2021 സെപ്റ്റംബർ 29, ബുധനാഴ്‌ച

നൈതികതയുടെ വഴിത്താരകൾ


 


പഴയൊരു കഥയാണ്. ഓടിയത്. കാറിന്റെ കഥയായതുകൊണ്ടാണ് ഓടിയതെന്ന് പറഞ്ഞത്. ഓ….. വല്ലാത്തൊരോട്ടമായിരുന്നു അത്.

ഓടിയതിന്റെ പേര് പിന്റോ (PINTO – FORD PINTO). എഴുപതുകളുടെ തുടക്കത്തിലാണ് സംഭവം. നടന്നത് അമേരിക്കൻ ഐക്യനാടുകളിൽ. ജാപ്പനീസ് നിർമ്മിതികളായ ചെറിയ കാറുകളോട് കിടപിടിക്കാനാകാതെ ഫോർഡ് മോട്ടോർ കമ്പനി അമ്പേപരാജയപ്പെട്ടുനിൽക്കുന്ന കാലം. കമ്പനിയുടെ അന്നത്തെ പ്രസിഡന്റ് ലീ അയക്കോക (Lee Iacocca) എന്ന ഐതിഹാസിക നേതാവിന്റെ കീഴിൽ രണ്ടായിരം ഡോളറിനു താഴെ വിലയും രണ്ടായിരം പൗണ്ടിന് താഴെ ഭാരവും ഉള്ള ചെറിയ കാറുണ്ടാക്കുവാൻ  ഫോർഡ്  തീരുമാനിക്കുന്നു. അവർക്കത് നിലനിൽപ്പിന്റെ തന്നെ പ്രശ്നമായിരുന്നു. എത്രയും വേഗത്തിൽ പിന്റോ കാറുകൾ നിരത്തിൽ ഇറക്കുക എന്നതുമാത്രമായിരുന്നു ലക്‌ഷ്യം. ഡിസൈൻ ജോലി തുടങ്ങി 25 മാസങ്ങൾക്കകം വണ്ടി പുറത്തിറങ്ങി (പുതിയ കാർ ഡിസൈൻ ചെയ്തു പുറത്തിറക്കാൻ കുറഞ്ഞതാണ് 35  മാസങ്ങൾ വേണ്ടിയിരുന്ന കാലമായിരുന്നു അത്). ഫോർഡ് പതിവുപോലെ ഭീമമായി പരസ്യം ചെയ്തു. പുതിയ കാറ് ഒരു വൻവിജയമായിരുന്നു. മുപ്പത്  ലക്ഷത്തോളം പിന്റോ കാറുകൾ അടുത്ത പത്തുവർഷത്തിനകം നിർമ്മിക്കപ്പെട്ടു. ഒരു പ്രശസ്‌തമായ കമ്പനിയുടെ സ്വപ്നതുല്യമായ പഴങ്കഥ, അല്ലേ? അതെ, പക്ഷെ എല്ലാ സ്വപ്നങ്ങളും നടപ്പിൽ വരുമ്പോൾ പ്രായോഗികതലത്തിലെവിടെയെങ്കിലും ഒളിച്ചിരിക്കുന്ന ചില കുരുക്കുകളുണ്ടാകും. അത്തരം ഒരു കുരുക്കിൽ ഫോർഡും പെട്ടുപോയി. ഈ കഥയിൽ വിചിത്രം എന്ന് തോന്നിയേക്കാവുന്നത്, ഫോർഡിന് ഈ കുരുക്കിനെക്കുറിച്ചു ആദ്യമേതന്നെ പൂർണ്ണബോധ്യം ഉണ്ടായിരുന്നു എന്നതാണ്. അതൊരു ചെറിയ കുരുക്കായിരുന്നില്ല താനും. സ്വന്തം ഉപഭോക്താക്കളെ കോലക്കുകൊടുക്കുന്ന മഹാപരാധമായിരുന്നു അത്.

ചെറിയകാറുകൾ നിർമ്മിക്കാനുള്ള സാങ്കേതിക പരിജ്ഞാനം അക്കാലത്തു ഫോർഡിനില്ലായിരുന്നു എന്നതാണ് സത്യം. ഫ്യൂൽ ടാങ്ക് (Fuel Tank) കാറിന്റെ പുറകുവശത്ത് ഘടിപ്പിച്ചായിരുന്നു പിന്റോ കാറിന്റെ മാതൃക. 20-30 മൈൽ വേഗതയിൽ പുറകിൽ നിന്നുമുള്ള ശക്തമായ ഇടിയിൽ ഫ്യൂൽ  ടാങ്ക് തകരുകയും കാറ് നിമിഷനേരം കൊണ്ട് ഒരു തീഗോളം ആകുകയും ചെയ്യും എന്ന് ഫോർഡിന്റെ എല്ലാ ഫ്യൂൽ ടാങ്ക് സേഫ്റ്റി ടെസ്റ്റുകളിലും കണ്ടെത്തിയിരുന്നു. അക്കാലത്തെ നിയമപ്രകാരം പുറകിൽനിന്നും 20 മൈൽ വരെ വേഗത്തിലുള്ള ഇടിയിൽ യാത്രക്കാർ സേഫ് ആയിരിക്കണം എന്ന് മാത്രമേ നിബന്ധനയുണ്ടായിരുന്നുള്ളൂ. അപ്പോൾ ഇക്കാര്യത്തിൽ നിയമവിരുദ്ധമായി ഒന്നുമില്ല എന്ന് ചുരുക്കം. ഇനി ഉപഭോക്‌താവിന്റെ ജീവനെക്കരുത്തി സേഫ്റ്റി വർദ്ധിപ്പിക്കാനാണെങ്കിൽ ഒര് കാറിന് അക്കാലത്തെ (1971) 11 ഡോളർ ചിലവാക്കേണ്ടിയിരുന്നു. ഫോർഡിലെ വിദഗ്‌ദർ ഒരു  കോസ്ററ് ബെനെഫിറ് അനാലിസിസ് (cost-benefit analysis) നടത്തിനോക്കി. കമ്പനിക്കു 12  മില്യൺ (120  ലക്ഷം) കാറുകൾ ഉണ്ടാക്കാൻ പദ്ധതിയുണ്ടായിരുന്നു. മാറ്റം വരുത്തിയാൽ ആകെ അധികച്ചിലവ് 132 മില്യൺ  ഡോളർ (12 million X $ 11). മരിച്ചവർക്കും തീപൊള്ളലേറ്റവർക്കും ഇൻഷുറൻസ് തുകയുമായി ആകെ ചിലവായേക്കാവുന്നതു 50 മില്യൺ ഡോളറിൽ താഴെ മാത്രം. അതായത് മരിക്കുന്നവർക്കും പരിക്കുപറ്റുന്നവർക്കും നഷ്ട പരിഹാരം കൊടുത്തുകഴിഞ്ഞാലും പിന്റോ ഒര് വമ്പൻ ലാഭകച്ചവടമായിരിക്കും; പിന്നെയെന്തിനൊരു പാഴ്ച്ചിലവെന്ന് വിചാരിച്ചുപോയി, കമ്പനി. മാത്രവുമല്ല, അപകടങ്ങൾ എപ്പോഴും ഉണ്ടാകണമെന്നില്ലല്ലോ. ഉണ്ടായാലും പുറകിൽനിന്നും 30 മൈലിൽ കൂടുതൽ വേഗത്തിലുള്ള ഇടി അപൂർവം (അക്കാലത്ത്) . ഇനി ഇടിച്ചാൽ തന്നെ ജീവൻ നഷ്ടപ്പെടണമെന്നില്ല (കാർഇടിച്ച്‌ തീഗോളമാകുമ്പോൾ യാത്രക്കാർക്ക് പതുക്കെ ഡോർ തുറന്ന് പുറത്തുപോകാമല്ലോയെന്ന് സാധുക്കളായ കമ്പനി നടത്തിപ്പുകാർ വിചാരിച്ചിട്ടുണ്ടാകും. പാവങ്ങൾ).  എന്തായാലും വണ്ടി പുറത്തിറക്കി, തീഗോളങ്ങളും ഉണ്ടായി. ചുരുക്കത്തിൽ, അറിഞ്ഞുകൊണ്ട് സാധാരണക്കാരായ ഉപഭോക്താക്കളെ എരിഞ്ഞും കരിഞ്ഞും തീരുവാൻ വിട്ടുകൊടുത്തു, മഹത്തായ ഫോർഡ് മോട്ടോർ കമ്പനി.

അടുത്ത ഏഴുവർഷത്തിനകം 500 പേരോളം പിന്റോ അപകടങ്ങളിൽ മരിച്ചു എന്നാണ് കണക്ക് (ഫോർഡിന്റെ കണക്കിൽ 24 പേർ മാത്രം!). നിയമനടപടികൾക്കും നഷ്ടപരിഹാരങ്ങൾക്കുമായി 10 മില്യനോളം  ഈ കാലയളവിൽ ഫോർഡ് ചിലവാക്കിയിട്ടുണ്ടാകും. എങ്ങനെ നോക്കിയാലും അതിന്റെ പല മടങ്ങു അധികലാഭം കിട്ടിയിട്ടുമുണ്ടാകും (കാറിന്റെ സേഫ്റ്റി മെച്ചപ്പെടുത്താതിന്റെ പേരിൽ മാത്രം കിട്ടിയേക്കാവുന്ന ലാഭമാണിതെന്നോർക്കണം). കയ്യിലിരുന്ന കാശുമുടക്കി മരണത്തെ വിലയ്ക്ക് വാങ്ങിയ ഹതഭാഗ്യരെ ആരോർക്കാൻ!

ഇതൊരൊറ്റപ്പെട്ട സംഭവം ആണെന്ന് നിങ്ങൾ കരുതിയാൽ തെറ്റി. പല കമ്പനികളും എന്നും ഇന്നും എന്നും ഇതു തന്നെയാണ് ചെയ്തുകൊണ്ടിരിക്കുന്നത്. ഫോർഡിനുശേഷം ജനറൽ മോട്ടോഴ്സും (GM)  ഫോക്സ്വാഗണും (Volkswagen) ഇതുനുസമാനമായി പലതും ചെയ്തു. ഇതുവായിക്കുമ്പോൾ വാഹനനിർമ്മാണ കമ്പനികൾ മാത്രം കാണിക്കുന്ന വിക്രീയകളാണിതെന്നു തെറ്റിദ്ധരിക്കരുത്. മറ്റുകമ്പനികളും തിരഞ്ഞെടുക്കപ്പെട്ട ഗവെർന്മെന്റുകളും സാധാരണക്കാരും എല്ലാം ചിലപ്പോൾ ഇതുപോലെയൊക്കെ ചെയ്യുന്നു, സ്വന്തം കാര്യലാഭത്തിനായി. നിങ്ങൾ ഇപ്പോഴും പത്രങ്ങളൊക്കെ വായിക്കാറുണ്ടല്ലോ അല്ലെ? പലപ്പോഴും മേല്പറഞ്ഞവയൊന്നും നിയമത്തിന്റെ കണ്ണിൽ തെറ്റായിരിക്കണമെന്നില്ല. അതുകൊണ്ട് പലരും ശിക്ഷിക്കപ്പെടാറില്ലെന്നുമാത്രം. അല്ലെങ്കിലും ഇത്രയധികം ലാഭമൊക്കെ കിട്ടുമ്പോൾ നിയമത്തിന്റെ പഴുതുകൾ താനേ വെളിവായ് വരും. പണത്തിനുമീതെ പറക്കാൻ മിസ്റ്റർ പരുന്തിനോക്കെ എവിടെ സമയം കിട്ടാനാണ്?

വിശ്വാസവഞ്ചന, കാപട്യം തുടങ്ങി നിങ്ങൾ ഇതിനെ എങ്ങനെ വിളിച്ചാലും എവിടെ സംഭവിക്കുന്നത് നൈതികതയുടെ അല്ലെങ്കിൽ നീതിശാസ്ത്രത്തിന്റെ (Ethics) നഗ്നമായ ലംഘനമാണ്. എന്താണ് നൈതികത അല്ലെങ്കിൽ നീതിശാസ്ത്രം എന്നതുകൊണ്ടുദ്ദേശിക്കുന്നത്? എല്ലാവർക്കും ഗുണപ്രദമായ തീരുമാനങ്ങളോടും പ്രവർത്തികളോടും കൂടിയ രീതികൾ എന്ന് ചുരുക്കത്തിൽ പറയാം. വാണീജ്യ സംബന്ധിയായ നൈതികതയെ (Business Ethics) ശരിയും തെറ്റും തിരിച്ചറിഞ്ഞുള്ള പ്രവർത്തികളുടെയും തീരുമാനങ്ങളുടെയും മാനദണ്ഡമാണെന്ന് പറഞ്ഞു വയ്ക്കാം. എവിടെ നിയമങ്ങൾ പാലിക്കുന്നതു മാത്രമല്ല കാര്യം. ശെരിമാത്രം ചെയ്യിണമെന്നുമല്ല പറഞ്ഞുവരുന്നത് (Immanuel Kant നെപോലുള്ള തത്ത്വചിന്തകന്‍ അങ്ങനെയാണ് വിശ്വസിക്കുന്നതെങ്ങിലും). അതിനും മുകളിലായി കാണിക്കേണ്ടുന്ന മാനുഷികപരിഗണകളായാണ് ബിസിനസ് എത്തിക്‌സിനെ കാണേണ്ടത് . അതില്ലാതെവരുമ്പോൾ ഫോർഡ് പിന്റോകൾ വീണ്ടും സംഭവിച്ചേക്കാം. അതൊഴിവാക്കണമെങ്കിൽ ഓരോ  തീരുമാനങ്ങൾക്കുമുൻപേയും അവയെങ്ങനെ ‘മറ്റുള്ളവരുടെ’ ജീവിതത്തെയും കൂടി ബാധിക്കും എന്ന്കൂടി ഒരുനിമിഷം ചിന്തിച്ചാൽ വലിയ വ്യത്യാസങ്ങൾ വരുത്താനാകും. പൊതുവെ പറഞ്ഞാൽ കാശുകൊടുത്തു സാധനങ്ങളും സേവനങ്ങളും വാങ്ങുന്നവരും, വോട്ട് ചെയ്തു തിരഞ്ഞെടുക്കുന്നവരും, നികുതി നൽകുന്ന സാധാരണക്കാരും, വിശ്വസിച്ചു കൂടെനിൽക്കുന്നവരുമെല്ലാം ഈ ‘മറ്റുള്ളവരിൽ’ പെടും.

എത്തിക്സ് സംബന്ധിയായ ധാരാളം സിദ്ധാന്തങ്ങളും നിയമങ്ങളും, അതുകൊണ്ടുണ്ടായേക്കാവുന്ന ചിന്താകുഴപ്പങ്ങളും നിലവിലുണ്ട്. ഈവിഷയത്തിൽ കൂടുതൽ ചിന്തകൾ മറ്റൊരവസരത്തിലാകാം.

എത്തിക്സിന്റെ സുവർണ്ണനിയമം (Golden Rule) മാത്രം പറഞ്ഞുനിർത്താം.

“മറ്റുള്ളവർ നിങ്ങളോട് എങ്ങനെ പെരുമാറണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നുവോ അതുപോലെ മറ്റുള്ളവരോടും പെരുമാറുക.”

“Do unto others as you would have them do unto you.”        


സുമേഷ് രാമചന്ദ്രൻ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ