“ദേ! ആ ചെക്കന്റെ ഉമ്മയാണ് കഴിഞ്ഞ ദിവസം ആരുടെയോ കൂടെ ഒളിച്ചോടി പോയത്…”
ഉച്ചക്ക് ഊണു കഴിഞ്ഞ് പാത്രം കഴുകുമ്പോഴാണ് അടക്കി പിടിച്ചതെങ്കിലും മൂർച്ചയേറിയ ശബ്ദത്തിൽ ഏഴാം ക്ലാസ്സിൽ എന്റെ കൂടെ പഠിക്കുന്ന ഏതോ ഒരു പെൺകുട്ടി കൂട്ടുകാരികളോട് പറയുന്നത് ഞാൻ കേട്ടത്.
നോവിന്റെ വലിയൊരു പേമാരിയിൽ എനിക്ക് നില തെറ്റുന്നത് പോലെ തോന്നി. കുനിഞ്ഞ ശിരസ്സോടെ ഞാൻ എന്റെ കുഞ്ഞു പെങ്ങളുടെ ക്ലാസ്സ് മുറിക്കു മുന്നിലേക്ക് നടന്നു.
ഉമ്മയില്ലാത്ത വീട്!
അതെ… ഇനി മുതൽ ഞങ്ങൾക്ക് ഉമ്മയില്ല.
കഴിഞ്ഞ ഒരാഴ്ച്ച കാലം കൊണ്ട് എത്ര വട്ടം ഞാനിത് എന്നോട് തന്നെ പറഞ്ഞിരിക്കുന്നു?
വീടിന്റെ ഉമ്മറ വാതിൽക്കലും അടുക്കളപ്പുറത്തും അലക്കു കല്ലിനരികിലും ഇനിയൊരു വൈകുന്നേരങ്ങളിലും ഉമ്മയെ തിരയേണ്ടതില്ല.
അവർ പോയിരിക്കുന്നു
മരിച്ചു പോയതല്ല…
മറ്റൊരു ജീവിതം തേടി, മറ്റാരുടെയോ വിളിക്കുത്തരമായി ഞങ്ങളുടെ വീട്ടിൽ നിന്നും ഇറങ്ങി പോയിരിക്കുന്നു.
എന്ത് ജീവിതമാണിത്?
ഞാൻ അമർഷത്തോടെ കൈകൾ തിരുമ്മി.
അവർ മരിച്ചു പോയിരുന്നെങ്കിലും ഞാൻ സഹിക്കുമായിരുന്നു. ഇത് പക്ഷേ ഒരു വാപ്പയേയും രണ്ടു കുഞ്ഞുങ്ങളേയും ഒരു സമൂഹത്തിന്റെയും സമുദായത്തിന്റെയും മുന്നിൽ തുണിയുരിച്ചു നിർത്തിയിട്ടല്ലേ അവർ പോയിരിക്കുന്നത്?
നൊമ്പരം കൊണ്ട് എനിക്ക് കണ്ണു കാണാതായി.
എവിടെ ചെന്നാലും അടക്കി പിടിച്ച സംസാരങ്ങൾ, അല്ലെങ്കിൽ സഹതാപം നിറയുന്ന കണ്ണുകൾ.
അവർ പോയതിൽ പിന്നെ വാപ്പ വീട്ടിൽ നിന്നും പുറത്തേക്കിറങ്ങാറില്ല. അദ്ദേഹം ആകെ തകർന്നു പോയിരിക്കുന്നു.
എത്ര കഷ്ടത നിറഞ്ഞതെങ്കിലും സ്വന്തം ജീവിതത്തിൽ നിന്നും ഒരാൾ ഒരു വാക്കു പോലും മിണ്ടാതെ പുറം കാൽ കൊണ്ട് തട്ടി തെറിപ്പിച്ച് കടന്നു പോകുമ്പോൾ ആരാണ് തളർന്നു പോകാത്തത്?
“അവനേം കൊണ്ട് കൊള്ളില്ലാഞ്ഞിട്ട്, അല്ലെങ്കിൽ അവള് പോയെന്നും പറഞ്ഞ് അവനിങ്ങനെ കുന്തിച്ചിരിക്കുമോ? അല്ലാ… അവനെ കൊള്ളാമായിരുന്നെങ്കിൽ അവള് കളഞ്ഞിട്ട് പോകുമായിരുന്നോ? ഏത്…”
തന്റെ സ്വതസിദ്ധമായ ശൈലിയിൽ രണ്ടു കൈകളും കൂട്ടിയടിച്ച് കോയാനിക്കയുടെ പീടികയിലിരുന്ന് ഇന്നലെ സന്ധ്യക്ക് കണാരേട്ടൻ പറയുന്നതും ചുറ്റുമിരുന്നവർ ചിരിക്കുന്നതും ഞാനെന്റെ ചെവിയാലെ കേട്ടതും കണ്ണാലെ കണ്ടതുമാണ്. ആരും കാണാതെ ഞാൻ അപ്പോൾ തന്നെ അവിടുന്ന് വീട്ടിലേക്ക് തിരികെ ഓടി.
“എന്തേ നീ പഞ്ചാര വാങ്ങാൻ പോയിട്ട്…”
വെല്ലുമ്മാടെ ചോദ്യം കെട്ടില്ലാന്ന് നടിച്ച് പോയാലി മലയിൽ ഇരുട്ട് പരക്കുന്നതും നോക്കി ഞാൻ ഉമ്മറത്തിണ്ണയിൽ വെറുതെ കാലും നീട്ടിയിരുന്നു.
“ഓ… അവന്റ വായീന്ന് ഒന്നും വീഴില്ല. അവൻ അവന്റെ ഉമ്മാനേം പുതു മണവാളനേം കാത്തിരിക്കുവല്ലേ… സൽക്കാരം കൊടുക്കാനായിട്ട്!”
ഉമ്മ പോയേൽ പിന്നെ ഞങ്ങൾക്ക് വച്ചുണ്ടാക്കി തരുന്നതിന്റെ അമർഷം ശരിക്കുമുണ്ട് വെല്ലുമ്മാക്ക്.
കുഞ്ഞോളുടെ കാര്യം ഓർക്കുമ്പോഴാണ് ഏറ്റവും വിഷമം, പാവം ഇന്നലെ അവള് അവളുടെ പെറ്റിക്കോട്ട് തനിയെ കഴുകുന്നത് കണ്ട് എനിക്ക് ഉറക്കെ കരയാനാണ് തോന്നിയത്. എന്തു കുഞ്ഞി കൈകളാണ് അവളുടെ…
എന്നിട്ടും അപ്പുറത്തെ നബീസുത്ത അവളെ നോക്കി വെല്ലുമ്മനോട് പറയുവാണ്… “പെണ്ണിനെ ശ്രദ്ധിച്ചോട്ടോ… തള്ള വേലി ചാടിയാൽ പുള്ള മതില് ചാടും” ന്ന്.
അതും വാപ്പാന്റെ മുന്നിൽ വച്ച് . സ്വതവേ പ്രാപ്തി കുറഞ്ഞ ആ മനുഷ്യന്റെ മുന്നിൽ വച്ച് എങ്ങനെയാണ് അവർക്ക് ഇങ്ങനെയൊക്കെ പറയാൻ കഴിയുന്നത്?
ഉമ്മാടെ അയൽകൂട്ടത്തിലെ രമണി ചേച്ചി മാത്രമാണ് ഇതുവരെ അലിവോടെ ഞങ്ങളെയൊന്നു നോക്കിയത്. കപ്പ പുഴുങ്ങിയതും മുളകു ചാറുമായി ഉമ്മ പോയതിന്റെ പിറ്റേന്നിന്റെ പിറ്റേന്ന് അവർ ഞങ്ങളെ കാണാൻ വന്നു. കത്തികാളുന്ന വിശപ്പുണ്ടായിട്ടും എന്തോ എന്റെ തൊണ്ടയിൽ നിന്നും ഒരിറ്റു പോലും താഴെക്കിറങ്ങിയില്ല. ആ നേരം സങ്കടത്തിന്റെ വലിയോരു മുഴ എന്റെ തൊണ്ടയിൽ ഉരുണ്ടു മറിയുകയായിരുന്നു.
“ഒരു മിസ്സ്ഡ് കോളിൽ നിന്നാണ് മോനെ എല്ലാത്തിന്റെയും തുടക്കം. പിന്നെ നാൾക്കു നാൾ ആ ബന്ധം വളർന്നു.ഞാൻ പലവട്ടം അവളോട് പറഞ്ഞതാ വേണ്ടാന്ന്!എങ്കിലും…”
ചേച്ചി എന്റെ മുന്നിൽ പടിഞ്ഞിരുന്നുകൊണ്ട് പിന്നെ പറയുന്നതൊന്നും കേൾക്കാൻ ഞാൻ നിന്നില്ല. അല്ലെങ്കിലും സ്വന്തം തള്ളേടെ പുത്തൻ പ്രേമ കഥ കേൾക്കാൻ ആരെങ്കിലും ഇഷ്ടപ്പെടുമോ?
കമിഴ്ന്നടിച്ച് കട്ടിലിൽ കിടന്ന് കുറേ കരഞ്ഞു.
അത്ഭുതം!
കരച്ചിലിനൊടുവിൽ എന്റെ തൊണ്ടയിൽ ആ മുഴയുണ്ടായിരുന്നില്ല.
ഞാൻ കുഞ്ഞോളുടെ ക്ലാസ്സ് മുറിക്കു മുന്നിൽ നിന്നും അവളുടെ ഇരിപ്പിടത്തിലേക്കു നോക്കി. ഡെസ്കിനു മുകളിൽ കൈകൾ പിണച്ച് അതിനു മേലെ തലയും വച്ച് അവൾ കിടക്കുകയാണ്.
എന്റെ തൊണ്ടയിൽ വീണ്ടും നോവിന്റെ മുഴ കല്ലിച്ചു തുടങ്ങുന്നത് ഞാൻ അറിഞ്ഞു.
ഞാൻ അവളെ പതിയെ തൊട്ടു.
“ഇക്കാക്കാ… അവരാരും എന്നെ കളിക്കാൻ കൂട്ടുന്നില്ല. എല്ലാരും ന്നെ കളിയാക്കി,ഉമ്മാന്റെ പേരും പറഞ്ഞ്…”
ഞാൻ പുറത്തേക്കു നോക്കി.
എല്ലാരും കളിക്കുകയാണ്, മാനത്തു പറക്കുന്ന പൂത്തുമ്പികളെ പോലെ…
ഞങ്ങൾ മാത്രം!
ഞങ്ങൾ മാത്രം ആകാശമില്ലാത്തവർ!
ഞാൻ അവളുടെ കൈ പിടിച്ച് വീട്ടിലേക്ക് നടന്നു.
“എന്താടാ ഇന്ന് നേരത്തെ രണ്ടാളും. നിന്റെ വാപ്പാന്റെ നിക്കാഹാണോ? അതോ ഉമ്മായും പുതിയ മാരനും വിരുന്നിനു വരുന്നുണ്ടോ?”
കവലയിലെ കൽ ബഞ്ചിലിരുന്ന് പോക്കരു ഹാജി ഉറക്കെ വിളിച്ചു ചോദിച്ചു. ചുറ്റിനും ചിരിയുടെ തുപ്പല് ചിതറി.
കയ്യിൽ കിട്ടിയത് ഒരു ഉരുളൻ കല്ലാണ്.
“ഹമുക്ക്… എന്റെ തല പൊട്ടിച്ചൂലോ!”
തിരിഞ്ഞു നോക്കാതെ കുഞ്ഞോളുടെ കൈ പിടിച്ച് ഓടി.
“എങ്ങനെ ഗൊണം പിടിക്കും, പെഴച്ചവൾക്കുണ്ടായതല്ലേ?”
പിന്നിൽ നിന്നും ആരോ വിളിച്ചു പറയുന്നത് ഞാൻ വ്യക്തമായി കേട്ടു. അപ്പോഴും ഞങ്ങൾ ദിക്കറിയാതെ ഓടുകയായിരുന്നു… ആകാശം നഷ്ടപ്പെട്ട പറവകളെ പോലെ…
സൗമ്യ മുഹമ്മദ്

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ