2022 ജൂലൈ 28, വ്യാഴാഴ്‌ച
മുഖമൊഴി
മാലുള്ളതാണീ മഹിയെന്നുവെച്ചു….?
“അപി സ്വര്‍ണ്ണമയീ ലങ്കാ
ന മേ ലക്ഷ്മണ രോചതേ
ജനനീ ജന്മഭൂമിശ്ച
സ്വര്‍ഗ്ഗാദപി ഗരീയസീ ”
യുദ്ധം ജയിച്ചു. ശിഷ്ടകാലം തങ്കപ്പെട്ട ലങ്കയിൽ തങ്ങിയാൽ പോരെ ജേഷ്ഠാ എന്ന് ഉവാചിച്ച ലക്ഷ്മണനോട് രാമൻ പറഞ്ഞുവച്ചതാണ്. പലനാട്ടിൽ ജീവിച്ചു പോരുന്ന (യുദ്ധം ജയിച്ചല്ലെങ്കിലും), ജോലിചെയ്തുന്ന ഓരോ കേരളീയനും നൊസ്റ്റാൾജിയ അടിക്കുമ്പോഴെങ്കിലും കാലാകാലങ്ങളിൽ പറഞ്ഞുപോരുന്നതും ഇതുതന്നെയല്ലേ? …’ജനനീ ജന്മഭൂമിശ്ച സ്വര്‍ഗ്ഗാദപി ഗരീയസീ.’
പക്ഷെ ഇവിടെനിന്നും ജോലിതേടിപ്പോകുന്ന പലരും ദൈവത്തിന്റെ സ്വന്തം നാട്ടിലേക്ക് കഴിവതും തിരികെ വരാറില്ല, വല്ലപ്പോഴും നാടുകാണാനല്ലാതെ. വേണ്ടാഞ്ഞിട്ടല്ല, വേണം എന്നുവച്ചിട്ടുതന്നെയായിരിക്കണ. ഇവിടുന്നു പോയതിന് പലകാരണങ്ങളുണ്ടെങ്കിലും തിരികെവരാതിരിക്കാനുള്ള പ്രധാന കാര്യങ്ങളിൽ ഒന്ന്, ദൈവത്തിന്റെ നാട്ടിൽ വന്നു ജനിച്ചുവളർന്നതുകൊണ്ട് മാത്രം കേറിവന്ന ഒരു വൃത്തികെട്ട സ്വഭാവമാണ്. ഓൺലൈൻ പത്രവായനയും, യുട്യൂബ് ന്യൂസ് ചാനലുകൾ കുത്തിയിരുന്ന് ലൈവ് കാണലും.
എൻ്റെ കാര്യമാണ് പറഞ്ഞത്. അറിയുന്ന പലരുടെയും സ്ഥിതി ഇതുതന്നെയാണ്. തിരികെവരാൻ പേടിച്ചാൽ കുറ്റം പറയാനാകുമോ? അങ്ങനെയുള്ള വാർത്തകളാണല്ലോ ദിനംപ്രതി വെളിച്ചം കാണുന്നത്.
അടി. പിടി. ആഴിമതി. കൊല. കൊള്ള. സ്വർണ്ണം. ചെമ്പ്. സ്വപ്ന. സരിത. തെറി. കടം. ക്വട്ടേഷൻ. ബലാൽക്കാരം. ഇര. അതിജീവനം.
ബാക്കിവല്ലതുമുണ്ടോ?
മതി. കൂടുതലൊന്നും പറയാനില്ല. ഇതെല്ലാം ലോകത്തെല്ലായിടത്തും ഇല്ലേ എന്നാകും? ഉണ്ട്. മനുഷ്യരുള്ള എല്ലാ ലോകത്തിലുമുണ്ട്. പക്ഷെ മറ്റിടങ്ങളിലെല്ലാം ചെറിയൊരു വ്യത്യാസമുണ്ട്. ആരും ഇതൊന്നും കേട്ടും കണ്ടും പനിക്കാറില്ല. നാട്ടുനടപ്പുപോലെ ഉപ്പുതിന്നവൻ വെള്ളം കുടിക്കും അവിടെയൊക്കെ (ഞാൻ കണ്ട നാടുകളിലെങ്കിലും). നമ്മുടെ നാട്ടിൽ വെള്ളം കുടിക്കുന്നതും, പനിക്കുന്നതും, ഉറക്കം കളയുന്നതും ഇതൊക്കെ കാണുകയും, കേൾക്കുകയും, വായിക്കുകയും ചെയ്യുന്നവർ മാത്രം. ബാക്കിയുള്ളവരൊക്കെ സേഫ് സോണിലാണ്. തല്ലുന്നവനും, കൊല്ലുന്നവനും, ബലാൽസംഘം ചെയ്യുന്നവനും പരിരക്ഷ, സുരക്ഷ, ആദരം, കരുതൽ, ബഹുമതി.
ഇതൊക്കെ കാണേണ്ടിവരുന്ന സാദാ നാട്ടുകാർക്ക് മാത്രം ആകാശദൂതു പടം കണ്ട അമ്മച്ചിയുടെ സ്ഥിതിയാണ്- കരച്ചിലും, പിഴിച്ചിലും, പഴിക്കലും, ഭയക്കലും മാത്രം. പടത്തിൽ അഭിനയിച്ചവർക്കും സംവിധായകനും മറ്റും കാശ്, പേര്, സന്തോഷം. കാശുകൊടുത്തു പടം കണ്ടവർക്ക് കണ്ണുനീര്, ധനനഷ്ടം, യാതന, വേദന.
ഇത്രയും വേദനയാണെങ്കിൽ പിന്നെ ഇതൊക്കെ കാണാനും കേൾക്കാനും പോകുന്നത് എന്നാണെങ്കിൽ ക്ഷമിക്കണം, കണ്ടുപോകുന്നതാണ്, കേട്ടും. കാണാതിരിക്കാൻ ശ്രമിക്കാം. മനസ്സമാധാനമെങ്കിലും കിട്ടുമല്ലോ?
ഒന്നോർത്താൽ നാട്ടിൽ വാർത്തക്ക് പഞ്ഞമായ കാലമില്ലായിരുന്നു. പത്തും ഇരുപതും ഇരുനൂറും വർഷങ്ങൾക്കുമുമ്പും ഉണ്ടായിരുന്നു വാർത്തകളും, വാദങ്ങളും, താരങ്ങളും, അവതാരങ്ങളും. അന്നും കേട്ടും, കണ്ടും, പനിച്ചും, വെറുത്തും, പഴിച്ചും കാലം കഴിച്ചിട്ടുണ്ടാകണം, ജനം. ആ കാലങ്ങൾ കടന്നുപോയി!
ഓരോ വാർത്തകളും പാഠങ്ങളാണ്; ഇതിലും വലുതെന്തോ വരാനിരിക്കുന്നുവെന്ന ബോധനം. ഓരോ വാദങ്ങളും ഓർമ്മപ്പെടുത്തലാണ്; ഇതിലുംവലുതായ തന്ത്രവാദങ്ങളും മന്ത്രവാദങ്ങളും വരുമെന്ന ഘോഷണം. ഓരോ താരങ്ങളും പ്രതീകങ്ങളാണ്; ഇതിലും വലുതും പൊലിയുമെന്ന പരമാര്‍ത്ഥസൂചകം. ഓരോ അവതാരങ്ങളും മായയാണ്; അങ്ങനെയൊന്നേ ഇല്ലായിരുന്നെന്നുള്ള മിഥ്യാസ്വപ്നം.
ഓരോ താരങ്ങളും പ്രതീകങ്ങളാണ് ഇതിലും വലുതും പൊലിയുമെന്ന പരമാര്‍ത്ഥം. ഓരോ അവതാരങ്ങളും മായയാണ് അങ്ങനെയൊന്നേ ഇല്ലായിരുന്നെന്നുള്ള മിഥ്യ.
കാര്യങ്ങൾ അങ്ങനെയൊക്കെ ആയിരിക്കെ വാർത്തകളെ പഴിച്ചിട്ടെന്തിനാണ്. വാർത്തകൾ വരും, പോകും. വാർത്താമാധ്യമങ്ങൾ അവരുടെ ജോലിചെയ്യുന്നു. വായിക്കപ്പെടുന്നതും, കേൾക്കപ്പെടുന്നതും, കാണപ്പെടുന്നതും മാത്രം നമ്മുടെ മുന്നിലെത്തിക്കുന്നു. വായിക്കപ്പെടേണ്ടതും, കേൾക്കപ്പെടേണ്ടതും, കാണപ്പെടേണ്ടതും ആർക്കു വേണം? ചുരുക്കത്തിൽ നമുക്ക് വേണ്ട വാർത്തകൾ നമുക്ക് കിട്ടുന്നു. അപ്പോൾപ്പിന്നെ വർത്തയെകുറ്റം പറഞ്ഞിട്ടെന്തിനാണ്. യൂട്യൂബ് ന്യൂസ് ചാനലുകൾ കുത്തിയിരുന്ന് ലൈവായിക്കാണുന്ന എനിക്കണോ അതോ അത് കാണിച്ചുതരുന്നവർക്കാണോ കുഴപ്പം. ഒരു സംശയവും വേണ്ട. എനിക്ക് തന്നെ! കാശുകൊടുത്തു സിനിമ കണ്ടു കരയുന്നതിലും ഭേദം കാണാതിരിക്കലാണല്ലോ!
നൊസ്റ്റാൾജിയ തീർക്കാൻ നാട്ടിലോട്ടുവരണം. വാർത്തകൾ കണ്ട് തുലക്കാറുള്ള സമയംകൊണ്ട് നല്ലതെന്തെങ്കിലുംകൂടി വായിക്കണം. ചിലരെ മഹാ കവികൾ എന്നുവിളിക്കുന്നത് വെറുതെയല്ല. അവർ എഴുതിവച്ചതൊക്കെ വല്ലപ്പോഴെങ്കിലുമെടുത്തു വായിച്ചു ആശ്വസിക്കണം.
“മാലുള്ളതാണീ മഹിയെന്നുവെച്ചു
മാഴ്കുന്നതെന്തിനു മനുഷ്യരേ! നാം?
തൻസൃഷ്ടിയിൽപ്പെട്ടൊരത്തിനുമീശൻ
സ്ഥാനത്തെ നൽകേണ്ടതു ധർമമല്ലേ?
കൈവിട്ടുപൊയ്‌പ്പോയ് പകലെന്നുവെച്ചു
കണ്ണീരൊലിപ്പിച്ചൊരു കാര്യമുണ്ടോ?
വരേണ്ടതല്ലേ നിശയും നമുക്കു
വപുസ്സിനുതഥാനമുഷസ്സിലേകാൻ?”
(വിശ്വം ദീപമയം – ഉള്ളൂർ.എസ്സ്.പരമേശ്വരയ്യർ)
സുമേഷ് രാമചന്ദ്രൻ
വേലിക്കെട്ട്
വേലിക്കെട്ടിൽ കുരുങ്ങി
ശംഖുപുഷ്പത്തിന്റെ നീലക്കണ്ണുകൾ നനഞ്ഞു.
വേലിപ്പൊത്തിൽ പതുങ്ങി
ചെമ്പോത്തിൻ കണ്ണു ചുവന്നു.
തലപൊക്കാനാകാതെ കള്ളിമുള്ളുകൾ പ്രാകി.
ഒരാലിന്തൈ വേലി പൊളിച്ച്
വെളിച്ചത്തിലേക്ക് വളർന്നു.
വലിയ നൂട്ടകൾ തുരന്ന്
നായ്ക്കൾ പരിഹസിച്ചു,
മാടുകൾ വേലി ചാടി.
ഓരോ കമ്പും കാർന്നുതിന്ന്
ചിതൽ പുറ്റുകൾ കെട്ടി
വെയിലുണക്കിയും മഴയൊഴുക്കിയും
ബലം പരീക്ഷിച്ചു.
സ്ഥലമുടമകൾ അപ്പുറമിപ്പുറം
വേലിയുടെ അടി മാന്തി.
കാലം പിഴുതെറിയാൻ തരം പാർത്തിട്ടും
ആരോ കെട്ടിയുറപ്പിക്കും പോലെ
മായ്ചാലും മായാത്ത വരപോലെ
അതവിടെത്തന്നെ ഉറച്ചുനിന്നു.
ഇ എസ് സതീശൻ
തവളക്കണ്ണൻ
” തവളക്കണ്ണോ “
സ്കൂൾ വരാന്തയിൽ നിന്നുള്ള നീണ്ട വിളികൾ , വിരൽമുറിയുന്ന മഴയിലും കണ്ണന്റെ ചെവിയിൽ എത്തി.
” തവളക്കണ്ണൻ നിന്റെയൊക്കെ.. “
എന്തോ തെറി കൂടി ചേർത്ത് അവൻ വിളിച്ചു പറഞ്ഞു. അപ്പോഴേയ്ക്കും വിളിച്ചു കൂവിയ കുട്ടികളെ ഹെഡ്മാസ്റ്റർ ചന്ദ്രൻ മാഷ് ചൂരൽ കാണിച്ചു പേടിപ്പിച്ചു അകത്ത് കയറ്റിയിരുന്നു.
” എടാ, മാഷ് കേക്കാഞ്ഞത് അന്റെ ഭാഗ്യം ആണുട്ടാ. “
ഞാൻ അവന്റെ തോളിൽ കൈയ്യിട്ട് കുടയിൽ ചേർന്ന് നടന്നു.
നന്നായി ഉരുണ്ട പൊക്കം കുറഞ്ഞ, ശരീരപ്രകൃതമാണ് കണ്ണന്റെ. തടിച്ച ചുണ്ടുകളും അല്പം വീർത്ത കൺപോളകളും ഉള്ളത് കൊണ്ടാവണം രണ്ടാംക്ലാസ്സ് മുതൽക്ക് തന്നെ, അവനെ എല്ലാവരും തവളക്കണ്ണൻ എന്നാണ് വിളിക്കുന്നത്. ഞാൻ അവനെ അങ്ങനെ വിളിക്കാറില്ല. സ്കൂളിൽ പല കുട്ടികൾക്കും ഇരട്ടപ്പേരുണ്ട്. മാക്രി ഗോപാലൻ, ഗണ്ട ഭാസി, കോമ്പസ് നാരായണൻ, സെന്റ് മീനാക്ഷി അങ്ങനെ പലർക്കും പേരുണ്ട്. സെന്റ് മീനാക്ഷിയുടെ അച്ഛൻ സിലോണിൽ ആണ്. അവിടന്ന് വരുമ്പോഴൊക്കെ വില കൂടിയ സെന്റുകൾ കൊണ്ടുവരാറുണ്ടത്രേ. അച്ഛൻ വന്നു കഴിഞ്ഞു സ്കൂളിൽ വരുമ്പോൾ പെണ്ണിന്റെ പവറൊന്ന് കാണണം. ഹും എന്താ ഗമ. എനിക്കും സെന്റ് വേണംന്ന് അമ്മയോട് പറഞ്ഞപ്പോ,
” ഹോ, ഇനി അയിന്റെ കുറവുള്ളൂ. സെന്റ് അല്ല, അനക്ക് ഒരു ഏക്കർ ആണ് തരാൻ പോണേ. പാതേംപൊറത്തൂന്ന് എണീറ്റ് പോയി പഠിക്കട ചെറുക്കാ. “
നല്ല, വഴക്കും തലയ്ക്കു ഒരു കിഴുക്കും കിട്ടി. അതോടെ സെന്റ് മോഹം തീർന്നു.
മഴ വീണ്ടും നിർത്താതെ പെയ്യുകയാണ്. ഞാനും കണ്ണനും അയൽക്കാർ ആണ്. അവന്റെ അമ്മ ഞങ്ങളുടെ വീട്ടിൽ നെല്ല് ചിക്കാനും പാത്രം കഴുകാനും ഒക്കെ വരാറുണ്ട്. അവന്റെ അമ്മയും അവനെ പോലെ തടിച്ചിട്ടാണ്. ഞാൻ കണ്ണന്റെ കൂടെ കളിക്കണതും അവന്റെ തോളിൽ കൈയ്യിട്ട് നടക്കുന്നതും ഒന്നും മുത്തശ്ശിയ്ക്ക് കണ്ടൂടാ.
” ഈ ചെക്കന് എപ്പളും ആ ആശാരിച്ചെക്കന്റെ ചൂരാണ്. ഇതിനെ ഒന്ന് കുളിപ്പിക്ക് ലക്ഷ്മി.”
ഞാൻ അവിടെ നിന്നു എഴുന്നേറ്റ് പോകും. അതെന്തു ചൂരാണപ്പാ. ആവോ എനിയ്ക്ക് അറിയില്ല. എനിക്ക് അവനെ ഇഷ്ടാ. ഞാൻ ഇനിം അവന്റെ കൂടെ കളിക്കും. അവനെ കെട്ടിപ്പിടിച്ചു നടക്കും. ഇരട്ടവരി എഴുതുമ്പോൾ ഞാൻ എന്നോട് തന്നെ ആവർത്തിച്ചു പറഞ്ഞു.
പിറ്റേന്ന്, ഗീത ടീച്ചർ ക്ലാസ്സിൽ വരുമ്പോൾ എല്ലാ കുട്ടികളും പേടിച്ചു ഇരിക്കുവായിരുന്നു. ടീച്ചർ തലേദിവസം പഠിപ്പിച്ച ഭാഗം എല്ലാരോടും ചോദിക്കും. ഉത്തരം പറയാത്ത കുട്ടികൾക്ക് നല്ല ചൂരൽകഷായം കിട്ടും. ഞാൻ, വടക്കേതിലെ ഉണ്ണി, മീനാക്ഷി, ഗോപൻ, ഇത്രയും പേര് ഉത്തരം പറഞ്ഞില്ലെങ്കിലും ടീച്ചർ തല്ലാറില്ല.
” പഠിച്ചിട്ട് വന്നൂടെ “
എന്ന് കർശനമായി ഒന്ന് ചോദിച്ചാലായി. അന്നും ടീച്ചർ നീണ്ട ചൂരലും കൊണ്ട് വന്നു. ഹാജർ എടുത്ത ശേഷം, പാഠപുസ്തകത്തിലെ ചോദ്യം നീട്ടി വായിച്ചു.
” എങ്ങനെയാണ് സസ്യങ്ങൾ ആഹാരം പാചകം ചെയ്യുന്നത്..? “
എല്ലാവരും തന്നോട് ചോദിക്കല്ലേ എന്ന് പ്രാർത്ഥിച്ചു കൊണ്ടിരുന്നു, ജാനകി, മനയ്ക്കലെ തേവർക്ക് ഒരു രൂപ വഴിപാടായി നേരുക പോലും ചെയ്തു. എനിക്ക് ചിരി വന്നുവെങ്കിലും ടീച്ചർ കാണുമെന്ന് കരുതി ഞാൻ ചിരിച്ചില്ല.
” കണ്ണൻ പറയൂ. “
കുപ്പായത്തിന്റെ മേൽകുടുക്ക് വിട്ടു പോയത് കൊണ്ട് ആ ഭാഗം കൂട്ടിപ്പിടിച്ചു കൊണ്ട് അവൻ നിന്നു പരുങ്ങി. അവനൊന്നും പഠിച്ചിട്ടില്ലെന്നു എനിക്ക് അറിയാമായിരുന്നു. ഇന്നലേം കൂടി അവൻ പറഞ്ഞതാണ്.
” എന്റെ മണ്ടേല് പഠിപ്പ് ഒന്നും പിടിക്കൂല. ഞാൻ വലുതാകുമ്പോ സിലോണിൽ പോകും. വല്യ പത്രാസുകാരനായി തിരിച്ചു വരും . ഇയ്യ് നോക്കിക്കോ. “
” എന്താ പഠിച്ചില്ലേ..? “
ടീച്ചറിന്റെ ശബ്ദം ഉയർന്നു. അവൻ ഇല്ലെന്ന് തലയാട്ടി.
” രാവിലെ തന്നെ ഇങ്ങോട്ട് പോരും. ആഹാരം കഴിക്കുന്നത് മാത്രമല്ല മനുഷ്യന്റെ ജോലി. ഹാ നിന്നെ ഒന്നും പറഞ്ഞിട്ട് കാര്യമില്ല. ഓരോ ജാതിക്കാരെ കൂടി പഠിപ്പിക്കണം ന്ന് പറഞ്ഞ സർക്കാരിനെ പറഞ്ഞാൽ മതി. ജനാധിപത്യമല്ലേ.. ജനാധിപത്യം. നീട്ടെടാ കൈയ്യ്. “
ടീച്ചർ, അവന്റെ കൈയ്യിൽ പപ്പടം പൊള്ളും പോലെ രണ്ടടി കൊടുത്തു.
” ബുദ്ധീല്ലാ, ബോധോം ഇല്ല. വെറുതെയല്ല നിന്നെ തവളക്കണ്ണാന്ന് വിളിക്കണെ. “
കുട്ടികൾ എല്ലാവരും ആർത്തു ചിരിച്ചു. അവന്റെ കണ്ണുകൾ നിറയുന്നത് കണ്ടിട്ട് എന്റെ കണ്ണും നിറഞ്ഞു. ഞാൻ അവനെ ദയനീയമായി നോക്കി. എന്റെ സങ്കടം കണ്ടിട്ടാവണം, അവൻ പുറംകൈയ്യാൽ കണ്ണുനീർ തുടച്ചു വിളറിയ ഒരു ചിരി സമ്മാനിച്ചു.
” നെനക്ക് പഠിക്കായിരുന്നു. “
വൈകുന്നേരം പോകുന്ന വഴി ഞാൻ അവനോട് പറഞ്ഞു.
” പഠിച്ചിരുന്നേൽ ടീച്ചർക്ക് ദേഷ്യം വരില്ലായിരുന്നു. “
” ഇല്ലെങ്കിലും ഓര് തല്ലും. “
അവൻ പാടത്തെ അതിരാണിപൂക്കൾ പൊട്ടിച്ചു കൊണ്ട് പറഞ്ഞു.
” അതെന്താ.? “
” ഞാൻ കറുത്തവൻ ആയോണ്ട്. “
എനിക്ക് അവൻ പറഞ്ഞത് തിരിഞ്ഞില്ല. ഞാൻ സംശയത്തോടെ അവനെ നോക്കി.
” നിയ്യ് മേനോൻ കുട്ടി അല്ലെ? ഞാൻ ആശാരിച്ചെക്കനും. അതൊക്കെ വല്യ പ്രശ്നം ആടോ. “
” അന്നോട് ഇതൊക്കെ ആരാ പറഞ്ഞെ..?”
” കണാരേട്ടൻ. “
കണാരേട്ടനെ എനിക്ക് അറിയാം. ചുവന്ന കുപ്പായോം, ഇട്ട് തോൾ സഞ്ചിയും തൂക്കി, ഇടയ്ക്ക് കവലയിൽ പ്രസംഗം നടത്തുന്നത് കേൾക്കാം. ഒന്നും മനസ്സിലായില്ലെങ്കിലും ഞാനും കേട്ടു നിൽക്കാറുണ്ട്.
” കമ്മ്യൂണിസ്റ്റ് ആണ്. “
എനിക്കതും മനസ്സിലായില്ല. ഞാൻ അവന് വീണ്ടും സസ്യങ്ങൾ ആഹാരം പാചകം ചെയ്യുന്നത് എങ്ങനെ എന്ന് പറഞ്ഞു കൊടുത്തു.
” എനക്ക് ഇതൊന്നും വേണ്ടാ. ഞാൻ വലുതായാൽ കണാരേട്ടന്റെ പാർട്ടിയിൽ ചേരും. പ്രസംഗം നടത്തും. ചോന്ന കുപ്പായം ഇടും. എന്നിട്ട് കൈ ചുരുട്ടി ഉറക്കെ വിളിക്കും. ഇൻക്വിലാബ് സിന്ദാബാദ് “.
എനിക്ക് ആ വാക്ക് ഇഷ്ടപ്പെട്ടു. ഞാനും മനസ്സിൽ ആവർത്തിച്ചു പറഞ്ഞു.
” നേരത്തോട് നേരം ആയില്ലേ..? ഇനീപ്പോ എടുക്കരുതോ.? “
നീലടർപ്പായ വിരിച്ച മുറ്റത്ത് വാഴയിലയിൽ പൊതിഞ്ഞു കിടക്കുന്നുണ്ടായിരുന്നു അവൻ. മുഖം മാത്രം കാണാം. അവിടെയും ചോര ഉണങ്ങാത്ത മുറിപ്പാടുകൾ. ഞാൻ കണ്ണട ഊരി വെച്ച് അവനെ തന്നെ നോക്കി. അവന്റെ ചുണ്ടുകൾ കുറച്ച് കൂടി തടിച്ചിട്ടുണ്ട്. കണ്ണുകൾ അടഞ്ഞു കിടക്കുന്നു. അവൻ ഞാൻ വന്നത് അറിഞ്ഞു കാണുമോ..? ഇന്ദുവിനെയും മോളെയും അവൻ കണ്ടിട്ടില്ല. അതുകൊണ്ട് അവരെ മനസ്സിലായിക്കാണില്ല.
” ആള് മാറി വെട്ടിയത് ആണത്രേ. ന്താ ചെയ്യണേ? ഓന്റെ യോഗം. പാർട്ടി, പട്ടണം എന്നൊക്കെ പറഞ്ഞു നടന്നാൽ ഇതാ ഒടുവിലെ സമ്മാനം. “
ആരോ അടക്കം പറഞ്ഞു കൊണ്ടിരുന്നു. ഞാൻ വീണ്ടും അവിടെ പതിച്ച വലിയ ബാനർ ഉറ്റുനോക്കി.
‘ സഖാവ്.കണ്ണന് ആദരാഞ്ജലികൾ. ‘
അവന്റെ ചിത ഒടുങ്ങുമ്പോഴും ആരൊക്കെയോ ഉറക്കെ വിളിച്ചു.
“ഇൻക്വിലാബ് സിന്ദാബാദ്”
ഇല്ല അവൻ കത്തിത്തീരുകയാണ്. ഉണർന്നു വരില്ല. എനിക്ക് ഉറക്കെ അന്ന് ആദ്യമായി അവനെ തവളക്കണ്ണാ എന്ന് വിളിക്കാൻ തോന്നി. മുഴുത്തൊരു തെറിയുമായി അവൻ എഴുന്നേറ്റ് വന്നാലോ എന്ന് തോന്നി.എല്ലാം തോന്നൽ. വെറും തോന്നൽ.
ഹരിത. ആർ. മേനോൻ
നോട്ടം
ദുഷ്ക്കരമായ ഒന്നായി മാറിയിരിക്കുന്നു
തീക്ഷ്‌ണമായ നിന്റെ നോട്ടങ്ങളെ
എതിരിടാനാവാതെ ഞാൻ
പലയിടങ്ങളിലേക്ക് മിഴി പായിക്കും.
എന്റെ നോട്ടങ്ങളെ പിന്തുടർന്നു
പിടികൂടുന്നത് നിന്റെ വിനോദവും.
പ്രണയിക്കുന്നവളുടെ കണ്ണുകളിലെ
തീക്ഷ്‌ണതയ്ക്ക് ഇണയെ
കൊരുത്തിടാൻ കഴിയുമത്രേ
ചൂണ്ടയുടെ കൊളുത്തിലെന്നപോലെ.
ആ നോട്ട കൊളുത്തുകളിലുടക്കി
പിടയുന്ന മീനെന്നപോലെയാണ് ഞാനും.
ചൂണ്ട നൂലിൽ കോർത്തു നീയെന്നെ
ഇടയ്ക്കിടെ കരയിലേക്ക് വലിച്ചിടും.
ശ്വാസം കിട്ടാതെ പിടയുമ്പോൾ
ചുണ്ടോടു ചുണ്ടു ചേർത്ത്
ജീവശ്വാസം പകരും.
ചേമ്പില കുമ്പിളിൽ വെള്ളം നിറച്ചു
പ്രാണൻ പോകാതെ കാക്കും.
പിന്നെ വീണ്ടും ജലത്തിലേക്ക്,
ആഴങ്ങളിലേക്ക്, നിന്റെ പ്രണയത്തിലേക്ക്,
അതിനുള്ളിലെ കുളിരിലേക്ക് ഇറക്കും
അവിടെ ഞാനും, നീയും
പ്രണയ മത്സ്യങ്ങളെന്നപോലെ
നീന്തിത്തുടിക്കും
നീലിച്ച ജലപ്പരപ്പിനടിയിൽ
നിന്റെ നോട്ടത്തിന്റെ ചൂണ്ടക്കൊളുത്തു
വീണ്ടും ഉടക്കാതെയിരിക്കുവാൻ
ഞാൻ മുൻപേ നീന്തും.
എങ്കിലും പ്രണയം ഭ്രാന്തമാകുമ്പോൾ
വീണ്ടും ഞാൻ നിന്നിൽ കൊരുക്കും.
ഞാൻ പിന്നോട്ട് വലിക്കപ്പെടും.
നീ എന്നെയും കൊളുത്തി വലിച്ചു
ആഴങ്ങളിലേക്ക് നീന്തും
നിന്റെ നോട്ട കൊളുത്തിൽ നിന്നും
മോചനമില്ലാതെ ഞാൻ നിന്നിലലിയും.
അപ്പോഴും പിടയുന്നുണ്ടാവും ഞാൻ
വെള്ളത്തിനടിയിലെങ്കിലും
കരയിൽ പിടിച്ചിട്ട മീനെന്നപോലെ.
ജീവശ്വാസം പകർന്നു,
ചേമ്പില കുമ്പിളിൽ വെള്ളം നിറച്ചു
നീയെന്നെ അപ്പോഴും കാക്കും.
നമ്മൾ വീണ്ടും പ്രണയിക്കും
ഞാൻ പിന്നോട്ട് വലിക്കപ്പെടും
മിഴികൾ പലയിടങ്ങളിലേക്ക് പായും
ആ നോട്ടങ്ങളെ നീ പിന്തുടരും.
ഞാൻ പിടിക്കപ്പെടും,
പ്രണയം നമ്മിൽ ഉറവ പൊട്ടിയൊഴുകും
നമ്മൾ ഇതാവർത്തിച്ചു കൊണ്ടേയിരിക്കും..
ശ്രീലാൽ ശ്രീലയം
ആകാശം നഷ്ടപ്പെട്ട പറവകൾ
“ദേ! ആ ചെക്കന്റെ ഉമ്മയാണ് കഴിഞ്ഞ ദിവസം ആരുടെയോ കൂടെ ഒളിച്ചോടി പോയത്…”
ഉച്ചക്ക് ഊണു കഴിഞ്ഞ് പാത്രം കഴുകുമ്പോഴാണ് അടക്കി പിടിച്ചതെങ്കിലും മൂർച്ചയേറിയ ശബ്ദത്തിൽ ഏഴാം ക്ലാസ്സിൽ എന്റെ കൂടെ പഠിക്കുന്ന ഏതോ ഒരു പെൺകുട്ടി കൂട്ടുകാരികളോട് പറയുന്നത് ഞാൻ കേട്ടത്.
നോവിന്റെ വലിയൊരു പേമാരിയിൽ എനിക്ക് നില തെറ്റുന്നത് പോലെ തോന്നി. കുനിഞ്ഞ ശിരസ്സോടെ ഞാൻ എന്റെ കുഞ്ഞു പെങ്ങളുടെ ക്ലാസ്സ് മുറിക്കു മുന്നിലേക്ക് നടന്നു.
ഉമ്മയില്ലാത്ത വീട്!
അതെ… ഇനി മുതൽ ഞങ്ങൾക്ക് ഉമ്മയില്ല.
കഴിഞ്ഞ ഒരാഴ്ച്ച കാലം കൊണ്ട് എത്ര വട്ടം ഞാനിത് എന്നോട് തന്നെ പറഞ്ഞിരിക്കുന്നു?
വീടിന്റെ ഉമ്മറ വാതിൽക്കലും അടുക്കളപ്പുറത്തും അലക്കു കല്ലിനരികിലും ഇനിയൊരു വൈകുന്നേരങ്ങളിലും ഉമ്മയെ തിരയേണ്ടതില്ല.
അവർ പോയിരിക്കുന്നു
മരിച്ചു പോയതല്ല…
മറ്റൊരു ജീവിതം തേടി, മറ്റാരുടെയോ വിളിക്കുത്തരമായി ഞങ്ങളുടെ വീട്ടിൽ നിന്നും ഇറങ്ങി പോയിരിക്കുന്നു.
എന്ത് ജീവിതമാണിത്?
ഞാൻ അമർഷത്തോടെ കൈകൾ തിരുമ്മി.
അവർ മരിച്ചു പോയിരുന്നെങ്കിലും ഞാൻ സഹിക്കുമായിരുന്നു. ഇത് പക്ഷേ ഒരു വാപ്പയേയും രണ്ടു കുഞ്ഞുങ്ങളേയും ഒരു സമൂഹത്തിന്റെയും സമുദായത്തിന്റെയും മുന്നിൽ തുണിയുരിച്ചു നിർത്തിയിട്ടല്ലേ അവർ പോയിരിക്കുന്നത്?
നൊമ്പരം കൊണ്ട് എനിക്ക് കണ്ണു കാണാതായി.
എവിടെ ചെന്നാലും അടക്കി പിടിച്ച സംസാരങ്ങൾ, അല്ലെങ്കിൽ സഹതാപം നിറയുന്ന കണ്ണുകൾ.
അവർ പോയതിൽ പിന്നെ വാപ്പ വീട്ടിൽ നിന്നും പുറത്തേക്കിറങ്ങാറില്ല. അദ്ദേഹം ആകെ തകർന്നു പോയിരിക്കുന്നു.
എത്ര കഷ്ടത നിറഞ്ഞതെങ്കിലും സ്വന്തം ജീവിതത്തിൽ നിന്നും ഒരാൾ ഒരു വാക്കു പോലും മിണ്ടാതെ പുറം കാൽ കൊണ്ട് തട്ടി തെറിപ്പിച്ച് കടന്നു പോകുമ്പോൾ ആരാണ് തളർന്നു പോകാത്തത്?
“അവനേം കൊണ്ട് കൊള്ളില്ലാഞ്ഞിട്ട്, അല്ലെങ്കിൽ അവള് പോയെന്നും പറഞ്ഞ് അവനിങ്ങനെ കുന്തിച്ചിരിക്കുമോ? അല്ലാ… അവനെ കൊള്ളാമായിരുന്നെങ്കിൽ അവള് കളഞ്ഞിട്ട് പോകുമായിരുന്നോ? ഏത്…”
തന്റെ സ്വതസിദ്ധമായ ശൈലിയിൽ രണ്ടു കൈകളും കൂട്ടിയടിച്ച് കോയാനിക്കയുടെ പീടികയിലിരുന്ന് ഇന്നലെ സന്ധ്യക്ക് കണാരേട്ടൻ പറയുന്നതും ചുറ്റുമിരുന്നവർ ചിരിക്കുന്നതും ഞാനെന്റെ ചെവിയാലെ കേട്ടതും കണ്ണാലെ കണ്ടതുമാണ്. ആരും കാണാതെ ഞാൻ അപ്പോൾ തന്നെ അവിടുന്ന് വീട്ടിലേക്ക് തിരികെ ഓടി.
“എന്തേ നീ പഞ്ചാര വാങ്ങാൻ പോയിട്ട്…”
വെല്ലുമ്മാടെ ചോദ്യം കെട്ടില്ലാന്ന് നടിച്ച് പോയാലി മലയിൽ ഇരുട്ട് പരക്കുന്നതും നോക്കി ഞാൻ ഉമ്മറത്തിണ്ണയിൽ വെറുതെ കാലും നീട്ടിയിരുന്നു.
“ഓ… അവന്റ വായീന്ന് ഒന്നും വീഴില്ല. അവൻ അവന്റെ ഉമ്മാനേം പുതു മണവാളനേം കാത്തിരിക്കുവല്ലേ… സൽക്കാരം കൊടുക്കാനായിട്ട്!”
ഉമ്മ പോയേൽ പിന്നെ ഞങ്ങൾക്ക് വച്ചുണ്ടാക്കി തരുന്നതിന്റെ അമർഷം ശരിക്കുമുണ്ട് വെല്ലുമ്മാക്ക്.
കുഞ്ഞോളുടെ കാര്യം ഓർക്കുമ്പോഴാണ് ഏറ്റവും വിഷമം, പാവം ഇന്നലെ അവള് അവളുടെ പെറ്റിക്കോട്ട് തനിയെ കഴുകുന്നത് കണ്ട് എനിക്ക് ഉറക്കെ കരയാനാണ് തോന്നിയത്. എന്തു കുഞ്ഞി കൈകളാണ് അവളുടെ…
എന്നിട്ടും അപ്പുറത്തെ നബീസുത്ത അവളെ നോക്കി വെല്ലുമ്മനോട് പറയുവാണ്… “പെണ്ണിനെ ശ്രദ്ധിച്ചോട്ടോ… തള്ള വേലി ചാടിയാൽ പുള്ള മതില് ചാടും” ന്ന്.
അതും വാപ്പാന്റെ മുന്നിൽ വച്ച് . സ്വതവേ പ്രാപ്തി കുറഞ്ഞ ആ മനുഷ്യന്റെ മുന്നിൽ വച്ച് എങ്ങനെയാണ് അവർക്ക് ഇങ്ങനെയൊക്കെ പറയാൻ കഴിയുന്നത്?
ഉമ്മാടെ അയൽകൂട്ടത്തിലെ രമണി ചേച്ചി മാത്രമാണ് ഇതുവരെ അലിവോടെ ഞങ്ങളെയൊന്നു നോക്കിയത്. കപ്പ പുഴുങ്ങിയതും മുളകു ചാറുമായി ഉമ്മ പോയതിന്റെ പിറ്റേന്നിന്റെ പിറ്റേന്ന് അവർ ഞങ്ങളെ കാണാൻ വന്നു. കത്തികാളുന്ന വിശപ്പുണ്ടായിട്ടും എന്തോ എന്റെ തൊണ്ടയിൽ നിന്നും ഒരിറ്റു പോലും താഴെക്കിറങ്ങിയില്ല. ആ നേരം സങ്കടത്തിന്റെ വലിയോരു മുഴ എന്റെ തൊണ്ടയിൽ ഉരുണ്ടു മറിയുകയായിരുന്നു.
“ഒരു മിസ്സ്ഡ് കോളിൽ നിന്നാണ് മോനെ എല്ലാത്തിന്റെയും തുടക്കം. പിന്നെ നാൾക്കു നാൾ ആ ബന്ധം വളർന്നു.ഞാൻ പലവട്ടം അവളോട് പറഞ്ഞതാ വേണ്ടാന്ന്!എങ്കിലും…”
ചേച്ചി എന്റെ മുന്നിൽ പടിഞ്ഞിരുന്നുകൊണ്ട് പിന്നെ പറയുന്നതൊന്നും കേൾക്കാൻ ഞാൻ നിന്നില്ല. അല്ലെങ്കിലും സ്വന്തം തള്ളേടെ പുത്തൻ പ്രേമ കഥ കേൾക്കാൻ ആരെങ്കിലും ഇഷ്ടപ്പെടുമോ?
കമിഴ്ന്നടിച്ച് കട്ടിലിൽ കിടന്ന് കുറേ കരഞ്ഞു.
അത്ഭുതം!
കരച്ചിലിനൊടുവിൽ എന്റെ തൊണ്ടയിൽ ആ മുഴയുണ്ടായിരുന്നില്ല.
ഞാൻ കുഞ്ഞോളുടെ ക്ലാസ്സ് മുറിക്കു മുന്നിൽ നിന്നും അവളുടെ ഇരിപ്പിടത്തിലേക്കു നോക്കി. ഡെസ്കിനു മുകളിൽ കൈകൾ പിണച്ച് അതിനു മേലെ തലയും വച്ച് അവൾ കിടക്കുകയാണ്.
എന്റെ തൊണ്ടയിൽ വീണ്ടും നോവിന്റെ മുഴ കല്ലിച്ചു തുടങ്ങുന്നത് ഞാൻ അറിഞ്ഞു.
ഞാൻ അവളെ പതിയെ തൊട്ടു.
“ഇക്കാക്കാ… അവരാരും എന്നെ കളിക്കാൻ കൂട്ടുന്നില്ല. എല്ലാരും ന്നെ കളിയാക്കി,ഉമ്മാന്റെ പേരും പറഞ്ഞ്…”
ഞാൻ പുറത്തേക്കു നോക്കി.
എല്ലാരും കളിക്കുകയാണ്, മാനത്തു പറക്കുന്ന പൂത്തുമ്പികളെ പോലെ…
ഞങ്ങൾ മാത്രം!
ഞങ്ങൾ മാത്രം ആകാശമില്ലാത്തവർ!
ഞാൻ അവളുടെ കൈ പിടിച്ച് വീട്ടിലേക്ക് നടന്നു.
“എന്താടാ ഇന്ന് നേരത്തെ രണ്ടാളും. നിന്റെ വാപ്പാന്റെ നിക്കാഹാണോ? അതോ ഉമ്മായും പുതിയ മാരനും വിരുന്നിനു വരുന്നുണ്ടോ?”
കവലയിലെ കൽ ബഞ്ചിലിരുന്ന് പോക്കരു ഹാജി ഉറക്കെ വിളിച്ചു ചോദിച്ചു. ചുറ്റിനും ചിരിയുടെ തുപ്പല് ചിതറി.
കയ്യിൽ കിട്ടിയത് ഒരു ഉരുളൻ കല്ലാണ്.
“ഹമുക്ക്… എന്റെ തല പൊട്ടിച്ചൂലോ!”
തിരിഞ്ഞു നോക്കാതെ കുഞ്ഞോളുടെ കൈ പിടിച്ച് ഓടി.
“എങ്ങനെ ഗൊണം പിടിക്കും, പെഴച്ചവൾക്കുണ്ടായതല്ലേ?”
പിന്നിൽ നിന്നും ആരോ വിളിച്ചു പറയുന്നത് ഞാൻ വ്യക്തമായി കേട്ടു. അപ്പോഴും ഞങ്ങൾ ദിക്കറിയാതെ ഓടുകയായിരുന്നു… ആകാശം നഷ്ടപ്പെട്ട പറവകളെ പോലെ…
സൗമ്യ മുഹമ്മദ്
ഉമിത്തീ
പച്ചവിറക് നീറി പുകയുന്ന
കരിപിടിച്ചൊരടുക്കളയിൽ
ഉമിത്തീയിൽ നീറുമ്പോലൊരുവൾ
കനലൂതിയൂതി തീയാക്കുന്നു.
വക്ക് ചളുങ്ങിയ
അലുമിനിയം കലത്തിന്റെ
മൂട്ടിൽ തിളച്ചു മറിയുന്ന
റേഷനരിചോറ്.
കാലിയായ ബിസ്ക്കറ്റ് പാത്രത്തിൽ
തപ്പി കിട്ടിയ കുഞ്ഞു കഷ്ണം
കൊതിയോടെ വായിലേക്കിടുന്ന
കുഞ്ഞു കൈകൾ.
പഞ്ചാര പാത്രത്തിൽ പറ്റിയിരുന്ന
തരികൾ ചുരണ്ടിയെടുത്തവൾ
കളറു വെള്ളം കലക്കിയെനിക്ക് നീട്ടി.
കഞ്ഞിയടുപ്പിലെ പുകയടിച്ചെന്റെ കണ്ണ് നീറി.
യാത്രപറഞ്ഞിറങ്ങുമ്പോൾ
പണി കഴിഞ്ഞൊരുത്തൻ
നാലുകാലേൽ കേറിവന്ന്
ഇറയത്ത് മലർന്നടിച്ചു വീണു.
കുഞ്ഞുങ്ങൾ പേടിച്ചരണ്ട്
വാതിൽമറയിലൊളിച്ചു.
“വല്ലപ്പോഴ്ള്ളൂ ഇങ്ങനെ”
എന്നവൾ തലകുമ്പിട്ടു.
പഴങ്കഥയെന്ന് നിനച്ചത്
ഇന്നിന്റെ കാഴ്ചയെന്നു-
കണ്ടുള്ളുലഞ്ഞ്
തിരിഞ്ഞു നോക്കാതെ
ഞാനിറങ്ങി നടന്നു.
പുറകിലെന്തോ
പൊട്ടിത്തകരുന്നൊരൊച്ച
എനിക്കറിയാം
അതവളുടെ ഹൃദയമാണ്!
ജിസ പ്രമോദ്
ജമന്തിപ്പൂക്കൾ
രണ്ടു ദിവസത്തെ ലീവ് എടുത്താണ് ദീപുശങ്കർ ഒറ്റപ്പാലത്തേയ്ക്ക് യാത്രയായത്.
എല്ലാ വർഷവും മാർച്ച് 23ന് ദീപു ഒറ്റപ്പാലത്ത് എത്തും. വർഷങ്ങളായുള്ള ശീലമാണ്. ഇത്തവണത്തെ യാത്രയിൽ ദീപുവിനോടൊപ്പം കൂട്ടുകാരൻ ശ്യാംദേവും കൂടിയുണ്ട്. ടെക്നോപാർക്കിലെ ജോലിക്കാരാണ് ഇരുവരും.
ഒറ്റപ്പാലത്ത് ട്രെയിനിറങ്ങിയ ഉടൻ തന്നെ ദീപു പോയത് അവിടെയുള്ള വിനായക ഫ്ലവർ ഷോപ്പിലേയ്ക്കാണ്.
പൂവുകളുടെ വർണ്ണ പ്രപഞ്ചം.
ദീപു രണ്ടു കെട്ട് ജമന്തി പൂക്കൾ വാങ്ങി. അവിടെ നിന്നും ഒരു ഓട്ടോ കൂട്ടി ഇൻഫൻ്റ് ജീസസ് ചർച്ചിൻ്റെ മുറ്റത്ത് ഇറങ്ങി. ആകാംക്ഷയോടെ ശ്യാംദേവും.
വിശാലമായ മുറ്റം കടന്ന് പള്ളിയുടെ പിൻഭാഗത്തായി ഒരു കൊച്ചു ഗേറ്റ് കടന്നവർ മുന്നോട്ടു പോയി. ദൂരെയൊരു മതിൽക്കെട്ടും ഗേറ്റും. ഗേറ്റിനുമുകളിലായി ‘സ്വർഗ്ഗീയപൂങ്കാവനം’ എന്നെഴുതിയ ബോർഡ്.
ബോർഡു വായിച്ചതേ ശ്യാം ചോദിച്ചു.
“ഡാ.. ദീപൂ, ഇത് മരിച്ചവരെ അടക്കുന്ന സ്ഥലമല്ലേ?”
“അതെ.”
“ഇത് ക്രിസ്ത്യാനികളുടെ സിമിത്തേരിയല്ലേ? ഇവിടെ നീയെന്തിനാ വന്നത്?”
“നീ വാ..ഞാനെല്ലാം പറയാം.”
ദീപു മുന്നോട്ട് നടന്നു. പിന്നാലെ അടക്കാനാവാത്ത ആകാംക്ഷയോടെ ചുറ്റുപാടുകൾ നിരീക്ഷിച്ചു കൊണ്ട് ശ്യാംദേവും.
“നമ്മൾ ഇവിടെ കയറിയാൽ കുഴപ്പം ഒന്നും ഉണ്ടാകില്ലല്ലോ.. ല്ലേ?”
ശ്യാം ചോദിച്ചു.
“ഏയ് എന്ത് കുഴപ്പം? ഞാൻ പന്ത്രണ്ട് വർഷമായി ഇവിടെ വരുന്നു.”
ആ മതിൽക്കെട്ടിനുള്ളിൽ നിറയെ കല്ലറകൾ ആണ്. ചിലതൊക്കെ പല കളറിലുള്ള മാർബിൾപതിപ്പിച്ചതായിരുന്നു. അവയിൽ സുവർണ്ണ ലിപികളാൽ എഴുതപ്പെട്ട പേരുകൾ. മൺകൂനയ്ക്കു മുകളിലായി കുരിശു നാട്ടിയതും, പൂക്കളാൽ അലങ്കരിച്ചതുമായ കുഴിമാടങ്ങൾ.
സിമിത്തേരിയുടെ ഒത്ത നടുക്കുള്ള വെളുത്ത മാർബിൾ ഫലകം പതിച്ച കല്ലറയ്ക്ക് മുൻപിലായ് ദീപു നിന്നു.
ആ കല്ലറയിൽ ഇന്നു വച്ചതെന്നു തോന്നുന്ന കുറേ പൂവുകൾ. നാട്ടി നിർത്തിയ മെഴുകുതിരിയും ചന്ദനത്തിരിയും. കത്തിതീരും മുൻപ്
കാറ്റത്തണഞ്ഞു പോയതാവാം.
ആ കല്ലറയുടെ മുകളിൽ എഴുതിയ പേര് ശ്യാം വായിച്ചു.
“ജെസീന്ത ഡോമിനിക്ക് “
ജനനം 11-2 -1990 മരണം 23-3 -2005
കവറിൽ നിന്നും എടുത്ത ജമന്തിപ്പൂക്കൾ ദീപു ആ കല്ലറയ്ക്കു മുകളില്ലായി വിതറി. ആ മെഴുകുതിരികളും ചന്ദന തിരികളും അവൻ കത്തിച്ചു. കാറ്റിനെതിരെ പിടിച്ചു നിൽക്കാനാവാതെ ഉലഞ്ഞ നാളങ്ങൾ കെട്ടുപോയെങ്കിലും അവൻ വീണ്ടും ഒരു മെഴുകുതിരി കൈയ്യിൽ പിടിച്ചു കത്തിച്ചു കണ്ണടച്ച് പ്രാർത്ഥിക്കാൻ തുടങ്ങി. കൈയ്യിലുള്ള മെഴുകുതിരി ഉരുകിയൊലിക്കുന്നതു പോലെ അവൻ്റെ മിഴികളും നിറഞ്ഞൊഴുകുന്നത് ശ്യാം കണ്ടു.
സിമിത്തേരിയിൽ നിന്നും ഇറങ്ങുമ്പോൾ നിറഞ്ഞ കണ്ണുകൾ തുടച്ചു കൊണ്ട് അവൻ പറഞ്ഞു.
“ശ്യാം.. ജസീന്തയ്ക്ക് ഏറ്റവുമിഷ്ടം ജമന്തിപ്പൂക്കളായിരുന്നു.”
” ജെസീന്ത ? ”
ശ്യാം അർദ്ധോക്തിയിൽ നിർത്തി.
“അതെ ജെസീന്തയ്ക്ക്… അവൾക്കു വേണ്ടി വർഷത്തിൽ ഒരു ദിവസം ഞാനിവിടെ വരും. അവൾക്കുള്ള ജമന്തിപ്പൂക്കളുമായി. നിനക്കു കേൾക്കാൻ താൽപ്പര്യമുണ്ടെങ്കിൽ ഞാനാ കഥ പറയാം.”
“നീ പറയ് ഡാ .. “
“പറയാനുള്ള എൻ്റെ ഇഷ്ടം തുറന്നു പറയാനാവാതെയും … അവളതു കേൾക്കാതെയും പോയ കഥ.”
അവർ നടന്ന് പള്ളിയുടെ മുറ്റത്തെത്തിയിരുന്നു. പള്ളിമുറ്റത്തെ വാകമരത്തണലിലുള്ള സിമിൻ്റു ബെഞ്ചിൽ വീണു കിടന്ന പൂവി തളുകൾ തട്ടിക്കളഞ്ഞ് അവർ ഇരുന്നു. വാകമരമാകെ ഇലകള്‍ പൊഴിച്ച് നിറയെ പൂക്കളും മൊട്ടുകളുമായി ചുവപ്പിന്‍റെ ശോണിമയിൽ പ്രശോഭിക്കുന്നു. താഴെ നിലത്തു വിതറിയ പൂക്കള്‍.
വിദൂരതയിൽ നോക്കി ദീപു എന്തോ ആലോചിച്ചിരുന്നു. ഓർമ്മകൾ അവനെ ഏറെ പിന്നിലേക്ക് കൊണ്ടുപോയി.
“എൻ്റെ പ്ലെസ് വൺ ക്ലാസ് മേറ്റായിരുന്നു ജെസീന്ത. ക്ലാസ് തുടങ്ങി ഒരു മാസത്തിനു ശേഷമാണവൾ വന്നത്. അവളുടെ ഡാഡി പട്ടാളത്തിലായിരുന്നതിനാൽ പത്തുവരെ പഞ്ചാബിലാണവൾ പഠിച്ചത്.” ദീപു പറഞ്ഞു തുടങ്ങി.
“ഏറ്റവും ഇഷ്ടപ്പെട്ട ഹോബികൾ ചിത്രം വരക്കുന്നതും, നീന്തലും, സൈക്കിളിംഗുമാണ്. പൂക്കളും, പൂമ്പാറ്റകളും എനിക്ക് ഏറെ ഇഷ്ടമാണ്. പുലർകാലത്ത് ഉണർന്ന് കിളികളുടെ പാട്ടുകേൾക്കുന്നതും ഇഷ്ടമാണ് “
ടീച്ചറിൻ്റെ ചോദ്യത്തിന് മറുപടിയായി ജെസീന്ത അവളുടെ ഇഷ്ടാനിഷ്ടങ്ങളെല്ലാം തുറന്നു പറഞ്ഞു. അവളുടെ അഭിരുചികൾ എല്ലാം വ്യത്യസ്തമായിരുന്നു. മറ്റു കുട്ടികൾക്ക് ഇല്ലാത്ത ചില പ്രത്യേകതകളിൽ ഞാൻ അവളിൽ കണ്ടു.
ആദ്യ കാഴ്ചയിൽ തന്നെ അവൾ എൻ്റെ ഹൃദയത്തിൽ കയറിക്കൂടി.
മുട്ടോളമെത്തുന്ന ചുരുളൻ മുടി.
നേർത്ത ഫ്രെയിമുളള കണ്ണട അവളുടെ മുഖത്തിൻ്റെ അഴക് കൂട്ടിയിരുന്നു.
ചുവന്നു തുടുത്ത ചുണ്ടുകൾ. ചിരിക്കുമ്പോൾ വിരിയുന്ന നുണക്കുഴികൾ. ഇടതു കവിളിൽ ഒരു കൊച്ച് മറുക്. നെറ്റിയിൽ വീണു കിടക്കുന്ന കുറുനിരകൾ. കടഞ്ഞെടുത്ത മെയ്യഴക്.
ഒന്നു നോക്കിയാൽ വീണ്ടും വീണ്ടും കാണാൻ കൊതിക്കുന്ന സുന്ദര രൂപം.
ആൺപെൺ വ്യത്യാസമില്ലാതെ ഏവരോടുമുള്ള തുറന്ന സൗഹൃദം ജെസീന്തയുടെ മാത്രം പ്രത്യേകതയായിരുന്നു.
അതുകൊണ്ടാവാം ആൺകുട്ടികളുടെയെല്ലാം മനസ്സിൽ അവളൊരു പ്രണയിനിയായി സ്ഥാനം പിടിച്ചത്. പൂക്കൾ ഇഷ്ടമാണെന്ന് പറഞ്ഞത് കൊണ്ടോ എന്തോ,
അടുത്തദിവസം മുതൽ ബോയ്സ് എല്ലാവരും പലയിനം പൂക്കൾ ക്ലാസിൽ കൊണ്ടുവന്നു തുടങ്ങി.
ചിലർ താമരപൂവുമായാണ് വന്നത്. മുല്ലപ്പൂക്കൾ, സുഗന്ധരാജൻ, ചെണ്ടുമല്ലി, ഗുൽമോഹർ.
ക്ലാസിലെ വികൃതിക്കാരനായ ജോയ് മോൻ ചെമ്പരത്തിപ്പൂവുമായാണ് വന്നത്. അഖിൽ മാധവ് റോസപ്പൂക്കളാണ് കൊണ്ടുവന്നത്. റോയ് മാത്യു ബോഗയിൽവില്ല പൂക്കൾ ഒരു കുല തന്നെ ഒടിച്ചു കൊണ്ടുവന്നിരുന്നു. പലയിനം പൂക്കളുടെ സുഗന്ധത്താൽ ക്ലാസുമുറി നിറഞ്ഞു.
ആരുമറിയാതെ ഞാനും കരുതിയിരുന്നു, പോക്കറ്റിൽ ഒരു കൊച്ചു ജമന്തിപ്പൂവ്. വയനാട്ടിൽ നിന്നും കുഞ്ഞാൻ്റി വന്നപ്പോൾ കൊണ്ടെ ത്തന്നതായിരുന്നു ജമന്തിയുടെയും ഡാലിയയുടെയും തൈകൾ. പിന്നെ കുറേ ചെണ്ടുമല്ലിയുടെ വിത്തും. ജമന്തിപ്പൂക്കൾ അക്കാലത്ത് നാട്ടിൽ വിരളമായിരുന്നു. അതു മുറ്റത്ത് നട്ടതും, പരിപാലിച്ചതുമൊക്കെ ഞാനും അനുജത്തിയും കൂടിയായിരുന്നു. ജമന്തിയും, ചെണ്ടുമല്ലിയും, ഡാലിയയും തഴച്ചുവളർന്നു. ധാരാളം പൂക്കളുമായി.
പൂവ് ജെസീന്തയുടെ കയ്യിൽ കൊടുക്കണം എന്നൊരു ചിന്തയിൽ ആ പൂവും പോക്കറ്റിൽ വച്ച്
കുറേനേരം ഞാൻ കാത്തിരുന്നു. പക്ഷേ പറ്റിയ അവസരം കിട്ടാത്തതിനാൽ ഞാനാകെ ധർമ്മസങ്കടത്തിലായി. പോക്കറ്റിൽ കിടന്ന പൂവ് വാടാൻ തുടങ്ങി.
അടുത്ത ദിവസങ്ങളിലെല്ലാം ഞാൻ പോക്കറ്റിൽ പൂവ് കരുതിയിരുന്നു. അങ്ങനിരിക്കെ ഒരു ദിവസം ഞാൻ
നോക്കുമ്പോൾ അവൾ സൈക്കിൾ
മൈതാനത്ത് വച്ചിട്ട് തൊട്ടടുത്തുള്ള മാതാവിൻ്റെ ഗ്രോട്ടോയുടെ മുൻപിൽ പോയി പ്രാർത്ഥിക്കുന്നു. ആ സമയത്ത് ഞാൻ ആ പൂവ് ആരും കാണാതെ അവളുടെ സൈക്കിളിൻ്റെ ബാസ്ക്കറ്റിൽ ഇട്ടു. കുറേ ദൂരെ മാറി നിന്നുകൊണ്ട് അവളെ നിരീക്ഷിച്ചു.
കുറച്ചു കഴിഞ്ഞ് അവൾ തിരിച്ചെത്തി. സൈക്കിളിൽ നിന്ന് ബാഗെടുത്തപ്പോൾ ആ ജമന്തിപ്പൂവ് അവളുടെ ശ്രദ്ധയിൽപ്പെട്ടു. അവൾ അതെടുത്ത് വാസനിച്ചു ചുറ്റും നോക്കി. പിന്നീടാപ്പൂവ് മുടിയിൽ തിരുകി ക്ലാസിലേയ്ക്ക് നടക്കാൻ തുടങ്ങി. ആ കറുത്ത മുടിക്കെട്ടിൽ വെൺമയുള്ള ആ പുഷ്പം മാനത്തുദിച്ച പൗർണ്ണമി പോലെ ശോഭിച്ചു.
എൻ്റെ മനസ് ആഹ്ളാദത്താൽ തുടിച്ചു.
ദിവസങ്ങൾ കടന്നു പോകവെ അവളുടെ സൈക്കിളിൻ്റെ ബാസ്ക്കറ്റ് നിറയെ പലയിനം പൂക്കളാൽ നിറഞ്ഞു തുടങ്ങി. ഞാൻ മാത്രമല്ല, കൂട്ടുകാർ എല്ലാവരും അവരുടെ പൂക്കൾ ബാസ്ക്കറ്റിൽ നിക്ഷേപിച്ചു. എന്തുകൊണ്ടോ അവൾ എന്നും എൻ്റെ ജമന്തിപ്പൂക്കൾ മാത്രമാണ് മുടിയിൽ ചൂടിയത്. മറ്റു പൂക്കൾ അവൾ തന്നെ മാതാവിൻ്റെ ഗ്രോട്ടോയിൽ കൊണ്ടു വെച്ചു.
“നിനക്ക് വേണ്ടി എത്ര പൂക്കളാ ബാേയ്സ് കൊണ്ടുവരുന്നത്, എന്നിട്ട് നീയെന്താ മുല്ലപ്പൂക്കൾ മുടിയിൽ ചൂടാത്തത്?”
കൂട്ടുകാരി അപർണ്ണയുടെ ചോദ്യത്തിന് മറുപടിയായി ജെസീന്ത പറഞ്ഞു.
“ജമന്തിപ്പൂക്കളാണ് എനിക്കേറ്റവും ഇഷ്ടം.”
“ജമന്തിപ്പൂക്കളോടുള്ള ഇഷ്ടം ആ പൂക്കാരനോടും ഉണ്ടാവും ഇല്ലേ?”
“ഒന്നു പോടീ..ജമന്തിപ്പൂക്കൾ കൊണ്ടുവരുന്നത് ആരാണന്ന് എനിക്കറിയില്ല.”
“ഏയ്.. അതുനുണ.”
“അല്ലെടീ.. സത്യമായിട്ടും എനിക്കറിയില്ല. ഞാൻ മാതാവിൻ്റെ അടുത്ത് പോയി പ്രാർത്ഥിച്ചിട്ട് വരുമ്പോഴേയ്ക്കും ബാസ്ക്കറ്റ് നിറയെ പലയിനം പൂക്കൾ കാണും.”
” ആരാണ് ആ പൂക്കൾ വയ്ക്കുന്നത് എന്ന് നിനക്ക് അറിയേണ്ടേ ?”
“അറിയണം..പക്ഷേ എങ്ങനെ?”
“അതിനൊരു വഴിയുണ്ട്.”
“എന്തു വഴി ?”
അപർണ്ണ എന്തോ സ്വകാര്യം ജെസീന്തയുടെ കാതിൽ പറഞ്ഞു.
“ശരി.. നമുക്ക് നാളെത്തന്നെ ആളെ കണ്ടു പിടിക്കാം.”
അവർ ക്ലാസിലേയ്ക്ക് പോയി. അവരുടെ സംഭാഷണം എൻ്റെ കാതിൽ പതിഞ്ഞതിനാൽ ഞാനും വളരെ ജാഗ്രതയോടെ മുന്നോട്ടു പോവാൻ തീരുമാനിച്ചു.
തുടർന്നുള്ള ദിവസങ്ങളിൽ അവരിരുവരും പൂക്കാരനെ കണ്ടു പിടിക്കാനുള്ള ശ്രമത്തിലായിരുന്നു. കുറച്ചകലെ മാറി അവർ എല്ലാം നിരീക്ഷിച്ചു കൊണ്ട് നിൽക്കുന്നതും മറ്റും ഞാൻ കണ്ടു. പക്ഷേ പലരും പൂക്കൾ കൊണ്ടുവന്നു വയ്ക്കുന്നതു കാണാം എന്നല്ലാതെ ഏതു പൂക്കൾ എന്നു മാത്രം അവർക്കു മനസിലായില്ല.
“ഇത്രയും ദൂരെ നിൽക്കുന്നതാണ് പ്രശ്നം. കുറച്ചു കൂടെ അടുത്തുചെന്നു നിന്നാൽ അവർ നമ്മെ കാണും. പക്ഷേ ആ പൂക്കാരനെ കാണാൻ ഇനിയെന്താണൊരു വഴി?”
ജെസീന്ത ചോദിച്ചു.
“ഇനിയൊരു വഴിമാത്രം. പൂക്കൾ കൈയ്യിൽ തരണമെന്ന് നീ പറയുക. അപ്പോൾ ആളെ മനസിലാക്കാമല്ലോ ?”
കൂട്ടുകാരികളുടെ സംസാരം കേട്ടതോടെ എനിക്കും ശുഭപ്രതീക്ഷയായി. പൂ കൈയ്യിൽ കൊടുക്കുമ്പോൾ എൻ്റെ ഇഷ്ടം തുറന്നു പറയണമെന്ന് ഞാനും തീരുമാനിച്ചു.
പക്ഷേ അവൾ ആരോടും ഒന്നും പറഞ്ഞില്ല.
ഒരു ദിവസം അഖിൽ മാധവ് ഒരു റോസപ്പൂവുമായി അവളുടെ മുന്നിൽ ചെന്നു.
“ജെസീന്താ.. നിനക്കായി ഞാൻ കൊണ്ടുവന്ന ഈപനിനീർ പുഷ്പം സ്വീകരിക്കൂ..”
ഒരൽപ്പം കാവ്യാത്മകമായി പറഞ്ഞു കൊണ്ട് അവനാ പുഷ്പം അവൾക്കു നേരെ നീട്ടി.
“താങ്ക് യൂ ..മൈ ഡിയർ ബ്രോ..”
പൂ സ്വീകരിച്ചു കൊണ്ട് അവൾ പറഞ്ഞു.
അതിനു ശേഷം ഒരിക്കൽ പോലും അഖിൽ പൂ കൊണ്ടുവന്നിട്ടില്ല.
അന്ന് ലാസ്റ്റ് പരീക്ഷയായിരുന്നു.
പൂവ് നേരിട്ട് കയ്യിൽ കൊടുത്തു എൻ്റെ ഇഷ്ടം അവളോട് തുറന്നു പറയണം എന്നു ഞാൻ തീരുമാനിച്ചു. അന്ന് ഞാൻ അല്പം വൈകിയാണ് വീട്ടിൽ നിന്നും ഇറങ്ങിയത്.
സ്ക്കൂളിലേയ്ക്ക് വന്ന ഏതോ കുട്ടിയെ ടിപ്പർ ഇടിച്ചുതെറിപ്പിച്ചു എന്നും, ഗുരുതര പരുക്കുള്ളതിനാൽ കുട്ടിയെ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയിട്ടുണ്ട് എന്നും ആരോ പറഞ്ഞറിഞ്ഞു. ആരാണെന്ന് അറിയാനുള്ള ആകാംക്ഷ എന്നിൽ നിറഞ്ഞുനിന്നു. ജെസീന്ത
റ്റൊരു കെട്ടിടത്തിലാണ് പരീക്ഷ എഴുതുന്നത്. അതുകൊണ്ട് പരീക്ഷയ്ക്കു ശേഷം മാത്രമേ അവളെ കാണാൻ സാധിക്കൂ. പരീക്ഷ ഏങ്ങനേയും എഴുതി തീർത്ത് അവളെ കണ്ട് പൂവ് നേരിട്ട് കൊടുക്കണമെന്ന ചിന്തയായിരുന്നു എന്നിൽ. ഇന്ന് എൻ്റെ ഇഷ്ടം തുറന്നു പറഞ്ഞില്ലെങ്കിൽ ഇനി രണ്ടു മാസം കാത്തിരിക്കേണ്ടി വരും.
പോക്കറ്റിൽ അന്ന് മൂന്ന് ജമന്തിപ്പൂക്കളായിരുന്നു ഞാൻ കരുതിയിരുന്നത്.
ഒരു വിധത്തിൽ എഴുതി തീർത്ത പരീക്ഷ പേപ്പർ കൊടുത്ത് പുറത്തിറങ്ങാൻ തുടങ്ങിയപ്പോൾ ടീച്ചർ പറഞ്ഞു.
“ആരും പോകരുത്. അറിയിപ്പുണ്ട് എന്ന്. “
ഞാൻ സീറ്റിൽ തന്നെ ഇരുന്നു.
ബാക്കി കുട്ടികൾ കൂടി എഴുതി തീർത്ത് പേപ്പർ കൊടുക്കണം. പഠിപ്പിസ്റ്റുകളൊക്കെ ടൈം മുഴുവൻ എടുത്ത് എഴുതും. അതു കഴിഞ്ഞേ അറിയിപ്പ് എന്തെന്ന് അറിയാൻ പറ്റൂ.
നിമിഷങ്ങളെണ്ണി ഞാൻ കാത്തിരുന്നു. ടൈമായി എന്നറിയിച്ച ടീച്ചർ എല്ലാവരോടും പേപ്പർ വാങ്ങി.
അതിനു ശേഷം ആ അറിയിപ്പ് ടീച്ചർ വായിച്ചു.
” ഒരു ദുഃഖ വാർത്തയുണ്ട്. നമ്മുടെ സ്കൂളിലെ ജെസീന്ത ഡോമിനിക്ക് എന്ന കുട്ടി വാഹനാപകടത്തിൽ മരണമടഞ്ഞ വിവരം വ്യസന സമേതം അറിയിക്കുന്നു. ജെസീന്തയുടെ ബോഡി ഉച്ചയ്ക്കുശേഷം സ്ക്കൂളിൽ പൊതുദർശനത്തിനു വയ്ക്കുന്നതാണ്.”
ടീച്ചറുടെ അറിയിപ്പ് കേട്ടതുമാത്രം ഓർമ്മയുണ്ട്. തലയിലാരോ കൂടം കൊണ്ട് അടിച്ചതു പോലെ തോന്നി. മനസാകെ മരവിച്ച അവസ്ഥ. എനിക്കു പിന്നെ ശരിക്കുള്ള ഓർമ്മ കിട്ടിയത് ദിവസങ്ങൾക്കു ശേഷമാണ്.
പക്ഷേ അവളുടെ കണ്ണും കരളും ഹൃദയവുമൊക്കെ പലരുടേയും ശരീരത്ത് ഇന്നും ജീവിക്കുന്നു.
“എവിടാണെങ്കിലും എല്ലാ വർഷവും മാർച്ച് 23 ന്ഞാനിവിടെ വരുമെടാ.. എൻ്റെ ജെസീന്തയെ കാണാൻ.. അവൾക്കുള്ള ജമന്തിപ്പൂക്കളുമായി.”
കളങ്കമില്ലാത്ത സ്നേഹത്തോടെ വർഷങ്ങൾക്കു ശേഷവും തൻ്റെ കൗമാര പ്രണയിനിയ്ക്കായി ജമന്തിപൂക്കളുമായി വന്ന ദീപുവിനെ ആലിംഗനം ചെയ്തു കൊണ്ട് ശ്യാം പറഞ്ഞു.
“സ്വന്തം സുഖത്തിനു വേണ്ടി രക്ത ബന്ധങ്ങളെ ഇല്ലാതാക്കുകയും, ഉപേക്ഷിച്ചു പോവുകയും ചെയ്യുന്നവരിൽ നിന്നെല്ലാം വ്യത്യസ്ഥനാണ് നീ. നിൻ്റെ സ്‌നേഹം അറിയും മുൻപേ പറന്നകന്ന ജെസീന്തയെ ഇന്നും ഓർമ്മിക്കുന്ന നീ ഈ ലോകത്തിനു മുൻപിൽ നല്ലൊരു മാതൃകയാണ്.”
മോളി ജോർജ്
എങ്ങനെയാണ്…
എങ്ങനെയാണ്
ഒന്നുതൊട്ടാൽ കൂമ്പിപ്പോവുന്നവളോട്
തൊട്ടാവാടിയുടെ മുള്ളുതട്ടാതെ,
അതിന്റെയിലകളെത്തൊടാതെ
പൂക്കളെയിറുക്കാൻ പറയുക?
അതിനപ്പുറം,
എങ്ങനെയാണ്
തൊട്ടാവാടിയുടെ പൂവുതന്നെ വേണമെന്ന്
കണ്ണീരൊഴുക്കുന്ന,
ഞങ്ങളുടെ പിറക്കാനിരിക്കുന്ന കുട്ടിയെ
ആശ്വസിപ്പിക്കുക?
എങ്ങനെയാണ്
നോവുരുളകൾ കനലൂതി
പൊലിപ്പിച്ചെടുത്തവളുടെ വായിലേക്ക്
എന്റെ വേദനയുടെ ചുവന്ന
കറികളിറ്റിക്കുക?
എങ്ങനെയാണ്
കുട്ടിയുടെ ജീവനിൽ
അമ്മ കഴിക്കാതെ
പോഷകങ്ങൾ പൊക്കിൾക്കൊടിവഴിയെത്തുക?
എങ്ങനെയാണ്
ശിരസ്സിൽ വെള്ളിനൂലുകളുടെ പഴക്കംപേറുന്ന
വൃദ്ധരുടെ കുത്തുവാക്കുകളിൽനിന്നും
അവളെ സംരക്ഷിക്കുക?
എങ്ങനെയാണ്
നിലാത്തുണ്ട് കടംകൊടുത്ത്
രാത്രികളിലവളെ ഒറ്റയ്ക്കാക്കാതെ കാക്കുന്ന
ആകാശത്തോട് നന്ദിപറയുക?
എങ്ങനെയാണ്
സമൂഹത്തിന്റെ അടക്കംപറച്ചിലുകളിൽനിന്ന്,
കണ്ണുവെയ്ക്കലുകളിൽനിന്ന്,
അവളെ അമ്മയാക്കുക,
രണ്ടിലകൾക്കിടയിലൊരു
പൂവുണ്ടാക്കുക?
അശ്വിൻ ആനന്ദ്
മിനിയേഴ്സ് ഡിസീസ് ഒരു തരം തലകറക്കമാണ്
“VERTIGO IS THE CONFLICT BETWEEN THE FEAR OF FALLING AND THE DESIRE TO FALL” : SALMAN RUSHDIE
വീഴുന്നതിലുള്ള പേടിയ്ക്കും വീഴാനുള്ള ആഗ്രഹത്തിനും ഇടയിലുള്ള സങ്കർഷാവസ്ഥയാണു തലകറക്കമെന്ന് വിഖ്യാത എഴുത്തുകാരനായ സല്മാൻ റുഷ്ദി.
വളരെ സാധാരണമായിക്കൊണ്ടിരിക്കുന്ന ഒരു തരം തലകറക്കമാണു മിനിയേർസ് ഡിസീസ് എന്നറിയപ്പെടുന്ന , ചെവിയുടെ ബാലൻസ് തകരാറുകൊണ്ടുണ്ടാകുന്ന തലകറക്കം. ചെവിയിൽ മണിമുഴങ്ങുന്ന പോലുള്ള ശബ്ദവും, ചെവിക്കായമില്ലതെ തന്നെ ചെവി നിറഞ്ഞിരിക്കുന്ന പോലുള്ള തോന്നലും ഇടയ്ക്കിടെ കേൾവിക്കുറവും ഒക്കെയാണു മറ്റ് പ്രധാന ലക്ഷണങ്ങൾ. ബോധക്കേടൊന്നുമില്ലാതെ ചിലർ പിന്നിൽ നിന്നാരോ തള്ളിയിട്ടതുപോലെ പെട്ടെന്നു വീഴുന്നു.
രോഗം ചികിൽസിക്കാതിരുന്നാൽ ഭാവിയിൽ കേൾവി പൂർണ്ണമായും നഷ്ടപ്പെടാം. രോഗലക്ഷണങ്ങൾ പിന്നെ സ്ഥിരമായെന്നും വരാം.
സാധാരണഗതിയിൽ ഇത് ഒരു ചെവിയെ മാത്രമാണു ബാധിക്കുന്നത്. ഏതു പ്രായക്കാരെയും ബാധിക്കാറുണ്ടെങ്കിലും ഇരുപതു മുതൽ അമ്പതു വയസ്സുകാരെയാണു സാധാരണ ബാധിക്കുന്നത്.
ചെവിക്കുള്ളിലെ അർദ്ധ വൃത്താകാര കുഴലിലെ എൻഡോ ലിംഫ് എന്ന ദ്രാവകത്തിന്റെ അളവിലുള്ള വ്യതിയാനമാണു സാധാരണയായി പറയപ്പെടുന്ന കാരണം.
എന്നാൽ ഇക്കാര്യത്തിൽ ചില ശാസ്തൃജ്ഞൻമാർ വിശ്വസിക്കുന്നില്ല. ചെവിക്കുള്ളിലെ രക്ത കുഴലുകൾ മൈഗ്രൈനിലെ പോലെ കോച്ചി ചുരിങ്ങുന്നതാണു മിനിയേർസ് രോഗം ഉണ്ടാക്കുന്നതെന്നു അവർ കരുതപ്പെടുന്നു.
വൈറസ് രോഗബാധ, അലർജികൾ, ഓട്ടോ ഇമ്മൂൺ രോഗങ്ങൾ എന്നിവയാണു രോഗത്തിനു കാരണമെന്നു ചിന്തിക്കുന്നവരുമുണ്ട്. ഇതു പാരമ്പര്യമായി ചിലരിൽ കാണുന്നതിനാൽ ജനിതക തകരാറുകളെയും തള്ളികളയാനാവില്ല.
രോഗാവസ്ഥ 20 മിനുട്ട് മുതൽ ഒരു ദിവസം വരെ നീണ്ടു നില്ക്കാം. പക്ഷെ അപ്രതീക്ഷിതമായി എപ്പോൾ വേണമെങ്കിലും വരാമെന്നതു കൊണ്ടു ഒറ്റയ്ക്ക് യാത്രചെയ്യാനോ, വണ്ടി ഓടിക്കാനോ ഒന്നും ധൈര്യപ്പെട്ടിറങ്ങാനവില്ല എന്നാതാണു പ്രശ്നം.
രോഗനിർണയം
“പ്രോസ്പെർ മിനിയെർ” എന്ന ഫ്രെഞ്ച് ഡോക്ടർ ഈ രോഗം തിരിച്ചറിഞ്ഞിട്ട് നൂറ്റമ്പതു വർഷമായിട്ടും ചെവിയിലുണ്ടാകുന്ന എൻഡോലിംഫിന്റെ അമിതോല്പാദനമാണോ അവ ഉല്പാദനത്തിനനുസരിച്ച് അധികമുള്ളത് തിരിച്ചെടുക്കാത്തതു കൊണ്ടാണൊ ചെവിയിലിതു കൂടുതലായി പ്രശ്നമുണ്ടാക്കുന്നതെന്നു കണ്ടെ ത്താനായിട്ടില്ല.
സമാനമായ ലക്ഷണങ്ങൾ വെസ്റ്റിബുലാർ മൈഗ്രൈൻ, ട്രാൻഷിയന്റ് ഇഷീമിക് അറ്റാക്ക് എന്നീ അവഥകളിലും വരാം.
പ്രത്യേകിച്ച് ഒരു ടെസ്റ്റ്കൊണ്ടു രോഗനിർണ്ണയം സാധ്യമല്ല, രോഗലക്ഷണങ്ങൾക്കൊപ്പം തലച്ചോറിന്റെ , സി.റ്റി, എം,ആർ, ഐ എന്നിവയെടുത്ത് മ റ്റു തകരാറുകൾ ഒന്നുമില്ലന്നു ഉറപ്പിക്കുകയാണു ഈ രോഗമാണെന്ന നിർണയത്തിലെത്തുവാൻ സാധാരണ ചെയ്യുന്നത്.
മിനിയേഴ്സ് രോഗത്തെ തന്നെ രണ്ടായിട്ട് വിഭജിച്ചിട്ടുണ്ട്. തലകറക്കം പ്രധാനമായി കാണുന്ന വെസ്റ്റിബുലാർ മിനിയേഴ്സ് രോഗമെന്നും കേൾവിക്കുറവും ചെവിയിൽ മുഴക്കവും പ്രധാനമായ കോക്ളിയാർ മിനിയേഴ്സ് രോഗമെന്നും.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
രോഗാവസ്ഥ മിനിറ്റുകൾ മുതൽ ഒരു ദിവസം വരെ നീണ്ടു നില്ക്കാം. എന്നാൽ അപ്രതീക്ഷിതമായി എപ്പോൾ വേണമെങ്കിലും വരമെന്നതു കൊണ്ടു ഒറ്റയ്ക്ക് യാത്രചെയ്യാനോ, വണ്ടി ഓടിക്കാനോ ഒന്നും ധൈര്യപ്പെട്ടിറങ്ങാനവില്ല.
ചിലർക്കു ചോക്ളേറ്റ്, മദ്യം, ചായ , കാപ്പിയിലടങ്ങിയിരിക്കുന്ന കഫീൻ, എന്നിവ കൊണ്ട് രോഗം കൂടുന്നതായി അനുഭവപ്പെടാറുണ്ട്.
ഉപ്പ് കൂടുതലടങ്ങിയ ഭക്ഷണങ്ങൾ ഒഴിവാക്കുക.
രോഗചികിൽസ
പൂർണ്ണശമനം സാധ്യമല്ലെന്നാണു ആധുനിക വൈദ്യ ശാസ്ത്ര ഗ്രന്ഥങ്ങൾ പറയുന്നത്.
എൻഡോലിംഫ് കൂടുന്നു എന്ന് കരുതിയുള്ള ഒപ്പറേഷനുകളാണു സാധാരണരീതിയിൽ ചെയ്തുവരുന്നത്.
ചെവിയിലെ എൻഡോലിംഫിന്റെ മർദ്ദം കുറയ്ക്കാൻ മൂന്നുവിധം സർജറികളാണു ചെയ്യാറുള്ളത്, തല്ക്കാലത്തേക്ക് മർദ്ദം കുറയ്ക്കുക, ഷണ്ട് ഇട്ട് അധികമായി ഉള്ള എൻഡോലിംഫ് ഒഴുക്കികളയുക, എൻഡോലിംഫാറ്റിക് സാക് തന്നെ എടുത്തുമാറ്റുക എന്നിവയാണീ രീതികൾ.
ചിലരിൽ വെസ്റ്റിബുലാർ ന്യൂറക്റ്റമി എന്നു പേരുള്ള ശസ്ത്രക്രിയയിലൂടെ ഞരമ്പ് മുറിച്ചു മാറ്റേണ്ടിയും വരാറൂണ്ട്. മരുന്നുകൾ മധ്യകർണ്ണത്തിൽ കുത്തിവെച്ച് ലബിരന്ത് തന്നെ നശിപ്പിക്കുന്ന ചികിൽസകളും നിലവിലുണ്ട്.
എൻഡോലിംഫറ്റിക് സാക് (ഇ.എസ്)ഷണ്ട് ഓപ്പറേഷൻ ചെയ്താൽ 60% രോഗികളിലും രോഗം കുറയാറുണ്ട്. കോക്ളിയ നശീകരണ ശസ്ത്രക്രിയകളിലെ പോലെ കേൾവി ക്കു തകരാറു സംഭവിക്കാറുമില്ല.
തലകറക്കത്തോടൊപ്പമുള്ള ഉത്കണ്ഠ മാറ്റാൻ കൗൺസലിങ്ങ് ഉപകരിക്കാറുണ്ട്.
ഡോ. ടി.ജി. മനോജ് കുമാർ
ദാമിയന്റെ അതിഥികൾ
“പിസാരോ, നിനക്ക് അറിയില്ലെന്നുണ്ടോ.. പാപത്തിന്റെ ശമ്പളം മരണമാണ്.!”
[ദാമിയന്റെ അതിഥികൾ – അരുൺ ആർഷ]
നൂറ്റാണ്ടുകൾക്ക് മുൻപുള്ള -ആയിരത്തി നാനൂറുകളിൽ- തെക്കേ അമേരിക്കയിലെ സ്പാനിഷ് അധിനിവേഷവും കോളനിവാഴ്ചയും പശ്ചാത്തലമാക്കി അരുൺ ആർഷ എഴുതിയ ഹിസ്റ്റോറിക്കൽ ഫിക്ഷൻ നോവലാണ് ‘ദാമിയന്റെ അതിഥികൾ’ മുന്നൂറ്റി അറുപതിൽപ്പരം പേജുകളിലൂടെ ത്രസിപ്പിക്കുന്നൊരു യാത്രയാണീ നോവൽ. മഹാസാമുദ്രങ്ങൾക്കിടയിലെവിടെയോ ഒളിഞ്ഞിരിക്കുന്ന സ്വർണ്ണ മനുഷ്യരുടെ ദ്വീപ്.! അതന്വേഷിച്ച് പോവുന്ന കപ്പിത്താന്മാരും നാവികരും, അവരുടെ അതി സങ്കീർണതകളും അത്യാപത്തുകളും നിറഞ്ഞ സാഹസിക കടൽ യാത്രകളും, അവരുടെ മോഹവലയങ്ങളിൽ വീണ് അവർക്ക് വേണ്ട സകല സൗകര്യങ്ങളുമൊരുക്കുന്ന അത്യാർത്തി പൂണ്ട പ്രഭുക്കന്മാരും, അതിന്റ പേരിൽ തലമുറകളായി തുടരുന്ന പര്യവേക്ഷണങ്ങളും, കടലിനെ ചുവപ്പണിയിച്ച മഹാ യുദ്ധങ്ങളും, കരയിലും കടലിലുമായി നടന്ന കലാപങ്ങളും, ചതിയും വഞ്ചനയും പകയും കൊലപാതകങ്ങളും സമാനതകളില്ലാത്ത ക്രൂരതകളും നിറഞ്ഞ ചരിത്രങ്ങളും എല്ലാമായി.. സ്പെയിനും അറ്റ്ലാന്റിക്/പസഫിക് മഹാസമുദ്രങ്ങളും, തെക്കേ അമേരിക്കൻ ഭൂഖണ്ഡവും ഒക്കെയായി ഒരു വൈഡ് സ്പേസ് കഥാപശ്ചാത്തലമായി വരുന്നൊരു ബ്രഹ്മാണ്ട ഐറ്റമാണിത്.!
വിദേശ നോവലുകളോട് കിടപിടിക്കുന്ന അന്യായ വർക്ക് ആണ് ദാമിയന്റെ അതിഥികൾ എന്ന് നിസ്സംശയം പറയാം. ഇത് ശരിക്കും ഒരു മലയാളി എഴുതിയതാണോ എന്ന് അതിശയിച്ചു പോകും. പരിഭാഷപ്പെടുത്തിയ ഒരു വിദേശ നോവൽ വായിക്കുന്ന ഫീലാണ് അനുഭവപ്പെടുക. അതേ ശൈലിയിലുള്ള അസാധ്യമായ എഴുത്ത്. ഒരു രക്ഷയും ഇല്ലാത്ത ഐറ്റം.! ശരിക്കും ഞാൻ തീരരുതേ എന്ന് ആഗ്രഹിച്ചു വായിച്ച ചുരുക്കം ചില പുസ്തകങ്ങളിൽ ഒന്നാണിത്. മാസ്സും ക്ലാസ്സും വയലൻസും ആക്ഷനും ത്രില്ലും എല്ലാം ചേർന്ന ഒരു പിരിയഡ് ഹോളിവുഡ് ത്രില്ലർ സിനിമ കാണുന്ന പ്രതീതിയാണ് ഇതെനിക്ക് നല്കിയത്. ഒരു പത്തു പേജ് മറിക്കുമ്പോഴേക്കും addict ആവും, ഒരു ലഹരി പോലെ. പിന്നീടങ്ങോട്ട് ത്രസിപ്പിക്കുന്നൊരു യാത്രയാണ്. പിന്നെ ഇത് വായിച്ച് തീർക്കാതെ ഒരു രക്ഷയില്ലെന്ന് നിങ്ങൾ മനസ്സിലാക്കും. അത്രയും എൻഗേജിങ്.! വായിച്ചു തീർന്നാലും ആ ഹാങ്ങോവർ മാറാൻ ഒരുപാട് സമയമെടുക്കും. ഹൃദയമിടിപ്പ് കൂട്ടുന്ന ഭയങ്കര ടെൻഷൻ അടിപ്പിക്കുന്ന സന്ദർഭങ്ങളും, രക്തമുറയുന്ന ക്രൂരകൃത്യങ്ങളും, തീവ്രമായ ഭീതിയുളവാക്കുന്ന വർണ്ണനകളും, അങ്ങേയറ്റം ത്രില്ലടിപ്പിക്കുന്ന ആവേശം കൊള്ളിക്കുന്ന ട്വിസ്റ്റുകളും, ഉൾക്കിടിലമുണ്ടാക്കുന്ന തരത്തിൽ കഥയിൽ അപ്രതീക്ഷിതമായി വരുന്ന വഴിത്തിരിവുകളും.. എല്ലാമായി നിങ്ങൾക്കൊരു ലൈഫ് ടൈം എക്സ്പീരിയൻസ് ആയിരിക്കും ഈ പുസ്തകം.!
മൂന്നു ഭാഗങ്ങളായി തിരിച്ചാണ് നോവൽ എഴുതിയിരിക്കുന്നത്. കഥാപാത്രങ്ങളെ പരിചയപ്പെടുത്തിയും അവരുടെ വളർച്ച അടയാളപ്പെടുത്തിയും, തുടർന്ന് വരുന്ന സംഭവങ്ങളിലേക്കുള്ള സൂചനകൾ അവിടവിടെ പാകിക്കൊണ്ടും ആദ്യ ഭാഗം കഥ പറയുമ്പോൾ, തുടർന്ന് വരുന്ന ഭാഗങ്ങൾ.. കടലിലെ ചോരക്കളികളും അതി സഹസികമായ യാത്രകളും യുദ്ധങ്ങളും വിവരിച്ച് വായനക്കാരനെ ഉദ്വേഗത്തിന്റെയും ആകാംക്ഷയുടെയുടെയും മുനമ്പിൽ കൊണ്ട് നിർത്തുന്നു. ഓരോ ഭാഗവും ഒരു ഹൈ പോയന്റിൽ ചെന്ന് നിർത്തുന്നതോടെ ഓരോ അദ്ധ്യായങ്ങൾ തീരുമ്പോഴും കഥ കൂടുതൽ കൂടുതൽ ഇന്ട്രെസ്റ്റിംഗ് ആവുന്നു. ഇതിലെ കഥാപാത്രങ്ങളും പശ്ചാത്തലവും എല്ലാം വെൽ ഡീറ്റൈൽഡ് ആണ്. പഴയ കാലഘട്ടത്തിലേക്ക് നമ്മളെ കൊണ്ടു പോകുന്ന അസാധ്യ വിവരണവും. ഉജ്ജ്വലമായ പാത്രസൃഷ്ടിയാണ് നോവലിന്റെ മറ്റൊരു പ്രത്യേകത. മികച്ചത് എന്ന് ചൂണ്ടിക്കാണിക്കാൻ ഒരു കഥാപാത്രവും ഇതിലില്ല. കാരണം എല്ലാ കഥാപാത്രങ്ങളും ഒന്നിനൊന്നു മികച്ചതാണ്. എന്ത് ചിന്തിക്കുന്നുവെന്നോ എപ്പോൾ എന്ത് പ്രവർത്തിക്കുമെന്നോ ഒരു നിലക്കും മനസ്സിലാക്കാൻ സാധിക്കാത്ത Unpredictable ആയിട്ടുള്ള ഈ കഥാപാത്രങ്ങൾ തന്നെയാണ് നോവലിന്റെ ശക്തിയും കഥയെ പ്രവാചനാതീതമായ വഴികളിലൂടെ നടത്തിക്കുന്നതും. ആരുടെ കൂടെ നിൽക്കണമെന്ന് വായനക്കാരൻ അങ്കലാപ്പിലാവും. അനാവശ്യമായ ഒരു കഥാപാത്രമോ ഒരു സംഭവമോ ഇതിലില്ല. എല്ലാം പിന്നീടുള്ള കഥയിൽ സംഭവിക്കാൻ പോകുന്ന ഒരുപാട് നിർണ്ണായക സംഭവങ്ങളിലേക്കുള്ള വെടിമരുന്നുകളാണെന്ന് വായിച്ചു മുന്നേറവേ നിങ്ങൾ മനസ്സിലാക്കും. വായനക്കാരന്റെ പൂർണമായ ശ്രദ്ധ ഡിമാന്റ് ചെയ്യുന്നൊരു നോവലാണിത്. നോവലിന്റെ ആഖ്യാനം വ്യത്യസ്തമാണ്. ഫ്ലാഷ് ബാക്ക് രീതിയിലും തിരിച്ചും കലർത്തി എഴുതിയിരിക്കുന്നത് ചില സമയങ്ങളിൽ കൺഫ്യൂഷൻ ഉണ്ടാക്കും. ചിലപ്പോഴേക്കെ പേജുകൾ വീണ്ടും പിന്നിലേക്ക് മറിച്ചു നോക്കേണ്ടിയും വരാം.
ഇത്രയും കിടിലനായ ഈ പുസ്തകത്തെ ‘Underrated’ എന്ന വാക്ക് കൊണ്ട് വിശേഷിപ്പിക്കേണ്ടി വരുന്നതിൽ വിഷമമുണ്ട്.
ഈ പുസ്തകം അർഹിക്കുന്ന പ്രശംസയൊന്നും ഇതിന് കിട്ടിയിട്ടില്ലെന്ന് ഉറപ്പാണ്. അങ്ങനെയെങ്കിൽ കാര്യങ്ങൾ മാറിയേനെ. കൂടുതൽ പേർ ഇത് വായിക്കണമെന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നത് കൊണ്ടാണ് ഇത്രയേറെ എഴുതിയത്. ഈ പുസ്തകം നൽകുന്ന എക്സ്പീരിയൻസിന്റെ നാലിലൊന്ന് എനിക്കിവിടെ എഴുതിപ്പിടിപ്പിക്കുവാൻ കഴിഞ്ഞിട്ടില്ല എന്നതാണ് സത്യം. നിങ്ങൾ എത്ര Expectation വെച്ച് വായിക്കാൻ ഇരുന്നാലും ഈ പുസ്തകം നിങ്ങളെ അല്പംപോലും നിരാശനാക്കാൻ സാധ്യതയില്ല. എന്റെ അനുഭവം അതാണ്.
ജസീം ജാസി
ഇന്തോന്വേഷ്യൻ ദിനങ്ങൾ
അധ്യായം 16: അഗ്‌നിപർവ്വതങ്ങൾക്കിടയിൽ ഒരു മനോഹര നഗരം
ജക്കാർത്തയിൽ നിന്നും നൂറ്റിനാപ്പതു കിലോമീറ്റർ ദൂരത്തിൽ സമുദ്രനിരപ്പിൽ നിന്നും എണ്ണൂറു മീറ്റർ ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഒരു പ്രദേശമുണ്ട്. ബാണ്ടൂങ് എന്നാണീ സ്ഥലത്തിന്റെ പേര്. ഇതിന്റെ തലസ്ഥാന നഗരവും ഇത് തന്നെ. വർഷത്തിലുടനീളം സുഖകരമായ കാലാവസ്ഥയാണിവിടെ. ജക്കാർത്തക്കാരുടെ വാരാന്ത്യ സുഖവാസ കേന്ദ്രവും കൂടിയാണിത്. അഗ്‌നിപർവ്വതങ്ങളുടെ നടുവിലാണ് മനോഹരമായ ഈ പ്രദേശം സ്ഥിതിചെയ്യുന്നത്. എല്ലാവശങ്ങളിലും തീ തുപ്പുവാൻ തയ്യാറായി നിൽക്കുന്ന അഗ്‌നിമലകൾ.
ഡച്ച് ഈസ്റ്റ് ഇൻഡീസ് കമ്പനി ജക്കാർത്തയിൽ നിന്നും അവരുടെ തലസ്ഥാനം ഇവിടേയ്ക്ക് മാറ്റുവാനുണ്ടായിരുന്ന ഒരു പ്രധാന കാരണം, ഇവിടത്തെ കുളിരുള്ള കാലാവസ്ഥയും തേയിലത്തോട്ടങ്ങൾക്ക് അനുയോജ്യമായ ഭൂപ്രകൃതിയും തന്നെയാകണം. ഡച്ച് ഈസ്റ്റ് ഇൻഡീസ് കമ്പനിയാണ് ഇവിടെ തേയിലത്തോട്ടങ്ങൾ തുടങ്ങിയത്. ഇന്നിവിടത്തെ തേയിലത്തോട്ടങ്ങൾ ലോകപ്രശസ്‌തവുമാണ്. അഗ്‌നിപർവ്വതങ്ങളിൽ നിന്നും ഒഴുകിയിറങ്ങുന്ന ലാവ ഈ മണ്ണിനെ അതിഫലപുഷ്‌ടമാക്കിയിട്ടുണ്ടെന്നത്, ഇവിടത്തെ കാർഷിക രംഗം കണ്ടാൽ മനസ്സിലാകും. എല്ലാത്തരം കൃഷികളും ഇവിടെയുണ്ട്. നെൽകൃഷിക്കും ഈ പ്രദേശം പ്രസിദ്ധമാണ്.
ഞാൻ കഴിഞ്ഞ മാസം (ജനുവരി 2020) ബാണ്ടൂങ് സന്ദർശിച്ചിരുന്നു. ഇതെന്റെ രണ്ടാമത്തെ സന്ദർശനമായിരുന്നു. രണ്ടു വർഷങ്ങൾക്കു മുൻപും ഞാനിവിടെ സന്ദർശിച്ചിട്ടുണ്ട്. ഇന്തോന്വേഷ്യയുടെ നാലാമത്തെ വലിയ നഗരമാണ് ബാണ്ടൂങ്. ഡച്ച് കെട്ടിട നിർമ്മാണ ഭംഗി എവിടെയും ദർശിക്കുവാൻ കഴിയും. പഴയകാല കെട്ടിടങ്ങൾ പ്രൗഢിയോടുകൂടി നിലനിർത്തിയിരിക്കുന്നു. ഒപ്പം പുതിയ കാലഘട്ടത്തിന്റെ അംബരചുംബികളും. പല നിരത്തുകളും പാരീസിനെ ഓർമ്മപ്പെടുത്തുന്നതാണ്. ബാണ്ടൂങിന് ജാവയുടെ പാരീസ് എന്നും പേരുണ്ട്.
ജക്കാർത്തയിൽ നിന്നും ബാണ്ടൂങ്ങിലേക്കു പോകണമെങ്കിൽ പല മാർഗ്ഗങ്ങളുണ്ട്. വിമാനം, ടാക്‌സി, ബസ്, ട്രെയിൻ എന്നിവയാണ് അവ. ഇതിൽ ഏറ്റവും മനോഹരം ട്രെയിൻ യാത്ര തന്നെ. ഒട്ടും വിരസമാകാത്ത യാത്ര. മൂന്നു മണിക്കൂർ യാത്രയുണ്ടാകും. കൃഷിടങ്ങളും വനങ്ങളും നിറഞ്ഞ പ്രദേശങ്ങളിലൂടെ മാത്രമുള്ള യാത്ര. നെൽപ്പാടങ്ങളുടെ ഭംഗിയാസ്വദിക്കുവാൻ ഏറ്റവും അനുയോജ്യം. യാത്രയിൽ ധാരാളം പാലങ്ങൾ കടന്നു പോകണം. ഒരു തുരംഗവുമുണ്ട്. കുന്നും മലകളും ഗർത്തങ്ങളുമുള്ള ഭൂപ്രകൃതി. സമയം കടന്നുപോകുന്നതറിയുകയേയില്ല.
ജക്കാർത്തയിലെ ഗംഭീർ റെയിൽവേ സ്‌റ്റേഷനിൽ നിന്നുമാണ് ബാണ്ടൂങ്ങിലേക്കുള്ള ട്രെയിനുകൾ പുറപ്പെടുന്നത്. ദീർഘദൂര ട്രെയിനുകൾ പുറപ്പെടുന്ന ഒരു സ്റ്റേഷൻ ആണിത്. ഒരു വിമാനത്താവളം പോലെ മനോഹരമാണിത്. ട്രെയിനുകളും മനോഹരങ്ങളാണ്. നൂതന സൗകര്യങ്ങളുള്ള ഇരിപ്പിടങ്ങൾ ഒരു വിമാനത്തിനുള്ളിലേക്കാൾ ആകർഷണീയമാണ്. വൃത്തിയുള്ള ടോയ്‍ലെറ്റുകൾ. നമ്മുടെ നാട്ടിലും ഇപ്പോൾ ചില ട്രെയിനുകളിലൊക്കെ ഈ സൗകര്യങ്ങൾ വന്നു തുടങ്ങിയിട്ടുണ്ട്. അത് കേടാക്കുന്നതിനും വൃത്തികേടാക്കുന്നതിനും ഇവിടെ ചിലർ ഉണ്ടാകും എന്നതാണ് നമ്മുടെ പ്രധാന പ്രശ്‍നം. പൊതുമുതൽ സംരക്ഷിക്കുവാൻ നമുക്കറിയില്ല എന്ന് പറയാതിരിക്കുവാൻ കഴിയുകയില്ല.
സർവകലാശാലകളുടെ നഗരമാണ് ബാണ്ടൂങ്. പതിനേഴു സർവകലാശാലകളാണ് ഇവിടെയുള്ളത്. അൻപതിലേറെ കോളേജുകളും നൂറുകണക്കിന് സ്‌കൂളുകളും ഇവിടെയുണ്ട്. എവിടെയും വിദ്യാർത്ഥികളുടെ തിരക്ക് നമുക്കനുഭവപ്പെടും. ബ്രാഗ തെരുവാണ് അതിനേറ്റവും നല്ല ഉദാഹരണം. വൈകുന്നേരമായാൽ വിദ്യാർത്ഥികളേയും സഞ്ചാരികളേയും കൊണ്ട് നിറയും. കൊളോണിയൻ കാലഘട്ടത്തിനെ ഓർമ്മപ്പെടുത്തുന്ന കെട്ടിടങ്ങൾ. പാരീസിലെ ഒരു തെരുവിലൂടെ നടക്കുകയാണെന്നേ തോന്നൂ. ഇന്നിത് കഫേകളും, ജാസ് ബാറുകളും, ഉയർന്ന റെസ്റ്റോറെന്റുകളും, ബേക്കറികളും, കേക്ക് ഷോപ്പുകളും കൊണ്ട് നിറഞ്ഞിരിക്കുന്നു. എവിടെയും സംഗീതം. യുവജനങ്ങളുടെ ആഘോഷത്തിമിർപ്പ്. ബ്രാഗ തെരുവ് ബാണ്ടൂങിലെ ഒരു അനുഭവമാണ്.
ട്രാൻസ് സ്റ്റുഡിയോ മാൾ ആണ് ഇവിടത്തെ മറ്റൊരാകർഷണം. ഇവിടത്തെ ഏറ്റവും വലിയ ഷോപ്പിംഗ് മാളാണിത്. മിക്ക ബ്രാൻഡുകൾക്കും ഇതിൽ ഷോറൂമുകളുണ്ടാകും. ഫാഷന്റെ തലസ്ഥാനമെന്നാണ് ബാണ്ടൂങ് അറിയപ്പെടുന്നത്. പ്രത്യേകിച്ചും തുണിത്തരങ്ങളുടെ. ബാണ്ടൂങ്കിൽ ഷോറൂമുകളില്ലാത്ത ലോകോത്തര ബ്രാൻഡുകൾ കുറവായിരിക്കും. ആകർഷണീയമായ വിലയാണ് മറ്റൊരു പ്രത്യേകത. മലേഷ്യയിൽനിന്നും സിങ്കപ്പൂരിൽ നിന്നുമെല്ലാം ആളുകൾ തുണിത്തരങ്ങൾ വാങ്ങുവാൻ ഇവിടെയെത്താറുണ്ട്. അവരുടെ രാജ്യങ്ങളിൽ ലഭിക്കുന്നതിനേക്കാൾ വൻ ലാഭത്തിൽ ഇവിടെ ലഭിക്കും എന്നതിനാലാണിത്. നല്ല ഗുണ നിലവാരവും ന്യായവിലയുമാണ് ബാണ്ടൂങ്ങിനെ ഈ പ്രശസ്‌തിയിലെത്തിച്ചിരിക്കുന്നത്.
ഗെഡൂങ് സെയ്റ്റ് ആണ് ഇവിടത്തെ ഏറ്റവും മനോഹരമായ കെട്ടിടം. ഡച്ച്-ഇന്തോന്വേഷ്യൻ കെട്ടിട നിമ്മാണ സമുന്വയം ആണിതിന്റെ പ്രത്യേകത. പരിപൂർണ്ണ തൃപ്‌തി നൽകുന്ന കെട്ടിടം എന്നാണ് ഈ പേരിന്റെ അർഥം. ഇന്നിത് ഇവിടത്തെ ഗവർണ്ണറുടെ വസതിയും ഓഫീസുമായാണ് പ്രവർത്തിക്കുന്നത്. ഇതിന്റെ അടിഭാഗത്ത് ഒരു മ്യുസിയവുമുണ്ട്. പുതിയ സാങ്കേതിക വിദ്യയുടെ മികവും സാധ്യതകളും പ്രകടമാക്കുന്ന ഒരു മ്യുസിയം.
വളരെ രസകരമായ ഒരു സംഭവമുണ്ടായി. ഞാൻ മ്യുസിയത്തിനകത്തുകൂടി എങ്ങനെയോ ഗവർണ്ണറുടെ ഓഫീസിൽ എത്തിച്ചേർന്നു. പ്രവേശനമില്ലാതിരുന്ന ഏതോ വാതിലിലൂടെ ഉള്ളിൽ പ്രവേശിച്ചിട്ടുണ്ടാകും. മ്യുസിയത്തിന്റെ ഭാഗം എന്നൊരുപക്ഷേ കരുതിയിരുന്നിരിക്കാം. ഉടൻ തന്നെ സെക്യൂരിറ്റി ഉദ്യോഗസ്ഥൻമാരെത്തി, എങ്ങനെയിവിടെ എത്തിയെന്നാരാഞ്ഞു. പെർമിഷൻ ഉണ്ടോ എന്ന ചോദ്യത്തിന് ‘ഇതൊരു മ്യുസിയം അല്ലേ? ടിക്കറ്റ് എടുത്തിട്ടുണ്ട്’ എന്ന് ഞാനും മറുപടി നൽകി. ‘ഇത് മ്യുസിയത്തിന്റെ ഭാഗമല്ല, ഇവിടത്തെ ഗവർണ്ണറുടെ ഓഫീസ് ആണ്. അനുമതിയില്ലാതെ ഇവിടെ പ്രവേശിക്കാനാകില്ല’ എന്നായി അവർ. ഞങ്ങളുടെ സംസാരം കേട്ടുകൊണ്ട് ആ ഓഫീസിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ അവിടെയെത്തി. അദ്ദേഹം എന്നോട് ആരാണ്, എവിടെനിന്നും വരുന്നു, എന്താണ് ജോലി തുടങ്ങിയ കാര്യങ്ങൾ വളരെ സൗമ്യമായി തിരക്കി. എന്റെ മറുപടിയിൽ തൃപ്‌തനായതുകൊണ്ടോ അതോ അദ്ദേഹത്തിന്റെ സ്വഭാവ ഗുണം കൊണ്ടോ, ഇവിടം കാണണമെന്നുണ്ടോ എന്നന്വേഷിച്ചു.
ഇത്ര മനോഹരമായ ഈ കെട്ടിടം കാണണമെന്ന് അതിയായ ആഗ്രഹമുണ്ടെന്ന് ഞാനും മറുപടി കൊടുത്തു. അദ്ദേഹം അവിടെയുണ്ടായിരുന്ന സെക്യൂരിറ്റി ഉദ്യോഗസ്ഥൻമാരോട് എന്നെ എല്ലായിടവും കാണിച്ചു കൊടുക്കുവാൻ ആവശ്യപ്പെടുകയും ചെയ്‌തു. അവർ എന്നെ എല്ലായിടവും കൊണ്ട് നടന്നു കാണിക്കുകയും, ഫോട്ടോകൾ എടുക്കുവാൻ അനുവദിക്കുകയും ചെയ്‌തു. ഒടുവിൽ ഒരു ഹസ്‌തദാനവും നൽകി ആ ഉദ്യോഗസ്ഥൻ എന്നെ യാത്രയുമാക്കി.
ഞാനപ്പോൾ ഓർത്തത് മറ്റൊന്നായിരുന്നു. നമ്മുടെ രാജ്യത്തെ ഒരു ഗവർണ്ണറുടെ വസതിയിൽ ആയിരുന്നു ഇപ്രകാരം കയറിയിരുന്നതെങ്കിൽ, എത്ര ദിവസം ഞാൻ തടവിൽ കിടക്കേണ്ടിവരുമായിരുന്നു? എത്ര പേരുടെ ചോദ്യം ചെയ്യലിന് വിധേയനാകേണ്ടി വരുമായിരുന്നു? എൻ.ഐ.എ. പോലുള്ള ഏജൻസികൾ പോലും ചോദ്യം ചെയ്യലിന് പറന്നെത്തുമായിരുന്നില്ലേ? നമ്മുടെ ദൃശ്യമാധ്യമങ്ങൾ എന്തെല്ലാം കഥകൾ മിനഞ്ഞെടുക്കുമായിരുന്നു? അന്തിച്ചർച്ചകളിൽ എന്തൊക്കെ പദവികൾ ചാർത്തിത്തരുമായിരുന്നു?
ഡോ. സുനീത് മാത്യു
മധുര പനിയാരം
മിക്ക അമ്മമാരുടെയും പരാതിയാണ്, കുട്ടികൾ ഒന്നും കഴിക്കുന്നില്ല എന്നത്. എന്നാൽ അവരുടെ ഭാരം നോക്കുമ്പോൾ ശരിയായതോ കൂടുതലോ കാണിക്കുകയും ചെയ്യും. അതിനർത്ഥം അവർ ആവശ്യത്തിന് കഴിക്കുന്നുണ്ട് എന്നു തന്നെയാണ്. അമ്മമാർ ആഗ്രഹിക്കുന്ന ഭക്ഷണം അവർ കഴിക്കുന്നില്ല എന്ന് മാത്രം. കുട്ടികൾ വ്യത്യസ്ത രുചികൾ ഇഷ്ടപ്പെടുന്നവരാണ്. പലപ്പോഴും അവർക്കിഷ്ടമുള്ള ഭക്ഷണം ഉണ്ടാക്കിക്കൊടുക്കുന്നതിൽ അമ്മമാർ പരാജയപ്പെടുന്നു എന്നു വേണം കരുതാൻ. അത്തരത്തിൽ രുചികരമായതും എളുപ്പം ഉണ്ടാക്കാൻ കഴിയുന്നതും ഗുണകരവുമായ ചില പലഹാരക്കൂട്ടുകൾ അറിഞ്ഞു വയ്ക്കുക, അതുണ്ടാക്കി കൊടുക്കുക എന്നതാണ് ഇതിനൊരു പരിഹാരം. അത്തരത്തിൽ ഒരു പലഹാരം പരിചയപ്പെടുത്തുന്നു.
പനിയാരം തെക്കേ ഇന്ത്യയിലെ ഒരു പ്രധാന ഭക്ഷണം ആണ്. പ്രത്യേകിച്ചും തമിഴ്‌നാട്ടിലും കർണാടകത്തിലും. അത് മിക്കയിടങ്ങളിലും സ്‌പൈസി ആയിട്ടാണുണ്ടാക്കുന്നത്. ചട്ടിണി ചേർത്ത് കഴിക്കുന്നവിധം. നമുക്ക് മധുരമുള്ള ഒരു പനിയാരം ഉണ്ടാക്കാം.
ചേരുവകൾ
ഗോതമ്പുപൊടി 1 കപ്പ്
ശർക്കര 1 കപ്പ്
ഞാലിപ്പൂവൻ പഴം 3 എണ്ണം
3 ഏലക്കായ പൊടിച്ചത്
ബേക്കിങ് സോഡ ഒരു നുള്ള്
എണ്ണ ആവശ്യത്തിന്
ഉപ്പ് ആവശ്യത്തിന്
വെള്ളം ആവശ്യത്തിന്
പാചകം ചെയ്യുന്ന വിധം
ശർക്കര വെള്ളം ഒഴിച്ച് കലക്കി അരിച്ചെടുത്തു മാറ്റി വയ്ക്കുക. ഒരു പാത്രത്തിൽ ഗോതമ്പ് പൊടി എടുത്ത് അതിലേക്കു പഴം നന്നായി ഞെരടി ഇടുക. ഇതിലേയ്ക്ക് എണ്ണ ഒഴികെ എല്ലാ ചേരുവകളും ചേർത്ത് ദോശമാവ് പരുവത്തിലാക്കി അറ മണിക്കൂർ വയ്ക്കുക. അതിനു ശേഷം ഉണ്ണിയപ്പക്കാരയിൽ ഓരോ കുഴികളിലും കാൽ ഭാഗം വരുന്ന വിധം എണ്ണയൊഴിച്ചു ചൂടാക്കുക. അതിലേയ്ക്ക് മാവ് ഒഴിച്ച്, തിരിച്ചും മറിച്ചും വറുത്തെടുക്കുക. മൃദുവും രുചികരവുമായ മധുര പണിയാരം തയ്യാർ.
ഡോ. ഷേർളി സുനീത്
പ്രതികരണങ്ങൾ
മൂന്നു കഥകൾ ആയിരുന്നു ജൂൺ ലക്കത്തിൽ ഉണ്ടായിരുന്നത്. മൂന്നും കഥാകാരികളുടെ ആയിരുന്നു എന്നത് കൗതുകകരമായി. കഥകൾ മൂന്നും നന്നായിരുന്നു. എനിക്കേറ്റവും ഇഷ്ടപ്പെട്ടത് വയലറ്റ് മറുക് എന്ന കഥയായിരുന്നു. “അയാൾ എനിക്കൊരു മുറിയായിരുന്നു. എന്റെ സങ്കടങ്ങളേയും എന്റെ നിരാശകളെയും, എന്റെ മുൻകോപങ്ങളെയും നാല് ചുവരുകൾക്കുള്ളിൽ അടക്കിവെച്ചുകൊണ്ട്, എന്നെ പൊതിഞ്ഞു വെച്ചിരുന്ന ഭംഗിയുള്ള മുറി”. ഒരു കവിതപോലെ മനോഹരമായ തുടക്കം. നിയമപരമല്ലാത്ത സ്നേഹം നൽകുന്ന വ്യഥകളും, ആധിയുമെല്ലാം എത്ര മനോഹരമായിട്ടാണ് പറഞ്ഞു പോകുന്നത്. കുറേ നാളുകളെങ്കിലും മനസ്സിൽ തങ്ങിനിൽക്കുന്ന നൊമ്പരമായി നിധി. അഭിനന്ദനങ്ങൾ ഹരിത. ജിസ പ്രമോദിന്റെ അതിജീവിത എന്ന കഥയും ഈ കാലഘട്ടത്തിന് അനുയോജ്യമെന്ന് നിസ്സംശയം പറയാം. പേരും പ്രശസ്തിയുമില്ലാത്ത, ഒരിക്കൽപ്പോലും സംസാരവിഷയമാക്കാത്ത എത്രയെത്ര കാർത്തുമാർ നമ്മുടെ ഇടയിൽ ഉണ്ടാകും. ആരുടേയും സഹായമില്ലാതെ അവരിൽ മിക്കവരും അതിജീവിക്കുകയും ചെയ്യുന്നു. ലോകം ഇങ്ങനെയൊക്കെയാണ്. അതിജീവിച്ചേ മതിയാകൂ. അത് കോലാഹലങ്ങളില്ലാതെയും ആകാം. കുറച്ചുകൂടി വൈകാരികവും മനോഹരവും ആക്കാമായിരുന്നു ഒരു കഥയാണ് ഷൈജയുടെ പാവ എന്ന് തോന്നി. എഴുത്തു ശൈലി നന്നായിരുന്നു. കവിതകളിൽ റാണി സുനിൽ എഴുതിയ പൂ(ത്ത)പ്പാത്രം മനോഹരമായിത്തോന്നി. മറ്റു കവിതകളും മോശമായിരുന്നില്ല. മാസികയ്ക്കും അണിയറപ്രവർത്തകർക്കും എഴുത്തുകാർക്കും അഭിനന്ദനങ്ങൾ.
ജി. ഇന്ദുലേഖ, കോട്ടയം.
നല്ല കഥകളും കവിതകളും, ലേഖനങ്ങളും കോർത്തിണക്കി മനോഹരമായിരുന്നു ജൂൺ ലക്കം. ആരോഗ്യവും, സഞ്ചാരവും, പ്രദിപാദ്യവുമെല്ലാം ആസ്വാദ്യകരം. വയലറ്റ് മറുക് എന്ന കഥ വല്ലാതെ സ്പർശിച്ചു. ഗർഭ പാത്രത്തെക്കുറിച്ചുള്ള കവിതയും നല്ല നിലവാരം പുലർത്തി. പ്രതിപാദ്യം പതിവു ശൈലിയിൽ നിന്നും വ്യതിചലിക്കപ്പെട്ടോ എന്ന് മാത്രം ഒരു സംശയം. ബാലി യാത്ര ഏതാണ്ടുറപ്പിച്ചു. അത്ര ഗംഭീരമാണ് ഇന്തോന്വേഷ്യൻ ദിനങ്ങൾ.
രേണുക ശിവദാസൻ, കുഴൽമന്ദം
ഒരു വർഷത്തിലേറെയായി ഇതിവൃത്തം വായിക്കുന്നു. ഓരോ ലക്കങ്ങളും ഒന്നിനൊന്നു മെച്ചം. വായിക്കാനേ അറിയൂ, എഴുതാനറിയില്ല. എന്നെപ്പറ്റി ഇങ്ങനെ പറയുന്നതാകും കൂടുതൽ ശരി. അക്കാരണം കൊണ്ടുതന്നെ ഇതിവൃത്തം ഇഷ്ടപ്പെടുന്നു. അഭിനന്ദനങ്ങൾ
മേരിക്കുട്ടി ജോസഫ്, തിരുവല്ല.
ഇതിവൃത്തം മാസികയുടെ മുഖച്ചിത്രങ്ങളാണ് എനിക്കേറ്റവും ഇഷ്ടം. ഉള്ളിലെ വിഭവങ്ങളിലേക്ക് എത്തിനോക്കാൻ പ്രേരിപ്പിക്കുന്നതാണ് ഓരോ ലക്കങ്ങളിലെയും മുഖ ചിത്രങ്ങൾ. ഉള്ളടക്കങ്ങളും അങ്ങനെ തന്നെ.
സി പി ചന്ദ്രൻ, കോയമ്പത്തൂർ
മാസികയിലേയ്ക്ക് അഭിപ്രായമറിയിക്കുന്നവർക്കും വായനക്കാർക്കും ഞങ്ങളുടെ സ്നേഹാദരങ്ങൾ.
എഡിറ്റർ














