ടെങ്കിലും, ഇത്തരം മീഡിയകളോടുള്ള ആസക്തി നമ്മുടെ ശരിയായ ബന്ധങ്ങളിൽ വിള്ളലുകൾ ഉണ്ടാക്കുന്നുണ്ട് എന്നതും സത്യമാണ്. പലപ്പോഴും ഇത്തരം ആസക്തികൾ യഥാർത്ഥത്തിൽ ചെയ്യുന്നത് സാമൂഹിക ഒറ്റപ്പെടുത്തലുകൾ തന്നെയാണ്.

ഇനിയും ധാരാളം ദോഷവശങ്ങൾ എഴുതാനുണ്ട്. ഇങ്ങനെ എഴുതുന്നതിന്റെ അർഥം സാമൂഹിക മാധ്യമങ്ങൾ മോശമാണ് എന്നല്ല. അതിനു ധാരാളം നല്ല വശങ്ങളുമുണ്ട്. ഇതിന്റെ ശരിയും തെറ്റും മനസ്സിലാക്കി പ്രവർത്തിക്കേണ്ടത് നമ്മൾ ആണ്. ആ ശുദ്ധികലശം നമുക്കാരംഭിക്കാം.


 

ഡോ. സുനീത് മാത്യു 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ