2021 സെപ്റ്റംബർ 29, ബുധനാഴ്‌ച
മുഖമൊഴി
ശാസ്ത്രീയതയുടെ ശാസ്ത്രീയത
കുറച്ചു മാസങ്ങളായി ശാസ്ത്രീയത വളരെയധികം കൂടിയിരിക്കുന്നു. പ്രത്യേകിച്ചും സാമൂഹിക മാധ്യമങ്ങളിൽ. കൊറോണയാകാം ഇതിന്റെ ആക്കം കൂട്ടിയിരിക്കുന്നത് എന്ന് തോന്നുന്നു. ശാസ്ത്രീയത മിക്കപ്പോഴും തുടങ്ങുന്നതോ എത്തിച്ചേരുന്നതോ വൈദ്യശാസ്ത്രങ്ങളിൽ ആണ് എന്നത് മറ്റൊരു കൗതുകം. ഇത്തരം ചർച്ചകളിലെ ശാസ്ത്രീയത വിലയിരുത്തുമ്പോൾ മനസ്സിലായത്, ഇത്തരം ചർച്ചകൾ നടത്തുന്നത് വൈദ്യശാസ്ത്ര പഠനം നടത്തിയവരല്ല എന്നതാണ്. എന്തിനധികം മറ്റേതെങ്കിലും ശാസ്ത്രം പഠിച്ചവർ പോലുമല്ല. ആരൊക്കെയോ സാമൂഹിക മാധ്യമത്തിലൂടെ പഠിപ്പിച്ച ചില കാര്യങ്ങൾ ഇത്തരം മാധ്യമങ്ങളിലൂടെ തന്നെ ശർദ്ധിക്കുന്നവർ മാത്രമാണെന്നതാണ് ഏറ്റവും ദുഃഖകരം.
സയന്റിയ എന്ന ലാറ്റിൻ വാക്കിൽ നിന്നും ഉണ്ടായ ഒരു പദമാണ് സയൻസ്. അറിവ് എന്നാണ് യഥാർത്ഥത്തിൽ ഈ വാക്കിന്റെ അർഥം. ശാസ്ത്രം എന്ന വാക്കാണ് ഇന്ന് നാം സയൻസ് എന്ന വാക്കിന്റെ മലയാളമായി ഉപയോഗിക്കുന്നത്. ശാസിക്കപ്പെട്ട എന്ന അർത്ഥമായിരുന്നു പഴയകാലത്ത് ശാസ്ത്രം എന്ന വാക്കിന്. അതുകൊണ്ടുതന്നെ ക്ഷേത്രവുമായി ബന്ധപ്പെട്ട പൂജാകർമ്മങ്ങൾ പോലും ശാസ്ത്രങ്ങളായി അറിയപ്പെട്ടിരുന്നു.
വ്യവസ്ഥാപിതമായ പരീക്ഷണ നിരീക്ഷണങ്ങളാൽ പരിശോധിക്കപ്പെടാവുന്ന അനുമാനങ്ങളാണ് ശാസ്ത്രം എന്നാണ് ഇന്ന് നാം ഇതിനെ നിർവചിക്കുന്നത്. മറ്റു ചില നിർവചനങ്ങളും ഉണ്ടാകാം. പൊതുവെ അംഗീകരിക്കപ്പെട്ട ഒരു നിർവചനം എടുത്തു പറഞ്ഞു എന്ന് മാത്രം. നിർവചനം എന്തുമാകട്ടെ, ആവർത്തിക്കാവുന്ന പരീക്ഷണനിരീക്ഷണങ്ങൾ ശാസ്ത്രത്തിന്റെ ഒരു അടിസ്ഥാന സ്വഭാവമാണ്.
ഭൗതികതയ്ക്കുള്ളി ൽ മാത്രം ഒതുക്കപ്പെട്ട അറിവാണ് ശാസ്ത്രം. എന്തുകൊണ്ടെന്നാൽ, പരീക്ഷണങ്ങളും നിരീക്ഷണങ്ങളും സാധ്യമാകുന്നത് ഭൗതികപ്രതിഭാസങ്ങളിൽ മാത്രമാണ്. അതിഭൗതികമായ കാര്യങ്ങളിൽ ഉള്ള അറിവ് ശാസ്ത്രം വഴി ലഭ്യമാകണമെന്നില്ല എന്നർത്ഥം. അതാത് കാലങ്ങളിൽ ലഭ്യമായ അളവുകോൽ മാത്രമാണ് ശാസ്ത്രത്തിന്റെയും അളവുകോൽ എന്നൊരു പോരായ്മയും ഇല്ലാതില്ല. അതുകൊണ്ടുതന്നെ ഭൗതീകതയ്ക്കപ്പുറം എന്തെങ്കിലുമുണ്ടോ എന്നകാര്യവും ശാസ്ത്രത്തിന് വിശദീകരിക്കുവാൻ കഴിയില്ല.
ശാസ്ത്രവും തത്വചിന്തയും എന്നും പരസ്പരം ബന്ധപ്പെട്ടിരുന്നു എന്നതിൽ തർക്കമുണ്ടണ്ടാകാനിടയില്ല. ഇന്നും ഉയർവിദ്യാഭ്യാസത്തിൽ ശാസ്ത്ര ബിരുദങ്ങൾ നൽകുന്നത് ശാസ്ത്രത്തിന്റെ തത്വചിന്തയിൽ തന്നെയാണ്. മാസ്റ്റർ ഓഫ് ഫിലോസഫി ഇൻ സയൻസ്, ഡോക്ടർ ഓഫ്
ഫിലോസഫി ഇൻ സയൻസ് എന്നിവ അതിന്റെ തെളിവുകളാണല്ലോ. പരീക്ഷണനിരീക്ഷണങ്ങളിലൂടെ സാധ്യമായ അറിവുകൾ നമ്മുടെ ആകെ അറിവിന്റെ ഒരു ചെറിയ ഭാഗം മാത്രമാണ്. എന്റെ അഭിപ്രായത്തിൽ പറയുകയാണെങ്കിൽ വിജ്ഞാനമേഖലയുടെ ഒരു ഭാഗം മാത്രമാണ് ശാസ്ത്രം. അതുകൊണ്ടാകാം ഉന്നത വിദ്യാഭാസത്തിൽ ശാസ്ത്രത്തെ തത്വചിന്തയുടെ കീഴിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. നമുക്ക് അറിവുകൾ നൽകുന്ന മറ്റു വിഭാഗങ്ങളും ഉണ്ടെന്നർത്ഥം. പരീക്ഷണങ്ങൾ മാത്രമല്ല, നിരീക്ഷണങ്ങളും, അനുഭവങ്ങളുമെല്ലാം നമുക്ക് അറിവുകൾ നൽകുന്നുണ്ട്.
ഇത്രയും കാര്യങ്ങൾ പറയേണ്ടിവന്നത് ഇന്ന് സാമൂഹ്യ മാധ്യമങ്ങളിൽ കാണുന്ന, ഒരു മതമെന്നപോലെ പെരുകുന്ന, ശാസ്ത്രവാദികളുടെ അസഹിഷ്ണുത കാണുന്നത് കൊണ്ടാണ്. ഇന്ത്യയിൽ അംഗീകരിക്കപ്പെട്ട വൈദ്യ ശാസ്ത്രങ്ങളുടെ ശാസ്ത്രീയതയാണ് ഈ വിഷയങ്ങളിൽ യാതൊരു അറിവു പോലുമില്ലാത്തവർ ഇന്ന് ചർച്ചയാക്കുന്നത് എന്നത് അതീവ ഗുരുതരമാണ്. ഒരു ചികിത്സ തേടേണ്ടത് രോഗിയുടെ അവകാശമാണ്. അത് ഏതു വൈദ്യശാസ്ത്രം വേണമെന്ന് തീരുമാനിക്കുവാനുള്ള നിയമപരമായ അവകാശവും രോഗിക്കു തന്നെയാണ്. ശാസ്ത്രം എന്താണെന്നുപോലും കൃത്യമായി അറിയാതെ, ഏതു നിഷേധവും ശാസ്ത്രീയമാണെന്നു കരുതുന്ന ആളുകൾ നടത്തുന്ന, അവർക്കുപോലും അറിയാത്ത സംവാദങ്ങളും പ്രചരണങ്ങളും എത്ര കണ്ടു ശരിയാണെന്ന് നാം ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
എല്ലാ വായനക്കാർക്കും മാസികയുടെ ഓണാശംസകൾ
ഡോ. സുനീത് മാത്യു
നൈതികതയുടെ വഴിത്താരകൾ
പഴയൊരു കഥയാണ്. ഓടിയത്. കാറിന്റെ കഥയായതുകൊണ്ടാണ് ഓടിയതെന്ന് പറഞ്ഞത്. ഓ….. വല്ലാത്തൊരോട്ടമായിരുന്നു അത്.
ഓടിയതിന്റെ പേര് പിന്റോ (PINTO – FORD PINTO). എഴുപതുകളുടെ തുടക്കത്തിലാണ് സംഭവം. നടന്നത് അമേരിക്കൻ ഐക്യനാടുകളിൽ. ജാപ്പനീസ് നിർമ്മിതികളായ ചെറിയ കാറുകളോട് കിടപിടിക്കാനാകാതെ ഫോർഡ് മോട്ടോർ കമ്പനി അമ്പേപരാജയപ്പെട്ടുനിൽക്കുന്ന കാലം. കമ്പനിയുടെ അന്നത്തെ പ്രസിഡന്റ് ലീ അയക്കോക (Lee Iacocca) എന്ന ഐതിഹാസിക നേതാവിന്റെ കീഴിൽ രണ്ടായിരം ഡോളറിനു താഴെ വിലയും രണ്ടായിരം പൗണ്ടിന് താഴെ ഭാരവും ഉള്ള ചെറിയ കാറുണ്ടാക്കുവാൻ ഫോർഡ് തീരുമാനിക്കുന്നു. അവർക്കത് നിലനിൽപ്പിന്റെ തന്നെ പ്രശ്നമായിരുന്നു. എത്രയും വേഗത്തിൽ പിന്റോ കാറുകൾ നിരത്തിൽ ഇറക്കുക എന്നതുമാത്രമായിരുന്നു ലക്‌ഷ്യം. ഡിസൈൻ ജോലി തുടങ്ങി 25 മാസങ്ങൾക്കകം വണ്ടി പുറത്തിറങ്ങി (പുതിയ കാർ ഡിസൈൻ ചെയ്തു പുറത്തിറക്കാൻ കുറഞ്ഞതാണ് 35 മാസങ്ങൾ വേണ്ടിയിരുന്ന കാലമായിരുന്നു അത്). ഫോർഡ് പതിവുപോലെ ഭീമമായി പരസ്യം ചെയ്തു. പുതിയ കാറ് ഒരു വൻവിജയമായിരുന്നു. മുപ്പത് ലക്ഷത്തോളം പിന്റോ കാറുകൾ അടുത്ത പത്തുവർഷത്തിനകം നിർമ്മിക്കപ്പെട്ടു. ഒരു പ്രശസ്‌തമായ കമ്പനിയുടെ സ്വപ്നതുല്യമായ പഴങ്കഥ, അല്ലേ? അതെ, പക്ഷെ എല്ലാ സ്വപ്നങ്ങളും നടപ്പിൽ വരുമ്പോൾ പ്രായോഗികതലത്തിലെവിടെയെങ്കിലും ഒളിച്ചിരിക്കുന്ന ചില കുരുക്കുകളുണ്ടാകും. അത്തരം ഒരു കുരുക്കിൽ ഫോർഡും പെട്ടുപോയി. ഈ കഥയിൽ വിചിത്രം എന്ന് തോന്നിയേക്കാവുന്നത്, ഫോർഡിന് ഈ കുരുക്കിനെക്കുറിച്ചു ആദ്യമേതന്നെ പൂർണ്ണബോധ്യം ഉണ്ടായിരുന്നു എന്നതാണ്. അതൊരു ചെറിയ കുരുക്കായിരുന്നില്ല താനും. സ്വന്തം ഉപഭോക്താക്കളെ കോലക്കുകൊടുക്കുന്ന മഹാപരാധമായിരുന്നു അത്.
ചെറിയകാറുകൾ നിർമ്മിക്കാനുള്ള സാങ്കേതിക പരിജ്ഞാനം അക്കാലത്തു ഫോർഡിനില്ലായിരുന്നു എന്നതാണ് സത്യം. ഫ്യൂൽ ടാങ്ക് (Fuel Tank) കാറിന്റെ പുറകുവശത്ത് ഘടിപ്പിച്ചായിരുന്നു പിന്റോ കാറിന്റെ മാതൃക. 20-30 മൈൽ വേഗതയിൽ പുറകിൽ നിന്നുമുള്ള ശക്തമായ ഇടിയിൽ ഫ്യൂൽ ടാങ്ക് തകരുകയും കാറ് നിമിഷനേരം കൊണ്ട് ഒരു തീഗോളം ആകുകയും ചെയ്യും എന്ന് ഫോർഡിന്റെ എല്ലാ ഫ്യൂൽ ടാങ്ക് സേഫ്റ്റി ടെസ്റ്റുകളിലും കണ്ടെത്തിയിരുന്നു. അക്കാലത്തെ നിയമപ്രകാരം പുറകിൽനിന്നും 20 മൈൽ വരെ വേഗത്തിലുള്ള ഇടിയിൽ യാത്രക്കാർ സേഫ് ആയിരിക്കണം എന്ന് മാത്രമേ നിബന്ധനയുണ്ടായിരുന്നുള്ളൂ. അപ്പോൾ ഇക്കാര്യത്തിൽ നിയമവിരുദ്ധമായി ഒന്നുമില്ല എന്ന് ചുരുക്കം. ഇനി ഉപഭോക്‌താവിന്റെ ജീവനെക്കരുത്തി സേഫ്റ്റി വർദ്ധിപ്പിക്കാനാണെങ്കിൽ ഒര് കാറിന് അക്കാലത്തെ (1971) 11 ഡോളർ ചിലവാക്കേണ്ടിയിരുന്നു. ഫോർഡിലെ വിദഗ്‌ദർ ഒരു കോസ്ററ് ബെനെഫിറ് അനാലിസിസ് (cost-benefit analysis) നടത്തിനോക്കി. കമ്പനിക്കു 12 മില്യൺ (120 ലക്ഷം) കാറുകൾ ഉണ്ടാക്കാൻ പദ്ധതിയുണ്ടായിരുന്നു. മാറ്റം വരുത്തിയാൽ ആകെ അധികച്ചിലവ് 132 മില്യൺ ഡോളർ (12 million X $ 11). മരിച്ചവർക്കും തീപൊള്ളലേറ്റവർക്കും ഇൻഷുറൻസ് തുകയുമായി ആകെ ചിലവായേക്കാവുന്നതു 50 മില്യൺ ഡോളറിൽ താഴെ മാത്രം. അതായത് മരിക്കുന്നവർക്കും പരിക്കുപറ്റുന്നവർക്കും നഷ്ട പരിഹാരം കൊടുത്തുകഴിഞ്ഞാലും പിന്റോ ഒര് വമ്പൻ ലാഭകച്ചവടമായിരിക്കും; പിന്നെയെന്തിനൊരു പാഴ്ച്ചിലവെന്ന് വിചാരിച്ചുപോയി, കമ്പനി. മാത്രവുമല്ല, അപകടങ്ങൾ എപ്പോഴും ഉണ്ടാകണമെന്നില്ലല്ലോ. ഉണ്ടായാലും പുറകിൽനിന്നും 30 മൈലിൽ കൂടുതൽ വേഗത്തിലുള്ള ഇടി അപൂർവം (അക്കാലത്ത്) . ഇനി ഇടിച്ചാൽ തന്നെ ജീവൻ നഷ്ടപ്പെടണമെന്നില്ല (കാർഇടിച്ച് തീഗോളമാകുമ്പോൾ യാത്രക്കാർക്ക് പതുക്കെ ഡോർ തുറന്ന് പുറത്തുപോകാമല്ലോയെന്ന് സാധുക്കളായ കമ്പനി നടത്തിപ്പുകാർ വിചാരിച്ചിട്ടുണ്ടാകും. പാവങ്ങൾ). എന്തായാലും വണ്ടി പുറത്തിറക്കി, തീഗോളങ്ങളും ഉണ്ടായി. ചുരുക്കത്തിൽ, അറിഞ്ഞുകൊണ്ട് സാധാരണക്കാരായ ഉപഭോക്താക്കളെ എരിഞ്ഞും കരിഞ്ഞും തീരുവാൻ വിട്ടുകൊടുത്തു, മഹത്തായ ഫോർഡ് മോട്ടോർ കമ്പനി.
അടുത്ത ഏഴുവർഷത്തിനകം 500 പേരോളം പിന്റോ അപകടങ്ങളിൽ മരിച്ചു എന്നാണ് കണക്ക് (ഫോർഡിന്റെ കണക്കിൽ 24 പേർ മാത്രം!). നിയമനടപടികൾക്കും നഷ്ടപരിഹാരങ്ങൾക്കുമായി 10 മില്യനോളം ഈ കാലയളവിൽ ഫോർഡ് ചിലവാക്കിയിട്ടുണ്ടാകും. എങ്ങനെ നോക്കിയാലും അതിന്റെ പല മടങ്ങു അധികലാഭം കിട്ടിയിട്ടുമുണ്ടാകും (കാറിന്റെ സേഫ്റ്റി മെച്ചപ്പെടുത്താതിന്റെ പേരിൽ മാത്രം കിട്ടിയേക്കാവുന്ന ലാഭമാണിതെന്നോർക്കണം). കയ്യിലിരുന്ന കാശുമുടക്കി മരണത്തെ വിലയ്ക്ക് വാങ്ങിയ ഹതഭാഗ്യരെ ആരോർക്കാൻ!
ഇതൊരൊറ്റപ്പെട്ട സംഭവം ആണെന്ന് നിങ്ങൾ കരുതിയാൽ തെറ്റി. പല കമ്പനികളും എന്നും ഇന്നും എന്നും ഇതു തന്നെയാണ് ചെയ്തുകൊണ്ടിരിക്കുന്നത്. ഫോർഡിനുശേഷം ജനറൽ മോട്ടോഴ്സും (GM) ഫോക്സ്വാഗണും (Volkswagen) ഇതുനുസമാനമായി പലതും ചെയ്തു. ഇതുവായിക്കുമ്പോൾ വാഹനനിർമ്മാണ കമ്പനികൾ മാത്രം കാണിക്കുന്ന വിക്രീയകളാണിതെന്നു തെറ്റിദ്ധരിക്കരുത്. മറ്റുകമ്പനികളും തിരഞ്ഞെടുക്കപ്പെട്ട ഗവെർന്മെന്റുകളും സാധാരണക്കാരും എല്ലാം ചിലപ്പോൾ ഇതുപോലെയൊക്കെ ചെയ്യുന്നു, സ്വന്തം കാര്യലാഭത്തിനായി. നിങ്ങൾ ഇപ്പോഴും പത്രങ്ങളൊക്കെ വായിക്കാറുണ്ടല്ലോ അല്ലെ? പലപ്പോഴും മേല്പറഞ്ഞവയൊന്നും നിയമത്തിന്റെ കണ്ണിൽ തെറ്റായിരിക്കണമെന്നില്ല. അതുകൊണ്ട് പലരും ശിക്ഷിക്കപ്പെടാറില്ലെന്നുമാത്രം. അല്ലെങ്കിലും ഇത്രയധികം ലാഭമൊക്കെ കിട്ടുമ്പോൾ നിയമത്തിന്റെ പഴുതുകൾ താനേ വെളിവായ് വരും. പണത്തിനുമീതെ പറക്കാൻ മിസ്റ്റർ പരുന്തിനോക്കെ എവിടെ സമയം കിട്ടാനാണ്?
വിശ്വാസവഞ്ചന, കാപട്യം തുടങ്ങി നിങ്ങൾ ഇതിനെ എങ്ങനെ വിളിച്ചാലും എവിടെ സംഭവിക്കുന്നത് നൈതികതയുടെ അല്ലെങ്കിൽ നീതിശാസ്ത്രത്തിന്റെ (Ethics) നഗ്നമായ ലംഘനമാണ്. എന്താണ് നൈതികത അല്ലെങ്കിൽ നീതിശാസ്ത്രം എന്നതുകൊണ്ടുദ്ദേശിക്കുന്നത്? എല്ലാവർക്കും ഗുണപ്രദമായ തീരുമാനങ്ങളോടും പ്രവർത്തികളോടും കൂടിയ രീതികൾ എന്ന് ചുരുക്കത്തിൽ പറയാം. വാണീജ്യ സംബന്ധിയായ നൈതികതയെ (Business Ethics) ശരിയും തെറ്റും തിരിച്ചറിഞ്ഞുള്ള പ്രവർത്തികളുടെയും തീരുമാനങ്ങളുടെയും മാനദണ്ഡമാണെന്ന് പറഞ്ഞു വയ്ക്കാം. എവിടെ നിയമങ്ങൾ പാലിക്കുന്നതു മാത്രമല്ല കാര്യം. ശെരിമാത്രം ചെയ്യിണമെന്നുമല്ല പറഞ്ഞുവരുന്നത് (Immanuel Kant നെപോലുള്ള തത്ത്വചിന്തകന്‍ അങ്ങനെയാണ് വിശ്വസിക്കുന്നതെങ്ങിലും). അതിനും മുകളിലായി കാണിക്കേണ്ടുന്ന മാനുഷികപരിഗണകളായാണ് ബിസിനസ് എത്തിക്‌സിനെ കാണേണ്ടത് . അതില്ലാതെവരുമ്പോൾ ഫോർഡ് പിന്റോകൾ വീണ്ടും സംഭവിച്ചേക്കാം. അതൊഴിവാക്കണമെങ്കിൽ ഓരോ തീരുമാനങ്ങൾക്കുമുൻപേയും അവയെങ്ങനെ ‘മറ്റുള്ളവരുടെ’ ജീവിതത്തെയും കൂടി ബാധിക്കും എന്ന്കൂടി ഒരുനിമിഷം ചിന്തിച്ചാൽ വലിയ വ്യത്യാസങ്ങൾ വരുത്താനാകും. പൊതുവെ പറഞ്ഞാൽ കാശുകൊടുത്തു സാധനങ്ങളും സേവനങ്ങളും വാങ്ങുന്നവരും, വോട്ട് ചെയ്തു തിരഞ്ഞെടുക്കുന്നവരും, നികുതി നൽകുന്ന സാധാരണക്കാരും, വിശ്വസിച്ചു കൂടെനിൽക്കുന്നവരുമെല്ലാം ഈ ‘മറ്റുള്ളവരിൽ’ പെടും.
എത്തിക്സ് സംബന്ധിയായ ധാരാളം സിദ്ധാന്തങ്ങളും നിയമങ്ങളും, അതുകൊണ്ടുണ്ടായേക്കാവുന്ന ചിന്താകുഴപ്പങ്ങളും നിലവിലുണ്ട്. ഈവിഷയത്തിൽ കൂടുതൽ ചിന്തകൾ മറ്റൊരവസരത്തിലാകാം.
എത്തിക്സിന്റെ സുവർണ്ണനിയമം (Golden Rule) മാത്രം പറഞ്ഞുനിർത്താം.
“മറ്റുള്ളവർ നിങ്ങളോട് എങ്ങനെ പെരുമാറണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നുവോ അതുപോലെ മറ്റുള്ളവരോടും പെരുമാറുക.”
“Do unto others as you would have them do unto you.”
സുമേഷ് രാമചന്ദ്രൻ
കാബൂളിവാല
കാബൂളിവാല ചങ്ങാതി,
ഉഷ്ണഭൂമിക്കാറ്റ് ഉച്ചിയിൽ നിന്നുനിൻ
ഉച്വാസവായുവായ് നിർഗമിച്ചീടുന്നു.
കണ്ണിൽതിളങ്ങുന്ന മുത്തുകൾരണ്ടിലും
കനലിന്റെവൈരം തളച്ചിടുംനീർത്തടം.
നീണ്ടുതൂങ്ങും താടിരോമക്കുരുക്കുകൾ
നീർത്തിയിടാതെയൊളിപ്പിച്ചു സങ്കടം.
വിരോധികെട്ടിയടച്ച തുരുത്തുപോൽ
വികലം വിധിമറയ്ക്കും തലപ്പാവുമായ്
വേട്ടമൃഗങ്ങളുലയ്ക്കുന്നതിൻ മുന്നേ
വേകിക്കരിഞ്ഞജഡമാണാകുർത്തയിൽ
ഒടുങ്ങാത്തമാതൃസ്നേഹത്തിൻ നോവുകൾ
അടക്കംചെയ്തതുമിച്ചമീ ഭൂമിയിൽ
സ്വപ്‌നങ്ങൾമാത്രംപെറുക്കിയെടുത്തുകൊ-
ണ്ടന്നുപലായനവ്യോമസ്ഥാനത്തിൽനീ,
കണ്ടുകനവതങ്ങാകാശപാതയിൽ
കിളിയായ് പറന്നു മോചനംനേടുവാൻ,
വിമാനച്ചിറകിൽ കയർകെട്ടിയാടി
വിമോചിതനായി, ലഭിച്ചന്നുഭൂമി.
ഡോ. സുകേഷ് ആർ. എസ്.
പ്ലാനിങ്ങ്
സ്റ്റേഷൻ വിട്ടു ട്രെയിൻ മുന്നോട്ടു നീങ്ങിയപ്പോൾ വീണ അറിയാതെ തേങ്ങിപ്പോയി… മഞ്ഞ നിറമുള്ള വലിയ ബോർഡിൽ കറുത്ത അക്ഷരത്തിൽ എഴുതിയ ” തിരുവനന്തപുരം ” അവളുടെ പിന്നിൽ മാഞ്ഞു മറഞ്ഞു. വീണ്ടും ഒരവധിക്കാലം കഴിഞ്ഞു.. എന്തിനു വേണ്ടിയുള്ള യാത്രയായിരുന്നു അത്.. വീണ കണ്ണടച്ചു ഓർക്കാൻ ശ്രമിച്ചു… താൻ ജനിച്ചു വളർന്ന നാട് .. ആ നാടിനോടുള്ള സ്നേഹം കാരണം എല്ലാ വർഷവും സമയം നീക്കി അവൾ വരാറുള്ളതാണ്.. നാട്ടിലേക്കുള്ള ടിക്കറ്റ് ബുക്ക് ചെയ്തു കഴിയുമ്പോഴേ വീണ പ്ലാനിംഗ് തുടങ്ങും… അങ്ങനെയാണല്ലോ അവൾ എന്നും.. പ്ലാനിംഗ് അവളുടെ സ്വഭാവത്തിന്റെ ഒരു പ്രധാന ഭാഗമായി മാറിയിരിക്കുന്നു..
മുപ്പതു വർഷമായി മുടക്കാതെയുള്ള ഈ യാത്ര വീണ കാത്തിരിക്കാറുള്ളതാണ്.പഠിച്ച ഉടനെ ജോലിയിൽ പ്രവേശിക്കാൻ വീണയ്ക്ക് ഭാഗ്യമുണ്ടായി . അവൾ കൊൽക്കത്തയിൽ എത്തിയിട്ട് മുപ്പത് വർഷം കഴിഞ്ഞിരിക്കുന്നു. അവിടുത്തെ തിരക്കേറിയ ജീവിതത്തിനിടയിൽ വീണയ്ക്ക് അല്പം സന്തോഷം നൽകുന്നവയായിരുന്നു ഈ യാത്രകൾ .
നാട്ടിൽ സ്വന്തമായി ഒരു ചെറിയ വീടും സ്ഥലവും കൂടെ വാങ്ങണമെന്ന് അവൾ പണ്ടൊക്കെ സ്വപ്നം കണ്ടിരുന്നു.. തിരക്കിനിടയിൽ വിവാഹ ജീവിതം വേണ്ടെന്ന തീരുമാനം അവൾ സ്വന്തം ഇഷ്ട്ടപ്രകാരമാണ് എടുത്തതും. തന്റെ ജോലിയോട് അവൾക്കത്രമാത്രം ഇഷ്ടമായിരുന്നു.
വീട്ടിൽ അമ്മയ്ക്കും ചേട്ടനും ചേട്ടത്തിക്കും മക്കൾക്കും എന്താവേശത്തോടെയാണ് അവൾ ഷോപ്പിംഗ് നടത്താറുള്ളത്.. കൊൽക്കത്തയിലെ പാർക്ക് സ്ട്രീറ്റിലും ലീ റോഡിലും ഷോപ്പിംഗ് ബാഗുകളുമായി നടക്കുമ്പോൾ എന്തോ വലിയ കാര്യം നടന്ന ഭാവമായിരുന്നു എന്നും വീണയ്ക്ക് .
നാട്ടിൽ എത്തി അത് വിതരണം നടത്തി കഴിയുമ്പോൾ അവൾക്കെന്തെന്നില്ലാത്ത ഒരു നിർവൃതി അനുഭവപ്പെടാറുണ്ട്.. അവൾ ചെല്ലുന്ന ദിവസ്സം തറവാട്ടിൽ ഉത്സവമാണ്.. കപ്പയും മീനും താറാവും കൊഞ്ചും പായസവും അടങ്ങിയ വിഭവസമൃദ്ധമായ സദ്യ ഉണ്ട ശേഷം അവൾ വീട്ടുവളപ്പിലെ മാവിൻതണ്ടിൽ കെട്ടിയ ഊഞ്ഞാലിൽ ഇരുന്നാടാറുണ്ട്.. ചേട്ടനും ചേട്ടത്തിയും തങ്ങളുടെ മുറിയിൽ കയറി ഉച്ചമയക്കത്തിന് വാതിലടക്കും . അമ്മയ്ക്കാണെങ്കിൽ ഊണ് കഴിഞ്ഞാൽ ഒന്ന് നടുവ് നിവർത്തിയേ പറ്റൂ.. അപ്പോൾ മറ്റാരും മുറിയിൽ പ്രവേശിക്കരുതെന്ന പഴയ നിയമം ഇപ്പോളും ബാധകമാണുതാനും . ചേട്ടന്റെ മക്കൾക്ക് രണ്ടുപേർക്കും സ്വന്തവുമായി മുറിയുള്ളതു കാരണം അവർ അവരവരുടെ ലോകങ്ങളിൽ വ്യാപൃതരാകും. വീണ പണ്ടുപയോഗിച്ചിരുന്ന മുറി ഇപ്പോൾ സ്റ്റോർ ആണ്.. ധാന്യങ്ങളും തുണികളും മറ്റും സൂക്ഷിക്കുന്ന സ്ഥലം- വീണയ്ക്ക് ഊഞ്ഞാലാടിയാലേ സമയം കൊല്ലാൻ പറ്റുകയുള്ളു എന്ന അവസ്ഥയായി മാറിയിട്ട് ഇപ്പോൾ എത്രയോ വർഷങ്ങളായിരിക്കുന്നു..
എല്ലാപ്പോഴും ഇത്തരം സന്ദർഭങ്ങളിലാണ് വീണക്ക് സ്വന്തമായി ഒരു കിടപ്പാടം ഇല്ലാത്തതിന്റെ വിഷമം അനുഭവപ്പെടാറ് . . ഒരു വിധം ജോലിയിൽ പുരോഗമിച്ചു വന്നപ്പോളാണ് ചേട്ടന്റെ മോളുടെ മെഡിക്കൽ അഡ്മിഷൻ നടത്താൻ ആവശ്യമായ തുക നല്കാമോയെന്ന അമ്മയുടെ വിളി വന്നതും അവൾ അത് കൊടുത്തതും.. പിന്നെ അവളുടെ എം എസ് പഠനത്തിനും ആവശ്യമായ തുക ശരിയാക്കാൻ വീണയ്ക്ക് നല്ലതു പോലെ പാടുപെടേണ്ടി വന്നു.
ഊഞ്ഞാലാടി ക്ഷീണിച്ചു വീണ മിക്കപ്പോഴും പറങ്കി മാവിന്റെ ചുവട്ടിൽ മടഞ്ഞിട്ട ഓലയിൽ കിടന്നു മയങ്ങി പോകാറുണ്ട്.
സന്ധ്യയോടടുക്കുമ്പോൾ ‘അമ്മ കൊണ്ട് വന്നവൾക്ക് ചായ നൽകി “വിളക്ക് കത്തിക്കണം” എന്ന കാരണം പറഞ്ഞു ധൃതിയിൽ പോകാറുമുണ്ട് ..അമ്മയ്ക്ക് ഒറ്റയ്ക്ക് തന്നോട് സംസാരിച്ചിരിക്കാൻ ഭയമാണെന്ന കാര്യം എത്ര വർഷങ്ങൾ കഴിഞ്ഞാണവൾക്ക് മനസ്സിലായത് തന്നെ.. അമ്മയോടതു ചോദിച്ചപ്പോൾ
” നീ പോയാൽ പിന്നെ എനിക്ക് ജീവിച്ചു പോകണ്ടേ “
എന്ന ഉത്തരത്തിനു മുന്നിൽ വീണയ്ക്ക് പിന്നെ ഒരു ചോദ്യം ഉണ്ടായില്ല..
താൻ എത്തി സൂട്ക്കേസ് തുറന്ന് സാധനങ്ങൾ വിതരണം ചെയ്യുന്നത് വരെ എല്ലാവരുടെയും മുഖത്തു സന്തോഷവും തെളിച്ചവും വീണ ശ്രദ്ധിക്കാറുമുണ്ട്.. .. മൂന്ന് ദിവസം തികച്ചു കഴിയുന്നതിനു മുന്നേ അടക്കിയ ശബ്ദത്തിൽ നടക്കുന്ന പിറുപിറുക്കൽ അവൾ കേട്ടില്ലായെന്ന് നടിക്കാറുണ്ട് ..മൂന്നാം ദിവസം മുതൽ വെറും ചോറും സാമ്പാറും അച്ചാറുമായി മാറിയിരുന്ന ദിവസ്സങ്ങൾ.. അതിരാവിലെ സൈക്കിളിൽ മീന്കാരൻ കൊണ്ട് വരുന്ന മീൻ അവൾ വാങ്ങി വെക്കാറുണ്ട് .. അത് വറക്കുന്ന മണവും എന്നും അവളേ തേടിയെത്താറുണ്ട്..
നാലാം ദിവസം മുതൽ അമ്മയുടെ ചോദ്യങ്ങൾ തുടങ്ങും..
” നിനക്കെന്ന് വരെ ലീവ് ഉണ്ട് ..”
അന്നവൾക്ക് മനസ്സിലായി തുടങ്ങും തിരിച്ചു പോകാനുള്ള ടിക്കറ്റ് ബുക്ക് ചെയ്യാൻ സമയമായെന്ന്. ആദ്യമൊക്കെ വീണയ്ക്ക് കരച്ചിൽ വരുമായിരുന്നു.. എന്ത് കൊതിച്ചാണവൾ നാട്ടിലെത്തുന്നത്.. പിന്നെ പിന്നെ അവൾ അത് പുറത്തു കാട്ടാതെയായി.
എന്നാലും പതിവ് മുടങ്ങാതെ എല്ലാവർഷവും അവൾ കാത്തിരിക്കും ലീവ് കിട്ടാൻ . ടിക്കറ്റ് ബുക്ക് ചെയ്യുന്നതോടൊപ്പം ഹോട്ടൽ മുറിയുടെ ബുക്കിംഗ് കൂടെ ചെയ്ത് തുടങ്ങിയപ്പോൾ നാട്ടിലേക്കുള്ള യാത്രകൾ അവൾക്ക് സമാധാനവും സന്തോഷവും നൽകിത്തുടങ്ങി.. ട്രെയിനിന്റെ ജനാലക്കമ്പികളിൽ തല ചായ്ച്ചിരുന്നവൾ മൊബൈലിൽ അടുത്ത വർഷത്തെ കലണ്ടർ തുറന്നു . പ്ലാൻ ചെയ്യണമല്ലോ ..
ഷീന പിള്ളൈ സിങ്ങ്
തീരം ഉറങ്ങാറില്ല
ഗാന്ധാരം
ചൂണ്ട
സ്വാതന്ത്ര്യം
മയ്യത്ത് കുളിപ്പിക്കുന്നവർ
അന്തുറു ഓടിച്ചെന്ന് മൊബൈൽ എടുത്ത് ഹലോ എന്ന് പറഞ്ഞതും, മറുതലയ്ക്കൽ നിന്നും ഒരു വിങ്ങിപ്പൊട്ടലായിരുന്നു. തോപ്പിലെ അയ്മ്മദ്‌ക്കാ മരിച്ചി എന്ന് പറഞ്ഞ് അയാൾ ഫോൺ കട്ട് ചെയ്തു. വിളിച്ചത് അയ്മ്മദ്ക്കാടെ വാത്സല്യ പുത്രനായ ഷിഹാബാണെന്ന് അന്തുറുവിന് ഉറപ്പായിരുന്നു. “ഇന്നാ ലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻ. ” (ഞങ്ങൾ അള്ളാഹുവിന്റേതാണ്. ഞങ്ങളുടെ മടക്കവും അവനിലേയ്ക്കാണ്.) എന്ന് ഉറക്കെ ഉരുവിട്ടു കൊണ്ട് മൊബൈൽ ഓഫ് ചെയ്തു അന്തുറു. ആധുനിക യുഗത്തിലും ഒരു പഴയ സൈക്കിൾ മാത്രമായിരുന്നു അന്തുറുവിന്റെ വാഹനം. ആ സൈക്കിളും ചവുട്ടിക്കൊണ്ട് അവൻ മരണ വീടും ലക്ഷ്യമാക്കി പാഞ്ഞു.
മയ്യത്ത് കുളിപ്പിക്കുമ്പോഴും, കഫൻ ചെയ്യുമ്പോഴുമെല്ലാം അനുഷ്ഠിക്കേണ്ട ഫർളും, ശർത്തും, സുന്നത്തും, ചൊല്ലേണ്ട ദുആ (പ്രാർത്ഥന)യുമൊക്കെ തനിയ്ക്ക് പഠിപ്പിച്ചു തന്ന തന്റെ മൺ മറഞ്ഞ ഗുരുനാഥൻ ഇയ്യാമുക്കാനെയും മനസ്സിൽ ധ്യാനിച്ച് കൊണ്ട് അവൻ സൈക്കിൾ ആഞ്ഞു ചവുട്ടി. പതിനഞ്ച് വർഷമായി ഇയ്യാമുക്കാ മരണപ്പെട്ടിട്ട്. അത് വരേയും, മയ്യത്ത് കുളിപ്പിക്കുന്നതിൽ ഇയ്യാമുക്കാടെ പ്രധാന സഹായിയായിരുന്നു അന്തുറു.
ഇയ്യാമുക്കാടേത് പെട്ടെന്നുളള മരണമായിരുന്നു. ആയത് കൊണ്ട് തന്നെ, അവന്റെ നേതൃത്വത്തിൽ അവൻ ആദ്യമായി കുളിപ്പിച്ച് കഫൻ ചെയ്യേണ്ടി വന്നതും, അവന്റെ ഗുരുനാഥനായ ഇയ്യാമുക്കാടെ മയ്യത്ത് തന്നെയായിരുന്നു. താൻ വളരെ സ്നേഹത്തോടും, ബഹുമാനത്തോടും കൂടി മാത്രം ഇടപഴകി വന്നിരുന്ന തന്റെ പ്രിയപ്പെട്ട ഗുരുനാഥൻ, മയ്യത്ത് എന്ന ആ ഒരവസ്ഥയിൽ മയ്യത്ത് കുളിപ്പിക്കാൻ വേണ്ടി തന്റെ മുന്നിൽ വിവസ്ത്രനായി കിടക്കുന്നത് കണ്ടപ്പോൾ, അവന്റെ നെഞ്ചകം നീറി. താനും ഇതുപോലെ ഒരു ദിവസം തന്റെ പിൻഗാമികളുടെ മുന്നിലും വിവസ്ത്രനായി കിടക്കേണ്ടി വരുന്നതിന്റെ ഒരു ചിത്രം അവന്റെ മനോമുകുരത്തിൽ തെളിഞ്ഞു വന്നു.
മരണപ്പെട്ടവരുടെ മയ്യത്ത് ഖബറടക്കം ചെയ്യുന്നത് വരെ, മയ്യത്തിനോട് വളരെ ആദരവോടു കൂടി വർത്തിക്കണമെന്നാണ് ഇയ്യാമു ക്കാടെ ഭാഷ്യം. കാരണം, ശരീരത്തിൽ നിന്നും വേർപ്പെട്ടു പോകുന്ന റൂഹ് (പ്രാണൻ) ഖബറടക്കം കഴിഞ്ഞ് ദുആ (പ്രാർത്ഥന) ഇരക്കലെല്ലാം കഴിഞ്ഞാലും, ഖബറിൽ നിന്നും എട്ടടി നടക്കാനുളള സമയം വരെ മരിച്ച മയ്യത്തിനെ ചുറ്റിപ്പറ്റി പിരിഞ്ഞു പോയ റൂഹിന്റെ സാന്നിദ്ധ്യം ഉണ്ടാകുമെന്നാണ് ഇയ്യാമുക്കാ പഠിപ്പിച്ചു തന്നിട്ടുളളത്. ആയത് കൊണ്ട് തന്നെ, മയ്യത്തിന് വുളു (ശരീരം ശുദ്ധി വരുത്തൽ) എടുത്ത് കൊടുക്കുമ്പോഴും, വയറിനുളളിലെ മാലിന്യം പുറത്തേയ്ക്ക് കളയുന്ന സമയത്തും, നഖവും, മീശയുമൊക്കെ വെട്ടിക്കൊടുക്കുന്ന സമയത്തും, മയ്യത്ത് കുളിപ്പിക്കുന്ന സമയത്തുമൊക്കെ. ഒരു ജീവനുളള ശരീരത്തിനോട് പ്രതികരിക്കുന്നതിനോട് തുല്യമായേ എന്തും ചെയ്യാൻ പാടുള്ളൂ എന്നും, മയ്യിത്തിന്റെ മേലെ ഒരു ഈച്ചയെങ്ങാനും വന്നിരുന്നാൽ പോലും, ആ ഈച്ചയെ കൈ കൊണ്ട് അടിച്ചാൽ, ആ വേദന മയ്യിത്തിനെ ചുറ്റിപ്പറ്റി നിൽക്കുന്ന റൂഹിനെ വേദനിപ്പിക്കും എന്നുമൊക്കെയായിരുന്നു ഇയ്യാമു ക്കാടെ വിശ്വാസം. അന്തുറുവും, ഇയ്യാ മുക്കാടെ അതേ നിലപാടുകളിൽ വിശ്വസിച്ച്, അദ്ദേഹത്തിന്റെ വാക്കുകളും, പ്രവൃത്തികളുമൊക്കെ അതേപടി പിൻതുടർന്ന് പോന്നു. മയ്യത്ത് കിടത്തിയിട്ടുള്ള ദിക്കിൽ നിന്നും എടുത്ത് , മയ്യത്ത് കുളിപ്പിക്കാനുള്ള കട്ടിലിൽ കൊണ്ടു പോയി കിടത്തുന്നത് വരെ ആദ്യം ബിസ്മിയും, പിന്നീട് സുബ്ഹാനള്ളാ, സുബ്ഹാനള്ളാ എന്ന് ഉരുവി ടേണ്ടതും, മയ്യത്തിന് വുളു എടുത്ത് കൊടുത്തതിന് ശേഷമുള്ള ബാങ്കിന്റെ ദുആയിൽ വരുത്തേണ്ട മാറ്റങ്ങളുമൊക്കെ അവൻ സൈക്കിളിൽ ഇരുന്നു കൊണ്ടു തന്നെ വീണ്ടും, വീണ്ടും ഉരുവിട്ടു കൊണ്ടേയിരിയ്ക്കും.
അവസാനം മയ്യത്തുമായി ദിക്റിന്റെ അകമ്പടിയോടെ മറവുചെയ്യാൻ വേണ്ടി പള്ളിക്കാട്ടിലേയ്ക്ക് (ശ്മശാനം) കൊണ്ടുപോകുമ്പോൾ, ചിലപ്പോഴക്കെ നായ്ക്കൾ നീട്ടി ഓരിയിടുന്നതും, പശുക്കൾ പേടിച്ചോടുന്നതുമെല്ലാം, ജീവിതത്തിൽ ക്രൂരത മാത്രം കൈമുതലായുള്ളവരുടെ റൂഹിന്റെ ബീഭത്സമായ രൂപം ദർശിക്കാൻ കഴിയുന്നത് കൊണ്ടാണെന്നും, ഇയ്യാമുക്കാ വിശ്വസിച്ചു പോന്നു. അതിന് ഉദാഹരണമായി, ഇയ്യാമുക്കാടെയും മുൻഗാമിയായിരുന്ന ആലൈ മുദുക്കാടെ സമയത്ത് നടന്ന ഒരു സംഭവവും, അദ്ദേഹം വിവരിച്ചു തരും. ആലൈമുദുക്കാനെക്കുറിച്ച് പറയുമ്പോൾ , ഇയ്യാമുക്കാക്ക് നൂറ് നാവായിരുന്നു.
സംഭവം ഇങ്ങിനെ. ആലയ്മുദുക്കാടെ കാലത്ത് നിരത്തിലുള്ള പ്രധാന വാഹനങ്ങൾ കാളവണ്ടിയും, സൈക്കിളും, സൈക്കിൾ റിക്ഷയുമൊക്കെയായിരുന്നു. പള്ളിക്കാടിന്റെ പിൻ ഭാഗത്തുള്ള കുത്തനെ നിൽക്കുന്ന പാറക്കല്ലുകൾ നിറഞ്ഞ മൈലാടുംകുന്നിന്റെ താഴ്‌വാരത്ത് നിന്നും, മൈലാടുംകുന്ന് ചുറ്റി പള്ളിക്കാട്ടിലേക്കെത്താൻ ചുരുങ്ങിയത് ഒരു ഏഴ് മൈലെങ്കിലും കാണും. കല്ലുരുക്കി എന്നറിയപ്പെട്ടിരുന്ന ആ ഗ്രാമത്തിൽ ആരെങ്കിലും മരണപ്പെട്ടാൽ, മൈലാടുംകുന്ന് ചുറ്റിവളഞ്ഞ് പള്ളിക്കാട്ടിലെത്താൻ കോതയുടെ ഒറ്റ മൂരിയുള്ള തുറന്ന കാളവണ്ടിയാണ് ആശ്രയം. മയ്യത്തും കട്ടിൽ കോതയുടെ കാളവണ്ടിയിൽ കയറ്റി, നാലാളുകൾ നാല് മൂലയിലുമായി ഇരുന്ന് മയ്യത്തും കട്ടിൽ പിടിച്ച് ഇരിയ്ക്കും. ബാക്കിയുള്ളവർ ദിക്റും ചൊല്ലി കൊണ്ട് പള്ളിക്കാട് വരെ കോതയുടെ കാളവണ്ടിയുടെ പിന്നാലെ മയ്യത്തിനെ അനുഗമിക്കും.
ആയിടക്കാണ് അഞ്ചോ, ആറോ ഹജ്ജ് ചെയ്ത്, സദാസമയവും പള്ളിയിൽ തന്നെ നിസ്കാരവും, ഓത്തും, സ്വലാത്തുമൊക്കെയായി കഴിഞ്ഞുകൂടാറുളള , പിശുക്കന്മാരിലും പിശുക്കനായ പോക്കരാജി മുതലാളി കല്ലുരുക്കി ഗ്രാമത്തിൽ മരണപ്പെട്ടത്. പോക്കരാജി മുതലാളി എന്ന് കേട്ടാൽ കല്ലുരുക്കിയിൽ എല്ലാവർക്കും ഭയമാണ്. അത്രയും കുപ്രസിദ്ധനായിരുന്നു കല്ലുരുക്കി ഗ്രാമത്തിൽ പോക്കരാജി മുതലാളി.ആലൈമുദുക്കാടെ നേതൃത്വത്തിൽ തന്നെ മയ്യത്ത് കുളിപ്പിക്കലും, കഫൻ ചെയ്യലുമൊക്കെ കഴിഞ്ഞ്, സാധാരണ പോലെ മയ്യത്തും കട്ടിൽ കോതയുടെ ഒറ്റ മൂരി കാളവണ്ടിയിൽ കയറ്റി, നാല് മൂലയിലുമായി നാല് പേർ മയ്യത്തും കട്ടിൽ പിടിച്ച് ഇരുന്നു. എല്ലാം കഴിഞ്ഞപ്പോൾ കോതയും കാളവണ്ടിയിൽ കയറി. എല്ലായ്പ്പോഴും കോത കാളവണ്ടിയിൽ കയറിയാൽ ഒന്നും ചെയ്യാതെ തന്നെ മുന്നോട്ട് നടക്കാറുളള വീരനെന്ന ആ കാള അന്ന് എന്ത് തന്നെ ചെയ്തിട്ടും ഒരടി പോലും മുന്നോട്ട് നീങ്ങാൻ കൂട്ടാക്കിയില്ല. തന്നെയുമല്ല, വീരന്റെ രണ്ട് കണ്ണുകളിൽ നിന്നും കണ്ണുനീർ ധാരധാരയായി ഒഴുകാൻ തുടങ്ങി. വായിൽ നിന്നും നുരയും , പതയും പുറത്തേയ്ക്ക് വരാനും തുടങ്ങി. കാളവണ്ടിയിൽ നിന്നും ചാടിയിറങ്ങിയ കോത, തന്റെ വീരന്റെ ഈ അവസ്ഥ കണ്ട്, ഒരു കൈ കൊണ്ട് കാളയുടെ പുറത്ത് തലോടി കൊണ്ട് കരയാൻ തുടങ്ങി. പന്തികേട് മണത്തറിഞ്ഞ ആലൈമുദുക്കാ മെല്ലെ കോതയുടെ പുറത്ത് തട്ടി ആശ്വസിപ്പിച്ചു.
“ഇജ്ജ് ബേജാറാവണ്ടാ …ഞമ്മക്ക് ബയ്യ്ണ്ടാക്കാ.”
എന്ന് പറഞ്ഞ് തന്റെ മുണ്ടിന്റെ മടിക്കുത്തിൽ സൂക്ഷിക്കാറുളള ഒരു ഏലസ്സ് പുറത്തെടുത്തു. എന്തൊക്കെയോ ചില മന്ത്രങ്ങൾ ഉരുവിട്ടു കൊണ്ട് ആ ഏലസ്സിൽ ഊതാൻ തുടങ്ങി. മന്ത്രോച്ചാരണങ്ങൾ കഴിഞ്ഞതും, മെല്ലെ ആ ഏലസ്സ് വീരന്റെ കഴുത്തിലെ വട്ടക്കയറിൽ കെട്ടിയിട്ടു. ഉടൻ തന്നെ കോതയുടെ ആ കാള പഴയ രൂപത്തിലേയ്ക്ക് മടങ്ങി വന്നു. കോത മെല്ലെ വണ്ടിയിൽ കയറിയതും, കാള മയ്യത്തും കട്ടിലും കൊണ്ട് മുന്നോട്ട് നീങ്ങി. ആലൈ മുദുക്കാ ചൊല്ലിയ ആ മന്ത്രം ഊതിയ ചരട് ഏതൊരു ജീവിയുടെ കഴുത്തിൽ കെട്ടി കൊടുത്താലും, റൂഹാനിയുടെ ഇത്തരം ബീഭത്സമായ രൂപങ്ങൾ അവയ്ക്ക് ആദ്യശ്യമായിരിക്കുമത്രേ. ആ മന്ത്രം തന്റെ ഇരുനാഥനായ ഇയ്യാമുക്കാ തനിയ്ക്ക് പഠിപ്പിച്ചു തരുന്നതിന് മുമ്പേ അദ്ദേഹം മരണപ്പെട്ടു പോയത് ഒരു വേദനയോടെയാണ് അന്തുറു ഓർത്തെടുത്തത്.
തന്റെ മതത്തിൽ പെട്ട ആര് തന്നെ മരണപ്പെട്ടാലും, അവരെ കുളിപ്പിക്കാനുളള ചുമതല, മരണപ്പെടുന്നവരുടെ രക്ത ബന്ധത്തിൽ പെട്ടവർക്ക് തന്നെയാണ്. അതിന് ചുരുക്കം ചിലർ മാത്രമേ മുന്നിട്ട് വരാറുള്ളൂ. കാരണം, കൂടുതൽ പേരും തങ്ങൾക്ക് മയ്യത്ത് കളിപ്പിക്കാൻ അറിയില്ല എന്ന് പറഞ്ഞ് ഒഴിഞ്ഞ് മാറും. മറ്റു ചിലർ തങ്ങളുടെ ഉറ്റവരുടേയും, ഉടയവരുടേയുമൊക്കെ വേർപാടിൽ മനംനൊന്ത് മാനസികമായി തളർന്നിരിയ്ക്കും. എങ്കിലും, വളരെ ചുരുക്കം ചില ആളുകൾ അന്തുറുവിനോടൊപ്പം മയ്യത്ത് കുളിപ്പിക്കാൻ അന്തുറുവിന്റെ സഹായിയായി കൂടാറുണ്ട്.
ഈ മുപ്പത്തിയഞ്ച് വർഷത്തിനിടയ്ക്ക് എത്രമാത്രം മയ്യത്തുകളാണ് തന്റെ ഈ കൈകൾ കൊണ്ട് കുളിപ്പിച്ചിട്ടുള്ളതെന്ന് അന്ത്രുവിന് പോലും നിശ്ചയമില്ല. ചീഞ്ഞളിഞ്ഞ് ദുർഗ്ഗന്ധം വമിക്കുന്നതും, പകർച്ചവ്യാധികൾ വന്നതുമൊക്കെയായ ഒട്ടനവധി മയ്യത്തുകൾ തന്റെ ഈ കൈകൾ കൊണ്ട് കുളിപ്പിച്ച് കഫൻ ചെയ്ത് പള്ളിക്കാട്ടിൽ കൊണ്ടുപോയി ഖബറടക്കിയിട്ടുണ്ട്. അതിൽ ബന്ധുക്കളും, സുഹൃത്തുക്കളും , ആശയപരമായി വിയോജിപ്പുള്ളവരും ഒക്കെ ഉണ്ടായിരുന്നു. ആരൊക്കെയായാലും, കുളിപ്പിക്കാൻ വേണ്ടി മയ്യത്തായി തന്റെ മുന്നിൽ എത്തിപ്പെടാറുള്ള എല്ലാ മയ്യത്തിനും ഒരേ സ്വീകാര്യതയാണ് അന്തു റുവിന്റെ മനസ്സിൽ. അവിടെ പണക്കാരനെന്നോ, പാവപ്പെട്ടവ നെന്നോ, പണ്ഡിതനെന്നോ, പാമരനെന്നോ, ശത്രുവെന്നോ, മിത്രമെന്നോ ഉള്ള വേർതിരിവുകളൊന്നും തന്നെ അന്തുറുവിന്റെ മനസ്സിൽ തൊട്ട് തീണ്ടാറേയില്ല.
ഈയിടെ ആശുപത്രിയിൽ നിന്നും പകർച്ചവ്യാധി പിടിപെട്ട് മരണപ്പെട്ട ഒരു മയ്യത്ത് അന്ത്രുവിന് കൈമാറുന്നതിന് മുമ്പ് അവിടുത്തെ ഡോക്ടർ കാബിനിലേയ്ക്ക് വിളിപ്പിച്ച് സഗൌരവം ഒരു കാര്യം ഓർമ്മിപ്പിച്ചു.
” പകർച്ചവ്യാധി വന്ന് മരണപ്പെട്ട ബോഡിയാണ്. കുളിപ്പിക്കുമ്പോഴും മറ്റും അകലം പാലിക്കാൻ ശ്രദ്ധിക്കണം. മറക്കണ്ട. “
അതിന് അന്തുറു പറഞ്ഞ മറുപടി ഇങ്ങിനെയായിരുന്നു.
“ഞങ്ങള് പടച്ചോനെ വിശ്വസിക്കുന്ന കൂട്ടത്തിലാ. പടച്ചോൻ വിചാരിച്ചാ മയ്യത്ത് കുളിപ്പിച്ചില്ലെങ്കിലും ഞങ്ങക്ക് ആ വ്യാധി വന്നിരിക്കും. പടച്ചോൻ വേണ്ടെന്ന് വെച്ചാൽ ആ വ്യാധി ഞങ്ങളിലാർക്കും വരികയുമില്ല. അതാ ഞങ്ങടെ വിശ്വാസം. “
അന്തുറുവിന്റെ നേതൃത്വത്തിൽ ആ മയ്യത്തും ഏറ്റ് വാങ്ങി സാധാരണത്തെപ്പോലെ കുളിപ്പിക്കലും, കഫൻ ചെയ്യലുമൊക്കെ കഴിഞ്ഞ് ഖബർസ്ഥാനിൽ പോയി ഖബറക്കിയ ശേഷം അന്തുറു വീട്ടിലേയ്ക്ക് മടങ്ങി . ഡോക്ടറോട് അപ്പോൾ വീരവാദമൊക്കെ പറഞ്ഞെങ്കിലും പകർച്ചവ്യാധിയെക്കുറിച്ച് ചെറിയ ഒരു ഭയം ഉള്ളിൽ മുള പൊട്ടാൻ തുടങ്ങിയിരുന്നു അന്തുറുവിന്. അത്തരം ദുഷിച്ച ചിന്തകൾ മനസ്സിലേയ്ക്ക് കയറിക്കൂടിയാൽ എല്ലായ്പോഴും ചെയ്യാറുളളത് പോലെ സാധാരണ വലിക്കാറുള്ള ബീഡി രണ്ട് പുക കൂടുതൽ ആഞ്ഞു വലിച്ച് അന്തുറു സുഖമായി ഉറങ്ങാൻ കിടന്നു. ഉറക്കത്തിൽ സ്വർഗ്ഗത്തിലെ ഹൂറികളുമായി സല്ലപിക്കുന്ന സ്വപ്നവും കണ്ട് കൊണ്ട്.
പെരുമണ്ണ് — വാവനൂർ
സെമിത്തേരിയിലെ കൃഷ്ണ മുടികൾ
സെമിത്തേരിയ്ക്കരികിൽ
തഴയ്ച്ച് വളർന്ന കൃഷ്ണ മുടികൾ ഇങ്ങനെ പറഞ്ഞു.
നിനക്കരികിൽ ഒരു കാവൽക്കാരനായി
രക്ഷകനായി ഉയർന്നു നിൽക്കുന്നത്
ഏന്നരികിലൂടെ ഒഴുകി നടക്കുന്ന
ഇളംകാറ്റിൽനിന്ന് ചരിത്രത്തെ ഒപ്പിയെടുക്കാനാണ്.
എന്നെ സരംക്ഷിക്കുന്നത് സമ്പന്ന രാഷ്ട്രങ്ങളാണ്
രാമരാജ്യത്തിലെ ഗംഗയും ഇപ്പൊൾ എന്നോടൊപ്പമാണ്.
അവൾക്ക് മുടിയിൽ ചൂടാൻ തുളസി കതിരിലയോടല്ല
ഈ കൃഷ്ണ മുടി പൂക്കളോട് ആണ് ഇഷ്ടം.
ഏളുപ്പ വഴിയിൽ ക്രിയ ചെയ്തു സ്വർഗത്തിലേക്കുള്ള
വാതിൽ തുറന്നു കൊടുക്കുന്നത് ഗംഗയാണെല്ലോ?
ഇന്നലെ അസ്തമയത്തിന് മുമ്പ്
ഇളം കാറ്റുകൾ തന്ന മുന്നറിയിപ്പുകൾ
സമ്പന്നത ഒരു വിപത്താണ്, സമ്പത്ത് ഒരു ശാപവും.
ആഗ്രഹം ദുഃഖത്തിലെക്കും
ദുരാഗ്രഹം നാശത്തിലേക്കും നയിക്കും.
ഞാനറിയാതെ ബുദ്ധൻ എന്റെയടുത്തു കൂടി കടന്നു പോയി .
ഇനി മനസ്സിൽ ഇഷ്ട മംഗല്യമൊരുക്കി
അപചയത്തിന് എതിരെ പോരാടാൻ സന്നദ്ധനാവുക
ഹിമാലയ താഴ്‌വരകളിൽ നദീ തടങ്ങളിൽ, സമതലങ്ങളിൽ
അടുപ്പ് പുകയാത്ത അടുക്കളയുടെ സാമീപ്യങ്ങളിൽ
ഞാൻ വന്ന് കടലിൻന്റെയും കാനനത്തിൻന്റെയും
ജീവനത്തിന്റെയും കഥ പറഞ്ഞു തരാം,
കാലത്തിനു പകർന്നു നൽകാൻ.
സോമനാഥൻ കെവി
പൈൽസ്
പുതിയ തലമുറയുടെ ഭക്ഷണ രീതിയുടെ അനന്തരഫലമ്മായി വ്യാപിച്ചുകൊണ്ടിരിക്കുന്ന രോഗമാണു പൈൽസ്. രണ്ടായിരത്തി പതിനേഴിൽ രാജീവ് ഗാന്ധി യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസ് നടത്തിയ ഒരു പഠനം പറയുന്നത് ഇന്ത്യയിൽ നാലു കോടിയിലധികം പൈൽസ് രോഗികൾ ഉണ്ടെന്നാണു.
മനുഷ്യന്റെ വായ മുതൽ മലദ്വാരം വരെ ഏകദേശം ഒമ്പത് മീറ്റർ നീളത്തിൽ നീണ്ടുകിടക്കുന്ന ഒരു കുഴലാണു ദഹനേന്ദ്രിയം. നാം അകത്തോട്ടെന്ത് നിക്ഷേപിക്കുന്നുവൊ അതിൽ നിന്നു പോഷണം വലിച്ചെടുത്ത ശേഷം ബാക്കിയുള്ളതിനെ മറുദ്വാരത്തിലൂടെ പുറം തള്ളുന്നതാണു ശരീരത്തിന്റെ ജോലി. നാമകത്തേക്ക് നിക്ഷേപിക്കുന്നതിന്റെ ഗുണദോഷമനുസരിച്ചാണു വിസർജ്ജനത്തിന്റെ ഗതിവിഗതികൾ.
ജീവിത ശൈലീരോഗങ്ങളുടെയും കാലിക രോഗങ്ങളുടെയും ഒരടിസ്ഥാനം ശരീരത്തിലെ വിസർജ്ജന അവയവങ്ങളുടെ പ്രവർത്തന അപാകതയാണെന്നു പറയാം. നാമെന്തു വിഷം കഴിച്ചാലും ശരീരത്തിനു അതിനെ പുറത്താക്കാൻ കഴിയുന്നുണ്ടെങ്കിൽ ശീരത്തിനു വലിയ തകരാറു സംഭവിക്കില്ല. മലം, മൂത്രം ,വിയർപ്പ്,മാസമുറ ഇവയിലേതെങ്കിലും തകരാറുണ്ടെങ്കിൽ ശ്രദ്ധിക്കണം ഏറെ താമസിയാതെ നിങ്ങൾ രോഗിയായി തീരാം. മല ദ്വാരത്തിലേയും മലശയത്തിലേയും സിരകൾ വികസിക്കുന്നതും പിന്നെ പൊട്ടി രക്ത മൊഴുകുന്നതുമായ അവസ്ഥയാണു പൈൽസ്.
ഇതു മലദ്വാരത്തിനകത്തുമാത്രമുള്ള രീതിയിലും പുറത്തേക്കു തള്ളുന്ന രീതിയിലും വരാം.
അകത്തുമാത്രമുള്ളവയിൽ രക്തസ്രാവമുണ്ടാകുമെങ്കിലും വേദന കുറവായിരിക്കും. അവിടെ നാഡികൾ കുറവായാതാണു വേദന കുറയാൻ കാരണം.. പുറത്തേക്കു തള്ളുന്ന പൈൽസ് ആദ്യഘട്ടങ്ങളിൽ തനിയേ അകത്തേക്കു പോകുമെങ്കിലും പിന്നീട് വിരലു കൊണ്ട് തള്ളി അകത്താക്കേണ്ടിവരാം പിന്നെ അതും സാധ്യമല്ലാതെ വരാം. രക്തം വരുകയോ പൊട്ടാത്ത തരവുമുണ്ട്.
വേദനയോടെയോ അല്ലാതെയോ മലത്തോടൊപ്പം രക്തം പോകുക
ചൊറിച്ചിൽ അനുഭവപ്പെടുക. മലദ്വാരത്തിൽ വേദനയും തടിപ്പും അനുഭവപ്പെടുക, എന്നിവയാണു പ്രധാന ലക്ഷണങ്ങൾ.
പലകാരണങ്ങൾ കൊണ്ട് ഈ രക്തകുഴലുകൾ വീർക്കാം. വീർത്ത സിരകളിലെ രക്തം കട്ടയായാൽ അതിശക്തമായ വേദന വരാം.
ആ ഭാഗത്തുനിന്നുള്ള രക്ത സ്രാവമെല്ലാം പൈൽസ് ആണെന്നു ധരിക്കരുത്, ആ ഭാഗത്തുണ്ടാകാവുന്ന കീറലുകൾ മുതൽ മലാശയ ക്യാൻസറിന്റെ വരെ ലക്ഷണം രക്തശ്രാവമാണു. അതിനാൽ പരിശോധനയിലൂടെ മാത്രമേ രോഗം തിരിച്ചറിയാൻ സാധിക്കൂ. പലരും പ്രത്യേകിച്ച് സ്ത്രീകൾ കാണിക്കാൻ മടിച്ച് ഒടുവിൽ മുള്ളു കൊണ്ടേടുക്കേണ്ടത് തൂമ്പ കൊണ്ടെടുക്കേണ്ട അവസ്ഥയിലാകുമ്പോൾ ഡോക്ടറുടെ അടുത്തേക്ക് ഓടി വരാറുണ്ട്. രക്തസ്രാവം കൂടി തലകറക്കവും ബോധക്കേടും വിളർച്ചയും വരുന്നതു വരെ കാത്തിരിക്കരുത്.
രോഗകാരണങ്ങൾ
1] പാരമ്പര്യം : മാതാപിതാക്കൾക്ക് പൈൽസ് ഉണ്ടെങ്കിൽ മക്കൾക്കും വരാൻ സധ്യതയുണ്ട്.
2] ഗർഭാവസ്ഥ, അമിത വണ്ണം, മലബന്ധവും വിസർജ്ജനത്തിനായ് മുക്കുന്ന അവ്സ്ഥയും, ഭാരോദ്വഹനം, അടിവയറ്റിൽ മർദ്ദം കൂടുന്ന സാഹചര്യങ്ങൾ ഇവ രോഗം വരുത്തുകയ്യോ രോഗം കൂട്ടുകയോ ചെയ്യാം.
3] ദീർഘ നേരം ഇരുന്നു കൊണ്ടുള്ള ജോലികൾ.
4] മലദ്വാരത്തിലൂടെയുള്ള ലൈംഗിക ബന്ധം.
രോഗമുള്ളവരിൽ വയറിളക്കവും മലബന്ധവും തുമ്മലും ചുമയുമെല്ലാം രോഗം കൂട്ടാൻ കാരണമാക്കും
ചികിൽസ
രോഗകാരണത്തെ അടിസ്ഥാനമാക്കിയാണു ചികിൽസ നിർദ്ദേശിക്കുന്നത്.
മലബന്ധമാണു രോഗകാരണമെങ്കിൽ നാരുകൾ അടങ്ങിയ ഭക്ഷണം കഴിക്കുക. നാരുകൾ എന്നാൽ ചകിരിനാരുപോലുള്ള എന്തോ എന്നാണ് പലരും ധരിച്ചിരിക്കുന്നത്. ഭക്ഷണത്തിലെ നാര് എന്നാൽ ദഹിപ്പിക്കാൻ സാധിക്കാത്ത ഭക്ഷണ ഭാഗമെന്നേ അർത്ഥമുള്ളു. വിസർജിക്കാൻ മലമുണ്ടാകണം. മാംസാഹാരം കഴിക്കുമ്പോൾ അവ ദഹിച്ചുകഴിഞ്ഞാൽ ബാക്കി കാര്യമായൊന്നും വിസർജ്ജിക്കാനുണ്ടാവില്ല. പച്ചകറികളും ഇലക്കറികളും, ധാന്യങ്ങളും എല്ലാമാണു കഴിക്കാവുന്ന ഭക്ഷണം.
ധാരാളം വെള്ളം കുടിക്കുക. മലബന്ധം വരാതിരിക്കും.
ഒരേ ഇരിപ്പിരിക്കാതെ ഇടയ്കൊക്കെ എഴുന്നേറ്റ് നടക്കുക. യോഗ ചെയ്യുക.
ബാത്ത് റൂമിൽ പോകാൻ തോന്നുമ്പോൾ പോവുക. പിടിച്ചുവയ്ക്കരുത്.
ഇന്നുകാണുന്ന ബംഗാളി കൂലിതൊഴിലാളികൾക്കു മുൻപ് കേരളത്തിൽ സ്ഥാനമുറപ്പിച്ചവരാണു “മൂലക്കുരു, അർശ്ശസ്, ഭഗന്തരം” ബോർഡിൽ കാണുന്ന ബംഗാളികൾ. എല്ലാ നാട്ടിലും കാണുന്ന ഈ വ്യാജന്മാർക്കതിരെ ആരും പരാതി കൊടുക്കാത്തതിനാൽ പോലീസിനു കേസ് എടുക്കാനുമാവുന്നില്ല. വൃത്തിഹീനമായ സാഹചര്യത്തിൽ ഒരു ഗ്ലൗസ് പോലുമിടാതെയാണു ഇവന്മാരുടെ പരിശോധനയും ചികിൽസയും. അവർ പറയുന്ന പണവും കൊടുത്ത് അവരെഴുതുന്ന ഇംഗ്ളീഷ് മരുന്നും വാങ്ങി കഴിച്ച് മിണ്ടാതിരിക്കുന്നവർ നമ്മുടെ നാട്ടിൽ ധാരാളമുണ്ട് . താല്കാലിക ശമനത്തിനു ശേഷം വീണ്ടും രോഗം വന്നാൽ ആ സ്ഥലത്ത് ആളുണ്ടാവില്ല. നാടുവിട്ട് മറ്റൊരിടത്ത് വേറൊരു പേരിൽ തുടങ്ങിയിട്ടുണ്ടാവും. നാണക്കേടുകൊണ്ടു ആരും കേസുകോടുക്കുന്നുമില്ല.
എല്ലാ ചികിൽസാ രീതിയിലും മരുന്നു ചികിൽസയുണ്ട്. ശസ്ത്രക്രിയയും ഫലപ്രദമാണു. ഏതു ചികിൽസ ചെയ്താലും രോഗിയുടെ ജീവിതശൈലിയിലും ഭക്ഷണരീതിയിലും മാറ്റം വരുത്തിയില്ലങ്കിൽ രോഗം വീണ്ടും തിരികെ വരാം.
ഹോമിയോപ്പതിയിൽ രോഗകാരണമറിഞ്ഞാണു ചികിൽസിക്കുന്നത്. രോഗം വീണ്ടും വരാതിരിക്കുവാനുള്ള മാർഗ്ഗനിർദ്ദേശവും നല്കും.
രോഗം കൂടിയിരിക്കുന്ന അവസ്ഥയിലും സ്ഥിരരോഗികളിൽ രോഗം ശമിക്കാനും രോഗം വരാതിരിക്കാനും പ്രത്യേകം ചികിൽസകൾ ലഭ്യമാണ്.
ഡോ. ടി. ജി. മനോജ് കുമാർ
2021 സെപ്റ്റംബർ 22, ബുധനാഴ്‌ച
ഇന്തോന്വേഷ്യൻ ദിനങ്ങൾ
അധ്യായം 6: മെർഡെക്ക ചതുരം
ജക്കാർത്തയുടെ പ്രൗഢി അവിടത്തെ നഗര ചതുരത്തിൽ നിന്നും തുടങ്ങും. മെർഡെക്ക എന്നാണീ ചതുരത്തിന്റെ പേര്. സ്വാതന്ത്ര്യം എന്നാണ് ഈ വാക്കിന്റെ അർഥം. 1997 വരെ ലോകത്തിലെ തന്നെ ഏറ്റവും വലിയ നഗര ചതുരമായിരുന്നു മെർഡെക്ക ചതുരം. ചൈനയിലെ കുപ്രസിദ്ധമായ ടിയാനാമെൻ ചതുരത്തേക്കാൾ പന്ത്രണ്ടു മടങ്ങു വലുത്. എന്നാൽ ചൈനയിലെ തന്നെ സ്സിങ്ങായ് ചതുരവും (1997) ടൈംസ് ചതുരവും (2000) ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി മെർഡെക്കയെ ഇപ്പോൾ മൂന്നാം സ്ഥാനത്താക്കിയിരിക്കുന്നു. ഒരു ചതുരശ്ര കിലോമീറ്റർ ആണ് ഈ ചതുരത്തിന്റെ വിസ്‌തീർണ്ണം.
മൊണാസ്’ എന്ന പേരിലറിയപ്പെടുന്ന നാഷണൽ മോണുമെന്റ് ടവർ നിൽക്കുന്നത് ഈ ചതുരത്തിലാണ്. മൊണാസിന് ചുറ്റും പൂന്തോട്ടങ്ങളും ജലധാരകളും മാനുകൾ ഓടിനടക്കുന്ന പാർക്കും എല്ലാം ഭംഗിയായി നിലനിർത്തിയിരിക്കുന്നു. മൊണാസ് സന്ദർശകർക്ക് ബസ് സ്റ്റോപ്പിൽ നിന്നും വരുന്നതിനും പോകുന്നതിനായി സൗജന്യ ബസ് സർവീസുകളും ഇതിനുള്ളിലുണ്ട്.
ഇന്തോന്വേഷ്യയുടെ സ്വാതന്ത്ര്യത്തിന്റെ ഓർമ്മക്കായി അന്നത്തെ പ്രസിഡണ്ടായിരുന്ന സുകർണോയുടെ നിർദ്ദേശപ്രകാരം 1961 ൽ ആണ് ഈ ഗോപുരം നിർമ്മാണമാരംഭിച്ചത്. 1975 ൽ ആണ് ഇത് പൊതുജനത്തിനായി തുറന്നുകൊടുത്തത്. അതായത് പതിനാലു വർഷങ്ങൾ വേണ്ടിവന്നു ഈ കൂറ്റൻ ടവറിന്റെ നിർമ്മാണത്തിന്. 137 മീറ്റർ ആണ് ഇതിന്റെ ഉയരം. ഇതിന്റെ ഏറ്റവും മുകളിലുള്ള ഒബ്‌സർവേഷൻ ഡെസ്‌കിലേക്കു ലിഫ്റ്റ് വഴി പോകുന്നതിനുള്ള സൗകര്യവുമുണ്ട്. അതിന്റെയും മുകളിൽ ജ്വലിക്കുന്ന ഒരു അഗ്നിനാളത്തിന്റെ രൂപമുണ്ട്. പതിനാലു മീറ്റർ ഉയരവും ആറു മീറ്റർ വ്യാസവുമുണ്ട് ഈ ദീപനാളത്തിന്. അഗ്നി വർണ്ണം ലഭിക്കുന്നതിനായി സ്വർണ്ണം പൊതിഞ്ഞിട്ടുണ്ട് ഇതിൽ. അമ്പതു കിലോ സ്വർണ്ണമാണ് ഇതിന് ഉപയോഗിച്ചിരിക്കുന്നത്.
ടവറിന്റെ ആകൃതിക്കുമുണ്ട് ഒരു പ്രത്യേകത. ഒരു ഉരലും അതിന്റെ മധ്യത്തിൽ ഉയർന്നിരിക്കുന്ന ഒരു ഉലക്കയുമാണ് ഇതിന്റെ രൂപമായി സങ്കൽപ്പിച്ചിട്ടുള്ളത്. ഉരലും ഉലക്കയും ഇന്തോന്വേഷ്യയുടെ പാരമ്പര്യത്തിൽ സ്വാധീനമുള്ള ഉപകരണങ്ങൾ എന്ന നിലയ്ക്കും, ലിംഗ യോനി സംഗമം എന്ന തത്വചിന്തയിലും ആണ് ഈ ടവറിനു ഇങ്ങനെയൊരു രൂപം കൊടുക്കുവാൻ തീരുമാനിച്ചതത്രേ. യോനി സൗഹാർദത്തിന്റെയും, ഫലസമൃദ്ധിയുടെയും, തുല്യതയുടെയും.ശാശ്വതജീവിതത്തിന്റേയും പ്രതീകവും ലിംഗം ശക്‌തിയുടെയും, സുനിശ്ചിതത്വത്തിന്റേയും പ്രതീകവുമാണത്രെ.
ഈ ടവറിന്റെ ഉരലിന്റെ ഉള്ളിൽ ഇന്തോന്വേഷ്യയുടെ ചരിത്രം വിവരിക്കുന്ന ഒരു മ്യൂസിയവും രണ്ടു ഹാളുകളുമുണ്ട്. ഒന്ന് സ്വാതന്ത്ര്യത്തിന്റെ അറയും മറ്റൊന്ന് മെഡിറ്റേഷൻ അറയുമാണ്. സ്വാതന്ത്യ്രത്തിന്റെ അറയിൽ, സുകർണോയുടെ ശബ്‌ദത്തിൽ സ്വാതന്ത്ര്യ ഗാനങ്ങൾ പ്രക്ഷേപണം ചെയ്‌തുകൊണ്ടിരിക്കും. ഇവിടെ നിന്നുമാണ് ടവറിന്റെ മേൽഭാഗത്തേക്ക് ലിഫ്റ്റിൽ പോകേണ്ടത്. ഈ ടവറിലേക്കുള്ള പ്രവേശന ഫീസ് 1500 റുപ്യയാണ്. അതായത് നമ്മുടെ 75 രൂപ മാത്രം. അമ്പതുപേരെ ഉൾക്കൊള്ളുന്ന വിധമാണ് ഡെസ്‌ക് ഒരുക്കിയിരിക്കുന്നത്. അതിനു മുകളിൽ നിന്ന് ജക്കാർത്ത നഗരം കാണുമ്പോൾ ഒരു പ്രത്യേക ആവേശം ഉണ്ടാകുക സ്വാഭാവികം. ഉയർന്നു പറക്കുന്ന ഒരു പക്ഷി അതിന്റെ കണ്ണുകളിലൂടെ കാണുമ്പോഴുള്ള ഒരനുഭവം.
നാഷണൽ മ്യുസിയമാണ് ഈ ചതുരത്തിലെ മറ്റൊരാകർഷണം. എലിഫന്റ് ബിൽഡിംഗ് എന്നും ഇതിനെ വിളിക്കാറുണ്ട്. കെട്ടിടത്തിന്റെ മുൻപിൽ ഒരു ആനയുടെ പ്രതിമയുള്ളതുകൊണ്ടാണിങ്ങനെ ഒരു പേര് വന്നത്. തെക്കൻ ഏഷ്യയിലെ ഏറ്റവും വലുതും മികച്ചതുമായ ഒരു മ്യുസിയം ആയിരിക്കണമിത്. 1,41,000 പ്രദർശന വസ്‌തുക്കളാണ് ഇതിലുള്ളത്. 10000 റുപ്യ (50 രൂപ) ആണ് പ്രവേശന നിരക്ക്.
നാഷണൽ ഗാലറിയാണ് ഇവിടത്തെ മറ്റൊരാകർഷണം. സ്വദേശികളും വിദേശികളുമായ കലാകാരന്മാരുടെ 1700 കലാരൂപങ്ങളാണ് ഇവിടെ പ്രദർശനത്തിനുള്ളത്. ഇതുകൂടാതെ താൽക്കാലിക പ്രദർശനം നടത്തുന്നവർക്കുവേണ്ടിയും ഇവിടെ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ഒരു സെമിനാർ ഹാളും ലൈബ്രറിയും ഇതിനുള്ളിലുണ്ട്.
ഭക്ഷണ പ്രിയർക്കുവേണ്ടി അൻപതിലധികം ഭക്ഷണശാലകൾ ശാസ്‌ത്രീയമായി വിന്യസിച്ചിട്ടുള്ള ഒരു ഫുഡ് കോർട്ടുമുണ്ട് ഈ ചതുരത്തിൽ. ഇന്നത്തെ രാഷ്‌ട്രീയ നേതൃത്വം മെർഡെക്ക ചതുരത്തിനു നൽകുന്ന പ്രാധാന്യവും അതിന്റെ പരിപാലനവും വളരെ മികച്ചത് തന്നെയാണ്.
ഇന്തോന്വേഷ്യക്കാർ പൊതുവേ ഭക്ഷണപ്രിയരാണെന്ന് തോന്നിയിട്ടുണ്ട്. മാംസവും കടൽ വിഭവങ്ങളുമെല്ലാം അതിരുചികരമായി പാചകം ചെയ്യുവാനുള്ള ഇവരുടെ കഴിവ് അപാരം തന്നെ. എല്ലാ വിഭവങ്ങൾക്കും ഒപ്പം കുറച്ചു ചോറും ഇവരുടെ പ്രത്യേകതയാണ്. ഇത് തെക്കു കിഴക്കൻ ഏഷ്യയിലെ പൊതുവായ ഒരു രീതിയാണ്. പലതരത്തിലുള്ള ഇലകളും ഇവർ ഇതോടൊപ്പം വിളമ്പുന്നു. അതിൽ വേവിച്ചതും വേവിക്കാത്തതുമുണ്ടാകും. വളരെ സമീകൃതമാണ് ഇവിടങ്ങളിലെല്ലാം ഭക്ഷണം. മിക്ക ഭക്ഷണശാലകളും രാത്രികളിലും പ്രവർത്തിക്കാറുണ്ട്.
അതുപോലെ തന്നെയാണ് ഇവിടത്തെ മാളുകളും. മിക്കതും അടക്കാറേയില്ല. ജക്കാർത്തയിൽ മാത്രം 130 വൻകിട മാളുകളുണ്ട്. മൊത്തം മാളുകളുടെ വിസ്‌തീർണ്ണം കണക്കാക്കിയാൽ ലോകത്ത് മറ്റൊരു നഗരത്തിലും ഇത്രയും ഉണ്ടാകുകയില്ല എന്ന് കണക്കുകൾ പറയുന്നു. മലയാളികൾക്ക് കുറച്ചു ഭേദപ്പെട്ട ഒരു മാൾ കാണണമെങ്കിൽ ലുലു മാളിൽ പോകണം. ഞാൻ ഇവിടെ പറയുന്ന മാളുകൾ ലുലു മാൾ പോലെയോ അതിനേക്കാൾ മെച്ചപ്പെട്ടതോ ആയ മാളുകളുടെ കാര്യമാണ്. ട്രാൻസ് ജക്കാർത്ത ബസ് സ്റ്റോപ്പുകൾ മിക്ക മാളുകളിലുമുണ്ട്.
ഏറ്റവും കൂടുതൽ ആളുകൾ ട്വീറ്റ് ചെയ്യുന്ന നഗരം എന്നൊരു പദവി കൂടിയുണ്ട് ജക്കാർത്തയ്‌ക്ക്. ട്വിറ്റെർ വെളുപ്പെടുത്തിയ വിവരമാണത്. ബ്ലാക്ക് ബെറി നഗരം എന്ന് തമാശ രൂപേണ പറയാറുണ്ടായിരുന്നു. ഏറ്റവും കൂടുതൽ ആളുകൾ ബ്ലാക്ക് ബെറി ഫോൺ ഉപയോഗിച്ചിരുന്നതും ഇവിടെയായിരുന്നത്രേ. മറ്റു സോഷ്യൽ മീഡിയകളുടെ ഉപയോഗത്തിലും ജക്കാർത്തക്കാർ മുന്നിൽ തന്നെ.
ഡോ. സുനീത് മാത്യു
ഒറ്റമരത്തണൽ : ആസ്വാദനം
വർത്തമാനത്തിന്റെ ഇടനാഴിയിലെ ഒറ്റമരത്തണലിലിരുന്നുകൊണ്ട് ഒരു എഴുത്തുകാരൻ കേരള സമൂഹത്തെ നോക്കിക്കാണുകയാണ് ഒറ്റമരത്തണൽ എന്ന പുസ്തകത്തിൽ……
അതു മറ്റാരുമല്ല, ആടുജീവിതം എന്ന കൃതിയിലൂടെ മരുഭൂമിയുടെ ദുരിതവേനലിൽ ഒറ്റപ്പെട്ടു പോയ മനുഷ്യൻ്റെയും, അവൻ്റെ വിഹ്വലതകളുടെയും കഥപറഞ്ഞ സാക്ഷാൽ ബെന്യാമിൻ !
ധർമ്മസങ്കടങ്ങളും സ്വയംവിമർശനങ്ങളും വിഹ്വലതകളും നിറഞ്ഞ ഒരു ഭൂതലം അവിടെ പ്രത്യക്ഷമാകുന്നു…
എണ്ണിയാലൊടുങ്ങാത്ത വിഷയങ്ങൾ, നർമ്മം ചാലിച്ച് മതേതരമായി രചിക്കപ്പെട്ട ലിഖിതങ്ങൾ, വിദ്വേഷരഹിതമായൊരു മനസ്സുകൊണ്ട് നാം വായിച്ചെടുക്കുന്നു. എഴുത്തുകാരന്റെ ഉറങ്ങാത്ത മനസ്സോടെ ആ ജീവിതങ്ങൾക്കുമേൽ അടയിരിക്കുകയും ചെയ്ത്, കത്തിജ്വലിക്കുന്ന സൂര്യനുതാഴെ ഒറ്റമരത്തണലിൽ ഏകനായി ആ മനുഷ്യൻ നമ്മെയും ലോകത്തെയും നോക്കികാണുകയാണ്.
അങ്ങനെ അയാൾ, ഉറങ്ങുന്ന സമുദായത്തിൻ്റെ ഉണർന്നിരിക്കുന്ന കണ്ണാകുന്നു.
സമകാലിക സമൂഹത്തിലെ പ്രശ്നങ്ങളെ ആഴത്തിൽ അപഗ്രഥിച്ച്, അതിനോടുള്ള എഴുത്തുകാരന്റെ പ്രതികരമാണ് ഈ പുസ്തകത്തിലെ ലേഖനങ്ങളോരൊന്നും.
ഉപഭോഗ സംസ്കാരത്തിന്റെ കടന്നു കയറ്റം സാമൂഹികജീവിതത്തിൽ വരുത്തിയ പ്രത്യാഘാതങ്ങൾ എഴുത്തുകാരൻ അവതരിപ്പിക്കുന്നുണ്ട്.
ദൃശ്യമാധ്യമങ്ങളുടെ അതിപ്രസരമുള്ള ഈ ലോകത്തിൽ അവ നമ്മുടെ ഇടയിലും, ഇടങ്ങളിലുമുണ്ടാക്കിയ ഗുരുതരവും അപകടകരവുമായ പ്രശ്ങ്ങളും എഴുത്തുകാരൻ ചൂണ്ടികാണിക്കുന്നുണ്ട്.
മൊബൈൽഫോണും ടച്ച്‌സ്ക്രീനും ചാറ്റും സ്മൈലും, സ്മൈലിയുമൊക്കെയായി നമ്മുടെ ലോകം ചുരുങ്ങിയിരിക്കുന്നു.
മദ്യപാനവും പുകവലിയും മയക്കുമരുന്നുകളും മനുഷ്യനെ എത്രത്തോളം പ്രതികൂലമായി ബാധിച്ചുവോ അതിനേക്കാൾ ഭീകരമാണ് മൊബൈൽ ഫോണും ഇന്റർനെറ്റുമൊക്കെ മനുഷ്യജീവിതത്തിലുണ്ടാക്കിയ പ്രത്യാഘാതങ്ങൾ.
അതിനൊക്കെ അടിവരയിട്ട് ബെന്യാമിൻ സംസാരിക്കുന്നുണ്ട് ഈ പുസ്തകത്തിൽ..
ദൈവത്തിന്റെ സ്വന്തം നാടെന്ന് നമ്മൾ ഊറ്റം കൊണ്ട കേരളം പോലും അഴിമതിയും രാഷ്ട്രീയകൊലപാതകങ്ങളും അരങ്ങുവാഴുന്ന ഇടമായി തരംതാഴ്ന്നിരിക്കുന്നു എന്ന ഖേദകരമായ വസ്തുതയും അദ്ദേഹം പറഞ്ഞുവെയ്ക്കുന്നു.
ജീവൻ പൊലിഞ്ഞ യുവത്വങ്ങളും ആലംബഹീനരായ കുടുംബങ്ങളും. രാഷ്ട്രീയ നേതാക്കന്മാരുടെ കെടുകാര്യസ്ഥതതയും അധികാരവടംവലികളും എത്രയോ കുടുംബങ്ങളുടെ പ്രതീക്ഷകളെയാണ് തച്ചുടച്ചത്….
മലയാളിയുടെ ആർഭാടപൂർണമായ ജീവിതരീതിയെ ആക്ഷേപഹാസ്യത്തിന്റെ മുനതൊടുത്തു മുറിവേൽപ്പിക്കുന്നു എഴുത്തുകാരൻ.
ജീവിതത്തിലെ വലിയ നേട്ടങ്ങൾ വെട്ടിപ്പിടിക്കാനുള്ള പരക്കംപാച്ചിലിനിടയിൽ…..
നമ്മൾ നടത്തുന്ന വലിയ യാത്രകൾക്കിടയിൽ……
നമ്മൾ എന്നന്നേക്കുമായി മറന്നുകളഞ്ഞ മറ്റുചില കുഞ്ഞുയാത്രകളുണ്ട്..
അമ്മവീട്ടിലേക്ക്,
ബന്ധുവീടുകളിലേക്ക്,
കൂട്ടുകാരന്റെ നാട്ടിലേക്ക്…!
സ്നേഹത്തിന്റെ സ്പർശമുള്ള ഗൃഹാതുരത്വത്തിന്റെ നനുത്ത ഓർമ്മകൾ പേറുന്ന ഇത്തരം യാത്രകളെയും ആ യാത്രകളുടെ മധുരസ്മരണകളെയും നമ്മെ ഓർമ്മപ്പെടുത്തുക കൂടി ചെയ്യുന്നുണ്ട് കഥാകാരൻ.
പാരിസ്ഥിതിക വിഷയങ്ങളിലുള്ള തന്റെ ശക്തമായ നിരീക്ഷണങ്ങളും അഭിപ്രായങ്ങളും എഴുത്തുകാരൻ ചിലപ്പോൾ അവതരിപ്പിക്കുന്നു.
നമ്മുടെ സ്വാർത്ഥമോഹങ്ങൾ നിറവേറ്റാൻ നമ്മൾ നശിപ്പിച്ചുകളഞ്ഞ പ്രകൃതിവിഭവങ്ങളെല്ലാം വരുംതലമുറകൾക്ക് കൂടി അവകാശപ്പെട്ടതാണെന്ന സത്യം അദ്ദേഹം നമ്മെ ഓർമിപ്പിക്കുന്നു. ഇതിന്റെ പേരിൽ വരും തലമുറകളുടെ പരിഹാസം നമ്മൾ ഏറ്റുവാങ്ങേണ്ടി വരുമെന്നും അദ്ദേഹം ഓർമ്മിപ്പിക്കുന്നു.
ജീവിക്കാൻ കൊള്ളാവുന്ന ഒരു കേരളം ഇനിയും സംജാതമായില്ല എന്ന് വിലപിക്കുന്ന പ്രവാസികളോട് എഴുത്തുകാരൻ ഒരു മറുചോദ്യം ചോദിക്കുന്നു.
അത്രയ്ക്കും ജീവിക്കാൻ കൊള്ളാത്ത ഒരു ഭൂമിയാണോ നമ്മുടെ കേരളം?
മറ്റു നഗരങ്ങളിൽ നിന്നും വന്നെത്തുന്ന ഭീതിജനകമായ വാർത്തകൾ കേൾക്കുമ്പോഴേ നമ്മുടെ നാട് എത്ര സുന്ദരമെന്ന് നമുക്ക് മനസിലാകൂ..
“കേരളാമെന്നു കേട്ടാൽ അഭിമാനപൂരിതമാകണം അന്തരംഗം ” എന്നു പറയുന്ന വളളത്തോളിന്റെ വരികളിൽ തന്നെയാണ് ബെന്യാമിൻ വിശ്വസിക്കുന്നത്..
കാലികപ്രസക്തമായ ലേഖനങ്ങളിലൂടെ സമകാലിക കേരളീയ ജീവിതത്തിന്റെ നേർചിത്രം അനാവരണം ചെയ്യുന്നു എഴുത്തുകാരൻ ഈ പുസ്തകത്തിൽ..
തികച്ചും വ്യത്യസ്തമായ നിരവധി വിഷയങ്ങളെ സൂക്ഷ്മമായി നിരീക്ഷിച്ചു കൊണ്ട് തന്റെ യുക്തിഭദ്രമായ അഭിപ്രായങ്ങളിലൂടെ നേരിൻ്റെ വെളിച്ചം പായിച്ച് നാമെത്തിച്ചേരേണ്ട സത്യങ്ങളെ കാട്ടിത്തരികയും യാഥാർത്ഥ്യങ്ങൾക്ക് അടിവരയിടുകയും ചെയ്ത് ഉറങ്ങുന്ന സമുദായത്തിൻ്റെ ഉണർന്നിരിക്കുന്ന കണ്ണായി മാറുന്നു ഒറ്റമരത്തണൽ എന്ന കൃതിയിലൂടെ ആടുജീവിതത്തിൻ്റെ കഥാകാരൻ ശ്രീ.ബെന്യാമിൻ.
എം.ബി.ശ്രീക്കുട്ടി
ഗുരു : ശരണം: ശരണം:
എൻ്റെ ജീവിതത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഗുരു. വെറും പതിമൂന്നു വയസ്സുകാരൻ.ഒട്ടേറെ ഗുരുക്കന്മാരെ ഞാൻ ഇതിനോടകം സമ്പാദിച്ചിട്ടുണ്ട്. അതിൽ പണ്ഡിതന്മാരുണ്ട് പാമരന്മാരുണ്ട് … ജീവിതത്തിൻ്റെ സമസ്ത മേഖലകളിൽപ്പെട്ടവരുമുണ്ട്. ജീവിതമെങ്ങനെയായിരിക്കണമെന്നു പഠിപ്പിച്ചത് ഈ ബാലനാണ്. ഇദ്ദേഹത്തെ അൻപതു വർഷം മുൻപ് കണ്ടെത്തിയിരുന്നെങ്കിൽ എൻ്റെ ജീവിതം മറ്റൊന്നാകുമായിരുന്നു.കാലവും ഗുരുവും ഒത്തുവന്നത് തനിക്ക് കാലക്കേടു തുടങ്ങിയപ്പോഴാണ് ചുരുക്കത്തിൽ വാർദ്ധക്യം പടിവാതിലും കഴിഞ്ഞ് പുറം വാതിലിൽ തട്ടാറായപ്പോൾ .
എൻ്റെ അടുത്ത ബന്ധുവിന് കുറച്ചു പലഹാരം അയച്ചുകൊടുക്കാൻ വേണ്ടി സുഹൃത്തായ ബേക്കറിക്കാരനെ സമീപിച്ചു.പുള്ളിക്കാരൻ വളരെ വർഷങ്ങൾക്കു മുൻപ് തമിഴ്നാട്ടിൽ നിന്നും ഇവിടെ എത്തി ഒരു ബേക്കറിയിൽ ജോലിക്കു കയറിയതാണ്.വളരെക്കാലം അവിടെ ജോലി ചെയ്തതിനു ശേഷം സ്വന്തമായി ഒരു ബേക്കറി തുടങ്ങി. ഇന്ന് നാലോ അഞ്ചോ ബേക്കറിയുണ്ട്. സമ്പന്നനാണ്.ഇവിടെ സ്ഥലം വാങ്ങി കൊട്ടാരസദൃശ്യം ഒരു ബംഗ്ലാവ് പണിത് താമസിക്കുന്നു. വീടിനോടു ചേർന്ന് പലഹാര ഫാക്ടറിയും പ്രവർത്തിക്കുന്നു.
സുഹൃത്തു പറഞ്ഞു. “താങ്കൾ പലഹാരം കൊണ്ടു പോകുന്ന ദിവസം വീട്ടിൽ വന്നാൽ മതി. അപ്പോൾ ഫ്രഷ് ആയിട്ടുള്ള പലഹാരം തന്നയയ് ക്കാം. അങ്ങനെയാണ് അദ്ദേഹത്തിൻ്റെ വീട്ടിൽ ചെന്നത്.
എനിക്കുള്ള സാധനങ്ങൾ പാക്കു ചെയ്തു വച്ചിട്ടുണ്ട്. ഉദ്ദേശം പതിനഞ്ചു കിലോ വരും. അത് ആരെയെങ്കിലും കൊണ്ട് വണ്ടിയിൽ എടുത്തു വയ്പ്പിക്കാമെന്നു പ്രതീക്ഷിച്ചിരിക്കെ മുറ്റത്തു നിന്ന പതിമൂന്നുകാരൻ അതിനെ എടുക്കാനായി ചെന്നു.
ഞാൻ പറഞ്ഞു. നിന്നെക്കാൾ മുതിർന്ന ആളുകൾ അവിടെ നിൽക്കുകയല്ലേ … അവർ എടുത്തു വയ്ക്കും”
ഇത് ഈസി.മാവൊക്കെ വരുന്ന ചാക്കുകൾ ഞാൻ പുഷ്പം പോലെയാണ് എടുക്കുന്നത് എന്നു പറഞ്ഞ് അവൻ ആ പൊതിയെടുത്ത് വണ്ടിയിൽ വച്ചു.
അതിനു ശേഷം മുതിർന്ന പയ്യന്മാരെ ഇവൻ പേരു വിളിച്ച് ഒരോ ജോലി പറയുന്നതു കേട്ടു .ഇവനേക്കാർ വളരെ പ്രായം കൂടിയർ ..
ഞാൻ ചോദിച്ചു “അവരൊക്കെ നിൻ്റെ ആരാണ്?
അവൻ പറഞ്ഞു. ” ആ രാജ എൻ്റെ വല്യപ്പായുടെ മോൻ… ഇതു മുരുകൻ എൻ്റെ മാമൻ്റെ മോൻ.
നീ എന്താ ഇവരെ പേരു വിളിക്കുന്നത്, ഞാൻ ചോദിച്ചു.
അവൻ പറഞ്ഞു. “ജോലിക്കു നിക്കണവരെ പേരു വിളിക്കണം.അവർ വേല ചെയ്തു ശമ്പളം വാങ്ങുന്നവരാണ്. വേലയ്ക്കു വന്നവർ വേലക്കാരാണ് കൂലി വാങ്ങുന്നവർ… അവർ ബന്ധുക്കളേയല്ല.. അണ്ണാ.. അപ്പാ… മാമാ… യൊക്കെ നാട്ടിൽ… ഇവിടെ പണിക്കാർ മാത്രം അവരെ പേരു വിളിക്കണം.”
എനിക്ക് അവൻ്റെ കാലിൽ വീണ് നമസ്ക്കരിക്കണമെന്നുണ്ടായിരുന്നു.
ബന്ധുക്കൾക്കു പണി കൊടുത്തു പണി വാങ്ങിയവനായിരുന്നു ഞാൻ.
ഇതിനിടയിൽ സുഹൃത്തു വന്നതുകൊണ്ട് കാശു കൊടുത്ത് പിന്തിരിഞ്ഞു പോന്നു.
എൻ്റെ കുട്ടിക്കാലത്ത് ബന്ധുക്കളും ജാതിക്കാരുമല്ലാത്തവരെ മുഴുവൻ പേരാണ് വിളിച്ചിരുന്നത്. എനിക്ക് അറിവായതിനു ശേഷം ഞാൻ മുതിർന്നവരെ പേരു വിളിച്ചിട്ടില്ല. ചേട്ടാ… മാമാ… അമ്മാവാ… എന്നൊന്നും വിളിച്ചില്ലെങ്കിൽ പോലും….
കുട്ടികളോടു ഭിക്ഷക്കാരെപ്പോലും പേരു വിളിക്കരുത് എന്നു പറഞ്ഞു കൊടുത്തിട്ടുണ്ട്. അവർ, ചേട്ടാ, മാമാ… അങ്കിൾ, എന്നൊക്കെ തരം പോലെ വിളിക്കും.
തിരുവനന്തപുരത്തു നിന്നും വീട്ടിലേക്ക് ഒട്ടോയ്ക്ക് ഇരുന്നൂറ്റി അൻപതു രൂപായാണ് ചാർജ്ജ്.
സാധനങ്ങൾ വാങ്ങാനുള്ളപ്പോഴും ഇരുട്ടു വീണാലും ഒട്ടോ പിടിക്കും.
വീട്ടുപടിക്കൽ എത്തിക്കഴിഞ്ഞാൽ സാധനങ്ങൾ ഞാൻ തന്നെ ഇറക്കി വയ്ക്കും.പിന്നെ കൂലി ചോദിക്കും. ഡ്രൈവർ മുന്നൂറ്റി അൻപതോ നാനൂറോ ചോദിക്കും. ഞാൻ തർക്കിക്കാൻ നിൽക്കാതെ അതങ്ങ് കൊടുക്കും .ഞാൻ നന്ദി പറയുന്നതു പോലും ശ്രദ്ധിക്കാതെ അയാൾ പോകും.
ചെറുപ്പക്കാരനായ മകനാണ് വരുന്നതെങ്കിൽ ഈ ഡ്രൈവർമാർ സാധനങ്ങൾ ഇറക്കിക്കൊടുക്കും. അതു കഴിഞ്ഞ് എത്രയാ ചേട്ടാ… കൂലിയെന്നു് അവൻ ചോദിച്ചാൽ ഇരുന്നൂറ്റി അൻപത് എന്നു പറഞ്ഞ് അവർ സന്തോഷത്തോടെ വാങ്ങി സലാം പറഞ്ഞു പോകുന്നതു കാണാം. കാരണം മക്കളുടെ ഗുരു ഞാനല്ല. അവരുടെ അമ്മയാണ്.
ഞങ്ങളുടെ ഒരു സുഹൃത്തിന് പ്രമോഷനൊക്കെ കിട്ടി ഉയർന്ന പദവിയിലെത്തി. അദ്ദേഹം ആയിടെ വീട്ടിൽ വന്നു. ആളുകളുടെ പദവിയും പത്രോസ്സും നോക്കി ആദരിക്കുന്ന ഒരു സ്വഭാവമെനിക്കുണ്ട്. അകാരണമായി ബഹുമാനിക്കുകയും ചെയ്യും.
പുള്ളിക്കാരൻ വന്നയുടനെ .. ഞാൻ വീട്ടുകാരിയോടു വിളിച്ചു പറഞ്ഞു. “ദണ്ടേ… സാറു … വന്നിരിക്കുന്നു…
അവൾ അടുക്കളയിൽ നിന്നും ഹാളിലേക്കു വന്നു. എന്നിട്ടു പറഞ്ഞു. “എടാ.. അണ്ണാ… നിനക്കു് പ്രമോഷനൊക്കെ കിട്ടിയിട്ട് …? നീയിപ്പോൾ.. വലിയ ഡയറക്ടർ. ആണന്നൊക്കെ ഞങ്ങൾ അറിഞ്ഞു. ചെലവു നടത്തണം.”
പുള്ളിക്കാരൻ പറഞ്ഞു. “എടേ .. നീ കിടന്നു ബഹളം വയ്ക്കാതെ ഒരു ചായയിണ്ടോട്ടു വാ… നല്ലൊരു ചായ കുടിക്കാൻ വേണ്ടിയാണ് ഇങ്ങോട്ടു ഞാൻ വന്നത്.. അങ്ങനെ….
ഭാര്യയും ഒരു തരത്തിൽ മഹാഗുരു തന്നെയാണ്.
ആർ .എസ് .പണിക്കർ
ചിക്കെൻ കോറന്റൈൻ ഫ്രൈ
ലോക്ക് ഡൌൺ കാലത്തെ ഒരു പരീക്ഷണമായിരുന്നു ഇത്. അതിന്റെ ഓർമ്മയ്ക്കായി നൽകിയ പേരാണ് ചിക്കെൻ കോറന്റൈൻ ഫ്രൈ. കുട്ടികൾക്കും വലിയവർക്കും ഇഷ്ടപ്പെടുന്ന ഒരു വിഭവം തന്നെയാണിത്.
പ്രതികരണങ്ങൾ
മാസികയിൽ ആദ്യം വായിക്കുന്നത് മുഖമൊഴിയാണ്. കാലികപ്രസക്തിയുള്ള ചിന്തകൾ ഉണർത്തുന്നതിൽ ഡോ. സുനീത് മാത്യു വിജയിച്ചിട്ടുണ്ട് എന്നതിൽ തർക്കമില്ല. ശാസ്ത്രീയതയുടെ ശാസ്ത്രീയത പതിവുപോലെ ഇരുത്തി ചിന്തിപ്പിച്ചു. അനുമോദനങ്ങൾ. പൂജ്യം, സംപൂജ്യം എന്ന ശ്രീ സുമേഷ് രാമചന്ദ്രന്റെ ലേഖന ശൈലി വളരെയധികം ഇഷ്ടപ്പെട്ടു. കഥകൾ, കവിതകൾ, മറ്റു ലേഖനങ്ങൾ എല്ലാം ഒന്നിനൊന്നു മെച്ചം. മാസിക വളർന്നു പന്തലിച്ച് ഒരു വൻമരമാകട്ടെ എന്ന് ആശംസിക്കുന്നു.
സന്തോഷ് ദിവാകരൻ, പാലാരിവട്ടം
അഷ്‌കർ അലിയുടെ സ്വർഗാനുരാഗികളായ പുകച്ചുരുളുകൾ എന്ന കഥ വളരെയധികം ഇഷ്ടപ്പെട്ടു. മറ്റു കഥകളും നല്ല നിലവാരം പുലർത്തിയിരുന്നു. മൊത്തത്തിൽ മനോഹരമായ ഒരു വായന സമ്മാനിക്കുന്നുണ്ട് ഈ മാസിക. എനിയ്ക്ക് മാസികയുടെ എഡിറ്റർ ഡോക്ടർ സുനീത് മാത്യുവിനെ വ്യക്തിപരമായി അറിയുന്നതുകൊണ്ടാകാം, മാസികയുടെ ഭാവി അദ്ദേഹത്തിന്റെ കൈകളിൽ മികച്ചതാകും എന്ന ഉറപ്പുള്ളത്. എല്ലാ ഭാവുകങ്ങളും നേരുന്നു.
പി. ആർ. ശ്രീധരൻ, കോഴിക്കോട്
സാധാരണ മാസികയിൽ അഞ്ചു കവിതകൾ ഉണ്ടാകാറുണ്ട്. എന്നാൽ കഴിഞ്ഞ ലക്കത്തിൽ അത് നാലായി കുറഞ്ഞു എന്നത് ഒരു ചെറിയ ദുഃഖമായി. മാസികയിൽ വരുന്ന മിക്ക കവിതകളും നല്ല നിലവാരം പുലർത്തുന്നുണ്ട് എന്നതാണ് ഈ ദുഃഖത്തിനു കാരണം. അടുത്ത ലക്കം മുതൽ കവിതകളുടെ എണ്ണം കൂട്ടണം എന്നൊരു അഭിപ്രായം കൂടി രേഖപ്പെടുത്തുന്നു. മാസികയ്ക്കും പ്രവർത്തകർക്കും അനുമോദനങ്ങൾ.
ജിഷ ജോസഫ്, അബുദാബി
മോമോസ് എങ്ങനെയുണ്ടാക്കാം എന്ന് ചിന്തിച്ചിരുന്നപ്പോഴായിരുന്നു സോയാ ചങ്ക്സ് മോമോസ് ഉണ്ടാക്കുന്ന വിധം മാസികയിൽ നിന്നും ലഭിച്ചത്. രുചികരമായ മോമോസ് കുട്ടികൾക്ക് ഒരുപാടിഷ്ടമായി. ഇതിനു മുൻപ് മാസികയിൽ വന്നിട്ടുള്ള വിഭവങ്ങളെല്ലാം വിജയകരമായി ഉണ്ടാക്കിയിട്ടുണ്ട്. ഒരു പാചകക്കുറിപ്പിനുപരി ആരോഗ്യ അറിവുകൾ നൽകുന്ന ഒരു പംക്തി കൂടിയാണിത് എന്ന് പറയേണ്ടിയിരിക്കുന്നു. ഡോ. ഷേർളിയ്ക്കും മാസികയ്ക്കും നന്ദി.
ലേഖ മാത്യൂസ്, കുറുപ്പുംതറ
മാസികയിലേക്കു ലഭിക്കുന്ന പ്രതികരണങ്ങൾ മിക്കതും അഭിനന്ദനങ്ങളാണ്. അത് മാസിക സ്വീകരിക്കുകയും അതിൽ സന്തോഷം കൊള്ളുകയും ചെയ്യുന്നുണ്ടെങ്കിലും, കുറച്ചു ആരോഗ്യപരമായ വിമർശനങ്ങളും ഞങ്ങൾ പ്രതീക്ഷിക്കുന്നുണ്ട്. അത്തരം വിമർശനങ്ങൾ ആണല്ലോ ഏതൊരു പ്രസ്ഥാനത്തിന്റെയും വളർച്ചയ്ക്ക് ആക്കം കൂട്ടുന്നത്. അതുകൊണ്ടു തന്നെ മാസികയുടെ പോരായ്മകളും ചൂണ്ടിക്കാണിക്കുവാൻ ശ്രമിക്കണമെന്ന് വീണ്ടും ഓർമ്മപ്പെടുത്തുന്നു. മാസികയിലേക്ക് പ്രതികരണങ്ങൾ അറിയിച്ച എല്ലാ വായനക്കാർക്കും മാസികയുടെ സ്നേഹാദരങ്ങൾ
എഡിറ്റർ
-
കുട്ടികളെ ലൈംഗീകമായി ചൂഷണം ചെയ്യുന്ന വാർത്തകളാണ് നാം നിത്യേനയെന്നവണ്ണം കേൾക്കുന്നത്. പണ്ട് നമുക്കറിയാത്ത സ്ഥലങ്ങളിലായിരുന്നുവെങ്കിൽ, ഇന്നത...
-
സിനിമയായി തീർന്ന ബഷീറിന്റെ രണ്ടാമത്തെ നോവലാണ് 1944 ൽ പ്രസിദ്ധീകരിച്ച ബാല്യകാലസഖി. പ്രണയ പശ്ചാത്തലത്തിലെ ദുരന്ത കഥ പറയുന്ന ബഷീറിൻറെ ഈ നോവ...
















